1

1

ഇസ്രായേല്‍രാജാവും ദാവീദിന്‍റെ പുത്രനുമായ ശലോമോന്‍റെ സുഭാഷിതങ്ങള്‍:

2
മനുഷ്യര്‍ക്ക് ജ്ഞാനവും പ്രബോധനവും ലഭിക്കാനും
ഉള്‍ക്കാഴ്ച നല്‌കുന്ന വാക്കുകള്‍ ഗ്രഹിക്കാനും

3
വിവേകപൂര്‍വമായ ജീവിതം, നീതി, ന്യായം, സത്യസന്ധത എന്നിവ പരിശീലിക്കാനും ഇവ ഉപകരിക്കും.

4
ചഞ്ചലന്മാര്‍ക്കു വിവേകവും യുവാക്കള്‍ക്കു ജ്ഞാനവും ലഭിക്കാനും
ഈ സുഭാഷിതങ്ങള്‍ പ്രയോജനപ്പെടും.

5
ഇതു കേട്ട് ജ്ഞാനമുള്ളവന്‍റെ അറിവു വര്‍ധിക്കും.
വിവേകശാലിക്ക് മാര്‍ഗദര്‍ശനം ലഭിക്കും.

6
അങ്ങനെ അവര്‍ക്ക് സുഭാഷിതവും ആലങ്കാരിക പ്രയോഗങ്ങളും പ്രതിരൂപ വചനങ്ങളും വൈജ്ഞാനിക സൂക്തങ്ങളും ഗ്രഹിക്കാന്‍ കഴിയും.

7
ദൈവഭക്തി ജ്ഞാനത്തിന്‍റെ ഉറവിടം ആകുന്നു.
ജ്ഞാനവും പ്രബോധനവും വെറുക്കുന്നവര്‍ ഭോഷന്മാരാകുന്നു.

8
മകനേ, നിന്‍റെ പിതാവിന്‍റെ പ്രബോധനം കേള്‍ക്കുക,
മാതാവിന്‍റെ ഉപദേശം തള്ളിക്കളകയുമരുത്.

9
അവ നിന്‍റെ ശിരസ്സിന് അലങ്കാരവും
കഴുത്തിന് ആഭരണവും ആയിരിക്കും.

10
മകനേ, പാപികളുടെ പ്രലോഭനത്തിനു നീ വശംവദനാകരുത്.

11
അവര്‍ പറഞ്ഞേക്കാം: “ഞങ്ങളുടെ കൂടെ വരിക;
നമുക്ക് പതിയിരുന്ന് കൊലപാതകം നടത്താം, ഒളിച്ചിരുന്ന് നിഷ്കളങ്കനെ തോന്നിയതുപോലെ കടന്നാക്രമിക്കാം.

12
പാതാളം എന്നപോലെ നമുക്ക് അവരെ ജീവനോടെ വിഴുങ്ങാം.
അവര്‍ അഗാധഗര്‍ത്തത്തില്‍ പതിക്കുന്നവരെപ്പോലെയാകും.

13
നമുക്കു വിലയേറിയ സമ്പത്തു ലഭിക്കും.
കൊള്ളമുതല്‍കൊണ്ടു നമ്മുടെ വീടുകള്‍ നിറയ്‍ക്കാം.

14
നീ ഞങ്ങളുടെ പങ്കാളിയാകുക.
നമുക്കു പണസ്സഞ്ചി ഒന്നേ ഉണ്ടായിരിക്കൂ.”

15
മകനേ, നീ അവരുടെ വഴിയേ പോകരുത്. അവരുടെ പാതയില്‍നിന്ന് ഒഴിഞ്ഞു നില്‌ക്കുക.

16
അവര്‍ തിന്മ ചെയ്യാന്‍ വെമ്പല്‍കൊള്ളുന്നു.
രക്തം ചിന്താന്‍ തിടുക്കം കൂട്ടുന്നു.

17
പക്ഷി കാണ്‍കെ വല വിരിക്കുന്നതു നിഷ്പ്രയോജനമാണല്ലോ;

18
എന്നാല്‍ ഇവര്‍ സ്വന്തം ജീവനുവേണ്ടി കെണിവയ്‍ക്കുന്നു.

19
അക്രമത്തിലൂടെ നേട്ടമുണ്ടാക്കുന്നവരുടെ ഗതി ഇതാണ്.
അത് അവരുടെ ജീവന്‍ അപഹരിക്കും.

20
ജ്ഞാനം തെരുവീഥിയില്‍നിന്ന് ഉച്ചത്തില്‍ ഘോഷിക്കുന്നു;
ചന്തസ്ഥലങ്ങളില്‍ അവള്‍ തന്‍റെ ശബ്ദം കേള്‍പ്പിക്കുന്നു;

21
മതിലുകളുടെ മുകളില്‍ നിന്നുകൊണ്ട് അവള്‍ ഉദ്ഘോഷിക്കുന്നു.
നഗരകവാടങ്ങളില്‍നിന്ന് അവള്‍ പ്രസ്താവിക്കുന്നു.

22
അവിവേകികളേ, എത്രകാലം നിങ്ങള്‍ അവിവേകം വച്ചു പുലര്‍ത്തും?
പരിഹാസികള്‍ എത്രകാലം തങ്ങളുടെ പരിഹാസത്തില്‍ രസിക്കും?
ഭോഷന്മാരേ, എത്രകാലം നിങ്ങള്‍ ജ്ഞാനത്തെ വെറുക്കും?

23
എന്‍റെ ശാസനം ശ്രദ്ധിക്കുക;
ഇതാ, ഞാന്‍ എന്‍റെ ചിന്തകള്‍ നിങ്ങള്‍ക്കു പകര്‍ന്നുതരുന്നു;
എന്‍റെ വചനങ്ങള്‍ നിങ്ങള്‍ക്കു ഞാന്‍ വെളിവാക്കിത്തരുന്നു.

24
ഞാന്‍ വിളിച്ചിട്ടു നിങ്ങള്‍ ശ്രദ്ധിച്ചില്ലല്ലോ?
ഞാന്‍ കൈ നീട്ടിയെങ്കിലും ആരും കൂട്ടാക്കിയില്ലല്ലോ?

25
എന്‍റെ സകല ആലോചനകളും നിങ്ങള്‍ അവഗണിച്ചു;
എന്‍റെ ശാസനകളെ നിരാകരിച്ചു.

26
അതുകൊണ്ട് നിങ്ങളുടെ അനര്‍ഥത്തില്‍ ഞാന്‍ ആഹ്ലാദിക്കും;
നിങ്ങള്‍ സംഭീതരാകുമ്പോള്‍ ഞാന്‍ നിങ്ങളെ പരിഹസിക്കും;

27
നിങ്ങളെ കൊടുംഭീതി കൊടുങ്കാറ്റുപോലെയും
അനര്‍ഥം ചുഴലിക്കാറ്റുപോലെയും ആഞ്ഞടിച്ച്
നിങ്ങള്‍ക്ക് കഷ്ടതയും കഠിനവേദനയും ഉണ്ടാകുമ്പോള്‍ ഞാന്‍ നിങ്ങളെ പരിഹസിക്കും.

28
അപ്പോള്‍ നിങ്ങള്‍ എന്നെ വിളിക്കും; ഞാന്‍ ഉത്തരം നല്‌കുകയില്ല.
നിങ്ങള്‍ ജാഗ്രതയോടെ എന്നെ അന്വേഷിക്കും; കണ്ടെത്തുകയുമില്ല.

29
നിങ്ങള്‍ ജ്ഞാനത്തെ വെറുത്തു;
ദൈവഭക്തി തള്ളിക്കളഞ്ഞു.

30
നിങ്ങള്‍ എന്‍റെ ഉപദേശം വകവച്ചില്ല എന്‍റെ ശാസന നിരസിച്ചു,

31
സ്വന്തം പ്രവൃത്തികളുടെ ഫലം നിങ്ങള്‍ അനുഭവിക്കും.
നിങ്ങളുടെ ഉപായങ്ങളില്‍ നിങ്ങള്‍ക്ക് മടുപ്പുതോന്നും.

32
എന്നെ ഉപേക്ഷിച്ചതുമൂലം അവിവേകികള്‍ കൊല്ലപ്പെടും.
ഭോഷന്മാരുടെ അലംഭാവം അവരെ നശിപ്പിക്കും.

33
എന്നാല്‍ എന്‍റെ വാക്കു ശ്രദ്ധിക്കുന്നവന്‍ സുരക്ഷിതനായി വസിക്കും.
അനര്‍ഥഭയം കൂടാതെ അവന്‍ സ്വൈരമായിരിക്കും.

2

1

മകനേ, ജ്ഞാനം ശ്രദ്ധാപൂര്‍വം കേള്‍ക്കുകയും
അതു ഗ്രഹിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക.

2
മകനേ, എന്‍റെ വാക്കുകള്‍ കൈക്കൊള്ളുകയും
എന്‍റെ കല്പനകള്‍ ഉള്ളില്‍ സംഗ്രഹിക്കുകയും ചെയ്യുക.

3
അതേ, ജ്ഞാനത്തിനുവേണ്ടി കേണപേക്ഷിക്കുക.
വിവേകത്തിനുവേണ്ടി വിളിച്ചപേക്ഷിക്കുക.

4
ധനത്തെ എന്നപോലെ അതിനെ തേടുകയും
മറഞ്ഞുകിടക്കുന്ന നിധി എന്നപോലെ അന്വേഷിക്കുകയും ചെയ്യുക.

5
അപ്പോള്‍ ദൈവഭക്തി എന്തെന്നു നീ ഗ്രഹിക്കും.
ദൈവജ്ഞാനം കണ്ടെത്തും.

6
സര്‍വേശ്വരനാണല്ലോ ജ്ഞാനം നല്‌കുന്നത്.
ജ്ഞാനത്തിന്‍റെയും വിവേകത്തിന്‍റെയും ഉറവിടം അവിടുന്നാണല്ലോ.

7
നീതിനിഷ്ഠര്‍ക്കുവേണ്ടി ഉദാത്തമായ ജ്ഞാനം അവിടുന്നു സംഭരിച്ചുവയ്‍ക്കുന്നു.
നേരായ മാര്‍ഗത്തില്‍ ചരിക്കുന്നവര്‍ക്ക് അവിടുന്നു പരിചയാണ്.

8
അവിടുന്നു ന്യായത്തോടു വര്‍ത്തിക്കുന്നു;
വിശുദ്ധന്മാരുടെ വഴികള്‍ അവിടുന്നു കാത്തുസൂക്ഷിക്കുന്നു.

9
അങ്ങനെ നീതിയും ന്യായവും
സത്യസന്ധതയും സന്മാര്‍ഗവും നീ അറിയും.

10
നീ ജ്ഞാനം ഉള്‍ക്കൊള്ളും;
വിവേകം നിന്നെ സന്തോഷിപ്പിക്കും.

11
വകതിരിവു നിന്നെ കാക്കും;
വിവേകം നിന്നെ സംരക്ഷിക്കും.

12
അതു ദുര്‍മാര്‍ഗത്തില്‍നിന്നും ദുര്‍ഭാഷണം നടത്തുന്നവരില്‍നിന്നും നിന്നെ വിടുവിക്കും.

13
ഇരുളിന്‍റെ മാര്‍ഗത്തില്‍ ചരിക്കാന്‍ അവര്‍ നേരായ മാര്‍ഗം ഉപേക്ഷിക്കുന്നു.

14
തിന്മ പ്രവര്‍ത്തിക്കുന്നതില്‍ അവര്‍ ആനന്ദംകൊള്ളുന്നു.
അതിന്‍റെ വൈകൃതത്തില്‍ സന്തോഷിക്കുന്നു.

15
അവരുടെ വഴികള്‍ കുടിലമാണ്,
അവര്‍ നേര്‍വഴി വിട്ടു നടക്കുന്നവരാണ്.

16
പരസ്‍ത്രീയുടെ പിടിയില്‍നിന്നും
ചക്കരവാക്കു പറയുന്ന വ്യഭിചാരിണിയില്‍ നിന്നും അതു നിന്നെ രക്ഷിക്കും.

17
അവള്‍ തന്‍റെ യൗവനകാലത്തെ ജീവിതപങ്കാളിയെ ഉപേക്ഷിച്ചു
ദൈവമുമ്പാകെ ചെയ്ത ഉടമ്പടി വിസ്മരിച്ചു.

18
അവളുടെ ഭവനം മരണത്തിലേക്കു താഴുന്നതും
അവളുടെ പാത പാതാളത്തിലേക്കു നയിക്കുന്നതുമാകുന്നു.

19
അവളെ സമീപിക്കുന്നവര്‍ ആരും തിരിച്ചുവരുന്നില്ല.
അവര്‍ ജീവന്‍റെ മാര്‍ഗത്തെ കണ്ടെത്തുന്നുമില്ല.

20
അതുകൊണ്ടു നീ നല്ലവരുടെ മാതൃക പിന്തുടരുക
നീതിനിഷ്ഠരുടെ പാതയില്‍നിന്ന് വ്യതിചലിക്കയുമരുത്.

21
നേരുള്ളവര്‍ ദേശത്തു വസിക്കും.
നിഷ്കളങ്കര്‍ അവിടെ നിലനില്‌ക്കും.

22
എന്നാല്‍ ദുഷ്ടര്‍ ദേശത്തുനിന്നു വിച്ഛേദിക്കപ്പെടും
വഞ്ചകര്‍ ഉന്മൂലനം ചെയ്യപ്പെടും.

3

1

മകനേ, എന്‍റെ പ്രബോധനം മറക്കരുത്;
എന്‍റെ കല്പനകള്‍ പാലിക്കുക.

2
അതു ദീര്‍ഘായുസ്സും ഐശ്വര്യസമൃദ്ധിയും നിനക്കു നല്‌കും.

3
സുസ്ഥിരസ്നേഹവും വിശ്വസ്തതയും നിന്നെ പിരിയാതിരിക്കട്ടെ.
അവ നീ കഴുത്തില്‍ അണിഞ്ഞുകൊള്ളുക;
നിന്‍റെ ഹൃദയത്തില്‍ അവ രേഖപ്പെടുത്തുക.

4
അങ്ങനെ ദൈവത്തിന്‍റെയും മനുഷ്യരുടെയും
മുമ്പില്‍ നീ പ്രീതിയും സല്‍പ്പേരും നേടും.

5
പൂര്‍ണഹൃദയത്തോടെ നീ സര്‍വേശ്വരനില്‍ ശരണപ്പെടുക,
സ്വന്തംബുദ്ധിയില്‍ നീ ആശ്രയിക്കരുത്.

6
നിന്‍റെ എല്ലാ പ്രവൃത്തികളും ദൈവവിചാരത്തോടെ ആകട്ടെ.
അവിടുന്നു ശരിയായ പാത നിനക്കു കാണിച്ചുതരും.

7
നീ ജ്ഞാനിയെന്നു ഭാവിക്കരുത്;
സര്‍വേശ്വരനെ ഭയപ്പെട്ട് തിന്മ വിട്ടകലുക.

8
അതു നിന്‍റെ ശരീരത്തിനു സൗഖ്യവും
നിന്‍റെ അസ്ഥികള്‍ക്ക് ഉന്മേഷവും നല്‌കും.

9
നിന്‍റെ സമ്പത്തുകൊണ്ടും സകല വിളവിന്‍റെയും ആദ്യഫലംകൊണ്ടും
സര്‍വേശ്വരനെ ബഹുമാനിക്കുക.

10
അപ്പോള്‍ നിന്‍റെ കളപ്പുരകള്‍ ധാന്യംകൊണ്ടു നിറയും;
നിന്‍റെ ചക്കുകളില്‍ വീഞ്ഞു കവിഞ്ഞൊഴുകും.

11
മകനേ, സര്‍വേശ്വരന്‍റെ ശിക്ഷണം നിരസിക്കരുത്,
അവിടുത്തെ ശാസനയില്‍ മുഷിയുകയുമരുത്.

12
പിതാവു പ്രിയപുത്രനെ എന്നപോലെ
സര്‍വേശ്വരന്‍ താന്‍ സ്നേഹിക്കുന്നവരെ ശിക്ഷിക്കുന്നു.

13
ജ്ഞാനം നേടുകയും വിവേകം പ്രാപിക്കുകയും ചെയ്യുന്നവന്‍ അനുഗൃഹീതന്‍.

14
അതില്‍നിന്നുള്ള ലാഭം വെള്ളിയെക്കാളും
അതില്‍നിന്നുള്ള നേട്ടം സ്വര്‍ണത്തെക്കാളും മികച്ചത്.

15
അതു രത്നത്തെക്കാള്‍ മൂല്യമേറിയത്,
നിനക്ക് അഭികാമ്യമായതൊന്നുംതന്നെ അതിനോടു തുല്യമല്ല.

16
ജ്ഞാനത്തിന്‍റെ വലങ്കൈയില്‍ ദീര്‍ഘായുസ്സും
ഇടങ്കൈയില്‍ ധനവും മാനവും ഇരിക്കുന്നു.

17
അതിന്‍റെ വഴികള്‍ സന്തോഷവും സമാധാനവും നിറഞ്ഞതാകുന്നു.

18
ജ്ഞാനത്തെ കൈവശമാക്കുന്നവര്‍ക്ക് അതു ജീവവൃക്ഷം;
അതു മുറുകെ പിടിക്കുന്നവര്‍ അനുഗൃഹീതര്‍.

19
ജ്ഞാനത്താല്‍ സര്‍വേശ്വരന്‍ ഭൂമിയെ സ്ഥാപിച്ചു;
വിവേകത്താല്‍ ആകാശത്തെ ഉറപ്പിച്ചു.

20
അവിടുത്തെ പരിജ്ഞാനത്താല്‍ ആഴങ്ങള്‍ പൊട്ടിത്തുറന്നു;
മേഘങ്ങള്‍ മഞ്ഞുപൊഴിച്ചു.

21
മകനേ, അവികലമായ ജ്ഞാനവും, വകതിരിവും പുലര്‍ത്തുക;
നീ അവയില്‍നിന്ന് വ്യതിചലിക്കരുത്.

22
അവ നിനക്കു ജീവനും നിന്‍റെ കഴുത്തിന് ആഭരണവും ആയിരിക്കും.

23
അങ്ങനെ നിന്‍റെ വഴിയില്‍ നീ സുരക്ഷിതനായി നടക്കും;
നിന്‍റെ കാല്‍ ഇടറുകയുമില്ല.

24
നീ നിര്‍ഭയനായിരിക്കും;
നിനക്കു സുഖനിദ്ര ലഭിക്കുകയും ചെയ്യും.

25
പെട്ടെന്നുണ്ടാകുന്ന കൊടുംഭീതിയാലോ,
ദുഷ്ടന്മാര്‍ക്കുണ്ടാകുന്ന വിനാശത്താലോ, നീ ഭയപ്പെടേണ്ടാ.

26
കാരണം, സര്‍വേശ്വരന്‍ നിന്നെ സുരക്ഷിതനായി സൂക്ഷിക്കും.
അവിടുന്നു നിന്നെ കെണിയില്‍പ്പെടാതെ സംരക്ഷിക്കും.

27
നന്മ ചെയ്യാന്‍ നിനക്കു കഴിവുള്ളപ്പോള്‍
അര്‍ഹിക്കുന്നവന് അതു നിഷേധിക്കരുത്.

28
അയല്‍ക്കാരന്‍ ചോദിക്കുന്നത് നിന്‍റെ പക്കല്‍ ഉണ്ടായിരിക്കേ,
‘പോയി വരിക, നാളെത്തരാം’ എന്നു പറയരുത്.

29
നിന്നെ വിശ്വസിച്ചു കഴിയുന്ന
അയല്‍ക്കാരനെതിരെ ദോഷം നിരൂപിക്കരുത്.

30
നിനക്കൊരു ദ്രോഹവും ചെയ്യാത്ത മനുഷ്യനോട്
അകാരണമായി ശണ്ഠകൂടരുത്.

31
അക്രമികളുടെ വളര്‍ച്ചയില്‍ അസൂയപൂണ്ട്
അവരുടെ വഴികള്‍ നീ തിരഞ്ഞെടുക്കരുത്.

32
ദുര്‍മാര്‍ഗിയെ സര്‍വേശ്വരന്‍ വെറുക്കുന്നു;
നേര്‍വഴിയില്‍ ചരിക്കുന്നവനോട് അവിടുന്നു സൗഹൃദം പുലര്‍ത്തുന്നു.

33
ദുഷ്ടന്‍റെ ഭവനത്തില്‍ സര്‍വേശ്വരന്‍റെ ശാപം പതിക്കുന്നു.
എന്നാല്‍ നീതിനിഷ്ഠരുടെ വാസസ്ഥലത്തെ അവിടുന്ന് അനുഗ്രഹിക്കുന്നു.

34
പരിഹാസികളെ അവിടുന്നു പരിഹസിക്കുന്നു;
എന്നാല്‍ വിനയമുള്ളവരോട് അവിടുന്നു കരുണകാട്ടുന്നു.

35
ജ്ഞാനികള്‍ ബഹുമതിയും ഭോഷന്മാര്‍ അവമതിയും നേടും.

4

1

മക്കളേ, പിതാവിന്‍റെ പ്രബോധനം ശ്രദ്ധിക്കുവിന്‍,
അതു ശ്രദ്ധിച്ചു കേട്ട് വിവേകം നേടുവിന്‍.

2
സത്പ്രബോധനങ്ങളാണ് ഞാന്‍ നിങ്ങള്‍ക്കു നല്‌കുന്നത്;
എന്‍റെ ഉപദേശം നിരസിക്കരുത്.

3
ഇളംപ്രായത്തില്‍ മാതാപിതാക്കളുടെ ഏകമകനായിരിക്കെ,
പിതാവെന്നെ ഇപ്രകാരം പഠിപ്പിച്ചു.

4
എന്‍റെ വാക്കുകള്‍ എപ്പോഴും ഓര്‍ക്കുക,
എന്‍റെ കല്പനകള്‍ പാലിച്ച് നീ ജീവിക്കുക.

5
ജ്ഞാനവും വിവേകവും നേടുക;
എന്‍റെ വാക്കുകള്‍ മറക്കരുത്;
അവയില്‍നിന്ന് വ്യതിചലിക്കയുമരുത്.

6
ജ്ഞാനം കൈവിടരുത്, അതു നിന്നെ കാത്തുസൂക്ഷിക്കും.
അതിനെ സ്നേഹിക്കുക, അതു നിന്നെ സംരക്ഷിക്കും;

7
ജ്ഞാനം നേടുകയാണ് സര്‍വപ്രധാനം;
എന്തു വിലകൊടുത്തും വിവേകം ആര്‍ജിക്കുക.

8
ജ്ഞാനത്തെ വിലമതിക്കുക, അതു നിന്നെ ഉയര്‍ത്തും;
അതിനെ കെട്ടിപ്പുണര്‍ന്നാല്‍ അതു നിന്നെ ബഹുമാന്യനാക്കും.

9
ജ്ഞാനം നിന്‍റെ ശിരസ്സിന് മനോഹരമായ അലങ്കാരവും കിരീടവും ആയിരിക്കും.

10
മകനേ, എന്‍റെ വചനം കേട്ടു ഗ്രഹിക്കുക,
എന്നാല്‍ നിനക്കു ദീര്‍ഘായുസ്സുണ്ടാകും.

11
ജ്ഞാനത്തിന്‍റെ മാര്‍ഗം ഞാന്‍ നിന്നെ പഠിപ്പിച്ചു;
നേര്‍വഴിയിലൂടെ ഞാന്‍ നിന്നെ നയിച്ചു.

12
നിന്‍റെ കാലടികള്‍ക്ക് തടസ്സം നേരിടുകയില്ല,
ഓടുമ്പോള്‍ നീ ഇടറിവീഴുകയുമില്ല.

13
പ്രബോധനം മുറുകെപ്പിടിക്കുക, അതു കൈവിടരുത്;
അതു കാത്തുസൂക്ഷിക്കുക; അതാണല്ലോ നിന്‍റെ ജീവന്‍.

14
ദുഷ്ടന്മാരുടെ പാതയില്‍ പ്രവേശിക്കരുത്;
ദുര്‍ജനത്തിന്‍റെ വഴിയില്‍ നടക്കുകയുമരുത്.

15
ആ മാര്‍ഗം പരിത്യജിക്കുക, അതിലൂടെ സഞ്ചരിക്കരുത്;
അതില്‍നിന്ന് അകന്നു മാറിപ്പോകുക.

16
തിന്മ പ്രവര്‍ത്തിക്കാതെ ദുഷ്ടര്‍ക്ക് ഉറക്കം വരികയില്ല.
ആരെയെങ്കിലും വീഴ്ത്താതെ നിദ്ര അവരെ സമീപിക്കുകയില്ല.

17
കാരണം, ദുഷ്ടതയുടെ അപ്പം അവര്‍ തിന്നുകയും
അക്രമത്തിന്‍റെ വീഞ്ഞു കുടിക്കുകയും ചെയ്യുന്നു.

18
എന്നാല്‍ നീതിമാന്മാരുടെ പാത അരുണോദയത്തിലെ പ്രകാശംപോലെയാണ്.
അത് അനുനിമിഷം വര്‍ധിച്ചുകൊണ്ടിരിക്കുന്നു.

19
ദുഷ്ടന്മാരുടെ വഴി കൂരിരുട്ടിനു സമം,
എവിടെ തട്ടി വീഴുമെന്ന് അവര്‍ അറിയുന്നില്ല.

20
മകനേ, എന്‍റെ വചനങ്ങള്‍ ശ്രദ്ധിക്കുക,
എന്‍റെ മൊഴികള്‍ക്കു ചെവിതരിക.

21
അവയില്‍നിന്നു നീ വ്യതിചലിക്കരുത്;
നിന്‍റെ ഹൃദയത്തില്‍ അവയെ സൂക്ഷിക്കുക.

22
അവയെ കണ്ടെത്തുന്നവന് അവ ജീവനും,
അവന്‍റെ ദേഹത്തിന് അതു സൗഖ്യദായകവുമാകുന്നു.

23
ജാഗ്രതയോടെ നിന്‍റെ ഹൃദയത്തെ കാത്തുകൊള്ളുക;
അവിടെനിന്നാണല്ലോ ജീവന്‍റെ ഉറവ പുറപ്പെടുന്നത്.

24
കപടഭാഷണം ഉപേക്ഷിക്കുക,
വ്യാജസംസാരം അകറ്റി നിര്‍ത്തുക.

25
നിന്‍റെ വീക്ഷണം നേരെയുള്ളതായിരിക്കട്ടെ,
നിന്‍റെ നോട്ടം മുന്നോട്ടായിരിക്കട്ടെ.

26
നിന്‍റെ ചുവടുകള്‍ ശ്രദ്ധയോടെ വയ്‍ക്കുക.
നിന്‍റെ വഴികള്‍ സുരക്ഷിതമായിരിക്കും.

27
ഇടത്തോട്ടോ വലത്തോട്ടോ തിരിയരുത്
തിന്മയില്‍ കാല്‍ ഊന്നാതിരിക്കുക.

5

1

മകനേ, ജ്ഞാനോപദേശം ശ്രദ്ധിക്കുക.
എന്‍റെ വിജ്ഞാന വചസ്സുകള്‍ക്ക് ചെവികൊടുക്കുക.

2
അപ്പോള്‍ നീ വകതിരിവു പുലര്‍ത്തും;
നിന്‍റെ ഭാഷണം പരിജ്ഞാനപൂര്‍ണമായിത്തീരും.

3
വ്യഭിചാരിണിയുടെ ചുണ്ടുകള്‍ തേന്‍ പൊഴിക്കുന്നു.
അവളുടെ മൊഴികള്‍ എണ്ണയെക്കാള്‍ മയമുള്ളത്.

4
ഒടുവില്‍ അവള്‍ കാഞ്ഞിരംപോലെ കയ്പും
ഇരുവായ്ത്തലയുള്ള വാള്‍പോലെ മൂര്‍ച്ചയുള്ളവളും ആയിരിക്കും.

5
അവളുടെ പാദങ്ങള്‍ മരണത്തിലേക്ക് ഇറങ്ങുന്നു
അവളുടെ കാലടികള്‍ പാതാളത്തിലേക്കു ചരിക്കുന്നു.

6
ജീവന്‍റെ മാര്‍ഗത്തെ അവള്‍ അനുഗമിക്കുന്നില്ല;
അവളുടെ വഴികള്‍ പിഴച്ചു പോകുന്നു, അത് അവള്‍ അറിയുന്നില്ല.

7
മക്കളേ, എന്‍റെ വാക്കു കേള്‍ക്കുക;
എന്‍റെ വചനങ്ങളില്‍നിന്ന് വ്യതിചലിക്കയുമരുത്.

8
ദുര്‍വൃത്തരില്‍നിന്ന് അകന്നു മാറുക;
അവളുടെ വീട്ടുവാതില്‌ക്കല്‍ ചെല്ലരുത്.

9
അങ്ങനെ ചെന്നാല്‍ നിങ്ങളുടെ മാനം നഷ്ടപ്പെടും;
നിഷ്ഠുരന്മാര്‍ നിങ്ങളുടെ ജീവന്‍ അപഹരിക്കുകയും ചെയ്യും.

10
അപരിചിതര്‍ നിങ്ങളുടെ സമ്പത്തുകൊണ്ടു പുഷ്‍ടിപ്പെടും;
നിങ്ങളുടെ അധ്വാനഫലം അന്യന്മാരുടേതായിത്തീരും.

11
അവസാനം നീ വിശന്നുപൊരിഞ്ഞ്,
എല്ലും തോലുമായി നെടുവീര്‍പ്പിട്ടുകൊണ്ടു പറയും:

12
“ഞാന്‍ ശിക്ഷണത്തെ അത്യധികം വെറുത്തുവല്ലോ;
ശാസനയെ നിരസിച്ചല്ലോ.

13
എന്‍റെ ഉപദേഷ്ടാക്കളുടെ വാക്കുകള്‍ ഞാന്‍ ശ്രദ്ധിച്ചില്ല;
ഗുരുക്കന്മാരുടെ പ്രബോധനത്തിനു ചെവി കൊടുത്തതുമില്ല.

14
സമൂഹമധ്യേ ഞാന്‍ തീര്‍ത്തും നിന്ദിതനായി തീര്‍ന്നിരിക്കുന്നു.”

15
സ്വന്തം ഭാര്യയോടു നീ വിശ്വസ്തത പുലര്‍ത്തുക,
നിന്‍റെ സ്നേഹം അവള്‍ക്കു മാത്രം നല്‌കുക.

16
നിന്‍റെ ഭാര്യയിലല്ലാതെ നിനക്കു മക്കള്‍ ഉണ്ടാകണമോ?
സ്വഭവനത്തിലല്ലാതെ വേറെയും സന്താനങ്ങള്‍ തെരുവീഥികളില്‍ നിനക്കു ജനിക്കണമോ?

17
നിന്‍റെ മക്കള്‍ നിന്‍റേതു മാത്രം ആയിരിക്കട്ടെ,
അന്യര്‍ക്കു കൂടി അവര്‍ അവകാശപ്പെടാതിരിക്കട്ടെ.

18
നിന്‍റെ ഭാര്യ അനുഗൃഹീതയായിരിക്കട്ടെ;
നിന്‍റെ യൗവനത്തിലെ ഭാര്യയില്‍ ആനന്ദംകൊള്ളുക.

19
അവള്‍ മെയ്യഴകുള്ള പേടമാന്‍;
ചാരുതയാര്‍ന്ന മാന്‍കിടാവ്.
അവളുടെ പ്രേമം നിന്നെ രമിപ്പിക്കട്ടെ,
അവളുടെ സ്നേഹത്താല്‍ നീ എപ്പോഴും മതിമറക്കട്ടെ.

20
മകനേ, വ്യഭിചാരിണിയില്‍ നീ ഭ്രമിച്ചു വശാകുന്നതെന്ത്?
അവളുടെ മാറിടത്തെ തഴുകുന്നതെന്ത്?

21
മനുഷ്യന്‍റെ പ്രവൃത്തികളെല്ലാം സര്‍വേശ്വരന്‍ കാണുന്നു;
അവന്‍റെ വഴികളെല്ലാം അവിടുന്നു പരിശോധിക്കുന്നു.

22
സ്വന്തം അധര്‍മങ്ങള്‍ ദുഷ്ടനെ കെണിയില്‍ വീഴ്ത്തുന്നു,
സ്വന്തം പാശങ്ങളില്‍തന്നെ അവന്‍ അകപ്പെടുന്നു.

23
ശിക്ഷണരാഹിത്യത്താല്‍ അവന്‍ മരിക്കുന്നു.
വന്‍ഭോഷത്തത്താല്‍ അവന്‍ നശിക്കുന്നു.

6

1

മകനേ, നീ അയല്‍ക്കാരനുവേണ്ടി ജാമ്യം നില്‌ക്കുകയോ
അന്യനുവേണ്ടി ഉറപ്പു കൊടുക്കുകയോ

2
നിന്‍റെ വാക്കുകളാല്‍ത്തന്നെ കെണിയില്‍പ്പെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍,

3
നീ ഇപ്രകാരം പ്രവര്‍ത്തിച്ച് രക്ഷപെടുക.
നീ അയല്‍ക്കാരന്‍റെ പിടിയില്‍ പെട്ടിരിക്കുന്നുവല്ലോ;
നീ വേഗം പോയി അയല്‍ക്കാരനോടു നിര്‍ബന്ധപൂര്‍വം അപേക്ഷിക്കുക.

4
അതുവരെ നിന്‍റെ കണ്ണിനു നിദ്രയും
നിന്‍റെ കണ്‍പോളകള്‍ക്ക് മയക്കവും അനുവദിക്കരുത്.

5
നായാട്ടുകാരന്‍റെ കെണിയില്‍നിന്ന് കലമാനെപ്പോലെയോ
വേട്ടക്കാരന്‍റെ കുടുക്കില്‍നിന്ന് പക്ഷിയെപ്പോലെയോ നീ രക്ഷപെടുക.

6
മടിയാ, നീ ഉറുമ്പിന്‍റെ പ്രവൃത്തികള്‍ നിരീക്ഷിച്ച് ബുദ്ധിമാനായിത്തീരുക.

7
നായകനോ, മേലധികാരിയോ, ഭരണാധിപനോ ഇല്ലാതിരുന്നിട്ടും

8
അതു വേനല്‍ക്കാലത്ത് ആഹാരം തേടുന്നു;
കൊയ്ത്തുകാലത്ത് ജീവസന്ധാരണത്തിനുള്ള വക സംഭരിക്കുന്നു.

9
മടിയാ, നീ എത്രനേരം ഇങ്ങനെ കിടക്കും?
മയക്കത്തില്‍നിന്ന് നീ എപ്പോഴാണ് എഴുന്നേല്‌ക്കുക?

10
അല്പനേരം കൂടി ഉറങ്ങാം; കുറച്ചു നേരം കൂടി മയങ്ങാം;
കൈ കെട്ടിക്കിടന്ന് അല്പനേരം കൂടി വിശ്രമിക്കാം.

11
അപ്പോള്‍ ദാരിദ്ര്യം യാചകനെപ്പോലെ വന്നുകയറും;
ഇല്ലായ്മ ആയുധപാണിയെപ്പോലെ നിന്നെ പിടികൂടും.

12
വിലകെട്ടവനും ദുഷ്കര്‍മിയുമായവന്‍ വക്രത സംസാരിച്ചുകൊണ്ടു നടക്കും.

13
അവന്‍ കണ്ണുകൊണ്ടു സൂചന നല്‌കും, പാദംകൊണ്ടു നിലത്തു തോണ്ടും;
വിരല്‍കൊണ്ട് ആംഗ്യം കാട്ടും.

14
നിരന്തരം കലഹം വിതച്ചുകൊണ്ട് അവന്‍റെ കുടിലഹൃദയം ദുഷ്ടത ആസൂത്രണം ചെയ്യുന്നു.

15
ഉടനേ അവന് ആപത്തുണ്ടാകും.
വീണ്ടെടുക്കാന്‍ കഴിയാത്തവിധം നിമിഷങ്ങള്‍ക്കകം അവന്‍ തകര്‍ന്നുപോകും.

16
ആറു കാര്യങ്ങള്‍ സര്‍വേശ്വരന്‍ വെറുക്കുന്നു.
ഏഴാമതൊന്നുകൂടി അവിടുന്നു മ്ലേച്ഛമായി കരുതുന്നു.

17
ഗര്‍വുപൂണ്ട കണ്ണുകളും വ്യാജം പറയുന്ന നാവും
നിര്‍ദോഷിയെ വധിക്കുന്ന കരവും

18
ദുരുപായം നിരൂപിക്കുന്ന ഹൃദയവും ദോഷത്തിലേക്കു പായുന്ന കാലുകളും

19
വ്യാജം ഇടവിടാതെ പറയുന്ന കള്ളസ്സാക്ഷിയെയും
സഹോദരന്മാരെ തമ്മില്‍ ഭിന്നിപ്പിക്കുന്നവനെയുംതന്നെ.

20
മകനേ, നിന്‍റെ പിതാവിന്‍റെ കല്പന അനുസരിക്കുക;
നിന്‍റെ മാതാവിന്‍റെ ഉപദേശങ്ങള്‍ നിരസിക്കരുത്.

21
അവ എപ്പോഴും നിന്‍റെ ഹൃദയത്തില്‍ ഉറപ്പിച്ചുകൊള്ളുക;
അവ നിന്‍റെ കഴുത്തില്‍ അണിയുക.

22
നടക്കുമ്പോള്‍ അവ നിന്നെ നയിക്കും;
ഉറങ്ങുമ്പോള്‍ നിന്നെ കാക്കും;
ഉണരുമ്പോള്‍ നിന്നെ പ്രബോധിപ്പിക്കും.

23
കല്പന വിളക്കും പ്രബോധനം വെളിച്ചവും
ശിക്ഷണത്തിന്‍റെ ശാസനകള്‍ ജീവന്‍റെ മാര്‍ഗവുമാകുന്നു.

24
അവ ദുര്‍വൃത്തരില്‍നിന്നും വ്യഭിചാരിണിയുടെ ചക്കരവാക്കുകളില്‍ നിന്നും നിന്നെ രക്ഷിക്കും.

25
അവളുടെ സൗന്ദര്യത്തില്‍ നീ മതിമറക്കരുത്;
കടക്കണ്ണുകൊണ്ടു നിന്നെ വശീകരിക്കാന്‍ അവളെ അനുവദിക്കയുമരുത്.

26
വേശ്യക്ക് ഒരു അപ്പക്കഷണം മതിയായിരിക്കാം പ്രതിഫലം.
എന്നാല്‍ അവള്‍ ഒരു മനുഷ്യന്‍റെ ജീവനെത്തന്നെ അപകടപ്പെടുത്തുന്നു.

27
തന്‍റെ വസ്ത്രം കരിയാതെ ഒരുവനു മടിയില്‍ തീ കൊണ്ടുനടക്കാമോ?

28
കാലു പൊള്ളാതെ തീക്കനലിന്മേല്‍ നടക്കാമോ?

29
അതുപോലെയാണ് അയല്‍ക്കാരന്‍റെ ഭാര്യയെ പ്രാപിക്കുന്നവനും.
പരസ്‍ത്രീയെ സ്പര്‍ശിക്കുന്ന ഒരുവനും ശിക്ഷ കിട്ടാതിരിക്കുകയില്ല.

30
വിശന്നുവലഞ്ഞവന്‍ വിശപ്പ് അടക്കാനായി
മോഷ്‍ടിച്ചാലും ആളുകള്‍ അവനെ നിന്ദിക്കുകയില്ലേ?

31
പിടികൂടപ്പെട്ടാല്‍, ഏഴിരട്ടി മടക്കിക്കൊടുക്കണം
വീട്ടിലുള്ള സമസ്തവസ്തുക്കളും അതിലേക്കായി അവന്‍ നല്‌കേണ്ടിവരുമല്ലോ.

32
വ്യഭിചരിക്കുന്നവനു സുബോധമില്ല;
അവന്‍ സ്വയം നശിക്കുന്നു.

33
അവനു പ്രഹരവും അപമാനവും ലഭിക്കും;
അവന്‍റെ അവമതി മാഞ്ഞുപോകുന്നുമില്ല.

34
ജാരശങ്ക ഭര്‍ത്താവിനെ കോപാന്ധനാക്കുന്നു;
അവന്‍ പ്രതികാരം ചെയ്യുന്നതില്‍ ഇളവുകാട്ടുകയില്ല.

35
ഒരു നഷ്ടപരിഹാരവും അവന്‍ സ്വീകരിക്കുകയില്ല;
എത്ര സമ്മാനം നല്‌കിയാലും അവന്‍ പ്രീണിതനാവുകയില്ല.

7

1

മകനേ, എന്‍റെ വാക്കുകള്‍ അനുസരിക്കുക;
എന്‍റെ കല്പനകള്‍ സംഗ്രഹിക്കുക.

2
എന്‍റെ കല്പനകള്‍ പാലിച്ചാല്‍ നീ ജീവിക്കും
കണ്ണിലെ കൃഷ്ണമണി എന്നപോലെ എന്‍റെ പ്രബോധനം കാത്തുസൂക്ഷിക്കുക.

3
അതു നിന്‍റെ വിരലിന്മേല്‍ അണിയുക;
ഹൃദയഫലകത്തില്‍ കൊത്തിവയ്‍ക്കുക.

4
ജ്ഞാനത്തോടു ‘നീ എന്‍റെ സഹോദരി’ എന്നു പറയുക,
വിവേകത്തെ ‘ആത്മസുഹൃത്ത്’ എന്നു വിളിക്കുക.

5
ദുര്‍വൃത്തരില്‍നിന്നും മധുരഭാഷിണിയായ
അഭിസാരികയില്‍നിന്നും അതു നിന്നെ കാക്കും.

6
ഞാന്‍ എന്‍റെ വീടിന്‍റെ ജനലഴികളിലൂടെ താഴേക്ക് നോക്കിയപ്പോള്‍,

7
യുവജനങ്ങളുടെ മധ്യേ അവിവേകികളുടെ ഇടയില്‍ ഭോഷനായ ഒരുവനെ ഞാന്‍ കണ്ടു

8
[8,9] സന്ധ്യ മയങ്ങിയപ്പോള്‍ അവളുടെ വീടിന്‍റെ സമീപമുള്ള മൂല കടന്ന്
അവളുടെ വീട്ടിലേക്കുള്ള വഴിയിലൂടെ അവന്‍ നടക്കുകയായിരുന്നു;
ക്രമേണ അരണ്ടവെളിച്ചം മാറി അന്ധകാരം ഭൂമിയെ മൂടി.

9

10
അപ്പോള്‍ അതാ, ഒരു സ്‍ത്രീ അവനെ എതിരേറ്റ്
അവള്‍ വേശ്യയെപ്പോലെ അണിഞ്ഞൊരുങ്ങി
മനസ്സില്‍ കുടിലചിന്തയുമായി നില്‌ക്കുകയായിരുന്നു.

11
അവള്‍ മോഹപരവശയും തന്‍റേടിയും ആണ്.
അവള്‍ വീട്ടില്‍ അടങ്ങിയിരിക്കാറില്ല.

12
ഒരിക്കല്‍ തെരുവീഥിയില്‍ എങ്കില്‍ പിന്നീട് അവള്‍ ചന്തയില്‍ ആയിരിക്കും;
ഓരോ കോണിലും അവള്‍ കാത്തുനില്‌ക്കുന്നു.

13
അവള്‍ അവനെ പുണരുന്നു, ചുംബിക്കുന്നു;
അവള്‍ നിര്‍ലജ്ജം അവനോടു പറയുന്നു:

14
“എനിക്കു യാഗങ്ങള്‍ അര്‍പ്പിക്കാന്‍ ഉണ്ടായിരുന്നു
ഇന്നു ഞാന്‍ എന്‍റെ നേര്‍ച്ചകള്‍ നിറവേറ്റി.

15
അതുകൊണ്ട് ഇപ്പോള്‍ താങ്കളെ എതിരേല്‌ക്കാന്‍ ഞാന്‍ വന്നിരിക്കുന്നു.
താങ്കളെ കാണാന്‍ ഞാന്‍ അതിയായി മോഹിച്ചു പുറപ്പെട്ടതാണ്.
ഇപ്പോള്‍ ഇതാ, കണ്ടെത്തിയിരിക്കുന്നു.

16
വര്‍ണശബളമായ വിരിപ്പുകള്‍ വിരിച്ച് ഞാന്‍ കിടക്ക ഒരുക്കിയിരിക്കുന്നു.

17
മൂരും അകിലും ലവംഗവുംകൊണ്ട് ഞാന്‍ മെത്ത സുഗന്ധപൂര്‍ണമാക്കിയിരിക്കുന്നു.

18
വരിക, നേരം പുലരുന്നതുവരെ നമുക്കു പ്രേമത്തോടെ രമിക്കാം;
പ്രേമനിര്‍വൃതിയില്‍ മതിയാകുവോളം മുഴുകാം.

19
ഭര്‍ത്താവു വീട്ടിലില്ല;
ദൂരയാത്ര പോയിരിക്കുന്നു;

20
പണസ്സഞ്ചിയും കൈയിലെടുത്തിട്ടുണ്ട്;
പൗര്‍ണമി ദിവസമേ അദ്ദേഹം മടങ്ങിവരൂ.”

21
ഇങ്ങനെ ചക്കരവാക്കുകള്‍കൊണ്ട് അവള്‍ അവനെ വശീകരിക്കുന്നു.
മധുരോക്തികള്‍കൊണ്ട് അവനെ പ്രേരിപ്പിക്കുന്നു.

22
[22,23] കശാപ്പുകാരന്‍റെ പിന്നാലെ ചെല്ലുന്ന കാളയെപ്പോലെ
അമ്പു ചങ്കില്‍ തറയ്‍ക്കുമെന്നറിയാതെ കെണിയിലേക്കു പായുന്ന മാനിനെപ്പോലെ
പെട്ടെന്നു ജീവഹാനി വരുമെന്നോര്‍ക്കാതെ വലയിലേക്കു പറന്നടുക്കുന്ന പക്ഷിയെപ്പോലെ
അവന്‍ അവളെ അനുഗമിക്കുന്നു.

23

24
അതുകൊണ്ട് മക്കളേ, എന്‍റെ വാക്കു ശ്രദ്ധിക്കുക;
ഞാന്‍ പറയുന്ന വചനം കേള്‍ക്കുക.

25
അവളുടെ സ്വാധീനത്തില്‍ നീ അകപ്പെടരുത്;
അവളുടെ പാതയിലേക്കു വഴിതെറ്റി പോകയുമരുത്.

26
അനേകം ആളുകളുടെ വിനാശത്തിനും
അസംഖ്യം ആളുകളുടെ മരണത്തിനും അവള്‍ കാരണക്കാരിയായിട്ടുണ്ട്.

27
പാതാളത്തിലേക്കുള്ള വഴിയാണ് അവളുടെ വീട്;
അതു മരണത്തിന്‍റെ അറകളിലേക്ക് ഇറങ്ങിച്ചെല്ലുന്നു.

8

1

ജ്ഞാനം ഉച്ചത്തില്‍ വിളിച്ചു പറയുന്നതു കേള്‍ക്കുന്നില്ലേ?
വിവേകം ശബ്ദം ഉയര്‍ത്തുന്നതു നിങ്ങള്‍ ശ്രദ്ധിക്കുന്നില്ലേ?

2
വഴിയരികിലുള്ള കുന്നുകളുടെ മുകളിലും
വീഥികളിലും അവള്‍ നില ഉറപ്പിക്കുന്നു.

3
നഗരകവാടത്തില്‍ വാതിലിനരികെ നിന്നുകൊണ്ട് അവള്‍ വിളിച്ചുപറയുന്നു:

4
അല്ലയോ മനുഷ്യരേ, ഞാന്‍ നിങ്ങളോടു ഉദ്ഘോഷിക്കുന്നു;
ഞാന്‍ നിങ്ങളെ ആഹ്വാനം ചെയ്യുന്നു.

5
അപക്വമതികളേ, വിവേകം തേടുവിന്‍,
ഭോഷന്മാരേ, ജ്ഞാനം ഉള്‍ക്കൊള്ളുവിന്‍.

6
ശ്രേഷ്ഠമായ കാര്യങ്ങള്‍ ഞാന്‍ പറയാന്‍ പോകുന്നു;
നേരായുള്ളതേ എന്‍റെ അധരങ്ങളില്‍നിന്നു പുറപ്പെടൂ.

7
ഞാന്‍ സത്യം സംസാരിക്കും;
ദുര്‍ഭാഷണം ഞാന്‍ വെറുക്കുന്നു.

8
എന്‍റെ എല്ലാ വചനങ്ങളും നീതിയുക്തമാണ്.
അവയില്‍ വളവും വക്രതയും ഇല്ല,
ഗ്രഹിക്കാന്‍ കെല്പുള്ളവന് അതു ഋജുവുമാണ്.

9
അറിവു നേടുന്നവര്‍ക്ക് അതു നേരായത്.

10
വെള്ളിക്കു പകരം പ്രബോധനവും
വിശിഷ്ടമായ സ്വര്‍ണത്തിനു പകരം ജ്ഞാനവും സ്വീകരിക്കൂ.

11
ജ്ഞാനം രത്നത്തെക്കാള്‍ മികച്ചത്
നീ ആഗ്രഹിക്കുന്ന മറ്റെല്ലാത്തിനെക്കാളും അത് ശ്രേഷ്ഠവുമാണ്.

12
ജ്ഞാനമാകുന്ന ഞാന്‍ വിവേകത്തില്‍ വസിക്കുന്നു;
എന്നില്‍ പരിജ്ഞാനവും വിവേചനാശക്തിയും ഉണ്ട്.

13
ദൈവഭക്തി തിന്മയോടുള്ള വെറുപ്പാണ്;
അഹന്തയും ദുര്‍മാര്‍ഗവും ദുര്‍ഭാഷണവും ഞാന്‍ വെറുക്കുന്നു.

14
നല്ല ആലോചനയും ജ്ഞാനവും എന്നിലുണ്ട്;
എന്നില്‍ ഉള്‍ക്കാഴ്ചയും ശക്തിയുമുണ്ട്.

15
ഞാന്‍ മുഖാന്തരം രാജാക്കന്മാര്‍ വാഴുന്നു;
ഭരണാധിപന്മാര്‍ നീതി നടത്തുന്നു.

16
ഞാന്‍ മുഖേന പ്രഭുക്കന്മാര്‍ ഭരിക്കുന്നു;
നാടുവാഴികള്‍ ആധിപത്യം പുലര്‍ത്തുന്നു.

17
എന്നെ സ്നേഹിക്കുന്നവരെ ഞാന്‍ സ്നേഹിക്കുന്നു;
ശ്രദ്ധയോടെ അന്വേഷിക്കുന്നവന്‍ എന്നെ കണ്ടെത്തുന്നു.

18
ധനവും മാനവും അനശ്വരസമ്പത്തും ഐശ്വര്യവും എന്‍റെ പക്കലുണ്ട്.

19
എന്നില്‍നിന്നു ലഭിക്കുന്നത് പൊന്നിലും തങ്കത്തിലും മികച്ചത്.
എന്നില്‍നിന്നുള്ള ആദായം മേല്‍ത്തരം വെള്ളിയെക്കാള്‍ മേന്മയുള്ളത്.

20
ഞാന്‍ നീതിയുടെ വഴിയില്‍,
ന്യായത്തിന്‍റെ പാതകളില്‍ നടക്കുന്നു.

21
എന്നെ സ്നേഹിക്കുന്നവരുടെ ഭണ്ഡാരം ഞാന്‍ നിറയ്‍ക്കുകയും
അവരെ സമ്പന്നരാക്കുകയും ചെയ്യുന്നു.

22
സര്‍വേശ്വരന്‍ സര്‍വസൃഷ്‍ടികള്‍ക്കും മുമ്പായി
സൃഷ്‍ടികളില്‍ ആദ്യത്തേതായി എന്നെ സൃഷ്‍ടിച്ചു.

23
യുഗങ്ങള്‍ക്കു മുമ്പ്, ഭൂമിയുടെ ഉല്‍പത്തിക്കു മുമ്പുതന്നെ ഞാന്‍ സൃഷ്‍ടിക്കപ്പെട്ടു.

24
ആഴികളോ ജലം നിറഞ്ഞ അരുവികളോ ഇല്ലാതിരിക്കേ എനിക്കു ജന്മം ലഭിച്ചു.

25
ഗിരികളും കുന്നുകളും രൂപംകൊള്ളുന്നതിനു മുമ്പ് ഞാന്‍ സൃഷ്‍ടിക്കപ്പെട്ടു.

26
അവിടുന്നു ഭൂമിയെയും ധൂമപടലങ്ങളെയും
വയലുകളെയും സൃഷ്‍ടിക്കുന്നതിനു മുമ്പായിരുന്നു അത്.

27
അവിടുന്ന് ആകാശത്തെ സ്ഥാപിച്ചപ്പോള്‍ ഞാന്‍ അവിടെ ഉണ്ടായിരുന്നു.
അവിടുന്ന് ആഴിയുടെ മീതെ ചക്രവാളം വരച്ചപ്പോഴും

28
ഉയരത്തില്‍ മേഘങ്ങളെ ഉറപ്പിച്ചപ്പോഴും
ആഴിയില്‍ ഉറവകള്‍ തുറന്നപ്പോഴും

29
ജലം തന്‍റെ ആജ്ഞ ലംഘിക്കാതിരിക്കാന്‍ അവിടുന്ന് സമുദ്രത്തിന് അതിര് നിശ്ചയിച്ചപ്പോഴും
ഭൂമിക്ക് അടിസ്ഥാനം ഇട്ടപ്പോഴും

30
ഒരു വിദഗ്ദ്ധശില്പിയെപ്പോലെ ഞാന്‍ അവിടുത്തെ സമീപത്തുണ്ടായിരുന്നു.
ഞാന്‍ അവിടുത്തേക്ക് ദിനംതോറും പ്രമോദം നല്‌കി;
ഞാന്‍ തിരുമുമ്പില്‍ എപ്പോഴും ആനന്ദിച്ചിരുന്നു.

31
സൃഷ്‍ടികള്‍ അധിവസിക്കുന്ന അവിടുത്തെ ലോകത്തില്‍ ഞാന്‍ ആനന്ദിക്കുകയും
മനുഷ്യജാതിയില്‍ സന്തോഷം കണ്ടെത്തുകയും ചെയ്തു.

32
മക്കളേ, ഞാന്‍ പറയുന്നതു ശ്രദ്ധിക്കുക;
എന്‍റെ വഴികള്‍ അനുസരിക്കുന്നവര്‍ ഭാഗ്യശാലികള്‍.

33
പ്രബോധനം കേട്ടു വിജ്ഞാനികളാകുവിന്‍;
അതിനെ അവഗണിക്കരുത്.

34
ദിവസേന എന്‍റെ പടിവാതില്‌ക്കല്‍ കാത്തുനിന്ന്
ശ്രദ്ധയോടെ എന്‍റെ വാക്കു കേള്‍ക്കുന്നവന്‍ ധന്യനാകുന്നു.

35
എന്നെ കണ്ടെത്തുന്നവന്‍ ജീവന്‍ കണ്ടെത്തുന്നുവല്ലോ,
അവനു സര്‍വേശ്വരന്‍റെ പ്രീതി ലഭിക്കുന്നു.

36
എന്നാല്‍ എന്നെ ഉപേക്ഷിക്കുന്നവന്‍ തനിക്കുതന്നെ ദ്രോഹം വരുത്തുന്നു.
എന്നെ ദ്വേഷിക്കുന്നവരെല്ലാം മരണത്തെ സ്നേഹിക്കുന്നു.

9

1

ജ്ഞാനം എന്നവള്‍ തനിക്കു വീടു പണിതു;
അതിന് ഏഴു തൂണുകള്‍ സ്ഥാപിച്ചിരിക്കുന്നു.

2
അവള്‍ മൃഗങ്ങളെ അറുത്തും
വീഞ്ഞില്‍ സുഗന്ധം കലര്‍ത്തിയും വിരുന്ന് ഒരുക്കിയിരിക്കുന്നു.

3
[3,4] പട്ടണത്തിലെ ഉന്നതസ്ഥലങ്ങളില്‍ ചെന്ന് ‘ബുദ്ധിഹീനരേ, അടുത്തു വരുവിന്‍’ എന്നു
വിളിച്ചുപറയാന്‍ തന്‍റെ ദാസിമാരെ അവള്‍ അയച്ചിരിക്കുന്നു.
അവിവേകികളോട് അവള്‍ പറയുന്നു:

4

5
“വരിക, എന്‍റെ അപ്പം തിന്നുകയും
ഞാന്‍ ഒരുക്കിയ വീഞ്ഞു കുടിക്കുകയും ചെയ്യുക.”

6
ഭോഷത്തം വെടിഞ്ഞ് ജീവിക്കുക,
വിവേകത്തിന്‍റെ മാര്‍ഗത്തില്‍ ചരിക്കുക.

7
പരിഹാസിയെ തിരുത്തുന്നവന് ശകാരം കിട്ടും;
ദുഷ്ടനെ ശാസിക്കുന്നവന് ഉപദ്രവം ഉണ്ടാകും.

8
പരിഹാസിയെ ശാസിച്ചാല്‍ അവന്‍ നിന്നെ വെറുക്കും;
വിവേകിയെ ശാസിച്ചാല്‍ അവന്‍ നിന്നെ സ്നേഹിക്കും.

9
ജ്ഞാനിയെ പ്രബോധിപ്പിക്കുക, അവന്‍ കൂടുതല്‍ ജ്ഞാനം നേടും;
നീതിമാനെ പഠിപ്പിക്കുക, അവന്‍റെ വിജ്ഞാനം വര്‍ധിക്കും.

10
ദൈവഭക്തി ജ്ഞാനത്തിന്‍റെ ഉറവിടമാകുന്നു;
പരിശുദ്ധനായ ദൈവത്തെ അറിയുന്നതാണു വിവേകം.

11
ജ്ഞാനത്താല്‍ നിന്‍റെ ദിനങ്ങള്‍ പെരുകും;
നിന്‍റെ ആയുഷ്കാലം ദീര്‍ഘിക്കും.

12
ജ്ഞാനമുണ്ടെങ്കില്‍ അതിന്‍റെ മേന്മ നിനക്കുതന്നെ;
അതിനെ നിന്ദിച്ചാല്‍ നീ അതിന് ഉത്തരവാദിയാകും.

13
ഭോഷത്തം വായാടിയും അറിവില്ലാത്തവളും നിര്‍ലജ്ജയും ആകുന്നു.

14
അവള്‍ തന്‍റെ വീട്ടുവാതില്‌ക്കലോ
പട്ടണത്തിലെ ഉയര്‍ന്ന സ്ഥാനങ്ങളിലോ ഇരിക്കുന്നു.

15
തങ്ങളുടെ കാര്യങ്ങള്‍ക്കായി
കടന്നുപോകുന്നവരോട് അവള്‍ വിളിച്ചു പറയും:

16
‘ബുദ്ധിഹീനരേ ഇതുവഴി വരിക,’
ബുദ്ധിശൂന്യരോട് അവള്‍ പറയും:

17
‘മോഷ്‍ടിച്ച ജലം മാധുര്യമുള്ളതും ഒളിച്ചു തിന്നുന്ന അപ്പം സ്വാദേറിയതും ആകുന്നു.’

18
എന്നാല്‍ മരണം അവിടെ പതിയിരിക്കുകയാണെന്നും
അവളുടെ അതിഥികള്‍ പാതാളത്തിലാണെന്നും അവന്‍ അറിയുന്നില്ല.

10

1

ഇവ ശലോമോന്‍റെ സുഭാഷിതങ്ങളാകുന്നു:
ജ്ഞാനിയായ പുത്രന്‍ പിതാവിനെ സന്തോഷിപ്പിക്കുന്നു;
എന്നാല്‍ ഭോഷനായ മകന്‍ അമ്മയ്‍ക്കു ദുഃഖം വരുത്തുന്നു.

2
ദുഷ്ടതകൊണ്ടു നേടിയ ധനം പ്രയോജനപ്പെടുകയില്ല;
നീതിയാകട്ടെ മരണത്തില്‍നിന്നു രക്ഷിക്കുന്നു.

3
നീതിമാന്‍ വിശന്നു വലയാന്‍ സര്‍വേശ്വരന്‍ അനുവദിക്കുകയില്ല;
എന്നാല്‍ ദുഷ്ടന്‍റെ മോഹം അവിടുന്നു നിഷ്ഫലമാക്കും.

4
അലസന്‍ ദാരിദ്ര്യം വരുത്തും,
സ്ഥിരോത്സാഹിയോ സമ്പത്തുണ്ടാക്കുന്നു.

5
കൊയ്ത്തുകാലത്തു ശേഖരിക്കുന്നവന്‍ വിവേകം ഉള്ളവനാകുന്നു;
അപ്പോള്‍ ഉറങ്ങുന്നവനോ അപമാനം വരും.

6
നീതിമാന്‍റെമേല്‍ അനുഗ്രഹം വര്‍ഷിക്കപ്പെടും;
ദുഷ്ടന്‍റെ വാക്കുകള്‍ അക്രമം മൂടിവയ്‍ക്കുന്നു.

7
നീതിമാനെ സ്മരിക്കുക അനുഗ്രഹമാണ്;
ദുഷ്ടനെക്കുറിച്ചുള്ള സ്മരണ കെട്ടുപോകും.

8
വിവേകികള്‍ കല്പനകള്‍ കൈക്കൊള്ളുന്നു;
വിടുവായനായ ഭോഷന്‍ നാശം അടയും.

9
സത്യത്തില്‍ ചരിക്കുന്നവന്‍ സുരക്ഷിതനായിരിക്കും;
അപഥസഞ്ചാരി പിടികൂടപ്പെടും.

10
സത്യത്തിനു നേരേ കണ്ണടയ്‍ക്കുന്നവന്‍ അനര്‍ഥം വരുത്തുന്നു;
ധൈര്യത്തോടെ ശാസിക്കുന്നവന്‍ സമാധാനം ഉണ്ടാക്കുന്നു.

11
നീതിമാന്‍റെ വാക്കുകള്‍ ജീവന്‍റെ ഉറവയാകുന്നു;
ദുഷ്ടന്‍റെ വാക്കുകളോ അക്രമം മൂടിവയ്‍ക്കുന്നു.

12
വിദ്വേഷം കലഹം ഇളക്കിവിടുന്നു;
സ്നേഹം സകല അപരാധങ്ങളും പൊറുക്കുന്നു.

13
വിവേകി ജ്ഞാനത്തോടെ സംസാരിക്കുന്നു.
ഭോഷന്‍റെ മുതുകിന് അടിയാണ് ലഭിക്കുന്നത്.

14
ജ്ഞാനികള്‍ വിജ്ഞാനം സംഭരിക്കുന്നു.
ഭോഷന്‍റെ ജല്പനം നാശം വരുത്തി വയ്‍ക്കുന്നു.

15
സമ്പന്നനു ധനം ബലവത്തായ നഗരമാണ്;
ദാരിദ്ര്യം എളിയവരെ നശിപ്പിക്കുന്നു.

16
നീതിമാന്‍റെ പ്രവൃത്തികള്‍ ജീവനിലേക്കും
ദുഷ്ടന്‍റെ ലാഭം അവനെ പാപത്തിലേക്കും നയിക്കുന്നു.

17
പ്രബോധനം ശ്രദ്ധിക്കുന്നവന്‍ ജീവന്‍റെ പാതയില്‍ ചരിക്കുന്നു.
ശാസനം പരിത്യജിക്കുന്നവനു വഴിതെറ്റുന്നു.

18
വിദ്വേഷം മറച്ചുവയ്‍ക്കുന്നവന്‍ വഞ്ചകന്‍,
അപവാദം പറയുന്നവന്‍ ഭോഷന്‍.

19
അതിഭാഷണം തെറ്റു വര്‍ധിപ്പിക്കുന്നു;
വാക്കുകള്‍ നിയന്ത്രിക്കുന്നവന്‍ വിവേകിയാകുന്നു.

20
നീതിമാന്‍റെ വാക്കുകള്‍ മേല്‍ത്തരമായ വെള്ളി;
ദുഷ്ടന്മാരുടെ വിചാരങ്ങള്‍ വിലകെട്ടത്.

21
നീതിമാന്‍റെ വാക്കുകള്‍ പലര്‍ക്ക് ഗുണം ചെയ്യും;
ഭോഷന്മാരോ ബുദ്ധിശൂന്യതയാല്‍ മരിക്കും.

22
സര്‍വേശ്വരന്‍റെ അനുഗ്രഹം സമ്പത്തു വരുത്തുന്നു,
കഠിനാധ്വാനം അതിനോട് കൂടുതല്‍ ഒന്നും ചേര്‍ക്കുന്നില്ല.

23
തെറ്റു ചെയ്യുന്നതു ഭോഷന് വിനോദം ആണ്;
വിവേകി ജ്ഞാനത്തില്‍ സന്തോഷിക്കുന്നു.

24
ഏതൊന്നിനെ ഭയപ്പെടുന്നുവോ,
അതുതന്നെ ദുഷ്ടനു സംഭവിക്കും.
നീതിമാന്‍റെ ആഗ്രഹം സഫലമാകും.

25
കൊടുങ്കാറ്റ് അടിക്കുമ്പോള്‍ ദുഷ്ടന്‍ ഇല്ലാതാകും,
എന്നാല്‍ നീതിമാന്‍ എന്നേക്കും നിലനില്‌ക്കും.

26
അലസന്‍ തന്നെ നിയോഗിക്കുന്നവന്
പല്ലിന് വിനാഗിരിയും കണ്ണിനു പുകയും പോലെ അസ്വസ്ഥത ഉണ്ടാക്കും.

27
ദൈവഭക്തി ആയുസ്സ് വര്‍ധിപ്പിക്കുന്നു.
ദുഷ്ടന്മാരുടെ ആയുസ്സ് ചുരുങ്ങിപ്പോകും.

28
നീതിമാന്‍റെ പ്രത്യാശ സന്തോഷത്തില്‍ കലാശിക്കുന്നു;
എന്നാല്‍ ദുഷ്ടന്മാരുടെ പ്രതീക്ഷ നിഷ്ഫലമാകും.

29
നേരായ മാര്‍ഗത്തില്‍ ചരിക്കുന്നവര്‍ക്ക് സര്‍വേശ്വരന്‍ കോട്ട ആകുന്നു.
അധര്‍മികള്‍ക്കോ അവിടുന്നു വിനാശം വരുത്തുന്നു.

30
നീതിമാന്‍ എന്നും അചഞ്ചലനായിരിക്കും;
ദുഷ്ടനോ ദേശത്തു നിലനില്‌ക്കുകയില്ല.

31
നീതിമാന്‍ ജ്ഞാനം സംസാരിക്കുന്നു.
ദുര്‍ഭാഷിയോ ഛേദിക്കപ്പെടും.

32
നീതിമാന്‍ ഹൃദ്യമായതു സംസാരിക്കുന്നു;
എന്നാല്‍ ദുഷ്ടനോ വക്രത പറയുന്നു.

11

1

കള്ളത്തുലാസ് സര്‍വേശ്വരന്‍ വെറുക്കുന്നു;
ശരിയായ തൂക്കം അവിടുത്തേക്കു പ്രസാദകരം.

2
അഹങ്കാരത്തോടൊപ്പം അപകീര്‍ത്തിയും
വിനീതരോടൊപ്പം ജ്ഞാനവുമുണ്ട്.

3
സത്യസന്ധരുടെ പരമാര്‍ഥത അവരെ നേര്‍വഴി നടത്തുന്നു;
എന്നാല്‍ വക്രത വഞ്ചകരെ നശിപ്പിക്കുന്നു.

4
ക്രോധദിവസം സമ്പത്ത് ഉപകരിക്കുന്നില്ല;
എന്നാല്‍ നീതി നിന്നെ മരണത്തില്‍നിന്നു മോചിപ്പിക്കും.

5
നീതി നിരപരാധിയുടെ വഴി നേരേയാക്കും;
ദുഷ്ടതയാല്‍ ദുഷ്ടന്‍ വീണുപോകും.

6
നീതി സത്യസന്ധരെ മോചിപ്പിക്കുന്നു;
തങ്ങളുടെ ദുരാശയാല്‍ വഞ്ചകര്‍ പിടിക്കപ്പെടും.

7
ദുഷ്ടന്‍റെ പ്രത്യാശ മരണത്തോടെ ഇല്ലാതാകുന്നു;
അധര്‍മിയുടെ പ്രതീക്ഷയ്‍ക്ക് ഭംഗം നേരിടുന്നു.

8
നീതിമാന്‍ കഷ്ടതയില്‍നിന്നു വിടുവിക്കപ്പെടുന്നു;
ദുഷ്ടന്‍ അതില്‍ അകപ്പെടുന്നു.

9
അധര്‍മി തന്‍റെ വാക്കുകള്‍കൊണ്ട് അയല്‍ക്കാരനെ നശിപ്പിക്കുന്നു,
നീതിമാനാകട്ടെ ജ്ഞാനത്താല്‍ വിടുവിക്കപ്പെടുന്നു.

10
നീതിമാന്‍ ഐശ്വര്യത്തോടെ കഴിയുമ്പോള്‍ നഗരം ആനന്ദിക്കുന്നു;
ദുഷ്ടന്‍ നശിക്കുമ്പോള്‍ സന്തോഷത്തിന്‍റെ ആര്‍പ്പുവിളി മുഴങ്ങുന്നു.

11
സത്യസന്ധരുടെ അനുഗ്രഹത്താല്‍ നഗരം ഉന്നതി പ്രാപിക്കുന്നു,
എന്നാല്‍ ദുര്‍ജനത്തിന്‍റെ വാക്കുകളാല്‍ അതു നശിപ്പിക്കപ്പെടുന്നു.

12
അയല്‍ക്കാരനെ നിന്ദിക്കുന്നവന്‍ ബുദ്ധിഹീനന്‍;
വിവേകമുള്ളവന്‍ മൗനം അവലംബിക്കുന്നു.

13
ഏഷണിക്കാരന്‍ രഹസ്യം വെളിപ്പെടുത്തുന്നു
വിശ്വസ്തനാകട്ടെ രഹസ്യം സൂക്ഷിക്കുന്നു.

14
മാര്‍ഗദര്‍ശനം ഇല്ലാത്തിടത്ത് ജനത അധഃപതിക്കുന്നു;
ഉപദേഷ്ടാക്കള്‍ ധാരാളമുള്ളിടത്ത് സുരക്ഷിതത്വമുണ്ട്.

15
അന്യനുവേണ്ടി ജാമ്യം നില്‌ക്കുന്നവന്‍ ദുഃഖിക്കേണ്ടിവരും,
ജാമ്യത്തിനു വിസമ്മതിക്കുന്നവന്‍ സുരക്ഷിതനായിരിക്കും.

16
ശാലീനയായ വനിത ബഹുമതി നേടുന്നു,
ബലവാനായ മനുഷ്യന്‍ സമ്പത്തുണ്ടാക്കുന്നു.

17
ദയാലു തനിക്കുതന്നെ ഗുണം വരുത്തുന്നു,
ക്രൂരനാകട്ടെ സ്വയം ഉപദ്രവം വരുത്തുന്നു.

18
ദുഷ്ടനു ലഭിക്കുന്ന പ്രതിഫലം അവന് ഒന്നിനും ഉപകരിക്കുന്നില്ല,
എന്നാല്‍ നീതി വിതയ്‍ക്കുന്നവന് നല്ല പ്രതിഫലം ലഭിക്കും.

19
നീതിയില്‍ ഉറച്ചുനില്‌ക്കുന്നവന്‍ ജീവിക്കും,
തിന്മയെ പിന്തുടരുന്നവന്‍ മരിക്കും.

20
വക്രബുദ്ധികളെ സര്‍വേശ്വരന്‍ വെറുക്കുന്നു;
നിഷ്കളങ്കരില്‍ അവിടുന്നു പ്രസാദിക്കുന്നു.

21
ദുഷ്ടനു തീര്‍ച്ചയായും ശിക്ഷ ലഭിക്കും,
നീതിമാനു മോചനവും ലഭിക്കും.

22
വിവേകരഹിതയായ സുന്ദരി പന്നിയുടെ മൂക്കില്‍ പൊന്‍മൂക്കുത്തിപോലെയാണ്.

23
നീതിമാന്‍റെ ആഗ്രഹം നന്മയിലും ദുര്‍ജനങ്ങളുടെ പ്രതീക്ഷകളാകട്ടെ
ക്രോധത്തിലും കലാശിക്കുന്നു.

24
ഒരുവന്‍ ഉദാരമായി നല്‌കിയിട്ടും കൂടുതല്‍ സമ്പന്നന്‍ ആയിക്കൊണ്ടിരിക്കുന്നു;
മറ്റൊരുവന്‍ കൊടുക്കുന്നതുകൂടി പിടിച്ചുവച്ചിട്ടും അവനു ദാരിദ്ര്യം ഭവിക്കുന്നു.

25
ഉദാരമായി ദാനം ചെയ്യുന്നവന്‍ സമ്പന്നനായിത്തീരുന്നു.
അന്യരെ ആശ്വസിപ്പിക്കുന്നവന് ആശ്വാസം ലഭിക്കും.

26
ധാന്യം പൂഴ്ത്തിവയ്‍ക്കുന്നവനെ ജനം ശപിക്കും;
അതു വില്‌ക്കുന്നവനെ അവര്‍ അനുഗ്രഹിക്കും.

27
ഉത്സാഹത്തോടെ നന്മ നേടുന്നവന്‍ സംപ്രീതി നേടുന്നു.
തിന്മ തേടുന്നവന് അതുതന്നെ ഭവിക്കുന്നു.

28
സമ്പത്തില്‍ ആശ്രയിക്കുന്നവന്‍ കുഴഞ്ഞുവീഴുന്നു;
നീതിമാനാകട്ടെ പച്ചിലപോലെ തഴയ്‍ക്കും.

29
സ്വന്തം ഭവനത്തെ ദ്രോഹിക്കുന്നവന് ഒന്നും അവശേഷിക്കുകയില്ല;
ഭോഷന്‍ ജ്ഞാനിയുടെ ദാസനായിത്തീരും.

30
നീതിമാന്‍റെ പ്രതിഫലം ജീവവൃക്ഷമാകുന്നു;
എന്നാല്‍ അക്രമം ജീവനൊടുക്കുന്നു.

31
നീതിമാന് ഭൂമിയില്‍ പ്രതിഫലം കിട്ടുന്നുവെങ്കില്‍
പാപിക്കും ദുഷ്ടനും ലഭിക്കുന്ന ശിക്ഷ എത്രയധികമായിരിക്കും.

12

1

ശിക്ഷണം ഇഷ്ടപ്പെടുന്നവന്‍ വിജ്ഞാനം ഇഷ്ടപ്പെടുന്നു,
ശാസന വെറുക്കുന്നവന്‍ മൂഢന്‍.

2
ഉത്തമനായ മനുഷ്യനു സര്‍വേശ്വരന്‍റെ അനുഗ്രഹം ലഭിക്കുന്നു;
ദുരുപായം നിരൂപിക്കുന്നവനെ അവിടുന്നു ശിക്ഷിക്കുന്നു.

3
ദുഷ്ടതകൊണ്ട് ആരും നിലനില്‌ക്കുകയില്ല;
നീതിമാന്മാരുടെ വേര് ഇളകുകയില്ല.

4
ഉത്തമഭാര്യ ഭര്‍ത്താവിനു കിരീടം.
എന്നാല്‍ അപമാനം വരുത്തുന്നവള്‍ അവന്‍റെ അസ്ഥികളില്‍ അര്‍ബുദം.

5
നീതിമാന്‍റെ ചിന്തകള്‍ നീതിയുക്തം,
ദുഷ്ടന്‍റെ ആലോചനകള്‍ വഞ്ചന നിറഞ്ഞതാകുന്നു.

6
ദുഷ്ടന്മാരുടെ വാക്കുകള്‍ രക്തം ചൊരിയാന്‍ പതിയിരിക്കുന്നു.
എന്നാല്‍ നീതിമാന്മാരുടെ വാക്കുകള്‍ പീഡിതരെ മോചിപ്പിക്കുന്നു.

7
ദുഷ്ടന്മാര്‍ നിപതിച്ച് നിശ്ശേഷം നശിക്കും,
നീതിമാന്‍റെ ഭവനമോ നിലനില്‌ക്കും.

8
സല്‍ബുദ്ധിയാല്‍ ഒരുവന്‍ ശ്ലാഘിക്കപ്പെടുന്നു,
വക്രബുദ്ധിയോ നിന്ദിക്കപ്പെടുന്നു.

9
ആഹാരത്തിനു വകയില്ലാതിരിക്കെ, വമ്പു നടിക്കുന്നവനെക്കാള്‍,
അധ്വാനിച്ചു വക നേടുന്ന എളിയവനാണ് ശ്രേഷ്ഠന്‍.

10
നീതിമാന് തന്‍റെ വളര്‍ത്തുമൃഗങ്ങളെക്കുറിച്ച് കരുതലുണ്ട്,
എന്നാല്‍ ദുഷ്ടന്മാര്‍ അവയോടു ക്രൂരത കാണിക്കുന്നു.

11
സ്വന്തം ഭൂമി കൃഷി ചെയ്യുന്നവനു സമൃദ്ധിയായി ആഹാരം ലഭിക്കുന്നു;
പാഴ്‍വേല ചെയ്തലയുന്നവന്‍ ഭോഷനാകുന്നു.

12
ദുഷ്ടന്‍റെ ബലിഷ്ഠമായ ഗോപുരം നശിക്കുന്നു;
നീതിമാന്‍റെ വേരുകള്‍ ഇളകാതെ ഉറച്ചുനില്‌ക്കുന്നു.

13
ദുഷ്ടന്‍ തന്‍റെ വാക്കുകളാല്‍ത്തന്നെ കെണിയില്‍ അകപ്പെടുന്നു,
നീതിമാന്‍ കഷ്ടതയില്‍നിന്നു രക്ഷപെടുന്നു.

14
ഒരുവന് തന്‍റെ വാക്കുകള്‍ക്ക് അര്‍ഹമായ നന്മ ലഭിക്കുന്നു,
തന്‍റെ അധ്വാനത്തിനു തക്ക ഫലം അവനു കിട്ടുന്നു.

15
ഭോഷന്‍റെ ദൃഷ്‍ടിയില്‍ തന്‍റെ വഴി നേരെയുള്ളതാണ്,
എന്നാല്‍ ജ്ഞാനി ഉപദേശം ശ്രദ്ധിക്കുന്നു.

16
ഭോഷന്‍ നീരസം തല്‍ക്ഷണം പ്രകടിപ്പിക്കുന്നു;
എന്നാല്‍ വിവേകി അന്യരുടെ നിന്ദ അവഗണിക്കുന്നു.

17
സത്യം പറയുന്നവന്‍ നീതി വെളിപ്പെടുത്തുന്നു,
എന്നാല്‍ കള്ളസ്സാക്ഷി വ്യാജം പ്രസ്താവിക്കുന്നു.

18
ഒരുവന്‍റെ അവിവേകവാക്കുകള്‍ വാളെന്നപോലെ തുളച്ചു കയറാം,
ജ്ഞാനിയുടെ വാക്കുകള്‍ മുറിവുണക്കുന്നു.

19
സത്യസന്ധമായ വചസ്സുകള്‍ എന്നേക്കും നിലനില്‌ക്കും,
വ്യാജവാക്കുകളോ ക്ഷണികമത്രേ.

20
ദുരുപായം നടത്തുന്നവരുടെ ഹൃദയത്തില്‍ വഞ്ചനയുണ്ട്;
നന്മ നിരൂപിക്കുന്നവര്‍ സന്തോഷിക്കുന്നു.

21
നീതിമാന് അനര്‍ഥം ഒന്നും ഉണ്ടാകയില്ല;
അനര്‍ഥം ദുഷ്ടന്മാരെ വിട്ടുമാറുന്നില്ല.

22
വ്യാജം പറയുന്നവരെ സര്‍വേശ്വരന്‍ വെറുക്കുന്നു;
സത്യം പ്രവര്‍ത്തിക്കുന്നവരില്‍ അവിടുന്നു പ്രസാദിക്കുന്നു.

23
വിവേകി അറിവ് അടക്കിവയ്‍ക്കുന്നു;
ഭോഷന്മാര്‍ വിഡ്ഢിത്തം വിളിച്ചുപറയുന്നു.

24
അധ്വാനശീലന്‍ അധികാരം നടത്തും;
അലസന്‍ അടിമവേലയ്‍ക്ക് നിര്‍ബന്ധിതനാകും.

25
ഉത്കണ്ഠയാല്‍ മനസ്സ് ഇടിയുന്നു;
നല്ലവാക്ക് മനസ്സിനെ സന്തോഷിപ്പിക്കുന്നു.

26
നീതിമാന്‍ തിന്മയില്‍നിന്ന് ഒഴിഞ്ഞുമാറുന്നു;
ദുഷ്ടന്മാര്‍ നേര്‍വഴി വിട്ടുനടക്കുന്നു.

27
അലസന്‍ ഇര തേടിപ്പിടിക്കുന്നില്ല;
ഉത്സാഹശീലന്‍ വിലയേറിയ സമ്പാദ്യം ഉണ്ടാക്കുന്നു.

28
നീതിയുടെ മാര്‍ഗത്തില്‍ ജീവനുണ്ട്,
എന്നാല്‍ തെറ്റായ വഴി മരണത്തിലേക്കു നയിക്കുന്നു.

13

1

വിവേകിയായ മകന്‍ പിതാവിന്‍റെ പ്രബോധനം കേള്‍ക്കുന്നു;
പരിഹാസി ശാസന അവഗണിക്കുന്നു.

2
സജ്ജനം തങ്ങളുടെ വാക്കുകളുടെ സല്‍ഫലം അനുഭവിക്കുന്നു,
വഞ്ചകര്‍ ആഗ്രഹിക്കുന്നത് അക്രമമാണ്.

3
സൂക്ഷ്മതയോടെ സംസാരിക്കുന്നവന്‍ സ്വന്തജീവന്‍ രക്ഷിക്കുന്നു;
വിടുവായനു നാശം നേരിടുന്നു.

4
അലസന്‍ എത്ര കൊതിച്ചാലും ഒന്നും ലഭിക്കുന്നില്ല;
ഉത്സാഹിക്ക് ഐശ്വര്യസമൃദ്ധിയുണ്ടാകുന്നു.

5
സത്യസന്ധന്‍ വ്യാജം വെറുക്കുന്നു;
ദുഷ്ടന്‍ ലജ്ജാകരവും നിന്ദ്യവും ആയതു പ്രവര്‍ത്തിക്കുന്നു.

6
സന്മാര്‍ഗിയെ നീതി കാക്കുന്നു;
പാപം ദുഷ്ടനെ മറിച്ചുകളയുന്നു.

7
ഒന്നുമില്ലാത്തവരെങ്കിലും ചിലര്‍ ധനികരെന്നു നടിക്കുന്നു;
വളരെ ധനമുണ്ടായിട്ടും ചിലര്‍ ദരിദ്രരെന്നു ഭാവിക്കുന്നു.

8
ധനികന് ജീവന്‍ വീണ്ടെടുക്കാന്‍ പണം ഉണ്ട്,
ദരിദ്രനു മോചനത്തിനു മാര്‍ഗമില്ല;

9
നീതിമാന്മാരുടെ ദീപം ജ്വലിച്ചു പ്രകാശിക്കുന്നു;
ദുഷ്ടന്മാരുടെ വിളക്ക് അണഞ്ഞുപോകും.

10
അനുസരണംകെട്ടവന്‍ ഗര്‍വുകൊണ്ടു കലഹം ഉണ്ടാക്കുന്നു.
ഉപദേശം സ്വീകരിക്കുന്നവനു വിവേകം ലഭിക്കുന്നു.

11
അന്യായമായി സമ്പാദിക്കുന്ന ധനം ക്ഷയിച്ചുപോകും,
കഠിനാധ്വാനം ചെയ്തു സമ്പാദിക്കുന്നതു വര്‍ധിച്ചുവരും.

12
പ്രതീക്ഷയ്‍ക്കു നേരിടുന്ന കാലവിളംബം ഹൃദയത്തെ വേദനിപ്പിക്കുന്നു;
ആഗ്രഹനിവൃത്തിയാകട്ടെ ജീവവൃക്ഷമാകുന്നു.

13
സദുപദേശം നിരസിക്കുന്നവര്‍ നാശം വരുത്തിവയ്‍ക്കുന്നു;
കല്പനകള്‍ ആദരിക്കുന്നവനു പ്രതിഫലം ലഭിക്കുന്നു.

14
ജ്ഞാനിയുടെ ഉപദേശം ജീവന്‍റെ ഉറവയാകുന്നു.
അതു മരണത്തിന്‍റെ കെണിയില്‍നിന്നു രക്ഷിക്കുന്നു;

15
സല്‍ബുദ്ധിയുള്ളവന്‍ ബഹുമാനം നേടുന്നു;
വഞ്ചകന്‍റെ വഴി അവനെ നാശത്തിലേക്കു നയിക്കുന്നു.

16
വിവേകി എല്ലാ കാര്യങ്ങളും ആലോചനയോടെ ചെയ്യുന്നു;
ഭോഷന്‍ തന്‍റെ ഭോഷത്തം വെളിപ്പെടുത്തുന്നു.

17
ദുഷ്ടനായ ദൂതന്‍ മനുഷ്യരെ കുഴപ്പത്തില്‍ ചാടിക്കുന്നു;
വിശ്വസ്തദൂതനോ ആശ്വാസം കൈവരുത്തുന്നു.

18
ശിക്ഷണം അവഗണിക്കുന്നവനു ദാരിദ്ര്യവും അപകീര്‍ത്തിയും ഉണ്ടാകും;
ശാസനയെ ആദരിക്കുന്നവന്‍ ബഹുമാനിതനാകും.

19
അഭീഷ്ടസിദ്ധി മനസ്സിന് മധുരാനുഭൂതിയാണ്.
ദോഷം വിട്ടകലുന്നതു ഭോഷന്മാര്‍ക്കു വെറുപ്പാണ്.

20
ജ്ഞാനികളുടെ കൂടെ നടക്കുന്നവന്‍ ജ്ഞാനിയാകും;
ഭോഷന്മാരുമായി കൂട്ടു കൂടുന്നവര്‍ക്ക് ഉപദ്രവം നേരിടും.

21
അനര്‍ഥം പാപികളെ പിന്തുടരുന്നു;
എന്നാല്‍ നീതിനിഷ്ഠര്‍ക്ക് ഐശ്വര്യം പ്രതിഫലമായി ലഭിക്കും.

22
ഉത്തമനായ മനുഷ്യന്‍ തന്‍റെ അവകാശം തലമുറകള്‍ക്കായി ശേഷിപ്പിക്കുന്നു.
പാപിയുടെ സമ്പത്താകട്ടെ നീതിമാനായി സംഭരിക്കപ്പെടുന്നു.

23
തരിശുഭൂമി ദരിദ്രര്‍ക്ക് ധാരാളം വിള നല്‌കുന്നു;
അധര്‍മി അതും കൈവശപ്പെടുത്തി തരിശിടുന്നു.

24
ശിക്ഷിക്കാതെ മകനെ വളര്‍ത്തുന്നവന്‍ അവനെ സ്നേഹിക്കുന്നില്ല,
മകനെ സ്നേഹിക്കുന്നവന്‍ അവനു ശിക്ഷണം നല്‌കുന്നു.

25
നീതിമാനു ഭക്ഷിക്കാന്‍ വേണ്ടുവോളമുണ്ട്;
ദുഷ്ടനോ വിശന്നു പൊരിയുന്നു.

14

1

ജ്ഞാനം തന്‍റെ ഭവനം പണിയുന്നു,
ഭോഷത്തം സ്വന്തകൈകൊണ്ട് അതു പൊളിച്ചുകളയുന്നു.

2
നേര്‍വഴിയില്‍ നടക്കുന്നവന്‍ ദൈവഭക്തനാകുന്നു;
വക്രമാര്‍ഗത്തില്‍ ചരിക്കുന്നവന്‍ അവിടുത്തെ നിന്ദിക്കുന്നു.

3
മൂഢന്‍റെ ഭാഷണം അവന്‍റെ മുതുകിന് അടി ഏല്പിക്കുന്നു.
എന്നാല്‍ ജ്ഞാനിയുടെ വാക്കുകള്‍ അവനെ സംരക്ഷിക്കുന്നു.

4
ഉഴവുകാളകള്‍ ഇല്ലാത്തിടത്ത് കളപ്പുര ശൂന്യമായിരിക്കുന്നു,
എന്നാല്‍ കാളകളുടെ ശക്തിയാല്‍ ധാന്യസമൃദ്ധി ഉണ്ടാകുന്നു.

5
വിശ്വസ്തനായ സാക്ഷി വ്യാജം പറയുകയില്ല;
കള്ളസ്സാക്ഷി വ്യാജം ഉതിര്‍ക്കുന്നു.

6
നിന്ദകന്‍ ജ്ഞാനം തേടിയാലും കണ്ടെത്തുകയില്ല;
വിവേകി അറിവ് എളുപ്പം നേടും.

7
മൂഢന്‍റെ സമീപത്തുനിന്നു മാറിപ്പോകുക;
അറിവിന്‍റെ വചനങ്ങള്‍ അവനില്‍നിന്നു ലഭിക്കുകയില്ലല്ലോ.

8
വിവേകിയുടെ ജ്ഞാനം അവനു നേര്‍വഴി കാട്ടുന്നു,
ഭോഷത്തം ഭോഷന്മാരെ കബളിപ്പിക്കുന്നു.

9
ഭോഷന്മാര്‍ പാപത്തെ നിസ്സാരമായി എണ്ണുന്നു.
നീതിനിഷ്ഠര്‍ ദൈവകൃപ അനുഭവിക്കുന്നു.

10
നിന്‍റെ ദുഃഖം നീ മാത്രം അറിയുന്നു
നിന്‍റെ സന്തോഷത്തിലും അന്യര്‍ക്കു പങ്കില്ല.

11
ദുഷ്ടന്മാരുടെ ഭവനം നശിപ്പിക്കപ്പെടും,
നീതിമാന്‍റെ കൂടാരം ഐശ്വര്യപൂര്‍ണമാകും.

12
ശരിയെന്നു തോന്നുന്ന മാര്‍ഗം മരണത്തിലേക്കു നയിച്ചെന്നു വരാം.

13
ഒരുവന്‍ ചിരിക്കുമ്പോഴും അവന്‍റെ ഹൃദയം ദുഃഖപൂര്‍ണമായിരിക്കും.
സന്തോഷത്തിന്‍റെ അന്ത്യമോ ദുഃഖം ആകുന്നു.

14
വഴിപിഴച്ചവന്‍ സ്വന്തം ദുഷ്പ്രവൃത്തിയുടെ ഫലം കൊയ്തെടുക്കും,
നല്ല മനുഷ്യനു തന്‍റെ സല്‍പ്രവൃത്തിയുടെ ഫലം ലഭിക്കും.

15
ബുദ്ധിശൂന്യന്‍ കേള്‍ക്കുന്നതെല്ലാം വിശ്വസിക്കുന്നു,
ബുദ്ധിമാനാകട്ടെ തന്‍റെ മാര്‍ഗം സൂക്ഷിക്കുന്നു.

16
ജ്ഞാനി ജാഗരൂകനായി തിന്മയില്‍നിന്ന് അകന്നുമാറുന്നു;
ഭോഷനാകട്ടെ അശ്രദ്ധനായി എടുത്തു ചാടുന്നു.

17
ക്ഷിപ്രകോപി അവിവേകം പ്രവര്‍ത്തിക്കുന്നു;
എന്നാല്‍ ബുദ്ധിമാന്‍ ക്ഷമയോടെ വര്‍ത്തിക്കും.

18
ബുദ്ധിഹീനന്‍ ഭോഷത്തം വരുത്തിവയ്‍ക്കുന്നു;
വിവേകി പരിജ്ഞാനത്തിന്‍റെ കിരീടം അണിയുന്നു.

19
ദുര്‍ജനം സജ്ജനത്തിന്‍റെ മുമ്പിലും
ദുഷ്ടന്മാര്‍ ശിഷ്ടന്മാരുടെ വാതില്‌ക്കലും വണങ്ങുന്നു.

20
ദരിദ്രനെ അവന്‍റെ അയല്‍ക്കാര്‍പോലും വെറുക്കുന്നു,
എന്നാല്‍ ധനവാനെ അനേകര്‍ സ്നേഹിക്കുന്നു.

21
അയല്‍ക്കാരനെ നിന്ദിക്കുന്നവന്‍ പാപിയാകുന്നു,
ദരിദ്രനോടു ദയ കാട്ടുന്നവനോ ധന്യന്‍.

22
ദുരാലോചന നടത്തുന്നവന്‍ വഴി തെറ്റിപ്പോകുന്നില്ലേ?
നന്മ ചിന്തിക്കുന്നവനു കൂറും വിശ്വസ്തതയും ലഭിക്കുന്നു.

23
അധ്വാനമെല്ലാം ലാഭകരമാണ്,
എന്നാല്‍ വായാടിത്തംകൊണ്ട് ദാരിദ്ര്യമേ ഉണ്ടാകൂ.

24
ജ്ഞാനികള്‍ക്ക് ജ്ഞാനം കിരീടം;
ഭോഷന്മാര്‍ക്ക് ഭോഷത്തം പൂമാല.

25
സത്യസന്ധനായ സാക്ഷി പലരെയും രക്ഷിക്കുന്നു;
കള്ളസ്സാക്ഷി വഞ്ചകനാകുന്നു.

26
ദൈവഭക്തനു ദൃഢമായ ആത്മവിശ്വാസമുണ്ട്.
അത് അയാളുടെ മക്കള്‍ക്ക് അഭയസ്ഥാനമായിരിക്കും.

27
ദൈവഭക്തി ജീവന്‍റെ ഉറവയാകുന്നു,
അതു മരണത്തിന്‍റെ കെണികളില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ സഹായിക്കുന്നു.

28
പ്രജാബാഹുല്യം രാജാവിനു പ്രതാപകരം,
പ്രജകളുടെ അഭാവം രാജാവിനു വിനാശം.

29
ക്ഷമാശീലന്‍ മഹാബുദ്ധിമാന്‍;
ക്ഷിപ്രകോപി ഭോഷത്തം തുറന്നുകാട്ടുന്നു.

30
പ്രശാന്തമനസ്സ് ദേഹത്തിനു ചൈതന്യം നല്‌കുന്നു,
അസൂയ അസ്ഥികളെ ജീര്‍ണിപ്പിക്കുന്നു.

31
എളിയവനെ പീഡിപ്പിക്കുന്നവന്‍ സ്രഷ്ടാവിനെ നിന്ദിക്കുന്നു;
എന്നാല്‍ ദരിദ്രനോടു ദയ കാട്ടുന്നവന്‍ അവിടുത്തെ ആദരിക്കുന്നു.

32
ദുഷ്പ്രവൃത്തിയാല്‍ ദുഷ്ടന്‍ വീഴുന്നു;
നീതിമാനാകട്ടെ തന്‍റെ സ്വഭാവശുദ്ധിയില്‍ അഭയം കണ്ടെത്തുന്നു.

33
വിവേകിയുടെ ഹൃദയത്തില്‍ ജ്ഞാനം കുടികൊള്ളുന്നു,
ഭോഷന്മാരുടെ ഹൃദയം അതിനെ അറിയുന്നതേയില്ല.

34
നീതി ജനതയെ ഉയര്‍ത്തുന്നു;
എന്നാല്‍ പാപം ഏതു ജനതയ്‍ക്കും അപമാനകരമത്രേ;

35
ബുദ്ധിമാനായ ദാസനു രാജാവിന്‍റെ പ്രീതി ലഭിക്കുന്നു;
എന്നാല്‍ ലജ്ജാകരമായി പ്രവര്‍ത്തിക്കുന്നവന്‍റെമേല്‍ രാജകോപം നിപതിക്കും.

15

1

സൗമ്യമായ മറുപടി രോഷത്തെ ശമിപ്പിക്കും;
പരുഷവാക്കോ കോപത്തെ ജ്വലിപ്പിക്കും;

2
ജ്ഞാനിയുടെ വാക്കുകള്‍ വിജ്ഞാനം വിതറുന്നു;
മൂഢന്മാരോ ഭോഷത്തം വിളമ്പുന്നു.

3
സര്‍വേശ്വരന്‍ എല്ലാം കാണുന്നു;
ദുഷ്ടരെയും ശിഷ്ടരെയും അവിടുന്നു നോക്കിക്കൊണ്ടിരിക്കുന്നു.

4
സൗമ്യതയുള്ള വാക്ക് ജീവവൃക്ഷം,
വക്രതയുള്ള വാക്ക് ഹൃദയം തകര്‍ക്കുന്നു.

5
മൂഢന്‍ പിതാവിന്‍റെ പ്രബോധനം നിരസിക്കുന്നു;
ശാസനം ആദരിക്കുന്നവന്‍ വിവേകിയായിത്തീരും.

6
നീതിമാന്‍റെ ഗൃഹത്തില്‍ ധാരാളം നിക്ഷേപമുണ്ട്;
ദുഷ്ടന്‍റെ സമ്പാദ്യത്തിന്മേല്‍ അനര്‍ഥം നിപതിക്കും.

7
ജ്ഞാനിയുടെ വചസ്സുകള്‍ വിജ്ഞാനം വിതറുന്നു;
ദുഷ്ടന്മാരുടെ മനസ്സോ നേരുള്ളതല്ല.

8
ദുഷ്ടന്മാരുടെ യാഗം സര്‍വേശ്വരന്‍ വെറുക്കുന്നു;
സത്യസന്ധരുടെ പ്രാര്‍ഥനയില്‍ അവിടുന്നു പ്രസാദിക്കുന്നു.

9
ദുഷ്ടന്മാരുടെ മാര്‍ഗം സര്‍വേശ്വരന്‍ ദ്വേഷിക്കുന്നു;
എന്നാല്‍ നീതിനിഷ്ഠനെ അവിടുന്നു സ്നേഹിക്കുന്നു.

10
നേര്‍വഴി വിട്ടു നടക്കുന്നവനു കഠിനശിക്ഷ ലഭിക്കും;
ശാസന വെറുക്കുന്നവന്‍ മരിക്കും.

11
പാതാളവും നരകഗര്‍ത്തവും സര്‍വേശ്വരന്‍റെ മുമ്പില്‍ തുറന്നുകിടക്കുന്നു;
എങ്കില്‍ മനുഷ്യഹൃദയം അവിടുന്ന് എത്ര വ്യക്തമായി കാണും.

12
പരിഹാസി ശാസനം ഇഷ്ടപ്പെടുന്നില്ല;
അവന്‍ ജ്ഞാനിയെ സമീപിക്കുന്നതുമില്ല.

13
സന്തുഷ്ടഹൃദയം മുഖം പ്രസന്നമാക്കുന്നു;
ഹൃദയവ്യഥ ഉന്മേഷം കെടുത്തുന്നു.

14
വിവേകി വിജ്ഞാനം തേടുന്നു.
മൂഢന്‍ ഭോഷത്തംകൊണ്ടു തൃപ്തിയടയുന്നു.

15
പീഡിതന് ജീവിതം ക്ലേശപൂര്‍ണമാണ്;
എന്നാല്‍ സന്തുഷ്ടഹൃദയനു നിത്യവും ഉത്സവമാണ്.

16
അനര്‍ഥങ്ങളോടുകൂടിയ ഏറിയ സമ്പത്തിനെക്കാള്‍ മെച്ചം
ദൈവഭക്തിയോടുകൂടിയ അല്പംകൊണ്ടു കഴിയുന്നതാണ്.

17
വിദ്വേഷത്തോടുകൂടിയ മാംസഭോജ്യത്തെക്കാള്‍
സ്നേഹത്തോടുകൂടിയ സസ്യഭോജനമത്രേ ശ്രേഷ്ഠം.

18
കോപശീലന്‍ കലഹം ഇളക്കിവിടുന്നു;
ക്ഷമാശീലന്‍ അതു ശമിപ്പിക്കുന്നു.

19
അലസന്‍റെ മാര്‍ഗം മുള്‍ച്ചെടികള്‍കൊണ്ടു നിറഞ്ഞത്;
നീതിമാന്‍റെ മാര്‍ഗമോ നിരപ്പുള്ള രാജപാത;

20
ജ്ഞാനമുള്ള മകന്‍ പിതാവിനെ സന്തോഷിപ്പിക്കും;
മൂഢനാകട്ടെ മാതാവിനെ നിന്ദിക്കുന്നു.

21
ഭോഷത്തം ബുദ്ധിഹീനന് ആഹ്ലാദമാകുന്നു;
വിവേകി നേര്‍വഴിയില്‍ നടക്കുന്നു.

22
സദുപദേശം ഇല്ലെങ്കില്‍ പദ്ധതികള്‍ പാളിപ്പോകും;
ഉപദേഷ്ടാക്കളുടെ ബഹുത്വത്താല്‍ അവ വിജയിക്കും.

23
ഉചിതമായ മറുപടി നല്‌കുക സന്തോഷകരമത്രേ,
അവസരോചിതമായ വാക്ക് എത്ര നല്ലത്.

24
ജ്ഞാനിയുടെ പാത ഉയര്‍ന്ന് ജീവനിലേക്കു നയിക്കുന്നു;
അവന്‍ താഴെയുള്ള പാതാളത്തെ ഒഴിഞ്ഞുപോകുന്നു.

25
അഹങ്കാരിയുടെ ഭവനം സര്‍വേശ്വരന്‍ പൊളിച്ചുകളയും,
വിധവയുടെ അതിരുകള്‍ അവിടുന്നു സംരക്ഷിക്കുന്നു.

26
ദുര്‍ജനങ്ങളുടെ വിചാരങ്ങള്‍ സര്‍വേശ്വരന്‍ വെറുക്കുന്നു;
സജ്ജനത്തിന്‍റെ വാക്കുകള്‍ അവിടുത്തേക്കു പ്രസാദകരം.

27
അന്യായലാഭം ഇച്ഛിക്കുന്നവന്‍ സ്വന്തഭവനത്തിനു ദ്രോഹം വരുത്തും;
കൈക്കൂലി വെറുക്കുന്നവന്‍ ജീവിച്ചിരിക്കും.

28
നീതിമാന്‍ ആലോചിച്ച് ഉചിതമായ ഉത്തരം നല്‌കുന്നു
ദുഷ്ടന്മാരോ ദുഷ്ടത പ്രവര്‍ത്തിക്കുന്നു.

29
സര്‍വേശ്വരന്‍ ദുര്‍ജനത്തില്‍നിന്ന് അകന്നിരിക്കുന്നു;
നീതിമാന്‍റെ പ്രാര്‍ഥന അവിടുന്നു കേള്‍ക്കുന്നു.

30
കണ്ണിന്‍റെ പ്രകാശം ഹൃദയത്തെ ആനന്ദിപ്പിക്കുന്നു;
സദ്‍വാര്‍ത്ത അസ്ഥികള്‍ക്ക് ഉന്മേഷം പകരുന്നു;

31
ജീവദായകമായ ശാസന കേള്‍ക്കുന്നവന്‍
ജ്ഞാനികളുടെ ഇടയില്‍ വസിക്കും.

32
പ്രബോധനം അവഗണിക്കുന്നവന്‍ തന്നെത്തന്നെ അവഗണിക്കുന്നു.
ശാസന കേള്‍ക്കുന്നവനോ വിവേകം നേടുന്നു.

33
ദൈവഭക്തി ജ്ഞാനലബ്ധിക്കുള്ള ശിക്ഷണമാകുന്നു.
വിനയം ബഹുമതിയുടെ മുന്നോടിയാകുന്നു.

16

1

മനുഷ്യന്‍ പദ്ധതികള്‍ നിരൂപിക്കുന്നു,
അന്തിമതീരുമാനം സര്‍വേശ്വരന്‍റേതത്രേ.

2
തന്‍റെ മാര്‍ഗങ്ങള്‍ ശരിയാണെന്ന് ഒരുവനു തോന്നുന്നു,
സര്‍വേശ്വരനോ ഹൃദയവിചാരങ്ങള്‍ പരിശോധിക്കുന്നു.

3
നിന്‍റെ പ്രവൃത്തികള്‍ സര്‍വേശ്വരനില്‍ സമര്‍പ്പിക്കുക,
എന്നാല്‍ നിന്‍റെ ആഗ്രഹങ്ങള്‍ സഫലമാകും.

4
ഓരോന്നിനെയും പ്രത്യേക ലക്ഷ്യത്തോടെ സര്‍വേശ്വരന്‍ സൃഷ്‍ടിച്ചിരിക്കുന്നു,
അനര്‍ഥദിവസത്തിനുവേണ്ടി ദുഷ്ടനെയും.

5
അഹങ്കാരികളെ സര്‍വേശ്വരന്‍ വെറുക്കുന്നു,
അവര്‍ക്ക് തീര്‍ച്ചയായും ശിക്ഷ ലഭിക്കും.

6
വിശ്വസ്തതയും കൂറും ആണ് അകൃത്യത്തിനു പരിഹാരം.
ദൈവഭക്തി മനുഷ്യനെ തിന്മയില്‍ നിന്ന് അകറ്റും.

7
ഒരുവന്‍റെ വഴികള്‍ സര്‍വേശ്വരനു പ്രസാദകരമാകുമ്പോള്‍
അവന്‍റെ ശത്രുക്കളെപ്പോലും അവിടുന്ന് അവനോട് രഞ്ജിപ്പിക്കുന്നു.

8
നീതികൊണ്ടു നേടിയ അല്പ ധനമാണ്,
അനീതികൊണ്ടു നേടിയ വലിയ ധനത്തെക്കാള്‍ മെച്ചം.

9
ഒരു മനുഷ്യന്‍ തന്‍റെ മാര്‍ഗങ്ങള്‍ ആലോചിച്ചുവയ്‍ക്കുന്നു,
എന്നാല്‍ സര്‍വേശ്വരനാണ് അവന്‍റെ കാലടികളെ നിയന്ത്രിക്കുന്നത്.

10
ദൈവപ്രചോദിതമായ വാക്കുകള്‍ രാജാവിന്‍റെ അധരങ്ങളിലുണ്ട്;
വിധിക്കുമ്പോള്‍ അദ്ദേഹത്തിനു തെറ്റുപറ്റുകയില്ല.

11
ഒത്തതുലാസും അളവുകോലും സര്‍വേശ്വരന്‍ ആഗ്രഹിക്കുന്നു.
സഞ്ചിയിലെ തൂക്കുകട്ടികളെല്ലാം അവിടുന്നു നിശ്ചയിച്ചത്.

12
രാജാക്കന്മാര്‍ക്ക് അധാര്‍മികത മ്ലേച്ഛമാണ്.
ധാര്‍മികതയിലാണ് സിംഹാസനം ഉറപ്പിക്കപ്പെട്ടിരിക്കുന്നത്.

13
സത്യസന്ധമായ ഭാഷണം രാജാവിനെ സന്തോഷിപ്പിക്കുന്നു.
സത്യം പറയുന്നവനെ അദ്ദേഹം സ്നേഹിക്കുന്നു.

14
രാജാവിന്‍റെ രോഷം മരണദൂതനാകുന്നു;
അതു ശമിപ്പിക്കാന്‍ ജ്ഞാനിക്കു കഴിയും.

15
രാജാവിന്‍റെ പ്രസാദത്തില്‍ ജീവനുണ്ട്,
അദ്ദേഹത്തിന്‍റെ പ്രസാദം വസന്തത്തില്‍ മഴ പെയ്യിക്കുന്ന മേഘംപോലെ ആകുന്നു.

16
ജ്ഞാനം നേടുന്നതു സ്വര്‍ണസമ്പാദനത്തിലും മെച്ചം!
വിവേകം വെള്ളിയെക്കാള്‍ എത്ര അഭികാമ്യം!

17
നേരുള്ളവരുടെ വഴി ദോഷം വിട്ട് അകന്നുപോകുന്നു;
തന്‍റെ വഴി സൂക്ഷിക്കുന്നവന്‍ സ്വന്തജീവന്‍ സുരക്ഷിതമാക്കുന്നു.

18
അഹങ്കാരം നാശത്തിന്‍റെയും ധാര്‍ഷ്ട്യം പതനത്തിന്‍റെയും മുന്നോടിയാണ്.

19
ഗര്‍വിഷ്ഠരോടുകൂടി കൊള്ള പങ്കിടുന്നതിലും നല്ലത്
എളിയവരോടൊപ്പം എളിമയില്‍ കഴിയുന്നതാണ്.

20
ദൈവവചനം അനുസരിക്കുന്നവന്‍ ഐശ്വര്യം പ്രാപിക്കും;
സര്‍വേശ്വരനില്‍ ശരണപ്പെടുന്നവന്‍ ഭാഗ്യവാന്‍.

21
വിവേകി ജ്ഞാനമുള്ളവന്‍ എന്ന് അറിയപ്പെടും;
ഹൃദ്യമായി സംസാരിക്കുന്നവന്‍ അനുനയമുള്ളവനാകുന്നു.

22
ജ്ഞാനിക്ക് വിജ്ഞാനം ജീവന്‍റെ ഉറവയാകുന്നു,
ഭോഷത്തമോ ഭോഷനുള്ള ശിക്ഷയത്രേ.

23
ജ്ഞാനിയുടെ മനസ്സ് വിവേകപൂര്‍ണമാകുന്നു;
അതുകൊണ്ട് അവന്‍റെ വാക്കുകള്‍ക്ക് കൂടുതല്‍ അനുനയശക്തിയുണ്ട്.

24
ഹൃദ്യമായ വാക്കു തേന്‍കട്ടയാണ്,
അതു മനസ്സിനു മാധുര്യവും ശരീരത്തിന് ആരോഗ്യവും പകരുന്നു.

25
നേരായി തോന്നുന്ന മാര്‍ഗം അവസാനം മരണത്തിലേക്കു നയിക്കുന്നതാവാം.

26
വിശപ്പു തൊഴിലാളിയെക്കൊണ്ടു കഠിനാധ്വാനം ചെയ്യിക്കുന്നു.
അവന്‍റെ വിശപ്പ് അവനെ അതിനു പ്രേരിപ്പിക്കുന്നു.

27
വിലകെട്ട മനുഷ്യന്‍ ദോഷം നിരൂപിക്കുന്നു;
അവന്‍റെ വാക്കുകള്‍ എരിതീയാണ്.

28
വികടബുദ്ധി കലഹം പരത്തുന്നു,
ഏഷണിക്കാരന്‍ മിത്രങ്ങളെ ഭിന്നിപ്പിക്കുന്നു.

29
അക്രമി അയല്‍ക്കാരനെ വശീകരിച്ചു
ഹീനമായ മാര്‍ഗത്തിലേക്കു നയിക്കുന്നു.

30
കണ്ണിറുക്കി കാട്ടുന്നവന്‍ വക്രത ആലോചിക്കുന്നു,
തന്‍റെ അധരങ്ങള്‍ കടിച്ചമര്‍ത്തുന്നവന്‍ തിന്മയ്‍ക്കു വഴിഒരുക്കുന്നു.

31
നരച്ച തല മഹത്ത്വത്തിന്‍റെ കിരീടം,
നീതിനിഷ്ഠമായ ജീവിതംകൊണ്ട് അതു കൈവരും.

32
ക്ഷമാശീലന്‍ അതിശക്തനെക്കാളും ആത്മനിയന്ത്രണമുള്ളവന്‍ നഗരം
പിടിച്ചടക്കുന്നവനെക്കാളും ശ്രേഷ്ഠന്‍.

33
കാര്യങ്ങള്‍ തീരുമാനിക്കാന്‍ കുറിയിടുന്നു,
അന്തിമതീര്‍പ്പു കല്പിക്കുന്നതു സര്‍വേശ്വരനാണ്.

17

1

കലഹമുള്ള ഭവനത്തിലെ വലിയ വിരുന്നിലും മെച്ചം
സ്വസ്ഥതയുള്ളിടത്തെ ഉണങ്ങിയ അപ്പക്കഷണമാണ്.

2
നിന്ദ്യമായി വര്‍ത്തിക്കുന്ന യജമാനപുത്രനെ ബുദ്ധിമാനായ ദാസന്‍ ഭരിക്കും.
പുത്രന്മാരില്‍ ഒരാളെപ്പോലെ കുടുംബസ്വത്തിന്‍റെ ഓഹരി അയാള്‍ നേടും.

3
വെള്ളി മൂശയിലും സ്വര്‍ണം ഉലയിലും പുടം ചെയ്യുംപോലെ
സര്‍വേശ്വരന്‍ ഹൃദയങ്ങളെ ശോധന ചെയ്യുന്നു.

4
ദുഷ്കര്‍മി ദുര്‍ജനത്തിന്‍റെ വാക്കു കേള്‍ക്കുന്നു,
നുണയന്‍ അപവാദത്തിനു ചെവി കൊടുക്കുന്നു.

5
ദരിദ്രനെ പരിഹസിക്കുന്നവന്‍ അവന്‍റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു.
അന്യന്‍റെ വിപത്തില്‍ സന്തോഷിക്കുന്നവന്‍ ശിക്ഷിക്കപ്പെടാതിരിക്കയില്ല.

6
പേരക്കിടാങ്ങള്‍ വൃദ്ധന്മാര്‍ക്കു കിരീടം;
മക്കളുടെ അഭിമാനം പിതാക്കന്മാര്‍തന്നെ.

7
സുഭാഷിതം ഭോഷനു ചേര്‍ന്നതല്ല;
വ്യാജഭാഷണം പ്രഭുവിന് ഉചിതമല്ല.

8
കൈക്കൂലി കൊടുക്കുന്നവന്‍ അതൊരു മാന്ത്രികക്കല്ലെന്നു കരുതുന്നു;
അതുകൊണ്ട് എങ്ങോട്ടു തിരിഞ്ഞാലും
അഭിവൃദ്ധിപ്പെടാമെന്നാണ് അവന്‍റെ വിചാരം.

9
അപരാധം ക്ഷമിക്കുന്നവന്‍ സ്നേഹം നേടുന്നു;
എന്നാല്‍ അതു പറഞ്ഞു പരത്തുന്നവന്‍ മിത്രങ്ങളെ അകറ്റുന്നു.

10
ഭോഷനു നൂറ് അടി കൊടുക്കുന്നതിലും ഫലപ്രദം
വിവേകമുള്ളവനെ ഒന്നു ശാസിക്കുന്നതാണ്.

11
നിഷേധി കലഹം അന്വേഷിക്കുന്നു;
അവനെതിരെ നിഷ്ഠുരനായ ദൂതന്‍ അയയ്‍ക്കപ്പെടും.

12
ഭോഷനെ അവന്‍റെ ഭോഷത്തത്തില്‍ എതിരിടുന്നതിലും ഭേദം
കുഞ്ഞുങ്ങള്‍ അപഹരിക്കപ്പെട്ട പെണ്‍കരടിയെ നേരിടുകയാണ്.

13
നന്മയ്‍ക്കു പകരം തിന്മ പ്രവര്‍ത്തിക്കുന്നവന്‍റെ
ഭവനത്തില്‍നിന്ന് അനര്‍ഥം വിട്ടകലുകയില്ല.

14
അണപൊട്ടി ഒഴുകുന്നതുപോലെയാണ് കലഹത്തിന്‍റെ ആരംഭം;
അതുകൊണ്ടു തുടക്കത്തില്‍ത്തന്നെ കലഹം ഒഴിവാക്കുക.

15
ദുഷ്ടനെ ന്യായീകരിക്കുന്നവനെയും നീതിമാനെ കുറ്റപ്പെടുത്തുന്നവനെയും
സര്‍വേശ്വരന്‍ ഒരുപോലെ വെറുക്കുന്നു.

16
വിജ്ഞാനം നേടാന്‍ മനസ്സില്ലാതിരിക്കെ,
ജ്ഞാനസമ്പാദനത്തിനു മൂഢനു ദ്രവ്യം എന്തിന്?

17
സ്നേഹിതന്‍ എല്ലായ്പോഴും സ്നേഹിക്കുന്നു,
അനര്‍ഥകാലത്ത് അവന്‍ നിനക്കു സഹോദരനായിരിക്കും.

18
ബുദ്ധിഹീനന്‍ അയല്‍ക്കാരനുവേണ്ടി ജാമ്യം നില്‌ക്കുന്നു.

19
അതിക്രമം ഇഷ്ടപ്പെടുന്നവന്‍ കലഹപ്രിയനാകുന്നു.
സമ്പത്തിന്‍റെ പ്രൗഢി കാട്ടുന്നവന്‍ വിനാശം വിളിച്ചുവരുത്തുന്നു.

20
വക്രമനസ്കന് ഐശ്വര്യം ഉണ്ടാവുകയില്ല;
വികടം പറയുന്നവന്‍ അനര്‍ഥത്തില്‍ നിപതിക്കും.

21
മൂഢനായ പുത്രന്‍ പിതാവിനു ദുഃഖകാരണം;
ഭോഷന്‍റെ പിതാവിനു സന്തോഷം ഉണ്ടാവുകയില്ല.

22
സന്തുഷ്ടഹൃദയം ആരോഗ്യദായകം;
എന്നാല്‍ തളര്‍ന്ന മനസ്സ് ആരോഗ്യം കെടുത്തുന്നു.

23
ന്യായത്തിന്‍റെ പാത മറിച്ചുകളയാന്‍
ദുഷ്ടന്‍ രഹസ്യമായി കൈക്കൂലി വാങ്ങുന്നു.

24
വിവേകി ജ്ഞാനമുള്ളവനായിരിക്കുന്നു;
മൂഢന്‍റെ ദൃഷ്‍ടി ഭൂമിയിലെങ്ങും അലഞ്ഞുതിരിയുന്നു.

25
മൂഢനായ മകന്‍ പിതാവിനു ദുഃഖം;
അവനെ പ്രസവിച്ചവള്‍ക്ക് കയ്പ്.

26
നീതിമാനു പിഴയിടുന്നതു ശരിയല്ല;
ശ്രേഷ്ഠന്മാരെ നീതിനിമിത്തം പ്രഹരിക്കുന്നതും ഉചിതമല്ല.

27
വാക്കുകള്‍ നിയന്ത്രിക്കുന്നവന്‍ ജ്ഞാനി,
പ്രശാന്ത മനസ്സുള്ളവന്‍ വിവേകി.

28
മൗനം പാലിച്ചാല്‍ ഭോഷനും ജ്ഞാനിയായി കരുതപ്പെടും.
വായടച്ചിരുന്നാല്‍ അവന്‍ ബുദ്ധിമാനായി ഗണിക്കപ്പെടും.

18

1

വേറിട്ടു നില്‌ക്കുന്നവന്‍ ശരിയായ
തീരുമാനങ്ങളെയെല്ലാം എതിര്‍ക്കാന്‍ പഴുതുനോക്കുന്നു.

2
മൂഢനു സ്വന്തം അഭിപ്രായം പ്രകടിപ്പിക്കുന്നതിലല്ലാതെ
കാര്യം ഗ്രഹിക്കുന്നതില്‍ താല്‍പര്യം ഇല്ല.

3
ദുഷ്ടതയോടൊപ്പം അപമാനവും ദുഷ്കീര്‍ത്തിയോടൊപ്പം മാനഹാനിയും വന്നുചേരുന്നു.

4
മനുഷ്യന്‍റെ വാക്കുകള്‍ ആഴമുള്ള ജലാശയമാകുന്നു,
ജ്ഞാനത്തിന്‍റെ ഉറവ പാഞ്ഞൊഴുകുന്ന അരുവി.

5
ദുഷ്ടന്‍റെ പക്ഷം പിടിക്കുന്നതോ നീതിമാനു നീതി നിഷേധിക്കുന്നതോ ശരിയല്ല.

6
മൂഢന്‍റെ വാക്കുകള്‍ കലഹകാരണമാകുന്നു.
അവന്‍റെ വാക്കുകള്‍ ചുട്ടയടി ക്ഷണിച്ചു വരുത്തുന്നു.

7
മൂഢന്‍റെ വാക്കുകള്‍ അവനെ നശിപ്പിക്കുന്നു;
അവന്‍റെതന്നെ വാക്കുകള്‍ അവനു കെണിയായിത്തീരുന്നു.

8
ഏഷണിക്കാരന്‍റെ വാക്കുകള്‍ സ്വാദുള്ള അപ്പംപോലെയാണ്.
അത് ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുന്നു.

9
മടിയന്‍ മുടിയന്‍റെ സഹോദരന്‍.

10
സര്‍വേശ്വരന്‍ ഉറപ്പുള്ള ഗോപുരം;
നീതിമാന്‍ ഓടിച്ചെന്ന് അതില്‍ അഭയം പ്രാപിക്കുന്നു.

11
ധനമാണു സമ്പന്നന്‍റെ ബലിഷ്ഠമായ നഗരം;
ഉയര്‍ന്ന കോട്ടപോലെ അത് അയാളെ സംരക്ഷിക്കുന്നു.

12
ഗര്‍വം വിനാശത്തിന്‍റെ മുന്നോടിയാണ്,
വിനയം ബഹുമാനത്തിന്‍റെയും.

13
കേള്‍ക്കുന്നതിനു മുമ്പ് ഉത്തരം പറഞ്ഞാല്‍
അതു ഭോഷത്തവും ലജ്ജാകരവുമാണ്.

14
ആത്മധൈര്യം രോഗത്തെ സഹിക്കുമാറാക്കുന്നു;
തകര്‍ന്ന മനസ്സിനെ ആര്‍ക്കു താങ്ങാന്‍ കഴിയും?

15
ബുദ്ധിമാന്‍ അറിവു നേടുന്നു;
വിവേകി ജ്ഞാനത്തിനു ചെവി കൊടുക്കുന്നു.

16
സമ്മാനം കൊടുക്കുന്നവന് ഉന്നതരുടെ മുമ്പില്‍ പ്രവേശനവും
സ്ഥാനവും ലഭിക്കുന്നു.

17
പ്രതിയോഗി ചോദ്യം ചെയ്യുന്നതുവരെ പരിശോധിക്കും.
വാദം ഉന്നയിച്ചവന്‍റെ പക്കലാണ് ന്യായമെന്നു തോന്നും.

18
നറുക്കെടുക്കുന്നത് തര്‍ക്കങ്ങള്‍ അവസാനിപ്പിക്കുന്നു,
അത് പ്രബലരായ കക്ഷികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ക്കു തീരുമാനമുണ്ടാക്കുന്നു.

19
സഹോദരനെ സഹായിച്ചാല്‍ അവന്‍ നിനക്ക് സുശക്തമായ പട്ടണം ആയിരിക്കും.
ശണ്ഠകൂടിയാല്‍ അവന്‍ ദുര്‍ഗമന്ദിരത്തിന്‍റെ അടയ്‍ക്കപ്പെട്ട വാതില്‍പോലെയാണ്.

20
വാക്കുകളുടെ ഫലത്താല്‍ ഒരുവന്‍ സംതൃപ്തനാകും;
അധരങ്ങളുടെ ഫലത്താല്‍ അവനു തൃപ്തിവരും.

21
വാക്കുകള്‍ക്ക് മരണവും ജീവനും വരുത്താന്‍ കഴിയും.
അതിനെ സ്നേഹിക്കുന്നവന്‍ അതിന്‍റെ ഫലങ്ങള്‍ ഭുജിക്കും.

22
ഉത്തമഭാര്യയെ കണ്ടെത്തുന്നവന്‍ നന്മ കണ്ടെത്തുന്നു,
അതു സര്‍വേശ്വരന്‍റെ അനുഗ്രഹമാണ്.

23
ദരിദ്രന്‍ യാചനാസ്വരത്തില്‍ സംസാരിക്കുന്നു;
എന്നാല്‍ ധനവാന്‍ പരുഷമായി ഉത്തരം പറയുന്നു.

24
മിത്രങ്ങളെന്നു നടിക്കുന്ന ചിലരുണ്ട്;
എന്നാല്‍ സഹോദരനെക്കാള്‍ ഉറ്റബന്ധം പുലര്‍ത്തുന്ന സ്നേഹിതന്മാരുമുണ്ട്.

19

1

ദുര്‍ഭാഷണം നടത്തുന്ന ഭോഷനിലും മെച്ചം
സത്യസന്ധമായി ജീവിക്കുന്ന ദരിദ്രനാണ്.

2
പരിജ്ഞാനമില്ലാതെ കഴിയുന്നതു നന്നല്ല;
തിടുക്കം കൂട്ടുന്നവനു ചുവടു പിഴയ്‍ക്കും.

3
ഭോഷത്തംകൊണ്ടു ചിലര്‍ വിനാശം വരുത്തുന്നു,
പിന്നീട് അവര്‍ സര്‍വേശ്വരനെതിരെ രോഷം കൊള്ളുന്നു.

4
സമ്പത്ത് അനേകം സ്നേഹിതരെ ഉണ്ടാക്കുന്നു;
എന്നാല്‍ ദരിദ്രനെ സ്നേഹിതര്‍പോലും കൈവെടിയുന്നു.

5
കള്ളസ്സാക്ഷിക്കു ശിക്ഷ ലഭിക്കാതിരിക്കയില്ല,
വ്യാജം പറയുന്നവന്‍ രക്ഷപെടുകയും ഇല്ല.

6
ഉദാരമനസ്കന്‍റെ പ്രീതി സമ്പാദിക്കാന്‍ പലരും നോക്കുന്നു;
ദാനം ചെയ്യുന്നവന് എല്ലാവരും സ്നേഹിതന്മാരാണ്.

7
ദരിദ്രന്‍റെ സഹോദരന്മാര്‍പോലും അവനെ വെറുക്കുന്നു.
അങ്ങനെയെങ്കില്‍ സ്നേഹിതന്മാര്‍ അവനോട് എത്രയധികം അകന്നു നില്‌ക്കും?
നല്ല വാക്കുമായി പുറകേ ചെന്നാലും ആരും അവനോടു കൂടുകയില്ല.

8
ജ്ഞാനം സമ്പാദിക്കുന്നവന്‍ തന്നെത്തന്നെ സ്നേഹിക്കുന്നു;
വിവേകം പാലിക്കുന്നവന് ഐശ്വര്യം ഉണ്ടാകും.

9
കള്ളസ്സാക്ഷിക്കു ശിക്ഷ ലഭിക്കാതിരിക്കുകയില്ല;
വ്യാജം പറയുന്നവന്‍ നശിക്കും.

10
ആഢംബരജീവിതം ഭോഷന്‍ അര്‍ഹിക്കുന്നില്ല.
പ്രഭുക്കന്മാരെ ഭരിക്കാന്‍ അടിമയ്‍ക്ക് അത്രപോലും അര്‍ഹതയില്ല.

11
വകതിരിവു ക്ഷിപ്രകോപം നിയന്ത്രിക്കും;
അപരാധം പൊറുക്കുന്നതു ശ്രേയസ്കരം.

12
രാജാവിന്‍റെ ഉഗ്രകോപം സിംഹഗര്‍ജനം പോലെയാണ്;
എന്നാല്‍ അദ്ദേഹത്തിന്‍റെ പ്രസാദം
പുല്‍ക്കൊടിയിലെ മഞ്ഞുതുള്ളിപോലെ ആകുന്നു.

13
മൂഢനായ മകന്‍ പിതാവിനു നാശം വരുത്തുന്നു;
ഭാര്യയുടെ കലഹം നിലയ്‍ക്കാത്ത ചോര്‍ച്ചപോലെയാണ്;

14
വീടും സമ്പത്തും പൈതൃകമായി ലഭിക്കുന്നു;
വിവേകമുള്ള ഭാര്യയോ സര്‍വേശ്വരന്‍റെ ദാനം.

15
അലസത ഗാഢനിദ്രയില്‍ ആഴ്ത്തുന്നു;
മടിയന്‍ പട്ടിണി കിടക്കും.

16
കല്പന പാലിക്കുന്നവന്‍ സ്വന്തജീവനെ കാക്കുന്നു;
അവയെ അവഗണിക്കുന്നവന്‍ അതിനെ നശിപ്പിക്കുന്നു.

17
എളിയവനോടു ദയ കാട്ടുന്നവന്‍ സര്‍വേശ്വരനു കടം കൊടുക്കുന്നു.
അവന്‍റെ പ്രവൃത്തിക്ക് അവിടുന്നു പ്രതിഫലം നല്‌കും.

18
നന്നാകുമെന്ന പ്രതീക്ഷയുള്ളിടത്തോളം മകനു ശിക്ഷണം നല്‌കുക.
അവന്‍റെ നാശത്തിനു നീ കാരണമാകരുത്.

19
ഉഗ്രകോപി അതിനുള്ള പിഴ ഒടുക്കേണ്ടിവരും;
നീ അവനെ വിടുവിച്ചാല്‍ അത് ആവര്‍ത്തിക്കേണ്ടിവരും.

20
നീ ജ്ഞാനിയായിത്തീരേണ്ടതിന് ഉപദേശം ശ്രദ്ധിക്കുകയും
പ്രബോധനം സ്വീകരിക്കുകയും ചെയ്യുക.

21
മനുഷ്യന്‍ പല കാര്യങ്ങള്‍ ആലോചിച്ചു വയ്‍ക്കുന്നു;
എന്നാല്‍ സര്‍വേശ്വരന്‍റെ ഉദ്ദേശ്യങ്ങളാണ് നിറവേറ്റപ്പെടുക.

22
ആരിലും നാം ആഗ്രഹിക്കുന്നതു വിശ്വസ്തതയാണ്.
ദരിദ്രനാണു വ്യാജം പറയുന്നവനെക്കാള്‍ ഉത്തമന്‍.

23
ദൈവഭക്തി ജീവനിലേക്കു നയിക്കുന്നു;
അതുള്ളവന്‍ സംതൃപ്തനായിരിക്കും;
അനര്‍ഥം അവനെ സമീപിക്കുകയില്ല.

24
മടിയന്‍ ഭക്ഷണപാത്രത്തില്‍ കൈ താഴ്ത്തുന്നെങ്കിലും
വായിലേക്ക് അതു കൊണ്ടുപോകുന്നില്ല.

25
പരിഹാസി അടി ഏല്‌ക്കുന്നതു കണ്ടാല്‍ ബുദ്ധിഹീനന്‍ വിവേകം പഠിക്കും;
ബുദ്ധിയുള്ളവനെ ശാസിച്ചാല്‍ അവന്‍ പരിജ്ഞാനം പ്രാപിക്കും.

26
പിതാവിനോട് അതിക്രമം കാട്ടുകയും
അമ്മയെ ആട്ടി ഓടിക്കുകയും ചെയ്യുന്നവന്‍ ലജ്ജയും അപമാനവും വരുത്തുന്നു.

27
മകനേ, ജ്ഞാനവചസ്സുകളെ വിട്ടുമാറണമെന്ന ഉപദേശം കേള്‍ക്കാതിരിക്കുക.

28
വിലകെട്ട സാക്ഷി നീതിയെ പുച്ഛിക്കുന്നു;
ദുഷ്ടന്‍ അധര്‍മം വിഴുങ്ങുന്നു.

29
പരിഹാസികള്‍ക്കു ശിക്ഷാവിധിയും മൂഢന്മാരുടെ മുതുകിന് അടിയും ഒരുക്കിയിട്ടുണ്ട്.

20

1

വീഞ്ഞു പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു;
അതുമൂലം വഴി പിഴയ്‍ക്കുന്നവന്‍ ഭോഷന്‍.

2
രാജാവിന്‍റെ ഉഗ്രരോഷം സിംഹഗര്‍ജനം പോലെയാണ്;
അദ്ദേഹത്തെ പ്രകോപിപ്പിക്കുന്നവന്‍ ജീവഹാനി വരുത്തുന്നു.

3
കലഹത്തില്‍നിന്ന് അകന്നിരിക്കുന്നതാണു മാനം;
എന്നാല്‍ ഭോഷന്മാര്‍ ശണ്ഠകൂടിക്കൊണ്ടിരിക്കും.

4
മടിയന്‍ വേണ്ടസമയത്ത് നിലം ഉഴുന്നില്ല;
കൊയ്ത്തുകാലത്ത് അവന്‍ ഇരക്കും;
എങ്കിലും ഒന്നും കിട്ടുകയില്ല.

5
മനുഷ്യന്‍റെ മനസ്സിലെ ആലോചന ആഴമേറിയ ജലാശയം പോലെയത്രേ.
വിവേകമുള്ളവന്‍ അതു കോരിയെടുക്കും.

6
പലരും തങ്ങള്‍ വിശ്വസ്തരെന്നു പ്രഖ്യാപിക്കാറുണ്ട്,
എന്നാല്‍ വിശ്വസ്തനായ ഒരുവനെ ആര്‍ക്ക് കണ്ടെത്താന്‍ കഴിയും?

7
സത്യസന്ധതയോടെ ജീവിക്കുന്നവന്‍ നീതിമാന്‍;
അയാളുടെ പിന്‍തലമുറകളും അനുഗ്രഹിക്കപ്പെട്ടവര്‍.

8
ന്യായാസനത്തില്‍ ഇരിക്കുന്ന രാജാവ്
സകല ദോഷങ്ങളും കണ്ണുകൊണ്ടു പാറ്റിക്കളയുന്നു.

9
“എന്‍റെ ഹൃദയം ഞാന്‍ വെടിപ്പാക്കിയിരിക്കുന്നു;
പാപം വിട്ട് ഞാന്‍ നിര്‍മ്മലനായിരിക്കുന്നു.”
എന്ന് ആര്‍ക്കു പറയാന്‍ കഴിയും?

10
രണ്ടുതരം അളവും തൂക്കവും സര്‍വേശ്വരന്‍ വെറുക്കുന്നു.

11
നിഷ്കളങ്കനും നീതിയുക്തനും ആണോ താന്‍ എന്ന്
ഒരു ശിശുപോലും തന്‍റെ പ്രവര്‍ത്തനങ്ങളാല്‍ വെളിപ്പെടുത്തുന്നു.

12
കേള്‍ക്കാന്‍ ചെവിയും കാണാന്‍ കണ്ണും;
ഇവ സൃഷ്‍ടിച്ചതു സര്‍വേശ്വരനാണ്.

13
ദരിദ്രനാകാതിരിക്കാന്‍ ഉറക്കപ്രിയനാകരുത്, നീ ജാഗരൂകനായിരിക്കുക;
നിനക്കു വേണ്ടുവോളം ആഹാരം ലഭിക്കും.

14
“ഇതു മോശം ഇതു മോശം” എന്നു വാങ്ങുമ്പോള്‍ പറയും;
വാങ്ങിക്കൊണ്ടു പോകുമ്പോള്‍ അവന്‍ സ്വയം പ്രശംസിക്കും.

15
സ്വര്‍ണവും വിലയേറിയ നിരവധി രത്നങ്ങളുമുണ്ട്;
എന്നാല്‍ ജ്ഞാനവചസ്സ് അമൂല്യമായ രത്നം.

16
അപരിചിതനുവേണ്ടി ജാമ്യം നില്‌ക്കുന്നവന്‍റെ വസ്ത്രം കൈവശപ്പെടുത്തുക.
പരദേശിക്കു ജാമ്യം നില്‌ക്കുന്നവനോടു പണയം വാങ്ങിക്കൊള്ളുക.

17
വഞ്ചനകൊണ്ടു നേടിയ ആഹാരം മനുഷ്യനു രുചികരം,
പിന്നീടാകട്ടെ, അയാളുടെ വായ്‍ക്ക് അതു ചരല്‍പോലെയാകുന്നു.

18
നല്ല ആലോചനയോടെ പദ്ധതികള്‍ തയ്യാറാക്കുന്നു;
ബുദ്ധിപൂര്‍വമായ മാര്‍ഗദര്‍ശനത്തോടെ യുദ്ധം ചെയ്യുക.

19
ഏഷണിക്കാരന്‍ രഹസ്യം വെളിപ്പെടുത്തുന്നു.
വിടുവായനോടു കൂട്ടുകൂടരുത്.

20
മാതാപിതാക്കന്മാരെ ശപിക്കുന്നവന്‍റെ വിളക്ക് കൂരിരുട്ടില്‍ കെട്ടുപോകും.

21
തിടുക്കത്തില്‍ കൈക്കലാക്കുന്ന സ്വത്ത്
അവസാനം അനുഗ്രഹമായിരിക്കുകയില്ല.

22
“തിന്മയ്‍ക്കു പ്രതികാരം ചെയ്യും” എന്നു നീ പറയരുത്.
സര്‍വേശ്വരനായി കാത്തിരിക്കുക അവിടുന്നു നിന്നെ രക്ഷിക്കും.

23
രണ്ടുതരം തൂക്കം സര്‍വേശ്വരന്‍ വെറുക്കുന്നു,
കള്ളത്തുലാസു നല്ലതല്ല.

24
മനുഷ്യന്‍റെ ചുവടുകള്‍ സര്‍വേശ്വരന്‍ നിയന്ത്രിക്കുന്നു;
തന്‍റെ വഴി ഗ്രഹിക്കാന്‍ മനുഷ്യന് എങ്ങനെ കഴിയും?

25
“ഇതു വിശുദ്ധം” എന്നു പറഞ്ഞു തിടുക്കത്തില്‍ നേരുന്നതും
നേര്‍ന്നശേഷം അതിനെക്കുറിച്ചു പുനരാലോചിക്കുന്നതും കെണിയാണ്.

26
ജ്ഞാനിയായ രാജാവു ദുഷ്ടന്മാരെ പാറ്റിക്കളയുന്നു;
അവരുടെമേല്‍ മെതിവണ്ടി ഉരുട്ടുകയും ചെയ്യുന്നു.

27
മനുഷ്യചേതനയാണു സര്‍വേശ്വരന്‍ കൊളുത്തിയ വിളക്ക്;
അത് അവന്‍റെ മനസ്സിന്‍റെ ഉള്ളറകള്‍ പരിശോധിക്കുന്നു.

28
കൂറും വിശ്വസ്തതയും രാജാവിനെ സംരക്ഷിക്കുന്നു,
നീതിയാല്‍ അദ്ദേഹത്തിന്‍റെ സിംഹാസനം നിലനില്‌ക്കുന്നു.

29
ശക്തിയാണു യുവജനങ്ങളുടെ മഹത്ത്വം;
നരച്ച മുടിയാണു വൃദ്ധജനങ്ങളുടെ അലങ്കാരം.

30
മുറിപ്പെടുത്തുന്ന അടികള്‍ തിന്മ നീക്കിക്കളയുന്നു,
അതു മനസ്സിന്‍റെ ഉള്ളറകള്‍ വെടിപ്പാക്കുന്നു.

21

1

സര്‍വേശ്വരന്‍ നിയന്ത്രിക്കുന്ന നീര്‍ച്ചാലാണ് രാജാവിന്‍റെ ഹൃദയം;
അവിടുന്ന് അതു തനിക്ക് ഇഷ്ടമുള്ള ഇടത്തേക്കു തിരിച്ചുവിടുന്നു.

2
തന്‍റെ എല്ലാ വഴികളും ശരിയാണെന്നു മനുഷ്യനു തോന്നുന്നു.
എന്നാല്‍ സര്‍വേശ്വരന്‍ ഹൃദയം തൂക്കി നോക്കുന്നു.

3
നീതിയും ന്യായവും പ്രവര്‍ത്തിക്കുന്നതാണു സര്‍വേശ്വരനു യാഗത്തെക്കാള്‍ സ്വീകാര്യം.

4
ഗര്‍വിഷ്ഠ നയനങ്ങളും അഹങ്കാരഹൃദയവുമാണ് ദുഷ്ടരെ നയിക്കുന്നത്.
അവ പാപകരമത്രേ.

5
ഉത്സാഹശീലന്‍റെ പദ്ധതികള്‍ നിശ്ചയമായും സമൃദ്ധിയിലേക്കു നയിക്കും,
എന്നാല്‍ തിടുക്കക്കാരന്‍ ദാരിദ്ര്യത്തില്‍ അകപ്പെടും.

6
വ്യാജംകൊണ്ടു നേടുന്ന ധനം നീരാവിയും മരണക്കെണിയുംതന്നെ.

7
ദുഷ്ടരുടെ അക്രമം അവരെ പിഴുതെറിയും
ന്യായം പ്രവര്‍ത്തിക്കാന്‍ അവര്‍ വിസമ്മതിക്കുന്നുവല്ലോ.

8
അപരാധം ചെയ്യുന്നവന്‍റെ വഴി വക്രമാണ്;
എന്നാല്‍ നിര്‍മ്മലന്‍റെ പെരുമാറ്റം നേരുള്ളതത്രേ.

9
കലഹപ്രിയയായ സ്‍ത്രീയുമൊത്ത് വീട്ടില്‍ ഒരുമിച്ചു കഴിയുന്നതിലും ഭേദം,
മട്ടുപ്പാവിന്‍റെ കോണില്‍ കഴിഞ്ഞുകൂടുകയാണ്.

10
ദുഷ്ടന്‍ തിന്മ അഭിലഷിക്കുന്നു;
അവന്‍ അയല്‍ക്കാരോടു കാരുണ്യം കാണിക്കുന്നില്ല.

11
പരിഹാസി ശിക്ഷിക്കപ്പെടുന്നതു കണ്ട്,
അറിവില്ലാത്തവന്‍ ജ്ഞാനിയായിത്തീരുന്നു.
പ്രബോധനംകൊണ്ടു ജ്ഞാനി അറിവു നേടുന്നു.

12
നീതിമാന്‍ ദുഷ്ടന്‍റെ ഭവനത്തെ നിരീക്ഷിക്കുന്നു,
ദുഷ്ടന്‍ നാശത്തിലേക്കു തള്ളപ്പെടുന്നു.

13
എളിയവന്‍ നിലവിളിക്കുമ്പോള്‍ ശ്രദ്ധിക്കാത്തവന്‍റെ കരച്ചില്‍ ആരും കേള്‍ക്കുകയില്ല.

14
രഹസ്യസമ്മാനം കോപം ശമിപ്പിക്കുന്നു,
മടിയില്‍ തിരുകി കൊടുക്കുന്ന കൈക്കൂലി കടുത്ത രോഷം ഒഴിവാക്കുന്നു.

15
നീതി പ്രവര്‍ത്തിക്കുന്നതു നീതിമാന്മാര്‍ക്ക് സന്തോഷവും
ദുര്‍ജനത്തിനു പരിഭ്രാന്തിയും ഉളവാക്കുന്നു.

16
വിവേകമാര്‍ഗം വെടിഞ്ഞ് അലയുന്നവന്‍ മൃതരുടെ ഇടയില്‍ കഴിയും.

17
സുഖലോലുപന്‍ ദരിദ്രനായിത്തീരും;
വീഞ്ഞിലും സുഗന്ധതൈലത്തിലും ആസക്തിയുള്ളവന്‍ സമ്പന്നനാകുകയില്ല.

18
ദുഷ്ടന്‍ നീതിമാന്‍റെയും അവിശ്വസ്തന്‍ സത്യസന്ധന്‍റെയും മോചനദ്രവ്യം.

19
കലഹപ്രിയയും ശുണ്ഠിക്കാരിയുമായ
സ്‍ത്രീയുമൊത്തു കഴിയുന്നതില്‍ ഭേദം വിജനപ്രദേശത്തു പാര്‍ക്കുകയാണ്.

20
ജ്ഞാനിയുടെ പാര്‍പ്പിടത്തില്‍ അമൂല്യ നിക്ഷേപമുണ്ട്;
മൂഢനാകട്ടെ അതു ധൂര്‍ത്തടിച്ചുകളയുന്നു.

21
നീതിയുടെയും വിശ്വസ്തതയുടെയും മാര്‍ഗം
സ്വീകരിക്കുന്നവന്‍ ജീവനും ബഹുമതിയും നേടും.

22
ജ്ഞാനി കരുത്തന്മാരുടെ നഗരം ഭേദിച്ച്
അവര്‍ സുരക്ഷിതമെന്നു കരുതിയിരുന്ന കോട്ട ഇടിച്ചു നിരത്തും.

23
തന്‍റെ വാക്കുകള്‍ നിയന്ത്രിക്കുന്നവന്‍
അനര്‍ഥങ്ങളില്‍നിന്നു സ്വയം രക്ഷിക്കുന്നു.

24
അഹങ്കാരവും ധിക്കാരവും ഉള്ളവന്‍റെ പേര് പരിഹാസി എന്നാണ്.
അവന്‍ ആരെയും കൂസാതെ അഹങ്കാരത്തോടെ വര്‍ത്തിക്കുന്നു.

25
മടിയന്‍റെ ആഗ്രഹങ്ങള്‍ അവനെ കൊല്ലുന്നു.
അവന്‍ അധ്വാനിക്കാന്‍ വിസമ്മതിക്കുന്നുവല്ലോ.

26
ദുഷ്ടന്‍ എന്നും ദുരാഗ്രഹത്തോടെ കഴിയുന്നു,
നീതിനിഷ്ഠനാകട്ടെ, നിര്‍ലോഭം കൊടുക്കുന്നു.

27
ദുഷ്ടന്മാരുടെ യാഗം സര്‍വേശ്വരനു വെറുപ്പാണ്;
അതു ദുരുദ്ദേശ്യത്തോടെ അര്‍പ്പിക്കുമ്പോള്‍ വെറുപ്പ് എത്ര അധികമായിരിക്കും.

28
കള്ളസ്സാക്ഷി നശിച്ചുപോകും;
എന്നാല്‍ പ്രബോധനം ശ്രദ്ധയോടെ അനുസരിക്കുന്നവന്‍റെ വാക്കുകള്‍ നിലനില്‌ക്കും.

29
ദുഷ്ടന്‍ ധീരഭാവം കാട്ടുന്നു;
നേരുള്ളവന്‍ തന്‍റെ വഴി ഭദ്രമാക്കുന്നു.

30
ജ്ഞാനമോ, ബുദ്ധിയോ, ആലോചനയോ
സര്‍വേശ്വരനെതിരെ വിലപ്പോവുകയില്ല.

31
യുദ്ധത്തിനു കുതിരയെ സജ്ജമാക്കുന്നു;
എന്നാല്‍ വിജയം സര്‍വേശ്വരന്‍റേതത്രേ.

22

1

സല്‍പ്പേര് അമൂല്യസമ്പത്തിലും ആഗ്രഹിക്കത്തക്കത്.
സത്കീര്‍ത്തി വെള്ളിയെയും പൊന്നിനെയുംകാള്‍ മെച്ചം.

2
ധനവാനും ദരിദ്രനും ഒരു കാര്യത്തില്‍ തുല്യരാണ്.
അവരുടെ എല്ലാം സ്രഷ്ടാവ് സര്‍വേശ്വരനാകുന്നു.

3
വിവേകശാലി അനര്‍ഥം കണ്ട് ഒഴിഞ്ഞുമാറുന്നു,
അവിവേകി നേരെ ചെന്ന് അപകടത്തില്‍പ്പെടുന്നു.

4
വിനയത്തിനും ദൈവഭക്തിക്കും ലഭിക്കുന്ന പ്രതിഫലം,
ധനവും മാനവും ജീവനും ആകുന്നു.

5
കുബുദ്ധിയുടെ മാര്‍ഗത്തില്‍ മുള്ളും കെണിയും ഉണ്ട്;
സ്വയം കാക്കുന്നവന്‍ അവയില്‍നിന്ന് അകന്നിരിക്കും.

6
ബാല്യത്തില്‍തന്നെ നടക്കേണ്ട വഴി അഭ്യസിപ്പിക്കുക,
അവന്‍ വൃദ്ധനായാലും അതില്‍നിന്നു വ്യതിചലിക്കുകയില്ല.

7
സമ്പന്നന്‍ ദരിദ്രനെ ഭരിക്കുന്നു;
കടം വാങ്ങുന്നവന്‍ കടം കൊടുക്കുന്നവന്‍റെ അടിമയാണ്.

8
അനീതി വിതയ്‍ക്കുന്നവന്‍ അനര്‍ഥം കൊയ്യുന്നു.
അവന്‍റെ കോപത്തിന്‍റെ ശക്തി ക്ഷയിച്ചുപോകും.

9
ഉദാരമനസ്കന്‍ അനുഗ്രഹിക്കപ്പെടും,
അവന്‍ തന്‍റെ ആഹാരം അഗതിയുമായി പങ്കിടുന്നുവല്ലോ.

10
പരിഹാസിയെ പുറന്തള്ളുക;
അപ്പോള്‍ കലഹം അവസാനിക്കും;
ശണ്ഠയും നിന്ദയും നിലയ്‍ക്കും.

11
ഹൃദയശുദ്ധി ആഗ്രഹിക്കുകയും ഹൃദ്യമായി സംസാരിക്കുകയും ചെയ്യുന്നവന്‍
രാജാവിന്‍റെ സ്നേഹിതന്‍ ആകും.

12
സര്‍വേശ്വരന്‍ പരിജ്ഞാനം കാത്തു സൂക്ഷിക്കുന്നു,
അവിശ്വസ്തരുടെ വാക്കുകളെ അവിടുന്നു തകിടം മറിക്കുന്നു.

13
വെളിയില്‍ സിംഹമുണ്ട്;
വീഥിയില്‍വച്ചു ഞാന്‍ കൊല്ലപ്പെടും എന്നു മടിയന്‍ പറയുന്നു.

14
അഭിസാരികയുടെ വായ് അഗാധഗര്‍ത്തം;
സര്‍വേശ്വരന്‍റെ കോപത്തിന് ഇരയായവര്‍ അതില്‍ വീഴും.

15
ഭോഷത്തം ബാലമനസ്സിനെ മുറുകെപ്പിടിച്ചിരിക്കുന്നു;
ശിക്ഷണത്തിന്‍റെ വടി അതിനെ അവനില്‍ നിന്ന് അകറ്റുന്നു.

16
സമ്പത്തു വര്‍ധിപ്പിക്കാന്‍ എളിയവനെ പീഡിപ്പിക്കുന്നവനും
സമ്പന്നനു പാരിതോഷികം കൊടുക്കുന്നവനും ദരിദ്രനായിത്തീരും.

17
ജ്ഞാനിയുടെ വാക്കു ശ്രദ്ധിച്ചു കേള്‍ക്കുക,
ഞാന്‍ നല്‌കുന്ന വിജ്ഞാനത്തില്‍ മനസ്സ് പതിപ്പിക്കുക.

18
അത് ഉള്ളില്‍ സംഗ്രഹിക്കുകയും യഥാവസരം പ്രയോഗിക്കുകയും ചെയ്യുന്നതു സന്തോഷകരമായിരിക്കും.

19
നീ സര്‍വേശ്വരനില്‍ വിശ്വാസം അര്‍പ്പിക്കാനാണ് ഇതെല്ലാം ഞാന്‍ നിന്നെ അറിയിക്കുന്നത്.

20
ഇതാ, ഞാന്‍ നിനക്കു വിജ്ഞാനവും പ്രബോധനവും
അടങ്ങിയ മുപ്പത് സൂക്തങ്ങള്‍ എഴുതി വച്ചിരിക്കുന്നു.

21
സത്യവും ശരിയുമായവ ഏതെന്ന് അവ നിന്നെ പഠിപ്പിക്കും.
അങ്ങനെ നിന്നെ അയച്ചവര്‍ക്ക് ശരിയായ ഉത്തരം നല്‌കാന്‍ നിനക്കു കഴിയും.

22
നിസ്സഹായനായതുകൊണ്ടു ദരിദ്രനെ കവര്‍ച്ച ചെയ്യുകയോ,
വീട്ടുപടിക്കല്‍ വരുന്ന പാവപ്പെട്ടവനെ മര്‍ദിക്കുകയോ അരുത്.

23
സര്‍വേശ്വരന്‍ അവര്‍ക്കുവേണ്ടി വാദിക്കും;
അവരെ കൊള്ളയടിക്കുന്നവരുടെ ജീവന്‍ അപഹരിക്കും.

24
കോപിഷ്ഠനോട് കൂട്ടുകൂടരുത്;
ഉഗ്രകോപിയോട് ഇടപെടരുത്.

25
അങ്ങനെ നീ അവന്‍റെ വഴികള്‍ അനുകരിക്കാനും കെണിയില്‍ കുടുങ്ങാനും ഇടവരരുത്.

26
നീ അന്യനുവേണ്ടി ഉറപ്പുകൊടുക്കുകയോ കടത്തിനു ജാമ്യം നില്‌ക്കുകയോ അരുത്.

27
കടം വീട്ടാന്‍ വകയില്ലാതായി കടക്കാര്‍
നിന്‍റെ കിടക്കപോലും എടുത്തുകൊണ്ടു പോകാന്‍ ഇടയാക്കുന്നതെന്തിന്?

28
നിന്‍റെ പിതാക്കന്മാര്‍ പണ്ടേ ഇട്ട അതിരു നീ മാറ്റരുത്;

29
ജോലിയില്‍ വിദഗ്ദ്ധനായവനെ നീ കാണുന്നുവോ?
അവനു രാജാക്കന്മാരുടെ മുമ്പില്‍ സ്ഥാനം ലഭിക്കും.
സാധാരണക്കാരുടെ കൂടെ അവനു നില്‌ക്കേണ്ടിവരികയില്ല.

23

1

ഭരണാധിപനോടുകൂടെ ഭക്ഷണത്തിനിരിക്കുമ്പോള്‍
നിന്‍റെ മുമ്പില്‍ ഇരിക്കുന്നത് എന്തെന്നു ശ്രദ്ധിക്കണം.

2
ഭോജനപ്രിയനെങ്കില്‍ നിയന്ത്രണം പാലിക്കുക,

3
അവന്‍റെ സ്വാദിഷ്ട വിഭവങ്ങള്‍ നീ മോഹിക്കരുത്.
അതു നിന്നെ വഞ്ചിക്കാന്‍ അവന്‍ ഉപയോഗിക്കുന്നതായിരിക്കുമല്ലോ.

4
ധനം നേടുവാന്‍ കഠിനപ്രയത്നം അരുത്,
അതില്‍നിന്ന് ഒഴിഞ്ഞു നില്‌ക്കാന്‍ വിവേകം കാട്ടുക.

5
ധനത്തിന്മേല്‍ ദൃഷ്‍ടി പതിക്കുമ്പോഴേക്ക് അത് അപ്രത്യക്ഷമാകും.
കഴുകനെപ്പോലെ ചിറകുവച്ച് അത് ഉയരത്തിലേക്കു പറന്നുപോകും.

6
ലുബ്ധന്‍റെ അപ്പം ഭക്ഷിക്കരുത്.
അവന്‍റെ വിശിഷ്ടഭോജ്യം മോഹിക്കയുമരുത്.

7
കാരണം, അയാള്‍ ഉള്ളില്‍ കണക്കു കൂട്ടിക്കൊണ്ടിരിക്കും;
തിന്നാനും കുടിക്കാനും അവന്‍ പറയുമെങ്കിലും
അവനില്‍ ആത്മാര്‍ഥത കാണുകയില്ല.

8
നീ ഭക്ഷിച്ചത് നീ ഛര്‍ദിക്കും,
നിന്‍റെ ഹൃദ്യമായ വാക്കുകള്‍ നിഷ്ഫലമായിത്തീരും.

9
ഭോഷനോടു സാരമുള്ള വാക്കുകള്‍ നീ സംസാരിക്കരുത്;
നിന്‍റെ വാക്കുകളിലെ ജ്ഞാനത്തെ അവന്‍ നിന്ദിക്കുമല്ലോ.

10
പണ്ടേയുള്ള അതിരു നീ നീക്കരുത്;
അനാഥരുടെ ഭൂമി കൈയേറരുത്,

11
അവരുടെ വീണ്ടെടുപ്പുകാരന്‍ കരുത്തനാണ്;
നിനക്കെതിരെ അവിടുന്ന് അവര്‍ക്കുവേണ്ടി വാദിക്കും.

12
നിന്‍റെ ഹൃദയം പ്രബോധനത്തിനും
നിന്‍റെ ചെവി വിജ്ഞാനവചസ്സുകള്‍ക്കും സമര്‍പ്പിക്കുക.

13
ബാലനെ ശിക്ഷിക്കാന്‍ മടിക്കരുത്;
വടികൊണ്ട് അടിച്ചാല്‍ അവന്‍ മരിച്ചു പോകയില്ല.

14
അങ്ങനെ ചെയ്താല്‍ നീ അവനെ പാതാളത്തില്‍നിന്നു രക്ഷിക്കുകയാണു ചെയ്യുന്നത്.

15
മകനേ, നീ ജ്ഞാനിയായിത്തീര്‍ന്നാല്‍ എന്‍റെ ഹൃദയം സന്തോഷിക്കും.

16
നീ സത്യം സംസാരിക്കുമ്പോള്‍ എന്‍റെ ഉള്ളം ആനന്ദിക്കും.

17
നിനക്കു പാപികളോട് അസൂയ തോന്നരുത്.
നീ എപ്പോഴും ദൈവഭക്തിയുള്ളവന്‍ ആയിരിക്കുക.

18
അങ്ങനെയെങ്കില്‍ നിനക്കു ശോഭനമായ ഭാവിയുണ്ട്;
നിന്‍റെ പ്രത്യാശയ്‍ക്കു ഭംഗം വരികയില്ല.

19
മകനേ, എന്‍റെ വാക്കുകള്‍ ശ്രദ്ധിച്ച് ജ്ഞാനിയായിത്തീരുക,
മനസ്സിനെ നേര്‍വഴിയെ നയിക്കുക.

20
നീ മദ്യപിക്കുന്നവരുടെയും മാംസഭോജനപ്രിയരുടെയും ഇടയില്‍ കഴിയരുത്.

21
മദ്യപനും ഭോജനപ്രിയനും ദരിദ്രനായിത്തീരും;
അലസത മനുഷ്യനെ കീറത്തുണി ധരിപ്പിക്കും.

22
നിന്‍റെ പിതാവിന്‍റെ വാക്കു കേള്‍ക്കുക;
വൃദ്ധയായ മാതാവിനെ നിന്ദിക്കരുത്.

23
എന്തു വിലകൊടുത്തും സത്യം നേടുക;
ജ്ഞാനവും പ്രബോധനവും വിവേകവും ആര്‍ജിക്കുക.

24
നീതിമാന്‍റെ പിതാവ് അത്യധികം ആനന്ദിക്കും;
ജ്ഞാനിയായ പുത്രനുള്ളവന്‍ അവന്‍മൂലം സന്തോഷിക്കും.

25
നിന്‍റെ മാതാപിതാക്കള്‍ സന്തോഷിക്കട്ടെ;
നിന്നെ പ്രസവിച്ചവള്‍ ആനന്ദിക്കട്ടെ.

26
മകനേ, ഞാന്‍ പറയുന്നതു സശ്രദ്ധം ശ്രവിക്കുക,
എന്‍റെ വഴികള്‍ നീ അനുവര്‍ത്തിക്കുക.

27
അഭിസാരിക ആഴമേറിയ ഗര്‍ത്തമാണ്;
പരസ്‍ത്രീ ഇടുങ്ങിയ കിണറും.

28
കൊള്ളക്കാരനെപ്പോലെ അവള്‍ പതിയിരിക്കുന്നു;
അവിശ്വസ്തരുടെ സംഖ്യ അവള്‍ വര്‍ധിപ്പിക്കുന്നു.

29
ആര്‍ക്കാണു ദുരിതവും സങ്കടവും കലഹവും ആവലാതിയും?
അകാരണമായ മുറിവുകള്‍ ആര്‍ക്കാണ്?
ആരുടെ കണ്ണുകളാണു ചുവന്നിരിക്കുക?

30
വീര്യമുള്ള വീഞ്ഞു കുടിക്കുന്നവര്‍ക്കും
ദീര്‍ഘനേരം മദ്യപിച്ചു കഴിയുന്നവര്‍ക്കും തന്നെ.

31
ചുവന്ന വീഞ്ഞ് പാനപാത്രത്തിലിരുന്നു നുരഞ്ഞുപൊങ്ങുന്നതും തിളങ്ങുന്നതും രുചിയോടെ അത് അകത്താക്കുന്നതും
നീ നോക്കി നില്‌ക്കരുത്.

32
അവസാനം അതു സര്‍പ്പത്തെപ്പോലെ കടിക്കും;
അണലിയെപ്പോലെ കൊത്തും.

33
അപ്പോള്‍ നീ അസാധാരണ കാഴ്ചകള്‍ കാണും;
നീ വേണ്ടാത്ത കാര്യങ്ങള്‍ പറയും.

34
നീ നടുക്കടലില്‍ അകപ്പെട്ടവനെപ്പോലെയും പാമരത്തിന്‍റെ മുകളില്‍
തൂങ്ങിക്കിടക്കുന്നവനെപ്പോലെയും ആകും.

35
“അവര്‍ എന്നെ അടിച്ചു; എന്നാല്‍ എനിക്കു വേദനിച്ചില്ല;
അവര്‍ എന്നെ പ്രഹരിച്ചു; എനിക്ക് ഒന്നും പറ്റിയില്ല;
എപ്പോള്‍ ഞാന്‍ ഉണരും?
ഞാന്‍ ഇനിയും കുടിക്കും” എന്നു നീ പറയും.

24

1

ദുര്‍ജനത്തോട് അസൂയപ്പെടരുത്;
അവരുടെകൂടെ കഴിയാന്‍ ആഗ്രഹിക്കുകയും അരുത്.

2
അവര്‍ അക്രമം ആലോചിക്കുന്നു;
അരുതാത്തതു സംസാരിക്കുന്നു.

3
ജ്ഞാനംകൊണ്ടു ഭവനം നിര്‍മ്മിക്കപ്പെടുന്നു;
വിവേകത്താല്‍ അത് ഉറപ്പിക്കപ്പെടുന്നു.

4
പരിജ്ഞാനത്താല്‍, അമൂല്യവും ഹൃദ്യവുമായ വസ്തുക്കള്‍കൊണ്ട്,
അതിന്‍റെ മുറികള്‍ നിറയ്‍ക്കപ്പെടുന്നു.

5
ജ്ഞാനി ബലവാനെക്കാള്‍ കരുത്തനാകുന്നു.
പരിജ്ഞാനമുള്ളവന്‍ ബലശാലിയെക്കാളും.

6
ജ്ഞാനപൂര്‍വകമായ മാര്‍ഗദര്‍ശനം ഉണ്ടെങ്കില്‍ യുദ്ധം നടത്താം,
ഉപദേഷ്ടാക്കള്‍ വളരെയുള്ളിടത്തു വിജയമുണ്ട്.

7
ജ്ഞാനം ഭോഷന് അപ്രാപ്യമാണ്;
നഗരകവാടങ്ങളില്‍ വച്ച് അവന്‍ വായ് തുറക്കുന്നില്ല.

8
തിന്മ ആലോചിക്കുന്നവന്‍ ദ്രോഹി എന്നു വിളിക്കപ്പെടും.

9
ഭോഷന്‍ ആലോചിക്കുന്നതെന്തും പാപമാകുന്നു.
പരിഹാസിയെ മനുഷ്യന്‍ വെറുക്കുന്നു.

10
കഷ്ടകാലത്തു കുഴഞ്ഞു പോകുന്നവന്‍ ദുര്‍ബലനത്രെ.

11
കൊലയ്‍ക്കു കൊണ്ടുപോകുന്നവരെ രക്ഷിക്കുക;
കാലിടറി വീഴുന്നവരെ കൊലയാളിയുടെ കൈയില്‍നിന്നു മോചിപ്പിക്കുക;

12
“ഞാനിത് അറിഞ്ഞില്ല” എന്നു നീ പറഞ്ഞാല്‍
ഹൃദയം തൂക്കി നോക്കുന്നവന്‍ സത്യം അറിയാതിരിക്കുമോ?
നിന്നെ നിരീക്ഷിക്കുന്നവന്‍ അതു ഗ്രഹിക്കാതിരിക്കുമോ?
അവിടുന്നു പ്രവൃത്തിക്കു തക്ക പ്രതിഫലം അല്ലേ നല്‌കുക?

13
മകനേ, തേന്‍ കഴിക്കുക; അതു നല്ലതാണല്ലോ;
തേന്‍കട്ട ആസ്വാദ്യകരമാണല്ലോ.

14
ജ്ഞാനവും നിനക്കതുപോലെയാണെന്ന് അറിഞ്ഞുകൊള്‍ക.
അതു നേടിയാല്‍ നിനക്കു നല്ല ഭാവി ഉണ്ടാകും;
നിന്‍റെ പ്രതീക്ഷ തകരുകയില്ല.

15
നീതിനിഷ്ഠന്‍റെ പാര്‍പ്പിടത്തിന് എതിരെ ദുഷ്ടനെപ്പോലെ നീ പതിയിരിക്കരുത്.
അവന്‍റെ ഭവനം കൈയേറുകയും അരുത്.

16
നീതിമാന്‍ ഏഴു തവണ വീണാലും വീണ്ടും എഴുന്നേല്‌ക്കും;
ദുഷ്ടന്മാരെ അനര്‍ഥം നശിപ്പിക്കുന്നു.

17
ശത്രുവിന്‍റെ പതനത്തില്‍ സന്തോഷിക്കരുത്;
അവന്‍ ഇടറുമ്പോള്‍ നീ ആഹ്ലാദിക്കുകയും അരുത്.

18
അങ്ങനെ ചെയ്താല്‍ സര്‍വേശ്വരനു നിന്നോട്
അപ്രീതി തോന്നുകയും അവനില്‍നിന്നു കോപം നീക്കിക്കളയുകയും ചെയ്യും.

19
ദുഷ്കര്‍മികള്‍ നിമിത്തം നീ അസ്വസ്ഥനാകരുത്;
ദുര്‍ജനത്തോട് അസൂയപ്പെടുകയുമരുത്.

20
ദുഷ്കര്‍മിക്ക് ഭാവി ഇല്ല.
ദുഷ്ടന്‍റെ ദീപം അണയ്‍ക്കപ്പെടും.

21
മകനേ, സര്‍വേശ്വരനോടും രാജാവിനോടും ഭയഭക്തിയുള്ളവനായിരിക്കുക;
അവരെ ധിക്കരിക്കരുത്.

22
അവരില്‍നിന്നുള്ള ശിക്ഷ പെട്ടെന്നു വന്നുചേരും;
അവരില്‍ നിന്നുണ്ടാകുന്ന വിനാശം ആര്‍ക്കറിയാം.

23
ഇവയും ജ്ഞാനിയുടെ സൂക്തങ്ങളാകുന്നു;
ന്യായം വിധിക്കുമ്പോള്‍ പക്ഷപാതം നന്നല്ല;

24
ദുഷ്ടനോടു നീ നിര്‍ദോഷിയെന്നു പറയുന്നവനെ ജനം ശപിക്കും, ജനതകള്‍ വെറുക്കും.

25
എന്നാല്‍ ദുഷ്ടനെ ശാസിക്കുന്നവര്‍ക്ക് ഉല്‍ക്കൃഷ്ടമായ അനുഗ്രഹം ഉണ്ടാകും.

26
സത്യസന്ധമായ ഉത്തരം നല്‌കുന്നതു ചുംബനം നല്‌കുന്നതിനു തുല്യം.

27
പുറത്തെ ജോലികള്‍ ക്രമപ്പെടുത്തുക;
വയലില്‍ ചെയ്തുതീര്‍ക്കേണ്ടതെല്ലാം പൂര്‍ത്തിയാക്കുക;
പിന്നീടു വീടു പണിയുക.

28
അയല്‍ക്കാരനെതിരെ അകാരണമായി സാക്ഷി നില്‌ക്കരുത്;
നിന്‍റെ വാക്കുകൊണ്ട് അവനെ ചതിക്കരുത്.

29
എന്നോടു ചെയ്തതുപോലെ ഞാന്‍ അവനോടു ചെയ്യുമെന്നും
അവന്‍റെ പ്രവൃത്തിക്കു ഞാന്‍ പകരം വീട്ടുമെന്നും പറയരുത്.

30
ഞാന്‍ മടിയന്‍റെ കൃഷിസ്ഥലത്തിനരികിലൂടെ,
ബുദ്ധിഹീനന്‍റെ മുന്തിരിത്തോട്ടത്തിനു സമീപേ കൂടിത്തന്നെ കടന്നുപോയി.

31
അവിടം മുഴുവന്‍ മുള്‍പ്പടര്‍പ്പു നിറഞ്ഞിരുന്നു;
നിലം കൊടിത്തൂവകൊണ്ടു മൂടിയിരുന്നു.
അതിന്‍റെ കന്മതില്‍ ഇടിഞ്ഞു പൊളിഞ്ഞു കിടന്നിരുന്നു.

32
അതുകൊണ്ട് ഞാന്‍ ആലോചിച്ചു;
അതില്‍നിന്നു ലഭിച്ച പാഠം ഉള്‍ക്കൊണ്ടു.

33
അല്പനേരം കൂടി ഉറങ്ങാം; കുറച്ചു നേരം കൂടി മയങ്ങാം;
കൈ കെട്ടിക്കിടന്ന് അല്പനേരം വിശ്രമിക്കാം.

34
അപ്പോള്‍ ദാരിദ്ര്യം കൊള്ളക്കാരനെപ്പോലെയും
ഇല്ലായ്മ ആയുധപാണിയെപ്പോലെയും നിന്നെ പിടികൂടും.

25

1

ഇവയും യെഹൂദാരാജാവായ ഹിസ്കീയായുടെ ആളുകള്‍
പകര്‍ത്തിയ ശലോമോന്‍റെ സുഭാഷിതങ്ങളാണ്.

2
നിഗൂഢത ദൈവത്തിന്‍റെ മഹത്ത്വമാണ്;
എന്നാല്‍ അത് ആരാഞ്ഞറിയുന്നതാണു രാജാക്കന്മാരുടെ മഹത്ത്വം.

3
ആകാശത്തിന്‍റെ ഉയരവും ഭൂമിയുടെ ആഴവും അളക്കാന്‍ ആവാത്തതുപോലെയാണു
രാജാക്കന്മാരുടെ മനസ്സ്.

4
വെള്ളിയില്‍നിന്നു കീടം നീക്കുക,
അപ്പോള്‍ ശുദ്ധമായ വെള്ളി കിട്ടും.

5
രാജസന്നിധിയില്‍നിന്നു ദുരുപദേഷ്ടാക്കളെ നീക്കുക;
അപ്പോള്‍ രാജത്വം നീതിയില്‍ അധിഷ്ഠിതമായിരിക്കും.

6
രാജസന്നിധിയില്‍ മുന്‍നിരക്കാരനായി കയറിനില്‌ക്കുകയോ
മഹാന്മാരുടെ സ്ഥാനം പിടിക്കുകയോ അരുത്.

7
രാജസന്നിധിയില്‍ നീ താഴ്ത്തപ്പെടുന്നതിലും നല്ലത്
“ഇങ്ങോട്ടു കയറിവരൂ” എന്നു നിന്നോടു പറയാനിടയാകുന്നതാണ്.

8
നീ കണ്ടത് എന്തോ അതു കോടതിയില്‍ വെളിപ്പെടുത്താന്‍ തിടുക്കം കൂട്ടരുത്.
നീ പറഞ്ഞതു തെറ്റാണെന്ന് അയല്‍ക്കാരന്‍ തെളിയിച്ചാല്‍ നീ എന്തു ചെയ്യും?

9
അയല്‍ക്കാരനുമായുള്ള തര്‍ക്കം പരസ്പരം പറഞ്ഞു തീര്‍ക്കുക,
മറ്റൊരുവന്‍റെ രഹസ്യം പുറത്തു പറയരുത്.

10
അപ്പോള്‍ കേള്‍ക്കുന്നവന്‍ നിന്നെ നിന്ദിക്കും;
നിന്‍റെ ദുഷ്കീര്‍ത്തിക്ക് അറുതി വരികയില്ല.

11
സന്ദര്‍ഭോചിതമായ വാക്ക് വെള്ളിത്താലത്തിലെ പൊന്‍നാരങ്ങാപോലെയാണ്.

12
ജ്ഞാനിയുടെ ശാസന കേള്‍ക്കുന്നതു സ്വര്‍ണവളയമോ, കനകാഭരണമോ പോലെയാണ്.

13
വിശ്വസ്തനായ ദൂതന്‍ അയാളെ അയയ്‍ക്കുന്നവര്‍ക്ക്
കൊയ്ത്തുകാലത്തെ മഞ്ഞിന്‍റെ തണുപ്പുപോലെയാകുന്നു.
അവന്‍ അവര്‍ക്ക് ഉന്മേഷം പകരുന്നു.

14
കൊടുക്കാത്ത ദാനത്തെ ചൊല്ലി പൊങ്ങച്ചം പറയുന്നവന്‍
മാരി പൊഴിക്കാത്ത മേഘവും കാറ്റും പോലെയാണ്.

15
ക്ഷമകൊണ്ട് ഭരണാധികാരിയെ അനുനയിപ്പിക്കാം;
മൃദുഭാഷണംകൊണ്ട് അസ്ഥിയെപ്പോലും വഴക്കാം.

16
തേന്‍ കിട്ടിയാലും ആവശ്യത്തിനുള്ളതേ ഭുജിക്കാവൂ;
അല്ലെങ്കില്‍ തിന്നു ചെടിച്ചു നീ ഛര്‍ദിക്കും.

17
അയല്‍വീട്ടില്‍ അപൂര്‍വമായേ പോകാവൂ,
അല്ലാഞ്ഞാല്‍ അതിസാന്നിധ്യം കൊണ്ട് അവര്‍ നിന്നെ വെറുക്കും.

18
അയല്‍ക്കാരനെതിരെ കള്ളസ്സാക്ഷ്യം പറയുന്നവന്‍
ഗദയും വാളും മൂര്‍ച്ചയുള്ള അസ്ത്രവും പോലെയാണ്.

19
കഷ്ടകാലത്ത് വഞ്ചകനെ ആശ്രയിക്കുന്നത്,
ആടുന്ന പല്ലിനും മുടന്തുന്ന കാലിനും തുല്യമാണ്.

20
വേദന നിറഞ്ഞവന്‍റെ മുന്നില്‍ ആഹ്ലാദത്തോടെ പാടുന്നത്
കൊടുംതണുപ്പത്ത് ഒരുവന്‍റെ വസ്ത്രം ഉരിഞ്ഞുകളയുന്നതുപോലെയും
മുറിവില്‍ വിനാഗിരി ഒഴിക്കുന്നതുപോലെയും ആകുന്നു.

21
നിന്‍റെ ശത്രുവിനു വിശക്കുന്നെങ്കില്‍ അപ്പം കൊടുക്കുക,
ദാഹിക്കുന്നെങ്കില്‍ കുടിക്കാന്‍ കൊടുക്കുക.

22
അങ്ങനെ ചെയ്താല്‍ നീ അവനെ അപമാനാഗ്നിക്ക് ഇരയാക്കുന്നു.
സര്‍വേശ്വരന്‍ നിനക്കു പ്രതിഫലം നല്‌കും.

23
വടക്കന്‍കാറ്റ് മഴ കൊണ്ടുവരുന്നു,
അതുപോലെ ഏഷണി രോഷം ഉളവാക്കുന്നു.

24
കലഹപ്രിയയായ സ്‍ത്രീയുമൊത്ത് വീട്ടില്‍ കഴിയുന്നതിലും മെച്ചം
മട്ടുപ്പാവിന്‍റെ കോണില്‍ ഒതുങ്ങിക്കൂടുകയാണ്.

25
ദാഹത്തിനു കുളിര്‍ജലംപോലെയാണ്
വിദൂരദേശത്തുനിന്നു ലഭിക്കുന്ന സദ്‍വാര്‍ത്ത.

26
ദുഷ്ടന്‍റെ മുമ്പില്‍ വഴങ്ങുന്ന നീതിമാന്‍ കലങ്ങിയ അരുവിപോലെയും
മലിനമാക്കപ്പെട്ട നീരുറവപോലെയുമാകുന്നു.

27
തേന്‍ അമിതമായി കുടിക്കുന്നതു നന്നല്ല;
അതുപോലെയാണ് അമിതമായ പ്രശംസയും.

28
ആത്മനിയന്ത്രണം ഇല്ലാത്ത മനുഷ്യന്‍,
ഇടിഞ്ഞു തകര്‍ന്നു കിടക്കുന്ന നഗരം പോലെയാകുന്നു.

26

1

വേനല്‍ക്കാലത്തു മഞ്ഞും കൊയ്ത്തുകാലത്തു മഴയുംപോലെ
ഭോഷനു ബഹുമതി ചേരുകയില്ല.

2
പാറിപ്പറക്കുന്ന കുരുവിയും തെന്നിപ്പറക്കുന്ന മീവല്‍പക്ഷിയും
എങ്ങും തങ്ങാത്തതുപോലെ,
അകാരണമായ ശാപവര്‍ഷം ആരിലും ഏശുകയില്ല.

3
കുതിരയെ നിയന്ത്രിക്കാന്‍ ചാട്ട,
കഴുതയ്‍ക്കു കടിഞ്ഞാണ്‍, ഭോഷന്‍റെ മുതുകിനു വടി.

4
നീ മൂഢനെപ്പോലെ ആകാതിരിക്കാന്‍
അവന്‍റെ ഭോഷത്തത്തിനു മറുപടി കൊടുക്കാതിരിക്കുക.

5
ഭോഷന്‍റെ ഭോഷത്തത്തിന് അര്‍ഹിക്കുന്ന മറുപടി പറയുക.
അല്ലെങ്കില്‍ താന്‍ ജ്ഞാനിയെന്ന് അവന്‍ കരുതും.

6
മൂഢന്‍റെ കൈയില്‍ സന്ദേശം
കൊടുത്തയയ്‍ക്കുന്നവന്‍ സ്വന്തം കാലു മുറിച്ചുകളകയും,
വിപത്തു ക്ഷണിച്ചു വരുത്തുകയുമാണു ചെയ്യുന്നത്.

7
ഭോഷന്മാരുടെ നാവിലെ സുഭാഷിതങ്ങള്‍,
മുടന്തന്‍റെ നിരുപയോഗമായ കാലുകള്‍ പോലെയാണ്.

8
മൂഢനു ബഹുമതി നല്‌കുന്നവന്‍,
കവിണയില്‍ കല്ലു ബന്ധിക്കുന്നവനെപ്പോലെ ആണ്.

9
ഭോഷന്മാര്‍ ഉപയോഗിക്കുന്ന സുഭാഷിതം
മദ്യപന്‍റെ കൈയില്‍ തറച്ച മുള്ളുപോലെയാകുന്നു.

10
വഴിയേ പോകുന്ന വിഡ്ഢിയെയോ മദ്യപനെയോ കൂലിക്കു നിര്‍ത്തുന്നവന്‍,
കാണുന്നവരെയൊക്കെ മുറിവേല്പിക്കുന്ന വില്ലാളിക്കു തുല്യനാണ്.

11
ഛര്‍ദിക്കുന്നതു സ്വയം ഭക്ഷിക്കുന്ന നായെപ്പോലെ
ഭോഷന്‍ വിഡ്ഢിത്തം ആവര്‍ത്തിക്കുന്നു.

12
ജ്ഞാനിയെന്നു സ്വയം ഭാവിക്കുന്നവനിലും അധികം
ഒരു മൂഢനെക്കുറിച്ചു പ്രത്യാശിക്കാന്‍ വകയുണ്ട്.

13
“വഴിയില്‍ സിംഹമുണ്ട്, തെരുവീഥിയില്‍ സിംഹമുണ്ട്” എന്നിങ്ങനെ മടിയന്‍ പറയും.

14
കതകു വിജാഗിരിയില്‍ തിരിയുന്നതുപോലെ
മടിയന്‍ കിടക്കയില്‍ കിടന്നു തിരിയുന്നു.

15
മടിയന്‍ തളികയില്‍ കൈ പൂഴ്ത്തുന്നു.
അതു വായിലേക്കു കൊണ്ടുപോകാന്‍ അവനു മടിയാണ്.

16
ബുദ്ധിപൂര്‍വം ഉത്തരം പറയാന്‍ കഴിയുന്ന ഏഴു പേരെക്കാള്‍
താന്‍ ബുദ്ധിമാനെന്നു മടിയന്‍ സ്വയം ഭാവിക്കുന്നു.

17
അന്യരുടെ കലഹത്തില്‍ ഇടപെടുന്നവന്‍
വഴിയേ പോകുന്ന നായുടെ ചെവിക്കു പിടിക്കുന്നവനു തുല്യന്‍.

18
അയല്‍ക്കാരനെ വഞ്ചിച്ചശേഷം
‘ഇതൊരു തമാശ’ എന്നു പറയുന്നവന്‍

19
അസ്ത്രവും കൊലയും തീക്കൊള്ളിയും വിതറുന്ന ഭ്രാന്തനു സമന്‍.

20
വിറകില്ലാഞ്ഞാല്‍ തീ കെട്ടുപോകും;
ഏഷണിക്കാരന്‍ ഇല്ലെങ്കില്‍ വഴക്കും ഇല്ലാതെയാകും.

21
കല്‍ക്കരി തീക്കനലിനും വിറകു തീക്കും എന്നപോലെ
കലഹപ്രിയന്‍ ശണ്ഠ ജ്വലിപ്പിക്കുന്നു.

22
ഏഷണിക്കാരന്‍റെ വാക്കുകള്‍ സ്വാദിഷ്ഠമായ ഭോജ്യംപോലെയാണ്.
അവ ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുന്നു.

23
ദുഷ്ടഹൃദയന്‍റെ മൃദുലഭാഷണം വിലകുറഞ്ഞ മണ്‍പാത്രത്തിന്‍റെ
പുറമെയുള്ള മിനുസംപോലെയാണ്.

24
വിദ്വേഷമുള്ളവന്‍ പുറമേ വാക്കുകൊണ്ടു സ്നേഹം നടിക്കുന്നു;
ഉള്ളിലാകട്ടെ വഞ്ചന വച്ചുപുലര്‍ത്തുന്നു.

25
ഇമ്പമായി സംസാരിക്കുമ്പോഴും അവനെ വിശ്വസിക്കരുത്.
അവന്‍റെ ഹൃദയത്തില്‍ വിദ്വേഷം നിറഞ്ഞിരിക്കുന്നു.

26
കാപട്യംകൊണ്ട് ഉള്ളിലെ വിദ്വേഷം മറച്ചുവച്ചാലും
ജനമധ്യത്തില്‍ വച്ച് അവന്‍റെ ദുഷ്ടത വെളിപ്പെടും.

27
താന്‍ കുഴിച്ച കുഴിയില്‍ താന്‍തന്നെ വീഴും.
താന്‍ ഉരുട്ടി വീഴ്ത്തുന്ന കല്ല് തന്‍റെമേല്‍ തന്നെ പതിക്കും.

28
അസത്യം പറയുന്നവന്‍ അതിനിരയാകുന്നവരെ ദ്വേഷിക്കും;
മുഖസ്തുതി നാശം വരുത്തിവയ്‍ക്കുന്നു.

27

1

നാളയെ ചൊല്ലി നീ അഹങ്കരിക്കരുത്;
ഇന്ന് എന്തു സംഭവിക്കുമെന്നു പോലും നീ അറിയുന്നില്ലല്ലോ.

2
നീ സ്വയം ശ്ലാഘിക്കരുത്,
മറ്റുള്ളവര്‍ നിന്നെ പ്രശംസിക്കട്ടെ.

3
കല്ലിനു ഘനമുണ്ട്; മണലിനു ഭാരമുണ്ട്;
എന്നാല്‍ ഭോഷന്‍റെ പ്രകോപനം ഇവ രണ്ടിനേയുംകാള്‍ ഭാരമേറിയതത്രേ.

4
ക്രോധം ക്രൂരവും കോപം അനിയന്ത്രിതവുമാണ്;
എന്നാല്‍ അസൂയയെ നേരിടാന്‍ ആര്‍ക്കു കഴിയും?

5
നിഗൂഢമായ സ്നേഹത്തെക്കാള്‍ നല്ലത് തുറന്ന ശാസനമാണ്.

6
സ്നേഹിതന്‍ ഏല്പിക്കുന്ന ക്ഷതം ആത്മാര്‍ഥതയോടു കൂടിയത്.
ശത്രുവാകട്ടെ കണക്കറ്റു ചുംബിക്കുക മാത്രം ചെയ്യുന്നു.

7
തിന്നു മതിയായവനു തേന്‍പോലും മടുപ്പ് ഉളവാക്കുന്നു;
വിശപ്പുള്ളവനു കയ്പുള്ളതും മധുരമായി തോന്നും.

8
കൂടു വിട്ടുഴലുന്ന പക്ഷിയെപ്പോലെയാണ് വീടു വിട്ടുഴലുന്ന മനുഷ്യന്‍.

9
സുരഭിലതൈലവും സുഗന്ധദ്രവ്യവും ഹൃദയത്തെ സന്തോഷിപ്പിക്കും.
എന്നാല്‍ ജീവിതക്ലേശങ്ങള്‍ അന്തരംഗത്തെ തകര്‍ക്കുന്നു.

10
നിന്‍റെ സ്നേഹിതരെയോ, നിന്‍റെ പിതാവിന്‍റെ സ്നേഹിതരെയോ കൈവിടരുത്;
വിഷമകാലത്ത് നീ സഹോദരന്‍റെ ഭവനത്തില്‍ പോകയും അരുത്.
അകലെയുള്ള സഹോദരനെക്കാള്‍ അടുത്തുള്ള അയല്‍ക്കാരനാണു നല്ലത്.

11
മകനേ, നീ ജ്ഞാനിയായിത്തീര്‍ന്ന് എന്‍റെ ഹൃദയത്തെ സന്തോഷിപ്പിക്കുക,
അങ്ങനെ എന്നെ നിന്ദിക്കുന്നവര്‍ക്ക് മറുപടി നല്‌കാന്‍ എനിക്കു കഴിയും.

12
വിവേകമുള്ളവന്‍ അപകടം കണ്ടു പിന്മാറുന്നു;
ബുദ്ധിശൂന്യനോ നേരെ ചെന്ന് അതില്‍ അകപ്പെടുന്നു.

13
അപരിചിതനു ജാമ്യം നില്‌ക്കുന്നവന്‍റെ വസ്ത്രം എടുത്തുകൊള്‍ക;
പരദേശിക്കു ജാമ്യം നില്‌ക്കുന്നവനോടു പണയം വാങ്ങിക്കൊള്‍ക.

14
അതിരാവിലെ എഴുന്നേറ്റ് അയല്‍ക്കാരനെ ഉച്ചത്തില്‍ അഭിവാദനം ചെയ്യുന്നത്
ശാപമായി കണക്കാക്കപ്പെടും.

15
ഇടമുറിയാതെ പെയ്യുന്ന ചാറ്റല്‍മഴയും
കലഹശീലയായ ഭാര്യയും ഒരുപോലെയാണ്.

16
അവളെ അടക്കിനിറുത്താന്‍ ശ്രമിക്കുന്നത് കാറ്റിനെ നിയന്ത്രിക്കുന്നതുപോലെയും
വലങ്കൈയില്‍ എണ്ണ മുറുകെപ്പിടിക്കാന്‍ ശ്രമിക്കുന്നതുപോലെയുമാണ്.

17
ഇരുമ്പ് ഇരുമ്പിനു മൂര്‍ച്ചകൂട്ടുന്നു;
മനുഷ്യന്‍ മനുഷ്യന്‍റെ ജ്ഞാനം വര്‍ധിപ്പിക്കുന്നു.

18
അത്തിമരം വളര്‍ത്തുന്നവന്‍ അത്തിപ്പഴം തിന്നും,
യജമാനനെ ശുശ്രൂഷിക്കുന്നവന്‍ ബഹുമാനിതനാകും.

19
വെള്ളത്തില്‍ മുഖം പ്രതിബിംബിക്കുംപോലെ
മനുഷ്യന്‍റെ മനസ്സ് അവനെത്തന്നെ പ്രതിഫലിപ്പിക്കുന്നു.

20
പാതാളത്തിനും നരകത്തിനും ഒരിക്കലും സംതൃപ്തി വരികയില്ല;
മനുഷ്യന്‍റെ കണ്ണിനും ഒരിക്കലും തൃപ്തി വരികയില്ല.

21
വെള്ളിയുടെ മാറ്റ് പുടത്തിലൂടെയും
സ്വര്‍ണത്തിനു മൂശയിലൂടെയും എന്നപോലെ
മനുഷ്യന്‍റെ മൂല്യം അവനു ലഭിക്കുന്ന പ്രശംസയിലൂടെ നിര്‍ണയിക്കപ്പെടുന്നു.

22
ഭോഷനെ ധാന്യത്തോടൊപ്പം ഉരലില്‍ ഇട്ട് ഇടിച്ചാലും
അവന്‍റെ ഭോഷത്തം വിട്ടുമാറുകയില്ല.

23
നിന്‍റെ ആട്ടിന്‍പറ്റങ്ങളെ പരിപാലിക്കുക;
നിന്‍റെ കാലിക്കൂട്ടങ്ങളെ ശ്രദ്ധിക്കുക.

24
ധനം എന്നും നിലനില്‌ക്കുകയില്ലല്ലോ;
കിരീടം എല്ലാ തലമുറകളിലേക്കും നിലനില്‌ക്കുമോ?

25
പുല്ല് പോയി ഇളമ്പുല്ലു പ്രത്യക്ഷമാകുകയും
മലകളിലുള്ള സസ്യാദികള്‍ ശേഖരിക്കപ്പെടുകയും ചെയ്യുമ്പോള്‍,

26
കുഞ്ഞാടുകള്‍ നിനക്കു വസ്ത്രം നല്‌കും,
കോലാടുകള്‍ വയലിനുള്ള വില നേടിത്തരും;

27
നിനക്കും നിന്‍റെ കുടുംബത്തിനും വേണ്ട പാലും
നിന്‍റെ ദാസീദാസന്മാരുടെ ജീവസന്ധാരണത്തിനുവേണ്ട വകയും ലഭിക്കും.

28

1

ആരും പിന്‍തുടരാതിരിക്കുമ്പോഴും ദുഷ്ടന്‍ പേടിച്ചോടുന്നു;
നീതിനിഷ്ഠന്‍ സിംഹത്തെപ്പോലെ ധീരനായിരിക്കും.

2
ഒരു രാജ്യത്ത് അതിക്രമങ്ങള്‍ ഉണ്ടാകുമ്പോള്‍
ഭരണകര്‍ത്താക്കളുടെ എണ്ണം വര്‍ധിക്കുന്നു.
വിവേകവും പരിജ്ഞാനവും ഉള്ള ആളുകള്‍ ഉണ്ടാകുമ്പോള്‍
അതിന്‍റെ സുസ്ഥിരത നീണ്ടുനില്‌ക്കും.

3
ദരിദ്രരെ പീഡിപ്പിക്കുന്ന അധികാരി വിളവു നിശ്ശേഷം നശിപ്പിക്കുന്ന പേമാരിയാകുന്നു.

4
ധര്‍മശാസ്ത്രം പരിത്യജിക്കുന്നവന്‍ ദുഷ്ടന്മാരെ പ്രശംസിക്കുന്നു;
എന്നാല്‍ അവ അനുസരിക്കുന്നവന്‍ അവരെ എതിര്‍ക്കുന്നു.

5
ദുര്‍ജനം നീതി തിരിച്ചറിയുന്നില്ല;
സര്‍വേശ്വരനെ ആരാധിക്കുന്നവര്‍ അതു പൂര്‍ണമായും തിരിച്ചറിയുന്നു.

6
വക്രമാര്‍ഗത്തില്‍ ചരിക്കുന്നവനിലും മെച്ചം
നേര്‍വഴിയില്‍ നടക്കുന്ന ദരിദ്രനാണ്.

7
ധര്‍മശാസ്ത്രം പാലിക്കുന്നവന്‍ ബുദ്ധിയുള്ള മകനാണ്;
തീറ്റപ്രിയന്മാരുടെ സ്നേഹിതനോ പിതാവിന് അപമാനം വരുത്തുന്നു.

8
പലിശയും കൊള്ളലാഭവുംകൊണ്ടു നേടിയ സമ്പത്ത്
അഗതികളോടു ദയ കാട്ടുന്നവനില്‍ ചെന്നു ചേരുന്നു.

9
ധര്‍മശാസ്ത്രം കേള്‍ക്കാതെ ചെവി തിരിച്ചുകളയുന്നവന്‍റെ
പ്രാര്‍ഥനപോലും അറപ്പുളവാക്കുന്നു.

10
സത്യസന്ധരെ ദുര്‍മാര്‍ഗത്തിലേക്കു നയിക്കുന്നവന്‍
താന്‍ കുഴിച്ച കുഴിയില്‍തന്നെ വീഴും;
പരമാര്‍ഥഹൃദയരോ നന്മ അനുഭവിക്കും.

11
ധനവാന്‍ ജ്ഞാനിയെന്നു സ്വയം കരുതുന്നു;
എന്നാല്‍ വിവേകമുള്ള ദരിദ്രന്‍ അവനെ വിവേചിച്ചറിയുന്നു.

12
നീതിനിഷ്ഠന്‍ വിജയിക്കുമ്പോള്‍ എങ്ങും ആഹ്ലാദം ഉണ്ടാകും;
എന്നാല്‍ ദുഷ്ടന്‍റെ ഉയര്‍ച്ചയില്‍ മനുഷ്യന്‍ ഓടി ഒളിക്കുന്നു.

13
തന്‍റെ തെറ്റുകള്‍ മറച്ചുവയ്‍ക്കുന്നവന് ഐശ്വര്യം ഉണ്ടാവുകയില്ല;
ഏറ്റുപറഞ്ഞ് അവയെ ഉപേക്ഷിക്കുന്നവനോ കരുണ ലഭിക്കും.

14
എപ്പോഴും ദൈവഭക്തിയോടെ ജീവിക്കുന്നവന്‍ അനുഗൃഹീതന്‍,
എന്നാല്‍ ഹൃദയം കഠിനമാക്കുന്നവന്‍ അനര്‍ഥത്തില്‍ അകപ്പെടും.

15
ഗര്‍ജിക്കുന്ന സിംഹത്തെയും ഇരയെ ആക്രമിക്കുന്ന കരടിയെയും പോലെയാണ് ദുഷ്ടന്‍ പാവപ്പെട്ടവരുടെമേല്‍ ഭരണം നടത്തുന്നത്.

16
വിവേകശൂന്യനായ ഭരണാധിപന്‍ നിഷ്ഠുരനായ ജനമര്‍ദകനാകുന്നു;
അന്യായലാഭം വെറുക്കുന്നവനു ദീര്‍ഘായുസ്സുണ്ടാകും.

17
കൊലപാതകി മരണംവരെ അലയട്ടെ,
ആരും അവനെ സഹായിക്കരുത്.

18
നേര്‍വഴിയില്‍ ചരിക്കുന്നവന്‍ രക്ഷിക്കപ്പെടും,
വക്രമാര്‍ഗം സ്വീകരിക്കുന്നവന്‍ കുഴിയില്‍ വീഴും.

19
അധ്വാനിച്ചു കൃഷി ചെയ്യുന്നവനു സമൃദ്ധമായി ആഹാരം ലഭിക്കും;
എന്നാല്‍ സമയം പാഴാക്കുന്നവന്‍ ദാരിദ്ര്യം അനുഭവിക്കും.

20
വിശ്വസ്തനായ മനുഷ്യന്‍ അനുഗ്രഹസമ്പന്നനാകും;
എന്നാല്‍ ധനവാനാകാന്‍ തിടുക്കം കൂട്ടുന്നവന്‍ ശിക്ഷിക്കപ്പെടാതിരിക്കയില്ല.

21
പക്ഷപാതം കാട്ടുന്നതു നന്നല്ല;
ഒരു കഷണം അപ്പത്തിനുവേണ്ടിപോലും മനുഷ്യന്‍ തെറ്റു ചെയ്യുന്നു.

22
ലുബ്ധന്‍ സമ്പത്തിന്‍റെ പിന്നാലെ ഓടുന്നു;
എന്നാല്‍ തനിക്കു ദാരിദ്ര്യം വരുമെന്ന് അവന്‍ അറിയുന്നില്ല.

23
മുഖസ്തുതി പറയുന്നവനിലും അധികം പ്രീതി ശാസിക്കുന്നവനോടു പിന്നീടുണ്ടാകും.

24
മാതാവിനെയോ പിതാവിനെയോ കൊള്ളയടിച്ച് അത് അതിക്രമമല്ലെന്നു
പറയുന്നവന്‍ വിനാശകന്‍റെ കൂട്ടുകാരന്‍ ആകുന്നു.

25
അത്യാഗ്രഹി കലഹം ഇളക്കിവിടുന്നു;
സര്‍വേശ്വരനില്‍ ആശ്രയിക്കുന്നവനാകട്ടെ ഐശ്വര്യസമൃദ്ധിയുണ്ടാകും.

26
സ്വന്തം ബുദ്ധിയില്‍ വിശ്വാസം അര്‍പ്പിക്കുന്നവന്‍ ഭോഷന്‍;
വിജ്ഞാനത്തില്‍ വ്യാപരിക്കുന്നവനോ വിമോചിതനാകും.

27
ദരിദ്രനു ദാനം ചെയ്യുന്നവന്‍ ദാരിദ്ര്യം അനുഭവിക്കുകയില്ല;
ദരിദ്രന്‍റെ നേരെ കണ്ണടയ്‍ക്കുന്നവനാകട്ടെ ശാപവര്‍ഷം ഏല്‌ക്കേണ്ടിവരും.

28
ദുഷ്ടര്‍ക്ക് ഉയര്‍ച്ച വരുമ്പോള്‍ ആളുകള്‍ ഓടി ഒളിക്കുന്നു.
അവര്‍ നശിക്കുമ്പോള്‍ നീതിമാന്മാര്‍ പ്രബലരാകുന്നു.

29

1

നിരന്തരം ശാസന ലഭിച്ചിട്ടും ദുശ്ശാഠ്യം കാട്ടുന്നവന്‍
രക്ഷപെടാതെ പെട്ടെന്നു തകര്‍ന്നുപോകും.

2
നീതിമാന്‍ അധികാരത്തിലിരിക്കുമ്പോള്‍ ജനം ആനന്ദിക്കുന്നു;
ദുഷ്ടന്മാര്‍ ഭരിക്കുമ്പോഴാകട്ടെ ജനം നെടുവീര്‍പ്പിടുന്നു.

3
ജ്ഞാനത്തെ സ്നേഹിക്കുന്നവന്‍ തന്‍റെ പിതാവിനെ സന്തോഷിപ്പിക്കുന്നു;
അഭിസാരികകളോടു ഒത്തു വസിക്കുന്നവന്‍ തന്‍റെ സമ്പത്ത് ധൂര്‍ത്തടിക്കുന്നു.

4
നീതിപാലനത്താല്‍ രാജാവ് രാജ്യത്തിനു സുസ്ഥിരത വരുത്തുന്നു,
എന്നാല്‍ ജനങ്ങളെ ഞെക്കി പിഴിയുന്നവന്‍ അതു നശിപ്പിക്കുന്നു.

5
കൂട്ടുകാരനോടു മുഖസ്തുതി പറയുന്നവന്‍ അവനു കെണി ഒരുക്കുന്നു.

6
ദുഷ്ടമനുഷ്യന്‍ തന്‍റെ അതിക്രമങ്ങളില്‍ കുടുങ്ങുന്നു;
നീതിമാനാകട്ടെ പാടി ആനന്ദിക്കുന്നു.

7
നീതിമാന്‍ അഗതികളുടെ അവകാശങ്ങള്‍ അറിയുന്നു;
ദുഷ്ടനോ അതു തിരിച്ചറിയുന്നില്ല.

8
പരിഹാസി നഗരത്തില്‍ അഗ്നി വര്‍ഷിക്കുന്നു;
ജ്ഞാനിയാകട്ടെ ക്രോധം അകറ്റുന്നു.

9
ജ്ഞാനി ഭോഷനുമായി വാഗ്വാദം നടത്തിയാല്‍
ഭോഷന്‍ കുപിതനാകുകയും അട്ടഹസിക്കുകയും ചെയ്യും,
പക്ഷേ സമാധാനം ഉണ്ടാവുകയില്ല.

10
രക്തദാഹികള്‍ നിഷ്കളങ്കനെ വെറുക്കുന്നു.
നിര്‍ദ്ദോഷി അവരുടെ ജീവന്‍ രക്ഷിക്കുന്നു.

11
മൂഢന്‍ തന്‍റെ കോപം മുഴുവന്‍ വെളിപ്പെടുത്തുന്നു;
ജ്ഞാനിയോ ക്ഷമയോടെ അതിനെ അടക്കിവയ്‍ക്കുന്നു.

12
ഭരണാധികാരി വ്യാജത്തിനു ചെവി കൊടുത്താല്‍
അയാളുടെ സേവകന്മാരെല്ലാം ദുഷ്ടന്മാരായിത്തീരും.

13
ദരിദ്രനും മര്‍ദകനും ഒരു കാര്യത്തില്‍ യോജിപ്പുണ്ട്;

14
ഇരുവര്‍ക്കും കണ്ണിന് കാഴ്ച നല്‌കുന്നതു സര്‍വേശ്വരനാണ്.
ദരിദ്രര്‍ക്കു സത്യസന്ധതയോടെ നീതി നടത്തിക്കൊടുക്കുന്ന രാജാവിന്‍റെ
സിംഹാസനം സുസ്ഥിരമായിരിക്കും.

15
അടിയും ശാസനയും ജ്ഞാനം പകര്‍ത്തുന്നു;
തന്നിഷ്ടത്തിന് വിട്ടിരിക്കുന്ന ബാലന്‍ മാതാവിനു അപമാനം വരുത്തും.

16
ദുഷ്ടന്മാര്‍ അധികാരത്തില്‍ വരുമ്പോള്‍ അതിക്രമം വര്‍ധിക്കും;
അവരുടെ പതനം നീതിമാന്മാര്‍ കാണും.

17
നിന്‍റെ മകനു ശിക്ഷണം നല്‌കുക;
അവന്‍ നിനക്ക് ആശ്വാസവും സന്തോഷവും നല്‌കും.

18
ദര്‍ശനമില്ലാത്ത ജനം നിയന്ത്രണം വെടിയുന്നു;
ധര്‍മശാസനം അനുസരിക്കുന്നവര്‍ അനുഗൃഹീതരാകും.

19
വാക്കുകള്‍കൊണ്ടു മാത്രം ഭൃത്യന്‍ നിയന്ത്രിതനാകുകയില്ല;
അവന്‍ അതു ഗ്രഹിച്ചാലും നിന്നെ കൂട്ടാക്കുകയില്ല.

20
ആലോചനയില്ലാതെ സംസാരിക്കുന്നവനിലും അധികം മൂഢനില്‍നിന്നു പ്രതീക്ഷിക്കാം.

21
ബാല്യംമുതല്‍ അമിതമായി ലാളിക്കപ്പെടുന്ന ഭൃത്യന്‍ അവസാനം നിന്‍റേതെല്ലാം കൈവശമാക്കും.

22
കോപിഷ്ഠന്‍ കലഹം ഇളക്കിവിടുന്നു;
ക്രോധമുള്ളവന്‍ നിരവധി അതിക്രമങ്ങള്‍ കാട്ടുന്നു.

23
അഹങ്കാരം ഒരുവനെ അധഃപതിപ്പിക്കുന്നു;
എന്നാല്‍ വിനീതഹൃദയനു ബഹുമതി ലഭിക്കും.

24
കള്ളന്‍റെ കൂട്ടാളി തന്‍റെ ജീവനെ വെറുക്കുന്നു;
അവന്‍ ശാപവാക്കു കേള്‍ക്കുന്നു;
ഒന്നും വെളിപ്പെടുത്തുന്നില്ലതാനും.

25
മനുഷ്യനെ ഭയപ്പെടുന്നതു കെണി ആകുന്നു;
സര്‍വേശ്വരനില്‍ ആശ്രയിക്കുന്നവന്‍ സുരക്ഷിതനായിരിക്കും.

26
പലരും ഭരണാധിപന്‍റെ പ്രീതി തേടുന്നു;
എന്നാല്‍ സര്‍വേശ്വരനില്‍ നിന്നത്രേ മനുഷ്യനു നീതി ലഭിക്കുക.

27
നീതിനിഷ്ഠന്‍ ദുര്‍മാര്‍ഗിയെ വെറുക്കുന്നു;
ദുര്‍ജനം സന്മാര്‍ഗിയെയും.

30

1

മസ്സായിലെ യാക്കേയുടെ പുത്രനായ ആഗൂറിന്‍റെ വചനങ്ങള്‍:
അദ്ദേഹം ഇഥിയേലിനോടും യുകാളിനോടും പറയുന്നു:

2
മനുഷ്യനായിരിക്കാന്‍ യോഗ്യത എനിക്കില്ല;
ഞാന്‍ അത്രയ്‍ക്കു മൂഢനാണ്.

3
ഞാന്‍ ജ്ഞാനം നേടിയിട്ടില്ല;
പരിശുദ്ധനായ ദൈവത്തെക്കുറിച്ചുള്ള അറിവും എനിക്കില്ല.

4
സ്വര്‍ഗത്തിലേക്കു കയറുകയും ഇറങ്ങി വരികയും ചെയ്തിട്ടുള്ളതാരാണ്?
കാറ്റിനെ തന്‍റെ മുഷ്‍ടിയില്‍ ഒതുക്കിയതാരാണ്?
സമുദ്രത്തെ വസ്ത്രത്തിനുള്ളില്‍ പൊതിഞ്ഞതാരാണ്?
ഭൂമിയുടെ അതിരുകള്‍ ഉറപ്പിച്ചതാരാണ്? അയാളുടെ പേരെന്ത്?
അയാളുടെ പുത്രന്‍റെ പേരെന്ത്?
നിശ്ചയമായും അത് അങ്ങേക്കറിയാം.

5
ദൈവത്തിന്‍റെ ഓരോ വചനവും സത്യമെന്നു തെളിഞ്ഞിരിക്കുന്നു.
തന്നെ അഭയം പ്രാപിക്കുന്നവര്‍ക്ക് അവിടുന്നു പരിചയാണ്.

6
അവിടുന്നു നിന്നെ ശാസിക്കാതെയും നീ അസത്യവാദിയെന്ന് അറിയപ്പെടാതെയും ഇരിക്കണമെങ്കില്‍,
അവിടുത്തെ വചനത്തോട് ഒന്നും കൂട്ടിച്ചേര്‍ക്കരുത്.

7
രണ്ടു കാര്യങ്ങള്‍ ഞാന്‍ അങ്ങയോട് അപേക്ഷിക്കുന്നു;
മരണംവരെ അവ എനിക്കു നിഷേധിക്കരുതേ.

8
അസത്യവും കാപട്യവും എന്നില്‍നിന്ന് അകറ്റണമേ;
ദാരിദ്ര്യമോ സമ്പത്തോ എനിക്കു തരരുതേ;
എനിക്ക് ആവശ്യമുള്ള ആഹാരം നല്‌കി എന്നെ പോറ്റണമേ.

9
അല്ലെങ്കില്‍ സമൃദ്ധിയില്‍ ഞാന്‍ ദൈവത്തെ അവഗണിക്കാനും
സര്‍വേശ്വരന്‍ ആര് എന്നു ചോദിക്കാനും ഇടയാകാം.
എന്‍റെ ദാരിദ്ര്യം നിമിത്തം മോഷണം നടത്തി
ദൈവനാമത്തെ അശുദ്ധമാക്കുകയും ചെയ്തെന്നു വരാം.

10
ദാസനെപ്പറ്റി യജമാനനോട് ഏഷണി പറയരുത്;
അവന്‍ നിന്നെ ശപിക്കാനും നീ അപരാധിയായിത്തീരാനും ഇടവരരുത്.

11
പിതാക്കന്മാരെ ശപിക്കുകയും മാതാക്കള്‍ക്കു നന്മ നേരാതിരിക്കുകയും ചെയ്യുന്നവരുണ്ട്.

12
തങ്ങളുടെ മാലിന്യം നീക്കി ശുദ്ധരാകാതെ നിര്‍മ്മലരെന്നു ഭാവിക്കുന്നവരുണ്ട്.

13
മറ്റു ചിലര്‍ ഗര്‍വുള്ളവരാണ്;
അവരുടെ നോട്ടംപോലും അഹങ്കാരം നിറഞ്ഞതാണ്.

14
വേറൊരു കൂട്ടര്‍ എളിയവരെയും
മനുഷ്യരുടെ ഇടയില്‍നിന്നു ദരിദ്രരെയും
വാളും കത്തിയും പോലുള്ള തങ്ങളുടെ പല്ലുകള്‍കൊണ്ടു കടിച്ചു തിന്നുന്നു.

15
കന്നട്ടയ്‍ക്കു രണ്ടു പുത്രിമാരുണ്ട്;
തരിക, തരിക എന്നവര്‍ മുറവിളി കൂട്ടുന്നു.

16
ഒരിക്കലും തൃപ്തിവരാത്ത മൂന്നു കാര്യങ്ങളുണ്ട്;
ഒരിക്കലും മതിവരാത്ത നാലാമതൊന്നു കൂടിയുണ്ട്.
പാതാളവും വന്ധ്യയുടെ ഗര്‍ഭാശയവും ജലത്തിനായി ദാഹിക്കുന്ന ഭൂമിയും
ഒരിക്കലും മതിവരാത്ത അഗ്നിയും ആണ് അവ.

17
പിതാവിനെ അപഹസിക്കുകയും മാതാവിനെ അനുസരിക്കാതെ
നിന്ദിക്കുകയും ചെയ്യുന്നവന്‍റെ കണ്ണ് കാക്കകള്‍ കൊത്തിപ്പറിക്കുകയോ
കഴുകന്മാര്‍ കൊത്തിത്തിന്നുകയോ ചെയ്യും.

18
മൂന്നു കാര്യങ്ങള്‍ എനിക്ക് വളരെ അദ്ഭുതകരമായി തോന്നുന്നു,
എനിക്ക് അറിഞ്ഞുകൂടാത്ത നാലാമതൊന്നു കൂടിയുണ്ട്,

19
ആകാശത്തു കഴുകന്‍റെ പാത,
പാറയിലൂടെയുള്ള പാമ്പിന്‍റെ വഴി,
സമുദ്രത്തില്‍ കപ്പലിന്‍റെ ചാല്‍,
കന്യകയോടുള്ള പുരുഷന്‍റെ പെരുമാറ്റം.

20
വ്യഭിചാരിണിയുടെ രീതിയും അങ്ങനെതന്നെ.
അവള്‍ വിശപ്പടക്കി മുഖം തുടച്ചുകൊണ്ടു പറയുന്നു.
ഞാന്‍ ഒരു ദോഷവും ചെയ്തിട്ടില്ല.

21
മൂന്നു കാര്യങ്ങള്‍കൊണ്ടു ഭൂമി വിറയ്‍ക്കുന്നു;
നാലാമതൊന്നു കൂടി അതിനു ദുസ്സഹമാണ്.

22
രാജാവായി തീരുന്ന അടിമ;
വയറു നിറയെ ഭക്ഷിച്ച ഭോഷന്‍;

23
യജമാനത്തിയുടെ സ്ഥാനം നേടിയ ദാസി;
വിദ്വേഷമുള്ളവള്‍ക്ക് ഭര്‍ത്താവിനെ ലഭിക്കുക.

24
നാലു ജീവികള്‍ ഏറ്റവും ചെറുതെങ്കിലും
അസാധാരണ ബുദ്ധി പ്രകടിപ്പിക്കുന്നു.

25
ഉറുമ്പ് ദുര്‍ബല ജീവിയാണെങ്കിലും
വേനല്‍ക്കാലത്ത് ആഹാരം കരുതി വയ്‍ക്കുന്നു.

26
കുഴിമുയലുകള്‍ കെല്പില്ലാത്ത ജീവികളെങ്കിലും പാറയില്‍ പാര്‍പ്പിടം ഉണ്ടാക്കുന്നു.

27
വെട്ടുക്കിളിക്കു രാജാവില്ലെങ്കിലും അവ അണിയണിയായി നീങ്ങുന്നു.

28
പല്ലിയെ നിങ്ങള്‍ക്കു കൈയിലൊതുക്കാം എങ്കിലും രാജകൊട്ടാരങ്ങളിലും
അവയെ കാണാന്‍ കഴിയുന്നു.

29
പ്രൗഢിയോടെ നീങ്ങുന്ന മൂന്നെണ്ണം ഉണ്ട്;
നടത്തത്തില്‍ പ്രൗഢിയുള്ള നാലാമതൊന്നു കൂടിയുണ്ട്;

30
മൃഗങ്ങളില്‍ വച്ച് അതിശക്തനും യാതൊന്നിനെയും കൂസാത്തവനുമായ സിംഹം,

31
നിവര്‍ന്നു തല ഉയര്‍ത്തി നടക്കുന്ന പൂവന്‍കോഴി, ആണ്‍കോലാട്, പ്രജകളോടൊത്ത് എഴുന്നള്ളുന്ന രാജാവ്.

32
നീ ആത്മപ്രശംസ ചെയ്തുകൊണ്ടു ഭോഷനായി വര്‍ത്തിക്കുകയോ,
ദുരാലോചനയില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നെങ്കില്‍ നിശബ്ദനായിരിക്കുക.

33
പാല്‍ കടഞ്ഞാല്‍ വെണ്ണ കിട്ടും;
മൂക്കിനിടിച്ചാല്‍ ചോര വരും;
കോപം ഇളക്കിവിട്ടാല്‍ കലഹം ഉണ്ടാകും.

31

1

മസ്സായിലെ ലെമൂവേല്‍ രാജാവിന്‍റെ വചനങ്ങള്‍:
ഇവ മാതാവ് അദ്ദേഹത്തിനുപദേശിച്ചു കൊടുത്തതാണ്.

2
എന്‍റെ പ്രാര്‍ഥനയ്‍ക്കു മറുപടിയായി എനിക്ക് ആറ്റുനോറ്റു ലഭിച്ച മകനേ,
എന്താണു ഞാന്‍ നിന്നോടു പറയേണ്ടത്?

3
സ്‍ത്രീകള്‍ക്ക് നിന്‍റെ പൗരുഷവും രാജാക്കന്മാരെ പാട്ടിലാക്കി
നശിപ്പിക്കുന്ന സ്‍ത്രീകള്‍ക്കു നിന്‍റെ കഴിവുകളും നല്‌കരുത്.

4
വീഞ്ഞ് കുടിക്കുന്നതു രാജാക്കന്മാര്‍ക്കു ചേര്‍ന്നതല്ല.
ലെമൂവേലേ, രാജാക്കന്മാര്‍ക്ക് അതു ചേര്‍ന്നതല്ല;
മദ്യാസക്തി ഭരണാധിപന്മാര്‍ക്ക് ഉചിതമല്ല.

5
അവര്‍ മദ്യപിച്ചു കല്പനകള്‍ വിസ്മരിക്കുകയും
പീഡിതന്‍റെ ന്യായമായ അവകാശങ്ങള്‍ അവഗണിക്കുകയും ചെയ്യും.

6
നശിക്കാന്‍ പോകുന്നവനു മദ്യവും
കഠിനദുഃഖത്തിലിരിക്കുന്നവനു വീഞ്ഞും കൊടുക്കുക.

7
അവര്‍ കുടിച്ചു തങ്ങളുടെ ദാരിദ്ര്യവും കഷ്ടതയും മറക്കട്ടെ.

8
മൂകനുവേണ്ടിയും അഗതിയുടെ അവകാശങ്ങള്‍ക്കുവേണ്ടിയും
നീ സംസാരിക്കുക.

9
നീ നീതിപൂര്‍വം വിധി കല്പിക്കുക;
എളിയവന്‍റെയും ദരിദ്രന്‍റെയും അവകാശം സംരക്ഷിക്കുക.

10
ഉത്തമയായ ഭാര്യയെ ആര്‍ക്കു ലഭിക്കും?
അവള്‍ രത്നങ്ങളിലും വിലപ്പെട്ടവള്‍.

11
ഭര്‍ത്താവ് അവളെ പൂര്‍ണമായി വിശ്വസിക്കുന്നു.
അയാളുടെ നേട്ടങ്ങള്‍ വര്‍ധിക്കും.

12
അവള്‍ ആജീവനാന്തം തന്‍റെ ഭര്‍ത്താവിനു
നന്മയല്ലാതെ ഒരു തിന്മയും ചെയ്യുന്നില്ല.

13
അവള്‍ ആട്ടിന്‍രോമവും ചണവും ശേഖരിച്ച്
ഉത്സാഹത്തോടെ പണിയെടുക്കുന്നു.

14
അവള്‍ വ്യാപാരിയുടെ കപ്പല്‍പോലെ
വിദൂരത്തുനിന്ന് ആഹാരസാധനങ്ങള്‍ കൊണ്ടുവരുന്നു.

15
പുലരും മുമ്പേ ഉണര്‍ന്നു കുടുംബാംഗങ്ങള്‍ക്ക് അവള്‍ ആഹാരം ഒരുക്കുന്നു.
പരിചാരികകള്‍ക്കു ജോലി നിര്‍ദ്ദേശിക്കുന്നു.

16
അവള്‍ നല്ല നിലം നോക്കി വാങ്ങുന്നു,
താന്‍ നേടിയ വകകൊണ്ട് അവള്‍ മുന്തിരിത്തോട്ടം നട്ടു പിടിപ്പിക്കുന്നു.

17
അവള്‍ അര മുറുക്കി ഉത്സാഹപൂര്‍വം കഠിനാധ്വാനം ചെയ്യുന്നു.

18
തന്‍റെ വ്യാപാരം ആദായകരമാണോ എന്ന് അവള്‍ പരിശോധിക്കുന്നു.
രാത്രിയിലും അധ്വാനിക്കുന്നതുകൊണ്ട് അവളുടെ വിളക്ക് അണയുന്നില്ല.

19
അവള്‍ തക്ലിയും ചര്‍ക്കയും ഉപയോഗിച്ചു നൂല്‍ നൂല്‌ക്കുന്നു.

20
ദരിദ്രരെയും അഗതികളെയും ഉദാരമായി സഹായിക്കുന്നു.

21
മഞ്ഞു പെയ്യുന്ന കാലത്ത് അവള്‍ സ്വഭവനത്തിലുള്ളവരെ ഓര്‍ത്ത് ആകുലപ്പെടുന്നില്ല.
വീട്ടിലുള്ള എല്ലാവര്‍ക്കും കമ്പിളി വസ്ത്രമുണ്ടല്ലോ.

22
അവള്‍ സ്വന്ത കൈകൊണ്ടു വിരിപ്പുകള്‍ നിര്‍മ്മിക്കുന്നു;
സ്വയം നെയ്തുണ്ടാക്കിയ നേര്‍ത്ത ലിനന്‍ കൊണ്ടുള്ള
കടുംചുവപ്പു വസ്ത്രങ്ങള്‍ അവള്‍ ധരിക്കുന്നു.

23
അവളുടെ ഭര്‍ത്താവു ജനപ്രമാണികളോടൊത്തു
പട്ടണവാതില്‌ക്കല്‍ ഇരിക്കുമ്പോള്‍ ശ്രദ്ധേയനായിത്തീരുന്നു.

24
അവള്‍ ലിനന്‍വസ്ത്രം ഉണ്ടാക്കി വില്‌ക്കുന്നു;
അരക്കച്ച നിര്‍മ്മിച്ച് കച്ചവടക്കാരെ ഏല്പിക്കുന്നു.

25
ബലവും അന്തസ്സും അവള്‍ അണിയുന്നു;
ഭാവിയെ ഓര്‍ത്ത് അവള്‍ പുഞ്ചിരി തൂകുന്നു.

26
അവള്‍ ജ്ഞാനവചസ്സുകള്‍ മൊഴിയുന്നു;
ദയാപൂര്‍ണമായ ഉപദേശങ്ങള്‍ നല്‌കുന്നു.

27
കുടുംബാംഗങ്ങളുടെ പെരുമാറ്റം അവള്‍ നല്ലവിധം നിരീക്ഷിക്കുന്നു.
അലസമായി ഇരുന്ന് അവള്‍ അഹോവൃത്തി കഴിക്കുന്നില്ല.

28
അവളുടെ മക്കള്‍ അവളെ ആദരിക്കുന്നു;
ഭര്‍ത്താവും അവളെ പുകഴ്ത്തുന്നു.

29
അനേകം ഉത്തമകുടുംബിനികള്‍ ഉണ്ട്;
നീയാകട്ടെ അവരെയെല്ലാം അതിശയിക്കുന്നു.

30
വശ്യത വഞ്ചനാത്മകം, സൗന്ദര്യം വ്യര്‍ഥവും ദൈവഭക്തിയുള്ള വനിതയാകട്ടെ
പ്രശംസ അര്‍ഹിക്കുന്നു.

31
അവളുടെ പ്രയത്നഫലം അവള്‍ക്കു നല്‌കുവിന്‍,
അവളുടെ പ്രവൃത്തികള്‍ പട്ടണവാതില്‌ക്കല്‍ പ്രകീര്‍ത്തിക്കപ്പെടട്ടെ.