1

1

ആഹാബിന്‍റെ മരണശേഷം മോവാബ് ഇസ്രായേലിനു നേരെ കലാപം തുടങ്ങി.

2 ശമര്യയില്‍ വച്ച് മാളികമുറിയുടെ ജാലകത്തിലൂടെ വീണ് അഹസ്യാരാജാവ് കിടപ്പിലായി. താന്‍ രക്ഷപെടുമോ എന്നറിയാന്‍ എക്രോനിലെ ദേവനായ ബാല്‍-സെബൂബിന്‍റെ അടുക്കല്‍ അയാള്‍ ദൂതന്മാരെ അയച്ചു.

3 അപ്പോള്‍ സര്‍വേശ്വരന്‍റെ ദൂതന്‍ തിശ്ബ്യനായ ഏലിയായോടു കല്പിച്ചു: “ഇസ്രായേലില്‍ ദൈവം ഇല്ലാഞ്ഞിട്ടാണോ എക്രോനിലെ ദേവനായ ബാല്‍-സെബൂബിന്‍റെ അരുളപ്പാട് ചോദിക്കുന്നത്”

4 എന്നു ശമര്യാരാജാവിന്‍റെ ദൂതന്മാരുടെ അടുക്കല്‍ ചെന്നു ചോദിക്കണം. “രോഗക്കിടക്കയില്‍നിന്നു നീ ഇനി എഴുന്നേല്‌ക്കുകയില്ല; നീ തീര്‍ച്ചയായും മരിക്കും എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.” അവിടുന്നു കല്പിച്ചതുപോലെ ഏലിയാ ചെയ്തു.

5 ദൂതന്മാര്‍ മടങ്ങി എത്തിയപ്പോള്‍ രാജാവ് ചോദിച്ചു: “എന്തുകൊണ്ട് നിങ്ങള്‍ ഇത്രവേഗം മടങ്ങിവന്നു?”

6 അവര്‍ പറഞ്ഞു: “ഞങ്ങള്‍ വഴിയില്‍വച്ച് ഒരാളെ കണ്ടുമുട്ടി; രാജാവിനോട് ഇങ്ങനെ പറയുക എന്നയാള്‍ പറഞ്ഞു. ‘ഇസ്രായേലില്‍ ദൈവം ഇല്ലാഞ്ഞിട്ടാണോ അങ്ങ് എക്രോനിലെ ദേവനായ ബാല്‍-സെബൂബിന്‍റെ അടുക്കല്‍ അരുളപ്പാട് ചോദിക്കാന്‍ ആളുകളെ അയച്ചത്?’ അതുകൊണ്ട് ഈ രോഗക്കിടക്കയില്‍നിന്ന് അങ്ങ് എഴുന്നേല്‌ക്കുകയില്ല; അങ്ങ് നിശ്ചയമായും മരിക്കും.”

7 രാജാവ് അവരോടു ചോദിച്ചു: “നിങ്ങളെ ഈ കാര്യം അറിയിച്ച മനുഷ്യന്‍ എങ്ങനെയുള്ളവനായിരുന്നു?”

8 അവര്‍ പറഞ്ഞു: “അയാള്‍ രോമവസ്ത്രവും അരയ്‍ക്കു തോല്‍വാറും ധരിച്ചിരുന്നു.” “അത് തിശ്ബ്യനായ ഏലിയാ തന്നെ” എന്നു രാജാവു പറഞ്ഞു.

9 രാജാവ് ഒരു പടനായകനെ അയാളുടെ അമ്പതു പടയാളികളോടുകൂടെ ഏലിയായുടെ അടുക്കലേക്ക് അയച്ചു. അവര്‍ ചെന്നപ്പോള്‍ ഏലിയാ മലമുകളില്‍ ഇരിക്കുകയായിരുന്നു. പടനായകന്‍ ഏലിയായോടു പറഞ്ഞു: “ദൈവപുരുഷാ, ഇറങ്ങിവരിക എന്നു രാജാവു കല്പിക്കുന്നു.”

10 ഏലിയാ പ്രതിവചിച്ചു: “ഞാന്‍ ദൈവപുരുഷനാണെങ്കില്‍ ആകാശത്തുനിന്ന് അഗ്നിയിറങ്ങി നിന്നെയും നിന്‍റെ കൂടെയുള്ള അമ്പതു പേരെയും ദഹിപ്പിച്ചു കളയട്ടെ.” തല്‍ക്ഷണം അഗ്നിയിറങ്ങി പടനായകനെയും അവനോടൊപ്പം ഉണ്ടായിരുന്നവരെയും ദഹിപ്പിച്ചുകളഞ്ഞു.

11 വീണ്ടും രാജാവ് അമ്പതു പേരെ മറ്റൊരു പടനായകനോടൊപ്പം ഏലിയായുടെ അടുക്കലേക്ക് അയച്ചു; അയാളും ഏലിയായോട്: “ദൈവപുരുഷാ, വേഗം ഇറങ്ങിവരാന്‍ രാജാവ് കല്പിക്കുന്നു” എന്നു പറഞ്ഞു.

12 ഏലിയാ പ്രതിവചിച്ചു: “ഞാന്‍ ദൈവപുരുഷനാണെങ്കില്‍ ആകാശത്തുനിന്ന് അഗ്നിയിറങ്ങി നിന്നെയും കൂടെയുള്ള അമ്പതുപേരെയും ദഹിപ്പിച്ചുകളയട്ടെ.” ഉടനെ അഗ്നിയിറങ്ങി പടനായകനെയും കൂടെയുള്ളവരെയും ദഹിപ്പിച്ചു.

13 രാജാവ് മൂന്നാമതും മറ്റൊരു പടനായകനെ അമ്പതു പേരോടുകൂടി അയച്ചു. അയാള്‍ ഏലിയായുടെ മുമ്പില്‍ മുട്ടുകുത്തി അപേക്ഷിച്ചു: “ദൈവപുരുഷാ, എന്‍റെയും അങ്ങയുടെ ദാസന്മാരായ ഈ അമ്പതു പേരുടെയും ജീവനെ അങ്ങ് വിലയുള്ളതായി കാണണമേ.

14 എനിക്കുമുമ്പേ വന്ന രണ്ടു സൈന്യാധിപന്മാരെയും കൂടെയുണ്ടായിരുന്നവരെയും ആകാശത്തുനിന്ന് അഗ്നിയിറങ്ങി ദഹിപ്പിച്ചുകളഞ്ഞു. എന്നാല്‍ എന്‍റെ ജീവനെ അങ്ങ് വിലയുള്ളതായി ഗണിക്കണമേ.

15 അപ്പോള്‍ സര്‍വേശ്വരന്‍റെ ദൂതന്‍ ഏലിയായോടു പറഞ്ഞു: “ഇറങ്ങി അവന്‍റെ കൂടെ ചെല്ലുക; നീ അവനെ ഭയപ്പെടേണ്ടാ.” ഏലിയാ അയാളുടെ കൂടെ രാജാവിന്‍റെ അടുക്കല്‍ ചെന്നു.

16 ഏലിയാ രാജാവിനോടു പറഞ്ഞു: “സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: എക്രോനിലെ ദേവനായ ബാല്‍-സെബൂബിന്‍റെ അടുക്കല്‍ നീ ദൂതന്മാരെ അയച്ചത് എന്ത്? അരുളപ്പാടു ചോദിക്കാന്‍ ഇസ്രായേലില്‍ ദൈവം ഇല്ലാഞ്ഞിട്ടായിരുന്നോ? അതുകൊണ്ട് നീ രോഗക്കിടക്കയില്‍നിന്ന് എഴുന്നേല്‌ക്കുകയില്ല; നീ നിശ്ചയമായും മരിക്കും.”

17 ഏലിയായിലൂടെ സര്‍വേശ്വരന്‍ അരുളിച്ചെയ്തതുപോലെ അഹസ്യാ മരിച്ചു; അഹസ്യായ്‍ക്ക് പുത്രന്മാരില്ലാതിരുന്നതുകൊണ്ട് അദ്ദേഹത്തിന്‍റെ സഹോദരന്‍ യെഹോരാം രാജാവായി. യെഹൂദാരാജാവും യെഹോശാഫാത്തിന്‍റെ പുത്രനുമായ യെഹോരാമിന്‍റെ രണ്ടാം ഭരണവര്‍ഷത്തിലാണ് അദ്ദേഹം ഭരണം ആരംഭിച്ചത്.

18 അഹസ്യായുടെ മറ്റു പ്രവര്‍ത്തനങ്ങള്‍ ഇസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

2

1

സര്‍വേശ്വരന്‍ ഒരു ചുഴലിക്കാറ്റിലൂടെ ഏലിയായെ സ്വര്‍ഗത്തിലേക്ക് എടുക്കാന്‍ സമയമായി. ഏലിയായും എലീശയും ഗില്ഗാലില്‍നിന്നു യാത്ര ചെയ്യുകയായിരുന്നു.

2 ഏലിയാ എലീശയോടു പറഞ്ഞു: “നീ ഇവിടെ താമസിക്കുക; ബേഥേലിലേക്കു പോകാന്‍ സര്‍വേശ്വരന്‍ എന്നോടു കല്പിച്ചിരിക്കുന്നു.” എലീശ പറഞ്ഞു: “ജീവിക്കുന്ന സര്‍വേശ്വരനെയും അങ്ങയെയും സാക്ഷിയാക്കി ഞാന്‍ പറയുന്നു: ഞാന്‍ അങ്ങയെ വിട്ടുപോകുകയില്ല.” അങ്ങനെ അവര്‍ ബേഥേലിലേക്കു പോയി.

3 ബേഥേലിലുണ്ടായിരുന്ന പ്രവാചകഗണത്തില്‍പ്പെട്ടവര്‍ എലീശായോടു ചോദിച്ചു: “സര്‍വേശ്വരന്‍ ഇന്നുതന്നെ അങ്ങയുടെ അടുക്കല്‍നിന്ന് അങ്ങയുടെ യജമാനനെ എടുക്കാന്‍ പോകുന്ന വിവരം അങ്ങേക്കറിയാമോ?” അദ്ദേഹം പറഞ്ഞു: “എനിക്കറിയാം, നിങ്ങള്‍ നിശ്ശബ്ദരായിരിക്കൂ.”

4 ഏലിയാ എലീശയോടു പറഞ്ഞു: “നീ ഇവിടെ താമസിക്കുക; യെരീഹോവിലേക്കു പോകാന്‍ സര്‍വേശ്വരന്‍ എന്നോടു കല്പിച്ചിരിക്കുന്നു. “അപ്പോള്‍ എലീശ പറഞ്ഞു: “സര്‍വേശ്വരനെയും അങ്ങയെയും സാക്ഷിയാക്കി ഞാന്‍ പറയുന്നു. അങ്ങയെ വിട്ടു ഞാന്‍ പോകുകയില്ല.” അങ്ങനെ അവര്‍ യെരീഹോവിലെത്തി.

5 അവിടെ ഉണ്ടായിരുന്ന പ്രവാചകഗണത്തില്‍പ്പെട്ടവര്‍ എലീശയോടു ചോദിച്ചു: “സര്‍വേശ്വരന്‍ ഇന്നുതന്നെ അങ്ങയുടെ യജമാനനെ അങ്ങയുടെ അടുക്കല്‍നിന്ന് എടുക്കാന്‍ പോകുന്ന വിവരം അങ്ങേക്കറിയാമോ.” എലീശ പ്രതിവചിച്ചു: “എനിക്കറിയാം, നിങ്ങള്‍ നിശ്ശബ്ദരായിരിക്കുവിന്‍.”

6 ഏലിയാ എലീശയോടു വീണ്ടും പറഞ്ഞു: “നീ ഇവിടെ താമസിച്ചുകൊള്ളുക. സര്‍വേശ്വരന്‍ എന്നോട് യോര്‍ദ്ദാനിലേക്കു പോകാന്‍ കല്പിച്ചിരിക്കുന്നു.” എലീശ പറഞ്ഞു: “ജീവിക്കുന്ന സര്‍വേശ്വരനെയും അങ്ങയെയും സാക്ഷിയാക്കി ഞാന്‍ പറയുന്നു: ഞാന്‍ അങ്ങയെ വിട്ടുപോകുകയില്ല.” അങ്ങനെ അവര്‍ ഇരുവരും യാത്ര തുടര്‍ന്നു.

7 അവര്‍ യോര്‍ദ്ദാന്‍നദിയുടെ അരികില്‍ എത്തിയപ്പോള്‍ പ്രവാചകഗണത്തില്‍പ്പെട്ട അമ്പതുപേര്‍ വന്ന് അല്പം അകലെ മാറിനിന്നു.

8 ഏലിയാ മേലങ്കിയെടുത്തു ചുരുട്ടി വെള്ളത്തില്‍ അടിച്ചു; വെള്ളം ഇരുവശത്തേക്കും മാറി; അവര്‍ ഉണങ്ങിയ നിലത്തുകൂടി കടന്നു മറുകര എത്തി.

9 അവിടെ എത്തിയപ്പോള്‍ ഏലിയാ എലീശയോടു ചോദിച്ചു: “ഞാന്‍ നിന്നില്‍നിന്ന് എടുക്കപ്പെടുന്നതിനുമുമ്പ് ഞാന്‍ എന്താണ് നിനക്ക് ചെയ്തുതരേണ്ടത്.” എലീശ പറഞ്ഞു: “അങ്ങയുടെ ചൈതന്യത്തിന്‍റെ ഇരട്ടി അവകാശം എനിക്കു ലഭിക്കട്ടെ.”

10 ഏലിയാ പറഞ്ഞു: “നീ ചോദിച്ചതു ദുഷ്കരമായ കാര്യമാണ്; എങ്കിലും ഞാന്‍ നിന്നില്‍നിന്ന് എടുക്കപ്പെടുന്നത് നീ കാണുകയാണെങ്കില്‍ അതു നിനക്കു ലഭിക്കും; കാണുന്നില്ലെങ്കില്‍ അതു ലഭിക്കുകയില്ല.”

11 അവര്‍ സംസാരിച്ചുകൊണ്ട് വീണ്ടും നടന്നു. തത്സമയം ഒരു അഗ്നിത്തേരും അഗ്നിക്കുതിരകളും അവരെ തമ്മില്‍ വേര്‍പെടുത്തി. ഏലിയാ ഒരു ചുഴലിക്കാറ്റില്‍ ആകാശത്തിലേക്ക് എടുക്കപ്പെട്ടു.

12 എലീശ അതുകണ്ടു. “എന്‍റെ പിതാവേ, എന്‍റെ പിതാവേ, ഇസ്രായേലിന്‍റെ തേരുകളും തേരാളികളുമേ” എന്നു നിലവിളിച്ചു പറഞ്ഞു. പിന്നെ അദ്ദേഹം ഏലിയായെ കണ്ടില്ല. എലീശ തന്‍റെ വസ്ത്രം രണ്ടായി കീറി.

13 ഏലിയായില്‍നിന്നു താഴെ വീണ മേലങ്കി എലീശാ എടുത്തുകൊണ്ട് യോര്‍ദ്ദാന്‍നദിയുടെ തീരത്തു വന്നു.

14 ഏലിയായുടെ ദൈവമായ സര്‍വേശ്വരന്‍ എവിടെ എന്നു പറഞ്ഞ് ആ മേലങ്കികൊണ്ട് അദ്ദേഹം വെള്ളത്തില്‍ അടിച്ചു; വെള്ളം ഇരുവശത്തേക്കും മാറി; എലീശ നദി കടക്കുകയും ചെയ്തു.

15 യെരീഹോവില്‍നിന്നുള്ള അമ്പതു പ്രവാചകന്മാരും അദ്ദേഹത്തെ കണ്ടപ്പോള്‍ ഏലിയായുടെ ചൈതന്യം അദ്ദേഹത്തില്‍ കുടികൊള്ളുന്നു” എന്നു പറഞ്ഞു. അവര്‍ ചെന്ന് അദ്ദേഹത്തെ സ്വീകരിച്ച് അദ്ദേഹത്തിന്‍റെ മുമ്പില്‍ സാഷ്ടാംഗം വീണു നമസ്കരിച്ചു.

16 അവര്‍ പറഞ്ഞു: “ബലശാലികളായ അമ്പതു പേര്‍ ഞങ്ങളുടെ കൂടെ ഉണ്ട്. അങ്ങയുടെ യജമാനനെ അന്വേഷിച്ചുപോകാന്‍ അവരെ അനുവദിക്കണമേ. സര്‍വേശ്വരന്‍റെ ആത്മാവ് അദ്ദേഹത്തെ വല്ല മലയിലോ താഴ്വരയിലോ ഉപേക്ഷിച്ചിരിക്കും.” അപ്പോള്‍ എലീശ പറഞ്ഞു: “ആരെയും അയയ്‍ക്കേണ്ടാ.”

17 അദ്ദേഹം അനുവാദം നല്‌കുന്നതുവരെ അവര്‍ നിര്‍ബന്ധിച്ചു. അങ്ങനെ അവര്‍ അമ്പതുപേരെ അയച്ചു; അവര്‍ മൂന്നു ദിവസം അന്വേഷിച്ചു നടന്നെങ്കിലും ഏലിയായെ കണ്ടെത്തിയില്ല.

18 അവര്‍ മടങ്ങിവന്നു യെരീഹോവില്‍ പാര്‍ത്തിരുന്ന എലീശയെ കണ്ടു. “നിങ്ങള്‍ പോകേണ്ട എന്നു ഞാന്‍ പറഞ്ഞതല്ലേ?” എലീശ ചോദിച്ചു.

19

യെരീഹോനിവാസികളില്‍ ചിലര്‍ എലീശയുടെ അടുക്കല്‍ വന്നു പറഞ്ഞു: “അങ്ങു കാണുന്നതുപോലെ മനോഹരമായ ഈ നഗരം പാര്‍ക്കാന്‍ പറ്റിയതാണ്. എന്നാല്‍ ഇവിടത്തെ വെള്ളം മലിനവും ദേശം ഫലശൂന്യവുമാണ്.”

20 “ഒരു പുതിയ പാത്രം കൊണ്ടുവന്ന് അതില്‍ കുറെ ഉപ്പിടുക” എലീശ പറഞ്ഞു. അവര്‍ അങ്ങനെ ചെയ്തു.

21 എലീശ നീരുറവിന്‍റെ അടുക്കല്‍ ചെന്ന് ഉപ്പ് അതില്‍ വിതറിക്കൊണ്ടു പറഞ്ഞു: “സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: ഞാന്‍ ഈ ജലം ശുദ്ധീകരിച്ചിരിക്കുന്നു; ഇനിയും ഇത് ആരുടെയും മരണത്തിനോ ഗര്‍ഭനാശത്തിനോ ഇടയാക്കുകയില്ല.”

22 എലീശ പറഞ്ഞതുപോലെ ആ ജലം ഇപ്പോഴും ശുദ്ധമാണ്.

23

എലീശ അവിടെനിന്നു ബേഥേലിലേക്കു പോയി. വഴിയില്‍വച്ചു പട്ടണത്തില്‍നിന്നു വന്ന ചില ബാലന്മാര്‍: “കഷണ്ടിത്തലയാ കയറിപ്പോകൂ, കയറിപ്പോകൂ” എന്നു വിളിച്ചു കൂവി അദ്ദേഹത്തെ പരിഹസിച്ചു.

24 എലീശ തിരിഞ്ഞ് അവരെ നോക്കി. അദ്ദേഹം സര്‍വേശ്വരന്‍റെ നാമത്തില്‍ അവരെ ശപിച്ചു. പെട്ടെന്ന് കാട്ടില്‍നിന്ന് രണ്ട് പെണ്‍കരടികള്‍ ഇറങ്ങിവന്ന് നാല്പത്തിരണ്ടു ബാലന്മാരെ കടിച്ചുകീറിക്കളഞ്ഞു.

25 എലീശ അവിടെനിന്നു മടങ്ങി കര്‍മ്മേല്‍പര്‍വതത്തിലേക്കും പിന്നീട് ശമര്യയിലേക്കും പോയി.

3

1

യെഹൂദാരാജാവായ യെഹോശാഫാത്തിന്‍റെ പതിനെട്ടാം ഭരണവര്‍ഷം ശമര്യയില്‍ ആഹാബിന്‍റെ പുത്രനായ യെഹോരാം ഇസ്രായേലിന്‍റെ രാജാവായി; അയാള്‍ പന്ത്രണ്ടു വര്‍ഷം ഭരിച്ചു.

2 യെഹോരാം സര്‍വേശ്വരന് അനിഷ്ടമായി പ്രവര്‍ത്തിച്ചു; എങ്കിലും തന്‍റെ മാതാപിതാക്കളെപ്പോലെ ദുഷ്ടത പ്രവര്‍ത്തിച്ചില്ല. പിതാവ് നിര്‍മ്മിച്ച ബാല്‍വിഗ്രഹം അയാള്‍ നീക്കിക്കളഞ്ഞു.

3 എങ്കിലും ഇസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്‍റെ മകനായ യെരോബെയാമിന്‍റെ വഴികളില്‍നിന്നു വിട്ടുമാറാതെ പാപപ്രവൃത്തികള്‍ ചെയ്തുപോന്നു.

4

മോവാബുരാജാവായ മേശ ധാരാളം ആടുകളെ വളര്‍ത്തിയിരുന്നു. അയാള്‍ വര്‍ഷംതോറും ഇസ്രായേല്‍രാജാവിന് ഒരുലക്ഷം കുഞ്ഞാടുകളെയും ഒരുലക്ഷം മുട്ടാടുകളുടെ രോമവും കൊടുക്കേണ്ടിയിരുന്നു.

5 ആഹാബിന്‍റെ മരണശേഷം മോവാബുരാജാവ് ഇസ്രായേല്‍രാജാവിനോട് കലഹിച്ചു.

6 അപ്പോള്‍ യെഹോരാം രാജാവ് ശമര്യയില്‍നിന്നു വന്ന് ഇസ്രായേല്‍ജനത്തെയെല്ലാം ഒരുമിച്ചുകൂട്ടി.

7 അയാള്‍ യെഹൂദാരാജാവായ യെഹോശാഫാത്തിന്‍റെ അടുക്കല്‍ ദൂതന്മാരെ അയച്ചു: “മോവാബ് രാജാവ് എന്നെ എതിര്‍ത്ത് കലാപം ഉണ്ടാക്കുന്നു. അയാളോടു യുദ്ധം ചെയ്യുന്നതിന് അങ്ങ് എന്‍റെകൂടെ പോരുമോ” എന്നു ചോദിച്ചു. “ഞാന്‍ അങ്ങയെപ്പോലെയും എന്‍റെ ജനം അങ്ങയുടെ ജനത്തെപ്പോലെയും എന്‍റെ കുതിരകള്‍ അങ്ങയുടെ കുതിരകളെപ്പോലെയും വര്‍ത്തിക്കും” എന്ന് യെഹോശാഫാത്ത് മറുപടി പറഞ്ഞു.

8 “നാം ഏതുവഴി നീങ്ങണം” യെഹോശാഫാത്ത് ചോദിച്ചു; “എദോംമരുഭൂമിയിലൂടെ പോകാം” യെഹോരാം പറഞ്ഞു.

9 അങ്ങനെ ഇസ്രായേല്‍രാജാവ് യെഹൂദാരാജാവിനോടും എദോംരാജാവിനോടും കൂടി പുറപ്പെട്ടു. വളഞ്ഞ പാതയിലൂടെ ഏഴു ദിവസത്തെ യാത്ര കഴിഞ്ഞപ്പോള്‍ അവര്‍ സംഭരിച്ചിരുന്ന വെള്ളം തീര്‍ന്നു. സൈനികര്‍ക്കും അവരെ അനുഗമിച്ച മൃഗങ്ങള്‍ക്കും കുടിക്കാന്‍ വെള്ളം ഇല്ലാതെയായി.

10 അപ്പോള്‍ ഇസ്രായേല്‍രാജാവു പറഞ്ഞു: “കഷ്ടം! സര്‍വേശ്വരന്‍ ഈ മൂന്നുരാജാക്കന്മാരെയും വിളിച്ചുവരുത്തി മോവാബ്യരുടെ കൈയില്‍ ഏല്പിച്ചിരിക്കുന്നുവല്ലോ.”

11 യെഹോശാഫാത്ത് ചോദിച്ചു: “സര്‍വേശ്വരന്‍റെ ഹിതം ആരായുന്നതിന് അവിടുത്തെ ഒരു പ്രവാചകനും ഇവിടെയില്ലേ?” ഇസ്രായേല്‍രാജാവിന്‍റെ ഒരു ഭൃത്യന്‍ പറഞ്ഞു: “ഏലിയായുടെ സഹായിയും ശാഫാത്തിന്‍റെ പുത്രനുമായ എലീശ എന്നൊരാള്‍ ഉണ്ട്.”

12 യെഹോശാഫാത്ത് പറഞ്ഞു: “അദ്ദേഹം ഒരു യഥാര്‍ഥ പ്രവാചകന്‍തന്നെ.” അങ്ങനെ ഇസ്രായേല്‍രാജാവും യെഹൂദാരാജാവായ യെഹോശാഫാത്തും എദോംരാജാവും എലീശയുടെ അടുക്കല്‍ ചെന്നു.

13 എലീശ ഇസ്രായേല്‍രാജാവിനാടു ചോദിച്ചു: “താങ്കള്‍ എന്തിന് എന്‍റെ അടുത്തു വന്നു? അങ്ങയുടെ മാതാപിതാക്കന്മാരുടെ പ്രവാചകന്മാരെ സമീപിക്കരുതോ” ഇസ്രായേല്‍രാജാവ് അദ്ദേഹത്തോടു പറഞ്ഞു: “അങ്ങനെയല്ല, ഈ മൂന്നു രാജാക്കന്മാരെയും മോവാബ്യരുടെ കൈയില്‍ സര്‍വേശ്വരന്‍ ഏല്പിക്കാന്‍ പോകുന്നു.”

14 എലീശ പറഞ്ഞു: “ഞാന്‍ ആരാധിക്കുന്ന സര്‍വശക്തനായ സര്‍വേശ്വരന്‍റെ നാമത്തില്‍ പറയുന്നു: യെഹൂദാരാജാവായ യെഹോശാഫാത്തിനോടുള്ള ബഹുമാനം കൊണ്ടാണ് ഞാന്‍ നിങ്ങളുടെ മുമ്പില്‍ നില്‌ക്കുന്നത്; അല്ലായിരുന്നെങ്കില്‍ ഞാന്‍ നിങ്ങളെ ശ്രദ്ധിക്കുകയോ നോക്കുകയോ പോലുമില്ലായിരുന്നു.”

15 എലീശ തുടര്‍ന്നു പറഞ്ഞു: “ഏതായാലും ഒരു ഗായകനെ എന്‍റെ അടുക്കല്‍ കൊണ്ടുവരിക.” ഗായകന്‍ വന്നു പാടിയപ്പോള്‍ സര്‍വേശ്വരന്‍റെ ശക്തി എലീശയുടെമേല്‍ വന്നു.

16 എലീശ പറഞ്ഞു: “സര്‍വേശ്വരന്‍ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഈ വരണ്ട അരുവിത്തടങ്ങള്‍ ജലംകൊണ്ടു നിറയും.

17 കാറ്റോ മഴയോ ഇനി ഉണ്ടായില്ലെങ്കിലും അരുവിത്തടം ജലംകൊണ്ടു നിറഞ്ഞിരിക്കും; നീയും നിന്‍റെ കന്നുകാലികളും മറ്റു മൃഗങ്ങളും അവിടെനിന്നു വെള്ളം കുടിക്കും;

18 ഇത് സര്‍വേശ്വരന് ഒരു നിസ്സാരകാര്യമാണ്. അവിടുന്നു മോവാബ്യരെ നിങ്ങളുടെ കൈയില്‍ ഏല്പിക്കും;

19 കോട്ട കെട്ടി ഉറപ്പാക്കിയിട്ടുള്ള മനോഹരനഗരങ്ങള്‍ നിങ്ങള്‍ ആക്രമിക്കും. ഫലവൃക്ഷങ്ങള്‍ വെട്ടിവീഴ്ത്തും; നീരുറവുകളെല്ലാം അടച്ചുകളയും; നല്ല നിലങ്ങള്‍ കല്ലുകൊണ്ടു മൂടും.”

20 അടുത്ത ദിവസം പ്രഭാതയാഗത്തിനു സമയമായപ്പോള്‍ എദോംദേശത്തുനിന്നു വെള്ളം വന്ന് അവിടെ നിറഞ്ഞു.

21 രാജാക്കന്മാര്‍ തങ്ങളെ ആക്രമിക്കാന്‍ വന്നിരിക്കുന്നു എന്ന് അറിഞ്ഞ മോവാബ്യര്‍ പ്രായഭേദമെന്യേ ആയുധമെടുക്കുന്നതിനു പ്രാപ്തിയുള്ളവരെയെല്ലാം വിളിച്ചുകൂട്ടി; അവര്‍ അതിര്‍ത്തിയില്‍ അണിനിരന്നു.

22 മോവാബ്യര്‍ രാവിലെ ഉണര്‍ന്നു നോക്കിയപ്പോള്‍ വെള്ളം രക്തംപോലെയിരിക്കുന്നതു കണ്ടു.

23 അവര്‍ പറഞ്ഞു: “ഇതു രക്തം തന്നെയാണ്; ആ രാജാക്കന്മാര്‍ അന്യോന്യം യുദ്ധം ചെയ്ത് നശിച്ചിരിക്കുന്നു; നമുക്കു പോയി അവിടം കൊള്ളയടിക്കാം.” അങ്ങനെ അവര്‍ ഇസ്രായേല്യരുടെ പാളയത്തില്‍ എത്തി.

24 തങ്ങളുടെ പാളയത്തില്‍ എത്തിയ മോവാബ്യരെ ഇസ്രായേല്യര്‍ ആക്രമിച്ച് ഓടിച്ചു; ഓടിപ്പോയവരെ അവര്‍ പിന്തുടര്‍ന്ന് വെട്ടിക്കൊന്നു.

25 പട്ടണങ്ങള്‍ അവര്‍ തകര്‍ത്തു. നല്ല നിലങ്ങള്‍ കല്ലിട്ടു മൂടി; നീരുറവുകള്‍ അടച്ചു; ഫലവൃക്ഷങ്ങള്‍ വെട്ടിവീഴ്ത്തി; കീര്‍ഹരേശെത്ത് പട്ടണത്തിന്‍റെ കല്ലുകള്‍ മാത്രം ശേഷിച്ചു. കവിണക്കാര്‍ അവിടം വളഞ്ഞു; അതിനെ നശിപ്പിച്ചു.

26 യുദ്ധം തനിക്ക് പ്രതികൂലമാണെന്നു മനസ്സിലാക്കിയ മോവാബ്‍രാജാവ് ആയുധധാരികളായ എഴുനൂറുപേരെ കൂട്ടിക്കൊണ്ട് എദോംരാജാവിന്‍റെ അണി മുറിച്ചു മുമ്പോട്ടു നീങ്ങാന്‍ ശ്രമം നടത്തി; എന്നാല്‍ അവര്‍ വിജയിച്ചില്ല.

27 അപ്പോള്‍ മോവാബ്‍രാജാവ് കിരീടാവകാശിയായ തന്‍റെ ആദ്യജാതനെ മതിലിന്മേല്‍ ദഹനയാഗമായി അര്‍പ്പിച്ചു; ഇസ്രായേല്യര്‍ കൊടുംഭീതിയോടെ മോവാബ്‍രാജാവിനെ വിട്ടു പിന്‍വാങ്ങി സ്വന്തം നാട്ടിലേക്കു മടങ്ങി.

4

1

പ്രവാചകഗണത്തില്‍പ്പെട്ട ഒരാളുടെ ഭാര്യ എലീശയുടെ അടുക്കല്‍ ചെന്നു കരഞ്ഞുകൊണ്ടു പറഞ്ഞു: “അങ്ങയുടെ ദാസനായ എന്‍റെ ഭര്‍ത്താവ് മരിച്ചുപോയി; അദ്ദേഹം ദൈവഭയമുള്ളവനായിരുന്നു എന്ന് അങ്ങേക്ക് അറിയാമല്ലോ. പക്ഷേ കടം നല്‌കിയിരുന്നവന്‍ എന്‍റെ രണ്ടു കുട്ടികളെയും അടിമകളാക്കാന്‍ വന്നിരിക്കുന്നു.”

2 എലീശ അവളോടു ചോദിച്ചു: “ഞാന്‍ നിനക്കുവേണ്ടി എന്തു ചെയ്യണം? നിന്‍റെ വീട്ടില്‍ എന്തുണ്ട്?” “ഒരു ഭരണി എണ്ണയല്ലാതെ മറ്റൊന്നും ഈ ദാസിയുടെ വീട്ടില്‍ ഇല്ല” അവള്‍ പ്രതിവചിച്ചു.

3 എലീശ പറഞ്ഞു: “നീ പോയി അയല്‍ക്കാരില്‍നിന്നു കുറെ ഒഴിഞ്ഞ പാത്രങ്ങള്‍ വായ്പ വാങ്ങുക.

4 പിന്നീട് നീയും നിന്‍റെ പുത്രന്മാരും വീട്ടില്‍ പ്രവേശിച്ച് വാതില്‍ അടച്ച് പാത്രങ്ങളില്‍ എണ്ണ പകരണം; നിറയുന്ന പാത്രങ്ങള്‍ മാറ്റി വയ്‍ക്കണം.”

5 അവള്‍ പോയി തന്‍റെ പുത്രന്മാരെയും കൂട്ടിക്കൊണ്ട് വീട്ടിനുള്ളില്‍ പ്രവേശിച്ച് വാതില്‍ അടച്ചു. അവര്‍ കൊണ്ടുവന്ന പാത്രങ്ങളില്‍ അവള്‍ എണ്ണ പകര്‍ന്നു.

6 പാത്രങ്ങള്‍ നിറഞ്ഞപ്പോള്‍ പിന്നെയും പാത്രങ്ങള്‍ കൊണ്ടുവരാന്‍ അവള്‍ പുത്രന്മാരോടു പറഞ്ഞു. “പാത്രം ഇനിയുമില്ല” എന്ന് പുത്രന്മാരില്‍ ഒരാള്‍ പറഞ്ഞ ഉടനെ പാത്രത്തില്‍നിന്നുള്ള എണ്ണയുടെ ഒഴുക്കു നിലച്ചു.

7 അവള്‍ എലീശാപ്രവാചകന്‍റെ അടുക്കല്‍ ചെന്നു വിവരം അറിയിച്ചപ്പോള്‍: “എണ്ണ വിറ്റ് നിന്‍റെ കടം വീട്ടുക; ബാക്കിയുള്ളതുകൊണ്ടു നീയും പുത്രന്മാരും ഉപജീവനം കഴിക്കുക” എന്ന് അദ്ദേഹം പറഞ്ഞു.

8

ഒരിക്കല്‍ എലീശ ശൂനേമിലേക്കു പോയി; അവിടെ ധനികയായ ഒരു സ്‍ത്രീ പാര്‍ത്തിരുന്നു; അവള്‍ പ്രവാചകനെ ഭക്ഷണത്തിനു ക്ഷണിച്ചു. പിന്നീട് അദ്ദേഹം ശൂനേമില്‍ പോകുമ്പോഴെല്ലാം അവളുടെ വീട്ടില്‍നിന്നാണു ഭക്ഷണം കഴിച്ചിരുന്നത്.

9 അവള്‍ തന്‍റെ ഭര്‍ത്താവിനോടു പറഞ്ഞു: “ഇതിലേ പലപ്പോഴും പോകാറുള്ള ആ മനുഷ്യന്‍ ഒരു വിശുദ്ധനായ ദൈവപുരുഷനാണ്.

10 നമ്മുടെ വീട്ടില്‍ ഒരു മാളികമുറി പണിത് അതില്‍ ഒരു കിടക്കയും മേശയും കസേരയും ഒരു വിളക്കും വയ്‍ക്കാം. നമ്മെ സന്ദര്‍ശിക്കുമ്പോഴെല്ലാം അദ്ദേഹത്തിന് അവിടെ വിശ്രമിക്കാമല്ലോ.”

11 ഒരിക്കല്‍ പ്രവാചകന്‍ അവിടെ എത്തി വിശ്രമിക്കുകയായിരുന്നു.

12 അദ്ദേഹം തന്‍റെ ഭൃത്യനായ ഗേഹസിയോടു ശൂനേംകാരിയെ വിളിക്കാന്‍ പറഞ്ഞു. അവന്‍ അവളെ വിളിച്ചു. അവള്‍ വന്നു പ്രവാചകന്‍റെ മുമ്പില്‍ നിന്നു.

13 പ്രവാചകന്‍ ഗേഹസിയോടു പറഞ്ഞു: “നീ ഈ സ്‍ത്രീയോടു പറയണം, ഞങ്ങള്‍ക്കുവേണ്ടി എത്രമാത്രം ബുദ്ധിമുട്ടുന്നു. അതിനു പകരം ഞാന്‍ എന്താണ് നിനക്ക് ചെയ്യേണ്ടത്? രാജാവിനോടോ സൈന്യാധിപനോടോ എന്തെങ്കിലും പറയേണ്ടതായിട്ടുണ്ടോ? അവളോടു ചോദിക്കുക.” അവള്‍ പ്രതിവചിച്ചു: “ഞാന്‍ സ്വജനങ്ങളുടെ കൂടെയാണു പാര്‍ക്കുന്നത്. അതുകൊണ്ട് എനിക്ക് ഒന്നിനും ഒരു കുറവുമില്ല.”

14 “അവള്‍ക്കുവേണ്ടി എന്തു ചെയ്യണം” എന്ന് എലീശ വീണ്ടും ചോദിച്ചു: അപ്പോള്‍ ഗേഹസി പറഞ്ഞു: അവള്‍ക്ക് ഒരു പുത്രനില്ല; ഭര്‍ത്താവു വൃദ്ധനുമാണ്.

15 അവളെ വിളിക്കാന്‍ എലീശ പറഞ്ഞു; അവള്‍ വാതില്‌ക്കല്‍ വന്നു നിന്നു.

16 എലീശ പറഞ്ഞു: “അടുത്ത വര്‍ഷം ഈ സമയമാകുമ്പോള്‍ നീ ഒരു പുത്രനെ മാറോടണയ്‍ക്കും.” അതു കേട്ട് അവള്‍ പറഞ്ഞു: “ഇല്ല പ്രഭോ, ദൈവപുരുഷനായ അങ്ങ് ഈ ദാസിയോടു വ്യാജം പറയരുതേ.”

17 എലീശ പറഞ്ഞതുപോലെ പിറ്റേ വര്‍ഷം ആ സമയത്തുതന്നെ അവള്‍ ഒരു പുത്രനെ പ്രസവിച്ചു. അവന്‍ വളര്‍ന്നു.

18 ഒരു ദിവസം അവന്‍ കൊയ്ത്തുകാരുടെ കൂടെ ആയിരുന്ന പിതാവിന്‍റെ അടുക്കല്‍ ചെന്നു.

19 അവന്‍ പിതാവിനോടു പറഞ്ഞു: “അയ്യോ! എന്‍റെ തല, എന്‍റെ തലയ്‍ക്കു കടുത്ത വേദന.” അവനെ അമ്മയുടെ അടുക്കലേക്കു കൊണ്ടുപോകാന്‍ പിതാവ് ഭൃത്യനോടു പറഞ്ഞു;

20 അവന്‍ കുട്ടിയെ എടുത്ത് അമ്മയുടെ അടുക്കല്‍ കൊണ്ടുചെന്നു. അവള്‍ ഉച്ചവരെ അവനെ മടിയില്‍ ഇരുത്തി. പിന്നീട് അവന്‍ മരിച്ചു.

21 അവള്‍ അവനെ മാളികമുറിയില്‍ കൊണ്ടുപോയി പ്രവാചകന്‍റെ കിടക്കയില്‍ കിടത്തിയശേഷം വാതില്‍ അടച്ച് പുറത്തുപോന്നു.

22 പിന്നെ അവള്‍ ഭര്‍ത്താവിനെ വിളിച്ചു പറഞ്ഞു: “ഒരു ഭൃത്യനെ കഴുതയുമായി ഇങ്ങോട്ടയയ്‍ക്കുക; ഞാന്‍ പെട്ടെന്ന് പ്രവാചകന്‍റെ അടുക്കല്‍പോയി മടങ്ങിവരാം.”

23 അവളുടെ ഭര്‍ത്താവു പറഞ്ഞു: “നീ എന്തിനാണ് ഇന്നു പോകുന്നത്? ഇന്ന് ശബത്തോ അമാവാസിയോ അല്ലല്ലോ.” “അതുകൊണ്ട് നന്മയുണ്ടാകും” അവള്‍ പറഞ്ഞു.

24 കഴുതയ്‍ക്ക് ജീനിയിട്ടശേഷം ഭൃത്യനോട് അവള്‍ പറഞ്ഞു: “കഴുതയെ ഓടിക്കുക; ഞാന്‍ പറഞ്ഞിട്ടല്ലാതെ അതിന്‍റെ വേഗം കുറയ്‍ക്കരുത്.”

25 അവള്‍ കര്‍മ്മേല്‍പര്‍വതത്തില്‍ പ്രവാചകന്‍റെ അടുക്കല്‍ എത്തി. ദൂരെ വച്ചുതന്നെ പ്രവാചകന്‍ അവളെ കണ്ടു; അദ്ദേഹം തന്‍റെ ഭൃത്യനായ ഗേഹസിയോടു പറഞ്ഞു:

26 “അതാ ശൂനേംകാരി വരുന്നു; അവളുടെ അടുക്കലേക്കു ഓടിച്ചെല്ലുക; ‘അവള്‍ക്കു സുഖം തന്നെയോ; അവളുടെ കുഞ്ഞും ഭര്‍ത്താവും സുഖമായിരിക്കുന്നുവോ’ എന്ന് അവളോടു ചോദിക്കണം.” അവള്‍ ഗേഹസിയോട് “സുഖം തന്നെ” എന്നു പറഞ്ഞു.

27 അവള്‍ കര്‍മ്മേലില്‍ പ്രവാചകന്‍റെ അടുക്കല്‍ ചെന്ന് അദ്ദേഹത്തിന്‍റെ കാലില്‍ കെട്ടിപ്പിടിച്ചു. അവളെ മാറ്റുവാന്‍ ഗേഹസി മുമ്പോട്ടു വന്നപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: “അവളെ വിട്ടേക്കുക; അവള്‍ കഠിനദുഃഖത്തിലാണ്. സര്‍വേശ്വരന്‍ അതിന്‍റെ കാരണം എന്നില്‍നിന്ന് മറച്ചിരിക്കുകയാണ്.”

28 സ്‍ത്രീ പ്രവാചകനോടു പറഞ്ഞു: “പ്രഭോ, ഞാന്‍ ഒരു പുത്രനുവേണ്ടി അങ്ങയോട് ആവശ്യപ്പെട്ടിരുന്നില്ലല്ലോ? എന്നെ വഞ്ചിക്കരുതെന്നു ഞാന്‍ പറഞ്ഞതല്ലേ?”

29 പ്രവാചകന്‍ ഗേഹസിയോടു പറഞ്ഞു: “ഉടന്‍ യാത്രയ്‍ക്കൊരുങ്ങി എന്‍റെ വടിയുമെടുത്ത് പുറപ്പെടുക; വഴിയില്‍ ആരെയും അഭിവാദനം ചെയ്യരുത്. ആരെങ്കിലും നിന്നെ അഭിവാദനം ചെയ്താല്‍ മറുപടി പറയാന്‍ നില്‌ക്കയുമരുത്. എന്‍റെ വടി ബാലന്‍റെ മുഖത്തു വയ്‍ക്കണം.”

30 സ്‍ത്രീ പ്രവാചകനോടു പറഞ്ഞു: “ഞാന്‍ അങ്ങയെ വിട്ടുപോകുകയില്ലെന്ന് അങ്ങയെയും സര്‍വേശ്വരനെയും സാക്ഷിയാക്കി പറയുന്നു.” അങ്ങനെ പ്രവാചകന്‍ അവളെ അനുഗമിച്ചു.

31 ഗേഹസി അവര്‍ക്കു മുമ്പായി പോയി വടി കുട്ടിയുടെ മുഖത്തു വച്ചു. എന്നാല്‍ അനക്കമോ ജീവന്‍റെ ലക്ഷണമോ കണ്ടില്ല. അവന്‍ മടങ്ങിവന്ന് “കുട്ടി ഉണര്‍ന്നില്ല” എന്ന് എലീശയോടു പറഞ്ഞു.

32 പ്രവാചകന്‍ ചെന്നുനോക്കിയപ്പോള്‍ കുട്ടി കിടക്കയില്‍ മരിച്ചുകിടക്കുന്നതു കണ്ടു.

33 അദ്ദേഹം ഉള്ളില്‍ കടന്നു വാതിലടച്ചു; മുറിയില്‍ കുട്ടിയും അദ്ദേഹവും മാത്രമായി. എലീശ സര്‍വേശ്വരനോടു പ്രാര്‍ഥിച്ചു.

34 പിന്നീട് കിടക്കയില്‍ കയറി തന്‍റെ വായ് കുട്ടിയുടെ വായോടും തന്‍റെ കണ്ണുകള്‍ അവന്‍റെ കണ്ണുകളോടും തന്‍റെ കൈകള്‍ അവന്‍റെ കൈകളോടും ചേര്‍ത്തുവച്ച് കുട്ടിയുടെമേല്‍ കിടന്നു. അപ്പോള്‍ അവന്‍റെ ശരീരത്തിനു ചൂടുപിടിച്ചു.

35 എലീശ എഴുന്നേറ്റു മുറിയില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു; വീണ്ടും കുട്ടിയുടെമേല്‍ കിടന്നു. അവന്‍ ഏഴു പ്രാവശ്യം തുമ്മിയശേഷം കണ്ണുതുറന്നു.

36 അപ്പോള്‍ എലീശ ഗേഹസിയെ വിളിച്ച് ശൂനേംകാരിയെ വിളിക്കാന്‍ പറഞ്ഞു: അവള്‍ മുറിയില്‍ വന്നപ്പോള്‍ എലീശ അവളോടു പറഞ്ഞു. “നിന്‍റെ മകനെ എടുത്തുകൊണ്ടു പൊയ്‍ക്കൊള്ളുക.”

37 അവള്‍ പ്രവാചകന്‍റെ കാല്‌ക്കല്‍ സാഷ്ടാംഗം വീണു നമസ്കരിച്ചു; അതിനുശേഷം കുട്ടിയെ എടുത്തുകൊണ്ടു പോയി.

38

ഒരിക്കല്‍ ദേശത്തെല്ലാം ക്ഷാമമുണ്ടായപ്പോള്‍ എലീശ വീണ്ടും ഗില്ഗാലില്‍ വന്നു. ഒരു പ്രവാചകഗണം അദ്ദേഹത്തിന്‍റെ മുമ്പില്‍ ഇരിക്കുകയായിരുന്നു. അപ്പോള്‍ അദ്ദേഹം ഭൃത്യനെ വിളിച്ച് പറഞ്ഞു: “നീ ഒരു വലിയ കലം അടുപ്പത്തുവച്ച് അവര്‍ക്കുവേണ്ടി സൂപ്പ് തയ്യാറാക്കുക.”

39 അവരില്‍ ഒരാള്‍ ഫലമൂലാദികള്‍ ശേഖരിക്കാന്‍ വയലില്‍ പോയപ്പോള്‍ ഒരു കാട്ടുമുന്തിരി കണ്ടു. അതിന്‍റെ കായ്കള്‍ അയാള്‍ മടി നിറയെ പറിച്ചെടുത്തു. അവ എന്താണെന്നറിയാതെ അരിഞ്ഞ് കലത്തിലിട്ടു.

40 അവിടെ ഉണ്ടായിരുന്നവര്‍ക്ക് സൂപ്പ് വിളമ്പി. അതു കുടിച്ചുതുടങ്ങിയപ്പോള്‍ അവര്‍ നിലവിളിച്ചു: “ദൈവപുരുഷാ, ഇതു മാരകമാണ്.” അവര്‍ക്ക് അതു ഭക്ഷിക്കാന്‍ കഴിഞ്ഞില്ല.

41 “കുറച്ചു മാവു കൊണ്ടുവരിക” എന്ന് എലീശ പറഞ്ഞു. പ്രവാചകന്‍ മാവ് കലത്തില്‍ ഇട്ടശേഷം വിളമ്പി ഭക്ഷിച്ചുകൊള്ളാന്‍ പറഞ്ഞു. പിന്നീട് അതിന് ഒരു കുറ്റവും ഉണ്ടായില്ല.

42

മറ്റൊരിക്കല്‍ ബാല്‍-ശാലീശയില്‍നിന്ന് ഒരാള്‍ ആദ്യഫലങ്ങള്‍ കൊണ്ടുണ്ടാക്കിയ ഇരുപതു ബാര്‍ലിയപ്പവും കുറെ പുതിയ ധാന്യക്കതിരുകളും പ്രവാചകന്‍റെ അടുക്കല്‍ കൊണ്ടുവന്നു. “തന്നോടു കൂടെയുള്ളവര്‍ക്ക് അതു വിളമ്പുക; അവര്‍ ഭക്ഷിക്കട്ടെ.” എലീശ ഭൃത്യനോടു പറഞ്ഞു.

43 “ഇതു നൂറു പേര്‍ക്കു ഞാന്‍ എങ്ങനെ വിളമ്പും” അയാള്‍ ചോദിച്ചു. എലീശ പ്രതിവചിച്ചു: “അത് അവര്‍ക്കു വിളമ്പുക; അവര്‍ ഭക്ഷിച്ചുകഴിഞ്ഞു മിച്ചം വരുമെന്നു സര്‍വേശ്വരന്‍ എന്നോട് അരുളിച്ചെയ്തിരിക്കുന്നു.”

44 ഭൃത്യന്‍ അത് അവര്‍ക്കു വിളമ്പിക്കൊടുത്തു. അവിടുന്ന് അരുളിച്ചെയ്തതുപോലെ അവര്‍ ഭക്ഷിച്ച ശേഷം മിച്ചം വന്നു.

5

1

സിറിയാരാജാവിന്‍റെ സൈന്യാധിപനായിരുന്നു നയമാന്‍. അയാള്‍ മുഖാന്തരം സര്‍വേശ്വരന്‍ സിറിയായ്‍ക്കു വിജയം നല്‌കിയിരുന്നതുകൊണ്ട് രാജാവ് അയാളെ മഹാനായി കരുതി ബഹുമാനിച്ചു. നയമാന്‍ വീരപരാക്രമി ആയിരുന്നെങ്കിലും കുഷ്ഠരോഗിയായിരുന്നു.

2 സിറിയാക്കാര്‍ ഒരിക്കല്‍ ഇസ്രായേലില്‍ കവര്‍ച്ച നടത്തിയപ്പോള്‍ ഒരു പെണ്‍കുട്ടിയെ പിടിച്ചുകൊണ്ടുപോയിരുന്നു. അവള്‍ നയമാന്‍റെ ഭാര്യയെ പരിചരിച്ചുപോന്നു;

3 ഒരു ദിവസം അവള്‍ തന്‍റെ യജമാനത്തിയോടു പറഞ്ഞു: “ശമര്യയില്‍ പാര്‍ക്കുന്ന പ്രവാചകന്‍റെ അടുക്കലേക്ക് എന്‍റെ യജമാനന്‍ പോയിരുന്നെങ്കില്‍ അദ്ദേഹം എന്‍റെ യജമാനന്‍റെ കുഷ്ഠം മാറ്റുമായിരുന്നു.”

4 അങ്ങനെ നയമാന്‍ രാജാവിന്‍റെ അടുക്കല്‍ ചെന്ന് പെണ്‍കുട്ടി പറഞ്ഞ കാര്യം അറിയിച്ചു.

5 “ഞാന്‍ തരുന്ന കത്തുമായി ഇസ്രായേല്‍രാജാവിന്‍റെ അടുക്കലേക്ക് ഉടന്‍ പോകുക.” സിറിയാരാജാവ് നയമാനോട് കല്പിച്ചു. അയാള്‍ പത്തു താലന്തു വെള്ളിയും ആറായിരം ശേക്കെല്‍ സ്വര്‍ണവും പത്തു വിശിഷ്ട വസ്ത്രങ്ങളുമായി പുറപ്പെട്ടു.

6 അദ്ദേഹം കത്ത് ഇസ്രായേല്‍രാജാവിനെ ഏല്പിച്ചു. അതില്‍ ഇപ്രകാരം എഴുതിയിരുന്നു: “ഈ എഴുത്തുമായി വരുന്ന എന്‍റെ ദാസനായ നയമാനെ കുഷ്ഠരോഗം മാറ്റി സുഖപ്പെടുത്തണം എന്ന് അപേക്ഷിക്കുന്നു.”

7 കത്തു വായിച്ചപ്പോള്‍ ഇസ്രായേല്‍രാജാവ് വസ്ത്രം കീറി. അദ്ദേഹം പറഞ്ഞു: “കുഷ്ഠരോഗിയെ സുഖപ്പെടുത്താന്‍ അയാള്‍ എന്നോട് ആവശ്യപ്പെടുന്നു; ഞാന്‍ മരണത്തിന്‍റെയും ജീവന്‍റെയുംമേല്‍ അധികാരമുള്ള ദൈവമാണോ? എന്നോടു യുദ്ധം ചെയ്യാന്‍ അയാള്‍ കാരണം ഉണ്ടാക്കുന്നതു കണ്ടില്ലേ?”

8

എലീശ ഇതു കേട്ട് ഒരു ദൂതനെ അയച്ച് രാജാവിനോടു പറഞ്ഞു: “അങ്ങ് എന്തിനാണു വസ്ത്രം കീറിയത്? അയാള്‍ എന്‍റെ അടുക്കല്‍ വരട്ടെ; ഇസ്രായേലില്‍ ഒരു പ്രവാചകനുണ്ടെന്നു ഞാന്‍ അയാളെ ബോധ്യപ്പെടുത്തും.”

9

നയമാന്‍ രഥങ്ങളും കുതിരകളുമായി എലീശയുടെ വീട്ടുപടിക്കല്‍ എത്തി.

10 എലീശ ഒരു ദൂതനെ അയച്ച് നയമാനെ അറിയിച്ചു: “നീ പോയി ഏഴു പ്രാവശ്യം യോര്‍ദ്ദാന്‍നദിയില്‍ കുളിക്കുക; അപ്പോള്‍ നിന്‍റെ ശരീരം പൂര്‍വസ്ഥിതിയിലായി നീ ശുദ്ധനാകും.”

11 നയമാന്‍ കുപിതനായി മടങ്ങിപ്പോയി; അയാള്‍ സ്വയം പറഞ്ഞു: “അയാള്‍ എന്‍റെ അടുക്കല്‍ ഇറങ്ങിവന്ന് തന്‍റെ ദൈവമായ സര്‍വേശ്വരനോടു പ്രാര്‍ഥിക്കുമെന്നും തന്‍റെ കൈ വീശി കുഷ്ഠരോഗം സുഖപ്പെടുത്തുമെന്നും ഞാന്‍ വിചാരിച്ചു.

12 ദമാസ്ക്കസിലെ നദികളായ അബാനയും പര്‍പ്പരും ഇസ്രായേലിലെ ഏതൊരു നദിയെക്കാളും വിശിഷ്ടമല്ലേ? അവയില്‍ കുളിച്ച് എനിക്ക് ശുദ്ധനാകാമല്ലോ.” ഇങ്ങനെ ക്രുദ്ധനായി അയാള്‍ അവിടെനിന്നു മടങ്ങിപ്പോയി.

13 എന്നാല്‍ ഭൃത്യന്മാര്‍ അടുത്തുവന്നു പറഞ്ഞു: “പ്രഭോ, ഇതിലും വലിയ കാര്യം ചെയ്യാനാണ് പ്രവാചകന്‍ പറഞ്ഞിരുന്നതെങ്കില്‍ അങ്ങു ചെയ്യാതിരിക്കുമോ? അങ്ങനെയെങ്കില്‍ ‘കുളിച്ചു ശുദ്ധനാകുക’ എന്നു പറയുമ്പോള്‍ അത് അനുസരിക്കേണ്ടതല്ലേ.”

14 ഇതു കേട്ടു നയമാന്‍ പോയി പ്രവാചകന്‍ പറഞ്ഞതുപോലെ യോര്‍ദ്ദാന്‍നദിയില്‍ ഏഴു പ്രാവശ്യം മുങ്ങി; അയാള്‍ പൂര്‍ണസൗഖ്യം പ്രാപിച്ചു; ശരീരം ഒരു ശിശുവിന്‍റേതുപോലെയായി.

15 തന്‍റെ ഭൃത്യന്മാരുമായി മടങ്ങിച്ചെന്ന് പ്രവാചകന്‍റെ മുമ്പില്‍ നിന്നുകൊണ്ട് അയാള്‍ പറഞ്ഞു: “ഇസ്രായേലിന്‍റെ ദൈവമല്ലാതെ മറ്റൊരു ദൈവവും ഭൂമിയില്‍ ഇല്ലെന്നു ഞാന്‍ ഇപ്പോള്‍ അറിയുന്നു; അതുകൊണ്ട് അങ്ങയുടെ ദാസനില്‍നിന്നും ഒരു സമ്മാനം സ്വീകരിച്ചാലും.”

16 എന്നാല്‍ പ്രവാചകന്‍ പറഞ്ഞു: “ഒരു സമ്മാനവും സ്വീകരിക്കുകയില്ല എന്നു ഞാന്‍ ആരാധിക്കുന്ന സര്‍വേശ്വരന്‍റെ നാമത്തില്‍ സത്യം ചെയ്തു പറയുന്നു.” നയമാന്‍ നിര്‍ബന്ധിച്ചെങ്കിലും പ്രവാചകന്‍ വഴങ്ങിയില്ല.

17 അപ്പോള്‍ നയമാന്‍ പറഞ്ഞു: “അങ്ങനെയെങ്കില്‍ രണ്ടു കഴുതപ്പുറത്തു കയറ്റാവുന്നത്ര മണ്ണ് തന്നാലും; അങ്ങയുടെ ദാസന്‍ ഇനിയും സര്‍വേശ്വരനല്ലാതെ മറ്റൊരു ദൈവത്തിനും ഹോമയാഗമോ മറ്റു യാഗങ്ങളോ അര്‍പ്പിക്കുകയില്ല.

18 എന്നാല്‍ ഒരു കാര്യത്തില്‍ മാത്രം അവിടുന്ന് എന്നോട് ക്ഷമിക്കട്ടെ! എന്‍റെ യജമാനന് അകമ്പടി സേവിച്ചു രിമ്മോന്‍ക്ഷേത്രത്തില്‍ ആരാധിക്കാന്‍ പോകുമ്പോള്‍ അദ്ദേഹത്തോടൊത്തു ഞാനും തല വണങ്ങേണ്ടി വരും; അതു സര്‍വേശ്വരന്‍ എന്നോടു ക്ഷമിക്കട്ടെ.”

19 “സമാധാനമായി പോകുക” എലീശ പറഞ്ഞു.

20 അങ്ങനെ നയമാന്‍ കുറെ ദൂരം പോയി. അപ്പോള്‍ എലീശയുടെ ശിഷ്യന്‍ ഗേഹസി ആത്മഗതം ചെയ്തു: “സിറിയാക്കാരനായ നയമാന്‍ കൊണ്ടുവന്നതൊന്നും സ്വീകരിക്കാതെ എന്‍റെ യജമാനന്‍ അയാളെ പറഞ്ഞയച്ചിരിക്കുന്നു; സര്‍വേശ്വരന്‍റെ നാമത്തില്‍ ഞാന്‍ ശപഥം ചെയ്യുന്നു: ഞാന്‍ അയാളുടെ പിറകെ പോയി എന്തെങ്കിലും വാങ്ങും.”

21 അങ്ങനെ ഗേഹസി നയമാനെ പിന്തുടര്‍ന്നു; തന്‍റെ പിറകെ ഗേഹസി ഓടി വരുന്നതുകണ്ട് നയമാന്‍ അവനെ സ്വീകരിക്കാന്‍ രഥത്തില്‍നിന്നും താഴെയിറങ്ങി. “എല്ലാം ശുഭംതന്നെയല്ലേ.” എന്നു ചോദിച്ചു.

22 പ്രവാചകഭൃത്യന്‍ പറഞ്ഞു: “എല്ലാം ശുഭം തന്നെ; എന്നാല്‍ എഫ്രയീംമലനാട്ടില്‍നിന്ന് പ്രവാചകഗണത്തില്‍പ്പെട്ട രണ്ടു യുവാക്കള്‍ ഇപ്പോള്‍ എത്തിയിരിക്കുന്നു; അവര്‍ക്കു കൊടുക്കാന്‍ ഒരു താലന്തു വെള്ളിയും രണ്ടു വിശിഷ്ട വസ്ത്രങ്ങളും നല്‌കണമെന്ന് അപേക്ഷിക്കാന്‍ യജമാനന്‍ എന്നെ അയച്ചിരിക്കുന്നു.”

23 “ദയവായി രണ്ടു താലന്തു വെള്ളി സ്വീകരിച്ചാലും” നയമാന്‍ പറഞ്ഞു. രണ്ടു താലന്തു വെള്ളിയും വിശിഷ്ട വസ്ത്രങ്ങളും രണ്ടു സഞ്ചികളിലാക്കി രണ്ടു ഭൃത്യന്മാര്‍ വശം കൊടുത്തയച്ചു. അവര്‍ അത് എടുത്തുകൊണ്ടു ഗേഹസിയുടെ മുമ്പില്‍ നടന്നു.

24 എലീശ പാര്‍ത്തിരുന്ന മലമുകളില്‍ എത്തിയപ്പോള്‍ ഗേഹസി സഞ്ചികള്‍ അവരില്‍നിന്നു വാങ്ങി വീട്ടിനുള്ളില്‍ സൂക്ഷിച്ചുവച്ചശേഷം അവരെ പറഞ്ഞയച്ചു.

25 അയാള്‍ അകത്ത് എലീശയുടെ മുമ്പില്‍ ചെന്നപ്പോള്‍ അദ്ദേഹം അവനോടു ചോദിച്ചു: “ഗേഹസീ, നീ എവിടെപ്പോയിരുന്നു?” “അവിടുത്തെ ദാസന്‍ എങ്ങും പോയില്ല” ഗേഹസി മറുപടി പറഞ്ഞു.

26 പ്രവാചകന്‍ പറഞ്ഞു: “ആ മനുഷ്യന്‍ രഥത്തില്‍ നിന്നിറങ്ങി നിന്നെ സ്വീകരിച്ചപ്പോള്‍ എന്‍റെ ആത്മാവ് അവിടെ ഉണ്ടായിരുന്നില്ലേ? പണം, വസ്ത്രം, ഒലിവുതോട്ടങ്ങള്‍, മുന്തിരിത്തോട്ടങ്ങള്‍, ആടുമാടുകള്‍, ദാസീദാസന്മാര്‍ എന്നിവ സ്വീകരിക്കാനുള്ള സമയം അതായിരുന്നോ?

27 നയമാന്‍റെ കുഷ്ഠം നിന്നെയും നിന്‍റെ സന്തതികളെയും എന്നേക്കും ബാധിക്കട്ടെ.” അങ്ങനെ ഗേഹസി കുഷ്ഠരോഗിയായി, മഞ്ഞുപോലെ വെളുത്ത ശരീരവുമായി എലീശയുടെ അടുക്കല്‍നിന്നു പോയി.

6

1

എലീശയുടെ കൂടെയുണ്ടായിരുന്ന പ്രവാചകശിഷ്യന്മാര്‍ അദ്ദേഹത്തോടു പറഞ്ഞു: “ഞങ്ങളുടെ പാര്‍പ്പിടം വളരെ ചെറുതാണല്ലോ.

2 യോര്‍ദ്ദാന്‍ കരയില്‍ ചെന്ന് മരം വെട്ടിക്കൊണ്ടുവന്നു പാര്‍പ്പിടം ഉണ്ടാക്കാന്‍ ഞങ്ങളെ അനുവദിച്ചാലും.” “പൊയ്‍ക്കൊള്‍ക” എലീശ മറുപടി നല്‌കി.

3 “സദയം ഞങ്ങളുടെ കൂടെ വന്നാലും,” അവരില്‍ ഒരാള്‍ പ്രവാചകനോടു പറഞ്ഞു. “ഞാന്‍ വരാം” എലീശ പറഞ്ഞു.

4 അങ്ങനെ അദ്ദേഹം അവരുടെകൂടെ പോയി. അവര്‍ യോര്‍ദ്ദാനിലെത്തി മരം വെട്ടിക്കൊണ്ടിരിക്കുമ്പോള്‍,

5 അവരില്‍ ഒരാളുടെ കോടാലി ഊരി വെള്ളത്തില്‍ വീണു. “അയ്യോ യജമാനനേ, ഞാന്‍ അതു വായ്പ വാങ്ങിയതായിരുന്നു” എന്നു പറഞ്ഞ് അവന്‍ നിലവിളിച്ചു.

6 “അത് എവിടെയാണ് വീണത്” പ്രവാചകന്‍ ചോദിച്ചു. അവന്‍ സ്ഥലം കാണിച്ചുകൊടുത്തു. അപ്പോള്‍ പ്രവാചകന്‍ ഒരു കമ്പുവെട്ടി അവിടേക്ക് എറിഞ്ഞു. ഉടനെ കോടാലി പൊങ്ങിവന്നു.

7 “അതെടുത്തുകൊള്ളുക” എന്ന് എലീശ പറഞ്ഞു. അവന്‍ കൈ നീട്ടി അതെടുത്തു.

8

സിറിയാരാജാവ് ഒരിക്കല്‍ ഇസ്രായേലിനോടു യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കെ പാളയം അടിക്കേണ്ട സ്ഥലം ഏതായിരിക്കണമെന്നു സേവകന്മാരോട് ആലോചിച്ചു നിശ്ചയിച്ചു.

9 തത്സമയം എലീശ ഇസ്രായേല്‍രാജാവിന്‍റെ അടുക്കല്‍ ആളയച്ച്: “ആ സ്ഥലത്തുകൂടി പോകരുത്; സിറിയാക്കാര്‍ ആ സ്ഥലം ആക്രമിക്കാന്‍ വരുന്നുണ്ട്” എന്ന് അറിയിച്ചു.

10 ഇസ്രായേല്‍രാജാവ് പ്രവാചകന്‍ പറഞ്ഞ സ്ഥലത്തേക്ക് സൈന്യത്തെ അയച്ചു. ഇങ്ങനെ പലപ്രാവശ്യം പ്രവാചകന്‍ മുന്നറിയിപ്പ് നല്‌കുകയും രാജാവ് രക്ഷപെടുകയും ചെയ്തിട്ടുണ്ട്.

11 അതുനിമിത്തം സിറിയാരാജാവ് വളരെ അസ്വസ്ഥനായി. അയാള്‍ സേവകന്മാരെ വിളിച്ച് “നമ്മുടെ ഇടയില്‍ ഇസ്രായേല്‍രാജാവിന്‍റെ പക്ഷക്കാരന്‍ ആരാണ്? അയാളെ കാണിച്ചുതരിക” എന്നു പറഞ്ഞു.

12 രാജഭൃത്യന്മാരില്‍ ഒരാള്‍ രാജാവിനോടു പറഞ്ഞു: “എന്‍റെ യജമാനനായ രാജാവേ, അങ്ങനെയല്ല; അങ്ങു കിടപ്പറയില്‍വച്ചു സംസാരിക്കുന്ന കാര്യങ്ങള്‍ പോലും ഇസ്രായേല്‍രാജാവിനെ അറിയിക്കുന്നത് ഇസ്രായേലിലെ പ്രവാചകനായ എലീശ ആണ്.”

13 “അവന്‍ എവിടെയാണ്; എനിക്കവനെ പിടികൂടണം” രാജാവു പറഞ്ഞു. എലീശ ദോഥാനിലുണ്ടെന്നു രാജാവിനു അറിവുകിട്ടി.

14 അപ്പോള്‍ കുതിരകളും രഥങ്ങളും അടങ്ങുന്ന ഒരു വലിയ സൈന്യത്തെ രാജാവ് അവിടേക്ക് അയച്ചു; അവര്‍ രാത്രിയില്‍ പട്ടണം വളഞ്ഞു.

15 പ്രവാചകന്‍റെ ഭൃത്യന്‍ രാവിലെ എഴുന്നേറ്റു പുറത്തേക്കു നോക്കിയപ്പോള്‍ രഥങ്ങളോടും കുതിരകളോടുംകൂടിയ ഒരു വലിയ സൈന്യം പട്ടണം വളഞ്ഞിരിക്കുന്നതു കണ്ടു. “അയ്യോ എന്‍റെ യജമാനനേ, നാം എന്തു ചെയ്യും” എന്നു പറഞ്ഞ് അവന്‍ നിലവിളിച്ചു.

16 പ്രവാചകന്‍ പറഞ്ഞു: “ഭയപ്പെടേണ്ടാ; അവരോടുകൂടെ ഉള്ളതിനെക്കാള്‍ കൂടുതല്‍ ആളുകള്‍ നമ്മോടുകൂടെയുണ്ട്.”

17 പിന്നീട് എലീശ പ്രാര്‍ഥിച്ചു: “സര്‍വേശ്വരാ, ഇവന്‍റെ കണ്ണുകള്‍ തുറന്നാലും; ഇവന്‍ കാണട്ടെ.” അവിടുന്ന് അവന്‍റെ കണ്ണു തുറന്നു; എലീശയ്‍ക്കു ചുറ്റും ആഗ്നേയരഥങ്ങളും കുതിരകളുംകൊണ്ട് മല നിറഞ്ഞിരിക്കുന്നത് അവന്‍ കണ്ടു.

18 സിറിയാക്കാര്‍ എലീശയുടെ അടുക്കലേക്ക് നീങ്ങിയപ്പോള്‍ എലീശ പ്രാര്‍ഥിച്ചു: “സര്‍വേശ്വരാ, ഇവരുടെ കണ്ണുകള്‍ അന്ധമാക്കണമേ.” എലീശയുടെ പ്രാര്‍ഥനയനുസരിച്ച് അവിടുന്ന് അവരെ അന്ധരാക്കി.

19 എലീശ അവരോടു പറഞ്ഞു: “വഴി ഇതല്ല; പട്ടണവും ഇതല്ല; എന്നെ അനുഗമിക്കുവിന്‍; നിങ്ങള്‍ അന്വേഷിക്കുന്ന ആളിന്‍റെ അടുക്കലേക്ക് ഞാന്‍ നിങ്ങളെ കൊണ്ടുപോകാം.” അങ്ങനെ പ്രവാചകന്‍ അവരെ ശമര്യയിലേക്കു നയിച്ചു.

20 അവര്‍ ശമര്യയില്‍ പ്രവേശിച്ചപ്പോള്‍ എലീശ പ്രാര്‍ഥിച്ചു: “സര്‍വേശ്വരാ, ഇവരുടെ കണ്ണുകള്‍ തുറക്കണമേ.” അവിടുന്ന് അവരുടെ കണ്ണുകള്‍ തുറന്നു. തങ്ങള്‍ ശമര്യയുടെ മധ്യത്തിലാണെന്നു അവര്‍ മനസ്സിലാക്കി.

21 ഇസ്രായേല്‍രാജാവ് അവരെ കണ്ടപ്പോള്‍ എലീശയോട് ചോദിച്ചു: “പ്രഭോ, ഞാന്‍ ഇവരെ കൊന്നുകളയട്ടയോ?”

22 പ്രവാചകന്‍ പറഞ്ഞു: “കൊല്ലരുത്, നിങ്ങള്‍ വാളും വില്ലുംകൊണ്ട് കീഴടക്കിയവരെ നിങ്ങള്‍ കൊല്ലുമോ? അവര്‍ക്കു ഭക്ഷണപാനീയങ്ങള്‍ കൊടുക്കുക; അവര്‍ ഭക്ഷിച്ചശേഷം തങ്ങളുടെ രാജാവിന്‍റെ അടുക്കലേക്കു പോകട്ടെ.”

23 ഇസ്രായേല്‍രാജാവ് അവര്‍ക്ക് ഒരു വലിയ വിരുന്നൊരുക്കി; ഭക്ഷണപാനീയങ്ങള്‍ നല്‌കിയശേഷം അദ്ദേഹം അവരെ വിട്ടയച്ചു. അവര്‍ തങ്ങളുടെ രാജാവിന്‍റെ അടുക്കലേക്കു പോയി. പിന്നീട് സിറിയന്‍ പട്ടാളം ഇസ്രായേലിനെ ആക്രമിച്ചിട്ടില്ല.

24

കുറെക്കാലം കഴിഞ്ഞ് സിറിയാരാജാവായ ബെന്‍-ഹദദ് തന്‍റെ സൈന്യത്തെ മുഴുവന്‍ കൂട്ടിക്കൊണ്ട് ശമര്യപട്ടണത്തെ ഉപരോധിച്ചു.

25 അപ്പോള്‍ ശമര്യയില്‍ കഠിനക്ഷാമം ഉണ്ടായി. ഒരു കഴുതത്തലയ്‍ക്ക് എണ്‍പതു വെള്ളിക്കാശും കാല്‍കബ് കാട്ടുള്ളിക്ക് അഞ്ചു വെള്ളിക്കാശും വിലയായി.

26 ഒരു ദിവസം ഇസ്രായേല്‍രാജാവ് കോട്ടയുടെ മുകളിലൂടെ നടക്കുകയായിരുന്നു. അപ്പോള്‍ ഒരു സ്‍ത്രീ നിലവിളിച്ചു പറഞ്ഞു: “എന്‍റെ യജമാനനായ രാജാവേ, സഹായിച്ചാലും.”

27 രാജാവ് മറുപടി നല്‌കി: “ദൈവം നിന്നെ സഹായിക്കുന്നില്ലെങ്കില്‍ എനിക്ക് എങ്ങനെ കഴിയും? എന്‍റെ പക്കല്‍ ധാന്യമോ, മുന്തിരിയോ ഇല്ലല്ലോ.”

28 “നിന്‍റെ പ്രശ്നം എന്ത്” രാജാവു ചോദിച്ചു. അവള്‍ പറഞ്ഞു: “ഈ സ്‍ത്രീ എന്നോട് ‘നിന്‍റെ മകനെ കൊണ്ടുവരിക; ഇന്നു നമുക്ക് അവനെയും നാളെ എന്‍റെ മകനെയും ഭക്ഷിക്കാം’ എന്നു പറഞ്ഞു.

29 അതനുസരിച്ച് എന്‍റെ മകനെ പാകം ചെയ്ത് ഭക്ഷിച്ചു. അടുത്ത ദിവസം അവളോട് ‘നിന്‍റെ മകനെ കൊണ്ടുവരിക; നമുക്ക് അവനെ ഭക്ഷിക്കാം’ എന്നു പറഞ്ഞപ്പോള്‍ അവള്‍ തന്‍റെ മകനെ ഒളിപ്പിച്ചുകളഞ്ഞു.”

30 ആ സ്‍ത്രീ പറഞ്ഞതു കേട്ടപ്പോള്‍ രാജാവു വസ്ത്രം കീറി. അപ്പോള്‍ അദ്ദേഹം കോട്ടമേല്‍ നടക്കുകയായിരുന്നു; രാജാവ് പുറംകുപ്പായത്തിനടിയില്‍ ചാക്കുതുണി ധരിച്ചിരുന്നതു ജനം കണ്ടു.

31 രാജാവു പറഞ്ഞു: “ശാഫാത്തിന്‍റെ പുത്രന്‍ എലീശയെ ഇന്നു ശിരച്ഛേദം ചെയ്യുന്നില്ലെങ്കില്‍ സര്‍വേശ്വരന്‍ എന്നെ ശിക്ഷിക്കട്ടെ.”

32 എലീശ തന്‍റെ വീട്ടില്‍ ജനപ്രമാണികളോടു കൂടി ഇരിക്കുകയായിരുന്നു. രാജാവ് ഒരാളെ അവിടേക്കു പറഞ്ഞയച്ചു. അയാള്‍ വന്നെത്തുന്നതിനു മുമ്പ് പ്രവാചകന്‍ പറഞ്ഞു: “എന്‍റെ തല കൊയ്യാന്‍ ഒരു കൊലയാളി ആളയച്ചിരിക്കുന്നതു നിങ്ങള്‍ക്കറിയാമോ? അവന്‍ വരുമ്പോള്‍ വാതില്‍ അടച്ച് അവനെ തടഞ്ഞു നിര്‍ത്തണം. അവന്‍റെ യജമാനന്‍റെ കാലൊച്ചയല്ലേ പിമ്പില്‍ കേള്‍ക്കുന്നത്?”’

33 ഇതു പറഞ്ഞുതീരുന്നതിനുമുമ്പേ രാജാവ് അവിടെ എത്തി; രാജാവു പറഞ്ഞു: “ഈ അനര്‍ഥം വരുത്തിയത് സര്‍വേശ്വരനാണ്; അവിടുത്തെ സഹായത്തിനുവേണ്ടി ഞാന്‍ ഇനിയും കാത്തിരിക്കണമോ?”

7

1

അപ്പോള്‍ എലീശ പറഞ്ഞു: “സര്‍വേശ്വരന്‍റെ അരുളപ്പാടു കേള്‍ക്കുക. നാളെ ഈ സമയത്ത് ശമര്യയുടെ പടിവാതില്‌ക്കല്‍ ഒരു ശേക്കെലിന് ഒരിടങ്ങഴി നേരിയ മാവോ, രണ്ടിടങ്ങഴി ബാര്‍ലിയോ വാങ്ങുവാന്‍ നിങ്ങള്‍ക്കു കഴിയുമെന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.”

2 രാജാവിന്‍റെ അംഗരക്ഷകന്‍ അപ്പോള്‍ പ്രവാചകനോടു ചോദിച്ചു: “സര്‍വേശ്വരന്‍ ആകാശത്തിന്‍റെ കിളിവാതിലുകള്‍ തുറന്നാല്‍പോലും ഇതു സാധ്യമാണോ?” പ്രവാചകന്‍ പ്രതിവചിച്ചു: “നിന്‍റെ കണ്ണുകള്‍കൊണ്ടുതന്നെ നീ അതു കാണുമെങ്കിലും നീ അതില്‍നിന്നു യാതൊന്നും ഭക്ഷിക്കുകയില്ല.”

3

നാലു കുഷ്ഠരോഗികള്‍ ശമര്യയുടെ പടിവാതില്‌ക്കല്‍ ഇരിക്കുകയായിരുന്നു. അവര്‍ അന്യോന്യം പറഞ്ഞു: “നാം ഇവിടെ മരിക്കുവോളം ഇരിക്കുന്നതെന്തിന്?

4 പട്ടണത്തില്‍ പ്രവേശിച്ചാല്‍ അവിടെ ക്ഷാമംകൊണ്ടു മരിക്കും; നാം ഇവിടെ ഇരുന്നാലും മരിക്കും. അതുകൊണ്ട് നമുക്ക് സിറിയാക്കാരുടെ പാളയത്തിലേക്കു പോകാം. അവര്‍ നമ്മെ ജീവനോടെ ശേഷിപ്പിച്ചാല്‍ നാം ജീവിച്ചിരിക്കും; അതല്ല അവര്‍ കൊല്ലുന്നെങ്കില്‍ നാം മരിക്കട്ടെ.”

5 അങ്ങനെ അവര്‍ സന്ധ്യയായപ്പോള്‍ സിറിയാക്കാരുടെ പാളയത്തിലേക്ക് പുറപ്പെട്ടു; അവര്‍ പാളയത്തിന്‍റെ അടുത്തെത്തി; അവിടെ ആരും ഉണ്ടായിരുന്നില്ല.

6 കാരണം രഥങ്ങളും കുതിരകളുമടങ്ങിയ ഒരു വലിയ സൈന്യം അവരുടെ നേരെ വരുന്നതുപോലുള്ള ശബ്ദം സര്‍വേശ്വരന്‍ സിറിയന്‍സൈന്യത്തെ കേള്‍പ്പിച്ചു. “നമ്മെ ആക്രമിക്കാന്‍ ഇസ്രായേല്‍രാജാവ് ഹിത്യരുടെയും ഈജിപ്തുകാരുടെയും രാജാക്കന്മാരെ കൂലിക്കെടുത്തിരിക്കുന്നു” അവര്‍ അന്യോന്യം പറഞ്ഞു.

7 അതിനാല്‍ അവര്‍ സന്ധ്യയായപ്പോള്‍ എഴുന്നേറ്റ് ഓടിപ്പോയി. തങ്ങളുടെ കൂടാരങ്ങള്‍, കുതിരകള്‍, കഴുതകള്‍ എന്നിവയെ ഉപേക്ഷിച്ചിട്ടായിരുന്നു അവര്‍ ജീവനുംകൊണ്ട് ഓടിപ്പോയത്.

8 കുഷ്ഠരോഗികള്‍ പാളയത്തില്‍ എത്തി ഒരു കൂടാരത്തില്‍ കടന്ന് ഭക്ഷണപാനീയങ്ങള്‍ കഴിച്ചു. അതിനുശേഷം അവിടെ ഉണ്ടായിരുന്ന സ്വര്‍ണവും വെള്ളിയും വസ്ത്രങ്ങളും എടുത്തുകൊണ്ടുപോയി ഒളിച്ചുവച്ചു. പിന്നീട് മറ്റൊരു കൂടാരത്തില്‍ കടന്ന് അവിടെ ഉണ്ടായിരുന്ന സാധനങ്ങളും എടുത്ത് ഒളിച്ചുവച്ചു. പിന്നീട് വേറൊരു കൂടാരത്തില്‍ കടന്ന് അവിടെയും അങ്ങനെതന്നെ ചെയ്തു.

9 അവര്‍ അന്യോന്യം പറഞ്ഞു: “നാം ചെയ്യുന്നതു ശരിയല്ല; ഇന്നു സദ്‍വാര്‍ത്തയുടെ ദിനമാണ്; നാം പ്രഭാതംവരെ മിണ്ടാതെയിരുന്നാല്‍ കുറ്റക്കാരാകും. അതുകൊണ്ട് നമുക്കു പോയി കൊട്ടാരത്തില്‍ വിവരമറിയിക്കാം.”

10 അവര്‍ പട്ടണവാതില്‌ക്കലുള്ള കാവല്‌ക്കാരോടു പറഞ്ഞു. “ഞങ്ങള്‍ സിറിയാക്കാരുടെ പാളയത്തില്‍ പോയിരുന്നു; കെട്ടിയിട്ടിരിക്കുന്ന കുതിരകളും കഴുതകളുമല്ലാതെ ഒരു മനുഷ്യനും അവിടെ ഉണ്ടായിരുന്നില്ല;

11 കൂടാരങ്ങള്‍ അതേപടി കിടക്കുന്നു.” വാതില്‍കാവല്‌ക്കാര്‍ കൊട്ടാരത്തില്‍ ഈ വിവരം അറിയിച്ചു.

12 രാത്രിയില്‍ത്തന്നെ രാജാവ് എഴുന്നേറ്റ് സേവകന്മാരോടു പറഞ്ഞു: “സിറിയാക്കാര്‍ നമുക്കെതിരെ ആസൂത്രണം ചെയ്തിരിക്കുന്ന പദ്ധതി എന്തെന്നു ഞാന്‍ പറയാം. നാം വിശന്നു പൊരിഞ്ഞിരിക്കുകയാണെന്ന് അവര്‍ക്കറിയാം; അവര്‍ ഇപ്പോള്‍ പാളയത്തിനു പുറത്തു വിജനപ്രദേശത്ത് ഒളിച്ചിരിക്കുകയായിരിക്കും. നാം നഗരത്തിനു പുറത്തു ചെല്ലുമ്പോള്‍ നമ്മെ ജീവനോടെ പിടിക്കുകയും പട്ടണം പിടിച്ചടക്കുകയും ചെയ്യാം എന്നായിരിക്കും അവര്‍ വിചാരിച്ചിരിക്കുന്നത്.”

13 രാജസേവകരില്‍ ഒരാള്‍ പറഞ്ഞു: “ഇതിനകം മരിച്ചവരെപ്പോലെ നാമും ഈ പട്ടണത്തില്‍ മരണം പ്രതീക്ഷിച്ചു കഴിയുകയാണ്. അതുകൊണ്ട് നമ്മില്‍ അവശേഷിച്ചിട്ടുള്ളവരില്‍ ഏതാനും ആളുകളെ അഞ്ചു കുതിരകളുമായി അവിടേക്ക് അയച്ചുനോക്കാം.”

14 “പോയി നോക്കുക” എന്നു പറഞ്ഞ് രാജാവ് തേരാളികളെ രണ്ടു രഥങ്ങളില്‍ സിറിയാക്കാരുടെ പാളയത്തിലേക്ക് അയച്ചു. അവര്‍ യോര്‍ദ്ദാന്‍വരെ പോയി.

15 സിറിയാക്കാര്‍ പരിഭ്രാന്തരായി ഓടിപ്പോകുമ്പോള്‍ ഉപേക്ഷിച്ചുകളഞ്ഞ വസ്ത്രങ്ങളും മറ്റു സാധനങ്ങളും വഴിയിലെങ്ങും ചിതറിക്കിടക്കുന്നത് അവര്‍ കണ്ടു. അവര്‍ മടങ്ങിവന്നു രാജാവിനെ വിവരം അറിയിച്ചു.

16 ശമര്യയിലെ ജനം പുറപ്പെട്ട് സിറിയാക്കാരുടെ പാളയം കൊള്ളയടിച്ചു. സര്‍വേശ്വരന്‍ അരുളിച്ചെയ്തതുപോലെതന്നെ ഒരു ശേക്കെലിനു ഒരിടങ്ങഴി നേരിയ മാവും അതേ വിലയ്‍ക്കു രണ്ടിടങ്ങഴി ബാര്‍ലിയും വിറ്റു.

17 ഇസ്രായേല്‍രാജാവ് പട്ടണവാതിലിന്‍റെ ചുമതല ഏല്പിച്ചിരുന്നത് തന്‍റെ അംഗരക്ഷകനെ ആയിരുന്നു. പട്ടണവാതില്‌ക്കല്‍ തിങ്ങിക്കൂടിയ ജനം അയാളെ ചവുട്ടി മെതിച്ചുകളഞ്ഞു. രാജാവിനോടു പ്രവാചകന്‍ പറഞ്ഞതുപോലെ സംഭവിച്ചു.

18 പ്രവാചകന്‍ രാജാവിനോട് “ഒരു ശേക്കെലിനു ഒരിടങ്ങഴി നേരിയമാവോ രണ്ടിടങ്ങഴി ബാര്‍ലിയോ നാളെ ഈ സമയത്ത് ശമര്യയുടെ പടിവാതില്‍ക്കല്‍ വച്ചു വില്‍ക്കുമെന്നു പറഞ്ഞപ്പോള്‍,

19 സര്‍വേശ്വരന്‍ ആകാശത്തിന്‍റെ കിളിവാതിലുകള്‍ തുറന്നാല്‍ പോലും ഇതു സംഭവിക്കുമോ” എന്ന് ഈ അംഗരക്ഷകന്‍ പ്രവാചകനോട് ചോദിച്ചതാണ്. അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: “നിന്‍റെ കണ്ണുകൊണ്ടു നീ കാണും; എങ്കിലും അതില്‍നിന്നു ഭക്ഷിക്കുകയില്ല.”

20 അതുപോലെതന്നെ അയാള്‍ക്കു സംഭവിച്ചു. നഗരവാതില്‌ക്കല്‍വച്ചു ജനം അയാളെ ചവുട്ടി മെതിച്ചു; അങ്ങനെ അയാള്‍ മരിച്ചു.

8

1

താന്‍ പുനര്‍ജീവിപ്പിച്ച കുട്ടിയുടെ മാതാവിനോട് എലീശ പറഞ്ഞു: “നീയും കുടുംബവും കുറച്ചുകാലത്തേക്ക് ഈ സ്ഥലം വിട്ട് എവിടെയെങ്കിലും പോകണം. സര്‍വേശ്വരന്‍ ഇവിടെ ക്ഷാമം വരുത്താന്‍ പോകുകയാണ്. അത് ഈ ദേശത്ത് ഏഴു വര്‍ഷം നീണ്ടുനില്‌ക്കും.”

2 പ്രവാചകന്‍ പറഞ്ഞതുപോലെ അവളും കുടുംബവും കൂടി ഫെലിസ്ത്യദേശത്തു പോയി ഏഴു വര്‍ഷം പാര്‍ത്തു.

3 ഏഴു വര്‍ഷം കഴിഞ്ഞപ്പോള്‍ അവള്‍ ഫെലിസ്ത്യദേശത്തുനിന്ന് മടങ്ങിവന്ന് തന്‍റെ വീടും നിലവും തിരികെത്തരണമെന്ന് രാജാവിനോട് അപേക്ഷിച്ചു.

4 അപ്പോള്‍ രാജാവ്, എലീശ ചെയ്ത വന്‍കാര്യങ്ങളെപ്പറ്റി പ്രവാചകശിഷ്യനായ ഗേഹസിയോടു ചോദിച്ചറിയുകയായിരുന്നു.

5 മരിച്ച ബാലനെ എലീശ ജീവിപ്പിച്ച കാര്യം രാജാവിനോടു പറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് ആ ബാലന്‍റെ അമ്മ രാജസന്നിധിയില്‍ വന്നു വീടിനും നിലത്തിനുംവേണ്ടി അപേക്ഷിച്ചത്. അവളെ കണ്ടപ്പോള്‍ ഗേഹസി പറഞ്ഞു: “എന്‍റെ യജമാനനായ രാജാവേ, ഇവളുടെ കുട്ടിയെയാണ് എലീശ പുനര്‍ജീവിപ്പിച്ചത്.”

6 രാജാവ് ചോദിച്ചപ്പോള്‍ അവള്‍ അതെല്ലാം വിവരിച്ചുപറഞ്ഞു. “അവളുടെ വീടും നിലവും മാത്രമല്ല നാടു വിട്ടുപോയ നാള്‍മുതല്‍ നിലത്തിന്‍റെ അന്നുവരെയുള്ള ആദായവും തിരികെ കൊടുക്കണം” എന്ന് അദ്ദേഹം കല്പിച്ചു; അതിനായി ഒരു സേവകനെയും നിയോഗിച്ചു.

7

എലീശ ദമാസ്ക്കസിലേക്കു പോയി. അന്നു സിറിയാരാജാവായ ബെന്‍-ഹദദ് രോഗഗ്രസ്തനായിരുന്നു. എലീശ അവിടെ എത്തിയിട്ടുള്ള വിവരം രാജാവ് അറിഞ്ഞു.

8 രാജാവ് ഹസായേലിനോടു പറഞ്ഞു: “നീ ഒരു സമ്മാനവുമായി ദൈവപുരുഷനെ ചെന്നു കാണുക; ഈ രോഗം മാറി എനിക്കു സൗഖ്യം ലഭിക്കുമോ എന്നു സര്‍വേശ്വരനോട് ആരായാന്‍ എലീശയോട് അപേക്ഷിക്കണം.”

9 അതനുസരിച്ച് ഹസായേല്‍ ദമാസ്ക്കസിലെ വിശിഷ്ട വസ്തുക്കളില്‍നിന്നു നാല്പതു ഒട്ടകങ്ങള്‍ക്കു വഹിക്കാവുന്ന സാധനങ്ങളുമായി പ്രവാചകന്‍റെ അടുക്കല്‍ ചെന്നു. “അങ്ങയുടെ ദാസനായ ബെന്‍-ഹദദ്‍രാജാവ് തന്‍റെ രോഗത്തില്‍നിന്ന് വിമുക്തനാവുമോ എന്ന് അറിയാന്‍ എന്നെ അയച്ചിരിക്കുന്നു” എന്നു പറഞ്ഞു.

10 എലീശ അവനോടു പറഞ്ഞു: “അയാള്‍ സൗഖ്യം പ്രാപിക്കും എന്നു നീ ചെന്നു പറയുക; എങ്കിലും അയാള്‍ നിശ്ചയമായും മരിക്കുമെന്നു സര്‍വേശ്വരന്‍ എനിക്കു വെളിപ്പെടുത്തിത്തന്നിട്ടുണ്ട്.”

11 അയാള്‍ അസ്വസ്ഥനാകുന്നതുവരെ പ്രവാചകന്‍ കണ്ണിമയ്‍ക്കാതെ അയാളെ നോക്കിനിന്നു.

12 പിന്നീട് പ്രവാചകന്‍ കരഞ്ഞു. “എന്‍റെ യജമാനനേ, അങ്ങ് എന്തിനു കരയുന്നു” എന്നു ഹസായേല്‍ ചോദിച്ചു. പ്രവാചകന്‍ പറഞ്ഞു: “നീ ഇസ്രായേല്‍ജനതയോടു ചെയ്യാന്‍ പോകുന്ന അനര്‍ഥങ്ങള്‍ അറിഞ്ഞിട്ടാണു ഞാന്‍ കരഞ്ഞത്; നീ അവരുടെ ദുര്‍ഗങ്ങള്‍ അഗ്നിക്കിരയാക്കും; യുവാക്കളെ വാള്‍കൊണ്ടു സംഹരിക്കും; കുഞ്ഞുങ്ങളെ അടിച്ചു കൊല്ലുകയും ഗര്‍ഭിണികളുടെ ഉദരം പിളര്‍ക്കുകയും ചെയ്യും.”

13 ഹസായേല്‍ ചോദിച്ചു: “ഇതെല്ലാം ചെയ്യാന്‍ അങ്ങയുടെ ഈ ദാസന്‍ ആരാണ്?” വെറും ഒരു നായ് മാത്രമല്ലേ ഞാന്‍.” എലീശ പറഞ്ഞു. “നീ സിറിയായുടെ രാജാവാകുമെന്ന് സര്‍വേശ്വരന്‍ എനിക്കു വെളിപ്പെടുത്തിത്തന്നിരിക്കുന്നു.”

14 ഹസായേല്‍ അവിടെനിന്നു മടങ്ങി തന്‍റെ യജമാനന്‍റെ അടുത്ത് ചെന്നപ്പോള്‍, “എലീശാ പറഞ്ഞത് എന്ത്” എന്നു ചോദിച്ചു. ഹസായേല്‍ പറഞ്ഞു: “അങ്ങു തീര്‍ച്ചയായും സൗഖ്യം പ്രാപിക്കുമെന്നു പ്രവാചകന്‍ പറഞ്ഞു.”

15 “അടുത്ത ദിവസം ഹസായേല്‍ ഒരു പുതപ്പെടുത്ത് വെള്ളത്തില്‍ മുക്കി അതുകൊണ്ട് രാജാവിന്‍റെ മുഖം മൂടി. അങ്ങനെ ബെന്‍-ഹദദ് രാജാവ് ശ്വാസംമുട്ടി മരിച്ചു; പകരം ഹസായേല്‍ രാജാവായി.

16

ഇസ്രായേല്‍രാജാവായ ആഹാബിന്‍റെ പുത്രന്‍ യോരാമിന്‍റെ അഞ്ചാം ഭരണവര്‍ഷം യെഹൂദാരാജാവായ യെഹോശാഫാത്തിന്‍റെ പുത്രന്‍ യെഹോരാം രാജ്യഭാരമേറ്റു.

17 അപ്പോള്‍ അയാള്‍ക്ക് മുപ്പത്തിരണ്ടു വയസ്സായിരുന്നു; അയാള്‍ എട്ടു വര്‍ഷം യെരൂശലേമില്‍ ഭരണം നടത്തി.

18 ആഹാബിന്‍റെ പുത്രി ആയിരുന്നു അയാളുടെ ഭാര്യ; അതുകൊണ്ട് ആഹാബിന്‍റെ കുടുംബക്കാരെപ്പോലെ ഇസ്രായേല്‍രാജാക്കന്മാരുടെ ദുര്‍മാര്‍ഗങ്ങളില്‍ത്തന്നെ അയാളും ചരിച്ചു. സര്‍വേശ്വരനു ഹിതകരമല്ലാത്തത് പ്രവര്‍ത്തിച്ചു;

19 എങ്കിലും അവിടുന്നു തന്‍റെ ദാസനായ ദാവീദിനെ ഓര്‍ത്ത് യെഹൂദായെ നശിപ്പിച്ചില്ല. “ദാവീദിനും അദ്ദേഹത്തിന്‍റെ പുത്രന്മാര്‍ക്കും ഒരു പിന്‍ഗാമി ഇല്ലാതെ പോകുകയില്ല” എന്നു സര്‍വേശ്വരന്‍ ദാവീദിനോടു വാഗ്ദാനം ചെയ്തിരുന്നല്ലോ.

20 യെഹോരാമിന്‍റെ ഭരണകാലത്ത് എദോം യെഹൂദായ്‍ക്കെതിരെ കലാപമുണ്ടാക്കി സ്വാതന്ത്ര്യം നേടി സ്വന്തമായി ഒരു രാജാവിനെ വാഴിച്ചു.

21 അതുകൊണ്ട് യെഹോരാം തന്‍റെ രഥങ്ങളോടുകൂടി സയീരിലേക്കു തിരിച്ചു; എദോമ്യസൈന്യം അവരെ വളഞ്ഞു. എന്നാല്‍ യെഹോരാമും രഥസൈന്യാധിപന്മാരും കൂടി രാത്രിയില്‍ എഴുന്നേറ്റ് തങ്ങളെ വളഞ്ഞിരുന്ന എദോമ്യരെ ആക്രമിച്ചു; എന്നാല്‍ യെഹൂദാസൈന്യത്തിന് തോറ്റു പിന്‍വാങ്ങേണ്ടിവന്നു. അവര്‍ തങ്ങളുടെ കൂടാരങ്ങളിലേക്കു പലായനം ചെയ്തു.

22 അങ്ങനെ എദോമ്യര്‍ യെഹൂദായുടെ ഭരണത്തില്‍നിന്നു സ്വതന്ത്രരായി ഇന്നോളം നില്‌ക്കുന്നു. ആ കാലത്തുതന്നെ ലിബ്നയും പ്രക്ഷോഭമുണ്ടാക്കി.

23 യെഹോരാമിന്‍റെ മറ്റു പ്രവൃത്തികളെല്ലാം യെഹൂദാരാജാക്കന്മാരുടെ ദിനവൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്;

24 യെഹോരാം മരിച്ച് പിതാക്കന്മാരോട് ചേര്‍ന്നു. ദാവീദിന്‍റെ നഗരത്തില്‍ സംസ്കരിക്കപ്പെട്ടു; പുത്രന്‍ അഹസ്യാ അവനു പകരം രാജാവായി.

25

ഇസ്രായേല്‍രാജാവായ ആഹാബിന്‍റെ പുത്രന്‍ യോരാമിന്‍റെ പന്ത്രണ്ടാം ഭരണവര്‍ഷം യെഹൂദാരാജാവായ യെഹോരാമിന്‍റെ പുത്രന്‍ അഹസ്യാ ഭരണമാരംഭിച്ചു.

26 അപ്പോള്‍ അഹസ്യായ്‍ക്ക് ഇരുപത്തിരണ്ടു വയസ്സായിരുന്നു. അയാള്‍ ഇസ്രായേലില്‍ ഒരു വര്‍ഷം ഭരിച്ചു; അഥല്യാ ആയിരുന്നു അയാളുടെ മാതാവ്. അവര്‍ ഇസ്രായേല്‍രാജാവായിരുന്ന ഒമ്രിയുടെ പൗത്രി ആയിരുന്നു.

27 അഹസ്യാ വിവാഹം മൂലം ആഹാബ്ഗൃഹത്തോട് ബന്ധപ്പെട്ടിരുന്നു; അങ്ങനെ ആഹാബ്ഗൃഹക്കാരെപ്പോലെ അയാളും സര്‍വേശ്വരന് ഹിതകരമല്ലാത്തതു പ്രവര്‍ത്തിച്ചു.

28 സിറിയാരാജാവായ ഹസായേലിനോട് യുദ്ധം ചെയ്യാന്‍ അഹസ്യാരാജാവ് ആഹാബിന്‍റെ പുത്രന്‍ യോരാമിനോടുകൂടെ രാമോത്ത്-ഗിലെയാദിലേക്കു പോയി. യുദ്ധത്തില്‍ യോരാമിനു മുറിവേറ്റു;

29 മുറിവുകള്‍ സുഖപ്പെടുത്താന്‍ യോരാം ജെസ്രീലിലേക്കു പോയി; യെഹൂദാരാജാവായ യെഹോരാമിന്‍റെ പുത്രനായ അഹസ്യാ അയാളെ സന്ദര്‍ശിക്കാന്‍ ജെസ്രീലില്‍ ചെന്നു.

9

1

എലീശാപ്രവാചകന്‍ പ്രവാചകശിഷ്യന്മാരില്‍ ഒരാളെ വിളിച്ചുപറഞ്ഞു: “നീ യാത്രയ്‍ക്കു തയ്യാറായി തൈലപ്പാത്രവുമെടുത്ത് രാമോത്ത്-ഗിലെയാദിലേക്കു പോകുക.

2 അവിടെ നിംശിയുടെ പൗത്രനും യെഹോശാഫാത്തിന്‍റെ പുത്രനുമായ യേഹൂവിനെ അന്വേഷിക്കണം. അവനെ കൂട്ടാളികളില്‍നിന്നു മാറ്റി തനിച്ച് ഉള്‍മുറിയിലേക്കു കൊണ്ടുപോകണം.

3 അവന്‍റെ തലയില്‍ ഈ തൈലം ഒഴിച്ചുകൊണ്ട് ‘നിന്നെ ഇസ്രായേല്‍രാജാവായി അഭിഷേകം ചെയ്തിരിക്കുന്നു’ എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു എന്നു പറയുക; പിന്നീട് വാതില്‍തുറന്ന് വേഗം ഓടിപ്പോരുക.”

4 അതനുസരിച്ച് ആ പ്രവാചകശിഷ്യന്‍ രാമോത്ത്-ഗിലെയാദിലേക്കു പോയി.

5 അവിടെ ചെന്നപ്പോള്‍ സൈന്യാധിപന്മാര്‍ ഒരുമിച്ചു കൂടിയിരിക്കുകയായിരുന്നു. “സൈന്യാധിപനായ അങ്ങയെ ഒരു സന്ദേശം അറിയിക്കാനുണ്ട്” എന്ന് അയാള്‍ പറഞ്ഞു. “ഞങ്ങളില്‍ ആരോടാണ് നീ സംസാരിക്കുന്നത്” യേഹൂ ചോദിച്ചു. “സൈന്യാധിപാ, അങ്ങയോടുതന്നെ” അയാള്‍ മറുപടി നല്‌കി.

6 അവര്‍ രണ്ടുപേരും ഉള്‍മുറിയിലേക്കു കടന്നു; പ്രവാചകശിഷ്യന്‍ തൈലം യേഹൂവിന്‍റെ തലയില്‍ ഒഴിച്ചുകൊണ്ടു പറഞ്ഞു: “ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: ഞാന്‍ നിന്നെ എന്‍റെ ജനമായ ഇസ്രായേലിന് രാജാവായി അഭിഷേകം ചെയ്യുന്നു.

7 നീ നിന്‍റെ യജമാനന്‍റെ ഭവനത്തെ, ആഹാസിന്‍റെ ഗൃഹത്തെത്തന്നെ നശിപ്പിക്കണം. അങ്ങനെ ഞാന്‍ എന്‍റെ പ്രവാചകന്മാരുടെയും ദാസന്മാരുടെയും രക്തത്തിന് ഈസേബെലിനോടു പകരം ചോദിക്കും.

8 ആഹാബിന്‍റെ വംശം നശിക്കും; ആഹാബ്ഗൃഹത്തിന് ഇസ്രായേലിലുള്ള സ്വതന്ത്രനോ അടിമയോ ആയ സകല പുരുഷപ്രജകളെയും ഞാന്‍ നശിപ്പിക്കും.

9 ആഹാബിന്‍റെ കുടുംബത്തെ നെബാത്തിന്‍റെ പുത്രനായ യെരോബെയാമിന്‍റെയും അഹീയായുടെ പുത്രനായ ബയെശയുടെയും കുടുംബങ്ങളെപ്പോലെ ആക്കും.

10 ജെസ്രീലിന്‍റെ അതിര്‍ത്തിക്കുള്ളില്‍ വച്ചുതന്നെ ഈസേബെലിന്‍റെ ശരീരം നായ്‍ക്കള്‍ ഭക്ഷിക്കും. അത് ആരും സംസ്കരിക്കുകയില്ല.” ഇത്രയും പറഞ്ഞിട്ട് അയാള്‍ വാതില്‍ തുറന്ന് ഓടിപ്പോന്നു.

11 യേഹൂ തന്‍റെ സഹപ്രവര്‍ത്തകരുടെ അടുക്കല്‍ വന്നപ്പോള്‍ ഒരാള്‍ ചോദിച്ചു: “എന്താണ് വിശേഷം? ആ ഭ്രാന്തന്‍ എന്തിനാണ് നിന്‍റെ അടുക്കല്‍ വന്നത്?” യേഹൂ പ്രതിവചിച്ചു: “അയാളെയും അയാള്‍ പറഞ്ഞ കാര്യങ്ങളും നിങ്ങള്‍ക്ക് അറിയാമല്ലോ.”

12 അവര്‍ പറഞ്ഞു: “അതു ശരിയല്ല; നീ കാര്യം ഞങ്ങളോടു പറയുക.” യേഹൂ പറഞ്ഞു: “നിന്നെ ഇസ്രായേലിന്‍റെ രാജാവായി അഭിഷേകം ചെയ്തിരിക്കുന്നു എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു” എന്ന് അയാള്‍ എന്നോട് പറഞ്ഞു.

13 അവര്‍ ഉടന്‍തന്നെ തങ്ങളുടെ മേലങ്കികള്‍ അവന്‍റെ കാല്‌ക്കല്‍ പടികളില്‍ വിരിച്ചിട്ടു കാഹളം ഊതി; “യേഹൂ രാജാവായിരിക്കുന്നു” എന്ന് അവര്‍ വിളിച്ചുപറഞ്ഞു.

14

നിംശിയുടെ പൗത്രനും യെഹോശാഫാത്തിന്‍റെ പുത്രനുമായ യേഹൂ യോരാമിനെതിരെ ഗൂഢാലോചന നടത്തി. സിറിയാരാജാവായ ഹസായേലിനെതിരെ യോരാമും ഇസ്രായേല്‍സൈന്യവും രാമോത്ത്-ഗിലെയാദില്‍ പാളയമടിച്ചിരിക്കുകയായിരുന്നു.

15 രാമോത്ത്-ഗിലെയാദില്‍ വച്ച് സിറിയാരാജാവായ ഹസായേലുമായുണ്ടായ യുദ്ധത്തില്‍ തനിക്കേറ്റ മുറിവുകള്‍ സുഖമാക്കുന്നതിനു യോരാം ജെസ്രീലിലേക്ക് മടങ്ങിപ്പോയിരുന്നു. അതുകൊണ്ട് യേഹൂ സഹപ്രവര്‍ത്തകരോടു പറഞ്ഞു: “നിങ്ങള്‍ എന്‍റെ കൂടെ നില്‌ക്കുമെങ്കില്‍ ഇവിടെനിന്ന് ആരും പോയി ജെസ്രീലില്‍ വിവരമറിയിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.”

16 പിന്നീട് യേഹൂ രഥത്തില്‍ കയറി ജെസ്രീലിലേക്ക് പുറപ്പെട്ടു. യോരാം അവിടെ അപ്പോഴും രോഗിയായി കഴിയുകയായിരുന്നു. യെഹൂദാരാജാവായ അഹസ്യാ യോരാമിനെ സന്ദര്‍ശിക്കാന്‍ അവിടെ എത്തിയിരുന്നു.

17 യേഹൂവും കൂട്ടരും വരുന്നത് ജെസ്രീല്‍ ഗോപുരത്തില്‍നിന്ന് കാവല്‌ക്കാരന്‍ കണ്ടു. “ഇതാ, ഒരു സംഘം ആളുകള്‍ വരുന്നു” എന്ന് അയാള്‍ പറഞ്ഞു. യോരാം ഒരു കുതിരപ്പടയാളിയെ വിളിച്ചു: “സമാധാനദൗത്യവുമായിട്ടാണോ അവര്‍ വരുന്നത്” എന്നു ചോദിക്കാന്‍ അയച്ചു.

18 അങ്ങനെ അയാള്‍ അവരുടെ അടുക്കല്‍ ചെന്നു ആരാഞ്ഞു: “സമാധാനദൗത്യവുമായിട്ടാണോ നിങ്ങള്‍ വരുന്നത് എന്നു രാജാവ് ചോദിക്കുന്നു.” “സമാധാനവുമായി നിനക്കെന്തു കാര്യം? നീ എന്‍റെ പിന്നാലെ വരിക” യേഹൂ പറഞ്ഞു. ദൂതന്‍ അവരുടെ അടുക്കല്‍ പോയിട്ടു മടങ്ങിവന്നില്ല എന്ന വിവരം കാവല്‌ക്കാരന്‍ യോരാമിനെ അറിയിച്ചു.

19 അദ്ദേഹം മറ്റൊരാളെ കുതിരപ്പുറത്തയച്ചു. അയാളും അവരുടെ അടുക്കല്‍ ചെന്ന്; “സമാധാനദൗത്യവുമായിട്ടാണോ നിങ്ങള്‍ വരുന്നതെന്ന് രാജാവ് അന്വേഷിക്കുന്നു” എന്നു പറഞ്ഞു. യേഹൂ അവനോടും പറഞ്ഞു: “സമാധാനവുമായി നിനക്കെന്തു കാര്യം? നീ എന്‍റെ പിന്നാലെ വരിക.”

20 രണ്ടാമത് അയച്ചവനും അവരുടെ അടുക്കല്‍ ചെന്നിട്ട് മടങ്ങിവന്നില്ലെന്നു കാവല്‌ക്കാരന്‍ പറഞ്ഞു. “രഥം ഓടിക്കുന്നവന്‍ നിംശിയുടെ മകന്‍ യേഹൂവിനെപ്പോലെയിരിക്കുന്നു; ഭ്രാന്തനെപ്പോലെയാണ് അവന്‍ ഓടിച്ചുവരുന്നത്” എന്നും അയാള്‍ പറഞ്ഞു.

21 രഥം ഒരുക്കാന്‍ യോരാം കല്പിച്ചു; ഇസ്രായേല്‍രാജാവായ യോരാമും യെഹൂദാരാജാവായ അഹസ്യായും തങ്ങളുടെ രഥങ്ങളില്‍ കയറി യേഹൂവിന്‍റെ നേരേ പുറപ്പെട്ടു. ജെസ്രീല്‍ക്കാരനായ നാബോത്തിന്‍റെ വയലില്‍ വച്ചു യേഹൂവിനെ കണ്ടുമുട്ടി.

22 “സമാധാനദൗത്യവുമായിട്ടാണോ വരുന്നത്” എന്നു യോരാം യേഹൂവിനോടു ചോദിച്ചു. യേഹൂ പറഞ്ഞു: “നിന്‍റെ അമ്മ ഈസേബെലിന്‍റെ വിഗ്രഹാരാധനയും ആഭിചാരവും വര്‍ധിച്ചിരിക്കെ സമാധാനം എവിടെ?”

23 അപ്പോള്‍ യോരാം രഥം തിരിച്ചോടിച്ചുകൊണ്ട് അഹസ്യായോട്: “ഇതു ചതിയാണല്ലോ” എന്നു വിളിച്ചുപറഞ്ഞു.

24 യേഹൂ വില്ലു കുലച്ച് സര്‍വശക്തിയോടുംകൂടി യോരാമിന്‍റെ തോളുകള്‍ക്കു മധ്യേ എയ്തു. അമ്പ് ശരീരത്തിലൂടെ തുളച്ചുകയറി ഹൃദയം പിളര്‍ന്നു. യോരാം തേരില്‍ മരിച്ചുവീണു.

25 യേഹൂ തന്‍റെ അംഗരക്ഷകന്‍ ബിദ്കാരിനോടു പറഞ്ഞു: “അയാളെ എടുത്ത് ജെസ്രീല്യനായ നാബോത്തിന്‍റെ വയലില്‍ എറിയുക. ഞാനും നീയും കുതിരപ്പുറത്തു കയറി ആഹാബിന്‍റെ പിന്നാലെ പോയപ്പോള്‍ സര്‍വേശ്വരന്‍ അയാള്‍ക്കെതിരായി അരുളിച്ചെയ്ത വചനങ്ങള്‍ ഓര്‍ക്കുക.

26 അവിടുന്ന് അരുളിച്ചെയ്തു: ‘നാബോത്തിനെയും അവന്‍റെ പുത്രന്മാരെയും കൊല ചെയ്തത് ഇന്നലെ ഞാന്‍ കണ്ടു; ഇവിടെ വച്ചുതന്നെ ഞാന്‍ അതിനു പ്രതികാരം ചെയ്യുമെന്നു സത്യം ചെയ്യുന്നു.’ സര്‍വേശ്വരന്‍ കല്പിച്ചതുപോലെ അവനെ എടുത്തുകൊണ്ട് പോയി അവിടെ എറിയുക.”

27

സംഭവിച്ചതെല്ലാം അഹസ്യാ കണ്ടപ്പോള്‍ രഥത്തില്‍ കയറി ബെത്ത്-ഹഗാന്‍ ലക്ഷ്യമാക്കി പലായനം ചെയ്തു. യേഹൂ അയാളെ പിന്തുടര്‍ന്നു. “അവനെയും കൊല്ലുക” യേഹൂ കല്പിച്ചു. യിബ്ലെയാമിനു സമീപത്തുള്ള ഗൂര്‍ കയറ്റത്തില്‍ വച്ച് അവര്‍ അവനെ എയ്തു മുറിവേല്പിച്ചു. എങ്കിലും മെഗിദ്ദോവിലേക്ക് അയാള്‍ ഓടിപ്പോയി; അവിടെവച്ച് അയാള്‍ മരിച്ചു.

28 രണ്ടു സേവകന്മാര്‍ അയാളുടെ ശരീരമെടുത്ത് ദാവീദിന്‍റെ നഗരമായ യെരൂശലേമില്‍ കൊണ്ടുചെന്നു പിതാക്കന്മാരുടെ കല്ലറയില്‍ അടക്കം ചെയ്തു.

29 ആഹാബിന്‍റെ പുത്രനായ യോരാമിന്‍റെ പതിനൊന്നാം ഭരണവര്‍ഷത്തിലായിരുന്നു അഹസ്യാ യെഹൂദായില്‍ രാജാവായത്.

30

യേഹൂ ജെസ്രീലില്‍ എത്തിയ വിവരം അറിഞ്ഞ് ഈസേബെല്‍ കണ്ണെഴുതി, മുടി ചീകി കിളിവാതിലിലൂടെ പുറത്തേക്കു നോക്കി.

31 യേഹൂ പടി കടന്നപ്പോള്‍ ഈസേബെല്‍ ചോദിച്ചു: “യജമാനനെ വധിച്ച ഘാതകാ, സിമ്രീ, നീ സമാധാനത്തിനാണോ ഇവിടെ വന്നിരിക്കുന്നത്?”

32 യേഹൂ കിളിവാതില്‌ക്കലേക്ക് മുഖം ഉയര്‍ത്തി ചോദിച്ചു: “ആരുണ്ട്? എന്‍റെ പക്ഷത്ത് ആരുണ്ട്?” രണ്ടോ മൂന്നോ ഷണ്ഡന്മാരായ അന്തഃപുരസേവകര്‍ അയാളെ നോക്കി.

33 “അവളെ താഴേക്ക് എറിയുക” എന്നു യേഹൂ പറഞ്ഞു. അവര്‍ അവളെ താഴേക്ക് എറിഞ്ഞു. അവളുടെ രക്തം ചുവരിന്മേലും കുതിരപ്പുറത്തും തെറിച്ചുവീണു. കുതിരകള്‍ അവളെ ചവുട്ടിമെതിച്ചു.

34 യേഹൂ കൊട്ടാരത്തില്‍ പ്രവേശിച്ചു; ഭക്ഷണപാനീയങ്ങള്‍ കഴിച്ചു. പിന്നീട് അയാള്‍ പറഞ്ഞു: “ആ ശപിക്കപ്പെട്ടവളെ എടുത്ത് അടക്കം ചെയ്യുക; അവള്‍ രാജകുമാരിയാണല്ലോ.”

35 അവളെ സംസ്കരിക്കാന്‍ ചെന്നവര്‍ അവളുടെ തലയോടും കാലുകളും കൈപ്പത്തികളുമല്ലാതെ മറ്റൊന്നും കണ്ടില്ല.

36 അവര്‍ വിവരം അറിയിച്ചപ്പോള്‍ യേഹൂ പറഞ്ഞു: “തിശ്ബ്യനായ ഏലിയായിലൂടെ സര്‍വേശ്വരന്‍ അരുളിച്ചെയ്ത വാക്കുകള്‍ ഇതാണല്ലോ: ജെസ്രീലിന്‍റെ അതിര്‍ത്തിക്കുള്ളില്‍വച്ചുതന്നെ ഈസേബെലിന്‍റെ മാംസം നായ്‍ക്കള്‍ ഭക്ഷിക്കും.

37 അവളുടെ ജഡം തിരിച്ചറിയാന്‍ പാടില്ലാത്തവിധം ജെസ്രീലിലെ വയലില്‍ ചാണകംപോലെ കിടക്കും.”

10

1

ആഹാബ്‍രാജാവിന് എഴുപതു പുത്രന്മാരുണ്ടായിരുന്നു. അവര്‍ ശമര്യയിലാണ് പാര്‍ത്തിരുന്നത്. യേഹൂ ശമര്യയിലെ നഗരാധിപന്മാര്‍ക്കും ജനപ്രമാണികള്‍ക്കും ആഹാബിന്‍റെ പുത്രന്മാരുടെ രക്ഷിതാക്കള്‍ക്കും ഇപ്രകാരം കത്തുകളെഴുതി:

2 “നിങ്ങളുടെ യജമാനന്‍റെ പുത്രന്മാര്‍ നിങ്ങളുടെ കൂടെയാണല്ലോ;

3 നിങ്ങള്‍ക്കു രഥങ്ങളും കുതിരകളും ആയുധങ്ങളും സുരക്ഷിതനഗരങ്ങളുമുണ്ട്. ഈ എഴുത്ത് കിട്ടുമ്പോള്‍ രാജകുമാരന്മാരില്‍ ഏറ്റവും യോഗ്യനായ പുത്രനെ പിതാവിന്‍റെ സിംഹാസനത്തില്‍ അവരോധിച്ച് ആ രാജകുടുംബത്തിനുവേണ്ടി പോരാടുവിന്‍.

4 ഭയവിഹ്വലരായിത്തീര്‍ന്ന അവര്‍ തമ്മില്‍ പറഞ്ഞു: “രണ്ട് രാജാക്കന്മാര്‍ക്ക് അയാളെ എതിര്‍ത്തു നില്‌ക്കാന്‍ കഴിഞ്ഞില്ല; പിന്നെ ഞങ്ങള്‍ക്കെങ്ങനെ കഴിയും.

5 അതുകൊണ്ട് കൊട്ടാരം വിചാരിപ്പുകാരനും നഗരാധിപനും ജനപ്രമാണികളും രാജകുമാരന്മാരുടെ രക്ഷിതാക്കളും ചേര്‍ന്ന് യേഹൂവിന് ഈ സന്ദേശമയച്ചു: “ഞങ്ങള്‍ അങ്ങയുടെ ദാസന്മാരാണ്; അങ്ങയുടെ ഇഷ്ടമനുസരിച്ച് ഞങ്ങള്‍ പ്രവര്‍ത്തിച്ചുകൊള്ളാം. ഞങ്ങള്‍ ആരെയും രാജാവായി വാഴിക്കുകയില്ല; അങ്ങയുടെ യുക്തംപോലെ പ്രവര്‍ത്തിച്ചാലും.”

6 അപ്പോള്‍ യേഹൂ അവര്‍ക്കു വീണ്ടുമെഴുതി: “നിങ്ങള്‍ ഞാന്‍ പറയുന്നതു അനുസരിച്ചു പ്രവര്‍ത്തിക്കാന്‍ തയ്യാറാണെങ്കില്‍ നിങ്ങളുടെ യജമാനന്‍റെ പുത്രന്മാരുടെ ശിരസ്സുകളുമായി നാളെ ഈ നേരത്ത് ജെസ്രീലില്‍ എന്‍റെ അടുക്കല്‍ വരിക.” എഴുപതു രാജകുമാരന്മാരും നഗരപ്രമാണികളായ രക്ഷിതാക്കളുടെ സംരക്ഷണത്തിലായിരുന്നു.

7 എഴുത്തു കിട്ടിയപ്പോള്‍ ആ എഴുപതു രാജകുമാരന്മാരെയും വധിച്ച് അവരുടെ ശിരസ്സുകള്‍ കുട്ടകളിലാക്കി ജെസ്രീലില്‍ യേഹൂവിന്‍റെ അടുക്കല്‍ എത്തിച്ചു.

8 രാജകുമാരന്മാരുടെ ശിരസ്സുകള്‍ കൊണ്ടുവന്നിരിക്കുന്ന വിവരം അറിയിച്ചപ്പോള്‍: “അവ രണ്ടു കൂമ്പാരമായി കൂട്ടി പ്രഭാതംവരെ പടിവാതില്‍ക്കല്‍ വയ്‍ക്കുക” എന്നു യേഹൂ കല്പിച്ചു.

9 പ്രഭാതമായപ്പോള്‍ അയാള്‍ പുറത്തുവന്നു ജനങ്ങളോടു പറഞ്ഞു: “നിങ്ങള്‍ കുറ്റക്കാരല്ല; എന്‍റെ യജമാനനെതിരെ ഗൂഢാലോചന നടത്തി അദ്ദേഹത്തെ വധിച്ചതു ഞാന്‍ തന്നെയാണ്.” “എന്നാല്‍ ആരാണ് ഇവരെയെല്ലാം വധിച്ചത്?

10 തന്‍റെ ദാസനായ ഏലിയായിലൂടെ സര്‍വേശ്വരന്‍ ആഹാബിന്‍റെ കുടുംബത്തിനെതിരെ അരുളിച്ചെയ്ത വചനങ്ങള്‍ ഒന്നൊഴിയാതെ സത്യമായിരിക്കുന്നു” എന്നു നിങ്ങള്‍ അറിഞ്ഞുകൊള്ളുക.

11 ആഹാബിന്‍റെ ജെസ്രീലിലുള്ള എല്ലാ ചാര്‍ച്ചക്കാരെയും അയാളുടെ സുഹൃത്തുക്കളെയും പുരോഹിതന്മാരെയും പ്രമുഖന്മാരെയുമെല്ലാം യേഹൂ സംഹരിച്ചു.

12

യേഹൂ അവിടെനിന്നു ശമര്യയിലേക്കു പുറപ്പെട്ടു:

13 മാര്‍ഗമധ്യേ ‘ആട്ടിടയന്മാരുടെ താവളം’ എന്നറിയപ്പെടുന്ന സ്ഥലത്തെത്തിയപ്പോള്‍ യേഹൂ യെഹൂദാരാജാവായ അഹസ്യായുടെ ചാര്‍ച്ചക്കാരെ കണ്ടു. “നിങ്ങള്‍ ആരാണ്” എന്ന് അയാള്‍ ചോദിച്ചു. അവര്‍ പറഞ്ഞു: “ഞങ്ങള്‍ അഹസ്യായുടെ ചാര്‍ച്ചക്കാരാണ്; രാജാവിനെയും രാജ്ഞിയുടെ പുത്രന്മാരെയും മറ്റു രാജകുടുംബാംഗങ്ങളെയും സന്ദര്‍ശിക്കാന്‍ പോകുകയാണ്.”

14 “അവരെ ജീവനോടെ പിടിക്കുക” യേഹൂ കല്പിച്ചു. അനുചരന്മാര്‍ അവരെ പിടിച്ചു; അവരെ നാല്പത്തിരണ്ടു പേരെയും ബെത്ത്-ഖേദിലെ കിണറ്റിനരികില്‍വച്ചു വധിച്ചു; ഒരാള്‍ പോലും ശേഷിച്ചില്ല.

15

യേഹൂ അവിടെനിന്നു പുറപ്പെട്ടു; വഴിയില്‍വച്ചു രേഖാബിന്‍റെ പുത്രനായ യോനാദാബിനെ കണ്ടു. യേഹൂ അയാളെ സ്വീകരിച്ചു കൊണ്ടു പറഞ്ഞു: “ഞാന്‍ നിന്നോട് ആത്മാര്‍ഥത പുലര്‍ത്തുന്നതുപോലെ എന്നോട് ആത്മാര്‍ഥമായി വര്‍ത്തിക്കുമോ?” “ഉവ്വ്, ഞാന്‍ അങ്ങനെ വര്‍ത്തിക്കും” യോനാദാബ് പ്രതിവചിച്ചു. “അങ്ങനെയെങ്കില്‍ എനിക്കു കൈ തരിക” യേഹൂ പറഞ്ഞു. അയാള്‍ കൈ കൊടുത്തു. യേഹൂ അയാളെ തന്‍റെ രഥത്തില്‍ കയറ്റി.

16 “എന്‍റെ കൂടെ വന്ന് സര്‍വേശ്വരനോടുള്ള എന്‍റെ ഭക്തിയുടെ തീവ്രത കാണുക” എന്നു പറഞ്ഞു. അവര്‍ ഒന്നിച്ചു രഥത്തില്‍ യാത്ര തുടര്‍ന്നു.

17 ശമര്യയിലെത്തിയപ്പോള്‍ ആഹാബിന്‍റെ വംശത്തില്‍ അവിടെ ശേഷിച്ചിരുന്നവരെയെല്ലാം യേഹൂ വധിച്ചു. ഇങ്ങനെ സംഭവിക്കും എന്ന് സര്‍വേശ്വരന്‍ ഏലിയാ പ്രവാചകനിലൂടെ അരുളിച്ചെയ്തിരുന്നു.

18

യേഹൂ ജനത്തെയെല്ലാം വിളിച്ചുകൂട്ടി അവരോടു പറഞ്ഞു: “ആഹാബ് ബാലിനെ അല്പം മാത്രം സേവിച്ചു; എന്നാല്‍ ഞാനാകട്ടെ അധികം സേവിക്കും.

19 അതുകൊണ്ട് ബാലിന്‍റെ സകല പ്രവാചകന്മാരെയും ആരാധകരെയും പുരോഹിതന്മാരെയും വിളിച്ചുകൂട്ടുക; ആരും വരാതിരിക്കരുത്. ഞാന്‍ ബാലിന് ഒരു മഹായാഗം അര്‍പ്പിക്കാന്‍ പോകുകയാണ്; പങ്കെടുക്കാതിരിക്കുന്നവര്‍ ജീവനോടെ ശേഷിക്കയില്ല.” ബാലിന്‍റെ ആരാധകരെയെല്ലാം വധിക്കാന്‍ യേഹൂ പ്രയോഗിച്ച ഒരു തന്ത്രമായിരുന്നു അത്.

20 “ബാലിന് ഒരു പെരുന്നാള്‍ ആഘോഷിക്കാം” എന്നു യേഹൂ കല്പിച്ചു. അവര്‍ അങ്ങനെ വിളംബരം ചെയ്തു.

21 ഇസ്രായേലിലെല്ലാം യേഹൂ ദൂതന്മാരെ അയച്ചു. ബാലിന്‍റെ ആരാധകരെല്ലാം ഒന്നൊഴിയാതെ അവിടെവന്നു. അവര്‍ ബാലിന്‍റെ ആലയത്തില്‍ പ്രവേശിച്ചു; ആലയം ആരാധകരെക്കൊണ്ടു നിറഞ്ഞുകവിഞ്ഞു.

22 “ബാലിന്‍റെ ആരാധകര്‍ക്ക് ആരാധനയ്‍ക്കുള്ള പ്രത്യേക വസ്ത്രങ്ങള്‍ കൊണ്ടുവരിക” യേഹൂ വസ്ത്രം സൂക്ഷിപ്പുകാരനോടു പറഞ്ഞു. അയാള്‍ അവ കൊണ്ടുവന്നു.

23 പിന്നീട് രേഖാബിനെ പുത്രനായ യോനാദാബിനോടുകൂടി യേഹൂ ബാലിന്‍റെ ദേവാലയത്തില്‍ പ്രവേശിച്ചു. അവന്‍ അവിടെയുള്ളവരോടു പറഞ്ഞു: “ബാലിന്‍റെ ആരാധകരല്ലാതെ സര്‍വേശ്വരന്‍റെ ആരാധകരാരും ഇവിടെയില്ല എന്ന് ഉറപ്പുവരുത്തുക.”

24 പിന്നീട് ബാലിന് ഹോമയാഗങ്ങളും മറ്റു ബലികളും അര്‍പ്പിക്കുന്നതിനുള്ള ഒരുക്കങ്ങളാരംഭിച്ചു. എണ്‍പതു പേരെ യേഹൂ പുറത്തു കാവല്‍ നിര്‍ത്തിയിരുന്നു. അവരോടു പറഞ്ഞിരുന്നു: “ഞാന്‍ ഏല്പിച്ചുതരുന്നവരില്‍ ആരെങ്കിലും രക്ഷപെടാന്‍ അനുവദിച്ചാല്‍ അവന്‍ തന്‍റെ സ്വന്തം ജീവന്‍ പകരം നല്‌കേണ്ടിവരും.”

25 യാഗം തീര്‍ന്നപ്പോള്‍ അകമ്പടിസേവകരോടും കാവല്‌ക്കാരോടും യേഹൂ കല്പിച്ചു: “നിങ്ങള്‍ അകത്തു പ്രവേശിച്ച് അവരെ കൊല്ലുക; ഒരാള്‍പോലും രക്ഷപെടരുത്.” അവര്‍ ബാലിന്‍റെ ആരാധകരെയെല്ലാം സംഹരിച്ചശേഷം അവരെ പുറത്തേക്കു വലിച്ചെറിഞ്ഞു.

26 പിന്നീട് ബാല്‍ക്ഷേത്രത്തിന്‍റെ അന്തര്‍മന്ദിരത്തില്‍ പ്രവേശിച്ച് അവിടെ ഉണ്ടായിരുന്ന സ്തംഭം പുറത്തെടുത്ത് അഗ്നിക്കിരയാക്കി.

27 ബാലിന്‍റെ ക്ഷേത്രവും സ്തംഭവും തകര്‍ത്തശേഷം അത് ഒരു വിസര്‍ജനസ്ഥലമാക്കി മാറ്റി. അത് ഇന്നും അതേ നിലയില്‍ കിടക്കുന്നു.

28 അങ്ങനെ യേഹൂ ബാലിന്‍റെ ആരാധനയെ ഇസ്രായേലില്‍നിന്നു നീക്കിക്കളഞ്ഞു.

29 എന്നാല്‍ നെബാത്തിന്‍റെ പുത്രനായ യെരോബെയാം ഇസ്രായേല്‍ജനങ്ങളെക്കൊണ്ടു ചെയ്യിച്ച പാപത്തില്‍നിന്നു യേഹൂ പിന്മാറിയില്ല. ബേഥേലിലും ദാനിലുമുണ്ടായിരുന്ന സ്വര്‍ണകാളക്കുട്ടികളെ അയാള്‍ ആരാധിച്ചു.

30 സര്‍വേശ്വരന്‍ യേഹൂവിനോടു പറഞ്ഞു: “നീ എന്‍റെ ഹിതാനുസരണം പ്രവര്‍ത്തിച്ചു; ആഹാബിന്‍റെ ഗൃഹത്തെ സംബന്ധിച്ചു ഞാന്‍ പറഞ്ഞതെല്ലാം നീ ചെയ്തു. അതുകൊണ്ട് നിന്‍റെ പുത്രന്മാര്‍ ഇസ്രായേലിന്‍റെ രാജസിംഹാസനത്തില്‍ നാലാം തലമുറവരെ വാഴും.”

31 എന്നാല്‍ യേഹൂ ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍റെ ധര്‍മശാസനങ്ങള്‍ പൂര്‍ണഹൃദയത്തോടെ അനുസരിച്ചുനടന്നില്ല. ഇസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച യെരോബെയാമിന്‍റെ വഴികളില്‍നിന്ന് അയാള്‍ പിന്മാറിയതുമില്ല.

32

ആ കാലത്ത് സര്‍വേശ്വരന്‍ ഇസ്രായേല്‍ദേശത്തിന്‍റെ ചില ഭാഗങ്ങള്‍ നീക്കിക്കളയാന്‍ തുടങ്ങി. സിറിയാരാജാവായ ഹസായേല്‍ ഇസ്രായേലിന്‍റെ അതിര്‍ത്തി പ്രദേശങ്ങളെ ആക്രമിച്ചു കീഴടക്കി.

33 യോര്‍ദ്ദാന്‍റെ കിഴക്കുവശം മുതല്‍ അര്‍ന്നോന്‍നദിയുടെ താഴ്വരയിലുള്ള അരോവേര്‍ പട്ടണംവരെയുള്ള പ്രദേശങ്ങള്‍ അതായത് ഗാദ്, രൂബേന്‍, മനശ്ശെ എന്നീ ഗോത്രക്കാര്‍ പാര്‍ത്തിരുന്ന ഗിലെയാദ്, ബാശാന്‍ പ്രദേശങ്ങള്‍ അവന്‍ പിടിച്ചടക്കി.

34 യേഹൂ ചെയ്ത മറ്റെല്ലാ പ്രവൃത്തികളും അയാളുടെ വീരപരാക്രമങ്ങളും ഇസ്രായേല്‍രാജാക്കന്മാരുടെ ദിനവൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

35 യേഹൂ മരിച്ച് തന്‍റെ പിതാക്കന്മാരോടു ചേര്‍ന്നു; ശമര്യയില്‍ അയാളെ സംസ്കരിച്ചു. അയാളുടെ പുത്രനായ യെഹോവാഹാസ് പകരം രാജാവായി;

36 യേഹൂ ഇസ്രായേല്യരുടെ രാജാവായി ഇരുപത്തെട്ടു വര്‍ഷം ശമര്യയില്‍ വാണു.

11

1

അഹസ്യായുടെ അമ്മ അഥല്യാ തന്‍റെ മകന്‍റെ മരണവാര്‍ത്ത കേട്ട് രാജകുടുംബാംഗങ്ങളെയെല്ലാം വധിച്ചു.

2 എന്നാല്‍ അഹസ്യായുടെ സഹോദരിയും യെഹോരാംരാജാവിന്‍റെ പുത്രിയുമായ യെഹോശേബ വധിക്കപ്പെടാന്‍ പോകുന്ന രാജകുമാരന്മാരുടെ ഇടയില്‍നിന്ന് അഹസ്യായുടെ പുത്രന്‍ യോവാശിനെയും ധാത്രിയെയും അഥല്യാ കാണാതെ കിടപ്പറയില്‍ ഒളിപ്പിച്ചു. അതുകൊണ്ട് അവന്‍ കൊല്ലപ്പെട്ടില്ല.

3 ആറു വര്‍ഷം അവന്‍ സര്‍വേശ്വരന്‍റെ ആലയത്തില്‍ ധാത്രിയോടുകൂടി ഒളിവില്‍ പാര്‍ത്തു; അക്കാലമത്രയും അഥല്യാ രാജ്യം ഭരിച്ചു.

4 ഏഴാം വര്‍ഷം യെഹോയാദ പുരോഹിതന്‍ കാര്യരുടെയും അംഗരക്ഷകരുടെയും നായകന്മാരെ സര്‍വേശ്വരന്‍റെ ആലയത്തിലേക്കു വിളിച്ചുവരുത്തി; അവരുമായി ഒരു ഉടമ്പടി ഉണ്ടാക്കി അവരെക്കൊണ്ടു പ്രതിജ്ഞ ചെയ്യിച്ചശേഷം രാജകുമാരനെ അവര്‍ക്കു കാണിച്ചുകൊടുത്തു.

5 യെഹോയാദ അവര്‍ക്ക് ഈ കല്പന നല്‌കി: “ശബത്തില്‍ തവണ മാറിവരുന്ന നിങ്ങളില്‍ മൂന്നില്‍ ഒരു ഭാഗം കൊട്ടാരം കാക്കണം;

6 മൂന്നില്‍ ഒരു ഭാഗം സൂര്‍ പടിവാതില്‌ക്കലും മൂന്നില്‍ ഒരു ഭാഗം അംഗരക്ഷകരുടെ പുറകിലുള്ള പടിവാതില്‌ക്കലും നില്‌ക്കണം;

7 തവണ കഴിഞ്ഞുപോകുന്ന രണ്ടു വിഭാഗങ്ങള്‍ ആയുധധാരികളായി സര്‍വേശ്വരന്‍റെ ആലയത്തില്‍ രാജാവിനെ സംരക്ഷിക്കാന്‍ എപ്പോഴും ഉണ്ടായിരിക്കണം.

8 നിങ്ങള്‍ ഓരോരുത്തനും ആയുധധാരികളായി രാജാവിനു കാവല്‍ നില്‌ക്കേണ്ടതാണ്. നിങ്ങളെ സമീപിക്കുന്നവന്‍ ആരായാലും അവനെ കൊന്നുകളയണം. രാജാവിനോടൊത്ത് നിങ്ങള്‍ എപ്പോഴും ഉണ്ടായിരിക്കണം.”

9 യെഹോയാദ പുരോഹിതന്‍ കല്പിച്ചതുപോലെ കാവല്‍പ്പടയാളികളുടെ നായകന്മാര്‍ പ്രവര്‍ത്തിച്ചു. തവണ മാറി വരുന്നവരും പോകുന്നവരുമായ തങ്ങളുടെ ആളുകളെ അവര്‍ പുരോഹിതന്‍റെ അടുക്കല്‍ കൊണ്ടുവന്നു.

10 സര്‍വേശ്വരന്‍റെ ആലയത്തില്‍ സൂക്ഷിച്ചിരുന്ന ദാവീദ്‍രാജാവിന്‍റെ കുന്തങ്ങളും പരിചകളും പുരോഹിതന്‍ അവരെ ഏല്പിച്ചു.

11 അംഗരക്ഷകര്‍ ആയുധധാരികളായി തെക്കുവശംമുതല്‍ വടക്കുവശംവരെ യാഗപീഠത്തിനും ആലയത്തിനും ചുറ്റും നിലയുറപ്പിച്ചു.

12 പിന്നീട് യെഹോയാദ പുരോഹിതന്‍ യോവാശ് രാജകുമാരനെ പുറത്തു കൊണ്ടുവന്നു കിരീടമണിയിച്ചു. രാജാവ് അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍ അടങ്ങിയ സാക്ഷ്യപുസ്‍തകം നല്‌കി. പിന്നീടവര്‍ കുമാരനെ രാജാവായി പ്രഖ്യാപിച്ച് അഭിഷേകം ചെയ്തു. “രാജാവ് നീണാള്‍ വാഴട്ടെ” അവര്‍ ആര്‍ത്തുവിളിച്ചു.

13 കാവല്‍ഭടന്മാരുടെയും ജനങ്ങളുടെയും ആര്‍പ്പുവിളി കേട്ട് അഥല്യാരാജ്ഞി സര്‍വേശ്വരന്‍റെ ആലയത്തിലെത്തി;

14 ആചാരപ്രകാരം തൂണിന്‍റെ അടുക്കല്‍ രാജാവ് നില്‌ക്കുന്നത് അഥല്യാ കണ്ടു. കാവല്‍പ്പടയാളികളുടെ നായകന്മാരും കാഹളം ഊതുന്നവരും രാജാവിന്‍റെ അടുക്കല്‍ ഉണ്ടായിരുന്നു. ജനമെല്ലാം ഉല്ലാസഭരിതരായി കാഹളം മുഴക്കി. അപ്പോള്‍ അഥല്യാരാജ്ഞി വസ്ത്രം കീറി “രാജദ്രോഹം” “രാജദ്രോഹം” എന്നു വിളിച്ചുപറഞ്ഞു.

15 യെഹോയാദ പുരോഹിതന്‍ കാവല്‍സേനാനായകന്മാരോടു കല്പിച്ചു: “സൈന്യനിരകള്‍ക്കിടയിലൂടെ അവളെ പുറത്തു കൊണ്ടുപോകുവിന്‍; അവളെ ആരെങ്കിലും അനുഗമിച്ചാല്‍ അവനെ വധിക്കണം. സര്‍വേശ്വരന്‍റെ ആലയത്തില്‍വച്ച് അവളെ കൊല്ലരുത്.”

16 അവര്‍ രാജ്ഞിയെ പിടിച്ചുകൊണ്ടുപോയി, കൊട്ടാരത്തിന്‍റെ കുതിരവാതില്‌ക്കല്‍ വച്ചു വധിച്ചു.

17

യോവാശ്‍രാജാവും ജനങ്ങളും സര്‍വേശ്വരന്‍റെ ജനമായിരിക്കുമെന്നു യെഹോയാദ പുരോഹിതന്‍ ജനങ്ങളെക്കൊണ്ട് ഉടമ്പടി ചെയ്യിച്ചു. രാജാവും ജനങ്ങളും തമ്മിലും ഉടമ്പടിയുണ്ടാക്കി.

18 പിന്നീട് ജനങ്ങളെല്ലാം ബാല്‍ക്ഷേത്രത്തില്‍ ചെന്ന് അതു തകര്‍ത്തുകളഞ്ഞു. ബലിപീഠങ്ങളും വിഗ്രഹങ്ങളും നശിപ്പിക്കയും ബാലിന്‍റെ പുരോഹിതനായ മത്ഥാനെ ബലിപീഠങ്ങളുടെ മുമ്പില്‍വച്ചുതന്നെ വധിക്കുകയും ചെയ്തു. പിന്നീട് യെഹോയാദ പുരോഹിതന്‍ സര്‍വേശ്വരന്‍റെ ആലയം സൂക്ഷിക്കുന്നതിനു കാവല്‌ക്കാരെ ഏര്‍പ്പെടുത്തി.

19 അദ്ദേഹം കാവല്‍പടനായകന്മാരുടെയും കാര്യരുടെയും അംഗരക്ഷകരുടെയും സര്‍വജനങ്ങളുടെയും അകമ്പടിയോടുകൂടി രാജാവിനെ സര്‍വേശ്വരന്‍റെ ആലയത്തില്‍നിന്ന് കാവല്‌ക്കാരുടെ കവാടത്തിലൂടെ കൊട്ടാരത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. യോവാശ് രാജസിംഹാസനത്തില്‍ ഇരുന്നു;

20 ജനമെല്ലാം സന്തോഷിച്ചു. കൊട്ടാരത്തില്‍ വച്ച് അഥല്യാ വധിക്കപ്പെട്ടതോടെ നഗരം ശാന്തമായി.

21

ഏഴാമത്തെ വയസ്സിലായിരുന്നു യോവാശ് രാജാവായത്.

12

1

ഇസ്രായേല്‍രാജാവായ യേഹൂവിന്‍റെ ഏഴാം ഭരണവര്‍ഷത്തിലാണ് യോവാശ് യെഹൂദായുടെ ഭരണം ആരംഭിച്ചത്. അദ്ദേഹം യെരൂശലേമില്‍ നാല്പതു വര്‍ഷം ഭരിച്ചു. അദ്ദേഹത്തിന്‍റെ അമ്മ ബേര്‍-ശേബക്കാരി സിബ്യാ ആയിരുന്നു.

2 യെഹോയാദ പുരോഹിതന്‍ അദ്ദേഹത്തിന്‍റെ ഉപദേഷ്ടാവായിരുന്നതുകൊണ്ട് യോവാശ് സര്‍വേശ്വരനു ഹിതകരമായി പ്രവര്‍ത്തിച്ചു;

3 എങ്കിലും അയാള്‍ പൂജാഗിരികള്‍ നശിപ്പിച്ചില്ല. ജനം അവിടെ യാഗവും ധൂപവും അര്‍പ്പിച്ചുവന്നു.

4

[4,5] “സര്‍വേശ്വരന്‍റെ ആലയത്തില്‍ അര്‍പ്പിക്കുന്ന വിശുദ്ധവസ്തുക്കളുടെ മുഴുവന്‍ വിലയും ഓരോരുത്തരും നല്‌കേണ്ട പണവും ആളുകള്‍ സ്വമേധയാ അര്‍പ്പിക്കുന്ന പണവും വാങ്ങി ദേവാലയത്തിന്‍റെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കണം” എന്നു പുരോഹിതന്മാരോട് യോവാശ് കല്പിച്ചു.

5

6 യോവാശിന്‍റെ ഇരുപത്തിമൂന്നാം ഭരണവര്‍ഷംവരെ പുരോഹിതന്മാര്‍ ദേവാലയത്തിന്‍റെ അറ്റകുറ്റപ്പണികള്‍ തീര്‍ത്തിരുന്നില്ല.

7 അതിനാല്‍ രാജാവ് യെഹോയാദ പുരോഹിതനെയും മറ്റു പുരോഹിതന്മാരെയും വിളിച്ചു ചോദിച്ചു: “നിങ്ങള്‍ ദേവാലയത്തിന്‍റെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കാത്തത് എന്ത്? ഇനിയും ജനങ്ങളില്‍നിന്നു ലഭിക്കുന്ന പണം നിങ്ങള്‍ എടുക്കാതെ ദേവാലയത്തിന്‍റെ അറ്റകുറ്റപ്പണികള്‍ക്കായി കൊടുക്കുക.”

8 അതുകൊണ്ട് ഇനിമേല്‍ ജനങ്ങളില്‍നിന്നു പണം വാങ്ങേണ്ടതില്ലെന്നും ദേവാലയത്തിന്‍റെ അറ്റകുറ്റപ്പണികള്‍ തങ്ങള്‍ ചെയ്യേണ്ടതില്ലെന്നും പുരോഹിതന്മാര്‍ തീരുമാനിച്ചു.

9 അടപ്പില്‍ ദ്വാരമിട്ട ഒരു പെട്ടി യെഹോയാദ പുരോഹിതന്‍ യാഗപീഠത്തിനരികില്‍ ദേവാലയത്തിലേക്കുള്ള വാതിലിന്‍റെ വലതുവശത്ത് സ്ഥാപിച്ചു. വാതില്‍ കടക്കുന്ന പുരോഹിതന്മാര്‍ സര്‍വേശ്വരന്‍റെ ആലയത്തില്‍ ലഭിക്കുന്ന പണമെല്ലാം ആ പെട്ടിയില്‍ നിക്ഷേപിക്കും.

10 പെട്ടി നിറയുമ്പോള്‍ രാജാവിന്‍റെ കാര്യവിചാരകനും പ്രധാനപുരോഹിതനും കൂടി പണം എണ്ണി സഞ്ചികളില്‍ കെട്ടിവയ്‍ക്കും.

11 പിന്നീട് ആ പണം ദേവാലയത്തിന്‍റെ പണിയുടെ മേല്‍നോട്ടം വഹിക്കുന്നവരെ ഏല്പിക്കും.

12 അവര്‍ അത് ദേവാലയത്തിലെ മരപ്പണിക്കാര്‍, ശില്പികള്‍, കല്പണിക്കാര്‍, കല്ലുവെട്ടുകാര്‍ എന്നിവര്‍ക്കു കൂലി കൊടുക്കാനും അറ്റകുറ്റപ്പണികള്‍ക്ക് വേണ്ട തടിയും ചെത്തിയ കല്ലും വാങ്ങാനും മറ്റു ചെലവുകള്‍ നിര്‍വഹിക്കാനുമായി വിനിയോഗിക്കും.

13 സര്‍വേശ്വരന്‍റെ ആലയത്തില്‍ വരുന്ന പണം വെള്ളിപ്പാത്രങ്ങളോ, തിരികത്രികകളോ, തളിക്കാനുള്ള പാത്രങ്ങളോ, കാഹളങ്ങളോ, സ്വര്‍ണവും വെള്ളിയും കൊണ്ടുള്ള മറ്റു പാത്രങ്ങളോ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചില്ല.

14 അത് ദേവാലയത്തിന്‍റെ അറ്റകുറ്റപ്പണികള്‍ ചെയ്യുന്നവര്‍ക്കു നല്‌കി.

15 അറ്റകുറ്റപ്പണികള്‍ക്കു വേണ്ടിയുള്ള പണം ഏറ്റുവാങ്ങിയിരുന്നവര്‍ വിശ്വസ്തതയോടെ പ്രവര്‍ത്തിച്ചതുകൊണ്ട് അവരോട് കണക്കു ചോദിച്ചിരുന്നില്ല.

16 പ്രായശ്ചിത്തയാഗത്തിലൂടെയും പാപപരിഹാരയാഗത്തിലൂടെയും ലഭിച്ചിരുന്ന പണം ദേവാലയത്തില്‍ നിക്ഷേപിച്ചില്ല; അതു പുരോഹിതന്മാര്‍ക്കുള്ളതായിരുന്നു.

17

അക്കാലത്തു സിറിയാരാജാവായ ഹസായേല്‍ ഗത്ത് ആക്രമിച്ചു കീഴടക്കി; യെരൂശലേം ആക്രമിക്കുന്നതിനും അയാള്‍ തീരുമാനിച്ചു.

18 അപ്പോള്‍ യെഹൂദാരാജാവായ യോവാശ് താനും തന്‍റെ പിതാക്കന്മാരായ യെഹോശാഫാത്ത്, യെഹോരാം, അഹസ്യാ എന്നീ യെഹൂദാരാജാക്കന്മാരും നിവേദിച്ചിരുന്ന സാധനങ്ങളും ദേവാലയത്തിലെയും കൊട്ടാരത്തിലെയും സ്വര്‍ണനിക്ഷേപങ്ങളും എടുത്ത് സിറിയാരാജാവായ ഹസായേലിനു കൊടുത്തയച്ചു. അങ്ങനെ ഹസായേല്‍ യെരൂശലേം ആക്രമിക്കാതെ പിന്‍വാങ്ങി.

19 യോവാശിന്‍റെ മറ്റു പ്രവര്‍ത്തനങ്ങള്‍ യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

20 യോവാശിന്‍റെ സേവകന്മാര്‍ അദ്ദേഹത്തിനെതിരെ ഗൂഢാലോചന നടത്തി. സില്ലായിലേക്കു പോകുന്ന വഴിയില്‍ മില്ലോഭവനത്തില്‍ വച്ച് അവര്‍ അദ്ദേഹത്തെ വധിച്ചു.

21 ശിമെയാത്തിന്‍റെ പുത്രനായ യോസാഖാര്‍, ശോമേരിന്‍റെ പുത്രനായ യെഹോസാബാദ് എന്നിവരായിരുന്നു അദ്ദേഹത്തെ വധിച്ചത്. അദ്ദേഹത്തിന്‍റെ പിതാക്കന്മാരുടെകൂടെ ദാവീദിന്‍റെ നഗരത്തില്‍ അദ്ദേഹത്തെ സംസ്കരിച്ചു. യോവാശിന്‍റെ പുത്രന്‍ അമസ്യാ പകരം രാജാവായി.

13

1

യെഹൂദാരാജാവായ അഹസ്യായുടെ പുത്രന്‍ യോവാശിന്‍റെ ഇരുപത്തിമൂന്നാം ഭരണവര്‍ഷം യേഹൂവിന്‍റെ പുത്രന്‍ യെഹോവാഹാസ് ഇസ്രായേല്‍രാജാവായി.

2 അദ്ദേഹം ശമര്യയില്‍ പതിനേഴു വര്‍ഷം ഭരിച്ചു. യെഹോവാഹാസ് സര്‍വേശ്വരനു ഹിതകരമല്ലാത്തവിധം ജീവിച്ചു; നെബാത്തിന്‍റെ പുത്രന്‍ യെരോബെയാം ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപങ്ങളില്‍നിന്നു വിട്ടുമാറാതെ അദ്ദേഹം അവ തുടര്‍ന്നുപോന്നു.

3 അതിനാല്‍ സര്‍വേശ്വരന്‍റെ കോപം ഇസ്രായേലിനു നേരെ ജ്വലിച്ചു. അവിടുന്ന് അവരെ സിറിയാരാജാവായ ഹസായേലിന്‍റെയും അയാളുടെ പുത്രന്‍ ബെന്‍-ഹദദിന്‍റെയും കൈകളില്‍ തുടര്‍ച്ചയായി ഏല്പിച്ചുകൊടുത്തു.

4 യെഹോവാഹാസ് സര്‍വേശ്വരന്‍റെ സഹായത്തിനായി പ്രാര്‍ഥിച്ചു. അവിടുന്ന് അയാളുടെ യാചന കേട്ടു; സിറിയാരാജാവ് ഇസ്രായേലിനെ ദ്രോഹിച്ചത് അവിടുന്നു കണ്ടു.

5 അവിടുന്ന് ഇസ്രായേലിന് ഒരു വിമോചകനെ നല്‌കി. ഇസ്രായേല്യര്‍ സിറിയാക്കാരുടെ കൈയില്‍നിന്നു വിമോചിതരായി. അങ്ങനെ ഇസ്രായേല്‍ജനം മുന്‍പെന്നപോലെ സുരക്ഷിതരായി പാര്‍ത്തു.

6 എങ്കിലും അവര്‍ ഇസ്രായേലിനെക്കൊണ്ട് പാപം ചെയ്യിച്ച യെരോബെയാമിന്‍റെ പാപങ്ങളില്‍നിന്ന് പിന്മാറാതെ അയാളുടെ വഴികളില്‍ തന്നെ നടന്നു. അശേരാദേവിയുടെ പ്രതിഷ്ഠ ശമര്യയില്‍നിന്ന് അവര്‍ നീക്കിയില്ല.

7 യെഹോവാഹാസിന്‍റെ സൈന്യത്തില്‍ അമ്പതിലധികം അശ്വഭടന്മാരോ, പത്തിലധികം രഥങ്ങളോ, പതിനായിരത്തിലധികം കാലാള്‍പ്പടയോ ഉണ്ടായിരുന്നില്ല. ബാക്കിയുള്ളവയെല്ലാം സിറിയാരാജാവ് നശിപ്പിച്ച് മെതിക്കളത്തിലെ പൊടിപോലെ ആക്കിയിരുന്നു.

8 യെഹോവാഹാസിന്‍റെ മറ്റു പ്രവര്‍ത്തനങ്ങളും അദ്ദേഹത്തിന്‍റെ വീരപരാക്രമങ്ങളും ഇസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

9 യെഹോവാഹാസ് മരിച്ച് പിതാക്കന്മാരോടു ചേര്‍ന്നു. ശമര്യയില്‍ അദ്ദേഹത്തെ സംസ്കരിച്ചു; അദ്ദേഹത്തിന്‍റെ പുത്രന്‍ യെഹോവാശ് പകരം രാജാവായി.

10

യെഹൂദാരാജാവായ യോവാശിന്‍റെ മുപ്പത്തേഴാം ഭരണവര്‍ഷം യെഹോവാഹാസിന്‍റെ പുത്രന്‍ യെഹോവാശ് ഇസ്രായേല്‍രാജാവായി. അദ്ദേഹം ശമര്യയില്‍ പതിനാറു വര്‍ഷം ഭരിച്ചു;

11 അദ്ദേഹവും സര്‍വേശ്വരനു ഹിതകരമല്ലാത്തവിധം ജീവിച്ചു. നെബാത്തിന്‍റെ പുത്രന്‍ യെരോബെയാം ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപങ്ങളില്‍നിന്നു വിട്ടുമാറാതെ അവയില്‍ ചരിച്ചു;

12 യെഹോവാശിന്‍റെ മറ്റു പ്രവര്‍ത്തനങ്ങളും യെഹൂദാരാജാവായ അമസ്യായുമായുള്ള യുദ്ധത്തില്‍ പ്രകടിപ്പിച്ച വീരപരാക്രമങ്ങളും ഇസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

13 യെഹോവാശ് മരിച്ചു; ശമര്യയിലുള്ള പിതാക്കന്മാരുടെ കല്ലറയില്‍ അദ്ദേഹത്തെ സംസ്കരിച്ചു. പുത്രന്‍ യെരോബെയാം പകരം രാജാവായി.

14

എലീശ രോഗബാധിതനായി മരണത്തോടു സമീപിച്ചു; തത്സമയം ഇസ്രായേല്‍രാജാവായ യെഹോവാശ് അദ്ദേഹത്തിന്‍റെ അടുക്കല്‍ ചെന്നു: “എന്‍റെ പിതാവേ, എന്‍റെ പിതാവേ, ഇസ്രായേലിന്‍റെ തേരും തേരാളികളുമേ”

15 എന്നു കരഞ്ഞുകൊണ്ടു പറഞ്ഞ് അമ്പും വില്ലും എടുത്തു.

16 “വില്ലു കുലയ്‍ക്കാന്‍ തയ്യാറാകൂ” എന്ന് എലീശ പറഞ്ഞു. രാജാവ് അങ്ങനെ ചെയ്തു. എലീശ തന്‍റെ കൈകള്‍ അദ്ദേഹത്തിന്‍റെ കൈകളുടെമേല്‍ വച്ചശേഷം

17 “കിഴക്കോട്ടുള്ള ജനാല തുറക്കുക” എന്നു പറഞ്ഞു. അദ്ദേഹം അങ്ങനെ ചെയ്തു. “ഇനി അമ്പ് എയ്യുക” എലീശ പറഞ്ഞു. അദ്ദേഹം അങ്ങനെ പ്രവര്‍ത്തിച്ചു. അപ്പോള്‍ എലീശ പറഞ്ഞു: “ഇതു സര്‍വേശ്വരന്‍റെ വിജയശരം. സിറിയായ്‍ക്കെതിരെയുള്ള വിജയശരം. നീ അഫേക്കില്‍വച്ച് സിറിയാക്കാരോട് യുദ്ധം ചെയ്ത് അവരെ നശിപ്പിക്കും.”

18 പിന്നീട് എലീശ പറഞ്ഞു: “അമ്പുകളെടുത്തു നിലത്തടിക്കുക.” രാജാവ് അമ്പുകളെടുത്തു മൂന്നു തവണ നിലത്തടിച്ചു.

19 അപ്പോള്‍ പ്രവാചകന്‍ ക്ഷുഭിതനായി പറഞ്ഞു: “നീ അഞ്ചോ ആറോ തവണ നിലത്തടിക്കേണ്ടതായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കില്‍ നീ സിറിയാക്കാരെ ആക്രമിച്ച് നിശ്ശേഷം നശിപ്പിക്കുമായിരുന്നു. നീ മൂന്നു പ്രാവശ്യം മാത്രമേ സിറിയാക്കാരെ തോല്പിക്കുകയുള്ളൂ.”

20

എലീശ മരിച്ചു; അവര്‍ അദ്ദേഹത്തെ സംസ്കരിച്ചു. വര്‍ഷംതോറും വസന്തത്തില്‍ മോവാബ്യര്‍ കൂട്ടമായി വന്ന് ഇസ്രായേലിനെ ആക്രമിച്ചിരുന്നു.

21 ഒരിക്കല്‍ ഒരു മനുഷ്യന്‍റെ മൃതദേഹം സംസ്കരിച്ചുകൊണ്ടിരിക്കെ മോവാബ്യരുടെ സംഘം വരുന്നതുകണ്ട് ഇസ്രായേല്യര്‍ ആ ജഡം എലീശയുടെ കല്ലറയിലേക്ക് എറിഞ്ഞു. എലീശയുടെ അസ്ഥികളെ സ്പര്‍ശിച്ചപ്പോള്‍ ജഡം ജീവന്‍ പ്രാപിച്ച് എഴുന്നേറ്റു നിന്നു.

22

യെഹോവാഹാസിന്‍റെ കാലം മുഴുവന്‍ സിറിയാരാജാവായ ഹസായേല്‍ ഇസ്രായേലിനെ പീഡിപ്പിച്ചുകൊണ്ടിരുന്നു.

23 എങ്കിലും അബ്രഹാമിനോടും ഇസ്ഹാക്കിനോടും യാക്കോബിനോടും ചെയ്തിരുന്ന ഉടമ്പടി അനുസരിച്ച് സര്‍വേശ്വരന്‍ ഇസ്രായേലിനോടു കരുണയും ദയയും കാണിച്ചു. അവരെ നശിപ്പിക്കുകയോ അവിടുത്തെ മുമ്പില്‍നിന്ന് ഇന്നുവരെ നീക്കിക്കളയുകയോ ചെയ്തില്ല.

24 സിറിയാരാജാവായ ഹസായേലിന്‍റെ മരണശേഷം പുത്രന്‍ ബെന്‍-ഹദദ് രാജാവായി.

25 തന്‍റെ പിതാവായ യെഹോവാഹാസില്‍നിന്ന് ഹസായേല്‍ പിടിച്ചെടുത്തിരുന്ന പട്ടണങ്ങളെ ഹസായേലിന്‍റെ പുത്രനായ ബെന്‍-ഹദദിനെ മൂന്നു പ്രാവശ്യം തോല്പിച്ച് യെഹോവാശ് വീണ്ടെടുത്തു.

14

1

ഇസ്രായേല്‍രാജാവായ യെഹോവാഹാസിന്‍റെ പുത്രന്‍ യെഹോവാശിന്‍റെ രണ്ടാം ഭരണവര്‍ഷം യെഹൂദാരാജാവായ യോവാശിന്‍റെ പുത്രന്‍ അമസ്യാ യെഹൂദ്യയില്‍ രാജ്യഭാരമേറ്റു;

2 ഭരണമാരംഭിച്ചപ്പോള്‍ അദ്ദേഹത്തിന് ഇരുപത്തഞ്ചു വയസ്സായിരുന്നു. അദ്ദേഹം യെരൂശലേമില്‍ ഇരുപത്തൊമ്പതു വര്‍ഷം ഭരിച്ചു. യെരൂശലേംകാരിയായ യെഹോവദ്ദിന്‍ ആയിരുന്നു അദ്ദേഹത്തിന്‍റെ മാതാവ്.

3 പൂര്‍വപിതാവായ ദാവീദിനെപ്പോലെ ആയിരുന്നില്ലെങ്കിലും സര്‍വേശ്വരനു ഹിതകരമായവിധം അദ്ദേഹം ജീവിച്ചു; തന്‍റെ പിതാവായ യോവാശിനെപ്പോലെയാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്.

4 പൂജാഗിരികള്‍ അദ്ദേഹം നശിപ്പിച്ചില്ല. ജനം അവിടെ യാഗങ്ങളും ധൂപവും അര്‍പ്പിച്ചുവന്നു.

5 രാജത്വം ഉറച്ചുകഴിഞ്ഞപ്പോള്‍ തന്‍റെ പിതാവിനെ വധിച്ച സേവകന്മാരെ അമസ്യാ കൊന്നുകളഞ്ഞു.

6 മോശയുടെ ധര്‍മശാസ്ത്രത്തില്‍ എഴുതിയിരുന്നതനുസരിച്ച് അവരുടെ പുത്രന്മാരെ വധിച്ചില്ല. പിതാക്കന്മാര്‍ പുത്രന്മാരുടെ പാപം നിമിത്തമോ പുത്രന്മാര്‍ പിതാക്കന്മാരുടെ പാപം നിമിത്തമോ വധിക്കപ്പെടരുത്. ഓരോരുത്തന്‍ താന്താങ്ങളുടെ പാപം നിമിത്തമേ വധിക്കപ്പെടാവൂ എന്ന് സര്‍വേശ്വരന്‍റെ കല്പന അതില്‍ രേഖപ്പെടുത്തിയിരുന്നു.

7 അമസ്യാ ഉപ്പുതാഴ്വരയില്‍വച്ച് പതിനായിരം എദോമ്യരെ കൊല്ലുകയും മിന്നലാക്രമണത്തിലൂടെ സേല പിടിച്ചടക്കി അതിന് ‘യൊക്തയേല്‍’ എന്ന പേരു കൊടുക്കുകയും ചെയ്തു; അത് ഇന്നും ആ പേരില്‍ അറിയപ്പെടുന്നു.

8 പിന്നീട് അമസ്യാ യേഹൂവിന്‍റെ പൗത്രനും യെഹോവാഹാസിന്‍റെ പുത്രനും ഇസ്രായേല്‍രാജാവുമായ യെഹോവാശിന്‍റെ അടുക്കല്‍ ദൂതന്മാരെ അയച്ച്, “നമുക്കൊന്ന് ഏറ്റുമുട്ടി നോക്കാം” എന്നു പറയിച്ചു.

9 അപ്പോള്‍ ഇസ്രായേല്‍രാജാവായ യെഹോവാശ് യെഹൂദാരാജാവായ അമസ്യാക്ക് ഇപ്രകാരം മറുപടി അയച്ചു: “ലെബാനോനിലെ ഒരു മുള്‍ച്ചെടി അവിടെയുള്ള ദേവദാരുവിനോട് പറഞ്ഞു: ‘നിന്‍റെ പുത്രിയെ എന്‍റെ പുത്രനു ഭാര്യയായി നല്‌കുക.’ ലെബാനോനിലെ ഒരു വന്യമൃഗം ആ വഴി വന്ന് ആ മുള്‍ച്ചെടി ചവിട്ടിക്കളഞ്ഞു.

10 എദോമിനെ നീ തകര്‍ത്തു എന്നു വിചാരിച്ച് നീ അഹങ്കരിച്ചിരിക്കുന്നു. നിനക്കു ലഭിച്ച പ്രശംസകൊണ്ട് വീട്ടില്‍ അടങ്ങിക്കഴിഞ്ഞുകൊള്ളുക. നിനക്കും യെഹൂദായ്‍ക്കും നീ എന്തിനാണ് അനര്‍ഥം വിളിച്ചുവരുത്തുന്നത്.”

11 എന്നാല്‍ അമസ്യാ അതു കാര്യമാക്കിയില്ല. അതുകൊണ്ട് ഇസ്രായേല്‍രാജാവായ യെഹോവാശ് യുദ്ധത്തിനു പുറപ്പെട്ടു. യെഹൂദ്യയിലെ ബേത്ത്-ശേമെശില്‍ വച്ച് അവര്‍ ഏറ്റുമുട്ടി.

12 യെഹൂദാ ഇസ്രായേലിനോടു തോറ്റു. അവര്‍ തങ്ങളുടെ കൂടാരങ്ങളിലേക്ക് ഓടിപ്പോയി.

13 അഹസ്യായുടെ പൗത്രനും യോവാശിന്‍റെ പുത്രനുമായ യെഹൂദ്യയിലെ അമസ്യാരാജാവിനെ ഇസ്രായേല്‍രാജാവ് യെഹോവാശ് ബേത്ത്-ശേമെശില്‍വച്ച് ബന്ദിയാക്കി യെരൂശലേമിലേക്കു കൊണ്ടുവന്നു. ഇസ്രായേല്‍രാജാവ് എഫ്രയീം പടിവാതില്‍മുതല്‍ കോണ്‍പടിവാതില്‍വരെ നാനൂറു മുഴം നീളത്തില്‍ യെരൂശലേമിന്‍റെ മതില്‍ ഇടിച്ചുനിരത്തി.

14 അയാള്‍ സര്‍വേശ്വരന്‍റെ ആലയത്തിലെയും രാജധാനിയിലെയും ഭണ്ഡാരങ്ങളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും വെള്ളിയും പാത്രങ്ങളും കൊള്ളയടിച്ച് അവയോടൊപ്പം തടവുകാരായി പിടിച്ചവരെ ശമര്യയിലേക്കു കൊണ്ടുപോകുകയും ചെയ്തു.

15 യെഹോവാശിന്‍റെ മറ്റു പ്രവര്‍ത്തനങ്ങളും അദ്ദേഹത്തിന്‍റെ വീരപരാക്രമങ്ങളും യെഹൂദാരാജാവായ അമസ്യായുമായുള്ള യുദ്ധവും ഇസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

16 യെഹോവാശ് മരിച്ചു പിതാക്കന്മാരോട് ചേര്‍ന്നു. അദ്ദേഹത്തെ ശമര്യയില്‍ ഇസ്രായേല്‍രാജാക്കന്മാരുടെ കല്ലറയില്‍ സംസ്കരിച്ചു. പുത്രന്‍ യെരോബെയാം രാജ്യഭാരമേറ്റു.

17

ഇസ്രായേല്‍രാജാവായ യെഹോവാഹാസിന്‍റെ പുത്രന്‍ യെഹോവാശിന്‍റെ മരണശേഷം യെഹൂദാരാജാവും യോവാശിന്‍റെ പുത്രനുമായ അമസ്യാ പതിനഞ്ചു വര്‍ഷം കൂടി ജീവിച്ചു.

18 അമസ്യായുടെ മറ്റു പ്രവര്‍ത്തനങ്ങള്‍ യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

19 തനിക്കെതിരെ യെരൂശലേമില്‍ ഗൂഢാലോചന നടക്കുന്ന വിവരമറിഞ്ഞ് അയാള്‍ ലാഖീശിലേക്ക് ഓടിപ്പോയി. എന്നാല്‍ ശത്രുക്കള്‍ ലാഖീശിലേക്ക് ആളയച്ച് അദ്ദേഹത്തെ അവിടെവച്ച് വധിച്ചു.

20 മൃതദേഹം കുതിരപ്പുറത്തു കൊണ്ടുവന്ന് ദാവീദിന്‍റെ നഗരമായ യെരൂശലേമില്‍ അദ്ദേഹത്തിന്‍റെ പിതാക്കന്മാരുടെ കല്ലറയില്‍ സംസ്കരിച്ചു.

21 പിന്നീട് യെഹൂദാജനങ്ങള്‍ പതിനാറു വയസ്സുള്ള ഉസ്സിയാരാജകുമാരനെ പിതാവായ അമസ്യാക്കു പകരം രാജാവാക്കി.

22 പിതാവിന്‍റെ മരണശേഷം ഉസ്സിയാ ഏലത്ത് വീണ്ടെടുത്ത് പുതുക്കിപ്പണിത് യെഹൂദായോടു ചേര്‍ത്തു.

23

യെഹൂദാരാജാവായ യോവാശിന്‍റെ പുത്രന്‍ അമസ്യായുടെ പതിനഞ്ചാം ഭരണവര്‍ഷം ഇസ്രായേല്‍രാജാവായ യെഹോവാശിന്‍റെ പുത്രന്‍ യെരോബെയാം രാജാവായി. അദ്ദേഹം ശമര്യയില്‍ നാല്പത്തൊന്നു വര്‍ഷം ഭരിച്ചു.

24 അദ്ദേഹം സര്‍വേശ്വരന് അഹിതകരമായവിധം ജീവിച്ചു. നെബാത്തിന്‍റെ പുത്രന്‍ യെരോബെയാമിന്‍റെ പാതകള്‍ പിന്തുടര്‍ന്ന് ഇസ്രായേലിനെക്കൊണ്ടു തിന്മ ചെയ്യിച്ചു.

25 ഗത്ത്-ഹേഫര്‍കാരനായ അമിത്ഥായിയുടെ പുത്രനും സര്‍വേശ്വരന്‍റെ ദാസനുമായ യോനാപ്രവാചകനിലൂടെ ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ അരുളിച്ചെയ്തതുപോലെ വടക്കു ഹാമാത്തു മുതല്‍ തെക്ക് അരാബാ കടല്‍വരെ ഇസ്രായേലിന്‍റെ വകയായിരുന്ന പ്രദേശം മുഴുവന്‍ യെരോബെയാം വീണ്ടെടുത്തു.

26 ഇസ്രായേലിന്‍റെ അതികഠിനമായ ദുരിതം സര്‍വേശ്വരന്‍ കണ്ടു. സ്വതന്ത്രനോ അടിമയോ ആയി ഒരാള്‍പോലും ഇസ്രായേലിനെ സഹായിക്കാന്‍ ഉണ്ടായിരുന്നില്ല.

27 എങ്കിലും ഇസ്രായേലിനെ ഭൂമുഖത്തുനിന്നും തുടച്ചുമാറ്റണമെന്നു സര്‍വേശ്വരന്‍ ഉദ്ദേശിച്ചിരുന്നില്ല. അതിനാല്‍ അവിടുന്നു യെഹോവാശിന്‍റെ പുത്രനായ യെരോബെയാമിലൂടെ ഇസ്രായേലിനെ രക്ഷിച്ചു.

28 യെരോബെയാമിന്‍റെ മറ്റു പ്രവൃത്തികളും വീരപരാക്രമങ്ങളും യുദ്ധങ്ങളും യെഹൂദ്യയുടെ കൈവശത്തിലായിരുന്ന ദമാസ്ക്കസും ഹാമാത്തും വീണ്ടെടുത്ത് ഇസ്രായേലിനോടു ചേര്‍ത്തതുമെല്ലാം ഇസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

29 യെരോബെയാം മരിച്ച് ഇസ്രായേല്‍രാജാക്കന്മാരായ തന്‍റെ പിതാക്കന്മാരോടു ചേര്‍ന്നു. പുത്രന്‍ സെഖര്യാ പകരം രാജാവായി.

15

1

ഇസ്രായേല്‍രാജാവായ യെരോബെയാമിന്‍റെ ഇരുപത്തേഴാം ഭരണവര്‍ഷം യെഹൂദാരാജാവായ അമസ്യായുടെ പുത്രന്‍ ഉസ്സിയാ രാജാവായി.

2 അപ്പോള്‍ അദ്ദേഹത്തിനു പതിനാറു വയസ്സായിരുന്നു. അമ്പത്തിരണ്ടു വര്‍ഷം അദ്ദേഹം യെരൂശലേമില്‍ ഭരിച്ചു. യെരൂശലേംകാരി യെഖൊല്യാ ആയിരുന്നു അദ്ദേഹത്തിന്‍റെ മാതാവ്.

3 തന്‍റെ പിതാവായ അമസ്യായെപ്പോലെ അദ്ദേഹം സര്‍വേശ്വരനു ഹിതകരമായി ജീവിച്ചു.

4 എങ്കിലും പൂജാഗിരികള്‍ ദേശത്തുനിന്നു നീക്കിക്കളഞ്ഞില്ല; ജനം അവിടെ യാഗങ്ങളും ധൂപവും അര്‍പ്പിച്ചുവന്നു.

5 സര്‍വേശ്വരന്‍ ഉസ്സിയായെ ശിക്ഷിച്ചു. തന്നിമിത്തം അദ്ദേഹം കുഷ്ഠരോഗിയായി; മരണംവരെ അദ്ദേഹം മറ്റുള്ളവരില്‍നിന്നു അകന്നു പ്രത്യേക കൊട്ടാരത്തില്‍ പാര്‍ക്കേണ്ടി വന്നു. പുത്രന്‍ യോഥാം രാജധാനിയില്‍ പാര്‍ത്തുകൊണ്ട് ജനത്തിനു ന്യായപാലനം ചെയ്തു.

6 ഉസ്സിയായുടെ മറ്റു പ്രവര്‍ത്തനങ്ങള്‍ യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

7 ഉസ്സിയാ മരിച്ചു; പിതാക്കന്മാരോടു ചേര്‍ന്നു. ദാവീദിന്‍റെ നഗരത്തില്‍ അദ്ദേഹത്തെ സംസ്കരിച്ചു; പുത്രന്‍ യോഥാം പകരം രാജാവായി.

8

യെഹൂദാരാജാവായ ഉസ്സിയായുടെ മുപ്പത്തെട്ടാം ഭരണവര്‍ഷം യെരോബെയാമിന്‍റെ പുത്രന്‍ സെഖര്യാ ഇസ്രായേലിന്‍റെ രാജാവായി. അദ്ദേഹം ശമര്യയില്‍ ആറു മാസം ഭരിച്ചു.

9 പിതാക്കന്മാരെപ്പോലെ സര്‍വേശ്വരന്‍റെ മുമ്പില്‍ അദ്ദേഹവും തിന്മ പ്രവര്‍ത്തിച്ചു. നെബാത്തിന്‍റെ പുത്രന്‍ യെരോബെയാം ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപങ്ങളില്‍നിന്ന് അദ്ദേഹം വിട്ടുമാറിയില്ല.

10 യാബേശിന്‍റെ പുത്രന്‍ ശല്ലൂം സെഖര്യാക്കെതിരെ ഗൂഢാലോചന നടത്തുകയും ഇബ്ലെയാമില്‍വച്ച് അദ്ദേഹത്തെ വധിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം ഇസ്രായേലിന്‍റെ രാജാവായി.

11 സെഖര്യായുടെ മറ്റു പ്രവര്‍ത്തനങ്ങള്‍ ഇസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

12 “നിന്‍റെ പുത്രന്മാര്‍ ഇസ്രായേലിന്‍റെ സിംഹാസനത്തില്‍ നാലാം തലമുറവരെ വാഴും” എന്നു സര്‍വേശ്വരന്‍ യേഹൂവിനു നല്‌കിയിരുന്ന വാഗ്ദാനം അങ്ങനെ നിറവേറി.

13

യെഹൂദാരാജാവായ ഉസ്സിയായുടെ മുപ്പത്തൊമ്പതാം ഭരണവര്‍ഷം യാബേശിന്‍റെ പുത്രനായ ശല്ലൂം ഇസ്രായേലിന്‍റെ രാജാവായി. അദ്ദേഹം ശമര്യയില്‍ ഒരു മാസം ഭരിച്ചു.

14 ഗാദിയുടെ പുത്രന്‍ മെനഹേം തിര്‍സായില്‍നിന്നു ശമര്യയില്‍ വന്ന് യാബേശിന്‍റെ പുത്രന്‍ ശല്ലൂമിനെ വധിച്ച് രാജാവായി.

15 ശല്ലൂമിന്‍റെ മറ്റു പ്രവര്‍ത്തനങ്ങളും അദ്ദേഹത്തിന്‍റെ ഗൂഢാലോചനകളുമെല്ലാം ഇസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

16 തിപ്സാനിവാസികള്‍ കീഴടങ്ങാതെ മെനഹേമിനുവേണ്ടി നഗരവാതില്‍ തുറക്കാഞ്ഞതുകൊണ്ട് ആ നഗരത്തെയും തിര്‍സാ മുതല്‍ അതിനു ചുറ്റുമുള്ള അതിര്‍ത്തി പ്രദേശങ്ങളെയും മെനഹേം നശിപ്പിച്ചു; ഗര്‍ഭിണികളുടെ ഉദരങ്ങള്‍ പിളര്‍ക്കുകപോലും ചെയ്തു.

17

യെഹൂദാരാജാവായ ഉസ്സിയായുടെ മുപ്പത്തൊമ്പതാം ഭരണവര്‍ഷം ഗാദിയുടെ പുത്രന്‍ മെനഹേം ഇസ്രായേല്‍രാജാവായി. അദ്ദേഹം ശമര്യയില്‍ പത്തു വര്‍ഷം ഭരണം നടത്തി;

18 സര്‍വേശ്വരനു ഹിതകരമല്ലാത്തവിധം അദ്ദേഹം ജീവിച്ചു. നെബാത്തിന്‍റെ പുത്രന്‍ യെരൊബെയാം ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപങ്ങളില്‍നിന്ന് അദ്ദേഹം ഒരിക്കലും വിട്ടുമാറിയില്ല.

19 അസ്സീറിയാരാജാവായ ‘പൂല്‍’ ഇസ്രായേലിനെ ആക്രമിച്ചു. തന്‍റെ രാജസ്ഥാനം ഉറപ്പാക്കാനും പൂല്‍ തന്നെ സഹായിക്കാനും വേണ്ടി മെനഹേം അദ്ദേഹത്തിന് ആയിരം താലന്ത് വെള്ളി സമ്മാനിച്ചു.

20 ഇസ്രായേലിലെ എല്ലാ ധനികരില്‍നിന്നും അമ്പതു ശേക്കെല്‍ വെള്ളിവീതം ശേഖരിച്ചാണ് മെനഹേം ഇതു സമ്പാദിച്ചത്. ദേശം ആക്രമിക്കാതെ അസ്സീറിയന്‍രാജാവ് പിന്തിരിഞ്ഞു.

21 മെനഹേമിന്‍റെ മറ്റു പ്രവര്‍ത്തനങ്ങള്‍ ഇസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

22 മെനഹേം മരിച്ചു പിതാക്കന്മാരോടു ചേര്‍ന്നു. പുത്രന്‍ പെക്കഹ്യാ പിന്നീട് രാജാവായി.

23

യെഹൂദാരാജാവായ ഉസ്സിയായുടെ അമ്പതാം ഭരണവര്‍ഷം മെനഹേമിന്‍റെ പുത്രന്‍ പെക്കഹ്യാ ഇസ്രായേല്‍രാജാവായി; അദ്ദേഹം ശമര്യയില്‍ രണ്ടു വര്‍ഷം ഭരിച്ചു.

24 സര്‍വേശ്വരനു ഹിതകരമല്ലാത്തവിധം അദ്ദേഹം ജീവിച്ചു. നെബാത്തിന്‍റെ പുത്രന്‍ യെരോബെയാം ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപങ്ങളില്‍നിന്ന് അദ്ദേഹം പിന്മാറിയില്ല.

25 പെക്കഹ്യായുടെ അകമ്പടിസേനാനായകനും രെമല്യായുടെ പുത്രനുമായ പേക്കഹ് അമ്പത് ഗിലെയാദ്യരോടൊത്ത് അദ്ദേഹത്തിനെതിരെ ഗൂഢാലോചന നടത്തി. അവര്‍ ശമര്യാരാജധാനിയുടെ കോട്ടയില്‍വച്ച് പെക്കഹ്യായെ വധിച്ചു. പിന്നീട് പേക്കഹ് രാജാവായി.

26 പെക്കഹ്യായുടെ മറ്റു പ്രവര്‍ത്തനങ്ങള്‍ ഇസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

27

യെഹൂദാരാജാവായ ഉസ്സിയായുടെ അമ്പത്തിരണ്ടാം ഭരണവര്‍ഷം രെമല്യായുടെ പുത്രന്‍ പേക്കഹ് ഇസ്രായേല്‍രാജാവായി; അദ്ദേഹം ശമര്യയില്‍ ഇരുപതു വര്‍ഷം ഭരണം നടത്തി.

28 അദ്ദേഹം സര്‍വേശ്വരനു ഹിതകരമല്ലാത്തവിധം ജീവിച്ചു. നെബാത്തിന്‍റെ പുത്രനായ യെരോബെയാം ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപങ്ങള്‍ അയാളും പിന്‍തുടര്‍ന്നു.

29 ഇസ്രായേല്‍രാജാവായ പേക്കഹിന്‍റെ കാലത്ത് അസ്സീറിയാരാജാവായ തിഗ്ലത്ത്-പിലേസര്‍ വന്ന് ഈയോന്‍, ആബേല്‍-ബേത്ത്-മയഖാ, യാനോവഹ്, കേദെശ്, ഹാസോര്‍, ഗിലെയാദ്, ഗലീല, നഫ്താലി എന്നീ പ്രദേശങ്ങള്‍ പിടിച്ചടക്കി; അവിടെയുള്ള ജനങ്ങളെ ബന്ദികളാക്കി അസ്സീരിയായിലേക്കു കൊണ്ടുപോയി.

30 ഏലായുടെ പുത്രനായ ഹോശേയാ രെമല്യായുടെ പുത്രനായ പേക്കഹിനെതിരെ ഗൂഢാലോചന നടത്തി. യെഹൂദാരാജാവായ ഉസ്സിയായുടെ പുത്രന്‍ യോഥാമിന്‍റെ ഇരുപതാം ഭരണവര്‍ഷം ഹോശേയാ പേക്കഹിനെ വധിച്ച് രാജാവായി.

31 പേക്കഹിന്‍റെ മറ്റു പ്രവര്‍ത്തനങ്ങളെല്ലാം ഇസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

32

ഇസ്രായേല്‍രാജാവായ രെമല്യായുടെ പുത്രന്‍ പേക്കഹിന്‍റെ രണ്ടാം ഭരണവര്‍ഷം ഉസ്സിയായുടെ പുത്രന്‍ യോഥാം യെഹൂദ്യയില്‍ രാജാവായി.

33 അപ്പോള്‍ അദ്ദേഹത്തിന് ഇരുപത്തഞ്ചു വയസ്സായിരുന്നു. അദ്ദേഹം പതിനാറു വര്‍ഷം യെരൂശലേമില്‍ ഭരിച്ചു; സാദോക്കിന്‍റെ പുത്രി യെരൂശാ ആയിരുന്നു അദ്ദേഹത്തിന്‍റെ മാതാവ്.

34 തന്‍റെ പിതാവായ ഉസ്സിയായെപ്പോലെ അദ്ദേഹം സര്‍വേശ്വരനു ഹിതകരമായവിധം ജീവിച്ചു.

35 എങ്കിലും പൂജാഗിരികള്‍ ദേശത്തുനിന്നു നീക്കിയില്ല. ജനം അവിടെ യാഗങ്ങളും ധൂപവും അര്‍പ്പിച്ചു. സര്‍വേശ്വരന്‍റെ ആലയത്തിന്‍റെ വടക്കേ പടിവാതില്‍ നിര്‍മ്മിച്ചതു യോഥാമായിരുന്നു.

36 യോഥാമിന്‍റെ മറ്റു പ്രവര്‍ത്തനങ്ങള്‍ യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്;

37 അക്കാലത്ത് സര്‍വേശ്വരന്‍ സിറിയാരാജാവായ രെസീനെയും രെമല്യായുടെ പുത്രനും ഇസ്രായേല്‍രാജാവുമായ പേക്കഹിനെയും യെഹൂദായ്‍ക്കെതിരെ അയച്ചു.

38 യോഥാം മരിച്ചു പിതാക്കന്മാരോടു ചേര്‍ന്നു; തന്‍റെ പിതാവായ ദാവീദിന്‍റെ നഗരത്തില്‍ അദ്ദേഹത്തെ അടക്കം ചെയ്തു. തുടര്‍ന്ന് പുത്രന്‍ ആഹാസ് രാജാവായി.

16

1

രെമല്യായുടെ പുത്രനും ഇസ്രായേല്‍രാജാവുമായ പേക്കഹിന്‍റെ പതിനേഴാം ഭരണവര്‍ഷം യോഥാമിന്‍റെ പുത്രന്‍ ആഹാസ് യെഹൂദ്യയില്‍ രാജാവായി.

2 ഭരണമാരംഭിച്ചപ്പോള്‍ ആഹാസിന് ഇരുപതു വയസ്സായിരുന്നു. അദ്ദേഹം യെരൂശലേമില്‍ പതിനാറു വര്‍ഷം ഭരണം നടത്തി. എന്നാല്‍ തന്‍റെ പൂര്‍വപിതാവായ ദാവീദിനെപ്പോലെ സര്‍വേശ്വരനു ഹിതകരമായി അദ്ദേഹം പ്രവര്‍ത്തിച്ചില്ല.

3 അദ്ദേഹം ഇസ്രായേല്‍രാജാക്കന്മാരുടെ വഴിയില്‍ നടന്നു. ഇസ്രായേല്‍ജനങ്ങളുടെ ഇടയില്‍നിന്നു സര്‍വേശ്വരന്‍ നീക്കിക്കളഞ്ഞ ജനതകളുടെ മ്ലേച്ഛാചാരപ്രകാരം തന്‍റെ സ്വന്തം പുത്രനെപ്പോലും അഗ്നിയില്‍ ഹോമിച്ചു.

4 പൂജാഗിരികളിലും കുന്നുകളിലും പച്ചമരങ്ങളുടെ ചുവട്ടിലും അദ്ദേഹം ബലികളും ധൂപവും അര്‍പ്പിച്ചു.

5 രെമല്യായുടെ പുത്രനും ഇസ്രായേല്‍രാജാവുമായ പേക്കഹും സിറിയാരാജാവായ രെസീനും ചേര്‍ന്നു യെരൂശലേമിനെ വളഞ്ഞ് ആക്രമിച്ചു; എങ്കിലും യെഹൂദാരാജാവായ ആഹാസിനെ പരാജയപ്പെടുത്താന്‍ അവര്‍ക്കു കഴിഞ്ഞില്ല.

6 അക്കാലത്ത് എദോംരാജാവ് ഏലാത്ത് വീണ്ടെടുത്ത് എദോമിനോടു ചേര്‍ത്തു. ഏലാത്തില്‍ ഉണ്ടായിരുന്ന യെഹൂദ്യരെ അവിടെനിന്ന് ഓടിച്ചുകളഞ്ഞു; എദോമ്യര്‍ ഏലാത്തില്‍ ഇപ്പോഴും പാര്‍ക്കുന്നു.

7 അസ്സീറിയാരാജാവായ തിഗ്ലത്ത്-പിലേസറിനെ ദൂതന്മാര്‍ മുഖേന ആഹാസ് ഇങ്ങനെ അറിയിച്ചു: “ഞാന്‍ അങ്ങയുടെ വിനീതദാസന്‍. അങ്ങു വന്ന് എന്നെ ആക്രമിക്കുന്ന സിറിയാരാജാവിന്‍റെയും ഇസ്രായേല്‍രാജാവിന്‍റെയും കൈകളില്‍നിന്ന് എന്നെ രക്ഷിച്ചാലും.”

8 സര്‍വേശ്വരന്‍റെ ആലയത്തിലും രാജധാനിയിലെ ഭണ്ഡാരത്തിലും സംഭരിച്ചുവച്ചിരുന്ന വെള്ളിയും സ്വര്‍ണവും ആഹാസ് അസ്സീറിയാരാജാവിനു സമ്മാനമായി കൊടുത്തയച്ചു.

9 അസ്സീറിയാരാജാവ് ആഹാസിന്‍റെ അപേക്ഷ കേട്ടു; അദ്ദേഹം ദമാസ്കസിലേക്കു പോയി, പട്ടണം പിടിച്ചടക്കി. അവിടെയുണ്ടായിരുന്നവരെ ബന്ദികളാക്കി കീറിലേക്കു കൊണ്ടുപോയി. രെസീന്‍രാജാവിനെ വധിക്കുകയും ചെയ്തു.

10 അസ്സീറിയാരാജാവായ തിഗ്ലത്ത്-പിലേസറിനെ സന്ദര്‍ശിക്കാന്‍ ആഹാസ് ദമാസ്കസില്‍ ചെന്നപ്പോള്‍ അവിടത്തെ ബലിപീഠം കണ്ടു. ബലിപീഠത്തിന്‍റെ മാതൃകയും ഘടനയും അതിന്‍റെ എല്ലാ വിശദാംശങ്ങളോടും കൂടി അദ്ദേഹം ഊരിയാപുരോഹിതനു കൊടുത്തയച്ചു.

11 ആഹാസ്‍രാജാവ് തിരിച്ചെത്തുന്നതിനു മുമ്പ്, അദ്ദേഹം കൊടുത്തയച്ച മാതൃകയനുസരിച്ച് ഊരിയാപുരോഹിതന്‍ യാഗപീഠം പണിതു.

12 രാജാവ് ദമാസ്കസില്‍നിന്ന് വന്നപ്പോള്‍ ആ യാഗപീഠം കാണുകയും

13 അതില്‍ ഹോമയാഗവും ധാന്യയാഗവും പാനീയയാഗവും അര്‍പ്പിക്കുകയും സമാധാനയാഗത്തിന്‍റെ രക്തം യാഗപീഠത്തിന്മേല്‍ തളിക്കുകയും ചെയ്തു.

14 അദ്ദേഹം സര്‍വേശ്വരന്‍റെ സന്നിധിയില്‍ ഉണ്ടായിരുന്ന ഓടുകൊണ്ടുള്ള യാഗപീഠം ദേവാലയത്തിന്‍റെയും യാഗപീഠത്തിന്‍റെയും മധ്യേനിന്നു മാറ്റി യാഗപീഠത്തിന്‍റെ വടക്കുവശത്തു സ്ഥാപിച്ചു.

15 ആഹാസ്‍രാജാവ് ഊരിയാപുരോഹിതനോട് കല്പിച്ചു: “വലിയ യാഗപീഠത്തിന്മേല്‍ പ്രഭാതഹോമയാഗവും സായാഹ്നധാന്യയാഗവും രാജാവിന്‍റെയും ജനങ്ങളുടെയും ഹോമയാഗവും പാനീയയാഗവും അര്‍പ്പിക്കണം. ഹോമയാഗത്തിന്‍റെയും മറ്റു യാഗങ്ങളുടെയും രക്തം അതിന്മേല്‍ തളിക്കണം. ഓടുകൊണ്ടുള്ള യാഗപീഠം എനിക്കു ദൈവഹിതം ആരായുന്നതിനുവേണ്ടി മാറ്റി വയ്‍ക്കണം.”

16 ആഹാസ് കല്പിച്ചതുപോലെ ഊരിയാപുരോഹിതന്‍ പ്രവര്‍ത്തിച്ചു.

17 ആഹാസ്‍രാജാവ് പീഠങ്ങളുടെ ചട്ടപ്പലകകള്‍ വേര്‍പെടുത്തി, തൊട്ടി നീക്കംചെയ്തു. ജലസംഭരണികള്‍ അവയെ താങ്ങിനിര്‍ത്തുന്ന ഓട്ടുകാളകളുടെമേല്‍നിന്നു മാറ്റി അതിനുവേണ്ടി നിര്‍മ്മിച്ച കല്‍ത്തളത്തിന്മേല്‍ വച്ചു.

18 ശബത്തു ദിവസം കൊട്ടാരത്തില്‍നിന്നു ദേവാലയത്തിലേക്കു പോകുന്നതിനുള്ള മേല്‍പ്പുരയോടുകൂടിയ പാതയും രാജാവിനു പ്രവേശിക്കാനുള്ള കവാടവും അസ്സീറിയാരാജാവിനെ പ്രീതിപ്പെടുത്തുന്നതിനുവേണ്ടി ആഹാസ് നീക്കം ചെയ്തു.

19 ആഹാസിന്‍റെ മറ്റു പ്രവര്‍ത്തനങ്ങള്‍ യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

20 ആഹാസ് മരിച്ചു പിതാക്കന്മാരോട് ചേര്‍ന്നു; ദാവീദിന്‍റെ നഗരത്തില്‍ സംസ്കരിക്കപ്പെട്ടു. പിന്നീട് പുത്രനായ ഹിസ്കീയാ രാജാവായി.

17

1

യെഹൂദാരാജാവായ ആഹാസിന്‍റെ പന്ത്രണ്ടാം ഭരണവര്‍ഷം ഏലായുടെ പുത്രനായ ഹോശേയ ഇസ്രായേല്‍രാജാവായി. ശമര്യയില്‍ അദ്ദേഹം ഒമ്പതു വര്‍ഷം ഭരിച്ചു.

2 സര്‍വേശ്വരന് അഹിതമായ പ്രവൃത്തികള്‍ അദ്ദേഹം ചെയ്തു. എങ്കിലും അദ്ദേഹം തന്‍റെ മുന്‍ഗാമികളായ ഇസ്രായേല്‍രാജാക്കന്മാരെപ്പോലെ ആയിരുന്നില്ല.

3 അസ്സീറിയാരാജാവായ ശല്‍മനേസെര്‍ അദ്ദേഹത്തിനെതിരെ വന്നു; ഹോശേയ കപ്പം കൊടുത്ത് അയാളുടെ സാമന്തനായിത്തീര്‍ന്നു.

4 പിന്നീട് ഹോശേയ ഈജിപ്തുരാജാവായ സോയുടെ അടുക്കല്‍ സഹായത്തിനായി ദൂതന്മാരെ അയയ്‍ക്കുകയും അസ്സീറിയാരാജാവിനു വര്‍ഷംതോറും കൊടുത്തുവന്ന കപ്പം നിര്‍ത്തലാക്കുകയും ചെയ്തു. അദ്ദേഹത്തിന്‍റെ ഈ ദുഷ്ടത ഗ്രഹിച്ച അസ്സീറിയാരാജാവ് അയാളെ ബന്ധിച്ചു കാരാഗൃഹത്തിലാക്കി.

5

പിന്നീട് അസ്സീറിയാരാജാവ് ഇസ്രായേല്‍ ആക്രമിച്ചു ശമര്യയില്‍ എത്തി അതിനെ വളഞ്ഞു. ആ ഉപരോധം മൂന്നു വര്‍ഷം നീണ്ടുനിന്നു.

6 ഹോശേയരാജാവിന്‍റെ വാഴ്ചയുടെ ഒമ്പതാം വര്‍ഷം അസ്സീറിയാരാജാവ് ശമര്യ കീഴടക്കി. ഇസ്രായേല്‍ജനത്തെ ബന്ദികളാക്കി അസ്സീരിയായിലേക്കു കൊണ്ടുപോയി. അവരെ ഹലഹിലും ഗോസാനിലെ ഹാബോര്‍നദീതീരത്തും മേദ്യപട്ടണങ്ങളിലും പാര്‍പ്പിച്ചു.

7 ശമര്യയുടെ പതനത്തിനുള്ള കാരണം ഇതായിരുന്നു. ഈജിപ്തിലെ ഫറവോരാജാവിന്‍റെ അടിമത്തത്തില്‍നിന്നു തങ്ങളെ മോചിപ്പിച്ച തങ്ങളുടെ ദൈവമായ സര്‍വേശ്വരനെതിരെ ഇസ്രായേല്‍ജനം പാപംചെയ്തു. അന്യദേവന്മാരെ അവര്‍ ആരാധിച്ചു.

8 സര്‍വേശ്വരന്‍ ഇസ്രായേല്‍ജനങ്ങളുടെ മുമ്പില്‍നിന്നു നീക്കിക്കളഞ്ഞ ജനതകളുടെ ആചാരങ്ങളും ഇസ്രായേല്‍രാജാക്കന്മാര്‍ ഏര്‍പ്പെടുത്തിയ അനുഷ്ഠാനങ്ങളും അനുസരിച്ച് അവര്‍ നടന്നു.

9 ഇസ്രായേല്‍ജനം തങ്ങളുടെ ദൈവമായ സര്‍വേശ്വരനു ഹിതകരമല്ലാത്ത കാര്യങ്ങള്‍ രഹസ്യമായി ചെയ്തു. കാവല്‍ഗോപുരംമുതല്‍ കോട്ട കെട്ടി ഉറപ്പിച്ച പട്ടണംവരെ എല്ലായിടത്തും അവര്‍ പൂജാഗിരികള്‍ നിര്‍മ്മിച്ചു.

10 അവര്‍ എല്ലാ കുന്നുകളിലും പച്ചമരച്ചുവടുകളിലും സ്തംഭങ്ങളും അശേരാപ്രതിഷ്ഠകളും സ്ഥാപിച്ചു.

11 ഇസ്രായേല്‍ജനങ്ങളുടെ മുമ്പില്‍നിന്നു സര്‍വേശ്വരന്‍ നീക്കിക്കളഞ്ഞ ജനതകള്‍ ചെയ്തിരുന്നതുപോലെ അവര്‍ പൂജാഗിരികളിലെല്ലാം ധൂപാര്‍പ്പണം നടത്തി. അവര്‍ ദുഷ്കൃത്യങ്ങള്‍ ചെയ്ത് അവിടുത്തെ പ്രകോപിപ്പിച്ചു.

12 ആരാധിക്കരുതെന്ന് അവിടുന്നു വിലക്കിയിരുന്ന വിഗ്രഹങ്ങളെ അവര്‍ ആരാധിച്ചു.

13 സര്‍വേശ്വരന്‍ തന്‍റെ ദീര്‍ഘദര്‍ശികളെയും പ്രവാചകന്മാരെയും അയച്ച് യെഹൂദായ്‍ക്കും ഇസ്രായേലിനും ഇപ്രകാരം മുന്നറിയിപ്പ് നല്‌കിയിരുന്നു. നിങ്ങളുടെ പിതാക്കന്മാരോടു ഞാന്‍ കല്പിച്ചതും എന്‍റെ ദാസന്മാരായ പ്രവാചകരിലൂടെ നിങ്ങളെ അറിയിച്ചതുമായ എന്‍റെ കല്പനകളും ചട്ടങ്ങളും പാലിക്കുകയും നിങ്ങളുടെ ദുര്‍മാര്‍ഗങ്ങളില്‍നിന്ന് വിട്ടുതിരിയുകയും ചെയ്യണം.

14 എന്നാല്‍ അവര്‍ അത് അനുസരിച്ചില്ല. അവരുടെ ദൈവമായ സര്‍വേശ്വരനെ വിശ്വസിക്കാതിരുന്ന അവരുടെ പൂര്‍വപിതാക്കന്മാരെപ്പോലെ അവര്‍ ദുശ്ശാഠ്യക്കാരായിരുന്നു.

15 അവിടുന്നു നല്‌കിയിരുന്ന അനുശാസനങ്ങള്‍ അവര്‍ നിരാകരിച്ചു. അവരുടെ പിതാക്കന്മാരോടു ചെയ്തിരുന്ന ഉടമ്പടി അവര്‍ പാലിച്ചില്ല. അവിടുത്തെ മുന്നറിയിപ്പുകളെല്ലാം അവര്‍ അവഗണിച്ചു. വ്യര്‍ഥവിഗ്രഹങ്ങളെ ആരാധിച്ചതിന്‍റെ ഫലമായി അവരും വ്യര്‍ഥന്മാരായി. അവരുടെ ചുറ്റുമുള്ള ജനതകളെ അനുകരിക്കരുതെന്നു സര്‍വേശ്വരന്‍ കല്പിച്ചിരുന്നെങ്കിലും അവര്‍ അവരെപ്പോലെ വര്‍ത്തിച്ചു.

16 അവര്‍ തങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ കല്പനകളെല്ലാം അവഗണിച്ചു. തങ്ങള്‍ക്ക് ആരാധിക്കാന്‍വേണ്ടി കാളക്കുട്ടികളുടെ രണ്ടു വിഗ്രഹങ്ങള്‍ വാര്‍ത്തുണ്ടാക്കി; അശേരാപ്രതിഷ്ഠ അവര്‍ സ്ഥാപിച്ചു; വാനഗോളങ്ങളെയും ബാല്‍ദേവനെയും അവര്‍ ആരാധിച്ചു.

17 അവര്‍ തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അഗ്നിയില്‍ ഹോമിച്ചു. അവര്‍ ശകുനം നോക്കുകയും മന്ത്രവാദം നടത്തുകയും ചെയ്തു; ഇങ്ങനെ സര്‍വേശ്വരനു ഹിതകരമല്ലാത്ത ദുഷ്പ്രവൃത്തികള്‍ ചെയ്ത് അവര്‍ അവിടുത്തെ പ്രകോപിപ്പിച്ചു.

18 അതുകൊണ്ട് അവിടുന്ന് ഇസ്രായേല്‍ജനങ്ങളോട് അത്യന്തം കുപിതനായി അവരെ തന്‍റെ മുമ്പില്‍നിന്നു നീക്കിക്കളഞ്ഞു. യെഹൂദാഗോത്രം മാത്രം അവശേഷിച്ചു.

19 യെഹൂദാഗോത്രക്കാരും അവരുടെ ദൈവമായ സര്‍വേശ്വരന്‍റെ കല്പനകള്‍ പാലിക്കാതെ ഇസ്രായേല്‍ജനത്തിന്‍റെ ആചാരങ്ങളെ അനുകരിച്ചു.

20 ഇസ്രായേലിന്‍റെ സന്താനങ്ങളെ അവിടുന്നു തള്ളിക്കളഞ്ഞു. അവരെ ശിക്ഷിച്ച് കവര്‍ച്ചക്കാരുടെ കൈയില്‍ അകപ്പെടുത്തി; അങ്ങനെ അവരെയെല്ലാം തന്‍റെ മുമ്പില്‍നിന്നു നീക്കിക്കളഞ്ഞു.

21 സര്‍വേശ്വരന്‍ ഇസ്രായേലിനെ യെഹൂദായില്‍നിന്ന് വേര്‍തിരിച്ചപ്പോള്‍, ഇസ്രായേല്‍ നെബാത്തിന്‍റെ പുത്രനായ യെരോബെയാമിനെ തങ്ങളുടെ രാജാവാക്കി. അയാള്‍ ഇസ്രായേലിനെ സര്‍വേശ്വരന്‍റെ വഴിയില്‍നിന്നു വ്യതിചലിപ്പിച്ചു; അവരെക്കൊണ്ട് മഹാപാപം ചെയ്യിച്ചു.

22 ഇസ്രായേല്‍ജനം യെരോബെയാമിന്‍റെ പാപങ്ങളില്‍ വ്യാപരിച്ചു; അവര്‍ അതില്‍നിന്നു പിന്തിരിഞ്ഞില്ല.

23 സര്‍വേശ്വരന്‍ തന്‍റെ ദാസന്മാരായ പ്രവാചകരിലൂടെ അരുളിച്ചെയ്തിരുന്നതുപോലെ ഇസ്രായേലിനെ തന്‍റെ മുമ്പില്‍നിന്നു നീക്കിക്കളയുന്നതുവരെ അവര്‍ ആ പാപപ്രവൃത്തികള്‍ പിന്തുടര്‍ന്നു. അവര്‍ ഇന്നും അസ്സീറിയായില്‍ പ്രവാസികളായി കഴിയുന്നു.

24

അസ്സീറിയാരാജാവ് ബാബിലോണ്‍, കൂഥാ, അവ്വ, ഹമാത്ത്, സെഫര്‍വയീം എന്നിവിടങ്ങളില്‍നിന്നു ആളുകളെ കൊണ്ടുവന്ന് ഇസ്രായേല്‍ജനങ്ങള്‍ക്കു പകരം ശമര്യപട്ടണങ്ങളില്‍ പാര്‍പ്പിച്ചു. അവര്‍ ശമര്യപട്ടണങ്ങള്‍ കൈവശമാക്കി അവിടെ പാര്‍ത്തു;

25 അവര്‍ സര്‍വേശ്വരനെ ആരാധിച്ചിരുന്നില്ല. അതുകൊണ്ട് അവിടുന്ന് അവരുടെ ഇടയില്‍ സിംഹങ്ങളെ അയച്ചു. അവ അവരില്‍ ഏതാനും പേരെ കൊന്നുകളഞ്ഞു.

26 ശമര്യപട്ടണങ്ങളില്‍ കൊണ്ടുവന്നു പാര്‍പ്പിച്ച ജനം ഇസ്രായേലിലെ ദൈവത്തിന്‍റെ നിയമം അറിഞ്ഞിരുന്നില്ല. അതുകൊണ്ട് അവരുടെ ഇടയിലേക്ക് ദൈവം സിംഹങ്ങളെ അയയ്‍ക്കുകയും അവ അവരെ കൊന്നുകളയുകയും ചെയ്യുന്നു എന്ന വിവരം അസ്സീറിയാ രാജാവ് കേട്ടു.

27 അദ്ദേഹം കല്പിച്ചു: “അവിടെനിന്നു പിടിച്ചുകൊണ്ടുപോന്ന പുരോഹിതന്മാരില്‍ ഒരാളെ അവിടേക്കു കൊണ്ടുചെല്ലുക. അയാള്‍ ആ ദേശത്തിലെ ദൈവത്തിന്‍റെ നിയമം അവരെ പഠിപ്പിക്കട്ടെ.”

28 അങ്ങനെ ശമര്യയില്‍നിന്നു പിടിച്ചുകൊണ്ടുപോയിരുന്ന പുരോഹിതന്മാരില്‍ ഒരാള്‍ ബേഥേലില്‍ ചെന്നു പാര്‍ത്തു. സര്‍വേശ്വരനെ എങ്ങനെ ആരാധിക്കണമെന്ന് അയാള്‍ അവരെ പഠിപ്പിച്ചു.

29 എന്നാല്‍ ഓരോ ജനതയും തങ്ങളുടെ സ്വന്തം വിഗ്രഹങ്ങള്‍ നിര്‍മ്മിച്ച് തങ്ങള്‍ പാര്‍ത്തിരുന്ന പട്ടണങ്ങളില്‍ ശമര്യക്കാര്‍ പണിതിരുന്ന പൂജാഗിരികളില്‍ പ്രതിഷ്ഠിച്ചു.

30 ബാബിലോണ്യര്‍ സുക്കോത്ത്-ബെനോത്തിനെയും കൂഥാക്കാര്‍ നേര്‍ഗാലിനെയും ഹമാത്തുകാര്‍ അശീമയെയും

31 അവ്വക്കാര്‍ നിബ്ഹസ്, തര്‍ത്തക്ക് എന്നീ ദേവന്മാരെയുമാണ് പ്രതിഷ്ഠിച്ചത്. സെഫര്‍വക്കാര്‍ തങ്ങളുടെ ദേവന്മാരായ അദ്രമേലെക്കിനും അനമേലെക്കിനും സ്വന്തം മക്കളെ അഗ്നിയില്‍ ഹോമിച്ചു.

32 ഈ ജനതകളെല്ലാം സര്‍വേശ്വരനെയും ആരാധിച്ചു. പൂജാഗിരികളില്‍ ശുശ്രൂഷ ചെയ്യുന്നതിനു തങ്ങളുടെ ഇടയില്‍നിന്ന് എല്ലാത്തരത്തില്‍പ്പെട്ടവരെയും പുരോഹിതന്മാരായി നിയമിച്ചു. അവര്‍ അവിടങ്ങളില്‍ ബലിയര്‍പ്പിക്കുകയും ചെയ്തു.

33 അങ്ങനെ അവര്‍ സര്‍വേശ്വരനെ ആരാധിച്ചു; അതോടൊപ്പം തങ്ങള്‍ വിട്ടുപോന്ന ദേശങ്ങളിലെ ദേവന്മാരെയും സേവിച്ചു.

34 അവര്‍ ഇന്നും അങ്ങനെതന്നെ തുടരുന്നു. അവര്‍ സര്‍വേശ്വരനെ ഭയപ്പെടുന്നില്ല. ഇസ്രായേല്‍ എന്ന് അവിടുന്നു പേരു വിളിച്ച യാക്കോബിന്‍റെ സന്താനങ്ങള്‍ക്ക് നല്‌കിയിരുന്ന നിയമങ്ങളും ചട്ടങ്ങളും വിധികളും കല്പനകളുമൊന്നും അവര്‍ പാലിക്കുന്നുമില്ല.

35 സര്‍വേശ്വരന്‍ അവരോട് ഒരു ഉടമ്പടി ചെയ്ത് ഇങ്ങനെ കല്പിച്ചിരുന്നു: “അന്യദേവന്മാരെ നിങ്ങള്‍ ആരാധിക്കരുത്; അവരെ നമസ്കരിക്കുകയോ, സേവിക്കുകയോ, അവയ്‍ക്കു ബലിയര്‍പ്പിക്കുകയോ അരുത്.

36 ഈജിപ്തില്‍നിന്ന് തന്‍റെ ശക്തമായ കരങ്ങള്‍ നീട്ടി നിങ്ങളെ മോചിപ്പിച്ചു കൊണ്ടുവന്ന സര്‍വേശ്വരനെ മാത്രമാണ് നിങ്ങള്‍ ആരാധിക്കേണ്ടത്. അവിടുത്തെ നമസ്കരിക്കുകയും അവിടുത്തേക്ക് യാഗമര്‍പ്പിക്കുകയും വേണം.

37 അവിടുന്നു നിങ്ങള്‍ക്ക് എഴുതിത്തന്ന ചട്ടങ്ങളും നിയമങ്ങളും വിധികളും കല്പനകളും നിങ്ങള്‍ എന്നും പാലിക്കണം. അന്യദേവന്മാരെ നിങ്ങള്‍ ആരാധിക്കരുത്.

38 ഞാന്‍ നിങ്ങളുമായി ചെയ്ത ഉടമ്പടി മറക്കരുത്. അന്യദേവന്മാരെ നിങ്ങള്‍ ആരാധിക്കരുത്.

39 നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ ആരാധിക്കുക; എന്നാല്‍ അവിടുന്നു നിങ്ങളെ സകല ശത്രുക്കളില്‍നിന്നും വിടുവിക്കും. അവര്‍ അതു ശ്രദ്ധിച്ചില്ല.

40 അവര്‍ പഴയ രീതിയില്‍ത്തന്നെ ജീവിച്ചു.

41 അങ്ങനെ ഈ ജനതകള്‍ സര്‍വേശ്വരനെയും അതോടൊപ്പം അവരുടെ വിഗ്രഹങ്ങളെയും ആരാധിച്ചു. അവരും അവരുടെ പിന്‍തലമുറകളും തങ്ങളുടെ പിതാക്കന്മാരെപ്പോലെ ഇന്നും അങ്ങനെ ചെയ്തുവരുന്നു.

18

1

ഇസ്രായേല്‍രാജാവായ ഏലായുടെ മകന്‍ ഹോശേയയുടെ മൂന്നാം ഭരണവര്‍ഷം യെഹൂദാരാജാവായ ആഹാസിന്‍റെ പുത്രന്‍ ഹിസ്ക്കീയാ യെഹൂദായില്‍ രാജാവായി.

2 അപ്പോള്‍ അദ്ദേഹത്തിന് ഇരുപത്തഞ്ചു വയസ്സായിരുന്നു. അദ്ദേഹം യെരൂശലേമില്‍ ഇരുപത്തൊമ്പതു വര്‍ഷം രാജ്യഭരണം നടത്തി. സെഖര്യായുടെ പുത്രി അബി ആയിരുന്നു അദ്ദേഹത്തിന്‍റെ മാതാവ്.

3 പൂര്‍വപിതാവായ ദാവീദിനെപ്പോലെ അദ്ദേഹം സര്‍വേശ്വരനു പ്രസാദകരമായവിധം ജീവിച്ചു.

4 അദ്ദേഹം പൂജാഗിരികള്‍ നീക്കിക്കളഞ്ഞു; സ്തംഭങ്ങള്‍ തകര്‍ത്തു; അശേരാപ്രതിഷ്ഠകള്‍ വെട്ടിനുറുക്കി. മോശ ഉണ്ടാക്കിയതും നെഹുഷ്ഠാന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്നതുമായ ഓട്ടുസര്‍പ്പത്തെ അദ്ദേഹം തകര്‍ത്തുകളഞ്ഞു. ജനം അതിനു ധൂപം അര്‍പ്പിച്ചുവന്നിരുന്നു.

5 ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരനില്‍ അദ്ദേഹം ആശ്രയിച്ചു. യെഹൂദാരാജാക്കന്മാരുടെ കൂട്ടത്തില്‍ അദ്ദേഹത്തിന്‍റെ മുന്‍ഗാമികളിലോ പിന്‍ഗാമികളിലോ ആരുംതന്നെ അദ്ദേഹത്തിനു തുല്യനായി ഉണ്ടായിരുന്നില്ല.

6 അദ്ദേഹം സര്‍വേശ്വരനോടു ചേര്‍ന്നുനിന്നു. അവിടുന്നു മോശയ്‍ക്കു നല്‌കിയ കല്പനകളെല്ലാം അനുസരിക്കുകയും അവിടുത്തെ പിന്തുടരുകയും ചെയ്തു.

7 അവിടുന്ന് അദ്ദേഹത്തോടൊത്ത് ഉണ്ടായിരുന്നു; തന്‍റെ ഉദ്യമങ്ങളിലെല്ലാം അദ്ദേഹം വിജയശ്രീലാളിതനാകുകയും ചെയ്തു. അദ്ദേഹം അസ്സീറിയാരാജാവിനു വിധേയനാകാതെ എതിര്‍ത്തുനിന്നു.

8 ഹിസ്ക്കീയാ ഗസ്സയുടെ അതിര്‍ത്തിവരെ ഫെലിസ്ത്യരെ തോല്പിച്ചു; കാവല്‍ഗോപുരം തൊട്ട് കോട്ട കെട്ടി ഉറപ്പിച്ച വന്‍നഗരംവരെ അദ്ദേഹം അവരെ പരാജയപ്പെടുത്തി.

9 ഹിസ്ക്കീയാരാജാവിന്‍റെ വാഴ്ചയുടെ നാലാം വര്‍ഷം അസ്സീറിയാരാജാവായ ശല്മനേസെര്‍ ശമര്യക്കെതിരെ ചെന്ന് അതിനെ ഉപരോധിച്ചു. അത് ഇസ്രായേല്‍രാജാവും ഏലായുടെ പുത്രനുമായ ഹോശേയയുടെ ഏഴാം ഭരണവര്‍ഷത്തിലായിരുന്നു.

10 ഉപരോധത്തിന്‍റെ മൂന്നാം വര്‍ഷം അയാള്‍ അതു പിടിച്ചടക്കി. ഹിസ്ക്കീയാരാജാവിന്‍റെ വാഴ്ചയുടെ ആറാം വര്‍ഷത്തില്‍ അതായത് ഇസ്രായേല്‍രാജാവായ ഹോശേയയുടെ ഒമ്പതാം ഭരണവര്‍ഷത്തില്‍ ആയിരുന്നു ശല്മനേസെര്‍ ശമര്യ അധീനമാക്കിയത്.

11 അസ്സീറിയാരാജാവ് ഇസ്രായേല്യരെ അസ്സീറിയായിലേക്കു കൊണ്ടുപോയി. അവരെ ഹലഹിലും ഗോശാന്‍നദീതീരത്തുള്ള ഹാബോരിലും മേദ്യപട്ടണങ്ങളിലും പാര്‍പ്പിച്ചു.

12 അവര്‍ തങ്ങളുടെ ദൈവമായ സര്‍വേശ്വരനെ അനുസരിച്ചില്ല. അവിടുത്തെ ഉടമ്പടിയും അവിടുത്തെ ദാസനായ മോശയുടെ കല്പനകളും അവര്‍ ലംഘിച്ചു. അവര്‍ അതു ശ്രദ്ധിക്കുകയോ അനുസരിക്കുകയോ ചെയ്തില്ല.

13

യെഹൂദാരാജാവായ ഹിസ്ക്കീയായുടെ പതിനാലാം ഭരണവര്‍ഷം അസ്സീറിയാരാജാവായ സെന്‍ഹേരീബ് യെഹൂദ്യയിലെ കോട്ടകെട്ടി ഉറപ്പിച്ച പട്ടണങ്ങളെല്ലാം ആക്രമിച്ചു കീഴടക്കി.

14 അപ്പോള്‍ യെഹൂദാരാജാവായ ഹിസ്ക്കീയാ ലാഖീശില്‍ അസ്സീറിയാരാജാവിന് ഇപ്രകാരം ഒരു സന്ദേശമയച്ചു: “ഞാന്‍ തെറ്റു ചെയ്തുപോയി. എന്നെ വിട്ടു മടങ്ങിപ്പോയാലും. അങ്ങു നിശ്ചയിക്കുന്ന ഏതു പിഴയും ഞാന്‍ അടച്ചുകൊള്ളാം.” അസ്സീറിയാ രാജാവ് യെഹൂദാരാജാവായ ഹിസ്ക്കീയായ്‍ക്ക് മുന്നൂറു താലന്ത് വെള്ളിയും മുപ്പതു താലന്ത് സ്വര്‍ണവും പിഴ കല്പിച്ചു.

15 ഹിസ്ക്കീയാ സര്‍വേശ്വരമന്ദിരത്തിലും രാജധാനിയിലെ ഭണ്ഡാരത്തിലും ഉണ്ടായിരുന്ന വെള്ളിയെല്ലാം എടുത്ത് അസ്സീറിയാരാജാവിനു കൊടുത്തു.

16 ദേവാലയത്തിന്‍റെ വാതിലുകളിലും കട്ടിളകളിലും താന്‍തന്നെ പൊതിഞ്ഞിരുന്ന സ്വര്‍ണവും ഇളക്കിയെടുത്ത് അദ്ദേഹത്തിനു നല്‌കി.

17 അസ്സീറിയാരാജാവ് ലാഖീശില്‍നിന്നു തന്‍റെ പ്രധാന ഉദ്യോഗസ്ഥരായ തര്‍ഥാനെയും റബ്-സാരീസിനെയും റബ്-ശാക്കെയെയും ഒരു വലിയ സൈന്യത്തോടു കൂടി ഹിസ്ക്കീയായോടു പടവെട്ടാന്‍ യെരൂശലേമിലേക്ക് അയച്ചു. അവര്‍ യെരൂശലേമിലെത്തി അലക്കുകാരന്‍റെ വയലിലേക്കുള്ള പെരുവഴിയില്‍ മുകള്‍ഭാഗത്തെ കുളത്തിലേക്കുള്ള ചാലിന്‍റെ അടുത്ത് നിലയുറപ്പിച്ചു.

18 ഹിസ്ക്കീയാരാജാവിനെ കാണണമെന്ന് അവര്‍ ആവശ്യപ്പെട്ടപ്പോള്‍ രാജധാനിവിചാരകനും ഹില്‌ക്കീയായുടെ പുത്രനുമായ എല്യാക്കീമും കൊട്ടാരം കാര്യസ്ഥനായ ശെബ്നയും ആസാഫിന്‍റെ പുത്രനും രേഖസൂക്ഷിപ്പുകാരനുമായ യോവാഹും അവരുടെ അടുക്കല്‍ ചെന്നു.

19 റബ്-ശാക്കേ അവരോടു പറഞ്ഞു: “ഹിസ്ക്കീയായോടു പറയുക; നിനക്ക് ഈ ധൈര്യം എവിടെനിന്നു കിട്ടി എന്നു മഹാനായ രാജാവ് ചോദിക്കുന്നു.

20 യുദ്ധതന്ത്രവും ശക്തിയും കൊണ്ട് സാധിക്കേണ്ടത് വെറും പൊള്ളവാക്കുകള്‍കൊണ്ടു സാധിക്കാമെന്നാണോ നീ കരുതുന്നത്? ആരില്‍ ആശ്രയിച്ചാണ് നീ എന്നെ എതിര്‍ക്കുന്നത്?

21 ഈജിപ്താണല്ലോ നിന്‍റെ ആശ്രയം? അത് ചതഞ്ഞ ഓടത്തണ്ടാണ്. ഊന്നി നടക്കുന്നവന്‍റെ കൈയില്‍ അതു കുത്തിക്കയറും. തന്നില്‍ ആശ്രയിക്കുന്നവര്‍ക്ക് ഈജിപ്തിലെ രാജാവായ ഫറവോ അങ്ങനെയാണ്.

22 ഞങ്ങളുടെ ദൈവമായ സര്‍വേശ്വരനിലാണ് ഞങ്ങള്‍ ആശ്രയിക്കുന്നതെന്ന് നിങ്ങള്‍ക്ക് പറയാന്‍ കഴിയുമോ? യെരൂശലേമിലെ ഈ യാഗപീഠത്തില്‍ മാത്രമേ ആരാധിക്കാവൂ എന്ന് യെഹൂദായോടും യെരൂശലേമിനോടും പറഞ്ഞുകൊണ്ട് സര്‍വേശ്വരന്‍റെ പൂജാഗിരികളും യാഗപീഠങ്ങളും അല്ലേ ഹിസ്ക്കീയാ നശിപ്പിച്ചത്.

23 എന്‍റെ യജമാനനായ അസ്സീറിയാരാജാവിനോട് വാതുകെട്ടുക. രണ്ടായിരം കുതിരപ്പടയാളികള്‍ എങ്കിലും നിങ്ങള്‍ക്കുണ്ടെങ്കില്‍ ഞാന്‍ രണ്ടായിരം കുതിരകളെ തരാം.

24 രഥങ്ങള്‍ക്കും കുതിരപ്പടയാളികള്‍ക്കുംവേണ്ടി ഈജിപ്തിനെ ആശ്രയിക്കുന്ന നിനക്ക് എന്‍റെ യജമാനന്‍റെ സേവകന്മാരില്‍ ഏറ്റവും ചെറിയ ഒരു പടനായകനെയെങ്കിലും തോല്പിക്കാന്‍ കഴിയുമോ?

25 സര്‍വേശ്വരന്‍റെ സഹായം കൂടാതെയാണോ ഞാന്‍ ഈ രാജ്യത്തെ നശിപ്പിക്കാന്‍ വന്നിരിക്കുന്നത്? ഈ ദേശം ആക്രമിച്ചു നശിപ്പിക്കാന്‍ അവിടുന്ന് എന്നോട് അരുളിച്ചെയ്തിരിക്കുന്നു.”

26 അപ്പോള്‍ ഹില്‌ക്കീയായുടെ പുത്രന്‍ എല്യാക്കീമും ശെബ്നയും യോവാഹും റബ്-ശാക്കെയോടു പറഞ്ഞു: “ഞങ്ങളോട് അരാമ്യഭാഷയില്‍ സദയം സംസാരിച്ചാലും; അതു ഞങ്ങള്‍ക്കു മനസ്സിലാകും. കോട്ടയുടെ മുകളിലുള്ള ജനം നാം പറയുന്നതു കേട്ടുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് എബ്രായഭാഷയില്‍ സംസാരിക്കാതിരുന്നാലും.”

27 റബ് - ശാക്കെ പ്രതിവചിച്ചു: “സ്വന്തം വിസര്‍ജനവസ്തുക്കള്‍ തിന്നാനും കുടിക്കാനും വിധിക്കപ്പെട്ടിരിക്കുന്നവരല്ലേ ആ കോട്ടയുടെ മുകളില്‍ ഇരിക്കുന്നത്. അവരോടു സംസാരിക്കാതെ നിങ്ങളോടും നിങ്ങളുടെ യജമാനനോടും മാത്രമായി സംസാരിക്കാനാണോ എന്നെ അയച്ചിരിക്കുന്നത്?

28 റബ്-ശാക്കെ നിവര്‍ന്നു നിന്നുകൊണ്ട് എബ്രായഭാഷയില്‍ ഉറക്കെ വിളിച്ചുപറഞ്ഞു: “അസ്സീറിയാ മഹാരാജാവിന്‍റെ വാക്കുകള്‍ കേള്‍ക്കുവിന്‍, രാജാവു കല്പിക്കുന്നു;

29 ഹിസ്ക്കീയാ നിങ്ങളെ വഞ്ചിക്കാനിടയാകരുത്. നിങ്ങളെ എന്‍റെ കൈയില്‍നിന്നു രക്ഷിക്കാന്‍ അവനു കഴിയുകയില്ല.

30 സര്‍വേശ്വരന്‍ നമ്മെ നിശ്ചയമായും രക്ഷിക്കും; ഈ നഗരം അസ്സീറിയാരാജാവിന്‍റെ കൈയില്‍ ഏല്പിക്കുകയില്ല എന്നു പറഞ്ഞ് സര്‍വേശ്വരനില്‍ ആശ്രയിക്കാന്‍ ഹിസ്ക്കീയാ നിങ്ങള്‍ക്ക് ഇടയാക്കാതിരിക്കട്ടെ.

31 ഹിസ്ക്കീയാ പറയുന്നതു നിങ്ങള്‍ ശ്രദ്ധിക്കരുത്?” അസ്സീറിയാരാജാവു കല്പിക്കുന്നു: “നിങ്ങള്‍ സമാധാന ഉടമ്പടി ചെയ്ത് എന്നോടു ചേരുക. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ സ്വന്തം മുന്തിരിയുടെയും അത്തിയുടെയും ഫലം അനുഭവിക്കും; നിങ്ങള്‍ സ്വന്തം കിണറ്റിലെ വെള്ളം കുടിക്കുകയും ചെയ്യും.

32 പിന്നീട് ഞാന്‍ വന്നു നിങ്ങളെ ഈ ദേശത്തിനു സദൃശമായ ഒരു നാട്ടിലേക്കു കൊണ്ടുപോകും. ധാന്യവും വീഞ്ഞും അപ്പവും മുന്തിരിത്തോട്ടങ്ങളും ഒലിവെണ്ണയും തേനും ഉള്ള ദേശത്തേക്കുതന്നെ. എന്നാല്‍ നിങ്ങള്‍ മരിക്കുകയില്ല; ജീവിക്കും. ‘സര്‍വേശ്വരന്‍ നമ്മെ വിടുവിക്കും’ എന്നു പറഞ്ഞു നിങ്ങളെ വഴിതെറ്റിക്കുന്ന ഹിസ്ക്കീയായുടെ വാക്കുകള്‍ നിങ്ങള്‍ ശ്രദ്ധിക്കരുത്.

33 ഏതെങ്കിലും ദേവന്‍ അസ്സീറിയാരാജാവിന്‍റെ കൈയില്‍നിന്നു തന്‍റെ ദേശത്തെ രക്ഷിച്ചിട്ടുണ്ടോ?

34 ഹമാത്തിന്‍റെയും അര്‍പ്പാദിന്‍റെയും ദേവന്മാര്‍ എവിടെ? സെഫര്‍വയീം, ഹേനാ, ഇവ്വാ എന്നിവയുടെ ദേവന്മാരും എവിടെ? ശമര്യയെ എന്‍റെ കൈയില്‍നിന്നു രക്ഷിക്കാന്‍ അവര്‍ക്കു കഴിഞ്ഞിട്ടുണ്ടോ?

35 ഒരു ദേവനും തന്‍റെ രാജ്യത്തെ എന്‍റെ കൈയില്‍നിന്ന് രക്ഷിക്കാന്‍ കഴിയാതിരിക്കെ യെരൂശലേമിനെ രക്ഷിക്കാന്‍ സര്‍വേശ്വരനു കഴിയുമോ?”

36 എന്നാല്‍ ജനം നിശ്ശബ്ദരായിരുന്നു. അയാളോട് ഒന്നും മറുപടി പറഞ്ഞില്ല. കാരണം ഒരു മറുപടിയും പറയരുതെന്നായിരുന്നു രാജകല്പന.

37 അപ്പോള്‍ കൊട്ടാരവിചാരകനും ഹില്‌ക്കീയായുടെ പുത്രനുമായ എല്യാക്കീം, കൊട്ടാരം കാര്യസ്ഥനായ ശെബ്ന, ആസാഫിന്‍റെ പുത്രനും രേഖസൂക്ഷിപ്പുകാരനുമായ യോവാഹ് എന്നിവര്‍ തങ്ങളുടെ വസ്ത്രം കീറി; അവര്‍ ഹിസ്ക്കീയായുടെ അടുക്കല്‍ വന്നു റബ്-ശാക്കെ പറഞ്ഞതെല്ലാം അദ്ദേഹത്തെ അറിയിച്ചു.

19

1

ഹിസ്ക്കീയാരാജാവ് അതു കേട്ടപ്പോള്‍ വസ്ത്രം കീറി, ചാക്കുതുണി ഉടുത്ത് സര്‍വേശ്വരന്‍റെ ആലയത്തില്‍ ചെന്നു.

2 കൊട്ടാരവിചാരകനായ എല്യാക്കീമിനെയും കൊട്ടാരം കാര്യദര്‍ശിയായ ശെബ്നയെയും മുതിര്‍ന്ന പുരോഹിതന്മാരെയും ആമോസിന്‍റെ പുത്രനായ യെശയ്യാപ്രവാചകന്‍റെ അടുക്കല്‍ അയച്ചു. അവരും ചാക്കുതുണി ഉടുത്തിരുന്നു.

3 അവര്‍ ഇപ്രകാരം പ്രവാചകനോടു പറയണമെന്നു രാജാവ് കല്പിച്ചിരുന്നു: “ഹിസ്ക്കീയാ പറയുന്നു: ഇന്നു കഷ്ടതയുടെയും ശകാരത്തിന്‍റെയും അപമാനത്തിന്‍റെയും ദിവസമാണ്. പിറക്കാറായ കുഞ്ഞിനെ പ്രസവിക്കാന്‍ ശക്തിയില്ലാത്ത സ്‍ത്രീയെപ്പോലെയാണ് ഞങ്ങള്‍.

4 ജീവിക്കുന്ന ദൈവത്തെ നിന്ദിക്കാന്‍ റബ്-ശാക്കെയെ അവന്‍റെ യജമാനനായ അസ്സീറിയാരാജാവ് അയച്ചിരിക്കുന്നു. അയാള്‍ പറഞ്ഞ വാക്കുകള്‍ അങ്ങയുടെ ദൈവമായ സര്‍വേശ്വരന്‍ കേട്ടിരിക്കും; അവിടുന്ന് ആ വാക്കുകള്‍ നിമിത്തം അയാളെ ശിക്ഷിക്കുകയില്ലേ? അതുകൊണ്ട് അങ്ങ് അവശേഷിച്ചിരിക്കുന്ന നമ്മുടെ ജനത്തിനുവേണ്ടി പ്രാര്‍ഥിച്ചാലും.”

5 രാജസേവകന്മാര്‍ യെശയ്യായുടെ അടുക്കല്‍ എത്തി സന്ദേശമറിയിച്ചപ്പോള്‍

6 അദ്ദേഹം അവരോടു പറഞ്ഞു: “നിങ്ങളുടെ യജമാനനോടു പറയുക, സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: അസ്സീറിയാരാജാവിന്‍റെ ഭൃത്യന്മാര്‍ എന്നെ നിന്ദിച്ച വാക്കുകള്‍ കേട്ട് നീ ഭയപ്പെടേണ്ടാ.

7 ഞാന്‍ അവന്‍റെ മനസ്സിനു വിഭ്രാന്തിയുണ്ടാക്കും; ഒരു കിംവദന്തി കേട്ട് അവന്‍ സ്വദേശത്തേക്കു മടങ്ങും; അവിടെവച്ച് അവന്‍ വാളിന് ഇരയാകാന്‍ ഞാന്‍ ഇടയാക്കും.”

8

റബ്-ശാക്കെ തിരിച്ചുപോയി അസ്സീറിയാ രാജാവിനെ കണ്ടു. രാജാവ് ലാഖീശ് വിട്ടുപോയെന്നും ലിബ്നയ്‍ക്കെതിരെ യുദ്ധം ചെയ്യുന്നു എന്നും അയാള്‍ കേട്ടിരുന്നു.

9 എത്യോപ്യ രാജാവായ തിര്‍ഹാക്കാ തനിക്കെതിരെ യുദ്ധം ചെയ്യാന്‍ പുറപ്പെട്ടിരിക്കുന്നു എന്നു കേട്ടപ്പോള്‍ അസ്സീറിയാരാജാവ് ഹിസ്ക്കീയാരാജാവിന്‍റെ അടുക്കല്‍ ദൂതന്മാരെ അയച്ച് ഇപ്രകാരം അറിയിച്ചു:

10 “യെരൂശലേം അസ്സീറിയാ രാജാവിന്‍റെ കൈയില്‍ ഏല്പിക്കുകയില്ല എന്നു പറഞ്ഞ് നീ ആശ്രയിക്കുന്ന ദൈവം നിന്നെ വഞ്ചിക്കാന്‍ ഇടയാകരുത്.

11 അസ്സീറിയാരാജാക്കന്മാര്‍ ഈ രാജ്യങ്ങളോടെല്ലാം പ്രവര്‍ത്തിച്ചതും അവയ്‍ക്ക് ഉന്മൂലനാശം വരുത്തിയതും നീ കേട്ടിട്ടില്ലേ. പിന്നെ നിനക്ക് എങ്ങനെ രക്ഷപെടാന്‍ കഴിയും?

12 ഗോസാന്‍, ഹാരാന്‍, രേസെഫ് എന്നീ നഗരങ്ങളെയും തെലസ്സാരിലെ എദേന്യരെയും എന്‍റെ പൂര്‍വികര്‍ നശിപ്പിച്ചപ്പോള്‍ അവരുടെ ദേവന്മാര്‍ അവരെ വിടുവിച്ചിട്ടുണ്ടോ?

13 ഹമാത്ത്, അര്‍പ്പാദ്, സെഫര്‍വയീം, ഹേന, ഇവ്വാ എന്നീ നഗരങ്ങളിലെ രാജാക്കന്മാര്‍ ഇപ്പോള്‍ എവിടെ?”

14

ഹിസ്ക്കീയാ ദൂതന്മാരുടെ കൈയില്‍നിന്നു കത്തു വാങ്ങി വായിച്ചശേഷം സര്‍വേശ്വരന്‍റെ ആലയത്തില്‍ പ്രവേശിച്ച് അത് അവിടുത്തെ സന്നിധിയില്‍ വച്ചു.

15 സര്‍വേശ്വരനോട് ഇപ്രകാരം പ്രാര്‍ഥിച്ചു: “കെരൂബുകളിന്മേല്‍ ആരൂഢനായിരിക്കുന്ന ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരാ, ഭൂമിയിലുള്ള സകല രാജ്യങ്ങളുടെയും ദൈവം അവിടുന്നു മാത്രമാകുന്നു. അവിടുന്ന് ആകാശവും ഭൂമിയും സൃഷ്‍ടിച്ചു.

16 സര്‍വേശ്വരാ, കേള്‍ക്കണമേ; തൃക്കണ്ണുകള്‍ തുറന്നു കടാക്ഷിക്കണമേ; ജീവിക്കുന്ന ദൈവത്തെ അധിക്ഷേപിക്കുന്ന സെന്‍ഹേരീബിന്‍റെ വാക്കുകള്‍ കേള്‍ക്കണമേ.

17 സര്‍വേശ്വരാ, അസ്സീറിയാരാജാക്കന്മാര്‍ അനേകം ജനതകളെയും അവരുടെ ദേശങ്ങളെയും നശിപ്പിച്ചു എന്നതു സത്യമാണ്.

18 അവരുടെ ദേവന്മാരെ അസ്സീറിയാക്കാര്‍ അഗ്നിക്കിരയാക്കി, അവര്‍ യഥാര്‍ഥത്തില്‍ ദേവന്മാരായിരുന്നില്ലല്ലോ; അവ മരത്തിലും കല്ലിലും കൊത്തി ഉണ്ടാക്കിയ വിഗ്രഹങ്ങള്‍ മാത്രം ആയിരുന്നു. അതുകൊണ്ട് അവ നശിച്ചു.

19 ഞങ്ങളുടെ ദൈവമായ സര്‍വേശ്വരാ, അയാളുടെ കൈയില്‍ നിന്നു ഞങ്ങളെ രക്ഷിക്കണമേ; അങ്ങനെ അവിടുന്നു മാത്രമാണു ദൈവമെന്നു ഭൂമിയിലെ ജനതകളെല്ലാം അറിയട്ടെ.”

20

അപ്പോള്‍ ആമോസിന്‍റെ പുത്രനായ യെശയ്യാ ഹിസ്കീയായ്‍ക്ക് ഈ സന്ദേശം അയച്ചു: “ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: അസ്സീറിയാരാജാവായ സെന്‍ഹേരീബിനെക്കുറിച്ച് നീ ചെയ്ത പ്രാര്‍ഥന ഞാന്‍ കേട്ടിരിക്കുന്നു.

21 അയാളെപ്പറ്റി സര്‍വേശ്വരന്‍റെ അരുളപ്പാട് ഇതാണ്. കന്യകയായ സീയോന്‍പുത്രി, സെന്‍ഹേരീബിനെ പരിഹസിക്കുകയും പുച്ഛിക്കുകയും ചെയ്യുന്നു; യെരൂശലേംനിവാസികള്‍ നിന്‍റെ പിന്നില്‍നിന്നു പരിഹാസത്തോടെ തല കുലുക്കുന്നു.

22 സെന്‍ഹേരീബേ, നീ ആരെയാണ് നിന്ദിക്കുകയും പരിഹസിക്കുകയും ചെയ്തത്? ആരുടെ നേരെയാണ് നീ സ്വരം ഉയര്‍ത്തിയത്? ആരുടെ നേര്‍ക്കാണ് നീ ധിക്കാരത്തോടെ ദൃഷ്‍ടി ഉയര്‍ത്തിയത്? ഇസ്രായേലിന്‍റെ പരിശുദ്ധനായ സര്‍വേശ്വരനെതിരായിട്ടല്ലേ?

23 നിന്‍റെ ഭൃത്യന്മാര്‍വഴി നീ സര്‍വേശ്വരനെ നിന്ദിച്ചിരിക്കുന്നു. അനേകം രഥങ്ങളോടുകൂടി ഞാന്‍ പര്‍വതശിഖരങ്ങളില്‍ ലെബാനോന്‍റെ വിദൂരസങ്കേതങ്ങളില്‍ കയറി അവിടെയുള്ള ഏറ്റവും ഉയര്‍ന്ന ദേവദാരുക്കളും വിശിഷ്ടമായ സരളവൃക്ഷങ്ങളും വെട്ടി വീഴ്ത്തി. അതിന്‍റെ ഏറ്റവും വിദൂരസ്ഥമായ സങ്കേതങ്ങളില്‍, അതിന്‍റെ ഇടതൂര്‍ന്ന വനത്തിലേക്ക് ഞാന്‍ ചെന്നു.

24 വിദേശങ്ങളില്‍ ഞാന്‍ കിണറുകള്‍ കുഴിച്ച് അവയിലെ ജലം പാനം ചെയ്തു. എന്‍റെ ഉള്ളംകാലുകൊണ്ട് ഈജിപ്തിലെ സകല അരുവികളെയും വറ്റിച്ചു എന്നും നീ പറഞ്ഞു.

25 “ഇതെല്ലാം ഞാന്‍ പണ്ടുതന്നെ നിശ്ചയിച്ചതാണെന്നു നീ കേട്ടിട്ടില്ലേ? അവ ഇപ്പോള്‍ ഞാന്‍ നിറവേറ്റുന്നു. കോട്ട കെട്ടി ഉറപ്പിച്ച പട്ടണങ്ങളെ നീ തകര്‍ത്ത് നാശാവശിഷ്ടങ്ങളുടെ കൂമ്പാരമാക്കണം.

26 അപ്പോള്‍ അതിലെ നിവാസികള്‍ മനഃശക്തി ക്ഷയിച്ച് പരിഭ്രാന്തരും ആകുലരും ആകും. അവര്‍ വയലിലെ ചെടികള്‍പോലെയും ഇളംപുല്ലുപോലെയും വളരുംമുമ്പേ കരിഞ്ഞു പോകുന്ന മട്ടുപ്പാവിലെ പുല്ലുപോലെയും ആകും.

27

“നിന്‍റെ ഇരിപ്പും ഗമനാഗമനങ്ങളും എന്‍റെ നേരെ നിനക്കുള്ള ഉഗ്രകോപവും എനിക്കറിയാം.

28 എന്നോടുള്ള നിന്‍റെ ക്രോധാവേശംകൊണ്ടും നിന്‍റെ അഹങ്കാരത്തെക്കുറിച്ച് ഞാന്‍ കേട്ടിരിക്കുന്നതുകൊണ്ടും നിന്‍റെ മൂക്കില്‍ കൊളുത്തും നിന്‍റെ വായില്‍ കടിഞ്ഞാണും ഇടും. നീ വന്ന വഴിയേ ഞാന്‍ നിന്നെ തിരിച്ച് അയയ്‍ക്കും.”

29 യെശയ്യാ ഹിസ്കീയാരാജാവിനോടു പറഞ്ഞു: “ഇതു നിനക്കൊരു അടയാളമായിരിക്കും; ഈ വര്‍ഷവും അടുത്ത വര്‍ഷവും തനിയെ മുളച്ചുണ്ടാകുന്ന ധാന്യങ്ങള്‍ നീ ഭക്ഷിക്കും. മൂന്നാം വര്‍ഷം നീ വിതയ്‍ക്കുകയും കൊയ്യുകയും മുന്തിരിത്തോട്ടങ്ങള്‍ നട്ടു വളര്‍ത്തി അവയുടെ ഫലം ഭക്ഷിക്കുകയും ചെയ്യും.

30 യെഹൂദാഗൃഹത്തില്‍ അവശേഷിക്കുന്നവര്‍ ആഴത്തില്‍ വേരൂന്നി ഫലം കായ്‍ക്കും.

31 അവശേഷിക്കുന്നവരുടെ ഗണം യെരൂശലേമില്‍നിന്ന്-സീയോന്‍മലയില്‍നിന്ന്-പുറപ്പെടും. സര്‍വശക്തനായ സര്‍വേശ്വരന്‍ ഇതു നിറവേറ്റാന്‍ നിശ്ചയിച്ചിരിക്കുന്നു.

32 “അസ്സീറിയാ രാജാവിനെപ്പറ്റി സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നതു കേള്‍ക്കൂ:

33 ‘അവന്‍ ഈ നഗരത്തില്‍ പ്രവേശിക്കുകയോ അമ്പ് എയ്യുകയോ പരിച ധരിച്ചു മുന്നേറുകയോ ഉപരോധത്തിനുള്ള മണ്‍കൂന നിര്‍മ്മിക്കുകയോ ഇല്ല. അവന്‍ ഈ നഗരത്തില്‍ പ്രവേശിക്കാതെ വന്ന വഴിയേ തന്നെ മടങ്ങിപ്പോകും’ എന്ന് സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.

34 എനിക്കുവേണ്ടിയും എന്‍റെ ദാസനായ ദാവീദിനുവേണ്ടിയും ഞാന്‍ ഈ നഗരത്തെ പ്രതിരോധിച്ച് സംരക്ഷിക്കും.”

35 അന്നു രാത്രിയില്‍ സര്‍വേശ്വരന്‍റെ ദൂതന്‍ അസ്സീറിയാപാളയത്തില്‍ കടന്ന് ഒരു ലക്ഷത്തി എണ്‍പത്തയ്യായിരം പേരെ സംഹരിച്ചു. ജനം രാവിലെ ഉണര്‍ന്നു നോക്കുമ്പോള്‍ അതാ അവരെല്ലാം മരിച്ചുകിടക്കുന്നു.

36 പിന്നീട് അസ്സീറിയാരാജാവായ സെന്‍ഹേരീബ് പിന്‍വാങ്ങി നിനെവേയില്‍ പോയി പാര്‍ത്തു.

37 ഒരു ദിവസം അയാള്‍ തന്‍റെ ദേവനായ നിസ്രോക്കിന്‍റെ ക്ഷേത്രത്തില്‍ ആരാധിച്ചുകൊണ്ടിരിക്കുമ്പോള്‍ അയാളുടെ പുത്രന്മാരായ അദ്രമേലെക്കും ശരേസെരും ചേര്‍ന്ന് അയാളെ വാളിനിരയാക്കി. അതിനുശേഷം അവര്‍ അരാരത്തു ദേശത്തേക്ക് ഓടിപ്പോയി. അയാളുടെ മറ്റൊരു പുത്രന്‍ എസെര്‍-ഹദ്ദോന്‍ തുടര്‍ന്നു രാജാവായി.

20

1

ഹിസ്ക്കീയാ രോഗബാധിതനായി മരണത്തോടടുത്തു. അപ്പോള്‍ ആമോസിന്‍റെ പുത്രനായ യെശയ്യാപ്രവാചകന്‍ അദ്ദേഹത്തിന്‍റെ അടുക്കല്‍ ചെന്നു പറഞ്ഞു: “സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: നീ ഗൃഹകാര്യങ്ങള്‍ ക്രമപ്പെടുത്തിക്കൊള്ളുക; നീ മരിച്ചു പോകും; സുഖം പ്രാപിക്കുകയില്ല.”

2 അപ്പോള്‍ ഹിസ്ക്കീയാ ചുവരിനു നേരേ മുഖം തിരിച്ച് അവിടുത്തോടു പ്രാര്‍ഥിച്ചു:

3 “സര്‍വേശ്വരാ, ഞാന്‍ വിശ്വസ്തതയോടും ഏകാഗ്രതയോടും അങ്ങയുടെ മുമ്പാകെ ജീവിച്ചതും, അങ്ങേക്കു പ്രസാദകരമായവിധം പ്രവര്‍ത്തിച്ചതും അങ്ങ് ഓര്‍ക്കണമേ.” പിന്നീട് അദ്ദേഹം അതീവദുഃഖത്തോടെ കരഞ്ഞു.

4 കൊട്ടാരത്തിന്‍റെ അങ്കണം വിട്ടുപോകും മുമ്പ് യെശയ്യായ്‍ക്ക് സര്‍വേശ്വരന്‍റെ അരുളപ്പാടുണ്ടായി:

5 “നീ മടങ്ങിച്ചെന്ന് എന്‍റെ ജനത്തിന്‍റെ രാജാവായ ഹിസ്ക്കീയായോട് അവന്‍റെ പൂര്‍വപിതാവായ ദാവീദിന്‍റെ ദൈവമായ സര്‍വേശ്വരന്‍ ഇപ്രകാരം അരുളിച്ചെയ്യുന്നു എന്നു പറയുക. ഞാന്‍ നിന്‍റെ കണ്ണുനീര്‍ കാണുകയും നിന്‍റെ പ്രാര്‍ഥന കേള്‍ക്കുകയും ചെയ്തിരിക്കുന്നു; ഞാന്‍ നിന്നെ സുഖപ്പെടുത്തും. മൂന്നു ദിവസത്തിനുള്ളില്‍ നീ സര്‍വേശ്വരന്‍റെ ആലയത്തിലേക്കു പോകും.

6 ഞാന്‍ നിന്‍റെ ആയുസ്സു പതിനഞ്ചു വര്‍ഷംകൂടി നീട്ടിത്തരുന്നു; നിന്നെയും ഈ നഗരത്തെയും അസ്സീറിയാരാജാവിന്‍റെ കൈയില്‍നിന്നു ഞാന്‍ രക്ഷിക്കും. എനിക്കും എന്‍റെ ദാസനായ ദാവീദിനുംവേണ്ടി ഞാന്‍ ഈ നഗരത്തെ സംരക്ഷിക്കും.”

7 പിന്നീട് യെശയ്യാ പറഞ്ഞു: “അത്തിയട കൊണ്ടുവന്നു വ്രണത്തില്‍ വച്ചുകെട്ടുക. എന്നാല്‍ വ്രണം സുഖപ്പെടും.”

8 ഹിസ്ക്കീയാ യെശയ്യായോടു ചോദിച്ചു: “സര്‍വേശ്വരന്‍ എന്നെ സുഖപ്പെടുത്തുകയും മൂന്നു ദിവസം കഴിഞ്ഞ് ഞാന്‍ അവിടുത്തെ ആലയത്തില്‍ പോകുകയും ചെയ്യുമെന്നുള്ളതിന് എന്താണ് അടയാളം?

9 യെശയ്യാ പറഞ്ഞു: “സര്‍വേശ്വരന്‍ അരുളിച്ചെയ്തതു നിറവേറ്റും എന്നുള്ളതിന് അവിടുന്നു നിനക്കു നല്‌കുന്ന അടയാളം ഇതാണ്. നിഴല്‍ പത്തു ചുവട് മുമ്പോട്ടു പോകണമോ അതോ പത്തു ചുവടു പിറകോട്ടു പോകണമോ?

10 ഏതാണു വേണ്ടത്?” ഹിസ്ക്കീയാ പറഞ്ഞു: “നിഴല്‍ പത്തുചുവട് മുമ്പോട്ടു പോകുന്നതു എളുപ്പമാണ്. അതുകൊണ്ട് അതു പത്തു ചുവടു പിറകോട്ടു പോകട്ടെ.”

11 അപ്പോള്‍ യെശയ്യാപ്രവാചകന്‍ സര്‍വേശ്വരനെ വിളിച്ചപേക്ഷിച്ചു. അവിടുന്ന് ആഹാസിന്‍റെ സൂര്യഘടികാരത്തിലെ ഇറങ്ങിപ്പോയ നിഴല്‍ പത്തു ചുവടു പിറകോട്ടു മാറ്റി.

12

ഹിസ്ക്കീയാ രോഗബാധിതനായി എന്നു കേട്ടു ബാബിലോണ്‍രാജാവും ബലദാന്‍റെ പുത്രനുമായ ബെരോദക്-ബലദാന്‍ കത്തുകളും സമ്മാനവുമായി ദൂതന്മാരെ അയച്ചു. ഹിസ്ക്കീയാ അവരെ സ്വീകരിച്ചു.

13 തന്‍റെ ഭണ്ഡാരങ്ങളും അവയിലുണ്ടായിരുന്ന സ്വര്‍ണം, വെള്ളി, സുഗന്ധവര്‍ഗങ്ങള്‍, വിശിഷ്ട തൈലങ്ങള്‍ എന്നിവയും ആയുധപ്പുരയും അവര്‍ക്കു കാട്ടിക്കൊടുത്തു. തന്‍റെ കൊട്ടാരത്തിലോ രാജ്യത്തോ അവരെ കാണിക്കാത്ത യാതൊന്നും ഉണ്ടായിരുന്നില്ല.

14 പിന്നീട് യെശയ്യാപ്രവാചകന്‍ ഹിസ്കീയാരാജാവിന്‍റെ അടുക്കല്‍ വന്നു ചോദിച്ചു: “ഈ ആളുകള്‍ എന്തു പറഞ്ഞു?

15 അവര്‍ അങ്ങയുടെ അടുക്കല്‍ എവിടെനിന്നു വന്നു?” “ഇവര്‍ വിദൂരസ്ഥമായ ബാബിലോണില്‍നിന്നു വന്നവരാണ്” ഹിസ്ക്കീയാ പ്രതിവചിച്ചു. “അവര്‍ അങ്ങയുടെ കൊട്ടാരത്തില്‍ എന്തെല്ലാം കണ്ടു” എന്നു പ്രവാചകന്‍ ചോദിച്ചു. “എന്‍റെ കൊട്ടാരത്തിലുള്ളതെല്ലാം അവര്‍ കണ്ടു; ഞാന്‍ കാണിച്ചു കൊടുക്കാത്തതായി എന്‍റെ ഭണ്ഡാരത്തില്‍ ഒന്നും ഇല്ല” എന്നു ഹിസ്ക്കീയാ പറഞ്ഞു.

16 ഇതു കേട്ടു യെശയ്യാ ഹിസ്കീയായോടു പറഞ്ഞു: “സര്‍വേശ്വരന്‍റെ വാക്കു ശ്രദ്ധിക്കുക.

17 നിന്‍റെ കൊട്ടാരത്തിലുള്ളതും നിന്‍റെ പിതാക്കന്മാര്‍ ഇന്നുവരെ സംഭരിച്ചിട്ടുള്ളതുമായ സര്‍വസ്വവും ബാബിലോണിലേക്കു കൊണ്ടുപോകുന്ന കാലം വരുന്നു. ഒന്നുംതന്നെ ശേഷിക്കുകയില്ല.

18 നിന്‍റെ സ്വന്തം പുത്രന്മാരില്‍ ചിലരെയും അവര്‍ കൊണ്ടുപോകും; അവരെ ബാബിലോണ്‍രാജാവിന്‍റെ അന്തഃപുരത്തില്‍ സേവനം ചെയ്യാന്‍ ഷണ്ഡന്മാരാക്കും.”

19 തന്‍റെ ഭരണകാലത്തു സമാധാനവും സുരക്ഷിതത്വവും ഉണ്ടായിരിക്കുമെന്നു കരുതി ഹിസ്ക്കീയാ യെശയ്യായോടു പറഞ്ഞു: “അങ്ങ് അറിയിച്ച സര്‍വേശ്വരന്‍റെ അരുളപ്പാട് നല്ലതുതന്നെ.”

20

ഹിസ്ക്കീയായുടെ മറ്റെല്ലാ പ്രവര്‍ത്തനങ്ങളും വീരപരാക്രമങ്ങളും ഒരു കുളവും തോടും നിര്‍മ്മിച്ചു ജലം നഗരത്തിലേക്കു കൊണ്ടുവന്നതുമെല്ലാം യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

21 ഹിസ്ക്കീയാ മരിച്ചു; പിതാക്കന്മാരോടു ചേര്‍ന്നു. പിന്നീട് പുത്രന്‍ മനശ്ശെ രാജാവായി.

21

1

മനശ്ശെ ഭരണമാരംഭിച്ചപ്പോള്‍ അദ്ദേഹത്തിനു പന്ത്രണ്ടു വയസ്സായിരുന്നു. അദ്ദേഹം യെരൂശലേമില്‍ അമ്പത്തഞ്ചുവര്‍ഷം ഭരിച്ചു. ഹെഫ്സീബാ ആയിരുന്നു അദ്ദേഹത്തിന്‍റെ മാതാവ്.

2 സര്‍വേശ്വരന്‍ ഇസ്രായേല്‍ജനത്തിന്‍റെ മുമ്പില്‍നിന്നു നീക്കിക്കളഞ്ഞിരുന്ന ജനതകളുടെ മ്ലേച്ഛമായ ആചാരങ്ങള്‍ അനുഷ്ഠിച്ച് അവിടുത്തെ മുമ്പില്‍ അദ്ദേഹം തിന്മ പ്രവര്‍ത്തിച്ചു.

3 തന്‍റെ പിതാവായ ഹിസ്ക്കീയാ നശിപ്പിച്ച പൂജാഗിരികള്‍ അദ്ദേഹം വീണ്ടും പണിതു. ഇസ്രായേല്‍രാജാവായ ആഹാബ് ചെയ്തതുപോലെ ബാലിനു ബലിപീഠങ്ങള്‍ നിര്‍മ്മിക്കുകയും അശേരാപ്രതിഷ്ഠകള്‍ സ്ഥാപിക്കുകയും ചെയ്തു. വാനഗോളങ്ങളെ ആരാധിക്കുകയും സേവിക്കുകയും ചെയ്തു.

4 ഞാന്‍ എന്‍റെ നാമം യെരൂശലേമില്‍ സ്ഥാപിക്കും എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്തിരുന്ന അവിടുത്തെ ആലയത്തില്‍ അദ്ദേഹം ബലിപീഠങ്ങള്‍ പണിതു.

5 സര്‍വേശ്വരന്‍റെ ആലയത്തിലെ രണ്ട് അങ്കണങ്ങളിലും വാനഗോളങ്ങള്‍ക്കു ബലിപീഠങ്ങള്‍ ഉണ്ടാക്കി.

6 അദ്ദേഹം സ്വന്തപുത്രനെ അവിടെ ബലിയായി അഗ്നിയില്‍ ഹോമിച്ചു. അദ്ദേഹം ശകുനം നോക്കുകയും ലക്ഷണം പറയിക്കുകയും മന്ത്രവാദവും ആഭിചാരവും നടത്തുന്നവരെ നിയമിക്കുകയും ചെയ്തു. അങ്ങനെ തിന്മ പ്രവര്‍ത്തിച്ച് സര്‍വേശ്വരനെ പ്രകോപിപ്പിച്ചു.

7 താന്‍ ഉണ്ടാക്കിയ അശേരാപ്രതിഷ്ഠ അദ്ദേഹം സര്‍വേശ്വരന്‍റെ ആലയത്തില്‍ സ്ഥാപിച്ചു. ഈ ആലയത്തെക്കുറിച്ച് അവിടുന്നു ദാവീദിനോടും അദ്ദേഹത്തിന്‍റെ പുത്രനായ ശലോമോനോടും ഇങ്ങനെ അരുളിച്ചെയ്തിരുന്നു: “ഞാന്‍ ഇസ്രായേലിലെ എല്ലാ ഗോത്രങ്ങളില്‍നിന്നുമായി തിരഞ്ഞെടുത്തിരിക്കുന്ന യെരൂശലേമിലും ഈ ആലയത്തിലും എന്‍റെ നാമം എന്നേക്കുമായി സ്ഥാപിക്കും.

8 ഞാന്‍ ഇസ്രായേലിനു നല്‌കിയിരുന്ന കല്പനകളും എന്‍റെ ദാസനായ മോശ അവര്‍ക്കു നല്‌കിയിരുന്ന നിയമങ്ങളും അവര്‍ ശ്രദ്ധാപൂര്‍വം അനുഷ്ഠിച്ചാല്‍ അവര്‍ക്കു നല്‌കിയ ദേശം വിട്ട് അവര്‍ വീണ്ടും അലഞ്ഞു തിരിയാന്‍ ഞാന്‍ ഇടവരുത്തുകയില്ല.”

9 എന്നാല്‍ ആ കല്പനകള്‍ അവര്‍ കേട്ടനുസരിച്ചില്ല; ഇസ്രായേല്‍ജനത്തിന്‍റെ മുമ്പില്‍നിന്നു സര്‍വേശ്വരന്‍ നീക്കിക്കളഞ്ഞ ജനതകള്‍ ചെയ്തതിനെക്കാള്‍ കൂടുതല്‍ തിന്മ പ്രവര്‍ത്തിക്കാന്‍ മനശ്ശെ അവരെ പ്രേരിപ്പിച്ചു.

10 തന്‍റെ ദാസന്മാരായ പ്രവാചകരിലൂടെ സര്‍വേശ്വരന്‍ അരുളിച്ചെയ്തു:

11 “യെഹൂദാരാജാവായ മനശ്ശെ ഈ മ്ലേച്ഛതകള്‍ പ്രവര്‍ത്തിച്ചിരിക്കുന്നു. അമോര്യര്‍ ചെയ്തതിലും അധികം തിന്മകള്‍ പ്രവര്‍ത്തിക്കുകയും യെഹൂദ്യയെക്കൊണ്ടു വിഗ്രഹാരാധന നടത്തിക്കുകയും ചെയ്തിരിക്കുന്നു.

12 അതുകൊണ്ട് ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: ഞാന്‍ യെരൂശലേമിന്‍റെയും യെഹൂദായുടെയും മേല്‍ അനര്‍ഥം വരുത്തും; അതു കേള്‍ക്കുന്നവന്‍റെ ചെവി തരിച്ചുപോകും.

13 ശമര്യയെ അളക്കുന്നതിന് ഉപയോഗിച്ച അളവുനൂലുകൊണ്ടും ആഹാബ്ഗൃഹത്തെ അളന്ന തൂക്കുകട്ടകൊണ്ടും ഞാന്‍ യെരൂശലേമിനെ അളക്കും. തുടച്ചു വൃത്തിയാക്കി കമഴ്ത്തിവച്ചിരിക്കുന്ന പാത്രംപോലെ യെരൂശലേമിനെ ഞാന്‍ ശൂന്യമാക്കും.

14 ഞാന്‍ എന്‍റെ ജനത്തില്‍ ശേഷിച്ചിരിക്കുന്നവരെ ഉപേക്ഷിച്ചു ശത്രുക്കളുടെ കൈയില്‍ ഏല്പിച്ചു കൊടുക്കും; ശത്രുക്കള്‍ക്ക് അവര്‍ ഇരയും കൊള്ളമുതലും ആയിത്തീരും.

15 ഈജിപ്തില്‍നിന്നു പുറപ്പെട്ട ദിവസംമുതല്‍ ഇന്നുവരെയും അവര്‍ എനിക്ക് അനിഷ്ടമായവിധം പ്രവര്‍ത്തിച്ച് എന്നെ പ്രകോപിപ്പിച്ചുവല്ലോ.”

16 മനശ്ശെ യെഹൂദയെക്കൊണ്ട് പാപം ചെയ്യിച്ച് സര്‍വേശ്വരനു ഹിതകരമല്ലാത്തവിധം പ്രവര്‍ത്തിച്ചതുകൂടാതെ യെരൂശലേമിന്‍റെ ഒരറ്റംമുതല്‍ മറ്റേ അറ്റംവരെ നിരവധി നിഷ്കളങ്കരുടെ രക്തം ചിന്തുകയും ചെയ്തു.

17 മനശ്ശെയുടെ മറ്റു പ്രവര്‍ത്തനങ്ങളും അദ്ദേഹത്തിന്‍റെ പാപപ്രവൃത്തികളും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

18 മനശ്ശെ മരിച്ചു; പിതാക്കന്മാരോടു ചേര്‍ന്നു. കൊട്ടാരത്തിലെ ഉദ്യാനത്തില്‍-ഉസ്സയുടെ തോട്ടത്തില്‍-അദ്ദേഹത്തെ സംസ്കരിച്ചു. പിന്നീട് അദ്ദേഹത്തിന്‍റെ പുത്രന്‍ ആമോന്‍ രാജാവായി.

19

രാജാവായപ്പോള്‍ ആമോന് ഇരുപത്തിരണ്ടു വയസ്സായിരുന്നു. അദ്ദേഹം യെരൂശലേമില്‍ രണ്ടു വര്‍ഷം ഭരിച്ചു; യൊത്ബക്കാരന്‍ ഹാരൂസിന്‍റെ പുത്രി മെശുല്ലേമെത്ത് ആയിരുന്നു അദ്ദേഹത്തിന്‍റെ മാതാവ്.

20 തന്‍റെ പിതാവായ മനശ്ശെയെപ്പോലെ സര്‍വേശ്വരന് അഹിതകരമായവിധം അദ്ദേഹം ജീവിച്ചു.

21 പിതാവു നടന്ന വഴിയെ അദ്ദേഹവും നടന്നു. പിതാവ് ആരാധിച്ച വിഗ്രഹങ്ങളെ അദ്ദേഹവും ആരാധിച്ചു.

22 തന്‍റെ പിതാക്കന്മാരുടെ ദൈവമായ സര്‍വേശ്വനെ അയാള്‍ ഉപേക്ഷിച്ചു; അവിടുത്തെ വഴിയില്‍ അയാള്‍ നടന്നില്ല.

23 രാജസേവകന്മാര്‍ അയാള്‍ക്കെതിരെ ഗൂഢാലോചന നടത്തി കൊട്ടാരത്തില്‍വച്ചുതന്നെ അയാളെ വധിച്ചു.

24 യെഹൂദ്യയിലെ ജനം ആമോനെതിരെ ഗൂഢാലോചന നടത്തിയവരെയെല്ലാം വധിച്ചു; അയാളുടെ പുത്രന്‍ യോശീയായെ രാജാവാക്കുകയും ചെയ്തു.

25 ആമോന്‍റെ മറ്റു പ്രവര്‍ത്തനങ്ങളെല്ലാം യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

26 ഉസ്സയുടെ ഉദ്യാനത്തിലെ കല്ലറയില്‍ അയാളെ സംസ്കരിച്ചു; പുത്രന്‍ യോശീയാ പകരം രാജാവായി.

22

1

യോശീയാ ഭരണമാരംഭിച്ചപ്പോള്‍ അദ്ദേഹത്തിനു എട്ടു വയസ്സായിരുന്നു. മുപ്പത്തൊന്നു വര്‍ഷം അദ്ദേഹം യെരൂശലേമില്‍ ഭരണം നടത്തി. ബൊസ്കത്തുകാരന്‍ അദായായുടെ മകള്‍ യെദീദാ ആയിരുന്നു അദ്ദേഹത്തിന്‍റെ മാതാവ്.

2 സര്‍വേശ്വരനു പ്രസാദകരമായവിധം അദ്ദേഹം ജീവിച്ചു. പൂര്‍വപിതാവായ ദാവീദിന്‍റെ പാതയില്‍നിന്ന് അദ്ദേഹം അല്പംപോലും വ്യതിചലിച്ചില്ല.

3

തന്‍റെ വാഴ്ചയുടെ പതിനെട്ടാം വര്‍ഷം യോശീയാരാജാവ് മെശുല്ലാമിന്‍റെ പൗത്രനും അസല്യായുടെ പുത്രനും കൊട്ടാരം കാര്യസ്ഥനുമായ ശാഫാനെ ദേവാലയത്തിലേക്ക് അയച്ചുകൊണ്ട് പറഞ്ഞു:

4 “വാതില്‍ കാവല്‌ക്കാര്‍ ജനത്തില്‍നിന്നു ശേഖരിച്ച പണത്തിന്‍റെ കണക്കു നോക്കാന്‍ മഹാപുരോഹിതനായ ഹില്‌ക്കീയായോട് ആവശ്യപ്പെടുക.

5 അയാള്‍ അത് ആലയത്തിന്‍റെ അറ്റകുറ്റപ്പണികള്‍ ചെയ്യിക്കുന്ന മേല്‍വിചാരകരുടെ കൈയില്‍ ഏല്പിക്കണം.

6 അവര്‍ അതു സര്‍വേശ്വരന്‍റെ ആലയത്തില്‍ അറ്റകുറ്റപ്പണി ചെയ്യുന്ന തച്ചന്മാര്‍, ശില്പികള്‍, കല്പണിക്കാര്‍ എന്നിവര്‍ക്ക് കൊടുക്കുന്നതിനും പണിക്കാവശ്യമായ മരവും ചെത്തിയൊരുക്കിയ കല്ലും വാങ്ങുന്നതിനുമായി വിനിയോഗിക്കണം.

7 പണിയുടെ ചുമതല വഹിക്കുന്നവര്‍ വിശ്വസ്തരായതുകൊണ്ട് അവരോട് കണക്കു ചോദിക്കേണ്ടാ.”

8 നിയമപുസ്‍തകം സര്‍വേശ്വരമന്ദിരത്തില്‍നിന്നും കണ്ടുകിട്ടിയ വിവരം ഹില്‌ക്കീയാ മഹാപുരോഹിതന്‍റെ കാര്യസ്ഥനായ ശാഫാനോടു പറഞ്ഞു. ഹില്‌ക്കീയാ ആ പുസ്‍തകം ശാഫാന്‍റെ കൈയില്‍ കൊടുത്തു. അയാള്‍ അതു വാങ്ങി വായിച്ചു.

9 ശാഫാന്‍ രാജാവിന്‍റെ അടുക്കല്‍ ചെന്നു പറഞ്ഞു: “അങ്ങയുടെ ഭൃത്യന്മാര്‍ ആലയത്തിലുണ്ടായിരുന്ന പണം മുഴുവന്‍ ദേവാലയത്തിലെ പണികളുടെ മേല്‍നോട്ടം വഹിക്കുന്നവരെ ഏല്പിച്ചു.”

10 ഹില്‌ക്കീയാപുരോഹിതന്‍ ഒരു പുസ്‍തകം എന്‍റെ കൈയില്‍ തന്നു എന്നും ശാഫാന്‍ രാജാവിനെ അറിയിച്ചു. അയാള്‍ അതു രാജാവിനെ വായിച്ചു കേള്‍പ്പിച്ചു.

11 ഗ്രന്ഥം വായിച്ചു കേട്ടപ്പോള്‍, രാജാവു വസ്ത്രം കീറി.

12 ഉടനെ രാജാവ് ഹില്‌ക്കീയാപുരോഹിതനോടും ശാഫാന്‍റെ പുത്രന്‍ അഹീക്കാം, മീഖായായുടെ പുത്രന്‍ അക്ബോര്‍, കാര്യസ്ഥന്‍ ശാഫാന്‍, രാജഭൃത്യന്‍ അസായാ എന്നിവരോടും കല്പിച്ചു:

13 “നിങ്ങള്‍ പോയി ഇപ്പോള്‍ കണ്ടുകിട്ടിയിരിക്കുന്ന ഗ്രന്ഥത്തിലെ വാക്യങ്ങള്‍ സംബന്ധിച്ച്, എനിക്കും ജനത്തിനും സകല യെഹൂദ്യര്‍ക്കുംവേണ്ടി സര്‍വേശ്വരനോട് അരുളപ്പാടു ചോദിക്കുക. നമ്മള്‍ ചെയ്യണമെന്ന് ഈ ഗ്രന്ഥത്തില്‍ ആവശ്യപ്പെട്ടിട്ടുള്ള കാര്യങ്ങള്‍ നമ്മുടെ പിതാക്കന്മാര്‍ അനുസരിക്കാതിരുന്നതുകൊണ്ട് സര്‍വേശ്വരന്‍റെ ഉഗ്രകോപം നമ്മുടെമേല്‍ ജ്വലിച്ചിരിക്കുന്നു.”

14 ഹില്‌ക്കീയാപുരോഹിതനും അഹീക്കാം, അക്ബോര്‍, ശാഫാന്‍, അസായാ എന്നിവരും അര്‍ഹസിന്‍റെ പൗത്രനും തിക്വയുടെ പുത്രനും രാജവസ്ത്ര സൂക്ഷിപ്പുകാരനുമായ ശല്ലൂമിന്‍റെ ഭാര്യ ഹുല്‍ദാപ്രവാചകിയുടെ അടുക്കല്‍ ചെന്നു സംസാരിച്ചു. പ്രവാചകി യെരൂശലേമിന്‍റെ പുതിയ ഭാഗത്താണു പാര്‍ത്തിരുന്നത്.

15 പ്രവാചകി അവരോടു പറഞ്ഞു: “ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളെ എന്‍റെ അടുക്കല്‍ അയച്ചവനോടു പറയുക.

16 യെഹൂദാരാജാവു വായിച്ചുകേട്ട പുസ്തകത്തില്‍ എഴുതിയിരിക്കുന്നതുപോലെ, യെരൂശലേം പട്ടണത്തെയും അതിലെ നിവാസികളെയും ഞാന്‍ നശിപ്പിക്കാന്‍ പോകുകയാണ്.

17 അവര്‍ എന്നെ ഉപേക്ഷിച്ച് അന്യദേവന്മാര്‍ക്കു ധൂപം അര്‍പ്പിച്ചു; തങ്ങളുടെ സകല പ്രവൃത്തികളാലും അവരെന്നെ പ്രകോപിപ്പിച്ചു. അതുകൊണ്ട് എന്‍റെ കോപം ഈ സ്ഥലത്തിനുനേരെ ജ്വലിക്കും; അതു ശമിക്കയില്ല.

18 സര്‍വേശ്വരന്‍റെ അരുളപ്പാട് ചോദിക്കാന്‍ നിങ്ങളെ അയച്ച യെഹൂദാരാജാവിനോടു പറയുക; അങ്ങു വായിച്ചു കേട്ട വാക്യങ്ങളെപ്പറ്റി ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു:

19 ഈ സ്ഥലത്തിനെതിരായുള്ള എന്‍റെ അരുളപ്പാട് കേട്ടപ്പോള്‍ നീ പശ്ചാത്തപിക്കുകയും എന്‍റെ മുമ്പില്‍ നീ വിനീതനാവുകയും ചെയ്തു. യെരൂശലേമിനെയും അതിലെ നിവാസികളെയും ഞാന്‍ ശൂന്യവും ശാപവുമാക്കുമെന്നു പറഞ്ഞപ്പോള്‍ നീ വസ്ത്രം കീറി എന്‍റെ മുമ്പില്‍നിന്നു കരഞ്ഞു. അതുകൊണ്ട് ഞാന്‍ നിന്‍റെ പ്രാര്‍ഥന കേട്ടിരിക്കുന്നു.

20 നീ സമാധാനത്തോടെ മരിച്ച് നിന്‍റെ പിതാക്കന്മാരുടെ കല്ലറയില്‍ സംസ്കരിക്കപ്പെടും. ഞാന്‍ ഈ സ്ഥലത്തു വരുത്തുമെന്നു പറഞ്ഞ അനര്‍ഥമൊന്നും നീ കാണുകയില്ല.” അവര്‍ മടങ്ങിവന്നു രാജാവിനെ ഈ വിവരം അറിയിച്ചു.

23

1

രാജാവ് യെഹൂദ്യയിലെയും യെരൂശലേമിലെയും ജനപ്രമുഖന്മാരെ ആളയച്ചു വരുത്തി.

2 യെഹൂദ്യയിലെയും യെരൂശലേമിലെയും ജനങ്ങളും പുരോഹിതന്മാരും പ്രവാചകന്മാരും വലിയവരും ചെറിയവരുമായ സകലരും സര്‍വേശ്വരമന്ദിരത്തില്‍ അദ്ദേഹത്തോടൊത്തു ചെന്നു. അവിടെനിന്നു കിട്ടിയ നിയമഗ്രന്ഥത്തിലെ വാക്യങ്ങള്‍ അവരെല്ലാം കേള്‍ക്കെ രാജാവ് വായിച്ചു.

3 രാജാവ് സ്തംഭത്തിനരികെ നിന്നുകൊണ്ട് നിയമഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്ന കല്പനകളും ചട്ടങ്ങളും അനുശാസനങ്ങളും സര്‍വാത്മനാ പാലിച്ച് സര്‍വേശ്വരനെ അനുഗമിക്കുമെന്ന് അവിടുത്തെ നാമത്തില്‍ ഉടമ്പടി ചെയ്തു. ജനമെല്ലാം ആ ഉടമ്പടിയില്‍ പങ്കുചേര്‍ന്നു.

4 ബാലിനും അശേരായ്‍ക്കും വാനഗോളങ്ങള്‍ക്കുംവേണ്ടി ഉണ്ടാക്കിയിരുന്ന പാത്രങ്ങള്‍ സര്‍വേശ്വരന്‍റെ ആലയത്തില്‍നിന്നു പുറത്തുകൊണ്ടുവരാന്‍ മഹാപുരോഹിതനായ ഹില്‌ക്കീയായോടും മറ്റു പുരോഹിതന്മാരോടും വാതില്‍കാവല്‌ക്കാരോടും രാജാവ് കല്പിച്ചു. അദ്ദേഹം അവ യെരൂശലേമിനു പുറത്തു കിദ്രോന്‍താഴ്വരയില്‍വച്ച് അഗ്നിക്കിരയാക്കി; ചാരം ബേഥേലിലേക്കു കൊണ്ടുപോയി.

5 യെഹൂദാ പട്ടണങ്ങളിലും യെരൂശലേമിനു പരിസരങ്ങളിലുമുള്ള പൂജാഗിരികളില്‍ യെഹൂദാരാജാക്കന്മാരുടെ നിയോഗപ്രകാരം ധൂപം അര്‍പ്പിച്ചിരുന്ന വിഗ്രഹാരാധകരായ പുരോഹിതന്മാരെയും ബാലിനും സൂര്യചന്ദ്രനക്ഷത്രാദികളായ ആകാശഗോളങ്ങള്‍ക്കും ധൂപം അര്‍പ്പിച്ചിരുന്നവരെയും രാജാവ് നീക്കിക്കളഞ്ഞു.

6 ദേവാലയത്തില്‍നിന്ന് അശേരാപ്രതിഷ്ഠ യെരൂശലേമിനു പുറത്ത് എടുത്തുകൊണ്ടുപോയി കിദ്രോന്‍തോടിനരികെവച്ചു ചുട്ടു ചാമ്പലാക്കി. അതു പൊതുശ്മശാനസ്ഥലത്തു വിതറി.

7 ദേവപ്രീതിക്കുവേണ്ടി വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന പുരുഷന്മാരുടെ ദേവാലയ പരിസരത്തുണ്ടായിരുന്ന വീടുകള്‍ അദ്ദേഹം ഇടിച്ചുനിരത്തി. അവിടെ വച്ചായിരുന്നു സ്‍ത്രീകള്‍ അശേരായ്‍ക്കുവേണ്ടിയുള്ള ശീലകള്‍ നെയ്തിരുന്നത്.

8 യെഹൂദാനഗരങ്ങളിലുണ്ടായിരുന്ന പുരോഹിതന്മാരെയെല്ലാം അദ്ദേഹം പുറത്താക്കി. ഗേബമുതല്‍ ബേര്‍-ശേബവരെ ഉണ്ടായിരുന്നതും ധൂപാര്‍പ്പണം നടത്തിയിരുന്നതുമായ സകല പൂജാഗിരികളും അശുദ്ധമാക്കി. നഗരാധിപനായ യോശുവയുടെ പ്രവേശനകവാടത്തിന്‍റെ ഇടതുവശത്തുള്ള പൂജാഗിരികളും അദ്ദേഹം നശിപ്പിച്ചു.

9 പൂജാഗിരികളിലെ പുരോഹിതന്മാര്‍ യെരൂശലേമിലുള്ള സര്‍വേശ്വരന്‍റെ ആലയത്തില്‍ ശുശ്രൂഷ ചെയ്യാന്‍ വന്നില്ല. എന്നാല്‍ തങ്ങളുടെ പുരോഹിതന്മാരോടൊപ്പം പുളിപ്പുചേര്‍ക്കാത്ത അപ്പം അവര്‍ ഭക്ഷിച്ചു.

10 ആരും തന്‍റെ പുത്രനെയോ പുത്രിയെയോ മോലേക്കുദേവനു ഹോമബലിയര്‍പ്പിക്കാതിരിക്കാന്‍ ബെന്‍-ഹിന്നോം താഴ്വരയിലുള്ള തോഫത് അദ്ദേഹം മലിനമാക്കി.

11 സര്‍വേശ്വരന്‍റെ ആലയത്തിനടുത്ത് ഷണ്ഡനായ നാഥാന്‍-മേലെക്കിന്‍റെ വസതിക്കു സമീപം, ദേവാലയത്തിലേക്കുള്ള പ്രവേശനദ്വാരത്തില്‍ യെഹൂദാരാജാക്കന്മാര്‍ സൂര്യദേവനു പ്രതിഷ്ഠിച്ചിരുന്ന അശ്വരൂപങ്ങള്‍ അദ്ദേഹം നീക്കംചെയ്യുകയും സൂര്യരഥങ്ങളെ അഗ്നിക്കിരയാക്കുകയും ചെയ്തു.

12 ആഹാസിന്‍റെ മാളികയുടെ മേല്‍പ്പുരയില്‍ യെഹൂദാരാജാക്കന്മാര്‍ നിര്‍മ്മിച്ചിരുന്ന ബലിപീഠങ്ങളും സര്‍വേശ്വരന്‍റെ ആലയത്തിലെ രണ്ട് അങ്കണങ്ങളില്‍ മനശ്ശെ സ്ഥാപിച്ചിരുന്ന ബലിപീഠങ്ങളും അദ്ദേഹം തകര്‍ത്തു പൊടിയാക്കി കിദ്രോന്‍തോട്ടില്‍ ഒഴുക്കി.

13 ഇസ്രായേല്‍രാജാവായ ശലോമോന്‍, യെരൂശലേമിനു കിഴക്കും ഒലിവുമലയ്‍ക്കു തെക്കും സ്ഥാപിച്ചിരുന്ന സീദോന്യരുടെ അസ്തോരെത്ത്, മോവാബ്യരുടെ കെമോശ്, അമ്മോന്യരുടെ മില്‌കോം എന്നീ മ്ലേച്ഛവിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചിരുന്ന പൂജാഗിരികള്‍ രാജാവു മലിനപ്പെടുത്തി.

14 അദ്ദേഹം വിഗ്രഹസ്തംഭങ്ങള്‍ തകര്‍ക്കുകയും അശേരാപ്രതിഷ്ഠകള്‍ വെട്ടിവീഴ്ത്തുകയും അവ സ്ഥാപിച്ചിരുന്ന സ്ഥലങ്ങള്‍ മനുഷ്യരുടെ അസ്ഥികള്‍കൊണ്ടു നിറയ്‍ക്കുകയും ചെയ്തു.

15 ഇസ്രായേലിനെക്കൊണ്ട് പാപം ചെയ്യിച്ച നെബാത്തിന്‍റെ പുത്രന്‍ യെരോബെയാം ബേഥേലില്‍ പണിതിരുന്ന ബലിപീഠവും പൂജാഗിരികളും രാജാവ് ഇടിച്ചുനിരത്തി; പൂജാഗിരിയും അശേരാപ്രതിഷ്ഠയും അഗ്നിക്കിരയാക്കി.

16 യോശീയാ തിരിഞ്ഞുനോക്കിയപ്പോള്‍ മലയില്‍ ഉണ്ടായിരുന്ന ചില ശവക്കല്ലറകള്‍ കണ്ടു. അവയില്‍നിന്ന് രാജാവ് അസ്ഥികള്‍ എടുപ്പിച്ച് പ്രവാചകന്‍ മുമ്പു പറഞ്ഞിരുന്നതുപോലെ അവ ബലിപീഠത്തില്‍വച്ചു ദഹിപ്പിച്ച് ബലിപീഠം അശുദ്ധമാക്കി.

17 അടുത്തുണ്ടായിരുന്ന ഒരു സ്മാരകം കണ്ട് “ഇത് ആരുടേതാണെന്നു” രാജാവ് ചോദിച്ചു. ആ പട്ടണവാസികള്‍ പറഞ്ഞു: “അങ്ങ് ബേഥേലിലെ ബലിപീഠത്തിനെതിരെ ഇപ്പോള്‍ ചെയ്ത കാര്യങ്ങളെപ്പറ്റി മുമ്പുതന്നെ പ്രവചിച്ചിരുന്ന യെഹൂദായിലെ പ്രവാചകന്‍റെ ശവകുടീരമാണിത്.

18 രാജാവ് കല്പിച്ചു: “അതവിടെ ഇരിക്കട്ടെ; അദ്ദേഹത്തിന്‍റെ അസ്ഥികളെ ആരും തൊടരുത്.” അദ്ദേഹത്തിന്‍റെ അസ്ഥികള്‍ മാത്രമല്ല ശമര്യയില്‍നിന്നു വന്ന പ്രവാചകന്‍റെ അസ്ഥികളും അവര്‍ ഇളക്കിയില്ല.

19 സര്‍വേശ്വരനെ പ്രകോപിപ്പിച്ചുകൊണ്ട് ഇസ്രായേല്‍രാജാക്കന്മാര്‍ ശമര്യപട്ടണങ്ങളില്‍ നിര്‍മ്മിച്ചിരുന്ന സകല പൂജാഗിരിക്ഷേത്രങ്ങളും യോശീയാ നശിപ്പിച്ചു. ബേഥേലില്‍ ചെയ്തതുപോലെ അവിടെയും ചെയ്തു.

20 പൂജാഗിരികളിലെ പുരോഹിതന്മാരെ ബലിപീഠങ്ങളില്‍ വച്ചുതന്നെ വെട്ടിക്കൊല്ലുകയും മനുഷ്യരുടെ അസ്ഥികള്‍ അവിടെവച്ചു ദഹിപ്പിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം യെരൂശലേമിലേക്കു മടങ്ങി.

21

നിയമഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്നതുപോലെ ദൈവമായ സര്‍വേശ്വരനു പെസഹ ആചരിക്കാന്‍ യോശീയാ ജനത്തോടു കല്പിച്ചു.

22 ഇസ്രായേലില്‍ ഭരണം നടത്തിയിരുന്ന ന്യായാധിപന്മാരുടെ കാലംമുതല്‍ ഏതെങ്കിലും ഇസ്രായേല്‍രാജാവിന്‍റെയോ യെഹൂദാരാജാവിന്‍റെയോ കാലത്ത് ഇതുപോലെ പെസഹ ആചരിച്ചിട്ടില്ല.

23 യോശീയായുടെ വാഴ്ചയുടെ പതിനെട്ടാം വര്‍ഷം യെരൂശലേമില്‍ സര്‍വേശ്വരനു പെസഹ ആചരിച്ചു.

24

ഹില്‌ക്കീയാപുരോഹിതന്‍ സര്‍വേശ്വരന്‍റെ ആലയത്തില്‍നിന്നു കണ്ടെത്തിയ നിയമപുസ്തകത്തില്‍ അടങ്ങിയിരുന്ന കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ആഭിചാരകരെയും ശകുനക്കാരെയും കുലദൈവങ്ങളെയും മറ്റു വിഗ്രഹങ്ങളെയും യെഹൂദ്യയിലും യെരൂശലേമിലുമുള്ള സകല മ്ലേച്ഛതകളെയും യോശീയാ നീക്കിക്കളഞ്ഞു.

25 യോശീയായെപ്പോലെ മോശയുടെ നിയമങ്ങളനുസരിച്ച് സര്‍വേശ്വരനെ പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടും പൂര്‍ണശക്തിയോടും കൂടി സേവിച്ചിട്ടുള്ള ഒരു രാജാവും അദ്ദേഹത്തിനു മുമ്പോ പിമ്പോ ഉണ്ടായിട്ടില്ല.

26 എങ്കിലും മനശ്ശെ ചെയ്ത തിന്മപ്രവൃത്തികള്‍മൂലം യെഹൂദായ്‍ക്കെതിരെയുള്ള സര്‍വേശ്വരന്‍റെ ഉഗ്രകോപത്തിനു ശമനം ഉണ്ടായില്ല.

27 അവിടുന്നു കല്പിച്ചു: “ഇസ്രായേലിനെപ്പോലെ യെഹൂദായെയും എന്‍റെ മുമ്പില്‍നിന്ന് ഞാന്‍ നീക്കിക്കളയും; ഞാന്‍ തിരഞ്ഞെടുത്ത യെരൂശലേംനഗരത്തെയും എന്‍റെ നാമം ഇവിടെ ആയിരിക്കും എന്നു ഞാന്‍ പ്രസ്താവിച്ച ആലയത്തെയും ഞാന്‍ പരിത്യജിക്കും.”

28

യോശീയായുടെ മറ്റു പ്രവര്‍ത്തനങ്ങള്‍ യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

29 അദ്ദേഹത്തിന്‍റെ ഭരണകാലത്ത് ഈജിപ്തിലെ ഫറവോ ആയ നെഖോ അസ്സീറിയാരാജാവിന്‍റെ നേരെ യൂഫ്രട്ടീസ്നദിയുടെ സമീപത്തേക്കു പുറപ്പെട്ടു. യോശീയാരാജാവ് അദ്ദേഹത്തെ നേരിട്ടു; മെഗിദ്ദോയില്‍വച്ചു നെബോ യോശീയായെ വധിച്ചു.

30 യോശീയായുടെ ഭൃത്യന്മാര്‍ അദ്ദേഹത്തിന്‍റെ മൃതശരീരം ഒരു രഥത്തില്‍ മെഗിദ്ദോയില്‍നിന്നും യെരൂശലേമില്‍ കൊണ്ടുവന്ന് അദ്ദേഹത്തിന്‍റെ സ്വന്തം കല്ലറയില്‍ സംസ്കരിച്ചു. പിന്നീട് ജനം യോശീയായുടെ പുത്രന്‍ യെഹോവാഹാസിനെ രാജാവായി അഭിഷേകം ചെയ്തു.

31

ഭരണമേറ്റപ്പോള്‍ യെഹോവാഹാസിനു ഇരുപത്തിമൂന്നു വയസ്സായിരുന്നു; അദ്ദേഹം മൂന്നു മാസം യെരൂശലേമില്‍ ഭരിച്ചു. ലിബ്നക്കാരനായ യിരെമ്യായുടെ പുത്രി ഹമൂതല്‍ ആയിരുന്നു അദ്ദേഹത്തിന്‍റെ മാതാവ്.

32 തന്‍റെ പിതാക്കന്മാരെപ്പോലെ അദ്ദേഹവും സര്‍വേശ്വരനെതിരെ പാപം ചെയ്തു.

33 ഈജിപ്തിലെ നെഖോരാജാവ് രിബ്ലയില്‍വച്ച് അദ്ദേഹത്തെ തടവിലാക്കി. അങ്ങനെ അദ്ദേഹത്തിന്‍റെ ഭരണം അവസാനിച്ചു. നെഖോ നൂറു താലന്ത് വെള്ളിയും ഒരു താലന്ത് സ്വര്‍ണവും യെഹൂദായ്‍ക്കു കപ്പം ചുമത്തി.

34 നെഖോരാജാവ് യോശീയായുടെ പുത്രന്‍ എല്യാക്കീമിനെ യെഹൂദായുടെ രാജാവാക്കുകയും അദ്ദേഹത്തിന്‍റെ പേര് യെഹോയാക്കീം എന്ന് മാറ്റുകയും ചെയ്തു. യെഹോവാഹാസിനെ നെഖോ ഈജിപ്തിലേക്കു കൊണ്ടുപോയി. അവിടെവച്ച് അദ്ദേഹം മരിച്ചു.

35

ഈജിപ്തുരാജാവ് ആവശ്യപ്പെട്ട കപ്പം കൊടുക്കാന്‍ യെഹോയാക്കീം ജനത്തിന്‍റെമേല്‍ നികുതി ചുമത്തി. താന്‍ നികുതിയായി ചുമത്തിയ വെള്ളിയും സ്വര്‍ണവും പിരിച്ചെടുത്ത് അദ്ദേഹം നെഖോരാജാവിനു കൊടുത്തു.

36 ഭരണമാരംഭിച്ചപ്പോള്‍ യെഹോയാക്കീമിന് ഇരുപത്തഞ്ചു വയസ്സായിരുന്നു. അദ്ദേഹം യെരൂശലേമില്‍ പതിനൊന്നു വര്‍ഷം ഭരിച്ചു. റൂമാ പട്ടണക്കാരന്‍ പെദായായുടെ പുത്രി സെബീദാ ആയിരുന്നു അദ്ദേഹത്തിന്‍റെ മാതാവ്.

37 തന്‍റെ പിതാക്കന്മാരെപ്പോലെ സര്‍വേശ്വരന് അഹിതകരമായി അദ്ദേഹം ജീവിച്ചു.

24

1

യെഹോയാക്കീമിന്‍റെ വാഴ്ചക്കാലത്ത് ബാബിലോണ്‍രാജാവായ നെബുഖദ്നേസര്‍ യെഹൂദ്യ ആക്രമിച്ചു. മൂന്നു വര്‍ഷക്കാലം യെഹോയാക്കീം അയാള്‍ക്കു കീഴടങ്ങിയിരുന്നു; എന്നാല്‍ പിന്നീട് അദ്ദേഹം അയാള്‍ക്കെതിരെ മത്സരിച്ചു.

2 അപ്പോള്‍ സര്‍വേശ്വരന്‍ തന്‍റെ ദാസന്മാരായ പ്രവാചകരിലൂടെ അരുളിച്ചെയ്തിരുന്നതുപോലെ ബാബിലോണ്യര്‍, സിറിയാക്കാര്‍, മോവാബ്യര്‍, അമ്മോന്യര്‍ എന്നിവരുടെ സൈന്യങ്ങളെ യെഹൂദായ്‍ക്കെതിരെ അയച്ചു.

3 മനശ്ശെ ചെയ്ത പാപങ്ങള്‍ നിമിത്തം യെഹൂദ്യരെ തന്‍റെ മുമ്പില്‍നിന്നു നീക്കിക്കളയും എന്ന സര്‍വേശ്വരന്‍റെ കല്പനപ്രകാരമാണ് അങ്ങനെ സംഭവിച്ചത്.

4 മനശ്ശെ നിര്‍ദ്ദോഷികളുടെ രക്തം ചൊരിയിച്ചു. അവരുടെ രക്തംകൊണ്ടു യെരൂശലേമിനെ നിറച്ചു. അതു മനശ്ശെയോടു ക്ഷമിക്കാന്‍ സര്‍വേശ്വരനു മനസ്സുവന്നില്ല.

5 യെഹോയാക്കീമിന്‍റെ മറ്റു പ്രവര്‍ത്തനങ്ങള്‍ യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

6 യെഹോയാക്കീം മരിച്ചു; പിതാക്കന്മാരോടു ചേര്‍ന്നു. പുത്രന്‍ യെഹോയാഖീന്‍ തുടര്‍ന്നു രാജാവായി.

7 ഈജിപ്തിന്‍റെ വടക്കേ അതിര്‍ത്തിമുതല്‍ യൂഫ്രട്ടീസ്നദിവരെ ഈജിപ്തിനുണ്ടായിരുന്ന സ്ഥലങ്ങളെല്ലാം ബാബിലോണ്‍രാജാവു പിടിച്ചെടുത്തതുകൊണ്ട് ഈജിപ്തുരാജാവ് ആക്രമണത്തിനായി തന്‍റെ രാജ്യത്തിനു പുറത്ത് പിന്നീടൊരിക്കലും പോയില്ല.

8

ഭരണമാരംഭിച്ചപ്പോള്‍ യെഹോയാഖീന് പതിനെട്ടു വയസ്സായിരുന്നു. അയാള്‍ യെരൂശലേമില്‍ മൂന്നു മാസം ഭരിച്ചു. യെരൂശലേംകാരനായ എല്‍നാഥാന്‍റെ പുത്രി നെഹുഷ്ഠ ആയിരുന്നു അയാളുടെ മാതാവ്.

9 അയാള്‍ തന്‍റെ പിതാവിനെപ്പോലെ ദൈവത്തിനു ഹിതകരമല്ലാത്തവിധം ജീവിച്ചു.

10 അയാളുടെ ഭരണകാലത്ത് ബാബിലോണ്‍രാജാവായ നെബുഖദ്നേസരിന്‍റെ സൈന്യം വന്ന് യെരൂശലേമിനെ ഉപരോധിച്ചു.

11 തന്‍റെ സൈന്യം നഗരം വളഞ്ഞിരിക്കുമ്പോള്‍തന്നെ നെബുഖദ്നേസരും യെരൂശലേമിലെത്തി.

12 യെഹൂദാരാജാവായ യെഹോയാഖീനും അയാളുടെ മാതാവ്, ഭൃത്യന്മാര്‍, പ്രഭുക്കന്മാര്‍, കൊട്ടാരം ഉദ്യോഗസ്ഥര്‍ എന്നിവരും ബാബിലോണ്യര്‍ക്കു കീഴടങ്ങി. നെബുഖദ്നേസരിന്‍റെ വാഴ്ചയുടെ എട്ടാം വര്‍ഷം യെഹോയാഖീന്‍ തടവിലാക്കപ്പെട്ടു.

13 ദേവാലയത്തിലും കൊട്ടാരത്തിലുമുണ്ടായിരുന്ന നിക്ഷേപങ്ങളെല്ലാം ബാബിലോണ്‍രാജാവ് എടുത്തുകൊണ്ടുപോയി. സര്‍വേശ്വരന്‍ അരുളിച്ചെയ്തിരുന്നതുപോലെ ഇസ്രായേല്‍രാജാവായ ശലോമോന്‍ ദേവാലയത്തിനുവേണ്ടി സ്വര്‍ണംകൊണ്ടു നിര്‍മ്മിച്ചിരുന്ന ഉപകരണങ്ങളെല്ലാം നെബുഖദ്നേസര്‍ വെട്ടി നുറുക്കി.

14 സര്‍വേശ്വരന്‍ മുന്‍കൂട്ടി അരുളിച്ചെയ്തതുപോലെയാണ് ഇതു സംഭവിച്ചത്. അയാള്‍ യെരൂശലേമിലെ ജനങ്ങളെയും സകല പ്രഭുക്കന്മാരെയും യുദ്ധവീരന്മാരെയും ബന്ധനസ്ഥരാക്കി കൊണ്ടുപോയി. അവര്‍ ഏകദേശം പതിനായിരം പേരുണ്ടായിരുന്നു. അവരെക്കൂടാതെ, ശില്പികള്‍, ലോഹപ്പണിക്കാര്‍ എന്നിവരുള്‍പ്പെടെയുള്ള സകല കരകൗശലപ്പണിക്കാരെയും പിടിച്ചുകൊണ്ടുപോയി. ഏറ്റവും ദരിദ്രരായ ജനങ്ങള്‍ മാത്രം യെഹൂദ്യയില്‍ ശേഷിച്ചു.

15 യെഹോയാഖീനെയും അയാളുടെ മാതാവ്, ഭാര്യമാര്‍, ഉദ്യോഗസ്ഥന്മാര്‍, ദേശത്തിലെ യുദ്ധവീരന്മാര്‍ എന്നിവരെയും നെബുഖദ്നേസര്‍ പ്രവാസികളായി ബാബിലോണിലേക്കു കൊണ്ടുപോയി.

16 അവരില്‍ ബലശാലികളായ ഏഴായിരം പേരും മരപ്പണിക്കാരും ലോഹപ്പണിക്കാരുമായി ആയിരം പേരും ഉണ്ടായിരുന്നു; അവരെല്ലാം അരോഗദൃഢഗാത്രരും യുദ്ധം ചെയ്യാന്‍ കഴിവുള്ളവരുമായിരുന്നു.

17 ബാബിലോണ്‍രാജാവ് യെഹോയാഖീനു പകരം അയാളുടെ പിതൃസഹോദരനായ മത്ഥന്യായെ രാജാവാക്കി; അയാളുടെ പേര് സിദെക്കീയാ എന്നു മാറ്റുകയും ചെയ്തു.

18

ഭരണം ആരംഭിച്ചപ്പോള്‍ സിദെക്കീയായ്‍ക്ക് ഇരുപത്തൊന്നു വയസ്സായിരുന്നു; അയാള്‍ പതിനൊന്നു വര്‍ഷം യെരൂശലേമില്‍ ഭരിച്ചു. ലിബ്നാക്കാരന്‍ യിരെമ്യായുടെ പുത്രിയായ ഹമൂതല്‍ ആയിരുന്നു അയാളുടെ മാതാവ്.

19 യെഹോയാക്കീമിനെപ്പോലെ അയാളും സര്‍വേശ്വരനു ഹിതകരമല്ലാത്തവിധം ജീവിച്ചു.

20 സര്‍വേശ്വരന്‍റെ കോപം യെരൂശലേം യെഹൂദാ നിവാസികള്‍ക്കെതിരെ ജ്വലിക്കുകയും അവരെ തന്‍റെ മുമ്പില്‍നിന്നു നീക്കിക്കളയുകയും ചെയ്തു. സിദെക്കീയാ ബാബിലോണ്‍ രാജാവിനോടു മത്സരിച്ചു.

25

1

സിദെക്കീയായുടെ ഭരണത്തിന്‍റെ ഒമ്പതാം വര്‍ഷം പത്താം മാസം പത്താം ദിവസം ബാബിലോണ്‍രാജാവായ നെബുഖദ്നേസര്‍ തന്‍റെ സര്‍വസൈന്യവുമായി യെരൂശലേമിനു നേരെ വന്ന് പാളയമടിക്കുകയും ചുറ്റും മണ്‍കൂന ഉയര്‍ത്തി ഉപരോധിക്കുകയും ചെയ്തു.

2 സിദെക്കീയാരാജാവിന്‍റെ വാഴ്ചയുടെ പതിനൊന്നാം വര്‍ഷംവരെ നഗരത്തെ അവര്‍ ഉപരോധിച്ചു.

3 ആ വര്‍ഷം നാലാം മാസം ഒമ്പതാം ദിവസമായപ്പോള്‍ നഗരത്തില്‍ ക്ഷാമം അതിരൂക്ഷമായി. ജനത്തിനു ഭക്ഷിക്കാന്‍ യാതൊന്നും ഇല്ലാതെയായി.

4 ബാബിലോണ്യര്‍ നഗരം വളഞ്ഞിരിക്കുമ്പോള്‍തന്നെ സിദെക്കീയാരാജാവും പടയാളികളും നഗരമതിലില്‍ വിള്ളലുണ്ടാക്കി രാത്രിയില്‍ അവര്‍ രാജാവിന്‍റെ ഉദ്യാനത്തിനടുത്ത് രണ്ടു മതിലുകളുടെ ഇടയ്‍ക്കുള്ള പടിവാതിലിലൂടെ ഓടി രക്ഷപെട്ടു. അരാബായിലേക്കുള്ള വഴിയിലൂടെയാണ് അവര്‍ ഓടിപ്പോയത്.

5 എന്നാല്‍ ബാബിലോണ്യസൈന്യം സിദെക്കീയാരാജാവിനെ പിന്തുടര്‍ന്ന് യെരീഹോ സമഭൂമിയില്‍വച്ചു അയാള്‍ക്കൊപ്പമെത്തി. തത്സമയം സൈനികരെല്ലാം രാജാവിനെ വിട്ട് ഓടിപ്പോയി.

6 ബാബിലോണ്യസൈന്യം രാജാവിനെ പിടിച്ച്, രിബ്ലായില്‍ ബാബിലോണ്‍രാജാവിന്‍റെ അടുക്കല്‍ കൊണ്ടുചെന്നു. അയാള്‍ സിദെക്കീയായ്‍ക്കു ശിക്ഷ വിധിച്ചു.

7 സിദെക്കീയായുടെ പുത്രന്മാരെ അയാള്‍ കാണ്‍കെ വധിച്ചു; കണ്ണുകള്‍ ചൂഴ്ന്നെടുത്ത ശേഷം അയാളെ ചങ്ങലകൊണ്ടു ബന്ധിച്ചു ബാബിലോണിലേക്കു കൊണ്ടുപോയി.

8

നെബുഖദ്നേസര്‍രാജാവിന്‍റെ വാഴ്ചയുടെ പത്തൊമ്പതാം വര്‍ഷം അഞ്ചാം മാസം ഏഴാം ദിവസം രാജാവിന്‍റെ അകമ്പടിസേനാനായകനായ നെബൂസരദാന്‍ യെരൂശലേമിലെത്തി.

9 അയാള്‍ സര്‍വേശ്വരന്‍റെ ആലയവും രാജകൊട്ടാരവും യെരൂശലേമിലെ ഭവനങ്ങളും മാളികകളും അഗ്നിക്കിരയാക്കി.

10 അയാളുടെകൂടെ ഉണ്ടായിരുന്ന സൈന്യം യെരൂശലേമിന്‍റെ മതിലുകള്‍ ഇടിച്ചുനിരത്തി.

11 നഗരത്തില്‍ ശേഷിച്ചിരുന്ന ജനത്തെയും ബാബിലോണ്‍രാജാവിനെ അഭയം പ്രാപിച്ചവരെയും കരകൗശലപ്പണിക്കാരെയും അകമ്പടിസേനാനായകനായ നെബൂസരദാന്‍ കൂട്ടിക്കൊണ്ടുപോയി.

12 മുന്തിരിത്തോട്ടത്തിലും വയലുകളിലും ജോലി ചെയ്യാന്‍ അയാള്‍ ദേശത്തുള്ള ഏറ്റവും ദരിദ്രരായ ചിലരെ മാത്രം അവിടെ അവശേഷിപ്പിച്ചു.

13 സര്‍വേശ്വരന്‍റെ ആലയത്തിലെ ഓട്ടുസ്തംഭങ്ങളും പീഠങ്ങളും വലിയ ജലസംഭരണിയും ബാബിലോണ്യര്‍ ഇടിച്ചുതകര്‍ത്തു; ഓട്ടുകഷണങ്ങള്‍ ബാബിലോണിലേക്കു കൊണ്ടുപോയി.

14 കലങ്ങളും ചട്ടുകങ്ങളും തിരി തെളിക്കാനുള്ള കത്രികകളും താലങ്ങളും ദേവാലയത്തിലെ ശുശ്രൂഷയ്‍ക്ക് ഉപയോഗിച്ചിരുന്ന താമ്ര ഉപകരണങ്ങളും അവര്‍ എടുത്തുകൊണ്ടുപോയി.

15 തീച്ചട്ടികളും കലശങ്ങളും പൊന്നും വെള്ളിയും കൊണ്ടുള്ള സകല ഉപകരണങ്ങളും അകമ്പടിസേനാനായകന്‍ കൊണ്ടുപോയവയില്‍ ഉള്‍പ്പെട്ടിരുന്നു.

16 സര്‍വേശ്വരന്‍റെ ആലയത്തിനുവേണ്ടി ശലോമോന്‍ നിര്‍മ്മിച്ച രണ്ടു സ്തംഭങ്ങള്‍, ജലസംഭരണി, പീഠങ്ങള്‍ എന്നിവയുടെ താമ്രത്തിന്‍റെ തൂക്കം നിര്‍ണയിക്കാന്‍ കഴിയുമായിരുന്നില്ല.

17 ഒരേ വലിപ്പമുള്ള രണ്ടു സ്തംഭത്തില്‍ ഒന്നിന്‍റെ ഉയരം പതിനെട്ടു മുഴവും അതിന്‍റെ മുകളിലുള്ള ഓട്ടുമകുടത്തിന്‍റെ ഉയരം മൂന്നു മുഴവും ആയിരുന്നു. ഓരോ മകുടത്തിന്‍റെ ചുറ്റും ഓടുകൊണ്ടു നിര്‍മ്മിച്ച വലയും മാതളപ്പഴരൂപങ്ങളും ഉണ്ടായിരുന്നു. ഇവയെല്ലാം രണ്ടു സ്തംഭങ്ങള്‍ക്കും ഒരുപോലെയായിരുന്നു.

18

മഹാപുരോഹിതനായ സെരായായെയും പുരോഹിതന്മാരില്‍ രണ്ടാമനായ സെഫന്യായെയും വാതില്‍കാവല്‌ക്കാരായ മൂന്നു പേരെയും അകമ്പടിസേനാനായകന്‍ പിടിച്ചുകൊണ്ടുപോയി.

19 നഗരത്തിലെ ഒരു സൈന്യാധിപനെയും രാജാവിന്‍റെ ഉപദേശകസമിതിയിലെ അഞ്ചു പേരെയും സൈന്യാധിപന്‍റെ കാര്യസ്ഥനെയും-ജനത്തെ വിളിച്ചുകൂട്ടിയിരുന്നത് ഇവനാണ്-നഗരത്തില്‍നിന്നു വേറെ അറുപതു പേരെയും കൂടി അയാള്‍ കൊണ്ടുപോയി.

20 നെബൂസരദാന്‍ ഇവരെ രിബ്ലായില്‍ ബാബിലോണ്‍രാജാവിന്‍റെ അടുക്കല്‍ കൊണ്ടുചെന്നു.

21

ബാബിലോണ്‍രാജാവ് ഹമാത്തിലെ രിബ്ലായില്‍വച്ച് അവരെ വധിച്ചു. അങ്ങനെ യെഹൂദ്യനിവാസികള്‍ പ്രവാസികളായി പോകേണ്ടിവന്നു.

22

ബാബിലോണ്‍രാജാവായ നെബുഖദ്നേസര്‍ യെഹൂദ്യയില്‍ ശേഷിപ്പിച്ച ജനത്തെ ഭരിക്കുന്നതിനു ശാഫാന്‍റെ പൗത്രനും അഹീക്കാമിന്‍റെ പുത്രനുമായ ഗെദല്യായെ ദേശത്തിന്‍റെ അധിപതിയായി നിയമിച്ചു.

23 ബാബിലോണ്‍രാജാവ് ഗെദല്യായെ അധിപതിയായി നിയമിച്ച വിവരം യെഹൂദാസൈന്യാധിപന്മാരായ നെഥന്യായുടെ പുത്രന്‍ ഇശ്മായേല്‍, കാരേഹിന്‍റെ പുത്രന്‍ യോഹാനാന്‍, നെതോഫാത്യനായ തന്‍ഹൂമെത്തിന്‍റെ പുത്രന്‍ സെരായ്യാ, മാഖാത്യന്‍റെ പുത്രന്‍ യാസന്യാ എന്നിവര്‍ അറിഞ്ഞപ്പോള്‍ തങ്ങളുടെ സൈന്യങ്ങളുമായി മിസ്പായില്‍ ഗെദല്യായുടെ അടുക്കല്‍ ചെന്നു.

24 ഗെദല്യാ അവരോടും അവരുടെ സൈന്യങ്ങളോടും സത്യംചെയ്തു പറഞ്ഞു: “നിങ്ങള്‍ ബാബിലോണ്യസേവകന്മാരെ ഭയപ്പെടേണ്ടാ; സ്വദേശത്തു പാര്‍ത്തു ബാബിലോണ്‍രാജാവിനെ സേവിക്കുക; അതായിരിക്കും നിങ്ങള്‍ക്കു നല്ലത്.

25 എന്നാല്‍ ഏഴാം മാസം രാജകുടുംബത്തില്‍പ്പെട്ട എലീശാമായുടെ പൗത്രനും നെഥന്യായുടെ പുത്രനുമായ ഇശ്മായേല്‍ പത്തുപേരോടുകൂടി മിസ്പായില്‍ ചെന്ന് ഗെദല്യായെ വധിച്ചു. അവിടെ ഉണ്ടായിരുന്ന യെഹൂദന്മാരെയും ബാബിലോണ്യരെയും അവര്‍ വാളിന് ഇരയാക്കി.

26 വലിയവരും ചെറിയവരുമായ ഇസ്രായേല്‍ജനമെല്ലാം ബാബിലോണ്യരെ ഭയന്ന്, സൈന്യാധിപന്മാരോടൊപ്പം ഈജിപ്തിലേക്കു തിരിച്ചു.

27

യെഹൂദാരാജാവായ യെഹോയാഖീന്‍ പ്രവാസി ആയതിന്‍റെ മുപ്പത്തിയേഴാം വര്‍ഷം പന്ത്രണ്ടാം മാസം ഇരുപത്തേഴാം ദിവസം എവീല്‍-മെരോദക് ബാബിലോണ്‍രാജാവായി. അയാള്‍ക്ക് യെഹൂദാരാജാവായ യെഹോയാഖീനോടു കരുണ തോന്നുകയും അയാളെ കാരാഗൃഹത്തില്‍നിന്നു മോചിപ്പിക്കുകയും ചെയ്തു.

28 രാജാവ് അയാളോടു ദയാപൂര്‍വം പെരുമാറുകയും തന്‍റെ രാജ്യത്ത് പ്രവാസികളായി പാര്‍ത്തിരുന്ന മറ്റു രാജാക്കന്മാരെക്കാള്‍ ഉയര്‍ന്ന സ്ഥാനം നല്‌കുകയും ചെയ്തു.

29 അയാള്‍ കാരാഗൃഹവസ്ത്രം ഉപേക്ഷിച്ചു; ജീവപര്യന്തം രാജാവിന്‍റെ കൂടെ ഭക്ഷണം കഴിച്ചു.

30 മരണംവരെ അയാളുടെ ദൈനംദിനാവശ്യങ്ങള്‍ക്കു വേണ്ട പണം രാജാവു നല്‌കിവന്നു.