1
ദാവീദ്‍രാജാവു വൃദ്ധനായി; ഭൃത്യന്മാര്‍ രാജാവിനെ പുതപ്പിച്ചിട്ടും അദ്ദേഹത്തിനു കുളിരു മാറിയില്ല.2 അവര്‍ രാജാവിനോടു പറഞ്ഞു: “ഞങ്ങള്‍ അങ്ങേക്കുവേണ്ടി ഒരു യുവതിയെ അന്വേഷിക്കാം; അവള്‍ അങ്ങയെ ശുശ്രൂഷിക്കുകയും അങ്ങയുടെ കൂടെ കിടന്നു ചൂടു പകരുകയും ചെയ്യട്ടെ.
3 അവര്‍ സുന്ദരിയായ ഒരു യുവതിയെ ഇസ്രായേല്‍ദേശത്തെല്ലാം അന്വേഷിച്ചു; അങ്ങനെ ശൂനേംകാരിയായ അബീശഗിനെ രാജസന്നിധിയില്‍ കൊണ്ടുവന്നു.
4 അതിസുന്ദരിയായിരുന്ന അവള്‍ രാജാവിനെ ശുശ്രൂഷിച്ചു; എന്നാല്‍ രാജാവ് അവളെ പ്രാപിച്ചില്ല.
5
[5,6] അബ്ശാലോമിന്‍റെ മരണശേഷം അദോനിയാ ആയിരുന്നു ദാവീദിന്‍റെയും ഹഗ്ഗീത്തിന്‍റെയും പുത്രന്മാരില്‍ മൂത്തവന്‍. അവനും അതികോമളനായിരുന്നു; അവന്‍റെ തെറ്റായ പ്രവൃത്തികള്‍ക്കു പിതാവ് അവനെ ഒരിക്കലും ശാസിച്ചിരുന്നില്ല. അവന്‍ രാജാവാകാന്‍ ആഗ്രഹിച്ചു. രഥങ്ങളെയും കുതിരക്കാരെയും കൂടാതെ അമ്പത് അകമ്പടിക്കാരെയും തനിക്കുവേണ്ടി ഒരുക്കി.6
7 സെരൂയായുടെ പുത്രനായ യോവാബിനോടും പുരോഹിതനായ അബ്യാഥാരോടും ഇതേപ്പറ്റി അയാള്‍ ആലോചിച്ചു; അയാള്‍ക്കു പിന്തുണ നല്‌കാമെന്ന് അവര്‍ സമ്മതിച്ചു.
8 എന്നാല്‍ പുരോഹിതനായ സാദോക്കും യഹോയാദയുടെ പുത്രന്‍ ബെനായായും പ്രവാചകനായ നാഥാനും ശിമെയിയും രേയിയും ദാവീദിന്‍റെ അംഗരക്ഷകരും അദോനിയായുടെ പക്ഷം ചേര്‍ന്നില്ല.
9 അദോനിയാ ഒരു ദിവസം എന്‍-രോഗെല്‍ അരുവിയുടെ സമീപത്തുള്ള സോഹേലത്ത് കല്ലിനരികെ ആടുമാടുകളെയും കൊഴുത്തു തടിച്ച മൃഗങ്ങളെയും യാഗമര്‍പ്പിച്ചു. അയാള്‍ ദാവീദുരാജാവിന്‍റെ പുത്രന്മാരായ തന്‍റെ എല്ലാ സഹോദരന്മാരെയും രാജസേവകരായ സകല യെഹൂദ്യരെയും അതിനു ക്ഷണിച്ചിരുന്നു.
10 എന്നാല്‍ നാഥാന്‍പ്രവാചകനെയും ബെനായായെയും രാജാവിന്‍റെ അംഗരക്ഷകരെയും തന്‍റെ സഹോദരനായ ശലോമോനെയും അയാള്‍ ക്ഷണിച്ചില്ല.
11
നാഥാന്‍പ്രവാചകന്‍ ശലോമോന്‍റെ അമ്മയായ ബത്ത്-ശേബയോടു ചോദിച്ചു: “ഹഗ്ഗീത്തിന്‍റെ പുത്രനായ അദോനിയാ രാജാവായതു നീ അറിഞ്ഞില്ലേ? നമ്മുടെ യജമാനനായ ദാവീദുരാജാവും ആ വിവരം അറിഞ്ഞിട്ടില്ല;12 നിന്‍റെയും നിന്‍റെ പുത്രന്‍ ശലോമോന്‍റെയും ജീവരക്ഷയ്‍ക്കുവേണ്ടി എന്‍റെ ഉപദേശം കേള്‍ക്കുക;
13 ഉടന്‍തന്നെ നീ ചെന്നു ദാവീദുരാജാവിനോടു ചോദിക്കണം: ‘എന്‍റെ യജമാനനായ രാജാവേ, എന്‍റെ മകന്‍ ശാലോമോന്‍ അങ്ങയുടെ പിന്‍ഗാമിയായി സിംഹാസനത്തില്‍ ഇരുന്നു വാഴുമെന്ന് അങ്ങ് എന്നോടു പ്രതിജ്ഞ ചെയ്തിരുന്നതല്ലേ? പിന്നെ എങ്ങനെ അദോനിയാ രാജാവായി?’
14 നീ രാജാവുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ വന്നു നിനക്കു പിന്തുണ നല്‌കിക്കൊള്ളാം.”
15 ബത്ത്-ശേബ ശയനമുറിയില്‍ രാജാവിന്‍റെ അടുക്കല്‍ ചെന്നു; ശൂനേംകാരി അബീശഗ് വൃദ്ധനായ രാജാവിനെ ശുശ്രൂഷിച്ചുകൊണ്ടിരുന്നു.
16 ബത്ത്-ശേബ രാജാവിനെ താണുവണങ്ങി. “നിനക്ക് എന്തു വേണം” എന്നു രാജാവ് അവളോടു ചോദിച്ചു.
17 അവള്‍ പറഞ്ഞു: “എന്‍റെ യജമാനനേ, എന്‍റെ മകന്‍ ശലോമോന്‍ അങ്ങേക്കു ശേഷം രാജാവായി അങ്ങയുടെ സിംഹാസനത്തില്‍ വാണരുളുമെന്ന് അങ്ങയുടെ ദൈവമായ സര്‍വേശ്വരന്‍റെ നാമത്തില്‍ അങ്ങ് എന്നോടു സത്യം ചെയ്തിരുന്നല്ലോ;
18 എന്നാല്‍ ഇപ്പോള്‍ ഇതാ, അദോനിയാ രാജാവായിരിക്കുന്നു; അവിടുന്ന് ഇത് അറിയുന്നുമില്ല.
19 അവന്‍ ഒട്ടു വളരെ കാളകളെയും ആടുകളെയും കൊഴുത്തു തടിച്ച മൃഗങ്ങളെയും കൊന്നു വിരുന്നു നടത്തുന്നു. അവന്‍ എല്ലാ രാജകുമാരന്മാരെയും പുരോഹിതനായ അബ്യാഥാരെയും സൈന്യാധിപനായ യോവാബിനെയും ക്ഷണിച്ചു. എന്നാല്‍ അങ്ങയുടെ പുത്രനായ ശലോമോനെ അവന്‍ ക്ഷണിച്ചിട്ടില്ല.
20 എന്‍റെ യജമാനനായ രാജാവേ, അങ്ങയുടെ പിന്‍ഗാമിയായി രാജ്യഭരണം നടത്തുന്നത് ആരായിരിക്കും എന്ന് അങ്ങു പ്രഖ്യാപിക്കുന്നതു കേള്‍ക്കാന്‍ ഇസ്രായേല്‍ജനം കാത്തിരിക്കുകയാണ്.
21 അവിടുന്ന് അങ്ങനെ ചെയ്തില്ലെങ്കില്‍ അങ്ങു മരിച്ച് പിതാക്കന്മാരോടു ചേരുമ്പോള്‍ എന്നെയും എന്‍റെ മകന്‍ ശലോമോനെയും അവര്‍ രാജ്യദ്രോഹികളായി കണക്കാക്കും.”
22
ബത്ത്-ശേബ രാജാവിനോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍തന്നെ നാഥാന്‍പ്രവാചകന്‍ കൊട്ടാരത്തില്‍ വന്നു.23 പ്രവാചകന്‍ വന്ന വിവരം രാജാവിനെ അറിയിച്ചു. നാഥാന്‍ രാജസന്നിധിയില്‍ വന്ന് താണുവണങ്ങി.
24 പ്രവാചകന്‍ രാജാവിനോടു ചോദിച്ചു: “എന്‍റെ യജമാനനായ രാജാവേ, അങ്ങയുടെ പിന്‍ഗാമിയായി അങ്ങയുടെ സിംഹാസനത്തിലിരുന്ന് അദോനിയാ രാജഭരണം നടത്തും എന്ന് അങ്ങു പ്രഖ്യാപിച്ചിട്ടുണ്ടോ?
25 അവന്‍ ഇന്ന് അനേകം കാളകളെയും കൊഴുത്തു തടിച്ച ആടുമാടുകളെയും യാഗമര്‍പ്പിച്ചു. വിരുന്നിന് എല്ലാ രാജകുമാരന്മാരെയും സൈന്യാധിപന്മാരെയും അബ്യാഥാര്‍പുരോഹിതനെയും ക്ഷണിച്ചു. അവര്‍ ഭക്ഷിച്ചു പാനം ചെയ്യുകയും ‘അദോനിയാരാജാവേ ജയ, ജയ’ എന്ന് ഉദ്ഘോഷിക്കുകയും ചെയ്യുന്നു.
26 എന്നാല്‍ അങ്ങയുടെ ദാസനായ എന്നെയും സാദോക്ക്പുരോഹിതനെയും യഹോയാദയുടെ പുത്രന്‍ ബെനായായെയും അങ്ങയുടെ പുത്രനായ ശലോമോനെയും അവന്‍ ക്ഷണിച്ചിട്ടില്ല.
27 അങ്ങയുടെ പിന്‍ഗാമിയായി രാജ്യഭരണം നടത്തേണ്ടത് ആരാണെന്ന് അങ്ങു ഞങ്ങളെ അറിയിച്ചിട്ടില്ലല്ലോ. അങ്ങയുടെ കല്പന അനുസരിച്ചാണോ ഇതു നടന്നത്?”
28
ബത്ത്-ശേബയെ വിളിക്കാന്‍ രാജാവു കല്പിച്ചു; അവള്‍ രാജസന്നിധിയില്‍ എത്തി.29 അദ്ദേഹം അവളോടു പറഞ്ഞു: “എന്‍റെ സകല കഷ്ടതകളില്‍നിന്നും എന്നെ രക്ഷിച്ച ജീവിക്കുന്ന സര്‍വേശ്വരന്‍റെ നാമത്തില്‍ ഞാന്‍ നിന്നോടു സത്യം ചെയ്യുന്നു;
30 നിന്‍റെ മകന്‍ ശലോമോന്‍ എന്‍റെ കാലശേഷം സിംഹാസനസ്ഥനായി രാജ്യഭരണം നടത്തുമെന്ന് ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍റെ നാമത്തില്‍ ഞാന്‍ ചെയ്തിരുന്ന പ്രതിജ്ഞ ഇന്നു ഞാന്‍ നിറവേറ്റും.”
31 ഇതു കേട്ട് ബത്ത്-ശേബ രാജാവിനെ സാഷ്ടാംഗം വീണു നമസ്കരിച്ചു: “എന്‍റെ യജമാനനായ രാജാവു നീണാള്‍ വാഴട്ടെ” എന്ന് ആശംസിച്ചു.
32
ദാവീദുരാജാവ് സാദോക്ക്പുരോഹിതനെയും നാഥാന്‍പ്രവാചകനെയും യഹോയാദയുടെ പുത്രന്‍ ബെനായായെയും വിളിക്കാന്‍ കല്പിച്ചു; അവര്‍ രാജസന്നിധിയില്‍ എത്തി.33 രാജാവ് അവരോടു കല്പിച്ചു: “നിങ്ങള്‍ എന്‍റെ ഭൃത്യന്മാരെ കൂട്ടിക്കൊണ്ട് എന്‍റെ മകന്‍ ശലോമോനെ എന്‍റെ കോവര്‍കഴുതപ്പുറത്തിരുത്തി ഗീഹോനിലേക്കു കൊണ്ടുപോകുക.
34 അവിടെവച്ചു സാദോക്ക്പുരോഹിതനും നാഥാന്‍പ്രവാചകനും കൂടി അവനെ ഇസ്രായേലിന്‍റെ രാജാവായി അഭിഷേകം ചെയ്യണം. പിന്നീട് കാഹളം ഊതി ‘ശലോമോന്‍രാജാവ് നീണാള്‍ വാഴട്ടെ’ എന്ന് ആര്‍ത്തുഘോഷിക്കണം.
35 അതിനുശേഷം നിങ്ങള്‍ അവന്‍റെ പിന്നാലെ വരണം. അവന്‍ വന്ന് എന്‍റെ സിംഹാസനത്തിലിരുന്ന് എനിക്കു പകരം ഭരണം നടത്തട്ടെ. ഇസ്രായേലിന്‍റെയും യെഹൂദായുടെയും ഭരണാധികാരിയായി ഞാന്‍ അവനെ നിയമിച്ചിരിക്കുന്നു.”
36 അപ്പോള്‍ യഹോയാദയുടെ പുത്രന്‍ ബെനായാ പറഞ്ഞു: “അങ്ങനെയാകട്ടെ; യജമാനനായ രാജാവിന്‍റെ ദൈവമായ സര്‍വേശ്വരനും അപ്രകാരംതന്നെ കല്പിക്കട്ടെ.
37 അവിടുന്നു യജമാനനായ രാജാവിന്‍റെകൂടെ ഇരുന്നതുപോലെ ശാലോമോന്‍റെകൂടെയും ഇരിക്കട്ടെ. അദ്ദേഹത്തിന്‍റെ ഭരണം അങ്ങയുടേതിലും മികച്ചതായിരിക്കട്ടെ.”
38
അങ്ങനെ സാദോക്ക്പുരോഹിതനും നാഥാന്‍പ്രവാചകനും യഹോയാദയുടെ പുത്രന്‍ ബെനായായും ക്രേത്യരും പെലേത്യരുമായ അംഗരക്ഷകരും ശലോമോനെ ദാവീദുരാജാവിന്‍റെ കോവര്‍കഴുതപ്പുറത്തിരുത്തി ഗീഹോനിലേക്ക് ആനയിച്ചു.39 സാദോക്ക്പുരോഹിതന്‍ തിരുസാന്നിധ്യകൂടാരത്തില്‍നിന്നു തൈലക്കൊമ്പെടുത്തു ശലോമോനെ അഭിഷേകം ചെയ്തു. അവര്‍ കാഹളം ഊതി; ‘ശലോമോന്‍രാജാവു നീണാള്‍ വാഴട്ടെ’ എന്നു ജനം ആര്‍ത്തുവിളിച്ചു;
40 അവര്‍ കുഴലൂതിയും ഭൂമി പിളരുംവിധം ഹര്‍ഷാരവം മുഴക്കിയുംകൊണ്ട് ശലോമോനെ അനുഗമിച്ചു.
41
വിരുന്നു കഴിഞ്ഞപ്പോഴേക്ക് അദോനിയായും കൂടെയുണ്ടായിരുന്ന അതിഥികളും ആ ശബ്ദകോലാഹലം കേട്ടു; പട്ടണത്തില്‍നിന്ന് ഉയരുന്ന ആരവം എന്ത് എന്ന് യോവാബ് അന്വേഷിച്ചു;42 അയാള്‍ സംസാരിച്ചുകൊണ്ടിരിക്കെത്തന്നെ അബ്യാഥാര്‍പുരോഹിതന്‍റെ പുത്രന്‍ യോനാഥാന്‍ അവിടെ എത്തി. അദോനിയാ പറഞ്ഞു: “അകത്തു വരിക; നല്ലവനായ നീ സദ്‍വാര്‍ത്ത ആയിരിക്കുമല്ലോ കൊണ്ടുവരുന്നത്.”
43 യോനാഥാന്‍ അദോനിയായോടു പറഞ്ഞു: “നമ്മുടെ യജമാനനായ ദാവീദുരാജാവ് ശലോമോനെ രാജാവാക്കിയിരിക്കുന്നു;
44 രാജാവ് സാദോക്ക്പുരോഹിതനെയും നാഥാന്‍പ്രവാചകനെയും യഹോയാദയുടെ പുത്രനായ ബെനായായെയും തന്‍റെ അംഗരക്ഷകരായ ക്രേത്യരെയും പെലേത്യരെയും അദ്ദേഹത്തിന്‍റെ കൂടെ അയച്ചു; അവര്‍ അദ്ദേഹത്തെ രാജാവിന്‍റെ കോവര്‍കഴുതപ്പുറത്താണ് എഴുന്നള്ളിച്ചത്.
45 സാദോക്ക്പുരോഹിതനും നാഥാന്‍ പ്രവാചകനുംകൂടി അദ്ദേഹത്തെ ഗീഹോനില്‍ വച്ചു രാജാവായി അഭിഷേകം ചെയ്തു. പട്ടണം ഇളകത്തക്കവിധം ആര്‍ത്തട്ടഹസിച്ചുകൊണ്ട് അവര്‍ മടങ്ങിപ്പോയി. നിങ്ങള്‍ കേട്ട ആരവം അതാണ്.
46 ശലോമോന്‍ ഇപ്പോള്‍ സിംഹാസനാരൂഢനായിരിക്കുന്നു.
47 രാജഭൃത്യന്മാര്‍ നമ്മുടെ യജമാനനായ ദാവീദുരാജാവിനെ അനുമോദിക്കാന്‍ പോയിരുന്നു.” അങ്ങയുടെ ദൈവം ശലോമോന്‍റെ നാമത്തെ അങ്ങയുടേതിലും മഹനീയവും അദ്ദേഹത്തിന്‍റെ ഭരണം അങ്ങയുടേതിലും മികച്ചതുമാക്കട്ടെ എന്ന് അവര്‍ ആശംസിച്ചു.
48 രാജാവ് കിടക്കയില്‍ ഇരുന്നുതന്നെ ദൈവത്തെ വണങ്ങി ഇങ്ങനെ പ്രാര്‍ഥിച്ചു. എന്‍റെ സന്തതികളിലൊരുവന്‍ സിംഹാസനത്തിലിരിക്കുന്നത് എനിക്കു കാണാന്‍ ഇടയാക്കിയ ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ വാഴ്ത്തപ്പെടുമാറാകട്ടെ.”
49
അപ്പോള്‍ അദോനിയായുടെ അതിഥികള്‍ ഭയപ്പെട്ട്; ഓരോരുത്തരായി സ്ഥലംവിട്ടു;50 ശലോമോനെ ഭയപ്പെട്ട അദോനിയാ ജീവരക്ഷയ്‍ക്കായി യാഗപീഠത്തിന്‍റെ കൊമ്പുകളില്‍ പിടിച്ചു.
51 തന്നെ കൊല്ലുകയില്ലെന്നു ശലോമോന്‍ സത്യം ചെയ്യണമെന്ന് ഉദ്ദേശിച്ചുകൊണ്ടു ഭയചകിതനായ അദോനിയാ യാഗപീഠത്തിന്‍റെ കൊമ്പുകളില്‍ പിടിച്ചിരിക്കുന്ന വിവരം ശലോമോന്‍ അറിഞ്ഞു.
52 ശലോമോന്‍ പറഞ്ഞു: “അവന്‍ വിശ്വസ്തനെങ്കില്‍ അവന്‍റെ തലയിലെ ഒരു രോമംപോലും നിലത്തു വീഴുകയില്ല. കുറ്റക്കാരനെങ്കില്‍ മരിക്കുകതന്നെ വേണം.”
53 ശലോമോന്‍രാജാവ് ആളയച്ച് അയാളെ യാഗപീഠത്തിങ്കല്‍നിന്നു വരുത്തി. അയാള്‍ രാജാവിനെ താണുവണങ്ങി; “വീട്ടില്‍ പൊയ്‍ക്കൊള്ളാന്‍” ശലോമോന്‍ അയാളോടു പറഞ്ഞു.
1
മരണസമയം അടുത്തപ്പോള്‍ ദാവീദ് തന്‍റെ മകനായ ശലോമോനോടു പറഞ്ഞു:2 “എന്‍റെ മരണസമയം അടുത്തിരിക്കുന്നു; നീ ധൈര്യമായിരിക്കണം; പൗരുഷത്തോടെ പെരുമാറണം.
3 നിന്‍റെ ദൈവമായ സര്‍വേശ്വരന്‍റെ കല്പനകള്‍ പാലിക്കണം. മോശയുടെ ധര്‍മശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ സര്‍വേശ്വരന്‍റെ വഴികളില്‍ നടക്കുകയും അവിടുത്തെ ചട്ടങ്ങളും കല്പനകളും അനുശാസനങ്ങളും സാക്ഷ്യങ്ങളും പാലിക്കുകയും വേണം. അങ്ങനെ നീ എന്തു ചെയ്താലും എങ്ങോട്ടു തിരിഞ്ഞാലും വിജയം വരിക്കും.
4 ‘നിന്‍റെ സന്താനങ്ങള്‍ നേര്‍വഴിയെ നടക്കുകയും സര്‍വാത്മനാ എന്നോട് വിശ്വസ്തരായിരിക്കുകയും ചെയ്താല്‍ ഇസ്രായേലിന്‍റെ സിംഹാസനത്തില്‍ ഇരുന്നു വാഴുന്നതിനു നിനക്ക് ഒരു സന്തതി ഇല്ലാതെ വരികയില്ല’ എന്നു സര്‍വേശ്വരന്‍ എന്നോട് അരുളിച്ചെയ്ത വാഗ്ദാനം അവിടുന്നു നിറവേറ്റും.
5 സെരൂയായുടെ മകന്‍ യോവാബ് എന്നോടു ചെയ്തത് എന്തെന്നു നിനക്ക് അറിയാമല്ലോ. നേരിന്‍റെ മകനായ അബ്നേര്‍ യേഥെരിന്‍റെ മകനായ അമാസാ എന്നീ ഇസ്രായേലിലെ രണ്ടു സൈന്യാധിപന്മാരെ അവന്‍ കൊലപ്പെടുത്തി. യുദ്ധസമയത്ത് അവര്‍ ചൊരിഞ്ഞ രക്തത്തിനു പകരം വീട്ടാന്‍ സമാധാനകാലത്ത് അവന്‍ അവരെ വധിച്ചു. അവന്‍ നിരപരാധികളെ കൊന്നതിന്‍റെ അപരാധം ഞാന്‍ വഹിക്കാന്‍ ഇടവരുത്തി.
6 നീ തന്ത്രപൂര്‍വം അവനോട് ഇടപെടുക; അവന്‍ സമാധാനമായി മരിക്കാന്‍ ഇടയാകരുത്;
7 ഗിലെയാദ്യനായ ബര്‍സില്ലയുടെ പുത്രന്മാരോടു നീ കാരുണ്യപൂര്‍വം പെരുമാറണം; അവരും നിന്‍റെ മേശയില്‍നിന്നു കഴിക്കട്ടെ. അബ്ശാലോമിനെ ഭയന്നു ഞാന്‍ ഓടിപ്പോയപ്പോള്‍ അവര്‍ എന്നെ ദയാപൂര്‍വം സ്വീകരിച്ചു.
8 ബഹൂരീമില്‍നിന്നുള്ള ബെന്യാമീന്‍ഗോത്രക്കാരനായ ഗേരയുടെ പുത്രന്‍ ശിമെയി നിന്‍റെ കൂടെ ഉണ്ടല്ലോ. ഞാന്‍ മഹനയീമിലേക്കു പോയപ്പോള്‍ അവന്‍ എന്‍റെമേല്‍ കഠിനമായ ശാപവര്‍ഷം ചൊരിഞ്ഞു. എങ്കിലും യോര്‍ദ്ദാന്‍ കരയില്‍ വന്ന് അവന്‍ എന്നെ എതിരേറ്റു. അതുകൊണ്ട് ഞാന്‍ അവനെ കൊല്ലുകയില്ലെന്നു സര്‍വേശ്വരന്‍റെ നാമത്തില്‍ പ്രതിജ്ഞ ചെയ്തിട്ടുണ്ട്.
9 എന്നാല്‍ നീ അവനെ നിരപരാധിയായി കരുതരുത്. അവനോട് എന്തു ചെയ്യണമെന്നു നിനക്കറിയും; നീ ബുദ്ധിമാനാണല്ലോ; അവന്‍റെ നരച്ച തല രക്തപങ്കിലമായി പാതാളത്തില്‍ പതിക്കട്ടെ.”
10
ദാവീദു മരിച്ചു തന്‍റെ പിതാക്കന്മാരോട് ചേര്‍ന്നു; അദ്ദേഹത്തെ സ്വന്തനഗരത്തില്‍ അടക്കംചെയ്തു.11 അദ്ദേഹം ഏഴു വര്‍ഷം ഹെബ്രോനിലും മുപ്പത്തിമൂന്നു വര്‍ഷം യെരൂശലേമിലും അങ്ങനെ ഇസ്രായേലില്‍ നാല്പതു വര്‍ഷം ഭരിച്ചു.
12 ദാവീദിന്‍റെ പിന്‍ഗാമിയായി ശലോമോന്‍ സിംഹാസനാരൂഢനായി; അദ്ദേഹത്തിന് രാജസ്ഥാനം സുസ്ഥിരമാകുകയും ചെയ്തു.
13
ഒരിക്കല്‍ ഹഗ്ഗീത്തിന്‍റെ പുത്രനായ അദോനിയാ ശാലോമോന്‍റെ മാതാവായ ബത്ത്-ശേബയുടെ അടുക്കല്‍ ചെന്നു. “നിന്‍റെ വരവു സൗഹാര്‍ദ്ദപരമാണോ” എന്നു ബത്ത്-ശേബ അദോനിയായോടു ചോദിച്ചു; “സൗഹൃദത്തോടെതന്നെ” അവന്‍ പറഞ്ഞു:14 “എനിക്ക് ഒരു കാര്യം പറയാനുണ്ട്” എന്ന് അവന്‍ പറഞ്ഞപ്പോള്‍ “പറഞ്ഞുകൊള്‍ക” എന്ന് ബത്ത്-ശേബ പറഞ്ഞു.
15 “രാജസ്ഥാനം എനിക്കു കിട്ടേണ്ടതായിരുന്നു; ഇസ്രായേലിലുള്ളവരെല്ലാം പ്രതീക്ഷിച്ചതും അതുതന്നെ. എന്നാല്‍ മറ്റൊരു വിധത്തിലാണല്ലോ സംഭവിച്ചത്. എന്‍റെ സഹോദരന്‍ രാജാവായി; അതായിരുന്നു സര്‍വേശ്വരന്‍റെ ഹിതം.
16 എനിക്കിപ്പോള്‍ ഒരു അഭ്യര്‍ഥന ഉണ്ട്. അതു നിരസിക്കരുത്;
17 “അതെന്താണ്” ബത്ത്-ശേബ ചോദിച്ചു. “ശൂനേംകാരി അബീശഗിനെ എനിക്കു ഭാര്യയായി തരണമെന്നു ശലോമോനോടു പറയണം. അയാള്‍ അമ്മയുടെ അഭ്യര്‍ഥന തള്ളിക്കളയുകയില്ല.”
18 “ആകട്ടെ, ഞാന്‍ നിനക്കുവേണ്ടി രാജാവിനോടു പറയാം” എന്നു ബത്ത്-ശേബ സമ്മതിച്ചു.
19
അദോനിയായ്‍ക്കുവേണ്ടി സംസാരിക്കാന്‍ ബത്ത്-ശേബ ശാലോമോന്‍രാജാവിനെ സമീപിച്ചു; അപ്പോള്‍ രാജാവു എഴുന്നേറ്റു മാതാവിനെ അഭിവാദനം ചെയ്തശേഷം സിംഹാസനത്തില്‍ ഇരുന്നു. മാതാവിന് ഇരിപ്പിടം രാജസിംഹാസനത്തിന്‍റെ വലതുഭാഗത്ത് ഒരുക്കി. അവര്‍ അവിടെ ഇരുന്നു.20 ബത്ത്-ശേബ പറഞ്ഞു: “ഞാന്‍ ഒരു ചെറിയ കാര്യം ചോദിക്കാനാണു വന്നത്; അതു നിരസിക്കരുത്.” രാജാവ് പറഞ്ഞു: “അമ്മേ, ചോദിക്കൂ, ഞാന്‍ അമ്മയുടെ അപേക്ഷ തള്ളിക്കളയുകയില്ല.”
21 “ശൂനേംകാരി അബീശഗിനെ നിന്‍റെ സഹോദരനായ അദോനിയായ്‍ക്ക് ഭാര്യയായി കൊടുക്കണം” അവര്‍ പറഞ്ഞു.
22 അദ്ദേഹം അമ്മയോടു ചോദിച്ചു: “അദോനിയായ്‍ക്കുവേണ്ടി ശൂനേംകാരി അബീശഗിനെ എന്തുകൊണ്ടാണ് അമ്മ ചോദിക്കുന്നത്? രാജത്വവും അവനുവേണ്ടി ചോദിക്കരുതോ? അവന്‍ എന്‍റെ ജ്യേഷ്ഠനല്ലേ? അബ്യാഥാര്‍പുരോഹിതനും സെരൂയായുടെ മകന്‍ യോവാബും അവന്‍റെ പക്ഷത്താണല്ലോ.”
23 പിന്നീട് ശലോമോന്‍ സര്‍വേശ്വരന്‍റെ നാമത്തില്‍ ആണയിട്ടു പറഞ്ഞു: “അദോനിയായുടെ ഈ അഭ്യര്‍ഥന അവന്‍റെ മരണത്തിന് ഇടയാക്കുന്നില്ലെങ്കില്‍ സര്‍വേശ്വരന്‍ എന്നെ സംഹരിക്കട്ടെ.
24 എന്‍റെ പിതാവായ ദാവീദിന്‍റെ സിംഹാസനം അവിടുന്ന് എനിക്കു സ്ഥിരമാക്കിത്തന്നു. അവിടുത്തെ വാഗ്ദാനപ്രകാരം ഈ രാജ്യം എനിക്കും എന്‍റെ പിന്‍ഗാമികള്‍ക്കുമായി നല്‌കിയിരിക്കുന്നു. സര്‍വേശ്വരന്‍റെ നാമത്തില്‍ ഞാന്‍ പറയുന്നു: അദോനിയാ ഇന്നുതന്നെ വധിക്കപ്പെടണം.”
25 ശലോമോന്‍ രാജാവിന്‍റെ കല്പനപ്രകാരം യഹോയാദയുടെ പുത്രനായ ബെനായാ അദോനിയായെ വധിച്ചു.
26
ശലോമോന്‍ അബ്യാഥാര്‍പുരോഹിതനോടു പറഞ്ഞു: “നിന്‍റെ സ്വദേശമായ അനാഥോത്തിലേക്കു പൊയ്‍ക്കൊള്ളുക. നിന്നെയും കൊല്ലേണ്ടതാണ്. നീ എന്‍റെ പിതാവായ ദാവീദിന്‍റെ മുമ്പാകെ ദൈവമായ സര്‍വേശ്വരന്‍റെ പെട്ടകം ചുമന്നു; എന്‍റെ പിതാവ് അനുഭവിച്ച എല്ലാ കഷ്ടതകളിലും പങ്കുചേര്‍ന്നു. അതിനാല്‍ ഞാന്‍ ഇപ്പോള്‍ നിന്നെ വധിക്കുന്നില്ല.”27 ശലോമോന്‍ അബ്യാഥാരിനെ സര്‍വേശ്വരന്‍റെ പുരോഹിതസ്ഥാനത്തുനിന്നു നീക്കംചെയ്തു. അങ്ങനെ ശീലോവില്‍വച്ചു പുരോഹിതനായ ഏലിയെയും അവന്‍റെ ഭവനത്തെയും കുറിച്ച് സര്‍വേശ്വരന്‍ അരുളിച്ചെയ്തിരുന്നതു നിറവേറി.
28
യോവാബ് അബ്ശാലോമിന്‍റെ പക്ഷത്തു ചേര്‍ന്നിരുന്നില്ലെങ്കിലും അദോനിയായ്‍ക്കു പിന്തുണ നല്‌കിയിരുന്നു. അതുകൊണ്ടു സംഭവിച്ചതെല്ലാം യോവാബ് അറിഞ്ഞപ്പോള്‍ സര്‍വേശ്വരന്‍റെ തിരുസാന്നിധ്യകൂടാരത്തിലേക്ക് ഓടി ജീവരക്ഷയ്‍ക്കായി യാഗപീഠത്തിന്‍റെ കൊമ്പുകളില്‍ പിടിച്ചു.29 യോവാബ് സര്‍വേശ്വരന്‍റെ കൂടാരത്തില്‍ ബലിപീഠത്തിനരികെ നില്‌ക്കുന്നു എന്നു കേട്ടു ശലോമോന്‍ യഹോയാദയുടെ പുത്രന്‍ ബെനായായെ അവിടേക്ക് അയച്ചു: “നീ പോയി അവനെ കൊന്നുകളയുക” എന്നു കല്പിച്ചു.
30 ബെനായാ സര്‍വേശ്വരന്‍റെ കൂടാരത്തില്‍ ചെന്നു; “പുറത്തുവരാന്‍ രാജാവു കല്പിക്കുന്നു” എന്നു യോവാബിനോടു പറഞ്ഞു. “ഇല്ല, ഞാന്‍ ഇവിടെ കിടന്നു മരിച്ചുകൊള്ളാം” എന്ന് അയാള്‍ മറുപടി നല്‌കി. യോവാബു പറഞ്ഞതു ബെനായാ രാജാവിനെ അറിയിച്ചു.
31 രാജാവു കല്പിച്ചു: “അവന്‍ പറഞ്ഞതുപോലെ നീ ചെയ്യുക; അവനെ കൊന്നു കുഴിച്ചിടുക. അങ്ങനെ യോവാബു കാരണം കൂടാതെ ചിന്തിയ രക്തത്തിനു ഞാനോ എന്‍റെ പിന്‍ഗാമികളോ ഉത്തരവാദികള്‍ ആകാതിരിക്കട്ടെ;
32 എന്‍റെ പിതാവായ ദാവീദിന്‍റെ അറിവുകൂടാതെ അവന്‍ ചെയ്ത കൊലപാതകങ്ങള്‍ക്ക് സര്‍വേശ്വരന്‍ അവനെ ശിക്ഷിക്കും. ഇസ്രായേലിന്‍റെ സൈന്യാധിപനും നേരിന്‍റെ പുത്രനുമായ അബ്നേരിനെയും യെഹൂദായുടെ സൈന്യാധിപനും യേഥെരിന്‍റെ പുത്രനുമായ അമാസയെയും എന്‍റെ പിതാവായ ദാവീദിന്‍റെ അറിവുകൂടാതെ അവന്‍ കൊന്നു. അവരിരുവരും അവനെക്കാള്‍ നീതിനിഷ്ഠരും നല്ലവരും ആയിരുന്നു.
33 അവരുടെ രക്തം ചൊരിഞ്ഞതിനുള്ള ശിക്ഷ യോവാബിന്‍റെയും അവന്‍റെ സന്താനങ്ങളുടെയുംമേല്‍ എന്നേക്കും ഉണ്ടായിരിക്കും. എന്നാല്‍ ദാവീദിനും അദ്ദേഹത്തിന്‍റെ സന്തതികള്‍ക്കും കുടുംബത്തിനും അദ്ദേഹത്തിന്‍റെ സിംഹാസനത്തിലിരിക്കുന്ന പിന്‍ഗാമികള്‍ക്കും സര്‍വേശ്വരനില്‍നിന്ന് എന്നേക്കും സമാധാനം ലഭിക്കും.”
34
യഹോയാദയുടെ പുത്രനായ ബെനായാ ചെന്നു യോവാബിനെ കൊന്നു; വിജനപ്രദേശത്തുള്ള അയാളുടെ ഭവനത്തില്‍ അടക്കം ചെയ്തു.35 രാജാവ് അയാള്‍ക്കു പകരം യഹോയാദയുടെ പുത്രനായ ബെനായായെ സൈന്യാധിപനായും അബ്യാഥാരിന്‍റെ സ്ഥാനത്തു സാദോക്ക്പുരോഹിതനെയും നിയമിച്ചു.
36
രാജാവ് ശിമെയിയെ ആളയച്ചു വരുത്തി അയാളോടു പറഞ്ഞു: യെരൂശലേമില്‍തന്നെ ഒരു വീടു പണിതു പാര്‍ത്തുകൊള്ളുക; നീ അവിടം വിട്ടു പോകരുത്;37 യെരൂശലേം വിട്ടു കിദ്രോന്‍തോടു കടക്കുന്ന ദിവസം നീ മരിക്കും; അങ്ങനെ സംഭവിച്ചാല്‍ അതിനുത്തരവാദി നീ തന്നെ ആയിരിക്കും.”
38 “അങ്ങനെയാകട്ടെ, അങ്ങു കല്പിച്ചതുപോലെ അടിയന്‍ ചെയ്തുകൊള്ളാം” ശിമെയി രാജാവിനോടു പറഞ്ഞു. അങ്ങനെ അവന്‍ കുറെക്കാലം യെരൂശലേമില്‍ പാര്‍ത്തു.
39
മൂന്നു വര്‍ഷത്തിനുശേഷം ശിമെയിയുടെ രണ്ട് അടിമകള്‍ മാഖയുടെ പുത്രനും ഗത്തിലെ രാജാവുമായ ആഖീശിന്‍റെ അടുക്കലേക്ക് ഓടിപ്പോയി; തന്‍റെ അടിമകള്‍ ഗത്തില്‍ ഉണ്ടെന്നു ശിമെയിക്ക് അറിവുകിട്ടി.40 അയാള്‍ അടിമകളെ അന്വേഷിച്ചു കഴുതപ്പുറത്തു കയറി ഗത്തില്‍ ആഖീശിന്‍റെ അടുക്കല്‍ ചെന്നു. അവിടെനിന്ന് അയാള്‍ അടിമകളെ കൂട്ടിക്കൊണ്ടുവന്നു.
41 ശിമെയി ഗത്തില്‍ പോയി തിരിച്ചുവന്ന വിവരം ശലോമോന്‍ അറിഞ്ഞു.
42 ഉടനെ രാജാവ് ആളയച്ചു ശിമെയിയെ വരുത്തി പറഞ്ഞു: “യെരൂശലേം വിട്ടുപോകുകയില്ലെന്നു സര്‍വേശ്വരന്‍റെ നാമത്തില്‍ നിന്നെക്കൊണ്ടു പ്രതിജ്ഞ ചെയ്യിച്ചിരുന്നതല്ലേ? അതു ലംഘിച്ചാല്‍ നീ മരിക്കേണ്ടിവരും എന്നു മുന്നറിയിപ്പു നല്‌കുകയും, അങ്ങനെ ആകട്ടെ എന്ന് നീ സമ്മതിക്കുകയും ചെയ്തിരുന്നല്ലോ.
43 പിന്നെന്തുകൊണ്ട് സര്‍വേശ്വരന്‍റെ നാമത്തിലുള്ള പ്രതിജ്ഞ നീ ലംഘിച്ചു? നീ എന്‍റെ കല്പന അനുസരിക്കാഞ്ഞത് എന്ത്?
44 എന്‍റെ പിതാവായ ദാവീദിനോടു നീ ചെയ്ത തിന്മകള്‍ എന്തെല്ലാമെന്നു നിനക്കറിയാമല്ലോ. അതുകൊണ്ട് സര്‍വേശ്വരന്‍റെ ശിക്ഷ നീ അനുഭവിക്കണം.
45 സര്‍വേശ്വരനാല്‍ ഞാന്‍ അനുഗൃഹീതനാകും; ദാവീദിന്‍റെ സിംഹാസനം അവിടുന്ന് എന്നേക്കും സുസ്ഥിരമാക്കും.”
46 പിന്നീട് യഹോയാദയുടെ പുത്രന്‍ ബെനായാ രാജാവിന്‍റെ കല്പനപ്രകാരം ശിമെയിയെ വധിച്ചു; അങ്ങനെ രാജത്വം ശലോമോന്‍റെ കരങ്ങളില്‍ സുസ്ഥിരമായി.
1
ശലോമോന്‍ ഈജിപ്തിലെ രാജാവായ ഫറവോയുടെ പുത്രിയെ വിവാഹം ചെയ്ത് അയാളുമായി ബന്ധുത്വം സ്ഥാപിച്ചു. തനിക്ക് കൊട്ടാരവും സര്‍വേശ്വരന് ആലയവും യെരൂശലേമിനു ചുറ്റുമതിലും പണിതു തീരുന്നതുവരെ ശലോമോന്‍ അവളെ ദാവീദിന്‍റെ നഗരത്തില്‍ പാര്‍പ്പിച്ചു.2 അതുവരെയും സര്‍വേശ്വരന് ഒരു ആലയം നിര്‍മ്മിച്ചിരുന്നില്ല. അതുകൊണ്ട് പൂജാഗിരികളിലാണു യാഗം കഴിച്ചുപോന്നത്.
3 ശലോമോന്‍ സര്‍വേശ്വരനെ സ്നേഹിച്ചു; പിതാവായ ദാവീദിന്‍റെ കല്പന കളെല്ലാം അനുസരിക്കുകയും ചെയ്തു. ശലോമോനും പൂജാഗിരികളിലാണ് യാഗം കഴിക്കുകയും ധൂപം അര്‍പ്പിക്കുകയും ചെയ്തുപോന്നത്.
4
ഒരിക്കല്‍ രാജാവ് യാഗംകഴിക്കാന്‍ ഗിബെയോനിലുള്ള പ്രധാന പൂജാഗിരിയിലേക്കു പോയി; അവിടെ അദ്ദേഹം ആയിരം ഹോമയാഗങ്ങള്‍ അര്‍പ്പിച്ചിട്ടുണ്ടായിരുന്നു.5 ഗിബെയോനില്‍ വച്ചു സര്‍വേശ്വരന്‍ രാത്രിയില്‍ ശാലോമോനു സ്വപ്നത്തില്‍ പ്രത്യക്ഷനായി ചോദിച്ചു: “ഞാന്‍ എന്തു വരം നല്‌കണമെന്നാണ് നീ ആഗ്രഹിക്കുന്നത്.”
6 ശലോമോന്‍ പറഞ്ഞു: “അവിടുത്തെ ദാസനും എന്‍റെ പിതാവുമായ ദാവീദ് തിരുമുമ്പില്‍ വിശ്വസ്തതയും നീതിബോധവും സത്യസന്ധതയും പുലര്‍ത്തി. അവിടുന്ന് അദ്ദേഹത്തെ അത്യന്തം സ്നേഹിച്ചു; അവിടുത്തെ സ്നേഹം സുസ്ഥിരമായിരുന്നു; അദ്ദേഹത്തിന്‍റെ പിന്‍ഗാമിയായി രാജ്യഭരണം നടത്താന്‍ ഒരു പുത്രനെ നല്‌കുകയും ചെയ്തു.
7 എന്‍റെ ദൈവമായ സര്‍വേശ്വരാ, അങ്ങ് അടിയനെ എന്‍റെ പിതാവായ ദാവീദിനു പകരം രാജാവാക്കിയിരിക്കുന്നുവല്ലോ; ഞാന്‍ ആകട്ടെ ഭരണപരിചയമില്ലാത്ത വെറും ഒരു ബാലന്‍ മാത്രം.
8 അങ്ങ് തിരഞ്ഞെടുത്തതും ഗണനാതീതവും ആയ ഒരു വലിയ ജനതയുടെ മധ്യത്തിലാണു ഞാന്‍ ഇപ്പോള്‍.
9 ഈ വലിയ ജനതയെ ഭരിക്കാന്‍ ആര്‍ക്കു കഴിയും? നന്മയും തിന്മയും വിവേചിച്ചറിഞ്ഞ് അങ്ങയുടെ ജനത്തെ യഥായോഗ്യം ഭരിക്കുന്നതിനാവശ്യമായ ജ്ഞാനം ഈ ദാസനു നല്‌കണമേ.”
10 ശലോമോന്‍റെ ഈ പ്രാര്‍ഥന സര്‍വേശ്വരനു ഹിതകരമായി.
11 അവിടുന്ന് അരുളിച്ചെയ്തു: “ദീര്‍ഘായുസ്സോ സമ്പത്തോ ശത്രുക്കളുടെ ജീവനോ ആവശ്യപ്പെടാതെ ഭരിക്കുന്നതിനാവശ്യമായ വിവേകം മാത്രമാണ് നീ ചോദിച്ചത്.
12 അതുകൊണ്ടു ഞാന്‍ നിന്‍റെ പ്രാര്‍ഥന കേട്ടിരിക്കുന്നു; ജ്ഞാനവും വിവേകവും ഞാന്‍ നിനക്കു തരുന്നു. ഇക്കാര്യത്തില്‍ നിനക്കു സമനായ ആരും ഇതിനുമുമ്പ് ഉണ്ടായിട്ടില്ല; ഇനി ഉണ്ടാവുകയുമില്ല.
13 ഇതു കൂടാതെ നീ ചോദിക്കാത്ത കാര്യങ്ങള്‍ കൂടി ഞാന്‍ നിനക്കു തരുന്നു; നിന്‍റെ ജീവിതകാലം മുഴുവന്‍ മറ്റൊരു രാജാവിനും ഇല്ലാത്ത സമ്പത്തും ബഹുമതിയും ഞാന്‍ നിനക്കു നല്‌കും.
14 നിന്‍റെ പിതാവായ ദാവിദിനെപ്പോലെ എന്‍റെ കല്പനകളും ചട്ടങ്ങളും പാലിച്ച് എന്‍റെ മാര്‍ഗത്തില്‍ നടന്നാല്‍ ഞാന്‍ നിനക്കു ദീര്‍ഘായുസ്സു നല്‌കും.”
15 ശലോമോന്‍ ഉറക്കത്തില്‍നിന്നും ഉണര്‍ന്നപ്പോള്‍ അത് ഒരു ദര്‍ശനമായിരുന്നു എന്നു മനസ്സിലായി. അദ്ദേഹം യെരൂശലേമില്‍ മടങ്ങിവന്നു സര്‍വേശ്വരന്‍റെ സാക്ഷ്യപെട്ടകത്തിനു മുമ്പില്‍ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അര്‍പ്പിച്ചു; പിന്നീട് തന്‍റെ ഭൃത്യന്മാര്‍ക്ക് വിരുന്നു നടത്തി.
16
ഒരു ദിവസം രണ്ടു വേശ്യകള്‍ രാജസന്നിധിയില്‍ വന്നു.17 ഒരുവള്‍ പറഞ്ഞു: “യജമാനനേ, ഞാനും ഇവളും ഒരേ വീട്ടിലാണു പാര്‍ക്കുന്നത്. അവള്‍ വീട്ടിലുണ്ടായിരുന്നപ്പോള്‍ ഞാന്‍ ഒരു കുഞ്ഞിനെ പ്രസവിച്ചു;
18 മൂന്നു ദിവസം കഴിഞ്ഞ് ഇവളും പ്രസവിച്ചു. ഞങ്ങളല്ലാതെ ആ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല.
19 രാത്രിയില്‍ ഇവള്‍ കുട്ടിയുടെമേല്‍ കിടക്കാന്‍ ഇടയായതുകൊണ്ട് അവന്‍ മരിച്ചുപോയി.
20 അര്‍ധരാത്രിയില്‍ അടിയന്‍ ഉറങ്ങിക്കിടക്കുമ്പോള്‍ അവള്‍ എഴുന്നേറ്റ് അടിയന്‍റെ കുഞ്ഞിനെ എടുത്ത് അവളുടെ മാറോടു ചേര്‍ത്തു കിടത്തി; മരിച്ച കുഞ്ഞിനെ എന്‍റെ അടുത്തും കിടത്തി.
21 കുഞ്ഞിനെ മുലയൂട്ടാന്‍ ഞാന്‍ രാവിലെ എഴുന്നേറ്റപ്പോള്‍ കുഞ്ഞു മരിച്ചുകിടക്കുന്നതായി കണ്ടു. സൂക്ഷിച്ചുനോക്കിയപ്പോള്‍ അത് എന്‍റെ കുഞ്ഞല്ല എന്നു മനസ്സിലായി;
22 എന്നാല്‍ ഇവള്‍ പറഞ്ഞു; അങ്ങനെയല്ല ജീവനുള്ള കുഞ്ഞ് എന്‍റേതാണ്; മരിച്ചതു നിന്‍റെ കുഞ്ഞാണ്.” ഇങ്ങനെതന്നെ അവര്‍ രാജസന്നിധിയിലും വാദിച്ചു.
23 അപ്പോള്‍ ശലോമോന്‍ പറഞ്ഞു: “ജീവനുള്ള കുഞ്ഞ് എന്‍റേതാണ് മരിച്ചതു നിന്‍റേതാണ് എന്നു നിങ്ങള്‍ രണ്ടുപേരും അവകാശപ്പെടുകയാണല്ലോ.”
24 ഒരു വാള്‍ കൊണ്ടുവരുവാന്‍ രാജാവു കല്പിച്ചു; സേവകന്‍ വാള്‍ കൊണ്ടുവന്നു.
25 “ജീവനുള്ള കുഞ്ഞിനെ രണ്ടായി മുറിച്ച് ഇരുവര്‍ക്കുമായി കൊടുക്കാന്‍ രാജാവു വീണ്ടും കല്പിച്ചു;
26 ജീവനുള്ള കുഞ്ഞിന്‍റെ മാതാവ് തന്‍റെ കുഞ്ഞിനെ ഓര്‍ത്തു ഹൃദയം നീറി രാജാവിനോടു പറഞ്ഞു: “യജമാനനേ, ജീവനുള്ള കുഞ്ഞിനെ കൊല്ലരുതേ; അതിനെ അവള്‍ക്കു കൊടുത്തുകൊള്ളുക.” എന്നാല്‍ മറ്റവള്‍ പറഞ്ഞു: “ജീവനോടെ എനിക്കും വേണ്ട, നിനക്കും വേണ്ടാ, അതിനെ പിളര്‍ക്കട്ടെ”.
27 അതു കേട്ടപ്പോള്‍ രാജാവു കല്പിച്ചു: “ജീവനുള്ള കുഞ്ഞിനെ ആദ്യത്തെ സ്‍ത്രീക്കു കൊടുക്കുക; അവന്‍റെ അമ്മ അവളാണ്.”
28 രാജാവിന്‍റെ തീരുമാനം ഇസ്രായേല്‍ജനം അറിഞ്ഞപ്പോള്‍ നീതി നടത്തുന്നതിനു രാജാവിനു ദൈവികജ്ഞാനം ലഭിച്ചിട്ടുണ്ടെന്നു മനസ്സിലായി; അവര്‍ രാജാവിനെ അത്യധികം ബഹുമാനിച്ചു.
1
ശലോമോന്‍ ഇസ്രായേല്‍ മുഴുവന്‍റെയും രാജാവായി;2 സാദോക്കിന്‍റെ പുത്രന്‍ അസര്യായെ പുരോഹിതനായും
3 ശീശയുടെ പുത്രന്മാര്‍ എലീഹോരേഫീനെയും അഹീയായെയും കാര്യദര്‍ശികളായും അഹീലൂദിന്‍റെ പുത്രന്‍ യെഹോശാഫാത്തിനെ പ്രമാണം സൂക്ഷിപ്പുകാരനായും
4 യഹോയാദയുടെ പുത്രന്‍ ബെനായായെ സൈന്യാധിപനായും സാദോക്കിനെയും അബ്യാഥാരെയും പുരോഹിതന്മാരായും
5 നാഥാന്‍റെ പുത്രന്മാരായ അസര്യായെ മേല്‍വിചാരകനായും സാബൂദിനെ പുരോഹിതനായും ഉപദേഷ്ടാവായും
6 അഹീശാറിനെ കൊട്ടാരം വിചാരിപ്പുകാരനായും അബ്ദയുടെ പുത്രന്‍ അദോനീരാമിനെ അടിമകളുടെ മേലധികാരിയായും ശലോമോന്‍ രാജാവു നിയമിച്ചു.
7
രാജാവിനും കുടുംബാംഗങ്ങള്‍ക്കുമുള്ള ഭക്ഷണസാധനങ്ങള്‍ എത്തിച്ചുകൊടുക്കുന്നതിനു ശലോമോന്‍ പന്ത്രണ്ട് ഉദ്യോഗസ്ഥന്മാരെ ഇസ്രായേലില്‍ നിയമിച്ചിരുന്നു. അവര്‍ ഓരോരുത്തരും ഓരോ മാസത്തേക്ക് ആവശ്യമായ ഭക്ഷണപദാര്‍ഥങ്ങള്‍ എത്തിച്ചുകൊടുത്തിരുന്നു.8 അവര്‍ ചുമതല വഹിച്ചിരുന്ന സ്ഥലങ്ങളും അവരുടെ പേരുകളും:
9 എഫ്രയീംമലനാട്ടില്‍ ബെന്‍ഹൂര്‍; മാക്കസ്, ശാല്‍ബീം, ബേത്ത് ശേമെശ്, ഏലോന്‍-ബേത്ത്-ഹാനാന്‍ എന്നീ പട്ടണങ്ങളില്‍
10 ബെന്‍-ദേക്കെര്‍, അരുബോത്ത്, സോക്കോവ് എന്നീ പട്ടണങ്ങളും ഹേഫെര്‍ പ്രദേശവും ബെന്‍- ഹേസെര്‍;
11 നാഫത്ത്-ദോറില്‍ ബെന്‍ അബീനാദാബ്; താനാക്ക്,
12 മെഗിദ്ദോ എന്നീ പട്ടണങ്ങളും സാരെഥാനു സമീപം ജെസ്രീലിനു താഴെ ബേത്ത്-ശെയാന്‍മുതല്‍ അബേല്‍-മെഹോലാവരെയും യോക്മെയാമിന്‍റെ അപ്പുറം വരെയുമുള്ള സ്ഥലങ്ങളും അഹിലൂദിന്‍റെ പുത്രന്‍ ബാന;
13 ഗിലെയാദിലെ രാമോത്ത്, മനശ്ശെയുടെ പുത്രന്‍ യായീരിനു ഗിലെയാദിലുള്ള പട്ടണങ്ങള്‍, മതിലുകളും ചെമ്പോടാമ്പലുകളും ഉള്ള അറുപതു വലിയ പട്ടണങ്ങള്‍ ഉള്‍പ്പെട്ട ബാശാനിലെ അര്‍ഗ്ഗോബ് എന്നീ സ്ഥലങ്ങളില്‍ ബെന്‍-ഗേബെര്‍;
14 മഹനയീമില്‍ ഇദ്ദോവിന്‍റെ പുത്രന്‍ അഹീനാദാബ്; നഫ്താലിയില്‍ അഹീമാസ്;
15 [15,16] ആശേരിലും ബെയാലോത്തിലും ഹൂശയിയുടെ മകന്‍ ബാനാ;
16
17 ഇസ്സാഖാരില്‍ പാരൂഹിന്‍റെ പുത്രന്‍ യെഹോശാഫാത്ത്;
18 ബെന്യാമീനില്‍ ഏലയുടെ പുത്രന്‍ ശിമെയി;
19 അമോര്യരാജാവായ സീഹോന്‍റെയും ബാശാന്‍രാജാവായ ഓഗിന്‍റെയും രാജ്യമായിരുന്ന ഗിലെയാദില്‍ ഹൂരിന്‍റെ പുത്രന്‍ ഗേബര്‍; ഇവരെ കൂടാതെ യെഹൂദാദേശത്തിന് ഒരുദ്യോഗസ്ഥനുമുണ്ടായിരുന്നു.
20
യെഹൂദ്യയിലെയും ഇസ്രായേലിലെയും ജനം കടല്‍ക്കരയിലെ മണല്‍ത്തരികള്‍പോലെ അസംഖ്യമായി. അവര്‍ തിന്നും കുടിച്ചും ഉല്ലാസഭരിതരായി ജീവിച്ചു.21 യൂഫ്രട്ടീസ്നദിമുതല്‍ ഫെലിസ്ത്യദേശം ഉള്‍പ്പെടെ ഈജിപ്തിന്‍റെ അതിരുവരെയുള്ള പ്രദേശങ്ങള്‍ ശലോമോന്‍റെ ഭരണത്തിന്‍ കീഴിലായിരുന്നു. അവിടെയുള്ളവര്‍ കപ്പം കൊടുത്തു ശലോമോന്‍റെ ജീവിതകാലം മുഴുവന്‍ അദ്ദേഹത്തിനു കീഴ്പെട്ടിരുന്നു;
22 ശലോമോന്‍റെ പ്രതിദിനചെലവ് മുപ്പതു കോര്‍ നേരിയ മാവും അറുപതുകോര്‍ സാധാരണ മാവുമായിരുന്നു;
23 കൂടാതെ കലമാന്‍, പേടമാന്‍, മ്ലാവ്, കോഴി, തടിച്ചു കൊഴുത്ത പത്തു കാള, വയലില്‍ മേയുന്ന ഇരുപതു കാള, നൂറ് ആട് എന്നിവയും ഉള്‍പ്പെട്ടിരുന്നു.
24 യൂഫ്രട്ടീസ്നദിക്കു പടിഞ്ഞാറ് തിഫ്സാമുതല്‍ ഗസാവരെയുള്ള പ്രദേശങ്ങള്‍ ശലോമോന്‍റെ അധീനതയിലായിരുന്നു. നദിക്കു പടിഞ്ഞാറുള്ള സകല രാജാക്കന്മാരും അദ്ദേഹത്തിനു കീഴ്പെട്ടിരുന്നു. അയല്‍നാടുകളുമായി ശലോമോന്‍ സമാധാനത്തില്‍ കഴിഞ്ഞു;
25 ശലോമോന്‍റെ ജീവിതകാലം മുഴുവന്‍ ദാന്‍മുതല്‍ ബേര്‍-ശേബാവരെ യെഹൂദ്യയിലും ഇസ്രായേലിലും ഉള്ളവര്‍ ഓരോരുത്തരും മുന്തിരിയും അത്തിയും കൃഷി ചെയ്തു സുരക്ഷിതരായി ജീവിച്ചു.
26
ശലോമോനു പന്തീരായിരം കുതിരപ്പട്ടാളക്കാരും തന്‍റെ രഥങ്ങള്‍ക്കുള്ള കുതിരകള്‍ക്കായി നാല്പതിനായിരം ലായവും ഉണ്ടായിരുന്നു.27 ഭക്ഷണപദാര്‍ഥങ്ങള്‍ എത്തിച്ചുകൊടുക്കുന്നതിനു ചുമതലപ്പെട്ടവര്‍, അവ യാതൊരു കുറവും കൂടാതെ അതാതു മാസം എത്തിച്ചു കൊടുക്കും.
28 കുതിരകള്‍ക്കും വേഗതയേറിയ പടക്കുതിരകള്‍ക്കും ആവശ്യമായ ബാര്‍ലിയും വയ്‍ക്കോലും കൂടി അവര്‍ ഏറ്റിരുന്നതുപോലെ യഥാസ്ഥാനത്തു മുറപ്രകാരം എത്തിച്ചു കൊടുക്കുമായിരുന്നു.
29
ദൈവം ശലോമോന് അളവറ്റ ജ്ഞാനവും ബുദ്ധിയും കടല്പുറംപോലെ വിശാലമായ ഹൃദയവും കൊടുത്തിരുന്നു.30 പൗരസ്ത്യദേശത്തെയും ഈജിപ്തിലെയും ജ്ഞാനികളെ അതിശയിക്കുന്ന വിധത്തിലുള്ളതായിരുന്നു ശലോമോന്‍റെ ജ്ഞാനം.
31 എസ്രാഹ്യനായ ഏഥാന്‍, മാഹേലിന്‍റെ പുത്രന്മാരായ ഹേമാന്‍, കല്‍ക്കോല്‍, ദര്‍ദാ എന്നിവരെക്കാള്‍ അദ്ദേഹം ജ്ഞാനി ആയിരുന്നു. അയല്‍രാജ്യങ്ങളിലെല്ലാം അദ്ദേഹത്തിന്‍റെ കീര്‍ത്തി പരന്നു.
32 ശലോമോന്‍ മൂവായിരം സുഭാഷിതങ്ങളും ആയിരത്തഞ്ചു ഗീതങ്ങളും രചിച്ചു.
33 ലെബാനോനിലെ ദേവദാരുമുതല്‍ ചുവരിന്മേല്‍ മുളയ്‍ക്കുന്ന ഏസോവുവരെയുള്ള എല്ലാ വൃക്ഷങ്ങളെയും സസ്യങ്ങളെയുംകുറിച്ചും മൃഗങ്ങള്‍, പക്ഷികള്‍, ഇഴജാതികള്‍, മത്സ്യം എന്നിവയെക്കുറിച്ചും ശലോമോന് ആധികാരികമായി അറിവുണ്ടായിരുന്നു.
34 ശലോമോന്‍റെ ജ്ഞാനത്തെപ്പറ്റി കേട്ടിരുന്ന പല രാജാക്കന്മാരും ജനങ്ങളും അദ്ദേഹത്തിന്‍റെ ജ്ഞാനവചസ്സുകള്‍ ശ്രവിക്കാന്‍ എത്തിയിരുന്നു.
1
ശലോമോന്‍ തന്‍റെ പിതാവിന്‍റെ സ്ഥാനത്തു രാജാവായി അഭിഷിക്തനായിരിക്കുന്നു എന്ന വാര്‍ത്ത ദാവീദിന്‍റെ ആജീവനാന്തസുഹൃത്തും സോരിലെ രാജാവുമായ ഹീരാം കേട്ടപ്പോള്‍ തന്‍റെ ഭൃത്യന്മാരെ ശലോമോന്‍റെ അടുക്കല്‍ അയച്ചു.2 പിന്നീടു ശലോമോന്‍ ഹീരാമിന് ഒരു സന്ദേശം അയച്ചു:
3 “ചുറ്റുപാടുമുള്ള ശത്രുക്കളെ കീഴടക്കാന്‍ എന്‍റെ പിതാവായ ദാവീദിന് എപ്പോഴും യുദ്ധം ചെയ്യേണ്ടിയിരുന്നു; അതുകൊണ്ട് തന്‍റെ ദൈവമായ സര്‍വേശ്വരനെ ആരാധിക്കാന്‍ ഒരു ആലയം നിര്‍മ്മിക്കുന്നതിനു കഴിഞ്ഞില്ലെന്ന് അങ്ങേക്ക് അറിയാമല്ലോ.
4 എന്‍റെ രാജ്യത്ത് എല്ലായിടത്തും എന്‍റെ ദൈവമായ സര്‍വേശ്വരന്‍ എനിക്കു സ്വസ്ഥത നല്‌കിയിരിക്കുന്നു; എനിക്കു പ്രതിയോഗിയോ ആക്രമണഭീഷണിയോ ഇല്ല.
5 ‘നിനക്കുശേഷം രാജാവായി ഞാന്‍ അവരോധിക്കുന്ന നിന്‍റെ മകന്‍ എനിക്ക് ഒരു ദേവാലയം പണിയുമെന്ന്” സര്‍വേശ്വരന്‍ എന്‍റെ പിതാവിനോടു വാഗ്ദാനം ചെയ്തിരുന്നു. അതനുസരിച്ച് എന്‍റെ ദൈവമായ സര്‍വേശ്വരനെ ആരാധിക്കുന്നതിന് ഒരു ദേവാലയം പണിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
6 ഇതിനായി ദേവദാരുമരം മുറിക്കാന്‍ അങ്ങയുടെ ആളുകളെ ലെബാനോനിലേക്ക് അയച്ചാലും; അങ്ങു നിശ്ചയിക്കുന്ന കൂലി ഞാന്‍ അവര്‍ക്കു കൊടുത്തുകൊള്ളാം; എന്‍റെ ജോലിക്കാരും അവരോടൊത്തു ജോലി ചെയ്യും. മരം മുറിക്കാന്‍ സീദോന്യരെപ്പോലെ പരിചയമുള്ളവര്‍ ഞങ്ങളുടെ ഇടയില്‍ ഇല്ലെന്ന് അങ്ങേക്കറിയാമല്ലോ.
7
ശലോമോന്‍റെ സന്ദേശം ലഭിച്ചപ്പോള്‍ ഹീരാം അതീവ സന്തുഷ്ടനായി; അദ്ദേഹം പറഞ്ഞു: “മഹത്തായ ഈ ജനതയെ ഭരിക്കാന്‍ ജ്ഞാനിയായ ഒരു പുത്രനെ ദാവീദിനു നല്‌കിയ സര്‍വേശ്വരന്‍ വാഴ്ത്തപ്പെടട്ടെ.”8 ശലോമോന്‍റെ സന്ദേശം കിട്ടിയപ്പോള്‍ ഹീരാം അറിയിച്ചു: “അങ്ങയുടെ ആഗ്രഹംപോലെ പ്രവര്‍ത്തിക്കാന്‍ ഞാന്‍ ഒരുക്കമാണ്. ദേവദാരുവിന്‍റെയും സരളമരത്തിന്‍റെയും കാര്യത്തില്‍ അങ്ങ് ആഗ്രഹിക്കുന്നതുപോലെ ഞാന്‍ ചെയ്യാം.
9 എന്‍റെ ജോലിക്കാര്‍ ലെബാനോനില്‍നിന്നു തടി കടലില്‍ ഇറക്കി ചങ്ങാടങ്ങളാക്കി അങ്ങു പറയുന്ന സ്ഥലത്തെത്തിച്ചു കെട്ടഴിപ്പിച്ചു തരും; അവിടെവച്ച് അവ ഏറ്റുവാങ്ങിയാല്‍ മതി. എന്‍റെ കുടുംബത്തിനാവശ്യമായ ഭക്ഷണം നല്‌കണമെന്നുള്ള എന്‍റെ ആഗ്രഹം അങ്ങു നിറവേറ്റിത്തരണം.
10 അങ്ങനെ ശലോമോന്‍ ആവശ്യപ്പെട്ടതുപോലെ ദേവദാരുവും സരളമരവും ഹീരാം അയച്ചുകൊടുത്തു.
11 ഹീരാമിന്‍റെ കുടുംബത്തിനാവശ്യമായ ഇരുപതിനായിരം കോര്‍ കോതമ്പും ഇരുപതിനായിരം കോര്‍ ആട്ടിയെടുത്ത എണ്ണയും ശലോമോന്‍ ആണ്ടുതോറും നല്‌കിപ്പോന്നു.
12 സര്‍വേശ്വരന്‍ ശലോമോനോടു വാഗ്ദാനം ചെയ്തിരുന്നതുപോലെ അദ്ദേഹത്തിനു വേണ്ടത്ര ജ്ഞാനം നല്‌കി. ഹീരാമും ശലോമോനും സമാധാനത്തോടെ കഴിഞ്ഞു; അവര്‍ തമ്മില്‍ ഒരു ഉടമ്പടി ഉണ്ടാക്കുകയും ചെയ്തു.
13
ശലോമോന്‍രാജാവ് ഇസ്രായേലില്‍നിന്നു മുപ്പതിനായിരം പേരെ അടിമവേലയ്‍ക്കു തിരഞ്ഞെടുത്തു;14 അവരില്‍നിന്നു പതിനായിരം പേരെ വീതം മാസംതോറും ലെബാനോനിലേക്കയച്ചുകൊണ്ടിരുന്നു. അവര്‍ ഒരു മാസം ലെബാനോനില്‍ കഴിയും; രണ്ടു മാസം തങ്ങളുടെ വീടുകളിലും. അദോനീരാം ആയിരുന്നു അവരുടെ മേല്‍നോട്ടം വഹിച്ചിരുന്നത്.
15 ശലോമോന് എണ്‍പതിനായിരം കല്ലുവെട്ടുകാരും കല്ലു ചുമക്കുന്നതിന് എഴുപതിനായിരം ചുമട്ടുകാരും കൂടാതെ
16 അവരുടെ മേല്‍നോട്ടം വഹിക്കുന്നതിനു മൂവായിരത്തി മുന്നൂറ് ആളുകളും ഉണ്ടായിരുന്നു.
17 ദേവാലയത്തിന് അടിത്തറ പണിയാന്‍ രാജകല്പനപ്രകാരം വിലപ്പെട്ട വലിയ കല്ലുകള്‍ കൊണ്ടുവന്നു ചെത്തിയൊരുക്കി.
18 ശലോമോന്‍റെയും ഹീരാമിന്‍റെയും ശില്പികളും ഗെബാല്യരും ആലയപ്പണിക്കുവേണ്ട മരവും കല്ലും ചെത്തിയൊരുക്കി.
1
ഇസ്രായേല്‍ജനം ഈജിപ്തില്‍നിന്നു പുറപ്പെട്ടതിന്‍റെ നാനൂറ്റി എണ്‍പതാം വര്‍ഷം അതായതു ശലോമോന്‍റെ വാഴ്ചയുടെ നാലാം വര്‍ഷം രണ്ടാം മാസമായ സീവ് മാസത്തിലാണ് അദ്ദേഹം ദേവാലയത്തിന്‍റെ പണി ആരംഭിച്ചത്.2 ശലോമോന്‍രാജാവു സര്‍വേശ്വരനുവേണ്ടി നിര്‍മ്മിച്ച ആലയത്തിന് അറുപതു മുഴം നീളവും ഇരുപതു മുഴം വീതിയും മുപ്പതു മുഴം ഉയരവും ഉണ്ടായിരുന്നു.
3 ദേവാലയത്തിന്‍റെ മുന്‍ഭാഗത്ത് പത്തു മുഴം വീതിയും ആലയത്തിന്‍റെ വീതിയായ ഇരുപതു മുഴം നീളവുമുള്ള ഒരു പൂമുഖം ഉണ്ടായിരുന്നു.
4 ദേവാലയഭിത്തികളില്‍ അകത്തു വിസ്താരം കൂടിയതും പുറത്തേക്കു വരുമ്പോള്‍ വിസ്താരം കുറഞ്ഞതുമായ ജനാലകളും ഉണ്ടായിരുന്നു.
5 ദേവാലയത്തിന്‍റെ അന്തര്‍മന്ദിരമടക്കമുള്ള പുറംഭിത്തികളോടു ചേര്‍ന്നു തട്ടുകളായി മുറികള്‍ നിര്‍മ്മിച്ചു.
6 താഴത്തെ നിലയ്‍ക്ക് അഞ്ചു മുഴവും നടുവിലത്തേതിന് ആറു മുഴവും മുകളിലത്തേതിന് ഏഴു മുഴവും വീതിയുണ്ടായിരുന്നു; മുറികളുടെ തുലാങ്ങള്‍ ദേവാലയഭിത്തിയില്‍ തുളച്ചുകടക്കാതിരിക്കത്തക്കവിധം പുറംഭിത്തികളില്‍തന്നെ അവ ഉറപ്പിച്ചിരുന്നു.
7 കല്ലു വെട്ടുന്ന കുഴിയില്‍ വച്ചുതന്നെ അവ ചെത്തി ഒരുക്കിയിരുന്നതുകൊണ്ടു പണി നടക്കുന്ന സമയത്തു ദേവാലയത്തില്‍ മഴുവിന്‍റെയോ ചുറ്റികയുടെയോ മറ്റ് ഇരുമ്പായുധങ്ങളുടെയോ ഒച്ച കേട്ടിരുന്നില്ല.
8 താഴത്തെ നിലയുടെ വാതില്‍ ദേവാലയത്തിന്‍റെ തെക്കുവശത്തായിരുന്നു. ചുറ്റിക്കയറാവുന്ന ഗോവണിയിലൂടെ മധ്യനിലയിലേക്കും അവിടെനിന്നു മുകളിലത്തെ നിലയിലേക്കും കയറാം.
9 അങ്ങനെ ശലോമോന്‍ ദേവാലയത്തിന്‍റെ പണി പൂര്‍ത്തിയാക്കി; ദേവദാരുകൊണ്ടുള്ള പലകയും തുലാങ്ങളും കൊണ്ടു മച്ചിട്ടു.
10 ആലയത്തിന്‍റെ ചുറ്റുമുള്ള തട്ടുകള്‍ അഞ്ചു മുഴം ഉയരത്തിലാണ് നിര്‍മ്മിച്ചിരുന്നത്. ദേവദാരുതടികൊണ്ട് അവ ദേവാലയത്തോടു ബന്ധിപ്പിച്ചിരുന്നു.
11
സര്‍വേശ്വരന്‍ ശലോമോനോട് അരുളിച്ചെയ്തു:12 “നീ എനിക്ക് ആലയം പണിയുകയാണല്ലോ. നീ എന്‍റെ സകല ചട്ടങ്ങളും അനുശാസനങ്ങളും കല്പനകളും അനുസരിച്ചു ജീവിച്ചാല്‍ ഞാന്‍ നിന്‍റെ പിതാവായ ദാവീദിനോടു ചെയ്തിരുന്ന വാഗ്ദാനം നിന്നില്‍ നിറവേറ്റും.
13 ഞാന്‍ ഇസ്രായേല്‍ജനത്തിന്‍റെ ഇടയില്‍ത്തന്നെ പാര്‍ക്കും; എന്‍റെ ജനമായ ഇസ്രായേലിനെ ഞാന്‍ ഉപേക്ഷിക്കുകയില്ല.”
14
ശലോമോന്‍ ദേവാലയത്തിന്‍റെ പണി പൂര്‍ത്തിയാക്കി.15 ദേവാലയഭിത്തികളുടെ ഉള്‍വശം തറമുതല്‍ മച്ചുവരെ ദേവദാരുപ്പലകകൊണ്ടു പൊതിഞ്ഞു; തറയില്‍ സരളമരപ്പലകകള്‍ നിരത്തി.
16 ദേവാലയത്തിന്‍റെ പിന്‍ഭാഗത്തെ ഇരുപതു മുഴം തറമുതല്‍ ഉത്തരംവരെ ദേവദാരുപ്പലകകൊണ്ടു വേര്‍തിരിച്ചു. അങ്ങനെയാണ് അന്തര്‍മന്ദിരമായ അതിവിശുദ്ധസ്ഥലം നിര്‍മ്മിച്ചത്.
17 അതിവിശുദ്ധ സ്ഥലത്തിനു മുമ്പിലുള്ള ദേവാലയഭാഗത്തിനു നാല്പതു മുഴം നീളമുണ്ടായിരുന്നു.
18 ദേവാലയത്തിന്‍റെ ഉള്‍ച്ചുവരുകള്‍ കല്ലു കാണാന്‍ പാടില്ലാത്തവിധം ദേവദാരുപ്പലകകള്‍കൊണ്ട് പൊതിഞ്ഞിരുന്നു. ഫലങ്ങളും വിടര്‍ന്ന പൂക്കളും കൊത്തി മനോഹരമാക്കിയവയായിരുന്നു ആ പലകകള്‍.
19
ദേവാലയത്തിന്‍റെ ഉള്‍ഭാഗത്തു സര്‍വേശ്വരന്‍റെ ഉടമ്പടിപ്പെട്ടകം സ്ഥാപിക്കുന്നതിന് അന്തര്‍മന്ദിരം ഒരുക്കി.20 അന്തര്‍മന്ദിരത്തിന് ഇരുപതു മുഴം വീതം നീളവും വീതിയും ഉയരവും ഉണ്ടായിരുന്നു. ശലോമോന്‍ അതു തങ്കംകൊണ്ടു പൊതിഞ്ഞു; യാഗപീഠം ദേവദാരുകൊണ്ടു നിര്‍മ്മിച്ചു.
21 ആലയത്തിന്‍റെ അകവശം മുഴുവന്‍ തങ്കംകൊണ്ടു പൊതിയുകയും അന്തര്‍മന്ദിരത്തിന്‍റെ മുന്‍ഭാഗം കുറുകെ സ്വര്‍ണച്ചങ്ങലകള്‍കൊണ്ടു ബന്ധിക്കുകയും ചെയ്തു. അന്തര്‍മന്ദിരം തങ്കംകൊണ്ടു പൊതിഞ്ഞു.
22 അങ്ങനെ യാഗപീഠം ഉള്‍പ്പെടെ ദേവാലയം മുഴുവന്‍ സ്വര്‍ണംകൊണ്ടു പൊതിഞ്ഞു.
23
ഒലിവുമരംകൊണ്ടു പത്തു മുഴം ഉയരമുള്ള രണ്ടു കെരൂബുകളെ ഉണ്ടാക്കി അതിവിശുദ്ധസ്ഥലത്തു സ്ഥാപിച്ചു.24 കെരൂബിന്‍റെ ഓരോ ചിറകിനും അഞ്ചു മുഴം നീളമുണ്ടായിരുന്നു. ഒരു ചിറകിന്‍റെ അറ്റംമുതല്‍ മറ്റേ ചിറകിന്‍റെ അറ്റംവരെയുള്ള അകലം പത്തു മുഴം ആയിരുന്നു.
25 മറ്റേ കെരൂബിന് അതേ വലിപ്പവും ആകൃതിയും ആയിരുന്നു. രണ്ടു കെരൂബുകളുടെയും ആകൃതിയും ഒരുപോലെ ആയിരുന്നു.
26 രണ്ടു കെരൂബുകളുടെയും ഉയരം പത്തുമുഴം ആയിരുന്നു. ശലോമോന്‍ കെരൂബുകളെ അന്തര്‍മന്ദിരത്തില്‍ സ്ഥാപിച്ചു.
27 ഒരു കെരൂബിന്‍റെ ചിറക് ഒരു ചുവരിലും, മറ്റേ കെരൂബിന്‍റെ ചിറക് മറ്റേ ചുവരിലും തൊട്ടിരുന്നു. മന്ദിരത്തിന്‍റെ നടുവില്‍ അവയുടെ ചിറകുകള്‍ പരസ്പരം സ്പര്‍ശിച്ചിരുന്നു.
28 രണ്ടു കെരൂബുകളെയും സ്വര്‍ണംകൊണ്ടു പൊതിഞ്ഞിരുന്നു.
29 ആലയത്തിന്‍റെ അകത്തും പുറത്തുമുള്ള മുറികളുടെ ചുവരുകള്‍ കെരൂബ്, ഈന്തപ്പന, വിടര്‍ന്ന പുഷ്പങ്ങള്‍ എന്നിവയുടെ രൂപങ്ങള്‍ കൊത്തി അലങ്കരിച്ചിരുന്നു.
30 ആ മുറികളുടെ തറകളും സ്വര്‍ണംകൊണ്ടു പൊതിഞ്ഞിരുന്നു.
31
അന്തര്‍മന്ദിരത്തിന്‍റെ വാതിലിന് ഒലിവുപലകകൊണ്ടു കതകുകള്‍ ഉണ്ടാക്കി. വാതിലിന്‍റെ കട്ടളയും മേല്പടിയും ചേര്‍ത്തു പഞ്ചഭുജാകൃതിയിലാണു നിര്‍മ്മിച്ചിരുന്നത്.32 ഒലിവുപലകകൊണ്ടുള്ള രണ്ടു കതകുകളിലും കെരൂബ്, ഈന്തപ്പന, വിടര്‍ന്ന പുഷ്പങ്ങള്‍ എന്നിവയുടെ രൂപങ്ങള്‍ കൊത്തിവച്ചു. അവ സ്വര്‍ണംകൊണ്ടു പൊതിഞ്ഞു.
33 ദേവാലയത്തിന്‍റെ പ്രധാനകവാടത്തിലെ വാതില്‍ ഒലിവുതടികൊണ്ടു ചതുരാകൃതിയിലുണ്ടാക്കി.
34 അതിന്‍റെ രണ്ടു കതകുകളും സരളമരംകൊണ്ടു നിര്‍മ്മിച്ചു. ഓരോന്നിനും ഈരണ്ടു മടക്കുപാളികളും ഉണ്ടായിരുന്നു.
35 അവയില്‍ കെരൂബ്, ഈന്തപ്പന, വിടര്‍ന്ന പുഷ്പങ്ങള്‍ എന്നിവയുടെ രൂപങ്ങള്‍ കൊത്തിവച്ചു; അവയെല്ലാം സ്വര്‍ണംകൊണ്ടു പൊതിഞ്ഞു.
36 ചെത്തി ഒരുക്കിയ ഓരോ മൂന്നുനിര കല്ലിനും ഒരു നിര ദേവദാരുതടി എന്ന ക്രമത്തിലാണ് അകത്തെ അങ്കണം നിര്‍മ്മിച്ചത്.
37 ശാലോമോന്‍റെ ഭരണത്തിന്‍റെ നാലാം വര്‍ഷം സീവ് മാസത്തിലായിരുന്നു ദേവാലയത്തിന് അടിസ്ഥാനമിട്ടത്.
38 പതിനൊന്നാം വര്‍ഷം എട്ടാം മാസം അതായത് ബൂല്‍ മാസത്തില്‍ ദേവാലയത്തിന്‍റെ സകല പണികളും മുന്‍നിശ്ചയപ്രകാരമുള്ള മാതൃകയില്‍തന്നെ പൂര്‍ത്തിയായി. അങ്ങനെ ഏഴു വര്‍ഷംകൊണ്ടു ശലോമോന്‍ ദേവാലയനിര്‍മ്മാണം പൂര്‍ത്തിയാക്കി.
1
ശലോമോന്‍ തനിക്കുവേണ്ടി ഒരു കൊട്ടാരം നിര്‍മ്മിച്ചു. അതിനു പതിമൂന്നു വര്‍ഷം വേണ്ടിവന്നു.2 ലെബാനോന്‍ വനഗൃഹവും അദ്ദേഹമാണു നിര്‍മ്മിച്ചത്. അതിനു നൂറു മുഴം നീളവും അന്‍പതു മുഴം വീതിയും മുപ്പതു മുഴം ഉയരവും ആയിരുന്നു. അതിനു ദേവദാരു നിര്‍മ്മിതമായ മൂന്നു നിര തൂണും തൂണുകളിന്മേല്‍ ഉത്തരങ്ങളും പണിതുറപ്പിച്ചു.
3 ഓരോ നിരയിലും പതിനഞ്ചു തൂണുകള്‍ വീതം ആയിരുന്നു. അങ്ങനെ നാല്പത്തഞ്ചു തൂണുകളില്‍ തുലാങ്ങള്‍ ഉറപ്പിച്ച് ദേവദാരുപ്പലകകൊണ്ട് തട്ടുണ്ടാക്കി;
4 രണ്ടു വശത്തുമുള്ള ഓരോ ഭിത്തിയിലും മുമ്മൂന്നു ജനലുകള്‍ ഉണ്ടായിരുന്നു. അവ പരസ്പരം അഭിമുഖമായി ഉറപ്പിച്ചിരുന്നു.
5 വാതിലുകള്‍ക്കും ജനലുകള്‍ക്കും ദീര്‍ഘ ചതുരാകൃതിയായിരുന്നു. ഇരുവശങ്ങളിലുമുള്ള ജനലുകള്‍ മൂന്നു നിരകളില്‍ പരസ്പരം അഭിമുഖമായി ഉറപ്പിച്ചു.
6 അന്‍പതു മുഴം നീളവും മുപ്പതു മുഴം വീതിയുമുള്ള സ്തംഭശാലയും ഉണ്ടാക്കി. അതിന്‍റെ മുന്‍വശത്ത് സ്തംഭങ്ങളില്‍ ഉറപ്പിച്ചിരുന്ന വിതാനത്തോടുകൂടിയ പൂമുഖവും പണികഴിപ്പിച്ചു.
7 ന്യായാസനമണ്ഡപവും അദ്ദേഹം നിര്‍മ്മിച്ചു. അതിന്‍റെ തറമുതല്‍ മുകള്‍വരെ ദേവദാരുപ്പലകകൊണ്ടു പൊതിഞ്ഞു.
8 ന്യായാസനമണ്ഡപത്തിന്‍റെ പിന്‍ഭാഗത്തു തനിക്കു പാര്‍ക്കാന്‍ അതേ ശില്പരചനയോടുകൂടിയ ഒരു അരമന നിര്‍മ്മിച്ചു. ഇതേ രീതിയില്‍ ഒരു ഭവനം തന്‍റെ ഭാര്യയായ ഫറവോയുടെ പുത്രിക്കുവേണ്ടിയും പണിതു.
9
സര്‍വേശ്വരമന്ദിരത്തിന്‍റെ അങ്കണംമുതല്‍ വലിയ അങ്കണംവരെയുള്ള ഈ കെട്ടിടങ്ങളുടെയെല്ലാം അടിത്തറമുതല്‍ ഉത്തരംവരെ വിലപ്പെട്ട കല്ലുകള്‍ കൊണ്ടാണു പണിതിരുന്നത്. അവയെല്ലാം കല്ലു വെട്ടുന്ന കുഴിയില്‍ വച്ചുതന്നെ ഈര്‍ച്ചവാള്‍കൊണ്ട് അറുത്തൊരുക്കിയവ ആയിരുന്നു.10 ചെത്തി ഒരുക്കിയ വലിയ കല്ലുകള്‍കൊണ്ട് അടിത്തറ പണിതു. അവയില്‍ എട്ടു മുഴം നീളമുള്ളവയും പത്തു മുഴം നീളമുള്ളവയും ഉണ്ടായിരുന്നു.
11 അടിത്തറയ്‍ക്കുമീതെ ഒരേ തോതില്‍ ചെത്തിയെടുത്ത വിലയേറിയ കല്ലുകളും ദേവദാരുപ്പലകകളും പാകിയിരുന്നു.
12 പ്രധാനശാലയ്‍ക്കു ചുറ്റും ഉണ്ടായിരുന്നതുപോലെ സര്‍വേശ്വരന്‍റെ ആലയത്തിനും പൂമുഖത്തിനും ചുറ്റുമായി മൂന്നുവരി ചെത്തിയ കല്ലും ഒരുവരി ദേവദാരുപ്പലകയും പാകിയിരുന്നു.
13
ശലോമോന്‍രാജാവ് സോരില്‍നിന്ന് ഓടുകൊണ്ടുള്ള പണിയില്‍ വിദഗ്ദ്ധനായിരുന്ന ഹീരാം എന്നൊരു ശില്പിയെ വരുത്തി.14 അയാള്‍ നഫ്താലിഗോത്രത്തില്‍പ്പെട്ട ഒരു വിധവയുടെ മകനായിരുന്നു. അയാളുടെ പിതാവും ആ പണിയില്‍ വിദഗ്ദ്ധനായിരുന്നു. ഓടുകൊണ്ടുള്ള ഏതു പണിയും ചെയ്യാനുള്ള ബുദ്ധിയും അറിവും വൈദഗ്ദ്ധ്യവും ഉള്ള ശില്പിയായിരുന്നു ഹീരാം. അയാള്‍ വന്നു ശലോമോന് ആവശ്യമായ എല്ലാ പണികളും ചെയ്തുകൊടുത്തു.
15
ഹീരാം രണ്ട് ഓട്ടുസ്തംഭങ്ങള്‍ ഉണ്ടാക്കി. ഓരോന്നിനും പതിനെട്ടു മുഴം ഉയരവും പന്ത്രണ്ടു മുഴം ചുറ്റളവും ഉണ്ടായിരുന്നു.16 സ്തംഭങ്ങളുടെ മുകളില്‍ വയ്‍ക്കാന്‍ ഓടുകൊണ്ട് അഞ്ചു മുഴം വീതം ഉയരമുള്ള രണ്ടു മകുടങ്ങള്‍ നിര്‍മ്മിച്ചു.
17 രണ്ടു സ്തംഭങ്ങളുടെയും മീതെയുള്ള മകുടങ്ങളില്‍ ഓരോന്നിലും ഏഴുവീതം ചിത്രപ്പണി ചെയ്ത തൊങ്ങലും ചങ്ങലയും ഘടിപ്പിച്ചു.
18 സ്തംഭങ്ങളുടെ മുകളിലുള്ള മകുടങ്ങളുടെ തൊങ്ങലുകള്‍ക്കുമീതെ മകുടങ്ങള്‍ മൂടത്തക്കവിധം രണ്ടു വരി മാതളപ്പഴരൂപങ്ങള്‍ കൊത്തിവച്ചു.
19 പൂമുഖത്തുള്ള സ്തംഭങ്ങളുടെ മകുടങ്ങള്‍ നാലു മുഴം ഉയരത്തില്‍ ലില്ലിപ്പൂവിന്‍റെ ആകൃതിയിലാണു നിര്‍മ്മിച്ചിരുന്നത്.
20 സ്തംഭങ്ങളുടെ തലയ്‍ക്കല്‍ തൊങ്ങലുകളോടു ചേര്‍ന്ന് ഉന്തി നില്‌ക്കുന്ന ഭാഗത്തിനു മുകളില്‍ മകുടങ്ങള്‍ ഉറപ്പിച്ചു. അവയ്‍ക്കു ചുറ്റും രണ്ടു നിരയായി ഇരുനൂറു മാതളപ്പഴരൂപങ്ങളും കൊത്തിവച്ചു.
21 ദേവാലയത്തിന്‍റെ പൂമുഖത്തായിരുന്നു സ്തംഭങ്ങള്‍ സ്ഥാപിച്ചത്. വലതുവശത്തെ സ്തംഭത്തിനു യാഖീന്‍ എന്നും ഇടതുവശത്തേതിന് ബോവസ് എന്നും പേരിട്ടു.
22 സ്തംഭങ്ങളുടെ മുകള്‍ഭാഗം ലില്ലിപ്പൂവിന്‍റെ ആകൃതിയിലായിരുന്നു. ഇങ്ങനെ സ്തംഭങ്ങളുടെ പണി പൂര്‍ത്തിയായി.
23
ഓടുകൊണ്ടു വൃത്താകൃതിയിലുള്ള ഒരു ജലസംഭരണി ഹീരാം ഉണ്ടാക്കി. അതിനു പത്തു മുഴം വ്യാസവും അഞ്ചു മുഴം ആഴവും മുപ്പതു മുഴം ചുറ്റളവും ഉണ്ടായിരുന്നു.24 അതിന്‍റെ വക്കിനു താഴെ ചുറ്റും രണ്ടു നിരയായി മുഴം ഒന്നിനു പത്തു കായ്‍രൂപങ്ങള്‍ വീതം ഉണ്ടായിരുന്നു. ജലസംഭരണിയും കായ്കളും ഒന്നായിട്ടാണു വാര്‍ത്തിരുന്നത്.
25 പന്ത്രണ്ടു കാളകളുടെ രൂപങ്ങളിന്മേലായിരുന്നു ജലസംഭരണി സ്ഥാപിച്ചിരുന്നത്. അവ മൂന്നു വീതം നാലു ദിക്കുകളിലേക്കും തിരിഞ്ഞുനിന്നിരുന്നു. ജലസംഭരണിയുടെ അടിയിലായിരുന്നു അവയുടെ പിന്‍ഭാഗം.
26 ജലസംഭരണിയുടെ ഭിത്തിക്ക് ഒരു കൈപ്പത്തിയുടെ ഘനമുണ്ടായിരുന്നു. അതിന്‍റെ വക്ക് കോപ്പയുടേതെന്നപോലെ ലില്ലിപ്പൂക്കളുടെ ആകൃതിയില്‍ ആയിരുന്നു. ജലസംഭരണിയില്‍ രണ്ടായിരം ബത്ത് വെള്ളം കൊള്ളുമായിരുന്നു.
27
ഹീരാം ഓടുകൊണ്ടു പത്തു വണ്ടികളുണ്ടാക്കി. ഓരോന്നിനും നാലു മുഴം നീളവും നാലു മുഴം വീതിയും മൂന്നു മുഴം ഉയരവും ഉണ്ടായിരുന്നു.28 ചതുരപ്പലകകള്‍ ചട്ടങ്ങളില്‍ ഉറപ്പിച്ചാണ് അവ ഉണ്ടാക്കിയത്.
29 പലകകളില്‍ സിംഹം, കാള, കെരൂബ് എന്നിവയുടെ രൂപങ്ങള്‍ കൊത്തിയിരുന്നു. മുകളിലും താഴെയുമുള്ള ചട്ടങ്ങളില്‍ സിംഹം, കാള, പുഷ്പഹാരം എന്നിവയുടെ രൂപങ്ങളും കൊത്തിവച്ചിരുന്നു.
30 ഓരോ വണ്ടിക്കും ഓടുകൊണ്ടുള്ള നാലു ചക്രങ്ങളും അച്ചുതണ്ടുകളും ഉണ്ടായിരുന്നു. അതിന്‍റെ നാലു കോണിലും തൊട്ടികള്‍ വയ്‍ക്കാനുള്ള കാലുകള്‍ നിര്‍മ്മിച്ചിരുന്നു. അവ ചിത്രപ്പണികളോടുകൂടി വാര്‍ത്തിരുന്നു.
31 ഒരു മുഴം ഉയര്‍ന്നു നില്‌ക്കുന്ന ഒരു മകുടത്തിലാണ് അതിന്‍റെ വായ് ഉറപ്പിച്ചിരുന്നത്; അത് ഉള്ളിലേക്ക് ഇറങ്ങിയിരുന്നു; അതിന്മേലും കൊത്തുപണികളുണ്ടായിരുന്നു. അവയുടെ പലകകള്‍ വൃത്താകൃതിയിലല്ല; ചതുരത്തിലായിരുന്നു.
32 ചക്രങ്ങള്‍ പലകകളുടെ അടിയിലായിരുന്നു. അച്ചുതണ്ടുകള്‍ വണ്ടിയോടു ചേര്‍ത്തു ഘടിപ്പിച്ചിരുന്നു. ഓരോ ചക്രത്തിനും ഒന്നര മുഴം ഉയരം ഉണ്ടായിരുന്നു.
33 രഥത്തിന്‍റെ ചക്രങ്ങള്‍ പോലെയാണ് അവ ഉറപ്പിച്ചിരുന്നത്. അച്ചുതണ്ടുകളും വണ്ടിപ്പട്ടകളും ആരക്കാലുകളും ചക്രനാഭികളുമെല്ലാം വാര്‍ത്തുണ്ടാക്കിയവ ആയിരുന്നു.
34 ഓരോ വണ്ടിയുടെയും നാലു കോണുകളിലും താങ്ങുകള്‍ ഉണ്ടായിരുന്നു; അവയും വണ്ടിയോടു ഘടിപ്പിച്ചിരുന്നു.
35 ഓരോ വണ്ടിയുടെയും മേല്‍ഭാഗത്ത് അര മുഴം ഉയരമുള്ള വളയം ഉണ്ടായിരുന്നു. അതിന്‍റെ താങ്ങുകളും തട്ടുകളും വണ്ടിയോടു ഘടിപ്പിച്ചിരുന്നു.
36 താങ്ങുകളുടെയും തട്ടുകളുടെയുംമേല്‍ കെരൂബ്, സിംഹം, ഈന്തപ്പന എന്നിവയുടെ രൂപങ്ങള്‍ ചുറ്റുമുള്ള ചിത്രപ്പണിയോടൊപ്പം കൊത്തിവച്ചിരുന്നു.
37 ഈ രീതിയിലായിരുന്നു വണ്ടികളെല്ലാം ഉണ്ടാക്കിയിരുന്നത്; അളവിലും രൂപത്തിലും അവയെല്ലാം ഒരുപോലെ ആയിരുന്നു.
38 ഓരോ വണ്ടിക്കും ഓരോ തൊട്ടിവീതം ഹീരാം ഓടുകൊണ്ടു പത്തു തൊട്ടികളുണ്ടാക്കി. അവയുടെ രൂപം തളികയുടേതുപോലെ ആയിരുന്നു; നാലു മുഴം വീതം വ്യാസമുള്ള തൊട്ടികളില്‍ നാല്പതു ബത്തു വെള്ളംവീതം കൊള്ളുമായിരുന്നു.
39 വണ്ടികളില്‍ അഞ്ചെണ്ണം ദേവാലയത്തിന്‍റെ തെക്കുവശത്തും അഞ്ചെണ്ണം വടക്കുവശത്തും വച്ചിരുന്നു. ജലസംഭരണി ദേവാലയത്തിന്‍റെ തെക്കുകിഴക്കേ മൂലയിലാണ് സ്ഥാപിച്ചിരുന്നത്.
40
ഹീരാം കലങ്ങളും കോരികകളും കോപ്പകളും ഉണ്ടാക്കി; അങ്ങനെ അയാള്‍ ശലോമോനുവേണ്ടി ദേവാലയത്തിലെ പണികള്‍ പൂര്‍ത്തിയാക്കി.41 രണ്ടു സ്തംഭങ്ങള്‍, അവയുടെ ഗോളാകൃതിയിലുള്ള മകുടങ്ങള്‍, അവയെ മൂടിയിരുന്ന തൊങ്ങലുകള്‍,
42 തൊങ്ങലുകളില്‍ രണ്ടു നിരയായി നാനൂറു മാതളപ്പഴങ്ങള്‍, പത്തു വണ്ടികള്‍,
43 അവയില്‍ പത്തു തൊട്ടികള്‍, ജലസംഭരണി,
44 അതിന്‍റെ അടിയില്‍ പന്ത്രണ്ടു കാളകള്‍,
45 കലങ്ങള്‍, കോരികകള്‍, കോപ്പകള്‍ എന്നിവ ശുദ്ധിചെയ്ത മേല്‍ത്തരം ഓടുകൊണ്ടാണു ഹീരാം ഉണ്ടാക്കിയത്.
46 യോര്‍ദ്ദാന്‍ സമഭൂമിയില്‍ സുക്കോത്തിനും സാരെഥാനും ഇടയ്‍ക്ക് കളിമണ്ണുള്ള സ്ഥലത്തുവച്ചാണു രാജാവ് ഇവയെല്ലാം വാര്‍പ്പിച്ചത്.
47 ഇവയെല്ലാം ധാരാളമായി നിര്‍മ്മിച്ചതുകൊണ്ട് ശലോമോന്‍ അവയുടെ തൂക്കമെടുത്തില്ല. ഓടിന്‍റെ തൂക്കം തിട്ടപ്പെടുത്തിയിരുന്നുമില്ല.
48
സ്വര്‍ണംകൊണ്ടുള്ള ബലിപീഠം, കാഴ്ചയപ്പം വയ്‍ക്കാനുള്ള സ്വര്‍ണമേശ, അതിവിശുദ്ധസ്ഥലത്തിന്‍റെ മുമ്പില്‍ തെക്കുവശത്തും വടക്കുവശത്തുമായി49 അഞ്ചു വീതം തങ്കംകൊണ്ടുള്ള വിളക്കുതണ്ടുകള്‍, സ്വര്‍ണംകൊണ്ടുള്ള പുഷ്പങ്ങള്‍, വിളക്കുകള്‍,
50 കൊടിലുകള്‍, തങ്കംകൊണ്ടുള്ള കോപ്പകള്‍, കത്രികകള്‍, തൊട്ടികള്‍, തളികകള്‍, ധൂപകലശങ്ങള്‍, തവികള്‍, തീച്ചട്ടികള്‍, അതിവിശുദ്ധസ്ഥലമായ അന്തര്‍മന്ദിരത്തിന്‍റെ വാതിലുകളുടെ സ്വര്‍ണവിജാഗിരികള്‍ എന്നിവയും ശലോമോന്‍ ഉണ്ടാക്കി. അങ്ങനെ ദേവാലയത്തിനാവശ്യമായ സകല ഉപകരണങ്ങളും അദ്ദേഹം നിര്‍മ്മിച്ചു.
51 ശലോമോന്‍രാജാവ് സര്‍വേശ്വരമന്ദിരത്തിന്‍റെ പണികളെല്ലാം പൂര്‍ത്തിയാക്കി തന്‍റെ പിതാവായ ദാവീദു സമര്‍പ്പിച്ചിരുന്ന സ്വര്‍ണവും വെള്ളിയും മറ്റു സകല വസ്തുക്കളും ആലയത്തിലെ ഭണ്ഡാരങ്ങളില്‍ നിക്ഷേപിച്ചു.
1
സര്‍വേശ്വരന്‍റെ ഉടമ്പടിപ്പെട്ടകം ദാവീദിന്‍റെ നഗരമായ സീയോനില്‍നിന്നു കൊണ്ടുവരാന്‍ ശലോമോന്‍ ഇസ്രായേല്‍ജനനേതാക്കളെയും ഗോത്രത്തലവന്മാരെയും പിതൃഭവനത്തലവന്മാരെയും യെരൂശലേമില്‍ തന്‍റെ അടുക്കല്‍ വിളിച്ചുകൂട്ടി.2 ഏഴാം മാസമായ ഏഥാനീമിലെ പെരുന്നാളിന് അവരെല്ലാം ഒന്നിച്ചുകൂടി.
3 ഇസ്രായേലിലെ നേതാക്കന്മാര്‍ സമ്മേളിച്ചപ്പോള്‍ പുരോഹിതന്മാര്‍ ഉടമ്പടിപ്പെട്ടകം എടുത്തു.
4 പുരോഹിതന്മാരും ലേവ്യരും ചേര്‍ന്നു സര്‍വേശ്വരന്‍റെ പെട്ടകവും തിരുസാന്നിധ്യകൂടാരവും കൂടാരത്തിലെ വിശുദ്ധ ഉപകരണങ്ങളും കൊണ്ടുവന്നു.
5 ശലോമോന്‍രാജാവും അവിടെ വന്നുകൂടിയ ഇസ്രായേല്‍നേതാക്കന്മാരും ചേര്‍ന്നു പെട്ടകത്തിനു മുമ്പില്‍ അസംഖ്യം ആടുകളെയും കാളകളെയും യാഗമര്‍പ്പിച്ചു.
6 പുരോഹിതന്മാര്‍ പെട്ടകം ചുമന്നു ദേവാലയത്തിന്‍റെ അതിവിശുദ്ധസ്ഥലത്തു കൊണ്ടുവന്നു കെരൂബുകളുടെ ചിറകുകള്‍ക്കു കീഴില്‍ വച്ചു.
7 പെട്ടകത്തെയും അതിന്‍റെ തണ്ടുകളെയും മൂടിനില്‌ക്കത്തക്കവിധം കെരൂബുകള്‍ പെട്ടകത്തിന്‍റെ മീതെ ചിറകുകള്‍ വിരിച്ചു നിന്നു;
8 തണ്ടുകള്‍ നീണ്ടുനിന്നിരുന്നതുകൊണ്ട് അന്തര്‍മന്ദിരത്തിന്‍റെ മുമ്പില്‍ വിശുദ്ധസ്ഥലത്തുനിന്നു നോക്കിയാല്‍ അവ കാണാമായിരുന്നു. വെളിയില്‍നിന്ന് അവ ദൃശ്യമായിരുന്നില്ല.
9 അവ ഇന്നും അവിടെയുണ്ട്. മോശ സീനായ്മലയില്‍വച്ചു നിക്ഷേപിച്ച രണ്ടു കല്പലകകള്‍ അല്ലാതെ മറ്റൊന്നും അതിനുള്ളില്‍ ഉണ്ടായിരുന്നില്ല. അവിടെവച്ചായിരുന്നു ഈജിപ്തില്‍നിന്നു മോചിതരായി പോന്ന ഇസ്രായേല്‍ജനങ്ങളുമായി സര്‍വേശ്വരന്‍ ഉടമ്പടി ചെയ്തത്.
10 പുരോഹിതന്മാര്‍ വിശുദ്ധസ്ഥലത്തുനിന്ന് പുറത്തുവന്നപ്പോള്‍ സര്‍വേശ്വരമന്ദിരം മേഘംകൊണ്ടു നിറഞ്ഞു.
11 സര്‍വേശ്വരന്‍റെ തേജസ്സുനിമിത്തം പുരോഹിതന്മാര്‍ക്ക് അവിടെ നിന്നു ശുശ്രൂഷ ചെയ്യാന്‍ കഴിഞ്ഞില്ല. മേഘം ആലയത്തില്‍ നിറഞ്ഞുനിന്നിരുന്നു.
12
അപ്പോള്‍ ശലോമോന്‍ പറഞ്ഞു: “കൂരിരുട്ടില്‍ വസിക്കുമെന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്തിട്ടുണ്ട്.13 എങ്കിലും അവിടുത്തേക്ക് എന്നേക്കും വസിക്കാന്‍ അതിവിശിഷ്ടമായ ഒരു ആലയം ഞാന്‍ നിര്‍മ്മിച്ചിരിക്കുന്നു.”
14
അവിടെ കൂടിയിരുന്ന ഇസ്രായേല്‍ജനമെല്ലാം എഴുന്നേറ്റുനില്‌ക്കുകയായിരുന്നു. അപ്പോള്‍ ശലോമോന്‍ അവരെ ആശീര്‍വദിച്ചുകൊണ്ടു പറഞ്ഞു:15 “ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ വാഴ്ത്തപ്പെടട്ടെ. എന്‍റെ പിതാവായ ദാവീദിനോടു ചെയ്തിരുന്ന വാഗ്ദാനം അവിടുന്ന് ഇന്നു നിറവേറ്റിയിരിക്കുന്നു.
16 അവിടുന്നു ദാവീദിനോട് അരുളിച്ചെയ്തു: എന്‍റെ ജനമായ ഇസ്രായേലിനെ ഈജിപ്തില്‍നിന്നു മോചിപ്പിച്ചതിനുശേഷം എന്‍റെ നാമം നിലനില്‌ക്കാന്‍ എനിക്ക് ഒരു ആലയം പണിയുന്നതിന് ഇസ്രായേല്‍ഗോത്രങ്ങളില്‍നിന്ന് ഒരു പട്ടണവും ഞാന്‍ തിരഞ്ഞെടുത്തില്ല; എങ്കിലും എന്‍റെ ജനമായ ഇസ്രായേലിനെ ഭരിക്കുന്നതിനു ഞാന്‍ ദാവീദിനെ തിരഞ്ഞെടുത്തു.
17 ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന് ഒരു ആലയം പണിയാന്‍ എന്‍റെ പിതാവായ ദാവീദ് ആഗ്രഹിച്ചു.
18 എന്നാല്‍ അവിടുന്ന് എന്‍റെ പിതാവിനോട് അരുളിച്ചെയ്തു: ‘എനിക്കുവേണ്ടി ഒരു ആലയം പണിയാനുള്ള നിന്‍റെ ആഗ്രഹം നല്ലതുതന്നെ;
19 എങ്കിലും ആലയം പണിയുന്നതു നീയല്ല; നിനക്കു ജനിക്കാന്‍ പോകുന്ന പുത്രന്‍ ആയിരിക്കും.’
20 അങ്ങനെ ആ വാഗ്ദാനം അവിടുന്ന് ഇപ്പോള്‍ നിറവേറ്റിയിരിക്കുന്നു. സര്‍വേശ്വരന്‍ വാഗ്ദാനം ചെയ്തിരുന്നതുപോലെ ഞാന്‍ എന്‍റെ പിതാവായ ദാവീദിന്‍റെ പിന്‍ഗാമിയായി ഭരണം നടത്തുന്നു; ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരനു ഞാന്‍ ഒരു ആലയം നിര്‍മ്മിച്ചിരിക്കുന്നു;
21 നമ്മുടെ പിതാക്കന്മാരെ സര്‍വേശ്വരന്‍ ഈജിപ്തില്‍നിന്നു മോചിപ്പിച്ചുകൊണ്ടുവന്നപ്പോള്‍ അവരോടു ചെയ്ത ഉടമ്പടിയുടെ കല്പലകകള്‍ സൂക്ഷിച്ചിരിക്കുന്ന പെട്ടകം വയ്‍ക്കുന്നതിനും ഞാന്‍ ദേവാലയത്തില്‍ ഒരു സ്ഥലം ഒരുക്കിയിരിക്കുന്നു.”
22
ശലോമോന്‍ സര്‍വേശ്വരന്‍റെ യാഗപീഠത്തിനു മുമ്പില്‍ നിന്നുകൊണ്ട് ഇസ്രായേല്‍ജനത്തിന്‍റെ സാന്നിധ്യത്തില്‍ കരങ്ങളുയര്‍ത്തി പ്രാര്‍ഥിച്ചു:23 “ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരാ! അങ്ങയെപ്പോലൊരു ദൈവം സ്വര്‍ഗത്തിലോ ഭൂമിയിലോ ഇല്ല; പൂര്‍ണഹൃദയത്തോടെ അങ്ങയെ അനുസരിച്ചു ജീവിക്കുന്ന അവിടുത്തെ ദാസന്മാരോടുള്ള ഉടമ്പടി പാലിക്കുകയും അവരുടെമേല്‍ അവിടുത്തെ അചഞ്ചലസ്നേഹം പ്രകടിപ്പിക്കുകയും ചെയ്തിരിക്കുന്നു.
24 എന്‍റെ പിതാവും അവിടുത്തെ ദാസനുമായ ദാവീദിനോടു ചെയ്ത വാഗ്ദാനം അവിടുന്നു നിറവേറ്റിയിരിക്കുന്നു. അവിടുന്ന് ആ വാഗ്ദാനം പാലിച്ചിരിക്കുന്നു.
25 ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരാ, ‘നീ എന്‍റെ മുമ്പില്‍ ജീവിച്ചതുപോലെ നിന്‍റെ മക്കളും ജീവിച്ചാല്‍ ഇസ്രായേലിന്‍റെ സിംഹാസനത്തിലിരുന്നു വാഴാന്‍ നിനക്കൊരു സന്തതി ഇല്ലാതെ പോകുകയില്ല എന്ന് എന്‍റെ പിതാവായ ദാവീദിനോട് ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരാ, അങ്ങു വാഗ്ദാനം ചെയ്തിട്ടുണ്ടല്ലോ; ആ വാഗ്ദാനം നിറവേറ്റണമേ.
26 ഇസ്രായേലിന്‍റെ ദൈവമേ, എന്‍റെ പിതാവും അവിടുത്തെ ദാസനുമായ ദാവീദിനോട് അവിടുന്നു ചെയ്ത വാഗ്ദാനം ഇപ്പോള്‍ യാഥാര്‍ഥ്യമാക്കി തീര്‍ക്കണമേ.
27
“എന്നാല്‍ ദൈവം യഥാര്‍ഥത്തില്‍ ഭൂമിയില്‍ വസിക്കുമോ? സ്വര്‍ഗവും അത്യുന്നതസ്വര്‍ഗവും അവിടുത്തേക്ക് വസിക്കാന്‍ മതിയാകുകയില്ലല്ലോ. അവയെക്കാള്‍ എത്രയോ നിസ്സാരമാണ് ഞാന്‍ നിര്‍മ്മിച്ച ഈ ദേവാലയം!28 എങ്കിലും എന്‍റെ ദൈവമായ സര്‍വേശ്വരാ, അവിടുത്തെ ഈ ദാസന്‍റെ പ്രാര്‍ഥനകളും അപേക്ഷകളും ശ്രവിച്ചാലും. അവിടുത്തെ ദാസന്‍ അര്‍പ്പിക്കുന്ന പ്രാര്‍ഥനയും നിലവിളിയും കേള്‍ക്കണമേ!
29 അങ്ങയുടെ ദാസന്‍ ഈ ആലയത്തില്‍വച്ചു നടത്തുന്ന പ്രാര്‍ഥന കേള്‍ക്കാന്‍ അങ്ങ് ഈ ആലയത്തെ രാവും പകലും തൃക്കണ്‍പാര്‍ക്കണമേ. തിരുസാന്നിധ്യം ഇവിടെ ഉണ്ടായിരിക്കുമെന്ന് അവിടുന്ന് അരുളിച്ചെയ്തിട്ടുണ്ടല്ലോ;
30 ഈ ദാസനും അങ്ങയുടെ ജനമായ ഇസ്രായേലും ഇവിടെ അര്‍പ്പിക്കുന്ന പ്രാര്‍ഥനകള്‍ ശ്രദ്ധിക്കണമേ. അതേ, അവിടുത്തെ വാസസ്ഥലമായ സ്വര്‍ഗത്തില്‍നിന്നു ഞങ്ങളുടെ പ്രാര്‍ഥന കേട്ട് ഞങ്ങളോടു ക്ഷമിക്കേണമേ.
31
“ഒരാള്‍ അയല്‍ക്കാരനോടു തെറ്റു ചെയ്തതായി ആരോപണം ഉണ്ടാവുകയും അയാള്‍ ഈ ആലയത്തില്‍ അവിടുത്തെ യാഗപീഠത്തിന്‍റെ മുമ്പാകെ വന്നു താന്‍ നിരപരാധി എന്നു സത്യം ചെയ്യുകയും ചെയ്യുമ്പോള്‍,32 സര്‍വേശ്വരാ, സ്വര്‍ഗത്തില്‍നിന്നു ശ്രദ്ധിച്ച് അവിടുത്തെ ദാസന്മാരെ ന്യായം വിധിക്കേണമേ. അപരാധിക്ക് അവന്‍റെ കുറ്റത്തിനു തക്ക ശിക്ഷയും നീതിനിഷ്ഠന് അവന്‍റെ നീതിക്ക് തക്ക പ്രതിഫലവും നല്‌കണമേ.
33
“അങ്ങയുടെ ജനമായ ഇസ്രായേല്‍ അങ്ങേക്കെതിരേ പാപം ചെയ്തതിന്‍റെ ഫലമായി ശത്രുക്കളുടെ മുമ്പില്‍ പരാജയപ്പെടുമ്പോള്‍ പശ്ചാത്തപിച്ച് ഈ ആലയത്തില്‍വച്ച് അങ്ങയുടെ നാമം ഏറ്റുപറഞ്ഞ് പ്രാര്‍ഥിച്ചാല്‍ സ്വര്‍ഗത്തില്‍നിന്ന് അങ്ങ് അവരെ ശ്രദ്ധിക്കണമേ.34 അവിടുത്തെ ജനമായ ഇസ്രായേലിന്‍റെ പാപം ക്ഷമിച്ച് അവരുടെ പിതാക്കന്മാര്‍ക്ക് അവിടുന്നു നല്‌കിയിരുന്ന ദേശത്തേക്ക് അവരെ മടക്കിക്കൊണ്ടു വരണമേ!
35 അവിടുത്തെ ജനം അങ്ങയോടു പാപം ചെയ്തതിന്‍റെ ഫലമായി മഴ പെയ്യാതിരിക്കുമ്പോള്‍ അവര്‍ ഈ ആലയത്തിലേക്കു തിരിഞ്ഞു പ്രാര്‍ഥിക്കുകയും അങ്ങയുടെ നാമം ഏററുപറഞ്ഞു തങ്ങളുടെ പാപങ്ങളില്‍നിന്നു പിന്തിരിയുകയും ചെയ്താല്‍,
36 അങ്ങു സ്വര്‍ഗത്തില്‍നിന്ന് അവരുടെ പ്രാര്‍ഥന കേള്‍ക്കണമേ. അവിടുത്തെ ദാസരായ ഇസ്രായേല്‍ജനത്തിന്‍റെ പാപം ക്ഷമിക്കണമേ; അവരെ നേര്‍വഴി നടത്തുകയും അവര്‍ക്ക് അവകാശമായി കൊടുത്തിരിക്കുന്ന ദേശത്തു മഴ പെയ്യിക്കുകയും ചെയ്യണമേ.
37
“നാട്ടില്‍ ക്ഷാമമോ, പകര്‍ച്ചവ്യാധിയോ ഉണ്ടാകുമ്പോഴും പൂപ്പല്‍രോഗം, വെട്ടുക്കിളി, കീടബാധ മുതലായവമൂലം വിളവു നശിക്കുമ്പോഴും ശത്രുക്കള്‍ നഗരം വളഞ്ഞ് അങ്ങയുടെ ജനത്തെ ആക്രമിക്കുമ്പോഴും മഹാമാരിയോ മറ്റു രോഗമോ ഉണ്ടാകുമ്പോഴും38 ജനം വ്യക്തികളായോ സമൂഹമായോ ഈ ദേവാലയത്തിലേക്കു തിരിഞ്ഞു പ്രാര്‍ഥിച്ചാല്‍
39 അവരുടെ പ്രാര്‍ഥന കേള്‍ക്കണമേ. അവിടുത്തെ വാസസ്ഥലമായ സ്വര്‍ഗത്തില്‍നിന്നു ശ്രദ്ധിച്ച് അവരോടു ക്ഷമിക്കണമേ!
40 മനുഷ്യന്‍റെ ഹൃദയവിചാരങ്ങള്‍ അറിയുന്നത് അവിടുന്നു മാത്രമാകുന്നു. അവരര്‍ഹിക്കുന്ന പ്രതിഫലം അവര്‍ക്കു നല്‌കണമേ. അവരുടെ പിതാക്കന്മാര്‍ക്കു നല്‌കിയ ദേശത്ത് അവര്‍ പാര്‍ക്കുന്ന കാലം മുഴുവന്‍ അങ്ങയെ ഭയപ്പെട്ടു ജീവിക്കാനും അവര്‍ക്കു ഇടയാക്കണമേ.
41 അവിടുത്തെ ജനമായ ഇസ്രായേലില്‍ ഉള്‍പ്പെടാത്ത ഒരു പരദേശി, അവിടുത്തെ പ്രസിദ്ധിയേയും,
42 അങ്ങയുടെ ജനത്തിനുവേണ്ടി അവിടുന്നു പ്രവര്‍ത്തിച്ച അദ്ഭുതകാര്യങ്ങളെയും പറ്റി കേള്‍ക്കുമ്പോള്‍ അങ്ങയെ അന്വേഷിച്ച് ഈ ദേവാലയത്തില്‍ വന്ന്
43 അങ്ങയോടു പ്രാര്‍ഥിച്ചാല്‍ അവന്‍റെ പ്രാര്‍ഥന ശ്രദ്ധിക്കണമേ! അവിടുത്തെ വാസസ്ഥലമായ സ്വര്‍ഗത്തില്‍നിന്നു പ്രാര്‍ഥന കേട്ട് അവന്‍റെ അപേക്ഷകള്‍ സാധിച്ചുകൊടുക്കേണമേ. അങ്ങനെ അവിടുത്തെ ജനമായ ഇസ്രായേലിനെപ്പോലെ സര്‍വജനതകളും അങ്ങയെ അറിയാനും അവിടുത്തെ ഭയപ്പെടാനും ഞാന്‍ ഈ ഭവനം അങ്ങേക്കായി നിര്‍മ്മിച്ചിരിക്കുന്നു എന്നു ഗ്രഹിക്കാനും ഇടയാകട്ടെ.
44 അങ്ങയുടെ ജനം അവിടുത്തെ കല്പനപ്രകാരം ശത്രുക്കള്‍ക്കെതിരായി യുദ്ധത്തിനു പോകുമ്പോള്‍ അങ്ങേക്കുവേണ്ടി ഞാന്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ദേവാലയത്തിലേക്കു അവര്‍ തിരിഞ്ഞു പ്രാര്‍ഥിച്ചാല്‍,
45 സ്വര്‍ഗത്തില്‍നിന്നു അവരുടെ പ്രാര്‍ഥന ശ്രദ്ധിച്ചു അവര്‍ക്കു വിജയം നല്‌കണമേ.
46
“അങ്ങേക്കെതിരായി അവിടുത്തെ ജനം പാപം ചെയ്യുകയും അവിടുന്നു കോപിച്ചു അവരെ ശത്രുക്കളുടെ കൈയില്‍ ഏല്പിക്കുകയും ശത്രുക്കള്‍ അവരെ സമീപത്തോ വിദൂരത്തോ ഉള്ള തങ്ങളുടെ ദേശത്തേക്കു ബന്ദികളായി കൊണ്ടുപോകുകയും അവര്‍ ആ സ്ഥലത്തുനിന്നു പ്രാര്‍ഥിക്കുകയും ചെയ്താല്‍,47 അവരുടെ അപേക്ഷ അങ്ങു കേള്‍ക്കണമേ. പാപം ചെയ്യാത്ത മനുഷ്യന്‍ ഇല്ലല്ലോ! അവിടെ അവര്‍ അനുതപിച്ച് തങ്ങള്‍ ചെയ്ത തെറ്റുകള്‍ ഏറ്റുപറഞ്ഞു പ്രാര്‍ഥിച്ചാല്‍ സര്‍വേശ്വരാ, അവിടുന്ന് അവരുടെ അപേക്ഷ കേള്‍ക്കണമേ.
48 ബന്ദികളായി കഴിയുന്ന ദേശത്തുവച്ച് അവര്‍ പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടും അനുതപിക്കുകയും അങ്ങ് അവരുടെ പിതാക്കന്മാര്‍ക്കു കൊടുത്ത ദേശത്തേക്കും അവിടുന്നു തിരഞ്ഞെടുത്തിരിക്കുന്ന നഗരത്തിലേക്കും അവിടുത്തെ നാമത്തില്‍ ഞാന്‍ നിര്‍മ്മിച്ചിരിക്കുന്ന ദേവാലയത്തിലേക്കും നോക്കി അങ്ങയോടു പ്രാര്‍ഥിക്കുകയും ചെയ്താല്‍,
49 അവിടുത്തെ വാസസ്ഥലമായ സ്വര്‍ഗത്തില്‍നിന്ന് അവരുടെ പ്രാര്‍ഥനകളും അപേക്ഷകളും ശ്രദ്ധിച്ച് അവരെ രക്ഷിക്കണമേ.
50 അങ്ങേക്കെതിരായി പാപം ചെയ്തവരോട് അവരുടെ പാപങ്ങളും അതിക്രമങ്ങളും ക്ഷമിക്കണമേ! അവരെ ബന്ദികളാക്കിയവര്‍ അവരോടു കാരുണ്യപൂര്‍വം ഇടപെടുന്നതിന് ഇടയാക്കണമേ!
51 ഇരുമ്പുചൂളയാകുന്ന ഈജിപ്തില്‍നിന്ന് അവിടുന്നു മോചിപ്പിച്ചുകൊണ്ടുവന്ന അവിടുത്തെ ജനവും അവകാശവുമാണല്ലോ അവര്‍.
52 ഈ ദാസനും അവിടുത്തെ ജനവും സഹായം അര്‍ഥിക്കുമ്പോള്‍ അവിടുന്ന് തൃക്കണ്‍പാര്‍ത്ത് ഞങ്ങളുടെ പ്രാര്‍ഥന കേള്‍ക്കണമേ.
53 സര്‍വേശ്വരനായ കര്‍ത്താവേ, ഞങ്ങളുടെ പിതാക്കന്മാരെ ഈജിപ്തില്‍നിന്നു കൊണ്ടുവന്നപ്പോള്‍ അവിടുത്തെ ദാസനായ മോശയിലൂടെ അവിടുന്നു അരുളിച്ചെയ്തതുപോലെ ഇവരെ ഭൂമിയിലെ സകല ജനതകളില്‍നിന്നുമായി അവിടുന്നു സ്വന്തജനമായി തിരഞ്ഞെടുത്തതാണല്ലോ.”
54
യാഗപീഠത്തിന്‍റെ മുമ്പില്‍ മുട്ടുകുത്തി കൈകള്‍ ഉയര്‍ത്തി നിന്നിരുന്ന ശലോമോന്‍ സര്‍വേശ്വരനോടുള്ള പ്രാര്‍ഥനകള്‍ക്കും യാചനകള്‍ക്കും ശേഷം എഴുന്നേറ്റുനിന്നു.55 പിന്നീട് ഇസ്രായേല്‍ജനത്തെ അനുഗ്രഹിച്ചുകൊണ്ട് ഉറക്കെ പറഞ്ഞു:
56 “വാഗ്ദാനം ചെയ്തിരുന്നതുപോലെ സ്വന്തജനമായ ഇസ്രായേലിനു സമാധാനം നല്‌കിയ സര്‍വേശ്വരന്‍ വാഴ്ത്തപ്പെടട്ടെ. മോശയിലൂടെ നല്‌കിയ സകല വാഗ്ദാനങ്ങളും അവിടുന്നു നിറവേറ്റി.
57 നമ്മുടെ ദൈവമായ സര്‍വേശ്വരന്‍ നമ്മുടെ പിതാക്കന്മാരോടുകൂടെ ഉണ്ടായിരുന്നതുപോലെ നമ്മുടെകൂടെയും ഉണ്ടായിരിക്കട്ടെ; അവിടുന്നു നമ്മെ കൈവിടുകയോ ഉപേക്ഷിക്കുകയോ ചെയ്യാതിരിക്കട്ടെ.
58 നാം അവിടുത്തെ വഴികളിലൂടെ നടക്കുന്നതിനും അവിടുന്നു നമ്മുടെ പിതാക്കന്മാര്‍ക്കു നല്‌കിയിരുന്ന സകല കല്പനകളും ചട്ടങ്ങളും അനുശാസനങ്ങളും പാലിക്കുന്നതിനും നമ്മുടെ ഹൃദയങ്ങളെ അവിടുന്നു തന്നിലേക്കു തിരിക്കട്ടെ.
59 തിരുസന്നിധിയില്‍ ഞാന്‍ അര്‍പ്പിച്ച പ്രാര്‍ഥനകളും അപേക്ഷകളും എപ്പോഴും അവിടുത്തെ മുമ്പില്‍ ഉണ്ടായിരിക്കട്ടെ. അവിടുന്ന് ഈ ദാസനെയും സ്വന്തജനമായ ഇസ്രായേലിനെയും കാത്തുപാലിക്കട്ടെ.
60 അങ്ങനെ സര്‍വേശ്വരന്‍ മാത്രമാണു ദൈവം എന്നു ഭൂമിയിലെ സകല ജനതകളും അറിയട്ടെ.
61 ഇന്നത്തെപ്പോലെ അവിടുത്തെ ചട്ടങ്ങളും നിയമങ്ങളും അനുസരിച്ചു ജീവിക്കാന്‍ നിങ്ങളുടെ ഹൃദയം പൂര്‍ണമായി സര്‍വേശ്വരനില്‍ ഏകാഗ്രമായിരിക്കട്ടെ.”
62
ശലോമോന്‍രാജാവും കൂടെ ഉണ്ടായിരുന്ന എല്ലാ ഇസ്രായേല്‍ജനവും സര്‍വേശ്വരനു യാഗങ്ങളര്‍പ്പിച്ചു.63 അദ്ദേഹം ഇരുപത്തീരായിരം കാളകളെയും ഒരുലക്ഷത്തി ഇരുപതിനായിരം ആടുകളെയും സമാധാനയാഗമായി അര്‍പ്പിച്ചു. ഇങ്ങനെ രാജാവും ഇസ്രായേല്‍ജനവും ചേര്‍ന്നു ദേവാലയപ്രതിഷ്ഠ നടത്തി.
64 രാജാവു അന്നുതന്നെ ദേവാലയത്തിനു മുമ്പിലുള്ള അങ്കണത്തിന്‍റെ മധ്യഭാഗം വിശുദ്ധീകരിച്ചു. അവിടെയാണു ഹോമയാഗങ്ങളും ധാന്യയാഗങ്ങളും സമാധാനയാഗങ്ങള്‍ക്കുള്ള മേദസ്സും അര്‍പ്പിച്ചത്. തിരുസന്നിധിയിലുള്ള ഓട്ടുയാഗപീഠത്തിന് ഇവയെല്ലാം അര്‍പ്പിക്കാന്‍ തക്ക വലിപ്പം ഉണ്ടായിരുന്നില്ല.
65 ഹാമാത്തിന്‍റെ അതിരുമുതല്‍ ഈജിപ്തുതോടുവരെയുള്ള സ്ഥലങ്ങളില്‍ പാര്‍ക്കുന്ന സകല ഇസ്രായേല്‍ജനങ്ങളോടും കൂടി ശലോമോന്‍ ഏഴു ദിവസം ഉത്സവം ആചരിച്ചു.
66 എട്ടാം ദിവസം അദ്ദേഹം ജനത്തെ മടക്കിയയച്ചു; അവര്‍ രാജാവിനെ പുകഴ്ത്തുകയും സര്‍വേശ്വരന്‍ തന്‍റെ ദാസനായ ദാവീദിനും തന്‍റെ ജനമായ ഇസ്രായേലിനും വേണ്ടി ചെയ്ത സകല നന്മകളും ഓര്‍ത്ത് ആഹ്ലാദഭരിതരായി സ്വഭവനങ്ങളിലേക്കു മടങ്ങിപ്പോകുകയും ചെയ്തു.
1
ദേവാലയവും കൊട്ടാരവും താന്‍ ആഗ്രഹിച്ച മറ്റുള്ളതെല്ലാം ശലോമോന്‍രാജാവു നിര്‍മ്മിച്ചു.2 ഗിബെയോനില്‍വച്ചു പ്രത്യക്ഷപ്പെട്ടതുപോലെ സര്‍വേശ്വരന്‍ ശലോമോനു രണ്ടാമതും പ്രത്യക്ഷനായി.
3 അവിടുന്ന് അരുളിച്ചെയ്തു: “നീ എന്‍റെ മുമ്പാകെ സമര്‍പ്പിച്ച പ്രാര്‍ഥനകളും അപേക്ഷകളും ഞാന്‍ കേട്ടിരിക്കുന്നു; നീ നിര്‍മ്മിച്ച് എന്‍റെ നാമത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന ആലയം ഞാന്‍ വിശുദ്ധീകരിച്ചിരിക്കുന്നു. ഞാന്‍ എന്‍റെ നാമം അവിടെ എന്നേക്കും സ്ഥാപിക്കും; എന്‍റെ കണ്ണും ഹൃദയവും എപ്പോഴും അവിടെ ഉണ്ടായിരിക്കും.
4 നിന്‍റെ പിതാവായ ദാവീദിനെപ്പോലെ ഹൃദയപരമാര്‍ഥതയോടും നിഷ്കളങ്കതയോടും ജീവിക്കുകയും എന്‍റെ നിയമങ്ങളും കല്പനകളും അനുസരിക്കുകയും ചെയ്താല്‍,
5 ‘നിന്‍റെ പിന്‍ഗാമിയായി രാജ്യഭരണം നടത്താന്‍ നിനക്കൊരു സന്തതി ഇല്ലാതെവരികയില്ല’ എന്ന് നിന്‍റെ പിതാവായ ദാവീദിനോടു വാഗ്ദാനം ചെയ്തതുപോലെ നിന്‍റെ സിംഹാസനം ഇസ്രായേലില്‍ ഞാന്‍ എന്നേക്കും നിലനിര്‍ത്തും.
6 എന്നാല്‍ നീയോ നിന്‍റെ മക്കളോ എന്നെ ഉപേക്ഷിക്കുകയും എന്‍റെ കല്പനകളും നിയമങ്ങളും പാലിക്കാതെ അന്യദേവന്മാരെ ആരാധിക്കുകയും ചെയ്താല്‍,
7 ഇസ്രായേല്‍ജനത്തിനു ഞാന്‍ നല്‌കിയിരിക്കുന്ന ദേശത്തുനിന്ന് അവരെ നീക്കിക്കളയും; എന്നെ ആരാധിക്കുന്നതിനുവേണ്ടി വിശുദ്ധീകരിച്ചിരിക്കുന്ന ഈ ദേവാലയം ഞാന്‍ ഉപേക്ഷിക്കും. ഇസ്രായേല്‍ സകല ജനതകള്‍ക്കും ഒരു പഴമൊഴിയും പരിഹാസപാത്രവും ആയിത്തീരും.
8 ഈ ആലയം കല്‌ക്കൂമ്പാരമാകും; ഈ ദേശത്തോടും ആലയത്തോടും സര്‍വേശ്വരന്‍ ഈ വിധം പെരുമാറിയത് എന്തുകൊണ്ടെന്നു കടന്നുപോകുന്നവര്‍ അദ്ഭുതത്തോടെ ചോദിക്കും;
9 തങ്ങളുടെ പിതാക്കന്മാരെ ഈജിപ്തില്‍നിന്നു കൊണ്ടുവന്ന ദൈവമായ സര്‍വേശ്വരനെ ഉപേക്ഷിക്കുകയും അന്യദൈവങ്ങളുടെ പിന്നാലെ പോയി അവരെ ആരാധിക്കുകയും ചെയ്തതുകൊണ്ടാണ് സര്‍വേശ്വരന്‍ ഈ നാശം വരുത്തിയതെന്ന് അവര്‍തന്നെ ഉത്തരം പറയും.”
10
ഇരുപതു വര്‍ഷംകൊണ്ടു സര്‍വേശ്വരമന്ദിരവും രാജകൊട്ടാരവും ശലോമോന്‍ പണിതുതീര്‍ത്തു.11 പണിക്കാവശ്യമായ സരളമരവും ദേവദാരുവും സ്വര്‍ണവും നല്‌കിയതിനു പ്രതിഫലമായി സോരിലെ ഹീരാമിനു ശലോമോന്‍ രാജാവു ഗലീലാപ്രദേശത്ത് ഇരുപതു പട്ടണങ്ങള്‍ നല്‌കി.
12 ആ പട്ടണങ്ങള്‍ കാണാന്‍ ഹീരാം സോരില്‍നിന്നു വന്നു. അവ അദ്ദേഹത്തിനു ഇഷ്ടപ്പെട്ടില്ല;
13 ഹീരാം ചോദിച്ചു: “സഹോദരാ, ഒന്നിനും കൊള്ളാത്ത പട്ടണങ്ങളാണല്ലോ അങ്ങു എനിക്കു തന്നിരിക്കുന്നത്?” അതിനാല്‍ അവ ഇന്നും ‘ കാബൂല്‍’ എന്ന പേരില്‍ അറിയപ്പെടുന്നു.
14 ഹീരാം ശലോമോന് നൂറ്റി ഇരുപത് താലന്ത് സ്വര്‍ണം കൊടുത്തയച്ചിരുന്നു.
15
ദേവാലയവും കൊട്ടാരവും മില്ലോയും പണിയാനും പട്ടണത്തിന്‍റെ കിഴക്കുവശത്തുള്ള നിലം നികത്താനും പട്ടണമതില്‍ കെട്ടാനും ശലോമോന്‍രാജാവ് ജനത്തെക്കൊണ്ട് അടിമവേല ചെയ്യിച്ചിരുന്നു. ഹാസോര്‍, മെഗിദ്ദോ, ഗേസെര്‍ എന്നീ പട്ടണങ്ങള്‍ പുതുക്കിപ്പണിയുന്നതിനും അടിമകളെ ഉപയോഗിച്ചു.16 ഈജിപ്തിലെ ഫറവോരാജാവ് ഗേസെര്‍ പിടിച്ചടക്കി അതിലെ നിവാസികളായ കനാന്യരെ കൊല്ലുകയും പട്ടണം അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു. പില്‌ക്കാലത്ത് ഫറവോ തന്‍റെ മകളെ ശലോമോന് വിവാഹം കഴിച്ചുകൊടുത്തപ്പോള്‍ അവള്‍ക്കു സ്‍ത്രീധനമായി ഈ പട്ടണം നല്‌കി.
17 [17,18] ആ പട്ടണവും താഴത്തെ ബേത്ത്- ഹോരോനും യെഹൂദാമരുഭൂമിയിലെ ബാലാത്ത്, താമാര്‍ എന്നീ പട്ടണങ്ങളും അടിമകളെക്കൊണ്ട് ശലോമോന്‍ പുതുക്കിപ്പണിയിച്ചു.
18
19 സംഭരണനഗരങ്ങളും രഥങ്ങള്‍ക്കും കുതിരപ്പടയാളികള്‍ക്കും വേണ്ടിയുള്ള പട്ടണങ്ങളും യെരൂശലേമിലും ലെബാനോനിലും തന്‍റെ ഭരണത്തിന്‍ കീഴുള്ള മറ്റു സ്ഥലങ്ങളിലും താന്‍ പണിയാന്‍ ആഗ്രഹിച്ചിരുന്നതുമെല്ലാം അടിമകളെക്കൊണ്ടാണു ചെയ്യിച്ചത്.
20 [20,21] ഇസ്രായേല്യരില്‍ ഉള്‍പ്പെടാത്ത അമോര്യര്‍, ഹിത്യര്‍, പെരിസ്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നിവരില്‍ ശേഷിച്ച സകലരെയും ശലോമോന്‍ അടിമകളാക്കി.
21
22 അവര്‍ ഇന്നും അടിമകളാണ്. ഇസ്രായേല്യരില്‍ ആരെയും അടിമവേലയ്‍ക്കു ശലോമോന്‍ നിയോഗിച്ചില്ല. അവരെ തന്‍റെ സൈനികരും ഉദ്യോഗസ്ഥരും സൈന്യാധിപരും രഥസൈന്യത്തിന്‍റെ നായകരും കുതിരപ്പട്ടാളക്കാരുമായി നിയമിച്ചു;
23 ശലോമോന്‍റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ പണിയെടുത്തിരുന്ന അടിമകളുടെ മേല്‍നോട്ടം വഹിക്കുന്നതിന് അഞ്ഞൂറ്റി അമ്പത് ഉദ്യോഗസ്ഥന്മാര്‍ ഉണ്ടായിരുന്നു.
24 ഫറവോയുടെ പുത്രി ദാവീദിന്‍റെ നഗരത്തില്‍നിന്ന് തന്‍റെ ഭര്‍ത്താവായ ശലോമോന്‍ നിര്‍മ്മിച്ച കൊട്ടാരത്തിലേക്ക് മാറിത്താമസിച്ചു. പിന്നീടാണ് ശലോമോന്‍ മില്ലോ പണിതത്;
25
സര്‍വേശ്വരനുവേണ്ടി ശലോമോന്‍ നിര്‍മ്മിച്ച യാഗപീഠത്തില്‍ ആണ്ടുതോറും മൂന്നു പ്രാവശ്യം ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അര്‍പ്പിച്ചുവന്നു. സര്‍വേശ്വരനു ധൂപാര്‍പ്പണവും നടത്തിവന്നു. അങ്ങനെ ദേവാലയത്തിന്‍റെ പണി അദ്ദേഹം പൂര്‍ത്തിയാക്കി.26
എദോമില്‍ ചെങ്കടല്‍ത്തീരത്ത് ഏലാത്തിനു സമീപമുള്ള എസ്യോന്‍-ഗേബെരില്‍വച്ച് ശലോമോന്‍ അനേകം കപ്പലുകള്‍ പണിയിച്ചു.27 ശലോമോന്‍റെ ആളുകളോടുകൂടി ജോലി ചെയ്യാന്‍ പരിചയസമ്പന്നരായ നാവികരെ ഹീരാംരാജാവ് അയച്ചിരുന്നു. അവര്‍ ഓഫീരില്‍ ചെന്നു നാനൂറ്റി ഇരുപതു താലന്ത് സ്വര്‍ണം കൊണ്ടുവന്നു ശലോമോന്‍രാജാവിനു കൊടുത്തു.
1
ശലോമോന്‍റെ കീര്‍ത്തിയെപ്പറ്റി കേട്ടറിഞ്ഞ ശെബാരാജ്ഞി അദ്ദേഹത്തെ പരീക്ഷിക്കാന്‍ ഉത്തരം പറയാന്‍ ബുദ്ധിമുട്ടുള്ള ഏതാനും ചോദ്യങ്ങളുമായി അദ്ദേഹത്തിന്‍റെ സമീപത്തെത്തി.2 ഒട്ടകപ്പുറത്ത് സുഗന്ധദ്രവ്യങ്ങളും രത്നങ്ങളും ഒട്ടുവളരെ സ്വര്‍ണവും കയറ്റി വലിയ പരിവാരത്തോടു കൂടെയാണു രാജ്ഞി യെരൂശലേമില്‍ വന്നത്. ശലോമോനെ കണ്ടശേഷം തന്‍റെ മനസ്സില്‍ കരുതിയിരുന്ന ചോദ്യങ്ങളെല്ലാം രാജ്ഞി അദ്ദേഹത്തോടു ചോദിച്ചു.
3 അവയ്‍ക്കെല്ലാം അദ്ദേഹം ഉത്തരം നല്‌കി; അദ്ദേഹത്തിനു വിശദീകരിക്കാന്‍ ആവാത്ത ഒരു ചോദ്യവും ഉണ്ടായിരുന്നില്ല.
4 അങ്ങനെ ശലോമോന്‍റെ ജ്ഞാനം രാജ്ഞി നേരിട്ടു മനസ്സിലാക്കി; അദ്ദേഹം പണിയിച്ച കൊട്ടാരം കണ്ടു.
5 അദ്ദേഹത്തിന്‍റെ ഭക്ഷണമേശയിലെ വിഭവങ്ങള്‍, ഉദ്യോഗസ്ഥന്മാര്‍ക്കുവേണ്ടിയുള്ള സജ്ജീകരണങ്ങള്‍, ഉദ്യോഗസ്ഥന്മാരുടെ നിരകള്‍, അവര്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍, ഭക്ഷണമേശയിലെ പരിചാരകര്‍, ദേവാലയത്തിലെ യാഗങ്ങള്‍ ഇവയെല്ലാം കണ്ടപ്പോള്‍ ശെബാരാജ്ഞി അമ്പരന്നുപോയി.
6 അവര്‍ രാജാവിനോടു പറഞ്ഞു: “അങ്ങയെയും അങ്ങയുടെ ജ്ഞാനത്തെയും പറ്റി എന്‍റെ രാജ്യത്തു കേട്ടതു വാസ്തവംതന്നെ.
7 നേരില്‍ കാണുന്നതുവരെ ഞാന്‍ അതൊന്നും വിശ്വസിച്ചിരുന്നില്ല. യഥാര്‍ഥത്തില്‍ ഉള്ളതിന്‍റെ പകുതിപോലും ഞാന്‍ അറിഞ്ഞിരുന്നില്ല. അങ്ങയുടെ ജ്ഞാനവും ധനവും ഞാന്‍ കേട്ടിരുന്നതിലും എത്രയോ അധികം!
8 അങ്ങയുടെ ഭാര്യമാര്‍ എത്രമാത്രം ഭാഗ്യവതികള്‍! എപ്പോഴും അങ്ങയുടെ സന്നിധിയില്‍നിന്നു ജ്ഞാനവചസ്സു കേട്ടു ഗ്രഹിക്കുന്ന ഉദ്യോഗസ്ഥന്മാര്‍ എത്ര ഭാഗ്യവാന്മാര്‍!
9 അങ്ങില്‍ പ്രസാദിച്ച് ഇസ്രായേലിന്‍റെ രാജസിംഹാസനത്തില്‍ അങ്ങയെ വാഴിച്ച സര്‍വേശ്വരന്‍ വാഴ്ത്തപ്പെടട്ടെ. ഇസ്രായേലിനോടുള്ള അവിടുത്തെ സ്നേഹം അനന്തമായതിനാല്‍ നീതിയും ന്യായവും നടത്താന്‍ അങ്ങയെ അവരുടെ രാജാവാക്കിയിരിക്കുന്നു.”
10
രാജ്ഞി കൊണ്ടുവന്നിരുന്ന സമ്മാനങ്ങളെല്ലാം ശലോമോനു കൊടുത്തു. നൂറ്റിരുപതു താലന്ത് സ്വര്‍ണവും ധാരാളം രത്നങ്ങളും സുഗന്ധദ്രവ്യങ്ങളും ശലോമോനു ലഭിച്ചു; ശെബാരാജ്ഞിയില്‍നിന്നു ലഭിച്ചിടത്തോളം സുഗന്ധദ്രവ്യങ്ങള്‍ മറ്റാരില്‍നിന്നും ശലോമോന് ലഭിച്ചിട്ടില്ല.11 ഓഫീരില്‍നിന്നു സ്വര്‍ണവുമായി വന്നിരുന്ന ഹീരാമിന്‍റെ കപ്പലുകളില്‍ രക്തചന്ദനവും രത്നങ്ങളുംകൂടി കൊണ്ടുവന്നിരുന്നു.
12 രാജാവ് ചന്ദനത്തടികൊണ്ടു ദേവാലയത്തിനും കൊട്ടാരത്തിനും തൂണുകളും ഗായകര്‍ക്കു വീണകളും കിന്നരങ്ങളും നിര്‍മ്മിച്ചു. ഇത്തരം ചന്ദനത്തടികള്‍ യെഹൂദാദേശത്ത് അന്നുവരെയും ആരും കൊണ്ടുവന്നിരുന്നില്ല; കണ്ടിരുന്നതുമില്ല.
13 രാജാവ് ശെബാരാജ്ഞിക്കു ധാരാളം സമ്മാനങ്ങള്‍ നല്‌കിയതു കൂടാതെ അവര്‍ ആഗ്രഹിച്ചതും ചോദിച്ചതുമായ സകലതും നല്‌കി; പരിവാരസമേതം അവര്‍ സ്വദേശത്തേക്കു മടങ്ങുകയും ചെയ്തു.
14
ഓരോ വര്‍ഷവും ശലോമോന് ഏകദേശം അറുനൂറ്റി അറുപത്താറു താലന്ത് സ്വര്‍ണം ലഭിച്ചിരുന്നു.15 കൂടാതെ വ്യാപാരികള്‍, വിദേശരാജാക്കന്മാര്‍, ഇസ്രായേലിലെ ദേശാധിപതിമാര്‍ എന്നിവരില്‍നിന്നു വേറെയും സ്വര്‍ണം ലഭിച്ചിരുന്നു.
16 സ്വര്‍ണം അടിച്ചുപരത്തി ഇരുനൂറു വലിയ പരിചകള്‍ ശലോമോന്‍രാജാവ് ഉണ്ടാക്കി. ഓരോന്നിനും അറുനൂറു ശേക്കെല്‍ സ്വര്‍ണം ചെലവായി.
17 സ്വര്‍ണം അടിച്ചുപരത്തി മുന്നൂറു ചെറുപരിചകളുണ്ടാക്കി. ഓരോന്നിനും ‘മൂന്നു മാനേ സ്വര്‍ണം’ വേണ്ടിവന്നു. അവയെല്ലാം രാജാവ് ലെബാനോന്‍ വനഗൃഹത്തില്‍ സൂക്ഷിച്ചു.
18 ശലോമോന്‍രാജാവ് ദന്തനിര്‍മ്മിതമായ ഒരു സിംഹാസനം ഉണ്ടാക്കി. തങ്കംകൊണ്ടു പൊതിഞ്ഞു.
19 അതിന് ആറു പടികള്‍ ഉണ്ടായിരുന്നു; അതിന്‍റെ പിന്‍ഭാഗത്തു കാളക്കുട്ടിയുടെ തലയുടെ രൂപവും ഇരുവശത്തും കൈത്താങ്ങുകളും അവയോടു ചേര്‍ന്നു രണ്ടു സിംഹരൂപങ്ങളും ഉണ്ടായിരുന്നു.
20 ആറു പടികളുടെ രണ്ടറ്റത്തുമായി പന്ത്രണ്ടു സിംഹരൂപങ്ങള്‍ സ്ഥാപിച്ചു. ഇതുപോലൊരു സിംഹാസനം ഒരു രാജാവും ഒരിക്കലും ഉണ്ടാക്കിയിട്ടില്ല.
21
ശലോമോന്‍റെ പാനപാത്രങ്ങളെല്ലാം സ്വര്‍ണനിര്‍മ്മിതമായിരുന്നു; ലെബാനോന്‍ വനഗൃഹത്തിലെ പാത്രങ്ങളെല്ലാം തങ്കംകൊണ്ടുള്ളതുമായിരുന്നു. ശലോമോന്‍റെ കാലത്തു വെള്ളി വിലപിടിപ്പുള്ളതായിരുന്നില്ല; അതിനാല്‍ വെള്ളികൊണ്ടു പാത്രങ്ങള്‍ നിര്‍മ്മിച്ചിരുന്നില്ല.22 ഹീരാമിന്‍റെ കപ്പലുകളോടൊപ്പം രാജാവിന്‍റെ സ്വന്തമായ കപ്പലുകളും കടലില്‍ ഉണ്ടായിരുന്നു. അവ ഓരോ മൂന്നു വര്‍ഷം കഴിയുമ്പോഴും സ്വര്‍ണം, വെള്ളി, ആനക്കൊമ്പ് എന്നിവ കൂടാതെ കുരങ്ങുകള്‍, മയിലുകള്‍ മുതലായവയുമായി മടങ്ങിവന്നിരുന്നു.
23
ശലോമോന്‍രാജാവ് ഭൂമിയിലെ എല്ലാ രാജാക്കന്മാരെക്കാളും സമ്പന്നനും ജ്ഞാനിയും ആയിരുന്നു.24 ദൈവം ശലോമോനു നല്‌കിയിരുന്ന ജ്ഞാനം ശ്രവിക്കുന്നതിന് അദ്ദേഹത്തിന്‍റെ അടുക്കല്‍ വരാന്‍ സകല ദേശക്കാരും ആഗ്രഹിച്ചിരുന്നു.
25 ഓരോരുത്തരും ആണ്ടുതോറും അദ്ദേഹത്തെ സന്ദര്‍ശിച്ച് വെള്ളിയും സ്വര്‍ണവും കൊണ്ടുള്ള ഉരുപ്പടികള്‍, വസ്ത്രങ്ങള്‍, ആയുധങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, കുതിരകള്‍, കോവര്‍കഴുതകള്‍ എന്നിവ സമ്മാനിച്ചുവന്നു.
26
ശലോമോന്‍ നിരവധി രഥങ്ങളും കുതിരപ്പടയും സംഘടിപ്പിച്ചു. തന്‍റെ ആയിരത്തിനാനൂറു രഥങ്ങള്‍ക്കും പന്തീരായിരം കുതിരക്കാര്‍ക്കും രഥനഗരങ്ങളിലും രാജാവിനോട് ഒത്ത് യെരൂശലേമിലും അദ്ദേഹം താവളം നല്‌കി.27 അദ്ദേഹത്തിന്‍റെ ഭരണകാലത്ത് യെരൂശലേമില്‍ വെള്ളി കല്ലുപോലെയും ദേവദാരു താഴ്വരയിലെ കാട്ടത്തിപോലെയും സുലഭമായിരുന്നു.
28 ഈജിപ്തില്‍നിന്നും കുവേയില്‍നിന്നും ശലോമോന്‍ കുതിരകളെ ഇറക്കുമതി ചെയ്തു; രാജാവിന്‍റെ വ്യാപാരികള്‍ അവയെ കുവേയില്‍നിന്നു വിലയ്‍ക്കു വാങ്ങി.
29 ഈജിപ്തില്‍നിന്ന് ഇറക്കുമതി ചെയ്ത രഥത്തിന് അറുനൂറു ശേക്കെലും കുതിരയ്‍ക്ക് നൂറ്റിഅമ്പതു ശേക്കെലും വെള്ളി വീതം വിലയായിരുന്നു. ഇതേ നിരക്കില്‍ തന്നെ അവര്‍ ഹിത്യരുടെയും സിറിയാക്കാരുടെയും രാജാക്കന്മാര്‍ക്ക് രാജവ്യാപാരികള്‍ വഴി അവ കയറ്റുമതി ചെയ്തു.
1
ശലോമോന്‍രാജാവ് ഫറവോയുടെ മകളെ കൂടാതെ മോവാബ്യര്‍, അമ്മോന്യര്‍, എദോമ്യര്‍, സീദോന്യര്‍, ഹിത്യര്‍ തുടങ്ങിയ വിജാതീയരായ സ്‍ത്രീകളെയും പ്രേമിച്ചു;2 ‘അന്യജനതകളുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടരുത്; അവര്‍ നിങ്ങളെ വശീകരിച്ചു അന്യദേവന്മാരെ നിങ്ങള്‍ ആരാധിക്കാന്‍ ഇടയാക്കും’ എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്തിരുന്നിട്ടും ശലോമോന്‍ അവരെ ഗാഢമായി സ്നേഹിച്ചു.
3 ശലോമോന് എഴുനൂറു രാജ്ഞിമാരും മുന്നൂറു ഉപഭാര്യമാരുമുണ്ടായിരുന്നു; അവര്‍ അദ്ദേഹത്തിന്‍റെ ഹൃദയത്തെ വ്യതിചലിപ്പിച്ചു.
4 ശലോമോന്‍ വൃദ്ധനായപ്പോള്‍ ഭാര്യമാര്‍ അന്യദേവന്മാരിലേക്ക് അദ്ദേഹത്തിന്‍റെ ഹൃദയം തിരിച്ചു. അദ്ദേഹത്തിന്‍റെ പിതാവായ ദാവീദ് ദൈവമായ സര്‍വേശ്വരനോടു വിശ്വസ്തനായിരുന്നതുപോലെ ശലോമോന്‍ അവിടുത്തോടു വിശ്വസ്തത പാലിച്ചില്ല.
5 അദ്ദേഹം സീദോന്യരുടെ ദേവിയായ അസ്തൊരെത്തിനെയും അമ്മോന്യരുടെ ദേവനായ മില്‌ക്കോവിന്‍റെ മ്ലേച്ഛവിഗ്രഹത്തെയും ആരാധിച്ചു.
6 തന്‍റെ പിതാവായ ദാവീദിനെപ്പോലെ സര്‍വേശ്വരനോടു പൂര്‍ണവിശ്വസ്തത പുലര്‍ത്താതെ അദ്ദേഹം ദൈവമുമ്പാകെ പാപം ചെയ്തു.
7 യെരൂശലേമിനു കിഴക്കുള്ള മലയില്‍ മോവാബ്യരുടെ മ്ലേച്ഛവിഗ്രഹമായ കെമോശിനും അമ്മോന്യരുടെ മ്ലേച്ഛവിഗ്രഹമായ മോലേക്കിനും ശലോമോന്‍ പൂജാഗിരികള്‍ നിര്‍മ്മിച്ചു.
8 തങ്ങളുടെ ദേവന്മാര്‍ക്കു ധൂപാര്‍പ്പണം നടത്തുകയും യാഗമര്‍പ്പിക്കുകയും ചെയ്തുവന്ന സകല വിജാതീയ ഭാര്യമാര്‍ക്കുംവേണ്ടി അദ്ദേഹം ആരാധനസ്ഥലങ്ങള്‍ നിര്‍മ്മിച്ചു.
9
രണ്ടു പ്രാവശ്യം തനിക്കു പ്രത്യക്ഷനാകുകയും അന്യദേവന്മാരെ ആരാധിക്കരുതെന്നു കല്പിക്കുകയും ചെയ്തിരുന്ന10 ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍റെ ആജ്ഞ പാലിക്കാതെ അദ്ദേഹം അന്യദേവന്മാരെ ആരാധിച്ചു. അതുകൊണ്ട് അവിടുത്തെ കോപം ശലോമോനു നേരെ ജ്വലിച്ചു;
11 സര്‍വേശ്വരന്‍ ശലോമോനോടു അരുളിച്ചെയ്തു. “എന്നോടുള്ള ഉടമ്പടി നീ ലംഘിക്കുകയും എന്‍റെ കല്പനകള്‍ അനുസരിക്കാതിരിക്കുകയും ചെയ്തതുകൊണ്ട് രാജത്വം നിന്നില്‍ നിന്നെടുത്തു നിന്‍റെ ഭൃത്യനു കൊടുക്കും എന്നു ഞാന്‍ തീര്‍ത്തു പറയുന്നു.
12 എങ്കിലും നിന്‍റെ പിതാവായ ദാവീദിനെ ഓര്‍ത്തു നിന്‍റെ ജീവിതകാലത്തു ഞാന്‍ അങ്ങനെ ചെയ്യുകയില്ല; നിന്‍റെ പുത്രനില്‍നിന്ന് അതു ഞാന്‍ എടുത്തുകളയും,
13 എന്നാല്‍ രാജത്വം മുഴുവനും ഞാന്‍ നീക്കിക്കളയുകയില്ല. എന്‍റെ ദാസനായ ദാവീദിനെയും ഞാന്‍ തിരഞ്ഞെടുത്ത യെരൂശലേമിനെയും ഓര്‍ത്ത് ഒരു ഗോത്രം ഞാന്‍ നിന്‍റെ പുത്രനു കൊടുക്കും.”
14
എദോംരാജകുടുംബത്തില്‍പ്പെട്ട ഹദദിനെ ശലോമോന് എതിരെ ദൈവം തിരിച്ചുവിട്ടു.15 ദാവീദ് എദോമിലായിരുന്നപ്പോള്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടവരെ സംസ്കരിക്കുന്നതിനു സേനാനായകനായ യോവാബ് അവിടെ ചെന്നു. അപ്പോള്‍ അവിടെ ഉണ്ടായിരുന്ന പുരുഷന്മാരെയെല്ലാം അയാള്‍ വധിച്ചു.
16 എദോമിലുള്ള പുരുഷന്മാരെയെല്ലാം കൊന്നൊടുക്കുന്നതുവരെ ആറു മാസക്കാലം യോവാബും ഇസ്രായേല്‍സൈന്യവും അവിടെ പാര്‍ത്തിരുന്നു.
17 ആ കാലത്തു ഹദദും അയാളുടെ പിതാവിന്‍റെ ഏതാനും ദാസന്മാരും ഈജിപ്തിലേക്ക് ഓടി രക്ഷപെട്ടു. അന്നു ഹദദ് ഒരു കൊച്ചുകുട്ടി ആയിരുന്നു.
18 അവര്‍ മിദ്യാനില്‍നിന്നു പാരാനിലെത്തി; അവിടെനിന്ന് ഏതാനും ആളുകളെക്കൂട്ടി ഈജിപ്തില്‍ ഫറവോയുടെ അടുക്കല്‍ ചെന്നു. ഫറവോ അയാള്‍ക്ക് ഒരു ഭവനവും കുറച്ചു സ്ഥലവും ആഹാരത്തിനുള്ള വകയും കൊടുത്തു.
19 ഫറവോയ്‍ക്കു ഹദദിനോടു വലിയ പ്രീതി തോന്നി; അദ്ദേഹം തന്‍റെ ഭാര്യ തഹ്പെനേസ്‍രാജ്ഞിയുടെ സഹോദരിയെ അയാള്‍ക്കു ഭാര്യയായി നല്‌കി.
20 ഹദദിന് അവളില്‍ ഗെനൂബത്ത് എന്നൊരു പുത്രനുണ്ടായി. മുലകുടി മാറിയപ്പോള്‍ രാജ്ഞി അവനെ ഫറവോയുടെ പുത്രന്മാരുടെകൂടെ വളര്‍ത്തി.
21 ദാവീദും സേനാനായകനായ യോവാബും മരിച്ചു എന്നു കേട്ടപ്പോള്‍ ഹദദ് ജന്മദേശത്തേക്കു മടങ്ങിപ്പോകാന്‍ ഫറവോയോട് അനുവാദം ചോദിച്ചു.
22 രാജാവ് അവനോടു ചോദിച്ചു: “നീ എന്തിനു പോകുന്നു? ഇവിടെ നിനക്ക് എന്തെങ്കിലും കുറവുള്ളതുകൊണ്ടാണോ പോകാന്‍ ആഗ്രഹിക്കുന്നത്?” “എനിക്ക് ഒന്നിനും കുറവുണ്ടായിട്ടല്ല; എന്നെ വിട്ടയച്ചാലും; അയാള്‍ വീണ്ടും അപേക്ഷിച്ചു.
23 എല്യാദായുടെ പുത്രനായ രെസോനെയും ദൈവം ശലോമോന്‍റെ എതിരാളിയാക്കി. അയാള്‍ സോബാരാജാവും തന്‍റെ യജമാനനുമായ ഹദദേസെരുടെ അടുക്കല്‍നിന്ന് ഓടിപ്പോന്നവനായിരുന്നു.
24 ദാവീദ് സോബാക്കാരെ സംഹരിച്ചപ്പോള്‍ അയാള്‍ ഒരു കവര്‍ച്ചസംഘം സംഘടിപ്പിച്ച് അതിന്‍റെ തലവനായിത്തീര്‍ന്നു. അവര്‍ ദമാസ്കസില്‍ ചെന്ന് അവിടെ പാര്‍ത്തു. അനുയായികള്‍ അയാളെ സിറിയായുടെ രാജാവായി അവരോധിച്ചു.
25 ശലോമോന്‍റെ ജീവിതകാലം മുഴുവന്‍ ഹദദിനെപ്പോലെ അയാളും ശല്യം ചെയ്തുകൊണ്ട് ഇസ്രായേലിന്‍റെ ശത്രുവായി വര്‍ത്തിച്ചു.
26
ശലോമോന്‍രാജാവിന്‍റെ മറ്റൊരു ശത്രു തന്‍റെ ഭൃത്യനും സെരേദയില്‍നിന്നുള്ള എഫ്രയീംകാരന്‍ നെബാത്തിന്‍റെ പുത്രനുമായ യെരോബെയാം ആയിരുന്നു. സെരൂയാ എന്ന ഒരു വിധവയുടെ മകനായിരുന്നു അയാള്‍.27 രാജാവിനോട് അയാള്‍ മത്സരിക്കാന്‍ ഒരു കാരണമുണ്ടായിരുന്നു. ശലോമോന്‍ മില്ലോ പണിയുകയും തന്‍റെ പിതാവായ ദാവീദിന്‍റെ നഗരത്തിന്‍റെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കുകയും ചെയ്തു;
28 തത്സമയം കഴിവുറ്റവനും പരിശ്രമശീലനുമായ യെരോബെയാമിനെ യോസേഫ്ഗോത്രക്കാരുടെ ദേശത്തുള്ള അടിമവേലയുടെ മേല്‍നോട്ടം വഹിക്കാന്‍ ശലോമോന്‍ നിയമിച്ചു;
29 ഒരു ദിവസം യെരോബെയാം യെരൂശലേമില്‍നിന്നു പുറത്തുവരുമ്പോള്‍ ശീലോന്യനായ അഹീയാപ്രവാചകന്‍ അയാളെ വഴിയില്‍വച്ചു കണ്ടു. അപ്പോള്‍ അവര്‍ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ.
30 പ്രവാചകന്‍ താന്‍ ധരിച്ചിരുന്ന പുതിയ അങ്കി ഊരി അതു പന്ത്രണ്ടു കഷണങ്ങളായി കീറി.
31 പ്രവാചകന്‍ യെരോബെയാമിനോടു പറഞ്ഞു: “പത്തു കഷണങ്ങള്‍ നീ എടുത്തുകൊള്ളുക. ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: ഞാന്‍ ശലോമോന്‍റെ കൈയില്‍നിന്നു രാജ്യമെടുത്ത് പത്തു ഗോത്രങ്ങളുടെ ദേശം നിനക്കു തരും.
32 എന്‍റെ ദാസനായ ദാവീദിനെ ഓര്‍ത്തും ഇസ്രായേലില്‍നിന്ന് എനിക്കു സ്വന്തമായി തിരഞ്ഞെടുത്ത യെരൂശലേംനഗരത്തെ ഓര്‍ത്തും ഞാന്‍ ഒരു ഗോത്രം ശലോമോനു വിട്ടുകൊടുക്കും;
33 ശലോമോന്‍ എന്നെ ഉപേക്ഷിച്ചു സീദോന്യരുടെ ദേവിയായ അസ്തൊരെത്തിനെയും മോവാബ്യരുടെ ദേവനായ കെമോശിനെയും അമ്മോന്യരുടെ ദേവനായ മില്‍ക്കോമിനെയും ആരാധിച്ചു. അവന്‍ തന്‍റെ പിതാവായ ദാവീദിനെപ്പോലെ എന്‍റെ മാര്‍ഗത്തില്‍ ചരിക്കുകയോ, എന്‍റെ കല്പനകളും ചട്ടങ്ങളും അനുസരിക്കുകയോ ചെയ്തില്ല. ഞാന്‍ രാജ്യം അവനില്‍നിന്ന് എടുത്തുകളയാന്‍ കാരണം അതാണ്.
34 എങ്കിലും രാജ്യം മുഴുവന്‍ ശലോമോനില്‍നിന്ന് എടുത്തുകളകയില്ല. ഞാന്‍ തിരഞ്ഞെടുത്തവനും എന്‍റെ കല്പനകളും ചട്ടങ്ങളും അനുസരിച്ചവനുമായ ദാവീദിനെ ഓര്‍ത്തു ശലോമോന്‍റെ ജീവിതകാലം മുഴുവന്‍ അവന്‍ രാജാവായിരിക്കും.
35 അവന്‍റെ പുത്രന്‍റെ കാലത്തു പത്തു ഗോത്രങ്ങള്‍ എടുത്തു നിനക്കു തരും.
36 എങ്കിലും എന്‍റെ നാമം നിലനിര്‍ത്തുന്നതിനുവേണ്ടി ഞാന്‍ തിരഞ്ഞെടുത്ത യെരൂശലേമില്‍ ദാവീദിന്‍റെ ഒരു ദീപം എന്‍റെ മുമ്പില്‍ ഉണ്ടായിരിക്കാന്‍വേണ്ടി ഒരു ഗോത്രം ഞാന്‍ അവനു നല്‌കും.
37 ഞാന്‍ നിന്നെ ഇസ്രായേലിന്‍റെ രാജാവാക്കും; നീ വാഴാന്‍ ആഗ്രഹിക്കുന്ന സ്ഥലത്തെല്ലാം നീ രാജാവായി ഭരിക്കും.
38 എന്നെ സമ്പൂര്‍ണമായി അനുസരിക്കുകയും ദാവീദിനെപ്പോലെ എന്‍റെ കല്പനകളും ചട്ടങ്ങളും പാലിച്ച് എന്‍റെ മുമ്പാകെ നീതിപൂര്‍വം ജീവിക്കുകയും ചെയ്താല്‍ ഞാന്‍ നിന്‍റെ കൂടെ ഉണ്ടായിരിക്കും. ദാവീദിനെന്നപോലെ നിനക്കും രാജസ്ഥാനം സ്ഥിരമാക്കുകയും ചെയ്യും.
39 ശലോമോന്‍റെ പാപം നിമിത്തം ദാവീദിന്‍റെ പിന്‍തലമുറക്കാരെ ഞാന്‍ ശിക്ഷിക്കും. എന്നാല്‍ അത് എന്നേക്കുമായിരിക്കുകയില്ല.”
40 ഇക്കാരണത്താല്‍ ശലോമോന്‍ യെരോബെയാമിനെ കൊല്ലാന്‍ ശ്രമിച്ചു; അതുകൊണ്ടു യെരോബെയാം ഈജിപ്തിലെ രാജാവായ ശീശക്കിന്‍റെ അടുക്കലേക്ക് ഓടിപ്പോയി. ശലോമോന്‍റെ മരണംവരെ അവിടെത്തന്നെ പാര്‍ത്തു.
41
ശലോമോനെ സംബന്ധിച്ച മറ്റെല്ലാ വിവരങ്ങളും അദ്ദേഹത്തിന്‍റെ ജ്ഞാനവും ശലോമോന്‍റെ ചരിത്രക്കുറിപ്പുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.42 ശലോമോന്‍ യെരൂശലേമില്‍ പാര്‍ത്തുകൊണ്ട് ഇസ്രായേലിനെ മുഴുവന്‍ നാല്പതു വര്‍ഷം ഭരിച്ചു.
43 പിന്നീട് അദ്ദേഹം മരിച്ച് തന്‍റെ പിതാക്കന്മാരോടു ചേര്‍ന്നു. തന്‍റെ പിതാവായ ദാവീദിന്‍റെ നഗരത്തില്‍ അദ്ദേഹത്തെ സംസ്കരിച്ചു. ശലോമോനു പകരം അദ്ദേഹത്തിന്‍റെ പുത്രനായ രെഹബെയാം രാജാവായി.
1
രെഹബെയാം ശെഖേമിലേക്കു പോയി. അവിടെ ഇസ്രായേല്‍ജനം അദ്ദേഹത്തെ രാജാവാക്കാന്‍ ഒന്നിച്ചുകൂടിയിരുന്നു.2 ശലോമോന്‍രാജാവില്‍നിന്നു രക്ഷപെടാന്‍ വേണ്ടി ഈജിപ്തിലേക്ക് ഒളിച്ചോടിയ യെരോബെയാം ഇതു കേട്ട് അവിടെനിന്ന് മടങ്ങിയെത്തി. അയാള്‍ നെബാത്തിന്‍റെ പുത്രനായിരുന്നു.
3 ഇസ്രായേല്‍ജനം അയാളെ ആളയച്ചുവരുത്തി. യെരൊബെയാമും ഇസ്രായേല്‍ജനവും കൂടി രെഹബെയാമിന്‍റെ അടുക്കല്‍ വന്നു പറഞ്ഞു:
4 “അങ്ങയുടെ പിതാവായ ശലോമോന്‍ ഭാരമുള്ള നുകമാണു ഞങ്ങളുടെ ചുമലില്‍ വച്ചിരുന്നത്; ഞങ്ങളുടെ കഠിനവേലയുടെയും ഞങ്ങളുടെ ചുമലില്‍ വച്ചിരിക്കുന്ന നുകത്തിന്‍റെയും ഭാരം ലഘൂകരിച്ചുതന്നാല്‍ ഞങ്ങള്‍ അങ്ങയെ സേവിക്കാം.”
5 രെഹബെയാം അവരോടു പറഞ്ഞു: “നിങ്ങള്‍ മൂന്നു ദിവസം കഴിഞ്ഞ് വരിക.” അതനുസരിച്ചു ജനം മടങ്ങിപ്പോയി.
6 രെഹബെയാംരാജാവു തന്‍റെ പിതാവായ ശലോമോന്‍റെ കാലത്തെ വൃദ്ധരായ ഉപദേശകരോടു ചോദിച്ചു: “ഇവരോടു ഞാന്‍ എന്തു മറുപടി പറയണം; നിങ്ങളുടെ അഭിപ്രായം എന്ത്?”
7 അവര്‍ രാജാവിനോടു പറഞ്ഞു: “അങ്ങ് അവരുടെ അഭിപ്രായത്തിനു വഴങ്ങി അവരെ പരിപാലിക്കുകയും അവരോടു നല്ലവാക്കു പറയുകയും ചെയ്താല്‍ അവര്‍ എന്നും അങ്ങയുടെ ദാസന്മാരായിരിക്കും.”
8 എന്നാല്‍ രെഹബെയാം അവരുടെ നിര്‍ദ്ദേശം നിരസിച്ചു തന്നോടൊത്തു വളര്‍ന്നവരും രാജസദസ്സില്‍ ഉണ്ടായിരുന്നവരുമായ യുവാക്കന്മാരുടെ അഭിപ്രായം ആരാഞ്ഞു.
9 രാജാവ് അവരോടു ചോദിച്ചു: “അങ്ങയുടെ പിതാവ് ഞങ്ങളുടെ ചുമലില്‍ വച്ചിരിക്കുന്ന നുകത്തിന്‍റെ ഭാരം ലഘൂകരിച്ചു തരണം എന്നാവശ്യപ്പെടുന്ന ജനത്തിനു നാം എന്തു മറുപടിയാണു നല്‌കേണ്ടത്.”
10 ആ യുവാക്കന്മാര്‍ പറഞ്ഞു: “അങ്ങയുടെ പിതാവ് ഞങ്ങളുടെ ചുമലില്‍ വച്ചിരിക്കുന്ന ഭാരമുള്ള നുകം ലഘൂകരിച്ചു തരണം എന്നാവശ്യപ്പെടുന്നവരോട് എന്‍റെ ചെറുവിരല്‍ പിതാവിന്‍റെ അരക്കെട്ടിനെക്കാള്‍ വണ്ണമുള്ളതാണെന്നു പറയണം;
11 എന്‍റെ പിതാവു ഭാരമുള്ള നുകം നിങ്ങളുടെമേല്‍ വച്ചെങ്കില്‍ ഞാന്‍ അതിന്‍റെ ഭാരം ഇനിയും വര്‍ധിപ്പിക്കും. അദ്ദേഹം ചാട്ടകൊണ്ടു നിങ്ങളെ അടിച്ചെങ്കില്‍ ഞാന്‍ മുള്‍ച്ചാട്ടകൊണ്ടു നിങ്ങളെ അടിക്കും.”
12 രാജാവു നിര്‍ദ്ദേശിച്ചിരുന്നതുപോലെ യെരോബെയാമും ജനങ്ങളും മൂന്നാം ദിവസം രെഹബെയാമിന്‍റെ അടുക്കല്‍ വന്നു.
13 പ്രായമുള്ളവര്‍ നല്‌കിയിരുന്ന ഉപദേശം നിരസിച്ചു രാജാവ് അവരോടു പരുഷമായി സംസാരിച്ചു.
14 യുവാക്കളുടെ ഉപദേശമനുസരിച്ച് രാജാവ് അവരോടു പറഞ്ഞു: എന്‍റെ പിതാവ് ഭാരമുള്ള നുകം നിങ്ങളുടെമേല്‍ വച്ചെങ്കില്‍ ഞാന്‍ അതിന്‍റെ ഭാരം വര്‍ധിപ്പിക്കും; എന്‍റെ പിതാവ് നിങ്ങളെ ചാട്ടകൊണ്ട് അടിച്ചു; എന്നാല്‍ ഞാന്‍ നിങ്ങളെ മുള്‍ച്ചാട്ടകൊണ്ട് അടിക്കും.” രാജാവ് ജനത്തിന്‍റെ അപേക്ഷ നിരസിച്ചു;
15 അങ്ങനെ ശീലോന്യനായ അഹീയാപ്രവാചകനിലൂടെ സര്‍വേശ്വരന്‍ നെബാത്തിന്‍റെ പുത്രനായ യെരോബെയാമിനോട് അരുളിച്ചെയ്ത വചനം നിറവേറുവാന്‍ ഇപ്രകാരം സംഭവിച്ചു.
16
രാജാവു തങ്ങളുടെ അപേക്ഷ നിരസിച്ചു എന്നു കണ്ടപ്പോള്‍ ജനം വിളിച്ചുപറഞ്ഞു: “ദാവീദുമായി ഞങ്ങള്‍ക്ക് എന്തു പങ്കാണുള്ളത്? യിശ്ശായിപുത്രനില്‍ ഞങ്ങള്‍ക്ക് ഒരു അവകാശവുമില്ല. ഇസ്രായേല്‍ജനമേ, നമുക്ക് നമ്മുടെ കൂടാരങ്ങളിലേക്കു മടങ്ങിപ്പോകാം. ദാവീദിന്‍റെ സന്തതികളേ, നിങ്ങള്‍ നിങ്ങളുടെ കാര്യം നോക്കിക്കൊള്ളൂ.” അങ്ങനെ ഇസ്രായേല്‍ജനം അവരുടെ ഭവനങ്ങളിലേക്കു മടങ്ങിപ്പോയി.17
തുടര്‍ന്നു രെഹബെയാം യെഹൂദാനഗരങ്ങളില്‍ പാര്‍ത്തിരുന്ന ഇസ്രായേല്യരുടെ മാത്രം രാജാവായി ഭരിച്ചു.18 അടിമവേലകളുടെ ചുമതല വഹിച്ചിരുന്ന അദോരാമിനെ രെഹബെയാംരാജാവ് ഇസ്രായേലിലേക്ക് അയച്ചു. എന്നാല്‍ അവര്‍ അയാളെ കല്ലെറിഞ്ഞു കൊന്നു. ഉടന്‍തന്നെ രാജാവ് രഥത്തില്‍ കയറി യെരൂശലേമിലേക്കു പോയി.
19 അന്നുമുതല്‍ വടക്കേ രാജ്യമായ ഇസ്രായേല്‍ ദാവീദിന്‍റെ കുടുംബത്തോടു മത്സരിച്ചുപോന്നു.
20 യെരോബെയാം മടങ്ങിവന്നു എന്ന് ഇസ്രായേല്‍ജനം കേട്ടപ്പോള്‍ അവര്‍ ഒന്നിച്ചുകൂടി; അയാളെ അവരുടെ രാജാവായി വാഴിച്ചു. യെഹൂദായുടെ ഗോത്രമൊഴികെ മറ്റൊന്നും രെഹബെയാമിന്‍റെ കൂടെ നിന്നില്ല.
21
രെഹബെയാം യെരൂശലേമില്‍ മടങ്ങിവന്ന ശേഷം ഇസ്രായേലിന്‍റെ എല്ലാ ഗോത്രങ്ങളുടെയുംമേല്‍ ആധിപത്യം വീണ്ടെടുക്കാന്‍വേണ്ടി യെഹൂദാ, ബെന്യാമീന്‍ ഗോത്രങ്ങളില്‍നിന്ന് ഒരുലക്ഷത്തി എണ്‍പതിനായിരം പേരെ സംഘടിപ്പിച്ചു.22 [22-24] “നിങ്ങളുടെ സ്വന്തം സഹോദരരായ ഇസ്രായേല്‍ജനത്തോടു യുദ്ധം ചെയ്യാന്‍ പുറപ്പെടരുത്; നിങ്ങളെല്ലാവരും അവനവന്‍റെ വീടുകളിലേക്ക് മടങ്ങിപ്പോകുക; എന്‍റെ ഹിതപ്രകാരമാണ് സകലതും സംഭവിച്ചത് എന്നു നീ പോയി ശലോമോന്‍റെ പുത്രനും യെഹൂദാരാജാവുമായ രെഹബെയാമിനോടും യെഹൂദാ, ബെന്യാമീന്‍ ഗോത്രങ്ങളിലെ ജനങ്ങളോടും പറയണം” എന്നു ദൈവം പ്രവാചകനായ ശെമയ്യായോട് അരുളിച്ചെയ്തു. പ്രവാചകനിലൂടെ സര്‍വേശ്വരന്‍ അരുളിച്ചെയ്തതനുസരിച്ച് അവര്‍ മടങ്ങിപ്പോയി.
23
24
25
എഫ്രയീംമലനാട്ടില്‍ ശെഖേംപട്ടണം പടുത്തുയര്‍ത്തി യെരോബെയാം അവിടെ പാര്‍ത്തു; അതിനുശേഷം പെനൂവേലിലേക്കു പോയി; ആ പട്ടണവും നിര്‍മ്മിച്ചു.26 [26,27] യെരോബെയാം ആത്മഗതം ചെയ്തു: എന്‍റെ ജനം ഇന്നു ചെയ്യുന്നതുപോലെ യെരൂശലേംദേവാലയത്തില്‍ പോയി അവിടെ തുടര്‍ന്നു യാഗങ്ങളര്‍പ്പിച്ചാല്‍ എന്നോടുള്ള കൂറു വിട്ട് രെഹബെയാമിലേക്ക് അവര്‍ തിരിയും; എന്നെ വധിച്ച ശേഷം അയാളെ അനുഗമിക്കുകയും ചെയ്യും.
27
28 അതുകൊണ്ട് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് ആലോചിച്ച് ഒരു ഉപായം കണ്ടുപിടിച്ചു. സ്വര്‍ണംകൊണ്ടു രണ്ടു കാളക്കുട്ടികളെ നിര്‍മ്മിച്ചശേഷം അവരോടു പറഞ്ഞു: “നിങ്ങള്‍ യെരൂശലേമിലേക്ക് എത്രയോ നാളുകളായി പോകുന്നു. ഇതാ! നിങ്ങളെ ഈജിപ്തില്‍നിന്നു മോചിപ്പിച്ചു കൊണ്ടുവന്ന ദേവന്മാര്‍.”
29 പിന്നീട് രാജാവു സ്വര്‍ണകാളക്കുട്ടികളില്‍ ഒന്നിനെ ബേഥേലിലും മറ്റേതിനെ ദാനിലും പ്രതിഷ്ഠിച്ചു.
30 അങ്ങനെ ജനം ബേഥേലിലും ദാനിലും പോയി കാളക്കുട്ടികളെ ആരാധിച്ചു സര്‍വേശ്വരനോടു പാപം ചെയ്തു.
31 കൂടാതെ ഗിരിശൃംഗങ്ങളില്‍ പൂജാഗിരികള്‍ നിര്‍മ്മിക്കുകയും ലേവ്യരല്ലാത്തവരില്‍നിന്നും പുരോഹിതന്മാരെ നിയമിക്കുകയും ചെയ്തു.
32
യെഹൂദായില്‍ ആചരിച്ചുവന്നതുപോലെ യെരോബെയാം ഓരോ വര്‍ഷവും എട്ടാം മാസം പതിനഞ്ചാം ദിവസം ഒരു ഉത്സവം ഏര്‍പ്പെടുത്തുകയും ബേഥേലിലെ ബലിപീഠത്തിങ്കല്‍ വന്നു താന്‍ നിര്‍മ്മിച്ച സ്വര്‍ണക്കാളക്കുട്ടികള്‍ക്കു ബലിയര്‍പ്പിക്കുകയും ചെയ്തു. പൂജാഗിരികളില്‍ നിയമിച്ചിരുന്ന പുരോഹിതന്മാരെ ബേഥേലില്‍ ശുശ്രൂഷയ്‍ക്കായി നിയമിച്ചു.33 എട്ടാം മാസം പതിനഞ്ചാം ദിവസം യെരോബെയാം ബേഥേലില്‍ പോയി യാഗമര്‍പ്പിച്ചു; അങ്ങനെ ഇസ്രായേല്‍ജനത്തിനുവേണ്ടി താന്‍ സ്വമേധയാ ഏര്‍പ്പെടുത്തിയ ഉത്സവം ആചരിച്ചു.
1
ധൂപാര്‍പ്പണത്തിനുവേണ്ടി യെരോബെയാം ബലിപീഠത്തിനരികെ നില്‌ക്കുമ്പോള്‍ സര്‍വേശ്വരന്‍റെ കല്പനയനുസരിച്ച് ഒരു പ്രവാചകന്‍ യെഹൂദായില്‍നിന്നു ബേഥേലില്‍ വന്നു.2 അവിടുന്നു കല്പിച്ചതു പ്രവാചകന്‍ വിളിച്ചുപറഞ്ഞു: “അല്ലയോ ബലിപീഠമേ! ബലിപീഠമേ! സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നതു കേള്‍ക്കുക; ദാവീദിന്‍റെ കുടുംബത്തില്‍ യോശിയാ എന്നൊരു പുത്രന്‍ ജനിക്കും. നിന്‍റെമേല്‍ ധൂപാര്‍പ്പണം നടത്തുന്ന പൂജാഗിരികളിലെ പുരോഹിതന്മാരെ അവന്‍ നിന്‍റെമേല്‍ ബലി അര്‍പ്പിക്കും. മനുഷ്യാസ്ഥികള്‍ നിന്‍റെമേല്‍ വച്ച് ദഹിപ്പിക്കും.
3 ഒരു അടയാളം കാട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു: സര്‍വേശ്വരനാണ് സംസാരിക്കുന്നത് എന്നതിന്‍റെ അടയാളം ഇതാകുന്നു. ഈ യാഗപീഠം പിളര്‍ന്ന് അതിന്മേലുള്ള ചാരം നിലത്തു വീഴും.
4
യെരോബെയാംരാജാവ് ഇതു കേട്ടപ്പോള്‍ കൈ ചൂണ്ടിക്കൊണ്ട് “അവനെ പിടിക്കുക” എന്നു കല്പിച്ചു. തല്‍ക്ഷണം രാജാവിന്‍റെ കൈ മരവിച്ചു മടക്കാന്‍ കഴിയാതെയായി.5 സര്‍വേശ്വരന്‍റെ കല്പനയാല്‍ ദൈവപുരുഷന്‍ പറഞ്ഞതുപോലെ യാഗപീഠം പിളര്‍ന്നു ചാരം നിലത്തു വീണു.
6 “എന്‍റെ കൈ സുഖപ്പെടുത്താന്‍ നിന്‍റെ ദൈവമായ സര്‍വേശ്വരനോടു പ്രാര്‍ഥിക്കണമേ” എന്നു രാജാവു ദൈവപുരുഷനോടു അപേക്ഷിച്ചു. അദ്ദേഹം സര്‍വേശ്വരനോടു പ്രാര്‍ഥിച്ചു; രാജാവിന്‍റെ കൈ പൂര്‍വസ്ഥിതിയിലായി.
7 അപ്പോള്‍ രാജാവു ദൈവപുരുഷനോടു പറഞ്ഞു: “കൊട്ടാരത്തില്‍ വന്നു ഭക്ഷണം കഴിഞ്ഞു വിശ്രമിച്ചു പോയാലും; ഞാന്‍ അങ്ങേക്ക് ഒരു സമ്മാനവും തരാനുദ്ദേശിക്കുന്നു.”
8 രാജാവിനോട് അദ്ദേഹം പറഞ്ഞു: “കൊട്ടാരത്തിന്‍റെ പകുതിതന്നെ തന്നാലും ഞാന്‍ അങ്ങയുടെ കൂടെ വരികയില്ല. ഈ സ്ഥലത്തുവച്ചു ഞാന്‍ യാതൊന്നും ഭക്ഷിക്കുകയോ പാനം ചെയ്യുകയോ ഇല്ല.”
9 “നീ ഭക്ഷണപാനീയങ്ങള്‍ കഴിക്കുകയോ പോയ വഴിയെ മടങ്ങുകയോ ചെയ്യരുതെന്ന് സര്‍വേശ്വരന്‍ എന്നോടു കല്പിച്ചിട്ടുണ്ട്.”
10 അങ്ങനെ അദ്ദേഹം മറ്റൊരു വഴിയിലൂടെ ബേഥേലില്‍നിന്നു തിരിച്ചുപോയി.
11
അക്കാലത്ത് ബേഥേലില്‍ വൃദ്ധനായ ഒരു പ്രവാചകന്‍ ഉണ്ടായിരുന്നു. അയാളുടെ പുത്രന്മാര്‍ രാജാവിന്‍റെ അടുക്കല്‍ വന്ന പ്രവാചകന്‍ ചെയ്ത കാര്യങ്ങളും പറഞ്ഞ വിവരങ്ങളും പിതാവിനെ അറിയിച്ചു.12 “ഏതു വഴിക്കാണ് അയാള്‍ പോയത്” എന്ന് അദ്ദേഹം പുത്രന്മാരോടു ചോദിച്ചു.
13 യെഹൂദ്യയില്‍നിന്നു വന്ന പ്രവാചകന്‍ പോയ വഴി അവര്‍ പിതാവിനു കാണിച്ചുകൊടുത്തു. അയാള്‍ അവരോട്: “ഉടന്‍തന്നെ യാത്രയ്‍ക്കുവേണ്ടി കഴുതയെ ഒരുക്കുക” എന്നു പറഞ്ഞു.
14 അയാള്‍ കഴുതപ്പുറത്തു കയറി ദൈവപുരുഷന്‍ പോയ വഴിയെ യാത്ര തിരിച്ചു. ഒരു കരുവേലകമരത്തിന്‍ കീഴില്‍ ദൈവപുരുഷന്‍ ഇരിക്കുന്നതു കണ്ടു. “യെഹൂദ്യയില്‍നിന്നു വന്ന പ്രവാചകന്‍ അങ്ങുതന്നെയാണോ” എന്ന് അയാള്‍ ചോദിച്ചു. “അതേ, ഞാന്‍ തന്നെ” അദ്ദേഹം പ്രതിവചിച്ചു.
15 “അങ്ങ് എന്നോടൊപ്പം വീട്ടില്‍ വന്നു ഭക്ഷണം കഴിച്ചാലും” എന്നു വൃദ്ധനായ പ്രവാചകന്‍ ക്ഷണിച്ചു.
16 ദൈവപുരുഷന്‍ പ്രതിവചിച്ചു; “എനിക്ക് അങ്ങയുടെ വീട്ടില്‍ വരാനോ, ഈ സ്ഥലത്തുവച്ചു ഭക്ഷണപാനീയങ്ങള്‍ കഴിക്കാനോ നിവൃത്തിയില്ല;
17 ഭക്ഷണപാനീയങ്ങള്‍ കഴിക്കുകയോ പോയവഴിയേ മടങ്ങുകയോ, ചെയ്യരുത് എന്നു സര്‍വേശ്വരന്‍ എന്നോടു കല്പിച്ചിട്ടുണ്ട്.”
18 വൃദ്ധന്‍ പറഞ്ഞു: “ഞാനും അങ്ങയെപ്പോലെ ഒരു പ്രവാചകനാണ്; ‘ഭക്ഷണം കഴിക്കാന്‍ അയാളെ വീട്ടില്‍ കൂട്ടിക്കൊണ്ടു വരിക’ എന്നു സര്‍വേശ്വരന്‍ ഒരു ദൂതന്‍വഴി എന്നോടു കല്പിച്ചിരിക്കുന്നു.” എന്നാല്‍ വൃദ്ധന്‍ പറഞ്ഞതു വ്യാജമായിരുന്നു.
19 ദൈവപുരുഷന്‍ അയാളോടൊപ്പം വീട്ടില്‍ ചെന്നു ഭക്ഷണപാനീയങ്ങള്‍ കഴിച്ചു.
20 അവര്‍ ഭക്ഷണത്തിനിരിക്കുമ്പോള്‍ വൃദ്ധപ്രവാചകനു സര്‍വേശ്വരന്‍റെ അരുളപ്പാടുണ്ടായി;
21 അയാള്‍ യെഹൂദ്യയില്‍നിന്നു വന്ന പ്രവാചകനോട് ഉറക്കെപ്പറഞ്ഞു: “നീ സര്‍വേശ്വരനെ അനുസരിച്ചില്ല; അവിടുന്നു കല്പിച്ചതുപോലെ പ്രവര്‍ത്തിച്ചുമില്ല;
22 നീ മടങ്ങിവരികയും ഭക്ഷണപാനീയങ്ങള്‍ കഴിക്കരുതെന്നു പറഞ്ഞ സ്ഥലത്തുവച്ചുതന്നെ അവ കഴിക്കുകയും ചെയ്തു. അതിനാല്‍ നിന്‍റെ ശരീരം പിതാക്കന്മാരുടെ കല്ലറയില്‍ സംസ്കരിക്കപ്പെടുകയില്ല എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.”
23 ഭക്ഷണപാനീയങ്ങള്‍ കഴിച്ചശേഷം വൃദ്ധപ്രവാചകന്‍ ദൈവപുരുഷനു യാത്ര ചെയ്യാന്‍ ഒരു കഴുതയെ ഒരുക്കി.
24 മടക്കയാത്രയില്‍ എതിരെ വന്ന ഒരു സിംഹം അദ്ദേഹത്തെ കൊന്നുകളഞ്ഞു. ജഡത്തിനരികില്‍ സിംഹവും കഴുതയും നിന്നു.
25 വഴിപോക്കര്‍ വഴിയില്‍ ജഡം കിടക്കുന്നതും അതിനരികില്‍ സിംഹം നില്‌ക്കുന്നതും കണ്ടു; അവര്‍ വൃദ്ധപ്രവാചകന്‍ പാര്‍ക്കുന്ന പട്ടണത്തില്‍ ചെന്നു വിവരമറിയിച്ചു;
26 അയാള്‍ അതു കേട്ടപ്പോള്‍ “സര്‍വേശ്വരന്‍റെ കല്പന അനുസരിക്കാതിരുന്ന പ്രവാചകന്‍റേതാണല്ലോ ആ ജഡം. അവിടുന്ന് അരുളിച്ചെയ്തതുപോലെ അയാളെ സിംഹത്തിന് ഏല്പിച്ചുകൊടുക്കുകയും അത് അയാളെ കൊല്ലുകയും ചെയ്തിരിക്കുന്നു” എന്നു പറഞ്ഞു.
27 യാത്രയ്‍ക്കു കഴുതയെ ഒരുക്കാന്‍ അയാള്‍ പുത്രന്മാരോടു പറഞ്ഞു. അവര്‍ അങ്ങനെ ചെയ്തു.
28 പ്രവാചകന്‍റെ ജഡം വഴിയില്‍ കിടക്കുന്നതും കഴുതയും സിംഹവും അതിനരികില്‍ നില്‌ക്കുന്നതും അയാള്‍ കണ്ടു; സിംഹം ജഡം ഭക്ഷിക്കുകയോ കഴുതയെ കടിച്ചുകീറുകയോ ചെയ്തിരുന്നില്ല.
29 ദുഃഖം ആചരിക്കുന്നതിനും ശവം സംസ്കരിക്കുന്നതിനുമായി വൃദ്ധപ്രവാചകന്‍ ജഡം കഴുതപ്പുറത്തു കയറ്റി പട്ടണത്തിലേക്കു കൊണ്ടുപോയി.
30 അയാള്‍ ജഡം തന്‍റെ സ്വന്തം കല്ലറയില്‍ സംസ്കരിച്ചു. “അയ്യോ, എന്‍റെ സഹോദരാ” എന്നു വിളിച്ച് അവര്‍ വിലപിച്ചു.
31 അതിനുശേഷം അയാള്‍ തന്‍റെ പുത്രന്മാരോട് പറഞ്ഞു: “ഞാന്‍ മരിക്കുമ്പോള്‍ ഈ കല്ലറയില്‍തന്നെ എന്നെ സംസ്കരിക്കണം; എന്‍റെ ശരീരം അദ്ദേഹത്തിന്‍റെ ശരീരത്തിന്‍റെ അടുത്തുതന്നെ വയ്‍ക്കണം.
32 സര്‍വേശ്വരന്‍റെ കല്പനയനുസരിച്ചു ബേഥേലിലെ യാഗപീഠത്തിനും ശമര്യാപട്ടണങ്ങളിലെ എല്ലാ പൂജാഗിരികള്‍ക്കും എതിരായി അദ്ദേഹം പ്രവചിച്ചതെല്ലാം സംഭവിക്കുകതന്നെ ചെയ്യും.”
33
ഈ സംഭവം കഴിഞ്ഞിട്ടും യെരോബെയാം തന്‍റെ അധാര്‍മികപ്രവര്‍ത്തനങ്ങളില്‍നിന്നു പിന്തിരിഞ്ഞില്ല. താന്‍ സ്ഥാപിച്ച പൂജാഗിരികളില്‍ ശുശ്രൂഷ ചെയ്യുന്നതിനു സകല ഗോത്രങ്ങളില്‍നിന്നും പുരോഹിതന്മാരെ നിയമിച്ചു. പുരോഹിതവൃത്തിക്കു സമ്മതമുള്ള എല്ലാവര്‍ക്കും രാജാവ് പുരോഹിതസ്ഥാനം നല്‌കി.34 യെരോബെയാമിന്‍റെ വംശം നിശ്ശേഷം നശിക്കുന്നതിന് ഈ പാപം കാരണമായിത്തീര്‍ന്നു.
1
യെരോബെയാമിന്‍റെ പുത്രന്‍ അബീയാ രോഗബാധിതനായി;2 അദ്ദേഹം ഭാര്യയെ വിളിച്ചുപറഞ്ഞു: “നീ എന്‍റെ ഭാര്യയാണെന്നു മനസ്സിലാകാത്തവിധം വേഷം മാറി ശീലോവിലേക്കു പോകുക; ഞാന്‍ ഈ ജനത്തിന്‍റെ രാജാവാകും എന്നു പറഞ്ഞ അഹീയാപ്രവാചകന്‍ അവിടെയാണു പാര്‍ക്കുന്നത്.
3 പത്ത് അപ്പവും കുറെ അടയും ഒരു ഭരണി തേനുമായി നീ അദ്ദേഹത്തിന്‍റെ അടുക്കല്‍ ചെല്ലണം. മകന് എന്തു സംഭവിക്കും എന്ന് അദ്ദേഹം നിന്നോടു പറയും.”
4 അങ്ങനെ രാജ്ഞി ശീലോവില്‍ അഹീയായുടെ ഭവനത്തിലെത്തി. വാര്‍ധക്യം നിമിത്തം അദ്ദേഹത്തിന്‍റെ കാഴ്ച മങ്ങിയിരുന്നു.
5
രോഗിയായ പുത്രനെക്കുറിച്ചുള്ള വിവരം ചോദിക്കാന്‍ യെരോബെയാമിന്‍റെ ഭാര്യ വരുമെന്നും അവളോട് എന്താണ് പറയേണ്ടതെന്നും സര്‍വേശ്വരന്‍ അഹീയായെ അറിയിച്ചിരുന്നു. വേഷം മാറിയാണ് അവള്‍ അവിടെ ചെന്നത്.6 അവള്‍ വാതില്‍ കടക്കുമ്പോള്‍തന്നെ അവളുടെ കാലൊച്ച കേട്ട അഹീയാ പറഞ്ഞു: “യെരോബെയാമിന്‍റെ പത്നീ, അകത്തു വരിക; മറ്റൊരാളെന്നു നീ എന്തിനു നടിക്കുന്നു? ദുസ്സഹമായ വാര്‍ത്ത നിന്നെ അറിയിക്കാന്‍ ഞാന്‍ നിയുക്തനായിരിക്കുന്നു.
7 നീ പോയി യെരോബെയാമിനോട് പറയുക: ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു; ജനത്തിന്‍റെ ഇടയില്‍നിന്നു ഞാന്‍ നിന്നെ ഇസ്രായേലിന്‍റെ ഭരണാധികാരിയായി ഉയര്‍ത്തി.
8 രാജ്യം ദാവീദിന്‍റെ ഗൃഹത്തില്‍നിന്നു കീറിയെടുത്തു നിനക്കു തന്നു; എങ്കിലും എന്‍റെ ദാസനായ ദാവീദിനെപ്പോലെ നീ എന്നോടു വിശ്വസ്തനായിരുന്നില്ല. ദാവീദാകട്ടെ എന്നോടു പൂര്‍ണവിശ്വസ്തത പാലിച്ചിരുന്നു; എന്‍റെ കല്പനകളെല്ലാം അനുസരിച്ചിരുന്നു; എന്‍റെ ഹിതമനുസരിച്ചു മാത്രമാണ് അവന്‍ പ്രവര്‍ത്തിച്ചിരുന്നത്.
9 എന്നാല്‍ നിന്‍റെ മുന്‍ഗാമികളെക്കാള്‍ അധികം തിന്മകള്‍ നീ ചെയ്തു. നീ അന്യദേവന്മാരുടെ വാര്‍പ്പുവിഗ്രഹങ്ങളെ ആരാധിച്ചു; എന്നെ പുറന്തള്ളി എന്നെ പ്രകോപിപ്പിച്ചു.
10 അതുകൊണ്ട് യെരോബെയാമിന്‍റെ കുടുംബത്തെ ഞാന്‍ നശിപ്പിക്കും; യെരോബെയാമിനു അടിമകളില്‍നിന്നും സ്വതന്ത്രരില്‍നിന്നും ജനിച്ച എല്ലാ പുരുഷസന്തതികളെയും ഞാന്‍ ഇസ്രായേലില്‍നിന്നു ഛേദിച്ചുകളയും. നിന്‍റെ കുടുംബത്തിലുള്ളവരെയെല്ലാം ഉണക്കച്ചാണകം കത്തിച്ചുകളയുംപോലെ ഞാന്‍ നശിപ്പിക്കും.
11 നിന്‍റെ കുടുംബാംഗങ്ങളില്‍ ആരെങ്കിലും പട്ടണത്തില്‍വച്ചു മരിച്ചാല്‍ നായ്‍ക്കള്‍ ആ ജഡം ഭക്ഷിക്കും; വെളിമ്പ്രദേശത്തുവച്ചു മരിച്ചാല്‍ പക്ഷികള്‍ തിന്നും. സര്‍വേശ്വരനാണ് ഇത് അരുളിച്ചെയ്തിരിക്കുന്നത്.”
12
അഹീയാ യെരോബെയാമിന്‍റെ ഭാര്യയോടു തുടര്‍ന്നു പറഞ്ഞു: “വീട്ടിലേക്കു മടങ്ങിപ്പോകുക; നീ പട്ടണത്തില്‍ കാലു കുത്തുമ്പോള്‍ കുട്ടി മരിക്കും;13 ഇസ്രായേല്‍ജനമെല്ലാം അവനെക്കുറിച്ചു വിലപിക്കും. അവര്‍ അവനെ സംസ്കരിക്കും; യെരോബെയാമിന്‍റെ കുടുംബാംഗങ്ങളില്‍ അവന്‍ മാത്രമേ കല്ലറയില്‍ സംസ്കരിക്കപ്പെടുകയുള്ളൂ. കാരണം അവനില്‍ മാത്രമേ സര്‍വേശ്വരന്‍ അല്പമെങ്കിലും നന്മ കണ്ടിട്ടുള്ളൂ;
14 അവിടുന്ന് ഇസ്രായേലില്‍ മറ്റൊരു രാജാവിനെ നിയമിക്കാന്‍ പോകുകയാണ്; അവന്‍ യെരോബെയാമിന്‍റെ കുടുംബത്തെ നശിപ്പിച്ചുകളയും;
15 ഇസ്രായേല്‍ അശേരാ പ്രതിഷ്ഠകളെ നിര്‍മ്മിച്ചു സര്‍വേശ്വരനെ കോപിപ്പിച്ചതുകൊണ്ടു ‘വെള്ളത്തില്‍ ഞാങ്ങണ’ എന്നപോലെ അവിടുന്ന് അവരെ ഉലയ്‍ക്കും; അവിടുന്ന് അവരുടെ പിതാക്കന്മാര്‍ക്കു നല്‌കിയ ഈ നല്ല ദേശത്തുനിന്ന് അവരെ ഛേദിച്ച് യൂഫ്രട്ടീസ്നദിയുടെ മറുകരയിലേക്കു ചിതറിച്ചുകളയും.
16 സ്വയം പാപം ചെയ്യുകയും ഇസ്രായേലിനെക്കൊണ്ടു പാപം ചെയ്യിക്കുകയും ചെയ്ത യെരോബെയാം നിമിത്തം സര്‍വേശ്വരന്‍ ഇസ്രായേലിനെ ഉപേക്ഷിച്ചുകളയും.
17 യെരോബെയാമിന്‍റെ ഭാര്യ തിര്‍സ്സയില്‍ മടങ്ങിവന്നു; അവള്‍ കൊട്ടാരവാതില്‌ക്കല്‍ എത്തിയപ്പോള്‍ കുട്ടി മരിച്ചു;
18 തന്‍റെ ദാസനായ അഹീയാപ്രവാചകനിലൂടെ സര്‍വേശ്വരന്‍ അരുളിച്ചെയ്തതുപോലെ ഇസ്രായേല്‍ജനം അവനെ സംസ്കരിക്കുകയും അവനെക്കുറിച്ചു വിലപിക്കുകയും ചെയ്തു.
19
യെരോബെയാമിന്‍റെ ഭരണവും യുദ്ധങ്ങളും, മറ്റു പ്രവൃത്തികളും സംബന്ധിച്ച വിവരങ്ങള്‍ ഇസ്രായേല്‍രാജാക്കന്മാരുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.20 യെരോബെയാം ഇരുപത്തിരണ്ടു വര്‍ഷം രാജ്യം ഭരിച്ചു; പിന്നീട് അദ്ദേഹം മരിച്ച് പിതാക്കന്മാരോടു ചേര്‍ന്നു. തുടര്‍ന്ന് അദ്ദേഹത്തിന്‍റെ പുത്രന്‍ നാദാബ് രാജാവായി.
21
ശലോമോന്‍റെ പുത്രനായ രെഹബെയാം നാല്പത്തിയൊന്നാമത്തെ വയസ്സില്‍ യെഹൂദ്യയിലെ രാജാവായി. സകല ഇസ്രായേല്‍ഗോത്രങ്ങളില്‍നിന്നും തന്നെ ആരാധിക്കാനായി സര്‍വേശ്വരന്‍ തിരഞ്ഞെടുത്ത യെരൂശലേമില്‍ പാര്‍ത്തുകൊണ്ടു പതിനേഴു വര്‍ഷം ഭരിച്ചു. നയമാ എന്ന അമ്മോന്യസ്‍ത്രീ ആയിരുന്നു രെഹബെയാമിന്‍റെ മാതാവ്.22 യെഹൂദ്യയിലെ ജനം സര്‍വേശ്വരനെതിരായി പാപം ചെയ്തു; തങ്ങളുടെ പാപപ്രവൃത്തികള്‍ മൂലം തങ്ങളുടെ പിതാക്കന്മാരിലും കൂടുതലായി അവിടുത്തെ അവര്‍ പ്രകോപിപ്പിച്ചു.
23 അവര്‍ പൂജാഗിരികളും സ്തംഭവിഗ്രഹങ്ങളും ഉണ്ടാക്കി; കുന്നുകളുടെ മുകളിലും പച്ചമരങ്ങളുടെ ചുവട്ടിലും അശേരാപ്രതിഷ്ഠകള്‍ സ്ഥാപിച്ചു.
24 ഇവയെക്കാള്‍ നിന്ദ്യമായി ദേവപ്രീതിക്കുവേണ്ടിയുള്ള പുരുഷവേശ്യാ സമ്പ്രദായവും അവിടെ നിലവിലിരുന്നു. ഇസ്രായേല്‍ജനം ഈ നാട്ടില്‍ പ്രവേശിച്ചപ്പോള്‍ സര്‍വേശ്വരന്‍ ഇവിടെനിന്നു നീക്കിക്കളഞ്ഞ ജനതകള്‍ ആചരിച്ചിരുന്ന സകല മ്ലേച്ഛതകളും യെഹൂദ്യയിലെ ജനം ചെയ്തു.
25
രെഹബെയാമിന്‍റെ വാഴ്ചയുടെ അഞ്ചാം വര്‍ഷം ഈജിപ്തിലെ രാജാവായ ശീശക് യെരൂശലേമിനെ ആക്രമിച്ചു.26 ശലോമോന്‍ നിര്‍മ്മിച്ച സ്വര്‍ണപ്പരിചകള്‍ ഉള്‍പ്പെടെ ദേവാലയത്തിലെയും കൊട്ടാരത്തിലെയും വിലപിടിപ്പുള്ള സാധനങ്ങളെല്ലാം അയാള്‍ അപഹരിച്ചു.
27 അവയ്‍ക്കു പകരം രെഹബെയാം ഓട്ടുപരിചകള്‍ നിര്‍മ്മിച്ചു. കൊട്ടാരസംരക്ഷണത്തിന്‍റെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥന്മാരെ ഏല്പിച്ചു.
28 രാജാവ് ദേവാലയത്തില്‍ പോകുമ്പോഴെല്ലാം അകമ്പടിക്കാര്‍ അവ ധരിക്കും; പിന്നീട് അവ കാവല്‍പ്പുരയില്‍ സൂക്ഷിക്കും.
29 രെഹബെയാമിന്‍റെ മറ്റു വിവരങ്ങളും പ്രവൃത്തികളും യെഹൂദാരാജാക്കന്മാരുടെ ദിനവൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.
30 രെഹബെയാമും യെരോബെയാമും തുടരെ യുദ്ധം ചെയ്തുകൊണ്ടിരുന്നു.
31 രെഹബെയാം മരിച്ചു; തന്‍റെ പിതാക്കന്മാരുടെകൂടെ ദാവീദിന്‍റെ നഗരത്തില്‍ സംസ്കരിക്കപ്പെട്ടു. അമ്മോന്യയായ നയമാ ആയിരുന്നു അദ്ദേഹത്തിന്‍റെ മാതാവ്. രെഹബെയാമിന്‍റെ മരണശേഷം പുത്രന്‍ അബീയാം രാജ്യഭാരമേറ്റു.
1
നെബാത്തിന്‍റെ പുത്രനായ യെരോബെയാംരാജാവിന്‍റെ വാഴ്ചയുടെ പതിനെട്ടാം വര്‍ഷം അബീയാം യെഹൂദ്യയില്‍ ഭരണമാരംഭിച്ചു.2 അദ്ദേഹം മൂന്നു വര്‍ഷം യെരൂശലേമില്‍ വാണു. അബ്ശാലോമിന്‍റെ പുത്രി മയഖാ ആയിരുന്നു അദ്ദേഹത്തിന്‍റെ മാതാവ്;
3 അയാളും പിതാവിന്‍റെ പാപവഴികളില്‍ നടന്നു. സര്‍വേശ്വരന്‍റെ സന്നിധിയില്‍ വിശ്വസ്തനായി ജീവിച്ച പൂര്‍വപിതാവായ ദാവീദിനെപ്പോലെ ആയിരുന്നില്ല അയാള്‍.
4 എങ്കിലും ദാവീദിനെ ഓര്‍ത്തു ദൈവമായ സര്‍വേശ്വരന്‍ അബീയാമിന് കിരീടാവകാശിയായി ഒരു പുത്രനെ നല്‌കി. അങ്ങനെ യെരൂശലേമിനെ സുരക്ഷിതമാക്കി.
5 ദാവീദ് ഹിത്യനായ ഊരീയായുടെ കാര്യമൊഴിച്ചു മറ്റു സകലത്തിലും സര്‍വേശ്വരനു ഹിതകരമായി പ്രവര്‍ത്തിച്ചതുകൊണ്ടാണ് അവിടുന്ന് അങ്ങനെ ചെയ്തത്.
6 അബീയാമിന്‍റെ ഭരണകാലം മുഴുവന്‍ അയാളും യെരോബെയാമും തമ്മില്‍ യുദ്ധം നടന്നു.
7 അബീയാമിന്‍റെ മറ്റെല്ലാ പ്രവൃത്തികളും യെഹൂദാരാജാക്കന്മാരുടെ ദിനവൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.
8 അബീയാം മരിച്ചു. പിതാക്കന്മാരുടെ കൂടെ ദാവീദിന്‍റെ നഗരത്തില്‍ സംസ്കരിക്കപ്പെട്ടു; അബീയാമിന്‍റെ പുത്രന്‍ ആസാ പകരം രാജാവായി.
9
ഇസ്രായേല്‍രാജാവായ യെരോബെയാമിന്‍റെ വാഴ്ചയുടെ ഇരുപതാം വര്‍ഷം ആസാ യെഹൂദ്യയില്‍ രാജാവായി.10 അദ്ദേഹം നാല്പത്തൊന്നു വര്‍ഷം യെരൂശലേമില്‍ ഭരിച്ചു. അബ്ശാലോമിന്‍റെ പുത്രി മയഖാ ആയിരുന്നു അദ്ദേഹത്തിന്‍റെ മാതാവ്.
11 തന്‍റെ പൂര്‍വപിതാവായ ദാവീദിനെപ്പോലെ ആസാ സര്‍വേശ്വരന് പ്രസാദകരമായി ജീവിച്ചു.
12 ദേവപ്രീതിക്കുവേണ്ടിയുള്ള പുരുഷവേശ്യാ സമ്പ്രദായം അവസാനിപ്പിച്ചു; തന്‍റെ പിതാക്കന്മാര്‍ നിര്‍മ്മിച്ചിരുന്ന സകല വിഗ്രഹങ്ങളും ദേശത്തുനിന്നു നീക്കിക്കളഞ്ഞു.
13 തന്‍റെ മാതാവായ മയഖാ അശേരാദേവിയുടെ മ്ലേച്ഛവിഗ്രഹം നിര്‍മ്മിച്ചതിനാല്‍ അദ്ദേഹം അമ്മറാണി പദത്തില്‍നിന്ന് അവരെ നീക്കുകയും വിഗ്രഹം തകര്‍ത്തു കിദ്രോന്‍തോട്ടിനരികെ വച്ചു ദഹിപ്പിക്കുകയും ചെയ്തു.
14 എന്നാല്‍ പൂജാഗിരികള്‍ അദ്ദേഹം നശിപ്പിച്ചില്ല; എങ്കിലും ജീവിതകാലം മുഴുവന്‍ അദ്ദേഹം സര്‍വേശ്വരനോടു വിശ്വസ്തത പുലര്‍ത്തി.
15 താനും തന്‍റെ പിതാവും ദൈവത്തിനു പ്രതിഷ്ഠിച്ചിരുന്ന സ്വര്‍ണവും വെള്ളിയും പാത്രങ്ങളും ആസാ സര്‍വേശ്വരന്‍റെ ആലയത്തില്‍ കൊണ്ടുവന്നു.
16
ആസായും ഇസ്രായേല്‍രാജാവായ ബയെശയും തമ്മില്‍ നിരന്തരം യുദ്ധം ചെയ്തുവന്നു;17 ബയെശ യെഹൂദായെ ആക്രമിച്ചു; ആസായും യെഹൂദ്യക്കു പുറത്തുള്ളവരും തമ്മില്‍ ബന്ധപ്പെടാതിരിക്കുന്നതിനുവേണ്ടി ബയെശ രാമാപട്ടണം കോട്ട കെട്ടി ഉറപ്പിച്ചു.
18 യെരൂശലേംദേവാലയത്തിലെയും കൊട്ടാരത്തിലെയും ഭണ്ഡാരങ്ങളില്‍ ശേഷിച്ചിരുന്ന സ്വര്‍ണവും വെള്ളിയും ആസാ എടുത്തു ദമാസ്കസില്‍ പാര്‍ത്തിരുന്ന ഹെസിയോന്‍റെ പൗത്രനും തബ്രിമ്മോന്‍റെ പുത്രനുമായ സിറിയന്‍ രാജാവ് ബെന്‍-ഹദദിനു കൊടുത്തയച്ചിട്ടു പറഞ്ഞു:
19 “നമ്മുടെ പിതാക്കന്മാര്‍ ചെയ്തിരുന്നതുപോലെ നമുക്കും സഖ്യം ചെയ്യാം; അങ്ങേക്കു സമ്മാനമായി വെള്ളിയും പൊന്നും ഞാന്‍ കൊടുത്തയയ്‍ക്കുന്നു. ഇസ്രായേല്‍രാജാവായ ബയെശ എന്‍റെ രാജ്യത്തുനിന്നു പിന്മാറുന്നതിനുവേണ്ടി അയാളുമായുള്ള സഖ്യം വിഛേദിച്ചാലും.”
20
ബെന്‍-ഹദദ് യെഹൂദാരാജാവായ ആസായുടെ അപേക്ഷ കേട്ടു; തന്‍റെ സൈന്യാധിപന്മാരെ ഇസ്രായേലിനെതിരായി അയയ്‍ക്കുകയും ചെയ്തു. അവര്‍ ഇയ്യോന്‍, ദാന്‍, ആബേല്‍-ബേത്ത്-മയഖ, ഗലീലാതടാകത്തിനു ചുറ്റുമുള്ള പ്രദേശങ്ങളും, നഫ്താലിദേശവും പിടിച്ചടക്കി.21 ബയെശ ഈ വിവരം കേട്ടപ്പോള്‍ രാമാ പട്ടണത്തിന്‍റെ പണി നിര്‍ത്തിവച്ച് തിര്‍സ്സയില്‍ത്തന്നെ പാര്‍ത്തു.
22 യെഹൂദാനിവാസികള്‍ ഒന്നൊഴിയാതെ ഒരുമിച്ചു കൂടുന്നതിന് ആസാ രാജാവ് ഒരു വിളംബരം പ്രസിദ്ധപ്പെടുത്തി; അവര്‍ ചെന്നു രാമാ പട്ടണം കോട്ട കെട്ടി ഉറപ്പിക്കാന്‍ ബയെശ സംഭരിച്ചിരുന്ന കല്ലും മരവും എടുത്തുകൊണ്ടുവന്നു. അവകൊണ്ട് ബെന്യാമീനിലെ ഗേബയും മിസ്പായും പണിതു.
23
ആസായുടെ മറ്റു പ്രവര്‍ത്തനങ്ങളും അദ്ദേഹത്തിന്‍റെ സകല ശൂരപ്രവൃത്തികളും പട്ടണങ്ങള്‍ കോട്ട കെട്ടി ഉറപ്പിച്ചതുമെല്ലാം യെഹൂദാരാജാക്കന്മാരുടെ ദിനവൃത്താന്തഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ; വാര്‍ധക്യകാലത്ത് ആസായുടെ കാലുകള്‍ക്കു രോഗം ബാധിച്ചു.24 ആസാരാജാവു മരിച്ചു; പിതാവായ ദാവീദിന്‍റെ നഗരത്തില്‍ അടക്കപ്പെട്ടു; പിന്നീട് അദ്ദേഹത്തിന്‍റെ മകന്‍ യെഹോശാഫാത്ത് ഭരണമേറ്റു.
25
യെഹൂദാരാജാവായ ആസായുടെ രണ്ടാം ഭരണവര്‍ഷത്തില്‍ യെരോബെയാമിന്‍റെ പുത്രനായ നാദാബ് ഇസ്രായേലില്‍ രാജാവായി; അയാള്‍ രണ്ടു വര്‍ഷം രാജ്യം ഭരിച്ചു.26 തന്‍റെ പിതാവിനെപ്പോലെ അയാള്‍ പാപമാര്‍ഗത്തില്‍ ചരിച്ച് ഇസ്രായേല്‍ജനത്തെക്കൊണ്ടു പാപം ചെയ്യിച്ചു.
27
ഇസ്സാഖാര്‍ഗോത്രത്തിലെ അഹീയായുടെ പുത്രനായ ബയെശ നാദാബിനെതിരായി ഗൂഢാലോചന നടത്തി; നാദാബും ഇസ്രായേല്‍സൈന്യവും ഫെലിസ്ത്യനഗരമായ ഗിബ്ബെഥോന്‍ ആക്രമിച്ച തക്കം നോക്കി ബയെശ നാദാബിനെ വധിച്ചു;28 അങ്ങനെ ആസായുടെ മൂന്നാം ഭരണവര്‍ഷത്തില്‍ ബയെശ നാദാബിനെ കൊന്ന് പകരം രാജാവായി.
29 അയാള്‍ രാജാവായ ഉടനെ യെരോബെയാമിന്‍റെ കുടുംബാംഗങ്ങളെയെല്ലാം സംഹരിച്ചു. സര്‍വേശ്വരന്‍ ശീലോന്യനായ തന്‍റെ ദാസന്‍ അഹീയാപ്രവാചകനിലൂടെ അരുളിച്ചെയ്തതുപോലെ യെരോബെയാമിന്‍റെ വംശപരമ്പരയില്‍പ്പെട്ട ആരും ശേഷിച്ചില്ല.
30 യെരോബെയാം ചെയ്തതും ഇസ്രായേലിനെക്കൊണ്ട് അയാള്‍ ചെയ്യിച്ചതുമായ പാപങ്ങള്‍ സര്‍വേശ്വരനെ പ്രകോപിപ്പിച്ചതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്.
31
നാദാബിന്‍റെ മറ്റു സകല പ്രവര്‍ത്തനങ്ങളും ഇസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.32 ആസായും ഇസ്രായേല്‍രാജാവായ ബയെശയും തമ്മില്‍ നിരന്തരം യുദ്ധം നടന്നു.
33
യെഹൂദാരാജാവായ ആസായുടെ മൂന്നാം ഭരണവര്‍ഷം അഹീയായുടെ പുത്രന്‍ ബയെശ ഇസ്രായേലിന്‍റെ രാജാവായി; അയാള്‍ ഇരുപത്തിനാലു വര്‍ഷം തിര്‍സ്സായില്‍ വാണു;34 അയാളും സര്‍വേശ്വരനു ഹിതകരമല്ലാത്ത രീതിയില്‍ ജീവിച്ചു. യെരോബെയാമിന്‍റെ മാര്‍ഗങ്ങളിലും അയാള്‍ ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപങ്ങളിലും ബയെശ വ്യാപരിച്ചു.
1
ഹാനാനിയുടെ പുത്രന്‍ യേഹൂപ്രവാചകനിലൂടെ സര്‍വേശ്വരന്‍ ബയെശയോട് അരുളിച്ചെയ്തു:2 “ഞാന്‍ നിന്നെ പൊടിയില്‍ നിന്നുയര്‍ത്തി എന്‍റെ ജനമായ ഇസ്രായേലിന്‍റെ നായകനായി നിയമിച്ചു. എന്നാല്‍ നീ യെരോബെയാമിന്‍റെ വഴിയില്‍ നടന്നു; എന്‍റെ ജനമായ ഇസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച് എന്‍റെ കോപം ജ്വലിപ്പിച്ചിരിക്കുന്നു.
3 അതുകൊണ്ടു ബയെശയെയും അവന്‍റെ ഗൃഹത്തെയും ഞാന്‍ നിശ്ശേഷം നശിപ്പിക്കും; നിന്‍റെ ഭവനം നെബാത്തിന്‍റെ പുത്രനായ യെരോബെയാമിന്‍റെ ഭവനംപോലെയാകും;
4 ബയെശയുടെ കുടുംബക്കാരില്‍ പട്ടണത്തില്‍വച്ചു വധിക്കപ്പെടുന്നവരെ നായ്‍ക്കളും വയലില്‍വച്ചു കൊല്ലപ്പെടുന്നവരെ പക്ഷികളും ഭക്ഷിക്കും;
5 ബയെശയുടെ മറ്റെല്ലാ ചെയ്തികളും വീരപരാക്രമങ്ങളും ഇസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.
6 ബയെശ തന്‍റെ പിതാക്കന്മാരെപ്പോലെ മരിച്ചു; അയാളെ തിര്‍സ്സയില്‍ സംസ്കരിച്ചു. പിന്നീട് അയാളുടെ മകന്‍ ഏലാ രാജാവായി.
7 യെരോബെയാമിന്‍റെ ഭവനക്കാരെപ്പോലെ സര്‍വേശ്വരനെതിരായി പാപം ചെയ്ത് അവിടുത്തെ പ്രകോപിപ്പിക്കുകയും യെരോബെയാമിന്‍റെ ഭവനത്തെ നശിപ്പിക്കുകയും ചെയ്തതുകൊണ്ടാണ് ഹാനാനിയുടെ പുത്രന്‍ യേഹൂപ്രവാചകനിലൂടെ സര്‍വേശ്വരന്‍ ബയെശയ്‍ക്കെതിരായി അരുളിച്ചെയ്തത്.
8
യെഹൂദാരാജാവായ ആസായുടെ ഇരുപത്താറാം ഭരണവര്‍ഷം ബയെശയുടെ പുത്രന്‍ ഏലാ ഇസ്രായേലിന്‍റെ രാജാവായി. അയാള്‍ തിര്‍സ്സായില്‍ രണ്ടു വര്‍ഷം ഭരിച്ചു.9 [9,10] തന്‍റെ രഥസൈന്യത്തില്‍ അര്‍ധഭാഗത്തിന്‍റെ അധിപനായിരുന്ന സിമ്രി അയാള്‍ക്കെതിരെ ഗൂഢാലോചന നടത്തി. തിര്‍സ്സായിലെ കൊട്ടാരത്തിന്‍റെ മേല്‍വിചാരകനായിരുന്ന അര്‍സയുടെ വീട്ടില്‍ ഏലാരാജാവ് ഒരു ദിവസം മദ്യപിച്ചു മത്തനായിരിക്കെ സിമ്രി അകത്തു കടന്ന് അയാളെ വെട്ടിക്കൊന്നു. യെഹൂദാരാജാവായ ആസായുടെ ഇരുപത്തേഴാം ഭരണവര്‍ഷത്തിലായിരുന്നു ഈ സംഭവം. ഏലായ്‍ക്കു പകരം സിമ്രി രാജാവായി.
10
11 ഉടന്‍തന്നെ സിമ്രി ബയെശയുടെ കുടുംബത്തെ പൂര്‍ണമായി സംഹരിച്ചു; അയാളുടെ ചാര്‍ച്ചക്കാരിലോ സ്നേഹിതരിലോ ഒരു പുരുഷപ്രജയെപ്പോലും ശേഷിപ്പിച്ചില്ല;
12 ബയെശയ്‍ക്കെതിരായി യേഹൂപ്രവാചകനിലൂടെ സര്‍വേശ്വരന്‍ കല്പിച്ചതുപോലെ സിമ്രി അയാളുടെ വംശത്തെ മുഴുവന്‍ സംഹരിച്ചു.
13 വിഗ്രഹങ്ങളെ ആരാധിക്കുകയും ഇസ്രായേലിനെക്കൊണ്ട് പാപം ചെയ്യിക്കുകയും നിമിത്തം ബയെശയും അയാളുടെ പുത്രന്‍ ഏലായും ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍റെ കോപം ജ്വലിപ്പിച്ചു.
14 ഏലായുടെ മറ്റു സകല പ്രവര്‍ത്തനങ്ങളും ഇസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.
15
യെഹൂദാരാജാവായ ആസായുടെ ഇരുപത്തേഴാം ഭരണവര്‍ഷം സിമ്രി രാജാവായി. അയാള്‍ തിര്‍സ്സായില്‍ ഏഴു ദിവസം ഭരിച്ചു. അപ്പോള്‍ ഇസ്രായേല്‍സൈന്യം ഫെലിസ്ത്യയിലെ ഗിബ്ബെഥോന്‍ പട്ടണത്തില്‍ പാളയമടിച്ചിരിക്കുകയായിരുന്നു.16 സിമ്രി ഗൂഢാലോചന നടത്തി രാജാവിനെ കൊന്ന വിവരം പാളയത്തില്‍ അറിഞ്ഞപ്പോള്‍ അവിടെ ഉണ്ടായിരുന്ന ഇസ്രായേല്‍സൈനികര്‍ സൈന്യാധിപനായ ഒമ്രിയെ ഇസ്രായേല്‍രാജാവായി വാഴിച്ചു.
17 ഒമ്രിയും ഇസ്രായേല്‍സൈന്യവും ഗിബ്ബെഥോനില്‍നിന്നു തിര്‍സ്സായിലെത്തി അതിനെ വളഞ്ഞു.
18 പട്ടണം പിടിക്കപ്പെടുന്നു എന്നു കണ്ടപ്പോള്‍ സിമ്രി കൊട്ടാരത്തിന്‍റെ ഉള്ളറയില്‍ കടന്നു; കൊട്ടാരത്തിനു തീ വച്ച് ആത്മഹത്യ ചെയ്തു.
19 അയാള്‍ യെരോബെയാമിനെപ്പോലെ പാപവഴികളില്‍ നടക്കുകയും ഇസ്രായേലിനെ അതിലൂടെ നടത്തുകയും ചെയ്ത് സര്‍വേശ്വരനെ കോപിപ്പിച്ചതുകൊണ്ടായിരുന്നു ഇങ്ങനെ സംഭവിച്ചത്.
20 സിമ്രിയുടെ മറ്റു പ്രവൃത്തികളും അയാളുടെ ഗൂഢാലോചനയും ഇസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.
21
ഇസ്രായേല്‍ജനം രണ്ടു വിഭാഗമായി പിരിഞ്ഞു. ഒരു വിഭാഗം ഗീനത്തിന്‍റെ പുത്രന്‍ തിബ്നിയെ രാജാവാക്കാന്‍ ആഗ്രഹിച്ചു; മറുഭാഗം ഒമ്രിയുടെ പക്ഷം ചേര്‍ന്നു;22 ഒമ്രിയുടെ അനുയായികള്‍ തിബ്നിയുടെ പക്ഷക്കാരെ തോല്പിച്ചു. തിബ്നി വധിക്കപ്പെടുകയും ഒമ്രി രാജാവാകുകയും ചെയ്തു.
23 യെഹൂദാരാജാവായ ആസായുടെ മുപ്പത്തൊന്നാം ഭരണവര്‍ഷം ഒമ്രി ഇസ്രായേലില്‍ രാജാവായി; പന്ത്രണ്ടുവര്‍ഷം അയാള്‍ ഭരിച്ചു; ആറു വര്‍ഷം തിര്‍സ്സായിലായിരുന്നു ഭരണം നടത്തിയത്.
24 രണ്ടു താലന്ത് വെള്ളി കൊടുത്ത് അയാള്‍ ശമര്യാമല വാങ്ങി; അവിടെ പട്ടണം പണിതു കോട്ട കെട്ടി ഉറപ്പിച്ചു. മലയുടെ ഉടമസ്ഥനായിരുന്ന ശേമെരിന്‍റെ പേരിനെ അടിസ്ഥാനമാക്കി അതിനു ശമര്യ എന്നു പേരിട്ടു.
25 ഒമ്രിയും സര്‍വേശ്വരന് ഹിതകരമല്ലാത്തവിധം ജീവിച്ചു; അയാള്‍ തന്‍റെ മുന്‍ഗാമികളെക്കാള്‍ കൂടുതല്‍ തിന്മ ചെയ്തു;
26 അയാള്‍ നെബാത്തിന്‍റെ മകനായ യെരോബെയാമിന്‍റെ പാപവഴി പിന്തുടര്‍ന്നു; ഇസ്രായേല്‍ജനത്തെ വിഗ്രഹാരാധനയിലേക്കു നയിച്ചു. അങ്ങനെ ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരനെ പ്രകോപിപ്പിച്ചു.
27 ഒമ്രിയുടെ മറ്റെല്ലാ പ്രവര്‍ത്തനങ്ങളും അയാളുടെ വീരപരാക്രമങ്ങളും ഇസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.
28 ഒമ്രി മരിച്ചു; അയാളെ ശമര്യയില്‍ സംസ്കരിച്ചു; അയാളുടെ മകന്‍ ആഹാബ് തുടര്‍ന്നു രാജാവായി.
29
യെഹൂദാരാജാവായ ആസായുടെ മുപ്പത്തെട്ടാം ഭരണവര്‍ഷം ഒമ്രിയുടെ മകന്‍ ആഹാബ് രാജ്യഭാരമേറ്റു; ശമര്യയില്‍ അയാള്‍ ഇരുപത്തിരണ്ടു വര്‍ഷം ഭരിച്ചു.30 അയാള്‍ തന്‍റെ മുന്‍ഗാമികളെക്കാള്‍ അധികം ഹീനകൃത്യങ്ങള്‍ സര്‍വേശ്വരനെതിരായി ചെയ്തു.
31 നെബാത്തിന്‍റെ പുത്രനായ യെരോബെയാമിന്‍റെ പാത പിന്തുടര്‍ന്നതു കൂടാതെ സീദോന്‍രാജാവായ എത്ത്ബാലിന്‍റെ പുത്രി ഈസേബെലിനെ വിവാഹം കഴിക്കുകയും ബാല്‍ദേവനെ ആരാധിക്കുകയും ചെയ്തു;
32 അയാള്‍ ശമര്യയില്‍ പണിയിപ്പിച്ച ബാല്‍ക്ഷേത്രത്തില്‍ ബാലിനുവേണ്ടി ഒരു ബലിപീഠം പണിതു;
33 ഒരു അശേരാപ്രതിഷ്ഠയും അയാള്‍ സ്ഥാപിച്ചു. അങ്ങനെ ആഹാബ് തന്‍റെ മുന്‍ഗാമികളെക്കാളധികം ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരനെ പ്രകോപിപ്പിച്ചു.
34 അയാളുടെ കാലത്ത് ബേഥേല്‍ക്കാരനായ ഹീയേല്‍ യെരീഹോ പണിതു; നൂനിന്‍റെ മകനായ യോശുവയിലൂടെ സര്‍വേശ്വരന്‍ അരുളിച്ചെയ്തതുപോലെ നഗരത്തിന്‍റെ അടിസ്ഥാനമിട്ടപ്പോള്‍ അയാളുടെ മൂത്തമകന്‍ അബീരാമും നഗരവാതില്‍ സ്ഥാപിച്ചപ്പോള്‍ ഇളയമകന്‍ ശെഹൂബും മരിച്ചു.
1
ഗിലെയാദിലെ തിശ്ബിദേശക്കാരനായ ഏലിയാപ്രവാചകന്‍ ആഹാബ്‍രാജാവിനോടു പറഞ്ഞു: “ഞാന്‍ ആരാധിക്കുന്ന ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍റെ നാമത്തില്‍ പറയുന്നു; ഞാന്‍ പറഞ്ഞല്ലാതെ ഈ വര്‍ഷത്തില്‍ മഞ്ഞോ മഴയോ പെയ്യുകയില്ല.”2
സര്‍വേശ്വരന്‍ ഏലിയായോടു കല്പിച്ചു:3 “നീ ഇവിടെനിന്നു കിഴക്കോട്ടു പോയി യോര്‍ദ്ദാനു കിഴക്കുള്ള കെരീത്ത് അരുവിക്ക് സമീപം ഒളിച്ചിരിക്കുക.
4 അരുവിയില്‍നിന്നു നിനക്കു വെള്ളം കുടിക്കാം; നിനക്കു ഭക്ഷണം നല്‌കാന്‍ ഞാന്‍ കാക്കകളോടു കല്പിച്ചിട്ടുണ്ട്.”
5 സര്‍വേശ്വരന്‍ കല്പിച്ചതുപോലെ ഏലിയാ പോയി യോര്‍ദ്ദാനു കിഴക്കു കെരീത്ത് അരുവിക്കു സമീപം പാര്‍ത്തു.
6 എല്ലാ ദിവസവും കാക്കകള്‍ രാവിലെയും വൈകിട്ടും പ്രവാചകന് അപ്പവും ഇറച്ചിയും കൊണ്ടുവന്നു കൊടുത്തു; അരുവിയില്‍നിന്ന് അദ്ദേഹം വെള്ളവും കുടിച്ചു;
7 എന്നാല്‍ മഴ പെയ്യായ്കകൊണ്ടു കുറെ ദിവസം കഴിഞ്ഞപ്പോള്‍ അരുവി വറ്റിപ്പോയി.
8
സര്‍വേശ്വരന്‍ ഏലിയായോട് അരുളിച്ചെയ്തു:9 “നീ സീദോനു സമീപമുള്ള സാരെഫാത്തില്‍ ചെന്ന് അവിടെ പാര്‍ക്കുക; അവിടെ നിനക്കു ഭക്ഷണം നല്‌കാന്‍ ഞാന്‍ ഒരു വിധവയോടു കല്പിച്ചിട്ടുണ്ട്;
10 അതനുസരിച്ച് ഏലിയാ സാരെഫാത്തിലേക്കു പോയി; പട്ടണവാതില്‌ക്കല്‍ എത്തിയപ്പോള്‍ അവിടെ ഒരു സ്‍ത്രീ വിറകു ശേഖരിക്കുന്നതു കണ്ടു; അദ്ദേഹം അടുത്തു ചെന്ന് അവളോടു പറഞ്ഞു: “എനിക്കു കുടിക്കാന്‍ കുറച്ചു വെള്ളം തന്നാലും.”
11 അവള്‍ വെള്ളം കൊണ്ടുവരാന്‍ പോയപ്പോള്‍ അദ്ദേഹം പറഞ്ഞു “കുറേ അപ്പംകൂടി കൊണ്ടുവരണമേ.”
12 അപ്പോള്‍ വിധവ പറഞ്ഞു: “അങ്ങയുടെ ദൈവമായ സര്‍വേശ്വരന്‍റെ നാമത്തില്‍ ഞാന്‍ പറയുന്നു: എന്‍റെ പക്കല്‍ അപ്പമൊന്നുമില്ലല്ലോ; ആകെയുള്ളതു കലത്തില്‍ ഒരു പിടി മാവും ഭരണിയില്‍ അല്പം എണ്ണയും മാത്രമാണ്. ഞാന്‍ രണ്ടു ചുള്ളി വിറകു പെറുക്കുകയാണ്; ഇതു കൊണ്ടുപോയി അപ്പമുണ്ടാക്കി ഞാനും എന്‍റെ മകനും ഭക്ഷിക്കും; പിന്നെ ഞങ്ങള്‍ പട്ടിണികിടന്നു മരിക്കുകയേ ഉള്ളൂ.”
13 ഏലിയാ വിധവയോടു പറഞ്ഞു: “ധൈര്യമായിരിക്കൂ, നീ പോയി പറഞ്ഞതുപോലെ ചെയ്യുക; എന്നാല്‍ ആദ്യം ഒരു ചെറിയ അപ്പമുണ്ടാക്കി എനിക്കു തരണം; പിന്നെ നിനക്കും നിന്‍റെ മകനുംവേണ്ടി ഉണ്ടാക്കിക്കൊള്ളുക.
14 സര്‍വേശ്വരന്‍ ഭൂമിയില്‍ മഴ പെയ്യിക്കുന്നതുവരെ നിന്‍റെ കലത്തിലെ മാവും ഭരണിയിലെ എണ്ണയും തീര്‍ന്നുപോകുകയില്ല എന്ന് ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ കല്പിക്കുന്നു:
15 ഏലിയാ പറഞ്ഞതുപോലെ അവള്‍ ചെയ്തു; അങ്ങനെ ആ വിധവയും കുടുംബവും പ്രവാചകനും വളരെനാള്‍ ഭക്ഷണം കഴിച്ചു.
16 സര്‍വേശ്വരന്‍ ഏലിയായിലൂടെ അരുളിച്ചെയ്തതുപോലെ കലത്തിലെ മാവു തീരുകയോ ഭരണിയിലെ എണ്ണ കുറയുകയോ ചെയ്തില്ല.
17
ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ വിധവയുടെ പുത്രന്‍ രോഗിയായി; രോഗം മൂര്‍ച്ഛിച്ച് ശ്വാസം നിലച്ചു.18 ഉടനെ അവള്‍ ഏലിയായോടു പറഞ്ഞു: “ദൈവപുരുഷാ, അങ്ങ് എന്നോട് ഇങ്ങനെ ചെയ്തത് എന്ത്? എന്‍റെ പാപങ്ങള്‍ ഓര്‍മിപ്പിക്കാനും എന്‍റെ മകനെ കൊല്ലാനുമായിരുന്നുവോ അങ്ങ് എന്‍റെ അടുക്കല്‍ വന്നത്.”
19 ഏലിയാ പറഞ്ഞു: “നിന്‍റെ മകനെ ഇങ്ങു തരിക.” പ്രവാചകന്‍ കുട്ടിയെ അവളുടെ മടിയില്‍നിന്ന് എടുത്തു മാളികമുറിയില്‍ അദ്ദേഹം പാര്‍ത്തിരുന്ന മുറിയില്‍ കൊണ്ടുപോയി കട്ടിലില്‍ കിടത്തി.
20 പ്രവാചകന്‍ സര്‍വേശ്വരനോടു പ്രാര്‍ഥിച്ചു: “എന്‍റെ ദൈവമായ സര്‍വേശ്വരാ, എനിക്കു പാര്‍ക്കാന്‍ ഇടംതന്ന ഈ വിധവയുടെ മകന്‍റെ ജീവനെ എടുത്ത് അവിടുന്ന് ഇവള്‍ക്ക് അനര്‍ഥം വരുത്തുകയാണോ?”
21 പിന്നീട് അദ്ദേഹം ബാലന്‍റെമേല്‍ മൂന്നു പ്രാവശ്യം കമിഴ്ന്നുകിടന്ന് ഇങ്ങനെ പ്രാര്‍ഥിച്ചു. എന്‍റെ ദൈവമായ സര്‍വേശ്വരാ, ഈ കുട്ടിയുടെ ജീവന്‍ മടക്കിവരുത്തണമേ.”
22 സര്‍വേശ്വരന്‍ ഏലിയായുടെ പ്രാര്‍ഥന കേട്ടു; കുട്ടിക്കു പ്രാണന്‍ തിരിച്ചുകിട്ടി; അവന്‍ ജീവിച്ചു.
23 ഏലിയാ കുട്ടിയെ മാളികമുറിയില്‍നിന്നു താഴെ കൊണ്ടുവന്ന് അമ്മയുടെ കൈയില്‍ ഏല്പിച്ചു പറഞ്ഞു: “ഇതാ, നിന്‍റെ മകന്‍ ജീവിച്ചിരിക്കുന്നു.”
24 അവള്‍ ഏലിയായോടു പറഞ്ഞു: “അങ്ങു ദൈവപുരുഷന്‍ തന്നെ; അങ്ങയിലൂടെ സര്‍വേശ്വരന്‍ സംസാരിക്കുന്നുവെന്ന് ഞാന്‍ നിശ്ചയമായി അറിയുന്നു.”
1
ഏറെനാള്‍ കഴിഞ്ഞു വരള്‍ച്ചയുടെ മൂന്നാം വര്‍ഷം സര്‍വേശ്വരന്‍ ഏലിയായോട് അരുളിച്ചെയ്തു: “നീ ആഹാബിന്‍റെ അടുക്കല്‍ ചെല്ലുക; ഞാന്‍ ഭൂമിയില്‍ മഴ പെയ്യിക്കാന്‍ പോകുകയാണ്.”2 ഏലിയാ ആഹാബിന്‍റെ അടുക്കലേക്കു പോയി. ശമര്യയില്‍ ക്ഷാമം അതികഠിനമായിരുന്നു.
3 ആഹാബ് കൊട്ടാരകാര്യസ്ഥനായിരുന്ന ഓബദ്യായെ വിളിപ്പിച്ചു; അദ്ദേഹം വലിയ ദൈവഭക്തനായിരുന്നു.
4 ഈസേബെല്‍ സര്‍വേശ്വരന്‍റെ പ്രവാചകന്മാരെ വധിച്ചപ്പോള്‍, ഓബദ്യാ നൂറു പ്രവാചകന്മാരെ കൂട്ടിക്കൊണ്ടുപോയി അമ്പതു പേരെ വീതം ഗുഹകളില്‍ ഒളിപ്പിച്ച് അപ്പവും വെള്ളവും കൊടുത്തു സംരക്ഷിച്ചു.
5 ആഹാബ് ഓബദ്യായോടു പറഞ്ഞു: “നമുക്കു നാട്ടിലുള്ള എല്ലാ അരുവികളുടെയും നീരുറവുകളുടെയും അരികില്‍ ചെന്നു നോക്കാം; കുതിരകളെയും കോവര്‍കഴുതകളെയുമെങ്കിലും ജീവനോടെ രക്ഷിക്കാനാവശ്യമായ പുല്ലു കിട്ടിയെന്നു വരാം. മൃഗങ്ങളെല്ലാം നശിച്ചുപോകാതിരിക്കട്ടെ.
6 അതിനായി അവര്‍ രാജ്യം രണ്ടായി തിരിച്ച് ആഹാബ് ഒരു ഭാഗത്തേക്കും ഓബദ്യാ മറുഭാഗത്തേക്കും പുറപ്പെട്ടു.
7
വഴിയില്‍വച്ച് ഓബദ്യാ ഏലിയായെ കണ്ടുമുട്ടി; ഏലിയായെ കണ്ടപ്പോള്‍ അയാള്‍ സാഷ്ടാംഗം വീണു: “അങ്ങ് എന്‍റെ യജമാനനായ ഏലിയാ തന്നെയോ” എന്നു ചോദിച്ചു.8 “അതെ! ഞാന്‍ ഏലിയാ തന്നെ; ഞാന്‍ ഇവിടെ ഉണ്ടെന്നു നിന്‍റെ യജമാനനോടു ചെന്നു പറയുക” എന്നു പറഞ്ഞു.
9 അപ്പോള്‍ ഓബദ്യാ ചോദിച്ചു: “ആഹാബുരാജാവിന്‍റെ കൈയില്‍ എന്നെ കൊല്ലാന്‍ ഏല്പിക്കത്തക്കവിധം ഈ ദാസന്‍ എന്തു പാപം ചെയ്തു?
10 അങ്ങയുടെ ദൈവമായ സര്‍വേശ്വരന്‍റെ നാമത്തില്‍ ഞാന്‍ സത്യം ചെയ്തു പറയുന്നു: രാജാവ് അങ്ങയെ അന്വേഷിക്കാത്ത ഒരു സ്ഥലവും ഭൂമിയിലില്ല. ഏലിയാ ഇവിടെയില്ല എന്ന് ഒരു രാജാവോ ജനതയോ പറയുമ്പോള്‍ അങ്ങയെ കണ്ടിട്ടില്ല എന്നു ആ രാജാവിനെക്കൊണ്ടും ജനതയെക്കൊണ്ടും ആഹാബ് സത്യം ചെയ്യിക്കുന്നു.
11 അങ്ങനെ ഇരിക്കെ ഏലിയാ ഇവിടെയുണ്ട് എന്നു രാജാവിനോടു പറയാന്‍ അങ്ങു കല്പിക്കുന്നു.
12 ഞാന്‍ ഇവിടെനിന്നു പോകുമ്പോള്‍ സര്‍വേശ്വരന്‍റെ ആത്മാവു ഞാന്‍ അറിയാത്ത ഏതെങ്കിലും സ്ഥലത്തേക്ക് അങ്ങയെ എടുത്തുകൊണ്ടുപോകും. ഞാന്‍ ആഹാബിനെ വിവരമറിയിക്കുകയും ശേഷം അയാള്‍ അങ്ങയെ അന്വേഷിക്കുമ്പോള്‍ കണ്ടെത്താതിരിക്കുകയും ചെയ്താല്‍ ഞാന്‍ ബാല്യം മുതല്‌ക്കേ സര്‍വേശ്വരഭക്തനാണെങ്കിലും ആഹാബ് എന്നെ കൊന്നുകളയും.
13 ഈസേബെല്‍ സര്‍വേശ്വരന്‍റെ പ്രവാചകന്മാരെ വധിച്ചപ്പോള്‍, അവരില്‍ നൂറു പ്രവാചകന്മാരെ അമ്പതുപേരെ വീതം ഒരു ഗുഹയില്‍ ഒളിപ്പിച്ച് ഞാന്‍ അവര്‍ക്ക് ഭക്ഷണപാനീയങ്ങള്‍ നല്‌കി സംരക്ഷിച്ച വിവരം അങ്ങേക്കറിഞ്ഞുകൂടേ?
14 എന്നിട്ടും നിന്‍റെ യജമാനനായ രാജാവിന്‍റെ അടുക്കല്‍ പോയി ഏലിയാ ഇവിടെ ഉണ്ടെന്നു പറയുക എന്ന് അങ്ങു കല്പിക്കുകയാണോ? അയാള്‍ എന്നെ കൊന്നുകളയും.”
15
ഏലിയാ പറഞ്ഞു: “ഞാന്‍ ആരാധിക്കുന്ന സര്‍വശക്തനായ ദൈവത്തിന്‍റെ നാമത്തില്‍ പറയുന്നു: ഇന്നു ഞാന്‍ രാജാവിന്‍റെ മുമ്പില്‍ ചെല്ലും.”16 ഓബദ്യാ ചെന്നു രാജാവിനെ വിവരമറിയിച്ചു; ആഹാബ് ഏലിയായെ കാണാന്‍ വന്നു.
17 ഏലിയായെ കണ്ടപ്പോള്‍ ആഹാബു പറഞ്ഞു: “നീയല്ലേ ഇസ്രായേലിനെ ഉപദ്രവിക്കുന്നവന്‍.”
18 ഏലിയാ പറഞ്ഞു: “ഇസ്രായേലിനെ ഉപദ്രവിക്കുന്നവന്‍ ഞാനല്ല; നീയും നിന്‍റെ കുടുംബവുമാണ്. നിങ്ങള്‍ സര്‍വേശ്വരന്‍റെ കല്പനകള്‍ ഉപേക്ഷിച്ച് ബാല്‍വിഗ്രഹങ്ങളെ ആരാധിച്ചു.
19 ഇപ്പോള്‍ത്തന്നെ ആളയച്ച് ഇസ്രായേല്‍ജനത്തെയെല്ലാം കര്‍മ്മേല്‍മലയില്‍ വിളിച്ചുകൂട്ടുക; ഈസേബെല്‍ തീറ്റിപ്പോറ്റുന്ന നാനൂറ്റമ്പതു ബാല്‍പ്രവാചകന്മാരെയും നാനൂറ് അശേരാപ്രവാചകന്മാരെയും അവിടെ കൂട്ടിക്കൊണ്ടു വരിക.”
20
അങ്ങനെ ആഹാബ് ഇസ്രായേല്‍ജനത്തെയും പ്രവാചകന്മാരെയും കര്‍മ്മേല്‍മലയില്‍ വിളിച്ചുകൂട്ടി.21 ഏലിയാ ജനത്തിന്‍റെ അടുക്കല്‍ ചെന്നു പറഞ്ഞു: “നിങ്ങള്‍ എത്രകാലം ഇരുതോണിയില്‍ കാല്‍ വയ്‍ക്കും? സര്‍വേശ്വരനാണു ദൈവമെങ്കില്‍ അവിടുത്തെ അനുഗമിക്കുക, അതല്ല ബാലാണ് ദൈവമെങ്കില്‍ ബാലിനെ അനുഗമിക്കുക.” ജനം ഉത്തരമൊന്നും പറഞ്ഞില്ല.
22 ഏലിയാ ജനത്തോടു വീണ്ടും പറഞ്ഞു: “സര്‍വേശ്വരന്‍റെ പ്രവാചകന്മാരില്‍ ഞാനൊരാള്‍ മാത്രമേ ശേഷിച്ചിട്ടുള്ളൂ. ബാലിന്‍റെ പ്രവാചകന്മാര്‍ നാനൂറ്റി അമ്പതു പേരുണ്ട്.
23 രണ്ടു കാളകളെ കൊണ്ടുവരിക; അവര്‍ ഒന്നിനെ കഷണങ്ങളാക്കി തീ കത്തിക്കാതെ വിറകിന്മേല്‍ വയ്‍ക്കട്ടെ; മറ്റേതിനെ ഞാന്‍ ഒരുക്കി തീ കൊളുത്താതെ വിറകിന്മേല്‍ വയ്‍ക്കാം.
24 ബാലിന്‍റെ പ്രവാചകന്മാര്‍ അവരുടെ ദൈവത്തെ വിളിച്ചപേക്ഷിക്കട്ടെ; ഞാന്‍ സര്‍വേശ്വരനോടു പ്രാര്‍ഥിക്കും. അഗ്നി അയച്ച് ഉത്തരമരുളുന്ന ദൈവമായിരിക്കും യഥാര്‍ഥ ദൈവം.” ഇതെല്ലാവര്‍ക്കും സമ്മതമായി.
25
പിന്നീട് ഏലിയാ ബാലിന്‍റെ പ്രവാചകന്മാരോടു പറഞ്ഞു: “നിങ്ങള്‍തന്നെ ആദ്യം ഒരു കാളയെ ഒരുക്കിക്കൊള്ളുക; നിങ്ങള്‍ വളരെപ്പേരുണ്ടല്ലോ. പിന്നീട് നിങ്ങളുടെ ദൈവത്തോടു പ്രാര്‍ഥിക്കുക. വിറകിനു നിങ്ങള്‍ തീ കൊളുത്തരുത്.”26 അവര്‍ കാളയെ ഒരുക്കി; പ്രഭാതംമുതല്‍ മധ്യാഹ്നംവരെ “ബാല്‍ദേവാ, ഉത്തരമരുളിയാലും” എന്നു വിളിച്ചപേക്ഷിച്ചു. അവര്‍ നിര്‍മ്മിച്ച യാഗപീഠത്തിനു ചുറ്റും നൃത്തം ചെയ്തു; എങ്കിലും ഒരു പ്രതികരണവും ഉണ്ടായില്ല.
27 ഉച്ചയായപ്പോള്‍ ഏലിയാ അവരെ പരിഹസിച്ചു പറഞ്ഞു: “ഉച്ചത്തില്‍ വിളിക്കുക; ബാല്‍ ഒരു ദേവനാണല്ലോ; അയാള്‍ ധ്യാനനിരതനായിരിക്കും; ചിലപ്പോള്‍ ദിനചര്യ അനുഷ്ഠിക്കുകയായിരിക്കാം; അല്ലെങ്കില്‍ യാത്രയിലാവാം; അതുമല്ലെങ്കില്‍ ഉറങ്ങുകയായിരിക്കും; വിളിച്ചുണര്‍ത്തണം.
28 “അവര്‍ ഉച്ചത്തില്‍ വിളിച്ചു; അതു മാത്രമല്ല അവരുടെ ആചാരമനുസരിച്ച് വാളും കുന്തവും കൊണ്ട് തങ്ങളെത്തന്നെ മുറിവേല്പിച്ചു രക്തം ഒഴുക്കാന്‍ തുടങ്ങി.
29 ഉച്ചകഴിഞ്ഞു യാഗാര്‍പ്പണ സമയംവരെ അവര്‍ ഉന്മത്തരായി വിളിച്ചുകൊണ്ടിരുന്നു; എന്നിട്ടും യാതൊരു മറുപടിയും ലഭിച്ചില്ല. ആരും അവരുടെ പ്രാര്‍ഥന ശ്രദ്ധിച്ചില്ല.
30 അപ്പോള്‍ ഏലിയാ ജനത്തോട് “എന്‍റെ അടുക്കല്‍ വരിക” എന്നു പറഞ്ഞു. അവര്‍ അടുത്തു ചെന്നു. സര്‍വേശ്വരന്‍റെ ഇടിഞ്ഞു കിടന്ന യാഗപീഠം ഏലിയാ നന്നാക്കി.
31 നിന്‍റെ നാമം ഇനിയും ഇസ്രായേല്‍ എന്നായിരിക്കും എന്നു സര്‍വേശ്വരന്‍ ആരെക്കുറിച്ച് അരുളിച്ചെയ്തുവോ ആ യാക്കോബിന്‍റെ പുത്രന്മാരുടെ ഗോത്രസംഖ്യയനുസരിച്ച് അദ്ദേഹം പന്ത്രണ്ടു കല്ലെടുത്തു.
32 ആ കല്ലുകള്‍കൊണ്ട് അദ്ദേഹം സര്‍വേശ്വരന് ഒരു യാഗപീഠം നിര്‍മ്മിച്ചു; അതിനു ചുറ്റും ഏകദേശം രണ്ടു സെയാ വിത്തിനുള്ള ചാലുണ്ടാക്കി.
33 പിന്നീട് വിറക് അടുക്കി; കാളയെ കഷണങ്ങളാക്കി വിറകിന്മേല്‍ വച്ചു. അതിനുശേഷം നാലു തൊട്ടി വെള്ളം യാഗവസ്തുവിന്മേലും വിറകിന്മേലും ഒഴിക്കാന്‍ അവരോടു പറഞ്ഞു.
34 വീണ്ടും അങ്ങനെ ചെയ്യാന്‍ ഏലിയാ പറഞ്ഞു. അവര്‍ അങ്ങനെ ചെയ്തു; മൂന്നാം പ്രാവശ്യവും അങ്ങനെ ചെയ്യാന്‍ കല്പിച്ചു. അവര്‍ മൂന്നാം പ്രാവശ്യവും അങ്ങനെതന്നെ ചെയ്തു;
35 വെള്ളം യാഗപീഠത്തിനു ചുറ്റും ഒഴുകി; ചാലിലും വെള്ളം നിറഞ്ഞു.
36
യാഗാര്‍പ്പണത്തിനുള്ള സമയമായപ്പോള്‍ ഏലിയാപ്രവാചകന്‍ യാഗപീഠത്തിനടുത്തു വന്ന് ഇങ്ങനെ പ്രാര്‍ഥിച്ചു: “അബ്രഹാമിന്‍റെയും ഇസ്ഹാക്കിന്‍റെയും ഇസ്രായേലിന്‍റെയും ദൈവമായ സര്‍വേശ്വരാ, അവിടുന്ന് ഇസ്രായേലിന്‍റെ ദൈവമാണെന്നും ഞാന്‍ അവിടുത്തെ ദാസനാണെന്നും സര്‍വേശ്വരന്‍റെ കല്പന അനുസരിച്ചാണ് ഞാന്‍ ഇതെല്ലാം ചെയ്യുന്നതെന്നും അവിടുന്ന് ഇന്ന് വെളിപ്പെടുത്തണമേ. സര്‍വേശ്വരാ അവിടുന്ന് എനിക്ക് ഉത്തരമരുളണമേ.37 അവിടുന്നാണ് യഥാര്‍ഥ ദൈവം എന്നും ഇസ്രായേല്‍ജനത്തിന്‍റെ ഹൃദയങ്ങളെ വീണ്ടും തിരികെ കൊണ്ടുവന്നിരിക്കുന്നത് അവിടുന്നാണെന്നും ഇവര്‍ അറിയാന്‍ എനിക്ക് ഉത്തരമരുളണമേ.”
38 ഉടനെ സര്‍വേശ്വരന്‍റെ സന്നിധിയില്‍നിന്ന് അഗ്നി പുറപ്പെട്ടു യാഗവസ്തുവും വിറകും മാത്രമല്ല കല്ലും മണ്ണും കൂടെ ദഹിപ്പിച്ചു; ചാലില്‍ ഉണ്ടായിരുന്ന വെള്ളം വറ്റിപ്പോയി.
39 ജനമെല്ലാം അതു കണ്ടപ്പോള്‍ സാഷ്ടാംഗം വീണു: “സര്‍വേശ്വരാ, അങ്ങുതന്നെ ദൈവം, സര്‍വേശ്വരാ, അങ്ങുതന്നെ ദൈവം” എന്നു വിളിച്ചുപറഞ്ഞു.
40 ഏലിയാ അവരോടു പറഞ്ഞു: “ബാലിന്‍റെ പ്രവാചകന്മാരെയെല്ലാം പിടിക്കുവിന്‍, അവരില്‍ ഒരാള്‍പോലും രക്ഷപെടരുത്.” ജനം അവരെ പിടികൂടി; ഏലിയാ അവരെ കീശോന്‍ അരുവിക്ക് സമീപം കൊണ്ടുപോയി അവിടെവച്ചു കൊന്നുകളഞ്ഞു.
41
ആഹാബ്‍രാജാവിനോട് ഏലിയാ പറഞ്ഞു: “അങ്ങു പോയി ഭക്ഷണപാനീയങ്ങള്‍ കഴിച്ചുകൊള്ളുക; വലിയ മഴയുടെ ഇരമ്പല്‍ കേള്‍ക്കുന്നു.”42 ആഹാബ് ഭക്ഷണം കഴിക്കാന്‍ പോയി; ഏലിയാ കര്‍മ്മേല്‍മലയുടെ മുകളില്‍ കയറി നിലംപറ്റെ കുനിഞ്ഞ് മുഖം കാല്‍മുട്ടുകളുടെ ഇടയിലാക്കി ഇരുന്നു.
43 “നീ പോയി കടലിലേക്കു നോക്കുക” എന്ന് ഏലിയാ തന്‍റെ ഭൃത്യനോടു പറഞ്ഞു. അവന്‍ ചെന്നു നോക്കിയശേഷം “ഒന്നും കാണുന്നില്ല” എന്നു പറഞ്ഞു; ഇങ്ങനെ ഏഴു പ്രാവശ്യം പോയി നോക്കാന്‍ ഏലിയാ കല്പിച്ചു.
44 ഏഴാം പ്രാവശ്യം മടങ്ങിവന്നപ്പോള്‍ അവന്‍ പറഞ്ഞു: “ഒരു മനുഷ്യന്‍റെ കൈ പോലെയുള്ള ഒരു ചെറിയ മേഘം കടലില്‍നിന്ന് പൊങ്ങിവരുന്നു.” ഏലിയാ അവനോടു പറഞ്ഞു: “നീ ഉടന്‍തന്നെ ആഹാബിന്‍റെ അടുക്കല്‍ പോയി, രഥം പൂട്ടി പുറപ്പെടുക; അല്ലെങ്കില്‍ മഴ അങ്ങയുടെ യാത്രയ്‍ക്കു പ്രതിബന്ധമുണ്ടാക്കും എന്നു പറയണം.”
45 ക്ഷണനേരത്തിനുള്ളില്‍ ആകാശം കാര്‍മേഘംകൊണ്ടു മൂടി; കനത്ത മഴ പെയ്യുകയും ചെയ്തു. ആഹാബ് രഥത്തില്‍ കയറി ജെസ്രീലിലേക്കു പോയി.
46 സര്‍വേശ്വരന്‍റെ ശക്തി ഏലിയായില്‍ വന്നു; അദ്ദേഹം അര മുറുക്കിക്കൊണ്ട് ജെസ്രീല്‍ കവാടംവരെ ആഹാബിനു മുമ്പായി ഓടി.
1
ഏലിയാ ചെയ്ത സകല പ്രവൃത്തികളും പ്രവാചകന്മാരെ വാളുകൊണ്ടു വെട്ടിക്കൊന്നതും ആഹാബ് ഈസേബെലിനോടു പറഞ്ഞു:2 അപ്പോള്‍ അവള്‍ ഒരു ദൂതനെ ഏലിയായുടെ അടുക്കല്‍ അയച്ചു പറയിച്ചു: “നാളെ ഈ നേരത്തിനു മുമ്പായി നിന്‍റെ ജീവന്‍ ആ പ്രവാചകന്മാരില്‍ ഒരുവന്‍റേതുപോലെ ഞാന്‍ ആക്കിത്തീര്‍ക്കുന്നില്ലെങ്കില്‍ ദേവന്മാര്‍ അതും അതിലധികവും എന്നോടു ചെയ്തുകൊള്ളട്ടെ.”
3 ഏലിയാ ഭയന്നു പ്രാണരക്ഷാര്‍ഥം ഓടിപ്പോയി. യെഹൂദ്യയിലെ ബേര്‍-ശേബയിലെത്തി അവിടെവച്ചു തന്‍റെ ഭൃത്യനെ വിട്ടുപിരിഞ്ഞു.
4 തുടര്‍ന്നു മരുഭൂമിയിലൂടെ ഒരു ദിവസത്തെ യാത്ര ചെയ്ത് ഒരു മുള്‍ച്ചെടിയുടെ തണല്‍പറ്റി ഇരുന്നു; മരിച്ചാല്‍ മതി എന്നു പ്രവാചകന്‍ ആഗ്രഹിച്ചു. അതിനുവേണ്ടി പ്രാര്‍ഥിച്ചു: “സര്‍വേശ്വരാ, എനിക്കു മതിയായി, എന്‍റെ പ്രാണനെ എടുത്തുകൊണ്ടാലും; എന്‍റെ പിതാക്കന്മാരെക്കാള്‍ ഞാന്‍ നല്ലവനല്ലല്ലോ.”
5 പ്രവാചകന്‍ ആ ചെടിയുടെ തണലില്‍ കിടന്നുറങ്ങി; ഒരു മാലാഖ പ്രവാചകനെ തട്ടിയുണര്‍ത്തിയിട്ട് പറഞ്ഞു: “എഴുന്നേറ്റു ഭക്ഷിക്കുക.”
6 അദ്ദേഹം എഴുന്നേറ്റു നോക്കിയപ്പോള്‍ കനലില്‍ ചുട്ടെടുത്ത അടയും ഒരു ഭരണി വെള്ളവും തലയ്‍ക്കല്‍ ഇരിക്കുന്നതു കണ്ടു. അതു ഭക്ഷിച്ചതിനുശേഷം പ്രവാചകന്‍ വീണ്ടും കിടന്നു.
7 സര്‍വേശ്വരന്‍റെ ദൂതന്‍ ഏലിയായെ വീണ്ടും തട്ടിയുണര്‍ത്തി, “എഴുന്നേറ്റു ഭക്ഷിക്കുക, നിനക്കു ദൂരയാത്ര ചെയ്യാനുണ്ടല്ലോ” എന്നു പറഞ്ഞു.
8 അദ്ദേഹം എഴുന്നേറ്റു ഭക്ഷണപാനീയങ്ങള്‍ കഴിച്ചു. അതിന്‍റെ ശക്തികൊണ്ടു നാല്പതു പകലും നാല്പതു രാവും യാത്ര ചെയ്തു ദൈവത്തിന്‍റെ പര്‍വതമായ ഹോരേബില്‍ എത്തി;
9 അവിടെ ഒരു ഗുഹയില്‍ ഏലിയാ പാര്‍ത്തു; അവിടെവച്ചു സര്‍വേശ്വരന്‍ പ്രവാചകനോടു ഏലിയായേ, നീ ഇവിടെ എന്തു ചെയ്യുന്നു” എന്നു ചോദിച്ചു.
10 ഏലിയാ ഉത്തരം പറഞ്ഞു: സര്‍വശക്തനായ ദൈവമേ, ഞാന്‍ അങ്ങയെ എപ്പോഴും ശുഷ്കാന്തിയോടെ സേവിക്കുന്നു; ഇസ്രായേല്‍ജനം അവിടുത്തെ ഉടമ്പടി ലംഘിച്ചു; അവര്‍ അങ്ങയുടെ യാഗപീഠങ്ങള്‍ തകര്‍ക്കുകയും അവിടുത്തെ പ്രവാചകന്മാരെ സംഹരിക്കുകയും ചെയ്തു; ഞാന്‍ ഒരാള്‍ മാത്രമേ ശേഷിച്ചിട്ടുള്ളൂ; എന്നെയും കൊല്ലാന്‍ അവര്‍ ശ്രമിക്കുകയാണ്.”
11
“നീ മലയില്‍ കയറി എന്‍റെ മുമ്പാകെ നില്‌ക്കുക” എന്ന് അവിടുന്ന് അരുളിച്ചെയ്തു. പിന്നീട് സര്‍വേശ്വരന്‍ ആ വഴി കടന്നുപോയി. അപ്പോള്‍ മലകളെ പിളര്‍ക്കുകയും പാറകളെ തകര്‍ക്കുകയും ചെയ്ത ഒരു കൊടുങ്കാറ്റ് അടിച്ചു. എന്നാല്‍ കൊടുങ്കാറ്റില്‍ സര്‍വേശ്വരന്‍ ഇല്ലായിരുന്നു; കാറ്റിനു ശേഷം ഭൂകമ്പമുണ്ടായി; ഭൂകമ്പത്തിലും അവിടുന്ന് ഇല്ലായിരുന്നു.12 ഭൂകമ്പത്തിനു ശേഷം അഗ്നി ഉണ്ടായി; അഗ്നിയിലും സര്‍വേശ്വരന്‍ ഇല്ലായിരുന്നു. അഗ്നി കെട്ടടങ്ങിയപ്പോള്‍ ഒരു മൃദുസ്വരം കേട്ടു;
13 ഉടനെ ഏലിയാ മേലങ്കികൊണ്ടു മുഖം മറച്ചു ഗുഹാമുഖത്തു ചെന്നുനിന്നു. “നീ ഇവിടെ എന്തു ചെയ്യുന്നു” എന്ന ചോദ്യം അദ്ദേഹം കേട്ടു.”
14 ഏലിയാ പ്രതിവചിച്ചു: “സര്‍വശക്തനായ സര്‍വേശ്വരാ, ഞാന്‍ അങ്ങയെമാത്രം ശുഷ്കാന്തിയോടെ സേവിച്ചുവരുന്നു; എന്നാല്‍ ഇസ്രായേല്‍ജനം അങ്ങയോടു ചെയ്തിരുന്ന ഉടമ്പടി ലംഘിച്ചു; അവിടുത്തെ യാഗപീഠങ്ങള്‍ തകര്‍ത്തു; അങ്ങയുടെ പ്രവാചകന്മാരെ അവര്‍ കൊന്നുകളഞ്ഞു; ഞാന്‍ ഒരാള്‍ മാത്രം ശേഷിച്ചിരിക്കുന്നു; എന്നെയും കൊല്ലാന്‍ അവര്‍ ശ്രമിക്കുകയാണ്.”
15
സര്‍വേശ്വരന്‍ ഏലിയായോടു പറഞ്ഞു: “നീ ദമാസ്കസിനടുത്തുള്ള വിജനപ്രദേശത്തേക്കു മടങ്ങിപ്പോകുക; അവിടെച്ചെന്ന് ഹസായേലിനെ സിറിയായുടെ രാജാവായി അഭിഷേകം ചെയ്യണം.16 നിംശിയുടെ മകന്‍ യേഹൂവിനെ ഇസ്രായേലിന്‍റെ രാജാവായും ആബേല്‍-മെഹോലക്കാരനായ ശാഫാത്തിന്‍റെ മകന്‍ എലീശയെ നിനക്കുപകരം പ്രവാചകനായും അഭിഷേകം ചെയ്യുക.
17 ഹസായേലിന്‍റെ കൈയില്‍നിന്നു രക്ഷപെടുന്നവനെ യേഹൂ വധിക്കും. യേഹൂവില്‍നിന്നു രക്ഷപെടുന്നവനെ എലീശ വധിക്കും;
18 എന്നാല്‍ ബാല്‍വിഗ്രഹത്തിന്‍റെ മുമ്പില്‍ മുട്ടുമടക്കുകയോ അതിനെ ചുംബിക്കുകയോ ചെയ്യാത്ത ഏഴായിരം പേരെ ഞാന്‍ ഇസ്രായേലില്‍ ശേഷിപ്പിക്കും.
19
ഏലിയാ അവിടെനിന്നു പുറപ്പെട്ട് ശാഫാത്തിന്‍റെ പുത്രനായ എലീശയുടെ അടുക്കല്‍ എത്തി. അയാള്‍ പന്ത്രണ്ട് ഏര്‍ കാള പൂട്ടി ഉഴുതുകൊണ്ടിരിക്കുക ആയിരുന്നു. പന്ത്രണ്ടാമത്തെ നിരയിലായിരുന്നു എലീശ. എലീശയുടെ അടുക്കലെത്തിയപ്പോള്‍ ഏലിയാ തന്‍റെ മേലങ്കി ഊരി അയാളുടെ മേലിട്ടു.20 അയാള്‍ ഉടന്‍തന്നെ കാളകളെ വിട്ടു ഏലിയായുടെ അടുക്കലേക്ക് ഓടിച്ചെന്നു പറഞ്ഞു: “ഞാന്‍ മാതാപിതാക്കന്മാരെ ചുംബിച്ചു യാത്രപറഞ്ഞിട്ട് അങ്ങയെ അനുഗമിക്കാം.” “അങ്ങനെയാകട്ടെ, ഞാന്‍ നിന്നെ തടസ്സപ്പെടുത്തുന്നില്ല” ഏലിയാ പറഞ്ഞു.
21 എലീശ പോയി ഒരു ഏര്‍ കാളയെ കൊന്ന് കലപ്പ വിറകായി ഉപയോഗിച്ചു മാംസം പാകംചെയ്തു; അതു ജനത്തിനു കൊടുത്തു, അവര്‍ അതു ഭക്ഷിച്ചു. പിന്നീട് അയാള്‍ ഏലിയായെ അനുഗമിച്ച് അദ്ദേഹത്തിന്‍റെ ശുശ്രൂഷകനായിത്തീര്‍ന്നു.
1
സിറിയാരാജാവായ ബെന്‍-ഹദദ് യുദ്ധത്തിനൊരുങ്ങി. മുപ്പത്തിരണ്ടു രാജാക്കന്മാര്‍ തങ്ങളുടെ കുതിരകളോടും രഥങ്ങളോടും കൂടെ ബെന്‍-ഹദദ്‍രാജാവിന്‍റെ പക്ഷം ചേര്‍ന്നു. അയാള്‍ ശമര്യാപട്ടണത്തെ വളഞ്ഞ് അതിനെ ആക്രമിച്ചു.2 ബെന്‍-ഹദദ് ദൂതന്മാരെ ശമര്യയിലേക്ക് അയച്ച് ഇസ്രായേല്‍രാജാവായ ആഹാബിനെ ഇങ്ങനെ അറിയിച്ചു:
3 “നിന്‍റെ വെള്ളിയും സ്വര്‍ണവും എനിക്കുള്ളതാണ്; നിന്‍റെ സുന്ദരികളായ ഭാര്യമാരും മക്കളും എന്‍റേതായിരിക്കും.”
4 ഇസ്രായേല്‍രാജാവ് ഇപ്രകാരം മറുപടി നല്‌കി. “എന്‍റെ പ്രഭോ, അങ്ങു പറഞ്ഞതുപോലെ ഞാനും എനിക്കുള്ളതൊക്കെയും അങ്ങയുടേതു തന്നെ.”
5 ബെന്‍-ഹദദിന്‍റെ ദൂതന്മാര്‍ വീണ്ടും വന്നു പറഞ്ഞു: “ബെന്‍-ഹദദ് കല്പിക്കുന്നു, നിന്‍റെ വെള്ളിയും സ്വര്‍ണവും ഭാര്യമാരും മക്കളും എനിക്കുള്ളതാണെന്നു ഞാന്‍ പറഞ്ഞിരുന്നല്ലോ;
6 നാളെ ഈ സമയത്ത് ഞാന്‍ എന്‍റെ സേവകരെ അയയ്‍ക്കും. അവര്‍ നിന്‍റെയും നിന്‍റെ സേവകരുടെയും വീടുകള്‍ പരിശോധിച്ച് അവര്‍ക്ക് വിലപിടിപ്പുള്ളതായി തോന്നുന്നതെല്ലാം എടുത്തുകൊണ്ടുപോരും.”
7
ആഹാബ്‍രാജാവ്, രാജ്യത്തുള്ള എല്ലാ നേതാക്കന്മാരെയും വിളിച്ചുകൂട്ടി അവരോടു പറഞ്ഞു: “ഈ മനുഷ്യന്‍ നമ്മെ നശിപ്പിക്കാന്‍ ഉദ്ദേശിക്കുന്നു. എന്‍റെ ഭാര്യമാര്‍, മക്കള്‍, സ്വര്‍ണം, വെള്ളി എന്നിവ ആവശ്യപ്പെട്ടുകൊണ്ടു ദൂതന്മാരെ അയച്ചിരുന്നു; ഞാന്‍ അതെല്ലാം സമ്മതിക്കുകയും ചെയ്തു.”8 ഇതു കേട്ടു നേതാക്കന്മാരും ജനങ്ങളും പറഞ്ഞു: “അയാള്‍ പറയുന്നതു സമ്മതിക്കരുത്, ഒന്നും കൊടുക്കയുമരുത്.”
9 അതനുസരിച്ച് ആഹാബ് ബെന്‍-ഹദദിന്‍റെ ദൂതന്മാരോടു പറഞ്ഞു: “എന്‍റെ യജമാനനായ രാജാവിനോടു പറയുക: അദ്ദേഹം ആദ്യം ആവശ്യപ്പെട്ടതെല്ലാം ഞാന്‍ സമ്മതിച്ചിരുന്നു; എന്നാല്‍ ഇത്തവണ ആവശ്യപ്പെട്ടതു സമ്മതിക്കാന്‍ എനിക്കു നിവൃത്തിയില്ല. “ദൂതന്മാര്‍ മടങ്ങിപ്പോയി വിവരമറിയിച്ചു.
10 മറ്റൊരു സന്ദേശവുമായി ബെന്‍-ഹദദിന്‍റെ ദൂതന്മാര്‍ വീണ്ടും ആഹാബിന്‍റെ അടുക്കല്‍ വന്നു. “നിന്‍റെ ഈ പട്ടണം നശിപ്പിക്കുന്നതിന് ആവശ്യമായ സൈനികരെ ഞാന്‍ കൊണ്ടുവരും; അവര്‍ക്ക് ഓരോ പിടിവീതം എടുക്കാന്‍ ശമര്യയിലെ മണ്ണു തികയുമെങ്കില്‍ ദേവന്മാര്‍ എന്നെ കഠിനമായി ശിക്ഷിച്ചുകൊള്ളട്ടെ.”
11 അപ്പോള്‍ ഇസ്രായേല്‍രാജാവു പറഞ്ഞു; “ബെന്‍-ഹദദിനോടു പറയുക; യുദ്ധത്തിനു മുമ്പല്ല, പിമ്പാണു വമ്പു പറയേണ്ടത്.
12 ബെന്‍-ഹദദും മറ്റു രാജാക്കന്മാരും അവരുടെ കൂടാരങ്ങളില്‍ ഇരുന്നു കുടിച്ചു മദിക്കുമ്പോഴായിരുന്നു ആഹാബിന്‍റെ മറുപടി ലഭിച്ചത്. ഉടന്‍തന്നെ യുദ്ധത്തിനു പുറപ്പെടാന്‍ ബെന്‍-ഹദദ് സൈന്യത്തിന് ഉത്തരവു നല്‌കി; അവര്‍ നഗരത്തിന് എതിരെ നിലയുറപ്പിച്ചു.
13
അപ്പോള്‍ ഒരു പ്രവാചകന്‍ ഇസ്രായേല്‍ രാജാവായ ആഹാബിന്‍റെ അടുക്കല്‍ വന്നു പറഞ്ഞു: “സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: ഈ വലിയ സൈന്യത്തെ കണ്ടു നീ ഭയപ്പെടേണ്ടാ; അവരുടെമേല്‍ ഞാന്‍ ഇന്നു നിനക്കു വിജയം നല്‌കും. ഞാന്‍ സര്‍വേശ്വരനെന്നു നീ അറിയും.”14 “ആരാണു യുദ്ധം ചെയ്യുക” എന്നു ആഹാബ് ചോദിച്ചു. “ദേശാധിപതികളുടെ യുവസേനാനികള്‍ യുദ്ധം ചെയ്യട്ടെ” എന്നു സര്‍വേശ്വരന്‍ കല്പിക്കുന്നതായി പ്രവാചകന്‍ പറഞ്ഞു. “ആരാണു യുദ്ധം ആരംഭിക്കേണ്ടത്” എന്ന് ആഹാബ് ചോദിച്ചപ്പോള്‍, “നീ തന്നെ” എന്നു പ്രവാചകന്‍ പ്രതിവചിച്ചു.
15 ദേശാധിപതികളുടെ യുവസേനാനികളെ രാജാവു അണിനിരത്തി; അവര്‍ ഇരുനൂറ്റി മുപ്പത്തിരണ്ടു പേര്‍ ഉണ്ടായിരുന്നു. പിന്നീട് ഇസ്രായേല്‍പട്ടാളത്തെയും അണിനിരത്തി; അവര്‍ ഏഴായിരം പേര്‍ ആയിരുന്നു.
16 ഉച്ചസമയത്ത് ബെന്‍-ഹദദും കൂടെയുള്ള മുപ്പത്തിരണ്ടു രാജാക്കന്മാരും ഉന്മത്തരായിക്കൊണ്ടിരുന്നു.
17 അപ്പോള്‍ യുവസൈനികര്‍ യുദ്ധത്തിനുവേണ്ടി ആദ്യം പുറപ്പെട്ടു. ശമര്യയില്‍നിന്നു സൈന്യം വരുന്നുണ്ടെന്നു ബെന്‍-ഹദദിന്‍റെ കാവല്‍സൈന്യം അയാളെ അറിയിച്ചു.
18 “അവര്‍ വരുന്നതു സമാധാനത്തിനായാലും യുദ്ധത്തിനായാലും അവരെ ജീവനോടെ പിടിക്കണമെന്നു” ബെന്‍-ഹദദ് കല്പിച്ചു.
19
യുവസൈനികരെ ഇസ്രായേല്‍സൈന്യം അനുഗമിച്ചു.20 ഓരോരുത്തനും തനിക്കെതിരേ വന്നവനെ വധിച്ചു; സിറിയാക്കാര്‍ പരാജയപ്പെട്ട് ഓടി; ഇസ്രായേല്‍സൈന്യം അവരെ പിന്തുടര്‍ന്നു. ബെന്‍-ഹദദ് കുതിരപ്പുറത്തു കയറി രക്ഷപെട്ടു; ഏതാനും കുതിരപ്പടയാളികളും അയാളുടെ കൂടെ ഉണ്ടായിരുന്നു.
21 ഇസ്രായേല്‍രാജാവ് പടക്കളത്തിലെത്തി കുതിരകളും രഥങ്ങളും കൈവശപ്പെടുത്തി; സിറിയാക്കാരെ കൂട്ടക്കൊല ചെയ്തു.
22
പ്രവാചകന്‍ ഇസ്രായേല്‍രാജാവിനോടു വീണ്ടും പറഞ്ഞു: “മടങ്ങിപ്പോയി നിന്‍റെ സൈന്യത്തെ കൂടുതല്‍ ശക്തമാക്കുക; അടുത്ത വസന്തകാലത്ത് സിറിയാരാജാവ് വീണ്ടും ആക്രമിക്കും.”23
ബെന്‍-ഹദദ്‍രാജാവിന്‍റെ സേവകന്മാര്‍ അദ്ദേഹത്തോടു പറഞ്ഞു: “ഇസ്രായേലിന്‍റെ ദേവന്മാര്‍ ഗിരിദേവന്മാരാണ്; അതുകൊണ്ടാണ് അവര്‍ നമ്മെ പരാജയപ്പെടുത്തിയത്. സമതലത്തില്‍ വച്ചു യുദ്ധം ചെയ്താല്‍ നമുക്ക് അവരെ നിശ്ചയമായും പരാജയപ്പെടുത്താം.24 മാത്രമല്ല മുപ്പത്തിരണ്ടു രാജാക്കന്മാര്‍ക്കു പകരം സൈന്യാധിപന്മാരെ നിയമിക്കണം.
25 നഷ്ടപ്പെട്ട സൈന്യത്തിനു തുല്യമായ മറ്റൊരു സൈന്യത്തെ സംഘടിപ്പിക്കണം. കുതിരയ്‍ക്കു കുതിര, രഥത്തിനു രഥം. അതിനുശേഷം സമതലത്തില്‍വച്ച് നമുക്ക് യുദ്ധം ചെയ്യാം. ഇത്തവണ നാം അവരെ പരാജയപ്പെടുത്തും. ബെന്‍-ഹദദ് അവരുടെ ഉപദേശം സ്വീകരിച്ച് അതുപോലെ പ്രവര്‍ത്തിച്ചു.
26
അടുത്ത വസന്തത്തില്‍ ബെന്‍-ഹദദ് തന്‍റെ സൈന്യങ്ങളെയെല്ലാം ഒരുമിച്ചുകൂട്ടി; ഇസ്രായേലിനോടു യുദ്ധം ചെയ്യാന്‍ അഫേക്കിലേക്കു പുറപ്പെട്ടു.27 ഇസ്രായേല്യരും യുദ്ധസന്നാഹങ്ങളോടുകൂടി അവിടെ എത്തി; അവര്‍ രണ്ടു സംഘങ്ങളായി പാളയമടിച്ചു. ദേശം നിറഞ്ഞിരുന്ന സിറിയന്‍ പട്ടാളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇസ്രായേല്‍സൈന്യം രണ്ടു ചെറിയ ആട്ടിന്‍പറ്റംപോലെ മാത്രമായിരുന്നു.
28 ഒരു പ്രവാചകന്‍ ആഹാബിന്‍റെ അടുക്കല്‍ ചെന്നു പറഞ്ഞു: “സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: ‘ഞാന്‍ ഗിരിദേവനാണ്; സമതലപ്രദേശത്തെ ദേവനല്ല’ എന്നു സിറിയാക്കാര്‍ പറയുന്നതുകൊണ്ട് ഈ വലിയ സൈന്യത്തിന്‍റെമേല്‍ ഞാന്‍ നിനക്കു വിജയം നല്‌കും; ഞാന്‍ സര്‍വേശ്വരനാണെന്നു നിങ്ങള്‍ അറിയും.”
29
സിറിയന്‍സൈന്യവും ഇസ്രായേല്‍സൈന്യവും അഭിമുഖമായി ഏഴു ദിവസം തങ്ങളുടെ പാളയങ്ങളില്‍ കഴിഞ്ഞുകൂടി. ഏഴാം ദിവസം യുദ്ധമാരംഭിച്ചു; ഒറ്റ ദിവസംകൊണ്ട് ഇസ്രായേല്യര്‍ ഒരു ലക്ഷം സിറിയന്‍ ഭടന്മാരെ വധിച്ചു.30 ശേഷിച്ച ഇരുപത്തി ഏഴായിരം പേര്‍ അഫേക്കിലേക്ക് ഓടിപ്പോയി. അവരുടെമേല്‍ പട്ടണമതില്‍ വീണു. ബെന്‍-ഹദദ് ഓടി പട്ടണത്തിലെ ഒരു ഉള്ളറയില്‍ കയറി ഒളിച്ചു.
31 സേവകന്മാര്‍ ബെന്‍-ഹദദിന്‍റെ അടുക്കല്‍ ചെന്നു പറഞ്ഞു: “ഇസ്രായേല്‍രാജാക്കന്മാര്‍ കരുണയുള്ളവരാണെന്നു കേട്ടിട്ടുണ്ട്; അതുകൊണ്ട് ചണവസ്ത്രം ധരിച്ച് കഴുത്തില്‍ കയറു ചുറ്റി ഇസ്രായേല്‍രാജാവിന്‍റെ അടുക്കലേക്കു പോകാന്‍ ഞങ്ങളെ അനുവദിക്കുക; ഒരുപക്ഷേ അദ്ദേഹം അങ്ങയുടെ ജീവന്‍ രക്ഷിച്ചേക്കും.”
32
അവര്‍ ചണവസ്ത്രം ധരിച്ച് കഴുത്തില്‍ കയറു ചുറ്റി ആഹാബിന്‍റെ അടുക്കല്‍ ചെന്നു: “എന്‍റെ ജീവനെ രക്ഷിക്കണമേ എന്ന് അങ്ങയുടെ ദാസനായ ബെന്‍-ഹദദ് അപേക്ഷിക്കുന്നു” എന്നു പറഞ്ഞു. “അയാള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുവോ? അയാള്‍ എനിക്ക് ഒരു സഹോദരനെപ്പോലെയാണ്.” എന്ന് ആഹാബ് പ്രതിവചിച്ചു.33 ബെന്‍-ഹദദിന്‍റെ സേവകന്മാര്‍ ശുഭലക്ഷണം കാത്തിരിക്കുകയായിരുന്നു. ആഹാബ് സഹോദരന്‍ എന്ന പദം ഉപയോഗിച്ചപ്പോള്‍ അതുതന്നെ തക്കസമയമെന്നു കരുതി, “ബെന്‍-ഹദദ് അങ്ങയുടെ സഹോദരന്‍ തന്നെയാണ്” എന്ന് അവര്‍ പറഞ്ഞു; “അയാളെ എന്‍റെ അടുക്കല്‍ കൊണ്ടുവരിക” എന്ന് ആഹാബ് കല്പിച്ചു. ബെന്‍-ഹദദ് അവിടെ എത്തിയപ്പോള്‍ ആഹാബ് അയാളെ സ്വന്തം രഥത്തിലേക്കു ക്ഷണിച്ച് അടുക്കല്‍ ഇരുത്തി;
34 ബെന്‍-ഹദദ് അദ്ദേഹത്തോടു പറഞ്ഞു. “എന്‍റെ പിതാവ് അങ്ങയുടെ പിതാവില്‍നിന്ന് പിടിച്ചെടുത്ത പട്ടണങ്ങളെല്ലാം ഞാന്‍ മടക്കിത്തരാം; എന്‍റെ പിതാവ് ശമര്യയില്‍ ചെയ്തതുപോലെ ദമാസ്കസില്‍ അങ്ങേക്ക് ഒരു കച്ചവടകേന്ദ്രം തുറക്കുകയും ചെയ്യാം.” “ഈ ഉടമ്പടി അനുസരിച്ച് ഞാന്‍ നിങ്ങളെ വിട്ടയയ്‍ക്കാം” എന്ന് ആഹാബ് പ്രതിവചിച്ചു. ആഹാബ് ബെന്‍-ഹദദുമായി ഒരു ഉടമ്പടി ഉണ്ടാക്കിയ ശേഷം അയാളെ വിട്ടയച്ചു.
35
സര്‍വേശ്വരന്‍റെ കല്പനയനുസരിച്ചു പ്രവാചകഗണത്തില്‍പ്പെട്ട ഒരാള്‍ “എന്നെ അടിക്കുക” എന്നു മറ്റൊരു പ്രവാചകനോടു പറഞ്ഞു. എന്നാല്‍ അയാള്‍ അതിനു വിസമ്മതിച്ചു.36 അപ്പോള്‍ ഒന്നാമന്‍ പറഞ്ഞു: “സര്‍വേശ്വരന്‍റെ കല്പന അനുസരിക്കാഞ്ഞതുകൊണ്ട് നീ ഇവിടെനിന്നു പോയാല്‍ ഉടനെ ഒരു സിംഹം നിന്നെ കൊല്ലും.” അവന്‍ അവിടെനിന്നുപോയ ഉടന്‍തന്നെ ഒരു സിംഹം അവനെതിരേ വന്ന് അവനെ കൊന്നു.
37 അയാള്‍ മറ്റൊരാളെ സമീപിച്ചു തന്നെ അടിക്കാന്‍ പറഞ്ഞു; അയാള്‍ അടിച്ചു മുറിവേല്പിച്ചു.
38 അതിനുശേഷം പ്രവാചകന്‍ അവിടെനിന്നു പോയി, മുഖംമൂടി ധരിച്ച് വഴിയില്‍ രാജാവിനെ കാത്തുനിന്നു.
39 രാജാവ് ആ വഴി കടന്നുപോകുമ്പോള്‍ പ്രവാചകന്‍ വിളിച്ചുപറഞ്ഞു: “ഈ ദാസന്‍ യുദ്ധക്കളത്തില്‍ പോയിരുന്നു; അപ്പോള്‍ ഒരു പടയാളി എന്‍റെയടുക്കല്‍ മറ്റൊരാളെ കൊണ്ടുവന്നിട്ടു പറഞ്ഞു: ‘ഇവനെ സൂക്ഷിച്ചുകൊള്ളുക; ഇവന്‍ കടന്നുകളഞ്ഞാല്‍ നിന്‍റെ ജീവന്‍ അവന്‍റെ ജീവനു പകരം കൊടുക്കേണ്ടിവരും.”
40 അല്ലെങ്കില്‍ ഒരു താലന്ത് വെള്ളി പിഴ കൊടുക്കേണ്ടിവരും. എന്നാല്‍ അടിയന്‍ പല കാര്യങ്ങളില്‍ വ്യാപൃതനായിരുന്നതുകൊണ്ട് അവന്‍ കടന്നുകളഞ്ഞു. അപ്പോള്‍ രാജാവു പ്രതിവചിച്ചു. “നീ തന്നെ നിന്‍റെ വിധി പ്രഖ്യാപിച്ചു കഴിഞ്ഞു; അത് അങ്ങനെതന്നെ സംഭവിക്കട്ടെ.”
41
ഉടനെ രാജാവ് അയാളുടെ മുഖംമൂടി നീക്കി; അയാള്‍ ഒരു പ്രവാചകനാണെന്നു രാജാവിന് അപ്പോള്‍ മനസ്സിലായി.42 പ്രവാചകന്‍ രാജാവിനോടു പറഞ്ഞു: “സര്‍വേശ്വരന്‍റെ വാക്കുകള്‍ ശ്രദ്ധിക്കുക, നശിപ്പിക്കാന്‍ ഞാന്‍ നിശ്ചയിച്ചിരുന്നവനെ നീ വിട്ടയച്ചു. അതുകൊണ്ട് അവന്‍റെ ജീവനു പകരം നിന്‍റെ ജീവന്‍ നീ നല്‌കണം; അവന്‍റെ സൈനികര്‍ക്കു പകരം നിന്‍റെ സൈന്യം നശിപ്പിക്കപ്പെടും.”
43
രാജാവ് ദുഃഖത്തോടും നീരസത്തോടും കൂടി ശമര്യയിലെ കൊട്ടാരത്തിലേക്കു മടങ്ങിപ്പോയി.1
ജെസ്രീലില്‍ ആഹാബിന്‍റെ കൊട്ടാരത്തിനടുത്തു തദ്ദേശവാസിയായ നാബോത്തിന് ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു.2 ഒരു ദിവസം ആഹാബ് നാബോത്തിനോട് പറഞ്ഞു: “ഒരു പച്ചക്കറിത്തോട്ടം ഉണ്ടാക്കുന്നതിനുവേണ്ടി നിന്‍റെ മുന്തിരിത്തോട്ടം എനിക്കു തരിക; അതു കൊട്ടാരത്തിന്‍റെ സമീപത്താണല്ലോ; അതിനെക്കാള്‍ മെച്ചപ്പെട്ട ഒന്നു ഞാന്‍ നിനക്കു നല്‌കാം. അതല്ല, പണമാണു നിനക്കു വേണ്ടതെങ്കില്‍ വില തരാം.”
3 നാബോത്ത് പറഞ്ഞു: “ഈ മുന്തിരിത്തോട്ടം എന്‍റെ പിതൃസ്വത്താണ്; അത് അങ്ങേക്ക് കൈമാറുന്നതിന് സര്‍വേശ്വരന്‍ ഇടയാക്കാതിരിക്കട്ടെ.”
4 നാബോത്തിന്‍റെ മറുപടിയില്‍ ദുഃഖിതനും കുപിതനുമായിത്തീര്‍ന്ന ആഹാബ് തന്‍റെ കൊട്ടാരത്തിലേക്കു മടങ്ങി, ഭക്ഷണമൊന്നും കഴിക്കാതെ ചുമരിനുനേരെ മുഖം തിരിച്ചു കിടന്നു.
5 ആഹാബിന്‍റെ ഭാര്യ ഈസേബെല്‍ അടുത്തുവന്നു ചോദിച്ചു: “അങ്ങ് ഭക്ഷണം കഴിക്കാതെ വ്യസനിച്ചിരിക്കുന്നതെന്ത്?” രാജാവു പറഞ്ഞു:
6 “നാബോത്തിന്‍റെ വാക്കുകളാണ് എന്‍റെ ദുഃഖത്തിനു കാരണം. അവന്‍റെ മുന്തിരിത്തോട്ടം എനിക്കു വിലയ്‍ക്കു തരികയോ അല്ലെങ്കില്‍ മറ്റൊരു മുന്തിരിത്തോട്ടത്തിനു പകരമായി നല്‌കുകയോ ചെയ്യാന്‍ ഞാന്‍ ആവശ്യപ്പെട്ടു; എന്നാല്‍ അവന്‍ വിസമ്മതിച്ചു.”
7 “അങ്ങല്ലേ ഇസ്രായേലിലെ രാജാവ്? എഴുന്നേറ്റു ഭക്ഷണം കഴിക്കുക; ജെസ്രീല്‍ക്കാരന്‍ നാബോത്തിന്‍റെ മുന്തിരിത്തോട്ടം അങ്ങേക്കുവേണ്ടി ഞാന്‍ കൈവശപ്പെടുത്താം” എന്നു രാജ്ഞി പറഞ്ഞു.
8
ഈസേബെല്‍ ആഹാബിന്‍റെ പേരും മുദ്രയും വച്ച് ജെസ്രീലിലെ നേതാക്കള്‍ക്കും പ്രമാണിമാര്‍ക്കും കത്തുകളെഴുതി; അവ അവര്‍ക്കു കൊടുത്തു.9 കത്തില്‍ ഇപ്രകാരം എഴുതിയിരുന്നു: “നിങ്ങള്‍ ഒരു ഉപവാസദിനം പ്രഖ്യാപിച്ചു ജനത്തെ അതിനു ക്ഷണിക്കണം; ജനങ്ങളുടെ കൂട്ടത്തില്‍ നാബോത്തിനു പ്രധാന സ്ഥാനം നല്‌കണം. അതിനുശേഷം നാബോത്ത് ദൈവത്തിനും രാജാവിനും എതിരായി ദൂഷണം പറഞ്ഞു എന്നു നീചന്മാരായ രണ്ടാളുകളെക്കൊണ്ട് അവനെതിരായി കള്ളസ്സാക്ഷ്യം പറയിക്കണം.
10 പിന്നീട് നിങ്ങള്‍ അയാളെ പുറത്തുകൊണ്ടുപോയി കല്ലെറിഞ്ഞു കൊല്ലണം.”
11 പട്ടണത്തിലെ നേതാക്കളും പ്രമാണികളും ഈസേബെലിന്‍റെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിച്ചു.
12 അവര്‍ ഉപവാസദിനം പ്രഖ്യാപിച്ചു; ജനത്തെ വിളിച്ചുകൂട്ടി; നാബോത്തിന് അവരുടെ ഇടയില്‍ മുഖ്യസ്ഥാനം നല്‌കി.
13 നാബോത്ത് ദൈവത്തെയും രാജാവിനെയും ദുഷിച്ചുപറഞ്ഞു എന്ന് നീചന്മാരായ രണ്ടാളുകള്‍ പരസ്യമായി കുറ്റാരോപണം നടത്തി. അവര്‍ അയാളെ പട്ടണത്തിനു പുറത്തു കൊണ്ടുപോയി കല്ലെറിഞ്ഞു കൊന്നു.
14 നാബോത്തിനെ കല്ലെറിഞ്ഞു കൊന്ന വിവരം അവര്‍ ഈസേബെലിനെ അറിയിച്ചു.
15
ഉടന്‍തന്നെ ഈസേബെല്‍ ആഹാബിനോടു പറഞ്ഞു: “ജെസ്രീല്‍ക്കാരനായ നാബോത്തിന്‍റെ കഥ കഴിഞ്ഞു; അയാള്‍ വിലയ്‍ക്കുതരാന്‍ വിസമ്മതിച്ച മുന്തിരിത്തോട്ടം അങ്ങു കൈവശപ്പെടുത്തിക്കൊള്ളുക.”16 നാബോത്തു മരിച്ചു എന്നറിഞ്ഞ് അയാളുടെ തോട്ടം കൈവശപ്പെടുത്താന്‍ ആഹാബ് അവിടേക്കു പോയി.
17
സര്‍വേശ്വരന്‍ തിശ്ബ്യനായ ഏലിയായോട് അരുളിച്ചെയ്തു.18 “നീ ശമര്യയില്‍ ആഹാബ് രാജാവിനെ ചെന്നു കാണുക. അവന്‍ നാബോത്തിന്‍റെ മുന്തിരിത്തോട്ടം കൈവശപ്പെടുത്താന്‍ പോയിരിക്കുന്നു;
19 നീ അവനെ കൊലപ്പെടുത്തിയശേഷം അവന്‍റെ വസ്തു കൈവശപ്പെടുത്തുകയാണോ എന്നു സര്‍വേശ്വരന്‍ ചോദിക്കുന്നതായി അയാളോടു പറയുക. നാബോത്തിന്‍റെ രക്തം നായ്‍ക്കള്‍ നക്കിക്കുടിച്ച സ്ഥലത്തുവച്ചുതന്നെ നിന്‍റെ രക്തവും അവ നക്കിക്കുടിക്കും എന്നും അവനോടു പറയുക.”
20 ആഹാബ് ഏലിയായെ കണ്ടപ്പോള്‍: “എന്‍റെ ശത്രുവായ നീ എന്നെ കണ്ടെത്തിയോ” എന്നു ചോദിച്ചു. “അതേ, ഞാന്‍ കണ്ടെത്തി” ഏലിയാ പ്രതിവചിച്ചു. സര്‍വേശ്വരന്‍റെ സന്നിധിയില്‍ അധര്‍മം ചെയ്യാന്‍ നീ നിന്നെത്തന്നെ വിലയ്‍ക്കു നല്‌കിയിരിക്കുന്നു;
21 അതുകൊണ്ട് അവിടുന്ന് അരുളിച്ചെയ്യുന്നു: ഞാന്‍ നിനക്കു അനര്‍ഥം വരുത്തും; ഞാന്‍ നിന്നെയും പ്രായഭേദം കൂടാതെ നിന്‍റെ കുടുംബത്തിലുള്ള സകല പുരുഷസന്താനങ്ങളെയും ഇസ്രായേലില്‍നിന്നു നീക്കിക്കളയും.
22 ഇസ്രായേലിനെക്കൊണ്ട് പാപം ചെയ്യിച്ച് നീ എന്നെ പ്രകോപിപ്പിച്ചിരിക്കുന്നതിനാല്‍ നിന്‍റെ ഭവനത്തെ നെബാത്തിന്‍റെ മകന്‍ യെരോബെയാമിന്‍റെയും അഹീയായുടെ മകന്‍ ബയെശയുടെയും ഭവനങ്ങള്‍പോലെ ആക്കിത്തീര്‍ക്കും.
23 ജെസ്രീല്‍ പട്ടണത്തില്‍വച്ചു നായ്‍ക്കള്‍ ഈസേബെലിന്‍റെ ശരീരം തിന്നുകളയും എന്ന് ഈസേബെലിനെക്കുറിച്ച് സര്‍വേശ്വരന്‍ അരുളിച്ചെയ്തു.
24 നിന്‍റെ ചാര്‍ച്ചക്കാരില്‍ പട്ടണത്തില്‍വച്ചു മരിക്കുന്നവരുടെ ശരീരം നായ്‍ക്കള്‍ തിന്നും; വിജനപ്രദേശത്തുവച്ചു മരിക്കുന്നവരുടെ ശരീരം പറവകള്‍ക്ക് ഇരയാകും.”
25
സര്‍വേശ്വരന്‍റെ സന്നിധിയില്‍ തിന്മകള്‍ പ്രവര്‍ത്തിക്കുന്നതിന് ആഹാബിനെപ്പോലെ സ്വയം വിലയ്‍ക്കു നല്‌കിയ മറ്റൊരാള്‍ ഉണ്ടായിട്ടില്ല. ഈസേബെലിന്‍റെ ദുഷ്പ്രേരണ കൊണ്ടായിരുന്നു അങ്ങനെ ചെയ്തത്.26 ഇസ്രായേലിന്‍റെ മുമ്പില്‍നിന്നു സര്‍വേശ്വരന്‍ നീക്കിക്കളഞ്ഞ അമോര്യരെപ്പോലെ അയാള്‍ വിഗ്രഹങ്ങളെ ആരാധിച്ചു; അങ്ങനെ വലിയ മ്ലേച്ഛത പ്രവര്‍ത്തിച്ചു.
27
പ്രവാചകന്‍റെ വാക്കുകള്‍ കേട്ട് ആഹാബ് വസ്ത്രം കീറി; ചാക്കുതുണി ധരിച്ചു; ഉപവസിച്ച് ചാക്കുതുണി വിരിച്ചു കിടന്നു. പിന്നീട് മ്ലാനവദനനായി നടന്നു.28 അപ്പോള്‍ സര്‍വേശ്വരന്‍ തിശ്ബ്യനായ ഏലിയായോടു അരുളിച്ചെയ്തു;
29 “ആഹാബ് എന്‍റെ മുമ്പില്‍ സ്വയം വിനയപ്പെടുത്തിയതു കണ്ടില്ലേ? അവന്‍ അങ്ങനെ പ്രവര്‍ത്തിച്ചതുകൊണ്ട് ഞാന്‍ ഉദ്ദേശിച്ച അനര്‍ഥം അവന്‍റെ ജീവിതകാലത്തു വരുത്തുകയില്ല; അവന്‍റെ പുത്രന്‍റെ കാലത്ത് അവന്‍റെ കുടുംബത്തില്‍ അതു സംഭവിക്കും.”
1
സിറിയായും ഇസ്രായേലും യുദ്ധം കൂടാതെ മൂന്നു വര്‍ഷക്കാലം കഴിച്ചുകൂട്ടി.2 മൂന്നാം വര്‍ഷം യെഹൂദാരാജാവായ യെഹോശാഫാത്ത് ഇസ്രായേല്‍രാജാവിനെ സന്ദര്‍ശിച്ചു.
3 ഇസ്രായേല്‍രാജാവ് തന്‍റെ സേവകരോടു പറഞ്ഞു: “സിറിയാരാജാവില്‍നിന്നും ഗിലെയാദിലെ രാമോത്ത് പിടിച്ചടക്കാന്‍ നാം എന്തിനു മടിക്കണം? അതു നമ്മുടേതല്ലേ.”
4 ആഹാബ് യെഹോശാഫാത്തിനോടു ചോദിച്ചു: “ഗിലെയാദിലെ രാമോത്ത് പിടിച്ചടക്കുന്നതിന് എന്‍റെ കൂടെ നിങ്ങള്‍ വരുമോ?” അതിനു യെഹോശാഫാത്ത് പറഞ്ഞു: “ഞാനും എന്‍റെ സൈന്യവും എന്‍റെ കുതിരകളും സ്വന്തം എന്നപോലെ അങ്ങയോടു ചേര്‍ന്നു യുദ്ധം ചെയ്യാന്‍ ഒരുക്കമാണ്;
5 എന്നാല്‍ ആദ്യമായി നമുക്ക് സര്‍വേശ്വരന്‍റെ ഹിതം അന്വേഷിക്കാം.”
6
ഇസ്രായേല്‍രാജാവ് നാനൂറോളം പ്രവാചകന്മാരെ വിളിച്ചുകൂട്ടി അവരോടു ചോദിച്ചു: “ഗിലെയാദിലെ രാമോത്ത് കൈവശപ്പെടുത്താന്‍ ഞാന്‍ പോകണമോ വേണ്ടയോ?” “പോകുക, സര്‍വേശ്വരന്‍ അത് അങ്ങയുടെ കൈയില്‍ ഏല്പിക്കും” അവര്‍ പ്രതിവചിച്ചു.7 “സര്‍വേശ്വരന്‍റെ ഹിതം ആരായാന്‍ അവിടുത്തെ പ്രവാചകന്മാരില്‍ ഇനിയും ആരുമില്ലേ” യെഹോശാഫാത്ത് ചോദിച്ചു.
8 ഇസ്രായേല്‍രാജാവു പറഞ്ഞു; ഇംലായുടെ പുത്രന്‍ മീഖായാ എന്നൊരാള്‍ കൂടിയുണ്ട്; എനിക്കെതിരായല്ലാതെ അനുകൂലമായി ഒന്നും അയാള്‍ പറയുകയില്ല; അതുകൊണ്ട് ഞാന്‍ അയാളെ വെറുക്കുന്നു.” “അങ്ങനെ പറയരുതേ” എന്നു യെഹോശാഫാത്ത് പറഞ്ഞു.
9 ഇംലായുടെ മകന്‍ മീഖായായെ ഉടനെ കൂട്ടിക്കൊണ്ടു വരാന്‍ ഇസ്രായേല്‍രാജാവ് ഭൃത്യനെ അയച്ചു.
10 ഇസ്രായേല്‍രാജാവും യെഹൂദാരാജാവായ യെഹോശാഫാത്തും രാജവസ്ത്രങ്ങളണിഞ്ഞ് ശമര്യയുടെ പടിവാതില്‌ക്കലുള്ള മെതിസ്ഥലത്ത് തങ്ങളുടെ സിംഹാസനങ്ങളില്‍ ഇരിക്കുകയായിരുന്നു. പ്രവാചകന്മാരെല്ലാം അവരുടെ മുമ്പില്‍ പ്രവചിച്ചുകൊണ്ടിരുന്നു.
11 കെനാനയുടെ പുത്രന്‍ സിദെക്കിയാ ഇരുമ്പുകൊണ്ടു തനിക്കു കൊമ്പുകള്‍ നിര്‍മ്മിച്ചിട്ടു പറഞ്ഞു: “സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. സിറിയാക്കാര്‍ പൂര്‍ണമായി നശിക്കുന്നതുവരെ നീ ഇവകൊണ്ട് അവരെ കുത്തിപ്പിളര്‍ക്കും.”
12 മറ്റു പ്രവാചകന്മാരും അങ്ങനെതന്നെ പ്രവചിച്ചു. “ഗിലെയാദിലെ രാമോത്തിലേക്കു പോയി വിജയം വരിക്കുക; സര്‍വേശ്വരന്‍ അങ്ങയെ അത് ഏല്പിക്കും.”
13 മീഖായായെ വിളിക്കാന്‍ പോയിരുന്ന ദൂതന്‍ അദ്ദേഹത്തോടു പറഞ്ഞു: “പ്രവാചകന്മാരെല്ലാം ഏകസ്വരത്തില്‍ രാജാവിനനുകൂലമായി പ്രവചിച്ചിരിക്കുകയാണ്; താങ്കളും അവരില്‍ ഒരുവനെപ്പോലെ പറയണം.”
14 മീഖായാ പറഞ്ഞു: “ജീവിക്കുന്ന സര്‍വേശ്വരന്‍റെ നാമത്തില്‍ ഞാന്‍ പറയുന്നു; അവിടുന്ന് അരുളിച്ചെയ്യുന്നതേ ഞാന്‍ പറയൂ.”
15
അയാള്‍ രാജസന്നിധിയില്‍ എത്തിയപ്പോള്‍ രാജാവു ചോദിച്ചു: “മീഖായായേ, ഞങ്ങള്‍ ഗിലെയാദിലെ രാമോത്തില്‍ യുദ്ധം ചെയ്യാന്‍ പോകണമോ വേണ്ടയോ, പറയൂ.” മീഖായാ പറഞ്ഞു: “പുറപ്പെടുക, നിങ്ങള്‍ വിജയം കൈവരിക്കും; സര്‍വേശ്വരന്‍ അങ്ങേക്ക് വിജയം നല്‌കും.”16 ആഹാബ് മീഖായായോടു പറഞ്ഞു: “സര്‍വേശ്വരന്‍റെ നാമത്തില്‍ സംസാരിക്കുമ്പോള്‍ സത്യമേ പറയാവൂ എന്ന് എത്ര തവണ ഞാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.”
17 ഇതു കേട്ട് മീഖായാ പറഞ്ഞു: “ഇസ്രായേല്‍ജനം ഇടയനില്ലാത്ത ആടുകളെപ്പോലെ മലകളില്‍ ചിതറിക്കിടക്കുന്നതു ഞാന്‍ കാണുന്നു. സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: ഇവര്‍ക്കു നേതാവില്ല, ഇവര്‍ സ്വഭവനങ്ങളിലേക്കു സമാധാനത്തോടെ പോകട്ടെ.”
18 ഇസ്രായേല്‍രാജാവ് യെഹോശാഫാത്തിനോടു പറഞ്ഞു: “ഇവന്‍ എന്നെക്കുറിച്ചു തിന്മയല്ലാതെ നന്മയായി ഒന്നും പ്രവചിക്കുകയില്ല. എന്നു ഞാന്‍ പറഞ്ഞില്ലേ?”
19 മീഖായാ തുടര്‍ന്നു പറഞ്ഞു: “സര്‍വേശ്വരന്‍ സ്വര്‍ഗത്തില്‍ അവിടുത്തെ സിംഹാസനത്തിലിരിക്കുന്നതു ഞാന്‍ കണ്ടു; മാലാഖമാര്‍ ഇരുവശത്തും നില്‌ക്കുന്നുണ്ടായിരുന്നു.”
20 “ആഹാബ് രാമോത്തില്‍ പോയി അവിടെവച്ച് വധിക്കപ്പെടാന്‍ തക്കവിധം ആര് അവനെ വശീകരിക്കും” എന്ന് അവിടുന്നു ചോദിച്ചു. അവര്‍ ഓരോരുത്തരും ഓരോ മറുപടി നല്‌കി.
21 ഒരു ആത്മാവ് മുമ്പോട്ടുവന്ന് “ഞാന്‍ അവനെ വശീകരിക്കും” എന്നു പറഞ്ഞു. എങ്ങനെയെന്നു സര്‍വേശ്വരന്‍ ചോദിച്ചു.
22 അപ്പോള്‍ ആത്മാവു പറഞ്ഞു: “ഞാന്‍ പോയി ആഹാബിന്‍റെ സകല പ്രവാചകന്മാരെയുംകൊണ്ടു നുണ പറയിക്കും.” “അങ്ങനെ ചെയ്യിക്കുക, നീ വിജയിക്കും” എന്നു സര്‍വേശ്വരന്‍ പറഞ്ഞു.
23 മീഖായാ പറഞ്ഞു: “വ്യാജം പറയുന്ന ആത്മാവിനെ അവിടുന്ന് ഈ പ്രവാചകന്മാര്‍ക്കു നല്‌കിയിരിക്കുന്നു; അങ്ങേക്ക് അനര്‍ഥം വരുത്താന്‍ സര്‍വേശ്വരന്‍ നിശ്ചയിച്ചിരിക്കുന്നു.”
24
ഉടന്‍തന്നെ കെനാനയുടെ പുത്രനായ സിദെക്കിയാ അടുത്തുചെന്നു മീഖായായുടെ ചെകിട്ടത്ത് അടിച്ചു: “സര്‍വേശ്വരന്‍റെ ആത്മാവ് നിന്നോടു സംസാരിക്കാന്‍ തക്കവിധം എങ്ങനെയാണ് എന്നെ വിട്ടുപോയത്” എന്നു സിദെക്കിയാ ചോദിച്ചു.25 “ഒളിച്ചിരിക്കാന്‍ ഏതെങ്കിലും ഉള്ളറയില്‍ പ്രവേശിക്കുന്ന ദിവസം നീ അതു മനസ്സിലാക്കും” എന്നു മീഖായാ പ്രതിവചിച്ചു.
26
ആഹാബ്‍രാജാവ് കല്പിച്ചു: “മീഖായായെ പിടിച്ചു നഗരാധിപനായ ആമോന്‍റെയും രാജകുമാരനായ യോവാശിന്‍റെയും അടുക്കല്‍ കൊണ്ടുചെല്ലുക;27 ഞാന്‍ സുരക്ഷിതനായി മടങ്ങിവരുന്നതുവരെ വളരെക്കുറച്ച് അപ്പവും വെള്ളവും നല്‌കി അവനെ കാരാഗൃഹത്തില്‍ സൂക്ഷിക്കുക.”
28 മീഖായാ പ്രതിവചിച്ചു: “അങ്ങ് സുരക്ഷിതനായി മടങ്ങിവന്നാല്‍ സര്‍വേശ്വരന്‍ എന്നിലൂടെ സംസാരിച്ചിട്ടില്ല എന്നതു സ്പഷ്ടം; ഞാന്‍ പറഞ്ഞതു എല്ലാവരും കേട്ടല്ലോ?”
29
ഇസ്രായേല്‍രാജാവായ ആഹാബും യെഹൂദാരാജാവായ യെഹോശാഫാത്തും കൂടി ഗിലെയാദിലെ രാമോത്തിലേക്കു പോയി.30 ഇസ്രായേല്‍രാജാവ് യെഹോശാഫാത്തിനോടു പറഞ്ഞു: “ഞാന്‍ വേഷം മാറി യുദ്ധക്കളത്തിലേക്കു പോകാം. അങ്ങു രാജവസ്ത്രം ധരിച്ചു കൊള്ളുക.” അങ്ങനെ ഇസ്രായേല്‍രാജാവു വേഷം മാറി പടക്കളത്തിലേക്കു പോയി.
31 ഇസ്രായേല്‍രാജാവിനോടല്ലാതെ വലിയവനോ ചെറിയവനോ ആയ മറ്റാരോടും യുദ്ധം ചെയ്യരുതെന്നു സിറിയാരാജാവു തന്‍റെ മുപ്പത്തിരണ്ടു രഥനായകന്മാരോടും കല്പിച്ചിരുന്നു.
32 അവര്‍ യെഹോശാഫാത്തിനെ കണ്ടപ്പോള്‍ “ഇത് ഇസ്രായേല്‍രാജാവു തന്നെ” എന്നു പറഞ്ഞ് അയാളെ ആക്രമിച്ചു.
33 യെഹോശാഫാത്ത് ഉറക്കെ നിലവിളിച്ചു; അയാള്‍ ഇസ്രായേല്‍ രാജാവല്ല എന്നു മനസ്സിലാക്കിയപ്പോള്‍ രഥനായകന്മാര്‍ അയാളെ ആക്രമിക്കാതെ പിന്തിരിഞ്ഞു.
34 ഒരു പടയാളി അവിചാരിതമായി എയ്ത അമ്പ് ഇസ്രായേല്‍രാജാവിന്‍റെ പടച്ചട്ടയുടെയും കവചത്തിന്‍റെയും ഇടയില്‍ക്കൂടി തുളച്ചുകയറി. രാജാവ് തന്‍റെ സാരഥിയോടു പറഞ്ഞു: “എനിക്കു മുറിവ് ഏറ്റിരിക്കുന്നു; രഥം പിന്തിരിച്ച് എന്നെ പടക്കളത്തില്‍നിന്നു കൊണ്ടുപോകുക.”
35 ഘോരയുദ്ധമാണ് അന്നു നടന്നത്; രാജാവിനെ സിറിയാക്കാര്‍ക്കു നേരെ രഥത്തില്‍ നിവര്‍ത്തിയിരുത്തി; രക്തം രഥത്തിനടിയിലൂടെ ധാരധാരയായി ഒഴുകി; വൈകുന്നേരമായപ്പോള്‍ ആഹാബ് മരിച്ചു.
36 സന്ധ്യയോടടുത്തപ്പോള്‍ ഓരോരുത്തനും അവന്‍റെ പട്ടണത്തിലേക്കോ ദേശത്തേക്കോ മടങ്ങിക്കൊള്ളട്ടെ എന്ന കല്പന മുഴങ്ങിക്കേട്ടു.
37
ആഹാബ്‍രാജാവു മരിച്ചു; മൃതശരീരം ശമര്യയില്‍ കൊണ്ടുവന്നു സംസ്കരിച്ചു.38 രഥം ശമര്യയിലെ കുളത്തില്‍ കൊണ്ടുവന്നു കഴുകിയപ്പോള്‍ സര്‍വേശ്വരന്‍ കല്പിച്ചിരുന്നതുപോലെ നായ്‍ക്കള്‍ രാജാവിന്‍റെ രക്തം നക്കിക്കുടിച്ചു; വേശ്യാസ്‍ത്രീകള്‍ ആ വെള്ളത്തില്‍ കുളിക്കുകയും ചെയ്തു.
39 ആഹാബിന്‍റെ മറ്റു പ്രവര്‍ത്തനങ്ങള്‍ ദന്തഹര്‍മ്യം പണിയിച്ചതും, പട്ടണങ്ങള്‍ സ്ഥാപിച്ചതുമെല്ലാം ഇസ്രായേല്‍ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്;
40 ആഹാബിന്‍റെ മരണശേഷം പുത്രന്‍ അഹസ്യാ രാജ്യഭാരമേറ്റു.
41
ഇസ്രായേല്‍രാജാവായ ആഹാബിന്‍റെ നാലാം ഭരണവര്‍ഷം ആസായുടെ പുത്രന്‍ യെഹോശാഫാത്ത് യെഹൂദ്യയിലെ രാജാവായി.42 അപ്പോള്‍ അയാള്‍ക്കു മുപ്പത്തിയഞ്ചു വയസ്സായിരുന്നു. ഇരുപത്തിയഞ്ചു വര്‍ഷം യെരൂശലേമില്‍ അയാള്‍ ഭരണം നടത്തി. ശില്‍ഹിയുടെ മകള്‍ അസൂബാ ആയിരുന്നു അയാളുടെ മാതാവ്;
43 പിതാവായ ആസായെപ്പോലെ സര്‍വേശ്വരനു പ്രീതികരമായവിധം അയാള്‍ ജീവിച്ചു; എങ്കിലും പൂജാഗിരികള്‍ ദേശത്തുനിന്നു നീക്കിയില്ല. ജനം അവിടെ പൂജയും ധൂപാര്‍പ്പണവും നടത്തിവന്നു;
44 യെഹോശാഫാത്ത് ഇസ്രായേല്‍രാജാവുമായി സമാധാനബന്ധം പുലര്‍ത്തി.
45 യെഹോശാഫാത്തിന്‍റെ മറ്റു പ്രവര്‍ത്തനങ്ങളും വീരകൃത്യങ്ങളും അദ്ദേഹം ചെയ്തിട്ടുള്ള യുദ്ധങ്ങളുമെല്ലാം യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
46 തന്‍റെ പിതാവായ ആസായുടെ കാലത്ത് വിജാതീയാരാധനകളോടു ബന്ധപ്പെട്ടു തുടര്‍ന്നുപോന്ന പുരുഷവേശ്യാസമ്പ്രദായം അദ്ദേഹം അവസാനിപ്പിച്ചു.
47 അക്കാലത്ത് എദോമിന് ഒരു രാജാവില്ലായിരുന്നു. ഒരു പ്രവിശ്യാധിപനാണു പകരം രാജസ്ഥാനം വഹിച്ചിരുന്നത്.
48 ഓഫീര്‍ദേശത്തുനിന്ന് സ്വര്‍ണം കൊണ്ടുവരുന്നതിനു യെഹോശാഫാത്ത് തര്‍ശ്ശീശ് കപ്പലുകള്‍ നിര്‍മ്മിച്ചു. എങ്കിലും എസ്യോന്‍-ഗേബെരില്‍ വച്ച് തകര്‍ന്നുപോയതുകൊണ്ട് അവയ്‍ക്കു മുമ്പോട്ടു പോകാന്‍ കഴിഞ്ഞില്ല.
49 അപ്പോള്‍ ആഹാബിന്‍റെ പുത്രന്‍ അഹസ്യായ്‍ക്ക് തന്‍റെ ദാസന്മാരെ യെഹോശാഫാത്തിന്‍റെ ദാസന്മാരുടെ കൂടെ അയയ്‍ക്കാന്‍ ഒരുക്കമായിരുന്നു; എങ്കിലും യെഹോശാഫാത്ത് അതു സമ്മതിച്ചില്ല.
50 യെഹോശാഫാത്ത് മരിച്ചു തന്‍റെ പിതാക്കന്മാരോടു ചേര്‍ന്നു. ദാവീദിന്‍റെ നഗരത്തിലുള്ള പിതാക്കന്മാരുടെ കല്ലറയില്‍ അദ്ദേഹത്തെ സംസ്കരിച്ചു; അദ്ദേഹത്തിന്‍റെ പുത്രന്‍ യെഹോരാം പകരം രാജാവായി.
51
യെഹൂദാരാജാവായ യെഹോശാഫാത്തിന്‍റെ പതിനേഴാം ഭരണവര്‍ഷം ആഹാബിന്‍റെ പുത്രന്‍ അഹസ്യാ ശമര്യയില്‍ ഭരണഭാരം ഏറ്റു; രണ്ടു വര്‍ഷം അദ്ദേഹം ഭരിച്ചു.52
ഇസ്രായേലിനെക്കൊണ്ട് പാപം ചെയ്യിച്ചവനും നെബാത്തിന്‍റെ പുത്രനുമായ യെരോബെയാമിന്‍റെയും തന്‍റെ മാതാപിതാക്കന്മാരുടെയും മാര്‍ഗത്തില്‍ നടന്ന് സര്‍വേശ്വരന് അനിഷ്ടമായത് അയാള്‍ ചെയ്തു.53
ബാലിനെ അയാള്‍ ആരാധിച്ചു. തന്‍റെ പിതാവിനെപ്പോലെ ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരനെ എല്ലാ വിധത്തിലും അയാള്‍ പ്രകോപിപ്പിച്ചു.