1

1

യെരൂശലേമിലെ രാജാവും ദാവീദിന്‍റെ പുത്രനുമായ സഭാപ്രഭാഷകന്‍റെ വാക്കുകള്‍:

2

മിഥ്യകളില്‍ മിഥ്യ എന്നു സഭാപ്രഭാഷകന്‍ പറയുന്നു;
ഹാ, മിഥ്യ, മിഥ്യകളില്‍ മിഥ്യ, സകലവും മിഥ്യതന്നെ.

3
സൂര്യനു കീഴില്‍ ചെയ്യുന്ന കഠിനാധ്വാനം കൊണ്ട് മനുഷ്യന് എന്തു നേട്ടം?

4
തലമുറകള്‍ വരുന്നു; പോകുന്നു;
ഭൂമിയാകട്ടെ എന്നേക്കും നിലനില്‌ക്കുന്നു.

5
സൂര്യന്‍ ഉദിക്കുന്നു; അസ്തമിക്കുന്നു;
ഉദിച്ച ദിക്കിലേക്ക് തന്നെ അതു തിടുക്കത്തില്‍ മടങ്ങിച്ചെല്ലുന്നു.

6
കാറ്റു തെക്കോട്ടു വീശുന്നു;
അതു ചുറ്റിത്തിരിഞ്ഞു വടക്കോട്ടുതന്നെ വരുന്നു;
കറങ്ങിക്കറങ്ങി അതു തിരിച്ചെത്തുന്നു.

7
എല്ലാ നദികളും സമുദ്രത്തിലേക്ക് ഒഴുകുന്നു;
എന്നിട്ടും സമുദ്രം നിറയുന്നില്ല;
നദികള്‍ ഉദ്ഭവിച്ചിടത്തേക്കുതന്നെ,
വെള്ളം തിരികെ ചെല്ലുന്നു.

8
എല്ലാ കാര്യങ്ങളും ക്ലേശപൂര്‍ണമാണ്;
മനുഷ്യന് അതു പറഞ്ഞറിയിക്കാന്‍ വയ്യ;
കണ്ടിട്ടു കണ്ണിനോ, കേട്ടിട്ടു ചെവിക്കോ മതിവരുന്നില്ല;

9
ഉണ്ടായിരുന്നതുതന്നെ വീണ്ടും ഉണ്ടാകുന്നു;
ചെയ്തതുതന്നെ ആവര്‍ത്തിക്കപ്പെടുന്നു;
സൂര്യനു കീഴില്‍ പുതുതായി ഒന്നുമില്ല.

10
“ഇതാ, ഇതു പുതിയതാണ്” എന്നു പറയാന്‍ എന്തുണ്ട്?
യുഗങ്ങള്‍ക്കു മുമ്പേ അതുണ്ടായിരുന്നു.

11
ഭൂതകാലം ആരുടെ ഓര്‍മയിലുണ്ട്?
ഭാവിയെക്കുറിച്ചു അതിനുശേഷം ജനിക്കുന്നവര്‍ക്കും ഓര്‍മയില്ല.

12

സഭാപ്രഭാഷകനായ ഞാന്‍ യെരൂശലേമില്‍ ഇസ്രായേലിന്‍റെ രാജാവായിരുന്നു.

13 ആകാശത്തിന്‍കീഴില്‍ നടക്കുന്നതെല്ലാം ബുദ്ധിപൂര്‍വം ആരാഞ്ഞറിയാന്‍ ഞാന്‍ തീരുമാനിച്ചു. മനുഷ്യനു വ്യഗ്രതകൊള്ളാന്‍ ദൈവം നല്‌കിയിരിക്കുന്ന പ്രവൃത്തി എത്ര ക്ലേശഭൂയിഷ്ഠം!

14 സൂര്യനു കീഴില്‍ നടക്കുന്നതെല്ലാം ഞാന്‍ കണ്ടിട്ടുണ്ട്; അവയെല്ലാം മിഥ്യയും വ്യര്‍ഥവുമാണ്.

15 വളഞ്ഞതു നേരെയാക്കാന്‍ കഴിയുകയില്ല. ഇല്ലാത്തത് എണ്ണാനും സാധ്യമല്ല.

16 യെരൂശലേം ഭരിച്ച എന്‍റെ മുന്‍ഗാമികളെക്കാള്‍ മഹത്തായ ജ്ഞാനം ഞാന്‍ ആര്‍ജിച്ചിരിക്കുന്നു; എനിക്കു വലിയ അനുഭവജ്ഞാനവും അറിവും ഉണ്ട് എന്നു ഞാന്‍ വിചാരിച്ചു.

17 ജ്ഞാനവും ഉന്മത്തതയും ഭോഷത്തവും വിവേചിച്ചറിയാന്‍ ഞാന്‍ മനസ്സുവച്ചു. ഇതും പാഴ്‍വേലയാണെന്നു ഞാന്‍ കണ്ടു.

18 ജ്ഞാനമേറുമ്പോള്‍ വ്യസനവും ഏറുന്നു. അറിവു വര്‍ധിപ്പിക്കുന്നവന്‍ ദുഃഖവും വര്‍ധിപ്പിക്കുന്നു.

2

1

ഞാന്‍ എന്നോടുതന്നെ പറഞ്ഞു: “സുഖഭോഗങ്ങളില്‍ ഞാന്‍ മുഴുകട്ടെ; അതിന്‍റെ ആനന്ദം അനുഭവിക്കട്ടെ.”

2 എന്നാല്‍ അതും മിഥ്യതന്നെ; ചിരിയെ ഞാന്‍ ഭ്രാന്തെന്നു വിളിക്കുന്നു; സുഖഭോഗങ്ങളെ വ്യര്‍ഥതയെന്നും.

3 വീഞ്ഞുകൊണ്ടു ശരീരത്തെ സുഖിപ്പിക്കുന്നതെങ്ങനെയെന്നു ഞാന്‍ നോക്കി; ഭോഷത്തത്തെ ഞാന്‍ പുണര്‍ന്നു. അപ്പോഴും ജ്ഞാനത്തെ ഞാന്‍ കൈവിട്ടുകളഞ്ഞില്ല. മനുഷ്യന്‍റെ ക്ഷണികജീവിതത്തില്‍ ആകാശത്തിന്‍കീഴില്‍ കരണീയമായെന്തുള്ളൂ എന്ന് അറിയാനാണു ഞാന്‍ പരിശ്രമിച്ചത്.

4 ഞാന്‍ മഹാകാര്യങ്ങള്‍ ചെയ്തു; എനിക്കുവേണ്ടി മന്ദിരങ്ങള്‍ നിര്‍മ്മിച്ചു; മുന്തിരിത്തോട്ടങ്ങള്‍ നട്ടുണ്ടാക്കി.

5 എനിക്കുവേണ്ടി പൂന്തോപ്പുകളും ഉപവനങ്ങളും ഉണ്ടാക്കി. അവയില്‍ എല്ലായിനം ഫലവൃക്ഷങ്ങളും നട്ടു.

6 തൈമരങ്ങള്‍ നനയ്‍ക്കാന്‍ കുളങ്ങള്‍ കുഴിച്ചു.

7 എന്‍റെ വീട്ടില്‍ ജനിച്ചുവളര്‍ന്ന അടിമകള്‍ക്കു പുറമേ, ദാസീദാസന്മാരെ ഞാന്‍ വിലയ്‍ക്കു വാങ്ങി; യെരൂശലേമിലെ എന്‍റെ മുന്‍ഗാമികളെക്കാള്‍ അധികം ആടുമാടുകളും എനിക്കുണ്ടായിരുന്നു.

8 പൊന്നും വെള്ളിയും രാജാക്കന്മാരുടെയും സംസ്ഥാനങ്ങളിലെയും ഭണ്ഡാരങ്ങളിലെ സമ്പത്തും ഞാന്‍ സ്വന്തമാക്കി; ഗായികമാരും ഗായകന്മാരും എനിക്കുണ്ടായിരുന്നു. പുരുഷന്മാരുടെ ആനന്ദമായ അനേകം ഉപനാരിമാരെയും ഞാന്‍ സ്വായത്തമാക്കി.

9 അങ്ങനെ ഞാന്‍ യെരൂശലേമിലെ എല്ലാ പൂര്‍വഗാമികളെക്കാളും മഹാനായിത്തീര്‍ന്നു; എല്ലാവരെയും ഞാന്‍ അതിശയിപ്പിച്ചു. അപ്പോഴും ഞാന്‍ ജ്ഞാനത്തില്‍നിന്ന് അകന്നുപോയില്ല.

10 അഭിരാമമായി തോന്നിയവയിലെല്ലാം രമിക്കാന്‍ ഞാന്‍ എന്‍റെ നയനങ്ങളെ അനുവദിച്ചു; ഞാന്‍ അനുഭവിക്കാത്ത സുഖങ്ങളില്ല. എന്‍റെ പ്രയത്നങ്ങളിലെല്ലാം എന്‍റെ ഹൃദയം സന്തോഷിച്ചു. അതായിരുന്നു എന്‍റെ സര്‍വപ്രയത്നങ്ങളുടെയും പ്രതിഫലം.

11 എന്‍റെ സകല പ്രവൃത്തികളെയും അതിനുവേണ്ടി വന്ന അധ്വാനത്തെയുംകുറിച്ചു ഞാന്‍ പിന്നീട് ആലോചിച്ചു; എല്ലാം മിഥ്യ; എല്ലാം വ്യര്‍ഥം. സൂര്യനു കീഴെ യാതൊന്നും നേടാനില്ലെന്ന് എനിക്കുറപ്പായി.

12 അങ്ങനെ ജ്ഞാനത്തെയും ഉന്മാദത്തെയും ഭോഷത്തത്തെയും ഞാന്‍ വിവേചിച്ചു; രാജാവിന്‍റെ പിന്‍ഗാമിക്ക് എന്തു ചെയ്യാന്‍ കഴിയും? പണ്ടു ചെയ്തതു തന്നെ.

13 പ്രകാശം അന്ധകാരത്തെ എന്നതുപോലെ ജ്ഞാനം ഭോഷത്തത്തെ അതിശയിക്കുന്നു എന്ന് എനിക്കു മനസ്സിലായി.

14 ജ്ഞാനിക്കു വഴി കാണാന്‍ കണ്ണ് ഉണ്ട്; ഭോഷന്‍ ഇരുളില്‍ നടക്കുന്നു; എന്നാല്‍ ഇരുവര്‍ക്കും ഒരേ ഗതി തന്നെ എന്നു ഞാന്‍ ഗ്രഹിച്ചു.

15 അപ്പോള്‍ ഞാന്‍ പറഞ്ഞു: “ഭോഷനും എനിക്കും ഗതി ഒന്നുതന്നെ; എങ്കില്‍ ഞാന്‍ എന്തിനു ജ്ഞാനിയാകണം. ഇതും മിഥ്യ എന്നു ഞാന്‍ സ്വയം പറഞ്ഞു.

16 ജ്ഞാനിയായാലും ഭോഷനായാലും ആരുടെയും സ്മരണ ശാശ്വതമായി നിലനില്‌ക്കുകയില്ല. കാലാന്തരത്തില്‍ എല്ലാവരും വിസ്മൃതരാകും. ഹാ, ഭോഷനും ജ്ഞാനിയും മരിക്കുന്നത് ഒരുപോലെ!

17 സൂര്യനു കീഴില്‍ നടക്കുന്നതെല്ലാം എനിക്കു വേദനാജനകം ആയതുകൊണ്ടു ഞാന്‍ ജീവിതം വെറുത്തു. എല്ലാം മിഥ്യയും വ്യര്‍ഥവുമാണ്.

18

സൂര്യനു കീഴിലെ എന്‍റെ സകല പ്രയത്നങ്ങളെയും ഞാന്‍ വെറുത്തു; എന്‍റെ പിന്‍ഗാമിക്ക് അവ വിട്ടേച്ച് എനിക്കു പോകണമല്ലോ.

19 അവന്‍ ജ്ഞാനിയോ, ഭോഷനോ എന്ന് ആരറിഞ്ഞു? രണ്ടായാലും സൂര്യനു കീഴില്‍ എന്തിനുവേണ്ടി ഞാന്‍ എന്‍റെ ജ്ഞാനവും പ്രയത്നവും വിനിയോഗിച്ചുവോ, അവയുടെയെല്ലാം അവകാശിയും ഉടമസ്ഥനും അവനായിരിക്കുമല്ലോ. ഇതും മിഥ്യതന്നെ.

20 അതുകൊണ്ടു ഭൂമിയിലെ എന്‍റെ എല്ലാ അധ്വാനങ്ങളെക്കുറിച്ചും ഞാന്‍ നിരാശ പൂണ്ടു.

21 കാരണം ജ്ഞാനവും വിവേകവും നൈപുണ്യവുംകൊണ്ട് അധ്വാനിച്ച് ഉണ്ടാക്കിയതെല്ലാം അതിനുവേണ്ടി ഒന്നും ചെയ്യാത്തവന് ആസ്വദിക്കാന്‍ വിട്ടുകൊടുക്കേണ്ടിവരും. അതും മിഥ്യയും വലിയ തിന്മയും ആണ്.

22 സൂര്യനു കീഴില്‍ മനുഷ്യന്‍ ചെയ്യുന്ന കഠിനാധ്വാനങ്ങള്‍കൊണ്ട് അവന് എന്തു നേട്ടം?

23 അവന്‍റെ ദിനങ്ങള്‍ വേദനാ ഭരിതം; അവന്‍റെ പ്രയത്നം ക്ലേശഭൂയിഷ്ഠം! രാത്രിയില്‍പോലും അവന്‍റെ മനസ്സിനു സ്വസ്ഥതയില്ല; ഇതും മിഥ്യതന്നെ.

24 അതുകൊണ്ടു തിന്നും കുടിച്ചും പ്രയത്നഫലം ആസ്വദിച്ചും കഴിയുന്നതിലപ്പുറം ഒന്നുമില്ല. ഇതും ദൈവത്തിന്‍റെ ദാനമാണെന്നു ഞാന്‍ ഗ്രഹിച്ചു.

25 കാരണം ദൈവം നല്‌കാതെ ആര്‍ക്ക് ഭക്ഷിക്കാനോ സുഖിക്കാനോ കഴിയും?

26 ദൈവത്തെ പ്രസാദിപ്പിക്കുന്നവര്‍ക്ക് അവിടുന്നു ജ്ഞാനവും വിവേകവും ആനന്ദവും നല്‌കുന്നു. എന്നാല്‍ പാപിക്കാകട്ടെ, ദൈവത്തെ പ്രസാദിപ്പിക്കുന്നവനു കൈമാറാന്‍വേണ്ടി സമ്പത്തു സ്വരൂപിച്ചു കൂട്ടിവയ്‍ക്കുന്ന ജോലി മാത്രം നല്‌കുന്നു. ഇതും മിഥ്യയും വ്യര്‍ഥവുമാണ്.

3

1

ഓരോന്നിനും ഓരോ കാലമുണ്ട്, ആകാശത്തിന്‍ കീഴിലുള്ള എല്ലാറ്റിനും അതതിന്‍റെ സമയമുണ്ട്.

2 ജനിക്കാന്‍ ഒരു സമയം, മരിക്കാന്‍ ഒരു സമയം; നടാന്‍ ഒരു സമയം, നട്ടതു പറിച്ചെടുക്കാന്‍ ഒരു സമയം; കൊല്ലുവാന്‍ ഒരു സമയം, സുഖപ്പെടുത്താന്‍ ഒരു സമയം;

3 പൊളിച്ചുകളയാന്‍ ഒരു സമയം, പണിയാന്‍ ഒരു സമയം;

4 കരയാന്‍ ഒരു സമയം, ചിരിക്കാന്‍ ഒരു സമയം; വിലപിക്കാന്‍ ഒരു സമയം,

5 നൃത്തംചെയ്യാന്‍ ഒരു സമയം; കല്ലു പെറുക്കിക്കളയാന്‍ ഒരു സമയം, കല്ലു പെറുക്കിക്കൂട്ടാന്‍ ഒരു സമയം; ആലിംഗനം ചെയ്യാന്‍ ഒരു സമയം, ആലിംഗനം ചെയ്യാതിരിക്കാന്‍ ഒരു സമയം;

6 നേടാന്‍ ഒരു സമയം, നഷ്ടപ്പെടുത്താന്‍ ഒരു സമയം;

7 സൂക്ഷിച്ചുവയ്‍ക്കാന്‍ ഒരു സമയം, എറിഞ്ഞുകളയാന്‍ ഒരു സമയം; കീറാന്‍ ഒരു സമയം, തുന്നാന്‍ ഒരു സമയം; നിശബ്ദമായിരിക്കാന്‍ ഒരു സമയം, സംസാരിക്കാന്‍ ഒരു സമയം;

8 സ്നേഹിക്കാന്‍ ഒരു സമയം, ദ്വേഷിക്കാന്‍ ഒരു സമയം; യുദ്ധത്തിന് ഒരു സമയം, സമാധാനത്തിന് ഒരു സമയം;

9 പ്രയത്നിക്കുന്നവനു തന്‍റെ പ്രയത്നംകൊണ്ട് എന്തു ലാഭം?

10 ദൈവം മനുഷ്യനു നല്‌കിയ ക്ലേശകരമായ ജോലി ഞാന്‍ കണ്ടു.

11 ദൈവം ഓരോന്നിനെയും അതതിന്‍റെ സമയത്തു മനോഹരമായി സൃഷ്‍ടിച്ചിരിക്കുന്നു; മനുഷ്യമനസ്സില്‍ നിത്യതയെക്കുറിച്ചുള്ള ബോധവും പ്രതിഷ്ഠിച്ചു. എന്നിട്ടും ദൈവത്തിന്‍റെ പ്രവൃത്തികള്‍ ആദ്യന്തം ഗ്രഹിക്കാന്‍ അവനു കഴിയുന്നില്ല.

12 ജീവിക്കുന്നിടത്തോളം സന്തോഷിക്കുകയും സുഖിക്കുകയും ചെയ്യുന്നതിലധികം അഭികാമ്യമായി മനുഷ്യര്‍ക്കു വേറൊന്നുമില്ലെന്നു ഞാന്‍ അറിയുന്നു.

13 ദൈവം മനുഷ്യനു നല്‌കിയ ദാനമാണു ഭക്ഷിക്കാനും പാനം ചെയ്യാനും തന്‍റെ പ്രയത്നങ്ങളില്‍ ആനന്ദിക്കാനുമുള്ള അവന്‍റെ കഴിവ്.

14 ദൈവം ചെയ്യുന്നതെല്ലാം ശാശ്വതമെന്നു ഞാനറിയുന്നു. അവയോട് എന്തെങ്കിലും കൂട്ടാനോ കുറയ്‍ക്കാനോ സാധ്യമല്ല; മനുഷ്യനു ദൈവത്തോടു ഭയഭക്തി ഉണ്ടാകാനാണ് അവിടുന്ന് ഇങ്ങനെ ചെയ്തിരിക്കുന്നത്.

15 ഇപ്പോഴുള്ളതു പണ്ടേ ഉണ്ടായിരുന്നതാണ്; ഉണ്ടാകാനിരിക്കുന്നതും ഉണ്ടായിരുന്നതുതന്നെ; പൊയ്പോയതിനെയെല്ലാം ദൈവം യഥാസമയം തിരിച്ചുകൊണ്ടുവരും.

16 ഇതിനെല്ലാം ഉപരി സൂര്യനു കീഴില്‍ ന്യായവും നീതിയും പുലരേണ്ടിടത്ത് അധര്‍മം തഴയ്‍ക്കുന്നതു ഞാന്‍ കണ്ടു.

17 എല്ലാ കാര്യങ്ങള്‍ക്കും എല്ലാ പ്രവൃത്തികള്‍ക്കും അവിടുന്നു സമയം നിശ്ചയിച്ചിട്ടുണ്ടല്ലോ; അതുകൊണ്ടു ദൈവം നീതിമാനെയും ദുഷ്ടനെയും വിധിക്കുമെന്നു ഞാന്‍ നിരൂപിച്ചു.

18 മനുഷ്യന്‍ മൃഗത്തില്‍ കവിഞ്ഞൊന്നുമല്ലെന്ന് അവനെ ബോധ്യപ്പെടുത്താന്‍ ദൈവം അവനെ പരീക്ഷിക്കുകയാണെന്നു ഞാന്‍ ചിന്തിച്ചു.

19 കാരണം മനുഷ്യരുടെയും മൃഗങ്ങളുടെയും ഗതി ഒന്നു തന്നെ; മൃഗങ്ങള്‍ ചാകുന്നു; മനുഷ്യനും ചാകുന്നു. ഇരുകൂട്ടര്‍ക്കും ശ്വാസം ഒന്നുതന്നെ. മനുഷ്യനു മൃഗത്തെക്കാള്‍ മേന്മ ഒന്നുമില്ല; എല്ലാം മിഥ്യ തന്നെ.

20 എല്ലാവരുടെയും പോക്ക് ഒരേ സ്ഥലത്തേക്കാണ്. എല്ലാവരും പൂഴിയില്‍നിന്നു ജനിച്ചു; പൂഴിയിലേക്കുതന്നെ മടങ്ങുന്നു.

21 മനുഷ്യന്‍റെ പ്രാണന്‍ മേലോട്ടും മൃഗത്തിന്‍റെ പ്രാണന്‍ താഴെ ഭൂമിയിലേക്കും ആണോ പോകുന്നത്? ആര്‍ക്കറിയാം?

22 അതുകൊണ്ടു തന്‍റെ പ്രവൃത്തികളില്‍ സന്തോഷിക്കുന്നതില്‍ കവിഞ്ഞു മനുഷ്യനു മെച്ചമായി ഒന്നുമില്ലെന്നു ഞാന്‍ കണ്ടു. അതാണ് അവന്‍റെ ഗതി. അവന്‍റെ കാലശേഷം എന്തു സംഭവിക്കുമെന്നു കാണാന്‍ ആരെങ്കിലും അവനെ തിരിച്ചു കൊണ്ടുവരുമോ?

4

1

പിന്നെ ഞാന്‍ കണ്ടതു സൂര്യനു കീഴെ നടക്കുന്ന പീഡനങ്ങളാണ്. മര്‍ദിതര്‍ കണ്ണീരൊഴുക്കുന്നു; ആരുമില്ല അവരെ ആശ്വസിപ്പിക്കാന്‍. മര്‍ദകരുടെ ഭാഗത്തായിരുന്നു ശക്തി. അതുകൊണ്ട് ആരും മര്‍ദിതരെ ആശ്വസിപ്പിച്ചില്ല.

2 മരിച്ചവര്‍ ജീവിതം തുടങ്ങുന്നവരെക്കാള്‍ ഭാഗ്യവാന്മാരാണെന്നു ഞാന്‍ വിചാരിച്ചു.

3 സൂര്യനു കീഴില്‍ നടക്കുന്ന ദുഷ്കര്‍മങ്ങള്‍ കാണാനിടയാകാതെ ജനിക്കാതെ പോയവര്‍ ഇവരെക്കാളെല്ലാം ഭാഗ്യവാന്മാരാണ്.

4 മനുഷ്യന്‍റെ എല്ലാ പ്രയത്നങ്ങള്‍ക്കും കര്‍മകുശലതയ്‍ക്കും പ്രേരണ ലഭിക്കുന്നത് അപരനോടുള്ള അസൂയയില്‍നിന്നാണ് എന്നു ഞാന്‍ അറിഞ്ഞു. അതും മിഥ്യയും വ്യര്‍ഥവുമാകുന്നു.

5 മൂഢന്‍ കൈയും കെട്ടിയിരുന്നു സ്വയം ക്ഷയിക്കുന്നു.

6 ഇരുകൈകളും നിറയെ കഠിനാധ്വാനവും വ്യഥാപ്രയത്നവും ലഭിക്കുന്നതിനെക്കാള്‍ ഒരു പിടി സ്വസ്ഥത ലഭിക്കുന്നത് ഉത്തമം.

7 സൂര്യനു കീഴെ വീണ്ടും ഞാന്‍ മിഥ്യ കണ്ടു;

8 ഉറ്റവര്‍ ആരുമില്ലാത്ത ഒരുവന്‍; പുത്രനോ സഹോദരനോ അയാള്‍ക്കില്ല; എങ്കിലും അയാളുടെ കഠിനാധ്വാനത്തിന് അന്തമില്ല. എത്ര സമ്പത്തു കണ്ടിട്ടും അയാളുടെ കണ്ണുകള്‍ക്കു തൃപ്തി വരുന്നില്ല. “എല്ലാ സുഖങ്ങളും സ്വയം നിഷേധിച്ചു ഞാന്‍ പാടുപെടുന്നത് ആര്‍ക്കുവേണ്ടിയാണ്” എന്ന് അയാള്‍ ഒരിക്കലും ചിന്തിക്കുന്നില്ല. ഇതും മിഥ്യയും നിര്‍ഭാഗ്യകരമായ അവസ്ഥയുമാകുന്നു.

9 ഒറ്റയ്‍ക്കാകുന്നതിനെക്കാള്‍ രണ്ടുപേര്‍ ഒരുമിച്ചായിരിക്കുന്നതാണു നല്ലത്. അവരുടെ പ്രതിഫലം മെച്ചപ്പെട്ടതായിരിക്കും.

10 ഒരുവന്‍ വീണാല്‍ അപരന്‍ പിടിച്ചെഴുന്നേല്പിക്കും; ഒറ്റയ്‍ക്കു കഴിയുന്നവനു ദുരിതം തന്നെ. അവന്‍ വീണാല്‍ പിടിച്ചെഴുന്നേല്പിക്കാന്‍ ആരുമില്ലല്ലോ.

11 രണ്ടുപേര്‍ ഒരുമിച്ചു കിടന്നാല്‍ അവര്‍ക്കു തണുക്കുകയില്ല; തനിച്ചു കിടക്കുന്നവന് എങ്ങനെ കുളിര്‍ മാറും?

12 ഏകനെ കീഴടക്കാന്‍ എളുപ്പമാണ്; രണ്ടു പേരുണ്ടെങ്കില്‍ അവര്‍ ചെറുത്തുനില്‌ക്കും. മുപ്പിരിച്ചരട് പൊട്ടിക്കാന്‍ എളുപ്പമല്ല.

13 ഉപദേശത്തിനു വഴങ്ങാത്ത വൃദ്ധനും മൂഢനുമായ രാജാവിനെക്കാള്‍ ശ്രേഷ്ഠന്‍, ദരിദ്രനെങ്കിലും ജ്ഞാനിയായ യുവാവാണ്.

14 ഒരുവന് കാരാഗൃഹത്തില്‍നിന്നു സിംഹാസനത്തില്‍ എത്താന്‍ കഴിയും; അവന്‍ സ്വദേശത്തും ദരിദ്രനായി ജനിച്ചവനായിരിക്കാം.

15 സൂര്യനു കീഴെ ചരിക്കുന്ന എല്ലാവരെയും ഞാന്‍ കണ്ടു; വൃദ്ധരാജാവിനു പകരം വരേണ്ട യുവാവിനെയും കണ്ടു.

16 ജനം അസംഖ്യമാണ്; അവനാണ് എല്ലാവരുടെയും അധിപന്‍. എന്നാല്‍ പില്‍ക്കാലത്തു വരുന്നവര്‍ക്ക് അവനില്‍ പ്രീതിയില്ല. ഇതും മിഥ്യയും വ്യര്‍ഥവുമാണ്, തീര്‍ച്ച.

5

1

ദേവാലയത്തില്‍ പോകുമ്പോള്‍ സൂക്ഷ്മതയോടെ വര്‍ത്തിക്കുക; അടുത്തുചെന്നു ശ്രദ്ധിച്ചു കേള്‍ക്കുന്നതാണു വിഡ്ഢിയുടെ യാഗാര്‍പ്പണത്തെക്കാള്‍ നല്ലത്. തങ്ങള്‍ ചെയ്യുന്നതു തിന്മയാണെന്നു മൂഢന്മാര്‍ അറിയുന്നില്ലല്ലോ.

2 അവിവേകമായി സംസാരിക്കരുത്; ദൈവസന്നിധിയില്‍ ഒരു വാക്കും തിടുക്കത്തില്‍ പറയരുത്; ദൈവം സ്വര്‍ഗത്തിലും നീ ഭൂമിയിലും ആകുന്നുവല്ലോ. അതുകൊണ്ടു നീ മിതഭാഷിയായിരിക്കുക.

3 ആകുലതയേറുമ്പോള്‍ ദുസ്സ്വപ്നം കാണുന്നു; അതിവാക്ക് മൂഢജല്പനമാകും.

4 ദൈവത്തിനുള്ള നേര്‍ച്ച നിറവേറ്റാന്‍ വൈകരുത്; മൂഢന്മാരില്‍ ദൈവം പ്രസാദിക്കുന്നില്ല. നേര്‍ന്നത് അനുഷ്ഠിക്കുക.

5 നേര്‍ന്നിട്ട് അര്‍പ്പിക്കാതിരിക്കുന്നതിനെക്കാള്‍ ഭേദം നേരാതിരിക്കുകയാണ്.

6 നിന്‍റെ വാക്കുകള്‍ നിന്നെ പാപത്തിലേക്കു നയിക്കാതിരിക്കട്ടെ; അബദ്ധം പറ്റിപ്പോയി എന്നു ദൂതനോടു പറയാന്‍ ഇടവരരുത്. നിന്‍റെ വാക്കുകള്‍കൊണ്ടു ദൈവം കോപിച്ച് നിന്‍റെ അധ്വാനഫലം നശിപ്പിക്കാന്‍ ഇടയാക്കണമോ?

7 സ്വപ്നങ്ങള്‍ പെരുകുമ്പോള്‍ വ്യര്‍ഥവാക്കുകളും പെരുകുന്നു; അതിനാല്‍ നീ ദൈവത്തെ ഭയപ്പെടുക.

8

ഒരു ദേശത്തു ദരിദ്രന്‍ പീഡിപ്പിക്കപ്പെടുകയും നീതിയും ന്യായവും നിര്‍ദയം ലംഘിക്കപ്പെടുകയും ചെയ്യുന്നതു കണ്ടാല്‍ വിസ്മയിക്കേണ്ട; ഉന്നതോദ്യോഗസ്ഥനെ അവന്‍റെ അധികാരിയും അയാളെ അയാളുടെ മേലധികാരിയും നിരീക്ഷിക്കുന്നുണ്ട്.

9 ഭൂമിയുടെ വിളവ് എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. കാര്‍ഷികരാജ്യത്തിന് ഒരു രാജാവു വേണം.

10

പണക്കൊതിയന് എത്ര കിട്ടിയാലും തൃപ്തി വരികയില്ല; ധനമോഹിക്ക് എത്ര സമ്പാദിച്ചാലും മതിവരികയില്ല. ഇതും മിഥ്യതന്നെ.

11 വിഭവങ്ങള്‍ ഏറുമ്പോള്‍ അവകൊണ്ടു പോറ്റേണ്ടവരുടെ എണ്ണവും പെരുകുന്നു; കണ്ണുകൊണ്ടു കാണാമെന്നല്ലാതെ ഉടമസ്ഥന് അവകൊണ്ട് എന്തു പ്രയോജനം?

12 അല്പമോ, അധികമോ ഭക്ഷിച്ചാലും അധ്വാനിക്കുന്നവനു സുഖനിദ്ര ലഭിക്കുന്നു; എന്നാല്‍ അമിതസമ്പത്തു സമ്പന്നന്‍റെ ഉറക്കം കെടുത്തുന്നു.

13 ആകാശത്തിനു കീഴെ ശോചനീയമായ ഒരു വസ്തുത ഞാന്‍ കണ്ടിരിക്കുന്നു; സമ്പന്നന്‍ തന്‍റെ അനര്‍ഥത്തിനായി ധനം കാത്തുസൂക്ഷിക്കുന്നു.

14 താന്‍ ഏര്‍പ്പെട്ട സാഹസയത്നത്തില്‍ അതു നഷ്ടപ്പെടുന്നു; തന്‍റെ പുത്രനു നല്‌കാന്‍ അയാളുടെ കൈയില്‍ ഒന്നും അവശേഷിക്കുന്നില്ല.

15 അമ്മയുടെ ഉദരത്തില്‍നിന്നു പുറത്തുവന്നതുപോലെ അവന്‍ നഗ്നനായി മടങ്ങിപ്പോകും. അവന്‍റെ അധ്വാനഫലത്തില്‍നിന്ന് ഒന്നും കൊണ്ടുപോകാന്‍ അവനു സാധ്യമല്ല.

16 ഇതും വല്ലാത്ത കഷ്ടംതന്നെ; വന്നത് എങ്ങനെയോ അതേപടി തിരിച്ചു പോകുന്നു. അധ്വാനം വ്യര്‍ഥമെങ്കില്‍ എന്തു നേട്ടം?

17 അതു മാത്രമോ, അവന്‍റെ ആയുഷ്കാലം മുഴുവന്‍ അന്ധകാരത്തിലും ദുഃഖത്തിലും രോഗത്തിലും മനശ്ശല്യത്തിലും അസംതൃപ്തിയിലും കഴിയേണ്ടി വരുന്നു.

18 ദൈവം നല്‌കിയ ഹ്രസ്വജീവിതം തിന്നുകുടിച്ചും അധ്വാനഫലം ആസ്വദിച്ചും കഴിയുന്നതാണു മനുഷ്യന് ഉചിതവും ഉത്തമവുമായി ഞാന്‍ കാണുന്നത്. അതാണല്ലോ അവന്‍റെ ഗതി.

19 ധനവും ഐശ്വര്യവും അവ അനുഭവിക്കാനുള്ള കഴിവും ദൈവമാണു നല്‌കുന്നത്; അവ ലഭിച്ചവന്‍ ദൈവത്തിന്‍റെ അനുഗ്രഹം സ്വീകരിച്ചു തന്‍റെ പ്രയത്നങ്ങളില്‍ ആനന്ദിക്കട്ടെ. അത് ദൈവത്തിന്‍റെ ദാനമാണ്.

20 ദൈവം അവന്‍റെ ദിനങ്ങളെ ആനന്ദനിര്‍ഭരമാക്കിയിരിക്കുന്നതിനാല്‍ തന്‍റെ ആയുസ്സിന്‍റെ ദിനങ്ങള്‍ കൊഴിഞ്ഞുപോകുന്നത് അവന്‍ അറിയുകയേയില്ല.

6

1

സൂര്യനു കീഴെ മനുഷ്യനു ദുര്‍വഹമായ ഒരു തിന്മ ഞാന്‍ കണ്ടു.

2 ദൈവം ഒരുവനു ധനവും സമ്പത്തും പദവിയും നല്‌കുന്നു; അവന്‍റെ അഭിലാഷങ്ങളെല്ലാം കുറവില്ലാതെ നിറവേറ്റപ്പെടുന്നു. പക്ഷേ, അവ അനുഭവിക്കാനുള്ള അവകാശം അവനു നല്‌കുന്നില്ല; അന്യന്‍ അവ അനുഭവിക്കുന്നു. അതു മിഥ്യയാണ്; ദുസ്സഹമായ ദുഃഖവുമാണ്.

3 ഒരുവന്‍ നൂറു മക്കളോടുകൂടി ദീര്‍ഘായുസ്സായി ജീവിച്ചിട്ടും അയാള്‍ ജീവിതസുഖങ്ങളൊന്നും അനുഭവിക്കാതെ ഒടുവില്‍ ശവസംസ്കാരം കൂടി ലഭിക്കാതെ കടന്നുപോയെന്നു വരാം. ഇതിനേക്കാള്‍ നല്ലത് ചാപിള്ളയായി പിറക്കുന്നതാണെന്നു ഞാന്‍ പറയും.

4 കാരണം അതിന്‍റെ ജനനംതന്നെ മിഥ്യയിലേക്കാണ്; പോകുന്നതോ അന്ധകാരത്തിലേക്കും. അന്ധകാരത്തില്‍ അതു വിസ്മൃതമാകും.

5 അതു സൂര്യപ്രകാശം കണ്ടിട്ടില്ല; ഒന്നും അനുഭവിച്ചിട്ടില്ല. എങ്കിലും അതിന് ആ മനുഷ്യനെക്കാള്‍ സ്വസ്ഥതയുണ്ട്.

6 അയാള്‍ രണ്ടായിരം വര്‍ഷം ജീവിച്ചാലും ഒരു ഭാഗ്യവും അനുഭവിക്കുന്നില്ലെങ്കിലോ? ഇരുവരും ഒരേ സ്ഥലത്തു തന്നെയല്ലേ ചെന്നുചേരുക!

7 വയറു നിറയ്‍ക്കാനാണു മനുഷ്യന്‍ അധ്വാനിക്കുന്നത്; എന്നാല്‍, അവനു വിശപ്പടങ്ങുന്നില്ല.

8 മൂഢനെക്കാള്‍ ജ്ഞാനിക്ക് എന്തു ശ്രേഷ്ഠത? മറ്റുള്ളവരുടെ മുമ്പില്‍ നന്നായി പെരുമാറാന്‍ അറിഞ്ഞതുകൊണ്ടു ദരിദ്രന് എന്താണു ഗുണം?

9 മോഹങ്ങളുടെ പിന്നാലെ അലയുന്നതിനെക്കാള്‍ നല്ലതു കണ്‍മുമ്പിലുളളതില്‍ തൃപ്തിപ്പെടുന്നതാണ്. അതും മിഥ്യയും വ്യര്‍ഥവുമാണ്.

10

നടന്നതെല്ലാം പണ്ടേ നിര്‍ണയിക്കപ്പെട്ടതാണ്. മനുഷ്യനാരെന്നും തന്നെക്കാള്‍ ബലവാനോട് എതിരിടാന്‍ അവനു കഴിയുകയില്ലെന്നും നമുക്ക് അറിയാമല്ലോ.

11 കൂടുതല്‍ വാക്കുകള്‍ കൂടുതല്‍ മിഥ്യ; അതുകൊണ്ടു മനുഷ്യന് എന്തു നേട്ടം?

12 നിഴല്‍പോലെ കടന്നുപോകുന്നതും വ്യര്‍ഥവുമായ ഹ്രസ്വജീവിതത്തില്‍ മനുഷ്യനു നല്ലത് ഏതെന്ന് ആരറിയുന്നു? തന്‍റെ കാലശേഷം സൂര്യനു കീഴെ എന്തു സംഭവിക്കുമെന്ന് ആര്‍ക്കു പറയാന്‍ കഴിയും?

7

1

സല്‍പ്പേര് അമൂല്യമായ പരിമളതൈലത്തെക്കാളും മരണദിനം ജനനദിവസത്തെക്കാളും നല്ലത്.

2 വിരുന്നുവീട്ടിലേക്കു പോകുന്നതിലും ഉത്തമം വിലാപഗൃഹത്തിലേക്കു പോകുന്നതാണ്. മരണമാണ് എല്ലാ മനുഷ്യരുടെയും അന്ത്യമെന്നു ജീവിച്ചിരിക്കുന്നവന്‍ ഗ്രഹിച്ചുകൊള്ളും.

3 ചിരിക്കുന്നതിനെക്കാള്‍ നല്ലതു കരയുന്നതാണ്. മുഖം മ്ലാനമാക്കുമെങ്കിലും അതു ഹൃദയത്തിന് ആശ്വാസം നല്‌കും.

4 ജ്ഞാനിയുടെ ഹൃദയം വിലാപഭവനത്തിലായിരിക്കും; മൂഢന്മാരുടെ ഹൃദയം ഉല്ലാസഭവനത്തിലും.

5 മൂഢന്മാരുടെ ഗാനം കേള്‍ക്കുന്നതിലും ഭേദം ജ്ഞാനിയുടെ ശാസന കേള്‍ക്കുന്നതാണ്.

6 അടുപ്പില്‍ കത്തുന്ന ചുള്ളിവിറകിന്‍റെ കിരുകിരുപ്പു പോലെയാണു മൂഢന്‍റെ ചിരി. അതും മിഥ്യ തന്നെ.

7 കോഴ ജ്ഞാനിയെ ഭോഷനാക്കും തീര്‍ച്ച; കൈക്കൂലി മനസ്സു ദുഷിപ്പിക്കുന്നു.

8 ഒടുക്കമാണു തുടക്കത്തെക്കാള്‍ നല്ലത്; ഗര്‍വിഷ്ഠനെക്കാള്‍ ശ്രേഷ്ഠനാണു ക്ഷമാശീലന്‍.

9 ക്ഷിപ്രകോപം അരുത്; മൂഢന്‍റെ മടിയിലാണല്ലോ കോപം വിശ്രമിക്കുന്നത്.

10 “പഴയകാലം ഇന്നത്തേക്കാള്‍ മെച്ചമായിരുന്നത് എന്തുകൊണ്ട്” എന്നു ചോദിക്കരുത്; ജ്ഞാനത്തില്‍ നിന്നല്ല ഈ ചോദ്യം വരുന്നത്.

11 പിതൃസ്വത്തുപോലെ ജ്ഞാനവും ശ്രേഷ്ഠമാണ്; സൂര്യപ്രകാശം കണ്ടിട്ടുള്ളവര്‍ക്കെല്ലാം അതു പ്രയോജനപ്രദമാണ്.

12 ധനം നല്‌കുന്ന അഭയംപോലെയാണു ജ്ഞാനം നല്‌കുന്ന അഭയവും. ജ്ഞാനിയുടെ ജീവന്‍ സംരക്ഷിക്കുന്നു എന്നതാണു ജ്ഞാനത്തിന്‍റെ ഗുണം.

13 ദൈവത്തിന്‍റെ പ്രവൃത്തികള്‍ ഓര്‍ത്തുനോക്കുക; അവിടുന്നു വക്രമായി നിര്‍മ്മിച്ചതിനെ നേരെയാക്കാന്‍ ആര്‍ക്കു കഴിയും?

14 ഐശ്വര്യകാലത്തു സന്തോഷിക്കുക; കഷ്ടകാലം വരുമ്പോള്‍ ചിന്തിക്കുക. ഇവ രണ്ടും ഒരുക്കിയിരിക്കുന്നതു ദൈവമാണ്. സംഭവിക്കാന്‍ പോകുന്നത് എന്തെന്നു മനുഷ്യന്‍ അറിയാത്തവിധമാണ് ഇവ രണ്ടും ദൈവം ഒരുക്കിയിരിക്കുന്നത്.

15

എന്‍റെ വ്യര്‍ഥജീവിതത്തില്‍ ഞാന്‍ എല്ലാം കണ്ടിരിക്കുന്നു; നീതിനിഷ്ഠനായിരിക്കെ ഒരുവന്‍ നശിച്ചുപോകുന്നു. അതേ സമയം ദുഷ്കര്‍മി തന്‍റെ ദുഷ്ടതയില്‍ ദീര്‍ഘകാലം ജീവിക്കുകയും ചെയ്യുന്നു.

16 വേണ്ടതിലേറെ നീതിമാനോ ജ്ഞാനിയോ ആകേണ്ടതില്ല.

17 എന്തിനാണു സ്വയം നശിപ്പിക്കുന്നത്? പരമനീചനോ മൂഢനോ ആകരുത്. കാലമെത്താതെ മരിക്കേണ്ടതുണ്ടോ?

18 ഒന്നില്‍ പിടിമുറുക്കുമ്പോള്‍ മറ്റേത് പിടിവിട്ടു പോകാതെ സൂക്ഷിക്കുക. ദൈവഭക്തന്‍ ഇവയെല്ലാം അതിജീവിക്കും.

19 പത്തു ഭരണാധിപന്മാര്‍ക്കുള്ളതിനെക്കാള്‍ അധികം ശക്തി ജ്ഞാനം ജ്ഞാനിക്കു നല്‌കുന്നു.

20 ഒരിക്കലും പാപം ചെയ്യാതെ നന്മ മാത്രം ചെയ്യുന്ന ഒരു നീതിമാനും ഭൂമുഖത്തില്ല; തീര്‍ച്ച.

21 മനുഷ്യര്‍ പറയുന്നതിനെല്ലാം ചെവികൊടുക്കരുത്; അങ്ങനെ ചെയ്താല്‍ ദാസന്‍റെ ശാപവാക്കു നിനക്കു കേള്‍ക്കേണ്ടിവരും.

22 നീതന്നെ എത്രവട്ടം മറ്റുള്ളവരെ ശപിച്ചിട്ടുള്ളതു നിനക്ക് അറിയാം.

23

ഇവയെല്ലാം ജ്ഞാനംകൊണ്ടു ഞാന്‍ പരിശോധിച്ചുനോക്കി. ഞാന്‍ ജ്ഞാനിയായിരിക്കുമെന്നു സ്വയം പറഞ്ഞു. എന്നാല്‍ ജ്ഞാനം എന്നില്‍നിന്ന് അകലെയായിരുന്നു.

24 അതു വിദൂരസ്ഥം, അഗാധം, അത്യഗാധം; എല്ലാവര്‍ക്കും അപ്രാപ്യം.

25

ജ്ഞാനത്തെ അറിയാനും തേടിപ്പിടിക്കാനും കാര്യങ്ങളുടെ പൊരുള്‍ ഗ്രഹിക്കാനും ഭോഷത്തത്തിലെ ദുഷ്ടതയും മൂഢത എന്ന ഭ്രാന്തും തിരിച്ചറിയാനും ഞാന്‍ പരിശ്രമിച്ചു.

26 മരണത്തെക്കാള്‍ ഭയാനകയായ സ്‍ത്രീയെ ഞാന്‍ കണ്ടു; അവളുടെ ഹൃദയം കെണികളും വലകളും ഒരുക്കിവയ്‍ക്കുന്നു. അവളുടെ കൈകള്‍ ചങ്ങലയാണ്. ദൈവത്തെ പ്രസാദിപ്പിക്കുന്നവന്‍ അവളില്‍നിന്നു രക്ഷപെടും. പാപിയാകട്ടെ അവളുടെ പിടിയില്‍ അമരും.

27 പ്രബോധകന്‍ പറയുന്നു: “ഞാന്‍ കണ്ടെത്തിയത് ഇതാണ്-ഒന്നോടൊന്നുകൂട്ടി ആകെത്തുക കാണാന്‍ ഞാന്‍ പരിശ്രമിച്ചു. ഞാന്‍ വീണ്ടും വീണ്ടും പരിശ്രമിച്ചു-പക്ഷേ, ഒന്നും കണ്ടുകിട്ടിയില്ല.

28 ആയിരം പേരില്‍ ഒരുവനെ ഞാന്‍ പുരുഷനായി കണ്ടു; എന്നാല്‍ ഒരുവളെയും സ്‍ത്രീയായി കണ്ടില്ല.

29 ഞാന്‍ കണ്ടെത്തിയത് ഇതുമാത്രം: ദൈവം മനുഷ്യനെ പരമാര്‍ഥഹൃദയത്തോടെ സൃഷ്‍ടിച്ചു. അവനാകട്ടെ ദുരുപായങ്ങള്‍ മെനയുന്നു.

8

1

ജ്ഞാനിക്കു സമനായി ആരുണ്ട്? കാര്യങ്ങളുടെ പൊരുള്‍ ഗ്രഹിച്ചവന്‍ ആര്‍? ജ്ഞാനം മുഖം ശോഭിപ്പിക്കുന്നു; പാരുഷ്യം അകറ്റുന്നു.

2 ദൈവസന്നിധിയില്‍ ചെയ്ത പ്രതിജ്ഞ ഓര്‍ത്തു രാജകല്പന പാലിക്കുക.

3 ഇഷ്ടമില്ലാത്തതെങ്കിലും ഉടനെ പോയി അതു ചെയ്യുക. രാജാവിനു തനിക്കു തോന്നിയതെന്തും ചെയ്യാമല്ലോ.

4 രാജകല്പനയ്‍ക്കുമേല്‍ ഒന്നുമില്ല.

5 തിരുവായ്‍ക്ക് എതിര്‍വായില്ലല്ലോ; കല്പന അനുസരിക്കുന്നവന് ഉപദ്രവം ഒന്നും ഉണ്ടാകയില്ല; ജ്ഞാനിയുടെ ഹൃദയം തക്കസമയവും വഴിയും അറിയുന്നു.

6 കഷ്ടത മനുഷ്യനു ദുര്‍വഹമെങ്കിലും ഓരോന്നിനും അതതിന്‍റെ സമയവും വഴിയും ഉണ്ടല്ലോ.

7 ഭാവി എന്തെന്ന് അവന്‍ അറിയുന്നില്ല; അത് എങ്ങനെയിരിക്കുമെന്ന് അവനോടു പറയാന്‍ ആരുണ്ട്?

8 പ്രാണനെ പിടിച്ചു നിര്‍ത്താനോ മരണദിനം മാറ്റാനോ ആര്‍ക്കും ശക്തിയോ അധികാരമോ ഇല്ല. അവനു യുദ്ധസേവനത്തില്‍നിന്ന് ഒഴിയാനാവുകയില്ല. ദുരുപായത്തിന് അടിമപ്പെട്ടാല്‍ അതില്‍നിന്നു മോചനം കിട്ടുകയില്ല.

9

മനുഷ്യന്‍ മനുഷ്യന്‍റെമേല്‍ ആധിപത്യം ഉറപ്പിച്ച് അവനെ ദ്രോഹിച്ചുകൊണ്ടിരിക്കെ, സൂര്യനു കീഴെയുള്ളതെല്ലാം വിവേചിച്ചറിയാന്‍ മനസ്സുവച്ചപ്പോള്‍ ഞാന്‍ ഇതെല്ലാം കണ്ടു.

10 ദുഷ്ടന്മാരെ സംസ്കരിക്കുന്നതു ഞാന്‍ കണ്ടു. വിശുദ്ധസ്ഥലത്തു കയറിയിറങ്ങി നടന്നവരാണവര്‍. ഇതൊക്കെ ചെയ്ത നഗരത്തില്‍തന്നെ അവര്‍ പ്രശംസിക്കപ്പെടുന്നു. ഇതും മിഥ്യതന്നെ.

11 ദുഷ്കര്‍മത്തിനുള്ള ശിക്ഷ നടപ്പാക്കാന്‍ വൈകുന്നതുകൊണ്ട് മനുഷ്യരുടെ മനസ്സ് തിന്മയില്‍ മുഴുകിയിരിക്കുന്നു.

12 നൂറു വട്ടം ദുഷ്കര്‍മം ചെയ്തിട്ടും പാപിക്ക് ദീര്‍ഘായുസ്സുണ്ടായേക്കാം. എങ്കിലും ദൈവഭക്തനു നന്മയുണ്ടാകുമെന്നതു നിശ്ചയം; അവന്‍ ദൈവസന്നിധിയില്‍ ഭക്തിയോടെ ജീവിച്ചല്ലോ.

13 ദുഷ്കര്‍മിക്കു നന്മ വരികയില്ല; അവന്‍ ദൈവത്തെ ഭയപ്പെടാത്തതിനാല്‍ അല്പായുസ്സായിരിക്കും; അവന്‍റെ ജീവിതം നിഴല്‍പോലെ നീളുകയുമില്ല.

14

ഭൂമിയില്‍ മറ്റൊരു മിഥ്യയുണ്ട്; നീതിമാന്മാര്‍ക്കു ദുര്‍ജനങ്ങളുടെ പ്രവൃത്തിക്കു യോജിച്ച അനുഭവവും ദുര്‍ജനങ്ങള്‍ക്കു നീതിമാന്മാരുടെ പ്രവൃത്തിക്കു യോജിച്ച അനുഭവവും ഉണ്ടാകുന്നു. അതും മിഥ്യതന്നെ എന്നു ഞാന്‍ പറയുന്നു.

15 അതുകൊണ്ട് ഉല്ലസിച്ചുകൊള്ളുക എന്നാണ് എന്‍റെ ഉപദേശം. തിന്നുകുടിച്ച് ഉല്ലസിക്കുന്നതിനെക്കാള്‍ ഉത്തമമായി മറ്റൊന്നും സൂര്യനു കീഴെ ഇല്ല. ഭൂമിയില്‍ ദൈവം നല്‌കുന്ന ആയുസ്സില്‍ മനുഷ്യനു തന്‍റെ പ്രയത്നത്തിനു പ്രതിഫലമായി വേറൊന്നും കിട്ടാനില്ല.

16 ജ്ഞാനം നേടാനും ഭൂമിയില്‍ നടക്കുന്ന കാര്യങ്ങള്‍ നിരീക്ഷിക്കാനും ഞാന്‍ രാപ്പകല്‍ ഉറങ്ങാതെ പരിശ്രമിച്ചു.

17 അപ്പോള്‍ ഞാന്‍ ദൈവത്തിന്‍റെ സകല പ്രവൃത്തികളും നോക്കിക്കണ്ടു. സൂര്യനു കീഴെ നടക്കുന്നതൊന്നും ഗ്രഹിക്കാന്‍ മനുഷ്യനു കഴിയുകയില്ല. എത്ര തേടിയലഞ്ഞാലും അതു കാണുകയില്ല. ജ്ഞാനി എന്ന് അവകാശപ്പെടുന്നവനും അത് അഗോചരമാണ്.

9

1

ഇവയെക്കുറിച്ചെല്ലാം ഞാന്‍ മനസ്സിരുത്തി ആലോചിച്ചു. നീതിമാന്മാരും ജ്ഞാനികളും അവരുടെ പ്രവൃത്തികളും ദൈവത്തിന്‍റെ നിയന്ത്രണത്തിലാണെന്നു ഞാന്‍ മനസ്സിലാക്കി; സ്നേഹമോ ദ്വേഷമോ തനിക്കു ലഭിക്കുക എന്ന് മനുഷ്യന്‍ അറിയുന്നില്ല. അവരുടെ മുമ്പിലുള്ളതെല്ലാം മിഥ്യ.

2

എല്ലാവരുടെയും ഗതി ഒന്നുതന്നെ; നീതിമാനും ദുഷ്ടനും നല്ലവനും പാപിയും ശുദ്ധനും അശുദ്ധനും യാഗം അര്‍പ്പിക്കുന്നവനും യാഗം അര്‍പ്പിക്കാത്തവനും ഒരേ ഗതി വരുന്നു. നല്ലവനും പാപിക്കും ഒന്നു തന്നെ സംഭവിക്കുന്നു. ആണയിടുന്നവനും ആണയിടാന്‍ ഭയപ്പെടുന്നവനും ഒരേ ഗതി.

3 എല്ലാവര്‍ക്കും ഒരേ ഗതി വന്നുചേരുന്നു എന്നതു സൂര്യനു കീഴെയുള്ള തിന്മകളില്‍ ഒന്നാണ്. മനുഷ്യരുടെ ഹൃദയം തിന്മകൊണ്ടു നിറഞ്ഞിരിക്കുന്നു. ജീവിതകാലമെല്ലാം അവര്‍ ഉന്മത്തരാണ്.

4 പിന്നെ അവര്‍ മൃതരോടു ചേരുന്നു. ജീവിക്കുന്നവരുടെ ഗണത്തില്‍പ്പെട്ടവര്‍ക്ക് എന്നിട്ടും പ്രത്യാശയ്‍ക്കു വകയുണ്ട്; ജീവനുള്ള നായ് ചത്ത സിംഹത്തെക്കാള്‍ ഭേദമാണല്ലോ.

5 ജീവിച്ചിരിക്കുന്നവര്‍ക്കു തങ്ങള്‍ മരിക്കുമെന്ന് അറിയാം. എന്നാല്‍ മരിച്ചവര്‍ ഒന്നും അറിയുന്നില്ല. അവര്‍ക്ക് ഇനി കിട്ടാന്‍ ഒന്നുമില്ല. അവര്‍ വിസ്മൃതരായിക്കഴിഞ്ഞു.

6 അവരുടെ സ്നേഹവും ദ്വേഷവും അസൂയയും എന്നേ തിരോഭവിച്ചു; സൂര്യനു കീഴെ ഒന്നിലും അവര്‍ക്ക് ഇനിമേല്‍ ഓഹരിയില്ല.

7

ദൈവം നിന്‍റെ പ്രവൃത്തികളില്‍ പ്രസാദിച്ചുകഴിഞ്ഞിരിക്കുന്നതിനാല്‍, ആഹ്ലാദത്തോടെ അപ്പം ഭക്ഷിക്കുക; ഉല്ലാസത്തോടെ വീഞ്ഞു കുടിക്കുക.

8 നിന്‍റെ വസ്ത്രങ്ങള്‍ എപ്പോഴും ശുഭ്രമായിരിക്കട്ടെ; നിന്‍റെ തല എണ്ണമയമില്ലാതെ വരണ്ടിരിക്കരുത്.

9 സൂര്യനു കീഴെ ദൈവം നിനക്കു നല്‌കിയിരിക്കുന്ന മിഥ്യയായ ജീവിതം മുഴുവന്‍ നിന്‍റെ പ്രിയപ്പെട്ട ഭാര്യയോടൊത്തു രമിച്ചുകൊള്‍ക; അതു നിന്‍റെ ജീവിതത്തിന്‍റെയും സൂര്യനു കീഴെ നീ ചെയ്ത പ്രയത്നത്തിന്‍റെയും ഓഹരിയാണല്ലോ.

10 കര്‍ത്തവ്യങ്ങളെല്ലാം മുഴുവന്‍ കഴിവും ഉപയോഗിച്ചു ചെയ്യുക; നീ ചെന്നു ചേരേണ്ട മൃതലോകത്തില്‍ ഏതെങ്കിലും പ്രവൃത്തിയോ, ചിന്തയോ, അറിവോ, ജ്ഞാനമോ ഇല്ലല്ലോ.

11

സൂര്യനു കീഴെ ഇതും ഞാന്‍ കണ്ടു. ഓട്ടത്തില്‍ ജയം വേഗമേറിയവനല്ല; യുദ്ധത്തില്‍ ശക്തിമാനുമല്ല. ജ്ഞാനിക്ക് ആഹാരവും പ്രതിഭാശാലിക്കു സമ്പത്തും വിദഗ്ദ്ധനു പ്രീതിയും ലഭിക്കുന്നില്ല. ഇതെല്ലാം യാദൃച്ഛികമാണ്. മനുഷ്യനു തന്‍റെ കാലം നിശ്ചയമില്ലല്ലോ.

12 വലയില്‍പ്പെടുന്ന മത്സ്യത്തെപ്പോലെയും കെണിയില്‍ കുടുങ്ങുന്ന പക്ഷിയെപ്പോലെയും ദുഷ്കാലം മനുഷ്യനെ നിനച്ചിരിക്കാത്ത നേരത്ത് പിടികൂടുന്നു.

13

സൂര്യനു കീഴെ ജ്ഞാനത്തിന്‍റെ ഈ മഹത്തായ ദൃഷ്ടാന്തവും ഞാന്‍ കണ്ടു;

14 ജനസംഖ്യ അധികമില്ലാത്ത ഒരു ചെറിയ പട്ടണം. പ്രബലനായ ഒരു രാജാവ് അതിനെതിരെ വന്ന് ഉപരോധം ഉറപ്പിച്ചു.

15 അവിടെ നിര്‍ധനനായ ഒരു ജ്ഞാനിയുണ്ടായിരുന്നു. അയാള്‍ തന്‍റെ ജ്ഞാനത്താല്‍ ആ പട്ടണത്തെ രക്ഷിച്ചു. എന്നാല്‍ ആരും ആ പാവത്തെ ഓര്‍ത്തില്ല.

16 ദരിദ്രന്‍റെ ജ്ഞാനം അവമതിക്കപ്പെടുകയും അയാളുടെ വാക്കുകള്‍ അവഗണിക്കപ്പെടുകയും ചെയ്തെങ്കിലും, ജ്ഞാനം ശക്തിയെക്കാള്‍ ശ്രേഷ്ഠമെന്നു ഞാന്‍ പറയും.

17

മൂഢന്മാരെ ഭരിക്കുന്ന രാജാവിന്‍റെ അട്ടഹാസത്തെക്കാള്‍ ജ്ഞാനിയുടെ മൃദുഭാഷണം ശ്രേഷ്ഠം.

18 ആയുധങ്ങളെക്കാള്‍ ജ്ഞാനിയുടെ വചസ്സുകള്‍ നല്ലത്. എന്നാല്‍ ഒരു പാപി മതി വളരെ നന്മ നശിപ്പിക്കാന്‍.

10

1

ചത്ത ഈച്ച പരിമളതൈലത്തിനു ദുര്‍ഗന്ധം വരുത്തുന്നു. അതുപോലെ ജ്ഞാനവും പ്രശസ്തിയും കെടുത്താന്‍ അല്പം ഭോഷത്തം മതി.

2 ജ്ഞാനിയുടെ മനസ്സ് അയാളെ നന്മയിലേക്കും മൂഢന്‍റെ മനസ്സ് അയാളെ തിന്മയിലേക്കും നയിക്കുന്നു.

3 മൂഢന്‍ വെറുതെ നടന്നാല്‍ മതി അവന്‍റെ ഭോഷത്തം വിളംബരം ചെയ്യപ്പെടും.

4 രാജാവു കോപിച്ചാല്‍ സ്വസ്ഥാനം വിടരുത്. വിധേയത്വം കാണിക്കുന്നത് അപരാധത്തിനു പരിഹാരമാകും.

5 സൂര്യനു കീഴെ ഒരു തിന്മ ഞാന്‍ കണ്ടു; രാജാക്കന്മാര്‍ക്കു സംഭവിക്കുന്ന ഒരു തെറ്റ്.

6 മൂഢനു പലപ്പോഴും ഉന്നതസ്ഥാനം നല്‌കപ്പെടുന്നു; സമ്പന്നനു കിട്ടുന്നതു താണസ്ഥാനവും.

7 അടിമകള്‍ കുതിരപ്പുറത്തും പ്രഭുക്കന്മാര്‍ അടിമകളെപ്പോലെ കാല്‍നടയായും പോകുന്നത് ഞാന്‍ കണ്ടു.

8 താന്‍ കുഴിക്കുന്ന കുഴിയില്‍ താന്‍തന്നെ വീഴും; മതില്‍ പൊളിച്ചുകടക്കുന്നവനെ പാമ്പു കടിക്കും.

9 കല്ലു വെട്ടുന്നവന് അതുമൂലം ക്ഷതമേല്‌ക്കും; വിറകു വെട്ടുകാരന് അതുമൂലം അപകടമുണ്ടാകും.

10 വായ്ത്തല തേഞ്ഞ ഇരുമ്പായുധത്തിനു മൂര്‍ച്ച വരുത്തിയില്ലെങ്കില്‍ കൂടുതല്‍ ശക്തി പ്രയോഗിക്കേണ്ടിവരും. ജ്ഞാനമാകട്ടെ, വിജയം എളുപ്പമാക്കും.

11 മെരുക്കുംമുമ്പു പാമ്പു കടിച്ചാല്‍ പാമ്പാട്ടിയെക്കൊണ്ടു പ്രയോജനമില്ല.

12 ജ്ഞാനിയുടെ വാക്കുകള്‍ പ്രീതി ഉളവാക്കുന്നു. മൂഢന്‍റെ വാക്കാകട്ടെ, അവനെ നശിപ്പിക്കുന്നു.

13 ഭോഷത്തം പറഞ്ഞുകൊണ്ട് അവന്‍ സംഭാഷണം ആരംഭിക്കുന്നു; അവസാനം ഭ്രാന്തു പുലമ്പുന്നു.

14 വരാന്‍ പോകുന്നതെന്തെന്ന് ആര്‍ക്കും അറിവില്ല; തന്‍റെ കാലം കഴിഞ്ഞാല്‍ എന്തുണ്ടാകുമെന്ന് ആര്‍ക്കറിയാം; എന്നിട്ടും ഭോഷന്‍ അതിഭാഷണം തുടരുന്നു.

15 നഗരത്തിലേക്കുള്ള വഴി അറിയാതെ കഷ്ടപ്പെട്ടു ഭോഷന്‍ തളരുന്നു.

16 ബാലനായ രാജാവു ഭരിക്കുകയും പ്രഭുക്കന്മാര്‍ പ്രഭാതത്തില്‍തന്നെ വിരുന്നില്‍ മുഴുകുകയും ചെയ്യുന്ന ദേശമേ, നിനക്കു, ഹാ ദുരിതം!

17 കുലീനനായ രാജാവു ഭരിക്കുന്ന രാജ്യം അനുഗൃഹീതം; പ്രഭുക്കന്മാര്‍ ശാരീരികാരോഗ്യത്തിനുവേണ്ടി, മദോന്മത്തരാകാന്‍ വേണ്ടിയല്ല, യഥാസമയം ഭക്ഷിക്കുന്ന ദേശം അനുഗൃഹീതം.

18 അലസത നിമിത്തം മേല്‍പ്പുര ഇടിയുന്നു; കുഴിമടിയന്‍റെ വീടു ചോരുന്നു.

19 സദ്യ ഒരുക്കുന്നതു സന്തോഷിക്കാനാണ്. വീഞ്ഞ് ജീവിതത്തിന് ഉല്ലാസം വരുത്തുന്നു. എന്നാല്‍ ഇവയ്‍ക്കെല്ലാം പണം വേണം.

20 മനസ്സുകൊണ്ടുപോലും രാജാവിനെ ശപിക്കരുത് ഉറക്കറയില്‍വച്ചുപോലും ധനവാനെ ദുഷിക്കരുത്; ആകാശത്തിലെ പക്ഷി നിന്‍റെ വാക്കുകള്‍ വഹിച്ചുകൊണ്ടുപോകും; പറവകള്‍ അതു വിളംബരം ചെയ്യും.

11

1

ഫലഭൂയിഷ്ഠമായ മണ്ണില്‍ നിന്‍റെ വിത്ത് വിതയ്‍ക്കുക; ഏറിയനാള്‍ കഴിഞ്ഞ് നിനക്ക് അതു തിരിച്ചു കിട്ടും.

2 ഏഴോ എട്ടോ കാര്യങ്ങളില്‍ ധനം മുടക്കുക; എന്ത് അനര്‍ഥമാണ് ഭൂമിയില്‍ സംഭവിക്കാന്‍ പോകുന്നതെന്നു നിനക്കറിഞ്ഞുകൂടല്ലോ?

3 ജലസമൃദ്ധമാണു മേഘങ്ങളെങ്കില്‍ അവ ഭൂമിയില്‍ വര്‍ഷിക്കും. നിലംപതിക്കുന്ന വൃക്ഷം തെക്കോട്ടോ വടക്കോട്ടോ വീഴട്ടെ, അതു വീണിടത്തുതന്നെ കിടക്കും.

4 കാറ്റിന്‍റെ ഗതി നോക്കിയിരിക്കുന്നവന്‍ വിതയ്‍ക്കുകയില്ല; മേഘം നോക്കിയിരിക്കുന്നവന്‍ കൊയ്യുകയുമില്ല.

5 ഗര്‍ഭിണിയുടെ ഉദരത്തില്‍ ചൈതന്യം പ്രവേശിക്കുന്നത് എങ്ങനെയെന്നു നിനക്ക് അറിഞ്ഞുകൂടാത്തതുപോലെ എല്ലാറ്റിന്‍റെയും സ്രഷ്ടാവായ ദൈവത്തിന്‍റെ പ്രവൃത്തികള്‍ നീ അറിയുന്നില്ല.

6 പ്രഭാതത്തില്‍ വിത്തു വിതയ്‍ക്കുക, പ്രദോഷത്തിലും വിതയ്‍ക്കുക; ഇതോ, അതോ, രണ്ടുമോ ഏതാണു ഫലവത്താവുക എന്നു നിനക്ക് നിശ്ചയമില്ലല്ലോ.

7 പ്രകാശം ആഹ്ലാദദായകമാണ്; സൂര്യദര്‍ശനം നയനാനന്ദകരമാണ്.

8 ദീര്‍ഘായുസ്സു ലഭിച്ചവന്‍ ഇവയെല്ലാം ആസ്വദിച്ചുകൊള്ളട്ടെ. പക്ഷേ, അന്ധകാരത്തിന്‍റെ ദിനങ്ങള്‍ ഏറെയാണെന്ന് ഓര്‍മയുണ്ടാകണം.

9 വരുന്നതെല്ലാം മിഥ്യ. യുവാവേ, യുവത്വത്തില്‍ നീ ആഹ്ലാദിച്ചുകൊള്ളുക. നിന്‍റെ ഹൃദയം യൗവനത്തില്‍ ആനന്ദിക്കട്ടെ; കണ്ണും കരളും കൊതിച്ച വഴിയെ നീ നടന്നുകൊള്ളുക; എന്നാല്‍ ഇവയെല്ലാം നിമിത്തം ദൈവം നിന്നെ ന്യായം വിധിക്കുമെന്ന് അറിഞ്ഞുകൊള്‍ക.

10 മനസ്സ് വ്യാകുലപ്പെടരുത്; നിന്‍റെ ശരീരം വേദനിക്കുകയും അരുത്. യൗവനവും ജീവിതത്തിന്‍റെ പ്രഭാതകാന്തിയും മിഥ്യയാകുന്നു.

12

1

യൗവനകാലത്തു തന്നെ നിന്‍റെ സ്രഷ്ടാവിനെ ഓര്‍ത്തുകൊള്ളുക. ഒന്നിലും നിനക്കു സന്തോഷിക്കാന്‍ കഴിയാത്ത ദുര്‍ദിനങ്ങളും വര്‍ഷങ്ങളും വരും.

2 അന്ന് സൂര്യന്‍റെയും ചന്ദ്രനക്ഷത്രാദികളുടെയും പ്രകാശം മങ്ങിയതായി തോന്നും. മഴക്കാറു നീങ്ങുന്നില്ലെന്നു നീ പരാതിപ്പെടും.

3 നിന്‍റെ കൈകള്‍ വിറയ്‍ക്കുകയാല്‍ അവയുടെ സഹായം നിനക്കു കുറയും. കാലുകളുടെ ബലം ക്ഷയിക്കും; പല്ലുകള്‍ കൊഴിയും; കാഴ്ച മങ്ങും; കേഴ്വി നശിക്കും;

4 തെരുവിലെ ബഹളമോ ധാന്യം പൊടിക്കുന്ന ശബ്ദമോ നീ കേള്‍ക്കാതെയാകും. കിളിനാദംപോലും നിന്നെ ഉണര്‍ത്തും.

5 ഉയരത്തില്‍ കയറാന്‍ നീ ഭയപ്പെടും; നടക്കാനിറങ്ങുന്നത് അപകടകരമായി തോന്നും. നര ബാധിച്ചു നിന്‍റെ ആഗ്രഹമെല്ലാം ഒതുങ്ങും; എല്ലാ മനുഷ്യരും തങ്ങളുടെ നിത്യവിശ്രാമത്തിലേക്കു മടങ്ങിയേ തീരൂ. പിന്നീടു ശേഷിക്കുന്നതു വിലാപം മാത്രം.

6 വെള്ളിച്ചങ്ങല പൊട്ടുമ്പോള്‍ തൂക്കിയ പൊന്‍വിളക്കു വീണുടയും. കിണറ്റുകയര്‍ അറ്റുപോയാല്‍ കുടം തകരും.

7 മണ്ണായ ശരീരം മണ്ണിനോടു തിരികെ ചേരും. ജീവന്‍ അതിന്‍റെ ദാതാവായ ദൈവത്തിന്‍റെ അടുക്കലേക്കു മടങ്ങിച്ചെല്ലും.

8 ഹാ, മിഥ്യ, മിഥ്യ, സകലവും മിഥ്യ തന്നെ എന്നു പ്രബോധകന്‍ പറയുന്നു.

9 പ്രബോധകന്‍ ജ്ഞാനിയായിരുന്നു. കൂടാതെ ജനത്തിനു പരിജ്ഞാനം ഉപദേശിക്കുകയും ചെയ്തു. അദ്ദേഹം അനേകം സുഭാഷിതങ്ങള്‍ ശ്രദ്ധാപൂര്‍വം പഠിച്ചു പരിശോധിച്ചു ക്രോഡീകരിച്ചു.

10 പ്രബോധകന്‍ മധുമൊഴികള്‍ തേടിപ്പിടിച്ചു; സത്യവചസ്സുകള്‍ സത്യസന്ധമായി രേഖപ്പെടുത്തി.

11 ജ്ഞാനിയുടെ സൂക്തം ഇടയന്‍റെ വടിപോലെയാണ്; ജ്ഞാനി സമാഹരിച്ച ചൊല്ലുകള്‍ അടിച്ചുറപ്പിച്ച ആണിപോലെയാണ്. അവയെല്ലാം ഒരൊറ്റ ഇടയന്‍റെ ദാനമാണ്.

12 എന്‍റെ മകനേ, ഇതിലപ്പുറമുള്ള എന്തിലും നീ കരുതലോടെ ഇരിക്കുക. ഗ്രന്ഥരചനയ്‍ക്ക് അവസാനമില്ല. ഏറെ പഠിക്കുന്നതു ശരീരത്തെ ക്ഷീണിപ്പിക്കും.

13 എല്ലാറ്റിന്‍റെയും സാരം ഇതാണ്: ദൈവത്തെ ഭയപ്പെടുക; അവിടുത്തെ കല്പനകള്‍ പാലിക്കുക. ഇതേ മനുഷ്യനു ചെയ്യാനുള്ളൂ.

14 എല്ലാ പ്രവൃത്തികളും എല്ലാ രഹസ്യങ്ങളും നല്ലതോ ചീത്തയോ ആയിക്കൊള്ളട്ടെ, ദൈവം അവിടുത്തെ ന്യായവിധിക്കു വിധേയമാക്കും.