1
ശൗലിന്‍റെ മരണശേഷം അമാലേക്യരെ കൊന്നൊടുക്കിയ ദാവീദ് സിക്ലാഗില്‍ തിരിച്ചെത്തി രണ്ടു ദിവസം അവിടെ പാര്‍ത്തു.2 മൂന്നാം ദിവസം ശൗലിന്‍റെ പാളയത്തില്‍നിന്ന് ഒരു യുവാവു വസ്ത്രം പിച്ചിച്ചീന്തിയും തലയില്‍ പൂഴി വാരിയിട്ടും ദാവീദിന്‍റെ അടുക്കല്‍ വന്നു സാഷ്ടാംഗം നമസ്കരിച്ചു.
3 അവനോട്: “നീ എവിടെനിന്നു വരുന്നു” എന്നു ദാവീദു ചോദിച്ചപ്പോള്‍, “ഇസ്രായേല്‍പാളയത്തില്‍നിന്നു ഞാന്‍ ഓടിപ്പോന്നതാണ്” എന്ന് അവന്‍ മറുപടി പറഞ്ഞു.
4 “എന്തുണ്ടായി? എന്നോടു പറയുക” എന്നു ദാവീദ് വീണ്ടും ചോദിച്ചു. “നമ്മുടെ സൈന്യം തോറ്റോടി, അവരില്‍ അനേകം പേര്‍ കൊല്ലപ്പെട്ടു; ശൗലും പുത്രനായ യോനാഥാനും സംഹരിക്കപ്പെട്ടു.” എന്ന് അവന്‍ പറഞ്ഞു.
5 ദാവീദു പിന്നെയും ചോദിച്ചു: “ശൗലും യോനാഥാനും കൊല്ലപ്പെട്ടു എന്നു നീ എങ്ങനെ അറിഞ്ഞു?” അവന്‍ പറഞ്ഞു:
6 “യദൃച്ഛയാ ഞാന്‍ ഗില്‍ബോവ മലയിലെത്തി; അവിടെ ശൗല്‍ കുന്തം ഊന്നി നില്‌ക്കുന്നതും ശത്രുക്കളുടെ രഥങ്ങളും കുതിരപ്പട്ടാളവും ശൗലിനെ സമീപിക്കുന്നതും കണ്ടു.
7 ശൗല്‍ തിരിഞ്ഞുനോക്കിയപ്പോള്‍ എന്നെ കണ്ടു; അദ്ദേഹം എന്നെ വിളിച്ചു; ഞാന്‍ വിളികേട്ടു.
8 ‘നീ ആരാണ്’ എന്നു തിരക്കിയപ്പോള്‍ ‘ഞാന്‍ ഒരു അമാലേക്യ’ നെന്നു മറുപടി നല്‌കി.
9 ‘വന്ന് എന്നെ കൊല്ലുക; ഞാന്‍ മരണവേദനയിലാണ്; ജീവന്‍ ഉണ്ടെന്നു മാത്രം’ എന്ന് അദ്ദേഹം പറഞ്ഞു.
10 ഉടനെ ഞാന്‍ അടുത്തുചെന്ന് അദ്ദേഹത്തെ വധിച്ചു; വീണാലുടന്‍ അദ്ദേഹം മരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു; അദ്ദേഹം ധരിച്ചിരുന്ന കിരീടവും തോള്‍വളയും ഞാന്‍ എടുത്തു; അവ ഇതാ ഞാന്‍ കൊണ്ടുവന്നിരിക്കുന്നു.”
11 അപ്പോള്‍ ദാവീദ് തന്‍റെ വസ്ത്രം കീറി. കൂടെയുള്ളവരും അങ്ങനെതന്നെ ചെയ്തു.
12 ശൗലും പുത്രനായ യോനാഥാനും സര്‍വേശ്വരന്‍റെ ജനവും ഇസ്രായേല്‍കുടുംബാംഗങ്ങളും വധിക്കപ്പെട്ടതിനാല്‍ അവര്‍ ദുഃഖിച്ചു വിലപിച്ചുകൊണ്ട് അവര്‍ സന്ധ്യവരെ ഉപവസിച്ചു.
13 “നീ എവിടത്തുകാരന്‍” എന്നു ദാവീദ് ആ യുവാവിനോടു ചോദിച്ചു. “ഞാന്‍ നിങ്ങളുടെ ഇടയില്‍ പാര്‍ക്കുന്ന ഒരു അമാലേക്യന്‍” എന്നു യുവാവു പ്രതിവചിച്ചു.
14 “സര്‍വേശ്വരന്‍റെ അഭിഷിക്തനെ വധിക്കാന്‍ നീ എങ്ങനെ ധൈര്യപ്പെട്ടു” എന്നു ദാവീദ് ചോദിച്ചു.
15 അദ്ദേഹം ഭൃത്യന്മാരില്‍ ഒരാളെ വിളിച്ച് “അവനെ കൊന്നുകളയുക” എന്നു കല്പിച്ചു. അയാള്‍ അമാലേക്യനെ വെട്ടിക്കൊന്നു.
16 ദാവീദ് അമാലേക്യനോടു പറഞ്ഞു: “നിന്‍റെ മരണത്തിന് ഉത്തരവാദി നീ തന്നെ. സര്‍വേശ്വരന്‍റെ അഭിഷിക്തനെ കൊന്നു എന്നു നീതന്നെ നിനക്കെതിരായി സാക്ഷ്യം പറഞ്ഞുവല്ലോ.”
17
ശൗലിനെയും അദ്ദേഹത്തിന്‍റെ പുത്രന്‍ യോനാഥാനെയുംകുറിച്ചു ദാവീദ് ഒരു വിലാപഗാനം പാടി:18 യെഹൂദ്യയിലെ ജനത്തെ ഈ ഗാനം പഠിപ്പിക്കണമെന്നു കല്പിക്കുകയും ചെയ്തു. ശൂരന്മാരുടെ പുസ്തകത്തില്‍ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.
19
ഇസ്രായേലേ, നിന്‍റെ ഗിരികളില്‍ മഹത്ത്വം നിഹനിക്കപ്പെട്ടു;20
ഗത്തില്‍ ഇതു ഘോഷിക്കരുത്;
അസ്കലോന്‍ തെരുവുകളില്‍ പ്രസിദ്ധമാക്കരുത്.
ഫെലിസ്ത്യപുത്രിമാര്‍ സന്തോഷിക്കാതിരിക്കട്ടെ
വിജാതീയപുത്രിമാര്‍ ആര്‍പ്പിടാതിരിക്കട്ടെ
21
ഗില്‍ബോവാ ഗിരികളില്‍ മഞ്ഞും മഴയും പെയ്യാതിരിക്കട്ടെ.
അഗാധതയില്‍നിന്ന് ഉറവ പുറപ്പെടാതിരിക്കട്ടെ.
വീരന്മാരുടെ പരിച എറിഞ്ഞുകളഞ്ഞത് അവിടെയാണല്ലോ.
ശൗലിന്‍റെ എണ്ണയിടാത്ത പരിച അവിടെയാണല്ലോ കിടക്കുന്നത്.
22
കൊല്ലപ്പെട്ടവരുടെ രക്തത്തില്‍നിന്നും
ശക്തന്മാരുടെ മേദസ്സില്‍നിന്നും
യോനാഥാന്‍റെ വില്ലു പിന്തിരിഞ്ഞില്ല.
ശൗലിന്‍റെ വാള്‍ വൃഥാ പിന്‍വാങ്ങിയില്ല.
23
ശൗലും യോനാഥാനും പ്രീതിയുള്ളവരും സ്നേഹശീലരും ആയിരുന്നു.
ജീവിതത്തിലും മരണത്തിലും അവര്‍ വേര്‍പിരിഞ്ഞില്ല.
അവര്‍ കഴുകനെക്കാള്‍ വേഗതയുള്ളവര്‍,
സിംഹത്തെക്കാള്‍ ബലമേറിയവര്‍.
24
ഇസ്രായേല്യവനിതകളേ, ശൗലിനെച്ചൊല്ലി വിലപിക്കുവിന്‍.
അവന്‍ നിങ്ങളെ മോടിയായി രക്താംബരം ധരിപ്പിച്ചു
ഉടയാടകളില്‍ പൊന്നാഭരണം അണിയിച്ചു.
25
യുദ്ധത്തില്‍ വീരന്മാര്‍ എങ്ങനെ നിലംപതിച്ചു?
നിന്‍റെ ഗിരികളില്‍ യോനാഥാന്‍ നിഹതനായല്ലോ
26
യോനാഥാനേ, എന്‍റെ സഹോദരാ നിന്നെയോര്‍ത്തു ഞാന്‍ ദുഃഖിക്കുന്നു
നീ എന്‍റെ ആത്മസുഹൃത്തായിരുന്നു;
എന്നോടുള്ള നിന്‍റെ സ്നേഹം എത്ര അദ്ഭുതകരം
അതു സ്‍ത്രീകളുടെ പ്രേമത്തെക്കാള്‍ അഗാധം
27
ശക്തന്മാര്‍ എങ്ങനെ നിലംപതിച്ചു?
അവരുടെ ആയുധങ്ങള്‍ എങ്ങനെ നശിച്ചു?
1
ദാവീദ് സര്‍വേശ്വരനോടു ചോദിച്ചു: “യെഹൂദ്യപട്ടണങ്ങളില്‍ ഏതെങ്കിലും ഒന്നിലേക്കു ഞാന്‍ പോകണമോ?” “പോകുക” എന്ന് അവിടുന്നു പറഞ്ഞു. “ഏതു പട്ടണത്തിലേക്കാണ് പോകേണ്ടത്” എന്നു ദാവീദ് ചോദിച്ചതിനു “ഹെബ്രോനിലേക്ക്” എന്നു അവിടുന്ന് ഉത്തരമരുളി.2 ദാവീദ് അവിടേക്കു പോയി. അദ്ദേഹത്തിന്‍റെ രണ്ടു ഭാര്യമാരും കൂടെ ഉണ്ടായിരുന്നു; ജെസ്രീല്‍ക്കാരി അഹീനോവാമും കര്‍മ്മേല്‍ക്കാരനായിരുന്ന നാബാലിന്‍റെ വിധവ അബീഗയിലും.
3 ദാവീദ് തന്‍റെ അനുയായികളെയും കുടുംബസമേതം കൂട്ടിക്കൊണ്ടുപോയി. അവര്‍ ഹെബ്രോന്‍റെ ചുറ്റുമുള്ള പട്ടണങ്ങളില്‍ പാര്‍ത്തു.
4 യെഹൂദ്യയിലുള്ള ജനം അവിടെ വന്നു ദാവീദിനെ തങ്ങളുടെ രാജാവായി അഭിഷേകംചെയ്തു.
5
“യാബേശ്-ഗിലെയാദിലെ ജനങ്ങളാണ് ശൗലിനെ സംസ്കരിച്ചത്” എന്ന് അവര്‍ ദാവീദിനോടു പറഞ്ഞപ്പോള്‍ അദ്ദേഹം ഈ സന്ദേശവുമായി ദൂതന്മാരെ അവിടേക്കയച്ചു: “നിങ്ങളുടെ യജമാനനായ ശൗലിനെ സംസ്കരിച്ചതിലൂടെ നിങ്ങള്‍ അദ്ദേഹത്തോടു കരുണകാണിച്ചു. സര്‍വേശ്വരന്‍ നിങ്ങളെ അനുഗ്രഹിക്കട്ടെ;6 അവിടുന്നു നിങ്ങളോടു കരുണയും വിശ്വസ്തതയും ഉള്ളവനായിരിക്കട്ടെ; നിങ്ങള്‍ ഇങ്ങനെ പ്രവര്‍ത്തിച്ചതുകൊണ്ട് ഞാന്‍ നിങ്ങള്‍ക്കു നന്മ ചെയ്യും.
7 നിങ്ങള്‍ കരുത്തുള്ളവരും ധീരരും ആയിരിക്കുക; നിങ്ങളുടെ യജമാനനായ ശൗലിന്‍റെ മരണംമൂലം യെഹൂദ്യയിലെ ജനം അവരുടെ രാജാവായി എന്നെ അഭിഷേകം ചെയ്തിരിക്കുന്നു.”
8
ശൗലിന്‍റെ സൈന്യാധിപനും നേരിന്‍റെ പുത്രനുമായ അബ്നേര്‍ ശൗലിന്‍റെ പുത്രനായ ഈശ്-ബോശെത്തിനെ മഹനയീമിലേക്കു കൂട്ടിക്കൊണ്ടുപോയി.9 അബ്നേര്‍ അവനെ ഗിലെയാദ്, അശൂരി, ജെസ്രീല്‍, എഫ്രയീം, ബെന്യാമീന്‍ എന്നിങ്ങനെ എല്ലാ ഇസ്രായേല്യര്‍ക്കും രാജാവായി അഭിഷേകം ചെയ്തു.
10 അപ്പോള്‍ ശൗലിന്‍റെ പുത്രനായ ഈശ്-ബോശെത്തിനു നാല്പതു വയസ്സായിരുന്നു. അയാള്‍ രണ്ടു വര്‍ഷം രാജ്യഭരണം നടത്തി. യെഹൂദ്യയിലെ ജനം ദാവീദിനോടു ചേര്‍ന്നുനിന്നു.
11 അദ്ദേഹം ഹെബ്രോനില്‍ പാര്‍ത്തുകൊണ്ട് യെഹൂദാഗോത്രത്തെ ഏഴര വര്‍ഷം ഭരിച്ചു.
12
നേരിന്‍റെ പുത്രനായ അബ്നേരും ഈശ്-ബോശെത്തിന്‍റെ ഭൃത്യന്മാരും മഹനയീമില്‍ നിന്നു ഗിബെയോനിലേക്കു പോയി.13 സെരൂയായുടെ പുത്രനായ യോവാബും ദാവീദിന്‍റെ ഭൃത്യന്മാരും ഗിബെയോനിലെ കുളത്തിനടുക്കല്‍ വച്ച് അവരെ കണ്ടുമുട്ടി. അബ്നേരും ഈശ്-ബോശെത്തിന്‍റെ ഭൃത്യന്മാരും കുളത്തിന്‍റെ ഒരു വശത്തും യോവാബും ദാവീദിന്‍റെ ഭൃത്യന്മാരും മറുവശത്തും ഇരുന്നു;
14 അപ്പോള്‍ അബ്നേര്‍ യോവാബിനോടു പറഞ്ഞു: “രണ്ടു ഭാഗത്തുമുള്ള ഏതാനും യുവാക്കള്‍ തമ്മില്‍ പയറ്റി നോക്കട്ടെ.”
15 യോവാബ് അതിനു സമ്മതിച്ചു. ഈശ്-ബോശെത്തിനെ പ്രതിനിധാനം ചെയ്ത് ബെന്യാമീന്‍ഗോത്രത്തില്‍പ്പെട്ട പന്ത്രണ്ടു പേര്‍ ദാവീദിന്‍റെ പന്ത്രണ്ടു ഭൃത്യന്മാരോട് ഏറ്റുമുട്ടി.
16 ഓരോരുത്തനും എതിരാളിയുടെ തലയ്‍ക്കു പിടിച്ച് അവന്‍റെ പള്ളയ്‍ക്ക് വാള്‍ കുത്തിയിറക്കി. അങ്ങനെ അവരെല്ലാവരും ഒരുമിച്ചു മരിച്ചുവീണു. അതുകൊണ്ടു ഗിബെയോനിലെ ആ സ്ഥലത്തിനു ഹെല്‌ക്കത്ത്-ഹസ്സൂരിം എന്നു പേരുണ്ടായി.
17 അന്ന് അത്യുഗ്രമായ യുദ്ധം നടന്നു. അബ്നേരും ഇസ്രായേല്യരും ദാവീദിന്‍റെ ഭൃത്യന്മാരോടു തോറ്റോടി.
18 സെരൂയായുടെ പുത്രന്മാരായ യോവാബ്, അബീശായി, അസാഹേല്‍ എന്നീ മൂന്നു പേര്‍ അവിടെ ഉണ്ടായിരുന്നു. അസാഹേല്‍ കാട്ടുമാനിനെപ്പോലെ ശീഘ്രഗാമി ആയിരുന്നു.
19 അവന്‍ ഇടംവലം തിരിയാതെ അബ്നേരിനെ പിന്തുടര്‍ന്നു;
20 അബ്നേര്‍ പുറകോട്ടു നോക്കി “നീ അസാഹേലാണോ” എന്നു ചോദിച്ചു. “അതേ ഞാന്‍തന്നെ അസാഹേല്‍” എന്ന് അവന്‍ പറഞ്ഞു.
21 അബ്നേര്‍ അവനോട്: “നീ വലത്തോട്ടോ ഇടത്തോട്ടോ തിരിഞ്ഞു യോദ്ധാക്കളില്‍ ഒരുവനെ പിടിച്ച് അവനുള്ളത് എടുത്തുകൊള്ളുക” എന്നു പറഞ്ഞു. എങ്കിലും അസാഹേല്‍ അയാളെത്തന്നെ പിന്തുടര്‍ന്നു.
22 അബ്നേര്‍ അവനോടു വീണ്ടും പറഞ്ഞു: “എന്നെ പിന്തുടരുന്നതു മതിയാക്കുക; ഞാന്‍ എന്തിനു നിന്നെ കൊല്ലണം? ഞാന്‍ നിന്‍റെ സഹോദരനായ യോവാബിന്‍റെ മുഖത്ത് എങ്ങനെ നോക്കും?”
23 ഇതു പറഞ്ഞിട്ടും അവന്‍ അബ്നേരിനെ പിന്തുടരുകതന്നെ ചെയ്തു. അതുകൊണ്ട് അബ്നേര്‍ തന്‍റെ കുന്തം പിറകോട്ടാഞ്ഞ് അസാഹേലിന്‍റെ വയറിനു കുത്തി. അതു വയറു തുളച്ചു പിന്‍ഭാഗത്തു വന്നു; അവന്‍ അവിടെത്തന്നെ മരിച്ചുവീണു. ഇതു കണ്ട് അവിടെ എത്തിയ എല്ലാവരും സ്തംഭിച്ചു നിന്നുപോയി.
24 യോവാബും അബീശായിയും അബ്നേരിനെ പിന്തുടര്‍ന്നു. സന്ധ്യ ആയപ്പോള്‍ അവര്‍ ഗിബെയാമരുഭൂമിയിലേക്കുള്ള വഴിയരികില്‍ ഗീഹിന്‍റെ കിഴക്കുള്ള അമ്മാക്കുന്നില്‍ എത്തി;
25 ബെന്യാമീന്‍ഗോത്രക്കാര്‍ കുന്നിന്‍റെ മുകളില്‍ അബ്നേരിന്‍റെ അടുക്കല്‍ നിലയുറപ്പിച്ചു.
26 അബ്നേര്‍ യോവാബിനെ വിളിച്ചു പറഞ്ഞു: “നാം എന്നും യുദ്ധം ചെയ്തുകൊണ്ടിരിക്കണമോ? ഒടുവില്‍ അത് കയ്പേറിയതായിത്തീരും എന്നു നിനക്കു അറിഞ്ഞുകൂടേ? ‘സഹോദരന്മാരെ പിന്തുടരുന്നതു മതി’ എന്നു നിന്‍റെ ജനത്തോടു കല്പിക്കാന്‍ ഇനിയും വൈകണമോ?”
27 യോവാബു പറഞ്ഞു: “നീ ഇതു പറയാതിരുന്നെങ്കില്‍ അടുത്ത പ്രഭാതംവരെ എന്‍റെ ആളുകള്‍ നിങ്ങളെ പിന്തുടരുമായിരുന്നു എന്നു ജീവിക്കുന്ന ദൈവത്തിന്‍റെ നാമത്തില്‍ ഞാന്‍ സത്യം ചെയ്തു പറയുന്നു.”
28 പിന്നീട് യോവാബ് കാഹളം ഊതി; ജനം ഇസ്രായേല്യരെ പിന്തുടരുന്നതു മതിയാക്കി. അങ്ങനെ യുദ്ധം അവസാനിച്ചു.
29 അബ്നേരും അയാളുടെ ആളുകളും അന്നു രാത്രി മുഴുവന്‍ അരാബായിലൂടെ നടന്നു; അവര്‍ യോര്‍ദ്ദാന്‍ നദി കടന്ന് അടുത്ത ദിവസം ഉച്ചവരെ യാത്രചെയ്തു മഹനയീമിലെത്തി.
30 അബ്നേരിനെ പിന്തുടരുന്നതു യോവാബ് മതിയാക്കി തിരിച്ചുപോന്നു. അയാള്‍ തന്‍റെ ആളുകളെയെല്ലാം ഒരുമിച്ചു കൂട്ടിയപ്പോള്‍ അസാഹേലിനെ കൂടാതെ പത്തൊമ്പതു പേര്‍ കുറവുണ്ടായിരുന്നു.
31 എന്നാല്‍ ദാവീദിന്‍റെ ഭൃത്യന്മാര്‍ ബെന്യാമീന്‍ ഗോത്രക്കാരില്‍ അബ്നേരിന്‍റെ കൂടെ ഉണ്ടായിരുന്ന മുന്നൂറ്റി അറുപതു പേരെ വധിച്ചിരുന്നു.
32 അസാഹേലിന്‍റെ മൃതശരീരം അവര്‍ ബേത്‍ലഹേമില്‍ അവന്‍റെ പിതാവിന്‍റെ കല്ലറയില്‍ സംസ്കരിച്ചു; അവര്‍ രാത്രി മുഴുവന്‍ യാത്ര ചെയ്തു പ്രഭാതമായപ്പോള്‍ ഹെബ്രോനില്‍ മടങ്ങിയെത്തി.
1
ശൗലിന്‍റെയും ദാവീദിന്‍റെയും കുടുംബങ്ങള്‍ തമ്മിലുള്ള യുദ്ധം വളരെക്കാലം നീണ്ടുനിന്നു. ദാവീദിന്‍റെ കുടുംബം മേല്‍ക്കുമേല്‍ ശക്തി പ്രാപിച്ചു; ശൗലിന്‍റെ കുടുംബം ക്രമേണ ക്ഷയിക്കുകയും ചെയ്തു.2
ഹെബ്രോനില്‍ വച്ചു ദാവീദിനു പുത്രന്മാര്‍ ജനിച്ചു; ജെസ്രീല്‍ക്കാരിയായ അഹീനോവാമില്‍ ജനിച്ച അമ്നോന്‍ ആയിരുന്നു ആദ്യജാതന്‍.3 കര്‍മ്മേല്‍ക്കാരന്‍ നാബാലിന്‍റെ ഭാര്യയായിരുന്ന അബീഗയിലില്‍ ജനിച്ച പുത്രന്‍ കിലെയാബ് രണ്ടാമനും ഗെശൂര്‍രാജാവായ തല്‍മയിയുടെ പുത്രി മയഖായില്‍ ജനിച്ച അബ്ശാലോം മൂന്നാമനും
4 ഹഗ്ഗീത്തില്‍ ജനിച്ച പുത്രന്‍ അദോനീയാ നാലാമനും അബീതാലില്‍ ജനിച്ച ശെഫത്യാ അഞ്ചാമനും
5 എഗ്ലായില്‍ ജനിച്ച യിത്രെയാം ആറാമനും ആയിരുന്നു. ഹെബ്രോനില്‍ വച്ചു ദാവീദിനു ജനിച്ച പുത്രന്മാര്‍ ഇവരാണ്.
6
ശൗലിന്‍റെയും ദാവീദിന്‍റെയും കുടുംബങ്ങള്‍ തമ്മില്‍ യുദ്ധം നടന്നുകൊണ്ടിരിക്കെ, അബ്നേരിനു ശൗലിന്‍റെ കുടുംബത്തില്‍ സ്വാധീനം വര്‍ധിച്ചുവന്നു.7 അയ്യായുടെ പുത്രി രിസ്പാ ശൗലിന്‍റെ ഉപഭാര്യ ആയിരുന്നു. ഒരു ദിവസം ഈശ്-ബോശെത്ത് അബ്നേരിനോടു ചോദിച്ചു: “നീ എന്‍റെ പിതാവിന്‍റെ ഉപഭാര്യയായ രിസ്പായോടൊത്തു ശയിച്ചതെന്തിന്?” അത് അബ്നേരിനെ കുപിതനാക്കി;
8 അയാള്‍ ചോദിച്ചു: “ഞാന്‍ യെഹൂദാപക്ഷത്തെ ഒരു നായ് എന്നാണോ നിന്‍റെ വിചാരം? നിന്‍റെ പിതാവായ ശൗലിന്‍റെ കുടുംബത്തോടും സഹോദരരോടും സ്നേഹിതരോടും ഞാന്‍ ഇന്നുവരെ വിശ്വസ്തനായിരുന്നു. ദാവീദിന്‍റെ പിടിയില്‍ അകപ്പെടാതെ ഞാന്‍ നിന്നെ രക്ഷിച്ചു. എന്നിട്ടും ഒരു സ്‍ത്രീയുടെ കാര്യം പറഞ്ഞ് നീ എന്നെ കുറ്റപ്പെടുത്തുകയാണോ?
9 ശൗലിന്‍റെ കുടുംബത്തില്‍നിന്നു രാജ്യമെടുത്ത് ദാന്‍ മുതല്‍ ബേര്‍-ശേബാവരെ ഇസ്രായേലിലും യെഹൂദ്യയിലും ദാവീദിന്‍റെ സിംഹാസനം സ്ഥാപിക്കുമെന്നു
10 സര്‍വേശ്വരന്‍ ദാവീദിനോടു പ്രതിജ്ഞ ചെയ്തിട്ടുള്ളതു നിറവേറ്റിക്കൊടുക്കാതെയിരുന്നാല്‍ ദൈവം ഈ അബ്നേരിനെ കഠിനമായി ശിക്ഷിക്കട്ടെ.”
11 അബ്നേരിനെ ഭയപ്പെട്ടിരുന്നതിനാല്‍ ഒരു വാക്കുപോലും മറുപടി പറയാന്‍ ഈശ്-ബോശെത്തിനു കഴിഞ്ഞില്ല.
12 ഹെബ്രോനില്‍ പാര്‍ത്തിരുന്ന ദാവീദിന്‍റെ അടുക്കല്‍ അബ്നേര്‍ ദൂതന്മാരെ അയച്ച് അറിയിച്ചു: “ഈ ദേശം ആര്‍ക്കുള്ളതാണ്? എന്നോട് ഉടമ്പടി ചെയ്യുക; ഇസ്രായേല്‍ മുഴുവനെയും അങ്ങയുടെ പക്ഷത്താക്കുന്നതിനു ഞാന്‍ സഹായിക്കാം.”
13 ദാവീദു പറഞ്ഞു: “നല്ലതു തന്നെ; ഞാന്‍ ഉടമ്പടി ചെയ്യാം; എന്നാല്‍ ഒരു വ്യവസ്ഥയുണ്ട്; നീ എന്നെ കാണാന്‍ വരുമ്പോള്‍ ശൗലിന്‍റെ മകള്‍ മീഖളിനെ കൂട്ടിക്കൊണ്ടു വരണം.”
14 ദാവീദ് ഈശ്-ബോശെത്തിന്‍റെ അടുക്കല്‍ ദൂതന്മാരെ അയച്ച് അയാളെ അറിയിച്ചു: “എന്‍റെ ഭാര്യയായ മീഖളിനെ തിരിച്ചുതരിക; നൂറു ഫെലിസ്ത്യരുടെ അഗ്രചര്‍മം കൊടുത്താണ് ഞാന്‍ അവളെ വിവാഹം കഴിച്ചത്.”
15 ലായീശിന്‍റെ മകനും മീഖളിന്‍റെ ഭര്‍ത്താവുമായ ഫല്‍തിയേലിന്‍റെ അടുക്കല്‍നിന്ന് ഈശ്-ബോശെത്ത് അവളെ വരുത്തി.
16 അവളുടെ ഭര്‍ത്താവ് കരഞ്ഞുകൊണ്ട് ബഹൂരിംവരെ അവളുടെ പിന്നാലെ ചെന്നു; മടങ്ങിപ്പോകാന്‍ അബ്നേര്‍ പറഞ്ഞപ്പോള്‍ അവന്‍ മടങ്ങിപ്പോയി.
17 അബ്നേര്‍ ഇസ്രായേല്‍നേതാക്കന്മാരോടു സംസാരിച്ചു: “ദാവീദിനെ രാജാവായി ലഭിക്കാന്‍ കുറെ നാളായി നിങ്ങള്‍ കാത്തിരിക്കുകയാണല്ലോ;
18 ഇപ്പോള്‍ അതിനുള്ള അവസരം വന്നിരിക്കുന്നു. എന്‍റെ ദാസനായ ദാവീദു മുഖേന ഫെലിസ്ത്യരില്‍നിന്നും മറ്റു സകല ശത്രുക്കളില്‍നിന്നും ഇസ്രായേലിനെ ഞാന്‍ വീണ്ടെടുക്കും എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്തിട്ടുള്ളതു നിങ്ങള്‍ ഓര്‍ക്കുക.”
19 അബ്നേര്‍ ബെന്യാമീന്‍ ഗോത്രക്കാരോടും സംസാരിച്ചു; പിന്നീട് ഇസ്രായേല്യരുടെയും ബെന്യാമീന്‍ഗോത്രത്തിന്‍റെയും സമ്മതം ദാവീദിനെ അറിയിക്കുന്നതിന് അബ്നേര്‍ ഹെബ്രോനിലേക്കു പോയി.
20 ഇരുപതു പേരോടൊത്ത് അബ്നേര്‍ ഹെബ്രോനില്‍ ദാവീദിന്‍റെ അടുക്കല്‍ എത്തി. ദാവീദ് അവര്‍ക്കുവേണ്ടി ഒരു വിരുന്നൊരുക്കി.
21 അബ്നേര്‍ ദാവീദിനോടു പറഞ്ഞു: “ഞാന്‍ പോയി ഇസ്രായേല്‍ മുഴുവനെയും എന്‍റെ യജമാനന്‍റെ അടുക്കല്‍ കൂട്ടിക്കൊണ്ടുവരാം; അവര്‍ അങ്ങയോട് ഉടമ്പടി ചെയ്യും. അപ്പോള്‍ അങ്ങ് ആഗ്രഹിക്കുന്നതുപോലെ അവരുടെയെല്ലാം രാജാവാകാം.” ദാവീദ് അബ്നേരിനെ പറഞ്ഞയച്ചു; അയാള്‍ സമാധാനത്തോടെ പോയി.
22
പിന്നീട് യോവാബും ദാവീദിന്‍റെ മറ്റു ഭൃത്യന്മാരും ഒരു കവര്‍ച്ച കഴിഞ്ഞു ധാരാളം കൊള്ളവസ്തുക്കളുമായി മടങ്ങിവന്നു. അപ്പോള്‍ അബ്നേര്‍ ഹെബ്രോനില്‍ ദാവീദിന്‍റെ അടുക്കല്‍ ഉണ്ടായിരുന്നില്ല. ദാവീദ് അയാളെ സമാധാനപൂര്‍വം മടക്കിയയച്ചിരുന്നു.23 യോവാബും സൈന്യവും മടങ്ങിവന്നപ്പോള്‍ നേരിന്‍റെ മകന്‍ അബ്നേര്‍ ദാവീദിന്‍റെ അടുക്കല്‍ വന്നിരുന്നു എന്നും രാജാവ് അയാളെ സമാധാനത്തോടെ മടക്കിയയച്ചു എന്നും അറിഞ്ഞു.
24 യോവാബ് ദാവീദ്‍രാജാവിന്‍റെ അടുക്കല്‍ ചെന്നു ചോദിച്ചു: “അങ്ങ് എന്താണു ചെയ്തത്? അബ്നേര്‍ അങ്ങയുടെ അടുക്കല്‍ വന്നിരുന്നില്ലേ? അയാളെ വിട്ടയച്ചത് എന്ത്?
25 അങ്ങു ചെയ്യുന്ന കാര്യങ്ങളും അങ്ങയുടെ നീക്കങ്ങളും ഗ്രഹിച്ച് അങ്ങയെ ചതിക്കാനാണ് നേരിന്‍റെ മകനായ അബ്നേര്‍ വന്നതെന്ന് അങ്ങേക്ക് അറിയുകയില്ലേ?”
26 ദാവീദിന്‍റെ സന്നിധിയില്‍നിന്ന് യോവാബ് പുറത്തുവന്ന് അബ്നേരിന്‍റെ പിന്നാലെ ദൂതന്മാരെ അയച്ചു. അവര്‍ സീരായിലെ കിണറ്റിനരികില്‍നിന്ന് അയാളെ കൂട്ടിക്കൊണ്ടു വന്നു. ദാവീദ് ഇതൊന്നും അറിഞ്ഞില്ല.
27 അബ്നേര്‍ ഹെബ്രോനില്‍ തിരിച്ചെത്തിയപ്പോള്‍ സ്വകാര്യം പറയാനെന്നുള്ള ഭാവത്തില്‍ യോവാബ് അയാളെ പടിവാതില്‌ക്കലേക്ക് കൂട്ടിക്കൊണ്ടു പോയി; അയാളുടെ വയറ്റത്തു കുത്തി. അയാളെ കൊന്നു തന്‍റെ സഹോദരനായ അസാഹേലിനെ കൊന്നതിനു പകരം വീട്ടി.
28 ഈ വിവരം അറിഞ്ഞ് ദാവീദ് പറഞ്ഞു: “നേരിന്‍റെ മകന്‍ അബ്നേരിനെ കൊന്നതില്‍ ഞാനും എന്‍റെ ജനവും നിരപരാധികളാണെന്നു സര്‍വേശ്വരന്‍ അറിയുന്നു.
29 അതിന്‍റെ കുറ്റം യോവാബിന്‍റെയും അവന്‍റെ പിതൃഭവനത്തിന്‍റെയുംമേല്‍ ആയിരിക്കട്ടെ. യോവാബിന്‍റെ കുടുംബത്തില്‍ രക്തസ്രവരോഗിയോ കുഷ്ഠരോഗിയോ മുടന്തനോ വാളുകൊണ്ടു വധിക്കപ്പെടേണ്ടവനോ ആഹാരത്തിനു മുട്ടുള്ളവനോ ഒഴിയാതിരിക്കട്ടെ.”
30 ഗിബെയോനിലെ യുദ്ധത്തില്‍വച്ചു തങ്ങളുടെ സഹോദരനായ അസാഹേലിനെ കൊന്നതുകൊണ്ടാണ് യോവാബും അബീശായിയും ചേര്‍ന്ന് അബ്നേരിനെ വധിച്ചത്.
31
വസ്ത്രം കീറിയും ചാക്കുടുത്തും അബ്നേരിനെ ചൊല്ലി വിലപിക്കാന്‍ ദാവീദ് യോവാബിനോടും കൂടെയുള്ളവരോടും കല്പിച്ചു. ദാവീദുരാജാവ് ശവമഞ്ചത്തിന്‍റെ പിന്നാലെ നടന്നു.32 അബ്നേരിനെ ഹെബ്രോനില്‍ സംസ്കരിച്ചപ്പോള്‍ രാജാവ് കല്ലറയുടെ അടുക്കല്‍നിന്ന് ഉറക്കെ കരഞ്ഞു. ജനമെല്ലാം വിലപിച്ചു.
33 അബ്നേരിനെക്കുറിച്ച് രാജാവ് ഈ വിലാപഗീതം പാടി:
“അബ്നേരേ, ഭോഷനെപ്പോലെ മരിക്കേണ്ടവനാണോ നീ?34
നിന്‍റെ കരങ്ങള്‍ ബന്ധിതമായിരുന്നില്ല;
നിന്‍റെ കാലുകള്‍ വിലങ്ങിലായിരുന്നില്ല;
ദുഷ്ടരുടെ കൈയില്‍ അകപ്പെട്ടവനെപ്പോലെ നീ സംഹരിക്കപ്പെട്ടല്ലോ.”
35 ഭക്ഷണം കഴിക്കാന്‍ പകല്‍ മുഴുവന്‍ ജനം ദാവീദിനെ നിര്‍ബന്ധിച്ചു; എന്നാല്‍ ദാവീദ് സത്യംചെയ്തു പറഞ്ഞു: “സൂര്യാസ്തമയത്തിനുമുമ്പ് ഞാന്‍ എന്തെങ്കിലും ഭക്ഷിച്ചാല്‍ സര്‍വേശ്വരന്‍ ഞാനര്‍ഹിക്കുന്നതും അതിലധികവും എന്നോടു ചെയ്യട്ടെ.”
36 രാജാവ് ചെയ്തതെല്ലാം ജനം ശ്രദ്ധിച്ചു; അവര്‍ അതില്‍ സംതൃപ്തരായി.
37 അബ്നേരിനെ വധിച്ചതില്‍ രാജാവിനൊരു പങ്കുമില്ലെന്നു ദാവീദിന്‍റെ അനുയായികള്‍ക്കും സകല ഇസ്രായേല്‍ജനത്തിനും ബോധ്യമായി.
38 രാജാവ് തന്‍റെ ഭൃത്യന്മാരോടു ചോദിച്ചു: “ശ്രേഷ്ഠനായ ഒരു നേതാവാണ് ഇസ്രായേലില്‍ ഇന്നു കൊല്ലപ്പെട്ടത് എന്നു നിങ്ങള്‍ മനസ്സിലാക്കുന്നില്ലേ?
39 ദൈവത്താല്‍ അഭിഷിക്തനായ രാജാവാണെങ്കിലും ഞാന്‍ ഇന്നു ബലഹീനനാണ്. സെരൂയായുടെ ഈ പുത്രന്മാര്‍ എന്‍റെ വരുതിയില്‍ നില്‌ക്കാത്ത ക്രൂരന്മാരാണ്. ദുഷ്ടരോട് അവന്‍റെ ദുഷ്ടതയ്‍ക്കൊത്തവിധം സര്‍വേശ്വരന്‍ പ്രതികാരം ചെയ്യട്ടെ.”
1
അബ്നേര്‍ ഹെബ്രോനില്‍വച്ചു മരിച്ചു എന്നു കേട്ടപ്പോള്‍ ശൗലിന്‍റെ പുത്രനായ ഈശ്-ബോശെത്തിന്‍റെ ആത്മധൈര്യം നഷ്ടപ്പെട്ടു. ഇസ്രായേല്‍ജനം എല്ലാവരും അമ്പരന്നു.2 ആക്രമണങ്ങള്‍ക്കു നേതൃത്വം നല്‌കുന്ന ബാനാ, രേഖാബ് എന്നീ രണ്ടു പേര്‍ ഈശ്-ബോശെത്തിനുണ്ടായിരുന്നു; ബെന്യാമീന്‍ഗോത്രത്തില്‍പ്പെട്ടവനും ബെരോത്ത്നിവാസിയുമായ രിമ്മോന്‍റെ പുത്രന്മാരായിരുന്നു അവര്‍. ബെരോത്ത്നിവാസികള്‍ ബെന്യാമീന്‍ഗോത്രത്തില്‍പ്പെട്ടവരായിട്ടാണ് കരുതപ്പെടുന്നത്.
3 ഗിത്ഥയീമിലേക്ക് ഓടിപ്പോയ ബെരോത്യര്‍ ഇന്നും പരദേശികളായി അവിടെ പാര്‍ക്കുന്നു.
4
ശൗലിന്‍റെ പുത്രനായ യോനാഥാനു മുടന്തനായ ഒരു പുത്രന്‍ ഉണ്ടായിരുന്നു. ജെസ്രീലില്‍നിന്നു ശൗലിന്‍റെയും യോനാഥാന്‍റെയും മരണവാര്‍ത്ത കേട്ടപ്പോള്‍ അഞ്ചു വയസ്സുള്ള അവനെ എടുത്തുകൊണ്ട് അവന്‍റെ വളര്‍ത്തമ്മ ഓടി. അവള്‍ തിടുക്കത്തില്‍ ഓടുമ്പോള്‍ അവന്‍ നിലത്തുവീണു; ആ വീഴ്ച അവനെ മുടന്തനാക്കി. മെഫീബോശെത്ത് എന്നായിരുന്നു അവന്‍റെ പേര്.5
ബെരോത്യനായ രിമ്മോന്‍റെ പുത്രന്മാരായ രേഖാബും ബാനായും ഈശ്-ബോശെത്തിന്‍റെ അടുക്കലേക്കു പുറപ്പെട്ടു. മധ്യാഹ്നമായപ്പോള്‍ അവര്‍ അയാളുടെ വീട്ടിലെത്തി.6 അപ്പോള്‍ അയാള്‍ വിശ്രമിക്കുകയായിരുന്നു. വീട്ടുവാതില്‌ക്കല്‍ കോതമ്പു പാറ്റിക്കൊണ്ടിരുന്ന വാതില്‍കാവല്‍ക്കാരിയായ സ്‍ത്രീ മയങ്ങിപ്പോയിരുന്നതുകൊണ്ട് രേഖാബും അവന്‍റെ സഹോദരന്‍ ബാനായും പതുങ്ങിപ്പതുങ്ങി ഉള്ളില്‍ കടന്നു.
7 അവര്‍ വീട്ടിനുള്ളില്‍ പ്രവേശിച്ചപ്പോള്‍ ഈശ്-ബോശെത്ത് കിടപ്പറയില്‍ ഉറങ്ങുകയായിരുന്നു. അവര്‍ അയാളെ വെട്ടിക്കൊന്നു; വെട്ടിയെടുത്ത തലയുമായി അവര്‍ അരാബായില്‍കൂടി രാത്രി മുഴുവന്‍ യാത്ര ചെയ്തു.
8 അവര്‍ ഈശ്-ബോശെത്തിന്‍റെ തല ഹെബ്രോനില്‍ ദാവീദിന്‍റെ മുമ്പില്‍ കൊണ്ടുവന്നു പറഞ്ഞു: “അങ്ങയെ വധിക്കാന്‍ ശ്രമിച്ച അങ്ങയുടെ ശത്രുവായ ശൗലിന്‍റെ പുത്രന്‍ ഈശ്-ബോശെത്തിന്‍റെ തലയാണിത്. എന്‍റെ യജമാനനായ രാജാവിനുവേണ്ടി സര്‍വേശ്വരന്‍ ശൗലിനോടും അവന്‍റെ സന്തതിയോടും ഇന്നും പ്രതികാരം ചെയ്തിരിക്കുന്നു.”
9 ദാവീദ് ബെരോത്യനായ രിമ്മോന്‍റെ പുത്രന്മാരായ രേഖാബിനോടും ബാനായോടും പറഞ്ഞു: “സകല വിപത്തുകളില്‍നിന്നും എന്നെ രക്ഷിച്ച സര്‍വേശ്വരന്‍റെ നാമത്തില്‍ ഞാന്‍ സത്യം ചെയ്തു പറയുന്നു:
10 ഞാന്‍ സിക്ലാഗിലായിരുന്നപ്പോള്‍ ശൗലിന്‍റെ മരണവാര്‍ത്തയുമായി എന്‍റെ അടുക്കല്‍ വന്ന ദൂതന്‍ അതൊരു സദ്‍വാര്‍ത്ത ആയിരിക്കുമെന്നു വിചാരിച്ചു. എന്നാല്‍ ഞാന്‍ അവനെ കൊന്നുകളഞ്ഞു. അവന്‍റെ സദ്‍വാര്‍ത്തയ്‍ക്കു ഞാന്‍ നല്‌കിയ പ്രതിഫലം അതായിരുന്നു.
11 അങ്ങനെയെങ്കില്‍ സ്വഭവനത്തില്‍ കിടക്കയില്‍ ഉറങ്ങിക്കിടന്നിരുന്ന നീതിമാനായ ഒരു മനുഷ്യനെ വധിച്ച ദുഷ്ടന്മാര്‍ക്ക് നല്‌കേണ്ട ശിക്ഷ എത്ര കഠിനമായിരിക്കണം. അവന്‍റെ രക്തത്തിനു പകരമായി ഭൂമിയില്‍നിന്ന് അവരെ നശിപ്പിച്ചുകളയാതിരിക്കുമോ?”
12 ദാവീദു കല്പിച്ചതനുസരിച്ചു സേവകര്‍ അവരെ കൊന്നു കൈകാലുകള്‍ വെട്ടിനീക്കി ഹെബ്രോനിലെ കുളത്തിനരികെ തൂക്കിയിട്ടു; ഈശ്-ബോശെത്തിന്‍റെ തല എടുത്ത് ഹെബ്രോനില്‍ അബ്നേരിന്‍റെ കല്ലറയില്‍ അടക്കം ചെയ്തു.
1
ഇസ്രായേല്‍ഗോത്രക്കാര്‍ എല്ലാം ഹെബ്രോനില്‍ ദാവീദിന്‍റെ അടുക്കല്‍ വന്നു പറഞ്ഞു: “ഞങ്ങള്‍ അങ്ങയുടെ അസ്ഥിയും മാംസവുമാണ്.2 ശൗല്‍ രാജാവായിരുന്നപ്പോഴും അങ്ങാണ് ഞങ്ങളെ യുദ്ധത്തില്‍ നയിച്ചിരുന്നത്. നീ എന്‍റെ ജനമായ ഇസ്രായേലിന്‍റെ ഇടയനും പ്രഭുവും ആയിരിക്കും എന്നു സര്‍വേശ്വരന്‍ അങ്ങയോടു വാഗ്ദാനം ചെയ്തിട്ടുമുണ്ട്.”
3 ഇസ്രായേല്‍നേതാക്കന്മാരെല്ലാം ഹെബ്രോനില്‍ ദാവീദുരാജാവിന്‍റെ അടുക്കല്‍ വന്നു. രാജാവ് സര്‍വേശ്വരന്‍റെ സന്നിധിയില്‍ അവരുമായി ഉടമ്പടി ചെയ്തു. അവര്‍ ദാവീദിനെ ഇസ്രായേലിന്‍റെ രാജാവായി വാഴിച്ചു.
4 ഭരണം ഏല്‌ക്കുമ്പോള്‍ ദാവീദിന് മുപ്പതു വയസ്സായിരുന്നു; അദ്ദേഹം നാല്പതു വര്‍ഷം ഭരിച്ചു.
5 ഹെബ്രോന്‍ ആസ്ഥാനമാക്കി യെഹൂദ്യയെ ഏഴര വര്‍ഷവും യെരൂശലേം ആസ്ഥാനമാക്കി യെഹൂദാ ഉള്‍പ്പെടെ ഇസ്രായേല്‍ മുഴുവനെയും മുപ്പത്തിമൂന്നു വര്‍ഷവും ഭരിച്ചു.
6 ദാവീദുരാജാവും ജനങ്ങളും യെരൂശലേംനിവാസികളായ യെബൂസ്യരെ ആക്രമിച്ചു കീഴടക്കാന്‍ പുറപ്പെട്ടു. ദാവീദിന് യെരൂശലേമില്‍ പ്രവേശിക്കാന്‍ കഴിയുകയില്ല എന്നു കരുതി യെബൂസ്യര്‍ ദാവീദിനോടു പറഞ്ഞു: “നീ ഇവിടെ പ്രവേശിക്കുകയില്ല; നിന്നെ തടഞ്ഞുനിര്‍ത്താന്‍ കുരുടനോ മുടന്തനോ മതിയാകും.”
7 എന്നാല്‍ ദാവീദു സീയോന്‍കോട്ട പിടിച്ചടക്കുകതന്നെ ചെയ്തു. ‘ദാവീദിന്‍റെ പട്ടണം’ എന്ന് അതു പിന്നീടു പ്രസിദ്ധമായി.
8 അന്നു ദാവീദ് തന്‍റെ അനുയായികളോടു പറഞ്ഞു: “യെബൂസ്യരെ കൊല്ലാന്‍ ആഗ്രഹിക്കുന്നവരുണ്ടെങ്കില്‍ അവര്‍ നീര്‍പ്പാത്തിയിലൂടെ കടന്നുചെല്ലട്ടെ. ദാവീദിനു വെറുക്കപ്പെട്ടവരായ അവിടെ കാണുന്ന കുരുടരെയും മുടന്തരെയും ആക്രമിക്കട്ടെ.” അങ്ങനെ കുരുടരും മുടന്തരും ആലയത്തില്‍ പ്രവേശിക്കരുതെന്ന ചൊല്ലുണ്ടായി.
9 കോട്ട പിടിച്ചശേഷം ദാവീദ് അതിനുള്ളില്‍ പാര്‍ത്തു; അതിനു ‘ദാവീദിന്‍റെ നഗരം’ എന്നു പേരിട്ടു; ദാവീദ് ആ പട്ടണത്തെ മില്ലോമുതല്‍ ഉള്ളിലേക്കും ചുറ്റുമായും പണിതുയര്‍ത്തി.
10 സര്‍വശക്തനായ സര്‍വേശ്വരന്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നതുകൊണ്ട് ദാവീദു മേല്‍ക്കുമേല്‍ പ്രബലനായിത്തീര്‍ന്നു.
11 സോര്‍രാജാവായ ഹീരാം ദാവീദിന്‍റെ അടുക്കല്‍ ദൂതന്മാരെ അയച്ചു; കൊട്ടാരം പണിയുന്നതിനാവശ്യമായ ദേവദാരുമരത്തോടൊപ്പം മരപ്പണിക്കാരെയും കല്പണിക്കാരെയും അയച്ചുകൊടുത്തു. അവര്‍ ദാവീദിന് ഒരു കൊട്ടാരം നിര്‍മ്മിച്ചു.
12 തന്നെ ഇസ്രായേലിന്‍റെ രാജാവായി സര്‍വേശ്വരന്‍ സ്ഥിരപ്പെടുത്തിയിരിക്കുന്നു എന്നും സ്വന്തം ജനമായ ഇസ്രായേലിനുവേണ്ടി അവിടുന്നു തന്‍റെ രാജത്വം ഉയര്‍ത്തിയിരിക്കുകയാണെന്നും ദാവീദ് മനസ്സിലാക്കി.
13 ഹെബ്രോനില്‍നിന്നു യെരൂശലേമില്‍ വന്നതിനുശേഷം ദാവീദു കൂടുതല്‍ ഭാര്യമാരെയും ഉപഭാര്യമാരെയും സ്വീകരിച്ചു; കൂടുതല്‍ സന്തതികള്‍ ജനിക്കുകയും ചെയ്തു.
14 ദാവീദിനു യെരൂശലേമില്‍ വച്ചു ജനിച്ച മക്കള്‍ ഇവരായിരുന്നു: ശമ്മൂവ, ശോബാബ്,
15 നാഥാന്‍, ശലോമോന്‍, ഇബ്ഹാര്‍, എലീശുവാ, നേഫെഗ്,
16 യാഫിയ, ഏലീശാമാ, എല്യാദാ, എലീഫേലെത്ത്.
17
ദാവീദ് ഇസ്രായേല്‍രാജാവായി വാഴിക്കപ്പെട്ടു എന്നു കേട്ടപ്പോള്‍ ഫെലിസ്ത്യര്‍ അദ്ദേഹത്തെ ആക്രമിച്ചു കീഴടക്കാന്‍ പുറപ്പെട്ടു. ആ വിവരം അറിഞ്ഞു ദാവീദ് കോട്ടയ്‍ക്കുള്ളില്‍ പ്രവേശിച്ചു.18 ഫെലിസ്ത്യര്‍ രെഫായീംതാഴ്വരയില്‍ പാളയമടിച്ചു.
19 അപ്പോള്‍ ദാവീദ് സര്‍വേശ്വരന്‍റെ ഹിതം ആരാഞ്ഞു: “ഞാന്‍ ഫെലിസ്ത്യരെ ആക്രമിക്കണമോ? എനിക്ക് അവരുടെമേല്‍ വിജയം തരുമോ?” “പുറപ്പെടുക, ഫെലിസ്ത്യരെ തീര്‍ച്ചയായും നിന്‍റെ കൈയില്‍ ഏല്പിച്ചുതരും” എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്തു.
20 ദാവീദു ബാല്‍-പെരാസീമിലേക്കു ചെന്നു; അവിടെവച്ച് അവരെ തോല്പിച്ചു. “കുതിച്ചുപായുന്ന വെള്ളച്ചാട്ടംപോലെ സര്‍വേശ്വരന്‍ ശത്രുക്കളെ എന്‍റെ മുമ്പില്‍ ചിതറിച്ചു” എന്ന് അദ്ദേഹം പറഞ്ഞു; അതുകൊണ്ട് ആ സ്ഥലത്തിനു ബാല്‍-പെരാസീം എന്നു പേരുണ്ടായി.
21 ഫെലിസ്ത്യര്‍ തങ്ങളുടെ വിഗ്രഹങ്ങള്‍ അവിടെ ഉപേക്ഷിച്ച് പലായനം ചെയ്തു. ദാവീദും അനുയായികളും അവ എടുത്തു കൊണ്ടുപോയി.
22 ഫെലിസ്ത്യര്‍ വീണ്ടും വന്നു രെഫായീംതാഴ്വരയില്‍ പാളയമടിച്ചു.
23 അപ്പോള്‍ ദാവീദ് സര്‍വേശ്വരന്‍റെ ഹിതം അന്വേഷിച്ചു. അവിടുന്ന് അരുളിച്ചെയ്തു: “നീ നേരെ ചെന്ന് അവരെ ആക്രമിക്കരുത്; വളഞ്ഞുചെന്നു ബാള്‍സാംവൃക്ഷങ്ങളുടെ അടുത്തുവച്ചു അവരെ ആക്രമിക്കുക.
24 ബാള്‍സാം വൃക്ഷങ്ങളുടെ മുകളില്‍ പടനീക്കത്തിന്‍റെ ശബ്ദം കേള്‍ക്കുമ്പോള്‍ വേണം അവരെ ആക്രമിക്കേണ്ടത്. ഫെലിസ്ത്യസൈന്യത്തെ തോല്പിക്കാന്‍ ഞാന്‍ നിങ്ങള്‍ക്കു മുമ്പേ പുറപ്പെട്ടിരിക്കുന്നു.”
25 സര്‍വേശ്വരന്‍ കല്പിച്ചതുപോലെ ദാവീദു പ്രവര്‍ത്തിച്ചു. ഗേബയില്‍നിന്നു ഗേസെര്‍വരെ ഫെലിസ്ത്യരെ തോല്പിച്ച് ഓടിച്ചു.
1
ദാവീദു വീണ്ടും ഇസ്രായേലിലെ തിരഞ്ഞെടുക്കപ്പെട്ട മുപ്പതിനായിരം പേരെ വിളിച്ചുകൂട്ടി.2 അദ്ദേഹം അവരോടൊത്ത് കെരൂബുകളുടെ മധ്യേ വസിക്കുന്ന സര്‍വശക്തനായ ദൈവത്തിന്‍റെ നാമമുള്ള പെട്ടകം ബാലേ-യെഹൂദായില്‍നിന്നു കൊണ്ടുവരുന്നതിനു പുറപ്പെട്ടു.
3 [3,4] അവര്‍ ദൈവത്തിന്‍റെ പെട്ടകം ഒരു പുതിയ വണ്ടിയില്‍ മലനാട്ടിലുള്ള അബീനാദാബിന്‍റെ ഭവനത്തില്‍നിന്നു കൊണ്ടുവന്നു. അബീനാദാബിന്‍റെ പുത്രന്മാരായ ഉസ്സായും അഹ്യോയുമായിരുന്നു ആ വണ്ടി തെളിച്ചത്. അഹ്യോ പെട്ടകത്തിന്‍റെ മുമ്പേ നടന്നു.
4
5 ദാവീദും കൂടെയുള്ള ഇസ്രായേല്‍ജനവും കിന്നരം, വീണ, ചെണ്ട, കിലുക്കം, ഇലത്താളം എന്നീ വാദ്യോപകരണങ്ങള്‍ ഉപയോഗിച്ച് ആഹ്ലാദപൂര്‍വം ഉറക്കെ പാടി നൃത്തം ചെയ്തു.
6 അവര്‍ നാഖോന്‍റെ മെതിക്കളത്തില്‍ എത്തിയപ്പോള്‍ കാള കാലിടറി വീണതുകൊണ്ട് ഉസ്സാ കൈ നീട്ടി ദൈവത്തിന്‍റെ പെട്ടകം താങ്ങിപ്പിടിച്ചു.
7 ഉടന്‍ സര്‍വേശ്വരന്‍റെ കോപം ഉസ്സായുടെ നേരെ ജ്വലിച്ചു. പെട്ടകത്തിനു നേരെ കൈ നീട്ടിയതുകൊണ്ട് ദൈവം അവിടെവച്ച് അയാളെ കൊന്നുകളഞ്ഞു. അയാള്‍ ദൈവത്തിന്‍റെ പെട്ടകത്തിനരികെ മരിച്ചുവീണു.
8 അതുകൊണ്ട് ആ സ്ഥലത്തിന് പേരെസ്സ്-ഉസ്സാ എന്നു പേരുണ്ടായി. സര്‍വേശ്വരന്‍ ഇങ്ങനെ ഉസ്സായെ ശിക്ഷിച്ചതുകൊണ്ട് ദാവീദു കുപിതനായി. അന്നു ദാവീദ് സര്‍വേശ്വരനെ ഭയപ്പെട്ടു.
9 അവിടുത്തെ പെട്ടകം യെരൂശലേമില്‍ തന്‍റെ അടുക്കല്‍ കൊണ്ടുവന്നാല്‍ എന്തു സംഭവിക്കും എന്ന് അദ്ദേഹം ചിന്തിച്ചു.
10 അതുകൊണ്ട് പെട്ടകം യെരൂശലേമില്‍ കൊണ്ടുവരാതെ, അദ്ദേഹം അത് ഗിത്യനായ ഓബേദ്-എദോമിന്‍റെ ഭവനത്തിലേക്കു കൊണ്ടുപോയി.
11 സര്‍വേശ്വരന്‍റെ പെട്ടകം മൂന്നു മാസം അവിടെ ഇരുന്നു. അവിടുന്ന് ഓബേദ്-എദോമിനെയും അവന്‍റെ കുടുംബത്തെയും അനുഗ്രഹിച്ചു.
12 ദൈവത്തിന്‍റെ പെട്ടകം നിമിത്തം ഓബേദ്-എദോമിന്‍റെ കുടുംബത്തെയും അവനുള്ള സകലത്തെയും സര്‍വേശ്വരന്‍ അനുഗ്രഹിച്ചു എന്നറിഞ്ഞു ദാവീദ് അത് ആഹ്ലാദപൂര്‍വം തന്‍റെ നഗരത്തിലേക്കു കൊണ്ടുവന്നു.
13 ദൈവത്തിന്‍റെ പെട്ടകം വഹിച്ചിരുന്നവര്‍ ആറു ചുവടു നടന്ന് എത്തിയപ്പോള്‍ ദാവീദ് ഒരു കാളയെയും തടിച്ചു കൊഴുത്ത ഒരു കിടാവിനെയും യാഗം അര്‍പ്പിച്ചു.
14 സര്‍വേശ്വരന്‍റെ മുമ്പാകെ ദാവീദ് സര്‍വശക്തിയോടുംകൂടി നൃത്തം ചെയ്തു. അപ്പോള്‍ അദ്ദേഹം ലിനന്‍ ഏഫോദാണു ധരിച്ചിരുന്നത്.
15 അങ്ങനെ ദാവീദും ഇസ്രായേല്‍ജനങ്ങളും ആര്‍ത്തുവിളിച്ചും കാഹളം മുഴക്കിയുംകൊണ്ടു സര്‍വേശ്വരന്‍റെ പെട്ടകം കൊണ്ടുവന്നു.
16 സര്‍വേശ്വരന്‍റെ പെട്ടകം ദാവീദിന്‍റെ നഗരത്തിലേക്കു പ്രവേശിച്ചപ്പോള്‍ ശൗലിന്‍റെ പുത്രിയായ മീഖള്‍ ജാലകത്തിലൂടെ നോക്കുന്നുണ്ടായിരുന്നു. രാജാവ് സര്‍വേശ്വരന്‍റെ മുമ്പില്‍ തുള്ളിച്ചാടി നൃത്തം ചെയ്യുന്നതു കണ്ടപ്പോള്‍ അവള്‍ക്ക് അദ്ദേഹത്തോടു വെറുപ്പുതോന്നി.
17 ദാവീദും ജനങ്ങളും സര്‍വേശ്വരന്‍റെ പെട്ടകം അതിനുവേണ്ടി നിര്‍മ്മിച്ചിരുന്ന കൂടാരത്തിനുള്ളില്‍ പ്രതിഷ്ഠിച്ചു; ദാവീദ് ഹോമയാഗങ്ങളും സമാധാനയാഗങ്ങളും സര്‍വേശ്വരന് അര്‍പ്പിച്ചു.
18 അതിനുശേഷം അദ്ദേഹം സര്‍വശക്തനായ സര്‍വേശ്വരന്‍റെ നാമത്തില്‍ ജനത്തെ അനുഗ്രഹിച്ചു.
19 ഇസ്രായേല്‍സമൂഹത്തിലെ സമസ്ത സ്‍ത്രീപുരുഷന്മാര്‍ക്കും ഒരപ്പവും ഒരു കഷണം മാംസവും ഒരു മുന്തിരിയടയും വീതം കൊടുത്തു. പിന്നീടു ജനം അവരവരുടെ വീടുകളിലേക്കു പിരിഞ്ഞുപോയി.
20 ദാവീദ് തന്‍റെ കുടുംബാംഗങ്ങളെ അനുഗ്രഹിക്കാന്‍ മടങ്ങിച്ചെന്നപ്പോള്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ മീഖള്‍ ഇറങ്ങിവന്നു. അവള്‍ പരിഹസിച്ചു പറഞ്ഞു: “ഇസ്രായേലിന്‍റെ രാജാവ് ഇന്നു തന്നെത്തന്നെ എത്ര പ്രശസ്തനാക്കിയിരിക്കുന്നു. തന്‍റെ സേവകരുടെയും ദാസികളുടെയും മുമ്പില്‍ ഒരു വിഡ്ഢിയെപ്പോലെ നാണമില്ലാതെ തന്‍റെ നഗ്നത പ്രദര്‍ശിപ്പിച്ചില്ലേ?”
21 അപ്പോള്‍ ദാവീദ് മീഖളിനോടു പറഞ്ഞു: “നിന്‍റെ പിതാവിനും കുടുംബത്തിനും പകരം സര്‍വേശ്വരന്‍റെ ജനമായ ഇസ്രായേലിന്‍റെ രാജാവായി എന്നെ തിരഞ്ഞെടുത്ത സര്‍വേശ്വരന്‍റെ മുമ്പിലാണ് ഞാന്‍ നൃത്തം ചെയ്തത്. അവിടുത്തെ മുമ്പാകെ ഞാന്‍ ഇനിയും നൃത്തം ചെയ്യും.
22 ഞാന്‍ ഇതിനെക്കാള്‍ നിസ്സാരനും നിന്‍റെ കാഴ്ചയില്‍ നിന്ദിതനുമാകാം. എന്നാല്‍ ആ ദാസിമാര്‍ ഇതുനിമിത്തം എന്നെ ബഹുമാനിക്കുകയേ ഉള്ളൂ;”
23 ശൗലിന്‍റെ പുത്രിയായ മീഖളിനു മരണംവരെ സന്താനഭാഗ്യം ഉണ്ടായില്ല.
1
രാജാവ് തന്‍റെ കൊട്ടാരത്തില്‍ വസിച്ചു. ചുറ്റുമുള്ള എല്ലാ ശത്രുക്കളില്‍നിന്നും സര്‍വേശ്വരന്‍ അദ്ദേഹത്തിനു സ്വസ്ഥത നല്‌കി.2 അന്നൊരു ദിവസം രാജാവു നാഥാന്‍ പ്രവാചകനോടു പറഞ്ഞു: “ഞാന്‍ ഇതാ, ദേവദാരുകൊണ്ടുള്ള അരമനയില്‍ പാര്‍ക്കുന്നു. ദൈവത്തിന്‍റെ പെട്ടകമാകട്ടെ കൂടാരത്തില്‍ ഇരിക്കുന്നു.”
3 നാഥാന്‍ പ്രതിവചിച്ചു: “അങ്ങയുടെ യുക്തംപോലെ ചെയ്യുക, സര്‍വേശ്വരന്‍ അങ്ങയോടൊപ്പമുണ്ട്.”
4 അന്നു രാത്രിയില്‍ സര്‍വേശ്വരന്‍ നാഥാനോട് അരുളിച്ചെയ്തു:
5 “നീ ചെന്ന് എന്‍റെ ദാസനായ ദാവീദിനോടു പറയുക; എനിക്ക് അധിവസിക്കാന്‍ നീ ഒരു ആലയം പണിയുമെന്നോ?
6 ഇസ്രായേല്‍ജനത്തെ ഈജിപ്തില്‍നിന്നു കൊണ്ടുവന്ന നാള്‍ മുതല്‍ ഞാന്‍ ഒരു ആലയത്തിലും വസിച്ചിട്ടില്ല; കൂടാരത്തില്‍ വസിച്ചുകൊണ്ടു സഞ്ചരിക്കുകയായിരുന്നു.
7 ഇസ്രായേല്‍ജനത്തോടുകൂടെ സഞ്ചരിക്കുന്നതിനിടയില്‍ എന്‍റെ ജനമായ ഇസ്രായേലിനെ നയിക്കാന്‍ നിയമിച്ചിരുന്ന നേതാക്കളില്‍ ആരോടെങ്കിലും ദേവദാരുകൊണ്ട് എനിക്ക് ഒരു ആലയം പണിയാതിരുന്നത് എന്തെന്നു ഞാന്‍ ചോദിച്ചിട്ടുണ്ടോ?
8 അതിനാല്‍ എന്‍റെ ദാസനായ ദാവീദിനോടു പറയുക; സര്‍വശക്തനായ സര്‍വേശ്വരന്‍ ഇപ്രകാരം അരുളിച്ചെയ്യുന്നു: ആടിനെ മേയിച്ചു നടന്നിരുന്ന നിന്നെ മേച്ചില്‍സ്ഥലത്തുനിന്നു തിരഞ്ഞെടുത്ത് എന്‍റെ ജനമായ ഇസ്രായേലിന്‍റെ അധിപനാക്കി;
9 നീ പോയിടത്തെല്ലാം ഞാന്‍ നിന്‍റെകൂടെ ഉണ്ടായിരുന്നു. നിന്‍റെ മുമ്പില്‍നിന്നു ശത്രുക്കളെയെല്ലാം ഞാന്‍ നീക്കി, ഭൂമിയിലുള്ള മഹാന്മാരെപ്പോലെ ഞാന്‍ നിന്നെ ഉന്നതനാക്കും.
10 എന്‍റെ ജനമായ ഇസ്രായേല്‍ജനത്തിന് ഒരു ദേശം ഞാന്‍ തിരഞ്ഞെടുത്തു കൊടുത്തു. ഞാന്‍ അവരെ അവിടെ നട്ടുപിടിപ്പിക്കും; അവിടെ അവര്‍ സുരക്ഷിതരായി പാര്‍ക്കും. ആദ്യകാലത്തും ന്യായാധിപന്മാരെ നിയമിച്ചാക്കിയതിനുശേഷം പോലും അവര്‍ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരുന്നു.
11 ഇനിയും അവര്‍ പീഡിപ്പിക്കപ്പെടുകയില്ല; നിന്‍റെ സകല ശത്രുക്കളില്‍നിന്നും നിന്നെ കാത്തുസൂക്ഷിക്കുമെന്നു ഞാന്‍ വാഗ്ദാനം ചെയ്യുന്നു. നിന്നെ ഒരു രാജവംശമായി വളര്‍ത്തും.
12 നീ മരിച്ചു നിന്‍റെ പൂര്‍വികരുടെകൂടെ അടക്കം ചെയ്യപ്പെടുമ്പോള്‍ നിന്‍റെ സന്തതികളില്‍ ഒരാളെ ഞാന്‍ രാജാവായി നിയമിക്കും; ഞാന്‍ അവന്‍റെ രാജത്വം ഉറപ്പിക്കും.
13 അവന്‍ എനിക്കുവേണ്ടി ഒരു ആലയം പണിയും. അവന്‍റെ സിംഹാസനം എന്നേക്കും നിലനിര്‍ത്തും.
14 ഞാന്‍ അവന്‍റെ പിതാവും അവന്‍ എന്‍റെ പുത്രനുമായിരിക്കും. അവന്‍ തെറ്റു ചെയ്യുമ്പോള്‍ ഒരു പിതാവ് പുത്രനെ ശിക്ഷിക്കുന്നതുപോലെ ഞാന്‍ അവനെ ശിക്ഷിക്കും.
15 നിന്‍റെ മുമ്പില്‍നിന്നു ഞാന്‍ നീക്കിക്കളഞ്ഞ ശൗലില്‍നിന്നെന്നപോലെ നിന്‍റെ പുത്രനില്‍നിന്ന് എന്‍റെ സുസ്ഥിരസ്നേഹം പിന്‍വലിക്കുകയില്ല.
16 നിനക്ക് എപ്പോഴും പിന്‍തലമുറക്കാരുണ്ടായിരിക്കും; നിന്‍റെ രാജത്വം സുസ്ഥിരമായിരിക്കും. നിന്‍റെ സിംഹാസനം എന്നേക്കും നിലനില്‌ക്കും.”
17 ദൈവം വെളിപ്പെടുത്തിക്കൊടുത്തതെല്ലാം നാഥാന്‍ ദാവീദിനോടു പറഞ്ഞു.
18
അപ്പോള്‍ ദാവീദുരാജാവ് തിരുസാന്നിധ്യകൂടാരത്തിനകത്തു ചെന്നു സര്‍വേശ്വരന്‍റെ സന്നിധിയില്‍ ഇപ്രകാരം പ്രാര്‍ഥിച്ചു: “ദൈവമായ സര്‍വേശ്വരാ, ഇത്രത്തോളം ഉയര്‍ത്താന്‍ ഞാനും എന്‍റെ കുടുംബവും യോഗ്യരാണോ?19 [19,20] എന്നാല്‍ അവിടുത്തേക്ക് ഇത് ഒരു നിസ്സാരകാര്യം. ദൈവമായ സര്‍വേശ്വരാ, അവിടുന്ന് ഈ ദാസന്‍റെ ഭവനത്തിന്‍റെ വിദൂരഭാവിയെക്കുറിച്ചും വരുംതലമുറകളെക്കുറിച്ചും സംസാരിച്ചിരിക്കുന്നു.
20
21 അവിടുത്തെ ഹിതവും വാഗ്ദാനവും ഈയുള്ളവനെ അറിയിക്കേണ്ടതിന് ഈ വന്‍കാര്യങ്ങളെല്ലാം അവിടുന്നു ചെയ്തിരിക്കുന്നു.
22 ദൈവമായ സര്‍വേശ്വരാ, അവിടുന്ന് എത്ര ഉന്നതന്‍. അങ്ങയെപ്പോലെ മറ്റാരുമില്ല. ഞങ്ങള്‍ സ്വന്തം ചെവികൊണ്ട് കേട്ടതനുസരിച്ച് അവിടുന്നല്ലാതെ വേറൊരു ദൈവവുമില്ല.
23 അവിടുത്തെ സ്വന്തം ജനമായിരിക്കുന്നതിനുവേണ്ടി അടിമത്തത്തില്‍നിന്ന് അവിടുന്നു വീണ്ടെടുത്ത ഇസ്രായേലിനെപ്പോലെ മറ്റൊരു ജനതയുമില്ല. അവര്‍ക്കുവേണ്ടി അങ്ങു പ്രവര്‍ത്തിച്ച അദ്ഭുതകരമായ മഹാകാര്യങ്ങള്‍ മൂലം അങ്ങയുടെ നാമം ലോകമെങ്ങും പ്രസിദ്ധമായിരിക്കുന്നു. അവിടുത്തെ സ്വന്തം ജനമായിരിക്കുന്നതിനുവേണ്ടി ഈജിപ്തില്‍നിന്നും അവിടുന്നു മോചിപ്പിച്ച ഇസ്രായേല്‍ജനം മുന്നേറിയപ്പോള്‍ മറ്റു ജനതകളെയും അവരുടെ ദേവന്മാരെയും അവരുടെ മുമ്പില്‍നിന്ന് അവിടുന്ന് ഓടിച്ചുകളഞ്ഞു.
24 ഇസ്രായേല്‍ എന്നേക്കും അവിടുത്തെ ജനമായിരിക്കത്തക്കവിധം അവരെ അങ്ങു സ്ഥിരപ്പെടുത്തി. സര്‍വേശ്വരാ, അങ്ങ് അവര്‍ക്കു ദൈവവുമായിത്തീര്‍ന്നു.
25 ദൈവമായ സര്‍വേശ്വരാ, അടിയനോടും അടിയന്‍റെ കുടുംബത്തോടും അവിടുന്നു ചെയ്തിട്ടുള്ള വാഗ്ദാനങ്ങള്‍ ഇപ്പോള്‍ നിറവേറ്റി ശാശ്വതീകരിക്കണമേ.
26 അവിടുത്തെ നാമം എന്നേക്കും പ്രകീര്‍ത്തിക്കപ്പെടട്ടെ. സര്‍വശക്തനായ സര്‍വേശ്വരന്‍ തങ്ങളുടെ ദൈവം എന്ന് ഇസ്രായേല്യര്‍ എപ്പോഴും പറയും. അവിടുത്തെ ദാസനായ ദാവീദിന്‍റെ കുടുംബം അവിടുന്ന് എന്നേക്കും നിലനിര്‍ത്തും.
27 സര്‍വശക്തനായ സര്‍വേശ്വരാ, ഇസ്രായേലിന്‍റെ ദൈവമേ, എന്‍റെ രാജവംശം സുസ്ഥിരമാക്കുമെന്ന് അവിടുന്ന് ഈ ദാസനു വെളിപ്പെടുത്തിയിരിക്കുന്നുവല്ലോ. അതുകൊണ്ട് ഈയുള്ളവന്‍ ഇങ്ങനെ പ്രാര്‍ഥിക്കാന്‍ ധൈര്യപ്പെടുന്നു.
28 ദൈവമായ സര്‍വേശ്വരാ, അങ്ങുതന്നെ ദൈവവും അവിടുത്തെ വചനങ്ങള്‍ സത്യവും ആകുന്നു; അവിടുത്തെ ദാസനോട് ഈ നല്ല കാര്യങ്ങള്‍ അരുളിച്ചെയ്തിരിക്കുന്നുവല്ലോ.
29 അടിയന്‍റെ കുടുംബം അവിടുത്തെ സന്നിധിയില്‍ എന്നും നിലനില്‌ക്കാന്‍ അവിടുന്നു കനിഞ്ഞ് അനുഗ്രഹിക്കണമേ. ദൈവമായ സര്‍വേശ്വരാ, അവിടുത്തെ അനുഗ്രഹം അടിയന്‍റെ കുടുംബത്തില്‍ എപ്പോഴും ഉണ്ടായിരിക്കുമെന്ന് അവിടുന്നു വാഗ്ദാനം ചെയ്തിട്ടുണ്ടല്ലോ.”
1
ദാവീദ് ഫെലിസ്ത്യരെ വീണ്ടും ആക്രമിച്ചു കീഴടക്കി. അവരില്‍നിന്നു മെഥെഗമ്മാ പിടിച്ചെടുത്തു.2 അദ്ദേഹം മോവാബ്യരെ നിശ്ശേഷം തോല്പിച്ചു. അവരെ നിലത്തു കിടത്തി ചരടുകൊണ്ട് അളന്നു മൂന്നില്‍ രണ്ടു ഭാഗത്തെ കൊന്നു. ശേഷിച്ചവരെ വെറുതെ വിട്ടു. അവര്‍ കീഴടങ്ങി ദാവീദിനു കപ്പം കൊടുത്തു.
3 യൂഫ്രട്ടീസ്നദിയുടെ തീരത്തു തന്‍റെ അധികാരം പുനഃസ്ഥാപിക്കാന്‍ പോകുമ്പോള്‍ രെഹോബിന്‍റെ പുത്രനും സോബാരാജാവുമായ ഹദദേസെറിനെ ദാവീദ് തോല്പിച്ചു.
4 അയാളുടെ സൈന്യത്തിലുണ്ടായിരുന്ന ആയിരത്തി എഴുനൂറു കുതിരപ്പട്ടാളക്കാരെയും ഇരുപതിനായിരം കാലാളുകളെയും ദാവീദു പിടിച്ചെടുത്തു. നൂറു രഥങ്ങള്‍ക്കുള്ള കുതിരകളെ ഒഴിച്ച് ബാക്കിയുള്ളവയുടെ കുതികാല്‍ വെട്ടി മുടന്തുള്ളവയാക്കി.
5 ദമാസ്ക്കസിലെ സിറിയാക്കാര്‍ സോബാരാജാവായ ഹദദേസെറിനെ സഹായിക്കാന്‍ അയച്ച സൈനികരില്‍ ഇരുപത്തീരായിരം പേരെ ദാവീദു സംഹരിച്ചു.
6 പിന്നീട് ദാവീദ് ദമാസ്ക്കസിനോടു ചേര്‍ന്നു സിറിയായില്‍ കാവല്‍ഭടന്മാരെ നിര്‍ത്തി. സിറിയാക്കാര്‍ ദാവീദിന്‍റെ സാമന്തപദം സ്വീകരിച്ച് അദ്ദേഹത്തിനു കപ്പം കൊടുത്തു. ദാവീദു പോയ സ്ഥലങ്ങളിലെല്ലാം സര്‍വേശ്വരന്‍ അദ്ദേഹത്തിനു വിജയം നല്‌കി.
7 ഹദദേസെറിന്‍റെ ഭൃത്യന്മാര്‍ വഹിച്ചിരുന്ന സ്വര്‍ണപ്പരിചകള്‍ ദാവീദ് യെരൂശലേമിലേക്കു കൊണ്ടുപോയി.
8 ഹദദേസെര്‍ ഭരിച്ചിരുന്ന ബേതഹ്, ബെരോതാ എന്നീ പട്ടണങ്ങളില്‍നിന്നു ധാരാളം വെള്ളോടും അദ്ദേഹം കൈവശപ്പെടുത്തി.
9 ദാവീദ് ഹദദേസെറിന്‍റെ സര്‍വസൈന്യത്തെയും തോല്പിച്ചു എന്നു ഹാമാത്ത്‍രാജാവായ തോയി കേട്ടു.
10 ദാവീദ് രാജാവിന്‍റെ ക്ഷേമം അന്വേഷിക്കാനും തന്നോടു പലപ്പോഴും പടവെട്ടിയിരുന്ന ഹദദേസെറിനെ തോല്പിച്ചതിലുള്ള അഭിനന്ദനം അറിയിക്കാനുമായി തോയി തന്‍റെ പുത്രനായ യോരാമിനെ ദാവീദിന്‍റെ അടുക്കല്‍ അയച്ചു. വെള്ളി, സ്വര്‍ണം, ഓട് എന്നിവകൊണ്ടുള്ള സാധനങ്ങള്‍ പാരിതോഷികമായി യോരാം കൊണ്ടുവന്നിരുന്നു.
11 അവയെല്ലാം ദാവീദ് സര്‍വേശ്വരനു പ്രതിഷ്ഠിച്ചു. അതോടൊപ്പം എദോമ്യര്‍, മോവാബ്യര്‍, അമ്മോന്യര്‍, ഫെലിസ്ത്യര്‍, അമാലേക്യര്‍ എന്നിങ്ങനെ താന്‍ കീഴ്പെടുത്തിയ ജനതകളില്‍നിന്നും
12 കൈവശപ്പെടുത്തിയ വെള്ളിയും പൊന്നും രെഹോബിന്‍റെ പുത്രനും സോബാരാജാവുമായ ഹദദേസെരില്‍നിന്നു പിടിച്ചെടുത്ത സാധനങ്ങളും ദാവീദ് സര്‍വേശ്വരനു പ്രതിഷ്ഠിച്ചു.
13 ഉപ്പുതാഴ്വരയില്‍വച്ചു പതിനെണ്ണായിരം എദോമ്യരെ സംഹരിച്ചശേഷം ഏറ്റവും കീര്‍ത്തിമാനായിട്ടാണ് അദ്ദേഹം മടങ്ങിവന്നത്.
14 ദാവീദ് എദോമില്‍ എല്ലായിടത്തും കാവല്‍പ്പടയെ നിയമിച്ചു. എദോമ്യരെല്ലാം അദ്ദേഹത്തിന്‍റെ അടിമകളായി; എല്ലായിടത്തും സര്‍വേശ്വരന്‍ ദാവീദിനു വിജയം നല്‌കി.
15
ദാവീദ് ഇസ്രായേല്‍ജനത്തെ ആകമാനം ഭരിച്ചു. തന്‍റെ ജനങ്ങള്‍ക്കു നീതിയും ന്യായവും അദ്ദേഹം നടത്തിക്കൊടുത്തു.16 സെരൂയായുടെ പുത്രനായ യോവാബ് അദ്ദേഹത്തിന്‍റെ സൈന്യാധിപനും അഹീലൂദിന്‍റെ പുത്രനായ യെഹോശാഫാത്ത് കാര്യസ്ഥനും ആയിരുന്നു.
17 അഹീതൂബിന്‍റെ പുത്രന്‍ സാദോക്കും അബ്യാഥാരിന്‍റെ പുത്രന്‍ അഹീമേലെക്കും പുരോഹിതന്മാരും, സെരായാ കാര്യദര്‍ശിയും ആയിരുന്നു.
18 യെഹോയാദയുടെ പുത്രന്‍ ബെനായാ ക്രേത്യരുടെയും പെലേത്യരുടെയും അധിപതി ആയിരുന്നു. ദാവീദിന്‍റെ പുത്രന്മാര്‍ പുരോഹിതന്മാരും ആയിരുന്നു.
1
“യോനാഥാനെ ഓര്‍ത്തു ഞാന്‍ ദയ കാട്ടേണ്ടതിനു ശൗലിന്‍റെ കുടുംബത്തില്‍ ആരെങ്കിലും അവശേഷിച്ചിട്ടുണ്ടോ” എന്നു ദാവീദ് അന്വേഷിച്ചു.2 ശൗലിന്‍റെ കുടുംബത്തില്‍ സീബ എന്നു പേരുള്ള ഒരു ഭൃത്യന്‍ ഉണ്ടായിരുന്നു. അവനെ ദാവീദിന്‍റെ അടുക്കല്‍ കൊണ്ടുവന്നു. “നീയാണോ സീബ” രാജാവു ചോദിച്ചു. “അതേ, അടിയന്‍തന്നെ” അവന്‍ മറുപടി പറഞ്ഞു.
3 രാജാവു ചോദിച്ചു: “ഞാന്‍ ദൈവത്തിന്‍റെ കാരുണ്യം കാണിക്കേണ്ടതിനു ശൗലിന്‍റെ കുടുംബത്തില്‍ ഇനിയും ആരെങ്കിലും ശേഷിച്ചിട്ടുണ്ടോ?” സീബ പറഞ്ഞു: “രണ്ടു കാലും മുടന്തുള്ള ഒരു മകന്‍ യോനാഥാനുണ്ട്.”
4 “അവന്‍ എവിടെയാണ്” രാജാവു ചോദിച്ചു. “അവന്‍ ലോദെബാരില്‍ അമ്മീയേലിന്‍റെ പുത്രനായ മാഖീരിന്‍റെ ഭവനത്തിലുണ്ട്” സീബ പറഞ്ഞു.
5 അപ്പോള്‍ ദാവീദുരാജാവ് ലോദെബാരില്‍ അമ്മീയേലിന്‍റെ പുത്രനായ മാഖീരിന്‍റെ ഭവനത്തിലേക്ക് ആളയച്ച് അവനെ വരുത്തി.
6 ശൗലിന്‍റെ പൗത്രനും യോനാഥാന്‍റെ പുത്രനുമായ മെഫീബോശെത്ത് ദാവീദിന്‍റെ അടുക്കല്‍ വന്നു സാഷ്ടാംഗം നമസ്കരിച്ചു. ദാവീദ് മെഫീബോശെത്തിനെ വിളിച്ചപ്പോള്‍ “ഇതാ അടിയന്‍” എന്ന് അവന്‍ പ്രതിവചിച്ചു.
7 ദാവീദ് അവനോടു പറഞ്ഞു: “ഭയപ്പെടേണ്ടാ, നിന്‍റെ പിതാവായ യോനാഥാനെ ഓര്‍ത്ത് ഞാന്‍ നിന്നോടു കരുണ കാണിക്കും. നിന്‍റെ പിതാമഹനായ ശൗലിന്‍റെ ഭൂമിയെല്ലാം ഞാന്‍ നിനക്കു മടക്കിത്തരും. നീ എന്നും എന്‍റെ കൂടെ ഭക്ഷണം കഴിക്കുകയും വേണം.” ഇതുകേട്ടു താണുവണങ്ങിക്കൊണ്ടു മെഫീബോശെത്തു പറഞ്ഞു:
8 “ചത്ത നായ്‍ക്കു തുല്യനായ അടിയനോട് അങ്ങേക്കു കരുണ തോന്നിയല്ലോ.”
9 പിന്നീട് രാജാവ് ശൗലിന്‍റെ ഭൃത്യനായ സീബയെ വിളിച്ചു പറഞ്ഞു: “നിന്‍റെ യജമാനനായ മെഫീബോശെത്തിനു ശൗലിന്‍റെയും അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെയും സ്വത്തെല്ലാം ഞാന്‍ നല്‌കുന്നു.
10 നീയും നിന്‍റെ പുത്രന്മാരും വേലക്കാരും കൂടി കൃഷി ചെയ്തു നിന്‍റെ യജമാനനു ഭക്ഷിക്കാന്‍ ആവശ്യമുള്ളതെല്ലാം കൊണ്ടുവരണം. മെഫീബോശെത്ത് എന്‍റെ കൂടെ എന്നും ഭക്ഷണം കഴിക്കട്ടെ.” സീബയ്‍ക്കു പതിനഞ്ചു പുത്രന്മാരും ഇരുപതു ഭൃത്യന്മാരും ഉണ്ടായിരുന്നു.
11 “എന്‍റെ യജമാനനായ രാജാവ് കല്പിക്കുന്നതെല്ലാം അടിയന്‍ ചെയ്യാം” എന്നു സീബ പറഞ്ഞു. അങ്ങനെ രാജാവിന്‍റെ പുത്രന്മാരില്‍ ഒരാളെപ്പോലെ മെഫീബോശെത്ത് രാജാവിന്‍റെ ഭക്ഷണമേശയില്‍നിന്നു ഭക്ഷണം കഴിച്ചുവന്നു.
12 മെഫീബോശെത്തിനു മീഖാ എന്നൊരു ആണ്‍കുഞ്ഞ് ഉണ്ടായിരുന്നു. സീബയുടെ ഭവനത്തിലുണ്ടായിരുന്നവരെല്ലാം മെഫീബോശെത്തിന്‍റെ ഭൃത്യന്മാരായിത്തീര്‍ന്നു.
13 അങ്ങനെ രണ്ടു കാലും മുടന്തായിരുന്ന മെഫീബോശെത്ത് യെരൂശലേമില്‍ത്തന്നെ പാര്‍ത്ത് രാജാവിന്‍റെ മേശയില്‍നിന്നു ഭക്ഷണം കഴിച്ചുപോന്നു.
1
അമ്മോന്യരുടെ രാജാവ് മരിച്ചു; പകരം അയാളുടെ പുത്രന്‍ ഹാനൂന്‍ രാജാവായി.2 അപ്പോള്‍ ദാവീദു പറഞ്ഞു: “നാഹാശ് എന്നോടു ദയാപൂര്‍വം പ്രവര്‍ത്തിച്ചിരുന്നതുപോലെ അദ്ദേഹത്തിന്‍റെ പുത്രനായ ഹാനൂനോടു ഞാന്‍ ദയ കാട്ടും. പിതാവിന്‍റെ മരണത്തില്‍ ദുഃഖിക്കുന്ന ഹാനൂനെ ആശ്വസിപ്പിക്കാന്‍വേണ്ടി ദാവീദ് തന്‍റെ ദാസരെ അദ്ദേഹത്തിന്‍റെ അടുക്കല്‍ അയച്ചു.
3 അവര്‍ അമ്മോനില്‍ എത്തിയപ്പോള്‍ അമ്മോന്യപ്രഭുക്കന്മാര്‍ രാജാവിനോടു ചോദിച്ചു: “അങ്ങയെ ആശ്വസിപ്പിക്കാന്‍ ദാവീദ് ദാസന്മാരെ അയച്ചിരിക്കുന്നത് അങ്ങയുടെ പിതാവിനോടുള്ള ബഹുമാനം കൊണ്ടാണെന്നു കരുതുന്നുവോ? നഗരം സൂക്ഷ്മമായി പരിശോധിക്കാനും ചാരവൃത്തി നടത്തി അതിനെ നശിപ്പിക്കാനുമല്ലേ ദാവീദ് അവരെ അയച്ചിരിക്കുന്നത്?”
4 ഹാനൂന്‍ ദാവീദിന്‍റെ ഭൃത്യന്മാരെ പിടിച്ച് അവരുടെ താടി പകുതി വീതം ക്ഷൗരം ചെയ്തും ഉടുവസ്ത്രം അരക്കെട്ടുഭാഗംവരെ കീറിയും വിട്ടയച്ചു.
5 ദാവീദ് അതറിഞ്ഞ് അത്യന്തം ലജ്ജിതരായിരുന്ന അവരുടെ അടുക്കല്‍ ആളയച്ചു പറയിച്ചു: “നിങ്ങളുടെ താടി വളരുന്നതുവരെ യെരീഹോവില്‍തന്നെ പാര്‍ത്തുകൊള്ളുക; പിന്നെ മടങ്ങിവരാം.”
6 ദാവീദ് തങ്ങളുടെ ശത്രുവായിത്തീര്‍ന്നു എന്നു മനസ്സിലാക്കി അമ്മോന്യര്‍ ബേത്ത്-രെഹോബിലെയും സോബയിലെയും സിറിയാക്കാരില്‍നിന്ന് ഇരുപതിനായിരം കാലാള്‍പടയെയും, ആയിരം യോദ്ധാക്കളുമായി മാഖാ രാജാവിനെയും തോബില്‍നിന്നു പന്തീരായിരം പേരെയും കൂലിക്ക് എടുത്തു.
7 ദാവീദ് വിവരം അറിഞ്ഞ് തന്‍റെ സകല സൈന്യത്തോടും കൂടി യോവാബിനെ അയച്ചു.
8 അമ്മോന്യര്‍ പട്ടണവാതില്‌ക്കല്‍ അണിനിരന്നു. എന്നാല്‍ സോബയിലെയും രെഹോബിലെയും അരാമ്യരും തോബ്യരും മാഖായുടെ ആളുകളും വെളിമ്പ്രദേശത്ത് ആയിരുന്നു നിലയുറപ്പിച്ചത്.
9 തന്‍റെ മുമ്പിലും പിമ്പിലും ശത്രുസൈന്യം അണിനിരന്നതു കണ്ട് യോവാബു ധീരന്മാരായ ഒരു കൂട്ടം സൈനികരെ തിരഞ്ഞെടുത്തു സിറിയാക്കാരുടെ നേരേ അണിനിരത്തി;
10 ശേഷിച്ച സൈന്യത്തെ തന്‍റെ സഹോദരനായ അബീശായിയുടെ നേതൃത്വത്തില്‍ അമ്മോന്യര്‍ക്കെതിരെ അണിനിരത്തി.
11 അപ്പോള്‍ യോവാബ് അബീശായിയോടു പറഞ്ഞു: “സിറിയാക്കാര്‍ എന്നെ തോല്പിക്കും എന്നു കണ്ടാല്‍ നീ എന്നെ സഹായിക്കണം; അമ്മോന്യര്‍ നിന്നെ തോല്പിക്കും എന്നു കണ്ടാല്‍ ഞാന്‍ വന്നു നിന്നെ സഹായിക്കാം.
12 ധൈര്യമായിരിക്കുക; നമ്മുടെ ജനത്തിനുവേണ്ടിയും ദൈവത്തിന്‍റെ പട്ടണങ്ങള്‍ക്കുവേണ്ടിയും നമുക്കു സുധീരം യുദ്ധം ചെയ്യാം. സര്‍വേശ്വരന്‍റെ ഇഷ്ടംതന്നെ നടക്കട്ടെ.”
13 യോവാബും കൂടെയുള്ള സൈന്യവും സിറിയാക്കാരോട് യുദ്ധം ചെയ്യാന്‍ അടുത്തു. അവര്‍ അയാളുടെ മുമ്പില്‍നിന്നു തോറ്റോടി.
14 സിറിയാക്കാര്‍ ഓടിപ്പോകുന്നതു കണ്ടപ്പോള്‍ അമ്മോന്യരും അബീശായിയുടെ മുമ്പില്‍നിന്ന് ഓടി പട്ടണത്തില്‍ പ്രവേശിച്ചു. യോവാബാകട്ടെ അമ്മോന്യരോടുള്ള യുദ്ധം അവസാനിപ്പിച്ചു യെരൂശലേമിലേക്കു മടങ്ങിപ്പോയി.
15 ഇസ്രായേല്യര്‍ തങ്ങളെ തോല്പിച്ചു എന്നു മനസ്സിലാക്കിയ സിറിയാക്കാര്‍ ഒന്നിച്ചുകൂടി.
16 ഹദദേസെര്‍രാജാവ് ആളയച്ചു നദിക്ക് അക്കരെയുള്ള സിറിയാക്കാരെയും വരുത്തി. ഹദദേസെരിന്‍റെ സൈന്യാധിപനായ ശോബക്കിന്‍റെ നേതൃത്വത്തില്‍ അവര്‍ ഹേലാമില്‍ ഒന്നിച്ചുകൂടി.
17 ദാവീദ് വിവരം അറിഞ്ഞു സകല ഇസ്രായേല്യരെയും വിളിച്ചുകൂട്ടി യോര്‍ദ്ദാന്‍നദി കടന്നു ഹേലാമിലെത്തി. സിറിയാക്കാര്‍ ദാവീദിനെതിരെ അണിനിരന്നു യുദ്ധം ചെയ്തു.
18 സിറിയാക്കാര്‍ ഇസ്രായേല്യരുടെ മുമ്പില്‍ തോറ്റോടി. ദാവീദു സിറിയാക്കാരായ എഴുനൂറു തേരാളികളെയും നാല്പതിനായിരം കുതിരപ്പടയാളികളെയും സംഹരിച്ചു. അവരുടെ സേനാനായകനായ ശോബക്കിനെ വധിച്ചു.
19 ഹദദേസെരിന്‍റെ ആശ്രിതരായ രാജാക്കന്മാരെല്ലാം തങ്ങള്‍ പരാജയപ്പെട്ടു എന്നു കണ്ട് ഇസ്രായേല്യരുമായി ഉടമ്പടി ചെയ്ത് അവരെ സേവിച്ചു. അതിനുശേഷം അമ്മോന്യരെ സഹായിക്കാന്‍ സിറിയാക്കാര്‍ക്കു ഭയമായി.
1
അടുത്ത വസന്തത്തില്‍ രാജാക്കന്മാര്‍ യുദ്ധത്തിനു പുറപ്പെടുന്ന സമയത്ത് യോവാബിനെയും തന്‍റെ സേവകരെയും എല്ലാ സൈനികരെയും ദാവീദു യുദ്ധത്തിനയച്ചു. അവര്‍ അമ്മോന്യരെ തകര്‍ത്തു; രബ്ബാപട്ടണം വളഞ്ഞു. തത്സമയം ദാവീദു യെരൂശലേമില്‍ പാര്‍ക്കുകയായിരുന്നു.2
ഒരു ദിവസം സായാഹ്നത്തില്‍ ദാവീദ് കിടക്കയില്‍ നിന്നെഴുന്നേറ്റു കൊട്ടാരത്തിന്‍റെ മട്ടുപ്പാവില്‍ ഉലാത്തുകയായിരുന്നു. അപ്പോള്‍ അതിസുന്ദരിയായ ഒരു സ്‍ത്രീ കുളിക്കുന്നതു കണ്ടു.3 ദാവീദ് ആളയച്ച് അവളെപ്പറ്റി അന്വേഷിച്ചു. അവള്‍ എലീയാമിന്‍റെ പുത്രിയും ഹിത്യനായ ഊരിയായുടെ ഭാര്യയുമായ ബത്ത്-ശേബ ആണ് എന്നു ദാവീദു മനസ്സിലാക്കി.
4 അവളെ കൂട്ടിക്കൊണ്ടു വരാന്‍ ദാവീദ് ആളയച്ചു. അവള്‍ അദ്ദേഹത്തിന്‍റെ അടുക്കല്‍ വന്നു; അദ്ദേഹം അവളെ പ്രാപിച്ചു. തത്സമയം അവളുടെ മാസമുറയും ശുദ്ധീകരണവും കഴിഞ്ഞിരുന്നതേയുള്ളൂ; അവള്‍ വീട്ടിലേക്കു മടങ്ങിപ്പോയി. അവള്‍ ഗര്‍ഭിണിയായി.
5 ആ വിവരം അവള്‍ ദാവീദിനെ ആളയച്ച് അറിയിച്ചു.
6 ഉടനെ ദാവീദ് ഹിത്യനായ ഊരിയായെ തന്‍റെ അടുക്കല്‍ അയയ്‍ക്കാന്‍ യോവാബിനു കല്പന കൊടുത്തയച്ചു. ഊരിയായെ യോവാബ് ദാവീദിന്‍റെ അടുക്കല്‍ അയച്ചു.
7 ഊരിയാ വന്നപ്പോള്‍ യോവാബിന്‍റെയും സൈന്യങ്ങളുടെയും ക്ഷേമവും യുദ്ധവിവരവും ദാവീദ് അന്വേഷിച്ചു.
8 പിന്നീട് അദ്ദേഹം ഊരിയായോട് വീട്ടില്‍ പോയി വിശ്രമിക്കാന്‍ പറഞ്ഞു. ഊരിയാ കൊട്ടാരത്തില്‍നിന്നു മടങ്ങിപ്പോയി. പിന്നീട് ദാവീദ് അയാള്‍ക്ക് ഒരു സമ്മാനം കൊടുത്തയയ്‍ക്കുകയും ചെയ്തു.
9 എന്നാല്‍ ഊരിയാ വീട്ടില്‍ പോയില്ല; കൊട്ടാരംകാവല്‌ക്കാരുടെ കൂടെ പടിപ്പുരയ്‍ക്കല്‍ കിടന്നുറങ്ങി.
10 ഊരിയാ വീട്ടില്‍ പോയില്ല എന്നറിഞ്ഞ ദാവീദ് അയാളോടു ചോദിച്ചു: “നീ യാത്ര കഴിഞ്ഞു വന്നതല്ലേ? വീട്ടിലേക്ക് പോകാഞ്ഞതെന്ത്?”
11 അയാള്‍ പറഞ്ഞു: “ഇസ്രായേല്യരും യെഹൂദ്യരും യുദ്ധരംഗത്തു തന്നെയാണ്. സാക്ഷ്യപെട്ടകവും അവരോടു കൂടെയുണ്ട്; എന്‍റെ യജമാനനായ യോവാബും അങ്ങയുടെ ഭൃത്യന്മാരും വെളിമ്പ്രദേശത്തുതന്നെ പാളയമടിച്ചിരിക്കുന്നു. അങ്ങനെയിരിക്കെ വീട്ടില്‍ ചെന്നു തിന്നാനും കുടിക്കാനും ഭാര്യയോടൊത്ത് രമിക്കാനും എനിക്ക് എങ്ങനെ കഴിയും? അങ്ങാണെ സത്യം, എനിക്കതു സാധ്യമല്ല.”
12 അപ്പോള്‍ ദാവീദ് ഊരിയായോടു പറഞ്ഞു: “അങ്ങനെയെങ്കില്‍ നീ ഇന്നും ഇവിടെ പാര്‍ത്തുകൊള്ളുക; നാളെ നിനക്കു മടങ്ങിപ്പോകാം.” അങ്ങനെ അന്നും പിറ്റേന്നും അവന്‍ യെരൂശലേമില്‍തന്നെ പാര്‍ത്തു.
13 ദാവീദ് അവനെ ഭക്ഷണത്തിനു ക്ഷണിച്ചു; അവന്‍ രാജസന്നിധിയില്‍ ഭക്ഷിച്ചു പാനം ചെയ്തു. ദാവീദ് അയാളെ കുടിപ്പിച്ചു മത്തനാക്കി. എന്നാല്‍ അന്നും ഊരിയാ വീട്ടിലേക്കു പോയില്ല. രാത്രിയില്‍ രാജഭൃത്യന്മാരോടുകൂടെ തന്‍റെ വിരിപ്പില്‍ പോയി കിടന്നു.
14
അടുത്ത പ്രഭാതത്തില്‍ ദാവീദ് ഊരിയായുടെ കൈവശം യോവാബിന് ഒരു എഴുത്തു കൊടുത്തയച്ചു.15 അതില്‍ ഇങ്ങനെയെഴുതി: “ഘോരയുദ്ധം നടക്കുന്നിടത്ത് ഊരിയായെ മുന്നണിയില്‍ നിര്‍ത്തണം. അവന്‍ വെട്ടേറ്റ് മരിക്കത്തക്കവിധം അവനെ വിട്ട് നിങ്ങള്‍ പിന്‍വാങ്ങണം.”
16 യോവാബ് പട്ടണം വളഞ്ഞപ്പോള്‍ ശത്രുക്കള്‍ക്കു ശക്തിയുള്ള ഒരു സ്ഥാനത്ത് ഊരിയായെ നിര്‍ത്തി.
17 ശത്രുസൈന്യം യോവാബിനോട് ഏറ്റുമുട്ടി. ദാവീദിന്‍റെ പടയാളികളില്‍ ചിലര്‍ കൊല്ലപ്പെട്ടു. ഹിത്യനായ ഊരിയായും അക്കൂട്ടത്തില്‍ വധിക്കപ്പെട്ടു.
18 യുദ്ധവാര്‍ത്ത അറിയിക്കാന്‍ യോവാബു ദാവീദിന്‍റെ അടുക്കല്‍ ആളയച്ചു;
19 യോവാബ് ദൂതനോട് ഇപ്രകാരം കല്പിച്ചിരുന്നു: “യുദ്ധവാര്‍ത്ത എല്ലാം കേള്‍ക്കുമ്പോള്‍ രാജാവിനു കോപം വന്നേക്കാം.
20 രാജാവു നിന്നോടു, നിങ്ങള്‍ പട്ടണത്തോട് ഇത്ര അടുത്തുനിന്നു പടവെട്ടിയതെന്ത്? ശത്രുക്കള്‍ മതിലിന്മേല്‍ നിന്നുകൊണ്ട് എയ്യുമെന്ന് നിങ്ങള്‍ അറിഞ്ഞിരുന്നില്ലേ?
21 ഗിദെയോന്‍റെ പുത്രനായ അബീമേലെക്കിനെ കൊന്നത് എങ്ങനെയെന്നു നിങ്ങള്‍ക്കറിഞ്ഞുകൂടേ? തേബെസില്‍വച്ച് ഒരു സ്‍ത്രീ മതിലിന്മേല്‍ നിന്നുകൊണ്ടു തിരികല്ലിന്‍പിള്ള അവന്‍റെമേല്‍ ഇട്ടതുകൊണ്ടല്ലേ? നിങ്ങള്‍ മതിലിനോട് ഇത്ര അടുത്തു ചെന്നത് എന്ത്? ഇങ്ങനെയെല്ലാം രാജാവു ചോദിക്കുമ്പോള്‍ അങ്ങയുടെ ഭൃത്യനായ ഊരിയായും മരിച്ചുപോയി എന്നു നീ പറയണം.”
22 ദൂതന്‍ പോയി യോവാബ് പറഞ്ഞതെല്ലാം ദാവീദിനെ അറിയിച്ചു.
23 അയാള്‍ ഇപ്രകാരം പറഞ്ഞു: “ശത്രുക്കള്‍ നമ്മെക്കാള്‍ ശക്തരായിരുന്നു. വെളിമ്പ്രദേശത്തുവച്ചു നമ്മോടു യുദ്ധം ചെയ്യാന്‍ അവര്‍ പുറത്തുവന്നു. എന്നാല്‍ നഗരവാതില്‌ക്കലേക്ക് നാം അവരെ തിരിച്ചോടിച്ചു.
24 അപ്പോള്‍ മതിലിന്‍റെ മുകളില്‍നിന്നു അവര്‍ നമ്മുടെ നേര്‍ക്ക് അമ്പെയ്തു; അവിടുത്തെ ഭൃത്യന്മാരില്‍ ചിലര്‍ കൊല്ലപ്പെട്ടു; അങ്ങയുടെ ദാസന്‍ ഹിത്യനായ ഊരിയായും മരിച്ചു.”
25 ഇതു കേട്ട് ദാവീദ് ദൂതനോടു പറഞ്ഞു: “നീ യോവാബിനോടു പറയുക: ഭാരപ്പെടേണ്ടാ, ആരെല്ലാം യുദ്ധത്തില്‍ മരിക്കുമെന്നു മുന്‍കൂട്ടി പറയാന്‍ ആര്‍ക്കും സാധ്യമല്ലല്ലോ; അതുകൊണ്ട് ആക്രമണം ശക്തിപ്പെടുത്തി പട്ടണത്തെ തകര്‍ത്തുകളയുക. ഇങ്ങനെ പറഞ്ഞു നീ യോവാബിനെ ധൈര്യപ്പെടുത്തണം.”
26 മരണവാര്‍ത്ത കേട്ട് ഊരിയായുടെ ഭാര്യ ഭര്‍ത്താവിനെച്ചൊല്ലി വിലപിച്ചു.
27 വിലാപകാലം കഴിഞ്ഞ് ദാവീദ് ആളയച്ച് അവളെ കൊട്ടാരത്തില്‍ വരുത്തി പാര്‍പ്പിച്ചു. അവള്‍ രാജാവിന്‍റെ ഭാര്യയായിത്തീര്‍ന്നു. അവള്‍ അദ്ദേഹത്തിന് ഒരു മകനെ പ്രസവിച്ചു. എന്നാല്‍ ദാവീദ് ചെയ്തതു സര്‍വേശ്വരന് അനിഷ്ടമായി.
1
നാഥാന്‍പ്രവാചകനെ സര്‍വേശ്വരന്‍ ദാവീദിന്‍റെ അടുക്കല്‍ അയച്ചു. പ്രവാചകന്‍ രാജാവിനോടു പറഞ്ഞു: “ഒരു പട്ടണത്തില്‍ രണ്ടാളുകള്‍ ഉണ്ടായിരുന്നു. ഒരാള്‍ ധനികനും അപരന്‍ ദരിദ്രനും.2 ധനികന് അനവധി ആടുമാടുകള്‍ ഉണ്ടായിരുന്നു.
3 ദരിദ്രനാകട്ടെ, വിലയ്‍ക്കു വാങ്ങി വളര്‍ത്തിയ ഒരു പെണ്ണാട്ടിന്‍കുട്ടി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവന്‍ അതിനെ പോറ്റിവളര്‍ത്തി. അവന്‍റെ കുഞ്ഞുങ്ങളോടൊപ്പം അതു വളര്‍ന്നു. അവന്‍റെ ഭക്ഷണത്തിന്‍റെ ഒരു ഭാഗം അതു തിന്നുകയും അവന്‍ കുടിക്കുന്നതിന്‍റെ പങ്ക് കുടിക്കുകയും ചെയ്തു; അത് അവന്‍റെ മടിയില്‍ കിടന്നുറങ്ങി; അത് അവന് ഒരു മകളെപ്പോലെ ആയിരുന്നു.
4 ഒരു ദിവസം ധനികന്‍റെ ഭവനത്തില്‍ ഒരു വഴിയാത്രക്കാരന്‍ വന്നു; അയാള്‍ക്കുവേണ്ടി സ്വന്തം ആടുമാടുകളില്‍ ഒന്നിനെ കൊല്ലാതെ ആ ധനികന്‍ ദരിദ്രന്‍റെ ആട്ടിന്‍കുട്ടിയെ കൊന്ന് അതിഥിക്കു ഭക്ഷണം ഒരുക്കി.”
5 ആ ധനവാനെതിരെ ദാവീദിന്‍റെ കോപം ജ്വലിച്ചു. അദ്ദേഹം നാഥാനോടു പറഞ്ഞു: “അയാള്‍ ഇനി ജീവിച്ചുകൂടാ; സര്‍വേശ്വരന്‍റെ നാമത്തില്‍ ഞാന്‍ സത്യംചെയ്തു പറയുന്നു; അവന്‍ വധശിക്ഷ അര്‍ഹിക്കുന്നു.
6 നിര്‍ദ്ദയമായി ഇങ്ങനെ പ്രവര്‍ത്തിച്ചതുകൊണ്ട് അവന്‍ നാലു മടങ്ങ് തിരിച്ചുകൊടുക്കണം.”
7
നാഥാന്‍ ദാവീദിനോടു പറഞ്ഞു: “ആ മനുഷ്യന്‍ നീതന്നെ. ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ നിന്നെ ഇസ്രായേലിന്‍റെ രാജാവായി അഭിഷേകം ചെയ്തു. ശൗലിന്‍റെ കൈയില്‍നിന്നു ഞാന്‍ നിന്നെ വിടുവിച്ചു.8 നിന്‍റെ യജമാനന്‍റെ ഭവനത്തെയും ഭാര്യമാരെയും ഞാന്‍ നിനക്കു നല്‌കി. നിന്നെ ഇസ്രായേലിന്‍റെയും യെഹൂദായുടെയും രാജാവാക്കി. ഇതെല്ലാം നിനക്കു പോരായിരുന്നെങ്കില്‍ ഇവയില്‍ കൂടുതലും ഞാന്‍ തരുമായിരുന്നു.
9 പിന്നെ എന്തുകൊണ്ട് എന്‍റെ കല്പനകള്‍ അവഗണിച്ചു നീ ഈ തിന്മ പ്രവര്‍ത്തിച്ചു? അമ്മോന്യരെക്കൊണ്ട് ഊരിയായെ നീ കൊല്ലിച്ച് അവന്‍റെ ഭാര്യയെ സ്വന്തമാക്കി.
10 ഇങ്ങനെ നീ എന്നെ നിന്ദിച്ചു. അതുകൊണ്ട് നിന്‍റെ ഭവനത്തില്‍നിന്നു വാള്‍ ഒരിക്കലും ഒഴിഞ്ഞുമാറുകയില്ല.
11 സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: നിന്‍റെ സ്വന്തം ഭവനത്തില്‍നിന്നു നിനക്ക് അനര്‍ഥമുണ്ടാകും. നിന്‍റെ കണ്‍മുമ്പില്‍വച്ചു നിന്‍റെ ഭാര്യമാരെ ഞാന്‍ മറ്റൊരുവനു കൊടുക്കും. പട്ടാപ്പകല്‍ അവന്‍ അവരെ പ്രാപിക്കും.
12 നീ ഇതു രഹസ്യമായി ചെയ്തു; എന്നാല്‍ ഞാന്‍ ഇതു സകല ഇസ്രായേലിന്‍റെയും മുമ്പില്‍വച്ചു പട്ടാപ്പകല്‍ ചെയ്യിക്കും.”
13
അപ്പോള്‍ ദാവീദു പറഞ്ഞു: “ഞാന്‍ സര്‍വേശ്വരനെതിരെ പാപം ചെയ്തുപോയി.” നാഥാന്‍ പറഞ്ഞു: “സര്‍വേശ്വരന്‍ നിന്‍റെ പാപം ക്ഷമിച്ചിരിക്കുന്നു; നീ മരിക്കുകയില്ല.14 എങ്കിലും ഈ പ്രവൃത്തിയാല്‍ അവിടുത്തെ നിന്ദിച്ചതുകൊണ്ടു നിന്‍റെ മകന്‍ മരിച്ചുപോകും.” നാഥാന്‍ തന്‍റെ വീട്ടിലേക്കു മടങ്ങി.
15 ഊരിയായുടെ ഭാര്യ ദാവീദിനു പ്രസവിച്ച കുഞ്ഞ് സര്‍വേശ്വരന്‍റെ ശിക്ഷയാല്‍ രോഗിയായിത്തീര്‍ന്നു.
16 കുഞ്ഞിനുവേണ്ടി ദാവീദ് ദൈവത്തോട് ഉപവസിച്ചു പ്രാര്‍ഥിച്ചു. അദ്ദേഹം രാത്രി മുഴുവന്‍ നിലത്തുതന്നെ കിടന്നു.
17 രാജാവിനെ നിലത്തുനിന്ന് എഴുന്നേല്പിക്കാന്‍ കൊട്ടാരത്തിലെ പ്രമാണിമാര്‍ ആവുന്നത്ര പരിശ്രമിച്ചു; അദ്ദേഹം അതു കൂട്ടാക്കിയില്ല. അവരോടൊത്തു ഭക്ഷണം കഴിച്ചതുമില്ല.
18 ഏഴാം ദിവസം കുട്ടി മരിച്ചു; ഈ വിവരം രാജാവിനെ അറിയിക്കാന്‍ ദാസന്മാര്‍ ഭയപ്പെട്ടു. അവര്‍ തമ്മില്‍ പറഞ്ഞു: “കുഞ്ഞു ജീവനോടിരുന്നപ്പോള്‍പോലും നാം പറഞ്ഞത് അദ്ദേഹം ശ്രദ്ധിച്ചില്ല; പിന്നെ കുഞ്ഞു മരിച്ച വിവരം എങ്ങനെ പറയും? അദ്ദേഹം വല്ല സാഹസവും കാണിച്ചേക്കും.”
19 ഭൃത്യന്മാര്‍ തമ്മില്‍ രഹസ്യം പറയുന്നതു കണ്ടപ്പോള്‍ കുഞ്ഞു മരിച്ചു എന്നു രാജാവു മനസ്സിലാക്കി. “കുഞ്ഞു മരിച്ചുവോ” എന്ന് അദ്ദേഹം ചോദിച്ചു. “മരിച്ചുപോയി” എന്നവര്‍ പറഞ്ഞു.
20 ഉടന്‍ തന്നെ ദാവീദ് നിലത്തുനിന്നെഴുന്നേറ്റു; കുളിച്ചു തൈലം പൂശി വസ്ത്രം മാറി ദേവാലയത്തില്‍ ചെന്നു സര്‍വേശ്വരനെ ആരാധിച്ചു. പിന്നീടു കൊട്ടാരത്തില്‍ മടങ്ങിവന്നു. അദ്ദേഹത്തിന്‍റെ കല്പനപ്രകാരം അവര്‍ ഭക്ഷണം കൊണ്ടുവന്നുവച്ചു; അദ്ദേഹം അതു ഭക്ഷിച്ചു.
21 ഭൃത്യന്മാര്‍ ചോദിച്ചു: “അങ്ങ് എന്താണു ചെയ്തത്? കുഞ്ഞു ജീവനോടിരുന്നപ്പോള്‍ അവിടുന്ന് ഉപവസിച്ചു കരഞ്ഞു; കുഞ്ഞു മരിച്ചപ്പോള്‍ അങ്ങ് എഴുന്നേറ്റു ഭക്ഷണം കഴിച്ചല്ലോ?”
22 രാജാവു പറഞ്ഞു: “കുഞ്ഞു ജീവിച്ചിരുന്നപ്പോള്‍ ഞാന്‍ ഉപവസിച്ചു കരഞ്ഞു. സര്‍വേശ്വരന്‍ കരുണതോന്നി കുഞ്ഞിനെ രക്ഷിക്കും എന്നു ഞാന്‍ ആശിച്ചു.
23 ഇപ്പോഴാകട്ടെ അവന്‍ മരിച്ചുപോയി; ഇനിയും ഉപവസിക്കുന്നതെന്തിന്? കുഞ്ഞിനെ വീണ്ടും ജീവിപ്പിക്കാന്‍ എനിക്കു കഴിയുമോ? എനിക്ക് അവന്‍റെ അടുക്കലേക്കു പോകാമെന്നല്ലാതെ അവന്‍ എന്‍റെ അടുക്കലേക്ക് മടങ്ങി വരികയില്ലല്ലോ.”
24
ദാവീദു തന്‍റെ ഭാര്യ ബത്ത്-ശേബയെ സമാശ്വസിപ്പിച്ചു; അദ്ദേഹം വീണ്ടും അവളെ പ്രാപിച്ചു. അവള്‍ ഒരു മകനെ പ്രസവിച്ചു. രാജാവ് അവനു ശലോമോന്‍ എന്നു പേരിട്ടു. സര്‍വേശ്വരന്‍ അവനെ സ്നേഹിച്ചു;25 സര്‍വേശ്വരന്‍ നിയോഗിച്ചതനുസരിച്ചു നാഥാന്‍പ്രവാചകന്‍ അവന് യദീദ്യാ എന്നു പേര്‍ വിളിച്ചു.
26
അമ്മോന്‍റെ തലസ്ഥാനമായ രബ്ബാ നഗരം യോവാബ് ആക്രമിച്ചു പിടിച്ചടക്കി.27 അയാള്‍ ദാവീദിന്‍റെ അടുക്കല്‍ ദൂതന്മാരെ അയച്ച് ഇപ്രകാരം അറിയിച്ചു. “ഞാന്‍ രബ്ബാ പട്ടണം ആക്രമിച്ച് അവിടത്തെ ജലവിതരണകേന്ദ്രം കൈവശപ്പെടുത്തിയിരിക്കുന്നു;
28 അങ്ങ് ശേഷമുള്ള സൈന്യങ്ങളെ ഒരുമിച്ചുകൂട്ടി പട്ടണത്തെ വളഞ്ഞ് അതു പിടിച്ചെടുക്കുക. നഗരം പിടിച്ചടക്കിയതു ഞാനാണെന്നു പ്രസിദ്ധമാകാതിരിക്കട്ടെ.”
29 ദാവീദ് സൈന്യത്തെ ഒന്നിച്ചുകൂട്ടി രബ്ബായില്‍ പോയി യുദ്ധം ചെയ്തു പട്ടണം പിടിച്ചെടുത്തു.
30 അവരുടെ ദേവനായ മില്‍ക്കോവിന്‍റെ തലയില്‍നിന്നു കിരീടമെടുത്തു. അത് ഒരു താലന്തു സ്വര്‍ണംകൊണ്ടു നിര്‍മ്മിച്ചതായിരുന്നു. അതിന്മേല്‍ ഒരു രത്നവും പതിച്ചിരുന്നു. ദാവീദ് ആ കിരീടം ശിരസ്സില്‍ അണിഞ്ഞു. പട്ടണത്തില്‍നിന്നു ധാരാളം കൊള്ളവസ്തുക്കളും കൊണ്ടുപോന്നു.
31 അവിടത്തെ ജനങ്ങളെ പിടിച്ചുകൊണ്ടുവന്ന് അറപ്പുവാളും ഇരുമ്പുപാരയും കോടാലിയും ഉപയോഗിച്ചുള്ള പണികളില്‍ ഏര്‍പ്പെടുത്തി. ഇഷ്‍ടികച്ചൂളയില്‍ അവരെക്കൊണ്ടു ജോലി ചെയ്യിച്ചു. അമ്മോന്യപട്ടണവാസികള്‍ എല്ലാവരോടും ദാവീദ് അങ്ങനെതന്നെ ചെയ്തു. പിന്നീട് ദാവീദും കൂടെയുള്ളവരും യെരൂശലേമിലേക്കു മടങ്ങിപ്പോയി.
1
ദാവീദിന്‍റെ മകനായ അബ്ശാലോമിന് താമാര്‍ എന്ന സുന്ദരിയായ ഒരു സഹോദരി ഉണ്ടായിരുന്നു. അദ്ദേഹത്തിനു മറ്റൊരു ഭാര്യയില്‍ പിറന്ന മകനായ അമ്നോന് അവളില്‍ പ്രേമം ജനിച്ചു.2 കന്യകയായ അവളെ സമീപിക്കുക അസാധ്യമെന്ന് അമ്നോനു തോന്നി. അവളോടുള്ള പ്രേമാതിരേകത്താല്‍ അവന്‍ രോഗിയായിത്തീര്‍ന്നു.
3 അമ്നോന് ദാവീദിന്‍റെ ജ്യേഷ്ഠസഹോദരനായ ശിമെയയുടെ പുത്രന്‍ യോനാദാബ് എന്നൊരു സ്നേഹിതന്‍ ഉണ്ടായിരുന്നു. അവന്‍ വലിയ സൂത്രശാലി ആയിരുന്നു.
4 അവന്‍ അമ്നോനോടു ചോദിച്ചു: “നീ രാജപുത്രനായിട്ടും ഓരോ ദിവസം കഴിയുന്തോറും ക്ഷീണിച്ചു വരുന്നതെന്ത്? എന്നോടു പറഞ്ഞുകൂടേ?” അമ്നോന്‍ അയാളോടു പറഞ്ഞു: “അബ്ശാലോമിന്‍റെ സഹോദരിയായ താമാറിനോട് എനിക്കു പ്രേമം ആണ്.”
5 യോനാദാബ് അവനോടു പറഞ്ഞു: “നീ രോഗം നടിച്ച് കിടക്കണം. നിന്‍റെ പിതാവു നിന്നെ കാണാന്‍ വരുമ്പോള്‍ ‘എന്‍റെ സഹോദരിയായ താമാറിനെ എനിക്കു ഭക്ഷണം തരാനായി എന്‍റെ അടുക്കല്‍ അയയ്‍ക്കണം; ഞാന്‍ കാണ്‍കെ എന്‍റെ മുമ്പില്‍ വച്ചുതന്നെ അവള്‍ ഭക്ഷണം പാകം ചെയ്യട്ടെ’ എന്ന് അദ്ദേഹത്തോടു പറയണം.”
6
അങ്ങനെ അമ്നോന്‍ രോഗം നടിച്ചു കിടന്നു. രാജാവ് അവനെ കാണാന്‍ വന്നപ്പോള്‍ അവന്‍ പറഞ്ഞു: “എനിക്കു ഭക്ഷണം നല്‌കാന്‍ എന്‍റെ സഹോദരിയായ താമാറിനെ അയയ്‍ക്കണം. അവള്‍ എന്‍റെ മുമ്പില്‍വച്ചുതന്നെ അപ്പമുണ്ടാക്കി എനിക്കു വിളമ്പിത്തരട്ടെ.”7 അതനുസരിച്ച് ദാവീദ് താമാറിന്‍റെ അടുക്കല്‍ ആളയച്ചു ഇപ്രകാരം പറയിച്ചു: “നിന്‍റെ സഹോദരനായ അമ്നോന്‍റെ വീട്ടില്‍ ചെന്ന് അവന് ഭക്ഷണമുണ്ടാക്കിക്കൊടുക്കണം.”
8 അങ്ങനെ താമാര്‍ അവളുടെ സഹോദരനായ അമ്നോന്‍റെ വീട്ടില്‍ ചെന്നു. അവന്‍ കിടക്കുകയായിരുന്നു. അവള്‍ മാവെടുത്തു കുഴച്ച് അവന്‍ കാണ്‍കെത്തന്നെ അടയുണ്ടാക്കി.
9 അവള്‍ അട വറചട്ടിയില്‍ നിന്നെടുത്ത് അവനു കൊടുത്തു. എന്നാല്‍ അവന്‍ അതു ഭക്ഷിച്ചില്ല. “എല്ലാവരും പുറത്തുപോകാന്‍ പറയുക” എന്ന് അമ്നോന്‍ ആവശ്യപ്പെട്ടു. എല്ലാവരും പുറത്തു പോയി.
10 അപ്പോള്‍ അമ്നോന്‍ താമാറിനോടു പറഞ്ഞു: “നിന്‍റെ കൈയില്‍നിന്നുതന്നെ എനിക്കു ഭക്ഷണം വാങ്ങി കഴിക്കണം. അതിനായി മുറിയിലേക്ക് കൊണ്ടുവരിക.”
11 താമാര്‍ അടയുമായി തന്‍റെ സഹോദരന്‍ അമ്നോന്‍റെ മുറിയില്‍ ചെന്നു. അവള്‍ അതു കൊണ്ടുചെന്നപ്പോള്‍ അവന്‍ അവളെ കടന്നുപിടിച്ചു. “സഹോദരീ, വന്ന് എന്‍റെ കൂടെ കിടക്കുക” എന്ന് അവന്‍ പറഞ്ഞു.
12 അവള്‍ മറുപടി നല്‌കി “അരുതേ, സഹോദരാ, എന്നെ അപമാനിക്കരുതേ; ഇതു ഇസ്രായേലില്‍ നിഷിദ്ധമാണല്ലോ. ഈ വഷളത്തം പ്രവര്‍ത്തിക്കരുതേ.
13 ഞാന്‍ എങ്ങനെ മറ്റുള്ളവരുടെ മുമ്പില്‍ തല ഉയര്‍ത്തി നടക്കും. നീ ഇസ്രായേലിലെ വഷളന്മാരില്‍ ഒരുവനായിത്തീരുമല്ലോ. അതുകൊണ്ട് രാജാവിനോടു പറയുക; അവിടുന്ന് എന്നെ അങ്ങേക്ക് നല്‌കാതിരിക്കുകയില്ല.” എന്നാല്‍ അവന്‍ അവളുടെ വാക്കു ശ്രദ്ധിച്ചില്ല.
14 അവളെക്കാള്‍ ശക്തിയുണ്ടായിരുന്നതുകൊണ്ട് അവന്‍ ബലം പ്രയോഗിച്ച് അവളെ പ്രാപിച്ചു.
15 ഇതു കഴിഞ്ഞപ്പോള്‍ അമ്നോന്‍ അവളെ അത്യന്തം വെറുത്തു. അവളോടു മുമ്പുണ്ടായിരുന്ന പ്രേമത്തെക്കാള്‍ തീവ്രമായിരുന്നു അപ്പോഴത്തെ വെറുപ്പ്. “എഴുന്നേറ്റു പോകൂ” അമ്നോന്‍ അവളോടു പറഞ്ഞു.
16 അവള്‍ അവനോട് പറഞ്ഞു: “അങ്ങനെയരുത്. നീ എന്നോട് ചെയ്ത തെറ്റിനെക്കാള്‍ ഭയങ്കരമാണ് എന്നെ പറഞ്ഞയയ്‍ക്കുന്നത്.” എന്നാല്‍ അവന്‍ അത് അവഗണിച്ചു.
17 അവന്‍ തന്‍റെ ഭൃത്യനെ വിളിച്ചു പറഞ്ഞു: “ഇവളെ എന്‍റെ മുമ്പില്‍നിന്നു പുറത്തിറക്കി വാതില്‍ അടയ്‍ക്കൂ.”
18 അവിവാഹിതകളായ രാജകുമാരിമാര്‍ ധരിക്കുന്ന നീണ്ടകൈയുള്ള ഉടുപ്പായിരുന്നു താമാര്‍ ധരിച്ചിരുന്നത്. ഭൃത്യന്‍ അവളെ പുറത്തിറക്കി വാതില്‍ അടച്ചു.
19 താമാര്‍ തലയില്‍ ചാരം വിതറി; താന്‍ ധരിച്ചിരുന്ന ഉടുപ്പു വലിച്ചുകീറി തലയില്‍ കൈ വച്ച് ഉറക്കെ നിലവിളിച്ചുകൊണ്ടു പോയി.
20 അവളുടെ സഹോദരനായ അബ്ശാലോം അവളെ കണ്ടപ്പോള്‍: “അമ്നോന്‍ നിന്നെ അപമാനപ്പെടുത്തിയോ? എന്‍റെ സഹോദരീ, നീ സമാധാനമായിരിക്കൂ. അവന്‍ നിന്‍റെ സഹോദരനല്ലേ, നീ ഇതു കാര്യമാക്കേണ്ടാ.” എന്നു പറഞ്ഞു. അങ്ങനെ തന്‍റെ സഹോദരനായ അബ്ശാലോമിന്‍റെ വീട്ടില്‍ താമാര്‍ ദുഃഖിച്ച് ഏകാകിനിയായി പാര്‍ത്തു.
21 ദാവീദുരാജാവ് ഈ വിവരം അറിഞ്ഞപ്പോള്‍ അത്യന്തം കോപിഷ്ഠനായി.
22 അബ്ശാലോം ഗുണമാകട്ടെ ദോഷമാകട്ടെ യാതൊന്നും അമ്നോനോടു പറഞ്ഞില്ല. തന്‍റെ സഹോദരിയായ താമാറിനെ അപമാനപ്പെടുത്തിയതുകൊണ്ട് അബ്ശാലോം അവനെ ദ്വേഷിച്ചു.
23
രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞ് എഫ്രയീമിനടുത്തുള്ള ബാല്‍-ഹാസോരില്‍ വച്ച് തന്‍റെ ആടുകളുടെ രോമം കത്രിക്കുന്ന ഉത്സവത്തിനു രാജകുമാരന്മാരെയെല്ലാം അബ്ശാലോം ക്ഷണിച്ചു.24 അദ്ദേഹം രാജസന്നിധില്‍ ചെന്നു പറഞ്ഞു: “എന്‍റെ ആടുകളുടെ രോമം കത്രിക്കുന്ന ഉത്സവത്തില്‍ അങ്ങു സേവകന്മാരോടൊപ്പം പങ്കെടുത്താലും.”
25 രാജാവ് പ്രതിവചിച്ചു: “വേണ്ട മകനേ! ഞങ്ങളെല്ലാവരും കൂടെ വന്നാല്‍ നിനക്കു ബുദ്ധിമുട്ടുണ്ടാകും.” അബ്ശാലോം വളരെ നിര്‍ബന്ധിച്ചിട്ടും രാജാവു പോകാതെ അവനു മംഗളം നേര്‍ന്നു.
26 അബ്ശാലോം പറഞ്ഞു: “അങ്ങ് വരുന്നില്ലെങ്കില്‍ എന്‍റെ സഹോദരന്‍ അമ്നോന്‍ വരാന്‍ അനുവദിച്ചാലും.” “അവന്‍ എന്തിനാണു വരുന്നത്” എന്നു രാജാവ് ചോദിച്ചു.
27 എങ്കിലും അബ്ശാലോം നിര്‍ബന്ധിച്ചതുകൊണ്ട് അമ്നോനും മറ്റു രാജകുമാരന്മാരെല്ലാവരും പോകാന്‍ രാജാവ് അനുവദിച്ചു.
28 “അമ്നോന്‍ വീഞ്ഞു കുടിച്ചു മത്തനാകുമ്പോള്‍ അവനെ അടിച്ചുവീഴ്ത്തുക എന്നു ഞാന്‍ പറയും; അപ്പോള്‍ അവനെ നിങ്ങള്‍ കൊല്ലണം. നിങ്ങള്‍ ഭയപ്പെടേണ്ടാ; ഞാനാണു നിങ്ങളോടു കല്പിക്കുന്നത്; നിങ്ങള്‍ ധീരതയും ശൗര്യവും കാട്ടുക” എന്ന് അബ്ശാലോം ഭൃത്യന്മാരോടു കല്പിച്ചിരുന്നു.
29 അബ്ശാലോം പറഞ്ഞിരുന്നതുപോലെ ഭൃത്യന്മാര്‍ അമ്നോനെ വധിച്ചു. രാജകുമാരന്മാരെല്ലാം എഴുന്നേറ്റു കോവര്‍കഴുതപ്പുറത്തു കയറി അതിശീഘ്രം പോയി.
30 അവര്‍ ഓടിപ്പോകുമ്പോള്‍തന്നെ “അബ്ശാലോം രാജകുമാരന്മാരെയെല്ലാം വധിച്ചുകളഞ്ഞു. ആരും ശേഷിച്ചിട്ടില്ല” എന്നൊരു വാര്‍ത്ത ദാവീദ് കേട്ടു.
31 അപ്പോള്‍ രാജാവ് എഴുന്നേറ്റു വസ്ത്രം കീറി നിലത്തു കിടന്നു; അടുത്തുണ്ടായിരുന്ന ഭൃത്യന്മാരും തങ്ങളുടെ വസ്ത്രം കീറി.
32 എന്നാല്‍ ദാവീദിന്‍റെ ജ്യേഷ്ഠനായ ശിമെയയുടെ പുത്രന്‍ യോനാദാബു പറഞ്ഞു: “യജമാനനേ, അങ്ങയുടെ പുത്രന്മാരെയെല്ലാം കൊന്നുകളഞ്ഞു എന്ന് അങ്ങു ധരിക്കരുത്. അമ്നോന്‍ മാത്രമേ മരിച്ചിട്ടുള്ളൂ; തന്‍റെ സഹോദരിയായ താമാറിനെ അപമാനിച്ച ദിവസംമുതല്‍ അബ്ശാലോം ഇതു തീരുമാനിച്ചിരുന്നതാണ്.
33 അങ്ങയുടെ പുത്രന്മാരെല്ലാം കൊല്ലപ്പെട്ടു എന്ന വാര്‍ത്ത അങ്ങു വിശ്വസിക്കരുത്; അമ്നോന്‍ മാത്രമേ മരിച്ചിട്ടുള്ളൂ.”
34 ഇതിനിടയ്‍ക്ക് അബ്ശാലോം ഓടിപ്പോയിരുന്നു. വലിയ ഒരു ജനക്കൂട്ടം തന്‍റെ പിമ്പിലുള്ള പാതയിലൂടെ മലയിറങ്ങി വരുന്നത് കാവല്‍ഭടന്മാരില്‍ ഒരാള്‍ കണ്ടു.
35 അപ്പോള്‍ യോനാദാബ് രാജാവിനോടു പറഞ്ഞു: “ഞാന്‍ പറഞ്ഞതുപോലെതന്നെ രാജകുമാരന്മാര്‍ വരുന്നുണ്ട്.”
36 അയാള്‍ പറഞ്ഞുതീര്‍ന്നപ്പോഴേക്കും രാജകുമാരന്മാര്‍ സ്ഥലത്തെത്തി. അവര്‍ ഉറക്കെ നിലവിളിച്ചു. രാജാവും ഭൃത്യന്മാരും അതീവദുഃഖത്തോടെ കരഞ്ഞു.
37 അബ്ശാലോമാകട്ടെ അവിടെനിന്ന് ഓടി അമ്മീഹൂദിന്‍റെ പുത്രനും ഗെശൂരിലെ രാജാവുമായ തല്മായിയുടെ അടുക്കല്‍ ചെന്നു. ദാവീദ് അമ്നോനെ ഓര്‍ത്തു ദിവസങ്ങളോളം ദുഃഖിച്ചുകൊണ്ടിരുന്നു.
38
ഗെശൂരിലേക്ക് ഓടിപ്പോയ അബ്ശാലോം മൂന്നു വര്‍ഷം അവിടെ പാര്‍ത്തു.39 അമ്നോന്‍ മരിച്ചതിലുള്ള ദുഃഖം അടങ്ങിയപ്പോള്‍ ദാവീദുരാജാവ് അബ്ശാലോമിനെ കാണാന്‍ അതിയായി ആഗ്രഹിച്ചു.
1
അബ്ശാലോമിനെക്കുറിച്ച് രാജാവ് ഉല്‍ക്കണ്ഠാകുലനായിരിക്കുന്നു എന്നു സെരൂയായുടെ പുത്രനായ യോവാബ് ഗ്രഹിച്ചു.2 അയാള്‍ തെക്കോവയിലേക്ക് ആളയച്ചു സമര്‍ഥയായ ഒരു സ്‍ത്രീയെ വരുത്തി അവളോടു പറഞ്ഞു: “നീ വിലാപവസ്ത്രം ധരിച്ചു തലയില്‍ എണ്ണപുരട്ടാതെ മരിച്ചവനെക്കുറിച്ച് ഏറെനാളായി ദുഃഖിക്കുന്നതുപോലെ വിലാപഭാവം നടിക്കണം.”
3 രാജസന്നിധിയില്‍ ചെന്നു പറയേണ്ട കാര്യങ്ങളും അയാള്‍ അവളോടു പറഞ്ഞു.
4 ആ സ്‍ത്രീ രാജസന്നിധിയില്‍ ചെന്നു സാഷ്ടാംഗം വീണു വണങ്ങി: “അങ്ങ് എന്നെ രക്ഷിക്കണമേ” എന്നു പറഞ്ഞു.
5 “നിന്‍റെ സങ്കടം എന്ത്” എന്നു രാജാവു ചോദിച്ചു. അവള്‍ പറഞ്ഞു: “അടിയന്‍ ഒരു വിധവയാണ്; ഭര്‍ത്താവു മരിച്ചുപോയി.
6 അടിയനു രണ്ടു പുത്രന്മാരുണ്ടായിരുന്നു. അവര്‍ വയലില്‍ വച്ചു ശണ്ഠകൂടി, അവരെ പിടിച്ചുമാറ്റാന്‍ മറ്റാരുമില്ലാതിരുന്നതുകൊണ്ട് ഒരുവന്‍ മറ്റവനെ അടിച്ചുകൊന്നു.
7 എന്‍റെ ചാര്‍ച്ചക്കാരെല്ലാം എനിക്കെതിരായി തിരിഞ്ഞു എന്നോടു പറയുന്നു: സഹോദരഘാതകനെ വിട്ടുതരിക; മരിച്ചവനുവേണ്ടി ഞങ്ങള്‍ അവനോടു പ്രതികാരം ചെയ്യട്ടെ; അവന്‍റെ വംശം കൂടി ഞങ്ങള്‍ നശിപ്പിക്കും. ശേഷിച്ചിരിക്കുന്ന കനല്‍കൂടി അവര്‍ കെടുത്താന്‍ പോകുന്നു. അങ്ങനെ എന്‍റെ ഭര്‍ത്താവിന്‍റെ പേരു നിലനിര്‍ത്താന്‍ ഭൂമുഖത്ത് ആരും ഇല്ലാതെവരും.”
8 അപ്പോള്‍ രാജാവു പറഞ്ഞു: “നീ പൊയ്‍ക്കൊള്ളുക; നിന്‍റെ കാര്യത്തില്‍ ഞാന്‍ വേണ്ട നടപടി എടുത്തുകൊള്ളാം.”
9 തെക്കോവക്കാരി രാജാവിനോടു പറഞ്ഞു: “കുറ്റം അടിയന്‍റെയും അടിയന്‍റെ പിതൃഭവനത്തിന്‍റെയും മേല്‍ ആയിരിക്കട്ടെ; രാജാവും അവിടുത്തെ സിംഹാസനവും കുറ്റമറ്റതായിരിക്കട്ടെ.”
10 രാജാവു പറഞ്ഞു: “നിന്നെ ആരെങ്കിലും ഭീഷണിപ്പെടുത്തിയാല്‍ അവനെ എന്‍റെ അടുക്കല്‍ കൊണ്ടുവരിക. അവന്‍ നിനക്ക് ഒരു ഉപദ്രവവും പിന്നീടു ചെയ്യുകയില്ല.”
11 അപ്പോള്‍ അവള്‍ പറഞ്ഞു: “രക്തപ്പക പുലര്‍ത്തുന്നവര്‍ എന്‍റെ മകനെ നശിപ്പിക്കാതിരിക്കാന്‍ അവിടുത്തെ ദൈവമായ സര്‍വേശ്വരനോട് അങ്ങു പ്രാര്‍ഥിക്കണമേ.” രാജാവു പറഞ്ഞു: “സര്‍വേശ്വരന്‍റെ നാമത്തില്‍ ഞാന്‍ പറയുന്നു: നിന്‍റെ മകന്‍റെ ഒരു രോമത്തിനുപോലും കേടുവരികയില്ല.”
12 “ഒരു കാര്യം കൂടി ഞാന്‍ ബോധിപ്പിച്ചുകൊള്ളട്ടെ” എന്ന് അവള്‍ രാജാവിനോടു പറഞ്ഞു. “പറയൂ” രാജാവ് അനുവദിച്ചു.
13 അവള്‍ പറഞ്ഞു: “ദൈവജനത്തിനെതിരെ അങ്ങ് ഈ തെറ്റു ചെയ്തത് എന്ത്? പുറന്തള്ളിയ സ്വന്തം പുത്രനെ തിരിച്ചു കൊണ്ടുവരാത്തതിനാല്‍ അങ്ങ് അങ്ങയെത്തന്നെ കുറ്റം വിധിച്ചിരിക്കുകയല്ലേ?
14 നമ്മള്‍ എല്ലാം മരിക്കും. നിലത്തുവീണു ചിതറിയ വെള്ളം വീണ്ടും ഒന്നിച്ചുകൂടുകയില്ലല്ലോ. പുറന്തള്ളിയവനെ തിരിച്ചെടുക്കാന്‍ ഒരുങ്ങുന്നവന്‍റെ ജീവന്‍ ദൈവം എടുത്തുകളയുകയില്ല;
15 ജനങ്ങള്‍ എന്നെ ഭയപ്പെടുത്തിയതുകൊണ്ടാണ് എന്‍റെ യജമാനനായ രാജാവിനോട് ഈ കാര്യം പറയാന്‍ അടിയന്‍ വന്നത്. ഞാന്‍ അങ്ങയോട് അപേക്ഷിക്കുന്നതു നിറവേറ്റിത്തരും എന്ന പ്രത്യാശ അടിയനുണ്ട്. അതുകൊണ്ടാണ് അടിയന്‍ ഇക്കാര്യം പറയുന്നത്.
16 അടിയന്‍ ഇങ്ങനെ ചിന്തിച്ചു: ദൈവം തന്‍റെ ജനത്തിനു നല്‌കിയിരിക്കുന്ന ദേശത്തുനിന്ന് എന്നെയും എന്‍റെ പുത്രനെയും കൊന്നുനീക്കാന്‍ ശ്രമിക്കുന്നവരുടെ കൈയില്‍നിന്ന് അങ്ങ് എന്നെ രക്ഷിക്കും.
17 എന്‍റെ യജമാനനായ അങ്ങയുടെ വാഗ്ദാനം എനിക്കു സമാധാനം നല്‌കും. നന്മയും തിന്മയും വിവേചിച്ചറിയുന്നതില്‍ അങ്ങ് ഒരു ദൈവദൂതനെപ്പോലെയാണ്. അങ്ങയുടെ ദൈവമായ സര്‍വേശ്വരന്‍ അങ്ങയുടെ കൂടെ ഉണ്ടായിരിക്കട്ടെ.”
18 രാജാവ് അവളോടു പറഞ്ഞു: “ഞാന്‍ ഒരു ചോദ്യം ചോദിക്കട്ടെ. നീ ഒന്നും മറച്ചുവയ്‍ക്കാതെ സത്യം പറയണം.” “യജമാനനേ, കല്പിച്ചാലും” അവള്‍ പറഞ്ഞു.
19 “ഇതിന്‍റെയെല്ലാം പിമ്പിലുള്ളതു യോവാബല്ലേ” എന്നു രാജാവു ചോദിച്ചു. അവള്‍ മറുപടി പറഞ്ഞു: “എന്‍റെ യജമാനനായ രാജാവേ, അങ്ങയുടെ ചോദ്യത്തിന് ഉത്തരം നല്‌കാതെയിരിക്കാന്‍ ആര്‍ക്കും സാധ്യമല്ല. അങ്ങയുടെ ഭൃത്യനായ യോവാബു തന്നെയാണ് ഇതെല്ലാം അടിയനോടു പറഞ്ഞത്.
20 പ്രശ്നങ്ങളെല്ലാം പരിഹരിക്കുന്നതിനുവേണ്ടിയാണു യോവാബ് ഇതു ചെയ്തത്. ഭൂമിയിലുള്ള സകല കാര്യങ്ങളും അറിയത്തക്കവിധം അങ്ങ് ദൈവദൂതനെപ്പോലെ ജ്ഞാനിയാണ്.”
21 പിന്നീട് രാജാവ് യോവാബിനോടു പറഞ്ഞു: “നിന്‍റെ ആഗ്രഹംപോലെ പ്രവര്‍ത്തിക്കാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നു; നീ പോയി അബ്ശാലോമിനെ കൂട്ടിക്കൊണ്ടുവരിക.”
22 യോവാബു രാജസന്നിധിയില്‍ വീണു വണങ്ങി “ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ” എന്നു പറഞ്ഞു. യോവാബു തുടര്‍ന്നു: “അങ്ങേക്ക് അടിയനോടുള്ള പ്രീതി അടിയന്‍ ഇപ്പോള്‍ അറിയുന്നു. അങ്ങ് അടിയന്‍റെ അപേക്ഷ സ്വീകരിച്ചുവല്ലോ.”
23 യോവാബ് ഗെശൂരില്‍ ചെന്ന് അബ്ശാലോമിനെ യെരൂശലേമിലേക്കു കൂട്ടിക്കൊണ്ടു വന്നു.
24 എങ്കിലും രാജാവു കല്പിച്ചു: “അവന്‍ സ്വന്തം ഭവനത്തില്‍ പാര്‍ക്കട്ടെ; കൊട്ടാരത്തില്‍ എന്‍റെ അടുത്തു വരരുത്. അവന്‍ കൊട്ടാരത്തില്‍ ചെല്ലാതെ സ്വന്തം ഭവനത്തില്‍ തന്നെ പാര്‍ത്തു. രാജാവിനെ മുഖം കാണിച്ചതുമില്ല.
25
അബ്ശാലോമിനോളം സൗന്ദര്യമുള്ള മറ്റാരും ഇസ്രായേലില്‍ ഉണ്ടായിരുന്നില്ല. അടിതൊട്ടു മുടിവരെ കുറ്റമറ്റവനായിരുന്നു അയാള്‍.26 അയാളുടെ മുടി വളര്‍ന്നു ഭാരമാകുമ്പോള്‍ ആണ്ടിലൊരിക്കല്‍ അതു കത്രിച്ചു വന്നു. ഒരിക്കല്‍ കളയുന്ന മുടിക്ക് ഇരുനൂറു ശേക്കെല്‍ ഭാരം കാണുമായിരുന്നു.
27 അബ്ശാലോമിനു മൂന്നു പുത്രന്മാരും താമാര്‍ എന്നു പേരുള്ള ഒരു മകളും ജനിച്ചു; അവള്‍ അതീവസുന്ദരി ആയിരുന്നു.
28 അബ്ശാലോം രണ്ടു വര്‍ഷം മുഴുവന്‍ രാജാവിനെ മുഖം കാണിക്കാതെ യെരൂശലേമില്‍ പാര്‍ത്തു.
29 പിന്നീട് അയാള്‍ രാജാവിന്‍റെ അടുക്കല്‍ യോവാബിനെ അയയ്‍ക്കുന്നതിനുവേണ്ടി അയാളെ വരുത്താന്‍ ആളയച്ചു. എന്നാല്‍ യോവാബ് അയാളുടെ അടുക്കല്‍ ചെന്നില്ല. രണ്ടാമതും ആളയച്ചു; എന്നിട്ടും യോവാബ് ചെന്നില്ല;
30 ഉടനെ അബ്ശാലോം തന്‍റെ ദാസന്മാരോടു പറഞ്ഞു: “എന്‍റെ നിലത്തിനടുത്തു യോവാബിന് ഒരു നിലം ഉണ്ടല്ലോ. അതില്‍ ബാര്‍ലി വിളഞ്ഞു കിടക്കുകയാണ്; നിങ്ങള്‍ ചെന്ന് അതിനു തീ വയ്‍ക്കുക.” അങ്ങനെ അബ്ശാലോമിന്‍റെ ഭൃത്യന്മാര്‍ ആ വയലിനു തീ വച്ചു.
31 അപ്പോള്‍ യോവാബ് അബ്ശാലോമിന്‍റെ അടുക്കല്‍ ചെന്നു ചോദിച്ചു: “നിന്‍റെ ഭൃത്യന്മാര്‍ എന്‍റെ വയല്‍ കത്തിച്ചുകളഞ്ഞതെന്ത്?”
32 അബ്ശാലോം യോവാബിനോടു പറഞ്ഞു: “ഞാന്‍ ആളയച്ചിട്ടു നീ വരാഞ്ഞതുകൊണ്ടാണ് അങ്ങനെ ചെയ്തത്. എനിക്കുവേണ്ടി നീ രാജാവിനെ കാണണമെന്നു ഞാന്‍ ആഗ്രഹിച്ചു. ഞാന്‍ എന്തിനു ഗെശൂരില്‍നിന്ന് ഇവിടെവന്നു? അവിടെ താമസിക്കുകയായിരുന്നു കൂടുതല്‍ നല്ലത് എന്ന വിവരം നിന്നില്‍കൂടി രാജാവിനെ അറിയിക്കണം എന്നാണ് എന്‍റെ ആഗ്രഹം.” അബ്ശാലോം തുടര്‍ന്നു: “എനിക്കു രാജാവിനെ കാണണം. ഞാന്‍ എന്തെങ്കിലും തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹം എന്നെ കൊല്ലട്ടെ.”
33 പിന്നീട് യോവാബ് രാജാവിന്‍റെ അടുക്കല്‍ ചെന്നു വിവരം പറഞ്ഞു. രാജാവ് അബ്ശാലോമിനെ വിളിപ്പിച്ചു; അയാള്‍ രാജാവിന്‍റെ മുമ്പില്‍ ചെന്നു താണുവീണു നമസ്കരിച്ചു. രാജാവ് അബ്ശാലോമിനെ ചുംബിച്ചു.
1
അബ്ശാലോം ഒരു രഥവും ഏതാനും കുതിരകളെയും അമ്പത് അകമ്പടിക്കാരെയും സമ്പാദിച്ചു.2 അതിരാവിലെ അയാള്‍ എഴുന്നേറ്റു വഴിയരികിലുള്ള പടിവാതില്‌ക്കല്‍ ചെന്നു നില്‌ക്കും. രാജാവു നേരിട്ടു പരിഹരിക്കേണ്ട ഏതെങ്കിലും പ്രശ്നവുമായി ആരെങ്കിലും വന്നാല്‍ അബ്ശാലോം അവനെ വിളിച്ച് നീ ഏതു പട്ടണക്കാരനാണ് എന്നു ചോദിക്കും. അവന്‍റെ ഗോത്രം ഏതെന്നു പറഞ്ഞു കഴിയുമ്പോള്‍,
3 അബ്ശാലോം അവനോടു പറയും: “നിന്‍റെ കാര്യം ന്യായമുള്ളതാണ്. എങ്കിലും നിന്‍റെ പരാതി കേള്‍ക്കാന്‍ രാജാവ് ആരെയും നിയമിച്ചിട്ടില്ല.
4 വഴക്കും വ്യവഹാരവും ഉള്ളവര്‍ എന്‍റെ അടുക്കല്‍ വരികയും ഞാന്‍ അവ തീര്‍ത്തുകൊടുക്കുകയും ചെയ്യത്തക്കവിധം ഞാന്‍ ഒരു ന്യായാധിപന്‍ ആയിരുന്നെങ്കില്‍ അവരുടെ പ്രശ്നങ്ങള്‍ ഞാന്‍ പരിഹരിച്ചുകൊടുക്കുമായിരുന്നു.”
5 ആരെങ്കിലും അബ്ശാലോമിനെ വണങ്ങാന്‍ ഒരുമ്പെട്ടാല്‍ അവനെ പിടിച്ചു ചുംബിക്കും.
6 രാജാവില്‍നിന്നു പ്രശ്നപരിഹാരം ആവശ്യമായി ചെന്ന എല്ലാവരോടും അബ്ശാലോം ഇങ്ങനെതന്നെ ചെയ്തു. അങ്ങനെ അബ്ശാലോം സകല ഇസ്രായേല്യരുടെയും ഹൃദയം കവര്‍ന്നു.
7
നാലു വര്‍ഷം കഴിഞ്ഞപ്പോള്‍ രാജാവിനോട് അബ്ശാലോം പറഞ്ഞു: “ഞാന്‍ സര്‍വേശ്വരനോടു ചെയ്തിട്ടുള്ള പ്രതിജ്ഞ നിറവേറ്റാന്‍ ഹെബ്രോനിലേക്കു പോകാന്‍ എന്നെ അനുവദിച്ചാലും;8 ‘സര്‍വേശ്വരന്‍ എന്നെ യെരൂശലേമിലേക്കു മടക്കിക്കൊണ്ടുവന്നാല്‍ ഹെബ്രോനില്‍വച്ച് അവിടുത്തെ ആരാധിക്കും എന്നു ഞാന്‍ സിറിയായിലെ ഗെശൂരില്‍ പാര്‍ത്തിരുന്നപ്പോള്‍ പ്രതിജ്ഞ ചെയ്തിരുന്നു.”
9 “സമാധാനത്തോടെ പോകുക” എന്നു രാജാവു പറഞ്ഞു. അയാള്‍ ഹെബ്രോനിലേക്കു പോയി.
10 അബ്ശാലോം ഇസ്രായേലിലെ എല്ലാ ഗോത്രങ്ങളിലും ദൂതന്മാരെ രഹസ്യമായി അയച്ചു പറയിച്ചു: “കാഹളനാദം കേള്‍ക്കുമ്പോള്‍ അബ്ശാലോം ഹെബ്രോനില്‍ രാജാവായിരിക്കുന്നു എന്നു വിളിച്ചുപറയണം.”
11 യെരൂശലേമില്‍നിന്നു ക്ഷണിക്കപ്പെട്ട ഇരുനൂറു പേര്‍ അബ്ശാലോമിന്‍റെ കൂടെ പോയിരുന്നു; ശുദ്ധഗതിക്കാരായ അവര്‍ കാര്യം ഒന്നും അറിയാതെയാണു പോയത്.
12 യാഗം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ അബ്ശാലോം ദാവീദിന്‍റെ ഉപദേഷ്ടാവായ അഹീഥോഫെലിനെ ആളയച്ചു വരുത്തി; അയാള്‍ ഗീലോ പട്ടണക്കാരനായിരുന്നു. അയാള്‍ വന്നതോടുകൂടി രാജാവിനെതിരായുള്ള ഗൂഢാലോചന ശക്തിപ്പെട്ടു. അബ്ശാലോമിന്‍റെ അനുയായികളുടെ സംഖ്യ വര്‍ധിക്കുകയും ചെയ്തു.
13
ഇസ്രായേല്‍ജനം അബ്ശാലോമിനോടു കൂറു പ്രഖ്യാപിച്ച വിവരം ഒരു ദൂതന്‍ ദാവീദിനെ അറിയിച്ചു.14 അപ്പോള്‍ ദാവീദ് യെരൂശലേമിലുള്ള തന്‍റെ അനുയായികളോടു പറഞ്ഞു: “നമുക്ക് ഓടിപ്പോകാം, അല്ലെങ്കില്‍ നമ്മിലാരും അബ്ശാലോമിന്‍റെ കൈയില്‍നിന്നു രക്ഷപെടുകയില്ല. അവന്‍ വന്നു നമ്മെയും എല്ലാ പട്ടണവാസികളെയും വാളിനിരയാക്കും.”
15 ഭൃത്യന്മാര്‍ രാജാവിനോടു പറഞ്ഞു: “അങ്ങയുടെ ഏതാജ്ഞയും ഞങ്ങള്‍ ശിരസ്സാവഹിച്ചുകൊള്ളാം.”
16 പിന്നീട് രാജാവ് കുടുംബസമേതം പുറപ്പെട്ടു; കൊട്ടാരം സൂക്ഷിക്കുന്നതിനു പത്ത് ഉപഭാര്യമാരെ മാത്രം അവിടെ താമസിപ്പിച്ചു.
17 രാജാവും ഭൃത്യന്മാരും പട്ടണം വിട്ടു പോകുന്നവഴി അവസാനത്തെ വീടിന്‍റെ അടുക്കല്‍ ചെന്നു നിന്നു.
18 രാജാവിന്‍റെ ദാസന്മാരെല്ലാം അദ്ദേഹത്തിന്‍റെ അരികിലൂടെ കടന്നുപോയി. എല്ലാ ക്രേത്യരും പെലേത്യരും ഗത്തില്‍നിന്നു രാജാവിന്‍റെ കൂടെ പോന്നിരുന്ന അറുനൂറു പേരും അദ്ദേഹത്തിന്‍റെ മുമ്പിലൂടെത്തന്നെ കടന്നുപോയി.
19 ഗിത്യനായ ഇത്ഥായിയോട് അദ്ദേഹം പറഞ്ഞു: “നീ ഞങ്ങളുടെകൂടെ വരുന്നത് എന്തിന്? മടങ്ങിപ്പോയി പുതിയ രാജാവിന്‍റെകൂടെ പാര്‍ക്കുക. നീ ഒരു പരദേശിയും ഇവിടെ പ്രവാസിയും ആണല്ലോ;
20 ഇന്നലെ മാത്രം വന്ന നീ ലക്ഷ്യമില്ലാതെ പോകുന്ന എന്‍റെകൂടെ എന്തിന് അലയുന്നു? നിന്‍റെ സഹോദരന്മാരുടെ കൂടെ മടങ്ങിപ്പോകുക. സര്‍വേശ്വരന്‍ നിന്നോടു കരുണയും വിശ്വസ്തതയും കാണിക്കട്ടെ.”
21 ഇത്ഥായി രാജാവിനോടു പറഞ്ഞു: “മരിക്കയോ ജീവിക്കയോ ചെയ്യട്ടെ അങ്ങു പോകുന്നിടത്തുതന്നെ ഞാനും വരുമെന്നു സര്‍വേശ്വരന്‍റെയും അങ്ങയുടെയും നാമത്തില്‍ ഞാനിതാ സത്യം ചെയ്യുന്നു.”
22 “നീയും എന്‍റെകൂടെ പോരുക” ദാവീദ് ഗിത്യനായ ഇത്ഥായിയോടു പറഞ്ഞു. അങ്ങനെ ഗിത്യനായ ഇത്ഥായി തന്‍റെ അനുചരന്മാരോടും കുഞ്ഞുകുട്ടികളോടുംകൂടി മുമ്പോട്ടു നീങ്ങി.
23 ദാവീദിന്‍റെ അനുയായികള്‍ കടന്നുപോയപ്പോള്‍ ജനമെല്ലാം ഉറക്കെ കരഞ്ഞു. രാജാവ് കിദ്രോന്‍തോടു കടന്നു; ജനം അദ്ദേഹത്തെ അനുഗമിച്ചു; അവരെല്ലാം മരുഭൂമിയിലേക്കുള്ള വഴിയെ നടന്നു.
24 അബ്യാഥാരും സാദോക്കും കൂടാതെ ദൈവത്തിന്‍റെ ഉടമ്പടിപ്പെട്ടകം വഹിച്ചുകൊണ്ടു ലേവ്യരും അവിടെ എത്തി. ജനം പട്ടണം വിട്ടു കഴിയുന്നതുവരെ അവര്‍ പെട്ടകം താഴെവച്ചു.
25 രാജാവ് സാദോക്കിനോടു പറഞ്ഞു: “ദൈവത്തിന്‍റെ പെട്ടകം പട്ടണത്തിലേക്കു തിരിച്ചു കൊണ്ടുപോകുക; സര്‍വേശ്വരന് എന്നില്‍ പ്രസാദം തോന്നിയാല്‍ അവിടുന്ന് എന്നെ മടക്കിവരുത്തും. അവിടുത്തെ പെട്ടകവും തിരുസാന്നിധ്യകൂടാരവും ഒരിക്കല്‍ കൂടി കാണാന്‍ എനിക്ക് അവസരം ലഭിക്കും.
26 എന്നില്‍ സര്‍വേശ്വരനു പ്രസാദം തോന്നുന്നില്ലെങ്കില്‍ തിരുഹിതംപോലെ എന്നോടു പ്രവര്‍ത്തിക്കട്ടെ.”
27 രാജാവ് പുരോഹിതനായ സാദോക്കിനോടു തുടര്‍ന്നു പറഞ്ഞു: “നിന്‍റെ പുത്രനായ അഹീമാസിനോടും അബ്യാഥാരിന്‍റെ പുത്രനായ യോനാഥാനോടുമൊത്ത് നീയും അബ്യാഥാരും സമാധാനത്തോടെ പട്ടണത്തിലേക്കു മടങ്ങിപ്പോകുക.
28 നിങ്ങളില്‍നിന്നു വാര്‍ത്ത ലഭിക്കുംവരെ മരുഭൂമിയിലേക്കുള്ള കടവില്‍തന്നെ ഞാന്‍ താമസിക്കും.”
29 അതനുസരിച്ചു സാദോക്കും അബ്യാഥാരും പെട്ടകം യെരൂശലേമിലേക്കു മടക്കിക്കൊണ്ടുപോയി അവിടെ പാര്‍ത്തു.
30
ദാവീദ് തല മൂടിയും ചെരുപ്പിടാതെയും കരഞ്ഞുകൊണ്ട് ഒലിവുമലയുടെ കയറ്റം കയറി. രാജാവിന്‍റെ അനുചരന്മാരും അങ്ങനെതന്നെ ചെയ്തു.31 അബ്ശാലോമിന്‍റെ ഗൂഢാലോചനയില്‍ അഹീഥോഫെലും ഉണ്ടെന്നറിഞ്ഞ് ദാവീദ് സര്‍വേശ്വരനോടു പ്രാര്‍ഥിച്ചു: “സര്‍വേശ്വരാ, അഹീഥോഫെലിന്‍റെ ആലോചന വ്യര്‍ഥമാക്കണമേ.”
32 മലയുടെ മുകളില്‍ ഉണ്ടായിരുന്ന ഒരു ആരാധനാസ്ഥലത്തു ദാവീദ് എത്തിയപ്പോള്‍ അര്‍ഖ്യനായ ഹൂശായി അങ്കി കീറുകയും തലയില്‍ പൂഴി വിതറുകയും ചെയ്തിട്ട് രാജാവിനെ എതിരേറ്റു ചെന്നു.
33 ദാവീദ് അയാളോടു പറഞ്ഞു: “നീ എന്‍റെ കൂടെ പോന്നാല്‍ അത് എനിക്കു ഭാരമായിരിക്കും;
34 നീ പട്ടണത്തില്‍ ചെന്ന് അബ്ശാലോമിനോട് ഇങ്ങനെ പറയുക. “രാജാവേ, ഞാന്‍ അങ്ങയുടെ ദാസനായിരുന്നുകൊള്ളാം; ഞാന്‍ അങ്ങയുടെ പിതാവിനെ സേവിച്ചതുപോലെതന്നെ അങ്ങയെ സേവിച്ചുകൊള്ളാം.” “അങ്ങനെ ചെയ്താല്‍ അഹീഥോഫെലിന്‍റെ ആലോചന നിഷ്ഫലമാക്കാന്‍ നിനക്കു കഴിയും;
35 പുരോഹിതന്മാരായ സാദോക്കും അബ്യാഥാരും അവിടെ നിന്‍റെ കൂടെ ഉണ്ടായിരിക്കും. കൊട്ടാരത്തില്‍ നിന്നു ലഭിക്കുന്ന വിവരങ്ങള്‍ നീ അവരെ അറിയിക്കണം.
36 സാദോക്കിന്‍റെ മകന്‍ അഹീമാസും അബ്യാഥാരിന്‍റെ മകന്‍ യോനാഥാനും അവരുടെ കൂടെയുണ്ട്; നിങ്ങള്‍ക്കു ലഭിക്കുന്ന വിവരങ്ങളെല്ലാം അവര്‍ മുഖേന എന്നെ അറിയിക്കുക.”
37 അങ്ങനെ ദാവീദിന്‍റെ സ്നേഹിതനായ ഹൂശായി യെരൂശലേമില്‍ ചെന്നു; തത്സമയം അബ്ശാലോമും പട്ടണത്തില്‍ എത്തി.
1
ദാവീദ് മലമുകള്‍ കടന്നു കുറേദൂരം ചെന്നപ്പോള്‍ മെഫീബോശെത്തിന്‍റെ ഭൃത്യനായ സീബയെ കണ്ടു. രണ്ടു കഴുതകളുടെ പുറത്ത് ഇരുനൂറ് അപ്പവും നൂറു കുല ഉണക്കമുന്തിരിയും നൂറു വേനല്‍ക്കാല ഫലങ്ങളും ഒരു തോല്‍ക്കുടം വീഞ്ഞും അവന്‍ കൊണ്ടുവന്നിരുന്നു.2 ‘ഇതെല്ലാം എന്തിന്’ എന്നു രാജാവ് സീബയോടു ചോദിച്ചു. സീബ പറഞ്ഞു: “കഴുതകള്‍ അങ്ങയുടെ കുടുംബത്തിനു യാത്രചെയ്യാനും അപ്പവും പഴങ്ങളും അങ്ങയുടെ അനുചരര്‍ക്കു ഭക്ഷിക്കാനും വീഞ്ഞ് മരുഭൂമിയിലൂടെ നടന്നുതളരുമ്പോള്‍ കുടിക്കാനുമാണ്.
3 “നിന്‍റെ യജമാനന്‍റെ മകന്‍ എവിടെ” എന്നു രാജാവു ചോദിച്ചു. സീബ പറഞ്ഞു: “അയാള്‍ യെരൂശലേമില്‍ത്തന്നെ പാര്‍ക്കുന്നു; തന്‍റെ പിതാവിന്‍റെ സിംഹാസനം ഇസ്രായേല്യര്‍ വീണ്ടെടുത്തു തനിക്കു നല്‌കുമെന്ന് അയാള്‍ പ്രതീക്ഷിക്കുന്നു.”
4 രാജാവ് സീബയോടു പറഞ്ഞു: “മെഫീബോശെത്തിനുള്ളതെല്ലാം ഞാന്‍ നിനക്കു തരുന്നു.” സീബ മറുപടി നല്‌കി: “അങ്ങയുടെ വാത്സല്യം ഈ ദാസന്‍റെമേല്‍ എപ്പോഴും ഉണ്ടായിരിക്കട്ടെ.”
5
ബഹൂരീമില്‍ എത്തിയ ദാവീദുരാജാവ് ശൗലിന്‍റെ കുടുംബത്തില്‍പ്പെട്ട ഗേരയുടെ പുത്രനായ ശിമെയി തന്നെ ശപിച്ചുകൊണ്ടു വരുന്നതു കണ്ടു.6 അവന്‍ രാജാവിന്‍റെയും ഭൃത്യന്മാരുടെയും നേര്‍ക്കു കല്ലെറിഞ്ഞു. രാജാവിന്‍റെ അനുയായികളും അംഗരക്ഷകരും രാജാവിന്‍റെ ഇടത്തും വലത്തുമായി നിന്നിരുന്നു. ശിമെയി രാജാവിനെ ശപിച്ചുപറഞ്ഞു:
7 “കൊലപാതകീ, നീചാ, നീ അകലെപ്പോകൂ;
8 ശൗലിന്‍റെ കുടുംബത്തെ വധിച്ചല്ലേ നീ രാജാവായത്? നീ അവരെ കൊന്നതിനു സര്‍വേശ്വരന്‍ പ്രതികാരം ചെയ്തിരിക്കുന്നു. അവിടുന്നു രാജത്വം നിന്നില്‍നിന്നെടുത്തു നിന്‍റെ മകനായ അബ്ശാലോമിനു നല്‌കി. ഘാതകാ, നിന്‍റെ നാശം അടുത്തിരിക്കുന്നു.”
9
അപ്പോള്‍ സെരൂയായുടെ പുത്രനായ അബീശായി രാജാവിനോടു ചോദിച്ചു: “ഈ ചത്ത നായ് എന്‍റെ യജമാനനായ രാജാവിനെ എന്തിനു ശപിക്കുന്നു? ഞാന്‍ അവന്‍റെ തല വെട്ടിക്കളയട്ടെ.”10 എന്നാല്‍ രാജാവു പറഞ്ഞു: “സെരൂയായുടെ പുത്രന്മാരേ, ഇതില്‍ നിങ്ങള്‍ക്ക് എന്തു കാര്യം? അവന്‍ ശപിച്ചുകൊള്ളട്ടെ; ‘ദാവീദിനെ ശപിക്കുക’ എന്നു സര്‍വേശ്വരന്‍ കല്പിച്ചിട്ടുണ്ടെങ്കില്‍ അതു തടയാന്‍ ആര്‍ക്കാണ് അവകാശം.”
11 ദാവീദ് അബീശായിയോടും തന്‍റെ സകല ഭൃത്യന്മാരോടുമായി പറഞ്ഞു: “എന്‍റെ സ്വന്തം മകന്‍തന്നെ എന്നെ കൊല്ലാന്‍ ശ്രമിക്കുന്നു. അങ്ങനെയെങ്കില്‍ ഈ ബെന്യാമീന്‍ഗോത്രക്കാരന്‍ ചെയ്യുന്നതില്‍ എന്താണ് അദ്ഭുതം? അവനെ വെറുതേ വിടൂ, അവന്‍ ശപിക്കട്ടെ; സര്‍വേശ്വരന്‍ കല്പിച്ചതുകൊണ്ടാണ് അവന്‍ ശപിക്കുന്നത്.
12 ഒരുവേള അവിടുന്ന് എന്‍റെ കഷ്ടത കണ്ട് അവന്‍റെ ശാപം അനുഗ്രഹമാക്കിയേക്കും.”
13 ദാവീദും കൂടെയുള്ളവരും മുന്നോട്ടു നീങ്ങി. ശിമെയി എതിര്‍വശത്തുള്ള മലഞ്ചരിവിലൂടെ നടന്നു; അവന്‍ രാജാവിനു നേരെ കല്ലും പൂഴിയും വാരിയെറിഞ്ഞു.
14 രാജാവും കൂടെയുള്ളവരും പരിക്ഷീണരായി യോര്‍ദ്ദാനിലെത്തി, അവര്‍ അവിടെ വിശ്രമിച്ചു.
15
അബ്ശാലോമും കൂടെയുള്ള ഇസ്രായേല്യരും യെരൂശലേമിലെത്തി. അഹീഥോഫെലും അയാളുടെ കൂടെ ഉണ്ടായിരുന്നു.16 ദാവീദിന്‍റെ സ്നേഹിതനും അര്‍ഖ്യനും ആയ ഹൂശായി അബ്ശാലോമിന്‍റെ അടുക്കല്‍ വന്നു: “രാജാവേ, നീണാള്‍ വാഴുക! നീണാള്‍ വാഴുക!” എന്നു പറഞ്ഞു.
17 അപ്പോള്‍ അബ്ശാലോം ഹൂശായിയോടു പറഞ്ഞു: “നിന്‍റെ സുഹൃത്തിനോട് ഇത്രയേ കൂറുള്ളോ? എന്തുകൊണ്ട് ദാവീദിന്‍റെ കൂടെ പോയില്ല?”
18 ഹൂശായി പറഞ്ഞു: “അങ്ങനെയല്ല രാജാവേ! സര്‍വേശ്വരനും സകല ഇസ്രായേല്‍ജനവും തിരഞ്ഞെടുത്തിരിക്കുന്നവന്‍റെ ആളാണു ഞാന്‍. അദ്ദേഹത്തോടൊപ്പം ഞാന്‍ നില്‌ക്കും.
19 എന്‍റെ യജമാനന്‍റെ പുത്രനെയല്ലാതെ മറ്റാരെ ഞാന്‍ സേവിക്കും. അങ്ങയുടെ പിതാവിനെ സേവിച്ചതുപോലെ ഞാന്‍ അങ്ങയെയും സേവിക്കും.”
20 അപ്പോള്‍ അബ്ശാലോം അഹീഥോഫെലിനോട് ചോദിച്ചു: “ഇവിടെ നാം എന്താണു ചെയ്യേണ്ടത്? നിന്‍റെ ഉപദേശം എന്ത്?”
21 അയാള്‍ അബ്ശാലോമിനോടു പറഞ്ഞു: “കൊട്ടാരം സൂക്ഷിക്കാന്‍ അങ്ങയുടെ പിതാവ് വിട്ടിട്ടുപോയ ഉപഭാര്യമാരുടെ അന്തഃപുരത്തില്‍ പ്രവേശിക്കുക. അപ്പോള്‍ അങ്ങ് പിതാവിനു വെറുപ്പുളവാക്കി എന്ന് ഇസ്രായേല്യരെല്ലാം അറിയും. അത് അങ്ങയുടെ അനുയായികള്‍ക്ക് ആത്മധൈര്യം പകരും.”
22 അവര്‍ കൊട്ടാരത്തിനു മുകളില്‍ അബ്ശാലോമിനുവേണ്ടി ഒരു കൂടാരം ഒരുക്കി. അവിടെ അബ്ശാലോം സകല ഇസ്രായേല്യരും കാണ്‍കെ പിതാവിന്‍റെ ഉപഭാര്യമാരോടൊത്തു ശയിച്ചു.
23 അക്കാലത്ത് അഹീഥോഫെല്‍ നല്‌കിയിരുന്ന ഏത് ഉപദേശവും ദൈവത്തിന്‍റെ അരുളപ്പാടുപോലെ കരുതിയിരുന്നു. ദാവീദും അബ്ശാലോമും അയാളുടെ ഉപദേശം അത്രയ്‍ക്ക് വിലമതിച്ചിരുന്നു.
1
അഹീഥോഫെല്‍ അബ്ശാലോമിനോടു ചോദിച്ചു: “ഞാന്‍ പന്തീരായിരം പേരെ കൂട്ടിക്കൊണ്ട് ഈ രാത്രിതന്നെ ദാവീദിനെ പിന്തുടരട്ടേ?2 ക്ഷീണിച്ചും അധൈര്യപ്പെട്ടുമിരിക്കുന്ന ഈ സമയത്ത് അയാളെ ഞാന്‍ ആക്രമിച്ചു പരിഭ്രാന്തനാക്കും; കൂടെയുള്ളവരെല്ലാം ഓടിപ്പോകുകയും ചെയ്യും. രാജാവിനെ മാത്രമേ ഞാന്‍ കൊല്ലുകയുള്ളൂ;
3 മണവാളന്‍റെ അടുക്കലേക്കു വരുന്ന മണവാട്ടിയെപ്പോലെ അയാളുടെ അനുചരന്മാരെല്ലാം അങ്ങയുടെ അടുക്കലേക്കു മടങ്ങിവരാന്‍ ഞാന്‍ ഇടയാക്കും. ഒരാളെ മാത്രം കൊല്ലുവാനേ അങ്ങ് ആഗ്രഹിക്കുന്നുള്ളല്ലോ; മറ്റുള്ളവരെല്ലാം സുരക്ഷിതരായിരിക്കും.”
4 ഈ ഉപദേശം അബ്ശാലോമിനും കൂടെയുള്ള സകല ഇസ്രായേല്‍നേതാക്കന്മാര്‍ക്കും ഇഷ്ടപ്പെട്ടു.
5
“ഹൂശായിയെക്കൂടി വിളിക്കുക. അവനു പറയാനുള്ളതുകൂടി കേള്‍ക്കാമല്ലോ” അബ്ശാലോം പറഞ്ഞു.6 ഹൂശായി അടുത്തുവന്നപ്പോള്‍, അബ്ശാലോം അയാളോട്, അഹീഥോഫെലിന്‍റെ അഭിപ്രായം പറഞ്ഞു. “അതുപോലെ ചെയ്കയാണോ വേണ്ടത്? നീ എന്തു പറയുന്നു” എന്നു ചോദിച്ചു.
7 ഹൂശായി പറഞ്ഞു: “അഹീഥോഫെല്‍ ഇത്തവണ നല്‌കിയ ഉപദേശം ശരിയല്ല;
8 അങ്ങയുടെ പിതാവും അനുയായികളും കരുത്തന്മാരാണ്. കുട്ടികള്‍ അപഹരിക്കപ്പെട്ട തള്ളക്കരടിയെപ്പോലെ അവര്‍ ക്ഷോഭിച്ചിരിക്കുന്നു എന്ന് അങ്ങേക്ക് അറിയാമല്ലോ. മാത്രമല്ല അങ്ങയുടെ പിതാവ് യുദ്ധനിപുണനുമാണ്. അയാള്‍ ജനത്തോടൊത്തു രാത്രി പാര്‍ക്കുകയില്ല;
9 ഇപ്പോള്‍ത്തന്നെ ഗുഹയിലോ മറ്റെവിടെയെങ്കിലുമോ ഒളിച്ചിരിക്കുകയായിരിക്കും. അങ്ങയുടെ സൈന്യത്തെ ദാവീദ് ആക്രമിക്കുകയും ആരെങ്കിലും വധിക്കപ്പെടുകയും ചെയ്താല്‍ അബ്ശാലോമിന്‍റെ ആളുകളുടെ ഇടയില്‍ ഒരു കൂട്ടക്കൊല നടന്നു എന്ന വാര്‍ത്ത പരക്കും.
10 അങ്ങനെ സംഭവിച്ചാല്‍ സിംഹത്തെപ്പോലെ ധീരന്മാരായവര്‍പോലും ഭയവിഹ്വലരാകും. അങ്ങയുടെ പിതാവ് ധീരയോദ്ധാവും കൂടെയുള്ളവര്‍ ശൂരന്മാരുമാണെന്ന് ഇസ്രായേല്യര്‍ക്കെല്ലാം അറിയാം.
11 അതുകൊണ്ട് എന്‍റെ അഭിപ്രായം ഇതാണ്: ദാന്‍ മുതല്‍ ബേര്‍-ശേബാവരെ കടല്‍ക്കരയിലെ മണല്‍ത്തരിപോലെ അസംഖ്യമായുള്ള ഇസ്രായേല്‍ജനത്തെ ഒരുമിച്ചുകൂട്ടണം; അങ്ങുതന്നെ അവരെ യുദ്ധത്തില്‍ നയിക്കണം.
12 എവിടെ ആയിരുന്നാലും ദാവീദിനെ നമുക്കു കണ്ടുപിടിക്കാം; കാണുന്നിടത്തുവച്ചു മഞ്ഞുതുള്ളി നിലത്തു വീഴുന്നതുപോലെ നാം അയാളുടെമേല്‍ ചാടിവീഴും. അപ്പോള്‍ രാജാവോ കൂടെയുള്ള ജനമോ ജീവനോടെ ശേഷിക്കുകയില്ല.
13 അയാള്‍ ഏതെങ്കിലും ഒരു പട്ടണത്തില്‍ പ്രവേശിച്ചാല്‍ നാമെല്ലാവരുംകൂടി ആ പട്ടണത്തെ വടംകൊണ്ടു കെട്ടി താഴ്വരയിലേക്കു വലിച്ചിടും. അവിടെ ഒരു കല്‍ത്തുണ്ടുപോലും ശേഷിക്കുകയില്ല.”
14 ഇതു കേട്ട് അബ്ശാലോമും ഇസ്രായേല്യരെല്ലാവരും പറഞ്ഞു: “അര്‍ഖ്യനായ ഹൂശായിയുടെ ഉപദേശമാണ് അഹീഥോഫെലിന്‍റേതിലും മെച്ചം.” അബ്ശാലോമിന് അനര്‍ഥം സംഭവിക്കത്തക്കവിധം അഹീഥോഫെലിന്‍റെ നല്ല ആലോചന വ്യര്‍ഥമായിത്തീരാന്‍ സര്‍വേശ്വരന്‍ നിശ്ചയിച്ചിരുന്നു.
15
അബ്ശാലോമിനും കൂടെയുള്ള ഇസ്രായേല്‍നേതാക്കള്‍ക്കും അഹീഥോഫെല്‍ നല്‌കിയ ഉപദേശവും താന്‍ പറഞ്ഞ അഭിപ്രായവും പുരോഹിതന്മാരായ സാദോക്കിനെയും അബ്യാഥാരെയും ഹൂശായി അറിയിച്ചു. ഹൂശായി തുടര്‍ന്നുപറഞ്ഞു:16 “അതുകൊണ്ടു നിങ്ങള്‍ വേഗം ആളയച്ചു ദാവീദും കൂടെയുള്ളവരും മരുഭൂമിയിലേക്കുള്ള കടവില്‍ ഈ രാത്രിയില്‍ പാര്‍ക്കരുതെന്നും അവര്‍ കൊല്ലപ്പെടാതിരിക്കാന്‍ എങ്ങനെയെങ്കിലും അക്കരെ കടക്കണമെന്നും ദാവീദിനോടു പറയണം.”
17 പട്ടണത്തില്‍വച്ച് ആരും തങ്ങളെ കാണാതിരിക്കുന്നതിനുവേണ്ടി യോനാഥാനും അഹീമാസും എന്‍-രോഗെലിനടുക്കല്‍ കാത്തുനില്‌ക്കുമായിരുന്നു. ഒരു ഭൃത്യ ചെന്നു വിവരമെല്ലാം അവരെ അറിയിക്കും; അവര്‍ പോയി ദാവീദിനോടു വിവരം പറയും;.
18 എന്നാല്‍ ഇത്തവണ ഒരു ബാലന്‍ യോനാഥാനെയും അഹീമാസിനെയും കണ്ടു; അവന്‍ അബ്ശാലോമിനോടു വിവരം പറഞ്ഞു. അതറിഞ്ഞ് അവര്‍ ഓടി ബഹൂരീമില്‍ ഒരു വീട്ടില്‍ ചെന്നു. അവിടെ മുറ്റത്തുണ്ടായിരുന്ന കിണറ്റില്‍ ഇറങ്ങി ഒളിച്ചിരുന്നു.
19 ഗൃഹനായിക കിണറ്റിനു മുകളില്‍ മൂടുവിരിയിട്ട് അതില്‍ ധാന്യം നിരത്തി. അതുകൊണ്ട് അവര്‍ ഒളിച്ചിരിക്കുന്ന വിവരം ആരും അറിഞ്ഞില്ല.
20 അബ്ശാലോമിന്‍റെ ഭൃത്യന്മാര്‍ ആ വീട്ടില്‍ വന്നു, സ്‍ത്രീയോട് “അഹീമാസും യോനാഥാനും എവിടെ” എന്നു ചോദിച്ചു. അവള്‍ പറഞ്ഞു: “അവര്‍ നദി കടന്ന് അക്കരയ്‍ക്കുപോയി.” ഭൃത്യന്മാര്‍ അന്വേഷിച്ചെങ്കിലും അവരെ കാണാതെ യെരൂശലേമിലേക്കു മടങ്ങി;
21 അവര്‍ പോയിക്കഴിഞ്ഞപ്പോള്‍ യോനാഥാനും അഹീമാസും കിണറ്റില്‍നിന്നു കയറിച്ചെന്നു ദാവീദുരാജാവിനോടു വിവരം പറഞ്ഞു: “നിങ്ങള്‍ വേഗം അക്കരയ്‍ക്കു പോകുക. അഹീഥോഫെല്‍ അങ്ങേക്കെതിരെ ഉപദേശം നല്‌കിയിരിക്കുന്നു.”
22 ദാവീദും അനുയായികളും യോര്‍ദ്ദാന്‍നദി കടന്നു. നേരം വെളുത്തപ്പോഴേക്കും അവരെല്ലാം നദിക്കക്കരെ എത്തിയിരുന്നു.
23 തന്‍റെ ഉപദേശം സ്വീകരിച്ചില്ലെന്ന് അഹീഥോഫെല്‍ ഗ്രഹിച്ചപ്പോള്‍ കഴുതപ്പുറത്തു കയറി പട്ടണത്തിലുള്ള തന്‍റെ വീട്ടില്‍ ചെന്നു; വീട്ടുകാര്യങ്ങളെല്ലാം ക്രമപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു. കുടുംബക്കല്ലറയില്‍തന്നെ മൃതശരീരം അടക്കം ചെയ്തു.
24 ദാവീദ് മഹനയീമിലെത്തി. അബ്ശാലോമും കൂടെയുള്ള ഇസ്രായേല്യരും യോര്‍ദ്ദാന്‍നദി കടന്നു.
25 യോവാബിനു പകരം അമാസയെ അബ്ശാലോം സേനാധിപതിയായി നിയമിച്ചിരുന്നു. അമാസ ഇശ്മായേല്യനായ ഇത്രായുടെ പുത്രനായിരുന്നു. മാതാവ് അബീഗല്‍ നാഹാശിന്‍റെ പുത്രിയും യോവാബിന്‍റെ അമ്മയായ സെരൂയായുടെ സഹോദരിയും ആയിരുന്നു.
26 ഇസ്രായേല്യരും അബ്ശാലോമും ഗിലെയാദില്‍ പാളയമടിച്ചു.
27
മഹനയീമില്‍ എത്തിയപ്പോള്‍ അമ്മോനിലെ രബ്ബാ പട്ടണത്തിലുള്ള നാഹാശിന്‍റെ പുത്രന്‍ ശോബിയും, ലോ-ദെബാര്‍കാരനായ അമ്മീയേലിന്‍റെ പുത്രന്‍ മാഖീറും, രോഗെലിമില്‍നിന്നു ഗിലെയാദ്യനായ ബര്‍സില്ലായിയും ദാവീദിനെ സന്ദര്‍ശിച്ചു.28 അവര്‍ തളികകള്‍, മണ്‍പാത്രങ്ങള്‍, കിടക്ക എന്നിവയും ദാവീദിനും കൂടെയുള്ളവര്‍ക്കും ഭക്ഷണസാധനങ്ങളും കൊണ്ടുവന്നു. അക്കൂട്ടത്തില്‍ കോതമ്പ്, മാവ്, ബാര്‍ലി, മലര്, അമരയ്‍ക്കാ, പയറ്,
29 പരിപ്പ്, തേന്‍, പാല്‍ക്കട്ടി, തൈര് എന്നിവയും ഏതാനും ആടുകളും ഉണ്ടായിരുന്നു. മരുഭൂമിയില്‍ ദാവീദും കൂടെയുള്ളവരും വിശന്നും ദാഹിച്ചും ക്ഷീണരായി ഇരിക്കുന്നുവല്ലോ എന്ന് അവര്‍ വിചാരിച്ചു.
1
ദാവീദു തന്നോടുകൂടെയുള്ളവരെ ഗണം ഗണമായി തിരിച്ച് അവര്‍ക്ക് സഹസ്രാധിപന്മാരെയും ശതാധിപന്മാരെയും നിയമിച്ചു.2 അവരെ മൂന്നു വിഭാഗമായി തിരിച്ച് ഒരു വിഭാഗത്തെ യോവാബിന്‍റെ നേതൃത്വത്തിലും മറ്റൊരു വിഭാഗത്തെ സെരൂയായുടെ പുത്രനും യോവാബിന്‍റെ സഹോദരനുമായ അബീശായിയുടെ നേതൃത്വത്തിലും മൂന്നാം വിഭാഗത്തെ ഗിത്യനായ ഇത്ഥായിയുടെ നേതൃത്വത്തിലും അയച്ചു. ഞാനും നിങ്ങളോടൊപ്പം വരും എന്നു ദാവീദ് അനുയായികളോടു പറഞ്ഞു.
3 എന്നാല്‍ അവര്‍ പറഞ്ഞു: “അങ്ങു വരേണ്ടാ; ഞങ്ങള്‍ തോറ്റോടിയാലും ശത്രുക്കള്‍ അത് അത്ര ഗണ്യമാക്കുകയില്ല; ഞങ്ങളില്‍ പകുതിപ്പേര്‍ മരിച്ചാലും അവര്‍ അത് അത്ര കാര്യമാക്കുകയില്ല. അങ്ങ് ഞങ്ങളില്‍ പതിനായിരം പേര്‍ക്കു തുല്യനാണ്; അതുകൊണ്ട് അങ്ങു പട്ടണത്തില്‍നിന്നു ഞങ്ങള്‍ക്കാവശ്യമായ സഹായം എത്തിച്ചുതരുന്നതായിരിക്കും ഉത്തമം.”
4 രാജാവു പ്രതിവചിച്ചു: “നിങ്ങള്‍ക്ക് ഉത്തമം എന്നു തോന്നുന്നതു ചെയ്യാന്‍ ഞാന്‍ ഒരുക്കമാണ്.” പിന്നീട് രാജാവ് പടിവാതില്‍ക്കല്‍ നിന്നു; ജനം നൂറു വീതമായും ആയിരം വീതമായും പുറപ്പെട്ടു.
5 അദ്ദേഹം യോവാബിനോടും അബീശായിയോടും ഇത്ഥായിയോടും കല്പിച്ചു: “നിങ്ങള്‍ എന്നെ ഓര്‍ത്ത് അബ്ശാലോമിനോടു കാരുണ്യപൂര്‍വം പെരുമാറണം.” ദാവീദ് സൈന്യാധിപന്മാര്‍ക്കു നല്‌കിയ ഈ കല്പന സൈന്യങ്ങളെല്ലാം കേട്ടു.
6
പിന്നീട് ദാവീദിന്‍റെ സൈന്യം ഇസ്രായേല്‍ സൈന്യത്തോടു യുദ്ധം ചെയ്യാന്‍ പുറപ്പെട്ടു. എഫ്രയീംവനത്തില്‍വച്ച് അവര്‍ ഏറ്റുമുട്ടി. ഇസ്രായേല്‍സൈന്യം പരാജിതരായി.7 അന്ന് അവിടെ ഒരു കൂട്ടക്കൊല നടന്നു. ഇരുപതിനായിരം പേര്‍ യുദ്ധത്തില്‍ മരിച്ചു; യുദ്ധം ദേശത്തെല്ലാം വ്യാപിച്ചു;
8 യുദ്ധത്തില്‍ മരിച്ചവരിലും അധികം ആളുകള്‍ വനത്തില്‍വച്ചു കൊല്ലപ്പെട്ടു.
9 ദാവീദിന്‍റെ പടയാളികളുടെ മുമ്പില്‍ അബ്ശാലോം ചെന്നുപെട്ടു. അയാള്‍ ഒരു കോവര്‍കഴുതയുടെ പുറത്ത് ഓടിച്ചുപോകുകയായിരുന്നു. കൊമ്പുകള്‍ തിങ്ങിനില്‌ക്കുന്ന ഒരു വന്‍കരുവേലകമരത്തിന്‍റെ ചുവട്ടില്‍ എത്തിയപ്പോള്‍ ഒരു കൊമ്പില്‍ അവന്‍റെ തലമുടി കുരുങ്ങി. കോവര്‍കഴുത അവന്‍റെ കീഴില്‍ നിന്ന് ഓടിപ്പോയതുകൊണ്ട് അവന്‍ ആകാശത്തിനും ഭൂമിക്കും മധ്യേ തൂങ്ങിനിന്നു.
10 അതുകണ്ട ഒരുവന്‍ യോവാബിനെ വിവരമറിയിച്ചു.
11 അപ്പോള്‍ യോവാബു ചോദിച്ചു: “നീ അവനെ കണ്ടപ്പോള്‍തന്നെ കൊന്നുകളയാഞ്ഞതെന്ത്? ഞാന്‍ നിനക്കു പത്തു വെള്ളി നാണയങ്ങളും ഒരു അരപ്പട്ടയും തരുമായിരുന്നു.”
12 അയാള്‍ യോവാബിനോടു പറഞ്ഞു: “എനിക്ക് ആയിരം ശേക്കെല്‍ വെള്ളി തന്നാലും രാജകുമാരനെതിരെ എന്‍റെ ഒരു ചെറുവിരല്‍പോലും അനക്കുകയില്ല. തന്നെ ഓര്‍ത്ത് അബ്ശാലോംരാജകുമാരനെ സംരക്ഷിക്കണമെന്നു രാജാവ് അങ്ങയോടും അബീശായിയോടും ഇത്ഥായിയോടും കല്പിച്ചതു ഞങ്ങള്‍ കേട്ടതല്ലേ?
13 രാജകല്പന അവഗണിച്ചു ഞാന്‍ അയാളെ വധിച്ചിരുന്നുവെങ്കില്‍ രാജാവ് വിവരം അറിയുമായിരുന്നു-അദ്ദേഹം സകല വിവരങ്ങളും അറിഞ്ഞുകൊണ്ടിരിക്കുകയാണല്ലോ- എങ്കില്‍ അങ്ങുപോലും എന്നെ കൈവെടിയുമായിരുന്നു.”
14 അപ്പോള്‍ യോവാബു പറഞ്ഞു: “നിന്നോടു സംസാരിച്ചു ഞാന്‍ സമയം കളയുന്നില്ല.” മൂന്നു കുന്തവുമെടുത്തുകൊണ്ട് യോവാബു പോയി കരുവേലകമരത്തില്‍ തൂങ്ങിക്കിടന്ന അബ്ശാലോമിന്‍റെ നെഞ്ചില്‍ കുത്തിയിറക്കി.
15 യോവാബിന്‍റെ ആയുധവാഹകരായ പത്തു യുവാക്കന്മാര്‍ അബ്ശാലോമിന്‍റെ ചുറ്റും നിന്ന് അവനെ അടിച്ചുകൊല്ലുകയും ചെയ്തു.
16 യോവാബു കാഹളം മുഴക്കി; അപ്പോള്‍ സൈന്യം ഇസ്രായേല്യരെ പിന്നെയും പിന്തുടരാതെ മടങ്ങിപ്പോന്നു.
17 അവര്‍ അബ്ശാലോമിനെ വനത്തിലുള്ള ഒരു വലിയ കുഴിയിലിട്ടു. അയാളുടെ മീതെ ഒരു കല്‍ക്കൂമ്പാരം ഉണ്ടാക്കി. ഇസ്രായേല്യരൊക്കെയും താന്താങ്ങളുടെ വീടുകളിലേക്ക് ഓടിപ്പോയി.
18 തന്‍റെ പേരു നിലനിര്‍ത്താന്‍ തനിക്ക് ഒരു മകനില്ലെന്നു പറഞ്ഞ് അബ്ശാലോം തനിക്കൊരു സ്മാരകസ്തംഭം രാജാവിന്‍റെ താഴ്വരയില്‍ സ്ഥാപിച്ചിരുന്നു. അത് ‘അബ്ശാലോമിന്‍റെ സ്മാരകസ്തംഭം’ എന്ന പേരില്‍ ഇന്നും അറിയപ്പെടുന്നു.
19
സാദോക്കിന്‍റെ പുത്രനായ അഹീമാസ് യോവാബിനോടു ചോദിച്ചു: “സര്‍വേശ്വരന്‍ ശത്രുക്കളില്‍നിന്നു രാജാവിനെ രക്ഷിച്ചിരിക്കുന്നു എന്ന സദ്‍വാര്‍ത്ത ഞാന്‍ അദ്ദേഹത്തെ ചെന്നറിയിക്കട്ടെ”?20 “വേണ്ടാ” എന്നായിരുന്നു യോവാബിന്‍റെ മറുപടി. “ഇന്നു സദ്‍വാര്‍ത്തയുമായി പോകേണ്ട; അതു മറ്റൊരു ദിവസം ആകാം; രാജകുമാരന്‍ മരിച്ചതുകൊണ്ട് ഇന്നത്തേതു സദ്‍വാര്‍ത്ത അല്ലല്ലോ” എന്ന് അയാള്‍ പറഞ്ഞു.
21 പിന്നെ യോവാബ് എത്യോപ്യനോടു പറഞ്ഞു: “നീ കണ്ടതു ചെന്നു രാജാവിനോടു പറയുക.” അവന്‍ യോവാബിനെ വണങ്ങി ഓടിപ്പോയി.
22 സാദോക്കിന്‍റെ മകന്‍ അഹീമാസ് പിന്നെയും പറഞ്ഞു: “എന്തും വരട്ടെ; എത്യോപ്യനെ പിന്തുടരാന്‍ എന്നെ അനുവദിക്കുക.” യോവാബ് പറഞ്ഞു: “എന്‍റെ മകനേ, നീ എന്തിനാണ് ഓടുന്നത്? നിനക്ക് അതിനു യാതൊരു പ്രതിഫലവും ലഭിക്കുകയില്ലല്ലോ.”
23 “എന്തായാലും ഞാനും പോകും” എന്ന് അഹീമാസ് പറഞ്ഞപ്പോള്‍ പൊയ്‍ക്കൊള്‍വാന്‍ യോവാബ് അനുവദിച്ചു. അഹീമാസ് സമഭൂമിയിലൂടെ ഓടി എത്യോപ്യന്‍റെ മുമ്പില്‍ എത്തി.
24
ദാവീദ് രണ്ടു പടിവാതിലുകള്‍ക്കും മധ്യേ ഇരിക്കുകയായിരുന്നു. കാവല്‌ക്കാരന്‍ മതിലിനു മീതെ കവാടത്തിന്‍റെ മുകളില്‍ കയറി നോക്കിയപ്പോള്‍ ഒരാള്‍ മാത്രം ഓടിവരുന്നതു കണ്ടു.25 ആ വിവരം കാവല്‌ക്കാരന്‍ രാജാവിനെ വിളിച്ചറിയിച്ചു. രാജാവു പറഞ്ഞു: “ഒരാള്‍ മാത്രമേ ഉള്ളൂവെങ്കില്‍ അവന്‍ സദ്‍വാര്‍ത്ത ആയിരിക്കും കൊണ്ടുവരുന്നത്.
26 അവന്‍ അടുത്തുവരാറായപ്പോള്‍ മറ്റൊരാള്‍ കൂടി ഓടിവരുന്നതു കാവല്‌ക്കാരന്‍ കണ്ടു. അവന്‍ വിളിച്ചുപറഞ്ഞു: “അതാ മറ്റൊരുവന്‍ കൂടി ഓടിവരുന്നു.” “അവനും സദ്വര്‍ത്തമാനം കൊണ്ടുവരികയാണ്” എന്നു രാജാവു പറഞ്ഞു.
27 “മുമ്പേ വരുന്നവന്‍ സാദോക്കിന്‍റെ മകനായ അഹീമാസിനെപ്പോലെയിരിക്കുന്നു” എന്നു കാവല്‌ക്കാരന്‍ പറഞ്ഞു. അപ്പോള്‍ രാജാവു പറഞ്ഞു: “അവന്‍ നല്ലവന്‍, അവന്‍ സദ്‍വാര്‍ത്ത കൊണ്ടുവരുന്നു.”
28 രാജാവിനോടു ശുഭം ശുഭം എന്നു വിളിച്ചുപറഞ്ഞുകൊണ്ട് അദ്ദേഹത്തിന്‍റെ മുമ്പില്‍ അഹീമാസ് സാഷ്ടാംഗം വീണു നമസ്കരിച്ചു. “അങ്ങേക്കെതിരെ മത്സരിച്ചവരുടെമേല്‍ വിജയം തന്ന അങ്ങയുടെ ദൈവമായ സര്‍വേശ്വരന്‍ വാഴ്ത്തപ്പെട്ടവന്‍” എന്നു പറഞ്ഞു.
29 “അബ്ശാലോംകുമാരനു ക്ഷേമം തന്നെയോ?” രാജാവു ചോദിച്ചു. അഹീമാസ് പറഞ്ഞു: “അങ്ങയുടെ ഭൃത്യനായ യോവാബ് എന്നെ അയച്ചപ്പോള്‍ അവിടെ വലിയ ഒരു ബഹളം ഉണ്ടായി. എന്താണു സംഭവിച്ചതെന്ന് എനിക്ക് അറിഞ്ഞുകൂടാ.”
30 “നീ ഒരു വശത്തേക്കു മാറി ഇവിടെ നില്‌ക്കുക” എന്നു രാജാവു പറഞ്ഞു.
31 അയാള്‍ മാറി നിന്നു; ഉടനെ എത്യോപ്യനും എത്തി. അവന്‍ രാജാവിനോട് പറഞ്ഞു: “എന്‍റെ യജമാനനായ രാജാവിന് ഒരു സദ്‍വാര്‍ത്ത ഉണ്ട്. അങ്ങേക്കെതിരെ മത്സരിച്ച എല്ലാവരുടേയുംമേല്‍ സര്‍വേശ്വരന്‍ അങ്ങേക്കു വിജയം നല്‌കിയിരിക്കുന്നു.”
32 ഇതു കേട്ടു രാജാവ്: “അബ്ശാലോംകുമാരനു സൗഖ്യം തന്നെയോ” എന്നു ചോദിച്ചു. എത്യോപ്യന്‍ പറഞ്ഞു: “യജമാനന്‍റെ എല്ലാ ശത്രുക്കള്‍ക്കും യജമാനനെതിരെ മത്സരിക്കുന്നവര്‍ക്കും ആ യുവാവിന്‍റെ അനുഭവം ഉണ്ടാകട്ടെ.”
33 ഉടനെ രാജാവു വികാരവിവശനായി കവാടത്തിന്‍റെ മുകള്‍മുറിയില്‍ കയറി പൊട്ടിക്കരഞ്ഞു. കയറിപ്പോകുമ്പോള്‍ രാജാവ് വിലപിച്ചു: “എന്‍റെ മകനേ അബ്ശാലോമേ, എന്‍റെ മകനേ, എന്‍റെ മകനേ അബ്ശാലോമേ, നിനക്കുപകരം ഞാന്‍ മരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു! എന്‍റെ മകനേ, അബ്ശാലോമേ, എന്‍റെ മകനേ!”
1
അബ്ശാലോമിനെക്കുറിച്ച് ദാവീദു വിലപിക്കുന്ന വിവരം യോവാബ് അറിഞ്ഞു.2 തന്‍റെ മകനെ ഓര്‍ത്തു രാജാവു ദുഃഖിക്കുന്നു എന്നു കേട്ടതിനാല്‍ ദാവീദിന്‍റെ സൈനികര്‍ക്ക് അന്നത്തെ വിജയം ദുഃഖമായിത്തീര്‍ന്നു.
3 അതുകൊണ്ട് യുദ്ധത്തില്‍ തോറ്റോടി ലജ്ജിതരായി വരുന്നതുപോലെയാണ് അന്നവര്‍ പട്ടണത്തിലേക്കു മടങ്ങിവന്നത്.
4 രാജാവ് മുഖം പൊത്തിപ്പിടിച്ചുകൊണ്ട്: “എന്‍റെ മകനേ അബ്ശാലോമേ, അബ്ശാലോമേ എന്‍റെ മകനേ” എന്നു നിലവിളിച്ചുകൊണ്ടിരുന്നു.
5 യോവാബ് കൊട്ടാരത്തില്‍ രാജാവിന്‍റെ അടുക്കല്‍ ചെന്നു പറഞ്ഞു: “അങ്ങയുടെയും അങ്ങയുടെ പുത്രീപുത്രന്മാരുടെയും ഭാര്യമാരുടെയും ഉപഭാര്യമാരുടെയും ജീവന്‍ രക്ഷിച്ച അങ്ങയുടെ സകല ഭൃത്യന്മാരെയും ഇന്ന് അങ്ങു ലജ്ജിപ്പിച്ചിരിക്കുകയാണ്.
6 സ്നേഹിക്കുന്നവരെ അങ്ങു ദ്വേഷിക്കുകയും ദ്വേഷിക്കുന്നവരെ അങ്ങു സ്നേഹിക്കുകയുമാണു ചെയ്യുന്നത്. അങ്ങയുടെ സേനാനായകന്മാരും സൈനികരും അങ്ങേക്ക് ഒന്നുമല്ല എന്ന് ഇന്നു തെളിയിച്ചിരിക്കുന്നു; അബ്ശാലോം ജീവിച്ചിരിക്കുകയും ഞങ്ങളെല്ലാവരും മരിക്കുകയും ചെയ്തിരുന്നെങ്കില്‍ അങ്ങേക്കു സന്തോഷമാകുമായിരുന്നു എന്നു ഞാന്‍ ഇപ്പോള്‍ മനസ്സിലാക്കുന്നു.
7 അതുകൊണ്ട് എഴുന്നേറ്റ് പുറത്തുവന്നു ഭൃത്യന്മാരോടു ദയാപൂര്‍വം സംസാരിക്കുക. അല്ലെങ്കില്‍ ഈ രാത്രിയില്‍ അവരില്‍ ഒരാള്‍പോലും അങ്ങയുടെ കൂടെ പാര്‍ക്കാന്‍ ഉണ്ടായിരിക്കുകയില്ലെന്നു സര്‍വേശ്വരന്‍റെ നാമത്തില്‍ ഞാന്‍ സത്യം ചെയ്യുന്നു. അത് അങ്ങയുടെ ബാല്യംമുതല്‍ ഇന്നുവരെ ഉണ്ടായിട്ടുള്ളതില്‍വച്ച് ഏറ്റവും വലിയ അനര്‍ഥമായിരിക്കും.”
8 അപ്പോള്‍ രാജാവു എഴുന്നേറ്റു നഗരവാതില്‌ക്കല്‍ ഇരുന്നു. രാജാവ് പടിവാതില്‌ക്കല്‍ ഇരിക്കുന്നു എന്നുള്ള വിവരം അറിഞ്ഞ് ജനമെല്ലാം അദ്ദേഹത്തിന്‍റെ മുമ്പില്‍ വന്നുകൂടി.
9
ഇസ്രായേല്യര്‍ അവരവരുടെ വീടുകളിലേക്ക് ഓടിപ്പോയിരുന്നു. ഇസ്രായേലിലെ സകല ഗോത്രങ്ങളിലുമുള്ളവര്‍ പരസ്പരം പറഞ്ഞു: “രാജാവ് നമ്മെ ശത്രുക്കളുടെയും ഫെലിസ്ത്യരുടെയും കൈയില്‍നിന്നു രക്ഷിച്ചു. ഇപ്പോഴാകട്ടെ, അദ്ദേഹം അബ്ശാലോമിനെ പേടിച്ചു നാടുവിട്ട് ഓടിയിരിക്കുകയാണ്.10 നാം രാജാവായി അഭിഷേകം ചെയ്ത അബ്ശാലോമാകട്ടെ യുദ്ധത്തില്‍ മരിച്ചു. അതുകൊണ്ട് ദാവീദുരാജാവിനെ തിരിച്ചുകൊണ്ടുവരുന്നതിനെക്കുറിച്ച് ആരും പറയാത്തതെന്ത്?”
11
ഇതറിഞ്ഞ് ദാവീദ് പുരോഹിതന്മാരായ സാദോക്കിനും അബ്യാഥാരിനും ഒരു സന്ദേശം അയച്ചു: “നിങ്ങള്‍ യെഹൂദാപ്രമാണികളോട് ഇങ്ങനെ പറയണം: ഇസ്രായേല്‍ജനതയുടെ മുഴുവന്‍ അഭിപ്രായം രാജസന്നിധിയില്‍ എത്തിയിരിക്കെ രാജാവിനെ കൊട്ടാരത്തിലേക്കു തിരിച്ചുകൊണ്ടുപോകുന്ന കാര്യത്തില്‍ നിങ്ങള്‍ മുന്‍കൈയെടുക്കാത്തതെന്ത്?12 നിങ്ങള്‍ എല്ലാവരും എന്‍റെ ബന്ധുക്കളല്ലേ? എന്‍റെ അസ്ഥിയിലും മാംസത്തിലും നിന്നുള്ളവര്‍! എന്നെ തിരിച്ചുകൊണ്ടുപോകാന്‍ അവസാനം വരേണ്ടവര്‍ നിങ്ങളാണോ?
13 അമാസയോടു പറയുക: നീ എന്‍റെ അസ്ഥിയും മാംസവും അല്ലേ? യോവാബിന്‍റെ സ്ഥാനത്തു നിന്നെ ഞാന്‍ സൈന്യാധിപനായി നിയമിച്ചില്ലെങ്കില്‍ സര്‍വേശ്വരന്‍ എന്നെ ശിക്ഷിച്ചുകൊള്ളട്ടെ.”
14 ദാവീദിന്‍റെ ഈ സന്ദേശം യെഹൂദ്യയിലുള്ള സകലരുടെയും ഹൃദയം കവര്‍ന്നു. “അങ്ങ് ഭൃത്യന്മാരോടൊപ്പം മടങ്ങിവരിക” എന്ന് അവര്‍ രാജാവിനെ അറിയിച്ചു.
15 അങ്ങനെ രാജാവ് യോര്‍ദ്ദാനില്‍ മടങ്ങിയെത്തി; അദ്ദേഹത്തെ എതിരേറ്റു നദി കടത്തിക്കൊണ്ടുവരാന്‍ യെഹൂദ്യയിലെ ജനങ്ങള്‍ ഗില്ഗാലില്‍ എത്തിയിരുന്നു.
16 ബഹൂരീമിലെ ബെന്യാമീന്‍ഗോത്രക്കാരനായ ശിമെയിയും ദാവീദിനെ എതിരേല്‌ക്കാന്‍ അവരോടൊപ്പം തിടുക്കത്തില്‍ ചെന്നു.
17 അയാളുടെ കൂടെ ബെന്യാമീന്‍ഗോത്രക്കാരായ ആയിരം പേരും ഉണ്ടായിരുന്നു. ശൗലിന്‍റെ ഗൃഹവിചാരകനായ സീബ പതിനഞ്ചു പുത്രന്മാരോടും ഇരുപതു ഭൃത്യന്മാരോടും കൂടി യോര്‍ദ്ദാനില്‍ രാജാവ് വരുന്നതിനു മുമ്പുതന്നെ എത്തിയിരുന്നു.
18 രാജാവിന്‍റെ കുടുംബാംഗങ്ങളെ ഇക്കരെ കടത്താനും അദ്ദേഹത്തിന്‍റെ ഇംഗിതം നിറവേറ്റാനുമായി അവര്‍ നദി കടന്നുചെന്നു.
ഗേരയുടെ പുത്രനായ ശിമെയി യോര്‍ദ്ദാന്‍നദി കടക്കാന്‍ ഒരുങ്ങുന്ന രാജാവിന്‍റെ മുമ്പില്‍ വീണു നമസ്കരിച്ചു.19 അയാള്‍ രാജാവിനോട് അപേക്ഷിച്ചു: “എന്‍റെ യജമാനനേ, അങ്ങ് യെരൂശലേം വിട്ടുപോയ ദിവസം അടിയന്‍ ചെയ്ത കുറ്റം ക്ഷമിക്കണമേ; അതു തിരുമേനി ഓര്‍ക്കരുതേ.
20 എനിക്ക് തെറ്റുപറ്റിയെന്നു ഞാന്‍ സമ്മതിക്കുന്നു; അതുകൊണ്ട് യജമാനനെ എതിരേല്‌ക്കാന്‍ യോസേഫിന്‍റെ ഗോത്രത്തില്‍നിന്നു മറ്റാരെക്കാളും മുമ്പായി അടിയന്‍ എത്തിയിരിക്കുന്നു.”
21 അപ്പോള്‍ സെരൂയായുടെ പുത്രന്‍ അബീശായി പറഞ്ഞു: “സര്‍വേശ്വരന്‍റെ അഭിഷിക്തനെ ശപിച്ച ശിമെയിയെ വധിക്കേണ്ടതല്ലേ?”
22 എന്നാല്‍ രാജാവ് പറഞ്ഞു: “സെരൂയായുടെ പുത്രന്മാരേ, നിങ്ങള്‍ക്ക് ഇതില്‍ എന്തു കാര്യം? നിങ്ങള്‍ എന്‍റെ എതിരാളികള്‍ ആവുകയാണോ? ഞാന്‍ തന്നെയാണല്ലോ ഇസ്രായേലിന്‍റെ രാജാവ്. ഇന്ന് ഒരു ഇസ്രായേല്യനെയും കൊല്ലാന്‍ പാടില്ല.”
23 പിന്നീട് രാജാവ് ശിമെയിയോടു ശപഥം ചെയ്തു: “നീ മരിക്കുകയില്ല.”
24
ശൗലിന്‍റെ പൗത്രനായ മെഫീബോശെത്തും രാജാവിനെ എതിരേല്‌ക്കാന്‍ വന്നു. രാജാവ് യെരൂശലേം വിട്ടുപോയതിനുശേഷം സുരക്ഷിതനായി തിരികെ വരുന്നതുവരെ അവന്‍ കാലുകള്‍ കഴുകുകയോ, താടി കത്രിക്കുകയോ വസ്ത്രം അലക്കുകയോ ചെയ്തിരുന്നില്ല.25 അയാള്‍ യെരൂശലേമില്‍നിന്നു തന്നെ എതിരേല്‌ക്കാന്‍ വന്നപ്പോള്‍ രാജാവു ചോദിച്ചു: “മെഫീബോശെത്തേ, നീ എന്‍റെകൂടെ പോരാഞ്ഞതെന്ത്?”
26 അയാള്‍ പറഞ്ഞു: “യജമാനനേ, അടിയന്‍ മുടന്തനാണെന്ന് അങ്ങേക്ക് അറിയാമല്ലോ. അങ്ങയുടെ കൂടെ പോരാന്‍ കഴുതയെ ഒരുക്കണമെന്ന് അടിയന്‍ ഭൃത്യനോടു പറഞ്ഞെങ്കിലും അവന്‍ എന്നെ ചതിച്ചു.
27 അടിയനെപ്പറ്റി അങ്ങയോടു നുണയും പറഞ്ഞു. എന്നാല്‍ അങ്ങ് അടിയനു ദൈവദൂതനെപ്പോലെയാണ്; അങ്ങയുടെ ഇഷ്ടംപോലെ എന്നോട് ചെയ്തുകൊള്ളുക.
28 അങ്ങയുടെ മുമ്പാകെ അടിയന്‍റെ ഭവനക്കാരെല്ലാവരും വധിക്കപ്പെടേണ്ടവരായിരുന്നു; എങ്കിലും അങ്ങയുടെ കൂടെ ഭക്ഷണം കഴിക്കുന്നവരോടൊപ്പം അടിയന് സ്ഥാനം നല്‌കി. അങ്ങയോട് അപേക്ഷിക്കാന്‍ എനിക്ക് എന്ത് അവകാശമാണുള്ളത്?”
29 രാജാവ് അയാളോട്: “നീ എന്തിന് ഏറെ പറയുന്നു? നീയും സീബയും കൂടി ശൗലിന്‍റെ ഭൂസ്വത്തുക്കള്‍ പങ്കിട്ടുകൊള്ളുക.”
30 മെഫീബോശെത്ത് രാജാവിനോടു പറഞ്ഞു: “അവയെല്ലാം അവന്‍ എടുത്തുകൊള്ളട്ടെ. അങ്ങു സുരക്ഷിതനായി കൊട്ടാരത്തില്‍ മടങ്ങി എത്തിയല്ലോ; എനിക്കതുമതി.”
31
ഗിലെയാദുകാരനായ ബര്‍സില്ലായിയും രാജാവിനെ യോര്‍ദ്ദാന്‍നദി കടത്തിവിടാന്‍ രോഗെലീമില്‍നിന്നു വന്നിരുന്നു.32 അയാള്‍ എണ്‍പതു വയസ്സുള്ള വൃദ്ധനായിരുന്നു. രാജാവ് മഹനയീമില്‍ പാര്‍ത്തിരുന്ന കാലത്തു ധനികനായ അയാള്‍ ഭക്ഷണസാധനങ്ങള്‍ അദ്ദേഹത്തിനു നല്‌കിയിരുന്നു.
33 “എന്‍റെ കൂടെ യെരൂശലേമിലേക്കു വരിക; ഞാന്‍ നിന്നെ സംരക്ഷിച്ചുകൊള്ളാം” എന്നു രാജാവ് അയാളോടു പറഞ്ഞു.
34 ബര്‍സില്ലായി പറഞ്ഞു: “ഞാന്‍ അങ്ങയുടെ കൂടെ യെരൂശലേമിലേക്കു വരുന്നതെന്തിന്? ഞാനിനി എത്രനാള്‍ ജീവിച്ചിരിക്കും?
35 എനിക്കിപ്പോള്‍ എണ്‍പതു വയസ്സായി. നല്ലതും ചീത്തയും തിരിച്ചറിയാനുള്ള കഴിവ് എനിക്കില്ല. ഭക്ഷണപാനീയങ്ങളുടെ സ്വാദും അറിഞ്ഞുകൂടാ; ഗായകന്‍റെയോ ഗായികയുടെയോ ഗാനം കേട്ട് ആസ്വദിക്കാനും കഴിവില്ല. ഞാന്‍ വന്ന് എന്‍റെ യജമാനനെ കൂടുതല്‍ ഭാരപ്പെടുത്തുന്നത് എന്തിന്?
36 അങ്ങ് എനിക്ക് ഇത്ര വലിയ പ്രത്യുപകാരം തരുന്നതെന്തിന്? ഞാന്‍ അങ്ങയോടൊപ്പം യോര്‍ദ്ദാനക്കരെ കുറച്ചു ദൂരംവരെ വരാം.
37 പിന്നീട് മടങ്ങിപ്പോരാന്‍ അങ്ങ് എന്നെ അനുവദിച്ചാലും. എന്‍റെ സ്വന്തം പട്ടണത്തില്‍, എന്‍റെ മാതാപിതാക്കളുടെ കല്ലറയ്‍ക്കടുത്തുതന്നെ ഞാനും വിശ്രമിക്കട്ടെ. ഇതാ, അങ്ങയുടെ ദാസനായ കിംഹാം; അവന്‍ അങ്ങയുടെകൂടെ പോരട്ടെ; അങ്ങേക്ക് ഇഷ്ടമുള്ളത് അവനു ചെയ്തുകൊടുത്താലും.”
38 രാജാവു പ്രതിവചിച്ചു: “കിംഹാം എന്നോടുകൂടെ പോരട്ടെ; നിനക്കു നല്ലതെന്നു തോന്നുന്നതെന്തും ഞാന്‍ അവനു ചെയ്തുകൊടുക്കാം. നീ എന്നില്‍നിന്ന് ആഗ്രഹിക്കുന്നതെന്തും ഞാന്‍ നിനക്കും ചെയ്തുതരും.”
39 ജനമെല്ലാം യോര്‍ദ്ദാന്‍ കടന്നു; രാജാവും മറുകരയില്‍ എത്തി. അദ്ദേഹം ബര്‍സില്ലായിയെ ചുംബിച്ച് ആശീര്‍വദിച്ചു. ബര്‍സില്ലായി സ്വന്തഭവനത്തിലേക്കു മടങ്ങിപ്പോയി.
40
രാജാവ് ഗില്ഗാലിലേക്കു പോയി; കിംഹാമും കൂടെ ഉണ്ടായിരുന്നു. സകല യെഹൂദ്യരും ഇസ്രായേല്‍ജനത്തില്‍ പകുതി ആളുകളും രാജാവിന് അകമ്പടി സേവിച്ചു.41 അപ്പോള്‍ ഇസ്രായേല്‍ജനമെല്ലാം രാജാവിന്‍റെ സമീപത്തു ചെന്നു ചോദിച്ചു: “ഞങ്ങളുടെ സഹോദരരായ യെഹൂദ്യര്‍ അങ്ങയെയും കുടുംബത്തെയും എല്ലാ പരിചാരകരെയും രഹസ്യമായി യോര്‍ദ്ദാന്‍ കടത്തിക്കൊണ്ടു പോയത് എന്ത്?”
42 അപ്പോള്‍ യെഹൂദ്യര്‍ ഇസ്രായേല്യരോടു പറഞ്ഞു: “രാജാവ് ഞങ്ങളുടെ അടുത്ത ചാര്‍ച്ചക്കാരനായതുകൊണ്ടാണ് അങ്ങനെ ചെയ്തത്. അതിനു നിങ്ങള്‍ എന്തിനു കോപിക്കുന്നു? രാജാവിന്‍റെ ചെലവില്‍ ഞങ്ങള്‍ വല്ലതും ഭക്ഷിച്ചോ? അദ്ദേഹം ഞങ്ങള്‍ക്കു വല്ല സമ്മാനവും തന്നോ?”
43 ഇസ്രായേല്യര്‍ മറുപടി പറഞ്ഞു: “അദ്ദേഹം നിങ്ങളില്‍ ഒരാള്‍ ആണെങ്കിലും രാജാവിന്‍റെ അടുക്കല്‍ ഞങ്ങള്‍ക്കു പത്ത് ഓഹരിയുണ്ട്. എന്നിട്ടും എന്തുകൊണ്ട് നിങ്ങള്‍ ഞങ്ങളെ അവഗണിച്ചു? രാജാവിനെ മടക്കിക്കൊണ്ടു വരുന്ന കാര്യം ആദ്യം പറഞ്ഞതു ഞങ്ങളല്ലേ?” യെഹൂദ്യരുടെ വാക്കുകള്‍ ഇസ്രായേല്യരുടേതിലും പരുഷമായിരുന്നു.
1
ബെന്യാമീന്‍ഗോത്രത്തിലെ ബിക്രിയുടെ പുത്രന്‍ ശേബ എന്ന ഒരു നീചനായ മനുഷ്യന്‍ അവിടെ ഉണ്ടായിരുന്നു. അവന്‍ കാഹളമൂതി പറഞ്ഞു: “ദാവീദുമായി നമുക്ക് എന്തു ബന്ധം? യിശ്ശായിയുടെ പുത്രനില്‍ നമുക്ക് എന്ത് അവകാശം? ഇസ്രായേല്യരേ, നിങ്ങള്‍ ഭവനങ്ങളിലേക്കു മടങ്ങിപ്പോകുവിന്‍.”2 അതു കേട്ട് ഇസ്രായേല്യര്‍ ദാവീദിനെ ഉപേക്ഷിച്ചു ബിക്രിയുടെ പുത്രനായ ശേബയുടെ പക്ഷത്തു ചേര്‍ന്നു. യെഹൂദ്യരാകട്ടെ ദാവീദുരാജാവിന്‍റെ പക്ഷത്തുതന്നെ നിന്നു; യോര്‍ദ്ദാന്‍മുതല്‍ യെരൂശലേംവരെ അവര്‍ അദ്ദേഹത്തെ അനുഗമിച്ചു.
3
ദാവീദ് കൊട്ടാരത്തിലെത്തിയശേഷം കൊട്ടാരം സൂക്ഷിക്കാന്‍ നിയോഗിച്ചിരുന്ന പത്ത് ഉപഭാര്യമാരെയും വീട്ടുതടങ്കലിലാക്കി. അവരുടെ ദൈനംദിനാവശ്യങ്ങള്‍ നല്‌കിയെങ്കിലും അവരെ പ്രാപിച്ചില്ല. അവര്‍ ജീവിതകാലം മുഴുവന്‍ അവിടെ വിധവകളെപ്പോലെ ജീവിച്ചു.4
രാജാവ് അമാസയോട്: “യെഹൂദ്യയിലെ പുരുഷന്മാരെയെല്ലാം മൂന്നു ദിവസത്തിനകം എന്‍റെ അടുക്കല്‍ കൊണ്ടുവരിക” എന്നു പറഞ്ഞു.5 അമാസ അവരെ വിളിച്ചുകൂട്ടുവാന്‍ പോയി. എങ്കിലും രാജാവു കല്പിച്ചിരുന്ന സമയത്തിനുള്ളില്‍ അയാള്‍ തിരിച്ചെത്തിയില്ല.
6 ദാവീദ് അബീശായിയോടു: “ബിക്രിയുടെ പുത്രനായ ശേബ അബ്ശാലോമിനെക്കാള്‍ അധികം ഉപദ്രവം ചെയ്യും; അതുകൊണ്ട് എന്‍റെ സൈന്യങ്ങളെക്കൂട്ടി അവനെ പിന്തുടരുക; അല്ലാഞ്ഞാല്‍ കോട്ട കെട്ടി ഉറപ്പിച്ച ചില പട്ടണങ്ങള്‍ കൈവശപ്പെടുത്തി അവന്‍ നമുക്ക് ഉപദ്രവം ഉണ്ടാക്കും.”
7 അങ്ങനെ യോവാബും കൂടെയുള്ള ക്രേത്യരും പെലേത്യരും മറ്റു യുദ്ധവീരന്മാരും ബിക്രിയുടെ മകനായ ശേബയെ പിന്തുടരാന്‍ അബീശായിയുടെ കൂടെ യെരൂശലേമില്‍നിന്നു പുറപ്പെട്ടു.
8 ഗിബെയോനിലെ വലിയ പാറയുടെ അടുത്തെത്തിയപ്പോള്‍ അമാസ അവര്‍ക്കെതിരെ വരുന്നത് അവര്‍ കണ്ടു; യോവാബു ധരിച്ചിരുന്ന പടച്ചട്ടയുടെ മീതെയുള്ള അരക്കെട്ടില്‍ വാള്‍ തൂക്കിയിട്ടിരുന്നു. അവന്‍ മുന്നോട്ട് നടന്നപ്പോള്‍ വാള്‍ ഉറയില്‍നിന്ന് ഊരി പുറത്തേക്കു തള്ളിനിന്നു.
9 “സഹോദരാ, സുഖം തന്നെയോ” എന്നു യോവാബ് അമാസയോടു ചോദിച്ചു; ചുംബനം ചെയ്യാന്‍ എന്ന ഭാവത്തില്‍ യോവാബു വലതുകൈകൊണ്ട് അമാസയുടെ താടിക്കു പിടിച്ചു.
10 യോവാബിന്‍റെ കൈയിലിരുന്ന വാള്‍ അമാസ ശ്രദ്ധിച്ചില്ല. യോവാബ് അയാളുടെ വയറ്റത്തു കുത്തി; കുടല്‍ പുറത്തു ചാടി നിലത്തു വീണു. പിന്നെയും ഒരു കുത്തുകൂടി വേണ്ടിവന്നില്ല; അയാള്‍ മരിച്ചു. പിന്നീട് യോവാബും സഹോദരനായ അബീശായിയും കൂടി ബിക്രിയുടെ പുത്രനായ ശേബയെ പിന്തുടര്‍ന്നു.
11 യോവാബിന്‍റെ സൈനികരില്‍ ഒരാള്‍ അമാസയുടെ മൃതശരീരത്തിന്‍റെ അടുത്തുനിന്നുകൊണ്ടു വിളിച്ചുപറഞ്ഞു: “യോവാബിന്‍റെയും ദാവീദിന്‍റെയും പക്ഷത്തുള്ളവര്‍ യോവാബിനെ അനുഗമിക്കട്ടെ.”
12 അമാസയുടെ ജഡം രക്തത്തില്‍ കുളിച്ചു വഴിമധ്യേ കിടക്കുകയായിരുന്നു. ആ വഴി വന്നവര്‍ അതു നോക്കിനിന്നതുകൊണ്ട് അയാള്‍ അമാസയുടെ ജഡം വയലിലേക്കു വലിച്ചുമാറ്റി, ഒരു തുണികൊണ്ട് അതു മൂടി.
13 അയാളുടെ ശരീരം വഴിയില്‍നിന്നു മാറ്റിയശേഷം എല്ലാവരും ശേബയെ പിടികൂടാന്‍ യോവാബിനെ അനുഗമിച്ചു.
14 ശേബ സകല ഇസ്രായേല്‍ഗോത്രക്കാരുടെയും ഇടയില്‍ക്കൂടി കടന്ന് ആബേല്‍-ബേത്ത്മാഖ എന്ന പട്ടണത്തില്‍ എത്തി; ബിക്രിയുടെ വംശത്തില്‍പ്പെട്ട സകലരും അയാളെ അനുഗമിച്ചു.
15 യോവാബിന്‍റെ അനുയായികള്‍ ആ പട്ടണം വളഞ്ഞു; അതിനെതിരേ ഒരു മണ്‍തിട്ട ഉണ്ടാക്കി; പട്ടണമതില്‍ ഇടിച്ചുനിരത്താന്‍ തുടങ്ങി.
16 അവിടെ വിവേകവതിയായ ഒരു സ്‍ത്രീ ഉണ്ടായിരുന്നു; അവള്‍ മതിലിന്‍റെ മുകളില്‍നിന്ന് ഉറക്കെ വിളിച്ചുപറഞ്ഞു: “കേട്ടാലും, കേട്ടാലും; യോവാബ് ഇവിടംവരെ ഒന്നു വരാന്‍ പറയണേ; അദ്ദേഹത്തോടു സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.”
17 യോവാബ് അവളുടെ അടുത്തു ചെന്നു. “അങ്ങു യോവാബു തന്നെയോ” എന്നവള്‍ ചോദിച്ചു. “അതേ” എന്ന് അയാള്‍ മറുപടി പറഞ്ഞു. അവള്‍ യോവാബിനോടു പറഞ്ഞു: “അടിയന്‍ പറയുന്നതു ശ്രദ്ധിച്ചുകേട്ടാലും.” “പറയൂ” എന്നു യോവാബു പ്രതിവചിച്ചു.
18 അപ്പോള്‍ അവള്‍ പറഞ്ഞു: “ആബേല്‍നഗരത്തില്‍ ചെന്ന് ഉപദേശം സ്വീകരിക്കുവിന്‍ എന്ന് പണ്ടു പറയുകയും അങ്ങനെ പ്രശ്നങ്ങള്‍ തീര്‍ത്തുവരികയും ചെയ്തിരുന്നു.
19 ഇസ്രായേലില്‍ ശാന്തതയും വിശ്വസ്തതയും ഉള്ളവരില്‍ ഒരുവളാണു ഞാന്‍. ഇസ്രായേലിലെ ഒരു അമ്മയായ ഈ നഗരത്തെയാണ് അങ്ങ് നശിപ്പിക്കാന്‍ ഒരുങ്ങുന്നത്. സര്‍വേശ്വരന്‍റെ അവകാശത്തില്‍പ്പെട്ട ഈ നഗരം അങ്ങ് എന്തിനു നശിപ്പിക്കുന്നു?”
20 യോവാബ് പറഞ്ഞു: “നിങ്ങളുടെ പട്ടണത്തെ നശിപ്പിക്കാനോ തകര്‍ക്കാനോ എനിക്ക് അശ്ശേഷം ആഗ്രഹമില്ല; ഞാന്‍ അങ്ങനെ ചെയ്യുകയില്ല; ഞങ്ങളുടെ ലക്ഷ്യം അതല്ല.
21 എഫ്രയീംമലനാട്ടിലെ ബിക്രിയുടെ പുത്രന്‍ ശേബ ദാവീദുരാജാവിനെതിരെ മത്സരം ആരംഭിച്ചിരിക്കുന്നു. ഞങ്ങളുടെ കൈയില്‍ അവനെ ഏല്പിച്ചുതരിക; ഞങ്ങള്‍ പിന്‍വാങ്ങിക്കൊള്ളാം.” “അവന്‍റെ തല മതിലിന്‍റെ മുകളില്‍ക്കൂടി എറിഞ്ഞുതരാം” എന്നവള്‍ പറഞ്ഞു.
22 അവള്‍ പട്ടണനിവാസികളെ സമീപിച്ചു; തന്‍റെ ബുദ്ധിവൈഭവംകൊണ്ട് അവള്‍ അവരെ അതിനു സമ്മതിപ്പിച്ചു. അവര്‍ ശേബയുടെ തല വെട്ടിയെടുത്ത് മതിലിന്‍റെ മുകളില്‍ക്കൂടി യോവാബിന്‍റെ അടുക്കലേക്ക് എറിഞ്ഞുകൊടുത്തു. അപ്പോള്‍ അയാള്‍ കാഹളം ഊതി; സൈനികര്‍ പട്ടണം വിട്ടു തങ്ങളുടെ വീടുകളിലേക്കു മടങ്ങിപ്പോയി; യോവാബ് യെരൂശലേമില്‍ രാജാവിന്‍റെ അടുത്തേക്കും പോയി.
23
യോവാബ് ഇസ്രായേല്‍സൈന്യത്തിന്‍റെയെല്ലാം അധിപനായിരുന്നു. യെഹോയാദയുടെ പുത്രനായ ബെനായാ രാജാവിന്‍റെ അംഗരക്ഷകരായ ക്രേത്യരുടെയും പെലേത്യരുടെയും അധിപനും24 അദോരാം അടിമകളുടെ തലവനും അഹീലൂദിന്‍റെ പുത്രന്‍ യെഹോശാഫാത്ത് എഴുത്തുകാരനും
25 ശെവാ കാര്യദര്‍ശിയും സാദോക്കും അബ്യാഥാരും പുരോഹിതന്മാരും ആയിരുന്നു.
26 യായീര്‍കാരനായ ഈരയും ദാവീദിന്‍റെ പുരോഹിതഗണത്തില്‍ ഒരാളായിരുന്നു.
1
ദാവീദിന്‍റെ ഭരണകാലത്തു മൂന്നു വര്‍ഷം തുടര്‍ച്ചയായി ക്ഷാമമുണ്ടായി. അപ്പോള്‍ ദാവീദ് സര്‍വേശ്വരന്‍റെ അരുളപ്പാട് ആരാഞ്ഞു. അവിടുന്ന് അരുളിച്ചെയ്തു: “ഗിബെയോന്യരെ വധിച്ചതില്‍ ശൗലും അവന്‍റെ കുടുംബക്കാരും രക്തപാതകരാണ്.2 ഗിബെയോന്യര്‍ ഇസ്രായേല്യരല്ല; അവര്‍ അമോര്യരുടെ കൂട്ടത്തില്‍ ശേഷിച്ചിരുന്നവരായിരുന്നു. അവരെ സംരക്ഷിച്ചുകൊള്ളാമെന്ന് ഇസ്രായേല്യര്‍ പ്രതിജ്ഞ ചെയ്തിരുന്നു. എന്നാല്‍ ഇസ്രായേല്യരെയും യെഹൂദ്യരെയും കുറിച്ചുള്ള ഉല്‍ക്കടമായ ശുഷ്കാന്തി നിമിത്തം ശൗല്‍ അവരെയും സംഹരിക്കാന്‍ ശ്രമിച്ചു.
3 ദാവീദ്‍രാജാവ് ഗിബെയോന്യരെ വിളിപ്പിച്ചു ചോദിച്ചു: “ഞാന്‍ നിങ്ങള്‍ക്കുവേണ്ടി എന്തു ചെയ്തു തരണം? സര്‍വേശ്വരന്‍റെ ജനത്തിനു നിങ്ങള്‍ നന്മ നേരുന്നതിനായി എന്തു പ്രായശ്ചിത്തമാണു ഞാന്‍ ചെയ്യേണ്ടത്?”
4 ഗിബെയോന്യര്‍ പറഞ്ഞു: “ശൗലും കുടുംബവുമായുള്ള ഞങ്ങളുടെ എതിര്‍പ്പ് വെള്ളിയോ സ്വര്‍ണമോ കൊണ്ടു തീരുന്നതല്ല; ഇസ്രായേലില്‍ ആരെയെങ്കിലും കൊല്ലണമെന്നു ഞങ്ങള്‍ക്കു ആഗ്രഹമില്ല.” ദാവീദു വീണ്ടും ചോദിച്ചു: “എന്നാല്‍ പിന്നെ എന്തു ചെയ്യണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്?”
5 അവര്‍ പറഞ്ഞു: “ഇസ്രായേലില്‍ എങ്ങും ഞങ്ങളില്‍ ആരും ശേഷിക്കാത്തവിധം ഞങ്ങളെ നശിപ്പിക്കാന്‍ ആലോചിക്കുകയും ഞങ്ങളെ സംഹരിക്കുകയും ചെയ്ത ആ മനുഷ്യന്‍റെ പുത്രന്മാരില്‍ ഏഴു പേരെ ഞങ്ങളുടെ കൈയില്‍ ഏല്പിച്ചുതരിക.
6 സര്‍വേശ്വരന്‍റെ പര്‍വതമായ ഗിബെയോനില്‍ അവിടുത്തെ സന്നിധിയില്‍ ഞങ്ങള്‍ അവരെ തൂക്കിക്കൊല്ലട്ടെ.” “ഞാന്‍ അവരെ ഏല്പിച്ചു തരാം” എന്നു രാജാവു പറഞ്ഞു.
7 സര്‍വേശ്വരന്‍റെ നാമത്തില്‍ യോനാഥാനുമായി ചെയ്തിരുന്ന പ്രതിജ്ഞ നിമിത്തം ശൗലിന്‍റെ പൗത്രനും യോനാഥാന്‍റെ പുത്രനുമായ മെഫീബോശെത്തിനെ ആ ഏഴു പേരില്‍ ഉള്‍പ്പെടുത്തിയില്ല.
8 അയ്യായുടെ മകളായ രിസ്പായില്‍ ശൗലിനു ജനിച്ച പുത്രന്മാരായ അര്‍മ്മോനിയെയും മെഫീബോശെത്തിനെയും ശൗലിന്‍റെ പുത്രിയായ മീഖളില്‍ മെഹോലാത്യനും ബര്‍സില്ലായിയുടെ പുത്രനുമായ അദ്രീയേലിനു ജനിച്ച അഞ്ചു പുത്രന്മാരെയും രാജാവ് ഗിബെയോന്യരുടെ കൈയില്‍ ഏല്പിച്ചു.
9 ഗിബെയോന്യര്‍ അവരെ സര്‍വേശ്വരന്‍റെ സന്നിധിയില്‍ മലമുകളില്‍വച്ചു കൊന്നു. അവര്‍ ഏഴു പേരും ഒരേ സമയം മരിച്ചു. ബാര്‍ലി കൊയ്ത്തിന്‍റെ ആരംഭത്തിലാണ് ഇതു സംഭവിച്ചത്.
10 അയ്യായുടെ മകള്‍ രിസ്പാ ചാക്കുതുണി പാറമേല്‍ വിരിച്ച് അവിടെ കിടന്നു. കൊയ്ത്തുകാലത്തിന്‍റെ ആരംഭംമുതല്‍ മഴക്കാലം തുടങ്ങുന്നതുവരെ, പകല്‍ പക്ഷികളെയും രാത്രി കാട്ടുമൃഗങ്ങളെയും ആ മൃതദേഹങ്ങളില്‍നിന്ന് അവള്‍ ആട്ടിയോടിച്ചു.
11 രിസ്പാ പ്രവര്‍ത്തിച്ചതു ദാവീദ് അറിഞ്ഞു.
12 ദാവീദു ചെന്നു ഗിലെയാദിലെ യാബേശ്യരില്‍നിന്നു ശൗലിന്‍റെയും യോനാഥാന്‍റെയും അസ്ഥികള്‍ ശേഖരിച്ചു. ഫെലിസ്ത്യര്‍ ഗില്‍ബോവാ പര്‍വതത്തില്‍വച്ച് അവരെ കൊന്നിട്ട് മൃതശരീരങ്ങള്‍ ബേത്ത്-ശാന്‍ നഗരവീഥിയില്‍ കെട്ടിത്തൂക്കിയിരുന്നു; ഗിലെയാദിലെ യാബേശ്യര്‍ അവരുടെ ശരീരം അവിടെനിന്നു മോഷ്‍ടിച്ചു കൊണ്ടുപോയി.
13 ശൗലിന്‍റെയും യോനാഥാന്‍റെയും അസ്ഥികള്‍ ദാവീദ് അവിടെനിന്നു വരുത്തി; തൂക്കിക്കൊല്ലപ്പെട്ട ഏഴുപേരുടെയും അസ്ഥികളും ശേഖരിച്ചു.
14 ശൗലിന്‍റെയും യോനാഥാന്‍റെയും അസ്ഥികള്‍ ബെന്യാമീന്യരുടെ ദേശത്തുള്ള സേലയില്‍ ശൗലിന്‍റെ പിതാവായ കീശിന്‍റെ കല്ലറയില്‍ സംസ്കരിച്ചു. രാജാവ് കല്പിച്ചതെല്ലാം അവര്‍ പ്രവര്‍ത്തിച്ചു. പിന്നീട് രാജ്യത്തിനു വേണ്ടിയുള്ള അവരുടെ പ്രാര്‍ഥന ദൈവം കേട്ടു.
15
ഫെലിസ്ത്യരും ഇസ്രായേല്യരും തമ്മില്‍ വീണ്ടും യുദ്ധമുണ്ടായി. ദാവീദും അനുയായികളും ഫെലിസ്ത്യരോട് ഏറ്റുമുട്ടി.16 ദാവീദു തളര്‍ന്നു; അപ്പോള്‍ ഇശ്ബി-ബെനോബ് എന്ന മല്ലന്‍ ദാവീദിനെ കൊല്ലാന്‍ ഒരുമ്പെട്ടു. മുന്നൂറു ശേക്കെല്‍ തൂക്കമുള്ള ഒരു ഓട്ടുകുന്തവും ഒരു പുതിയ വാളും അയാള്‍ ധരിച്ചിരുന്നു.
17 എന്നാല്‍ സെരൂയായുടെ പുത്രനായ അബീശായി ദാവീദിന്‍റെ സഹായത്തിനെത്തി. അയാള്‍ ഫെലിസ്ത്യനെ ആക്രമിച്ചുകൊന്നു. മേലില്‍ തങ്ങളോടൊപ്പം യുദ്ധത്തിനു പുറപ്പെടുകയില്ലെന്നു ദാവീദിനെക്കൊണ്ടു പടയാളികള്‍ ശപഥം ചെയ്യിച്ചു. “ഇസ്രായേലിന്‍റെ ദീപം അവിടുന്നാണ്; അത് അണയാന്‍ പാടില്ല” എന്ന് അവര്‍ പറഞ്ഞു.
18
പിന്നീട് ഗോബില്‍വച്ചു ഫെലിസ്ത്യരുമായി വീണ്ടും യുദ്ധമുണ്ടായി. അവിടെവച്ചു ഹൂശാത്യനായ സിബ്ബെഖായി മല്ലനായ സഫിനെ കൊന്നു.19 ഗോബില്‍ വച്ചു ഫെലിസ്ത്യരുമായി വീണ്ടും ഒരു യുദ്ധം ഉണ്ടായി. അതില്‍ ബേത്‍ലഹേമ്യനായ യാരെ-ഓരെഗീമിന്‍റെ മകനായ എല്‍ഹാനാന്‍ ഗിത്യനായ ഗോല്യാത്തിനെ കൊന്നു; അയാളുടെ കുന്തത്തിന്‍റെ തണ്ട് നെയ്ത്തുതറിയുടെ നീണ്ടതടിപോലെയുള്ളതായിരുന്നു.
20 ഗത്തില്‍വച്ച് വീണ്ടും യുദ്ധം നടന്നു. അവിടെ ഒരു അതികായന്‍ ഉണ്ടായിരുന്നു; അവന്‍റെ കൈകാലുകള്‍ക്ക് ഒന്നിന് ആറു വീതം ഇരുപത്തിനാലു വിരലുകള്‍ ഉണ്ടായിരുന്നു. അയാളും മല്ലന്മാരുടെ പിന്‍തലമുറക്കാരന്‍ ആയിരുന്നു.
21 ഇസ്രായേലിനെ അധിക്ഷേപിച്ച അയാളെ ദാവീദിന്‍റെ സഹോദരനായ ശിമെയിയുടെ പുത്രന്‍ യോനാഥാന്‍ വധിച്ചു.
22 ഈ നാലു പേരും ഗത്തിലെ മല്ലന്മാരില്‍പ്പെട്ടവരായിരുന്നു. ദാവീദും അനുയായികളും കൂടി അവരെ സംഹരിച്ചു.
1
സര്‍വേശ്വരന്‍ ദാവീദിനെ ശൗലില്‍നിന്നും സകല ശത്രുക്കളില്‍നിന്നും രക്ഷിച്ചപ്പോള്‍ ദാവീദ് ഈ ഗീതം ആലപിച്ചു:2
സര്‍വേശ്വരന്‍ എന്‍റെ അഭയശിലയും രക്ഷാദുര്‍ഗവും3
എന്‍റെ ദൈവവും എനിക്ക് അഭയം തരുന്ന എന്‍റെ പാറയും
എന്നെ സംരക്ഷിക്കുന്ന പരിചയും അങ്ങു തന്നെ.
അവിടുന്ന് എന്‍റെ രക്ഷയുടെ കൊമ്പും
അഭയസങ്കേതവും രക്ഷകനും ആകുന്നു.
അവിടുന്ന് എന്നെ അക്രമത്തില്‍നിന്നു വിടുവിക്കുന്നു.
4
സര്‍വേശ്വരനു സ്തോത്രം.
ഞാന്‍ അവിടുത്തെ വിളിച്ചപേക്ഷിച്ചു;
എന്‍റെ ശത്രുക്കളില്‍നിന്ന് അവിടുന്നെന്നെ രക്ഷിച്ചു.
5
മരണത്തിന്‍റെ തിരമാലകള്‍ എന്നെ വലയം ചെയ്തു;
വിനാശത്തിന്‍റെ പ്രവാഹം എന്‍റെ മീതെ കവിഞ്ഞൊഴുകി
6
പാതാളപാശങ്ങള്‍ എന്നെ ചുറ്റിവരിഞ്ഞു
മരണത്തിന്‍റെ കെണികള്‍ എന്നെ പിടികൂടി.
7
എന്‍റെ കഷ്ടതയില്‍ ഞാന്‍ സര്‍വേശ്വരനെ വിളിച്ചപേക്ഷിച്ചു;
എന്‍റെ ദൈവത്തോടു ഞാന്‍ നിലവിളിച്ചു;
അവിടുന്നു തന്‍റെ ആലയത്തില്‍നിന്ന് എന്‍റെ അപേക്ഷ കേട്ടു.
എന്‍റെ നിലവിളി അവിടുത്തെ കാതുകളിലെത്തി.
8
അപ്പോള്‍ അവിടുത്തെ കോപത്താല്‍ ഭൂമി ഞെട്ടിവിറച്ചു;
ആകാശത്തിന്‍റെ അടിസ്ഥാനം ഇളകി.
9
അവിടുത്തെ മൂക്കില്‍നിന്നു പുക ഉയര്‍ന്നു.
വായില്‍നിന്നു സംഹാരാഗ്നി വമിച്ചു.
അതില്‍നിന്നു തീക്കനല്‍ ആളിക്കത്തി.
10
അവിടുന്ന് ആകാശം ഭേദിച്ചിറങ്ങി
കൂരിരുള്‍ അവിടുത്തെ കാല്‌ക്കീഴിലുണ്ടായിരുന്നു.
11
അവിടുന്നു കെരൂബിനെ വാഹനമാക്കി പറന്നു;
കാറ്റിന്‍റെ ചിറകുകളില്‍ അവിടുന്ന് അതിശീഘ്രം പറന്നെത്തി.
12
കൂരിരുട്ടിനെ അവിടുന്ന് ആവരണമാക്കി;
ജലം നിറഞ്ഞ കാര്‍മേഘങ്ങളെ മേല്‍വിരിപ്പുമാക്കി.
13
തിരുസന്നിധിയിലെ ഉജ്ജ്വലതേജസ്സാല്‍ തീക്കനല്‍ ജ്വലിച്ചു.
14
സര്‍വേശ്വരന്‍ ആകാശത്ത് ഇടിനാദം മുഴക്കി;
അത്യുന്നതന്‍ തന്‍റെ ശബ്ദം കേള്‍പ്പിച്ചു.
15
അവിടുന്ന് അസ്ത്രം അയച്ചു ശത്രുക്കളെ ചിതറിച്ചു
മിന്നല്‍പ്പിണരുകളാല്‍ അവരെ തുരത്തി.
16
സര്‍വേശ്വരന്‍റെ ഭര്‍ത്സനത്താല്‍,
അവിടുത്തെ നിശ്വാസത്തിന്‍റെ കൊടുങ്കാറ്റിനാല്‍
ആഴിയുടെ അടിത്തട്ടു ദൃശ്യമായി.
ഭൂമിയുടെ അടിസ്ഥാനങ്ങള്‍ അനാവൃതമായി.
17
അവിടുന്ന് ഉയരത്തില്‍നിന്നു കൈ നീട്ടി എന്നെ പിടിച്ചു
പെരുവെള്ളത്തില്‍നിന്ന് എന്നെ വലിച്ചെടുത്തു
18
കരുത്തനായ ശത്രുവില്‍നിന്നും എന്നെ വെറുത്തവരില്‍നിന്നും
അവിടുന്ന് എന്നെ വിടുവിച്ചു.
അവര്‍ എന്നെക്കാള്‍ ശക്തരായിരുന്നു.
19
എന്‍റെ കഷ്ടകാലത്ത് അവര്‍ എന്നെ ആക്രമിച്ചു;
എങ്കിലും സര്‍വേശ്വരന്‍ എനിക്കു തുണയായിരുന്നു.
20
അവിടുന്ന് എന്നെ രക്ഷിച്ചു;
എന്നില്‍ പ്രസാദിച്ച് എന്നെ വിടുവിച്ചു.
21
എന്‍റെ ധര്‍മനിഷ്ഠയ്‍ക്കൊത്തവിധം
സര്‍വേശ്വരന്‍ എനിക്കു പ്രതിഫലം നല്‌കി
എന്‍റെ കരങ്ങളുടെ നിര്‍മ്മലതയ്‍ക്കൊത്ത വിധം എനിക്കു പകരം നല്‌കി.
22
സര്‍വേശ്വരന്‍റെ പാതയില്‍ ഞാന്‍ ചരിച്ചു;
തിന്മ ചെയ്ത് എന്‍റെ ദൈവത്തില്‍നിന്ന് ഞാന്‍ അകന്നു പോയതുമില്ല.
23
അവിടുത്തെ കല്പനകളെല്ലാം ഞാന്‍ പാലിച്ചു;
അവിടുത്തെ നിയമങ്ങള്‍ ഞാന്‍ വിട്ടു നടന്നിട്ടുമില്ല.
24
തിരുമുമ്പില്‍ ഞാന്‍ നിഷ്കളങ്കനായിരുന്നു;
അകൃത്യങ്ങളില്‍നിന്നു ഞാന്‍ അകന്നുമാറി.
25
എന്‍റെ ധര്‍മ്മനിഷ്ഠയ്‍ക്കും നിര്‍മ്മലതയ്‍ക്കും ഒത്തവിധം
അവിടുന്ന് എനിക്കു പ്രതിഫലം നല്‌കി.
26
വിശ്വസ്തനോട് അങ്ങ് വിശ്വസ്തത പുലര്‍ത്തുന്നു
നിഷ്കളങ്കനോട് അങ്ങ് നിഷ്കളങ്കനായി വര്‍ത്തിക്കുന്നു
27
നിര്‍മ്മലനോടു അവിടുന്നു നിര്‍മ്മലതയോടെ പെരുമാറുന്നു
വക്രബുദ്ധിയോട് അങ്ങ് ക്രൂരനായി വര്‍ത്തിക്കുന്നു
28
എളിയവരെ അങ്ങു രക്ഷിക്കുന്നു
അഹങ്കാരികളെ അങ്ങു താഴ്ത്തുന്നു
29
സര്‍വേശ്വരാ, അവിടുന്ന് എന്‍റെ ദീപം;
എന്‍റെ അന്ധകാരം അങ്ങ് അകറ്റുന്നു.
30
അങ്ങയോടു ചേര്‍ന്നു ഞാന്‍ ശത്രുക്കളെ ആക്രമിക്കും.
എന്‍റെ ദൈവത്തിന്‍റെ സഹായത്താല്‍ ഞാന്‍ കോട്ടകള്‍ ചാടിക്കടക്കും.
31
ദൈവത്തിന്‍റെ വഴി തികവുള്ളത്
സര്‍വേശ്വരന്‍റെ വാക്കുകള്‍ വിശ്വാസ്യം.
തന്നില്‍ അഭയംതേടുന്നവര്‍ക്ക് അങ്ങു പരിചയാകുന്നു.
32
സര്‍വേശ്വരനല്ലാതെ ദൈവം ആരുണ്ട്?
നമ്മുടെ ദൈവം അല്ലാതെ വേറെ അഭയശില ഏത്?
33
ദൈവം എന്‍റെ ശക്തിദുര്‍ഗം
അവിടുന്ന് എന്‍റെ മാര്‍ഗം സുഗമമാക്കുന്നു.
34
അവിടുന്ന് എന്‍റെ കാലുകള്‍ക്കു മാന്‍പേടയുടെ വേഗം നല്‌കി.
ഉയര്‍ന്ന ഗിരികളില്‍ സുരക്ഷിതനായെന്നെ നിര്‍ത്തി
35
അവിടുന്ന് എന്നെ യുദ്ധമുറ അഭ്യസിപ്പിക്കുന്നു.
താമ്രവില്ലുപോലും എനിക്കു കുലയ്‍ക്കാം.
36
അവിടുന്ന് എനിക്കു രക്ഷയുടെ പരിച നല്‌കിയിരിക്കുന്നു;
അവിടുത്തെ കാരുണ്യം എന്നെ വലിയവനാക്കിയിരിക്കുന്നു.
37
എന്‍റെ മാര്‍ഗം അവിടുന്നു സുഗമമാക്കി,
എന്‍റെ കാലുകള്‍ വഴുതിയില്ല.
38
എന്‍റെ ശത്രുക്കളെ ഞാന്‍ പിന്തുടര്‍ന്നു നശിപ്പിച്ചു;
അവരെ നശിപ്പിച്ചു തീരുവോളം ഞാന്‍ പിന്മാറിയില്ല.
39
എഴുന്നേല്‌ക്കാത്തവിധം അവരെ ഞാന്‍ തകര്‍ത്തു;
അവര്‍ എന്‍റെ കാല്‍ക്കീഴിലമര്‍ന്നു.
40
യുദ്ധത്തിന് അവിടുന്നു ശക്തികൊണ്ട് എന്‍റെ അര മുറുക്കി
ശത്രുക്കളുടെമേല്‍ എനിക്കു വിജയം നല്‌കി.
41
എന്‍റെ ശത്രുക്കളെ അവിടുന്നു പലായനം ചെയ്യിച്ചു.
എന്നോടു പക പുലര്‍ത്തിയവരെ ഞാന്‍ സംഹരിച്ചു.
42
സഹായത്തിനുവേണ്ടി അവര്‍ നോക്കി;
ആരും അവരെ രക്ഷിച്ചില്ല
സര്‍വേശ്വരനെ അവര്‍ വിളിച്ചപേക്ഷിച്ചു;
അവിടുന്ന് ഉത്തരം അരുളിയില്ല.
43
നിലത്തെ പൂഴിപോലെ ഞാന്‍ അവരെ പൊടിച്ചു,
വീഥിയിലെ ചെളിപോലെ ചവുട്ടിത്തേച്ചു.
44
ജനങ്ങളുടെ പ്രക്ഷോഭത്തില്‍നിന്ന് അവിടുന്നെന്നെ രക്ഷിച്ചു
അവിടുന്നെന്നെ ജനതകളുടെ അധിപതിയാക്കി.
എനിക്ക് അപരിചിതരായിരുന്ന ജനം എന്നെ സേവിച്ചു.
45
പരദേശികള്‍ വന്ന് എന്നെ വണങ്ങി;
എന്‍റെ ആജ്ഞ തല്‍ക്ഷണം അവര്‍ അനുസരിച്ചു.
46
അവര്‍ നിര്‍വീര്യരായി വിറപൂണ്ട്
അവരുടെ കോട്ടകളില്‍നിന്ന് ഇറങ്ങിവന്നു.
47
സര്‍വേശ്വരന്‍ ജീവിക്കുന്നു;
എന്‍റെ രക്ഷാസങ്കേതം വാഴ്ത്തപ്പെടട്ടെ
എനിക്കു രക്ഷ നല്‌കുന്ന ദൈവം സ്തുതിക്കപ്പെടട്ടെ.
48
അവിടുന്ന് എനിക്കുവേണ്ടി പ്രതികാരം ചെയ്ത്
ജനതകളെ എനിക്ക് അധീനമാക്കി.
49
ശത്രുക്കളില്‍നിന്ന് അവിടുന്ന് എന്നെ രക്ഷിച്ചു;
എതിരാളികളുടെമേല്‍ എന്നെ ഉയര്‍ത്തി.
അക്രമികളില്‍നിന്ന് എന്നെ വിടുവിച്ചു.
50
അതുകൊണ്ട് ജനതകളുടെ മധ്യേ ഞാന്‍ അങ്ങയെ പ്രകീര്‍ത്തിക്കും.
അവിടുത്തെ നാമത്തിനു ഞാന്‍ സ്തുതി പാടും.
51
അവിടുന്നു തിരഞ്ഞെടുത്ത രാജാവിന് അങ്ങ് വന്‍വിജയം നല്‌കുന്നു;
തന്‍റെ അഭിഷിക്തനോടു സുസ്ഥിരസ്നേഹം കാട്ടുന്നു,
ദാവീദിനോടും അവന്‍റെ സന്തതികളോടും എന്നെന്നേക്കുംതന്നെ.
1
യിശ്ശായിയുടെ പുത്രന്‍ ദാവീദ്, ദൈവം ഉന്നതിയിലാക്കിയവന്‍, യാക്കോബിന്‍ ദൈവത്തിന്‍റെ അഭിഷിക്തന്‍, ഇസ്രായേലിലെ മധുരഗായകന്‍ പാടുന്നു:2
സര്‍വേശ്വരന്‍റെ ആത്മാവ് എന്നിലൂടെ അരുളുന്നു;3
ഇസ്രായേലിന്‍റെ ദൈവം മൊഴിഞ്ഞിരിക്കുന്നു;
ഇസ്രായേലിന്‍റെ രക്ഷാശില എന്നോട് അരുളിയിരിക്കുന്നു.
4
മനുഷ്യരെ നീതിയോടെ ഭരിക്കുന്നവന്‍,
ദൈവഭയത്തോടെ ഭരിക്കുന്നവന്‍,
പുലര്‍കാലവെളിച്ചംപോലെ
മേഘരഹിതമായ ആകാശത്തിലെ പ്രഭാതസൂര്യനെപ്പോലെ
ഇളമ്പുല്ലു മുളപ്പിക്കുന്ന പുതുമഴപോലെ ശോഭിക്കും.
5
എന്‍റെ ഭവനം ദൈവസന്നിധിയില്‍ അങ്ങനെയല്ലേ?
അവിടുന്ന് എന്നോട് ഒരു ശാശ്വത ഉടമ്പടി ചെയ്തിരിക്കുന്നു;
അലംഘനീയമായ ഒരു ഉടമ്പടി;
അവിടുന്ന് എന്നെ രക്ഷിക്കും;
എന്‍റെ അഭിലാഷം അവിടുന്നു നിറവേറ്റും.
6
ദൈവഭക്തി ഇല്ലാത്തവന്‍ വലിച്ചെറിയപ്പെട്ട മുള്ളുപോലെ;
ആര്‍ക്കും അതു കരംകൊണ്ട് എടുക്കാവുന്നതല്ലല്ലോ.
7
ഇരുമ്പുകമ്പിയോ കുന്തത്തിന്‍റെ പിടിയോ വേണം അതു തൊടാന്‍;
അതു മുഴുവന്‍ ചുട്ടെരിക്കപ്പെടുന്നു.
8
ദാവീദിന്‍റെ വീരയോദ്ധാക്കള്‍ ഇവരാണ്: തഹ്കെമോന്യനായ യോശേബ്-ബശ്ശേബെത്ത്; അയാളായിരുന്നു മൂവരില്‍ നേതാവ്. ഒരൊറ്റ യുദ്ധത്തില്‍ എണ്ണൂറു പേരെ കുന്തംകൊണ്ട് അയാള്‍ വധിച്ചു;9 രണ്ടാമന്‍ അഹോഹിയുടെ പൗത്രനും ദോദായിയുടെ പുത്രനുമായ എലെയാസാര്‍; ഫെലിസ്ത്യരുമായുള്ള യുദ്ധത്തില്‍ ഇസ്രായേല്യര്‍ ഓടിപ്പോയപ്പോള്‍ അയാള്‍ ദാവീദിനോടു ചേര്‍ന്നുനിന്നു ഫെലിസ്ത്യരോടു യുദ്ധം ചെയ്തു.
10 വാള്‍ വിട്ടുപോകാതെ കൈ കുഴഞ്ഞു മരവിക്കുംവരെ അയാള്‍ ഫെലിസ്ത്യരെ സംഹരിച്ചു. അന്നു സര്‍വേശ്വരന്‍ വലിയ വിജയം അയാള്‍ക്കു നല്‌കി. അയാളോടൊപ്പം മടങ്ങിവന്ന പടയാളികള്‍ കൊല്ലപ്പെട്ടവരുടെ മുതല്‍ കൊള്ളയടിക്കുക മാത്രമാണു ചെയ്തത്.
11 മൂന്നാമന്‍ ഹാരാര്യനായ ആഗേയുടെ പുത്രന്‍ ശമ്മാ ആയിരുന്നു. ഒരിക്കല്‍ ലേഹിയിലെ ചെറുപയര്‍ വിളഞ്ഞിരുന്ന വയല്‍ കവര്‍ച്ച ചെയ്യാന്‍ ഫെലിസ്ത്യര്‍ ഒരുമിച്ചു കൂടിയപ്പോള്‍ ജനം അവിടെനിന്ന് ഓടിപ്പോയി.
12 ശമ്മാ ഏകനായി വയലില്‍നിന്നുകൊണ്ട് അതു സംരക്ഷിച്ചു, ഫെലിസ്ത്യരെ സംഹരിക്കുകയും ചെയ്തു. അങ്ങനെ സര്‍വേശ്വരന്‍ ഒരു വന്‍വിജയം അയാള്‍ക്കു നല്‌കി.
13 കൊയ്ത്തിന്‍റെ സമയം ആയപ്പോള്‍ മുപ്പതു പടനായകന്മാരില്‍ മൂന്നു പേര്‍ അദുല്ലാംഗുഹയില്‍ ദാവീദിന്‍റെ അടുക്കല്‍ ചെന്നു. ഫെലിസ്ത്യസൈന്യം രെഫായീംതാഴ്വരയില്‍ പാളയമടിച്ചിരുന്നു.
14 ദാവീദ് കോട്ടയില്‍ ആയിരുന്നു. ബേത്‍ലഹേം ഫെലിസ്ത്യപട്ടാളത്തിന്‍റെ അധീനതയിലും ആയിരുന്നു.
15 ‘ബേത്‍ലഹേമിലെ പട്ടണവാതില്‌ക്കലുള്ള കുളത്തില്‍നിന്ന് എനിക്കു കുടിക്കാന്‍ കുറച്ചു വെള്ളം ആരെങ്കിലും കൊണ്ടുവന്നിരുന്നെങ്കില്‍’ എന്ന് ദാവീദ് ഉല്‍ക്കടമായ ആഗ്രഹത്തോടുകൂടി പറഞ്ഞപ്പോള്‍
16 ആ മൂന്നു വീരന്മാര്‍ ഫെലിസ്ത്യരുടെ പാളയത്തില്‍കൂടി കടന്നു ബേത്‍ലഹേം പട്ടണത്തിന്‍റെ വാതില്‍ക്കലുള്ള കിണറ്റില്‍നിന്നു വെള്ളം കോരിയെടുത്തു ദാവീദിനു കൊണ്ടുവന്നു കൊടുത്തു. എന്നാല്‍ അതു കുടിക്കാന്‍ മനസ്സുവരാതെ ദാവീദ് അതു സര്‍വേശ്വരനു നിവേദിച്ചു.
17 അദ്ദേഹം പറഞ്ഞു: “സര്‍വേശ്വരാ, ഞാന്‍ ഇതു കുടിക്കുകയില്ല. അതു ജീവന്‍ പണയപ്പെടുത്തിയ ഈ മനുഷ്യരുടെ രക്തം കുടിക്കുന്നതിനു തുല്യമായിരിക്കും.” അദ്ദേഹം അതു കുടിച്ചില്ല. ഇവ ആയിരുന്നു ആ മൂന്നു പേരുടെ വീര്യപ്രവൃത്തികള്‍.
18 യോവാബിന്‍റെ സഹോദരനും സെരൂയായുടെ പുത്രനുമായ അബീശായി മുപ്പതു പേരുടെ തലവനായിരുന്നു; അയാള്‍ തന്‍റെ കുന്തംകൊണ്ട് മുന്നൂറുപേര്‍ക്കെതിരെ പോരാടി അവരെയെല്ലാം കൊന്നുകളഞ്ഞു.
19 മുപ്പതു പേരില്‍ ഏറ്റവും പ്രസിദ്ധന്‍ അയാളായിരുന്നെങ്കിലും മേല്‍പ്പറഞ്ഞ മൂന്നു പേരുടെ നിലയില്‍ അയാള്‍ എത്തിയിരുന്നില്ല.
20 കബ്സേലില്‍നിന്നുള്ള യെഹോയാദയുടെ പുത്രന്‍ ബെനായാ ആയിരുന്നു മറ്റൊരു യുദ്ധവീരന്‍; മോവാബ്യരായ രണ്ടു യുദ്ധവീരന്മാരെ കൊന്നതുള്‍പ്പെടെ അനേകം ധീരപ്രവൃത്തികള്‍ അയാള്‍ ചെയ്തിരുന്നു. മഞ്ഞുകാലത്ത് ഒരു ഗുഹയില്‍നിന്നു പുറത്തുവന്ന ഒരു സിംഹത്തെ അയാള്‍ കൊന്നു.
21 കുന്തം ധരിച്ചിരുന്ന ഉഗ്രനായ ഒരു ഈജിപ്തുകാരനെ അയാള്‍ സംഹരിച്ചു. ബെനായാ ഒരു ദണ്ഡുമായി അവനെ സമീപിച്ച് അവന്‍റെ കൈയില്‍നിന്നു കുന്തം പിടിച്ചുവാങ്ങുകയും അതുകൊണ്ട് അവനെ കൊല്ലുകയുമാണു ചെയ്തത്.
22 മുപ്പതു പേരില്‍ ഒരുവനായ യെഹോയാദയുടെ പുത്രന്‍ ബെനായായുടെ ധീരപ്രവൃത്തികള്‍ ഇവയായിരുന്നു;
23 അയാള്‍ മുപ്പതു പേരില്‍ പ്രസിദ്ധനായിരുന്നെങ്കിലും മൂന്നു പേരുടെ നിലയില്‍ എത്തിയിരുന്നില്ല. ദാവീദ് തന്‍റെ അകമ്പടിസേനാനായകനായി അയാളെയാണു നിയമിച്ചത്.
24 യോവാബിന്‍റെ സഹോദരനായ അസാഹേല്‍ മുപ്പതു പേരില്‍ ഒരാളായിരുന്നു. മറ്റുള്ളവരുടെ പേരുകള്‍: ബേത്‍ലഹേംകാരനായ ദോദോയുടെ പുത്രന്‍ എല്‍ഹാനാന്‍; ഹാദോദുകാരായ ശമ്മായും എലീക്കയും;
25 പെലേത്യനായ ഹേലെസ്; തെക്കോവയിലെ ഇക്കേശിന്‍റെ പുത്രനായ ഈര;
26 അനാഥോത്തുകാരനായ അബീയേസെര്‍; ഹൂശാത്യനായ മെബുന്നായി;
27 അഹോഹ്യനായ സല്‍മോന്‍; നെത്തോഫായിലെ മഹരായി;
28 നെത്തോഫാക്കാരനായ ബാനായുടെ പുത്രന്‍ ഹേലെബ്;
29 ബെന്യാമീന്‍വംശജരുടെ ഗിബെയായില്‍നിന്നുള്ള രീബായിയുടെ പുത്രനായ ഇത്ഥായി;
30 പിരാതോനിലെ ബെനയ്യാ; നഹലേഗാശുകാരനായ ഹിദ്ദായി; അര്‍ബാത്യനായ അബീ-അല്ബോന്‍;
31 ബഹൂരീംകാരനായ അസ്മാവെത്ത്;
32 ശാല്‍ബോനിലെ എല്യാഹ്ബ; യാശേന്‍റെ പുത്രന്മാര്‍; യോനാഥാന്‍;
33 ഹരാര്‍ക്കാരനായ ശമ്മാ; അരാര്യനായ ശരാരിന്‍റെ പുത്രനായ അഹീരാം;
34 മാഖാത്തിലെ അഹശ്ബായിയുടെ പുത്രനായ എലീഫേലെത്ത്; ഗീലോയിലെ അഹീഥോഫെലിന്‍റെ പുത്രനായ എലീയാം;
35 കര്‍മ്മേല്‍ക്കാരനായ ഹെസ്രോ;
36 അര്‍ബായിലെ പാറായി; സോബായിലെ നാഥാന്‍റെ പുത്രന്‍ ഇഗാല്‍;
37 ഗാദില്‍നിന്നുള്ള ബാനി; അമ്മോനിലെ സേലക്ക്; സെരൂയായുടെ പുത്രനായ യോവാബിന്‍റെ ആയുധവാഹകനായ ബെരോത്തിലെ നഹരായി;
38 ഇത്രായില്‍നിന്നുള്ള ഈരയും ഗാരേബും; ഹിത്യനായ ഊരീയാ.
39 ഇങ്ങനെ ആകെ മുപ്പത്തിയേഴു പേരുണ്ടായിരുന്നു.
1
സര്‍വേശ്വരന്‍റെ കോപം ഇസ്രായേലിന്‍റെ നേരേ ജ്വലിച്ചു. അവര്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ ദാവീദിനെ അവിടുന്നു പ്രേരിപ്പിച്ചു. ഇസ്രായേലിലെയും യെഹൂദ്യയിലെയും ജനങ്ങളുടെ എണ്ണമെടുക്കാന്‍ സര്‍വേശ്വരന്‍ ദാവീദിനോടു കല്പിച്ചു.2 അദ്ദേഹം യോവാബിനോടും തന്‍റെ സൈന്യാധിപന്മാരോടും പറഞ്ഞു: “ദാന്‍മുതല്‍ ബേര്‍-ശേബാവരെ ഇസ്രായേലിലുള്ള എല്ലാ ഗോത്രക്കാരുടെ ഇടയിലും ചെന്ന് അവരുടെ ജനസംഖ്യ എടുത്ത് എന്നെ അറിയിക്കണം.”
3 എന്നാല്‍ രാജാവിനോട് യോവാബ് ഇങ്ങനെ ചോദിച്ചു: “അങ്ങയുടെ കാലത്തുതന്നെ ദൈവമായ സര്‍വേശ്വരന്‍ ജനത്തെ ഇന്നുള്ളതിന്‍റെ നൂറിരട്ടിയായി വര്‍ധിപ്പിക്കട്ടെ; അതു കാണാന്‍ അങ്ങേക്ക് ഇടയാകട്ടെ; എന്നാല്‍ അങ്ങ് ഇക്കാര്യത്തില്‍ ഇത്ര താല്‍പര്യം കാണിക്കുന്നത് എന്ത്?”
4 യോവാബ് അങ്ങനെ പറഞ്ഞെങ്കിലും അയാളും സേനാനായകന്മാരും രാജകല്പന അനുസരിക്കേണ്ടിവന്നു. അങ്ങനെ അവര്‍ ജനത്തിന്‍റെ എണ്ണമെടുക്കാന്‍ രാജസന്നിധിയില്‍നിന്നു പുറപ്പെട്ടു.
5 അവര്‍ യോര്‍ദ്ദാന്‍നദി കടന്നു ഗാദ്ദേശത്ത് താഴ്വരയുടെ നടുവിലുള്ള പട്ടണമായ അരോവേരില്‍ ആരംഭിച്ചു
6 വടക്കോട്ട് യസേരിലേക്കും ഗിലെയാദിലേക്കും ഹിത്യരുടെ ദേശമായ കാദേശിലേക്കും ചെന്നു; അവിടെനിന്നു ദാനിലേക്കും പിന്നീട് സീദോനിലേക്കും പോയി.
7 പിന്നീട് അവര്‍ കോട്ട കെട്ടി ഉറപ്പിച്ചിരുന്ന സോരിലും ഹിവ്യരുടെയും കനാന്യരുടെയും സകല പട്ടണങ്ങളിലും ചെന്നതിനുശേഷം യെഹൂദ്യയുടെ തെക്കുഭാഗത്തുള്ള ബേര്‍-ശേബായിലെത്തി.
8 അവര്‍ ദേശമെല്ലാം സഞ്ചരിച്ച് ഒമ്പതുമാസവും ഇരുപതു ദിവസവും കഴിഞ്ഞ് യെരൂശലേമിലെത്തി.
9 യോവാബ് ജനസംഖ്യ രാജാവിനെ അറിയിച്ചു; അതനുസരിച്ച് സൈന്യ സേവനത്തിനു പറ്റിയ എട്ടുലക്ഷം പേര്‍ ഇസ്രായേലിലും അഞ്ചുലക്ഷം പേര്‍ യെഹൂദ്യയിലും ഉണ്ടായിരുന്നു.
10
ജനസംഖ്യ എടുത്തുകഴിഞ്ഞപ്പോള്‍ ദാവീദിനു കുറ്റബോധം ഉണ്ടായി. അദ്ദേഹം സര്‍വേശ്വരനോടു പറഞ്ഞു: “ഞാന്‍ കൊടുംപാപം ചെയ്തുപോയി; എന്‍റെ കുറ്റം ക്ഷമിക്കണമേ; ഞാന്‍ വലിയ ഭോഷത്തമാണു കാട്ടിയത്.”11 ദാവീദ് രാവിലെ ഉണരുമ്പോഴേക്കു തന്‍റെ പ്രവാചകനായ ഗാദിനോടു സര്‍വേശ്വരന്‍ ഇപ്രകാരം അരുളിച്ചെയ്തിരുന്നു:
12 “നീ ചെന്നു ദാവീദിനോടു പറയുക: മൂന്നു കാര്യങ്ങള്‍ ഞാന്‍ നിന്‍റെ മുമ്പില്‍ വയ്‍ക്കുന്നു; അതില്‍ ഒന്നു നീ തിരഞ്ഞെടുക്കണം; അതു ഞാന്‍ നിന്നോടു ചെയ്യും എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.”
13 ഗാദ് ദാവീദിന്‍റെ അടുക്കല്‍ ചെന്നു പറഞ്ഞു: “നിന്‍റെ രാജ്യത്ത് മൂന്നു വര്‍ഷം ക്ഷാമമുണ്ടാകുകയോ, നീ മൂന്നു മാസം ശത്രുക്കളില്‍നിന്നു ഒളിച്ചുപാര്‍ക്കുകയോ, നിന്‍റെ രാജ്യത്തു മൂന്നു ദിവസം പകര്‍ച്ചവ്യാധി ഉണ്ടാകുകയോ വേണം. ഏതാണു നീ തിരഞ്ഞെടുക്കുന്നത്? എന്നെ അയച്ചവനോട് മറുപടി നല്‌കത്തക്കവിധം നീ ആലോചിച്ച് ഉത്തരം പറയണം.”
14 ദാവീദ് ഗാദിനോട് പറഞ്ഞു: “ഞാന്‍ വലിയ വിഷമത്തിലായിരിക്കുന്നു; സര്‍വേശ്വരന്‍റെ കരം നമ്മുടെമേല്‍ പതിക്കട്ടെ; അവിടുന്നു മഹാദയാലുവാകുന്നു; മനുഷ്യരുടെ കൈയില്‍ ഞാന്‍ അകപ്പെടാതിരിക്കട്ടെ.”
15 അങ്ങനെ അന്നു പ്രഭാതം മുതല്‍ നിശ്ചിത സമയംവരെ ഇസ്രായേലില്‍ സര്‍വേശ്വരന്‍ അയച്ച ഒരു പകര്‍ച്ചവ്യാധി അവരെ ബാധിച്ചു. ദാന്‍മുതല്‍ ബേര്‍-ശേബാവരെയുള്ള ജനത്തില്‍ എഴുപതിനായിരം പേര്‍ മരിച്ചു.
16 യെരൂശലേമിനെയും പകര്‍ച്ചവ്യാധി ബാധിക്കാന്‍ ദൈവദൂതന്‍ കൈ നീട്ടിയപ്പോള്‍ സര്‍വേശ്വരന്‍ അവിടെ ഉണ്ടാകാന്‍ പോകുന്ന അനര്‍ഥത്തെക്കുറിച്ചു ദുഃഖിച്ചു സംഹാരദൂതനോടു “മതി, നീ കൈ പിന്‍വലിക്കുക” എന്നു കല്പിച്ചു. അപ്പോള്‍ സര്‍വേശ്വരന്‍റെ ദൂതന്‍ യെബൂസ്യനായ അരവ്നായുടെ മെതിക്കളത്തിന്‍റെ അടുത്തായിരുന്നു.
17 സംഹാരദൂതനെ കണ്ടപ്പോള്‍ ദാവീദ് സര്‍വേശ്വരനോട് അപേക്ഷിച്ചു: “ഞാനല്ലേ പാപം ചെയ്തത്; കുറ്റം ചെയ്തതു ജനങ്ങളല്ലല്ലോ. അതുകൊണ്ട് എന്നെയും എന്‍റെ കുടുംബത്തെയും ശിക്ഷിച്ചാലും.”
18 അന്നുതന്നെ ഗാദ് ദാവീദിന്‍റെ അടുക്കല്‍ വന്നു പറഞ്ഞു: “യെബൂസ്യനായ അരവ്നായുടെ മെതിക്കളത്തില്‍ ചെന്നു സര്‍വേശ്വരന് ഒരു യാഗപീഠം ഉണ്ടാക്കുക.”
19 അവിടുത്തെ കല്പനപ്രകാരം ഗാദ് പറഞ്ഞതുപോലെ ദാവീദ് അവിടെ പോയി;
20 അരവ്നാ നോക്കിയപ്പോള്‍ രാജാവും ഭൃത്യന്മാരും തന്‍റെ അടുക്കലേക്ക് വരുന്നതു കണ്ടു; അയാള്‍ പോയി രാജാവിന്‍റെ മുമ്പില്‍ സാഷ്ടാംഗം വീണു നമസ്കരിച്ചു.
21 അയാള്‍ ചോദിച്ചു: “അവിടുന്ന് എന്തിനാണ് അടിയന്‍റെ അടുക്കലേക്കു വന്നത്?” അപ്പോള്‍ ദാവീദു പറഞ്ഞു: “പകര്‍ച്ചവ്യാധി ജനത്തെ വിട്ടുമാറുന്നതിനുവേണ്ടി സര്‍വേശ്വരന് ഒരു യാഗപീഠം പണിയണം; അതിനായി നിന്‍റെ മെതിക്കളം വാങ്ങുന്നതിനാണു ഞാന്‍ വന്നിരിക്കുന്നത്.”
22 അരവ്നാ ദാവീദിനോടു പറഞ്ഞു: “അങ്ങ് ആഗ്രഹിക്കുന്നതെന്തും എടുത്തു യാഗം കഴിച്ചാലും; ഹോമയാഗത്തിന് കാളകളും വിറകിനു മെതിവണ്ടികളും നുകങ്ങളും ഉണ്ട്.
23 പ്രഭോ, ഇതെല്ലാം അടിയന്‍ അങ്ങേക്കു തരുന്നു. അങ്ങയുടെ ദൈവമായ സര്‍വേശ്വരന്‍ അങ്ങയില്‍ പ്രസാദിക്കട്ടെ” എന്നും അരവ്നാ ആശംസിച്ചു.
24 ദാവീദ് അരവ്നായോടു പറഞ്ഞു: “അങ്ങനെയല്ല, ഞാന്‍ അതു നിന്നോടു വിലയ്‍ക്കേ വാങ്ങുകയുള്ളൂ. എനിക്ക് ഒരു ചെലവുമില്ലാത്ത യാഗം എന്‍റെ ദൈവമായ സര്‍വേശ്വരനു ഞാന്‍ അര്‍പ്പിക്കുകയില്ല.” അങ്ങനെ ദാവീദ് അമ്പതു ശേക്കെല്‍ വെള്ളി കൊടുത്തു മെതിക്കളവും കാളകളും വാങ്ങി.
25 അവിടെ ദാവീദ് സര്‍വേശ്വരന് ഒരു യാഗപീഠം പണിതു ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അര്‍പ്പിച്ചു. അപ്പോള്‍ സര്‍വേശ്വരന്‍ ദാവീദിന്‍റെ പ്രാര്‍ഥന കേട്ടു; പകര്‍ച്ചവ്യാധി ഇസ്രായേലിനെ വിട്ടുമാറുകയും ചെയ്തു.