1

1

സര്‍വേശ്വരന്‍റെ ധര്‍മശാസ്ത്രത്തില്‍ ആനന്ദിക്കുന്നവര്‍ എത്ര ധന്യര്‍!

2
രാപ്പകല്‍ അവര്‍ അതു ധ്യാനിക്കുന്നു.
അവര്‍ ദുരുപദേശം തേടുകയില്ല,
ദുര്‍മാര്‍ഗം അനുകരിക്കയില്ല;
ദൈവനിന്ദകരുടെ സംഘത്തില്‍ ചേരുകയുമില്ല.

3
ആറ്റരികിലെ വൃക്ഷംപോലെ അവര്‍
തഴച്ചു വളര്‍ന്നു ഫലം കായ്‍ക്കും;
അവരുടെ പ്രവൃത്തികളെല്ലാം സഫലമാകും.

4
ദുര്‍ജനത്തിന്‍റെ പ്രവൃത്തികളോ വിഫലമാകും;
അവര്‍ കാറ്റില്‍ പതിരെന്നപോലെ പാറിപ്പോകും.

5
ദൈവം ദുര്‍ജനത്തെ കുറ്റം വിധിക്കും;
അവരെ സജ്ജനത്തില്‍നിന്നു പുറന്തള്ളും.

6
സര്‍വേശ്വരന്‍ സജ്ജനത്തെ നിരന്തരം വഴിനടത്തും.
ദുര്‍ജനത്തിന്‍റെ പാതയോ നാശത്തിലേക്കു നയിക്കുന്നു.

2

1

രാഷ്ട്രങ്ങളുടെ ഗൂഢാലോചനകള്‍ വ്യര്‍ഥം,
ജനതകളുടെ കുടിലതന്ത്രങ്ങള്‍ നിഷ്ഫലം.

2
[2,3] നമുക്ക് ഈ ബന്ധനങ്ങള്‍ പൊട്ടിച്ചെറിയാം;
ഈ കെട്ടുകള്‍ തകര്‍ത്തു സ്വതന്ത്രരാകാം എന്നു പറഞ്ഞുകൊണ്ടു
രാജാക്കന്മാര്‍ സര്‍വേശ്വരനും അവിടുത്തെ അഭിഷിക്തനുമെതിരെ
ഗൂഢതന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നു.

3

4
സ്വര്‍ഗാധിപതി അവരെ നോക്കി ചിരിക്കുന്നു;
അവിടുന്ന് അവരെ പരിഹസിക്കുന്നു.

5
അവിടുന്ന് അവരെ നോക്കി ഗര്‍ജിക്കും,
അവിടുത്തെ ക്രോധത്തില്‍ അവര്‍ വിറകൊള്ളും.

6
ഞാന്‍ എന്‍റെ രാജാവിനെ എന്‍റെ വിശുദ്ധഗിരിയായ സീയോനില്‍
വാഴിച്ചിരിക്കുന്നു എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.

7
സര്‍വേശ്വരന്‍റെ വിളംബരം ഞാന്‍ അറിയിക്കുന്നു:
‘നീ എന്‍റെ പുത്രന്‍, ഇന്നു ഞാന്‍ നിനക്കു ജന്മമേകി;

8
എന്നോടു ചോദിച്ചുകൊള്ളൂ;
ജനതകളെ ഞാന്‍ നിനക്ക് അവകാശമായി തരും.’
ഭൂലോകമെല്ലാം നിനക്കധീനമാകും.

9
ഇരുമ്പുദണ്ഡുകൊണ്ടു നീ അവരെ തകര്‍ക്കും,
മണ്‍കുടംപോലെ അവരെ നീ ഉടയ്‍ക്കും,

10
രാജാക്കന്മാരേ, വിവേകം ഗ്രഹിക്കുവിന്‍,
ഭൂപതികളേ, ഈ മുന്നറിയിപ്പു ശ്രദ്ധിക്കുവിന്‍.

11
ഭയാദരങ്ങളോടെ സര്‍വേശ്വരനെ സേവിക്കുവിന്‍,
വിറപൂണ്ട് അവിടുത്തെ നമസ്കരിക്കുവിന്‍.

12
അല്ലെങ്കില്‍ അവിടുത്തെ കോപം ക്ഷണത്തില്‍ നിങ്ങളെ ദഹിപ്പിക്കും.
അവിടുത്തെ ക്രോധം ജ്വലിക്കുന്ന അഗ്നിയാണല്ലോ.
സര്‍വേശ്വരനില്‍ അഭയം തേടുന്നവര്‍ ധന്യര്‍.

3

1

ദാവീദ് തന്‍റെ മകനായ അബ്ശാലോമിന്‍റെ അടുക്കല്‍നിന്നു പലായനം ചെയ്തപ്പോള്‍ പാടിയത്

സര്‍വേശ്വരാ, എത്രയാണ് എന്‍റെ ശത്രുക്കള്‍,
എത്ര പേരാണ് എനിക്കെതിരെ അണിനിരക്കുന്നത്?

2
“ദൈവം അവനെ കൈവിട്ടിരിക്കുന്നു” എന്ന് അവര്‍ പരിഹസിക്കുന്നു.

3
പരമനാഥാ, അവിടുന്നാണ് എന്‍റെ പരിച;
ധൈര്യവും ശക്തിയും പകര്‍ന്ന് അവിടുന്ന് എനിക്കു ജയമരുളുന്നു.

4
സര്‍വേശ്വരനോടു ഞാന്‍ നിലവിളിക്കുമ്പോള്‍,
വിശുദ്ധഗിരിയില്‍നിന്ന് അവിടുന്ന് എനിക്ക് ഉത്തരമരുളുന്നു.

5
രാത്രിയില്‍ ഞാന്‍ ശാന്തനായി ഉറങ്ങുന്നു.
വീണ്ടും ഉണര്‍ന്നെഴുന്നേല്‌ക്കുന്നു.
അവിടുത്തെ കരങ്ങളില്‍ ഞാന്‍ സുരക്ഷിതനാണല്ലോ.

6
എന്നെ വലയം ചെയ്യുന്ന ബഹുസഹസ്രം ശത്രുക്കളെ ഞാന്‍ ഭയപ്പെടുകയില്ല.

7
പരമനാഥാ, എന്നെ സഹായിക്കാന്‍ എഴുന്നേല്‌ക്കണമേ,
എന്‍റെ ദൈവമേ, എന്നെ രക്ഷിക്കണമേ.
എന്‍റെ ശത്രുക്കളെ ശിക്ഷിച്ച് അവരെ നിര്‍വീര്യരാക്കാന്‍ അവിടുന്നു ശക്തനല്ലോ.

8
സര്‍വേശ്വരനാണു വിമോചകന്‍,
അവിടുത്തെ ജനത്തിന്‍റെമേല്‍ അനുഗ്രഹം ചൊരിയണമേ.

4

1

ഗായകസംഘനേതാവിന്; തന്ത്രിനാദത്തോടെ, ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം.

നീതിപാലകനായ എന്‍റെ ദൈവമേ,
ഞാന്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ ഉത്തരമരുളണമേ.
കഷ്ടതയില്‍ അവിടുന്ന് എനിക്ക് അഭയം തന്നു.
കനിവോടെ എന്‍റെ പ്രാര്‍ഥന കേള്‍ക്കണമേ.

2
മര്‍ത്യരേ, എത്രനാള്‍ നിങ്ങള്‍ എനിക്ക് അപമാനം വരുത്തും?
എത്രനാള്‍ നിങ്ങള്‍ പാഴ്വാക്കുകളില്‍ രസിച്ച്, വ്യാജത്തെ പിന്തുടരും?

3
സര്‍വേശ്വരന്‍ ഭക്തന്മാരെ തനിക്കായി
തിരഞ്ഞെടുത്തിരിക്കുന്നു എന്ന് അറിഞ്ഞുകൊള്‍വിന്‍.
ഞാന്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ അവിടുന്നു കേള്‍ക്കുന്നു;

4
കോപിഷ്ഠതയാലും പാപം ചെയ്യരുത്,
നിങ്ങള്‍ കിടക്കയില്‍ ധ്യാനിച്ചു മൗനമായിരിക്കുവിന്‍.

5
ഉചിതമായ യാഗങ്ങളര്‍പ്പിച്ച് സര്‍വേശ്വരനില്‍ ശരണപ്പെടുവിന്‍.

6
“ഞങ്ങള്‍ക്ക് ഇനിയും നന്മ വരുമോ?”
എന്നു പലരും ശങ്കിക്കുന്നു.
സര്‍വേശ്വരാ, അങ്ങയുടെ മുഖകാന്തി ഞങ്ങളുടെമേല്‍ വീശണമേ.

7
ധാന്യത്തിന്‍റെയും വീഞ്ഞിന്‍റെയും സമൃദ്ധിയില്‍,
അവര്‍ക്കുണ്ടായതിലും അധികം ആനന്ദം അവിടുന്ന് എനിക്കു നല്‌കിയിരിക്കുന്നു.

8
ഞാന്‍ ശാന്തമായി കിടന്നുറങ്ങും.
സര്‍വേശ്വരാ, അങ്ങാണല്ലോ എന്‍റെ അഭയം.

5

1

ഗായകസംഘനേതാവിന്; വേണുനാദത്തോടെ, ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം

സര്‍വേശ്വരാ, എന്‍റെ പ്രാര്‍ഥന കേള്‍ക്കണമേ,
എന്‍റെ നെടുവീര്‍പ്പുകള്‍ ശ്രദ്ധിക്കണമേ.

2
എന്‍റെ രാജാവായ ദൈവമേ, എന്‍റെ നിലവിളി കേള്‍ക്കണമേ.
അങ്ങയോടാണല്ലോ ഞാന്‍ യാചിക്കുന്നത്.

3
നാഥാ, പ്രഭാതത്തില്‍ അവിടുന്ന് എന്‍റെ സ്വരം കേള്‍ക്കുന്നു.
അങ്ങേക്കുവേണ്ടി പ്രഭാതബലി ഒരുക്കി ഞാന്‍ കാത്തിരിക്കുന്നു.

4
അവിടുന്നു ദുഷ്ടതയില്‍ പ്രസാദിക്കുന്ന ദൈവമല്ല.
തിന്മയ്‍ക്ക് അങ്ങയോടൊത്തു വസിക്കാന്‍ കഴികയില്ല.

5
അഹങ്കാരികള്‍ തിരുസന്നിധിയില്‍ നില്‌ക്കയില്ല.
ദുഷ്ടന്മാരോട് അങ്ങേക്കു വെറുപ്പാണ്.

6
വ്യാജം പറയുന്നവരെ അവിടുന്നു നശിപ്പിക്കുന്നു.
രക്തദാഹികളെയും വഞ്ചകരെയും അവിടുന്നു ദ്വേഷിക്കുന്നു.

7
അവിടുത്തെ സുസ്ഥിരസ്നേഹത്തിന്‍റെ സമൃദ്ധിയില്‍
ഞാന്‍ അവിടുത്തെ ആലയത്തില്‍ പ്രവേശിക്കും.
അവിടുത്തെ മന്ദിരത്തില്‍ ഭക്തിയോടെ ആരാധിക്കും.

8
സര്‍വേശ്വരാ, എന്‍റെ ശത്രുക്കള്‍ നിരവധിയാണല്ലോ,
എന്നെ നീതിയുടെ പാതയില്‍ നയിക്കണമേ.
അവിടുത്തെ നേര്‍വഴി എനിക്കു കാണിച്ചുതരണമേ.

9
അവരുടെ അധരത്തില്‍ സത്യത്തിനു സ്ഥാനമില്ല.
അവരുടെ അന്തരംഗം നാശകൂപം അവരുടെ തൊണ്ട തുറന്ന ശവക്കുഴി.
അവരുടെ നാവില്‍ മുഖസ്തുതി കളിയാടുന്നു.

10
ദൈവമേ, അവരുടെ കുറ്റങ്ങള്‍ക്കു ശിക്ഷ നല്‌കണമേ,
സ്വന്തം ഉപായങ്ങളില്‍ത്തന്നെ അവര്‍ വീഴട്ടെ.
അവരുടെ അകൃത്യങ്ങളുടെ ആധിക്യത്താല്‍ അവരെ തുരത്തണമേ.
അങ്ങയെ അവര്‍ ധിക്കരിച്ചിരിക്കുന്നുവല്ലോ.

11
അങ്ങയില്‍ അഭയംതേടുന്നവര്‍ ആനന്ദിക്കട്ടെ.
അവര്‍ ആനന്ദഗീതം ആലപിക്കട്ടെ.
അവിടുന്ന് അവരെ കാത്തുകൊള്ളണമേ,
അങ്ങയെ സ്നേഹിച്ചവര്‍ സന്തോഷിക്കട്ടെ.

12
പരമനാഥാ, നീതിമാന്മാരെ അവിടുന്ന് അനുഗ്രഹിക്കുന്നു.
പരിചകൊണ്ടെന്നപോലെ തിരുസ്നേഹത്താല്‍ അവിടുന്ന് അവരെ സംരക്ഷിക്കും.

6

1

ഗായകസംഘനേതാവിന്; തന്ത്രിനാദത്തോടെ, അഷ്ടമരാഗത്തില്‍ ദാവീദിന്‍റെ സങ്കീര്‍ത്തനം

സര്‍വേശ്വരാ, കോപത്തോടെ എന്നെ ശാസിക്കരുതേ!
ക്രോധത്തോടെ എന്നെ ശിക്ഷിക്കരുതേ.

2
പരമനാഥാ, ഞാന്‍ തളര്‍ന്നിരിക്കുന്നു.
എന്നോടു കരുണയുണ്ടാകണമേ.
നാഥാ, എന്‍റെ അസ്ഥികള്‍പോലും ഉലഞ്ഞിരിക്കുന്നു.
എനിക്കു സൗഖ്യമരുളണമേ.

3
സര്‍വേശ്വരാ, എന്‍റെ ആത്മാവും അസ്വസ്ഥമായിരിക്കുന്നു;
എത്രനാള്‍ അങ്ങ് അകന്നുനില്‌ക്കും?

4
പരമനാഥാ, എന്നെ കടാക്ഷിച്ച് എന്‍റെ പ്രാണനെ രക്ഷിക്കണമേ.
അവിടുത്തെ അചഞ്ചലസ്നേഹത്താല്‍ എന്നെ വിടുവിക്കണമേ.

5
മൃതലോകത്തില്‍ ആര്‍ അങ്ങയെ അനുസ്മരിക്കും?
പാതാളത്തില്‍ ആര്‍ അങ്ങയെ സ്തുതിക്കും?

6
കരഞ്ഞു കരഞ്ഞ് ഞാന്‍ തളര്‍ന്നിരിക്കുന്നു.
രാത്രിതോറും കണ്ണീര്‍ ഒഴുകി എന്‍റെ കിടക്ക നനയുന്നു.
എന്‍റെ തലയണ കണ്ണീരില്‍ കുതിരുന്നു.

7
ദുഃഖംകൊണ്ട് എന്‍റെ കണ്ണു കുഴിഞ്ഞിരിക്കുന്നു.
ശത്രുക്കള്‍ നിമിത്തം അവ കരഞ്ഞു തളര്‍ന്നിരിക്കുന്നു.

8
അധര്‍മികളേ, എന്നില്‍നിന്ന് അകന്നു പോകുവിന്‍.
എന്‍റെ നിലവിളി സര്‍വേശ്വരന്‍ കേട്ടിരിക്കുന്നു.

9
അവിടുന്ന് എന്‍റെ യാചന കേള്‍ക്കുന്നു;
എന്‍റെ പ്രാര്‍ഥനയ്‍ക്ക് ഉത്തരമരുളുന്നു.

10
എന്‍റെ ശത്രുക്കള്‍ ലജ്ജിച്ചുപോകും;
അവര്‍ പരിഭ്രാന്തരാകും.
അവര്‍ക്ക് നാണിച്ചു പിന്തിരിയേണ്ടിവരും.

7

1

ബെന്യാമീന്യനായ കൂശ് നിമിത്തം ദാവീദ് സര്‍വേശ്വരനെ വിളിച്ചു പാടിയ വിലാപഗീതം

എന്‍റെ ദൈവമായ സര്‍വേശ്വരാ,
അങ്ങയെ ഞാന്‍ ശരണം പ്രാപിക്കുന്നു.
എന്നെ വേട്ടയാടുന്നവരില്‍നിന്ന് എന്നെ വിടുവിച്ചു രക്ഷിക്കണമേ.

2
അല്ലെങ്കില്‍ അവര്‍ സിംഹത്തെപ്പോലെ എന്നെ പിച്ചിച്ചീന്തും.
എന്നെ വലിച്ചിഴയ്‍ക്കും;
രക്ഷിപ്പാന്‍ ആരും ഉണ്ടായിരിക്കുകയില്ല.

3
എന്‍റെ ദൈവമായ സര്‍വേശ്വരാ,
എന്‍റെ കരങ്ങള്‍ പാപപങ്കിലമാണെങ്കില്‍,

4
ഞാന്‍ എന്‍റെ സ്നേഹിതനെ വഞ്ചിച്ചിട്ടുണ്ടെങ്കില്‍,
അകാരണമായി ശത്രുവിനെ ദ്രോഹിച്ചിട്ടുണ്ടെങ്കില്‍,

5
ശത്രു എന്നെ പിന്തുടര്‍ന്ന് പിടിച്ചു കൊള്ളട്ടെ.
അവര്‍ എന്നെ അടിച്ചുവീഴ്ത്തട്ടെ.
എന്‍റെ മൃതശരീരം പൂഴിയില്‍ ഉപേക്ഷിക്കട്ടെ.

6
സര്‍വേശ്വരാ, ക്രോധത്തോടെ എഴുന്നേല്‌ക്കണമേ,
കോപാകുലരായ എന്‍റെ ശത്രുക്കളെ നേരിടാന്‍ എഴുന്നേല്‌ക്കണമേ.
എന്‍റെ ദൈവമേ, ഉണരുക.
അവിടുന്ന് എല്ലാവര്‍ക്കും ന്യായവിധി നിശ്ചയിച്ചിട്ടുണ്ടല്ലോ.

7
ജനതകള്‍ അവിടുത്തെ ചുറ്റും നിന്നു സേവിക്കട്ടെ
സ്വര്‍ഗസിംഹാസനത്തിലിരുന്ന് അവിടുന്ന് എന്നെ ഭരിക്കട്ടെ.

8
സര്‍വമനുഷ്യരെയും വിധിക്കുന്നത് അവിടുന്നല്ലോ.
സര്‍വേശ്വരാ, എന്‍റെ നീതിക്കും നിഷ്കളങ്കതയ്‍ക്കുമൊത്തവിധം എന്നെ വിധിച്ചാലും.

9
നീതിമാനായ ദൈവമേ,
ഹൃദയത്തെയും മനസ്സിനെയും പരിശോധിക്കുന്നവനേ,
ദുര്‍ജനങ്ങളുടെ ദുഷ്ടതയ്‍ക്ക് അറുതിവരുത്തണമേ,
നീതിമാന്മാര്‍ക്ക് ഐശ്വര്യം നല്‌കണമേ.

10
ദൈവമാണ് എന്‍റെ പരിച
പരമാര്‍ഥഹൃദയമുള്ളവരെ അവിടുന്ന് രക്ഷിക്കുന്നു.

11
ദൈവം നീതിനിഷ്ഠനായ ന്യായാധിപന്‍;
അവിടുന്ന് ദിനംതോറും ദുഷ്ടന്മാരെ ഭര്‍ത്സിക്കുന്നു.

12
അവര്‍ മനം തിരിയുന്നില്ലെങ്കില്‍,
അവിടുന്ന് വാളിന് മൂര്‍ച്ചകൂട്ടും.
അവിടുന്ന് വില്ലുകുലച്ച് അസ്ത്രം തൊടുത്തിരിക്കുന്നു.

13
അവിടുന്ന് മാരകായുധങ്ങള്‍ സജ്ജമാക്കിയിരിക്കുന്നു.
ശരങ്ങള്‍ തീയമ്പുകളാക്കിയിരിക്കുന്നു.

14
ഇതാ ദുഷ്ടന്‍ തിന്മയെ ഗര്‍ഭം ധരിക്കുന്നു,
അവന്‍ വഞ്ചനയെ ഉദരത്തില്‍ വഹിച്ച് വ്യാജത്തെ പ്രസവിക്കുന്നു.

15
അവന്‍ കുഴി കുഴിച്ച് കെണിയൊരുക്കുന്നു.
താന്‍ കുഴിച്ച കുഴിയില്‍ അവന്‍തന്നെ വീഴുന്നു.

16
അവന്‍റെ ദുഷ്ടത അവന്‍റെ തലയില്‍ പതിക്കുന്നു.
അവന്‍റെ അക്രമം അവന്‍റെ നെറുകയില്‍ നിപതിക്കുന്നു.

17
സര്‍വേശ്വരനു ഞാന്‍ സ്തോത്രം അര്‍പ്പിക്കും.
അവിടുന്നു നീതി പ്രവര്‍ത്തിക്കുന്നുവല്ലോ,
അത്യുന്നതനായ സര്‍വേശ്വരനു ഞാന്‍ സ്തുതിഗീതമാലപിക്കും.

8

1

ഗായകസംഘനേതാവിന്; ഗത്ത്യരാഗത്തില്‍, ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം

സര്‍വേശ്വരനായ ഞങ്ങളുടെ നാഥാ,
അവിടുത്തെ മഹത്ത്വം ഭൂമിയിലെങ്ങും നിറഞ്ഞിരിക്കുന്നു.
അവിടുത്തെ മഹത്ത്വം ആകാശത്തെക്കാള്‍ ഉയര്‍ന്നിരിക്കുന്നു.

2
ശിശുക്കളും പിഞ്ചുകുഞ്ഞുങ്ങളും
അവിടുത്തെ മഹത്ത്വം പ്രകീര്‍ത്തിക്കുന്നു.
അവിടുന്നു ശത്രുക്കള്‍ക്കെതിരെ കോട്ട കെട്ടി
അവിടുന്നു ശത്രുവിനെയും പ്രതികാരം
ചെയ്യുന്നവനെയും മിണ്ടാതാക്കി.

3
അവിടുന്നു നിര്‍മ്മിച്ച ആകാശത്തെയും
അവിടുന്നു സ്ഥാപിച്ച ചന്ദ്രനക്ഷത്രാദികളെയും നോക്കുമ്പോള്‍,

4
മനുഷ്യനെ ഓര്‍ക്കുവാന്‍ അവന് എന്തു മേന്മ?
അവിടുത്തെ പരിഗണന ലഭിക്കാന്‍ അവന് എന്ത് അര്‍ഹത?

5
എങ്കിലും അവിടുന്നു മനുഷ്യനെ
അവിടുത്തെക്കാള്‍ അല്പം മാത്രം താഴ്ത്തി,
മഹത്ത്വവും തേജസ്സും അവനെ അണിയിച്ചിരിക്കുന്നു.

6
അവിടുന്നു സൃഷ്‍ടിച്ച സകലത്തിന്‍റെയുംമേല്‍ അവനെ അധിപതിയാക്കി,
എല്ലാറ്റിനെയും അവന്‍റെ കാല്‍ക്കീഴിലാക്കി.

7
ആടുകളെയും കാളകളെയും വന്യമൃഗങ്ങളെയും

8
ആകാശത്തിലെ പക്ഷികളെയും
ആഴിയിലെ മത്സ്യങ്ങളെയും സമുദ്രത്തില്‍ ചരിക്കുന്ന സകല ജീവികളെയും തന്നെ.

9
സര്‍വേശ്വരനായ ഞങ്ങളുടെ നാഥാ,
അവിടുത്തെ മഹത്ത്വം ഭൂമിയിലെങ്ങും നിറഞ്ഞിരിക്കുന്നു.

9

1

ഗായകസംഘനേതാവിന്; മുത്ത്-ലാബന്‍ രാഗത്തില്‍, ദാവീദിന്‍റെ സങ്കീര്‍ത്തനം

സര്‍വേശ്വരനു പൂര്‍ണഹൃദയത്തോടെ ഞാന്‍ സ്തോത്രം അര്‍പ്പിക്കും.
അവിടുത്തെ അദ്ഭുതപ്രവൃത്തികള്‍ ഞാന്‍ വര്‍ണിക്കും.

2
ആനന്ദത്തോടെ ഞാന്‍ അവിടുത്തെ കീര്‍ത്തിക്കും.
ഉല്ലാസഗീതം പാടി ഞാന്‍ അത്യുന്നതനെ സ്തുതിക്കും.

3
അവിടുത്തെ മുമ്പില്‍നിന്ന് പലായനം ചെയ്ത എന്‍റെ ശത്രുക്കള്‍ ഇടറിവീണു നശിച്ചു.

4
അവിടുന്ന് എനിക്ക് നീതി നടത്തിത്തന്നിരിക്കുന്നു.
അവിടുന്നു ന്യായാസനത്തിലിരുന്നു നീതിപൂര്‍വം വിധിക്കുന്നു.

5
അവിടുന്നു ജനതകളെ ശാസിച്ചു ദുഷ്ടരെ നശിപ്പിച്ചു.
അവരുടെ പേരുപോലും അവശേഷിച്ചില്ല.

6
ശത്രുക്കള്‍ എന്നേക്കുമായി നശിച്ച് ഇല്ലാതായിരിക്കുന്നു.
അവരുടെ പട്ടണങ്ങളെ അവിടുന്ന് ഉന്മൂലനം ചെയ്തു.
അവയെക്കുറിച്ചുള്ള സ്മരണപോലും ഇല്ലാതായി.

7
എന്നാല്‍ സര്‍വേശ്വരന്‍ എന്നേക്കും സിംഹാസനസ്ഥനായിരിക്കുന്നു.
ന്യായവിധിക്കായി തന്‍റെ സിംഹാസനം സ്ഥാപിച്ചിരിക്കുന്നു.

8
അവിടുന്നു ലോകത്തെ നീതിയോടെ ഭരിക്കുന്നു.
ജനതകളെ ന്യായത്തോടെ വിധിക്കുന്നു.

9
സര്‍വേശ്വരന്‍ പീഡിതരുടെ രക്ഷാസങ്കേതം.
കഷ്ടകാലത്ത് അവരുടെ അഭയസ്ഥാനം.

10
അങ്ങയെ യഥാര്‍ഥമായി അറിയുന്നവര്‍,
അങ്ങയില്‍ വിശ്വാസമര്‍പ്പിക്കുന്നു.
സര്‍വേശ്വരാ, തിരുസന്നിധിയില്‍ വരുന്നവരെ അവിടുന്ന് ഉപേക്ഷിക്കുകയില്ലല്ലോ.

11
സീയോനില്‍ വാണരുളുന്ന സര്‍വേശ്വരനു സ്തോത്രം പാടുവിന്‍.
അവിടുത്തെ പ്രവൃത്തികള്‍ ജനതകളുടെ ഇടയില്‍ ഘോഷിക്കുവിന്‍.

12
അവിടുന്നു പീഡിതരെ ഓര്‍ക്കുന്നു.
അവരുടെ നിലവിളി കേള്‍ക്കുന്നു.
അവരുടെ രക്തം ചൊരിഞ്ഞവരെ അവിടുന്ന് ശിക്ഷിക്കും.

13
സര്‍വേശ്വരാ, എന്നോടു കരുണയുണ്ടാകണമേ,
മരണത്തില്‍നിന്ന് എന്നെ രക്ഷിക്കുന്ന ദൈവമേ,
ശത്രുക്കള്‍ നിമിത്തം ഞാന്‍ സഹിക്കുന്ന പീഡനം കാണണമേ.

14
അങ്ങനെ ഞാന്‍ സീയോന്‍ നഗരവാതില്‌ക്കല്‍ നിന്നുകൊണ്ട്,
അവിടുത്തേക്കു സ്തോത്രം അര്‍പ്പിക്കും.
അവിടുന്ന് എന്നെ വിമോചിപ്പിച്ചതോര്‍ത്തു ഞാന്‍ സന്തോഷിക്കും.

15
അന്യജനതകള്‍ സ്വയം കുഴിച്ച കുഴിയില്‍ വീണു
അവര്‍ ഒരുക്കിയ കെണിയില്‍ അവരുടെ കാലുകള്‍ കുടുങ്ങി.

16
സര്‍വേശ്വരന്‍ സ്വയം വെളിപ്പെടുത്തിയിരിക്കുന്നു.
അവിടുന്ന് വിധി നടപ്പിലാക്കിയിരിക്കുന്നു.
ദുഷ്കര്‍മികള്‍ സ്വന്തം പ്രവൃത്തികളില്‍ തന്നെ കുടുങ്ങിയിരിക്കുന്നു.

17
ദൈവത്തെ വിസ്മരിക്കുന്ന ദുഷ്ടന്മാര്‍ മൃത്യുഗര്‍ത്തത്തില്‍ പതിക്കും.

18
ദൈവം ദരിദ്രരെ ഒരിക്കലും വിസ്മരിക്കുകയില്ല.
എളിയവരുടെ പ്രത്യാശ ഒരിക്കലും വിഫലമാവുകയില്ല.

19
പരമനാഥാ, എഴുന്നേല്‌ക്കണമേ!
മനുഷ്യര്‍ അങ്ങയെ ധിക്കരിക്കാന്‍ ഇടയാകരുതേ,
ജനതകള്‍ അവിടുത്തെ മുമ്പില്‍ വിധിക്കപ്പെടട്ടെ.

20
സര്‍വേശ്വരാ, അവരെ സംഭീതരാക്കണമേ,
തങ്ങള്‍ വെറും മര്‍ത്യര്‍ മാത്രമെന്ന് അവര്‍ അറിയട്ടെ.

10

1

സര്‍വേശ്വരാ, അവിടുന്ന് അകന്നിരിക്കുന്നതെന്ത്?
കഷ്ടദിനങ്ങളില്‍ അങ്ങ് ഞങ്ങളില്‍നിന്നു മറഞ്ഞിരിക്കുന്നതെന്ത്?

2
അഹങ്കാരംപൂണ്ട ദുഷ്ടന്മാര്‍ എളിയവരെ പിന്തുടര്‍ന്ന് പീഡിപ്പിക്കുന്നു.
തങ്ങളുടെ കെണിയില്‍ അവര്‍തന്നെ വീഴട്ടെ.

3
ദുഷ്ടന്‍ തന്‍റെ മനോരഥത്തില്‍ പ്രശംസിക്കുന്നു.
ദുരാഗ്രഹി സര്‍വേശ്വരനെ ശപിക്കുകയും പരിത്യജിക്കുകയും ചെയ്യുന്നു.

4
ദുഷ്ടന്‍ ഗര്‍വുകൊണ്ട് ദൈവത്തെ അവഗണിക്കുന്നു.
ദൈവമില്ലെന്നാണ് അവന്‍റെ വിചാരം.

5
അവന്‍ ഉത്തരോത്തരം അഭിവൃദ്ധിപ്പെടുന്നു,
അവിടുത്തെ ന്യായവിധി അവന് അഗോചരമാണ്.
അവന്‍ തന്‍റെ ശത്രുക്കളെ പുച്ഛിക്കുന്നു.

6
‘ഞാന്‍ കുലുങ്ങുകയില്ല.
ഒരിക്കലും എനിക്ക് അനര്‍ഥം ഉണ്ടാവുകയില്ല’
എന്ന് അവന്‍ സ്വയം പറയുന്നു.

7
ശാപവും വഞ്ചനയും ഭീഷണിയുംകൊണ്ട് നിറഞ്ഞതാണ് അവന്‍റെ വായ്.
അവന്‍റെ നാവിന്‍കീഴില്‍ ദുഷ്ടതയും അതിക്രമവും കുടികൊള്ളുന്നു.

8
അവന്‍ ഗ്രാമങ്ങളില്‍ പതിയിരിക്കുന്നു.
നിരപരാധികളെ അവന്‍ ഒളിഞ്ഞിരുന്നു കൊല്ലുന്നു.
അവന്‍റെ ഗൂഢദൃഷ്‍ടി അഗതികളെ തിരയുന്നു.

9
എളിയവരുടെമേല്‍ ചാടിവീഴാന്‍ അവന്‍ സിംഹത്തെപ്പോലെ പതിയിരിക്കുന്നു.
അവന്‍ അവരെ കെണിയില്‍ വീഴ്ത്തി പിടിക്കുന്നു.

10
എളിയവര്‍ ഞെരിച്ചമര്‍ത്തപ്പെടുന്നു,
ദുഷ്ടന്‍റെ ശക്തിയാല്‍ അവര്‍ നിലംപതിക്കുന്നു.

11
‘ദൈവം മറന്നിരിക്കുന്നു,
അവിടുന്നു മുഖം മറച്ചിരിക്കുന്നു.
അവിടുന്ന് ഒരിക്കലും ഇതു കാണുകയില്ല’ എന്നാണ് ദുഷ്ടന്‍റെ വിചാരം.

12
സര്‍വേശ്വരാ, എഴുന്നേല്‌ക്കണമേ,
ദൈവമേ, അവരെ ശിക്ഷിക്കാന്‍ കരം ഉയര്‍ത്തണമേ
പീഡിതരെ മറക്കരുതേ.

13
ദുഷ്ടന്‍ ദൈവത്തെ നിന്ദിക്കുന്നതും
അങ്ങ് കണക്കു ചോദിക്കുകയില്ല എന്നു
പറയുന്നതും എന്തുകൊണ്ട്?

14
അവിടുന്ന് എല്ലാം കാണുന്നു
അവരുടെ ദ്രോഹവും പീഡനവും അവിടുന്നു ശ്രദ്ധിക്കുന്നു.
അവര്‍ അര്‍ഹിക്കുന്നത് അവിടുന്ന് അവര്‍ക്കു നല്‌കും.
അഗതി തന്നെത്തന്നെ അങ്ങേക്കു സമര്‍പ്പിക്കുന്നു.
അവിടുന്നല്ലോ അനാഥനു സഹായി.

15
ദുര്‍ജനത്തിന്‍റെയും ദുഷ്കര്‍മികളുടെയും ശക്തി തകര്‍ക്കണമേ.
ഇനി തിന്മ ചെയ്യാത്തവിധം അവരെ ശിക്ഷിക്കണമേ.

16
സര്‍വേശ്വരന്‍ എന്നേക്കും രാജാവായി വാഴുന്നു
അന്യജനതകള്‍ അവിടുത്തെ ദേശത്തുനിന്ന് ഉന്മൂലനം ചെയ്യപ്പെടും.

17
[17,18] സര്‍വേശ്വരാ, അവിടുന്ന് എളിയവരുടെ അഭിലാഷം നിറവേറ്റും;
അവര്‍ക്ക് അവിടുന്നു ധൈര്യം പകരും.
അവിടുന്ന് അവരുടെ അപേക്ഷ കേട്ട്,
അനാഥര്‍ക്കും പീഡിതര്‍ക്കും നീതി നടത്തിക്കൊടുക്കും.
അങ്ങനെ മര്‍ത്യര്‍ ഇനിമേല്‍ അവരെ ഭയപ്പെടുത്തുകയില്ല.

11

1

ഗായകസംഘനേതാവിന്; ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം

സര്‍വേശ്വരനില്‍ ഞാന്‍ അഭയം തേടുന്നു,
പക്ഷിയെപ്പോലെ പറന്നുപോയി പര്‍വതങ്ങളില്‍ ഒളിക്കൂ
എന്നു നിങ്ങള്‍ക്കെന്നോടു പറയാന്‍ കഴിയുമോ?

2
പരമാര്‍ഥഹൃദയമുള്ളവരെ ഇരുട്ടത്ത് എയ്യേണ്ടതിന്,
ദുഷ്ടന്മാര്‍ വില്ലു കുലച്ച് അസ്ത്രം തൊടുത്തിരിക്കുന്നു.

3
അടിത്തറ തകര്‍ക്കപ്പെട്ടാല്‍ നീതിമാന്‍ എന്തു ചെയ്യും?

4
സര്‍വേശ്വരന്‍ അവിടുത്തെ വിശുദ്ധമന്ദിരത്തിലുണ്ട്.
അവിടുത്തെ സിംഹാസനം സ്വര്‍ഗത്തിലാണ്.
അവിടുന്ന് എല്ലാ മനുഷ്യരെയും കാണുന്നു,
അവിടുന്ന് അവരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നു.

5
സജ്ജനത്തെയും ദുര്‍ജനത്തെയും അവിടുന്നു പരിശോധിക്കുന്നു.
അക്രമാസക്തരോട് അവിടുത്തേക്കു വെറുപ്പാണ്.

6
ദുര്‍ജനത്തിന്മേല്‍ തീക്കനലും കത്തുന്ന ഗന്ധകവും അവിടുന്നു വര്‍ഷിക്കും.
ഉഷ്ണക്കാറ്റാണ് ദൈവം അവര്‍ക്കു നല്‌കുന്ന ഓഹരി.

7
സര്‍വേശ്വരന്‍ നീതിമാനാണ്.
അവിടുന്നു നീതിനിഷ്ഠമായ പ്രവൃത്തികള്‍ ഇഷ്ടപ്പെടുന്നു.
നേരുള്ളവര്‍ അവിടുത്തെ മുഖം ദര്‍ശിക്കും.

12

1

ഗായകസംഘനേതാവിന്; അഷ്ടമരാഗത്തില്‍, ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം

സര്‍വേശ്വരാ, ഞങ്ങളെ രക്ഷിക്കണമേ,
ദൈവഭക്തര്‍ ഇല്ലാതായിരിക്കുന്നു.
വിശ്വസ്തര്‍ അപ്രത്യക്ഷരായിരിക്കുന്നു.

2
എല്ലാവരും അയല്‍ക്കാരനോടു പൊളി പറയുന്നു,
അവരുടെ അധരങ്ങളില്‍ മുഖസ്തുതിയും
ഹൃദയങ്ങളില്‍ വഞ്ചനയുമാണുള്ളത്.

3
മുഖസ്തുതി പറയുന്ന അധരങ്ങളെയും
വമ്പു പറയുന്ന നാവിനെയും സര്‍വേശ്വരാ,
അങ്ങ് ഛേദിച്ചുകളയണമേ.

4
നാവുകൊണ്ടു ഞങ്ങള്‍ ജയിക്കും,
അധരങ്ങള്‍ ഞങ്ങളെ രക്ഷിക്കും.
‘ആര്‍ ഞങ്ങളെ നിയന്ത്രിക്കും’ എന്ന് അവര്‍ വീമ്പടിക്കുന്നു.

5
ദരിദ്രര്‍ ചൂഷണം ചെയ്യപ്പെടുന്നു,
എളിയവര്‍ നെടുവീര്‍പ്പിടുന്നു,
അതുകൊണ്ടു ഞാനിതാ വരുന്നു
അവര്‍ കാംക്ഷിക്കുന്ന സംരക്ഷണം ഞാന്‍ അവര്‍ക്കു നല്‌കും എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.

6
സര്‍വേശ്വരന്‍റെ വാഗ്ദാനങ്ങള്‍ നിര്‍വ്യാജമാണ്.
ഏഴു പ്രാവശ്യം ഉലയില്‍ കാച്ചിയ വെള്ളി പോലെയാണവ.

7
[7,8] ദുഷ്ടര്‍ എല്ലായിടത്തും ചുറ്റിനടക്കുന്നു.
എല്ലാവരും വഷളത്തത്തെ പുകഴ്ത്തുന്നു.
സര്‍വേശ്വരാ, ഞങ്ങളെ കാത്തുകൊള്ളണമേ,
ഇവരില്‍നിന്നു ഞങ്ങളെ പരിപാലിക്കണമേ.

13

1

ഗായകസംഘനേതാവിന്; ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം

സര്‍വേശ്വരാ, അവിടുന്ന് എത്രകാലം എന്നെ മറന്നുകളയും?
എന്നെ എന്നേക്കുമായി വിസ്മരിക്കുമോ?

2
എത്രകാലം അവിടുന്ന് എന്നില്‍നിന്നു മുഖം മറയ്‍ക്കും?
എത്രകാലം ഞാന്‍ ആത്മവേദന സഹിക്കണം?
എത്രത്തോളം ഞാന്‍ ഹൃദയവ്യഥ അനുഭവിക്കണം?
എത്രത്തോളം ശത്രു എന്‍റെമേല്‍ ജയംകൊള്ളും?

3
എന്‍റെ ദൈവമായ സര്‍വേശ്വരാ,
എന്നെ കടാക്ഷിച്ച് ഉത്തരമരുളണമേ.
ഞാന്‍ മരണനിദ്രയില്‍ വീഴാതിരിക്കാന്‍,
എന്‍റെ കണ്ണുകളെ പ്രകാശിപ്പിക്കണമേ.

4
‘ഞാനവനെ കീഴടക്കി’ എന്ന്
എന്‍റെ ശത്രു പറയാതിരിക്കട്ടെ.
ഞാന്‍ പരാജയപ്പെടുന്നതു കണ്ട്
എന്‍റെ വൈരികള്‍ ആഹ്ലാദിക്കാതിരിക്കട്ടെ.

5
അവിടുത്തെ സുസ്ഥിരസ്നേഹത്തില്‍ ഞാന്‍ ആശ്രയിക്കും.
എന്‍റെ ഹൃദയം അവിടുത്തെ രക്ഷയില്‍ ആനന്ദിക്കും.

6
ഞാന്‍ സര്‍വേശ്വരനെ വാഴ്ത്തിപ്പാടും;
അവിടുന്ന് എന്നെ സമൃദ്ധമായി അനുഗ്രഹിച്ചിരിക്കുന്നുവല്ലോ.

14

1

ഗായകസംഘനേതാവിന്; ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം

‘ദൈവം ഇല്ല’ എന്നു മൂഢന്‍ തന്‍റെ ഹൃദയത്തില്‍ പറയുന്നു.
മ്ലേച്ഛകൃത്യങ്ങള്‍ ചെയ്ത് അവര്‍ വഷളന്മാരായിരിക്കുന്നു.
നന്മ ചെയ്യുന്നവന്‍ ആരുമില്ല.

2
ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാനുണ്ടോ എന്ന് അറിയാന്‍,
സര്‍വേശ്വരന്‍ സ്വര്‍ഗത്തില്‍നിന്നു മനുഷ്യരെ നോക്കുന്നു.

3
എല്ലാവരും വഴിതെറ്റി ഒരുപോലെ വഷളന്മാരായിരിക്കുന്നു.
നന്മ ചെയ്യുന്നവന്‍ ഇല്ല, ഒരുവന്‍ പോലുമില്ല.

4
എന്താണ് തങ്ങള്‍ ചെയ്യുന്നതെന്ന് ഈ ദുര്‍വൃത്തര്‍ക്ക് അറിഞ്ഞുകൂടേ?
അപ്പം തിന്നുന്നതുപോലെ അവര്‍ എന്‍റെ ജനത്തെ തിന്നൊടുക്കുന്നു.
അവര്‍ സര്‍വേശ്വരനെ വിളിച്ചപേക്ഷിക്കുന്നില്ല.

5
അവര്‍ ഭയന്നു വിറകൊള്ളും
സര്‍വേശ്വരന്‍ നീതിമാന്മാരുടെ പക്ഷത്താണല്ലോ.

6
നിങ്ങള്‍ എളിയവരുടെ പ്രതീക്ഷകള്‍ തകര്‍ക്കാന്‍ നോക്കുന്നു.
എന്നാല്‍ സര്‍വേശ്വരനാണ് അവരുടെ അഭയസ്ഥാനം.

7
ഇസ്രായേലിന്‍റെ മോചനം സീയോനില്‍നിന്നു വന്നെങ്കില്‍,
സര്‍വേശ്വരന്‍ തന്‍റെ ജനത്തിന്‍റെ ഐശ്വര്യം പുനഃസ്ഥാപിക്കുമ്പോള്‍
യാക്കോബിന്‍റെ സന്തതികള്‍ സന്തോഷിക്കും ഇസ്രായേല്‍ജനം ആനന്ദിക്കും.

15

1

ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം

സര്‍വേശ്വരാ, അവിടുത്തെ കൂടാരത്തില്‍ ആര്‍ പാര്‍ക്കും?
അവിടുത്തെ വിശുദ്ധപര്‍വതത്തില്‍ ആര്‍ വസിക്കും?

2
നിഷ്കളങ്കനായി നടക്കുകയും
നീതിനിഷ്ഠയോടെ ജീവിക്കുകയും
ഹൃദയപരമാര്‍ഥതയോടെ സത്യം പറയുകയും ചെയ്യുന്നവന്‍.

3
പരദൂഷണം പറയുകയോ,
സ്നേഹിതനെ ദ്രോഹിക്കുകയോ,
അയല്‍ക്കാരനെ അപമാനിക്കുകയോ ചെയ്യാത്തവന്‍.

4
ദുര്‍വൃത്തനെ നിന്ദ്യനായി കരുതുകയും
ദൈവഭക്തനെ ആദരിക്കുകയും
എന്തു നഷ്ടം വന്നാലും വാക്കു
പാലിക്കുകയും ചെയ്യുന്നവന്‍.

5
അഗതിയോടു പലിശ ഈടാക്കുകയോ,
നിരപരാധിക്കെതിരെ കൈക്കൂലി
വാങ്ങുകയോ ചെയ്യാത്തവന്‍.
ഇങ്ങനെയുള്ളവന്‍ എന്നും സുരക്ഷിതനായിരിക്കും.

16

1

ദാവീദിന്‍റെ ഒരു ഗീതം

ദൈവമേ, ഞാന്‍ അങ്ങയെ അഭയം പ്രാപിക്കുന്നു.
എന്നെ കാത്തുകൊള്ളണമേ.

2
അവിടുന്നാണ് എന്‍റെ കര്‍ത്താവ്,
ഞാന്‍ അനുഭവിക്കുന്ന എല്ലാ നന്മകളും
അവിടുന്ന് നല്‌കിയവയാണ് എന്നു ഞാന്‍ സര്‍വേശ്വരനോടു പറയും.

3
സര്‍വേശ്വരന്‍റെ വിശുദ്ധജനം എത്ര ശ്രേഷ്ഠന്മാര്‍!
അവര്‍ എനിക്ക് ഏറ്റവും ആദരണീയരാണ്.

4
അന്യദേവന്മാരെ അനുഗമിക്കുന്നവര്‍,
തങ്ങളുടെ ദുരിതം വര്‍ധിപ്പിക്കുന്നു.
ആ ദേവന്മാര്‍ക്ക് ഞാന്‍ രക്തപാനീയ ബലികള്‍ അര്‍പ്പിക്കുകയില്ല.
ഞാന്‍ അവരുടെ നാമം വിളിച്ചപേക്ഷിക്കുകയുമില്ല.

5
സര്‍വേശ്വരനാണ് എന്‍റെ സര്‍വസ്വവും;
അവിടുന്നാണ് എന്‍റെ സമസ്ത ആവശ്യങ്ങളും നിറവേറ്റുന്നത്.
എന്‍റെ ഭാവി അവിടുത്തെ കരങ്ങളിലാണ്.

6
അഭികാമ്യമായ ഭാഗം എനിക്ക് അളന്നുകിട്ടി,
വിശിഷ്ടമായ ഓഹരി എനിക്കു നല്‌കപ്പെട്ടു.

7
എനിക്ക് ബുദ്ധി ഉപദേശിച്ചു തരുന്ന
സര്‍വേശ്വരനെ ഞാന്‍ വാഴ്ത്തും.
രാത്രിയിലും എന്‍റെ അന്തരംഗം എന്നെ ഉപദേശിക്കുന്നു.

8
സര്‍വേശ്വരന്‍ എപ്പോഴും എന്‍റെ കണ്‍മുമ്പിലുണ്ട്.
അവിടുന്ന് എന്‍റെ വലത്തുഭാഗത്തുള്ളതു കൊണ്ട് ഞാന്‍ കുലുങ്ങുകയില്ല.

9
അതുകൊണ്ട് എന്‍റെ ഹൃദയം ആഹ്ലാദിക്കുന്നു.
എന്‍റെ അന്തരംഗം ആനന്ദിക്കുന്നു.
ഞാന്‍ സുരക്ഷിതനായിരിക്കുന്നു.

10
അവിടുന്ന് എന്നെ പാതാളത്തില്‍ തള്ളുകയില്ല.
അവിടുത്തെ ഭക്തനെ മരണഗര്‍ത്തത്തിലേക്ക് അയയ്‍ക്കുകയില്ല.

11
ജീവന്‍റെ മാര്‍ഗം അവിടുന്ന് എനിക്ക് കാണിച്ചുതരുന്നു.
അവിടുത്തെ സന്നിധിയില്‍ ആനന്ദത്തിന്‍റെ പരിപൂര്‍ണതയും
അവിടുത്തെ വലത്തുഭാഗത്തു ശാശ്വതമായ സന്തോഷവും ഉണ്ട്.

17

1

ദാവീദിന്‍റെ പ്രാര്‍ഥന

പരമനാഥാ, നീതിക്കുവേണ്ടിയുള്ള എന്‍റെ യാചന കേള്‍ക്കണമേ,
എന്‍റെ നിലവിളി ശ്രദ്ധിക്കണമേ.
എന്‍റെ നിഷ്കപടമായ പ്രാര്‍ഥന കേള്‍ക്കണമേ.

2
എന്നെ നിരപരാധിയായി പ്രഖ്യാപിക്കണമേ,
അവിടുന്നു ന്യായം കാണണമേ.

3
എന്‍റെ ഹൃദയം പരിശോധിക്കുകയും
രാത്രിയില്‍ എന്നെ സന്ദര്‍ശിക്കുകയും
എന്നെ പരീക്ഷിക്കുകയും ചെയ്താല്‍
അവിടുന്ന് എന്നില്‍ തിന്മയൊന്നും കണ്ടെത്തുകയില്ല.
ഞാന്‍ അധരങ്ങള്‍കൊണ്ടു പാപം ചെയ്തില്ല.

4
മറ്റുള്ളവരെപ്പോലെ ഞാന്‍ തിന്മ പ്രവര്‍ത്തിച്ചില്ല.
അക്രമികളുടെ പാത ഞാന്‍ പിന്തുടര്‍ന്നില്ല.
അവിടുത്തെ കല്പന ഞാന്‍ അനുസരിച്ചു.

5
അവിടുത്തെ വഴികളിലൂടെ ഞാന്‍ നടന്നു,
അതില്‍നിന്ന് എന്‍റെ കാല്‍ വഴുതിയില്ല.

6
ദൈവമേ, ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു,
അവിടുന്ന് എനിക്കുത്തരമരുളുമല്ലോ,
അവിടുന്ന് എങ്കലേക്കു തിരിഞ്ഞ് എന്‍റെ അപേക്ഷ കേള്‍ക്കണമേ.

7
അങ്ങയില്‍ അഭയം പ്രാപിക്കുന്നവരെ വലങ്കൈ നീട്ടി,
ശത്രുക്കളില്‍നിന്നു രക്ഷിക്കുന്ന നാഥാ,
അവിടുത്തെ മഹത്തായ സ്നേഹം കാട്ടിയാലും.

8
കണ്ണിന്‍റെ കൃഷ്ണമണിപോലെ എന്നെ കാക്കണമേ,
അവിടുത്തെ ചിറകിന്‍റെ നിഴലില്‍ എന്നെ മറച്ചുകൊളളണമേ.

9
എന്നെ നശിപ്പിക്കുന്ന ദുഷ്ടരില്‍നിന്നും
എന്നെ വലയം ചെയ്യുന്ന കൊടിയ ശത്രുക്കളില്‍നിന്നും എന്നെ രക്ഷിക്കണമേ.

10
അവരുടെ ഹൃദയത്തില്‍ അനുകമ്പയില്ല,
അവരുടെ അധരങ്ങള്‍ വമ്പു പറയുന്നു,

11
അവര്‍ എന്‍റെ കാലടികള്‍ പിന്തുടര്‍ന്ന് എന്നെ വളയുന്നു;
അവര്‍ എന്നെ നിലംപരിചാക്കാന്‍ തക്കംനോക്കുന്നു.

12
കടിച്ചുകീറാന്‍ വെമ്പല്‍കൊള്ളുന്ന സിംഹത്തെപ്പോലെയാണവര്‍.
ആക്രമിക്കാന്‍ മറവിടങ്ങളില്‍ പതിയിരിക്കുന്ന
സിംഹക്കുട്ടിയെപ്പോലെ തന്നെ.

13
സര്‍വേശ്വരാ, എഴുന്നേറ്റ് അവരെ എതിര്‍ത്തു തോല്പിക്കണമേ,
അവിടുത്തെ വാള്‍കൊണ്ടു ദുഷ്ടരില്‍നിന്ന് എന്നെ രക്ഷിക്കണമേ,

14
ലൗകികസുഖങ്ങള്‍ മാത്രം ഇച്ഛിക്കുന്ന
മനുഷ്യരില്‍നിന്ന് എന്നെ വിടുവിക്കണമേ.
അവിടുന്ന് ഒരുക്കിയിരിക്കുന്ന ശിക്ഷ അവര്‍ക്കു മതിവരുവോളം ലഭിക്കട്ടെ.
അവരുടെ മക്കള്‍ക്കും വേണ്ടുവോളം ലഭിക്കട്ടെ.
മിച്ചമുള്ളത് അവരുടെ പേരക്കിടാങ്ങള്‍ക്ക് ഇരിക്കട്ടെ.

15
നീതിനിമിത്തം ഞാന്‍ അവിടുത്തെ മുഖം ദര്‍ശിക്കും.
ഉണരുമ്പോള്‍ ഞാന്‍ അങ്ങയെ ദര്‍ശിച്ചു തൃപ്തിയടയും.

18

1

ഗായകസംഘനേതാവിന്; ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. ശത്രുക്കളില്‍നിന്നും ശൗലിന്‍റെ കൈയില്‍നിന്നും സര്‍വേശ്വരന്‍ ദാവീദിനെ വിടുവിച്ച ദിവസം പാടിയത്.

എനിക്കു ശക്തിയരുളുന്ന പരമനാഥാ,
ഞാന്‍ അങ്ങയെ സ്നേഹിക്കുന്നു.

2
സര്‍വേശ്വരനാണ് എന്‍റെ അഭയശിലയും രക്ഷാദുര്‍ഗവും.
എന്‍റെ വിമോചകനും അവിടുന്നുതന്നെ.
എന്‍റെ ദൈവവും ഞാന്‍ അഭയം പ്രാപിക്കുന്ന പാറയും എന്‍റെ പരിചയും എന്‍റെ രക്ഷയും
എന്‍റെ അഭയസങ്കേതവും അവിടുന്നാണ്.

3
സര്‍വേശ്വരനു സ്തോത്രം.
ഞാന്‍ അവിടുത്തെ വിളിച്ചപേക്ഷിച്ചു,
എന്‍റെ ശത്രുക്കളില്‍നിന്ന് അവിടുന്നെന്നെ രക്ഷിച്ചു.

4
മരണപാശങ്ങള്‍ എന്നെ ചുറ്റി,
നിത്യവിനാശത്തിന്‍റെ പ്രവാഹങ്ങള്‍ എന്നെ കവിഞ്ഞൊഴുകി.

5
പാതാളപാശങ്ങള്‍ എന്നെ വരിഞ്ഞുമുറുക്കി.
മരണത്തിന്‍റെ കെണികള്‍ എന്നെ പിടികൂടി.

6
എന്‍റെ കഷ്ടതയില്‍ ഞാന്‍ സര്‍വേശ്വരനെ വിളിച്ചപേക്ഷിച്ചു,
എന്‍റെ ദൈവത്തോടു ഞാന്‍ നിലവിളിച്ചു.
അവിടുന്നു തന്‍റെ ആലയത്തില്‍നിന്ന് എന്‍റെ അപേക്ഷ കേട്ടു.
എന്‍റെ നിലവിളി അവിടുത്തെ കാതുകളിലെത്തി.

7
അപ്പോള്‍ അവിടുത്തെ കോപത്താല്‍ ഭൂമി ഞെട്ടിവിറച്ചു.
പര്‍വതങ്ങളുടെ അടിസ്ഥാനങ്ങള്‍ ഇളകി.

8
അവിടുത്തെ മൂക്കില്‍നിന്നു പുക ഉയര്‍ന്നു,
വായില്‍നിന്നു സംഹാരാഗ്നി വമിച്ചു.
ജ്വലിക്കുന്ന തീക്കനല്‍ ചിതറി.

9
അവിടുന്ന് ആകാശം വളച്ച് ഇറങ്ങിവന്നു.
കരിമേഘങ്ങള്‍ അവിടുത്തെ കാല്‍ക്കീഴിലുണ്ടായിരുന്നു.

10
അവിടുന്നു കെരൂബിനെ വാഹനമാക്കി പറന്നു.
കാറ്റിന്‍റെ ചിറകുകളില്‍ അവിടുന്ന് അതിശീഘ്രം പറന്നെത്തി.

11
കൂരിരുട്ടിനെ അവിടുന്ന് ആവരണമാക്കി.
ജലംപൂണ്ട കറുത്ത മേഘങ്ങള്‍ മേല്‍വിരിപ്പുമാക്കി.

12
തിരുമുമ്പിലെ മിന്നല്‍പ്പിണരുകളില്‍നിന്നു
മേഘപാളികള്‍ ഭേദിച്ച് കന്മഴയും തീക്കനലും വര്‍ഷിച്ചു.

13
സര്‍വേശ്വരന്‍ ആകാശത്ത് ഇടിനാദം മുഴക്കി.
അത്യുന്നതന്‍ തന്‍റെ ശബ്ദം കേള്‍പ്പിച്ചു;
കന്മഴയും തീക്കനലും തന്നെ.

14
അവിടുന്ന് അസ്ത്രം അയച്ചു ശത്രുക്കളെ ചിതറിച്ചു,
മിന്നല്‍പ്പിണരുകളാല്‍ അവരെ തുരത്തി.

15
സര്‍വേശ്വരാ, അവിടുത്തെ ഭര്‍ത്സനത്താല്‍,
അവിടുത്തെ ക്രോധനിശ്വാസത്താല്‍,
ആഴിയുടെ അടിത്തട്ടു ദൃശ്യമായി,
ഭൂമിയുടെ അടിസ്ഥാനങ്ങള്‍ അനാവൃതമായി.

16
അവിടുന്ന് ഉയരത്തില്‍നിന്നു കൈ നീട്ടി എന്നെ പിടിച്ചു,
പെരുവെള്ളത്തില്‍നിന്ന് അവിടുന്നെന്നെ വലിച്ചെടുത്തു.

17
പ്രബലരായ ശത്രുക്കളില്‍നിന്നും എന്നെ വെറുത്തവരില്‍നിന്നും അവിടുന്ന് എന്നെ രക്ഷിച്ചു.
അവര്‍ എന്നെക്കാള്‍ ബലമേറിയവരായിരുന്നു.

18
എന്‍റെ അനര്‍ഥദിവസത്തില്‍ അവര്‍ എന്നെ ആക്രമിച്ചു.
എന്നാല്‍ സര്‍വേശ്വരന്‍ എന്നെ താങ്ങി.

19
ആപത്തില്‍നിന്ന് അവിടുന്ന് എന്നെ രക്ഷിച്ചു,
എന്നില്‍ പ്രസാദിച്ചതിനാല്‍, അവിടുന്ന് എന്നെ വിടുവിച്ചു.

20
എന്‍റെ നീതിക്കൊത്തവിധം, അവിടുന്ന് എനിക്കു പ്രതിഫലം നല്‌കി.
എന്‍റെ കൈകളുടെ നൈര്‍മ്മല്യത്തിനൊത്തവിധം,
അവിടുന്ന് എന്നെ അനുഗ്രഹിച്ചു.

21
സര്‍വേശ്വരന്‍റെ വഴിയില്‍ ഞാന്‍ ഉറച്ചുനിന്നു,
ഞാന്‍ തിന്മ പ്രവര്‍ത്തിച്ച് എന്‍റെ ദൈവത്തില്‍ നിന്ന് അകന്നുപോയില്ല.

22
അവിടുത്തെ കല്പനകള്‍ അനുസരിച്ചു ഞാന്‍ നടന്നു.
അവിടുത്തെ ചട്ടങ്ങള്‍ ഞാന്‍ ലംഘിച്ചില്ല.

23
അവിടുത്തെ മുമ്പില്‍ ഞാന്‍ നിഷ്കളങ്കനായിരുന്നു,
തിന്മ ചെയ്യാതെ എന്നെത്തന്നെ കാത്തു.

24
എന്‍റെ കൈകളുടെ നിഷ്കളങ്കത കണ്ട്,
എന്‍റെ നീതിനിഷ്ഠയ്‍ക്കൊത്തവിധം,
അവിടുന്ന് എനിക്ക് പ്രതിഫലം നല്‌കി.

25
വിശ്വസ്തനോട് അങ്ങ് വിശ്വസ്തത പുലര്‍ത്തുന്നു;
നിഷ്കളങ്കനോട് അങ്ങ് നിഷ്കളങ്കനായി വര്‍ത്തിക്കുന്നു;

26
നിര്‍മ്മലനോട് അങ്ങ് നിര്‍മ്മലതയോടെ പെരുമാറുന്നു;
വക്രബുദ്ധിയോട് അങ്ങ് ക്രൂരനായി വര്‍ത്തിക്കുന്നു.

27
എളിയവരെ അവിടുന്നു രക്ഷിക്കുന്നു;
അഹങ്കാരികളെ അവിടുന്നു താഴ്ത്തുന്നു.

28
അവിടുന്ന് എന്‍റെ ദീപം തെളിക്കുന്നു;
എന്‍റെ ദൈവമായ സര്‍വേശ്വരന്‍ എന്‍റെ അന്ധകാരം അകറ്റുന്നു.

29
അവിടുത്തെ സഹായത്താല്‍ ഞാന്‍ ശത്രുസൈന്യത്തെ ആക്രമിക്കും.
എന്‍റെ ദൈവത്തിന്‍റെ സഹായത്താല്‍ ഞാന്‍ കോട്ട ചാടിക്കടക്കും.

30
ദൈവത്തിന്‍റെ വഴി തികവുറ്റത്;
സര്‍വേശ്വരന്‍റെ വാക്കുകള്‍ വിശ്വാസ്യം;
തന്നില്‍ അഭയം പ്രാപിക്കുന്നവര്‍ക്ക് അവിടുന്ന് പരിചയാണ്.

31
സര്‍വേശ്വരനല്ലാതെ ദൈവം ആരുണ്ട്?
നമ്മുടെ ദൈവമല്ലാതെ അഭയശില ഏത്?

32
അവിടുന്നു ശക്തികൊണ്ട് എന്‍റെ അരമുറുക്കുന്നു;
അവിടുന്ന് എന്‍റെ പാത സുഗമമാക്കുന്നു.

33
അവിടുന്ന് എന്‍റെ കാലുകള്‍ക്ക് മാന്‍പേടയുടെ വേഗം നല്‌കി,
അവിടുന്ന് എന്നെ ഉയര്‍ന്ന ഗിരികളില്‍ സുരക്ഷിതനായി നിര്‍ത്തി.

34
അവിടുന്ന് എന്നെ യുദ്ധമുറ അഭ്യസിപ്പിക്കുന്നു,
താമ്രവില്ലുപോലും എനിക്കു കുലയ്‍ക്കാം.

35
അവിടുന്ന് എനിക്ക് രക്ഷയുടെ പരിച നല്‌കിയിരിക്കുന്നു;
അവിടുത്തെ വലങ്കൈ എന്നെ താങ്ങുന്നു
അവിടുത്തെ കാരുണ്യം എന്നെ വലിയവനാക്കിയിരിക്കുന്നു.

36
അവിടുന്ന് എന്‍റെ പാത വിശാലമാക്കി;
എന്‍റെ കാലുകള്‍ വഴുതിയില്ല.

37
എന്‍റെ ശത്രുക്കളെ ഞാന്‍ പിന്തുടര്‍ന്നു പിടിച്ചു;
അവരെ നശിപ്പിക്കുവോളം ഞാന്‍ പിന്തിരിഞ്ഞില്ല.

38
എഴുന്നേല്‌ക്കാത്തവിധം അവരെ ഞാന്‍ തകര്‍ത്തു;
അവര്‍ എന്‍റെ കാല്‍ക്കീഴില്‍ അമര്‍ന്നു.

39
യുദ്ധത്തിനായി ബലംകൊണ്ട് അവിടുന്ന് എന്‍റെ അര മുറുക്കി;
വൈരികളുടെമേല്‍ എനിക്കു വിജയം നല്‌കി.

40
എന്‍റെ ശത്രുക്കളെ അവിടുന്ന് പലായനം ചെയ്യിച്ചു,
എന്നെ പകച്ചവരെ ഞാന്‍ നശിപ്പിച്ചു.

41
അവര്‍ സഹായത്തിനുവേണ്ടി നിലവിളിച്ചു,
എന്നാല്‍ വിടുവിക്കാന്‍ ആരും ഉണ്ടായിരുന്നില്ല.
അവര്‍ സര്‍വേശ്വരനോടു നിലവിളിച്ചു;
എന്നാല്‍ അവിടുന്ന് ഉത്തരമരുളിയില്ല.

42
കാറ്റില്‍ പാറുന്ന ധൂളിപോലെ ഞാന്‍ അവരെ തകര്‍ത്തു;
വഴിയിലെ ചെളിപോലെ ഞാന്‍ അവരെ കോരിക്കളഞ്ഞു.

43
ജനത്തിന്‍റെ പ്രക്ഷോഭത്തില്‍നിന്ന് അങ്ങ് എന്നെ രക്ഷിച്ചു.
അവിടുന്ന് എന്നെ ജനതകളുടെ അധിപതിയാക്കി;
എനിക്ക് അപരിചിതരായിരുന്ന ജനം എന്നെ സേവിച്ചു.

44
എന്നെക്കുറിച്ചു കേട്ട മാത്രയില്‍ അവര്‍ എന്നെ നിരസിച്ചു;
അന്യജനതകള്‍ എന്നോടു യാചിച്ചു.

45
അവരുടെ ധൈര്യം ചോര്‍ന്നുപോയി,
കോട്ടകളില്‍നിന്ന് അവര്‍ വിറച്ചുകൊണ്ട് ഇറങ്ങിവന്നു.

46
സര്‍വേശ്വരന്‍ ജീവിക്കുന്നു;
എന്‍റെ അഭയശില വാഴ്ത്തപ്പെടട്ടെ.
എനിക്കു രക്ഷ നല്‌കുന്ന ദൈവം സ്തുതിക്കപ്പെടട്ടെ.

47
എന്‍റെ ശത്രുക്കളുടെമേല്‍ ദൈവം എനിക്കു വിജയം നല്‌കി,
ജനതകളെ അവിടുന്ന് എനിക്കു കീഴ്പെടുത്തി.

48
എന്‍റെ ശത്രുക്കളില്‍നിന്ന് അവിടുന്ന് എന്നെ വിടുവിച്ചു;
വൈരികളുടെമേല്‍ എനിക്കു വിജയം നല്‌കി,
അക്രമികളില്‍നിന്ന് എന്നെ രക്ഷിച്ചു.

49
അതുകൊണ്ട് സര്‍വേശ്വരാ, അന്യജനതകളുടെ മധ്യേ
ഞാന്‍ അവിടുത്തെ പ്രകീര്‍ത്തിക്കും.
അവിടുത്തെ ഞാന്‍ വാഴ്ത്തിപ്പാടും.
അവിടുന്നു തിരഞ്ഞെടുത്ത രാജാവിന്
അങ്ങ് വന്‍വിജയങ്ങള്‍ നല്‌കുന്നു.

50
തന്‍റെ അഭിഷിക്തനോടു സുസ്ഥിരസ്നേഹം കാട്ടുന്നു.
ദാവീദിനോടും അവന്‍റെ സന്തതികളോടും തന്നെ.

19

1

ഗായകസംഘനേതാവിന്; ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം

ആകാശം ദൈവത്തിന്‍റെ മഹത്ത്വത്തെ വര്‍ണിക്കുന്നു,
ആകാശമണ്ഡലം അവിടുത്തെ കരവേലയെ വിളംബരം ചെയ്യുന്നു.

2
ദൈവത്തിന്‍റെ മഹത്ത്വത്തെക്കുറിച്ച്,
പകല്‍ പകലിനോടു നിരന്തരം സംസാരിക്കുന്നു;
രാത്രി രാത്രിക്ക് ആ അറിവു പകരുന്നു.

3
വാക്കുകളില്ല, ഭാഷണമില്ല, ശബ്ദം കേള്‍ക്കാനുമില്ല.

4
എങ്കിലും അവയുടെ സ്വരം ഭൂമിയിലെങ്ങും വ്യാപിക്കുന്നു;
അവയുടെ വാക്കുകള്‍ ഭൂമിയുടെ അറുതിവരെ എത്തുന്നു;
അവിടുന്നു സൂര്യന് ആകാശത്ത് ഒരു കൂടാരം സ്ഥാപിച്ചിരിക്കുന്നു.

5
മണവറയില്‍നിന്നു മണവാളനെപ്പോലെ
പുലര്‍കാലത്ത് സൂര്യന്‍ അതില്‍നിന്നു പുറത്തുവരുന്നു;
ബലശാലിയെപ്പോലെ പ്രസന്നചിത്തനായി ഓടാന്‍ തുടങ്ങുന്നു.

6
ആകാശത്തിന്‍റെ ഒരറ്റത്തുനിന്ന് അതു പുറപ്പെടുന്നു,
മറ്റേ അറ്റംവരെ അതു യാത്ര ചെയ്യുന്നു;
അതിന്‍റെ ചൂടില്‍നിന്ന് ഒന്നിനും ഒളിക്കാനാവുകയില്ല.

7
സര്‍വേശ്വരന്‍റെ ധര്‍മശാസ്ത്രം തികവുള്ളത്;
അത് ആത്മാവിനു നവജീവന്‍ നല്‌കുന്നു.
സര്‍വേശ്വരന്‍റെ പ്രബോധനങ്ങള്‍ വിശ്വാസ്യമായത്;
അത് അറിവില്ലാത്തവരെ ജ്ഞാനികളാക്കുന്നു.

8
സര്‍വേശ്വരന്‍റെ കല്പനകള്‍ നീതിനിഷ്ഠം;
അവ ഹൃദയത്തെ ആനന്ദിപ്പിക്കുന്നു.
അവിടുത്തെ പ്രമാണങ്ങള്‍ പവിത്രമായത്;
അവ കണ്ണുകളെ പ്രകാശിപ്പിക്കുന്നു.

9
സര്‍വേശ്വരനോടുള്ള ഭക്തി നിര്‍മ്മലമായത്;
അത് എന്നേക്കും നിലനില്‌ക്കുന്നു.
അവിടുത്തെ വിധികള്‍ സത്യമായവ;
അവ തികച്ചും നീതിയുക്തമാണ്.

10
അവ പൊന്നിനെയും തങ്കത്തെയുംകാള്‍ അഭികാമ്യം;
തേനിനെയും തേന്‍കട്ടയെയുംകാള്‍ മധുരമുള്ളവ.

11
ഈ ധര്‍മശാസ്ത്രമാണ് അവിടുത്തെ ദാസനു പ്രബോധനം നല്‌കുന്നത്.
ഇതു പാലിക്കുന്നതുകൊണ്ട് എനിക്കു വളരെ പ്രതിഫലം ഉണ്ട്.

12
സ്വന്തം തെറ്റുകള്‍ ഗ്രഹിക്കാന്‍ ആര്‍ക്കു കഴിയും?
അറിയാതെ ചെയ്തുപോകുന്ന തെറ്റുകളില്‍ നിന്ന് എന്നെ രക്ഷിക്കണമേ.

13
ബോധപൂര്‍വം ചെയ്യുന്ന പാപങ്ങളില്‍നിന്ന്
ഈ ദാസനെ കാത്തുകൊള്ളണമേ.
അവ എന്‍റെമേല്‍ ആധിപത്യം പുലര്‍ത്തരുതേ;
അങ്ങനെ ഞാന്‍ കുറ്റമറ്റവനായിരിക്കും.
അതിക്രമങ്ങളില്‍നിന്നു വിമുക്തനുമായിരിക്കും.

14
എന്‍റെ അഭയശിലയും വിമോചകനുമായ സര്‍വേശ്വരാ,
എന്‍റെ വാക്കുകളും എന്‍റെ ചിന്തകളും
തിരുസന്നിധിയില്‍ സ്വീകാര്യമായിരിക്കേണമേ.

20

1

ഗായകസംഘനേതാവിന്; ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം

കഷ്ടകാലത്ത് സര്‍വേശ്വരന്‍ അങ്ങേക്ക് ഉത്തരമരുളട്ടെ;
യാക്കോബിന്‍റെ ദൈവം അങ്ങയെ സംരക്ഷിക്കട്ടെ.

2
അവിടുന്നു വിശുദ്ധമന്ദിരത്തില്‍നിന്ന്
അങ്ങേക്കു സഹായം അയയ്‍ക്കട്ടെ,
അവിടുന്നു സീയോനില്‍നിന്ന് അങ്ങേക്കു തുണയരുളട്ടെ.

3
അങ്ങയുടെ എല്ലാ വഴിപാടുകളും സര്‍വേശ്വരന്‍ സ്വീകരിക്കട്ടെ.
അങ്ങയുടെ ഹോമയാഗങ്ങളില്‍ അവിടുന്നു പ്രസാദിക്കട്ടെ.

4
അങ്ങയുടെ അഭിലാഷം അവിടുന്നു നിറവേറ്റട്ടെ,
അങ്ങയുടെ ഉദ്യമങ്ങളെല്ലാം സഫലമാക്കട്ടെ;

5
അങ്ങയുടെ വിജയത്തില്‍ ഞങ്ങള്‍ ആര്‍പ്പുവിളിക്കും,
ഞങ്ങളുടെ ദൈവത്തിന്‍റെ നാമത്തില്‍
ഞങ്ങള്‍ വിജയക്കൊടി ഉയര്‍ത്തും.
സര്‍വേശ്വരന്‍ അങ്ങയുടെ അപേക്ഷകളെല്ലാം നിറവേറ്റട്ടെ.

6
സര്‍വേശ്വരന്‍ തന്‍റെ അഭിഷിക്തനായ രാജാവിന്
വിജയം നല്‌കുന്നു എന്നു ഞാന്‍ ഇപ്പോള്‍ അറിയുന്നു;
തന്‍റെ വിശുദ്ധസ്വര്‍ഗത്തില്‍നിന്ന് അവിടുന്ന് ഉത്തരമരുളും.
അവിടുത്തെ വലങ്കൈകൊണ്ട് മഹത്തായ വിജയം നല്‌കും.

7
ചിലര്‍ കുതിരകളിലും മറ്റു ചിലര്‍ രഥങ്ങളിലും അഹങ്കരിക്കുന്നു;
എന്നാല്‍ ഞങ്ങള്‍ ഞങ്ങളുടെ ദൈവമായ സര്‍വേശ്വരനില്‍ അഭിമാനം കൊള്ളുന്നു.

8
അവര്‍ തകര്‍ന്നുവീഴും,
എന്നാല്‍ ഞങ്ങള്‍ എഴുന്നേറ്റു ശിരസ്സുയര്‍ത്തി നില്‌ക്കും.

9
പരമനാഥാ, രാജാവിനു വിജയം നല്‌കണമേ;
ഞങ്ങള്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ ഉത്തരമരുളണമേ.

21

1

ഗായകസംഘനേതാവിന്; ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം

സര്‍വേശ്വരാ, അവിടുത്തെ ശക്തിയില്‍ രാജാവ് സന്തോഷിക്കുന്നു;
അവിടുന്നു നല്‌കിയ വിജയത്തില്‍ അദ്ദേഹം ആഹ്ലാദിക്കുന്നു.

2
അദ്ദേഹത്തിന്‍റെ അഭിലാഷം അവിടുന്നു നിറവേറ്റി;
അപേക്ഷ നിഷേധിച്ചതുമില്ല.

3
ശ്രേഷ്ഠമായ അനുഗ്രഹങ്ങള്‍ നല്‌കി,
അവിടുന്ന് അദ്ദേഹത്തെ എതിരേറ്റു;
തങ്കക്കിരീടം അദ്ദേഹത്തിന്‍റെ ശിരസ്സില്‍ അണിയിച്ചു.

4
അദ്ദേഹം അവിടുത്തോടു ജീവന്‍ യാചിച്ചു;
അവിടുന്ന് അതു നല്‌കി.
സുദീര്‍ഘവും അനന്തവുമായ നാളുകള്‍ തന്നെ.

5
അവിടുത്തെ സഹായത്താല്‍ അദ്ദേഹത്തിന്‍റെ മഹത്ത്വം വര്‍ധിച്ചു;
അവിടുന്നു പ്രതാപവും മഹത്ത്വവും അദ്ദേഹത്തിന്‍റെമേല്‍ ചൊരിഞ്ഞു.

6
അവിടുന്ന് അദ്ദേഹത്തെ എന്നേക്കും അനുഗ്രഹപൂര്‍ണനാക്കി;
തിരുസാന്നിധ്യത്തിന്‍റെ സന്തോഷത്താല്‍ ആനന്ദിപ്പിച്ചു.

7
രാജാവ് സര്‍വേശ്വരനില്‍ ആശ്രയിക്കുന്നു;
അത്യുന്നതന്‍റെ അചഞ്ചലസ്നേഹത്താല്‍ അദ്ദേഹം നിര്‍ഭയനായിരിക്കും.

8
അങ്ങയുടെ കരം എല്ലാ ശത്രുക്കളെയും പിടിക്കും;
അങ്ങയുടെ വലങ്കൈ അങ്ങയെ ദ്വേഷിക്കുന്നവരെ പിടിച്ചുകെട്ടും.

9
സര്‍വേശ്വരന്‍ പ്രത്യക്ഷപ്പെടുമ്പോള്‍
അവിടുന്ന് അവരെ ജ്വലിക്കുന്ന ചൂളപോലെയാക്കും;
അവിടുത്തെ ഉഗ്രരോഷം അവരെ വിഴുങ്ങും;
അഗ്നി അവരെ ദഹിപ്പിക്കും.

10
അവിടുന്ന് അവരുടെ സന്തതികളെ ഭൂമുഖത്തുനിന്നും
അവരുടെ മക്കളെ മനുഷ്യരുടെ ഇടയില്‍ നിന്നും നശിപ്പിക്കും.

11
അവര്‍ അങ്ങേക്കെതിരെ ദോഷം നിരൂപിച്ചാലും
അങ്ങേക്കെതിരെ ദുഷ്ടപദ്ധതികള്‍ ആവിഷ്കരിച്ചാലും വിജയിക്കയില്ല.

12
അവിടുന്ന് അവരെ തുരത്തും;
അവരുടെ മുഖത്തിനു നേരേ അസ്ത്രം എയ്യും.

13
സര്‍വേശ്വരാ, അങ്ങയുടെ ശക്തിയാല്‍
അവിടുത്തെ മഹത്ത്വം വെളിപ്പെടുത്തണമേ;
അങ്ങയുടെ ശക്തിപ്രഭാവത്തെ ഞങ്ങള്‍ പാടിപ്പുകഴ്ത്തും.

22

1

ഗായകസംഘനേതാവിന്; ഉഷസ്സിലെ മാന്‍പേട എന്ന രാഗത്തില്‍, ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം

എന്‍റെ ദൈവമേ, എന്‍റെ ദൈവമേ,
അങ്ങെന്നെ കൈവിട്ടതെന്ത്?
എന്നെ സഹായിക്കാതെയും എന്‍റെ രോദനം കേള്‍ക്കാതെയും
അങ്ങ് മാറി നില്‌ക്കുന്നതെന്ത്?

2
എന്‍റെ ദൈവമേ, പകല്‍ മുഴുവന്‍ ഞാന്‍ അങ്ങയെ വിളിക്കുന്നു;
അങ്ങ് ഉത്തരമരുളുന്നില്ല;
രാത്രിയിലും ഞാന്‍ വിളിച്ചപേക്ഷിക്കുന്നു;
എനിക്ക് ആശ്വാസം ലഭിക്കുന്നില്ല.

3
ഇസ്രായേലിന്‍റെ സ്തുതികളുടെ സിംഹാസനത്തില്‍ ഇരിക്കുന്നവനേ,
അവിടുന്നു പരിശുദ്ധനാകുന്നു.

4
ഞങ്ങളുടെ പിതാക്കന്മാര്‍ അങ്ങയില്‍ ആശ്രയിച്ചു;
അവര്‍ അവിടുത്തെ ആശ്രയിക്കുകയും;
അവിടുന്ന് അവരെ വിടുവിക്കുകയും ചെയ്തു.

5
അവര്‍ അങ്ങയോടു നിലവിളിച്ചു,
അവിടുന്ന് അവരെ രക്ഷിച്ചു.
അവര്‍ അങ്ങയില്‍ ആശ്രയിച്ചു,
അവര്‍ നിരാശരായില്ല.

6
ഞാന്‍ മനുഷ്യനല്ല, ഒരു കൃമി മാത്രം;
എല്ലാവരുടെയും പരിഹാസവിഷയവും നിന്ദാപാത്രവും.

7
കാണുന്നവരെല്ലാം എന്നെ പരിഹസിക്കുന്നു;
അവര്‍ എന്നെ നോക്കി കൊഞ്ഞനം കാട്ടുകയും തലയാട്ടുകയും ചെയ്യുന്നു.

8
“അവന്‍ സര്‍വേശ്വരനെ ആശ്രയിച്ചല്ലോ,
അവിടുന്ന് അവനെ രക്ഷിക്കട്ടെ!
സര്‍വേശ്വരന്‍ അവനില്‍ പ്രസാദിച്ചല്ലോ,
അവിടുന്ന് അവനെ വിടുവിക്കട്ടെ!”

9
അമ്മയുടെ ഉദരത്തില്‍നിന്ന് എന്നെ പുറത്തുകൊണ്ടുവന്നത് അവിടുന്നാണ്.
മുലകുടിപ്രായത്തിലും എന്നെ സംരക്ഷിച്ചത് അവിടുന്നുതന്നെ.

10
പിറന്ന നാള്‍മുതല്‍ അവിടുന്നെന്നെ പരിപാലിക്കുന്നു;
എന്‍റെ അമ്മ എന്നെ പ്രസവിച്ച നാള്‍മുതല്‍ അവിടുന്നാണ് എന്‍റെ ദൈവം.

11
ശത്രുക്കള്‍ എന്നെ സമീപിച്ചിരിക്കുകയാല്‍,
അവിടുന്ന് എന്നെ വിട്ട് അകന്നു പോകരുതേ,
സഹായിക്കാന്‍ മറ്റാരുമില്ലല്ലോ.

12
കാളക്കൂറ്റന്മാരെപ്പോലെ ശത്രുക്കള്‍ എന്നെ വളഞ്ഞു,
ബാശാന്‍കൂറ്റന്മാരെപ്പോലെ അവര്‍ എന്നെ വലയംചെയ്തു.

13
ആര്‍ത്തിപിടിച്ചു ഗര്‍ജിക്കുന്ന സിംഹംപോലെ,
അവര്‍ എന്‍റെനേരേ വായ് പിളര്‍ന്നു.

14
എന്‍റെ ശക്തി വെള്ളംപോലെ തൂവിപ്പോയിരിക്കുന്നു,
എന്‍റെ അസ്ഥികള്‍ ഉലഞ്ഞിരിക്കുന്നു.
എന്‍റെ ഹൃദയം മെഴുകുപോലെ ഉരുകിയിരിക്കുന്നു.

15
എന്‍റെ തൊണ്ട പൊട്ടി വറകലംപോലെ വരണ്ടിരിക്കുന്നു;
എന്‍റെ നാവ് അണ്ണാക്കിനോടു പറ്റിയിരിക്കുന്നു.
മരണത്തിന്‍റെ പൂഴിയില്‍ അവിടുന്ന് എന്നെ തള്ളിയിട്ടിരിക്കുന്നു.

16
ദുഷ്ടന്മാരുടെ കൂട്ടം നായ്‍ക്കളെപ്പോലെ എന്നെ വളഞ്ഞു;
അവര്‍ എന്‍റെ കൈകാലുകള്‍ കടിച്ചുകീറി.

17
എന്‍റെ അസ്ഥികളെല്ലാം എനിക്ക് എണ്ണാവുന്ന വിധത്തിലായി;
എന്‍റെ ശത്രുക്കള്‍ എന്നെ തുറിച്ചുനോക്കുന്നു.

18
എന്‍റെ വസ്ത്രങ്ങള്‍ അവര്‍ പങ്കിടുന്നു,
അങ്കിക്കായി അവര്‍ ചീട്ടിടുന്നു.

19
സര്‍വേശ്വരാ, അവിടുന്ന് എന്നില്‍നിന്ന് അകന്നു പോകരുതേ;
എനിക്കു തുണയരുളുന്ന നാഥാ,
സഹായിക്കാന്‍ വേഗം വരണമേ.

20
ശത്രുക്കളുടെ വാളില്‍നിന്ന് എന്നെ രക്ഷിക്കണമേ,
നായ്‍ക്കളുടെ കൈയില്‍നിന്ന് എന്‍റെ ജീവനെ വിടുവിക്കണമേ.

21
സിംഹങ്ങളുടെ വായില്‍നിന്ന് എന്നെ രക്ഷിക്കണമേ;
കാട്ടുപോത്തുകളുടെ കൊമ്പുകള്‍ക്കിടയില്‍ നിന്ന്
ഈ പീഡിതാത്മാവിനെ വീണ്ടെടുക്കണമേ.

22
അവിടുന്നു ചെയ്ത നന്മകള്‍ എന്‍റെ സഹോദരന്മാരെ ഞാന്‍ അറിയിക്കും.

23
ഭക്തജനങ്ങളേ, സര്‍വേശ്വരനെ സ്തുതിക്കുക;
യാക്കോബിന്‍റെ സന്തതികളേ, അവിടുത്തെ പ്രകീര്‍ത്തിക്കുക;
ഇസ്രായേല്‍മക്കളേ, ഭയഭക്തിയോടെ അവിടുത്തെ ആരാധിക്കുക.

24
പീഡിതനെ അവിടുന്ന് അവഗണിക്കുന്നില്ല,
അവന്‍റെ ദുരിതത്തെ നിന്ദയോടെ നോക്കുന്നില്ല;
തിരുമുഖം അവനില്‍നിന്നു മറയ്‍ക്കുന്നുമില്ല;
അങ്ങയോടു നിലവിളിച്ചപ്പോള്‍ അവിടുന്ന് അവന് ഉത്തരമരുളി.

25
അവിടുത്തെ ആരാധിക്കുന്നവരുടെ സമൂഹത്തില്‍,
ഞാന്‍ അവിടുത്തെ വിശ്വസ്തതയെ പ്രകീര്‍ത്തിക്കും;
അവിടുത്തെ ഭക്തന്മാര്‍ കാണ്‍കെ എന്‍റെ നേര്‍ച്ചകളെ ഞാന്‍ അര്‍പ്പിക്കും.

26
ദരിദ്രര്‍ ഭക്ഷിച്ചു തൃപ്തരാകും;
സര്‍വേശ്വരനെ അന്വേഷിക്കുന്നവര്‍ അവിടുത്തെ സ്തുതിക്കും.
ദൈവം അവരെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

27
ഭൂമിയിലെ സകല ജനതകളും സര്‍വേശ്വരനെ അനുസ്മരിച്ച്,
അവിടുത്തെ സന്നിധിയിലേക്കു തിരിയും;
ജനതകളുടെ സമസ്തഗോത്രങ്ങളും അവിടുത്തെ നമസ്കരിക്കും;

28
സര്‍വേശ്വരനാണല്ലോ രാജാവ്;
അവിടുന്ന് ജനതകളെ ഭരിക്കുന്നു.

29
ഗര്‍വിഷ്ഠര്‍ അവിടുത്തെ മുമ്പില്‍ ശിരസ്സു നമിക്കും;
സര്‍വമര്‍ത്യരും അവിടുത്തെ കുമ്പിടും.
സ്വജീവനെ രക്ഷിക്കാന്‍ കഴിയാതെ പൂഴിയിലേക്കു മടങ്ങുന്നവരും
അവിടുത്തെ വന്ദിക്കും.

30
ഭാവിതലമുറകള്‍ അവിടുത്തെ സേവിക്കും;
വരുംതലമുറയോട് അവര്‍ സര്‍വേശ്വരനെപ്പറ്റി പറയും.

31
ഇനിയും ജനിച്ചിട്ടില്ലാത്ത തലമുറയോട്,
അവിടുന്നു തന്‍റെ ജനത്തെ രക്ഷിച്ചു എന്നു പറയും.

23

1

ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം

സര്‍വേശ്വരന്‍ എന്‍റെ ഇടയന്‍;
എനിക്ക് ഒരു കുറവും വരികയില്ല.

2
പച്ചപ്പുല്‍പ്പുറത്ത് അവിടുന്ന് എന്നെ കിടത്തുന്നു,
പ്രശാന്തമായ അരുവികളിലേക്ക് അവിടുന്ന് എന്നെ നയിക്കുന്നു.

3
അവിടുന്ന് എനിക്കു നവോന്മേഷം നല്‌കുന്നു;
അവിടുത്തെ സ്വഭാവത്തിനു ചേര്‍ന്നവിധം
അവിടുന്ന് എന്നെ നേര്‍വഴികളില്‍ നയിക്കുന്നു.

4
കൂരിരുള്‍നിറഞ്ഞ താഴ്വരയിലൂടെ നടക്കേണ്ടിവന്നാലും;
ഞാന്‍ ഭയപ്പെടുകയില്ല;
അവിടുന്ന് എന്‍റെ കൂടെയുണ്ടല്ലോ;
അവിടുത്തെ വടിയും കോലും എനിക്കു ധൈര്യം നല്‌കുന്നു.

5
എന്‍റെ ശത്രുക്കള്‍ ലജ്ജിക്കുംവിധം
അവിടുന്ന് എനിക്കു വിരുന്നൊരുക്കുന്നു;
എന്‍റെ തല എണ്ണകൊണ്ട് അഭിഷേകം ചെയ്യുന്നു;
എന്‍റെ പാനപാത്രം നിറഞ്ഞു കവിയുന്നു.

6
അവിടുത്തെ നന്മയും കരുണയും
ആയുഷ്കാലം മുഴുവന്‍ എന്നെ പിന്തുടരും;
സര്‍വേശ്വരന്‍റെ ആലയത്തില്‍ ഞാന്‍ എന്നേക്കും വസിക്കും.

24

1

ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം

ഭൂമിയും അതിലുള്ള സമസ്തവും;
ഭൂതലവും അതിലെ സര്‍വനിവാസികളും സര്‍വേശ്വരന്‍റേതത്രെ.

2
സമുദ്രങ്ങളുടെമേല്‍ അവിടുന്ന് അതിനെ സ്ഥാപിച്ചു;
പ്രവാഹങ്ങളുടെമേല്‍ അവിടുന്ന് അതിനെ ഉറപ്പിച്ചു.

3
സര്‍വേശ്വരന്‍റെ പര്‍വതത്തില്‍ ആര്‍ കയറും?
അവിടുത്തെ വിശുദ്ധസ്ഥലത്ത് ആര്‍ നില്‌ക്കും?

4
ചിന്തയിലും പ്രവൃത്തിയിലും നിര്‍മ്മലനായവന്‍.
മിഥ്യാമൂര്‍ത്തികളെ ആരാധിക്കാത്തവനും
കള്ളസ്സത്യം ചെയ്യാത്തവനുംതന്നെ.

5
സര്‍വേശ്വരന്‍ അവനെ അനുഗ്രഹിക്കും,
രക്ഷകനായ ദൈവം അവന്‍ നിര്‍ദോഷി എന്നു പ്രഖ്യാപിക്കും.

6
ഇങ്ങനെയുള്ളവരാണു ദൈവത്തെ ആരാധിക്കുന്ന ജനം.
യാക്കോബിന്‍റെ ദൈവമേ, അവിടുത്തെ
ദര്‍ശനം ആഗ്രഹിക്കുന്നവര്‍ ഇവര്‍തന്നെ.

7
പടിവാതിലുകളേ, നിങ്ങള്‍ തലകള്‍ ഉയര്‍ത്തുവിന്‍;
പുരാതന കവാടങ്ങളേ, ഉയര്‍ന്നു നില്‌ക്കുവിന്‍.
മഹത്ത്വപൂര്‍ണനായ രാജാവ് പ്രവേശിക്കട്ടെ.

8
ആരാണ് മഹത്ത്വപൂര്‍ണനായ രാജാവ്?
ശക്തനും വീരനുമായ സര്‍വേശ്വരന്‍,
യുദ്ധവീരനായ അവിടുന്നുതന്നെ.

9
പടിവാതിലുകളേ, നിങ്ങള്‍ തലകള്‍ ഉയര്‍ത്തുവിന്‍,
പുരാതനകവാടങ്ങളേ, ഉയര്‍ന്നു നില്‌ക്കുവിന്‍;
മഹത്ത്വപൂര്‍ണനായ രാജാവ് പ്രവേശിക്കട്ടെ.

10
ആരാണു മഹത്ത്വപൂര്‍ണനായ രാജാവ്?
സര്‍വശക്തനായ സര്‍വേശ്വരന്‍തന്നെ.
അവിടുന്നാണു മഹത്ത്വപൂര്‍ണനായ രാജാവ്.

25

1

ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം

സര്‍വേശ്വരാ, ഞാന്‍ അങ്ങയെ ആരാധിക്കുന്നു;
ഞാന്‍ അങ്ങയോടു പ്രാര്‍ഥിക്കുന്നു.

2
എന്‍റെ ദൈവമേ, അങ്ങയില്‍ ഞാന്‍ ശരണപ്പെടുന്നു.
ലജ്ജിതനാകാന്‍ എനിക്ക് ഇടവരരുതേ;
എന്‍റെമേല്‍ ജയഘോഷംകൊള്ളാന്‍ ശത്രുക്കള്‍ക്ക് ഇട കൊടുക്കരുതേ.

3
അങ്ങയില്‍ പ്രത്യാശവയ്‍ക്കുന്നവര്‍ നിരാശരാകാതിരിക്കട്ടെ.
അകാരണമായി ദ്രോഹിക്കുന്നവര്‍ അപമാനിതരാകും.

4
അവിടുത്തെ വഴികള്‍ എന്നെ പഠിപ്പിക്കണമേ.
അവിടുത്തെ മാര്‍ഗങ്ങള്‍ എനിക്കു മനസ്സിലാക്കിത്തരണമേ.

5
അവിടുത്തെ സത്യത്തില്‍ വഴിനടക്കാന്‍ എന്നെ പഠിപ്പിച്ചാലും;
അവിടുന്ന് എന്‍റെ രക്ഷകനായ ദൈവമാണല്ലോ;
ഞാന്‍ എപ്പോഴും അങ്ങയില്‍ ശരണപ്പെടുന്നു.

6
സര്‍വേശ്വരാ, പണ്ടുമുതലേ അവിടുന്നു ഞങ്ങളോടു കാണിച്ച കരുണയും
സുസ്ഥിരസ്നേഹവും ഓര്‍ക്കണമേ.

7
എന്‍റെ യൗവനകാലപാപങ്ങളും അതിക്രമങ്ങളും അവിടുന്ന് ഓര്‍ക്കരുതേ;
അവിടുത്തെ അചഞ്ചലസ്നേഹത്തിനും കരുണയ്‍ക്കും ഒത്തവിധം
സര്‍വേശ്വരാ, എന്നെ അനുസ്മരിച്ചാലും.

8
സര്‍വേശ്വരന്‍ നല്ലവനും നീതിമാനും ആണ്.
അവിടുന്നു പാപികള്‍ക്കു നേര്‍വഴി കാട്ടുന്നു.

9
എളിയവരെ അവിടുന്നു നീതിമാര്‍ഗത്തില്‍ നയിക്കുന്നു;
അവിടുത്തെ വഴി അവരെ പഠിപ്പിക്കുന്നു.

10
സര്‍വേശ്വരന്‍റെ ഉടമ്പടിയും കല്പനകളും പാലിക്കുന്നവരെ
സുസ്ഥിരസ്നേഹത്തിലും സത്യത്തിലും അവിടുന്നു വഴിനടത്തും.

11
സര്‍വേശ്വരാ, അവിടുത്തെ സ്വഭാവത്തിനു ചേര്‍ന്നവിധം
എന്‍റെ ബഹുലമായ പാപങ്ങള്‍ ക്ഷമിക്കണമേ.

12
സര്‍വേശ്വരനോടു ഭയഭക്തിയുള്ളവന്‍ ചരിക്കേണ്ട പാത
അവിടുന്ന് അവനു കാണിച്ചുകൊടുക്കും.

13
അവന്‍ ഐശ്വര്യത്തോടെ വസിക്കും;
അവന്‍റെ സന്തതി ദേശം സ്വന്തമാക്കും.

14
സര്‍വേശ്വരന്‍ തന്‍റെ ഭക്തന്മാരോടു സൗഹൃദം കാണിക്കുന്നു.
അവിടുത്തെ ഉടമ്പടി അവര്‍ക്കു വെളിപ്പെടുത്തുന്നു.

15
സര്‍വേശ്വരനെ ഞാന്‍ എപ്പോഴും നോക്കിക്കൊണ്ടിരിക്കുന്നു;
അവിടുന്നെന്‍റെ കാലുകളെ കെണിയില്‍ നിന്നു വിടുവിക്കുന്നു.

16
നാഥാ, തൃക്കണ്‍പാര്‍ത്താലും എന്നോടു കരുണയുണ്ടാകണമേ;
ഞാന്‍ ഏകാകിയും പീഡിതനുമാണല്ലോ.

17
മനഃക്ലേശങ്ങളില്‍നിന്ന് എന്നെ മോചിപ്പിക്കണമേ;
എന്‍റെ സങ്കടങ്ങളില്‍നിന്ന് എന്നെ വിടുവിക്കണമേ.

18
എന്‍റെ കഷ്ടതയും വേദനയും ഓര്‍ത്ത്
എന്‍റെ സകല പാപങ്ങളും ക്ഷമിക്കണമേ.

19
എന്‍റെ ശത്രുക്കള്‍ എത്ര വളരെയാണെന്നു കാണണമേ;
അവര്‍ എന്നെ എത്ര കഠിനമായി ദ്വേഷിക്കുന്നു;

20
അവിടുന്ന് എന്‍റെ ജീവനെ സംരക്ഷിക്കണമേ;
ലജ്ജിക്കാന്‍ എനിക്ക് ഇടവരുത്തരുതേ;
ഞാന്‍ അങ്ങയെ അഭയം പ്രാപിച്ചിരിക്കുന്നുവല്ലോ.

21
എന്‍റെ നിഷ്കളങ്കതയും സത്യസന്ധതയും എന്നെ സംരക്ഷിക്കട്ടെ;
ഞാനങ്ങയില്‍ പ്രത്യാശയര്‍പ്പിച്ചിരിക്കുന്നുവല്ലോ.

22
ദൈവമേ, ഇസ്രായേല്‍ജനതയെ സകല
കഷ്ടതകളില്‍നിന്നും വിടുവിക്കണമേ.

26

1

ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം

സര്‍വേശ്വരാ, എനിക്കു നീതി നടത്തിത്തരണമേ,
ഞാന്‍ നിഷ്കളങ്കനായി ജീവിച്ചുവല്ലോ,
ഞാന്‍ പതറാതെ സര്‍വേശ്വരനില്‍ ആശ്രയിച്ചു.

2
പരമനാഥാ, എന്നെ പരിശോധിക്കുകയും പരീക്ഷിക്കുകയും ചെയ്താലും.
എന്‍റെ ഹൃദയവും മനസ്സും ഉരച്ചു നോക്കിയാലും.

3
അവിടുത്തെ അചഞ്ചലസ്നേഹത്തില്‍,
ഞാനെപ്പോഴും ദൃഷ്‍ടിയര്‍പ്പിച്ചിരിക്കുന്നു.
അവിടുത്തെ വിശ്വസ്തത എന്നെ എപ്പോഴും നയിക്കുന്നു.

4
വഞ്ചകരോടൊത്തു ഞാന്‍ കൂട്ടുകൂടിയിട്ടില്ല,
കപടഹൃദയരോടൊത്തു ഞാന്‍ ചേര്‍ന്നിട്ടുമില്ല.

5
ദുഷ്ടസംസര്‍ഗം ഞാന്‍ വെറുക്കുന്നു;
നീചന്മാരോടൊത്ത് എനിക്കു സഖിത്വമില്ല.

6
ഞാന്‍ എന്‍റെ നിഷ്കളങ്കതയില്‍ കൈകള്‍ കഴുകി;
അങ്ങയുടെ യാഗപീഠത്തെ ഞാന്‍ പ്രദക്ഷിണം ചെയ്യുന്നു.

7
ഞാന്‍ ഉച്ചത്തില്‍ സ്തോത്രഗീതം ആലപിക്കുന്നു.
അവിടുത്തെ അദ്ഭുതപ്രവൃത്തികളെ പ്രകീര്‍ത്തിക്കുന്നു.

8
സര്‍വേശ്വരാ, അങ്ങു നിവസിക്കുന്ന ആലയത്തെ
അവിടുത്തെ മഹത്ത്വം കുടികൊള്ളുന്ന സ്ഥലത്തെ ഞാന്‍ സ്നേഹിക്കുന്നു.

9
പാപികളോടും രക്തദാഹികളോടുമൊപ്പം എന്നെ തൂത്തെറിയരുതേ.

10
അവരുടെ കൈകള്‍ ദുഷ്കര്‍മം ചെയ്യാന്‍ എപ്പോഴും ഒരുക്കമാണ്;
അവരുടെ വലങ്കൈ കോഴകൊണ്ടു നിറഞ്ഞിരിക്കുന്നു.

11
എന്നാല്‍ ഞാന്‍ നിഷ്കളങ്കനായി ജീവിക്കും.
എന്നോടു കൃപയുണ്ടായി എന്നെ രക്ഷിക്കണമേ.

12
സുരക്ഷിതമായ സ്ഥലത്തു ഞാന്‍ നില്‌ക്കുന്നു;
മഹാസഭയില്‍ ഞാന്‍ സര്‍വേശ്വരനെ വാഴ്ത്തും.

27

1

ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം

സര്‍വേശ്വരന്‍ എന്‍റെ പ്രകാശവും എന്‍റെ രക്ഷയും ആകുന്നു.
ഞാന്‍ ആരെ ഭയപ്പെടണം?
അവിടുന്ന് എന്‍റെ ആധാരം;
ഞാന്‍ ആരെ പേടിക്കണം?

2
ദുഷ്കര്‍മികളായ ശത്രുക്കള്‍ എന്നെ
വിഴുങ്ങാന്‍ ഭാവിക്കുമ്പോള്‍ ഇടറിവീഴും.

3
ഒരു സൈന്യം എനിക്കെതിരെ
പാളയമടിച്ചാലും ഞാന്‍ ഭയപ്പെടുകയില്ല;
എനിക്കെതിരെ യുദ്ധം പൊട്ടിപ്പുറപ്പെട്ടാലും
ഞാന്‍ നിര്‍ഭയനായിരിക്കും.

4
സര്‍വേശ്വരനോടു ഞാന്‍ ഒരു കാര്യം അപേക്ഷിച്ചു;
അതു മാത്രമാണ് എന്‍റെ ഹൃദയാഭിലാഷം.
അങ്ങയുടെ മനോഹരത്വം ദര്‍ശിച്ചും അവിടുത്തെ ഹിതം അറിഞ്ഞും
തിരുമന്ദിരത്തില്‍ നിത്യം പാര്‍ക്കാന്‍, അടിയനെ അനുവദിച്ചാലും.

5
അനര്‍ഥകാലത്ത് അവിടുന്നെന്നെ കൂടാരത്തില്‍ ഒളിപ്പിക്കും;
തിരുമന്ദിരത്തില്‍ എന്നെ സൂക്ഷിക്കും;
എന്നെ ഉയര്‍ന്ന പാറയില്‍ നിര്‍ഭയനായി നിര്‍ത്തും.

6
എന്നെ വലയംചെയ്തിരിക്കുന്ന ശത്രുക്കളുടെമേല്‍ ഞാന്‍ വിജയം നേടും;
ജയഘോഷത്തോടെ ഞാന്‍ അവിടുത്തെ ആലയത്തില്‍ യാഗങ്ങള്‍ അര്‍പ്പിക്കും;
ഞാന്‍ സര്‍വേശ്വരനു കീര്‍ത്തനം ആലപിക്കും.

7
സര്‍വേശ്വരാ, ഞാന്‍ വിളിക്കുമ്പോള്‍ കേള്‍ക്കണമേ;
എന്നോടു കനിവുണ്ടായി ഉത്തരമരുളണമേ.

8
‘എങ്കലേക്കു തിരിയുക’ എന്ന അവിടുത്തെ കല്പന, എന്നോടുള്ളതെന്ന് എന്‍റെ ഹൃദയം പറഞ്ഞു;
പരമനാഥാ, ഞാന്‍ അവിടുത്തെ തിരുമുഖം അന്വേഷിക്കുന്നു.

9
അവിടുത്തെ മുഖം എന്നില്‍നിന്നു മറയ്‍ക്കരുതേ;
രോഷം പൂണ്ട് ഈ ദാസനെ തള്ളിക്കളയരുതേ;
അവിടുന്നാണല്ലോ എനിക്കു തുണ;
എന്‍റെ രക്ഷകനായ ദൈവമേ,
എന്നെ ഉപേക്ഷിക്കരുതേ; എന്നെ തള്ളിക്കളയരുതേ.

10
അപ്പനും അമ്മയും എന്നെ കൈവിട്ടാലും
അവിടുന്ന് എന്നെ കൈവിടുകയില്ല.

11
പരമനാഥാ, അവിടുത്തെ വഴി എനിക്കുപദേശിച്ചു തരണമേ;
നേര്‍വഴിയിലൂടെ എന്നെ നയിക്കണമേ.
എനിക്കു ശത്രുക്കള്‍ വളരെയാണല്ലോ.

12
എന്‍റെ വൈരികളുടെ അഭീഷ്ടത്തിന് എന്നെ വിട്ടുകൊടുക്കരുതേ,
കള്ളസ്സാക്ഷികള്‍ എനിക്കെതിരെ ഉയര്‍ന്നിരിക്കുന്നു,
അവര്‍ ഭീഷണി വമിക്കുന്നു.

13
സര്‍വേശ്വരന്‍ എത്ര നല്ലവനെന്ന്
എന്‍റെ ആയുസ്സില്‍തന്നെ ഞാന്‍ അനുഭവിച്ചറിയും.

14
സര്‍വേശ്വരനില്‍ പ്രത്യാശവച്ച് ധൈര്യമായിരിക്കുക;
അതേ, സര്‍വേശ്വരനില്‍തന്നെ പ്രത്യാശവയ്‍ക്കുക.

28

1

ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം

സര്‍വേശ്വരാ, ഞാനങ്ങയെ വിളിച്ചപേക്ഷിക്കുന്നു;
എന്‍റെ അഭയശിലയായ അങ്ങ് എന്‍റെ നിലവിളി കേള്‍ക്കണമേ;
അങ്ങ് ഉത്തരമരുളാതിരുന്നാല്‍ ഞാന്‍ പാതാളത്തില്‍ പതിച്ചവരെപ്പോലെയാകും.

2
ഞാന്‍ അവിടുത്തെ അതിവിശുദ്ധമന്ദിരത്തിലേക്ക്,
കൈ നീട്ടി സഹായത്തിനായി പ്രാര്‍ഥിക്കുമ്പോള്‍,
എന്‍റെ യാചന കേള്‍ക്കണമേ.

3
ദുഷ്കര്‍മികളോടൊപ്പം എന്നെ വലിച്ചിഴയ്‍ക്കരുതേ,
അയല്‍ക്കാരോട് അവര്‍ സ്നേഹഭാവത്തില്‍ കുശലം അന്വേഷിക്കുന്നു.
എന്നാല്‍ അവരുടെ ഹൃദയത്തില്‍ വിദ്വേഷം കുടികൊള്ളുന്നു.

4
അവരുടെ പ്രവൃത്തികള്‍ക്കും അവര്‍ ചെയ്ത
ദുഷ്ടതയ്‍ക്കും തക്കവിധം അവരെ ശിക്ഷിക്കണമേ;
അവര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന ശിക്ഷ നല്‌കിയാലും.

5
സര്‍വേശ്വരന്‍റെ പ്രവൃത്തികളെയും അവിടുത്തെ കരങ്ങള്‍ സൃഷ്‍ടിച്ചവയെയും
അവര്‍ വിലപ്പെട്ടതായി കാണുന്നില്ല.
അതുകൊണ്ട് അവിടുന്ന് അവരെ തകര്‍ക്കും.
അവരെ വീണ്ടും ഉദ്ധരിക്കുകയില്ല.

6
സര്‍വേശ്വരന്‍ വാഴ്ത്തപ്പെടട്ടെ;
അവിടുന്ന് എന്‍റെ നിലവിളി കേട്ടുവല്ലോ.

7
സര്‍വേശ്വരന്‍ എന്‍റെ ബലവും പരിചയുമാണ്;
ഞാന്‍ അവിടുത്തെ ആശ്രയിച്ചു;
അവിടുന്നെന്നെ സഹായിച്ചു; അതുകൊണ്ട് എന്‍റെ ഹൃദയം ആനന്ദിക്കുന്നു.
ഞാന്‍ കീര്‍ത്തനം പാടി അവിടുത്തേക്കു സ്തോത്രം അര്‍പ്പിക്കുന്നു.

8
സര്‍വേശ്വരന്‍ തന്‍റെ ജനത്തിന്‍റെ ബലം;
അവിടുന്നു തന്‍റെ അഭിഷിക്തന്‍റെ അഭയസ്ഥാനം.

9
നാഥാ, അവിടുത്തെ ജനത്തെ രക്ഷിക്കണമേ;
അവിടുത്തെ സ്വന്തം ജനത്തെ അനുഗ്രഹിച്ചാലും;
അവിടുന്ന് അവരുടെ ഇടയനായിരിക്കണമേ;
എന്നും അവിടുത്തെ കരങ്ങളില്‍ അവരെ വഹിക്കണമേ.

29

1

ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം

സ്വര്‍ഗശക്തികളേ, സര്‍വേശ്വരനെ മഹത്ത്വപ്പെടുത്തുവിന്‍,
അവിടുത്തെ മഹത്ത്വവും ശക്തിയും പ്രഘോഷിക്കുവിന്‍;

2
സര്‍വേശ്വരന്‍റെ നാമം മഹിമയേറിയത് എന്ന് ഉദ്ഘോഷിക്കുവിന്‍;
വിശുദ്ധവസ്ത്രാലങ്കാരത്തോടെ അവിടുത്തെ ആരാധിക്കുവിന്‍.

3
സര്‍വേശ്വരന്‍റെ ശബ്ദം സമുദ്രങ്ങളുടെ മീതെ മുഴങ്ങുന്നു;
മഹത്ത്വത്തിന്‍റെ ദൈവമായ സര്‍വേശ്വരന്‍
പെരുവെള്ളത്തിന്‍ മീതെ ഇടി മുഴക്കുന്നു.

4
അവിടുത്തെ ശബ്ദം ശക്തിയോടും ഗാംഭീര്യത്തോടും മുഴങ്ങുന്നു.

5
അതു ദേവദാരുക്കളെ തകര്‍ക്കുന്നു;
ലെബാനോനിലെ കരുത്തുറ്റ ദേവദാരുക്കളെപ്പോലും തകര്‍ക്കുന്നു.

6
അവിടുന്നു ലെബാനോന്‍ പര്‍വതത്തെ വിറപ്പിക്കുന്നു,
അതു കാളക്കുട്ടിയെപ്പോലെയും ഹെര്‍മ്മോന്‍മല കാട്ടുപോത്തിന്‍
കുട്ടിയെപ്പോലെയും ഇളകിച്ചാടുന്നു.

7
സര്‍വേശ്വരന്‍റെ ശബ്ദം മിന്നല്‍പ്പിണരുകള്‍ ഉളവാക്കുന്നു.

8
അവിടുത്തെ ശബ്ദം മരുഭൂമിയെ വിറപ്പിക്കുന്നു;
അവിടുന്നു കാദേശ് മരുഭൂമിയെ പ്രകമ്പനം കൊള്ളിക്കുന്നു.

9
സര്‍വേശ്വരന്‍റെ ശബ്ദം മാന്‍പേടകളെ പ്രസവിക്കുമാറാക്കുന്നു;
വനവൃക്ഷങ്ങളുടെ ഇലകള്‍ പൊഴിക്കുന്നു.
അവിടുത്തെ ആലയത്തില്‍ എല്ലാവരും
ദൈവത്തിനു മഹത്ത്വം എന്നു ഘോഷിക്കുന്നു.

10
സര്‍വേശ്വരന്‍ ജലവിതാനത്തില്‍ സിംഹാസനസ്ഥനായിരിക്കുന്നു;
അവിടുന്നു രാജാവായി എന്നേക്കും വാഴുന്നു.

11
സര്‍വേശ്വരന്‍ തന്‍റെ ജനത്തെ ബലപ്പെടുത്തുന്നു;
അവിടുന്ന് അവരെ സമാധാനം നല്‌കി അനുഗ്രഹിക്കുന്നു.

30

1

ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം; ദേവാലയ പ്രതിഷ്ഠയ്‍ക്കുള്ള ഗീതം

സര്‍വേശ്വരാ, ഞാന്‍ അങ്ങയെ പ്രകീര്‍ത്തിക്കും;
അവിടുന്ന് എന്നെ രക്ഷിച്ചുവല്ലോ;
ശത്രു എന്നെ നിന്ദിക്കാന്‍ അവിടുന്ന് ഇടയാക്കിയില്ല.

2
എന്‍റെ ദൈവമായ സര്‍വേശ്വരാ,
ഞാന്‍ സഹായത്തിനായി നിലവിളിച്ചു;
അവിടുന്ന് എനിക്കു സൗഖ്യം നല്‌കി.

3
അവിടുന്നെന്‍റെ പ്രാണനെ മരണത്തില്‍നിന്ന് രക്ഷിച്ചിരിക്കുന്നു.
മരണഗര്‍ത്തത്തില്‍ പതിക്കുന്നവരുടെ
ഇടയില്‍നിന്ന് അവിടുന്നെന്നെ രക്ഷിച്ചു.

4
ഭക്തജനങ്ങളേ, സര്‍വേശ്വരനു സ്തുതിഗീതം പാടുക;
അവിടുത്തെ പരിശുദ്ധനാമത്തിനു സ്തോത്രം അര്‍പ്പിക്കുക.

5
അവിടുത്തെ കോപം ക്ഷണനേരത്തേക്കു മാത്രം;
അവിടുത്തെ പ്രസാദമോ ആജീവനാന്തമുള്ളത്;
രാത്രി മുഴുവന്‍ കരയേണ്ടിവന്നേക്കാം;
എന്നാല്‍ പ്രഭാതത്തോടെ സന്തോഷം വന്നുചേരുന്നു.

6
‘ഞാന്‍ ഒരിക്കലും കുലുങ്ങുകയില്ല’ എന്ന് എന്‍റെ ഐശ്വര്യകാലത്തു ഞാന്‍ പറഞ്ഞു.

7
നാഥാ, അവിടുത്തെ പ്രസാദത്താല്‍ അവിടുന്നെന്നെ,
സുശക്തമായ പര്‍വതത്തെപ്പോലെ ഉറപ്പിച്ചുനിര്‍ത്തി.
അവിടുന്നു മുഖം മറച്ചപ്പോള്‍ ഞാന്‍ പരിഭ്രമിച്ചുപോയി.

8
സര്‍വേശ്വരാ, ഞാന്‍ അങ്ങയോടു നിലവിളിച്ചു;
അവിടുത്തെ കരുണയ്‍ക്കായി യാചിച്ചു.

9
ഞാന്‍ മരണഗര്‍ത്തത്തില്‍ പതിക്കുന്നതു കൊണ്ട് അങ്ങേക്കെന്തു നേട്ടം?
മണ്ണില്‍ മറഞ്ഞ മൃതന്മാര്‍ അങ്ങയെ സ്തുതിക്കുമോ?
അവിടുത്തെ വിശ്വസ്തതയെ അവര്‍ പ്രഘോഷിക്കുമോ?

10
സര്‍വേശ്വരാ, എന്‍റെ യാചന കേള്‍ക്കണമേ;
എന്നോടു കരുണയുണ്ടാകണമേ;
അവിടുന്ന് എനിക്ക് തുണയായിരിക്കണമേ.

11
എന്‍റെ വിലാപത്തെ അങ്ങ് ആനന്ദനൃത്തമാക്കിത്തീര്‍ത്തു;
എന്‍റെ വിലാപവസ്ത്രം മാറ്റി എന്നെ ആമോദം അണിയിച്ചു.

12
അതുകൊണ്ടു ഞാന്‍ മൗനമായിരിക്കാതെ അങ്ങയെ സ്തുതിക്കും.
എന്‍റെ ദൈവമായ സര്‍വേശ്വരാ,
ഞാന്‍ എന്നും അങ്ങേക്കു സ്തോത്രം അര്‍പ്പിക്കും.

31

1

ഗായകസംഘനേതാവിന്; ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം

സര്‍വേശ്വരാ, ഞാന്‍ അങ്ങയെ അഭയം പ്രാപിക്കുന്നു;
ലജ്ജിതനാകാന്‍ എനിക്ക് ഒരിക്കലും ഇടയാകരുതേ,
അവിടുന്നു നീതിപൂര്‍വം വിധിക്കുന്ന ദൈവമാണല്ലോ, എന്നെ രക്ഷിച്ചാലും.

2
അവിടുന്ന് എന്‍റെ പ്രാര്‍ഥന കേട്ട് എന്നെ വേഗം വിടുവിക്കണമേ.
അവിടുന്ന് എന്‍റെ അഭയശിലയും എന്നെ രക്ഷിക്കുന്ന കോട്ടയും ആയിരിക്കണമേ.

3
അവിടുന്ന് എന്‍റെ അഭയശിലയും കോട്ടയും ആകുന്നു,
അവിടുത്തെ സ്വഭാവത്തിനു ചേര്‍ന്നവിധം എന്നെ നേര്‍വഴി കാട്ടി പാലിക്കണമേ.

4
ശത്രുക്കള്‍ എനിക്കായി ഒളിച്ചുവച്ചിരിക്കുന്ന
കെണിയില്‍നിന്ന്, എന്നെ വിടുവിക്കണമേ.
എന്‍റെ രക്ഷാസങ്കേതം അവിടുന്നാണല്ലോ.

5
തൃക്കരങ്ങളില്‍ ഞാന്‍ എന്നെത്തന്നെ ഭരമേല്പിക്കുന്നു,
വിശ്വസ്തനായ ദൈവമേ, അവിടുന്നെന്നെ രക്ഷിച്ചിരിക്കുന്നു.

6
വ്യര്‍ഥവിഗ്രഹങ്ങളെ ആരാധിക്കുന്നവരെ അവിടുന്നു വെറുക്കുന്നു.
ഞാന്‍ സര്‍വേശ്വരനില്‍ ആശ്രയിക്കുന്നു.

7
അവിടുത്തെ അചഞ്ചലസ്നേഹത്തില്‍ ഞാന്‍ ആനന്ദിക്കും.
എന്‍റെ ദുരിതം അവിടുന്നു കാണുന്നു,
എന്‍റെ വ്യഥ അവിടുന്നു ശ്രദ്ധിക്കുന്നു.

8
ശത്രുക്കളുടെ കൈയില്‍ അകപ്പെടാതെ അവിടുന്നെന്നെ സംരക്ഷിച്ചു;
അവിടുന്നെന്‍റെ എല്ലാ ബന്ധനങ്ങളും തകര്‍ത്തു.

9
സര്‍വേശ്വരാ, എന്നോടു കനിവുണ്ടാകണമേ;
ഞാന്‍ കഷ്ടതയില്‍ ആയിരിക്കുന്നുവല്ലോ;
ദുഃഖംകൊണ്ട് എന്‍റെ കണ്ണു മങ്ങിയിരിക്കുന്നു.
എന്‍റെ ശരീരവും മനസ്സും തളര്‍ന്നിരിക്കുന്നു.

10
എന്‍റെ ആയുസ്സ് ദുഃഖത്തിലും നെടുവീര്‍പ്പിലും കഴിഞ്ഞുപോകുന്നു.
കഷ്ടതകൊണ്ട് എന്‍റെ ബലം ക്ഷയിച്ചു;
ഞാന്‍ ആകെ തളര്‍ന്നിരിക്കുന്നു.

11
ഞാന്‍ ശത്രുക്കള്‍ക്കു നിന്ദാപാത്രവും
അയല്‍ക്കാര്‍ക്കു പരിഹാസവിഷയവും ആയിരിക്കുന്നു;
തെരുവീഥികളില്‍ പരിചയക്കാര്‍ എന്നെക്കണ്ട് ഭയപ്പെടുന്നു.
എന്നെ കാണുന്നവര്‍ ഓടി അകലുന്നു.

12
മൃതനെപ്പോലെ ഞാന്‍ വിസ്മൃതനായിരിക്കുന്നു;
ഞാന്‍ ഉടഞ്ഞ പാത്രംപോലെ ആയിരിക്കുന്നു.

13
പലരും എനിക്കെതിരെ മന്ത്രിക്കുന്നതു ഞാന്‍ കേള്‍ക്കുന്നു.
എനിക്കു ചുറ്റും സര്‍വത്രഭീഷണി.
അവര്‍ ഒരുമിച്ചുകൂടി എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു.
എന്നെ അപായപ്പെടുത്താന്‍ അവര്‍ ആലോചിക്കുന്നു.

14
എന്നാല്‍ സര്‍വേശ്വരാ ഞാന്‍ അങ്ങയില്‍ ശരണപ്പെടുന്നു;
അവിടുന്നാണല്ലോ എന്‍റെ ദൈവം.

15
എന്‍റെ ആയുസ്സ് അവിടുത്തെ കരങ്ങളിലാണ്;
ശത്രുക്കളുടെയും മര്‍ദ്ദകരുടെയും കൈയില്‍ നിന്ന് എന്നെ വിടുവിക്കണമേ,

16
അങ്ങയുടെ ദാസനെ കരുണയോടെ കടാക്ഷിച്ചാലും;
അവിടുത്തെ അചഞ്ചലസ്നേഹത്താല്‍ എന്നെ രക്ഷിക്കണമേ.

17
പരമനാഥാ, ഞാനങ്ങയെ വിളിച്ചപേക്ഷിക്കുന്നു.
ലജ്ജിക്കാന്‍ എനിക്ക് ഇടവരുത്തരുതേ, ദുഷ്ടര്‍ അപമാനിതരാകട്ടെ.
അവര്‍ പാതാളത്തില്‍ മൂകരായി പതിക്കട്ടെ.

18
വ്യാജം പറയുന്നവര്‍ മൂകരായിത്തീരട്ടെ;
അവര്‍ നീതിമാന്മാര്‍ക്കെതിരെ അഹങ്കാരത്തോടും
അവജ്ഞയോടും സംസാരിക്കുന്നു.

19
അവിടുത്തെ ഭക്തന്മാര്‍ക്കുവേണ്ടി അവിടുന്ന്
ഒരുക്കിവച്ചിട്ടുള്ള അനുഗ്രഹങ്ങള്‍ എത്ര വളരെയാണ്.
അങ്ങയില്‍ ശരണപ്പെടുന്നവര്‍ക്ക് അവിടുന്ന്
എല്ലാവരും കാണ്‍കെ അവ നല്‌കുന്നു.

20
തിരുസാന്നിധ്യത്തിന്‍റെ മറവില്‍ അവിടുന്ന് അവരെ മറയ്‍ക്കും;
മനുഷ്യരുടെ ഗൂഢോപായങ്ങളില്‍നിന്ന് അവരെ രക്ഷിക്കാന്‍,
അധിക്ഷേപം ഏല്‌ക്കാതെ അവിടുത്തെ കൂടാരത്തില്‍ അവിടുന്ന് അവരെ സൂക്ഷിക്കുന്നു.

21
സര്‍വേശ്വരന്‍ വാഴ്ത്തപ്പെടട്ടെ; ഉപരോധിക്കപ്പെട്ട നഗരത്തില്‍
അകപ്പെട്ടവനെപ്പോലെയായിരുന്നു ഞാന്‍.
അപ്പോള്‍ അവിടുന്ന് എന്നോട് തന്‍റെ
അചഞ്ചലസ്നേഹം അദ്ഭുതകരമാംവിധം കാണിച്ചു.

22
തിരുസന്നിധിയില്‍നിന്നു ഞാന്‍ പുറന്തള്ളപ്പെട്ടല്ലോ എന്നു ഞാന്‍ എന്‍റെ പരിഭ്രമത്തില്‍ പറഞ്ഞു.
എന്നാല്‍ ഞാന്‍ സഹായത്തിനായി അപേക്ഷിച്ചപ്പോള്‍,
അവിടുന്ന് എന്‍റെ നിലവിളി കേട്ടു.

23
ഭക്തന്മാരേ, സര്‍വേശ്വരനെ സ്നേഹിക്കുവിന്‍.
സര്‍വേശ്വരന്‍ വിശ്വസ്തരെ കാത്തുസൂക്ഷിക്കുന്നു.
അഹങ്കാരികളെ അവിടുന്നു കഠിനമായി ശിക്ഷിക്കുന്നു.

24
സര്‍വേശ്വരനെ പ്രത്യാശയോടെ കാത്തിരിക്കുന്നവരേ,
ദുര്‍ബലരാകരുത്; ധൈര്യമായിരിക്കുവിന്‍.

32

1

ദാവീദിന്‍റെ ധ്യാനസങ്കീര്‍ത്തനം

അതിക്രമങ്ങള്‍ ക്ഷമിച്ചും പാപം പൊറുത്തും കിട്ടിയവന്‍ അനുഗൃഹീതന്‍.

2
സര്‍വേശ്വരന്‍റെ ദൃഷ്‍ടിയില്‍ നിര്‍ദോഷിയായവന്‍ എത്ര ധന്യന്‍.
ഹൃദയത്തില്‍ കാപട്യമില്ലാത്തവന്‍ എത്ര ഭാഗ്യവാന്‍.

3
പാപം ഏറ്റുപറയാതിരുന്നപ്പോള്‍,
ഞാന്‍ ദിവസം മുഴുവന്‍ കരഞ്ഞു കരഞ്ഞു തളര്‍ന്നു.

4
രാവും പകലും അവിടുന്നെന്നെ ശിക്ഷിച്ചു;
വേനല്‍ച്ചൂടിലെന്നപോലെ എന്‍റെ ശക്തി വറ്റിപ്പോയി.

5
ഞാന്‍ എന്‍റെ അപരാധം അങ്ങയോട് ഏറ്റുപറഞ്ഞു.
എന്‍റെ അതിക്രമങ്ങള്‍ ഞാന്‍ മറച്ചുവച്ചില്ല.
എന്‍റെ അതിക്രമങ്ങള്‍ ഞാന്‍ സര്‍വേശ്വരനോട് ഏറ്റുപറയുമെന്നു ഞാന്‍ പറഞ്ഞു.
അപ്പോള്‍ അവിടുന്ന് എന്‍റെ പാപം ക്ഷമിച്ചു.

6
അതുകൊണ്ടു ഭക്തന്മാര്‍ അവിടുത്തോടു പ്രാര്‍ഥിക്കട്ടെ.
കഷ്ടതകള്‍ പെരുവെള്ളംപോലെ ഇരച്ചുവന്നാലും
അവ അവനെ ഗ്രസിച്ചുകളയുകയില്ല.

7
അവിടുന്നാണ് എന്‍റെ ഒളിസങ്കേതം;
കഷ്ടതയില്‍നിന്ന് അവിടുന്നെന്നെ കാത്തുസൂക്ഷിക്കുന്നു;
രക്ഷകൊണ്ട് എന്നെ പൊതിയുന്നു.

8
നിന്‍റെ വഴി ഞാന്‍ നിനക്ക് ഉപദേശിച്ചുതരും;
ഞാന്‍ ദൃഷ്‍ടി അയച്ച് നിനക്ക് ഉപദേശം തരും.

9
നിങ്ങള്‍ വകതിരിവില്ലാത്ത കുതിരയെയും
കോവര്‍കഴുതയെയും പോലെയാകരുത്.
മുഖപ്പട്ടയും കടിഞ്ഞാണും കൊണ്ടാണല്ലോ അവയെ നിയന്ത്രിക്കുന്നത്.
അവ നിങ്ങള്‍ക്കു കീഴ്പെടുന്നതും അതുകൊണ്ടാണല്ലോ.

10
ദുര്‍ജനം നിരവധി വേദനകള്‍ അനുഭവിക്കേണ്ടതുണ്ട്;
സര്‍വേശ്വരനില്‍ ശരണപ്പെടുന്നവരെ അവിടുത്തെ സ്നേഹം വലയംചെയ്യുന്നു.

11
നീതിമാന്മാര്‍ സര്‍വേശ്വരനില്‍ ആനന്ദിക്കട്ടെ;
പരമാര്‍ഥഹൃദയമുള്ളവര്‍ ഉല്ലസിച്ചു ഘോഷിക്കട്ടെ.

33

1

നീതിനിഷ്ഠരേ, സര്‍വേശ്വരനില്‍ ആനന്ദിക്കുവിന്‍;
അവിടുത്തെ സ്തുതിക്കുന്നതു നീതിമാന്മാര്‍ക്കു യുക്തമാണല്ലോ.

2
കിന്നരം മീട്ടി സര്‍വേശ്വരനെ സ്തുതിക്കുവിന്‍;
പത്തു കമ്പിയുള്ള വീണ മീട്ടി സ്തോത്രഗാനം ആലപിക്കുവിന്‍.

3
സര്‍വേശ്വരന് ഒരു പുതിയ പാട്ടുപാടുവിന്‍;
ആര്‍പ്പുവിളിയോടെ വിദഗ്ദ്ധമായി തന്ത്രി മീട്ടുവിന്‍.

4
സര്‍വേശ്വരന്‍റെ വചനം സത്യവും
അവിടുത്തെ പ്രവൃത്തി വിശ്വസനീയവുമാണ്.

5
നീതിയും ന്യായവും അവിടുന്ന് ഇഷ്ടപ്പെടുന്നു;
ഭൂമി അവിടുത്തെ അചഞ്ചലസ്നേഹം കൊണ്ടു നിറഞ്ഞിരിക്കുന്നു.

6
തന്‍റെ വചനത്താല്‍ സര്‍വേശ്വരന്‍ ആകാശത്തെ സൃഷ്‍ടിച്ചു;
അവിടുത്തെ കല്പനയാല്‍ വാനഗോളങ്ങള്‍ ഉണ്ടായി.

7
അവിടുന്നു സമുദ്രജലത്തെ ഒരുമിച്ചുകൂട്ടി;
ആഴികള്‍ക്ക് അവിടുന്നു കലവറ തീര്‍ത്തു.

8
ഭൂമി മുഴുവന്‍ സര്‍വേശ്വരനെ ഭയപ്പെടട്ടെ;
ഭൂവാസികള്‍ മുഴുവനും അവിടുത്തെ മുമ്പില്‍ ഭയഭക്തിയോടെ നില്‌ക്കട്ടെ.

9
അവിടുന്നു കല്പിച്ചു; പ്രപഞ്ചം ഉണ്ടായി.
അവിടുന്ന് ആജ്ഞാപിച്ചു; അതു സ്ഥാപിതമായി.

10
സര്‍വേശ്വരന്‍ അന്യജനതകളുടെ ആലോചനകള്‍ വിഫലമാക്കുന്നു;
അവരുടെ പദ്ധതികള്‍ അവിടുന്നു നിഷ്ഫലമാക്കുന്നു.

11
സര്‍വേശ്വരന്‍റെ പദ്ധതികള്‍ ശാശ്വതമായിരിക്കും;
അവിടുത്തെ നിരൂപണങ്ങള്‍ എന്നേക്കും നിലനില്‌ക്കും.

12
സര്‍വേശ്വരന്‍ ദൈവമായിരിക്കുന്ന ജനത അനുഗ്രഹിക്കപ്പെട്ടത്;
അവിടുന്നു സ്വന്തജനമായി തിരഞ്ഞെടുത്ത ജനം ധന്യര്‍.

13
സര്‍വേശ്വരന്‍ സ്വര്‍ഗത്തില്‍നിന്നു താഴേക്കു നോക്കുന്നു;
അവിടുന്ന് എല്ലാ മനുഷ്യരെയും കാണുന്നു.

14
സ്വര്‍ഗസിംഹാസനത്തിലിരുന്ന് അവിടുന്നു
സര്‍വഭൂവാസികളെയും നോക്കുന്നു;

15
അവരുടെ ഹൃദയങ്ങള്‍ രൂപപ്പെടുത്തിയവന്‍;
അവരുടെ എല്ലാ പ്രവൃത്തികളും നിരീക്ഷിക്കുന്നു.

16
സൈന്യബാഹുല്യംകൊണ്ടു രാജാവ് വിജയം നേടുന്നില്ല;
സ്വശക്തികൊണ്ട് യോദ്ധാവ് രക്ഷപെടുന്നുമില്ല.

17
പടക്കുതിരയെക്കൊണ്ടു ജയിക്കാമെന്ന മോഹം വ്യര്‍ഥം.
അതിന്‍റെ ശക്തികൊണ്ട് ആരും വിജയം വരിക്കുന്നില്ല.

18
സര്‍വേശ്വരന്‍ തന്‍റെ ഭക്തന്മാരെയും തന്‍റെ സുസ്ഥിരസ്നേഹത്തില്‍
പ്രത്യാശയര്‍പ്പിച്ചിരിക്കുന്നവരെയും കരുണയോടെ കടാക്ഷിക്കുന്നു.

19
അവിടുന്ന് അവരെ മരണത്തില്‍നിന്നു രക്ഷിക്കുന്നു;
ക്ഷാമകാലത്ത് അവരെ പോറ്റുന്നു.

20
സര്‍വേശ്വരനില്‍ നാം പ്രത്യാശയര്‍പ്പിച്ചിരിക്കുന്നു;
അവിടുന്നാണ് നമ്മുടെ സഹായവും പരിചയും.

21
നമ്മുടെ ഹൃദയം സര്‍വേശ്വരനില്‍ ആനന്ദിക്കുന്നു;
നമ്മള്‍ അവിടുത്തെ വിശുദ്ധനാമത്തില്‍ ആശ്രയിക്കുന്നുവല്ലോ.

22
സര്‍വേശ്വരാ, ഞങ്ങള്‍ അങ്ങയില്‍ പ്രത്യാശവച്ചിരിക്കുന്നതുപോലെ;
അവിടുത്തെ അചഞ്ചലസ്നേഹം ഞങ്ങളുടെമേല്‍ ചൊരിയണമേ.

34

1

ദാവീദിന്‍റെ സങ്കീര്‍ത്തനം; അബീമേലെക്കിന്‍റെ മുമ്പില്‍ ബുദ്ധിഭ്രമം നടിക്കുകയും ആട്ടിയോടിക്കപ്പെടുകയും ചെയ്തപ്പോള്‍ പാടിയത്.

സര്‍വേശ്വരനെ ഞാന്‍ എപ്പോഴും വാഴ്ത്തും;
അവിടുത്തെ ഞാന്‍ നിരന്തരം സ്തുതിക്കും.

2
ഞാന്‍ സര്‍വേശ്വരനില്‍ അഭിമാനം കൊള്ളുന്നു;
പീഡിതര്‍ അതു കേട്ട് ആനന്ദിക്കട്ടെ.

3
എന്നോടൊത്ത് സര്‍വേശ്വരനെ പ്രകീര്‍ത്തിക്കുക;
നമുക്കൊരുമിച്ചു തിരുനാമത്തെ പുകഴ്ത്താം.

4
ഞാന്‍ സര്‍വേശ്വരനോട് അപേക്ഷിച്ചു;
അവിടുന്ന് എനിക്ക് ഉത്തരമരുളി.
സര്‍വഭയങ്ങളില്‍നിന്നും അവിടുന്ന് എന്നെ വിടുവിച്ചു.

5
സര്‍വേശ്വരനെ നോക്കിയവര്‍ പ്രകാശിതരായി;
അവര്‍ ലജ്ജിതരാകയില്ല.

6
ഈ എളിയവന്‍ നിലവിളിച്ചു; അവിടുന്ന് ഉത്തരമരുളി.
സകല ദുരിതങ്ങളില്‍നിന്നും അവിടുന്നെന്നെ രക്ഷിച്ചു.

7
സര്‍വേശ്വരന്‍റെ ദൂതന്‍ അവിടുത്തെ
ഭക്തന്മാര്‍ക്കു ചുറ്റും പാളയമടിച്ച് അവരെ വിടുവിക്കുന്നു.

8
അവിടുന്ന് എത്ര നല്ലവനെന്നു രുചിച്ചറിയുക;
അവിടുത്തെ അഭയം പ്രാപിക്കുന്നവന്‍ സന്തുഷ്ടനായിരിക്കും.

9
വിശുദ്ധജനമേ, സര്‍വേശ്വരനെ ഭയപ്പെടുക.
അവിടുത്തെ ഭക്തന്മാര്‍ക്ക് ഒന്നിനും കുറവില്ലല്ലോ.

10
സിംഹംപോലും വിശന്നു വലഞ്ഞേക്കാം;
സര്‍വേശ്വരനെ അന്വേഷിക്കുന്നവര്‍ക്ക് ഒരു നന്മയ്‍ക്കും കുറവില്ല.

11
മക്കളേ, എന്‍റെ വാക്കു കേള്‍ക്കുക;
ദൈവഭക്തിയെന്തെന്നു ഞാന്‍ നിങ്ങളെ പഠിപ്പിക്കാം.

12
സന്തുഷ്ടജീവിതം നിങ്ങള്‍ ആഗ്രഹിക്കുന്നുവോ?
ദീര്‍ഘായുസ്സും സന്തോഷവും കാംക്ഷിക്കുന്നുവോ?

13
എങ്കില്‍ തിന്മ നിങ്ങളുടെ നാവിന്മേല്‍ ഉണ്ടാകാതിരിക്കട്ടെ.
നിങ്ങളുടെ അധരങ്ങള്‍ വ്യാജം പറയാതിരിക്കട്ടെ.

14
തിന്മ വിട്ടകന്നു നന്മ പ്രവര്‍ത്തിക്കുക;
സമാധാനം കാംക്ഷിക്കുക; അതിനുവേണ്ടി നിരന്തരം പ്രയത്നിക്കുക.

15
സര്‍വേശ്വരന്‍ നീതിമാന്മാരെ കരുണയോടെ കടാക്ഷിക്കുന്നു;
അവിടുന്ന് അവരുടെ നിലവിളി എപ്പോഴും കേള്‍ക്കുന്നു;

16
അവിടുന്നു ദുഷ്കര്‍മികള്‍ക്കെതിരെ മുഖം തിരിക്കുന്നു.
അവിടുന്ന് അവരെ നശിപ്പിച്ച് അവരുടെ
ഓര്‍മപോലും ഭൂമിയില്‍ അവശേഷിക്കാതാക്കുന്നു.

17
നീതിമാന്മാര്‍ നിലവിളിച്ചു; സര്‍വേശ്വരന്‍ ഉത്തരമരുളി.
എല്ലാ കഷ്ടതകളില്‍നിന്നും അവിടുന്ന് അവരെ വിടുവിച്ചു.

18
ഹൃദയം തകര്‍ന്നവര്‍ക്ക് അവിടുന്നു സമീപസ്ഥന്‍;
മനസ്സു നുറുങ്ങിയവരെ അവിടുന്നു രക്ഷിക്കുന്നു.

19
നീതിമാന് നിരവധി അനര്‍ഥങ്ങള്‍ ഉണ്ടാകാം;
എന്നാല്‍ സര്‍വേശ്വരന്‍ അവയില്‍ നിന്നെല്ലാം അവനെ വിടുവിക്കുന്നു.

20
അവന്‍റെ അസ്ഥികളൊന്നും ഒടിഞ്ഞുപോകാതെ;
അവിടുന്ന് അവനെ സംരക്ഷിക്കുന്നു.

21
തിന്മ ദുഷ്ടനെ സംഹരിക്കും;
നീതിമാനെ ദ്വേഷിക്കുന്നവര്‍ ശിക്ഷിക്കപ്പെടും.

22
സര്‍വേശ്വരന്‍ തന്‍റെ ദാസന്മാരെ രക്ഷിക്കുന്നു;
അവിടുത്തെ അഭയം പ്രാപിക്കുന്നവര്‍ ശിക്ഷയ്‍ക്ക് ഇരയാവുകയില്ല.

35

1

ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം

സര്‍വേശ്വരാ, എന്നെ എതിര്‍ക്കുന്നവരെ അവിടുന്ന് എതിര്‍ക്കണമേ;
എന്നോടു പൊരുതുന്നവരോടു പൊരുതണമേ.

2
കവചവും പരിചയും ധരിച്ച്
എന്നെ സഹായിക്കാന്‍ വരണമേ.

3
എന്നെ പിന്തുടരുന്നവരെ കുന്തംകൊണ്ടു തടയണമേ;
‘ഞാന്‍ നിന്‍റെ രക്ഷ’ എന്ന് എനിക്ക് ഉറപ്പു തരണമേ.

4
എന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍;
പരാജിതരും ലജ്ജിതരുമായിരിക്കട്ടെ.
എനിക്കെതിരെ ദ്രോഹപദ്ധതി ആവിഷ്കരിക്കുന്നവര്‍;
പരിഭ്രാന്തരായി പിന്തിരിയട്ടെ.

5
അവര്‍ കാറ്റില്‍ പാറുന്ന പതിരുപോലെയാകട്ടെ;
സര്‍വേശ്വരന്‍റെ ദൂതന്‍ അവരെ ഓടിക്കട്ടെ.

6
അവരുടെ വഴി ഇരുളടഞ്ഞതും വഴുവഴുപ്പുള്ളതുമാകട്ടെ.
സര്‍വേശ്വരന്‍റെ ദൂതന്‍ അവരെ പിന്തുടര്‍ന്നു ചെല്ലട്ടെ.

7
അകാരണമായി അവര്‍ എനിക്കുവേണ്ടി കെണി ഒരുക്കി;
കാരണം കൂടാതെ അവര്‍ എന്നെ പിടിക്കാന്‍ കുഴി കുഴിച്ചു.

8
നിനച്ചിരിക്കാത്ത സമയത്ത് അവര്‍ക്കു വിനാശം ഭവിക്കട്ടെ.
അവര്‍ ഒളിച്ചുവച്ച കെണിയില്‍ അവര്‍തന്നെ കുടുങ്ങട്ടെ.
അവര്‍ അതില്‍ വീണു നശിക്കട്ടെ.

9
ഞാന്‍ സര്‍വേശ്വരനില്‍ ആനന്ദിക്കും;
അവിടുന്നരുളിയ രക്ഷയില്‍ ഉല്ലസിക്കും;

10
ബലഹീനനെ ശക്തനില്‍നിന്നും
എളിയവനും ദരിദ്രനുമായവനെ മര്‍ദകനില്‍നിന്നും
രക്ഷിക്കുന്ന അവിടുന്ന് അതുല്യന്‍ എന്നു ഞാന്‍ സര്‍വാത്മനാ പറയും.

11
നീചന്മാര്‍ എനിക്കെതിരെ സാക്ഷ്യം പറയുന്നു.
ഞാന്‍ അറിയാത്ത കാര്യങ്ങള്‍ അവര്‍ എന്നോടു ചോദിക്കുന്നു.

12
അവര്‍ നന്മയ്‍ക്കു പകരം തിന്മയാണ് എന്നോടു പ്രവര്‍ത്തിക്കുന്നത്.
ഞാന്‍ നിസ്സഹായനായിരിക്കുന്നു.

13
എന്നാല്‍ ഞാനാകട്ടെ അവര്‍
രോഗികളായിരുന്നപ്പോള്‍ വിലാപവസ്ത്രം ധരിച്ചു.
ഞാന്‍ ഉപവസിച്ച് ആത്മതപനം ചെയ്തു.
ഞാന്‍ കുമ്പിട്ടു പ്രാര്‍ഥിച്ചു.

14
സ്വന്തം സഹോദരനെയോ സ്നേഹിതനെയോ ഓര്‍ത്തു
ദുഃഖിക്കുന്നവനെപ്പോലെ ഞാന്‍ പ്രാര്‍ഥിച്ചു.
അമ്മയെ ഓര്‍ത്തു വിലപിക്കുന്നവനെപ്പോലെ;
ഞാന്‍ തല കുനിച്ചു കരഞ്ഞുകൊണ്ടു നടന്നു.

15
എന്നാല്‍ എന്‍റെ അനര്‍ഥത്തില്‍ അവര്‍ ഒരുമിച്ചുകൂടി സന്തോഷിച്ചു.
അവര്‍ എനിക്കെതിരെ ഒത്തുചേര്‍ന്നു.
എനിക്ക് അപരിചിതരായ അധമന്മാര്‍ ഇടവിടാതെ എന്നെ ദുഷിച്ചു.

16
അവര്‍ എന്നെ അതിനിന്ദ്യമായി പരിഹസിച്ച് എന്‍റെ നേരേ പല്ലു കടിക്കുന്നു.

17
സര്‍വേശ്വരാ, അങ്ങ് എത്രകാലം ഇതു നോക്കിനില്‌ക്കും?
അവരുടെ ആക്രമണങ്ങളില്‍നിന്ന് എന്നെ രക്ഷിക്കണമേ.
ഈ സിംഹങ്ങളില്‍നിന്ന് എന്നെ വിടുവിക്കണമേ.

18
അപ്പോള്‍ അങ്ങയെ ആരാധിക്കുന്നവരുടെ മഹാസഭയില്‍;
ഞാന്‍ അങ്ങേക്കു സ്തോത്രം അര്‍പ്പിക്കും.
സമൂഹമധ്യേ ഞാന്‍ അങ്ങയെ പ്രകീര്‍ത്തിക്കും.

19
അകാരണമായി എന്നെ ദ്വേഷിച്ചവര്‍;
എന്നെക്കുറിച്ചു സന്തോഷിക്കാന്‍ ഇടയാക്കരുതേ.
കാരണം കൂടാതെ എന്നെ വെറുക്കുന്നവര്‍ എന്നെ പരിഹസിക്കരുതേ.

20
അവര്‍ക്കു സമാധാനം ആവശ്യമില്ല;
ശാന്തരായി കഴിയുന്നവര്‍ക്കെതിരെ അവര്‍ വഞ്ചന നിരൂപിക്കും.

21
‘ആഹാ, നീ ചെയ്തതു ഞങ്ങള്‍ കണ്ടല്ലോ,’
എന്നവര്‍ പരിഹാസത്തോടെ വിളിച്ചുകൂകും.

22
എന്നാല്‍ സര്‍വേശ്വരാ, അവിടുന്നെല്ലാം കാണുന്നുവല്ലോ.
അങ്ങു മൗനമായിരിക്കരുതേ;
നാഥാ, എന്നില്‍നിന്ന് അകന്നിരിക്കരുതേ!

23
എന്‍റെ ദൈവമായ സര്‍വേശ്വരാ, ഉണര്‍ന്നെഴുന്നേല്‌ക്കണമേ;
എനിക്കു നീതിയും ന്യായവും നടത്തിത്തരണമേ,

24
അവിടുന്നു നീതിമാനാണല്ലോ,
എനിക്കു നീതി നടത്തിത്തന്നാലും;
അവര്‍ എന്നെക്കുറിച്ചു സന്തോഷിക്കാന്‍ ഇടയാക്കരുതേ.

25
‘ഞങ്ങള്‍ ആഗ്രഹിച്ചതു നടന്നല്ലോ;
ഞങ്ങള്‍ അവന്‍റെ ഉന്മൂലനാശം വരുത്തിയല്ലോ’ എന്ന് അവര്‍ പറയാതിരിക്കട്ടെ.

26
എന്‍റെ അനര്‍ഥത്തില്‍ സന്തോഷിക്കുന്നവര്‍ ലജ്ജിച്ചു ഭ്രമിക്കട്ടെ.
എനിക്കെതിരെ വീമ്പിളക്കിയവര്‍,
ലജ്ജിതരും അപമാനിതരും ആകട്ടെ.

27
എനിക്കു നീതി ലഭിക്കാന്‍ ആഗ്രഹിച്ചവര്‍ ആര്‍പ്പുവിളിച്ച് ആഹ്ലാദിക്കട്ടെ.
‘അവിടുത്തെ ദാസന്‍റെ ശ്രേയസ്സില്‍ സന്തോഷിക്കുന്ന സര്‍വേശ്വരന്‍ എത്ര
വലിയവന്‍’ എന്ന് അവര്‍ എപ്പോഴും പറയട്ടെ.

28
അവിടുത്തെ നീതിയും സ്തുതിയും ഞാന്‍ രാപ്പകല്‍ ഘോഷിക്കും.

36

1

ഗായകസംഘനേതാവിന്; സര്‍വേശ്വരന്‍റെ ദാസനായ ദാവീദിന്‍റെ സങ്കീര്‍ത്തനം

ദുഷ്ടന്‍റെ ഹൃദയാന്തര്‍ഭാഗത്തു പാപം നിറഞ്ഞിരിക്കുന്നു;
ദൈവഭക്തിയെക്കുറിച്ച് അവന്‍ ആലോചിക്കുന്നതേയില്ല.

2
തന്‍റെ പാപം കണ്ടുപിടിക്കപ്പെടുകയോ;
അങ്ങനെ താന്‍ വെറുക്കപ്പെടുകയോ ഇല്ലെന്നാണ് അവന്‍റെ മേനിപറച്ചില്‍.

3
വഞ്ചനയും കാപട്യവും നിറഞ്ഞതാണ് അവന്‍റെ വാക്കുകള്‍;
നന്മയും വിവേകവും അവന്‍റെ പ്രവൃത്തികളിലില്ല.

4
ഉറങ്ങാന്‍ കിടക്കുമ്പോഴും അവന്‍ ദ്രോഹാലോചനകളിലാണ്;
അവന്‍ എപ്പോഴും ചരിക്കുന്നതു ദുര്‍മാര്‍ഗത്തിലാണ്.
അവന്‍ ദോഷത്തെ വെറുക്കുന്നുമില്ല.

5
സര്‍വേശ്വരാ, അവിടുത്തെ അചഞ്ചലസ്നേഹം, ആകാശത്തോളവും;
അവിടുത്തെ വിശ്വസ്തത മേഘങ്ങള്‍ വരെയും എത്തുന്നു.

6
അവിടുത്തെ നീതി ഉന്നതപര്‍വതങ്ങള്‍ പോലെയും;
അവിടുത്തെ വിധികള്‍ അഗാധമായ ആഴി പോലെയുമാണ്.
പരമനാഥാ, മനുഷ്യരെയും മൃഗങ്ങളെയും സംരക്ഷിക്കുന്നത് അവിടുന്നാണ്.

7
ദൈവമേ, അവിടുത്തെ അചഞ്ചലസ്നേഹം എത്ര അമൂല്യം.
മനുഷ്യരെല്ലാം അവിടുത്തെ ചിറകിന്‍കീഴില്‍ അഭയംതേടുന്നു.

8
അവിടുത്തെ ആലയത്തിലെ സമൃദ്ധികൊണ്ട് അവര്‍ തൃപ്തിയടയുന്നു.
അവിടുത്തെ ആനന്ദനദിയില്‍നിന്ന് അവര്‍ പാനംചെയ്യുന്നു.

9
അവിടുന്നാകുന്നു ജീവന്‍റെ ഉറവിടം;
അവിടുത്തെ പ്രകാശത്താല്‍ ഞങ്ങള്‍ വെളിച്ചം കാണുന്നു.

10
അങ്ങയെ അറിയുന്നവര്‍ക്ക് അവിടുത്തെ കാരുണ്യവും
പരമാര്‍ഥഹൃദയമുള്ളവര്‍ക്ക് അവിടുത്തെ രക്ഷയും നിരന്തരം നല്‌കണമേ.

11
അഹങ്കാരികള്‍ എന്നെ ആക്രമിക്കരുതേ,
ദുഷ്ടര്‍ എന്നെ ആട്ടി ഓടിക്കരുതേ.

12
അതാ, ദുഷ്ടന്മാര്‍ വീണുകിടക്കുന്നു;
എഴുന്നേല്‌ക്കാനാവാത്തവിധം അവര്‍ നിലംപരിചായിരിക്കുന്നു.

37

1

ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം

ദുഷ്കര്‍മികള്‍ നിമിത്തം നീ അസ്വസ്ഥനാകേണ്ടാ;
അധര്‍മികളോട് അസൂയപ്പെടുകയും വേണ്ടാ.

2
പുല്ലുപോലെ അവര്‍ പെട്ടെന്ന് ഉണങ്ങിക്കരിയും;
ഇളംചെടിപോലെ അവര്‍ വാടിപ്പോകും.

3
സര്‍വേശ്വരനില്‍ വിശ്വാസമര്‍പ്പിക്കുക നന്മ പ്രവര്‍ത്തിക്കുക.
അപ്പോള്‍ നിനക്കു ദേശത്തു സുരക്ഷിതനായി വസിക്കാം.

4
സര്‍വേശ്വരനില്‍ ആനന്ദിക്കുക.
അവിടുന്നു നിന്‍റെ ആഗ്രഹങ്ങള്‍ നിറവേറ്റും.

5
നിന്നെത്തന്നെ സര്‍വേശ്വരനെ ഭരമേല്പിക്കുക;
അവിടുന്നു നിനക്കുവേണ്ടി പ്രവര്‍ത്തിക്കും.

6
അവിടുന്നു നിന്‍റെ നീതിയെ പകല്‍വെളിച്ചം പോലെയും
നിന്‍റെ പരമാര്‍ഥതയെ മധ്യാഹ്നംപോലെയും പ്രകാശിപ്പിക്കും.

7
സര്‍വേശ്വരന്‍റെ മുമ്പില്‍ സ്വസ്ഥനായിരിക്കുക.
അവിടുന്നു പ്രവര്‍ത്തിക്കാന്‍വേണ്ടി ക്ഷമയോടെ കാത്തിരിക്കുക.
ധനം നേടുന്നവനെക്കുറിച്ചോ ചതി കാട്ടുന്നവനെക്കുറിച്ചോ നീ അസ്വസ്ഥനാകേണ്ടാ.

8
കോപശീലം അരുത്;
ക്രോധം ഉപേക്ഷിക്കുക; മനസ്സിളകരുത്.
തിന്മയിലേക്കേ അതു നയിക്കൂ.

9
ദുര്‍ജനം ഉന്മൂലനം ചെയ്യപ്പെടും;
സര്‍വേശ്വരനില്‍ ശരണപ്പെടുന്നവര്‍ക്കു ദേശം അവകാശമായി ലഭിക്കും.

10
ദുഷ്ടന്‍ നശിക്കാന്‍ ഏറെക്കാലം വേണ്ട;
അവനെ അവന്‍റെ സങ്കേതത്തില്‍ തിരഞ്ഞാലും കണ്ടെത്തുകയില്ല.

11
എന്നാല്‍ സൗമ്യശീലനു ദേശം അവകാശമായി ലഭിക്കും
ഐശ്വര്യപൂര്‍ണതയില്‍ അവന്‍ ആനന്ദിക്കും.

12
ദുഷ്ടന്‍ നീതിമാനെതിരെ ദ്രോഹാലോചന നടത്തുകയും;
അവന്‍റെ നേരേ പല്ലുകടിക്കുകയും ചെയ്യുന്നു.

13
സര്‍വേശ്വരന്‍ ദുഷ്ടനെ പരിഹസിക്കുന്നു;
അവന്‍റെ വിനാശം അടുത്തിരിക്കുന്നു എന്ന് അവിടുന്ന് അറിയുന്നു.

14
എളിയവനെയും ദരിദ്രനെയും നശിപ്പിക്കാനും ധര്‍മനിഷ്ഠരെ വധിക്കാനും;
ദുഷ്ടര്‍ വാളൂരുകയും വില്ലു കുലയ്‍ക്കുകയും ചെയ്യുന്നു.

15
അവരുടെ വാളുകള്‍ അവരുടെ ഹൃദയംതന്നെ ഭേദിക്കും,
അവരുടെ വില്ലുകള്‍ ഒടിഞ്ഞുപോകും.

16
അനേകം ദുഷ്ടരുടെ സമൃദ്ധിയെക്കാള്‍,
നീതിമാന്‍റെ അല്പമാണ് അഭികാമ്യം.

17
ദുഷ്ടരുടെ ഭുജങ്ങള്‍ ഒടിഞ്ഞുപോകും;
സര്‍വേശ്വരന്‍ നീതിനിഷ്ഠരെ സംരക്ഷിക്കും.

18
നിഷ്കളങ്കരെ സര്‍വേശ്വരന്‍ പരിപാലിക്കുന്നു;
അവരുടെ അവകാശം ശാശ്വതമായിരിക്കും.

19
അനര്‍ഥകാലത്ത് അവര്‍ ലജ്ജിതരാകയില്ല;
ക്ഷാമകാലത്ത് അവര്‍ക്കു സമൃദ്ധി ഉണ്ടായിരിക്കും.

20
എന്നാല്‍ ദുഷ്ടര്‍ നശിച്ചുപോകും;
സര്‍വേശ്വരന്‍റെ ശത്രുക്കള്‍ കാട്ടുപൂക്കള്‍ പോലെ അപ്രത്യക്ഷരാകും.

21
അവര്‍ പുകപോലെ മാഞ്ഞുപോകും.
ദുഷ്ടനു കടംവാങ്ങിയതു വീട്ടാന്‍ കഴിയുകയില്ല.
എന്നാല്‍, നീതിമാന്‍ ഉദാരമായി ദാനം ചെയ്യുന്നു.

22
സര്‍വേശ്വരനാല്‍ അനുഗ്രഹിക്കപ്പെട്ടവര്‍ ദേശം കൈവശമാക്കും;
ശപിക്കപ്പെട്ടവരാകട്ടെ ഉന്മൂലനം ചെയ്യപ്പെടും.

23
മനുഷ്യന്‍റെ പാദം സര്‍വേശ്വരനാണ് നയിക്കുന്നത്.
അവിടുത്തേക്ക് പ്രസാദകരമായി നടക്കുന്നവന്‍റെ ഗമനം അവിടുന്നു സുസ്ഥിരമാക്കുന്നു.

24
അവന്‍റെ കാലിടറിയാലും വീണുപോകയില്ല;
സര്‍വേശ്വരന്‍ അവന്‍റെ കൈക്കു പിടിച്ചിട്ടുണ്ടല്ലോ.

25
ഞാന്‍ ബാലനായിരുന്നു, ഇപ്പോള്‍ വൃദ്ധനായി;
നീതിമാന്‍ പരിത്യജിക്കപ്പെടുന്നതോ
അവന്‍റെ സന്തതി ആഹാരത്തിനായി ഇരക്കുന്നതോ ഞാന്‍ ഇന്നോളം കണ്ടിട്ടില്ല.

26
അവന്‍ എന്നും ഉദാരമായി ദാനം ചെയ്യുകയും
വായ്പ കൊടുക്കുകയും ചെയ്യുന്നു.
അവന്‍റെ സന്തതി അനുഗ്രഹപാത്രമാകും.

27
തിന്മ വിട്ടകന്നു നന്മ ചെയ്ക,
എന്നാല്‍ നിന്‍റെ സന്തതികള്‍ ദേശത്ത് എന്നേക്കും പാര്‍ക്കും.

28
സര്‍വേശ്വരന്‍ ന്യായത്തെ സ്നേഹിക്കുന്നു;
അവിടുന്നു തന്‍റെ ഭക്തരെ ഉപേക്ഷിക്കുകയില്ല.
അവിടുന്ന് അവരെ എന്നും പരിപാലിക്കും;
എന്നാല്‍ ദുഷ്ടരുടെ സന്തതി നശിപ്പിക്കപ്പെടും.

29
നീതിമാന്മാര്‍ ദേശം കൈവശമാക്കും;
അതില്‍ അവര്‍ എന്നേക്കും വസിക്കും.

30
നീതിമാന്‍ ജ്ഞാനം സംസാരിക്കുന്നു;
അവന്‍റെ നാവില്‍നിന്ന് നീതി പുറപ്പെടുന്നു.

31
ദൈവത്തിന്‍റെ ധര്‍മശാസ്ത്രം അവന്‍റെ ഹൃദയത്തിലുണ്ട്;
അവന്‍റെ കാലടികള്‍ വഴുതുകയില്ല.

32
ദുഷ്ടന്‍ നീതിമാനുവേണ്ടി പതിയിരിക്കുന്നു;
അവനെ കൊല്ലാന്‍ തക്കംനോക്കുന്നു.

33
സര്‍വേശ്വരന്‍ അവനെ ദുഷ്ടനു വിട്ടുകൊടുക്കുകയുമില്ല.
ന്യായവിസ്താരത്തില്‍ കുറ്റവാളിയെന്നു വിധിക്കപ്പെടാന്‍ സമ്മതിക്കുകയില്ല.

34
സര്‍വേശ്വരനായി കാത്തിരിക്ക;
അവിടുത്തെ വഴികളില്‍ നടക്ക.
നിന്‍റെ ദേശം നിനക്കു നല്‌കി അവിടുന്നു നിന്നെ ആദരിക്കും.
ദുഷ്ടര്‍ നിഗ്രഹിക്കപ്പെടുന്നതു നീ കാണും.

35
ദുഷ്ടന്‍ പ്രബലനാകുന്നതും ലെബാനോനിലെ ദേവദാരുപോലെ
തഴച്ചുനില്‌ക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്.

36
പിന്നീടു ഞാന്‍ അതുവഴി പോയപ്പോള്‍ അവന്‍ അവിടെ ഇല്ല.
അവനെ അന്വേഷിച്ചെങ്കിലും കണ്ടില്ല.

37
നിഷ്കളങ്കനെ ശ്രദ്ധിക്കുക നീതിനിഷ്ഠനെ നിരീക്ഷിക്കുക.
സമാധാനമുള്ള മനുഷ്യനു സന്തതികള്‍ ഉണ്ടാകും.

38
എന്നാല്‍ അതിക്രമികള്‍ നിര്‍മ്മാര്‍ജനം ചെയ്യപ്പെടും;
ദുഷ്ടരുടെ സന്തതി അറ്റുപോകും.

39
നീതിമാന്മാരെ സര്‍വേശ്വരന്‍ വിടുവിക്കുന്നു;
അനര്‍ഥകാലത്ത് അവിടുന്ന് അവരുടെ രക്ഷാസങ്കേതം.

40
സര്‍വേശ്വരന്‍ അവരെ സഹായിക്കുകയും രക്ഷിക്കുകയും ചെയ്യുന്നു.
അവിടുന്ന് അവരെ ദുഷ്ടരുടെ പിടിയില്‍നിന്നു വിടുവിച്ചു രക്ഷിക്കുന്നു.
സര്‍വേശ്വരനെ ആണല്ലോ അവര്‍ ശരണമാക്കിയിരിക്കുന്നത്.

38

1

ദാവീദിന്‍റെ സങ്കീര്‍ത്തനം; അനുസ്മരണ യാഗത്തിന്

സര്‍വേശ്വരാ, കോപത്തോടെ എന്നെ ശാസിക്കരുതേ;
രോഷത്തോടെ എന്നെ ശിക്ഷിക്കരുതേ.

2
അവിടുത്തെ അസ്ത്രങ്ങള്‍ എന്നില്‍ തറച്ചിരിക്കുന്നു;
അവിടുത്തെ കരം എന്‍റെമേല്‍ പതിച്ചിരിക്കുന്നു.

3
അവിടുത്തെ രോഷം നിമിത്തം എനിക്കു സൗഖ്യമില്ല;
എന്‍റെ പാപംമൂലം എനിക്കു സ്വസ്ഥതയുമില്ല.

4
എന്‍റെ അകൃത്യങ്ങള്‍ എന്‍റെ തലയ്‍ക്കു മുകളില്‍ കൂമ്പാരം കൂടുന്നു;
അവ താങ്ങാനാവാത്ത ഭാരമായിരിക്കുന്നു.

5
എന്‍റെ ഭോഷത്തംമൂലം എന്‍റെ വ്രണങ്ങള്‍ ചീഞ്ഞുനാറുന്നു.

6
ഞാന്‍ കൂനി നിലംതൊടുമാറായി
ഞാന്‍ എപ്പോഴും വിലപിക്കുന്നു.

7
എന്‍റെ ശരീരം ജ്വരംകൊണ്ടു പൊള്ളുന്നു
എനിക്കൊട്ടും സൗഖ്യമില്ല.

8
ഞാന്‍ ആകെ ക്ഷീണിച്ചു തളര്‍ന്നിരിക്കുന്നു.
ഹൃദയവ്യഥ നിമിത്തം ഞാന്‍ ഞരങ്ങുന്നു.

9
സര്‍വേശ്വരാ, എന്‍റെ ആഗ്രഹങ്ങള്‍ അവിടുന്നറിയുന്നു.
എന്‍റെ നെടുവീര്‍പ്പ് അവിടുന്നു കേള്‍ക്കുന്നു.

10
എന്‍റെ നെഞ്ചിടിക്കുന്നു, എന്‍റെ ശക്തി ക്ഷയിച്ചിരിക്കുന്നു.
എന്‍റെ കണ്ണുകളുടെ ശോഭ നഷ്ടപ്പെട്ടിരിക്കുന്നു.

11
എന്‍റെ സുഹൃത്തുക്കളും അയല്‍ക്കാരും;
എന്‍റെ മഹാരോഗം നിമിത്തം എന്നില്‍നിന്ന് അകന്നു നില്‌ക്കുന്നു.
ഉറ്റവര്‍പോലും അകന്നുമാറുന്നു.

12
എന്നെ അപായപ്പെടുത്താന്‍ നോക്കുന്നവര്‍ എനിക്കായി കെണി വയ്‍ക്കുന്നു.
എന്നെ ഉപദ്രവിക്കാന്‍ ആഗ്രഹിക്കുന്നവര്‍;
എന്‍റെ നാശത്തെപ്പറ്റി സംസാരിക്കുന്നു.
അവര്‍ നിരന്തരം എനിക്കെതിരെ വഞ്ചന നിരൂപിക്കുന്നു.

13
ഞാന്‍ ബധിരനെപ്പോലെ ഒന്നും കേള്‍ക്കാതിരുന്നു;
ഊമനെപ്പോലെ സംസാരിക്കാതിരുന്നു.

14
അതേ, ബധിരനെപ്പോലെ മറുപടി പറയാതിരുന്നു.

15
സര്‍വേശ്വരാ, ഞാന്‍ അങ്ങയില്‍ പ്രത്യാശവച്ചിരിക്കുന്നു;
എന്‍റെ ദൈവമായ സര്‍വേശ്വരാ, അവിടുന്ന് എനിക്ക് ഉത്തരമരുളുമല്ലോ.

16
എന്‍റെ കാല്‍ വഴുതുമ്പോള്‍ എനിക്കെതിരെ വീമ്പിളക്കുന്നവര്‍
എന്നെച്ചൊല്ലി സന്തോഷിക്കാന്‍ ഇടയാക്കരുതേ.

17
ഞാന്‍ വീഴാറായിരിക്കുന്നു,
വേദന എന്നെ വിട്ടുമാറുന്നില്ല.

18
എന്‍റെ അകൃത്യങ്ങള്‍ ഞാന്‍ ഏറ്റുപറയുന്നു;
എന്‍റെ പാപത്തെക്കുറിച്ചു ഞാന്‍ ദുഃഖിക്കുന്നു.

19
അകാരണമായി എന്നെ ദ്വേഷിക്കുന്നവര്‍ ശക്തരും
കാരണം കൂടാതെ എന്നോടു ശത്രുത കാട്ടുന്നവര്‍ അനവധിയുമാണ്.

20
നന്മയ്‍ക്കു പകരം അവര്‍ എന്നോടു തിന്മ പ്രവര്‍ത്തിക്കുന്നു.
ഞാന്‍ നന്മ ചെയ്യുന്നതുകൊണ്ടാണ് അവര്‍ എന്‍റെ വിരോധികളായത്.

21
സര്‍വേശ്വരാ, എന്നെ കൈവിടരുതേ,
എന്‍റെ ദൈവമേ, എന്നെ വിട്ട് അകന്നുപോകരുതേ.

22
എന്‍റെ രക്ഷകനായ സര്‍വേശ്വരാ,
എന്നെ സഹായിക്കാന്‍ വേഗം വരണമേ.

39

1

യെദൂഥൂന്‍ എന്ന ഗായകസംഘനേതാവിന്; ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം

നാവുകൊണ്ടു പാപം ചെയ്യാതിരിക്കാന്‍
ഞാന്‍ എന്‍റെ ജീവിതചര്യകളെ സൂക്ഷിക്കുമെന്നും;
ദുഷ്ടര്‍ അടുത്തുള്ളപ്പോള്‍ നാവിനു
കടിഞ്ഞാണിടുമെന്നും ഞാന്‍ പറഞ്ഞു.

2
ഞാന്‍ മിണ്ടാതെ മൗനംപാലിച്ചു,
എന്‍റെ മൗനം നിഷ്ഫലമായിരുന്നു.
എന്‍റെ വേദന വര്‍ധിച്ചുകൊണ്ടിരുന്നു.

3
ആകുലചിന്തയാല്‍ എന്‍റെ ഹൃദയം തപിച്ചു.
ചിന്തിച്ചപ്പോള്‍ എന്‍റെ ഉള്ളില്‍ തീയാളി;
ഞാന്‍ മൗനം വെടിഞ്ഞു പറഞ്ഞു:

4
“സര്‍വേശ്വരാ, എന്‍റെ ജീവിതം എന്ന് അവസാനിക്കുമെന്നും;
എന്‍റെ ആയുസ്സ് എത്രയെന്നും അറിയിക്കണമേ.
എന്‍റെ ആയുസ്സ് എത്ര ക്ഷണികമെന്ന് ഞാന്‍ അറിയട്ടെ.”

5
അവിടുന്ന് എന്‍റെ ജീവിതകാലം അത്യന്തം ഹ്രസ്വമാക്കിയിരിക്കുന്നു.
അവിടുന്ന് എന്‍റെ ആയുസ്സിനു വില കല്പിക്കുന്നില്ല.
ഏതു മനുഷ്യനും ഒരു ശ്വാസം മാത്രം.

6
അവന്‍റെ ജീവിതം വെറും നിഴല്‍പോലെ,
അവന്‍ ബദ്ധപ്പെടുന്നതു വെറുതെ.
അവന്‍ ധനം സമ്പാദിക്കുന്നു,
ആര് അനുഭവിക്കുമെന്ന് അറിയുന്നില്ല.

7
സര്‍വേശ്വരാ, ഞാന്‍ എന്തിനായി കാത്തിരിക്കുന്നു?
അവിടുന്നാണല്ലോ എന്‍റെ പ്രത്യാശ.

8
എല്ലാ അകൃത്യങ്ങളില്‍നിന്നും എന്നെ വിടുവിക്കണമേ;
എന്നെ ഭോഷന്‍റെ നിന്ദാപാത്രമാക്കരുതേ.

9
ഞാന്‍ ഒന്നും മിണ്ടാതെ മൂകനായിരുന്നു;
അങ്ങാണല്ലോ എനിക്കിങ്ങനെ വരുത്തിയത്.

10
ഇനിയും എന്നെ ശിക്ഷിക്കരുതേ;
അവിടുത്തെ ദണ്ഡനത്താല്‍ ഞാന്‍ ക്ഷയിച്ചുപോയിരിക്കുന്നു.

11
മനുഷ്യനെ അവന്‍റെ പാപത്തിന് അവിടുന്നു ശാസിച്ചു ശിക്ഷിക്കുമ്പോള്‍
അവനു പ്രിയങ്കരമായതിനെയെല്ലാം പുഴു കരളുന്നതുപോലെ നശിപ്പിക്കുന്നു.
ഏതു മനുഷ്യനും ഒരു ശ്വാസം മാത്രം.

12
സര്‍വേശ്വരാ, എന്‍റെ പ്രാര്‍ഥന കേള്‍ക്കണമേ;
എന്‍റെ നിലവിളി ശ്രദ്ധിക്കണമേ;
എന്‍റെ കണ്ണുനീര്‍ കണ്ട് ഉത്തരമരുളണമേ;
എന്‍റെ പൂര്‍വപിതാക്കന്മാരെപ്പോലെ ഞാന്‍ അല്പകാലത്തേക്കു മാത്രമുള്ള അങ്ങയുടെ
അതിഥിയും പരദേശിയും ആണല്ലോ.

13
ഞാന്‍ ഇഹലോകം വിട്ടു ഇല്ലാതാകുന്നതിനു മുമ്പ്
സന്തോഷം ആസ്വദിക്കാന്‍, അവിടുത്തെ തീക്ഷ്ണദൃഷ്‍ടി പിന്‍വലിക്കണമേ.

40

1

ഗായകസംഘനേതാവിന്; ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം

സര്‍വേശ്വരന്‍റെ സഹായത്തിനായി ഞാന്‍ ക്ഷമയോടെ കാത്തിരുന്നു;
അവിടുന്നു ചെവി ചായിച്ച് എന്‍റെ നിലവിളി കേട്ടു.

2
ഭയാനകമായ കുഴിയില്‍നിന്നും കുഴഞ്ഞ ചേറ്റില്‍നിന്നും അവിടുന്ന് എന്നെ പിടിച്ചുകയറ്റി.
അവിടുന്ന് എന്നെ പാറമേല്‍ നിര്‍ത്തി;
എന്‍റെ കാലടികള്‍ സുരക്ഷിതമാക്കി.

3
അവിടുന്ന് എന്‍റെ അധരങ്ങളില്‍ ഒരു പുതിയ പാട്ടു നല്‌കി.
നമ്മുടെ ദൈവത്തിന് ഒരു സ്തോത്രഗീതം തന്നെ.
പലരും ഇതുകണ്ട് ഭയഭക്തിയോടെ സര്‍വേശ്വരനെ ആശ്രയിക്കും.

4
സര്‍വേശ്വരനെ ശരണമാക്കുന്നവര്‍ അനുഗൃഹീതര്‍;
വ്യാജദേവന്മാരെ ആരാധിക്കുന്ന ഗര്‍വിഷ്ഠരെ അവര്‍ക്ക് ആശ്രയിക്കേണ്ടിവരില്ല.

5
എന്‍റെ ദൈവമായ സര്‍വേശ്വരാ,
അവിടുന്നു ഞങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച അദ്ഭുതങ്ങളും
ഞങ്ങള്‍ക്കുവേണ്ടിയുള്ള അവിടുത്തെ കരുതലും എത്ര വലുതാകുന്നു.
എങ്ങനെയാണ് അവ ഞാന്‍ വര്‍ണിക്കുക; അവ അസംഖ്യമാണല്ലോ.
അങ്ങേക്കു സമനായി ആരുമില്ല.

6
യാഗവും വഴിപാടും അവിടുന്ന് ആഗ്രഹിച്ചില്ല;
ഹോമയാഗവും പാപപരിഹാരയാഗവും അവിടുന്ന് ആവശ്യപ്പെട്ടില്ല.
എന്നാല്‍ അവിടുന്ന് എന്‍റെ കാതുകള്‍ തുറന്നുതന്നു.

7
അപ്പോള്‍ ഞാന്‍ പറഞ്ഞു:
‘ഇതാ ഞാന്‍ വരുന്നു, പുസ്തകച്ചുരുളില്‍ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു.’

8
എന്‍റെ ദൈവമേ, തിരുഹിതം നിറവേറുന്നതില്‍ ഞാന്‍ സന്തോഷിക്കും.
അവിടുത്തെ കല്പനകള്‍ എനിക്കു ഹൃദിസ്ഥമാണ്.

9
അങ്ങയെ ആരാധിക്കുന്നവരുടെ മഹാസഭയില്‍
ഞാന്‍ വിമോചനത്തിന്‍റെ സുവാര്‍ത്ത അറിയിച്ചു.
അതു പറയുന്നതില്‍നിന്നു ഞാന്‍ എന്‍റെ നാവിനെ വിലക്കിയില്ല.
പരമനാഥാ, അവിടുന്ന് അത് അറിയുന്നുവല്ലോ.

10
അവിടുന്നു നല്‌കിയ വീണ്ടെടുപ്പ് ഞാന്‍ ഒളിച്ചുവച്ചില്ല.
അവിടുത്തെ വിശ്വസ്തതയെയും രക്ഷയെയും ഞാന്‍ പ്രഘോഷിച്ചു.
അവിടുത്തെ അചഞ്ചലസ്നേഹവും വിശ്വസ്തതയും
അങ്ങയെ ആരാധിക്കുന്നവരുടെ മഹാസഭയില്‍നിന്നു ഞാന്‍ മറച്ചുവച്ചില്ല.

11
പരമനാഥാ, അവിടുത്തെ കാരുണ്യം എന്നും എന്‍റെമേല്‍ ചൊരിയണമേ.
അവിടുത്തെ സുസ്ഥിരസ്നേഹവും വിശ്വസ്തതയും എന്നെ നിത്യവും സംരക്ഷിക്കട്ടെ.

12
എണ്ണമറ്റ അനര്‍ഥങ്ങള്‍ എന്നെ ചുറ്റിയിരിക്കുന്നു;
ഒന്നും കാണാന്‍ കഴിയാത്തവിധം എന്‍റെ അകൃത്യങ്ങള്‍ എന്നെ മൂടിയിരിക്കുന്നു.
അവ എന്‍റെ മുടിനാരുകളെക്കാള്‍ അസംഖ്യമാണ്.
എന്‍റെ ധൈര്യം ചോര്‍ന്നുപോകുന്നു.

13
സര്‍വേശ്വരാ, എന്നെ രക്ഷിക്കാന്‍ കനിവുണ്ടാകണമേ;
എന്നെ സഹായിക്കാന്‍ വേഗം വരണമേ.

14
എന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ ലജ്ജിച്ചു പരിഭ്രാന്തരാകട്ടെ;
എന്‍റെ അനര്‍ഥത്തില്‍ സന്തോഷിക്കുന്നവര്‍ അപമാനത്തോടെ പിന്തിരിയട്ടെ.

15
‘നന്നായി, നന്നായി’ എന്നു പറഞ്ഞ് എന്നെ
പരിഹസിക്കുന്നവര്‍ നാണിച്ചു സ്തബ്ധരാകട്ടെ.

16
അങ്ങയെ അന്വേഷിക്കുന്നവരെല്ലാം അങ്ങയില്‍ ആനന്ദിക്കട്ടെ.
അവിടുന്നു നല്‌കുന്ന വിമോചനത്തിനായി കാംക്ഷിക്കുന്നവര്‍
സര്‍വേശ്വരന്‍ വലിയവനെന്ന് എപ്പോഴും ഘോഷിക്കട്ടെ.

17
ഞാന്‍ എളിയവനും ദരിദ്രനുമാണ്;
എങ്കിലും സര്‍വേശ്വരനുണ്ട് എനിക്കുവേണ്ടി കരുതാന്‍;
അവിടുന്നാണ് എന്‍റെ സഹായകനും വിമോചകനും
എന്‍റെ ദൈവമേ, എന്നെ സഹായിക്കാന്‍ വേഗം വരണമേ.

41

1

ഗായകസംഘനേതാവിന്; ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം

ദരിദ്രരെക്കുറിച്ച് കരുതലുള്ളവന്‍ ധന്യന്‍;
അനര്‍ഥവേളകളില്‍ സര്‍വേശ്വരന്‍ അവനെ രക്ഷിക്കും.

2
അവിടുന്ന് അവനെ പരിപാലിക്കും;
അവന്‍റെ ജീവന്‍ സംരക്ഷിക്കും.
അനുഗൃഹീതന്‍ എന്ന് അവന്‍ ദേശത്ത് അറിയപ്പെടും.
അവിടുന്ന് അവനെ ശത്രുക്കള്‍ക്ക് വിട്ടുകൊടുക്കുകയില്ല.

3
രോഗശയ്യയില്‍ സര്‍വേശ്വരന്‍ അവന് ആശ്വാസം നല്‌കും.
അവിടുന്ന് അവനെ സുഖപ്പെടുത്തും.

4
സര്‍വേശ്വരാ, എന്നോടു കരുണയുണ്ടാകണമേ,
എനിക്കു സൗഖ്യം നല്‌കണമേ.
അങ്ങേക്കെതിരെ ഞാന്‍ പാപം ചെയ്തിരിക്കുന്നുവല്ലോ.

5
ശത്രുക്കള്‍ എന്നെക്കുറിച്ച് ‘അവന്‍ എപ്പോള്‍ മരിക്കും;
എപ്പോള്‍ നാമാവശേഷനാകും’ എന്നിങ്ങനെ ഹീനമായി സംസാരിക്കുന്നു.

6
എന്നെ കാണാന്‍ വരുന്നവര്‍ ഉള്ളില്‍ ദുഷ്ടതയോടെ പൊള്ളവാക്കുകള്‍ പറയുന്നു.
അവര്‍ പുറത്തിറങ്ങി തിന്മ പറഞ്ഞു പരത്തുന്നു.

7
എന്നെ വെറുക്കുന്നവര്‍ എന്നെക്കുറിച്ച് അടക്കംപറയുന്നു.
അവര്‍ എനിക്കെതിരെ ഏറ്റവും ദോഷമായത് നിരൂപിക്കുന്നു.

8
‘മാരകരോഗം അവനു പിടിപെട്ടിരിക്കുന്നു.
അവന്‍ ഇനി എഴുന്നേല്‌ക്കുകയില്ല’ എന്നവര്‍ പറയുന്നു.

9
ഞാന്‍ വിശ്വാസമര്‍പ്പിച്ച് എന്‍റെ ഭക്ഷണത്തില്‍
പങ്കു നല്‌കിയ എന്‍റെ പ്രാണസ്നേഹിതന്‍ പോലും എന്നെ ചവിട്ടാന്‍ ഓങ്ങിയിരിക്കുന്നു.

10
പരമനാഥാ, എന്നോടു കൃപ തോന്നണമേ എനിക്ക് സൗഖ്യം നല്‌കണമേ.
ഞാന്‍ അവരോടു പകരം ചോദിക്കട്ടെ.

11
ശത്രു എന്‍റെമേല്‍ വിജയം നേടാതിരുന്നതിനാല്‍;
അവിടുന്ന് എന്നില്‍ പ്രസാദിച്ചിരിക്കുന്നു എന്നു ഞാന്‍ അറിയുന്നു.

12
എന്‍റെ നിഷ്കളങ്കത്വംമൂലം അവിടുന്നെന്നെ താങ്ങുന്നു.
അവിടുത്തെ സന്നിധാനത്തില്‍ എന്നെ എന്നും നിര്‍ത്തുന്നു.

13
ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍;
ഇന്നും എന്നേക്കും വാഴ്ത്തപ്പെടട്ടെ. ആമേന്‍.

42

1

ഗായകസംഘനേതാവിന്; കോരഹ് പുത്രന്മാരുടെ ഗീതം

നീര്‍ച്ചാലുകളിലേക്കു പോകാന്‍ കാംക്ഷിക്കുന്ന മാന്‍പേടയെപ്പോലെ,
ദൈവമേ, എന്‍റെ ഹൃദയം അങ്ങേക്കായി കാംക്ഷിക്കുന്നു.

2
എന്‍റെ ഹൃദയം ദൈവത്തിനായി,
ജീവിക്കുന്ന ദൈവത്തിനായിതന്നെ, ദാഹിക്കുന്നു.
എപ്പോഴാണ് എനിക്ക് തിരുസന്നിധാനത്തിലെത്തി,
തിരുമുഖം ദര്‍ശിക്കാന്‍ കഴിയുക?

3
കണ്ണുനീരാണ് എനിക്കു രാപ്പകല്‍ ആഹാരം,
‘നിന്‍റെ ദൈവം എവിടെ’ എന്നു പറഞ്ഞ്,
അവര്‍ നിരന്തരം എന്നെ പരിഹസിക്കുന്നു.

4
ജനക്കൂട്ടത്തോടൊത്ത് ദേവാലയത്തിലേക്കു പോയതും
സ്തോത്രഗീതങ്ങളും ആനന്ദഘോഷങ്ങളും ഉയര്‍ത്തിക്കൊണ്ട്
നീങ്ങിയ തീര്‍ഥാടകരോടൊത്ത് ഞാന്‍ ദേവാലയത്തിലേക്കു നയിക്കപ്പെട്ടതും
ഓര്‍ക്കുമ്പോള്‍ എന്‍റെ ഹൃദയം തകരുന്നു.

5
എന്‍റെ ആത്മാവേ, നീ എന്തിനു വിഷാദിക്കുന്നു?
എന്തിന് അസ്വസ്ഥനാകുന്നു?
ദൈവത്തില്‍ പ്രത്യാശ വയ്‍ക്കുക.
എന്‍റെ രക്ഷകനും ദൈവവുമായ അവിടുത്തെ ഞാന്‍ വീണ്ടും പ്രകീര്‍ത്തിക്കും.

6
എന്‍റെ ആത്മാവ് വിഷാദിച്ചിരിക്കുന്നു.
അതുകൊണ്ട് യോര്‍ദ്ദാന്‍ പ്രദേശത്തും ഹെര്‍മ്മോനിലും മിസാര്‍മലയിലും നിന്നുകൊണ്ട്
ഞാന്‍ അങ്ങയെ അനുസ്മരിക്കുന്നു.

7
അവിടുന്നു വെള്ളച്ചാട്ടങ്ങളെ ഗര്‍ജിക്കുമാറാക്കി,
ആഴം ആഴത്തെ വിളിക്കുന്നു.
ഓളങ്ങളും തിരമാലകളും എന്‍റെ മീതെ കടന്നുപോയി.

8
സര്‍വേശ്വരന്‍ പകല്‍സമയത്ത് അചഞ്ചല സ്നേഹം വര്‍ഷിക്കുന്നു.
രാത്രിയില്‍ ഞാന്‍ അവിടുത്തേക്ക് ഗാനം ആലപിക്കും.
ദൈവത്തോടുള്ള എന്‍റെ ജീവന്‍റെ പ്രാര്‍ഥന തന്നെ.

9
‘അവിടുന്ന് എന്നെ മറന്നത് എന്ത്?
ശത്രുക്കളുടെ പീഡനംമൂലം എനിക്കു ദുഃഖിക്കേണ്ടി വന്നതും എന്തുകൊണ്ട്’
എന്നു ഞാന്‍ എന്‍റെ അഭയശിലയായ ദൈവത്തോടു ചോദിക്കും.

10
‘നിന്‍റെ ദൈവം എവിടെ’ എന്ന് എന്‍റെ
ശത്രുക്കള്‍ ഇടവിടാതെ ചോദിക്കുന്നു.
കുത്തുവാക്കുകള്‍കൊണ്ട് അവര്‍ എന്നെ വേദനിപ്പിക്കുന്നു.

11
എന്‍റെ ആത്മാവേ, നീ എന്തിനു വിഷാദിക്കുന്നു?
എന്തിന് അസ്വസ്ഥനാകുന്നു?
ദൈവത്തില്‍ പ്രത്യാശ വയ്‍ക്കുക,
എന്‍റെ രക്ഷകനും ദൈവവുമായ അവിടുത്തെ ഞാന്‍ വീണ്ടും പ്രകീര്‍ത്തിക്കും.

43

1

ദൈവമേ, എനിക്കു നീതി നടത്തി തരണമേ;
ദൈവഭക്തിയില്ലാത്തവര്‍ക്കെതിരെ,
എനിക്കുവേണ്ടി വാദിക്കണമേ.
വഞ്ചകരില്‍നിന്നും നീതിരഹിതരില്‍നിന്നും എന്നെ വിടുവിക്കണമേ.

2
എന്‍റെ അഭയസങ്കേതമായ ദൈവം അവിടുന്നാണല്ലോ.
അവിടുന്നെന്നെ തള്ളിക്കളഞ്ഞിരിക്കുന്നത് എന്ത്?
ശത്രുക്കളുടെ പീഡനംമൂലം എനിക്കു ദുഃഖിക്കേണ്ടിവന്നതും എന്തുകൊണ്ട്?

3
അവിടുത്തെ പ്രകാശവും സത്യവും അയച്ചുതരണമേ.
അവ എന്നെ നയിക്കട്ടെ.
അവിടുത്തെ വിശുദ്ധ പര്‍വതത്തിലേക്കും
തിരുനിവാസത്തിലേക്കും അവ എന്നെ തിരികെ കൊണ്ടുവരട്ടെ.

4
അപ്പോള്‍ ഞാന്‍ ദൈവത്തിന്‍റെ യാഗപീഠത്തിലേക്ക്,
എന്‍റെ പരമാനന്ദമായ ദൈവത്തിങ്കലേക്കു ചെല്ലും.
ദൈവമേ, എന്‍റെ ദൈവമേ, കിന്നരം മീട്ടി ഞാന്‍ അങ്ങയെ സ്തുതിക്കും.

5
എന്‍റെ ആത്മാവേ, നീ എന്തിനു വിഷാദിക്കുന്നു?
എന്തിന് അസ്വസ്ഥനാകുന്നു?
ദൈവത്തില്‍ പ്രത്യാശ വയ്‍ക്കുക.
എന്‍റെ രക്ഷകനും ദൈവവുമായ അവിടുത്തെ ഞാന്‍ വീണ്ടും പ്രകീര്‍ത്തിക്കും.

44

1

ഗായകസംഘനേതാവിന്; കോരഹ് പുത്രന്മാരുടെ ഗീതം

ദൈവമേ, പൂര്‍വകാലത്ത് ഞങ്ങളുടെ പിതാക്കന്മാര്‍ക്കുവേണ്ടി,
അവിടുന്നു ചെയ്ത പ്രവൃത്തികള്‍ അവര്‍ ഞങ്ങളോടു പറഞ്ഞിട്ടുണ്ട്.
ഞങ്ങള്‍ അവ ശ്രദ്ധിച്ചു കേട്ടിട്ടുമുണ്ട്.

2
അവിടുന്നു സ്വശക്തിയാല്‍ അന്യജനതകളെ,
നിഷ്കാസനം ചെയ്തു സ്വജനത്തെ ഈ മണ്ണില്‍ നട്ടു.
അന്യജനതകളെ അവിടുന്ന് പീഡിപ്പിച്ചു,
എന്നാല്‍ സ്വജനത്തിന് ഐശ്വര്യം നല്‌കി.

3
വാളുകൊണ്ടല്ല അവര്‍ ദേശം പിടിച്ചടക്കിയത്,
കരബലംകൊണ്ടല്ല അവര്‍ വിജയം നേടിയത്.
അങ്ങയുടെ ഭുജബലവും മുഖപ്രകാശവും ആണ് അതു സാധ്യമാക്കിയത്.

4
അങ്ങാണ് ഞങ്ങളുടെ രാജാവും ഞങ്ങളുടെ ദൈവവും.
ഇസ്രായേല്‍ജനത്തിനു വിജയം നല്‌കുന്നത് അവിടുന്നാണ്.

5
അവിടുത്തെ ശക്തിയാല്‍ ഞങ്ങള്‍ ശത്രുക്കളെ തള്ളിയിടുന്നു.
ഞങ്ങളെ എതിര്‍ക്കുന്നവരെ അവിടുത്തെ സഹായത്താല്‍ ഞങ്ങള്‍ ചവിട്ടി മെതിക്കുന്നു.

6
വില്ലിലല്ല ഞങ്ങള്‍ ആശ്രയിക്കുന്നത്;
വാളിനു ഞങ്ങളെ രക്ഷിക്കാനാവുകയില്ല.

7
ശത്രുക്കളുടെ കൈയില്‍നിന്ന് അവിടുന്നു ഞങ്ങളെ രക്ഷിച്ചു;
ഞങ്ങളെ വെറുക്കുന്നവരെ അവിടുന്നു ലജ്ജിതരാക്കി.

8
ഞങ്ങള്‍ ദൈവത്തില്‍ എന്നും അഭിമാനം കൊള്ളുന്നു;
ഞങ്ങള്‍ അങ്ങേക്കു നിരന്തരം സ്തോത്രം അര്‍പ്പിക്കുന്നു.

9
എന്നാല്‍, ഇപ്പോള്‍ അവിടുന്നു ഞങ്ങളെ തള്ളിക്കളഞ്ഞു,
ഞങ്ങളുടെമേല്‍ അപമാനം വരുത്തി.
ഞങ്ങളുടെ സൈന്യങ്ങളുടെ കൂടെ വരുന്നതുമില്ല.

10
ശത്രുക്കളുടെ മുമ്പില്‍ പലായനം ചെയ്യാന്‍
അവിടുന്നു ഞങ്ങള്‍ക്ക് ഇടയാക്കി.
അവര്‍ ഞങ്ങളെ കൊള്ളയടിച്ചു.

11
അവിടുന്നു ഞങ്ങളെ കൊല്ലാനുള്ള ആടുകളെപ്പോലെ ആക്കിയിരിക്കുന്നു.
ഞങ്ങളെ ജനതകളുടെ ഇടയില്‍ ചിതറിച്ചിരിക്കുന്നു.

12
സ്വജനത്തെ അവിടുന്നു നിസ്സാരവിലയ്‍ക്കു വിറ്റുകളഞ്ഞു;
അവര്‍ക്കു വില കല്പിച്ചില്ല.

13
അവിടുന്നു ഞങ്ങളെ അയല്‍ക്കാരുടെ അധിക്ഷേപത്തിനും
ചുറ്റുമുള്ളവരുടെ അവജ്ഞയ്‍ക്കും പരിഹാസത്തിനും പാത്രമാക്കുന്നു.

14
ജനതകളുടെ ഇടയില്‍ പഴഞ്ചൊല്ലായും
അന്യജനതകളുടെ ഇടയില്‍ പരിഹാസവിഷയമായും ഞങ്ങള്‍ തീര്‍ന്നിരിക്കുന്നു.

15
നിന്ദകരുടെയും ദൂഷകരുടെയും വാക്കുകളാലും
ശത്രുക്കളുടെയും പ്രതികാരം ചെയ്യുന്നവരുടെയും നോട്ടംകൊണ്ടും

16
ഞങ്ങള്‍ എപ്പോഴും അപമാനിക്കപ്പെടുന്നു;
ലജ്ജ ഞങ്ങളെ പൊതിയുന്നു.

17
ഞങ്ങള്‍ അങ്ങയെ മറന്നില്ല; അവിടുത്തെ
ഉടമ്പടിയോട് അവിശ്വസ്തത കാട്ടിയുമില്ല.
എന്നിട്ടും ഇവയെല്ലാം ഞങ്ങള്‍ക്കു സംഭവിച്ചു.

18
ഞങ്ങള്‍ അവിടുത്തോട് അവിശ്വസ്തരാവുകയോ,
അവിടുത്തെ മാര്‍ഗത്തില്‍നിന്നു വ്യതിചലിക്കുകയോ ചെയ്തില്ല.

19
എന്നിട്ടും അവിടുന്നു ഞങ്ങളെ വന്യമൃഗങ്ങളുടെ സങ്കേതത്തില്‍വച്ചു തകര്‍ക്കപ്പെടാനും
കുരിരുള്‍ ഞങ്ങളെ മൂടാനും ഇടയാക്കി.

20
ഞങ്ങളുടെ ദൈവത്തെ ഞങ്ങള്‍ വിസ്മരിക്കുകയോ;
അന്യദേവന്മാരോടു ഞങ്ങള്‍ പ്രാര്‍ഥിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍,

21
ദൈവം അത് അറിയാതിരിക്കുമോ?
ഹൃദയരഹസ്യങ്ങള്‍ അവിടുന്ന് അറിയുന്നുവല്ലോ.

22
അങ്ങയെപ്രതി ഞങ്ങള്‍ നിത്യവും വധിക്കപ്പെടുന്നു.
കൊല്ലാനുള്ള ആടുകളെപ്പോലെ ഞങ്ങള്‍ എണ്ണപ്പെടുന്നു.

23
സര്‍വേശ്വരാ, എഴുന്നേല്‌ക്കണമേ,
അവിടുന്ന് ഉറങ്ങുന്നതെന്ത്?
നാഥാ, ഉണരണമേ, ഞങ്ങളെ എന്നേക്കുമായി തള്ളിക്കളയരുതേ.

24
അവിടുന്ന് ഞങ്ങളില്‍നിന്നു മറഞ്ഞിരിക്കുന്നതെന്ത്?
ഞങ്ങളുടെ കഷ്ടതയും ഞങ്ങളേല്‌ക്കുന്ന പീഡനവും അവിടുന്നു മറക്കുന്നതെന്ത്?

25
ഞങ്ങള്‍ പൂഴിയോളം താണിരിക്കുന്നു;
ഞങ്ങള്‍ എഴുന്നേല്‌ക്കാനാവാത്തവിധം നിലംപതിച്ചിരിക്കുന്നു.

26
പരമനാഥാ, ഞങ്ങളെ സഹായിക്കാന്‍ വരണമേ,
അവിടുത്തെ അചഞ്ചലസ്നേഹം നിമിത്തം ഞങ്ങളെ രക്ഷിക്കണമേ.

45

1

ഗായകസംഘനേതാവിന്; ലില്ലികള്‍ എന്ന രാഗത്തില്‍ കോരഹ്പുത്രന്മാരുടെ ഒരു ഗീതം. ഒരു പ്രേമഗീതം.

എന്‍റെ ഹൃദയം ശുഭവചനങ്ങള്‍കൊണ്ടു നിറയുന്നു.
ഈ ഗാനം ഞാന്‍ രാജാവിനു സമര്‍പ്പിക്കുന്നു.
എഴുതാന്‍ ഒരുങ്ങിയിരിക്കുന്ന
എഴുത്തുകാരന്‍റെ തൂലികപോലെയാണ് എന്‍റെ നാവ്.

2
മനുഷ്യരില്‍ അത്യന്തം സുന്ദരനാണ് അങ്ങ്.
ഹൃദ്യവചസ്സുകള്‍ അങ്ങയുടെ അധരത്തില്‍നിന്ന് ഉതിരുന്നു;
ദൈവം അങ്ങയെ എന്നേക്കുമായി അനുഗ്രഹിച്ചിരിക്കുന്നു.

3
വീരനായ രാജാവേ, മഹത്ത്വത്തിന്‍റെയും
പ്രതാപത്തിന്‍റെയും ഉടവാള്‍ ധരിക്കുക.

4
സത്യത്തിനും നീതിയുടെ സംരക്ഷണത്തിനുമായി,
പ്രതാപത്തോടെ വിജയത്തിലേക്കു മുന്നേറുക.
അങ്ങയുടെ വലങ്കൈ ഭീതി പടര്‍ത്തട്ടെ.

5
അങ്ങയുടെ കൂരമ്പുകള്‍ ശത്രുഹൃദയങ്ങള്‍ പിളര്‍ക്കട്ടെ.
ജനതകള്‍ അങ്ങയുടെ കാല്‌ക്കല്‍ വീഴുന്നു.

6
അങ്ങയുടെ ദിവ്യസിംഹാസനം ശാശ്വതമായിരിക്കും
അവിടുത്തെ ചെങ്കോല്‍ നീതിയുടെ ചെങ്കോലാകുന്നു.

7
അങ്ങ് നീതിയെ ഇഷ്ടപ്പെടുന്നു, ദുഷ്ടതയെ വെറുക്കുന്നു.
അതുകൊണ്ട്-ദൈവം അങ്ങയുടെ ദൈവം- മറ്റുള്ളവരില്‍ നിന്നുയര്‍ത്തി.
ആനന്ദതൈലംകൊണ്ട് അങ്ങയെ അഭിഷേകം ചെയ്തിരിക്കുന്നു.

8
അങ്ങയുടെ വസ്ത്രങ്ങള്‍ മൂറും ചന്ദനവും ലവംഗവുംകൊണ്ടു സുരഭിലമായിരിക്കുന്നു.
ദന്തസൗധങ്ങളില്‍നിന്ന് ഒഴുകുന്ന തന്ത്രീനാദം,
അങ്ങയെ ആനന്ദിപ്പിക്കുന്നു.

9
അങ്ങയുടെ അന്തഃപുരവനിതകളില്‍ രാജകുമാരികളുണ്ട്.
അങ്ങയുടെ വലത്തുവശത്ത് ഓഫീര്‍തങ്കമണിഞ്ഞ് രാജ്ഞി നില്‌ക്കുന്നു.

10
അല്ലയോ രാജകുമാരീ, കേള്‍ക്കുക; ശ്രദ്ധിച്ചുകേള്‍ക്കുക;
സ്വജനത്തെയും പിതൃഗൃഹത്തെയും മറക്കുക.

11
അപ്പോള്‍ രാജാവ് നിന്‍റെ സൗന്ദര്യത്തില്‍ ആകൃഷ്ടനാകും;
അദ്ദേഹം നിന്‍റെ നാഥനല്ലോ; അദ്ദേഹത്തെ വണങ്ങുക.

12
സോര്‍നിവാസികള്‍ നിന്നെ പ്രീതിപ്പെടുത്താന്‍ കാഴ്ചകള്‍ അര്‍പ്പിക്കും.
ധനികര്‍ എല്ലാവിധ സമ്പത്തും കാഴ്ചവയ്‍ക്കും.

13
തങ്കക്കസവുടയാട ചാര്‍ത്തി രാജകുമാരി അന്തഃപുരത്തില്‍ ഇരിക്കുന്നു.

14
വര്‍ണശബളമായ അങ്കി അണിയിച്ച് അവളെ രാജസന്നിധിയിലേക്ക് ആനയിക്കുന്നു.
കന്യകമാരായ തോഴിമാര്‍ അവള്‍ക്ക് അകമ്പടി സേവിക്കുന്നു.

15
ആനന്ദത്തോടും ഉല്ലാസത്തോടും അവര്‍ രാജമന്ദിരത്തില്‍ പ്രവേശിക്കുന്നു.

16
അങ്ങയുടെ പുത്രന്മാര്‍ പിതാക്കന്മാരുടെ സ്ഥാനത്ത് അവരോധിക്കപ്പെടും;
ഭൂമിയിലെങ്ങും അങ്ങ് അവരെ ഭരണാധിപതികളാക്കും.

17
അങ്ങയുടെ പ്രവൃത്തികള്‍ എല്ലാ തലമുറകളിലും
പ്രകീര്‍ത്തിക്കപ്പെടാന്‍ ഞാന്‍ ഇടയാക്കും.
ജനതകള്‍ എന്നും അങ്ങയെ പുകഴ്ത്തും.

46

1

ഗായകസംഘനേതാവിന്; കന്യകമാര്‍ എന്ന രാഗത്തില്‍, കോരഹ്പുത്രന്മാരുടെ ഒരു ഗീതം

ദൈവമാണ് നമ്മുടെ അഭയവും ബലവും;
കഷ്ടതകളില്‍ അവിടുന്ന് ഏറ്റവും അടുത്ത തുണ.

2
അതുകൊണ്ട് ഭൂമി കുലുങ്ങിയാലും
പര്‍വതങ്ങള്‍ ഇളകി സമുദ്രമധ്യത്തില്‍ വീണാലും നാം ഭയപ്പെടുകയില്ല.

3
സമുദ്രം പതഞ്ഞിരമ്പട്ടെ, അതിന്‍റെ പ്രകമ്പനംകൊണ്ടു പര്‍വതങ്ങള്‍ കുലുങ്ങട്ടെ.
നാം ഭയപ്പെടുകയില്ല.

4
ദൈവത്തിന്‍റെ നഗരത്തെ, അത്യുന്നതന്‍റെ വിശുദ്ധനിവാസത്തെതന്നെ,
സന്തുഷ്ടമാക്കുന്ന ഒരു നദിയുണ്ട്.

5
ദൈവം ആ നഗരത്തില്‍ വസിക്കുന്നു, അതു നശിക്കുകയില്ല.
അതിരാവിലെതന്നെ അവിടുന്ന് അതിനെ സഹായിക്കും.

6
ജനതകള്‍ രോഷംകൊള്ളുന്നു, രാജ്യങ്ങള്‍ പ്രകമ്പനംകൊണ്ടു.
അവിടുന്ന് ശബ്ദിക്കുമ്പോള്‍ ഭൂമി ഉരുകിപ്പോകുന്നു.

7
സര്‍വശക്തനായ സര്‍വേശ്വരന്‍ നമ്മുടെ കൂടെയുണ്ട്.
യാക്കോബിന്‍റെ ദൈവം നമ്മുടെ രക്ഷാസങ്കേതം.

8
സര്‍വേശ്വരന്‍റെ പ്രവൃത്തികള്‍ വന്നു കാണുവിന്‍,

9
അവിടുന്നു ഭൂമിയില്‍ എത്ര വിസ്മയജനകമായ കാര്യങ്ങള്‍ പ്രവര്‍ത്തിച്ചിരിക്കുന്നു.
അവിടുന്നു ഭൂമിയില്‍ എല്ലായിടത്തും യുദ്ധങ്ങള്‍ ഇല്ലാതാക്കുന്നു.
അവിടുന്ന് വില്ലൊടിക്കുന്നു, കുന്തം തകര്‍ക്കുന്നു.
രഥങ്ങളെ അഗ്നിക്കിരയാക്കുന്നു.

10
“ശാന്തരാകുവിന്‍, ഞാന്‍ ദൈവമാണെന്ന് അറിയുക,
ഞാന്‍ ജനതകളുടെ ഇടയില്‍ പ്രകീര്‍ത്തിക്കപ്പെടുന്നു,
ലോകമെങ്ങും പുകഴ്ത്തപ്പെടുന്നു.”

11
സര്‍വശക്തനായ സര്‍വേശ്വരന്‍ നമ്മുടെ കൂടെയുണ്ട്.
യാക്കോബിന്‍റെ ദൈവം നമ്മുടെ രക്ഷാസങ്കേതം.

47

1

ഗായകസംഘ നേതാവിന്; കോരഹ് പുത്രന്മാരുടെ ഒരു സങ്കീര്‍ത്തനം.

ജനതകളേ, കരഘോഷം ഉയര്‍ത്തുവിന്‍,
ദൈവസന്നിധിയില്‍ ആഹ്ലാദാരവം മുഴക്കുവിന്‍.

2
അത്യുന്നതനായ സര്‍വേശ്വരന്‍ ഭീതിദനാകുന്നു.
അവിടുന്നു സര്‍വലോകത്തിന്‍റെയും രാജാവാകുന്നു.

3
അവിടുന്നു ജനതകളുടെമേല്‍ നമുക്കു വിജയം നല്‌കി.
രാജ്യങ്ങളെ നമ്മുടെ കാല്‍ക്കീഴിലാക്കി.

4
അവിടുന്നു നമ്മുടെ അവകാശഭൂമി തിരഞ്ഞെടുത്തു തന്നു.
അവിടുന്നു സ്നേഹിക്കുന്ന യാക്കോബിന്‍റെ അഭിമാനകരമായ അവകാശംതന്നെ.

5
ദൈവം ജയഘോഷത്തോടും സര്‍വേശ്വരന്‍
കാഹളനാദത്തോടും ആരോഹണം ചെയ്തിരിക്കുന്നു.

6
ദൈവത്തിനു സ്തുതി പാടുക, സ്തുതി പാടുക.
നമ്മുടെ രാജാവിന് സ്തുതി പാടുക സ്തുതി പാടുക.

7
ദൈവം സര്‍വഭൂമിയുടെയും രാജാവാകുന്നു.
സങ്കീര്‍ത്തനം പാടി അവിടുത്തെ സ്തുതിക്കുവിന്‍.

8
ദൈവം വിശുദ്ധ സിംഹാസനത്തില്‍ ആരൂഢനായിരിക്കുന്നു.
അവിടുന്നു ജനതകളെ ഭരിക്കുന്നു.

9
അബ്രഹാമിന്‍റെ ദൈവത്തിന്‍റെ ജനത്തോടൊത്തു ജനതകളുടെ
അധിപതികള്‍ ഒരുമിച്ചുകൂടുന്നു.
ഭൂമിയിലെ സര്‍വഭരണാധികാരികളും ദൈവത്തിന് അധീനരാണ്.
അവിടുന്നു പരമോന്നതനാണ്.

48

1

ഒരു ഗാനം; കോരഹ്പുത്രന്മാരുടെ ഒരു സങ്കീര്‍ത്തനം.

സര്‍വേശ്വരന്‍ വലിയവനാണ്,
നമ്മുടെ ദൈവത്തിന്‍റെ നഗരത്തില്‍ അവിടുന്ന് അത്യന്തം സ്തുത്യനുമാണ്.

2
ഉയര്‍ന്ന മനോഹരമായ അവിടുത്തെ വിശുദ്ധഗിരി,
സര്‍വലോകത്തിനും സന്തോഷം പകരുന്നു.
അത്യുത്തരഗിരിയായ സീയോന്‍ മഹാരാജാവിന്‍റെ നഗരമാണ്.

3
അതിന്‍റെ കോട്ടകള്‍ക്കുള്ളില്‍,
ദൈവം ഇളകാത്ത രക്ഷാസങ്കേതമായി വെളിപ്പെട്ടിരിക്കുന്നു.

4
ഇതാ, രാജാക്കന്മാര്‍ ഒരുമിച്ചുകൂടി,
നഗരത്തെ ആക്രമിക്കാന്‍ വന്നു.

5
അവര്‍ സീയോനെ കണ്ട് അമ്പരന്നു.
അവര്‍ പരിഭ്രാന്തരായി ഓടിപ്പോയി.

6
അവര്‍ ഭയവിഹ്വലരായി,
ഈറ്റുനോവിനൊത്ത വേദന അവര്‍ക്കുണ്ടായി.

7
കിഴക്കന്‍കാറ്റില്‍പ്പെട്ട് ആടിയുലയുന്ന
തര്‍ശീശ് കപ്പലുകളിലെ നാവികരെപ്പോലെ അവര്‍ ഭയന്നുവിറച്ചു.

8
സര്‍വശക്തനായ ദൈവത്തിന്‍റെ നഗരത്തില്‍,
നമ്മുടെ ദൈവം എന്നെന്നേക്കുമായി സ്ഥാപിച്ച സ്വന്ത നഗരത്തില്‍തന്നെ,
സംഭവിച്ചതായി കേട്ട കാര്യങ്ങളെല്ലാം ഇപ്പോള്‍ നാം നേരില്‍ കണ്ടിരിക്കുന്നു.

9
ദൈവമേ, അവിടുത്തെ ആലയത്തില്‍വച്ച്,
അങ്ങയുടെ ശാശ്വതസ്നേഹത്തെ ഞങ്ങള്‍ ധ്യാനിച്ചു.

10
ദൈവമേ, അവിടുത്തെ കീര്‍ത്തിക്കൊത്ത്,
അവിടുത്തെ സ്തുതികളും ഭൂമിയുടെ അതിര്‍ത്തിയോളം എത്തുന്നു.
അവിടുത്തെ വലങ്കൈ വിജയം നിറഞ്ഞതാണ്.

11
അവിടുത്തെ ന്യായവിധികള്‍ മൂലം സീയോനിലെ ജനം സന്തോഷിക്കട്ടെ.
അങ്ങയുടെ വിധികള്‍ നിമിത്തം യെഹൂദാ നിവാസികള്‍ ആനന്ദിക്കട്ടെ.

12
ദൈവജനമേ, സീയോനു ചുറ്റും നടന്ന് അതിന്‍റെ ഗോപുരങ്ങളെ എണ്ണുക.

13
[13,14] അതിന്‍റെ കോട്ടകളും കൊത്തളങ്ങളും പരിശോധിക്കുക.
“ഈ ദൈവം എന്നേക്കും നമ്മുടെ ദൈവം,
അവിടുന്നു നമ്മെ എന്നും വഴിനടത്തും”
എന്നു വരുംതലമുറയോടു പറയാന്‍ വേണ്ടിയാണിത്.

49

1

ഗായകസംഘനേതാവിന്; കോരഹ്പുത്രന്മാരുടെ സങ്കീര്‍ത്തനം

ജനതകളേ കേള്‍ക്കുവിന്‍,
ഭൂവാസികളേ ശ്രദ്ധിക്കുവിന്‍.

2
താണവരും ഉയര്‍ന്നവരും
ധനികരും ദരിദ്രരും ഒരുപോലെ ചെവികൊടുക്കുവിന്‍.

3
ഞാന്‍ ജ്ഞാനം പ്രഘോഷിക്കും.
എന്‍റെ ഹൃദയവിചാരങ്ങള്‍ വിവേകം നിറഞ്ഞതായിരിക്കും.

4
സുഭാഷിതം ഞാന്‍ ശ്രദ്ധിക്കും;
കിന്നരം മീട്ടിക്കൊണ്ട് എന്‍റെ കടങ്കഥയുടെ പൊരുള്‍ ഞാന്‍ വിവരിക്കും.

5
വഞ്ചകരായ ശത്രുക്കള്‍ എന്നെ വലയം ചെയ്യുന്ന
അനര്‍ഥകാലത്തു ഞാന്‍ ഭയപ്പെടുകയില്ല.

6
അവര്‍ തങ്ങളുടെ ധനത്തില്‍ ആശ്രയിക്കുന്നു.
ധനസമൃദ്ധിയില്‍ അവര്‍ അഹങ്കരിക്കുന്നു.

7
തന്നെത്തന്നെ വീണ്ടെടുക്കാനോ,
സ്വജീവന്‍റെ വില ദൈവത്തിനു കൊടുക്കാനോ,
ആര്‍ക്കും കഴിയുകയില്ല.

8
[8,9] എന്നേക്കും ജീവിക്കാനോ, പാതാളം
കാണാതിരിക്കാനോ ആര്‍ക്കും കഴിയുകയില്ല.
മനുഷ്യന്‍റെ വീണ്ടെടുപ്പുവില അത്ര വലുതാണ്.
എത്ര കൊടുത്താലും അതു മതിയാകയില്ല.

9

10
മടയനും മൂഢനും മാത്രമല്ല ജ്ഞാനിയും മരിക്കുമെന്നും;
തങ്ങളുടെ സമ്പത്ത് അവര്‍ മറ്റുള്ളവര്‍ക്കായി ഉപേക്ഷിച്ചുപോകുന്നു എന്നും അവര്‍ കാണും.

11
ദേശങ്ങള്‍ സ്വന്തപേരിലാക്കിയാലും
ശവക്കുഴിയാണ് അവരുടെ നിത്യവസതി.
തലമുറകളോളം അവരുടെ വാസസ്ഥലം

12
മനുഷ്യനു പ്രതാപൈശ്വര്യത്തില്‍ നിലനില്‌ക്കാന്‍ കഴിയുകയില്ല.
മൃഗങ്ങളെപ്പോലെ അവനും നശിച്ചുപോകും.

13
വിവേകശൂന്യമായ ആത്മവിശ്വാസം പുലര്‍ത്തുന്നവരുടെ ഗതി ഇതാണ്;
ധനത്തിലാശ്രയിക്കുന്നവരുടെ അവസാനം ഇതുതന്നെ.

14
കൊല്ലാനുള്ള ആടുകളെപ്പോലെ അവര്‍ മരണത്തിനു വിധിക്കപ്പെട്ടവരാണ്.
മൃത്യുവാണ് അവരുടെ ഇടയന്‍.
നീതിമാന്മാര്‍ അവരുടെമേല്‍ വിജയം നേടും,
അവരുടെ രൂപസൗന്ദര്യം ജീര്‍ണതയടയും.
പാതാളമായിരിക്കും അവരുടെ പാര്‍പ്പിടം.

15
എന്നാല്‍ ദൈവം എന്നെ പാതാളത്തില്‍ നിന്നു വീണ്ടെടുക്കും;
അവിടുന്നെന്നെ സ്വീകരിക്കും.

16
ഒരുവന്‍ സമ്പന്നനായാലും അവന്‍റെ ഭവനത്തിന്‍റെ മഹത്ത്വം വര്‍ധിച്ചാലും നീ അസ്വസ്ഥനാകരുത്.

17
അവന്‍ മരിക്കുമ്പോള്‍ യാതൊന്നും കൊണ്ടുപോകയില്ല.
അവന്‍റെ മഹത്ത്വം അവനെ പിന്തുടരുകയില്ല.

18
ഐഹിക ജീവിതകാലത്തു താന്‍ ഭാഗ്യവാനാണെന്നു ഒരുവന്‍ കരുതിയാലും
അവന്‍റെ ഐശ്വര്യത്തില്‍ അന്യര്‍ പ്രശംസിച്ചാലും;

19
അവന്‍ മരിച്ചു തന്‍റെ പിതാക്കന്മാരോടു ചേരും.
അവന്‍ എന്നും അന്ധകാരത്തില്‍ വസിക്കും.

20
മനുഷ്യനു തന്‍റെ പ്രതാപത്തിലും ധനത്തിലും നിലനില്‌ക്കാന്‍ കഴിയുകയില്ല.
മൃഗങ്ങളെപ്പോലെ അവന്‍ നശിച്ചുപോകും.

50

1

ആസാഫിന്‍റെ ഒരു സങ്കീര്‍ത്തനം

സര്‍വശക്തന്‍, സര്‍വേശ്വരനായ ദൈവം അരുളിച്ചെയ്യുന്നു,
കിഴക്കുമുതല്‍ പടിഞ്ഞാറുവരെയുള്ള ഭൂമി മുഴുവനെയും അവിടുന്നു വിളിക്കുന്നു.

2
സൗന്ദര്യത്തിന്‍റെ സമ്പൂര്‍ണതയായ സീയോനില്‍നിന്നു ദൈവം പ്രകാശിക്കുന്നു.

3
നമ്മുടെ ദൈവം വരുന്നു, അവിടുന്നു നിശ്ശബ്ദനായിട്ടല്ല വരുന്നത്.
അവിടുത്തെ മുമ്പില്‍ സംഹാരാഗ്നിയുണ്ട്.
അവിടുത്തെ ചുറ്റും ശക്തമായ കൊടുങ്കാറ്റ് വീശുന്നു.

4
സ്വജനത്തെ ന്യായം വിധിക്കുന്നതു കാണാന്‍,
അവിടുന്ന് ആകാശത്തെയും ഭൂമിയെയും വിളിക്കുന്നു.

5
“യാഗാര്‍പ്പണത്തിലൂടെ എന്നോട് ഉടമ്പടി ചെയ്ത,
എന്‍റെ ഭക്തന്മാരെ എന്‍റെ അടുക്കല്‍ വിളിച്ചു കൂട്ടുവിന്‍.”

6
ആകാശം ദൈവത്തിന്‍റെ നീതി വിളംബരം ചെയ്യുന്നു,
അവിടുന്നു തന്നെയാണ് ന്യായാധിപതി.

7
എന്‍റെ ജനമേ, ശ്രദ്ധിക്കുക, ഞാന്‍ ഇതാ സംസാരിക്കുന്നു.
ഇസ്രായേലേ, ഞാന്‍ നിനക്കെതിരെ സാക്ഷ്യം നല്‌കും.
ഞാന്‍ ദൈവമാണ്; നിന്‍റെ ദൈവം.

8
നിന്‍റെ യാഗങ്ങളെച്ചൊല്ലി ഞാന്‍ നിന്നെ ശകാരിച്ചില്ല.
നിന്‍റെ ഹോമയാഗങ്ങള്‍ എപ്പോഴും എന്‍റെ മുമ്പിലുണ്ട്.

9
നിന്‍റെ കാളയെയോ നിന്‍റെ ആട്ടിന്‍പറ്റത്തില്‍ നിന്നു കോലാട്ടുകൊറ്റനെയോ എനിക്കാവശ്യമില്ല.

10
കാട്ടിലെ സകല മൃഗങ്ങളും കുന്നുകളില്‍ മേയുന്ന ആയിരമായിരം ആടുമാടുകളും എന്‍റേതാണ്.

11
ആകാശത്തിലെ പക്ഷികള്‍ എനിക്കുള്ളവയാണ്;
വയലില്‍ സഞ്ചരിക്കുന്നവയെല്ലാം എന്‍റേതാണ്.

12
എനിക്കു വിശന്നാല്‍ ഞാന്‍ നിന്നോടു പറയുകയില്ല.
ലോകവും അതിലുള്ള സമസ്തവും എന്‍റേതാണല്ലോ.

13
ഞാന്‍ കാളയുടെ മാംസം തിന്നുമോ?
കോലാട്ടുകൊറ്റന്‍റെ രക്തം കുടിക്കുമോ?

14
സ്തോത്രം ആയിരിക്കട്ടെ നീ ദൈവത്തിന് അര്‍പ്പിക്കുന്ന യാഗം.
അത്യുന്നതനു നിന്‍റെ നേര്‍ച്ചകള്‍ അര്‍പ്പിക്കുക.

15
കഷ്ടകാലത്ത് എന്നെ വിളിച്ചപേക്ഷിക്കുക;
ഞാന്‍ നിന്നെ രക്ഷിക്കും, നീ എന്നെ പ്രകീര്‍ത്തിക്കുകയും ചെയ്യും.

16
എന്നാല്‍ ദുഷ്ടനോടു ദൈവം പറയുന്നു:
എന്‍റെ കല്പനകള്‍ ഉരുവിടുന്നതെന്ത്?
എന്‍റെ ഉടമ്പടിയെക്കുറിച്ചു സംസാരിക്കുന്നതെന്ത്?

17
നീ എന്‍റെ ശിക്ഷണം വെറുക്കുന്നു,
എന്‍റെ വചനം നീ പരിത്യജിക്കുന്നു.

18
കള്ളനെ കണ്ടാല്‍ നീ അവനോടു കൂട്ടുകൂടുന്നു.
വ്യഭിചാരികളോടു നീ പങ്കുചേരുന്നു.

19
നിന്‍റെ അധരത്തില്‍ തിന്മ വിളയാടുന്നു,
നിന്‍റെ നാവു വഞ്ചനയ്‍ക്കു രൂപം നല്‌കുന്നു.

20
സഹോദരനെതിരെ നീ സംസാരിച്ചു കൊണ്ടിരിക്കുന്നു.
സ്വന്തം സഹോദരനെതിരെ നീ അപവാദം പറയുന്നു.

21
നീ ഇതെല്ലാം ചെയ്യുമ്പോള്‍ ഞാന്‍ മൗനമായിരിക്കണമോ?
നിന്നെപ്പോലെയാണ് ഞാനും എന്നു നീ കരുതുന്നുവോ?
ഇപ്പോള്‍ ഞാന്‍ നിന്നെ ശാസിക്കുന്നു,
നിന്‍റെ കുറ്റങ്ങള്‍ നിന്‍റെ മുമ്പില്‍ നിരത്തിവയ്‍ക്കുന്നു.

22
ദൈവത്തെ മറക്കുന്നവരേ, ഇതു ശ്രദ്ധിക്കുക,
അല്ലെങ്കില്‍ ഞാന്‍ നിങ്ങളെ നശിപ്പിക്കും.
രക്ഷിക്കാന്‍ ആരും ഉണ്ടായിരിക്കുകയില്ല.

23
സ്തോത്രയാഗം അര്‍പ്പിക്കുന്നവന്‍ എന്നെ ആദരിക്കുന്നു.
നേരായ മാര്‍ഗത്തില്‍ ചരിക്കുന്നവന് ഞാന്‍ എന്‍റെ രക്ഷ കാണിച്ചുകൊടുക്കും.

51

1

ഗായകസംഘനേതാവിന്; ദാവീദിന്‍റെ സങ്കീര്‍ത്തനം; ദാവീദ് ബത്ത്-ശേബയെ പ്രാപിച്ചശേഷം നാഥാന്‍പ്രവാചകന്‍ അദ്ദേഹത്തിന്‍റെ അടുത്തു ചെന്നപ്പോള്‍ പാടിയത്.

ദൈവമേ, അവിടുത്തെ അചഞ്ചല സ്നേഹത്തിനൊത്തവിധം എന്നോടു കനിവുണ്ടാകണമേ.
അവിടുത്തെ മഹാകരുണയ്‍ക്കൊത്തവിധം എന്‍റെ പാപങ്ങള്‍ മായിച്ചുകളയണമേ.

2
എന്‍റെ അകൃത്യങ്ങള്‍ നിശ്ശേഷം കഴുകിക്കളയണമേ,
എന്‍റെ പാപം നീക്കി എന്നെ ശുദ്ധീകരിക്കണമേ.

3
എന്‍റെ അപരാധങ്ങള്‍ ഞാനറിയുന്നു,
എന്‍റെ പാപങ്ങളെക്കുറിച്ച് ഞാന്‍ എപ്പോഴും ബോധവാനാണ്.

4
അങ്ങേക്കെതിരെ, അതേ അങ്ങേക്ക് എതിരായി തന്നെ, ഞാന്‍ പാപം ചെയ്തു.
അവിടുത്തെ മുമ്പില്‍ തിന്മ പ്രവര്‍ത്തിച്ചു.
നീതിയുക്തമായാണ് അവിടുന്ന് എന്നെ കുറ്റം വിധിച്ചത്.
അവിടുത്തെ ന്യായവിധി കുറ്റമറ്റതുതന്നെ.

5
ജനിച്ചനാള്‍ തൊട്ട് ഞാന്‍ പാപിയാണ്,
അമ്മയുടെ ഉദരത്തില്‍ ഉളവായപ്പോള്‍ മുതല്‍തന്നെ.

6
ഹൃദയപരമാര്‍ഥതയാണല്ലോ അവിടുന്ന് ആഗ്രഹിക്കുന്നത്.
എന്‍റെ അന്തരംഗത്തില്‍ അവിടുന്ന് ജ്ഞാനം ഉപദേശിക്കണമേ.

7
ഞാന്‍ നിര്‍മ്മലനാകാന്‍, ഈസോപ്പുകൊണ്ട് എന്നെ ശുദ്ധീകരിക്കണമേ.
ഞാന്‍ ഹിമത്തെക്കാള്‍ വെണ്മയുള്ളവനാകാന്‍ എന്നെ കഴുകണമേ.

8
ആഹ്ലാദവും സന്തോഷവും എനിക്കുണ്ടാകട്ടെ.
അവിടുന്നു തകര്‍ത്ത എന്‍റെ അസ്ഥികള്‍ ആനന്ദിക്കട്ടെ.

9
എന്‍റെ സര്‍വപാപങ്ങളും ക്ഷമിക്കണമേ.
എന്‍റെ അകൃത്യങ്ങള്‍ മായിച്ചുകളയണമേ.

10
ദൈവമേ, നിര്‍മ്മലമായ ഹൃദയം എന്നില്‍ സൃഷ്‍ടിക്കണമേ,
അചഞ്ചലമായ ഒരു നവചൈതന്യം എന്നില്‍ നിക്ഷേപിക്കണമേ.

11
തിരുസന്നിധിയില്‍നിന്ന് എന്നെ തള്ളിക്കളയരുതേ,
അവിടുത്തെ പരിശുദ്ധാത്മാവിനെ എന്നില്‍നിന്ന് എടുത്തുകളയരുതേ.

12
അവിടുത്തെ രക്ഷയുടെ സന്തോഷം എനിക്കു വീണ്ടും നല്‌കണമേ.
അങ്ങയെ അനുസരിക്കുന്ന ആത്മാവിനെ എനിക്കു നല്‌കണമേ.

13
അവിടുത്തെ വഴികള്‍ ഞാന്‍ അധര്‍മികളെ പഠിപ്പിക്കും,
അവര്‍ അങ്ങയിലേക്കു മടങ്ങിവരും.

14
എന്‍റെ രക്ഷകനായ ദൈവമേ,
രക്തപാതകത്തില്‍നിന്ന് എന്‍റെ ജീവനെ രക്ഷിക്കണമേ.
അവിടുത്തെ രക്ഷയെ ഞാന്‍ ഘോഷിക്കും.

15
സര്‍വേശ്വരാ, എന്‍റെ അധരങ്ങളെ തുറക്കണമേ.
ഞാന്‍ അങ്ങയെ സ്തുതിക്കും.

16
യാഗങ്ങളില്‍ അങ്ങു സംപ്രീതനല്ല;
അല്ലെങ്കില്‍ അവ ഞാന്‍ അര്‍പ്പിക്കുമായിരുന്നു.
ഹോമയാഗത്തിലും അങ്ങു പ്രസാദിക്കുന്നില്ല.

17
അനുതാപംകൊണ്ട് ഉരുകുന്ന ഹൃദയമാണ്
ദൈവത്തിനു സ്വീകാര്യമായ യാഗം.
ദൈവമേ, തകര്‍ന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ
അങ്ങു നിരസിക്കുകയില്ലല്ലോ.

18
സീയോനോടു പ്രസാദം തോന്നി നന്മ ചെയ്യണമേ.
യെരൂശലേമിന്‍റെ മതിലുകളെ വീണ്ടും പണിയണമേ.

19
അപ്പോള്‍ അവിടുന്ന് ഉചിതമായ യാഗങ്ങളിലും
ഹോമയാഗങ്ങളിലും സമ്പൂര്‍ണയാഗങ്ങളിലും പ്രസാദിക്കും.
അവിടുത്തെ യാഗപീഠത്തില്‍ കാളകള്‍ അര്‍പ്പിക്കപ്പെടും.

52

1

ഗായകസംഘനേതാവിന്; ദാവീദിന്‍റെ ഒരു ഗീതം. ദാവീദ് അഹീമേലെക്കിന്‍റെ വീട്ടില്‍ ചെന്നെന്ന് എദോമ്യനായ ദോവേഗ് ശൗലിനോടു പറഞ്ഞപ്പോള്‍ പാടിയത്.

ബലവാനായ മനുഷ്യാ, ദൈവഭക്തര്‍ക്കെതിരെ ചെയ്ത ദുഷ്ടതയില്‍
നീ അഭിമാനം കൊള്ളുന്നുവോ?

2
നീ നിരന്തരം വിനാശം നിരൂപിക്കുന്നു,
വഞ്ചകാ, നിന്‍റെ നാവ് മൂര്‍ച്ചയുള്ള ക്ഷൗരക്കത്തിയാണ്.

3
നിനക്കു നന്മയെക്കാള്‍ തിന്മയും സത്യത്തെക്കാള്‍ വ്യാജവുമാണ് ഇഷ്ടം.

4
വഞ്ചന നിറഞ്ഞ മനുഷ്യാ, വിനാശകരമായ വാക്കുകളാണ് നിനക്കു പ്രിയം.

5
ദൈവം നിന്നെ എന്നേക്കുമായി നശിപ്പിക്കും,
നിന്‍റെ കൂടാരത്തില്‍നിന്ന് അവിടുന്നു നിന്നെ പറിച്ചെറിയും.
ജീവിക്കുന്നവരുടെ ദേശത്തുനിന്നു നിന്നെ വേരോടെ പിഴുതുകളയും.

6
നീതിമാന്മാര്‍ അതു കണ്ടു ഭയപ്പെടും;
അവര്‍ അവനെ പരിഹസിച്ച് ഇങ്ങനെ പറയും:

7
“ഇതാ, ദൈവത്തില്‍ ശരണം വയ്‍ക്കാതെ
ധനസമൃദ്ധിയില്‍ മദിച്ച്, സമ്പത്തില്‍ അഭയം തേടിയവന്‍.”

8
ദൈവത്തിന്‍റെ മന്ദിരത്തില്‍ തഴച്ചു വളരുന്ന ഒലിവുവൃക്ഷം പോലെയാണ് ഞാന്‍.
അവിടുത്തെ അചഞ്ചലസ്നേഹത്തില്‍ ഞാന്‍ എന്നും ആശ്രയിക്കുന്നു.

9
അവിടുത്തെ പ്രവൃത്തികളെ ഓര്‍ത്ത് ഞാന്‍ എപ്പോഴും സ്തോത്രം അര്‍പ്പിക്കും.
അങ്ങയില്‍ ഞാന്‍ പ്രത്യാശ വയ്‍ക്കും;
അവിടുത്തെ ഭക്തന്മാരുടെ മുമ്പില്‍ തിരുനാമം ഘോഷിക്കും; അത് ഉചിതമല്ലോ.

53

1

ഗായകസംഘനേതാവിന്; മഹലത്‍രാഗത്തില്‍ ദാവീദിന്‍റെ ഒരു ഗീതം

‘ദൈവം ഇല്ല’ എന്നു മൂഢന്‍ തന്‍റെ ഹൃദയത്തില്‍ പറയുന്നു.
മ്ലേച്ഛകൃത്യങ്ങള്‍ ചെയ്ത് അവര്‍ വഷളന്മാരായിത്തീര്‍ന്നിരിക്കുന്നു.
നന്മ ചെയ്യുന്നവന്‍ ആരുമില്ല.

2
ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാനുണ്ടോയെന്ന് അറിയാന്‍,
ദൈവം സ്വര്‍ഗത്തില്‍നിന്നു മനുഷ്യരെ നോക്കുന്നു.

3
എല്ലാവരും വഴിതെറ്റി, ഒരുപോലെ വഷളന്മാരായിരിക്കുന്നു;
നന്മ ചെയ്യുന്നവന്‍ ഇല്ല, ഒരുവന്‍ പോലുമില്ല.

4
എന്താണ് ചെയ്യുന്നതെന്ന് ഈ ദുര്‍വൃത്തര്‍ക്ക് അറിഞ്ഞുകൂടേ?
അപ്പം തിന്നുന്നതുപോലെ അവര്‍ എന്‍റെ ജനത്തെ തിന്നൊടുക്കുന്നു.
അവര്‍ ദൈവത്തെ വിളിച്ചപേക്ഷിക്കുന്നില്ല.

5
എന്നാല്‍ അവര്‍ ഭയന്നു വിറകൊള്ളും.
ഇന്നോളം അറിഞ്ഞിട്ടില്ലാത്ത സംഭ്രാന്തി അവര്‍ക്കുണ്ടാകും.
ദൈവം, നിങ്ങള്‍ക്കെതിരെ പാളയമടിച്ചവരുടെ അസ്ഥികള്‍ ചിതറിക്കും.
അവര്‍ ലജ്ജിതരാകും, ദൈവം അവരെ തള്ളിക്കളഞ്ഞിരിക്കുന്നു.

6
ഇസ്രായേലിന്‍റെ മോചനം സീയോനില്‍നിന്നു വന്നെങ്കില്‍!
ദൈവം തന്‍റെ ജനത്തിന്‍റെ ഐശ്വര്യം പുനഃസ്ഥാപിക്കുമ്പോള്‍,
യാക്കോബിന്‍റെ സന്തതികള്‍ സന്തോഷിക്കും.
ഇസ്രായേല്‍ജനം ആനന്ദിക്കും.

54

1

ഗായകസംഘനേതാവിന്; തന്ത്രിനാദത്തോടെ ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. ദാവീദ് തങ്ങളുടെ അടുക്കല്‍ ഒളിച്ചിരിക്കുന്നുവെന്ന് സീഫ്യര്‍ ചെന്നു ശൗലിനോടു പറഞ്ഞപ്പോള്‍ പാടിയത്.

ദൈവമേ, തിരുനാമത്താല്‍ എന്നെ രക്ഷിക്കണമേ;
അവിടുത്തെ ശക്തിയാല്‍ എനിക്കു നീതി നടത്തിത്തരണമേ.

2
ദൈവമേ, എന്‍റെ പ്രാര്‍ഥന കേള്‍ക്കണമേ,
എന്‍റെ യാചന ശ്രദ്ധിക്കണമേ.

3
അഹങ്കാരികള്‍ എനിക്കെതിരെ വരുന്നു,
നിഷ്ഠുരന്മാര്‍ എന്നെ അപായപ്പെടുത്താന്‍ നോക്കുന്നു.
അവര്‍ക്കു ദൈവബോധമില്ല.

4
എന്നാല്‍, ദൈവമാണെന്‍റെ സഹായകന്‍.
സര്‍വേശ്വരന്‍ എന്‍റെ ജീവന്‍ സംരക്ഷിക്കുന്നു.

5
അവിടുന്ന് എന്‍റെ ശത്രുക്കളെ,
അവരുടെ തിന്മകൊണ്ടുതന്നെ ശിക്ഷിക്കും.
അവിടുന്ന് അവരെ നശിപ്പിക്കും,
അവിടുന്നു വിശ്വസ്തനാണല്ലോ.

6
സന്തോഷത്തോടെ ഞാന്‍ അങ്ങേക്കു യാഗമര്‍പ്പിക്കും,
സര്‍വേശ്വരാ, ഞാന്‍ അങ്ങേക്കു സ്തോത്രം അര്‍പ്പിക്കും.
അവിടുന്നു നല്ലവനാണല്ലോ.

7
അവിടുന്ന് എന്നെ എല്ലാ കഷ്ടതകളില്‍നിന്നും വിടുവിച്ചു.
എന്‍റെ ശത്രുക്കളുടെ പരാജയം ഞാന്‍ നേരില്‍ കണ്ടുവല്ലോ.

55

1

ഗായകസംഘനേതാവിന്; തന്ത്രിനാദത്തോടെ ദാവീദിന്‍റെ ഒരു ഗീതം.

ദൈവമേ, എന്‍റെ പ്രാര്‍ഥന കേള്‍ക്കണമേ;
ഞാന്‍ അപേക്ഷിക്കുമ്പോള്‍ മുഖം മറയ്‍ക്കരുതേ.

2
എന്‍റെ പ്രാര്‍ഥന കേട്ട് ഉത്തരമരുളിയാലും,
കഷ്ടതകള്‍ മൂലം ഞാന്‍ അസ്വസ്ഥനായിരിക്കുന്നു.

3
ശത്രുവിന്‍റെ അട്ടഹാസവും ദുഷ്ടരുടെ പീഡനവും എന്നെ പരിഭ്രാന്തനാക്കുന്നു.
അവര്‍ എന്നെ ദ്രോഹിക്കുന്നു,
കോപത്തോടെ എന്നെ ആക്രമിക്കുന്നു.

4
എന്‍റെ ഹൃദയം വേദനകൊണ്ടു പിടയുന്നു;
മരണഭീതി എന്നെ പിടികൂടിയിരിക്കുന്നു.

5
ഭീതിയും വിറയലും എന്നെ പിടിച്ചിരിക്കുന്നു പരിഭ്രാന്തി എന്നെ മൂടുന്നു.

6
പ്രാവിനെപ്പോലെ ചിറകുകള്‍ ഉണ്ടായിരുന്നെങ്കില്‍, എന്നു ഞാനാശിച്ചു.
എങ്കില്‍ ഞാന്‍ പറന്നുപോയി വിശ്രമിക്കുമായിരുന്നു.

7
ഞാന്‍ വിദൂരത്തേക്കു പറന്നുപോയി മരുഭൂമിയില്‍ പാര്‍ക്കുമായിരുന്നു.

8
കൊടുങ്കാറ്റില്‍നിന്നും ചുഴലിക്കാറ്റില്‍നിന്നും അകന്ന്;
ഒരു അഭയസ്ഥാനം കണ്ടെത്തുമായിരുന്നു.

9
സര്‍വേശ്വരാ, അവരുടെ ആലോചനകളെ വ്യര്‍ഥമാക്കണമേ.
അവരുടെ ഭാഷകളെ ഭിന്നിപ്പിക്കണമേ;
നഗരത്തില്‍ ഞാന്‍ അക്രമവും കലാപവും കാണുന്നു.

10
രാവും പകലും അവര്‍ അതിന്‍റെ മതിലുകളുടെ മുകളില്‍ ചുറ്റിനടക്കുന്നു.
അതിനുള്ളില്‍ ദുഷ്കൃത്യങ്ങളും കുഴപ്പങ്ങളുമാണ്.

11
അതിനുള്ളില്‍ വിനാശം വിതയ്‍ക്കുന്ന അക്രമികളുമുണ്ട്.
പീഡനവും വഞ്ചനയും അതിന്‍റെ വീഥികളില്‍ നിറഞ്ഞിരിക്കുന്നു.

12
ശത്രുവാണ് എന്നെ നിന്ദിച്ചതെങ്കില്‍ ഞാന്‍ സഹിക്കുമായിരുന്നു.
എതിരാളിയാണ് എന്നോടു ധിക്കാരം കാണിച്ചതെങ്കില്‍,
ഞാന്‍ അവരില്‍നിന്നു മാറി നില്‌ക്കുമായിരുന്നു.

13
എന്നാല്‍ നീയാണ്, എനിക്കു സമനും എന്‍റെ ഉറ്റസ്നേഹിതനുമായിരുന്ന നീയാണ്,
എന്നോട് അങ്ങനെ പ്രവര്‍ത്തിച്ചത്.

14
നമ്മള്‍ സ്വൈരഭാഷണത്തില്‍ മുഴുകിയിട്ടില്ലേ?
നമ്മള്‍ ഒരുമിച്ചല്ലേ ദേവാലയത്തിലേക്കു പോയിരുന്നത്?

15
മരണം അവരെ പിടികൂടട്ടെ;
അവര്‍ ജീവനോടെ പാതാളത്തില്‍ പതിക്കട്ടെ.
അവരുടെ ഹൃദയങ്ങളിലും ഭവനങ്ങളിലും ദുഷ്ടത കുടികൊള്ളുന്നു.

16
ഞാന്‍ സര്‍വേശ്വരനായ ദൈവത്തെ വിളിച്ചപേക്ഷിക്കും.
അവിടുന്ന് എന്നെ വിടുവിക്കും.

17
ഞാന്‍ രാവിലെയും ഉച്ചയ്‍ക്കും വൈകുന്നേരവും
എന്‍റെ സങ്കടം ബോധിപ്പിച്ചുകരയും.
അവിടുന്ന് എന്‍റെ സ്വരം കേള്‍ക്കും.

18
അനേകര്‍ എനിക്കെതിരെ അണിനിരന്നിരിക്കുന്നു;
ഈ യുദ്ധത്തില്‍ അവിടുന്നെന്നെ കാത്തുകൊള്ളും.

19
ആദിമുതലേ സിംഹാസനസ്ഥനായ ദൈവം എന്‍റെ പ്രാര്‍ഥന കേട്ട്,
അവരെ പരാജയപ്പെടുത്തും.
അവര്‍ ദുഷ്ടതയെ കൈവിടുന്നില്ലല്ലോ,
അവര്‍ക്കു ദൈവഭയവുമില്ല.

20
എന്‍റെ സ്നേഹിതന്‍ തന്‍റെ സുഹൃത്തുക്കളുടെ നേരേ കൈ ഉയര്‍ത്തി.
അവന്‍ ഉടമ്പടി ലംഘിച്ചു.

21
അവന്‍റെ സംസാരം വെണ്ണയെക്കാള്‍ മൃദുവായിരുന്നു.
എന്നാല്‍ അവന്‍റെ ഹൃദയത്തില്‍ വിദ്വേഷം നിറഞ്ഞു നിന്നിരുന്നു.
അവന്‍റെ വാക്കുകള്‍ എണ്ണയെക്കാള്‍ മയമുള്ളതായിരുന്നു.
എന്നാല്‍ അത് ഊരിയ വാളായിരുന്നു.

22
നിന്‍റെ ഭാരം സര്‍വേശ്വരനെ ഏല്പിക്കുക,
അവിടുന്നു നിന്നെ പോറ്റിപ്പുലര്‍ത്തും.
നീതിമാന്‍ കുലുങ്ങാന്‍ അവിടുന്ന് ഒരിക്കലും അനുവദിക്കുകയില്ല.

23
ദൈവമേ, അവിടുന്നു കൊലപാതകികളെയും
വഞ്ചകരെയും പാതാളത്തിലേക്കു തള്ളിയിട്ടു.
അവര്‍ ആയുസ്സിന്‍റെ പകുതിപോലും തികയ്‍ക്കുകയില്ല.
എന്നാല്‍ ഞാന്‍ അങ്ങയില്‍ ആശ്രയിക്കും.

56

1

ഗായകസംഘനേതാവിന്; വിദൂരതയിലെ മിണ്ടാപ്രാവ് എന്ന രാഗത്തില്‍; ദാവീദിന്‍റെ ഗീതം. ഗത്തില്‍വച്ചു ഫെലിസ്ത്യര്‍ പിടികൂടിയപ്പോള്‍ പാടിയത്.

ദൈവമേ, എന്നോടു കരുണയുണ്ടാകണമേ;
മനുഷ്യര്‍ എന്നെ ചവിട്ടിമെതിക്കുന്നു.
എന്‍റെ ശത്രുക്കള്‍ എന്നെ നിരന്തരം പീഡിപ്പിക്കുന്നു.

2
ശത്രുക്കള്‍ എപ്പോഴും എന്നെ ചവിട്ടി മെതിക്കുന്നു.
എന്നോടു ഗര്‍വോടെ പോരാടുന്നവര്‍ അസംഖ്യമാണല്ലോ.

3
ഭയം ബാധിക്കുമ്പോള്‍ ഞാന്‍ അങ്ങയില്‍ ആശ്രയിക്കുന്നു.

4
ഞാന്‍ ദൈവത്തില്‍ ആശ്രയിക്കുന്നു; ഞാന്‍ ഭയപ്പെടുകയില്ല.
ഞാന്‍ അവിടുത്തെ വചനത്തെ പ്രകീര്‍ത്തിക്കും.
മര്‍ത്യന് എന്നോട് എന്തു ചെയ്യാന്‍ കഴിയും?

5
ശത്രുക്കള്‍ എപ്പോഴും എന്നെ ദ്രോഹിക്കുന്നു.
എന്നെ എങ്ങനെ ഉപദ്രവിക്കാമെന്നാണ് എപ്പോഴും അവരുടെ ചിന്ത.

6
അവര്‍ കൂട്ടം കൂടി പതിയിരിക്കുന്നു.
എന്‍റെ എല്ലാ നീക്കങ്ങളും അവര്‍ നിരീക്ഷിക്കുന്നു.
എന്നെ അപായപ്പെടുത്താന്‍ അവര്‍ തക്കംനോക്കുന്നു.

7
ഇത്ര വളരെ അനീതി ചെയ്തിട്ടും അവര്‍ രക്ഷപെടുമോ?
ദൈവമേ, രോഷത്തോടെ അവരെ തകര്‍ക്കണമേ.

8
എന്‍റെ ദുരിതങ്ങള്‍ അവിടുന്ന് എണ്ണിയിട്ടുണ്ട്.
എന്‍റെ കണ്ണുനീര്‍ അവിടുത്തെ തുരുത്തിയില്‍ സംഭരിച്ചിട്ടുണ്ട്.
അവയുടെ കണക്ക് അങ്ങയുടെ പുസ്തകത്തില്‍ ഉണ്ടല്ലോ?

9
ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിക്കുമ്പോള്‍,
എന്‍റെ ശത്രുക്കള്‍ പിന്തിരിയും,
ദൈവം എന്‍റെ പക്ഷത്താണെന്ന് എനിക്കറിയാം.

10
ഞാന്‍ ദൈവത്തിന്‍റെ വചനം പ്രകീര്‍ത്തിക്കുന്നു,
അതേ, ഞാന്‍ സര്‍വേശ്വരന്‍റെ വചസ്സുകളെ പ്രകീര്‍ത്തിക്കുന്നു.

11
ഞാന്‍ ദൈവത്തില്‍ ആശ്രയിക്കുന്നു;
ഞാന്‍ ഭയപ്പെടുകയില്ല.
മര്‍ത്യന് എന്നോട് എന്തു ചെയ്യാന്‍ കഴിയും?

12
ദൈവമേ, ഞാന്‍ അങ്ങേക്കുള്ള നേര്‍ച്ചകള്‍ നിറവേറ്റും,
ഞാന്‍ അവിടുത്തേക്കു സ്തോത്രയാഗം അര്‍പ്പിക്കും.

13
അവിടുന്ന് എന്‍റെ ജീവനെ മരണത്തില്‍നിന്നും
എന്‍റെ കാലുകളെ വീഴ്ചയില്‍നിന്നും രക്ഷിച്ചല്ലോ.
അതുകൊണ്ടു ഞാന്‍ തിരുസന്നിധിയില്‍ ജീവന്‍റെ പ്രകാശത്തില്‍തന്നെ നടക്കും.

57

1

ഗായകസംഘ നേതാവിന്; നശിപ്പിക്കരുതേ എന്ന രാഗത്തില്‍ ദാവീദിന്‍റെ ഗീതം. ശൗലിന്‍റെ മുമ്പില്‍നിന്ന് ഓടിപ്പോയപ്പോള്‍ ഗുഹയില്‍ വച്ചു പാടിയത്.

എന്നോടു കരുണയുണ്ടാകണമേ, ദൈവമേ, എന്നോടു കരുണയുണ്ടാകണമേ.
അങ്ങയില്‍ ഞാന്‍ അഭയംതേടുന്നു.
വിനാശത്തിന്‍റെ കൊടുങ്കാറ്റു ശമിക്കുവോളം
ഞാന്‍ അവിടുത്തെ ചിറകിന്‍കീഴില്‍ അഭയം പ്രാപിക്കുന്നു.

2
അത്യുന്നതനായ ദൈവത്തെ ഞാന്‍ വിളിച്ചപേക്ഷിക്കുന്നു.
എന്‍റെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്ന ദൈവത്തെതന്നെ;

3
അവിടുന്ന് സ്വര്‍ഗത്തില്‍നിന്ന് ഉത്തരമരുളി എന്നെ രക്ഷിക്കും.
എന്നെ ചവിട്ടി മെതിക്കുന്നവരെ അവിടുന്നു ലജ്ജിപ്പിക്കും.
ദൈവം അവിടുത്തെ സുസ്ഥിരസ്നേഹവും വിശ്വസ്തതയും എന്നോടു കാട്ടും.

4
മനുഷ്യരെ ആര്‍ത്തിയോടെ വിഴുങ്ങുന്ന സിംഹങ്ങളുടെ നടുവിലാണു ഞാന്‍.
അവരുടെ പല്ലുകള്‍ കുന്തങ്ങളും അസ്ത്രങ്ങളുമാണ്.
അവരുടെ നാവുകള്‍ മൂര്‍ച്ചയുള്ള വാളുകളാണ്.

5
ദൈവമേ, അവിടുത്തെ മഹത്ത്വം
ആകാശത്തിലെങ്ങും വെളിപ്പെടുത്തണമേ.
അവിടുത്തെ തേജസ്സ് ഭൂമിയിലെങ്ങും വ്യാപിക്കട്ടെ.

6
എന്‍റെ ശത്രുക്കള്‍ എന്നെ പിടിക്കാന്‍ വലവിരിച്ചു.
എന്‍റെ മനസ്സ് ഇടിഞ്ഞിരിക്കുന്നു.
അവര്‍ എന്‍റെ വഴിയില്‍ കുഴി കുഴിച്ചു.
എന്നാല്‍ അവര്‍തന്നെ അതില്‍ വീണു.

7
എന്‍റെ മനസ്സ് ഉറച്ചിരിക്കുന്നു.
ദൈവമേ, എന്‍റെ മനസ്സ് ഉറച്ചിരിക്കുന്നു.
ഞാന്‍ അങ്ങയെ പാടി സ്തുതിക്കും.

8
എന്‍റെ ആത്മാവേ, ഉണരുക.
വീണാനാദവും കിന്നരധ്വനിയും ഉയരട്ടെ.
ഞാന്‍ അതിരാവിലെ ഉണരും.

9
സര്‍വേശ്വരാ, ജനതകളുടെ മധ്യേ ഞാന്‍ അങ്ങയെ വാഴ്ത്തും.
ജാതികളുടെ മധ്യേ ഞാന്‍ അങ്ങയെ പ്രകീര്‍ത്തിക്കും.

10
അവിടുത്തെ അചഞ്ചലസ്നേഹം ആകാശത്തോളവും
അവിടുത്തെ വിശ്വസ്തത മേഘങ്ങളോളവും ഉന്നതമാണ്.

11
ദൈവമേ, അവിടുത്തെ മഹത്ത്വം ആകാശത്തിലെങ്ങും വെളിപ്പെടുത്തണമേ.
അവിടുത്തെ തേജസ്സ് ഭൂമിയിലെങ്ങും വ്യാപിക്കട്ടെ.

58

1

ഗായകസംഘനേതാവിന്, നശിപ്പിക്കരുതേ എന്ന രാഗത്തില്‍; ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം

ശക്തരായ പ്രഭുക്കന്മാരേ, നിങ്ങളുടെ വിധി നീതിനിഷ്ഠമോ?
നിങ്ങള്‍ നീതിപൂര്‍വമാണോ മനുഷ്യരെ വിധിക്കുന്നത്?

2
നിങ്ങള്‍ ഹൃദയത്തില്‍ ദുഷ്ടത നിരൂപിക്കുന്നു,
നിങ്ങള്‍ ദേശത്ത് അക്രമങ്ങള്‍ അഴിച്ചുവിടുന്നു.

3
ദുഷ്ടര്‍ ജനനം മുതലേ വ്യാജം പറയുന്നു.
ഉരുവാകുമ്പോള്‍ മുതല്‍ അവര്‍ വഴിപിഴയ്‍ക്കുന്നു.

4
അവര്‍ക്ക് സര്‍പ്പത്തിന്‍റേതുപോലെ വിഷമുണ്ട്.
അണലിയെപ്പോലെ ബധിരരാണവര്‍.

5
പാമ്പാട്ടിയുടെ സ്വരമോ മന്ത്രവാദിയുടെ
മന്ത്രമോ അതു കേള്‍ക്കുന്നില്ല.

6
ദൈവമേ, അവരുടെ പല്ലു പിഴുതു കളയണമേ,
സര്‍വേശ്വരാ, ഈ ക്രൂരസിംഹങ്ങളുടെ പല്ലു തകര്‍ത്തുകളയണമേ.

7
ഒഴുകിപ്പോകുന്ന വെള്ളംപോലെ അവര്‍ അപ്രത്യക്ഷരാകട്ടെ.
ചവിട്ടിമെതിക്കപ്പെട്ട പുല്ലുപോലെ അവര്‍ വാടിപ്പോകട്ടെ.

8
അലിഞ്ഞില്ലാതാകുന്ന ഒച്ചുപോലെയാകട്ടെ അവര്‍.
അവര്‍ സൂര്യപ്രകാശം കാണാന്‍ ഇടവരാത്ത,
ചാപിള്ളപോലെ ആയിത്തീരട്ടെ.

9
നിങ്ങളുടെ കലം ചൂടാകുന്നതിനു മുമ്പേ ചുള്ളിവിറകുകള്‍,
പച്ചയും എരിയുന്നതും ഒരുപോലെ അവിടുന്നു വാരിക്കളയും.

10
ദുഷ്ടനു ലഭിക്കുന്ന ശിക്ഷ കണ്ട് നീതിമാന്‍ സന്തോഷിക്കും.
അവന്‍ ദുഷ്ടന്മാരുടെ രക്തത്തില്‍ കാല്‍ മുക്കും.

11
“നീതിമാനു പ്രതിഫലം ലഭിക്കും നിശ്ചയം.
ഭൂമിയില്‍ ന്യായം വിധിക്കുന്ന ഒരു ദൈവം ഉണ്ട് സംശയമില്ല” എന്ന് എല്ലാവരും പറയും.

59

1

ഗായകസംഘനേതാവിന്; നശിപ്പിക്കരുതേ എന്ന രാഗത്തില്‍, ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. തന്നെ വധിക്കാന്‍ ശൗല്‍ ആളുകളെ അയച്ചപ്പോള്‍ ദാവീദ് പാടിയത്.

എന്‍റെ ദൈവമേ, ശത്രുക്കളില്‍നിന്ന് എന്നെ രക്ഷിക്കണമേ,
എന്നെ ആക്രമിക്കുന്നവരില്‍നിന്ന് എന്നെ സംരക്ഷിക്കണമേ.

2
ദുഷ്കര്‍മികളില്‍നിന്ന് എന്നെ വിടുവിക്കണമേ.
കൊലപാതകികളില്‍നിന്ന് എന്നെ കാത്തുകൊള്ളണമേ.

3
ഇതാ, എന്നെ കൊല്ലുവാനായി അവര്‍ പതിയിരിക്കുന്നു,
കരുത്തരായ ശത്രുക്കള്‍ എനിക്കെതിരെ ഒരുമിച്ചു കൂടിയിരിക്കുന്നു,
സര്‍വേശ്വരാ, എന്‍റെ അകൃത്യമോ പാപമോ കൊണ്ടല്ല,
എന്‍റെ തെറ്റുകള്‍ കൊണ്ടുമല്ല,

4
അവര്‍ പാഞ്ഞുവന്ന് എനിക്കെതിരെ നിലയുറപ്പിക്കുന്നത്,
ദൈവമേ, എഴുന്നേല്‌ക്കണമേ, എന്നെ സഹായിക്കാന്‍ വരണമേ,
എന്നെ തൃക്കണ്‍പാര്‍ക്കണമേ.

5
സൈന്യങ്ങളുടെ ദൈവമായ സര്‍വേശ്വരാ,
അവിടുന്ന് ഇസ്രായേലിന്‍റെ ദൈവം അല്ലേ?
അന്യജനതകളെ ശിക്ഷിക്കാന്‍ എഴുന്നേല്‌ക്കണമേ.
ദുഷ്ടരായ ആ വഞ്ചകരോട് ഒട്ടും ദയ കാട്ടരുതേ.

6
സന്ധ്യാസമയത്ത് അവര്‍ മടങ്ങിവരുന്നു;
നായെപ്പോലെ കുരച്ചുകൊണ്ട് അവര്‍ നഗരത്തില്‍ ചുറ്റിനടക്കുന്നു.

7
അവര്‍ അസഭ്യം ചൊരിയുന്നു;
വാളുകള്‍ പോലെയാണ് അവരുടെ വാക്കുകള്‍.
തങ്ങള്‍ ചെയ്യുന്നത് ആരും അറിയുകയില്ലെന്ന് അവര്‍ കരുതുന്നു.

8
സര്‍വേശ്വരാ, അവിടുന്ന് അവരെ നോക്കി ചിരിക്കുന്നു.
അവിടുന്ന് അന്യജനതകളെയെല്ലാം പരിഹസിക്കുന്നു.

9
എന്‍റെ ബലമായ ദൈവമേ, ഞാന്‍ അങ്ങയില്‍ ശരണപ്പെടുന്നു.
അവിടുന്നാണെന്‍റെ അഭയസങ്കേതം.

10
എന്‍റെ ദൈവം സ്നേഹത്തോടെ എന്നെ സന്ദര്‍ശിക്കും,
എന്‍റെ ശത്രുക്കളുടെ പരാജയം കാണാന്‍ അവിടുന്ന് എനിക്ക് ഇടയാക്കും.

11
അവരെ കൊന്നുകളയരുതേ, അല്ലെങ്കില്‍ എന്‍റെ ജനം അങ്ങയെ മറന്നുകളയും.
ഞങ്ങളുടെ പരിചയായ സര്‍വേശ്വരാ,
അവിടുത്തെ ശക്തിയാല്‍ അവരെ ചിതറിച്ചു തോല്പിക്കണമേ.

12
അഹങ്കാരികളായ അവര്‍ തങ്ങളുടെ അധരങ്ങളിലെ പാപം നിമിത്തം,
വായിലെ വാക്കുകള്‍ നിമിത്തം കെണിയില്‍ കുടുങ്ങട്ടെ.
അവര്‍ ചൊരിയുന്ന ശാപവും ഭോഷ്ക്കും മൂലം,

13
ഉഗ്രരോഷത്തോടെ അവരെ സംഹരിക്കണമേ.
അവിടുന്ന് അവരെ ഉന്മൂലനം ചെയ്യണമേ.
അങ്ങനെ ദൈവം ഇസ്രായേലിനെ ഭരിക്കുന്നു എന്ന്;
ഭൂമിയുടെ അതിരുകളോളം എല്ലാവരും അറിയട്ടെ.

14
സന്ധ്യാസമയത്ത് അവര്‍ മടങ്ങിവരുന്നു,
നായെപ്പോലെ കുരച്ചുകൊണ്ട് അവര്‍ നഗരത്തില്‍ ചുറ്റി നടക്കുന്നു.

15
അവര്‍ ആഹാരത്തിനുവേണ്ടി ചുറ്റിത്തിരിയുന്നു.
വയറു നിറയാതെ വരുമ്പോള്‍ അവര്‍ മുറുമുറുക്കുന്നു.

16
എന്നാല്‍ ഞാന്‍ അങ്ങയുടെ ബലത്തെ പ്രകീര്‍ത്തിക്കും,
പുലര്‍കാലത്ത് അവിടുത്തെ അചഞ്ചല സ്നേഹത്തെ ഞാന്‍ പ്രഘോഷിക്കും.
എന്‍റെ കഷ്ടകാലത്ത് അവിടുന്ന് എന്‍റെ കോട്ടയും അഭയസങ്കേതവും ആയിരുന്നു.

17
എന്‍റെ ബലമായ ദൈവമേ, ഞാന്‍ അങ്ങേക്കു സ്തുതി പാടും,
അവിടുന്ന് എന്നോട് അചഞ്ചലസ്നേഹം കാട്ടുന്നു.
ദൈവമേ, അവിടുന്നാണ് എന്‍റെ അഭയസങ്കേതം.

60

1

ഗായകസംഘനേതാവിന്; സാക്ഷ്യസാരസം എന്ന രാഗത്തില്‍, ദാവീദിന്‍റെ ഒരു പ്രബോധനഗീതം. യോവാബ് മെസൊപ്പൊത്താമ്യയിലെയും സോബയിലെയും സിറിയാക്കാരോടു യുദ്ധം ചെയ്യുകയും മടക്കയാത്രയില്‍ പന്തീരായിരം എദോമ്യരെ ഉപ്പുതാഴ്വരയില്‍വച്ച് വധിക്കുകയും ചെയ്തപ്പോള്‍ പാടിയത്.

ദൈവമേ, അവിടുന്നു ഞങ്ങളെ പരിത്യജിച്ചിരിക്കുന്നു.
ഞങ്ങളുടെ പ്രതിരോധനിര തകര്‍ത്തിരിക്കുന്നു.
അവിടുന്ന് ഞങ്ങളോടു കോപിച്ചിരിക്കുന്നു.
നാഥാ, ഞങ്ങളെ പുനഃസ്ഥാപിക്കണമേ.

2
അവിടുന്നു ദേശത്തെ വിറപ്പിച്ചു;
അവിടുന്ന് അതിനെ പിളര്‍ന്നിരിക്കുന്നു.
അതു തകര്‍ന്നുവീഴാറായിരിക്കുന്നു.
അതിന്‍റെ വിള്ളലുകള്‍ അടയ്‍ക്കണമേ.

3
അവിടുന്നു സ്വജനത്തെ കഠിനദുരിതത്തിന് ഇരയാക്കി,
അവിടുന്നു ഞങ്ങള്‍ക്കു പരിഭ്രാന്തിയുടെ വീഞ്ഞു പകര്‍ന്നുതന്നു.

4
ശത്രുവിന്‍റെ വില്ലില്‍നിന്നു രക്ഷപെടാന്‍ തന്‍റെ ഭക്തര്‍ക്ക് അടയാളമായി,
അവിടുന്ന് ഒരു കൊടി ഉയര്‍ത്തിയിരിക്കുന്നു.

5
അവിടുത്തെ വലങ്കൈയാല്‍ ഞങ്ങളെ രക്ഷിക്കണമേ;
ഞങ്ങളുടെ പ്രാര്‍ഥനയ്‍ക്ക് ഉത്തരം അരുളിയാലും;
അങ്ങനെ അവിടുന്നു സ്നേഹിക്കുന്ന ജനം വിടുവിക്കപ്പെടട്ടെ.

6
ദൈവം അവിടുത്തെ വിശുദ്ധമന്ദിരത്തില്‍നിന്ന് അരുളിച്ചെയ്തിരിക്കുന്നു.
വിജയാഹ്ലാദത്തോടെ ഞാന്‍ ശെഖേം പട്ടണം വിഭജിക്കും.
സുക്കോത്ത് താഴ്വര എന്‍റെ ജനത്തിനു ഞാന്‍ അളന്നുകൊടുക്കും.

7
ഗിലെയാദുദേശം എന്‍റേതാണ്.
മനശ്ശെയും എനിക്കുള്ളത്.
എഫ്രയീം എന്‍റെ പടത്തൊപ്പിയും യെഹൂദാ എന്‍റെ ചെങ്കോലുമാണ്.

8
മോവാബ് എന്‍റെ ക്ഷാളനപാത്രം,
എദോമിന്മേല്‍ ഞാന്‍ എന്‍റെ ചെരുപ്പെറിയും.
ഫെലിസ്ത്യദേശത്തിന്‍റെമേല്‍ ഞാന്‍ ജയഘോഷംകൊള്ളും.

9
ദൈവമേ, കോട്ട കെട്ടി ഉറപ്പിച്ച നഗരത്തിലേക്ക് എന്നെ ആര്‍ കൊണ്ടുപോകും?
എദോമിലേക്ക് ആരെന്നെ നയിക്കും?

10
ദൈവമേ, അവിടുന്നു ഞങ്ങളെ കൈവെടിഞ്ഞിരിക്കുന്നുവോ?
അവിടുന്നു ഞങ്ങളുടെ സൈന്യങ്ങളോടുകൂടി വരുന്നില്ലല്ലോ.

11
ശത്രുവിനെ നേരിടുന്നതിനു ഞങ്ങളെ സഹായിക്കണമേ,
മനുഷ്യന്‍റെ സഹായം വ്യര്‍ഥമാണല്ലോ.

12
ദൈവത്തോടൊത്തു ഞങ്ങള്‍ സുധീരം പോരാടും,
അവിടുന്നു ഞങ്ങളുടെ വൈരികളെ ചവിട്ടിമെതിക്കും.

61

1

ഗായകസംഘനേതാവിന്, തന്ത്രിനാദത്തോടെ ദാവീദിന്‍റെ സങ്കീര്‍ത്തനം.

ദൈവമേ, എന്‍റെ നിലവിളി കേള്‍ക്കണമേ;
എന്‍റെ പ്രാര്‍ഥന ശ്രദ്ധിക്കണമേ,

2
ആശയറ്റ ഞാന്‍ ഭൂമിയുടെ അറ്റത്തുനിന്ന്,
അങ്ങയെ വിളിച്ചപേക്ഷിക്കുന്നു;
സുരക്ഷിതമായ പാറയില്‍ എന്നെ നിര്‍ത്തണമേ.

3
അവിടുന്നാണ് എന്‍റെ അഭയം,
ശത്രുക്കള്‍ക്കെതിരെയുള്ള സുശക്ത ഗോപുരവും അവിടുന്നുതന്നെ.

4
അങ്ങയുടെ കൂടാരത്തില്‍ ഞാന്‍ എന്നും വസിക്കട്ടെ.
അങ്ങയുടെ ചിറകിന്‍കീഴില്‍ ഞാന്‍ സുരക്ഷിതനായിരിക്കട്ടെ.

5
ദൈവമേ, അവിടുന്ന് എന്‍റെ നേര്‍ച്ചകള്‍ കൈക്കൊണ്ട്,
അവിടുത്തെ ഭയഭക്തിയോടെ ആരാധിക്കുന്നവര്‍ക്കുള്ള അവകാശം എനിക്കു നല്‌കിയിരിക്കുന്നു.

6
രാജാവിനു ദീര്‍ഘായുസ്സ് നല്‌കണമേ,
അദ്ദേഹത്തിന്‍റെ ഭരണം തലമുറകളോളം നിലനില്‌ക്കട്ടെ.

7
അവിടുത്തെ സന്നിധിയില്‍ അദ്ദേഹം എന്നും ഭരണം നടത്തട്ടെ.
അവിടുത്തെ സുസ്ഥിരസ്നേഹവും വിശ്വസ്തതയും അദ്ദേഹത്തെ സംരക്ഷിക്കട്ടെ.

8
അങ്ങനെ ഞാന്‍ അവിടുത്തെ എന്നും പ്രകീര്‍ത്തിക്കും.
എന്‍റെ നേര്‍ച്ചകള്‍ ദിനംതോറും നിറവേറ്റും.

62

1

ഗായകസംഘനേതാവിന്; യെദൂഥൂന്‍ രാഗത്തില്‍: ദാവീദിന്‍റെ സങ്കീര്‍ത്തനം.

ദൈവത്തില്‍നിന്നു മാത്രമാണ്
എനിക്ക് ആശ്വാസം ലഭിക്കുന്നത്;
അവിടുന്നാണ് എനിക്കു രക്ഷ നല്‌കുന്നത്.

2
എന്‍റെ അഭയശിലയും എന്‍റെ രക്ഷയും എന്‍റെ കോട്ടയും അവിടുന്നു മാത്രമാണ്.
ഞാന്‍ വളരെ കുലുങ്ങുകയില്ല.

3
ചാഞ്ഞുനില്‌ക്കുന്ന മതിലും ആടുന്ന വേലിയും പോലെയുള്ള ഒരുവനെ
നശിപ്പിക്കാന്‍ എത്ര നാള്‍ നിങ്ങള്‍ അവനെ ആക്രമിക്കും?

4
ഔന്നത്യത്തില്‍നിന്ന് അവനെ തള്ളിയിടാന്‍ മാത്രമാണു നിങ്ങള്‍ ആലോചിക്കുന്നത്.
നിങ്ങള്‍ വ്യാജത്തില്‍ സന്തോഷിക്കുന്നു.
നിങ്ങള്‍ അധരംകൊണ്ട് അവനെ അനുഗ്രഹിക്കുന്നു.
ഹൃദയംകൊണ്ടു ശപിക്കുന്നു.

5
എനിക്ക് ആശ്വാസം നല്‌കാന്‍ ദൈവത്തിനു മാത്രമേ കഴിയൂ,
ഞാന്‍ ദൈവത്തില്‍ പ്രത്യാശ വച്ചിരിക്കുന്നു.

6
എന്‍റെ അഭയശിലയും എന്‍റെ രക്ഷയും
എന്‍റെ കോട്ടയും അവിടുന്നു മാത്രമാണ്; ഞാന്‍ കുലുങ്ങുകയില്ല.

7
എനിക്കു രക്ഷയും ആയുസ്സും നല്‌കുന്നതു ദൈവമാണ്.
അവിടുന്നാണ് എന്‍റെ ഉറപ്പുള്ള രക്ഷാശിലയും അഭയവും.

8
എന്‍റെ ജനമേ, എന്നും ദൈവത്തില്‍ ശരണപ്പെടുവിന്‍,
നിങ്ങളുടെ ഹൃദയം അവിടുത്തെ സന്നിധിയില്‍ പകരുവിന്‍.
അവിടുന്നാണ് നമ്മുടെ അഭയസങ്കേതം.

9
മനുഷ്യന്‍ ഒരു ശ്വാസംമാത്രം.
വലിയവനും ചെറിയവനും ഒരുപോലെ നിസ്സാരന്മാരാണ്.
തുലാസ്സിന്‍റെ തട്ടില്‍ അവര്‍ പൊങ്ങിപ്പോകും;
അവര്‍ എല്ലാവരും ചേര്‍ന്നാലും ഒരു ശ്വാസത്തെക്കാള്‍ ലഘുവത്രേ.

10
അക്രമത്തിലും ഭീഷണിയിലും ആശ്രയിക്കരുത്.
കവര്‍ച്ചയില്‍ ആശവയ്‍ക്കുന്നതു വ്യര്‍ഥമാണ്.
സമ്പത്തു വര്‍ധിച്ചാല്‍ നിങ്ങള്‍ അതില്‍ ആശ്രയിക്കരുത്.

11
“ശക്തി എനിക്കുള്ളതാണ്” എന്നു ദൈവം പറഞ്ഞു.
“സുസ്ഥിര സ്നേഹവും എന്‍റേതുതന്നെ” എന്ന് അവിടുന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.

12
നാഥാ, അവിടുന്നു മനുഷ്യന് അവന്‍റെ പ്രവൃത്തിക്കു തക്ക പ്രതിഫലം നല്‌കുന്നു.

63

1

ദാവീദിന്‍റെ സങ്കീര്‍ത്തനം; യെഹൂദാ മരുഭൂമിയില്‍വച്ചു പാടിയത്

ദൈവമേ, അവിടുന്നാണ് എന്‍റെ ദൈവം;
ഞാന്‍ അങ്ങയെ അന്വേഷിക്കുന്നു.
ഉണങ്ങിവരണ്ട ദേശത്തെന്നപോലെ ഞാന്‍ സര്‍വാത്മനാ അങ്ങേക്കായി ദാഹിക്കുന്നു.
അങ്ങയെ കാണാതെ ഞാന്‍ തളരുന്നു.

2
അങ്ങയുടെ ശക്തിയും മഹത്ത്വവും ദര്‍ശിക്കാന്‍,
വിശുദ്ധമന്ദിരത്തില്‍ ഞാന്‍ അങ്ങയെ നോക്കുന്നു.

3
അങ്ങയുടെ അചഞ്ചലസ്നേഹം ജീവനെക്കാള്‍ അഭികാമ്യം.
ഞാന്‍ അങ്ങയെ പ്രകീര്‍ത്തിക്കും.

4
എന്‍റെ ജീവിതകാലം മുഴുവന്‍ ഞാനങ്ങയെ വാഴ്ത്തും.
ഞാന്‍ കൈകളുയര്‍ത്തി അങ്ങയോടു പ്രാര്‍ഥിക്കും.

5
കിടക്കയില്‍വച്ച് ഞാന്‍ അങ്ങയെ ഓര്‍ക്കുകയും
രാത്രിയാമങ്ങളില്‍ അങ്ങയെ ധ്യാനിക്കുകയും ചെയ്യുമ്പോള്‍,

6
മൃഷ്ടാന്നഭോജനം കഴിച്ചവനെപ്പോലെ ഞാന്‍ തൃപ്തനാകുന്നു.
ഞാന്‍ അങ്ങയെ ആനന്ദപൂര്‍വം സ്തുതിക്കും.

7
അവിടുന്ന് എന്‍റെ സഹായകനാണല്ലോ;
അവിടുത്തെ ചിറകിന്‍കീഴില്‍ ഞാന്‍ ആനന്ദഗീതം പാടും.

8
ഞാന്‍ അങ്ങയെ മുറുകെ പിടിച്ചിരിക്കുന്നു;
അങ്ങയുടെ വലങ്കൈ എന്നെ സംരക്ഷിക്കുന്നു.

9
എന്നെ അപായപ്പെടുത്താന്‍ നോക്കുന്നവര്‍, മരണഗര്‍ത്തത്തില്‍ പതിക്കും.

10
അവര്‍ വാളിന് ഇരയാകും,
അവരുടെ മൃതശരീരങ്ങള്‍ കുറുനരികള്‍ ഭക്ഷിക്കും.

11
എന്നാല്‍ രാജാവ് ദൈവത്തില്‍ ആനന്ദിക്കും;
ദൈവനാമത്തില്‍ സത്യം ചെയ്യുന്നവര്‍ അവിടുത്തെ പുകഴ്ത്തും.
വ്യാജം പറയുന്നവരുടെ വായ് അടഞ്ഞുപോകും.

64

1

ഗായകസംഘനേതാവിന്; ദാവീദിന്‍റെ സങ്കീര്‍ത്തനം.

ദൈവമേ, എന്‍റെ സങ്കടം കേള്‍ക്കണമേ;
ശത്രുക്കളുടെ ഭീഷണികളില്‍നിന്ന് എന്‍റെ ജീവനെ സംരക്ഷിക്കണമേ.

2
ദുഷ്ടമനുഷ്യരുടെ ഗൂഢാലോചനയില്‍നിന്നും
ദുഷ്കര്‍മികളുടെ ദുരുപായങ്ങളില്‍നിന്നും എന്നെ മറച്ചുകൊള്ളണമേ.

3
അവര്‍ തങ്ങളുടെ നാവുകള്‍ വാളുകള്‍പോലെ മൂര്‍ച്ചയുള്ളതാക്കുന്നു.
അവര്‍ വിഷമുള്ള വാക്കുകള്‍ അസ്ത്രം പോലെ തൊടുക്കുന്നു.

4
അവര്‍ നിഷ്കളങ്കരെ പതിയിരുന്ന് എയ്യുന്നു,
കൂസലെന്യേ പെട്ടെന്ന് എയ്യുന്നു.

5
അവര്‍ തങ്ങളുടെ ദുഷ്ടലക്ഷ്യത്തില്‍ ഉറച്ചുനില്‌ക്കുന്നു;
എവിടെ കെണി വയ്‍ക്കണമെന്ന് അവര്‍ ആലോചിക്കുന്നു.
തങ്ങള്‍ ചെയ്യുന്നത് ആരും കാണുന്നില്ല എന്നാണ് അവരുടെ വിചാരം.

6
‘നമ്മുടെ ഗൂഢപദ്ധതികള്‍ ആര്‍ കണ്ടുപിടിക്കും?
കൗശലത്തോടെ നാം കെണിവച്ചു’ എന്ന് അവര്‍ പറയുന്നു.
മനുഷ്യന്‍റെ അന്തരംഗവും ഹൃദയവും എത്ര അഗാധം!

7
എന്നാല്‍ ദൈവം അവരുടെമേല്‍ അസ്ത്രം എയ്യും;
ഓര്‍ക്കാപ്പുറത്ത് അവര്‍ക്കു മുറിവേല്‌ക്കും.

8
അവരുടെ വാക്കുകള്‍ നിമിത്തം ദൈവം അവരെ നശിപ്പിക്കും.
അവരെ കാണുന്നവര്‍ പരിഹസിച്ചു തല കുലുക്കും.

9
അപ്പോള്‍ എല്ലാവരും ഭയപ്പെടും,
അവര്‍ ദൈവത്തിന്‍റെ പ്രവൃത്തികളെക്കുറിച്ചു ചിന്തിക്കും.
അവിടുത്തെ പ്രവൃത്തികള്‍ അവര്‍ പ്രഘോഷിക്കും;

10
നീതിമാന്‍ സര്‍വേശ്വരനില്‍ ആനന്ദിക്കും,
അവന്‍ സര്‍വേശ്വരനില്‍ അഭയംതേടും.
പരമാര്‍ഥഹൃദയമുള്ളവര്‍ ദൈവത്തെ പ്രകീര്‍ത്തിക്കും.

65

1

ഗായകസംഘനേതാവിന്; ദാവീദിന്‍റെ സങ്കീര്‍ത്തനം

ദൈവമേ, സീയോനില്‍ വസിക്കുന്ന അങ്ങയെ സ്തുതിക്കുന്നത് ഉചിതമല്ലോ.
അങ്ങേക്കുള്ള നേര്‍ച്ചകള്‍ ഞങ്ങള്‍ നിറവേറ്റും.

2
പ്രാര്‍ഥന കേള്‍ക്കുന്ന ദൈവമേ,
സര്‍വമനുഷ്യരും തങ്ങളുടെ പാപഭാരവുമായി തിരുസന്നിധിയില്‍ വരുന്നു.

3
ഞങ്ങളുടെ അതിക്രമങ്ങള്‍ ഞങ്ങളെ കീഴടക്കുമ്പോള്‍,
അവിടുന്ന് അവ തുടച്ചുനീക്കുന്നു.

4
അവിടുത്തെ ആലയത്തിന്‍റെ അങ്കണത്തില്‍ പാര്‍ക്കാന്‍,
അവിടുന്നു തിരഞ്ഞെടുത്തു കൊണ്ടുവന്ന ജനം അനുഗൃഹീതര്‍.
ഞങ്ങള്‍ അവിടുത്തെ ആലയത്തില്‍നിന്ന്,
വിശുദ്ധമന്ദിരത്തില്‍നിന്നു തന്നെ, ലഭിക്കുന്ന
അനുഗ്രഹങ്ങള്‍കൊണ്ടു തൃപ്തരാകും.

5
ഞങ്ങളെ രക്ഷിക്കുന്ന ദൈവമേ,
അവിടുന്നു ഞങ്ങള്‍ക്കുവേണ്ടി അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു.
ഞങ്ങളുടെ അപേക്ഷ കേട്ട് ഞങ്ങളെ വിടുവിച്ചു.
അവിടുന്നാണ് സര്‍വഭൂമിയുടെയും വിദൂരത്തുള്ള സമുദ്രങ്ങളുടെയും പ്രത്യാശ.

6
അവിടുന്നു സ്വശക്തിയാല്‍ പര്‍വതങ്ങളെ ഉറപ്പിച്ചു നിര്‍ത്തിയിരിക്കുന്നു.
അവിടുന്നു ശക്തി ധരിച്ചിരിക്കുന്നു.

7
ആഴിയുടെ മുഴക്കവും തിരമാലകളുടെ
ഗര്‍ജനവും അവിടുന്നു ശമിപ്പിക്കുന്നു.
വിജാതീയരുടെ കലഹം അവിടുന്ന് ഇല്ലാതാക്കുന്നു.

8
ഭൂമിയുടെ വിദൂരസീമകളില്‍ വസിക്കുന്നവരും
അവിടുത്തെ അദ്ഭുതപ്രവൃത്തികള്‍ കണ്ടു ഭയപ്പെടുന്നു.
ഭൂമിയുടെ കിഴക്കുമുതല്‍ പടിഞ്ഞാറേ അറ്റം വരെയുള്ളവര്‍,
അവിടുത്തെ പ്രവൃത്തികള്‍ കണ്ടു ഘോഷിച്ചുല്ലസിക്കുന്നു.

9
അവിടുന്നു മഴ പെയ്യിച്ച് ഭൂമിയെ പരിരക്ഷിക്കുന്നു.
അങ്ങ് അതിനെ അത്യധികം ഫലപുഷ്ടമാക്കുന്നു.
ദൈവത്തിന്‍റെ നദി നിറഞ്ഞൊഴുകുന്നു.
അവിടുന്നു ഭൂമിയെ ഒരുക്കി അവര്‍ക്കു ധാന്യം നല്‌കുന്നു.

10
അവിടുന്നു സമൃദ്ധമായ മഴ നല്‌കി അതിന്‍റെ ഉഴവുചാലുകളെ നനയ്‍ക്കുന്നു.
അവിടുന്നു കട്ട ഉടച്ചു നിരത്തുകയും
മഴ പെയ്യിച്ച് അതിനെ കുതിര്‍ക്കുകയും ചെയ്യുന്നു.
അവിടുന്നു ചെടികള്‍ മുളപ്പിച്ച് അതിനെ അനുഗ്രഹിക്കുന്നു.

11
സമൃദ്ധമായ വിളവുകൊണ്ട് അവിടുന്നു സംവത്സരത്തെ കിരീടം അണിയിക്കുന്നു.
അവിടുന്നു കടന്നുപോകുന്ന പാതകളിലെല്ലാം സമൃദ്ധി വര്‍ഷിക്കുന്നു.

12
മരുഭൂമിയിലെ പുല്‍പ്പുറങ്ങള്‍ സമൃദ്ധിയായി വളരുന്നു.
കുന്നുകള്‍ ആനന്ദമണിയുന്നു.

13
മേച്ചില്‍പ്പുറങ്ങള്‍ ആട്ടിന്‍പറ്റങ്ങളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു.
താഴ്വരകള്‍ ധാന്യംകൊണ്ടു മൂടിയിരിക്കുന്നു.
അവ സന്തോഷംകൊണ്ടു ഘോഷിച്ചുല്ലസിക്കുന്നു.

66

1

ഗായകസംഘനേതാവിന്; ഒരു സങ്കീര്‍ത്തനം

ഭൂവാസികളേ, ആഹ്ലാദംകൊണ്ട് ആര്‍പ്പിട്ട് ദൈവത്തെ സ്തുതിക്കുവിന്‍.

2
അവിടുത്തെ നാമത്തിന്‍റെ മഹത്ത്വം പ്രകീര്‍ത്തിക്കുവിന്‍.
സ്തുതികളര്‍പ്പിച്ച് അവിടുത്തെ മഹത്ത്വപ്പെടുത്തുവിന്‍.

3
അവിടുത്തെ പ്രവൃത്തികള്‍ എത്ര അദ്ഭുതകരം,
അവിടുത്തെ ശക്തിപ്രഭാവത്താല്‍ ശത്രുക്കള്‍ തിരുമുമ്പില്‍ കീഴടങ്ങുന്നു.

4
സര്‍വഭൂവാസികളും അവിടുത്തെ ആരാധിക്കുന്നു.
അവര്‍ അങ്ങേക്കു സ്തോത്രം പറയുന്നു.
തിരുനാമത്തിനു കീര്‍ത്തനം ആലപിക്കുന്നു.

5
ദൈവത്തിന്‍റെ പ്രവൃത്തികള്‍ വന്നുകാണുവിന്‍.
മനുഷ്യരുടെ ഇടയില്‍ അവിടുത്തെ പ്രവൃത്തികള്‍ എത്ര അദ്ഭുതകരം.

6
അവിടുന്നു സമുദ്രത്തെ ഉണങ്ങിയ നിലമാക്കി.
അവര്‍ കാല്‍നടയായി നദി കടന്നു.
അവിടെ ദൈവത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ നാം സന്തോഷിച്ചു.

7
അവിടുന്നു തന്‍റെ ശക്തിപ്രഭാവത്താല്‍ എന്നേക്കും വാഴുന്നു.
അവിടുന്നു അന്യജനതകളെ സൂക്ഷിച്ചുനോക്കുന്നു.
അവിടുത്തേക്ക് എതിരെ മത്സരിക്കുന്നവര്‍ അഹങ്കരിക്കാതിരിക്കട്ടെ.

8
ജനതകളേ, നമ്മുടെ ദൈവത്തെ വാഴ്ത്തുവിന്‍.
അവിടുത്തെ സ്തുതിക്കുന്ന ശബ്ദം ഉയരട്ടെ.

9
അവിടുന്നു നമ്മെ ജീവനോടെ കാക്കുന്നു.
നമ്മുടെ കാല്‍ വഴുതുവാന്‍ അവിടുന്നു സമ്മതിക്കുകയില്ല.

10
ദൈവമേ, അവിടുന്നു ഞങ്ങളെ പരീക്ഷിച്ചു,
വെള്ളി ഉലയില്‍ ഉരുക്കി ശുദ്ധീകരിക്കുന്നതുപോലെ
അവിടുന്നു ഞങ്ങളെ പരിശോധിച്ചു.

11
അവിടുന്നു ഞങ്ങളെ കെണിയില്‍ കുരുക്കി,
ദുര്‍വഹമായ ഭാരം ഞങ്ങളുടെ ചുമലില്‍ വച്ചു.

12
ശത്രുക്കള്‍ ഞങ്ങളെ ചവിട്ടിമെതിക്കാന്‍ അവിടുന്ന് ഇടയാക്കി.
തീയിലും വെള്ളത്തിലും കൂടി ഞങ്ങള്‍ കടക്കേണ്ടിവന്നു.
എങ്കിലും ഇപ്പോള്‍ അവിടുന്നു ഞങ്ങള്‍ക്ക് ഐശ്വര്യം നല്‌കിയിരിക്കുന്നു.

13
ഹോമയാഗങ്ങളുമായി ഞാന്‍ അങ്ങയുടെ ആലയത്തില്‍ വരും;
എന്‍റെ നേര്‍ച്ചകള്‍ ഞാന്‍ നിറവേറ്റും.

14
എന്‍റെ കഷ്ടകാലത്ത് ഞാന്‍ നേര്‍ന്ന നേര്‍ച്ചകള്‍തന്നെ.

15
കൊഴുത്ത മൃഗങ്ങളെ ഞാന്‍ ഹോമയാഗമായി അര്‍പ്പിക്കും;
ഞാന്‍ കാളകളെയും കോലാട്ടുകൊറ്റന്മാരെയും യാഗം അര്‍പ്പിക്കും.
അവയുടെ ധൂമം ആകാശത്തിലേക്കുയരും.

16
ദൈവഭക്തരേ, വന്നു കേള്‍ക്കുവിന്‍,
അവിടുന്ന് എനിക്കുവേണ്ടി ചെയ്തത് ഞാന്‍ വിവരിക്കാം.

17
ഞാന്‍ അവിടുത്തോടു നിലവിളിച്ചു,
എന്‍റെ നാവുകൊണ്ട് ഞാന്‍ അവിടുത്തെ സ്തുതിച്ചു.

18
എന്‍റെ ഹൃദയത്തില്‍ ദുഷ്ടത കുടികൊണ്ടിരുന്നെങ്കില്‍,
സര്‍വേശ്വരന്‍ എന്‍റെ പ്രാര്‍ഥന കേള്‍ക്കുമായിരുന്നില്ല.

19
എന്നാല്‍ അവിടുന്ന് തീര്‍ച്ചയായും എന്‍റെ അപേക്ഷ കേട്ടിരിക്കുന്നു.
എന്‍റെ പ്രാര്‍ഥന അവിടുന്നു ശ്രദ്ധിച്ചിരിക്കുന്നു.

20
ദൈവം വാഴ്ത്തപ്പെടട്ടെ.
എന്‍റെ പ്രാര്‍ഥന അവിടുന്നു തള്ളിക്കളഞ്ഞില്ല.
അവിടുത്തെ സുസ്ഥിരസ്നേഹം എന്നും എന്നോടു കാട്ടുകയും ചെയ്തു.

67

1

ഗായകസംഘനേതാവിന്; ദാവീദിന്‍റെ സങ്കീര്‍ത്തനം

ദൈവം നമ്മോടു കരുണ കാണിക്കുകയും
നമ്മെ അനുഗ്രഹിക്കുകയും ചെയ്യട്ടെ.

2
തിരുഹിതം സര്‍വഭൂവാസികളും അറിയട്ടെ.
അവിടുന്നു രക്ഷിക്കാന്‍ ശക്തനെന്ന് സകല ജനതകളും ഗ്രഹിക്കട്ടെ.

3
ദൈവമേ, ജനതകള്‍ അവിടുത്തെ പ്രകീര്‍ത്തിക്കട്ടെ.
സര്‍വജനങ്ങളും അങ്ങയെ സ്തുതിക്കട്ടെ.

4
ജനതകള്‍ സന്തോഷിക്കുകയും ആനന്ദഗീതം ആലപിക്കുകയും ചെയ്യട്ടെ.
അവിടുന്നു ജനതകളെ നീതിപൂര്‍വം വിധിക്കുന്നു.
ഭൂമിയിലെ സകല ജനപദങ്ങളെയും നയിക്കുന്നു.

5
ദൈവമേ, ജനതകള്‍ അവിടുത്തെ പ്രകീര്‍ത്തിക്കട്ടെ.
സര്‍വജനങ്ങളും അങ്ങയെ സ്തുതിക്കട്ടെ.

6
ഭൂമി നല്ല വിളവു നല്‌കിയിരിക്കുന്നു.
ദൈവം, നമ്മുടെ ദൈവം, നമ്മെ അനുഗ്രഹിച്ചിരിക്കുന്നു.

7
ദൈവം നമ്മെ അനുഗ്രഹിച്ചിരിക്കുന്നു.
സര്‍വഭൂവാസികളും അവിടുത്തോടു ഭക്തിയുള്ളവരാകട്ടെ.

68

1

ഗായകസംഘനേതാവിന്; ദാവീദിന്‍റെ സങ്കീര്‍ത്തനം

ദൈവമേ, എഴുന്നേല്‌ക്കണമേ,
അവിടുത്തെ ശത്രുക്കള്‍ ചിതറിപ്പോകട്ടെ,
ദൈവത്തെ ദ്വേഷിക്കുന്നവര്‍ തിരുമുമ്പില്‍നിന്ന് ഓടിപ്പോകട്ടെ.

2
കാറ്റില്‍പ്പെട്ട പുകപോലെ അവര്‍ പാറിപ്പോകട്ടെ.
തീയുടെ മുമ്പില്‍ മെഴുകെന്നപോലെ ദുഷ്ടര്‍ തിരുമുമ്പില്‍ നശിക്കട്ടെ.

3
എന്നാല്‍ നീതിമാന്മാര്‍ സന്തോഷിക്കട്ടെ,
അവിടുത്തെ സന്നിധിയില്‍ അവര്‍ ആഹ്ലാദിക്കട്ടെ.
അവര്‍ ആനന്ദഭരിതരാകട്ടെ.

4
ദൈവത്തിനു സ്തുതി പാടുവിന്‍,
തിരുനാമത്തിനു സ്തുതിഗീതം ആലപിക്കുവിന്‍.
മേഘങ്ങളില്‍ സഞ്ചരിക്കുന്നവന്,
സ്തോത്രഗീതം ആലപിക്കുവിന്‍.
സര്‍വേശ്വരന്‍ എന്നാണ് അവിടുത്തെ നാമം,
അവിടുത്തെ സന്നിധിയില്‍ ആനന്ദിക്കുവിന്‍.

5
വിശുദ്ധമന്ദിരത്തില്‍ വസിക്കുന്ന ദൈവം,
അനാഥര്‍ക്കു പിതാവും വിധവകള്‍ക്കു സംരക്ഷകനും ആകുന്നു.

6
ഏകാകിക്ക് അവിടുന്നു കുടുംബം നല്‌കുന്നു.
അവിടുന്നു ബന്ദികളെ സ്വതന്ത്രരാക്കി ഐശ്വര്യത്തിലേക്കു നയിക്കുന്നു.
എന്നാല്‍, ദൈവത്തോടു മത്സരിക്കുന്നവര്‍ വരണ്ട ഭൂമിയില്‍ പാര്‍ക്കും.

7
ദൈവമേ, അവിടുത്തെ ജനത്തെ അങ്ങു നയിച്ചപ്പോള്‍,
മരുഭൂമിയിലൂടെ അങ്ങ് അവരുടെ മുമ്പില്‍ നടന്നപ്പോള്‍,

8
ഇസ്രായേലിന്‍റെ ദൈവത്തിന്‍റെ സന്നിധിയില്‍,
സീനായിയിലെ ദൈവത്തിന്‍റെ സാന്നിധ്യത്തില്‍തന്നെ,
ഭൂമി കുലുങ്ങി, ആകാശം മഴ ചൊരിഞ്ഞു.

9
ദൈവമേ, അങ്ങു സമൃദ്ധമായി മഴ പെയ്യിച്ചു,
അങ്ങയുടെ വാടിക്കരിഞ്ഞ ദേശത്തെ അവിടുന്നു പൂര്‍വസ്ഥിതിയിലാക്കി.

10
അങ്ങയുടെ അജഗണം അവിടെ പാര്‍ത്തു.
അവിടുത്തെ നന്മയാല്‍ എളിയവര്‍ക്കു വേണ്ടതെല്ലാം അവിടുന്നു നല്‌കി.

11
സര്‍വേശ്വരന്‍ കല്പന നല്‌കുന്നു.
വലിയൊരു ഗണം സ്‍ത്രീകള്‍ സുവാര്‍ത്ത അറിയിക്കുന്നു.

12
[12,13] രാജാക്കന്മാര്‍ സൈന്യങ്ങളോടൊപ്പം പലായനം ചെയ്യുന്നു.
നിങ്ങള്‍ ആടുകളുടെ ആലയില്‍ ഒളിച്ചിരിക്കുന്നുവോ?
വീടുകളിലുള്ള സ്‍ത്രീകള്‍ കവര്‍ച്ചമുതല്‍ പങ്കിടുന്നു.
ഇതാ, വെള്ളിച്ചിറകുകളും പൊന്‍തൂവലുകളുമുള്ള പ്രാവുകളുടെ രൂപങ്ങള്‍.

13

14
സര്‍വശക്തനായ ദൈവം രാജാക്കന്മാരെ ചിതറിച്ചപ്പോള്‍
സല്മോന്‍മലയില്‍ ഹിമം പെയ്തു.

15
ഉത്തുംഗമായ ബാശാന്‍പര്‍വതമേ,
നിരവധി കൊടുമുടികളുള്ള പര്‍വതമേ;

16
ദൈവം വസിക്കാന്‍ തിരഞ്ഞെടുത്ത പര്‍വതത്തെ;
നീ എന്തിന് അസൂയയോടെ നോക്കുന്നു?
സര്‍വേശ്വരന്‍ അവിടെ എന്നേക്കും വസിക്കും.

17
ശക്തിയേറിയ ബഹുസഹസ്രം രഥങ്ങളോടുകൂടെ;
സര്‍വേശ്വരന്‍ സീനായിയില്‍നിന്ന് വിശുദ്ധസ്ഥലത്തേക്കു വന്നു.

18
അവിടുന്ന് ഉന്നതമായ ഗിരിയിലേക്കു കയറി
ബന്ദികളെ അവിടുന്നു കൂടെ കൊണ്ടുപോയി.
അവിടുന്നു മനുഷ്യരില്‍നിന്ന്, അങ്ങയോടു മത്സരിച്ചവരില്‍ നിന്നുപോലും കാഴ്ചകള്‍ സ്വീകരിച്ചു.
ദൈവമായ സര്‍വേശ്വരന്‍ അവിടെ വസിക്കും,

19
ദിനംതോറും നമ്മുടെ ഭാരങ്ങളെ വഹിക്കുന്ന സര്‍വേശ്വരന്‍ വാഴ്ത്തപ്പെടട്ടെ.
നമ്മെ രക്ഷിക്കുന്നത് അവിടുന്നാണ്.

20
നമ്മുടെ ദൈവം രക്ഷിക്കുന്ന ദൈവമാകുന്നു.
സര്‍വശക്തനായ സര്‍വേശ്വരനാണ് മരണത്തില്‍നിന്നുള്ള മോചനം നല്‌കുന്നത്.

21
ദൈവം തന്‍റെ ശത്രുക്കളുടെ ശിരസ്സു തകര്‍ക്കും.
ദുര്‍മാര്‍ഗത്തില്‍ ചരിക്കുന്നവരുടെ കേശാലംകൃതമായ ശിരസ്സുകള്‍ തന്നെ.

22
സര്‍വേശ്വരന്‍ അരുളിച്ചെയ്തു:
“ഞാന്‍ നിന്‍റെ ശത്രുക്കളെ ബാശാനില്‍നിന്നു തിരിച്ചുകൊണ്ടുവരും.
ആഴിയുടെ അടിത്തട്ടില്‍നിന്നു ഞാന്‍ അവരെ മടക്കിവരുത്തും.

23
നിങ്ങളുടെ കാലുകള്‍ അവരുടെ രക്തത്തില്‍ മുക്കുന്നതിനും
നിങ്ങളുടെ നായ്‍ക്കള്‍ അതു നക്കിക്കുടിക്കുന്നതിനും തന്നെ.”

24
ദൈവമേ, അങ്ങയുടെ എഴുന്നള്ളത്ത് അവര്‍ കണ്ടു,
എന്‍റെ രാജാവും എന്‍റെ ദൈവവുമായ അങ്ങ്
വിശുദ്ധമന്ദിരത്തിലേക്ക് എഴുന്നള്ളുന്നതു തന്നെ.

25
മുമ്പില്‍ ഗായകരും പിമ്പില്‍ വാദ്യക്കാരും
നടുവില്‍ തപ്പു കൊട്ടുന്ന കന്യകമാരും നടന്നു.

26
ആരാധകരുടെ മഹാസഭയില്‍ ദൈവമായ സര്‍വേശ്വരനെ വാഴ്ത്തുവിന്‍.
ഇസ്രായേലിന്‍റെ സന്തതികളേ, സര്‍വേശ്വരനെ വാഴ്ത്തുവിന്‍!

27
അവരില്‍ ഏറ്റവും ചെറിയ ബെന്യാമീന്‍ ഗോത്രക്കാര്‍ മുമ്പിലും,
അവരുടെ പിമ്പില്‍ യെഹൂദാപ്രഭുക്കന്മാരുടെ സംഘവും
സെബൂലൂന്‍, നഫ്താലി ഗോത്രപ്രഭുക്കന്മാര്‍ അവരുടെ പിന്നിലുമായി നടന്നു.

28
ദൈവമേ, അവിടുത്തെ ശക്തി പ്രകടിപ്പിച്ചാലും;
ഞങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചിട്ടുള്ള ദൈവമേ,
അവിടുത്തെ ശക്തി വെളിപ്പെടുത്തിയാലും.

29
യെരൂശലേമിലുള്ള അവിടുത്തെ ആലയത്തിലേക്ക്,
അങ്ങേക്കുള്ള കാഴ്ചകളുമായി രാജാക്കന്മാര്‍ വരുന്നു.

30
ഈജിപ്തിനെ ശാസിക്കണമേ,
ഞാങ്ങണയുടെ ഇടയില്‍ വസിക്കുന്ന ഹിംസ്രജന്തുവിനെതന്നെ.
ജനതകളെ ശാസിക്കണമേ.
പശുക്കിടാങ്ങളോടുകൂടിയ കാളക്കൂറ്റന്മാരെ തന്നെ.
കപ്പം മോഹിക്കുന്ന ജനതകളെ ചവിട്ടി മെതിക്കണമേ
യുദ്ധപ്രിയരായ ജനതകളെ ചിതറിക്കണമേ.

31
ഈജിപ്തില്‍നിന്ന് ഓടു കൊണ്ടുവരട്ടെ;
എത്യോപ്യക്കാര്‍ ദൈവത്തിങ്കലേക്കു വേഗം കൈ നീട്ടട്ടെ.

32
ഭൂമിയിലെ രാജ്യങ്ങളേ, ദൈവത്തിനു കീര്‍ത്തനം പാടുവിന്‍.

33
ആകാശത്തില്‍, പുരാതനമായ സ്വര്‍ഗങ്ങളില്‍,
സഞ്ചരിക്കുന്ന സര്‍വേശ്വരനു സ്തുതി പാടുവിന്‍.
അവിടുത്തെ ഗംഭീരനാദം ശ്രദ്ധിക്കുക.

34
ദൈവം സര്‍വശക്തനെന്നു പ്രഘോഷിക്കുവിന്‍;
അവിടുന്ന് ഇസ്രായേലിനെ ഭരിക്കുന്ന രാജാവാകുന്നു.
അവിടുത്തെ ശക്തി ആകാശം വെളിപ്പെടുത്തുന്നു.

35
ഇസ്രായേലിന്‍റെ ദൈവം തന്‍റെ വിശുദ്ധമന്ദിരത്തില്‍ ഭീതിദനാണ്.
അവിടുന്നു തന്‍റെ ജനത്തിനു ശക്തിയും ബലവും നല്‌കുന്നു.
ദൈവം വാഴ്ത്തപ്പെടട്ടെ.

69

1

ഗായകസംഘനേതാവിന്; സാരസരാഗത്തില്‍ ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം.

ദൈവമേ, എന്നെ രക്ഷിക്കണമേ,
വെള്ളം എന്‍റെ കഴുത്തോളം എത്തിയിരിക്കുന്നു.

2
ആഴമുള്ള ചേറ്റില്‍ ഞാന്‍ താഴുന്നു;
ചുവടുറപ്പിക്കാന്‍ എനിക്കു കഴിയുന്നില്ല.
കൊടുംകയത്തില്‍ ഞാന്‍ പെട്ടിരിക്കുന്നു,
വെള്ളം എന്‍റെ മീതെ കവിഞ്ഞൊഴുകുന്നു;

3
കരഞ്ഞുകരഞ്ഞു ഞാന്‍ തളരുന്നു.
എന്‍റെ തൊണ്ട വരളുന്നു.
ദൈവത്തെ കാത്തിരുന്ന് എന്‍റെ കണ്ണു മങ്ങുന്നു.

4
കാരണം കൂടാതെ എന്നെ ദ്വേഷിക്കുന്നവര്‍,
എന്‍റെ തലയിലെ രോമങ്ങളെക്കാള്‍ അധികം.
എന്നെ നശിപ്പിക്കാന്‍ ഒരുങ്ങുന്നവര്‍ പ്രബലരാണ്.
അവര്‍ എനിക്കെതിരെ വ്യാജം പറയുന്നു.
ഞാന്‍ മോഷ്‍ടിക്കാത്തതു തിരികെ കൊടുക്കേണ്ടിവരുന്നു.

5
ദൈവമേ, എന്‍റെ അപരാധങ്ങള്‍ അങ്ങയില്‍ നിന്നു മറഞ്ഞിരിക്കുന്നില്ല.
എന്‍റെ ഭോഷത്തം അവിടുന്ന് അറിയുന്നു.

6
സര്‍വശക്തനായ ദൈവമേ, സര്‍വേശ്വരാ,
അങ്ങയില്‍ പ്രത്യാശ വയ്‍ക്കുന്നവര്‍,
എനിക്കുണ്ടാകുന്ന അപമാനം നിമിത്തം ലജ്ജിച്ചുപോകരുതേ.
ഇസ്രായേലിന്‍റെ ദൈവമേ, അങ്ങയെ ആരാധിക്കുന്നവര്‍,
ഞാന്‍ നിന്ദിക്കപ്പെടുന്നതുമൂലം അപമാനിതരാകരുതേ.

7
അങ്ങേക്കുവേണ്ടിയാണല്ലോ ഞാന്‍ നിന്ദ സഹിച്ചത്.
ലജ്ജ എന്നെ പൊതിയുന്നു.

8
എന്‍റെ സഹോദരന്മാര്‍ക്കു ഞാന്‍ അപരിചിതനും
എന്‍റെ കൂടെപ്പിറപ്പുകള്‍ക്കു ഞാന്‍ അന്യനുമായി തീര്‍ന്നിരിക്കുന്നു.

9
അങ്ങയുടെ ആലയത്തെക്കുറിച്ചുള്ള തീക്ഷ്ണത എന്നെ വിഴുങ്ങിക്കളഞ്ഞു.
അങ്ങയെ നിന്ദിക്കുന്നവരുടെ വാക്കുകള്‍ എന്‍റെമേല്‍ പതിക്കുന്നു.

10
ഉപവാസത്താല്‍ ഞാന്‍ എന്നെത്തന്നെ വിനയപ്പെടുത്തി.
അതും എനിക്കു നിന്ദയ്‍ക്കു കാരണമായി.

11
ഞാന്‍ വിലാപവസ്ത്രം ധരിച്ചു,
ഞാന്‍ അവര്‍ക്ക് പഴഞ്ചൊല്ലായിത്തീര്‍ന്നു.

12
ഞാന്‍ പട്ടണവാതില്‌ക്കലിരിക്കുന്നവരുടെ സംസാരവിഷയമാണ്.
മദ്യപന്മാര്‍ എന്നെക്കുറിച്ചു പാട്ടു ചമയ്‍ക്കുന്നു.

13
എങ്കിലും സര്‍വേശ്വരാ, ഞാന്‍ അങ്ങയോടു പ്രാര്‍ഥിക്കുന്നു.
തിരുവുള്ളമുണ്ടാകുമ്പോള്‍ ഉത്തരമരുളണമേ.
അവിടുത്തെ അളവറ്റ സ്നേഹത്താല്‍ എന്നെ രക്ഷിക്കണമേ.

14
ചേറില്‍ താണുപോകാതെ എന്നെ രക്ഷിക്കണമേ.
ശത്രുക്കളില്‍നിന്ന് എന്നെ വിടുവിക്കണമേ.
ആഴമുള്ള വെള്ളത്തില്‍നിന്നും എന്നെ രക്ഷിക്കണമേ

15
വെള്ളം എന്‍റെ മീതെ കവിഞ്ഞൊഴുകരുതേ!
ആഴം എന്നെ മൂടരുതേ, പാതാളം എന്നെ വിഴുങ്ങരുതേ.

16
സര്‍വേശ്വരാ, എനിക്കുത്തരമരുളണമേ.
അവിടുത്തെ അചഞ്ചലസ്നേഹം ശ്രേഷ്ഠമാണല്ലോ.
അവിടുന്നെന്നെ കടാക്ഷിക്കണമേ.
അവിടുന്നു കരുണാസമ്പന്നനാണല്ലോ.

17
അവിടുന്ന് ഈ ദാസരില്‍നിന്നും മറഞ്ഞിരിക്കരുതേ.
ഞാന്‍ കഷ്ടതയിലായിരിക്കുന്നു.
വൈകാതെ എനിക്ക് ഉത്തരമരുളണമേ.

18
അവിടുന്ന് എന്‍റെ അടുത്തുവന്ന് എന്നെ രക്ഷിക്കണമേ,
എന്‍റെ ശത്രുക്കളില്‍നിന്ന് എന്നെ വിടുവിക്കണമേ.

19
ഞാന്‍ സഹിച്ച നിന്ദയും ലജ്ജയും അപമാനവും അവിടുന്നു അറിയുന്നു.
എന്‍റെ ശത്രുക്കളെ അവിടുന്ന് കാണുന്നുവല്ലോ.

20
ശത്രുക്കളുടെ അധിക്ഷേപം എന്നെ തകര്‍ത്തിരിക്കുന്നു; ഞാന്‍ നിരാശനായിരിക്കുന്നു.
സഹതപിക്കുന്നവരുണ്ടോ എന്നു ഞാന്‍ നോക്കി, ആരെയും കണ്ടില്ല.
ആശ്വസിപ്പിക്കാന്‍ ആരെങ്കിലുമുണ്ടോ എന്ന് അന്വേഷിച്ചു.
ആരെയും കണ്ടെത്തിയില്ല.

21
എനിക്കു വിശന്നപ്പോള്‍ അവര്‍ ഭക്ഷണത്തിനു പകരം വിഷം തന്നു;
ദാഹിച്ചപ്പോള്‍ അവര്‍ എനിക്കു പുളിച്ച വീഞ്ഞു നല്‌കി.

22
അവരുടെ വിരുന്നുകള്‍ അവര്‍ക്ക് കെണിയായിത്തീരട്ടെ!
അവരുടെ യാഗോത്സവങ്ങള്‍ അവര്‍ക്കു കുരുക്കായിത്തീരട്ടെ!

23
അവരുടെ കണ്ണുകള്‍ ഇരുണ്ട് അന്ധമാകട്ടെ,
അവരുടെ അരക്കെട്ട് ദുര്‍ബലമായി എപ്പോഴും വിറയ്‍ക്കട്ടെ.

24
അങ്ങയുടെ രോഷം അവരുടെമേല്‍ ചൊരിയണമേ;
അങ്ങയുടെ ക്രോധം അവരെ ഗ്രസിക്കട്ടെ.

25
അവരുടെ വാസസ്ഥലം ശൂന്യമായിപ്പോകട്ടെ;
അവരുടെ കൂടാരങ്ങള്‍ നിര്‍ജനമാകട്ടെ.

26
അവിടുന്നു പ്രഹരിച്ചവനെ അവര്‍ പീഡിപ്പിക്കുന്നു.
അവിടുന്നു മുറിവേല്പിച്ചവനെ അവര്‍ വീണ്ടും ദണ്ഡിപ്പിക്കുന്നു.

27
അവര്‍ക്കു മേല്‌ക്കുമേല്‍ ശിക്ഷ നല്‌കണമേ, അവരോടു ക്ഷമിക്കരുതേ.

28
ജീവിക്കുന്നവരുടെ പുസ്തകത്തില്‍നിന്ന്
അവരുടെ പേരുകള്‍ മായിച്ചുകളയണമേ.
നീതിമാന്മാരുടെ പട്ടികയില്‍ അവരെ ചേര്‍ക്കരുതേ.

29
ഞാന്‍ പീഡിതനും ദുഃഖിതനുമാണ്.
ദൈവമേ, എന്നെ രക്ഷിച്ചു സുരക്ഷിതസ്ഥാനത്താക്കണമേ.

30
ഞാന്‍ ദൈവത്തെ പാടിപ്പുകഴ്ത്തും,
ഞാന്‍ കൃതജ്ഞതയോടെ അവിടുത്തെ മഹത്ത്വം പ്രഘോഷിക്കും.

31
അതു കാളയെയോ കൊമ്പും കുളമ്പുമുള്ള കാളക്കൂറ്റനെയോ,
യാഗമര്‍പ്പിക്കുന്നതിനെക്കാള്‍ സര്‍വേശ്വരനു പ്രസാദകരമത്രേ.

32
പീഡിതര്‍ അതു കണ്ട് സന്തോഷിക്കട്ടെ.
ദൈവത്തെ ആരാധിക്കുന്നവരേ, നിങ്ങള്‍ ഉന്മേഷഭരിതരാകുവിന്‍.

33
സര്‍വേശ്വരന്‍ ദരിദ്രരുടെ പ്രാര്‍ഥന കേള്‍ക്കുന്നു.
ബന്ധനസ്ഥരായ സ്വജനത്തെ അവിടുന്നു മറന്നുകളയുകയില്ല.

34
ആകാശവും ഭൂമിയും സമുദ്രങ്ങളും,
അവയില്‍ ചരിക്കുന്ന സര്‍വജീവജാലങ്ങളും ദൈവത്തെ പ്രകീര്‍ത്തിക്കട്ടെ.

35
ദൈവം സീയോനെ രക്ഷിക്കും;
യെഹൂദാനഗരങ്ങള്‍ അവിടുന്നു വീണ്ടും പണിയും.
അവിടുത്തെ ദാസര്‍ അവിടെ പാര്‍ത്ത് അതു കൈവശമാക്കും.

36
അവിടുത്തെ ദാസന്മാരുടെ സന്തതികള്‍ അത് അവകാശമാക്കും.
അവിടുത്തെ സ്നേഹിക്കുന്നവര്‍ അവിടെ വസിക്കുകയും ചെയ്യും.

70

1

ഗായകസംഘനേതാവിന്; ദാവീദിന്‍റെ സങ്കീര്‍ത്തനം

ദൈവമേ, എന്നെ രക്ഷിക്കണമേ,
സര്‍വേശ്വരാ, എന്നെ സഹായിക്കാന്‍ വേഗം വരണമേ.

2
എന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍
ലജ്ജിതരും പരിഭ്രാന്തരും ആകട്ടെ;
എന്‍റെ അനര്‍ഥം കാംക്ഷിക്കുന്നവര്‍,
പിന്തിരിഞ്ഞ് അപമാനിതരായിത്തീരട്ടെ.

3
‘നന്നായി, നന്നായി’ എന്നു പറഞ്ഞ് എന്നെ പരിഹസിക്കുന്നവര്‍
പരാജയംമൂലം പരിഭ്രാന്തരാകട്ടെ.

4
അങ്ങയെ അന്വേഷിക്കുന്ന ഏവരും അങ്ങയില്‍ ആനന്ദിക്കട്ടെ.
അവിടുന്നു നല്‌കുന്ന വിമോചനത്തിനായി കാംക്ഷിക്കുന്നവര്‍,
“ദൈവം എത്ര വലിയവന്‍” എന്ന് എപ്പോഴും ഘോഷിക്കട്ടെ.

5
ഞാന്‍ എളിയവനും ദരിദ്രനുമാണ്.
ദൈവമേ, എന്‍റെ അടുക്കലേക്കു വേഗം വരണമേ.
അവിടുന്ന് എന്‍റെ സഹായകനും വിമോചകനുമാണ്.
സര്‍വേശ്വരാ, വൈകരുതേ.

71

1

സര്‍വേശ്വരാ, ഞാന്‍ അങ്ങയെ അഭയം പ്രാപിക്കുന്നു;
ലജ്ജിതനാകാന്‍ എനിക്ക് ഇടയാകരുതേ.

2
അവിടുന്നു നീതിപൂര്‍വം വിധിക്കുന്ന ദൈവമാണല്ലോ,
എന്നെ വിടുവിച്ചു രക്ഷിക്കണമേ.
എന്‍റെ അപേക്ഷ കേട്ട് എന്നെ രക്ഷിക്കണമേ.

3
അവിടുന്ന് എന്‍റെ അഭയശിലയും
എന്നെ രക്ഷിക്കുന്ന ബലമുള്ള കോട്ടയും ആയിരിക്കണമേ.
അവിടുന്നാണ് എന്‍റെ അഭയശിലയും രക്ഷാദുര്‍ഗവും.

4
ദൈവമേ, ദുഷ്ടന്‍റെ കൈയില്‍നിന്നും
നീതികെട്ട ക്രൂരന്‍റെ പിടിയില്‍നിന്നും എന്നെ വിടുവിക്കണമേ!

5
സര്‍വേശ്വരാ, അങ്ങാണ് എന്‍റെ പ്രത്യാശ.
ബാല്യംമുതല്‍ അങ്ങാണ് എന്‍റെ ആശ്രയം.

6
ജനനംമുതല്‍ ഞാന്‍ അങ്ങയെ ആശ്രയിച്ചു.
അമ്മയുടെ ഉദരത്തില്‍നിന്ന് എന്നെ പുറത്തെടുത്തത് അവിടുന്നാണ്.
ഞാന്‍ എപ്പോഴും അങ്ങയെ സ്തുതിക്കുന്നു.

7
ഞാന്‍ പലര്‍ക്കും ഒരു ദുശ്ശകുനമായിരിക്കുന്നു.
എന്നാല്‍, എന്‍റെ സുശക്തമായ സങ്കേതം അവിടുന്നാണല്ലോ.

8
ഞാന്‍ എപ്പോഴും അവിടുത്തെ സ്തുതിക്കുന്നു.
അവിടുത്തെ മഹത്ത്വം ഞാന്‍ നിരന്തരം പ്രഘോഷിക്കുന്നു.

9
വാര്‍ധക്യകാലത്ത് എന്നെ തള്ളിക്കളയരുതേ!
ബലം ക്ഷയിക്കുമ്പോള്‍ എന്നെ ഉപേക്ഷിക്കയുമരുതേ.

10
എന്‍റെ ശത്രുക്കള്‍ എന്നെക്കുറിച്ചു സംസാരിക്കുന്നു.
എന്നെ അപായപ്പെടുത്താന്‍ നോക്കുന്നവര്‍ കൂടിയാലോചിക്കുന്നു.

11
“അവനെ പിന്തുടര്‍ന്നു പിടികൂടുവിന്‍;
ദൈവം അവനെ ഉപേക്ഷിച്ചിരിക്കുന്നു;
അവനെ രക്ഷിക്കാനാരുമില്ല” എന്ന് അവര്‍ പറയുന്നു.

12
ദൈവമേ, എന്നില്‍നിന്ന് അകന്നിരിക്കരുതേ!
എന്‍റെ ദൈവമേ, എന്നെ സഹായിക്കാന്‍ വേഗം വരണമേ!

13
എന്നില്‍ കുറ്റം ചുമത്തുന്നവര്‍ ലജ്ജിക്കുകയും നശിക്കുകയും ചെയ്യട്ടെ.
എന്നെ ദ്രോഹിക്കാന്‍ ശ്രമിക്കുന്നവര്‍, നിന്ദിതരും അപമാനിതരും ആകട്ടെ.

14
ഞാന്‍ എന്നും അങ്ങയില്‍ പ്രത്യാശ അര്‍പ്പിക്കും.
ഞാനങ്ങയെ അനവരതം സ്തുതിക്കും.

15
അങ്ങയുടെ നീതിപൂര്‍വകവും രക്ഷാകരവുമായ പ്രവൃത്തികളെ ഞാന്‍ എപ്പോഴും വിവരിക്കും.
അവ എന്‍റെ അറിവിന് അപ്രാപ്യംതന്നെ.

16
ദൈവമായ സര്‍വേശ്വരന്‍റെ ശക്തമായ പ്രവൃത്തികളുടെ സാക്ഷ്യമായി ഞാന്‍ വരും.
അവിടുത്തെ നീതിയെ മാത്രം ഞാന്‍ പ്രകീര്‍ത്തിക്കും.

17
ദൈവമേ, ബാല്യംമുതല്‍ അവിടുന്നെന്നെ പഠിപ്പിച്ചു.
അവിടുത്തെ അദ്ഭുതപ്രവൃത്തികള്‍ ഞാനിപ്പോഴും പ്രഘോഷിക്കുന്നു.

18
ദൈവമേ, വാര്‍ധക്യവും നരയും ബാധിച്ച എന്നെ ഉപേക്ഷിക്കരുതേ.
അവിടുത്തെ പ്രഭാവവും ശക്തിയും വരുംതലമുറകളെ അറിയിക്കാന്‍ എനിക്കിടയാക്കണമേ!

19
ദൈവമേ, അവിടുത്തെ നീതി അത്യുന്നതമായിരിക്കുന്നു.
അവിടുന്നു വന്‍കാര്യങ്ങള്‍ പ്രവര്‍ത്തിച്ചിരിക്കുന്നു.
ദൈവമേ, അങ്ങേക്കു തുല്യനായി ആരുമില്ലല്ലോ.

20
കഠിനമായ കഷ്ടതകള്‍ അവിടുന്ന് എനിക്കു തന്നു,
എങ്കിലും അവിടുന്ന് എനിക്കു വീണ്ടും നവജീവന്‍ നല്‌കും.
പാതാളത്തില്‍നിന്ന് അവിടുന്ന് എന്നെ കരകയറ്റും.

21
അവിടുന്ന് എന്‍റെ മഹത്ത്വം വര്‍ധിപ്പിക്കുകയും
എന്നെ വീണ്ടും ആശ്വസിപ്പിക്കുകയും ചെയ്യും.

22
ഞാന്‍ വീണ മീട്ടി അവിടുത്തെ വിശ്വസ്തതയെ പ്രകീര്‍ത്തിക്കും.
ഇസ്രായേലിന്‍റെ പരിശുദ്ധനായ ദൈവമേ,
കിന്നരം മീട്ടി ഞാന്‍ അങ്ങേക്കു കീര്‍ത്തനം പാടും.

23
ഞാന്‍ അങ്ങയെ പ്രകീര്‍ത്തിക്കുമ്പോള്‍,
ഞാന്‍ സര്‍വാത്മനാ ആനന്ദംകൊണ്ട് ആര്‍ത്തുവിളിക്കും.
അവിടുന്ന് എന്നെ രക്ഷിച്ചുവല്ലോ!

24
അവിടുത്തെ നീതിപൂര്‍വകമായ പ്രവൃത്തികള്‍ ഞാന്‍ നിരന്തരം ഘോഷിക്കും.
എന്നെ ദ്രോഹിക്കാന്‍ നോക്കിയവര്‍ ലജ്ജിതരും അപമാനിതരും ആയിത്തീര്‍ന്നിരിക്കുന്നു.

72

1

ശലോമോന്‍റെ ഒരു സങ്കീര്‍ത്തനം

ദൈവമേ, രാജാവിന് അങ്ങയുടെ നീതിബോധവും
അദ്ദേഹത്തിന് അങ്ങയുടെ ധര്‍മനിഷ്ഠയും നല്‌കണമേ.

2
അങ്ങയുടെ ജനത്തെ അദ്ദേഹം ധര്‍മനിഷ്ഠയോടെ ഭരിക്കട്ടെ.
എളിയവരെ നീതിയോടെ പരിപാലിക്കട്ടെ.

3
നീതിനിഷ്ഠയാല്‍, കുന്നുകളിലും മലകളിലും ഐശ്വര്യം പൊലിക്കട്ടെ.

4
എളിയവര്‍ക്കു രാജാവ് ന്യായം പാലിച്ചു കൊടുക്കട്ടെ.
ദരിദ്രരെ അദ്ദേഹം രക്ഷിക്കട്ടെ;
മര്‍ദകരെ തകര്‍ക്കുകയും ചെയ്യട്ടെ;

5
സൂര്യനും ചന്ദ്രനും ഉള്ള കാലത്തോളം
രാജാവിന്‍റെ ഭരണം നിലനില്‌ക്കട്ടെ.

6
അദ്ദേഹത്തിന്‍റെ ഭരണം ജനങ്ങള്‍ക്ക്
വെട്ടിയൊരുക്കിയ പുല്‍പ്പുറങ്ങളില്‍ പെയ്യുന്ന മഴപോലെയും,
ഭൂമിയെ നനയ്‍ക്കുന്ന വന്മഴ പോലെയും ആകട്ടെ.

7
അദ്ദേഹത്തിന്‍റെ ഭരണകാലത്ത് നീതി തഴച്ചുവളരട്ടെ.
ചന്ദ്രനുള്ളിടത്തോളം കാലം ഐശ്വര്യം വിളയട്ടെ.

8
സമുദ്രംമുതല്‍ സമുദ്രംവരെയും
നദിമുതല്‍ ഭൂമിയുടെ അറ്റംവരെയും അദ്ദേഹം ഭരിക്കട്ടെ.

9
ശത്രുക്കള്‍ അദ്ദേഹത്തിന്‍റെ മുമ്പില്‍ തല കുനിക്കട്ടെ.
അവര്‍ അദ്ദേഹത്തിന്‍റെ പാദധൂളി രുചിക്കട്ടെ.

10
തര്‍ശ്ശീശിലെയും ദ്വീപുകളിലെയും
രാജാക്കന്മാര്‍ അദ്ദേഹത്തിനു കപ്പം കൊടുക്കട്ടെ.
ശെബയിലെയും സെബയിലെയും
ഭരണാധികാരികള്‍ കാഴ്ചകള്‍ കൊണ്ടുവരട്ടെ.

11
എല്ലാ രാജാക്കന്മാരും അദ്ദേഹത്തെ നമിക്കട്ടെ.
എല്ലാ ജനതകളും അദ്ദേഹത്തെ സേവിക്കട്ടെ.

12
അദ്ദേഹം നിലവിളിക്കുന്ന ദരിദ്രനെയും
നിസ്സഹായനായ എളിയവനെയും വിടുവിക്കുന്നു.

13
ദരിദ്രനോടും ദുര്‍ബലനോടും അദ്ദേഹം കരുണ കാണിക്കും.
ദരിദ്രരെ അദ്ദേഹം രക്ഷിക്കും.

14
പീഡനത്തില്‍നിന്നും അക്രമത്തില്‍നിന്നും അദ്ദേഹം അവരെ വിടുവിക്കും.
അവരുടെ ജീവന്‍ അദ്ദേഹത്തിനു വിലയേറിയതായിരിക്കും.

15
അദ്ദേഹം നീണാള്‍ വാഴട്ടെ.
ശെബയിലെ സ്വര്‍ണം അദ്ദേഹത്തിനു കാഴ്ചയായി ലഭിക്കട്ടെ.
ജനങ്ങള്‍ അദ്ദേഹത്തിനുവേണ്ടി ഇടവിടാതെ പ്രാര്‍ഥിക്കട്ടെ.
അദ്ദേഹത്തിന്‍റെ അനുഗ്രഹത്തിനായി എപ്പോഴും അവര്‍ പ്രാര്‍ഥിക്കട്ടെ.

16
ദേശത്ത് ധാന്യസമൃദ്ധി ഉണ്ടാകട്ടെ,
മലകളില്‍ കതിര്‍ക്കുലകള്‍ വിളഞ്ഞുലയട്ടെ.
അവയുടെ വിളവ് ലെബാനോന്‍ മലകളിലെപ്പോലെ സമൃദ്ധമാകട്ടെ!
വയലില്‍ പുല്ലു നിറഞ്ഞു നില്‌ക്കുന്നതുപോലെ
നഗരങ്ങള്‍ ജനങ്ങളെക്കൊണ്ടു നിറയട്ടെ.

17
രാജാവിന്‍റെ നാമം എന്നും ജനങ്ങള്‍ സ്മരിക്കട്ടെ.
സൂര്യനുള്ളിടത്തോളം കാലം അദ്ദേഹത്തിന്‍റെ കീര്‍ത്തി നിലനില്‌ക്കട്ടെ.
ജനതകള്‍ അദ്ദേഹം നിമിത്തം അനുഗ്രഹിക്കപ്പെടും.
സര്‍വജനതകളും അദ്ദേഹത്തെ ഭാഗ്യവാന്‍ എന്നു വിളിക്കും.

18
ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ വാഴ്ത്തപ്പെടട്ടെ.
അവിടുന്നു മാത്രമാണ് അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

19
അവിടുത്തെ മഹത്ത്വമുള്ള നാമം എന്നും വാഴ്ത്തപ്പെടട്ടെ.
ഭൂമി മുഴുവന്‍ അവിടുത്തെ മഹത്ത്വംകൊണ്ടു നിറയട്ടെ. ആമേന്‍. ആമേന്‍.

20
ഇശ്ശായിയുടെ പുത്രനായ ദാവീദിന്‍റെ
പ്രാര്‍ഥനകള്‍ ഇവിടെ അവസാനിക്കുന്നു.

73

1

ആസാഫിന്‍റെ ഒരു സങ്കീര്‍ത്തനം

ദൈവം ഇസ്രായേല്‍ജനത്തിനു നല്ലവനാണു നിശ്ചയം.
ഹൃദയനൈര്‍മ്മല്യമുള്ളവര്‍ക്കുതന്നെ.

2
എന്‍റെ കാലുകള്‍ ഇടറാന്‍ ഭാവിച്ചു;
കാലടികള്‍ വഴുതാന്‍ തുടങ്ങി.

3
ദുഷ്ടരുടെ ഐശ്വര്യം കണ്ടിട്ട് എനിക്ക് ആ അഹങ്കാരികളോട് അസൂയ തോന്നി.

4
അവര്‍ക്കു വേദനകളില്ല;
അവര്‍ അരോഗദൃഢഗാത്രരായിരിക്കുന്നു.

5
മറ്റുള്ളവരെപ്പോലെ അവര്‍ക്കു കഷ്ടതകളും പീഡനങ്ങളുമില്ല.

6
അതുകൊണ്ട് അവര്‍ അഹങ്കാരം മാലയായി അണിയുന്നു.
അക്രമം വസ്ത്രമായി ധരിക്കുന്നു.

7
മേദസ്സു മുറ്റിയ കണ്ണുകള്‍കൊണ്ട് അവര്‍ അഹന്തയോടെ വീക്ഷിക്കുന്നു.
അവരുടെ മനസ്സിലെ ദുഷ്ടവിചാരങ്ങള്‍ക്ക് അന്തമില്ല.

8
അവര്‍ പരിഹാസത്തോടും ദുഷ്ടതയോടുംകൂടി സംസാരിക്കുന്നു.
അഹങ്കാരത്തോടെ അവര്‍ ഭീഷണി മുഴക്കുന്നു.

9
അവര്‍ ദൈവത്തിനെതിരെ സംസാരിക്കുന്നു.
മനുഷ്യരുടെ ഇടയില്‍ ദൂഷണം പറഞ്ഞു നടക്കുന്നു.

10
അതുകൊണ്ട് ജനം അവരിലേക്കു തിരിയുന്നു.
അവരില്‍ ഒരു കുറ്റവും കാണുന്നില്ല.

11
ദൈവം എങ്ങനെ അറിയും?
അത്യുന്നതന് ഇത് എങ്ങനെ അറിയാന്‍ കഴിയും എന്ന് അവര്‍ പറയുന്നു.

12
ഇങ്ങനെയുള്ളവരാണ് ദുഷ്ടന്മാര്‍;
അവര്‍ എന്നും സുഖലോലുപരായി കഴിയുന്നു.
അവര്‍ മേല്‌ക്കുമേല്‍ ധനം നേടുന്നു.

13
അങ്ങനെയെങ്കില്‍ ഞാന്‍ നിര്‍മ്മലനായി ജീവിച്ചതും
നിഷ്കളങ്കതയില്‍ കൈ കഴുകിയതും വെറുതെയായി.

14
ഞാന്‍ നിരന്തരം പീഡിപ്പിക്കപ്പെടുന്നു,
പ്രഭാതംതോറും ദണ്ഡനമേല്‌ക്കുന്നു.

15
ഞാനും അവരെപ്പോലെ സംസാരിച്ചിരുന്നെങ്കില്‍,
അവിടുത്തെ ജനത്തോട് അവിശ്വസ്തത കാട്ടുമായിരുന്നു.

16
ഇത് എങ്ങനെ ഗ്രഹിക്കുമെന്നു ചിന്തിച്ചിട്ടും,
അത് എനിക്കു ദുസ്സാധ്യമായി.

17
എന്നാല്‍, ഞാന്‍ ദൈവത്തിന്‍റെ മന്ദിരത്തില്‍ ചെന്നപ്പോള്‍,
അവരുടെ അന്ത്യം എന്തെന്നു ഞാന്‍ ഗ്രഹിച്ചു.

18
അവിടുന്ന് അവരെ വഴുവഴുപ്പുള്ളിടത്തു നിര്‍ത്തുന്നു.
വിനാശത്തിലേക്ക് അവരെ തള്ളിയിടുന്നു.

19
എത്ര പെട്ടെന്ന് അവര്‍ നശിച്ചു.
ഭീകരതകളാല്‍ അവര്‍ നാമാവശേഷമായി.

20
ഉണരുമ്പോള്‍ മറന്നുപോകുന്ന സ്വപ്നം പോലെയാണവര്‍
അവിടുന്ന് എഴുന്നേല്‌ക്കുമ്പോള്‍ അവര്‍ വിസ്മരിക്കപ്പെടും.

21
എന്‍റെ ഹൃദയം വേദനിക്കയും
എന്‍റെ മനസ്സ് വ്രണപ്പെടുകയും ചെയ്തപ്പോള്‍,

22
ഞാന്‍ ഭോഷനും അജ്ഞനുമായിരുന്നു.
അവിടുത്തെ മുമ്പില്‍ ഞാന്‍ മൃഗത്തെപ്പോലെ ആയിരുന്നു.

23
എന്നിട്ടും ഞാന്‍ എപ്പോഴും അങ്ങയുടെ കൂടെ ആയിരുന്നു.
അവിടുന്ന് എന്‍റെ വലങ്കൈയില്‍ പിടിച്ചിരിക്കുന്നു.

24
അവിടുന്ന് ഉപദേശം നല്‌കി എന്നെ വഴി നടത്തുന്നു.
പിന്നീട് അവിടുന്ന് എന്നെ മഹത്ത്വം നല്‌കി സ്വീകരിക്കും.

25
സ്വര്‍ഗത്തില്‍ അങ്ങല്ലാതെ എനിക്ക് ആരുള്ളൂ.
ഭൂമിയിലും അങ്ങയെ അല്ലാതെ മറ്റൊന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല.

26
എന്‍റെ ശരീരവും മനസ്സും തളര്‍ന്നാലും ദൈവമാണെന്‍റെ ബലം.
എന്നേക്കുമുള്ള എന്‍റെ ഓഹരിയും അവിടുന്നു തന്നെ.

27
അങ്ങയില്‍നിന്ന് അകന്നു നില്‌ക്കുന്നവര്‍ നശിച്ചുപോകും.
അങ്ങയോട് അവിശ്വസ്തരായി വര്‍ത്തിക്കുന്നവരെ അവിടുന്നു സംഹരിക്കും.

28
ദൈവത്തോടു ചേര്‍ന്നു നില്‌ക്കുന്നത് എനിക്ക് എത്ര നല്ലത്.
ദൈവമായ സര്‍വേശ്വരനെ ഞാന്‍ അഭയം പ്രാപിച്ചിരിക്കുന്നു.
അവിടുത്തെ സകല പ്രവൃത്തികളെയും ഞാന്‍ പ്രഘോഷിക്കും.

74

1

ആസാഫിന്‍റെ ധ്യാനം.

ദൈവമേ, അവിടുന്ന് ഞങ്ങളെ എന്നേക്കുമായി തള്ളിക്കളഞ്ഞതെന്ത്?
അങ്ങയുടെ മേച്ചില്‍പ്പുറത്തെ ആടുകളായ ഞങ്ങളുടെ നേരേ
അവിടുത്തെ കോപം ജ്വലിക്കുന്നതെന്ത്?

2
അങ്ങു പണ്ടേ തിരഞ്ഞെടുത്ത അവിടുത്തെ ജനത്തെ,
അങ്ങു വീണ്ടെടുത്ത അവിടുത്തെ അവകാശമായ ഗോത്രത്തെത്തന്നെ ഓര്‍ക്കണമേ.
അങ്ങു വസിച്ചിരുന്ന സീയോന്‍പര്‍വതത്തെ വിസ്മരിക്കരുതേ.

3
പൂര്‍ണമായി തകര്‍ന്നടിഞ്ഞ നാശാവശിഷ്ടങ്ങള്‍ നടന്നു കാണണമേ.
വിശുദ്ധമന്ദിരത്തിലുള്ളതെല്ലാം ശത്രുക്കള്‍ നശിപ്പിച്ചിരിക്കുന്നു.

4
അങ്ങയുടെ ശത്രുക്കള്‍ വിശുദ്ധമന്ദിരത്തിന്‍റെ നടുവില്‍ നിന്നുകൊണ്ട് ഗര്‍ജിക്കുന്നു.
അവിടെ അവര്‍ വിജയക്കൊടി നാട്ടിയിരിക്കുന്നു.

5
മരംവെട്ടുകാരെപ്പോലെ അവര്‍ ദേവാലയകവാടത്തിലെ

6
ചിത്രപ്പണികള്‍ മഴുകൊണ്ടും ചുറ്റികകൊണ്ടും തകര്‍ത്തുകളഞ്ഞിരിക്കുന്നു.

7
അവിടുത്തെ വിശുദ്ധമന്ദിരം അവര്‍ അഗ്നിക്കിരയാക്കി,
അവിടുത്തെ തിരുനിവാസം അവര്‍ ഇടിച്ചുനിരത്തി അശുദ്ധമാക്കിയിരിക്കുന്നു.

8
ഞങ്ങളെ പൂര്‍ണമായി തകര്‍ത്തുകളയുമെന്ന് അവര്‍ പറഞ്ഞു.
ദേശത്തുള്ള എല്ലാ ആരാധനാസ്ഥലങ്ങളും അവര്‍ ചുട്ടുകളഞ്ഞു.

9
ഞങ്ങള്‍ ഒരു അടയാളവും കാണുന്നില്ല, ഒരു പ്രവാചകനും ശേഷിച്ചിട്ടില്ല.
ഈ ദുരിതങ്ങള്‍ എത്ര കാലത്തേക്കെന്ന് ആര്‍ക്കും നിശ്ചയവുമില്ല.

10
ദൈവമേ, ശത്രുക്കള്‍ എത്ര കാലം അങ്ങയെ നിന്ദിക്കും?
അവര്‍ എന്നും അങ്ങയുടെ നാമം ദുഷിക്കുമോ?

11
അവിടുന്നു തൃക്കരം പിന്‍വലിച്ചിരിക്കുന്നതെന്ത്?
അവിടുന്നു ഞങ്ങളെ സഹായിക്കാതെ കൈ കെട്ടിയിരിക്കുന്നതെന്ത്?

12
ദൈവമേ, ആദിമുതലേ അവിടുന്നു ഞങ്ങളുടെ രാജാവല്ലോ,
ഭൂമിയില്‍ രക്ഷ പ്രദാനം ചെയ്യുന്നത് അവിടുന്നാണ്.

13
സ്വന്തം ശക്തിയാല്‍ അവിടുന്ന് സമുദ്രത്തെ വിഭജിച്ചു,
കടലിലെ ഭീകരജന്തുക്കളുടെ തലകള്‍ അവിടുന്നു തകര്‍ത്തു.

14
ലിവ്യാഥാന്‍റെ തലകള്‍ അവിടുന്നു തകര്‍ത്തു.
അതിനെ മരുഭൂമിയിലെ ജന്തുക്കള്‍ക്ക് ആഹാരമായി നല്‌കി.

15
അവിടുന്നു നീരുറവുകളും നീര്‍ച്ചാലുകളും തുറന്നുവിട്ടു.
ഒരിക്കലും വറ്റാത്ത നദികള്‍ അവിടുന്നു വറ്റിച്ചു.

16
അവിടുന്നു രാവും പകലും സൃഷ്‍ടിച്ചു,
അവിടുന്നു ചന്ദ്രനെയും നക്ഷത്രങ്ങളെയും സൂര്യനെയും സ്ഥാപിച്ചു.

17
അവിടുന്നാണ് ഭൂമിക്ക് അതിരുകള്‍ നിശ്ചയിച്ചത്.
വേനല്‍ക്കാലവും ശീതകാലവും സൃഷ്‍ടിച്ചതും അവിടുന്നാണ്.

18
സര്‍വേശ്വരാ, ശത്രുക്കള്‍ അങ്ങയെ നിന്ദിക്കുന്നതും
മൂഢജനം അങ്ങയെ അധിക്ഷേപിക്കുന്നതും ഓര്‍ക്കണമേ.

19
അങ്ങയുടെ പ്രാവിനെ ദുഷ്ടമൃഗങ്ങള്‍ക്കു വിട്ടുകൊടുക്കരുതേ,
ഈ എളിയവരെ എന്നേക്കും മറന്നുകളയരുതേ.

20
അവിടുന്നു ഞങ്ങളോടു ചെയ്ത ഉടമ്പടി ഓര്‍ക്കണമേ;
ദേശത്തെ ഇരുണ്ടയിടങ്ങളില്‍ അക്രമം കുടിപാര്‍ക്കുന്നു.

21
പീഡിതര്‍ ലജ്ജിതരാകാന്‍ ഇടയാകരുതേ.
ദരിദ്രരും എളിയവരും അവിടുത്തെ സ്തുതിക്കട്ടെ.

22
ദൈവമേ, എഴുന്നേറ്റ് അങ്ങേക്കുവേണ്ടി വാദിക്കണമേ,
മൂഢജനം എപ്പോഴും അങ്ങയെ നിന്ദിക്കുന്നത് ഓര്‍ക്കണമേ.

23
അങ്ങയുടെ ശത്രുക്കളുടെ ആരവം ശ്രദ്ധിക്കണമേ,
അങ്ങയുടെ വൈരികളുടെ ഇടവിടാതെയുള്ള അട്ടഹാസം ഓര്‍ക്കണമേ.

75

1

ഗായകസംഘനേതാവിന്; നശിപ്പിക്കരുതേ എന്ന രാഗത്തില്‍, ആസാഫിന്‍റെ സങ്കീര്‍ത്തനം.

ദൈവമേ, ഞങ്ങള്‍ അങ്ങേക്കു സ്തോത്രം ചെയ്യുന്നു;
അതേ, ഞങ്ങള്‍ അങ്ങേക്കു സ്തോത്രം ചെയ്യുന്നു;
അങ്ങയുടെ നാമം ഞങ്ങള്‍ വിളിച്ചപേക്ഷിക്കുന്നു.
അവിടുത്തെ അദ്ഭുതകരമായ പ്രവൃത്തികള്‍ ഞങ്ങള്‍ പ്രഘോഷിക്കുന്നു.

2
ദൈവം അരുളിച്ചെയ്യുന്നു:
ഞാന്‍ നിശ്ചയിക്കുന്ന സമയത്ത് ഞാന്‍ നീതിപൂര്‍വം വിധിക്കും.

3
ഭൂമിയും അതിലെ സകല നിവാസികളും
പ്രകമ്പനം കൊള്ളുമ്പോള്‍ ഞാന്‍ അതിന്‍റെ തൂണുകള്‍ ഉറപ്പിച്ചു നിര്‍ത്തുന്നു.

4
ഗര്‍വു കാണിക്കരുതെന്ന് അഹങ്കാരികളോടും
ശക്തി കാട്ടരുതെന്ന് ദുഷ്ടരോടും ഞാന്‍ പറയുന്നു.

5
നിങ്ങള്‍ ശക്തിയില്‍ ഊറ്റംകൊള്ളരുത്;
ഗര്‍വോടെ സംസാരിക്കയുമരുത്.

6
ന്യായവിധി വരുന്നത് കിഴക്കുനിന്നോ,
പടിഞ്ഞാറുനിന്നോ, വടക്കുനിന്നോ തെക്കുനിന്നോ അല്ല.

7
വിധികര്‍ത്താവു ദൈവമാണ്.
അവിടുന്നാണ് ഒരുവനെ താഴ്ത്തുകയും
മറ്റൊരുവനെ ഉയര്‍ത്തുകയും ചെയ്യുന്നത്.

8
സര്‍വേശ്വരന്‍റെ കൈയില്‍ ഒരു പാനപാത്രമുണ്ട്.
അതില്‍ വീര്യമുള്ള വീഞ്ഞ് നുരഞ്ഞുപൊങ്ങുന്നു.
അവിടുന്ന് അതു പകര്‍ന്നു കൊടുക്കുന്നു.
ഭൂമിയിലെ സകല ദുഷ്ടന്മാരും അതു മട്ടുവരെ ഊറ്റിക്കുടിക്കും.

9
എന്നാല്‍ ഞാന്‍ എന്നേക്കും ആനന്ദിക്കും,
യാക്കോബിന്‍റെ ദൈവത്തിനു ഞാന്‍ സ്തുതിഗീതം ആലപിക്കും.

10
ദുഷ്ടന്മാരുടെ ശക്തി അവിടുന്നു തകര്‍ക്കും;
നീതിമാന്മാരുടെ ശക്തിയോ വര്‍ധിപ്പിക്കും.

76

1

ഗായകസംഘനേതാവിന്; തന്ത്രിനാദത്തോടെ, ആസാഫിന്‍റെ ഒരു സങ്കീര്‍ത്തനം.

ദൈവം യെഹൂദായില്‍ പ്രസിദ്ധനാണ്;
ഇസ്രായേലില്‍ അവിടുത്തെ നാമം മഹത്ത്വപൂര്‍ണമാണ്.

2
അവിടുത്തെ കൂടാരം യെരൂശലേമിലും തിരുനിവാസം സീയോനിലും ആകുന്നു.

3
അവിടെവച്ച് അവിടുന്നു ശത്രുക്കളുടെ തീയമ്പുകളും
വാളും പരിചയും മറ്റെല്ലാ ആയുധങ്ങളും തകര്‍ത്തുകളഞ്ഞു.

4
ശാശ്വതശൈലങ്ങളെക്കാള്‍ അവിടുന്നു,
മഹോന്നതനും മഹിമയുള്ളവനും ആകുന്നു.

5
ധീരന്മാരുടെ സമ്പത്ത് കൊള്ളയടിച്ചു,
അവര്‍ എല്ലാവരും മരണമടഞ്ഞു.
അവര്‍ക്ക് കൈ ഉയര്‍ത്താന്‍പോലും കഴിഞ്ഞില്ല.

6
യാക്കോബിന്‍റെ ദൈവമേ,
അങ്ങ് ശാസിച്ചപ്പോള്‍ കുതിരകളും തേരാളികളും പ്രജ്ഞയറ്റു വീണു.

7
എല്ലാവരും അങ്ങയെ ഭയപ്പെടുന്നു,
അവിടുത്തെ കോപം ജ്വലിച്ചാല്‍ തിരുമുമ്പില്‍ നില്‌ക്കാന്‍ ആര്‍ക്കു കഴിയും?

8
[8,9] സ്വര്‍ഗത്തില്‍നിന്ന് അവിടുന്നു വിധി പ്രസ്താവിച്ചു,
ഭൂമി നടുങ്ങി വിറച്ചു.
ദൈവം വിധി നടപ്പിലാക്കാന്‍ എഴുന്നേറ്റു,
ഭൂമിയിലെ സകല പീഡിതരെയും രക്ഷിക്കാന്‍ തന്നെ.

9

10
ദൈവമേ, മനുഷ്യന്‍റെ കോപവും അവിടുത്തേക്കു സ്തുതിയായി ഭവിക്കും.
അവിടുത്തെ കോപത്തില്‍നിന്നു രക്ഷപെടുന്നവര്‍
അങ്ങയോടു ചേര്‍ന്നു നില്‌ക്കും.

11
നിങ്ങളുടെ ദൈവമായ സര്‍വേശ്വരനു നേര്‍ച്ചകള്‍ നേരുകയും നിറവേറ്റുകയും ചെയ്യുവിന്‍.
എല്ലാവരും ഭയപ്പെടുന്ന അങ്ങേക്ക്, ചുറ്റുമുള്ള രാജ്യങ്ങള്‍ കാഴ്ചകള്‍ കൊണ്ടുവരട്ടെ.

12
അവിടുന്നു പ്രഭുക്കന്മാരുടെ ഗര്‍വ് അടക്കും.
ഭൂമിയിലെ രാജാക്കന്മാര്‍ക്ക് അവിടുന്നു ഭീതിദനാണ്.

77

1

ഗായകസംഘനേതാവിന്, യെദൂഥൂന്യ രാഗത്തില്‍, ആസാഫിന്‍റെ സങ്കീര്‍ത്തനം

ഞാന്‍ ദൈവത്തോടു നിലവിളിക്കുന്നു,
ഞാന്‍ അവിടുത്തോട് ഉച്ചത്തില്‍ നിലവിളിക്കുന്നു.

2
എന്‍റെ കഷ്ടകാലത്ത് ഞാന്‍ സര്‍വേശ്വരനെ വിളിച്ചപേക്ഷിച്ചു.
രാത്രി മുഴുവന്‍ തളരാതെ ഞാന്‍ കൈ ഉയര്‍ത്തി പ്രാര്‍ഥിച്ചു,
എങ്കിലും എനിക്ക്, ആശ്വാസം ലഭിച്ചില്ല.

3
ദൈവത്തെ ഓര്‍ക്കുന്നു എങ്കിലും ഞാന്‍ വിലപിക്കുന്നു.
ദൈവത്തെ ധ്യാനിച്ചിട്ടും ഞാന്‍ നിരാശനായിത്തീരുന്നു.

4
അവിടുന്ന് എനിക്ക് ഉറക്കം നല്‌കുന്നില്ല.
ഞാന്‍ വ്യാകുലനായിരിക്കുന്നു;
എന്താണു പറയേണ്ടതെന്ന് എനിക്കറിഞ്ഞുകൂടാ.

5
ഞാന്‍ കഴിഞ്ഞ കാലത്തെക്കുറിച്ച് ഓര്‍ക്കുന്നു.
പണ്ടത്തെ വര്‍ഷങ്ങളെ ഞാന്‍ അനുസ്മരിക്കുന്നു.

6
രാത്രിയില്‍ ഞാന്‍ ഗാഢചിന്തയില്‍ കഴിയുന്നു.
ഞാന്‍ ധ്യാനിക്കുകയും ആത്മപരിശോധന നടത്തുകയും ചെയ്യുന്നു.

7
സര്‍വേശ്വരന്‍ എന്നേക്കുമായി തള്ളിക്കളയുമോ?
ഇനി ഒരിക്കലും അവിടുന്ന് എന്നില്‍ പ്രസാദിക്കയില്ലേ?

8
അവിടുത്തെ അചഞ്ചലസ്നേഹം എന്നേക്കുമായി അറ്റുപോയോ?
അവിടുന്നു നമ്മോടു ചെയ്ത വാഗ്ദാനങ്ങള്‍ നിറവേറ്റുകയില്ലേ?

9
കരുണ കാട്ടാന്‍ ദൈവം മറന്നുപോയോ?
അവിടുന്നു നമ്മോടുള്ള കോപത്താല്‍ കരുണയുടെ വാതില്‍ അടച്ചുകളഞ്ഞുവോ?

10
അത്യുന്നതനായ ദൈവം നമുക്കുവേണ്ടി,
പ്രവര്‍ത്തിക്കാത്തതാണ് എന്‍റെ ദുഃഖകാരണം എന്നു ഞാന്‍ പറഞ്ഞു.

11
സര്‍വേശ്വരന്‍റെ പ്രവൃത്തികള്‍ ഞാന്‍ അനുസ്മരിക്കും,
അവിടുന്നു പണ്ടു പ്രവര്‍ത്തിച്ച അദ്ഭുതങ്ങള്‍ തന്നെ.

12
അവിടുത്തെ സകല പ്രവൃത്തികളെയും ഞാന്‍ ധ്യാനിക്കും.
അവിടുത്തെ മഹത്തായ പ്രവൃത്തികള്‍തന്നെ.

13
ദൈവമേ, അവിടുത്തെ മാര്‍ഗം വിശുദ്ധമാകുന്നു.
നമ്മുടെ ദൈവത്തെപ്പോലെ ഉന്നതനായി ആരുണ്ട്?

14
അവിടുന്നാണ് അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്ന ദൈവം,
അവിടുന്നു ജനതകളുടെ ഇടയില്‍ ശക്തി വെളിപ്പെടുത്തി.

15
തൃക്കൈകൊണ്ടു സ്വജനത്തെ അവിടുന്നു രക്ഷിച്ചു.
യാക്കോബിന്‍റെയും യോസേഫിന്‍റെയും സന്തതികളെത്തന്നെ.

16
ദൈവമേ, വെള്ളം അങ്ങയെ കണ്ടു ഭ്രമിച്ചു,
അഗാധത അങ്ങയെ കണ്ടു വിറച്ചു.

17
മേഘങ്ങള്‍ വെള്ളം ചൊരിഞ്ഞു, ആകാശം ഇടി മുഴക്കി;
അവിടുത്തെ മിന്നലുകള്‍ അസ്ത്രങ്ങള്‍ പോലെ എല്ലാ ദിക്കുകളിലേക്കും പാഞ്ഞു.

18
അങ്ങയുടെ ഇടിമുഴക്കം ചുഴലിക്കാറ്റില്‍ മാറ്റൊലികൊണ്ടു.
മിന്നലുകള്‍ ഭൂതലത്തെ പ്രകാശിപ്പിച്ചു; ഭൂമി നടുങ്ങിവിറച്ചു.

19
അങ്ങയുടെ മാര്‍ഗം സമുദ്രത്തിലൂടെയും
അങ്ങയുടെ വഴി ആഴിയുടെ അടിത്തട്ടിലൂടെയും ആയിരുന്നു.
എന്നാല്‍ അങ്ങയുടെ കാല്‍പ്പാടുകള്‍ അദൃശ്യമായിരുന്നു.

20
മോശയുടെയും അഹരോന്‍റെയും നേതൃത്വത്തില്‍,
അവിടുത്തെ ജനത്തെ ഒരു ആട്ടിന്‍പറ്റത്തെ പോലെ, അവിടുന്നു നയിച്ചു.

78

1

ആസാഫിന്‍റെ ഗീതം

എന്‍റെ ജനമേ, എന്‍റെ പ്രബോധനം ശ്രദ്ധിക്കുക;
ഞാന്‍ പറയുന്നതു കേള്‍ക്കുക.

2
ഞാന്‍ ഉപമകളിലൂടെ പഠിപ്പിക്കും,
പുരാതനകടങ്കഥകള്‍ ഞാന്‍ വിശദീകരിക്കും.

3
നാം അതു കേള്‍ക്കുകയും അറിയുകയും ചെയ്തിട്ടുണ്ട്.
നമ്മുടെ പിതാക്കന്മാര്‍ അതു നമ്മോടു പറഞ്ഞിട്ടുമുണ്ട്.

4
നാം അതു നമ്മുടെ മക്കളെ അറിയിക്കണം,
വരുംതലമുറയോടു നാം അതു വിവരിക്കണം.
സര്‍വേശ്വരന്‍റെ മഹത്തായ പ്രവൃത്തികളെയും
അവിടുത്തെ ശക്തിയെയും അവിടുന്നു ചെയ്ത അദ്ഭുതങ്ങളെയും തന്നെ.

5
അവിടുന്നു യാക്കോബിന്‍റെ സന്തതികള്‍ക്കു നിയമം നല്‌കി.
ഇസ്രായേല്‍ജനത്തിനുള്ള ധര്‍മശാസ്ത്രം തന്നെ.
അതു തങ്ങളുടെ മക്കളെ പഠിപ്പിക്കാന്‍ അവിടുന്നു നമ്മുടെ പിതാക്കന്മാരോടു കല്പിച്ചു.

6
അങ്ങനെ ഭാവിതലമുറ, ഇനിയും ജനിച്ചിട്ടില്ലാത്ത മക്കള്‍തന്നെ,
അവ ഗ്രഹിച്ച് തങ്ങളുടെ മക്കള്‍ക്ക് അതു പറഞ്ഞുകൊടുക്കും.

7
അവര്‍ അങ്ങനെ ദൈവത്തില്‍ ആശ്രയിക്കുകയും,
അവിടുത്തെ പ്രവൃത്തികള്‍ അവഗണിക്കാതെ,
അവിടുത്തെ കല്പനകള്‍ പാലിക്കുകയും ചെയ്യും.

8
അവര്‍ തങ്ങളുടെ പിതാക്കന്മാരെപ്പോലെ,
ദുശ്ശാഠ്യക്കാരും മത്സരബുദ്ധികളും ദൈവത്തില്‍ ആശ്രയിക്കാത്തവരും
ദൈവത്തോട് അവിശ്വസ്തരും ആകരുത്.

9
അമ്പും വില്ലും ഏന്തിയ എഫ്രയീമ്യര്‍,
യുദ്ധദിവസം പിന്തിരിഞ്ഞോടി.

10
ദൈവവുമായി ചെയ്ത ഉടമ്പടി അവര്‍ പാലിച്ചില്ല.
അവിടുത്തെ ധര്‍മശാസ്ത്രപ്രകാരം ജീവിക്കാന്‍ കൂട്ടാക്കിയുമില്ല.

11
അവര്‍ അവിടുത്തെ പ്രവൃത്തികളും തങ്ങള്‍ കണ്ട അദ്ഭുതങ്ങളും മറന്നുകളഞ്ഞു.

12
അവിടുന്ന് ഈജിപ്തിലെ സോവാന്‍ വയലില്‍,
അവരുടെ പൂര്‍വപിതാക്കള്‍ കാണ്‍കെ അദ്ഭുതം പ്രവര്‍ത്തിച്ചു.

13
അവിടുന്നു കടലിനെ വിഭജിച്ചു,
അവരെ അതിലൂടെ കടത്തിക്കൊണ്ടുപോയി.
അവിടുന്നു വെള്ളത്തെ ചിറപോലെ നിര്‍ത്തി.

14
പകല്‍ മേഘംകൊണ്ടും രാത്രിയില്‍
അഗ്നിയുടെ പ്രകാശംകൊണ്ടും അവിടുന്ന് അവരെ വഴിനടത്തി.

15
അവിടുന്നു മരുഭൂമിയില്‍ പാറകള്‍ പിളര്‍ന്ന്,
ആഴത്തില്‍നിന്ന് അവര്‍ക്കു ജലം നല്‌കി.

16
അവിടുന്നു പാറയില്‍നിന്നു നീര്‍ച്ചാലുകള്‍ പുറപ്പെടുവിച്ചു,
വെള്ളം നദിപോലെ ഒഴുകാന്‍ ഇടയാക്കി.

17
എന്നിട്ടും അവര്‍ നിരവധി പാപങ്ങള്‍ ചെയ്തു.
അത്യുന്നതനായ ദൈവത്തോടു മരുഭൂമിയില്‍ വച്ചു മത്സരിച്ചു.

18
ഇഷ്ടഭോജ്യം ചോദിച്ച്, അവര്‍ ദൈവത്തെ മനഃപൂര്‍വം പരീക്ഷിച്ചു.

19
അവര്‍ ദൈവത്തെ പഴിച്ചുകൊണ്ട് പറഞ്ഞു:
“മരുഭൂമിയില്‍ വിരുന്നൊരുക്കാന്‍ ദൈവത്തിനു കഴിയുമോ?

20
അവിടുന്നു പാറയില്‍ അടിച്ചു; വെള്ളം കുതിച്ചു ചാടി.
നീര്‍ച്ചാലുകള്‍ കവിഞ്ഞൊഴുകി.
എന്നാല്‍ നമുക്ക് അപ്പവും മാംസവും നല്‌കാന്‍ അവിടുത്തേക്കു കഴിയുമോ?”

21
ഇതു കേട്ടപ്പോള്‍ സര്‍വേശ്വരന്‍ കോപിച്ചു.
യാക്കോബിന്‍റെ സന്തതികളുടെമേല്‍ അവിടുത്തെ അഗ്നി ജ്വലിച്ചു.
ഇസ്രായേല്‍ജനത്തിനു നേരേ അവിടുത്തെ കോപം ഉയര്‍ന്നു.

22
അവര്‍ ദൈവത്തില്‍ ശരണപ്പെടുകയോ,
അവിടുന്നു രക്ഷിക്കാന്‍ ശക്തന്‍ എന്നു വിശ്വസിക്കുകയോ ചെയ്തില്ലല്ലോ.

23
എന്നാല്‍ അവിടുന്ന് ആകാശത്തോട് ആജ്ഞാപിച്ചു,
ആകാശത്തിന്‍റെ വാതിലുകള്‍ തുറന്നു.

24
അവിടുന്ന് അവര്‍ക്കു ഭക്ഷിക്കാന്‍ മന്ന വര്‍ഷിച്ചു.
സ്വര്‍ഗത്തിലെ ധാന്യംതന്നെ.

25
അങ്ങനെ അവര്‍ മാലാഖമാരുടെ അപ്പം ഭക്ഷിച്ചു.
അവിടുന്ന് അവര്‍ക്കു സമൃദ്ധമായി ഭക്ഷണം നല്‌കി.

26
അവിടുന്ന് ആകാശത്ത് കിഴക്കന്‍ കാറ്റടിപ്പിച്ചു,
തന്‍റെ ശക്തിയാല്‍ അവിടുന്നു തെക്കന്‍ കാറ്റിനെ ഇളക്കിവിട്ടു.

27
അവിടുന്നു പൂഴിപോലെ കണക്കില്ലാതെ മാംസവും
കടല്‍പ്പുറത്തെ മണല്‍ത്തരിപോലെ പക്ഷികളെയും വര്‍ഷിച്ചു.

28
അവിടുന്ന് അവയെ അവരുടെ പാളയത്തിന്‍റെ
നടുവിലും പാര്‍പ്പിടങ്ങളുടെ ചുറ്റും വര്‍ഷിച്ചു.

29
അങ്ങനെ മാംസം ഭക്ഷിച്ച് അവരുടെ വയര്‍ നിറഞ്ഞു.
അവര്‍ കൊതിച്ചത് അവിടുന്ന് അവര്‍ക്കു നല്‌കി.

30
എങ്കിലും അവരുടെ കൊതിക്കു മതിവരും മുമ്പേ,
ഭക്ഷണം വായിലിരിക്കുമ്പോള്‍തന്നെ,

31
ദൈവം അവരോടു കോപിച്ചു.
അവിടുന്ന് അവരിലെ കരുത്തന്മാരെ സംഹരിച്ചു.
ഇസ്രായേലിലെ ഏറ്റവും മികച്ച യുവാക്കളെ തന്നെ.

32
ഇവയെല്ലാമായിട്ടും അവര്‍ പിന്നെയും പാപം ചെയ്തു.
ദൈവം പ്രവര്‍ത്തിച്ച അദ്ഭുതങ്ങള്‍ കണ്ടിട്ടും അവര്‍ അവിടുത്തെ വിശ്വസിച്ചില്ല.

33
അതുകൊണ്ട് അവിടുന്ന് അവരുടെ ആയുസ്സിന്‍റെ നാളുകള്‍,
ഒരു ശ്വാസംപോലെ അവസാനിപ്പിച്ചു.
അവരുടെ വര്‍ഷങ്ങള്‍ ഭീതികൊണ്ടു നിറച്ചു.

34
അവിടുന്നു സംഹാരം തുടങ്ങിയപ്പോള്‍,
അവര്‍ അവിടുത്തെ അടുക്കലേക്കു തിരിഞ്ഞു.

35
ദൈവം തങ്ങളുടെ അഭയശിലയെന്നും
അത്യുന്നതനായ ദൈവമാണു തങ്ങളുടെ രക്ഷകനെന്നും അവര്‍ അനുസ്മരിച്ചു.

36
എങ്കിലും അവരുടെ വാക്കുകള്‍ കപടമായിരുന്നു.
അവര്‍ ദൈവത്തോടു വ്യാജം സംസാരിച്ചു.

37
അവര്‍ അവിടുത്തോട് അവിശ്വസ്തരായിരുന്നു.
അവിടുത്തെ ഉടമ്പടിയോട് വിശ്വസ്തത പുലര്‍ത്തിയില്ല.

38
എങ്കിലും കരുണാസമ്പന്നനായ അവിടുന്ന്,
അവരുടെ അകൃത്യങ്ങള്‍ ക്ഷമിച്ചു; അവരെ നശിപ്പിച്ചതുമില്ല.
അവിടുന്നു പലപ്പോഴും കോപം അടക്കി
അവിടുത്തെ ക്രോധം ആളിക്കത്താന്‍ അനുവദിച്ചില്ല.

39
അവര്‍ വെറും മര്‍ത്യരെന്നും മടങ്ങിവരാതെ കടന്നുപോകുന്ന കാറ്റാണെന്നും അവിടുന്ന് ഓര്‍ത്തു.

40
അവര്‍ എത്രയോ വട്ടം മരുഭൂമിയില്‍വച്ച് അവിടുത്തോടു മത്സരിച്ചു.
അവിടെവച്ച് അവര്‍ എത്രയോ പ്രാവശ്യം അവിടുത്തെ ദുഃഖിപ്പിച്ചു.

41
അവര്‍ വീണ്ടും വീണ്ടും ദൈവത്തെ പരീക്ഷിച്ചു.
ഇസ്രായേലിന്‍റെ പരിശുദ്ധനായ ദൈവത്തെ പ്രകോപിപ്പിച്ചു.

42
അവിടുത്തെ ശക്തിയെയും ശത്രുവില്‍നിന്ന്
അവിടുന്ന് അവരെ വിടുവിച്ച ദിവസത്തെയും അവര്‍ മറന്നു.
ഈജിപ്തില്‍വച്ച് അവിടുന്നു കാണിച്ച അടയാളങ്ങള്‍,

43
ഈജിപ്തിലെ സോവാന്‍ വയലില്‍ വച്ചു ചെയ്ത അദ്ഭുതങ്ങള്‍തന്നെ,
അവര്‍ മറന്നുകളഞ്ഞു.

44
അവിടുന്ന് അവരുടെ നദികളെയും അരുവികളെയും രക്തമായി മാറ്റി.
അതുകൊണ്ട് ഈജിപ്തിലെ ജനങ്ങള്‍ക്കു വെള്ളം കുടിക്കാന്‍ കഴിഞ്ഞില്ല.

45
അവിടുന്ന് അവരുടെ ഇടയിലേക്ക് ഈച്ചകളെ അയച്ചു.
അത് അവരെ അത്യധികം കഷ്ടപ്പെടുത്തി.
അവിടുന്നു തവളകളെ അയച്ചു, അവ അവര്‍ക്കു നാശം ചെയ്തു.

46
അവിടുന്ന് അവരുടെ വിളകള്‍, അവരുടെ അധ്വാനഫലങ്ങള്‍ തന്നെ,
വെട്ടുക്കിളിക്ക് ഇരയാക്കി.

47
അവിടുന്ന് അവരുടെ മുന്തിരിച്ചെടികളെ കന്മഴകൊണ്ടും
അത്തിമരങ്ങളെ ഹിമവര്‍ഷംകൊണ്ടും നശിപ്പിച്ചു.

48
അവിടുന്ന് അവരുടെ കന്നുകാലികളെ കന്മഴയ്‍ക്കും
അവരുടെ ആട്ടിന്‍പറ്റത്തെ ഇടിത്തീക്കും ഇരയാക്കി.

49
അവിടുന്ന് അവരുടെ ഇടയിലേക്ക് അവിടുത്തെ ഉഗ്രകോപവും ക്രോധവും അമര്‍ഷവും കൊടിയ വേദനയും അയച്ചു;
സംഹാരദൂതന്മാരുടെ ഒരു ഗണത്തെത്തന്നെ.

50
അവിടുന്നു തന്‍റെ കോപത്തെ തുറന്നുവിട്ടു.
അവരില്‍ ആരെയും മരണത്തില്‍നിന്ന് ഒഴിവാക്കിയില്ല.
മഹാമാരികൊണ്ട് അവരെ നശിപ്പിച്ചു.

51
ഈജിപ്തിലെ ആദ്യജാതന്മാരെ, ഹാമിന്‍റെ കൂടാരത്തിലെ കടിഞ്ഞൂലുകളെ തന്നെ അവിടുന്നു സംഹരിച്ചു.

52
എന്നാല്‍ അവിടുന്നു സ്വജനത്തെ ആടുകളെപ്പോലെ ഈജിപ്തില്‍നിന്നു പുറപ്പെടുവിച്ചു.
ആട്ടിന്‍പറ്റത്തെയെന്നപോലെ അവരെ മരുഭൂമിയിലൂടെ നയിച്ചു.

53
അവിടുന്ന് അവരെ സുരക്ഷിതമായി നയിച്ചതിനാല്‍ അവര്‍ ഭയപ്പെട്ടില്ല;
അവരുടെ ശത്രുക്കളെ സമുദ്രം മൂടിക്കളഞ്ഞു.

54
അവിടുന്ന് അവരെ വിശുദ്ധദേശത്തേക്ക്,
അവിടുത്തെ വലങ്കൈ നേടിയെടുത്ത പര്‍വതത്തിലേക്കു കൊണ്ടുവന്നു.

55
അവിടുന്ന് അന്യജനതകളെ അവരുടെ മുമ്പില്‍നിന്നു നീക്കിക്കളഞ്ഞു.
അവരുടെ ദേശം അവിടുന്ന് ഇസ്രായേല്‍ ഗോത്രങ്ങള്‍ക്കു വിഭജിച്ചുകൊടുത്തു.
അവരുടെ വീടുകളില്‍ ഇസ്രായേല്‍ ഗോത്രങ്ങളെ പാര്‍പ്പിച്ചു.

56
എന്നിട്ടും അവര്‍ അത്യുന്നതനായ ദൈവത്തെ
പരീക്ഷിക്കുകയും അവിടുത്തോടു മത്സരിക്കുകയും ചെയ്തു.
അവര്‍ അവിടുത്തെ കല്പനകള്‍ അനുസരിച്ചതുമില്ല.

57
അവര്‍ അവരുടെ പിതാക്കന്മാരെപ്പോലെ ദൈവത്തില്‍നിന്ന് പിന്തിരിഞ്ഞ്
അവിശ്വസ്തരായി വര്‍ത്തിച്ചു. ചതിവില്ലുപോലെ അവര്‍ തിരിഞ്ഞു.

58
തങ്ങളുടെ പൂജാഗിരികളാല്‍ അവര്‍ അവിടുത്തെ പ്രകോപിപ്പിച്ചു.
തങ്ങളുടെ വിഗ്രഹങ്ങള്‍കൊണ്ട് അവര്‍ അവിടുത്തെ രോഷാകുലനാക്കി.

59
ദൈവം ഇതറിഞ്ഞു ക്രുദ്ധനായി.
ഇസ്രായേല്‍ജനത്തെ ഏറ്റവും വെറുത്തു.

60
അതുകൊണ്ടു മനുഷ്യരുടെ ഇടയിലെ,
തിരുനിവാസമായ ശീലോവിലെ കൂടാരം അവിടുന്ന് ഉപേക്ഷിച്ചു.

61
അവിടുന്നു തന്‍റെ ശക്തിയുടെയും മഹത്ത്വത്തിന്‍റെയും പ്രതീകമായ ഉടമ്പടിപ്പെട്ടകത്തെ,
ശത്രുവിനും പ്രവാസത്തിനും ഏല്പിച്ചുകൊടുത്തു.

62
അവിടുന്നു സ്വജനത്തെ വാളിനു വിട്ടുകൊടുത്തു,
അവിടുത്തെ അവകാശമായ ജനത്തോടു കോപിച്ചു.

63
അവരുടെ യുവാക്കള്‍ അഗ്നിക്കിരയായി,
അവരുടെ കന്യകമാരെ വിവാഹം കഴിക്കാന്‍ ആരുമുണ്ടായില്ല.

64
അവരുടെ പുരോഹിതന്മാര്‍ വധിക്കപ്പെട്ടു,
അവരുടെ വിധവകള്‍ വിലാപം ആചരിച്ചില്ല.

65
വീഞ്ഞു കുടിച്ച് അട്ടഹസിക്കുന്ന ശക്തനെപ്പോലെ,
ഉറക്കത്തില്‍നിന്ന് ഉണര്‍ന്നവനെപ്പോലെ തന്നെ സര്‍വേശ്വരന്‍ എഴുന്നേറ്റു.

66
അവിടുന്നു ശത്രുക്കളെ പലായനം ചെയ്യിച്ചു.
ഇനി ഒരിക്കലും തല പൊക്കാനാവാത്ത വിധം അവരെ ലജ്ജിതരാക്കി.

67
അവിടുന്നു യോസേഫിന്‍റെ സന്തതികളെ ഉപേക്ഷിച്ചു.
എഫ്രയീംഗോത്രത്തെ തിരഞ്ഞെടുത്തില്ല,

68
എന്നാല്‍ അവിടുന്നു യെഹൂദാഗോത്രത്തെയും
അവിടുന്നു സ്നേഹിക്കുന്ന സീയോന്‍ പര്‍വതത്തെയും തിരഞ്ഞെടുത്തു.

69
ഉന്നതമായ ആകാശത്തെപ്പോലെയും ശാശ്വതമായി സ്ഥാപിച്ചിരിക്കുന്ന ഭൂമി പോലെയും;
അവിടുന്നു തന്‍റെ മന്ദിരം നിര്‍മ്മിച്ചു.

70
അവിടുന്നു തന്‍റെ ദാസനായ ദാവീദിനെ തിരഞ്ഞെടുത്തു.
ആടുകളുടെ ഇടയില്‍നിന്ന് അദ്ദേഹത്തെ വിളിച്ചു.

71
അവിടുത്തെ സ്വന്തം ജനമായ യാക്കോബിന്‍റെ സന്തതികളെ;
അവിടുത്തെ അവകാശമായ ഇസ്രായേലിനെ മേയിക്കാന്‍വേണ്ടി ആട്ടിന്‍പറ്റത്തെ
മേയിച്ചുകൊണ്ടിരുന്ന ദാവീദിനെ അവിടുന്നു കൊണ്ടുവന്നു.

72
ആത്മാര്‍ഥതയോടെ അദ്ദേഹം അവരെ മേയിച്ചു,
സമര്‍ഥമായി അവരെ നയിച്ചു.

79

1

ആസാഫിന്‍റെ ഒരു സങ്കീര്‍ത്തനം

ദൈവമേ, അന്യജനതകള്‍ അവിടുത്തെ അവകാശഭൂമി കൈക്കലാക്കി;
അവര്‍ അങ്ങയുടെ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കുകയും
യെരൂശലേമിനെ പാഴ്കൂമ്പാരമാക്കുകയും ചെയ്തിരിക്കുന്നു.

2
അവര്‍ അവിടുത്തെ ദാസന്മാരുടെ മൃതശരീരം പക്ഷികള്‍ക്കും,
അവിടുത്തെ ഭക്തന്മാരുടെ മാംസം വന്യമൃഗങ്ങള്‍ക്കും ഇരയായി കൊടുത്തു.

3
അവര്‍ അവിടുത്തെ ജനത്തിന്‍റെ രക്തം യെരൂശലേമിലെങ്ങും വെള്ളംപോലെ ഒഴുക്കി.
അവരുടെ മൃതശരീരങ്ങള്‍ സംസ്കരിക്കാന്‍ ആരും ഉണ്ടായില്ല.

4
ഞങ്ങള്‍ അയല്‍രാജ്യങ്ങളുടെ അധിക്ഷേപത്തിനും
ചുറ്റുമുള്ളവരുടെ അവജ്ഞയ്‍ക്കും പരിഹാസത്തിനും പാത്രമായി തീര്‍ന്നിരിക്കുന്നു.

5
സര്‍വേശ്വരാ, ഇത് എത്ര കാലത്തേക്ക്?
അവിടുന്നു ഞങ്ങളോട് എന്നേക്കും കോപിച്ചിരിക്കുമോ?
അവിടുത്തെ കോപം എന്നും അഗ്നിപോലെ ജ്വലിച്ചുകൊണ്ടിരിക്കുമോ?

6
അങ്ങയെ ആരാധിക്കാത്ത അന്യജനതകളുടെമേലും
അങ്ങയുടെ നാമം വിളിച്ചപേക്ഷിക്കാത്ത ജനതകളുടെമേലും
അവിടുത്തെ ക്രോധം ചൊരിയണമേ.

7
അവര്‍ യാക്കോബിന്‍റെ സന്തതികളെ സംഹരിക്കുകയും
അവരുടെ വാസസ്ഥലം ശൂന്യമാക്കുകയും ചെയ്തു.

8
ഞങ്ങളുടെ പൂര്‍വികരുടെ അകൃത്യങ്ങള്‍ക്ക് ഞങ്ങളെ ശിക്ഷിക്കരുതേ.
അവിടുത്തെ കാരുണ്യം ഇപ്പോള്‍ ഞങ്ങളുടെമേല്‍ ചൊരിയണമേ.
ഞങ്ങള്‍ ആകെ തകര്‍ന്നിരിക്കുന്നു.

9
ഞങ്ങളുടെ രക്ഷകനായ ദൈവമേ, സഹായിച്ചാലും;
അവിടുത്തെ നാമമഹത്ത്വത്തിനു വേണ്ടി ഞങ്ങളെ വിടുവിക്കണമേ,
തിരുനാമത്തെപ്രതി ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ.

10
‘നിങ്ങളുടെ ദൈവം എവിടെ?’ എന്നു ജനതകള്‍,
ഞങ്ങളോടു ചോദിക്കാന്‍ ഇടയാക്കരുതേ.
അവിടുത്തെ ദാസന്മാരുടെ രക്തം ചിന്തിയതിന്‍റെ ശിക്ഷ,
അന്യജനതകള്‍ അനുഭവിക്കുന്നതു കാണാന്‍ ഞങ്ങള്‍ക്ക് ഇടയാക്കണമേ.

11
ബന്ദികളുടെ ഞരക്കം കേള്‍ക്കണമേ.
ശത്രുക്കള്‍ മരണത്തിനു വിധിച്ചിട്ടുള്ളവരെ അവിടുത്തെ മഹാശക്തിയാല്‍ വിടുവിക്കണമേ.

12
സര്‍വേശ്വരാ, ഞങ്ങളുടെ അയല്‍രാജ്യങ്ങള്‍,
അങ്ങയെ അധിക്ഷേപിച്ചതിന് ഏഴിരട്ടി അവര്‍ക്കു പകരം നല്‌കണമേ.

13
അപ്പോള്‍ അങ്ങയുടെ ജനവും അങ്ങയുടെ മേച്ചില്‍പ്പുറത്തെ ആടുകളുമായ ഞങ്ങള്‍, എന്നും സ്തോത്രം അര്‍പ്പിക്കും.
ഞങ്ങള്‍ എന്നും അങ്ങയെ സ്തുതിക്കും.

80

1

ഗായകസംഘനേതാവിന്; സാരസരാഗത്തില്‍, ആസാഫിന്‍റെ സങ്കീര്‍ത്തനം

ഇസ്രായേലിന്‍റെ ഇടയനായ നാഥാ, ആട്ടിന്‍പറ്റത്തെ എന്നപോലെ
യോസേഫിന്‍റെ സന്തതികളെ നയിക്കുന്ന അവിടുന്നു ഞങ്ങളെ ശ്രദ്ധിച്ചാലും;
കെരൂബുകളുടെമേല്‍ സിംഹാസനസ്ഥനായവനേ,

2
എഫ്രയീം, മനശ്ശെ, ബെന്യാമീന്‍ഗോത്രങ്ങള്‍ക്ക് അങ്ങയെ വെളിപ്പെടുത്തിയാലും,
അവിടുത്തെ ശക്തി ഉണര്‍ത്തി, ഞങ്ങളെ രക്ഷിക്കാന്‍ വരണമേ.

3
ദൈവമേ, ഞങ്ങളെ പുനരുദ്ധരിക്കണമേ,
കരുണയോടെ കടാക്ഷിച്ച് ഞങ്ങളെ രക്ഷിക്കണമേ.

4
സര്‍വേശ്വരാ, സര്‍വശക്തനായ ദൈവമേ,
അവിടുന്ന് എത്രകാലം ഞങ്ങളോടു കോപിക്കുകയും
അവിടുത്തെ ജനത്തിന്‍റെ പ്രാര്‍ഥനകള്‍ കേള്‍ക്കാതിരിക്കുകയും ചെയ്യും?

5
അവിടുന്നു ഞങ്ങള്‍ക്കു ഭക്ഷിക്കാന്‍ ദുഃഖവും
കുടിക്കാന്‍ അളവില്ലാതെ കണ്ണുനീരും നല്‌കിയിരിക്കുന്നു.

6
അയല്‍രാജ്യങ്ങള്‍ ഞങ്ങളുടെ ദേശത്തിനു വേണ്ടി ശണ്ഠ കൂടുന്നു.
ഞങ്ങളുടെ ശത്രുക്കള്‍ ഞങ്ങളെ നോക്കി പരിഹസിക്കുന്നു.

7
സര്‍വശക്തനായ ദൈവമേ, ഞങ്ങളെ പുനരുദ്ധരിക്കണമേ.
കരുണയോടെ കടാക്ഷിച്ച് ഞങ്ങളെ രക്ഷിക്കണമേ.

8
അവിടുന്ന് ഈജിപ്തില്‍നിന്ന് ഒരു മുന്തിരിവള്ളി കൊണ്ടുവന്ന്
അന്യജനതകളെ പുറത്താക്കി അത് അവിടെ നട്ടു.

9
അവിടുന്ന് അതിനു തടമെടുത്തു,
അത് ആഴത്തില്‍ വേരൂന്നി, ദേശം മുഴുവന്‍ പടര്‍ന്നു.

10
അതു പര്‍വതങ്ങള്‍ക്കു തണല്‍ വിരിച്ചു.
അതിന്‍റെ ശാഖകള്‍ കൂറ്റന്‍ ദേവദാരുക്കളെ ആവരണം ചെയ്തു.

11
അത് തന്‍റെ ശാഖകള്‍ സമുദ്രംവരെയും ചില്ലകള്‍ നദിവരെയും നീട്ടി.

12
അങ്ങ് ആ മുന്തിരിച്ചെടിയുടെ വേലിക്കെട്ട് തകര്‍ത്തതെന്ത്?
വഴിപോക്കരെല്ലാം അതിന്‍റെ ഫലം പറിക്കുന്നു.

13
കാട്ടുപന്നി അതിനെ നശിപ്പിക്കുന്നു.
വന്യമൃഗങ്ങള്‍ അതിനെ തിന്നുകളയുന്നു.

14
സര്‍വശക്തനായ ദൈവമേ, ഞങ്ങളിലേക്കു തിരിയണമേ,
സ്വര്‍ഗത്തില്‍നിന്നു തൃക്കണ്‍പാര്‍ക്കണമേ.
ഈ മുന്തിരിവള്ളിയെ പരിഗണിച്ചാലും.

15
അവിടുത്തെ വലങ്കൈ നട്ട ഈ മുന്തിരിവള്ളിയെ,
അങ്ങേക്കായി വളര്‍ത്തി വലുതാക്കിയ ഈ മുന്തിരിച്ചെടിയെ രക്ഷിക്കണമേ.

16
ശത്രുക്കള്‍ അതിനെ വെട്ടി വീഴ്ത്തുകയും തീവച്ചു ചുടുകയും ചെയ്തിരിക്കുന്നു.
അവിടുത്തെ ഭര്‍ത്സനത്താല്‍ അവര്‍ നശിച്ചുപോകട്ടെ.

17
അവിടുത്തെ വലത്തുഭാഗത്തിരിക്കുന്ന പുരുഷനെ,
അവിടുത്തെ ശുശ്രൂഷയ്‍ക്കായി അവിടുന്നു ശക്തനാക്കിയ,
മനുഷ്യപുത്രനെതന്നെ സംരക്ഷിക്കണമേ.

18
ഞങ്ങള്‍ ഇനി ഒരിക്കലും അങ്ങയെ വിട്ടുപിരിയുകയില്ല
ഞങ്ങളെ പുനരുജ്ജീവിപ്പിക്കണമേ.

19
ഞങ്ങള്‍ അങ്ങയെ എന്നും ആരാധിക്കും.
സര്‍വേശ്വരാ, സര്‍വശക്തനായ ദൈവമേ,
ഞങ്ങളെ പുനരുദ്ധരിക്കണമേ.
കരുണയോടെ കടാക്ഷിച്ച് ഞങ്ങളെ രക്ഷിക്കണമേ.

81

1

ഗായകസംഘനേതാവിന്; ഗഥ്യരാഗത്തില്‍ ആസാഫിന്‍റെ സങ്കീര്‍ത്തനം

നമ്മുടെ സംരക്ഷകനായ ദൈവത്തിനു സ്തുതിഗീതം പാടുവിന്‍.
യാക്കോബിന്‍റെ ദൈവത്തിന് ആനന്ദത്തോടെ ആര്‍പ്പിടുവിന്‍.

2
തപ്പു കൊട്ടുവിന്‍, വീണയും കിന്നരവും മീട്ടി മധുരനാദമുതിര്‍ക്കുവിന്‍.

3
അമാവാസിയിലും പൗര്‍ണമിയിലും ഉത്സവവേളയിലും കാഹളമൂതുവിന്‍.

4
ഇത് ഇസ്രായേലിനു ലഭിച്ച നിയമമല്ലോ;
യാക്കോബിന്‍റെ ദൈവം നല്‌കിയ പ്രമാണം.

5
അവിടുന്ന് ഈജിപ്തിനെതിരെ പുറപ്പെട്ടപ്പോള്‍,
യോസേഫിന്‍റെ സന്തതികള്‍ക്ക് ഈ കല്പന നല്‌കി.
ഞാന്‍ ഒരു അപരിചിത ശബ്ദം കേട്ടു.

6
ഞാന്‍ നിങ്ങളുടെ ചുമലില്‍നിന്നു ചുമടു നീക്കി;
അടിമവേലയില്‍നിന്നു നിങ്ങളുടെ കൈകളെ സ്വതന്ത്രമാക്കി.

7
കഷ്ടകാലത്ത് നിങ്ങള്‍ എന്നെ വിളിച്ചപേക്ഷിച്ചു.
ഞാന്‍ നിങ്ങളെ വിടുവിച്ചു.
ഇടിമുഴക്കത്തിന്‍റെ മറവില്‍നിന്ന്, ഞാന്‍ നിങ്ങള്‍ക്ക് ഉത്തരമരുളി.
മെരീബാ നീര്‍ച്ചാലിനരികില്‍വച്ച് ഞാന്‍ നിങ്ങളെ പരീക്ഷിച്ചു.

8
എന്‍റെ ജനമേ, ഈ മുന്നറിയിപ്പു കേള്‍ക്കുക,
ഇസ്രായേല്‍ജനമേ, നിങ്ങള്‍ എന്‍റെ വാക്ക് ശ്രദ്ധിച്ചിരുന്നെങ്കില്‍!

9
നിങ്ങള്‍ക്ക് അന്യദേവന്മാര്‍ ഉണ്ടാകരുത്,
അന്യദേവന്മാരില്‍ ഒന്നിനെയും നിങ്ങള്‍ നമസ്കരിക്കരുത്.

10
ഈജിപ്തില്‍നിന്നു നിങ്ങളെ മോചിപ്പിച്ചു കൊണ്ടുവന്ന
സര്‍വേശ്വരനായ ഞാനാണു നിങ്ങളുടെ ദൈവം.
നിങ്ങള്‍ വായ് മലര്‍ക്കെ തുറക്കുക.
ഞാന്‍ അതു നിറയ്‍ക്കാം.

11
എന്നാല്‍, എന്‍റെ ജനം എന്‍റെ വാക്ക് ശ്രദ്ധിച്ചില്ല.
ഇസ്രായേല്‍ജനം എന്നെ ഗണിച്ചില്ല.

12
അതുകൊണ്ട് തന്നിഷ്ടത്തിനു നടക്കുമെന്നുള്ള അവരുടെ ദുശ്ശാഠ്യം ഞാന്‍ അനുവദിച്ചുകൊടുത്തു.

13
എന്‍റെ ജനം എന്നെ അനുസരിച്ചിരുന്നെങ്കില്‍,
ഇസ്രായേല്‍ജനം എന്‍റെ വഴിയില്‍ നടന്നിരുന്നെങ്കില്‍.

14
എങ്കില്‍, ഞാന്‍ അവരുടെ ശത്രുക്കളെ വേഗത്തില്‍ കീഴടക്കി ശിക്ഷിക്കുമായിരുന്നു.

15
എന്നെ വെറുക്കുന്നവര്‍ എന്‍റെ കാല്‌ക്കല്‍ വീഴുമായിരുന്നു.
ഞാന്‍ അവരെ എന്നേക്കുമായി ശിക്ഷിക്കുമായിരുന്നു.

16
ഞാന്‍ നിങ്ങളെ മേല്‍ത്തരം കോതമ്പുകൊണ്ട് പോഷിപ്പിക്കുമായിരുന്നു.
പാറയില്‍നിന്നുള്ള തേന്‍കൊണ്ട് സംതൃപ്തരാക്കുമായിരുന്നു.

82

1

ആസാഫിന്‍റെ സങ്കീര്‍ത്തനം

ദൈവം സ്വര്‍ഗീയസഭയില്‍ ഉപവിഷ്ടനായിരിക്കുന്നു;
അവിടുന്ന് അവരുടെ ഇടയില്‍ ന്യായം വിധിക്കുന്നു.

2
നിങ്ങള്‍ എത്ര കാലം അന്യായമായി വിധിക്കും?
എത്ര കാലം ദുഷ്ടരുടെ പക്ഷം പിടിക്കും?

3
എളിയവനും അനാഥനും നീതി പാലിച്ചു കൊടുക്കുവിന്‍,
പീഡിതന്‍റെയും അഗതിയുടെയും അവകാശം സംരക്ഷിക്കുവിന്‍;

4
ദുര്‍ബലനെയും എളിയവനെയും രക്ഷിക്കുവിന്‍.
ദുഷ്ടരില്‍നിന്ന് അവരെ വിടുവിക്കുവിന്‍.

5
നിങ്ങള്‍ക്ക് അറിവോ വിവേകമോ ഇല്ല.
നിങ്ങള്‍ അനീതിയുടെ അന്ധകാരത്തില്‍ നടക്കുന്നു.
ധാര്‍മികതയുടെ അടിത്തറ നിങ്ങള്‍ തകര്‍ത്തിരിക്കുന്നു.

6
നിങ്ങള്‍ ദേവന്മാര്‍ എന്നും നിങ്ങള്‍ അത്യുന്നതന്‍റെ പുത്രന്മാര്‍ എന്നും ഞാന്‍ പറഞ്ഞു.

7
എങ്കിലും നിങ്ങള്‍ മര്‍ത്യരെപ്പോലെ മരിക്കും;
ഏതൊരു പ്രഭുവിനെയുംപോലെ വീണുപോകും.

8
ദൈവമേ, എഴുന്നേറ്റു ഭൂമിയെ വിധിക്കണമേ;
സര്‍വജനതകളും അങ്ങയുടേതാണല്ലോ.

83

1

ആസാഫിന്‍റെ സങ്കീര്‍ത്തനം

ദൈവമേ, മൗനമായിരിക്കരുതേ!
അവിടുന്നു മിണ്ടാതെ നിശ്ചലനായിരിക്കരുതേ.

2
ഇതാ, അവിടുത്തെ ശത്രുക്കള്‍ കലാപമുണ്ടാക്കുന്നു;
അങ്ങയെ വെറുക്കുന്നവര്‍, അങ്ങേക്കെതിരെ തല ഉയര്‍ത്തിയിരിക്കുന്നു.

3
അവിടുത്തെ ജനത്തിനെതിരെ അവര്‍ ഗൂഢപദ്ധതികള്‍ തയ്യാറാക്കുന്നു.
അവിടുന്നു സംരക്ഷിക്കുന്ന ജനത്തിനെതിരെ അവര്‍ ഗൂഢാലോചന നടത്തുന്നു.

4
വരുവിന്‍, ഇസ്രായേല്‍ ഒരു ജനതയായിരിക്കാത്തവിധം നമുക്ക് അവരെ തുടച്ചു നീക്കാം
ഇനിമേല്‍ അവരുടെ നാമം പോലും ആരും ഓര്‍ക്കാനിടവരരുത് എന്ന് അവര്‍ പറയുന്നു.

5
അവര്‍ ഒരുമയോടെ ഗൂഢാലോചന നടത്തി;
അങ്ങേക്കെതിരെ സഖ്യമുണ്ടാക്കി.

6
എദോമ്യരും ഇശ്മായേല്യരും മോവാബ്യരും ഹഗര്യരും

7
ഗെബാല്‍, അമ്മോന്‍, അമാലേക്ക്, സോര്‍, ഫെലിസ്ത്യനിവാസികളും ഒത്തുചേര്‍ന്നു.

8
അസ്സീറിയാക്കാരും അവരോടു ചേര്‍ന്നു;
ലോത്തിന്‍റെ മക്കളുടെ സുശക്തകരമാണ് അവര്‍.

9
മിദ്യാന്യരോടു ചെയ്തതുപോലെ അവരോടു ചെയ്യണമേ.
കീശോന്‍നദീതീരത്തു വച്ച് സീസരയോടും യാബീനോടും ചെയ്തതുപോലെതന്നെ.

10
എന്‍ദോരില്‍വച്ച് അവിടുന്ന് അവരെ നശിപ്പിച്ചു,
അവര്‍ മണ്ണിനു വളമായിത്തീര്‍ന്നു.

11
അവരുടെ പ്രമാണികളോട് ഓരേബ്, സേബ് എന്നിവരോടും,
അവരുടെ പ്രഭുക്കന്മാരോട് സേബഹ്, സല്മുന്നാ എന്നിവരോടും ചെയ്തതുപോലെ ചെയ്യണമേ.

12
ദൈവത്തിന്‍റെ വകയായ ഈ മേച്ചില്‍സ്ഥലം നമുക്കു പിടിച്ചെടുക്കാം എന്ന് അവര്‍ പറഞ്ഞല്ലോ.

13
എന്‍റെ ദൈവമേ, അവരെ ചുഴലിക്കാറ്റില്‍ പറക്കുന്ന പൊടിപോലെയും
കാറ്റില്‍ പാറുന്ന പതിരുപോലെയും ആക്കണമേ.

14
വനത്തെ ദഹിപ്പിക്കുന്ന അഗ്നിപോലെയും
മലകളെ വിഴുങ്ങുന്ന തീനാമ്പുകള്‍പോലെയും

15
അവിടുത്തെ കൊടുങ്കാറ്റ് അവരെ പിന്തുടരണമേ.
അവിടുത്തെ ചുഴലിക്കാറ്റുകൊണ്ട് അവരെ പരിഭ്രാന്തരാക്കണമേ.

16
സര്‍വേശ്വരാ, അവര്‍ അങ്ങയുടെ മഹത്ത്വം അംഗീകരിക്കാന്‍, അവരെ ലജ്ജിപ്പിക്കണമേ.

17
അവര്‍ എന്നേക്കും അപമാനിതരും പരിഭ്രാന്തരുമാകട്ടെ.
അവര്‍ ലജ്ജിതരായി നശിക്കട്ടെ.

18
സര്‍വേശ്വരന്‍ എന്നു നാമമുള്ള അവിടുന്നു മാത്രമാണ്
ഭൂമിക്കെല്ലാം അധിപതിയായ അത്യുന്നതന്‍ എന്ന് അവര്‍ അറിയട്ടെ.

84

1

ഗായകസംഘനേതാവിന്; ഗഥ്യരാഗത്തില്‍, കോരഹ്പുത്രന്മാരുടെ ഒരു സങ്കീര്‍ത്തനം.

സര്‍വശക്തനായ സര്‍വേശ്വരാ,
തിരുനിവാസം എത്ര മനോഹരം!

2
അവിടുത്തെ ആലയത്തിലേക്കു വരാന്‍ ഞാന്‍ എത്രമാത്രം അഭിവാഞ്ഛിക്കുന്നു.
ജീവിക്കുന്ന ദൈവത്തെ ഞാന്‍ സന്തോഷത്തോടെ,
സര്‍വാത്മനാ പാടിപ്പുകഴ്ത്തുന്നു.

3
എന്‍റെ രാജാവും ദൈവവുമായ സര്‍വശക്തനായ സര്‍വേശ്വരാ,
കുരുവി ഒരു കൂടും മീവല്‍പ്പക്ഷി കുഞ്ഞുങ്ങള്‍ക്ക് ഒരു വീടും
അവിടുത്തെ യാഗപീഠത്തിനരികില്‍ കണ്ടെത്തുന്നുവല്ലോ.

4
ഇടവിടാതെ അങ്ങയെ സ്തുതിച്ചുകൊണ്ട്,
അവിടുത്തെ ആലയത്തില്‍ വസിക്കുന്നവര്‍ എത്ര ധന്യര്‍!

5
ശക്തി അങ്ങയില്‍ ആയിരിക്കുന്നവര്‍ അനുഗൃഹീതര്‍!
സീയോനിലേക്കുള്ള രാജവീഥികള്‍ അവരുടെ ഹൃദയത്തിലുണ്ട്.

6
ഉണങ്ങിവരണ്ട ബാക്കാതാഴ്വരയിലൂടെ കടന്നുപോകുമ്പോള്‍,
അവര്‍ അതിനെ നീരുറവുകളുടെ താഴ്വരയാക്കുന്നു.
മുന്മഴയാല്‍ അത് അനുഗ്രഹിക്കപ്പെടുന്നു.

7
അവര്‍ മേല്‌ക്കുമേല്‍ ശക്തി പ്രാപിക്കുന്നു.
അവര്‍ സീയോനില്‍ ദേവാധിദേവനെ ദര്‍ശിക്കുന്നു.

8
സര്‍വശക്തനായ ദൈവമേ, സര്‍വേശ്വരാ, എന്‍റെ പ്രാര്‍ഥന കേള്‍ക്കണമേ.
യാക്കോബിന്‍റെ ദൈവമേ, ചെവിക്കൊള്ളണമേ.

9
ഞങ്ങളുടെ പരിചയായ ദൈവമേ,
അവിടുത്തെ അഭിഷിക്തനെ കടാക്ഷിക്കണമേ.

10
അന്യസ്ഥലത്ത് ആയിരം ദിവസം ജീവിക്കുന്നതിനെക്കാള്‍,
അവിടുത്തെ ആലയത്തില്‍ ഒരു ദിവസം ജീവിക്കുന്നത് അഭികാമ്യം.
ദുഷ്ടന്മാരുടെ കൂടാരത്തില്‍ പാര്‍ക്കുന്നതിനെക്കാള്‍,
എന്‍റെ ദൈവത്തിന്‍റെ ആലയത്തിലെ വാതില്‍കാവല്‌ക്കാരന്‍ ആകുന്നതാണ് എനിക്ക് ഇഷ്ടം.

11
സര്‍വേശ്വരനായ ദൈവം നമ്മുടെ പരിചയും സൂര്യനും ആകുന്നു.
അവിടുന്നു നമുക്കു കൃപയും മഹത്ത്വവും നല്‌കുന്നു.
പരമാര്‍ഥതയോടെ ജീവിക്കുന്നവര്‍ക്ക് അവിടുന്ന്
ഒരു നന്മയും നിഷേധിക്കുകയില്ല.

12
സര്‍വശക്തനായ സര്‍വേശ്വരാ,
അങ്ങയില്‍ ശരണം വയ്‍ക്കുന്നവര്‍ എത്ര അനുഗൃഹീതര്‍.

85

1

ഗായകസംഘനേതാവിന്; കോരഹ്പുത്രന്മാരുടെ സങ്കീര്‍ത്തനം

സര്‍വേശ്വരാ, അവിടുത്തെ ദേശത്തോട് അവിടുന്നു കരുണകാട്ടി.
അവിടുന്ന് ഇസ്രായേലിന്‍റെ ഐശ്വര്യം പുനഃസ്ഥാപിച്ചു.

2
അവിടുത്തെ ജനത്തിന്‍റെ അകൃത്യം അവിടുന്നു ക്ഷമിച്ചു.
അവരുടെ സര്‍വപാപങ്ങളും പൊറുത്ത്

3
അവരോടുള്ള കോപം അവിടുന്നു അടക്കി,
അവിടുത്തെ ക്രോധം അവരോട് കാട്ടിയില്ല.

4
ഞങ്ങളുടെ രക്ഷകനായ ദൈവമേ, ഞങ്ങളെ പുനരുദ്ധരിക്കണമേ.
ഞങ്ങളോടുള്ള രോഷത്തിന് അറുതി വരുത്തിയാലും.

5
അവിടുന്ന് എന്നേക്കും ഞങ്ങളോടു കോപിക്കുമോ?
തലമുറകളോളം അവിടുത്തെ രോഷം നീണ്ടുനില്‌ക്കുമോ?

6
അവിടുത്തെ ജനം അങ്ങയില്‍ ആനന്ദിക്കാന്‍
അവിടുന്ന് ഞങ്ങള്‍ക്കു നവജീവന്‍ നല്‌കുകയില്ലേ?

7
പരമനാഥാ, അവിടുത്തെ അചഞ്ചലസ്നേഹം ഞങ്ങളോടു കാട്ടണമേ.
ഞങ്ങളെ രക്ഷിക്കണമേ.

8
സര്‍വേശ്വരനായ ദൈവം അരുളിച്ചെയ്യുന്നതു ഞാന്‍ കേള്‍ക്കും,
ആത്മാര്‍ഥതയോടെ തന്‍റെ സന്നിധിയിലേക്കു തിരിയുന്ന ജനത്തിന്,
അവിടുത്തെ ഭക്തന്മാര്‍ക്കു തന്നെ, അവിടുന്നു സമാധാനമരുളും.

9
അങ്ങയെ ഭയപ്പെടുന്നവരെ രക്ഷിക്കാന്‍,
അവിടുന്ന് എപ്പോഴും ഒരുങ്ങിയിരിക്കുന്നു.
അവിടുത്തെ തേജസ്സ് നമ്മുടെ ദേശത്തു കുടികൊള്ളും.

10
കാരുണ്യവും വിശ്വസ്തതയും ആശ്ലേഷിക്കും.
നീതിയും സമാധാനവും പരസ്പരം ചുംബിക്കും

11
ഭൂമിയില്‍ വിശ്വസ്തത മുളയ്‍ക്കും;
നീതി സ്വര്‍ഗത്തില്‍നിന്നു ഭൂമിയെ നോക്കും.

12
സര്‍വേശ്വരന്‍ നന്മ വര്‍ഷിക്കും;
നമ്മുടെ ദേശം സമൃദ്ധമായ വിളവു നല്‌കും.

13
നീതി അവിടുത്തെ മുമ്പില്‍ നടന്ന്,
അവിടുത്തേക്കു വഴി ഒരുക്കും.

86

1

ദാവീദിന്‍റെ സങ്കീര്‍ത്തനം

സര്‍വേശ്വരാ, എങ്കലേക്കു തിരിഞ്ഞ് എനിക്ക് ഉത്തരമരുളണമേ;
ഞാന്‍ ദരിദ്രനും എളിയവനുമാണല്ലോ.

2
എന്‍റെ പ്രാണനെ കാത്തുകൊള്ളണമേ;
ഞാന്‍ അവിടുത്തെ ഭക്തനല്ലോ.
അങ്ങയില്‍ ശരണപ്പെടുന്ന ഈ ദാസനെ രക്ഷിക്കണമേ.
അങ്ങാണെന്‍റെ ദൈവം.

3
സര്‍വേശ്വരാ, എന്നോടു കരുണ കാട്ടണമേ;
ഞാന്‍ അങ്ങയെ ഇടവിടാതെ വിളിച്ചപേക്ഷിക്കുന്നു.

4
അങ്ങയുടെ ദാസനെ സന്തോഷിപ്പിക്കണമേ.
സര്‍വേശ്വരാ, ഞാന്‍ അങ്ങയോടാണല്ലോ പ്രാര്‍ഥിക്കുന്നത്.

5
നാഥാ, അവിടുന്നു നല്ലവനും ക്ഷമിക്കുന്നവനുമാണ്.
അവിടുത്തെ വിളിച്ചപേക്ഷിക്കുന്നവരില്‍ അവിടുന്ന് അളവറ്റ സ്നേഹം ചൊരിയുന്നു.

6
സര്‍വേശ്വരാ, എന്‍റെ പ്രാര്‍ഥന കേള്‍ക്കണമേ!
എന്‍റെ യാചനയ്‍ക്കു ചെവി തരണമേ.

7
കഷ്ടകാലത്ത് ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിക്കും.
അവിടുന്ന് എനിക്ക് ഉത്തരമരുളുന്നു.

8
സര്‍വേശ്വരാ, ദേവന്മാരില്‍ അങ്ങേക്കു തുല്യനായി ആരുമില്ല.
അങ്ങയുടെ പ്രവൃത്തികള്‍ നിസ്തുലമാണ്.

9
സര്‍വേശ്വരാ, അവിടുന്നു സൃഷ്‍ടിച്ച
സര്‍വജനതകളും വന്ന് അങ്ങയെ നമിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്യും.

10
അവിടുന്ന് വലിയവനും അദ്ഭുതം പ്രവര്‍ത്തിക്കുന്നവനുമല്ലോ.
അവിടുന്നു മാത്രമാണ് ദൈവം.

11
സര്‍വേശ്വരാ, അവിടുത്തെ വഴി എനിക്ക് ഉപദേശിച്ചുതരണമേ.
അവിടുത്തോടുള്ള വിശ്വസ്തതയില്‍ ഞാന്‍ നടക്കട്ടെ.
ഭയഭക്തിയോടെ അങ്ങയെ ആരാധിക്കാന്‍ എന്‍റെ ഹൃദയത്തെ ഏകാഗ്രമാക്കണമേ.

12
എന്‍റെ ദൈവമായ സര്‍വേശ്വരാ,
പൂര്‍ണഹൃദയത്തോടെ ഞാന്‍ അങ്ങേക്കു സ്തോത്രം ചെയ്യും.
തിരുനാമത്തെ ഞാന്‍ എന്നും പ്രകീര്‍ത്തിക്കും.

13
എന്നോടുള്ള അവിടുത്തെ അചഞ്ചലസ്നേഹം എത്ര വലുതാണ്.
അവിടുന്ന് എന്നെ മരണത്തിന്‍റെ പിടിയില്‍ നിന്നു മോചിപ്പിച്ചിരിക്കുന്നു.

14
ദൈവമേ, അഹങ്കാരികള്‍ എന്നെ എതിര്‍ക്കുന്നു.
നിഷ്ഠുരന്മാര്‍ എന്നെ അപായപ്പെടുത്താന്‍ നോക്കുന്നു.
അവര്‍ക്കു ദൈവവിചാരമില്ല.

15
എന്നാല്‍ സര്‍വേശ്വരാ, അവിടുന്നു കരുണാമയനും കൃപാലുവുമല്ലോ.
അവിടുന്നു ക്ഷമാശീലനും സ്നേഹസമ്പന്നനും വിശ്വസ്തനുമാണ്.

16
നാഥാ, തൃക്കണ്‍പാര്‍ത്താലും! എന്നോടു കരുണയുണ്ടാകണമേ.
ഈ ദാസന് അവിടുത്തെ ശക്തി നല്‌കണമേ!
അങ്ങയുടെ ദാസിയുടെ മകനെ രക്ഷിക്കണമേ.

17
അവിടുത്തെ കൃപാകടാക്ഷത്തിന് ഒരു അടയാളം കാണിക്കണമേ.
എന്നെ വെറുക്കുന്നവര്‍ അതു കണ്ട് ലജ്ജിതരാകട്ടെ.
സര്‍വേശ്വരാ, അവിടുന്ന് എന്നെ സഹായിക്കുകയും സമാശ്വസിപ്പിക്കുകയും ചെയ്തുവല്ലോ.

87

1

കോരഹ്പുത്രന്മാരുടെ സങ്കീര്‍ത്തനം; ഒരു ഗീതം

സര്‍വേശ്വരന്‍ തന്‍റെ നഗരം വിശുദ്ധ
പര്‍വതത്തില്‍ സ്ഥാപിച്ചു.

2
ഇസ്രായേലിലെ എല്ലാ സ്ഥലങ്ങളെക്കാളും
അവിടുന്നു സീയോനെ സ്നേഹിക്കുന്നു.

3
ദൈവത്തിന്‍റെ നഗരമേ, നിന്നെക്കുറിച്ചു
മഹത്തായ കാര്യങ്ങള്‍ ദൈവം അരുളിച്ചെയ്തിരിക്കുന്നു.

4
എന്നെ അംഗീകരിക്കുന്നവരുടെ കൂട്ടത്തില്‍,
ഈജിപ്തും ബാബിലോണും ഉള്‍പ്പെടുന്നു.
ഫെലിസ്ത്യരും സോര്‍ നിവാസികളും എത്യോപ്യരും
‘ഇവന്‍ അവിടെ ജനിച്ചവന്‍’ എന്ന് അഭിമാനിക്കും.

5
സകല ജനതകളും തങ്ങള്‍ സീയോനില്‍ ജനിച്ചവരാണെന്നു പറയും.
അത്യുന്നതനായ ദൈവമാണ് ആ നഗരം സ്ഥാപിച്ചത്.

6
സര്‍വേശ്വരന്‍ ജനതകളുടെ കണക്കെടുക്കുമ്പോള്‍,
എല്ലാവരും സീയോനില്‍ ജനിച്ചവരെന്നു രേഖപ്പെടുത്തും.

7
‘സീയോനാണ് ഞങ്ങളുടെ അനുഗ്രഹങ്ങളുടെ ഉറവിടം’
എന്ന് എല്ലാവരും പാടി നൃത്തം ചെയ്യും.

88

1

കോരഹ്പുത്രന്മാരുടെ സങ്കീര്‍ത്തനം; ഗായകസംഘനേതാവിന്, മഹലത്ത് രാഗത്തില്‍ എസ്രാഹ്യനായ ഹേമാന്‍റെ ഒരു ധ്യാനം.

എന്‍റെ രക്ഷകനായ ദൈവമേ, സര്‍വേശ്വരാ;
രാവും പകലും ഞാന്‍ തിരുസന്നിധിയില്‍ നിലവിളിക്കുന്നു;

2
എന്‍റെ പ്രാര്‍ഥന ശ്രദ്ധിക്കണമേ;
എന്‍റെ നിലവിളി കേള്‍ക്കണമേ.

3
ഞാന്‍ ദുരിതത്തില്‍ അകപ്പെട്ടിരിക്കുന്നു;
ഞാന്‍ പാതാളത്തോടു സമീപിച്ചിരിക്കുന്നു.

4
മൃത്യുഗര്‍ത്തത്തില്‍ പതിക്കാന്‍ പോകുന്നവരുടെ കൂട്ടത്തില്‍ ഞാന്‍ എണ്ണപ്പെട്ടിരിക്കുന്നു.
എന്‍റെ ശക്തി ചോര്‍ന്നുപോയിരിക്കുന്നു.

5
മരിച്ചവരില്‍ ഒരുവനെപ്പോലെ,
ഞാന്‍ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു.
വധിക്കപ്പെട്ട് ശവക്കുഴിയില്‍ തള്ളപ്പെട്ടവനെപ്പോലെയായി ഞാന്‍.
അവിടുത്തെ സ്മരണയില്‍നിന്നു മറഞ്ഞവന്‍റെ സ്ഥിതിയിലാണു ഞാനിപ്പോള്‍.
അവര്‍ അങ്ങയുടെ പരിപാലനത്തില്‍നിന്നു ഛേദിക്കപ്പെട്ടിരിക്കുന്നുവല്ലോ.

6
പാതാളത്തിന്‍റെ അടിത്തട്ടില്‍,
അന്ധകാരനിബിഡമായ അഗാധഗര്‍ത്തത്തില്‍,
അവിടുന്ന് എന്നെ തള്ളിയിട്ടിരിക്കുന്നു.

7
അവിടുത്തെ ക്രോധം എന്നെ ഞെരുക്കുന്നു.
അവിടുത്തെ രോഷത്തിന്‍റെ തിരമാലകള്‍ എന്നെ മൂടുന്നു.

8
സ്നേഹിതര്‍ എന്നെ കണ്ട് ഒഴിഞ്ഞുമാറാന്‍, അവിടുന്നിടയാക്കി.
അവര്‍ക്കു ഞാനൊരു ഭീകരദൃശ്യമാണ്.
രക്ഷപെടാനാവാത്തവിധം ഞാന്‍ തടവറയിലായിരിക്കുന്നു.

9
ദുഃഖംകൊണ്ട് എന്‍റെ കാഴ്ച മങ്ങിയിരിക്കുന്നു;
സര്‍വേശ്വരാ, ഞാന്‍ ഇടവിടാതെ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു.
ഞാന്‍ കൈ ഉയര്‍ത്തി അവിടുത്തോടു പ്രാര്‍ഥിക്കുന്നു.

10
മരിച്ചവര്‍ക്കുവേണ്ടി അവിടുന്നു അദ്ഭുതം പ്രവര്‍ത്തിക്കുമോ?
മൃതന്മാര്‍ എഴുന്നേറ്റ് അങ്ങയെ സ്തുതിക്കുമോ?

11
ശവക്കുഴിയില്‍ അവിടുത്തെ അചഞ്ചല സ്നേഹം പ്രഘോഷിക്കപ്പെടുമോ?
മൃതരുടെ ലോകത്ത് അവിടുത്തെ വിശ്വസ്തത പ്രസ്താവിക്കപ്പെടുമോ?

12
ആ അന്ധലോകത്ത് അവിടുത്തെ അദ്ഭുതങ്ങളോ,
വിസ്മൃതിയുടെ ലോകത്ത് അവിടുത്തെ നീതിയോ അറിയപ്പെടുമോ?

13
എന്നാല്‍, സര്‍വേശ്വരാ, ഞാന്‍ അങ്ങയോടു നിലവിളിക്കുന്നു.
പ്രഭാതംതോറും ഞാന്‍ അങ്ങയോടു പ്രാര്‍ഥിക്കുന്നു.

14
സര്‍വേശ്വരാ, അവിടുന്ന് എന്നെ തള്ളിക്കളഞ്ഞിരിക്കുന്നതെന്ത്?
അവിടുന്ന് എന്നില്‍നിന്നു മുഖം മറയ്‍ക്കുന്നതെന്ത്?

15
ചെറുപ്പംമുതലേ ഞാന്‍ പീഡിതനും മരണാസന്നനും ആണ്.
അവിടുന്ന് ഏല്പിച്ച ക്രൂരകഷ്ടതകളാല്‍ ഞാന്‍ നിസ്സഹായനായിത്തീര്‍ന്നിരിക്കുന്നു.

16
അവിടുത്തെ ക്രോധം എന്‍റെ മീതെ കവിഞ്ഞൊഴുകി.
അവിടുത്തെ ഭയങ്കര പീഡനങ്ങള്‍ എന്നെ നശിപ്പിക്കുന്നു.

17
പെരുവെള്ളംപോലെ അവ എപ്പോഴും എന്നെ വലയം ചെയ്യുന്നു.
അവ കൂട്ടമായി വന്ന് എന്നെ പൊതിയുന്നു.

18
ഉറ്റവരും സ്നേഹിതരും എന്നില്‍നിന്ന്,
അകന്നു മാറാന്‍ അവിടുന്ന് ഇടയാക്കി.
എനിക്കു കൂട്ടുവരാന്‍ ഇരുള്‍ മാത്രം!

89

1

എസ്രാഹ്യനായ ഏഥാന്‍റെ ഒരു ധ്യാനം

സര്‍വേശ്വരാ, ഞാന്‍ എന്നും അവിടുത്തെ അചഞ്ചലസ്നേഹത്തെ പ്രകീര്‍ത്തിക്കും.
ഞാന്‍ എന്നും അവിടുത്തെ വിശ്വസ്തതയെ പ്രഘോഷിക്കും.

2
അവിടുത്തെ സ്നേഹം എന്നേക്കും നിലനില്‌ക്കുന്നു.
അവിടുത്തെ വിശ്വസ്തത ആകാശംപോലെ സുസ്ഥിരമാണ്.

3
അവിടുന്ന് ഇങ്ങനെ അരുളിച്ചെയ്തു:
“എന്‍റെ തിരഞ്ഞെടുക്കപ്പെട്ട ദാസനോടു ഞാന്‍ ഉടമ്പടിയുണ്ടാക്കി.
എന്‍റെ ദാസനായ ദാവീദിനോടു സത്യം ചെയ്തു.

4
നിന്‍റെ സന്തതികളെ ഞാന്‍ സുസ്ഥിരമാക്കും;
അവര്‍ നിന്‍റെ സിംഹാസനത്തില്‍ എന്നേക്കും വാഴും.

5
സര്‍വേശ്വരാ, സ്വര്‍ഗം അവിടുത്തെ അദ്ഭുതപ്രവൃത്തികള്‍ സ്തുതിക്കട്ടെ;
അങ്ങയുടെ വിശ്വസ്തത ദിവ്യസഭയില്‍ പ്രകീര്‍ത്തിക്കപ്പെടട്ടെ.

6
സര്‍വേശ്വരനു സമനായി സ്വര്‍ഗത്തില്‍ ആരുണ്ട്?
ദേവഗണത്തില്‍ സര്‍വേശ്വരനു തുല്യനായി ആരുണ്ട്?

7
ദേവസഭയില്‍ എല്ലാവരും അങ്ങയെ ഭയപ്പെടുന്നു,
അവര്‍ അങ്ങയുടെ ചുറ്റും ഭയഭക്തിയോടെ നില്‌ക്കുന്നു.

8
സര്‍വശക്തനായ ദൈവമേ, സര്‍വേശ്വരാ,
അങ്ങയെപ്പോലെ ബലവാന്‍ ആരുണ്ട്?
വിശ്വസ്തത അങ്ങയെ വലയം ചെയ്തിരിക്കുന്നു.

9
ഇളകിമറിയുന്ന സമുദ്രത്തെ അവിടുന്നു ശാസിച്ചൊതുക്കുന്നു.
തിരമാലകള്‍ ഉയരുമ്പോള്‍ അവിടുന്ന് അവയെ ശാന്തമാക്കുന്നു.

10
അവിടുന്നു രഹബിനെ പിണമെന്നപോലെ തകര്‍ത്തു.
അവിടുത്തെ ബലിഷ്ഠഭുജം ശത്രുക്കളെ ചിതറിച്ചു.

11
ആകാശവും ഭൂമിയും അങ്ങയുടേതാണ്,
ലോകവും അതിലുള്ള സകലവും അവിടുന്നാണ് സൃഷ്‍ടിച്ചത്.

12
തെക്കുമുതല്‍ വടക്കുവരെയുള്ള എല്ലാ ദേശങ്ങളെയും അവിടുന്നു സൃഷ്‍ടിച്ചു.
താബോറും ഹെര്‍മ്മോനും ആഹ്ലാദപൂര്‍വം അങ്ങയെ പുകഴ്ത്തുന്നു,

13
അവിടുത്തെ ഭുജം എത്ര ശക്തിയുള്ളത്.
അവിടുത്തെ കരം എത്ര കരുത്തുറ്റത്.
അവിടുന്നു വലങ്കൈ ഉയര്‍ത്തിയിരിക്കുന്നു.

14
അവിടുന്നു തന്‍റെ രാജ്യം നീതിയിലും ന്യായത്തിലും സ്ഥാപിച്ചിരിക്കുന്നു.
അങ്ങയുടെ സുസ്ഥിരസ്നേഹവും വിശ്വസ്തതയും തിരുമുമ്പില്‍ നടക്കുന്നു.

15
സ്തുതിഘോഷത്താല്‍ അങ്ങയെ ആരാധിക്കുന്നവര്‍,
അവിടുത്തെ വരപ്രസാദത്തില്‍ ജീവിക്കുന്നവര്‍ തന്നെ, എത്ര അനുഗൃഹീതര്‍.

16
അവര്‍ അങ്ങയില്‍ എപ്പോഴും ആനന്ദിക്കുന്നു.
അങ്ങയുടെ നീതിയെ അവര്‍ പ്രകീര്‍ത്തിക്കുന്നു.

17
അവിടുന്നാണ് അവരുടെ ശക്തിയും മഹത്ത്വവും.
അങ്ങയുടെ അനുഗ്രഹമാണ് അവര്‍ക്കു വിജയമരുളുന്നത്.

18
സര്‍വേശ്വരനാണ് ഞങ്ങളുടെ സംരക്ഷകന്‍,
ഇസ്രായേലിന്‍റെ പരിശുദ്ധനാണ് ഞങ്ങളുടെ രാജാവ്.

19
പണ്ട് ഒരു ദര്‍ശനത്തില്‍ ദൈവം തന്‍റെ ഭക്തനോട് അരുളിച്ചെയ്തു:
“വീരനായ യോദ്ധാവിനെ ഞാന്‍ കിരീടം അണിയിച്ചു,
ജനത്തില്‍നിന്ന് ഒരാളെ തിരഞ്ഞെടുത്ത് രാജാവാക്കി.

20
എന്‍റെ ദാസനായ ദാവീദിനെ ഞാന്‍ കണ്ടെത്തി,
വിശുദ്ധതൈലംകൊണ്ടു ഞാന്‍ അവനെ അഭിഷേകം ചെയ്തു.

21
എന്‍റെ കരം എപ്പോഴും അവനോടൊത്ത് ഉണ്ടായിരിക്കും,
എന്‍റെ ഭുജം അവനെ ശക്തനാക്കും.

22
ശത്രു അവനെ തോല്പിക്കുകയില്ല;
ദുഷ്ടന്‍ അവന്‍റെമേല്‍ വിജയം നേടുകയില്ല.

23
ഞാന്‍ അവന്‍റെ ശത്രുക്കളെ അവന്‍റെ മുമ്പില്‍ വച്ചു തകര്‍ക്കും.
അവനെ ദ്വേഷിക്കുന്നവരെ ഞാന്‍ സംഹരിക്കും.

24
എന്‍റെ വിശ്വസ്തതയും അചഞ്ചലസ്നേഹവും അവന്‍റെ കൂടെ ഉണ്ടായിരിക്കും.
ഞാന്‍ കൂടെയുള്ളതുകൊണ്ട് അവന്‍റെ ശക്തി വര്‍ധിക്കും.

25
ഞാന്‍ അവന്‍റെ അധികാരം സമുദ്രത്തിന്മേലും നദികളിന്മേലും ഉറപ്പിക്കും.”

26
അവിടുന്നാണ് എന്‍റെ പിതാവ്, എന്‍റെ ദൈവം, എന്‍റെ രക്ഷാശൈലം,
എന്ന് അവന്‍ എന്നോട് ഉച്ചത്തില്‍ പറയും.

27
ഞാന്‍ അവനെ എന്‍റെ ആദ്യജാതനും ഭൂമിയിലെ രാജാക്കന്മാരില്‍ അത്യുന്നതനുമാക്കും.

28
എന്‍റെ അചഞ്ചലസ്നേഹം ഞാനെന്നും അവനോടു കാണിക്കും.
അവനോടുള്ള എന്‍റെ ഉടമ്പടി സുസ്ഥിരമായിരിക്കും.

29
ഞാന്‍ അവന്‍റെ രാജവംശത്തെ ശാശ്വതമായി നിലനിര്‍ത്തും.
അവന്‍റെ സന്തതികള്‍ ആകാശമുള്ളിടത്തോളം കാലം രാജാക്കന്മാരായിരിക്കും.

30
അവന്‍റെ സന്തതി എന്‍റെ ധര്‍മശാസ്ത്രം ഉപേക്ഷിക്കുകയും എന്‍റെ അനുശാസനം
അനുസരിക്കാതിരിക്കുകയും

31
എന്‍റെ ചട്ടങ്ങള്‍ ലംഘിക്കുകയും
എന്‍റെ കല്പനകള്‍ പാലിക്കാതിരിക്കുകയും ചെയ്താല്‍

32
ഞാന്‍ അവരുടെ അതിക്രമങ്ങള്‍ക്ക് അവരെ വടികൊണ്ട് അടിക്കും.
അവരുടെ അധര്‍മങ്ങള്‍ക്ക് അവരെ ചാട്ടവാറുകൊണ്ടു പ്രഹരിക്കും.

33
എങ്കിലും എന്‍റെ അചഞ്ചലസ്നേഹം ഞാന്‍ അവരില്‍നിന്നു പിന്‍വലിക്കുകയില്ല.
ഞാന്‍ എന്നും അവനോടു വിശ്വസ്തത പുലര്‍ത്തും.

34
ഞാന്‍ എന്‍റെ ഉടമ്പടി ലംഘിക്കുകയില്ല.
എന്‍റെ വാഗ്ദാനത്തില്‍നിന്നു പിന്‍മാറുകയില്ല.

35
എന്‍റെ വിശുദ്ധനാമത്തെപ്രതി ഞാന്‍
എന്നേക്കുമായി ശപഥം ചെയ്തിരിക്കുന്നു.
ദാവീദിനോടുള്ള എന്‍റെ വാഗ്ദാനം
ഞാന്‍ ഒരിക്കലും ലംഘിക്കുകയില്ല.

36
അവന്‍റെ വംശം ശാശ്വതമായിരിക്കും
അവന്‍റെ സിംഹാസനം സൂര്യനുള്ളിടത്തോളം കാലം നിലനില്‌ക്കും.

37
ദാവീദിന്‍റെ രാജത്വം ചന്ദ്രനെപ്പോലെ നിലനില്‌ക്കും.
ആകാശമുള്ളിടത്തോളം കാലം അതു സുസ്ഥിരമായിരിക്കും.

38
എങ്കിലും ഇപ്പോള്‍ അവിടുന്ന് അങ്ങയുടെ
അഭിഷിക്തനോട് ഉഗ്രമായി കോപിച്ചിരിക്കുന്നു.
അവനെ അങ്ങ് പരിത്യജിച്ചു.

39
അവിടുത്തെ ദാസനോടുള്ള ഉടമ്പടി ലംഘിച്ചു.
അവന്‍റെ കിരീടം നിലത്തെറിഞ്ഞ് അശുദ്ധമാക്കി.

40
അവിടുന്ന് അവന്‍റെ പട്ടണത്തിന്‍റെ മതിലുകള്‍
പൊളിച്ചു; കോട്ടകള്‍ ഇടിച്ചുനിരത്തി.

41
വഴിപോക്കര്‍ അവനെ കൊള്ളയടിക്കുന്നു.
അയല്‍ക്കാര്‍ അവനെ പരിഹസിക്കുന്നു.

42
അവിടുന്ന് അവന്‍റെ ശത്രുക്കള്‍ക്ക് വിജയം നല്‌കി;
അവന്‍റെ സകല ശത്രുക്കളെയും ആഹ്ലാദഭരിതരാക്കി.

43
അവിടുന്ന് അവന്‍റെ വാളിന്‍റെ വായ്ത്തല മടക്കി.
യുദ്ധത്തില്‍ ചെറുത്തുനില്‌ക്കാന്‍ അവനെ അശക്തനാക്കി.

44
അവിടുന്ന് അവന്‍റെ കൈയില്‍നിന്നു ചെങ്കോല്‍ എടുത്തുമാറ്റി.
അവന്‍റെ സിംഹാസനത്തെ നിലത്തു മറിച്ചിട്ടു.

45
അവിടുന്ന് അവന്‍റെ യൗവനകാലം ചുരുക്കി,
അപമാനംകൊണ്ട് അവനെ മൂടി.

46
സര്‍വേശ്വരാ, ഇത് എത്ര കാലത്തേക്ക്?
അങ്ങ് എന്നേക്കും മറഞ്ഞിരിക്കുമോ?
അങ്ങയുടെ ക്രോധം എത്ര കാലം അഗ്നിപോലെ ജ്വലിക്കും?

47
പരമനാഥാ, മനുഷ്യായുസ്സ് എത്ര ഹ്രസ്വമെന്ന് ഓര്‍ത്താലും!
അവിടുന്നു സൃഷ്‍ടിച്ച മര്‍ത്യരുടെ ജീവിതം എത്ര വ്യര്‍ഥമെന്ന് ഓര്‍ക്കണമേ.

48
അമര്‍ത്യത മനുഷ്യനു ലഭിക്കുമോ?
പാതാളത്തിന്‍റെ പിടിയില്‍നിന്നു ജീവനെ രക്ഷിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ?

49
നാഥാ, അങ്ങയുടെ അചഞ്ചലസ്നേഹം വെളിപ്പെടുത്തിയ പണ്ടത്തെ പ്രവൃത്തികള്‍ എവിടെ?
വിശ്വസ്തനായ അവിടുന്നു ദാവീദിനു നല്‌കിയ വാഗ്ദാനങ്ങള്‍ എവിടെ?

50
നാഥാ, അവിടുത്തെ ദാസന്‍ നിന്ദാപാത്രമായിരിക്കുന്നത് ഓര്‍ക്കണമേ,
സര്‍വവിജാതീയരുടെയും നിന്ദയും ശാപവും ഞാന്‍ ഏല്‌ക്കുന്നതു മറക്കരുതേ.

51
സര്‍വേശ്വരാ, അങ്ങയുടെ ശത്രുക്കള്‍ അവിടുത്തെ അഭിഷിക്തനെ അധിക്ഷേപിക്കുന്നു.
എങ്ങോട്ടു തിരിഞ്ഞാലും അവര്‍ അവനെ പരിഹസിക്കുന്നു.

52
സര്‍വേശ്വരന്‍ എന്നേക്കും വാഴ്ത്തപ്പെടട്ടെ. ആമേന്‍, ആമേന്‍.

90

1

ദൈവപുരുഷനായ മോശയുടെ പ്രാര്‍ഥന

സര്‍വേശ്വരാ, അവിടുന്നാണ് തലമുറതലമുറയായി ഞങ്ങളുടെ അഭയസ്ഥാനം.

2
അവിടുന്നു നിത്യനായ ദൈവം,
പര്‍വതങ്ങള്‍ ഉണ്ടാകുന്നതിനുമുമ്പ്,
പ്രപഞ്ചത്തെ അവിടുന്നു നിര്‍മ്മിക്കുന്നതിനു മുമ്പുതന്നെ.
അവിടുന്ന് എന്നേക്കും ദൈവം ആകുന്നു.

3
അവിടുന്നു മര്‍ത്യനെ മണ്ണിലേക്കു തിരികെ ചേര്‍ക്കുന്നു;
മനുഷ്യമക്കളേ, മണ്ണിലേക്കു മടങ്ങുവിന്‍ എന്നു കല്പിക്കുന്നു.

4
ആയിരം വര്‍ഷം അങ്ങേക്ക് ഒരു ദിവസം പോലെയും,
രാത്രിയിലെ ഒരു യാമംപോലെയും ആകുന്നു.

5
അവിടുന്നു മനുഷ്യനെ തുടച്ചുനീക്കുന്നു,
ഉണരുമ്പോള്‍ മറന്നുപോകുന്ന സ്വപ്നം പോലെയാണവര്‍;
പ്രഭാതത്തില്‍ നാമ്പു നീട്ടുന്ന പുല്ലു പോലെയാണവര്‍.

6
രാവിലെ അതു മുളച്ചുവളരുന്നു,
വൈകുന്നേരം വാടിക്കരിയുന്നു.

7
അവിടുത്തെ ക്രോധം ഞങ്ങളെ പരിഭ്രാന്തരാക്കുന്നു.
അവിടുത്തെ രോഷത്താല്‍ ഞങ്ങള്‍ നശിക്കുന്നു.

8
ഞങ്ങളുടെ അപരാധങ്ങള്‍ തിരുമുമ്പില്‍ വച്ചിരിക്കുന്നു.
ഞങ്ങളുടെ രഹസ്യപാപങ്ങള്‍ തിരുസന്നിധിയില്‍ വെളിപ്പെട്ടിരിക്കുന്നു.

9
അവിടുത്തെ ക്രോധത്താല്‍ ഞങ്ങളുടെ ആയുസ്സ് ചുരുങ്ങുന്നു.
ഞങ്ങളുടെ ജീവിതം ഒരു നെടുവീര്‍പ്പുപോലെ പെട്ടെന്ന് അവസാനിക്കുന്നു.

10
ഞങ്ങളുടെ ആയുഷ്കാലം എഴുപതു വര്‍ഷം,
ഏറിയാല്‍ എണ്‍പത്.
എന്നിട്ടും അക്കാലമത്രയും ഞങ്ങള്‍ക്കു കഷ്ടതയും ദുരിതവുമത്രേ.
ആയുസ്സ് പെട്ടെന്നു തീര്‍ന്നു ഞങ്ങള്‍ കടന്നു പോകുന്നു.

11
അങ്ങയുടെ കോപത്തിന്‍റെ ഉഗ്രത ആരറിയുന്നു?
അങ്ങയുടെ ക്രോധം എത്ര ഭീകരമെന്നറിഞ്ഞ് അങ്ങയെ ഭയപ്പെടുന്നവര്‍ ആര്?

12
ഞങ്ങളുടെ ആയുസ്സിന്‍റെ നാളുകള്‍ എണ്ണാന്‍ ഞങ്ങളെ പഠിപ്പിക്കണമേ,
അങ്ങനെ ഞങ്ങള്‍ വിവേകികള്‍ ആകട്ടെ.

13
സര്‍വേശ്വരാ, ഈ ദാസരോട് അവിടുന്നു എത്രനാള്‍ കോപിക്കും?
കനിവുണ്ടാകണമേ, അവിടുത്തെ ദാസരോടു കരുണ തോന്നണമേ.

14
അവിടുത്തെ അചഞ്ചലസ്നേഹത്താല്‍,
ഞങ്ങളെ പ്രഭാതംതോറും സംതൃപ്തരാക്കണമേ.
ഞങ്ങള്‍ ആയുഷ്കാലം മുഴുവന്‍ ആനന്ദിച്ചുല്ലസിക്കട്ടെ.

15
അവിടുന്നു ഞങ്ങളെ പീഡിപ്പിച്ചിടത്തോളം നാളുകളും
ഞങ്ങള്‍ ദുരിതമനുഭവിച്ചിടത്തോളം വര്‍ഷങ്ങളും
സന്തോഷിക്കാന്‍ ഞങ്ങളെ അനുവദിക്കണമേ.

16
അവിടുത്തെ ദാസന്മാര്‍ക്ക് അങ്ങയുടെ പ്രവൃത്തിയും
അവരുടെ മക്കള്‍ക്ക് അങ്ങയുടെ മഹാപ്രഭാവവും കാണിച്ചുകൊടുക്കണമേ.

17
ഞങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ പ്രസാദം ഞങ്ങളുടെമേല്‍ ഉണ്ടായിരിക്കട്ടെ.
ഞങ്ങളുടെ പ്രവൃത്തികളെ സഫലമാക്കണമേ.
അതേ, ഞങ്ങളുടെ പ്രവൃത്തികളെ എന്നും സഫലമാക്കണമേ.

91

1

അത്യുന്നതന്‍റെ സംരക്ഷണത്തില്‍ വസിക്കുന്നവന്‍,
സര്‍വശക്തന്‍റെ തണലില്‍ പാര്‍ക്കുന്നവന്‍

2
സര്‍വേശ്വരനോടു പറയും:
“അവിടുന്നാണ് എന്‍റെ സങ്കേതവും കോട്ടയും ഞാനാശ്രയിക്കുന്ന എന്‍റെ ദൈവവും.”

3
അവിടുന്നു നിന്നെ വേട്ടക്കാരന്‍റെ കെണിയില്‍ നിന്നും,
മാരകമായ മഹാമാരിയില്‍നിന്നും വിടുവിക്കും.

4
അവിടുത്തെ തൂവലുകള്‍കൊണ്ടു നിന്നെ മറയ്‍ക്കും.
അവിടുത്തെ ചിറകുകളുടെ കീഴില്‍ നീ സുരക്ഷിതനായിരിക്കും.
അവിടുത്തെ വിശ്വസ്തത നിനക്കു പരിചയും കവചവും ആയിരിക്കും.

5
രാത്രിയിലെ ഭീകരതയെയും പകല്‍
പെട്ടെന്നുണ്ടാകുന്ന വിപത്തിനെയും

6
ഇരുളില്‍ സഞ്ചരിക്കുന്ന മഹാമാരിയെയും
ഉച്ചയ്‍ക്കു വരുന്ന വിനാശത്തെയും നീ ഭയപ്പെടേണ്ടാ.

7
നിന്‍റെ ഇടത്തുവശത്ത് ആയിരങ്ങളും
നിന്‍റെ വലത്തുവശത്ത് പതിനായിരങ്ങളും നിപതിക്കും.
എന്നാല്‍ ഒരു അനര്‍ഥവും നിനക്കു ഭവിക്കയില്ല.

8
ദുഷ്ടന്മാര്‍ക്കു ലഭിക്കുന്ന ശിക്ഷ നീ കാണും.

9
നീ സര്‍വേശ്വരനെ നിന്‍റെ സങ്കേതവും
അത്യുന്നതനെ അഭയസ്ഥാനവും ആക്കിയിരിക്കുന്നുവല്ലോ.

10
ഒരു അനര്‍ഥവും നിനക്കു ഭവിക്കയില്ല.
ഒരു ബാധയും നിന്‍റെ കൂടാരത്തെ സമീപിക്കയില്ല.

11
നിന്‍റെ എല്ലാ വഴികളിലും നിന്നെ സംരക്ഷിക്കാന്‍
തന്‍റെ ദൂതന്മാരോട് അവിടുന്നു കല്പിക്കും.

12
നിന്‍റെ കാല്‍ കല്ലില്‍ തട്ടാതിരിക്കാന്‍,
അവര്‍ നിന്നെ കൈകളില്‍ വഹിച്ചുകൊള്ളും.
സിംഹത്തിന്‍റെയും അണലിയുടെയുംമേല്‍ നീ ചവിട്ടും.

13
സിംഹക്കുട്ടിയെയും സര്‍പ്പത്തെയും നീ ചവിട്ടിമെതിക്കും.

14
ദൈവം അരുളിച്ചെയ്യുന്നു:
“അവന്‍ സ്നേഹപൂര്‍വം എന്നോടു പറ്റിച്ചേര്‍ന്നിരിക്കയാല്‍, ഞാന്‍ അവനെ രക്ഷിക്കും.
അവന്‍ എന്നെ അറിയുന്നതുകൊണ്ടു ഞാന്‍ അവനെ സംരക്ഷിക്കും.

15
എന്നെ വിളിച്ചപേക്ഷിക്കുമ്പോള്‍ ഞാന്‍ അവന് ഉത്തരമരുളും,
കഷ്ടകാലത്ത് ഞാന്‍ അവനോടുകൂടെ ഇരിക്കും.
ഞാന്‍ അവനെ വിടുവിക്കുകയും മഹത്ത്വപ്പെടുത്തുകയും ചെയ്യും.

16
ദീര്‍ഘായുസ്സു നല്‌കി ഞാന്‍ അവനെ സംതൃപ്തനാക്കും.
അവന്‍റെ രക്ഷകന്‍ ഞാനാണെന്ന് അവനെ ബോധ്യപ്പെടുത്തും.”

92

1

ശബത്തുനാള്‍ക്കുള്ള ഗീതം

സര്‍വേശ്വരാ, അങ്ങേക്കു സ്തോത്രം അര്‍പ്പിക്കുന്നതും
അത്യുന്നതനായ ദൈവമേ, അങ്ങേക്കു കീര്‍ത്തനം ആലപിക്കുന്നതും എത്ര ശ്രേഷ്ഠം!

2
പത്തു കമ്പികളുള്ള വീണയും കിന്നരവും മീട്ടി

3
പ്രഭാതംതോറും അവിടുത്തെ അചഞ്ചല സ്നേഹവും
രാത്രിതോറും അവിടുത്തെ വിശ്വസ്തതയും പ്രഘോഷിക്കുന്നത് എത്ര ഉചിതം.

4
സര്‍വേശ്വരാ, അങ്ങയുടെ പ്രവൃത്തികള്‍ എന്നെ സന്തോഷിപ്പിക്കുന്നു.
അങ്ങയുടെ കൈകളുടെ പ്രവൃത്തികള്‍ കണ്ട് ഞാന്‍ ആനന്ദഗീതം ആലപിക്കുന്നു.

5
സര്‍വേശ്വരാ, അങ്ങയുടെ പ്രവൃത്തികള്‍ എത്ര മഹനീയം!
അങ്ങയുടെ ചിന്തകള്‍ എത്ര അഗാധം!

6
മൂഢന്‍ അതു ഗ്രഹിക്കുന്നില്ല;
ഭോഷന് അതു മനസ്സിലാക്കാന്‍ കഴിയുന്നുമില്ല.

7
ദുഷ്ടന്മാര്‍ പുല്ലുപോലെ മുളയ്‍ക്കുന്നു;
അധര്‍മം പ്രവര്‍ത്തിക്കുന്നവര്‍ തഴച്ചുവളരുന്നു.
എങ്കിലും അവര്‍ ഉന്മൂലനം ചെയ്യപ്പെടും.

8
എന്നാല്‍ സര്‍വേശ്വരാ, അവിടുന്ന് എന്നും പരമോന്നതനാണ്.

9
പരമനാഥാ, നിശ്ചയമായും അവിടുത്തെ ശത്രുക്കള്‍ നശിക്കും.
സകല ദുഷ്കര്‍മികളും ചിതറിക്കപ്പെടും.

10
എന്നാല്‍ അവിടുന്ന് എനിക്കു കാട്ടുപോത്തിന്‍റെ ശക്തി തന്നു,
അവിടുന്ന് എന്‍റെമേല്‍ പുതുതൈലം ഒഴിച്ചു.

11
എന്‍റെ ശത്രുക്കളുടെ പതനം ഞാന്‍ കണ്ടു.
എന്നെ എതിര്‍ക്കുന്ന ദുഷ്കര്‍മികളുടെ നിലവിളി ഞാന്‍ കേട്ടു.

12
നീതിമാന്‍ പനപോലെ തഴയ്‍ക്കും.
ലെബാനോനിലെ ദേവദാരുപോലെ വളരും.

13
സര്‍വേശ്വരന്‍റെ ആലയത്തില്‍ അവരെ നട്ടിരിക്കുന്നു.
നമ്മുടെ ദൈവത്തിന്‍റെ ആലയത്തിലെ അങ്കണത്തില്‍ അവര്‍ തഴച്ചുവളരും.

14
വാര്‍ധക്യത്തിലും അവര്‍ ഫലം നല്‌കും.
പച്ചിലച്ചാര്‍ത്ത് ചൂടി എന്നും പുഷ്‍ടിയോടിരിക്കും.

15
സര്‍വേശ്വരന്‍ നീതിമാനാണെന്ന് അവര്‍ പ്രഘോഷിക്കുന്നു.
അവിടുന്നാണ് എന്‍റെ അഭയശില.
അനീതി അങ്ങയില്‍ ഒട്ടും ഇല്ലല്ലോ.

93

1

സര്‍വേശ്വരന്‍ വാഴുന്നു;
അവിടുന്നു മഹിമ ധരിച്ചിരിക്കുന്നു.
അവിടുന്നു ശക്തികൊണ്ട് അര മുറുക്കിയിരിക്കുന്നു,
അവിടുന്നു ഭൂമിയെ യഥാസ്ഥാനത്തു സ്ഥാപിച്ചിരിക്കുന്നു,
അതിന് ഇളക്കം തട്ടുകയില്ല.

2
അങ്ങയുടെ സിംഹാസനം പണ്ടുതന്നേ സ്ഥാപിക്കപ്പെട്ടിരിക്കുന്നു.
അങ്ങ് അനാദിമുതലേ ഉള്ളവനാണ്.

3
സര്‍വേശ്വരാ, പ്രവാഹങ്ങള്‍ ഉയരുന്നു;
പ്രവാഹങ്ങള്‍ ഇരമ്പുന്നു.
പ്രവാഹങ്ങള്‍ ഗര്‍ജനം മുഴക്കുന്നു.

4
പ്രവാഹങ്ങളുടെ മുഴക്കത്തെക്കാളും സമുദ്രത്തിലെ തിരമാലകളെക്കാളും
സര്‍വേശ്വരന്‍ ശക്തിയുള്ളവന്‍.

5
അവിടുത്തെ കല്പനകള്‍ അലംഘനീയം.
സര്‍വേശ്വരാ, വിശുദ്ധി അവിടുത്തെ ആലയത്തെ എന്നേക്കും അലങ്കരിക്കുന്നു.

94

1

സര്‍വേശ്വരാ, ദുഷ്ടരെ ശിക്ഷിക്കുന്ന ദൈവമേ, പ്രത്യക്ഷനായാലും,

2
ലോകത്തിന്‍റെ ന്യായാധിപതിയേ, എഴുന്നേല്‌ക്കണമേ.
അഹങ്കാരികള്‍ക്ക് അര്‍ഹമായ ശിക്ഷ നല്‌കണമേ.

3
സര്‍വേശ്വരാ, ദുഷ്ടന്മാര്‍ എത്രനാള്‍ തങ്ങളുടെ ദുഷ്ടതയില്‍ ആഹ്ലാദിക്കും?

4
അവര്‍ ഗര്‍വോടെ വാക്കുകള്‍ ചൊരിയുന്നു.
ദുഷ്കര്‍മികളായ അവര്‍ വമ്പു പറയുന്നു,

5
സര്‍വേശ്വരാ, അവര്‍ അങ്ങയുടെ ജനത്തെ നശിപ്പിക്കുന്നു.
അങ്ങയുടെ അവകാശമായ ജനത്തെ പീഡിപ്പിക്കുന്നു.

6
അവര്‍ വിധവയെയും പരദേശിയെയും വധിക്കുന്നു;
അനാഥരെ കൊല്ലുന്നു.

7
സര്‍വേശ്വരന്‍ കാണുന്നില്ല; യാക്കോബിന്‍റെ
ദൈവം ശ്രദ്ധിക്കുന്നില്ല എന്ന് അവര്‍ പറയുന്നു.

8
മൂഢരേ, അറിഞ്ഞുകൊള്‍വിന്‍;
ഭോഷന്മാരേ എപ്പോഴാണ് നിങ്ങള്‍ക്കു വിവേകമുദിക്കുക?

9
ചെവി നല്‌കിയ ദൈവം കേള്‍ക്കുന്നില്ലെന്നോ?
കണ്ണു സൃഷ്‍ടിച്ചവന്‍ കാണുകയില്ലെന്നോ?

10
ജനതകളെ ശിക്ഷിക്കുന്നവന്‍ നിങ്ങളെ ശിക്ഷിക്കുകയില്ലെന്നോ?
മനുഷ്യര്‍ക്കു ജ്ഞാനം നല്‌കുന്നവന് അറിവില്ലെന്നോ?

11
മനുഷ്യരുടെ വിചാരങ്ങള്‍ ശ്വാസംപോലെ മാത്രമെന്നു സര്‍വേശ്വരന്‍ അറിയുന്നു.

12
സര്‍വേശ്വരാ, അങ്ങ് ധര്‍മശാസ്ത്രം പഠിപ്പിക്കുകയും
ശിക്ഷണം നല്‌കുകയും ചെയ്യുന്നവന്‍ അനുഗൃഹീതന്‍.

13
അങ്ങനെയുള്ളവര്‍ക്കു കഷ്ടകാലത്ത് അവിടുന്നു വിശ്രമം നല്‌കുന്നു.
ദുഷ്ടനെ ശിക്ഷിക്കുന്നതുവരെ തന്നെ.

14
സര്‍വേശ്വരന്‍ സ്വജനത്തെ ഉപേക്ഷിക്കുകയില്ല.
അതേ, അവിടുത്തെ അവകാശമായ ജനത്തെ തള്ളിക്കളയുകയില്ല.

15
ന്യായാധിപന്മാര്‍ വീണ്ടും നീതിപൂര്‍വം വിധിക്കും;
പരമാര്‍ഥഹൃദയമുള്ളവര്‍ അതു മാനിക്കും.

16
ആര്‍ എനിക്കുവേണ്ടി ദുഷ്ടന്മാര്‍ക്കെതിരെ എഴുന്നേല്‌ക്കും?
ആര്‍ എനിക്കുവേണ്ടി ദുഷ്കര്‍മികളോടു പോരാടും?

17
സര്‍വേശ്വരന്‍ എനിക്കു തുണയായിരുന്നില്ലെങ്കില്‍,
ഞാന്‍ മൃതലോകത്ത് എത്തുമായിരുന്നു.

18
എന്‍റെ കാല്‍ വഴുതാന്‍ പോയപ്പോള്‍,
സര്‍വേശ്വരാ, അവിടുത്തെ സുസ്ഥിരസ്നേഹം എന്നെ താങ്ങി.

19
ഞാന്‍ ആകുലചിത്തനാകുമ്പോള്‍,
അവിടുന്ന് എന്നെ ആശ്വസിപ്പിക്കുന്നു.
അത് എന്നെ ഉന്മേഷവാനാക്കുന്നു.

20
ദുഷ്ടനിയമംകൊണ്ട് ദുരിതം വിതയ്‍ക്കുന്ന
ഹീനഭരണാധികാരികള്‍ക്ക് അങ്ങയോടു സഖിത്വം സാധ്യമോ?

21
നീതിമാന്മാരെ അപായപ്പെടുത്താന്‍ അവര്‍ ഒത്തുചേരുന്നു.
നിരപരാധിയെ അവര്‍ കൊലയ്‍ക്കു വിധിക്കുന്നു.

22
എന്നാല്‍ സര്‍വേശ്വരന്‍ എന്‍റെ കോട്ടയും
എന്‍റെ ദൈവവും എന്‍റെ അഭയശിലയും ആകുന്നു.

23
അവരുടെ തിന്മകൊണ്ടുതന്നെ അവിടുന്ന് അവരെ ശിക്ഷിക്കും.
അവരുടെ ദുഷ്ടത നിമിത്തം അവരെ നിര്‍മ്മാര്‍ജനം ചെയ്യും.
നമ്മുടെ ദൈവമായ സര്‍വേശ്വരന്‍ അവരെ തുടച്ചുനീക്കും.

95

1

വരുവിന്‍, നമുക്കു സര്‍വേശ്വരനെ പ്രകീര്‍ത്തിക്കാം,
നമ്മുടെ രക്ഷാശിലയെ ഉല്ലാസത്തോടെ പാടിപ്പുകഴ്ത്താം.

2
സ്തോത്രത്തോടെ നമുക്കു തിരുസന്നിധിയില്‍ ചെല്ലാം,
ആനന്ദത്തോടെ സ്തോത്രഗാനം ആലപിക്കാം.

3
സര്‍വേശ്വരന്‍ മഹാദൈവമല്ലോ!
അവിടുന്നു ദേവാധിദേവനായ മഹാരാജാവു തന്നെ.

4
അവിടുന്നു ഭൂമി മുഴുവന്‍റെയും രാജാവാണ്.
ഭൂമിയുടെ അഗാധതലങ്ങള്‍ മുതല്‍
പര്‍വതശൃംഗങ്ങള്‍വരെ സകലത്തിന്‍റെയും അധിപന്‍ അവിടുന്നാകുന്നു.

5
സമുദ്രത്തെ ഭരിക്കുന്നത് അവിടുന്നാണ്,
അവിടുന്നാണ് അതിനെ നിര്‍മ്മിച്ചത്.
കരയ്‍ക്കു രൂപം നല്‌കിയത് അവിടുത്തെ കരങ്ങളാണ്.

6
വരുവിന്‍, നമുക്ക് കുമ്പിട്ട് ആരാധിക്കാം.
നമ്മെ സൃഷ്‍ടിച്ച സര്‍വേശ്വരന്‍റെ മുമ്പില്‍ മുട്ടുകുത്താം.

7
അവിടുന്നാണു നമ്മുടെ ദൈവം;
നാം അവിടുന്നു മേയ്‍ക്കുന്ന ജനം
അവിടുന്നു പരിപാലിക്കുന്ന അജഗണം തന്നെ.
ഇന്നു നിങ്ങള്‍ അവിടുത്തെ സ്വരം ശ്രദ്ധിച്ചിരുന്നെങ്കില്‍!

8
“മെരീബയില്‍, മരുഭൂമിയിലെ മസ്സായില്‍,
നിങ്ങളുടെ പിതാക്കന്മാര്‍ ചെയ്തതുപോലെ,
നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്.

9
അവിടെ അവര്‍ എന്നെ പരീക്ഷിച്ചു;
എന്‍റെ പ്രവൃത്തി കണ്ടിട്ടും എന്നെ പരിശോധിച്ചു.

10
നാല്പതു വര്‍ഷം എനിക്കവരോടു വെറുപ്പു തോന്നി;
അവര്‍ എത്ര അവിശ്വസ്തര്‍; അവര്‍ എന്‍റെ കല്പനകള്‍ അനുസരിക്കുന്നില്ല എന്നു ഞാന്‍ പറഞ്ഞു.

11
ഞാന്‍ സ്വസ്ഥത നല്‌കുമായിരുന്ന ദേശത്ത്
അവര്‍ പ്രവേശിക്കുകയില്ലെന്ന് ഞാന്‍ കോപത്തോടെ ശപഥം ചെയ്തു.

96

1

സര്‍വേശ്വരന് ഒരു പുതിയ പാട്ടു പാടുവിന്‍,
സകല ഭൂവാസികളും അവിടുത്തെ പാടി സ്തുതിക്കട്ടെ.

2
സര്‍വേശ്വരനെ പ്രകീര്‍ത്തിച്ചു പാടുവിന്‍,
അവിടുത്തെ നാമത്തെ വാഴ്ത്തുവിന്‍.
അവിടുത്തെ രക്ഷയെ പ്രതിദിനം പ്രഘോഷിക്കുവിന്‍!

3
അവിടുത്തെ മഹത്ത്വം ജനതകളുടെ ഇടയില്‍ വിളംബരം ചെയ്യുവിന്‍!
അന്യജനതകളുടെ ഇടയില്‍ അവിടുത്തെ
അദ്ഭുതപ്രവൃത്തികള്‍ പ്രഘോഷിക്കുവിന്‍.

4
സര്‍വേശ്വരന്‍ വലിയവന്‍,
അവിടുന്ന് ഏറ്റവും സ്തുത്യനും സകല ദേവന്മാരെയുംകാള്‍ ഭയഭക്തിക്കര്‍ഹനുമാണ്.

5
ജനതകളുടെ ദേവന്മാര്‍ മിഥ്യാവിഗ്രഹങ്ങള്‍;
ആകാശത്തെ സൃഷ്‍ടിച്ചത് സര്‍വേശ്വരനത്രേ.

6
തേജസ്സും മഹത്ത്വവും തിരുമുമ്പിലുണ്ട്!
അവിടുത്തെ വിശുദ്ധമന്ദിരത്തില്‍ ശക്തിയും സൗന്ദര്യവും നിറഞ്ഞു നില്‌ക്കുന്നു.

7
ജനപദങ്ങളേ, സര്‍വേശ്വരനെ മഹത്ത്വപ്പെടുത്തുവിന്‍!
അവിടുത്തെ മഹത്ത്വവും ശക്തിയും പ്രഘോഷിക്കുവിന്‍!

8
സര്‍വേശ്വരന്‍റെ നാമം എത്ര മഹിമയേറിയതെന്ന് ഉദ്ഘോഷിക്കുവിന്‍.
തിരുമുല്‍ക്കാഴ്ചകളുമായി അവിടുത്തെ ആലയത്തിലേക്കു വരുവിന്‍.

9
വിശുദ്ധവസ്ത്രാലങ്കാരത്തോടെ അവിടുത്തെ ആരാധിക്കുവിന്‍!
സര്‍വഭൂവാസികളും അവിടുത്തെ മുമ്പില്‍ ഭയന്നു വിറയ്‍ക്കട്ടെ.

10
ജനതകളുടെ ഇടയില്‍ ഇങ്ങനെ പ്രഘോഷിക്കുവിന്‍.
“സര്‍വേശ്വരന്‍ വാഴുന്നു, അവിടുന്നു ഭൂമിയെ യഥാസ്ഥാനത്ത് ഉറപ്പിച്ചിരിക്കുന്നു.
അതിന് ഇളക്കം തട്ടുകയില്ല.
അവിടുന്നു ജനതകളെ നീതിപൂര്‍വം വിധിക്കും.”

11
ആകാശം ആഹ്ലാദിക്കട്ടെ! ഭൂമി ആനന്ദിക്കട്ടെ.
സമുദ്രവും അതിലുള്ളവയും ആര്‍ത്തുഘോഷിക്കട്ടെ!

12
വയലും അതിലുള്ള സകലവും സന്തോഷിക്കട്ടെ.
അപ്പോള്‍ വനവൃക്ഷങ്ങള്‍ സര്‍വേശ്വരന്‍റെ സന്നിധിയില്‍ ഉല്ലസിച്ചു ഘോഷിക്കും.

13
സര്‍വേശ്വരന്‍ ഭൂമിയെ ഭരിക്കാന്‍ വരുന്നുവല്ലോ
അവിടുന്നു ലോകത്തെ നീതിയോടും
ജനതകളെ വിശ്വസ്തതയോടും കൂടി ഭരിക്കും.

97

1

സര്‍വേശ്വരന്‍ വാഴുന്നു, ഭൂമി സന്തോഷിക്കട്ടെ,
ദ്വീപുകള്‍ ആഹ്ലാദിക്കട്ടെ.

2
മേഘങ്ങളും കൂരിരുട്ടും അവിടുത്തെ ചുറ്റുമുണ്ട്.
നീതിയിലും ന്യായത്തിലും അവിടുന്നു
തന്‍റെ സിംഹാസനം സ്ഥാപിച്ചിരിക്കുന്നു.

3
അഗ്നി അവിടുത്തെ മുമ്പേ പോകുന്നു.
ചുറ്റുമുള്ള വൈരികളെ അതു ദഹിപ്പിക്കുന്നു.

4
അവിടുത്തെ മിന്നല്‍പ്പിണരുകള്‍ ലോകത്തെ പ്രകാശിപ്പിക്കുന്നു.
ഭൂമി അതു കണ്ടു വിറയ്‍ക്കുന്നു.

5
സര്‍വേശ്വരന്‍റെ മുമ്പില്‍ സര്‍വലോകത്തിന്‍റെയും അധിപനായ
സര്‍വേശ്വരന്‍റെ മുമ്പില്‍തന്നെ.
പര്‍വതങ്ങള്‍ മെഴുകുപോലെ ഉരുകുന്നു.

6
ആകാശം ദൈവത്തിന്‍റെ നീതി വിളംബരം ചെയ്യുന്നു.
എല്ലാ ജനതകളും അവിടുത്തെ മഹത്ത്വം ദര്‍ശിക്കുന്നു.

7
മിഥ്യാമൂര്‍ത്തികളെ ആരാധിക്കുന്നവര്‍,
വ്യര്‍ഥവിഗ്രഹങ്ങളില്‍ അഭിമാനം കൊള്ളുന്നവര്‍, ലജ്ജിതരാകും.
എല്ലാ ദേവന്മാരും അവിടുത്തെ മുമ്പില്‍ കുമ്പിടുന്നു.

8
സീയോന്‍ ഇതു കേട്ടു സന്തോഷിക്കുന്നു,
സര്‍വേശ്വരാ, അവിടുത്തെ ന്യായവിധികള്‍ നിമിത്തം
യെഹൂദാനഗരങ്ങള്‍ ആഹ്ലാദിക്കുന്നു.

9
സര്‍വേശ്വരാ, അങ്ങ് സര്‍വലോകത്തിന്‍റെയും അധിപനാണ്.
സകല ദേവന്മാരെയുംകാള്‍ ഉന്നതനാണ്.

10
സര്‍വേശ്വരനെ സ്നേഹിക്കുന്നവര്‍, തിന്മയെ വെറുക്കുന്നു.
അവിടുന്നു തന്‍റെ ഭക്തരെ സംരക്ഷിക്കുന്നു.
ദുഷ്ടന്മാരുടെ കൈയില്‍നിന്ന് അവരെ വിടുവിക്കുന്നു.

11
നീതിമാന്മാരുടെമേല്‍ പ്രകാശവും
പരമാര്‍ഥഹൃദയമുള്ളവരുടെമേല്‍ ആനന്ദവും ഉദിക്കുന്നു.

12
നീതിമാന്മാരേ, സര്‍വേശ്വരനില്‍ സന്തോഷിക്കുവിന്‍.
അവിടുത്തെ പരിശുദ്ധനാമത്തിനു സ്തോത്രം അര്‍പ്പിക്കുവിന്‍.

98

1

ഒരു സങ്കീര്‍ത്തനം

സര്‍വേശ്വരന് ഒരു പുതിയ പാട്ടു പാടുവിന്‍;
അവിടുന്ന് അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചിരിക്കുന്നു.
അവിടുത്തെ വലങ്കൈയും വിശുദ്ധഭുജവും വിജയം നേടിയിരിക്കുന്നു.

2
സര്‍വേശ്വരന്‍ തന്‍റെ വിജയം വിളംബരം ചെയ്തു.
ജനതകളുടെ മുമ്പില്‍ അവിടുന്നു തന്‍റെ നീതി വെളിപ്പെടുത്തിയിരിക്കുന്നു.

3
ഇസ്രായേല്‍ജനത്തോടുള്ള അവിടുത്തെ
സുസ്ഥിരസ്നേഹവും വിശ്വസ്തതയും അവിടുന്ന് ഓര്‍ത്തു;
സര്‍വഭൂവാസികളും നമ്മുടെ ദൈവത്തിന്‍റെ വിജയം ദര്‍ശിച്ചിരിക്കുന്നു.

4
ഭൂവാസികളേ, സര്‍വേശ്വരന് ആഹ്ലാദാരവം മുഴക്കുവിന്‍.
ആനന്ദഘോഷത്തോടെ സ്തോത്രഗീതം ആലപിക്കുവിന്‍.

5
കിന്നരം മീട്ടി സര്‍വേശ്വരനു സ്തോത്രം പാടുവിന്‍.
കിന്നരത്തോടും ശ്രുതിമധുരമായ സംഗീതത്തോടുംകൂടി പാടുവിന്‍.

6
കൊമ്പും കാഹളവും ഊതി,
രാജാവായ സര്‍വേശ്വരന്‍റെ മുമ്പില്‍ ആനന്ദഘോഷം ഉയര്‍ത്തുവിന്‍.

7
സമുദ്രവും അതിലുള്ളവയും, ഭൂമിയും
അതിലെ നിവാസികളും ആര്‍ത്തുഘോഷിക്കട്ടെ.

8
ജലപ്രവാഹങ്ങള്‍ സര്‍വേശ്വരന്‍റെ മുമ്പില്‍ കരഘോഷം മുഴക്കട്ടെ.
കുന്നുകള്‍ ഒത്തുചേര്‍ന്ന് അവിടുത്തെ മുമ്പില്‍ ആനന്ദഗീതം ആലപിക്കട്ടെ.

9
അവിടുന്നു ലോകത്തെ നീതിയോടും
ജനതകളെ ന്യായത്തോടും ഭരിക്കും.

99

1

സര്‍വേശ്വരന്‍ വാഴുന്നു, ജനതകള്‍ വിറയ്‍ക്കട്ടെ.
അവിടുന്നു കെരൂബുകളിന്മേല്‍ സിംഹാസനസ്ഥനായിരിക്കുന്നു;
ഭൂമി കുലുങ്ങട്ടെ.

2
സര്‍വേശ്വരന്‍ സീയോനില്‍ വലിയവനാണ്,
അവിടുന്നു സകല ജനതകളെയും ഭരിക്കുന്ന പരമോന്നതന്‍.

3
അവിടുത്തെ മഹത്തും ഭീതിദവുമായ നാമത്തെ അവര്‍ പ്രകീര്‍ത്തിക്കട്ടെ,
അവിടുന്നു പരിശുദ്ധനാണല്ലോ.

4
കരുത്തുറ്റ രാജാവേ, നീതിയെ സ്നേഹിക്കുന്നവനേ,
അവിടുന്നു ന്യായത്തെ സുസ്ഥിരമാക്കിയിരിക്കുന്നു.
അവിടുന്ന് ഇസ്രായേലില്‍ നീതിയും ന്യായവും നടത്തിയിരിക്കുന്നു.

5
നമ്മുടെ ദൈവമായ സര്‍വേശ്വരനെ വാഴ്ത്തുവിന്‍.
അവിടുത്തെ പാദപീഠത്തില്‍ നമസ്കരിക്കുവിന്‍.
അവിടുന്നു പരിശുദ്ധനാകുന്നു.

6
മോശയും അഹരോനും അവിടുത്തെ പുരോഹിതഗണത്തില്‍പ്പെട്ടവരാണ്.
ശമൂവേല്‍ അങ്ങയുടെ നാമം വിളിച്ചപേക്ഷിച്ചവരില്‍ ഉള്‍പ്പെടുന്നു.
അവര്‍ സര്‍വേശ്വരനോട് അപേക്ഷിച്ചു, അവിടുന്ന് അവര്‍ക്ക് ഉത്തരമരുളി.

7
മേഘസ്തംഭത്തില്‍നിന്ന് അവിടുന്ന് അവരോടു സംസാരിച്ചു;
അവര്‍ അവിടുത്തെ കല്പനകളും ചട്ടങ്ങളും പാലിച്ചു;

8
ഞങ്ങളുടെ ദൈവമായ സര്‍വേശ്വരാ,
അവിടുന്ന് അവര്‍ക്ക് ഉത്തരമരുളി.
അവിടുന്ന് അവര്‍ക്കു ക്ഷമിക്കുന്ന ദൈവവും,
അവരുടെ ദുഷ്പ്രവൃത്തികള്‍ക്ക് ശിക്ഷ നല്‌കുന്നവനും ആയിരുന്നു.

9
നമ്മുടെ ദൈവമായ സര്‍വേശ്വരനെ പ്രകീര്‍ത്തിക്കുവിന്‍.
വിശുദ്ധപര്‍വതത്തില്‍ അവിടുത്തെ ആരാധിക്കുവിന്‍.
നമ്മുടെ ദൈവമായ സര്‍വേശ്വരന്‍ പരിശുദ്ധനല്ലോ.

100

1

സമസ്തലോകവും സര്‍വേശ്വരന് ആര്‍പ്പിടട്ടെ.

2
സന്തോഷത്തോടെ സര്‍വേശ്വരനെ ആരാധിക്കട്ടെ.
ആനന്ദഗീതത്തോടെ തിരുസന്നിധിയില്‍ വരട്ടെ.

3
സര്‍വേശ്വരനാണ് ദൈവമെന്നറിയുവിന്‍,
അവിടുന്നു നമ്മെ സൃഷ്‍ടിച്ചു.
നാം അവിടുത്തേക്കുള്ളവര്‍.
നാം അവിടുത്തെ ജനവും അവിടുന്നു മേയ്‍ക്കുന്ന ആടുകളുംതന്നെ.

4
സ്തോത്രത്തോടെ അവിടുത്തെ ആലയത്തിന്‍റെ കവാടത്തിലും
സ്തുതികളോടെ അവിടുത്തെ അങ്കണത്തിലും പ്രവേശിക്കുവിന്‍.

5
അവിടുത്തേക്കു സ്തോത്രം അര്‍പ്പിക്കുവിന്‍.
അവിടുത്തെ നാമത്തെ പ്രകീര്‍ത്തിക്കുവിന്‍.
സര്‍വേശ്വരന്‍ നല്ലവനാണ്.
അവിടുത്തെ അചഞ്ചലസ്നേഹം എന്നും നിലനില്‌ക്കുന്നു.
അവിടുത്തെ വിശ്വസ്തത ശാശ്വതമത്രേ.

101

1

ദാവീദിന്‍റെ സങ്കീര്‍ത്തനം

ഞാന്‍ കരുണയെയും നീതിയെയും കുറിച്ചു പാടും,
സര്‍വേശ്വരാ, ഞാന്‍ അങ്ങേക്കു കീര്‍ത്തനം പാടും.

2
ഞാന്‍ നിഷ്കളങ്കമാര്‍ഗത്തില്‍ നടക്കും;
എപ്പോഴാണ് അവിടുന്ന് എന്‍റെ അടുക്കല്‍ വരിക?
ഞാന്‍ എന്‍റെ ഭവനത്തില്‍ പരമാര്‍ഥഹൃദയത്തോടെ ജീവിക്കും.

3
നിന്ദ്യമായതൊന്നും, ഹീനമായ യാതൊന്നും തന്നെ, എന്നെ വശീകരിക്കുകയില്ല.
വഴിപിഴച്ചവരുടെ പ്രവൃത്തികളെ ഞാന്‍ വെറുക്കുന്നു.
ഞാനതില്‍ പങ്കു ചേരുകയില്ല.

4
വക്രതയെ ഞാന്‍ അകറ്റിനിര്‍ത്തും,
തിന്മയോട് എനിക്കു ബന്ധമില്ല.

5
അയല്‍ക്കാരനെതിരെ ഏഷണി
പറയുന്നവനെ ഞാന്‍ നശിപ്പിക്കും.
ഗര്‍വും അഹംഭാവവും ഉള്ളവനെ ഞാന്‍ പൊറുപ്പിക്കുകയില്ല.

6
ദേശത്തെ വിശ്വസ്തരെ ഞാന്‍ ആദരിക്കും;
അവര്‍ എന്നോടൊത്തു വസിക്കും.
നിഷ്കളങ്കര്‍ എന്‍റെ സേവകരായിരിക്കും.

7
ഒരു വഞ്ചകനും എന്‍റെ ഭവനത്തില്‍ പാര്‍ക്കുകയില്ല.
വ്യാജം പറയുന്നവനെ ഞാന്‍ എന്‍റെ മുമ്പില്‍ നിന്ന് ഓടിക്കും.

8
ദേശത്തുള്ള ദുഷ്ടരെ ഞാന്‍ ദിനംപ്രതി നശിപ്പിക്കും.
സര്‍വേശ്വരന്‍റെ നഗരത്തില്‍നിന്നു ഞാന്‍ ദുഷ്കര്‍മികളെ നിര്‍മ്മാര്‍ജനം ചെയ്യും.

102

1

സര്‍വേശ്വരന്‍റെ മുമ്പില്‍ ആവലാതി ചൊരിയുന്ന പീഡിതന്‍റെ പ്രാര്‍ഥന

സര്‍വേശ്വരാ, എന്‍റെ പ്രാര്‍ഥന കേള്‍ക്കണമേ,
എന്‍റെ നിലവിളി ശ്രദ്ധിക്കണമേ.

2
അവിടുന്ന് എന്നില്‍നിന്നു മറഞ്ഞിരിക്കരുതേ,
ഞാന്‍ കഷ്ടതയിലായിരിക്കുന്നു.
എന്‍റെ അപേക്ഷ കേള്‍ക്കണമേ.
ഞാന്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ വേഗം എനിക്കുത്തരമരുളണമേ.

3
എന്‍റെ ആയുസ്സു പുകപോലെ മാഞ്ഞുപോകുന്നു.
എന്‍റെ ശരീരം കനലുപോലെ കത്തുന്നു.

4
ഞാന്‍ അരിഞ്ഞ പുല്ലുപോലെ ഉണങ്ങിക്കരിഞ്ഞിരിക്കുന്നു.
ഭക്ഷണം കഴിക്കാന്‍ ഞാന്‍ മറന്നുപോകുന്നു.

5
കരഞ്ഞു കരഞ്ഞു ഞാന്‍ എല്ലും തോലുമായിരിക്കുന്നു.

6
മരുഭൂമിയിലെ വേഴാമ്പല്‍പോലെയും
വിജനസ്ഥലത്തെ മൂങ്ങാപോലെയും ഞാന്‍ ആയിരിക്കുന്നു.

7
ഞാന്‍ ഉറക്കമില്ലാത്തവനായി;
പുരമുകളിലെ ഇണയറ്റ പക്ഷിയെപ്പോലെയായി ഞാന്‍.

8
ശത്രുക്കള്‍ എന്നെ ഇടവിടാതെ നിന്ദിക്കുന്നു.
നിന്ദകന്മാര്‍ക്ക് എന്‍റെ പേര് ശാപവാക്കായി.

9
[9,10] ദൈവമേ, അങ്ങയുടെ കോപവും രോഷവും നിമിത്തം,
എനിക്കു ചാരം ആഹാരമായി തീര്‍ന്നിരിക്കുന്നു.
എന്‍റെ കുടിനീരില്‍ കണ്ണുനീര്‍ കലരുന്നു.
അങ്ങ് എന്നെ വലിച്ചെറിഞ്ഞു കളഞ്ഞിരിക്കുന്നുവല്ലോ.

10

11
സായാഹ്നത്തിലെ നിഴല്‍പോലെ എന്‍റെ ആയുസ്സു തീരാറായിരിക്കുന്നു.
പുല്ലുപോലെ ഞാന്‍ ഉണങ്ങിക്കരിയുന്നു.

12
സര്‍വേശ്വരാ, അങ്ങ് എന്നേക്കും സിംഹാസനത്തില്‍ വാഴുന്നു.
എല്ലാ തലമുറകളും അങ്ങയുടെ നാമം ഓര്‍ക്കും.

13
അങ്ങു സീയോനോടു കരുണ കാണിക്കും;
അവളോടു കരുണ കാണിക്കാനുള്ള സമയം വന്നിരിക്കുന്നു.
ഇപ്പോഴാണ് അതിനുള്ള സമയം.

14
അങ്ങയുടെ ദാസന്മാര്‍ക്ക് അവളുടെ കല്ലുകളോടു പ്രിയവും
അവളുടെ പൂഴിയോട് അനുകമ്പയും തോന്നുന്നു.

15
[15,16] സര്‍വേശ്വരന്‍ സീയോനെ വീണ്ടും പണിയുകയും
അവിടുന്നു മഹത്ത്വത്തോടെ പ്രത്യക്ഷനാകുകയും ചെയ്യുമ്പോള്‍ ജനതകള്‍ സര്‍വേശ്വരനെയും,
ഭൂമിയിലെ എല്ലാ രാജാക്കന്മാരും അവിടുത്തെ മഹത്ത്വത്തെയും ഭയപ്പെടും.

16

17
അവിടുന്നു അഗതികളുടെ പ്രാര്‍ഥന ശ്രദ്ധിക്കുന്നു.
അവിടുന്ന് അവരുടെ യാചന നിരസിക്കുകയില്ല.

18
ഭാവി തലമുറകള്‍ക്കുവേണ്ടി ഇത് എഴുതപ്പെടട്ടെ!
അങ്ങനെ ഇനിയും ജനിക്കാനുള്ള ജനം അവിടുത്തെ സ്തുതിക്കട്ടെ.

19
സര്‍വേശ്വരന്‍ അവിടുത്തെ വിശുദ്ധനിവാസത്തില്‍നിന്നു താഴേക്കു നോക്കി;
അവിടുന്നു സ്വര്‍ഗത്തില്‍നിന്നു ഭൂമിയെ വീക്ഷിച്ചു.

20
അവിടുന്നു ബദ്ധരുടെ ഞരക്കം കേട്ടു,
മരണത്തിനു വിധിക്കപ്പെട്ടവരെ അവിടുന്ന് വിടുവിച്ചു.

21
[21,22] രാജ്യങ്ങളും അന്യജനതകളും ഒരുമിച്ചുകൂടി സര്‍വേശ്വരനെ ആരാധിക്കുമ്പോള്‍
സീയോനില്‍ സര്‍വേശ്വരന്‍റെ നാമവും
യെരൂശലേമില്‍ അവിടുത്തെ സ്തുതിയും പ്രഘോഷിക്കപ്പെടും.

22

23
യൗവനത്തില്‍ എന്‍റെ ശക്തി അവിടുന്നു ക്ഷയിപ്പിച്ചു.
എന്‍റെ ആയുസ്സ് അവിടുന്നു ചുരുക്കി.

24
വത്സരങ്ങള്‍ക്ക് അറുതിയില്ലാത്തവനായ എന്‍റെ ദൈവമേ, ആയുസ്സിന്‍റെ മധ്യത്തില്‍ എന്നെ എടുത്തുകളയരുതേ!

25
പണ്ടു തന്നെ അവിടുന്നു ഭൂമിക്ക് അടിസ്ഥാനമിട്ടു;
അങ്ങയുടെ കരങ്ങളാണ് ആകാശത്തെ സൃഷ്‍ടിച്ചത്.

26
അവ നശിക്കും; എന്നാല്‍ അവിടുന്നു നിലനില്‌ക്കും;
അവയെല്ലാം വസ്ത്രംപോലെ ജീര്‍ണിക്കും; വസ്ത്രം മാറുന്നതുപോലെ അവിടുന്നു അവയെ മാറ്റും;
അവ മാറിപ്പോകുകയും ചെയ്യും.

27
എന്നാല്‍ അങ്ങേക്ക് മാറ്റമില്ല;
അവിടുന്ന് എന്നേക്കും ജീവിക്കുന്നു.

28
അവിടുത്തെ ദാസന്മാരുടെ മക്കള്‍ സുരക്ഷിതരായി പാര്‍ക്കും;
അവരുടെ സന്തതികള്‍ അങ്ങയുടെ സന്നിധിയില്‍ നിലനില്‌ക്കും.

103

1

ദാവീദിന്‍റെ സങ്കീര്‍ത്തനം

എന്‍റെ ആത്മാവേ, സര്‍വേശ്വരനെ വാഴ്ത്തുക!
എന്‍റെ അന്തരംഗമേ, അവിടുത്തെ വിശുദ്ധ നാമത്തെ വാഴ്ത്തുക.

2
എന്‍റെ ആത്മാവേ, സര്‍വേശ്വരനെ വാഴ്ത്തുക!
അവിടുന്നു ചെയ്ത നന്മകളൊന്നും മറക്കരുത്.

3
അവിടുന്ന് എന്‍റെ എല്ലാ അകൃത്യങ്ങളും ക്ഷമിക്കുന്നു.
എല്ലാ രോഗങ്ങളും സുഖപ്പെടുത്തുന്നു.

4
അവിടുന്നു എന്‍റെ ജീവനെ മരണത്തില്‍ നിന്നു വിടുവിക്കുന്നു.
ശാശ്വതമായ സ്നേഹവും കരുണയുംകൊണ്ട് എന്നെ കിരീടമണിയിക്കുന്നു.

5
എന്‍റെ യൗവനം കഴുകന്‍റേതുപോലെ പുതുക്കപ്പെടാന്‍ വേണ്ടി,
ആയുഷ്കാലം മുഴുവന്‍ അവിടുന്നെന്നെ നന്മ കൊണ്ടു സംതൃപ്തനാക്കുന്നു.

6
സര്‍വേശ്വരന്‍ സകല പീഡിതര്‍ക്കും
നീതിയും ന്യായവും നടത്തിക്കൊടുക്കുന്നു.

7
അവിടുന്നു തന്‍റെ വഴികള്‍ മോശയ്‍ക്കും
തന്‍റെ പ്രവൃത്തികള്‍ ഇസ്രായേല്‍ജനത്തിനും വെളിപ്പെടുത്തി.

8
സര്‍വേശ്വരന്‍ കാരുണ്യവാനും കൃപാലുവും ആകുന്നു.
അവിടുന്നു ക്ഷമിക്കുന്നവനും സ്നേഹസമ്പന്നനുമാണ്.

9
അവിടുന്ന് എപ്പോഴും ശാസിക്കുകയില്ല.
കോപം മനസ്സില്‍ വച്ചുകൊണ്ടിരിക്കുകയുമില്ല.

10
നമ്മുടെ പാപങ്ങള്‍ക്കൊത്തവിധം അവിടുന്നു നമ്മെ ശിക്ഷിക്കുന്നില്ല.
നമ്മുടെ അകൃത്യങ്ങള്‍ക്ക് അനുസൃതമായി പകരം ചെയ്യുന്നുമില്ല.

11
ആകാശം ഭൂമിക്കുമീതെ ഉയര്‍ന്നിരിക്കുന്നതു പോലെ,
തന്‍റെ ഭക്തന്മാരോടുള്ള അവിടുത്തെ അചഞ്ചലസ്നേഹം ഉന്നതമായിരിക്കുന്നു.

12
ഉദയം അസ്തമയത്തോട് അകന്നിരിക്കുന്നതു പോലെ,
അവിടുന്നു നമ്മുടെ അപരാധങ്ങള്‍ അകറ്റിയിരിക്കുന്നു.

13
പിതാവിനു മക്കളോടെന്നപോലെ,
സര്‍വേശ്വരനു തന്‍റെ ഭക്തന്മാരോടു കനിവു തോന്നുന്നു.

14
നമ്മെ മെനഞ്ഞ വസ്തു എന്തെന്ന് അവിടുന്നറിയുന്നു.
നാം പൂഴിയാണെന്ന് അവിടുന്ന് ഓര്‍ക്കുന്നു.

15
മനുഷ്യന്‍റെ ആയുസ്സു പുല്ലുപോലെയാകുന്നു.
വയലിലെ പൂപോലെ അതു വിടരുന്നു.

16
കാറ്റടിക്കുമ്പോള്‍ അതു കൊഴിഞ്ഞുപോകുന്നു.
അതു നിന്നിരുന്ന സ്ഥാനംപോലും ആരും അറിയുകയില്ല.

17
എന്നാല്‍ സര്‍വേശ്വരനു തന്‍റെ ഭക്തന്മാരോടുള്ള സ്നേഹം ശാശ്വതമാണ്.
അവിടുത്തെ വിശ്വസ്തത തലമുറകളോളം നിലനില്‌ക്കുന്നു.

18
അവിടുത്തെ ഉടമ്പടി പാലിക്കുന്നവര്‍ക്കും
കല്പനകള്‍ ശ്രദ്ധാപൂര്‍വം അനുസരിക്കുന്നവര്‍ക്കും തന്നെ.

19
സര്‍വേശ്വരന്‍ തന്‍റെ സിംഹാസനം സ്വര്‍ഗത്തില്‍ സ്ഥാപിച്ചിരിക്കുന്നു.
സമസ്തവും അവിടുത്തേക്കു കീഴ്പെട്ടിരിക്കുന്നു.

20
അവിടുത്തെ ശബ്ദം കേള്‍ക്കുകയും അവിടുത്തെ ആജ്ഞ അനുസരിക്കുകയും ചെയ്യുന്ന ശക്തരായ ദൂതന്മാരേ,
സര്‍വേശ്വരനെ വാഴ്ത്തുവിന്‍!

21
തിരുഹിതം നിറവേറ്റുന്ന അവിടുത്തെ ശുശ്രൂഷകരുടെ സൈന്യമേ,
സര്‍വേശ്വരനെ വാഴ്ത്തുവിന്‍.

22
അവിടുത്തെ ആധിപത്യത്തിന്‍ കീഴിലുള്ള സമസ്ത സൃഷ്‍ടികളുമേ,
സര്‍വേശ്വരനെ വാഴ്ത്തുവിന്‍!
എന്‍റെ ആത്മാവേ, സര്‍വേശ്വരനെ വാഴ്ത്തുക!

104

1

എന്‍റെ ആത്മാവേ, സര്‍വേശ്വരനെ വാഴ്ത്തുക.
എന്‍റെ ദൈവമായ സര്‍വേശ്വരാ, അങ്ങ് എത്ര വലിയവന്‍!
തേജസ്സും മഹത്ത്വവും അങ്ങു ധരിച്ചിരിക്കുന്നു.

2
വസ്ത്രമെന്നപോലെ അങ്ങ് പ്രകാശം അണിഞ്ഞിരിക്കുന്നു,
കൂടാരമെന്നപോലെ ആകാശത്തെ നിവര്‍ത്തിയിരിക്കുന്നു.

3
അങ്ങയുടെ മന്ദിരത്തിന്‍റെ തുലാങ്ങള്‍ വെള്ളത്തിന്മേല്‍ സ്ഥാപിച്ചിരിക്കുന്നു.
മേഘങ്ങളാണ് അവിടുത്തെ രഥം.
കാറ്റിന്‍റെ ചിറകുകളില്‍ അവിടുന്നു സഞ്ചരിക്കുന്നു.

4
അങ്ങു കാറ്റുകളെ ദൂതന്മാരും മിന്നല്‍പ്പിണരുകളെ സേവകരുമാക്കി.

5
ഭൂമിയെ ഇളക്കം തട്ടാത്തവിധം അതിന്‍റെ അസ്തിവാരത്തില്‍, അവിടുന്ന് ഉറപ്പിച്ചിരിക്കുന്നു.

6
ആഴി ഭൂമിയെ വസ്ത്രം എന്നപോലെ ആവരണം ചെയ്തിരുന്നു.
വെള്ളം പര്‍വതങ്ങളെ മൂടിയിരുന്നു.

7
അങ്ങ് ശാസിച്ചപ്പോള്‍ വെള്ളം ഓടിയകന്നു.
അങ്ങയുടെ കല്പനയുടെ ഇടിമുഴക്കത്താല്‍, അവ പലായനം ചെയ്തു.

8
മലകളിലൂടെയും താഴ്വരകളിലൂടെയും അവ ഒഴുകി.
അങ്ങു നിശ്ചയിച്ച സ്ഥലത്തേക്ക് അവ പിന്മാറി.

9
വെള്ളം വീണ്ടും ഭൂമിയെ മൂടാതിരിക്കാന്‍,
അങ്ങ് അതിന് അലംഘനീയമായ അതിരിട്ടു.

10
അങ്ങു നീര്‍ച്ചാലുകളെ താഴ്വരകളിലേക്ക് ഒഴുക്കുന്നു,
അവ മലകള്‍ക്കിടയിലൂടെ ഒഴുകുന്നു.

11
കാട്ടുമൃഗങ്ങളെല്ലാം അവയില്‍നിന്നു കുടിക്കുന്നു.
കാട്ടുകഴുതകളും ദാഹം ശമിപ്പിക്കുന്നു.

12
അവയുടെ തീരങ്ങളിലുള്ള വൃക്ഷങ്ങളില്‍ പക്ഷികള്‍ പാര്‍ക്കുന്നു.
മരച്ചില്ലകള്‍ക്കിടയിലിരുന്നു അവ പാടുന്നു.

13
അവിടുന്നു തന്‍റെ അത്യുന്നതമായ വാസസ്ഥലത്തുനിന്നു മഴ പെയ്യിച്ചു
മലകളെ നനയ്‍ക്കുന്നു.
അവിടുത്തെ പ്രവൃത്തികളുടെ ഫലമായി ഭൂമി തൃപ്തിയടയുന്നു.

14
അവിടുന്നു കന്നുകാലികള്‍ക്കു പുല്ലും,
മനുഷ്യന് ആഹാരത്തിനുവേണ്ടി,
വിവിധ സസ്യങ്ങളും മുളപ്പിക്കുന്നു.

15
മനുഷ്യന്‍റെ സന്തോഷത്തിനു വീഞ്ഞും മുഖം മിനുക്കാന്‍ എണ്ണയും
കരുത്തേകാന്‍ ഭക്ഷണവും അവിടുന്നു നല്‌കുന്നു.

16
താന്‍ നട്ടുവളര്‍ത്തുന്ന ലെബാനോനിലെ,
ദേവദാരുക്കള്‍ക്ക് അവിടുന്ന് സമൃദ്ധമായ മഴ കൊടുക്കുന്നു.

17
അവയില്‍ പക്ഷികള്‍ കൂടു കെട്ടുന്നു,
കൊക്കുകള്‍ അവയില്‍ ചേക്കേറുന്നു.

18
ഉയര്‍ന്ന മലകള്‍ കാട്ടാടുകളുടെ സങ്കേതം,
പാറകളുടെ വിള്ളലുകള്‍ കുഴിമുയലുകളുടെ പാര്‍പ്പിടം.

19
ഋതുക്കള്‍ നിര്‍ണയിക്കാന്‍ അവിടുന്നു ചന്ദ്രനെ സൃഷ്‍ടിച്ചു.
സൂര്യന് അസ്തമയസമയം അറിയാം.

20
അങ്ങു ഇരുട്ടു വരുത്തുന്നു; അപ്പോള്‍ രാത്രിയുണ്ടാകുന്നു,
രാത്രിയാകുമ്പോള്‍ വന്യമൃഗങ്ങള്‍ പുറത്തിറങ്ങുന്നു.

21
സിംഹക്കുട്ടികള്‍ ഇരയ്‍ക്കുവേണ്ടി അലറുന്നു,
അവ ദൈവത്തോട് ആഹാരം ചോദിക്കുന്നു.

22
സൂര്യനുദിക്കുമ്പോള്‍ അവ മടങ്ങിപ്പോയി മടയില്‍ പതുങ്ങുന്നു.

23
അപ്പോള്‍ മനുഷ്യന്‍ വേലയ്‍ക്കു പുറപ്പെടുന്നു.
അന്തിയാവോളം അവന്‍ അധ്വാനിക്കുന്നു.

24
സര്‍വേശ്വരാ, അങ്ങയുടെ സൃഷ്‍ടികള്‍ എത്ര വൈവിധ്യമാര്‍ന്നത്!
എത്ര ബുദ്ധിപൂര്‍വമാണ് അങ്ങ് അവയെ സൃഷ്‍ടിച്ചത്.
ഭൂമി അവിടുത്തെ സൃഷ്‍ടികളാല്‍ നിറഞ്ഞിരിക്കുന്നു.

25
അതാ വിശാലമായ മഹാസമുദ്രം!
ചെറുതും വലുതുമായ അസംഖ്യം ജീവികള്‍ അതില്‍ ചരിക്കുന്നു.

26
അതില്‍ കപ്പലുകള്‍ ഓടുന്നു;
അവിടുന്നു സൃഷ്‍ടിച്ച ലിവ്യാഥാന്‍ അതില്‍ വിഹരിക്കുന്നു.

27
യഥാസമയം ആഹാരത്തിനുവേണ്ടി അവ അങ്ങയെ നോക്കുന്നു.

28
അങ്ങു നല്‌കുന്ന ആഹാരം അവ ഭക്ഷിക്കുന്നു,
തൃക്കൈ തുറക്കുമ്പോള്‍ വിശിഷ്ട വിഭവങ്ങളാല്‍ അവയ്‍ക്കു തൃപ്തിവരുന്നു.

29
അങ്ങ് ആഹാരം നല്‌കാതെ മുഖം തിരിക്കുമ്പോള്‍, അവ പരിഭ്രമിക്കുന്നു.
അങ്ങ് അവയുടെ ശ്വാസം എടുക്കുമ്പോള്‍ അവ മണ്ണിലേക്കു തിരികെ ചേരുന്നു.

30
അങ്ങ് ജീവശ്വാസം നല്‌കുമ്പോള്‍, അവ സൃഷ്‍ടിക്കപ്പെടുന്നു.
അങ്ങു ഭൂമിയിലുള്ള സര്‍വവും നവീകരിക്കുന്നു.

31
സര്‍വേശ്വരന്‍റെ മഹത്ത്വം എന്നേക്കും നിലനില്‌ക്കട്ടെ.
അവിടുത്തെ സൃഷ്‍ടികളില്‍ അവിടുന്ന് ആനന്ദിക്കട്ടെ.

32
അവിടുന്നു ഭൂമിയെ നോക്കുമ്പോള്‍ അതു പ്രകമ്പനം കൊള്ളുന്നു.
അവിടുന്നു പര്‍വതങ്ങളെ സ്പര്‍ശിക്കുമ്പോള്‍ അവ പുകയുന്നു.

33
എന്‍റെ ആയുഷ്കാലം മുഴുവന്‍ ഞാന്‍ സര്‍വേശ്വരനെ പ്രകീര്‍ത്തിക്കും.
എന്‍റെ ജീവിതകാലം മുഴുവന്‍ ഞാന്‍ എന്‍റെ ദൈവത്തെ പാടിപ്പുകഴ്ത്തും;

34
എന്‍റെ ധ്യാനം അവിടുത്തേക്കു പ്രസാദകരമായിരിക്കട്ടെ;
ഞാന്‍ സര്‍വേശ്വരനില്‍ ആനന്ദം കൊള്ളുന്നു.

35
അധര്‍മികള്‍ ഭൂമിയില്‍നിന്നു നിര്‍മ്മാര്‍ജനം ചെയ്യപ്പെടട്ടെ.
ദുഷ്ടന്മാര്‍ ഇല്ലാതാകട്ടെ.
എന്‍റെ ആത്മാവേ, സര്‍വേശ്വരനെ വാഴ്ത്തുക;
സര്‍വേശ്വരനെ സ്തുതിക്കുവിന്‍.

105

1

സര്‍വേശ്വരനു സ്തോത്രം അര്‍പ്പിക്കുവിന്‍;
അവിടുത്തെ നാമം വിളിച്ചപേക്ഷിക്കുവിന്‍;
ജനതകളുടെ ഇടയില്‍ അവിടുത്തെ പ്രവൃത്തികള്‍ പ്രഘോഷിക്കുവിന്‍.

2
അവിടുത്തേക്കു സ്തോത്രഗാനം ആലപിക്കുവിന്‍;
അവിടുത്തെ അദ്ഭുതപ്രവൃത്തികള്‍ വര്‍ണിക്കുവിന്‍.

3
അവിടുത്തെ വിശുദ്ധനാമത്തില്‍ അഭിമാനം കൊള്ളുവിന്‍.
സര്‍വേശ്വരനെ ആരാധിക്കുന്നവരുടെ ഹൃദയം ആനന്ദിക്കട്ടെ.

4
സര്‍വേശ്വരനെ ആരാധിക്കുവിന്‍;
അവിടുത്തെ ബലത്തില്‍ ആശ്രയിക്കുവിന്‍.
അവിടുത്തെ സാന്നിധ്യം നിരന്തരം തേടുവിന്‍.

5
[5,6] അവിടുത്തെ ദാസനായ അബ്രഹാമിന്‍റെ സന്തതികളേ,
അവിടുന്നു തിരഞ്ഞെടുത്ത യാക്കോബിന്‍റെ സന്തതികളേ,
അവിടുന്നു ചെയ്ത അദ്ഭുതപ്രവൃത്തികളെ ഓര്‍ക്കുവിന്‍.
അവിടുത്തെ അടയാളങ്ങളും അവിടുത്തെ ന്യായവിധികളും തന്നെ.

6

7
സര്‍വേശ്വരനാണു നമ്മുടെ ദൈവം;
അവിടുത്തെ ന്യായവിധികള്‍ ഭൂമി മുഴുവനും ബാധകമാണ്.

8
അവിടുന്നു തന്‍റെ ഉടമ്പടി എന്നും പാലിക്കും,
തന്‍റെ വാഗ്ദാനം ഒരിക്കലും മറക്കയില്ല.

9
അബ്രഹാമിനോടു ചെയ്ത ഉടമ്പടിയും
ഇസ്ഹാക്കിനോടു ചെയ്ത പ്രതിജ്ഞയും തന്നെ,

10
യാക്കോബിന് ഒരു ചട്ടമായി സര്‍വേശ്വരന്‍ അതു സ്ഥാപിച്ചു.
ഇസ്രായേലിനുള്ള ശാശ്വത ഉടമ്പടിയായിത്തന്നെ.

11
ഞാന്‍ നിനക്കു കനാന്‍ദേശം നല്‌കും.
അത് നിനക്കുള്ള അവകാശമായിരിക്കും.

12
അന്ന് അവര്‍ എണ്ണത്തില്‍ കുറഞ്ഞ വളരെ ചെറിയ കൂട്ടമായിരുന്നു.
അവര്‍ കനാന്‍ദേശത്തു പരദേശികളായിരുന്നു.

13
അവര്‍ ജനതകളുടെയും രാജ്യങ്ങളുടെയും ഇടയില്‍ അലഞ്ഞുനടന്നു.

14
അവരെ പീഡിപ്പിക്കാന്‍ ആരെയും അവിടുന്നു അനുവദിച്ചില്ല.
അവരെ സംരക്ഷിക്കാന്‍വേണ്ടി അവിടുന്നു രാജാക്കന്മാരെ ശാസിച്ചു.

15
“എന്‍റെ അഭിഷിക്തരെ തൊടരുത്.
എന്‍റെ പ്രവാചകന്മാര്‍ക്ക് ഒരുപദ്രവവും ചെയ്യരുത്.”

16
അവിടുന്നു കനാന്‍ദേശത്തു ക്ഷാമം വരുത്തി.
അവരുടെ ആഹാരത്തെ നിശ്ശേഷം ഇല്ലാതാക്കി.

17
അവരെ രക്ഷിക്കാന്‍ അവിടുന്ന് അവര്‍ക്കു മുമ്പായി ഒരാളെ ഈജിപ്തിലേക്കയച്ചു;
അടിമയായി വില്‌ക്കപ്പെട്ട യോസേഫിനെ തന്നെ.

18
കാരാഗൃഹത്തില്‍ അടയ്‍ക്കപ്പെട്ട അയാളുടെ കാലുകളില്‍ വിലങ്ങു വച്ചു.
കഴുത്തില്‍ ഇരുമ്പു പട്ട ധരിപ്പിച്ചു.

19
അയാള്‍ പ്രവചിച്ചതു നിറവേറുന്നതുവരെ,
സര്‍വേശ്വരന്‍ യോസേഫിനോടറിയിച്ചതു സത്യമെന്നു തെളിയുന്നതുവരെ തന്നെ.

20
ഈജിപ്തിലെ രാജാവ് ആളയച്ചു യോസേഫിനെ മോചിപ്പിച്ചു,
അന്യജനതയുടെ അധിപതി അയാളെ സ്വതന്ത്രനാക്കി.

21
രാജാവ് അയാളെ കൊട്ടാരത്തിന്‍റെ അധികാരിയും
തന്‍റെ സര്‍വസമ്പത്തിന്‍റെയും മേല്‍വിചാരകനായും നിയമിച്ചു.

22
പ്രഭുക്കന്മാര്‍ക്ക് ശിക്ഷണം നല്‌കാനും
ഉപദേഷ്ടാക്കള്‍ക്ക് ജ്ഞാനം ഉപദേശിക്കാനും അയാള്‍ക്ക് അധികാരം നല്‌കി.

23
അപ്പോള്‍ ഇസ്രായേല്‍ ഈജിപ്തിലേക്കു വന്നു
അതെ, യാക്കോബ് ഹാമിന്‍റെ ദേശത്ത് ചെന്നു പാര്‍ത്തു.

24
ദൈവം തന്‍റെ ജനത്തെ വളരെ വര്‍ധിപ്പിച്ചു.
അവരുടെ വൈരികളെക്കാള്‍ അവരെ പ്രബലരാക്കി.

25
തന്‍റെ ജനത്തെ വെറുക്കാനും,
തന്‍റെ ദാസരായ ഇസ്രായേല്യരോടു വഞ്ചനാപൂര്‍വം വര്‍ത്തിക്കാനും,
അവിടുന്ന് ഈജിപ്തുകാര്‍ക്ക് ഇടവരുത്തി.

26
അവിടുന്നു തന്‍റെ ദാസനായ മോശയെയും
താന്‍ തിരഞ്ഞെടുത്ത അഹരോനെയും അയച്ചു.

27
അവര്‍ ഈജിപ്തുകാരുടെ ഇടയില്‍ അടയാളങ്ങള്‍ കാണിച്ചു.
അവര്‍ ഹാമിന്‍റെ ദേശത്ത് അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു.

28
ദൈവം അന്ധകാരം അയച്ചു ദേശത്തെ ഇരുളിലാഴ്ത്തി.
ഈജിപ്തുകാര്‍ അവിടുത്തെ വാക്കു കേട്ടില്ല.

29
അവിടുന്ന് അവരുടെ വെള്ളം രക്തമാക്കി,
അവരുടെ മത്സ്യങ്ങള്‍ ചത്തൊടുങ്ങി.

30
തവളകള്‍ അവരുടെ ദേശത്തെ മൂടി.
രാജാക്കന്മാരുടെ പള്ളിയറകളില്‍പോലും തവളകള്‍ നിറഞ്ഞു.

31
അവിടുന്നു കല്പിച്ചപ്പോള്‍ അവരുടെ
ദേശത്ത് ഈച്ചയും പേനും നിറഞ്ഞു.

32
അവിടുന്ന് അവര്‍ക്കു മഴയ്‍ക്കു പകരം കന്മഴ പെയ്യിച്ചു.
ദേശത്തെങ്ങും മിന്നല്‍പ്പിണരുകള്‍ അയച്ചു.

33
അവിടുന്ന് അവരുടെ മുന്തിരിത്തോട്ടങ്ങളും അത്തിമരങ്ങളും തകര്‍ത്തു;
അവരുടെ വൃക്ഷങ്ങള്‍ നശിപ്പിച്ചു.

34
അവിടുന്നു കല്പിച്ചപ്പോള്‍ വെട്ടുക്കിളികള്‍ വന്നു.
അവ സംഖ്യയില്ലാതെ വന്നു.

35
അവരുടെ ദേശത്തിലെ സകല സസ്യങ്ങളും അവരുടെ വയലിലെ സകല വിളകളും അവ തിന്നൊടുക്കി.

36
അവിടുന്ന് ഈജിപ്തിലെ സകല ആദ്യജാതന്മാരെയും സംഹരിച്ചു;
അവരുടെ കടിഞ്ഞൂലുകളെ തന്നെ.

37
പിന്നീട് അവിടുന്ന് ഇസ്രായേല്യരെ സ്വര്‍ണത്തോടും വെള്ളിയോടും കൂടി,
ഈജിപ്തില്‍നിന്നു പുറപ്പെടുവിച്ചു.
അവരില്‍ ഒരുവന്‍റെയും കാല്‍ ഇടറിയില്ല.

38
അവര്‍ പോയപ്പോള്‍ ഈജിപ്തുകാര്‍ സന്തോഷിച്ചു.
അവരെക്കുറിച്ച് ഈജിപ്തു ഭീതി പൂണ്ടിരുന്നല്ലോ.

39
അവിടുന്ന് അവര്‍ക്കു തണലിനായി മേഘത്തെ മേല്‌ക്കട്ടിയാക്കി.
രാത്രിയില്‍ അവര്‍ക്കു വെളിച്ചം നല്‌കാന്‍ അഗ്നി ജ്വലിപ്പിച്ചു.

40
അവര്‍ ചോദിച്ചപ്പോള്‍ അവിടുന്നു കാടപ്പക്ഷികളെ നല്‌കി.
അവര്‍ക്കുവേണ്ടി ആകാശത്തില്‍നിന്നു സമൃദ്ധമായി അപ്പം വര്‍ഷിച്ചു.

41
അവിടുന്നു പാറയെ പിളര്‍ന്നു, വെള്ളം കുതിച്ചു ചാടി.
മരുഭൂമിയില്‍ അതു നദിപോലെ ഒഴുകി.

42
അവിടുന്നു തന്‍റെ വിശുദ്ധവാഗ്ദാനത്തെയും,
തന്‍റെ ദാസനായ അബ്രഹാമിനെയും ഓര്‍ത്തു.

43
അങ്ങനെ തന്‍റെ ജനത്തെ അവിടുന്നു നയിച്ചു.
തിരഞ്ഞെടുക്കപ്പെട്ട ജനം ഗാനം ആലപിച്ചു.

44
അവിടുന്ന് അന്യജനതകളുടെ ദേശം അവര്‍ക്കു നല്‌കി.
ജനതകളുടെ അധ്വാനഫലം അവര്‍ കൈവശമാക്കി.

45
അവര്‍ അവിടുത്തെ ചട്ടങ്ങള്‍ പാലിക്കാനും,
അവിടുത്തെ നിയമങ്ങള്‍ അനുസരിക്കാനും വേണ്ടിത്തന്നെ.
സര്‍വേശ്വരനെ സ്തുതിക്കുവിന്‍.

106

1

സര്‍വേശ്വരനെ സ്തുതിക്കുവിന്‍.
സര്‍വേശ്വരനു സ്തോത്രം അര്‍പ്പിക്കുവിന്‍.
അവിടുന്നു നല്ലവനല്ലോ!
അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു.

2
സര്‍വേശ്വരന്‍റെ വീരകൃത്യങ്ങള്‍ വര്‍ണിക്കാന്‍ ആര്‍ക്കു കഴിയും.
അവിടുത്തെ മഹത്ത്വത്തെ പ്രകീര്‍ത്തിക്കാന്‍ ആര്‍ക്കു സാധിക്കും?

3
ന്യായം പാലിക്കുകയും നീതി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ അനുഗൃഹീതന്‍.

4
സര്‍വേശ്വരാ, സ്വജനത്തോടു കരുണ കാട്ടുമ്പോള്‍ എന്നെയും ഓര്‍ക്കണമേ.
അവരെ വിടുവിക്കുമ്പോള്‍ എന്നെയും കടാക്ഷിക്കണമേ.

5
അങ്ങു തിരഞ്ഞെടുത്തവരുടെ ഐശ്വര്യം ഞാന്‍ കാണട്ടെ.
അവിടുത്തെ ജനതയുടെ സന്തോഷത്തില്‍ ഞാന്‍ ആനന്ദിക്കട്ടെ.
അവിടുത്തെ അവകാശമായ ജനത്തോടൊപ്പം ഞാനും അഭിമാനംകൊള്ളട്ടെ.

6
ഞങ്ങളും ഞങ്ങളുടെ പിതാക്കന്മാരും പാപം ചെയ്തു;
ഞങ്ങള്‍ അധര്‍മവും ദുഷ്ടതയും പ്രവര്‍ത്തിച്ചു.

7
ഞങ്ങളുടെ പിതാക്കന്മാര്‍ ഈജിപ്തില്‍വച്ച്
അങ്ങയുടെ അദ്ഭുതപ്രവൃത്തികള്‍ ഗ്രഹിച്ചില്ല.
അവിടുത്തെ സ്നേഹത്തിന്‍റെ നിറവിനെ ഓര്‍ത്തതുമില്ല.
അവര്‍ ചെങ്കടല്‍ തീരത്തുവച്ച് അത്യുന്നതനോടു മത്സരിച്ചു.

8
എങ്കിലും അവിടുന്ന് അവരെ തന്‍റെ നാമത്തെപ്രതി രക്ഷിച്ചു.
അവിടുത്തെ മഹാശക്തി വെളിപ്പെടുത്താന്‍ വേണ്ടിത്തന്നെ.

9
അങ്ങു ചെങ്കടലിനെ ശാസിച്ചു, അതു വരണ്ട നിലമായി,
മരുഭൂമിയിലൂടെ എന്നപോലെ ആഴിയിലൂടെ അവിടുന്ന് അവരെ നയിച്ചു.

10
ശത്രുക്കളുടെ കൈയില്‍നിന്ന് അവരെ രക്ഷിച്ചു.
വൈരികളുടെ പിടിയില്‍നിന്ന് അവരെ വിടുവിച്ചു.

11
അവരുടെ ശത്രുക്കളെ വെള്ളം മൂടിക്കളഞ്ഞു.
അവരില്‍ ആരും ശേഷിച്ചില്ല.

12
അപ്പോള്‍ അവര്‍ അവിടുത്തെ വാക്കുകള്‍ വിശ്വസിച്ചു;
അവര്‍ സ്തുതിഗീതം പാടി.

13
എന്നാല്‍, അവര്‍ പെട്ടെന്ന് അവിടുത്തെ പ്രവൃത്തികള്‍ വിസ്മരിച്ചു.
അവിടുത്തെ ഉപദേശത്തിനായി കാത്തിരുന്നില്ല.

14
മരുഭൂമിയില്‍വച്ച് അവര്‍ക്കു ഭക്ഷണത്തോട് ആര്‍ത്തിയുണ്ടായി.
അവര്‍ ദൈവത്തെ പരീക്ഷിച്ചു.

15
അവര്‍ ചോദിച്ചത് അവിടുന്ന് അവര്‍ക്കു നല്‌കി.
എന്നാല്‍ അവിടുന്ന് അവരുടെ ഇടയിലേക്ക് ഒരു മഹാരോഗം അയച്ചു.

16
മരുഭൂമിയില്‍ പാളയമടിച്ചിരുന്നപ്പോള്‍,
അവര്‍ മോശയോടും സര്‍വേശ്വരന്‍റെ
വിശുദ്ധദാസനായ അഹരോനോടും അസൂയാലുക്കളായി.

17
അപ്പോള്‍ ഭൂമി പിളര്‍ന്നു ദാഥാനെ വിഴുങ്ങി;
അബീരാമിന്‍റെ കൂട്ടത്തെ മൂടിക്കളഞ്ഞു.

18
ദൈവം അവരുടെ അനുയായികളുടെ ഇടയിലേക്ക് അഗ്നി അയച്ചു.
അഗ്നിജ്വാല ദുഷ്ടന്മാരെ ദഹിപ്പിച്ചുകളഞ്ഞു.

19
അവര്‍ ഹോരേബില്‍വച്ച് ഒരു കാളക്കുട്ടിയെ ഉണ്ടാക്കി.
വാര്‍ത്തുണ്ടാക്കിയ ആ വിഗ്രഹത്തെ ആരാധിച്ചു.

20
ഇങ്ങനെ അവര്‍ ദൈവത്തിനു നല്‌കേണ്ട മഹത്ത്വം പുല്ലു തിന്നുന്ന കാളയുടെ
വിഗ്രഹത്തിനു നല്‌കി.

21
അവര്‍ തങ്ങളുടെ രക്ഷകനായ ദൈവത്തെ മറന്നു.
ഈജിപ്തില്‍ വന്‍കാര്യങ്ങള്‍ പ്രവര്‍ത്തിച്ച ദൈവത്തെതന്നെ.

22
ഹാമിന്‍റെ ദേശത്ത്, അവിടുന്നു പ്രവര്‍ത്തിച്ച അദ്ഭുതങ്ങളും,
ചെങ്കടലില്‍വച്ചു പ്രവര്‍ത്തിച്ച വിസ്മയജനകമായ പ്രവൃത്തികളും അവര്‍ വിസ്മരിച്ചു.

23
അവരെ നശിപ്പിക്കുമെന്നു ദൈവം അരുളിച്ചെയ്തപ്പോള്‍,
അവിടുന്നു തിരഞ്ഞെടുത്ത മോശ ജനത്തിനു മറയായി തിരുമുമ്പില്‍ നിന്നില്ലായിരുന്നെങ്കില്‍,
അവിടുത്തെ ക്രോധം അവരെ നിശ്ശേഷം നശിപ്പിക്കുമായിരുന്നു.

24
അവര്‍ മനോഹരമായ ദേശം നിരസിച്ചു.
അവര്‍ ദൈവത്തിന്‍റെ വാഗ്ദാനം വിശ്വസിച്ചില്ലല്ലോ.

25
അവര്‍ തങ്ങളുടെ കൂടാരങ്ങളിലിരുന്നു പിറുപിറുത്തു.
സര്‍വേശ്വരന്‍റെ സ്വരം ശ്രദ്ധിച്ചില്ല.

26
[26,27] അതുകൊണ്ടു മരുഭൂമിയില്‍വച്ച് അവരെ നശിപ്പിക്കുമെന്നും,
അവരുടെ സന്തതികളെ അന്യജനതകളുടെയും രാജ്യങ്ങളുടെയും
ഇടയില്‍ ചിതറിക്കുമെന്നും അവിടുന്നു കരമുയര്‍ത്തി സത്യം ചെയ്തു.

27

28
അവര്‍ പെയോരില്‍ ബാല്‍ദേവനെ ആരാധിച്ചു,
മരിച്ചവര്‍ക്ക് അര്‍പ്പിച്ച വസ്തുക്കള്‍ ഭക്ഷിച്ചു.

29
ഇങ്ങനെ അവര്‍ തങ്ങളുടെ പ്രവൃത്തികളാല്‍ സര്‍വേശ്വരനെ പ്രകോപിപ്പിച്ചു.
അവരുടെ ഇടയില്‍ പകര്‍ച്ചവ്യാധി പടര്‍ന്നു പിടിച്ചു.

30
അപ്പോള്‍ ഫീനെഹാസ് ഇടപെട്ടു കുറ്റക്കാരെ ശിക്ഷിച്ചു.
അതോടെ പകര്‍ച്ചവ്യാധി ശമിച്ചു.

31
അദ്ദേഹത്തിന്‍റെ പ്രവൃത്തി നീതിയായി കണക്കാക്കപ്പെടുന്നു.
അത് അങ്ങനെതന്നെ എന്നേക്കും കരുതപ്പെടുന്നു.

32
മെരീബാജലാശയത്തിനടുത്തുവച്ചും അവര്‍ ദൈവത്തെ പ്രകോപിപ്പിച്ചു,
അവരുടെ പ്രവൃത്തികള്‍മൂലം മോശയ്‍ക്കും ദോഷമുണ്ടായി.

33
അവര്‍ മോശയെ വല്ലാതെ കോപിപ്പിച്ചതിനാല്‍,
അദ്ദേഹം അവിവേകമായി സംസാരിച്ചു.

34
സര്‍വേശ്വരന്‍ കല്പിച്ചതുപോലെ,
അവര്‍ അന്യജനതകളെ നിഗ്രഹിച്ചില്ല.

35
അവര്‍ അവരോട് ഇടകലര്‍ന്നു,
അവരുടെ ആചാരങ്ങള്‍ ശീലിച്ചു.

36
അവരുടെ വിഗ്രഹങ്ങളെ പൂജിച്ചു.
അത് അവര്‍ക്കു കെണിയായിത്തീര്‍ന്നു.

37
അവര്‍ തങ്ങളുടെ പുത്രീപുത്രന്മാരെ വ്യാജദേവന്മാര്‍ക്കു ബലി കഴിച്ചു.

38
അവര്‍ നിഷ്കളങ്ക രക്തം ചൊരിഞ്ഞു,
തങ്ങളുടെ പുത്രീപുത്രന്മാരുടെ രക്തംതന്നെ.
കനാന്യവിഗ്രഹങ്ങള്‍ക്ക് അവരെ ബലി കഴിച്ചു.
രക്തപാതകംകൊണ്ടു ദേശം അശുദ്ധമായി.

39
സ്വന്തം പ്രവൃത്തികളാല്‍ അവര്‍ മലിനരായിത്തീര്‍ന്നു.
അവര്‍ തങ്ങളുടെ പ്രവൃത്തികളാല്‍ ദൈവത്തോട് അവിശ്വസ്തത കാണിച്ചു.

40
സര്‍വേശ്വരന്‍റെ കോപം സ്വജനത്തിനു നേരേ ജ്വലിച്ചു.
അവിടുന്നു തന്‍റെ അവകാശമായ ജനത്തെ വെറുത്തു.

41
അവിടുന്ന് അന്യജനതകളുടെ കൈയില്‍ അവരെ ഏല്പിച്ചു.
അവരുടെ വൈരികള്‍ അവരെ ഭരിച്ചു.

42
അവരുടെ ശത്രുക്കള്‍ അവരെ പീഡിപ്പിച്ചു.
അവര്‍ അവര്‍ക്കു പൂര്‍ണമായി കീഴടങ്ങി.

43
പല തവണ സര്‍വേശ്വരന്‍ അവരെ വിടുവിച്ചു.
എന്നിട്ടും, അവര്‍ അവിടുത്തോടു മനഃപൂര്‍വം മത്സരിച്ചു.
തങ്ങളുടെ അകൃത്യംനിമിത്തം അവര്‍ അധഃപതിച്ചു.

44
എന്നിട്ടും അവരുടെ നിലവിളി കേട്ട്
അവരുടെ കൊടിയ യാതന അവിടുന്നു ശ്രദ്ധിച്ചു.

45
അവിടുത്തെ ഉടമ്പടി അവിടുന്ന് അനുസ്മരിച്ചു.
അവിടുത്തെ മഹാസ്നേഹത്താല്‍ അവരോടു മനസ്സലിഞ്ഞു.

46
അവരെ ബദ്ധരാക്കിയവര്‍ക്കെല്ലാം അവരോടു കനിവു തോന്നാന്‍ അവിടുന്നിടയാക്കി.

47
ഞങ്ങളുടെ ദൈവമായ സര്‍വേശ്വരാ, ഞങ്ങളെ രക്ഷിച്ചാലും,
അങ്ങയുടെ വിശുദ്ധനാമത്തിനു സ്തോത്രം അര്‍പ്പിക്കാനും,
അവിടുത്തെ പ്രകീര്‍ത്തിക്കുന്നതില്‍ അഭിമാനം കൊള്ളാനും,
ജനതകളുടെ ഇടയില്‍നിന്നു ഞങ്ങളെ മടക്കി വരുത്തണമേ.

48
ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ വാഴ്ത്തപ്പെടട്ടെ;
എന്നേക്കും അവിടുന്നു പ്രകീര്‍ത്തിക്കപ്പെടട്ടെ;
സര്‍വജനങ്ങളും ആമേന്‍ എന്നു പറയട്ടെ.
സര്‍വേശ്വരനെ സ്തുതിക്കുവിന്‍.

107

1

സര്‍വേശ്വരനു സ്തോത്രം അര്‍പ്പിക്കുവിന്‍,
അവിടുന്നു നല്ലവനല്ലോ.

2
[2,3] അവിടുത്തെ സുസ്ഥിരസ്നേഹം ശാശ്വതമാണെന്ന് അവിടുന്നു വീണ്ടെടുത്തവര്‍ പറയട്ടെ.
സര്‍വേശ്വരന്‍ ശത്രുക്കളില്‍നിന്നു വിടുവിച്ച്,
കിഴക്കും പടിഞ്ഞാറും വടക്കും തെക്കുമുള്ള ദേശങ്ങളില്‍നിന്ന്,
മടക്കിക്കൊണ്ടു വന്നവര്‍ തന്നെ ഇങ്ങനെ പറയട്ടെ.

3

4
പാര്‍ക്കാന്‍ പട്ടണം കാണാതെ
അവരില്‍ ചിലര്‍ മരുഭൂമിയില്‍ അലഞ്ഞു നടന്നു.

5
വിശന്നും ദാഹിച്ചും അവര്‍ തളര്‍ന്നു.
അവര്‍ ആശയറ്റവരായി.

6
അവര്‍ തങ്ങളുടെ കഷ്ടതയില്‍
സര്‍വേശ്വരനോടു നിലവിളിച്ചു.
അവരുടെ യാതനകളില്‍നിന്ന് അവിടുന്ന് അവരെ രക്ഷിച്ചു.

7
വാസയോഗ്യമായ പട്ടണത്തിലെത്തുന്നതുവരെ
അവിടുന്ന് അവര്‍ക്ക് നേര്‍വഴി കാട്ടി.

8
സര്‍വേശ്വരന്‍റെ അചഞ്ചലസ്നേഹത്തിനായും
അവിടുന്നു മനുഷ്യര്‍ക്കുവേണ്ടി ചെയ്ത അദ്ഭുതപ്രവൃത്തികള്‍ക്കായും
അവിടുത്തേക്കു സ്തോത്രം അര്‍പ്പിക്കുവിന്‍;

9
അവിടുന്നു ദാഹാര്‍ത്തനു തൃപ്തി വരുത്തുന്നു.
വിശന്നിരിക്കുന്നവനു വിശിഷ്ടഭോജ്യങ്ങള്‍ നല്‌കി സംതൃപ്തനാക്കുന്നു.

10
ചിലര്‍ ദൈവത്തിന്‍റെ വാക്കു ധിക്കരിക്കുകയും
അത്യുന്നതന്‍റെ ആലോചന നിരസിക്കുകയും ചെയ്തു;
അവര്‍ അന്ധകാരത്തിലും മരണത്തിന്‍റെ നിഴലിലും ഇരുന്നു.

11
അവര്‍ പീഡിപ്പിക്കപ്പെടുകയും ചങ്ങലകളാല്‍ ബന്ധിക്കപ്പെടുകയും ചെയ്തു.

12
കഠിനാധ്വാനംകൊണ്ട് അവരുടെ മനസ്സിടിഞ്ഞു,
അവര്‍ വീണപ്പോള്‍ സഹായിക്കാന്‍ ആരുമുണ്ടായില്ല.

13
അവര്‍ തങ്ങളുടെ കഷ്ടതയില്‍ സര്‍വേശ്വരനോടു നിലവിളിച്ചു.
അവരുടെ യാതനകളില്‍നിന്ന് അവിടുന്ന് അവരെ രക്ഷിച്ചു.

14
അന്ധകാരത്തില്‍നിന്നും മരണത്തിന്‍റെ നിഴലില്‍നിന്നും
അവിടുന്ന് അവരെ വിടുവിച്ചു.
അവരുടെ ചങ്ങലകള്‍ അവിടുന്നു പൊട്ടിച്ചെറിഞ്ഞു.

15
സര്‍വേശ്വരന്‍റെ അചഞ്ചലസ്നേഹത്തിനായും
അവിടുന്നു മനുഷ്യര്‍ക്കുവേണ്ടി ചെയ്ത അദ്ഭുതപ്രവൃത്തികള്‍ക്കായും
അവര്‍ അവിടുത്തേക്കു സ്തോത്രം അര്‍പ്പിക്കട്ടെ.

16
അവിടുന്നു ശത്രുക്കളുടെ താമ്രവാതിലുകള്‍ തകര്‍ത്തു.
ഇരുമ്പ് ഓടാമ്പലുകള്‍ ഒടിച്ചു.

17
ഭോഷന്മാര്‍ തങ്ങളുടെ പാപകരമായ വഴികളും
അകൃത്യങ്ങളും നിമിത്തം കഷ്ടതയിലായി.

18
അവര്‍ ഭക്ഷണത്തെ വെറുത്തു.
മൃത്യുകവാടത്തോട് അവര്‍ അടുത്തു.

19
അവര്‍ തങ്ങളുടെ കഷ്ടതയില്‍ സര്‍വേശ്വരനോടു നിലവിളിച്ചു.
അവരുടെ യാതനകളില്‍നിന്ന് അവിടുന്നു അവരെ രക്ഷിച്ചു.

20
അവിടുത്തെ കല്പനയാല്‍ അവര്‍ സൗഖ്യം പ്രാപിച്ചു.
വിനാശത്തില്‍നിന്ന് അവിടുന്ന് അവരെ വിടുവിച്ചു.

21
സര്‍വേശ്വരന്‍റെ അചഞ്ചലസ്നേഹത്തിനായും
അവിടുന്നു തങ്ങള്‍ക്കുവേണ്ടി ചെയ്ത അദ്ഭുതപ്രവൃത്തികള്‍ക്കായും
മനുഷ്യര്‍ സ്തോത്രം ചെയ്യട്ടെ.

22
അവര്‍ സ്തോത്രയാഗങ്ങള്‍ അര്‍പ്പിക്കട്ടെ.
ആനന്ദഗീതത്തോടെ അവിടുത്തെ പ്രവൃത്തികള്‍ പ്രഘോഷിക്കട്ടെ.

23
ചിലര്‍ വ്യാപാരം ചെയ്യാന്‍ കപ്പലുകളില്‍ സമുദ്രയാത്ര ചെയ്തു.

24
അവര്‍ സര്‍വേശ്വരന്‍റെ പ്രവൃത്തികള്‍ കണ്ടു.
സമുദ്രത്തില്‍ അവിടുന്നു ചെയ്ത അദ്ഭുതപ്രവൃത്തികള്‍ തന്നെ.

25
അവിടുന്നു കല്പിച്ചപ്പോള്‍ കൊടുങ്കാറ്റടിച്ചു.
സമുദ്രത്തിലെ തിരമാലകള്‍ ഉയര്‍ന്നു.

26
തിരമാലകള്‍ കപ്പലുകളെ ആകാശത്തോളം ഉയര്‍ത്തുകയും
ആഴത്തിലേക്കു താഴ്ത്തുകയും ചെയ്തു.
ഈ കഷ്ടസ്ഥിതിയില്‍ അവരുടെ ധൈര്യം ഉരുകിപ്പോയി.

27
ഉന്മത്തരെപ്പോലെ അവര്‍ ആടിയുലഞ്ഞു,
എന്തു ചെയ്യണമെന്ന് അവര്‍ക്ക് അറിഞ്ഞു കൂടായിരുന്നു.

28
അപ്പോള്‍, അവര്‍ തങ്ങളുടെ കഷ്ടതയില്‍ സര്‍വേശ്വരനോടു നിലവിളിച്ചു.
യാതനകളില്‍നിന്ന് അവിടുന്നു അവരെ വിടുവിച്ചു.

29
അവിടുന്നു കൊടുങ്കാറ്റിനെ ശാന്തമാക്കി.
തിരമാലകള്‍ അടങ്ങി.

30
കാറ്റും കോളും അടങ്ങിയതുകൊണ്ട് അവര്‍ സന്തോഷിച്ചു.
അവര്‍ ആഗ്രഹിച്ച തുറമുഖത്ത് അവിടുന്ന് അവരെ എത്തിച്ചു.

31
സര്‍വേശ്വരന്‍റെ അചഞ്ചലസ്നേഹത്തിനായും
അവിടുന്നു തങ്ങള്‍ക്കുവേണ്ടി ചെയ്ത അദ്ഭുതപ്രവൃത്തികള്‍ക്കായും
അവര്‍ അവിടുത്തേക്കു സ്തോത്രം അര്‍പ്പിക്കട്ടെ.

32
ജനങ്ങള്‍ ഒത്തുകൂടുന്നിടത്ത് അവര്‍ സര്‍വേശ്വരനെ വാഴ്ത്തട്ടെ;
നേതാക്കളുടെ സഭയില്‍ അവിടുത്തെ പ്രകീര്‍ത്തിക്കട്ടെ.

33
അവിടുന്നു നദികളെ മരുഭൂമിയും
നീരുറവുകളെ വരണ്ട നിലവുമാക്കുന്നു.

34
അവിടുന്നു ഫലഭൂയിഷ്ഠമായ പ്രദേശത്തെ ഓരുള്ള പാഴ്നിലമാക്കുന്നു.
അവിടെ നിവസിച്ചിരുന്നവരുടെ ദുഷ്ടത കൊണ്ടുതന്നെ.

35
അവിടുന്നു മരുഭൂമിയെ ജലാശയമാക്കി,
വരണ്ടഭൂമിയെ നീരുറവുകളുള്ള പ്രദേശമാക്കി മാറ്റുന്നു.

36
വിശന്നു വലഞ്ഞവരെ അവിടുന്ന് അവിടെ പാര്‍പ്പിച്ചു.
തങ്ങള്‍ക്കു വസിക്കാന്‍ അവര്‍ അവിടെ ഒരു നഗരം നിര്‍മ്മിച്ചു.

37
അവര്‍ വയലുകളില്‍ ധാന്യം വിതച്ചു.
മുന്തിരിത്തോട്ടങ്ങള്‍ നട്ടു പിടിപ്പിച്ചു.
സമൃദ്ധമായ വിളവെടുക്കുകയും ചെയ്തു.

38
അവിടുന്ന് അവരെ അനുഗ്രഹിച്ചു.
അവരുടെ സംഖ്യ വര്‍ധിച്ചു.
അവരുടെ കന്നുകാലികള്‍ കുറഞ്ഞുപോകാന്‍ അവിടുന്ന് ഇടയാക്കിയില്ല.

39
പീഡനവും കഷ്ടതയും സങ്കടവുംകൊണ്ടു,
അവര്‍ എണ്ണത്തില്‍ കുറയുകയും ലജ്ജിതരാവുകയും ചെയ്തപ്പോള്‍,

40
അവരെ മര്‍ദിച്ചവരുടെമേല്‍ അവിടുന്നു നിന്ദ ചൊരിഞ്ഞു.
വഴിയില്ലാത്ത ശൂന്യപ്രദേശത്ത് അവരെ അലഞ്ഞുതിരിയാന്‍ ഇടയാക്കി.

41
എന്നാല്‍, അവിടുന്നു ദരിദ്രനെ കഷ്ടതയില്‍ നിന്നു വിടുവിച്ചു.
ആട്ടിന്‍പറ്റത്തെപ്പോലെ അവരുടെ കുടുംബങ്ങളെ വര്‍ധിപ്പിച്ചു.

42
നിഷ്കളങ്കര്‍ അതു കണ്ടു സന്തോഷിക്കും,
ദുഷ്ടര്‍ മൗനമായിരിക്കും.

43
വിവേകശാലികള്‍ ഇവ ശ്രദ്ധിക്കട്ടെ.
സര്‍വേശ്വരന്‍റെ അചഞ്ചലസ്നേഹത്തെ അവര്‍ ധ്യാനിക്കട്ടെ.

108

1

ഒരു ഗീതം; ദാവീദിന്‍റെ സങ്കീര്‍ത്തനം

ദൈവമേ, എന്‍റെ മനസ്സ് അചഞ്ചലമാണ്,
എന്‍റെ മനസ്സ് അചഞ്ചലമാണ്.
ഞാന്‍ പാടി അങ്ങയെ പ്രകീര്‍ത്തിക്കും.
എന്‍റെ ആത്മാവേ, ഉണരുക.

2
വീണയും കിന്നരവും ഉണരട്ടെ.
ഞാന്‍ പ്രഭാതത്തെ പാടിയുണര്‍ത്തും.

3
സര്‍വേശ്വരാ, ജനതകളുടെ മധ്യേ ഞാന്‍ അങ്ങയെ വാഴ്ത്തും.
അന്യജനതകളുടെ മധ്യേ ഞാന്‍ അങ്ങയെ പ്രകീര്‍ത്തിക്കും.

4
അവിടുത്തെ അചഞ്ചലസ്നേഹം ആകാശത്തെക്കാള്‍ ഉന്നതമാണ്.
അവിടുത്തെ വിശ്വസ്തത മേഘങ്ങളോളം എത്തുന്നു.

5
ദൈവമേ, അവിടുത്തെ മഹത്ത്വം
ആകാശത്തിലെങ്ങും വെളിപ്പെടുത്തണമേ.
അവിടുത്തെ തേജസ്സ് ഭൂമിയിലെങ്ങും വ്യാപിക്കട്ടെ.

6
അവിടുത്തെ വലങ്കൈയാല്‍ എന്നെ രക്ഷിക്കണമേ.
എന്‍റെ പ്രാര്‍ഥനയ്‍ക്ക് ഉത്തരമരുളിയാലും;
അവിടുന്നു സ്നേഹിക്കുന്ന ജനം വിടുവിക്കപ്പെടട്ടെ.

7
ദൈവം തന്‍റെ വിശുദ്ധമന്ദിരത്തില്‍നിന്ന് അരുളിച്ചെയ്തിരിക്കുന്നു.
വിജയാഘോഷത്തോടെ ഞാന്‍ ശെഖേം വിഭജിക്കും.
സുക്കോത്ത് താഴ്വര എന്‍റെ ജനത്തിന് അളന്നുകൊടുക്കും.

8
ഗിലെയാദ് ദേശം എനിക്കുള്ളത്; മനശ്ശെയും എന്‍റേതാണ്;
എഫ്രയീം എന്‍റെ പടത്തൊപ്പിയും,
യെഹൂദാ എന്‍റെ ചെങ്കോലുമത്രേ.

9
മോവാബ് എന്‍റെ ക്ഷാളനപാത്രം;
എദോമിന്മേല്‍ ഞാന്‍ എന്‍റെ ചെരുപ്പെറിയും.
ഫെലിസ്ത്യദേശത്തിന്മേല്‍ ഞാന്‍ ജയഘോഷം കൊള്ളും.

10
കോട്ട കെട്ടി ഉറപ്പിച്ച നഗരത്തിലേക്ക് എന്നെ ആര്‍ കൊണ്ടുപോകും?
എദോമിലേക്ക് ആര്‍ എന്നെ നയിക്കും?

11
ദൈവമേ, അവിടുന്നു ഞങ്ങളെ കൈവെടിഞ്ഞിരിക്കുന്നുവോ?
അവിടുന്നു ഞങ്ങളുടെ സൈന്യങ്ങളോടൊത്തു പുറപ്പെടുന്നില്ലല്ലോ.

12
ശത്രുവിനെ നേരിടാന്‍ ഞങ്ങളെ സഹായിക്കണമേ!
മനുഷ്യന്‍റെ സഹായം വ്യര്‍ഥമാണല്ലോ.

13
ദൈവത്തോടൊത്തു ഞങ്ങള്‍ സുധീരം പോരാടും.
അവിടുന്നു ഞങ്ങളുടെ വൈരികളെ ചവിട്ടി മെതിക്കും.

109

1

ഗായകസംഘനേതാവിന്; ദാവീദിന്‍റെ സങ്കീര്‍ത്തനം

ദൈവമേ, ഞാന്‍ അങ്ങയെ സ്തുതിക്കുന്നു;
അവിടുന്നു മൗനമായിരിക്കരുതേ.

2
ദുഷ്ടരും വഞ്ചകരും എനിക്കെതിരെ തിരിഞ്ഞിരിക്കുന്നു.
അവര്‍ എനിക്കെതിരെ നുണ ചൊരിയുന്നു.

3
വിദ്വേഷം നിറഞ്ഞ വാക്കുകള്‍കൊണ്ട് അവര്‍ എന്നെ വളയുന്നു.
കാരണം കൂടാതെ എന്നെ ആക്രമിക്കുന്നു.

4
ഞാന്‍ അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നു.
ഞാന്‍ അവരെ സ്നേഹിക്കുന്നു.
എന്നിട്ടും അവര്‍ എനിക്കെതിരെ ദോഷം ആരോപിക്കുന്നു.

5
നന്മയ്‍ക്കു പകരം തിന്മയും
സ്നേഹത്തിനു പകരം ദ്വേഷവും അവര്‍ എനിക്കു നല്‌കുന്നു.

6
എന്‍റെ ശത്രുവിനെതിരെ ഒരു ദുഷ്ടനെ നിയോഗിക്കണമേ.
അവന്‍റെ കുറ്റാരോപണം അവനെ വിചാരണയില്‍ നിര്‍ത്തട്ടെ.

7
വിസ്തരിക്കപ്പെടുമ്പോള്‍ അവന്‍ കുറ്റക്കാരനെന്നു തെളിയട്ടെ.
അവന്‍റെ പ്രാര്‍ഥന പാപമായി കണക്കാക്കപ്പെടട്ടെ.

8
അവന്‍റെ ആയുസ്സ് ചുരുങ്ങിപ്പോകട്ടെ.
അവന്‍റെ സമ്പത്ത് ആരെങ്കിലും കൈയടക്കട്ടെ.

9
അവന്‍റെ മക്കള്‍ അനാഥരും
അവന്‍റെ ഭാര്യ വിധവയും ആയിത്തീരട്ടെ.

10
അവന്‍റെ സന്തതികള്‍ യാചകരായി അലഞ്ഞുതിരിയട്ടെ.
അവര്‍ സങ്കേതമാക്കുന്ന ജീര്‍ണാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് അവര്‍ തുരത്തപ്പെടട്ടെ.

11
അവനുള്ളതെല്ലാം കടക്കാര്‍ പിടിച്ചെടുക്കട്ടെ.
അവന്‍റെ അധ്വാനഫലം അന്യര്‍ അപഹരിക്കട്ടെ.

12
അവനോടു കരുണ കാട്ടാന്‍ ആരും ഉണ്ടാകാതിരിക്കട്ടെ.
അവന്‍റെ അനാഥരായ മക്കളോട് ആര്‍ക്കും അലിവു തോന്നാതിരിക്കട്ടെ.

13
അവന്‍റെ വംശം ഇല്ലാതാകട്ടെ.
അടുത്ത തലമുറപോലും അവനെ ഓര്‍ക്കാതിരിക്കട്ടെ.

14
അവന്‍റെ പിതാക്കന്മാരുടെ അകൃത്യങ്ങള്‍ സര്‍വേശ്വരന്‍ ഓര്‍ക്കട്ടെ.
അവന്‍റെ മാതാവിന്‍റെ പാപം അവിടുന്നു ക്ഷമിക്കാതിരിക്കട്ടെ.

15
അവരുടെ പാപം സര്‍വേശ്വരന്‍ എപ്പോഴും ഓര്‍ക്കട്ടെ.
അവരുടെ സ്മരണ ഭൂമിയില്‍നിന്ന് ഇല്ലാതാക്കട്ടെ.

16
അവന്‍ ദരിദ്രനോടും എളിയവനോടും മനം തകര്‍ന്നവനോടും
കരുണ കാട്ടുന്നതിനു പകരം അവരെ മരണപര്യന്തം പീഡിപ്പിച്ചു.

17
ശപിക്കുന്നത് അവന് പ്രിയമായിരുന്നു;
ശാപം അവന്‍റെമേല്‍ പതിക്കട്ടെ.
അനുഗ്രഹിക്കുന്നത് അവന് ഇഷ്ടമില്ലായിരുന്നു.
അവനെ ആരും അനുഗ്രഹിക്കാതിരിക്കട്ടെ.

18
ശാപോക്തികളായിരുന്നു അവന്‍റെ മേലങ്കി.
അതു വെള്ളംപോലെ അവന്‍റെ ശരീരത്തിലേക്കും
എണ്ണപോലെ അസ്ഥികളിലേക്കും ഇറങ്ങിച്ചെല്ലട്ടെ.

19
അത് അവന്‍ ധരിക്കുന്ന അങ്കിപോലെയും
എന്നും കെട്ടുന്ന അരക്കച്ചപോലെയും ആയിരിക്കട്ടെ.

20
എന്‍റെമേല്‍ കുറ്റം ആരോപിക്കുന്നവര്‍ക്കും
എനിക്കെതിരെ ദോഷം പറയുന്നവര്‍ക്കും
സര്‍വേശ്വരന്‍ നല്‌കുന്ന ശിക്ഷ ഇതായിരിക്കട്ടെ.

21
എന്‍റെ ദൈവമായ സര്‍വേശ്വരാ,
അവിടുത്തെ നാമത്തിനൊത്തവിധം എന്നോട് ഇടപെടണമേ.
അവിടുത്തെ അചഞ്ചലസ്നേഹത്തിനും നന്മയ്‍ക്കും
ചേര്‍ന്നവിധം എന്നെ വിടുവിക്കണമേ.

22
ഞാന്‍ എളിയവനും ദരിദ്രനുമാണ്.
എന്‍റെ ഹൃദയം തകര്‍ന്നിരിക്കുന്നു.

23
സായാഹ്നത്തിലെ നിഴല്‍പോലെ ഞാന്‍ കടന്നുപോകുന്നു.
വെട്ടുക്കിളിയെപ്പോലെ ഞാന്‍ തൂത്തെറിയപ്പെടുന്നു.

24
ഉപവാസംകൊണ്ട് എന്‍റെ കാല്‍മുട്ടുകള്‍ ദുര്‍ബലമായിരിക്കുന്നു.
എന്‍റെ ശരീരം ശോഷിച്ചിരിക്കുന്നു.

25
എന്‍റെമേല്‍ കുറ്റമാരോപിക്കുന്നവര്‍ക്ക് ഞാന്‍ നിന്ദാപാത്രമായിത്തീര്‍ന്നിരിക്കുന്നു.
അവര്‍ എന്നെ പരിഹസിച്ചു തല കുലുക്കുന്നു.

26
എന്‍റെ ദൈവമായ സര്‍വേശ്വരാ, എന്നെ സഹായിക്കണമേ.
അവിടുത്തെ അചഞ്ചലസ്നേഹത്തിനൊത്ത വിധം എന്നെ രക്ഷിക്കണമേ.

27
പരമനാഥാ, അവിടുന്നാണു പ്രവര്‍ത്തിച്ചതെന്ന്,
അതേ, അവിടുന്നാണ് എന്നെ രക്ഷിച്ചതെന്ന്,
എന്‍റെ ശത്രുക്കള്‍ അറിയട്ടെ.

28
അവര്‍ എന്നെ ശപിച്ചുകൊള്ളട്ടെ,
എന്നാല്‍ അവിടുന്ന് എന്നെ അനുഗ്രഹിക്കണമേ.
എന്‍റെ ശത്രുക്കള്‍ ലജ്ജിതരാകട്ടെ.
അങ്ങയുടെ ഈ ദാസന്‍ സന്തോഷിക്കട്ടെ.

29
എന്‍റെമേല്‍ കുറ്റമാരോപിക്കുന്നവര്‍ നിന്ദ ധരിക്കട്ടെ.
പുതപ്പെന്നപോലെ ലജ്ജ അവരെ മൂടട്ടെ.

30
ഞാന്‍ സര്‍വേശ്വരന് ഏറെ സ്തോത്രം അര്‍പ്പിക്കും.
ജനമധ്യത്തില്‍ നിന്നുകൊണ്ടു ഞാന്‍ അവിടുത്തെ പ്രകീര്‍ത്തിക്കും.

31
മരണത്തിനു വിധിക്കുന്നവരില്‍നിന്ന് എളിയവനെ രക്ഷിക്കാന്‍
അവിടുന്നു അവന്‍റെ വലത്തുവശത്തു നില്‌ക്കുന്നു.

110

1

ദാവീദിന്‍റെ സങ്കീര്‍ത്തനം

സര്‍വേശ്വരന്‍ എന്‍റെ കര്‍ത്താവായ രാജാവിനോട് അരുളിച്ചെയ്തു:
“നീ എന്‍റെ വലത്തുഭാഗത്തിരിക്ക;
ഞാന്‍ നിന്‍റെ ശത്രുക്കളെ നിന്‍റെ കാല്‍ക്കീഴിലാക്കും.”

2
സര്‍വേശ്വരന്‍ നിന്‍റെ ബലമുള്ള ചെങ്കോല്‍ സീയോനില്‍നിന്നു നീട്ടും.

3
നിന്‍റെ ശത്രുക്കളുടെ മധ്യേ നീ വാഴുക.
നീ ശത്രുക്കളോടു യുദ്ധം ചെയ്യുന്ന ദിവസം നിന്‍റെ ജനം മടികൂടാതെ ആത്മസമര്‍പ്പണം ചെയ്യും.
ഉഷസ്സിന്‍റെ ഉദരത്തില്‍നിന്നു പുറപ്പെടുന്ന
തൂമഞ്ഞുപോലെ നിന്‍റെ യുവാക്കള്‍ നിന്‍റെ അടുക്കല്‍ വരും.

4
സര്‍വേശ്വരന്‍ പ്രതിജ്ഞ ചെയ്തിരിക്കുന്നു.
അവിടുന്നു വാക്കു മാറുകയില്ല.
“നീ മല്‍ക്കീസേദെക്കിന്‍റെ പരമ്പരയില്‍,
എന്നേക്കും പുരോഹിതനായിരിക്കും.”

5
സര്‍വേശ്വരന്‍ അങ്ങയുടെ വലത്തുഭാഗത്തുണ്ട്.
തന്‍റെ ക്രോധത്തിന്‍റെ ദിവസത്തില്‍ അവിടുന്നു രാജാക്കന്മാരെ തകര്‍ക്കും.

6
ജനതകളെ അവിടുന്നു ന്യായം വിധിക്കും.
അവരുടെ ദേശം മൃതശരീരങ്ങള്‍കൊണ്ടു നിറയ്‍ക്കും.
അവിടുന്നു ഭൂമിയിലെ ഭരണാധികാരികളെ തകര്‍ക്കും.

7
വഴിയരികിലുള്ള നീര്‍ച്ചാലില്‍നിന്നു രാജാവു പാനംചെയ്യും.
അദ്ദേഹം ശിരസ്സുയര്‍ത്തി നില്‌ക്കും.

111

1

സര്‍വേശ്വരനെ സ്തുതിക്കുവിന്‍!
പൂര്‍ണഹൃദയത്തോടെ നീതിനിഷ്ഠരുടെ
ആരാധനാസഭയില്‍ ഞാന്‍ സര്‍വേശ്വരനു സ്തോത്രം അര്‍പ്പിക്കും.

2
സര്‍വേശ്വരന്‍റെ പ്രവൃത്തികള്‍ എത്ര മഹത്തരം!
അതില്‍ ആനന്ദിക്കുന്നവര്‍ അവയെക്കുറിച്ചു ധ്യാനിക്കുന്നു.

3
അവിടുത്തെ പ്രവൃത്തികള്‍ മഹത്തും തേജസ്സുറ്റതുമാണ്.
അവിടുത്തെ നീതി ശാശ്വതമത്രേ.

4
തന്‍റെ അദ്ഭുതപ്രവൃത്തികള്‍ അവിടുന്നു സ്മരണീയമാക്കിയിരിക്കുന്നു.
അവിടുന്നു കൃപാലുവും കാരുണ്യവാനുമാകുന്നു.

5
അവിടുന്നു തന്‍റെ ഭക്തന്മാര്‍ക്ക് ആഹാരം നല്‌കുന്നു.
അവിടുന്നു തന്‍റെ ഉടമ്പടി എപ്പോഴും ഓര്‍ക്കുന്നു.

6
അന്യജനതകളുടെ ദേശം അവിടുന്നു സ്വജനത്തിനു നല്‌കി.
അവിടുന്നു തന്‍റെ ശക്തി അവര്‍ക്കു വെളിപ്പെടുത്തിയിരിക്കുന്നു.

7
അവിടുത്തെ പ്രവൃത്തികള്‍ വിശ്വസ്തവും നീതിയുക്തവുമാകുന്നു.
അവിടുത്തെ പ്രമാണങ്ങള്‍ വിശ്വാസയോഗ്യം തന്നെ.

8
അവ എന്നേക്കും നിലനില്‌ക്കുന്നു.
സത്യസന്ധമായും വിശ്വസ്തമായും അവ അനുഷ്ഠിക്കപ്പെടേണ്ടതിനു തന്നെ.

9
അവിടുന്നു തന്‍റെ ജനത്തെ വീണ്ടെടുത്തു.
അവിടുന്ന് അവരോടു ശാശ്വതമായ ഉടമ്പടി ചെയ്തു.
വിശുദ്ധവും ഭീതിദവുമാണ് അവിടുത്തെ നാമം.

10
സര്‍വേശ്വരനോടുള്ള ഭക്തിയാണ് ജ്ഞാനത്തിന്‍റെ ആരംഭം.
അതു പരിശീലിക്കുന്നവര്‍ വിവേകികളാകും.
അവിടുന്ന് എന്നേക്കും പ്രകീര്‍ത്തിക്കപ്പെടും.

112

1

സര്‍വേശ്വരനെ സ്തുതിക്കുവിന്‍.
സര്‍വേശ്വരനെ ഭയപ്പെടുകയും അവിടുത്തെ കല്പനകള്‍ സന്തോഷത്തോടെ
അനുസരിക്കുകയും ചെയ്യുന്നവന്‍ അനുഗൃഹീതന്‍.

2
അവന്‍റെ സന്തതി ഭൂമിയില്‍ പ്രബലരാകും.
നീതിനിഷ്ഠരുടെ തലമുറ അനുഗ്രഹിക്കപ്പെടും.

3
അവന്‍റെ ഭവനം സമ്പന്നവും ഐശ്വര്യസമ്പൂര്‍ണവും ആയിരിക്കും.
അവന്‍റെ നീതിനിഷ്ഠ എന്നേക്കും നിലനില്‌ക്കും.

4
പരമാര്‍ഥഹൃദയമുള്ളവന് അന്ധകാരത്തില്‍ പ്രകാശം ഉദിക്കും.
സര്‍വേശ്വരന്‍ കൃപാലുവും കാരുണ്യവാനും നീതിനിഷ്ഠനുമാകുന്നു.

5
ഔദാര്യപൂര്‍വം വായ്പ കൊടുക്കുകയും
നീതിയോടെ വ്യാപരിക്കുകയും ചെയ്യുന്നവന് നന്മ ഭവിക്കും.

6
നീതിനിഷ്ഠന് ഒരിക്കലും ഇളക്കം തട്ടുകയില്ല.
അവന്‍ വിസ്മരിക്കപ്പെടുകയില്ല.

7
ദുര്‍വാര്‍ത്തകളെ അവന്‍ ഭയപ്പെടുകയില്ല;
അവന്‍റെ ഹൃദയം സര്‍വേശ്വരനില്‍ ആശ്രയിച്ച് ഉറച്ചിരിക്കും.

8
അവന്‍ അചഞ്ചലനായിരിക്കും; ഭയപ്പെടുകയില്ല.
അവന്‍ തന്‍റെ ശത്രുക്കളുടെ പരാജയം കാണും.

9
അവന്‍ ദരിദ്രര്‍ക്ക് ഉദാരമായി കൊടുക്കുന്നു.
അവന്‍റെ നീതിനിഷ്ഠ എന്നേക്കും നിലനില്‌ക്കുന്നു.
അവന്‍റെ ശക്തിയും ബഹുമാനവും വര്‍ധിക്കും.

10
ദുഷ്ടന്‍ അതു കണ്ടു കോപിക്കുന്നു;
അവന്‍ പല്ലു കടിക്കുന്നു; അവന്‍റെ ഉള്ളുരുകുന്നു.
ദുഷ്ടന്‍റെ ആശകള്‍ നിഷ്ഫലമാകും.

113

1

സര്‍വേശ്വരനെ സ്തുതിക്കുവിന്‍,
അവിടുത്തെ ദാസന്മാരേ, സര്‍വേശ്വരനെ സ്തുതിക്കുവിന്‍.

2
സര്‍വേശ്വരന്‍റെ നാമം എന്നേക്കും വാഴ്ത്തപ്പെടട്ടെ.

3
കിഴക്കുമുതല്‍ പടിഞ്ഞാറുവരെ സര്‍വേശ്വരന്‍റെ നാമം വാഴ്ത്തപ്പെടട്ടെ.

4
അവിടുന്നു സകല ജനതകളെയും ഭരിക്കുന്നു.
അവിടുത്തെ മഹത്ത്വം ആകാശത്തിനുമീതേ ഉയര്‍ന്നിരിക്കുന്നു.

5
നമ്മുടെ ദൈവമായ സര്‍വേശ്വരന്‍ ഉന്നതത്തില്‍ വസിക്കുന്നു;
അവിടുത്തേക്കു സമനായി ആരുണ്ട്?

6
ആകാശത്തെയും ഭൂമിയെയും അവിടുന്നു കുനിഞ്ഞുനോക്കുന്നു.

7
അവിടുന്ന് എളിയവനെ പൊടിയില്‍നിന്ന് എഴുന്നേല്പിക്കുന്നു.
ദരിദ്രനെ കുപ്പയില്‍നിന്ന് ഉയര്‍ത്തുന്നു.

8
പ്രഭുക്കന്മാരോടൊപ്പം,
തന്‍റെ ജനത്തിന്‍റെ പ്രഭുക്കന്മാരോടൊപ്പം തന്നെ അവനു സ്ഥാനം നല്‌കുന്നു.

9
അവിടുന്നു വന്ധ്യയെ മക്കളെ നല്‌കി സന്തോഷിപ്പിച്ചു;
അവിടുന്ന് അവള്‍ക്കൊരു കുടുംബം നല്‌കി.
സര്‍വേശ്വരനെ സ്തുതിക്കുവിന്‍!

114

1

ഇസ്രായേല്‍ജനം ഈജിപ്തില്‍നിന്ന്,
അതേ, യാക്കോബിന്‍റെ സന്തതികള്‍ അന്യനാട്ടില്‍നിന്നു പുറപ്പെട്ടപ്പോള്‍,

2
യെഹൂദാ അവിടുത്തെ വിശുദ്ധമന്ദിരവും
ഇസ്രായേല്‍ അവിടുത്തെ രാജ്യവും ആയിത്തീര്‍ന്നു.

3
സമുദ്രം അതു കണ്ട് ഓടി;
യോര്‍ദ്ദാന്‍ പിന്‍വാങ്ങി.

4
പര്‍വതങ്ങള്‍ മുട്ടാടുകളെപ്പോലെയും
കുന്നുകള്‍ കുഞ്ഞാടുകളെപ്പോലെയും തുള്ളിച്ചാടി.

5
ഹേ, സമുദ്രമേ, നീ ഓടിയകലുന്നതെന്ത്?
യോര്‍ദ്ദാനേ, നീ പിന്‍വാങ്ങുന്നതെന്ത്?

6
മലകളേ, നിങ്ങള്‍ മുട്ടാടുകളെപ്പോലെയും,
കുന്നുകളേ, നിങ്ങള്‍ കുഞ്ഞാടുകളെപ്പോലെയും തുള്ളിച്ചാടുന്നതെന്ത്?

7
ഭൂമിയേ, സര്‍വേശ്വരന്‍റെ സന്നിധിയില്‍,
യാക്കോബിന്‍റെ ദൈവത്തിന്‍റെ സന്നിധിയില്‍ തന്നെ വിറകൊള്ളുക.

8
അവിടുന്നു പാറയെ ജലാശയവും
തീക്കല്ലിനെ നീരുറവും ആക്കിയിരിക്കുന്നു.

115

1

സര്‍വേശ്വരാ, അവിടുത്തെ വിശ്വസ്തതയും ശാശ്വതസ്നേഹവും നിമിത്തം
അങ്ങേക്കു മാത്രമാണ് മഹത്ത്വം നല്‌കപ്പെടേണ്ടത്.
ഞങ്ങള്‍ ഒരിക്കലും ഞങ്ങളെത്തന്നെ മഹത്ത്വപ്പെടുത്താന്‍ ഇടയാകരുതേ.

2
“അവരുടെ ദൈവം എവിടെ?” എന്ന്
അന്യജനതകള്‍ ചോദിക്കാന്‍ ഇടയാക്കുന്നതെന്തിന്?

3
ഞങ്ങളുടെ ദൈവം സ്വര്‍ഗത്തിലാണ്,
തന്‍റെ ഹിതത്തിനൊത്ത് അവിടുന്നു പ്രവര്‍ത്തിക്കുന്നു.

4
അവരുടെ വിഗ്രഹങ്ങള്‍ പൊന്നും വെള്ളിയും കൊണ്ടു നിര്‍മ്മിച്ചവ.
മനുഷ്യന്‍റെ കരവേല!

5
അവയ്‍ക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല,
കണ്ണുണ്ടെങ്കിലും കാണുന്നില്ല.

6
കാതുണ്ടെങ്കിലും കേള്‍ക്കുന്നില്ല.
മൂക്കുണ്ടെങ്കിലും മണത്തറിയുന്നില്ല.

7
അവയ്‍ക്കു കൈയുണ്ടെങ്കിലും സ്പര്‍ശിക്കുന്നില്ല,
കാലുണ്ടെങ്കിലും നടക്കുന്നില്ല.
അവയുടെ കണ്ഠത്തില്‍നിന്ന് ഒരു സ്വരവും പുറപ്പെടുന്നുമില്ല.

8
അവയെ നിര്‍മ്മിക്കുന്നവന്‍ അവയെപ്പോലെ തന്നെ.
അവയില്‍ ആശ്രയിക്കുന്നവരും അങ്ങനെ തന്നെ.

9
ഇസ്രായേല്‍ജനമേ, സര്‍വേശ്വരനില്‍ ആശ്രയിക്കുവിന്‍,
അവിടുന്നാണു നിങ്ങളുടെ സഹായവും പരിചയും.

10
അഹരോന്‍വംശജരേ, സര്‍വേശ്വരനില്‍ ആശ്രയിക്കുവിന്‍.
അവിടുന്നാണു നിങ്ങളുടെ സഹായവും പരിചയും.

11
ദൈവഭക്തന്മാരേ, സര്‍വേശ്വരനില്‍ ആശ്രയിക്കുവിന്‍.
അവിടുന്നാണു നിങ്ങളുടെ സഹായവും പരിചയും.

12
സര്‍വേശ്വരന്‍ നമ്മെക്കുറിച്ചു ശ്രദ്ധാലുവാണ്.
അവിടുന്നു നമ്മെ അനുഗ്രഹിക്കും.
അവിടുന്നു ഇസ്രായേല്‍ജനത്തെ അനുഗ്രഹിക്കും.
അവിടുന്ന് അഹരോന്‍വംശജരെ അനുഗ്രഹിക്കും.

13
അവിടുത്തെ ഭക്തന്മാരായ ചെറിയവരെയും
വലിയവരെയും അവിടുന്ന് അനുഗ്രഹിക്കും.

14
സര്‍വേശ്വരന്‍ നിങ്ങളെ വര്‍ധിപ്പിക്കട്ടെ.
നിങ്ങളെയും നിങ്ങളുടെ മക്കളെയും തന്നെ,

15
ആകാശവും ഭൂമിയും സൃഷ്‍ടിച്ച സര്‍വേശ്വരന്‍ നിങ്ങളെ അനുഗ്രഹിക്കട്ടെ.

16
സ്വര്‍ഗം സര്‍വേശ്വരന്‍റേതാകുന്നു.
ഭൂമിയെ അവിടുന്നു മനുഷ്യനു നല്‌കിയിരിക്കുന്നു.

17
മരിച്ചവര്‍, നിശ്ശബ്ദതയില്‍ ആണ്ടുപോയവര്‍ തന്നെ, സര്‍വേശ്വരനെ സ്തുതിക്കുന്നില്ല.

18
എന്നാല്‍ നാം ഇന്നുമുതല്‍ എന്നേക്കും സര്‍വേശ്വരനെ സ്തുതിക്കും.
സര്‍വേശ്വരനെ സ്തുതിക്കുവിന്‍!

116

1

ഞാന്‍ സര്‍വേശ്വരനെ സ്നേഹിക്കുന്നു,
അവിടുന്ന് എന്‍റെ പ്രാര്‍ഥന കേട്ടിരിക്കുന്നുവല്ലോ.

2
അവിടുന്ന് എന്‍റെ അപേക്ഷ ശ്രദ്ധിച്ചു.
എന്‍റെ ആയുഷ്കാലം മുഴുവന്‍ ഞാനങ്ങയെ വിളിച്ചപേക്ഷിക്കും.

3
മരണത്തിന്‍റെ കെണികള്‍ എന്നെ വളഞ്ഞു.
പാതാളപാശങ്ങള്‍ എന്നെ ചുറ്റി.
കൊടിയ ദുഃഖവും തീവ്രവേദനയും എന്നെ ഗ്രസിച്ചു.

4
“സര്‍വേശ്വരാ, എന്നെ രക്ഷിച്ചാലും”
എന്നു ഞാന്‍ നിലവിളിച്ചുപറഞ്ഞു.

5
സര്‍വേശ്വരന്‍ കൃപാലുവും വിശ്വസ്തനും ആകുന്നു.
നമ്മുടെ ദൈവം കരുണയുള്ളവനത്രേ.

6
എളിയവരെ സര്‍വേശ്വരന്‍ സംരക്ഷിക്കുന്നു.
ഞാന്‍ തകര്‍ന്നുപോയപ്പോള്‍ അവിടുന്ന് എന്നെ രക്ഷിച്ചു.

7
എന്‍റെ ആത്മാവേ, ശാന്തമാകൂ,
സര്‍വേശ്വരന്‍ നിന്നെ സമൃദ്ധമായി അനുഗ്രഹിച്ചിരിക്കുന്നുവല്ലോ.

8
അവിടുന്ന് എന്നെ മരണത്തില്‍നിന്നും
എന്‍റെ കണ്ണുകളെ കണ്ണീരില്‍നിന്നും
കാലുകളെ വീഴ്ചയില്‍നിന്നും രക്ഷിച്ചു.

9
ഞാന്‍ ജീവിക്കുന്നവരുടെ ദേശത്ത്
സര്‍വേശ്വരന്‍റെ മുമ്പാകെ വ്യാപരിക്കും.

10
വല്ലാത്ത കഷ്ടതയിലായി എന്നു കരുതിയപ്പോഴും
ദൈവത്തിലുള്ള വിശ്വാസം ഞാന്‍ കൈവെടിഞ്ഞില്ല.

11
മനുഷ്യരെല്ലാം അവിശ്വസ്തരാണെന്ന്
എന്‍റെ പരിഭ്രമത്തില്‍ ഞാന്‍ പറഞ്ഞു.

12
സര്‍വേശ്വരന്‍ എനിക്കു ചെയ്ത സകല
നന്മകള്‍ക്കും ഞാന്‍ എന്തു പകരം കൊടുക്കും?

13
ഞാന്‍ വീഞ്ഞു നിറഞ്ഞ പാനപാത്രമുയര്‍ത്തി,
രക്ഷയുടെ സ്തോത്രയാഗമര്‍പ്പിക്കും.
ഞാന്‍ സര്‍വേശ്വരന്‍റെ നാമം വിളിച്ചപേക്ഷിക്കും.

14
അവിടുത്തെ ഭക്തജനം കാണ്‍കെ ഞാന്‍ സര്‍വേശ്വരനുള്ള എന്‍റെ നേര്‍ച്ചകള്‍ നിറവേറ്റും.

15
തന്‍റെ ഭക്തന്മാരുടെ മരണം സര്‍വേശ്വരനു വിലയേറിയതത്രേ.

16
പരമനാഥാ, ഞാനങ്ങയുടെ ദാസന്‍,
അങ്ങയുടെ ദാസനും, അങ്ങയുടെ ദാസിയുടെ പുത്രനും തന്നെ.

17
ഞാന്‍ അങ്ങേക്കു സ്തോത്രയാഗം അര്‍പ്പിക്കും,
ഞാന്‍ സര്‍വേശ്വരന്‍റെ നാമം വിളിച്ചപേക്ഷിക്കും.

18
അവിടുത്തെ ഭക്തജനം കാണ്‍കെ
ഞാന്‍ സര്‍വേശ്വരനുള്ള എന്‍റെ നേര്‍ച്ചകള്‍ നിറവേറ്റും.

19
അവിടുത്തെ ആലയത്തിന്‍റെ അങ്കണത്തില്‍,
യെരൂശലേമേ, നിന്‍റെ മധ്യത്തില്‍ തന്നെ സര്‍വേശ്വരനെ സ്തുതിക്കുവിന്‍.

117

1

ജനതകളേ, സര്‍വേശ്വരനെ സ്തുതിക്കുവിന്‍!
ജനപദങ്ങളേ, അവിടുത്തെ പുകഴ്ത്തുവിന്‍.

2
നമ്മോടുള്ള അവിടുത്തെ അചഞ്ചലസ്നേഹം എത്ര വലുത്.
നമ്മോടുള്ള അവിടുത്തെ വിശ്വസ്തത എന്നേക്കും നിലനില്‌ക്കുന്നു.
സര്‍വേശ്വരനെ സ്തുതിക്കുവിന്‍!

118

1

സര്‍വേശ്വരനു സ്തോത്രം അര്‍പ്പിക്കുവിന്‍!
അവിടുന്നു നല്ലവനല്ലോ!

2
അവിടുത്തെ അചഞ്ചലസ്നേഹം എന്നേക്കും നിലനില്‌ക്കുന്നു.

3
അവിടുത്തെ അചഞ്ചലസ്നേഹം ശാശ്വതമാണെന്ന് ഇസ്രായേല്‍ജനം പറയട്ടെ.

4
അവിടുത്തെ അചഞ്ചലസ്നേഹം ശാശ്വതമെന്ന് അഹരോന്‍വംശജര്‍ പറയട്ടെ.
അവിടുത്തെ അചഞ്ചലസ്നേഹം ശാശ്വതമെന്ന് സര്‍വേശ്വരന്‍റെ ഭക്തന്മാര്‍ പറയട്ടെ.

5
എന്‍റെ കഷ്ടതയില്‍ ഞാന്‍ സര്‍വേശ്വരനെ വിളിച്ചപേക്ഷിച്ചു,
അവിടുന്ന് എനിക്കുത്തരമരുളി, എന്നെ വിടുവിച്ചു.

6
സര്‍വേശ്വരന്‍ എന്‍റെ കൂടെയുണ്ട്, ഞാന്‍ ഭയപ്പെടുകയില്ല.
മനുഷ്യന് എന്നോട് എന്തു ചെയ്യാന്‍ കഴിയും?

7
എന്നെ സഹായിക്കാന്‍ സര്‍വേശ്വരന്‍ എന്‍റെ കൂടെയുണ്ട്.
എന്‍റെ ശത്രുക്കളുടെ പതനം ഞാന്‍ കാണും.

8
മനുഷ്യരില്‍ ആശ്രയിക്കുന്നതിനെക്കാള്‍
സര്‍വേശ്വരനില്‍ ശരണപ്പെടുന്നതു നല്ലത്.

9
പ്രഭുക്കന്മാരില്‍ ആശ്രയിക്കുന്നതിനെക്കാള്‍
സര്‍വേശ്വരനില്‍ ശരണപ്പെടുന്നതു നല്ലത്.

10
ജനതകള്‍ എന്നെ വളഞ്ഞു,
സര്‍വേശ്വരന്‍റെ നാമത്തില്‍ ഞാന്‍ അവരെ നശിപ്പിച്ചു.

11
അവര്‍ എന്നെ വളഞ്ഞു.
എല്ലാ വശത്തുനിന്നും അവര്‍ എന്നെ വലയം ചെയ്തു.
സര്‍വേശ്വരന്‍റെ നാമത്തില്‍ ഞാന്‍ അവരെ നിഗ്രഹിച്ചു.

12
തേനീച്ചപോലെ അവര്‍ എന്നെ പൊതിഞ്ഞെങ്കിലും,
മുള്‍പ്പടര്‍പ്പു കത്തി വെണ്ണീറാകുന്നതുപോലെ അവര്‍ നശിച്ചു.
സര്‍വേശ്വരന്‍റെ നാമത്തില്‍ ഞാന്‍ അവരെ നിഗ്രഹിച്ചു.

13
വീണു പോകത്തക്കവിധം അവര്‍ എന്നെ ആഞ്ഞുതള്ളി;
എങ്കിലും സര്‍വേശ്വരന്‍ എന്നെ സഹായിച്ചു.

14
സര്‍വേശ്വരന്‍ എന്‍റെ ബലം,
അവിടുന്നാണ് എന്‍റെ ആനന്ദകീര്‍ത്തനം;
അവിടുന്നെന്നെ രക്ഷിച്ചിരിക്കുന്നു.

15
ഇതാ, നീതിമാന്മാരുടെ കൂടാരങ്ങളില്‍ ജയഘോഷം ഉയരുന്നു;
സര്‍വേശ്വരന്‍റെ വലങ്കൈ അവര്‍ക്കു വിജയം നേടിക്കൊടുത്തിരിക്കുന്നു.

16
സര്‍വേശ്വരന്‍റെ വലങ്കൈ ഉയര്‍ന്നിരിക്കുന്നു;
അവിടുത്തെ വലങ്കൈ അവര്‍ക്കു വിജയം നേടിക്കൊടുത്തിരിക്കുന്നു.

17
ഞാന്‍ മരിക്കുകയില്ല;
ഞാന്‍ ജീവിച്ചിരുന്ന് സര്‍വേശ്വരന്‍റെ പ്രവൃത്തികള്‍ വര്‍ണിക്കും.

18
അവിടുന്ന് എന്നെ കഠിനമായി ശിക്ഷിച്ചു,
എങ്കിലും അവിടുന്ന് എന്നെ മരിക്കാന്‍ ഇടയാക്കിയില്ല.

19
നീതിയുടെ വാതിലുകള്‍ തുറന്നുതരിക,
ഞാനവയിലൂടെ പ്രവേശിച്ചു സര്‍വേശ്വരനു സ്തോത്രം അര്‍പ്പിക്കട്ടെ.

20
സര്‍വേശ്വരന്‍റെ കവാടം ഇതുതന്നെ,
നീതിമാന്മാര്‍ ഇതിലൂടെ പ്രവേശിക്കും.
ഞാന്‍ അങ്ങേക്കു സ്തോത്രം അര്‍പ്പിക്കും.

21
അവിടുന്ന് എന്‍റെ അപേക്ഷ കേട്ട് എന്നെ വിടുവിച്ചുവല്ലോ.

22
പണിക്കാര്‍ ഉപേക്ഷിച്ച കല്ല് മൂലക്കല്ലായി തീര്‍ന്നിരിക്കുന്നു.

23
ഇതു സര്‍വേശ്വരന്‍റെ പ്രവൃത്തിയാകുന്നു.
ഇത് എത്ര വിസ്മയകരം!

24
ഇതു സര്‍വേശ്വരന്‍ പ്രവര്‍ത്തിച്ച ദിവസമാണ്.
നമുക്ക് ആനന്ദിച്ചുല്ലസിക്കാം.

25
സര്‍വേശ്വരാ, ഞങ്ങളെ രക്ഷിച്ചാലും,
അവിടുന്നു ഞങ്ങള്‍ക്കു വിജയം നല്‌കണമേ.

26
സര്‍വേശ്വരന്‍റെ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതന്‍;
ഞങ്ങള്‍ അവിടുത്തെ ആലയത്തില്‍നിന്നു നിങ്ങളെ ആശീര്‍വദിക്കുന്നു.

27
സര്‍വേശ്വരനാണ് ദൈവം;
അവിടുന്നു നമ്മുടെമേല്‍ പ്രകാശം ചൊരിഞ്ഞിരിക്കുന്നു.
പ്രദക്ഷിണത്തിനായി ഇളംചില്ലകളേന്തി നില്‌ക്കുന്ന തീര്‍ഥാടകരെ
യാഗപീഠത്തിന്‍റെ കൊമ്പുകളോളം അണിയണിയായി നിര്‍ത്തുവിന്‍.

28
അവിടുന്നാണ് എന്‍റെ ദൈവം.
ഞാന്‍ അങ്ങേക്കു സ്തോത്രം അര്‍പ്പിക്കും.
അവിടുന്നാണ് എന്‍റെ ദൈവം,
ഞാന്‍ അങ്ങയെ വാഴ്ത്തും.

29
സര്‍വേശ്വരനു സ്തോത്രം അര്‍പ്പിക്കുവിന്‍.
അവിടുന്നു നല്ലവനല്ലോ.
അവിടുത്തെ അചഞ്ചലസ്നേഹം എന്നേക്കും നിലനില്‌ക്കുന്നു.

119

1

എബ്രായ അക്ഷരമാലക്രമം അനുസരിച്ച് എട്ടു വാക്യങ്ങളുള്ള ഇരുപത്തിരണ്ട് ഭാഗങ്ങളായി ഈ സങ്കീര്‍ത്തനം മൂലഭാഷയില്‍ തിരിച്ചിരിക്കുന്നു. ഓരോ ഭാഗവും അക്ഷരമാലയിലെ ഓരോ അക്ഷരംകൊണ്ട് ആരംഭിക്കുന്നു.

സര്‍വേശ്വരന്‍റെ ധര്‍മശാസ്ത്രം അനുസരിച്ച്,
നിഷ്കളങ്കരായി ജീവിക്കുന്നവര്‍ അനുഗൃഹീതര്‍.

2
അവിടുത്തെ കല്പനകള്‍ പാലിക്കുന്നവര്‍,
പൂര്‍ണഹൃദയത്തോടെ അവിടുത്തെ
അനുസരിക്കുന്നവര്‍ അനുഗൃഹീതര്‍.

3
അവര്‍ തിന്മയൊന്നും ചെയ്യുന്നില്ല.
അവിടുത്തെ വഴികളില്‍തന്നെ അവര്‍ ചരിക്കുന്നു.

4
അവിടുത്തെ പ്രമാണങ്ങള്‍ ശുഷ്കാന്തിയോടെ
പാലിക്കുന്നതിന്, അങ്ങ് ഞങ്ങള്‍ക്കു നല്‌കിയിരിക്കുന്നു.

5
അങ്ങയുടെ ചട്ടങ്ങള്‍ പാലിക്കുന്നതില്‍
നിന്നു ഞാന്‍ ഇളകാതിരുന്നെങ്കില്‍!

6
എങ്കില്‍, അങ്ങയുടെ കല്പനകളില്‍
ദൃഷ്‍ടി പതിപ്പിച്ച എനിക്ക് ഒരിക്കലും ലജ്ജിതനാകേണ്ടിവരികയില്ല.

7
അവിടുത്തെ നീതിനിഷ്ഠമായ ശാസനകള്‍ പഠിക്കുമ്പോള്‍,
ഞാന്‍ നിഷ്കളങ്കഹൃദയത്തോടെ അവിടുത്തെ സ്തുതിക്കും.

8
അവിടുത്തെ ചട്ടങ്ങള്‍ ഞാന്‍ അനുസരിക്കും.
എന്നെ ഒരിക്കലും ഉപേക്ഷിക്കരുതേ!

9
ഒരു യുവാവിന് എങ്ങനെ നിര്‍മ്മലനായി ജീവിക്കാന്‍ കഴിയും?
അവിടുത്തെ വചനപ്രകാരം ജീവിക്കുന്നതിനാല്‍ തന്നെ.

10
ഞാന്‍ സര്‍വാത്മനാ അങ്ങയെ അന്വേഷിക്കും.
അവിടുത്തെ കല്പനകള്‍ വിട്ടുനടക്കാന്‍ എനിക്ക് ഇടയാകരുതേ.

11
അങ്ങേക്കെതിരെ പാപം ചെയ്യാതിരിക്കാന്‍,
അവിടുത്തെ വചനം ഞാന്‍ ഹൃദയത്തില്‍ സൂക്ഷിച്ചിരിക്കുന്നു.

12
സര്‍വേശ്വരാ, അങ്ങ് വാഴ്ത്തപ്പെടട്ടെ;
അങ്ങയുടെ ചട്ടങ്ങള്‍ എന്നെ പഠിപ്പിക്കണമേ.

13
അവിടുന്നു നല്‌കിയ കല്പനകള്‍, ഞാന്‍ പ്രഘോഷിക്കും.

14
സമ്പല്‍സമൃദ്ധി ഉണ്ടായാലെന്നപോലെ,
അവിടുത്തെ കല്പനകള്‍ അനുസരിക്കുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു.

15
അവിടുത്തെ പ്രമാണങ്ങള്‍ ഞാന്‍ ധ്യാനിക്കും.
അവിടുത്തെ വഴികളില്‍ ഞാന്‍ ദൃഷ്‍ടിയൂന്നും.

16
അവിടുത്തെ ചട്ടങ്ങളില്‍ ഞാന്‍ ആനന്ദിക്കുന്നു.
അവിടുത്തെ വചനം ഞാന്‍ വിസ്മരിക്കുകയില്ല.

17
സര്‍വേശ്വരാ, അവിടുത്തെ ദാസനോടു കൃപയുണ്ടാകണമേ.
ഞാന്‍ ജീവിച്ചിരുന്നു അവിടുത്തെ വചനം അനുസരിക്കട്ടെ.

18
അങ്ങയുടെ ധര്‍മശാസ്ത്രത്തിലെ അദ്ഭുതസത്യങ്ങള്‍ കാണാന്‍ എന്‍റെ കണ്ണുകള്‍ തുറക്കണമേ.

19
ഞാന്‍ ഭൂമിയില്‍ പരദേശിയാണല്ലോ.
അങ്ങയുടെ കല്പനകള്‍ എന്നില്‍നിന്നു മറച്ചുവയ്‍ക്കരുതേ.

20
അങ്ങയുടെ കല്പനകള്‍ക്കുവേണ്ടിയുള്ള,
അഭിവാഞ്ഛയാല്‍ എന്‍റെ മനസ്സു കത്തുന്നു.

21
അങ്ങയുടെ കല്പനകള്‍ തെറ്റി നടക്കുന്ന
ശപിക്കപ്പെട്ട അഹങ്കാരികളെ അങ്ങു ശാസിക്കുന്നു.

22
അവര്‍ എന്നെ നിന്ദിക്കുകയും പരിഹസിക്കുകയും ചെയ്യാതിരിക്കട്ടെ.
ഞാന്‍ അങ്ങയുടെ കല്പനകള്‍ അനുസരിക്കുന്നുവല്ലോ.

23
പ്രഭുക്കന്മാര്‍ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു.
എന്നാല്‍ അവിടുത്തെ ദാസന്‍ അങ്ങയുടെ ചട്ടങ്ങളെ ധ്യാനിക്കുന്നു.

24
അവിടുത്തെ കല്പനകള്‍ എനിക്ക് ആനന്ദം നല്‌കുന്നു.
അവയാണ് എന്‍റെ ഉപദേഷ്ടാക്കള്‍.

25
ഞാന്‍ മണ്ണിനോടു ചേരാറായിരിക്കുന്നു.
അവിടുത്തെ വാഗ്ദാനപ്രകാരം എനിക്കു നവജീവന്‍ നല്‌കണമേ.

26
എന്‍റെ അവസ്ഥ ഞാന്‍ വിവരിച്ചപ്പോള്‍ അവിടുന്ന് എനിക്ക് ഉത്തരമരുളി.
അവിടുത്തെ ചട്ടങ്ങള്‍ എന്നെ പഠിപ്പിക്കണമേ.

27
അവിടുത്തെ പ്രമാണങ്ങള്‍ നിര്‍ദ്ദേശിക്കുന്ന വഴി എനിക്കു കാണിച്ചുതരണമേ.
ഞാന്‍ അവിടുത്തെ അദ്ഭുതപ്രവൃത്തികള്‍ ധ്യാനിക്കും.

28
ദുഃഖത്താല്‍ എന്‍റെ മനം ഉരുകുന്നു.
അവിടുത്തെ വാഗ്ദാനപ്രകാരം എന്നെ ശക്തീകരിക്കണമേ.

29
ദുര്‍മാര്‍ഗത്തില്‍ നടക്കാന്‍ എനിക്ക് ഇടവരുത്തരുതേ;
കാരുണ്യപൂര്‍വം അവിടുത്തെ ധര്‍മശാസ്ത്രം എന്നെ പഠിപ്പിക്കണമേ.

30
സത്യത്തിന്‍റെ മാര്‍ഗം ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നു.
അവിടുത്തെ കല്പനകളെക്കുറിച്ചു ഞാന്‍ എപ്പോഴും ബോധവാനാണ്.

31
പരമനാഥാ, അവിടുത്തെ കല്പനകളോടു ഞാന്‍ പറ്റിച്ചേര്‍ന്നിരിക്കുന്നു.
ലജ്ജിതനാകാന്‍ എനിക്ക് ഇടവരുത്തരുതേ.

32
അവിടുന്ന് എനിക്കു കൂടുതല്‍ വിവേകം നല്‌കുമ്പോള്‍,
ഞാന്‍ ഉത്സാഹത്തോടെ അവിടുത്തെ
കല്പനകളുടെ മാര്‍ഗത്തില്‍ ചരിക്കും.

33
സര്‍വേശ്വരാ, അവിടുത്തെ ചട്ടങ്ങളുടെ വഴി എന്നെ പഠിപ്പിക്കണമേ.
അന്ത്യത്തോളം ഞാന്‍ അവ പാലിക്കും.

34
അങ്ങയുടെ ധര്‍മശാസ്ത്രം പാലിക്കാനും
പൂര്‍ണഹൃദയത്തോടെ അനുസരിക്കാനും എനിക്ക് അറിവു നല്‌കണമേ.

35
അവിടുത്തെ കല്പനകളുടെ പാതയിലൂടെ എന്നെ നയിച്ചാലും.
ഞാന്‍ അതില്‍ ആനന്ദിക്കുന്നു.

36
ധനലാഭത്തിലേക്കല്ല, അവിടുത്തെ കല്പനകളിലേക്ക്,
എന്‍റെ ഹൃദയത്തെ തിരിക്കണമേ.

37
വ്യര്‍ഥമായവയില്‍നിന്ന് എന്‍റെ ശ്രദ്ധ മാറ്റണമേ.
അവിടുത്തെ വഴികളില്‍ നടക്കാന്‍ എനിക്കു നവജീവന്‍ നല്‌കിയാലും.

38
അങ്ങയുടെ ഭക്തര്‍ക്കു നല്‌കിയ വാഗ്ദാനം,
ഈ ദാസനു നിറവേറ്റിത്തരണമേ!

39
ഞാന്‍ ഭയപ്പെടുന്ന അപമാനത്തില്‍നിന്ന് എന്നെ രക്ഷിക്കണമേ.
അവിടുത്തെ കല്പനകള്‍ ഉത്തമമാണല്ലോ.

40
അവിടുത്തെ പ്രമാണങ്ങള്‍ പാലിക്കാന്‍ ഞാന്‍ അഭിവാഞ്ഛിക്കുന്നു.
അവിടുത്തെ നീതിയാല്‍ എനിക്കു നവജീവന്‍ നല്‌കണമേ.

41
ദൈവമേ, അവിടുത്തെ സുസ്ഥിരസ്നേഹം എന്‍റെമേല്‍ ചൊരിയണമേ.
അവിടുത്തെ വാഗ്ദാനപ്രകാരം എന്നെ രക്ഷിക്കണമേ.

42
അപ്പോള്‍ എന്നെ നിന്ദിക്കുന്നവരോടു മറുപടി പറയാന്‍ ഞാന്‍ പ്രാപ്തനാകും.
അങ്ങയുടെ വചനത്തിലാണല്ലോ ഞാന്‍ ശരണപ്പെടുന്നത്.

43
എല്ലായ്പോഴും സത്യം സംസാരിക്കാന്‍ എന്നെ സഹായിക്കണമേ.
അവിടുത്തെ കല്പനകളിലാണല്ലോ ഞാന്‍ പ്രത്യാശ അര്‍പ്പിച്ചിരിക്കുന്നത്.

44
അവിടുത്തെ ധര്‍മശാസ്ത്രം ഞാന്‍ ഇടവിടാതെ എന്നേക്കും പാലിക്കും.

45
അവിടുത്തെ പ്രമാണങ്ങള്‍ അനുസരിക്കുന്നതുകൊണ്ടു ഞാന്‍ സ്വതന്ത്രനായി വ്യാപരിക്കും.

46
ഞാന്‍ ലജ്ജിക്കാതെ രാജാക്കന്മാരുടെ മുമ്പിലും,
അവിടുത്തെ കല്പനകള്‍ പ്രസ്താവിക്കും.

47
ഞാന്‍ അവിടുത്തെ കല്പനകളില്‍ ആനന്ദിക്കുന്നു.
ഞാന്‍ അവയെ സ്നേഹിക്കുന്നു.

48
ഞാന്‍ അവിടുത്തെ കല്പനകളെ ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു.
അങ്ങയുടെ ചട്ടങ്ങളെ ഞാന്‍ ധ്യാനിക്കും.

49
സര്‍വേശ്വരാ, അവിടുത്തെ ദാസനോടുള്ള വാഗ്ദാനം ഓര്‍ക്കണമേ,
അവയാണല്ലോ എനിക്കു പ്രത്യാശ നല്‌കുന്നത്.

50
അവിടുത്തെ വാഗ്ദാനം എനിക്കു നവജീവന്‍ നല്‌കുന്നു.
അതാണ് എനിക്കു കഷ്ടതയില്‍ ആശ്വാസം നല്‌കുന്നത്.

51
അഹങ്കാരികള്‍ എന്നെ കഠിനമായി പരിഹസിക്കുന്നു.
എങ്കിലും അവിടുത്തെ ധര്‍മശാസ്ത്രത്തില്‍ നിന്നു ഞാന്‍ വ്യതിചലിക്കുന്നില്ല.

52
പണ്ടേയുള്ള അവിടുത്തെ കല്പനകള്‍ ഞാന്‍ ഓര്‍ക്കുന്നു.
പരമനാഥാ, ഞാന്‍ അവയില്‍ ആശ്വാസം കണ്ടെത്തുന്നു.

53
ദുഷ്ടന്മാര്‍ അവിടുത്തെ ധര്‍മശാസ്ത്രം ഉപേക്ഷിക്കുന്നതു കാണുമ്പോള്‍
എന്നില്‍ കോപം ജ്വലിക്കുന്നു.

54
പരദേശിയായി ഞാന്‍ പാര്‍ക്കുന്നിടത്ത് അവിടുത്തെ ചട്ടങ്ങള്‍ എന്‍റെ
കീര്‍ത്തനങ്ങളായിരിക്കുന്നു.

55
സര്‍വേശ്വരാ, രാത്രിയില്‍ ഞാന്‍ അങ്ങയെ ധ്യാനിക്കുന്നു.
അവിടുത്തെ ധര്‍മശാസ്ത്രം ഞാന്‍ പാലിക്കുന്നു.

56
അങ്ങയുടെ കല്പനകള്‍ അനുസരിക്കുക എന്ന അനുഗ്രഹം എനിക്ക് ലഭിച്ചു.

57
സര്‍വേശ്വരനാണ് എന്‍റെ ഓഹരി;
അവിടുത്തെ കല്പനകള്‍ പാലിക്കുമെന്നു ഞാന്‍ പ്രതിജ്ഞ ചെയ്തു.

58
പൂര്‍ണഹൃദയത്തോടെ ഞാന്‍ അവിടുത്തെ കൃപയ്‍ക്കായി യാചിക്കുന്നു.
അവിടുത്തെ വാഗ്ദാനപ്രകാരം എന്നോടു കരുണയുണ്ടാകണമേ.

59
ഞാന്‍ എന്‍റെ ജീവിതവഴികളെക്കുറിച്ചു ചിന്തിച്ചു,
അങ്ങയുടെ കല്പനകളിലേക്കു ഞാന്‍ തിരിഞ്ഞു.

60
അങ്ങയുടെ ആജ്ഞകള്‍ ഞാന്‍ അനുസരിക്കുന്നു.
അവ പാലിക്കാന്‍ ഞാന്‍ അത്യന്തം ഉത്സാഹിക്കുന്നു.

61
ദുഷ്ടരുടെ കെണിയില്‍ ഞാന്‍ അകപ്പെട്ടുവെങ്കിലും,
അങ്ങയുടെ ധര്‍മശാസ്ത്രം ഞാന്‍ മറക്കുന്നില്ല.

62
അങ്ങയുടെ നീതിപൂര്‍വകമായ കല്പനകള്‍ക്കുവേണ്ടി
അങ്ങയെ സ്തുതിക്കാന്‍ അര്‍ധരാത്രിയില്‍ ഞാന്‍ എഴുന്നേല്‌ക്കുന്നു.

63
ഞാന്‍ അവിടുത്തെ സകല ഭക്തന്മാരുടെയും സ്നേഹിതനാകുന്നു.
അവിടുത്തെ പ്രമാണങ്ങള്‍ അനുസരിക്കുന്നവരുടെ തന്നെ.

64
പരമനാഥാ, ഭൂമി അവിടുത്തെ അചഞ്ചല സ്നേഹത്താല്‍ നിറഞ്ഞിരിക്കുന്നു.
അവിടുത്തെ ചട്ടങ്ങള്‍ എന്നെ പഠിപ്പിക്കണമേ.

65
സര്‍വേശ്വരാ, അവിടുത്തെ വാഗ്ദാനപ്രകാരം
അങ്ങ് ഈ ദാസനു നന്മ ചെയ്തിരിക്കുന്നു.

66
എനിക്കുവേണ്ട വിവേകവും ജ്ഞാനവും നല്‌കണമേ.
അവിടുത്തെ കല്പനകളില്‍ ഞാന്‍ വിശ്വസിക്കുന്നുവല്ലോ.

67
കഷ്ടതയില്‍ അകപ്പെടുന്നതിനുമുമ്പ് ഞാന്‍ വഴിതെറ്റിപ്പോയിരുന്നു.
ഇപ്പോള്‍ ഞാന്‍ അങ്ങയുടെ വചനം അനുസരിക്കുന്നു.

68
അവിടുന്നു നല്ലവനും നന്മ ചെയ്യുന്നവനും ആകുന്നു.
അവിടുത്തെ ചട്ടങ്ങള്‍ എന്നെ പഠിപ്പിക്കണമേ.

69
അഹങ്കാരികള്‍ നുണ പറഞ്ഞു എന്നെ ദുഷിക്കുന്നു.
ഞാന്‍ പൂര്‍ണഹൃദയത്തോടെ അവിടുത്തെ പ്രമാണങ്ങള്‍ പാലിക്കുന്നു.

70
അവരുടെ ഹൃദയം മരവിച്ചിരിക്കുന്നു.
എന്നാല്‍ ഞാന്‍ അവിടുത്തെ ധര്‍മശാസ്ത്രത്തില്‍ ആനന്ദിക്കുന്നു.

71
കഷ്ടതകള്‍ വന്നത് എനിക്കു നന്മയായിത്തീര്‍ന്നു.
അവിടുത്തെ ചട്ടങ്ങള്‍ പഠിക്കാന്‍ അതു കാരണമായിത്തീര്‍ന്നു.

72
ആയിരമായിരം പൊന്‍വെള്ളി നാണയങ്ങളെക്കാള്‍,
അവിടുത്തെ അധരങ്ങളില്‍നിന്നു പുറപ്പെടുന്ന ധര്‍മശാസ്ത്രം എനിക്കു വിലപ്പെട്ടത്.

73
പരമനാഥാ, തൃക്കരങ്ങള്‍ എന്നെ സൃഷ്‍ടിച്ച്, രൂപപ്പെടുത്തി;
അവിടുത്തെ കല്പനകള്‍ പഠിക്കാന്‍ എനിക്കു വിവേകം നല്‌കണമേ.

74
അങ്ങയുടെ വാഗ്ദാനത്തില്‍ ഞാന്‍ പ്രത്യാശ വച്ചിരിക്കുന്നതുകൊണ്ട്,
അങ്ങയുടെ ഭക്തന്മാര്‍ എന്നെ കണ്ടു സന്തോഷിക്കും.

75
പരമനാഥാ, അവിടുത്തെ വിധികള്‍ നീതിയുക്തമെന്നും,
അങ്ങയുടെ വിശ്വസ്തതകൊണ്ടാണ് അവിടുന്നെന്നെ കഷ്ടപ്പെടുത്തിയതെന്നും ഞാനറിയുന്നു.

76
അങ്ങയുടെ ദാസനോടുള്ള വാഗ്ദാനപ്രകാരം അവിടുത്തെ സുസ്ഥിരസ്നേഹത്താല്‍ എന്നെ ആശ്വസിപ്പിക്കണമേ.

77
അവിടുത്തെ സുസ്ഥിരസ്നേഹം എന്‍റെമേല്‍ ചൊരിയണമേ.
അങ്ങനെ ഞാന്‍ ജീവിക്കട്ടെ.
അങ്ങയുടെ ധര്‍മശാസ്ത്രത്തില്‍ ഞാന്‍ ആനന്ദംകൊള്ളുന്നു.

78
അഹങ്കാരികള്‍ ലജ്ജിതരാകട്ടെ.
അവര്‍ വഞ്ചനകൊണ്ട് എന്നെ തകിടം മറിച്ചു.
എന്നാല്‍ ഞാന്‍ അവിടുത്തെ പ്രമാണങ്ങള്‍ ധ്യാനിക്കും.

79
അങ്ങയുടെ ഭക്തന്മാരും അങ്ങയുടെ കല്പനകള്‍
അറിയുന്നവരും എന്നോടൊത്തുചേരട്ടെ.

80
ഞാന്‍ പൂര്‍ണഹൃദയത്തോടെ അവിടുത്തെ ചട്ടങ്ങള്‍ അനുസരിക്കും.
ഞാന്‍ ലജ്ജിതനാകാതിരിക്കട്ടെ.

81
ഞാന്‍ രക്ഷയ്‍ക്കായി കാത്തിരുന്നു തളരുന്നു.
ഞാന്‍ അങ്ങയുടെ വാഗ്ദാനത്തില്‍ പ്രത്യാശ വയ്‍ക്കുന്നു.

82
അവിടുന്നു വാഗ്ദാനം ചെയ്തതു ലഭിക്കാന്‍ കാത്തിരുന്ന് എന്‍റെ കണ്ണു കുഴയുന്നു.
അങ്ങ് എപ്പോള്‍ എന്നെ ആശ്വസിപ്പിക്കും?

83
പുകയേറ്റ തോല്‍ക്കുടം പോലെയായി ഞാന്‍.
എങ്കിലും ഞാന്‍ അങ്ങയുടെ ചട്ടങ്ങള്‍ മറന്നിട്ടില്ല.

84
എത്രനാള്‍ അവിടുത്തെ ദാസന്‍ സഹിച്ചു നില്‌ക്കണം?
എന്നെ പീഡിപ്പിക്കുന്നവരെ എന്നാണ് അവിടുന്നു ശിക്ഷിക്കുക?

85
അവിടുത്തെ ധര്‍മശാസ്ത്രം അനുസരിക്കാത്ത അഹങ്കാരികള്‍ എന്നെ വീഴ്ത്താന്‍ കുഴി കുഴിച്ചിരിക്കുന്നു.

86
അങ്ങയുടെ കല്പനകളെല്ലാം വിശ്വാസ്യമാകുന്നു.
അവര്‍ എന്നെ വ്യാജം പറഞ്ഞു ദ്രോഹിക്കുന്നു.
എന്നെ സഹായിക്കണമേ.

87
അവര്‍ എന്‍റെ ഭൂലോകവാസം അവസാനിപ്പിക്കാറായി,
എങ്കിലും അവിടുത്തെ പ്രമാണങ്ങള്‍ ഞാന്‍ പാലിക്കുന്നു.

88
അങ്ങയുടെ സുസ്ഥിരസ്നേഹത്താല്‍ എന്‍റെ ജീവനെ രക്ഷിക്കണമേ.
അങ്ങയുടെ അധരങ്ങളില്‍നിന്നു പുറപ്പെടുന്ന കല്പനകളെ ഞാന്‍ അനുസരിക്കട്ടെ.

89
പരമനാഥാ, അങ്ങയുടെ വചനം സ്വര്‍ഗത്തില്‍ എന്നേക്കും സുസ്ഥിരമാകുന്നു.

90
അവിടുത്തെ വിശ്വസ്തത എല്ലാ തലമുറകളിലും നിലനില്‌ക്കുന്നു.
അവിടുന്നു ഭൂമിയെ യഥാസ്ഥാനത്തു സ്ഥാപിച്ചു;
അതു നിലനില്‌ക്കുന്നു.

91
സര്‍വസൃഷ്‍ടികളും അവിടുത്തെ നിയോഗമനുസരിച്ച് ഇന്നുവരെ നിലനില്‌ക്കുന്നു.
അവ അവിടുത്തെ ദാസരാണല്ലോ.

92
അങ്ങയുടെ ധര്‍മശാസ്ത്രം എന്‍റെ ആനന്ദമായിരുന്നില്ലെങ്കില്‍
എന്‍റെ കഷ്ടതയില്‍ ഞാന്‍ നശിച്ചുപോകുമായിരുന്നു.

93
അവിടുത്തെ പ്രമാണങ്ങള്‍ ഞാന്‍ ഒരിക്കലും മറക്കുകയില്ല.
അവയാല്‍ അവിടുന്നു എനിക്ക് നവജീവന്‍ നല്‌കിയിരിക്കുന്നു.

94
ഞാന്‍ അങ്ങയുടേതാണ്, എന്നെ രക്ഷിക്കണമേ!
ഞാന്‍ അങ്ങയുടെ പ്രമാണങ്ങളെ അനുസരിക്കുന്നുവല്ലോ.

95
ദുഷ്ടന്മാര്‍ എന്നെ നശിപ്പിക്കാന്‍ പതിയിരിക്കുന്നു.
എന്നാല്‍ ഞാന്‍ അവിടുത്തെ കല്പനകള്‍ ധ്യാനിക്കുന്നു.

96
എല്ലാം ഒരു പരിധിവരെയേ പൂര്‍ണമാകൂ എന്ന് എനിക്കറിയാം.
എന്നാല്‍ അവിടുത്തെ കല്പനകള്‍ നിസ്സീമമാണ്.

97
പരമനാഥാ, അവിടുത്തെ ധര്‍മശാസ്ത്രത്തെ ഞാന്‍ എത്രയധികം സ്നേഹിക്കുന്നു;
ഇടവിടാതെ ഞാന്‍ അതു ധ്യാനിക്കുന്നു.

98
അവിടുത്തെ കല്പനകള്‍ എപ്പോഴും എന്നോടുകൂടെയുണ്ട്.
അവ എന്നെ എന്‍റെ ശത്രുക്കളെക്കാള്‍ ജ്ഞാനിയാക്കുന്നു.

99
അവിടുത്തെ കല്പനകള്‍ ധ്യാനിക്കുന്നതുകൊണ്ട്,
എന്‍റെ ഗുരുക്കന്മാരെക്കാള്‍ ഞാന്‍ അറിവുള്ളവനായിരിക്കുന്നു.

100
ഞാന്‍ അവിടുത്തെ പ്രമാണങ്ങള്‍ പാലിക്കുന്നതുകൊണ്ട്,
വയോധികരിലും വിവേകമുള്ളവനായി തീര്‍ന്നിരിക്കുന്നു.

101
അങ്ങയുടെ വചനം അനുസരിക്കാന്‍വേണ്ടി,
എല്ലാ ദുര്‍മാര്‍ഗങ്ങളില്‍നിന്നും ഞാന്‍ പിന്തിരിയുന്നു.

102
ഞാന്‍ അങ്ങയുടെ കല്പനകളില്‍നിന്നു വ്യതിചലിച്ചിട്ടില്ല.
അങ്ങാണല്ലോ അവ എന്നെ പഠിപ്പിച്ചത്.

103
അങ്ങയുടെ വചനം എനിക്ക് എത്ര മധുരം!
അവ എന്‍റെ വായ്‍ക്ക് തേനിനെക്കാള്‍ മധുരമുള്ളത്.

104
അങ്ങയുടെ പ്രമാണങ്ങളിലൂടെയാണു ഞാന്‍ വിവേകം നേടുന്നത്.
അതുകൊണ്ടു ദുഷ്ടമാര്‍ഗങ്ങളോട് എനിക്കു വെറുപ്പാണ്.

105
അങ്ങയുടെ വചനം എന്‍റെ കാലിനു ദീപവും
എന്‍റെ പാതയ്‍ക്കു പ്രകാശവുമാകുന്നു.

106
അങ്ങയുടെ നീതിയുക്തമായ കല്പനകള്‍ അനുസരിക്കുമെന്ന്
ഞാന്‍ പ്രതിജ്ഞ ചെയ്തു; ഞാനതു പാലിക്കും.

107
ഞാന്‍ അത്യധികം കഷ്ടതയിലായിരിക്കുന്നു.
സര്‍വേശ്വരാ, അവിടുത്തെ വാഗ്ദാനപ്രകാരം എനിക്കു നവജീവന്‍ നല്‌കണമേ.

108
പരമനാഥാ, ഞാനര്‍പ്പിക്കുന്ന സ്തോത്രങ്ങള്‍ സ്വീകരിക്കണമേ.
അവിടുത്തെ കല്പനകള്‍ എന്നെ പഠിപ്പിക്കണമേ.

109
എന്‍റെ പ്രാണന്‍ എപ്പോഴും അപകടത്തിലാണ്.
എങ്കിലും ഞാന്‍ അവിടുത്തെ ധര്‍മശാസ്ത്രം മറക്കുന്നില്ല.

110
ദുഷ്ടന്മാര്‍ എനിക്കു കെണി ഒരുക്കിയിരിക്കുന്നു;
എങ്കിലും ഞാന്‍ അങ്ങയുടെ പ്രമാണങ്ങളില്‍ നിന്നു വ്യതിചലിക്കുന്നില്ല.

111
അങ്ങയുടെ കല്പനകളാണ് എന്‍റെ ശാശ്വതാവകാശം;
അവ എന്‍റെ ആനന്ദമാകുന്നു.

112
അങ്ങയുടെ ചട്ടങ്ങള്‍ എന്നേക്കും
പാലിക്കുമെന്നു ഞാന്‍ തീരുമാനിച്ചിരിക്കുന്നു.

113
കപടഹൃദയമുള്ളവരെ ഞാന്‍ വെറുക്കുന്നു.
എന്നാല്‍ ഞാന്‍ അങ്ങയുടെ ധര്‍മശാസ്ത്രത്തെ സ്നേഹിക്കുന്നു.

114
എന്‍റെ സങ്കേതവും പരിചയും അവിടുന്നാകുന്നു.
ഞാന്‍ അങ്ങയുടെ വാഗ്ദാനത്തില്‍ പ്രത്യാശ വയ്‍ക്കുന്നു.

115
ദുഷ്കര്‍മികളേ, എന്നെ വിട്ടുപോകുവിന്‍,
ഞാന്‍ എന്‍റെ ദൈവത്തിന്‍റെ കല്പനകള്‍ അനുസരിക്കട്ടെ.

116
എന്നെ താങ്ങണമേ, അങ്ങയുടെ വാഗ്ദാന പ്രകാരം, ഞാന്‍ ജീവിച്ചിരിക്കട്ടെ;
എന്‍റെ പ്രത്യാശ അപമാനകാരണമാകരുതേ.

117
എന്നെ താങ്ങണമേ.
ഞാന്‍ സുരക്ഷിതനായിരിക്കട്ടെ.
അങ്ങനെ അവിടുത്തെ കല്പനകളെ ഞാന്‍ എപ്പോഴും ആദരിക്കട്ടെ.

118
അങ്ങയുടെ ചട്ടങ്ങളില്‍നിന്നു വ്യതിചലിക്കുന്നവരെ അവിടുന്നു പരിത്യജിക്കുന്നു.
അവരുടെ കൗശലം വ്യര്‍ഥമാണ്.

119
ഭൂമിയിലെ സകല ദുഷ്ടന്മാരെയും
വിലകെട്ടവരായി അവിടുന്ന് എറിഞ്ഞു കളയുന്നു.
ഞാന്‍ അവിടുത്തെ കല്പനകളെ സ്നേഹിക്കുന്നു.

120
അങ്ങയോടുള്ള ഭയത്താല്‍ എന്‍റെ ശരീരം വിറകൊള്ളുന്നു.
അങ്ങയുടെ വിധികളെ ഞാന്‍ ഭയപ്പെടുന്നു.

121
നീതിയും ന്യായവുമാണ് ഞാന്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്.
മര്‍ദകന്മാര്‍ക്ക് എന്നെ ഏല്പിച്ചു കൊടുക്കരുതേ.

122
അങ്ങയുടെ ദാസനു നന്മ ഉറപ്പുവരുത്തണമേ.
അഹങ്കാരികള്‍ എന്നെ പീഡിപ്പിക്കരുതേ.

123
അവിടുത്തെ രക്ഷയും നീതിപൂര്‍വമായ വാഗ്ദാനത്തിന്‍റെ പൂര്‍ത്തീകരണവും
കാത്തിരുന്ന് എന്‍റെ കണ്ണു കുഴയുന്നു.

124
അങ്ങയുടെ അചഞ്ചലസ്നേഹത്തിനൊത്ത വിധം എന്നോടു വര്‍ത്തിക്കണമേ.
അങ്ങയുടെ ചട്ടങ്ങള്‍ എന്നെ പഠിപ്പിക്കണമേ.

125
ഞാന്‍ അങ്ങയുടെ ദാസനാകുന്നു.
അങ്ങയുടെ കല്പനകള്‍ ഗ്രഹിക്കാന്‍ എനിക്കു വിവേകം നല്‌കണമേ.

126
സര്‍വേശ്വരാ, അങ്ങേക്കു പ്രവര്‍ത്തിക്കാനുള്ള സമയം ഇതാകുന്നു.
അവിടുത്തെ ധര്‍മശാസ്ത്രം അവര്‍ ലംഘിച്ചിരിക്കുന്നുവല്ലോ.

127
ഞാന്‍ അങ്ങയുടെ കല്പനകളെ പൊന്നിനെയും തങ്കത്തെയുംകാള്‍ സ്നേഹിക്കുന്നു.

128
അതുകൊണ്ട് അവിടുത്തെ ചട്ടങ്ങളുടെ മാര്‍ഗത്തില്‍ നടക്കാന്‍ ഞാനിഷ്ടപ്പെടുന്നു.
ഞാന്‍ എല്ലാ ദുര്‍മാര്‍ഗങ്ങളെയും വെറുക്കുന്നു.

129
അങ്ങയുടെ കല്പനകള്‍ അദ്ഭുതകരമാകുന്നു;
അതുകൊണ്ടു ഞാന്‍ അവ അനുസരിക്കുന്നു.

130
അങ്ങയുടെ വചനങ്ങളുടെ ചുരുളഴിയുമ്പോള്‍ പ്രകാശം ലഭിക്കുന്നു.
അത് അറിവില്ലാത്തവരെ ജ്ഞാനികളാക്കുന്നു.

131
അവിടുത്തെ കല്പനകള്‍ക്കുവേണ്ടിയുള്ള അഭിവാഞ്ഛയാല്‍,
ഞാന്‍ ആര്‍ത്തിയോടെ വായ് തുറക്കുന്നു.

132
അങ്ങയെ സ്നേഹിക്കുന്നവരോടു
ചെയ്യുന്നതുപോലെ എന്നിലേക്കു തിരിഞ്ഞ് എന്നോടു കരുണ ചെയ്യണമേ.

133
അങ്ങയുടെ വാഗ്ദാനപ്രകാരം എന്‍റെ കാലടികളെ പതറാതെ സൂക്ഷിക്കണമേ.
അധര്‍മങ്ങള്‍ എന്നെ കീഴടക്കാതിരിക്കട്ടെ.

134
പീഡകരില്‍നിന്ന് എന്നെ രക്ഷിക്കണമേ.
അവിടുത്തെ പ്രമാണങ്ങള്‍ ഞാന്‍ അനുസരിക്കും.

135
അങ്ങയുടെ ദാസനെ കരുണയോടെ കടാക്ഷിക്കണമേ.
അങ്ങയുടെ ചട്ടങ്ങള്‍ എന്നെ പഠിപ്പിക്കണമേ.

136
മനുഷ്യര്‍ അവിടുത്തെ ധര്‍മശാസ്ത്രം അനുസരിക്കാത്തതുകൊണ്ട്,
എന്‍റെ കണ്ണില്‍നിന്നു കണ്ണുനീര്‍ നീര്‍ച്ചാലുപോലെ ഒഴുകുന്നു.

137
സര്‍വേശ്വരാ, അവിടുന്നു നീതിമാനാകുന്നു.
അവിടുത്തെ വിധികള്‍ നീതിനിഷ്ഠമാണ്.

138
നീതിയോടും വിശ്വസ്തതയോടും അവിടുന്നു കല്പനകള്‍ നല്‌കിയിരിക്കുന്നു.

139
എന്‍റെ ശത്രുക്കള്‍ അവിടുത്തെ വചനം അവഗണിക്കുന്നതിനാല്‍,
അവരോടുള്ള കോപം എന്നില്‍ ജ്വലിക്കുന്നു.

140
അവിടുത്തെ വാഗ്ദാനം വിശ്വസ്തമെന്നു തെളിഞ്ഞതാണ്.
ഈ ദാസന്‍ അതിനെ സ്നേഹിക്കുന്നു.

141
ഞാന്‍ നിസ്സാരനും നിന്ദിതനുമാണ്,
എങ്കിലും അങ്ങയുടെ കല്പനകള്‍ ഞാന്‍ വിസ്മരിക്കുന്നില്ല.

142
അങ്ങയുടെ നീതി ശാശ്വതവും അവിടുത്തെ ധര്‍മശാസ്ത്രം സത്യവുമാകുന്നു.

143
കഷ്ടതയും വേദനയും എന്നെ ഗ്രസിച്ചിരിക്കുന്നു.
എങ്കിലും അങ്ങയുടെ കല്പനകള്‍ എനിക്ക് ആനന്ദം പകരുന്നു.

144
അവിടുത്തെ കല്പനകള്‍ എന്നും നീതിനിഷ്ഠമാകുന്നു.
ഞാന്‍ ജീവിച്ചിരിക്കുന്നതിന് എനിക്കു വിവേകം നല്‌കണമേ.

145
ഞാന്‍ പൂര്‍ണഹൃദയത്തോടെ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു;
സര്‍വേശ്വരാ, എനിക്ക് ഉത്തരമരുളിയാലും,
അങ്ങയുടെ ചട്ടങ്ങള്‍ ഞാന്‍ പാലിക്കും.

146
ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു.
എന്നെ രക്ഷിക്കണമേ.
ഞാന്‍ അങ്ങയുടെ കല്പനകള്‍ അനുസരിക്കും.

147
ഞാന്‍ അതിരാവിലെ ഉണര്‍ന്നു സഹായത്തിനുവേണ്ടി വിളിച്ചപേക്ഷിക്കുന്നു.
ഞാന്‍ അവിടുത്തെ വാഗ്ദാനങ്ങളില്‍ പ്രത്യാശ വയ്‍ക്കുന്നു.

148
അങ്ങയുടെ വചനം ധ്യാനിക്കാന്‍ രാത്രിയുടെ യാമങ്ങളില്‍ ഞാന്‍ ഉണര്‍ന്നിരിക്കുന്നു.

149
അവിടുത്തെ അചഞ്ചലസ്നേഹത്താല്‍ എന്‍റെ യാചന കേള്‍ക്കണമേ.
സര്‍വേശ്വരാ, അവിടുത്തെ നീതിയാല്‍ എന്‍റെ ജീവനെ സംരക്ഷിക്കണമേ.

150
ദുഷ്ടലാക്കോടെ പീഡിപ്പിക്കുന്നവര്‍ എന്നെ സമീപിക്കുന്നു.
അവര്‍ അവിടുത്തെ ധര്‍മശാസ്ത്രത്തെ പൂര്‍ണമായി അവഗണിച്ചിരിക്കുന്നു.

151
എന്നാല്‍ സര്‍വേശ്വരാ, അവിടുന്ന് എനിക്കു സമീപസ്ഥനാകുന്നു.
അവിടുത്തെ കല്പനകളെല്ലാം സത്യംതന്നെ.

152
അവിടുത്തെ കല്പനകള്‍ ശാശ്വതമായി സ്ഥാപിച്ചിരിക്കുന്നു.
അതു ഞാന്‍ പണ്ടുതന്നെ അറിഞ്ഞിരിക്കുന്നു.

153
നാഥാ, എന്‍റെ കഷ്ടത കണ്ട് എന്നെ വിടുവിക്കണമേ.
അങ്ങയുടെ ധര്‍മശാസ്ത്രം ഞാന്‍ അവഗണിക്കുന്നില്ലല്ലോ.

154
എനിക്കുവേണ്ടി വാദിച്ച് എന്നെ വീണ്ടെടുത്താലും,
അങ്ങയുടെ വാഗ്ദാനപ്രകാരം എനിക്കു നവജീവന്‍ നല്‌കണമേ.

155
ദുഷ്ടരെ ദൈവം രക്ഷിക്കയില്ല.
അവിടുത്തെ ചട്ടങ്ങള്‍ അവര്‍ അനുസരിക്കുന്നില്ലല്ലോ.

156
സര്‍വേശ്വരാ, അങ്ങയുടെ കാരുണ്യം വലുതാകുന്നു.
അങ്ങയുടെ നീതിക്കൊത്തവിധം എനിക്കു നവജീവന്‍ നല്‌കണമേ.

157
എന്നെ പീഡിപ്പിക്കുന്നവരും എന്‍റെ വൈരികളും വളരെയാകുന്നു.
എങ്കിലും അങ്ങയുടെ കല്പനകളില്‍നിന്നു ഞാന്‍ വ്യതിചലിക്കുന്നില്ല.

158
അവിശ്വസ്തരോട് എനിക്കു വെറുപ്പാണ്.
അവര്‍ അങ്ങയുടെ ആജ്ഞകള്‍ പാലിക്കുന്നില്ലല്ലോ.

159
സര്‍വേശ്വരാ, അവിടുത്തെ കല്പനകള്‍ എനിക്ക് എത്ര പ്രിയങ്കരം!
അവിടുത്തെ അചഞ്ചലസ്നേഹത്താല്‍ എന്‍റെ ജീവന്‍ കാത്തുകൊള്ളണമേ.

160
അങ്ങയുടെ വചനത്തിന്‍റെ സാരം സത്യമാകുന്നു.
അങ്ങയുടെ കല്പനകള്‍ നീതിയുക്തവും ശാശ്വതവുമാണ്.

161
പ്രഭുക്കന്മാര്‍ അകാരണമായി എന്നെ ഉപദ്രവിക്കുന്നു.
എങ്കിലും അങ്ങയുടെ വചനത്തെ ഞാന്‍ ഭയഭക്തിയോടെ ആദരിക്കുന്നു.

162
വലിയ കൊള്ളമുതല്‍ ലഭിച്ചവനെപ്പോലെ,
ഞാന്‍ അങ്ങയുടെ വചനത്തില്‍ ആനന്ദിക്കുന്നു.

163
അസത്യത്തെ ഞാന്‍ വെറുക്കുകയും നിന്ദിക്കുകയും ചെയ്യുന്നു.
ഞാന്‍ അവിടുത്തെ ധര്‍മശാസ്ത്രത്തെ സ്നേഹിക്കുന്നു.

164
അങ്ങയുടെ നീതിപൂര്‍വകമായ കല്പനകള്‍ക്കായി,
ദിവസം ഏഴു പ്രാവശ്യം ഞാന്‍ അങ്ങയെ സ്തുതിക്കുന്നു.

165
അങ്ങയുടെ ധര്‍മശാസ്ത്രത്തെ സ്നേഹിക്കുന്നവര്‍ക്ക് പൂര്‍ണസമാധാനമുണ്ട്.
അവരെ പരാജയപ്പെടുത്താന്‍ യാതൊന്നിനും കഴിയുകയില്ല.

166
സര്‍വേശ്വരാ, അവിടുത്തെ രക്ഷയ്‍ക്കായി ഞാന്‍ കാത്തിരിക്കുന്നു.
അവിടുത്തെ ആജ്ഞകള്‍ അനുസരിക്കുന്നു.

167
ഞാന്‍ അങ്ങയുടെ കല്പനകള്‍ പാലിക്കുന്നു.
ഞാന്‍ അവയെ വളരെയധികം സ്നേഹിക്കുന്നു.

168
ഞാന്‍ അങ്ങയുടെ കല്പനകളും പ്രമാണങ്ങളും അനുസരിക്കുന്നു.
എന്‍റെ എല്ലാ വഴികളും അവിടുന്നു കാണുന്നുവല്ലോ.

169
സര്‍വേശ്വരാ, എന്‍റെ പ്രാര്‍ഥന തിരുസന്നിധിയില്‍ എത്തുമാറാകട്ടെ.
അവിടുത്തെ വാഗ്ദാനപ്രകാരം എനിക്കു വിവേകം നല്‌കണമേ.

170
എന്‍റെ അപേക്ഷ തിരുസന്നിധിയില്‍ എത്തുമാറാകട്ടെ.
അവിടുത്തെ വാഗ്ദാനപ്രകാരം എന്നെ മോചിപ്പിക്കണമേ.

171
അവിടുത്തെ ചട്ടങ്ങള്‍ എന്നെ പഠിപ്പിക്കുന്നതുകൊണ്ട്,
ഞാന്‍ ഇടവിടാതെ അങ്ങയെ സ്തുതിക്കും.

172
ഞാന്‍ അവിടുത്തെ വചനത്തെ പ്രകീര്‍ത്തിക്കും.
അവിടുത്തെ കല്പനകള്‍ നീതിനിഷ്ഠമല്ലോ.

173
അവിടുന്ന് എന്നെ സഹായിക്കാന്‍ എപ്പോഴും ഒരുങ്ങിയിരിക്കണമേ.
അവിടുത്തെ കല്പനകള്‍ അനുസരിക്കാന്‍ ഞാന്‍ ഉറച്ചിരിക്കുന്നുവല്ലോ.

174
പരമനാഥാ, അവിടുന്നു നല്‌കുന്ന രക്ഷയ്‍ക്കായി ഞാന്‍ കാംക്ഷിക്കുന്നു.
അവിടുത്തെ ധര്‍മശാസ്ത്രമാണ് എന്‍റെ ആനന്ദം.

175
അങ്ങയെ സ്തുതിക്കാന്‍വേണ്ടി ഞാന്‍ ജീവിക്കട്ടെ.
അവിടുത്തെ കല്പനകള്‍ എനിക്ക് ആശ്രയമായിരിക്കട്ടെ.

176
കൂട്ടംവിട്ട ആടിനെപ്പോലെ ഞാന്‍ വഴിതെറ്റിയിരിക്കുന്നു.
അവിടുത്തെ ദാസനെ തേടിവരണമേ.
അവിടുത്തെ കല്പനകള്‍ ഞാന്‍ അവഗണിക്കുന്നില്ലല്ലോ.

120

1

ആരോഹണഗീതം

എന്‍റെ കഷ്ടതയില്‍ ഞാന്‍ സര്‍വേശ്വരനോടു നിലവിളിച്ചു.
അവിടുന്ന് എനിക്ക് ഉത്തരമരുളി.

2
വ്യാജം പറയുന്നവരില്‍നിന്നും വഞ്ചന പൊഴിക്കുന്നവരില്‍നിന്നും
സര്‍വേശ്വരാ, എന്നെ രക്ഷിക്കണമേ,

3
വ്യാജം പറയുന്നവരേ, നിങ്ങള്‍ക്ക് എന്താണു കിട്ടാന്‍ പോകുന്നത്?
ഇനി എന്തു ശിക്ഷയാണ് നിങ്ങള്‍ക്കു കിട്ടേണ്ടത്?

4
പോരാളിയുടെ മൂര്‍ച്ചയുള്ള അസ്ത്രങ്ങളും
ചുട്ടുപഴുത്ത തീക്കനലുമാണ് നിങ്ങള്‍ക്കു ലഭിക്കാന്‍ പോകുന്നത്.

5
മേശെക്കിലെ പ്രവാസവും,
കേദാര്‍ കൂടാരങ്ങളിലെ വാസവുംപോലെ എന്‍റെ ജീവിതം ദുരിതപൂര്‍ണമായിരിക്കുന്നു.

6
സമാധാനദ്വേഷികളോടൊത്തുള്ള വാസം എനിക്കു മടുത്തു.

7
ഞാന്‍ സമാധാനത്തിനുവേണ്ടി വാദിക്കുന്നു.
എന്നാല്‍ അവര്‍ക്കു പോരാണു പഥ്യം.

121

1

ആരോഹണഗീതം

ഞാന്‍ പര്‍വതങ്ങളിലേക്കു കണ്ണുകള്‍ ഉയര്‍ത്തുന്നു,
എനിക്കു സഹായം എവിടെനിന്നു വരും?

2
എന്‍റെ സഹായം സര്‍വേശ്വരനില്‍നിന്നു വരുന്നു.
ആകാശവും ഭൂമിയും സൃഷ്‍ടിച്ച സര്‍വേശ്വരനില്‍നിന്നു തന്നെ.

3
നിന്‍റെ കാല്‍ വഴുതുവാന്‍ അവിടുന്ന് അനുവദിക്കയില്ല.
നിന്‍റെ സംരക്ഷകന്‍ സദാ ജാഗരൂകനാണ്.

4
ഇസ്രായേലിന്‍റെ പരിപാലകന്‍ ഉറങ്ങാതെ ഉണര്‍ന്നിരിക്കുന്നു.

5
സര്‍വേശ്വരനാണ് നിന്‍റെ പരിപാലകന്‍.
നിനക്കു തണലേകാന്‍ അവിടുന്നു നിന്‍റെ വലത്തുഭാഗത്തുണ്ട്.

6
പകല്‍ സൂര്യനോ രാത്രി ചന്ദ്രനോ നിന്നെ ബാധിക്കയില്ല.

7
സര്‍വ തിന്മകളില്‍നിന്നും അവിടുന്നു നിന്നെ സംരക്ഷിക്കും.
അവിടുന്നു നിന്‍റെ ജീവനെ കാത്തുകൊള്ളും.

8
ഇനിമേല്‍ എന്നും സര്‍വേശ്വരന്‍ നിന്നെ
എല്ലാ ജീവിതവ്യാപാരങ്ങളിലും പരിപാലിക്കും.

122

1

ദാവീദിന്‍റെ ഒരു ആരോഹണഗീതം

സര്‍വേശ്വരന്‍റെ ആലയത്തിലേക്കു നമുക്കു പോകാമെന്നു
അവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു.

2
യെരൂശലേമേ, ഞങ്ങള്‍ ഇതാ നിന്‍റെ കവാടങ്ങള്‍ക്കുള്ളില്‍ വന്നിരിക്കുന്നു.

3
ഉറപ്പായി പണിതിണക്കിയ നഗരമാണു യെരൂശലേം,

4
അവിടേക്കു ഗോത്രങ്ങള്‍ വരുന്നു;
സര്‍വേശ്വരനെ ആരാധിക്കുന്ന ഗോത്രങ്ങള്‍ തന്നെ.
ഇസ്രായേലിനോടു കല്പിച്ച പ്രകാരം
സര്‍വേശ്വരനു സ്തോത്രം അര്‍പ്പിക്കാന്‍ അവര്‍ വരുന്നു.

5
അവിടെ ന്യായാസനങ്ങള്‍-ദാവീദുവംശജരായ രാജാക്കന്മാരുടെ സിംഹാസനങ്ങള്‍- സ്ഥാപിക്കപ്പെട്ടിരിക്കുന്നു.

6
യെരൂശലേമിന്‍റെ സമാധാനത്തിനുവേണ്ടി പ്രാര്‍ഥിക്കുവിന്‍.
“നിന്നെ സ്നേഹിക്കുന്നവര്‍ക്ക് ഐശ്വര്യമുണ്ടാകട്ടെ.

7
നിന്‍റെ കോട്ടകള്‍ക്കുള്ളില്‍ സമാധാനവും
നിന്‍റെ ഗോപുരങ്ങളില്‍ സുരക്ഷിതത്വവും ഉണ്ടായിരിക്കട്ടെ.”

8
എന്‍റെ സഹോദരന്മാരോടും സുഹൃത്തുക്കളോടുമുള്ള സ്നേഹംകൊണ്ട് ഞാന്‍ ആശംസിക്കുന്നു.
“നിനക്കു സമാധാനം ഉണ്ടായിരിക്കട്ടെ!”

9
നമ്മുടെ ദൈവമായ സര്‍വേശ്വരന്‍റെ ആലയത്തോടുള്ള സ്നേഹംകൊണ്ട്,
ഞാന്‍ നിനക്കു നന്മ നേരും.

123

1

ആരോഹണഗീതം

സ്വര്‍ഗത്തില്‍ വാഴുന്ന നാഥാ,
തിരുസന്നിധിയിലേക്കു ഞങ്ങള്‍ കണ്ണുകള്‍ ഉയര്‍ത്തുന്നു.

2
ദാസന്‍ തന്‍റെ യജമാനനിലേക്കും ദാസി യജമാനത്തിയിലേക്കും
സഹായത്തിനായി നോക്കുന്നതുപോലെ,
സര്‍വേശ്വരന്‍ ഞങ്ങളോടു കരുണ കാട്ടുന്നതുവരെ,
ഞങ്ങള്‍ ഞങ്ങളുടെ ദൈവമായ അവിടുത്തെ നോക്കിക്കൊണ്ടിരിക്കുന്നു.

3
സര്‍വേശ്വരാ, ഞങ്ങളോടു കരുണയുണ്ടാകണമേ.
ഞങ്ങളോടു കരുണയുണ്ടാകണമേ.
ഞങ്ങള്‍ സഹിക്കാവുന്നതിലേറെ നിന്ദയേറ്റു.

4
സുഖലോലുപരുടെ പരിഹാസവും അഹങ്കാരികളുടെ നിന്ദയും സഹിച്ചു,
ഞങ്ങള്‍ മടുത്തിരിക്കുന്നു.

124

1

ദാവീദ് രചിച്ച ആരോഹണഗീതം

ഇസ്രായേല്‍ പറയട്ടെ,
സര്‍വേശ്വരന്‍ നമ്മുടെ പക്ഷത്തില്ലായിരുന്നെങ്കില്‍,

2
ശത്രുക്കള്‍ നമ്മെ എതിര്‍ത്തപ്പോള്‍,
സര്‍വേശ്വരന്‍ നമ്മുടെ പക്ഷത്തില്ലായിരുന്നെങ്കില്‍,

3
അവരുടെ കോപം നമ്മുടെ നേരെ ജ്വലിച്ചപ്പോള്‍,
അവര്‍ നമ്മെ ജീവനോടെ വിഴുങ്ങിക്കളയുമായിരുന്നു.

4
പെരുവെള്ളം നമ്മെ ഒഴുക്കിക്കളയുമായിരുന്നു.
ജലപ്രവാഹം നമ്മെ മൂടിക്കളയുമായിരുന്നു.

5
ഇരച്ചുപൊങ്ങുന്ന ജലപ്രവാഹം നമ്മുടെ
മീതെ കവിഞ്ഞൊഴുകുമായിരുന്നു.

6
ശത്രുക്കളുടെ സംഹാരത്തില്‍നിന്നു നമ്മെ രക്ഷിച്ച സര്‍വേശ്വരന്‍ വാഴ്ത്തപ്പെടട്ടെ.

7
വേട്ടക്കാരന്‍റെ കെണിയില്‍നിന്നു പക്ഷിയെന്നപോലെ നാം രക്ഷപെട്ടു.
കെണി തകര്‍ന്നു നാം രക്ഷപെട്ടിരിക്കുന്നു.

8
ആകാശവും ഭൂമിയും സൃഷ്‍ടിച്ച
സര്‍വേശ്വരനില്‍ നിന്നാണു നമ്മുടെ സഹായം വരുന്നത്.

125

1

ആരോഹണഗീതം

സര്‍വേശ്വരനില്‍ ആശ്രയിക്കുന്നവന്‍,
അചഞ്ചലമായി എന്നേക്കും നില്‌ക്കുന്ന സീയോന്‍പര്‍വതം പോലെയാകുന്നു.

2
പര്‍വതങ്ങള്‍ യെരൂശലേമിനെ വലയം ചെയ്തിരിക്കുന്നതുപോലെ,
സര്‍വേശ്വരന്‍ തന്‍റെ ജനത്തെ ഇന്നുമെന്നേക്കും സംരക്ഷിക്കുന്നു.

3
നീതിമാന്മാര്‍ തിന്മ പ്രവര്‍ത്തിക്കാതിരിക്കേണ്ടതിനു,
ദൈവം അവര്‍ക്കു നല്‌കിയ ദേശത്തു,
ദുഷ്ടന്മാരുടെ ആധിപത്യം എന്നേക്കും നിലനില്‌ക്കയില്ല.

4
നല്ലവര്‍ക്കും ഹൃദയപരമാര്‍ഥികള്‍ക്കും
സര്‍വേശ്വരാ, നന്മ ചെയ്യണമേ.

5
ദുര്‍മാര്‍ഗങ്ങളിലേക്കു തിരിയുന്നവരെ,
ദുഷ്കര്‍മികളോടുകൂടി അവിടുന്നു ശിക്ഷിക്കും.
ഇസ്രായേലില്‍ സമാധാനം പുലരട്ടെ.

126

1

ആരോഹണഗീതം

പ്രവാസികളായിരുന്ന ഞങ്ങളെ
സര്‍വേശ്വരന്‍ സീയോനിലേക്കു തിരികെ കൊണ്ടുവന്നപ്പോള്‍
ഞങ്ങള്‍ക്ക് അതൊരു സ്വപ്നമായിത്തോന്നി.

2
അപ്പോള്‍ ഞങ്ങള്‍ പൊട്ടിച്ചിരിച്ചു.
ആഹ്ലാദംകൊണ്ട് ആര്‍പ്പുവിളിച്ചു.
“സര്‍വേശ്വരന്‍ അവര്‍ക്കുവേണ്ടി വന്‍കാര്യങ്ങള്‍ ചെയ്തിരിക്കുന്നു”
എന്നു ജനതകള്‍ പറഞ്ഞു.

3
സര്‍വേശ്വരന്‍ ഞങ്ങള്‍ക്കുവേണ്ടി വന്‍കാര്യങ്ങള്‍ ചെയ്തിരിക്കുന്നു;
ഞങ്ങള്‍ സന്തോഷിക്കുന്നു.

4
നെഗെബിലെ വരണ്ട തോടുകള്‍,
മഴയാല്‍ വീണ്ടും നിറയുന്നതുപോലെ,
അവിടുന്നു ഞങ്ങളുടെ ഐശ്വര്യം പുനഃസ്ഥാപിക്കണമേ.

5
കണ്ണീരോടെ വിതയ്‍ക്കുന്നവര്‍,
ആനന്ദഘോഷത്തോടെ കൊയ്യുന്നു.

6
വിത്തുചുമന്നു കരഞ്ഞുകൊണ്ടു വിതയ്‍ക്കാന്‍ പോകുന്നവന്‍,
കറ്റ ചുമന്ന് ആഹ്ലാദഘോഷത്തോടെ മടങ്ങുന്നു.

127

1

ശലോമോന്‍ രചിച്ച ആരോഹണഗീതം

സര്‍വേശ്വരന്‍ വീടു പണിയുന്നില്ലെങ്കില്‍,
പണിയുന്നവര്‍ വൃഥാ അധ്വാനിക്കുന്നു.
സര്‍വേശ്വരന്‍ പട്ടണം കാക്കുന്നില്ലെങ്കില്‍,
കാവല്‌ക്കാര്‍ വൃഥാ ജാഗരിക്കുന്നു.

2
അതിരാവിലെ എഴുന്നേല്‌ക്കുന്നതും
വളരെ വൈകി ഉറങ്ങാന്‍ പോകുന്നതും
കഠിനാധ്വാനംചെയ്തു ജീവിക്കുന്നതും വ്യര്‍ഥം.
അവിടുന്നു താന്‍ സ്നേഹിക്കുന്നവര്‍ക്ക്
ഉറങ്ങുമ്പോള്‍ വേണ്ടതു നല്‌കുന്നു.

3
മക്കള്‍ സര്‍വേശ്വരന്‍റെ ദാനമാണ്,
ഉദരഫലം അവിടുന്നു നല്‌കുന്ന അനുഗ്രഹം ആകുന്നു.

4
പോരാളിയുടെ കൈയിലെ അസ്ത്രങ്ങള്‍ പോലെയാണ്,
യൗവനത്തില്‍ ജനിക്കുന്ന മക്കള്‍.

5
അവകൊണ്ട് ആവനാഴി നിറച്ചിരിക്കുന്നവന്‍, അനുഗൃഹീതന്‍.
നഗരവാതില്‌ക്കല്‍വച്ച് ശത്രുക്കളെ എതിരിടുമ്പോള്‍
അവന് ലജ്ജിക്കേണ്ടിവരികയില്ല.

128

1

ആരോഹണഗീതം

സര്‍വേശ്വരനെ ഭയപ്പെടുകയും അവിടുത്തെ വഴികളില്‍ നടക്കുകയും ചെയ്യുന്നവന്‍ അനുഗൃഹീതന്‍.

2
നിന്‍റെ അധ്വാനഫലം നീ അനുഭവിക്കും.
നീ സന്തുഷ്ടനായിരിക്കും; നിനക്കു നന്മ ഭവിക്കും.

3
നിന്‍റെ ഭാര്യ നിന്‍റെ ഭവനത്തില്‍
ഫലസമൃദ്ധമായ മുന്തിരിവള്ളിപോലെയും
നിന്‍റെ മക്കള്‍ നിന്‍റെ മേശയ്‍ക്കു ചുറ്റും
ഒലിവുതൈകള്‍പോലെയും ആയിരിക്കും.

4
സര്‍വേശ്വരന്‍ തന്‍റെ ഭക്തനെ ഇപ്രകാരം അനുഗ്രഹിക്കും.

5
സര്‍വേശ്വരന്‍ സീയോനില്‍നിന്നു നിന്നെ അനുഗ്രഹിക്കും.
ആയുഷ്കാലം മുഴുവന്‍ നീ യെരൂശലേമിന്‍റെ ഐശ്വര്യം കാണും.

6
മക്കളുടെ മക്കളെയും നീ കാണും.
ഇസ്രായേലില്‍ സമാധാനം പുലരട്ടെ.

129

1

ആരോഹണഗീതം

ഇസ്രായേല്‍ പറയട്ടെ: “ബാല്യം മുതല്‍ ശത്രുക്കള്‍ എന്നെ അത്യന്തം പീഡിപ്പിച്ചു.”

2
“ബാല്യം മുതല്‍ അവര്‍ എന്നെ അത്യന്തം പീഡിപ്പിച്ചു;”
എങ്കിലും അവര്‍ എന്നെ കീഴടക്കിയില്ല.

3
ഉഴവുകാരെപ്പോലെ അവര്‍ എന്‍റെ മുതുകില്‍ ഉഴുതു.
എന്‍റെ മുതുകില്‍ നീളത്തില്‍ ഉഴവുചാല്‍ കീറി,

4
സര്‍വേശ്വരന്‍ നീതിമാനാകുന്നു.
ദുഷ്ടന്മാരുടെ ബന്ധനത്തില്‍നിന്ന് അവിടുന്നു എന്നെ മോചിപ്പിച്ചു.

5
സീയോനെ ദ്വേഷിക്കുന്നവര്‍ ലജ്ജിച്ചു പിന്തിരിയട്ടെ.

6
വളരുന്നതിനു മുമ്പ് ഉണങ്ങിപ്പോകുന്ന
പുരപ്പുറത്തെ പുല്ലുപോലെ അവര്‍ ആകട്ടെ.

7
കൊയ്യുന്നവര്‍ അവയെ ശേഖരിക്കുകയോ.
കറ്റ കെട്ടുന്നവര്‍ അവയെ ഒരുമിച്ചുകെട്ടുകയോ ചെയ്യുന്നില്ല.

8
സര്‍വേശ്വരന്‍റെ അനുഗ്രഹം നിങ്ങള്‍ക്കുണ്ടാകട്ടെ.
സര്‍വേശ്വരന്‍റെ നാമത്തില്‍ ഞങ്ങള്‍ നിങ്ങളെ അനുഗ്രഹിക്കുന്നു.
എന്നിങ്ങനെ വഴിപോക്കര്‍ അവരോടു പറയുന്നതുമില്ല.

130

1

ആരോഹണഗീതം

സര്‍വേശ്വരാ, കഷ്ടതയുടെ ആഴത്തില്‍നിന്നു ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു.

2
നാഥാ, എന്‍റെ നിലവിളി കേള്‍ക്കണമേ,
കരുണയ്‍ക്കായുള്ള എന്‍റെ യാചന ശ്രദ്ധിക്കണമേ.

3
സര്‍വേശ്വരാ, അവിടുന്ന് അകൃത്യങ്ങളുടെ കണക്കു സൂക്ഷിച്ചാല്‍,
തിരുമുമ്പില്‍ നില്‌ക്കാന്‍ ആര്‍ക്കു കഴിയും?

4
എന്നാല്‍ അങ്ങു പാപം ക്ഷമിക്കുന്നവനാണ്.
അതുകൊണ്ടു ഞങ്ങള്‍ അവിടുത്തോടു ഭയഭക്തിയുള്ളവരായിരിക്കുന്നു.

5
ഞാന്‍ സര്‍വേശ്വരനായി സര്‍വാത്മനാ കാത്തിരിക്കുന്നു.
അവിടുത്തെ വാഗ്ദാനത്തില്‍ ഞാന്‍ പ്രത്യാശ വയ്‍ക്കുന്നു.

6
പ്രഭാതത്തിനുവേണ്ടി കാത്തിരിക്കുന്ന കാവല്‌ക്കാരെക്കാള്‍,
ആകാംക്ഷയോടെ ഞാന്‍ സര്‍വേശ്വരനുവേണ്ടി കാത്തിരിക്കുന്നു.

7
ഇസ്രായേലേ, സര്‍വേശ്വരനില്‍ പ്രത്യാശയര്‍പ്പിക്കുക,
അവിടുന്നു നിങ്ങളെ സുസ്ഥിരമായി സ്നേഹിക്കുന്നുവല്ലോ.
അവിടുന്നു നിങ്ങളെ എപ്പോഴും രക്ഷിക്കുന്നവനും ആകുന്നു.

8
അവിടുന്ന് ഇസ്രായേല്‍ജനത്തെ അവരുടെ എല്ലാ അകൃത്യങ്ങളില്‍നിന്നും മോചിപ്പിക്കുന്നു.

131

1

ദാവീദ് രചിച്ച ആരോഹണഗീതം

സര്‍വേശ്വരാ, ഞാന്‍ അഹങ്കരിക്കുന്നില്ല.
ഞാന്‍ ഞെളിഞ്ഞു നോക്കുന്നുമില്ല.
എന്‍റെ കഴിവിനപ്പുറമായ കാര്യങ്ങളിലും
വിസ്മയാവഹമായ പ്രവൃത്തികളിലും
ഞാന്‍ വ്യാപരിക്കുന്നില്ല.

2
അമ്മയുടെ മാറില്‍ സ്വസ്ഥമായി കിടക്കുന്ന ശിശുവിനെപ്പോലെ,
ഞാന്‍ സംതൃപ്തിയും ശാന്തിയും അനുഭവിക്കുന്നു.
എന്‍റെ കൈയില്‍ കിടക്കുന്ന ശിശുവിനെപ്പോലെ തന്നെ.

3
ഇസ്രായേലേ, ഇന്നുമെന്നേക്കും സര്‍വേശ്വരനില്‍ പ്രത്യാശ വയ്‍ക്കുക.

132

1

ആരോഹണഗീതം

സര്‍വേശ്വരാ, ദാവീദിനെയും അദ്ദേഹം സഹിച്ച കഷ്ടതകളെയും ഓര്‍ക്കണമേ.

2
അദ്ദേഹം സര്‍വേശ്വരനോടു ശപഥം ചെയ്തതും
യാക്കോബിന്‍റെ സര്‍വശക്തനായ ദൈവത്തോടു നേര്‍ച്ച നേര്‍ന്നതും സ്മരിക്കണമേ.

3
സര്‍വേശ്വരന് ഒരു സങ്കേതം,
യാക്കോബിന്‍റെ സര്‍വശക്തനായ ദൈവത്തിന് ഒരു വാസസ്ഥലം കണ്ടെത്തുന്നതുവരെ.

4
ഞാന്‍ എന്‍റെ ഭവനത്തില്‍ പ്രവേശിക്കുകയോ,
എന്‍റെ കിടക്കയില്‍ ശയിക്കുകയോ ഇല്ല.

5
ഞാന്‍ ഉറങ്ങുകയോ എന്‍റെ കണ്‍പോളകള്‍ അടയ്‍ക്കുകയോ ഇല്ല.

6
ഞങ്ങള്‍ എഫ്രാത്തില്‍ വച്ചു സര്‍വേശ്വരന്‍റെ ഉടമ്പടിപ്പെട്ടകത്തെക്കുറിച്ചു കേട്ടു;
യആറീം വയലുകളില്‍ അതു കണ്ടെത്തി.

7
അവിടുത്തെ വാസസ്ഥലത്തേക്കു നമുക്കു പോകാം.
അവിടുത്തെ പാദപീഠത്തില്‍ നമുക്കു നമസ്കരിക്കാം.

8
സര്‍വേശ്വരാ, അവിടുത്തെ ആലയത്തിലേക്കു വരണമേ.
അവിടുത്തെ ശക്തിയുടെ പെട്ടകത്തോടൊപ്പം വരണമേ.

9
അങ്ങയുടെ പുരോഹിതന്മാര്‍ നീതി ധരിക്കട്ടെ.
അവിടുത്തെ ഭക്തന്മാര്‍ ആനന്ദത്തോടെ ആര്‍പ്പുവിളിക്കട്ടെ.

10
അങ്ങയുടെ ദാസനായ ദാവീദിനെ ഓര്‍ത്ത്
അങ്ങയുടെ അഭിഷിക്തനെ തിരസ്കരിക്കരുതേ.

11
ദാവീദിനോടു സര്‍വശക്തന്‍ ഒരു പ്രതിജ്ഞ ചെയ്തു.
അതില്‍നിന്ന് അവിടുന്നു പിന്‍മാറുകയില്ല.
“നിന്‍റെ സന്തതികളില്‍ ഒരാളെ നിന്‍റെ
സിംഹാസനത്തില്‍ ഞാന്‍ ഉപവിഷ്ടനാക്കും.

12
നിന്‍റെ സന്തതികള്‍ എന്‍റെ ഉടമ്പടിയും എന്‍റെ കല്പനകളും അനുസരിച്ചാല്‍,
അവരുടെ മക്കളും എന്നേക്കും നിന്‍റെ സിംഹാസനത്തില്‍ വാഴും.”

13
സര്‍വേശ്വരന്‍ സീയോനെ തിരഞ്ഞെടുത്തിരിക്കുന്നു.
അവിടുന്നു അതിനെ തന്‍റെ വാസസ്ഥലമാക്കാന്‍ ആഗ്രഹിക്കുന്നു.

14
ഇത് എന്‍റെ ആലയമാകുന്നു.
ഇവിടെ ഞാന്‍ വസിക്കും; അതാകുന്നു എന്‍റെ ആഗ്രഹം

15
സീയോനു വേണ്ടതെല്ലാം ഞാന്‍ സമൃദ്ധമായി നല്‌കും.
അവിടെയുള്ള ദരിദ്രരെ ആഹാരം നല്‌കി സംതൃപ്തരാക്കും.

16
സീയോനിലെ പുരോഹിതന്മാരെ ഞാന്‍ രക്ഷ അണിയിക്കും,
അവിടെയുള്ള ഭക്തന്മാര്‍ ആനന്ദത്തോടെ ആര്‍പ്പുവിളിക്കും.

17
ദാവീദിന്‍റെ സന്തതികളില്‍നിന്നു ശക്തനായ ഒരു രാജാവിനെ സീയോനില്‍ ഞാന്‍ ഉദ്ഭവിപ്പിക്കും.
എന്‍റെ അഭിഷിക്തനെ ഒരു ദീപംപോലെ എന്നും അവിടെ നിലനിര്‍ത്തും.

18
അവന്‍റെ ശത്രുക്കളെ ഞാന്‍ ലജ്ജ ധരിപ്പിക്കും.
എന്നാല്‍ രാജാവിന്‍റെ ശിരസ്സിലെ കിരീടം എന്നും ശോഭ ചൊരിയും.

133

1

ആരോഹണഗീതം

സഹോദരന്മാര്‍ ഒത്തൊരുമിച്ചു വസിക്കുന്നത്
എത്ര മനോഹരവും ആനന്ദദായകവുമാണ്.

2
അത് അഹരോന്‍റെ ശിരസ്സില്‍നിന്നു താടിയിലേക്കും
അവിടെനിന്ന് അദ്ദേഹത്തിന്‍റെ വസ്ത്രത്തിന്‍റെ പട്ടയിലേക്കും;
ഒഴുകുന്ന വിശിഷ്ടമായ അഭിഷേകതൈലം പോലെയാണ്.

3
അതു സീയോന്‍മലയില്‍ പെയ്യുന്ന ഹെര്‍മ്മോന്‍ മഞ്ഞുപോലെയത്രേ.
അവിടെയാണല്ലോ സര്‍വേശ്വരന്‍ തന്‍റെ അനുഗ്രഹവും
ശാശ്വതമായ ജീവനും വാഗ്ദാനം ചെയ്തിരിക്കുന്നത്.

134

1

ആരോഹണഗീതം

സര്‍വേശ്വരന്‍റെ ദാസന്മാരേ,
അവിടുത്തെ വാഴ്ത്തുവിന്‍.
രാത്രിയില്‍ അവിടുത്തെ ആലയത്തില്‍ ശുശ്രൂഷ ചെയ്യുന്നവരേ, അവിടുത്തെ സ്തുതിക്കുവിന്‍.

2
വിശുദ്ധസ്ഥലത്തേക്കു കൈകള്‍ ഉയര്‍ത്തി,
സര്‍വേശ്വരനെ സ്തുതിക്കുവിന്‍.

3
ആകാശവും ഭൂമിയും സൃഷ്‍ടിച്ച സര്‍വേശ്വരന്‍,
സീയോനില്‍നിന്നു നിങ്ങളെ അനുഗ്രഹിക്കട്ടെ.

135

1

[1,2] സര്‍വേശ്വരനെ സ്തുതിക്കുവിന്‍,
അവിടുത്തെ ആലയത്തിലും
നമ്മുടെ ദൈവത്തിന്‍റെ ആലയാങ്കണത്തിലും
ശുശ്രൂഷ ചെയ്യുന്ന സര്‍വേശ്വരന്‍റെ ദാസന്മാരേ,
അവിടുത്തെ സ്തുതിക്കുവിന്‍.

2

3
സര്‍വേശ്വരനെ സ്തുതിക്കുവിന്‍;
അവിടുന്നു നല്ലവനല്ലോ.
അവിടുത്തെ നാമം പ്രകീര്‍ത്തിക്കുവിന്‍,
അവിടുന്ന് കാരുണ്യവാനല്ലോ.

4
അവിടുന്നു യാക്കോബിന്‍റെ സന്തതികളെ തനിക്കായും,
ഇസ്രായേല്‍ജനത്തെ തന്‍റെ പ്രത്യേക അവകാശമായും തിരഞ്ഞെടുത്തിരിക്കുന്നു.

5
അവിടുന്നു വലിയവനെന്നും നമ്മുടെ സര്‍വേശ്വരന്‍ സര്‍വ ദേവന്മാരിലും
മഹോന്നതനെന്നും ഞാന്‍ അറിയുന്നു.

6
ആകാശത്തിലും ഭൂമിയിലും സമുദ്രങ്ങളിലും അഗാധങ്ങളിലും
അവിടുന്നു തനിക്കിഷ്ടമുള്ളതു ചെയ്യുന്നു.

7
ഭൂമിയുടെ അതിര്‍ത്തികളില്‍നിന്ന് അവിടുന്നു മേഘങ്ങളെ ഉയര്‍ത്തുന്നു;
മഴയ്‍ക്കായി അവിടുന്നു മിന്നല്‍പ്പിണരുകളെ അയയ്‍ക്കുന്നു
അവിടുത്തെ ശ്രീഭണ്ഡാരത്തില്‍നിന്നു കാറ്റുകളെ പുറത്തുവിടുന്നു.

8
ഈജിപ്തിലെ കടിഞ്ഞൂലുകളെ അവിടുന്നു സംഹരിച്ചു;
മനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂലുകളെ തന്നെ.

9
അവിടുന്ന് ഈജിപ്തിന്‍റെ മധ്യത്തില്‍
ഫറവോയ്‍ക്കും അവന്‍റെ ഭൃത്യന്മാര്‍ക്കും എതിരെ,
അദ്ഭുതങ്ങളും അടയാളങ്ങളും പ്രവര്‍ത്തിച്ചു.

10
അവിടുന്ന്, അനേകം ജനതകളെ തകര്‍ത്തു,
പ്രബലരായ രാജാക്കന്മാരെ സംഹരിച്ചു.

11
അമോര്യരുടെ രാജാവായ സീഹോനെയും
ബാശാന്‍രാജാവായ ഓഗിനെയും
കനാനിലെ സകല രാജാക്കന്മാരെയും തന്നെ.

12
അവിടുന്നു അവരുടെ ദേശങ്ങള്‍ തന്‍റെ ജനമായ
ഇസ്രായേലിന് അവകാശമായി നല്‌കി.

13
സര്‍വേശ്വരാ, അവിടുത്തെ നാമം ശാശ്വതമാണ്.
അവിടുത്തെ കീര്‍ത്തി എല്ലാ തലമുറകളിലും നിലനില്‌ക്കുന്നു.

14
സര്‍വേശ്വരന്‍ സ്വജനത്തിനു നീതി നടത്തിക്കൊടുക്കും,
അവിടുന്നു തന്‍റെ ദാസരോട് അനുകമ്പയുള്ളവനാകുന്നു.

15
അന്യജനതകളുടെ വിഗ്രഹങ്ങള്‍ പൊന്നും വെള്ളിയുംകൊണ്ടു നിര്‍മ്മിച്ചവയാണ്.
അവ മനുഷ്യരുടെ കരവേല മാത്രം.

16
അവയ്‍ക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല,
കണ്ണുണ്ടെങ്കിലും കാണുന്നില്ല.

17
ചെവിയുണ്ടെങ്കിലും കേള്‍ക്കുന്നില്ല,
അവയുടെ വായില്‍ പ്രാണനുമില്ല.

18
അവയെ നിര്‍മ്മിക്കുന്നവര്‍ അവയെപ്പോലെയാകുന്നു.
അവയില്‍ ആശ്രയിക്കുന്നവരും അങ്ങനെതന്നെ.

19
ഇസ്രായേല്‍ഗൃഹമേ, സര്‍വേശ്വരനെ വാഴ്ത്തുവിന്‍!
അഹരോന്‍ഗൃഹമേ, സര്‍വേശ്വരനെ വാഴ്ത്തുവിന്‍.

20
ലേവിഗൃഹമേ, സര്‍വേശ്വരനെ വാഴ്ത്തുക.
അവിടുത്തെ ഭക്തന്മാരേ, സര്‍വേശ്വരനെ വാഴ്ത്തുവിന്‍.

21
യെരൂശലേമില്‍ വസിക്കുന്ന സര്‍വേശ്വരന്‍,
സീയോനില്‍ വാഴ്ത്തപ്പെടട്ടെ,
സര്‍വേശ്വരനെ സ്തുതിക്കുവിന്‍.

136

1

സര്‍വേശ്വരനു സ്തോത്രം അര്‍പ്പിക്കുവിന്‍;
അവിടുന്നു നല്ലവനല്ലോ.
അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു.

2
ദേവാധിദേവനു സ്തോത്രം അര്‍പ്പിക്കുവിന്‍,
അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു.

3
കര്‍ത്താധികര്‍ത്താവിനു സ്തോത്രം അര്‍പ്പിക്കുവിന്‍,
അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു.

4
അവിടുന്നു മാത്രമാണു മഹാദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നവന്‍.
അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു.

5
അവിടുന്നു ദിവ്യജ്ഞാനത്താല്‍ ആകാശത്തെ സൃഷ്‍ടിച്ചു.
അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു.

6
അവിടുന്നു ജലത്തിന്മീതെ ഭൂമിയെ വിരിച്ചു.
അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു.

7
അവിടുന്നു വലിയ പ്രകാശഗോളങ്ങളെ സൃഷ്‍ടിച്ചു.
അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു.

8
പകല്‍ വാഴുവാന്‍ സൂര്യനെ സൃഷ്‍ടിച്ചു.
അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു.

9
രാത്രി വാഴുവാന്‍ ചന്ദ്രനെയും നക്ഷത്രങ്ങളെയും,
അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു.

10
അവിടുന്ന് ഈജിപ്തിലെ ആദ്യജാതന്മാരെ സംഹരിച്ചു,
അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു.

11
അവിടുന്ന് അവരുടെ ഇടയില്‍നിന്ന് ഇസ്രായേല്യരെ മോചിപ്പിച്ചു.
അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു.

12
ബലമുള്ള കരംകൊണ്ടും നീട്ടിയ ഭുജംകൊണ്ടും അവരെ വിടുവിച്ചു.
അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു.

13
അവിടുന്നു ചെങ്കടലിനെ രണ്ടായി വിഭജിച്ചു.
അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു.

14
ഇസ്രായേല്യരെ അതിന്‍റെ നടുവിലൂടെ അവിടുന്നു നടത്തി.
അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു.

15
ഫറവോയെയും അയാളുടെ സൈന്യത്തെയും അവിടുന്നു ചെങ്കടലില്‍ താഴ്ത്തി.
അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു.

16
അവിടുന്നു മരുഭൂമിയിലൂടെ സ്വജനത്തെ നയിച്ചു.
അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു.

17
മഹാരാജാക്കന്മാരെ അവിടുന്നു സംഹരിച്ചു.
അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു.

18
കീര്‍ത്തികേട്ട രാജാക്കന്മാരെ അവിടുന്നു നിഗ്രഹിച്ചു.
അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു.

19
അമോര്യരുടെ രാജാവായ സീഹോനെയും,
അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു.

20
ബാശാന്‍രാജാവായ ഓഗിനെയും അവിടുന്നു സംഹരിച്ചു.
അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു.

21
അവരുടെ ദേശം അവിടുന്നു സ്വജനത്തിന് അവകാശമായി കൊടുത്തു.
അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു.

22
അവിടുത്തെ ദാസരായ ഇസ്രായേല്യര്‍ക്കു തന്നെ.
അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു.

23
നമ്മുടെ ദുഃസ്ഥിതിയില്‍ അവിടുന്നു നമ്മെ ഓര്‍ത്തു.
അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു.

24
അവിടുന്നു നമ്മെ ശത്രുക്കളില്‍നിന്നു വിടുവിച്ചു.
അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു.

25
അവിടുന്നു സകല ജീവജാലങ്ങള്‍ക്കും ആഹാരം നല്‌കുന്നു.
അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു.

26
സ്വര്‍ഗസ്ഥനായ ദൈവത്തിനു സ്തോത്രം അര്‍പ്പിക്കുവിന്‍.
അവിടുത്തെ സ്നേഹം ശാശ്വതമല്ലോ.

137

1

ബാബിലോണ്‍ നദികളുടെ തീരത്തു ഞങ്ങള്‍ ഇരുന്നു,
സീയോനെ ഓര്‍ത്തു ഞങ്ങള്‍ കരഞ്ഞു.

2
അവിടെയുള്ള അലരി വൃക്ഷക്കൊമ്പുകളില്‍ ഞങ്ങള്‍ ഞങ്ങളുടെ കിന്നരങ്ങള്‍ തൂക്കിയിട്ടു.

3
ഞങ്ങളെ ബന്ധിച്ചുകൊണ്ടുപോയവര്‍,
സീയോന്‍ ഗീതങ്ങളാലപിക്കാന്‍ ഞങ്ങളോടാവശ്യപ്പെട്ടു.
ഞങ്ങളെ പീഡിപ്പിച്ചവര്‍ ആ ഗീതങ്ങള്‍ ആലപിച്ച്
അവരെ സന്തോഷിപ്പിക്കാന്‍ പറഞ്ഞു.

4
അന്യദേശത്തു ഞങ്ങള്‍ എങ്ങനെ സര്‍വേശ്വരന്‍റെ ഗീതം പാടും?

5
യെരൂശലേമേ, ഞാന്‍ നിന്നെ മറക്കുന്നെങ്കില്‍!
എന്‍റെ വലങ്കൈ എന്നെ മറന്നുപോകട്ടെ.

6
യെരൂശലേമേ, ഞാന്‍ നിന്നെ വിസ്മരിച്ചാല്‍,
എന്‍റെ പരമാനന്ദമായി നിന്നെ കരുതുന്നില്ലെങ്കില്‍,
എന്‍റെ നാവ് അണ്ണാക്കിനോട് ഒട്ടിപ്പോകട്ടെ.

7
“തകര്‍ത്തുകളയുക, അടിസ്ഥാനംവരെ ഇടിച്ചുനിരത്തുക.”
എന്നു യെരൂശലേമിന്‍റെ പതനനാളില്‍
എദോമ്യര്‍ പറഞ്ഞത് അങ്ങ് ഓര്‍ക്കണമേ.

8
വിനാശം അടുത്തിരിക്കുന്ന ബാബിലോണേ,
നീ ഞങ്ങളോടു ചെയ്തതുപോലെ നിന്നോടു ചെയ്യുന്നവന്‍ അനുഗൃഹീതന്‍.

9
നിന്‍റെ കുഞ്ഞുങ്ങളെ പിടിച്ചു പാറമേല്‍ അടിക്കുന്നവന്‍ അനുഗൃഹീതന്‍.

138

1

ദാവീദിന്‍റെ സങ്കീര്‍ത്തനം

സര്‍വേശ്വരാ, ഞാന്‍ പൂര്‍ണഹൃദയത്തോടെ
അങ്ങേക്കു സ്തോത്രം അര്‍പ്പിക്കുന്നു.
ദേവന്മാരുടെ മുമ്പില്‍ ഞാന്‍ അങ്ങയെ പ്രകീര്‍ത്തിക്കുന്നു.

2
ഞാന്‍ അവിടുത്തെ വിശുദ്ധമന്ദിരത്തിലേക്കു നോക്കി നമസ്കരിക്കുന്നു.
അവിടുത്തെ അചഞ്ചലസ്നേഹവും വിശ്വസ്തതയും നിമിത്തം,
ഞാന്‍ അങ്ങേക്കു സ്തോത്രം അര്‍പ്പിക്കുന്നു.
അങ്ങയുടെ നാമവും വാഗ്ദാനങ്ങളും സമുന്നതമാണ്.

3
ഞാന്‍ വിളിച്ചപേക്ഷിച്ച നാളില്‍ അവിടുന്ന് എനിക്കുത്തരമരുളി.
ശക്തി പകര്‍ന്ന് അവിടുന്ന് എന്നെ ബലപ്പെടുത്തിയിരിക്കുന്നു.

4
സര്‍വേശ്വരാ, ഭൂമിയിലെ സകല രാജാക്കന്മാരും
അങ്ങയുടെ വാക്കുകള്‍ കേട്ട്, അങ്ങേക്കു സ്തോത്രം അര്‍പ്പിക്കും.

5
സര്‍വേശ്വരന്‍റെ പ്രവൃത്തികളെക്കുറിച്ചു അവര്‍ പാടും,
അവിടുത്തെ മഹത്ത്വം വലിയതാണല്ലോ.

6
സര്‍വേശ്വരന്‍ അത്യുന്നതനെങ്കിലും എളിയവരെ കടാക്ഷിക്കുന്നു.
അഹങ്കാരികളെ അവിടുന്ന് അകലെ നിന്നുതന്നെ അറിയുന്നു.

7
കഷ്ടതകളിലൂടെ പോകേണ്ടിവന്നാലും അവിടുന്ന് എന്നെ സംരക്ഷിക്കുന്നു.
എന്‍റെ ശത്രുക്കളുടെ ക്രോധത്തെ അവിടുന്നു പ്രതിരോധിക്കുന്നു.
അവിടുന്നു വലങ്കൈ നീട്ടി എന്നെ രക്ഷിക്കുന്നു.

8
എന്നെക്കുറിച്ചുള്ള തിരുഹിതം അവിടുന്നു നിറവേറ്റും.
പരമനാഥാ, അവിടുത്തെ സ്നേഹം ശാശ്വതമാണ്.
തൃക്കരങ്ങളുടെ സൃഷ്‍ടിയെ ഉപേക്ഷിക്കരുതേ.

139

1

ഗായകസംഘനേതാവിന്; ദാവീദിന്‍റെ സങ്കീര്‍ത്തനം

സര്‍വേശ്വരാ, അങ്ങ് എന്നെ പരിശോധിച്ച് അറിഞ്ഞിരിക്കുന്നു,

2
എന്‍റെ വ്യാപാരങ്ങളെല്ലാം അവിടുന്ന് അറിയുന്നു.
എന്‍റെ നിരൂപണങ്ങള്‍ ദൂരത്തുനിന്ന് അവിടുന്നു ഗ്രഹിക്കുന്നു.

3
എന്‍റെ നടപ്പും കിടപ്പും അവിടുന്നു പരിശോധിച്ചറിയുന്നു.
എന്‍റെ സകല വഴിയും അവിടുന്നു നന്നായി അറിയുന്നു.

4
ഒരു വാക്ക് എന്‍റെ നാവിലെത്തുന്നതിനു മുമ്പു തന്നെ,
സര്‍വേശ്വരാ, അവിടുന്ന് അത് അറിയുന്നു.

5
മുമ്പിലും പിമ്പിലും അവിടുന്ന് എനിക്കു കാവലായുണ്ട്.
അവിടുത്തെ കരം എന്‍റെ മേലുണ്ട്.

6
ഈ അറിവ് എനിക്ക് അത്യദ്ഭുതമാകുന്നു.
എനിക്ക് അപ്രാപ്യമാംവിധം അത് ഉന്നതമായിരിക്കുന്നു.

7
അങ്ങയെ ഒളിച്ചു ഞാന്‍ എവിടെ പോകും?
തിരുസന്നിധിവിട്ടു ഞാന്‍ എവിടേക്ക് ഓടും?

8
ഞാന്‍ സ്വര്‍ഗത്തില്‍ കയറിയാല്‍ അങ്ങ് അവിടെയുണ്ട്.
പാതാളത്തില്‍ കിടക്ക വിരിച്ചാല്‍ അങ്ങ് അവിടെയുണ്ട്.

9
ചിറകു ധരിച്ചു ഞാന്‍ കിഴക്കേ അതിര്‍ത്തിയോളം പറന്നാലും,
പടിഞ്ഞാറു സമുദ്രത്തിന്‍റെ അതിര്‍ത്തിയില്‍ പോയി പാര്‍ത്താലും,

10
അവിടെയും അങ്ങയുടെ കരങ്ങള്‍ എന്നെ നയിക്കും,
അവിടുത്തെ വലങ്കൈ എന്നെ സംരക്ഷിക്കും.

11
“അന്ധകാരം എന്നെ മൂടട്ടെ,
എന്‍റെ ചുറ്റുമുള്ള പ്രകാശം ഇരുട്ടായിത്തീരട്ടെ” എന്നു ഞാന്‍ പറഞ്ഞാല്‍,

12
കൂരിരുട്ടുപോലും അങ്ങേക്ക് ഇരുണ്ടതായിരിക്കുകയില്ല.
രാത്രി പകല്‍പോലെ പ്രകാശിക്കും.
ഇരുളും വെളിച്ചവും അങ്ങേക്ക് ഒരുപോലെയാണല്ലോ.

13
അവിടുന്നാണ് എന്‍റെ അന്തരേന്ദ്രിയങ്ങള്‍ സൃഷ്‍ടിച്ചത്,
അമ്മയുടെ ഉദരത്തില്‍ എന്നെ മെനഞ്ഞത് അവിടുന്നാണ്.

14
ഞാന്‍ അങ്ങയെ പ്രകീര്‍ത്തിക്കുന്നു.
അവിടുന്ന് എന്നെ അദ്ഭുതകരമായി സൃഷ്‍ടിച്ചു.
അവിടുത്തെ സൃഷ്‍ടികള്‍ എത്ര വിസ്മയനീയം!
അവിടുന്ന് എന്നെ നന്നായി അറിയുന്നു.

15
ഞാന്‍ നിഗൂഢതയില്‍ ഉരുവാക്കപ്പെടുകയും,
ഭൂമിയുടെ അധോഭാഗങ്ങളില്‍വച്ചു
സൂക്ഷ്മതയോടെ സൃഷ്‍ടിക്കപ്പെടുകയും ചെയ്തപ്പോള്‍,
എന്‍റെ രൂപം അങ്ങേക്കു മറഞ്ഞിരുന്നില്ല.

16
ഞാന്‍ പിണ്ഡാകാരമായിരുന്നപ്പോള്‍ അവിടുന്ന് എന്നെ ദര്‍ശിച്ചു.
എന്‍റെ ആയുസ്സിന്‍റെ നാളുകള്‍ ഞാന്‍ ഉരുവാകുന്നതിനു മുമ്പുതന്നെ,
അങ്ങ് അവിടുത്തെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിരുന്നു.

17
ദൈവമേ, അങ്ങയുടെ വിചാരങ്ങള്‍ എത്ര അഗാധം.
അവ എത്രയോ വിശാലം!

18
അവ മണല്‍ത്തരികളെക്കാള്‍ എത്രയോ അധികം?
എനിക്കവ എണ്ണിത്തീര്‍ക്കാന്‍ കഴിയുകയില്ല.
ഞാന്‍ ഉണരുമ്പോഴും അങ്ങയുടെകൂടെ ആയിരിക്കും.

19
ദൈവമേ, അങ്ങു ദുഷ്ടരെ നിഗ്രഹിച്ചിരുന്നെങ്കില്‍!
കൊലപാതകികള്‍ എന്നെ വിട്ടുപോയിരുന്നെങ്കില്‍!

20
അവര്‍ അങ്ങേക്കെതിരെ ദുഷ്ടതയോടെ സംസാരിക്കുന്നു.
തിരുനാമത്തെ അവര്‍ ദുഷിക്കുന്നു.

21
അങ്ങയെ ദ്വേഷിക്കുന്നവരെ ഞാന്‍ ദ്വേഷിക്കേണ്ടതല്ലയോ?
അങ്ങയെ ധിക്കരിക്കുന്നവരെ ഞാന്‍ വെറുക്കേണ്ടതല്ലയോ?

22
ഞാന്‍ അവരെ പൂര്‍ണമായി വെറുക്കുന്നു,
ഞാന്‍ അവരെ എന്‍റെ ശത്രുക്കളായി ഗണിക്കുന്നു.

23
ദൈവമേ, എന്നെ പരിശോധിച്ച് എന്‍റെ ഹൃദയത്തെ അറിയണമേ.
എന്നെ പരീക്ഷിച്ച് എന്‍റെ വിചാരങ്ങള്‍ ഗ്രഹിക്കണമേ.

24
ദുര്‍മാര്‍ഗത്തിലാണോ ഞാന്‍ ചരിക്കുന്നത് എന്നു നോക്കണമേ.
ശാശ്വതമാര്‍ഗത്തിലൂടെ എന്നെ നയിക്കണമേ.

140

1

ഗായകസംഘനേതാവിന്; ദാവീദിന്‍റെ സങ്കീര്‍ത്തനം

സര്‍വേശ്വരാ, ദുഷ്ടരില്‍നിന്ന് എന്നെ രക്ഷിക്കണമേ,
അക്രമികളില്‍നിന്ന് എന്നെ സംരക്ഷിക്കണമേ.

2
അവര്‍ ദുഷ്ടപദ്ധതികള്‍ നിരൂപിക്കുന്നു.
നിരന്തരം അവര്‍ കലഹങ്ങള്‍ ഇളക്കിവിടുന്നു.

3
അവരുടെ നാവ് വിഷസര്‍പ്പംപോലെ മാരകമാണ്.
അവരുടെ അധരങ്ങള്‍ക്കു കീഴില്‍ അണലിവിഷമുണ്ട്;

4
സര്‍വേശ്വരാ, ദുഷ്ടന്മാരില്‍നിന്ന് എന്നെ കാത്തുകൊള്ളണമേ.
എന്നെ മറിച്ചിടാന്‍ ശ്രമിക്കുന്ന അക്രമികളില്‍ നിന്ന് എന്നെ സംരക്ഷിക്കണമേ.

5
അഹങ്കാരികള്‍ എനിക്കുവേണ്ടി കെണി ഒരുക്കിയിരിക്കുന്നു.
അവര്‍ എനിക്കായി വല വിരിച്ചിരിക്കുന്നു.
വഴിയരികില്‍ അവര്‍ എനിക്കു കെണി വച്ചിരിക്കുന്നു.

6
‘അങ്ങാണെന്‍റെ ദൈവം’ എന്നു ഞാന്‍ സര്‍വേശ്വരനോടു പറയുന്നു.
പരമനാഥാ, എന്‍റെ യാചനകള്‍ക്കു മറുപടി നല്‌കിയാലും.

7
സര്‍വേശ്വരാ, എന്‍റെ സര്‍വേശ്വരാ, എന്‍റെ മഹാരക്ഷകാ,
യുദ്ധദിവസം അങ്ങ് എന്നെ ശിരോകവചം അണിയിച്ചു.

8
പരമനാഥാ, ദുഷ്ടന്‍റെ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കരുതേ;
അവരുടെ ദുരുപായങ്ങള്‍ സഫലമാക്കരുതേ.

9
എന്നെ വളഞ്ഞിരിക്കുന്നവര്‍ തല ഉയര്‍ത്തുന്നു.
അവരുടെ ഭീഷണികള്‍ അവരുടെമേല്‍ പതിക്കട്ടെ.

10
തീക്കനല്‍ അവരുടെമേല്‍ വീഴട്ടെ.
എഴുന്നേല്‌ക്കാനാവാത്തവിധം അവര്‍ കുഴിയില്‍ എറിയപ്പെടട്ടെ.

11
ഏഷണിക്കാരന്‍ ദേശത്തു നിലനില്‌ക്കാതിരിക്കട്ടെ.
അക്രമിയെ അനര്‍ഥം വേഗം വേട്ടയാടി നശിപ്പിക്കട്ടെ.

12
സര്‍വേശ്വരന്‍ പീഡിതനു നീതിയും
ദരിദ്രനു ന്യായവും നടത്തിക്കൊടുക്കുന്നു എന്നു ഞാനറിയുന്നു.

13
നീതിമാന്മാര്‍ അവിടുത്തേക്കു സ്തോത്രം അര്‍പ്പിക്കും.
പരമാര്‍ഥഹൃദയമുള്ളവര്‍ തിരുസന്നിധിയില്‍ വസിക്കും.

141

1

ദാവീദിന്‍റെ സങ്കീര്‍ത്തനം

സര്‍വേശ്വരാ, ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു,
എന്‍റെ സഹായത്തിനായി വേഗം വരണമേ.
ഞാന്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ എന്‍റെ പ്രാര്‍ഥന കേള്‍ക്കണമേ.

2
എന്‍റെ പ്രാര്‍ഥന തിരുസന്നിധിയില്‍ ധൂപാര്‍പ്പണമായും
കൈകള്‍ ഉയര്‍ത്തുന്നതു സായാഹ്നയാഗമായും സ്വീകരിക്കണമേ.

3
സര്‍വേശ്വരാ, എന്‍റെ വായ്‍ക്കു കാവല്‍ ഏര്‍പ്പെടുത്തണമേ,
എന്‍റെ നാവിനു കടിഞ്ഞാണിടണമേ.

4
എന്‍റെ ഹൃദയം തിന്മയിലേക്കു ചായുവാന്‍ അനുവദിക്കരുതേ.
ദുഷ്കര്‍മികളോടുകൂടി ദുഷ്പ്രവൃത്തികളില്‍
ഏര്‍പ്പെടാന്‍ എനിക്ക് ഇടയാക്കരുതേ.
അവരുടെ ഇഷ്ടഭോജ്യങ്ങള്‍ ഭക്ഷിക്കാന്‍ എനിക്ക് ഇടവരുത്തരുതേ,

5
എന്‍റെ നന്മയ്‍ക്കുവേണ്ടി നീതിമാന്‍ എന്നെ അടിക്കുകയോ ശാസിക്കുകയോ ചെയ്യട്ടെ.
എന്നാല്‍ ദുഷ്ടന്‍ എന്‍റെ ശിരസ്സില്‍ തൈലം പൂശി എന്നെ ആദരിക്കാതിരിക്കട്ടെ.
അവരുടെ ദുര്‍വൃത്തികള്‍ക്കെതിരെയാണല്ലോ എന്‍റെ നിരന്തരമായ പ്രാര്‍ഥന.

6
അവരുടെ ന്യായാധിപന്മാരെ പാറയില്‍നിന്നു താഴേക്കു തള്ളിയിടുമ്പോള്‍,
എന്‍റെ വാക്കുകള്‍ സത്യമെന്നു ജനം അറിയും.

7
വിറകു കീറിയിട്ടിരിക്കുന്നതുപോലെ,
അവരുടെ അസ്ഥികള്‍ പാതാളവാതില്‌ക്കല്‍ ചിതറിക്കിടക്കും.

8
ദൈവമായ സര്‍വേശ്വരാ, ഞാന്‍ അങ്ങയെ നോക്കുന്നു.
ഞാന്‍ അങ്ങയില്‍ അഭയം തേടുന്നു.
അരക്ഷിതനായി എന്നെ ഉപേക്ഷിക്കരുതേ.

9
അവര്‍ എനിക്കുവേണ്ടി ഒരുക്കിയ കെണിയില്‍ നിന്നു,
ദുഷ്ടമനുഷ്യരുടെ കെണിയില്‍നിന്നു തന്നെ, എന്നെ രക്ഷിക്കണമേ.

10
ദുഷ്ടര്‍ സ്വന്തം വലകളില്‍തന്നെ അകപ്പെടട്ടെ.
ഞാനോ രക്ഷപെടട്ടെ.

142

1

ദാവീദ് ഗുഹയിലായിരുന്നപ്പോള്‍ രചിച്ച ഗീതം; ഒരു പ്രാര്‍ഥന

ഞാന്‍ ഉച്ചത്തില്‍ സര്‍വേശ്വരനെ വിളിച്ചപേക്ഷിക്കുന്നു.
ശബ്ദം ഉയര്‍ത്തി അവിടുത്തോടു യാചിക്കുന്നു.

2
ഞാന്‍ എന്‍റെ സങ്കടം തിരുമുമ്പില്‍ പകരുന്നു.
അവിടുത്തോട് എന്‍റെ ദുരിതങ്ങള്‍ വിവരിക്കുന്നു.

3
മനം തളരുമ്പോള്‍, ഞാന്‍ പോകേണ്ട വഴി അവിടുന്ന് അറിയുന്നു.
എന്‍റെ പാതയില്‍ അവര്‍ കെണി വച്ചിരിക്കുന്നു.

4
ഞാന്‍ വലത്തോട്ടു നോക്കി കാത്തിരിക്കുന്നു.
എന്നെ ആരും ശ്രദ്ധിക്കുന്നില്ല.
ഒരു ആശ്രയസ്ഥാനവും എനിക്ക് അവശേഷിക്കുന്നില്ല.
ആരും എന്നെ ഗൗനിക്കുന്നുമില്ല.

5
സര്‍വേശ്വരാ, ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു.
“അങ്ങാണെന്‍റെ അഭയം, ജീവിക്കുന്നവരുടെ ദേശത്തെ എന്‍റെ ഓഹരിയും അവിടുന്നാകുന്നു.

6
എന്‍റെ നിലവിളി ശ്രദ്ധിക്കണമേ,
ഞാന്‍ ഏറ്റവും തകര്‍ന്നിരിക്കുന്നു.
പീഡകരില്‍നിന്ന് എന്നെ രക്ഷിക്കണമേ.
അവര്‍ എന്നെക്കാള്‍ ശക്തരാണല്ലോ.

7
കാരാഗൃഹത്തില്‍നിന്ന് എന്നെ മോചിപ്പിക്കണമേ,
ഞാന്‍ അങ്ങയുടെ നാമത്തിനു സ്തോത്രം അര്‍പ്പിക്കട്ടെ.
അവിടുന്ന് എന്നോടു കാരുണ്യം കാണിക്കുന്നതുകൊണ്ടു,
നീതിമാന്മാര്‍ എന്‍റെ ചുറ്റും കൂടും.”

143

1

ദാവീദിന്‍റെ സങ്കീര്‍ത്തനം

സര്‍വേശ്വരാ, എന്‍റെ പ്രാര്‍ഥന കേള്‍ക്കണമേ,
എന്‍റെ യാചന ശ്രദ്ധിക്കണമേ.
അവിടുന്ന് എനിക്ക് ഉത്തരമരുളണമേ.
അവിടുന്നു വിശ്വസ്തനും നീതിമാനുമല്ലോ.

2
ഈ ദാസനെ ന്യായവിധിക്ക് ഏല്പിക്കരുതേ.
ഒരുവനും തിരുസന്നിധിയില്‍ നീതിമാനല്ലല്ലോ.

3
ശത്രു എന്നെ പിന്തുടരുന്നു,
അവന്‍ എന്നെ പൂര്‍ണമായി കീഴ്പെടുത്തിയിരിക്കുന്നു.
പണ്ടേ മരിച്ചവനെപ്പോലെ അവന്‍ എന്നെ ഇരുട്ടില്‍ തള്ളിയിരിക്കുന്നു.

4
ഞാന്‍ ആകെ തളര്‍ന്നിരിക്കുന്നു.
ഞാന്‍ നിരാശനായിത്തീര്‍ന്നിരിക്കുന്നു.

5
കഴിഞ്ഞ നാളുകള്‍ ഞാന്‍ ഓര്‍ക്കുന്നു.
അവിടുന്നു ചെയ്ത എല്ലാ പ്രവൃത്തികളെയും ഞാന്‍ ധ്യാനിക്കുന്നു.
അവിടുത്തെ പ്രവൃത്തികള്‍ ഞാന്‍ ചിന്തിക്കുന്നു.

6
ഞാന്‍ അങ്ങയുടെ അടുക്കലേക്കു കൈകള്‍ നീട്ടുന്നു.
ഉണങ്ങിവരണ്ട നിലംപോലെ ഞാന്‍ അങ്ങേക്കായി ദാഹിക്കുന്നു.

7
സര്‍വേശ്വരാ, വേഗം എനിക്ക് ഉത്തരമരുളണമേ.
ഞാന്‍ ആകെ തളര്‍ന്നിരിക്കുന്നു.
അങ്ങയുടെ മുഖം എന്നില്‍നിന്നു മറയ്‍ക്കരുതേ.
അല്ലെങ്കില്‍ ഞാന്‍ പാതാളത്തില്‍ പതിക്കുന്നവരെപ്പോലെ ആകുമല്ലോ.

8
പ്രഭാതത്തില്‍ അങ്ങയുടെ അചഞ്ചലസ്നേഹത്തെക്കുറിച്ച് എന്നെ കേള്‍പ്പിക്കണമേ.
ഞാന്‍ അങ്ങയില്‍ ആശ്രയിക്കുന്നുവല്ലോ.
ഞാന്‍ പോകേണ്ട വഴി എനിക്കു കാണിച്ചു തരണമേ.
അങ്ങയോടാണല്ലോ ഞാന്‍ പ്രാര്‍ഥിക്കുന്നത്.

9
സര്‍വേശ്വരാ, ശത്രുക്കളില്‍നിന്ന് എന്നെ രക്ഷിക്കണമേ.
അഭയം തേടി ഞാന്‍ അങ്ങയുടെ അടുക്കലേക്ക് ഓടിവരുന്നു.

10
തിരുഹിതം നിറവേറ്റാന്‍ എന്നെ പഠിപ്പിക്കണമേ.
അവിടുന്നാണല്ലോ എന്‍റെ ദൈവം.
അങ്ങയുടെ നല്ല ആത്മാവ് എന്നെ സുരക്ഷിതമായ പാതയിലൂടെ നയിക്കട്ടെ.

11
സര്‍വേശ്വരാ, തിരുനാമത്തെപ്രതി എന്നെ പരിപാലിക്കണമേ.
അവിടുത്തെ നീതിയാല്‍ എന്നെ കഷ്ടതയില്‍ നിന്നു വിടുവിക്കണമേ.

12
എന്നോടുള്ള അവിടുത്തെ അചഞ്ചലസ്നേഹത്താല്‍,
എന്‍റെ ശത്രുക്കളെ സംഹരിക്കണമേ.
എന്‍റെ സകല വൈരികളെയും നശിപ്പിക്കണമേ.
ഞാന്‍ അങ്ങയുടെ ദാസനല്ലോ.

144

1

ദാവീദിന്‍റെ സങ്കീര്‍ത്തനം

എന്‍റെ അഭയശിലയായ സര്‍വേശ്വരന്‍ വാഴ്ത്തപ്പെടട്ടെ.
അവിടുന്ന് എന്നെ യുദ്ധമുറകള്‍ പരിശീലിപ്പിക്കുന്നു.
പട പൊരുതാന്‍ എന്നെ അഭ്യസിപ്പിക്കുന്നു.

2
അവിടുന്ന് എന്‍റെ അഭയശിലയും എന്‍റെ കോട്ടയുമാണ്.
എന്‍റെ അഭയസങ്കേതവും രക്ഷകനും പരിചയും അവിടുന്നാണ്,
അങ്ങയില്‍ ഞാന്‍ ശരണപ്പെടുന്നു.
അവിടുന്നു ജനതകളെ കീഴടക്കുന്നു.

3
സര്‍വേശ്വരാ, അവിടുന്നു മനുഷ്യനെ ഓര്‍ക്കുവാന്‍ അവന് എന്തു മേന്മ?
അവിടുത്തെ പരിഗണന ലഭിക്കുവാന്‍ അവന് എന്ത് അര്‍ഹത?

4
മനുഷ്യന്‍ ഒരു ശ്വാസത്തിനു തുല്യനാണ്;
അവന്‍റെ ജീവിതം കടന്നുപോകുന്ന നിഴല്‍ പോലെയാകുന്നു.

5
സര്‍വേശ്വരാ, അങ്ങ് ആകാശം ഭേദിച്ചു ഇറങ്ങിവരണമേ.
അവിടുന്നു പര്‍വതങ്ങളെ സ്പര്‍ശിക്കണമേ; അവ പുകയട്ടെ.

6
അവിടുന്നു മിന്നല്‍ അയച്ചു ശത്രുക്കളെ ചിതറിക്കണമേ,
അസ്ത്രങ്ങള്‍ അയച്ച് അവരെ തുരത്തണമേ.

7
അവിടുന്ന് ഉയരത്തില്‍നിന്നു കൈ നീട്ടി,
പെരുവെള്ളത്തില്‍നിന്ന് എന്നെ വലിച്ചെടുക്കണമേ.
അന്യജനതകളുടെ പിടിയില്‍നിന്ന് എന്നെ രക്ഷിക്കണമേ.

8
അവര്‍ വ്യാജം സംസാരിക്കുന്നു.
വലങ്കൈ ഉയര്‍ത്തി കള്ളസ്സത്യം ചെയ്യുന്നു.

9
ദൈവമേ, ഞാന്‍ അങ്ങേക്കു പുതിയ പാട്ടു പാടും.
പത്തു കമ്പിയുള്ള വീണ മീട്ടി ഞാന്‍ അങ്ങയെ സ്തുതിക്കും.

10
അവിടുന്നാണ് രാജാക്കന്മാര്‍ക്കു വിജയം നല്‌കുന്നത്.
അവിടുന്നാണ് അവിടുത്തെ ദാസനായ ദാവീദിനെ രക്ഷിക്കുന്നത്.

11
ക്രൂരരായ ശത്രുക്കളില്‍നിന്ന് എന്നെ രക്ഷിക്കണമേ.
വിജാതീയരുടെ കൈയില്‍നിന്ന് എന്നെ മോചിപ്പിക്കണമേ.
അവര്‍ വ്യാജം സംസാരിക്കുന്നു.
വലങ്കൈ ഉയര്‍ത്തി കള്ളസ്സത്യം ചെയ്യുന്നു.

12
ഞങ്ങളുടെ പുത്രന്മാര്‍ മുളയിലേ തഴച്ചുവളരുന്ന ചെടികള്‍പോലെയും
ഞങ്ങളുടെ പുത്രിമാര്‍ കൊട്ടാരത്തിലെ ശില്പസുന്ദരമായ തൂണുകള്‍പോലെയും ആയിരിക്കട്ടെ.

13
എല്ലാവിധ ധാന്യങ്ങള്‍കൊണ്ടും ഞങ്ങളുടെ കളപ്പുരകള്‍ നിറഞ്ഞിരിക്കട്ടെ.
ഞങ്ങളുടെ ആടുകള്‍ മേച്ചില്‍പ്പുറങ്ങളില്‍ ആയിരവും പതിനായിരവുമായി പെരുകട്ടെ.

14
ഞങ്ങളുടെ കന്നുകാലികള്‍ വന്ധ്യതയോ
അകാലപ്രസവമോ ഇല്ലാതെ സമൃദ്ധമായി വര്‍ധിക്കട്ടെ.
ഞങ്ങളുടെ തെരുവീഥികളില്‍ ദീനരോദനം കേള്‍ക്കാതിരിക്കട്ടെ.

15
ഇപ്രകാരം അനുഗ്രഹിക്കപ്പെട്ട ജനം ഭാഗ്യമുള്ളത്.
സര്‍വേശ്വരന്‍ ദൈവമായുള്ള ജനത അനുഗ്രഹിക്കപ്പെട്ടത്.

145

1

ദാവീദിന്‍റെ സങ്കീര്‍ത്തനം

“എന്‍റെ ദൈവവും രാജാവും ആയ അങ്ങയെ ഞാന്‍ പ്രകീര്‍ത്തിക്കും.
തിരുനാമത്തെ ഞാന്‍ എന്നും വാഴ്ത്തും.

2
ദിനംതോറും അങ്ങയെ ഞാന്‍ സ്തുതിക്കും;
തിരുനാമത്തെ ഞാന്‍ എന്നേക്കും പ്രകീര്‍ത്തിക്കും.

3
സര്‍വേശ്വരന്‍ വലിയവനും അത്യന്തം സ്തുത്യനുമാണ്.
അവിടുത്തെ മഹത്ത്വം ബുദ്ധിക്ക് അഗോചരമത്രേ.

4
തലമുറ അടുത്ത തലമുറയോട് അവിടുത്തെ പ്രവൃത്തികളെ പ്രഘോഷിക്കും.
അങ്ങു പ്രവര്‍ത്തിച്ച മഹാകാര്യങ്ങള്‍ അവര്‍ പ്രസ്താവിക്കും.

5
അവിടുത്തെ പ്രതാപത്തിന്‍റെ തേജസ്സുറ്റ മഹത്ത്വത്തെയും
അദ്ഭുതപ്രവൃത്തികളെയും ഞാന്‍ ധ്യാനിക്കും.

6
അങ്ങയുടെ വിസ്മയാവഹമായ പ്രവൃത്തികളുടെ ശക്തിയെപ്പറ്റി,
മനുഷ്യര്‍ പ്രസ്താവിക്കും.
അങ്ങയുടെ മഹത്ത്വം ഞാന്‍ പ്രഘോഷിക്കും.

7
അവിടുത്തെ ബഹുലമായ നന്മയെ അവര്‍ പ്രകീര്‍ത്തിക്കും.
അവര്‍ അങ്ങയുടെ നീതിയെക്കുറിച്ച് ഉച്ചത്തില്‍ പാടും.

8
സര്‍വേശ്വരന്‍ കാരുണ്യവാനും കൃപാലുവുമാകുന്നു.
അവിടുന്നു ക്ഷമിക്കുന്നവനും സ്നേഹസമ്പന്നനുമാണ്.

9
സര്‍വേശ്വരന്‍ എല്ലാവര്‍ക്കും നല്ലവനാകുന്നു.
തന്‍റെ സര്‍വസൃഷ്‍ടികളോടും അവിടുന്നു കരുണ കാണിക്കുന്നു.

10
പരമനാഥാ, അങ്ങയുടെ സകല സൃഷ്‍ടികളും അങ്ങേക്കു സ്തോത്രം അര്‍പ്പിക്കും.
അങ്ങയുടെ സകല ഭക്തന്മാരും അങ്ങയെ വാഴ്ത്തും.

11
അങ്ങയുടെ രാജ്യത്തിന്‍റെ മഹത്ത്വത്തെക്കുറിച്ച് അവര്‍ സംസാരിക്കും.
അങ്ങയുടെ ശക്തിയെ അവര്‍ വിവരിക്കും.

12
അങ്ങനെ അവര്‍ അങ്ങയുടെ ശക്തമായ പ്രവര്‍ത്തനങ്ങളെക്കുറിച്ചും,
അങ്ങയുടെ രാജ്യത്തിന്‍റെ മഹത്ത്വപൂര്‍വമായ പ്രതാപത്തെക്കുറിച്ചും,
എല്ലാ മനുഷ്യരെയും അറിയിക്കും.

13
അങ്ങയുടെ രാജത്വം ശാശ്വതമാണ്.
അങ്ങയുടെ ആധിപത്യം എന്നേക്കും നിലനില്‌ക്കുന്നു.
വാഗ്ദാനങ്ങളില്‍ അവിടുന്നു വിശ്വസ്തനാകുന്നു.
സകല പ്രവൃത്തികളിലും അവിടുന്നു കൃപാലുവുമാകുന്നു.

14
നിരാശരായിരിക്കുന്നവരെ സര്‍വേശ്വരന്‍ സഹായിക്കുന്നു.
വീണുപോകുന്നവരെ അവിടുന്നു എഴുന്നേല്പിക്കുന്നു.

15
എല്ലാവരും അങ്ങയെ പ്രത്യാശയോടെ നോക്കുന്നു.
യഥാസമയം അങ്ങ് അവര്‍ക്ക് ആഹാരം കൊടുക്കുന്നു.

16
തൃക്കൈ തുറന്നു നല്‌കുമ്പോള്‍ അവര്‍ സംതൃപ്തരാകുന്നു.

17
സകല വഴികളിലും അവിടുന്നു നീതിനിഷ്ഠനും,
സകല പ്രവൃത്തികളിലും അവിടുന്നു കൃപാലുവുമാകുന്നു.

18
സര്‍വേശ്വരന്‍ തന്നെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക്
പരമാര്‍ഥഹൃദയത്തോടെ വിളിച്ചപേക്ഷിക്കുന്നവര്‍ക്കു സമീപസ്ഥനാകുന്നു.

19
അവിടുത്തെ ഭക്തന്മാരുടെ ആഗ്രഹം അവിടുന്നു നിറവേറ്റുന്നു.
അവരുടെ നിലവിളി കേട്ട് അവരെ രക്ഷിക്കുന്നു.

20
തന്നെ സ്നേഹിക്കുന്ന ഏവരെയും അവിടുന്നു പരിപാലിക്കുന്നു.
എന്നാല്‍ സകല ദുഷ്ടന്മാരെയും അവിടുന്നു നശിപ്പിക്കും.

21
ഞാന്‍ സര്‍വേശ്വരനെ പ്രകീര്‍ത്തിക്കും.
സര്‍വജീവജാലങ്ങളും അവിടുത്തെ വിശുദ്ധനാമത്തെ വാഴ്ത്തട്ടെ!

146

1

സര്‍വേശ്വരനെ സ്തുതിക്കുവിന്‍,
എന്‍റെ ആത്മാവേ, സര്‍വേശ്വരനെ സ്തുതിക്കുക,

2
എന്‍റെ ആയുഷ്കാലം മുഴുവന്‍ ഞാന്‍ സര്‍വേശ്വരനെ സ്തുതിക്കും.
ജീവകാലം മുഴുവന്‍ ഞാന്‍ എന്‍റെ ദൈവത്തിനു സ്തുതിഗീതം പാടും.

3
പ്രഭുക്കന്മാരില്‍ ആശ്രയം വയ്‍ക്കരുത്;
മനുഷ്യരില്‍ ശരണപ്പെടരുത്;
അവര്‍ക്ക് സഹായിക്കാന്‍ കഴിയുകയില്ല.

4
ശ്വാസം പോകുമ്പോള്‍ അവര്‍ മണ്ണിലേക്കു മടങ്ങുന്നു.
അതോടെ അവരുടെ പദ്ധതികളും ഇല്ലാതാകുന്നു.

5
യാക്കോബിന്‍റെ ദൈവം തുണയായിട്ടുള്ളവന്‍,
തന്‍റെ ദൈവമായ സര്‍വേശ്വരനില്‍ പ്രത്യാശ വയ്‍ക്കുന്നവന്‍, അനുഗൃഹീതന്‍.

6
അവിടുന്നാണ് ആകാശവും ഭൂമിയും
സമുദ്രവും അവയിലുള്ള സമസ്തവും സൃഷ്‍ടിച്ചത്.
അവിടുന്ന് എന്നേക്കും വിശ്വസ്തത പാലിക്കുന്നു.

7
അവിടുന്നു പീഡിതര്‍ക്ക് നീതി നടത്തിക്കൊടുക്കുന്നു.
വിശക്കുന്നവര്‍ക്ക് ആഹാരം നല്‌കുന്നു.
സര്‍വേശ്വരന്‍ ബദ്ധരെ മോചിപ്പിക്കുന്നു.

8
സര്‍വേശ്വരന്‍ അന്ധര്‍ക്കു കാഴ്ച നല്‌കുന്നു.
അവിടുന്നു കൂനുള്ളവരെ നേരെ നില്‌ക്കുമാറാക്കുന്നു,
നീതിമാന്മാരെ സ്നേഹിക്കുന്നു.

9
സര്‍വേശ്വരന്‍ പരദേശികളെ പരിപാലിക്കുന്നു.
അനാഥരെയും വിധവകളെയും അവിടുന്നു സംരക്ഷിക്കുന്നു.
എന്നാല്‍ അവിടുന്നു ദുഷ്ടന്മാരുടെ വഴികളെ നാശത്തിലേക്കു നയിക്കുന്നു.

10
സര്‍വേശ്വരന്‍ എന്നേക്കും രാജാവായി വാഴുന്നു.
സീയോനേ, നിന്‍റെ ദൈവം എക്കാലവും വാഴും.
സര്‍വേശ്വരനെ സ്തുതിക്കുവിന്‍.

147

1

സര്‍വേശ്വരനെ സ്തുതിക്കുവിന്‍!
നമ്മുടെ ദൈവത്തിനു സ്തുതിഗീതം ആലപിക്കുന്നത് എത്ര ഉചിതം!
കാരുണ്യവാനായ അവിടുത്തെ പാടി സ്തുതിക്കുന്നത് ഉചിതംതന്നെ.

2
സര്‍വേശ്വരന്‍ യെരൂശലേമിനെ പണിയുന്നു.
അവിടുന്നു പ്രവാസികളായ ഇസ്രായേല്യരെ തിരികെ കൊണ്ടുവരുന്നു.

3
മനം തകര്‍ന്നവര്‍ക്ക് അവിടുന്നു സൗഖ്യം നല്‌കുന്നു.
അവരുടെ മുറിവുകള്‍ വച്ചുകെട്ടുന്നു.

4
അവിടുന്നു നക്ഷത്രങ്ങളുടെ എണ്ണം നിശ്ചയിക്കുന്നു.
അവയ്‍ക്കെല്ലാം അവിടുന്നു പേരു നല്‌കുന്നു.

5
നമ്മുടെ സര്‍വേശ്വരന്‍ വലിയവനും സര്‍വശക്തനുമാകുന്നു.
അവിടുത്തെ ജ്ഞാനത്തിന് അതിരില്ല.

6
സര്‍വേശ്വരന്‍ എളിയവരെ ഉയര്‍ത്തുന്നു.
അവിടുന്നു ദുഷ്ടരെ നിലംപരിചാക്കുന്നു.

7
സര്‍വേശ്വരനു സ്തോത്രഗീതം ആലപിക്കുവിന്‍;
കിന്നരം മീട്ടി നമ്മുടെ ദൈവത്തെ സ്തുതിക്കുവിന്‍;

8
അവിടുന്നു ആകാശത്തെ മേഘംകൊണ്ടു മൂടുന്നു
അവിടുന്നു ഭൂമിക്കു മഴ നല്‌കുന്നു.
മലകളില്‍ പുല്ലു മുളപ്പിക്കുന്നു.

9
അവിടുന്നു മൃഗങ്ങള്‍ക്കും കരയുന്ന കാക്കക്കുഞ്ഞുങ്ങള്‍ക്കും ആഹാരം നല്‌കുന്നു.

10
അശ്വബലത്തിലോ യോദ്ധാക്കളുടെ
ഭുജബലത്തിലോ അവിടുന്നു സന്തോഷിക്കുന്നില്ല.

11
അവിടുത്തെ ഭയപ്പെടുകയും അവിടുത്തെ അചഞ്ചലസ്നേഹത്തില്‍
ശരണപ്പെടുകയും ചെയ്യുന്നവരിലാണ് സര്‍വേശ്വരന്‍ പ്രസാദിക്കുന്നത്.

12
യെരൂശലേമേ, സര്‍വേശ്വരനെ സ്തുതിക്കുക,
സീയോനേ, നിന്‍റെ ദൈവത്തെ പ്രകീര്‍ത്തിക്കുക.

13
അവിടുന്നു നിന്‍റെ കവാടങ്ങളുടെ ഓടാമ്പലുകളെ ഉറപ്പിക്കുന്നു.
നിന്‍റെ കോട്ടയ്‍ക്കുള്ളിലെ ജനത്തെ അവിടുന്നു അനുഗ്രഹിക്കുന്നു.

14
അവിടുന്നു നിന്‍റെ അതിര്‍ത്തികളില്‍ സമാധാനം കൈവരുത്തുന്നു.
മേത്തരം കോതമ്പുകൊണ്ടു നിനക്കു തൃപ്തി വരുത്തുന്നു.

15
സര്‍വേശ്വരന്‍ ഭൂമിയിലേക്ക് ആജ്ഞ അയയ്‍ക്കുന്നു.
അവിടുത്തെ വചനം പാഞ്ഞെത്തുന്നു.

16
അവിടുന്നു പഞ്ഞിപോലെ മഞ്ഞു പെയ്യിക്കുന്നു.
ചാരംപോലെ തൂമഞ്ഞ് വിതറുന്നു.

17
അവിടുന്ന് മഞ്ഞുകട്ട അപ്പംപോലെ വീഴ്ത്തുന്നു.
അവിടുന്ന് അയയ്‍ക്കുന്ന ശൈത്യം സഹിച്ചുനില്‌ക്കാന്‍ ആര്‍ക്കു കഴിയും?

18
അവിടുത്തെ കല്പനയാല്‍ അവ ഉരുകുന്നു.
അവിടുന്നു കാറ്റടിപ്പിച്ചു വെള്ളത്തെ ഒഴുക്കുന്നു.

19
അവിടുന്നു യാക്കോബ്‍വംശജര്‍ക്കു തന്‍റെ കല്പനകളും
ഇസ്രായേല്‍ജനത്തിനു തന്‍റെ ചട്ടങ്ങളും പ്രമാണങ്ങളും നല്‌കുന്നു.

20
മറ്റൊരു ജനതയ്‍ക്കുവേണ്ടിയും അവിടുന്ന് ഇങ്ങനെ പ്രവര്‍ത്തിച്ചിട്ടില്ല.
അവിടുത്തെ പ്രമാണങ്ങള്‍ അവര്‍ക്ക് അറിഞ്ഞുകൂടാ,
സര്‍വേശ്വരനെ സ്തുതിക്കുവിന്‍!

148

1

സര്‍വേശ്വരനെ സ്തുതിക്കുവിന്‍,
സ്വര്‍ഗത്തില്‍നിന്നു സര്‍വേശ്വരനെ സ്തുതിക്കുവിന്‍.
ഉന്നതങ്ങളില്‍നിന്ന് അവിടുത്തെ സ്തുതിക്കുവിന്‍.

2
അവിടുത്തെ ദൂതന്മാരേ, സര്‍വേശ്വരനെ സ്തുതിക്കുവിന്‍.
സ്വര്‍ഗീയ സേനകളേ, അവിടുത്തെ സ്തുതിക്കുവിന്‍.

3
സൂര്യചന്ദ്രന്മാരേ, അവിടുത്തെ സ്തുതിക്കുവിന്‍
മിന്നുന്ന നക്ഷത്രങ്ങളേ, അവിടുത്തെ സ്തുതിക്കുവിന്‍

4
അത്യുന്നത സ്വര്‍ഗമേ, അവിടുത്തെ സ്തുതിക്കുവിന്‍.
ആകാശത്തിനു മീതെയുള്ള ജലരാശിയേ, അവിടുത്തെ സ്തുതിക്കുവിന്‍.

5
അവ സര്‍വേശ്വരന്‍റെ നാമത്തെ സ്തുതിക്കട്ടെ.
അവിടുന്നു കല്പിച്ചു, അവ സൃഷ്‍ടിക്കപ്പെട്ടു.

6
അവിടുന്ന് അവയെ ശാശ്വതമായി സ്ഥാപിച്ചിരിക്കുന്നു.
അവയ്‍ക്ക് അലംഘനീയമായ അതിര്‍ത്തികള്‍
അവിടുന്നു നിശ്ചയിച്ചിരിക്കുന്നു.

7
ഭൂമിയില്‍നിന്നു സര്‍വേശ്വരനെ സ്തുതിക്കുവിന്‍.
കടലിലെ ഭീകരജന്തുക്കളും അഗാധങ്ങളും അവിടുത്തെ സ്തുതിക്കട്ടെ.

8
അഗ്നിയും കന്മഴയും മഞ്ഞും പൊടിമഞ്ഞും അവിടുത്തെ ആജ്ഞ നിറവേറ്റുന്ന
കൊടുങ്കാറ്റും അവിടുത്തെ സ്തുതിക്കട്ടെ.

9
പര്‍വതങ്ങളും കുന്നുകളും ഫലവൃക്ഷങ്ങളും ദേവദാരുക്കളും

10
മൃഗങ്ങളും കന്നുകാലികളും ഇഴജന്തുക്കളും പറവകളും സര്‍വേശ്വരനെ സ്തുതിക്കട്ടെ.

11
ഭൂമിയിലെ രാജാക്കന്മാരും ജനതകളും
പ്രഭുക്കന്മാരും അധിപതികളും അവിടുത്തെ സ്തുതിക്കട്ടെ.

12
യുവാക്കളും യുവതികളും വൃദ്ധരും കുട്ടികളും സര്‍വേശ്വരന്‍റെ നാമത്തെ സ്തുതിക്കട്ടെ.

13
അവിടുത്തെ നാമം മാത്രമാണ് അത്യുന്നതം.
അവിടുത്തെ മഹത്ത്വം ഭൂമിയെയും ആകാശത്തെയുംകാള്‍ ഉയര്‍ന്നിരിക്കുന്നു.

14
അവിടുന്നു തന്‍റെ ജനത്തിന് ഒരു കൊമ്പ് ഉയര്‍ത്തിയിരിക്കുന്നു.
തന്നോടു ചേര്‍ന്നു നില്‌ക്കുന്ന ഇസ്രായേല്‍ജനത്തിന്‍റെ മഹത്ത്വത്തിനായി തന്നെ.
സര്‍വേശ്വരനെ സ്തുതിക്കുവിന്‍!

149

1

സര്‍വേശ്വരനെ സ്തുതിക്കുവിന്‍,
സര്‍വേശ്വരന് ഒരു പുതിയ പാട്ടു പാടുവിന്‍.
ഭക്തന്മാരുടെ സഭയില്‍ അവിടുത്തെ പ്രകീര്‍ത്തിക്കുവിന്‍.

2
ഇസ്രായേല്‍ തങ്ങളുടെ സ്രഷ്ടാവില്‍ സന്തോഷിക്കട്ടെ.
സീയോന്‍നിവാസികള്‍ തങ്ങളുടെ രാജാവില്‍ ആനന്ദിക്കട്ടെ.

3
അവര്‍ നൃത്തം ചെയ്തുകൊണ്ടു തിരുനാമത്തെ സ്തുതിക്കട്ടെ.
തപ്പു കൊട്ടിയും കിന്നരം മീട്ടിയും അവര്‍ അവിടുത്തെ പ്രകീര്‍ത്തിക്കട്ടെ.

4
സര്‍വേശ്വരന്‍ തന്‍റെ ജനത്തില്‍ പ്രസാദിക്കുന്നു
എളിയവരെ അവിടുന്നു വിജയം അണിയിക്കുന്നു.

5
ഭക്തന്മാര്‍ തങ്ങളുടെ വിജയത്തില്‍ ആഹ്ലാദിക്കട്ടെ.
അവര്‍ തങ്ങളുടെ ശയ്യകളില്‍ ആനന്ദംകൊണ്ടു പാടട്ടെ.

6
അവര്‍ ഇരുവായ്ത്തലയുള്ള വാള്‍ കൈയിലേന്തി
ഉച്ചത്തില്‍ ദൈവത്തെ സ്തുതിക്കട്ടെ.

7
ജനതകളുടെമേല്‍ പ്രതികാരം നടത്താനും
രാജ്യങ്ങള്‍ക്കു ശിക്ഷ നല്‌കാനും

8
അവരുടെ രാജാക്കന്മാരെ ചങ്ങലകൊണ്ടും
പ്രഭുക്കന്മാരെ ഇരുമ്പുവിലങ്ങുകൊണ്ടും ബന്ധിക്കേണ്ടതിനും തന്നെ.

9
അങ്ങനെ എഴുതപ്പെട്ടിരിക്കുന്ന ന്യായവിധി അവരുടെമേല്‍ നടത്തട്ടെ.
ഇത് അവിടുത്തെ സകല ഭക്തന്മാര്‍ക്കും മഹത്ത്വകരമാണ്.
സര്‍വേശ്വരനെ സ്തുതിക്കുവിന്‍.

150

1

സര്‍വേശ്വരനെ സ്തുതിക്കുവിന്‍.
വിശുദ്ധമന്ദിരത്തില്‍ അവിടുത്തെ സ്തുതിക്കുവിന്‍;
ബലിഷ്ഠമായ ആകാശവിതാനത്തില്‍ അവിടുത്തെ സ്തുതിക്കുവിന്‍.

2
തന്‍റെ വീര്യപ്രവൃത്തികള്‍ നിമിത്തം അവിടുത്തെ സ്തുതിക്കുവിന്‍.
തന്‍റെ അളവറ്റ മഹത്ത്വത്തിനു ചേര്‍ന്നവിധം അവിടുത്തെ സ്തുതിക്കുവിന്‍.

3
കാഹളനാദത്തോടെ അവിടുത്തെ സ്തുതിക്കുവിന്‍;
വീണയും കിന്നരവും മീട്ടി അവിടുത്തെ സ്തുതിക്കുവിന്‍.

4
തപ്പു കൊട്ടിയും നൃത്തം ചെയ്തും അവിടുത്തെ സ്തുതിക്കുവിന്‍.
തന്ത്രികളും കുഴലുകളുംകൊണ്ട് അവിടുത്തെ സ്തുതിക്കുവിന്‍.

5
ഇലത്താളം കൊട്ടി അവിടുത്തെ സ്തുതിക്കുവിന്‍;
ഉച്ചനാദമുള്ള ഇലത്താളം കൊട്ടി അവിടുത്തെ സ്തുതിക്കുവിന്‍.

6
സര്‍വജീവജാലങ്ങളും സര്‍വേശ്വരനെ സ്തുതിക്കട്ടെ;
സര്‍വേശ്വരനെ സ്തുതിക്കുവിന്‍.