1
ശലോമോന്‍റെ ഉത്തമഗീതം2
അങ്ങയുടെ അധരങ്ങള്‍ എന്നെ ചുംബനംകൊണ്ട് പൊതിയട്ടെ;
അങ്ങയുടെ പ്രേമം വീഞ്ഞിനെക്കാള്‍ ശ്രേഷ്ഠം.
3
അങ്ങയുടെ അഭിഷേകതൈലം സുഗന്ധപൂരിതം;
അങ്ങയുടെ നാമംതന്നെ തൈലധാരപോലെ സുരഭിലമാണ്;
അതിനാല്‍ കന്യകമാര്‍ അങ്ങയില്‍ പ്രേമം പകരുന്നു.
4
നാഥാ, എന്നെയും കൊണ്ടുപോകുക;
നമുക്കു വേഗം പോകാം;
രാജാവ് തന്‍റെ മണവറയിലേക്ക് എന്നെ ആനയിച്ചിരിക്കുന്നു;
ഞങ്ങള്‍ അങ്ങയില്‍ ആഹ്ലാദിച്ചുല്ലസിക്കും;
അങ്ങയുടെ പ്രേമം വീഞ്ഞിനെക്കാള്‍ മധുരമെന്നു ഞങ്ങള്‍ വാഴ്ത്തും.
അവര്‍ അങ്ങയെ പ്രേമിക്കുന്നത് ഉചിതംതന്നെ.
5
യെരൂശലേംപുത്രിമാരേ, ഞാന്‍ കറുത്തവളെങ്കിലും
കേദാരിലെ കൂടാരങ്ങള്‍പോലെയും ശലോമോന്‍റെ യവനികപോലെയും അഴകുറ്റവളാണ്.
6
ഞാന്‍ നിറം മങ്ങിയവളും വെയിലേറ്റ് ഇരുണ്ടുപോയവളും ആണെന്നോര്‍ത്ത് എന്നെ തുറിച്ചുനോക്കരുതേ.
എന്‍റെ അമ്മയുടെ പുത്രന്മാര്‍ക്ക് എന്നോട് അനിഷ്ടമുണ്ടായി;
അവര്‍ എന്നെ മുന്തിരിത്തോപ്പിനു കാവല്‍ക്കാരിയാക്കി;
എന്നാല്‍, എന്‍റെ സ്വന്തം മുന്തിരിത്തോട്ടം ഞാന്‍ കാത്തുസൂക്ഷിച്ചുമില്ല.
7
പ്രാണപ്രിയാ, പറയൂ; എവിടെയാണ് അങ്ങ് ആടു മേയ്‍ക്കുന്നത്?
എവിടെയാണ് അവ ഉച്ചയ്‍ക്കു വിശ്രമം കൊള്ളുന്നത്?
അങ്ങയുടെ കൂട്ടുകാരുടെ ആട്ടിന്‍പറ്റങ്ങള്‍ക്കു സമീപം
ഞാനെന്തിന് അലഞ്ഞുതിരിയണം?
8
പെണ്‍കൊടികളില്‍ അതിസുന്ദരീ, നിനക്ക് അതറിഞ്ഞുകൂടെങ്കില്‍
ആടുകളുടെ കാല്‍പ്പാടുകളെ പിന്തുടര്‍ന്നു ചെല്ലുക;
ഇടയരുടെ കൂടാരങ്ങള്‍ക്കരികില്‍ നിന്‍റെ കുഞ്ഞാടുകളെ മേയ്‍ക്കുക.
9
എന്‍റെ പ്രിയേ, ഫറവോന്‍റെ രഥം വലിക്കുന്ന പെണ്‍കുതിരയോടു ഞാന്‍ നിന്നെ ഉപമിക്കുന്നു.
10
നിന്‍റെ കവിള്‍ത്തടങ്ങള്‍ ആഭരണങ്ങള്‍കൊണ്ടും
നിന്‍റെ കണ്ഠം രത്നഹാരങ്ങള്‍കൊണ്ടും അഴകാര്‍ന്നിരിക്കുന്നു.
11
വെള്ളി പതിച്ച കനകാഭരണങ്ങള്‍ ഞങ്ങള്‍ നിനക്ക് നിര്‍മ്മിച്ചു സമ്മാനിക്കാം.
12
രാജാവു മഞ്ചത്തില്‍ ശയിക്കേ എന്‍റെ നര്‍ദീന്‍ തൈലം പരിമളം പരത്തി.
13
സ്തനങ്ങള്‍ക്കിടയില്‍ അണിഞ്ഞ മൂറിന്‍കെട്ടാണ് എന്‍റെ പ്രിയതമന്‍.
14
എന്‍റെ പ്രിയന്‍ എനിക്ക് എന്‍ഗെദി മുന്തിരിത്തോട്ടങ്ങളിലെ മയിലാഞ്ചിപ്പൂങ്കുലയാകുന്നു.
15
പ്രിയേ, ഹാ നീ എത്ര സുന്ദരി,
നിന്‍റെ കണ്ണുകള്‍ ഇണപ്രാവുകളാണ്.
16
എന്‍റെ പ്രിയതമാ, അങ്ങ് എത്ര സുന്ദരന്‍, എത്ര മനോഹരന്‍;
17
നമ്മുടെ ശയനമഞ്ചം ഹരിത സുന്ദരം;
ദേവദാരുകൊണ്ടു തുലാങ്ങളും സരളവൃക്ഷംകൊണ്ടു കഴുക്കോലും തീര്‍ത്തതാണ് നമ്മുടെ വീട്.
1
ശാരോനിലെ പനിനീര്‍മലരാണ് ഞാന്‍;2
കന്യകമാരുടെ ഇടയില്‍ എന്‍റെ പ്രിയ
മുള്‍ച്ചെടികള്‍ക്കിടയിലെ ലില്ലിപ്പൂവാണ്.
3
യുവാക്കള്‍ക്കിടയില്‍ എന്‍റെ പ്രിയന്‍
കാട്ടുമരങ്ങള്‍ക്കിടയിലെ മാതളനാരകം ആകുന്നു.
അതിന്‍റെ തണലില്‍ ഞാന്‍ ആനന്ദത്തോടെ ഇരുന്നു.
അതിന്‍റെ പഴം എനിക്കു മധുരക്കനിയായി.
4
പ്രിയന്‍ എന്നെ വിരുന്നുശാലയില്‍ കൊണ്ടുവന്നു;
എനിക്കു മീതെ, പ്രിയന്‍റെ പ്രേമപതാക പാറി;
5
ഞാനോ പ്രേമവിവശ.
മുന്തിരിയട തന്ന് എന്നില്‍ ശക്തി പകര്‍ന്നാലും;
മാതളപ്പഴം തന്ന് എന്നില്‍ ഉന്മേഷം പകര്‍ന്നാലും.
6
പ്രിയന്‍റെ ഇടങ്കൈ എനിക്കു തലയണ ആയെങ്കില്‍;
വലങ്കൈ എന്നെ പുണര്‍ന്നെങ്കില്‍.
7
യെരൂശലേംപുത്രിമാരേ,
വെളിമ്പ്രദേശത്തെ ചെറുകലമാനുകളുടെയും
പേടമാനുകളുടെയും പേരില്‍ ഞാന്‍ നിങ്ങളോടു കെഞ്ചുന്നു;
പ്രേമനിര്‍വൃതിയില്‍ മയങ്ങിയ എന്‍റെ പ്രിയയെ,
മതിതീരും മുമ്പേ വിളിച്ചുണര്‍ത്തരുതേ.
8
ഇതാ, എന്‍റെ പ്രിയതമന്‍റെ സ്വരം!
മലകള്‍ താണ്ടിയും കുന്നുകള്‍ ചാടിയും അവന്‍ വരുന്നു.
9
എന്‍റെ പ്രിയതമന്‍ ചെറുമാനിനും ഇളംകലമാനിനും സമന്‍;
അവിടുന്നു കിളിവാതിലുകളിലൂടെ ദൃഷ്‍ടി അയയ്‍ക്കുന്നു;
അഴികള്‍ക്കിടയിലൂടെ ഒളിഞ്ഞുനോക്കിക്കൊണ്ടു
ഞങ്ങളുടെ ചുവരിനു പിന്നില്‍ മറഞ്ഞു നില്‌ക്കുന്നു.
10
എന്‍റെ പ്രിയതമന്‍ എന്നോടു പറയുന്നു:
“എന്‍റെ പ്രിയേ, എഴുന്നേല്‌ക്കൂ;
എന്‍റെ സുന്ദരീ, വരിക.
11
ഇതാ, ശീതകാലം കഴിഞ്ഞു; മഴ പെയ്തൊഴിഞ്ഞു.
12
ഭൂമിയിലെങ്ങും പൂക്കാലത്തിന്‍റെ പുറപ്പാടായി;
കളഗാനം കേള്‍ക്കുന്ന കാലം വന്നു.
അരിപ്രാവുകള്‍ കുറുകുന്ന ശബ്ദം നാട്ടിലെങ്ങും കേട്ടുതുടങ്ങി.
13
അത്തിമരം കായ്ച്ചുതുടങ്ങി;
മുന്തിരി പൂത്ത് സുഗന്ധം പരത്തുന്നു;
പ്രിയേ, എഴുന്നേല്‌ക്കൂ;
എന്‍റെ സുന്ദരീ, വരിക.
14
പാറയുടെ വിള്ളലുകളിലും തൂക്കുപാറക്കെട്ടുകളിലെ മറവിടങ്ങളിലും
ഇരിക്കുന്ന എന്‍റെ മാടപ്രാവേ, നിന്‍റെ മുഖം ഞാന്‍ ഒന്നു കാണട്ടെ;
നിന്‍റെ സ്വരം ഒന്നു കേള്‍ക്കട്ടെ;
നിന്‍റെ സ്വരം എത്ര മധുരം!
നിന്‍റെ മുഖം എത്ര സുന്ദരം!
15
മുന്തിരിത്തോട്ടം നശിപ്പിക്കുന്ന കുറുക്കന്മാരെ,
അതെ, ചെറുകുറുനരികളെ ഞങ്ങള്‍ക്കു വേണ്ടി പിടികൂടുക.
നമ്മുടെ മുന്തിരിത്തോട്ടം പൂത്തിരിക്കുന്നു.”
16
എന്‍റെ പ്രിയതമന്‍ എനിക്കുള്ളവന്‍;
ഞാന്‍ അവനുള്ളവള്‍;
പ്രിയന്‍ ലില്ലികള്‍ക്കിടയില്‍ ആടു മേയ്‍ക്കുന്നു.
17
വെയിലാറി, നിഴല്‍ നീളും മുമ്പേ
എന്‍റെ പ്രിയാ, ദുര്‍ഗമഗിരികളിലെ ചെറുമാനിനെപ്പോലെ,
കലമാന്‍ കിടാവിനെപ്പോലെ മടങ്ങിവരിക.
1
എന്‍റെ പ്രാണപ്രിയനെ രാത്രിയില്‍ ഞാന്‍ എന്‍റെ കിടക്കയില്‍ തിരഞ്ഞു;2
“ഞാന്‍ ഇപ്പോള്‍ത്തന്നെ എഴുന്നേറ്റു നഗരത്തില്‍ തേടിനടക്കും;
തെരുവീഥികളിലും കവലകളിലും എന്‍റെ പ്രാണപ്രിയനെ തിരയും.”
ഞാന്‍ അന്വേഷിച്ചു; പക്ഷേ കണ്ടെത്തിയില്ല.
3
നഗരത്തില്‍ റോന്തുചുറ്റുന്ന കാവല്‍ക്കാര്‍ എന്നെ കണ്ടു;
“എന്‍റെ പ്രാണപ്രിയനെ നിങ്ങള്‍ കണ്ടോ?”
ഞാന്‍ അവരോടു ചോദിച്ചു.
4
ഞാന്‍ അവരെ കടന്നുപോയതേയുള്ളൂ.
അപ്പോഴതാ എന്‍റെ പ്രാണനാഥന്‍ കണ്‍മുമ്പില്‍;
ഞാന്‍ അവനെ പിടികൂടി.
എന്‍റെ അമ്മയുടെ ഗൃഹത്തില്‍
എന്നെ ഉദരത്തില്‍ വളര്‍ത്തിയവളുടെ മുറിയില്‍ എത്തുംവരെ ഞാന്‍ പിടിവിട്ടില്ല.
5
യെരൂശലേംപുത്രിമാരേ, വെളിമ്പ്രദേശത്തെ ചെറുമാനുകളുടെയും
പേടമാനുകളുടെയും പേരില്‍ ഞാന്‍ നിങ്ങളോടു കെഞ്ചുന്നു.
പ്രേമനിര്‍വൃതിയില്‍ മയങ്ങിയ എന്‍റെ പ്രിയനെ
മതിതീരും മുമ്പേ വിളിച്ചുണര്‍ത്തരുതേ.
6
മൂറും കുന്തുരുക്കവുംകൊണ്ട് വ്യാപാരിയുടെ സകല സുഗന്ധചൂര്‍ണങ്ങളും കൊണ്ട്,
സുരഭിലമായ ധൂമസ്തംഭംപോലെ മരുഭൂമിയില്‍നിന്നു വരുന്നതെന്ത്?
7
ശലോമോന്‍റെ പല്ലക്കുതന്നെ;
ഇസ്രായേലിലെ ബലിഷ്ഠയുവാക്കള്‍ അറുപതു പേര്‍ അതിന് അകമ്പടിയായുണ്ട്.
8
എല്ലാവരും ഖഡ്ഗധാരികള്‍;
എല്ലാവരും യുദ്ധവീരന്മാര്‍.
രാത്രിയില്‍ ആപത്തു വരാതിരിക്കാന്‍ അവര്‍ അരയില്‍ വാള്‍ ധരിച്ചിരിക്കുന്നു.
9
ലെബാനോനിലെ മരംകൊണ്ടു ശലോമോന്‍രാജാവ് തനിക്കൊരു പല്ലക്കുണ്ടാക്കി.
10
വെള്ളികൊണ്ടു കാലുകളും പൊന്നുകൊണ്ടു ചാരും അതിന് അദ്ദേഹം ഉണ്ടാക്കി.
യെരൂശലേംപുത്രിമാര്‍ മനോഹരമായി നെയ്തെടുത്ത ചെമ്പട്ടുകൊണ്ട് ഇരിപ്പിടം പൊതിഞ്ഞു.
11
സീയോന്‍പുത്രിമാരേ, വന്നു കാണുക,
അതാ, ശലോമോന്‍രാജാവ് തന്‍റെ വിവാഹദിനത്തില്‍,
ഹൃദയത്തില്‍ ആഹ്ലാദം അലതല്ലിയ ദിവസം,
മാതാവ് അണിയിച്ച കിരീടം ചാര്‍ത്തി നില്‌ക്കുന്നു.
1
പ്രിയേ, നീ സുന്ദരി; നീ അതിസുന്ദരി;2
നിന്‍റെ പല്ലുകള്‍, രോമം കത്രിച്ചു കുളിപ്പിച്ചു കൊണ്ടുവരുന്ന
ചെമ്മരിയാടുകളെപ്പോലെ വെണ്‍മയുറ്റതാണ്;
അവ ഒന്നൊഴിയാതെ എല്ലാം നിരയൊത്തിരിക്കുന്നു.
3
നിന്‍റെ അധരം ചെമ്പട്ടുനൂല്‍പോലെ ചുവന്നത്.
നിന്‍റെ വായ് എത്ര മനോഹരം!
നിന്‍റെ കവിള്‍ത്തടം, മാതളപ്പഴപ്പാതിപോലെ
മൂടുപടത്തിനുള്ളില്‍ ശോഭിക്കുന്നു.
4
നിന്‍റെ കണ്ഠം, ദാവീദ് ആയുധശാലയ്‍ക്കായി നിര്‍മ്മിച്ച ഗോപുരംപോലെയാണ്.
യുദ്ധവീരന്മാരുടെ ആയിരം പരിച തൂക്കിയിരിക്കുന്നതുപോലെ;
നിന്‍റെ കണ്ഠാഭരണങ്ങള്‍ ശോഭിക്കുന്നു.
5
നിന്‍റെ സ്തനങ്ങള്‍ ലില്ലികള്‍ക്കിടയില്‍
മേയുന്ന ഇരട്ട മാന്‍കുട്ടികളെപ്പോലെയാണ്.
6
വെയിലാറി നിഴല്‍ നീളുമ്പോള്‍
ഞാന്‍ മൂറിന്‍മലയിലും കുന്തുരുക്കക്കുന്നിലും ചെന്നിരിക്കും.
7
എന്‍റെ പ്രിയേ, നീ സര്‍വാംഗസുന്ദരി;
നീ അവികലമോഹിനി.
8
എന്‍റെ മണവാട്ടീ, ലെബാനോനില്‍നിന്നു നീ എന്‍റെകൂടെ പോരുക,
ലെബാനോനില്‍നിന്ന് എന്‍റെകൂടെ പോരുക.
അമാനാ പര്‍വതശിഖരത്തില്‍നിന്ന്,
ശെനീര്‍, ഹെര്‍മ്മോന്‍ കൊടുമുടികളില്‍നിന്ന്,
സിംഹഗുഹകളും പുള്ളിപ്പുലികളും നിറഞ്ഞ മലകളില്‍നിന്ന് ഇറങ്ങിപ്പോരുക,
9
എന്‍റെ സഹോദരീ, എന്‍റെ മണവാട്ടീ,
നീ എന്‍റെ ഹൃദയം കവര്‍ന്നിരിക്കുന്നു.
നിന്‍റെ ഒറ്റ കടാക്ഷംകൊണ്ട്, നിന്‍റെ കണ്ഠാഭരണത്തിലെ ഒരു രത്നംകൊണ്ട്,
നീ എന്‍റെ ഹൃദയം കവര്‍ന്നിരിക്കുന്നു.
10
എന്‍റെ സഹോദരീ, എന്‍റെ മണവാട്ടീ,
നിന്‍റെ പ്രേമം എത്ര മധുരം!
നിന്‍റെ പ്രേമം വീഞ്ഞിനെക്കാള്‍ ശ്രേഷ്ഠം.
നിന്‍റെ തൈലങ്ങളുടെ പരിമളം
സകല സുരഭിലവസ്തുക്കളിലും ഉത്തമം.
11
എന്‍റെ പ്രിയതമേ, നിന്‍റെ അധരങ്ങള്‍ അമൃതം പൊഴിക്കുന്നു.
നിന്‍റെ നാവില്‍ തേനും പാലും ഊറുന്നു;
നിന്‍റെ വസ്ത്രത്തിന്‍റെ സുഗന്ധം ലെബാനോനിലെ സുഗന്ധം പോലെയാകുന്നു.
12
എന്‍റെ സഹോദരീ, എന്‍റെ മണവാട്ടീ,
കെട്ടിയടച്ചിരിക്കുന്ന ഉദ്യാനമാണു നീ,
അടച്ചുപൂട്ടിയ ഉദ്യാനം, മുദ്രവച്ച നീരുറവ.
13
നീ ഒരു മാതളത്തോട്ടമാണ്;
അതില്‍ വിശിഷ്ടഫലങ്ങള്‍ വിളയുന്നു.
മയിലാഞ്ചിയും നര്‍ദീനും
14
അതേ, നര്‍ദീനും കുങ്കുമവും വയമ്പും ലവംഗവും
കുന്തുരുക്കം തരുന്ന എല്ലാവിധ വൃക്ഷങ്ങളും
മൂറും അകിലും സകല മുഖ്യസുഗന്ധവര്‍ഗങ്ങളും
അതില്‍ ധാരാളമായി വളരുന്നു.
15
തോട്ടങ്ങള്‍ക്കു നീ ഒരു ഉറവ,
വറ്റിപ്പോകാത്ത കിണറാണു നീ.
നീ ലെബാനോനില്‍ നിന്നൊഴുകുന്ന നീര്‍ച്ചാലാണ്.
16
വടക്കന്‍ കാറ്റേ ഉണരൂ; തെക്കന്‍ കാറ്റേ വരൂ;
എന്‍റെ തോട്ടത്തില്‍ വീശൂ;
അതിന്‍റെ സൗരഭ്യം ദൂരെ ദിക്കുകളിലും പരക്കട്ടെ.
എന്‍റെ പ്രിയന്‍ വന്ന് തന്‍റെ തോട്ടത്തില്‍നിന്ന് അതിന്‍റെ വിശിഷ്ടഫലം ആസ്വദിക്കട്ടെ.
1
എന്‍റെ സഹോദരീ, എന്‍റെ പ്രിയതമേ,2
ഞാന്‍ ഉറങ്ങി, എങ്കിലും എന്‍റെ ഹൃദയം ഉണര്‍ന്നിരുന്നു;
അതാ, എന്‍റെ പ്രിയന്‍ വാതില്‌ക്കല്‍ മുട്ടുന്നു.
“എന്‍റെ സഹോദരീ, എന്‍റെ പ്രിയേ, എന്‍റെ പ്രാവേ,
അവികലസൗന്ദര്യധാമമേ, വാതില്‍ തുറക്കൂ;
എന്‍റെ തല മഞ്ഞുതുള്ളികള്‍കൊണ്ടും;
എന്‍റെ മുടിച്ചുരുള്‍ നീഹാരബിന്ദുക്കള്‍കൊണ്ടും നനഞ്ഞിരിക്കുന്നു.”
3
ഞാന്‍ എന്‍റെ അങ്കി ഊരിവച്ചു;
അതു വീണ്ടും ധരിക്കുന്നത് എങ്ങനെ?
എന്‍റെ കാലുകള്‍ കഴുകിക്കഴിഞ്ഞു;
ഇനിയെങ്ങനെ അവയില്‍ പൊടി പറ്റിക്കും?
4
എന്‍റെ പ്രിയന്‍ വാതില്‍ക്കൊളുത്തില്‍ കൈ വച്ചു;
എന്‍റെ ഹൃദയം വികാരപരവശമായി.
5
“എന്‍റെ പ്രിയനു വാതില്‍ തുറന്നുകൊടുക്കാന്‍ ഞാന്‍ എഴുന്നേറ്റു;
എന്‍റെ കൈകളില്‍നിന്നു മൂറും
കൈവിരലുകളില്‍നിന്നു മൂറിന്‍തൈലവും വാതില്‍പ്പടിയില്‍ ഇറ്റുവീണു.
6
എന്‍റെ പ്രിയനുവേണ്ടി ഞാന്‍ വാതില്‍ തുറന്നു;
പക്ഷേ, അപ്പോഴേക്കും അവന്‍ തിരിച്ചുപോയിക്കഴിഞ്ഞിരുന്നു.
അവന്‍റെ ഭാഷണത്തില്‍ എന്‍റെ ഹൃദയം തരളമായി;
ഞാന്‍ അവനെ തിരഞ്ഞു, പക്ഷേ കണ്ടില്ല;
ഞാന്‍ അവനെ വിളിച്ചു, അവന്‍ വിളികേട്ടില്ല.
7
നഗരത്തില്‍ റോന്തുചുറ്റുന്ന കാവല്‍ക്കാര്‍ എന്നെ കണ്ടു;
അവര്‍ എന്നെ അടിച്ചു, എന്നെ പരുക്കേല്പിച്ചു;
കാവല്‍ക്കാര്‍ എന്‍റെ മൂടുപടം മാറ്റി.
8
യെരൂശലേംപുത്രിമാരേ, ഞാന്‍ നിങ്ങളോടു കെഞ്ചുന്നു:
എന്‍റെ പ്രിയതമനെ കണ്ടാല്‍ ഞാന്‍ പ്രേമവിവശയായിരിക്കുന്നു എന്ന് അറിയിക്കണേ.
9
പെണ്‍കൊടികളില്‍ അതിസുന്ദരീ,
നിന്‍റെ പ്രിയതമനു മറ്റുള്ളവരെക്കാള്‍ എന്തു മേന്മയുണ്ട്?
ഞങ്ങളോടിങ്ങനെ കെഞ്ചാന്‍ മാത്രം,
മറ്റുള്ളവരെക്കാള്‍ എന്തു മേന്മയാണു നിന്‍റെ പ്രിയതമനുള്ളത്.
10
എന്‍റെ പ്രിയന്‍ അരുണനെപ്പോലെ തേജസ്സാര്‍ന്നവന്‍,
പതിനായിരങ്ങളില്‍ അതിശ്രേഷ്ഠന്‍.
11
അവന്‍റെ ശിരസ്സ് തനിത്തങ്കം,
അവന്‍റെ അളകാവലി തരംഗനിരപോലെ,
അതിന്‍റെ നിറമോ കാക്കക്കറുപ്പ്.
12
അവന്‍റെ കണ്ണുകള്‍ അരുവിക്കരയിലെ ഇണപ്രാവുകള്‍പോലെ,
പാലില്‍ കുളിച്ചു തൂവല്‍ ഒതുക്കിയ അരിപ്രാവുകളെപ്പോലെ,
13
അവന്‍റെ കവിള്‍ത്തടങ്ങള്‍ സുഗന്ധവസ്തുക്കള്‍ കൂട്ടിയിട്ടതുപോലെ സൗരഭ്യം വിതറുന്നു.
അധരങ്ങള്‍ ചെന്താമരമലരുകള്‍പോലെ,
അവ മൂറിന്‍തൈലം ഒഴുക്കുന്നു.
14
അവന്‍റെ ഭുജങ്ങള്‍ രത്നഖചിതമായ സ്വര്‍ണദണ്ഡുകള്‍.
ശരീരം ഇന്ദ്രനീലം പതിച്ച ദന്തശില്പം.
15
അവന്‍റെ കാലുകള്‍ തങ്കപ്പാദുകങ്ങളിലുറപ്പിച്ച വെണ്‍കല്‍ത്തൂണുകള്‍.
അവന്‍റെ ആകാരം ലെബാനോന്‍ ദേവദാരുപോലെ.
16
അവന്‍റെ ഭാഷണം മധുരോദാരം,
അവന്‍ സര്‍വാംഗസുന്ദരന്‍.
യെരൂശലേംപുത്രിമാരേ, ഇവനാണ് എന്‍റെ പ്രിയതമന്‍;
ഇവനാണ് എന്‍റെ ഇഷ്ടതോഴന്‍.
1
പെണ്‍കൊടികളില്‍ അതിസുന്ദരീ,2
എന്‍റെ പ്രിയന്‍ ആടുകളെ മേയ്‍ക്കാനും
ലില്ലിപ്പൂക്കള്‍ പറിക്കാനും തന്‍റെ ഉദ്യാനത്തിലേക്കു പോയി,
സുഗന്ധസസ്യങ്ങളുടെ തടങ്ങളിലേക്ക് ഇറങ്ങിപ്പോയി.
3
ഞാന്‍ എന്‍റെ പ്രിയതമന്‍റേതാണ്; അവന്‍ എന്‍റേതും.
അവന്‍ ലില്ലിപ്പൂക്കളുടെ ഇടയില്‍ ആടു മേയ്‍ക്കുന്നു.
4
എന്‍റെ പ്രിയേ, നീ തിര്‍സാ നഗരിപോലെ സുന്ദരി;
യെരൂശലേംപോലെ മനോഹരി,
പതാകകള്‍ വഹിച്ചുകൊണ്ടു വരുന്ന സൈന്യംപോലെ നീ ഭയദായിനി.
5
നിന്‍റെ നോട്ടം എങ്കല്‍നിന്നു പിന്‍വലിക്കുക;
അത് എന്നെ അസ്വസ്ഥനാക്കുന്നു.
നിന്‍റെ കാര്‍കൂന്തല്‍, ഗിലെയാദു മലഞ്ചെരിവിലൂടെ ഇറങ്ങിവരുന്ന കോലാട്ടിന്‍നിര പോലെയാണ്.
6
നിന്‍റെ ദന്തനിര കുളിച്ചു കയറി വരുന്ന
ചെമ്മരിയാട്ടിന്‍പറ്റംപോലെ വെണ്‍മയുള്ളതാണ്;
അവ ഒന്നൊഴിയാതെ എല്ലാം നിരയൊത്തിരിക്കുന്നു.
7
നിന്‍റെ കവിള്‍ത്തടങ്ങള്‍ മാതളപ്പഴപ്പാതികള്‍ പോലെ
മൂടുപടത്തിനുള്ളില്‍ ശോഭിക്കുന്നു.
8
അറുപതു രാജ്ഞിമാരും എണ്‍പതു
ഉപനാരിമാരും എണ്ണമറ്റ തരുണികളും രാജാവിനുണ്ട്.
9
എന്നാല്‍ എന്‍റെ പ്രാവ് ഒരുവള്‍ മാത്രം;
അവള്‍ കുറ്റമറ്റവള്‍, അമ്മയുടെ ഓമനമകള്‍,
ഉദരത്തില്‍ വഹിച്ചവളുടെ അഭിമാനം;
പെണ്‍കൊടികള്‍ അവളെ ഭാഗ്യവതി എന്നു വിളിച്ചു;
രാജ്ഞിമാരും ഉപനാരിമാരും അവളെ പുകഴ്ത്തി.
10
ഉഷശ്ശോഭ ചൊരിയുന്ന ഇവള്‍ ആര്‍?
ചന്ദ്രനെപ്പോലെ സൗന്ദര്യം തികഞ്ഞ ഇവള്‍ ആര്‍?
സൂര്യതേജസ്സു വിതറുന്ന ഇവള്‍ ആര്‍?
പതാകയേന്തിയ സൈന്യനിരപോലെ ഭയദായിനിയായ ഇവള്‍ ആര്‍?
11
പൂത്തുലയുന്ന താഴ്വര കാണാന്‍,
മുന്തിരിവള്ളി മൊട്ടിട്ടോ എന്നും,
മാതളം പൂത്തോ എന്നും നോക്കാന്‍,
ഞാന്‍ ബദാംതോട്ടത്തിലേക്ക് ഇറങ്ങിച്ചെന്നു.
12
ഞാനറിയാതെതന്നെ മനോരഥം എന്നെ
നാഥന്‍റെ സന്നിധിയില്‍ എത്തിച്ചു.
13
ഹേ, ശൂലേംകുമാരീ, മടങ്ങിവരൂ, മടങ്ങിവരൂ;
ഞങ്ങള്‍ നിന്നെ ഒന്നു കാണട്ടെ,
മടങ്ങിവരൂ, മടങ്ങിവരൂ;
രണ്ടു സൈന്യങ്ങള്‍ക്കിടയില്‍, നൃത്തം ചെയ്യുന്നവളെ എന്നപോലെ നിങ്ങളെന്തിനു ശൂലേംകാരിയെ നോക്കുന്നു?
1
ഹേ, രാജകുമാരീ, പാദുകമണിഞ്ഞ നിന്‍റെ ഈ പാദങ്ങള്‍ എത്ര മനോഹരം!2
നിന്‍റെ നാഭി, എപ്പോഴും സുഗന്ധവീഞ്ഞു നിറഞ്ഞ
വൃത്താകാരമായ പാനപാത്രംപോലെ;
നിന്‍റെ ഉദരം ചുറ്റും ലില്ലിപ്പൂക്കളാല്‍
അലങ്കരിച്ച കോതമ്പുകൂനപോലെ.
3
നിന്‍റെ സ്തനങ്ങള്‍ ഇരട്ടപിറന്ന മാന്‍കിടാങ്ങള്‍ക്കു സമം.
4
നിന്‍റെ കണ്ഠം ദന്തഗോപുരംപോലെ,
ഹെശ്ബോനില്‍ ബാത്ത്റബ്ബീം കവാടത്തിലെ,
കളിക്കുളങ്ങള്‍പോലെയാണു നിന്‍റെ കണ്ണുകള്‍.
ദമാസ്കസിന് അഭിമുഖമായ,
ലെബാനോന്‍ ഗോപുരംപോലെയാണു നിന്‍റെ നാസിക.
5
നിന്‍റെ ശിരസ്സ് കര്‍മ്മേല്‍മലപോലെ നിനക്ക് മകുടം ചാര്‍ത്തുന്നു.
നിന്‍റെ വാര്‍കൂന്തല്‍ രക്താംബരംപോലെ തിളങ്ങുന്നു.
നിന്‍റെ കുറുനിരകള്‍ രാജാവിനെ ബദ്ധനാക്കുന്നു.
6
പ്രിയേ, ആഹ്ലാദം പകരുന്ന കുമാരീ,
നീ എത്ര സുന്ദരി! നീ എത്ര മനോഹരി!
7
നിന്‍റെ ആകാരം പനപോലെ പ്രൗഢം;
നിന്‍റെ സ്തനങ്ങള്‍ ഈന്തപ്പനക്കുലകള്‍പോലെ.
8
ഞാന്‍ പനയില്‍ കയറും; അതിന്‍റെ
കൈകളില്‍ പിടിക്കും എന്നു ഞാന്‍ പറയുന്നു.
ഹാ, നിന്‍റെ സ്തനങ്ങള്‍ എനിക്കു മുന്തിരിക്കുലകള്‍പോലെയും
നിന്‍റെ ശ്വാസഗന്ധം മാതളപ്പഴത്തിന്‍റേതു പോലെയും ആയിരിക്കട്ടെ.
9
ചുണ്ടിലും പല്ലിലും തടയാതെ മെല്ലെ ഒഴുകിയിറങ്ങുന്ന
മേത്തരം വീഞ്ഞുപോലെയാകട്ടെ നിന്‍റെ ചുംബനങ്ങള്‍.
10
ഞാന്‍ എന്‍റെ പ്രിയനുള്ളവള്‍;
പ്രിയന്‍റെ അഭിനിവേശം എന്നിലാകുന്നു.
11
എന്‍റെ പ്രാണപ്രിയാ, വരൂ, നമുക്കു
വെളിമ്പ്രദേശത്തു പോകാം;
ഗ്രാമങ്ങളില്‍ പോയി രാപാര്‍ക്കാം.
12
പുലരും മുമ്പ് മുന്തിരിത്തോപ്പില്‍ പോയി,
മുന്തിരിവള്ളി മൊട്ടിട്ടു പൂവിരിഞ്ഞോ എന്നും
മാതളനാരകം പൂവിട്ടോ എന്നും നോക്കാം.
അവിടെവച്ച് അങ്ങേക്ക് ഞാന്‍ എന്‍റെ പ്രേമം പകരാം.
13
ദൂദായ്പഴം സുഗന്ധം ചൊരിയുന്നു.
രമ്യഫലങ്ങളെല്ലാം നമ്മുടെ വാതില്‌ക്കലുണ്ട്;
എന്‍റെ പ്രിയതമാ, പഴുത്തതും ഉണങ്ങിയതുമായ ഫലങ്ങള്‍ ഞാന്‍
അങ്ങേക്കായി ഒരുക്കിവച്ചിട്ടുണ്ട്.
1
അങ്ങ്, എന്‍റെ അമ്മയുടെ മുലപ്പാല്‍ കുടിച്ച സ്വന്തം സഹോദരന്‍ ആയിരുന്നെങ്കില്‍!2
എന്‍റെ അമ്മയുടെ വീട്ടിലേക്ക്,
എന്നെ ഉദരത്തില്‍ പോറ്റിയവളുടെ ഉറക്കറയിലേക്ക്
അങ്ങയെ ഞാന്‍ കൂട്ടിക്കൊണ്ടു പോകുമായിരുന്നു;
അങ്ങേക്കു കുടിക്കാന്‍ സുഗന്ധ മുന്തിരിച്ചാറും
എന്‍റെ മാതളപ്പഴങ്ങളുടെ ചാറും ഞാന്‍ തരുമായിരുന്നു.
3
അവിടുത്തെ ഇടങ്കൈ എനിക്കു തലയണയായിരുന്നെങ്കില്‍!
അങ്ങയുടെ വലങ്കൈ എന്നെ പുണര്‍ന്നിരുന്നെങ്കില്‍!
4
യെരൂശലേംപുത്രിമാരേ, ഞാന്‍ നിങ്ങളോടു കെഞ്ചുന്നു;
പ്രേമനിര്‍വൃതിയില്‍ മുഴുകിയ എന്‍റെ പ്രേമഭാജനത്തെ മതിവരുംമുമ്പേ
വിളിച്ചുണര്‍ത്തരുതേ.
5
ആത്മപ്രിയന്‍റെ തോളില്‍ ചാരി
വിജനതയില്‍നിന്നു വരുന്ന ഇവള്‍ ആരാണ്?
മാതളനാരകത്തിന്‍റെ ചുവട്ടില്‍ വച്ച് ഞാന്‍ നിന്നെ ഉണര്‍ത്തി;
അവിടെവച്ചാണല്ലോ, നിന്നെ പെറ്റവള്‍ക്ക് ഈറ്റുനോവ് ആരംഭിച്ചത്;
അവിടെവച്ചാണല്ലോ നിന്‍റെ അമ്മ നിന്നെ പ്രസവിച്ചത്;
6
ഹൃദയത്തില്‍ ഒരു മുദ്രയായും ഭുജത്തില്‍ ഒരു അടയാളമായും നീ എന്നെ ധരിച്ചാലും;
പ്രേമം മൃത്യുപോലെ ശക്തം;
ജാരശങ്ക ശവക്കുഴിപോലെ ക്രൂരം;
ജ്വലിക്കുന്ന അഗ്നിപോലെ അതും ആളിക്കത്തുന്നു.
7
സാഗരങ്ങള്‍ ഒത്തുചേര്‍ന്നാലും പ്രേമാഗ്നി കെടുത്താന്‍ സാധ്യമല്ല.
പ്രളയത്തിനും അതു മുക്കിക്കെടുത്താന്‍ കഴിയുകയില്ല.
പ്രേമത്തിനുവേണ്ടി കുടുംബസ്വത്തു മുഴുവന്‍ കൊടുത്താലും
അതു തുച്ഛമായിരിക്കും.
8
നമുക്ക് ഒരു കുഞ്ഞുപെങ്ങളുണ്ട്;
അവളുടെ മാറിടം വളര്‍ന്നിട്ടില്ല;
അവള്‍ക്കു വിവാഹാലോചന വരുമ്പോള്‍ നാം എന്തു ചെയ്യും?
9
അവള്‍ ഒരു മതില്‍ ആയിരുന്നെങ്കില്‍,
മീതെ വെള്ളികൊണ്ട് ഒരു ഗോപുരം പണിയാമായിരുന്നു;
വാതില്‍ ആയിരുന്നെങ്കില്‍,
ദേവദാരുപ്പലകകൊണ്ട് കതകു പണിയാമായിരുന്നു.
10
അന്നു ഞാന്‍ ഒരു മതില്‍ ആയിരുന്നു;
എന്‍റെ സ്തനങ്ങള്‍ അതിന്‍റെ ഗോപുരങ്ങളും ആയിരുന്നു.
അപ്പോള്‍ പ്രിയന്‍റെ ദൃഷ്‍ടിയില്‍ ഞാന്‍ സംതൃപ്തി നല്‌കുന്നവളായിരുന്നു.
11
ശലോമോന് ബാല്‍ഹാമോനില്‍ ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു;
അദ്ദേഹം ആ തോട്ടം കാവല്‍ക്കാരെ ഏല്പിച്ചു.
ഓരോരുത്തനും ആയിരം വെള്ളിനാണയം
വീതം പാട്ടം കൊടുക്കേണ്ടിയിരുന്നു.
12
എന്‍റെ മുന്തിരിത്തോപ്പ്, എന്‍റെ സ്വന്തം തോട്ടം എനിക്കുവേണ്ടിയുള്ളതാണ്.
അല്ലയോ ശലോമോനേ, അങ്ങേക്ക് ആയിരവും
കാവല്‌ക്കാര്‍ക്കു ഇരുനൂറും വേണമെങ്കില്‍ തരാം.
13
ഉദ്യാനത്തില്‍ വസിക്കുന്നവളേ, എന്‍റെ തോഴന്മാര്‍ നിന്‍റെ സ്വരത്തിനു കാതോര്‍ക്കുന്നു;
നിന്‍റെ ശബ്ദം ഞാന്‍ കേള്‍ക്കട്ടെ.
14
പ്രിയതമാ, സുഗന്ധസസ്യങ്ങള്‍ വളരുന്ന മലയിലെ മാന്‍കുട്ടിയെപ്പോലെയും
കലമാന്‍കിടാവിനെപ്പോലെയും എന്‍റെ അടുക്കലേക്കു കുതിച്ചുവരിക.