1

1

സര്‍വേശ്വരന്‍ യിരെമ്യാപ്രവാചകനിലൂടെ അരുളിച്ചെയ്ത വചനം നിറവേറുംവിധം പേര്‍ഷ്യാരാജാവായ സൈറസിനെ അദ്ദേഹത്തിന്‍റെ വാഴ്ചയുടെ ഒന്നാം വര്‍ഷം അവിടുന്നു പ്രചോദിപ്പിച്ചു. ഒരു വിളംബരം എഴുതി രാജ്യത്തെങ്ങും പ്രസിദ്ധപ്പെടുത്തി:

2

“പേര്‍ഷ്യാരാജാവായ സൈറസ് കല്പിക്കുന്നു: സ്വര്‍ഗത്തിലെ ദൈവമായ സര്‍വേശ്വരന്‍ ഭൂമിയിലെ സകല രാജ്യങ്ങളും എനിക്കു തന്നിരിക്കുന്നു. യെഹൂദ്യയിലെ യെരൂശലേമില്‍ അവിടുത്തേക്ക് ഒരു മന്ദിരം പണിയാന്‍ എന്നെ ചുമതലപ്പെടുത്തിയിരിക്കുന്നു.

3 നിങ്ങളുടെ ഇടയില്‍ പാര്‍ക്കുന്ന അവിടുത്തെ ജനം- ദൈവം അവരോടുകൂടെ ഉണ്ടായിരിക്കട്ടെ - യെഹൂദ്യയിലെ യെരൂശലേമിലേക്കു പോയി ദൈവമായ സര്‍വേശ്വരന്‍റെ ആലയം പുനരുദ്ധരിക്കട്ടെ. അവിടുന്നാണല്ലോ യെരൂശലേമിലെ ദൈവം.

4 അവരില്‍ അവശേഷിക്കുന്ന ജനം അവര്‍ എവിടെ പാര്‍ക്കുന്നവരായാലും അവരെ തദ്ദേശവാസികള്‍ യെരൂശലേമിലെ ദേവാലയത്തിനുവേണ്ടി സ്വമേധാകാഴ്ചകള്‍ക്കു പുറമേ വെള്ളി, സ്വര്‍ണം, മറ്റു വസ്തുക്കള്‍, കന്നുകാലികള്‍ എന്നിവ നല്‌കി സഹായിക്കണം.

5 അപ്പോള്‍ യെഹൂദായുടെയും ബെന്യാമീന്‍റെയും പിതൃഭവനത്തലവന്മാരും പുരോഹിതന്മാരും ലേവ്യരും ദൈവപ്രചോദിതരായ എല്ലാവരും യെരൂശലേമില്‍ സര്‍വേശ്വരന്‍റെ ആലയം പണിയാന്‍ പുറപ്പെട്ടു.

6 അവരുടെ അയല്‍ക്കാര്‍ ദേവാലയത്തിന് അര്‍പ്പിക്കാനുള്ള സ്വമേധാദാനങ്ങള്‍ക്കു പുറമേ വെള്ളിപ്പാത്രങ്ങള്‍, സ്വര്‍ണം, മറ്റു സാധനങ്ങള്‍, കന്നുകാലികള്‍, വിലപിടിപ്പുള്ള ഉപകരണങ്ങള്‍ എന്നിവ നല്‌കി അവരെ സഹായിച്ചു.

7

നെബുഖദ്നേസര്‍ യെരൂശലേമിലെ സര്‍വേശ്വരന്‍റെ ആലയത്തില്‍നിന്ന് എടുത്തുകൊണ്ടുപോയി തന്‍റെ ദേവന്മാരുടെ ക്ഷേത്രത്തില്‍ സൂക്ഷിച്ചിരുന്ന പാത്രങ്ങള്‍ സൈറസ്‍രാജാവ് പുറത്തുകൊണ്ടുവന്നു.

8 ഭണ്ഡാരവിചാരിപ്പുകാരനായ മിത്രെദാത്തിന്‍റെ ചുമതലയിലാണ് ഇങ്ങനെ ചെയ്തത്. അയാള്‍ അതു യെഹൂദാപ്രഭുവായ ശേശ്ബസ്സറിനെ എണ്ണി ഏല്പിച്ചു.

9 അവയുടെ എണ്ണം: സ്വര്‍ണത്തളിക മുപ്പത്, വെള്ളിത്തളിക ആയിരം, ധൂപകലശങ്ങള്‍ ഇരുപത്തൊമ്പത്,

10 സ്വര്‍ണക്കോപ്പ മുപ്പത്, രണ്ടാം ഇനം വെള്ളിക്കോപ്പ നാനൂറ്റിപ്പത്ത്, മറ്റു പാത്രങ്ങള്‍ ആയിരം,

11 സ്വര്‍ണവും വെള്ളിയും കൊണ്ടുള്ള പാത്രങ്ങള്‍ ആകെ അയ്യായിരത്തിനാനൂറ്. ബാബിലോണില്‍നിന്നു പ്രവാസികളെ യെരൂശലേമിലേക്കു കൂട്ടിക്കൊണ്ടു വന്നപ്പോള്‍ ശേശ്ബസ്സര്‍ ഇവയെല്ലാംകൂടെ കൊണ്ടുവന്നു.

2

1

ബാബിലോണ്‍രാജാവായ നെബുഖദ്നേസര്‍ ബാബിലോണിലേക്കു ബന്ദികളായി കൊണ്ടുപോയിരുന്ന പ്രവാസികളില്‍ തങ്ങളുടെ പട്ടണമായ യെരൂശലേമിലേക്കും യെഹൂദ്യയിലേക്കും മടങ്ങിവന്നവര്‍ താഴെ പറയുന്നവരാണ്.

2 സെരുബ്ബാബേലിന്‍റെ കൂടെ വന്നവര്‍: യേശുവ, നെഹെമ്യാ, സെരായാ, രെയേലയാ, മൊര്‍ദെഖായി, ബില്‍ശാന്‍, മിസ്പാര്‍, ബിഗ്വായി, രെഹൂം, ബാനാ.

3 ഇസ്രായേല്‍ജനത്തിലെ പുരുഷന്മാരുടെ എണ്ണം: പരോശിന്‍റെ വംശജര്‍ രണ്ടായിരത്തൊരുനൂറ്റെഴുപത്തിരണ്ട്.

4 ശെഫത്യായുടെ വംശജര്‍ മൂന്നൂറ്റി എഴുപത്തിരണ്ട്.

5 ആരഹിന്‍റെ വംശജര്‍ എഴുനൂറ്റെഴുപത്തഞ്ച്.

6 യേശുവയുടെയും യോവാബിന്‍റെയും വംശജര്‍, അതായത് പഹത്-മോവാബിന്‍റെ വംശജര്‍ രണ്ടായിരത്തെണ്ണൂറ്റി പന്ത്രണ്ട്.

7 ഏലാമിന്‍റെ വംശജര്‍ ആയിരത്തി ഇരുനൂറ്റമ്പത്തിനാല്.

8 സത്ഥൂവിന്‍റെ വംശജര്‍ തൊള്ളായിരത്തി നാല്പത്തഞ്ച്.

9 സക്കായിയുടെ വംശജര്‍ എഴുനൂറ്ററുപത്.

10 ബാനിയുടെ വംശജര്‍ അറുനൂറ്റി നാല്പത്തിരണ്ട്.

11 ബേബായിയുടെ വംശജര്‍ അറുനൂറ്റി ഇരുപത്തിമൂന്ന്.

12 അസ്ഗാദിന്‍റെ വംശജര്‍ ആയിരത്തി ഇരുനൂറ്റി ഇരുപത്തിരണ്ട്.

13 അദോനീക്കാമിന്‍റെ വംശജര്‍ അറുനൂറ്ററുപത്താറ്.

14 ബിഗ്വായുടെ വംശജര്‍ രണ്ടായിരത്തി അന്‍പത്താറ്. ആദിന്‍റെ വംശജര്‍ നാനൂറ്റമ്പത്തിനാല്.

15 [15,16] ആതേരിന്‍റെ, അതായത് ഹിസ്കീയായുടെ വംശജര്‍ തൊണ്ണൂറ്റെട്ട്.

16

17 ബേസായിയുടെ വംശജര്‍ മുന്നൂറ്റി ഇരുപത്തിമൂന്ന്.

18 യോരായുടെ വംശജര്‍ നൂറ്റിപന്ത്രണ്ട്.

19 ഹാശൂമിന്‍റെ വംശജര്‍ ഇരുനൂറ്റി ഇരുപത്തിമൂന്ന്.

20 ഗിബ്ബാരിന്‍റെ വംശജര്‍ തൊണ്ണൂറ്റഞ്ച്.

21 ബേത്‍ലഹേമ്യര്‍ നൂറ്റി ഇരുപത്തിമൂന്ന്. നെതോഫാത്യര്‍ അമ്പത്താറ്.

22 [22,23] അനാഥോത്യര്‍ നൂറ്റി ഇരുപത്തെട്ട്.

23

24 അസ്മാവെത്യര്‍ നാല്പത്തിരണ്ട്.

25 കിര്യത്ത്-യെയാരീം, കെഫീരാ, ബെയെറോത്ത് എന്നിവയിലെ നിവാസികള്‍ എഴുനൂറ്റിനാല്പത്തിമൂന്ന്.

26 രാമായിലെയും ഗേബയിലെയും നിവാസികള്‍ അറുനൂറ്റി ഇരുപത്തൊന്ന്.

27 മിഖ്മാശ്യര്‍ നൂറ്റി ഇരുപത്തിരണ്ട്.

28 ബേഥേല്‍, ഹായി നിവാസികള്‍ ഇരുനൂറ്റി ഇരുപത്തിമൂന്ന്,

29 നെബോ നിവാസികള്‍ അമ്പത്തിരണ്ട്,

30 മഗ്ബീശ് നിവാസികള്‍ നൂറ്റമ്പത്താറ്,

31 മറ്റേ ഏലാമിലെ നിവാസികള്‍ ആയിരത്തി ഇരുനൂറ്റമ്പത്തിനാല്.

32 ഹാരീം നിവാസികള്‍ മുന്നൂറ്റിരുപത്.

33 ലോദ്, ഹാദിദ്, ഓനോ നിവാസികള്‍ എഴുനൂറ്റി ഇരുപത്തഞ്ച്.

34 യെരീഹോ നിവാസികള്‍ മുന്നൂറ്റിനാല്പത്തഞ്ച്.

35 സെനായാ നിവാസികള്‍ മൂവായിരത്തറുനൂറ്റി മുപ്പത്.

36 പുരോഹിതര്‍: യേശുവയുടെ ഭവനത്തിലെ യെദയ്യായുടെ വംശജര്‍ തൊള്ളായിരത്തെഴുപത്തിമൂന്ന്.

37 ഇമ്മേരിന്‍റെ വംശജര്‍ ആയിരത്തമ്പത്തിരണ്ട്.

38 പശ്ഹൂരിന്‍റെ വംശജര്‍ ആയിരത്തി ഇരുനൂറ്റിനാല്പത്തേഴ്.

39 ഹാരീമിന്‍റെ വംശജര്‍ ആയിരത്തിപ്പതിനേഴ്.

40 ലേവ്യര്‍: ഹോദവ്യായുടെ വംശജരില്‍ യേശുവയുടെയും കദ്മീയേലിന്‍റെയും വംശജര്‍ എഴുപത്തിനാല്.

41 ഗായകര്‍: ആസാഫ്യര്‍ നൂറ്റി ഇരുപത്തെട്ട്.

42 വാതില്‍ കാവല്‌ക്കാരുടെ വംശജര്‍: ശല്ലൂമിന്‍റെ വംശജര്‍, ആതേരിന്‍റെ വംശജര്‍, തല്മോന്‍റെ വംശജര്‍, അക്കൂബിന്‍റെ വംശജര്‍, ഹതീതയുടെ വംശജര്‍, ശോബായിയുടെ വംശജര്‍, ആകെ നൂറ്റിമുപ്പത്തൊമ്പത്.

43 ദേവാലയ സേവകര്‍: സീഹയുടെ വംശജര്‍, ഹസൂഫയുടെ വംശജര്‍,

44 തബ്ബായോത്തിന്‍റെ വംശജര്‍, കേരോസിന്‍റെ വംശജര്‍, സീയാഹായുടെ വംശജര്‍, പാദോന്‍റെ വംശജര്‍,

45 ലെബാനായുടെയും ഹഗാബായുടെയും അക്കൂബിന്‍റെയും വംശജര്‍,

46 ഹാഗാബിന്‍റെയും ശല്‍മായിയുടെയും ഹാനാന്‍റെയും വംശജര്‍,

47 ഗിദ്ദേലിന്‍റെയും ഗഹരിന്‍റെയും രെയായായുടെയും വംശജര്‍,

48 രെസീന്‍റെയും നെക്കോദയുടെയും ഗസ്സാമിന്‍റെയും വംശജര്‍,

49 ഉസ്സയുടെയും പാസേഹായുടെയും ബേസായിയുടെയും വംശജര്‍,

50 അസ്നയുടെയും മെയൂനിമിന്‍റെയും നെഫീസിമിന്‍റെയും വംശജര്‍,

51 ബക്ബുക്കിന്‍റെയും ഹക്കൂഫയുടെയും ഹര്‍ഹൂരിന്‍റെയും വംശജര്‍,

52 ബസ്‍ലൂത്തിന്‍റെയും മെഹീദയുടെയും ഹര്‍ശയുടെയും വംശജര്‍,

53 ബര്‍ക്കോസിന്‍റെയും സീസെരയുടെയും തേമഹിന്‍റെയും വംശജര്‍,

54 നെസീഹയുടെയും ഹതീഫയുടെയും വംശജര്‍.

55

ശലോമോന്‍റെ ദാസന്മാരുടെ വംശജര്‍: സോതായിയുടെയും ഹസോഫേരെത്തിന്‍റെയും പെരുദയുടെയും വംശജര്‍,

56 യാലായുടെയും ദര്‍ക്കോന്‍റെയും ഗിദ്ദേലിന്‍റെയും വംശജര്‍,

57 ശെഫത്യായുടെയും ഹത്തീലിന്‍റെയും പോക്കേരെത്ത്-ഹസ്സെബയീമിന്‍റെയും ആമിയുടെയും വംശജര്‍.

58

ദേവാലയ ശുശ്രൂഷകരും ശലോമോന്‍റെ ദാസന്മാരുടെ വംശജരും കൂടി ആകെ മുന്നൂറ്റിത്തൊണ്ണൂറ്റിരണ്ട്.

59 തേല്‍-മേലഹ്, തേല്‍-ഹര്‍ശ, കെരൂബ്, അദ്ദാന്‍, ഇമ്മേര്‍ എന്നീ സ്ഥലങ്ങളില്‍നിന്നു പുറപ്പെട്ട

60 ദെലെയാ, തോബീയാ, നെക്കോദ എന്നീ വംശജരുടെ പിതൃഭവനമോ, വംശാവലിയോ അറിഞ്ഞുകൂടായ്കയാല്‍ അവര്‍ ഇസ്രായേല്യര്‍ തന്നെയാണോ എന്നു തെളിയിക്കാന്‍ കഴിഞ്ഞില്ല. അവര്‍ ആകെ അറുനൂറ്റിഅമ്പത്തിരണ്ട് പേരായിരുന്നു.

61 പുരോഹിത വംശജര്‍: ഹബയ്യാ, ഹക്കോസ്, ബര്‍സില്ലായ് എന്നിവരുടെ വംശജര്‍. ബര്‍സില്ലായ് കുലത്തിന്‍റെ പൂര്‍വപിതാവ് ഗിലെയാദുകാരനായ ബര്‍സില്ലായുടെ പുത്രിമാരില്‍ ഒരുവളെ വിവാഹം ചെയ്യുകയും അയാളുടെ പിന്‍തലമുറക്കാര്‍ ബര്‍സില്ലായ് എന്ന കുലനാമത്തില്‍ അറിയപ്പെടുകയും ചെയ്തു.

62 ഇവരുടെ പൗരോഹിത്യപൈതൃകം തെളിയിക്കാന്‍ രേഖയൊന്നും ഉണ്ടായിരുന്നില്ല. വംശപാരമ്പര്യം തെളിയിക്കാന്‍ കഴിയാഞ്ഞതുകൊണ്ട് അവരെ അശുദ്ധരായി ഗണിച്ച് പൗരോഹിത്യത്തില്‍നിന്നു പുറന്തള്ളി.

63 ഊറീം, തുമ്മീം എന്നിവ മുഖേന ദൈവഹിതം ആരായാന്‍ ഒരു പുരോഹിതന്‍ ഉണ്ടാകുന്നതുവരെ അവര്‍ അതിവിശുദ്ധഭോജനം ഭക്ഷിക്കരുതെന്ന് ദേശാധിപതി വിധിച്ചു.

64 നാല്പത്തീരായിരത്തി മുന്നൂറ്ററുപതു പേരാണ് പ്രവാസത്തില്‍നിന്നു തിരിച്ചുവന്നത്.

65 കൂടാതെ അവര്‍ക്ക് ഏഴായിരത്തി മുന്നൂറ്റി മുപ്പത്തേഴു ദാസീദാസന്മാരും ഇരുനൂറു ഗായികാഗായകന്മാരും ഉണ്ടായിരുന്നു.

66 എഴുനൂറ്റിമുപ്പത്താറു കുതിര, ഇരുനൂറ്റിനാല്പത്തഞ്ചു കോവര്‍കഴുത, നാനൂറ്റിമുപ്പത്തഞ്ച് ഒട്ടകം,

67 ആറായിരത്തെഴുനൂറ്റി ഇരുപതു കഴുത എന്നിവയും അവര്‍ക്കുണ്ടായിരുന്നു.

68 യെരൂശലേമില്‍ സര്‍വേശ്വരന്‍റെ ആലയത്തിന്‍റെ സന്നിധിയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ ചില പിതൃഭവനത്തലവന്മാര്‍ ദേവാലയം യഥാസ്ഥാനത്ത് നിര്‍മ്മിക്കാന്‍ സ്വമേധാദാനങ്ങള്‍ അര്‍പ്പിച്ചു.

69 അവര്‍ തങ്ങളുടെ കഴിവിനൊത്ത് നിര്‍മ്മാണനിധിയില്‍ അര്‍പ്പിച്ചു; അത് അറുപത്തോരായിരം തങ്കക്കാശും അയ്യായിരം മാനെ വെള്ളിയും നൂറു പുരോഹിതവസ്ത്രവും ആയിരുന്നു.

70 പുരോഹിതന്മാരും ലേവ്യരും ജനങ്ങളില്‍ ചിലരും യെരൂശലേമിലും ചുറ്റുപാടും താമസിച്ചു. ഗായകരും ദ്വാരപാലകന്മാരും ദേവാലയശുശ്രൂഷകരും തങ്ങളുടെ നഗരങ്ങളില്‍ പാര്‍ത്തു. അങ്ങനെ എല്ലാ ഇസ്രായേല്യരും അവിടെ പാര്‍പ്പുറപ്പിച്ചു.

3

1

പട്ടണങ്ങളില്‍ വസിച്ചുപോന്ന ഇസ്രായേല്‍ജനം ഏഴാം മാസത്തില്‍ ഏകമനസ്സോടെ യെരൂശലേമില്‍ ഒത്തുകൂടി.

2 യോസാദാക്കിന്‍റെ പുത്രന്‍ യേശുവയും സഹപുരോഹിതന്മാരും ശെയല്‍തീയേലിന്‍റെ പുത്രന്‍ സെരുബ്ബാബേലും ബന്ധുജനങ്ങളും ചേര്‍ന്നു ദൈവപുരുഷനായ മോശയുടെ ധര്‍മശാസ്ത്രത്തില്‍ എഴുതിയിരിക്കുന്നതുപോലെ, ഹോമയാഗങ്ങള്‍ അര്‍പ്പിക്കാന്‍ ഇസ്രായേലിന്‍റെ ദൈവത്തിനു യാഗപീഠം പണിതു.

3 തദ്ദേശവാസികളെ ഭയപ്പെട്ടിരുന്നെങ്കിലും അവര്‍ പൂര്‍വസ്ഥാനത്തുതന്നെ അതു നിര്‍മ്മിച്ചു; അതിന്മേല്‍ രാവിലെയും വൈകുന്നേരവും സര്‍വേശ്വരന് ഹോമയാഗങ്ങള്‍ അര്‍പ്പിച്ചു.

4 ധര്‍മശാസ്ത്രവിധിപ്രകാരം അവര്‍ കൂടാരപ്പെരുന്നാള്‍ ആചരിച്ചു. നിയമപ്രകാരം നിത്യേന അനുഷ്ഠിക്കേണ്ട ഹോമയാഗങ്ങള്‍ അവര്‍ മുടക്കംകൂടാതെ അര്‍പ്പിച്ചു.

5 പിന്നീട് അവര്‍ നിരന്തരഹോമയാഗങ്ങളും അമാവാസിയിലെയും സര്‍വേശ്വരന്‍റെ എല്ലാ നിശ്ചിത പെരുന്നാളുകളിലെയും യാഗങ്ങളും സ്വമേധാദാനം നടത്തുന്നവരുടെ യാഗങ്ങളും അര്‍പ്പിച്ചു.

6 ഏഴാംമാസം ഒന്നാം ദിവസം അവര്‍ സര്‍വേശ്വരനു ഹോമയാഗം അര്‍പ്പിക്കാന്‍ തുടങ്ങി. അപ്പോഴും സര്‍വേശ്വരന്‍റെ മന്ദിരത്തിന്‍റെ അടിസ്ഥാനം ഇട്ടിരുന്നില്ല.

7

പേര്‍ഷ്യന്‍രാജാവായ സൈറസിന്‍റെ അനുവാദത്തോടെ കല്പണിക്കാര്‍ക്കും മരപ്പണിക്കാര്‍ക്കും പണവും ലെബാനോനില്‍നിന്ന് കടല്‍വഴി യോപ്പയിലേക്കു ദേവദാരു കൊണ്ടുവരുന്നതിന് സീദോന്യര്‍ക്കും സോര്‍നിവാസികള്‍ക്കും ഭക്ഷണപാനീയങ്ങളും എണ്ണയും കൂലിയായി നല്‌കി.

8 അവര്‍ യെരൂശലേം ദേവാലയത്തിങ്കലേക്കു വന്നതിന്‍റെ രണ്ടാം വര്‍ഷം രണ്ടാം മാസം ശെയല്‍തീയേലിന്‍റെ പുത്രന്‍ സെരുബ്ബാബേലും യോസാദാക്കിന്‍റെ പുത്രന്‍ യേശുവയും ബന്ധുജനങ്ങളും പുരോഹിതന്മാരും ലേവ്യരും പ്രവാസം കഴിഞ്ഞുവന്ന മറ്റെല്ലാ ജനങ്ങളും ചേര്‍ന്നു പണി ആരംഭിച്ചു. ഇരുപതു വയസ്സിനുമേല്‍ പ്രായമുള്ള ലേവ്യരെ സര്‍വേശ്വരന്‍റെ മന്ദിരത്തിന്‍റെ പണിയുടെ മേല്‍നോട്ടം വഹിക്കാന്‍ നിയമിച്ചു.

9 യേശുവയും പുത്രന്മാരും ചാര്‍ച്ചക്കാരും കദ്മീയേലും പുത്രന്മാരും യൂദായുടെ മക്കളും ഹെനാദാദിന്‍റെ പുത്രന്മാരും ലേവ്യരും അവരുടെ പുത്രന്മാരും ഒരുമിച്ച് സര്‍വേശ്വരന്‍റെ മന്ദിരത്തിന്‍റെ പണിക്കാരുടെ മേല്‍നോട്ടം വഹിച്ചു.

10 പണിക്കാര്‍ ദേവാലയത്തിന് അടിസ്ഥാനം ഇട്ടപ്പോള്‍ ഇസ്രായേല്‍രാജാവായ ദാവീദ് കല്പിച്ചിരുന്നതുപോലെ പുരോഹിതന്മാര്‍ സ്ഥാനവസ്ത്രങ്ങള്‍ അണിഞ്ഞ് കാഹളങ്ങളോടും ആസാഫ്യരായ ലേവ്യര്‍ കൈത്താളങ്ങളോടും കൂടെ സര്‍വേശ്വരനെ സ്തുതിക്കാന്‍ യഥാസ്ഥാനത്ത് അണിനിരന്നു.

11 അവര്‍ അവിടുത്തേക്ക് സ്തുതിയും സ്തോത്രവും അര്‍പ്പിച്ചുകൊണ്ട് ഇങ്ങനെ പാടി; മറ്റുള്ളവര്‍ ഏറ്റുപാടി: “സര്‍വേശ്വരന്‍ എത്ര നല്ലവന്‍; ഇസ്രായേലിനോടുള്ള അവിടുത്തെ സ്നേഹം അനന്തമല്ലോ.”

12 ദേവാലയത്തിന് അടിസ്ഥാനമിട്ടതുകൊണ്ട് ജനങ്ങള്‍ ആര്‍പ്പുവിളികളോടെ സര്‍വേശ്വരനെ സ്തുതിച്ചു. ദേവാലയത്തിന് അടിസ്ഥാനം ഇടുന്നതു കണ്ടപ്പോള്‍ അനേകം പേര്‍ ആഹ്ലാദത്തോടെ ആര്‍ത്തുവിളിച്ചു; എന്നാല്‍ ആദ്യത്തെ ദേവാലയം കണ്ടിട്ടുള്ള പ്രായംചെന്ന പുരോഹിതന്മാരും ലേവ്യരും പിതൃഭവനത്തലവന്മാരും പൊട്ടിക്കരഞ്ഞു.

13 ജനങ്ങളുടെ ആനന്ദഘോഷവും വിലാപശബ്ദവും തിരിച്ചറിയാന്‍ കഴിയാത്തവിധം കൂടിക്കലര്‍ന്നു. അവരുടെ അത്യുച്ചത്തിലുള്ള ആര്‍പ്പുവിളിയുടെ ആരവം ബഹുദൂരം കേള്‍ക്കാമായിരുന്നു.

4

1

തിരിച്ചെത്തിയ പ്രവാസികള്‍ ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന് ആലയം പണിയുന്ന വിവരം യെഹൂദായുടെയും ബെന്യാമീന്യരുടെയും ശത്രുക്കള്‍ അറിഞ്ഞു.

2 അവര്‍ സെരുബ്ബാബേലിനെയും പിതൃഭവനത്തലവന്മാരെയും സമീപിച്ചു പറഞ്ഞു: “ഞങ്ങളും നിങ്ങളോടു ചേര്‍ന്നു പണിതുകൊള്ളട്ടെ. നിങ്ങള്‍ ആരാധിക്കുന്ന ദൈവത്തെ നിങ്ങളെപ്പോലെതന്നെ ഞങ്ങളും ആരാധിക്കുന്നുണ്ടല്ലോ. ഞങ്ങളെ ഇവിടെ കൊണ്ടുവന്ന അസ്സീറിയാരാജാവ് എസര്‍-ഹദ്ദോന്‍റെ കാലംമുതല്‍ ഞങ്ങള്‍ ആ ദൈവത്തിനു യാഗം അര്‍പ്പിക്കുകയും ചെയ്തുവരുന്നു.”

3

സെരുബ്ബാബേലും യേശുവയും മറ്റ് ഇസ്രായേല്‍ പിതൃഭവനത്തലവന്മാരും അവരോടു പറഞ്ഞു: “ഞങ്ങളുടെ ദൈവത്തിന് ആലയം പണിയാന്‍ നിങ്ങള്‍ക്ക് അവകാശമില്ല. പേര്‍ഷ്യന്‍രാജാവായ സൈറസ് കല്പിച്ചതുപോലെ ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍റെ ആലയം ഞങ്ങള്‍തന്നെ പണിതുകൊള്ളാം.”

4 അപ്പോള്‍ ദേശനിവാസികള്‍ ദേവാലയത്തിന്‍റെ പണിയില്‍ ഏര്‍പ്പെട്ടിരുന്ന യെഹൂദ്യരെ നിരുത്സാഹപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്തു.

5 അവരുടെ പ്രയത്നം നിഷ്ഫലമാക്കുവാന്‍ അവര്‍ക്കെതിരെ ഉപദേഷ്ടാക്കന്മാരെ കോഴ കൊടുത്തു വശത്താക്കി. ഇതു പേര്‍ഷ്യന്‍രാജാവായ സൈറസിന്‍റെ ഭരണകാലം മുതല്‍ ദാരിയൂസിന്‍റെ ഭരണകാലംവരെ തുടര്‍ന്നു.

6

അഹശ്വേരോശിന്‍റെ വാഴ്ച ആരംഭിച്ചപ്പോള്‍ യെഹൂദ്യയിലെയും യെരൂശലേമിലെയും ജനങ്ങള്‍ക്ക് എതിരെ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് അവര്‍ പരാതി സമര്‍പ്പിച്ചു.

7 അര്‍ത്ഥക്സേര്‍ക്സസിന്‍റെ ഭരണകാലത്തും ബിശ്‍ലാമും മിത്രെദാത്തും താബെയേലും കൂട്ടുകാരും ചേര്‍ന്ന് പേര്‍ഷ്യന്‍രാജാവിന് അരാമ്യഭാഷയില്‍ ഒരു കത്തെഴുതി.

8 ഗവര്‍ണര്‍ രെഹൂമും കാര്യദര്‍ശി ശിംശായിയും ചേര്‍ന്ന് യെരൂശലേമിനെതിരെ അര്‍ത്ഥക്സേര്‍ക്സസ് രാജാവിന് ഒരു കത്തെഴുതി.

9 ഗവര്‍ണര്‍ രെഹൂമിനോടും കാര്യദര്‍ശി ശിംശായിയോടും ഒപ്പം അവരുടെ സഹപ്രവര്‍ത്തകര്‍, ന്യായാധിപന്മാര്‍, സ്ഥാനപതികള്‍, ഉപദേഷ്ടാക്കന്മാര്‍, ഉദ്യോഗസ്ഥര്‍ മുതലായവരും അര്‍ക്കാവ്യര്‍, ബാബിലോന്യര്‍, ഏലാമ്യര്‍ എന്നിവരും ചേര്‍ന്നാണ് അത് എഴുതിയത്.

10 മഹാനും ശ്രേഷ്ഠനുമായ അസ്നപ്പാര്‍രാജാവ് പിടിച്ചുകൊണ്ടുവന്ന് ശമര്യ പട്ടണങ്ങളിലും യൂഫ്രട്ടീസ്നദിക്ക് ഇക്കരെ വിവിധ സ്ഥലങ്ങളിലുമായി പാര്‍പ്പിച്ചിരുന്ന മറ്റു ജനങ്ങള്‍ക്കും അതില്‍ പങ്കുണ്ടായിരുന്നു.

11 അര്‍ത്ഥക്സേര്‍ക്സസ് രാജാവിന് അയച്ച കത്തിന്‍റെ പകര്‍പ്പാണിത്: “നദിക്ക് ഇക്കരെയുള്ള അവിടുത്തെ പ്രജകള്‍ ബോധിപ്പിക്കുന്നത്:

12 അവിടെനിന്നു യെരൂശലേമില്‍ വന്നു പാര്‍ക്കുന്ന യെഹൂദന്മാര്‍ ദുഷ്ടതയും മത്സരവും നിറഞ്ഞ ആ പട്ടണം വീണ്ടും പണിയുന്നു. അതിന്‍റെ മതിലുകള്‍ പണിയുകയും അസ്തിവാരത്തിന്‍റെ കേടുപാടു തീര്‍ക്കുകയും ചെയ്തുകൊണ്ടിരിക്കയാണ്.

13 പട്ടണം പുതുക്കിപ്പണിതു മതിലുകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ പിന്നീട് കപ്പമോ, ചുങ്കമോ, കരമോ അവര്‍ അടയ്‍ക്കുകയില്ല. അങ്ങനെ രാജ്യത്തിന്‍റെ മുതലെടുപ്പു കുറഞ്ഞുപോകും എന്നുള്ളത് ഞങ്ങള്‍ തിരുസമക്ഷം ഉണര്‍ത്തിക്കുന്നു.

14 അങ്ങു നല്‌കുന്നത് ഉപ്പുകൂട്ടി ഭക്ഷിക്കുന്നവരായതുകൊണ്ട് അങ്ങയെ അനാദരിക്കുന്നത് കണ്ടുകൊണ്ടിരിക്കുക ഞങ്ങള്‍ക്ക് അസഹ്യമായതിനാല്‍ ഈ വിവരം ഞങ്ങള്‍ ബോധിപ്പിക്കുകയാണ്.

15

ഈ പട്ടണം കലഹങ്ങള്‍ക്ക് ജന്മം കൊടുക്കുന്നതും രാജാക്കന്മാര്‍ക്കും നാടുവാഴികള്‍ക്കും ഉപദ്രവം ചെയ്യുന്നതും പണ്ടുമുതലേ കലഹങ്ങള്‍ ഇളക്കിവിട്ടിരുന്നതും ആണെന്നും അതുകൊണ്ടാണ് ഇതു നശിച്ചു കിടക്കുന്നതെന്നും അങ്ങയുടെ പിതാക്കന്മാരുടെ വൃത്താന്തപുസ്‍തകം പരിശോധിച്ചാല്‍ ബോധ്യമാകും.

16 ഈ പട്ടണം വീണ്ടും പണിയുകയും അതിന്‍റെ മതിലുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്താല്‍ നദിക്ക് ഇക്കരെയുള്ള ദേശത്ത് അവിടുത്തേക്ക് ഒരു അധികാരവും ഉണ്ടായിരിക്കുകയില്ലെന്ന് ഞങ്ങള്‍ ഉണര്‍ത്തിച്ചുകൊള്ളുന്നു.”

17 രാജാവ് മറുപടി അയച്ചു: “ഗവര്‍ണര്‍ രെഹൂമിനും കാര്യദര്‍ശി ശിംശായിക്കും അവരുടെ സഹപ്രവര്‍ത്തകരായി ശമര്യയിലും നദിക്ക് അക്കരെയുള്ള മറ്റു ദേശങ്ങളിലും പാര്‍ക്കുന്നവര്‍ക്കും മംഗളാശംസകള്‍.

18 നിങ്ങള്‍ കൊടുത്തയച്ച എഴുത്തു ഞാന്‍ വ്യക്തമായി വായിച്ചുകേട്ടു.

19 എന്‍റെ കല്പന അനുസരിച്ച് നടത്തിയ അന്വേഷണത്തില്‍, പണ്ടു മുതല്‍തന്നെ ആ പട്ടണം രാജാക്കന്മാര്‍ക്കെതിരെ മത്സരിച്ചിട്ടുണ്ടെന്നും അവിടെ കലഹവും കലാപവും ഉണ്ടായിട്ടുണ്ടെന്നും മനസ്സിലായി.

20 നദിക്ക് അക്കരെയുള്ള നാടെല്ലാം അടക്കി ഭരിച്ച് കപ്പവും ചുങ്കവും നികുതിയും ഈടാക്കിയിരുന്ന പ്രബലരായ രാജാക്കന്മാര്‍ യെരൂശലേമില്‍ വാണിരുന്നു.

21 അതുകൊണ്ട് ഇനിയൊരു കല്പനയുണ്ടാകുന്നതുവരെ പട്ടണത്തിന്‍റെ പണി നിര്‍ത്തിവയ്‍ക്കാന്‍ അവരോട് ആജ്ഞാപിക്കുക.

22 നിങ്ങള്‍ ഇതില്‍ ഉപേക്ഷ കാണിക്കാതെ ജാഗരൂകരായിരിക്കണം. രാജാവിന്‍റെ താല്‍പര്യങ്ങള്‍ക്കു ഹാനികരമായ ഉപദ്രവം എന്തിനാണ് വളര്‍ത്തുന്നത്?”

23 അര്‍ത്ഥക്സേര്‍ക്സസ് രാജാവിന്‍റെ എഴുത്തിന്‍റെ പകര്‍പ്പു വായിച്ചുകേട്ടപ്പോള്‍ തന്നെ രെഹൂമും കാര്യദര്‍ശി ശിംശായിയും കൂടെ ഉണ്ടായിരുന്നവരും യെരൂശലേമില്‍ യെഹൂദന്മാരുടെ അടുക്കല്‍ ദ്രുതഗതിയില്‍ ചെന്ന് അധികാരവും ശക്തിയുമുപയോഗിച്ച് പണി നിര്‍ത്തിവയ്പിച്ചു.

24

അങ്ങനെ യെരൂശലേം ദേവാലയത്തിന്‍റെ പണി മുടങ്ങി. പേര്‍ഷ്യന്‍രാജാവായ ദാരിയൂസിന്‍റെ വാഴ്ചയുടെ രണ്ടാം വര്‍ഷംവരെ അത് അങ്ങനെ കിടന്നു.

5

1

പ്രവാചകന്മാരായ ഹഗ്ഗായിയും ഇദ്ദോയുടെ പുത്രന്‍ സെഖര്യായും ഇസ്രായേലിന്‍റെ ദൈവത്തിന്‍റെ നാമത്തില്‍ യെഹൂദ്യയിലും യെരൂശലേമിലുമുള്ള യെഹൂദന്മാരോടു പ്രവചിച്ചു.

2 അപ്പോള്‍ ശെയല്‍തീയേലിന്‍റെ പുത്രന്‍ സെരുബ്ബാബേലും യോസാദാക്കിന്‍റെ പുത്രന്‍ യേശുവയും ചേര്‍ന്നു യെരൂശലേമിലെ ദേവാലയത്തിന്‍റെ പണി പുനരാരംഭിച്ചു. ദൈവത്തിന്‍റെ പ്രവാചകന്മാരും അവരെ സഹായിച്ചു.

3 നദിക്ക് അക്കരെയുള്ള പ്രവിശ്യയുടെ ഗവര്‍ണര്‍ തത്നായിയും ശെഥര്‍-ബോസ്നായിയും സഹപ്രവര്‍ത്തകരും അപ്പോള്‍ അവരുടെ അടുക്കല്‍ വന്നു ചോദിച്ചു: “ഈ ആലയം പണിയാനും പൂര്‍ത്തിയാക്കാനും നിങ്ങള്‍ക്ക് അനുവാദം നല്‌കിയത് ആര്?”

4 ആലയം പണിയാന്‍ സഹായിക്കുന്നവരുടെ പേര് അവര്‍ ചോദിച്ചു.

5 എന്നാല്‍ ദൈവത്തിന്‍റെ കടാക്ഷം യെഹൂദാനേതാക്കന്മാരുടെമേല്‍ ഉണ്ടായിരുന്നതുകൊണ്ടു ദാരിയൂസിന്‍റെ അടുക്കല്‍ വിവരം ഉണര്‍ത്തിച്ചു മറുപടി ലഭിക്കുന്നതുവരെ അവരുടെ പണി തടയപ്പെട്ടില്ല.

6 നദിക്ക് അക്കരെയുള്ള പ്രവിശ്യയുടെ ഗവര്‍ണര്‍ തത്നായിയും ശെഥര്‍-ബോസ്നായിയും സഹപ്രവര്‍ത്തകരായ അധികാരികളും ചേര്‍ന്ന്

7 ദാരിയൂസിന് ഇപ്രകാരം ഒരു കത്തെഴുതി: “ദാരിയൂസ് രാജാവിനു സര്‍വമംഗളങ്ങളും ഉണ്ടാകട്ടെ.

8 അവിടുന്ന് അറിഞ്ഞാലും; ഞങ്ങള്‍ യെഹൂദാസംസ്ഥാനത്തില്‍ അത്യുന്നത ദൈവത്തിന്‍റെ ആലയത്തിലേക്കു ചെന്നു; അവര്‍ വലിയ കല്ലുകൊണ്ട് അതു പണിയുകയാണ്. ചുമരുകളില്‍ ഉത്തരം വയ്‍ക്കുന്നു; പണി ഊര്‍ജിതമായി മുന്നേറിക്കൊണ്ടിരിക്കുന്നു.

9 ആരുടെ ഉത്തരവനുസരിച്ചാണ് ആലയം പണിയുകയും പൂര്‍ത്തീകരിക്കുകയും ചെയ്യുന്നത് എന്ന് ഞങ്ങള്‍ അവരുടെ പ്രമാണികളോടു ചോദിച്ചു.

10 അവിടുത്തെ സന്നിധിയില്‍ അറിയിക്കാന്‍ പ്രമാണികളുടെ പേരുകള്‍ ഞങ്ങള്‍ അന്വേഷിക്കുകയും ചെയ്തു.

11 “അവര്‍ മറുപടി പറഞ്ഞു: ‘സ്വര്‍ഗത്തിന്‍റെയും ഭൂമിയുടെയും നാഥനായ ദൈവത്തിന്‍റെ ദാസന്മാരാണ് ഞങ്ങള്‍. അനേകവര്‍ഷങ്ങള്‍ക്കു മുമ്പ് ഇസ്രായേലിലെ മഹാനായ ഒരു രാജാവ് നിര്‍മ്മിച്ച ഈ ആലയം ഞങ്ങള്‍ വീണ്ടും പണിയുകയാണ്.

12 ഞങ്ങളുടെ പിതാക്കന്മാര്‍ സ്വര്‍ഗത്തിലെ ദൈവത്തെ പ്രകോപിപ്പിച്ചതിനാല്‍ ബാബിലോണിലെ കല്ദയരാജാവായ നെബുഖദ്നേസരിന്‍റെ കൈയില്‍ അവിടുന്നു ഞങ്ങളെ ഏല്പിച്ചു. അയാള്‍ ഈ ദേവാലയം നശിപ്പിക്കുകയും ജനങ്ങളെ ബാബിലോണിലേക്കു കൊണ്ടുപോകുകയും ചെയ്തു.

13 സൈറസ്‍രാജാവ് ബാബിലോണ്‍ പിടിച്ചടക്കി ഭരണം ആരംഭിച്ചതിന്‍റെ ഒന്നാം വര്‍ഷം ഈ ആലയം പണിയാന്‍ അദ്ദേഹം കല്പന നല്‌കി.

14 നെബുഖദ്നേസര്‍ യെരൂശലേമിലെ ആലയത്തില്‍നിന്ന് എടുത്തുകൊണ്ടുപോയി ബാബിലോണിലെ ക്ഷേത്രത്തില്‍ വച്ചിരുന്ന സ്വര്‍ണംകൊണ്ടും വെള്ളികൊണ്ടും നിര്‍മ്മിച്ച പാത്രങ്ങള്‍ സൈറസ്‍രാജാവ് അവിടെനിന്ന് എടുപ്പിച്ചു താന്‍ ദേശാധിപതിയായി നിയമിച്ചിരുന്ന ശേശ്ബസ്സറെ ഏല്പിച്ചു.’

15 സൈറസ് അയാളോടു പറഞ്ഞു: ‘ഈ പാത്രങ്ങള്‍ നീ എടുത്ത് യെരൂശലേമിലെ ദേവാലയത്തില്‍ കൊണ്ടുചെന്നു വയ്‍ക്കുക; ദേവാലയം യഥാസ്ഥാനത്തുതന്നെ പണിയട്ടെ.’

16 അങ്ങനെ ശേശ്ബസ്സര്‍ വന്ന് യെരൂശലേമിലെ ദേവാലയത്തിന് അടിസ്ഥാനമിട്ടു. അന്നുമുതല്‍ ഇന്നുവരെ അതിന്‍റെ പണി തുടരുന്നു. ഇതുവരെ അതിന്‍റെ പണി തീര്‍ന്നിട്ടില്ല.

17

“അതുകൊണ്ട് അവിടുന്നു തിരുമനസ്സുണ്ടായി യെരൂശലേമിലെ ഈ ദേവാലയം പണിയുന്നതിനു സൈറസ്‍രാജാവ് കല്പന കൊടുത്തിട്ടുണ്ടോ എന്നു ബാബിലോണിലെ രാജകീയ രേഖകള്‍ പരിശോധിച്ച് അവിടുത്തെ ഹിതം ഞങ്ങളെ അറിയിച്ചാലും.”

6

1

ദാരിയൂസിന്‍റെ കല്പന അനുസരിച്ചു ബാബിലോണില്‍ സൂക്ഷിച്ചിരുന്ന രേഖകള്‍ പരിശോധിച്ചു.

2 മേദ്യപ്രവിശ്യയുടെ തലസ്ഥാനമായ എക്ബാത്താനയില്‍ അവര്‍ ഒരു ചുരുള്‍ കണ്ടെത്തി. അതില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരുന്നു:

3 “സൈറസ്‍രാജാവിന്‍റെ വാഴ്ചയുടെ ഒന്നാം വര്‍ഷം യെരൂശലേംദേവാലയത്തെക്കുറിച്ച് പുറപ്പെടുവിച്ച കല്പന: കാഴ്ചകളും ഹോമയാഗങ്ങളും അര്‍പ്പിക്കുന്ന ആലയം വീണ്ടും പണിയണം. അതിന്‍റെ ഉയരം അറുപതു മുഴവും വീതി അറുപതു മുഴവും ആയിരിക്കണം.

4 മൂന്നു നിര കല്ലുകള്‍ക്കുമീതെ ഒരു നിര തടി എന്ന ക്രമത്തിലായിരിക്കണം അതു പണിയേണ്ടത്. ചെലവ് രാജഭണ്ഡാരത്തില്‍നിന്നു നല്‌കേണ്ടതാണ്.

5 യെരൂശലേമിലെ ദേവാലയത്തില്‍നിന്നു നെബുഖദ്നേസര്‍ ബാബിലോണിലേക്കു കൊണ്ടുപോയതും സ്വര്‍ണം, വെള്ളി എന്നിവകൊണ്ടു നിര്‍മ്മിച്ചതുമായ പാത്രങ്ങള്‍ മടക്കിക്കൊടുക്കണം; അവ യെരൂശലേംദേവാലയത്തില്‍ അതതു സ്ഥാനത്ത് വയ്‍ക്കണം.”

6

ദാരിയൂസ് ഇപ്രകാരം മറുപടി നല്‌കി: “നദിക്ക് അക്കരെയുള്ള പ്രദേശത്തിന്‍റെ ഗവര്‍ണര്‍ തത്നായിയും, ശെഥര്‍-ബോസ്നായിയും അവരുടെ സഹപ്രവര്‍ത്തകരായ അധികാരികളും പണിക്കു തടസ്സം നില്‌ക്കരുത്;

7 ദേവാലയത്തിന്‍റെ പണി നിര്‍ബാധം നടക്കട്ടെ. യെഹൂദന്മാരുടെ ദേശാധിപതിയും അവരുടെ പ്രമാണികളും ഈ ദേവാലയം അതിന്‍റെ സ്ഥാനത്തുതന്നെ പണിയട്ടെ.

8 ദേവാലയത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിനു യെഹൂദാപ്രമാണികള്‍ക്കു നിങ്ങള്‍ ചെയ്തു കൊടുക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള എന്‍റെ കല്പന ഇതാണ്. നദിക്കക്കരെ നികുതി ഇനത്തില്‍ ലഭിക്കുന്ന രാജകീയ വരുമാനത്തില്‍നിന്ന് ചെലവ് പൂര്‍ണമായി ഉടന്‍തന്നെ അവരെ ഏല്പിക്കണം.

9 സ്വര്‍ഗത്തിലെ ദൈവത്തിനു ഹോമയാഗം കഴിക്കാന്‍ കാളക്കുട്ടികള്‍, മുട്ടാടുകള്‍, കുഞ്ഞാടുകള്‍ എന്നിവയും യെരൂശലേമിലെ പുരോഹിതന്മാര്‍ ആവശ്യപ്പെടുന്നത്ര കോതമ്പ്, ഉപ്പ്, വീഞ്ഞ്, എണ്ണ എന്നിവയും മുടക്കം കൂടാതെ ദിനംതോറും നല്‌കണം.

10 അങ്ങനെ അവര്‍ സ്വര്‍ഗത്തിലെ ദൈവത്തിനു ഹിതകരമായ യാഗം അര്‍പ്പിക്കുകയും രാജാവിന്‍റെയും പുത്രന്മാരുടെയും ക്ഷേമത്തിനുവേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യട്ടെ.

11 ആരെങ്കിലും മേല്പറഞ്ഞ കല്പന ലംഘിച്ചാല്‍ അവന്‍റെ വീടിന്‍റെ ഒരു തുലാം ഇളക്കിയെടുത്ത് ഒരറ്റം കൂര്‍പ്പിച്ച് അതിന്മേല്‍ അവനെ കോര്‍ത്ത് തുലാം നാട്ടി നിറുത്തണം. അവന്‍റെ വീട് കുപ്പക്കുന്ന് ആക്കുകയും വേണം എന്നു ഞാന്‍ കല്പിക്കുന്നു.

12 ഈ കല്പന ലംഘിക്കുകയോ തന്‍റെ നാമം സ്ഥാപിക്കുന്നതിനു ദൈവം തിരഞ്ഞെടുത്ത യെരൂശലേമിലെ ഈ ദേവാലയം നശിപ്പിക്കാനോ ശ്രമിക്കുന്ന ഏതൊരു രാജാവിനെയും ജനത്തെയും ദൈവം നശിപ്പിക്കും. ദാരിയൂസായ ഞാന്‍ ഈ ഉത്തരവു നല്‌കുന്നു. അതു വീഴ്ചകൂടാതെ നടപ്പാക്കണം.”

13

നദിക്ക് ഇക്കരെയുള്ള പ്രദേശത്തിന്‍റെ അധിപന്‍ തത്നായിയും ശെഥര്‍-ബോസ്നായിയും അവരുടെ സഹപ്രവര്‍ത്തകരും രാജകല്പന അക്ഷരംപ്രതി അനുസരിച്ചു.

14 ഹഗ്ഗായിപ്രവാചകന്‍റെയും ഇദ്ദോയുടെ പുത്രന്‍ സെഖര്യാപ്രവാചകന്‍റെയും പ്രവചനങ്ങളാല്‍ പ്രേരിതരായി, യെഹൂദാപ്രമാണികളുടെ നേതൃത്വത്തില്‍ പണി അതിവേഗം പുരോഗമിച്ചു. ഇസ്രായേലിന്‍റെ ദൈവത്തിന്‍റെ കല്പനപ്രകാരവും പേര്‍ഷ്യന്‍രാജാക്കന്മാരായ സൈറസ്, ദാരിയൂസ്, അര്‍ത്ഥക്സേര്‍ക്സസ് എന്നിവരുടെ ആജ്ഞയനുസരിച്ചും അവര്‍ പണി പൂര്‍ത്തിയാക്കി.

15 ദാരിയൂസ് രാജാവിന്‍റെ വാഴ്ചയുടെ ആറാം വര്‍ഷം ആദാര്‍ മാസം മൂന്നാം ദിവസം ആണു ദേവാലയത്തിന്‍റെ പണി പൂര്‍ത്തിയാക്കിയത്.

16 പുരോഹിതന്മാരും ലേവ്യരും മടങ്ങിവന്ന മറ്റു പ്രവാസികളും ചേര്‍ന്ന ഇസ്രായേല്‍ജനം ദേവാലയത്തിന്‍റെ പ്രതിഷ്ഠ ആഹ്ലാദപൂര്‍വം ആഘോഷിച്ചു.

17 ഇസ്രായേല്‍ഗോത്രങ്ങളുടെ എണ്ണമനുസരിച്ചു ദേവാലയത്തിന്‍റെ പ്രതിഷ്ഠയ്‍ക്ക് നൂറു കാളകളെയും ഇരുനൂറു മുട്ടാടുകളെയും നാനൂറു കുഞ്ഞാടുകളെയും സമസ്ത ഇസ്രായേലിനും വേണ്ടിയുള്ള പാപപരിഹാരയാഗത്തിനു പന്ത്രണ്ട് ആണ്‍കോലാടുകളെയും യാഗം കഴിച്ചു.

18 മോശയുടെ ഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്നതുപോലെ യെരൂശലേമില്‍ ദൈവശുശ്രൂഷയ്‍ക്കുവേണ്ടി പുരോഹിതന്മാരെ ഗണമനുസരിച്ചും ലേവ്യരെ തവണയനുസരിച്ചും നിയമിച്ചു.

19

മടങ്ങിവന്ന പ്രവാസികള്‍ ഒന്നാം മാസം പതിന്നാലാം ദിവസം പെസഹ ആചരിച്ചു.

20 പുരോഹിതന്മാരും ലേവ്യരും ഒരുമിച്ചു തങ്ങളെത്തന്നെ ശുദ്ധീകരിച്ചു. അങ്ങനെ എല്ലാവരും ശുദ്ധിയുള്ളവരായിത്തീര്‍ന്നു. അവര്‍ മടങ്ങിവന്ന എല്ലാ പ്രവാസികള്‍ക്കും സഹോദരന്മാരായ പുരോഹിതന്മാര്‍ക്കും തങ്ങള്‍ക്കുംവേണ്ടി പെസഹാകുഞ്ഞാടിനെ കൊന്നു.

21

പ്രവാസത്തില്‍നിന്നു മടങ്ങിവന്ന ഇസ്രായേല്‍ജനങ്ങളും ഇസ്രായേലിന്‍റെ ദൈവത്തെ ആരാധിക്കുന്നതിനുവേണ്ടി തദ്ദേശീയരുടെ മ്ലേച്ഛതകള്‍ ഉപേക്ഷിച്ച് അവരോടു ചേര്‍ന്നവരും പെസഹ ഭക്ഷിച്ചു.

22 സര്‍വേശ്വരന്‍ അവരെ സന്തുഷ്ടരാക്കുകയും ഇസ്രായേലിന്‍റെ ദൈവത്തിന്‍റെ ആലയം പണിയുന്നതില്‍ അവരെ സഹായിക്കുംവിധം അസ്സീറിയാരാജാവിന്‍റെ ഹൃദയം അവര്‍ക്ക് അനുകൂലമാക്കുകയും ചെയ്തതുകൊണ്ട് അവര്‍ പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുന്നാള്‍ ഏഴു ദിവസം ആഹ്ലാദപൂര്‍വം ആചരിച്ചു.

7

1

പേര്‍ഷ്യന്‍ രാജാവായ അര്‍ത്ഥക്സേര്‍ക്സസിന്‍റെ ഭരണകാലത്ത് എസ്രാ ബാബിലോണില്‍നിന്നു യെരൂശലേമില്‍ വന്നു. അദ്ദേഹം സെരായായുടെ പുത്രന്‍; സെരായാ അസര്യായുടെ പുത്രന്‍; അസര്യാ ഹില്‌കീയായുടെ പുത്രന്‍;

2 ഹില്‌കീയാ ശല്ലൂമിന്‍റെ പുത്രന്‍; ശല്ലൂം സാദോക്കിന്‍റെ പുത്രന്‍; സാദോക്ക് അഹീത്തൂബിന്‍റെ പുത്രന്‍;

3 അഹീത്തൂബ് അമര്യായുടെ പുത്രന്‍; അമര്യാ അസര്യായുടെ പുത്രന്‍; അസര്യാ മെരായോത്തിന്‍റെ പുത്രന്‍;

4 മെരായോത്ത് സെരഖ്യായുടെ പുത്രന്‍; സെരഖ്യാ ഉസ്സിയുടെ പുത്രന്‍;

5 ഉസ്സി ബുക്കിയുടെ പുത്രന്‍; ബുക്കി അബീശൂവയുടെ പുത്രന്‍; അബീശൂവ ഫീനെഹാസിന്‍റെ പുത്രന്‍; ഫീനെഹാസ് എലെയാസറിന്‍റെ പുത്രന്‍; എലെയാസര്‍ മഹാപുരോഹിതനായ അഹരോന്‍റെ പുത്രന്‍.

6 എസ്രാ ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ മോശയിലൂടെ നല്‌കിയ ധര്‍മശാസ്ത്രത്തില്‍ അവഗാഹമുള്ളവനായിരുന്നു. ദൈവമായ സര്‍വേശ്വരന്‍റെ അനുഗ്രഹം അദ്ദേഹത്തിന്‍റെമേല്‍ ഉണ്ടായിരുന്നതുകൊണ്ട് അദ്ദേഹം ആവശ്യപ്പെട്ടതെല്ലാം രാജാവു നല്‌കിയിരുന്നു.

7 അദ്ദേഹത്തോടൊപ്പം ഇസ്രായേല്‍ജനങ്ങളിലും പുരോഹിതന്മാരിലും ലേവ്യരിലും ഗായകരിലും ദ്വാരപാലകന്മാരിലും ദേവാലയ ശുശ്രൂഷകരിലും ചിലര്‍കൂടി അര്‍ത്ഥക്സേര്‍ക്സസ് രാജാവിന്‍റെ വാഴ്ചയുടെ ഏഴാം വര്‍ഷം യെരൂശലേമില്‍ വന്നു.

8 രാജാവിന്‍റെ വാഴ്ചയുടെ ഏഴാം വര്‍ഷം അഞ്ചാം മാസത്തിലായിരുന്നു അദ്ദേഹം യെരൂശലേമില്‍ എത്തിയത്.

9 ഒന്നാം മാസം ഒന്നാം ദിവസം അദ്ദേഹം ബാബിലോണില്‍നിന്നു യാത്ര പുറപ്പെട്ടു; ദൈവാനുഗ്രഹത്താല്‍ അഞ്ചാം മാസം ഒന്നാം തീയതി യെരൂശലേമിലെത്തി.

10 സര്‍വേശ്വരന്‍റെ ധര്‍മശാസ്ത്രം പഠിക്കുവാനും അത് അനുഷ്ഠിക്കുവാനും അതിന്‍റെ ചട്ടങ്ങളും വിധികളും ഇസ്രായേലില്‍ പഠിപ്പിക്കുവാനും എസ്രാ മനസ്സുവച്ചിരുന്നു.

11

ഇസ്രായേലിനു സര്‍വേശ്വരന്‍ നല്‌കിയ കല്പനകളുടെയും ചട്ടങ്ങളുടെയും കാര്യത്തില്‍ അഭിജ്ഞനും പുരോഹിതനുമായ എസ്രായ്‍ക്ക് അര്‍ത്ഥക്സേര്‍ക്സ് രാജാവു നല്‌കിയ എഴുത്തിന്‍റെ പകര്‍പ്പ്:

12 “രാജാധിരാജനായ അര്‍ത്ഥക്സേര്‍ക്സസ് രാജാവ് സ്വര്‍ഗസ്ഥനായ ദൈവത്തിന്‍റെ ധര്‍മശാസ്ത്രത്തില്‍ അഭിജ്ഞനായ എസ്രാപുരോഹിതനു എഴുതുന്നത്:

13 എന്‍റെ രാജ്യത്തു വസിക്കുന്ന ഏത് ഇസ്രായേല്യനും പുരോഹിതനും ലേവ്യനും നിന്നോടൊപ്പം യെരൂശലേമിലേക്കു പോകാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഞാന്‍ അതിന് അനുവാദം തന്നിരിക്കുന്നു.

14 നിന്‍റെ ദൈവത്തില്‍നിന്നു ലഭിച്ച ധര്‍മശാസ്ത്രം യെഹൂദ്യയിലും യെരൂശലേമിലും എങ്ങനെ പരിപാലിക്കപ്പെടുന്നു എന്ന് അന്വേഷിക്കാനാണ് രാജാവും തന്‍റെ ഏഴു മന്ത്രിമാരും ചേര്‍ന്ന് നിന്നെ അയയ്‍ക്കുന്നത്.

15 യെരൂശലേമില്‍ വസിക്കുന്ന ഇസ്രായേലിന്‍റെ ദൈവത്തിന് രാജാവും മന്ത്രിമാരും സ്വമേധാദാനമായി അര്‍പ്പിക്കുന്ന വെള്ളിയും സ്വര്‍ണവും നിങ്ങള്‍ കൊണ്ടുപോകണം.

16 കൂടാതെ ബാബിലോണ്‍ പ്രദേശത്തുനിന്നു നിങ്ങള്‍ സംഭരിച്ച വെള്ളിയും സ്വര്‍ണവും യെരൂശലേമിലെ തങ്ങളുടെ ദൈവത്തിന്‍റെ ആലയത്തിനുവേണ്ടി ജനങ്ങളും പുരോഹിതന്മാരും നല്‌കുന്ന സ്വമേധാദാനങ്ങളും കൊണ്ടുപോകുന്നതിനും കൂടിയാണ് നിന്നെ അയയ്‍ക്കുന്നത്.

17 “ഈ ദ്രവ്യംകൊണ്ട് ശ്രദ്ധാപൂര്‍വം കാളകള്‍, മുട്ടാടുകള്‍, കുഞ്ഞാടുകള്‍ എന്നിവയും ധാന്യയാഗത്തിനും പാനീയയാഗത്തിനും വേണ്ട വസ്തുക്കളും വാങ്ങി യെരൂശലേമിലെ നിങ്ങളുടെ ദൈവത്തിന്‍റെ ആലയത്തിലെ യാഗപീഠത്തിന്മേല്‍ അര്‍പ്പിക്കണം.

18 ശേഷിക്കുന്ന വെള്ളിയും സ്വര്‍ണവും നിനക്കും നിന്‍റെ സഹോദരന്മാര്‍ക്കും ഉചിതമെന്നു തോന്നുന്നതുപോലെ നിങ്ങളുടെ ദൈവത്തിനു പ്രസാദകരമാംവിധം ഉപയോഗിക്കാം.

19 നിന്‍റെ ദൈവത്തിന്‍റെ ആലയത്തിലെ ശുശ്രൂഷയ്‍ക്കുവേണ്ടി നിന്നെ ഏല്പിച്ചിട്ടുള്ള പാത്രങ്ങള്‍ യെരൂശലേമിലെ ദൈവത്തിന്‍റെ സന്നിധിയില്‍ സമര്‍പ്പിക്കണം.

20 നിന്‍റെ ദൈവത്തിന്‍റെ ആലയത്തിനുവേണ്ടി മറ്റെന്തെങ്കിലും ആവശ്യമായി വന്നാല്‍ അതും രാജഭണ്ഡാരത്തില്‍നിന്ന് എടുത്തുകൊള്ളുക.”

21 അര്‍ത്ഥക്സേര്‍ക്സസ് രാജാവായ നാം നദിക്ക് അക്കരെയുള്ള പ്രദേശത്തെ ഭണ്ഡാരവിചാരകരോടു കല്പിക്കുന്നു: “സ്വര്‍ഗസ്ഥനായ ദൈവത്തിന്‍റെ ധര്‍മശാസ്ത്രത്തില്‍ പാണ്ഡിത്യമുള്ള എസ്രാപുരോഹിതന്‍ നിങ്ങളോടു ചോദിക്കുന്നതെല്ലാം ശുഷ്കാന്തിയോടെ നല്‌കണം.

22 വെള്ളി നൂറു താലന്തുവരെയും കോതമ്പ് നൂറുകോര്‍വരെയും വീഞ്ഞും എണ്ണയും നൂറു ബത്തുവരെയും ഉപ്പ് ആവശ്യംപോലെയും കൊടുക്കണം.

23 സ്വര്‍ഗസ്ഥനായ ദൈവത്തിന്‍റെ ക്രോധം രാജാവിന്‍റെയും പുത്രന്മാരുടെയും രാജ്യത്തിന്മേല്‍ പതിക്കാതിരിക്കാന്‍ അവിടുന്നു കല്പിക്കുന്നതെല്ലാം അവിടുത്തെ ആലയത്തിനുവേണ്ടി നല്‌കേണ്ടതാണ്.

24 പുരോഹിതന്മാര്‍, ലേവ്യര്‍, ഗായകര്‍, ദ്വാരപാലകര്‍, ദേവാലയഭൃത്യന്മാര്‍, ദൈവത്തിന്‍റെ ഈ ആലയത്തിലെ മറ്റു ശുശ്രൂഷകര്‍ എന്നിവരില്‍നിന്നു കരമോ, ചുങ്കമോ, നികുതിയോ ചുമത്തുന്നതു നിയമവിരുദ്ധമായിരിക്കുമെന്നു നാം കല്പിക്കുന്നു.”

25 “അല്ലയോ എസ്രാ, നിന്‍റെ ദൈവത്തില്‍നിന്നു നിനക്കു ലഭിച്ചിരിക്കുന്ന ജ്ഞാനം ഉപയോഗിച്ചു നദിക്ക് അക്കരെയുള്ള ജനത്തിനു ന്യായപാലനം ചെയ്യാന്‍ നിന്‍റെ ദൈവത്തിന്‍റെ നിയമം അറിയാവുന്നവരില്‍നിന്ന് നിയമപാലകരെയും ന്യായാധിപന്മാരെയും നിയമിക്കണം. അത് അറിയാത്തവരെ പഠിപ്പിക്കുകയും വേണം.

26 നിന്‍റെ ദൈവത്തിന്‍റെയോ രാജാവിന്‍റെയോ നിയമം ലംഘിക്കുന്ന എല്ലാവരെയും കര്‍ശനമായി ശിക്ഷിക്കണം; വധശിക്ഷയോ, നാടുകടത്തലോ, വസ്തു കണ്ടുകെട്ടലോ, തടവുശിക്ഷയോ നല്‌കാവുന്നതാണ്.

27

യെരൂശലേമില്‍ സര്‍വേശ്വരന്‍റെ ആലയം മനോഹരമാക്കുന്നതിനു രാജാവിനെ പ്രേരിപ്പിച്ച നമ്മുടെ പിതാക്കന്മാരുടെ ദൈവമായ സര്‍വേശ്വരന്‍ വാഴ്ത്തപ്പെട്ടവന്‍.

28 രാജാവിന്‍റെയും മന്ത്രിമാരുടെയും പ്രബലരായ പ്രഭുക്കന്മാരുടെയും മുമ്പില്‍ എന്നോട് അവിടുന്നു സുസ്ഥിരസ്നേഹം പ്രദര്‍ശിപ്പിച്ചു. എന്‍റെ ദൈവമായ സര്‍വേശ്വരന്‍റെ അനുഗ്രഹം എന്‍റെമേല്‍ ഉണ്ടായിരുന്നതുകൊണ്ട് ഇസ്രായേലിലെ പ്രമുഖരെ വിളിച്ചുകൂട്ടി എന്‍റെകൂടെ പോരുന്നതിന് അവരെ പ്രേരിപ്പിക്കാന്‍ എനിക്കു ധൈര്യമുണ്ടായി.

8

1

അര്‍ത്ഥക്സേര്‍ക്സസ് രാജാവിന്‍റെ ഭരണകാലത്ത് ബാബിലോണില്‍നിന്ന് എന്‍റെ കൂടെ പോന്ന പിതൃഭവനത്തലവന്മാരുടെ പേരുകള്‍ വംശക്രമത്തില്‍:

2 ഫീനെഹാസിന്‍റെ വംശജരില്‍ ഗേര്‍ശോം; ഈഥാമാരിന്‍റെ വംശജരില്‍ ദാനീയേല്‍;

3 ദാവീദിന്‍റെ വംശജരില്‍ ശെഖന്യായുടെ പുത്രന്‍ ഹത്തൂശ്; പറോശിന്‍റെ വംശജരില്‍ സെഖര്യായും അയാളുടെ കൂടെ വംശാവലിയില്‍ പേരു ചേര്‍ക്കപ്പെട്ടിട്ടുള്ള നൂറ്റമ്പതു പുരുഷന്മാരും.

4 പഹത്ത്-മോവാബിന്‍റെ വംശത്തില്‍ സെരഹ്യായുടെ പുത്രന്‍ എല്യെഹോവേനായിയും കൂടെ ഇരുനൂറു പേരും.

5 ശെഖന്യായുടെ വംശത്തില്‍ യെഹസീയേലിന്‍റെ പുത്രനും കൂടെ മുന്നൂറു പേരും.

6 ആദീന്‍റെ വംശത്തില്‍ യോനാഥാന്‍റെ പുത്രന്‍ ഏബെദും കൂടെ അമ്പതു പുരുഷന്മാരും.

7 ഏലാമിന്‍റെ വംശത്തില്‍ അഥല്യായുടെ പുത്രന്‍ യെശയ്യായും കൂടെ എഴുപതു പേരും.

8 ശെഫത്യായുടെ വംശത്തില്‍ മീഖായേലിന്‍റെ പുത്രന്‍ സെബദ്യായും കൂടെ എണ്‍പതു പുരുഷന്മാരും.

9 യോവാബിന്‍റെ വംശത്തില്‍ യെഹീയേലിന്‍റെ പുത്രന്‍ ഓബദ്യായും കൂടെ ഇരുനൂറ്റിപതിനെട്ടുപേരും.

10 ശെലോമീത്തിന്‍റെ വംശത്തില്‍ യോസിഫ്യായുടെ പുത്രനും കൂടെ നൂറ്ററുപതു പുരുഷന്മാരും.

11 ബേബായിയുടെ വംശത്തില്‍പ്പെട്ട ബേബായിയുടെ പുത്രന്‍ സെഖര്യായും കൂടെ ഇരുപത്തെട്ടു പേരും.

12 അസ്ഗാദിന്‍റെ വംശത്തില്‍ ഹക്കാതാന്‍റെ പുത്രന്‍ യോഹാനാനും കൂടെ നൂറ്റിപ്പത്തു പുരുഷന്മാരും.

13 അദോനീക്കാമിന്‍റെ ഇളയ പുത്രന്മാരില്‍ എലീഫേലെത്ത്, യെയീയേല്‍, ശെമയ്യാ എന്നിവരും കൂടെ അറുപതു പുരുഷന്മാരും.

14 ബിഗ്വായുടെ വംശത്തില്‍ ഊഥായിയും സബൂദും കൂടെ എഴുപതു പേരും.

15

അഹവായിലേക്ക് ഒഴുകുന്ന നദിയുടെ തീരത്ത് ഞാന്‍ ഇവരെ ഒരുമിച്ചു കൂട്ടി. അവിടെ ഞങ്ങള്‍ പാളയമടിച്ചു മൂന്നു ദിവസം പാര്‍ത്തു. ഞാന്‍ ജനത്തെയും പുരോഹിതന്മാരെയും പരിശോധിച്ചു. എന്നാല്‍ ലേവിയുടെ വംശജരില്‍ ആരെയും അവിടെ കണ്ടില്ല.

16 അതുകൊണ്ട് എലീയേസെര്‍, അരീയേല്‍, ശെമയ്യാ, എല്‍നാഥാന്‍, യാരീബ്, എല്‍നാഥാന്‍, നാഥാന്‍, സെഖര്യാ, മെശുല്ലാം എന്നീ പ്രമുഖരെയും യോയാരീബ്, എല്‍നാഥാന്‍ എന്നീ സൂക്ഷ്മബുദ്ധികളെയും ഞാന്‍ വിളിപ്പിച്ചു.

17 അവരെ കാസിഫ്യാ എന്ന സ്ഥലത്തെ പ്രമുഖനായ ഇദ്ദോയുടെ അടുക്കല്‍ അയച്ചു. നമ്മുടെ ദൈവത്തിന്‍റെ ആലയത്തിനു ശുശ്രൂഷകരെ അയച്ചുതരണമെന്നു കാസിഫ്യായിലെ ഇദ്ദോയോടും അയാളുടെ സഹോദരരായ ദേവാലയ ശുശ്രൂഷകരോടും അപേക്ഷിക്കാനായിരുന്നു അവരെ അയച്ചത്.

18 ദൈവകൃപ ഞങ്ങള്‍ക്കുണ്ടായിരുന്നതിനാല്‍ ഇസ്രായേലിന്‍റെ പൗത്രനും ലേവിയുടെ പുത്രനുമായ മഹ്ലിയുടെ കുലത്തില്‍പ്പെട്ടവനും വിവേകിയുമായ ശേരബ്യായെയും അയാളുടെ പുത്രന്മാരും ചാര്‍ച്ചക്കാരുമായ പതിനെട്ടു പേരെയും അവര്‍ കൊണ്ടുവന്നു.

19 കൂടാതെ ഹശബ്യായെയും അയാളുടെ കൂടെ മെരാരികുടുംബത്തില്‍പ്പെട്ട യെശയ്യായും അയാളുടെ പുത്രന്മാരും ചാര്‍ച്ചക്കാരുമടക്കം ഇരുപതു പേരെയും കൊണ്ടുവന്നു.

20 അതിനു പുറമേ ദാവീദും അദ്ദേഹത്തിന്‍റെ സേവകന്മാരും ലേവ്യരെ സഹായിക്കാന്‍ വേര്‍തിരിച്ചിരുന്ന ദേവാലയ ശുശ്രൂഷകരില്‍ ഇരുനൂറ്റി ഇരുപതു പേരെയുംകൂടി കൊണ്ടുവന്നു. അവരുടെയെല്ലാം പേരു രേഖപ്പെടുത്തി.

21

ദൈവസന്നിധിയില്‍ ഞങ്ങളെത്തന്നെ വിനയപ്പെടുത്താനും കുഞ്ഞുകുട്ടികളോടും വസ്തുവകകളോടും കൂടിയുള്ള ഞങ്ങളുടെ യാത്ര സുരക്ഷിതമായിത്തീരാനും ദൈവത്തോട് അപേക്ഷിക്കാനുമായി അഹവാ നദീതീരത്തുവച്ച് ഞാന്‍ ഒരു ഉപവാസം പ്രഖ്യാപിച്ചു.

22 ഞങ്ങളുടെ ദൈവത്തെ അന്വേഷിക്കുന്നവരുടെമേല്‍ അവിടുത്തെ അനുഗ്രഹം ഉണ്ടായിരിക്കുമെന്നും ഉപേക്ഷിക്കുന്നവര്‍ക്കെതിരെ അവിടുത്തെ ഉഗ്രകോപം ജ്വലിക്കുമെന്നും ഞങ്ങള്‍ രാജാവിനോടു പറഞ്ഞിരുന്നു. അതിനാല്‍ യാത്രയില്‍ ഞങ്ങളെ ശത്രുക്കളില്‍നിന്നു രക്ഷിക്കുന്നതിനു പടയാളികളെയും കുതിരപ്പട്ടാളത്തെയും രാജാവിനോട് ആവശ്യപ്പെടാന്‍ എനിക്കു ലജ്ജതോന്നി.

23 ഞങ്ങള്‍ ഉപവസിച്ചു ദൈവത്തോടു പ്രാര്‍ഥിച്ചു. അവിടുന്നു ഞങ്ങളുടെ പ്രാര്‍ഥന കേട്ടു.

24

പ്രമുഖരായ പുരോഹിതന്മാരില്‍നിന്ന് ശേരബ്യായും ഹശബ്യായും അവരുടെ ചാര്‍ച്ചക്കാരായ പത്തു പേരും ഉള്‍പ്പെടെ പന്ത്രണ്ടുപേരെ തിരഞ്ഞെടുത്തു.

25 രാജാവും അദ്ദേഹത്തിന്‍റെ മന്ത്രിമാരും പ്രഭുക്കന്മാരും അവിടെയുള്ള ഇസ്രായേല്യരും നമ്മുടെ ദൈവത്തിന്‍റെ ആലയത്തിനു വഴിപാടായി അര്‍പ്പിച്ചിരുന്ന വെള്ളിയും സ്വര്‍ണവും പാത്രങ്ങളും തൂക്കി ഞാന്‍ അവരെ ഏല്പിച്ചു.

26 അറുനൂറ്റമ്പതു താലന്തു വെള്ളി, നൂറു താലന്തു വരുന്ന അമ്പതു വെള്ളിപ്പാത്രങ്ങള്‍, നൂറു താലന്തു സ്വര്‍ണം,

27 ആയിരം തങ്കക്കാശു വിലയുള്ള ഇരുപതു സ്വര്‍ണപ്പാത്രങ്ങള്‍, സ്വര്‍ണംപോലെ വിലപിടിച്ചതും തിളങ്ങുന്നതുമായ രണ്ട് ഓട്ടുപാത്രങ്ങള്‍ എന്നിവയാണു ഞാന്‍ തൂക്കി ഏല്പിച്ചത്.

28

ഞാന്‍ അവരോടു പറഞ്ഞു: “നിങ്ങള്‍ ദൈവത്തിനുവേണ്ടി വേര്‍തിരിക്കപ്പെട്ടവരാണ്. ഈ പാത്രങ്ങളും വേര്‍തിരിക്കപ്പെട്ടവയാണ്. വെള്ളിയും സ്വര്‍ണവും നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സര്‍വേശ്വരനു സ്വമേധാദാനമായി അര്‍പ്പിക്കപ്പെട്ടവയും ആണ്.

29 മുഖ്യ പുരോഹിതന്മാരുടെയും ലേവ്യരുടെയും ഇസ്രായേലിലെ ഗോത്രത്തലവന്മാരുടെയും മുമ്പാകെ യെരൂശലേമില്‍ സര്‍വേശ്വരന്‍റെ ആലയത്തിലെ അറകളില്‍വച്ച് തൂക്കി ഏല്പിക്കുന്നതുവരെ ഇവ ഭദ്രമായി സൂക്ഷിക്കണം.

30 അങ്ങനെ പുരോഹിതന്മാരും ലേവ്യരും ആ വെള്ളിയും സ്വര്‍ണവും അവകൊണ്ടുള്ള പാത്രങ്ങളും യെരൂശലേമില്‍ ഞങ്ങളുടെ ദൈവത്തിന്‍റെ ആലയത്തിലേക്കു കൊണ്ടുപോകുന്നതിന് ഏറ്റുവാങ്ങി.

31

ഒന്നാം മാസം പന്ത്രണ്ടാം ദിവസം അഹവാ നദിക്കരയില്‍നിന്നു ഞങ്ങള്‍ യെരൂശലേമിലേക്കു പുറപ്പെട്ടു; ഞങ്ങളുടെ ദൈവത്തിന്‍റെ കൃപ ഞങ്ങള്‍ക്കുണ്ടായിരുന്നു. ശത്രുക്കളില്‍നിന്നും വഴിയില്‍ പതിയിരിക്കുന്നവരില്‍നിന്നും അവിടുന്നു ഞങ്ങളെ കാത്തുരക്ഷിച്ചു.

32 അങ്ങനെ ഞങ്ങള്‍ യെരൂശലേമില്‍ എത്തി; അവിടെ മൂന്നു ദിവസം പാര്‍ത്തു.

33 നാലാം ദിവസം ഞങ്ങള്‍ ആ വെള്ളിയും സ്വര്‍ണവും പാത്രങ്ങളും നമ്മുടെ ദൈവത്തിന്‍റെ ആലയത്തില്‍ ഊരിയാപുരോഹിതന്‍റെ പുത്രന്‍ മെരേമോത്തിന്‍റെ കൈയില്‍ തൂക്കി ഏല്പിച്ചു; അയാളോടൊപ്പം ഫീനെഹാസിന്‍റെ പുത്രന്‍ എലെയാസാരും യേശുവയുടെ പുത്രന്‍ യോസാബാദ്, ബിന്നൂവിന്‍റെ പുത്രന്‍ നോവദ്യാ എന്നീ ലേവ്യരും ഉണ്ടായിരുന്നു.

34 എല്ലാറ്റിന്‍റെയും എണ്ണവും തൂക്കവും തിട്ടപ്പെടുത്തി എഴുതിവച്ചു.

35 മടങ്ങിവന്ന പ്രവാസികള്‍ ഇസ്രായേല്‍ജനങ്ങള്‍ക്കുവേണ്ടി ഇസ്രായേലിന്‍റെ ദൈവത്തിനു ഹോമയാഗമായി പന്ത്രണ്ടു കാള, തൊണ്ണൂറ്റാറു മുട്ടാട്, എഴുപത്തേഴ് കുഞ്ഞാട് എന്നിവയെയും പാപയാഗമായി പന്ത്രണ്ട് ആണ്‍കോലാടുകളെയും അര്‍പ്പിച്ചു.

36 അവര്‍ രാജാവിന്‍റെ കല്പനകള്‍ നദിക്ക് ഇക്കരെയുള്ള സ്ഥാനപതിമാരെയും ഗവര്‍ണര്‍മാരെയും ഏല്പിച്ചു; അവര്‍ ജനങ്ങള്‍ക്കും ദേവാലയത്തിനും വേണ്ട സഹായം നല്‌കി.

9

1

ഇതെല്ലാം കഴിഞ്ഞ് ജനനേതാക്കള്‍ എന്നെ സമീപിച്ചു പറഞ്ഞു: “ഇസ്രായേല്‍ജനങ്ങളും പുരോഹിതന്മാരും ലേവ്യരും തദ്ദേശവാസികളായ കനാന്യര്‍, ഹിത്യര്‍, പെരിസ്യര്‍, യെബൂസ്യര്‍, അമ്മോന്യര്‍, മോവാബ്യര്‍, ഈജിപ്തുകാര്‍, അമോര്യര്‍ എന്നീ ജനതകളില്‍നിന്നും അവരുടെ മ്ലേച്ഛാചാരങ്ങളില്‍നിന്നും അകന്നുനില്‌ക്കുന്നില്ല.

2 തദ്ദേശീയരുടെ പുത്രിമാരെ അവര്‍ തങ്ങള്‍ക്കും തങ്ങളുടെ പുത്രന്മാര്‍ക്കും ഭാര്യമാരായി സ്വീകരിച്ചിരിക്കുന്നു. അങ്ങനെ വിശുദ്ധവംശം തദ്ദേശവാസികളുമായി ഇടകലര്‍ന്നുപോയി. നേതാക്കളും പ്രമാണികളും ഈ അകൃത്യം ചെയ്യുന്നതില്‍ മുന്‍പന്തിയില്‍ നില്‌ക്കുന്നു.”

3 ഇതു കേട്ടപ്പോള്‍ ഞാന്‍ എന്‍റെ വസ്ത്രവും മേലങ്കിയും കീറി; തലയിലും താടിയിലുമുള്ള രോമം വലിച്ചു പറിച്ചു. ഞാന്‍ സ്തബ്ധനായിപ്പോയി.

4 സായാഹ്നയാഗത്തിന്‍റെ സമയംവരെ ഞാന്‍ അങ്ങനെ ഇരുന്നു. മടങ്ങിവന്ന പ്രവാസികളുടെ അവിശ്വസ്തതയെക്കുറിച്ച് ഇസ്രായേലിന്‍റെ ദൈവം അരുളിച്ചെയ്ത വചനങ്ങള്‍ കേട്ടു പരിഭ്രാന്തരായവരും എന്‍റെ ചുറ്റും വന്നുകൂടി.

5 ഉപവാസം അനുഷ്ഠിച്ചുകൊണ്ടിരുന്ന ഞാന്‍ സായാഹ്നയാഗസമയത്ത് എഴുന്നേറ്റ് കീറിയ വസ്ത്രവും മേലങ്കിയുമായി മുട്ടുകുത്തി എന്‍റെ ദൈവമായ സര്‍വേശ്വരനിലേക്കു കൈകള്‍ ഉയര്‍ത്തി പറഞ്ഞു:

6

“എന്‍റെ ദൈവമേ, അങ്ങയുടെ നേര്‍ക്ക് മുഖം ഉയര്‍ത്തുവാന്‍ ഞാന്‍ ലജ്ജിക്കുന്നു. എന്‍റെ ദൈവമേ, ഞങ്ങളുടെ അകൃത്യങ്ങള്‍ കുന്നുകൂടി തലയ്‍ക്കു മീതെ പൊങ്ങിയിരിക്കുന്നു. അതേ, അവ ആകാശത്തോളം ഉയര്‍ന്നിരിക്കുന്നു.

7 ഞങ്ങളുടെ പിതാക്കന്മാരുടെ കാലം മുതല്‍ ഇന്നുവരെയും ഞങ്ങള്‍ കടുത്ത കുറ്റങ്ങള്‍ പ്രവര്‍ത്തിച്ചിരിക്കുന്നു. ഞങ്ങളുടെ അകൃത്യങ്ങള്‍ നിമിത്തം ഞങ്ങളും ഞങ്ങളുടെ രാജാക്കന്മാരും പുരോഹിതന്മാരും ഇന്നായിരിക്കുന്നതുപോലെ അന്യരാജാക്കന്മാരുടെ കൈയില്‍ വാളിനും പ്രവാസത്തിനും കവര്‍ച്ചയ്‍ക്കും കടുത്ത അപമാനത്തിനും ഏല്പിക്കപ്പെട്ടിരിക്കുന്നു.

8 ഇപ്പോഴാകട്ടെ അല്പസമയത്തേക്ക് ഞങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ ഞങ്ങളോടു കരുണ കാണിച്ചു. ഞങ്ങളില്‍ ഒരു വിഭാഗത്തെ അവശേഷിപ്പിക്കുകയും അവിടുത്തെ വിശുദ്ധസ്ഥലത്ത് ഒരു അഭയസ്ഥാനം നല്‌കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ കണ്ണുകള്‍ക്കു പ്രകാശം നല്‌കുന്നതിനും അടിമത്തത്തില്‍ അല്പം ആശ്വാസം ലഭിക്കുന്നതിനും അത് ഇടയാക്കി.

9 ഇപ്പോഴും ഞങ്ങള്‍ അടിമകളാണ്. എങ്കിലും ഞങ്ങളുടെ ദൈവം ഞങ്ങളെ കൈവിട്ടില്ല. പേര്‍ഷ്യന്‍രാജാക്കന്മാരുടെ മുമ്പാകെ അവിടുന്നു തന്‍റെ സുസ്ഥിരസ്നേഹം ഞങ്ങളോടു കാണിച്ചു. അങ്ങനെ ഞങ്ങളുടെ ദൈവത്തിന്‍റെ ആലയം കേടുപാടുകള്‍ തീര്‍ത്ത് പുനഃസ്ഥാപിക്കുന്നതിനു ഞങ്ങളെ പ്രചോദിപ്പിക്കുകയും യെഹൂദ്യയിലും യെരൂശലേമിലും ഞങ്ങള്‍ക്ക് സംരക്ഷണം നല്‌കുകയും ചെയ്തിരിക്കുന്നു.

10

“ഞങ്ങളുടെ ദൈവമേ, ഇപ്പോള്‍ ഞങ്ങള്‍ എന്തു പറയേണ്ടൂ? അവിടുത്തെ കല്പനകള്‍ ഞങ്ങള്‍ ലംഘിച്ചിരിക്കുന്നു.

11 അവിടുത്തെ ദാസന്മാരായ പ്രവാചകരിലൂടെ ഇപ്രകാരം അരുളിച്ചെയ്തിരുന്നു: ‘നിങ്ങള്‍ കൈവശമാക്കുവാന്‍ പോകുന്ന ദേശം തദ്ദേശവാസികളുടെ മ്ലേച്ഛതകളാല്‍ അശുദ്ധമാണ്. ഒരറ്റംമുതല്‍ മറ്റേ അറ്റംവരെയും അവര്‍ അതു മലിനതകൊണ്ട് നിറച്ചിരിക്കുന്നു.

12 അതുകൊണ്ട് നിങ്ങളുടെ പുത്രിമാരെ അവര്‍ക്കു നല്‌കരുത്; അവരുടെ പുത്രിമാരെ നിങ്ങള്‍ സ്വന്തം പുത്രന്മാര്‍ക്കുവേണ്ടി സ്വീകരിക്കയുമരുത്; അവര്‍ക്കു സമാധാനവും സമൃദ്ധിയും നിങ്ങള്‍ കാംക്ഷിക്കരുത്. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ ശക്തരാകും; ദേശത്തിലെ വിഭവങ്ങള്‍ അനുഭവിക്കുകയും അവ നിങ്ങളുടെ സന്താനങ്ങള്‍ക്കു ശാശ്വതാവകാശമായി തീരുകയും ചെയ്യും.’

13 ഞങ്ങളുടെ ദുഷ്പ്രവൃത്തികളും മഹാപാപങ്ങളും നിമിത്തം ഇതെല്ലാം ഞങ്ങള്‍ക്കു സംഭവിച്ചു. ഞങ്ങള്‍ അര്‍ഹിക്കുന്ന ശിക്ഷ നല്‌കാതെ ദൈവമായ അവിടുന്ന് ഞങ്ങളെ ശേഷിപ്പിച്ചിരിക്കുന്നു.

14 അവിടുത്തെ കല്പനകള്‍ ലംഘിച്ചു വീണ്ടും മ്ലേച്ഛതകള്‍ പ്രവര്‍ത്തിക്കുന്ന ജനതകളുമായി ഞങ്ങള്‍ വിവാഹബന്ധത്തില്‍ ഏര്‍പ്പെടുമോ? അങ്ങനെ ചെയ്താല്‍ ശിഷ്ടഭാഗമോ രക്ഷപെടുന്ന ആരെങ്കിലുമോ അവശേഷിക്കാതെ ഞങ്ങള്‍ നശിക്കുന്നതുവരെ അവിടുന്നു ഞങ്ങളോടു കോപിക്കുകയില്ലേ?

15 ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരാ, അവിടുന്നു നീതിമാനാകുന്നു. ഞങ്ങളാകട്ടെ, ഇന്നു രക്ഷപെട്ട അവശിഷ്ടം മാത്രം; ഞങ്ങളുടെ അപരാധങ്ങളുമായി ഇതാ തിരുമുമ്പാകെ നില്‌ക്കുന്നു; ഇങ്ങനെ അവിടുത്തെ മുമ്പില്‍ നില്‌ക്കാന്‍ ആരും അര്‍ഹരല്ലല്ലോ.”

10

1

എസ്രാ ദേവാലയത്തിനു മുമ്പില്‍ വീണുകിടന്നു വിലപിച്ചു പ്രാര്‍ഥിക്കുകയും അപരാധങ്ങള്‍ ഏറ്റുപറയുകയും ചെയ്തപ്പോള്‍ പുരുഷന്മാരും സ്‍ത്രീകളും കുട്ടികളുമടക്കം ഇസ്രായേല്യരുടെ ഒരു വലിയ സമൂഹം ചുറ്റും വന്നുകൂടി; അവരും കഠിനവ്യഥയോടെ വിലപിച്ചു.

2 അപ്പോള്‍ ഏലാമിന്‍റെ വംശത്തില്‍പ്പെട്ട യെഹീയേലിന്‍റെ പുത്രന്‍ ശെഖന്യാ എസ്രായോടു പറഞ്ഞു: “തദ്ദേശവാസികളായ വിജാതീയ സ്‍ത്രീകളെ വിവാഹം ചെയ്ത് ഞങ്ങള്‍ നമ്മുടെ ദൈവത്തോട് അവിശ്വസ്തത കാട്ടിയിരിക്കുന്നു. എങ്കിലും ഇസ്രായേലിന് ഇനിയും ആശയ്‍ക്കു വകയുണ്ട്.

3 ഞങ്ങളുടെ ദൈവത്തിന്‍റെയും അവിടുത്തെ കല്പന അനുസരിക്കുന്നവരുടെയും ഉപദേശമനുസരിച്ച് ഈ വിജാതീയരായ ഭാര്യമാരെയും അവരില്‍നിന്നു ജനിച്ചവരെയും ഉപേക്ഷിക്കാമെന്നു നമുക്കു ദൈവത്തോട് ഉടമ്പടി ചെയ്യാം. ദൈവത്തിന്‍റെ ധര്‍മശാസ്ത്രം അനുശാസിക്കുന്നത് നാം ചെയ്യും.

4 എഴുന്നേല്‌ക്കുക; ഇതു ചെയ്യേണ്ടത് അങ്ങാണ്; ഞങ്ങള്‍ അങ്ങയോടൊത്തുണ്ട്; ധീരമായി പ്രവര്‍ത്തിക്കുക.”

5

അപ്പോള്‍ എസ്രാ എഴുന്നേറ്റ് അപ്രകാരം ചെയ്തുകൊള്ളാമെന്ന് പ്രതിജ്ഞചെയ്യാന്‍ മുഖ്യ പുരോഹിതന്മാരെയും ലേവ്യരെയും ഇസ്രായേല്‍ജനത്തെയും പ്രേരിപ്പിച്ചു; അവര്‍ പ്രതിജ്ഞ ചെയ്തു.

6 പിന്നീട് ദേവാലയത്തിന്‍റെ മുമ്പില്‍നിന്ന് എസ്രാ എഴുന്നേറ്റ് എല്യാശീബിന്‍റെ പുത്രനായ യെഹോഹാനാന്‍റെ മുറിയില്‍ ചെന്നു. ഭക്ഷണപാനീയങ്ങള്‍ വെടിഞ്ഞ് പ്രവാസികളുടെ അവിശ്വസ്തതയെക്കുറിച്ച് വിലപിച്ചുകൊണ്ട് അവിടെ രാത്രി കഴിച്ചു.

7 യെഹൂദ്യയിലും യെരൂശലേമിലുമെല്ലാം അവര്‍ ഒരു വിളംബരം പ്രസിദ്ധപ്പെടുത്തി. “മടങ്ങിവന്ന പ്രവാസികളെല്ലാം യെരൂശലേമില്‍ വന്നുകൂടണം.

8 മൂന്നു ദിവസത്തിനകം ആരെങ്കിലും വരാതെയിരുന്നാല്‍ നേതാക്കളുടെയും പ്രമാണികളുടെയും ആജ്ഞയനുസരിച്ച് അവന്‍റെ വസ്തുവകകളെല്ലാം കണ്ടുകെട്ടുകയും അവനെ പ്രവാസികളുടെ സമൂഹത്തില്‍നിന്നു പുറത്താക്കുകയും ചെയ്യും.”

9 ആ മൂന്നു ദിവസത്തിനുള്ളില്‍ യെഹൂദാ ബെന്യാമീന്‍ ഗോത്രത്തിലെ സകല പുരുഷന്മാരും യെരൂശലേമില്‍ വന്നുകൂടി; അത് ഒമ്പതാം മാസം ഇരുപതാം ദിവസം ആയിരുന്നു. ജനങ്ങളെല്ലാം ഈ കാര്യത്തെ സംബന്ധിച്ചുള്ള ഭയവും പേമാരിയും നിമിത്തം വിറച്ചുകൊണ്ട് ദേവാലയത്തിന്‍റെ മുറ്റത്ത് ഇരുന്നു.

10

എസ്രാപുരോഹിതന്‍ എഴുന്നേറ്റ് അവരോടു പറഞ്ഞു: “നിങ്ങള്‍ അവിശ്വസ്തരായി അന്യസ്‍ത്രീകളെ വിവാഹം കഴിച്ച് ഇസ്രായേലിന്‍റെ അപരാധം വര്‍ധിപ്പിച്ചിരിക്കുന്നു.

11 അതിനാല്‍ ഇപ്പോള്‍ നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സര്‍വേശ്വരനോടു പാപം ഏറ്റുപറഞ്ഞ് തദ്ദേശവാസികളില്‍നിന്നും അന്യസ്‍ത്രീകളില്‍നിന്നും ഒഴിഞ്ഞു നില്‌ക്കുക.”

12 അപ്പോള്‍ ജനസമൂഹം മുഴുവന്‍ ഉറക്കെ പറഞ്ഞു: “അങ്ങു പറഞ്ഞതുപോലെതന്നെ ഞങ്ങള്‍ ചെയ്യും.”

13 അവര്‍ തുടര്‍ന്നു: “ജനങ്ങള്‍ വളരെയുണ്ട്; ഇത് വര്‍ഷകാലവുമാണ്; അതുകൊണ്ട് ഞങ്ങള്‍ക്കു പുറത്തുനില്‌ക്കാന്‍ കഴിവില്ല; ഇത് ഒന്നോ രണ്ടോ ദിവസംകൊണ്ടു തീരുന്ന കാര്യവുമല്ല. ഇക്കാര്യത്തില്‍ ഞങ്ങളില്‍ പലരും തെറ്റുകാരാണ്.

14 അതിനാല്‍ ഞങ്ങളുടെ നേതാക്കള്‍ സമൂഹത്തിന്‍റെ പ്രതിനിധികളായി നില്‌ക്കട്ടെ. ഈ കാര്യം സംബന്ധിച്ചു നമ്മുടെ ദൈവത്തിന് ഉണ്ടായിട്ടുള്ള ഉഗ്രകോപം വിട്ടുമാറുന്നതുവരെ ഞങ്ങളുടെ പട്ടണങ്ങളില്‍ അന്യസ്‍ത്രീകളെ വിവാഹം ചെയ്തവരെല്ലാം നിശ്ചിതസമയങ്ങളില്‍ വന്നെത്തണം; അവരുടെകൂടെ ഓരോ പട്ടണത്തിലെയും പ്രമാണിമാരും ന്യായാധിപന്മാരും ഉണ്ടായിരിക്കണം.”

15 അസാഹേലിന്‍റെ പുത്രന്‍ യോനാഥാനും തിക്ക്വയുടെ പുത്രന്‍ യഹ്സെയായും മാത്രം അതിനെ എതിര്‍ത്തു. മെശുല്ലാമും ലേവ്യനായ ശബ്ബെഥായിയും അവരെ പിന്താങ്ങി.

16

മടങ്ങിവന്ന പ്രവാസികളെല്ലാം ഈ നിര്‍ദ്ദേശം സ്വീകരിച്ചു. എസ്രാപുരോഹിതന്‍ പിതൃഭവനങ്ങളനുസരിച്ച് പിതൃഭവനത്തലവന്മാരെ തിരഞ്ഞെടുത്ത് അവരുടെ പേരുകള്‍ രേഖപ്പെടുത്തി. ഇക്കാര്യം പരിശോധിക്കാന്‍ പത്താംമാസം ഒന്നാം ദിവസം അവര്‍ യോഗം കൂടി.

17 അന്യസ്‍ത്രീകളെ വിവാഹം കഴിച്ചിരുന്ന പുരുഷന്മാരുടെ വിചാരണ ഒന്നാം മാസം ഒന്നാം തീയതിയോടുകൂടി പൂര്‍ത്തിയാക്കി.

18

പുരോഹിതരില്‍ വിജാതീയസ്‍ത്രീകളെ വിവാഹം കഴിച്ചിരുന്നവര്‍: യേശുവയുടെ സന്തതികളില്‍ യോസാദ്യാക്കും അയാളുടെ സഹോദരന്മാരായ മയശേയാ, എലീയേസെര്‍, യാരീബ്, ഗെദല്യാ എന്നിവരും

19 തങ്ങളുടെ ഭാര്യമാരെ ഉപേക്ഷിക്കാമെന്നു പ്രതിജ്ഞ ചെയ്തു. തങ്ങളുടെ കുറ്റത്തിന് ഓരോ മുട്ടാടിനെ പാപപരിഹാരയാഗമായി അവര്‍ അര്‍പ്പിക്കുകയും ചെയ്തു.

20 ഇമ്മേരിന്‍റെ വംശത്തില്‍ ഹനാനി, സെബദ്യാ;

21 ഹാരീമിന്‍റെ വംശത്തില്‍ മയശേയാ, ഏലീയാ, ശെമയ്യാ, യെഹീയേല്‍, ഉസ്സീയാ.

22 പശ്ഹൂരിന്‍റെ വംശത്തില്‍: എല്യോവേനായി, മയശേയാ, ഇശ്മായേല്‍, നെഥനയേല്‍, യോസാബാദ്, എലെയാസാ.

23 ലേവ്യരില്‍: യോസാബാദ്, ശിമെയി, കെലീയാ എന്നു പേരുള്ള കേലായാ, പെഥഹ്യാ, യെഹൂദാ, എലീയേസെര്‍.

24 ഗായകരില്‍: എല്യാശീബ്. വാതില്‍കാവല്‌ക്കാരില്‍: ശല്ലൂം, തേലെം, ഊരി.

25

ഇസ്രായേല്യരില്‍: പരോശിന്‍റെ വംശത്തില്‍: രമ്യാ, ഇശ്ശീയാ, മല്‌കീയാ, മീയാമീന്‍, എലെയാസാര്‍, മല്‌കീയാ, ബെനായാ.

26 ഏലാമിന്‍റെ വംശത്തില്‍: മഥന്യാ, സെഖര്യാ, യെഹീയേല്‍, അബ്ദി, യെരേമോത്ത്, എലീയാ.

27 സത്ഥൂവിന്‍റെ വംശത്തില്‍: സാബാദ്, അസീസാ, എല്യോവേനായി, എല്യാശീബ്, മത്ഥന്യാ, യെരോമോത്ത്.

28

ബേബായിയുടെ വംശത്തില്‍: യെഹോ ഹാനാന്‍, ഹനന്യാ, സബ്ബായി, അഥെലായി.

29 ബാനിയുടെ വംശത്തില്‍: മെശുല്ലാം, മല്ലൂക്ക്, ആദായാ, യാശൂബ്, ശെയാല്‍, യെരേമോത്ത്.

30 പഹത്ത്-മോവാബിന്‍റെ വംശത്തില്‍: അദ്നാ, കെലാല്‍, ബെനായാ, മയശേയാ, മത്ഥന്യാ, ബെസലയേല്‍, ബിന്നൂവി, മനശ്ശെ.

31 ഹാരീമിന്‍റെ വംശത്തില്‍: എലീയേസെര്‍, ഇശ്ശീയാ, മല്‌ക്കീയാ, ശെമയ്യാ,

32 ശിമെയോന്‍, ബെന്യാമീന്‍, മല്ലൂക്ക്, ശെമര്യാ.

33

ഹാശൂമിന്‍റെ വംശത്തില്‍: മത്ഥനായി, മത്ഥത്ഥാ, സാബാദ്, എലീഫേലെത്ത്, യെരേമായി, മനശ്ശെ, ശിമെയി.

34

ബാനിയുടെ വംശത്തില്‍: മയദായി, അമ്രാം, ഊവേല്‍,

35 ബെനായാ, ബേദെയാ, കെലൂഹി, വന്യാ,

36 [36,37] മെരേമോത്ത്, എല്യാശീബ്, മത്ഥന്യാ, മെത്ഥനായി, യാസു.

37

38 ബിന്നൂയിയുടെ വംശത്തില്‍: ശിമെയി, ശെലമ്യാ,

39 നാഥാന്‍, അദായാ, മഖ്നദെബായി,

40 [40,41] ശാശായി, ശാരായി, അസരെയേല്‍, ശേലെമ്യാ,

41

42 ശമര്യാ, ശല്ലൂം, അമര്യാ, യോസേഫ്.

43

നെബോയുടെ വംശത്തില്‍: യെയീയേല്‍, മത്ഥിത്ഥ്യാ, സാബാദ്, സെബീനാ, യദ്ദായി, യോവേല്‍, ബെനായാ.

44 ഇവരെല്ലാം വിജാതീയ സ്‍ത്രീകളെ വിവാഹം കഴിച്ചിരുന്നു. അവര്‍ ഭാര്യമാരെയും മക്കളെയും ഉപേക്ഷിച്ചു.