1

1

ഹഖല്യായുടെ പുത്രന്‍ നെഹെമ്യായുടെ വാക്കുകള്‍:

അര്‍ത്ഥക്സേര്‍ക്സസ് രാജാവിന്‍റെ വാഴ്ചയുടെ ഇരുപതാം വര്‍ഷം കിസ്ലേവ് മാസം ഞാന്‍ തലസ്ഥാനമായ ശൂശനില്‍ ആയിരുന്നു.

2 എന്‍റെ ഒരു സഹോദരനായ ഹനാനിയും യെഹൂദായില്‍നിന്നു ചിലരും അവിടെ വന്നു. ബാബിലോണിലേക്ക് പ്രവാസികളായി കൊണ്ടുപോയവരില്‍ ഉള്‍പ്പെടാതെ രക്ഷപെട്ട് അവിടെ കഴിഞ്ഞ യെഹൂദന്മാരെക്കുറിച്ചും യെരൂശലേമിനെക്കുറിച്ചും ഞാന്‍ അവരോട് ആരാഞ്ഞു.

3 അവര്‍ പറഞ്ഞു: പ്രവാസത്തില്‍നിന്ന് രക്ഷപെട്ട് അവിടെ അവശേഷിച്ചവര്‍ വലിയ കഷ്ടതയിലും അപമാനത്തിലുമാണു കഴിയുന്നത്. യെരൂശലേമിന്‍റെ മതില്‍ ഇടിഞ്ഞും അതിന്‍റെ വാതിലുകള്‍ അഗ്നിക്കിരയായും കിടക്കുന്നു.”

4

ഇതു കേട്ടപ്പോള്‍ ഞാന്‍ നിലത്തിരുന്നു കരഞ്ഞു ദിവസങ്ങളോളം വിലപിച്ച് ഉപവസിച്ചു. സ്വര്‍ഗസ്ഥനായ ദൈവത്തോട് ഇങ്ങനെ പ്രാര്‍ഥിച്ചു:

5 “സ്വര്‍ഗത്തില്‍ വസിക്കുന്ന ദൈവമായ സര്‍വേശ്വരാ, അങ്ങയെ സ്നേഹിച്ചു അവിടുത്തെ കല്പനകള്‍ അനുസരിക്കുന്നവരോട് ഉടമ്പടി പാലിക്കുകയും സുസ്ഥിരസ്നേഹം കാട്ടുകയും ചെയ്യുന്ന ഉന്നതനും ഉഗ്രപ്രഭാവവാനുമായ ദൈവമേ, അവിടുത്തോടു ഞാന്‍ യാചിക്കുന്നു.

6 അവിടുത്തെ ദാസരായ ഇസ്രായേല്‍ജനത്തിനുവേണ്ടി രാവും പകലും പ്രാര്‍ഥിക്കുന്ന ഈ ദാസനെ കടാക്ഷിച്ച് അടിയന്‍റെ പ്രാര്‍ഥന ശ്രവിക്കണമേ. ഇസ്രായേല്യരായ ഞങ്ങള്‍ അങ്ങേക്ക് എതിരെ ചെയ്ത പാപങ്ങള്‍ ഏറ്റുപറയുന്നു. ഞാനും എന്‍റെ പിതൃഭവനവും പാപം ചെയ്തിരിക്കുന്നു.

7 അങ്ങേക്ക് എതിരെ ഞങ്ങള്‍ കഠിനമായ തിന്മ പ്രവര്‍ത്തിച്ചു; അവിടുത്തെ ദാസനായ മോശയിലൂടെ അരുളിച്ചെയ്ത ചട്ടങ്ങളും കല്പനകളും അനുശാസനങ്ങളും ഞങ്ങള്‍ പാലിച്ചില്ല.

8 മോശയോട് അവിടുന്ന് അരുളിച്ചെയ്ത ഈ വാക്കുകള്‍ ഓര്‍ക്കണമേ. ‘അവിശ്വസ്തത കാട്ടിയാല്‍ ഞാന്‍ നിങ്ങളെ ജനതകളുടെ ഇടയില്‍ ചിതറിക്കും.

9 എന്നാല്‍ നിങ്ങള്‍ എങ്കലേക്കു തിരിഞ്ഞ് എന്‍റെ കല്പനകള്‍ പാലിക്കുകയും അവ അനുസരിക്കുകയും ചെയ്താല്‍ നിങ്ങള്‍ ആകാശത്തിന്‍റെ അറുതികള്‍വരെ ചിതറപ്പെട്ടാലും ഞാന്‍ അവിടെനിന്നു നിങ്ങളെ കൂട്ടിച്ചേര്‍ക്കുകയും എന്‍റെ വാസസ്ഥലമായി ഞാന്‍ തിരഞ്ഞെടുത്ത സ്ഥലത്തേക്കു കൂട്ടിക്കൊണ്ടു വരികയും ചെയ്യും.’

10 അവര്‍ അവിടുത്തെ മഹാശക്തിയാലും ഭുജബലത്താലും വീണ്ടെടുക്കപ്പെട്ട ദാസരും സ്വന്തജനവുമാണല്ലോ.

11 സര്‍വേശ്വരാ, ഈ ദാസന്‍റെയും അവിടുത്തെ നാമത്തെ ഭയഭക്തിയോടെ ആരാധിക്കുന്ന മറ്റു ദാസന്മാരുടെയും പ്രാര്‍ഥന കേള്‍ക്കണമേ. ഇന്ന് അവിടുത്തെ ദാസന് വിജയം അരുളണമേ. രാജാവ് അടിയനോടു കാരുണ്യം കാട്ടുവാന്‍ അവിടുന്ന് ഇടയാക്കണമേ.”

അക്കാലത്ത് ഞാന്‍ രാജാവിന്‍റെ പാനപാത്രവാഹകന്‍ ആയിരുന്നു.

2

1

അര്‍ത്ഥക്സേര്‍ക്സസ് രാജാവിന്‍റെ വാഴ്ചയുടെ ഇരുപതാം വര്‍ഷം നീസാന്‍ മാസത്തില്‍ ഒരു ദിവസം ഞാന്‍ രാജാവിനു വീഞ്ഞു പകര്‍ന്നുകൊടുത്തുകൊണ്ടിരിക്കയായിരുന്നു. ഇതിനു മുമ്പൊരിക്കലും ഞാന്‍ രാജസന്നിധിയില്‍ മ്ലാനവദനനായിരുന്നിട്ടില്ല.

2 അപ്പോള്‍ രാജാവ് എന്നോടു ചോദിച്ചു: “നിന്‍റെ മുഖം വാടിയിരിക്കുന്നതെന്ത്? നിനക്ക് രോഗമൊന്നും ഇല്ലല്ലോ. ഇതു മനോദുഃഖമല്ലാതെ മറ്റൊന്നുമല്ല.” ഇതു കേട്ട് ഞാന്‍ വല്ലാതെ ഭയപ്പെട്ടു.

3 ഞാന്‍ രാജാവിനോടു പറഞ്ഞു: “അങ്ങ് നീണാള്‍ വാഴട്ടെ. എന്‍റെ പിതാക്കന്മാരെ സംസ്കരിച്ചിരിക്കുന്ന കല്ലറകളുള്ള പട്ടണം ശൂന്യമായും അതിന്‍റെ വാതിലുകള്‍ അഗ്നിക്കിരയായും കിടക്കുമ്പോള്‍ എന്‍റെ മുഖം എങ്ങനെ വാടാതിരിക്കും?”

4 “നിന്‍റെ അപേക്ഷ എന്ത്?” എന്നു രാജാവ് ചോദിച്ചു. ഉടനെ ഞാന്‍ സ്വര്‍ഗസ്ഥനായ ദൈവത്തോടു പ്രാര്‍ഥിച്ചശേഷം രാജാവിനോടു പറഞ്ഞു:

5 “തിരുവുള്ളമുണ്ടെങ്കില്‍, അങ്ങ് എന്നില്‍ പ്രസാദിക്കുന്നെങ്കില്‍ എന്‍റെ പിതാക്കന്മാരുടെ കല്ലറകള്‍ ഉള്ള പട്ടണം പുതുക്കിപ്പണിയാന്‍ അടിയനെ യെഹൂദ്യയിലേക്ക് അയച്ചാലും.”

6 രാജാവു ചോദിച്ചു: “നിനക്ക് എത്രനാള്‍ വേണ്ടിവരും? നീ എപ്പോള്‍ മടങ്ങിവരും? അതിനുവേണ്ട സമയം ഞാന്‍ അറിയിച്ചു. രാജാവ് അതനുവദിക്കുകയും ചെയ്തു. അപ്പോള്‍ രാജ്ഞിയും അവിടുത്തോടൊപ്പം ഉണ്ടായിരുന്നു.

7 “യെഹൂദ്യയില്‍ എത്തുംവരെ പ്രവിശ്യകള്‍ കടന്നുപോകാന്‍ അനുവാദം ലഭിക്കുന്നതിനു ഭരണാധികാരികള്‍ക്കു നല്‌കാനുള്ള കത്തുകള്‍ തന്നാലും” എന്നു ഞാന്‍ രാജാവിനോട് അപേക്ഷിച്ചു.

8 കൂടാതെ ദേവാലയത്തിന്‍റെ കോട്ടവാതിലുകള്‍ക്കും നഗരഭിത്തിക്കും എനിക്കു നിവസിക്കാനുള്ള വീടിനും ആവശ്യമുള്ള തടി നല്‌കാന്‍ വനം സൂക്ഷിപ്പുകാരനായ ആസാഫിന് ഒരു കത്തു നല്‌കണമെന്നും ഞാന്‍ അഭ്യര്‍ഥിച്ചു. ഞാന്‍ അപേക്ഷിച്ചതെല്ലാം രാജാവ് എനിക്കു നല്‌കി. ദൈവത്തിന്‍റെ കാരുണ്യം എനിക്കുണ്ടായിരുന്നു.

9

ഞാന്‍ നദിക്ക് അക്കരെയുള്ള പ്രവിശ്യയിലെ അധികാരികളുടെ അടുക്കല്‍ ചെന്ന് രാജാവിന്‍റെ എഴുത്തുകള്‍ അവര്‍ക്കു കൊടുത്തു. രാജാവ് സേനാനായകന്മാരെയും കുതിരപ്പടയാളികളെയും എന്‍റെ കൂടെ അയച്ചിരുന്നു.

10 ഇസ്രായേല്യരുടെ ക്ഷേമം അന്വേഷിക്കാന്‍ ഒരാള്‍ വന്നു എന്നു കേട്ടപ്പോള്‍ ഹോരോന്യനായ സന്‍ബല്ലത്തും അമ്മോന്യയിലെ ഒരു ഉദ്യോഗസ്ഥനായ തോബീയായും അത്യന്തം അസന്തുഷ്ടരായി.

11

ഞാന്‍ യെരൂശലേമില്‍ എത്തി അവിടെ മൂന്നു ദിവസം പാര്‍ത്തു.

12 യെരൂശലേമിനുവേണ്ടി ദൈവം എന്‍റെ മനസ്സില്‍ തോന്നിപ്പിച്ചിരുന്ന കാര്യങ്ങള്‍ ഞാന്‍ ആരോടും പറഞ്ഞിരുന്നില്ല. ഞാനും എന്‍റെ ഏതാനും അനുയായികളും അടുത്ത രാത്രിയില്‍ എഴുന്നേറ്റു പുറത്തു കടന്നു. ഞാന്‍ കയറിയിരുന്ന മൃഗമല്ലാതെ മറ്റൊരു മൃഗവും ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നില്ല.

13 രാത്രിയില്‍ താഴ്വരവാതിലിലൂടെ വേതാളഉറവ കടന്നു ചവറ്റുവാതില്‌ക്കല്‍ എത്തി; ഞാന്‍ യെരൂശലേമിന്‍റെ ഇടിഞ്ഞ മതിലും അഗ്നിക്കിരയായ വാതിലുകളും പരിശോധിച്ചു.

14 പിന്നീടു ഞാന്‍ ഉറവുവാതില്‌ക്കലേക്കും രാജാവിന്‍റെ കുളത്തിങ്കലേക്കും ചെന്നു. എന്നാല്‍ എന്‍റെ വാഹനമൃഗത്തിനു കടന്നുപോകാന്‍ ഇടമില്ലായിരുന്നു.

15 രാത്രിയില്‍ ഞാന്‍ താഴ്വരയിലൂടെ നടന്നു മതില്‍ പരിശോധിച്ചു; പിന്നീടു താഴ്വരവാതിലിലൂടെ മടങ്ങിപ്പോന്നു.

16

ഞാന്‍ എവിടെ പോയി എന്നോ എന്തു ചെയ്തു എന്നോ ഉദ്യോഗസ്ഥന്മാര്‍ ആരും അറിഞ്ഞില്ല. അന്നുവരെ യെഹൂദന്മാരെയോ പുരോഹിതന്മാരെയോ പ്രഭുക്കന്മാരെയോ ഉദ്യോഗസ്ഥന്മാരെയോ ജോലിയില്‍ ഏര്‍പ്പെടേണ്ടിയിരുന്നവരെയോ ഞാന്‍ ഒന്നും അറിയിച്ചിരുന്നില്ല.

17 പിന്നീട് ഞാന്‍ അവരോടു പറഞ്ഞു: “നമുക്കു നേരിട്ടിരിക്കുന്ന അനര്‍ഥം നോക്കുക. യെരൂശലേം ശൂന്യമായും അതിന്‍റെ വാതിലുകള്‍ അഗ്നിക്കിരയായും കിടക്കുന്നു. വരിക, നമുക്ക് യെരൂശലേമിന്‍റെ മതില്‍ പണിയാം. നമ്മുടെ അപമാനത്തിന് അറുതിവരുത്താം.”

18 ദൈവത്തിന്‍റെ സഹായം എന്‍റെ കൂടെ ഉണ്ടെന്നും രാജാവ് എന്നോടു പറഞ്ഞിട്ടുള്ളതും ഞാന്‍ അവരെ അറിയിച്ചു. “നമുക്കു പണി തുടങ്ങാം” എന്നു പറഞ്ഞ് അവര്‍ ആ നല്ല കാര്യത്തിന് ഒരുമ്പെട്ടു.

19

എന്നാല്‍ ഹോരോന്യനായ സന്‍ബല്ലത്തും അമ്മോന്യയിലെ ഒരു ഉദ്യോഗസ്ഥനായ തോബീയായും അറേബ്യനായ ഗേശെമും ഇതു കേട്ടപ്പോള്‍ ഞങ്ങളെ പരിഹസിക്കുകയും നിന്ദിക്കുകയും ചെയ്തുകൊണ്ടു പറഞ്ഞു: “നിങ്ങള്‍ എന്തു ചെയ്യാന്‍ പോകുന്നു? രാജാവിനോടു മത്സരിക്കുകയോ?”

20 ഞാന്‍ അവരോടു പറഞ്ഞു: “സ്വര്‍ഗസ്ഥനായ ദൈവം ഞങ്ങള്‍ക്കു വിജയം നല്‌കും; അവിടുത്തെ ദാസരായ ഞങ്ങള്‍ മതില്‍ പണിയും. നിങ്ങള്‍ക്കു യെരൂശലേമില്‍ ഓഹരിയില്ല, അവകാശമില്ല, സ്മാരകവുമില്ല.”

3

1

മുഖ്യപുരോഹിതനായ എല്യാശീബും സഹപുരോഹിതന്മാരും ചേര്‍ന്ന് അജകവാടം വീണ്ടും പണിയുകയും അതിന്‍റെ പ്രതിഷ്ഠാകര്‍മം നിര്‍വഹിക്കുകയും കതകുകള്‍ പിടിപ്പിക്കുകയും ചെയ്തു. ശതഗോപുരവും ഹനനയേല്‍ഗോപുരവും വരെയുള്ള മതിലിന്‍റെ ഭാഗങ്ങള്‍ പണിതു പ്രതിഷ്ഠിച്ചു.

2 അതിനോടു ചേര്‍ന്ന ഭാഗം യെരീഹോപട്ടണക്കാരും അതിനുമപ്പുറം ഇമ്രിയുടെ പുത്രന്‍ സക്കൂരും നിര്‍മ്മിച്ചു.

3 മത്സ്യകവാടം ഹസ്സെനായക്കാര്‍ പണിതു. അവര്‍ അതിന്‍റെ ഉത്തരവും കതകും ഓടാമ്പലും കുറ്റികളും പിടിപ്പിച്ചു.

4 അതിനടുത്ത ഭാഗം ഹക്കോസിന്‍റെ പൗത്രനും ഊരിയായുടെ പുത്രനുമായ മെരേമോത്ത് കേടുപാടുകള്‍ തീര്‍ത്തു. അതിനപ്പുറം മെശേസ്സബെയേലിന്‍റെ പൗത്രനും ബേരെഖ്യായുടെ പുത്രനുമായ മെശുല്ലാം കേടുപാടുകള്‍ തീര്‍ത്തു. അടുത്ത ഭാഗം ബാനയുടെ പുത്രന്‍ സാദോക്ക് പുതുക്കിപ്പണിതു.

5 തെക്കോവ്യര്‍ അതിനടുത്ത ഭാഗത്തിന്‍റെ കേടുപാടുകള്‍ തീര്‍ത്തു. എന്നാല്‍ അവിടുത്തെ പ്രഭുക്കന്മാര്‍ സര്‍വേശ്വരന്‍റെ ഈ പ്രവര്‍ത്തനത്തില്‍ സഹകരിച്ചില്ല.

6

പസേഹയുടെ പുത്രന്‍ യോയാദയും ബെസോദ്യായുടെ പുത്രന്‍ മെശുല്ലാമും പ്രാചീനകവാടം വീണ്ടും പണിതു. അവര്‍ അതിന് ഉത്തരവും കതകും ഓടാമ്പലും കുറ്റികളും പിടിപ്പിച്ചു.

7 തുടര്‍ന്നുള്ള ഭാഗം ഗിബെയോന്യനായ മെലത്യായും മെരോനോഥ്യനായ യാദോനും ഗിബെയോന്യരും മിസ്പായരും ചേര്‍ന്നു നദിക്ക് അക്കരെ ഗവര്‍ണരുടെ ആസ്ഥാനംവരെ കേടുപാടുകള്‍ തീര്‍ത്തു.

8 അതിനപ്പുറം സ്വര്‍ണപ്പണിക്കാരനായ ഹര്‍ഹയ്യായുടെ പുത്രന്‍ ഉസ്സീയേല്‍ പുതുക്കിപ്പണിതു. സുഗന്ധദ്രവ്യം നിര്‍മ്മിക്കുന്ന ഹനന്യാ തുടര്‍ന്നുള്ള വിശാലമതില്‍വരെയുള്ള ഭാഗത്തിന്‍റെ കേടുപാടുകള്‍ തീര്‍ത്തു.

9 അതിനടുത്തഭാഗം യെരൂശലേമില്‍ അര്‍ധഭാഗത്തിന്‍റെ അധിപനായ ഹൂരിന്‍റെ പുത്രന്‍ രെഫായാ നന്നാക്കി.

10 അടുത്ത ഭാഗം ഹരൂമഫിന്‍റെ പുത്രന്‍ യെദായാ തന്‍റെ വീടിനു നേരെയുള്ള ഭാഗംവരെ കേടുപാടുകള്‍ തീര്‍ത്തു.

11 തുടര്‍ന്നുള്ള ഭാഗം ഹശ്ബനെയായുടെ പുത്രനായ ഹത്തൂശ് പുതുക്കിപ്പണിതു. തുടര്‍ന്നുള്ള ഭാഗവും ചൂളഗോപുരവും ഹാരീമിന്‍റെ പുത്രന്‍ മല്‌ക്കീയായും പഹത്ത്-മോവാബിന്‍റെ പുത്രന്‍ ഹശ്ശൂബും ചേര്‍ന്നു കേടുപാടുകള്‍ തീര്‍ത്തു.

12 അതിനപ്പുറം യെരൂശലേമില്‍ മറ്റേ പകുതി ഭാഗത്തിന്‍റെ അധിപനായ ഹല്ലോഹേശിന്‍റെ പുത്രന്‍ ശല്ലൂമും അയാളുടെ പുത്രിമാരും ചേര്‍ന്ന് അറ്റകുറ്റപ്പണികള്‍ തീര്‍ത്തു.

13 താഴ്വരവാതില്‍ ഹനൂനും സാനോഹ് നിവാസികളും കൂടി കേടുപാടുകള്‍ തീര്‍ത്തു. അതിന് കതകുകളും കുറ്റികളും ഓടാമ്പലും പിടിപ്പിച്ചു.

14 ചവറ്റുവാതില്‍വരെ ആയിരം മുഴം നീളത്തില്‍ മതിലിന്‍റെ കേടുപാടുകള്‍ തീര്‍ത്തു. ചവറ്റുവാതില്‍ പുതുക്കി പണിതത് ബേത്ത്-ഹഖേരെം പ്രദേശത്തിന്‍റെ അധിപനും രേഖാബിന്‍റെ പുത്രനുമായ മല്‌കീയാ ആയിരുന്നു; അതിന് കതകും കുറ്റികളും ഓടാമ്പലും ഉറപ്പിച്ചു.

15

മിസ്പാപ്രദേശത്തിന്‍റെ പ്രഭുവായ കൊല്‍- ഹൊസെയുടെ പുത്രന്‍ ശല്ലൂന്‍ ഉറവുവാതില്‍ പുതുക്കി പണിയുകയും അതിനു മേല്‍ക്കൂര പണിത് കതകും കുറ്റികളും ഓടാമ്പലും ഉറപ്പിക്കുകയും ചെയ്തു. അയാള്‍ രാജകീയോദ്യാനത്തിലെ ശേലാക്കുളത്തിന്‍റെ മതില്‍ ദാവീദിന്‍റെ നഗരത്തില്‍നിന്ന് ഇറങ്ങുന്ന കല്പടിവരെ പണിതു.

16 അതിനപ്പുറം ബേത്ത്സൂര്‍ അര്‍ധഭാഗത്തിന്‍റെ അധിപനും അസ്ബൂക്കിന്‍റെ പുത്രനുമായ നെഹെമ്യാ ദാവീദിന്‍റെ കല്ലറകളുടെ മുന്‍ഭാഗംവരെയും വെട്ടിപ്പണിതുണ്ടാക്കിയ കുളംവരെയും വീരയോദ്ധാക്കള്‍ നിവസിക്കുന്ന സ്ഥലംവരെയും കേടുപാടുകള്‍ തീര്‍ത്തു.

17 തുടര്‍ന്നുള്ള ഭാഗത്തിന്‍റെ അറ്റകുറ്റപ്പണി ലേവ്യനായ ബാനിയുടെ പുത്രന്‍ രഹൂം നിര്‍വഹിച്ചു. അതിനപ്പുറം കെയീലായുടെ അര്‍ധഭാഗത്തിന്‍റെ അധിപന്‍ ഹശബ്യാ തന്‍റെ പ്രദേശത്തിനുവേണ്ടി പുനരുദ്ധരിച്ചു.

18 അടുത്ത ഭാഗം കെയീലായുടെ മറ്റേ പകുതി ഭാഗത്തിന്‍റെ അധിപന്‍ ആയ ഹേനാദാദിന്‍റെ പുത്രന്‍ ബവ്വായിയും ചാര്‍ച്ചക്കാരും ചേര്‍ന്ന് കേടുപാടുകള്‍ തീര്‍ത്തു.

19 മിസ്പാപ്രദേശത്തിന്‍റെ അധിപന്‍ ആയ യേശുവയുടെ പുത്രന്‍ ഏസെര്‍ മതില്‍ തിരിയുന്ന കോണിലെ ആയുധശാലയിലേക്കുള്ള കയറ്റത്തിന് എതിരെയുള്ള തുടര്‍ന്നുള്ള ഭാഗം പുനരുദ്ധരിച്ചു.

20 അവിടംമുതല്‍ മുഖ്യപുരോഹിതനായ എല്യാശീബിന്‍റെ ഭവനകവാടംവരെയുള്ള ഭാഗം സബ്ബായിയുടെ പുത്രന്‍ ബാരൂക് പുതുക്കിപ്പണിതു.

21 എല്യാശീബിന്‍റെ ഭവനത്തിന്‍റെ അതിര്‍ത്തിവരെയുള്ള ഭാഗം ഹക്കോസിന്‍റെ മകനായ ഊരിയായുടെ പുത്രന്‍ മെരേമോത്ത് അറ്റകുറ്റപ്പണി നടത്തി.

22 അതിനപ്പുറം യെരൂശലേമിനു ചുറ്റും പാര്‍ത്തിരുന്ന പുരോഹിതന്മാര്‍ നന്നാക്കി.

23 തുടര്‍ന്നു തങ്ങളുടെ വീടിനു നേരെയുള്ള ഭാഗം ബെന്യാമീനും ഹശ്ശൂബും കേടുപാടുകള്‍ തീര്‍ത്തു. അനന്യായുടെ പൗത്രനും മയസേയായുടെ പുത്രനുമായ അസര്യാ തന്‍റെ വീടിന് അടുത്തുള്ള ഭാഗം പുനരുദ്ധരിച്ചു.

24 അതിനപ്പുറം ഹേനാദാദിന്‍റെ പുത്രന്‍ ബിന്നൂയി അസര്യായുടെ വീടുമുതല്‍ മതില്‍ തിരിയുന്നതുവരെയുള്ള മറ്റൊരു ഭാഗത്തിന്‍റെ കേടുപാടുകള്‍ തീര്‍ത്തു.

25 ഊസായിയുടെ പുത്രന്‍ പാലാല്‍, കോണിനും കാവല്‍ഭടന്മാരുടെ അങ്കണത്തിലേക്ക് തള്ളിനില്‌ക്കുന്ന കൊട്ടാരഗോപുരത്തിനും എതിരെയുള്ള ഭാഗത്തിന്‍റെ കേടുപാടുകള്‍ തീര്‍ത്തു.

26 അതിനപ്പുറം പരോശിന്‍റെ പുത്രന്‍ പെദായായും ഓഫേലില്‍ പാര്‍ത്തിരുന്ന ദേവാലയശുശ്രൂഷകരും ചേര്‍ന്നു കിഴക്കേ ജലകവാടത്തിന് എതിരെയുള്ള ഭാഗംമുതല്‍ ഉന്തിനില്‌ക്കുന്ന ഗോപുരംവരെയുള്ള ഭാഗത്തിന്‍റെ അറ്റകുറ്റപ്പണികള്‍ നിര്‍വഹിച്ചു.

27 തെക്കോവ്യര്‍ അതിനപ്പുറത്ത് ഉന്തിനില്‌ക്കുന്ന വലിയ ഗോപുരത്തിനു നേരേ ഓഫേലിന്‍റെ മതില്‍വരെയുള്ള ഭാഗത്തിന്‍റെ കേടുപാടുകള്‍ തീര്‍ത്തു.

28

അശ്വകവാടംമുതല്‍ പുരോഹിതന്മാര്‍ ഓരോരുത്തരായി താന്താങ്ങളുടെ വീടിനു നേരെയുള്ള ഭാഗത്തിന്‍റെ കേടുപാടുകള്‍ തീര്‍ത്തു.

29 അതിനപ്പുറം ഇമ്മേരിന്‍റെ പുത്രന്‍ സാദോക്ക് തന്‍റെ വീടിനു നേരെയുള്ള ഭാഗം പുനരുദ്ധരിച്ചു. തുടര്‍ന്നുള്ള ഭാഗം പൂര്‍വകവാടത്തിന്‍റെ കാവല്‌ക്കാരനായ ശെഖന്യായുടെ പുത്രന്‍ ശെമയ്യാ കേടുപാടുകള്‍ തീര്‍ത്തു.

30 തുടര്‍ന്നു ശേലെമ്യായുടെ പുത്രന്‍ ഹനന്യായും സാലാഫിന്‍റെ ആറാമത്തെ പുത്രന്‍ ഹാനൂനും മറ്റൊരു ഭാഗത്തിന്‍റെ കേടുപാടുകള്‍ തീര്‍ത്തു. അതിനപ്പുറം ബേരെഖ്യായുടെ പുത്രന്‍ മെശുല്ലാം തന്‍റെ വീടിന്‍റെ എതിരെയുള്ള ഭാഗത്തിന്‍റെ കേടുപാടുകള്‍ തീര്‍ത്തു.

31 അതിനപ്പുറം സ്വര്‍ണപ്പണിക്കാരനായ മല്‌ക്കീയാ ഹമ്മീഫ്ഖാദ് കവാടത്തിനു നേരേ ദേവാലയ ശുശ്രൂഷകരുടെയും കച്ചവടക്കാരുടെയും സ്ഥലംവരെ മതില്‍ തിരിയുന്ന കോണിനടുത്തുള്ള മാളികമുറിക്കും അജകവാടത്തിനും ഇടയ്‍ക്കുള്ള ഭാഗം പുനരുദ്ധരിച്ചു.

32 സ്വര്‍ണപ്പണിക്കാരും കച്ചവടക്കാരും ചേര്‍ന്ന് അവിടംമുതല്‍ അജകവാടംവരെയുള്ള ഭാഗം പുതുക്കിപ്പണിതു.

4

1

മതില്‍ പണിയുന്നു എന്നു കേട്ടു സന്‍ബല്ലത്ത് കോപിഷ്ഠനായി. അയാള്‍ ഞങ്ങളെ പരിഹസിച്ചു.

2 തന്‍റെ ചാര്‍ച്ചക്കാരും ശമര്യാസൈന്യവും കേള്‍ക്കെ അയാള്‍ പറഞ്ഞു: “ദുര്‍ബലരായ ഈ യെഹൂദന്മാര്‍ എന്തു ചെയ്യാന്‍ പോകുന്നു? അവര്‍ മതില്‍ മുഴുവന്‍ പുനരുദ്ധരിക്കുമോ? അവര്‍ക്കു യാഗാര്‍പ്പണം നടത്താന്‍ കഴിയുമോ? ഒറ്റ ദിവസംകൊണ്ട് അവര്‍ ഇതെല്ലാം പണിയുമോ? കത്തി നശിച്ചുകിടക്കുന്ന അവശിഷ്ടങ്ങളില്‍നിന്നു കല്ലുകള്‍ വീണ്ടെടുത്തു യഥാസ്ഥാനത്ത് അവര്‍ ഉറപ്പിക്കുമോ?”

3 അടുത്തു നിന്നിരുന്ന അമ്മോന്യനായ തോബീയാ പറഞ്ഞു: “അതേ, അവര്‍ എങ്ങനെ പണിതാലും ഒരു കുറുക്കന്‍ കയറിയാല്‍ അവരുടെ കന്മതില്‍ ഇടിഞ്ഞുവീഴും.”

4 ഞാന്‍ പ്രാര്‍ഥിച്ചു: “ഞങ്ങളുടെ ദൈവമേ, ഞങ്ങളുടെ പ്രാര്‍ഥന കേള്‍ക്കണമേ; ഞങ്ങള്‍ നിന്ദിക്കപ്പെട്ടിരിക്കുന്നു. അവരുടെ പരിഹാസം അവരുടെ ശിരസ്സുകളില്‍തന്നെ പതിക്കാന്‍ ഇടയാക്കണമേ. അവര്‍ തടവുകാരായിത്തീരുകയും കൊള്ളയടിക്കപ്പെടുകയും ചെയ്യട്ടെ.

5 മതില്‍ പണിയുന്നവരുടെ മുമ്പാകെ അവര്‍ അവിടുത്തെ പ്രകോപിപ്പിച്ചിരിക്കുന്നു. അവരുടെ അപരാധം മറയ്‍ക്കരുതേ; അവരുടെ പാപം അവിടുത്തെ മുമ്പില്‍നിന്നു മായിച്ചു കളയരുതേ.”

6 അങ്ങനെ ഞങ്ങള്‍ മതില്‍പ്പണി തുടര്‍ന്നു; ജനത്തിന്‍റെ ഉത്സാഹംകൊണ്ടു മതില്‍ മുഴുവനും പകുതിവരെ കെട്ടി ഉയര്‍ത്തി.

7

യെരൂശലേമിന്‍റെ മതിലുകളുടെ പുനരുദ്ധാരണം പൂര്‍ത്തിയാകുന്നു എന്നും വിള്ളലുകള്‍ അടഞ്ഞു തുടങ്ങി എന്നും കേട്ട് സന്‍ബല്ലത്തും തോബീയായും അറബികളും അമ്മോന്യരും അസ്തോദ്യരും കുപിതരായി.

8 യെരൂശലേമിനെതിരെ പോരാടാനും കലാപം ഉണ്ടാക്കാനും അവര്‍ ഒത്തുകൂടി ഗൂഢാലോചന നടത്തി.

9 ഞങ്ങളാകട്ടെ, ഞങ്ങളുടെ ദൈവത്തോടു പ്രാര്‍ഥിച്ചു. അവരില്‍നിന്നുള്ള രക്ഷയ്‍ക്കായി ഞങ്ങള്‍ രാവും പകലും കാവല്‍ ഏര്‍പ്പെടുത്തി.

10 “ചുമട്ടുകാര്‍ തളര്‍ന്നിരിക്കുന്നു. മതിലിന്‍റെ അവശിഷ്ടങ്ങള്‍ ഇനിയും ധാരാളം നീക്കാനുണ്ട്; പണി തുടരാന്‍ ഞങ്ങള്‍ക്കു കഴിയുന്നില്ല” എന്നു യെഹൂദ്യര്‍ പറഞ്ഞു.

11 “നാം അവരുടെ ഇടയില്‍ കടന്ന് അവരെ കൊന്ന് മതിലിന്‍റെ പണി മുടക്കുന്നതുവരെ അവര്‍ നമ്മുടെ നീക്കം അറിയരുത്” എന്നു ഞങ്ങളുടെ ശത്രുക്കള്‍ പറഞ്ഞു.

12 സമീപവാസികളായ യെഹൂദന്മാര്‍ പല തവണ ഞങ്ങളുടെ അടുക്കല്‍ വന്നു പറഞ്ഞു: “എങ്ങോട്ടു തിരിഞ്ഞാലും അവര്‍ നമ്മെ എതിരിടും.”

13 അതുകൊണ്ടു മതിലിന്‍റെ പണി പൂര്‍ത്തിയാകാത്ത ഇടങ്ങളില്‍ തുറസ്സായ സ്ഥലത്തു ജനങ്ങളെ കുടുംബക്രമത്തില്‍ വാള്, കുന്തം, വില്ല് എന്നിവയുമായി അണിനിരത്തി.

14 ഞാന്‍ ചുറ്റും നോക്കി; പ്രഭുക്കന്മാരോടും പ്രമാണികളോടും മറ്റു ജനങ്ങളോടുമായി പറഞ്ഞു: “നിങ്ങള്‍ അവരെ ഭയപ്പെടേണ്ടാ; ഉന്നതനും ഉഗ്രപ്രഭാവവാനുമായ സര്‍വേശ്വരനെ ഓര്‍ത്തുകൊണ്ടു നിങ്ങളുടെ സഹോദരന്മാര്‍ക്കും പുത്രന്മാര്‍ക്കും പുത്രിമാര്‍ക്കും ഭാര്യമാര്‍ക്കും വീടുകള്‍ക്കുംവേണ്ടി പോരാടുക.”

15 തങ്ങളുടെ ഗൂഢാലോചന ഞങ്ങളുടെ അറിവില്‍ പെട്ടെന്നും ദൈവം തങ്ങളുടെ ഉപായം നിഷ്ഫലമാക്കിയെന്നും ഞങ്ങളുടെ ശത്രുക്കള്‍ മനസ്സിലാക്കി. ഞങ്ങള്‍ ആകട്ടെ മതിലിന്‍റെ പണി തുടര്‍ന്നു.

16

അന്നുമുതല്‍ എന്‍റെ ആളുകളില്‍ പകുതിപേര്‍ പണിയിലേര്‍പ്പെട്ടു; പകുതി ആളുകള്‍ കുന്തം, പരിച, വില്ല്, കവചം എന്നിവ ധരിച്ചു കാവല്‍നിന്നു. പണിയില്‍ ഏര്‍പ്പെട്ടിരുന്നവരെ നേതാക്കന്മാര്‍ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.

17 ചുമട്ടുകാര്‍ ഒരു കൈകൊണ്ടു വേല ചെയ്യുകയും മറ്റേ കൈയില്‍ ആയുധം വഹിക്കുകയും ചെയ്തു.

18 മതിലുപണിക്കാര്‍പോലും അരയില്‍ വാള്‍ തൂക്കിയിട്ടിരുന്നു. കാഹളം ഊതുന്നവന്‍ എന്‍റെ അടുക്കല്‍ നിന്നിരുന്നു.

19 ഞാന്‍ ജനത്തോടും അവരുടെ പ്രഭുക്കന്മാരോടും പ്രമാണികളോടും പറഞ്ഞു: “നാം ചെയ്തുകൊണ്ടിരിക്കുന്ന ജോലി വളരെ വലുതാണ്. അതു പലയിടത്തായി വ്യാപിച്ചിരിക്കുന്നു. മതിലിന്‍റെ പണിയില്‍ ഏര്‍പ്പെട്ട് നാം പല സ്ഥലങ്ങളില്‍ ആയിരിക്കുന്നു.

20 കാഹളധ്വനി കേള്‍ക്കുമ്പോള്‍ ഞങ്ങളുടെ അടുത്ത് ഓടിക്കൂടണം. നമ്മുടെ ദൈവം നമുക്കുവേണ്ടി പോരാടും.”

21 അങ്ങനെ ഞങ്ങള്‍ പണി തുടര്‍ന്നു. പകുതി ആളുകള്‍ നേരം പുലരുമ്പോള്‍മുതല്‍ നക്ഷത്രം ഉദിക്കുന്നതുവരെ കുന്തവും ഏന്തിനിന്നിരുന്നു.

22

അപ്പോള്‍ ഞാന്‍ ജനത്തോടു പറഞ്ഞു: “എല്ലാവരും തങ്ങളുടെ ദാസരുമൊത്ത് യെരൂശലേമില്‍ രാത്രി കഴിക്കണം. അങ്ങനെ നമുക്കു പട്ടണം സംരക്ഷിക്കാം.”

23 ഞാനും എന്‍റെ കൂടെയുണ്ടായിരുന്നവരും ഞങ്ങളുടെ ദാസന്മാരും എന്നെ അനുഗമിച്ചിരുന്ന കാവല്‌ക്കാരും വസ്ത്രം മാറിയില്ല; കുളിക്കുമ്പോള്‍ പോലും ആയുധം ധരിച്ചിരുന്നു.

5

1

ജനങ്ങളില്‍ സ്‍ത്രീകള്‍ ഉള്‍പ്പെടെ വലിയൊരു വിഭാഗം തങ്ങളുടെ യെഹൂദ സഹോദരര്‍ക്ക് എതിരെ മുറവിളികൂട്ടി.

2 അവരില്‍ ചിലര്‍ പറഞ്ഞു: “പുത്രീപുത്രന്മാരടക്കം ഞങ്ങള്‍ അസംഖ്യം പേരുണ്ട്; ഞങ്ങള്‍ക്ക് ആഹാരത്തിനു വേണ്ട ധാന്യം ലഭിക്കണം.” മറ്റു ചിലര്‍ പറഞ്ഞു:

3 “ഈ ക്ഷാമകാലത്തു ധാന്യം വാങ്ങുന്നതിനുവേണ്ടി നിലങ്ങളും മുന്തിരിത്തോട്ടങ്ങളും വീടുകളും ഞങ്ങള്‍ പണയപ്പെടുത്തിയിരിക്കയാണ്.”

4 വേറെ ചിലര്‍ പറഞ്ഞു: “നിലങ്ങളുടെയും മുന്തിരിത്തോപ്പുകളുടെയും പേരില്‍ രാജാവിനു നല്‌കേണ്ട നികുതി അടയ്‍ക്കാന്‍ ഞങ്ങള്‍ പണം കടം വാങ്ങിയിരിക്കുന്നു.

5 ഞങ്ങള്‍ ഞങ്ങളുടെ യെഹൂദ സഹോദരന്മാരെപ്പോലെയല്ലോ. അവരുടെ മക്കളെപ്പോലെയല്ലോ ഞങ്ങളുടെ മക്കളും. എങ്കിലും അവരെ അടിമത്തത്തിലേക്കു തള്ളിവിടേണ്ടിവരുന്നു; ഞങ്ങളുടെ പുത്രിമാരില്‍ ചിലര്‍ അടിമകളായി കഴിഞ്ഞിരിക്കുന്നു. ഞങ്ങള്‍ നിസ്സഹായരാണ്. ഞങ്ങളുടെ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും അന്യാധീനമായിക്കഴിഞ്ഞു.”

6 അവരുടെ മുറവിളിയും ആവലാതിയും കേട്ടപ്പോള്‍ എനിക്ക് അതിയായ രോഷം ഉണ്ടായി.

7 പ്രഭുക്കന്മാരെയും ഉദ്യോഗസ്ഥന്മാരെയും ശാസിക്കാന്‍ ഞാന്‍ തീരുമാനിച്ചു. അവര്‍ക്കെതിരെ മഹാസഭ വിളിച്ചുകൂട്ടി ഞാന്‍ അവരോടു പറഞ്ഞു: “നിങ്ങള്‍ സഹോദരന്മാരോടു പലിശ വാങ്ങുന്നു.”

8 “വിജാതീയര്‍ക്കു വിറ്റിരുന്ന നമ്മുടെ സഹോദരരെ കഴിവതും നാം വീണ്ടെടുത്തു; എന്നാല്‍ നിങ്ങള്‍ സ്വന്ത സഹോദരരെപ്പോലും വീണ്ടും വീണ്ടെടുക്കേണ്ട നിലയില്‍ ആക്കിയിരിക്കുന്നു.” അതു കേട്ടിട്ട് അവര്‍ മിണ്ടാതിരുന്നു. ഒരു വാക്കുപോലും പറയാന്‍ അവര്‍ക്കു കഴിഞ്ഞില്ല.

9

ഞാന്‍ വീണ്ടും പറഞ്ഞു: “നിങ്ങള്‍ ചെയ്യുന്നതു ശരിയല്ല. നമ്മുടെ ശത്രുക്കളുടെ പരിഹാസപാത്രമാകാതിരിക്കാനെങ്കിലും നിങ്ങള്‍ നമ്മുടെ ദൈവത്തോടുള്ള ഭക്തിയില്‍ ജീവിക്കേണ്ടതല്ലോ?

10 ഞാനും എന്‍റെ സഹോദരന്മാരും എന്‍റെ ഭൃത്യന്മാരും അവര്‍ക്ക് പണവും ധാന്യവും കടം കൊടുത്തിട്ടുണ്ട്; പലിശ നമുക്ക് ഉപേക്ഷിക്കാം.

11 നിങ്ങള്‍ ഇന്നുതന്നെ അവരുടെ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും വീടുകളും മടക്കിക്കൊടുക്കണം; പണം, ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയില്‍ നൂറിന് ഒന്നു വീതം പലിശയായി വാങ്ങി വരുന്നതു നിങ്ങള്‍ അവര്‍ക്ക് ഇളച്ചുകൊടുക്കണം.”

12 അവര്‍ പറഞ്ഞു: “ഞങ്ങള്‍ അവ മടക്കിക്കൊടുക്കാം; അവരില്‍നിന്ന് ഇനി ഒന്നും ആവശ്യപ്പെടുകയില്ല. അങ്ങു പറയുന്നതുപോലെ ഞങ്ങള്‍ പ്രവര്‍ത്തിച്ചുകൊള്ളാം.” പിന്നീട് ഞാന്‍ പുരോഹിതന്മാരെ വിളിച്ചു വരുത്തി. “വാഗ്ദാനം ചെയ്തതുപോലെ പ്രവര്‍ത്തിച്ചുകൊള്ളാം” എന്ന് അവരെക്കൊണ്ട് പുരോഹിതന്മാരുടെ മുമ്പില്‍വച്ച് പ്രതിജ്ഞ ചെയ്യിച്ചു.

13 ഞാന്‍ എന്‍റെ മടി കുടഞ്ഞുകൊണ്ടു പറഞ്ഞു: “ഈ വാഗ്ദാനം നിറവേറ്റാത്ത എല്ലാവരെയും അവരുടെ ഭവനത്തില്‍നിന്നും തൊഴിലില്‍നിന്നും ദൈവം കുടഞ്ഞുകളയട്ടെ. അങ്ങനെ അവര്‍ ഒന്നും ഇല്ലാത്തവരായിത്തീരട്ടെ.” സഭ മുഴുവന്‍ “ ആമേന്‍” എന്നു പറഞ്ഞു സര്‍വേശ്വരനെ സ്തുതിച്ചു. അവര്‍ പ്രതിജ്ഞ പാലിച്ചു.

14

അര്‍ത്ഥക്സേര്‍ക്സസ് രാജാവിന്‍റെ വാഴ്ചയുടെ ഇരുപതാം വര്‍ഷം ഞാന്‍ യെഹൂദ്യയില്‍ ദേശാധിപതിയായി നിയമിക്കപ്പെട്ടു. അന്നുമുതല്‍ അദ്ദേഹത്തിന്‍റെ മുപ്പത്തിരണ്ടാം ഭരണവര്‍ഷംവരെയുള്ള പന്ത്രണ്ടുവര്‍ഷം ഞാനോ എന്‍റെ ചാര്‍ച്ചക്കാരോ ദേശാധിപതിക്ക് അവകാശപ്പെട്ടിരുന്ന ഭക്ഷണത്തിനുള്ള പടി വാങ്ങിയിരുന്നില്ല.

15 എന്‍റെ മുന്‍ഗാമികളായിരുന്ന ഗവര്‍ണര്‍മാര്‍ ജനങ്ങളുടെമേല്‍ വലിയ ഭാരം ചുമത്തിയിരുന്നു; നാല്പതു വെള്ളിക്കാശു ചുമത്തിയിരുന്നതുകൂടാതെ ഭക്ഷണപാനീയങ്ങളും അവരില്‍നിന്ന് ഈടാക്കിയിരുന്നു; അവരുടെ ഭൃത്യന്മാരും ജനങ്ങളുടെമേല്‍ അധികാരം നടത്തിയിരുന്നു; ദൈവത്തെ ഭയന്നു ഞാന്‍ അങ്ങനെ ചെയ്തില്ല.

16 മതിലിന്‍റെ പണിയില്‍ ഞാന്‍ മുഴുവന്‍ സമയവും വ്യാപൃതനായിരുന്നു. ഞങ്ങള്‍ സ്വന്തമായൊന്നും സമ്പാദിച്ചില്ല; എന്‍റെ ഭൃത്യന്മാരെല്ലാം മതില്‍പ്പണിയില്‍ സഹകരിച്ചു.

17 ചുറ്റുമുള്ള ജനതകളില്‍നിന്നു വന്നിരുന്നവരെ കൂടാതെ യെഹൂദ്യരും ഉദ്യോഗസ്ഥന്മാരുമായ നൂറ്റമ്പതുപേര്‍ എന്‍റെ മേശയില്‍നിന്നു ഭക്ഷണം കഴിച്ചിരുന്നു.

18 ഒരു ദിവസത്തേക്ക് എനിക്കുവേണ്ടി ഒരു കാളയെയും കൊഴുത്ത ആറു ആടിനെയും പക്ഷികളെയും പാകം ചെയ്തിരുന്നു. പത്തു ദിവസം കൂടുമ്പോള്‍ പുതുവീഞ്ഞു നിറച്ച തോല്‌ക്കുടങ്ങള്‍ ഒരുക്കിയിരുന്നു; എന്നിട്ടും ജനങ്ങളുടെ കഷ്ടപ്പാടു കണ്ടിട്ട്, ഭരണാധികാരി എന്ന നിലയില്‍ എനിക്ക് അവകാശപ്പെട്ടിരുന്ന ഭക്ഷണപ്പടി ഞാന്‍ ആവശ്യപ്പെട്ടിരുന്നില്ല.

19 എന്‍റെ ദൈവമേ, ഈ ജനത്തിനുവേണ്ടി ഞാന്‍ പ്രവര്‍ത്തിച്ചതെല്ലാം ഓര്‍ത്ത് എനിക്കു നന്മ വരുത്തിയാലും.

6

1

ഞാന്‍ വീണ്ടും മതില്‍ നിര്‍മ്മിച്ച് അതിന്‍റെ വിടവുകള്‍ എല്ലാം അടച്ചു എന്നു സന്‍ബല്ലത്തും തോബീയായും അറേബ്യനായ ഗേശെമും ഞങ്ങളുടെ മറ്റു ശത്രുക്കളും അറിഞ്ഞു. എന്നാല്‍ ഞാന്‍ അതിന്‍റെ കവാടങ്ങള്‍ക്കു കതകുകള്‍ പിടിപ്പിച്ചിരുന്നില്ല.

2 അപ്പോള്‍ സന്‍ബല്ലത്തും ഗേശെമും എന്‍റെ അടുക്കല്‍ ആളയച്ചു പറയിച്ചു: “വരിക, ഓനോ സമതലത്തിലെ ഒരു ഗ്രാമത്തില്‍വച്ചു നമുക്കു കൂടിയാലോചന നടത്താം. എന്നെ ദ്രോഹിക്കുകയായിരുന്നു അവരുടെ ഉദ്ദേശ്യം.

3 ഞാന്‍ അവരുടെ അടുക്കലേക്ക് ഈ മറുപടിയുമായി ദൂതന്മാരെ അയച്ചു. “ഞാന്‍ ഒരു വലിയ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കയാണ്. ഇപ്പോള്‍ വരാന്‍ നിവൃത്തിയില്ല; അതു മുടക്കി നിങ്ങളുടെ അടുക്കല്‍ ഞാന്‍ എന്തിനു വരണം?”

4 ഇതേ സന്ദേശവുമായി അവര്‍ നാലു പ്രാവശ്യം എന്‍റെ അടുക്കല്‍ ആളയച്ചു. ഈ മറുപടിതന്നെ ഓരോ തവണയും ഞാന്‍ നല്‌കി.

5 സന്‍ബല്ലത്ത് അഞ്ചാം പ്രാവശ്യം തന്‍റെ ഭൃത്യനെ ഒരു തുറന്ന കത്തുമായി എന്‍റെ അടുക്കല്‍ അയച്ചു.

6 അതില്‍ ഇപ്രകാരം എഴുതിയിരുന്നു: “നീയും യെഹൂദന്മാരും വിപ്ലവത്തിനു വട്ടം കൂട്ടുന്നു എന്നും അതുകൊണ്ടാണു മതില്‍ പണിയുന്നതെന്നും നീ അവരുടെ രാജാവാകാന്‍ ആഗ്രഹിക്കുന്നു എന്നും ജനതകളുടെ ഇടയില്‍ വാര്‍ത്ത പരന്നിരിക്കുന്നു. ഗേശെമും അതുതന്നെ പറയുന്നു.

7 യെഹൂദ്യയില്‍ ഒരു രാജാവുണ്ടായിരിക്കുന്നു എന്നു നിന്നെക്കുറിച്ചു യെരൂശലേമില്‍ വിളംബരം ചെയ്യാന്‍ നീ പ്രവാചകന്മാരെ നിയോഗിച്ചിരിക്കുന്നു. ഈ വാര്‍ത്ത രാജാവിന്‍റെ അടുക്കലുമെത്തും. അതുകൊണ്ട് വരൂ, നമുക്കു കൂടി ആലോചിക്കാം.

8 “ഞാന്‍ അയാള്‍ക്ക് ഇങ്ങനെ മറുപടി നല്‌കി: “നിങ്ങള്‍ പറയുന്നതുപോലെ യാതൊന്നും നടന്നിട്ടില്ല. അതെല്ലാം നിങ്ങളുടെ സങ്കല്പമാണ്.”

9 ജോലി തുടരാനാവാത്തവിധം ഞങ്ങള്‍ തളര്‍ന്നുപോകും എന്നു കരുതിയാണ് അവര്‍ ഞങ്ങളെ ഭയപ്പെടുത്താന്‍ ശ്രമിച്ചത്. അതിനാല്‍ ദൈവമേ, എന്‍റെ കരങ്ങള്‍ക്കു ശക്തി നല്‌കിയാലും.

10

പിന്നീട് ഞാന്‍ മെഹേതബേലിന്‍റെ പൗത്രനും ദെലായായുടെ പുത്രനുമായ ശെമയ്യായുടെ വീട്ടില്‍ ചെന്നു. അയാള്‍ വീട്ടിനുള്ളില്‍തന്നെ കഴിയുകയായിരുന്നു. അയാള്‍ എന്നോടു പറഞ്ഞു: “നമുക്കു ദേവാലയത്തിനുള്ളില്‍ കടന്നു വാതില്‍ അടച്ചിരിക്കാം. അവര്‍ നിങ്ങളെ കൊല്ലാന്‍ വരുന്നുണ്ട്. അവര്‍ അങ്ങയെ കൊല്ലാന്‍ രാത്രിയില്‍ വരും”.

11 ഞാന്‍ പറഞ്ഞു: “എന്നെപ്പോലെ ഒരാള്‍ പേടിച്ച് ഓടുകയോ? എന്നെപ്പോലെ ഒരാള്‍ ജീവരക്ഷയ്‍ക്കു ദേവാലയത്തില്‍ പോയി ഒളിക്കുകയോ? ഞാന്‍ പോകയില്ല.”

12 ദൈവത്തിന്‍റെ അരുളപ്പാടല്ല അവന്‍ അറിയിച്ചതെന്നും തോബീയായും സന്‍ബല്ലത്തും പണം കൊടുത്ത് അവനെക്കൊണ്ട് എനിക്കെതിരെ പ്രവചിപ്പിക്കുകയാണ് ചെയ്തതെന്നും എനിക്കു മനസ്സിലായി.

13 ഭയപ്പെട്ട് ഇപ്രകാരം പ്രവര്‍ത്തിച്ച് ഞാന്‍ പാപം ചെയ്യുന്നതിനും ദുഷ്കീര്‍ത്തിവരുത്തി എന്നെ അപഹസിക്കുന്നതിനും വേണ്ടിയായിരുന്നു അവര്‍ അയാളെ കൂലിക്ക് എടുത്തത്.

14 എന്‍റെ ദൈവമേ, തോബീയായ്‍ക്കും സന്‍ബല്ലത്തിനും നോവദ്യാ എന്ന പ്രവാചികയ്‍ക്കും എന്നെ ഭയപ്പെടുത്താന്‍ ശ്രമിച്ച മറ്റു പ്രവാചകര്‍ക്കും അവരുടെ പ്രവൃത്തികള്‍ക്കു തക്ക പ്രതിഫലം നല്‌കണമേ.

15

എലൂല്‍ മാസം ഇരുപത്തഞ്ചാം ദിവസം മതില്‍പ്പണി പൂര്‍ത്തിയായി. അതിന് അമ്പത്തിരണ്ടു ദിവസം വേണ്ടിവന്നു.

16 ഞങ്ങളുടെ ശത്രുക്കളും ഞങ്ങളുടെ ചുറ്റുമുള്ള ജനതകളും ഇതു കേട്ടപ്പോള്‍ ഭയപ്പെട്ടു. അവരുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടു. ഞങ്ങളുടെ ദൈവത്തിന്‍റെ സഹായത്താലാണു പണി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത് എന്ന് അവര്‍ക്ക് ബോധ്യമായി.

17 ആ കാലത്ത് യെഹൂദാ പ്രഭുക്കന്മാരും തോബീയായും തമ്മില്‍ കത്തിടപാടുകള്‍ ഉണ്ടായിരുന്നു.

18 തോബിയാ ആരഹിന്‍റെ പുത്രന്‍ ശെഖന്യായുടെ ജാമാതാവ് ആയിരുന്നു. അയാളുടെ പുത്രനായ യോഹാനാന്‍ ബേരഖ്യായുടെ പുത്രനായ മെശുല്ലാമിന്‍റെ പുത്രിയെ വിവാഹം കഴിച്ചിരുന്നു. തന്നിമിത്തം യെഹൂദ്യയില്‍ അനേകം പേര്‍ അയാളുമായി ബന്ധപ്പെട്ടിരുന്നു.

19 അവര്‍ എന്‍റെ മുമ്പില്‍വച്ച് അയാളെ പ്രശംസിക്കുകയും ഞാന്‍ പറഞ്ഞതെല്ലാം അയാളെ അറിയിക്കുകയും ചെയ്തു. തോബീയാ എനിക്കു ഭീഷണിക്കത്തുകള്‍ അയച്ചുകൊണ്ടിരുന്നു.

7

1

ഞാന്‍ മതിലിന്‍റെ പണി പൂര്‍ത്തിയാക്കി കതകുകള്‍ വച്ചു പിടിപ്പിച്ചു. ദ്വാരപാലകരെയും ഗായകരെയും ലേവ്യരെയും നിയമിച്ചു.

2 പിന്നീട് ഞാന്‍ എന്‍റെ സഹോദരനായ ഹനാനിയെയും കോട്ടയുടെ അധിപന്‍ ഹനന്യായെയും യെരൂശലേമിന്‍റെ ഭരണാധികാരികളായി നിയമിച്ചു. ഹനന്യാ മറ്റു പലരെക്കാളും വിശ്വസ്തനും ദൈവഭക്തനും ആയിരുന്നു.

3 ഞാന്‍ അവരോടു പറഞ്ഞു: “വെയില്‍ ഉറയ്‍ക്കുന്നതുവരെ യെരൂശലേം നഗരകവാടങ്ങള്‍ തുറക്കരുത്; വാതിലുകള്‍ അടച്ചു കുറ്റിയിടുന്നത് നിങ്ങളുടെ സാന്നിധ്യത്തില്‍ ആയിരിക്കണം. യെരൂശലേംനിവാസികളില്‍നിന്നു വേണം കാവല്‌ക്കാരെ നിയമിക്കാന്‍. അവര്‍ അവരവരുടെ വീടുകളുടെ മുമ്പില്‍ കാവല്‍ നില്‌ക്കണം.

4 യെരൂശലേം നഗരം വളരെ വിശാലമായിരുന്നു; എന്നാല്‍ ജനം കുറവായിരുന്നു. വീടുകള്‍ പണിതിരുന്നില്ല.

5

വംശാവലി അനുസരിച്ചു പേരുകള്‍ രേഖപ്പെടുത്താന്‍ പ്രഭുക്കന്മാരെയും പ്രമാണികളെയും ജനങ്ങളെയും വിളിച്ചുകൂട്ടുന്നതിന് എന്‍റെ ദൈവം എനിക്കു പ്രേരണ നല്‌കി. ആദ്യം യെരൂശലേമിലേക്കു മടങ്ങിവന്നവരുടെ വംശാവലി രേഖപ്പെടുത്തിയിരിക്കുന്ന ഒരു പുസ്‍തകം എനിക്കു കിട്ടി. അതില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരുന്നു:

6 “ബാബിലോണ്‍രാജാവായ നെബുഖദ്നേസര്‍ പിടിച്ചുകൊണ്ടുപോയ പ്രവാസികളില്‍ അനേകം പേര്‍ സ്വതന്ത്രരായി സ്വന്തപട്ടണങ്ങളിലേക്കു മടങ്ങിവന്നു.

7 സെരുബ്ബാബേല്‍, യേശുവ, നെഹെമ്യാ, അസര്യാ, രയമ്യാ, നഹമാനി, മൊര്‍ദെഖായി, ബില്‍ശാന്‍, മിസ്പേരെത്ത്, ബിഗ്വായി, നെഹൂം, ബയനാ എന്നിവരുടെ നേതൃത്വത്തിലാണ് അവര്‍ യെരൂശലേമിലേക്കും യെഹൂദ്യയിലേക്കും മടങ്ങിവന്നത്. ഇസ്രായേല്‍ജനത്തിലെ പുരുഷന്മാരുടെ സംഖ്യ:

8 പരോശിന്‍റെ കുടുംബത്തില്‍ രണ്ടായിരത്തൊരുനൂറ്റെഴുപത്തിരണ്ട്;

9 ശെഫത്യായുടെ കുടുംബത്തില്‍ മുന്നൂറ്റെഴുപത്തിരണ്ട്.

10 ആരഹിന്‍റെ കുടുംബത്തില്‍ അറുനൂറ്റമ്പത്തിരണ്ട്;

11 പഹത്ത്-മോവാബ് വംശക്കാരായ യേശുവയുടെയും യോവാബിന്‍റെയും കുടുംബങ്ങളില്‍ രണ്ടായിരത്തെണ്ണൂറ്റിപ്പതിനെട്ട്;

12 ഏലാമിന്‍റെ കുടുംബത്തില്‍ ആയിരത്തിരുനൂറ്റമ്പത്തിനാല്;

13 സത്ഥൂവിന്‍റെ കുടുംബത്തില്‍ എണ്ണൂറ്റി നാല്പത്തഞ്ച്;

14 സക്കായിയുടെ കുടുംബത്തില്‍ എഴുനൂറ്ററുപത്;

15 ബിന്നൂയിയുടെ കുടുംബത്തില്‍ അറുനൂറ്റി നാല്പത്തെട്ട്,

16 ബേബായിയുടെ കുടുംബത്തില്‍ അറുനൂറ്റി ഇരുപത്തെട്ട്;

17 അസ്ഗാദിന്‍റെ കുടുംബത്തില്‍ രണ്ടായിരത്തി മുന്നൂറ്റിരുപത്തിരണ്ട്;

18 അദോനീക്കാമിന്‍റെ കുടുംബത്തില്‍ അറുനൂറ്ററുപത്തേഴ്;

19 ബിഗ്വായിയുടെ കുടുംബത്തില്‍ രണ്ടായിരത്തറുപത്തേഴ്;

20 ആദീന്‍റെ കുടുംബത്തില്‍ അറുനൂറ്റമ്പത്തഞ്ച്;

21 ഹിസ്കീയായുടെ പുത്രനായ ആതേരിന്‍റെ കുടുംബത്തില്‍ തൊണ്ണൂറ്റെട്ട്;

22 ഹാശൂമിന്‍റെ കുടുംബത്തില്‍ മുന്നൂറ്റിരുപത്തെട്ട്;

23 ബേസായിയുടെ കുടുംബത്തില്‍ മുന്നൂറ്റിരുപത്തിനാല്;

24 ഹാരീഫിന്‍റെ കുടുംബത്തില്‍ നൂറ്റിപന്ത്രണ്ട്.

25 ഗിബെയോന്യര്‍ തൊണ്ണൂറ്റഞ്ച്;

26 ബേത്‍ലഹേമ്യരും നെതോഫാത്യരും കൂടെ നൂറ്റെണ്‍പത്തെട്ട്;

27 അനാഥോത്യര്‍ നൂറ്റിരുപത്തെട്ട്;

28 ബേത്ത്-അസ്മാവേത്യര്‍ നാല്പത്തിരണ്ട്.

29 കിര്യത്ത്-യെയാരീം, കെഫീരാ, ബെയെരോത്ത് എന്നിവിടങ്ങളിലെ നിവാസികള്‍ എഴുനൂറ്റിനാല്പത്തിമൂന്ന്;

30 രാമാക്കാരും ഗേബക്കാരും കൂടെ അറുനൂറ്റിയിരുപത്തൊന്ന്. മിക്മാസ്യര്‍ നൂറ്റിയിരുപത്തിരണ്ട്.

31 [31,32] ബേഥേല്‍ക്കാരും ഹായീക്കാരും കൂടെ നൂറ്റിയിരുപത്തിമൂന്ന്; മറ്റേ നെബോവ്യര്‍ അമ്പത്തിരണ്ട്;

32

33 [33,34] മറ്റേ ഏലാവ്യര്‍ ആയിരത്തിയിരുനൂറ്റമ്പത്തിനാല്;

34

35 ഹാരീമിന്‍റെ കുടുംബത്തില്‍ മുന്നൂറ്റിയിരുപത്;

36 യെരീഹോ നിവാസികള്‍ മുന്നൂറ്റിനാല്പത്തഞ്ച്;

37 ലോദ്യരും ഹാദീദ്യരും ഓനോവ്യരും കൂടി എഴുനൂറ്റിയിരുപത്തൊന്ന്;

38 സേനായാക്കാര്‍ മൂവായിരത്തിത്തൊള്ളായിരത്തി മുപ്പത്.

39 പുരോഹിതന്മാര്‍: യേശുവയുടെ സന്താനപരമ്പരയില്‍ യെദായായുടെ കുടുംബത്തില്‍ തൊള്ളായിരത്തെഴുപത്തിമൂന്ന്;

40 ഇമ്മേരിന്‍റെ കുടുംബത്തില്‍ ആയിരത്തമ്പത്തിരണ്ട്;

41 പശ്ഹൂരിന്‍റെ കുടുംബത്തില്‍ ആയിരത്തിരുനൂറ്റി നാല്പത്തേഴ്;

42 ഹാരീമിന്‍റെ കുടുംബത്തില്‍ ആയിരത്തിപ്പതിനേഴ്.

43 ലേവ്യര്‍: ഹോദെവയുടെ സന്താനപരമ്പരയില്‍ കദ്മീയേലിന്‍റെ പുത്രന്‍ യേശുവയുടെ കുടുംബക്കാര്‍ എഴുപത്തിനാല്.

44 ഗായകന്മാര്‍: ആസാഫ്യര്‍ നൂറ്റിനാല്പത്തെട്ട്.

45 ദ്വാരപാലകന്മാര്‍: ശല്ലൂം, ആതേര്‍, തല്‍മോന്‍, അക്കൂബ്, ഹതീത, ശോബായ് എന്നിവരുടെ പുത്രന്മാര്‍ ആകെ നൂറ്റിമുപ്പത്തെട്ട്.

46 ദേവാലയദാസന്മാര്‍: സീഹ, ഹസൂഫ,

47 തബ്ബായോത്, കേരോസ്, സീയാ, പാദോന്‍,

48 [48,49] ലെബാന, ഹഗാബ, സല്‍മായി, ഹാനാന്‍,

49

50 ഗിദ്ദേല്‍, ഗാഹര്‍, രെയായ്യാ, രെസീന്‍, നെക്കോദ,

51 [51,52] ഗസ്സാം, ഉസ്സ, പാസേഹാ, ബേസായി, മെയൂന്യര്‍,

52

53 നെഫീത്യര്‍, ബക്ക്ബൂക്ക്, ഹക്കൂഫ,

54 ഹര്‍ഹൂര്‍, ബസ്ലീത്ത്, മെഹീദ, ഹര്‍ശ, ബര്‍ക്കോസ്,

55 [55,56] സീസെര, തേമഹ്, നെസീഹാ, ഹതീഫ എന്നിവരുടെ പുത്രന്മാരാകുന്നു.

56

57

ശലോമോന്‍റെ ദാസന്മാരുടെ പുത്രന്മാര്‍: സോതായി,

58 സോഫേരെത്ത്, പെരീദ, യാല, ദര്‍ക്കോന്‍,

59 ഗിദ്ദേല്‍, ശെഫത്യാ, ഹത്തീല്‍, പോഖെരെത്ത്-സെബായീം, ആമോന്‍ ഇവരുടെ പുത്രന്മാര്‍.

60 ദേവാലയദാസന്മാരും ശലോമോന്‍റെ ദാസന്മാരുടെ പുത്രന്മാരും കൂടെ ആകെ മുന്നൂറ്റിത്തൊണ്ണൂറ്റിരണ്ട്.

61 തേല്‍ - മേലെഹ്, തേല്‍ - ഹര്‍ശാ, കെരൂബ്, അദ്ദോന്‍, ഇമ്മേര്‍ എന്നീ സ്ഥലങ്ങളില്‍നിന്നു മടങ്ങി വന്നവര്‍ക്ക് അവര്‍ ഇസ്രായേല്യര്‍ തന്നെയെന്നതിന് പിതൃഭവനമോ വംശോല്‍പത്തിയോ തെളിയിക്കാന്‍ കഴിഞ്ഞില്ല.

62 ദെലായായുടെയും തോബീയായുടെയും നെക്കോദയുടെയും പുത്രന്മാര്‍ ആകെ അറുനൂറ്റി നാല്പത്തിരണ്ടു പേര്‍.

63 പുരോഹിതരില്‍: ഹോബയുടെയും ഹക്കോസ്സിന്‍റെയും ബര്‍സില്ലായുടെയും പുത്രന്മാര്‍. ബര്‍സില്ലാ കുടുംബക്കാരുടെ പൂര്‍വികന്‍ ഗിലെയാദുകാരനായ ബര്‍സില്ലായുടെ ഒരു പുത്രിയെ വിവാഹം കഴിച്ചു. അതുകൊണ്ടാണ് അവര്‍ ആ പേരില്‍ അറിയപ്പെടുന്നത്.

64 അവരുടെ വംശാവലിരേഖ അന്വേഷിച്ചെങ്കിലും കണ്ടുകിട്ടിയില്ല; അതുകൊണ്ട് അവരെ അശുദ്ധരായി കരുതി പൗരോഹിത്യത്തില്‍നിന്നു നീക്കിക്കളഞ്ഞു.

65 ഊരീമും തുമ്മീമും ധരിച്ചു ശുശ്രൂഷചെയ്യുന്ന ഒരു പുരോഹിതന്‍ ഉണ്ടാകുന്നതുവരെ വിശുദ്ധഭോജനത്തില്‍ പങ്കെടുക്കരുതെന്നു ദേശാധിപതി അവരോടു കല്പിച്ചു.

66

ജനം ആകെ നാല്പത്തീരായിരത്തി മുന്നൂറ്ററുപതു പേര്‍.

67 കൂടാതെ, ദാസീദാസന്മാരായി ഏഴായിരത്തി മുന്നൂറ്റിമുപ്പത്തേഴു പേരും ഗായികാഗായകന്മാരായി ഇരുനൂറ്റി നാല്പത്തഞ്ചു പേരും ഉണ്ടായിരുന്നു.

68 എഴുനൂറ്റിമുപ്പത്താറു കുതിരകളും ഇരുനൂറ്റി നാല്പത്തഞ്ചു കോവര്‍കഴുതകളും

69 നാനൂറ്റി മുപ്പത്തഞ്ചു ഒട്ടകങ്ങളും ആറായിരത്തെഴുനൂറ്റിയിരുപതു കഴുതകളും അവര്‍ക്കുണ്ടായിരുന്നു.

70 പിതൃഭവനത്തലവന്മാര്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കു സംഭാവനകള്‍ നല്‌കി; ദേശാധിപതി ആയിരം തങ്കക്കാശും അമ്പതു തളികകളും അഞ്ഞൂറ്റിമുപ്പത് പുരോഹിതവസ്ത്രവും ഭണ്ഡാരത്തിലേക്കു നല്‌കി.

71 പിതൃഭവനത്തലവന്മാരില്‍ ചിലര്‍ നിര്‍മ്മാണശേഖരത്തിലേക്ക് ഇരുപതിനായിരം തങ്കക്കാശും രണ്ടായിരത്തി ഇരുനൂറു മാനേ വെള്ളിയും ദാനം ചെയ്തു.

72 മറ്റുള്ളവര്‍ ഇരുപതിനായിരം തങ്കക്കാശും രണ്ടായിരം മാനേ വെള്ളിയും അറുപത്തേഴു പുരോഹിതവസ്ത്രവും നല്‌കി.

73

പുരോഹിതര്‍, ലേവ്യര്‍, ദ്വാരപാലകര്‍, ഗായകര്‍, ദേവാലയശുശ്രൂഷകര്‍ തുടങ്ങിയ ഇസ്രായേല്യരെല്ലാം അവരവരുടെ പട്ടണങ്ങളില്‍ പാര്‍ത്തു.

8

1

അങ്ങനെ ഇസ്രായേല്‍ജനം അവരവരുടെ പട്ടണങ്ങളില്‍ പാര്‍ത്തുവരുമ്പോള്‍ ഏഴാം മാസം അവര്‍ ഏകമനസ്സോടെ ജലകവാടത്തിനു മുമ്പിലുള്ള തുറസ്സായ സ്ഥലത്തു സമ്മേളിച്ചു. സര്‍വേശ്വരന്‍ ഇസ്രായേലിനു നല്‌കിയിരുന്ന മോശയുടെ ധര്‍മശാസ്ത്രപുസ്‍തകം കൊണ്ടുവരാന്‍ അവര്‍ വേദപണ്ഡിതനായ എസ്രായോടു പറഞ്ഞു.

2 കേട്ടുഗ്രഹിക്കാന്‍ പ്രാപ്തിയുള്ള സകല സ്‍ത്രീപുരുഷന്മാരുമടങ്ങിയ സഭയുടെ മുമ്പാകെ ഏഴാം മാസം ഒന്നാം തീയതി എസ്രാപുരോഹിതന്‍ ധര്‍മശാസ്ത്രപുസ്‍തകം കൊണ്ടുവന്നു.

3 ജലകവാടത്തിനു മുമ്പിലുള്ള തുറസ്സായ സ്ഥലത്തുവച്ചു പ്രഭാതംമുതല്‍ മധ്യാഹ്നംവരെ ധര്‍മശാസ്ത്രപുസ്‍തകം അദ്ദേഹം അവര്‍ കേള്‍ക്കെ ഉറക്കെ വായിച്ചു; ജനമെല്ലാം അതു ശ്രദ്ധാപൂര്‍വം കേട്ടു.

4 ഈ കാര്യത്തിനായി മരംകൊണ്ടു നിര്‍മ്മിച്ച പ്രസംഗപീഠത്തില്‍ എസ്രാ കയറി നിന്നു. അദ്ദേഹത്തിന്‍റെ വലത്തുഭാഗത്തു മത്ഥിത്ഥ്യാ, ശേമാ, അനായാ, ഊരീയാ, ഹില്‌കീയാ, മയസേയാ എന്നിവരും ഇടത്തുഭാഗത്ത് പെദായാ, മീശായേല്‍, മല്‌കീയാ, ഹാശൂം, ഹശ്ബദ്ദാന, സെഖര്യാ, മെശുല്ലാം എന്നിവരും നിന്നു.

5 ഉയര്‍ന്ന പീഠത്തില്‍ നിന്നുകൊണ്ട് എല്ലാവരും കാണ്‍കെ എസ്രാ പുസ്‍തകം തുറന്നു; അപ്പോള്‍ എല്ലാവരും എഴുന്നേറ്റു നിന്നു.

6 എസ്രാ അത്യുന്നതദൈവമായ സര്‍വേശ്വരനെ സ്തുതിച്ചു; ജനമെല്ലാം കൈ ഉയര്‍ത്തി ആമേന്‍, ആമേന്‍ എന്നു പറഞ്ഞുകൊണ്ടു സാഷ്ടാംഗപ്രണാമം ചെയ്ത് അവിടുത്തെ ആരാധിച്ചു.

7 എല്ലാവരും സ്വസ്ഥാനങ്ങളില്‍ തന്നെ നില്‌ക്കുമ്പോള്‍ യേശുവാ, ബാനി, ശേരെബ്യാ, യാമീന്‍, അക്കൂബ്, ശബ്ബെത്തായി, ഹോദീയാ, മയസേയാ, കെലീതാ, അസര്യാ, യോസാബാദ്, ഹനാന്‍, പെലായാ എന്നിവരും ലേവ്യരും ജനത്തിനു നിയമം വിശദീകരിച്ചുകൊടുത്തു.

8 അവര്‍ ദൈവത്തിന്‍റെ ധര്‍മശാസ്ത്രപുസ്‍തകം വ്യക്തമായി വായിച്ചു കേള്‍പ്പിക്കുകയും എല്ലാവര്‍ക്കും ഗ്രഹിക്കത്തക്കവിധം അതു വിശദീകരിച്ചു കൊടുക്കുകയും ചെയ്തു.

9 ധര്‍മശാസ്ത്രം വായിച്ചുകേട്ടപ്പോള്‍ ജനം കരഞ്ഞു. അപ്പോള്‍ ദേശാധിപതി നെഹെമ്യായും പുരോഹിതനും വേദപണ്ഡിതനുമായ എസ്രായും ജനത്തെ പഠിപ്പിച്ചുകൊണ്ടിരുന്ന ലേവ്യരും സമസ്തജനങ്ങളോടുമായി പറഞ്ഞു: “നിങ്ങളുടെ ദൈവമായ സര്‍വേശ്വരന് ഈ ദിനം വിശുദ്ധമാകുന്നു; ഇന്ന് നിങ്ങള്‍ കരയുകയോ വിലപിക്കുകയോ അരുത്!”

10 പിന്നീട് അദ്ദേഹം അവരോടു പറഞ്ഞു: “നിങ്ങള്‍ പോയി മൃഷ്ടാന്നഭോജനവും മധുരപാനീയവും കഴിക്കുക. ഭക്ഷണം ഒരുക്കിയിട്ടില്ലാത്തവര്‍ക്കു നിങ്ങളുടെ ആഹാരം പങ്കിടുക. ഈ ദിവസം നമ്മുടെ സര്‍വേശ്വരനു വിശുദ്ധമാകുന്നു; നിങ്ങള്‍ ദുഃഖിക്കരുത്. സര്‍വേശ്വരന്‍റെ സന്തോഷമാണു നിങ്ങളുടെ ബലം.”

11 “മിണ്ടാതിരിക്കുക; ഈ ദിവസം സര്‍വേശ്വരനു വിശുദ്ധമാണ്; നിങ്ങള്‍ ദുഃഖിക്കരുത്” എന്നു പറഞ്ഞ് ലേവ്യര്‍ ജനത്തെ സമാധാനപ്പെടുത്തി.

12 തങ്ങളോടു പറഞ്ഞ കാര്യങ്ങള്‍ ജനത്തിനു ബോധ്യമായി. അങ്ങനെ അവര്‍ ഭക്ഷണപാനീയങ്ങള്‍ കഴിക്കാനും ഇല്ലാത്തവര്‍ക്കു ഭക്ഷണം പങ്കിടാനും അത്യന്തം ആഹ്ലാദിക്കാനുമായി പിരിഞ്ഞുപോയി.

13

അടുത്തദിവസം സര്‍വജനത്തിന്‍റെയും പിതൃഭവനത്തലവന്മാരും പുരോഹിതരും ലേവ്യരും ധര്‍മശാസ്ത്രത്തിലെ വചനം പഠിക്കാന്‍വേണ്ടി വേദപണ്ഡിതനായ എസ്രായുടെ അടുക്കല്‍ വന്നു.

14 “ജനം ഏഴാം മാസം ഉത്സവത്തിനു കൂടാരങ്ങളില്‍ പാര്‍ക്കണം” എന്നും

15 “കൂടാരങ്ങള്‍ ഉണ്ടാക്കാന്‍ മലയില്‍ പോയി ഒലിവിന്‍റെയും കാട്ടൊലിവിന്‍റെയും കൊഴുന്തിന്‍റെയും തഴച്ച വൃക്ഷങ്ങളുടെയും കൊമ്പുകളും ഈന്തമടലുകളും കൊണ്ടുവന്ന് നിര്‍ദ്ദേശിച്ചിരിക്കുംപോലെ കൂടാരങ്ങള്‍ നിര്‍മ്മിക്കണമെന്നും” തങ്ങളുടെ എല്ലാ പട്ടണങ്ങളിലും യെരൂശലേമിലും ഇതു വിളംബരം ചെയ്യണമെന്നും” എഴുതിയിരിക്കുന്ന ഭാഗം സര്‍വേശ്വരന്‍ മോശയിലൂടെ നല്‌കിയിരുന്ന നിയമത്തില്‍ അവര്‍ കണ്ടു.

16

അതനുസരിച്ചു ജനം അവ കൊണ്ടുവന്നു വീടുകളുടെ മട്ടുപ്പാവിലും മുറ്റത്തും ദേവാലയത്തിന്‍റെ അങ്കണങ്ങളിലും ജലകവാടത്തിനും എഫ്രയീംകവാടത്തിനും സമീപത്തുള്ള തുറസ്സായ സ്ഥലങ്ങളിലും കൂടാരങ്ങളുണ്ടാക്കി.

17 പ്രവാസത്തില്‍നിന്നു മടങ്ങിവന്ന ജനമെല്ലാം കൂടാരങ്ങളുണ്ടാക്കി അവയില്‍ പാര്‍ത്തു. നൂന്‍റെ പുത്രന്‍ യോശുവയുടെ കാലത്തിനുശേഷം അന്നുവരെ ഇസ്രായേല്‍ജനം ഇപ്രകാരം ചെയ്തിരുന്നില്ല. അങ്ങനെ അവര്‍ അത്യന്തം ആഹ്ലാദിച്ചു.

18 ഉത്സവത്തിന്‍റെ ആദ്യദിവസംമുതല്‍ അവസാനദിവസംവരെ എന്നും എസ്രാ ദൈവത്തിന്‍റെ ധര്‍മശാസ്ത്രപുസ്‍തകം വായിച്ചു കേള്‍പ്പിച്ചു. അങ്ങനെ അവര്‍ ഏഴു ദിവസം ഉത്സവം ആചരിച്ച് എട്ടാം ദിവസം ധര്‍മശാസ്ത്രമനുസരിച്ച് അവര്‍ വിശുദ്ധസഭ കൂടി.

9

1

ആ മാസം ഇരുപത്തിനാലാം ദിവസം ഇസ്രായേല്‍ജനം ഉപവസിച്ച് ചാക്കുതുണി ഉടുത്തു തലയില്‍ പൂഴി വാരിയിട്ട് സമ്മേളിച്ചു.

2 ഇസ്രായേല്‍ജനം അന്യജനതകളില്‍നിന്നു വേര്‍തിരിഞ്ഞു തങ്ങളുടെ പാപങ്ങളും തങ്ങളുടെ പിതാക്കന്മാരുടെ അകൃത്യങ്ങളും ഏറ്റുപറഞ്ഞു.

3 പിന്നീട് അവര്‍ സ്വസ്ഥാനങ്ങളില്‍ എഴുന്നേറ്റു നിന്നു മൂന്നു മണിക്കൂറോളം തങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ ധര്‍മശാസ്ത്ര പുസ്‍തകം വായിച്ചുകേള്‍ക്കുകയും മൂന്നു മണിക്കൂര്‍ പാപങ്ങള്‍ ഏറ്റുപറഞ്ഞ് അവിടുത്തെ ആരാധിക്കുകയും ചെയ്തു.

4 ലേവ്യരായ യേശുവ, ബാനി, കദ്മീയേല്‍, ശെബന്യാ, ബുന്നി, ശേരെബ്യാ, ബാനി, കെനാനി എന്നിവര്‍ ലേവ്യരുടെ വേദിയില്‍ നിന്നുകൊണ്ടു ദൈവമായ സര്‍വേശ്വരനോടു നിലവിളിച്ചു പ്രാര്‍ഥിച്ചു.

5 പിന്നീട് ലേവ്യരായ യേശുവ, കദ്മീയേല്‍, ബാനി, ഹശബ്ന്യാ, ശേരെബ്യാ, ഹോദിയാ, ശെബന്യാ, പെദഹ്യാ എന്നിവര്‍ പറഞ്ഞു: “നിങ്ങള്‍ എഴുന്നേറ്റു നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ എന്നുമെന്നും വാഴ്ത്തുക; സകല സ്തുതികള്‍ക്കും സ്തോത്രങ്ങള്‍ക്കും അതീതനായ അവിടുത്തെ മഹത്ത്വമേറിയ നാമം വാഴ്ത്തപ്പെടട്ടെ.”

6

എസ്രാ തുടര്‍ന്നു: “അവിടുന്ന്, അവിടുന്നു മാത്രം ആണ് സര്‍വേശ്വരന്‍. അവിടുന്നു സ്വര്‍ഗത്തെയും സ്വര്‍ഗാധിസ്വര്‍ഗത്തെയും സകല വാനഗോളങ്ങളെയും അതിലുള്ള സകലത്തെയും സമുദ്രങ്ങളെയും അവയിലുള്ള സകലത്തെയും സൃഷ്‍ടിച്ചു. അവിടുന്ന് അവയെ എല്ലാം സംരക്ഷിക്കുന്നു; വാനഗോളങ്ങള്‍ അങ്ങയെ നമസ്കരിക്കുന്നു.

7 അബ്രാമിനെ തിരഞ്ഞെടുത്തു കല്ദയരുടെ പട്ടണമായ ഊരില്‍നിന്നു കൊണ്ടുവന്ന് അദ്ദേഹത്തിന് അബ്രഹാം എന്നു പേരു നല്‌കിയ ദൈവമായ സര്‍വേശ്വരന്‍ അവിടുന്നുതന്നെ.

8 അബ്രഹാം വിശ്വസ്തനാണെന്ന് അവിടുന്നു മനസ്സിലാക്കി; കനാന്യര്‍, ഹിത്യര്‍, അമോര്യര്‍, പെരിസ്യര്‍, യെബൂസ്യര്‍, ഗിര്‍ഗസ്യര്‍ എന്നിവരുടെ ദേശം അദ്ദേഹത്തിന്‍റെ പിന്‍തലമുറകള്‍ക്ക് കൊടുക്കും എന്ന് അവിടുന്ന് ഉടമ്പടി ചെയ്തു. നീതിമാനായ അവിടുന്ന് അതു നിറവേറ്റി.

9 ഈജിപ്തില്‍ ഞങ്ങളുടെ പിതാക്കന്മാര്‍ അനുഭവിച്ച കഷ്ടതകള്‍ അവിടുന്നു കണ്ടു; ചെങ്കടലിന്‍റെ തീരത്തുവച്ച് അവരുടെ നിലവിളി കേട്ടു.

10 ഈജിപ്തുകാര്‍ ഞങ്ങളുടെ പിതാക്കന്മാരോടു ധിക്കാരപൂര്‍വം പ്രവര്‍ത്തിച്ചത് അവിടുന്ന് അറിഞ്ഞു. ഫറവോയ്‍ക്കും അയാളുടെ ഭൃത്യന്മാര്‍ക്കും ആ ദേശത്തെ ജനത്തിനും എതിരെ അടയാളങ്ങളും അദ്ഭുതങ്ങളും കാട്ടി. അങ്ങനെ അവിടുത്തെ നാമം പ്രസിദ്ധമായി. അത് ഇന്നും നിലനില്‌ക്കുന്നു.

11 അവിടുന്ന് ഇസ്രായേല്‍ജനത്തിന്‍റെ മുമ്പില്‍ കടലിനെ രണ്ടായി വിഭജിച്ചു. അങ്ങനെ അവര്‍ ഉണങ്ങിയ നിലത്തുകൂടി നടന്നുപോയി. അവരെ പിന്തുടര്‍ന്നവരെ ആഴജലത്തില്‍ വീണ കല്ല് എന്നപോലെ അവിടുന്നു സമുദ്രത്തില്‍ ആഴ്ത്തിക്കളഞ്ഞു.

12 അവിടുന്ന് പകല്‍ മേഘസ്തംഭത്താല്‍ അവരെ നയിച്ചു; രാത്രിയില്‍ അഗ്നിസ്തംഭത്തിന്‍റെ പ്രകാശത്താല്‍ അവരെ വഴി നടത്തി.

13 സ്വര്‍ഗത്തില്‍നിന്നു സീനായ്പര്‍വതത്തില്‍ ഇറങ്ങിവന്ന് അവിടുന്ന് അവരോടു സംസാരിച്ചു; യഥാര്‍ഥ നീതിനിഷ്ഠമായ വിധികളും നിയമങ്ങളും ഉചിതമായ ചട്ടങ്ങളും കല്പനകളും അവര്‍ക്കു നല്‌കി.

14 വിശുദ്ധശബത്ത് എങ്ങനെ ആചരിക്കണമെന്ന് അവിടുന്ന് അവരെ അറിയിച്ചു. അവിടുത്തെ ദാസനായ മോശയിലൂടെ അവര്‍ക്ക് ചട്ടങ്ങളും കല്പനകളും നിയമങ്ങളും നല്‌കി.

15 അവരുടെ വിശപ്പടക്കാന്‍ ആകാശത്തുനിന്ന് അപ്പം കൊടുത്തു; അവരുടെ ദാഹം ശമിപ്പിക്കുന്നതിനു പാറയില്‍നിന്നു വെള്ളം പുറപ്പെടുവിച്ചു. അവര്‍ക്കു വാഗ്ദാനം ചെയ്തിരുന്ന ദേശം കൈവശമാക്കാന്‍ അവരോടു കല്പിച്ചു.

16 എന്നാല്‍ അവരും ഞങ്ങളുടെ പിതാക്കന്മാരും അഹങ്കരിച്ച് അങ്ങയോടു ദുശ്ശാഠ്യം കാണിച്ചു; അവിടുത്തെ കല്പനകള്‍ അനുസരിച്ചില്ല.

17 അവിടുത്തെ അനുസരിക്കാന്‍ അവര്‍ വിസമ്മതിച്ചു. അവര്‍ ധിക്കാരികളായി, അവിടുന്നു കാട്ടിയ അദ്ഭുതങ്ങള്‍ മറന്നു. ഈജിപ്തിലെ അടിമത്തത്തിലേക്കു മടങ്ങിപ്പോകാന്‍ ഒരു നേതാവിനെ നിയോഗിച്ചു. അവിടുന്ന് ക്ഷമിക്കുന്നതിന് സന്നദ്ധനും കൃപാലുവും കരുണാര്‍ദ്രനും ക്ഷമാശീലനും അളവറ്റ സ്നേഹനിധിയും ആകയാല്‍ അവരെ കൈവിട്ടില്ല.

18 അവര്‍ തങ്ങള്‍ക്ക് ആരാധിക്കാന്‍ വേണ്ടി ഒരു കാളക്കുട്ടിയെ വാര്‍ത്തുണ്ടാക്കി. “ഇത് ഞങ്ങളെ ഈജിപ്തില്‍നിന്നു കൂട്ടിക്കൊണ്ടുവന്ന ദൈവം, എന്നു പറഞ്ഞ് അങ്ങയെ അത്യന്തം ദുഷിച്ചു.

19 എങ്കിലും അവിടുത്തെ മഹാകരുണയാല്‍ അവരെ മരുഭൂമിയില്‍വച്ചു കൈവിട്ടില്ല; പകല്‍ അവരെ നയിച്ച മേഘസ്തംഭവും രാത്രിയില്‍ അവര്‍ക്കു വെളിച്ചം നല്‌കിയ അഗ്നിസ്തംഭവും അവരെ വിട്ടുമാറിയില്ല.

20 അവര്‍ക്കു നല്ല ഉപദേശം ലഭിക്കാന്‍ അവിടുത്തെ ചൈതന്യം അവരില്‍ പകര്‍ന്നു. അവര്‍ക്കു മന്നയും ദാഹശമനത്തിനു ജലവും അവിടുന്നു തുടര്‍ന്നും നല്‌കി.

21 ഇങ്ങനെ അവിടുന്ന് അവരെ നാല്പതു സംവത്സരം മരുഭൂമിയില്‍ പുലര്‍ത്തി; അവര്‍ക്കു ഒന്നിനും കുറവുണ്ടായില്ല; അവരുടെ വസ്ത്രം പഴകിയില്ല; അവരുടെ പാദങ്ങള്‍ വീങ്ങിയതുമില്ല.

22

അവിടുന്നു രാജ്യങ്ങളെയും ജനതകളെയും അവരുടെ കൈയില്‍ ഏല്പിച്ചു; അത് അവര്‍ക്ക് വിഭജിച്ചു കൊടുത്തു. അവര്‍ ഹെശ്ബോന്‍രാജാവായ സീഹോന്‍റെയും ബാശാന്‍രാജാവായ ഓഗിന്‍റെയും രാജ്യങ്ങള്‍ കൈവശമാക്കി.

23 ഇസ്രായേലിന്‍റെ സന്തതികളെ അവിടുന്ന് ആകാശത്തിലെ നക്ഷത്രങ്ങള്‍പോലെ വര്‍ധിപ്പിച്ചു; കൈവശമാക്കാന്‍ അവരുടെ പിതാക്കന്മാരോടു കല്പിച്ചിരുന്ന ദേശത്തേക്ക് അവരെ നയിച്ചു.

24 അവര്‍ ചെന്നു ദേശം കൈവശമാക്കി. ദേശവാസികളായ കനാന്യരെ അവിടുന്ന് അവര്‍ക്കു കീഴ്പെടുത്തി. യഥേഷ്ടം പ്രവര്‍ത്തിക്കാന്‍ തക്കവിധം അവരുടെ രാജാക്കന്മാരെയും ജനതകളെയും അവരുടെ കൈയില്‍ ഏല്പിച്ചു കൊടുത്തു.

25 അവര്‍ സുരക്ഷിത നഗരങ്ങളും ഫലപുഷ്ടമായ ദേശവും പിടിച്ചടക്കി. വിശിഷ്ട വിഭവങ്ങള്‍ നിറഞ്ഞ വീടുകള്‍, കിണറുകള്‍, മുന്തിരിത്തോട്ടങ്ങള്‍, ഒലിവുതോട്ടങ്ങള്‍, ധാരാളമായ ഫലവൃക്ഷങ്ങള്‍ എന്നിവ കൈവശമാക്കി; അവര്‍ വേണ്ടുവോളം ഭക്ഷിച്ചു തൃപ്തരായി തടിച്ചു കൊഴുത്തു; അവിടുന്നു നല്‌കിയ വിശിഷ്ട വസ്തുക്കള്‍ അവര്‍ അനുഭവിച്ച് ആഹ്ലാദിച്ചു.

26 എന്നിട്ടും അവര്‍ അങ്ങയെ അനുസരിക്കാതെ മത്സരിച്ചു; അവിടുത്തെ നിയമം അവര്‍ പുറന്തള്ളി. അങ്ങയിലേക്കു മടങ്ങിവരാന്‍ ആവശ്യപ്പെട്ട പ്രവാചകരെ അവര്‍ വധിച്ചു. അങ്ങനെ അവര്‍ അങ്ങയെ വളരെയധികം നിന്ദിച്ചു.

27 അതിനാല്‍ അവിടുന്ന് അവരെ ശത്രുക്കളുടെ കൈയില്‍ ഏല്പിച്ചു; അവര്‍ അവരെ പീഡിപ്പിച്ചു. കഷ്ടതയില്‍ അവര്‍ വിളിച്ചപേക്ഷിച്ചു. അപ്പോള്‍ സ്വര്‍ഗത്തില്‍നിന്ന് അവിടുന്ന് അതു കേട്ടു. അവിടുത്തെ കാരുണ്യാതിരേകത്താല്‍ അവര്‍ക്കു വിമോചകരെ നല്‌കി. അവര്‍ അവരെ ശത്രുക്കളില്‍നിന്നു രക്ഷിച്ചു.

28 എന്നാല്‍ സ്വസ്ഥത ഉണ്ടായപ്പോള്‍ അവര്‍ വീണ്ടും തിന്മ പ്രവര്‍ത്തിച്ചു. അതുകൊണ്ട് അവിടുന്നു അവരെ ശത്രുക്കളുടെ കൈയില്‍ ഏല്പിച്ചു; അവര്‍ അവരെ ഭരിച്ചു. അവര്‍ തിരിഞ്ഞ് അങ്ങയോടു നിലവിളിച്ചപ്പോള്‍ അവിടുന്നു സ്വര്‍ഗത്തില്‍നിന്നു കേട്ടു. അങ്ങനെ അവിടുത്തെ കാരുണ്യത്താല്‍ പലതവണ അവിടുന്ന് അവരെ വിടുവിച്ചു.

29 അവിടുത്തെ നിയമമനുസരിക്കാന്‍ അവിടുന്ന് അവരോടു കല്പിച്ചു. എങ്കിലും അവര്‍ അഹങ്കാരത്തോടെ ജീവിച്ചു; അവിടുത്തെ കല്പനകള്‍ ലംഘിച്ച് പാപം ചെയ്തു. അങ്ങനെ ദുശ്ശാഠ്യക്കാരായ അവര്‍ ജീവദായകമായ കല്പനകള്‍ അനുസരിച്ചില്ല.

30 അവിടുന്നു ദീര്‍ഘകാലം അവരോടു ക്ഷമിച്ചു. പ്രവാചകരിലൂടെ അവിടുത്തെ ആത്മാവ് അവര്‍ക്കു മുന്നറിയിപ്പു നല്‌കി; എന്നാല്‍ അവര്‍ ശ്രദ്ധിച്ചില്ല. അതുകൊണ്ട് അവിടുന്ന് അവരെ അന്യജനതകള്‍ക്ക് ഏല്പിച്ചുകൊടുത്തു.

31 എങ്കിലും അവിടുത്തെ കാരുണ്യാതിരേകത്താല്‍ അവിടുന്ന് അവരെ നിശ്ശേഷം നശിപ്പിക്കയോ കൈവിടുകയോ ചെയ്തില്ല. അവിടുന്നു കൃപയും കരുണയുമുള്ള ദൈവമാണല്ലോ.

32 മഹോന്നതനും ബലവാനും ഭീതിദനും ഉടമ്പടി പാലിക്കുന്നവനും കരുണാനിധിയുമായ ഞങ്ങളുടെ ദൈവമേ, അസ്സീറിയന്‍രാജാക്കന്മാരുടെ കാലംമുതല്‍ ഇന്നുവരെ ഞങ്ങളും ഞങ്ങളുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും പ്രവാചകന്മാരും ഞങ്ങളുടെ പിതാക്കന്മാരും സര്‍വജനങ്ങളും സഹിക്കേണ്ടിവന്ന കഷ്ടതകള്‍ അവിടുന്നു നിസ്സാരമായി ഗണിക്കരുതേ.

33 ഞങ്ങള്‍ അര്‍ഹിക്കുന്ന ശിക്ഷയാണ് അവിടുന്നു ഞങ്ങള്‍ക്കു നല്‌കിയത്. അവിടുന്നു വിശ്വസ്തനായിരുന്നു. ഞങ്ങളാകട്ടെ ദുഷ്ടത പ്രവര്‍ത്തിച്ചു.

34 ഞങ്ങളുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും പിതാക്കന്മാരും അവിടുത്തെ നിയമം അനുസരിച്ചില്ല; അവിടുത്തെ കല്പനകളും അവിടുന്നു നല്‌കിയ മുന്നറിയിപ്പും അവഗണിച്ചു.

35 അവിടുന്ന് അവര്‍ക്ക് അധീനമാക്കിക്കൊടുത്ത വിസ്തൃതവും ഫലപുഷ്‍ടിയുള്ളതുമായ സ്വന്തം ദേശത്ത് അവിടുന്നു നല്‌കിയ നന്മകള്‍ അനുഭവിക്കുമ്പോഴും അവര്‍ അങ്ങയെ സേവിച്ചില്ല. അവര്‍ തങ്ങളുടെ ദുഷ്പ്രവൃത്തികള്‍ ഉപേക്ഷിച്ചുമില്ല.

36 ഞങ്ങള്‍ ഇന്ന് അടിമകളാണ്; സല്‍ഫലങ്ങളും നന്മകളും അനുഭവിക്കാന്‍ ഞങ്ങളുടെ പിതാക്കന്മാര്‍ക്കു കൊടുത്ത ദേശത്തു ഞങ്ങള്‍ ഇന്ന് അടിമകളാണ്.

37 ഞങ്ങളുടെ പാപങ്ങള്‍ നിമിത്തം അവിടുന്നു ഞങ്ങളുടെമേല്‍ അധീശരാക്കിയിരിക്കുന്ന രാജാക്കന്മാര്‍ ഈ ദേശത്തിന്‍റെ സമൃദ്ധി അനുഭവിക്കുന്നു. ഞങ്ങളുടെയും ഞങ്ങളുടെ കന്നുകാലികളുടെയുംമേല്‍ എന്തും പ്രവര്‍ത്തിക്കാനുള്ള അധികാരം അവര്‍ക്കുണ്ട്. ഞങ്ങള്‍ വലിയ കഷ്ടതയില്‍ ആയിരിക്കുന്നു.

38

അതുകൊണ്ട് ഞങ്ങള്‍ ഒരു ഉടമ്പടി എഴുതിയുണ്ടാക്കിയിരിക്കുന്നു. അതില്‍ പ്രഭുക്കന്മാരും ലേവ്യരും പുരോഹിതന്മാരും ഒപ്പുവയ്‍ക്കുന്നു.

10

1

ഉടമ്പടിയില്‍ ഒപ്പു വച്ചവര്‍: ഹഖല്യായുടെ പുത്രനും ദേശാധിപതിയുമായ നെഹെമ്യാ,

2 സിദെക്കീയാ, സെരായാ, അസര്യാ, യിരെമ്യാ,

3 പശ്ഹൂര്‍, അമര്യാ, മല്‌ക്കീയാ, ഹത്തൂശ്,

4 [4,5] ശെബന്യാ, മല്ലൂക്, ഹാരീം, മെരേമോത്ത്,

5

6 ഓബദ്യാ, ദാനീയേല്‍, ഗിന്നെഥോന്‍, ബാരൂക്ക്,

7 മെശുല്ലാം, അബീയാ, മീയാമീന്‍, മയസ്യാ,

8 ബില്‍ഗായ്, ശെമയ്യാ എന്നീ പുരോഹിതന്മാര്‍.

9 ലേവ്യര്‍: അസന്യായുടെ പുത്രനായ യേശുവ, ഹെനാദാദിന്‍റെ പുത്രന്മാരായ ബിന്നൂയിയും കദ്മീയേലും

10 അവരുടെ സഹോദരന്മാരായ ശെബന്യാ, ഹോദീയാ, കെലീത, പെലായാ,

11 ഹാനാന്‍, മീഖ, രെഹോബ്, ഹശബ്യാ,

12 സക്കൂര്‍, ശേരെബ്യാ, ശെബന്യാ, ഹോദീയാ,

13 [13,14] ബാനി, ബെനീനു. പ്രഭുക്കന്മാര്‍: പരോശ്, പഹത്ത്-മോവാബ്, ഏലാം, സഥൂ, ബാനി,

14

15 ബുന്നി, അസ്ഗാദ്, ബേബായി, അദോനിയാ,

16 [16,17] ബിഗ്വായി, ആദീന്‍, ആതേര്‍, ഹിസ്കീയാ,

17

18 അസ്സൂര്‍, ഹോദീയാ, ഹാശും, ബേസായി,

19 ഹാരീഫ്, അനാഥോത്ത്, നേബായി,

20 [20,21] മഗ്പീയാശ്, മെശുല്ലാം, ഹേസീര്‍, മെശേസബെയേല്‍,

21

22 സാദോക്, യദൂവ, പെലത്യാ, ഹനാന്‍,

23 അനായാ, ഹോശേയ, ഹനന്യാ, ഹശ്ശൂബ്,

24 ഹല്ലോഹേശ്, പില്‍ഹ, ശോബേക്, രെഹൂം,

25 [25,26] ഹശബ്നാ, മയസേയാ, അഹീയാ, ഹനാന്‍,

26

27 അനാന്‍, മല്ലൂക്, ഹാരീം, ബയനാ.

28 അവശേഷിച്ചവരായ പുരോഹിതന്മാര്‍, ലേവ്യര്‍, വാതില്‍കാവല്‌ക്കാര്‍, ഗായകര്‍, ദേവാലയശുശ്രൂഷകര്‍, ദേശത്തെ ജനതകളില്‍നിന്നു വേര്‍പെട്ട് ദൈവത്തിന്‍റെ ധര്‍മശാസ്ത്രം അനുസരിച്ച ജനങ്ങള്‍, അവരുടെ ഭാര്യമാര്‍, പുത്രീപുത്രന്മാര്‍ എന്നിങ്ങനെ തിരിച്ചറിവുള്ള എല്ലാവരും

29 ശ്രേഷ്ഠരായ തങ്ങളുടെ ചാര്‍ച്ചക്കാരോടു ചേര്‍ന്നു ദൈവത്തിന്‍റെ ദാസനായ മോശയിലൂടെ നല്‌കപ്പെട്ട ദൈവത്തിന്‍റെ ധര്‍മശാസ്ത്രം അനുസരിച്ചു നടക്കുമെന്നും ഞങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ സകല കല്പനകളും അനുശാസനകളും ചട്ടങ്ങളും പ്രമാണിക്കുമെന്നും അങ്ങനെ ചെയ്യാഞ്ഞാല്‍ ശാപം ഏറ്റുകൊള്ളാമെന്നും പ്രതിജ്ഞ ചെയ്തു.

30 ഞങ്ങളുടെ പുത്രിമാരെ തദ്ദേശവാസികളായ വിജാതീയര്‍ക്ക് വിവാഹം കഴിച്ചുകൊടുക്കുകയോ അവരുടെ പുത്രിമാരെ ഞങ്ങളുടെ പുത്രന്മാര്‍ക്ക് ഭാര്യമാരായി സ്വീകരിക്കുകയോ ചെയ്യുകയില്ല.

31 ശബത്തു ദിവസമോ വിശുദ്ധദിവസമോ തദ്ദേശവാസികള്‍ ധാന്യമോ മറ്റു വസ്തുക്കളോ വില്പനയ്‍ക്കു കൊണ്ടുവന്നാല്‍ ഞങ്ങള്‍ വാങ്ങുകയില്ല. ഞങ്ങള്‍ ഏഴാം വര്‍ഷം വിളവ് എടുക്കുകയോ കടം തിരിച്ചു വാങ്ങുകയോ ഇല്ലെന്നും ഞങ്ങള്‍ ശപഥം ചെയ്തു.

32

കാഴ്ചയപ്പം, നിരന്തരധാന്യയാഗം, ശബത്തുകളിലെയും അമാവാസികളിലെയും നിരന്തരഹോമയാഗം, ഉത്സവങ്ങള്‍, വിശുദ്ധവസ്തുക്കള്‍, ഇസ്രായേലിനു വേണ്ടിയുള്ള പാപപരിഹാരയാഗങ്ങള്‍ എന്നിവയ്‍ക്കും

33 ദൈവത്തിന്‍റെ ആലയത്തിലെ ശുശ്രൂഷകള്‍ക്കും എല്ലാ ജോലികള്‍ക്കുംവേണ്ടി വര്‍ഷംതോറും മൂന്നിലൊന്നു ശേക്കെല്‍ നല്‌കാമെന്നും ഞങ്ങള്‍ പ്രതിജ്ഞ ചെയ്യുന്നു.

34 കൂടാതെ ദേവാലയത്തിലെ യാഗപീഠത്തില്‍ നിയമം അനുസരിച്ചു കത്തിക്കാനുള്ള വിറക് ആണ്ടുതോറും നിശ്ചിതസമയങ്ങളില്‍ പിതൃഭവനക്രമത്തില്‍ വഴിപാടായി അര്‍പ്പിക്കാന്‍ ഞങ്ങള്‍ പുരോഹിതന്മാരും ലേവ്യരും ജനങ്ങളും നറുക്കിട്ടു നിശ്ചയിച്ചിരിക്കുന്നു.

35 ഞങ്ങളുടെ നിലങ്ങളിലെ ആദ്യവിളവും എല്ലാ വൃക്ഷങ്ങളുടെയും ആദ്യഫലവും വര്‍ഷംതോറും സര്‍വേശ്വരആലയത്തിലേക്കു സമര്‍പ്പിക്കാമെന്നും ഞങ്ങള്‍ സമ്മതിക്കുന്നു.

36 ധര്‍മശാസ്ത്രത്തില്‍ എഴുതിയിരിക്കുന്നതുപോലെ ഞങ്ങളുടെ ആദ്യപുത്രന്മാരെയും മൃഗങ്ങളില്‍ കന്നുകാലികളുടെയും ആട്ടിന്‍പറ്റങ്ങളുടെയും കടിഞ്ഞൂലുകളെയും ദേവാലയത്തില്‍ ശുശ്രൂഷ ചെയ്യുന്ന പുരോഹിതന്മാരുടെ അടുക്കല്‍ ഞങ്ങള്‍ കൊണ്ടുവന്നുകൊള്ളാം.

37 ഞങ്ങളുടെ പുതുമാവ്, വൃക്ഷങ്ങളുടെ ആദ്യഫലങ്ങള്‍, പുതുവീഞ്ഞ്, ആദ്യം എടുത്ത എണ്ണ എന്നിവ നമ്മുടെ ദൈവത്തിന്‍റെ ആലയത്തിലെ പുരോഹിതന്മാരുടെ അടുക്കലും നിലങ്ങളിലെ വിളകളുടെ ദശാംശം ലേവ്യരുടെ അടുക്കലും എത്തിച്ചുകൊള്ളാം. ഞങ്ങളുടെ ഗ്രാമങ്ങളിലെ കര്‍ഷകരില്‍നിന്നു ദശാംശം സ്വീകരിക്കുന്നതു ലേവ്യരാണല്ലോ.

38 ലേവ്യര്‍ ദശാംശം സ്വീകരിക്കുമ്പോള്‍ അഹരോന്‍റെ വംശജനായ ഒരു പുരോഹിതന്‍ അവരുടെ കൂടെ ഉണ്ടായിരിക്കണം. ദശാംശത്തിന്‍റെ ദശാംശം ലേവ്യര്‍ ദൈവത്തിന്‍റെ ആലയത്തിലെ ഭണ്ഡാരഗൃഹങ്ങളില്‍ കൊണ്ടുചെല്ലണം.

39 ഇസ്രായേല്‍ജനങ്ങളും ലേവ്യരും കൂടി ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയുടെ ഓഹരി ദേവാലയശുശ്രൂഷകരായ പുരോഹിതന്മാരും വാതില്‍കാവല്‌ക്കാരും ഗായകരും പാര്‍ക്കുന്നതും വിശുദ്ധമന്ദിരത്തിലെ പാത്രങ്ങള്‍ സൂക്ഷിക്കുന്നതുമായ മുറികളില്‍ കൊണ്ടുചെല്ലണം. ഞങ്ങളുടെ ദൈവത്തിന്‍റെ ആലയത്തെ ഞങ്ങള്‍ അവഗണിക്കുകയില്ല.

11

1

ജനനേതാക്കള്‍ യെരൂശലേമില്‍ പാര്‍ത്തു; ശേഷിച്ച ജനത്തില്‍ പത്തുപേര്‍ക്ക് ഒരാള്‍ വീതം വിശുദ്ധനഗരമായ യെരൂശലേമില്‍ പാര്‍ക്കാനും ഒമ്പതുപേര്‍ മറ്റു പട്ടണങ്ങളില്‍ പാര്‍ക്കാനും ഇടയാകത്തക്കവിധം നറുക്കിട്ടു.

2 യെരൂശലേമില്‍ പാര്‍ക്കാന്‍ സ്വമേധയാ തയ്യാറായവരെ ജനങ്ങള്‍ അനുഗ്രഹിച്ചു.

3

ഇസ്രായേല്യരും പുരോഹിതരും ലേവ്യരും ദേവാലയശുശ്രൂഷകരും ശലോമോന്‍റെ ദാസന്മാരുടെ പിന്‍തലമുറക്കാരും യെഹൂദ്യയില്‍ അവരവരുടെ പട്ടണങ്ങളില്‍ സ്വന്തം സ്ഥലത്തു പാര്‍ത്തു.

4 യെരൂശലേമില്‍ വസിച്ചവരില്‍ പ്രമുഖര്‍ യെഹൂദാഗോത്രത്തിലും ബെന്യാമീന്‍ഗോത്രത്തിലും പെട്ടവരായിരുന്നു. യെഹൂദാഗോത്രത്തില്‍പ്പെട്ടവര്‍: ഉസ്സീയായുടെ പുത്രന്‍ അഥായാ; ഉസ്സീയാ സെഖര്യായുടെയും സെഖര്യാ അമര്യായുടെയും അമര്യാ ശെഫത്യായുടെയും ശെഫത്യാ മഹലലേലിന്‍റെയും മഹലലേല്‍ പേരെസിന്‍റെയും പുത്രന്‍ ആയിരുന്നു.

5 ബാരൂക്കിന്‍റെ പുത്രന്‍ മയസേയാ. ബാരൂക് കൊല്‍ഹോസെയുടെയും കൊല്‍ഹോസെ ഹസായായുടെയും ഹസായാ അദായായുടെയും അദായാ യോയാരീബിന്‍റെയും യോയാരീബ് സെഖര്യായുടെയും സെഖര്യാ ശീലോന്യന്‍റെയും പുത്രന്‍ ആയിരുന്നു.

6 യെരൂശലേമില്‍ പാര്‍ത്തിരുന്ന പേരെസിന്‍റെ പുത്രന്മാര്‍ ആകെ നാനൂറ്ററുപത്തെട്ടു പേര്‍. അവര്‍ വീരപരാക്രമികളായിരുന്നു.

7 ബെന്യാമീന്‍ഗോത്രക്കാര്‍: മെശുല്ലാമിന്‍റെ പുത്രന്‍ സല്ലൂ; മെശുല്ലാം യോവേദിന്‍റെയും യോവേദ് പെദായായുടെയും പെദായാ കോലായായുടെയും കോലായാ മയസേയായുടെയും മയസേയാ ഇഥീയേലിന്‍റെയും ഇഥീയേല്‍ യെശയ്യായുടെയും പുത്രന്‍ ആയിരുന്നു.

8 അയാളുടെ അനുയായികള്‍ ഗബ്ബായിയും സല്ലായിയും. ആകെ തൊള്ളായിരത്തിരുപത്തെട്ടുപേര്‍.

9 സിക്രിയുടെ പുത്രന്‍ യോവേല്‍ അവരുടെ മേല്‍നോട്ടക്കാരനും ഹസനൂവയുടെ പുത്രന്‍ യെഹൂദാ പട്ടണത്തിലെ രണ്ടാമത്തെ അധികാരിയും ആയിരുന്നു.

10 പുരോഹിതന്മാരില്‍: യോയാരീബിന്‍റെ പുത്രന്‍ യെദായാ, യാഖീന്‍,

11 ഹില്‌ക്കീയായുടെ പുത്രന്‍ സേരായാ; ഹില്‌ക്കീയാ മെശുല്ലാമിന്‍റെയും മെശുല്ലാം സാദോക്കിന്‍റെയും സാദോക് മെരായോത്തിന്‍റെയും മെരായോത്ത് അഹീതൂബിന്‍റെയും പുത്രന്‍ ആയിരുന്നു. അഹീതൂബ് ദേവാലയത്തിലെ പ്രധാന പുരോഹിതനായിരുന്നു.

12 ദേവാലയത്തില്‍ ജോലി ചെയ്തിരുന്ന അവരുടെ ചാര്‍ച്ചക്കാര്‍ ആകെ എണ്ണൂറ്റിയിരുപത്തിരണ്ടു പേര്‍. യൊരോഹാമിന്‍റെ പുത്രന്‍ അദായാ; യൊരോഹാം പെലല്യായുടെയും പെലല്യാ അംസിയുടെയും അംസി സെഖര്യായുടെയും സെഖര്യാ പശ്ഹൂരിന്‍റെയും പശ്ഹൂര്‍ മല്‌ക്കീയായുടെയും പുത്രന്‍ ആയിരുന്നു.

13 അയാളുടെ ഗോത്രത്തിലെ പിതൃഭവനത്തലവന്മാര്‍ ഇരുനൂറ്റിനാല്പത്തിരണ്ടുപേര്‍. അസരേലിന്‍റെ പുത്രന്‍ അമശെസായ്. അസരേല്‍ അഹ്സായിയുടെയും അഹ്സായ് മെശില്ലേമോത്തിന്‍റെയും മെശില്ലേമോത്ത് ഇമ്മേരിന്‍റെയും പുത്രനായിരുന്നു;

14 അവരുടെ ചാര്‍ച്ചക്കാരായ നൂറ്റിയിരുപത്തെട്ടു പേര്‍ വീരപരാക്രമികളായിരുന്നു. ഹഗെദോലീമിന്‍റെ പുത്രന്‍ സബ്ദീയേല്‍ ആയിരുന്നു അവരുടെ നേതാവ്.

15

ലേവ്യരില്‍ അശ്ശൂബിന്‍റെ പുത്രന്‍ ശെമയ്യാ; അശ്ശൂബ് അസ്രീക്കാമിന്‍റെയും അസ്രീക്കാം ഹശബ്യായുടെയും ഹശബ്യാ ബൂന്നിയുടെയും പുത്രന്‍ ആയിരുന്നു.

16 ലേവ്യരില്‍ പ്രമുഖരായ ശബ്ബെത്തായിയും യോസാബാദും ദേവാലയത്തിന്‍റെ പുറംപണികളുടെ മേല്‍നോട്ടം വഹിച്ചു.

17 മീഖയുടെ പുത്രന്‍ മത്ഥന്യാ; മീഖ സബ്‍ദിയുടെയും സബ്‍ദി ആസാഫിന്‍റെയും പുത്രന്‍. അയാള്‍ സ്തോത്രപ്രാര്‍ഥനയ്‍ക്ക് നേതൃത്വം വഹിച്ചു. അയാളുടെ ഒരു ചാര്‍ച്ചക്കാരനായ ബക്ബുക്യാ ആയിരുന്നു രണ്ടാമന്‍. ശമ്മൂവയുടെ പുത്രന്‍ അബ്‍ദ; ശമ്മൂവ ഗാലാലിന്‍റെയും ഗാലാല്‍ യെദൂഥൂന്‍റെയും പുത്രന്‍ ആയിരുന്നു.

18 വിശുദ്ധ നഗരത്തില്‍ ആകെ ഇരുനൂറ്റെണ്‍പത്തിനാലു ലേവ്യര്‍ പാര്‍ത്തിരുന്നു.

19 വാതില്‍കാവല്‌ക്കാര്‍: അക്കൂബും തല്മോനും അവരുടെ ചാര്‍ച്ചക്കാരും ഉള്‍പ്പെടെ നൂറ്റെഴുപത്തിരണ്ടു പേര്‍.

20 ശേഷമുള്ള ഇസ്രായേല്യരും പുരോഹിതന്മാരും ലേവ്യരും യെഹൂദാ നഗരങ്ങളിലെ സ്വന്തം അവകാശഭൂമികളില്‍ പാര്‍ത്തു.

21 ദേവാലയത്തിലെ ജോലിക്കാര്‍ ഓഫേലില്‍ പാര്‍ത്തു. അവരുടെ മേല്‍നോട്ടക്കാര്‍ സീഹയും ഗിശ്പയും ആയിരുന്നു.

22 യെരൂശലേമിലെ ലേവ്യരുടെ മേല്‍നോട്ടക്കാരന്‍ ബാനിയുടെ പുത്രന്‍ ഉസ്സി ആയിരുന്നു. ബാനി ഹശബ്യായുടെയും ഹശബ്യാ മത്ഥന്യായുടെയും മത്ഥന്യാ മീഖയുടെയും പുത്രന്‍; ദേവാലയത്തിലെ ഗാനശുശ്രൂഷ നടത്തിയിരുന്ന ആസാഫിന്‍റെ മക്കളില്‍ ഒരാളായിരുന്നു ഉസ്സി.

23 ഗായകരെ സംബന്ധിച്ചും ഓരോ ദിവസത്തേക്കുള്ള അവരുടെ തവണകളെക്കുറിച്ചും ഒരു രാജകല്പന ഉണ്ടായിരുന്നു.

24 യെഹൂദായുടെ പുത്രനായ സേരഹിന്‍റെ വംശത്തില്‍ മെശേസബേലിന്‍റെ പുത്രന്‍ പെഥഹ്യാ ഇസ്രായേല്‍ജനത്തെ സംബന്ധിച്ച കാര്യങ്ങളില്‍ രാജാവിന്‍റെ കാര്യസ്ഥന്‍ ആയിരുന്നു.

25 അനേകമാളുകള്‍ പട്ടണങ്ങളിലും അവയോടു ചേര്‍ന്ന ഗ്രാമങ്ങളിലും പാര്‍ത്തു. യെഹൂദാഗോത്രത്തില്‍പ്പെട്ട ചിലര്‍ കിര്യത്ത്-അര്‍ബയിലും ദീബോനിലും യെക്കബ്സയേലിലും അവയോടു ചേര്‍ന്ന ഗ്രാമങ്ങളിലും യേശുവയിലും

26 മോലാദയിലും ബേത്ത്-പേലെതിലും ഹസര്‍-ശൂവാലിലും

27 ബേര്‍-ശേബയിലും അതിനോടു ചേര്‍ന്ന ഗ്രാമങ്ങളിലും

28 സിക്ലാഗിലും മെഖോനയിലും അവയോടു ചേര്‍ന്ന ഗ്രാമങ്ങളിലും

29 എന്‍-രിമ്മോനിലും സോരയിലും

30 യാര്‍മൂത്തിലും സനോഹയിലും അദുല്ലാമിലും അവയുടെ ഗ്രാമങ്ങളിലും ലാഖീശിലും അതിന്‍റെ വയലുകളിലും അസേക്കായിലും അതിന്‍റെ ഗ്രാമങ്ങളിലും പാര്‍ത്തു. അങ്ങനെ അവര്‍ ബേര്‍-ശേബമുതല്‍ ഹിന്നോംതാഴ്വരവരെ വാസമുറപ്പിച്ചു.

31 ബെന്യാമീന്‍ഗോത്രക്കാര്‍ ഗേബമുതല്‍ മിക്മാശ്‍വരെയും അയ്യയിലും ബേഥേലിലും അവയുടെ ഗ്രാമങ്ങളിലും

32 അനാഥോത്തിലും നോബിലും അനന്യായിലും

33 ഹാസോരിലും രാമായിലും ഗിത്ഥായീമിലും ഹാദീദിലും

34 സെബോയീമിലും നെബല്ലാത്തിലും

35 ലോദിലും ശില്പികളുടെ താഴ്വരയായ ഓനോയിലും പാര്‍ത്തു.

36 യെഹൂദ്യയില്‍ പാര്‍ത്തിരുന്ന ചില ഗണങ്ങള്‍ ബെന്യാമീന്‍ ഗോത്രക്കാരോടു ചേര്‍ന്നു പാര്‍ത്തു.

12

1

ശെയല്‍തീയേലിന്‍റെ പുത്രന്‍ സെരുബ്ബാബേലിന്‍റെയും യേശുവയുടെയും കൂടെ വന്ന പുരോഹിതന്മാര്‍: സെരായാ, യിരെമ്യാ,

2 എസ്രാ, അമര്യാ, മല്ലൂക്, ഹത്തൂശ്, ശെഖന്യാ,

3 [3,4] രെഹൂം, മെരേമോത്ത്, ഇദ്ദോ, ഗിന്നെഥോയി,

4

5 അബ്ബീയാ, മിയാമീന്‍, മയദ്യാ, ബില്‍ഗാ,

6 ശെമയ്യാ, യോയാരീബ്, യെദായാ, സല്ലൂ,

7 ആമോക്, ഹില്‌കീയാ, യെദായാ. ഇവര്‍ യേശുവയുടെ കാലത്ത് പുരോഹിതന്മാരുടെയും തങ്ങളുടെ ചാര്‍ച്ചക്കാരുടെയും നേതാക്കന്മാര്‍ ആയിരുന്നു.

8 ലേവ്യര്‍: യേശുവ, ബിന്നൂയി, കദ്മീയേല്‍, ശേരെബ്യാ, യെഹൂദാ എന്നിവരും സ്തോത്രഗാനങ്ങളുടെ നേതൃത്വം വഹിച്ചിരുന്ന മത്ഥന്യായും ചാര്‍ച്ചക്കാരും.

9 അവരുടെ സഹോദരന്മാരായ ബക്ബുക്യായും ഉന്നോയും ശുശ്രൂഷയില്‍ അവര്‍ക്ക് അഭിമുഖമായി നിന്നു.

10 യേശുവാ യോയാക്കീമിന്‍റെയും യോയാക്കീം എല്യാശീബിന്‍റെയും എല്യാശീബ് യോയാദയുടെയും പിതാവായിരുന്നു.

11 യോയാദ യോനാഥാന്‍റെയും യോനാഥാന്‍ യദൂവയുടെയും പിതാവായിരുന്നു.

12 യോയാക്കീമിന്‍റെ കാലത്തെ പിതൃഭവനത്തലവന്മാരായിരുന്ന പുരോഹിതന്മാര്‍: സെരായാകുലത്തിനു മെരായ്യാ; യിരെമ്യാകുലത്തിനു ഹനന്യാ;

13 എസ്രാകുലത്തിനു മെശുല്ലാം; അമര്യാകുലത്തിനു യെഹോഹാനാന്‍;

14 മല്ലൂക്ക്കുലത്തിനു യോനാഥാന്‍; ശെബന്യാകുലത്തിനു യോസേഫ്,

15 ഹാരിംകുലത്തിന് അദ്നാ, മെരായോത്ത്കുലത്തിനു ഹെല്‌ക്കായി;

16 ഇദ്ദോകുലത്തിനു സെഖര്യാ; ഗിന്നെഥോന്‍ കുലത്തിനു മെശുല്ലാം;

17 അബീയാകുലത്തിനു സിക്രി; മിന്യാമീന്‍കുലത്തിനും മോവദ്യാകുലത്തിനും പില്‍തായി;

18 ബില്‍ഗാകുലത്തിനു ശമ്മൂവാ; ശെമയ്യാകുലത്തിനു യെഹോനാഥാന്‍;

19 യോയാരീബ്കുലത്തിനു മഥെനായി; യെദായാകുലത്തിനു ഉസ്സി;

20 സല്ലായികുലത്തിനു കല്ലായി; ആമോക്‌കുലത്തിനു ഏബര്‍;

21 ഹില്‌കീയാകുലത്തിനു ഹശബ്യാ; യെദായാ കുലത്തിനു നെഥനയേല്‍.

22 എല്യാശീബ്, യോയാദ, യോഹാനാന്‍, യദൂവ എന്നിവരുടെ കാലത്തു ലേവ്യരുടെയും പേര്‍ഷ്യന്‍രാജാവായ ദാരിയൂസിന്‍റെയും കാലംവരെ പുരോഹിതന്മാരുടെയും പിതൃഭവനത്തലവന്മാരുടെയും പേരുകള്‍ രേഖപ്പെടുത്തിയിരുന്നു.

23 എല്യാശീബിന്‍റെ പുത്രന്‍ യോഹാനാന്‍റെ കാലംവരെ ലേവികുടുംബത്തലവന്മാരുടെ പേരുകള്‍ ദിനവൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിരുന്നു.

24 ലേവ്യരുടെ തലവന്മാര്‍: ഹശബ്യാ, ശേരെബ്യാ, കദ്മീയേലിന്‍റെ പുത്രന്‍ യേശുവ എന്നിവര്‍ തങ്ങള്‍ക്ക് അഭിമുഖമായി നിന്ന സഹോദരരോടൊത്ത് ദൈവപുരുഷനായ ദാവീദിന്‍റെ കല്പനപ്രകാരമുള്ള സ്തുതിസ്തോത്രങ്ങള്‍ യാമംതോറും അര്‍പ്പിച്ചു.

25 മത്ഥന്യാ, ബക്ക്ബുക്യാ, ഓബദ്യാ, മെശുല്ലാം, തല്മോന്‍, അക്കൂബ് എന്നിവര്‍ വാതിലുകള്‍ക്കരികെയുള്ള ഭണ്ഡാരഗൃഹങ്ങളുടെ കാവല്‌ക്കാരായിരുന്നു.

26 ഇവര്‍ യോസാദാക്കിന്‍റെ പുത്രന്‍ യേശുവയുടെ പുത്രന്‍ യോയാക്കീമിന്‍റെയും ദേശാധിപതി നെഹെമ്യായുടെയും വേദപണ്ഡിതനായ എസ്രാപുരോഹിതന്‍റെയും കാലത്തു ജീവിച്ചിരുന്നു.

27

യെരൂശലേമിന്‍റെ മതില്‍ പ്രതിഷ്ഠിക്കുന്ന സമയത്ത് ഇലത്താളം, വീണ, കിന്നരം എന്നീ വാദ്യോപകരണങ്ങളോടുകൂടി സന്തോഷപൂര്‍വം സ്തോത്രഗാനങ്ങള്‍ അര്‍പ്പിക്കുന്നതിന് ലേവ്യരെ അവരുടെ വാസസ്ഥലങ്ങളില്‍നിന്നു യെരൂശലേമില്‍ വരുത്തി.

28 ഗായകര്‍ യെരൂശലേമിന്‍റെ ചുറ്റുമുള്ള പ്രദേശങ്ങളില്‍നിന്നും നെതോഫാത്യരുടെ ഗ്രാമങ്ങളില്‍നിന്നും

29 ബേത്ത്-ഗില്ഗാലില്‍നിന്നും ഗേബയുടെയും അസ്മാവെത്തിന്‍റെയും പ്രദേശങ്ങളില്‍നിന്നും വന്നുകൂടി; ഗായകര്‍ തങ്ങള്‍ക്കു വസിക്കാന്‍ യെരൂശലേമിന്‍റെ ചുറ്റും ഗ്രാമങ്ങള്‍ നിര്‍മ്മിച്ചു.

30 പുരോഹിതന്മാരും ലേവ്യരും തങ്ങളെത്തന്നെ ശുദ്ധീകരിച്ചശേഷം ജനങ്ങളെയും വാതിലുകള്‍, മതില്‍ എന്നിവയും ശുദ്ധീകരിച്ചു.

31 പിന്നീട് യെഹൂദാപ്രഭുക്കന്മാരെ മതിലിനു മുകളില്‍ കൊണ്ടുവന്നു സ്തോത്രഗീതം ആലപിച്ചുകൊണ്ട് പ്രദക്ഷിണം ചെയ്യാന്‍ രണ്ടു വലിയ ഗായകസംഘങ്ങളെ നിയോഗിച്ചു. അവയില്‍ ഒന്ന് മതിലിന്മേല്‍ വലത്തുഭാഗത്തുകൂടി പുറപ്പെട്ട് ചവറ്റു വാതില്‌ക്കലേക്കു പോയി.

32 ഹോശയ്യായും യെഹൂദാപ്രഭുക്കന്മാരില്‍ പകുതിപ്പേരും അവരെ അനുഗമിച്ചു.

33 അസര്യാ, എസ്രാ, മെശുല്ലാം,

34 യെഹൂദാ, ബെന്യാമീന്‍, ശെമയ്യാ, യിരെമ്യാ എന്നിവരും

35 കാഹളങ്ങളോടുകൂടി പുരോഹിതന്മാരില്‍ ചിലരും സെഖര്യായും; (സെഖര്യാ യോനാഥാന്‍റെ പുത്രന്‍, യോനാഥാന്‍ ശെമയ്യായുടെ പുത്രന്‍, ശെമയ്യാ മത്ഥന്യായുടെ പുത്രന്‍, മത്ഥന്യാ മീഖായുടെ പുത്രന്‍, മീഖാ സക്കൂറിന്‍റെ പുത്രന്‍; സക്കൂര്‍ ആസാഫിന്‍റെ പുത്രന്‍)

36 അയാളുടെ ചാര്‍ച്ചക്കാരും ദൈവപുരുഷനായ ദാവീദിന്‍റെ വാദ്യോപകരണങ്ങള്‍ വഹിച്ചിരുന്നവരും ആയ ശെമയ്യാ, അസരയേല്‍, മീലലായി, ഗീലലായി, മായായി, നെഥനയേല്‍, യെഹൂദാ, ഹനാനി എന്നിവരും അവരോടൊത്തു നടന്നു. വേദപണ്ഡിതനായ എസ്രാ അവരുടെ മുമ്പില്‍ നടന്നു.

37 അവര്‍ ഉറവക്കവാടം കടന്നു ദാവീദിന്‍റെ നഗരത്തിലേക്കുള്ള നടകള്‍ കയറി ദാവീദിന്‍റെ കൊട്ടാരത്തിനപ്പുറമുള്ള മതിലിന്‍റെ കയറ്റത്തിലൂടെ ചെന്നു കിഴക്കു ജലകവാടത്തില്‍ എത്തി.

38 സ്തോത്രഗായകരുടെ മറ്റേ സംഘം ഇടതുവശത്തേക്കു നീങ്ങി; അവരുടെ പിന്നാലെ ഞാനും പകുതി ജനങ്ങളും ചൂളഗോപുരത്തിനപ്പുറം വിശാലമായ മതില്‍വരെയും

39 എഫ്രയീംവാതിലിനപ്പുറം പുരാതനകവാടം, മത്സ്യകവാടം, ഹനനേലിന്‍റെ ഗോപുരം, ശതഗോപുരം, അജകവാടം എന്നിവ കടന്നു കാവല്‍പ്പുരയ്‍ക്കടുത്തുള്ള കവാടംവരെ എത്തി.

40 സ്തോത്രഗായകരുടെ രണ്ടു സംഘവും ഞാനും എന്‍റെ കൂടെയുള്ള പ്രമാണികളില്‍ പകുതിപ്പേരും

41 കാഹളങ്ങള്‍ വഹിച്ചുകൊണ്ട് എല്യാക്കീം, മയസേയാ, മിന്യാമിന്‍, മീഖായാ, എല്യോവേനായി, സെഖര്യാ, ഹനന്യാ എന്നീ പുരോഹിതന്മാരും

42 മയസേയാ, ശെമയ്യാ, എലെയാസര്‍, ഉസ്സി, യെഹോഹാനാന്‍, മല്‌ക്കീയാ, ഏലാം, ഏസെര്‍ എന്നിവരും ദേവാലയത്തിനരികെ വന്നുനിന്നു; ഗായകര്‍ ഉറക്കെ പാടി; യിസ്രഹ്യാ ആയിരുന്നു അവരുടെ നേതാവ്.

43 അന്ന് അവര്‍ വലിയ യാഗങ്ങള്‍ അര്‍പ്പിച്ച് ആഹ്ലാദിച്ചു; അതിനു ദൈവം അവര്‍ക്ക് ഇട നല്‌കി; സ്‍ത്രീകളും കുട്ടികളുമെല്ലാം സന്തോഷിച്ചു. യെരൂശലേമിലെ ആഹ്ലാദപ്രകടനങ്ങള്‍ വളരെ ദൂരെ കേള്‍ക്കാമായിരുന്നു.

44

അന്നു ശുശ്രൂഷ ചെയ്തിരുന്ന പുരോഹിതന്മാരിലും ലേവ്യരിലും യെഹൂദാജനങ്ങള്‍ വളരെ സംപ്രീതരായിരുന്നു. അതുകൊണ്ട്, പുരോഹിതന്മാര്‍ക്കും ലേവ്യര്‍ക്കുംവേണ്ടി നിയമപ്രകാരം വേര്‍തിരിക്കപ്പെട്ടിരുന്ന ഓഹരികള്‍-അഥവാ സംഭാവനകളും ആദ്യഫലങ്ങളും ദശാംശങ്ങളും പട്ടണങ്ങളോടു ചേര്‍ന്നു നിലങ്ങളില്‍നിന്ന് ശേഖരിച്ച് അവയ്‍ക്കുവേണ്ടിയുള്ള സംഭരണഗൃഹങ്ങളില്‍ സൂക്ഷിക്കാന്‍ ആളുകളെ നിയമിച്ചു.

45 പുരോഹിതന്മാരും ലേവ്യരും ദൈവത്തിന്‍റെ ശുശ്രൂഷയും ശുദ്ധീകരണ ശുശ്രൂഷയും അനുഷ്ഠിച്ചു. ദാവീദും അദ്ദേഹത്തിന്‍റെ പുത്രന്‍ ശലോമോനും കല്പിച്ചിരുന്ന പ്രകാരം ഗായകരും വാതില്‍കാവല്‌ക്കാരും പ്രവര്‍ത്തിച്ചു.

46 പണ്ടു ദാവീദിന്‍റെയും ആസാഫിന്‍റെയും കാലത്ത് ഗായകര്‍ക്ക് ഒരു നേതാവുണ്ടായിരുന്നു; അവര്‍ ദൈവത്തിനു സ്തുതിഗാനങ്ങളും സ്തോത്രങ്ങളും അര്‍പ്പിച്ചിരുന്നു.

47 സെരൂബ്ബാബേലിന്‍റെയും നെഹെമ്യായുടെയും കാലത്ത് എല്ലാ ഇസ്രായേല്യരും ഗായകര്‍ക്കും വാതില്‍കാവല്‌ക്കാര്‍ക്കും പ്രതിദിനവിഹിതം കൊടുത്തുവന്നു. അവര്‍ ലേവ്യര്‍ക്കും വിഹിതം കൊടുത്തിരുന്നു. ലേവ്യര്‍ പുരോഹിതന്മാര്‍ക്കുമുള്ള വിഹിതം നല്‌കിയിരുന്നു.

13

1

അന്നു ജനം കേള്‍ക്കെ അവര്‍ മോശയുടെ പുസ്‍തകം വായിച്ചു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു: “അമ്മോന്യരും മോവാബ്യരും ഒരിക്കലും ദൈവത്തിന്‍റെ സഭയില്‍ പ്രവേശിക്കരുത്.

2 അവര്‍ അപ്പവും വെള്ളവും കൊണ്ടുവന്ന് ഇസ്രായേലിനെ സ്വീകരിക്കുന്നതിനു പകരം അവരെ ശപിക്കാന്‍ ബിലെയാമിനെ കൂലിക്കു വിളിച്ചു. എങ്കിലും നമ്മുടെ ദൈവം ആ ശാപത്തെ അനുഗ്രഹമാക്കി മാറ്റി.”

3 ജനം നിയമം വായിച്ചു കേട്ടപ്പോള്‍ വിജാതീയരെയെല്ലാം ഇസ്രായേലില്‍നിന്നു വേര്‍തിരിച്ചു.

4

എന്നാല്‍ അതിനു മുമ്പു പുരോഹിതനും നമ്മുടെ ദൈവത്തിന്‍റെ ആലയത്തിലെ മുറികളുടെ ചുമതലക്കാരനായി നിയമിക്കപ്പെട്ടിരുന്ന എല്യാശീബ് തന്‍റെ ബന്ധുവായ തോബീയായ്‍ക്കുവേണ്ടി ഒരു വലിയ മുറി ഒരുക്കിക്കൊടുത്തിരുന്നു.

5 ധാന്യയാഗം, കുന്തുരുക്കം, പാത്രങ്ങള്‍ എന്നിവയും ലേവ്യര്‍, ഗായകര്‍, വാതില്‍കാവല്‌ക്കാര്‍ എന്നിവര്‍ക്കുവേണ്ടിയുള്ള ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയുടെ ദശാംശവും പുരോഹിതന്മാര്‍ക്കുവേണ്ടിയുള്ള സംഭാവനകളും അവിടെയാണു സൂക്ഷിച്ചിരുന്നത്.

6 ഈ സമയത്ത് ഞാന്‍ യെരൂശലേമില്‍ ഉണ്ടായിരുന്നില്ല. ബാബിലോണ്‍രാജാവായ അര്‍ത്ഥക്സേര്‍ക്സസ് രാജാവിന്‍റെ വാഴ്ചയുടെ മുപ്പത്തിരണ്ടാം വര്‍ഷം ഞാന്‍ രാജാവിന്‍റെ അടുക്കല്‍ പോയിരുന്നു. കുറച്ചുകാലം കഴിഞ്ഞ് രാജാവിന്‍റെ അനുവാദത്തോടെ ഞാന്‍ യെരൂശലേമില്‍ മടങ്ങിയെത്തി.

7 അപ്പോഴാണ് എല്യാശീബ് തോബീയായ്‍ക്കുവേണ്ടി ദേവാലയത്തിന്‍റെ അങ്കണത്തില്‍ മുറി ഒരുക്കിക്കൊടുത്ത ഹീനകൃത്യം ഞാന്‍ അറിഞ്ഞത്.

8 എനിക്ക് വല്ലാത്ത കോപമുണ്ടായി; ആ മുറിയില്‍നിന്നു തോബീയായുടെ ഗൃഹോപകരണങ്ങളെല്ലാം ഞാന്‍ പുറത്ത് എറിഞ്ഞുകളഞ്ഞു.

9 പിന്നീട് എന്‍റെ ആജ്ഞയനുസരിച്ച് മുറികളെല്ലാം ശുദ്ധമാക്കി; ദേവാലയത്തിന്‍റെ ഉപകരണങ്ങളും ധാന്യയാഗത്തിനുള്ള ധാന്യങ്ങളും കുന്തുരുക്കവും തിരികെ കൊണ്ടുവന്നു.

10 ലേവ്യര്‍ക്കുള്ള ഓഹരി കൊടുക്കാതിരുന്നതിനാല്‍ ഗായകരും മറ്റു ലേവ്യരും അവരവരുടെ വയലുകളിലേക്കു പോയ വിവരം ഞാന്‍ അറിഞ്ഞു.

11 ഞാന്‍ ജനപ്രമാണികളെ ശാസിച്ചു. ലേവ്യരും മറ്റും ദേവാലയം ഉപേക്ഷിച്ചു പോയതെന്തെന്നു ഞാന്‍ അവരോടു ചോദിച്ചു. ഞാന്‍ ഗായകരെയും മറ്റു ലേവ്യരെയും മടക്കിവരുത്തി അവരെ യഥാസ്ഥാനങ്ങളില്‍ നിയോഗിച്ചു.

12 അപ്പോള്‍ സകല യെഹൂദന്മാരും ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയുടെ ദശാംശം ഭണ്ഡാരഗൃഹങ്ങളിലേക്കു കൊണ്ടുവന്നു.

13 ഭണ്ഡാരഗൃഹങ്ങളുടെ സൂക്ഷിപ്പുകാരായി ശേലെമ്യാപുരോഹിതനെയും വേദപണ്ഡിതനായ സാദോക്കിനെയും ലേവ്യനായ പെദായായെയും അവരുടെ സഹായി ആയി മത്ഥന്യായുടെ പൗത്രനും സക്കൂരിന്‍റെ പുത്രനുമായ ഹാനാനെയും നിയമിച്ചു. അവര്‍ വിശ്വസ്തരെന്നു കരുതപ്പെട്ടിരുന്നു. തങ്ങളുടെ സഹോദരര്‍ക്കു വിഹിതം പങ്കിട്ടുകൊടുക്കുക എന്നതായിരുന്നു അവരുടെ ജോലി.

14 എന്‍റെ ദൈവത്തിന്‍റെ ആലയത്തിനും അതിലെ ശുശ്രൂഷകള്‍ക്കുംവേണ്ടി ഞാന്‍ ചെയ്ത സല്‍പ്രവൃത്തികള്‍ മറക്കരുതേ! അവയെല്ലാം എന്‍റെ ദൈവമേ, ഓര്‍ക്കണമേ.

15

അക്കാലത്ത് യെഹൂദ്യരില്‍ ചിലര്‍ ശബത്തില്‍ മുന്തിരിച്ചക്കു ചവിട്ടുന്നതും കറ്റകൊണ്ടുവരുന്നതും കഴുതപ്പുറത്ത് ചുമടു കയറ്റുന്നതും വീഞ്ഞ്, മുന്തിരിപ്പഴം, അത്തിപ്പഴം മുതലായവ ചുമടുകളായി ശബത്തില്‍ യെരൂശലേമിലേക്കു വില്‌ക്കാന്‍ കൊണ്ടുവരുന്നതും ഞാന്‍ കണ്ടു. ശബത്തില്‍ ഒന്നും വില്‌ക്കരുത് എന്ന് ഞാന്‍ അവര്‍ക്കു മുന്നറിയിപ്പു നല്‌കി.

16 അവിടെ പാര്‍ത്തിരുന്ന സോര്‍ ദേശക്കാര്‍ മത്സ്യവും പലചരക്കും കൊണ്ടുവന്നു ശബത്തില്‍ യെഹൂദ്യര്‍ക്കും യെരൂശലേംനിവാസികള്‍ക്കും വിറ്റുപോന്നു.

17 അതുകൊണ്ട് ഞാന്‍ യെഹൂദാപ്രഭുക്കന്മാരെ ശാസിച്ചു: “നിങ്ങള്‍ ഈ തിന്മ പ്രവര്‍ത്തിക്കുന്നതെന്ത്? ശബത്ത് നിങ്ങള്‍ അശുദ്ധമാക്കുകയല്ലേ ചെയ്യുന്നത്?

18 നിങ്ങളുടെ പിതാക്കന്മാര്‍ ഇങ്ങനെ ചെയ്തതുകൊണ്ടല്ലേ നമ്മുടെ ദൈവം നമ്മുടെമേലും ഈ നഗരത്തിന്മേലും അനര്‍ഥമെല്ലാം വരുത്തിയത്? ശബത്ത് അശുദ്ധമാക്കുന്നതിലൂടെ ഇസ്രായേലിന്മേലുള്ള ദൈവകോപം നിങ്ങള്‍ വര്‍ധിപ്പിക്കുന്നു.”

19 ശബത്തിനു മുമ്പ് ഇരുട്ടായിത്തുടങ്ങുമ്പോള്‍ യെരൂശലേമിന്‍റെ നഗരവാതിലുകള്‍ അടയ്‍ക്കാനും ശബത്തു കഴിയുന്നതുവരെ തുറക്കാതിരിക്കാനും ഞാന്‍ ആജ്ഞാപിച്ചു. ശബത്തുനാളില്‍ ഒരു ചുമടും പട്ടണത്തിനകത്തു കടത്താതിരിക്കാന്‍ വാതിലുകള്‍ക്കരികെ എന്‍റെ ദാസന്മാരില്‍ ചിലരെ കാവല്‍ നിര്‍ത്തി.

20 അതുകൊണ്ടു കച്ചവടക്കാര്‍ക്ക് ഒന്നുരണ്ടു പ്രാവശ്യം യെരൂശലേമിനു പുറത്തു രാപാര്‍ക്കേണ്ടിവന്നു.

21 പിന്നീട് ഞാന്‍ അവര്‍ക്ക് താക്കീതു നല്‌കി: “നിങ്ങള്‍ മതിലിനരികെ പാര്‍ക്കുന്നതെന്ത്? നിങ്ങള്‍ ഇതാവര്‍ത്തിച്ചാല്‍ ഞാന്‍ നിങ്ങളെ ശിക്ഷിക്കും.” അന്നുമുതല്‍ അവര്‍ ശബത്തില്‍ വരാതെയായി.

22 ശബത്തുദിവസം വിശുദ്ധമായി ആചരിക്കാന്‍വേണ്ടി തങ്ങളെത്തന്നെ വിശുദ്ധീകരിച്ചു വാതിലുകള്‍ക്കു കാവല്‍ നില്‌ക്കാന്‍ ഞാന്‍ ലേവ്യരോടു കല്പിച്ചു. എന്‍റെ ദൈവമേ, എന്‍റെ ഈ പ്രവൃത്തികളും എനിക്ക് അനുകൂലമായി ഓര്‍ക്കണമേ; അവിടുത്തെ അചഞ്ചല സ്നേഹത്തിനു തക്കവിധം എന്നോട് കനിവു തോന്നണമേ.

23

അസ്തോദ്യരും അമ്മോന്യരും മോവാബ്യരുമായ സ്‍ത്രീകളെ വിവാഹം കഴിച്ച ചില യെഹൂദന്മാരെ ഞാന്‍ കണ്ടു.

24 അവരുടെ സന്താനങ്ങളില്‍ പകുതി പേര്‍ അസ്തോദ്യഭാഷ സംസാരിച്ചിരുന്നു. വിജാതീയരുടെ ഭാഷയല്ലാതെ യെഹൂദഭാഷ സംസാരിക്കാന്‍ അവര്‍ക്കു കഴിയുമായിരുന്നില്ല.

25 അവരെ ഞാന്‍ ശാസിക്കുകയും ശപിക്കുകയും ചെയ്തു; ചിലരെ അടിച്ചു; അവരുടെ തലമുടി വലിച്ചു പറിച്ചു; “നിങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാര്‍ക്കു വിവാഹം കഴിച്ചുകൊടുക്കുകയോ അവരുടെ പുത്രിമാരെ നിങ്ങള്‍ക്കോ നിങ്ങളുടെ പുത്രന്മാര്‍ക്കോവേണ്ടി സ്വീകരിക്കുകയോ ഇല്ല എന്ന് അവരെക്കൊണ്ട് ദൈവനാമത്തില്‍ ഞാന്‍ പ്രതിജ്ഞ ചെയ്യിച്ചു.

26 ഇസ്രായേല്‍രാജാവായ ശലോമോന്‍ ഇത്തരം സ്‍ത്രീകളെ വിവാഹം കഴിച്ചതുകൊണ്ടല്ലേ പാപം ചെയ്യാന്‍ ഇടയായത്? അദ്ദേഹത്തെപ്പോലെ ഒരു രാജാവ് ഒരു ജനതയുടെയും ഇടയില്‍ ഉണ്ടായിരുന്നില്ല. ശലോമോന്‍ തന്‍റെ ദൈവത്തിനു പ്രിയങ്കരനായിരുന്നു; അതിനാല്‍ ദൈവം അദ്ദേഹത്തെ സമസ്ത ഇസ്രായേലിന്‍റെയും രാജാവാക്കി. എങ്കിലും വിജാതീയ ഭാര്യമാര്‍ അദ്ദേഹത്തെക്കൊണ്ടു പാപം ചെയ്യിച്ചു.

27 ഞങ്ങളും നിങ്ങളെപ്പോലെ വിജാതീയ സ്‍ത്രീകളെ വിവാഹം ചെയ്തു തിന്മ പ്രവര്‍ത്തിക്കണമോ? അങ്ങനെ നമ്മുടെ ദൈവത്തോടു വഞ്ചന കാട്ടണമോ?

28 “മഹാപുരോഹിതനായ എല്യാശീബിന്‍റെ പുത്രന്‍ യെഹോയാദയുടെ പുത്രന്മാരില്‍ ഒരാള്‍ ഹോരോന്യനായ സന്‍ബല്ലത്തിന്‍റെ ജാമാതാവ് ആയിരുന്നു. അതുകൊണ്ട് ഞാന്‍ അവനെ എന്‍റെ അടുക്കല്‍നിന്ന് ഓടിച്ചുകളഞ്ഞു.

29 “എന്‍റെ ദൈവമേ, അവര്‍ പൗരോഹിത്യത്തെയും പൗരോഹിത്യനിയമത്തെയും ലേവ്യരെയും മലിനപ്പെടുത്തിയിരിക്കുന്നു. അതിനു തക്ക പ്രതിഫലം അവര്‍ക്കു നല്‌കണമേ.”

30 ഇങ്ങനെ വിജാതീയമായ എല്ലാറ്റില്‍നിന്നും ഞാന്‍ അവരെ ശുദ്ധീകരിച്ചു; പുരോഹിതന്മാരുടെയും ലേവ്യരുടെയും ചുമതലകള്‍ക്ക് ഞാന്‍ വ്യവസ്ഥ ഉണ്ടാക്കി.

31 നിശ്ചിത സമയങ്ങളില്‍ വിറകും ആദ്യഫലങ്ങളും സമര്‍പ്പിക്കുന്നതിനു വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തു. എന്‍റെ ദൈവമേ എന്‍റെ നന്മയ്‍ക്കായി ഇവയെല്ലാം ഓര്‍ക്കണമേ.