1

1

ഊസ്ദേശത്ത് ഇയ്യോബ് എന്നൊരാള്‍ ഉണ്ടായിരുന്നു; നിഷ്കളങ്കനും നീതിനിഷ്ഠനും ദൈവഭക്തനും തിന്മ തീണ്ടാത്തവനുമായിരുന്നു അദ്ദേഹം.

2 ഏഴു പുത്രന്മാരും മൂന്നു പുത്രിമാരും അദ്ദേഹത്തിനു ജനിച്ചു.

3 ഏഴായിരം ആടും മൂവായിരം ഒട്ടകവും അഞ്ഞൂറു ജോടി കാളയും അഞ്ഞൂറു പെണ്‍കഴുതയും കൂടാതെ ഒട്ടുവളരെ ഭൃത്യഗണങ്ങളും ഉണ്ടായിരുന്നു; പൂര്‍വദേശക്കാരില്‍ ഏറ്റവും മഹാനായിരുന്നു അദ്ദേഹം.

4 ഇയ്യോബിന്‍റെ പുത്രന്മാര്‍ ഓരോരുത്തരും തവണവച്ചു തങ്ങളുടെ വീടുകളില്‍ വിരുന്നുസല്‍ക്കാരം നടത്തിപ്പോന്നു. തങ്ങളോടൊത്തു ഭക്ഷിച്ചുല്ലസിക്കാന്‍ അവര്‍ മൂന്നു സഹോദരിമാരെയും ക്ഷണിച്ചിരുന്നു.

5 വിരുന്നിനിടയില്‍ പുത്രന്മാര്‍ പാപം ചെയ്യുകയും മനസ്സുകൊണ്ടു ദൈവത്തെ അനാദരിക്കുകയും ചെയ്തിരിക്കും എന്നു കരുതി ഇയ്യോബ് അവരെ വിളിച്ചു വരുത്തി ശുദ്ധീകരിക്കുകയും അതിരാവിലെതന്നെ എഴുന്നേറ്റ് ഓരോരുത്തര്‍ക്കുംവേണ്ടി ഹോമയാഗം അര്‍പ്പിക്കുകയും പതിവായിരുന്നു.

6

ഒരുനാള്‍ പതിവുപോലെ മാലാഖമാര്‍ സര്‍വേശ്വരന്‍റെ സന്നിധിയിലെത്തി. അവരുടെ കൂട്ടത്തില്‍ സാത്താനും ഉണ്ടായിരുന്നു.

7 സര്‍വേശ്വരന്‍ സാത്താനോടു ചോദിച്ചു: “നീ എവിടെനിന്നു വരുന്നു?” സാത്താന്‍ പറഞ്ഞു: “ഞാന്‍ ഭൂമിയില്‍ എല്ലായിടവും ചുറ്റി സഞ്ചരിച്ചശേഷം വരുന്നു.”

8 അവിടുന്നു വീണ്ടും ചോദിച്ചു: “നീ എന്‍റെ ദാസനായ ഇയ്യോബിന്മേല്‍ നോട്ടം വച്ചിരിക്കുന്നുവോ? അവനെപ്പോലെ നിഷ്കളങ്കനും നീതിനിഷ്ഠനും ദൈവഭക്തനും തിന്മ തീണ്ടാത്തവനുമായി ആരും ഭൂമിയിലില്ല.”

9 അപ്പോള്‍ സാത്താന്‍ സര്‍വേശ്വരനോടു പറഞ്ഞു: “ഇയ്യോബ് ദൈവഭക്തനായിരിക്കുന്നതു വെറുതെയോ?

10 അവിടുന്ന് അയാള്‍ക്കും അയാളുടെ ഭവനത്തിനും സമ്പത്തിനും വേലി കെട്ടി സംരക്ഷണം നല്‌കിയിരിക്കുന്നല്ലോ. അങ്ങ് അയാളുടെ പ്രയത്നങ്ങളെ അനുഗ്രഹിച്ചിരിക്കുന്നു; അയാളുടെ മൃഗസമ്പത്ത് ദേശത്തു പെരുകിയിരിക്കുന്നു.

11 തൃക്കൈ നീട്ടി അയാളുടെ സമ്പത്തൊക്കെയും എടുത്തുകളയുക. അയാള്‍ തിരുമുഖത്തു നോക്കി അങ്ങയെ ശപിക്കും.”

12 സര്‍വേശ്വരന്‍ സാത്താനോട്: “ഇതാ അവനുള്ളതെല്ലാം നിനക്കു വിട്ടുതന്നിരിക്കുന്നു. അവനെ മാത്രം നീ ഉപദ്രവിക്കരുത്” എന്നു പറഞ്ഞു. അങ്ങനെ സാത്താന്‍ സര്‍വേശ്വരന്‍റെ സന്നിധിയില്‍നിന്നു പോയി.

13

ഒരു ദിവസം ഇയ്യോബിന്‍റെ പുത്രന്മാരും പുത്രിമാരും തങ്ങളുടെ ജ്യേഷ്ഠസഹോദരന്‍റെ വീട്ടില്‍ വിരുന്നില്‍ പങ്കെടുക്കുകയായിരുന്നു.

14 അപ്പോള്‍ ഒരു ദൂതന്‍ ഇയ്യോബിന്‍റെ അടുക്കല്‍ വന്നു പറഞ്ഞു: “ഞങ്ങള്‍ കാളകളെ പൂട്ടി നിലം ഉഴുകയായിരുന്നു. കഴുതകള്‍ സമീപത്തു മേഞ്ഞുകൊണ്ടിരുന്നു.

15 അപ്പോള്‍ ശെബായര്‍ ചാടിവീണ് അവയെ പിടിച്ചുകൊണ്ടുപോയി; വേലക്കാരെ വാളിനിരയാക്കി. വിവരം അങ്ങയെ അറിയിക്കാന്‍ ഞാന്‍ മാത്രം രക്ഷപെട്ടു വന്നിരിക്കുന്നു.”

16 അയാള്‍ സംസാരിച്ചുകൊണ്ടിരിക്കെ മറ്റൊരുവന്‍ വന്നു പറഞ്ഞു: “ആകാശത്തുനിന്നു തീജ്വാല ഇറങ്ങി ആടുകളെയും ഭൃത്യരെയും ദഹിപ്പിച്ചുകളഞ്ഞു. വിവരം അങ്ങയെ അറിയിക്കാന്‍ ഞാന്‍ മാത്രം രക്ഷപെട്ടു പോന്നു.”

17 അയാള്‍ ഇതു പറഞ്ഞുകൊണ്ടിരിക്കെ മറ്റൊരാള്‍ വന്നു പറഞ്ഞു: “മൂന്നു സംഘം കല്‍ദായര്‍ വന്ന് ഒട്ടകങ്ങളെ പിടിച്ചുകൊണ്ടു പോകുകയും ഭൃത്യന്മാരെ വാളിനിരയാക്കുകയും ചെയ്തു. വിവരം അങ്ങയെ അറിയിക്കാന്‍ ഞാന്‍ മാത്രം രക്ഷപെട്ടു വന്നിരിക്കുന്നു.”

18 അയാള്‍ പറഞ്ഞു തീരുന്നതിനു മുമ്പു വേറൊരാള്‍ വന്ന് അറിയിച്ചു: “അങ്ങയുടെ പുത്രീപുത്രന്മാര്‍ ജ്യേഷ്ഠസഹോദരന്‍റെ ഗൃഹത്തില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്നു മരുഭൂമിയില്‍നിന്ന് ഒരു കൊടുങ്കാറ്റു വീശി;

19 അതു വീടിന്‍റെ നാലു മൂലയ്‍ക്കും ആഞ്ഞടിച്ചു. വീടു തകര്‍ന്നു വീണ് അങ്ങയുടെ മക്കളെല്ലാം മരിച്ചു. ഈ വിവരം അങ്ങയെ അറിയിക്കാന്‍ ഞാന്‍ മാത്രമേ ശേഷിച്ചുള്ളൂ.”

20 അപ്പോള്‍ ഇയ്യോബ് എഴുന്നേറ്റു വസ്ത്രം കീറി തല മുണ്ഡനം ചെയ്തു നിലത്തു സാഷ്ടാംഗം വീണു നമസ്കരിച്ചുകൊണ്ടു പറഞ്ഞു:

21 “ഞാന്‍ നഗ്നനായി അമ്മയുടെ ഉദരത്തില്‍നിന്നു വന്നു; നഗ്നനായിത്തന്നെ മടങ്ങിപ്പോകും. സര്‍വേശ്വരന്‍ തന്നു; സര്‍വേശ്വരന്‍ എടുത്തു; അവിടുത്തെ നാമം വാഴ്ത്തപ്പെടട്ടെ.”

22 ഇതെല്ലാമായിട്ടും ഇയ്യോബ് പാപം ചെയ്യുകയോ ദൈവത്തെ പഴിക്കുകയോ ചെയ്തില്ല.

2

1

പതിവുപോലെ മറ്റൊരു ദിവസം മാലാഖമാര്‍ സര്‍വേശ്വരന്‍റെ സന്നിധിയിലെത്തി. സാത്താനും അവരോടൊപ്പം അവിടെ എത്തി.

2 സര്‍വേശ്വരന്‍ സാത്താനോടു ചോദിച്ചു: “നീ എവിടെനിന്നു വരുന്നു?” “ഭൂമിയിലെല്ലാം ചുറ്റി സഞ്ചരിച്ചശേഷം വരികയാണ്” സാത്താന്‍ മറുപടി പറഞ്ഞു.

3 സര്‍വേശ്വരന്‍ അരുളിച്ചെയ്തു: “എന്‍റെ ദാസനായ ഇയ്യോബിന്‍റെമേല്‍ നീ കണ്ണു വച്ചിരിക്കുന്നുവോ? ഭൂമിയില്‍ അവനെപ്പോലെ നിഷ്കളങ്കനും നീതിനിഷ്ഠനും ദൈവഭക്തനും തിന്മ തീണ്ടാത്തവനുമായി ആരുമില്ല. അവനെ അകാരണമായി നശിപ്പിക്കാന്‍ നീ എന്‍റെ സമ്മതം വാങ്ങി. എങ്കിലും അവന്‍ ഇപ്പോഴും ഭക്തിയില്‍ ഉറച്ചുനില്‌ക്കുന്നു.”

4 സാത്താന്‍ സര്‍വേശ്വരനോടു പറഞ്ഞു: “ത്വക്കിനു പകരം ത്വക്ക്! മനുഷ്യന്‍ സ്വജീവനുവേണ്ടി തനിക്കുള്ളതെല്ലാം ഉപേക്ഷിക്കും.

5 അവിടുന്ന് ഇയ്യോബിനെ ശാരീരികമായി പീഡിപ്പിക്കുമോ? തീര്‍ച്ചയായും അയാള്‍ അവിടുത്തെ മുഖത്തുനോക്കി ദുഷിക്കും.”

6 അപ്പോള്‍ സര്‍വേശ്വരന്‍ പറഞ്ഞു: “ശരി, ഇതാ അവനെ നിന്‍റെ അധികാരത്തില്‍ വിട്ടിരിക്കുന്നു. എന്നാല്‍ അവനു ജീവാപായം വരുത്തരുത്.”

7 അങ്ങനെ സാത്താന്‍ സര്‍വേശ്വരന്‍റെ സന്നിധി വിട്ടുപോയി. ഇയ്യോബിന്‍റെ പാദം മുതല്‍ ശിരസ്സുവരെ ദേഹം ആസകലം വേദനിപ്പിക്കുന്ന വ്രണംകൊണ്ട് സാത്താന്‍ അദ്ദേഹത്തെ ദണ്ഡിപ്പിച്ചു.

8 ഇയ്യോബ് ചാരത്തിലിരുന്ന് ഒരു ഓട്ടുകഷണംകൊണ്ട് തന്‍റെ ശരീരം ചൊറിഞ്ഞുകൊണ്ടിരുന്നു.

9 അപ്പോള്‍ ഇയ്യോബിന്‍റെ ഭാര്യ പറഞ്ഞു: “നിങ്ങള്‍ ഇനിയും ദൈവത്തോടുള്ള ഭക്തിയില്‍ ഉറച്ചുനില്‌ക്കുന്നുവോ? ദൈവത്തെ ദുഷിച്ചിട്ടു മരിക്കുക.”

10 അതിന് അദ്ദേഹം ഇങ്ങനെ മറുപടി നല്‌കി. “ഭോഷത്തം പറയുന്നോ? ദൈവത്തില്‍നിന്നു നന്മ സ്വീകരിച്ച നാം തിന്മ സ്വീകരിക്കാന്‍ മടിക്കുകയോ?” ഇത്ര കഷ്ടതകള്‍ വന്നിട്ടും ഇയ്യോബ് അധരംകൊണ്ടു പാപം ചെയ്തില്ല.

11

തേമാന്യനായ എലീഫസ്, ശൂഹ്യനായ ബില്‍ദാദ്, നയമാത്യനായ സോഫര്‍ എന്നീ മൂന്നു സ്നേഹിതന്മാര്‍ ഇയ്യോബിനുണ്ടായ അനര്‍ഥത്തെപ്പറ്റി കേട്ടു. അവര്‍ ഇയ്യോബിനെ കണ്ടു സഹതാപം പ്രകടിപ്പിക്കാനും അദ്ദേഹത്തെ ആശ്വസിപ്പിക്കാനും ആലോചിച്ചുറച്ചു പുറപ്പെട്ടു.

12 അകലെനിന്നേ കണ്ടെങ്കിലും അവര്‍ അദ്ദേഹത്തെ തിരിച്ചറിഞ്ഞില്ല. അവര്‍ ഉറക്കെ കരഞ്ഞു; വസ്ത്രം വലിച്ചു കീറി; ശിരസ്സില്‍ പൂഴി വാരിവിതറി.

13 അദ്ദേഹത്തിന്‍റെ കഷ്ടത അതിദുസ്സഹമെന്നു കണ്ട് ഒന്നും മിണ്ടാനാകാതെ അവര്‍ ഏഴു രാവും ഏഴു പകലും അദ്ദേഹത്തിന്‍റെ കൂടെ നിലത്തിരുന്നു.

3

1

[1,2] പിന്നീട് ഇയ്യോബ് സംസാരിച്ചു. താന്‍ ജനിച്ച ദിവസത്തെ ശപിച്ചുകൊണ്ട് പറഞ്ഞു:

2

3

“ഞാന്‍ ജനിച്ച ദിവസവും
ഒരു പുരുഷപ്രജ ഉരുവായെന്നു പറഞ്ഞ രാത്രിയും ശപിക്കപ്പെടട്ടെ.

4
ആ ദിവസം ഇരുണ്ടുപോകട്ടെ!
ദൈവം അതിനെ ഓര്‍ക്കാതിരിക്കട്ടെ!
പ്രകാശം അതിന്മേല്‍ ചൊരിയാതിരിക്കട്ടെ!

5
ഇരുട്ട്-കൂരിരുട്ട് തന്നെ-അതിനെ വിഴുങ്ങട്ടെ!
കാര്‍മേഘങ്ങള്‍ അതിനെ ആവരണം ചെയ്യട്ടെ!
പകലിനെ ഗ്രസിക്കുന്ന അന്ധകാരം അതിനെ മൂടട്ടെ.

6
വര്‍ഷത്തിലെ ദിനങ്ങള്‍ എണ്ണുമ്പോള്‍ ആ ദിനം ഗണിക്കപ്പെടാതെ പോകട്ടെ.
മാസത്തിന്‍റെ ദിനങ്ങള്‍ കണക്കാക്കുമ്പോള്‍ അത് ഉള്‍പ്പെടാതിരിക്കട്ടെ.

7
ആ രാത്രി വന്ധ്യമായിരിക്കട്ടെ;
അതില്‍ ഉല്ലാസഘോഷം ഉണ്ടാകാതിരിക്കട്ടെ.

8
ലിവ്യാഥാനെ ഇളക്കിവിടാന്‍ കഴിവുള്ളവര്‍ അതിനെ ശപിക്കട്ടെ.

9
അതിന്‍റെ പ്രഭാതനക്ഷത്രങ്ങള്‍ ഇരുണ്ടുപോകട്ടെ.
പ്രകാശത്തിനുവേണ്ടിയുള്ള അതിന്‍റെ ആഗ്രഹം വിഫലമാകട്ടെ;
പുലരൊളി കാണാന്‍ അതിന് ഇടവരാതിരിക്കട്ടെ.

10
എന്‍റെ മാതാവിന്‍റെ ഉദരകവാടം അത് അടച്ചില്ല;
എന്‍റെ കണ്ണില്‍നിന്നു കഷ്ടതകള്‍ മറച്ചുകളഞ്ഞില്ല.

11
ഗര്‍ഭത്തില്‍വച്ചുതന്നെ ഞാന്‍ മരിക്കാഞ്ഞതെന്ത്?
പിറന്നമാത്രയില്‍ എന്‍റെ ജീവിതം അവസാനിക്കാഞ്ഞതെന്ത്?

12
എന്‍റെ അമ്മ എന്തിന് എന്നെ മടിയില്‍ കിടത്തി ഓമനിച്ചു?
എന്തിനെന്നെ പാലൂട്ടി വളര്‍ത്തി?

13
അല്ലായിരുന്നെങ്കില്‍ ഞാന്‍ മരിച്ചു വിശ്രാന്തി പ്രാപിക്കുമായിരുന്നു.

14
തങ്ങള്‍ക്കുവേണ്ടി ശൂന്യാവശിഷ്ടങ്ങള്‍
വീണ്ടും നിര്‍മ്മിച്ച ഭൂപതികളോടും മന്ത്രിമാരോടുംകൂടി

15
സ്വര്‍ണവും വെള്ളിയുംകൊണ്ടു ഭവനങ്ങള്‍ നിറച്ച പ്രഭുക്കന്മാരോടുംകൂടി
ഞാന്‍ നിദ്ര പൂകുമായിരുന്നു.

16
മണ്ണില്‍ മറവു ചെയ്യപ്പെട്ട ചാപിള്ളയെപ്പോലെ വെളിച്ചം കാണാത്ത ശിശുവിനെപ്പോലെ
എന്‍റെ ജീവിതം അവസാനിക്കാഞ്ഞതെന്ത്?

17
അവിടെ ദുഷ്ടന്മാര്‍ എന്നെ ദ്രോഹിക്കുകയില്ല;
അവിടെയാണു ബലംക്ഷയിച്ചവരുടെ വിശ്രമസ്ഥാനം.

18
അവിടെ തടവുകാര്‍ ഒരുമിച്ചു സ്വസ്ഥമായി കഴിയുന്നു;
പീഡകന്‍റെ സ്വരം അവര്‍ കേള്‍ക്കുന്നില്ല.

19
ചെറിയവനും വലിയവനും അവിടെ ഉണ്ട്;
അവിടെ അടിമ യജമാനനില്‍നിന്നു സ്വതന്ത്രനാണ്.

20
ദുരിതം അനുഭവിക്കുന്നവനു പ്രകാശവും
കഠിനവ്യഥ അനുഭവിക്കുന്നവനു ജീവനും എന്തിനു നല്‌കുന്നു?

21
അവന്‍ മരണം കാത്തിരിക്കുന്നു അതു വന്നെത്തുന്നില്ല;
നിധി തിരയുന്നതിലും അധികം ശ്രദ്ധയോടെ അവര്‍ അതിനുവേണ്ടി യത്നിക്കുന്നു.

22
ശവക്കുഴി പ്രാപിക്കുമ്പോള്‍ അവര്‍ അത്യധികം ആഹ്ലാദിക്കും.

23
വഴി കാണാത്തവന്, ദൈവം വഴിയടച്ചിരിക്കുന്നവന്,
പ്രകാശം കൊടുക്കുന്നതെന്തിന്?

24
നെടുവീര്‍പ്പാണ് എന്‍റെ ആഹാരം
എന്‍റെ ഞരക്കങ്ങള്‍ അരുവിപോലെ ഒഴുകുന്നു.

25
ഞാന്‍ ഭയപ്പെടുന്നതുതന്നെ എനിക്കു നേരിടുന്നു.
എന്നെ നടുക്കിയിരുന്നതുതന്നെ എനിക്കു ഭവിക്കുന്നു.

26
എനിക്കു ശാന്തിയില്ല, സ്വസ്ഥതയില്ല, വിശ്രമമില്ല;
എന്‍റെ കഷ്ടതയ്‍ക്ക് ഒരറുതിയുമില്ല.”

4

1

അപ്പോള്‍ തേമാന്യനായ എലീഫസ് പറഞ്ഞു:

2

“ഞാന്‍ ഒരു വാക്കു പറഞ്ഞാല്‍ നീ നീരസപ്പെടുമോ?
എന്നാലും പറയാതിരിക്കുന്നതെങ്ങനെ?

3
നീ അനേകരെ പ്രബോധിപ്പിച്ചു,
ദുര്‍ബലകരങ്ങളെ ശക്തിപ്പെടുത്തി.

4
കാലിടറിയവര്‍ക്ക് നിന്‍റെ വാക്കു താങ്ങായി.
ദുര്‍ബലമായ കാല്‍മുട്ടുകളെ നീ ബലപ്പെടുത്തി.

5
എന്നാല്‍ നിനക്ക് ഇങ്ങനെ വന്നപ്പോള്‍ നീ അക്ഷമനാകുന്നു;
നിനക്കിതു സംഭവിച്ചപ്പോള്‍ നീ പരിഭ്രാന്തനാകുന്നു.

6
നിന്‍റെ ദൈവഭക്തി നിന്‍റെ ഉറപ്പല്ലയോ? നിന്‍റെ നീതിനിഷ്ഠ നിനക്കു പ്രത്യാശ നല്‌കുന്നില്ലേ?

7
നിഷ്കളങ്കന്‍ എന്നെങ്കിലും നാശമടഞ്ഞിട്ടുണ്ടോ? ഓര്‍ത്തുനോക്കൂ!
നീതിനിഷ്ഠന്‍ നശിച്ചുപോയിട്ടുണ്ടോ?

8
അധര്‍മത്തെ ഉഴുതു തിന്മ വിതയ്‍ക്കുന്നവന്‍ അതുതന്നെ കൊയ്തെടുക്കുന്നതായി ഞാന്‍ കാണുന്നു.

9
ദൈവം കാറ്റൂതി അവരെ നശിപ്പിക്കുന്നു;
ദൈവത്തിന്‍റെ ഉഗ്രകോപത്താല്‍ അവര്‍ ഉന്മൂലനം ചെയ്യപ്പെടുന്നു.

10
സിംഹത്തിന്‍റെ അലര്‍ച്ചയും
ക്രൂരസിംഹത്തിന്‍റെ ഗര്‍ജനവും നിലച്ചു;
സിംഹക്കുട്ടികളുടെ പല്ലുകള്‍ തകര്‍ക്കപ്പെട്ടു.

11
ഉഗ്രസിംഹം ഇരകിട്ടാതെ നശിക്കുന്നു.
സിംഹിയുടെ കുട്ടികള്‍ ചിതറിക്കപ്പെടുന്നു.

12
ഒരു രഹസ്യവചനം ഞാന്‍ കേട്ടു.
അതിന്‍റെ സ്വരം എന്‍റെ ചെവിയില്‍ പതിച്ചു.

13
നിശാദര്‍ശനങ്ങള്‍ ഉണര്‍ത്തുന്ന ചിന്ത എന്നെ നടുക്കി;

14
അത് എന്‍റെ അസ്ഥികളെ ഉലച്ചു.

15
ഒരു ആത്മാവ് എന്‍റെ മുഖത്തുരസി കടന്നുപോയി;
അപ്പോള്‍ ഞാന്‍ രോമാഞ്ചം കൊണ്ടു.

16
എന്തോ ഒന്ന് നിശ്ചലമായി നില്‌ക്കുന്നതു ഞാന്‍ കണ്ടു;
എങ്കിലും അതിന്‍റെ രൂപമെന്തെന്ന് ഗ്രഹിക്കാന്‍ എനിക്കു കഴിഞ്ഞില്ല.
ഏതോ ഒരു രൂപം എന്‍റെ മുമ്പില്‍ ദൃശ്യമായി; നിറഞ്ഞ നിശ്ശബ്ദത.
പിന്നെ ഞാന്‍ ഒരു ശബ്ദം കേട്ടു:

17
“മര്‍ത്യന്‍ ദൈവദൃഷ്‍ടിയില്‍ നീതിമാനാകുമോ?
സ്രഷ്ടാവിന്‍റെ മുന്‍പില്‍ നിര്‍മ്മലനാകാന്‍ മനുഷ്യനു കഴിയുമോ?

18
നോക്കൂ! തന്‍റെ ദാസന്മാരില്‍പ്പോലും അവിടുത്തേക്കു വിശ്വാസമില്ല.
മാലാഖമാരില്‍പ്പോലും അവിടുന്നു കുറ്റം കാണുന്നു.

19
എങ്കില്‍, പൂഴിയില്‍നിന്നു രൂപംകൊണ്ട്, മണ്‍കൂടാരങ്ങളില്‍ പാര്‍ത്ത്,
പുഴുവിനെപ്പോലെ ചതച്ചരയ്‍ക്കപ്പെടുന്ന ഈ മനുഷ്യനില്‍ എത്രയധികം കുറ്റം കാണും.

20
പ്രഭാതത്തിനും പ്രദോഷത്തിനുമിടയ്‍ക്ക് അവര്‍ നശിച്ചുപോകുന്നു;
അവര്‍ എന്നേക്കുമായി നശിക്കുന്നു;
അത് ആരും ഗണ്യമാക്കുന്നില്ല.

21
ജീവതന്തു മുറിഞ്ഞുപോകുമ്പോള്‍ അവര്‍ മരിച്ചുപോകുന്നു;
അപ്പോഴും അവര്‍ വിവേകം നേടുന്നില്ല.”

5

1

“വിളിച്ചുനോക്കൂ, ഇയ്യോബേ,
ആരുണ്ട് നിന്‍റെ വിളികേള്‍ക്കാന്‍?
ഏതു വിശുദ്ധനെയാണു നീ ശരണം പ്രാപിക്കുക?

2
വിദ്വേഷം ഭോഷനെ കൊല്ലുന്നു;
അസൂയ ബുദ്ധിശൂന്യനെ നശിപ്പിക്കുന്നു.

3
മൂഢന്‍ വേരുപിടിക്കുന്നതു ഞാന്‍ കണ്ടു;
തല്‍ക്ഷണം അവന്‍റെ പാര്‍പ്പിടത്തെ ഞാന്‍ ശപിച്ചു.

4
അവന്‍റെ മക്കള്‍ സുരക്ഷിതരായിരിക്കുകയില്ല.
അവര്‍ പട്ടണവാതില്‌ക്കല്‍വച്ചു തകര്‍ക്കപ്പെടുന്നു;
അവരെ രക്ഷിക്കാന്‍ ആരുമില്ല.

5
വിശപ്പുള്ളവന്‍ അവന്‍റെ വിളവ് തിന്നൊടുക്കുന്നു;
മുള്ളുകള്‍ക്കിടയില്‍നിന്നുപോലും അവന്‍ അതു ശേഖരിക്കുന്നു;
ദാഹിക്കുന്നവന്‍ അവന്‍റെ സമ്പത്തു വിഴുങ്ങുന്നു.

6
അനര്‍ഥം മുളയ്‍ക്കുന്നതു പൂഴിയില്‍ നിന്നല്ല;
കഷ്ടത നാമ്പുനീട്ടുന്നത് നിലത്തു നിന്നുമല്ല.

7
തീപ്പൊരി മേലോട്ടുയരുന്നതുപോലെ
മനുഷ്യന്‍ കഷ്ടതയിലേക്കു പിറന്നുവീഴുന്നു.

8
ഞാനായിരുന്നെങ്കില്‍ ദൈവത്തെ അന്വേഷിക്കുമായിരുന്നു.
എന്‍റെ പ്രശ്നം തിരുമുമ്പില്‍ സമര്‍പ്പിക്കുമായിരുന്നു.

9
അവിടുന്നു ദുര്‍ഗ്രാഹ്യങ്ങളായ മഹാകാര്യങ്ങളും
അദ്ഭുതങ്ങളും അസംഖ്യം പ്രവര്‍ത്തിക്കുന്നു.

10
അവിടുന്നു ഭൂമിയില്‍ മഴ പെയ്യിക്കുന്നു;
വയലുകളിലേക്കു വെള്ളം ഒഴുക്കുന്നു.

11
അവിടുന്ന് എളിയവരെ ഉയര്‍ത്തുന്നു;
വിലപിക്കുന്നവരെ സുരക്ഷിതസ്ഥാനത്ത് എത്തിക്കുന്നു.

12
അവിടുന്നു കൗശലക്കാരുടെ തന്ത്രങ്ങളെ വിഫലമാക്കുന്നു;
അവരുടെ പ്രയത്നങ്ങള്‍ വിജയം വരിക്കുകയില്ല.

13
അവിടുന്നു വക്രബുദ്ധികളുടെ ഉപായങ്ങള്‍ പെട്ടെന്നു തകര്‍ക്കുന്നു;
ജ്ഞാനികളെ അവരുടെതന്നെ കൗശലങ്ങളില്‍ കുടുക്കുന്നു;

14
പകല്‍സമയത്ത് അവര്‍ ഇരുട്ടില്‍ അകപ്പെടും;
മധ്യാഹ്നത്തില്‍ രാത്രിയിലെന്നപോലെ തപ്പിനടക്കും.

15
എന്നാല്‍ അവിടുന്ന് അഗതികളെ അവരുടെ വായില്‍നിന്നും
അനാഥരെ ബലവാന്‍റെ കൈയില്‍നിന്നും രക്ഷിക്കുന്നു.

16
അതുകൊണ്ട് എളിയവനു പ്രത്യാശയുണ്ട്;
അനീതി പ്രവര്‍ത്തിക്കുന്നവന്‍ നിശ്ശബ്ദനാകും.

17
ദൈവം ശാസിക്കുന്ന മനുഷ്യന്‍ ധന്യനാകുന്നു;
അതിനാല്‍ സര്‍വശക്തന്‍റെ ശിക്ഷണത്തെ അവഗണിക്കരുത്.

18
അവിടുന്നു മുറിവേല്പിക്കുകയും മുറിവുകെട്ടുകയും ചെയ്യുന്നു;
അവിടുന്നു പ്രഹരിക്കുന്നു;
എന്നാല്‍ തൃക്കരങ്ങള്‍ സൗഖ്യം നല്‌കുകയും ചെയ്യുന്നു.

19
എല്ലാ അനര്‍ഥങ്ങളില്‍നിന്നും
അവിടുന്നു നിന്നെ വിടുവിക്കും
ഒരനര്‍ഥവും നിന്നെ സ്പര്‍ശിക്കുകയില്ല.

20
ക്ഷാമകാലത്തു മരണത്തില്‍നിന്നും
യുദ്ധകാലത്തു വാളില്‍നിന്നും അവിടുന്നു നിന്നെ വിടുവിക്കും.

21
വാക്പ്രഹരത്തില്‍നിന്നു നീ മറയ്‍ക്കപ്പെടും.
വിനാശം വരുമ്പോള്‍ നീ ഭയപ്പെടുകയില്ല.

22
ക്ഷാമത്തിലും വിനാശത്തിലും നീ ചിരിക്കും;
വന്യമൃഗങ്ങളെ നീ ഭയപ്പെടുകയില്ല.

23
വയലിലെ കല്ലുകളോടു നിനക്കു സഖ്യമുണ്ടാകും;
കാട്ടുമൃഗങ്ങള്‍ നിന്നെ ഉപദ്രവിക്കുകയില്ല.

24
നിന്‍റെ കൂടാരം സുരക്ഷിതമെന്നു നീ അറിയും;
നിന്‍റെ ആട്ടിന്‍പറ്റത്തെ പരിശോധിക്കുമ്പോള്‍
ഒന്നുപോലും നഷ്ടപ്പെട്ടതായി കാണുകയില്ല.

25
നിന്‍റെ സന്താനപരമ്പര അസംഖ്യമായിരിക്കും;
നിന്‍റെ സന്തതി പുല്‍ക്കൊടിപോലെ തഴയ്‍ക്കും.

26
വിളഞ്ഞ കറ്റകള്‍ യഥാവസരം മെതിക്കളത്തില്‍ എത്തുന്നതുപോലെ
പൂര്‍ണവാര്‍ധക്യത്തിലേ നീ മരണമടയുകയുള്ളൂ.

27
ഇതു ഞങ്ങള്‍ അന്വേഷിച്ച് അറിഞ്ഞിരിക്കുന്നു;
ഇതു സത്യം. നിന്‍റെ നന്മയ്‍ക്കായി ഇതു ഗ്രഹിച്ചുകൊള്ളുക.”

6

1

ഇയ്യോബ് പറഞ്ഞു:

2
“എന്‍റെ മനോവേദന ഒന്നു തൂക്കിനോക്കിയിരുന്നെങ്കില്‍!
എന്‍റെ അനര്‍ഥങ്ങള്‍ തുലാസില്‍ വച്ചിരുന്നെങ്കില്‍!

3
അവ കടല്‍ത്തീരത്തെ മണലിനെക്കാള്‍ ഭാരമേറിയതായിരിക്കും.
അതുകൊണ്ടാണ് എന്‍റെ വാക്കുകള്‍ അവിവേകമായിപ്പോയത്.

4
സര്‍വശക്തന്‍റെ അസ്ത്രങ്ങള്‍ എന്നില്‍ തറച്ചിരിക്കുന്നു;
അവയിലെ വിഷം എന്നില്‍ വ്യാപിക്കുന്നു
ദൈവത്തിന്‍റെ ഭീകരതകള്‍ എനിക്കെതിരെ അണിനിരക്കുന്നു.

5
പുല്ലുള്ളപ്പോള്‍ കാട്ടുകഴുത കരയുമോ?
തീറ്റിയുള്ളപ്പോള്‍ കാള മുക്കുറയിടുമോ?

6
രുചിയില്ലാത്തത് ഉപ്പുചേര്‍ക്കാതെ കഴിക്കാമോ?
മുട്ടയുടെ വെള്ളയ്‍ക്കു സ്വാദുണ്ടോ?

7
അത്തരം ഭക്ഷണമാണ് എനിക്കിപ്പോള്‍ ലഭിക്കുന്നത്
അവ എനിക്ക് ഒട്ടും പിടിക്കുന്നില്ല.

8
ദൈവം എന്‍റെ അപേക്ഷ സ്വീകരിച്ചിരുന്നെങ്കില്‍!
എന്‍റെ ആഗ്രഹം സാധിച്ചുതന്നെങ്കില്‍!

9
എന്നെ തകര്‍ത്തുകളയാന്‍ ദൈവം പ്രസാദിച്ചിരുന്നെങ്കില്‍!
തൃക്കൈ നീട്ടി എന്നെ നിഗ്രഹിച്ചിരുന്നെങ്കില്‍!

10
അത് എനിക്ക് ആശ്വാസം ആകുമായിരുന്നു;
അതിരറ്റ വേദനയിലും ഞാന്‍ ആഹ്ലാദിക്കുമായിരുന്നു.
പരിശുദ്ധനായ ദൈവത്തിന്‍റെ വാക്കുകള്‍ ഞാന്‍ നിഷേധിച്ചിട്ടില്ലല്ലോ;

11
കാത്തിരിക്കാന്‍ എനിക്കിനി ശക്തിയില്ലല്ലോ
എന്തിനു വേണ്ടിയാണ് ഞാന്‍ ക്ഷമയോടെ കാത്തിരിക്കേണ്ടത്?

12
കല്ലിന്‍റെ ബലം എനിക്കുണ്ടോ?
എന്‍റെ ശരീരം ഓടുകൊണ്ടുള്ളതോ?

13
എന്‍റെ കഴിവുകള്‍ ചോര്‍ന്നുപോയി
എനിക്ക് ആശ്രയമില്ലാതായിരിക്കുന്നു.

14
സ്നേഹിതനോടു കനിവുകാട്ടാത്തവന്‍
സര്‍വശക്തനായ ദൈവത്തോടുള്ള ഭക്തി പരിത്യജിക്കുന്നു;

15
എന്‍റെ സ്നേഹിതന്മാര്‍ പെട്ടെന്നു
വറ്റിപ്പോകുന്ന അരുവിപോലെ ചതിക്കുന്നവരാണ്;

16
അവ മഞ്ഞുകട്ട നിറഞ്ഞ് ഇരുണ്ടിരിക്കുന്നു;
മഞ്ഞുരുകിയാണ് അവയില്‍ ജലം നിറയുന്നത്;

17
വേനല്‍ക്കാലത്ത് അവ വറ്റിപ്പോകുന്നു;
ചൂടേറുമ്പോള്‍ അവ അപ്രത്യക്ഷമാകുന്നു.

18
കച്ചവടസംഘങ്ങള്‍ അവ തേടി വഴിതെറ്റിപ്പോകുന്നു;
അവര്‍ മരുഭൂമിയില്‍ അകപ്പെട്ടു നശിക്കുന്നു.

19
തേമയിലെ വ്യാപാരിസംഘം അവ തിരയുന്നു;
ശെബയിലെ യാത്രാസംഘം അവ കണ്ടെത്തുമെന്നു പ്രതീക്ഷിക്കുന്നു.

20
അവരുടെ പ്രതീക്ഷകള്‍ നിരാശയില്‍ അവസാനിക്കും.
അവര്‍ അവിടെയെത്തി സംഭീതരാകും.

21
നിങ്ങളും എനിക്ക് അതുപോലെ ആയിരിക്കുന്നു;
എനിക്കുണ്ടായ അനര്‍ഥം കണ്ടു നിങ്ങള്‍ അന്ധാളിക്കുന്നു.

22
നിങ്ങളുടെ സ്വത്തില്‍നിന്ന് എനിക്കെന്തെങ്കിലും തരണമെന്നോ
നിങ്ങളുടെ സമ്പത്തില്‍നിന്ന് എനിക്കുവേണ്ടി കോഴ കൊടുക്കണമെന്നോ ഞാന്‍ ആവശ്യപ്പെട്ടുവോ?

23
പ്രതിയോഗികളില്‍നിന്ന് എന്നെ വിടുവിക്കണമെന്നോ,
നിഷ്ഠുരമര്‍ദകരുടെ കൈയില്‍നിന്ന് എന്നെ വീണ്ടെടുക്കണമെന്നോ ഞാന്‍ പറഞ്ഞുവോ?

24
നിങ്ങള്‍ എന്നെ ഉപദേശിക്കുക, ഞാന്‍ മിണ്ടാതെ കേള്‍ക്കാം;
എവിടെയാണ് എനിക്കു തെറ്റിയതെന്നു പറഞ്ഞുതരിക.

25
സത്യസന്ധമായ വാക്കുകള്‍ എത്ര ശക്തം?
നിങ്ങള്‍ എന്താണു വാദിച്ചു തെളിയിക്കുന്നത്?

26
വാക്കുകളെച്ചൊല്ലി ശകാരിക്കുകയാണോ?
ആശയറ്റവന്‍റെ വാക്കുകള്‍ കാറ്റുപോലെയല്ലേ?

27
നിങ്ങള്‍ അനാഥനുവേണ്ടി നറുക്കിടുന്നു.
സ്വന്തം സ്നേഹിതനു വിലപേശുന്നു.

28
ഇപ്പോള്‍ നിങ്ങള്‍ സ്നേഹപൂര്‍വം എന്നെ നോക്കിയാലും
ഞാന്‍ നിങ്ങളോടു കള്ളം പറയുകയില്ല.

29
ഒന്നു നില്‌ക്കണേ, എന്നോടു നീതി ചെയ്യണേ!
എന്നോടു നിങ്ങള്‍ നീതിയാണോ ചെയ്യുന്നത്?

30
ഞാന്‍ പറഞ്ഞതു തെറ്റിപ്പോയോ?
അനര്‍ഥം തിരിച്ചറിയാന്‍ എനിക്കു കഴിവില്ലെന്നോ?

7

1

മനുഷ്യജീവിതം നിര്‍ബന്ധിതസേവനമല്ലേ?
മനുഷ്യന്‍റെ ദിനങ്ങള്‍ കൂലിക്കാരന്‍റെ ദിനങ്ങള്‍പോലെയല്ലേ?

2
അടിമയെപ്പോലെ അവന്‍ തണല്‍ കൊതിക്കുന്നു;
കൂലിക്കാരനെപ്പോലെ കൂലിക്കു കാത്തിരിക്കുന്നു.

3
എനിക്കു ലഭിച്ചതാകട്ടെ വ്യര്‍ഥമാസങ്ങളും കഷ്ടരാത്രികളും മാത്രം,

4
കിടക്കുമ്പോള്‍ ഉറക്കം കിട്ടാതെ എത്രനേരം
കഴിയേണ്ടിവരുമെന്നാണ് എന്‍റെ വിചാരം
രാത്രിയോ അതിദീര്‍ഘം;
വെളുക്കുവോളം കിടന്നുരുളുകതന്നെ എനിക്കു പണി.

5
അഴുക്കും പുഴുക്കളും എന്‍റെ ശരീരത്തെ പൊതിഞ്ഞിരിക്കുന്നു;
എന്‍റെ ത്വക്ക് വ്രണം പൊട്ടി ഒലിക്കുന്നു.

6
എന്‍റെ ദിനങ്ങള്‍ നെയ്ത്തുകാരന്‍റെ
ഓടത്തെക്കാള്‍ വേഗത്തില്‍ ചലിക്കുന്നു.
പ്രത്യാശയില്ലാതെ അവ അവസാനിക്കുന്നു.

7
“ദൈവമേ, എന്‍റെ ജീവിതം ഒരു ശ്വാസം മാത്രമെന്ന് ഓര്‍ത്താലും,
എന്‍റെ കണ്ണ് ഇനി ഒരിക്കലും നന്മ കാണുകയില്ല.

8
എന്നെ കണ്ടുകൊണ്ടിരിക്കുന്നവന്‍റെ കണ്ണുകള്‍
ഇനിമേല്‍ എന്നെ കാണുകയില്ല;
നീ നോക്കിയിരിക്കെ ഞാന്‍ പോയ്‍ക്കഴിഞ്ഞിരിക്കും.

9
മേഘം മാഞ്ഞുമറയുന്നതുപോലെ
പാതാളത്തിലേക്ക് ഇറങ്ങുന്നവന്‍ വീണ്ടും കയറിവരുന്നില്ല.

10
അവന്‍ തന്‍റെ ഭവനത്തിലേക്കു മടങ്ങുകയില്ല.
അവന്‍റെ സ്ഥലം ഇനി അവനെ അറിയുകയില്ല.

11
അതുകൊണ്ട് എനിക്കു മിണ്ടാതിരിക്കാന്‍ കഴിയുകയില്ല.
എന്‍റെ മനോവേദനയ്‍ക്കിടയില്‍ ഞാന്‍ പുലമ്പിക്കൊണ്ടിരിക്കും.
ആത്മനൊമ്പരങ്ങള്‍ക്കിടയില്‍ ഞാന്‍ ആവലാതിപ്പെടും.

12
അങ്ങ് എനിക്കു കാവലേര്‍പ്പെടുത്താന്‍
ഞാന്‍ കടലോ കടല്‍ജന്തുവോ?

13
‘എന്‍റെ കിടക്ക എന്നെ ആശ്വസിപ്പിക്കും;
എന്‍റെ മെത്ത എന്‍റെ സങ്കടം ശമിപ്പിക്കും.’

14
എന്നു ഞാന്‍ കരുതുമ്പോള്‍
സ്വപ്നംകൊണ്ട് അങ്ങ് എന്നെ ഞെട്ടിക്കുന്നു;
പേക്കാഴ്ചകള്‍കൊണ്ട് എന്നെ നടുക്കുന്നു.

15
അതുകൊണ്ട് അസ്ഥിപഞ്ജരം ആകുന്നതിനെക്കാള്‍
കഴുത്തു ഞെരിച്ചു കൊല്ലപ്പെടാനാണ് എനിക്കിഷ്ടം.

16
എന്‍റെ ജീവിതത്തെ ഞാന്‍ വെറുക്കുന്നു.
ഞാന്‍ സദാകാലവും ജീവിച്ചിരിക്കുകയില്ല.
എന്നെ വിട്ടേക്കുക; എന്‍റെ ജീവിതം ഒരു ശ്വാസം മാത്രമാണല്ലോ.

17
മര്‍ത്യനെ പരിഗണിക്കാനും ശ്രദ്ധിക്കാനും അവന്‍ എന്ത്?

18
പ്രഭാതംതോറും നിരീക്ഷിക്കാനും പ്രതിനിമിഷം പരീക്ഷിക്കാനും അവന്‍ എന്തുള്ളൂ!

19
എത്രകാലം അവിടുന്ന് എന്‍റെമേല്‍ ദൃഷ്‍ടി പതിപ്പിക്കും?
എത്രകാലം എന്നെ അങ്ങ് നോക്കിയിരിക്കും?

20
മനുഷ്യന്‍റെമേല്‍ കണ്ണുനട്ടിരിക്കുന്നവനേ,
ഞാന്‍ പാപം ചെയ്തിട്ടുണ്ടെങ്കില്‍ അങ്ങേക്കെന്താണ്?
അങ്ങ് എന്നെ ഉന്നംവച്ചിരിക്കുന്നതെന്തിന്?
ഞാന്‍ അങ്ങേക്ക് ഭാരമായിത്തീര്‍ന്നത് എന്തുകൊണ്ട്?

21
എന്‍റെ അതിക്രമം അവിടുന്നു ക്ഷമിക്കുന്നില്ല.
എന്‍റെ അകൃത്യം നീക്കിക്കളയുന്നുമില്ല.
ഞാന്‍ ഇപ്പോള്‍ പൂഴിയോടു ചേരും,
അവിടുന്ന് എന്നെ അന്വേഷിക്കും,
എന്നാല്‍ ഞാന്‍ ഉണ്ടായിരിക്കുകയില്ല.”

8

1

ശൂഹ്യനായ ബില്‍ദാദ് മറുപടി പറഞ്ഞു:

2
“എത്രനേരം നീ ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കും?
കൊടുങ്കാറ്റുപോലെയാണ് നിന്‍റെ വായില്‍ നിന്നു പുറപ്പെടുന്ന വാക്കുകള്‍.

3
ദൈവം ന്യായത്തെ വ്യതിചലിപ്പിക്കുമോ?
സര്‍വശക്തന്‍ നീതിക്കു മാര്‍ഗഭ്രംശം വരുത്തുമോ?

4
നിന്‍റെ മക്കള്‍ ദൈവത്തിന് എതിരെ പാപം ചെയ്തിരിക്കാം.
അതിക്രമങ്ങള്‍ക്കുള്ള ശിക്ഷ ദൈവം അവര്‍ക്കു നല്‌കിയിരിക്കുന്നു.

5
നീ ദൈവത്തിങ്കലേക്ക് തിരിഞ്ഞ് സര്‍വശക്തനോടു കേണപേക്ഷിച്ചാല്‍,

6
നീ നിര്‍മ്മലനും നീതിനിഷ്ഠനുമെങ്കില്‍,
അവിടുന്നു നിനക്കുവേണ്ടി നിശ്ചയമായും പ്രവര്‍ത്തിക്കും.
നീ അര്‍ഹിക്കുംവിധം നിന്‍റെ ഭവനം പുനഃസ്ഥാപിക്കും

7
നിന്‍റെ ആരംഭം എളിയതായിരുന്നാലും
വരുംദിനങ്ങള്‍ അതിമഹത്തായിരിക്കും.

8
കഴിഞ്ഞ തലമുറകളോടു ചോദിക്കുക;
പൂര്‍വപിതാക്കളുടെ അനുഭവം നോക്കി പഠിച്ചുകൊള്ളുക.

9
നാം ഇന്നലെ ഉണ്ടായവര്‍! നമുക്ക് എന്തറിയാം?
ഭൂമിയിലെ നമ്മുടെ ജീവിതം നിഴല്‍ പോലെയല്ലേ?

10
അവര്‍ നിന്നെ പഠിപ്പിക്കും;
അനുഭവജ്ഞാനത്തില്‍നിന്ന് അവര്‍ പറയും.

11
ചതുപ്പിലല്ലേ ഞാങ്ങണ വളരൂ!
ഈര്‍പ്പമില്ലാത്തിടത്ത് ഓടക്കാട് തഴയ്‍ക്കുമോ?

12
തഴച്ചുവളര്‍ന്നാലും അവ വെള്ളമില്ലെങ്കില്‍
വെട്ടാതെതന്നെ മറ്റേതു ചെടിയെയുംകാള്‍ വേഗം ഉണങ്ങിപ്പോകും.

13
ദൈവത്തെ മറക്കുന്നവരുടെയെല്ലാം ഗതി ഇതുതന്നെ;
അഭക്തന്‍റെ ആശ അറ്റുപോകും;

14
അവന്‍റെ ആശ്രയം തകര്‍ന്നടിയും;
അവന്‍റെ ശരണം ചിലന്തിവലയത്രേ.

15
അവന്‍ തന്‍റെ ഭവനത്തെ ആശ്രയിക്കും,
എന്നാല്‍ അതു നിലനില്‌ക്കുകയില്ല.
അവന്‍ അതിനെ മുറുകെപ്പിടിക്കും,
എന്നാല്‍ അത് ഉറച്ചുനില്‌ക്കുകയില്ല.

16
ദുഷ്ടന്‍ സൂര്യപ്രകാശത്തില്‍ തഴയ്‍ക്കും,
അവന്‍റെ ശിഖരങ്ങള്‍ തോട്ടത്തില്‍ പടര്‍ന്നുപന്തലിക്കുന്നു.

17
അവന്‍റെ വേരുകള്‍ കല്‍ക്കൂനയില്‍ പിണഞ്ഞു കിടക്കുന്നു;
അവന്‍ പാറകള്‍ക്കിടയില്‍ വളരുന്നു.

18
അവന്‍റെ സ്ഥലത്തുനിന്ന് അവനെ ആരെങ്കിലും പിഴുതുമാറ്റിയാല്‍
ഞാന്‍ നിന്നെ ഒരിക്കലും കണ്ടിട്ടില്ല എന്ന്
ആ സ്ഥലം അവനെ തള്ളിപ്പറയും.

19
ഇതാ, ഇത്രയുമാണ് അവരുടെ സന്തോഷം.
അവിടെ വേറെ ചെടികള്‍ മുളച്ചുവരും.

20
ദൈവം നിഷ്കളങ്കനെ നിരസിക്കുകയില്ല;
ദുഷ്പ്രവൃത്തി ചെയ്യുന്നവനെ സഹായിക്കുകയുമില്ല.

21
അവിടുന്ന് ഇനി നിനക്കു സന്തോഷം നല്‌കും.
ആനന്ദഘോഷം മുഴക്കാന്‍ ഇടവരുത്തും.

22
നിന്നെ പകയ്‍ക്കുന്നവര്‍ ലജ്ജിതരാകും,
ദുഷ്ടന്മാരുടെ കൂടാരം നശിച്ചുപോകും.”

9

1

ഇയ്യോബ് പറഞ്ഞു:

2
“എനിക്കറിയാം; അത് അങ്ങനെതന്നെ.
എന്നാല്‍ ദൈവത്തിന്‍റെ മുമ്പില്‍ മനുഷ്യന് എങ്ങനെ നീതിമാനാകാന്‍ കഴിയും?

3
ദൈവത്തോടു വാഗ്വാദത്തിന് ഒരുമ്പെട്ടാല്‍
ആയിരത്തില്‍ ഒന്നിനുപോലും ഉത്തരം പറയാന്‍ ഒരുവനും സാധ്യമല്ല.

4
അവിടുന്നു ജ്ഞാനിയും ശക്തനുമാകുന്നു;
അവിടുത്തോട് എതിര്‍ത്തുനിന്ന് ആര്‍ ജയിച്ചിട്ടുണ്ട്?

5
അവിടുന്നു പര്‍വതങ്ങളെ നീക്കിക്കളയുന്നു;
കോപത്തില്‍ അവയെ കീഴ്മേല്‍ മറിക്കുന്നു;
എന്നിട്ടും അവ അതറിയുന്നില്ല.

6
ഭൂമിയെ അവിടുന്നു പ്രകമ്പനം കൊള്ളിക്കുന്നു;
അതിന്‍റെ തൂണുകള്‍ ഇളകിയാടുന്നു.

7
അവിടുന്നു കല്പിക്കുമ്പോള്‍ സൂര്യന്‍ ഉദിക്കുന്നില്ല;
അവിടുന്നു നക്ഷത്രങ്ങള്‍ക്കു മുദ്ര വയ്‍ക്കുന്നു.

8
അവിടുന്നു മാത്രമാണ് ആകാശത്തെ വിരിച്ചത്;
അവിടുന്നു സമുദ്രത്തിലെ തിരമാലകളെ ചവിട്ടിമെതിക്കുന്നു.

9
സപ്തര്‍ഷിമണ്ഡലത്തെയും മകയിരം, കാര്‍ത്തിക എന്നിവയെയും
ദക്ഷിണ നക്ഷത്രമണ്ഡലത്തെയും സൃഷ്‍ടിച്ചത് അവിടുന്നുതന്നെ.

10
മനുഷ്യബുദ്ധിക്ക് അഗോചരമായ മഹാകൃത്യങ്ങളും
എണ്ണമറ്റ അദ്ഭുതങ്ങളും അവിടുന്നു പ്രവര്‍ത്തിക്കുന്നു.

11
അവിടുന്ന് എന്‍റെ സമീപത്തുകൂടി കടന്നുപോകുന്നു;
ഞാന്‍ അവിടുത്തെ കാണുന്നില്ല;
അവിടുന്നു നടന്നുനീങ്ങുന്നു; എന്നാല്‍ ഞാന്‍ അവിടുത്തെ അറിയുന്നില്ല.

12
അവിടുന്നു പിഴുതുമാറ്റുന്നു;
ആര് അവിടുത്തെ തടയും?
അവിടുന്നു ചെയ്യുന്നത് എന്ത് എന്ന് ആര്‍ ചോദിക്കും?

13
രഹബിന്‍റെ സഹായികള്‍ അവിടുത്തെ പാദങ്ങളില്‍ വീണുവണങ്ങിയിട്ടും
ദൈവം തന്‍റെ ക്രോധം അടക്കുന്നില്ല.

14
പിന്നെ എങ്ങനെ ഞാന്‍ അവിടുത്തോട് ഉത്തരം പറയാനുള്ള വാക്കുകള്‍ കണ്ടെത്തും?

15
ഞാന്‍ നീതിമാനെങ്കിലും അവിടുത്തോട് ഉത്തരം പറയാന്‍ കഴിയുന്നില്ല.
എന്നെ വിധിക്കുന്ന അവിടുത്തോട് ഞാന്‍ കരുണയ്‍ക്കായി യാചിക്കേണ്ടിവരുന്നു.

16
ഞാന്‍ വിളിച്ചപേക്ഷിച്ചിട്ട് അവിടുന്നു ഉത്തരമരുളിയാലും
അവിടുന്ന് എന്നെ ശ്രദ്ധിച്ചു എന്നു ഞാന്‍ വിചാരിക്കുകയില്ല.

17
എന്തെന്നാല്‍ കൊടുങ്കാറ്റുകൊണ്ട് അവിടുന്ന് എന്നെ തകര്‍ക്കുന്നു.
അകാരണമായി എന്‍റെ മുറിവുകളും വര്‍ധിപ്പിക്കുന്നു.

18
ശ്വസിക്കാന്‍പോലും അവിടുന്ന് എന്നെ അനുവദിക്കുന്നില്ല;
തിക്താനുഭവങ്ങള്‍കൊണ്ട് അവിടുന്ന് എന്നെ നിറയ്‍ക്കുന്നു.

19
ഇതൊരു ബലപരീക്ഷണമെങ്കില്‍ ദൈവം എത്ര ബലവാന്‍!
ഇതു നീതിയുടെ പ്രശ്നമെങ്കില്‍ എന്‍റെ ന്യായവാദം കേള്‍ക്കാന്‍ അവിടുത്തെ
ആരു വിളിച്ചുവരുത്തും?

20
ഞാന്‍ നിര്‍ദോഷിയെങ്കിലും എന്‍റെ വാക്കുകള്‍തന്നെ എന്നെ കുറ്റംവിധിക്കും;
ഞാന്‍ നിഷ്കളങ്കനെങ്കിലും എന്‍റെ അകൃത്യം അവിടുന്നു തെളിയിക്കും.

21
ഞാന്‍ കുറ്റമറ്റവനാണ്;
ഞാന്‍ എന്നെത്തന്നെ പരിഗണിക്കുന്നില്ല.
എന്‍റെ ജീവനെ ഞാന്‍ വെറുക്കുന്നു.

22
എല്ലാം ഒരുപോലെ; അതുകൊണ്ടു ഞാന്‍ പറയുന്നു:
ദൈവം നിഷ്കളങ്കനെയും ദുഷ്ടനെയും നശിപ്പിക്കുന്നു.

23
അത്യാഹിതംമൂലം പെട്ടെന്നു മരണം വരുമ്പോള്‍
അവിടുന്നു നിര്‍ദോഷിയുടെ അനര്‍ഥത്തില്‍ പരിഹസിച്ചു ചിരിക്കുന്നു.

24
ഭൂമി ദുഷ്ടന്മാരെ ഏല്പിച്ചിരിക്കുന്നു;
അതിലെ ന്യായാധിപന്മാരുടെ മുഖം അവിടുന്നു മൂടുന്നു;
അവിടുന്നല്ലാതെ മറ്റാരാണ് ഇതു ചെയ്യുക?

25
എന്‍റെ ആയുഷ്കാലം ഓട്ടക്കാരനെക്കാള്‍ വേഗത്തില്‍ ഓടുന്നു;
അവ പറന്നകലുന്നു; നല്ലത് ഒന്നും അതു കാണുന്നില്ല.

26
ഓടത്തണ്ടുകൊണ്ടുള്ള ഓടിവള്ളംപോലെ,
ഇരയെ റാഞ്ചുന്ന കഴുകനെപ്പോലെ അവ ശീഘ്രം കടന്നുപോകുന്നു.

27
‘എന്‍റെ സങ്കടം മറന്ന്, വിഷാദഭാവം മാറ്റി,
പ്രസന്നതയോടെ ഇരിക്കാം’ എന്നു പറഞ്ഞാലും

28
എന്‍റെ സര്‍വകഷ്ടതകളെയും ഓര്‍ത്ത്, ഞാന്‍ ഭയന്നുപോകുന്നു.
അവിടുന്ന് എന്നെ നിര്‍ദ്ദോഷിയായി ഗണിക്കുകയില്ലെന്ന് എനിക്കറിയാം.

29
അവിടുന്ന് എന്നെ കുറ്റക്കാരനായി വിധിക്കും.
പിന്നെ ഞാന്‍ വൃഥാ പ്രയത്നിക്കുന്നത് എന്തിന്?

30
ഹിമജലത്തില്‍ ഞാന്‍ കുളിച്ചാലും
ക്ഷാരജലംകൊണ്ടു കൈ കഴുകിയാലും

31
അങ്ങ് എന്നെ ചേറ്റുകുഴിയില്‍ മുക്കും;
എന്‍റെ വസ്ത്രങ്ങള്‍പോലും എന്നെ വെറുക്കും.

32
ഞാന്‍ അവിടുത്തോടു മറുപടി പറയാനും
അവിടുന്ന് എന്നോടുകൂടെ ന്യായവിസ്താരത്തില്‍ വരാനും
അവിടുന്ന് എന്നെപ്പോലെ മനുഷ്യനല്ലല്ലോ.

33
ഞങ്ങളെ ഇരുവരെയും നിയന്ത്രിക്കാന്‍
കഴിവുള്ള മധ്യസ്ഥന്‍ ഞങ്ങള്‍ക്കിടയില്‍ ഇല്ലല്ലോ.

34
അവിടുന്ന് എന്‍റെമേല്‍നിന്നു ശിക്ഷാദണ്ഡ് നീക്കട്ടെ
അവിടുത്തെക്കുറിച്ചുള്ള ഭീതി എന്നെ ബാധിക്കാതിരിക്കട്ടെ.

35
അപ്പോള്‍ ഞാന്‍ നിര്‍ഭയം സംസാരിക്കും;
എന്നാല്‍ ഇപ്പോള്‍ എന്‍റെ സ്ഥിതി അങ്ങനെ അല്ലല്ലോ!

10

1

എന്‍റെ ജീവിതത്തെ ഞാന്‍ വെറുക്കുന്നു;
എന്‍റെ സങ്കടം ഞാന്‍ തുറന്നുപറയും;
കഠിനവ്യഥയോടെ ഞാന്‍ സംസാരിക്കും

2
ഞാന്‍ ദൈവത്തോടു പറയും:
എന്നെ കുറ്റം വിധിക്കരുതേ!
എന്നെ എതിര്‍ക്കുന്നത് എന്തിനെന്നു പറഞ്ഞാലും

3
അവിടുത്തെ സൃഷ്‍ടിയെ പീഡിപ്പിക്കുന്നതും നിന്ദിക്കുന്നതും
ദുഷ്ടന്മാരുടെ പദ്ധതികളില്‍ പ്രസാദിക്കുന്നതും
അവിടുത്തേക്കു ചേര്‍ന്നതാണോ?

4
മനുഷ്യനേത്രങ്ങളാണോ അങ്ങേക്കുള്ളത്?
മനുഷ്യന്‍ കാണുന്നതുപോലെയാണോ അങ്ങു കാണുന്നത്?

5
എന്‍റെ അധര്‍മങ്ങള്‍ അന്വേഷിക്കാനും എന്‍റെ പാപം കണ്ടുപിടിക്കാനും

6
അവിടുത്തെ ദിനങ്ങള്‍ മനുഷ്യന്‍റെ ദിനങ്ങള്‍പോലെയും,
അവിടുത്തെ വര്‍ഷങ്ങള്‍ മനുഷ്യന്‍റെ വര്‍ഷങ്ങള്‍പോലെയും ഹ്രസ്വമാണോ?

7
ഞാന്‍ അധര്‍മിയല്ലെന്നും അവിടുത്തെ കരങ്ങളില്‍നിന്ന് എന്നെ വിടുവിക്കാന്‍
ആരുമില്ലെന്നും അങ്ങേക്കറിയാം.

8
എനിക്കു രൂപം നല്‌കി എന്നെ സൃഷ്‍ടിച്ചതു തൃക്കരങ്ങളാണല്ലോ;
എന്നാല്‍ ഇപ്പോള്‍ അവിടുന്ന് എന്നെ നശിപ്പിക്കുന്നു.

9
കളിമണ്ണുകൊണ്ട് അവിടുന്ന് എന്നെ മെനഞ്ഞു എന്ന് ഓര്‍ക്കണമേ.
അവിടുന്ന് എന്നെ ധൂളിയിലേക്കു തിരിച്ചയയ്‍ക്കാന്‍ പോകുകയാണോ?

10
അങ്ങ് എന്നെ പാലുപോലെ പകര്‍ന്ന് ഒഴിക്കുകയും
തൈരുപോലെ ഉറകൂട്ടുകയും ചെയ്തില്ലേ?

11
അവിടുന്നു ചര്‍മവും മാംസവും കൊണ്ടെന്നെ പൊതിഞ്ഞു;
അസ്ഥികളും ഞരമ്പുകളുംകൊണ്ട് എന്നെ നെയ്തുണ്ടാക്കി.

12
അവിടുന്നു ജീവനും സുസ്ഥിരസ്നേഹവും എനിക്കു നല്‌കി;
അവിടുത്തെ കൃപാകടാക്ഷം എന്‍റെ ശ്വാസം നിലനിര്‍ത്തുന്നു.

13
എങ്കിലും ഈ കാര്യങ്ങളെല്ലാം അവിടുന്നു ഹൃദയത്തില്‍ മറച്ചുവച്ചു;
ഇതായിരുന്നു അവിടുത്തെ ഉദ്ദേശ്യം എന്നു ഞാന്‍ അറിയുന്നു.

14
ഞാന്‍ പാപം ചെയ്യുന്നുവെങ്കില്‍ അങ്ങ് അതു കാണുന്നുണ്ടല്ലോ;
എന്‍റെ അപരാധങ്ങള്‍ക്ക് എന്നെ ശിക്ഷിക്കാതിരിക്കുന്നുമില്ല;

15
ഞാന്‍ ദുഷ്ടനെങ്കില്‍ എനിക്ക് ദുരിതം!
ഞാന്‍ നീതിമാനെങ്കിലും എന്‍റെ തല ഉയര്‍ത്താന്‍ സാധിക്കുന്നില്ല.
അപമാനഭരിതനായി ഞാന്‍ എന്‍റെ കഷ്ടതകളെ കാണുന്നു.

16
ഞാന്‍ തല ഉയര്‍ത്തിയാല്‍ സിംഹംപോലെ അങ്ങ് എന്നെ വേട്ടയാടും,
എനിക്കെതിരെ വീണ്ടും അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും.

17
എനിക്കെതിരെ അവിടുത്തെ സാക്ഷികളെ വീണ്ടും നിര്‍ത്തുന്നു.
എന്നോടുള്ള അവിടുത്തെ ക്രോധം വര്‍ധിപ്പിക്കുന്നു;
എന്നെ ആക്രമിക്കാന്‍ പുതിയ സൈന്യനിരയെ അവിടുന്നു അണിനിരത്തുന്നു.

18
അമ്മയുടെ ഗര്‍ഭത്തില്‍നിന്ന് അങ്ങ് എന്നെ ആനയിച്ചതെന്തിന്?
ആരും കാണുന്നതിനുമുമ്പ് ഞാന്‍ മരിച്ചുപോകുമായിരുന്നല്ലോ.

19
ഞാന്‍ ജനിക്കാത്തവനെപ്പോലെ ആകുമായിരുന്നു.
അമ്മയുടെ ഗര്‍ഭത്തില്‍നിന്നു ശവക്കുഴിയിലേക്ക് നീങ്ങുമായിരുന്നല്ലോ;

20
ഇരുളും അന്ധതമസ്സുമുള്ള ദേശത്തേക്ക്,
അന്ധകാരത്തിന്‍റെയും ശൂന്യതയുടെയും ദേശത്തേക്ക്,

21
വെളിച്ചം ഇരുട്ടായിത്തീരുന്ന ഇടത്തേക്ക്,
തിരിച്ചുവരാന്‍ സാധ്യമല്ലാത്ത സ്ഥലത്തേക്ക് ഞാന്‍ പോകുന്നതിനു മുന്‍പ്,

22
അല്പം ആശ്വാസം ലഭിക്കുന്നതിനുവേണ്ടി എന്നെ വെറുതെ വിടുക.
എന്‍റെ ആയുസ്സു ഹ്രസ്വമല്ലോ.”

11

1

നയമാത്യനായ സോഫര്‍ പറഞ്ഞു:

2
“ഈ അതിഭാഷണത്തിനു മറുപടി നല്‌കാതെ വിടുകയോ?
ഏറെ പറയുന്നതുകൊണ്ടു നീതീകരിക്കപ്പെടുമോ?

3
നിന്‍റെ ജല്പനം മനുഷ്യരെ നിശ്ശബ്ദരാക്കുമോ?
നീ പരിഹസിക്കുമ്പോള്‍ നിന്നെ ലജ്ജിപ്പിക്കാന്‍ ആരുമില്ലെന്നോ?

4
നിന്‍റെ വാക്കുകള്‍ സത്യമാണെന്നും
നീ ദൈവമുമ്പാകെ നിര്‍മ്മലനാണെന്നും അല്ലേ അവകാശപ്പെടുന്നത്?

5
ദൈവം സംസാരിച്ചിരുന്നെങ്കില്‍!

6
ജ്ഞാനത്തിന്‍റെ രഹസ്യങ്ങള്‍ നിനക്കു വെളിപ്പെടുത്തിയിരുന്നെങ്കില്‍
നിന്‍റെ അകൃത്യങ്ങള്‍ക്ക് അര്‍ഹിക്കുന്നതില്‍ വളരെ കുറച്ചു മാത്രമേ
ശിക്ഷ അവിടുന്നു നിനക്കു നല്‌കുന്നുള്ളൂ എന്ന് അറിഞ്ഞുകൊള്‍ക.

7
ദൈവത്തിന്‍റെ മഹിമയുടെയും ശക്തിയുടെയും
അതിരുകളും വ്യാപ്തിയും കണ്ടുപിടിക്കാന്‍ കഴിയുമോ?

8
അത് ആകാശത്തെക്കാള്‍ ഉന്നതം; നീ എന്തുചെയ്യും?
അതു പാതാളത്തെക്കാള്‍ അഗാധം; നീ എന്തു ഗ്രഹിക്കും?

9
അതു ഭൂമിയെക്കാള്‍ നീളമുള്ളതും
മഹാസമുദ്രത്തെക്കാള്‍ വീതിയുള്ളതും ആണ്.

10
അവിടുന്നു നിന്നെ ബന്ധിച്ച് ന്യായവിസ്താരത്തിനായി കൊണ്ടുവന്നാല്‍
ആര്‍ അവിടുത്തെ തടയും?

11
കൊള്ളരുതാത്തവരെ അവിടുന്ന് അറിയുന്നു;
അധര്‍മം കാണുമ്പോള്‍ അവിടുന്നു ഗൗനിക്കാതിരിക്കുമോ?

12
എന്നാല്‍, കാട്ടുകഴുതയുടെ കുട്ടി മനുഷ്യനായി പിറക്കുമെങ്കിലേ
മൂഢന്‍ വിവേകം പ്രാപിക്കൂ.

13
ഇയ്യോബേ, നിന്‍റെ ഹൃദയം നേരെയാക്കുക,
അവിടുത്തെ അടുക്കലേക്കു കൈ നീട്ടുക.

14
നീ അധര്‍മം ചെയ്യുന്നെങ്കില്‍ അത് ഉപേക്ഷിക്കുക;
ദുഷ്ടത നിന്‍റെ കൂടാരത്തില്‍ വസിക്കാന്‍ അനുവദിക്കരുത്.

15
അപ്പോള്‍ നീ കളങ്കരഹിതനായി മുഖം ഉയര്‍ത്തും നിശ്ചയം!
നീ നിര്‍ഭയനും സുരക്ഷിതനുമായിരിക്കും.

16
നിന്‍റെ ദുരിതങ്ങള്‍ നീ വിസ്മരിക്കും,
ഒഴുകിപ്പോയ വെള്ളംപോലെ മാത്രം നീ അവയെ ഓര്‍ക്കും.

17
നിന്‍റെ ജീവിതം മധ്യാഹ്നത്തെക്കാള്‍ പ്രകാശമാനമാകും.
അന്ധകാരമയമായ ജീവിതം പ്രഭാതം പോലെയാകും

18
പ്രത്യാശയാല്‍ നിനക്ക് ആത്മവിശ്വാസമുണ്ടാകും;
നീ സംരക്ഷിക്കപ്പെടും; നീ സുരക്ഷിതനായി വിശ്രമിക്കും.

19
വിശ്രമംകൊള്ളുന്ന നിന്നെ ആരും ഭയപ്പെടുത്തുകയില്ല.
അനേകം പേര്‍ നിന്‍റെ പ്രീതി തേടും.

20
ദുഷ്ടന്മാരുടെ കണ്ണു മങ്ങും;
രക്ഷപെടാന്‍ അവര്‍ക്ക് ഒരു പഴുതും ലഭിക്കയില്ല.
അവര്‍ക്കു കാത്തിരിക്കാന്‍ മരണമേയുള്ളൂ.”

12

1

ഇയ്യോബ് പറഞ്ഞു:

2
“സംശയമില്ല, ജനങ്ങളുടെ അഭിപ്രായമാണു നിങ്ങള്‍ പറഞ്ഞത്.
നിങ്ങള്‍ മരിച്ചാല്‍ ജ്ഞാനവും ഇല്ലാതാകും.

3
എന്നാല്‍ എനിക്കും നിങ്ങള്‍ക്കുള്ളതുപോലെ വിവേകം ഉണ്ട്.
നിങ്ങളെക്കാള്‍ ഒട്ടും കുറഞ്ഞവനല്ല ഞാനും,
ഇതൊക്കെ ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്?

4
സ്നേഹിതന്മാര്‍ക്കു ഞാനൊരു പരിഹാസവിഷയമാണ്;
ഞാന്‍ വിളിച്ചപേക്ഷിച്ചപ്പോള്‍ ദൈവം എനിക്ക് ഉത്തരമരുളിയിട്ടുണ്ട്.
എന്നിട്ടും നിഷ്കളങ്കനും നീതിമാനുമായ ഞാന്‍ പരിഹാസപാത്രമായിരിക്കുന്നു.

5
സ്വസ്ഥജീവിതം നയിക്കുന്നവര്‍ അനര്‍ഥത്തെ നിന്ദ്യമെന്ന് എണ്ണുന്നു.
കാലിടറുന്നവനെ അതു തള്ളിയിടുന്നു.

6
കൊള്ളക്കാരുടെ കൂടാരങ്ങളില്‍ സമാധാനമുണ്ട്.
ദൈവത്തെ പ്രകോപിപ്പിക്കുന്നവര്‍ സുരക്ഷിതരായിരിക്കുന്നു.
ദൈവം തങ്ങള്‍ക്ക് അധീനമെന്ന് അവര്‍ വിചാരിക്കുന്നു.

7
എന്നാല്‍ മൃഗങ്ങളോടു ചോദിക്കൂ; അവ നിങ്ങളെ പഠിപ്പിക്കും.
ആകാശത്തിലെ പക്ഷികളോടു ചോദിക്കൂ;
അവ നിങ്ങള്‍ക്കു പറഞ്ഞുതരും.

8
ഭൂമിയിലെ സസ്യജാലങ്ങളോടു ചോദിക്കൂ;
അവ നിങ്ങളെ ഉപദേശിക്കും.
സമുദ്രത്തിലെ മത്സ്യങ്ങളും നിങ്ങളോടു വിവരിക്കും

9
ഇവയെല്ലാം പ്രവര്‍ത്തിക്കുന്നത് സര്‍വേശ്വരനാണെന്ന് ഭൂമിയില്‍ ഏതിനാണ് അറിഞ്ഞു കൂടാത്തത്?

10
സര്‍വജീവജാലങ്ങളുടെയും പ്രാണനും
മനുഷ്യവര്‍ഗം മുഴുവന്‍റെയും ജീവനും അവിടുത്തെ കൈയില്‍ ഇരിക്കുന്നു.

11
നാവ് ഭക്ഷണത്തിന്‍റെ രുചി അറിയുംപോലെ,
കാത് വാക്കുകളുടെ പൊരുള്‍ തിരിച്ചറിയുന്നില്ലേ?

12
വൃദ്ധനില്‍ ജ്ഞാനം വസിക്കുന്നു,
വയോധികരില്‍ വിവേകം കുടികൊള്ളുന്നു.

13
ജ്ഞാനവും ശക്തിയും ദൈവത്തിന്‍റേതാണ്.
ആലോചനയും വിവേകവും അവിടുത്തേതുതന്നെ

14
അവിടുന്ന് ഇടിച്ചുകളയുന്നത് ആര്‍ പണിയും?
അവിടുന്നു ബന്ധനസ്ഥനാക്കിയവനെ ആര്‍ മോചിപ്പിക്കും?

15
അവിടുന്നു ജലം തടഞ്ഞുവച്ചാല്‍ അതു വറ്റിപ്പോകുന്നു.
അവിടുന്നു തുറന്നു വിടുമ്പോള്‍ അതു ഭൂമിയെ മുക്കിക്കളയുന്നു.

16
ജ്ഞാനവും മഹാശക്തിയും അവിടുത്തെ പക്കലാണ്;
വഞ്ചകനും വഞ്ചിതനും അവിടുത്തെ അധീനതയിലാകുന്നു.

17
അവിടുന്ന് ഉപദേഷ്ടാക്കളുടെ ജ്ഞാനം എടുത്തുകളയുന്നു.
ന്യായാധിപന്മാരെ വിഡ്ഢികളാക്കുന്നു.

18
അവിടുന്നു രാജാക്കന്മാരെ സ്ഥാനഭ്രഷ്ടരാക്കുന്നു.
അവിടുന്ന് അവരെ ബന്ധനസ്ഥരാക്കുന്നു.

19
അവിടുന്നു പുരോഹിതന്മാരുടെ അങ്കി ഉരിഞ്ഞുകളയുന്നു,
ബലശാലികളെ മറിച്ചിടുന്നു.

20
അവിടുന്നു വിശ്വസ്തരായ ഉപദേഷ്ടാക്കളെ നിശ്ശബ്ദരാക്കുന്നു;
വൃദ്ധരുടെ വിവേകം എടുത്തുകളയുന്നു.

21
അവിടുന്നു പ്രഭുക്കന്മാരുടെമേല്‍ നിന്ദ ചൊരിയുന്നു;
ബലവാന്മാരുടെ ശക്തി ക്ഷയിപ്പിക്കുന്നു.

22
ഇരുളില്‍ മറഞ്ഞ കാര്യങ്ങളെ അവിടുന്നു വെളിച്ചത്തു കൊണ്ടുവരുന്നു.

23
അവിടുന്നു ജനതകളെ ശക്തരാക്കുകയും വലുതാക്കുകയും ചെയ്യുന്നു.
അവിടുന്ന് അവരെ ചിതറിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു.

24
ജനനേതാക്കളില്‍നിന്ന് വിവേകം അവിടുന്ന് എടുത്തുകളയുന്നു.
അവരെ വഴിയില്ലാത്ത വിജനസ്ഥലത്ത് ഉഴലുമാറാക്കുന്നു.

25
അവര്‍ വെളിച്ചമില്ലാതെ ഇരുളില്‍ തപ്പിനടക്കുന്നു.
അവിടുന്ന് അവരെ മദ്യപരെപ്പോലെ ചുവടുറയ്‍ക്കാതെ നടക്കുമാറാക്കുന്നു.

13

1

“ഇതാ ഞാന്‍ ഇവയെല്ലാം കാണുകയും കേള്‍ക്കുകയും ഗ്രഹിക്കുകയും ചെയ്തിരിക്കുന്നു.

2
നിങ്ങള്‍ അറിയുന്നതു ഞാനും അറിയുന്നു;
നിങ്ങളെക്കാള്‍ ഞാന്‍ ഒട്ടും കുറഞ്ഞവനല്ല.

3
സര്‍വശക്തനോടു ഞാന്‍ സംസാരിക്കാന്‍ പോകുകയാണ്;
ദൈവത്തോട് എന്‍റെ കാര്യം വാദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

4
നിങ്ങളാകട്ടെ, വ്യാജംകൊണ്ടു വെള്ളപൂശുന്നവര്‍;
നിങ്ങളെല്ലാവരും മുറിവൈദ്യന്മാര്‍തന്നെ.

5
മൗനം ഭജിച്ചിരുന്നെങ്കില്‍ അതു നിങ്ങള്‍ക്കു ജ്ഞാനമാകുമായിരുന്നു

6
ഇപ്പോള്‍ എന്‍റെ ന്യായവാദം കേട്ടുകൊള്ളുക,
എന്‍റെ വ്യവഹാരം ശ്രദ്ധിക്കുക.

7
നിങ്ങള്‍ ദൈവത്തിനുവേണ്ടി വ്യാജം പറയുമോ?
അവിടുത്തേക്കുവേണ്ടി വഞ്ചനാപൂര്‍വം സംസാരിക്കുമോ?

8
നിങ്ങള്‍ പക്ഷം പിടിച്ച് ദൈവത്തിനുവേണ്ടി വാദിക്കുന്നുവോ?

9
അവിടുന്നു നിങ്ങളെ പരിശോധിച്ചാല്‍ നിങ്ങളില്‍ നന്മ കണ്ടെത്തുമോ?
മനുഷ്യനെ കബളിപ്പിക്കുന്നതുപോലെ,
നിങ്ങള്‍ക്കു ദൈവത്തെ കബളിപ്പിക്കാന്‍ കഴിയുമോ?

10
നിങ്ങള്‍ ഗൂഢമായി പക്ഷപാതം കാണിച്ചാല്‍
ദൈവം നിശ്ചയമായും നിങ്ങളെ ശാസിക്കും.

11
അവിടുത്തെ മഹത്ത്വം നിങ്ങളെ സംഭീതരാക്കുകയില്ലേ?
അവിടുത്തെക്കുറിച്ചുള്ള ഭീതി നിങ്ങളില്‍ നിപതിക്കുകയില്ലേ?

12
നിങ്ങളുടെ സൂക്തങ്ങള്‍ കരിഞ്ഞ പഴമൊഴികളാണ്.
നിങ്ങളുടെ വാദങ്ങള്‍ മണ്‍മതിലുകള്‍ മാത്രം!

13
മിണ്ടാതിരിക്കൂ, ഞാന്‍ സംസാരിക്കട്ടെ,
എനിക്ക് എന്തും സംഭവിച്ചുകൊള്ളട്ടെ.

14
എന്‍റെ ശരീരം അപകടത്തില്‍പ്പെടുത്താനും,
ജീവന്‍ പണയപ്പെടുത്താനും ഞാന്‍ ഒരുക്കമാണ്.

15
ആശ കൈവിട്ട എന്നെ അവിടുന്ന് നിഗ്രഹിച്ചാല്‍ത്തന്നെ എനിക്കെന്ത്?
ഞാന്‍ അവിടുത്തെ മുഖത്തുനോക്കി വാദിക്കും.

16
അധര്‍മി തിരുമുമ്പില്‍ വരികയില്ല;
അതാണ് എന്‍റെ രക്ഷ.

17
എന്‍റെ വാക്കുകള്‍ ശ്രദ്ധാപൂര്‍വം കേള്‍ക്കുക;
എന്‍റെ പ്രഖ്യാപനം നിങ്ങളുടെ കാതില്‍ മുഴങ്ങട്ടെ

18
ഇതാ, ഞാന്‍ എന്‍റെ ന്യായവാദങ്ങള്‍ ഒരുക്കിയിരിക്കുന്നു.
ഞാന്‍ നിര്‍ദ്ദോഷിയായി വിധിക്കപ്പെടുമെന്ന് എനിക്കറിയാം.

19
ദൈവമേ, അവിടുന്ന് എന്നോടു വാദിക്കാന്‍ ഒരുങ്ങുകയാണോ?
എങ്കില്‍ ഞാന്‍ നിശ്ശബ്ദനായി മരിച്ചുകൊള്ളാം.

20
രണ്ടു കാര്യം മാത്രം എനിക്കു അനുവദിച്ചു തരിക;
എന്നാല്‍ ഞാന്‍ തിരുമുമ്പില്‍നിന്ന് ഒളിക്കുകയില്ല.

21
എന്നെ ശിക്ഷിക്കുന്നതു മതിയാക്കിയാലും
അവിടുത്തെ ഭയങ്കരത്വത്താല്‍ എന്നെ സംഭ്രാന്തനാക്കാതിരുന്നാലും.

22
പിന്നീട് എന്നെ വിളിക്കുക; ഞാന്‍ ഉത്തരം പറയാം;
അല്ലെങ്കില്‍ ഞാന്‍ സംസാരിക്കാം;
അങ്ങ് ഉത്തരം അരുളിയാലും;

23
എന്‍റെ പാപങ്ങളും അകൃത്യങ്ങളും എത്രയാണ്?
എന്‍റെ അതിക്രമങ്ങളും പാപങ്ങളും എന്നെ ബോധ്യപ്പെടുത്തിയാലും.

24
തിരുമുഖം എന്നില്‍നിന്നു മറയ്‍ക്കുന്നത് എന്തുകൊണ്ട്?
എന്നെ അവിടുന്നു ശത്രുവായി കരുതുന്നതെന്ത്?

25
കൊഴിഞ്ഞുവീഴുന്ന ഇലയെ അങ്ങു ഭയപ്പെടുത്തുമോ?
ഉണക്കപ്പതിരിനെ അങ്ങു പിന്തുടരുമോ?

26
കയ്പേറിയ അനുഭവങ്ങള്‍ എനിക്കുവേണ്ടി അവിടുന്ന് എഴുതിവയ്‍ക്കുന്നു.
എന്‍റെ യൗവനത്തിലെ അകൃത്യങ്ങളുടെ ഫലം അനുഭവിക്കുമാറാക്കുന്നു.

27
എന്‍റെ കാലുകള്‍ അവിടുന്ന് ആമത്തിലിട്ടു;
എന്‍റെ വഴികളെല്ലാം അങ്ങു സൂക്ഷിച്ചുനോക്കുന്നു.
എന്‍റെ കാലടികള്‍ക്ക് അങ്ങ് പരിധി വച്ചിരിക്കുന്നു.

28
ചീഞ്ഞഴുകിയ വസ്തുപോലെയും ചിതലരിച്ച വസ്ത്രംപോലെയും മനുഷ്യന്‍ നശിച്ചുപോകുന്നു.

14

1

സ്‍ത്രീയില്‍നിന്നുണ്ടായ മനുഷ്യന്‍റെ
ആയുസ്സ് ഹ്രസ്വവും ദുരിതപൂര്‍ണവും ആകുന്നു.

2
അവന്‍ പൂവുപോലെ വിടരുന്നു; വാടിക്കൊഴിയുന്നു.
ഒരു നിഴല്‍പോലെ കടന്നുപോകുന്നു.

3
അങ്ങനെയുള്ളവന്‍റെ നേരെയോ അങ്ങു തൃക്കണ്ണു മിഴിക്കുന്നത്?
അവനെയോ തിരുമുമ്പില്‍ ന്യായവിസ്താരത്തിനു കൊണ്ടുവരുന്നത്?

4
അശുദ്ധമായതില്‍നിന്നു ശുദ്ധമായത് നിര്‍മ്മിക്കാന്‍ ആര്‍ക്കും കഴിയുകയില്ല.

5
മനുഷ്യന്‍റെ ദിനങ്ങള്‍ നിര്‍ണയിക്കപ്പെട്ടത്;
അവന്‍റെ മാസങ്ങളുടെ എണ്ണവും അങ്ങയുടെ പക്കലുണ്ട്.
അവിടുന്ന് അതിനു പരിധി നിര്‍ണയിച്ചിരിക്കുന്നു.
അവന് അതു മറികടക്കാന്‍ കഴിയുകയില്ല.

6
അതിനാല്‍ അവനില്‍നിന്നു ദൃഷ്‍ടി പിന്‍വലിച്ചാലും, അവനെ വിടുക;
കൂലിക്കാരനെപ്പോലെ അവന്‍ ആഹ്ലാദിച്ചുകൊള്ളട്ടെ.

7
വൃക്ഷത്തിനു പ്രത്യാശയുണ്ട്;
അതു വെട്ടിക്കളഞ്ഞാലും വീണ്ടും പൊട്ടിക്കിളിര്‍ക്കും.
അതിനു പുതുനാമ്പുകള്‍ മുളച്ചുകൊണ്ടേയിരിക്കും.

8
അതിന്‍റെ വേരു മണ്ണില്‍ പഴകിയാലും, കുറ്റി ഉണങ്ങിപ്പോയാലും,

9
ജലത്തിന്‍റെ ഗന്ധമേറ്റാല്‍ അതു പൊട്ടിമുളയ്‍ക്കും.
ഇളംചെടിപോലെ ശാഖ പുറപ്പെടുവിക്കും.

10
എന്നാല്‍ മനുഷ്യന്‍ മരിക്കുന്നു;
അതോടെ അവന്‍ മണ്ണടിയുന്നു.
അന്ത്യശ്വാസം വലിച്ചാല്‍ പിന്നെ അവന്‍ എവിടെ?

11
തടാകജലം താണുപോകുംപോലെയും
നദീജലം വറ്റി വരണ്ടുപോകുംപോലെയും

12
മനുഷ്യന്‍ മരിക്കുന്നു; പിന്നീട് എഴുന്നേല്‌ക്കുന്നില്ല.
ആകാശം ഇല്ലാതാകുംവരെ അവന്‍ ഉണരുന്നില്ല;
അവന്‍ നിദ്രവിട്ട് എഴുന്നേല്‌ക്കുന്നില്ല

13
നാഥാ, അവിടുന്ന് എന്നെ പാതാളത്തില്‍ മറയ്‍ക്കുകയും,
അവിടുത്തെ ക്രോധം അടങ്ങുവോളം എന്നെ ഒളിച്ചുവയ്‍ക്കുകയും,
അങ്ങ് നിശ്ചയിക്കുന്ന സമയത്തു വീണ്ടും എന്നെ ഓര്‍ക്കുകയും ചെയ്തെങ്കില്‍!

14
മനുഷ്യന്‍ മരിച്ചാല്‍ ജീവിക്കുമോ?
എങ്കില്‍ എനിക്കു മോചനം ലഭിക്കുംവരെ,
എന്‍റെ ജീവിത പോരാട്ടകാലമെല്ലാം, ഞാന്‍ കാത്തിരിക്കുമായിരുന്നു.

15
അങ്ങ് എന്നെ വിളിക്കും; ഞാന്‍ വിളികേള്‍ക്കും.
അവിടുത്തെ സൃഷ്‍ടിയില്‍ അങ്ങ് പ്രസാദിക്കും.

16
അപ്പോള്‍ എന്‍റെ കാല്‍വയ്പ് ഓരോന്നും അങ്ങ് എണ്ണും;
എന്‍റെ പാപങ്ങളെ അവിടുന്ന് അവഗണിക്കും.

17
എന്‍റെ അതിക്രമങ്ങള്‍ അവിടുന്നു പരിഗണിക്കുകയില്ല.
എന്‍റെ അധര്‍മങ്ങള്‍ അവിടുന്നു മറയ്‍ക്കും.

18
എന്നാല്‍ പര്‍വതം വീണടിയുന്നു.
പാറകള്‍ ഇളകിമാറുന്നു.

19
ജലം കല്ലിനു തേയ്മാനം വരുത്തുന്നു;
ഒഴുക്കില്‍ മണ്ണ് ഒലിച്ചുപോകുന്നു.
അതുപോലെ മനുഷ്യന്‍റെ പ്രത്യാശയെ അവിടുന്നു നശിപ്പിക്കുന്നു.

20
അവിടുന്ന് എപ്പോഴും മനുഷ്യനെ ജയിക്കുന്നു;
അവന്‍ കടന്നുപോകുന്നു.
അവിടുന്ന് അവന്‍റെ മുഖച്ഛായപോലും മാറ്റി പറഞ്ഞയയ്‍ക്കുന്നു.

21
തന്‍റെ പുത്രന്മാര്‍ ആദരിക്കപ്പെട്ടത് അവന്‍ അറിയുന്നില്ല.
അവര്‍ അവമാനിതരാകുന്നതും അവന്‍ ഗ്രഹിക്കുന്നില്ല.

22
ശരീരത്തിന്‍റെ വേദന മാത്രമേ അവന്‍ അറിയുന്നുള്ളൂ;
അവന്‍റെ വിലാപം തന്നെപ്രതിയുള്ളതു മാത്രം.”

15

1

അപ്പോള്‍ തേമാന്യനായ എലീഫസ് പറഞ്ഞു:

2
“ജ്ഞാനി പൊള്ളവാക്കു പറയുമോ?
കിഴക്കന്‍ കാറ്റുകൊണ്ട് അവന്‍ സ്വയം നിറയ്‍ക്കുമോ?

3
വ്യര്‍ഥവിവാദത്തില്‍ അവന്‍ ഏര്‍പ്പെടുമോ?
അര്‍ഥശൂന്യമായ വാക്കുകള്‍കൊണ്ടു തര്‍ക്കിക്കുമോ?

4
നീ ദൈവഭക്തി ഉപേക്ഷിക്കുന്നു.
ദൈവചിന്തപോലും നിന്നിലില്ല.

5
അകൃത്യമാണു നിന്‍റെ അധരങ്ങളെ ഉപദേശിക്കുന്നത്.
വഞ്ചകന്‍റെ വാക്കുകളാണു നീ തിരഞ്ഞെടുക്കുന്നത്.

6
നിന്നെ കുറ്റം വിധിക്കുന്നതു ഞാനല്ല,
നിന്‍റെ വാക്കുകള്‍ തന്നെയാണ്.
നിന്‍റെ ഓരോ വാക്കും നിനക്കെതിരായി സാക്ഷ്യം വഹിക്കുന്നു.

7
ആദ്യം ജനിച്ചവന്‍ നീയാണോ?
പര്‍വതങ്ങള്‍ക്കു മുമ്പേ നീ ജനിച്ചുവോ?

8
ദൈവത്തിന്‍റെ ആലോചനാസഭയിലെ വിചിന്തനങ്ങള്‍ നീ കേട്ടിട്ടുണ്ടോ?
ജ്ഞാനം നിന്‍റെ കുത്തകയാണോ?

9
ഞങ്ങള്‍ക്കില്ലാത്ത എന്ത് അറിവാണു നിനക്കുള്ളത്?
ഞങ്ങള്‍ക്ക് അജ്ഞാതമായ എന്താണ് നിനക്കറിയാവുന്നത്?

10
ഞങ്ങളുടെ ഇടയില്‍ തല നരച്ചവരുണ്ട്,
നിന്‍റെ പിതാവിനെക്കാള്‍ പ്രായമുള്ള വയോവൃദ്ധന്മാര്‍

11
ദൈവത്തിന്‍റെ സമാശ്വാസങ്ങള്‍ നിനക്കു നിസ്സാരമാണോ?
അതു തീരെ സൗമ്യമായിപ്പോയെന്നോ?

12
എന്തിനാണു നീ വികാരാധീനനാകുന്നത്?
നിന്‍റെ കണ്ണുകള്‍ ജ്വലിക്കുന്നതെന്ത്?

13
നീ ദൈവത്തിനു നേരേ കോപിക്കുന്നു;
കോപഭാഷണങ്ങള്‍ ചൊരിയുന്നു.

14
മനുഷ്യനു നിഷ്കളങ്കനാകാന്‍ കഴിയുമോ?
സ്‍ത്രീയില്‍നിന്നു ജനിച്ചവന് നീതിമാനാകാന്‍ സാധിക്കുമോ?

15
ദൈവത്തിനു തന്‍റെ വിശുദ്ധന്മാരില്‍പോലും വിശ്വാസമില്ല;
അവിടുത്തെ ദൃഷ്‍ടിയില്‍ സ്വര്‍ഗംപോലും നിര്‍മ്മലമല്ല.

16
എങ്കില്‍ മ്ലേച്ഛനും ദുഷിച്ചവനും, വെള്ളം പോലെ അധര്‍മം കുടിക്കുന്നവനുമായ
മനുഷ്യന്‍റെ കാര്യം എന്തു പറയാനാണ്?

17
ഞാന്‍ പറയുന്നതു കേള്‍ക്കുക;
ഞാന്‍ കണ്ടിട്ടുള്ളതു കാണിച്ചുതരാം.

18
ജ്ഞാനികള്‍ പറഞ്ഞിട്ടുള്ളതും അവരുടെ പിതാക്കന്മാര്‍ മറച്ചു വയ്‍ക്കാതിരുന്നിട്ടുള്ളതും
ഞാന്‍ പ്രസ്താവിക്കാം.

19
ദേശം നല്‌കിയത് അവര്‍ക്കു മാത്രമായിട്ടാണല്ലോ;
അന്യര്‍ അവരുടെ ഇടയിലൂടെ കടന്നുപോയില്ല.

20
നിഷ്ഠുരനായ ദുഷ്ടന്‍ തന്‍റെ ആയുസ്സു
പൂര്‍ത്തിയാകുന്നതുവരെ വേദനയില്‍ പുളയുന്നു.

21
ഭീകരശബ്ദങ്ങള്‍ അവന്‍റെ ചെവിയില്‍ മുഴങ്ങുന്നു.
ഐശ്വര്യകാലത്ത് വിനാശകന്‍ അവന്‍റെമേല്‍ ചാടിവീഴുന്നു.

22
അന്ധകാരത്തില്‍നിന്നു മടങ്ങിവരാമെന്ന് അവന് ആശയില്ല;
വാളിന് ഇരയാകാന്‍ അവന്‍ വിധിക്കപ്പെട്ടിരിക്കുന്നു.

23
ആഹാരത്തിനായി അവന്‍ അലഞ്ഞു നടക്കുന്നു;
‘അത് എവിടെ കിട്ടും’ എന്ന് അവന്‍ ചോദിക്കും;
അന്ധകാരദിനം ആസന്നമായിരിക്കുന്നു എന്ന് അവനറിയാം.

24
കൊടിയ ദുഃഖവും വേദനയും അവനെ സംഭീതനാക്കുന്നു;
പടയ്‍ക്കു പുറപ്പെട്ട രാജാവിനെപ്പോലെ അവ അവനെ കീഴടക്കുന്നു.

25
അവന്‍ ദൈവത്തിന് എതിരായി കൈയുയര്‍ത്തി;
സര്‍വശക്തനോടു ധിക്കാരം കാട്ടിയല്ലോ.

26
വന്‍പരിചയുമായി അവന്‍ ദൈവത്തിനു നേരേ ധിക്കാരത്തോടെ പാഞ്ഞുചെല്ലുന്നു.

27
അവന്‍ മേദസ്സുകൊണ്ടു മുഖംമൂടുന്നു;
അരക്കെട്ടിനു കൊഴുപ്പു കൂട്ടുന്നു.

28
അവന്‍ ശൂന്യനഗരങ്ങളില്‍, ആരും പാര്‍ക്കാതെ ഇടിഞ്ഞുപോകേണ്ട വീടുകളില്‍ പാര്‍ക്കുന്നു.

29
അവന്‍ സമ്പന്നനാകുകയില്ല;
അവന്‍റെ സമ്പാദ്യം നിലനില്‌ക്കുകയില്ല;
അവന്‍ ഭൂമിയില്‍ വേര് പിടിക്കുകയില്ല;

30
അന്ധകാരത്തില്‍നിന്ന് അവന്‍ രക്ഷപെടുകയില്ല;
അഗ്നിജ്വാല അവന്‍റെ ശാഖകളെ കരിച്ചുകളയും.
അവന്‍റെ പൂക്കളെ കാറ്റു പറത്തിക്കളയും;

31
അവന്‍ ശൂന്യതയെ ആശ്രയിച്ചു സ്വയം വഞ്ചിക്കാതിരിക്കട്ടെ.
ശൂന്യതയായിരിക്കുമല്ലോ അവന്‍റെ പ്രതിഫലം;

32
ആയുസ്സ് തികയുന്നതിനുമുമ്പ് അവന്‍റെ
പ്രതിഫലം മുഴുവനായി അളന്നു നല്‌കപ്പെടും.
അവന്‍റെ ചില്ലകള്‍ പച്ചപിടിക്കുകയില്ല;

33
മുന്തിരിവള്ളിയില്‍നിന്നെന്നപോലെ
അവന്‍റെ പാകമാകാത്ത പഴങ്ങള്‍ കൊഴിഞ്ഞു വീഴും;
ഒലിവുവൃക്ഷത്തില്‍നിന്നെന്നപോലെ പൂക്കള്‍ കൊഴിഞ്ഞുപോകും.

34
അഭക്തന്‍റെ ഭവനം ശൂന്യമാകും;
കോഴ വാങ്ങുന്നവന്‍റെ കൂടാരം അഗ്നിക്കിരയാകും.

35
അവര്‍ ദ്രോഹത്തെ ഗര്‍ഭം ധരിച്ച് തിന്മയെ പ്രസവിക്കുന്നു;
അവരുടെ ഹൃദയം വഞ്ചന ഒരുക്കുന്നു.”

16

1

ഇയ്യോബ് പറഞ്ഞു:

2
“ഇങ്ങനെ പലതും ഞാന്‍ കേട്ടിട്ടുണ്ട്.
നിങ്ങളുടെ സാന്ത്വനവും എന്നെ വേദനിപ്പിക്കുന്നു.

3
പൊള്ളവാക്കുകള്‍ക്ക് അവസാനമില്ലേ?
അല്ലെങ്കില്‍ ഇങ്ങനെ പറയാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നത് എന്താണ്?

4
എന്‍റെ സ്ഥാനത്ത് നിങ്ങള്‍ ആയിരുന്നെങ്കില്‍,
നിങ്ങള്‍ പറയുംപോലെ പറയാന്‍ എനിക്കും കഴിയുമായിരുന്നു.
നിങ്ങള്‍ക്കെതിരെ സംസാരിക്കാനും
നിങ്ങളെ പരിഹസിക്കാനും എനിക്കു കഴിയുമായിരുന്നു.

5
എന്‍റെ വാക്കുകള്‍കൊണ്ടു നിങ്ങളെ ധൈര്യപ്പെടുത്തുകയും
സാന്ത്വനവചസ്സുകള്‍കൊണ്ടു വേദനയാറ്റുകയും ചെയ്യുമായിരുന്നു.

6
ഞാന്‍ സംസാരിച്ചാലും, എന്‍റെ വേദനയ്‍ക്കു ശമനം ഉണ്ടാകുന്നില്ല;
ഞാന്‍ മിണ്ടാതിരുന്നാലും, അത് എന്നെ വിട്ടുമാറുന്നില്ല.

7
ദൈവമേ, അങ്ങ് ഇപ്പോള്‍ എന്നെ നിശ്ചയമായും പരിക്ഷീണനാക്കിയിരിക്കുന്നു.
എന്‍റെ ബന്ധുജനങ്ങളെയെല്ലാം അവിടുന്നു തകര്‍ത്തുകളഞ്ഞു.

8
അവിടുന്ന് എന്നെ പിടികൂടിയിരിക്കുന്നു;
അത് എനിക്കെതിരെ സാക്ഷ്യമായിരിക്കുന്നു;
അവിടുന്നെന്നെ എല്ലും തോലും ആക്കിയിരിക്കുന്നു;
അത് എനിക്കെതിരെ സാക്ഷ്യം പറയുന്നു.

9
അവിടുന്ന് എന്നെ വെറുക്കുകയും
ഉഗ്രരോഷത്തില്‍ എന്നെ ചീന്തിക്കളയുകയും ചെയ്തിരിക്കുന്നു.
അവിടുന്ന് എന്‍റെ നേരെ പല്ലിറുമ്മുന്നു.
എന്‍റെ ശത്രുക്കള്‍ എന്‍റെ നേരേ തീക്ഷ്ണതയോടെ നോക്കുന്നു,

10
അവര്‍ എന്‍റെ നേരേ വായ് പിളര്‍ക്കുന്നു.
അവര്‍ ഗര്‍വത്തോടെ എന്‍റെ ചെകിട്ടത്ത് അടിക്കുന്നു;
എനിക്കെതിരെ സംഘടിക്കുന്നു.

11
ദൈവം എന്നെ അധര്‍മികള്‍ക്ക് ഏല്പിച്ചു കൊടുക്കുന്നു;
ദുഷ്ടരുടെ കൈയിലേക്ക് എന്നെ എറിഞ്ഞു കൊടുക്കുന്നു.

12
ഞാന്‍ സ്വസ്ഥമായി ജീവിച്ചുപോന്നു;
എന്നാല്‍ ദൈവം എന്നെ തകര്‍ത്തു;
അവിടുന്ന് എന്‍റെ കഴുത്തിനു പിടിച്ചു നിലത്തടിച്ചു തകര്‍ത്തുകളഞ്ഞു;
അവിടുന്ന് എന്നെ നോട്ടമിട്ടിരിക്കുന്നു.

13
അവിടുത്തെ വില്ലാളികള്‍ എന്നെ വളഞ്ഞിരിക്കുന്നു.
അവിടുന്ന് എന്‍റെ ആന്തരാവയവങ്ങളെ കരുണകൂടാതെ കുത്തിപ്പിളര്‍ക്കുന്നു;
എന്‍റെ പിത്തരസം ഒഴുക്കിക്കളയുന്നു.

14
അവിടുന്ന് വീണ്ടും വീണ്ടും എന്നെ ഇടിച്ചുതകര്‍ക്കുന്നു;
പോരാളിയെപ്പോലെ എന്‍റെ നേരേ ചാടി വീഴുന്നു.

15
ഞാന്‍ ചാക്കു തുന്നി വസ്ത്രമാക്കിയിരിക്കുന്നു.
എന്‍റെ കരുത്ത് പൊടിയില്‍ തൂകിക്കളഞ്ഞു.

16
കരഞ്ഞു, കരഞ്ഞ് എന്‍റെ മുഖം ചുവന്നു;
എന്‍റെ കണ്‍പോളകള്‍ കരുവാളിച്ചിരിക്കുന്നു.

17
എങ്കിലും, എന്‍റെ കൈകള്‍ അതിക്രമം കാട്ടിയിട്ടില്ല.
എന്‍റെ പ്രാര്‍ഥന നിര്‍മ്മലമാകുന്നു.

18
ഭൂതലമേ, എന്‍റെ രക്തം മൂടിക്കളയരുതേ!
എന്‍റെ നിലവിളി നിര്‍ബാധം തുടരട്ടെ!

19
ഇപ്പോഴും എന്‍റെ സാക്ഷി സ്വര്‍ഗത്തിലും
എന്‍റെ ജാമ്യക്കാരന്‍ ഉയരത്തിലും ഇരിക്കുന്നു.

20
എന്‍റെ സുഹൃത്തുക്കള്‍ എന്നെ പരിഹസിക്കുന്നു.
ഞാന്‍ ദൈവസന്നിധിയില്‍ കണ്ണുനീരൊഴുക്കുന്നു.

21
അയല്‍ക്കാരനോടു ന്യായവാദം നടത്തുന്നതുപോലെ
ദൈവത്തോട് എനിക്കുവേണ്ടി ന്യായവാദം നടത്താന്‍ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍!

22
ഏതാനും വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ മടങ്ങിവരാനാവാത്ത വഴിക്കു ഞാന്‍ പോകും.

17

1

ഞാന്‍ ആകെ തകര്‍ന്നിരിക്കുന്നു;
എന്‍റെ നാളുകള്‍ ഒടുങ്ങിക്കഴിഞ്ഞു;
എനിക്കുവേണ്ടി ശവക്കുഴി ഒരുങ്ങിയിരിക്കുന്നു.

2
പരിഹാസികള്‍ എന്നെ വലയംചെയ്യുന്നു.
അവരുടെ കടു വാക്കുകളിലാണ് എന്‍റെ ശ്രദ്ധ

3
അവിടുന്ന് എനിക്കുവേണ്ടി ജാമ്യം നില്‌ക്കണമേ.
എനിക്കുവേണ്ടി ജാമ്യം നില്‌ക്കാന്‍ വേറേ ആരുള്ളൂ?

4
അവരുടെ ബുദ്ധി അവിടുന്നു നിരോധിച്ചു
അങ്ങനെ എന്‍റെമേല്‍ വിജയം നേടാന്‍
അവരെ അവിടുന്ന് അനുവദിക്കുന്നില്ല.

5
സ്നേഹിതന്‍റെ സ്വത്തില്‍ പങ്കുകിട്ടുന്നതിനുവേണ്ടി അവനെ ഒറ്റിക്കൊടുക്കുന്നവന്‍റെ
മക്കളുടെ കണ്ണ് അന്ധമാകും.

6
അവിടുന്ന് എന്നെ ജനത്തിന് ഒരു പഴഞ്ചൊല്ലാക്കിത്തീര്‍ത്തു
എന്നെ കാണുമ്പോള്‍ ആളുകള്‍ കാര്‍ക്കിച്ചു തുപ്പുന്നു.

7
ദുഃഖത്താല്‍ എന്‍റെ കണ്ണു മങ്ങിപ്പോയി.
എന്‍റെ അവയവങ്ങള്‍ നിഴല്‍പോലെയായി.

8
ഇതു കണ്ട് നീതിനിഷ്ഠന്‍ അമ്പരക്കുന്നു;
നിഷ്കളങ്കന്‍ അഭക്തന്‍റെ നേരേ ക്ഷോഭിക്കുന്നു.

9
എന്നിട്ടും നീതിനിഷ്ഠന്‍ തന്‍റെ വഴിയില്‍നിന്ന് വ്യതിചലിക്കുന്നില്ല.
നിര്‍മ്മലന്‍ മേല്‌ക്കുമേല്‍ ബലം പ്രാപിക്കുന്നു.

10
നിങ്ങളെല്ലാവരും വീണ്ടും ഒരുമിച്ചുവന്നാലും
നിങ്ങളില്‍ ഒരാളെയും ജ്ഞാനിയായി ഞാന്‍ കാണുന്നില്ല.

11
എന്‍റെ നാളുകള്‍ കഴിഞ്ഞുപോയി.
എന്‍റെ ആലോചനകളും ഹൃദയാഭിലാഷങ്ങളും തകര്‍ന്നു.

12
രാത്രിയെ പകലാക്കുന്നവരാണ് എന്‍റെ സ്നേഹിതന്മാര്‍;
അവര്‍ ഇരുട്ടിനെ വെളിച്ചമെന്നു വിളിക്കുന്നു.

13
പാതാളത്തെ ഞാന്‍ എന്‍റെ ഭവനമാക്കിയാല്‍,
അന്ധകാരത്തില്‍ എന്‍റെ കിടക്ക വിരിച്ചാല്‍,

14
ശവക്കുഴിയെ പിതാവെന്നും പുഴുക്കളെ അമ്മയെന്നും സഹോദരിയെന്നും ഞാന്‍ വിളിച്ചാല്‍,

15
എവിടെയായിരിക്കും എന്‍റെ പ്രത്യാശ?
ആര്‍ എന്‍റെ പ്രത്യാശ ദര്‍ശിക്കും?

16
പാതാളവാതില്‍വരെ അത് ഇറങ്ങിച്ചെല്ലുമോ?
പൊടിയിലേക്ക് അത് എന്നോടൊത്തു വരുമോ?”

18

1

ശൂഹ്യനായ ബില്‍ദാദ് പറഞ്ഞു:

2
“എത്രനേരം നീ ഇങ്ങനെ
വാക്കുകളുടെ പിന്നാലെ പായും?
ചിന്തിക്കുക, പിന്നെ നമുക്കു സംസാരിക്കാം.

3
ഞങ്ങളെ കാലികളെന്നു കരുതുന്നതെന്ത്?
നിന്‍റെ നോട്ടത്തില്‍ ഭോഷന്മാരോ ഞങ്ങള്‍?

4
കോപംകൊണ്ടു സ്വയം കടിച്ചുകീറുന്ന
നിനക്കുവേണ്ടി ഭൂമി ശൂന്യമായിത്തീരണമോ?
പാറ സ്വസ്ഥാനത്തുനിന്നു മാറണമോ?

5
ദുഷ്ടന്‍റെ ദീപം പൊലിഞ്ഞു.
അവന്‍റെ തിരിനാളം പ്രകാശിക്കുന്നില്ല.

6
അവന്‍റെ കൂടാരത്തിലെ വെളിച്ചം ഇരുണ്ടുപോകുന്നു.
അവന്‍റെമേല്‍ പ്രകാശിക്കുന്ന ദീപം അണച്ചിരിക്കുന്നു.

7
അവന്‍റെ ഉറച്ച കാലടികള്‍ ഇടറുന്നു.
അവന്‍റെ സൂത്രങ്ങള്‍തന്നെ അവനെ വീഴ്ത്തുന്നു.

8
അവന്‍ സ്വയം ചെന്നു വലയില്‍ കുരുങ്ങുന്നു.
ചതിക്കുഴിക്കു മീതെയാണ് അവന്‍ നടക്കുന്നത്.

9
അവന്‍റെ കുതികാലില്‍ കുരുക്കു മുറുകുന്നു.
അവന്‍ കുടുക്കില്‍ അകപ്പെടുന്നു.

10
അവനെ പിടികൂടാന്‍ കുരുക്കുകയര്‍ നിലത്ത് ഒളിച്ചുവച്ചിരിക്കുന്നു.
അവനുവേണ്ടി ഒരു കെണി വഴിയില്‍ വച്ചിട്ടുണ്ട്.

11
എല്ലാ വശത്തുനിന്നും കൊടുംഭീതികള്‍ അവനെ ഭയപ്പെടുത്തുന്നു.
അവ അവനെ വേട്ടയാടുന്നു.

12
വിശപ്പുകൊണ്ട് അവന്‍റെ ശക്തി ക്ഷയിച്ചു പോകുന്നു.
ഇടറിയാല്‍ മതി; വിനാശം തീര്‍ച്ച.

13
മാരകമായ ത്വക്ക്‍രോഗം അവന്‍റെ ശരീരത്തെ ആകമാനം ബാധിക്കുന്നു;
അത് അവന്‍റെ അവയവങ്ങളെ നശിപ്പിക്കുന്നു.

14
ആശ്രയംവച്ച കൂടാരത്തില്‍നിന്ന് അവന്‍ പറിച്ചുമാറ്റപ്പെടുന്നു.
ഭീകരതയുടെ രാജാവിന്‍റെ അടുക്കലേക്ക് അവന്‍ നയിക്കപ്പെടുന്നു.

15
അന്യര്‍ അവന്‍റെ കൂടാരം കൈവശമാക്കി,
അവന്‍റെ പാര്‍പ്പിടത്തിന്മേല്‍ ഗന്ധകം പെയ്തു.

16
അവന്‍റെ വേരുകള്‍ കരിയുന്നു.
ചില്ലകള്‍ വാടിപ്പോകുന്നു.

17
അവനെക്കുറിച്ചുള്ള ഓര്‍മപോലും ഭൂമിയില്‍ അവശേഷിക്കുകയില്ല;
തെരുവീഥിയില്‍ അവന്‍റെ പേര്‍ ഓര്‍മിക്കപ്പെടുകയില്ല;

18
വെളിച്ചത്തില്‍നിന്ന് തമസ്സിലേക്ക് അവനെ ആഴ്ത്തും;
ഭൂമിയില്‍നിന്ന് അവനെ പലായനം ചെയ്യിക്കും.

19
സ്വജനത്തിന്‍റെ ഇടയില്‍ അവന്‍റെ സന്തതിയോ വംശമോ ശേഷിക്കുകയില്ല;
അവന്‍റെ പാര്‍പ്പിടം അന്യംനിന്നുപോകും.

20
പശ്ചിമപൂര്‍വദിഗ്വാസികള്‍ അവന്‍റെ
അവസാനം കണ്ട് അദ്ഭുതപരതന്ത്രരാകും.

21
ദുഷ്ടന്‍റെ വാസസ്ഥലം ഇങ്ങനെ നശിക്കുന്നു.
ദൈവത്തെ അറിയാത്തവന്‍റെ പാര്‍പ്പിടം ഇങ്ങനെയാണ്.”

19

1

അപ്പോള്‍ ഇയ്യോബ് പറഞ്ഞു:

2
“എത്രകാലം നിങ്ങള്‍ എന്നെ
വാക്കുകള്‍കൊണ്ടു പീഡിപ്പിക്കുകയും പിച്ചിചീന്തുകയും ചെയ്യും?

3
ഇപ്പോള്‍ പത്തു തവണ നിങ്ങള്‍ എന്നെ നിന്ദിച്ചു;
എന്നെ ഇങ്ങനെ ദ്രോഹിക്കാന്‍ നിങ്ങള്‍ക്കു ലജ്ജയില്ലേ?

4
ഞാന്‍ തെറ്റു ചെയ്താല്‍ത്തന്നെ അത് എന്‍റെ കൂടെ ഇരിക്കട്ടെ;

5
എന്‍റെ ദുര്‍ഗതി ചൂണ്ടി എന്നെക്കാള്‍ വലിയവരെന്നു നിങ്ങള്‍ ഭാവിക്കയാണ്.

6
എങ്കില്‍ ദൈവം ആണ് എന്നെ ആ തെറ്റില്‍ വീഴ്ത്തിയതെന്നും,
വലയില്‍ കുടുക്കിയതെന്നും അറിഞ്ഞുകൊള്ളുക.

7
‘അതിക്രമം’ എന്നു ഞാന്‍ വിളിച്ചു പറഞ്ഞാലും, എനിക്കു മറുപടി കിട്ടുന്നില്ല;
ഞാന്‍ ഉറക്കെ നിലവിളിച്ചാലും എനിക്കു നീതി ലഭിക്കുന്നില്ല.

8
കടന്നുപോകാനാകാത്തവിധം എന്‍റെ വഴി അവിടുന്ന് അടച്ചുകളഞ്ഞു;
എന്‍റെ പാതകളില്‍ അവിടുന്ന് ഇരുള്‍ പരത്തി.

9
അവിടുന്ന് എന്‍റെ മഹത്ത്വം എന്നില്‍നിന്ന് ഉരിഞ്ഞെടുത്തു;
എന്‍റെ ശിരസ്സില്‍നിന്നു കിരീടം എടുത്തുകളഞ്ഞു.

10
എല്ലാ വശത്തുകൂടെയും അവിടുന്ന് എന്നെ തകര്‍ക്കുന്നു;
എന്‍റെ കഥ കഴിഞ്ഞിരിക്കുന്നു.
വൃക്ഷത്തെ എന്നപോലെ എന്‍റെ പ്രത്യാശയെ പിഴുതെറിഞ്ഞിരിക്കുന്നു;

11
അവിടുത്തെ ക്രോധം എന്‍റെ നേരേ ജ്വലിച്ചിരിക്കുന്നു.
അവിടുന്ന് എന്നെ ശത്രുവായി എണ്ണുന്നു.

12
അവിടുത്തെ സൈന്യം എനിക്കെതിരെ അണിയായി വരുന്നു;
അവര്‍ എനിക്കെതിരെ ഉപരോധമുയര്‍ത്തി,
എന്‍റെ കൂടാരത്തിനു ചുറ്റും പാളയമടിച്ചിരിക്കുന്നു.

13
ദൈവം എന്‍റെ സഹോദരന്മാരെ
എന്നില്‍നിന്ന് അകറ്റി എന്‍റെ പരിചയക്കാരെ അന്യരാക്കിത്തീര്‍ത്തു.

14
ബന്ധുജനങ്ങളും മിത്രങ്ങളും എന്നെ ഉപേക്ഷിച്ചു.

15
എന്‍റെ വീട്ടില്‍ ആതിഥ്യം ആസ്വദിച്ചവര്‍ എന്നെ മറന്നിരിക്കുന്നു;
എന്‍റെ ദാസികള്‍ എന്നെ അപരിചിതനായി ഗണിക്കുന്നു.
അവരുടെ ദൃഷ്‍ടിയില്‍ ഞാനൊരു പരദേശി മാത്രം.

16
എന്‍റെ ഭൃത്യന്‍ വിളിച്ചാല്‍ വിളി കേള്‍ക്കുന്നില്ല;
എനിക്ക് അവനോടു യാചിക്കേണ്ടിവരുന്നു.

17
എന്‍റെ ഭാര്യ എന്നോട് അറപ്പുകാട്ടുന്നു.
എന്‍റെ കൂടപ്പിറപ്പുകള്‍ എന്നെ വെറുക്കുന്നു.

18
കൊച്ചുകുട്ടികള്‍കൂടി എന്നെ നിന്ദിക്കുന്നു.
എന്നെ കാണുമ്പോള്‍ അവര്‍ പരിഹസിക്കുന്നു;

19
എന്‍റെ പ്രാണസ്നേഹിതന്മാര്‍ എന്നെ വെറുക്കുന്നു.
എന്‍റെ ഉറ്റസ്നേഹിതര്‍ ശത്രുക്കളായി മാറിയിരിക്കുന്നു;

20
എന്‍റെ ശരീരം എല്ലും തൊലിയുമായി,
എന്‍റെ പല്ലും കൊഴിഞ്ഞിരിക്കുന്നു.

21
എന്‍റെ സ്നേഹിതരേ, എന്നോടു കരുണ കാട്ടുവിന്‍!
എന്നോടു കരുണ കാട്ടുവിന്‍!
ദൈവത്തിന്‍റെ കരം എന്നെ തകര്‍ത്തിരിക്കുന്നു.

22
ദൈവത്തെപ്പോലെ, നിങ്ങളും എന്നെ വേട്ടയാടുന്നതെന്ത്?
ഞാന്‍ എല്ലും തോലുമായിട്ടും നിങ്ങള്‍ക്ക് തൃപ്തിയായില്ലേ?

23
എന്‍റെ വാക്കുകള്‍ എഴുതിവച്ചിരുന്നെങ്കില്‍!
അവ ഒരു പുസ്തകത്തില്‍ രേഖപ്പെടുത്തിയിരുന്നെങ്കില്‍!

24
എന്നേക്കും നിലനില്‌ക്കത്തക്കവിധം നാരായവും ഈയവുംകൊണ്ട്
അതു പാറയില്‍ വരഞ്ഞുവച്ചിരുന്നെങ്കില്‍!

25
എന്‍റെ വീണ്ടെടുപ്പുകാരന്‍ ജീവിക്കുന്നെന്നും
അവിടുന്ന് അവസാനം എനിക്കു ന്യായം നടത്തിത്തരാന്‍
എഴുന്നേല്‌ക്കുമെന്നും ഞാനറിയുന്നു.

26
എന്‍റെ ചര്‍മം ഇങ്ങനെ നശിച്ചാലും
ഞാന്‍ ദേഹരഹിതനായി ദൈവത്തെ കാണും.

27
ഞാന്‍തന്നെ അവിടുത്തെ കാണും;
എന്‍റെ കണ്ണുകള്‍ അവിടുത്തെ കാണും;
എന്‍റെ ഹൃദയം കാത്തിരുന്നു തളരുന്നു;

28
‘നാം എങ്ങനെ അയാളെ പിന്തുടരും;
അയാളില്‍ നാം എങ്ങനെ കുറ്റം ആരോപിക്കും’ എന്നു നിങ്ങള്‍ പറയുന്നുവെങ്കില്‍

29
വാളിനെ ഭയപ്പെടുക; ദൈവകോപം നിങ്ങളെ വെട്ടും;
അങ്ങനെ ന്യായവിധിയുണ്ടെന്നു നിങ്ങള്‍ അറിയും”

20

1

നയമാത്യനായ സോഫര്‍ പറഞ്ഞു:

2
“ഉള്ളില്‍ ഒതുങ്ങാത്ത വിചാരങ്ങള്‍ മറുപടി പറയാന്‍ എന്നെ അക്ഷമനാക്കുന്നു.

3
എന്നെ വ്രണപ്പെടുത്തുന്ന നിന്ദാവചനങ്ങളാണ് ഞാന്‍ കേട്ടത്;
എന്‍റെ വിവേകം മറുപടി പറയാന്‍ എന്നെ പ്രേരിപ്പിക്കുന്നു.

4
പുരാതനകാലം മുതല്‍ക്കേ, മനുഷ്യന്‍ ആദ്യമായി ഭൂമിയില്‍ ഉണ്ടായ കാലം മുതല്‍ക്കേ

5
ദുര്‍ജനത്തിന്‍റെ ജയഘോഷവും ദൈവനിന്ദകന്‍റെ സന്തോഷവും ക്ഷണികമെന്ന് നിനക്കറിയില്ലേ?

6
അവന്‍ ആകാശത്തോളം ഉയര്‍ന്നാലും,
അവന്‍റെ ശിരസ്സ് മേഘങ്ങളെ സ്പര്‍ശിച്ചാലും,

7
വിസര്‍ജനവസ്തുപോലെ അവന്‍ നശിച്ചൊടുങ്ങും.
അവനെ മുമ്പ് കണ്ടിട്ടുള്ളവന്‍ ‘അവന്‍ എവിടെ’ എന്നു ചോദിക്കും.

8
അവന്‍ സ്വപ്നംപോലെ മാഞ്ഞുപോകും,
അവനെ പിന്നെ കാണുകയില്ല.
നിശാദര്‍ശനംപോലെ അവന്‍ മറഞ്ഞുപോകും.

9
അവനെ കണ്ടിട്ടുള്ളവന്‍ പിന്നീട് അവനെ കാണുകയില്ല.
അവന്‍റെ ജന്മസ്ഥലം വീണ്ടും അവനെ ദര്‍ശിക്കുകയില്ല;

10
അവന്‍റെ സന്തതികള്‍ ദരിദ്രനോട് ഇരക്കും.
നേടിയതെല്ലാം അവനു തിരികെ കൊടുക്കേണ്ടിവരും.

11
അവന്‍റെ നിറഞ്ഞ യൗവന തീക്ഷ്ണത അവനോടൊപ്പം പൂഴിയില്‍ അമരും.

12
ദുഷ്ടത അവനു മധുരമായി തോന്നിയാലും,
അതു നാവിനടിയില്‍ ഒളിച്ചുവച്ചാലും,

13
വിഴുങ്ങാതെ വായില്‍ത്തന്നെ നുണഞ്ഞുകൊണ്ടിരുന്നാലും,

14
അതു വയറ്റില്‍ ചെന്നു സര്‍പ്പവിഷമായിത്തീരും.

15
അവന്‍ സമ്പത്തു വിഴുങ്ങിയാലും അതു ഛര്‍ദിക്കേണ്ടിവരും.
ദൈവം അവന്‍റെ ഉദരത്തില്‍നിന്ന് അതു പുറത്തുചാടിക്കും.

16
അവന്‍ സര്‍പ്പവിഷം കുടിക്കും;
അണലിയുടെ കടിയേറ്റ് മരിക്കും.

17
തേനും പാലും ഒഴുകുന്ന നീര്‍ച്ചാലുകള്‍ അവന്‍ കാണുകയില്ല.

18
അധ്വാനഫലം അനുഭവിക്കാന്‍ അവന് ഇടവരികയില്ല;
വ്യാപാരലാഭം അവനു സന്തോഷം നല്‌കുകയില്ല.

19
അവന്‍ ദരിദ്രനെ പീഡിപ്പിക്കുകയും അവഗണിക്കുകയും ചെയ്തു.
താന്‍ പണിയാത്ത വീട് അവന്‍ കൈവശപ്പെടുത്തി.

20
അവന്‍റെ അത്യാര്‍ത്തിക്ക് അതിരില്ലാത്തതിനാല്‍
ആനന്ദം നല്‌കുന്നതൊന്നും അവന്‍ നേടുകയില്ല.

21
ഭക്ഷണത്തിനുള്ളതില്‍ കവിഞ്ഞൊന്നും അവന്‍ സമ്പാദിക്കുകയില്ല.
അതിനാല്‍ അവന്‍റെ ഐശ്വര്യത്തിന് ആയുസ്സില്ല.

22
പൂര്‍ണസമൃദ്ധിയിലും അവനു ഞെരുക്കമായിരിക്കും;
അതികഠിനമായ ദുരിതം അവന്‍റെമേല്‍ നിപതിക്കും.

23
ദൈവം ചൊരിയുന്ന ഉഗ്രകോപമായിരിക്കും അവന്‍റെ വയറുനിറയ്‍ക്കുക.
ദൈവം ഭക്ഷണമായി അവനു വര്‍ഷിച്ചു കൊടുക്കുന്നത് അതായിരിക്കും.

24
ഇരുമ്പായുധത്തില്‍നിന്ന് ഓടി ഒഴിയുമ്പോള്‍ പിച്ചളയമ്പ് അവന്‍റെമേല്‍ തുളച്ചുകയറും.

25
അത് അവന്‍ വേദനയോടെ വലിച്ചൂരും;
അതിന്‍റെ തിളങ്ങുന്ന മുന പിത്തഗ്രന്ഥിവരെ തുളച്ചുകയറിയിരിക്കും.
കൊടുംഭീതി അവനെ ബാധിക്കും.

26
ഘോരാന്ധകാരമായിരിക്കും അവന്‍റെ സമ്പാദ്യം;
ആരും ഊതിക്കത്തിക്കാത്ത അഗ്നി അവനെ വിഴുങ്ങിക്കളയും;
അവന്‍റെ കൂടാരത്തില്‍ അവശേഷിക്കുന്നത് എല്ലാം അഗ്നിക്കിരയാകും.

27
ആകാശം അവന്‍റെ അകൃത്യത്തെ വെളിപ്പെടുത്തും;
ഭൂമി അവന് എതിരായി സാക്ഷിപറയും.

28
അവന്‍റെ വീട്ടിലെ വസ്തുവകകളെല്ലാം അപഹരിക്കപ്പെടും;
ദൈവത്തിന്‍റെ ക്രോധദിനത്തില്‍ അവ നഷ്ടമാകും.

29
ഇതാണ് ദുഷ്ടനു ദൈവം നല്‌കുന്ന ഓഹരി;
ദൈവം അവനു നിശ്ചയിച്ചിരിക്കുന്ന അവകാശം!”

21

1

അപ്പോള്‍ ഇയ്യോബ് പറഞ്ഞു:

2
“ഞാന്‍ പറയുന്നതു ശ്രദ്ധിച്ചു കേള്‍ക്കുക;
അതായിരിക്കട്ടെ നിങ്ങള്‍ എനിക്കു നല്‌കുന്ന സാന്ത്വനം.

3
ക്ഷമയോടെ കേള്‍ക്കുക; ഞാന്‍ പറയട്ടെ, പിന്നെ എന്നെ പരിഹസിച്ചുകൊള്ളൂ.

4
മനുഷ്യനെതിരെയാണോ എന്‍റെ പരാതി?
ഞാന്‍ എങ്ങനെ അക്ഷമനാകാതിരിക്കും?

5
എന്‍റെ നേരേ നോക്കി ഭയപരവശരാകുവിന്‍;
വായ് പൊത്തുവിന്‍.

6
ഓര്‍ത്തുനോക്കുമ്പോള്‍ ഉല്‍ക്കടമായ സംഭ്രമമുണ്ടാകുന്നു;
എന്‍റെ ദേഹം വിറയ്‍ക്കുന്നു.

7
ദുര്‍ജനം ദീര്‍ഘകാലം ജീവിക്കുന്നത് എന്തുകൊണ്ട്?
അവരുടെ ആയുസ്സ് വാര്‍ധക്യത്തോളം നീളുകയും,
അവര്‍ ശക്തിപ്രാപിക്കുകയും ചെയ്യുന്നതെന്ത്?

8
അവരുടെ സന്തതിപരമ്പരകള്‍ അഭിവൃദ്ധിപ്പെടുന്നത് അവര്‍ കാണുന്നു.

9
അവരുടെ ഭവനങ്ങളെ ഭയം ബാധിക്കുന്നില്ല.
ദൈവത്തിന്‍റെ ശിക്ഷാദണ്ഡ് അവരുടെമേല്‍ നിപതിക്കുന്നില്ല.

10
അവരുടെ കാളകള്‍ ഇണചേരുന്നു;
ഒന്നും നിഷ്ഫലമാകുന്നില്ല;
അവരുടെ പശുക്കള്‍ പ്രസവിക്കുന്നു;
അവയുടെ ഗര്‍ഭം അലസുന്നില്ല.

11
അവരുടെ കുഞ്ഞുങ്ങള്‍ ആട്ടിന്‍പറ്റത്തെ പോലെ പെരുകുന്നു.
അവര്‍ ഉല്ലാസനൃത്തം ചെയ്യുന്നു.

12
അവര്‍ തപ്പു കൊട്ടിയും കിന്നരം മീട്ടിയും പാടുന്നു;
കുഴലിന്‍റെ നാദധാരയില്‍ ആനന്ദിക്കുന്നു.

13
അവര്‍ ഐശ്വര്യസമൃദ്ധിയില്‍ ആയുഷ്കാലം കഴിക്കുന്നു,
സമാധാനത്തോടെ അവര്‍ ശവക്കുഴിയിലിറങ്ങുന്നു.

14
അവര്‍ ദൈവത്തോടു പറയുന്നു; അകന്നുപോവുക.
അവിടുത്തെ വഴികള്‍ ഞങ്ങള്‍ക്ക് അറിയേണ്ടതില്ല.

15
ഞങ്ങള്‍ സേവിക്കാന്‍ ആരാണീ സര്‍വശക്തന്‍?
ദൈവത്തോടു പ്രാര്‍ഥിച്ചിട്ട് ഞങ്ങള്‍ക്ക് എന്തു കിട്ടാനാണ്?’

16
ഇതാ, അവരുടെ ഐശ്വര്യം അവര്‍ക്കധീനം തന്നെയല്ലേ?
എന്നാല്‍ ദുഷ്ടന്മാരുടെ ഉപദേശം എനിക്കാവശ്യമില്ല.

17
ദുഷ്ടന്മാരുടെ വിളക്ക് എത്രയോ തവണ കെട്ടുപോയിരിക്കുന്നു.
വിപത്തുകള്‍ അവരുടെമേല്‍ വന്നിട്ടില്ലേ?
ദൈവം തന്‍റെ കോപത്തില്‍ അവരുടെമേല്‍ കഷ്ടത അയച്ചിട്ടില്ലേ?

18
അവര്‍ കാറ്റില്‍പ്പെട്ട വൈക്കോല്‍പോലെയും
കൊടുങ്കാറ്റു പറപ്പിക്കുന്ന പതിര്‍പോലെയും അല്ലേ?

19
പിതാക്കളുടെ അപരാധം അവരുടെ മക്കള്‍ക്കായി
ദൈവം കരുതിവയ്‍ക്കുന്നു എന്നു നിങ്ങള്‍ പറയുന്നു.
അപരാധികളെത്തന്നെ ദൈവം ശിക്ഷിക്കട്ടെ.
അര്‍ഹിക്കുന്ന പ്രതിഫലം ദൈവം നല്‌കുന്നു എന്ന് അവര്‍ അറിയട്ടെ

20
തങ്ങളുടെ നാശം സ്വന്തം കണ്ണുകള്‍കൊണ്ടു തന്നെ അവര്‍ കാണട്ടെ.
സര്‍വശക്തന്‍റെ ക്രോധത്തിന്‍റെ പാനപാത്രം അവര്‍ കുടിക്കട്ടെ.

21
ആയുസ്സൊടുങ്ങിയാല്‍ പിന്നെ തങ്ങളുടെ കുടുംബത്തെക്കുറിച്ച് അവര്‍ക്ക് എന്ത് ആകുലത?

22
ഉന്നതന്മാരെപ്പോലും വിധിക്കുന്ന ദൈവത്തിന് അവര്‍ ജ്ഞാനം ഉപദേശിച്ചുകൊടുക്കുമോ?

23
സമൃദ്ധിയുടെ മധ്യത്തില്‍ സ്വസ്ഥനും സുരക്ഷിതനും ആയിരിക്കെ ഒരുവന്‍ മരിക്കുന്നു.

24
അവന്‍റെ ശരീരത്തില്‍ മേദസ്സു മുറ്റിയിരിക്കുന്നു;
അവന്‍റെ അസ്ഥികളിലെ മജ്ജ വരണ്ടിട്ടില്ല.

25
മറ്റൊരാള്‍ ഉല്‍ക്കടമായ വേദനയോടെ മരിക്കുന്നു.
അയാള്‍ സുഖമെന്തെന്ന് അറിഞ്ഞിട്ടേയില്ല.

26
എന്നാല്‍ അവര്‍ ഇരുവരും ഒന്നുപോലെ പൂഴിയില്‍ അമരുന്നു.
പുഴുക്കള്‍ അവരെ പൊതിയുന്നു.

27
നിങ്ങളുടെ ആലോചനകളും എന്നെ തെറ്റില്‍ ചാടിക്കാനുള്ള ഉപായങ്ങളും എനിക്ക് അറിയാം.

28
ആ പ്രഭുവിന്‍റെ ഭവനം എവിടെ?
ദുഷ്ടന്‍ വസിച്ചിരുന്ന കൂടാരം എവിടെ എന്നു നിങ്ങള്‍ ചോദിക്കുന്നു.

29
[29,30] വഴിപോക്കരോടു നിങ്ങള്‍ ചോദിച്ചിട്ടില്ലേ?
വിനാശത്തിന്‍റെ നാളില്‍ ദുഷ്ടന്‍ ഒഴിവാക്കപ്പെടുന്നു എന്നും ക്രോധദിവസത്തില്‍ അവര്‍ സംരക്ഷിക്കപ്പെടുന്നു
എന്നുമുള്ള അവരുടെ സാക്ഷ്യം നിങ്ങള്‍ക്കു സ്വീകാര്യമല്ലേ?

30

31
അവന്‍റെ മാര്‍ഗങ്ങളെ അവന്‍റെ മുഖത്തു നോക്കി ആര്‍ കുറ്റപ്പെടുത്തും?
അവന്‍റെ പ്രവൃത്തികള്‍ക്ക് ആര്‍ പകരം ചോദിക്കും?

32
അവനെ ശ്മശാനത്തിലേക്കു കൊണ്ടുപോകുകയും
ശവകുടീരത്തിനു കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്യുന്നു.

33
താഴ്വരയിലെ മണ്ണ് അവനോടു മധുരമായി പെരുമാറും;
എല്ലാവരും അവനെ അനുഗമിക്കുന്നു.
അവന്‍റെ മുന്‍ഗാമികളും അസംഖ്യമാണ്.

34
പിന്നെ എങ്ങനെ നിങ്ങള്‍ എന്നെ പാഴ്വാക്കുകളാല്‍ ആശ്വസിപ്പിക്കും.
നിങ്ങളുടെ മറുപടി കാപട്യത്തില്‍ കുറഞ്ഞൊന്നുമല്ല.”

22

1

തേമാന്യനായ എലീഫസ് പറഞ്ഞു:

2
“മനുഷ്യനെക്കൊണ്ട് ദൈവത്തിന് എന്തു പ്രയോജനം?
ഒരുവന്‍ വിജ്ഞാനിയായിരുന്നാല്‍ പ്രയോജനം അവനുതന്നെ.

3
നീ നീതിനിഷ്ഠനെങ്കില്‍ അതുകൊണ്ട് സര്‍വശക്തന് എന്തു സന്തോഷം ലഭിക്കും?
നിന്‍റെ മാര്‍ഗം കുറ്റമറ്റതായിരുന്നാല്‍ അവിടുത്തേക്ക് എന്താണു നേട്ടം?

4
നിന്‍റെ ഭക്തി നിമിത്തമാണോ അവിടുന്നു നിന്നെ ശാസിക്കുകയും ന്യായവിധി നടത്തുകയും ചെയ്യുന്നത്?

5
നിന്‍റെ ദുഷ്ടത എത്ര വലുത്?
നിന്‍റെ അകൃത്യങ്ങള്‍ക്ക് അറുതിയില്ല.

6
സഹോദരന്മാരോട് നീ അകാരണമായി പണയം ഈടാക്കി;
അവരുടെ വസ്ത്രം ഉരിഞ്ഞെടുത്തു നീ അവരെ നഗ്നരാക്കുന്നു.

7
ദാഹിച്ചുവലഞ്ഞവനു ജലം കൊടുത്തില്ല;
വിശക്കുന്നവന്‍റെ ആഹാരവും നീ പിടിച്ചുവച്ചു.

8
ബലവാനായ നീ ദേശം കൈവശമാക്കി അതില്‍ പാര്‍ത്തു.

9
വിധവകളെ നീ വെറുംകൈയോടെ പറഞ്ഞയച്ചു;
അനാഥരുടെ കരങ്ങള്‍ നീ തകര്‍ത്തു.

10
അതുകൊണ്ടു നിന്‍റെ ചുറ്റും കെണികളാണ്;
അവിചാരിതമായി ഭീതി നിന്നെ മൂടുന്നു.

11
കാണാന്‍ അരുതാത്തവിധം നിന്‍റെ പ്രകാശം ഇരുളായി;
പെരുവെള്ളം നിന്നെ മൂടിയിരിക്കുന്നു.

12
ദൈവം അത്യുന്നതസ്വര്‍ഗത്തിലല്ലേ?
നക്ഷത്രങ്ങളെ നോക്കുക, അവയും എത്ര ഉയരത്തിലാണ്!

13
എന്നാല്‍ നീ പറയുന്നു: ‘ദൈവം എന്തറിയുന്നു;
കൂരിരുട്ടില്‍ അവിടുത്തേക്ക് ന്യായം വിധിക്കാന്‍ കഴിയുമോ?
അവിടുന്ന് ആകാശവിതാനത്തിലൂടെ സഞ്ചരിക്കുമ്പോള്‍

14
ഒന്നും കാണാത്തവിധം കനത്തമേഘങ്ങള്‍ അവിടുത്തെ പൊതിയുന്നു;’

15
ദുഷ്ടര്‍ നടന്ന പഴയ പാതയിലൂടെ നീ നടക്കുമോ?

16
അവരുടെ ജീവന്‍ കാലം തികയുന്നതിനു മുമ്പേ അപഹരിക്കപ്പെട്ടു.
അവരുടെ അടിസ്ഥാനം ഒഴുകിപ്പോയി.

17
അവര്‍ ദൈവത്തോടു പറയുന്നു: ഞങ്ങളെ വിട്ടുപോകൂ;
സര്‍വശക്തനായ ദൈവത്തിന് ഞങ്ങളോട് എന്തു ചെയ്യാന്‍ കഴിയും?

18
എന്നിട്ടും അവിടുന്ന് അവരുടെ ഭവനങ്ങള്‍ ഐശ്വര്യംകൊണ്ടു നിറച്ചു;
എന്നാല്‍ ദുര്‍ജനത്തിന്‍റെ ഉപദേശങ്ങളില്‍ നിന്നു ഞാന്‍ അകന്നുനില്‌ക്കുന്നു.

19
നീതിമാന്മാര്‍ അവരുടെ നാശം കണ്ടു സന്തോഷിക്കുന്നു;
നിഷ്കളങ്കര്‍ അവരെ പരിഹസിച്ചു പറയുന്നു:

20
“ഞങ്ങളുടെ ശത്രുക്കള്‍ ഉന്മൂലനം ചെയ്യപ്പെട്ടിരിക്കുന്നു;
അവര്‍ അവശേഷിപ്പിച്ചതെല്ലാം അഗ്നിക്കിരയായിരിക്കുന്നു”

21
ദൈവത്തോടു രമ്യതപ്പെട്ടു സമാധാനമായിരിക്കുക;
എന്നാല്‍ താങ്കള്‍ക്കു നന്മ വരും.

22
അവിടുത്തെ പ്രബോധനം സ്വീകരിക്കുക;
അവിടുത്തെ വചനം ഉള്‍ക്കൊള്ളുക.

23
സര്‍വശക്തനായ ദൈവത്തിങ്കലേക്ക് തിരിഞ്ഞ് സ്വയം വിനയപ്പെട്ടാല്‍,
നിന്‍റെ ഭവനത്തില്‍നിന്ന് അനീതി തുടച്ചുനീക്കിയാല്‍

24
നിന്‍റെ സ്വര്‍ണത്തെ പൂഴിയിലും
ഓഫീര്‍തങ്കത്തെ നദീതടത്തിലെ പാറക്കല്ലുകള്‍ക്കിടയിലും എറിഞ്ഞുകളഞ്ഞാല്‍,

25
സര്‍വശക്തനെ നിന്‍റെ സ്വര്‍ണവും വിലയേറിയ വെള്ളിയും ആയി കണക്കാക്കിയാല്‍,

26
നീ സര്‍വശക്തനില്‍ ആനന്ദംകൊള്ളും;
നീ ദൈവത്തിങ്കലേക്കു മുഖം ഉയര്‍ത്തും.

27
നീ അവിടുത്തോടു പ്രാര്‍ഥിക്കും;
അവിടുന്നു നിന്‍റെ പ്രാര്‍ഥന കേള്‍ക്കും.
നിന്‍റെ നേര്‍ച്ചകള്‍ നീ നിറവേറ്റും.

28
നിന്‍റെ നിശ്ചയങ്ങള്‍ നടക്കും.
നിന്‍റെ വഴികള്‍ പ്രകാശമാനമാകും.

29
അഹങ്കാരിയെ ദൈവം താഴ്ത്തുന്നു;
താഴ്മയുള്ളവനെ അവിടുന്നു രക്ഷിക്കുന്നു.

30
നിര്‍ദ്ദോഷിയെ ദൈവം വിടുവിക്കും;
നിന്‍റെ നിഷ്കളങ്കത്വംമൂലം നീ വിമോചിതനാകും”

23

1

അപ്പോള്‍ ഇയ്യോബ് പറഞ്ഞു:

2
“ഇന്നും എന്‍റെ സങ്കടം കയ്പേറിയതു തന്നെ;
ഞാന്‍ ഞരങ്ങിയിട്ടും അവിടുത്തെ കരങ്ങള്‍ എന്‍റെമേല്‍ ഭാരമായിരിക്കുന്നു.

3
ദൈവത്തെ എവിടെ കണ്ടെത്താമെന്ന് അറിഞ്ഞിരുന്നെങ്കില്‍!
അവിടുത്തെ സിംഹാസനത്തെ സമീപിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍!

4
എന്‍റെ സങ്കടം അവിടുത്തോട് ബോധിപ്പിക്കുകയും
എന്‍റെ എല്ലാ ന്യായവാദങ്ങളും അവിടുത്തോടു പറയുകയും ചെയ്യുമായിരുന്നു.

5
അവിടുന്ന് എനിക്ക് എന്ത് ഉത്തരം അരുളും എന്നും എന്നോട് എന്തു സംസാരിക്കും എന്നും അറിയുമായിരുന്നു.

6
അവിടുത്തെ മഹാശക്തിയാല്‍ എന്നോടു വാദിക്കുമോ?
ഇല്ല; ഞാന്‍ പറയുന്നത് അവിടുന്നു ശ്രദ്ധിക്കും.

7
നീതിനിഷ്ഠന് അവിടുത്തോടു ന്യായവാദം നടത്താന്‍ കഴിയും;
അങ്ങനെ എന്‍റെ ന്യായാധിപനായ അവിടുന്ന് എന്നേക്കുമായി എന്നെ മോചിപ്പിക്കും.

8
ഇതാ, ഞാന്‍ കിഴക്കോട്ടു നടന്നു നോക്കുന്നു.
പക്ഷേ അവിടുന്ന് അവിടെയില്ല;
പടിഞ്ഞാറു ചെന്നിട്ട് അവിടെയും അവിടുത്തെ കാണുന്നില്ല

9
ഞാന്‍ വടക്കും തെക്കും അന്വേഷിക്കുന്നു;
അവിടെയും അവിടുത്തെ കാണാന്‍ കഴിയുന്നില്ല;

10
എന്നാല്‍ എന്‍റെ വഴി അവിടുന്ന് അറിയുന്നു;
അവിടുന്ന് എന്നെ പരീക്ഷിച്ചുകഴിയുമ്പോള്‍ ഞാന്‍ സ്വര്‍ണംപോലെ ശോഭിക്കും.

11
എന്‍റെ പാദങ്ങള്‍ അവിടുത്തെ കാല്‍ച്ചുവടുകളെ പിന്തുടരുന്നു;
ഇടംവലം തെറ്റാതെ ഞാന്‍ അവിടുത്തെ മാര്‍ഗം അനുസരിക്കുന്നു.

12
അവിടുത്തെ കല്പന ഞാന്‍ ലംഘിച്ചിട്ടില്ല.
അവിടുത്തെ വചനം ഞാന്‍ നിധിപോലെ സൂക്ഷിക്കുന്നു.

13
എന്നാലും അവിടുത്തേക്കു മാറ്റമില്ല;
അവിടുത്തെ പിന്തിരിപ്പിക്കാന്‍ ആര്‍ക്കു കഴിയും?
തന്‍റെ ഇഷ്ടംപോലെ അവിടുന്നു പ്രവര്‍ത്തിക്കുന്നു.

14
അവിടുന്ന് എനിക്കു നിശ്ചയിച്ചിരിക്കുന്നത് നിറവേറ്റട്ടെ;
ഇതുപോലെ പലതും അവിടുത്തെ മനസ്സിലുണ്ട്.

15
അതിനാല്‍ തിരുസന്നിധിയില്‍ ഞാന്‍ ഭയന്നു വിറയ്‍ക്കുന്നു;
അവിടുത്തെക്കുറിച്ചു ചിന്തിക്കുന്തോറും ഞാന്‍ ഭയചകിതനാകുന്നു.

16
ദൈവം എന്‍റെ ഹൃദയത്തെ ദുര്‍ബലമാക്കിയിരിക്കുന്നു.
സര്‍വശക്തന്‍ എന്നെ പരിഭ്രമിപ്പിക്കുന്നു.

17
അന്ധകാരം എന്നെ വലയം ചെയ്തിരിക്കുന്നു;
കൂരിരുട്ട് എന്‍റെ മുഖം മൂടിയിരിക്കുന്നു.

24

1

സര്‍വശക്തന്‍ ന്യായവിധിയുടെ സമയം നിശ്ചയിക്കാത്തതെന്ത്?
അവിടുത്തെ ഭക്തന്മാര്‍ ന്യായവിസ്താര ദിവസങ്ങള്‍ അറിയാതിരിക്കുന്നതെന്ത്?

2
മനുഷ്യര്‍ അതിര്‍ത്തിക്കല്ലുകള്‍ മാറ്റുന്നു
ആട്ടിന്‍പറ്റത്തെ കവര്‍ന്നുകൊണ്ടുപോയി മേയ്‍ക്കുന്നു;

3
അവര്‍ അനാഥരുടെ കഴുതകളെ അപഹരിക്കുന്നു.
വിധവയുടെ കാളയെ പണയം വാങ്ങുന്നു.

4
അവര്‍ പട്ടിണിപ്പാവങ്ങളെ വഴിയില്‍നിന്നു തള്ളിനീക്കുന്നു.
പാവങ്ങള്‍ പേടിച്ചൊളിക്കുന്നു.

5
കാട്ടുകഴുതകള്‍ മരുഭൂമിയില്‍ അലയുന്നതു പോലെ
ദരിദ്രര്‍ സ്വന്തം കുഞ്ഞുങ്ങളെ പോറ്റാന്‍ ജോലി തേടി അലയുന്നു.

6
അവര്‍ വയലില്‍നിന്നു വൈക്കോല്‍ ശേഖരിക്കുന്നു;
ദുഷ്ടന്‍റെ മുന്തിരിത്തോട്ടത്തില്‍ അവര്‍ കാലാ പെറുക്കുന്നു;

7
അവര്‍ രാത്രി മുഴുവന്‍ വസ്ത്രമില്ലാതെ കിടക്കുന്നു.
തണുപ്പില്‍ പുതയ്‍ക്കാന്‍ അവര്‍ക്കൊന്നുമില്ല.

8
പര്‍വതങ്ങളില്‍ പെയ്യുന്ന മഴ അവരെ നനയ്‍ക്കുന്നു.
കൂരയില്ലായ്കയാല്‍ അവര്‍ പാറക്കെട്ടുകളില്‍ അഭയം തേടുന്നു.

9
അനാഥശിശുക്കളെ അമ്മയുടെ മാറില്‍നിന്നു ചിലര്‍ തട്ടിക്കൊണ്ടു പോകുകയും
പാവപ്പെട്ടവരുടെ കുഞ്ഞുങ്ങളെ പണയം വാങ്ങുകയും ചെയ്യുന്നു.

10
ആ പാവങ്ങള്‍ വസ്ത്രമില്ലാതെ നഗ്നരായി നടക്കുന്നു;
വിശന്നു പൊരിഞ്ഞ് കറ്റ ചുമക്കുന്നു.

11
ദുഷ്ടരുടെ ഒലിവുമരങ്ങള്‍ക്കിടയില്‍, അവര്‍ എണ്ണയാട്ടുന്നു.
മുന്തിരിച്ചക്കുകളില്‍ പണിയെടുക്കുന്നു.
എന്നിട്ടും അവര്‍ക്കു ദാഹം തീര്‍ക്കാന്‍ വഴിയില്ല.

12
മരണാസന്നരുടെ ഞരക്കങ്ങള്‍ നഗരത്തില്‍ നിന്ന് ഉയരുന്നു;
മുറിവേറ്റവര്‍ സഹായത്തിനു വിളിക്കുന്നു;
എന്നിട്ടും ദൈവം അവരുടെ പ്രാര്‍ഥന ശ്രദ്ധിക്കുന്നില്ല.

13
വെളിച്ചത്തോടാണു ചിലരുടെ മത്സരം.
അവര്‍ക്കു വെളിച്ചത്തിന്‍റെ വഴി അജ്ഞാതമാണ്;
അതിലെയല്ല അവര്‍ സഞ്ചരിക്കുന്നത്;

14
കൊലപാതകി പുലരും മുന്‍പേ എഴുന്നേറ്റു
ദരിദ്രനെയും എളിയവനെയും കൊന്നൊടുക്കുന്നു;
രാത്രിയില്‍ അവന്‍ മോഷ്‍ടിക്കുന്നു.

15
വ്യഭിചാരി ഇരുട്ടു വരാന്‍ കാത്തിരിക്കുന്നു;
സന്ധ്യയായാല്‍ തന്നെ ആരും കാണാതിരിക്കാന്‍ മുഖം മറച്ചു നടക്കുന്നു.

16
ചിലര്‍ രാത്രിയില്‍ ഭവനഭേദനം നടത്തുന്നു;
പകല്‍ അവര്‍ വാതിലടച്ച് ഒളിച്ചു പാര്‍ക്കുന്നു;
അവര്‍ വെളിച്ചത്ത് ഇറങ്ങുന്നില്ല.

17
കൂരിരുട്ട് അവര്‍ക്കു പുലര്‍കാലമാകുന്നു.
അന്ധകാരത്തിന്‍റെ ഭീകരതയുമായി അവര്‍ ചങ്ങാത്തം കൂടുന്നു.

18
നിങ്ങള്‍ പറയുന്നു:
ജലം അവരെ അതിവേഗം ഒഴുക്കിക്കളയുന്നു.
അവരുടെ ഭൂമിയിലെ ഓഹരി ശപിക്കപ്പെട്ടത്;
അവരുടെ മുന്തിരിത്തോട്ടത്തിലേക്ക് ഇനി ആരും പോകുകയില്ല;

19
ചൂടിലും വരള്‍ച്ചയിലും ഹിമജലം എന്നപോലെ
പാതാളത്തില്‍ പാപി അപ്രത്യക്ഷമാകുന്നു.

20
പെറ്റമ്മപോലും, അവനെ ഓര്‍മിക്കുകയില്ല.
അവന്‍ കൃമിക്ക് ഇരയാകും.
അങ്ങനെ ദുഷ്ടത വൃക്ഷംപോലെ തകർക്കപ്പെടും.

21
അവര്‍ വന്ധ്യയോട് അനീതി കാട്ടുന്നു.
വിധവയ്‍ക്കു നന്മ ചെയ്യുന്നതുമില്ല.

22
എന്നിട്ടും ദൈവം തന്‍റെ ശക്തിയാല്‍ ഈ കരുത്തരുടെ ആയുസ്സു വര്‍ധിപ്പിക്കുന്നു.
ജീവിതത്തെക്കുറിച്ച് നിരാശ തോന്നുമ്പോള്‍, അവര്‍ ഉണര്‍ന്നെഴുന്നേല്‌ക്കുന്നു.

23
ദൈവം അവര്‍ക്കു സുരക്ഷിതത്വം നല്‌കുന്നു;
അവര്‍ ഉറച്ചു നില്‌ക്കുന്നു.
അവിടുത്തെ ദൃഷ്‍ടി അവരുടെ വഴികളിലുണ്ട്;

24
അല്പകാലത്തേക്ക് അവര്‍ക്ക് ഉയര്‍ച്ചയുണ്ടാകും.
പിന്നെ അവര്‍ അപ്രത്യക്ഷരാകും.
കളപോലെ അവര്‍ ഉണങ്ങിപ്പോകുന്നു;
കതിര്‍ക്കുലയെന്നപോലെ അവര്‍ കൊയ്തെടുക്കപ്പെടുന്നു.

25
ഇതു ശരിയല്ലേ? അല്ലെങ്കില്‍ ഞാന്‍ നുണയനെന്നും
എന്‍റെ വാക്കു പൊളിവചനമെന്നും ആരൂണ്ട് തെളിയിക്കാന്‍?”

25

1

അതിന് ശൂഹ്യനായ ബില്‍ദാദ് പറഞ്ഞു:

2
“ദൈവം സര്‍വാധിപതിയാണ്.
എല്ലാവരും അവിടുത്തെ ഭയപ്പെടുന്നു;
ഉന്നതസ്വര്‍ഗത്തില്‍ അവിടുന്നു സമാധാനം സ്ഥാപിക്കുന്നു.

3
അവിടുത്തെ സൈന്യങ്ങള്‍ക്ക് എണ്ണമുണ്ടോ?
ആരുടെ മേലാണ് അവിടുത്തെ പ്രകാശം ഉദിക്കാത്തത്?

4
പിന്നെങ്ങനെ അവിടുത്തെ മുമ്പില്‍ നീതിമാനാകാന്‍ മനുഷ്യനു കഴിയും?
സ്‍ത്രീയില്‍നിന്നു ജനിച്ചവനു നിര്‍മ്മലനാകാന്‍ കഴിയുമോ?

5
അവിടുത്തെ ദൃഷ്‍ടിയില്‍ ഇതാ ചന്ദ്രന്‍പോലും നിഷ്പ്രഭം;
നക്ഷത്രങ്ങളും നിഷ്കളങ്കമല്ല.

6
എങ്കില്‍ വെറും പുഴുവും കൃമിയുമായ മനുഷ്യന്‍റെ സ്ഥിതി എന്ത്?”

26

1

അപ്പോള്‍ ഇയ്യോബ് പറഞ്ഞു:

2
“ഇങ്ങനെയാണോ നീ ദുര്‍ബലനെ സഹായിക്കുന്നത്?
ബലഹീനമായ കരങ്ങളെ രക്ഷിക്കുന്നത്?

3
അജ്ഞനു നീ എന്ത് ഉപദേശം നല്‌കി?
എത്ര ഉദാരമായിട്ടാണ് നീ വിജ്ഞാനം പകര്‍ന്നത്!

4
ആരുടെ സഹായത്തോടെയാണു നീ ഈ വാക്കുകള്‍ ഉച്ചരിച്ചത്?
ആരുടെ ആത്മാവാണ് നിന്നില്‍നിന്നു പുറത്തുചാടിയത്?

5
പാതാളവാസികള്‍ വിറകൊള്ളുന്നു.
ജലവും അതിലെ ജീവികളും നടുങ്ങുന്നു.

6
പാതാളം ദൈവമുമ്പാകെ തുറന്നിരിക്കുന്നു;
നരകത്തെ ഒന്നും മറയ്‍ക്കുന്നില്ല.

7
ഉത്തരദിക്കിനെ ദൈവം ശൂന്യതയുടെമേല്‍ വിരിക്കുന്നു;
ഭൂമിയെ ശൂന്യതയ്‍ക്കുമേല്‍ തൂക്കിയിട്ടു.

8
അവിടുന്നു ജലത്തെ കാര്‍മേഘങ്ങളില്‍ ബന്ധിക്കുന്നു;
അതു വഹിക്കുന്ന കാര്‍മുകില്‍ ചീന്തിപ്പോകുന്നില്ല.

9
അവിടുന്നു ചന്ദ്രന്‍റെ മുഖത്തെ മറയ്‍ക്കുന്നു.
അതിനു മീതെ മേഘത്തെ വിരിക്കുന്നു.

10
ഇരുളും വെളിച്ചവും സന്ധിക്കുന്നു.
സമുദ്രമുഖത്ത് അവിടുന്ന് ഒരു വൃത്തം വരച്ചു.

11
ആകാശത്തിന്‍റെ തൂണുകള്‍ കുലുങ്ങുന്നു;
അവിടുത്തെ ശാസനയാല്‍ അവ നടുങ്ങുന്നു.

12
അവിടുന്നു മഹാശക്തിയാല്‍ സമുദ്രത്തെ നിശ്ചലമാക്കി;
അവിടുത്തെ ജ്ഞാനത്താല്‍ രഹബിനെ തകര്‍ത്തു.

13
അവിടുത്തെ ശ്വാസത്താല്‍ ആകാശം ശോഭയുള്ളതായി;
അവിടുത്തെ കരങ്ങള്‍ പാഞ്ഞുപോകുന്ന സര്‍പ്പത്തെ പിളര്‍ന്നു.

14
ഇവയൊക്കെ അവിടുത്തെ നിസ്സാര പ്രവര്‍ത്തനങ്ങള്‍ മാത്രമാണ്;
അവിടുത്തെ ഒരു നേരിയ സ്വരമേ നാം കേട്ടിട്ടുള്ളൂ.
അവിടുത്തെ ശക്തിയുടെ മുഴക്കം ആര്‍ക്കു ഗ്രഹിക്കാന്‍ കഴിയും?”

27

1

ഇയ്യോബ് ഇങ്ങനെ തുടര്‍ന്നു:

2
“എനിക്കു നീതി നിഷേധിക്കുകയും എന്‍റെ ജീവിതം കയ്പുള്ളതാക്കുകയും
ചെയ്ത സര്‍വശക്തനായ ദൈവത്തെ മുന്‍നിറുത്തി ഞാന്‍ പറയുന്നു:

3
എന്നില്‍ പ്രാണന്‍ അവശേഷിക്കുന്നിടത്തോളം,
ദൈവത്തിന്‍റെ ശ്വാസം എന്‍റെ നാസികയില്‍ ഉള്ളിടത്തോളം

4
ഞാന്‍ അസത്യം സംസാരിക്കുകയില്ല;
ഞാന്‍ വഞ്ചന ഉച്ചരിക്കുകയില്ല.

5
നിങ്ങള്‍ പറയുന്നതു ശരിയാണെന്ന് ഒരിക്കലും ഞാന്‍ സമ്മതിക്കുകയില്ല.
മരണംവരെ ഞാന്‍ നിഷ്കളങ്കത ഉപേക്ഷിക്കുകയില്ല.

6
ഞാന്‍ നീതിനിഷ്ഠ കൈവിടുകയില്ല.
ആയുസ്സിന്‍റെ ഒരു ദിവസത്തെക്കുറിച്ചും മനഃസാക്ഷി എന്നെ കുറ്റപ്പെടുത്തുകയില്ല.

7
എന്‍റെ ശത്രു ദുഷ്ടനെപ്പോലെയും എന്‍റെ എതിരാളി അധര്‍മിയെപ്പോലെയും ആയിരിക്കട്ടെ.

8
അഭക്തനെ ദൈവം നശിപ്പിക്കുമ്പോള്‍ അവന്‍റെ പ്രത്യാശ എന്തായിരിക്കും?

9
അവനു കഷ്ടതയും പ്രയാസവും നേരിടുമ്പോള്‍
ദൈവം അവന്‍റെ നിലവിളി കേള്‍ക്കുമോ?

10
അവന്‍ സര്‍വശക്തനില്‍ ആനന്ദം കണ്ടെത്തുമോ?
എല്ലാ കാലത്തും അവന്‍ ദൈവത്തെ വിളിച്ചപേക്ഷിക്കുമോ?

11
ദൈവത്തിന്‍റെ ശക്തിയെക്കുറിച്ചു ഞാന്‍ നിങ്ങളെ പഠിപ്പിക്കും,
അവിടുത്തെ ഉദ്ദേശ്യം എന്തെന്നു ഞാന്‍ മറച്ചുവയ്‍ക്കുകയില്ല.

12
നിങ്ങളെല്ലാവരും അതു കണ്ടറിഞ്ഞിരിക്കുന്നുവല്ലോ;
പിന്നെ എന്തിന് ഈ വ്യര്‍ഥഭാഷണം?

13
ഇതാണു ദുഷ്ടനു ദൈവത്തില്‍നിന്നു ലഭിക്കുന്ന ഓഹരി;
പരദ്രോഹി സര്‍വശക്തനില്‍നിന്നു നേടുന്ന അവകാശം.

14
അവനു സന്താനങ്ങള്‍ പെരുകുന്നത് വാളിന് ഇരയാകാന്‍ വേണ്ടിയാണ്.
അവന്‍റെ സന്തതിക്കു വേണ്ടുവോളം ആഹാരം ലഭിക്കുകയില്ല.

15
അവശേഷിക്കുന്നവര്‍ മഹാമാരിക്ക് ഇരയാകും;
അവരുടെ വിധവമാര്‍ അവരെക്കുറിച്ചു വിലപിക്കുകയുമില്ല.

16
അവര്‍ നിലത്തെ പൂഴിപോലെ വെള്ളി കൂട്ടിവച്ചേക്കാം.
മണ്ണുപോലെ വസ്ത്രം വാരിക്കൂട്ടിയേക്കാം.

17
പക്ഷേ നീതിമാന്മാര്‍ ആയിരിക്കും അവ ധരിക്കുക.
നിഷ്കളങ്കരായിരിക്കും വെള്ളി വീതിച്ചെടുക്കുക.

18
ചിലന്തി തന്‍റെ വല കെട്ടുന്നതുപോലെയും
കാവല്‌ക്കാര്‍ മാടം നിര്‍മ്മിക്കുന്നതുപോലെയും അവന്‍ വീടു പണിയുന്നു.

19
അവന്‍ ഉറങ്ങാന്‍ പോകുന്നതു ധനവാനായിട്ടായിരിക്കും.
പക്ഷേ അതു നീണ്ടുനില്‌ക്കുകയില്ല.
ഉണരുമ്പോഴേക്ക് അവന്‍റെ ധനം നഷ്ടപ്പെട്ടിരിക്കും.

20
പെരുവെള്ളംപോലെ ഭയം അവനെ കീഴ്പെടുത്തും.
രാത്രിയില്‍ കൊടുങ്കാറ്റ് അവനെ പറപ്പിച്ചു കൊണ്ടുപോകും.

21
കിഴക്കന്‍കാറ്റ് അവനെ പൊക്കി എടുക്കും.
പിന്നെ അവനെ കാണുകയില്ല;
അവന്‍റെ സ്ഥാനത്തുനിന്ന് അത് അവനെ തൂത്തുമാറ്റും.

22
നിര്‍ദ്ദയം അത് അവനെ ചുഴറ്റിയെറിയും;
അതിന്‍റെ പിടിയില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ അവന്‍ നോക്കും.

23
അത് അവനെ നോക്കി കൈകൊട്ടും,
അവന്‍റെ നേരേ സീല്‍ക്കാരം പുറപ്പെടുവിക്കും.

28

1

വെള്ളി കുഴിച്ചെടുക്കുന്ന ഖനിയും
പൊന്നു ശുദ്ധി ചെയ്യാനുള്ള ഇടവും ഉണ്ട്

2
ഇരുമ്പു മണ്ണില്‍നിന്നെടുക്കുന്നു;
ചെമ്പ് അതിന്‍റെ അയിരില്‍നിന്ന് ഉരുക്കിയെടുക്കുന്നു.

3
മനുഷ്യന്‍ അന്ധകാരത്തെ ഭേദിച്ച്
തമോനിബിഡമായ ആഴങ്ങളില്‍ അയിരു തേടിച്ചെല്ലുന്നു.

4
നിര്‍ജനമായ താഴ്വരയില്‍ അവര്‍ ഖനി തുരക്കുന്നു.
വഴിപോക്കര്‍പോലും വിസ്മരിച്ച ഏകാന്തതയില്‍,
ഖനനത്തിനു കയറില്‍ തൂങ്ങി പണി എടുക്കുന്നു.

5
ഭൂമിയില്‍നിന്ന് ആഹാരം ലഭിക്കുന്നു;
എന്നാല്‍ അതിന്‍റെ അധോഭാഗം തിളച്ചുമറിയുന്നു;

6
അതിലെ പാറകള്‍ ഇന്ദ്രനീലത്തിന്‍റെ ഇരിപ്പിടം;
സ്വര്‍ണത്തരിയും അതിലുണ്ട്.

7
കഴുകന് ആ വഴി അജ്ഞാതം;
പരുന്തിന്‍റെ കണ്ണുകളും അതു കണ്ടിട്ടില്ല.

8
ഘോരമൃഗങ്ങള്‍ അതില്‍ ചവിട്ടിയിട്ടില്ല;
സിംഹം ആ വഴിയിലൂടെ കടന്നുപോയിട്ടില്ല.

9
മനുഷ്യന്‍ തീക്കല്ലില്‍ കൈ വയ്‍ക്കുന്നു;
പര്‍വതങ്ങളെ അവന്‍ വേരോടെ മറിക്കുന്നു.

10
പാറകളില്‍ അവന്‍ ചാലുകള്‍ കീറുന്നു;
എല്ലാ അമൂല്യവസ്തുക്കളും അവന്‍റെ കണ്ണില്‍പ്പെടുന്നു.

11
അവന്‍ നീര്‍ച്ചാലുകളെ അണകെട്ടി തടുക്കുന്നു;
മറഞ്ഞിരിക്കുന്നവയെ അവന്‍ വെളിച്ചത്തു കൊണ്ടുവരുന്നു.

12
എന്നാല്‍ ജ്ഞാനം എവിടെ കണ്ടെത്തും?
വിവേകത്തിന്‍റെ ആസ്ഥാനം എവിടെ?

13
അങ്ങോട്ടുള്ള വഴി മനുഷ്യന്‍ അറിഞ്ഞിട്ടില്ല:
ജീവിക്കുന്നവരുടെ ദേശത്ത് അതു കണ്ടെത്തിയിട്ടില്ല;

14
അത് എന്നിലില്ല എന്ന് അഗാധത പറയുന്നു;
അത് എന്‍റെ പക്കലില്ലെന്നു സമുദ്രവും പറയുന്നു.

15
സ്വര്‍ണംകൊടുത്ത് അതു വാങ്ങാവുന്നതല്ല;
വെള്ളി തൂക്കിക്കൊടുത്താലും അതിന്‍റെ വിലയാവുകയില്ല.

16
ഓഫീര്‍തങ്കമോ, വിലയേറിയ ഗോമേദകമോ
ഇന്ദ്രനീലമോ അതിന്‍റെ വിലയാവുകയില്ല.

17
സ്വര്‍ണവും സ്ഫടികവും അതിനു സമാനമല്ല;
സ്വര്‍ണപ്പണ്ടങ്ങള്‍ പകരം കൊടുത്ത് അതു നേടാവുന്നതല്ല.

18
പവിഴത്തിന്‍റെയും പളുങ്കിന്‍റെയും കാര്യം പറയാനേയില്ല.
ജ്ഞാനം മുത്തുകളെക്കാള്‍ അമൂല്യമാണ്;

19
എത്യോപ്യയിലെ പുഷ്യരാഗം അതിനോടു താരതമ്യപ്പെടുത്താനാവില്ല;
തനിത്തങ്കംകൊണ്ട് അതിന്‍റെ വിലമതിക്കാവുന്നതല്ല.

20
അപ്പോള്‍ ജ്ഞാനം എവിടെനിന്നു വരുന്നു?
വിവേകത്തിന്‍റെ ഇരിപ്പിടം എവിടെ?

21
അതു സകല ജീവികള്‍ക്കും അഗോചരമാണ്;
പറവകളുടെ മിഴികള്‍ക്കും അതു മറഞ്ഞിരിക്കുന്നു.

22
ഞങ്ങള്‍ അതേപ്പറ്റി കേട്ടിട്ടേ ഉള്ളൂ എന്നു നരകവും മരണവും പറയുന്നു.

23
അതിലേക്കുള്ള വഴി ദൈവം അറിയുന്നു;
അതിന്‍റെ ആസ്ഥാനം അവിടുത്തേക്കറിയാം.

24
അവിടുന്നു ഭൂമിയുടെ അറുതികളിലേക്കു നോക്കുന്നു;
ആകാശത്തിന്‍ കീഴിലുള്ള സമസ്തവും കാണുകയും ചെയ്യുന്നു.

25
അവിടുന്നു കാറ്റിനെ തൂക്കിനോക്കിയപ്പോള്‍,
സമുദ്രജലം അളന്നു തിട്ടപ്പെടുത്തിയപ്പോള്‍,

26
മഴയ്‍ക്ക് ഒരു നിയമം ഏര്‍പ്പെടുത്തിയപ്പോള്‍,
ഇടിമിന്നലിനു വഴി നിര്‍ണയിച്ചപ്പോള്‍,

27
അവിടുന്ന് വിജ്ഞാനം കണ്ടു; അതു പ്രഖ്യാപിച്ചു.
അതു പരിശോധിച്ചു, അതിന്‍റെ മൂല്യം നിര്‍ണയിച്ചു.

28
അവിടുന്നു മനുഷ്യനോട് അരുളിച്ചെയ്തു:
‘സര്‍വേശ്വരനോടുള്ള ഭക്തിയാണ് ജ്ഞാനം തിന്മയില്‍നിന്ന് അകലുന്നതാണ് വിവേകം.’

29

1

ഇയ്യോബ് തന്‍റെ ഭാഷണം തുടര്‍ന്നു:

2
“പഴയകാലത്തെപ്പോലെ, ദൈവം എന്നെ പരിപാലിച്ച ദിനങ്ങളിലെ പോലെ, ഞാന്‍ ആയിരുന്നെങ്കില്‍!

3
അന്ന് അവിടുത്തെ ദീപം എന്‍റെ തലയ്‍ക്കു മീതെ പ്രകാശിച്ചിരുന്നു;
അവിടുത്തെ പ്രകാശത്താല്‍ ഞാന്‍ ഇരുട്ടിലൂടെ നടന്നു.

4
ഞാന്‍ എന്‍റെ സമൃദ്ധിയുടെ കാലത്തെപ്പോലെ ആയിരുന്നെങ്കില്‍!
അന്ന് ദൈവത്തിന്‍റെ സഖിത്വം എന്‍റെ കൂടാരത്തിലുണ്ടായിരുന്നു.

5
സര്‍വശക്തന്‍ എന്‍റെ കൂടെയുണ്ടായിരുന്നു.
എന്‍റെ മക്കള്‍ എനിക്കു ചുറ്റും ഉണ്ടായിരുന്നു.

6
അന്നു പാലും എണ്ണയും വെള്ളംപോലെ സമൃദ്ധമായിരുന്നു;

7
ഞാന്‍ നഗരകവാടത്തില്‍ ചെന്ന്, പൊതുസ്ഥലത്ത് ഇരിക്കുമ്പോള്‍,

8
യുവാക്കള്‍ ആദരവോടെ ഒഴിഞ്ഞുനിന്നു.
പ്രായമായവര്‍ എഴുന്നേറ്റു നിന്നു.

9
പ്രഭുക്കന്മാര്‍ വായ് പൊത്തി മൗനം അവലംബിച്ചു.

10
ജനനേതാക്കള്‍ നിശ്ശബ്ദത പാലിച്ചു.
അവരുടെ നാവു താണുപോയി.

11
എന്‍റെ വാക്കു കേട്ടവര്‍ എന്നെ പുകഴ്ത്തിപ്പറഞ്ഞു.
എന്നെ കണ്ടവര്‍ അത് അംഗീകരിച്ചു.

12
കാരണം, നിലവിളിക്കുന്ന എളിയവനെയും
ആശ്രയമറ്റ അനാഥനെയും ഞാന്‍ വിടുവിച്ചു.

13
നാശത്തിന്‍റെ വക്കിലെത്തിയവന്‍ എന്നെ അനുഗ്രഹിച്ചു.
വിധവകളുടെ ഹൃദയം ആനന്ദഗീതം ആലപിക്കാന്‍ ഞാന്‍ ഇടയാക്കി;

14
വസ്ത്രംപോലെ ഞാന്‍ നീതി ധരിച്ചു.
നീതിനിഷ്ഠ എനിക്കു മേലങ്കിയും തലപ്പാവും ആയിരുന്നു.

15
ഞാന്‍ അന്ധനു കണ്ണുകളും മുടന്തനു കാലുകളും ആയിരുന്നു.

16
ദരിദ്രര്‍ക്ക് ഞാന്‍ പിതാവായിരുന്നു;
അപരിചിതന്‍റെ വ്യവഹാരം ഞാന്‍ നടത്തിക്കൊടുത്തു.

17
അധര്‍മിയുടെ അണപ്പല്ലു ഞാന്‍ തകര്‍ത്തു;
അവന്‍റെ ദംഷ്ട്രകള്‍ക്കിടയില്‍നിന്ന് ഇരയെ വിടുവിച്ചു.

18
വീട്ടില്‍ കിടന്നുതന്നെ ഞാന്‍ മരിക്കുമെന്നും
മണല്‍ത്തരിപോലെ എന്‍റെ ദിനങ്ങള്‍ വര്‍ധിക്കുമെന്നും ഞാന്‍ വിചാരിച്ചു.

19
എന്‍റെ വേരുകള്‍ ജലാശയം വരെ പടര്‍ന്നു ചെന്നിരുന്നു;
എന്‍റെ ശിഖരങ്ങളിന്മേല്‍ രാത്രി മുഴുവന്‍ മഞ്ഞുപൊഴിഞ്ഞിരുന്നു.

20
എന്‍റെ മഹിമ ദിനംപ്രതി പുതുമ ഏറ്റുവാങ്ങി.
എന്‍റെ കൈയിലെ വില്ലിനു പഴക്കം തട്ടിയില്ല.

21
മനുഷ്യര്‍ എന്‍റെ വാക്കിനു കാതുകൊടുത്തു;
എന്‍റെ ഉപദേശത്തിനു നിശ്ശബ്ദരായി കാത്തിരുന്നു.

22
എന്‍റെ വാക്കായിരുന്നു അവസാനത്തെ വാക്ക്, അത് അവര്‍ക്ക് സ്വീകാര്യമായിരുന്നു.

23
മഴയ്‍ക്കുവേണ്ടിയെന്നപോലെ, അവര്‍ എനിക്കുവേണ്ടി കാത്തിരുന്നു;
വസന്തവൃഷ്‍ടിക്കുവേണ്ടി എന്നപോലെ അവര്‍ അതിനായി നോക്കിയിരുന്നു.

24
അവര്‍ക്ക് ആത്മവിശ്വാസമില്ലാതിരിക്കെ ഞാന്‍ അവരെ നോക്കി പുഞ്ചിരിതൂകി.
എന്‍റെ മുഖശോഭ അവര്‍ക്കു ധൈര്യം പകര്‍ന്നു

25
ഞാന്‍ അവര്‍ക്കു വഴികാട്ടിയും നേതാവുമായിരുന്നു.
സൈന്യങ്ങളുടെ ഇടയില്‍ രാജാവിനെപ്പോലെയും
ദുഃഖിതരുടെ ഇടയില്‍ ആശ്വാസകനെപ്പോലെയും
ഞാന്‍ അവരുടെ ഇടയില്‍ വസിച്ചു.

30

1

എന്നാല്‍ ഇപ്പോള്‍ എന്നെക്കാള്‍ പ്രായം കുറഞ്ഞവര്‍ എന്നെ പരിഹസിക്കുന്നു
അവരുടെ പിതാക്കന്മാരെ എന്‍റെ ആട്ടിന്‍കൂട്ടത്തിന്‍റെ
നായ്‍ക്കളുടെ കൂടെ കാവല്‍ നിര്‍ത്താന്‍ പോലും ഞാന്‍ മടിച്ചിരുന്നു.

2
അവരുടെ ദുര്‍ബലകരങ്ങള്‍കൊണ്ട് എനിക്ക് എന്തുണ്ടു നേടാന്‍?

3
ദാരിദ്ര്യവും വിശപ്പും നിമിത്തം അവര്‍ വരണ്ടഭൂമിയിലെ ഉണക്കവേരുകള്‍ കാര്‍ന്നു തിന്നുന്നു.

4
അവര്‍ മരുച്ചീരയും മുള്ളിലകളും ആഹാരമാക്കുന്നു;
കാട്ടുകിഴങ്ങുകളും പറിച്ചുതിന്നുന്നു.

5
ജനമധ്യത്തില്‍നിന്ന് അവര്‍ തുരത്തപ്പെടുന്നു;
കള്ളന്മാരെ എന്നപോലെ അവരെ ആട്ടിപ്പായിക്കുന്നു.

6
കാട്ടാറുകളുടെ തീരത്തെ മലയിടുക്കുകളിലും
കുഴികളിലും പാറകളുടെ വിള്ളലുകളിലും അവര്‍ക്ക് പാര്‍ക്കേണ്ടിവരുന്നു.

7
കുറ്റിക്കാടുകളില്‍ കിടന്ന് അവര്‍ മോങ്ങുന്നു.
കൊടിത്തൂവയ്‍ക്കിടയില്‍ അവര്‍ ഒന്നിച്ചു കൂടുന്നു.

8
ഭോഷരും നിന്ദ്യരുമായ ആ കൂട്ടം നാട്ടില്‍നിന്നു തുരത്തപ്പെടുന്നു.

9
ഇപ്പോള്‍ ഞാന്‍ അവര്‍ക്കൊരു പാട്ടും പഴമൊഴിയും ആയിത്തീര്‍ന്നിരിക്കുന്നു.

10
അവര്‍ അറപ്പോടെ എന്നില്‍നിന്ന് അകന്നു മാറിനില്‌ക്കുന്നു.
എന്നെ കാണുമ്പോള്‍ തുപ്പാന്‍പോലും അവര്‍ മടിക്കുന്നില്ല.

11
ദൈവം എന്‍റെ വില്ലിന്‍റെ ഞാണയച്ച് എന്നെ എളിമപ്പെടുത്തിയിരിക്കുന്നതിനാല്‍
അവര്‍ എന്‍റെ മുമ്പില്‍ ആത്മനിയന്ത്രണം വെടിഞ്ഞിരിക്കുന്നു.

12
നീചന്മാര്‍ വലത്തുവശത്തുനിന്ന് എന്നെ ആക്രമിക്കുന്നു.
അവര്‍ വിനാശകരമായ തന്ത്രങ്ങള്‍ എന്‍റെ നേരേ പ്രയോഗിക്കുന്നു.

13
എന്‍റെ പാത അവര്‍ തകര്‍ക്കുന്നു;
എന്‍റെ അനര്‍ഥങ്ങള്‍ വര്‍ധിപ്പിക്കുന്നു.
ആരും അവരെ തടയുന്നില്ല.

14
വലിയ ഒരു വിടവില്‍ക്കൂടി എന്നപോലെ അവര്‍ ആക്രമിച്ചുവരുന്നു.
പൊളിഞ്ഞുവീണിടത്തു കൂടി അവര്‍ പാഞ്ഞു കയറുന്നു.

15
ഭീകരതകള്‍ എന്‍റെ നേരേ തിരിഞ്ഞിരിക്കുന്നു.
എന്‍റെ അഭിമാനം കാറ്റില്‍പ്പെട്ടപോലെ പറക്കുന്നു.
എന്‍റെ ഐശ്വര്യം മേഘമെന്നപോലെ അപ്രത്യക്ഷമാകുന്നു.

16
എന്‍റെ ആത്മവീര്യം ചോര്‍ന്നുപോയിരിക്കുന്നു.
കഷ്ടകാലം എന്നെ പിടികൂടി.

17
രാത്രിയില്‍ എന്‍റെ അസ്ഥികള്‍ക്ക് തുളച്ചു കയറുന്ന വേദനയാണ്;
എന്നെ കാര്‍ന്നുതിന്നുന്ന വേദനയ്‍ക്ക് അറുതിയില്ല.

18
അത് എന്‍റെ വസ്ത്രത്തെപ്പോലും ബലമായി പിടികൂടിയിരിക്കുന്നു.
പുറംകുപ്പായത്തിന്‍റെ കഴുത്തുപോലെ അത് എന്നെ ബന്ധിച്ചിരിക്കുന്നു.

19
ദൈവം എന്നെ ചെളിക്കുണ്ടിലേക്ക് എറിഞ്ഞിരിക്കുന്നു.
ഞാന്‍ മണ്ണോ ചാരമോ പോലെ ആയിത്തീര്‍ന്നു.

20
ഞാന്‍ അങ്ങയോടു നിലവിളിക്കുന്നു;
അവിടുന്ന് എനിക്ക് ഉത്തരമരുളുന്നില്ല.
ഞാന്‍ തിരുമുമ്പില്‍ നില്‌ക്കുന്നു;
അവിടുന്ന് എന്നെ ശ്രദ്ധിക്കുന്നില്ല.

21
അവിടുന്ന് എന്‍റെ നേരേ ക്രൂരനായിരിക്കുന്നു;
കരബലത്താല്‍ എന്നെ പീഡിപ്പിക്കുന്നു.

22
അവിടുന്ന് എന്നെ പൊക്കിയെടുത്ത് കാറ്റിന്മേല്‍ സവാരി ചെയ്യിക്കുന്നു.
ഇരമ്പുന്ന കൊടുങ്കാറ്റില്‍ അവിടുന്ന് എന്നെ അമ്മാനമാടുന്നു.

23
അതേ, മരണത്തിലേക്കു സര്‍വജീവികള്‍ക്കും വേണ്ടി ഒരുക്കിയിട്ടുള്ള സങ്കേതത്തിലേക്ക്
അവിടുന്ന് എന്നെ കൊണ്ടുപോകുമെന്ന് എനിക്കറിയാം.

24
എങ്കിലും നാശക്കൂനയില്‍പ്പെടുമ്പോള്‍ ഒരുവന്‍ കൈ നീട്ടുകയില്ലേ?
അത്യാഹിതത്തില്‍പ്പെട്ടവന്‍ സഹായത്തിനു വേണ്ടി നിലവിളിക്കുകയില്ലേ?

25
കഷ്ടതയില്‍പ്പെട്ടവനുവേണ്ടി ഞാന്‍ കരഞ്ഞിട്ടില്ലേ?
എളിയവനെപ്രതി എന്‍റെ മനസ്സു വേദനിച്ചിട്ടില്ലേ?

26
എന്നാല്‍ നന്മ പ്രതീക്ഷിച്ചിരുന്നപ്പോള്‍ എനിക്കു തിന്മ വന്നു;
വെളിച്ചം കാത്തിരുന്നപ്പോള്‍ ഇരുട്ടു വന്നുചേര്‍ന്നു.

27
എന്‍റെ ഹൃദയം ഇളകിമറിയുന്നു;
അതിനു സ്വസ്ഥത ലഭിക്കുന്നില്ല.
കഷ്ടതയുടെ ദിനങ്ങള്‍ എന്നെ നേരിടുന്നു.

28
സൂര്യപ്രകാശം കാണാതെ ഞാന്‍ ഇരുണ്ടു പോയിരിക്കുന്നു.
ഞാന്‍ സഭയില്‍ എഴുന്നേറ്റുനിന്ന് സഹായത്തിനുവേണ്ടി നിലവിളിക്കുന്നു.

29
ഞാന്‍ കുറുക്കനു സഹോദരനും ഒട്ടകപ്പക്ഷിക്കു കൂട്ടുകാരനും ആയിരിക്കുന്നു.

30
എന്‍റെ തൊലി കറുത്തു പൊളിയുന്നു;
എന്‍റെ അസ്ഥി ചൂടുകൊണ്ടു പൊരിയുന്നു.

31
എന്‍റെ വീണാലാപം വിലാപമായും എന്‍റെ കുഴല്‍നാദം രോദനമായും തീര്‍ന്നിരിക്കുന്നു.

31

1

എന്‍റെ കണ്ണുകളുമായി ഞാന്‍ ഒരുടമ്പടി ചെയ്തിട്ടുണ്ട്;
അപ്പോള്‍ ഞാന്‍ എങ്ങനെ കന്യകയില്‍ കണ്ണുവയ്‍ക്കും?

2
അത്യുന്നതനായ ദൈവം എനിക്കു നല്‌കുന്ന ഓഹരി എന്ത്?
സര്‍വശക്തനില്‍നിന്ന് എനിക്കു ലഭിക്കുന്ന അവകാശം എന്ത്?

3
നീതികെട്ടവന്‍റെമേല്‍ അത്യാഹിതവും അധര്‍മിയുടെമേല്‍ വിപത്തും നിപതിക്കുന്നില്ലേ?

4
ദൈവം എന്‍റെ പ്രവൃത്തികള്‍ അറിയുന്നില്ലേ?
എന്‍റെ കാല്‍വയ്പുകള്‍ അവിടുന്ന് കാണുന്നില്ലേ?

5
സത്യവിരുദ്ധമായി ഞാന്‍ നടന്നിട്ടുണ്ടെങ്കില്‍,
ഞാന്‍ വഞ്ചന പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍

6
ദൈവം ഒത്തതുലാസില്‍ തൂക്കിനോക്കി
എന്‍റെ സത്യസന്ധത നിര്‍ണയിക്കട്ടെ.

7
ഞാന്‍ നേരായ മാര്‍ഗത്തില്‍നിന്നു വ്യതിചലിച്ചെങ്കില്‍,
കണ്ടതിലെല്ലാം ഞാന്‍ ആര്‍ത്തിപൂണ്ടിട്ടുണ്ടെങ്കില്‍,
എന്‍റെ കരത്തില്‍ കറ പുരണ്ടിട്ടുണ്ടെങ്കില്‍,

8
ഞാന്‍ വിതച്ചത് മറ്റൊരുവന്‍ അനുഭവിക്കട്ടെ.
എന്‍റെ വിളകള്‍ നിര്‍മ്മൂലമാക്കപ്പെടട്ടെ.

9
പരസ്‍ത്രീയില്‍ ഞാന്‍ ഭ്രമിച്ചുപോയിട്ടുണ്ടെങ്കില്‍,
അയല്‍ക്കാരന്‍റെ വാതില്‌ക്കല്‍ ഞാന്‍ പതിയിരുന്നിട്ടുണ്ടെങ്കില്‍,

10
എന്‍റെ ഭാര്യ അന്യനുവേണ്ടി ധാന്യം പൊടിക്കട്ടെ;
അവളോടൊത്ത് അന്യര്‍ ശയിക്കട്ടെ.

11
അങ്ങനെയുള്ളതു കൊടിയ പാതകമാണല്ലോ;
ന്യായാധിപന്മാര്‍ ശിക്ഷ വിധിക്കേണ്ട അധര്‍മംതന്നെ.

12
അതു വിനാശകരമായ നരകാഗ്നിയാകുന്നു.
എനിക്കുള്ള സര്‍വസ്വവും അതു നിര്‍മ്മൂലമാക്കും.

13
പരാതിയുമായി എന്നെ സമീപിച്ച ദാസന്‍റെയോ ദാസിയുടെയോ ന്യായം ഞാന്‍ തള്ളിക്കളഞ്ഞിട്ടുണ്ടെങ്കില്‍,

14
ദൈവം എന്നെ വിധിക്കാന്‍ എഴുന്നേല്‌ക്കുമ്പോള്‍ ഞാന്‍ എന്തു ചെയ്യും?
ദൈവം അന്വേഷണം നടത്തുമ്പോള്‍ ഞാന്‍ എന്ത് ഉത്തരം പറയും?

15
അമ്മയുടെ ഉദരത്തില്‍ എന്നെ ഉരുവാക്കിയ ദൈവമല്ലേ എന്‍റെ ദാസനെയും സൃഷ്‍ടിച്ചത്?
ഒരുവന്‍ തന്നെയല്ലേ അവനെയും എന്നെയും അമ്മയുടെ ഉദരത്തില്‍ മെനഞ്ഞത്?

16
ദരിദ്രന്‍ ആഗ്രഹിച്ചത് ഞാന്‍ കൊടുക്കാതിരുന്നിട്ടുണ്ടെങ്കില്‍,
സഹായത്തിനുവേണ്ടി നോക്കിയ വിധവകളെ ഞാന്‍ നിരാശപ്പെടുത്തിയിട്ടുണ്ടെങ്കില്‍,

17
അനാഥനു നല്‌കാതെ ഞാന്‍ തനിച്ചു ഭക്ഷിച്ചിട്ടുണ്ടെങ്കില്‍,

18
ബാല്യംമുതല്‍ പിതാവിനെപ്പോലെ ഞാന്‍ അനാഥനെ വളര്‍ത്തുകയും
ജനനംമുതല്‍ അവനെ പരിപാലിക്കുകയും ചെയ്തിരുന്നല്ലോ.

19
ഒരുവന്‍ വസ്ത്രമില്ലാതെ തണുപ്പുകൊണ്ടു വലയുന്നതോ ദരിദ്രന്‍ പുതപ്പില്ലാതെ ഇരിക്കുന്നതോ
കണ്ടിട്ട് ഞാന്‍ അത് അവഗണിച്ചിട്ടുണ്ടെങ്കില്‍,

20
എന്‍റെ ആടുകളില്‍ നിന്നെടുത്ത കമ്പിളികൊണ്ടുള്ള
ചൂടേറ്റ് അയാള്‍ എന്നെ ഹൃദയപൂര്‍വം അനുഗ്രഹിക്കാന്‍ ഞാന്‍ ഇട വരുത്തിയിട്ടില്ലെങ്കില്‍,

21
നഗരവാതില്‌ക്കല്‍ എനിക്കു സഹായത്തിനാളുണ്ടെന്നു കണ്ട്
അനാഥന്‍റെ നേരേ ഞാന്‍ കൈ ഉയര്‍ത്തിയിട്ടുണ്ടെങ്കില്‍,

22
എന്‍റെ തോളെല്ല് ഒടിഞ്ഞുവീഴട്ടെ,
എന്‍റെ ഭുജത്തിന്‍റെ സന്ധിബന്ധം അറ്റുപോകട്ടെ.

23
ദൈവം വരുത്തിയ വിപത്തിനാല്‍,
ഞാന്‍ കൊടിയ ഭീതിയിലായിരുന്നു;
അവിടുത്തെ പ്രഭാവത്തിന്‍റെ മുമ്പില്‍ നില്‌ക്കാന്‍ എനിക്കു കഴിവില്ലായിരുന്നു.

24
സ്വര്‍ണത്തില്‍ ഞാന്‍ ആശ്രയം അര്‍പ്പിക്കുകയോ,
തങ്കത്തെ എന്‍റെ ശരണം ആക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍,

25
ഞാന്‍ എന്‍റെ സമ്പന്നതയിലും സമ്പാദിച്ചു കൂട്ടിയതിലും സന്തോഷിക്കുന്നുവെങ്കില്‍,

26
ജ്വലിക്കുന്ന സൂര്യനെയോ ശോഭ ചൊരിയുന്ന ചന്ദ്രനെയോ കണ്ട്

27
ഞാന്‍ ഗൂഢമായി വശീകരിക്കപ്പെടുകയോ
അവയോടുള്ള ആരാധനാഭാവംകൊണ്ട് സ്വന്തം കരം ചുംബിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍,

28
അതും ശിക്ഷാര്‍ഹമായ കുറ്റംതന്നെ.
അത്യുന്നതനായ ദൈവത്തെ നിഷേധിക്കലാണല്ലോ അത്.

29
എന്നെ ദ്വേഷിക്കുന്നവന്‍റെ പതനത്തില്‍ സന്തോഷിക്കുകയോ,
അവന് അനര്‍ഥം നേരിട്ടപ്പോള്‍ ആഹ്ലാദിക്കുകയോ ഞാന്‍ ചെയ്തിട്ടില്ല.

30
അവന്‍റെ നാശം ഇച്ഛിച്ചുകൊണ്ടു ശാപം ചൊരിഞ്ഞു പാപം ചെയ്യാന്‍
ഞാന്‍ എന്‍റെ നാവിനെ അനുവദിച്ചിട്ടില്ല.

31
“അവന്‍റെ ഭക്ഷണമേശയില്‍നിന്നു മാംസം ഭക്ഷിച്ച്
തൃപ്തിവരാത്ത ആരുണ്ട്” എന്നിങ്ങനെ
എന്‍റെ കൂടാരത്തില്‍ വസിക്കുന്നവര്‍ ചോദിക്കാതിരുന്നിട്ടില്ല.

32
പരദേശിക്കു തെരുവില്‍ രാപാര്‍ക്കേണ്ടി വന്നിട്ടില്ല;
വഴിപോക്കന് ഞാന്‍ എന്‍റെ വാതില്‍ തുറന്നു കൊടുത്തു.

33
അകൃത്യം മനസ്സിലൊളിപ്പിച്ച് ഞാന്‍ എന്‍റെ അതിക്രമങ്ങള്‍ ആരുടെ മുമ്പില്‍നിന്നും മൂടി വച്ചിട്ടില്ല.

34
ആള്‍ക്കൂട്ടത്തെ ഭയപ്പെട്ട്, മറ്റു കുടുംബങ്ങളുടെ നിന്ദയില്‍ ഭീതി തോന്നി
ഞാന്‍ മൗനം അവലംബിക്കുകയോ വാതിലിനു പുറത്ത് ഇറങ്ങാതിരിക്കുകയോ ചെയ്തിട്ടില്ല.

35
ഹാ! എന്‍റെ സങ്കടം കേള്‍ക്കാന്‍ ആരുണ്ട്!
ഇതാ, എന്‍റെ കൈയൊപ്പ്.
സര്‍വശക്തന്‍ എനിക്ക് ഉത്തരം നല്‌കട്ടെ!
എന്‍റെ പ്രതിയോഗി എനിക്കെതിരെ തയ്യാറാക്കിയ കുറ്റപത്രം കിട്ടിയിരുന്നെങ്കില്‍!

36
നിശ്ചയമായും ഞാന്‍ അതു തോളില്‍ വഹിക്കുമായിരുന്നു.
കിരീടംപോലെ അണിയുമായിരുന്നു.

37
എന്‍റെ പ്രവൃത്തികളുടെ കണക്കു ഞാന്‍ അവനു സമര്‍പ്പിക്കുമായിരുന്നു;
പ്രഭുവിനെപ്പോലെ ഞാന്‍ അവനെ സമീപിക്കുമായിരുന്നു.

38
എന്‍റെ നിലം എനിക്കെതിരെ നിലവിളിക്കുകയോ
ഉഴവുചാലുകള്‍ കൂട്ടമായി കരയുകയോ ചെയ്തിട്ടുണ്ടെങ്കില്‍,

39
വിലകൊടുക്കാതെ ഞാന്‍ അതിന്‍റെ വിളവ് അനുഭവിക്കുകയോ
അതിന്‍റെ ഉടമകളുടെ മരണത്തിന് കാരണക്കാരനാവുകയോ ചെയ്തിട്ടുണ്ടെങ്കില്‍,

40
കോതമ്പിനു പകരം മുള്ളും ബാര്‍ലിക്കു പകരം കളകളും വളരട്ടെ!”
(ഇയ്യോബിന്‍റെ വാക്കുകള്‍ സമാപിച്ചു)

32

1

നീതിമാനെന്ന് ഇയ്യോബിന് സ്വയം തോന്നിയതുകൊണ്ട് ഈ മൂന്നു പേരും തങ്ങളുടെ വാദം അവസാനിപ്പിച്ചു.

2 ഇയ്യോബ് ദൈവത്തെ സാധൂകരിക്കുന്നതിനു പകരം സ്വയം സാധൂകരിച്ചതുകൊണ്ട് രാമിന്‍റെ കുടുംബത്തില്‍പ്പെട്ട ബൂസ്യനായ ബറഖേലിന്‍റെ പുത്രന്‍ എലീഹൂ കോപിഷ്ഠനായി.

3 ഇയ്യോബിനു തെറ്റുപറ്റി എന്നു പറഞ്ഞെങ്കിലും അതു സമര്‍ഥിക്കാതെ മൗനംപൂണ്ട മൂന്നു സ്നേഹിതന്മാരുടെ നേരെയും അയാള്‍ കോപിച്ചു.

4 അവര്‍ തന്നെക്കാള്‍ പ്രായമുള്ളവരായിരുന്നതിനാല്‍ എലീഹൂ അതുവരെ മൗനം അവലംബിക്കുകയായിരുന്നു.

5 എന്നാല്‍ ആ മൂന്നൂ പേര്‍ക്കും ഉത്തരംമുട്ടി എന്നു കണ്ടപ്പോള്‍ എലീഹൂവിനു കോപം ജ്വലിച്ചു.

6 ബൂസ്യനായ ബറഖേലിന്‍റെ പുത്രന്‍ എലീഹൂ പറഞ്ഞു:

“പ്രായംകൊണ്ട് ഞാന്‍ യുവാവും നിങ്ങള്‍ വൃദ്ധരുമാകുന്നു.
അതുകൊണ്ട് എന്‍റെ അഭിപ്രായം തുറന്നുപറയാന്‍ എനിക്കു ഭയവും ശങ്കയുമുണ്ടായിരുന്നു.

7
‘പ്രായമുള്ളവര്‍ സംസാരിക്കട്ടെ;
വയോധികര്‍ ജ്ഞാനം ഉപദേശിക്കട്ടെ’ എന്നു ഞാന്‍ വിചാരിച്ചു.

8
എന്നാല്‍ മനുഷ്യനിലുള്ള ദിവ്യചൈതന്യം-
സര്‍വശക്തന്‍റെ ശ്വാസം-ആണ് അവനെ വിവേകിയാക്കുന്നത്.

9
പ്രായമുള്ളവര്‍ ജ്ഞാനികളോ,
വയോധികര്‍ ശരിയായുള്ളത് ഗ്രഹിക്കുന്നവരോ ആകണമെന്നില്ല.

10
അതുകൊണ്ട് ഞാന്‍ പറയുന്നതു കേള്‍ക്കുക,
ഞാനും എന്‍റെ അഭിപ്രായം വ്യക്തമാക്കട്ടെ.

11
നിങ്ങളുടെ അഭിപ്രായം ഞാന്‍ ശ്രദ്ധിച്ചുകേട്ടു.
എന്തു പറയണമെന്നു നിങ്ങള്‍ ആലോചിക്കുമ്പോള്‍ നിങ്ങളുടെ
ജ്ഞാനവചസ്സുകള്‍ക്കായി ഞാന്‍ കാതോര്‍ത്തു.

12
നിങ്ങള്‍ പറഞ്ഞതെല്ലാം ഞാന്‍ ശ്രദ്ധിച്ചു;
പക്ഷേ, നിങ്ങളിലാര്‍ക്കും ഇയ്യോബിന്‍റെ വാദമുഖം തെറ്റാണെന്നു തെളിയിക്കാനോ
അദ്ദേഹത്തിനു തക്ക മറുപടി നല്‌കാനോ കഴിഞ്ഞില്ല.

13
‘ഞങ്ങള്‍ക്കു വിവേകം കിട്ടി;
മനുഷ്യനല്ല ദൈവം തന്നെ അയാള്‍ക്കു മറുപടി കൊടുക്കട്ടെ’ എന്നു പറഞ്ഞുപോകാതിരിക്കാന്‍ സൂക്ഷിച്ചുകൊള്‍ക.

14
എനിക്കെതിരായിട്ടല്ല അദ്ദേഹം സംസാരിച്ചത്
അയാളുടെ വാക്കുകള്‍ എന്നെയല്ല ലക്ഷ്യമാക്കിയത്.
അതുകൊണ്ട് നിങ്ങളുടെ ഭാഷണംകൊണ്ടു
ഞാന്‍ അദ്ദേഹത്തിനു മറുപടി നല്‌കുന്നില്ല.

15
അവര്‍ കുഴഞ്ഞു; അവര്‍ക്കു മൊഴിമുട്ടി;
ഒരു വാക്കുപോലും അവര്‍ക്കു പറയാനില്ല;

16
അവര്‍ മിണ്ടാതെ നില്‌ക്കുന്നതുകൊണ്ട്,
അവര്‍ക്കു മറുപടി ഇല്ലാതായതുകൊണ്ട്,
ഞാനും മിണ്ടാതെ നില്‌ക്കണമെന്നോ?

17
ഞാനും എന്‍റെ മറുപടി പറയും;
ഞാന്‍ എന്‍റെ അഭിപ്രായം തുറന്നുപറയും.

18
വാക്കുകള്‍ നിറഞ്ഞു ഞാന്‍ വീര്‍പ്പുമുട്ടുന്നു.
അന്തരാത്മാവ് എന്നെ നിര്‍ബന്ധിക്കുന്നു.

19
വീഞ്ഞു നിറച്ച് അടച്ചുവച്ച പാത്രം പോലെയാണ് എന്‍റെ ഹൃദയം.
പുതിയ തോല്‍ക്കുടംപോലെ അത് ഏതു നിമിഷവും പൊട്ടാം.

20
എനിക്കു സംസാരിക്കണം;
എങ്കിലേ എനിക്ക് ആശ്വാസം ലഭിക്കൂ.
ഞാന്‍ സംസാരിക്കാന്‍ പോകുകയാണ്.

21
ഞാന്‍ ആരുടെയും മുഖം നോക്കുകയില്ല.
ആരോടും ഞാന്‍ മുഖസ്തുതി പറയുകയുമില്ല.

22
മുഖസ്തുതി പറയാന്‍ എനിക്കു വശമില്ല.
അങ്ങനെ പറഞ്ഞാല്‍ എന്‍റെ സ്രഷ്ടാവ് എന്നെ വേഗം നശിപ്പിക്കട്ടെ.

33

1

ഇയ്യോബേ, ഞാന്‍ പറയുന്നതു കേട്ടുകൊള്ളുക;
എന്‍റെ വാക്കുകള്‍ ശ്രദ്ധിക്കുക.

2
ഇതാ, ഞാന്‍ വായ് തുറക്കുന്നു;
താങ്കളോടു സംസാരിക്കാന്‍ തുടങ്ങുന്നു.

3
എന്‍റെ ഹൃദയപരമാര്‍ഥത എന്‍റെ വാക്കുകള്‍ വെളിവാക്കുന്നു.
മനസ്സിലുള്ളതു ഞാന്‍ തുറന്നു പറയുകയാണ്.

4
ദൈവാത്മാവ് എന്നെ സൃഷ്‍ടിച്ചു;
സര്‍വശക്തന്‍റെ ശ്വാസം എനിക്കു ജീവന്‍ നല്‌കി.

5
കഴിയുമെങ്കില്‍ എനിക്ക് ഉത്തരം നല്‌കുക.
വാദമുഖങ്ങള്‍ നിരത്തി എന്നെ നേരിടുക.

6
ദൈവമുമ്പാകെ ഞാനും താങ്കളെപ്പോലെ തന്നെ
എന്നെയും മണ്ണുകൊണ്ടു നിര്‍മ്മിച്ചിരിക്കുന്നു.

7
എന്നെക്കുറിച്ചു താങ്കള്‍ ഭയപ്പെടേണ്ടതില്ല.
ഞാന്‍ താങ്കളില്‍ ദുര്‍വഹമായ സമ്മര്‍ദം ചെലുത്തുകയില്ല.

8
അങ്ങു സംസാരിച്ചതു ഞാന്‍ കേട്ടു.
അങ്ങു പറഞ്ഞതു ഞാന്‍ ശ്രദ്ധിച്ചു.

9
താങ്കള്‍ പറയുന്നു: ‘ഞാന്‍ നിര്‍മ്മലന്‍;
അതിക്രമമൊന്നും ചെയ്തിട്ടില്ല,
ഞാന്‍ നിരപരാധി; എന്നില്‍ അകൃത്യമില്ല.

10
എന്നിട്ടും ദൈവം എനിക്കെതിരെ അവസരങ്ങള്‍ ഉണ്ടാക്കി.
എന്നെ അവിടുത്തെ ശത്രുവായി ഗണിക്കുന്നു

11
എന്‍റെ കാലുകളെ അവിടുന്ന് ആമത്തിലിടുന്നു.
എന്‍റെ പ്രവൃത്തികളെല്ലാം അവിടുന്ന് നിരീക്ഷിക്കുന്നു.’

12
താങ്കള്‍ ഈ പറഞ്ഞതൊന്നും ശരിയല്ല;
ഞാന്‍ മറുപടി പറയാം.
ദൈവം മനുഷ്യനെക്കാള്‍ വലിയവനാണ്.

13
‘അവിടുന്ന് എന്‍റെ വാക്കുകള്‍ക്ക് ഒന്നിനും മറുപടി തരുന്നില്ല.’
എന്നു പറഞ്ഞുകൊണ്ട് എന്തിനു ദൈവത്തോടു വാദിക്കുന്നു?

14
ദൈവം പലപല വഴികളില്‍ സംസാരിക്കുന്നെങ്കിലും,
മനുഷ്യന്‍ ഗ്രഹിക്കുന്നില്ല.

15
മനുഷ്യന്‍ നിദ്രയില്‍ അമരുമ്പോള്‍,
അവന്‍ തന്‍റെ കിടക്കയില്‍ മയങ്ങുമ്പോള്‍ സ്വപ്നത്തില്‍, നിശാദര്‍ശനത്തില്‍,

16
അവിടുന്ന് അവന്‍റെ കാതുകള്‍ തുറന്നു താക്കീതുകള്‍ കൊണ്ട് അവനെ ഭയചകിതനാക്കുന്നു.

17
മനുഷ്യന്‍ ദുഷ്കര്‍മത്തില്‍നിന്ന് പിന്‍തിരിയാനും ഗര്‍വം കൈവെടിയാനും വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.

18
പാതാളത്തില്‍നിന്ന് അവന്‍റെ ആത്മാവിനെയും വാളില്‍നിന്ന് അവന്‍റെ ജീവനെയും അവിടുന്നു രക്ഷിക്കുന്നു.

19
മനുഷ്യനെ അവന്‍റെ രോഗശയ്യയില്‍ വേദനകൊണ്ടും നിരന്തരമായ അസ്ഥികടച്ചില്‍ കൊണ്ടും ശിക്ഷണം നല്‌കുന്നു.

20
അങ്ങനെ അവനു ഭക്ഷണത്തോടും സ്വാദിഷ്ഠമായ വിഭവങ്ങളോടും വെറുപ്പു തോന്നുന്നു.

21
അവന്‍റെ ശരീരം ക്ഷയിച്ച് അസ്ഥികള്‍ ഉന്തിവരുന്നു.

22
അവന്‍റെ പ്രാണന്‍ പാതാളത്തെയും ജീവന്‍ മരണദൂതന്മാരെയും സമീപിച്ചിരിക്കുന്നു.

23
ദൈവത്തിന്‍റെ ആയിരക്കണക്കിന്
ദൂതന്മാരില്‍ ഒരാള്‍ മനുഷ്യനു മധ്യസ്ഥനായി,
അവനു ധര്‍മം ഉപദേശിക്കാന്‍ ഉണ്ടായിരുന്നെങ്കില്‍,

24
ആ ദൂതന്‍ അവനോടു കരുണ തോന്നി അവിടുത്തോടു പറയുമായിരുന്നു.
“പാതാളത്തില്‍ പതിക്കാത്തവിധം ഇവനെ രക്ഷിക്കണേ,
ഇവനുവേണ്ടിയുള്ള മോചനദ്രവ്യം ഞാന്‍ കണ്ടിരിക്കുന്നു;”

25
അങ്ങനെ അവനു യുവചൈതന്യം തിരിച്ചുകിട്ടട്ടെ.
യൗവനകാലത്തെക്കാള്‍ അധികം പുഷ്‍ടി ഉണ്ടാകട്ടെ.

26
അപ്പോള്‍ ആ മനുഷ്യന്‍ ദൈവത്തോടു പ്രാര്‍ഥിക്കുകയും
അവിടുന്ന് അവനെ സ്വീകരിക്കുകയും ചെയ്യും.
അവന്‍ ആനന്ദത്തോടെ തിരുസന്നിധിയില്‍ വരും.
അവന്‍ തന്‍റെ രക്ഷയെക്കുറിച്ച് മനുഷ്യരോട് ആവര്‍ത്തിച്ചു പറയും.

27
മനുഷ്യരുടെ മുമ്പില്‍ അവര്‍ ഇങ്ങനെ പാടി ഘോഷിക്കും.
‘ഞാന്‍ പാപം ചെയ്തു; നീതിയെ തകിടം മറിച്ചു.
എന്നാല്‍ ദൈവം അതിന് എന്നെ ശിക്ഷിച്ചില്ല.

28
ഞാന്‍ പാതാളത്തിലേക്കിറങ്ങാതെ അവിടുന്ന് എന്നെ രക്ഷിച്ചു;
ഞാന്‍ ജീവന്‍റെ പ്രകാശം കാണും.

29
ഇതാ ദൈവം വീണ്ടും വീണ്ടും ഇപ്രകാരം മനുഷ്യനോടു ചെയ്യുന്നു.’

30
അവനെ പാതാളത്തില്‍നിന്നു രക്ഷിക്കുന്നതിനും
അവന്‍ ജീവന്‍റെ പ്രകാശം കാണുന്നതിനും തന്നെ.

31
ഇയ്യോബേ, ഞാന്‍ പറയുന്നതു സശ്രദ്ധം കേള്‍ക്കുക.
മിണ്ടാതിരിക്കൂ; ഞാന്‍ സംസാരിക്കാം.

32
താങ്കള്‍ക്ക് എന്തെങ്കിലും മറുപടി പറയാനുണ്ടെങ്കില്‍ പറയാം;
സംസാരിക്കുക; താങ്കള്‍ നിഷ്കളങ്കനെന്നു സമര്‍ഥിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

33
താങ്കള്‍ക്ക് ഒന്നും പറയാനില്ലെങ്കില്‍ ഞാന്‍ പറയുന്നതു കേള്‍ക്കുക;
മിണ്ടാതിരിക്കുക; ഞാന്‍ താങ്കള്‍ക്ക് ജ്ഞാനം ഉപദേശിച്ചുതരാം.”

34

1

എലീഹൂ തുടര്‍ന്നു:

2
“ജ്ഞാനികളേ, എന്‍റെ വാക്കു കേള്‍ക്കുവിന്‍;
വിജ്ഞന്മാരേ, ഞാന്‍ പറയുന്നതു ശ്രദ്ധിക്കുവിന്‍.

3
നാവ് ആഹാരം രുചിക്കുന്നതുപോലെ കാത് വാക്കുകളെ വിവേചിക്കുന്നു.

4
ശരിയായതു നമുക്കു തിരഞ്ഞെടുക്കാം.
നല്ലത് ഏതെന്നു നമുക്കുതന്നെ തീരുമാനിക്കാം.

5
‘ഞാന്‍ നീതിനിഷ്ഠന്‍; ദൈവം എന്‍റെ ന്യായം തള്ളിക്കളഞ്ഞു.

6
ന്യായം എന്‍റെ പക്ഷത്താണെങ്കിലും
ഞാന്‍ ഭോഷ്കു പറയുന്നവനായി കണക്കാക്കപ്പെടുന്നു.
ഞാന്‍ അകൃത്യം ചെയ്യാത്തവനെങ്കിലും പൊറുക്കാത്ത മുറിവുകളാണ് എന്‍റേത്’ എന്ന് ഇയ്യോബ് പറഞ്ഞല്ലോ.

7
എന്തൊരു മനുഷ്യനാണ് ഇയ്യോബ്,
വെള്ളം കുടിക്കുന്നതുപോലെ അയാള്‍ ദൈവത്തെ നിന്ദിക്കുന്നു.

8
ദുര്‍വൃത്തരുമായാണ് അയാളുടെ കൂട്ട്;
ദുര്‍ജനത്തോടുകൂടി അയാള്‍ നടക്കുന്നു.

9
ദൈവഹിതം നിറവേറ്റി ജീവിക്കുന്നതുകൊണ്ടു
മനുഷ്യന് ഒരു പ്രയോജനവുമില്ലെന്ന് അയാള്‍ പറഞ്ഞു.

10
“അതുകൊണ്ടു വിവേകമുള്ള മനുഷ്യരേ,
ഞാന്‍ പറയുന്നതു കേള്‍ക്കുവിന്‍;
ദൈവം ദുഷ്ടത പ്രവര്‍ത്തിക്കുകയില്ല.
സര്‍വശക്തന്‍ തെറ്റു ചെയ്യുകയില്ല.

11
മനുഷ്യന്‍റെ പ്രവൃത്തിക്കു തക്കവിധം അവിടുന്നു പകരം നല്‌കുന്നു.
ഓരോരുത്തന്‍റെയും ജീവിതത്തിനൊത്തവിധം പ്രതിഫലം കൊടുക്കുന്നു.

12
ദൈവം ഒരിക്കലും ദുഷ്ടത പ്രവര്‍ത്തിക്കുകയില്ല;
സര്‍വശക്തന്‍ നീതിയെ മറിച്ചുകളയുകയുമില്ല.

13
ഭൂമിയെ ആരെങ്കിലും ദൈവത്തെ ഭരമേല്പിച്ചതാണോ?
ഭൂതലത്തെ സ്ഥാപിച്ചത് അവിടുന്നല്ലാതെ മറ്റാരാണ്?

14
അവിടുന്നു തന്‍റെ ശ്വാസവും ചൈതന്യവും തിരിച്ചെടുത്താല്‍

15
ജീവനുള്ളവയെല്ലാം തല്‍ക്ഷണം നശിക്കും.
മനുഷ്യന്‍ പൂഴിയിലേക്കു മടങ്ങും.

16
ഇയ്യോബേ, താങ്കള്‍ക്ക് വിവേകമുണ്ടെങ്കില്‍ ഇതു കേള്‍ക്കുക;
എന്‍റെ വചനം ശ്രദ്ധിക്കുക.

17
നീതിയെ വെറുക്കുന്നവന് ഭരിക്കാനാകുമോ?
ശക്തനും നീതിമാനുമായവനെ താങ്കള്‍ കുറ്റം വിധിക്കുമോ?

18
രാജാവിനോട്, അങ്ങ് വിലകെട്ടവനെന്നോ
പ്രഭുക്കന്മാരോട്, നിങ്ങള്‍ ദുഷ്ടന്മാരെന്നോ പറയുമോ?

19
ദൈവം പ്രഭുക്കന്മാരോടു പക്ഷപാതം കാണിക്കുന്നില്ല;
ദരിദ്രനെക്കാള്‍ ധനികനെ ആദരിക്കുന്നതുമില്ല.
അവര്‍ എല്ലാവരും അവിടുത്തെ സൃഷ്‍ടികളാണല്ലോ.

20
ഞൊടിയിടയില്‍ അവര്‍ മരിക്കുന്നു;
അര്‍ധരാത്രിയില്‍ അവര്‍ ഞടുങ്ങി അപ്രത്യക്ഷരാകുന്നു.
ശക്തന്മാര്‍ നീക്കപ്പെടുന്നു; അതു മനുഷ്യകരങ്ങള്‍ കൊണ്ടല്ലതാനും.

21
മനുഷ്യന്‍റെ എല്ലാ വഴികളിലും ദൈവത്തിന്‍റെ ദൃഷ്‍ടി പതിയുന്നു.
അവന്‍റെ ഓരോ ചുവടുവയ്പും അവിടുന്നു കാണുന്നു.

22
ദുര്‍വൃത്തര്‍ക്ക് ഒളിക്കാന്‍ ഇരുണ്ട താവളങ്ങളില്ല.

23
ദൈവസന്നിധിയില്‍ ന്യായവിധിക്കായി ചെല്ലാന്‍ ആര്‍ക്കും സമയം നിശ്ചയിക്കപ്പെട്ടിട്ടില്ല.

24
വിചാരണകൂടാതെ ദൈവം ബലശാലികളെ തകര്‍ക്കുന്നു;
അവരുടെ സ്ഥാനത്ത് മറ്റാളുകളെ നിയമിക്കുന്നു.

25
അങ്ങനെ അവരുടെ പ്രവൃത്തികള്‍ മനസ്സിലാക്കി
രാത്രിയില്‍ അവരെ തകിടം മറിച്ച് തകര്‍ത്തുകളയുന്നു.

26
മനുഷ്യര്‍ കാണ്‍കെ അവരുടെ ദുഷ്ടതയ്‍ക്കു ശിക്ഷ നല്‌കുന്നു.

27
അവര്‍ അവിടുത്തെ അനുഗമിക്കാതെ വഴിതെറ്റിപ്പോയി.
അവിടുത്തെ മാര്‍ഗങ്ങളെ ആദരിച്ചതുമില്ല.

28
ദരിദ്രരുടെ നിലവിളി ദൈവസന്നിധിയില്‍ എത്താന്‍ അവര്‍ ഇടയാക്കി;
പീഡിതരുടെ നിലവിളി അവിടുന്നു കേട്ടു.

29
അവിടുന്നു നിഷ്ക്രിയനായാല്‍ ആര്‍ക്ക് അവിടുത്തെ കുറ്റം വിധിക്കാന്‍ കഴിയും?
അവിടുന്നു മുഖം മറച്ചാല്‍, ജനതയോ വ്യക്തിയോ ആകട്ടെ, ആര്‍ക്ക് അവിടുത്തെ കാണാന്‍ കഴിയും?

30
ദൈവനിഷേധകന്‍ തങ്ങളെ ഭരിക്കുകയോ കെണിയില്‍ വീഴിക്കുകയോ ചെയ്യാതിരിക്കാന്‍
ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയുകയില്ല.

31
ഞാന്‍ ശിക്ഷ അനുഭവിച്ചു; ഇനി കുറ്റം ചെയ്യുകയില്ല;
എന്‍റെ അറിവില്‍പ്പെടാത്ത വഴി ഉണ്ടെങ്കില്‍ കാണിച്ചുതരിക.

32
ഞാന്‍ അധര്‍മം പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ ഇനി ഞാന്‍ അത് ആവര്‍ത്തിക്കയില്ല എന്ന് ആരെങ്കിലും ദൈവത്തോടു പറഞ്ഞിട്ടുണ്ടോ?

33
താങ്കള്‍ക്ക് അസ്വീകാര്യമായത് ദൈവം ചെയ്തിട്ടുണ്ടെങ്കില്‍ അവിടുന്നു താങ്കളുടെ ഇഷ്ടത്തിനൊത്ത് പ്രവര്‍ത്തിക്കണമെന്നാണോ?
തീരുമാനം എന്‍റേതല്ല താങ്കളുടെതായിരിക്കട്ടെ.
അതുകൊണ്ടു താങ്കള്‍ക്ക് അറിയാവുന്നതു പ്രസ്താവിക്കുക;

34
‘ഇയ്യോബ് വിവരമില്ലാതെ സംസാരിക്കുന്നു;
ഉള്‍ക്കാഴ്ചയില്ലാത്ത വാക്കുകളാണ് അയാളുടേത്

35
എന്നു വിവേകികളും എന്‍റെ വാക്കു ശ്രദ്ധിക്കുന്ന ജ്ഞാനികളും സമ്മതിക്കും.

36
ദുഷ്ടനെപ്പോലെ ഇയ്യോബ് പ്രതിവാദം ചെയ്യുന്നതുകൊണ്ട്
അവസാനംവരെ അയാളെ പരീക്ഷിച്ചിരുന്നെങ്കില്‍!

37
അയാള്‍ പാപത്തോട് ധിക്കാരം കൂട്ടിച്ചേര്‍ക്കുന്നു;
നമ്മുടെ മധ്യേനിന്ന് അയാള്‍ പരിഹസിച്ചു കൈ കൊട്ടുന്നു;
ദൈവത്തിനെതിരെ ദൂഷണം ചൊരിയുന്നു.”

35

1

എലീഹൂ തുടര്‍ന്നു:

2
“ഇതു ന്യായമാണെന്നു താങ്കള്‍ കരുതുന്നുവോ?
ദൈവമുമ്പാകെ നീതിമാന്‍ എന്നു വിചാരിക്കുന്നുവോ?

3
‘എനിക്ക് എന്തു പ്രയോജനം?
പാപം ചെയ്യാഞ്ഞാല്‍ എന്തു മെച്ചം?’ എന്നു താങ്കള്‍ ചോദിക്കുന്നു.

4
അങ്ങേക്കും ഈ സ്നേഹിതന്മാര്‍ക്കുമുള്ള മറുപടി ഞാന്‍ നല്‌കാം.

5
ആകാശത്തിലേക്കു നോക്കുക.
മീതെ ഉയരത്തിലുള്ള മേഘങ്ങളെ കണ്ടോ?

6
പാപം ചെയ്തിട്ട് ദൈവത്തിനെതിരെ എന്തു നേടി?
താങ്കളുടെ അകൃത്യങ്ങള്‍ പെരുകിയാല്‍ അവിടുത്തേക്ക് എന്തു ചേതം?

7
അങ്ങ് നീതിമാനാണെങ്കില്‍ അവിടുത്തേക്ക് എന്തു ലാഭം?
അല്ലെങ്കില്‍ താങ്കളുടെ കൈയില്‍നിന്ന് അവിടുത്തേക്ക് എന്തു ലഭിക്കുന്നു?

8
അങ്ങയുടെ ദുഷ്ടത മറ്റൊരു മനുഷ്യനെ മാത്രം ബാധിക്കുന്നു.
അങ്ങയുടെ നീതിയും അങ്ങനെതന്നെ.

9
പീഡനങ്ങളുടെ ആധിക്യംമൂലം മനുഷ്യര്‍ നിലവിളിക്കുന്നു.
ബലശാലികളുടെ ശക്തിപ്രയോഗംമൂലം അവര്‍ സഹായത്തിനുവേണ്ടി നിലവിളികൂട്ടുന്നു.

10
രാത്രിയില്‍ ആനന്ദഗീതം ആലപിക്കാന്‍ ഇടയാക്കുന്നവനും മൃഗങ്ങളെക്കാള്‍ അറിവും

11
ആകാശത്തിലെ പക്ഷികളെക്കാള്‍ ബുദ്ധിയും നല്‌കുന്നവനുമായ
എന്‍റെ സ്രഷ്ടാവായ ദൈവം എവിടെ എന്ന് ആരും ചോദിക്കുന്നില്ല.

12
അവിടെ അവര്‍ നിലവിളിക്കുന്നു.
എന്നാല്‍ ദുഷ്ടന്മാരുടെ അഹങ്കാരം നിമിത്തം,
അവിടുന്ന് ഉത്തരമരുളുന്നില്ല.

13
വ്യര്‍ഥവിലാപങ്ങള്‍ അവിടുന്നു കേള്‍ക്കുകയില്ല, തീര്‍ച്ച.
സര്‍വശക്തന്‍ അത് ഗണ്യമാക്കുകയുമില്ല.

14
പിന്നെ അവിടുത്തെ കാണുന്നില്ലെന്നും താങ്കളുടെ വ്യവഹാരം ദൈവത്തിന്‍റെ മുമ്പിലിരിക്കുന്നെന്നും
അവിടുത്തേക്കുവേണ്ടി കാത്തിരിക്കുകയാണെന്നും താങ്കള്‍ക്ക് എങ്ങനെ പറയാന്‍ കഴിയും?

15
ഇപ്പോഴാകട്ടെ അവിടുന്നു കോപിച്ചു ശിക്ഷിക്കാത്തതുകൊണ്ടും അകൃത്യം അവഗണിക്കുന്നതുകൊണ്ടും

16
ഇയ്യോബ് വ്യര്‍ഥഭാഷണം നടത്തുന്നു;
പാഴ്വാക്കുകള്‍ ചൊരിയുന്നു.”

36

1

എലീഹൂ തുടര്‍ന്നു:

2
“അല്പമൊന്നു ക്ഷമിക്കൂ; ഞാന്‍ പറഞ്ഞുതരാം.
ദൈവത്തിനുവേണ്ടി ഇനിയും ചില കാര്യങ്ങള്‍കൂടി എനിക്കു പറയാനുണ്ട്.

3
ഞാന്‍ വ്യാപകമായ വിജ്ഞാനം സമ്പാദിക്കും.
എന്‍റെ സ്രഷ്ടാവ് നീതിമാനെന്നു സമര്‍ഥിക്കും.

4
എന്‍റെ വാക്കു കളവല്ല.
അറിവു തികഞ്ഞവന്‍ നിങ്ങളുടെ മുമ്പില്‍ നില്‌ക്കുന്നു.

5
ദൈവം ബലവാനാണ്, അവിടുന്ന് ആരെയും വെറുക്കുന്നില്ല.
അവിടുത്തെ ജ്ഞാനശക്തിയും അപാരംതന്നെ.

6
അവിടുന്നു ദുഷ്ടന്‍റെ ജീവനെ പരിരക്ഷിക്കുന്നില്ല;
എന്നാല്‍ പീഡിതന് അവിടുന്നു നീതി നടത്തിക്കൊടുക്കുന്നു.

7
നീതിമാന്മാരുടെമേല്‍ എപ്പോഴും അവിടുത്തെ കടാക്ഷമുണ്ട്.
അവരെ രാജാക്കന്മാരുടെകൂടെ സിംഹാസനത്തില്‍ ഇരുത്തുന്നു.
അവരെ എപ്പോഴും ഉയര്‍ത്തുന്നു.

8
അവര്‍ ചങ്ങലകൊണ്ടു ബന്ധിക്കപ്പെടുകയും
കഷ്ടതയുടെ പാശത്തില്‍ കുടുങ്ങുകയും ചെയ്താല്‍

9
അവിടുന്ന്, അവരുടെ പ്രവൃത്തിയും അഹങ്കാരത്തോടെ ചെയ്തുപോയ അകൃത്യങ്ങളും അവരെ ബോധ്യപ്പെടുത്തും.

10
അവിടുന്ന് പ്രബോധനത്തിന് അവരുടെ കാതുകള്‍ തുറക്കും.
അധര്‍മത്തില്‍നിന്നു പിന്തിരിയാന്‍ അവിടുന്ന് അവരോട് ആജ്ഞാപിക്കും.

11
അവര്‍ അതു കേട്ട് അനുസരിച്ച് അവിടുത്തെ സേവിച്ചാല്‍
അവരുടെ നാളുകള്‍ ഐശ്വര്യസമൃദ്ധിയിലും അവരുടെ ആയുസ്സ് ആനന്ദത്തിലും പൂര്‍ത്തിയാക്കും.

12
ദൈവകല്പന അനുസരിക്കാതിരുന്നാല്‍ അവര്‍ വാളാല്‍ നശിക്കും;
നിനച്ചിരിയാതെ മരണമടയും.

13
അധര്‍മിയില്‍നിന്ന് കോപം അകലുകയില്ല;
അവിടുന്ന് അവരെ ബന്ധിക്കുമ്പോള്‍ അവര്‍ സഹായത്തിനുവേണ്ടി നിലവിളിക്കുകയില്ല.

14
യൗവനത്തില്‍തന്നെ അവര്‍ മരിക്കും.
അവരുടെ ജീവിതാന്ത്യം അപമാനകരമായിരിക്കും.

15
പീഡിതരെ പീഡനംകൊണ്ട് അവിടുന്നു രക്ഷിക്കുന്നു;
അനര്‍ഥങ്ങള്‍കൊണ്ട് അവരുടെ കണ്ണു തുറപ്പിക്കുന്നു.

16
താങ്കളെയും അവിടുന്നു കഷ്ടതയുടെ പിടിയില്‍നിന്നു
ഞെരുക്കമില്ലാത്ത വിശാലതയിലേക്ക് ആനയിക്കുമായിരുന്നു.
താങ്കളുടെ മേശമേല്‍ സ്വാദിഷ്ഠഭോജ്യങ്ങള്‍ നിരത്തുമായിരുന്നു.

17
ദുഷ്ടന്മാര്‍ക്കുള്ള ന്യായവിധി താങ്കളെ ഗ്രസിച്ചിരിക്കുന്നു;
ന്യായവിധിയും നീതിയും താങ്കളെ പിടികൂടിയിരിക്കുന്നു.

18
ജാഗ്രത പാലിക്കുക; കോപം താങ്കളെ നിന്ദ്യകാര്യങ്ങളിലേക്കു പ്രലോഭിപ്പിക്കാതിരിക്കട്ടെ;
മോചനദ്രവ്യത്തിന്‍റെ വലിപ്പം താങ്കളെ വഴിതെറ്റിക്കാതിരിക്കട്ടെ.

19
നിലവിളിയോ, കരുത്തോ താങ്കളെ വേദനയില്‍നിന്ന് രക്ഷിക്കുമോ?

20
ജനതകള്‍ സ്വദേശത്തുനിന്ന് ഉന്മൂലനം ചെയ്യപ്പെടുന്ന രാത്രിക്കു വേണ്ടി കൊതിക്കരുത്.

21
അധര്‍മത്തിലേക്ക് തിരിയാതെ സൂക്ഷിക്കുക;
കാരണം, അതാണ് താങ്കള്‍ തിരഞ്ഞെടുത്തിരിക്കുന്നത്.

22
ദൈവം തന്‍റെ മഹാശക്തിയാല്‍ സമുന്നതനായിരിക്കുന്നു;
അവിടുത്തെപ്പോലെ ഒരു ഗുരു ആരുണ്ട്?

23
ദൈവത്തിനു മാര്‍ഗനിര്‍ദ്ദേശം നല്‌കാന്‍ ആരുണ്ട്?
അവിടുന്നു ചെയ്തത് തെറ്റെന്ന് ആര്‍ക്കു പറയാന്‍ കഴിയും?

24
ദൈവത്തിന്‍റെ പ്രവൃത്തിയെ മനുഷ്യര്‍ പാടിപ്പുകഴ്ത്തുന്നു;
അവയെ താങ്കള്‍ പ്രകീര്‍ത്തിക്കണം.

25
സര്‍വമനുഷ്യരും അതു കണ്ടിരിക്കുന്നു.
ദൂരെനിന്നു മനുഷ്യന്‍ അതു കാണുന്നു.

26
നോക്കൂ; ദൈവം അത്യുന്നതന്‍ അവിടുത്തെ അറിയാന്‍ നാം അശക്തരാണ്;
അവിടുത്തെ വര്‍ഷങ്ങള്‍ തിട്ടപ്പെടുത്താനാവില്ല.

27
അവിടുന്നു നീര്‍ത്തുള്ളികളെ വലിച്ചെടുക്കുന്നു;
അവിടുന്നു മഞ്ഞില്‍നിന്നു മഴ പെയ്യിക്കുന്നു.

28
മേഘങ്ങള്‍ മഴ ചൊരിയുന്നു;
മനുഷ്യരുടെമേല്‍ അത് സമൃദ്ധിയായി വര്‍ഷിക്കുന്നു.

29
കാര്‍മേഘങ്ങള്‍ പരക്കുന്നതും ആകാശവിതാനത്തില്‍നിന്ന് ഇടി മുഴങ്ങുന്നതും ആര്‍ക്കു ഗ്രഹിക്കാന്‍ കഴിയും?

30
അവിടുന്നു മിന്നല്‍പ്പിണരുകളെ ചുറ്റും പായിക്കുന്നു.
സമുദ്രത്തിന്‍റെ അഗാധങ്ങളെ മൂടുകയും ചെയ്യുന്നു.

31
ഇവയാല്‍ ദൈവം മനുഷ്യരെ വിധിക്കുന്നു;
അവര്‍ക്ക് സമൃദ്ധമായി ആഹാരം നല്‌കുന്നു.

32
അവിടുന്നു മിന്നല്‍പ്പിണര്‍കൊണ്ട് തന്‍റെ കരം മറയ്‍ക്കുന്നു.
ലക്ഷ്യസ്ഥാനത്തേക്ക് അതിനെ അയയ്‍ക്കുന്നു.

33
മനുഷ്യന്‍റെ അധര്‍മം നിമിത്തം കോപിഷ്ഠനും
അസഹിഷ്ണുവുമായ ദൈവത്തെക്കുറിച്ച് ഇടിമുഴക്കം വിളിച്ചറിയിക്കുന്നു.

37

1

ഈ ഇടിമുഴക്കം എന്‍റെ ഹൃദയത്തെ വിറപ്പിക്കുന്നു.
സ്വസ്ഥാനത്തുനിന്ന് അത് ഇളകിപ്പോകുന്നു.

2
അവിടുത്തെ ഇടിനാദംപോലുള്ള ശബ്ദവും അതിന്‍റെ മുഴക്കവും കേള്‍ക്കുക.

3
മിന്നല്‍പ്പിണരിനോടൊപ്പം അത് ആകാശത്തിലെങ്ങും വ്യാപിക്കുന്നു.
അത് ഭൂമിയുടെ എല്ലാ കോണുകളിലും എത്തുന്നു.

4
അതിനുശേഷം അവിടുത്തെ ഗര്‍ജനശബ്ദം മുഴങ്ങുന്നു.
അവിടുന്നു തന്‍റെ ഗംഭീരശബ്ദംകൊണ്ട് ഇടി മുഴക്കുന്നു.
തന്‍റെ ശബ്ദം മുഴങ്ങുമ്പോഴും മിന്നലിനെ അവിടുന്നു തടഞ്ഞു നിര്‍ത്തുന്നില്ല.

5
ദൈവം തന്‍റെ ഗംഭീരശബ്ദം അദ്ഭുതകരമായി മുഴക്കുന്നു.
നമുക്കു ഗ്രഹിക്കാന്‍ കഴിയാത്ത മഹാകാര്യങ്ങള്‍ അവിടുന്നു ചെയ്യുന്നു.

6
ഹിമത്തോട് ഭൂമിയുടെമേല്‍ പതിക്കുക എന്നും
മഴയോടും പെരുമഴയോടും ഉഗ്രമായി വര്‍ഷിക്കുക എന്നും ആജ്ഞാപിക്കുന്നു.

7
സര്‍വമനുഷ്യരും അവിടുത്തെ പ്രവൃത്തി അറിയാന്‍
അവിടുന്ന് എല്ലാവരുടെയും പ്രയത്നങ്ങള്‍ക്കു മുദ്രവയ്‍ക്കുന്നു.

8
വന്യമൃഗങ്ങള്‍ തങ്ങളുടെ മടയിലൊളിച്ച് അവിടെത്തന്നെ കഴിച്ചുകൂട്ടുന്നു.

9
ചുഴലിക്കാറ്റ് തന്‍റെ അറയില്‍നിന്നു പുറപ്പെടുന്നു.
വീശിയടിക്കുന്ന കാറ്റില്‍നിന്ന് ശൈത്യം വരുന്നു.

10
ദൈവത്തിന്‍റെ ശ്വാസംകൊണ്ട് മഞ്ഞുകട്ട ഉണ്ടാകുന്നു.
സമുദ്രം ശീഘ്രം ഉറഞ്ഞു കട്ടിയാകുന്നു.

11
കനത്ത കാര്‍മേഘങ്ങളെ അവിടുന്നു ജലസാന്ദ്രമാക്കുന്നു.
അവയിലൂടെ അവിടുന്നു മിന്നല്‍പ്പിണരുകള്‍ ചിതറിക്കുന്നു.

12
ഭൂമിയുടെ ഉപരിതലത്തില്‍ ജനവാസമുള്ളിടത്തെല്ലാം
അവിടുത്തെ കല്പനയനുസരിച്ചു പ്രവര്‍ത്തിക്കാന്‍വേണ്ടി അവ ചുറ്റിത്തിരിയുന്നു.

13
മനുഷ്യന്‍റെ തെറ്റു തിരുത്താനോ കൃഷിഭൂമിയെ നനയ്‍ക്കാനോ
സ്നേഹം പ്രകടിപ്പിക്കാനോവേണ്ടി അവിടുന്നു മഴ അയയ്‍ക്കുന്നു.

14
ഇയ്യോബേ, ഇതു ശ്രദ്ധിക്കുക.
ദൈവത്തിന്‍റെ അദ്ഭുതപ്രവൃത്തികളെക്കുറിച്ചു ചിന്തിക്കുക.

15
ദൈവം മേഘങ്ങളെ നിയന്ത്രിക്കുന്നതും
മിന്നല്‍പ്പിണരുകളെ പ്രകാശിപ്പിക്കുന്നതും എങ്ങനെയെന്നു താങ്കള്‍ക്ക് അറിയാമോ?

16
ജ്ഞാനസമ്പൂര്‍ണനായ ദൈവത്തിന്‍റെ അദ്ഭുതശക്തിയാലാണ് മേഘങ്ങള്‍,
ആകാശത്തില്‍ തങ്ങിനില്‌ക്കുന്നതെന്ന് താങ്കള്‍ക്ക് അറിയാമോ?

17
തെക്കന്‍കാറ്റേറ്റ് ഭൂമി മരവിച്ചുനില്‌ക്കേ താങ്കളുടെ വസ്ത്രം ചൂടുപിടിക്കുന്നതെങ്ങനെ?

18
ഓട്ടുകണ്ണാടിപോലെ ദൃഢമായി,
ആകാശത്തെ ദൈവം വിരിച്ചിരിക്കുന്നതുപോലെ,
താങ്കള്‍ക്കു ചെയ്യാന്‍ കഴിയുമോ?

19
ദൈവത്തോട് എന്തു പറയണമെന്നു ഞങ്ങളെ പ്രബോധിപ്പിക്കുക;
മനസ്സിന്‍റെ അന്ധതകൊണ്ട് ആവലാതിപ്പെടേണ്ടതെങ്ങനെയെന്നു ഞങ്ങള്‍ക്കറിഞ്ഞുകൂടാ.

20
ദൈവത്തോടു സംസാരിക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുകയോ?
നാശത്തിന് ഇരയാകാന്‍ ആരെങ്കിലും ആഗ്രഹിക്കുമോ?

21
കാറ്റടിച്ചു കാറൊഴിഞ്ഞ ആകാശത്തു ജ്വലിക്കുന്ന സൂര്യനെ നോക്കാന്‍ ആര്‍ക്കും കഴിയുകയില്ല.

22
വടക്കുനിന്നു കനകപ്രഭ വരുന്നു;
ദൈവം ഉഗ്രതേജസ്സ് അണിഞ്ഞിരിക്കുന്നു.

23
സര്‍വശക്തന്‍ നമുക്ക് അപ്രാപ്യനാണ്;
അവിടുന്നു ശക്തിയിലും നീതിയിലും മഹത്ത്വമേറിയവന്‍;
ഉദാത്തമായ നീതിയെ അവിടുന്നു ലംഘിക്കുകയില്ല.

24
അതുകൊണ്ടു മനുഷ്യര്‍ ദൈവത്തെ ഭയപ്പെടുന്നു;
ജ്ഞാനികളെന്നു ഭാവിക്കുന്നവരെ അവിടുന്നു ഗൗനിക്കുന്നില്ല.

38

1

അപ്പോള്‍ സര്‍വേശ്വരന്‍ ചുഴലിക്കാറ്റില്‍ നിന്ന് ഇയ്യോബിന് ഉത്തരം അരുളി:

2
“അറിവില്ലാത്ത വാക്കുകളാല്‍,
ഉപദേശത്തെ ഇരുളാക്കുന്ന ഇവനാര്?

3
പൗരുഷമുള്ളവനെപ്പോലെ നീ അര മുറുക്കിക്കൊള്ളുക;
ഞാന്‍ നിന്നോടു ചോദിക്കുന്നതിന് ഉത്തരം പറയുക.

4
ഞാന്‍ ഭൂമിക്ക് അടിസ്ഥാനമിട്ടപ്പോള്‍ നീ എവിടെ ആയിരുന്നു?
അറിയാമെങ്കില്‍ പറയുക.

5
അതിന്‍റെ അളവു നിര്‍ണയിച്ചത് ആര്?
നിശ്ചയമായും നിനക്ക് അത് അറിയാമല്ലോ.
അതിന്‍റെ മീതെ അളവുനൂല്‍ പിടിച്ചത് ആര്?

6
പ്രഭാതനക്ഷത്രങ്ങള്‍ ഒത്തുചേര്‍ന്നു പാടുകയും
മാലാഖമാര്‍ ആനന്ദിച്ച് ആര്‍ത്തുവിളിക്കുകയും ചെയ്തപ്പോള്‍,

7
ഭൂമിയുടെ അടിസ്ഥാനം ഏതിന്മേല്‍ ഉറപ്പിച്ചു?
അതിന്‍റെ മൂലക്കല്ല് ആരു സ്ഥാപിച്ചു?

8
ഗര്‍ഭത്തില്‍നിന്ന് കുതിച്ചുചാടിയ സമുദ്രത്തെ, വാതിലുകളടച്ച് തടഞ്ഞതാര്?

9
അന്നു ഞാന്‍ മേഘങ്ങളെ അതിന്‍റെ ഉടുപ്പും കൂരിരുട്ടിനെ അതിന്‍റെ ഉടയാടയുമാക്കി.

10
ഞാന്‍ സമുദ്രത്തിന് അതിര്‍ത്തി വച്ചു;
കതകുകളും ഓടാമ്പലുകളും പിടിപ്പിച്ചു.

11
പിന്നീട്, നിനക്ക് ഇവിടംവരെ വരാം;
ഇതിനപ്പുറം കടക്കരുത്;
ഇവിടെ നിന്‍റെ ഗര്‍വിഷ്ഠമായ തിരമാലകള്‍ നില്‌ക്കട്ടെ എന്നു ഞാന്‍ സമുദ്രത്തോടു കല്പിച്ചു.

12
ഭൂമിയുടെ അതിര്‍ത്തികളെ പിടിച്ചടക്കാനും ദുര്‍ജനത്തെ കുടഞ്ഞുകളയാനും

13
നീ ആയുസ്സില്‍ എപ്പോഴെങ്കിലും പ്രഭാതത്തിന് കല്പന കൊടുത്തിട്ടുണ്ടോ?
അരുണോദയത്തിന് നീ സ്ഥാനം നിര്‍ദ്ദേശിച്ചിട്ടുണ്ടോ?

14
മുദ്ര പതിച്ച കളിമണ്ണുപോലെ അതു രൂപംകൊള്ളുന്നു.
വര്‍ണശബളമായ വസ്ത്രംപോലെ അതു ദൃശ്യമാകുന്നു.

15
ദുഷ്ടന്മാര്‍ക്ക് അവരുടെ പ്രകാശം നിഷേധിക്കപ്പെടുന്നു.
അവര്‍ ഉയര്‍ത്തിയ കരങ്ങള്‍ തകര്‍ക്കപ്പെട്ടിരിക്കുന്നു.

16
സമുദ്രത്തിന്‍റെ ഉറവിടത്തില്‍ നീ പ്രവേശിച്ചിട്ടുണ്ടോ?
ആഴിയുടെ ആഴത്തില്‍ സഞ്ചരിച്ചിട്ടുണ്ടോ?

17
മൃത്യുകവാടങ്ങള്‍ നിനക്കു വെളിപ്പെട്ടിട്ടുണ്ടോ?
ഘോരാന്ധകാരത്തിന്‍റെ വാതിലുകള്‍ നിനക്കു ദൃശ്യമായിട്ടുണ്ടോ?

18
ഭൂമിയുടെ വിസ്തൃതി നീ ഗ്രഹിച്ചിട്ടുണ്ടോ?
ഇവയൊക്കെ നിനക്ക് അറിയാമെങ്കില്‍ പറയുക.

19
വെളിച്ചത്തിന്‍റെ വാസസ്ഥലത്തേക്കുള്ള വഴി ഏത്?
ഇരുളിന്‍റെ പാര്‍പ്പിടം എവിടെ?

20
അവയെ അവയുടെ അതിര്‍ത്തിക്കുള്ളിലേക്ക് നയിക്കാന്‍ അവയുടെ പാര്‍പ്പിടത്തിലേക്കുള്ള വഴി നിനക്ക് അറിയാമോ?

21
നിശ്ചയമായും നിനക്കറിയാം;
നീ അന്നേ ജനിച്ചിരുന്നല്ലോ;
നിന്‍റെ ആയുസ്സ് അത്രയ്‍ക്ക് ദീര്‍ഘമാണല്ലോ;

22
ഹിമത്തിന്‍റെ സംഭരണശാലകളില്‍ നീ പ്രവേശിച്ചിട്ടുണ്ടോ?
കന്മഴയുടെ ഭണ്ഡാരം നീ കണ്ടിട്ടുണ്ടോ?

23
കഷ്ടകാലത്തേക്കും യുദ്ധകാലത്തേക്കും വേണ്ടി ഞാന്‍ അവ സംഭരിച്ചിരിക്കുന്നു.

24
വെളിച്ചം പ്രസരിപ്പിക്കുന്ന സ്ഥലത്തേക്കും
ഭൂമിയില്‍ വീശുന്ന കിഴക്കന്‍കാറ്റിന്‍റെ ഉദ്ഭവസ്ഥാനത്തേക്കുമുള്ള വഴി ഏത്?

25
നിര്‍ജനപ്രദേശത്തും ആരും പാര്‍ക്കാത്ത മരുഭൂമിയിലും മഴ പെയ്യിക്കാനും

26
തരിശായ പാഴ്നിലത്തിന്‍റെ ദാഹം ശമിപ്പിക്കാനും ഭൂമി ഇളമ്പുല്ലു മുളപ്പിക്കാനും വേണ്ടി

27
പേമാരിക്ക് ഒരു ചാലും ഇടിമിന്നലിന് ഒരു പാതയും വെട്ടിത്തുറന്നതാര്?

28
മഴയ്‍ക്കു ജനയിതാവുണ്ടോ?
മഞ്ഞുതുള്ളികള്‍ക്ക് ആരു ജന്മമേകി?

29
ആരുടെ ഗര്‍ഭത്തില്‍നിന്നു ഹിമം പുറത്തുവന്നു?
ആകാശത്തിലെ പൊടിമഞ്ഞിന് ആരു ജന്മം നല്‌കി?

30
വെള്ളം പാറക്കല്ലുപോലെ ഉറച്ചുപോകുന്നു.
ആഴിയുടെ മുഖം ഉറഞ്ഞു കട്ടിയാകുന്നു.

31
കാര്‍ത്തിക നക്ഷത്രങ്ങളുടെ ചങ്ങലകള്‍ ബന്ധിക്കാമോ?
മകയിരത്തെ ബന്ധിച്ചിരിക്കുന്ന പാശം അഴിക്കാമോ?

32
നിനക്ക് യഥാകാലം രാശിചക്രം നിയന്ത്രിക്കാമോ?
സപ്തര്‍ഷിമണ്ഡലത്തെ നയിക്കാമോ?

33
ആകാശത്തെ നിയന്ത്രിക്കുന്ന നിയമങ്ങള്‍ നിനക്കറിയാമോ?
അവ ഭൂമിയില്‍ പ്രയോഗിക്കാന്‍ നിനക്കു കഴിയുമോ?

34
പെരുവെള്ളം നിന്നെ മൂടാന്‍ തക്കവിധം മഴ പെയ്യിക്കാന്‍ മേഘങ്ങളോട് ഉച്ചത്തില്‍ ആജ്ഞാപിക്കാന്‍ നിനക്കു കഴിയുമോ?

35
‘ഇതാ ഞങ്ങള്‍’ എന്നു പറഞ്ഞുകൊണ്ട് പുറപ്പെടാന്‍ തക്കവിധം
മിന്നല്‍പ്പിണരുകളോട് ആജ്ഞാപിക്കാമോ?

36
ഹൃദയത്തില്‍ ജ്ഞാനവും മനസ്സില്‍ വിവേകവും നിക്ഷേപിച്ചതാര്?

37
പൂഴി കട്ടിയായിത്തീരാനും മണ്‍കട്ടകള്‍ ഒന്നോടൊന്ന് ഒട്ടിച്ചേരാനും തക്കവിധം

38
ആകാശത്തിലെ ജലസംഭരണിയെ ചെരിക്കാന്‍ ആര്‍ക്കു കഴിയും?
ജ്ഞാനത്താല്‍ മേഘങ്ങളെ എണ്ണാനും ആര്‍ക്കു കഴിയും?

39
സിംഹങ്ങള്‍ ഗുഹകളില്‍ പതുങ്ങിക്കിടക്കുമ്പോള്‍,
മറവിടങ്ങളില്‍ പതിയിരിക്കുമ്പോള്‍,

40
അവയ്‍ക്കുവേണ്ടി ഇര തേടിക്കൊടുക്കാനും
സിംഹക്കുട്ടികളുടെ വിശപ്പടക്കാനും നിനക്കു കഴിയുമോ?

41
വിശന്നിട്ടു ദൈവത്തോടു നിലവിളിക്കുന്ന കാക്കക്കുഞ്ഞുങ്ങള്‍ക്കുവേണ്ടി
ഇര തേടി അലഞ്ഞുതിരിയുന്ന കാക്കയ്‍ക്കു തീറ്റി കൊടുക്കുന്നത് ആരാണ്?

39

1

കാട്ടാടുകളുടെ പ്രസവകാലം നിനക്കറിയാമോ?
മാന്‍പേടകളുടെ പ്രസവം നീ കണ്ടിട്ടുണ്ടോ?

2
അവയുടെ പ്രസവകാലം നിനക്കു കണക്കുകൂട്ടാമോ?
അവയുടെ പ്രസവസമയം നിനക്ക് അറിയാമോ?

3
എപ്പോള്‍ അവ കുനിഞ്ഞു പ്രസവിച്ച് കുഞ്ഞിനു ജന്മം നല്‌കുന്നു?

4
അവയുടെ കുട്ടികള്‍ ശക്തിനേടി തുറസ്സായ സ്ഥലത്തു വളരുന്നു;
പിന്നെ അവ പിരിഞ്ഞകലുന്നു; മടങ്ങിവരുന്നതുമില്ല.

5
കാട്ടുകഴുതയെ അഴിച്ചുവിട്ടത് ആര്?
അവയ്‍ക്ക് ഓടിനടക്കാന്‍ അനുവാദം കൊടുത്തത് ആര്?

6
ഞാന്‍ അവയ്‍ക്കു പുല്‍മേടുകള്‍ മേയാന്‍ കൊടുത്തു.
ഓരുനിലം അവയുടെ വീടാക്കി.

7
പട്ടണത്തിലെ ശബ്ദകോലാഹലം അതു വെറുക്കുന്നു.
മേയിക്കുന്നവന്‍റെ ആക്രോശം അതു കേള്‍ക്കുന്നില്ല.

8
പര്‍വതങ്ങള്‍ അതിന്‍റെ മേച്ചില്‍സ്ഥലങ്ങളാണ്.
പച്ചത്തലപ്പുകള്‍ തേടി അതു നടക്കുന്നു.

9
കാട്ടുകാള നിന്നെ സേവിക്കുമോ?
നിന്‍റെ തൊഴുത്തില്‍ അതു രാപാര്‍ക്കുമോ?

10
അതിനെ നുകംവച്ച് ഉഴവിനു കൊണ്ടുപോകാമോ?
അത് നിന്‍റെ പിന്നാലെ നടന്നു കട്ട ഉടച്ചു നിലം നിരപ്പാക്കുമോ?

11
അതിന്‍റെ കരുത്തു വലുതാണെന്നു കരുതി നിനക്കതിനെ ആശ്രയിക്കാമോ?
നിന്‍റെ പണി അതിനെ ഏല്പിക്കുമോ?

12
അത് നിന്‍റെ കളപ്പുരയിലേക്കു ധാന്യം കൊണ്ടുവരുമെന്നു നീ വിശ്വസിക്കുന്നോ?

13
ഒട്ടകപ്പക്ഷി പ്രൗഢിയോടെ ചിറകടിക്കുന്നു.
പക്ഷേ അതിനു കൊക്കിനെപ്പോലെ പറക്കാന്‍ കഴിയുമോ?

14
അതു നിലത്തു മുട്ടയിട്ടിട്ടു പോകുന്നു.
മുട്ട മണ്ണിന്‍റെ ചൂടുകൊണ്ടു വിരിയുന്നു.

15
ആരെങ്കിലും അതു ചവിട്ടിയുടയ്‍ക്കുമെന്നോ,
കാട്ടുമൃഗങ്ങള്‍ അവ ചവിട്ടിക്കളയുമെന്നോ അത് ഓര്‍ക്കുന്നില്ല.

16
തന്‍റെ കുഞ്ഞുങ്ങളാണെന്നു വിചാരമില്ലാതെ അത് അവയോടു ക്രൂരമായി വര്‍ത്തിക്കുന്നു.

17
തന്‍റെ ഈറ്റുനോവു പാഴായിപ്പോകുമെന്ന് അതു ഭയപ്പെടുന്നില്ല.
കാരണം ദൈവം അതിനു ജ്ഞാനമോ വിവേകമോ നല്‌കിയിട്ടില്ല.

18
അതു ചിറകു വിടര്‍ത്തി ഓടിയകലുമ്പോള്‍
കുതിരയെയും കുതിരക്കാരനെയും പിന്‍തള്ളി നാണംകെടുത്തുന്നു.

19
ഇയ്യോബേ, കുതിരയ്‍ക്കു ശക്തി കൊടുക്കുന്നതു നീയാണോ?
അതിന്‍റെ കഴുത്തിനു ബലം വരുത്തുന്നതും നീയാണോ?

20
അതിനെ വെട്ടുക്കിളിയെപ്പോലെ ചാടിക്കുന്നതു നീയോ?
അതിന്‍റെ ശക്തിയേറിയ ചീറ്റല്‍ ഭയജനകമല്ലേ?

21
താഴ്വരയില്‍ ചുരം മാന്തി അതു സ്വന്തശക്തിയില്‍ ഊറ്റംകൊള്ളുന്നു.
യുദ്ധഭൂമിയിലേക്ക് അതു പാഞ്ഞുചെല്ലുന്നു.

22
ഭയത്തെ അതു പരിഹസിച്ചുതള്ളുന്നു.
ഭീതികൊണ്ട് അതു തളരുന്നില്ല.
വാളു കണ്ടു പിന്തിരിഞ്ഞോടുന്നില്ല.

23
അതിന്‍റെമേല്‍ യോദ്ധാക്കളുടെ ആയുധങ്ങളുടെ കിലുകിലധ്വനി ഉയരുന്നു.
കുന്തവും ചാട്ടുകുന്തവും വെട്ടിത്തിളങ്ങുന്നു.

24
അത് ഉഗ്രതയും കോപവുംപൂണ്ട് ബഹുദൂരം പിന്നിടുന്നു.
കാഹളധ്വനി ഉയരുമ്പോള്‍ അടങ്ങിനില്‌ക്കാന്‍ അതിനു കഴിയുകയില്ല.

25
കാഹളധ്വനി കേട്ട് അതു ഹാ, ഹാ ശബ്ദം പുറപ്പെടുവിക്കുന്നു.
യുദ്ധത്തിന്‍റെ ഗന്ധം അതിനു ദൂരത്തുനിന്നേ കിട്ടുന്നു.
പടനായകരുടെ അട്ടഹാസവും ആര്‍പ്പുവിളിയും അകലെവച്ചുതന്നെ അറിയുന്നു.

26
നിന്‍റെ ജ്ഞാനം കൊണ്ടാണോ പരുന്ത് ഉയര്‍ന്നു പറക്കുകയും
തെക്കോട്ടു ചിറകു വിടര്‍ത്തുകയും ചെയ്യുന്നത്?

27
നിന്‍റെ കല്പനയനുസരിച്ചാണോ കഴുകന്‍ മുകളിലേക്കു പറന്നുയരുന്നത്?
ഉയരത്തില്‍ കൂടുകെട്ടുന്നത്?

28
കടുംതൂക്കായ പരുക്കന്‍ പാറയിലെ സുരക്ഷിതമായ സ്ഥാനങ്ങളില്‍ അതു കൂടുവച്ചു പാര്‍ക്കുന്നു.

29
അവിടെയിരുന്നുകൊണ്ട് അത് ഇരയെ തിരയുന്നു.
അതു ദൂരെയുള്ള ഇരയെ കാണുന്നു.

30
കഴുകന്‍റെ കുഞ്ഞുങ്ങള്‍ രക്തം വലിച്ചുകുടിക്കുന്നു;
ശവമുള്ളിടത്ത് കഴുകനുമുണ്ട്.”

40

1

സര്‍വേശ്വരന്‍ പിന്നെയും ഇയ്യോബിനോട് അരുളിച്ചെയ്തു:

2
“ആക്ഷേപം പറയുന്നവന്‍ ഇനിയും
സര്‍വശക്തനോടു വാദിക്കുമോ?
ദൈവത്തോടു വാദിക്കുന്നവന്‍ ഇതിനു മറുപടി പറയട്ടെ.”

3
ഇയ്യോബ് സര്‍വേശ്വരനോടു പറഞ്ഞു:

4
“ഞാന്‍ നിസ്സാരന്‍; അങ്ങയോടു ഞാന്‍ എന്തു മറുപടി പറയാനാണ്?
ഇതാ, ഞാന്‍ വായ് പൊത്തുന്നു.

5
ഞാന്‍ സംസാരിക്കേണ്ടുന്നതിലധികം സംസാരിച്ചു.
ഇനി ഞാന്‍ ഒന്നും പറയുകയില്ല.”

6
അപ്പോള്‍ ചുഴലിക്കാറ്റില്‍നിന്ന് സര്‍വേശ്വരന്‍ ഇയ്യോബിന് ഉത്തരം അരുളി:

7
“പുരുഷനെപ്പോലെ നീ അര മുറുക്കുക;
എന്‍റെ ചോദ്യങ്ങള്‍ക്കു നീ ഉത്തരം പറയുക.

8
എന്‍റെ ന്യായവിധി അനീതി എന്നു നിനക്കു തെളിയിക്കാമോ?
നിന്നെത്തന്നെ നീതീകരിക്കാന്‍ നീ എന്നെ കുറ്റം വിധിക്കുമോ?

9
എന്നെപ്പോലെ നീ കരുത്തനോ?
നിനക്ക് എന്നെപ്പോലെ ഇടിനാദം മുഴക്കാമോ?

10
നീ പ്രൗഢിയും അന്തസ്സും അണിഞ്ഞു കൊള്ളുക.
തേജസ്സും മഹിമയും ധരിച്ചുകൊള്ളുക.

11
നിന്‍റെ കോപം കവിഞ്ഞൊഴുകട്ടെ;
ഗര്‍വിഷ്ഠനായ ഏതൊരുവനെയും ഒറ്റനോട്ടത്തില്‍ എളിമപ്പെടുത്തുക.

12
അഹങ്കാരികളെ നോട്ടംകൊണ്ട് ഒതുക്കുക.
ദുഷ്ടനെ അവന്‍ നില്‌ക്കുന്നിടത്തുതന്നെ ചവിട്ടി മെതിക്കുക.

13
അവരെയെല്ലാം പൂഴിയില്‍ മൂടുക;
അവരെ അധോലോകത്തു ബന്ധിക്കുക.

14
നിന്‍റെ വലങ്കൈതന്നെ നിനക്കു വിജയം നല്‌കുന്നു എന്ന് ഞാന്‍ അപ്പോള്‍ അംഗീകരിക്കാം.

15
ഇക്കാണുന്ന നീര്‍ക്കുതിരയെയും നിന്നെ സൃഷ്‍ടിച്ചതുപോലെതന്നെ ഞാന്‍ സൃഷ്‍ടിച്ചു.
അതു കാളയെപ്പോലെ പുല്ലു തിന്നുന്നു.

16
അതിന്‍റെ ശക്തി അരക്കെട്ടിലും അതിന്‍റെ ബലം ഉദരപേശികളിലുമാകുന്നു.

17
അതിന്‍റെ വാല്‍ ദേവദാരുപോലെ ദൃഢമായി സൃഷ്‍ടിച്ചിരിക്കുന്നു;
അതിന്‍റെ തുടയിലെ ഞരമ്പുകള്‍ കൂടിപ്പിണഞ്ഞിരിക്കുന്നു.

18
അതിന്‍റെ അസ്ഥികള്‍ ഓട്ടുകുഴലുകള്‍ പോലെയും
കൈകാലുകള്‍ ഇരുമ്പുദണ്ഡുകള്‍ പോലെയുമാകുന്നു.

19
ദൈവത്തിന്‍റെ സൃഷ്‍ടികളില്‍ അതു പ്രഥമസ്ഥാനത്തു നില്‌ക്കുന്നു.
സ്രഷ്ടാവിനു മാത്രമേ അതിനെ എതിരിടാന്‍ കഴിയൂ.

20
വന്യമൃഗങ്ങള്‍ വിഹരിക്കുന്ന പര്‍വതങ്ങളാണ് അതിന് ആഹാരം നല്‌കുന്നത്.

21
ചതുപ്പുനിലത്തു നീര്‍മരുതിന്‍റെ കീഴിലും ഞാങ്ങണയുടെ മറവിലും അതു കിടക്കുന്നു.

22
നീര്‍മരുത് അതിനു തണല്‍ വിരിക്കുന്നു;
തോട്ടിലെ അലരി അതിനു മറ പിടിക്കുന്നു.

23
നദി കലങ്ങി മറിഞ്ഞാലും അതിനു ഭയമില്ല;
യോര്‍ദ്ദാന്‍ വായിലേക്ക് കുത്തിയൊഴുകിയാലും അതു കുലുങ്ങുകയില്ല.

24
ആര്‍ക്കെങ്കിലും അതിനെ ചൂണ്ടയിട്ടു പിടിക്കാമോ?
അതിനു മൂക്കുകയറിടാമോ?

41

1

നിനക്ക് ലിവ്യാഥാനെ ചൂണ്ടയിട്ടു പിടിക്കാമോ?
അതിന്‍റെ നാക്കു കയറുകൊണ്ട് ബന്ധിക്കാമോ?

2
അതിന്‍റെ മൂക്കില്‍ കയറിടാമോ?
അതിന്‍റെ താടിയെല്ലില്‍ കൊളുത്തു കടത്താമോ?

3
അതു നിന്‍റെ മുമ്പില്‍ യാചന നിരത്തുമോ?
അതു നിന്നോടു കെഞ്ചിപ്പറയുമോ?

4
എക്കാലവും നിനക്കു ദാസ്യം വഹിക്കാമെന്ന്
അതു നിന്നോട് ഉടമ്പടി ചെയ്യുമോ?

5
ഒരു കിളിയോടെന്നവിധം നിനക്ക് അതിനോടു കളിക്കാമോ?
നിന്‍റെ ദാസിമാര്‍ക്കുവേണ്ടി, അതിനെ പിടിച്ചു കെട്ടിയിടുമോ?

6
വ്യാപാരികള്‍ അതിനു വിലപേശുമോ?
കച്ചവടക്കാര്‍ക്ക് അതിനെ പകുത്തു വില്‌ക്കുമോ?

7
അതിന്‍റെ തൊലി നിറയെ ചാട്ടുളിയും
തലയില്‍ മുപ്പല്ലിയും തറയ്‍ക്കാമോ?

8
അതിനെ ഒന്നു തൊട്ടാല്‍ എന്തൊരു പോരായിരിക്കുമെന്ന് ഓര്‍ത്തുനോക്കൂ;
പിന്നെ നീ അതിനു തുനിയുകയില്ല.

9
നോക്കൂ; അതിനെ കീഴ്പെടുത്താമെന്ന ആശ ആര്‍ക്കും വേണ്ട;
ഒന്നേ നോക്കൂ; അതോടെ നോക്കുന്നവന്‍ നിലംപതിക്കും.

10
അതിനെ പ്രകോപിപ്പിക്കാന്‍ തക്ക ശൗര്യം ആര്‍ക്കും ഇല്ല.
എങ്കില്‍ പിന്നെ എന്നെ നേരിടാന്‍ ആര്‍ക്കു കഴിയും?

11
ഞാന്‍ മടക്കിക്കൊടുക്കാന്‍ ആരെങ്കിലും എന്തെങ്കിലും എന്നെ ഏല്പിച്ചിട്ടുണ്ടോ?
ആകാശത്തിന്‍കീഴുള്ള സമസ്തവും എന്‍റേതല്ലേ?

12
അതിന്‍റെ അവയവങ്ങളെയും മഹാശക്തിയെയും
വടിവൊത്ത ശരീരഘടനയെയുംപറ്റി മൗനം അവലംബിക്കാന്‍ എനിക്കു സാധ്യമല്ല.

13
അതിന്‍റെ പുറംചട്ട ഉരിയാന്‍ ആര്‍ക്കു കഴിയും?
അതിന്‍റെ ഇരട്ടക്കവചം തുളയ്‍ക്കാന്‍ ആര്‍ക്കു കഴിയും?

14
അതിന്‍റെ വായ് ആരു തുറക്കും?
അതിന്‍റെ പല്ലുകള്‍ ഭീകരമാണ്.

15
പരിചകള്‍ അടുക്കിയാണ് അതിന്‍റെ പുറം നിര്‍മ്മിച്ചിരിക്കുന്നത്.
അവ വിടവുതീര്‍ത്തു മുദ്രവച്ചിരിക്കുന്നു.

16
വായു കടക്കാത്തവിധം അവ യോജിപ്പിച്ചിരിക്കുന്നു;

17
അകറ്റാന്‍ അരുതാത്തവിധം അവ പറ്റിച്ചേര്‍ന്നിരിക്കുന്നു.

18
അതു തുമ്മുമ്പോള്‍ മിന്നല്‍പ്പിണര്‍ പ്രസരിക്കുന്നു;
അതിന്‍റെ കണ്ണ് പ്രഭാതകിരണങ്ങള്‍ പോലെയാണ്.

19
അതിന്‍റെ വായില്‍നിന്ന് അഗ്നിജ്വാലകള്‍ പുറപ്പെടുന്നു;
തീപ്പൊരികള്‍ ചിതറുന്നു.

20
അതിന്‍റെ നാസാരന്ധ്രങ്ങളില്‍നിന്ന് കോരപ്പുല്ലു കത്തി
വെള്ളം തിളയ്‍ക്കുന്ന കലത്തില്‍ നിന്നെന്ന പോലെ പുക ഉയരുന്നു.

21
അതിന്‍റെ ശ്വാസം ഏറ്റ് കനല്‍ക്കട്ട ജ്വലിക്കുന്നു.
അതിന്‍റെ വായില്‍നിന്ന് അഗ്നിജ്വാല പായുന്നു.

22
അതിന്‍റെ ബലം കഴുത്തില്‍ കുടികൊള്ളുന്നു.
അതിന്‍റെ മുമ്പില്‍ ഭീകരത താണ്ഡവമാടുന്നു.

23
അതിന്‍റെ മാംസപാളികള്‍ ഇളകാത്തവിധം ഉറപ്പായി ചേര്‍ന്നിരിക്കുന്നു;

24
അതിന്‍റെ നെഞ്ച് കല്ലുപോലെ കടുപ്പമുള്ളതത്രേ;
തിരികല്ലിന്‍റെ അടിക്കല്ലുപോലെ ഉറപ്പുള്ളത്.

25
അത് തല ഉയര്‍ത്തുമ്പോള്‍ ബലശാലികള്‍ പേടിക്കുന്നു;
അവര്‍ അന്ധാളിച്ചുപോകുന്നു.

26
വാളോ, കുന്തമോ, അസ്ത്രമോ,
ചാട്ടുളിയോകൊണ്ട് അതിനെ നേരിടുക സാധ്യമല്ല.

27
ഇരുമ്പ് അതിനു വൈക്കോല്‍പോലെയാണ്.
ഓട് ചെതുക്കുതടിപോലെയും.

28
അസ്ത്രം എയ്ത് അതിനെ ഓടിക്കുക സാധ്യമല്ല.
കവിണക്കല്ല് അതിന് വൈക്കോല്‍ പോലെയാണ്.

29
ഗദയും അതിന് വൈക്കോല്‍ പോലെയാണ്.
വേല്‍ പ്രയോഗിക്കുമ്പോള്‍ അതു പരിഹസിച്ചു ചിരിക്കുന്നു.

30
അതിന്‍റെ അടിഭാഗം കൂര്‍ത്തുമൂര്‍ത്ത ഓട്ടുകഷണം പോലെയാകുന്നു.
മെതിത്തടിപോലെ അതു ചെളിപ്പുറത്ത് കിടക്കുന്നു.

31
കുട്ടകത്തിലെ വെള്ളം എന്നപോലെ അതു സമുദ്രജലത്തെ തിളപ്പിക്കുന്നു.
അതു സമുദ്രത്തെ ഒരു കുടം തൈലം പോലെയാക്കുന്നു.

32
അതു മുന്നോട്ടു നീങ്ങുമ്പോള്‍ പിറകില്‍ തിളങ്ങുന്ന പാതപോലെ ജലരേഖ കാണാം.
അതു കണ്ടാല്‍ ആഴിക്കു നര ബാധിച്ചതു പോലെ തോന്നും.

33
അതിനു തുല്യമായ ഒരു ജന്തുവും ഭൂമിയിലില്ല.
അതിനെപ്പോലെ ഭയമില്ലാത്ത വേറൊരു ജീവിയില്ല.

34
ഉന്നതമായതെല്ലാം അതു കാണുന്നു;
അത് ഗര്‍വിഷ്ഠരുടെയെല്ലാം രാജാവാകുന്നു.”

42

1

അപ്പോള്‍ ഇയ്യോബ് സര്‍വേശ്വരനോടു പറഞ്ഞു:

2
“അവിടുത്തേക്കു സകലവും ചെയ്യാന്‍ കഴിയുമെന്നും
അവിടുത്തെ ഉദ്ദേശ്യത്തെ പരാജയപ്പെടുത്താന്‍ സാധ്യമല്ലെന്നും എനിക്കറിയാം.

3
‘അറിവില്ലാതെ ഉപദേശം മറച്ചുവയ്‍ക്കുന്ന ഇവനാര്?’
എന്ന് അവിടുന്നു ചോദിച്ചുവല്ലോ?
എനിക്കു ദുര്‍ഗ്രഹമായ അദ്ഭുതകാര്യങ്ങള്‍ തിരിച്ചറിയാതെ ഞാന്‍ അങ്ങനെ പറഞ്ഞുപോയി.

4
ഞാന്‍ പറയാം; നീ കേള്‍ക്കണം;
ഞാന്‍ ചോദിക്കും; നീ ഉത്തരം പറയണം എന്ന് അവിടുന്നു പറഞ്ഞു.

5
ഞാന്‍ അവിടുത്തെക്കുറിച്ചു കേട്ടിട്ടേയുള്ളൂ;
എന്നാല്‍ ഇപ്പോള്‍ എന്‍റെ കണ്ണുകള്‍ അങ്ങയെ കാണുന്നു.

6
അതിനാല്‍ ഞാന്‍ എന്നെക്കുറിച്ചു ലജ്ജിക്കുന്നു.
പൊടിയിലും ചാരത്തിലും കിടന്നു അനുതപിക്കുന്നു.

7

ഇയ്യോബിനോടു സംസാരിച്ചശേഷം, സര്‍വേശ്വരന്‍ തേമാന്യനായ എലീഫസിനോട് ഇങ്ങനെ അരുളിച്ചെയ്തു: “നിന്‍റെയും നിന്‍റെ സ്നേഹിതന്മാരുടെയും നേര്‍ക്ക് എന്‍റെ രോഷം ജ്വലിച്ചിരിക്കുന്നു; കാരണം, എന്‍റെ ദാസനായ ഇയ്യോബ് സംസാരിച്ചതുപോലെ, എന്നെക്കുറിച്ചു നിങ്ങള്‍ ശരിയായിട്ടല്ല സംസാരിച്ചത്.

8 അതുകൊണ്ടു നിങ്ങള്‍ ഏഴു കാളകളെയും ഏഴു മുട്ടാടുകളെയും എന്‍റെ ദാസനായ ഇയ്യോബിന്‍റെ അടുക്കല്‍ കൊണ്ടുചെന്ന് നിങ്ങള്‍ക്കുവേണ്ടി ഹോമയാഗം അര്‍പ്പിക്കുക. ഇയ്യോബ് നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കും. ഞാന്‍ അവന്‍റെ പ്രാര്‍ഥന കേള്‍ക്കും. എന്‍റെ ദാസനായ ഇയ്യോബിനെപ്പോലെ നിങ്ങള്‍ എന്നെക്കുറിച്ചു യോഗ്യമായതു സംസാരിച്ചില്ലെങ്കിലും നിങ്ങളുടെ ആ ഭോഷത്തത്തിന് ഞാന്‍ നിങ്ങളെ ശിക്ഷിക്കുകയില്ല.

9 തേമാന്യനായ എലീഫസും ശൂഹ്യനായ ബില്‍ദാദും നയമാത്യനായ സോഫറും സര്‍വേശ്വരന്‍ കല്പിച്ചതുപോലെ ചെയ്തു. സര്‍വേശ്വരന്‍ ഇയ്യോബിന്‍റെ പ്രാര്‍ഥന സ്വീകരിച്ചു.

10 ഇയ്യോബ് തന്‍റെ സ്നേഹിതര്‍ക്കുവേണ്ടി പ്രാര്‍ഥിച്ചപ്പോള്‍ സര്‍വേശ്വരന്‍ അയാള്‍ക്കു സമ്പല്‍സമൃദ്ധി വീണ്ടും നല്‌കി; അതു മുമ്പുണ്ടായിരുന്നതിന്‍റെ ഇരട്ടി ആയിരുന്നു.

11 ഇയ്യോബിന്‍റെ എല്ലാ സഹോദരീസഹോദരന്മാരും മുമ്പുണ്ടായിരുന്ന എല്ലാ മിത്രങ്ങളും അദ്ദേഹത്തിന്‍റെ വീട്ടില്‍ വന്ന് അദ്ദേഹത്തോടൊരുമിച്ചു ഭക്ഷണം കഴിച്ചു. സര്‍വേശ്വരന്‍ ഇയ്യോബിനു വരുത്തിയ അനര്‍ഥങ്ങളെക്കുറിച്ച് അവര്‍ സഹതപിക്കുകയും അദ്ദേഹത്തെ സാന്ത്വനപ്പെടുത്തുകയും ചെയ്തു. ഓരോരുത്തനും ഇയ്യോബിന് ഓരോ പൊന്‍നാണയവും പൊന്‍മോതിരവും സമ്മാനിച്ചു.

12 ഇങ്ങനെ സര്‍വേശ്വരന്‍ ഇയ്യോബിന്‍റെ ജീവിതസായാഹ്നം മുമ്പിലത്തേതിനെക്കാള്‍ അനുഗൃഹീതമാക്കി. അദ്ദേഹം പതിന്നാലായിരം ആടുകളും ആറായിരം ഒട്ടകങ്ങളും ആയിരം ജോടി കാളകളും ആയിരം പെണ്‍കഴുതകളും സമ്പാദിച്ചു.

13 ഏഴു പുത്രന്മാരും മൂന്നു പുത്രിമാരും അദ്ദേഹത്തിനു ജനിച്ചു.

14 മൂത്തമകള്‍ക്ക് യെമീമാ എന്നും രണ്ടാമത്തവള്‍ക്ക് കെസീയാ എന്നും മൂന്നാമത്തെ മകള്‍ക്കു കേരെന്‍ ഹപ്പൂക്ക് എന്നും പേരിട്ടു.

15 ഇയ്യോബിന്‍റെ പുത്രിമാരെപ്പോലെ സുന്ദരിമാരായി മറ്റാരും ആ ദേശത്തെങ്ങും ഉണ്ടായിരുന്നില്ല. അവര്‍ക്കു സഹോദരന്മാരോടൊപ്പം പിതൃസ്വത്ത് നല്‌കി.

16 പിന്നീട് ഇയ്യോബ് നൂറ്റിനാല്പതു വര്‍ഷം ജീവിച്ചു. അദ്ദേഹം മക്കളും മക്കളുടെ മക്കളുമായി നാലാം തലമുറവരെയുമുള്ള സന്തതികളെ കണ്ടു.

17 അങ്ങനെ ഇയ്യോബ് വയോവൃദ്ധനായി മരിച്ചു.