1

1

ദാവീദിന്‍റെ പുത്രന്‍ ശലോമോന്‍ തന്‍റെ രാജത്വം ഉറപ്പിച്ചു. ദൈവമായ സര്‍വേശ്വരന്‍ ശലോമോന്‍റെ കൂടെയിരുന്ന് അദ്ദേഹത്തെ അത്യന്തം പ്രതാപവാനാക്കി.

2

സഹസ്രാധിപന്മാര്‍, ശതാധിപന്മാര്‍, ന്യായാധിപന്മാര്‍, ഇസ്രായേലിലെ പിതൃഭവനത്തലവന്മാരായ നേതാക്കന്മാര്‍ തുടങ്ങി സമസ്ത ഇസ്രായേല്‍ജനത്തോടും ശലോമോന്‍ സംസാരിച്ചു.

3 പിന്നീടു ശലോമോനും അവിടെ കൂടിയിരുന്ന ജനങ്ങളും ഗിബെയോനിലെ പൂജാഗിരിയിലേക്കു പോയി. സര്‍വേശ്വരന്‍റെ ദാസനായ മോശ മരുഭൂമിയില്‍വച്ചു നിര്‍മ്മിച്ച ദൈവത്തിന്‍റെ തിരുസാന്നിധ്യകൂടാരം അവിടെയായിരുന്നു.

4 ദാവീദ് ദൈവത്തിന്‍റെ പെട്ടകം കിര്യത്ത്-യെയാരീമില്‍നിന്ന് യെരൂശലേമില്‍ ഒരുക്കിയിരുന്ന കൂടാരത്തിലേക്കു കൊണ്ടുവന്നിരുന്നു;

5 സര്‍വേശ്വരകൂടാരത്തിന്‍റെ മുമ്പില്‍, ഹൂരിന്‍റെ പൗത്രനും ഊരിയുടെ പുത്രനുമായ ബെസലേല്‍ ഓടുകൊണ്ടു നിര്‍മ്മിച്ച യാഗപീഠം ഉണ്ടായിരുന്നു. അവിടെ ശലോമോനും ജനസമൂഹവും സര്‍വേശ്വരനെ ആരാധിച്ചു.

6 ശലോമോന്‍ തിരുസാന്നിധ്യകൂടാരത്തിന്‍റെ മുമ്പിലുള്ള ഓട്ടുയാഗപീഠത്തെ സമീപിച്ച് അതിന്മേല്‍ ആയിരം ഹോമയാഗം അര്‍പ്പിച്ചു.

7

അന്നു രാത്രി ദൈവം പ്രത്യക്ഷനായി ശലോമോനോട് അരുളിച്ചെയ്തു: “ഞാന്‍ നിനക്ക് എന്തു നല്‌കണമെന്നു പറഞ്ഞുകൊള്ളുക?”

8 ശലോമോന്‍ പ്രതിവചിച്ചു: “എന്‍റെ പിതാവായ ദാവീദിനോട് അവിടുന്നു സുസ്ഥിരമായ സ്നേഹം കാട്ടിയിരുന്നു. അദ്ദേഹത്തിന്‍റെ പിന്‍ഗാമിയായി എന്നെ രാജാവാക്കി.

9 സര്‍വേശ്വരനായ ദൈവമേ, എന്‍റെ പിതാവായ ദാവീദിനോട് അവിടുന്നു ചെയ്തിരുന്ന വാഗ്ദാനം ഇപ്പോള്‍ നിറവേറ്റണമേ. ഭൂമിയിലെ മണല്‍ത്തരികള്‍പോലെ അസംഖ്യമായ ഒരു ജനത്തെ ഭരിക്കാന്‍ അവിടുന്ന് എന്നെ രാജാവാക്കിയല്ലോ.

10 ഈ ജനത്തെ നയിക്കുന്നതിനുവേണ്ട ജ്ഞാനവും അറിവും എനിക്കു നല്‌കണമേ. അല്ലെങ്കില്‍ അവിടുത്തെ ഈ മഹാജനതയെ ഭരിക്കാന്‍ ആര്‍ക്കു കഴിയും?”

11

ദൈവം ശലോമോനോട് അരുളിച്ചെയ്തു: “ഇതാണല്ലോ നിന്‍റെ ഹൃദയാഭിലാഷം! സമ്പത്തോ, ധനമോ, കീര്‍ത്തിയോ, ശത്രുസംഹാരമോ, ദീര്‍ഘായുസ്സുപോലുമോ നീ ചോദിച്ചില്ല. നേരേമറിച്ച്, നിന്നെ ഏതു ജനത്തിന്‍റെ രാജാവാക്കിയോ ആ ജനത്തെ ഭരിക്കാന്‍ വേണ്ട ജ്ഞാനവും വിവേകവും ആണല്ലോ നീ ചോദിച്ചത്.

12 അതുകൊണ്ടു ജ്ഞാനവും വിവേകവും ഞാന്‍ നിനക്കു നല്‌കുന്നു. കൂടാതെ നിന്‍റെ മുന്‍ഗാമികളായ രാജാക്കന്മാരില്‍ ആര്‍ക്കും ലഭിച്ചിട്ടില്ലാത്തതും നിന്‍റെ പിന്‍ഗാമികളില്‍ ആര്‍ക്കും ലഭിക്കാന്‍ ഇടയില്ലാത്തതുമായ ധനവും സമ്പത്തും കീര്‍ത്തിയും ഞാന്‍ നിനക്കു നല്‌കും.”

13

ശലോമോന്‍ ഗിബെയോനിലെ പൂജാഗിരിയിലെ തിരുസാന്നിധ്യകൂടാരത്തില്‍നിന്നു യെരൂശലേമിലേക്കു മടങ്ങിവന്ന് ഇസ്രായേലിനെ ഭരിച്ചു.

14 ശലോമോന്‍ രഥങ്ങളെയും കുതിരപ്പടയെയും സംഘടിപ്പിച്ചു. അദ്ദേഹത്തിന് ആയിരത്തിനാനൂറു രഥങ്ങളും പന്തീരായിരം കുതിരപ്പടയാളികളും ഉണ്ടായിരുന്നു. ശലോമോന്‍ അവരെ തന്‍റെ ആസ്ഥാനമായ യെരൂശലേമിലും രഥനഗരങ്ങളിലുമായി പാര്‍പ്പിച്ചു.

15 അദ്ദേഹത്തിന്‍റെ ഭരണകാലത്തു യെരൂശലേമില്‍ വെള്ളിയും സ്വര്‍ണവും കല്ലുപോലെയും ദേവദാരു ഷെഫേലാതാഴ്വരയിലെ കാട്ടത്തിമരംപോലെയും സുലഭമായിരുന്നു.

16 ഈജിപ്തില്‍നിന്നും കുവെയില്‍നിന്നും ആയിരുന്നു കുതിരകളെ ഇറക്കുമതി ചെയ്തിരുന്നത്. രാജാവിന്‍റെ വ്യാപാരികള്‍ അവയെ വിലകൊടുത്തു കുവെയില്‍നിന്ന് ഏറ്റുവാങ്ങിവന്നു.

17 ഒരു രഥത്തിന് അറുനൂറു ശേക്കെല്‍ വെള്ളിയും ഒരു കുതിരയ്‍ക്ക് നൂറ്റമ്പതു ശേക്കെല്‍ വെള്ളിയുമായിരുന്നു ഈജിപ്തിലെ വില. ഹിത്യയിലെയും സിറിയായിലെയും രാജാക്കന്മാര്‍ക്കും വ്യാപാരികളിലൂടെ അവയെ എത്തിച്ചു കൊടുത്തിരുന്നു.

2

1

സര്‍വേശ്വരനെ ആരാധിക്കാന്‍ ഒരു ആലയവും തനിക്കുവേണ്ടി ഒരു കൊട്ടാരവും പണിയാന്‍ ശലോമോന്‍ തീരുമാനിച്ചു.

2 എഴുപതിനായിരം ചുമട്ടുകാരെയും എണ്‍പതിനായിരം കല്ലുവെട്ടുകാരെയും അവരുടെ മേല്‍നോട്ടം വഹിക്കാന്‍ മൂവായിരത്തറുനൂറു പേരെയും ശലോമോന്‍ നിയമിച്ചു.

3 സോര്‍രാജാവായ ഹൂരാമിന് അദ്ദേഹം ഈ സന്ദേശം കൊടുത്തയച്ചു: “എന്‍റെ പിതാവായ ദാവീദ് കൊട്ടാരം പണിതപ്പോള്‍ അതിനുവേണ്ട ദേവദാരു നല്‌കിയത് അങ്ങായിരുന്നല്ലോ. അതുപോലെ എന്നോടും വര്‍ത്തിച്ചാലും.

4 ദൈവം ഇസ്രായേലിനോടു കല്പിച്ചിട്ടുള്ളതുപോലെ അവിടുത്തെ സന്നിധിയില്‍ ധൂപാര്‍പ്പണം നടത്താനും കാഴ്ചയപ്പം അര്‍പ്പിക്കാനും കാലത്തും വൈകിട്ടും ശബത്തുകളിലും അമാവാസികളിലും ദൈവമായ സര്‍വേശ്വരന്‍റെ ഉത്സവദിനങ്ങളിലും ഹോമയാഗം അര്‍പ്പിക്കാനുമായി ഞാന്‍ എന്‍റെ ദൈവമായ സര്‍വേശ്വരനെ ആരാധിക്കാന്‍ ഒരു ആലയം നിര്‍മ്മിച്ചു സമര്‍പ്പിക്കും.

5 ഞങ്ങളുടെ ദൈവം സകല ദേവന്മാരെക്കാളും വലിയവനാണ്; അതുകൊണ്ട് ഞാന്‍ പണിയാന്‍ പോകുന്ന ദേവാലയവും വലുതായിരിക്കും.

6 സ്വര്‍ഗത്തിനോ ഉന്നത സ്വര്‍ഗത്തിനു തന്നെയോ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത അവിടുത്തേക്ക് ഒരു ആലയം പണിയാന്‍ ആര്‍ക്കു കഴിയും? അവിടുത്തെ മുമ്പാകെ ധൂപം അര്‍പ്പിക്കുന്നതിനുള്ള ഇടമല്ലാതെ ഒരു ആലയം പണിയാന്‍ ഞാന്‍ ആരാണ്?

7 എന്‍റെ പിതാവായ ദാവീദ് തിരഞ്ഞെടുത്തു നിയമിച്ചിട്ടുള്ളവരും യെഹൂദ്യയിലും യെരൂശലേമിലും ഉള്ളവരുമായ വിദഗ്ദ്ധതൊഴിലാളികളുടെ കൂടെ ജോലി ചെയ്യാന്‍ ഒരാളെ ഇപ്പോള്‍ അയച്ചുതരിക. അയാള്‍ സ്വര്‍ണം, വെള്ളി, ഓട്, ഇരുമ്പ് എന്നിവകൊണ്ടും നീല, ധൂമ്രം, കടുംചുവപ്പ് നൂലുകള്‍കൊണ്ടുള്ള പണികളിലും കൊത്തുപണിയിലും സമര്‍ഥനായിരിക്കണം.

8 ദേവദാരുവും സരളമരവും ചന്ദനവും കൂടി ലെബാനോനില്‍നിന്ന് അയച്ചുതരണം. അങ്ങയുടെ അവിടെയുള്ള മരംവെട്ടുകാര്‍ സമര്‍ഥരാണെന്ന് എനിക്കറിയാം. എന്‍റെ ജോലിക്കാര്‍ അങ്ങയുടെ ജോലിക്കാരോടൊപ്പം പണിചെയ്യും.

9 ഞാന്‍ ആഗ്രഹിക്കുന്നവിധം വലിപ്പമേറിയതും വിസ്മയകരവുമായ ഒരു ആലയം പണിയാന്‍ വളരെ തടി ആവശ്യമുണ്ട്.

10 അങ്ങയുടെ മരംവെട്ടുകാര്‍ക്ക് ഉമി കളഞ്ഞ ഇരുപതിനായിരം കോര്‍ കോതമ്പും ഇരുപതിനായിരം കോര്‍ ബാര്‍ലിയും ഇരുപതിനായിരം ബത്ത് വീഞ്ഞും ഇരുപതിനായിരം ബത്ത് എണ്ണയും തന്നുകൊള്ളാം.”

11

സോര്‍രാജാവായ ഹൂരാം ശലോമോന് ഇങ്ങനെ മറുപടി അയച്ചു: “സര്‍വേശ്വരന്‍ തന്‍റെ ജനത്തെ സ്നേഹിക്കുന്നതുകൊണ്ടാണ് അങ്ങയെ അവരുടെ രാജാവാക്കിയിരിക്കുന്നത്.

12 സര്‍വേശ്വരന് ഒരു ആലയവും രാജാവിനു കൊട്ടാരവും പണിയാന്‍ തക്ക ജ്ഞാനവും വിവേകവുമുള്ള സമര്‍ഥനായ ഒരു പുത്രനെ ദാവീദുരാജാവിനു നല്‌കിയ, ആകാശത്തെയും ഭൂമിയെയും സൃഷ്‍ടിച്ച ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ വാഴ്ത്തപ്പെടട്ടെ.

13 വിവേകിയും വിദഗ്ദ്ധശില്പിയുമായ ഹൂരാം-ആബിയെ ഞാന്‍ അയയ്‍ക്കുന്നു.

14 അവന്‍റെ മാതാവ് ദാന്‍ഗോത്രത്തില്‍പ്പെട്ടവളും പിതാവ് സോര്‍ ദേശക്കാരനുമാണ്. സ്വര്‍ണം, വെള്ളി, ഓട്, ഇരുമ്പ്, കല്ല്, മരം എന്നിവ കൊണ്ടുള്ള പണിയിലും നീല, ധൂമ്രം, കടുംചുവപ്പ് എന്നീ നിറങ്ങളിലുള്ള നൂലുകൊണ്ടും ലിനന്‍നൂലുകൊണ്ടുമുള്ള പണികളിലും എല്ലാവിധ കൊത്തുപണികളിലും അവന് സാമര്‍ഥ്യം ഉണ്ട്. അങ്ങയുടെയും അങ്ങയുടെ പിതാവായ ദാവീദിന്‍റെയും കരകൗശലപ്പണിക്കാരോടു ചേര്‍ന്ന് അവനെ ഏല്പിക്കുന്ന ഏതു മാതൃക അനുസരിച്ചും പണിചെയ്യാന്‍ അവനു കഴിയും.

15 അങ്ങ് അറിയിച്ചിരുന്നതുപോലെ കോതമ്പും ബാര്‍ലിയും എണ്ണയും വീഞ്ഞും ഭൃത്യന്മാര്‍ക്കുവേണ്ടി കൊടുത്തയയ്‍ക്കുമല്ലോ.

16 അങ്ങേക്ക് ആവശ്യമുള്ള തടി ലെബാനോനില്‍നിന്നു മുറിച്ച് ചങ്ങാടം കെട്ടി കടല്‍ വഴി യോപ്പയില്‍ എത്തിച്ചുതരാം. അവിടെനിന്ന് അവ യെരൂശലേമിലേക്കു കൊണ്ടുപോകാമല്ലോ.”

17

പിന്നീട് ശലോമോന്‍ തന്‍റെ പിതാവായ ദാവീദ് ചെയ്തതുപോലെ ഇസ്രായേല്‍ദേശത്തു പാര്‍ക്കുന്ന പരദേശികളുടെ ജനസംഖ്യയെടുത്തു; അവരുടെ എണ്ണം ഒരുലക്ഷത്തിഅമ്പത്തിമൂവായിരത്തറുനൂറ് ആയിരുന്നു.

18 അവരില്‍ എഴുപതിനായിരം പേരെ ചുമട്ടുകാരും എണ്‍പതിനായിരം പേരെ കല്ലുവെട്ടുകാരും മൂവായിരത്തറുനൂറു പേരെ പണിക്കാരുടെ മേല്‍നോട്ടക്കാരുമായി നിയമിച്ചു.

3

1

ശലോമോന്‍ യെരൂശലേമില്‍ തന്‍റെ പിതാവായ ദാവീദിനു സര്‍വേശ്വരന്‍ പ്രത്യക്ഷപ്പെട്ട സ്ഥലത്ത് ആലയം പണിയാന്‍ തുടങ്ങി. മോറിയാമലയില്‍ യെബൂസ്യനായ ഒര്‍ന്നാന്‍റെ മെതിക്കളത്തില്‍ ദാവീദ് നിശ്ചയിച്ചിരുന്ന സ്ഥലത്തുതന്നെയാണു പണി തുടങ്ങിയത്.

2 തന്‍റെ വാഴ്ചയുടെ നാലാം വര്‍ഷം രണ്ടാം മാസം രണ്ടാം ദിവസം ശലോമോന്‍ ദേവാലയത്തിന്‍റെ പണി ആരംഭിച്ചു.

3 ദേവാലയത്തിനുവേണ്ടി ശലോമോന്‍ നിശ്ചയിച്ച അളവുകള്‍ പഴയ കണക്കനുസരിച്ച് നീളം അറുപതു മുഴം, വീതി ഇരുപതു മുഴം,

4 മുഖമണ്ഡപത്തിന് ആലയത്തിന്‍റെ വീതിയായ ഇരുപതു മുഴം വീതിയും നൂറ്റിരുപതു മുഴം ഉയരവും ആയിരുന്നു. അതിന്‍റെ അകം മുഴുവനും തങ്കംകൊണ്ടു പൊതിഞ്ഞു.

5 സരളമരംകൊണ്ടു ആലയത്തിന്‍റെ മച്ചിട്ടു; പിന്നീട് അതു തങ്കംകൊണ്ടു പൊതിഞ്ഞു. അതിന്മേല്‍ പനകളുടെയും ചങ്ങലകളുടെയും രൂപങ്ങള്‍ കൊത്തിവച്ചു.

6 ആലയം രത്നങ്ങള്‍കൊണ്ടും പര്‍വയീമില്‍നിന്നു കൊണ്ടുവന്ന സ്വര്‍ണംകൊണ്ടും മോടിപിടിപ്പിച്ചു.

7 തുലാങ്ങള്‍, വാതില്‍പ്പടികള്‍, ചുമരുകള്‍, കതകുകള്‍ ഇങ്ങനെ ആലയം മുഴുവന്‍ സ്വര്‍ണംകൊണ്ടു പൊതിഞ്ഞു. ചുവരുകളില്‍ കെരൂബുകളുടെ രൂപങ്ങള്‍ കൊത്തിവച്ചു.

8 അതിവിശുദ്ധസ്ഥലവും ശലോമോന്‍ നിര്‍മ്മിച്ചു. അതിന്‍റെ നീളവും വീതിയും ആലയത്തിന്‍റെ വീതിക്ക് അനുസൃതമായ ഇരുപതു മുഴം വീതമായിരുന്നു. അതിവിശുദ്ധസ്ഥലത്തിന്‍റെ ചുവരുകള്‍ അറുനൂറു താലന്ത് തങ്കംകൊണ്ടു പൊതിഞ്ഞു.

9 അതിന്‍റെ ആണികള്‍ക്ക് അമ്പതു ശേക്കെല്‍ സ്വര്‍ണം തൂക്കം ഉണ്ടായിരുന്നു. മാളികമുറികളും സ്വര്‍ണംകൊണ്ടു പൊതിഞ്ഞു.

10

അതിവിശുദ്ധസ്ഥലത്തു തടികൊണ്ടു രണ്ടു കെരൂബുകളുടെ രൂപങ്ങളുണ്ടാക്കിവച്ചു; അവയും സ്വര്‍ണംകൊണ്ടു പൊതിഞ്ഞു.

11 കെരൂബുകളുടെ ചിറകുകള്‍ക്ക് ആകെ ഇരുപതുമുഴം നീളമുണ്ടായിരുന്നു. ഓരോ ചിറകിനും നീളം അഞ്ചു മുഴം ആയിരുന്നു.

12 മധ്യത്തില്‍ ഒന്നോടൊന്നു ചിറകുകള്‍കൊണ്ടു തൊട്ടിരുന്ന കെരൂബുകളുടെ എതിര്‍വശത്തെ ചിറകുകള്‍ ആലയത്തിന്‍റെ ഇരുവശവുമുള്ള ഭിത്തികളെ സ്പര്‍ശിച്ചിരുന്നു.

13 അങ്ങനെ ഇരുപതു മുഴം നീളത്തില്‍ ഇവയുടെ ചിറകുകള്‍ വിടര്‍ന്നിരുന്നു. കാലുകള്‍ നിലത്തുറപ്പിച്ച് ആലയത്തിന്‍റെ മുഖമണ്ഡപത്തിന് അഭിമുഖമായാണു കെരൂബുകള്‍ നിലയുറപ്പിച്ചിരുന്നത്.

14 നീല, ധൂമ്രം, കടുംചുവപ്പു നിറങ്ങളുള്ള നൂലുകളും നേരിയ ലിനന്‍ നൂലും ഉപയോഗിച്ച് കെരൂബുകളുടെ ചിത്രപ്പണികളുള്ള ഒരു തിരശ്ശീലയും നെയ്തുണ്ടാക്കി.

15

ആലയത്തിനു മുമ്പില്‍ മുപ്പത്തഞ്ചു മുഴം ഉയരമുള്ള രണ്ടു സ്തംഭങ്ങള്‍ പണിത് അവയുടെ മുകളില്‍ അഞ്ചു മുഴം ഉയരത്തില്‍ മകുടങ്ങളും നിര്‍മ്മിച്ചു.

16 കണ്ഠാഭരണം പോലെയുള്ള ചങ്ങലകള്‍കൊണ്ട് സ്തംഭങ്ങളുടെ മുകള്‍ഭാഗം അലങ്കരിച്ചു. നൂറു മാതളപ്പഴരൂപങ്ങള്‍ ഉണ്ടാക്കി അവ ചങ്ങലകളില്‍ പിടിപ്പിച്ചു.

17 ഈ സ്തംഭങ്ങള്‍ ദേവാലയത്തിന്‍റെ മുന്‍ഭാഗത്ത് ഇടത്തും വലത്തുമായി സ്ഥാപിച്ചു. വലത്തേതിന് യാഖീന്‍ എന്നും ഇടത്തേതിനു ബോവസ് എന്നും പേരു വിളിച്ചു.

4

1

ശലോമോന്‍ ഓടുകൊണ്ട് ഒരു യാഗപീഠം പണിതു. അതിന്‍റെ നീളവും വീതിയും ഇരുപതു മുഴവും ഉയരം പത്തു മുഴവും ആയിരുന്നു.

2 വൃത്താകൃതിയിലുള്ള ഒരു ജലസംഭരണിയും അദ്ദേഹം വാര്‍ത്തുണ്ടാക്കി. അതിന്‍റെ വ്യാസം പത്തു മുഴവും ആഴം അഞ്ചു മുഴവും ചുറ്റളവ് മുപ്പതു മുഴവും ആയിരുന്നു.

3 ജലസംഭരണിയില്‍ വക്കിനു താഴെ മുപ്പതു മുഴം ചുറ്റളവില്‍ രണ്ടു നിരകളിലായി പല രൂപങ്ങളും വാര്‍ത്തുണ്ടാക്കിയിരുന്നു.

4 ജലസംഭരണി പന്ത്രണ്ടു കാളരൂപങ്ങളുടെ പുറത്താണ് ഉറപ്പിച്ചിരുന്നത്. കാളകള്‍ മൂന്നു വീതം വടക്കോട്ടും പടിഞ്ഞാറോട്ടും തെക്കോട്ടും കിഴക്കോട്ടും മുഖം തിരിച്ചാണ് നിന്നിരുന്നത്. സംഭരണി ഉറപ്പിച്ചിരുന്ന കാളകളുടെ പിന്‍ഭാഗങ്ങള്‍ സംഭരണിയുടെ അടിയിലേക്കു തിരിഞ്ഞിരുന്നു.

5 ജലസംഭരണിക്ക് ഒരു കൈപ്പത്തി കനമുണ്ടായിരുന്നു. അതിന്‍റെ വക്ക് പാനപാത്രത്തിന്‍റേതുപോലെയും വിടര്‍ന്ന ലില്ലിപൂവുപോലെയും ആയിരുന്നു. അതില്‍ മൂവായിരം ബത്ത് വെള്ളം കൊള്ളുമായിരുന്നു.

6 കഴുകാന്‍ വെള്ളം വയ്‍ക്കുന്നതിനു പത്തു തൊട്ടികള്‍ പണിയിച്ചു. അവയില്‍ അഞ്ചെണ്ണം വടക്കുഭാഗത്തും അഞ്ച് തെക്കുഭാഗത്തും സ്ഥാപിച്ചു. ഹോമയാഗത്തിനുള്ള വസ്തുക്കള്‍ അവയിലാണു കഴുകിയിരുന്നത്. ജലസംഭരണിയാകട്ടെ പുരോഹിതന്മാരുടെ ഉപയോഗത്തിനുള്ളതായിരുന്നു.

7

നിര്‍ദ്ദേശിച്ചിരുന്നതുപോലെ സ്വര്‍ണംകൊണ്ട് പത്തു വിളക്കുകാലുകള്‍ ഉണ്ടാക്കി; അവ ദേവാലയത്തിനകത്ത് തെക്കും വടക്കും അഞ്ചു വീതം സ്ഥാപിച്ചു.

8 അതുപോലെ പത്തു മേശകള്‍ ഉണ്ടാക്കി അഞ്ചു വീതം തെക്കും വടക്കും സ്ഥാപിച്ചു. നൂറു സ്വര്‍ണത്തളികകളും ഉണ്ടാക്കി.

9 പുരോഹിതന്മാര്‍ക്കുള്ള അങ്കണവും വലിയ അങ്കണവും പണിത് അവയുടെ വാതിലുകളും നിര്‍മ്മിച്ചു. വാതിലുകള്‍ ഓടുകൊണ്ടു പൊതിഞ്ഞു.

10 ജലസംഭരണി ആലയത്തിന്‍റെ തെക്കുകിഴക്കേ കോണില്‍ സ്ഥാപിച്ചു.

11

കലങ്ങളും കോരികകളും തളികകളും ഹൂരാം നിര്‍മ്മിച്ചു. അങ്ങനെ ദേവാലയത്തിനുവേണ്ടി ചെയ്തു കൊടുക്കാമെന്നു ശലോമോനോട് ഏറ്റിരുന്ന പണികളെല്ലാം ഹൂരാം പൂര്‍ത്തിയാക്കി.

12 രണ്ടു സ്തംഭങ്ങള്‍, സ്തംഭങ്ങളുടെ മുകളില്‍ ഗോളാകൃതിയില്‍ ഉണ്ടാക്കിയ മകുടങ്ങള്‍, മകുടങ്ങളുടെ ചുറ്റുമായി കോര്‍ത്തിണക്കിയ കണ്ഠാഭരണങ്ങള്‍ പോലെയുള്ള ചങ്ങലകള്‍,

13 സ്തംഭത്തിന്മേലുള്ള മകുടങ്ങളുടെ രണ്ടു ഗോളങ്ങള്‍ മറയ്‍ക്കാനുള്ള ചിത്രപ്പണികളില്‍ രണ്ടു നിരയായുള്ള നാനൂറു മാതളപ്പഴരൂപങ്ങള്‍, പീഠങ്ങള്‍,

14 അവയുടെ മേലുള്ള തൊട്ടികള്‍, ജലസംഭരണി,

15 അതിനെ വഹിക്കുന്ന പന്ത്രണ്ടു കാളകള്‍,

16 കലങ്ങള്‍, കോരികകള്‍, മുള്‍ക്കരണ്ടികള്‍ തുടങ്ങി ദേവാലയത്തിനാവശ്യമുള്ള എല്ലാ ഉപകരണങ്ങളും മിനുക്കിയ ഓടുകൊണ്ടു നിര്‍മ്മിച്ച് ഹൂരാം-ആബി ശലോമോന്‍രാജാവിനു നല്‌കി.

17 യോര്‍ദ്ദാന്‍ സമഭൂമിയില്‍ സുക്കോത്തിനും സെരേദാഥെക്കും മധ്യേയുള്ള സ്ഥലത്തു വച്ചു രാജാവ് ഇവയെല്ലാം വാര്‍പ്പിച്ചു.

18 ഇവയെല്ലാം ധാരാളമായി നിര്‍മ്മിച്ചതുകൊണ്ട് അവയ്‍ക്ക് ഉപയോഗിച്ച ഓടിന്‍റെ തൂക്കം തിട്ടപ്പെടുത്തിയില്ല.

19

അങ്ങനെ ശലോമോന്‍ ദേവാലയത്തിനുവേണ്ട സകല ഉപകരണങ്ങളും പണിയിച്ചു. സ്വര്‍ണയാഗപീഠം, കാഴ്ചയപ്പം വയ്‍ക്കുന്നതിനുള്ള മേശകള്‍,

20 വിധിപ്രകാരം അന്തര്‍മന്ദിരത്തിനു മുമ്പില്‍ കത്തിക്കേണ്ട പൊന്‍വിളക്കുകളും വിളക്കുകാലുകളും

21 പുഷ്പങ്ങള്‍, വിളക്കുകള്‍, ചവണകള്‍, കത്രികകള്‍, കലശങ്ങള്‍, തവികള്‍, തീച്ചട്ടികള്‍ എന്നിവയെല്ലാം തങ്കംകൊണ്ടു നിര്‍മ്മിച്ചു.

22 ദേവാലയത്തിന്‍റെ പുറംവാതിലുകളും അതിവിശുദ്ധസ്ഥലത്തേക്കുള്ള വാതിലുകളും സ്വര്‍ണംകൊണ്ടു പൊതിഞ്ഞു.

5

1

ദേവാലയത്തിന്‍റെ പണികള്‍ പൂര്‍ത്തിയായപ്പോള്‍ ശലോമോന്‍ തന്‍റെ പിതാവായ ദാവീദ് സമര്‍പ്പിച്ചിരുന്ന വെള്ളിയും പൊന്നും മറ്റെല്ലാ വസ്തുക്കളും കൊണ്ടുവന്ന് ദേവാലയ ഭണ്ഡാരങ്ങളില്‍ നിക്ഷേപിച്ചു.

2

സര്‍വേശ്വരന്‍റെ ഉടമ്പടിപ്പെട്ടകം സീയോനില്‍നിന്നു കൊണ്ടുവരാന്‍ ഇസ്രായേല്യനേതാക്കളെയും ഗോത്രത്തലവന്മാരെയും ഇസ്രായേല്യ പിതൃഭവനത്തലവന്മാരെയും ശലോമോന്‍ യെരൂശലേമില്‍ വിളിച്ചുകൂട്ടി.

3 ഏഴാം മാസത്തിലെ പെരുന്നാളിന് ഇസ്രായേല്‍ജനമെല്ലാം രാജസന്നിധിയില്‍ സമ്മേളിച്ചു.

4 ഇസ്രായേല്‍ജനനേതാക്കളെല്ലാം വന്നുകൂടിയപ്പോള്‍ ലേവ്യര്‍ പെട്ടകം എടുത്തു.

5 ഉടമ്പടിപ്പെട്ടകവും തിരുസാന്നിധ്യകൂടാരവും കൂടാരത്തിലുണ്ടായിരുന്ന എല്ലാ വിശുദ്ധപാത്രങ്ങളും പുരോഹിതന്മാരും ലേവ്യരുംകൂടി ദേവാലയത്തില്‍ കൊണ്ടുവന്നു.

6 ശലോമോന്‍രാജാവും രാജസന്നിധിയില്‍ പെട്ടകത്തിന്‍റെ മുമ്പില്‍ സമ്മേളിച്ച ഇസ്രായേല്‍ജനവും കൂടി അസംഖ്യം ആടുകളെയും കാളകളെയും യാഗം കഴിച്ചു.

7 പിന്നീട് പുരോഹിതന്മാര്‍ സര്‍വേശ്വരന്‍റെ ഉടമ്പടിപ്പെട്ടകം യഥാസ്ഥാനത്ത് ആലയത്തിലെ അന്തര്‍മന്ദിരത്തില്‍ അതിവിശുദ്ധസ്ഥലത്തു കെരൂബുകളുടെ ചിറകിന്‍കീഴില്‍ കൊണ്ടുവന്നു വച്ചു.

8 പെട്ടകത്തെയും അതിന്‍റെ തണ്ടുകളെയും മൂടി നില്‌ക്കത്തക്കവിധം കെരൂബുകള്‍ പെട്ടകത്തിന്‍റെ മീതെ ചിറകുകള്‍ വിടര്‍ത്തിനിന്നു.

9 അന്തര്‍മന്ദിരത്തിനു മുമ്പില്‍ വിശുദ്ധസ്ഥലത്തുനിന്നു നോക്കിയാല്‍ അഗ്രങ്ങള്‍ കാണത്തക്കവിധം അത്രയ്‍ക്കു നീളമേറിയവ ആയിരുന്നു പെട്ടകത്തിന്‍റെ തണ്ടുകള്‍. എന്നാല്‍ പുറമേനിന്നു നോക്കിയാല്‍ തണ്ടുകള്‍ കാണാന്‍ സാധ്യമല്ലായിരുന്നു. ഇന്നും അവ അവിടെയുണ്ട്.

10 ഈജിപ്തില്‍നിന്ന് ഇസ്രായേല്‍ജനം പുറപ്പെട്ടുവന്നപ്പോള്‍ സീനായിമലയില്‍ വച്ചാണല്ലോ സര്‍വേശ്വരന്‍ അവരുമായി ഉടമ്പടി ചെയ്തത്. അവിടെവച്ച് മോശ പെട്ടകത്തില്‍ വച്ച രണ്ടു കല്പലകകളല്ലാതെ മറ്റൊന്നും ഉടമ്പടിപ്പെട്ടകത്തില്‍ ഉണ്ടായിരുന്നില്ല.

11 പുരോഹിതന്മാര്‍ വിശുദ്ധമന്ദിരത്തില്‍ നിന്നിറങ്ങി. അവിടെ സന്നിഹിതരായിരുന്ന പുരോഹിതന്മാരെല്ലാം വിഭാഗവ്യത്യാസം നോക്കാതെ സ്വയം ശുദ്ധീകരിച്ചിരുന്നു;

12 ആസാഫ്, ഹേമാന്‍, യെദൂഥൂന്‍, അവരുടെ പുത്രന്മാര്‍, ചാര്‍ച്ചക്കാര്‍ എന്നീ ലേവ്യഗായകരെല്ലാം നേര്‍ത്ത ലിനന്‍ വസ്ത്രം ധരിച്ചിരുന്നു. അവര്‍ ഇലത്താളങ്ങള്‍, കിന്നരങ്ങള്‍, വീണകള്‍ എന്നിവയോടുകൂടി കാഹളം ഊതിക്കൊണ്ടിരുന്ന നൂറ്റിരുപതു പുരോഹിതന്മാരോടൊപ്പം യാഗപീഠത്തിന്‍റെ കിഴക്കുവശത്തു നിന്നു.

13 കാഹളം മുഴക്കുന്നവരും ഗായകരും ഏകസ്വരത്തില്‍ സര്‍വേശ്വരന് സ്തുതിസ്തോത്രങ്ങള്‍ ആലപിച്ചു. കാഹളങ്ങളും ഇലത്താളങ്ങളും മറ്റു സംഗീതോപകരണങ്ങളും ഉപയോഗിച്ചുകൊണ്ട് അവര്‍ സര്‍വേശ്വരനെ പ്രകീര്‍ത്തിച്ചു. “അവിടുന്ന് നല്ലവനാണല്ലോ. അവിടുത്തെ സുസ്ഥിരസ്നേഹം എന്നേക്കും നിലനില്‌ക്കുന്നു.” അപ്പോള്‍ സര്‍വേശ്വരന്‍റെ ആലയത്തില്‍ ഒരു മേഘം വന്നു നിറഞ്ഞു.

14 അവിടുത്തെ തേജസ്സ് ദേവാലയത്തില്‍ നിറഞ്ഞതിനാല്‍ അവിടെ നിന്നു ശുശ്രൂഷ നിര്‍വഹിക്കാന്‍ പുരോഹിതന്മാര്‍ക്കു കഴിഞ്ഞില്ല.

6

1

ശലോമോന്‍ പറഞ്ഞു: “താന്‍ കൂരിരുട്ടില്‍ വസിക്കുമെന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്തിട്ടുണ്ട്.

2 എങ്കിലും അവിടുത്തേക്കു നിത്യമായി പാര്‍ക്കാന്‍ വിശിഷ്ടമായ ഒരു ആലയം ഞാന്‍ പണിതിരിക്കുന്നു.”

3

അവിടെ കൂടിയിരുന്ന ഇസ്രായേല്‍ജനമെല്ലാം എഴുന്നേറ്റു നില്‌ക്കയായിരുന്നു. രാജാവ് അവരെ ആശീര്‍വദിച്ചു. അദ്ദേഹം പറഞ്ഞു: “ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ വാഴ്ത്തപ്പെടട്ടെ.

4 എന്‍റെ പിതാവായ ദാവീദിനോട് അരുളിച്ചെയ്തിരുന്ന വാഗ്ദാനം അവിടുന്നു നിറവേറ്റിയിരിക്കുന്നു.

5 അവിടുന്നു അരുളിച്ചെയ്തിരുന്നു: ‘ഈജിപ്തില്‍നിന്ന് എന്‍റെ ജനത്തെ കൊണ്ടുവന്ന നാള്‍മുതല്‍ ഇന്നുവരെ എന്‍റെ നാമത്തില്‍ ഒരു ആലയം പണിയുവാന്‍ ഇസ്രായേല്‍ഗോത്രങ്ങളിലെ ഒരു പട്ടണവും ഞാന്‍ തിരഞ്ഞെടുത്തിരുന്നില്ല. എന്‍റെ ജനമായ ഇസ്രായേലിനെ നയിക്കാന്‍ ആരെയും നിയമിച്ചിരുന്നുമില്ല.

6 എങ്കിലും ഇപ്പോള്‍ എന്‍റെ നാമം നിലനിര്‍ത്താന്‍ യെരൂശലേം തിരഞ്ഞെടുക്കുകയും എന്‍റെ ജനമായ ഇസ്രായേലിനെ ഭരിക്കാന്‍ ദാവീദിനെ നിയമിക്കുകയും ചെയ്തിരിക്കുന്നു.’

7 ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍റെ നാമത്തില്‍ ഒരു ആലയം പണിയാന്‍ എന്‍റെ പിതാവിന് ആഗ്രഹമുണ്ടായിരുന്നു.

8 എങ്കിലും അവിടുന്നു എന്‍റെ പിതാവായ ദാവീദിനോട് അരുളിച്ചെയ്തു: ‘എന്‍റെ നാമത്തില്‍ ഒരു ആലയം പണിയാന്‍ നീ ആഗ്രഹിച്ചു; നിന്‍റെ ആഗ്രഹം നല്ലതുതന്നെ;

9 എന്നാല്‍ നീ ആലയം പണിയരുത്; നിനക്കു ജനിക്കാന്‍ പോകുന്ന പുത്രനായിരിക്കും എന്‍റെ നാമത്തില്‍ ആലയം പണിയുക!’

10

“സര്‍വേശ്വരന്‍ ചെയ്ത വാഗ്ദാനം ഇന്നിതാ അവിടുന്നു നിറവേറ്റിയിരിക്കുന്നു. അവിടുത്തെ വാഗ്ദാനംപോലെ എന്‍റെ പിതാവായ ദാവീദിന്‍റെ പിന്‍ഗാമിയായി ഞാന്‍ ഉയര്‍ത്തപ്പെട്ട് ഇസ്രായേലിന്‍റെ സിംഹാസനത്തില്‍ ഉപവിഷ്ടനായിരിക്കുന്നു. ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍റെ നാമത്തില്‍ ഒരു ആലയം നിര്‍മ്മിച്ചുമിരിക്കുന്നു.

11 ഇസ്രായേല്‍ജനവുമായി അവിടുന്നു ചെയ്ത ഉടമ്പടിയുടെ പെട്ടകവും അതിനുള്ളില്‍ പ്രതിഷ്ഠിച്ചിട്ടുണ്ട്.”

12

ശലോമോന്‍ ഇസ്രായേല്‍ജനസമൂഹത്തിന്‍റെ സാന്നിധ്യത്തില്‍ സര്‍വേശ്വരന്‍റെ യാഗപീഠത്തിനു മുമ്പാകെ പ്രാര്‍ഥനയ്‍ക്കായി കൈകള്‍ ഉയര്‍ത്തി.

13 അദ്ദേഹം ഓടുകൊണ്ട് ഒരു പീഠമുണ്ടാക്കി അങ്കണമധ്യത്തില്‍ സ്ഥാപിച്ചിരുന്നു. അതിന് അഞ്ചു മുഴം വീതിയും അഞ്ചുമുഴം നീളവും മൂന്നു മുഴം ഉയരവും ഉണ്ടായിരുന്നു. ശലോമോന്‍ അതിന്‍റെ മുകളില്‍ കയറി സമസ്ത ഇസ്രായേല്‍ജനങ്ങളുടെയും സാന്നിധ്യത്തില്‍ മുട്ടുകുത്തി. സ്വര്‍ഗത്തേക്കു കൈകള്‍ ഉയര്‍ത്തി പ്രാര്‍ഥിച്ചു:

14 “ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരാ, അവിടുത്തേക്കു സമനായി സ്വര്‍ഗത്തിലും ഭൂമിയിലും മറ്റൊരു ദൈവവുമില്ല. പൂര്‍ണഹൃദയത്തോടെ അങ്ങയെ അനുസരിക്കുന്ന അവിടുത്തെ ദാസരോട് അവിടുന്നു സുസ്ഥിരസ്നേഹം കാണിക്കുകയും ഉടമ്പടി പാലിക്കുകയും ചെയ്യുന്നു.

15 എന്‍റെ പിതാവും അവിടുത്തെ ദാസനുമായ ദാവീദിനോടു ചെയ്തിരുന്ന വാഗ്ദാനം അവിടുന്നു നിറവേറ്റി; അവിടുന്ന് അരുളിച്ചെയ്തത് നിറവേറ്റിയുമിരിക്കുന്നു.

16 ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരാ, എന്‍റെ പിതാവും അവിടുത്തെ ദാസനുമായ ദാവീദിനോട് അവിടുന്ന് ഇങ്ങനെ വാഗ്ദാനം ചെയ്തിട്ടുണ്ടല്ലോ. നീ എന്‍റെ സന്നിധിയില്‍ ജീവിച്ചതുപോലെ നിന്‍റെ പുത്രന്മാരും എന്‍റെ കല്പനകള്‍ അനുസരിച്ചു ജീവിച്ചാല്‍ ഇസ്രായേലിന്‍റെ സിംഹാസനത്തില്‍ വാഴുന്നതിനു നിനക്ക് ഒരു സന്തതി ഇല്ലാതെ പോകുകയില്ല. ഈ വാഗ്ദാനം അവിടുന്നു പാലിക്കണമേ.

17 ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരാ, അവിടുത്തെ ദാസനായ ദാവീദിനോട് അരുളിച്ചെയ്ത വാക്കുകള്‍ ഇപ്പോള്‍ യാഥാര്‍ഥ്യമാക്കണമേ.

18

“എന്നാല്‍ ദൈവം മനുഷ്യരോടൊത്തു ഭൂമിയില്‍ വസിക്കുമോ? സ്വര്‍ഗവും സ്വര്‍ഗാധിസ്വര്‍ഗവും അവിടുത്തേക്കു വസിക്കാന്‍ മതിയാകയില്ല. അവയെക്കാള്‍ എത്ര നിസ്സാരമാണു ഞാന്‍ പണിത ഈ ദേവാലയം.

19 എങ്കിലും എന്‍റെ ദൈവമായ സര്‍വേശ്വരാ, അവിടുത്തെ ഈ ദാസന്‍റെ പ്രാര്‍ഥന കേള്‍ക്കണമേ. അവിടുത്തെ മുമ്പില്‍ അടിയന്‍ നടത്തുന്ന നിലവിളിയും പ്രാര്‍ഥനയും കൈക്കൊള്ളണമേ.

20 ഈ സ്ഥലത്തുവച്ച് ഈ ദാസന്‍ നടത്തുന്ന പ്രാര്‍ഥന കേള്‍ക്കാന്‍ തക്കവിധം അവിടുത്തെ ദൃഷ്‍ടികള്‍ രാവും പകലും ഈ ആലയത്തിന്‍റെ നേര്‍ക്കു തുറന്നിരിക്കണമേ. അവിടുത്തെ നാമം ഈ സ്ഥലത്ത് സ്ഥാപിക്കുമെന്ന് അവിടുന്നു വാഗ്ദാനം ചെയ്തിട്ടുണ്ടല്ലോ.

21 ഈ ദാസനും അവിടുത്തെ ജനമായ ഇസ്രായേലും ഈ ആലയത്തിലേക്കു തിരിഞ്ഞു നടത്തുന്ന പ്രാര്‍ഥനകള്‍ ചെവിക്കൊള്ളണമേ; അവിടുത്തെ വാസസ്ഥലമായ സ്വര്‍ഗത്തില്‍നിന്നു കേട്ടു ഞങ്ങളോടു ക്ഷമിക്കണമേ.

22

“ഒരാള്‍ തന്‍റെ അയല്‍ക്കാരനോടു കുറ്റം ചെയ്തതായി ആരോപണം ഉണ്ടാകുകയും അയാളെ സത്യം ചെയ്യിക്കാനായി ഈ ആലയത്തില്‍ കൊണ്ടുവരികയും അയാള്‍ ഈ യാഗപീഠത്തിനു മുമ്പാകെ താന്‍ നിര്‍ദ്ദോഷിയെന്ന് സത്യം ചെയ്യുകയും ചെയ്യുമ്പോള്‍,

23 അവിടുന്നു സ്വര്‍ഗത്തില്‍നിന്നു ശ്രദ്ധിച്ച് അവിടുത്തെ ദാസരെ ന്യായം വിധിക്കണമേ. കുറ്റക്കാരന് അവന്‍റെ പ്രവൃത്തിക്കു തക്ക ശിക്ഷയും നീതിനിഷ്ഠന് അവന്‍റെ നീതിക്കൊത്ത പ്രതിഫലവും നല്‌കണമേ.

24

“അവിടുത്തെ ജനമായ ഇസ്രായേല്‍ അങ്ങേക്കെതിരെ പാപം ചെയ്തതിന്‍റെ ഫലമായി ശത്രുക്കളാല്‍ തോല്പിക്കപ്പെടുകയും അവര്‍ പശ്ചാത്തപിച്ച് അവിടുത്തെ നാമം ഏറ്റുപറയുകയും ഈ ആലയത്തില്‍വച്ച് അവിടുത്തോടു പ്രാര്‍ഥിക്കുകയും ചെയ്താല്‍,

25 അവിടുന്ന് സ്വര്‍ഗത്തില്‍നിന്നു കേള്‍ക്കണമേ. അവിടുത്തെ ജനമായ ഇസ്രായേലിന്‍റെ പാപം ക്ഷമിക്കുകയും അവര്‍ക്കും അവരുടെ പിതാക്കന്മാര്‍ക്കുമായി നല്‌കിയ ദേശത്തേക്ക് അവരെ മടക്കി വരുത്തുകയും ചെയ്യണമേ.

26

“അവര്‍ അങ്ങേക്കെതിരെ പാപം ചെയ്യുക നിമിത്തം ആകാശം അടഞ്ഞു മഴ പെയ്യാതാകുമ്പോള്‍ അവര്‍ തങ്ങളുടെ പാപം വിട്ടുതിരിഞ്ഞ് അവിടുത്തെ നാമം ഏറ്റുപറയുകയും ഈ ആലയത്തിലേക്ക് തിരിഞ്ഞു പ്രാര്‍ഥിക്കുകയും ചെയ്താല്‍,

27 അവിടുന്നു സ്വര്‍ഗത്തില്‍നിന്ന് അതു കേള്‍ക്കണമേ. അവിടുത്തെ ദാസരും ജനങ്ങളുമായ ഇസ്രായേലിന്‍റെ പാപം ക്ഷമിക്കുകയും അവര്‍ക്കു നടക്കേണ്ടുന്ന നേരായ മാര്‍ഗം അവരെ ഉപദേശിക്കുകയും അങ്ങയുടെ ജനത്തിന് അവകാശമായി നല്‌കിയിട്ടുള്ള അവിടുത്തെ ദേശത്തു മഴ പെയ്യിക്കുകയും ചെയ്യണമേ.

28

“ക്ഷാമം, പകര്‍ച്ചവ്യാധി, ഉഷ്ണക്കാറ്റ്, വിഷമഞ്ഞ്, വെട്ടുക്കിളി, കീടബാധ എന്നിവയാലുള്ള നാശമോ ശത്രുക്കളുടെ ആക്രമണമോ ഏതെങ്കിലും ബാധയോ രോഗമോ ദേശത്ത് ഉണ്ടാകുകയും

29 അവിടുത്തെ ജനമായ ഇസ്രായേല്‍ വ്യക്തികളായോ, കൂട്ടമായോ തങ്ങളുടെ ദുരിതത്തില്‍ അങ്ങയോടു നിലവിളിക്കുകയും ഈ ആലയത്തിലേക്കു കൈകള്‍ നീട്ടി പ്രാര്‍ഥിക്കുകയും ചെയ്താല്‍,

30 അവിടുത്തെ വാസസ്ഥലമായ സ്വര്‍ഗത്തില്‍നിന്നു കേട്ട് അവിടുന്ന് അവരോടു ക്ഷമിക്കണമേ. ഓരോരുത്തന്‍റെയും ഹൃദയം അറിയുന്ന അവിടുന്ന് അവരുടെ പ്രവൃത്തികള്‍ക്കനുസരിച്ചു പ്രതിഫലം നല്‌കണമേ. മനുഷ്യരുടെ ഹൃദയങ്ങളെ അറിയുന്നത് അവിടുന്നു മാത്രമാണല്ലോ.

31 അങ്ങനെ അവര്‍ അവിടുന്നു ഞങ്ങളുടെ പിതാക്കന്മാര്‍ക്കു നല്‌കിയ ദേശത്ത് പാര്‍ക്കുന്ന നാളെല്ലാം അങ്ങയെ ഭയപ്പെടുകയും അവിടുത്തെ വഴിയില്‍ നടക്കുകയും ചെയ്യട്ടെ.

32

“അവിടുത്തെ ജനമായ ഇസ്രായേലില്‍ ഉള്‍പ്പെടാത്ത ഒരു പരദേശി അവിടുത്തെ ശ്രേഷ്ഠമായ നാമത്തെയും അവിടുത്തെ ശക്തമായ കരങ്ങളുടെ പ്രവര്‍ത്തനങ്ങളെയുംപറ്റി കേട്ടു ദൂരദേശത്തുനിന്ന് ഈ ആലയത്തില്‍വന്നു പ്രാര്‍ഥിച്ചാല്‍,

33 അവിടുത്തെ വാസസ്ഥലമായ സ്വര്‍ഗത്തില്‍നിന്ന് അവന്‍റെ അപേക്ഷകള്‍ നിറവേറ്റുമാറാകണമേ. അങ്ങനെ ഭൂമിയിലുള്ള സകല ജനതകളും അങ്ങയുടെ ജനമായ ഇസ്രായേലിനെപ്പോലെ അവിടുത്തെ നാമം അറിയാനും അങ്ങയെ ഭയപ്പെടാനും ഇടയാകട്ടെ; ഈ ആലയം അവിടുത്തെ നാമത്തിലാണ് ഞാന്‍ പണിതിരിക്കുന്നതെന്നും അവര്‍ അറിയട്ടെ.

34

“അവിടുത്തെ ജനം അവിടുന്ന് അയയ്‍ക്കുന്ന വഴിയിലൂടെ ശത്രുക്കളോടു യുദ്ധം ചെയ്യാന്‍ പോകുമ്പോള്‍ അവിടുന്നു തിരഞ്ഞെടുത്ത ഈ നഗരത്തിലേക്കും അവിടുത്തെ നാമത്തില്‍ ഞാന്‍ നിര്‍മ്മിച്ച ഈ ആലയത്തിലേക്കും തിരിഞ്ഞു പ്രാര്‍ഥിച്ചാല്‍,

35 അവിടുന്ന് അവരുടെ പ്രാര്‍ഥനയും അപേക്ഷകളും സ്വര്‍ഗത്തില്‍നിന്നു കേട്ട് അവര്‍ക്ക് വിജയം നല്‌കണമേ.

36

“അവിടുത്തെ ജനം അങ്ങേക്കെതിരെ പാപം ചെയ്യുകയും-പാപം ചെയ്യാത്ത മനുഷ്യന്‍ ഇല്ലല്ലോ-അവിടുന്നു കോപിച്ച് അവരെ ശത്രുക്കളുടെ കൈകളില്‍ ഏല്പിച്ചു കൊടുക്കുകയും ശത്രുക്കള്‍ അവരെ ബന്ദികളായി അടുത്തോ അകലയോ ഉള്ള ദേശത്തേക്കു കൊണ്ടുപോകുകയും

37 അവിടെവച്ച് അവര്‍ ഉള്ളുരുകി, തങ്ങളുടെ പാപവും അകൃത്യവും ദുഷ്ടതയും ഏറ്റുപറഞ്ഞു പ്രാര്‍ഥിക്കുകയും

38 ആ പ്രവാസദേശത്ത് അവര്‍ പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടും കൂടെ അനുതപിച്ച് അവിടുന്ന് അവരുടെ പിതാക്കന്മാര്‍ക്കു നല്‌കിയ ദേശത്തേക്കും അവിടുന്നു തിരഞ്ഞെടുത്ത ഈ നഗരത്തിലേക്കും അവിടുത്തെ നാമത്തിനുവേണ്ടി ഞാന്‍ പണിതിരിക്കുന്ന ഈ ആലയത്തിലേക്കും തിരിഞ്ഞു പ്രാര്‍ഥിക്കുകയും ചെയ്താല്‍,

39 അവിടുത്തെ വാസസ്ഥലമായ സ്വര്‍ഗത്തില്‍നിന്ന് അവരുടെ പ്രാര്‍ഥനയും യാചനയും കേട്ട് അങ്ങേക്കെതിരെ പാപം ചെയ്ത ജനത്തോട് അവരുടെ പാപം ക്ഷമിച്ച് അവരെ വിടുവിക്കണമേ.

40

“എന്‍റെ ദൈവമേ, ഇപ്പോള്‍ ഈ സ്ഥലത്തുവച്ച് നടത്തുന്ന പ്രാര്‍ഥന ശ്രവിക്കുകയും ഞങ്ങളെ കടാക്ഷിക്കുകയും ചെയ്യണമേ.

41 ദൈവമായ സര്‍വേശ്വരാ, അവിടുത്തെ ശക്തിയുടെ പ്രതീകമായ പെട്ടകവുമായി അവിടുത്തെ ഈ വിശ്രമസ്ഥലത്തേക്കു വരണമേ.

42 സര്‍വേശ്വരനായ ദൈവമേ, അങ്ങയുടെ പുരോഹിതന്മാര്‍ രക്ഷയുടെ വസ്ത്രം ധരിക്കുകയും അങ്ങയുടെ വിശുദ്ധന്മാര്‍ അവിടുത്തെ നന്മയില്‍ സന്തോഷിക്കുകയും ചെയ്യട്ടെ. സര്‍വേശ്വരനായ ദൈവമേ, അങ്ങയുടെ അഭിഷിക്തനില്‍നിന്നു മുഖം തിരിച്ചു കളയരുതേ, അവിടുത്തെ ദാസനായ ദാവീദിനോടുള്ള അചഞ്ചലസ്നേഹം ഓര്‍ക്കണമേ.”

7

1

ശലോമോന്‍ പ്രാര്‍ഥിച്ചു കഴിഞ്ഞപ്പോള്‍ സ്വര്‍ഗത്തില്‍നിന്നു തീയിറങ്ങി ഹോമയാഗങ്ങളും മറ്റു യാഗവസ്തുക്കളും ദഹിപ്പിച്ചു; സര്‍വേശ്വരന്‍റെ തേജസ്സ് ആലയത്തില്‍ നിറഞ്ഞു.

2 അവിടുത്തെ തേജസ്സ് ആലയത്തില്‍ നിറഞ്ഞിരുന്നതിനാല്‍ പുരോഹിതന്മാര്‍ക്ക് അവിടെ പ്രവേശിക്കാന്‍ കഴിഞ്ഞില്ല.

3 അഗ്നി ഇറങ്ങുന്നതും ആലയത്തില്‍ സര്‍വേശ്വരന്‍റെ തേജസ്സ് നിറയുന്നതും ഇസ്രായേല്‍ജനം കണ്ടപ്പോള്‍ അവര്‍ കല്‍ത്തളത്തില്‍ സാഷ്ടാംഗം വീണ് അവിടുത്തെ നമസ്കരിച്ചു. “സര്‍വേശ്വരന്‍ നല്ലവനാണല്ലോ; അവിടുത്തെ അചഞ്ചലസ്നേഹം ശാശ്വതമാണ്” എന്നു പറഞ്ഞ് അവിടുത്തെ സ്തുതിച്ചു.

4 പിന്നീട് രാജാവും ജനവും ചേര്‍ന്നു സര്‍വേശ്വരന്‍റെ സന്നിധിയില്‍ യാഗം അര്‍പ്പിച്ചു.

5 ഇരുപത്തീരായിരം കാളകളെയും ഒരുലക്ഷത്തി ഇരുപതിനായിരം ആടുകളെയും ശലോമോന്‍രാജാവ് യാഗം അര്‍പ്പിച്ചു. അങ്ങനെ രാജാവും ജനങ്ങളും ചേര്‍ന്നു ദേവാലയ പ്രതിഷ്ഠ നടത്തി.

6 പുരോഹിതന്മാര്‍ താന്താങ്ങളുടെ സ്ഥാനങ്ങളില്‍ നിന്നു. സര്‍വേശ്വരനു സ്തുതിഗീതങ്ങള്‍ പാടുമ്പോള്‍ ഉപയോഗിക്കുന്നതിനു ദാവീദുരാജാവ് നിര്‍മ്മിച്ച വാദ്യോപകരണങ്ങളുമായി ലേവ്യര്‍ അവര്‍ക്ക് അഭിമുഖമായി നിന്നു. അവയുടെ അകമ്പടിയോടെ ആയിരുന്നു, “അവിടുത്തെ അചഞ്ചലസ്നേഹം ശാശ്വത” മെന്നു പറഞ്ഞു ദാവീദ് സര്‍വേശ്വരനു സ്തോത്രമര്‍പ്പിച്ചിരുന്നത്. ഇസ്രായേല്‍ജനം എഴുന്നേറ്റുനില്‌ക്കവേ പുരോഹിതന്മാര്‍ കാഹളം മുഴക്കി.

7

ശലോമോന്‍ നിര്‍മ്മിച്ച ഓട്ടുയാഗപീഠം ഹോമയാഗവും ധാന്യയാഗവും മേദസ്സും അര്‍പ്പിക്കാന്‍ മതിയാകാതെ വന്നതിനാല്‍ സര്‍വേശ്വരന്‍റെ ആലയത്തിനു മുമ്പിലുള്ള അങ്കണത്തിന്‍റെ മധ്യഭാഗം ശലോമോന്‍ ശുദ്ധീകരിച്ചു. അവിടെ ഹോമയാഗവും സമാധാനയാഗങ്ങളുടെ മേദസ്സും അര്‍പ്പിച്ചു.

8

ശലോമോന്‍ ഏഴു ദിവസം ഉത്സവം ആചരിച്ചു. ഹാമാത്തിന്‍റെ അതിരുമുതല്‍ ഈജിപ്തുതോടുവരെയുള്ള എല്ലാ സ്ഥലങ്ങളില്‍നിന്നുമുള്ള ഇസ്രായേല്‍ജനങ്ങള്‍ അദ്ദേഹത്തോടൊപ്പം അതില്‍ പങ്കെടുത്തു.

9 യാഗപീഠ പ്രതിഷ്ഠയോടനുബന്ധിച്ചുള്ള ഉത്സവം ഏഴുദിവസം നീണ്ടുനിന്നു; എട്ടാം ദിവസം അവര്‍ വിശുദ്ധസഭ കൂടി.

10 ഏഴാം മാസം ഇരുപത്തിമൂന്നാം ദിവസം രാജാവ് ജനത്തെ അവരുടെ വീടുകളിലേക്ക് അയച്ചു. ദാവീദിനും ശലോമോനും തന്‍റെ ജനമായ ഇസ്രായേലിനുംവേണ്ടി സര്‍വേശ്വരന്‍ നല്‌കിയ അനുഗ്രഹങ്ങള്‍ ഓര്‍ത്ത് അവരുടെ ഹൃദയം ആഹ്ലാദഭരിതമായിരുന്നു.

11

ശലോമോന്‍ സര്‍വേശ്വരന്‍റെ ആലയവും രാജകൊട്ടാരവും പണിതുതീര്‍ത്തു; ദേവാലയത്തിലും തന്‍റെ കൊട്ടാരത്തിലും ഉണ്ടായിരിക്കണമെന്ന് ആഗ്രഹിച്ചതെല്ലാം അദ്ദേഹം വിജയകരമായി ചെയ്തുതീര്‍ത്തു.

12 പിന്നീട് സര്‍വേശ്വരന്‍ രാത്രിയില്‍ ശലോമോനു പ്രത്യക്ഷനായി അരുളിച്ചെയ്തു: “നിന്‍റെ പ്രാര്‍ഥന ഞാന്‍ കേട്ടു. എനിക്കു യാഗം അര്‍പ്പിക്കുന്നതിനുള്ള ആലയമായി ഞാന്‍ ഈ സ്ഥലം തിരഞ്ഞെടുത്തിരിക്കുന്നു.

13 മഴ പെയ്യാതിരിക്കാന്‍ ഞാന്‍ ആകാശം അടയ്‍ക്കുകയോ ദേശത്തെ കൃഷി നശിപ്പിക്കാന്‍ വെട്ടുക്കിളിയെ അയയ്‍ക്കുകയോ എന്‍റെ ജനത്തിനിടയില്‍ മഹാമാരി വരുത്തുകയോ ചെയ്യുമ്പോള്‍,

14 എന്‍റെ നാമത്തില്‍ അറിയപ്പെടുന്ന എന്‍റെ ജനം തങ്ങളെത്തന്നെ വിനയപ്പെടുത്തി പ്രാര്‍ഥിക്കുകയും എന്നെ അന്വേഷിക്കുകയും തങ്ങളുടെ ദുര്‍മാര്‍ഗങ്ങളില്‍നിന്നു പിന്തിരിയുകയും ചെയ്താല്‍ ഞാന്‍ സ്വര്‍ഗത്തില്‍നിന്ന് അവരുടെ പ്രാര്‍ഥന കേട്ട് അവരുടെ പാപം ക്ഷമിക്കും; അവരുടെ ദേശം വീണ്ടും ഫലഭൂയിഷ്ഠമാക്കുകയും ചെയ്യും.

15 ഇവിടെനിന്ന് ഉയരുന്ന പ്രാര്‍ഥനകളിലേക്ക് എന്‍റെ കണ്ണും കാതും തുറന്നിരിക്കും.

16 എന്‍റെ നാമം ഇവിടെ എന്നേക്കും നിലനിര്‍ത്തുന്നതിനുവേണ്ടി ഈ ആലയം ഞാന്‍ തിരഞ്ഞെടുത്തു വിശുദ്ധീകരിച്ചിരിക്കുകയാണ്. അതുകൊണ്ട് എന്‍റെ ദൃഷ്‍ടിയും എന്‍റെ ഹൃദയവും ഇവിടെ ഉണ്ടായിരിക്കും.

17 നിന്‍റെ പിതാവായ ദാവീദിനെപ്പോലെ നീയും എന്‍റെ മുന്‍പാകെ ജീവിക്കുകയും എന്‍റെ കല്പനകള്‍ അനുസരിക്കുകയും ഞാന്‍ നിനക്കു നല്‌കിയിട്ടുള്ള ചട്ടങ്ങളും നിയമങ്ങളും പാലിക്കുകയും ചെയ്താല്‍,

18 ഇസ്രായേലിനെ ഭരിക്കാന്‍ നിന്‍റെ വംശത്തില്‍ ഒരുവന്‍ ഇല്ലാതെ വരികയില്ല എന്നു നിന്‍റെ പിതാവായ ദാവീദിനോടു ചെയ്ത ഉടമ്പടി അനുസരിച്ചു നിന്‍റെ സിംഹാസനം ഞാന്‍ സുസ്ഥിരമാക്കും.

19 എന്നാല്‍ നിങ്ങള്‍ പിന്തിരിഞ്ഞ്, ഞാന്‍ നിങ്ങള്‍ക്കു നല്‌കിയ എന്‍റെ ചട്ടങ്ങളും നിയമങ്ങളും ത്യജിച്ച് അന്യദേവന്മാരെ സേവിക്കുകയും ആരാധിക്കുകയും ചെയ്താല്‍

20 ഞാന്‍ നിങ്ങള്‍ക്കു നല്‌കിയിരിക്കുന്ന ദേശത്തുനിന്നു നിങ്ങളെ പിഴുതെറിയും. എനിക്കുവേണ്ടി ഞാന്‍ വിശുദ്ധീകരിച്ച ഈ ആലയം ഞാന്‍ നീക്കിക്കളയും. സകല മനുഷ്യരുടെയും ഇടയില്‍ ഇതൊരു പഴഞ്ചൊല്ലും പരിഹാസവിഷയവും ആക്കിത്തീര്‍ക്കും.

21

മഹത്തായ ഈ ആലയത്തിന്‍റെ മുമ്പിലൂടെ കടന്നുപോകുന്നവര്‍ അദ്ഭുതപ്പെട്ടു “സര്‍വേശ്വരന്‍ ഈ ദേശത്തോടും ഈ ആലയത്തോടും ഇങ്ങനെ ചെയ്തത് എന്ത് എന്നു ചോദിക്കും.

22 തങ്ങളുടെ പിതാക്കന്മാരെ ഈജിപ്തില്‍നിന്നു വിമോചിപ്പിച്ചു കൊണ്ടുവന്ന ദൈവമായ സര്‍വേശ്വരനെ അവര്‍ ഉപേക്ഷിക്കുകയും അന്യദേവന്മാരെ സ്വീകരിച്ച് ആരാധിക്കുകയും സേവിക്കുകയും ചെയ്തു. അതുകൊണ്ടാണ് അവിടുന്ന് അവര്‍ക്ക് ഈ അനര്‍ഥമെല്ലാം വരുത്തിയത് എന്ന് അവര്‍ പറയും.”

8

1

ഇരുപതു വര്‍ഷംകൊണ്ടു സര്‍വേശ്വരന്‍റെ ആലയവും രാജകൊട്ടാരവും ശലോമോന്‍ പണിതുതീര്‍ത്തു.

2 ശലോമോന്‍ തനിക്കു ഹൂരാം നല്‌കിയിരുന്ന പട്ടണങ്ങള്‍ പുതുക്കിപ്പണിയുകയും അവിടെ ഇസ്രായേല്യരെ പാര്‍പ്പിക്കുകയും ചെയ്തു.

3 പിന്നീട് ശലോമോന്‍ ഹാമാത്ത്-സോബയില്‍ ചെന്ന് ആ സ്ഥലം അധീനമാക്കി.

4 മരുഭൂമിയില്‍ തദ്മോര്‍ നഗരവും ഹാമാത്തില്‍ സംഭരണനഗരങ്ങളും പണിയിച്ചു.

5 മുകളിലും താഴെയും ഉള്ള ബേത്ത്- ഹോരോന്‍ നഗരങ്ങള്‍ കോട്ട കെട്ടി കവാടങ്ങളും ഓടാമ്പലുകളുംകൊണ്ടു ബലപ്പെടുത്തി.

6 ബാലാത്ത് പട്ടണം, സംഭരണനഗരങ്ങള്‍, രഥനഗരങ്ങള്‍, കുതിരപ്പടയാളികള്‍ക്കുള്ള പട്ടണങ്ങള്‍ എന്നല്ല യെരൂശലേമിലും ലെബാനോനിലും തന്‍റെ അധീനതയിലുള്ള സകല സ്ഥലങ്ങളിലും താന്‍ ആഗ്രഹിച്ചതെല്ലാം ശലോമോന്‍ പണിതു.

7 ഇസ്രായേല്യരില്‍ ഉള്‍പ്പെടാത്ത ഹിത്യര്‍, അമോര്യര്‍, പെരിസ്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നിങ്ങനെ

8 ഇസ്രായേല്യര്‍ നശിപ്പിക്കാതെ ദേശത്തു ശേഷിപ്പിച്ചിരുന്ന അവരുടെ പിന്‍തലമുറക്കാരെയെല്ലാം ശലോമോന്‍ അടിമവേലയ്‍ക്കു നിയോഗിച്ചു. അവര്‍ ഇന്നും അങ്ങനെതന്നെ തുടരുന്നു.

9 ഇസ്രായേല്യരില്‍ ആരെയും തനിക്കു ദാസ്യവേല ചെയ്യാന്‍ ശലോമോന്‍ നിയമിച്ചില്ല. അവരെ യോദ്ധാക്കളും സേനാനായകന്മാരും തേരാളികളും രഥങ്ങളുടെ അധിപന്മാരും കുതിരപ്പടയാളികളുമായാണ് നിയമിച്ചത്.

10 അവരില്‍ ശലോമോന്‍ രാജാവിന്‍റെ മുഖ്യഉദ്യോഗസ്ഥന്മാരായി ജനത്തെ ഭരിച്ചിരുന്ന ഇരുനൂറ്റമ്പതു പേരുണ്ടായിരുന്നു.

11

“ഇസ്രായേല്‍രാജാവായിരുന്ന ദാവീദിന്‍റെ കൊട്ടാരത്തില്‍ എന്‍റെ ഭാര്യ പാര്‍ത്തുകൂടാ; സര്‍വേശ്വരന്‍റെ പെട്ടകം എത്തിയിരിക്കുന്ന സ്ഥലം വിശുദ്ധമാണ്”. ഇങ്ങനെ പറഞ്ഞു ഫറവോയുടെ പുത്രിയായ തന്‍റെ ഭാര്യയെ ശലോമോന്‍ ദാവീദിന്‍റെ നഗരത്തില്‍നിന്നു താന്‍ അവള്‍ക്കായി പണിത കൊട്ടാരത്തില്‍ കൊണ്ടുപോയി പാര്‍പ്പിച്ചു.

12

ദേവാലയ പൂമുഖത്തിനു മുമ്പില്‍ താന്‍ നിര്‍മ്മിച്ച യാഗപീഠത്തിന്മേല്‍ ശലോമോന്‍ സര്‍വേശ്വരനു ഹോമയാഗങ്ങള്‍ അര്‍പ്പിച്ചു.

13 മോശയുടെ കല്പനപ്രകാരം ശബത്ത്, അമാവാസി, വാര്‍ഷികപ്പെരുന്നാളുകളായ പുളിപ്പുചേര്‍ക്കാത്ത അപ്പത്തിന്‍റെ പെരുന്നാള്‍, വാരോത്സവം, കൂടാരപ്പെരുന്നാള്‍ എന്നിങ്ങനെ അതതു ദിവസത്തെ ആവശ്യമനുസരിച്ച് ശലോമോന്‍ സര്‍വേശ്വരനു ഹോമയാഗങ്ങളര്‍പ്പിച്ചു.

14 അദ്ദേഹം തന്‍റെ പിതാവായ ദാവീദിന്‍റെ കല്പനയനുസരിച്ചു പുരോഹിതന്മാരെ ഗണങ്ങളായി തിരിച്ച് അതതു ശുശ്രൂഷയ്‍ക്കു നിയോഗിച്ചു. സ്തോത്രഗീതം ആലപിക്കുന്നതിനും പുരോഹിതന്മാരെ സഹായിക്കുന്നതിനും ലേവ്യരെ അതതു ദിവസത്തെ ആവശ്യമനുസരിച്ചു യഥാക്രമം നിയമിച്ചു. കൂടാതെ ഓരോ വാതിലിനും കാവല്‌ക്കാരെയും നിയോഗിച്ചു. ഇങ്ങനെയാണു ദൈവപുരുഷനായ ദാവീദ് കല്പിച്ചിരുന്നത്.

15 ഭണ്ഡാരത്തെയോ മറ്റേതെങ്കിലും കാര്യത്തെയോ സംബന്ധിച്ചുള്ള രാജകല്പന പുരോഹിതന്മാരും ലേവ്യരും ധിക്കരിച്ചില്ല.

16

സര്‍വേശ്വരന്‍റെ ആലയത്തിന് അടിസ്ഥാനമിട്ടതുമുതല്‍ അതിന്‍റെ പൂര്‍ത്തീകരണംവരെയുള്ള സകല പണികളും ശലോമോന്‍ ചെയ്തു തീര്‍ത്തു. അങ്ങനെ സര്‍വേശ്വരന്‍റെ ആലയം പൂര്‍ത്തിയായി.

17

പിന്നീടു ശലോമോന്‍ എദോംദേശത്തെ എസ്യോന്‍- ഗേബെര്‍, ഏലോത്ത് എന്നീ തുറമുഖനഗരങ്ങളിലേക്കു പോയി.

18 ഹൂരാം തന്‍റെ ഉദ്യോഗസ്ഥന്മാരുടെ നേതൃത്വത്തില്‍ പരിചയസമ്പന്നരായ നാവികരോടുകൂടി കപ്പലുകള്‍ അയച്ചുകൊടുത്തു. അവര്‍ ശലോമോന്‍റെ ദാസന്മാരോടൊത്ത് ഓഫീരിലേക്കു പോയി; നാനൂറ്റമ്പതു താലന്തു സ്വര്‍ണം കൊണ്ടുവന്ന് ശലോമോന്‍രാജാവിനു കൊടുത്തു.

9

1

ശെബാരാജ്ഞി ശലോമോന്‍റെ പ്രശസ്തിയെപ്പറ്റി കേട്ടപ്പോള്‍, ഉത്തരം നല്‌കാന്‍ ബുദ്ധിമുട്ടുള്ള ചോദ്യങ്ങള്‍കൊണ്ട് അദ്ദേഹത്തെ പരീക്ഷിക്കാന്‍ വലിയ പരിവാരത്തോടുകൂടി യെരൂശലേമിലേക്കു വന്നു. സുഗന്ധദ്രവ്യങ്ങള്‍, അളവറ്റ സ്വര്‍ണം, രത്നങ്ങള്‍ എന്നിവ വഹിച്ചിരുന്ന അനേകം ഒട്ടകങ്ങളും അവരോടൊപ്പം ഉണ്ടായിരുന്നു. രാജ്ഞി ശലോമോന്‍റെ അടുക്കല്‍ വന്നു തന്‍റെ മനസ്സില്‍ കരുതിയിരുന്ന ചോദ്യങ്ങളെല്ലാം ചോദിച്ചു.

2 അവയ്‍ക്കെല്ലാം അദ്ദേഹം ഉത്തരം നല്‌കി. ഉത്തരം നല്‌കാന്‍ കഴിയാത്തവിധം അവ ഒന്നും രാജാവിനു അജ്ഞാതമായിരുന്നില്ല.

3

ശലോമോന്‍റെ ജ്ഞാനവും അദ്ദേഹം പണിയിച്ച കൊട്ടാരവും

4 മേശയിലെ ഭക്ഷണവും ഉദ്യോഗസ്ഥന്മാരുടെ ഇരിപ്പിടങ്ങളും സേവകരുടെ പരിചരണവും വേഷവിധാനങ്ങളും പാനപാത്രവാഹകരും അവരുടെ വസ്ത്രധാരണവും സര്‍വേശ്വരന്‍റെ ആലയത്തില്‍ ശലോമോന്‍ അര്‍പ്പിച്ച ഹോമയാഗങ്ങളും എല്ലാം രാജ്ഞിയെ വിസ്മയിപ്പിച്ചു.

5

ശെബാരാജ്ഞി രാജാവിനോടു പറഞ്ഞു: “എന്‍റെ നാട്ടില്‍വച്ച് അങ്ങയെയും അങ്ങയുടെ ജ്ഞാനത്തെയും കുറിച്ചു കേട്ടതെല്ലാം വാസ്തവംതന്നെ.

6 ഞാന്‍ ഇവിടെ വന്നു സ്വന്തം കണ്ണുകൊണ്ടു കാണുന്നതുവരെ അവ വിശ്വസിച്ചിരുന്നില്ല. എന്നാല്‍ അങ്ങയുടെ ജ്ഞാനമഹത്ത്വത്തില്‍ പകുതിപോലും ഞാന്‍ അറിഞ്ഞിരുന്നില്ല. ഞാന്‍ കേട്ടിരുന്നതിലും അങ്ങ് എത്രയോ ശ്രേഷ്ഠനാണ്.

7 അങ്ങയുടെ ഭാര്യമാര്‍ എത്ര ഭാഗ്യവതികള്‍! അങ്ങയെ പരിചരിക്കുന്നവരും ഈ വിജ്ഞാനവചനങ്ങള്‍ സദാ കേള്‍ക്കുന്നവരുമായ അങ്ങയുടെ ദാസന്മാരും ഭാഗ്യവാന്മാര്‍;

8 അങ്ങയുടെ ദൈവമായ സര്‍വേശ്വരന്‍ വാഴ്ത്തപ്പെടട്ടെ. അവിടുന്നാണല്ലോ അങ്ങയില്‍ പ്രസാദിച്ച് തന്‍റെ സിംഹാസനത്തില്‍ അങ്ങയെ രാജാവായി വാഴിക്കാന്‍ തിരുമനസ്സായത്. അങ്ങയുടെ ദൈവം ഇസ്രായേലിനെ സ്നേഹിക്കുകയും അതിനെ നിത്യമായി നിലനിര്‍ത്താന്‍ ആഗ്രഹിക്കുകയും ചെയ്തതുകൊണ്ടാണ് അവര്‍ക്ക് നീതിയും ന്യായവും നടത്തുന്നതിനുവേണ്ടി അങ്ങയെ രാജാവാക്കിയത്.”

9 രാജ്ഞി കൊണ്ടുവന്നിരുന്ന നൂറ്റിരുപതു താലന്ത് സ്വര്‍ണവും വളരെയേറെ സുഗന്ധദ്രവ്യങ്ങളും അമൂല്യരത്നങ്ങളും രാജാവിനു കൊടുത്തു. ശെബാരാജ്ഞി ശലോമോന്‍രാജാവിനു നല്‌കിയതുപോലുള്ള സുഗന്ധദ്രവ്യങ്ങള്‍ അവിടെ ഉണ്ടായിരുന്നില്ല.

10

ഹൂരാമിന്‍റെയും ശലോമോന്‍റെയും ദാസന്മാര്‍ ഓഫീരില്‍നിന്നു സ്വര്‍ണം കൊണ്ടുവന്നതോടൊപ്പം ചന്ദനത്തടിയും വിലയേറിയ രത്നങ്ങളും കൂടി കൊണ്ടുവന്നിരുന്നു.

11 രാജാവ് ചന്ദനത്തടികൊണ്ട് സര്‍വേശ്വരന്‍റെ ആലയത്തിനും കൊട്ടാരത്തിനും ചവിട്ടുപടികളും ഗായകര്‍ക്കു വേണ്ട കിന്നരങ്ങളും വീണകളും നിര്‍മ്മിച്ചു. ഇങ്ങനെയുള്ളവ മുമ്പെങ്ങും യെഹൂദാദേശത്തു കണ്ടിട്ടില്ല.

12 ശെബാരാജ്ഞി ശലോമോന്‍രാജാവിനു സമ്മാനിച്ചതിലും കൂടുതല്‍ പ്രതിസമ്മാനമായി അദ്ദേഹം അവര്‍ക്കു നല്‌കിയതു കൂടാതെ രാജ്ഞി ആഗ്രഹിച്ചതും ചോദിച്ചതുമെല്ലാം കൂടി അദ്ദേഹം നല്‌കി. പിന്നീട് രാജ്ഞി സപരിവാരം സ്വദേശത്തേക്കു മടങ്ങി.

13

ശലോമോന്‍രാജാവിനു പ്രതിവര്‍ഷം അറുനൂറ്ററുപത്താറ് താലന്ത് സ്വര്‍ണം ലഭിച്ചിരുന്നു.

14 ഇതു വ്യാപാരികളില്‍നിന്നും വണിക്കുകളില്‍നിന്നും ലഭിച്ചതിനു പുറമേയുള്ളതാണ്. ഇവ കൂടാതെ അറേബ്യയിലെ രാജാക്കന്മാരും ദേശാധിപതികളും ശലോമോന് സ്വര്‍ണവും വെള്ളിയും കൊടുത്തുവന്നു.

15 അടിച്ചുപരത്തിയ സ്വര്‍ണംകൊണ്ടു ശലോമോന്‍രാജാവ് ഇരുനൂറ് വലിയ പരിച ഉണ്ടാക്കി. ഓരോ പരിചയ്‍ക്കും അറുനൂറു ശേക്കെല്‍ സ്വര്‍ണം വേണ്ടിവന്നു.

16 അടിച്ചു പരത്തിയ സ്വര്‍ണംകൊണ്ടു മുന്നൂറു ചെറിയ പരിചകളുമുണ്ടാക്കി. ഓരോന്നിനും മുന്നൂറു ശേക്കെല്‍ സ്വര്‍ണംവീതം വേണ്ടിവന്നു. ഇവയെല്ലാം രാജാവ് ലെബാനോന്‍ വനഗൃഹത്തില്‍ സൂക്ഷിച്ചു.

17 രാജാവ് ആനക്കൊമ്പുകൊണ്ട് ഒരു വലിയ സിംഹാസനം പണിയിച്ച് അതു തങ്കംകൊണ്ടു പൊതിഞ്ഞു.

18 സിംഹാസനത്തിന് ആറു പടികളും സ്വര്‍ണംകൊണ്ടു നിര്‍മ്മിച്ച ഒരു പാദപീഠവുമുണ്ടായിരുന്നു. ഇവ സിംഹാസനത്തോടു ചേര്‍ത്ത് ഉറപ്പിച്ചിരുന്നു. ഇരിപ്പിടത്തിന്‍റെ ഇരുവശത്തും കൈത്താങ്ങുകളും അവയ്‍ക്കു സമീപം രണ്ടു സിംഹപ്രതിമകളും ഉണ്ടായിരുന്നു.

19 ആറു പടികളുടെ ഇരുവശങ്ങളിലുമായി പന്ത്രണ്ടു സിംഹപ്രതിമകളും വച്ചിരുന്നു. ഇതുപോലൊരു സിംഹാസനം മറ്റൊരു രാജ്യത്തും ഉണ്ടായിരുന്നില്ല.

20 ശലോമോന്‍രാജാവിന്‍റെ പാനപാത്രങ്ങളെല്ലാം സ്വര്‍ണംകൊണ്ടും ലെബാനോന്‍ വനഗൃഹത്തിലെ ഉപകരണങ്ങളെല്ലാം തങ്കംകൊണ്ടും നിര്‍മ്മിച്ചവയായിരുന്നു. ശലോമോന്‍റെ കാലത്തു വെള്ളിക്കു വിലയുണ്ടായിരുന്നില്ല.

21 രാജാവിന്‍റെ കപ്പലുകള്‍ ഹൂരാമിന്‍റെ ദാസന്മാരുമായി തര്‍ശീശിലേക്കു പോകും. മൂന്നു വര്‍ഷത്തിലൊരിക്കല്‍ ഈ കപ്പലുകള്‍ അവിടെനിന്നു സ്വര്‍ണം, വെള്ളി, ആനക്കൊമ്പ്, കുരങ്ങുകള്‍, മയിലുകള്‍ ഇവയുമായി മടങ്ങിവരും.

22 ശലോമോന്‍രാജാവ് ഭൂമിയിലെ സകല രാജാക്കന്മാരിലും കൂടുതല്‍ സമ്പന്നനും ജ്ഞാനിയും ആയിരുന്നു.

23 ശലോമോന്‍റെ അടുക്കല്‍ വന്ന് അദ്ദേഹത്തിന് നല്‌കിയിരുന്ന വിജ്ഞാനം ശ്രവിക്കുന്നതിനു ഭൂമിയിലെ രാജാക്കന്മാരെല്ലാം ആഗ്രഹിച്ചു.

24 അവര്‍ വര്‍ഷംതോറും സ്വര്‍ണവും വെള്ളിയും കൊണ്ടുള്ള ഉരുപ്പടികള്‍, തുണിത്തരങ്ങള്‍, ആയുധങ്ങള്‍, മീറാ, സുഗന്ധദ്രവ്യങ്ങള്‍, കുതിരകള്‍, കോവര്‍കഴുതകള്‍ എന്നിവ ധാരാളമായി അദ്ദേഹത്തിനു സമ്മാനിച്ചു.

25 കുതിരകള്‍ക്കും രഥങ്ങള്‍ക്കും വേണ്ടി നാലായിരം ലായങ്ങളും പന്തീരായിരം കുതിരച്ചേവകരും ഉണ്ടായിരുന്നു. അവരെ യെരൂശലേമിലും രഥനഗരങ്ങളിലുമായി പാര്‍പ്പിച്ചു.

26 യൂഫ്രട്ടീസ്നദിമുതല്‍ ഫെലിസ്ത്യദേശംവരെയും ഈജിപ്തിന്‍റെ അതിര്‍ത്തിവരെയും ഉള്ള സകല രാജ്യങ്ങളിലെ രാജാക്കന്മാരെയും അദ്ദേഹം അടക്കി ഭരിച്ചു.

27 അദ്ദേഹത്തിന്‍റെ ഭരണകാലത്ത് യെരൂശലേമില്‍ വെള്ളി കല്ലുപോലെയും ദേവദാരു ഷെഫേലാ താഴ്വരയിലെ കാട്ടത്തിമരംപോലെയും സുലഭമായിരുന്നു.

28 ഈജിപ്തില്‍നിന്നും മറ്റു രാജ്യങ്ങളില്‍നിന്നും ശലോമോന്‍ കുതിരകളെ ഇറക്കുമതി ചെയ്തുവന്നു.

29

ശലോമോന്‍റെ മറ്റു പ്രവര്‍ത്തനങ്ങള്‍ ആദ്യവസാനം നാഥാന്‍പ്രവാചകന്‍റെ ചരിത്രത്തിലും ശീലോന്യനായ അഹീയായുടെ പ്രവചനത്തിലും നെബാത്തിന്‍റെ പുത്രനായ യെരോബെയാമിനെക്കുറിച്ചുള്ള ഇദ്ദോയുടെ ദര്‍ശനങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്.

30 ശലോമോന്‍ യെരൂശലേമില്‍ ഇസ്രായേല്‍രാജ്യം മുഴുവന്‍റെയും രാജാവായി നാല്പതു വര്‍ഷം വാണു.

31 പിന്നീട് അദ്ദേഹം മരിച്ചു തന്‍റെ പിതാക്കന്മാരോടു ചേര്‍ന്നു. തന്‍റെ പിതാവായ ദാവീദിന്‍റെ നഗരത്തില്‍ അദ്ദേഹത്തെ സംസ്കരിച്ചു; ശലോമോന് പകരം തന്‍റെ പുത്രനായ രെഹബെയാം രാജാവായി.

10

1

രെഹബെയാം ശെഖേമിലേക്കു പോയി. അവിടെ ഇസ്രായേല്‍ജനമെല്ലാം അദ്ദേഹത്തെ രാജാവാക്കാന്‍ ഒരുമിച്ചുകൂടിയിരുന്നു.

2 ശലോമോന്‍രാജാവിന്‍റെ അടുക്കല്‍നിന്ന് ഓടി ഒളിച്ച് ഈജിപ്തില്‍ പാര്‍ത്തിരുന്ന നെബാത്തിന്‍റെ പുത്രന്‍ യെരോബെയാം ഈ വിവരം അറിഞ്ഞപ്പോള്‍ അവിടെനിന്നു മടങ്ങിവന്നു.

3 ഇസ്രായേലിന്‍റെ ഉത്തരപ്രദേശത്തുള്ള ഗോത്രക്കാര്‍ യെരോബെയാമിനെ ആളയച്ചു വരുത്തി. അവര്‍ അയാളോടൊപ്പം രെഹബെയാമിന്‍റെ അടുക്കല്‍ വന്നു പറഞ്ഞു:

4 “അങ്ങയുടെ പിതാവ് ഭാരമുള്ള നുകമായിരുന്നു ഞങ്ങളുടെമേല്‍ വച്ചിരുന്നത്. ആ ഭാരിച്ച നുകവും കഠിനാധ്വാനവും ഞങ്ങള്‍ക്കു ലഘൂകരിച്ചുതരണം. അങ്ങനെ ചെയ്താല്‍ ഞങ്ങള്‍ അങ്ങയെ സേവിക്കാം.”

5

മൂന്നു ദിവസം കഴിഞ്ഞ് മടങ്ങിവരാന്‍ രെഹബെയാം അവരോടു പറഞ്ഞു. അതനുസരിച്ച് അവര്‍ പിരിഞ്ഞുപോയി.

6 തന്‍റെ പിതാവായ ശലോമോന്‍റെ ഉപദേശകരായിരുന്ന വൃദ്ധജനത്തോടു രെഹബെയാം രാജാവ് ആലോചിച്ചു. “ഇവരോട് എന്തു മറുപടിയാണ് പറയേണ്ടത്?” എന്ന് അദ്ദേഹം അവരോട് ആരാഞ്ഞു.

7 അവര്‍ പറഞ്ഞു: “അങ്ങ് ജനത്തോടു നല്ലവാക്കു പറഞ്ഞ് അവരെ സന്തോഷിപ്പിക്കുകയും അവരോടു ദയാപൂര്‍വം വര്‍ത്തിക്കുകയും ചെയ്താല്‍ അവര്‍ എന്നും അങ്ങയെ സേവിച്ചുകൊള്ളും.”

8 എന്നാല്‍ രാജാവ് പക്വമതികളായ അവരുടെ ഉപദേശം തിരസ്കരിച്ചു; പിന്നീട് തന്‍റെ കൂടെ വളര്‍ന്നവരും ഇപ്പോള്‍ പാര്‍ശ്വവര്‍ത്തികളുമായ യുവാക്കന്മാരോട് ആലോചിച്ചു.

9 “അങ്ങയുടെ പിതാവ് ഞങ്ങളുടെമേല്‍ വച്ചിരിക്കുന്ന നുകത്തിന്‍റെ ഭാരം ലഘൂകരിച്ചുതരണം എന്നാവശ്യപ്പെടുന്ന ജനത്തിന് എന്ത് ഉത്തരമാണ് നല്‌കേണ്ടത്; എന്താണു നിങ്ങളുടെ അഭിപ്രായം” അവരോട് ചോദിച്ചു.

10 അദ്ദേഹത്തിന്‍റെകൂടെ വളര്‍ന്ന യുവാക്കള്‍ പറഞ്ഞു: “അങ്ങയുടെ പിതാവ് ഞങ്ങളുടെ നുകം ഭാരമുള്ളതാക്കി; അതു ലഘുവാക്കിത്തരണം എന്നാവശ്യപ്പെട്ട ജനത്തോട് ഇപ്രകാരം പറയുക. എന്‍റെ ചെറുവിരല്‍ പിതാവിന്‍റെ അരക്കെട്ടിനെക്കാള്‍ വലുതാണ്.

11 എന്‍റെ പിതാവു ഭാരമുള്ള നുകം നിങ്ങളുടെമേല്‍ വച്ചു. ഞാന്‍ അതിന്‍റെ ഭാരം വര്‍ധിപ്പിക്കും. അദ്ദേഹം നിങ്ങളെ ചാട്ടകൊണ്ട് അടിച്ചു. ഞാന്‍ നിങ്ങളെ മുള്‍ച്ചാട്ടകൊണ്ട് അടിക്കും.”

12 രാജാവു പറഞ്ഞതനുസരിച്ച് മൂന്നു ദിവസം കഴിഞ്ഞ് യെരോബെയാമും ജനങ്ങളും രെഹബെയാമിന്‍റെ അടുക്കല്‍ വന്നു.

13 പക്വമതികളായ വൃദ്ധജനം നല്‌കിയ ഉപദേശം അവഗണിച്ച് രാജാവു ജനങ്ങളോടു പരുഷമായി സംസാരിച്ചു.

14 യുവാക്കള്‍ നല്‌കിയ ഉപദേശമനുസരിച്ചു രാജാവ് പറഞ്ഞു: “എന്‍റെ പിതാവ് ഭാരമുള്ള നുകം നിങ്ങളുടെമേല്‍ വച്ചു. ഞാന്‍ അതിന്‍റെ ഭാരം വര്‍ധിപ്പിക്കും. എന്‍റെ പിതാവു നിങ്ങളെ ചാട്ടകൊണ്ട് അടിച്ചു. ഞാന്‍ നിങ്ങളെ മുള്‍ച്ചാട്ടകൊണ്ട് അടിക്കും.”

15 അങ്ങനെ രാജാവ് ജനങ്ങളുടെ അപേക്ഷ നിരസിച്ചു. സര്‍വേശ്വരന്‍ ശീലോഹ്യനായ അഹീയായിലൂടെ നെബാത്തിന്‍റെ പുത്രനായ യെരോബെയാമിനോട് അരുളിച്ചെയ്ത വചനം നിറവേറുന്നതിന് ദൈവഹിതത്താല്‍ ഇപ്രകാരം സംഭവിച്ചു.

16

രാജാവ് തങ്ങളുടെ അപേക്ഷ നിരസിച്ചു എന്നു കണ്ടപ്പോള്‍ വന്നുകൂടിയ ഇസ്രായേല്‍ജനം പറഞ്ഞു: “ദാവീദുമായി ഞങ്ങള്‍ക്കെന്തു ബന്ധം? യിശ്ശായിയുടെ പുത്രനില്‍ ഞങ്ങള്‍ക്ക് എന്തവകാശം? ഇസ്രായേല്‍ജനമേ, നിങ്ങള്‍ സ്വന്തം കൂടാരങ്ങളിലേക്കു പൊയ്‍ക്കൊള്ളുക; ദാവീദേ, ഇനി സ്വന്തം ഭവനം നോക്കിക്കൊള്ളുക, അങ്ങനെ ഇസ്രായേല്‍ജനമെല്ലാം തങ്ങളുടെ കൂടാരങ്ങളിലേക്കു മടങ്ങിപ്പോയി.

17 രെഹബെയാം യെഹൂദാനഗരങ്ങളില്‍ പാര്‍ത്തിരുന്ന ഇസ്രായേല്യരുടെ രാജാവായി വാണു.

18 രെഹബെയാംരാജാവ് അടിമവേലക്കാരുടെ ചുമതല വഹിക്കുന്ന ഹദോരാമിനെ ഉത്തരദേശത്തു പാര്‍ത്തിരുന്ന ഇസ്രായേല്‍ജനത്തിന്‍റെ അടുക്കലേക്കയച്ചു. അവര്‍ അയാളെ കല്ലെറിഞ്ഞു കൊന്നു. ഇതറിഞ്ഞ ഉടന്‍ രെഹബെയാംരാജാവ് രഥത്തില്‍ കയറി യെരൂശലേമിലേക്കു പോയി.

19 അങ്ങനെ ഉത്തരദേശത്തുള്ള ഇസ്രായേല്യര്‍ ഇന്നും ദാവീദിന്‍റെ ഭവനവുമായി മത്സരിച്ചു നില്‌ക്കുന്നു.

11

1

രെഹബെയാം യെരൂശലേമില്‍ എത്തിയശേഷം ഇസ്രായേലിന്‍റെ ഉത്തരദേശത്തുള്ള ഗോത്രക്കാരോട് യുദ്ധം ചെയ്തു രാജ്യം വീണ്ടെടുക്കാന്‍ യെഹൂദാഗോത്രക്കാരെയും ബെന്യാമീന്‍ഗോത്രക്കാരെയും വിളിച്ചുകൂട്ടി. അവരില്‍നിന്ന് ഒരുലക്ഷത്തി എണ്‍പതിനായിരം യോദ്ധാക്കളെ തിരഞ്ഞെടുത്തു.

2 സര്‍വേശ്വരന്‍റെ അരുളപ്പാട് ദൈവപുരുഷനായ ശെമയ്യായ്‍ക്കുണ്ടായി.

3 അവിടുന്നു അരുളിച്ചെയ്തു: “ശലോമോന്‍റെ പുത്രനും യെഹൂദാരാജാവുമായ രെഹബെയാമിനോടും യെഹൂദ്യയിലും ബെന്യാമീനിലുമുള്ള എല്ലാ ഇസ്രായേല്യരോടും പറയുക:

4 സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: നിങ്ങള്‍ പുറപ്പെടരുത്; നിങ്ങളുടെ സഹോദരന്മാരോടു യുദ്ധം ചെയ്യരുത്. ഓരോരുത്തന്‍ അവനവന്‍റെ വീട്ടിലേക്കു മടങ്ങിപ്പോകുക; ഇത് എന്‍റെ ഹിതാനുസരണം സംഭവിച്ചതാണ്.” അവര്‍ സര്‍വേശ്വരന്‍റെ അരുളപ്പാടനുസരിച്ചു യെരോബെയാമിനോടു യുദ്ധത്തിനു പോകാതെ മടങ്ങിപ്പോയി.

5

രെഹബെയാം യെരൂശലേമില്‍ പാര്‍ത്തു; സുരക്ഷിതത്വത്തിനുവേണ്ടി യെഹൂദായില്‍ പട്ടണങ്ങള്‍ പണിതു.

6 അദ്ദേഹം യെഹൂദാ- ബെന്യാമീന്‍ഗോത്രക്കാരുടെ അവകാശഭൂമിയില്‍ ബേത്‍ലഹേം,

7 ഏതാം, തെക്കോവ, ബേത്ത്-സൂര്‍,

8 സോഖോ, അദുല്ലാം, ഗത്ത്, മരേശാ, സീഫ്,

9 അദോരയീം, ലാഖീശ്, അസേക്കാ, സോരാ,

10 അയ്യാലോന്‍, ഹെബ്രോന്‍ എന്നീ നഗരങ്ങള്‍ നിര്‍മ്മിച്ച് കോട്ട കെട്ടി ഉറപ്പിച്ചു.

11 കോട്ടകള്‍ ബലപ്പെടുത്തിയതിനു ശേഷം പടനായകന്മാരെ നിയമിച്ചു. ഭക്ഷണസാധനങ്ങള്‍, എണ്ണ, വീഞ്ഞ് എന്നിവ സംഭരിച്ചു.

12 ഓരോ പട്ടണത്തിലും പരിചകളും കുന്തങ്ങളും ശേഖരിച്ച് അവ കൂടുതല്‍ സുരക്ഷിതമാക്കി; അങ്ങനെ യെഹൂദാ-ബെന്യാമീന്‍ഗോത്രക്കാരുടെ അവകാശഭൂമി അദ്ദേഹത്തിന്‍റെ അധീനതയിലായി.

13

ഉത്തരദേശമായ ഇസ്രായേലിന്‍റെ എല്ലാ ഭാഗങ്ങളില്‍നിന്നും പുരോഹിതന്മാരും ലേവ്യരും രെഹബെയാമിന്‍റെ അടുക്കല്‍ വന്നു.

14 യെരോബെയാമും പുത്രന്മാരും ലേവ്യരെ സര്‍വേശ്വരന്‍റെ പുരോഹിതശുശ്രൂഷയില്‍നിന്നു നീക്കിക്കളഞ്ഞതുകൊണ്ടാണ് സ്വന്തം സ്ഥലവും അവകാശവും ഉപേക്ഷിച്ച് അവര്‍ യെഹൂദ്യയിലേക്കും യെരൂശലേമിലേക്കും വന്നത്.

15 പൂജാഗിരികളില്‍ ശുശ്രൂഷ ചെയ്യാനും ഭൂതങ്ങളെയും താന്‍ നിര്‍മ്മിച്ച കാളക്കുട്ടികളെയും ആരാധിക്കാനുമായി സ്വന്തം പുരോഹിതന്മാരെ യെരോബെയാം നിയമിച്ചു.

16 ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരനെ ആരാധിക്കാന്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചവര്‍ ഉത്തരദേശമായ ഇസ്രായേലിന്‍റെ എല്ലാ ഗോത്രങ്ങളില്‍നിന്നും ലേവ്യരുടെ പിന്നാലെ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സര്‍വേശ്വരനു യാഗമര്‍പ്പിക്കാന്‍ യെരൂശലേമില്‍ വന്നു.

17 അവര്‍ യെഹൂദാരാജ്യത്തെ സുശക്തമാക്കിക്കൊണ്ട് മൂന്നു വര്‍ഷം ദാവീദിന്‍റെയും ശലോമോന്‍റെയും പാതയില്‍ നടന്നു. അക്കാലമത്രയും ശലോമോന്‍റെ മകനായ രെഹബെയാം സുരക്ഷിതനായിരുന്നു.

18

ദാവീദിന്‍റെ പുത്രനായ യെരീമോത്തിന്‍റെ പുത്രി മഹലാത്തിനെ രെഹബെയാം വിവാഹം കഴിച്ചു. അവള്‍ യിശ്ശായിയുടെ മകന്‍ എലീയാബിന്‍റെ പുത്രിയായ അബീഹയീലിന്‍റെ പുത്രി ആയിരുന്നു.

19 അവര്‍ക്ക് യെയൂശ്, ശെമര്യാ, സാഹം എന്നീ പുത്രന്മാര്‍ ജനിച്ചു.

20 പിന്നീട് രെഹബെയാം അബ്ശാലോമിന്‍റെ പുത്രിയായ മയഖായെ വിവാഹം കഴിച്ചു; അവളില്‍ രെഹബെയാമിനു ജനിച്ച മക്കളാണ് അബീയാ, അത്ഥായി, സീസ, ശെലോമീത്ത് എന്നിവര്‍.

21 രെഹബെയാമിനു പതിനെട്ടു ഭാര്യമാരും അറുപതു ഉപഭാര്യമാരും ഉണ്ടായിരുന്നു; അവരിലെല്ലാം അധികമായി അദ്ദേഹം അബ്ശാലോമിന്‍റെ പുത്രിയായ മയഖായെ സ്നേഹിച്ചിരുന്നു. രാജാവിന് ആകെ ഇരുപത്തെട്ടു പുത്രന്മാരും അറുപതു പുത്രിമാരും ഉണ്ടായിരുന്നു.

22 മയഖായുടെ മകന്‍ അബീയായെ രാജാവാക്കാന്‍ രെഹബെയാം ആഗ്രഹിച്ചിരുന്നതുകൊണ്ട് അയാളെ രാജകുമാരന്മാരില്‍ മുഖ്യനാക്കി.

23 തന്‍റെ പുത്രന്മാരെ യെഹൂദ്യായിലെയും ബെന്യാമീനിലെയും സുരക്ഷിതനഗരങ്ങളില്‍ ദേശാധിപതികളായി തന്ത്രപൂര്‍വം നിയമിച്ചു. രെഹബെയാം അവര്‍ക്കു വേണ്ട ഭക്ഷണസാധനങ്ങള്‍ സമൃദ്ധമായി നല്‌കി. അവര്‍ക്കു ഭാര്യമാരെയും നേടിക്കൊടുത്തു.

12

1

രെഹബെയാമിന്‍റെ ഭരണം സുസ്ഥാപിതമാകുകയും ശക്തിപ്പെടുകയും ചെയ്തതോടെ അയാളും കൂടെയുള്ള ഇസ്രായേല്‍ജനവും സര്‍വേശ്വരന്‍റെ ധര്‍മശാസ്ത്രം ഉപേക്ഷിച്ചു.

2 അവിടുത്തോട് അവിശ്വസ്തത കാണിച്ചതിനാല്‍ രെഹബെയാംരാജാവിന്‍റെ വാഴ്ചയുടെ അഞ്ചാം വര്‍ഷം,

3 ഈജിപ്തുരാജാവായ ശീശക് ആയിരത്തി ഇരുനൂറു രഥങ്ങളും അറുപതിനായിരം കുതിരപ്പടയാളികളുമായി യെരൂശലേമിനെതിരെ വന്നു. അയാളോടൊപ്പം ലൂബ്യരും, സൂക്യരും, എത്യോപ്യരുമായി വന്ന പടയാളികള്‍ അസംഖ്യമായിരുന്നു.

4 യെഹൂദ്യയിലെ സുരക്ഷിതനഗരങ്ങള്‍ പിടിച്ചടക്കിയശേഷം അയാള്‍ യെരൂശലേംവരെ എത്തി.

5 രെഹബെയാമിന്‍റെയും ശീശക്കിനെ ഭയന്നു യെരൂശലേമില്‍ കൂടിയിരുന്ന യെഹൂദാപ്രഭുക്കന്മാരുടെയും അടുക്കല്‍ ചെന്ന് ശെമയ്യാപ്രവാചകന്‍ പറഞ്ഞു: “സര്‍വേശ്വരന്‍ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ എന്നെ ഉപേക്ഷിച്ചു; അതിനാല്‍ ഞാന്‍ നിങ്ങളെ ഉപേക്ഷിച്ചു ശീശക്കിന്‍റെ കൈയില്‍ ഏല്പിക്കുന്നു.

6 അപ്പോള്‍ ഇസ്രായേല്‍പ്രഭുക്കന്മാരും രാജാവും തങ്ങളെത്തന്നെ വിനയപ്പെടുത്തി. “സര്‍വേശ്വരന്‍ നീതിമാനാകുന്നു” എന്നു ഏറ്റുപറഞ്ഞു.

7 അവര്‍ സ്വയം എളിമപ്പെട്ടതു കണ്ടപ്പോള്‍ അവിടുന്നു ശെമയ്യാപ്രവാചകനോടു പറഞ്ഞു: “അവര്‍ സ്വയം വിനയപ്പെടുത്തിയതിനാല്‍ ഞാന്‍ അവരെ നശിപ്പിക്കുകയില്ല; അവര്‍ക്ക് അല്പം മോചനം നല്‌കും. ഞാന്‍ എന്‍റെ ക്രോധം ശീശക്കിലൂടെ യെരൂശലേമില്‍ ചൊരിയുകയില്ല.

8 എങ്കിലും അവര്‍ ശീശക്കിനു ദാസരായിത്തീരും; അങ്ങനെ എന്നെ സേവിക്കുന്നതും ഭൂമിയിലെ രാജാക്കന്മാരെ സേവിക്കുന്നതും തമ്മിലുള്ള അന്തരം അവര്‍ അറിയും.”

9 ഈജിപ്തുരാജാവായ ശീശക് യെരൂശലേമില്‍ വന്നു സര്‍വേശ്വരന്‍റെ ആലയത്തിലെയും രാജകൊട്ടാരത്തിലെയും നിക്ഷേപങ്ങളെല്ലാം കവര്‍ച്ച ചെയ്തു; ശലോമോന്‍ നിര്‍മ്മിച്ച സ്വര്‍ണപ്പരിചകള്‍ ഉള്‍പ്പെടെ സകല സാധനങ്ങളും എടുത്തുകൊണ്ടുപോയി.

10 രെഹബെയാം സ്വര്‍ണപ്പരിചകള്‍ക്കു പകരം ഓട്ടുപരിചകള്‍ നിര്‍മ്മിച്ച് കൊട്ടാരംകാവല്‌ക്കാരുടെ നായകന്മാരെ ഏല്പിച്ചു.

11 രാജാവ് സര്‍വേശ്വരന്‍റെ ആലയത്തില്‍ ചെല്ലുമ്പോഴൊക്കെ കാവല്‌ക്കാര്‍ അവ ധരിച്ചുകൊണ്ടു നില്‌ക്കും. പിന്നീട് കാവല്‍പ്പുരയില്‍ കൊണ്ടുപോയി സൂക്ഷിക്കും.

12 രാജാവ് സ്വയം എളിമപ്പെട്ടപ്പോള്‍ സമ്പൂര്‍ണനാശം വരുത്താതെ സര്‍വേശ്വരന്‍റെ ക്രോധം അദ്ദേഹത്തെ വിട്ടുപോയി. യെഹൂദായുടെ സ്ഥിതി പൊതുവേ മെച്ചമായി.

13

തന്‍റെ നില സുസ്ഥിരമാക്കിക്കൊണ്ടു രെഹബെയാം യെരൂശലേമില്‍ വാണു. രാജ്യഭാരം ഏല്‌ക്കുമ്പോള്‍ രെഹബെയാമിനു നാല്പത്തൊന്നു വയസ്സായിരുന്നു. തന്‍റെ നാമം നിലനിര്‍ത്തുന്നതിന് ഇസ്രായേലിലെ സകല ഗോത്രങ്ങളില്‍ നിന്നുമായി സര്‍വേശ്വരന്‍ തിരഞ്ഞെടുത്ത യെരൂശലേമില്‍ അദ്ദേഹം പതിനേഴു വര്‍ഷം വാണു. അമ്മോന്യയായ നയമാ ആയിരുന്നു അദ്ദേഹത്തിന്‍റെ മാതാവ്.

14 രെഹബെയാം സര്‍വേശ്വരനെ ആത്മാര്‍ഥമായി അന്വേഷിക്കാതെ തിന്മ ചെയ്തു.

15

രെഹബെയാമിന്‍റെ പ്രവര്‍ത്തനങ്ങള്‍ ആദ്യന്തം ശെമയ്യാപ്രവാചകന്‍റെയും ഇദ്ദോദര്‍ശകന്‍റെയും വൃത്താന്തപുസ്തകങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. രെഹബെയാമും യെരോബെയാമും തമ്മില്‍ നിരന്തരം യുദ്ധം നടന്നുകൊണ്ടിരുന്നു.

16 രെഹബെയാം മരിച്ച് തന്‍റെ പിതാക്കന്മാരോടു ചേര്‍ന്നു. ദാവീദിന്‍റെ നഗരത്തില്‍ അദ്ദേഹത്തെ സംസ്കരിച്ചു. പുത്രനായ അബീയാ പകരം രാജാവായി.

13

1

യെരോബെയാംരാജാവിന്‍റെ വാഴ്ചയുടെ പതിനെട്ടാം വര്‍ഷം അബീയാ യെഹൂദ്യയില്‍ ഭരണമാരംഭിച്ചു.

2 അദ്ദേഹം യെരൂശലേമില്‍ മൂന്നു വര്‍ഷം ഭരിച്ചു. ഗിബെയായിലെ ഊരീയേലിന്‍റെ പുത്രി മീഖായാ ആയിരുന്നു അദ്ദേഹത്തിന്‍റെ മാതാവ്.

അബീയായും യെരോബെയാമും തമ്മില്‍ യുദ്ധമുണ്ടായി.

3 വീരപരാക്രമികളായ നാലുലക്ഷം ഭടന്മാര്‍ അടങ്ങുന്ന സൈന്യവുമായി അബീയാ യുദ്ധത്തിനു പുറപ്പെട്ടു. അവര്‍ക്കെതിരെ എട്ടു ലക്ഷം യുദ്ധവീരന്മാരെ യെരോബെയാം അണിനിരത്തി.

4 എഫ്രയീം മലമ്പ്രദേശത്തുള്ള സെമരായീം മലമുകളില്‍നിന്നുകൊണ്ട് അബീയാ വിളിച്ചുപറഞ്ഞു: “യെരോബെയാമും സകല ഇസ്രായേല്‍ജനവും കേള്‍ക്കുക;

5 ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ അലംഘനീയമായ ഉടമ്പടിയിലൂടെ ഇസ്രായേലിലെ രാജത്വം ദാവീദിനും അദ്ദേഹത്തിന്‍റെ സന്തതികള്‍ക്കും എന്നേക്കുമായി നല്‌കിയിരിക്കുന്നു എന്നു നിങ്ങള്‍ക്കറിഞ്ഞുകൂടേ?”

6 എന്നാല്‍ ദാവീദിന്‍റെ പുത്രനായ ശലോമോന്‍റെ ദാസനും നെബാത്തിന്‍റെ പുത്രനുമായ യെരോബെയാം തന്‍റെ യജമാനനെതിരെ മത്സരിച്ചു.

7 നിസ്സാരന്മാരും അധമന്മാരുമായ ചിലര്‍ അവന്‍റെ കൂടെ ചേര്‍ന്നു. അവര്‍ രെഹബെയാമിനെതിരെ ശക്തി സംഭരിച്ചു. ശലോമോന്‍റെ പുത്രനായ രെഹബെയാം പക്വത പ്രാപിക്കാത്ത യുവാവായിരുന്നതുകൊണ്ട് അവരെ ചെറുത്തു നില്‌ക്കാന്‍ അയാള്‍ക്കു കഴിഞ്ഞില്ല.

8 ഇപ്പോള്‍ നിങ്ങള്‍ക്കു സംഖ്യാബലം ഉണ്ട്. യെരോബെയാം നിര്‍മ്മിച്ചുതന്ന പൊന്‍കാളക്കുട്ടികള്‍ ദൈവങ്ങളായും ഉണ്ട്. അതിനാല്‍ ദാവീദിന്‍റെ സന്തതികള്‍ക്ക് നല്‌കിയിരിക്കുന്ന രാജത്വത്തോട് എതിര്‍ത്തു നില്‌ക്കാമെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ?

9 സര്‍വേശ്വരന്‍റെ പുരോഹിതന്മാരായ അഹരോന്‍റെ പുത്രന്മാരെയും ലേവ്യരെയും പുറന്തള്ളിയ ശേഷം മറ്റു ജനതകളെപ്പോലെ സ്വന്തം പുരോഹിതന്മാരെ നിങ്ങള്‍ നിയമിച്ചില്ലേ? സ്വയം പ്രതിഷ്ഠിക്കാന്‍ ഒരു കാളക്കുട്ടിയെയോ ഏഴു മുട്ടാടുകളെയോ കൊണ്ടുവരുന്ന ഏതൊരുവനും ദൈവങ്ങളല്ലാത്തവയ്‍ക്ക് പുരോഹിതനായിത്തീരുന്നു.

10 എന്നാല്‍ സര്‍വേശ്വരന്‍ തന്നെയാണ് ഞങ്ങളുടെ ദൈവം; ഞങ്ങള്‍ അവിടുത്തെ ഉപേക്ഷിച്ചിട്ടില്ല. അവിടുത്തെ ശുശ്രൂഷ ചെയ്യുന്നതിന് അഹരോന്‍റെ പുത്രന്മാര്‍ പുരോഹിതന്മാരായി ഞങ്ങള്‍ക്കുണ്ട്; അവരെ സഹായിക്കാന്‍ ലേവ്യരുമുണ്ട്.

11 അവര്‍ എന്നും രാവിലെയും വൈകുന്നേരവും ഹോമയാഗങ്ങളും പരിമളധൂപവും അര്‍പ്പിക്കുന്നു; ആചാരപരമായി ശുദ്ധിയുള്ള മേശയില്‍ കാഴ്ചയപ്പം വയ്‍ക്കുന്നു. എല്ലാ ദിവസവും വൈകുന്നേരം സ്വര്‍ണവിളക്കുതണ്ടും വിളക്കുകളും വൃത്തിയാക്കി ദീപങ്ങള്‍ തെളിക്കുന്നു. ഇങ്ങനെ ഞങ്ങള്‍ ഞങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ കല്പനകള്‍ പാലിക്കുന്നു. എന്നാല്‍ നിങ്ങളാകട്ടെ അവിടുത്തെ ഉപേക്ഷിച്ചിരിക്കുന്നു.

12 ദൈവം തന്നെയാണു ഞങ്ങളുടെ നായകന്‍; അവിടുത്തെ പുരോഹിതന്മാര്‍ നിങ്ങള്‍ക്കെതിരെ യുദ്ധകാഹളം മുഴക്കാന്‍ കാഹളങ്ങളുമായി ഞങ്ങളുടെ കൂടെയുണ്ട്. ഇസ്രായേല്യരേ, നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സര്‍വേശ്വരനോടു നിങ്ങള്‍ യുദ്ധം ചെയ്യരുത്; നിങ്ങള്‍ വിജയിക്കുകയില്ല.”

13 എന്നാല്‍ അവരെ പുറകില്‍നിന്ന് ആക്രമിക്കാന്‍ യെരോബെയാം പതിയിരുപ്പുകാരെ അയച്ചു; അങ്ങനെ അവര്‍ മുമ്പിലും പതിയിരുപ്പുകാര്‍ പിമ്പിലുമായി യെഹൂദ്യയെ വളഞ്ഞു.

14 യെഹൂദ്യര്‍ തിരിഞ്ഞു നോക്കിയപ്പോള്‍ മുമ്പിലും പിമ്പിലും പട; അവര്‍ സര്‍വേശ്വരനോടു നിലവിളിച്ചു; പുരോഹിതന്മാര്‍ കാഹളം ഊതി.

15 യെഹൂദാസൈന്യം ആര്‍ത്തുവിളിച്ചു. അപ്പോള്‍ യെരോബെയാമിനെയും കൂടെയുള്ള ഇസ്രായേല്‍സൈന്യത്തെയും അബീയായുടെയും യെഹൂദ്യരുടെയും മുമ്പില്‍ ദൈവം പരാജയപ്പെടുത്തി.

16 ഇസ്രായേല്യര്‍ യെഹൂദ്യരുടെ മുമ്പില്‍നിന്നു തോറ്റോടി; ദൈവം അവരെ യെഹൂദ്യരുടെ കൈകളില്‍ ഏല്പിച്ചു.

17 അബീയായും കൂടെയുള്ളവരും അവരുടെമേല്‍ ഒരു മഹാസംഹാരം നടത്തി. ഇസ്രായേലിലെ അഞ്ചുലക്ഷം വീരയോദ്ധാക്കള്‍ സംഹരിക്കപ്പെട്ടു. ഇസ്രായേല്‍ കീഴടങ്ങുകയും ചെയ്തു.

18 യെഹൂദ്യരാകട്ടെ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സര്‍വേശ്വരനില്‍ ആശ്രയിച്ചതുകൊണ്ട് വിജയം കൈവരിച്ചു.

19 അബീയാ യെരോബെയാമിനെ പിന്തുടര്‍ന്നു. ബേഥേല്‍, യെശാന്‍, എഫ്രോന്‍ എന്നീ പട്ടണങ്ങളും അവയോടു ചേര്‍ന്ന ഗ്രാമങ്ങളും പിടിച്ചെടുത്തു.

20 അബീയായുടെ കാലത്തു യെരോബെയാമിനു തന്‍റെ ശക്തി വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല. സര്‍വേശ്വരന്‍ അയാളെ ശിക്ഷിച്ചു. അയാള്‍ കൊല്ലപ്പെട്ടു.

21 എന്നാല്‍ അബീയാ ശക്തിപ്രാപിച്ചു; അയാള്‍ക്കു പതിന്നാലു ഭാര്യമാരും ഇരുപത്തിരണ്ടു പുത്രന്മാരും പതിനാറു പുത്രിമാരുമുണ്ടായിരുന്നു.

22 അബീയായുടെ മറ്റു പ്രവര്‍ത്തനങ്ങളും ജീവിതരീതിയും വാക്കുകളുമെല്ലാം ഇദ്ദോപ്രവാചകന്‍റെ ചരിത്രപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

14

1

അബീയാ മരിച്ചു തന്‍റെ പിതാക്കന്മാരോടു ചേര്‍ന്നു; ദാവീദിന്‍റെ നഗരത്തില്‍ അദ്ദേഹത്തെ സംസ്കരിച്ചു. അദ്ദേഹത്തിന്‍റെ പുത്രന്‍ ആസ പകരം രാജാവായി. ആസയുടെ ഭരണകാലത്ത് പത്തു വര്‍ഷം ദേശത്തു സമാധാനം നിലനിന്നു.

2 ആസ തന്‍റെ ദൈവമായ സര്‍വേശ്വരന്‍റെ മുമ്പാകെ നീതിയും നന്മയും ചെയ്തു.

3 അദ്ദേഹം അന്യദേവന്മാരുടെ ബലിപീഠങ്ങളും പൂജാഗിരികളും നീക്കിക്കളഞ്ഞു. സ്തംഭങ്ങള്‍ ഇടിച്ചു തകര്‍ത്തു. അശേരാ പ്രതിഷ്ഠകള്‍ വെട്ടി വീഴ്ത്തി.

4 യെഹൂദാനിവാസികളോട് അവരുടെ പിതാക്കന്മാരുടെ ദൈവമായ സര്‍വേശ്വരനെ ആരാധിക്കാനും നിയമങ്ങളും കല്പനകളും പാലിക്കാനും കല്പിച്ചു.

5 അദ്ദേഹം യെഹൂദാനഗരങ്ങളില്‍നിന്നെല്ലാം പൂജാഗിരികളും ധൂപപീഠങ്ങളും നീക്കം ചെയ്തു. അദ്ദേഹത്തിന്‍റെ ഭരണകാലത്തു രാജ്യത്തു സമാധാനം നിലനിന്നു.

6 സമാധാനം നിലനിന്നിരുന്നതിനാല്‍ പട്ടണങ്ങള്‍ പണിതു കോട്ടകെട്ടി ഉറപ്പിക്കുന്നതിനു സാധിച്ചു; സര്‍വേശ്വരന്‍ സമാധാനം നല്‌കിയിരുന്നതിനാല്‍ അദ്ദേഹത്തിന്‍റെ ഭരണകാലത്തു യുദ്ധമുണ്ടായില്ല.

7 അദ്ദേഹം യെഹൂദ്യരോടു പറഞ്ഞു: “നമുക്ക് ഈ പട്ടണങ്ങള്‍ പുതുക്കിപ്പണിത് അവയെ മതിലുകളും ഗോപുരങ്ങളും വാതിലുകളും ഓടാമ്പലുകളുംകൊണ്ടു സുരക്ഷിതമാക്കാം. നാം നമ്മുടെ ദൈവമായ സര്‍വേശ്വരന്‍റെ ഹിതം അന്വേഷിച്ചതുകൊണ്ട് ഈ ദേശം നമുക്ക് അധീനമായിരിക്കുന്നു. നാം അവിടുത്തെ വിളിച്ചപേക്ഷിച്ചതുകൊണ്ട് അവിടുന്ന് അതിര്‍ത്തികളിലെല്ലാം നമുക്കു സമാധാനം നല്‌കിയിരിക്കുന്നു. അങ്ങനെ അവര്‍ പട്ടണങ്ങള്‍ പണിത് അഭിവൃദ്ധി പ്രാപിച്ചു.

8 ആസയ്‍ക്ക് യെഹൂദ്യയില്‍നിന്നു കുന്തവും പരിചയും ധരിച്ച മൂന്നു ലക്ഷം യോദ്ധാക്കളും ബെന്യാമീനില്‍നിന്ന് പരിചയും വില്ലും ധരിച്ച രണ്ടുലക്ഷത്തി എണ്‍പതിനായിരം പടയാളികളും ഉണ്ടായിരുന്നു. അവരെല്ലാം വീരപരാക്രമികളായിരുന്നു.

9 എത്യോപ്യക്കാരന്‍ സേരഹ് പത്തു ലക്ഷം പടയാളികളും മുന്നൂറു രഥങ്ങളുമുള്ള ഒരു സൈന്യത്തോടുകൂടി യെഹൂദായ്‍ക്കെതിരെ മരേശാവരെ എത്തി.

10 ആസ അവരെ നേരിടാന്‍ പുറപ്പെട്ടു; രണ്ടു കൂട്ടരും മരേശായ്‍ക്കു സമീപമുള്ള സെഫാഥാ താഴ്വരയില്‍ അണിനിരന്നു.

11 അപ്പോള്‍ ആസ തന്‍റെ ദൈവമായ സര്‍വേശ്വരനോടു വിളിച്ചപേക്ഷിച്ചു: “സര്‍വേശ്വരാ, ബലവാനെതിരെ ബലഹീനനെ സഹായിക്കാന്‍ അവിടുന്നല്ലാതെ മറ്റാരുമില്ലല്ലോ. ഞങ്ങളുടെ ദൈവമായ സര്‍വേശ്വരാ, ഞങ്ങളെ സഹായിക്കണമേ. ഞങ്ങള്‍ അങ്ങയില്‍ ആശ്രയിക്കുന്നു. അങ്ങയുടെ നാമത്തിലാണ് ഈ വലിയ സൈന്യത്തിനെതിരെ ഞങ്ങള്‍ വന്നിരിക്കുന്നത്. സര്‍വേശ്വരാ, അവിടുന്നു ഞങ്ങളുടെ ദൈവം; അങ്ങേക്കെതിരെ മര്‍ത്യന്‍ പ്രബലപ്പെടരുതേ.

12

സര്‍വേശ്വരന്‍ ആസയുടെയും യെഹൂദ്യരുടെയും മുമ്പില്‍ എത്യോപ്യരെ തോല്പിച്ചു. അവര്‍ തോറ്റോടി.

13 ആസയും കൂടെയുണ്ടായിരുന്ന സൈന്യവും ഗെരാര്‍വരെ അവരെ പിന്തുടര്‍ന്നു. എത്യോപ്യര്‍ ആരും ശേഷിക്കാത്തവിധം കൊല്ലപ്പെട്ടു. അവര്‍ സര്‍വേശ്വരന്‍റെയും അവിടുത്തെ സൈന്യത്തിന്‍റെയും മുമ്പില്‍ തകര്‍ന്നുവീണു. യെഹൂദ്യര്‍ക്കു ധാരാളം കൊള്ളവസ്തുക്കള്‍ ലഭിച്ചു.

14 ഗെരാറിനു ചുറ്റുമുള്ള പട്ടണങ്ങളെല്ലാം അവര്‍ തകര്‍ത്തു. സര്‍വേശ്വരനെക്കുറിച്ചുള്ള ഭയം നിമിത്തം പട്ടണനിവാസികള്‍ സംഭ്രാന്തരായി. യെഹൂദാസൈന്യം എല്ലാ പട്ടണങ്ങളും കൊള്ളയടിച്ചു. അവയില്‍ കൊള്ളവസ്തുക്കള്‍ ധാരാളമുണ്ടായിരുന്നു.

15 മൃഗങ്ങളെ സൂക്ഷിച്ചിരുന്ന ശാലകള്‍ നശിപ്പിച്ചു ധാരാളം ആടുകളെയും ഒട്ടകങ്ങളെയും കൈവശപ്പെടുത്തി. പിന്നീട് അവര്‍ യെരൂശലേമിലേക്കു മടങ്ങി.

15

1

ദൈവത്തിന്‍റെ ആത്മാവ് ഒദേദിന്‍റെ പുത്രനായ അസര്യായില്‍ വന്നു.

2 അയാള്‍ ആസയെ സമീപിച്ചു പറഞ്ഞു: “ആസ രാജാവേ, യെഹൂദ്യരേ, ബെന്യാമീന്യരേ, കേള്‍ക്കുക; നിങ്ങള്‍ സര്‍വേശ്വരന്‍റെ കൂടെ ആയിരിക്കുന്നിടത്തോളം അവിടുന്നു നിങ്ങളുടെ കൂടെ ഉണ്ടായിരിക്കും. നിങ്ങള്‍ അന്വേഷിച്ചാല്‍ അവിടുത്തെ കണ്ടെത്തും. നിങ്ങള്‍ ഉപേക്ഷിച്ചാല്‍ അവിടുന്നു നിങ്ങളെയും ഉപേക്ഷിക്കും.

3 ഇസ്രായേലിനു സത്യദൈവമോ പഠിപ്പിക്കുന്നതിനു പുരോഹിതനോ ധര്‍മശാസ്ത്രമോ ഇല്ലാതായിട്ടു ദീര്‍ഘനാളുകളായി.

4 കഷ്ടതയിലായിരുന്നപ്പോള്‍ ഇസ്രായേല്‍ തങ്ങളുടെ ദൈവമായ സര്‍വേശ്വരനിലേക്കു തിരിഞ്ഞു. അവര്‍ അവിടുത്തെ അന്വേഷിച്ചു; കണ്ടെത്തുകയും ചെയ്തു.

5 അന്നു സകല ദേശങ്ങളിലും അക്രമങ്ങളും കലാപങ്ങളും നടമാടിയിരുന്നതിനാല്‍ ആരും സുരക്ഷിതരായിരുന്നില്ല.

6 ദൈവം സകലവിധ ദുരിതങ്ങളും അവരുടെമേല്‍ വരുത്തിയതുകൊണ്ട് ജനത ജനതയ്‍ക്കെതിരെയും പട്ടണം പട്ടണത്തിനെതിരെയും യുദ്ധം ചെയ്ത് അന്യോന്യം നശിച്ചു.

7 എന്നാല്‍ നിങ്ങള്‍ ധൈര്യമായിരിക്കുവിന്‍; നിങ്ങളുടെ കൈകള്‍ തളരാതിരിക്കുക; നിങ്ങളുടെ പ്രവൃത്തിക്കു പ്രതിഫലം ലഭിക്കും.”

8

ഒദേദ്പ്രവാചകന്‍റെ പ്രവചനം കേട്ടപ്പോള്‍ ആസയ്‍ക്കു ധൈര്യമായി. യെഹൂദ്യയിലും ബെന്യാമീനിലും എഫ്രയീംമലനാട്ടില്‍ താന്‍ പിടിച്ചടക്കിയ പട്ടണങ്ങളില്‍നിന്നും അദ്ദേഹം മ്ലേച്ഛവിഗ്രഹങ്ങളെല്ലാം നീക്കിക്കളഞ്ഞു. സര്‍വേശ്വരന്‍റെ ആലയത്തിലെ പൂമുഖത്തിനു മുമ്പിലുള്ള യാഗപീഠം പുതുക്കിപ്പണിതു.

9 സര്‍വേശ്വരന്‍ ആസയുടെ കൂടെ ഉണ്ടെന്ന് എഫ്രയീം, മനശ്ശെ, ശിമെയോന്‍ എന്നീ ഗോത്രങ്ങളില്‍പ്പെട്ട അനേകം ആളുകള്‍ മനസ്സിലാക്കുകയും അവര്‍ ഇസ്രായേലില്‍നിന്നു വന്ന് ആസയുടെ ദേശത്തു പാര്‍ക്കുകയും ചെയ്തു. അവരെയും യെഹൂദ്യരെയും ബെന്യാമീന്യരെയും ആസ വിളിച്ചുകൂട്ടി.

10 ആസയുടെ വാഴ്ചയുടെ പതിനഞ്ചാം വര്‍ഷം മൂന്നാം മാസം അവര്‍ യെരൂശലേമില്‍ സമ്മേളിച്ചു.

11 അവര്‍ കൊണ്ടുവന്ന കൊള്ളവസ്തുക്കളില്‍നിന്ന് എഴുനൂറു കാളകളെയും ഏഴായിരം ആടുകളെയും അന്നു യാഗമര്‍പ്പിച്ചു.

12 പിന്നീട് അവര്‍ തങ്ങളുടെ ദൈവമായ സര്‍വേശ്വരനെ പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടും കൂടെ ആരാധിക്കുമെന്നും

13 ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരനെ ആരാധിക്കാത്തവരെ പ്രായഭേദമോ, സ്‍ത്രീപുരുഷഭേദമോ കൂടാതെ കൊന്നുകളയുമെന്നും ഉടമ്പടി ചെയ്തു.

14 അത്യുച്ചത്തില്‍ ആര്‍പ്പുവിളികളോടെ കാഹളവും കുഴലും ഊതിക്കൊണ്ട് അവര്‍ സര്‍വേശ്വരനോടു പ്രതിജ്ഞ ചെയ്തു.

15 യെഹൂദ്യ മുഴുവനും അതില്‍ സന്തോഷിച്ചു. അവര്‍ പൂര്‍ണഹൃദയത്തോടെ സത്യം ചെയ്യുകയും പൂര്‍ണമനസ്സോടെ അന്വേഷിക്കുകയും ചെയ്തതുകൊണ്ട് അവിടുത്തെ കണ്ടെത്തി; അവിടുന്ന് അവര്‍ക്ക് എല്ലായിടത്തും സ്വസ്ഥത നല്‌കുകയും ചെയ്തു.

16

അശേരാദേവതയുടെ മ്ലേച്ഛവിഗ്രഹം നിര്‍മ്മിച്ചതിനാല്‍ തന്‍റെ മാതാവായ മയഖായെ ‘അമ്മറാണി’ എന്ന സ്ഥാനത്തുനിന്നു നീക്കം ചെയ്തു. ആ വിഗ്രഹം വെട്ടിനുറുക്കി കിദ്രോന്‍ തോട്ടിനരികില്‍ വച്ചു ചുട്ടുകളഞ്ഞു.

17 ഇസ്രായേലിലെ പൂജാഗിരികള്‍ നീക്കിക്കളഞ്ഞില്ലെങ്കിലും ജീവിതകാലം മുഴുവന്‍ ആസയുടെ ഹൃദയം കുറ്റമറ്റതായിരുന്നു.

18 തന്‍റെ പിതാവും താനും അര്‍പ്പിച്ചിരുന്ന സ്വര്‍ണവും വെള്ളിയും പാത്രങ്ങളും ആസ ദൈവത്തിന്‍റെ ആലയത്തില്‍ കൊണ്ടുവന്നു.

19 ആസയുടെ വാഴ്ചയുടെ മുപ്പത്തഞ്ചാം വര്‍ഷംവരെ പിന്നീട് യുദ്ധമൊന്നുമുണ്ടായില്ല.

16

1

ആസയുടെ വാഴ്ചയുടെ മുപ്പത്താറാം ആണ്ടില്‍ ഇസ്രായേല്‍രാജാവായ ബയെശാ യെഹൂദായ്‍ക്കെതിരെ പുറപ്പെട്ടു; ആസയുമായി ആരും ബന്ധപ്പെടാതിരിക്കാന്‍ രാമ നഗരം അദ്ദേഹം കോട്ട കെട്ടി ഉറപ്പിക്കാന്‍ തുടങ്ങി.

2 ആസ സര്‍വേശ്വരന്‍റെ ആലയത്തിലും രാജധാനിയിലും ഉള്ള ഭണ്ഡാരങ്ങളില്‍ സൂക്ഷിച്ചിരുന്ന വെള്ളിയും സ്വര്‍ണവും ദമാസ്ക്കസില്‍ പാര്‍ത്തിരുന്ന സിറിയാരാജാവായ ബെന്‍-ഹദദിന് കൊടുത്തയച്ചുകൊണ്ട് അഭ്യര്‍ഥിച്ചു:

3 “എന്‍റെ പിതാവും അങ്ങയുടെ പിതാവും തമ്മില്‍ ഉണ്ടായിരുന്ന സഖ്യംപോലെ നമുക്കു തമ്മിലും ഒരു സഖ്യം ഉണ്ടാക്കാം. ഇതാ വെള്ളിയും സ്വര്‍ണവും ഞാന്‍ സമ്മാനമായി കൊടുത്തയയ്‍ക്കുന്നു. ഇസ്രായേല്‍രാജാവായ ബയെശയുമായുള്ള സഖ്യം അങ്ങ് അവസാനിപ്പിക്കുക. അപ്പോള്‍ അയാള്‍ എന്‍റെ ദേശത്തുനിന്നു പിന്മാറും.”

4 ആസരാജാവിന്‍റെ അഭ്യര്‍ഥന സ്വീകരിച്ചുകൊണ്ട് ഇസ്രായേല്‍പട്ടണങ്ങള്‍ക്കെതിരെ ബെന്‍-ഹദദ് സൈന്യാധിപന്മാരെ അയച്ചു. അവര്‍ ഈയോന്‍, ദാന്‍, ആബേല്‍-മയീം എന്നീ പട്ടണങ്ങളും നഫ്താലിയുടെ സകല സംഭരണനഗരങ്ങളും പിടിച്ചടക്കി.

5 ഈ വാര്‍ത്ത അറിഞ്ഞ ബയെശ രാമയുടെ പണി നിര്‍ത്തിവച്ചു.

6 ആസരാജാവ് യെഹൂദ്യനിവാസികളെയെല്ലാം കൂട്ടിക്കൊണ്ട് രാമയുടെ പണിക്കു ബയെശ ശേഖരിച്ചിരുന്ന കല്ലും തടിയും എടുത്തുകൊണ്ടുവന്ന് അവകൊണ്ട് ഗേബ, മിസ്പാ എന്നീ പട്ടണങ്ങള്‍ പണിതു.

7

ആ കാലത്ത് ദര്‍ശകനായ ഹനാനി യെഹൂദാരാജാവായ ആസയുടെ അടുക്കല്‍ വന്നു പറഞ്ഞു: “അങ്ങ് അങ്ങയുടെ ദൈവമായ സര്‍വേശ്വരനെ ആശ്രയിക്കാതെ സിറിയാരാജാവിനെ ആശ്രയിച്ചതുകൊണ്ട് സിറിയാരാജാവിന്‍റെ സൈന്യം അങ്ങയുടെ കൈയില്‍നിന്നു രക്ഷപ്പെട്ടു.

8 അനവധി രഥങ്ങളും കുതിരപ്പടയാളികളുമുള്ള ഒരു വലിയ സൈന്യമായിരുന്നില്ലേ എത്യോപ്യര്‍ക്കും ലിബിയാക്കാര്‍ക്കും ഉണ്ടായിരുന്നത്? എങ്കിലും അങ്ങു സര്‍വേശ്വരനെ ആശ്രയിച്ചതുകൊണ്ട് അവിടുന്ന് അവരെ അങ്ങയുടെ കൈയില്‍ ഏല്പിച്ചുതന്നു.

9 തന്‍റെ മുമ്പാകെ നിഷ്കളങ്കരായി ജീവിക്കുന്നവരെ സംരക്ഷിക്കാന്‍ ഭൂമിയിലെല്ലാം സര്‍വേശ്വരന്‍ തന്‍റെ ദൃഷ്‍ടി പതിപ്പിക്കുന്നു. ഇക്കാര്യത്തില്‍ അങ്ങു ഭോഷത്തമാണു പ്രവര്‍ത്തിച്ചത്. ഇപ്പോള്‍മുതല്‍ അങ്ങേക്കു യുദ്ധങ്ങളെ നേരിടേണ്ടിവരും.”

10 അപ്പോള്‍ ഹനാനിയോട് കുപിതനായിത്തീര്‍ന്ന ആസ അദ്ദേഹത്തെ ബന്ധിച്ച് കാരാഗൃഹത്തിലടച്ചു. ഹനാനിയുടെ വാക്കുകള്‍ ആസയെ അത്ര അധികം പ്രകോപിപ്പിച്ചു. ജനങ്ങളില്‍ ചിലരെ ആസ പീഡിപ്പിക്കുകയും ചെയ്തു.

11

ആസയുടെ പ്രവര്‍ത്തനങ്ങള്‍ ആദ്യന്തം യെഹൂദ്യയിലെയും ഇസ്രായേലിലെയും രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

12 തന്‍റെ വാഴ്ചയുടെ മുപ്പത്തൊമ്പതാം വര്‍ഷം ആസയുടെ കാലില്‍ രോഗബാധയുണ്ടായി. രോഗം മൂര്‍ച്ഛിച്ചിട്ടും വൈദ്യന്മാരെയല്ലാതെ സര്‍വേശ്വരനില്‍ അദ്ദേഹം ആശ്രയിച്ചില്ല.

13 ആസ തന്‍റെ വാഴ്ചയുടെ നാല്പത്തൊന്നാം വര്‍ഷം മരണമടഞ്ഞു പിതാക്കന്മാരോടു ചേര്‍ന്നു.

14 ദാവീദിന്‍റെ നഗരത്തില്‍ പ്രത്യേകം തയ്യാറാക്കിയിരുന്ന കല്ലറയില്‍ സംസ്കരിച്ചു. വിദഗ്ദ്ധമായി നിര്‍മ്മിച്ച പലതരം പരിമളദ്രവ്യങ്ങള്‍ നിരത്തിയ മഞ്ചത്തില്‍ മൃതശരീരം വച്ചു. അദ്ദേഹത്തിന്‍റെ ബഹുമാനാര്‍ഥം ഒരു വലിയ അഗ്നികുണ്ഡവും ഉണ്ടാക്കി.

17

1

ആസയ്‍ക്കുശേഷം പുത്രനായ യെഹോശാഫാത്ത് രാജാവായി. അദ്ദേഹം ഇസ്രായേലിനെതിരെ തന്‍റെ നില ശക്തമാക്കി.

2 യെഹൂദ്യയിലെ സുരക്ഷിതമാക്കിയിരുന്ന പട്ടണങ്ങളിലെല്ലാം അദ്ദേഹം സൈന്യങ്ങളെ നിയോഗിച്ചു. യെഹൂദാദേശത്തു തന്‍റെ പിതാവ് ആസ പിടിച്ചെടുത്ത എഫ്രയീംപട്ടണങ്ങളിലും കാവല്‍പട്ടാളക്കാരെ നിര്‍ത്തി.

3 യെഹോശാഫാത്ത് തന്‍റെ പിതാവിന്‍റെ ആദ്യകാല ജീവിതരീതി സ്വീകരിച്ചതുകൊണ്ട്, സര്‍വേശ്വരന്‍ അദ്ദേഹത്തിന്‍റെ കൂടെ ഉണ്ടായിരുന്നു; അയാള്‍ ബാല്‍വിഗ്രഹങ്ങളിലേക്കു തിരിഞ്ഞില്ല.

4 ഇസ്രായേല്‍രാജാക്കന്മാരുടെ മാര്‍ഗം സ്വീകരിക്കാതെ തന്‍റെ പിതാവിന്‍റെ ദൈവത്തെ ആരാധിക്കുകയും അവിടുത്തെ കല്പനകള്‍ അനുസരിക്കുകയും ചെയ്തു.

5 അതുകൊണ്ട് സര്‍വേശ്വരന്‍ അദ്ദേഹത്തിന്‍റെ രാജത്വം സുസ്ഥിരമാക്കി. യെഹൂദാനിവാസികള്‍ എല്ലാവരും അദ്ദേഹത്തിനു കാഴ്ചകള്‍ കൊണ്ടുവന്നു. അദ്ദേഹത്തിനു ധനവും മാനവും വളരെ ഉണ്ടായി.

6 അദ്ദേഹത്തിന്‍റെ ഹൃദയം സര്‍വേശ്വരന്‍റെ വഴികളില്‍ ഉറച്ചിരുന്നു; പൂജാഗിരികളും അശേരാ പ്രതിഷ്ഠകളും യെഹൂദ്യയില്‍നിന്ന് അദ്ദേഹം നീക്കം ചെയ്തു.

7 യെഹോശാഫാത്ത് തന്‍റെ വാഴ്ചയുടെ മൂന്നാം വര്‍ഷം യെഹൂദാനഗരങ്ങളിലെ ജനങ്ങളെ പഠിപ്പിക്കാന്‍ ബെന്‍-ഹയീല്‍, ഓബദ്യാ, സെഖര്യാ, നെഥനയേല്‍, മീഖാ എന്നീ പ്രഭുക്കന്മാരെ അയച്ചു.

8 അവരോടൊത്ത് ലേവ്യരായ ശെമയ്യാ, നെഥന്യാ, സെബദ്യാ, അസായേല്‍, ശെമീരാമോത്ത്, യെഹോനാഥാന്‍, അദോനീയാ, തോബീയാ, തോബ്- അദോനീയാ എന്നിവരെയും എലീശാമ, യെഹോരാം എന്നീ പുരോഹിതന്മാരെയും അയച്ചു.

9 അവര്‍ യെഹൂദാനഗരങ്ങളിലെല്ലാം സര്‍വേശ്വരന്‍റെ ധര്‍മശാസ്ത്രപുസ്തകവുമായി ചുറ്റി സഞ്ചരിച്ച് ജനങ്ങളെ പഠിപ്പിച്ചു.

10

സര്‍വേശ്വരനെക്കുറിച്ചുള്ള ഭയം യെഹൂദായുടെ അയല്‍രാജ്യങ്ങളിലെല്ലാം പരന്നിരുന്നതിനാല്‍ അവരാരും യെഹോശാഫാത്തിനോടു യുദ്ധം ചെയ്യാന്‍ തുനിഞ്ഞില്ല.

11 ഫെലിസ്ത്യരില്‍ ചിലര്‍ കാഴ്ചകളും കപ്പമായി വെള്ളിയും കൊണ്ടുവന്നു. അറബികള്‍ ഏഴായിരത്തി എഴുനൂറു ആണ്‍ചെമ്മരിയാടുകളെയും അത്രയുംതന്നെ ആണ്‍കോലാടുകളെയും സമ്മാനിച്ചു.

12 യെഹോശാഫാത്തിന്‍റെ ശക്തി വളരെ വര്‍ധിച്ചുവന്നു. യെഹൂദ്യയില്‍ അദ്ദേഹം കോട്ടകളും സംഭരണനഗരങ്ങളും പണിതു.

13 യെഹൂദാനഗരങ്ങളില്‍ ധാരാളം വിഭവങ്ങള്‍ ശേഖരിച്ചു. യെരൂശലേമില്‍ അദ്ദേഹത്തിനു പരാക്രമശാലികളായ യോദ്ധാക്കള്‍ ഉണ്ടായിരുന്നു.

14 പിതൃഭവനമനുസരിച്ച് അവരുടെ സംഖ്യ യെഹൂദാഗോത്രത്തിലെ സഹസ്രാധിപന്മാരുടെ തലവന്‍ അദ്ന, കൂടെ മൂന്നു ലക്ഷം വീരയോദ്ധാക്കള്‍;

15 രണ്ടാമന്‍ യെഹോഹാനാന്‍, കൂടെ രണ്ടുലക്ഷത്തെണ്‍പതിനായിരം പടയാളികള്‍;

16 മൂന്നാമന്‍ സിക്രിയുടെ മകനും സര്‍വേശ്വരനു സ്വയം സമര്‍പ്പിതനുമായ അമസ്യാ, കൂടെ രണ്ടുലക്ഷം വീരയോദ്ധാക്കള്‍;

17 ബെന്യാമീന്‍ഗോത്രത്തിന്‍റെ നേതാവായ മഹാപരാക്രമിയായ എല്യാദാ, കൂടെ വില്ലും പരിചയും ഉപയോഗിക്കുന്ന രണ്ടുലക്ഷം പേര്‍;

18 നാലാമന്‍ യെഹോസാബാദും കൂടെ ഒരുലക്ഷത്തെണ്‍പതിനായിരം യോദ്ധാക്കള്‍;

19 യെഹൂദ്യയിലെ സുരക്ഷിതനഗരങ്ങളില്‍ രാജാവ് നിയമിച്ചിരുന്നവര്‍ക്കു പുറമേയുള്ള രാജസേവകരാണിവര്‍.

18

1

യെഹോശാഫാത്തിനു വളരെ സമ്പത്തും പ്രശസ്തിയുമുണ്ടായി. അദ്ദേഹം ആഹാബു കുടുംബവുമായി വിവാഹബന്ധത്തിലേര്‍പ്പെട്ടു. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹം ശമര്യയില്‍ ചെന്ന് ആഹാബിനെ സന്ദര്‍ശിച്ചു.

2 ആഹാബ് അനേകം ആടുകളെയും കാളകളെയും കൊന്ന് അവരെ സല്‍ക്കരിച്ചു. ഗിലെയാദിലെ രാമോത്തിനെതിരെ യുദ്ധം ചെയ്യാന്‍ തന്നോടു ചേരുന്നതിന് ആഹാബ് അദ്ദേഹത്തെ പ്രേരിപ്പിച്ചു.

3

“എന്‍റെ കൂടെ ഗിലെയാദിലെ രാമോത്തിലേക്കു വരുമോ” എന്ന് ഇസ്രായേല്‍രാജാവായ ആഹാബ് യെഹൂദാരാജാവായ യെഹോശാഫാത്തിനോടു ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: “ഞാന്‍ താങ്കളെപ്പോലെയും എന്‍റെ ജനം താങ്കളുടെ ജനത്തെപ്പോലെയും ആണ്. യുദ്ധത്തില്‍ ഞങ്ങള്‍ നിങ്ങളോടൊപ്പം വരാം.

4 എന്നാല്‍ ആദ്യം സര്‍വേശ്വരന്‍റെ അരുളപ്പാട് ആരായാം.”

5 അപ്പോള്‍ ഇസ്രായേല്‍രാജാവ് പ്രവാചകന്മാരെ വിളിച്ചുകൂട്ടി. അവര്‍ നാനൂറുപേര്‍ ആയിരുന്നു. അവരോടു ചോദിച്ചു: “ഗിലെയാദിലെ രാമോത്തിനോടു യുദ്ധം ചെയ്യാന്‍ ഞങ്ങള്‍ പോകണമോ?” അവര്‍ പറഞ്ഞു: “പോകുക, ദൈവം അത് രാജാവിന്‍റെ കൈയില്‍ ഏല്പിക്കും.”

6 “നാം അരുളപ്പാട് ചോദിക്കാന്‍ ഇനി ഇവിടെ സര്‍വേശ്വരന്‍റെ പ്രവാചകനായി ആരുമില്ലേ?” യെഹോശാഫാത്ത് ചോദിച്ചു.

7 ഇസ്രായേല്‍രാജാവ് പറഞ്ഞു: “സര്‍വേശ്വരന്‍റെ അരുളപ്പാടു ചോദിക്കാന്‍ ഇനി ഒരാള്‍കൂടിയുണ്ട്. ഇമ്ലായുടെ പുത്രനായ മീഖായാ. എന്നാല്‍ അവന്‍ എന്നെക്കുറിച്ചു തിന്മയല്ലാതെ നന്മ ഒന്നും പ്രവചിക്കുകയില്ല; അതുകൊണ്ട് എനിക്ക് അയാളോടു വെറുപ്പാണ്.” യെഹോശാഫാത്ത് പറഞ്ഞു: “അങ്ങ് അങ്ങനെ പറയരുതേ.”

8 ആഹാബ്‍രാജാവ് ഭൃത്യനെ വിളിച്ച് “ഇമ്ലായുടെ മകന്‍ മീഖായായെ വേഗംകൂട്ടിക്കൊണ്ടുവരിക” എന്നു കല്പിച്ചു.

9 ഇസ്രായേല്‍രാജാവും യെഹൂദാരാജാവായ യെഹോശാഫാത്തും രാജവസ്ത്രം ധരിച്ച് ശമര്യയുടെ പടിവാതില്‌ക്കലുള്ള മെതിക്കളത്തില്‍ തങ്ങളുടെ സിംഹാസനങ്ങളില്‍ ഇരിക്കുകയായിരുന്നു. പ്രവാചകന്മാരെല്ലാം അവരുടെ സന്നിധിയില്‍ പ്രവചിച്ചുകൊണ്ടിരുന്നു.

10 അവരില്‍ കെനയനായുടെ പുത്രന്‍ സിദെക്കീയാ ഇരുമ്പുകൊണ്ടു കൊമ്പുകളുണ്ടാക്കി. അയാള്‍ പറഞ്ഞു: “ഇവകൊണ്ട് അങ്ങു സിറിയാക്കാരെയെല്ലാം കുത്തി നശിപ്പിക്കും എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.

11 പ്രവാചകന്മാരെല്ലാം അങ്ങനെതന്നെ പ്രവചിച്ചു പറഞ്ഞു: “ഗിലെയാദിലെ രാമോത്തിലേക്കു പുറപ്പെട്ട് വിജയം കൈവരിക്കുക. അവിടുന്ന് അത് രാജാവിന്‍റെ കൈകളില്‍ ഏല്പിക്കും.”

12 മീഖായായെ വിളിക്കാന്‍ പോയ രാജഭൃത്യന്‍ അയാളോടു പറഞ്ഞു: “പ്രവാചകന്മാരെല്ലാം ഏകസ്വരത്തില്‍ രാജാവിന് അനുകൂലമായി പ്രവചിച്ചിരിക്കുകയാണ്. അങ്ങും അവരെപ്പോലെ പ്രവചിക്കണം. അങ്ങയുടെ വാക്കും അവരുടെ വാക്കുപോലെ ആയിരിക്കട്ടെ.”

13 എന്നാല്‍ മീഖായാ പറഞ്ഞു: “സര്‍വേശ്വരന്‍റെ നാമത്തില്‍ ഞാന്‍ ശപഥം ചെയ്തു പറയുന്നു. എന്‍റെ ദൈവം അരുളിച്ചെയ്യുന്നതു മാത്രമേ ഞാന്‍ പ്രവചിക്കൂ.”

14 അദ്ദേഹം വന്നപ്പോള്‍ രാജാവു ചോദിച്ചു: “മീഖായാ, ഞങ്ങള്‍ ഗിലെയാദിലെ രാമോത്തിനെതിരെ യുദ്ധം ചെയ്യാന്‍ പോകണമോ വേണ്ടയോ?” മീഖായാ പറഞ്ഞു: “പോയി വിജയം കൈവരിക്കുക. സര്‍വേശ്വരന്‍ അതു രാജാവിന്‍റെ കൈയില്‍ ഏല്പിക്കും.”

15 ആഹാബ് പ്രതിവചിച്ചു: “സര്‍വേശ്വരന്‍റെ നാമത്തില്‍ സത്യമേ പറയാവൂ എന്ന് എത്ര പ്രാവശ്യം ഞാന്‍ പറയണം.”

16 മീഖായാ പറഞ്ഞു: “ഇടയനില്ലാത്ത ആടുകളെപ്പോലെ ഇസ്രായേല്‍ജനം ചിതറിയിരിക്കുന്നതു ഞാന്‍ കണ്ടു.” അപ്പോള്‍ സര്‍വേശ്വരന്‍ കല്പിച്ചു: “ഇവര്‍ക്കു നാഥനില്ല; ഇവര്‍ ഓരോരുത്തന്‍ സ്വന്തഭവനത്തിലേക്കു സമാധാനമായി മടങ്ങിപ്പോകട്ടെ.”

17 ഇസ്രായേല്‍രാജാവ് യെഹോശാഫാത്തിനോടു പറഞ്ഞു: “ഇയാള്‍ എന്നെക്കുറിച്ച് തിന്മയല്ലാതെ നന്മയൊന്നും പറയുകയില്ല എന്നു ഞാന്‍ അങ്ങയോടു പറഞ്ഞില്ലേ?”

18 മീഖായാ തുടര്‍ന്നു പറഞ്ഞു: “സര്‍വേശ്വരന്‍റെ വചനം ശ്രവിക്കുക; അവിടുന്നു തന്‍റെ സിംഹാസനത്തില്‍ ഇരിക്കുന്നതും സ്വര്‍ഗീയസൈന്യമെല്ലാം അവിടുത്തെ ഇടതും വലതും നില്‌ക്കുന്നതും ഞാന്‍ കണ്ടു.”

19 അപ്പോള്‍ അവിടുന്നു ചോദിച്ചു: “ഇസ്രായേല്‍രാജാവായ ആഹാബ് ഗിലെയാദിലെ രാമോത്തില്‍ ചെന്നു നശിക്കാന്‍ തക്കവിധം ആര് അയാളെ വശീകരിക്കും?” അതിന് ഓരോരുത്തര്‍ ഓരോ വിധത്തില്‍ ഉത്തരം നല്‌കി.

20 അപ്പോള്‍ ഒരു ആത്മാവ് മുമ്പോട്ടു വന്ന് “ഞാന്‍ വശീകരിക്കാം” എന്നു പറഞ്ഞു. “എങ്ങനെ” എന്നു സര്‍വേശ്വരന്‍ ചോദിച്ചു.

21 ആത്മാവു പറഞ്ഞു: “ഞാന്‍ പോയി രാജാവിന്‍റെ പ്രവാചകന്മാരുടെയെല്ലാം അധരങ്ങളില്‍ അസത്യത്തിന്‍റെ ആത്മാവായി വര്‍ത്തിക്കും.” അവിടുന്ന് അരുളിച്ചെയ്തു: “നീ പോയി അങ്ങനെ അയാളെ വശീകരിക്കുക; നീ വിജയിക്കും.”

22 അതുകൊണ്ട് സര്‍വേശ്വരന്‍ ഇപ്പോള്‍ വ്യാജത്തിന്‍റെ ആത്മാവിനെയാണ് ഈ പ്രവാചകന്മാരുടെ അധരങ്ങളില്‍ കൊടുത്തിരിക്കുന്നത്. അവിടുന്ന് അങ്ങേക്കെതിരെ അനര്‍ഥം അരുളിച്ചെയ്തിരിക്കുന്നു.”

23 അപ്പോള്‍ കെനയനായുടെ പുത്രന്‍ സിദെക്കീയാ അടുത്തുചെന്നു മീഖായായുടെ ചെകിട്ടത്തടിച്ചു. അയാള്‍ ചോദിച്ചു: “നിന്നോടു സംസാരിക്കുന്നതിന് എന്നെ കടന്നു ഏതു വഴിക്കാണ് സര്‍വേശ്വരന്‍റെ ആത്മാവ് നിന്‍റെ അടുത്തെത്തിയത്?”

24 മീഖായാ പ്രതിവചിച്ചു: “ഒളിച്ചിരിക്കാനുള്ള അറ തേടി പോകുന്ന ദിവസം നീ അതു മനസ്സിലാക്കും.”

25 ഇസ്രായേല്‍രാജാവു കല്പിച്ചു: “നിങ്ങള്‍ മീഖായായെ നഗരാധിപനായ ആമോന്‍റെയും രാജകുമാരനായ യോവാശിന്‍റെയും അടുക്കല്‍ പിടിച്ചു കൊണ്ടുചെന്നു പറയുക.

26 ഞാന്‍ സമാധാനമായി തിരിച്ചെത്തുന്നതുവരെ ഇയാളെ തടവിലാക്കുക; കഴിക്കാന്‍ അല്പം ഭക്ഷണവും വെള്ളവും മാത്രമേ കൊടുക്കാവൂ.”

27 മീഖായാ പറഞ്ഞു: “അങ്ങു സമാധാനമായി മടങ്ങി എത്തുകയാണെങ്കില്‍ സര്‍വേശ്വരന്‍ എന്നിലൂടെ സംസാരിച്ചിട്ടില്ല. സര്‍വജനങ്ങളും ഇതു കേള്‍ക്കട്ടെ.”

28

ഇസ്രായേല്‍രാജാവും യെഹൂദാരാജാവായ യെഹോശാഫാത്തും രാമോത്ത്-ഗിലെയാദിലേക്കു പുറപ്പെട്ടു.

29 ഇസ്രായേല്‍രാജാവ് യെഹോശാഫാത്തിനോടു പറഞ്ഞു: “ഞാന്‍ വേഷപ്രച്ഛന്നനായി യുദ്ധക്കളത്തിലേക്കു പോകും; അങ്ങു രാജവസ്ത്രങ്ങള്‍ തന്നെ ധരിച്ചുകൊള്ളുക.” അങ്ങനെ ഇസ്രായേല്‍രാജാവ് വേഷപ്രച്ഛന്നനായും യെഹോശാഫാത്ത് രാജവസ്ത്രം ധരിച്ചും യുദ്ധത്തില്‍ ഏര്‍പ്പെട്ടു.

30 ഇസ്രായേല്‍രാജാവിനോടല്ലാതെ വലിയവനായാലും ചെറിയവനായാലും മറ്റാരോടും യുദ്ധം ചെയ്യരുത് എന്നു സിറിയാരാജാവ് തന്‍റെ രഥനായകന്മാരോടു കല്പിച്ചിരുന്നു.

31 യെഹോശാഫാത്തിനെ കണ്ടപ്പോള്‍ രഥനായകന്മാര്‍ ‘ഇതാ, ഇസ്രായേല്‍രാജാവ്’ എന്നു പറഞ്ഞ് അദ്ദേഹത്തെ വളഞ്ഞ് ആക്രമിച്ചു. അപ്പോള്‍ യെഹോശാഫാത്ത് നിലവിളിച്ചു. സര്‍വേശ്വരന്‍ അയാളെ സഹായിച്ചു. ദൈവം അദ്ദേഹത്തെ അവരില്‍നിന്നു വിടുവിക്കുകയും ചെയ്തു.

32 അത് ഇസ്രായേല്‍രാജാവല്ലെന്നു മനസ്സിലാക്കിയപ്പോള്‍ അവര്‍ യെഹോശാഫാത്തിനെ പിന്തുടരാതെ മടങ്ങി.

33 ഒരാള്‍ യാദൃച്ഛികമായി എയ്ത അമ്പ് ഇസ്രായേല്‍രാജാവിന്‍റെ കവചത്തിനും മാര്‍ച്ചട്ടയ്‍ക്കും ഇടയ്‍ക്കു തറച്ചുകയറി. ഉടനെ രാജാവു തേരാളിയോടു പറഞ്ഞു: “എനിക്കു മുറിവേറ്റിരിക്കുന്നു; രഥം പിന്തിരിച്ചു പടക്കളത്തില്‍നിന്ന് എന്നെ കൊണ്ടുപോകുക.”

34 അന്നു ഘോരയുദ്ധം നടന്നു; ഇസ്രായേല്‍രാജാവ് സന്ധ്യവരെ സിറിയാക്കാര്‍ക്കഭിമുഖമായി രഥത്തില്‍ ചാരിനിന്നു. സൂര്യാസ്തമയത്തോടെ അദ്ദേഹം മരിച്ചു.

19

1

യെഹൂദാരാജാവായ യെഹോശാഫാത്ത് സുരക്ഷിതനായി യെരൂശലേമില്‍ തന്‍റെ കൊട്ടാരത്തില്‍ മടങ്ങിയെത്തി.

2 തത്സമയം ഹനാനിയുടെ പുത്രനും ദര്‍ശകനുമായ യേഹൂ അദ്ദേഹത്തെ കാണാന്‍ ചെന്നു. യേഹൂ രാജാവിനോടു ചോദിച്ചു: “അങ്ങ് അധര്‍മിയെ സഹായിക്കുകയും സര്‍വേശ്വരനെ ദ്വേഷിക്കുന്നവരെ സ്നേഹിക്കുകയും അല്ലേ? അതുകൊണ്ട് അവിടുത്തെ കോപം അങ്ങയുടെമേല്‍ വന്നിരിക്കുന്നു.

3 എങ്കിലും അങ്ങ് അശേരാവിഗ്രഹങ്ങളെ നശിപ്പിക്കുകയും ദൈവത്തെ അന്വേഷിക്കുകയും ചെയ്തതുകൊണ്ട് അങ്ങയില്‍ അല്പം നന്മ കാണുന്നുണ്ട്.”

4

യെഹോശാഫാത്ത് യെരൂശലേമില്‍ പാര്‍ത്തു: ബേര്‍-ശേബാമുതല്‍ എഫ്രയീം മലനാടുവരെ അദ്ദേഹം വീണ്ടും സഞ്ചരിച്ചു ജനത്തെ അവരുടെ പിതാക്കന്മാരുടെ ദൈവമായ സര്‍വേശ്വരനിലേക്കു മടക്കിക്കൊണ്ടുവന്നു.

5 അദ്ദേഹം യെഹൂദ്യയിലെ സുരക്ഷിതനഗരങ്ങളിലെല്ലാം ന്യായാധിപന്മാരെ നിയമിച്ചു.

6 രാജാവ് അവരോടു പറഞ്ഞു: “നിങ്ങള്‍ മനുഷ്യര്‍ക്കു വേണ്ടിയല്ല ദൈവത്തിനു വേണ്ടിയാണു ന്യായപാലനം നടത്തുന്നത്. അതിനാല്‍ നിങ്ങള്‍ ആലോചിച്ചു പ്രവര്‍ത്തിക്കണം. ന്യായപാലനത്തില്‍ സര്‍വേശ്വരന്‍ നിങ്ങളുടെ കൂടെയുണ്ട്.

7 നിങ്ങള്‍ സര്‍വേശ്വരനെ ഭയപ്പെടുകയും ശ്രദ്ധാപൂര്‍വം പ്രവര്‍ത്തിക്കുകയും വേണം. നമ്മുടെ ദൈവമായ സര്‍വേശ്വരന് അനീതിയോ പക്ഷഭേദമോ അഴിമതിയോ ഇല്ല.”

8

സര്‍വേശ്വരന്‍റെ നാമത്തില്‍ ന്യായപാലനം നടത്താനും വഴക്കുകള്‍ തീര്‍ക്കാനും ലേവ്യരെയും പുരോഹിതന്മാരെയും ഇസ്രായേല്‍ ഭവനത്തലവന്മാരെയും യെഹോശാഫാത്ത് യെരൂശലേമില്‍ നിയമിച്ചു. അവരുടെ ആസ്ഥാനം അവിടെയായിരുന്നു.

9 രാജാവ് അവരോടു ഇപ്രകാരം നിര്‍ദ്ദേശിച്ചു: “സര്‍വേശ്വരഭയത്തോടും വിശ്വസ്തതയോടും പൂര്‍ണഹൃദയത്തോടും കൂടി നിങ്ങളുടെ കര്‍ത്തവ്യം നിര്‍വഹിക്കുവിന്‍.

10 ഏതെങ്കിലും പട്ടണത്തില്‍ പാര്‍ക്കുന്ന നിങ്ങളുടെ സഹോദരര്‍ കൊലപാതകത്തെക്കുറിച്ചോ, നിയമം, കല്പന, ചട്ടങ്ങള്‍, വിധികള്‍ എന്നിവയുടെ ലംഘനത്തെക്കുറിച്ചോ നിങ്ങളുടെ മുമ്പാകെ പരാതിയുമായി വന്നാല്‍ അവര്‍ക്കു വേണ്ട ഉപദേശം നല്‌കണം. അല്ലാത്തപക്ഷം അവര്‍ സര്‍വേശ്വരന്‍റെ മുമ്പാകെ കുറ്റക്കാരായിത്തീരുകയും നിങ്ങളുടെയും നിങ്ങളുടെ സഹോദരന്മാരുടെയുംമേല്‍ അവിടുത്തെ കോപം വന്നുചേരുകയും ചെയ്യും. ഇങ്ങനെ പ്രവര്‍ത്തിച്ചാല്‍ നിങ്ങള്‍ കുറ്റക്കാരാവുകയില്ല.

11 സര്‍വേശ്വരനെ സംബന്ധിച്ച എല്ലാ കാര്യങ്ങളിലും പ്രധാന പുരോഹിതനായ അമര്യായും രാജകാര്യങ്ങളിലെല്ലാം യെഹൂദാഗോത്രത്തിന്‍റെ നേതാവും ഇശ്മായേലിന്‍റെ പുത്രനുമായ സെബദ്യായും ആയിരിക്കും പരമാധികാരികള്‍. ഉദ്യോഗസ്ഥന്മാരെന്ന നിലയില്‍ ലേവ്യര്‍ നിങ്ങളെ സേവിക്കും. ധൈര്യപൂര്‍വം പ്രവര്‍ത്തിക്കുക; സര്‍വേശ്വരന്‍ നന്മ ചെയ്യുന്നവരുടെ കൂടെയുണ്ട്.”

20

1

മോവാബ്യരും അമ്മോന്യരും ചില മെയൂന്യരും ഒത്തുചേര്‍ന്നു യെഹോശാഫാത്തിനോടു യുദ്ധം ചെയ്യാന്‍ വന്നു.

2 ചിലര്‍ യെഹോശാഫാത്തിന്‍റെ അടുക്കല്‍ വന്നു പറഞ്ഞു: “ഒരു വലിയ ജനസമൂഹം ചാവുകടലിനക്കരെയുള്ള എദോമില്‍നിന്ന് അങ്ങേക്കെതിരെ വരുന്നു. അവര്‍ ഹസസോന്‍-താമാരില്‍ അതായത് എന്‍-ഗെദില്‍ എത്തിക്കഴിഞ്ഞു.”

3 യെഹോശാഫാത്ത് ഭയപ്പെട്ടു; സര്‍വേശ്വരനില്‍ ആശ്രയിക്കാന്‍ നിശ്ചയിച്ചു. യെഹൂദ്യയില്‍ എല്ലാം അദ്ദേഹം ഉപവാസം പ്രഖ്യാപിച്ചു.

4 സര്‍വേശ്വരന്‍റെ സഹായം തേടാന്‍ യെഹൂദാനിവാസികള്‍ ഒരുമിച്ചുകൂടി. യെഹൂദ്യയിലെ എല്ലാ നഗരങ്ങളില്‍നിന്നും അവര്‍ സര്‍വേശ്വരന്‍റെ ഹിതം അന്വേഷിക്കാന്‍ വന്നു.

5 സര്‍വേശ്വര ആലയത്തിലെ പുതിയ അങ്കണത്തില്‍ സമ്മേളിച്ച യെഹൂദാ-യെരൂശലേംനിവാസികളുടെ മുമ്പില്‍ നിന്നുകൊണ്ട് യെഹോശാഫാത്തു പറഞ്ഞു:

6 “ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സര്‍വേശ്വരാ, അവിടുന്നു സ്വര്‍ഗസ്ഥനായ ദൈവമാണല്ലോ; ഭൂമിയിലുള്ള സകല ജനതകളെയും ഭരിക്കുന്നത് അവിടുന്നാണല്ലോ. ആര്‍ക്കും എതിര്‍ത്തു നില്‌ക്കാന്‍ കഴിയാത്തവിധം അങ്ങയുടെ കരം ശക്തവും കനത്തതും ആണ്.

7 ഞങ്ങളുടെ ദൈവമേ, അവിടുത്തെ ജനമായ ഇസ്രായേലിന്‍റെ മുമ്പില്‍നിന്ന് ഈ ദേശവാസികളെ നീക്കിക്കളയുകയും ദേശമെല്ലാം അവിടുത്തെ സ്നേഹിതനായ അബ്രഹാമിന്‍റെ സന്തതികള്‍ക്ക് എന്നേക്കുമായി നല്‌കുകയും ചെയ്തുവല്ലോ.

8 അവര്‍ അവിടെ പാര്‍ത്തു; അവിടുത്തെ നാമമഹത്ത്വത്തിന് ഒരു വിശുദ്ധമന്ദിരം പണിതു.

9 അവര്‍ പറഞ്ഞു: ‘യുദ്ധം, പകര്‍ച്ചവ്യാധി, ക്ഷാമം എന്നിങ്ങനെയുള്ള അനര്‍ഥങ്ങള്‍ ഞങ്ങളെ നേരിടുമ്പോള്‍ ഞങ്ങള്‍ ഈ ആലയത്തിന്‍റെ മുമ്പില്‍ അവിടുത്തെ സന്നിധിയില്‍ വന്നു ഞങ്ങളുടെ കഷ്ടതയില്‍ അവിടുത്തോടു നിലവിളിക്കും; ഞങ്ങളുടെ പ്രാര്‍ഥന കേട്ട് അവിടുന്നു ഞങ്ങളെ രക്ഷിക്കും. അവിടുത്തെ നാമം ഈ ആലയത്തില്‍ ഉണ്ടല്ലോ.’

10 ഇസ്രായേല്‍ജനം ഈജിപ്തില്‍നിന്നു വന്നപ്പോള്‍ അമ്മോന്യരെയും മോവാബ്യരെയും സേയീര്‍പര്‍വതനിവാസികളെയും ആക്രമിച്ചു നശിപ്പിക്കാന്‍ അവരെ അവിടുന്നു അനുവദിച്ചില്ല. അങ്ങനെ ഇസ്രായേല്യര്‍ അവരെ നശിപ്പിക്കാതെ ഒഴിഞ്ഞുപോയി.

11 അതിനുള്ള പ്രതിഫലമായി ഇതാ, അവര്‍ അവിടുന്നു ഞങ്ങള്‍ക്ക് അവകാശമായിത്തന്ന ദേശത്തുനിന്നു ഞങ്ങളെ പുറത്താക്കാന്‍ വന്നിരിക്കുന്നു.

12 ഞങ്ങളുടെ ദൈവമേ, അവിടുന്ന് അവരുടെമേല്‍ ന്യായവിധി നടത്തുകയില്ലേ? ഞങ്ങളുടെ നേരെ വരുന്ന ഈ വലിയ ജനസമൂഹത്തോടു പൊരുതാന്‍ ഞങ്ങള്‍ അശക്തരാണ്. എന്തു ചെയ്യണമെന്നു ഞങ്ങള്‍ക്ക് അറിഞ്ഞുകൂടാ; എങ്കിലും ഞങ്ങള്‍ സഹായത്തിനായി അങ്ങയെ നോക്കിയിരിക്കുന്നു.”

13 യെഹൂദ്യരെല്ലാം ഭാര്യമാരോടും കുട്ടികളോടുംകൂടി സര്‍വേശ്വരസന്നിധിയില്‍ നില്‌ക്കുകയായിരുന്നു.

14 അപ്പോള്‍ സര്‍വേശ്വരന്‍റെ ആത്മാവ് അവിടെ സന്നിഹിതനായിരുന്ന ആസാഫ്‍വംശജനായ യഹസീയേല്‍ എന്ന ഒരു ലേവ്യന്‍റെമേല്‍ വന്നു. അയാള്‍ സെഖര്യായുടെയും സെഖര്യാ ബെനായായുടെയും ബെനായാ യെയീലിന്‍റെയും യെയീല്‍ മത്ഥന്യായുടെയും പുത്രനായിരുന്നു.

15 യഹസീയേല്‍ പറഞ്ഞു: “സര്‍വ യെഹൂദ്യരും യെരൂശലേംനിവാസികളും യെഹോശാഫാത്ത്‍രാജാവും കേള്‍ക്കട്ടെ. സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: ഈ വലിയ ജനസമൂഹത്തെ കണ്ടു ഭയപ്പെടേണ്ടതില്ല; ഭ്രമിക്കയും വേണ്ടാ; യുദ്ധം ചെയ്യുന്നതു നിങ്ങളല്ല; ദൈവമാണ്.

16 നാളെ അവരുടെ നേരെ ചെല്ലുക. അവര്‍ സീസ്കയറ്റം കയറി വരുന്നുണ്ട്. യെരൂവേല്‍ മരുഭൂമിയുടെ കിഴക്ക് താഴ്വര അവസാനിക്കുന്നിടത്തുവച്ച് നിങ്ങള്‍ അവരെ കാണും.

17 ഈ യുദ്ധത്തില്‍ നിങ്ങള്‍ പൊരുതേണ്ടിവരികയില്ല; യെഹൂദാ-യെരൂശലേം നിവാസികളേ, നിങ്ങള്‍ നിശ്ചലരായി സ്വസ്ഥാനത്തു നിന്നുകൊണ്ടു നിങ്ങള്‍ക്കുവേണ്ടി സര്‍വേശ്വരന്‍ നേടുന്ന വിജയം കണ്ടുകൊള്ളുക. നിങ്ങള്‍ ഭയപ്പെടേണ്ടാ, പരിഭ്രമിക്കുകയും വേണ്ടാ, അവര്‍ക്കെതിരെ നാളെ പുറപ്പെടുക; സര്‍വേശ്വരന്‍ നിങ്ങളുടെ കൂടെയുണ്ട്.”

18 അപ്പോള്‍ യെഹോശാഫാത്ത്‍രാജാവും സര്‍വയെഹൂദ്യരും യെരൂശലേംനിവാസികളും സര്‍വേശ്വരന്‍റെ സന്നിധിയില്‍ സാഷ്ടാംഗം വീണു നമസ്കരിച്ചു.

19 കെഹാത്യരും കോരഹ്യരുമായ ലേവ്യര്‍ എഴുന്നേറ്റു ദൈവമായ സര്‍വേശ്വരനെ ഉച്ചത്തില്‍ സ്തുതിച്ചു.

20 അടുത്ത ദിവസം അതിരാവിലെ അവര്‍ തെക്കോവ മരുഭൂമിയിലേക്കു പുറപ്പെട്ടു. അപ്പോള്‍ യെഹോശാഫാത്ത് എഴുന്നേറ്റു പറഞ്ഞു: “യെഹൂദാ-യെരൂശലേംനിവാസികളേ, എന്‍റെ വാക്കു ശ്രദ്ധിക്കുവിന്‍, നിങ്ങളുടെ ദൈവമായ സര്‍വേശ്വരനില്‍ വിശ്വസിക്കുക; നിങ്ങള്‍ സുരക്ഷിതരായിരിക്കും. അവിടുത്തെ പ്രവാചകരെയും വിശ്വസിക്കുക; നിങ്ങള്‍ വിജയിക്കും.”

21 വിശുദ്ധവസ്ത്രങ്ങളണിഞ്ഞു സൈന്യത്തിന്‍റെ മുമ്പേ നടന്നു സര്‍വേശ്വരനു സ്തുതിഗീതങ്ങള്‍ ആലപിക്കാനുള്ളവരെ ജനങ്ങളുമായി കൂടി ആലോചിച്ച് അദ്ദേഹം നിയമിച്ചു. അവര്‍ ഇങ്ങനെ പാടി: “സര്‍വേശ്വരനു സ്തോത്രമര്‍പ്പിക്കുവിന്‍! അവിടുത്തെ അചഞ്ചലസ്നേഹം ശാശ്വതമാകുന്നു.”

22 അവര്‍ സ്തുതിഗീതങ്ങള്‍ ആലപിക്കാന്‍ തുടങ്ങി. അപ്പോള്‍ യെഹൂദ്യരെ ആക്രമിക്കാന്‍ വന്ന അമ്മോന്യര്‍ക്കും മോവാബ്യര്‍ക്കും സേയീര്‍പര്‍വതനിവാസികള്‍ക്കും എതിരെ സര്‍വേശ്വരന്‍ പതിയിരിക്കുന്നവരെ ഒരുക്കി അവരെ തുരത്തി.

23 അമ്മോന്യരും മോവാബ്യരും ചേര്‍ന്നു സേയീര്‍പര്‍വതനിവാസികളോടു യുദ്ധം ചെയ്തു; അവരെ നിശ്ശേഷം സംഹരിച്ചു. പിന്നീട് അമ്മോന്യരും മോവാബ്യരും അന്യോന്യം പൊരുതി നശിച്ചു.

24 യെഹൂദ്യര്‍ മരുഭൂമിയിലുള്ള കാവല്‍ഗോപുരത്തിങ്കല്‍ എത്തി, ശത്രുസൈന്യത്തെ നോക്കിയപ്പോള്‍ അവരുടെ മൃതശരീരങ്ങള്‍ നിലത്തു കിടക്കുന്നതു കണ്ടു. ആരും അവശേഷിച്ചിരുന്നില്ല.

25 യെഹോശാഫാത്തും കൂടെയുള്ള പടയാളികളും കൊള്ളമുതല്‍ കൈക്കലാക്കാന്‍ വന്നു. അവര്‍ ധാരാളം ആടുമാടുകള്‍, വിവിധ വസ്തുക്കള്‍, വസ്ത്രങ്ങള്‍, വിലപിടിപ്പുള്ള സാധനങ്ങള്‍ മുതലായവ കണ്ടെത്തി. ഓരോരുത്തനും എടുത്തുകൊണ്ടു പോകാവുന്നത്രയും സാധനങ്ങള്‍ ശേഖരിച്ചു; അവ ശേഖരിക്കുന്നതിന് അവര്‍ക്ക് മൂന്നു ദിവസം വേണ്ടിവന്നു; അത്രയധികം സാധനങ്ങള്‍ അവിടെ ഉണ്ടായിരുന്നു.

26 നാലാം ദിവസം അവര്‍ ബെരാഖാതാഴ്വരയില്‍ ഒന്നിച്ചുകൂടി; അവര്‍ അവിടെ സര്‍വേശ്വരനെ വാഴ്ത്തി. അതുകൊണ്ട് ആ സ്ഥലം ഇന്നും ബെരാഖാ താഴ്വര എന്ന പേരില്‍ അറിയപ്പെടുന്നു.

27 സര്‍വേശ്വരന്‍ അവര്‍ക്കു ശത്രുക്കളുടെമേല്‍ വിജയം നല്‌കിയതുകൊണ്ട് യെഹൂദ്യാ-യെരൂശലേം നിവാസികള്‍ സന്തോഷഭരിതരായി യെഹോശാഫാത്തിന്‍റെ നേതൃത്വത്തില്‍ യെരൂശലേമിലേക്കു മടങ്ങി.

28 വീണ, കിന്നരം, കാഹളം എന്നിവയുമായി അവര്‍ യെരൂശലേമില്‍ സര്‍വേശ്വരാലയത്തില്‍ ചെന്നു.

29 സര്‍വേശ്വരന്‍ ഇസ്രായേലിന്‍റെ ശത്രുക്കള്‍ക്കെതിരെ പോരാടി എന്നു കേട്ടപ്പോള്‍ ദൈവത്തെ സംബന്ധിച്ച ഭീതി ചുറ്റുമുള്ള ജനതകളുടെ ഇടയില്‍ പരന്നു.

30 യെഹോശാഫാത്തിന്‍റെ രാജ്യത്തിനു ചുറ്റും ദൈവം സ്വസ്ഥത നല്‌കിയതുകൊണ്ട് അദ്ദേഹത്തിന്‍റെ ഭരണകാലം സമാധാനപൂര്‍ണമായിരുന്നു.

31

യെഹൂദ്യയില്‍ വാഴ്ച ആരംഭിച്ചപ്പോള്‍ യെഹോശാഫാത്തിനു മുപ്പത്തഞ്ചു വയസ്സായിരുന്നു; ഇരുപത്തഞ്ചു വര്‍ഷം യെരൂശലേമില്‍ അദ്ദേഹം വാണു. ശില്‍ഹിയുടെ പുത്രി അസൂബാ ആയിരുന്നു അദ്ദേഹത്തിന്‍റെ മാതാവ്.

32 തന്‍റെ പിതാവായ ആസയെപ്പോലെ അദ്ദേഹം ജീവിച്ചു; സര്‍വേശ്വരന്‍റെ മുമ്പാകെ നീതിപൂര്‍വം വര്‍ത്തിച്ചു.

33 എങ്കിലും പൂജാഗിരികള്‍ അദ്ദേഹം നീക്കം ചെയ്തില്ല; ജനം തങ്ങളുടെ പിതാക്കന്മാരുടെ ദൈവത്തില്‍ ഹൃദയം ഉറപ്പിച്ചിരുന്നുമില്ല.

34 യെഹോശാഫാത്തിന്‍റെ മറ്റു പ്രവര്‍ത്തനങ്ങള്‍ ആദ്യന്തം ഹനാനിയുടെ പുത്രന്‍ യേഹൂവിന്‍റെ വൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അത് ഇസ്രായേല്‍രാജാക്കന്മാരുടെ പുസ്തകത്തിലും എഴുതിയിരിക്കുന്നു.

35 അതിനുശേഷം യെഹൂദാരാജാവായ യെഹോശാഫാത്ത് ഇസ്രായേല്‍രാജാവായ അഹസ്യായുമായി സഖ്യത്തില്‍ ഏര്‍പ്പെട്ടു. അഹസ്യാ ദുഷ്കര്‍മിയായിരുന്നു.

36 അവര്‍ ഒന്നിച്ചാണു തര്‍ശീശിലേക്കു പോകാനുള്ള കപ്പലുകള്‍ എസ്യോന്‍-ഗേബെരില്‍ വച്ചു നിര്‍മ്മിച്ചത്.

37 മാരേശക്കാരനായ ദോദാവയുടെ പുത്രന്‍ എലീയേസെര്‍ യെഹോശാഫാത്തിനെതിരെ ഇങ്ങനെ പ്രവചിച്ചു: “അഹസ്യായുമായി സഖ്യം ചെയ്തതുകൊണ്ട് നീ നിര്‍മ്മിച്ചതെല്ലാം സര്‍വേശ്വരന്‍ തകര്‍ത്തുകളയും.” അങ്ങനെ തര്‍ശീശിലേക്കു പോകാന്‍ ഇടയാകാതെ കപ്പലുകളെല്ലാം തകര്‍ന്നുപോയി.

21

1

യെഹോശാഫാത്ത് മരിച്ചു തന്‍റെ പിതാക്കന്മാരോടു ചേര്‍ന്നു. ദാവീദിന്‍റെ നഗരത്തില്‍ പിതാക്കന്മാരുടെകൂടെ അടക്കം ചെയ്യപ്പെട്ടു. അദ്ദേഹത്തിന്‍റെ പുത്രന്‍ യെഹോരാം പകരം രാജാവായി.

2

യെഹൂദാരാജാവായിരുന്ന യെഹോശാഫാത്തിന്‍റെ പുത്രനായ യെഹോരാമിന്‍റെ സഹോദരന്മാര്‍: അസര്യാ, യെഹീയേല്‍, സെഖര്യാ, അസര്യാ, മീഖായേല്‍, ശെഫത്യാ.

3 അവരുടെ പിതാവ് അവര്‍ക്ക് ധാരാളം സ്വര്‍ണവും വെള്ളിയും അമൂല്യവസ്തുക്കളും കൂടാതെ യെഹൂദ്യയില്‍ കോട്ട കെട്ടി സുരക്ഷിതമാക്കിയ നഗരങ്ങളും സമ്മാനമായി നല്‌കിയിരുന്നു. ആദ്യജാതന്‍ ആയിരുന്നതിനാല്‍ യെഹോരാമിനാണ് രാജസ്ഥാനം ലഭിച്ചത്.

4 യെഹോരാം രാജസ്ഥാനം ഏറ്റെടുത്തു തന്‍റെ നില ഭദ്രമാക്കിയതിനുശേഷം എല്ലാ സഹോദരന്മാരെയും ഇസ്രായേലിലെ ചില പ്രഭുക്കന്മാരെയും വധിച്ചു.

5 വാഴ്ച ആരംഭിച്ചപ്പോള്‍ യെഹോരാമിനു മുപ്പത്തിരണ്ടു വയസ്സായിരുന്നു; എട്ടു വര്‍ഷം അദ്ദേഹം യെരൂശലേമില്‍ രാജ്യഭാരം നടത്തി.

6 അദ്ദേഹം ആഹാബ് ഭവനത്തെപ്പോലെ ഇസ്രായേല്‍രാജാക്കന്മാരുടെ മാര്‍ഗം പിന്തുടര്‍ന്നു. കാരണം അദ്ദേഹത്തിന്‍റെ ഭാര്യ ഇസ്രായേല്‍രാജാവായിരുന്ന ആഹാബിന്‍റെ പുത്രിയായിരുന്നു. സര്‍വേശ്വരന്‍റെ മുമ്പില്‍ അദ്ദേഹം തിന്മയായതു പ്രവര്‍ത്തിച്ചു.

7 എങ്കിലും അവിടുന്ന് ദാവീദിനോടു ചെയ്ത ഉടമ്പടിയും “ദാവീദിനും അദ്ദേഹത്തിന്‍റെ സന്താനപരമ്പരകള്‍ക്കും അണഞ്ഞുപോകാത്ത ഒരു ദീപം നല്‌കും” എന്ന വാഗ്ദാനവും നിമിത്തം ദാവീദുവംശത്തെ നശിപ്പിക്കാന്‍ സര്‍വേശ്വരനു മനസ്സുവന്നില്ല.

8 യെഹോരാമിന്‍റെ ഭരണകാലത്ത് എദോമ്യര്‍ യെഹൂദായുടെ മേല്‍ക്കോയ്മയ്‍ക്ക് എതിരെ മത്സരിച്ചു; തങ്ങള്‍ക്കുവേണ്ടി അവര്‍ സ്വന്തമായി ഒരു രാജാവിനെ വാഴിക്കുകയും ചെയ്തു.

9 യെഹോരാം സൈന്യാധിപന്മാരോടും രഥങ്ങളോടുംകൂടി രാത്രിയില്‍ അവര്‍ക്കെതിരെ ചെന്ന് തങ്ങളെ വളഞ്ഞ എദോമ്യരെ തകര്‍ത്തു.

10 എദോമ്യര്‍ ഇന്നും യെഹൂദായുടെ മേല്‍ക്കോയ്മയോടു മത്സരിക്കുന്നു. ആ കാലത്തു തന്നെ ലിബ്നയും അദ്ദേഹത്തിന്‍റെ മേലധികാരത്തെ എതിര്‍ത്തു. യെഹോരാം തന്‍റെ പിതാക്കന്മാരുടെ ദൈവത്തെ ഉപേക്ഷിച്ചതായിരുന്നു അതിനു കാരണം.

11 അദ്ദേഹം യെഹൂദ്യ മലമ്പ്രദേശങ്ങളില്‍ പൂജാഗിരികള്‍ സ്ഥാപിച്ചു. അങ്ങനെ യെരൂശലേംനിവാസികളെ അവിശ്വസ്തതയിലേക്ക് നയിച്ച് യെഹൂദ്യയെ വഴിതെറ്റിച്ചു.

12 ഏലിയാപ്രവാചകനില്‍നിന്നു യെഹോരാമിന് ഒരു കത്തു ലഭിച്ചു. അതില്‍ ഇപ്രകാരം എഴുതിയിരുന്നു: താങ്കളുടെ പിതാവായ ദാവീദിന്‍റെ ദൈവമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു, നീ നിന്‍റെ പിതാവായ യെഹോശാഫാത്തിന്‍റെയോ, യെഹൂദാരാജാവായ ആസയുടെയോ ജീവിതമാതൃക കൈക്കൊണ്ടില്ല.

13 പ്രത്യുത, ഇസ്രായേല്‍രാജാക്കന്മാരുടെ പാതയിലൂടെയാണു ചരിച്ചത്; ആഹാബ്‍രാജാവും അദ്ദേഹത്തിന്‍റെ കുടുംബവും ഇസ്രായേലിനെ നയിച്ചതുപോലെ നീ യെഹൂദായെയും യെരൂശലേം നിവാസികളെയും അവിശ്വസ്തതയിലേക്കു നയിച്ചു. നിന്‍റെ പിതൃഭവനത്തില്‍ ഉള്‍പ്പെട്ടവരും നിന്നെക്കാള്‍ ശ്രേഷ്ഠരും ആയിരുന്ന നിന്‍റെ സഹോദരന്മാരെ നീ വധിച്ചു.

14 അതുകൊണ്ടു നിന്‍റെ ജനം, നിന്‍റെ മക്കള്‍, ഭാര്യമാര്‍, വസ്തുവകകള്‍ എന്നിവയുടെമേല്‍ സര്‍വേശ്വരന്‍ മഹാമാരി വരുത്തും.

15 നിന്‍റെ കുടലില്‍ കഠിനരോഗം ബാധിക്കും. അതു ദിനംപ്രതി വര്‍ധിച്ചു കുടല്‍ പുറത്തുവരും.

16 യെഹോരാമിനെതിരെ പോരാടാനുള്ള ആവേശം എത്യോപ്യരുടെ അടുത്തു പാര്‍ത്തിരുന്ന ഫെലിസ്ത്യരിലും അറബികളിലും സര്‍വേശ്വരന്‍ ഉണര്‍ത്തി.

17 അവര്‍ യെഹൂദ്യയെ ആക്രമിച്ചു; രാജകൊട്ടാരത്തില്‍ കണ്ട സകല വസ്തുവകകളും അപഹരിച്ചു; രാജാവിന്‍റെ പുത്രന്മാരെയും ഭാര്യമാരെയും അവര്‍ പിടിച്ചുകൊണ്ടുപോയി. ഇളയപുത്രന്‍ അഹസ്യാ അല്ലാതെ ആരും ശേഷിച്ചില്ല.

18 അതിനുശേഷം സര്‍വേശ്വരന്‍ അദ്ദേഹത്തിന്‍റെ കുടലില്‍ ഒരു തീരാവ്യാധി വരുത്തി.

19 ക്രമേണ അദ്ദേഹത്തിന്‍റെ രോഗം വര്‍ധിച്ചു. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം, കുടല്‍ പുറത്തു ചാടി കഠിനവേദനയോടെ അദ്ദേഹം മരിച്ചു. അദ്ദേഹത്തിന്‍റെ പിതാക്കന്മാരുടെ മരണാനന്തരം അഗ്നികുണ്ഡം ഒരുക്കി അവരെ ബഹുമാനിച്ചിരുന്നതുപോലെ ജനം അദ്ദേഹത്തെ ബഹുമാനിച്ചില്ല.

20 വാഴ്ച ആരംഭിച്ചപ്പോള്‍ അദ്ദേഹത്തിന് മുപ്പത്തിരണ്ടു വയസ്സായിരുന്നു. എട്ടു വര്‍ഷം അദ്ദേഹം യെരൂശലേമില്‍ ഭരിച്ചു; അദ്ദേഹത്തിന്‍റെ വേര്‍പാടില്‍ ആരും ദുഃഖിച്ചില്ല. ദാവീദിന്‍റെ നഗരത്തില്‍ അദ്ദേഹത്തെ അടക്കംചെയ്തു. എന്നാല്‍ രാജാക്കന്മാരുടെ കല്ലറകളില്‍ ആയിരുന്നില്ല അദ്ദേഹത്തെ സംസ്കരിച്ചത്.

22

1

യെരൂശലേംനിവാസികള്‍ യെഹോരാമിന്‍റെ ഇളയ പുത്രനായ അഹസ്യായെ രാജാവായി വാഴിച്ചു. അറബികളുടെ കൂടെ പാളയത്തില്‍ വന്നിരുന്നവര്‍ മൂത്ത പുത്രന്മാരെയെല്ലാം വധിച്ചിരുന്നുവല്ലോ. അങ്ങനെ യെഹോരാമിന്‍റെ പുത്രന്‍ അഹസ്യാ യെഹൂദ്യയില്‍ ഭരണം ആരംഭിച്ചു.

2 വാഴ്ച ആരംഭിച്ചപ്പോള്‍ അദ്ദേഹത്തിന് ഇരുപത്തിരണ്ടു വയസ്സായിരുന്നു; അദ്ദേഹം യെരൂശലേമില്‍ ഒരു വര്‍ഷം ഭരിച്ചു; അദ്ദേഹത്തിന്‍റെ മാതാവ് ഒമ്രിയുടെ പൗത്രിയായ അഥല്യാ ആയിരുന്നു.

3 അദ്ദേഹവും ആഹാബ്‍രാജാവിന്‍റെയും അദ്ദേഹത്തിന്‍റെ ഭവനത്തിന്‍റെയും മാര്‍ഗത്തില്‍ത്തന്നെ ചരിച്ചു; കാരണം ദുഷ്പ്രവൃത്തികള്‍ ചെയ്യുന്നതിന് അഹസ്യായ്‍ക്ക് മാതാവ് പ്രേരണ നല്‌കിയിരുന്നു.

4 ആഹാബിന്‍റെ ഭവനക്കാരെപ്പോലെ അദ്ദേഹവും സര്‍വേശ്വരന്‍റെ മുമ്പില്‍ തിന്മ പ്രവര്‍ത്തിച്ചു. പിതാവിന്‍റെ മരണശേഷം ആഹാബിന്‍റെ ഭവനത്തിലുള്ളവരായിരുന്നു അദ്ദേഹത്തിന്‍റെ ഉപദേശകര്‍. അത് അയാളുടെ അധഃപതനത്തിന് ഇടയാക്കി.

5 അവരുടെ ഉപദേശമനുസരിച്ച് ഇസ്രായേല്‍രാജാവായ ആഹാബിന്‍റെ പുത്രന്‍ യോരാമിനോടൊത്ത് അദ്ദേഹം സിറിയാരാജാവായ ഹസായേലിനോടു യുദ്ധം ചെയ്യാന്‍ ഗിലെയാദിലെ രാമോത്തിലേക്കു പോയി. സിറിയാക്കാര്‍ യോരാമിനെ പരുക്കേല്‍പ്പിച്ചു.

6 രാമോത്തില്‍വച്ചു സിറിയാരാജാവായ ഹസായേലുമായുള്ള യുദ്ധത്തില്‍ ഏറ്റ മുറിവുകള്‍ ചികിത്സിക്കാന്‍ യോരാം ജെസ്രീലിലേക്കു മടങ്ങിപ്പോയി. ആഹാബിന്‍റെ പുത്രനായ അദ്ദേഹം രോഗി ആയിത്തീര്‍ന്നതുകൊണ്ട് അയാളെ സന്ദര്‍ശിക്കുവാന്‍ യെഹോരാമിന്‍റെ പുത്രന്‍ അഹസ്യാ ജെസ്രീലില്‍ എത്തി.

7 അഹസ്യായുടെ ഈ സന്ദര്‍ശനം അദ്ദേഹത്തിന്‍റെ പതനത്തിനു മുഖാന്തരമാകണം എന്നതായിരുന്നു ദൈവഹിതം. അവിടെ എത്തിയശേഷം നിംശിയുടെ പുത്രനും ആഹാബിന്‍റെ ഭവനത്തെ നശിപ്പിക്കാന്‍ സര്‍വേശ്വരനാല്‍ അഭിഷിക്തനുമായ യേഹൂവിനെ നേരിടാന്‍ യോരാമിന്‍റെ കൂടെ അഹസ്യാ പുറപ്പെട്ടു.

8 ആഹാബ് ഭവനക്കാര്‍ക്കെതിരെ ന്യായവിധി നടത്തുമ്പോള്‍ യേഹൂ യെഹൂദാപ്രഭുക്കന്മാരെയും അഹസ്യായുടെ ചാര്‍ച്ചക്കാരായ അദ്ദേഹത്തിന്‍റെ ശുശ്രൂഷകരെയും കണ്ടുമുട്ടി, യേഹൂ അവരെ വധിച്ചു.

9 പിന്നീട് അഹസ്യായെ അന്വേഷിച്ചു. ശമര്യയില്‍ ഒളിച്ചിരുന്ന അഹസ്യായെ അവര്‍ പിടികൂടി, യേഹൂവിന്‍റെ അടുക്കല്‍ കൊണ്ടുവന്ന് അവിടെവച്ചു അദ്ദേഹത്തെയും വധിച്ചു. “പൂര്‍ണഹൃദയത്തോടെ സര്‍വേശ്വരനെ സേവിച്ചിരുന്ന യെഹോശാഫാത്തിന്‍റെ പൗത്രന്‍ ആണല്ലോ ഇയാള്‍” എന്നു പറഞ്ഞ് അവര്‍ അദ്ദേഹത്തെ സംസ്കരിച്ചു. രാജ്യഭാരം ഏല്‌ക്കാന്‍ കഴിവുള്ള ആരും അഹസ്യായുടെ ഭവനത്തില്‍ ഉണ്ടായിരുന്നില്ല.

10

അഹസ്യായുടെ മാതാവ് അഥല്യാ സ്വന്തപുത്രന്‍റെ മരണവാര്‍ത്ത അറിഞ്ഞ് യെഹൂദാ രാജകുടുംബത്തില്‍പ്പെട്ട എല്ലാവരെയും വധിച്ചു.

11 വധിക്കപ്പെടാന്‍ പോകുന്ന രാജകുമാരന്മാരുടെ ഇടയില്‍നിന്ന് അഹസ്യായുടെ പുത്രന്‍ യോവാശിനെ രഹസ്യമായി കൊണ്ടുവന്ന് പരിചാരികയോടൊപ്പം ഒരു ഉറക്കറയില്‍ രാജപുത്രിയായ യെഹോശബത്ത് പാര്‍പ്പിച്ചു. യെഹോരാംരാജാവിന്‍റെ പുത്രിയും അഹസ്യായുടെ സഹോദരിയും യെഹോയാദപുരോഹിതന്‍റെ ഭാര്യയുമായ യെഹോശബത്ത് യോവാശിനെ ഒളിപ്പിച്ചതുകൊണ്ട് അവനെ വധിക്കാന്‍ അഥല്യാക്കു കഴിഞ്ഞില്ല.

12 ആറു വര്‍ഷം അവന്‍ സംരക്ഷകരുടെ കൂടെ ദേവാലയത്തില്‍ ഒളിച്ചുപാര്‍ത്തു. അക്കാലമത്രയും അഥല്യാ രാജ്യം ഭരിച്ചു.

23

1

ഏഴാം വര്‍ഷം യെഹോയാദ ധൈര്യമവലംബിച്ച് യെഹോരാമിന്‍റെ പുത്രന്‍ അസര്യാ, യെഹോഹാനാന്‍റെ പുത്രന്‍ ഇശ്മായേല്‍, ഓബേദിന്‍റെ പുത്രന്‍ അസര്യാ, അദായായുടെ പുത്രന്‍ മയശേയാ, സിക്രിയുടെ പുത്രന്‍ എലീശാഫാത്ത് എന്നീ ശതാധിപന്മാരുമായി ഉടമ്പടി ചെയ്തു.

2 അവര്‍ യെഹൂദ്യയില്‍ ചുറ്റി സഞ്ചരിച്ചു; സകല യെഹൂദാനഗരങ്ങളില്‍നിന്നും ലേവ്യരെയും ഇസ്രായേല്യ പിതൃഭവനത്തലവന്മാരെയും യെരൂശലേമില്‍ വിളിച്ചുകൂട്ടി.

3

സര്‍വസഭയും ദേവാലയത്തില്‍വച്ചു രാജകുമാരനായ യോവാശുമായി ഉടമ്പടി ചെയ്തു. യെഹോയാദ അവരോടു പറഞ്ഞു: “ഇതാ, രാജാവിന്‍റെ പുത്രന്‍. ദാവീദിന്‍റെ സന്തതികളെപ്പറ്റി സര്‍വേശ്വരന്‍ അരുളിച്ചെയ്തിട്ടുള്ളതുപോലെ രാജകുമാരന്‍ രാജ്യം ഭരിക്കട്ടെ.

4 നിങ്ങള്‍ ഇതു ചെയ്യുക. ശബത്തില്‍ തവണമാറി വരുന്ന പുരോഹിതന്മാരും ലേവ്യരുമായ നിങ്ങളില്‍ മൂന്നില്‍ ഒരു ഭാഗം ദേവാലയ വാതില്‍കാവല്‌ക്കാരായിരിക്കണം.

5 മൂന്നില്‍ ഒരു ഭാഗം രാജകൊട്ടാരത്തിലും മൂന്നില്‍ ഒരു ഭാഗം അടിത്തറവാതില്‌ക്കലും നിലയുറപ്പിക്കണം. ജനമെല്ലാം സര്‍വേശ്വരമന്ദിരത്തിന്‍റെ അങ്കണത്തില്‍ ഉണ്ടായിരിക്കണം.

6 പുരോഹിതന്മാരും ശുശ്രൂഷയ്‍ക്കുള്ള ലേവ്യരും മാത്രമേ ദേവാലയത്തില്‍ പ്രവേശിക്കാവൂ; അവര്‍ വിശുദ്ധിയുള്ളവരാണല്ലോ. ജനമെല്ലാം സര്‍വേശ്വരന്‍റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം.

7

“ലേവ്യര്‍ തങ്ങളുടെ ആയുധവുമേന്തി രാജാവിനു ചുറ്റും നില്‌ക്കണം. മറ്റാരെങ്കിലും അകത്തുകടന്നാല്‍ അവനെ വധിക്കണം. രാജാവിനോടൊത്തു നിങ്ങള്‍ എപ്പോഴും ഉണ്ടായിരിക്കണം.”

8 ലേവ്യരും യെഹൂദാനിവാസികളും പുരോഹിതനായ യെഹോയാദ കല്പിച്ചതുപോലെ ചെയ്തു; ശബത്ത് ദിവസത്തെ ശുശ്രൂഷയുടെ തവണ കഴിഞ്ഞവരും തവണ തുടങ്ങുന്നവരുമായ തങ്ങളുടെ ആളുകളെ തിരിച്ചയച്ചില്ല. യെഹോയാദപുരോഹിതന്‍ ഒരു ഗണത്തെയും വിട്ടയച്ചിരുന്നില്ല.

9 ദേവാലയത്തില്‍ സൂക്ഷിച്ചിരുന്ന ദാവീദിന്‍റെ കുന്തങ്ങളും ചെറുതും വലുതുമായ പരിചകളും യെഹോയാദപുരോഹിതന്‍ സേനാനായകന്മാരെ ഏല്പിച്ചു.

10 അദ്ദേഹം ആയുധധാരികളായ ജനത്തെ ആലയത്തിന്‍റെ തെക്കുവശം മുതല്‍ വടക്കുവശംവരെ യാഗപീഠത്തിനും ആലയത്തിനും ചുറ്റുമായി രാജാവിന്‍റെ സംരക്ഷണത്തിനു നിര്‍ത്തി.

11 പിന്നീട് അദ്ദേഹം രാജകുമാരനെ പുറത്തു കൊണ്ടുവന്നു കിരീടം ധരിപ്പിച്ചു; രാജ്യഭരണസംബന്ധമായ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ പുസ്‍തകം രാജകുമാരനു നല്‌കി; അദ്ദേഹത്തെ രാജാവായി പ്രഖ്യാപിക്കുകയും ചെയ്തു. യെഹോയാദയും പുത്രന്മാരും ചേര്‍ന്നു യോവാശിനെ രാജാവായി അഭിഷേകം ചെയ്തതിനു ശേഷം ആര്‍ത്തുവിളിച്ചു: “രാജാവ് നീണാള്‍ വാഴട്ടെ.”

12

ജനം ഓടുന്നതിന്‍റെയും രാജാവിനെ പ്രകീര്‍ത്തിക്കുന്നതിന്‍റെയും ശബ്ദകോലാഹലം കേട്ട് അഥല്യാ സര്‍വേശ്വരന്‍റെ ആലയത്തില്‍ ജനങ്ങളുടെ അടുക്കല്‍ വന്നു.

13 ദേവാലയവാതില്‌ക്കലുള്ള സ്തംഭത്തിനരികെ രാജാവു നില്‌ക്കുന്നത് അഥല്യാ കണ്ടു. സൈന്യാധിപന്മാരും കാഹളം മുഴക്കുന്നവരും രാജാവിന്‍റെ അടുക്കലുണ്ടായിരുന്നു. ജനമെല്ലാം ആഹ്ലാദഭരിതരായി കാഹളം മുഴക്കുന്നതും പാട്ടുകാര്‍ വാദ്യോപകരണങ്ങളുമായി ആഘോഷങ്ങള്‍ക്കു നേതൃത്വം നല്‌കുന്നതും കണ്ടപ്പോള്‍ അഥല്യാ വസ്ത്രം കീറി; “രാജദ്രോഹം രാജദ്രോഹം” എന്നു വിളിച്ചുപറഞ്ഞു.

14

യെഹോയാദപുരോഹിതന്‍ സൈന്യാധിപന്മാരായ ശതാധിപന്മാരെ പുറത്തേക്കു വിളിപ്പിച്ച് അവരോട് കല്പിച്ചു: “അവളെ സൈന്യനിരകളുടെ ഇടയിലൂടെ പുറത്തു കൊണ്ടു പോകുക; ആരെങ്കിലും അവളെ അനുഗമിച്ചാല്‍ അവനെ വാളിന് ഇരയാക്കണം. സര്‍വേശ്വരന്‍റെ ആലയത്തില്‍വച്ച് അവളെ വധിക്കരുത്.”

15 അവര്‍ രാജ്ഞിയെ പിടികൂടി കൊട്ടാരത്തിന്‍റെ അശ്വകവാടത്തിങ്കല്‍ കൊണ്ടുവന്നു വധിച്ചു.

16

തങ്ങള്‍ സര്‍വേശ്വരന്‍റെ ജനമായിരിക്കുമെന്നു യെഹോയാദയും ജനങ്ങളും രാജാവും ചേര്‍ന്ന് ഒരു ഉടമ്പടി ചെയ്തു.

17 പിന്നീടു സര്‍വജനവും ചേര്‍ന്ന് ബാലിന്‍റെ ക്ഷേത്രം ഇടിച്ചു നിരത്തി; ബാലിന്‍റെ ബലിപീഠങ്ങളും വിഗ്രഹങ്ങളും തകര്‍ത്തുകളഞ്ഞു. ബാലിന്‍റെ പുരോഹിതനായ മത്ഥാനെ ബലിപീഠങ്ങളുടെ മുമ്പില്‍വച്ചു വധിച്ചു.

18 പുരോഹിതന്മാരുടെയും ലേവ്യരുടെയും മേല്‍നോട്ടത്തില്‍ സര്‍വേശ്വരന്‍റെ ആലയത്തിനു കാവല്‌ക്കാരെ യെഹോയാദ നിയമിച്ചു. തന്‍റെ കല്പനപ്രകാരവും മോശയുടെ ധര്‍മശാസ്ത്രത്തില്‍ എഴുതിയിരിക്കുന്നതുപോലെയും ആഹ്ലാദത്തോടും ഗാനാലാപത്തോടുംകൂടി ഹോമയാഗം അര്‍പ്പിക്കുന്നതിനും സര്‍വേശ്വരന്‍റെ ആലയത്തിലെ ചുമതലകള്‍ നിര്‍വഹിക്കുന്നതിനും ദാവീദുരാജാവ് ലേവ്യപുരോഹിതന്മാരെയും ലേവ്യരെയും നിയമിച്ചിരുന്നു.

19 ഏതെങ്കിലും വിധത്തില്‍ അശുദ്ധരായവര്‍ സര്‍വേശ്വരന്‍റെ ആലയത്തില്‍ പ്രവേശിക്കാതിരിക്കാന്‍ യെഹോയാദ വാതില്‍കാവല്‌ക്കാരെയും നിയമിച്ചു.

20

സൈന്യാധിപന്മാര്‍, പ്രഭുക്കന്മാര്‍, ദേശാധിപന്മാര്‍ എന്നിവരുടെയും സമസ്ത ദേശവാസികളുടെയും സാന്നിധ്യത്തില്‍ അദ്ദേഹം രാജാവിനെ സര്‍വേശ്വരന്‍റെ ആലയത്തില്‍നിന്നു പുറത്തു കൊണ്ടുവന്നു മുകളിലത്തെ വാതിലിലൂടെ കൊട്ടാരത്തിലേക്ക് ആനയിച്ചു രാജസിംഹാസനത്തില്‍ ഇരുത്തി.

21 ദേശവാസികളെല്ലാം സന്തോഷിച്ചു; അഥല്യായെ വധിച്ചതോടെ നഗരം ശാന്തമായി.

24

1

ഏഴാമത്തെ വയസ്സില്‍ യോവാശ് രാജാവായി. നാല്പതു വര്‍ഷം അദ്ദേഹം യെരൂശലേമില്‍ ഭരണം നടത്തി. അദ്ദേഹത്തിന്‍റെ മാതാവ് ബേര്‍-ശേബക്കാരി സിബ്യാ ആയിരുന്നു.

2 യെഹോയാദപുരോഹിതന്‍റെ ജീവിതകാലമത്രയും യോവാശ് സര്‍വേശ്വരനു ഹിതകരമായി വര്‍ത്തിച്ചു.

3 യെഹോയാദ രണ്ടു സ്‍ത്രീകളെ തിരഞ്ഞെടുത്തു രാജാവിനു ഭാര്യമാരായി നല്‌കി. അദ്ദേഹത്തിന് അവരില്‍ പുത്രന്മാരും പുത്രിമാരും ജനിച്ചു.

4

ദേവാലയത്തിന്‍റെ അറ്റകുറ്റപ്പണികള്‍ ചെയ്യാന്‍ യോവാശ് തീരുമാനിച്ചു.

5 അദ്ദേഹം പുരോഹിതന്മാരെയും ലേവ്യരെയും വിളിപ്പിച്ച് അവരോടു പറഞ്ഞു: “നിങ്ങള്‍ യെഹൂദാനഗരങ്ങളില്‍ ചെന്ന് ഇസ്രായേല്‍ജനത്തില്‍നിന്ന് നിങ്ങളുടെ ദേവാലയത്തിന്‍റെ അറ്റകുറ്റപ്പണികള്‍ ആണ്ടുതോറും നടത്തുന്നതിന് ആവശ്യമായ പണം ശേഖരിക്കുക. ഇക്കാര്യം നിങ്ങള്‍ അടിയന്തരമായി ചെയ്യണം.” എന്നാല്‍ ലേവ്യര്‍ അതില്‍ അത്ര തിടുക്കം കാട്ടിയില്ല.

6 അതുകൊണ്ടു രാജാവ് അവരുടെ നേതാവായ യെഹോയാദയെ വിളിപ്പിച്ചു ചോദിച്ചു: “തിരുസാന്നിധ്യകൂടാരത്തിനുവേണ്ടി സര്‍വേശ്വരന്‍റെ ദാസനായ മോശ ഇസ്രായേല്‍ സമൂഹത്തിന്മേല്‍ ചുമത്തിയിരുന്ന നികുതി യെഹൂദ്യയില്‍നിന്നും യെരൂശലേമില്‍നിന്നും പിരിച്ചെടുക്കാന്‍ ലേവ്യരോടു താങ്കള്‍ ആവശ്യപ്പെടാത്തതെന്ത്?”

7 ദുഷ്ടയായ അഥല്യായുടെ പുത്രന്മാര്‍ ദേവാലയത്തിനു നാശം വരുത്തുകയും അതിനുള്ളിലെ നിവേദിതവസ്തുക്കള്‍ ബാല്‍ദേവന്‍റെ ആരാധനയ്‍ക്ക് ഉപയോഗിക്കുകയും ചെയ്തിരുന്നു.

8

രാജകല്പനയനുസരിച്ച് ഒരു പെട്ടിയുണ്ടാക്കി സര്‍വേശ്വരന്‍റെ ആലയവാതില്‌ക്കല്‍ പുറത്തു വച്ചു.

9 ദൈവത്തിന്‍റെ ദാസനായ മോശ മരുഭൂമിയില്‍ വച്ച് ഇസ്രായേലിന്‍റെമേല്‍ ചുമത്തിയിരുന്ന നികുതി സര്‍വേശ്വരനു നല്‌കണമെന്ന് യെഹൂദ്യയിലും യെരൂശലേമിലും വിളംബരം ചെയ്തു.

10 സകല പ്രഭുക്കന്മാരും ജനങ്ങളും സന്തോഷപൂര്‍വം തങ്ങളുടെ നികുതി പെട്ടി നിറയുവോളം നിക്ഷേപിച്ചു.

11 രാജാവിന്‍റെ ഉദ്യോഗസ്ഥന്മാരുടെ അടുക്കല്‍ ലേവ്യര്‍ പെട്ടി കൊണ്ടുവരുമ്പോള്‍ അതു നിറഞ്ഞിരിക്കുന്നതായി കണ്ടാല്‍ രാജാവിന്‍റെ കാര്യവിചാരകനും മുഖ്യപുരോഹിതന്‍റെ ഉദ്യോഗസ്ഥനും കൂടി പണമെടുത്തശേഷം പെട്ടി യഥാസ്ഥാനത്തു കൊണ്ടുചെന്നു വയ്‍ക്കും. ദിവസേന ഇങ്ങനെ അവര്‍ ധാരാളം പണം ശേഖരിച്ചു.

12

രാജാവും യെഹോയാദയും ആ പണം സര്‍വേശ്വരന്‍റെ ആലയത്തിലെ പണിയുടെ ചുമതലക്കാരെ ഏല്പിച്ചു. അവര്‍ സര്‍വേശ്വരമന്ദിരത്തിന്‍റെ കേടുപാടുകള്‍ തീര്‍ക്കുന്നതിനു കല്പണിക്കാരെയും മരപ്പണിക്കാരെയും ഇരുമ്പും ഓടുംകൊണ്ടു പണിയുന്നവരെയും ഏര്‍പ്പെടുത്തി.

13 അവര്‍ അത്യധ്വാനം ചെയ്തു ദേവാലയത്തിന്‍റെ കേടുപാടുകള്‍ തീര്‍ത്തു. അങ്ങനെ ദേവാലയം പൂര്‍വസ്ഥിതിയില്‍ ബലവത്തായിത്തീര്‍ന്നു.

14 പണി തീര്‍ത്തശേഷം ബാക്കിയുണ്ടായിരുന്ന പണം അവര്‍ രാജാവിന്‍റെയും യെഹോയാദയുടെയും അടുത്തു കൊണ്ടുവന്നു. അതുപയോഗിച്ചു ദേവാലയത്തിലെ ശുശ്രൂഷയ്‍ക്കും ഹോമയാഗത്തിനും ധൂപാര്‍പ്പണത്തിനും ആവശ്യമായ ഉപകരണങ്ങള്‍, വെള്ളിയും പൊന്നും കൊണ്ടുള്ള പാത്രങ്ങള്‍ എന്നിവ നിര്‍മ്മിച്ചു.

യെഹോയാദയുടെ ജീവിതകാലമത്രയും സര്‍വേശ്വരന്‍റെ ആലയത്തില്‍ മുടക്കം കൂടാതെ ഹോമയാഗം അര്‍പ്പിച്ചുവന്നു.

15 യെഹോയാദപുരോഹിതന്‍ പൂര്‍ണവാര്‍ധക്യത്തിലെത്തി മരിച്ചു; മരിക്കുമ്പോള്‍ അദ്ദേഹത്തിനു നൂറ്റിമുപ്പതു വയസ്സായിരുന്നു.

16 ഇസ്രായേലില്‍ ദൈവത്തിനും അവിടുത്തെ ആലയത്തിനുംവേണ്ടി ധാരാളം നന്മ പ്രവര്‍ത്തിച്ചതുകൊണ്ടു ദാവീദിന്‍റെ നഗരത്തില്‍ രാജാക്കന്മാരുടെ കല്ലറയില്‍ അദ്ദേഹത്തെ സംസ്കരിച്ചു.

17

യെഹോയാദയുടെ മരണത്തിനുശേഷം യെഹൂദാപ്രഭുക്കന്മാര്‍ രാജാവിനെ സമീപിച്ച് അഭിവാദനങ്ങള്‍ അര്‍പ്പിച്ചു. അവര്‍ പറഞ്ഞതു രാജാവ് ശ്രദ്ധിച്ചു.

18 അവര്‍ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സര്‍വേശ്വരന്‍റെ ആലയം ഉപേക്ഷിച്ച് അശേരാപ്രതിഷ്ഠകളെയും വിഗ്രഹങ്ങളെയും ആരാധിച്ചു. അവരുടെ ഈ ദുഷ്കൃത്യങ്ങള്‍ മൂലം ദൈവകോപം യെഹൂദായുടെയും യെരൂശലേമിന്‍റെയുംമേല്‍ വന്നു.

19 സര്‍വേശ്വരനിലേക്കു ജനത്തെ മടക്കിക്കൊണ്ടുവരാന്‍ അവിടുന്നു പ്രവാചകന്മാരെ അവരുടെ അടുക്കല്‍ അയച്ചു. അവര്‍ ജനത്തിന്‍റെ അകൃത്യം തുറന്നുകാട്ടി. എന്നാല്‍ ജനം അവര്‍ പറഞ്ഞതു ശ്രദ്ധിച്ചില്ല.

20 അപ്പോള്‍ ദൈവത്തിന്‍റെ ആത്മാവ് യെഹോയാദപുരോഹിതന്‍റെ പുത്രന്‍ സെഖര്യായില്‍ വന്നു. ജനത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു: “ദൈവം അരുളിച്ചെയ്യുന്നു, നിങ്ങള്‍ക്ക് അധഃപതനം ഉണ്ടാകത്തക്കവിധം ദൈവകല്പനകള്‍ ലംഘിക്കുന്നതെന്ത്? നിങ്ങള്‍ സര്‍വേശ്വരനെ ഉപേക്ഷിച്ചതുകൊണ്ട് അവിടുന്ന് നിങ്ങളെയും ഉപേക്ഷിച്ചിരിക്കുന്നു.”

21 എന്നാല്‍ അവര്‍ സെഖര്യാക്ക് എതിരെ ഗൂഢാലോചന നടത്തി; രാജകല്പനപ്രകാരം അദ്ദേഹത്തെ ദേവാലയാങ്കണത്തില്‍വച്ചു കല്ലെറിഞ്ഞു കൊന്നു.

22 യെഹോയാദ തന്നോടു കാട്ടിയ കാരുണ്യം വിസ്മരിച്ച രാജാവ് യെഹോയാദയുടെ പുത്രന്‍ സെഖര്യായെ വധിച്ചു. മരിക്കുമ്പോള്‍ സെഖര്യാ പറഞ്ഞു: “സര്‍വേശ്വരന്‍ ഇതിനു നിങ്ങളോടു പ്രതികാരം ചെയ്യട്ടെ.”

23

ആ വര്‍ഷത്തിന്‍റെ അവസാനത്തില്‍ സിറിയന്‍ സൈന്യം യോവാശിനെതിരെ വന്നു യെഹൂദ്യയും യെരൂശലേമും ആക്രമിച്ചു. അവര്‍ പ്രഭുക്കന്മാരെ വധിക്കയും അവരുടെ സമ്പത്തു കൊള്ളയടിച്ചു സിറിയായിലെ രാജാവിന് അയച്ചുകൊടുക്കുകയും ചെയ്തു.

24 സിറിയന്‍ സൈന്യം എണ്ണത്തില്‍ കുറവായിരുന്നെങ്കിലും സര്‍വേശ്വരന്‍ യെഹൂദായുടെ വലിയ സൈന്യത്തെ അവരുടെ കൈയില്‍ ഏല്പിച്ചു കൊടുത്തു. തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സര്‍വേശ്വരനെ അവര്‍ ഉപേക്ഷിച്ചുവല്ലോ. അങ്ങനെ അവര്‍ യോവാശിന്‍റെമേല്‍ ന്യായവിധി നടത്തി.

25 ദാരുണമായി മുറിവേറ്റു കിടന്ന രാജാവിനെ അവര്‍ ഉപേക്ഷിച്ചുപോയി. സ്വന്തഭൃത്യന്മാര്‍ തന്നെ അദ്ദേഹത്തിനെതിരെ ഗൂഢാലോചന നടത്തി കിടക്കയില്‍ വച്ചു അദ്ദേഹത്തെ വധിച്ചു. അങ്ങനെ യോവാശ് യെഹോയാദപുരോഹിതന്‍റെ പുത്രനെ വധിച്ചതിന് അവര്‍ പകരം വീട്ടി. യോവാശ് മരിച്ചു; ദാവീദിന്‍റെ നഗരത്തില്‍ അദ്ദേഹത്തെ സംസ്കരിച്ചു. എന്നാല്‍ രാജാക്കന്മാരുടെ കല്ലറകളില്‍ അല്ല അദ്ദേഹത്തെ അടക്കം ചെയ്തത്.

26 അദ്ദേഹത്തിനെതിരെ ഗൂഢാലോചന നടത്തിയത് അമ്മോന്യയായ ശിമെയാത്തിന്‍റെ പുത്രന്‍ സാബാദും മോവാബ്യയായ ശിമ്രീത്തിന്‍റെ പുത്രന്‍ യെഹോസാബാദും ആയിരുന്നു.

27 യോവാശിന്‍റെ പുത്രന്മാരുടെ പ്രവര്‍ത്തനങ്ങളും അവനെതിരെയുള്ള അരുളപ്പാടുകളും ദേവാലയം കേടുപാടുകള്‍ തീര്‍ത്തതിന്‍റെ വിവരണങ്ങളും രാജാക്കന്മാരുടെ ചരിത്രപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. യോവാശിന്‍റെ പുത്രന്‍ അമസ്യാ പകരം രാജാവായി.

25

1

വാഴ്ച ആരംഭിച്ചപ്പോള്‍ അമസ്യാക്ക് ഇരുപത്തഞ്ചു വയസ്സായിരുന്നു; ഇരുപത്തൊമ്പതു വര്‍ഷം അദ്ദേഹം യെരൂശലേമില്‍ വാണു. യെരൂശലേംകാരി യെഹോവദ്ദാന്‍ ആയിരുന്നു അദ്ദേഹത്തിന്‍റെ മാതാവ്.

2 പൂര്‍ണമനസ്സോടെയല്ലെങ്കിലും സര്‍വേശ്വരന് ഹിതകരമായവിധം അമസ്യാ പ്രവര്‍ത്തിച്ചു.

3 രാജത്വം തനിക്ക് ഉറച്ചുകഴിഞ്ഞപ്പോള്‍ തന്‍റെ പിതാവിനെ വധിച്ച ഭൃത്യന്മാര്‍ക്കു വധശിക്ഷ നല്‌കി.

4 മോശയുടെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതനുസരിച്ച് അവരുടെ മക്കളെ വധിച്ചില്ല. പിതാക്കന്മാര്‍ പുത്രന്മാര്‍ നിമിത്തമോ പുത്രന്മാര്‍ പിതാക്കന്മാര്‍ നിമിത്തമോ വധിക്കപ്പെടരുത്; ഓരോരുത്തന്‍ സ്വന്തം പാപം നിമിത്തമേ മരിക്കാവൂ എന്നുള്ള സര്‍വേശ്വരന്‍റെ കല്പന അതില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

5

അമസ്യാ യെഹൂദാനിവാസികളെ വിളിച്ചുകൂട്ടി. യെഹൂദ്യരും ബെന്യാമീന്യരുമായ എല്ലാവരെയും പിതൃഭവനക്രമത്തില്‍ സഹസ്രാധിപന്മാരുടെയും ശതാധിപന്മാരുടെയും കീഴിലാക്കി. യുദ്ധത്തിനു കുന്തവും പരിചയും ഉപയോഗിക്കാന്‍ പ്രാപ്തരും ഇരുപതു വയസ്സും അതിനുമേല്‍ പ്രായമുള്ളവരുമായ മൂന്നുലക്ഷം പേരെ തിരഞ്ഞെടുത്തു.

6 കൂടാതെ നൂറുതാലന്തു വെള്ളി കൊടുത്ത് ശൂരന്മാരായ ഒരു ലക്ഷം പേരെ ഇസ്രായേലില്‍നിന്നു കൂലിക്കെടുത്തു.

7 എന്നാല്‍ ഒരു പ്രവാചകന്‍ രാജാവിന്‍റെ അടുത്തു വന്നു പറഞ്ഞു: “രാജാവേ, ഇസ്രായേല്‍സൈന്യത്തെ അങ്ങയുടെ കൂടെ കൊണ്ടുപോകരുത്. സര്‍വേശ്വരന്‍ എഫ്രയീമ്യരായ ഇസ്രായേല്യരുടെ കൂടെ ഇല്ല.

8 യുദ്ധത്തില്‍ ഇവരുടെ സാന്നിധ്യം അങ്ങേക്കു ശക്തി നല്‌കും എന്നു വിചാരിക്കുന്നെങ്കില്‍ അങ്ങ് ശത്രുവിന്‍റെ മുമ്പില്‍ വീഴാന്‍ ദൈവം ഇടയാക്കും. വിജയിപ്പിക്കാനും പരാജയപ്പെടുത്താനും ദൈവത്തിനു കഴിയുമല്ലോ.”

9 രാജാവ് പ്രവാചകനോടു ചോദിച്ചു: “ഇസ്രായേല്‍സൈന്യത്തിനുവേണ്ടി കൊടുത്ത നൂറു താലന്തു വെള്ളിയുടെ കാര്യത്തില്‍ ഞാന്‍ എന്തു ചെയ്യും?” പ്രവാചകന്‍ പറഞ്ഞു: “അതിനെക്കാള്‍ അധികം നല്‌കാന്‍ സര്‍വേശ്വരനു കഴിയുമല്ലോ.”

10 അങ്ങനെ അമസ്യാ എഫ്രയീമില്‍നിന്നു വന്ന സൈന്യത്തെ അവരുടെ ദേശത്തേക്കു മടങ്ങിപ്പോകാന്‍ അനുവദിച്ചു. യെഹൂദ്യരോട് അവര്‍ക്ക് അതിയായ അമര്‍ഷം തോന്നി. അവര്‍ കുപിതരായി മടങ്ങിപ്പോയി.

11 പിന്നീട് അമസ്യാ ധൈര്യം അവലംബിച്ചു തന്‍റെ സൈന്യത്തെയും കൂട്ടി ഉപ്പു താഴ്വരയിലേക്കു പോയി, സെയീരില്‍ പാര്‍ത്തിരുന്ന എദോമ്യരില്‍ പതിനായിരം പേരെ വധിച്ചു.

12 യെഹൂദ്യര്‍ വേറെ പതിനായിരം പേരെ പിടിച്ചു പാറയുടെ മുകളില്‍ കൊണ്ടുപോയി അവിടെനിന്നു താഴേക്കു തള്ളിയിട്ടു. അങ്ങനെ വീണവരുടെ ശരീരങ്ങള്‍ തകര്‍ന്നു ചിതറി.

13 യുദ്ധത്തിനു കൊണ്ടുപോകാതെ അമസ്യാ മടക്കി അയച്ച ഇസ്രായേല്‍ പടയാളികള്‍ ശമര്യക്കും ബേത്ത്-ഹോരോനും ഇടയ്‍ക്കുള്ള യെഹൂദാനഗരങ്ങള്‍ ആക്രമിച്ചു മൂവായിരം പേരെ വധിക്കുകയും വളരെയധികം വസ്തുക്കള്‍ കൊള്ളയടിക്കുകയും ചെയ്തു.

14

അമസ്യാ സെയീരില്‍ പാര്‍ത്തിരുന്ന എദോമ്യരെ സംഹരിച്ചു മടങ്ങി വന്നശേഷം അവരുടെ ദേവന്മാരുടെ വിഗ്രഹങ്ങള്‍ കൊണ്ടുവന്നു പ്രതിഷ്ഠിച്ച് അവയ്‍ക്ക് കാഴ്ചകള്‍ അര്‍പ്പിക്കുകയും നമസ്കരിക്കുകയും ധൂപം അര്‍പ്പിക്കുകയും ചെയ്തു.

15 സര്‍വേശ്വരന്‍റെ കോപം അമസ്യായുടെ നേരെ ജ്വലിച്ചു; അവിടുന്ന് അദ്ദേഹത്തിന്‍റെ അടുക്കല്‍ ഒരു പ്രവാചകനെ അയച്ചു. പ്രവാചകന്‍ ചോദിച്ചു: “അങ്ങയുടെ കൈയില്‍നിന്നു സ്വന്തം ജനത്തെപോലും വിടുവിക്കാന്‍ പ്രാപ്തിയില്ലാത്ത ദേവന്മാരിലേക്ക് അങ്ങു തിരിഞ്ഞതെന്ത്?”

16 അപ്പോള്‍ രാജാവ്: “പറഞ്ഞതു മതി. വെറുതെ ചാകണമെന്നുണ്ടോ? രാജാവിന്‍റെ ഉപദേഷ്ടാവായി നിന്നെ നിയമിച്ചിട്ടുണ്ടോ?” എന്നു ചോദിച്ചു. “അങ്ങ് ഇങ്ങനെ പ്രവര്‍ത്തിക്കുകയും എന്‍റെ ഉപദേശം അവഗണിക്കുകയും ചെയ്തതുകൊണ്ട് ദൈവം അങ്ങയെ നശിപ്പിക്കാന്‍ നിശ്ചയിച്ചിരിക്കുന്നു എന്നു ഞാന്‍ അറിയുന്നു” എന്നു പ്രവാചകന്‍ പറഞ്ഞു.

17

യെഹൂദാരാജാവായ അമസ്യാ കൂടിയാലോചനകള്‍ക്കു ശേഷം ഇസ്രായേല്‍രാജാവായ യേഹൂവിന്‍റെ പൗത്രനും യെഹോവാഹാസിന്‍റെ പുത്രനുമായ യെഹോവാശിന്‍റെ അടുക്കല്‍ ആളയച്ചു പറയിച്ചു: “വരിക, നമുക്കൊന്ന് ഏറ്റുമുട്ടി നോക്കാം.”

18 അതിന് ഇസ്രായേല്‍രാജാവായ യെഹോവാശ് ഇപ്രകാരം മറുപടി അയച്ചു: “ലെബാനോനിലെ ഒരു മുള്‍ച്ചെടി അവിടെയുള്ള ദേവദാരുവിനോടു നിന്‍റെ പുത്രിയെ എന്‍റെ പുത്രനു ഭാര്യയായി തരിക എന്നാവശ്യപ്പെട്ടു. ലെബാനോനിലെ ഒരു വന്യമൃഗം ആ വഴി വന്ന് ആ മുള്‍ച്ചെടി ചവിട്ടിക്കളഞ്ഞു.

19 എദോമിനെ തകര്‍ത്തു എന്നു വിചാരിച്ചു നീ അഹങ്കരിക്കുന്നു. നീ അടങ്ങിയിരിക്കുക. നിനക്കും യെഹൂദായ്‍ക്കും നീ എന്തിന് അനര്‍ഥം വിളിച്ചു വരുത്തുന്നു?”

20 എന്നാല്‍ അമസ്യാ അതു ശ്രദ്ധിച്ചില്ല. എദോമ്യദേവന്മാരെ ആശ്രയിച്ചിരുന്നതുകൊണ്ട് അദ്ദേഹത്തെയും ജനങ്ങളെയും ശത്രുക്കളുടെ കൈയില്‍ ഏല്പിച്ചു കൊടുക്കാന്‍ ദൈവം നിശ്ചയിച്ചിരുന്നു.

21 അങ്ങനെ ഇസ്രായേല്‍രാജാവായ യെഹോവാശ് ചെന്ന് യെഹൂദ്യയിലുള്ള ബേത്ത്-ശേമെശില്‍ വച്ച് യെഹൂദാരാജാവായ അമസ്യായുമായി ഏറ്റുമുട്ടി.

22 യെഹൂദാ ഇസ്രായേലിനോടു പരാജയപ്പെട്ടു. അവര്‍ എല്ലാവരും തങ്ങളുടെ ഭവനങ്ങളിലേക്ക് ഓടിപ്പോയി.

23 യെഹോവാഹാസിന്‍റെ പൗത്രനും യോവാശിന്‍റെ പുത്രനും യെഹൂദാരാജാവുമായ അമസ്യായെ ഇസ്രായേല്‍രാജാവായ യെഹോവാശ് ബേത്ത്-ശേമെശില്‍ വച്ചു പിടിച്ച് യെരൂശലേമില്‍ കൊണ്ടുവന്നു. ഇസ്രായേല്‍രാജാവ് എഫ്രയീം പടിവാതില്‍മുതല്‍ കോണ്‍പടിവാതില്‍വരെ നാനൂറു മുഴം നീളത്തില്‍ യെരൂശലേമിന്‍റെ മതില്‍ ഇടിച്ചു നിരത്തി.

24 ദേവാലയത്തില്‍ കണ്ട സ്വര്‍ണവും വെള്ളിയും സകല പാത്രങ്ങളും കൈവശപ്പെടുത്തുകയും അവയുടെ സൂക്ഷിപ്പുകാരായ ഓബേദ്-എദോമിന്‍റെ പിന്‍തലമുറക്കാരെ തടവുകാരാക്കുകയും ചെയ്തു. കൂടാതെ രാജകൊട്ടാരത്തിലുണ്ടായിരുന്ന നിക്ഷേപങ്ങളും കൊള്ളയടിച്ചു. അവയോടൊപ്പം തടവുകാരുമായി ഇസ്രായേല്‍രാജാവ് ശമര്യയിലേക്കു മടങ്ങി.

25

ഇസ്രായേല്‍രാജാവും യെഹോവാഹാസിന്‍റെ പുത്രനും ആയ യെഹോവാശിന്‍റെ മരണശേഷം പതിനഞ്ചു വര്‍ഷം കൂടി യെഹൂദാരാജാവും യോവാശിന്‍റെ പുത്രനും ആയ അമസ്യാ ജീവിച്ചിരുന്നു.

26 അമസ്യായുടെ മറ്റു പ്രവര്‍ത്തനങ്ങള്‍ ആദ്യന്തം യെഹൂദ്യയിലെയും ഇസ്രായേലിലെയും രാജാക്കന്മാരുടെ ചരിത്രപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

27 സര്‍വേശ്വരനില്‍നിന്ന് അകന്നുപോയ നാള്‍മുതല്‍ അദ്ദേഹത്തിനെതിരെ യെരൂശലേമില്‍ ഗൂഢാലോചന നടന്നുകൊണ്ടിരുന്നു. അതുകൊണ്ട് അദ്ദേഹം ലാഖീശിലേക്ക് ഓടിപ്പോയി. എന്നാല്‍ ശത്രുക്കള്‍ ലാഖീശിലേക്ക് ആളയച്ച് അദ്ദേഹത്തെ വധിച്ചു.

28 മൃതശരീരം കുതിരപ്പുറത്തു കൊണ്ടുവന്നു ദാവീദിന്‍റെ നഗരത്തില്‍ രാജാക്കന്മാരുടെ കല്ലറകളില്‍ സംസ്കരിച്ചു.

26

1

യെഹൂദ്യയിലെ ജനം പതിനാറു വയസ്സുള്ള ഉസ്സിയായെ പിതാവായ അമസ്യാക്കു പകരം രാജാവാക്കി.

2 പിതാവിന്‍റെ മരണശേഷം ഉസ്സിയാ ഏലോത്ത് വീണ്ടെടുത്ത് പുതുക്കിപ്പണിത് യെഹൂദായോടു ചേര്‍ത്തു.

3 വാഴ്ച ആരംഭിച്ചപ്പോള്‍ ഉസ്സിയായ്‍ക്ക് പതിനാറു വയസ്സായിരുന്നു; അമ്പത്തിരണ്ടു വര്‍ഷം അദ്ദേഹം യെരൂശലേമില്‍ ഭരണം നടത്തി. യെരൂശലേംകാരി യെഖൊല്യ ആയിരുന്നു മാതാവ്.

4 തന്‍റെ പിതാവ് അമസ്യായെപ്പോലെ ഉസ്സിയായും സര്‍വേശ്വരനു ഹിതകരമായവിധം ജീവിച്ചു.

5 ദൈവഭക്തിയില്‍ ജീവിക്കാന്‍ തന്നെ അഭ്യസിപ്പിച്ച സെഖര്യായുടെ ജീവിതകാലം മുഴുവന്‍ ഉസ്സിയാ ദൈവഹിതം അന്വേഷിച്ചു. ആ കാലമത്രയും ദൈവം അദ്ദേഹത്തിന് ഐശ്വര്യം നല്‌കി.

6 അദ്ദേഹം ഫെലിസ്ത്യരോടു യുദ്ധത്തിനു പുറപ്പെട്ടു. ഗത്ത്, യബ്നെ, അസ്തോദ് എന്നീ നഗരങ്ങളുടെ മതിലുകള്‍ തകര്‍ത്തു. അസ്തോദിലും ഫെലിസ്ത്യരുടെ മറ്റു സ്ഥലങ്ങളിലും അദ്ദേഹം നഗരങ്ങള്‍ നിര്‍മ്മിച്ചു.

7 ഫെലിസ്ത്യരോടും ഗുര്‍-ബാലിലുള്ള അറബികളോടും മെയൂന്യരോടും യുദ്ധം ചെയ്യാന്‍ ദൈവം അദ്ദേഹത്തെ സഹായിച്ചു.

8 അമ്മോന്യര്‍ ഉസ്സിയായ്‍ക്ക് കപ്പം കൊടുത്തു. അദ്ദേഹം അതിശക്തനായിത്തീര്‍ന്നു. അദ്ദേഹത്തിന്‍റെ കീര്‍ത്തി ഈജിപ്തുവരെ പരന്നു.

9 കോണ്‍വാതില്‌ക്കലും താഴ്വരവാതില്‌ക്കലും മതില്‍ തിരിവിങ്കലും ഗോപുരങ്ങള്‍ പണിതു യെരൂശലേംനഗരം അദ്ദേഹം സുരക്ഷിതമാക്കി.

10 അദ്ദേഹം മരുഭൂമിയില്‍ ഗോപുരങ്ങള്‍ പണിയുകയും ധാരാളം കിണറുകള്‍ കുഴിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിനു താഴ്വരയിലും സമതലപ്രദേശത്തും ധാരാളം കന്നുകാലികള്‍ ഉണ്ടായിരുന്നു. കൃഷിയില്‍ തല്പരനായിരുന്നതുകൊണ്ടു മലമ്പ്രദേശത്തും ഫലപുഷ്ടമായ സ്ഥലങ്ങളിലും കൃഷിക്കാരെയും മുന്തിരികൃഷിക്കാരെയും അദ്ദേഹം നിയമിച്ചു.

11 യുദ്ധസജ്ജരായ ഒരു വലിയ സൈന്യം ഉസ്സിയാരാജാവിനുണ്ടായിരുന്നു. രാജാവിന്‍റെ സൈന്യാധിപന്മാരില്‍ ഒരാളായ ഹനാനിയുടെ നിര്‍ദ്ദേശപ്രകാരം കാര്യവിചാരകനായ യെയീയേലും ഉദ്യോഗസ്ഥനായ മയശേയായും തയ്യാറാക്കിയ കണക്കനുസരിച്ച് പല ഗണങ്ങളായി സൈന്യത്തെ വിഭജിച്ചിരുന്നു.

12 യുദ്ധവീരന്മാരായ പിതൃഭവനത്തലവന്മാര്‍ രണ്ടായിരത്തറുനൂറു പേരായിരുന്നു.

13 അവരുടെ ആജ്ഞയനുസരിച്ച് രാജാവിനുവേണ്ടി ശത്രുക്കളോടു ശക്തമായി പോരാടാന്‍ പ്രാപ്തരായ മൂന്നു ലക്ഷത്തി ഏഴായിരത്തഞ്ഞൂറു പേരടങ്ങുന്ന ഒരു വലിയ സൈന്യവുമുണ്ടായിരുന്നു.

14 അവര്‍ക്കെല്ലാം പരിച, കുന്തം, ശിരോവസ്ത്രം, പടച്ചട്ട, വില്ല്, കവണക്കല്ല് എന്നിവ ഉസ്സിയാരാജാവ് ഒരുക്കിയിരുന്നു.

15 ഗോപുരങ്ങളുടെയും കോട്ടകളുടെയും മുകളില്‍നിന്ന് അസ്ത്രങ്ങളും വലിയ കല്ലുകളും പ്രയോഗിക്കുന്നതിനുവേണ്ടി വിദഗ്ദ്ധന്മാര്‍ രൂപകല്പന ചെയ്ത യന്ത്രങ്ങള്‍ അദ്ദേഹം ഉണ്ടാക്കി. സര്‍വേശ്വരനില്‍നിന്ന് അദ്ഭുതകരമായ സഹായം ലഭിച്ചതുകൊണ്ട് അദ്ദേഹം പ്രബലനായിത്തീരുകയും അദ്ദേഹത്തിന്‍റെ കീര്‍ത്തി വിദൂരദേശങ്ങളില്‍ പരക്കുകയും ചെയ്തു.

16

ശക്തനായിത്തീര്‍ന്നതോടെ അദ്ദേഹം അഹങ്കരിച്ചു; അത് അദ്ദേഹത്തിന്‍റെ നാശത്തിലേക്കു നയിച്ചു. തന്‍റെ ദൈവമായ സര്‍വേശ്വരനോട് അവിശ്വസ്തമായി അദ്ദേഹം പെരുമാറി; യാഗപീഠത്തില്‍ ധൂപം അര്‍പ്പിക്കുന്നതിനു സര്‍വേശ്വരന്‍റെ ആലയത്തില്‍ അദ്ദേഹം പ്രവേശിച്ചു.

17 ധീരന്മാരും സര്‍വേശ്വരന്‍റെ പുരോഹിതന്മാരുമായ എണ്‍പതു പേരോടൊത്ത് അസര്യാപുരോഹിതന്‍ അദ്ദേഹത്തിന്‍റെ പിന്നാലെ ചെന്നു.

18 അവര്‍ ഉസ്സിയാരാജാവിനെ തടഞ്ഞുകൊണ്ടു പറഞ്ഞു: “ഉസ്സിയായേ, സര്‍വേശ്വരനു ധൂപം അര്‍പ്പിക്കുന്നത് അങ്ങേക്കു ചേര്‍ന്നതല്ല; അഹരോന്‍വംശജരും ധൂപം കാട്ടുവാന്‍ പ്രത്യേകം വേര്‍തിരിക്കപ്പെട്ടവരുമായ പുരോഹിതന്മാരുണ്ടല്ലോ; വിശുദ്ധമന്ദിരത്തില്‍നിന്നു പുറത്തുപോകൂ; അങ്ങ് ചെയ്തതു തെറ്റാണ്; ഇതുമൂലം ദൈവമായ സര്‍വേശ്വരനില്‍നിന്ന് ഒരു ബഹുമതിയും അങ്ങേക്ക് ലഭിക്കുകയില്ല.” ഉസ്സിയാ കുപിതനായി.

19 ധൂപാര്‍പ്പണത്തിനുവേണ്ടി അദ്ദേഹം ധൂപകലശം കൈയില്‍ പിടിച്ചിരുന്നു. അദ്ദേഹം പുരോഹിതന്മാരോടു കോപിച്ചപ്പോള്‍ അവരുടെ സാന്നിധ്യത്തില്‍ വച്ചുതന്നെ സര്‍വേശ്വരന്‍റെ ആലയത്തിലെ ധൂപപീഠത്തിനരികെ നിന്നിരുന്ന ഉസ്സിയായുടെ നെറ്റിയില്‍ കുഷ്ഠം ബാധിച്ചു.

20 മുഖ്യപുരോഹിതനായ അസര്യായും മറ്റു പുരോഹിതന്മാരും അദ്ദേഹത്തെ സൂക്ഷിച്ചുനോക്കിയപ്പോള്‍ അദ്ദേഹത്തിന്‍റെ നെറ്റിയില്‍ കുഷ്ഠം ബാധിച്ചിരിക്കുന്നതായി കണ്ടു. ഉടനെതന്നെ അദ്ദേഹത്തെ അവര്‍ അവിടെനിന്നു പുറത്താക്കി. സര്‍വേശ്വരന്‍ തന്നെ ശിക്ഷിച്ചതുകൊണ്ട് പുറത്തുകടക്കാന്‍ അദ്ദേഹവും തിടുക്കം കൂട്ടി.

21 അങ്ങനെ ഉസ്സിയാരാജാവ് മരണംവരെ കുഷ്ഠരോഗിയായി ജീവിച്ചു. സര്‍വേശ്വരന്‍റെ ആലയത്തില്‍നിന്നു പുറത്താക്കപ്പെട്ടിരുന്നതിനാല്‍ ഒരു പ്രത്യേക ഭവനത്തില്‍ അദ്ദേഹം പാര്‍ത്തു. അദ്ദേഹത്തിന്‍റെ പുത്രനായ യോഥാം കൊട്ടാരത്തിന്‍റെ ചുമതല വഹിക്കുകയും ദേശം ഭരിക്കുകയും ചെയ്തു.

22 ഉസ്സിയായുടെ മറ്റു പ്രവര്‍ത്തനങ്ങള്‍ ആദ്യന്തം ആമോസിന്‍റെ പുത്രനായ യെശയ്യാപ്രവാചകന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഉസ്സിയാ മരിച്ചു തന്‍റെ പിതാക്കന്മാരോടു ചേര്‍ന്നു.

23 “അദ്ദേഹം ഒരു കുഷ്ഠരോഗിയാണ്” എന്നു പറഞ്ഞു രാജാക്കന്മാര്‍ക്കുള്ള ശ്മശാനഭൂമിയില്‍ പിതാക്കന്മാരുടെ കല്ലറകള്‍ക്കു സമീപം അദ്ദേഹത്തെ സംസ്കരിച്ചു. അദ്ദേഹത്തിന്‍റെ പുത്രനായ യോഥാം പകരം രാജാവായി.

27

1

രാജാവാകുമ്പോള്‍ യോഥാമിന് ഇരുപത്തഞ്ചു വയസ്സായിരുന്നു. അദ്ദേഹം പതിനാറു വര്‍ഷം യെരൂശലേമില്‍ ഭരിച്ചു. സാദോക്കിന്‍റെ പുത്രി യെരൂശാ ആയിരുന്നു മാതാവ്.

2 തന്‍റെ പിതാവായ ഉസ്സിയായെപ്പോലെ അദ്ദേഹവും സര്‍വേശ്വരനു ഹിതകരമാംവിധം ജീവിച്ചു. എന്നാല്‍ പിതാവിനെപ്പോലെ അദ്ദേഹം സര്‍വേശ്വരന്‍റെ ആലയത്തില്‍ അതിക്രമിച്ചു കടന്നില്ല. ജനം ദുഷ്പ്രവൃത്തികള്‍ തുടര്‍ന്നുകൊണ്ടിരുന്നു.

3

ദേവാലയത്തിന്‍റെ വടക്കേ പടിവാതിലും ഓഫേല്‍ മതിലിന്‍റെ ഏറിയഭാഗവും അദ്ദേഹം നിര്‍മ്മിച്ചു.

4 യെഹൂദാ മലമ്പ്രദേശത്തു നഗരങ്ങളും കാടു നിറഞ്ഞ മലകളില്‍ കോട്ടകളും ഗോപുരങ്ങളും അദ്ദേഹം പണിതു.

5 അദ്ദേഹം അമ്മോന്യരാജാവിനെ യുദ്ധം ചെയ്തു തോല്പിച്ചു. അമ്മോന്യര്‍ യോഥാമിന് ആ വര്‍ഷം നൂറു താലന്ത് വെള്ളിയും പതിനായിരം കോര്‍ കോതമ്പും അത്രയുംതന്നെ ബാര്‍ലിയും നല്‌കി. അതുപോലെതന്നെ തുടര്‍ന്നുള്ള രണ്ടു വര്‍ഷവും കൊടുത്തു.

6 തന്‍റെ ദൈവമായ സര്‍വേശ്വരനു ഹിതകരമാംവിധം ജീവിതകാര്യങ്ങള്‍ ക്രമപ്പെടുത്തിയിരുന്നതുകൊണ്ട് അദ്ദേഹം ശക്തനായിത്തീര്‍ന്നു.

7 യോഥാമിന്‍റെ മറ്റു പ്രവര്‍ത്തനങ്ങളും അദ്ദേഹം ചെയ്ത യുദ്ധങ്ങളും ജീവിതരീതിയും ഇസ്രായേലിലെയും യെഹൂദായിലെയും രാജാക്കന്മാരുടെ ചരിത്രപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

8 ഇരുപത്തഞ്ചാം വയസ്സില്‍ വാഴ്ച ആരംഭിച്ച യോഥാം പതിനാറു വര്‍ഷം യെരൂശലേമില്‍ ഭരിച്ചു.

9 യോഥാം മരിച്ച് തന്‍റെ പിതാക്കന്മാരോടു ചേര്‍ന്നു. ദാവീദിന്‍റെ നഗരത്തില്‍ അദ്ദേഹത്തെ സംസ്കരിച്ചു. പുത്രന്‍ ആഹാസ് പകരം രാജാവായി.

28

1

വാഴ്ച ആരംഭിച്ചപ്പോള്‍ ആഹാസിന് ഇരുപതു വയസ്സായിരുന്നു; അദ്ദേഹം പതിനാറു വര്‍ഷം യെരൂശലേമില്‍ ഭരിച്ചു; എന്നാല്‍ പൂര്‍വപിതാവായ ദാവീദിനെപ്പോലെ സര്‍വേശ്വരനു ഹിതകരമായവിധം അദ്ദേഹം പ്രവര്‍ത്തിച്ചില്ല.

2 ഇസ്രായേല്‍രാജാക്കന്മാരെപ്പോലെ അദ്ദേഹം ജീവിച്ചു; ബാല്‍വിഗ്രഹങ്ങള്‍ വാര്‍ത്തുണ്ടാക്കി.

3 ബെന്‍-ഹിന്നോം താഴ്വരയില്‍ അദ്ദേഹം ധൂപം അര്‍പ്പിച്ചു; ഇസ്രായേല്‍ജനത്തിന്‍റെ ഇടയില്‍നിന്നു സര്‍വേശ്വരന്‍ നീക്കിക്കളഞ്ഞ ജനതകളുടെ മ്ലേച്ഛാചാരപ്രകാരം തന്‍റെ പുത്രന്മാരെ അഗ്നിയില്‍ ഹോമിച്ചു.

4 അദ്ദേഹം പൂജാഗിരികളിലും കുന്നുകളിലും സകല പച്ചമരങ്ങളുടെ തണലിലും ബലിയും ധൂപവും അര്‍പ്പിച്ചു.

5

ആഹാസിനെ ദൈവമായ സര്‍വേശ്വരന്‍ സിറിയാരാജാവിന്‍റെ കൈയില്‍ ഏല്പിച്ചു. സിറിയാരാജാവ് അദ്ദേഹത്തെ തോല്പിച്ച് ജനങ്ങളില്‍ അനേകം പേരെ തടവുകാരാക്കി ദമാസ്കസിലേക്കു കൊണ്ടുപോയി. പിന്നീടു സര്‍വേശ്വരന്‍ ആഹാസിനെ ഇസ്രായേലിന്‍റെ കൈയില്‍ ഏല്പിച്ചു. അവരും ഒരു വലിയ കൂട്ടക്കൊല നടത്തി അദ്ദേഹത്തെ പരാജയപ്പെടുത്തി.

6 ഇസ്രായേല്‍രാജാവും രെമല്യായുടെ പുത്രനുമായ പേക്കഹ് യെഹൂദ്യയില്‍ ഒരുലക്ഷത്തിരുപതിനായിരം ധീരയോദ്ധാക്കളെ ഒറ്റ ദിവസം സംഹരിച്ചു. അവര്‍ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സര്‍വേശ്വരനെ ഉപേക്ഷിച്ചുവല്ലോ.

7 എഫ്രയീമ്യനും ധീരനുമായ സിക്രി, രാജകുമാരനായ മയശേയായെയും കൊട്ടാരത്തിലെ സേനാനായകനായ അസ്രീക്കാമിനെയും രാജാവു കഴിഞ്ഞുള്ള അടുത്ത അധികാരിയായ എല്‌ക്കാനയെയും വധിച്ചു.

8 ഇസ്രായേല്യര്‍ അവരുടെ ചാര്‍ച്ചക്കാരായ യെഹൂദ്യരില്‍ സ്‍ത്രീകളും കുഞ്ഞുങ്ങളും ഉള്‍പ്പെടെ രണ്ടുലക്ഷം പേരെ ബന്ധനസ്ഥരാക്കി; അവരോടൊപ്പം വളരെയധികം കൊള്ളമുതലും അവര്‍ ശമര്യയിലേക്കു കൊണ്ടുപോയി.

9

സര്‍വേശ്വരന്‍റെ പ്രവാചകനായി ഒദേദ് എന്നൊരാള്‍ അവിടെ ഉണ്ടായിരുന്നു. അദ്ദേഹം ശമര്യയിലേക്കു വന്ന സൈന്യത്തിനു നേരേ ചെന്നു പറഞ്ഞു: “നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സര്‍വേശ്വരന്‍ യെഹൂദായോടു കോപിച്ചിരുന്നതുകൊണ്ട് അവരെ നിങ്ങളുടെ കൈയില്‍ ഏല്പിച്ചു. നിങ്ങള്‍ അവരെ അതിക്രൂരമായി സംഹരിച്ച വിവരം ദൈവസന്നിധിയില്‍ എത്തിയിരിക്കുന്നു.

10 ഇപ്പോള്‍ നിങ്ങള്‍ യെരൂശലേമിലും യെഹൂദ്യയിലുമുള്ള സ്‍ത്രീപുരുഷന്മാരെ അടിമകളാക്കാന്‍ ഒരുങ്ങുന്നു. നിങ്ങളുടെ ദൈവമായ സര്‍വേശ്വരനോടു നിങ്ങളും പാപം ചെയ്തിട്ടില്ലേ?

11 അതുകൊണ്ട് ഞാന്‍ പറയുന്നതു ശ്രദ്ധിക്കുക. നിങ്ങള്‍ ബന്ധനസ്ഥരാക്കിക്കൊണ്ടുവന്ന നിങ്ങളുടെ ചാര്‍ച്ചക്കാരെ വിട്ടയയ്‍ക്കണം. അങ്ങനെ ചെയ്തില്ലെങ്കില്‍ അവിടുത്തെ ഉഗ്രകോപം നിങ്ങളുടെമേല്‍ പതിക്കും.”

12

എഫ്രയീമ്യനേതാക്കന്മാരായ യോഹാനാന്‍റെ പുത്രന്‍ അസര്യാ, മെശില്ലേമോത്തിന്‍റെ പുത്രന്‍ ബേരെഖ്യാ, ശല്ലൂമിന്‍റെ പുത്രന്‍ യെഹിസ്കീയാ, ഹദ്ലായിയുടെ പുത്രന്‍ അമാസ എന്നീ നാലു പേര്‍ യുദ്ധം കഴിഞ്ഞ് മടങ്ങിവന്നവരോടു പറഞ്ഞു:

13 “യുദ്ധത്തടവുകാരെ നിങ്ങള്‍ ഇവിടെ കൊണ്ടുവരരുത്; അങ്ങനെ ചെയ്താല്‍ നമ്മുടെ ഇപ്പോഴുള്ള പാപങ്ങള്‍ക്കും അകൃത്യങ്ങള്‍ക്കും പുറമേ സര്‍വേശ്വരന് എതിരെയുള്ള നമ്മുടെ അകൃത്യം വര്‍ധിക്കും. നമ്മുടെ കുറ്റം ഇപ്പോള്‍ തന്നെ വളരെ വലുതാണ്; ഇസ്രായേലിനെതിരെ അവിടുത്തെ ഉഗ്രകോപം ജ്വലിക്കും.”

14 പടയാളികള്‍ അപ്പോള്‍ തന്നെ പ്രഭുക്കന്മാരുടെയും ജനസമൂഹം മുഴുവന്‍റെയും മുമ്പില്‍ തടവുകാരോടൊപ്പം കൊള്ളമുതലും ഉപേക്ഷിച്ചുപോയി.

15 പ്രത്യേകം നിയോഗിക്കപ്പെട്ടിരുന്ന ആളുകള്‍ മുമ്പോട്ടു വന്നു തടവുകാരെ ഏറ്റെടുത്തു. അവരില്‍ നഗ്നരായവരെ കൊള്ളമുതലില്‍ നിന്നെടുത്ത വസ്ത്രങ്ങളും ചെരുപ്പും ധരിപ്പിച്ച് അവര്‍ക്ക് ഭക്ഷണപാനീയങ്ങളും നല്‌കി; മുറിവുകളില്‍ എണ്ണ പുരട്ടി; അവശരായവരെ കഴുതപ്പുറത്തു കയറ്റി, അങ്ങനെ അവരെയെല്ലാം ഈന്തപ്പനകളുടെ നഗരമായ യെരീഹോവില്‍ അവരുടെ ചാര്‍ച്ചക്കാരുടെ അടുക്കല്‍ കൊണ്ടുചെന്നാക്കിയ ശേഷം അവര്‍ ശമര്യയിലേക്കു മടങ്ങി.

16

[16,17] എദോമ്യര്‍ വീണ്ടും വന്നു യെഹൂദ്യരെ തോല്പിക്കുകയും അനേകം ആളുകളെ തടവുകാരായി പിടിച്ചു കൊണ്ടുപോകുകയും ചെയ്തപ്പോള്‍ ആഹാസ്‍രാജാവ് അസ്സീറിയാരാജാവിന്‍റെ സഹായം അപേക്ഷിച്ചു.

17

18 താഴ്വരയിലും യെഹൂദ്യയുടെ തെക്കുമുള്ള പട്ടണങ്ങള്‍ ഫെലിസ്ത്യര്‍ ആക്രമിച്ചു; അവര്‍ ബേത്ത്-ശേമെശ്, അയ്യാലോന്‍, ഗെദേരൊത്ത് എന്നീ പട്ടണങ്ങളും സോഖോ, തിമ്നാ, ഗിംസോ എന്നീ പട്ടണങ്ങളും അവയോടു ചേര്‍ന്ന ഗ്രാമങ്ങളും കൈവശപ്പെടുത്തി അവിടെ പാര്‍ത്തു.

19 ആഹാസ്‍രാജാവ് ദുര്‍വൃത്തനായി ജീവിക്കുകയും സര്‍വേശ്വരനോട് അവിശ്വസ്തനായി വര്‍ത്തിക്കുകയും ചെയ്തതുകൊണ്ട് അദ്ദേഹം നിമിത്തം യെഹൂദ്യയുടെമേല്‍ അവിടുന്നു അനര്‍ഥം വരുത്തി.

20 അസ്സീറിയാരാജാവായ തിഗ്ലത്ത്-പില്‍നേസെര്‍ അദ്ദേഹത്തെ സഹായിക്കുന്നതിനു പകരം ദ്രോഹിക്കുകയാണ് ചെയ്തത്.

21 ആഹാസ് സര്‍വേശ്വരന്‍റെ ആലയത്തിലും രാജകൊട്ടാരത്തിലും പ്രഭുക്കന്മാരുടെ ഭവനങ്ങളിലും ഉണ്ടായിരുന്ന ധനം കവര്‍ന്നെടുത്ത് അസ്സീറിയാരാജാവിനു കപ്പം കൊടുത്തിട്ടും അദ്ദേഹത്തിനു പ്രയോജനം ഉണ്ടായില്ല.

22

കൊടിയ ദുരിതം ഉണ്ടായപ്പോള്‍ ആഹാസ് സര്‍വേശ്വരനോടു കൂടുതല്‍ അവിശ്വസ്തത കാട്ടി.

23 “സിറിയാരാജാക്കന്മാരുടെ ദേവന്മാര്‍ അവരെ സഹായിച്ചു; അവര്‍ എന്നെയും സഹായിക്കാന്‍വേണ്ടി ഞാന്‍ ബലിയര്‍പ്പിക്കും” എന്നു പറഞ്ഞു തന്നെ പരാജയപ്പെടുത്തിയ ദമാസ്ക്കസിലെ ദേവന്മാര്‍ക്ക് ആഹാസ് ബലിയര്‍പ്പിച്ചു. ഇത് ആഹാസിന്‍റെയും ഇസ്രായേല്‍ മുഴുവന്‍റെയും നാശത്തിനു കാരണമായി.

24 അദ്ദേഹം ദേവാലയത്തിലെ പാത്രങ്ങളെല്ലാം തല്ലിയുടച്ചു. സര്‍വേശ്വരമന്ദിരത്തിന്‍റെ വാതില്‍ അദ്ദേഹം അടച്ചിട്ടു. യെരൂശലേമിന്‍റെ ഓരോ മുക്കിനും മൂലയിലും ബലിപീഠങ്ങളുണ്ടാക്കി.

25 അന്യദേവന്മാര്‍ക്കു ധൂപം അര്‍പ്പിക്കുന്നതിനു യെഹൂദ്യയിലെ സകല പട്ടണങ്ങളിലും പൂജാഗിരികള്‍ നിര്‍മ്മിച്ചു; അങ്ങനെ തന്‍റെ പിതാക്കന്മാരുടെ ദൈവമായ സര്‍വേശ്വരനെ പ്രകോപിപ്പിച്ചു.

26 അദ്ദേഹത്തിന്‍റെ മറ്റെല്ലാ പ്രവര്‍ത്തനങ്ങളും ജീവിതരീതികളും ആദ്യന്തം യെഹൂദ്യയിലെയും ഇസ്രായേലിലെയും രാജാക്കന്മാരുടെ ചരിത്രപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

27 ആഹാസ് മരിച്ചു തന്‍റെ പിതാക്കന്മാരോടു ചേര്‍ന്നു. അദ്ദേഹത്തെ യെരൂശലേമില്‍ സംസ്കരിച്ചു. എന്നാല്‍ ഇസ്രായേല്‍രാജാക്കന്മാരുടെ കല്ലറയില്‍ ആയിരുന്നില്ല. അദ്ദേഹത്തിന്‍റെ പുത്രന്‍ ഹിസ്കീയാ പകരം രാജാവായി.

29

1

ഇരുപത്തഞ്ചാം വയസ്സില്‍ ഹിസ്കീയാ വാഴ്ച ആരംഭിച്ചു. അദ്ദേഹം യെരൂശലേമില്‍ ഇരുപത്തൊമ്പതു വര്‍ഷം ഭരിച്ചു. സെഖര്യായുടെ പുത്രി അബീയാ ആയിരുന്നു അദ്ദേഹത്തിന്‍റെ മാതാവ്.

2 പിതാവായ ദാവീദിനെപ്പോലെ സര്‍വേശ്വരനു ഹിതകരമാംവിധം അദ്ദേഹം ജീവിച്ചു.

3

തന്‍റെ വാഴ്ചയുടെ ഒന്നാം വര്‍ഷം ഒന്നാം മാസം അദ്ദേഹം സര്‍വേശ്വരമന്ദിരത്തിന്‍റെ വാതിലുകള്‍ തുറക്കുകയും കേടുപാടുകള്‍ തീര്‍ക്കുകയും ചെയ്തു.

4 അദ്ദേഹം പുരോഹിതന്മാരെയും ലേവ്യരെയും ദേവാലയത്തിന്‍റെ കിഴക്കെ അങ്കണത്തില്‍ വിളിച്ചുകൂട്ടി;

5 അവരോടു പറഞ്ഞു: “ലേവ്യരേ, എന്‍റെ വാക്കു ശ്രദ്ധിക്കുക; നിങ്ങളെത്തന്നെ ശുദ്ധീകരിക്കുവിന്‍. നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സര്‍വേശ്വരന്‍റെ ആലയവും ശുദ്ധീകരിക്കണം. വിശുദ്ധമന്ദിരത്തിലെ മാലിന്യങ്ങള്‍ നീക്കിക്കളയുകയും വേണം.

6 നമ്മുടെ പിതാക്കന്മാര്‍ സര്‍വേശ്വരനോട് അവിശ്വസ്തരായി വര്‍ത്തിച്ചു; നമ്മുടെ ദൈവമായ സര്‍വേശ്വരനു ഹിതകരമല്ലാത്ത തിന്മപ്രവൃത്തികള്‍ ചെയ്യുകയും അവിടുത്തെ ഉപേക്ഷിക്കുകയും ചെയ്തു. അവര്‍ സര്‍വേശ്വരന്‍റെ ആലയത്തില്‍നിന്നും മുഖം തിരിക്കുകയും അതിനു പുറം കാട്ടുകയും ചെയ്തിരിക്കുന്നു.

7 അവര്‍ ദേവാലയത്തിന്‍റെ പൂമുഖവാതിലുകള്‍ അടച്ചു വിളക്കുകള്‍ കെടുത്തി; വിശുദ്ധമന്ദിരത്തില്‍ ഇസ്രായേലിന്‍റെ ദൈവത്തിനു ധൂപമോ, ഹോമയാഗമോ അര്‍പ്പിക്കാതെയും ആയി.

8 അതുകൊണ്ട് അവിടുത്തെ കോപം യെഹൂദ്യയുടെയും യെരൂശലേമിന്‍റെയും നേരെ ജ്വലിച്ചു; നിങ്ങളുടെ സ്വന്തം കണ്ണുകള്‍കൊണ്ടു കാണുന്നതുപോലെ അവിടുന്ന് അവരെ ഭീതിക്കും അമ്പരപ്പിനും പരിഹാസത്തിനും പാത്രമാക്കിയിരിക്കുന്നു.

9 നമ്മുടെ പിതാക്കന്മാര്‍ വാളിന് ഇരയായി; നമ്മുടെ പുത്രീപുത്രന്മാരും ഭാര്യമാരും പ്രവാസികളുമായി.

10 അവിടുത്തെ ഉഗ്രകോപം നമ്മില്‍നിന്നു മാറുന്നതിന് ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരനോട് ഉടമ്പടി ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

11 എന്‍റെ മക്കളേ, നിങ്ങള്‍ ഇനി ഉപേക്ഷ കാണിക്കരുത്; അവിടുത്തെ സന്നിധിയില്‍ നില്‌ക്കാനും ശുശ്രൂഷ ചെയ്യാനും അവിടുത്തേക്കു ധൂപം അര്‍പ്പിക്കാനും സര്‍വേശ്വരന്‍ നിങ്ങളെ തിരഞ്ഞെടുത്തിരിക്കുകയാണല്ലോ?”

12

അപ്പോള്‍ കെഹാത്യരില്‍ അമാസായിയുടെ പുത്രന്‍ മഹത്തും അസര്യായുടെ പുത്രന്‍ യോവേലും മെരാര്യരില്‍ അബ്ദിയുടെ പുത്രന്‍ കീശും യെഹല്ലെലേലിന്‍റെ പുത്രന്‍ അസര്യായും ഗേര്‍ശോന്യരില്‍ സിമ്മയുടെ പുത്രന്‍ യോവാഹും യോവാഹിന്‍റെ പുത്രന്‍ ഏദെനും

13 എലീസാഫാന്യരില്‍ സിമ്രിയും യെയൂവേലും ആസാഫ്യരില്‍ സെഖര്യായും മഥന്യായും

14 ഹേമാന്യരില്‍ യെഹൂവേലും ശിമെയിയും യെദുഥൂന്യരില്‍ ശിമയ്യായും ഉസ്സീയേലും മുമ്പോട്ടു വന്നു. അവര്‍ എല്ലാവരും ലേവ്യരായിരുന്നു.

15 അവര്‍ തങ്ങളുടെ സഹോദരന്മാരെയെല്ലാം വിളിച്ചുകൂട്ടി തങ്ങളെത്തന്നെ ശുദ്ധീകരിച്ചു. സര്‍വേശ്വരന്‍ അരുളിച്ചെയ്ത പ്രകാരവും രാജാവ് കല്പിച്ചതുപോലെയും സര്‍വേശ്വരമന്ദിരം വെടിപ്പാക്കാന്‍ അവര്‍ ഉള്ളില്‍ കടന്നു.

16 സര്‍വേശ്വരമന്ദിരത്തിന്‍റെ ഉള്‍ഭാഗം വെടിപ്പാക്കാന്‍ പുരോഹിതന്മാരും അകത്തു പ്രവേശിച്ചു. അവര്‍ സര്‍വേശ്വരന്‍റെ ആലയത്തില്‍ കണ്ട മാലിന്യങ്ങളെല്ലാം പുറത്ത് ദേവാലയാങ്കണത്തില്‍ കൊണ്ടുവന്നു. ലേവ്യര്‍ അവ വാങ്ങി കിദ്രോന്‍ അരുവിയിലേക്കു കൊണ്ടുപോയി.

17 ഒന്നാം മാസം ഒന്നാം ദിവസം അവര്‍ ശുദ്ധീകരണം ആരംഭിച്ച് എട്ടാം ദിവസം ദേവാലയ പൂമുഖത്തെത്തി. തുടര്‍ന്ന് എട്ടു ദിവസം കൊണ്ടു സര്‍വേശ്വരന്‍റെ ആലയം ശുദ്ധീകരിച്ചു; ഒന്നാം മാസം പതിനാറാം ദിവസം അവര്‍ ശുദ്ധീകരണം പൂര്‍ത്തിയാക്കി.

18

അവര്‍ ഹിസ്കീയാരാജാവിന്‍റെ അടുക്കല്‍ ചെന്നു പറഞ്ഞു: “ഞങ്ങള്‍ സര്‍വേശ്വരന്‍റെ ആലയം മുഴുവനും ഹോമപീഠവും അതിന്‍റെ ഉപകരണങ്ങളും കാഴ്ചയപ്പത്തിന്‍റെ മേശയും അതിന്‍റെ ഉപകരണങ്ങളുമെല്ലാം ശുദ്ധീകരിച്ചു.

19 ആഹാസ്‍രാജാവ് ദൈവത്തോട് അവിശ്വസ്തനായി ഭരണം നടത്തിയ കാലത്ത് അവഗണിച്ചിരുന്ന ഉപകരണങ്ങളെല്ലാം കേടുപാടുകള്‍ തീര്‍ത്തു ഞങ്ങള്‍ ശുദ്ധീകരിച്ചിരിക്കുന്നു; അവ സര്‍വേശ്വരന്‍റെ യാഗപീഠത്തിനു മുമ്പില്‍ വച്ചിട്ടുണ്ട്.

20

ഹിസ്കീയാരാജാവ് അതിരാവിലെ എഴുന്നേറ്റ് നഗരത്തിലെ പ്രഭുക്കന്മാരെയും കൂട്ടി സര്‍വേശ്വരമന്ദിരത്തില്‍ ചെന്നു.

21 അവര്‍ രാജകുടുംബത്തിനും വിശുദ്ധമന്ദിരത്തിനും യെഹൂദായ്‍ക്കുംവേണ്ടി പാപപരിഹാരയാഗമായി അര്‍പ്പിക്കുന്നതിന് ഏഴു കാളകളെയും ഏഴു മുട്ടാടുകളെയും ഏഴു ചെമ്മരിയാടുകളെയും ഏഴ് ആണ്‍കോലാടുകളെയും കൊണ്ടുവന്നു. അവയെ സര്‍വേശ്വരന്‍റെ യാഗപീഠത്തില്‍ അര്‍പ്പിക്കാന്‍ രാജാവ് അഹരോന്‍റെ പുത്രന്മാരായ പുരോഹിതന്മാരോടു കല്പിച്ചു.

22 അവര്‍ കാളകളെ കൊന്നു; പുരോഹിതന്മാര്‍ രക്തം എടുത്തു യാഗപീഠത്തിന്മേല്‍ തളിച്ചു; മുട്ടാടുകളെ കൊന്ന് അവയുടെ രക്തവും ചെമ്മരിയാടുകളെ കൊന്ന് അവയുടെ രക്തവും യാഗപീഠത്തിന്മേല്‍ തളിച്ചു.

23 പിന്നീട് പാപപരിഹാരയാഗത്തിനുള്ള ആണ്‍കോലാടുകളെ രാജാവിന്‍റെയും സഭയുടെയും മുമ്പില്‍ കൊണ്ടുവന്നു; അവര്‍ അവയുടെമേല്‍ കൈകള്‍ വച്ചു.

24 പുരോഹിതന്മാര്‍ അവയെ കൊന്നു സര്‍വ ഇസ്രായേലിനുംവേണ്ടി പ്രായശ്ചിത്തം ചെയ്യാന്‍ അവയുടെ രക്തം യാഗപീഠത്തിന്മേല്‍ പാപപരിഹാരയാഗമായി അര്‍പ്പിച്ചു. ഇസ്രായേല്‍ മുഴുവനുംവേണ്ടി ഹോമയാഗവും പാപപരിഹാരയാഗവും അര്‍പ്പിക്കണമെന്നു രാജാവ് കല്പിച്ചിരുന്നു.

25

ദാവീദുരാജാവും രാജാവിന്‍റെ പ്രവാചകന്മാരായ ഗാദും നാഥാനും നിര്‍ദ്ദേശിച്ചിട്ടുള്ളതുപോലെ ലേവ്യരെ ഇലത്താളം, വീണ, കിന്നരം എന്നിവയുമായി സര്‍വേശ്വരന്‍റെ ആലയത്തില്‍ നിര്‍ത്തി. അങ്ങനെ ചെയ്യാന്‍ പ്രവാചകരിലൂടെ സര്‍വേശ്വരന്‍ കല്പിച്ചിരുന്നു.

26 ദാവീദിന്‍റെ വാദ്യോപകരണങ്ങളുമായി ലേവ്യരും കാഹളങ്ങളുമായി പുരോഹിതന്മാരും നിലയുറപ്പിച്ചു.

27 അപ്പോള്‍ യാഗപീഠത്തില്‍ ഹോമയാഗം അര്‍പ്പിക്കാന്‍ ഹിസ്കീയാ കല്പിച്ചു. യാഗം ആരംഭിച്ചതോടെ അവര്‍ കാഹളങ്ങളോടും ദാവീദിന്‍റെ വാദ്യോപകരണങ്ങളോടുംകൂടി സര്‍വേശ്വരനു ഗാനം ആലപിക്കാന്‍ തുടങ്ങി.

28 സഭ മുഴുവന്‍ ആരാധനയില്‍ പങ്കുചേര്‍ന്നു. ഗായകര്‍ ഗാനം ആലപിച്ചു; കാഹളം ഊതുന്നവര്‍ അതു മുഴക്കി. ഹോമയാഗം അവസാനിക്കുംവരെ അതു തുടര്‍ന്നുകൊണ്ടിരുന്നു.

29 യാഗം അര്‍പ്പിച്ചു കഴിഞ്ഞപ്പോള്‍ രാജാവും കൂടെ ഉണ്ടായിരുന്നവരും കുമ്പിട്ടു വണങ്ങി.

30 പിന്നീട് ദാവീദിന്‍റെയും ആസാഫ് ദീര്‍ഘദര്‍ശിയുടെയും വാക്കുകളില്‍ സര്‍വേശ്വരനു സ്തോത്രം അര്‍പ്പിക്കാന്‍ ഹിസ്കീയാരാജാവും പ്രഭുക്കന്മാരും ലേവ്യരോടു കല്പിച്ചു. അവര്‍ സന്തോഷപൂര്‍വം സ്തോത്രം ആലപിച്ചു, സാഷ്ടാംഗം പ്രണമിച്ചു.

31

ഹിസ്കീയാ പറഞ്ഞു: “നിങ്ങള്‍ ഇപ്പോള്‍ നിങ്ങളെത്തന്നെ സര്‍വേശ്വരനു പ്രതിഷ്ഠിച്ചിരിക്കുന്നു. സര്‍വേശ്വരമന്ദിരത്തില്‍ യാഗങ്ങളും സ്തോത്രവഴിപാടുകളും കൊണ്ടുവരിക.”

32 ജനസമൂഹം അവ കൊണ്ടുവന്നു; ചിലര്‍ സ്വമേധയാ ഹോമയാഗത്തിനുള്ള വസ്തുക്കളും കൊണ്ടുവന്നു. ജനസമൂഹം ഹോമയാഗത്തിനായി എഴുപതു കാളകളെയും നൂറു മൂട്ടാടുകളെയും ഇരുനൂറ് ആട്ടിന്‍കുട്ടികളെയും സമര്‍പ്പിച്ചു.

33 ഇവയ്‍ക്കു പുറമേ അറുനൂറു കാളകളെയും മൂവായിരം ആടുകളെയും അവര്‍ അര്‍പ്പിച്ചു.

34 പുരോഹിതന്മാര്‍ കുറവായിരുന്നതിനാല്‍ യാഗമൃഗങ്ങളുടെ തോലുരിച്ചു സജ്ജമാക്കുന്നതിന് ലേവ്യര്‍ അവരെ സഹായിച്ചു. മറ്റു ജോലിയെല്ലാം തീര്‍ത്തു പുരോഹിതന്മാര്‍ തങ്ങളെത്തന്നെ ശുദ്ധീകരിക്കുന്നതുവരെ അവര്‍ ആ ജോലി തുടര്‍ന്നു. തങ്ങളെത്തന്നെ ശുദ്ധീകരിക്കുന്നതില്‍ ലേവ്യര്‍ പുരോഹിതന്മാരെക്കാള്‍ അധികം ഉത്സുകരായിരുന്നു.

35 ധാരാളം ഹോമയാഗങ്ങള്‍ക്കു പുറമേ സമാധാനയാഗങ്ങള്‍ക്കുള്ള മേദസ്സും ഹോമയാഗങ്ങള്‍ക്കുള്ള പാനീയബലികളും നിവേദിക്കപ്പെട്ടു. അങ്ങനെ സര്‍വേശ്വരന്‍റെ ആലയത്തിലെ ആരാധന പുനഃസ്ഥാപിച്ചു.

36 ഇവയെല്ലാം ഇത്രവേഗം ചെയ്തുതീര്‍ക്കാന്‍ ദൈവം തന്‍റെ ജനത്തെ സഹായിച്ചതോര്‍ത്ത് ഹിസ്കീയായും ജനസമൂഹവും ആഹ്ലാദിച്ചു.

30

1

ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരനു പെസഹ ആചരിക്കാന്‍ യെരൂശലേമില്‍ സര്‍വേശ്വരാലയത്തിലേക്കു വരുന്നതിന് ഇസ്രായേലിലും യെഹൂദ്യയിലുമുള്ള എല്ലാവരുടെയും അടുക്കല്‍ ഹിസ്കീയാ ആളയയ്‍ക്കുകയും എഫ്രയീമിലേക്കും മനശ്ശെയിലേക്കും കത്തുകള്‍ എഴുതുകയും ചെയ്തു.

2 ഒന്നാം മാസത്തിലായിരുന്നു പെസഹ ആചരിക്കേണ്ടിയിരുന്നത്.

3 എന്നാല്‍ ശുദ്ധീകരണം കഴിഞ്ഞ പുരോഹിതന്മാര്‍ വേണ്ടത്ര ഇല്ലാതിരുന്നതുകൊണ്ടും ജനം യെരൂശലേമില്‍ ഒന്നിച്ചുകൂടാതിരുന്നതുകൊണ്ടും യഥാസമയം ആചരിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. അതുകൊണ്ടു രണ്ടാം മാസത്തില്‍ പെസഹ ആചരിക്കാന്‍ രാജാവും പ്രഭുക്കന്മാരും യെരൂശലേംനിവാസികളും ആലോചിച്ചു.

4 അത് രാജാവിനും ജനത്തിനും സ്വീകാര്യമായിരുന്നു.

5 ജനം ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരനു പെസഹ ആചരിക്കാന്‍ യെരൂശലേമില്‍ വന്നുകൂടുന്നതിനു ബേര്‍-ശേബമുതല്‍ ദാന്‍വരെ ഇസ്രായേലിലെല്ലാം വിളംബരം ചെയ്യണമെന്ന് അവര്‍ കല്പന നല്‌കി. അതുവരെ വിധിപ്രകാരം അധികം പേര്‍ പെസഹ ആചരിച്ചിരുന്നില്ല.

6 രാജാവും പ്രഭുക്കന്മാരും ചേര്‍ന്നു തയ്യാറാക്കിയ കത്തുകളുമായി സന്ദേശവാഹകര്‍ ഇസ്രായേലിലും യെഹൂദ്യയിലും സഞ്ചരിച്ചു. രാജാവ് ഇപ്രകാരം കല്പിച്ചിരുന്നു: “ഇസ്രായേല്‍ജനമേ, അസ്സീറിയാരാജാക്കന്മാരുടെ കൈയില്‍നിന്നു രക്ഷപെട്ട നിങ്ങള്‍ അബ്രഹാമിന്‍റെയും ഇസ്ഹാക്കിന്‍റെയും ഇസ്രായേലിന്‍റെയും ദൈവമായ സര്‍വേശ്വരനിലേക്കു തിരിയുക. എന്നാല്‍ അവിടുത്തെ കൃപാകടാക്ഷം നിങ്ങള്‍ക്കുണ്ടാകും.

7 നിങ്ങളുടെ പിതാക്കന്മാരെയും സഹോദരരെയുംപോലെ നിങ്ങള്‍ ആകരുത്; അവര്‍ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സര്‍വേശ്വരനോട് അവിശ്വസ്തരായി; അതുകൊണ്ട് നിങ്ങള്‍ക്ക് അറിയാവുന്നതുപോലെ അവിടുന്ന് അവരെ നശിപ്പിച്ചു.

8 നിങ്ങളുടെ പിതാക്കന്മാരെപ്പോലെ നിങ്ങള്‍ ദുശ്ശാഠ്യക്കാര്‍ ആകരുത്. സര്‍വേശ്വരനു നിങ്ങളെത്തന്നെ സമര്‍പ്പിക്കുവിന്‍. അവിടുന്ന് എന്നേക്കുമായി വിശുദ്ധീകരിച്ചിരിക്കുന്ന അവിടുത്തെ വിശുദ്ധമന്ദിരത്തില്‍ വന്ന് നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ ആരാധിക്കുവിന്‍. അങ്ങനെ അവിടുത്തെ ഉഗ്രകോപം നിങ്ങളെ വിട്ടുമാറട്ടെ.

9 നിങ്ങള്‍ സര്‍വേശ്വരനിലേക്കു തിരിയുന്നുവെങ്കില്‍ നിങ്ങളുടെ സഹോദരരും മക്കളും അവരെ തടവുകാരാക്കിക്കൊണ്ടുപോയവരുടെ മുമ്പില്‍ കരുണ കണ്ടെത്തുകയും ഈ ദേശത്തേക്കു മടങ്ങിവരികയും ചെയ്യും. നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ കൃപയും കരുണയുമുള്ളവന്‍. നിങ്ങള്‍ അവിടുത്തെ അടുക്കലേക്കു തിരിഞ്ഞാല്‍ നിങ്ങളില്‍നിന്ന് അവിടുന്നു മുഖം തിരിച്ചുകളയുകയില്ല.”

10 ദൂതന്മാര്‍ എഫ്രയീമ്യരുടെയും മനശ്ശ്യെരുടെയും ഗോത്രങ്ങള്‍ക്ക് അവകാശപ്പെട്ട സകല പട്ടണങ്ങളിലും സെബൂലൂന്‍ഗോത്രക്കാരുടെ അടുക്കല്‍വരെയും സഞ്ചരിച്ചു. അവിടെയുള്ള ജനങ്ങളാകട്ടെ അവരെ പുച്ഛിച്ചു പരിഹസിച്ചു.

11 എന്നാല്‍ ആശേര്‍, മനശ്ശെ, സെബൂലൂന്‍ എന്നീ ഗോത്രങ്ങളിലുള്ള ചിലര്‍ തങ്ങളെത്തന്നെ വിനയപ്പെടുത്തി യെരൂശലേമിലേക്കു വന്നു.

12 സര്‍വേശ്വരന്‍റെ അരുളപ്പാടനുസരിച്ച് രാജാവും പ്രഭുക്കന്മാരും നല്‌കിയ കല്പന യെഹൂദ്യയിലെ ജനം ഏകമനസ്സോടെ അനുസരിക്കുന്നതിന് ഇടയാകുംവിധം ദൈവം പ്രവര്‍ത്തിച്ചു.

13

രണ്ടാം മാസത്തില്‍ പുളിപ്പില്ലാത്ത അപ്പത്തിന്‍റെ ഉത്സവം ആചരിക്കാന്‍ വലിയ ജനസമൂഹം യെരൂശലേമില്‍ വന്നുകൂടി.

14 അവര്‍ യെരൂശലേമിലുണ്ടായിരുന്ന സകല ബലിപീഠങ്ങളും നീക്കിക്കളഞ്ഞു; ധൂപാര്‍പ്പണത്തിനുള്ള പീഠങ്ങളെല്ലാം കിദ്രോന്‍ താഴ്വരയിലേക്ക് എറിഞ്ഞു.

15 രണ്ടാം മാസം പതിന്നാലാം ദിവസം അവര്‍ പെസഹാകുഞ്ഞാടിനെ കൊന്നു; ശുദ്ധീകരണം നടത്താത്ത പുരോഹിതന്മാരും ലേവ്യരും ലജ്ജിതരായി തങ്ങളെത്തന്നെ ശുദ്ധീകരിച്ചു സര്‍വേശ്വരന്‍റെ ആലയത്തില്‍ ഹോമയാഗത്തിനുള്ള വസ്തുക്കള്‍ സജ്ജമാക്കി.

16 അവര്‍ ദൈവപുരുഷനായ മോശയുടെ നിയമമനുസരിച്ചു തങ്ങള്‍ക്കുള്ള നിര്‍ദ്ദിഷ്ടസ്ഥാനങ്ങളില്‍ നിന്നു. പുരോഹിതന്മാര്‍ ലേവ്യരുടെ കൈയില്‍നിന്നു രക്തം വാങ്ങി യാഗപീഠത്തിന്മേല്‍ തളിച്ചു.

17 സ്വയം ശുദ്ധീകരിക്കാത്ത പലരും ആ സമൂഹത്തില്‍ ഉണ്ടായിരുന്നു; അവര്‍ക്കു പെസഹാകുഞ്ഞാടിനെ കൊല്ലുവാന്‍ കഴിയുമായിരുന്നില്ല. അവര്‍ക്ക് ഓരോരുത്തര്‍ക്കുംവേണ്ടി ലേവ്യര്‍ പെസഹാകുഞ്ഞാടിനെ കൊന്നു.

18 ഒരു വലിയ ജനസമൂഹം, വിശേഷിച്ച് എഫ്രയീം, മനശ്ശെ, ഇസ്സാഖാര്‍, സെബൂലൂന്‍ എന്നീ ഗോത്രങ്ങളില്‍ നിന്നുള്ള അനേകം പേര്‍ സ്വയം ശുദ്ധീകരിക്കാതെ വിധിപ്രകാരമല്ലാതെ പെസഹ ഭക്ഷിച്ചു. ഹിസ്കീയാ അവര്‍ക്കുവേണ്ടി പ്രാര്‍ഥിച്ചു:

19 “സര്‍വേശ്വരാ, ദേവാലയത്തിലെ നിയമപ്രകാരം ശുദ്ധീകരണം പ്രാപിച്ചവര്‍ അല്ലെങ്കിലും തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സര്‍വേശ്വരനെ പൂര്‍ണഹൃദയത്തോടെ അന്വേഷിക്കുന്ന എല്ലാവരോടും നല്ലവനായ അവിടുന്നു ക്ഷമിക്കണമേ.”

20 അവിടുന്നു ഹിസ്കീയായുടെ പ്രാര്‍ഥന കേട്ട് അവരെ ശിക്ഷിച്ചില്ല.

21 യെരൂശലേമില്‍ വന്നുകൂടിയിരുന്ന ഇസ്രായേല്‍ജനം പുളിപ്പില്ലാത്ത അപ്പത്തിന്‍റെ ഉത്സവം ഏഴു ദിവസം ആഹ്ലാദപൂര്‍വം ആചരിച്ചു. ലേവ്യരും പുരോഹിതന്മാരും സര്‍വശക്തിയോടുംകൂടെ ദിവസംതോറും സര്‍വേശ്വരനെ പാടി സ്തുതിച്ചു.

22 സര്‍വേശ്വരശുശ്രൂഷയില്‍ ലേവ്യര്‍ പ്രകടിപ്പിച്ച കാര്യക്ഷമതയെ ഹിസ്കീയാ അഭിനന്ദിച്ചു. തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സര്‍വേശ്വരന് സമാധാനയാഗങ്ങളും സ്തോത്രവും അര്‍പ്പിച്ചുകൊണ്ട് ജനം ഏഴു ദിവസം ഉത്സവം ആഘോഷിച്ചു.

23 ഏഴു ദിവസം കൂടി ഉത്സവം ആചരിക്കാന്‍ ജനസമൂഹം നിശ്ചയിച്ചു. അങ്ങനെ വേറെ ഏഴു ദിവസംകൂടി അവര്‍ ആഹ്ലാദപൂര്‍വം ആഘോഷിച്ചു.

24 യെഹൂദാരാജാവായ ഹിസ്കീയാ ആയിരം കാളകളെയും ഏഴായിരം ആടുകളെയും അവര്‍ക്കു നല്‌കി; കൂടാതെ പ്രഭുക്കന്മാര്‍ ആയിരം കാളകളെയും പതിനായിരം ആടുകളെയും അവര്‍ക്കു കൊടുത്തു. അനേകം പുരോഹിതന്മാര്‍ തങ്ങളെത്തന്നെ ശുദ്ധീകരിച്ചു.

25 യെഹൂദ്യയിലെ സമസ്ത ജനങ്ങളും പുരോഹിതന്മാരും ലേവ്യരും ഇസ്രായേലില്‍നിന്നു വന്ന ജനങ്ങളും ഇസ്രായേലിലും യെഹൂദ്യയിലും പാര്‍ക്കുന്നവരായ പരദേശികളും സന്തോഷിച്ചു.

26 യെരൂശലേമില്‍ അത്യധികമായ ആഹ്ലാദമുണ്ടായി. ഇസ്രായേല്‍രാജാവായ ദാവീദിന്‍റെ പുത്രന്‍ ശലോമോന്‍റെ കാലത്തിനുശേഷം അതുപോലൊന്നു യെരൂശലേമില്‍ ഉണ്ടായിട്ടില്ല.

27 പുരോഹിതന്മാരും ലേവ്യരും എഴുന്നേറ്റു ജനത്തെ ആശീര്‍വദിച്ചു. അവരുടെ പ്രാര്‍ഥനയുടെ ശബ്ദം സ്വര്‍ഗത്തില്‍ ദൈവസന്നിധിയിലെത്തി.

31

1

ഉത്സവം കഴിഞ്ഞപ്പോള്‍ അവിടെ വന്നുകൂടിയിരുന്ന ഇസ്രായേല്‍ജനം യെഹൂദ്യനഗരങ്ങളില്‍ ചെന്ന് ആരാധനാസ്തംഭങ്ങള്‍ തകര്‍ത്തു; അശേരാപ്രതിഷ്ഠകള്‍ വെട്ടിവീഴ്ത്തി; യെഹൂദ്യയിലും ബെന്യാമീനിലും എഫ്രയീമിലും മനശ്ശെയിലുമുണ്ടായിരുന്ന പൂജാഗിരികളും ബലിപീഠങ്ങളും ഇടിച്ചുനിരത്തി. പിന്നീട് ഇസ്രായേല്‍ജനമെല്ലാം തങ്ങളുടെ പട്ടണങ്ങളിലേക്കും ഭവനങ്ങളിലേക്കും മടങ്ങി.

2 ഹിസ്കീയാ പുരോഹിതന്മാരെയും ലേവ്യരെയും അവരുടെ ശുശ്രൂഷയുടെ അടിസ്ഥാനത്തില്‍ ഗണങ്ങളായി തിരിച്ചു. ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അര്‍പ്പിക്കാനും സര്‍വേശ്വരന്‍റെ ആലയത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള കവാടങ്ങളില്‍ ശുശ്രൂഷ ചെയ്യാനും സ്തുതിയും സ്തോത്രവും അര്‍പ്പിക്കാനുമായി അവരെ നിയോഗിച്ചു.

3 സര്‍വേശ്വരന്‍റെ ധര്‍മശാസ്ത്രത്തില്‍ അനുശാസിക്കുന്നതുപോലെ രാവിലെയും വൈകുന്നേരവും ഹോമയാഗവും ശബത്തിലും അമാവാസിയിലും ഉത്സവങ്ങളിലുമുള്ള ഹോമയാഗങ്ങളും നടത്തുന്നതിനുവേണ്ടി തന്‍റെ സ്വത്തില്‍ ഒരു ഭാഗം രാജാവ് നല്‌കി.

4 പുരോഹിതന്മാരും ലേവ്യരും സര്‍വേശ്വരന്‍റെ ധര്‍മശാസ്ത്രപ്രകാരമുള്ള തങ്ങളുടെ കടമകള്‍ നിറവേറ്റാന്‍ ഇടയാകത്തക്കവിധം അവര്‍ക്ക് അവകാശപ്പെട്ട ഓഹരി കൊടുക്കാന്‍ യെരൂശലേംനിവാസികളോടു രാജാവു കല്പിച്ചു.

5 കല്പന പ്രസിദ്ധപ്പെടുത്തിയ ഉടന്‍തന്നെ ഇസ്രായേല്‍ജനം ധാന്യം, വീഞ്ഞ്, എണ്ണ, തേന്‍, മറ്റു വിളവുകള്‍ എന്നിവയുടെ ആദ്യഫലങ്ങളും എല്ലാറ്റിന്‍റെയും ദശാംശവും ധാരാളമായി കൊണ്ടുവന്നു.

6 യെഹൂദാനഗരങ്ങളില്‍ പാര്‍ത്തിരുന്ന ഇസ്രായേല്യരും യെഹൂദ്യരും ആടുമാടുകളുടെ ദശാംശവും തങ്ങളുടെ ദൈവമായ സര്‍വേശ്വരന് നിവേദിക്കപ്പെട്ട വസ്തുക്കളും കൊണ്ടുവന്നു കൂമ്പാരമായി കൂട്ടി.

7 മൂന്നാം മാസംമുതല്‍ ഏഴാം മാസംവരെ അതു തുടര്‍ന്നു.

8 ഹിസ്കീയായും പ്രഭുക്കന്മാരും ഈ കൂമ്പാരങ്ങള്‍ കണ്ടപ്പോള്‍ സര്‍വേശ്വരനെയും അവിടുത്തെ ജനമായ ഇസ്രായേലിനെയും പുകഴ്ത്തി.

9 ഇവയെക്കുറിച്ചു പുരോഹിതന്മാരോടും ലേവ്യരോടും ഹിസ്കീയാ അന്വേഷിച്ചു.

10 സാദോക് വംശജനും മുഖ്യപുരോഹിതനുമായ അസര്യാ രാജാവിനോടു പറഞ്ഞു: “ജനം കാഴ്ചകളര്‍പ്പിക്കാന്‍ തുടങ്ങിയതുമുതല്‍ ഞങ്ങള്‍ തൃപ്തിയാകുവോളം ഭക്ഷിച്ചിട്ടും ധാരാളം മിച്ചം വരുന്നു. സര്‍വേശ്വരന്‍ തന്‍റെ ജനത്തെ അനുഗ്രഹിച്ചിരിക്കുന്നു. അതിനാല്‍ ഞങ്ങള്‍ക്ക് ഇത്ര വലിയ സംഭരണം ഉണ്ടായിരിക്കുന്നു.”

11 മന്ദിരത്തിനോടനുബന്ധിച്ചു സംഭരണമുറികള്‍ ഒരുക്കാന്‍ ഹിസ്കീയാ കല്പിച്ചു; അതനുസരിച്ച് അവ സജ്ജമാക്കപ്പെട്ടു.

12 ജനം സംഭാവനകളും ദശാംശങ്ങളും നിവേദിതവസ്തുക്കളും വിശ്വസ്തതയോടെ കൊണ്ടുവന്നു. അവയുടെ പ്രധാന ചുമതലക്കാരന്‍ ലേവ്യനായ കോനന്യായും രണ്ടാമന്‍ അയാളുടെ സഹോദരനായ ശിമെയിയും ആയിരുന്നു.

13 ഹിസ്കീയാരാജാവിന്‍റെയും ദേവാലയത്തിലെ മുഖ്യ പുരോഹിതനായ അസര്യായുടെയും നിയോഗമനുസരിച്ചു യെഹീയേല്‍, അസസ്യാ, നഹത്ത്, അസാഹേല്‍, യെരീമോത്ത്, യോസാബാദ്, എലീയേല്‍, ഇസ്മഖ്യാ, മഹത്ത്, ബെനായാ എന്നിവര്‍ കോനന്യായുടെയും അയാളുടെ സഹോദരന്‍ ശിമെയിയുടെയും കീഴില്‍ മേല്‍നോട്ടക്കാരായി പ്രവര്‍ത്തിച്ചു.

14 ലേവ്യനായ ഇമ്നായുടെ പുത്രനും കിഴക്കേ കവാടത്തിന്‍റെ കാവല്‌ക്കാരനുമായ കോരേ ദൈവത്തിനുള്ള സ്വമേധാര്‍പ്പണങ്ങളുടെ ചുമതല വഹിച്ചു. സര്‍വേശ്വരനു നിവേദിച്ച വസ്തുക്കളും അതിവിശുദ്ധ കാഴ്ചകളും അയാള്‍ വിഭജിച്ചുകൊടുത്തു.

15 മറ്റു നഗരങ്ങളില്‍ പാര്‍ത്തിരുന്ന പുരോഹിതരായ സഹോദരന്മാര്‍ക്കു വലുപ്പച്ചെറുപ്പം കൂടാതെ ഗണമനുസരിച്ചുള്ള ഓഹരികള്‍ എത്തിച്ചുകൊടുക്കാന്‍ ഏദെന്‍, മിന്യാമീന്‍, യേശുവ, ശെമയ്യാ, അമര്യാ, ശെഖന്യാ എന്നിവര്‍ കോരേയെ സഹായിച്ചുവന്നു.

16 വംശാവലിയില്‍ പേരു ചേര്‍ക്കപ്പെട്ടിട്ടുള്ളവരും മൂന്നു വയസ്സും അതിനുമേല്‍ പ്രായമുള്ളവരുമായ പുരുഷന്മാരില്‍ ദേവാലയത്തില്‍ തങ്ങളുടെ ഉദ്യോഗപ്രകാരമുള്ള ദൈനംദിന ശുശ്രൂഷകള്‍ ചെയ്യുന്നതിനു ഗണങ്ങളായി വേര്‍തിരിച്ചിട്ടുള്ളവരെ ഈ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

17 പുരോഹിതരെ പിതൃഭവനക്രമമനുസരിച്ചാണ് പട്ടികയില്‍ ചേര്‍ത്തത്. ഇരുപതു വയസ്സും അതിനുമേല്‍ പ്രായമുള്ളവരുമായ ലേവ്യരെ തങ്ങളുടെ ഉദ്യോഗമനുസരിച്ചും ഗണങ്ങളായി തിരിച്ചുമാണു ചേര്‍ത്തത്.

18 പുരോഹിതരുടെ പട്ടികയില്‍ കൊച്ചുകുട്ടികള്‍, ഭാര്യമാര്‍, പുത്രീപുത്രന്മാര്‍ എന്നിവരുടെയും പേരുകള്‍ ചേര്‍ത്തിരുന്നു. തങ്ങളുടെ എല്ലാ പ്രവൃത്തികളിലും വിശുദ്ധി പാലിക്കുന്നതില്‍ അവര്‍ വിശ്വസ്തരായിരുന്നു.

19 നഗരങ്ങളോടു ചേര്‍ന്നുള്ള പൊതുമേച്ചില്‍പ്പുറങ്ങളില്‍ പാര്‍ത്തിരുന്ന അഹരോന്‍റെ പുത്രന്മാരായ എല്ലാ പുരോഹിതന്മാര്‍ക്കും പട്ടികയില്‍ പേരു ചേര്‍ത്തിട്ടുള്ള എല്ലാ ലേവ്യര്‍ക്കും ഓഹരികള്‍ വിതരണം ചെയ്യുന്നതിന് ഓരോ പട്ടണത്തിലും പ്രത്യേകം ആളുകളെ നിയോഗിച്ചിരുന്നു.

20 യെഹൂദ്യയിലെല്ലായിടത്തും ഹിസ്കീയാ ഇപ്രകാരം ചെയ്തു. തന്‍റെ ദൈവമായ സര്‍വേശ്വരന്‍റെ സന്നിധിയില്‍ നന്മയും നീതിയും വിശ്വസ്തതയും പുലര്‍ത്തി.

21 അദ്ദേഹം ദൈവത്തിന്‍റെ ആലയത്തിലെ ശുശ്രൂഷ സംബന്ധിച്ചും ധര്‍മശാസ്ത്രവും കല്പനകളും സംബന്ധിച്ചും ഉള്ള എല്ലാ കാര്യങ്ങളും ദൈവഹിതപ്രകാരം പൂര്‍ണഹൃദയത്തോടെ ചെയ്തു. അതുകൊണ്ട് അദ്ദേഹത്തിന് ഐശ്വര്യം ഉണ്ടായി.

32

1

ഹിസ്കീയായുടെ വിശ്വസ്തതാപൂര്‍ണമായ ഈ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം അസ്സീറിയാരാജാവായ സെന്‍ഹേരീബ് യെഹൂദ്യ ആക്രമിച്ച് കോട്ട കെട്ടി ഉറപ്പിച്ച പട്ടണങ്ങള്‍ പിടിച്ചെടുക്കാമെന്ന ഉദ്ദേശ്യത്തോടുകൂടി അവയ്‍ക്കെതിരെ പാളയമടിച്ചു.

2 സെന്‍ഹേരീബ് യെരൂശലേം ആക്രമിക്കാന്‍ പോകുന്നു എന്നു മനസ്സിലാക്കിയപ്പോള്‍

3 ഹിസ്കീയാ യെരൂശലേമില്‍നിന്നു പുറത്തേക്കൊഴുകുന്ന നീര്‍ച്ചാലുകളിലെ വെള്ളം തടയാന്‍ തന്‍റെ ഉദ്യോഗസ്ഥന്മാരോടും പ്രഭുക്കന്മാരോടും ചേര്‍ന്നു തീരുമാനിച്ചു. അവര്‍ അദ്ദേഹത്തെ സഹായിച്ചു.

4 അനേകം പേര്‍ ഒരുമിച്ചുകൂടി നീര്‍ച്ചാലുകളെല്ലാം തടഞ്ഞു. ദേശത്തിന്‍റെ നടുവില്‍ കൂടി ഒഴുകിയ തോട്ടിലെ വെള്ളവും അവര്‍ തടഞ്ഞുകൊണ്ടു പറഞ്ഞു: “അസ്സീറിയാരാജാവിന് നാം വെള്ളം നല്‌കരുത്.”

5 രാജാവ് നിശ്ചയദാര്‍ഢ്യത്തോടുകൂടി പ്രവര്‍ത്തിച്ച് ഇടിഞ്ഞുപോയ മതിലുകളെല്ലാം പുതുക്കിപ്പണിത് അവയുടെ പുറത്ത് ഗോപുരങ്ങളും നിര്‍മ്മിച്ചു. ചുറ്റും ഒരു കോട്ട കൂടി പണിതു. ദാവീദിന്‍റെ നഗരത്തിലെ ആയുധങ്ങളും മറ്റും സൂക്ഷിക്കുന്ന മില്ലോയും ബലപ്പെടുത്തി, ധാരാളം കുന്തങ്ങളും പരിചകളും നിര്‍മ്മിച്ചു.

6 അദ്ദേഹം ജനങ്ങള്‍ക്ക് സേനാനായകന്മാരെ നിയമിച്ചു; നഗരവാതില്‌ക്കലുള്ള അങ്കണത്തില്‍ അവരെയെല്ലാം വിളിച്ചുകൂട്ടി അവരെ ധൈര്യപ്പെടുത്തിക്കൊണ്ടു പറഞ്ഞു:

7 “ഉറപ്പും ധൈര്യവുമുള്ളവരായിരിക്കുവിന്‍; അസ്സീറിയാരാജാവിനെയും കൂടെയുള്ള സൈന്യത്തെയും കണ്ടു ഭയപ്പെടരുത്. പരിഭ്രമിക്കയുമരുത്; അയാളുടെ കൂടെയുള്ളവരെക്കാള്‍ ശക്തനായ ഒരാള്‍ നമ്മുടെ കൂടെയുണ്ട്.

8 മനുഷ്യരുടെ ഭുജബലമാണ് അയാള്‍ക്കുള്ളത്. എന്നാല്‍ നമ്മോടുകൂടെയുള്ളതു നമ്മുടെ ദൈവമായ സര്‍വേശ്വരനാണ്. അവിടുന്നു നമ്മെ സഹായിക്കുകയും നമുക്കുവേണ്ടി യുദ്ധം ചെയ്യുകയും ചെയ്യും.” ജനം ഹിസ്കീയാരാജാവിന്‍റെ വാക്കുകള്‍ കേട്ട് ധൈര്യം പൂണ്ടു.

9

തന്‍റെ സകല സൈന്യങ്ങളുമായി ലാഖീശ് പട്ടണം നിരോധിച്ചിരുന്ന അസ്സീറിയാരാജാവായ സെന്‍ഹേരീബ് യെഹൂദാരാജാവായ ഹിസ്കീയായുടെയും യെരൂശലേമിലെ സകല യെഹൂദ്യരുടെയും അടുക്കല്‍ ദൂതന്മാരെ അയച്ചു പറഞ്ഞു:

10 “അസ്സീറിയാരാജാവായ സെന്‍ഹേരീബ് ഇപ്രകാരം പറയുന്നു. നിങ്ങള്‍ എന്തില്‍ ആശ്രയിച്ചുകൊണ്ടാണ് യെരൂശലേമില്‍ പ്രതിരോധം ഏര്‍പ്പെടുത്തുന്നത്?

11 നമ്മുടെ ദൈവമായ സര്‍വേശ്വരന്‍ നമ്മെ അസ്സീറിയാരാജാവിന്‍റെ കൈയില്‍നിന്നു വിടുവിക്കും എന്നു പറഞ്ഞ് ഹിസ്കീയാ നിങ്ങളെ വഴിതെറ്റിക്കുകയല്ലേ? വിശപ്പും ദാഹവും നിമിത്തം മരിക്കുകയല്ലേ അതിന്‍റെ പരിണതഫലം.

12 രാജ്യത്തിന്‍റെ നാനാഭാഗങ്ങളിലുമുള്ള പൂജാഗിരികളും യാഗപീഠങ്ങളും നീക്കിയശേഷം യെഹൂദായോടും യെരൂശലേമിനോടും ഒരേ യാഗപീഠത്തിനു മുമ്പില്‍ ആരാധിക്കുകയും യാഗവസ്തുക്കള്‍ ഹോമിക്കുകയും ചെയ്യണമെന്നു കല്പിച്ചത് ഈ ഹിസ്കീയാ തന്നെയല്ലേ?

13 ഞാനും എന്‍റെ പിതാക്കന്മാരും മറ്റു ദേശങ്ങളിലെ ജനതകളോടും എന്താണു ചെയ്തതെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ. അവരുടെ ദേവന്മാരില്‍ ആര്‍ക്കെങ്കിലും അവരുടെ ദേശം എന്‍റെ കൈയില്‍നിന്നു രക്ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ?

14 എന്‍റെ പിതാക്കന്മാര്‍ നിശ്ശേഷം നശിപ്പിച്ച ജനതയെ അവരുടെ ദേവന്മാരില്‍ ഒരുവനും എന്‍റെ കൈയില്‍നിന്നു രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ. പിന്നെ നിങ്ങളുടെ ദൈവത്തിനു നിങ്ങളെ എന്‍റെ കൈയില്‍നിന്നു വിടുവിക്കാന്‍ കഴിയുമോ?

15 അതുകൊണ്ട് ഹിസ്കീയാ നിങ്ങളെ ചതിക്കയോ, വഴിതെറ്റിക്കയോ ചെയ്യാന്‍ ഇടയാകരുത്; അയാളെ നിങ്ങള്‍ വിശ്വസിക്കരുത്; ഒരു ജനതയുടെയോ രാജ്യത്തിന്‍റെയോ ദേവനും തന്‍റെ ജനത്തെ എന്‍റെയോ എന്‍റെ പിതാക്കന്മാരുടെയോ കൈയില്‍നിന്നു രക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ല. പിന്നെ നിങ്ങളുടെ ദൈവം എന്‍റെ കൈയില്‍ നിന്നു നിങ്ങളെ എങ്ങനെ രക്ഷിക്കും?”

16 അയാളുടെ ദൂതന്മാര്‍ സര്‍വേശ്വരനായ ദൈവത്തിനും അവിടുത്തെ ദാസനായ ഹിസ്കീയായ്‍ക്കും എതിരെ പിന്നെയും നിന്ദനങ്ങള്‍ ചൊരിഞ്ഞു.

17 ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരനെ നിന്ദിച്ചുകൊണ്ട് അസ്സീറിയാരാജാവ് ഇപ്രകാരം കത്തുകള്‍ എഴുതി: “ഇതര ദേശങ്ങളിലെ ദേവന്മാര്‍ക്ക് തങ്ങളുടെ ജനങ്ങളെ എന്‍റെ കൈയില്‍നിന്നു രക്ഷിക്കാന്‍ കഴിയാഞ്ഞതുപോലെ ഹിസ്കീയായുടെ ദൈവത്തിനും തന്‍റെ ജനത്തെ എന്‍റെ കൈയില്‍നിന്നു രക്ഷിക്കാന്‍ കഴികയില്ല.”

18 കോട്ടയുടെ മുകളില്‍ ഉണ്ടായിരുന്ന യെരൂശലേംനിവാസികളെ ഭീതിപ്പെടുത്തി പട്ടണം പിടിച്ചെടുക്കുന്നതിനുവേണ്ടി അത് അവര്‍ ഉച്ചത്തില്‍ എബ്രായഭാഷയില്‍ വിളിച്ചു പറഞ്ഞു.

19 മനുഷ്യസൃഷ്‍ടികളായ ദേവന്മാരെക്കുറിച്ച് എന്നപോലെയായിരുന്നു യെരൂശലേമിലെ ദൈവത്തെക്കുറിച്ചും അവര്‍ സംസാരിച്ചത്.

20 അതുകൊണ്ട് ഹിസ്കീയാരാജാവും ആമോസിന്‍റെ പുത്രനായ യെശയ്യാപ്രവാചകനും ദൈവത്തോട് ഉച്ചത്തില്‍ പ്രാര്‍ഥിച്ചു.

21 അപ്പോള്‍ സര്‍വേശ്വരന്‍ അയച്ച ഒരു ദൂതന്‍ അസ്സീറിയാരാജാവിന്‍റെ പാളയത്തിലെ സകല യുദ്ധവീരന്മാരെയും സൈന്യാധിപന്മാരെയും ഉദ്യോഗസ്ഥന്മാരെയും സംഹരിച്ചു. സെന്‍ഹേരീബ് ലജ്ജിതനായി സ്വദേശത്തേക്കു മടങ്ങി. തന്‍റെ ദേവാലയത്തില്‍ ചെന്നപ്പോള്‍ തന്‍റെ പുത്രന്മാരില്‍ ചിലര്‍ അയാളെ വാളിന് ഇരയാക്കി.

22 അങ്ങനെ സര്‍വേശ്വരന്‍ ഹിസ്കീയായെയും യെരൂശലേംനിവാസികളെയും അസ്സീറിയാരാജാവായ സെന്‍ഹേരീബിന്‍റെ കൈയില്‍നിന്നും മറ്റു ശത്രുക്കളില്‍നിന്നും രക്ഷിച്ച് അവരുടെ അതിര്‍ത്തികളില്‍ സ്വസ്ഥത കൈവരുത്തി.

23 അനവധി ആളുകള്‍ യെരൂശലേമില്‍ സര്‍വേശ്വരനു കാഴ്ചകള്‍ കൊണ്ടുവന്നു; യെഹൂദാരാജാവായ ഹിസ്കീയായ്‍ക്കും അനേകം വിശിഷ്ട വസ്തുക്കള്‍ സമ്മാനിച്ചു. അന്നു മുതല്‍ അദ്ദേഹം സകല ജനതകളുടെയും ദൃഷ്‍ടിയില്‍ ബഹുമാനിതനായിത്തീര്‍ന്നു.

24

ഹിസ്കീയാ രോഗബാധിതനായി; മരണത്തോടടുത്തു. അദ്ദേഹം സര്‍വേശ്വരനോടു പ്രാര്‍ഥിച്ചു. അവിടുന്നു പ്രാര്‍ഥന കേട്ട് ഒരു അടയാളം നല്‌കി.

25 എന്നാല്‍ ഹിസ്കീയാ തനിക്കു ലഭിച്ച ഉപകാരത്തിനു നന്ദിയുള്ളവനാകാതെ അഹങ്കരിച്ചു. അതുകൊണ്ട് അദ്ദേഹത്തിന്‍റെയും യെഹൂദായുടെയും യെരൂശലേമിന്‍റെയുംമേല്‍ ദൈവകോപമുണ്ടായി.

26 എന്നാല്‍ തന്‍റെ അഹങ്കാരത്തെക്കുറിച്ച് ഹിസ്കീയായും അദ്ദേഹത്തോടൊപ്പം യെരൂശലേം നിവാസികളും അനുതപിച്ചു. അതിനാല്‍ ഹിസ്കീയായുടെ കാലത്തു സര്‍വേശ്വരകോപം അവരുടെമേല്‍ ഉണ്ടായില്ല.

27

ഹിസ്കീയായ്‍ക്കു ധാരാളം സമ്പത്തും കീര്‍ത്തിയും ഉണ്ടായിരുന്നു. വെള്ളി, സ്വര്‍ണം, രത്നം, സുഗന്ധവര്‍ഗം, പരിച, വിലപിടിപ്പുള്ള വിവിധതരം പാത്രങ്ങള്‍ എന്നിവ സൂക്ഷിക്കാന്‍ ഭണ്ഡാരഗൃഹങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു.

28 ഇവ കൂടാതെ ധാന്യം, വീഞ്ഞ്, എണ്ണ എന്നിവ സംഭരിക്കാനുള്ള ശാലകളും കന്നുകാലികള്‍, ആട്ടിന്‍പറ്റങ്ങള്‍ എന്നിവയ്‍ക്ക് തൊഴുത്തുകളും ഉണ്ടായിരുന്നു.

29 വളരെയധികം സമ്പത്ത് ദൈവം നല്‌കിയിരുന്നതുകൊണ്ട് അദ്ദേഹം തനിക്കുവേണ്ടി പട്ടണങ്ങള്‍ പണിയുകയും ധാരാളം ആടുമാടുകളെ സമ്പാദിക്കുകയും ചെയ്തു.

30 ഗീഹോന്‍ നീരൊഴുക്കിന്‍റെ മുകളിലത്തെ കൈവഴി തടഞ്ഞ് വെള്ളം ദാവീദിന്‍റെ നഗരത്തിന്‍റെ പടിഞ്ഞാറു ഭാഗത്തേക്കു തിരിച്ചുവിട്ടത് ഹിസ്കീയാ ആയിരുന്നു. തന്‍റെ പ്രവര്‍ത്തനങ്ങളിലെല്ലാം അദ്ദേഹം വിജയം കൈവരിച്ചു.

31 ദേശത്തുണ്ടായ അടയാളത്തെപ്പറ്റി ചോദിച്ചറിയാന്‍ ബാബിലോണ്‍ പ്രഭുക്കന്മാര്‍ അയച്ച ദാസന്മാരുടെ കാര്യത്തില്‍ സ്വന്തം ഹിതംപോലെ പ്രവര്‍ത്തിക്കാന്‍ ദൈവം അനുവദിച്ചത് അദ്ദേഹത്തിന്‍റെ മനോഗതം അറിയുന്നതിനും അദ്ദേഹത്തെ പരീക്ഷിക്കുന്നതിനുംവേണ്ടി ആയിരുന്നു.

32

ഹിസ്കീയായുടെ മറ്റു പ്രവര്‍ത്തനങ്ങളും അദ്ദേഹം ദൈവത്തോടു കാട്ടിയ വിശ്വസ്തതയും ആമോസിന്‍റെ പുത്രനായ യെശയ്യാപ്രവാചകന്‍റെ ദര്‍ശനത്തിലും യെഹൂദ്യയിലെയും ഇസ്രായേലിലെയും രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്.

33 ഹിസ്കീയാ മരിച്ചു പിതാക്കന്മാരോടു ചേര്‍ന്നു. ദാവീദ് വംശജരായ രാജാക്കന്മാരുടെ കല്ലറകളുടെ മേല്‍നിരയില്‍ അദ്ദേഹത്തെ സംസ്കരിച്ചു. അദ്ദേഹത്തിന്‍റെ മരണസമയത്തു യെഹൂദ്യയിലും യെരൂശലേമിലും ഉള്ള സകല ജനങ്ങളും അന്ത്യോപചാരം അര്‍പ്പിച്ചു. പുത്രന്‍ മനശ്ശെ പിന്നീടു രാജാവായി.

33

1

മനശ്ശെ പന്ത്രണ്ടാമത്തെ വയസ്സില്‍ ഭരണമേറ്റെടുത്തു. അമ്പത്തഞ്ചു വര്‍ഷം യെരൂശലേമില്‍ അദ്ദേഹം രാജ്യഭരണം നടത്തി.

2 ഇസ്രായേല്‍ജനത്തിന്‍റെ മുമ്പില്‍നിന്നു സര്‍വേശ്വരന്‍ നീക്കിക്കളഞ്ഞ ജനതകളുടെ നിന്ദ്യമായ ആചാരങ്ങള്‍ അനുഷ്ഠിച്ച് അദ്ദേഹം ദൈവസന്നിധിയില്‍ തിന്മ ചെയ്തു.

3 തന്‍റെ പിതാവ് ഹിസ്കീയാ ഇടിച്ചുകളഞ്ഞ പൂജാഗിരികള്‍ അദ്ദേഹം വീണ്ടും പണിതു; ബാല്‍ വിഗ്രഹങ്ങള്‍ക്കുവേണ്ടി ബലിപീഠങ്ങള്‍ നിര്‍മ്മിച്ചു. അശേരാപ്രതിഷ്ഠകള്‍ ഉണ്ടാക്കി; ആകാശഗോളങ്ങളെ ആരാധിച്ചു.

4 “എന്‍റെ നാമം യെരൂശലേമില്‍ എന്നേക്കും വസിക്കും” എന്ന് ഏത് ആലയത്തെക്കുറിച്ച് സര്‍വേശ്വരന്‍ അരുളിച്ചെയ്തിരുന്നുവോ അവിടെ അദ്ദേഹം വിജാതീയരുടെ ബലിപീഠങ്ങള്‍ നിര്‍മ്മിച്ചു.

5 സര്‍വേശ്വരമന്ദിരത്തിന്‍റെ രണ്ട് അങ്കണത്തിലും അദ്ദേഹം ആകാശഗോളങ്ങള്‍ക്കുവേണ്ടി ബലിപീഠങ്ങള്‍ ഉണ്ടാക്കി.

6 സ്വന്തം പുത്രന്മാരെ ബെന്‍-ഹിന്നോം താഴ്വരയില്‍ ഹോമിച്ചു. മന്ത്രവാദവും ക്ഷുദ്രപ്രയോഗവും ആഭിചാരവും നടത്തുന്നവരെയും വെളിച്ചപ്പാടുകളെയും ലക്ഷണം പറയുന്നവരെയും നിയമിക്കുകയും ചെയ്തു. അങ്ങനെ സര്‍വേശ്വരസന്നിധിയില്‍ അദ്ദേഹം തിന്മ പ്രവര്‍ത്തിച്ച് അവിടുത്തെ പ്രകോപിപ്പിച്ചു.

7 താന്‍ നിര്‍മ്മിച്ച വിഗ്രഹം അദ്ദേഹം ദേവാലയത്തില്‍ പ്രതിഷ്ഠിച്ചു. ദാവീദിനോടും പുത്രനായ ശലോമോനോടും ഈ ആലയത്തെക്കുറിച്ചു സര്‍വേശ്വരന്‍ ഇപ്രകാരം അരുളിച്ചെയ്തിരുന്നു: “ഞാന്‍ ഇസ്രായേലിന്‍റെ സകല ഗോത്രങ്ങളില്‍നിന്നും തിരഞ്ഞെടുത്തിരിക്കുന്ന യെരൂശലേമിലും ഈ ആലയത്തിലും എന്‍റെ നാമം എന്നേക്കുമായി സ്ഥാപിക്കും;

8 മോശയിലൂടെ ഇസ്രായേല്‍ജനത്തിനു നല്‌കിയിരുന്ന നിയമങ്ങളും ചട്ടങ്ങളും കല്പനകളും ശ്രദ്ധാപൂര്‍വം പാലിച്ചാല്‍ നിങ്ങളുടെ പിതാക്കന്മാര്‍ക്കു ഞാന്‍ നല്‌കിയ ദേശത്തുനിന്നു നിങ്ങളെ ഞാന്‍ പുറത്താക്കുകയില്ല.

9 “ഇസ്രായേല്‍ജനത്തിന്‍റെ മുമ്പില്‍നിന്നു സര്‍വേശ്വരന്‍ നീക്കിക്കളഞ്ഞ ജനതകള്‍ ചെയ്തതിലും അധികം തിന്മകള്‍ ചെയ്യാന്‍ യെഹൂദ്യരെയും യെരൂശലേംനിവാസികളെയും മനശ്ശെ പ്രേരിപ്പിച്ചു.

10

സര്‍വേശ്വരന്‍ മനശ്ശെയ്‍ക്കും ജനത്തിനും മുന്നറിയിപ്പു നല്‌കിയെങ്കിലും അവര്‍ അതു ശ്രദ്ധിച്ചില്ല.

11 അതുകൊണ്ട് സര്‍വേശ്വരന്‍ അസ്സീറിയാരാജാവിന്‍റെ സൈന്യാധിപന്മാരെ യെഹൂദായെ ആക്രമിക്കാന്‍ കൊണ്ടുവന്നു; അവര്‍ മനശ്ശെയെ കൊളുത്തിട്ടു പിടിച്ച് ഓട്ടുചങ്ങലകൊണ്ടു ബന്ധിച്ചു ബാബിലോണിലേക്കു കൊണ്ടുപോയി.

12 ഈ കഷ്ടതയില്‍ അദ്ദേഹം തന്‍റെ ദൈവമായ സര്‍വേശ്വരനോടു കരുണയ്‍ക്കായി അപേക്ഷിച്ചു. തന്‍റെ പിതാക്കന്മാരുടെ ദൈവത്തിന്‍റെ മുമ്പില്‍ സ്വയം വിനയപ്പെടുത്തി അവിടുത്തോടു പ്രാര്‍ഥിച്ചു.

13 അവിടുന്നു അദ്ദേഹത്തിന്‍റെ പ്രാര്‍ഥനയ്‍ക്ക് ഉത്തരമരുളുകയും യെരൂശലേമിലേക്ക്, സ്വദേശത്തേക്ക് മടക്കിക്കൊണ്ടുവരികയും ചെയ്തു. സര്‍വേശ്വരനാണ് യഥാര്‍ഥ ദൈവം എന്നു മനശ്ശെ മനസ്സിലാക്കി.

14

പിന്നീട് മനശ്ശെ ഗീഹോനു പടിഞ്ഞാറുള്ള താഴ്വരമുതല്‍ മത്സ്യകവാടംവരെ ഓഫേലിനു ചുറ്റും ദാവീദിന്‍റെ നഗരത്തിനു വളരെ ഉയരമുള്ള ഒരു പുറംമതില്‍ നിര്‍മ്മിച്ചു; യെഹൂദ്യയിലെ സുരക്ഷിതമാക്കപ്പെട്ട പട്ടണങ്ങളിലെല്ലാം അദ്ദേഹം സൈന്യാധിപന്മാരെ നിയമിക്കുകയും ചെയ്തു.

15 അദ്ദേഹം സര്‍വേശ്വരന്‍റെ ആലയത്തില്‍നിന്ന് അന്യദേവന്മാരെയും താന്‍ സ്ഥാപിച്ച വിഗ്രഹത്തെയും നീക്കിക്കളഞ്ഞു. സര്‍വേശ്വരന്‍റെ ആലയം സ്ഥാപിച്ചിരുന്ന പര്‍വതത്തിലും യെരൂശലേമിന്‍റെ മറ്റു ഭാഗങ്ങളിലും പണിതിരുന്ന സകല ബലിപീഠങ്ങളും നീക്കി അവയെല്ലാം നഗരത്തിനു പുറത്ത് എറിഞ്ഞുകളഞ്ഞു.

16 അദ്ദേഹം സര്‍വേശ്വരന്‍റെ യാഗപീഠം പുതുക്കിപ്പണിത് അതിന്മേല്‍ സമാധാനയാഗങ്ങളും സ്തോത്രയാഗങ്ങളും അര്‍പ്പിച്ചു; ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരനെ ആരാധിക്കാന്‍ യെഹൂദ്യരോടു കല്പിച്ചു.

17 എങ്കിലും ജനം പൂജാഗിരികളില്‍ തുടര്‍ന്നും യാഗമര്‍പ്പിച്ചു. എന്നാല്‍ അത് അവരുടെ ദൈവമായ സര്‍വേശ്വരനുവേണ്ടി മാത്രമായിരുന്നു.

18

മനശ്ശെയുടെ മറ്റു പ്രവൃത്തികളും തന്‍റെ ദൈവത്തോടുള്ള പ്രാര്‍ഥനയും ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍റെ നാമത്തില്‍ തന്നോടു സംസാരിച്ച പ്രവാചകരുടെ വചനങ്ങളും ഇസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

19 രാജാവിന്‍റെ പ്രാര്‍ഥനയും ദൈവം അവയ്‍ക്കു നല്‌കിയ മറുപടിയും സ്വയം വിനയപ്പെടുത്തുന്നതിനു മുമ്പു താന്‍ ചെയ്ത പാപങ്ങളും ദൈവത്തോടു കാട്ടിയ അവിശ്വസ്തതയും പൂജാഗിരികളുടെ നിര്‍മ്മാണവും അശേരാപ്രതിഷ്ഠകളും വിഗ്രഹങ്ങളും സ്ഥാപിച്ചതുമെല്ലാം ദീര്‍ഘദര്‍ശികളുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിട്ടുണ്ട്.

20 മനശ്ശെ മരിച്ചു തന്‍റെ പിതാക്കന്മാരോടു ചേര്‍ന്നു. സ്വന്തം കൊട്ടാരത്തില്‍ തന്നെ അദ്ദേഹത്തെ സംസ്കരിച്ചു. പുത്രന്‍ ആമോന്‍ തുടര്‍ന്നു രാജാവായി.

21

ആമോന്‍ വാഴ്ച ആരംഭിച്ചപ്പോള്‍ ഇരുപത്തിരണ്ടു വയസ്സായിരുന്നു; രണ്ടു വര്‍ഷം യെരൂശലേമില്‍ അദ്ദേഹം ഭരണം നടത്തി.

22 തന്‍റെ പിതാവ് മനശ്ശെ ചെയ്തതുപോലെ അദ്ദേഹവും സര്‍വേശ്വരന്‍റെ മുമ്പാകെ ദുഷ്പ്രവൃത്തികള്‍ ചെയ്തു; മനശ്ശെ നിര്‍മ്മിച്ച സകല വിഗ്രഹങ്ങള്‍ക്കും ബലിയര്‍പ്പിക്കയും അവയെ ആരാധിക്കയും ചെയ്തു.

23 തന്‍റെ പിതാവ് മനശ്ശെ ചെയ്തതുപോലെ അദ്ദേഹം സര്‍വേശ്വരന്‍റെ മുമ്പാകെ സ്വയം വിനയപ്പെടുത്തിയില്ല; അങ്ങനെ ആമോന്‍ പൂര്‍വാധികം ദുഷ്പ്രവൃത്തികള്‍ ചെയ്തു.

24 രാജഭൃത്യന്മാര്‍ അദ്ദേഹത്തിനെതിരെ ഗൂഢാലോചന നടത്തി കൊട്ടാരത്തില്‍വച്ച് അദ്ദേഹത്തെ വധിച്ചു.

25 എന്നാല്‍ രാജാവിന് എതിരെ ഗൂഢാലോചന നടത്തിയവരെയെല്ലാം ദേശവാസികള്‍ കൊന്നുകളഞ്ഞു. പിന്നീട് അവര്‍ ആമോന്‍റെ പുത്രനായ യോശീയായെ രാജാവാക്കി.

34

1

വാഴ്ച ആരംഭിച്ചപ്പോള്‍ യോശിയായ്‍ക്ക് എട്ടു വയസ്സായിരുന്നു. മുപ്പത്തൊന്നു വര്‍ഷം അദ്ദേഹം യെരൂശലേമില്‍ ഭരണം നടത്തി.

2 സര്‍വേശ്വരനു പ്രസാദകരമാംവിധം യോശീയാ ജീവിച്ചു. തന്‍റെ പൂര്‍വപിതാവായ ദാവീദിന്‍റെ മാര്‍ഗത്തില്‍നിന്ന് അല്പംപോലും വ്യതിചലിച്ചില്ല.

3

തന്‍റെ വാഴ്ചയുടെ എട്ടാം വര്‍ഷം, കൗമാരദശയില്‍ത്തന്നെ പൂര്‍വപിതാവായ ദാവീദിന്‍റെ ദൈവത്തെ ആരാധിക്കാന്‍ തുടങ്ങി; പന്ത്രണ്ടാം വര്‍ഷം പൂജാഗിരികളും അശേരാപ്രതിഷ്ഠകളും കൊത്തിയും വാര്‍ത്തുമുണ്ടാക്കിയ വിഗ്രഹങ്ങളും നീക്കിക്കളഞ്ഞ് യെഹൂദ്യയെയും യെരൂശലേമിനെയും ശുദ്ധീകരിക്കുന്ന പ്രവൃത്തി ആരംഭിച്ചു.

4 അദ്ദേഹത്തിന്‍റെ സാന്നിധ്യത്തില്‍ ഭൃത്യന്മാര്‍ ബാലിന്‍റെ ബലിപീഠങ്ങള്‍ ഇടിച്ചുനിരത്തി; അവയുടെ മുകളിലുണ്ടായിരുന്ന ധൂപപീഠങ്ങള്‍ വെട്ടിവീഴ്ത്തി; അശേരാപ്രതിഷ്ഠകളും വാര്‍ത്തും കൊത്തിയും നിര്‍മ്മിച്ച വിഗ്രഹങ്ങളും തകര്‍ത്തു പൊടിയാക്കി. അവയ്‍ക്കു ബലി അര്‍പ്പിച്ചിരുന്നവരുടെ കല്ലറകളുടെ മുകളില്‍ അതു വിതറി.

5 വിജാതീയ പുരോഹിതന്മാരുടെ അസ്ഥികള്‍ അവര്‍ ആരാധിച്ചിരുന്ന ബലിപീഠങ്ങളില്‍ വച്ചുതന്നെ ഹോമിച്ചു; അങ്ങനെ യെഹൂദായെയും യെരൂശലേമിനെയും ശുദ്ധീകരിച്ചു.

6 മനശ്ശെ, എഫ്രയീം, ശിമെയോന്‍ തുടങ്ങി നഫ്താലിവരെയുള്ള ഗോത്രങ്ങള്‍ക്കവകാശപ്പെട്ട പട്ടണങ്ങളിലും പ്രാന്തപ്രദേശങ്ങളിലും ഇപ്രകാരം പ്രവര്‍ത്തിച്ചു.

7 ബലിപീഠങ്ങള്‍ ഇടിച്ചുനിരത്തി; അശേരാപ്രതിഷ്ഠകളും വിഗ്രഹങ്ങളും തകര്‍ത്തു പൊടിയാക്കി; ഇസ്രായേല്‍ ദേശത്തെങ്ങുമുള്ള ധൂപപീഠങ്ങളും ഇടിച്ചു തകര്‍ത്തു; പിന്നീട് അദ്ദേഹം യെരൂശലേമിലേക്കു മടങ്ങി.

8

തന്‍റെ വാഴ്ചയുടെ പതിനെട്ടാം വര്‍ഷം യോശീയാ, ദേശവും ആലയവും ശുദ്ധീകരിച്ചതിനു ശേഷം അസല്യായുടെ പുത്രന്‍ ശാഫാനെയും നഗരാധിപനായ മയശെയായെയും യോവാശിന്‍റെ പുത്രനും രാജാവിന്‍റെ എഴുത്തുകാരനും രേഖകള്‍ സൂക്ഷിക്കുന്നവനുമായ യോവാഹിനെയും തന്‍റെ ദൈവമായ സര്‍വേശ്വരന്‍റെ ആലയത്തിന്‍റെ കേടുപാടുകള്‍ തീര്‍ക്കാന്‍ നിയോഗിച്ചു.

9 വാതില്‍കാവല്‌ക്കാരായ ലേവ്യര്‍ ദേവാലയത്തില്‍ ശേഖരിച്ചു വച്ചിരുന്ന പണം മഹാപുരോഹിതനായ ഹില്‌ക്കീയായെ ഏല്പിച്ചു; അതു മനശ്ശെ, എഫ്രയീം എന്നിവിടങ്ങളില്‍നിന്നും ശേഷമുള്ള ഇസ്രായേലില്‍നിന്നു യെഹൂദാ, ബെന്യാമീന്‍, യെരൂശലേം എന്നിവിടങ്ങളില്‍നിന്നും ശേഖരിച്ചതായിരുന്നു.

10 [10,11] അതു സര്‍വേശ്വരമന്ദിരത്തിന്‍റെ അറ്റകുറ്റപ്പണികളുടെ മേല്‍നോട്ടം വഹിക്കുന്നവരെ ഏല്പിച്ചു; അവര്‍ അത് കെട്ടിടങ്ങളുടെ കേടുപാടുകള്‍ നീക്കുന്നതിനു വേണ്ട ചെത്തുകല്ല്, തുലാങ്ങള്‍ക്കും ബന്ധങ്ങള്‍ക്കും ആവശ്യമായ തടി എന്നിവ വാങ്ങാന്‍ കല്പണിക്കാരെയും മരപ്പണിക്കാരെയും ഏല്പിച്ചു. യെഹൂദാരാജാക്കന്മാരുടെ അശ്രദ്ധമൂലമായിരുന്നു ആ കെട്ടിടങ്ങള്‍ ജീര്‍ണിച്ചുപോയത്.

11

12 പണിക്കാര്‍ വിശ്വസ്തതയോടെ ജോലി ചെയ്തു. മെരാര്യകുലക്കാരായ യഹത്ത്, ഓബദ്യാ, കെഹാത്യകുലക്കാരായ സെഖര്യാ, മെശുല്ലാം എന്നീ ലേവ്യര്‍ പണികളുടെ മേല്‍നോട്ടം വഹിക്കാന്‍ നിയോഗിക്കപ്പെട്ടു.

13 അവര്‍ ചുമട്ടുകാരുടെയും മറ്റു പണിക്കാരുടെയും മേല്‍നോട്ടം വഹിച്ചു. ലേവ്യര്‍ വാദ്യോപകരണങ്ങള്‍ പ്രയോഗിക്കുന്നതില്‍ സമര്‍ഥരായിരുന്നു. ലേവ്യരില്‍ മറ്റു ചിലര്‍ അഭിജ്ഞരായ പകര്‍ത്തെഴുത്തുകാരും സേവകന്മാരും വാതില്‍കാവല്‌ക്കാരും ആയിരുന്നു.

14 സര്‍വേശ്വരമന്ദിരത്തില്‍ സൂക്ഷിച്ചിരുന്ന പണം പുറത്തെടുത്തപ്പോള്‍ മോശയിലൂടെ സര്‍വേശ്വരന്‍ നല്‌കിയിരുന്ന ധര്‍മശാസ്ത്രഗ്രന്ഥം ഹില്‌ക്കീയാപുരോഹിതന്‍ കണ്ടെത്തി.

15 സര്‍വേശ്വരാലയത്തില്‍ താന്‍ നിയമഗ്രന്ഥം കണ്ടെത്തിയതായി കാര്യദര്‍ശിയായ ശാഫാനോട് ഹില്‌കീയാ പറഞ്ഞു. അദ്ദേഹം അതു ശാഫാനെ ഏല്പിച്ചു.

16 ശാഫാന്‍ അതു രാജസന്നിധിയില്‍ കൊണ്ടുചെന്നു പറഞ്ഞു: “അവിടുന്നു കല്പിച്ചതെല്ലാം അങ്ങയുടെ ദാസന്മാര്‍ ചെയ്തിരിക്കുന്നു.

17 സര്‍വേശ്വരമന്ദിരത്തില്‍നിന്നു ലഭിച്ച പണം മുഴുവന്‍ മേല്‍നോട്ടക്കാര്‍ക്കും ജോലിക്കാര്‍ക്കും കൊടുത്തിരിക്കുന്നു.”

18 കാര്യദര്‍ശിയായ ശാഫാന്‍ രാജാവിനോടു പറഞ്ഞു: “ഹില്‌കീയാ പുരോഹിതന്‍ ഒരു ഗ്രന്ഥം എന്നെ ഏല്പിച്ചിരിക്കുന്നു. “ശാഫാന്‍ അതു രാജസന്നിധിയില്‍ വായിച്ചു.

19 അതിലെ വചനങ്ങള്‍ കേട്ടപ്പോള്‍ രാജാവ് വസ്ത്രം കീറി.

20 ഹില്‌കീയാ, ശാഫാന്‍റെ പുത്രന്‍ അഹീക്കാം, മീഖായുടെ പുത്രന്‍ അബ്‍ദോന്‍, കാര്യദര്‍ശിയായ രാഫാന്‍, രാജഭൃത്യന്‍ അസായാ എന്നിവരോട് രാജാവു കല്പിച്ചു:

21 “നിങ്ങള്‍ പോയി എനിക്കും ഇസ്രായേലിലും യെഹൂദ്യയിലും ശേഷിച്ചിരിക്കുന്ന ജനങ്ങള്‍ക്കുംവേണ്ടി ഈ ഗ്രന്ഥത്തിലെ വചനങ്ങളെക്കുറിച്ചു സര്‍വേശ്വരന്‍റെ അരുളപ്പാട് ആരായുക. ഈ ഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്ന വചനം നമ്മുടെ പിതാക്കന്മാര്‍ അനുസരിച്ചില്ല. അതുമൂലം അവിടുത്തെ ഉഗ്രകോപം നമ്മുടെമേല്‍ പതിഞ്ഞിരിക്കുന്നു.”

22 ഹില്‌ക്കീയായും രാജാവു നിയോഗിച്ചവരും ഹുല്‍ദാപ്രവാചകിയുടെ അടുക്കല്‍ ചെന്നു; ആ പ്രവാചകി ഹസ്രായുടെ പൗത്രനും തോക്ഹത്തിന്‍റെ പുത്രനും രാജാവിന്‍റെ വസ്ത്രം സൂക്ഷിപ്പുകാരനുമായ ശല്ലൂമിന്‍റെ ഭാര്യ ആയിരുന്നു; യെരൂശലേമിന്‍റെ പുതിയ ഭാഗത്താണ് അവര്‍ പാര്‍ത്തിരുന്നത്. തങ്ങള്‍ എന്തിനു വന്നു എന്ന് അവര്‍ പ്രവാചകിയെ അറിയിച്ചു.

23 പ്രവാചകി പറഞ്ഞു: “ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. നിങ്ങളെ എന്‍റെ അടുക്കല്‍ അയച്ച ആളിനോടു പറയുക.

24 അവിടുന്ന് അരുളിച്ചെയ്യുന്നു: ഈ സ്ഥലത്തിന്മേല്‍ ഞാന്‍ അനര്‍ഥം വരുത്തും. ഇതിലെ നിവാസികളുടെമേല്‍ യെഹൂദാരാജാവിന്‍റെ മുമ്പാകെ വായിക്കപ്പെട്ട പുസ്തകത്തില്‍ എഴുതിയിരിക്കുന്ന സകല ശാപങ്ങളും വര്‍ഷിക്കും.

25 അവര്‍ എന്നെ ഉപേക്ഷിക്കുകയും അന്യദേവന്മാര്‍ക്കു ധൂപം അര്‍പ്പിക്കുകയും തങ്ങളുടെ പ്രവൃത്തികളാല്‍ എന്നെ പ്രകോപിപ്പിക്കുകയും ചെയ്തതുകൊണ്ട് എന്‍റെ ക്രോധാഗ്നി ഈ സ്ഥലത്തു ചൊരിയും; അത് കെട്ടടങ്ങുകയുമില്ല.

26 സര്‍വേശ്വരനോട് അരുളപ്പാടു ചോദിക്കാന്‍ നിങ്ങളെ അയച്ച യെഹൂദാരാജാവിനോടു പറയുക. നീ വായിച്ചു കേട്ട വചനത്തെക്കുറിച്ച് ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.

27 ഈ സ്ഥലത്തിനും ഇതിലെ നിവാസികള്‍ക്കും എതിരെയുള്ള ദൈവത്തിന്‍റെ വചനം കേട്ടപ്പോള്‍ നീ അനുതപിക്കുകയും ദൈവമായ എന്‍റെ മുമ്പാകെ സ്വയം വിനയപ്പെടുകയും വസ്ത്രം കീറി വിലപിക്കുകയും ചെയ്തതുകൊണ്ട് ഞാന്‍ നിന്‍റെ പ്രാര്‍ഥന കേട്ടിരിക്കുന്നു.

28 നീ സമാധാനത്തോടെ മരിച്ചു നിന്‍റെ പിതാക്കന്മാരോടു ചേര്‍ക്കപ്പെടും. നിന്‍റെ കല്ലറയില്‍ത്തന്നെ സംസ്കരിക്കപ്പെടും ഞാന്‍ ഈ സ്ഥലത്തും ഇവിടത്തെ നിവാസികള്‍ക്കും വരുത്താന്‍ പോകുന്ന അനര്‍ഥം നീ കാണുകയില്ല.” ഈ അരുളപ്പാട് അവര്‍ രാജാവിനെ അറിയിച്ചു.

29

രാജാവ് യെഹൂദ്യയിലും യെരൂശലേമിലുമുള്ള എല്ലാ ജനനേതാക്കന്മാരെയും വിളിച്ചുകൂട്ടി.

30 രാജാവും യെഹൂദാ, യെരൂശലേം നിവാസികളും പുരോഹിതന്മാരും ലേവ്യരും വലുപ്പച്ചെറുപ്പം കൂടാതെ സര്‍വേശ്വരന്‍റെ ആലയത്തില്‍ ചെന്നു. ദേവാലയത്തില്‍നിന്നു കണ്ടുകിട്ടിയ ഉടമ്പടിപുസ്തകത്തിലെ വാക്യങ്ങള്‍ അദ്ദേഹം അവരെ വായിച്ചു കേള്‍പ്പിച്ചു.

31 താന്‍ സര്‍വേശ്വരനെ അനുസരിക്കുകയും അവിടുത്തെ കല്പനകളും പ്രമാണങ്ങളും ചട്ടങ്ങളും പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടും പാലിക്കുകയും ആ പുസ്തകത്തില്‍ എഴുതപ്പെട്ടിട്ടുള്ള നിയമങ്ങള്‍ അനുസരിക്കുകയും ചെയ്യുമെന്നു രാജാവ് സ്വസ്ഥാനത്തു നിന്നുകൊണ്ട് സര്‍വേശ്വരന്‍റെ മുമ്പാകെ ഉടമ്പടി ചെയ്തു.

32 ബെന്യാമീന്യരെക്കൊണ്ടും യെരൂശലേമില്‍ കൂടിയിരുന്ന മറ്റെല്ലാവരെക്കൊണ്ടും രാജാവ് ഈ ഉടമ്പടി ചെയ്യിച്ചു. തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സര്‍വേശ്വരനോടു ചെയ്ത ഉടമ്പടി യെരൂശലേംനിവാസികള്‍ അനുസരിച്ചു.

33 ഇസ്രായേല്‍ദേശത്തുണ്ടായിരുന്ന സര്‍വമ്ലേച്ഛതകളും യോശീയാ നീക്കിക്കളഞ്ഞു. തങ്ങളുടെ ദൈവമായ സര്‍വേശ്വരനെ ആരാധിക്കാന്‍ അവരെ പ്രേരിപ്പിച്ചു; അദ്ദേഹത്തിന്‍റെ ജീവിതകാലത്തൊരിക്കലും അവര്‍ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സര്‍വേശ്വരനെ വിട്ടുമാറിയില്ല.

35

1

യോശീയാ യെരൂശലേമില്‍ സര്‍വേശ്വരനു പെസഹ ആചരിച്ചു. ഒന്നാം മാസം പതിന്നാലാം ദിവസം അവര്‍ പെസഹാകുഞ്ഞാടിനെ കൊന്നു.

2 അദ്ദേഹം പുരോഹിതന്മാരെ അവരുടെ ജോലികളില്‍ നിയമിക്കുകയും സര്‍വേശ്വരാലയത്തിലെ ശുശ്രൂഷകളില്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

3 ഇസ്രായേല്‍ജനത്തെ പഠിപ്പിച്ചിരുന്നവരും സര്‍വേശ്വരനുവേണ്ടി വേര്‍തിരിക്കപ്പെട്ടവരുമായ ലേവ്യരോടു രാജാവു പറഞ്ഞു:

4 “ഇസ്രായേല്‍രാജാവായ ദാവീദിന്‍റെ പുത്രന്‍ ശലോമോന്‍ നിര്‍മ്മിച്ച ആലയത്തില്‍ വിശുദ്ധ പെട്ടകം പ്രതിഷ്ഠിക്കുക; നിങ്ങള്‍ ഇനി അതു ചുമലില്‍ വഹിക്കേണ്ടതില്ല. ഇപ്പോള്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെയും അവിടുത്തെ ജനത്തെയും സേവിക്കുവിന്‍. ഇസ്രായേല്‍ രാജാവായ ദാവീദിന്‍റെയും അദ്ദേഹത്തിന്‍റെ പുത്രന്‍ ശലോമോന്‍റെയും നിര്‍ദ്ദേശങ്ങളനുസരിച്ചു നിങ്ങളെത്തന്നെ പിതൃഭവനക്രമത്തില്‍ ഗണങ്ങളായി തിരിക്കുക.

5 നിങ്ങളുടെ സഹോദരരായ ജനങ്ങളുടെ ഓരോ പിതൃഭവനവിഭാഗത്തിനും ലേവ്യരുടെ ഓരോ പിതൃഭവനവിഭാഗത്തിന്‍റെയും സേവനം ലഭിക്കത്തക്കവിധം വിശുദ്ധസ്ഥലത്തു നില്‌ക്കണം.

6 പെസഹാകുഞ്ഞാടിനെ കൊല്ലുകയും നിങ്ങളെ സ്വയം ശുദ്ധീകരിക്കുകയും ചെയ്യുവിന്‍. മോശയിലൂടെ നല്‌കിയ സര്‍വേശ്വരന്‍റെ കല്പനപ്രകാരം നിങ്ങളുടെ സഹോദരര്‍ക്കുവേണ്ടി ഒരുക്കങ്ങള്‍ നടത്തുകയും ചെയ്യുക.”

7 അവിടെ കൂടിയിരുന്ന എല്ലാവര്‍ക്കും വേണ്ടി പെസഹ അര്‍പ്പിക്കുന്നതിനു രാജാവിന്‍റെ ആടുമാടുകളില്‍നിന്നും ചെമ്മരിയാടുകളില്‍നിന്നും കോലാടുകളില്‍നിന്നും മുപ്പതിനായിരം ആട്ടിന്‍കുട്ടികളെയും മൂവായിരം കാളകളെയും യോശീയാ അവര്‍ക്കു നല്‌കി.

8 അദ്ദേഹത്തിന്‍റെ പ്രഭുക്കന്മാര്‍ ജനത്തിനും പുരോഹിതന്മാര്‍ക്കും ലേവ്യര്‍ക്കും ദാനങ്ങള്‍ ഉദാരമായി നല്‌കി. ദേവാലയത്തിലെ പ്രധാന ഉദ്യോഗസ്ഥരായ ഹില്‌ക്കീയാ, സെഖര്യാ, യെഹീയേല്‍ എന്നിവര്‍ പുരോഹിതന്മാര്‍ക്കു പെസഹ അര്‍പ്പിക്കാന്‍ രണ്ടായിരത്തറുനൂറ് ചെമ്മരിയാടുകളെയും കോലാട്ടിന്‍കുട്ടികളെയും മുന്നൂറു കാളകളെയും ദാനം ചെയ്തു.

9 കോനന്യായും അയാളുടെ സഹോദരന്മാരായ ശെമയ്യായും നെഥനയേലും ലേവ്യ പ്രഭുക്കന്മാരായ ഹശബ്യായും യെഹീയേലും യോസാബാദും പെസഹ അര്‍പ്പിക്കുന്നതിനായി അയ്യായിരം ചെമ്മരിയാടുകളെയും കോലാട്ടിന്‍കുട്ടികളെയും അഞ്ഞൂറു കാളകളെയും ലേവ്യര്‍ക്കു നല്‌കി.

10 ശുശ്രൂഷയ്‍ക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി; രാജകല്പനയനുസരിച്ചു പുരോഹിതന്മാര്‍ തങ്ങളുടെ സ്ഥാനത്തും ലേവ്യര്‍ തങ്ങളുടെ ക്രമമനുസരിച്ചും നിന്നു.

11 അവര്‍ പെസഹാകുഞ്ഞാടിനെ കൊന്നു; പുരോഹിതന്മാര്‍ അവയുടെ രക്തം ലേവ്യരില്‍നിന്നു വാങ്ങി യാഗപീഠത്തില്‍ തളിക്കുകയും ലേവ്യര്‍ യാഗമൃഗത്തിന്‍റെ തോലുരിക്കുകയും ചെയ്തു.

12 കാളയുള്‍പ്പെടെയുള്ള യാഗമൃഗങ്ങളെ മോശയുടെ ധര്‍മശാസ്ത്ര ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ സര്‍വേശ്വരനു ഹോമയാഗം അര്‍പ്പിക്കാന്‍ പിതൃഭവനക്രമമനുസരിച്ചു ജനത്തിനു വിഭജിച്ചുകൊടുത്തു.

13 ചട്ടപ്രകാരം ലേവ്യര്‍ പെസഹാകുഞ്ഞാടുകളെ കൊന്നു തീയില്‍ ചുട്ടെടുത്തു; വിശുദ്ധവഴിപാടുകള്‍ കലങ്ങളിലും ചട്ടികളിലും കുട്ടകങ്ങളിലും വേവിച്ച് ഉടന്‍തന്നെ സര്‍വജനത്തിനും വിളമ്പിക്കൊടുത്തു.

14 പിന്നീട് അവര്‍ തങ്ങള്‍ക്കും പുരോഹിതന്മാര്‍ക്കുമുള്ള പെസഹാഭക്ഷണം ഒരുക്കി; അഹരോന്യപുരോഹിതന്മാര്‍, ഹോമയാഗങ്ങളും മേദസ്സും അര്‍പ്പിക്കുന്ന ജോലിയില്‍ രാത്രിവരെ ഏര്‍പ്പെട്ടിരുന്നതുകൊണ്ടാണു ലേവ്യര്‍ തങ്ങള്‍ക്കും അഹരോന്യപുരോഹിതന്മാര്‍ക്കുംവേണ്ടി പെസഹാഭക്ഷണം ഒരുക്കിയത്.

15 ആസാഫ്യരായ ഗായകര്‍ ദാവീദിന്‍റെയും ആസാഫിന്‍റെയും ഹേമാന്‍റെയും രാജാവിന്‍റെ ദീര്‍ഘദര്‍ശിയായ യെദൂഥൂന്‍റെയും കല്പനകളനുസരിച്ച് തങ്ങളുടെ സ്ഥാനത്തും വാതില്‍കാവല്‌ക്കാര്‍ അവരവരുടെ സ്ഥാനങ്ങളിലും നിന്നു; സഹോദരരായ ലേവ്യര്‍ തങ്ങള്‍ക്കുവേണ്ടി പെസഹ ഒരുക്കിയിരുന്നതുകൊണ്ടു തങ്ങളുടെ ശുശ്രൂഷയില്‍നിന്ന് അവര്‍ക്കും മാറി നില്‌ക്കേണ്ടി വന്നില്ല.

16 ഇങ്ങനെ യോശീയാരാജാവിന്‍റെ കല്പനപ്രകാരം പെസഹ ആചരിക്കുകയും യാഗപീഠത്തില്‍ ഹോമയാഗങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തു. അങ്ങനെ സര്‍വേശ്വരന്‍റെ ആരാധനയ്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി.

17 അവിടെ ഉണ്ടായിരുന്ന ഇസ്രായേല്‍ജനം പെസഹയും ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പത്തിന്‍റെ ഉത്സവവും ആചരിച്ചു.

18 ശമൂവേല്‍പ്രവാചകന്‍റെ കാലശേഷം ഇസ്രായേലില്‍ ഇതുപോലൊരു പെസഹ ആചരിച്ചിട്ടില്ല. മാത്രമല്ല, യോശീയായും പുരോഹിതന്മാരും ലേവ്യരും അവിടെ സമ്മേളിച്ചിരുന്ന യെഹൂദ്യയിലെയും ഇസ്രായേലിലെയും ജനങ്ങളും യെരൂശലേംനിവാസികളും ചേര്‍ന്ന് ആചരിച്ച ഈ പെസഹപോലെ ഒരു പെസഹ മറ്റൊരു ഇസ്രായേല്‍രാജാവും ആചരിച്ചിട്ടുമില്ല.

19 യോശീയായുടെ വാഴ്ചയുടെ പതിനെട്ടാം വര്‍ഷമായിരുന്നു ഇത് ആചരിച്ചത്.

20

യോശീയാ ദേവാലയകാര്യങ്ങളെല്ലാം പൂര്‍ത്തിയാക്കി. അതിനുശേഷം യൂഫ്രട്ടീസിനു സമീപമുള്ള കര്‍ക്കെമീശ് ആക്രമിക്കാന്‍ ചെന്ന ഈജിപ്തുരാജാവായ നെഖോയെ നേരിടാന്‍ അദ്ദേഹം പുറപ്പെട്ടു.

21 എന്നാല്‍ നെഖോ ദൂതന്മാര്‍ മുഖേന യോശീയായോടു പറഞ്ഞു: “യെഹൂദാരാജാവേ, നാം തമ്മില്‍ എന്തിനു യുദ്ധം ചെയ്യണം? ഞാന്‍ വരുന്നത് അങ്ങയെ ആക്രമിക്കാനല്ല; പിന്നെയോ എന്നോടു ശത്രുത പുലര്‍ത്തുന്നവരുമായി യുദ്ധം ചെയ്യുന്നതിനാണ്. അതു വേഗം നടത്താന്‍ ദൈവം എനിക്കു കല്പന തന്നിരിക്കുന്നു. അതുകൊണ്ട് എന്‍റെ പക്ഷത്തുള്ള ദൈവത്തെ എതിര്‍ക്കാതെ പിന്തിരിയുക. അല്ലെങ്കില്‍ അവിടുന്നു നിങ്ങളെ നശിപ്പിക്കും.”

22 എന്നാല്‍ യോശീയാ പിന്തിരിഞ്ഞില്ല. നെഖോയിലൂടെ ദൈവം അരുളിച്ചെയ്ത വാക്കുകള്‍ ശ്രദ്ധിക്കാതെ അദ്ദേഹം വേഷപ്രച്ഛന്നനായി യുദ്ധം ചെയ്യുന്നതിനു പോയി. മെഗിദ്ദോ താഴ്വരയില്‍വച്ച് അവര്‍ തമ്മില്‍ ഏറ്റുമുട്ടി.

23 വില്ലാളികള്‍ യോശീയാരാജാവിനെ എയ്തു മുറിവേല്പിച്ചു. രാജാവു ഭൃത്യന്മാരോടു പറഞ്ഞു: “എന്നെ ഇവിടെനിന്നും കൊണ്ടുപോകുക; എനിക്കു മാരകമായി മുറിവേറ്റിരിക്കുന്നു.”

24 അവര്‍ അദ്ദേഹത്തെ ആ രഥത്തില്‍ നിന്നിറക്കി മറ്റൊരു രഥത്തില്‍ യെരൂശലേമില്‍ കൊണ്ടുവന്നു. അദ്ദേഹം മരിച്ചു, പിതാക്കന്മാരുടെ കല്ലറയില്‍ അദ്ദേഹത്തെ സംസ്കരിച്ചു. സമസ്ത യെഹൂദ്യയും യെരൂശലേമും യോശീയായെച്ചൊല്ലി വിലപിച്ചു.

25 യിരെമ്യാപ്രവാചകന്‍ യോശീയായെക്കുറിച്ച് ഒരു വിലാപഗാനം രചിച്ചു. ഇസ്രായേലിലെ സ്‍ത്രീപുരുഷന്മാരായ സകല ഗായകരും വിലാപം നടത്തുമ്പോള്‍ ഇന്നും യോശീയായെപ്പറ്റി പരാമര്‍ശിക്കാറുണ്ട്. ഇസ്രായേലില്‍ അത് ഒരു പതിവായിത്തീര്‍ന്നിരിക്കുന്നു; അവ വിലാപഗീതങ്ങളില്‍ ചേര്‍ത്തിട്ടുമുണ്ട്.

26 യോശീയായുടെ മറ്റു പ്രവര്‍ത്തനങ്ങളും സര്‍വേശ്വരന്‍റെ നിയമങ്ങള്‍ അനുസരിച്ചുള്ള അദ്ദേഹത്തിന്‍റെ സല്‍പ്രവൃത്തികളും ആദ്യന്തം ഇസ്രായേലിലെയും യെഹൂദ്യയിലെയും രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

36

1

പിന്നീടു ദേശവാസികള്‍ യോശീയായുടെ പുത്രന്‍ യെഹോവാഹാസിനെ യെരൂശലേമില്‍ രാജാവാക്കി.

2 വാഴ്ചയാരംഭിച്ചപ്പോള്‍ യെഹോവാഹാസിന് ഇരുപത്തിമൂന്നു വയസ്സായിരുന്നു; അദ്ദേഹം യെരൂശലേമില്‍ മൂന്നു മാസം ഭരിച്ചു.

3 പിന്നീട് ഈജിപ്തുരാജാവ് അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കുകയും നൂറു താലന്തു വെള്ളിയും ഒരു താലന്തു സ്വര്‍ണവും യെഹൂദാദേശത്തിനു കപ്പം നിശ്ചയിക്കുകയും ചെയ്തു.

4 അദ്ദേഹത്തിന്‍റെ സഹോദരന്‍ എല്യാക്കീമിനെ ഈജിപ്തുരാജാവ് യെഹൂദായുടെയും യെരൂശലേമിന്‍റെയും രാജാവായി വാഴിക്കുകയും അദ്ദേഹത്തിന്‍റെ പേര് യെഹോയാക്കീം എന്നു മാറ്റുകയും ചെയ്തു. സ്ഥാനഭ്രഷ്ടനാക്കപ്പെട്ട യെഹോവാഹാസിനെ നെഖോ ഈജിപ്തിലേക്കു കൊണ്ടുപോയി.

5

വാഴ്ച ആരംഭിച്ചപ്പോള്‍ യെഹോയാക്കീമിന് ഇരുപത്തഞ്ചു വയസ്സായിരുന്നു. അദ്ദേഹം പതിനൊന്നു വര്‍ഷം യെരൂശലേമില്‍ ഭരിച്ചു.

6 ദൈവമായ സര്‍വേശ്വരന്‍റെ മുമ്പില്‍ അദ്ദേഹം തിന്മ പ്രവര്‍ത്തിച്ചു. ബാബിലോണ്‍രാജാവായ നെബുഖദ്നേസര്‍ യെഹൂദായെ ആക്രമിക്കുകയും യെഹോയാക്കീമിനെ ചങ്ങലകള്‍കൊണ്ടു ബന്ധിച്ച് ബാബിലോണിലേക്കു കൊണ്ടുപോകുകയും ചെയ്തു.

7 നെബുഖദ്നേസര്‍ സര്‍വേശ്വരന്‍റെ ആലയത്തിലെ പാത്രങ്ങളില്‍ ചിലത് എടുത്തുകൊണ്ടുപോയി ബാബിലോണില്‍ തന്‍റെ കൊട്ടാരത്തില്‍ സൂക്ഷിച്ചു.

8 യെഹോയാക്കീമിന്‍റെ മറ്റു പ്രവര്‍ത്തനങ്ങളും അദ്ദേഹം ചെയ്ത മ്ലേച്ഛതകളും കുറ്റകൃത്യങ്ങളുമെല്ലാം ഇസ്രായേലിലെയും യെഹൂദ്യയിലെയും രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ പുത്രന്‍ യെഹോയാഖീന്‍ പിന്നീട് രാജാവായി.

9

ഭരണം ആരംഭിച്ചപ്പോള്‍ യെഹോയാഖീന് എട്ടു വയസ്സായിരുന്നു; അദ്ദേഹം മൂന്നു മാസവും പത്തു ദിവസവും യെരൂശലേമില്‍ വാണു. സര്‍വേശ്വരനു ഹിതകരമല്ലാത്തവിധം അദ്ദേഹം ജീവിച്ചു.

10 ആ വര്‍ഷം വസന്തകാലത്ത്, നെബുഖദ്നേസര്‍ സൈന്യത്തെ അയച്ച് അദ്ദേഹത്തെ ബന്ധിച്ചു ബാബിലോണിലേക്കു കൊണ്ടുപോയി; സര്‍വേശ്വരമന്ദിരത്തിലെ വിലപ്പെട്ട പാത്രങ്ങളും എടുത്തുകൊണ്ടുപോയി. യെഹോയാഖീന്‍റെ പിതൃസഹോദരനായ സിദെക്കീയായെ യെഹൂദായുടെയും യെരൂശലേമിന്‍റെയും രാജാവാക്കി.

11

ഇരുപത്തൊന്നു വയസ്സായപ്പോള്‍ സിദെക്കീയാ വാഴ്ച ആരംഭിച്ചു. അദ്ദേഹം പതിനൊന്നു വര്‍ഷം യെരൂശലേമില്‍ ഭരിച്ചു.

12 തന്‍റെ ദൈവമായ സര്‍വേശ്വരനു ഹിതകരമല്ലാത്തവിധം അദ്ദേഹം ജീവിച്ചു. അവിടുത്തെ വചനം അറിയിച്ച യിരെമ്യാപ്രവാചകന്‍റെ മുമ്പില്‍പോലും അദ്ദേഹം സ്വയം വിനയപ്പെട്ടില്ല.

13

ബാബിലോണ്‍രാജാവിനോടു വിശ്വസ്തനായിരുന്നുകൊള്ളാമെന്നു ദൈവനാമത്തില്‍ പ്രതിജ്ഞ ചെയ്തിരുന്നെങ്കിലും സിദെക്കീയാ നെബുഖദ്നേസര്‍ രാജാവിനോടു മത്സരിച്ചു. ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരനിലേക്കു തിരിയാതെ ദുശ്ശാഠ്യമായി വര്‍ത്തിക്കുകയും തന്‍റെ ഹൃദയം കഠിനമാക്കുകയും ചെയ്തു.

14 പ്രധാന പുരോഹിതന്മാരും ജനങ്ങളും വിജാതീയരുടെ ദുരാചാരങ്ങളെ അനുകരിച്ച് അത്യന്തം അവിശ്വസ്തരായിത്തീര്‍ന്നു. യെരൂശലേമില്‍ സര്‍വേശ്വരന്‍ തനിക്കായി വേര്‍തിരിച്ചിരുന്ന ആലയം അവര്‍ അശുദ്ധമാക്കി.

15 അവരുടെ പിതാക്കന്മാരുടെ ദൈവമായ സര്‍വേശ്വരനു തന്‍റെ ജനത്തോടും തിരുനിവാസത്തോടും കരുണ തോന്നി; തന്‍റെ ദൂതന്മാരെ തുടര്‍ച്ചയായി അവരുടെ അടുക്കല്‍ അയച്ചു.

16 അവരാകട്ടെ ദൈവത്തിന്‍റെ ദൂതന്മാരെ പരിഹസിക്കുകയും അവിടുത്തെ വാക്കുകള്‍ നിരസിക്കുകയും അവിടുത്തെ പ്രവാചകന്മാരെ നിന്ദിക്കുകയും ചെയ്തു. തന്‍റെ ജനത്തിന്‍റെ നേര്‍ക്കു സര്‍വേശ്വരന്‍റെ ക്രോധം ഒഴിവാക്കാനാവാത്തവിധം ജ്വലിക്കുന്നതുവരെ അവര്‍ അതു തുടര്‍ന്നു.

17 അതുകൊണ്ട് അവിടുന്നു ബാബിലോണ്‍രാജാവിനെ അവര്‍ക്കെതിരെ കൊണ്ടുവന്നു. അദ്ദേഹം യുവാക്കളെ വിശുദ്ധസ്ഥലത്തുവച്ചു സംഹരിച്ചു. യുവാക്കളോടോ കന്യകകളോടോ വൃദ്ധരോടോ പടുകിഴവരോടോ അദ്ദേഹം കരുണകാട്ടിയില്ല. അവരെയെല്ലാം ദൈവം അദ്ദേഹത്തിന്‍റെ കൈയില്‍ ഏല്പിച്ചു കൊടുത്തു.

18 സര്‍വേശ്വരാലയത്തിലെ ചെറുതും വലുതുമായ സകല പാത്രങ്ങളും ദേവാലയത്തിലെയും രാജാവിന്‍റെയും പ്രഭുക്കന്മാരുടെയും കൊട്ടാരങ്ങളിലെ നിക്ഷേപങ്ങളും അദ്ദേഹം ബാബിലോണിലേക്കു കൊണ്ടുപോയി.

19 അവര്‍ ദേവാലയം അഗ്നിക്കിരയാക്കി; യെരൂശലേമിന്‍റെ മതില്‍ ഇടിച്ചുനിരത്തി; അതിലെ കൊട്ടാരങ്ങള്‍ ചുട്ടെരിച്ചു; വിലപിടിപ്പുള്ള പാത്രങ്ങളെല്ലാം നശിപ്പിച്ചു.

20 വാളിനിരയാകാതെ ശേഷിച്ചവരെ ബാബിലോണിലേക്കു പിടിച്ചുകൊണ്ടുപോയി; പേര്‍ഷ്യന്‍ സാമ്രാജ്യം സ്ഥാപിതമാകുന്നതുവരെ അവര്‍ അവിടെ അദ്ദേഹത്തിനും പിന്‍ഗാമികള്‍ക്കും അടിമകളായി ജീവിച്ചു.

21 യിരെമ്യാപ്രവാചകനിലൂടെ സര്‍വേശ്വരന്‍ അരുളിച്ചെയ്ത വചനം നിറവേറി. ദേശം അതിന്‍റെ ശബത്ത് അനുഭവിച്ചു; എഴുപതു വര്‍ഷം പൂര്‍ത്തിയാകുന്നതുവരെ, ശൂന്യമായി കിടന്ന കാലമത്രയും തന്നെ.

22

സര്‍വേശ്വരന്‍ യിരെമ്യാപ്രവാചകനിലൂടെ അരുളിച്ചെയ്ത വചനം നിറവേറും വിധം “പേര്‍ഷ്യാരാജാവായ സൈറസിന്‍റെ വാഴ്ചയുടെ ഒന്നാം വര്‍ഷം തന്നെ സര്‍വേശ്വരന്‍ അദ്ദേഹത്തിന്‍റെ മനസ്സുണര്‍ത്തി. അദ്ദേഹം തന്‍റെ സാമ്രാജ്യത്തിലെങ്ങും ഒരു വിളംബരം പ്രസിദ്ധപ്പെടുത്തി രേഖാമൂലം പരസ്യം ചെയ്തു.

23 പേര്‍ഷ്യന്‍രാജാവായ സൈറസ് ഇപ്രകാരം കല്പിക്കുന്നു: “സ്വര്‍ഗത്തിലെ ദൈവമായ സര്‍വേശ്വരന്‍ ഭൂമിയിലെ സകല രാജ്യങ്ങളെയും എനിക്കു കീഴ്പെടുത്തിത്തന്നിരിക്കുന്നു; യെഹൂദ്യയിലെ യെരൂശലേമില്‍ അവിടുത്തേക്ക് ഒരു ആലയം പണിയാന്‍ എന്നെ നിയോഗിച്ചിരിക്കുന്നു; നിങ്ങളില്‍ അവിടുത്തെ ജനമായ ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ യാത്ര പുറപ്പെടട്ടെ. അവരുടെ ദൈവമായ സര്‍വേശ്വരന്‍ അവരുടെകൂടെ ഉണ്ടായിരിക്കും.”