1
[1,2] ശൂശന്‍രാജധാനിയിലെ സിംഹാസനത്തില്‍ ഇരുന്ന് ഇന്ത്യമുതല്‍ എത്യോപ്യവരെയുള്ള നൂറ്റിയിരുപത്തേഴു സംസ്ഥാനങ്ങള്‍ അഹശ്വേരോശ്‍രാജാവ് ഭരിച്ചിരുന്നു.2
3 അദ്ദേഹത്തിന്‍റെ വാഴ്ചയുടെ മൂന്നാം വര്‍ഷം തന്‍റെ സകല പ്രഭുക്കന്മാര്‍ക്കും ഉദ്യോഗസ്ഥന്മാര്‍ക്കുംവേണ്ടി ഒരു വിരുന്നു കഴിച്ചു. പേര്‍ഷ്യയിലെയും മേദ്യയിലെയും സൈന്യാധിപന്മാരും സംസ്ഥാനങ്ങളിലെ പ്രഭുക്കന്മാരും ദേശാധിപതികളും അതില്‍ പങ്കെടുത്തു.
4 അങ്ങനെ നൂറ്റിയെണ്‍പതു ദിവസം തന്‍റെ രാജകീയ മഹത്ത്വവും പ്രതാപവും സമൃദ്ധിയുമെല്ലാം അദ്ദേഹം പ്രദര്‍ശിപ്പിച്ചു.
5 അതിനുശേഷം വലുപ്പചെറുപ്പഭേദംകൂടാതെ, തലസ്ഥാനമായ ശൂശനിലുള്ള സകല ജനങ്ങള്‍ക്കും കൊട്ടാരത്തിലെ ഉദ്യാനാങ്കണത്തില്‍വച്ച് ഏഴു ദിവസം നീണ്ടുനിന്ന വിരുന്നു നടത്തി.
6 അവിടെ മാര്‍ബിള്‍ സ്തംഭങ്ങളിലുള്ള വെള്ളി വളയങ്ങളില്‍ ചുവന്നു നേര്‍ത്ത ലിനന്‍നൂലുകള്‍ പിടിപ്പിച്ചു, പരുത്തിത്തുണികൊണ്ടുള്ള വെള്ളയും നീലയുമായ യവനികകള്‍ തൂക്കിയിട്ടിരുന്നു. ചുവപ്പ്, വെളുപ്പ്, മഞ്ഞ, കറുപ്പ് എന്നീ നിറങ്ങളിലുള്ള കല്ലുകള്‍ പാകിയ തളത്തില്‍ സ്വര്‍ണവും വെള്ളിയുംകൊണ്ടു നിര്‍മ്മിച്ച മഞ്ചങ്ങളും ഉണ്ടായിരുന്നു.
7 സ്വര്‍ണപ്പാത്രങ്ങളിലാണ് അവര്‍ക്കു പാനീയങ്ങള്‍ പകര്‍ന്നിരുന്നത്. രാജോചിതമായവിധം സമൃദ്ധമായി വീഞ്ഞ് വിളമ്പി.
8 മദ്യപാനത്തിനു നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നില്ല; ആരെയും അതിനു നിര്‍ബന്ധിച്ചിരുന്നുമില്ല. ‘എല്ലാവരും യഥേഷ്ടം കുടിച്ചുകൊള്ളട്ടെ’ എന്നു രാജാവ് കൊട്ടാരത്തിലെ ഉദ്യോഗസ്ഥന്മാരോടു കല്പിച്ചിരുന്നു.
9 അഹശ്വേരോശ്‍രാജാവിന്‍റെ കൊട്ടാരത്തിലെ സ്‍ത്രീകള്‍ക്കു വസ്ഥിരാജ്ഞിയും വിരുന്നു നല്‌കി.
10 ഏഴാം ദിവസം വീഞ്ഞുകുടിച്ച് ആനന്ദിച്ചിരിക്കുമ്പോള്‍ അഹശ്വേരോശ്‍രാജാവ് രാജസേവകരായ മെഹൂമാന്‍, ബിസ്ഥാ, ഹര്‍ബോനാ, ബിഗ്ധാ, അബഗ്ധാ, സേഥര്‍, കര്‍ക്കസ് എന്നീ ഏഴു ഷണ്ഡന്മാരോട് കല്പിച്ചു:
11 ജനത്തെയും പ്രഭുക്കന്മാരെയും രാജ്ഞിയുടെ സൗന്ദര്യം കാണിക്കാന്‍ അവരെ രാജകീയകിരീടം ധരിപ്പിച്ചു രാജസന്നിധിയില്‍ കൊണ്ടുവരിക.” രാജ്ഞി കാഴ്ചയില്‍ സുമുഖി ആയിരുന്നു.
12 എന്നാല്‍ രാജകല്പന അനുസരിച്ചു രാജസന്നിധിയില്‍ ചെല്ലാന്‍ രാജ്ഞി വിസമ്മതിച്ചു. അപ്പോള്‍ രാജാവിന്‍റെ കോപം ജ്വലിച്ചു.
13 [13,14] നിയമത്തിലും ന്യായത്തിലും പാണ്ഡിത്യമുള്ളവരോട് ആലോചന ചോദിക്കുക രാജാവിന്‍റെ പതിവായിരുന്നു. രാജാവ് അവരോട് അന്വേഷിച്ചു. രാജാവിനോട് അടുത്തു കഴിയുന്നവരും തന്‍റെ രാജ്യത്തെ പ്രമുഖരും പേര്‍ഷ്യയിലെയും മേദ്യയിലെയും പ്രഭുക്കന്മാരുമായ കെര്‍ശനാ, ശേഥാര്‍, അദ്മാഥ, തര്‍ശീശ്, മേരെസ്, മര്‍സെന, മെമൂഖാന്‍ എന്നീ ഏഴു പേരോടു രാജാവ് ചോദിച്ചു:
14
15 “നിയമമനുസരിച്ച് വസ്ഥിരാജ്ഞിയോട് എന്തു ചെയ്യണം? അഹശ്വേരോശ്‍രാജാവ് ഷണ്ഡന്മാര്‍ മുഖേന അറിയിച്ച കല്പന അവര്‍ അനുസരിച്ചില്ലല്ലോ.”
16 രാജാവിനോടും പ്രഭുക്കന്മാരോടുമായി മെമൂഖാന്‍ പറഞ്ഞു: “വസ്ഥിരാജ്ഞി രാജാവിനോടു മാത്രമല്ല, എല്ലാ പ്രഭുക്കന്മാരോടും രാജാവിന്‍റെ എല്ലാ സംസ്ഥാനങ്ങളിലുമുള്ള സകല ജനത്തോടും തെറ്റു ചെയ്തിരിക്കുന്നു.
17 രാജ്ഞിയുടെ ഈ പെരുമാറ്റം സ്‍ത്രീകളെല്ലാം അറിയും. “തന്‍റെ മുമ്പില്‍ വരാന്‍ അഹശ്വേരോശ്‍രാജാവ് കല്പിച്ചിട്ടും വസ്ഥിരാജ്ഞി ചെന്നില്ലല്ലോ’ എന്നു പറഞ്ഞ് അവര്‍ ഭര്‍ത്താക്കന്മാരെ നിന്ദിക്കും.
18 രാജ്ഞിയുടെ പെരുമാറ്റത്തെക്കുറിച്ചു കേട്ട പേര്‍ഷ്യയിലെയും മേദ്യയിലെയും പ്രഭുപത്നിമാരും ഭര്‍ത്താക്കന്മാരോട് അങ്ങനെതന്നെ പറയും; അങ്ങനെ അനാദരവും അമര്‍ഷവും ദേശത്തെല്ലാം ഉണ്ടാകും.
19 രാജാവിനു സമ്മതമെങ്കില്‍ വസ്ഥിരാജ്ഞി മേലില്‍ അഹശ്വേരോശ്‍രാജാവിന്‍റെ സന്നിധിയില്‍ വരരുത് എന്നു കല്പന പുറപ്പെടുവിക്കണം; അതിനു മാറ്റം വരാതിരിക്കാന്‍ പേര്‍ഷ്യരുടെയും മേദ്യരുടെയും നിയമപുസ്തകത്തില്‍ അത് എഴുതിച്ചേര്‍ക്കണം. രാജ്ഞിസ്ഥാനം അവരെക്കാള്‍ ഉത്തമയായ മറ്റൊരുവള്‍ക്കു കൊടുക്കുകയും വേണം.
20 വിസ്തൃതമായ രാജ്യമെങ്ങും കല്പന പ്രസിദ്ധമാകുമ്പോള്‍ വലിയവരും ചെറിയവരുമായ സകല സ്‍ത്രീകളും തങ്ങളുടെ ഭര്‍ത്താക്കന്മാരെ ബഹുമാനിക്കും.”
21 ഇതു രാജാവിനും പ്രഭുക്കന്മാര്‍ക്കും ഹിതകരമായി; രാജാവ് മെമൂഖാന്‍റെ നിര്‍ദ്ദേശംപോലെ പ്രവര്‍ത്തിച്ചു.
22 ഓരോ പുരുഷനും തന്‍റെ വീട്ടില്‍ അധിപനായിരിക്കണമെന്നും സ്വന്തഭാഷ സംസാരിക്കണമെന്നും ആജ്ഞാപിച്ചുകൊണ്ട് രാജാവ് എല്ലാ സംസ്ഥാനങ്ങളിലേക്കും കത്തുകള്‍ അയച്ചു. ഓരോ സംസ്ഥാനത്തേക്കും അതിന്‍റെ ലിപിയിലും ഓരോ ജനതയ്‍ക്കും അവരുടെ ഭാഷയിലും ആയിരുന്നു കത്തുകള്‍ അയച്ചത്.
1
അഹശ്വേരോശ്‍രാജാവിന്‍റെ കോപം ശമിച്ചപ്പോള്‍ അദ്ദേഹം വസ്ഥിയെയും അവരുടെ പ്രവൃത്തിയെയും അവര്‍ക്കെതിരെ പുറപ്പെടുവിച്ച കല്പനയെയും ഓര്‍ത്തു.2 അപ്പോള്‍ രാജാവിനെ ശുശ്രൂഷിച്ചിരുന്ന ഭൃത്യന്മാര്‍ പറഞ്ഞു: “സൗന്ദര്യമുള്ള യുവകന്യകമാരെ അവിടുത്തേക്കുവേണ്ടി അന്വേഷിക്കണം.
3 അതിനായി രാജ്യത്തിലെ എല്ലാ സംസ്ഥാനങ്ങളിലും ഉദ്യോഗസ്ഥന്മാരെ നിയമിച്ചാലും; അവര്‍ സൗന്ദര്യമുള്ള യുവകന്യകമാരെ ശൂശന്‍രാജധാനിയില്‍ ഒരുമിച്ചുകൂട്ടട്ടെ; രാജധാനിയിലെ അന്തഃപുരത്തില്‍ സ്‍ത്രീകളുടെ ചുമതല വഹിക്കുന്ന ഹേഗായി എന്ന ഷണ്ഡന്‍റെ ചുമതലയില്‍ അവരെ ഏല്പിക്കണം. അവര്‍ക്കു വേണ്ട സൗന്ദര്യ സംവര്‍ധകദ്രവ്യങ്ങളും നല്‌കണം.
4 രാജാവിന് ഇഷ്ടപ്പെട്ട യുവതി വസ്ഥിക്കു പകരം രാജ്ഞിയായിത്തീരട്ടെ.” ഈ അഭിപ്രായം രാജാവിന് ഇഷ്ടപ്പെട്ടു. അതനുസരിച്ചു പ്രവര്‍ത്തിച്ചു.
5 ശൂശന്‍ രാജധാനിയില്‍ ബെന്യാമീന്‍ഗോത്രക്കാരനായ മൊര്‍ദ്ദെഖായി എന്നൊരു യെഹൂദനുണ്ടായിരുന്നു. അയാള്‍ യായീരിന്‍റെ പുത്രനും യായീര്‍ ശിമെയിയുടെ പുത്രനും ശിമെയി കീശിന്‍റെ പുത്രനുമായിരുന്നു.
6 ബാബിലോണ്‍രാജാവായ നെബുഖദ്നേസര്‍, യെഹൂദാരാജാവായ യെഖൊന്യായൊടൊപ്പം യെരൂശലേമില്‍ നിന്നു പിടിച്ചുകൊണ്ടുപോയ പ്രവാസികളില്‍ ഒരാളായിരുന്നു മൊര്‍ദ്ദെഖായി.
7 അയാള്‍ തന്‍റെ പിതൃസഹോദരീപുത്രി ഹദസ്സാ എന്ന എസ്ഥേറിനെ എടുത്തുവളര്‍ത്തി. അവള്‍ക്കു മാതാപിതാക്കള്‍ ഇല്ലായിരുന്നു. അവള്‍ സുന്ദരിയും സുമുഖിയും ആയിരുന്നു. മാതാപിതാക്കള്‍ മരിച്ചപ്പോള്‍ മൊര്‍ദ്ദെഖായി അവളെ സ്വന്തപുത്രിയായി സ്വീകരിച്ചു.
8 രാജവിളംബരം അനുസരിച്ചു ശൂശന്‍രാജധാനിയില്‍ കൊണ്ടുവന്ന് അന്തഃപുരപാലകനായ ഹേഗായിയുടെ ചുമതലയില്‍ പാര്‍പ്പിച്ച അനേകം യുവതികളുടെ കൂട്ടത്തില്‍ എസ്ഥേറും ഉണ്ടായിരുന്നു.
9 അവള്‍ ഹേഗായിയുടെ പ്രീതി സമ്പാദിച്ചു; അയാള്‍ അവളെ ഇഷ്ടപ്പെട്ടു; അയാള്‍ ഉടന്‍തന്നെ അവള്‍ക്കു വേണ്ട സൗന്ദര്യസംവര്‍ധകദ്രവ്യങ്ങളും ഭക്ഷണവും കൂടാതെ കൊട്ടാരത്തില്‍നിന്നു തിരഞ്ഞെടുത്ത ഏഴുതോഴിമാരെയും അവള്‍ക്കു നല്‌കി. അവളെയും തോഴിമാരെയും അന്തഃപുരത്തിലെ ഏറ്റവും നല്ല സ്ഥാനത്ത് പാര്‍പ്പിച്ചു.
10 എസ്ഥേര്‍ തന്‍റെ ജാതിയും വംശവും ആരെയും അറിയിച്ചില്ല; അറിയിക്കരുതെന്നു മൊര്‍ദ്ദെഖായി അവളോടു നിഷ്കര്‍ഷിച്ചിരുന്നു.
11 അവളുടെ ക്ഷേമം അന്വേഷിക്കാന്‍ അന്തഃപുരത്തിന്‍റെ അങ്കണത്തിലൂടെ മൊര്‍ദ്ദെഖായി എല്ലാ ദിവസവും നടക്കുമായിരുന്നു.
12 യുവതികള്‍ക്ക് നിശ്ചയിക്കപ്പെട്ടിട്ടുളള പന്ത്രണ്ടു മാസത്തെ സൗന്ദര്യ പരിചരണത്തിനുശേഷം അതായത് ആറു മാസം മീറാതൈലവും ആറു മാസം സുഗന്ധലേപനങ്ങളും ഉപയോഗിച്ചശേഷം
13 ഓരോ യുവതിയും മുറയനുസരിച്ച് അഹശ്വേരോശ്‍രാജാവിന്‍റെ സന്നിധിയിലേക്ക് ചെല്ലും. ഇങ്ങനെ രാജസന്നിധിയിലേക്കു പോകുമ്പോള്‍ അവര്‍ക്ക് ഇഷ്ടമുള്ളത് എന്തും അന്തഃപുരത്തില്‍നിന്നു രാജകൊട്ടാരത്തിലേക്കു കൊണ്ടുപോകാമായിരുന്നു.
14 മുറപ്രകാരം സന്ധ്യക്ക് ഒരാള്‍ കൊട്ടാരത്തിലേക്കു പോകും; രാവിലെ ഉപഭാര്യമാരുടെ ചുമതലക്കാരനായ ശയസ്ഗസ് എന്ന ഷണ്ഡന്‍റെ മേല്‍നോട്ടത്തിലുള്ള രണ്ടാം അന്തഃപുരത്തിലേക്കു മടങ്ങും. രാജാവിനു പ്രീതി തോന്നി പേരു പറഞ്ഞു വിളിച്ചാലല്ലാതെ വീണ്ടും അവള്‍ക്ക് രാജസന്നിധിയില്‍ പ്രവേശിക്കാന്‍ അനുവാദമില്ലായിരുന്നു.
15 മൊര്‍ദ്ദെഖായി സ്വന്തം മകളായി സ്വീകരിച്ചിരുന്നവളും പിതൃസഹോദരന്‍ അബീഹയിലിന്‍റെ പുത്രിയുമായ എസ്ഥേറിനു രാജസന്നിധിയില്‍ ചെല്ലാനുള്ള ഊഴമായപ്പോള്‍ അന്തഃപുരപാലകനായ ഹേഗായി എന്ന ഷണ്ഡന്‍ നിര്‍ദ്ദേശിച്ചവയല്ലാതെ മറ്റൊന്നും അവള്‍ ആവശ്യപ്പെട്ടില്ല. എസ്ഥേറിനെ കണ്ട എല്ലാവര്‍ക്കും അവളില്‍ പ്രീതി തോന്നി.
16 അഹശ്വേരോശ്‍രാജാവിന്‍റെ വാഴ്ചയുടെ ഏഴാം വര്‍ഷം പത്താം മാസമായ തേബേത്ത് മാസത്തില്‍ എസ്ഥേറിനെ രാജസന്നിധിയില്‍ കൊണ്ടുചെന്നു.
17 മറ്റെല്ലാ സ്‍ത്രീകളെക്കാളും കൂടുതലായി രാജാവ് എസ്ഥേറിനെ സ്നേഹിച്ചു. അങ്ങനെ എല്ലാ കന്യകമാരെക്കാളും രാജാവിന്‍റെ പ്രസാദത്തിനും പ്രീതിക്കും അവള്‍ പാത്രമായി; അതുകൊണ്ടു രാജകിരീടം അവളുടെ തലയില്‍വച്ച് അവളെ വസ്ഥിക്കു പകരം രാജ്ഞിയാക്കി.
18 പിന്നീട് രാജാവ് തന്‍റെ എല്ലാ പ്രഭുക്കന്മാര്‍ക്കും ഉദ്യോഗസ്ഥന്മാര്‍ക്കും എസ്ഥേറിന്‍റെ പേരില്‍ ഒരു വലിയ വിരുന്നു കഴിച്ചു. സംസ്ഥാനങ്ങള്‍ക്ക് നികുതിയിളവ് അനുവദിക്കുകയും രാജപദവിക്കൊത്ത് ഉദാരമായി സമ്മാനങ്ങള്‍ കൊടുക്കുകയും ചെയ്തു.
19
രണ്ടാം പ്രാവശ്യം കന്യകമാരെ വിളിച്ചുകൂട്ടിയപ്പോള്‍ മൊര്‍ദ്ദെഖായി, കൊട്ടാരത്തിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു.20 മൊര്‍ദ്ദെഖായിയുടെ നിര്‍ദ്ദേശപ്രകാരം എസ്ഥേര്‍ തന്‍റെ ജാതിയും വംശവും വെളിപ്പെടുത്തിയിരുന്നില്ല. മൊര്‍ദ്ദെഖായി തന്നെ വളര്‍ത്തിയിരുന്ന കാലത്തെന്നപോലെ അപ്പോഴും അവള്‍ അയാളെ അനുസരിച്ചുവന്നു.
21 ആ കാലത്ത് മൊര്‍ദ്ദെഖായി കൊട്ടാരത്തിലെ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ വാതില്‍കാവല്‌ക്കാരും രാജാവിന്‍റെ ഷണ്ഡന്മാരുമായ ബിഗ്ധാനും തേരെശും കുപിതരായി അഹശ്വേരോശ്‍രാജാവിനെ വധിക്കാന്‍ ഗൂഢാലോചന നടത്തി.
22 മൊര്‍ദ്ദെഖായി ഈ വിവരം അറിഞ്ഞ്, അത് എസ്ഥേര്‍രാജ്ഞിയെ അറിയിച്ചു; എസ്ഥേര്‍ മൊര്‍ദ്ദെഖായിക്കുവേണ്ടി അതു രാജാവിനെ അറിയിച്ചു.
23 അന്വേഷണത്തില്‍ അതു സത്യമെന്നു തെളിഞ്ഞു. അവരെ രണ്ടു പേരെയും തൂക്കിക്കൊന്നു. രാജസന്നിധിയില്‍വച്ച് ഇക്കാര്യം വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തി.
1
ഇവയെല്ലാം കഴിഞ്ഞശേഷം അഹശ്വേരോശ്‍രാജാവ് ആഗാഗ്യനും ഹമ്മെദാഥായുടെ പുത്രനും ആയ ഹാമാന് സ്ഥാനക്കയറ്റവും ഉന്നതപദവിയും നല്‌കി; അങ്ങനെ സകല പ്രഭുക്കന്മാരെക്കാളും ഉയര്‍ന്ന സ്ഥാനം അയാള്‍ക്കു ലഭിച്ചു.2 കൊട്ടാരത്തിലെ ഉദ്യോഗസ്ഥരെല്ലാം ഹാമാനെ കുമ്പിട്ടു വണങ്ങിവന്നു; അങ്ങനെ ചെയ്യണമെന്നു രാജകല്പന ഉണ്ടായിരുന്നു. എന്നാല്‍ മൊര്‍ദ്ദെഖായി അയാളെ കുമ്പിടുകയോ, വണങ്ങുകയോ ചെയ്തില്ല.
3 “രാജകല്പന ലംഘിക്കുന്നതെന്ത്?” എന്നു കൊട്ടാരത്തിലെ ഉദ്യോഗസ്ഥന്മാര്‍ മൊര്‍ദ്ദെഖായിയോടു ചോദിച്ചു.
4 ഇങ്ങനെ പല ദിവസം പറഞ്ഞിട്ടും അവരുടെ വാക്കു കേള്‍ക്കായ്കയാല്‍ അവര്‍ വിവരം ഹാമാനെ അറിയിച്ചു. മൊര്‍ദ്ദെഖായിയുടെ പെരുമാറ്റം ക്ഷമിക്കത്തക്കതാണോ എന്നറിയാനായിരുന്നു അവര്‍ അങ്ങനെ ചെയ്തത്. കാരണം, താന്‍ ഒരു യെഹൂദനാണെന്നു അയാള്‍ അവരോടു പറഞ്ഞിരുന്നു.
5 മൊര്‍ദ്ദെഖായി തന്നെ കുമ്പിട്ടു വണങ്ങുന്നില്ല എന്നറിഞ്ഞപ്പോള്‍ ഹാമാന്‍ കുപിതനായി.
6 മൊര്‍ദ്ദെഖായി ഏതു വര്‍ഗത്തില്‍പ്പെട്ടവനാണെന്ന് അവര്‍ ഹാമാനോടു പറഞ്ഞിരുന്നു; മൊര്‍ദ്ദെഖായിയെ മാത്രം നശിപ്പിച്ചാല്‍ പോരെന്ന് അയാള്‍ക്കു തോന്നി. അതിനാല്‍ അഹശ്വേരോശിന്‍റെ രാജ്യത്തെങ്ങുമുള്ള സകല യെഹൂദന്മാരെയും മൊര്‍ദ്ദെഖായിയോടൊപ്പം നശിപ്പിക്കാന്‍ ഹാമാന്‍ അവസരം പാര്‍ത്തു.
7 അഹശ്വേരോശ്‍രാജാവിന്‍റെ വാഴ്ചയുടെ പന്ത്രണ്ടാം വര്‍ഷം ആദ്യമാസമായ നീസാം മാസം മുതല്‍ പന്ത്രണ്ടാം മാസമായ ആദാര്‍വരെ എല്ലാ ദിവസവും ഹാമാന്‍റെ മുമ്പില്‍വച്ച് പൂര് അതായത് ‘കുറി’ ഇട്ടുനോക്കി.
8 പിന്നീട് ഹാമാന്‍ അഹശ്വേരോശ്‍രാജാവിനോട് പറഞ്ഞു: “അങ്ങയുടെ രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലുമുള്ള ജനങ്ങളുടെ ഇടയില്‍ ഒരു പ്രത്യേക ജനത ചിന്നിച്ചിതറി കിടക്കുന്നു; അവരുടെ നിയമങ്ങള്‍ മറ്റുള്ള ജനതകളുടേതില്‍നിന്നും വ്യത്യസ്തമാണ്; അവര്‍ രാജാവിന്‍റെ നിയമങ്ങള്‍ പാലിക്കുന്നില്ല. അവരെ അങ്ങനെ വിടുന്നതു രാജാവിന് നന്നല്ല.
9 രാജാവിന് സമ്മതമെങ്കില്‍ അവരെ നശിപ്പിക്കാന്‍ കല്പന പുറപ്പെടുവിച്ചാലും. ഈ കല്പന നിറവേറ്റാന്‍ ഞാന്‍ പതിനായിരം താലന്ത് വെള്ളി രാജഭണ്ഡാരത്തില്‍ നിക്ഷേപിക്കാന്‍ കാര്യവിചാരകന്മാരെ ഏല്പിക്കാം.”
10 അപ്പോള്‍ രാജാവ് തന്‍റെ മുദ്രമോതിരം ഊരി ആഗാഗ്യനായ ഹമ്മെദാഥായുടെ പുത്രനും യെഹൂദന്മാരുടെ ശത്രുവുമായ ഹാമാനെ ഏല്പിച്ചു.
11 പിന്നീട് ഹാമാനോടു പറഞ്ഞു: “ആ വെള്ളി നിന്‍റെ കൈയില്‍ത്തന്നെ ഇരിക്കട്ടെ. നിന്‍റെ ഇഷ്ടംപോലെ ആ ജനതയോടു പ്രവര്‍ത്തിച്ചുകൊള്ളുക.”
12 ഒന്നാം മാസം പതിമൂന്നാം ദിവസം രാജാവിന്‍റെ കാര്യദര്‍ശികളെ വിളിച്ചുകൂട്ടി; ഹാമാന്‍ ആജ്ഞാപിച്ചതുപോലെ അവര്‍ ഭരണാധിപന്മാര്‍ക്കും ഓരോ സംസ്ഥാനത്തെയും ദേശാധിപതികള്‍ക്കും ജനതകളിലെ പ്രഭുക്കന്മാര്‍ക്കും ആയി ഒരു വിളംബരം എഴുതി. അതതു സംസ്ഥാനത്തെ ലിപിയിലും ഓരോ ജനതയുടെ ഭാഷയിലും അഹശ്വേരോശ്‍രാജാവിന്‍റെ നാമത്തില്‍ അത് എഴുതി രാജമോതിരംകൊണ്ടു മുദ്രവച്ചു.
13 പന്ത്രണ്ടാം മാസമായ ആദാര്‍ മാസം പതിമൂന്നാം ദിവസംതന്നെ യുവാക്കളും വൃദ്ധരും കുട്ടികളും സ്‍ത്രീകളുമടക്കം സകല യെഹൂദന്മാരെയും കൊന്നൊടുക്കി വംശനാശം വരുത്തണമെന്നും അവരുടെ വസ്തുവകകള്‍ കൈവശപ്പെടുത്തണമെന്നും രാജാവിന്‍റെ സകല സംസ്ഥാനങ്ങളിലേക്കും സന്ദേശവാഹകര്‍ വഴി വിളംബരം അയച്ചു.
14 എല്ലാ ജനതകളും ആ ദിവസം തയ്യാറായിരിക്കുന്നതിനുവേണ്ടി പരസ്യം ചെയ്യാന്‍ കൊടുത്തയച്ച വിളംബരത്തിന്‍റെ പകര്‍പ്പ് ഓരോ സംസ്ഥാനത്തും പ്രസിദ്ധപ്പെടുത്തി.
15 രാജകല്പനപ്രകാരം സന്ദേശവാഹകര്‍ തിടുക്കത്തില്‍ പുറപ്പെട്ടു. തലസ്ഥാനമായ ശൂശനിലും ഈ വിളംബരം പ്രസിദ്ധപ്പെടുത്തി; രാജാവും ഹാമാനും മദ്യപിക്കാന്‍ ഇരുന്നു. എന്നാല്‍ ശൂശന്‍ നഗരം അസ്വസ്ഥമായി.
1
സംഭവിച്ചതെല്ലാം അറിഞ്ഞപ്പോള്‍ മൊര്‍ദ്ദെഖായി വസ്ത്രം കീറി, ചാക്കുടുത്തു, ചാരം പൂശി പട്ടണമധ്യത്തില്‍ ചെന്നു തീവ്രദുഃഖത്തോടെ ഉറക്കെ കരഞ്ഞു.2 അയാള്‍ രാജാവിന്‍റെ പടിവാതില്‍വരെ ചെന്നു; ചാക്കുടുത്തുകൊണ്ട് ആര്‍ക്കും കൊട്ടാരത്തിന്‍റെ വാതില്‍ കടക്കാന്‍ പാടില്ലായിരുന്നു.
3 രാജകല്പനയും വിളംബരവും പ്രസിദ്ധീകരിച്ച ഓരോ സംസ്ഥാനത്തെയും യെഹൂദന്മാരുടെ ഇടയില്‍ വലിയ വിലാപം ഉണ്ടായി. അവര്‍ ഉപവസിച്ചു കരഞ്ഞു വിലപിച്ചു. അനേകം പേര്‍ ചാക്ക് ഉടുത്ത് ചാരത്തില്‍ കിടന്നു.
4 തോഴികളും ഷണ്ഡന്മാരും ഈ വിവരം അറിയിച്ചപ്പോള്‍ എസ്ഥേര്‍രാജ്ഞി അത്യന്തം ദുഃഖിതയായി. മൊര്‍ദ്ദെഖായിക്ക് ചാക്കുതുണി മാറ്റി പകരം ധരിക്കാന്‍ വസ്ത്രം കൊടുത്തയച്ചു; എന്നാല്‍ അയാള്‍ അതു സ്വീകരിച്ചില്ല.
5 തന്നെ ശുശ്രൂഷിക്കാന്‍ രാജാവ് നിയോഗിച്ചിരുന്ന ഷണ്ഡന്മാരില്‍ ഒരാളായ ഹഥാക്കിനെ എസ്ഥേര്‍ വിളിച്ച് ഇതെല്ലാം എന്തിനെന്നും ഇതിനു കാരണം എന്തെന്നും മൊര്‍ദ്ദെഖായിയുടെ അടുക്കല്‍ അന്വേഷിച്ചു വരാന്‍ കല്പിച്ചു.
6 അയാള്‍ കൊട്ടാരവാതിലിനു മുമ്പില്‍ തുറസ്സായ സ്ഥലത്ത് ഇരുന്നിരുന്ന മൊര്‍ദ്ദെഖായിയുടെ അടുക്കല്‍ ചെന്നു.
7 തനിക്കു സംഭവിച്ചതും യെഹൂദന്മാരെ നശിപ്പിക്കാന്‍ ഹാമാന്‍ രാജഭണ്ഡാരത്തിലേക്കു കൊടുക്കാമെന്നു വാഗ്ദാനം ചെയ്ത പണം എത്രയെന്നതും മൊര്‍ദ്ദെഖായി അയാളോടു പറഞ്ഞു.
8 അവരെ നശിപ്പിക്കുന്നതിനു ശൂശനില്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന വിളംബരത്തിന്‍റെ പകര്‍പ്പ് മൊര്‍ദ്ദെഖായി അയാളെ ഏല്പിച്ച്, അതു എസ്ഥേറിനെ കാണിച്ചു വിശദീകരിച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടു. രാജസന്നിധിയില്‍ ചെന്ന് തന്‍റെ ജനത്തിനുവേണ്ടി അപേക്ഷിക്കാന്‍ എസ്ഥേറിനെ പ്രേരിപ്പിക്കണമെന്നും നിര്‍ദ്ദേശിച്ചു.
9 ഹഥാക്ക് തിരിച്ചു ചെന്ന് മൊര്‍ദ്ദെഖായി പറഞ്ഞ കാര്യങ്ങള്‍ എസ്ഥേറിനെ അറിയിച്ചു.
10 മൊര്‍ദ്ദെഖായിക്ക് എസ്ഥേര്‍ ഈ സന്ദേശം ഹഥാക്ക് വശം നല്‌കി.
11 വിളിക്കപ്പെടാതെ ഒരു പുരുഷനോ സ്‍ത്രീയോ രാജാവിന്‍റെ അടുക്കല്‍ അകത്തളത്തില്‍ ചെന്നാല്‍ അവര്‍ ആരായാലും കൊല്ലപ്പെടും. എന്നാല്‍ രാജാവു സ്വര്‍ണച്ചെങ്കോല്‍ അവരുടെനേരെ നീട്ടിയാല്‍ അവര്‍ ജീവനോടിരിക്കും. ഈ നിയമം രാജാവിന്‍റെ സകല ഭൃത്യന്മാര്‍ക്കും സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കും അറിവുള്ളതാണ്. രാജാവ് എന്നെ വിളിച്ചിട്ടു മുപ്പതു ദിവസമായി.
12 ഈ സന്ദേശം ഹഥാക്ക്, മൊര്‍ദ്ദെഖായിയെ അറിയിച്ചു.
13 അപ്പോള്‍ മൊര്‍ദ്ദെഖായി എസ്ഥേറിനെ ഇപ്രകാരം അറിയിച്ചു: “രാജകൊട്ടാരത്തിലായതുകൊണ്ടു മറ്റെല്ലാ യെഹൂദന്മാരെക്കാളും സുരക്ഷിതയാണെന്ന് നീ വിചാരിക്കരുത്.
14 ഈ സമയത്തു നീ മിണ്ടാതിരുന്നാല്‍ മറ്റൊരു സ്ഥലത്തുനിന്നു യെഹൂദര്‍ക്ക് ആശ്വാസവും വിടുതലുമുണ്ടാകും. എന്നാല്‍ നീയും നിന്‍റെ പിതൃഭവനവും നശിച്ചുപോകും; ഇത്തരമൊരു സന്ദര്‍ഭത്തില്‍ വേണ്ടത് ചെയ്യാനല്ലേ നീ രാജ്ഞിയായി തീര്‍ന്നിരിക്കുന്നത്? ആര്‍ക്കറിയാം?”
15 എസ്ഥേര്‍ മൊര്‍ദ്ദെഖായിക്ക് ഈ മറുപടി കൊടുത്തയച്ചു.
16 “അങ്ങു ചെന്ന് ശൂശനിലുള്ള യെഹൂദന്മാരെയെല്ലാം ഒന്നിച്ചുകൂട്ടി മൂന്നു ദിവസം എനിക്കുവേണ്ടി ഉപവസിക്കുക. ആ ദിവസങ്ങളില്‍ രാവും പകലും ഒന്നും തിന്നുകയോ കുടിക്കുകയോ അരുത്. ഞാനും എന്‍റെ തോഴിമാരും അങ്ങനെ ഉപവസിക്കും. പിന്നീട്, നിയമാനുസൃതമല്ലെങ്കിലും ഞാന്‍ രാജാവിന്‍റെ അടുക്കല്‍ ചെല്ലും; ഞാന്‍ നശിക്കുന്നെങ്കില്‍ നശിക്കട്ടെ.
17 മൊര്‍ദ്ദെഖായി പോയി എസ്ഥേര്‍ നിര്‍ദ്ദേശിച്ചതു ചെയ്തു.
1
മൂന്നാം ദിവസം എസ്ഥേര്‍രാജ്ഞി രാജവസ്ത്രമണിഞ്ഞ് കൊട്ടാരത്തിന്‍റെ അകത്തളത്തില്‍ രാജമന്ദിരത്തിനു മുമ്പില്‍ ചെന്നുനിന്നു; രാജാവ് രാജമന്ദിരത്തില്‍ മുന്‍വാതിലിനെതിരെ സിംഹാസനത്തില്‍ ഇരിക്കുകയായിരുന്നു.2 എസ്ഥേര്‍രാജ്ഞി അകത്തളത്തില്‍ നില്‌ക്കുന്നതുകണ്ട് രാജാവ് അവരില്‍ പ്രസാദിച്ചു. തന്‍റെ കൈയില്‍ ഇരുന്ന സ്വര്‍ണച്ചെങ്കോല്‍ രാജാവ് അവരുടെ നേരെ നീട്ടി. എസ്ഥേര്‍ അടുത്തു ചെന്നു ചെങ്കോലിന്‍റെ അഗ്രം തൊട്ടു.
3 രാജാവു ചോദിച്ചു: “രാജ്ഞി, എന്തു വേണം? നിന്‍റെ അപേക്ഷ എന്താണ്? രാജ്യത്തിന്‍റെ പകുതി ആയാലും നിനക്കുതരാം.”
4 എസ്ഥേര്‍ പറഞ്ഞു: “തിരുവുള്ളമുണ്ടായി ഞാന്‍ അങ്ങേക്കായി ഒരുക്കിയിരിക്കുന്ന വിരുന്നിന് അങ്ങും ഹാമാനും ഇന്നു വരണം.”
5 എസ്ഥേറിന്‍റെ ആഗ്രഹം നിറവേറ്റാന്‍ ഹാമാനെ ഉടന്‍ വരുത്തണമെന്ന് രാജാവ് കല്പിച്ചു. അങ്ങനെ രാജാവും ഹാമാനും എസ്ഥേര്‍ ഒരുക്കിയ വിരുന്നിനു ചെന്നു.
6
അവര്‍ വീഞ്ഞു കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ രാജാവ് എസ്ഥേറിനോടു ചോദിച്ചു: “നിന്‍റെ അപേക്ഷ എന്തായാലും അതു സാധിച്ചു തരാം.” നിന്‍റെ ആഗ്രഹം എന്ത്? രാജ്യത്തിന്‍റെ പകുതി ആവശ്യപ്പെട്ടാലും തരാം.7 എസ്ഥേര്‍ പറഞ്ഞു: “എന്‍റെ അപേക്ഷയും ആഗ്രഹവും ഇതാണ്.
8 അങ്ങേക്ക് എന്നോടു പ്രീതിയുണ്ടെങ്കില്‍ തിരുവുള്ളമുണ്ടായി, ഞാന്‍ നാളെ ഒരുക്കുന്ന വിരുന്നിനും അങ്ങും ഹാമാനും വരണം. എന്‍റെ അപേക്ഷ നാളെ അങ്ങയെ അറിയിക്കാം.”
9 അന്നു ഹാമാന്‍ സന്തുഷ്ടനായി ആഹ്ലാദത്തോടെ പുറത്തേക്കിറങ്ങി. എന്നാല്‍ കൊട്ടാരവാതില്‌ക്കല്‍, മൊര്‍ദ്ദെഖായി തന്നെ കണ്ടിട്ട് എഴുന്നേല്‌ക്കുകയോ ഒന്നനങ്ങുകയോ പോലും ചെയ്യാതെ ഇരിക്കുന്നതു കണ്ടപ്പോള്‍ ഹാമാന് അതിയായ കോപം ഉണ്ടായി.
10 എങ്കിലും ഹാമാന്‍ സ്വയം നിയന്ത്രിച്ചു. അയാള്‍ വീട്ടില്‍ച്ചെന്നു സ്നേഹിതന്മാരെയും തന്‍റെ ഭാര്യയായ സേരെശിനെയും വിളിപ്പിച്ചു.
11 തന്‍റെ ധനസമൃദ്ധി, പുത്രസമ്പത്ത്, രാജാവ് നല്‌കിയിട്ടുള്ള ഉന്നതപദവി, പ്രഭുക്കന്മാര്‍ക്കും ഉദ്യോഗസ്ഥന്മാര്‍ക്കും മേലേയുള്ള സ്ഥാനം എന്നിവയെല്ലാം അവരോടു വിവരിച്ചു.
12 എസ്ഥേര്‍രാജ്ഞി ഒരുക്കിയ വിരുന്നിനു തന്നെയല്ലാതെ മറ്റാരെയും രാജാവിന്‍റെ കൂടെ ചെല്ലാന്‍ അനുവദിക്കാതിരുന്നതും അടുത്ത ദിവസവും രാജാവിന്‍റെകൂടെ വിരുന്നിനു ചെല്ലാന്‍ തന്നെ രാജ്ഞി ക്ഷണിച്ചിട്ടുള്ളതും അറിയിച്ചു.
13 എങ്കിലും യെഹൂദനായ മൊര്‍ദ്ദെഖായി കൊട്ടാരഉദ്യോഗസ്ഥനായി ഇരിക്കുന്നത് കാണുന്നിടത്തോളം കാലം ഇതൊന്നും തനിക്കു സന്തോഷം നല്‌കുന്നില്ലെന്നും ഹാമാന്‍ പറഞ്ഞു.
14 അപ്പോള്‍ അയാളുടെ ഭാര്യയായ സേരെശും സ്നേഹിതരും അഭിപ്രായപ്പെട്ടു: “അന്‍പതു മുഴം ഉയരമുള്ള ഒരു കഴുമരം ഉണ്ടാക്കി മൊര്‍ദ്ദെഖായിയെ തൂക്കിക്കൊല്ലാന്‍ രാജാവിനോടു നാളെ രാവിലെ അനുവാദം വാങ്ങിക്കണം. പിന്നീട് ആഹ്ലാദപൂര്‍വം അങ്ങേക്കു വിരുന്നിനു പോകാം.” ഈ അഭിപ്രായം ഹാമാന് ഇഷ്ടപ്പെട്ടു; അയാള്‍ തൂക്കുമരം നിര്‍മ്മിച്ചു.
1
അന്നു രാത്രി രാജാവിന് ഉറക്കം വന്നില്ല. അതുകൊണ്ട് ദിനവൃത്താന്തങ്ങള്‍ രേഖപ്പെടുത്തിയിരുന്ന പുസ്‍തകം കൊണ്ടുവരാന്‍ കല്പിച്ചു; അതു രാജാവിനെ വായിച്ചു കേള്‍പ്പിച്ചു.2 കൊട്ടാരത്തിലെ സേവകരും രാജാവിന്‍റെ ഷണ്ഡന്മാരുമായ ബിഗ്ധാനാ, തേരെശ് എന്നിവര്‍ അഹശ്വേരോശ്‍രാജാവിനെ വധിക്കാന്‍ ശ്രമിച്ചതും അതിനെപ്പറ്റി മൊര്‍ദ്ദെഖായി അറിവു നല്‌കിയതും അതില്‍ രേഖപ്പെടുത്തിയിരിക്കുന്നതു കണ്ടു.
3 “ഇതിന് എന്തു ബഹുമതിയും പദവിയും മൊര്‍ദ്ദെഖായിക്കു നല്‌കി” എന്നു രാജാവ് ചോദിച്ചപ്പോള്‍ “ഒന്നും നല്‌കിയിട്ടില്ല” എന്നു രാജഭൃത്യന്മാര്‍ മറുപടി നല്‌കി.
4 “അങ്കണത്തില്‍ ആരുണ്ട്” എന്ന് രാജാവ് ചോദിച്ചു. മൊര്‍ദ്ദെഖായിക്കുവേണ്ടി താന്‍ തയ്യാറാക്കിയ കഴുവിന്മേല്‍ അയാളെ തൂക്കിക്കൊല്ലുന്നതിനു രാജാവിനോട് അനുവാദം വാങ്ങിക്കാന്‍ ഹാമാന്‍ അവിടെ അപ്പോള്‍ എത്തിയിരുന്നതേയുള്ളൂ.
5 ഭൃത്യന്മാര്‍ രാജാവിനോട്: “ഹാമാന്‍ അങ്കണത്തില്‍ നില്‌ക്കുന്നു” എന്നു പറഞ്ഞു. “അവന്‍ അകത്തു വരട്ടെ” എന്നു രാജാവു കല്പിച്ചു.
6 അകത്തു പ്രവേശിച്ച ഹാമാനോട് രാജാവു ചോദിച്ചു: “രാജാവ് ബഹുമാനിക്കാന്‍ ആഗ്രഹിക്കുന്ന ഒരാളിന് എന്താണു ചെയ്തുകൊടുക്കേണ്ടത്?” ഹാമാന്‍ ചിന്തിച്ചു: “എന്നെയല്ലാതെ ആരെയാണു രാജാവ് ബഹുമാനിക്കാന്‍ ആഗ്രഹിക്കുക.”
7 ഹാമാന്‍ രാജാവിനോടു പറഞ്ഞു: രാജാവ് ബഹുമാനിക്കാന്‍ ആഗ്രഹിക്കുന്നവനുവേണ്ടി
8 രാജാവ് അണിയുന്ന വസ്ത്രം കൊണ്ടുവരണം. രാജാവു സഞ്ചരിക്കുന്നതും തലയില്‍ രാജകീയമകുടം ചൂടിയതുമായ കുതിരയും വേണം.
9 വസ്ത്രങ്ങള്‍, കുതിര എന്നിവയെ രാജാവിന്‍റെ ശ്രേഷ്ഠന്മാരില്‍ പ്രമുഖനായ ഒരാളെ ഏല്പിക്കണം; അയാള്‍ രാജാവിന്‍റെ ബഹുമാനപാത്രമായ ആളിനെ ആ വസ്ത്രം ധരിപ്പിച്ചു കുതിരപ്പുറത്തു കയറ്റി പട്ടണത്തിലൂടെ കൊണ്ടു പോകണം; “താന്‍ ബഹുമാനിക്കാന്‍ ഇച്ഛിക്കുന്ന ആളിനെ രാജാവ് ഇങ്ങനെ ആദരിക്കും എന്നു വിളിച്ചുപറയുകയും വേണം.”
10 രാജാവ് ഹാമാനോടു പറഞ്ഞു: “നീ വേഗം പോയി പറഞ്ഞതുപോലെ വസ്ത്രവും കുതിരയും കൊണ്ടുവന്ന്, രാജസേവകനും യെഹൂദനുമായ മൊര്‍ദ്ദെഖായിയെ ബഹുമാനിക്കുക: നീ പറഞ്ഞതില്‍ ഒന്നും കുറവു വരുത്തരുത്.
11 “ഹാമാന്‍ വസ്ത്രം കൊണ്ടുവന്നു മൊര്‍ദ്ദെഖായിയെ അണിയിച്ചു; കുതിരയെ കൊണ്ടുവന്ന് അയാളെ അതിന്മേല്‍ കയറ്റി പട്ടണവീഥിയിലൂടെ കൊണ്ടുനടന്നു; “രാജാവ് ബഹുമാനിക്കാന്‍ ഇച്ഛിക്കുന്നവനെ ഇങ്ങനെ ആദരിക്കും” എന്ന് വിളിച്ചുപറയുകയും ചെയ്തു.
12
മൊര്‍ദ്ദെഖായി കൊട്ടാരവാതില്‌ക്കല്‍ മടങ്ങിവന്നു; ഹാമാനാകട്ടെ തല മൂടി ദുഃഖിതനായി വേഗം വീട്ടിലേക്കു മടങ്ങി.13 തനിക്കു സംഭവിച്ചതെല്ലാം ഹാമാന്‍ ഭാര്യയായ സേരെശിനോടും സ്നേഹിതന്മാരോടും വിവരിച്ചു. അപ്പോള്‍ അയാളുടെ ഭാര്യയും ഉപദേഷ്ടാക്കളും അയാളോടു പറഞ്ഞു: “നിങ്ങള്‍ മൊര്‍ദ്ദെഖായിയുടെ മുമ്പില്‍ പരാജയപ്പെട്ടു തുടങ്ങി; അയാള്‍ യെഹൂദാവംശജനാണെങ്കില്‍ നിങ്ങള്‍ക്ക് അയാളെ പരാജയപ്പെടുത്താന്‍ കഴിയുകയില്ല; നിശ്ചയമായും അയാളോടു നിങ്ങള്‍ തോറ്റുപോകും.”
14 അവര്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ രാജാവിന്‍റെ ഷണ്ഡന്മാര്‍ വന്നു എസ്ഥേര്‍ ഒരുക്കിയ വിരുന്നില്‍ പങ്കെടുക്കാന്‍ ഹാമാനെ വേഗം കൂട്ടിക്കൊണ്ടുപോയി.
1
രാജാവും ഹാമാനും എസ്ഥേര്‍രാജ്ഞി ഒരുക്കിയ വിരുന്നില്‍ പങ്കെടുക്കാന്‍ ചെന്നു.2 രണ്ടാം ദിവസവും വീഞ്ഞു കുടിക്കുമ്പോള്‍ രാജാവ് എസ്ഥേറിനോടു വീണ്ടും ചോദിച്ചു: “എസ്ഥേര്‍രാജ്ഞി, നിന്‍റെ അപേക്ഷ എന്ത്? അതു നിനക്കു സാധിച്ചുതരാം. നിന്‍റെ ആഗ്രഹം എന്ത്? രാജ്യത്തില്‍ പകുതി ചോദിച്ചാലും ഞാന്‍ വാക്കു പാലിക്കും.”
3 അപ്പോള്‍ എസ്ഥേര്‍രാജ്ഞി പറഞ്ഞു: “രാജാവേ, എന്നില്‍ പ്രീതി തോന്നുന്നെങ്കില്‍ തിരുവുള്ളമുണ്ടായി എന്‍റെ അപേക്ഷ കേട്ട് എന്‍റെ ജീവനെ രക്ഷിക്കണം. എന്‍റെ ആഗ്രഹപ്രകാരം എന്‍റെ ജനങ്ങളെയും രക്ഷിക്കണം.
4 എന്നെയും എന്‍റെ ജനങ്ങളെയും കൊന്നു മുടിച്ച് സമൂലം നശിപ്പിക്കാനായി ഞങ്ങളെ വിറ്റുകളഞ്ഞിരിക്കുന്നുവല്ലോ. ഞങ്ങളുടെ സ്‍ത്രീകളെയും പുരുഷന്മാരെയും വെറും അടിമകളായി വിറ്റിരുന്നെങ്കില്‍പോലും ഞാന്‍ മിണ്ടാതിരിക്കുമായിരുന്നു. കാരണം ഞങ്ങളുടെ നാശം രാജാവിന് നഷ്ടമായി തീരരുതല്ലോ. എന്നാല്‍ ഞങ്ങളെ ഉന്മൂലനാശം ചെയ്യാന്‍ പോകുകയാണല്ലോ.”
5
അഹശ്വേരോശ്‍രാജാവ് എസ്ഥേര്‍രാജ്ഞിയോട് ചോദിച്ചു: “അവന്‍ ആര്? ഇതിനു തുനിഞ്ഞവന്‍ എവിടെ?6 എസ്ഥേര്‍ പറഞ്ഞു: “വൈരിയും ശത്രുവും ദുഷ്ടനുമായ ഈ ഹാമാന്‍ തന്നെ.” അതു കേട്ടു രാജാവിന്‍റെയും രാജ്ഞിയുടെയും മുമ്പില്‍ ഹാമാന്‍ നടുങ്ങിപ്പോയി.
7 രാജാവ് വിരുന്നു മതിയാക്കി ഉഗ്രകോപത്തോടെ എഴുന്നേറ്റ് ഉദ്യാനത്തിലേക്കു പോയി. തന്നെ നശിപ്പിക്കാന്‍ രാജാവ് തീരുമാനിച്ചിരിക്കുന്നതറിഞ്ഞു ഹാമാന്‍ തന്‍റെ ജീവന്‍ രക്ഷിക്കണമെന്ന് എസ്ഥേര്‍രാജ്ഞിയോടു അപേക്ഷിക്കാന്‍ അവിടെ നിന്നു.
8 രാജാവ് ഉദ്യാനത്തില്‍ നിന്നു വിരുന്നുശാലയിലേക്കു മടങ്ങിവരുമ്പോള്‍ എസ്ഥേര്‍ ഇരുന്ന മഞ്ചത്തിലേക്കു ഹാമാന്‍ വീഴുന്നതു കണ്ടു. രാജാവു പറഞ്ഞു: “ഇവന്‍ എന്‍റെ മുമ്പാകെ അരമനയില്‍ വച്ചു രാജ്ഞിയെ ബലാല്‍ക്കാരം ചെയ്യുമോ? ഈ വാക്കുകള്‍ രാജാവ് ഉച്ചരിച്ച ഉടന്‍തന്നെ അവര്‍ ഹാമാന്‍റെ മുഖം മൂടി.
9 രാജാവിനെ പരിചരിച്ചുകൊണ്ടിരുന്ന ഷണ്ഡനായ ഹര്‍ബോനാ പറഞ്ഞു: “ഒരിക്കല്‍ തന്‍റെ വാക്കുകള്‍കൊണ്ട് രാജാവിന്‍റെ ജീവന്‍ രക്ഷിച്ച, മൊര്‍ദ്ദെഖായിക്കുവേണ്ടി ഹാമാന്‍ ഒരുക്കിയ അന്‍പതു മുഴം ഉയരമുള്ള കഴുമരം ഹാമാന്‍റെ വീട്ടിലുണ്ട്. “അതിന്മേല്‍ത്തന്നെ അവനെ തൂക്കിലിടുക” എന്നു രാജാവു കല്പിച്ചു.
10 മൊര്‍ദ്ദെഖായിക്കുവേണ്ടി നാട്ടിയിരുന്ന കഴുമരത്തില്‍ത്തന്നെ അവര്‍ ഹാമാനെ തൂക്കിക്കൊന്നു. അങ്ങനെ രാജാവിന്‍റെ കോപം ശമിച്ചു.
1
അന്നുതന്നെ അഹശ്വേരോശ്‍രാജാവ് യെഹൂദാശത്രുവായ ഹാമാന്‍റെ വീട് എസ്ഥേര്‍രാജ്ഞിക്കു കൊടുത്തു. മൊര്‍ദ്ദെഖായിയോടു തനിക്കുള്ള ബന്ധം എസ്ഥേര്‍രാജ്ഞി രാജാവിനെ അറിയിച്ചതുകൊണ്ട് അയാള്‍ക്കു രാജസന്നിധിയില്‍ പ്രവേശനം ലഭിച്ചു.2 രാജാവ് ഹാമാന്‍റെ കൈയില്‍നിന്നു തിരിച്ചെടുത്ത തന്‍റെ മുദ്രമോതിരം മൊര്‍ദ്ദെഖായിക്കു കൊടുത്തു. എസ്ഥേര്‍ മൊര്‍ദ്ദെഖായിയെ ഹാമാന്‍റെ വസ്തുവകകളിന്മേല്‍ അധികാരിയാക്കി.
3 എസ്ഥേര്‍ വീണ്ടും രാജാവിനോടു സംസാരിച്ചു. ആഗാഗ്യനായ ഹാമാന്‍റെ ദുരുദ്ദേശ്യവും യെഹൂദര്‍ക്കെതിരെ നടത്തിയ ഗൂഢാലോചനയും നിഷ്ഫലമാക്കണമെന്ന് രാജാവിന്‍റെ കാല്‌ക്കല്‍ വീണു കരഞ്ഞ് അപേക്ഷിച്ചു.
4 രാജാവ് സ്വര്‍ണച്ചെങ്കോല്‍ രാജ്ഞിയുടെ നേര്‍ക്കു നീട്ടി; എസ്ഥേര്‍ രാജസന്നിധിയില്‍ എഴുന്നേറ്റുനിന്നു പറഞ്ഞു:
5 രാജാവിന് എന്നോടു പ്രീതി തോന്നുന്നെങ്കില്‍ തിരുവുള്ളമുണ്ടായി, കാര്യം ശരിയെന്നു കരുതുന്നു എങ്കില്‍, അങ്ങേക്കു ഞാന്‍ പ്രിയപ്പെട്ടവളെങ്കില്‍ ഈ കാര്യം ചെയ്താലും. സകല സംസ്ഥാനങ്ങളിലുമുള്ള യെഹൂദന്മാരെ നശിപ്പിക്കാന്‍ ആഗാഗ്യനും ഹമ്മെദാഥായുടെ പുത്രനും ആയ ഹാമാന്‍ തന്ത്രപൂര്‍വം എഴുതിയ കത്തുകള്‍ പിന്‍വലിച്ചുകൊണ്ട് അവിടുന്ന് ഒരു കല്പന അയയ്‍ക്കണം.
6 എന്‍റെ ജനത്തിനുണ്ടാകുന്ന അനര്‍ഥം ഞാന്‍ എങ്ങനെ കണ്ടുകൊണ്ടിരിക്കും? എന്‍റെ ബന്ധുജനത്തിന്‍റെ നാശം ഞാന്‍ എങ്ങനെ സഹിക്കും?”
7
അഹശ്വേരോശ്‍രാജാവ് എസ്ഥേര്‍രാജ്ഞിയോടും യെഹൂദനായ മൊര്‍ദ്ദെഖായിയോടും കല്പിച്ചു: “ഹാമാന്‍റെ വീട് ഞാന്‍ എസ്ഥേറിനു കൊടുത്തു; യെഹൂദന്മാരെ വധിക്കാന്‍ ശ്രമിച്ചതിന് അവനെ കഴുമരത്തില്‍ തൂക്കിക്കൊന്നു.8 യെഹൂദന്മാരുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് ഇഷ്ടമുളളത് എഴുതി രാജാവിന്‍റെ മുദ്രമോതിരം കൊണ്ട് അതു മുദ്രവയ്‍ക്കുക. രാജനാമത്തില്‍ എഴുതി, രാജമോതിരത്താല്‍ മുദ്രവച്ച ഒരു വിളംബരവും അസ്ഥിരപ്പെടുത്താന്‍ സാധ്യമല്ലല്ലോ.”
9 അങ്ങനെ മൂന്നാം മാസമായ സീവാന്‍ മാസം ഇരുപത്തിമൂന്നാം ദിവസം രാജാവിന്‍റെ എഴുത്തുകാരെ വിളിച്ചു വരുത്തി; ഇന്ത്യമുതല്‍ എത്യോപ്യാവരെയുള്ള നൂറ്റിയിരുപത്തേഴു സംസ്ഥാനങ്ങളിലെ ഭരണാധിപന്മാര്‍ക്കും ദേശാധിപതികള്‍ക്കും പ്രഭുക്കന്മാര്‍ക്കും യെഹൂദന്മാരെ സംബന്ധിച്ചു മൊര്‍ദ്ദെഖായി കല്പിച്ചതുപോലെ ഒരു വിളംബരം എഴുതി അയച്ചു. ഓരോ സംസ്ഥാനത്തിനും അതിന്‍റെ ലിപിയിലും ഓരോ ജനതയ്‍ക്കും അതിന്‍റെ ഭാഷയിലും യെഹൂദന്മാര്‍ക്ക് അവരുടെ ഭാഷയിലും ലിപിയിലും ആണ് അത് എഴുതിയത്.
10 അഹശ്വേരോശ്‍രാജാവിന്‍റെ നാമത്തില്‍ അത് എഴുതി രാജമോതിരംകൊണ്ടു മുദ്രവച്ചു. ഈ വിളംബരം അശ്വാരൂഢരായ ദൂതന്മാര്‍ വശം കൊടുത്തയച്ചു. രാജാവിന്‍റെ കുതിരലായത്തില്‍ പരിപാലിക്കപ്പെടുന്നവയും അതിവേഗം ഓടുന്നവയും രാജകീയ ആവശ്യങ്ങള്‍ക്കു മാത്രം ഉപയോഗിക്കുന്നവയുമായ കുതിരകളുടെ പുറത്തായിരുന്നു അവര്‍ പോയത്.
11 ഈ വിളംബരപ്രകാരം, ഓരോ പട്ടണത്തിലെയും യെഹൂദര്‍ക്ക്, സ്വന്തം ജീവന്‍ സംരക്ഷിക്കുന്നതിനുവേണ്ടി, ഒന്നിച്ചു ചേര്‍ന്നു ചെറുത്തുനില്‌ക്കാനും തങ്ങളെ ആക്രമിക്കാന്‍ വരുന്ന ജനതയുടെയോ സംസ്ഥാനത്തിന്‍റെയോ സായുധ സൈന്യങ്ങളെയും സ്‍ത്രീകളും കുട്ടികളുമടക്കം സമസ്ത ജനങ്ങളെയും നശിപ്പിക്കാനും അവരുടെ സമ്പത്തു കൊള്ളയടിക്കാനും യെഹൂദന്മാര്‍ക്ക് അധികാരം കൊടുത്തു.
12 അഹശ്വേരോശ്‍രാജാവിന്‍റെ ഈ കല്പന സകല സംസ്ഥാനങ്ങളിലും പന്ത്രണ്ടാമത്തെ മാസമായ ആദാര്‍മാസം പതിമൂന്നാം ദിവസത്തേക്കു മാത്രമുള്ളതായിരുന്നു.
13 ആ ദിവസം ശത്രുക്കളോടു പ്രതികാരം ചെയ്യാന്‍ യെഹൂദര്‍ സന്നദ്ധരായിരിക്കുന്നതിന് ഈ എഴുത്തിന്‍റെ ഒരു പകര്‍പ്പ് ഓരോ സംസ്ഥാനത്തും കല്പനയായി പുറപ്പെടുവിക്കുകയും സകല ജനത്തിനുംവേണ്ടി വിളംബരം ചെയ്യുകയും വേണ്ടിയിരുന്നു.
14 അങ്ങനെ രാജകല്പനയനുസരിച്ചു ദൂതന്മാര്‍ രാജകാര്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്ന കുതിരകളുടെ പുറത്തു കയറി അതിവേഗം ഓടിച്ചുപോയി. ശൂശന്‍രാജധാനിയിലും ആ വിളംബരം പ്രസിദ്ധപ്പെടുത്തി.
15 മൊര്‍ദ്ദെഖായി, നീലയും വെള്ളയും നിറങ്ങളുള്ള രാജകീയ വസ്ത്രങ്ങളും സ്വര്‍ണക്കിരീടവും ലിനന്‍നൂല്‍കൊണ്ടുള്ള ധൂമ്രവര്‍ണമായ മേലങ്കിയും ധരിച്ച് രാജസന്നിധിയില്‍നിന്നു പുറപ്പെട്ടു. ശൂശന്‍നഗരം ആനന്ദംകൊണ്ട് ആര്‍പ്പുവിളിച്ചു.
16 അങ്ങനെ യെഹൂദന്മാര്‍ പ്രസന്നരായി. അവര്‍ക്ക് സന്തോഷവും ആനന്ദവും മാന്യതയും ഉണ്ടായി.
17 രാജശാസനയും വിളംബരവും ചെന്നെത്തിയ സകല സംസ്ഥാനങ്ങളിലും പട്ടണങ്ങളിലും യെഹൂദന്മാര്‍ സന്തുഷ്ടരായി ആഹ്ലാദിച്ചു. അത് അവര്‍ക്ക് വിശ്രമത്തിന്‍റെയും വിരുന്നിന്‍റെയും ദിവസമായിരുന്നു; യെഹൂദന്മാരെ ഭയപ്പെട്ടതുമൂലം രാജ്യനിവാസികളില്‍ പലരും തങ്ങള്‍ യെഹൂദരെന്നു പ്രഖ്യാപിച്ചു.
1
പന്ത്രണ്ടാം മാസമായ ആദാര്‍മാസം പതിമൂന്നാം ദിവസമായിരുന്നു രാജകല്പനയും വിളംബരവും നടപ്പാക്കേണ്ടിയിരുന്നത്. യെഹൂദന്മാരുടെ ശത്രുക്കള്‍ അവരുടെമേല്‍ ആധിപത്യം ഉറപ്പിക്കാമെന്നു വിചാരിച്ചിരുന്നതും അന്നായിരുന്നു. എന്നാല്‍ അത് യെഹൂദന്മാര്‍ക്കു ശത്രുക്കളുടെമേല്‍ ആധിപത്യം ഉറപ്പിക്കാനുള്ള ദിവസമായി മാറി.2 അന്ന് അഹശ്വേരോശ്‍രാജാവിന്‍റെ എല്ലാ സംസ്ഥാനങ്ങളിലുമുള്ള യെഹൂദന്മാര്‍, തങ്ങളെ നശിപ്പിക്കാന്‍ ഒരുങ്ങിയിരുന്നവരെ ആക്രമിക്കുന്നതിന് തങ്ങളുടെ പട്ടണങ്ങളില്‍ ഒരുമിച്ചുകൂടി; അവരെ സംബന്ധിച്ചുള്ള ഭയം എല്ലാ ജനതകളെയും ബാധിച്ചിരുന്നതുകൊണ്ട് ആര്‍ക്കും അവരെ എതിര്‍ക്കാന്‍ കഴിഞ്ഞില്ല.
3 സംസ്ഥാനങ്ങളിലെ എല്ലാ പ്രഭുക്കന്മാരും രാജപ്രതിനിധികളും ദേശാധിപതികളും രാജാവിന്‍റെ കാര്യവിചാരകന്മാരും മൊര്‍ദ്ദെഖായിയെ ഭയപ്പെട്ടിരുന്നതുകൊണ്ട് യെഹൂദന്മാരെ സഹായിച്ചു.
4 മൊര്‍ദ്ദെഖായി രാജകൊട്ടാരത്തില്‍ ഉന്നതനായിരുന്നു. അയാളുടെ കീര്‍ത്തി സകല സംസ്ഥാനങ്ങളിലും പരന്നു. അയാള്‍ മേല്‌ക്കുമേല്‍ പ്രബലനായിത്തീര്‍ന്നു.
5 യെഹൂദന്മാര്‍ തങ്ങളുടെ ശത്രുക്കളെയെല്ലാം വാളിന് ഇരയാക്കി, തങ്ങളെ വെറുത്തിരുന്നവരോടു തങ്ങള്‍ക്കിഷ്ടമുള്ളതു പ്രവര്‍ത്തിച്ചു.
6 തലസ്ഥാനമായ ശൂശനില്‍ മാത്രം യെഹൂദര്‍ അഞ്ഞൂറു പേരെ കൊന്നൊടുക്കി.
7 [7-10] ഹമ്മേദാഥായുടെ മകനും യെഹൂദന്മാരുടെ ശത്രുവുമായ ഹാമാന്‍റെ പുത്രന്മാരായ പര്‍ശന്‍ദാഥ, ദല്‍ഫോന്‍, അസ്പാഥ, പോറാഥാ, അദല്യ, അരീദാഥ, പര്‍മസ്ഥ, അരീസായി, അരീദായി, വയെസാഥ, എന്നീ പത്തു പേരെയും അവര്‍ വധിച്ചു. എന്നാല്‍ അവരുടെ മുതല്‍ കൊള്ളയടിച്ചില്ല.
8
9
10
11 തലസ്ഥാനമായ ശൂശനില്‍ അവര്‍ വധിച്ചവരുടെ സംഖ്യ അന്നുതന്നെ രാജാവിനെ അറിയിച്ചു.
12 അപ്പോള്‍ രാജാവ് എസ്ഥേര്‍ രാജ്ഞിയോടു പറഞ്ഞു: “യെഹൂദന്മാര്‍ ശൂശന്‍രാജധാനിയില്‍ അഞ്ഞൂറു പേരെയും ഹാമാന്‍റെ പത്തു പുത്രന്മാരെയും വധിച്ചു; അങ്ങനെയെങ്കില്‍ രാജാവിന്‍റെ മറ്റു സംസ്ഥാനങ്ങളില്‍ അവര്‍ എന്തായിരിക്കും ചെയ്തിരിക്കുക! ഇനി നിന്‍റെ അപേക്ഷ എന്ത്? അതു നിനക്കു സാധിച്ചുതരും; ഇനി നീ എന്ത് ആഗ്രഹിക്കുന്നു? അതും സാധിച്ചുതരും.”
13 അപ്പോള്‍ എസ്ഥേര്‍ പറഞ്ഞു: “രാജാവിനു തിരുവുള്ളമെങ്കില്‍ ഇന്നത്തെ വിളംബരമനുസരിച്ച് നാളെയും പ്രവര്‍ത്തിക്കാന്‍ ശൂശനിലുള്ള യെഹൂദരെ അനുവദിക്കണം. ഹാമാന്‍റെ പത്തു പുത്രന്മാരെ കഴുമരത്തില്‍ തൂക്കുകയും വേണം.”
14 അങ്ങനെ ചെയ്യാന്‍ രാജാവു കല്പന നല്‌കി; ശൂശനില്‍ അതു വിളംബരം ചെയ്യുകയും ഹാമാന്‍റെ പത്തു പുത്രന്മാരെ കഴുമരത്തില്‍ തൂക്കുകയും ചെയ്തു.
15 ശൂശനിലെ യെഹൂദര്‍ ആദാര്‍ മാസം പതിന്നാലാം ദിവസവും ഒന്നിച്ചുകൂടി മുന്നൂറു പേരെ കൊന്നു; എങ്കിലും അവരുടെ മുതല്‍ കൊള്ളയടിച്ചില്ല.
16 രാജാവിന്‍റെ സംസ്ഥാനങ്ങളിലെ മറ്റു യെഹൂദരും ജീവരക്ഷയ്‍ക്കുവേണ്ടി ഒന്നിച്ചുകൂടി ശത്രുക്കളില്‍ നിന്നു മോചനം നേടി. അവരുടെ എതിരാളികളില്‍ എഴുപത്തയ്യായിരം പേരെ അന്നു വധിച്ചു; എന്നാല്‍ അവരുടെ മുതല്‍ കൊള്ള ചെയ്തില്ല.
17 ഇത് ആദാര്‍മാസം പതിമൂന്നാം ദിവസം ആയിരുന്നു; പതിന്നാലാം ദിവസം അവര്‍ വിശ്രമിച്ചു; അന്നു വിരുന്നിന്‍റെയും ആഹ്ലാദത്തിന്‍റെയും ദിനമായി ആചരിച്ചു.
18 എന്നാല്‍ ശൂശനിലെ യെഹൂദര്‍ പതിമൂന്നാം ദിവസവും പതിന്നാലാം ദിവസവും ഒന്നിച്ചുകൂടി; പതിനഞ്ചാം ദിവസം അവര്‍ വിശ്രമിച്ചു; അന്ന് വിരുന്നിനും ആഹ്ലാദത്തിനുമുള്ള ദിനമായി അവര്‍ ആചരിച്ചു.
19 അതിനാല്‍ ഗ്രാമങ്ങളില്‍ പാര്‍ക്കുന്ന യെഹൂദര്‍ ആദാര്‍ മാസം പതിന്നാലാം ദിവസം ആഹ്ലാദത്തിനും വിരുന്നിനും വിശ്രമത്തിനുമുള്ള ദിനമായി ആചരിക്കുന്നു. അന്നു സമ്മാനങ്ങള്‍ കൈമാറുകയും ചെയ്യുന്നു.
20
മൊര്‍ദ്ദെഖായി ഇതെല്ലാം രേഖപ്പെടുത്തി. അഹശ്വേരോശ്‍രാജാവിന്‍റെ എല്ലാ സംസ്ഥാനങ്ങളിലും അടുത്തും അകലെയുമായി പാര്‍ക്കുന്ന യെഹൂദര്‍ക്കു കത്തുകള്‍ കൊടുത്തയച്ചു.21 മൊര്‍ദ്ദെഖായി ഇങ്ങനെ അനുശാസിച്ചു: “യെഹൂദര്‍ എല്ലാ വര്‍ഷവും ആദാര്‍മാസം പതിന്നാലും പതിനഞ്ചും ദിവസങ്ങള്‍
22 ശത്രുക്കളില്‍നിന്നു മോചനം ലഭിച്ച ദിനങ്ങളായും അവരുടെ ദുഃഖം സന്തോഷമായും വിലാപം ഉല്ലാസമായും മാറിയ മാസമായും ആചരിക്കണം. പരസ്പരം സമ്മാനങ്ങള്‍ കൈമാറുകയും ദരിദ്രര്‍ക്കു ദാനങ്ങള്‍ നല്‌കുകയും ചെയ്യുന്ന ദിനങ്ങളായും ആചരിക്കണം.
23 അങ്ങനെ തങ്ങള്‍ തുടങ്ങിവച്ചതുപോലെയും മൊര്‍ദ്ദെഖായി എഴുതി അയച്ചതുപോലെയും യെഹൂദന്മാര്‍ ആചരിച്ചു.
24 ആഗാഗ്യനായ ഹമ്മെദാഥായുടെ പുത്രനും സകല യെഹൂദന്മാരുടെയും ശത്രുവും ആയ ഹാമാന്‍ യെഹൂദന്മാരെ നശിപ്പിക്കാന്‍ ഉപായം ചിന്തിക്കയും അവരെ തകര്‍ത്ത് ഇല്ലാതാക്കാന്‍ പൂര് അഥവാ നറുക്ക് ഇടുകയും ചെയ്തിരുന്നല്ലോ.
25 എന്നാല്‍ എസ്ഥേര്‍ രാജസന്നിധിയില്‍ വന്നപ്പോള്‍ യെഹൂദന്മാര്‍ക്കെതിരെ ഹാമാന്‍ തയ്യാറാക്കിയ ദുഷ്ടപദ്ധതി അയാളുടെ തലയില്‍ത്തന്നെ വീഴാന്‍ ഇടയായി. അയാളെയും പുത്രന്മാരെയും കഴുമരത്തില്‍ തൂക്കാന്‍ രാജാവ് രേഖാമൂലം കല്പന പുറപ്പെടുവിച്ചു.
26 അതിനാല്‍ പൂര് എന്ന പദത്തില്‍നിന്ന് ആ ദിവസങ്ങള്‍ക്കു പൂരിം എന്നു പേരുണ്ടായി. ഈ കല്പനയില്‍ രേഖപ്പെടുത്തിയിരിക്കുന്ന സകല കാര്യങ്ങളും ഇക്കാര്യത്തില്‍ തങ്ങള്‍ക്കു നേരിടേണ്ടി വന്നതും അനുഭവിച്ചതുമായ വസ്തുതകളും പരിഗണിച്ച്
27 യെഹൂദന്മാരും അവരുടെ സന്തതികളും അവരോടു ചേരുന്നവരും എഴുതപ്പെട്ടിരിക്കുന്നതുപോലെ ഈ രണ്ടു ദിവസങ്ങള്‍ ഓരോ വര്‍ഷവും മുടക്കം കൂടാതെ ആചരിക്കണമെന്നു തീരുമാനിച്ചു.
28 അങ്ങനെ ഓരോ തലമുറയിലും ഓരോ കുടുംബത്തിലും ഓരോ സംസ്ഥാനത്തും ഓരോ പട്ടണത്തിലും പൂരിം ദിവസങ്ങള്‍ അനുസ്മരിക്കുകയും ആചരിക്കുകയും വേണം. പൂരിമിന്‍റെ ഈ ഉത്സവം യെഹൂദന്മാര്‍ ഒരിക്കലും ആചരിക്കാതെ പോകരുത്. ഈ ദിവസങ്ങളുടെ അനുസ്മരണം അവരുടെ പിന്‍തലമുറകള്‍ നിലനിര്‍ത്തുകയും വേണം.
29 പൂരിം സംബന്ധിച്ച ഈ രണ്ടാമത്തെ കത്ത് അബീഹയിലിന്‍റെ പുത്രിയായ എസ്ഥേര്‍രാജ്ഞിയും യെഹൂദനായ മൊര്‍ദ്ദെഖായിയും രേഖാമൂലം ആധികാരികമായി സ്ഥിരീകരിച്ചു.
30 അഹശ്വേരോശ്‍രാജാവിന്‍റെ നൂറ്റിയിരുപത്തേഴു സംസ്ഥാനങ്ങളിലെ സകല യെഹൂദന്മാര്‍ക്കും സമാധാനത്തിന്‍റെയും സത്യത്തിന്‍റെയും വാക്കുകളില്‍ സുരക്ഷിതത്വം ഉറപ്പുനല്‌കുന്ന കത്തുകളയച്ചു.
31 മൊര്‍ദ്ദെഖായിയും എസ്ഥേര്‍രാജ്ഞിയും യെഹൂദന്മാരോട് ആജ്ഞാപിച്ചതുപോലെയും തങ്ങളുടെ ഉപവാസത്തിന്‍റെയും വിലാപത്തിന്‍റെയും കാര്യത്തില്‍ അവര്‍ തന്നെ തങ്ങള്‍ക്കും തങ്ങളുടെ പിന്‍തലമുറക്കാര്‍ക്കുംവേണ്ടി തീരുമാനിച്ചതുപോലെയും പൂരിമിന്‍റെ ദിനങ്ങള്‍ ആചരിക്കണമെന്നായിരുന്നു നിര്‍ദ്ദേശിച്ചിരുന്നത്.
32 എസ്ഥേര്‍രാജ്ഞിയുടെ കല്പനപ്രകാരം പൂരിമിന്‍റെ ആചാരങ്ങള്‍ സ്ഥിരീകരിക്കുകയും രേഖപ്പെടുത്തുകയും ചെയ്തു.
1
അഹശ്വേരോശ്‍രാജാവ് ദേശത്തിനും തീരദേശങ്ങള്‍ക്കും നികുതി ഏര്‍പ്പെടുത്തി.2 അദ്ദേഹത്തിന്‍റെ വീരപരാക്രമങ്ങളും മൊര്‍ദ്ദെഖായിക്ക് അദ്ദേഹം നല്‌കിയ ഉന്നതസ്ഥാനത്തെ സംബന്ധിച്ച വിവരങ്ങളും മേദ്യയിലെയും പേര്‍ഷ്യയിലെയും രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
3 യെഹൂദനായ മൊര്‍ദ്ദെഖായിക്ക് അഹശ്വേരോശ്‍രാജാവിന്‍റെ തൊട്ടടുത്ത പദവി ആയിരുന്നു നല്‌കിയിരുന്നത്. അയാള്‍ യെഹൂദരുടെ ഇടയില്‍ ഉന്നതനും വിപുലമായ സഹോദരഗണത്തില്‍ സുസമ്മതനും ആയിരുന്നു. സ്വജനത്തിന്‍റെ ക്ഷേമത്തിനും സമാധാനത്തിനും വേണ്ടി അയാള്‍ പ്രവര്‍ത്തിച്ചു.