1

1

എഫ്രയീംമലനാട്ടിലെ രാമാഥയീം- സോഫീമില്‍ എല്‌ക്കാനാ എന്നൊരാള്‍ ജീവിച്ചിരുന്നു. അയാളുടെ പിതാവ് യെരോഹാം ആയിരുന്നു. യെരോഹാം എലീഹൂവിന്‍റെയും എലീഹൂ തോഹൂവിന്‍റെയും തോഹൂ എഫ്രയീംകാരനായ സൂഫിന്‍റെയും പുത്രനായിരുന്നു.

2 എല്‌ക്കാനായ്‍ക്കു രണ്ടു ഭാര്യമാരുണ്ടായിരുന്നു, ഹന്നായും പെനിന്നായും. പെനിന്നായ്‍ക്കു മക്കളുണ്ടായിരുന്നു; ഹന്നായ്‍ക്കു മക്കളില്ലായിരുന്നു.

3 സര്‍വശക്തനായ സര്‍വേശ്വരനെ ആരാധിക്കാനും അവിടുത്തേക്കു യാഗമര്‍പ്പിക്കാനുമായി എല്‌ക്കാനാ വര്‍ഷം തോറും തന്‍റെ പട്ടണത്തില്‍നിന്നു ശീലോവിലേക്കു പോകുമായിരുന്നു. ഏലിയുടെ പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസുമായിരുന്നു അവിടെ സര്‍വേശ്വരന്‍റെ പുരോഹിതരായി ശുശ്രൂഷ ചെയ്തിരുന്നത്.

4 യാഗമര്‍പ്പിക്കുന്ന ദിവസങ്ങളിലെല്ലാം ഭാര്യ പെനിന്നായ്‍ക്കും അവളുടെ പുത്രീപുത്രന്മാര്‍ക്കും യാഗവസ്തുവിന്‍റെ ഓഹരി കൊടുത്തിരുന്നു.

5 എല്‌ക്കാനാ ഹന്നായെ കൂടുതല്‍ സ്നേഹിച്ചിരുന്നെങ്കിലും അവള്‍ക്ക് ഒരു ഓഹരി മാത്രമേ കൊടുത്തിരുന്നുള്ളൂ. കാരണം ദൈവം അവള്‍ക്കു മക്കളെ നല്‌കിയിരുന്നില്ല.

6 അവള്‍ക്കു സന്താനങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ പെനിന്നാ അവളെ പ്രകോപിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്തിരുന്നു.

7 വര്‍ഷംതോറും സര്‍വേശ്വരന്‍റെ ആലയത്തിലേക്കു പോകുമ്പോഴെല്ലാം അവള്‍ ഹന്നായെ വേദനിപ്പിച്ചിരുന്നു. തന്നിമിത്തം അവള്‍ കരയുകയും പട്ടിണി കിടക്കുകയും ചെയ്തിരുന്നു.

8 ഭര്‍ത്താവായ എല്‌ക്കാനാ അവളോടു ചോദിച്ചു: “എന്തിനു നീ കരയുന്നു? എന്തുകൊണ്ടു ഭക്ഷണം കഴിക്കുന്നില്ല? എന്തിനു നീ വിഷാദിച്ചിരിക്കുന്നു? ഞാന്‍ നിനക്കു പത്തു പുത്രന്മാരെക്കാള്‍ വിലപ്പെട്ടവനല്ലേ?”

9 ശീലോവില്‍വച്ച് അവരെല്ലാവരും ഭക്ഷണപാനീയങ്ങള്‍ കഴിച്ചു; ഹന്നാ എഴുന്നേറ്റു ദൈവസന്നിധിയിലേക്കു പോയി. പുരോഹിതനായ ഏലി മന്ദിരവാതില്‌ക്കല്‍ ആസനസ്ഥനായിരുന്നു.

10 അവള്‍ സര്‍വേശ്വരനോടു ഹൃദയവേദനയോടെ കരഞ്ഞു പ്രാര്‍ഥിച്ചു;

11 ഹന്നാ ഒരു നേര്‍ച്ച നേര്‍ന്നുകൊണ്ടു പറഞ്ഞു: “സര്‍വശക്തനായ സര്‍വേശ്വരാ, ഈ ദാസിയുടെ സങ്കടം കണ്ട് ഈയുള്ളവളെ ഓര്‍ക്കണമേ; ഈ ദാസിയെ മറന്നുകളയാതെ ഒരു പുത്രനെ നല്‌കിയാല്‍ അവന്‍റെ ജീവിതകാലം മുഴുവനും അവനെ അങ്ങേക്കായി അര്‍പ്പിച്ചുകൊള്ളാം. അവന്‍റെ തലയില്‍ ക്ഷൗരക്കത്തി തൊടുവിക്കുകയില്ല.”

12 അവള്‍ സര്‍വേശ്വരസന്നിധിയില്‍ തുടര്‍ന്നു പ്രാര്‍ഥിച്ചുകൊണ്ടിരുന്നു; അവളുടെ ചുണ്ടനങ്ങുന്നത് ഏലി ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

13 ഹന്നായുടെ പ്രാര്‍ഥന ഹൃദയംകൊണ്ടായിരുന്നതിനാല്‍ അധരങ്ങള്‍ അനങ്ങിയതല്ലാതെ ശബ്ദം പുറത്തുവന്നില്ല; അവള്‍ മദ്യപിച്ചിരിക്കും എന്ന് ഏലി വിചാരിച്ചു.

14 ഏലി അവളോടു പറഞ്ഞു: “നീ എത്ര നേരം ഇങ്ങനെ മദ്യലഹരിയില്‍ കഴിയും? നീ മദ്യം ഉപേക്ഷിക്കുക.”

15 അപ്പോള്‍ ഹന്നാ പറഞ്ഞു: “അങ്ങനെ അല്ല, എന്‍റെ യജമാനനേ! ഞാന്‍ വളരെയേറെ മനോവേദന അനുഭവിക്കുന്ന ഒരു സ്‍ത്രീയാണ്; വീഞ്ഞോ മറ്റേതെങ്കിലും ലഹരിപാനീയമോ ഞാന്‍ കുടിച്ചിട്ടില്ല. സര്‍വേശ്വരന്‍റെ സന്നിധിയില്‍ എന്‍റെ ഹൃദയം പകരുകയാണു ചെയ്തത്.

16 ഈ ദാസിയെ ഒരു നീചയായി കരുതരുതേ; അത്യധികമായ ഉല്‍ക്കണ്ഠയും വ്യസനവുംകൊണ്ടാണ് ഞാന്‍ ഇങ്ങനെ പ്രാര്‍ഥിച്ചത്.”

17 അപ്പോള്‍ ഏലി പറഞ്ഞു: “സമാധാനമായി പോകുക; ഇസ്രായേലിന്‍റെ ദൈവം നിന്‍റെ പ്രാര്‍ഥന സഫലമാക്കട്ടെ.” അവള്‍ പറഞ്ഞു:

18 “ഈ ദാസിയുടെമേല്‍ അങ്ങയുടെ കൃപാകടാക്ഷം ഉണ്ടാകട്ടെ.” പിന്നീട് അവള്‍ പോയി ഭക്ഷണം കഴിച്ചു; അവളുടെ മുഖത്തു പിന്നീട് വിഷാദം ഉണ്ടായില്ല.

19

എല്‌ക്കാനായും കുടുംബവും അതിരാവിലെ എഴുന്നേറ്റു സര്‍വേശ്വരനെ ആരാധിച്ചു; പിന്നീട് രാമായിലുള്ള അവരുടെ ഭവനത്തിലേക്കു മടങ്ങിപ്പോയി.

20 എല്‌ക്കാനാ തന്‍റെ ഭാര്യ ഹന്നായെ പ്രാപിക്കുകയും സര്‍വേശ്വരന്‍ അവളുടെ പ്രാര്‍ഥനയ്‍ക്ക് ഉത്തരം നല്‌കുകയും ചെയ്തു. അവള്‍ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിച്ചു; “ഞാന്‍ അവനെ സര്‍വേശ്വരനോടു ചോദിച്ചുവാങ്ങി” എന്നു പറഞ്ഞ് അവള്‍ അവന് ‘ശമൂവേല്‍’ എന്നു പേരിട്ടു.

21 എല്‌ക്കാനായും കുടുംബവും സര്‍വേശ്വരനു വര്‍ഷംതോറുമുള്ള യാഗം അര്‍പ്പിക്കുവാനും നേര്‍ച്ച കഴിക്കുവാനുമായി വീണ്ടും പോയി.

22 എന്നാല്‍ ഹന്നാ പോയില്ല; അവള്‍ ഭര്‍ത്താവിനോടു പറഞ്ഞു: “കുഞ്ഞിന്‍റെ മുലകുടി മാറട്ടെ; അതിനുശേഷം അവന്‍ സര്‍വേശ്വരസന്നിധിയില്‍ ശുശ്രൂഷ ചെയ്യാനും എന്നേക്കും അവിടെ പാര്‍ക്കാനുമായി ഞാന്‍ അവനെ കൊണ്ടുവരാം.”

23 എല്‌ക്കാനാ അവളോടു പറഞ്ഞു: “നിന്‍റെ ഇഷ്ടംപോലെയാകട്ടെ; അവന്‍റെ മുലകുടി മാറുന്നതുവരെ ഇവിടെ താമസിക്കുക; നിന്‍റെ പ്രതിജ്ഞ നിറവേറ്റാന്‍ സര്‍വേശ്വരന്‍ ഇടവരുത്തട്ടെ.” അവന്‍റെ മുലകുടി മാറുന്നതുവരെ അവള്‍ വീട്ടില്‍ പാര്‍ത്തു.

24 അവന്‍റെ മുലകുടി മാറിയപ്പോള്‍, മൂന്നു വയസ്സു പ്രായമുള്ള ഒരു കാളക്കുട്ടിയും ഒരു ഏഫാ മാവും ഒരു തോല്‍സഞ്ചി നിറച്ചു വീഞ്ഞുമായി, അവള്‍ ശമൂവേലിനെ ശീലോവില്‍ സര്‍വേശ്വരന്‍റെ ആലയത്തിലേക്ക് കൊണ്ടുപോയി. ശമൂവേല്‍ അപ്പോള്‍ ബാലനായിരുന്നു.

25 കാളക്കുട്ടിയെ കൊന്നതിനുശേഷം ബാലനെ ഏലിയുടെ അടുക്കല്‍ കൊണ്ടുചെന്നു.

26 ഹന്നാ പറഞ്ഞു: “യജമാനനേ, അങ്ങയുടെ സമീപത്തുനിന്നു സര്‍വേശ്വരനോടു പ്രാര്‍ഥിച്ച സ്‍ത്രീയാണു ഞാന്‍;

27 ഈ കുഞ്ഞിനുവേണ്ടിയായിരുന്നു ഞാന്‍ പ്രാര്‍ഥിച്ചത്. സര്‍വേശ്വരന്‍ എന്‍റെ അപേക്ഷ കേട്ടു;

28 അതുകൊണ്ട് ഇവനെ ഞാന്‍ സര്‍വേശ്വരന് സമര്‍പ്പിച്ചിരിക്കുന്നു; അവന്‍ ജീവപര്യന്തം സര്‍വേശ്വരന് നിവേദിതനായിരിക്കും.” പിന്നീട് അവര്‍ അവിടെ സര്‍വേശ്വരനെ ആരാധിച്ചു.

2

1

ഹന്നാ ഇങ്ങനെ പ്രാര്‍ഥിച്ചു:

എന്‍റെ ഹൃദയം സര്‍വേശ്വരനില്‍ സന്തോഷിക്കുന്നു
എന്‍റെ ശിരസ്സ് അവിടുന്ന് ഉയര്‍ത്തിയിരിക്കുന്നു
എന്‍റെ അധരം ശത്രുക്കളെ പരിഹസിക്കുന്നു
എന്തെന്നാല്‍ അവിടുത്തെ രക്ഷയില്‍ ഞാന്‍ ആനന്ദിക്കുന്നു.

2
സര്‍വേശ്വരനെപ്പോലെ പരിശുദ്ധന്‍ മറ്റാരുമില്ല;
അവിടുത്തെപ്പോലെ വേറാരുമില്ല.
നമ്മുടെ ദൈവത്തെപ്പോലെ സുസ്ഥിരമായ ഒരു രക്ഷാശിലയുമില്ല.

3
ഗര്‍വോടെ ഇനി സംസാരിക്കരുത്;
നിങ്ങളുടെ നാവില്‍നിന്ന് അഹന്ത പുറപ്പെടാതിരിക്കട്ടെ;
കാരണം, സര്‍വേശ്വരന്‍ സര്‍വജ്ഞനായ ദൈവം;
അവിടുന്നു പ്രവൃത്തികളെ വിലയിരുത്തുന്നു.

4
വീരന്മാരുടെ വില്ല് ഒടിഞ്ഞുപോകുന്നു;
ബലഹീനരാകട്ടെ ശക്തിപ്രാപിക്കുന്നു.

5
സുഭിക്ഷതയില്‍ കഴിഞ്ഞിരുന്നവര്‍
ആഹാരത്തിനായി കൂലിപ്പണി ചെയ്യുന്നു;
വിശന്നിരുന്നവര്‍ സംതൃപ്തരായിത്തീരുന്നു;
വന്ധ്യ ഏഴു പ്രസവിക്കുന്നു;
പുത്രസമ്പന്ന നിരാലംബയായിത്തീരുന്നു.

6
സര്‍വേശ്വരന്‍ ജീവന്‍ എടുക്കുകയും ജീവന്‍ നല്‌കുകയും ചെയ്യുന്നു.
പാതാളത്തിലേക്ക് ഇറക്കുകയും അവിടെനിന്നു കയറ്റുകയും ചെയ്യുന്നു.

7
ദാരിദ്ര്യവും സമ്പന്നതയും സര്‍വേശ്വരനാണു നല്‌കുന്നത്.
താഴ്ത്തുകയും ഉയര്‍ത്തുകയും ചെയ്യുന്നതും അവിടുന്നുതന്നെ.

8
അവിടുന്നു ദരിദ്രനെ പൊടിയില്‍നിന്ന് ഉയര്‍ത്തുന്നു,
അഗതിയെ കുപ്പയില്‍നിന്നു എഴുന്നേല്പിക്കുന്നു;
അവരെ പ്രഭുക്കന്മാര്‍ക്കൊപ്പം ഇരുത്താനും
അവര്‍ക്കു മാന്യസ്ഥാനങ്ങള്‍ നല്‌കാനും തന്നെ.
ഭൂമിയുടെ അടിസ്ഥാനം സര്‍വേശ്വരന്‍റേത്;
ഭൂമിയെ അതിന്മേല്‍ അവിടുന്നു സ്ഥാപിച്ചിരിക്കുന്നു.

9
തന്‍റെ വിശ്വസ്തരുടെ കാലടികള്‍ അവിടുന്നു കാക്കുന്നു;
ദുഷ്ടന്മാര്‍ അന്ധകാരത്തില്‍ തള്ളപ്പെടുന്നു;
കാരണം സ്വന്തശക്തിയാല്‍ ഒരുവനും പ്രബലനാകുകയില്ല.

10
സര്‍വേശ്വരനോടു മത്സരിക്കുന്നവര്‍ തകര്‍ന്നു തരിപ്പണമാകുന്നു;
അവര്‍ക്കെതിരെ ആകാശത്തുനിന്ന് അവിടുന്ന് ഇടിമുഴക്കുന്നു.
സര്‍വേശ്വരന്‍ ലോകത്തെ മുഴുവന്‍ ന്യായംവിധിക്കുന്നു;
തന്‍റെ രാജാവിനെ അവിടുന്നു ശക്തനാക്കുന്നു;
തന്‍റെ അഭിഷിക്തന്‍റെ ശിരസ്സ് ഉയരുമാറാക്കുന്നു.

11

പിന്നീട് എല്‌ക്കാനാ രാമായിലുള്ള സ്വഭവനത്തിലേക്കു മടങ്ങിപ്പോയി; ബാലനായ ശമൂവേല്‍ പുരോഹിതനായ ഏലിയോടൊത്തു സര്‍വേശ്വരനു ശുശ്രൂഷ ചെയ്തുവന്നു.

12

ഏലിയുടെ പുത്രന്മാര്‍ ദുര്‍വൃത്തരും സര്‍വേശ്വരനെ ആദരിക്കാത്തവരും ആയിരുന്നു.

13 യാഗവസ്തുക്കളില്‍ പുരോഹിതന്മാര്‍ക്ക് ജനത്തില്‍നിന്നു ലഭിക്കേണ്ട വിഹിതത്തെ സംബന്ധിച്ച നിയമങ്ങള്‍ അവര്‍ പാലിച്ചില്ല.

14 യാഗം കഴിക്കുമ്പോള്‍ പുരോഹിതന്‍റെ ഭൃത്യന്‍, ഒരു മുപ്പല്ലിയുമായി വന്ന് ചട്ടിയിലോ ഉരുളിയിലോ കലത്തിലോ കുട്ടകത്തിലോ കിടന്നു വേകുന്ന മാംസത്തില്‍ മുപ്പല്ലി കുത്തിയിറക്കും. അതില്‍ കിട്ടുന്ന മാംസം മുഴുവന്‍ പുരോഹിതന്‍ എടുക്കും. യാഗാര്‍പ്പണത്തിനുവേണ്ടി ശീലോവില്‍ എത്തുന്ന ഇസ്രായേല്യരോടെല്ലാം അവര്‍ ഇപ്രകാരം പ്രവര്‍ത്തിച്ചിരുന്നു.

15 കൂടാതെ മേദസ്സ് ദഹിപ്പിക്കുന്നതിനുമുമ്പ് പുരോഹിതന്‍റെ ഭൃത്യന്‍ യാഗം കഴിക്കുന്നവനോട്: “വറുക്കുന്നതിനു മാംസം തരണം; വേവിച്ച മാംസം പുരോഹിതന്‍ സ്വീകരിക്കുകയില്ല” എന്നു പറയും.

16 “ആദ്യം മേദസ്സ് ദഹിപ്പിക്കട്ടെ; പിന്നീട് നിനക്ക് വേണ്ടിടത്തോളം എടുക്കാം” എന്നു യാഗമര്‍പ്പിക്കുന്നവന്‍ പറഞ്ഞാല്‍, “അങ്ങനെയല്ല ഇപ്പോള്‍ത്തന്നെ തരണം; അല്ലെങ്കില്‍ ഞാന്‍ ബലമായി എടുക്കും” എന്നു ഭൃത്യന്‍ പറയും.

17 ഏലിയുടെ പുത്രന്മാരുടെ പാപം സര്‍വേശ്വരന്‍റെ ദൃഷ്‍ടിയില്‍ ഗുരുതരമായിരുന്നു. അത്രയ്‍ക്ക് അനാദരവാണ് സര്‍വേശ്വരനുള്ള വഴിപാടിനോട് അവര്‍ കാട്ടിയത്.

18

ബാലനായ ശമൂവേല്‍ സര്‍വേശ്വരന്‍റെ സന്നിധിയില്‍ ശുശ്രൂഷ ചെയ്തുവന്നു. അവന്‍ ചണനൂല്‍കൊണ്ടുള്ള ഏഫോദ് ധരിച്ചിരുന്നു.

19 വര്‍ഷംതോറും അവന്‍റെ അമ്മ ഒരു ചെറിയ അങ്കി ഉണ്ടാക്കി വാര്‍ഷികബലി അര്‍പ്പിക്കാന്‍ ഭര്‍ത്താവിനോടൊത്തു പോകുമ്പോള്‍ അവനു കൊടുക്കുമായിരുന്നു.

20 “സര്‍വേശ്വരനു സമര്‍പ്പിച്ച ഈ ബാലനു പകരം നിനക്കു വേറെ സന്താനങ്ങളെ ഇവളിലൂടെ നല്‌കട്ടെ” എന്ന് ഏലി എല്‌ക്കാനായെയും ഹന്നായെയും അനുഗ്രഹിക്കുകയും ചെയ്തുവന്നു. പിന്നീട് അവര്‍ വീട്ടിലേക്കു മടങ്ങും.

21 സര്‍വേശ്വരന്‍ ഹന്നായെ അനുഗ്രഹിച്ചു; അവള്‍ പിന്നീടു മൂന്നു പുത്രന്മാരെയും രണ്ടു പുത്രിമാരെയും പ്രസവിച്ചു. ബാലനായ ശമൂവേല്‍ സര്‍വേശ്വരസന്നിധിയില്‍ വളര്‍ന്നു.

22 ഏലി വൃദ്ധനായി; തന്‍റെ പുത്രന്മാര്‍ ഇസ്രായേല്‍ജനത്തോടു ചെയ്തിരുന്നതെല്ലാം അദ്ദേഹം കേട്ടു. തിരുസാന്നിധ്യ കൂടാരത്തിന്‍റെ വാതില്‌ക്കല്‍ ശുശ്രൂഷ ചെയ്യുന്ന സ്‍ത്രീകളോടൊത്ത് അവര്‍ ശയിക്കുന്ന വിവരവും അറിഞ്ഞു.

23

ഏലി അവരോടു പറഞ്ഞു: “നിങ്ങള്‍ ഇങ്ങനെ പ്രവര്‍ത്തിക്കുന്നതെന്ത്? നിങ്ങളുടെ ദുഷ്പ്രവൃത്തികളെപ്പറ്റി ജനം പറയുന്നതു ഞാന്‍ കേട്ടിരിക്കുന്നു.

24 എന്‍റെ മക്കളേ, മേലാല്‍ നിങ്ങള്‍ ഇങ്ങനെ പ്രവര്‍ത്തിക്കരുത്. നിങ്ങളെക്കുറിച്ചു ദൈവജനം പറഞ്ഞു കേള്‍ക്കുന്ന കാര്യങ്ങള്‍ ഒട്ടും നല്ലതല്ല.

25 മനുഷ്യന്‍ മനുഷ്യനോടു പാപം ചെയ്താല്‍ ദൈവം അവനുവേണ്ടി മധ്യസ്ഥത വഹിക്കും; എന്നാല്‍ ഒരുവന്‍ സര്‍വേശ്വരനോടു പാപം ചെയ്താല്‍ അവനുവേണ്ടി ആര് മധ്യസ്ഥത വഹിക്കും?” സര്‍വേശ്വരന്‍ അവരെ നശിപ്പിക്കാന്‍ നിശ്ചയിച്ചിരുന്നതുകൊണ്ടു പിതാവിന്‍റെ ഉപദേശം അവര്‍ ശ്രദ്ധിച്ചില്ല.

26 ബാലനായ ശമൂവേല്‍ ദൈവത്തിനും മനുഷ്യര്‍ക്കും പ്രിയങ്കരനായി വളര്‍ന്നുവന്നു.

27

ഒരു ദൈവമനുഷ്യന്‍ ഏലിയുടെ അടുക്കല്‍ വന്നു പറഞ്ഞു: “സര്‍വേശ്വരന്‍ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്‍റെ പിതൃഭവനക്കാര്‍ ഈജിപ്തില്‍ ഫറവോയുടെ ഗൃഹത്തിന് അടിമകളായിരുന്നപ്പോള്‍ ഞാന്‍ അവര്‍ക്ക് എന്നെത്തന്നെ വെളിപ്പെടുത്തിയിരുന്നു.

28 എന്‍റെ യാഗപീഠത്തില്‍ ശുശ്രൂഷ ചെയ്യാനും ധൂപാര്‍പ്പണം നടത്താനും എന്‍റെ സന്നിധിയില്‍ ഏഫോദു ധരിക്കാനുമായി ഇസ്രായേലിലെ സകല ഗോത്രങ്ങളില്‍നിന്നുമായി അവനെ മാത്രം എന്‍റെ പുരോഹിതനായി തിരഞ്ഞെടുത്തു; ഇസ്രായേല്‍ജനം ഹോമയാഗമായി അര്‍പ്പിച്ചതെല്ലാം ഞാന്‍ നിന്‍റെ പിതൃഭവനത്തിനു കൊടുത്തു.

29 എന്നിട്ടും എന്‍റെ ജനത്തില്‍നിന്നു ഞാന്‍ ആവശ്യപ്പെടുന്ന യാഗങ്ങളെയും വഴിപാടുകളെയും നീ നിന്ദിക്കുന്നതെന്ത്? എന്‍റെ ജനം എനിക്കര്‍പ്പിക്കുന്ന യാഗങ്ങളുടെ വിശിഷ്ടഭാഗം തിന്നു കൊഴുത്തിരിക്കുന്ന നീ എന്നെക്കാള്‍ നിന്‍റെ പുത്രന്മാരെ മാനിക്കുന്നത് എന്ത്?

30 അതുകൊണ്ട് ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ ഇങ്ങനെ അരുളിച്ചെയ്യുന്നു: നിന്‍റെയും നിന്‍റെ പിതാവിന്‍റെയും ഭവനം എന്‍റെ സന്നിധിയില്‍ എക്കാലവും ശുശ്രൂഷ ചെയ്യുമെന്നു ഞാന്‍ വാഗ്ദാനം ചെയ്തിരുന്നു; ഇനിയും അങ്ങനെ ആയിരിക്കുകയില്ല; എന്നെ ആദരിക്കുന്നവരെ ഞാന്‍ ആദരിക്കും; എന്നെ നിന്ദിക്കുന്നവര്‍ നിന്ദിക്കപ്പെടും.

31 നിന്‍റെ കുടുംബത്തില്‍ ഒരാളും വാര്‍ധക്യത്തിലെത്താന്‍ ഇടയാകാത്തവിധം നിന്‍റെയും നിന്‍റെ പിതൃഭവനത്തിന്‍റെയും ശക്തി ഞാന്‍ ക്ഷയിപ്പിക്കുന്ന ദിവസം ആസന്നമായിരിക്കുന്നു.

32 ഇസ്രായേല്‍ജനത്തിലെ മറ്റുള്ളവര്‍ക്കു ഞാന്‍ നല്‌കുന്ന അനുഗ്രഹങ്ങള്‍ കണ്ട് നിങ്ങള്‍ അസ്വസ്ഥരും അസൂയാലുക്കളുമാകും; വാര്‍ധക്യത്തിലെത്തിയ ഒരാളും നിന്‍റെ ഭവനത്തില്‍ ഉണ്ടായിരിക്കുകയില്ല.

33 എങ്കിലും എന്‍റെ യാഗപീഠത്തില്‍ ശുശ്രൂഷിക്കുന്നതിനു നിങ്ങളില്‍ ഒരുവനെ ജീവനോടെ ഞാന്‍ കാത്തുസൂക്ഷിക്കും; കരഞ്ഞുകരഞ്ഞ് അവന്‍റെ കണ്ണു കലങ്ങുന്നതിനും ഹൃദയം ഉരുകുന്നതിനും ഇടയാക്കും. നിന്‍റെ സന്താനങ്ങളെല്ലാം യൗവനത്തില്‍ മരിക്കും;

34 നിന്‍റെ പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും ഒരു ദിവസംതന്നെ മരിക്കും; അതു നിനക്ക് ഒരു അടയാളമായിരിക്കും.

35 എന്‍റെ ഹൃദയാഭിലാഷം അനുസരിച്ചു പ്രവര്‍ത്തിക്കുന്ന വിശ്വസ്തനായ ഒരു പുരോഹിതനെ ഞാന്‍ തിരഞ്ഞെടുക്കും; അവന്‍റെ കുടുംബം ഞാന്‍ നിലനിര്‍ത്തും. എന്‍റെ അഭിഷിക്തന്‍റെ സന്നിധിയില്‍ അവന്‍ നിത്യവും ശുശ്രൂഷ ചെയ്യും.

36 നിന്‍റെ കുടുംബത്തില്‍ അവശേഷിക്കുന്നവരെല്ലാം ഒരു വെള്ളിക്കാശിനും ഒരു അപ്പക്കഷണത്തിനുംവേണ്ടി അവന്‍റെ മുമ്പില്‍ കുമ്പിടും; ഒരു കഷണം അപ്പം ലഭിക്കാന്‍ എന്നെക്കൂടെ പുരോഹിതവൃത്തിക്കു ചേര്‍ക്കണമേ എന്ന് അവര്‍ കെഞ്ചും.”

3

1

ബാലനായ ശമൂവേല്‍ ഏലിയോടൊത്തു സര്‍വേശ്വരനു ശുശ്രൂഷ ചെയ്തുവന്നു. അക്കാലത്ത് അവിടുത്തെ അരുളപ്പാട് അപൂര്‍വമായേ ലഭിച്ചിരുന്നുള്ളൂ; ദര്‍ശനങ്ങളും ചുരുക്കമായിരുന്നു.

2 ഒരു ദിവസം ഏലി തന്‍റെ മുറിയില്‍ കിടക്കുകയായിരുന്നു; അദ്ദേഹത്തിന്‍റെ കാഴ്ച മങ്ങിത്തുടങ്ങിയിരുന്നു.

3 സര്‍വേശ്വരന്‍റെ മന്ദിരത്തില്‍ ദൈവത്തിന്‍റെ പെട്ടകം സൂക്ഷിച്ചിരുന്നിടത്തു ശമൂവേല്‍ കിടക്കുകയായിരുന്നു. ദൈവസന്നിധിയിലെ ദീപം അണഞ്ഞിരുന്നില്ല.

4 സര്‍വേശ്വരന്‍ ശമൂവേലിനെ വിളിച്ചു. “ഞാനിവിടെയുണ്ട്” എന്നു പറഞ്ഞ് അവന്‍ ഏലിയുടെ അടുത്തേക്ക് ഓടി,

5 “ഞാന്‍ ഇതാ, അങ്ങ് എന്നെ വിളിച്ചല്ലോ” എന്നു പറഞ്ഞു. “ഞാന്‍ വിളിച്ചില്ല, പോയി കിടന്നുകൊള്ളുക” എന്ന് ഏലി മറുപടി പറഞ്ഞു; ശമൂവേല്‍ പോയി കിടന്നു.

6 സര്‍വേശ്വരന്‍ വീണ്ടും ശമൂവേലിനെ വിളിച്ചു; അവന്‍ എഴുന്നേറ്റ് ഏലിയുടെ അടുക്കല്‍ ചെന്നു; “ഞാന്‍ ഇവിടെയുണ്ട്; അങ്ങ് എന്നെ വിളിച്ചുവല്ലോ” എന്നു പറഞ്ഞു. “എന്‍റെ മകനേ, ഞാന്‍ വിളിച്ചില്ല; പോയി കിടന്നുകൊള്ളുക” എന്ന് ഏലി വീണ്ടും പറഞ്ഞു.

7 സര്‍വേശ്വരനാണ് തന്നെ വിളിക്കുന്നത് എന്നു ശമൂവേല്‍ അപ്പോഴും അറിഞ്ഞില്ല. സര്‍വേശ്വരന്‍റെ അരുളപ്പാട് അതിനുമുമ്പ് അവനു ലഭിച്ചിരുന്നുമില്ല.

8 സര്‍വേശ്വരന്‍ മൂന്നാമതും ശമൂവേലിനെ വിളിച്ചു; അവന്‍ എഴുന്നേറ്റ് ഏലിയുടെ അടുക്കല്‍ ചെന്നു വീണ്ടും പറഞ്ഞു: “ഞാന്‍ ഇവിടെയുണ്ട്; അങ്ങ് എന്നെ വിളിച്ചുവല്ലോ.” ദൈവമാണ് ശമൂവേലിനെ വിളിക്കുന്നതെന്ന് അപ്പോള്‍ ഏലിക്കു മനസ്സിലായി.

9 ഏലി ശമൂവേലിനോട്: “പോയി കിടന്നുകൊള്ളുക; ഇനിയും നിന്നെ വിളിച്ചാല്‍ ‘സര്‍വേശ്വരാ, അരുളിച്ചെയ്താലും, അവിടുത്തെ ദാസന്‍ കേള്‍ക്കുന്നു’ എന്നു പറയണം.” ശമൂവേല്‍ വീണ്ടും പോയി കിടന്നു.

10 സര്‍വേശ്വരന്‍ വീണ്ടും വന്ന്: “ശമൂവേലേ, ശമൂവേലേ” എന്നു വിളിച്ചു. “അരുളിച്ചെയ്താലും, അവിടുത്തെ ദാസന്‍ കേള്‍ക്കുന്നു” എന്നു ശമൂവേല്‍ പ്രതിവചിച്ചു.

11 അപ്പോള്‍ അവിടുന്നു ശമൂവേലിനോടു പറഞ്ഞു: “ഞാന്‍ ഇസ്രായേലില്‍ ഒരു കാര്യം ചെയ്യാന്‍ പോകുകയാണ്. അതു കേള്‍ക്കുന്നവന്‍റെ ഇരുചെവികളും തരിച്ചുപോകും.

12 ഏലിയുടെ കുടുംബത്തിനെതിരായി ഞാന്‍ പറഞ്ഞിട്ടുള്ളതെല്ലാം അന്ന് ആദ്യന്തം നിവര്‍ത്തിക്കും.

13 അവന്‍റെ പുത്രന്മാര്‍ ദൈവദൂഷണം പറയുന്നതറിഞ്ഞിട്ടും അവന്‍ അവരെ വിലക്കിയില്ല; അതുകൊണ്ട് അവന്‍റെ കുടുംബത്തിന്‍റെമേല്‍ എന്നേക്കുമായുള്ള ശിക്ഷാവിധി നടത്താന്‍ പോവുകയാണെന്നു ഞാന്‍ അവനെ അറിയിക്കുന്നു.

14 യാഗങ്ങളും വഴിപാടുകളും അവന്‍റെ ഭവനത്തിന്‍റെ പാപത്തിന് ഒരിക്കലും പരിഹാരം ആകുകയില്ല എന്നു ഞാന്‍ തീര്‍ത്തുപറയുന്നു.

15 പ്രഭാതംവരെ ശമൂവേല്‍ കിടന്നു; പിന്നീട് അവന്‍ സര്‍വേശ്വരന്‍റെ ആലയത്തിന്‍റെ വാതിലുകള്‍ തുറന്നു. തനിക്കുണ്ടായ ദര്‍ശനത്തെപ്പറ്റി ഏലിയോടു പറയാന്‍ ശമൂവേല്‍ ഭയപ്പെട്ടു.

16 എന്നാല്‍ ശമൂവേലിനെ ഏലി “ശമൂവേലേ, എന്‍റെ മകനേ” എന്നു വിളിച്ചു; “ഞാന്‍ ഇവിടെയുണ്ട്” എന്ന് അവന്‍ മറുപടി പറഞ്ഞു.

17 അപ്പോള്‍ ഏലി: “സര്‍വേശ്വരന്‍ നിന്നോട് എന്തു പറഞ്ഞു? എന്നില്‍നിന്ന് ഒന്നും മറച്ചു വയ്‍ക്കരുത്; അവിടുന്ന് അരുളിച്ചെയ്തത് എന്തെങ്കിലും മറച്ചുവച്ചാല്‍ ദൈവം അതിനു തക്കവിധവും അതിലധികവും ശിക്ഷ നല്‌കട്ടെ” എന്നു പറഞ്ഞു.

18 ശമൂവേല്‍ ഒന്നും മറച്ചുവയ്‍ക്കാതെ എല്ലാം ഏലിയോടു തുറന്നുപറഞ്ഞു. അപ്പോള്‍ ഏലി പറഞ്ഞു: “അതു സര്‍വേശ്വരനാണ്, ഇഷ്ടംപോലെ അവിടുന്നു ചെയ്യട്ടെ.”

19 ശമൂവേല്‍ വളര്‍ന്നു; സര്‍വേശ്വരന്‍ അവന്‍റെ കൂടെ ഉണ്ടായിരുന്നു. ശമൂവേല്‍ പറഞ്ഞതൊന്നും വ്യര്‍ഥമാകാന്‍ അവിടുന്ന് ഇടയാക്കിയില്ല.

20 ദാന്‍മുതല്‍ ബേര്‍-ശേബാവരെയുള്ള ഇസ്രായേലിലെ സകല ജനങ്ങളും സര്‍വേശ്വരന്‍റെ പ്രവാചകനായി ശമൂവേല്‍ നിയോഗിക്കപ്പെട്ടിരിക്കുന്നു എന്നറിഞ്ഞു.

21 ഇങ്ങനെ സര്‍വേശ്വരന്‍ ശമൂവേലിന് ആദ്യം ദര്‍ശനം നല്‌കിയ ശീലോവില്‍ തുടര്‍ന്നും പ്രത്യക്ഷപ്പെട്ട് അവനോടു സംസാരിച്ച് സ്വയം വെളിപ്പെടുത്തി.

4

1

ശമൂവേലിന്‍റെ വചനം ഇസ്രായേല്‍ജനം മുഴുവന്‍ ആദരിച്ചു. ആ കാലത്ത് ഫെലിസ്ത്യര്‍, ഇസ്രായേല്യര്‍ക്കെതിരെ യുദ്ധത്തിനു പുറപ്പെട്ടു. ഇസ്രായേല്യര്‍ അവരെ നേരിടാന്‍ ഏബെന്‍-ഏസെരിലും, ഫെലിസ്ത്യര്‍ അഫേക്കിലും പാളയമടിച്ചു.

2 ഫെലിസ്ത്യര്‍ ഇസ്രായേല്യര്‍ക്കെതിരെ അണിനിരന്നു; യുദ്ധത്തില്‍ ഇസ്രായേല്യര്‍ ഫെലിസ്ത്യരോടു പരാജയപ്പെട്ടു. പടക്കളത്തില്‍ വച്ചുതന്നെ നാലായിരത്തോളം പേരെ ഫെലിസ്ത്യര്‍ സംഹരിച്ചു.

3 ശേഷിച്ചവര്‍ പാളയത്തില്‍ തിരിച്ചുവന്നപ്പോള്‍ ഇസ്രായേലിലെ നേതാക്കന്മാര്‍ പറഞ്ഞു: “ഇന്നു സര്‍വേശ്വരന്‍ നമ്മെ ഫെലിസ്ത്യരുടെ മുമ്പില്‍ പരാജയപ്പെടുത്തിയതെന്ത്? ശീലോവില്‍നിന്ന് അവിടുത്തെ ഉടമ്പടിപ്പെട്ടകം നമുക്കു കൊണ്ടുവരാം. അങ്ങനെ അവിടുന്നു നമ്മുടെ മധ്യേ വന്നു ശത്രുക്കളില്‍നിന്നു നമ്മെ രക്ഷിക്കും.”

4 അതുകൊണ്ട് അവര്‍ ശീലോവിലേക്ക് ആളയച്ചു; കെരൂബുകളുടെ മധ്യേ സിംഹാസനാരൂഢനായിരിക്കുന്ന സര്‍വശക്തനായ സര്‍വേശ്വരന്‍റെ ഉടമ്പടിപ്പെട്ടകം അവിടെ കൊണ്ടുവന്നു;

5 പെട്ടകത്തോടൊപ്പം ഏലിയുടെ പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും ഉണ്ടായിരുന്നു.

6 സര്‍വേശ്വരന്‍റെ ഉടമ്പടിപ്പെട്ടകം പാളയത്തില്‍ എത്തിയപ്പോള്‍ ഇസ്രായേല്‍ജനം ആര്‍ത്തുവിളിച്ചു. അതു ഭൂമിയിലെങ്ങും പ്രതിധ്വനിച്ചു. അവരുടെ ആര്‍പ്പുവിളി ഫെലിസ്ത്യര്‍ കേട്ടു; എബ്രായപാളയത്തിലെ ആര്‍പ്പുവിളിയുടെ കാരണം അവര്‍ അന്വേഷിച്ചു. സര്‍വേശ്വരന്‍റെ പെട്ടകം പാളയത്തിലെത്തിയെന്നറിഞ്ഞപ്പോള്‍ അവര്‍ ഭയപ്പെട്ടു.

7 അവര്‍ പറഞ്ഞു: “അവരുടെ ദൈവം പാളയത്തിലെത്തിയിരിക്കുന്നു. നമുക്കു ഹാ കഷ്ടം! ഇതുപോലൊന്ന് ഇതിനു മുമ്പെങ്ങും സംഭവിച്ചിട്ടില്ല.”

8 “നമുക്കു നാശം! അവരുടെ ദേവന്മാരുടെ ശക്തിയില്‍നിന്ന് ആര്‍ നമ്മെ രക്ഷിക്കും? മരുഭൂമിയില്‍വച്ച് എല്ലാവിധ ബാധകളാലും ഈജിപ്തുകാരെ തകര്‍ത്ത ദേവന്മാരാണവര്‍.

9 അതുകൊണ്ട് ഫെലിസ്ത്യരേ, നിങ്ങള്‍ ധീരരായിരിക്കുവിന്‍; പൗരുഷം കാട്ടുവിന്‍; അല്ലെങ്കില്‍ എബ്രായര്‍ നമുക്ക് അടിമകളായിരുന്നതുപോലെ നാം അവര്‍ക്ക് അടിമകളാകേണ്ടിവരും; അതുകൊണ്ട് പൗരുഷത്തോടെ പൊരുതുവിന്‍.”

10 അങ്ങനെ ഫെലിസ്ത്യര്‍ യുദ്ധം ചെയ്തു. ഇസ്രായേല്യര്‍ പരാജയപ്പെട്ട് തങ്ങളുടെ കൂടാരങ്ങളിലേക്കു പലായനം ചെയ്തു. അന്ന് ഒരു വലിയ സംഹാരം നടന്നു; മുപ്പതിനായിരം ഇസ്രായേല്യപടയാളികള്‍ കൊല്ലപ്പെട്ടു.

11 ദൈവത്തിന്‍റെ പെട്ടകം ഫെലിസ്ത്യര്‍ പിടിച്ചെടുത്തു; ഏലിയുടെ പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും കൊല്ലപ്പെട്ടു.

12 ബെന്യാമീന്‍ഗോത്രക്കാരനായ ഒരാള്‍ അന്നുതന്നെ യുദ്ധരംഗത്തുനിന്നു വസ്ത്രം പിച്ചിച്ചീന്തിയും തലയില്‍ പൂഴി വാരിയിട്ടുംകൊണ്ട് ശീലോവില്‍ പാഞ്ഞെത്തി.

13 അയാള്‍ അവിടെ എത്തുമ്പോള്‍ ഏലി സര്‍വേശ്വരന്‍റെ പെട്ടകത്തെച്ചൊല്ലി ആകുലചിത്തനായി വഴിയിലേക്കു നോക്കി ഇരിക്കുകയായിരുന്നു. അയാള്‍ പട്ടണത്തില്‍ എത്തി വാര്‍ത്ത അറിയിച്ചപ്പോള്‍ പട്ടണവാസികള്‍ മുറവിളി കൂട്ടി.

14 ഏലി അതു ശ്രദ്ധിച്ചു; എന്തിനാണ് ഈ മുറവിളി എന്ന് അന്വേഷിച്ചു. വിവരം അറിയിക്കാന്‍ ദൂതന്‍ ഏലിയുടെ അടുക്കല്‍ ഓടി എത്തി, അദ്ദേഹത്തോടു സംസാരിച്ചു.

15 ഏലിക്ക് അപ്പോള്‍ തൊണ്ണൂറ്റെട്ടു വയസ്സായിരുന്നു. കാണാന്‍ കഴിയാത്തവിധം കണ്ണിന്‍റെ കാഴ്ച ക്ഷയിച്ചിരുന്നു;

16 “ഞാന്‍ ഇന്നു യുദ്ധരംഗത്തുനിന്ന് ഓടി രക്ഷപെട്ട് ഇവിടെ എത്തിയതാണ്” എന്നു ദൂതന്‍ പറഞ്ഞു. “മകനേ, എന്തു സംഭവിച്ചു” എന്ന് ഏലി ചോദിച്ചു.

17 അയാള്‍ പറഞ്ഞു: “ഇസ്രായേല്‍ ഫെലിസ്ത്യരോടു തോറ്റു; ജനത്തില്‍ ഒരു വലിയ ഭാഗം കൊല്ലപ്പെട്ടു; അവിടുത്തെ പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും വധിക്കപ്പെട്ടു; ദൈവത്തിന്‍റെ പെട്ടകം അവര്‍ പിടിച്ചെടുത്തു.”

18 ദൈവത്തിന്‍റെ പെട്ടകം എന്നു കേട്ട മാത്രയില്‍ പടിവാതില്‌ക്കലെ ഇരിപ്പിടത്തില്‍നിന്ന് ഏലി പിറകോട്ടു മറിഞ്ഞു വീണു കഴുത്തൊടിഞ്ഞു മരിച്ചു. അയാള്‍ വൃദ്ധനും സ്ഥൂലഗാത്രനും ആയിരുന്നു. ഏലി നാല്പതു വര്‍ഷം ഇസ്രായേലില്‍ ന്യായപാലനം ചെയ്തിരുന്നു.

19

ഏലിയുടെ മകന്‍ ഫീനെഹാസിന്‍റെ ഭാര്യക്ക് പ്രസവസമയം അടുത്തിരുന്നു. ദൈവത്തിന്‍റെ പെട്ടകം പിടിക്കപ്പെട്ടു എന്നും തന്‍റെ ഭര്‍ത്താവും ഭര്‍ത്തൃപിതാവും മരിച്ചു എന്നും കേട്ടപ്പോള്‍ അവള്‍ക്കു പ്രസവവേദന ഉണ്ടായി; അവള്‍ ഉടന്‍തന്നെ പ്രസവിച്ചു.

20 ആസന്നമരണയായ അവളോട് അടുത്തു നിന്ന സ്‍ത്രീകള്‍ പറഞ്ഞു: “ഭയപ്പെടേണ്ടാ; നീയൊരു ആണ്‍കുട്ടിയെ പ്രസവിച്ചിരിക്കുന്നു.” എന്നാല്‍ അവള്‍ മറുപടി പറഞ്ഞില്ല; അവരെ ശ്രദ്ധിച്ചതുമില്ല.

21 ദൈവത്തിന്‍റെ പെട്ടകം പിടിക്കപ്പെട്ടതും ഭര്‍ത്താവും ഭര്‍ത്തൃപിതാവും മരണമടഞ്ഞതും കേട്ടപ്പോള്‍ ഇസ്രായേലില്‍നിന്നു മഹത്ത്വം വിട്ടുപോയി എന്നു പറഞ്ഞ് അവള്‍ തന്‍റെ കുഞ്ഞിന് “ഈഖാബോദ്” എന്നു പേരിട്ടു.

22 അവള്‍ പറഞ്ഞു: “ദൈവത്തിന്‍റെ പെട്ടകം പിടിക്കപ്പെട്ടതുകൊണ്ട് മഹത്ത്വം ഇസ്രായേലില്‍നിന്ന് വിട്ടുപോയിരിക്കുന്നു.”

5

1

ഫെലിസ്ത്യര്‍ ഉടമ്പടിപ്പെട്ടകം പിടിച്ചെടുത്തതിനുശേഷം അത് ഏബെന്‍-ഏസെരില്‍നിന്ന് അസ്തോദിലേക്കു കൊണ്ടുപോയി.

2 അവിടെ ദാഗോന്‍റെ ക്ഷേത്രത്തില്‍ ദാഗോന്‍റെ പ്രതിമയ്‍ക്കു സമീപം സ്ഥാപിച്ചു.

3 അടുത്ത പ്രഭാതത്തില്‍ അസ്തോദിലെ ജനം ഉണര്‍ന്നപ്പോള്‍ ദാഗോന്‍റെ ബിംബം സര്‍വേശ്വരന്‍റെ പെട്ടകത്തിന്‍റെ മുമ്പില്‍ കവിണ്ണുവീണു കിടക്കുന്നതു കണ്ടു; അവര്‍ അതെടുത്തു പൂര്‍വസ്ഥാനത്തു സ്ഥാപിച്ചു.

4 അതിനടുത്ത പ്രഭാതത്തിലും അവര്‍ ഉണര്‍ന്നപ്പോള്‍ ദാഗോന്‍റെ ബിംബം പെട്ടകത്തിന്‍റെ മുമ്പില്‍ കവിണ്ണുവീണു കിടക്കുന്നതു കണ്ടു. ദാഗോന്‍റെ തലയും കൈകളും വേര്‍പെട്ട് വാതില്‍പ്പടിയില്‍ കിടന്നിരുന്നു; ഉടല്‍മാത്രം ശേഷിച്ചിരുന്നു.

5 അതുകൊണ്ടാണ് ദാഗോന്‍റെ പുരോഹിതന്മാരും ദാഗോന്‍റെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നവരും ഇന്നും ആ വാതില്‍പ്പടിയില്‍ ചവിട്ടാത്തത്.

6

സര്‍വേശ്വരന്‍ അസ്തോദിലുള്ള ജനങ്ങളെ കഠിനമായി ശിക്ഷിച്ചു; അവിടുന്ന് അവരെ ഭയപ്പെടുത്തി; അസ്തോദിലും ചുറ്റുപാടുമുള്ള സ്ഥലങ്ങളിലും പാര്‍ത്തിരുന്നവരില്‍ കുരുക്കള്‍ ബാധിക്കാന്‍ അവിടുന്ന് ഇടയാക്കി.

7 ഇത് അസ്തോദ്യര്‍ കണ്ടപ്പോള്‍ അവര്‍ പറഞ്ഞു: “ഇസ്രായേലിന്‍റെ ദൈവത്തിന്‍റെ പെട്ടകം നമ്മുടെ ഇടയില്‍ വച്ചുകൂടാ; അവിടുന്നു നമ്മെയും നമ്മുടെ ദേവനായ ദാഗോനെയും ശിക്ഷിക്കുകയാണ്.”

8 അവര്‍ ആളയച്ചു ഫെലിസ്ത്യപ്രഭുക്കന്മാരെയെല്ലാം വിളിച്ചുകൂട്ടി, അവരോടു ചോദിച്ചു: “ഇസ്രായേല്യരുടെ ദൈവത്തിന്‍റെ പെട്ടകം സംബന്ധിച്ചു നാം എന്താണു ചെയ്യേണ്ടത്?” “ഗത്തിലേക്ക് കൊണ്ടുപോകാമെന്ന്” പ്രഭുക്കന്മാര്‍ പറഞ്ഞു. ദൈവത്തിന്‍റെ പെട്ടകം അവര്‍ അവിടേക്ക് കൊണ്ടുപോയി;

9 അത് അവിടെ എത്തിയപ്പോള്‍ സര്‍വേശ്വരന്‍ ആ പട്ടണത്തെയും ശിക്ഷിച്ചു. ജനം സംഭ്രാന്തരായി; അവിടെയുള്ള ആബാലവൃദ്ധം ജനങ്ങളെയും കുരുക്കള്‍ ബാധിച്ചു.

10 അതുകൊണ്ട് അവര്‍ ദൈവത്തിന്‍റെ പെട്ടകം എക്രോനിലേക്ക് അയച്ചു; പെട്ടകം എക്രോനിലെത്തിയപ്പോള്‍ എക്രോന്യര്‍ നിലവിളികൂട്ടി: “നമ്മെ നശിപ്പിക്കാന്‍ ഇസ്രായേല്യരുടെ ദൈവത്തിന്‍റെ പെട്ടകം നമ്മുടെ അടുക്കല്‍ കൊണ്ടുവന്നിരിക്കുന്നു” എന്നു പറഞ്ഞു.

11 അവര്‍ ആളയച്ചു ഫെലിസ്ത്യപ്രഭുക്കന്മാരെയെല്ലാം വീണ്ടും വിളിച്ചുകൂട്ടി: “നാമും നമ്മുടെ ജനവും നശിക്കാതിരിക്കാന്‍ ഇസ്രായേലിന്‍റെ ദൈവത്തിന്‍റെ പെട്ടകം അതിന്‍റെ സ്ഥാനത്തേക്കു തിരിച്ചയയ്‍ക്കണം” എന്നു പറഞ്ഞു; പട്ടണവാസികളെല്ലാം സംഭ്രാന്തരായി; ദൈവം അവരെയും കഠിനമായി ശിക്ഷിച്ചു.

12 മരിക്കാതെ ശേഷിച്ചവരെ കുരുക്കള്‍ ബാധിച്ചു; പട്ടണവാസികളുടെ നിലവിളി ആകാശത്തിലേക്കുയര്‍ന്നു.

6

1

സര്‍വേശ്വരന്‍റെ പെട്ടകം ഏഴു മാസം ഫെലിസ്ത്യരുടെ ദേശത്തായിരുന്നു.

2 അതിനുശേഷം അവര്‍ പുരോഹിതന്മാരെയും മന്ത്രവാദികളെയും വിളിച്ചുകൂട്ടി അവരോടു ചോദിച്ചു: “സര്‍വേശ്വരന്‍റെ പെട്ടകത്തിന്‍റെ കാര്യത്തില്‍ നാം എന്താണു ചെയ്യേണ്ടത്? തിരിച്ചയയ്‍ക്കുമ്പോള്‍ അതോടൊപ്പം എന്തൊക്കെയാണു കൊടുത്തയയ്‍ക്കേണ്ടത്?”

3 അവര്‍ പറഞ്ഞു: “ഇസ്രായേല്യരുടെ ദൈവത്തിന്‍റെ പെട്ടകം മടക്കി അയയ്‍ക്കുകയാണെങ്കില്‍ അതു വെറുതേ അയയ്‍ക്കരുത്; നിശ്ചയമായും ഒരു പ്രായശ്ചിത്തവഴിപാടും കൂടി കൊടുത്തയയ്‍ക്കണം; അപ്പോള്‍ നിങ്ങള്‍ക്കു സൗഖ്യം ലഭിക്കും; അവിടുന്നു നിങ്ങളെ ശിക്ഷിച്ചുകൊണ്ടിരിക്കുന്നതിന്‍റെ കാരണം നിങ്ങള്‍ ഗ്രഹിക്കുകയും ചെയ്യും.”

4 “പ്രായശ്ചിത്തയാഗത്തിന് എന്തെല്ലാമാണു കൊടുത്തയയ്‍ക്കേണ്ടത്” എന്നു ജനം ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു: “ഫെലിസ്ത്യപ്രഭുക്കന്മാരുടെ സംഖ്യയനുസരിച്ചു സ്വര്‍ണനിര്‍മ്മിതമായ അഞ്ചു കുരുക്കളും അഞ്ച് എലികളുടെ രൂപങ്ങളും കൊടുത്തയയ്‍ക്കുക; കാരണം നിങ്ങള്‍ക്കും നിങ്ങളുടെ പ്രഭുക്കന്മാര്‍ക്കും ഒരേ ബാധതന്നെയാണല്ലോ ഉണ്ടായത്.

5 അങ്ങനെ നിങ്ങളുടെ കുരുക്കളുടെയും നിങ്ങളുടെ നാടു നശിപ്പിക്കുന്ന എലികളുടെയും രൂപങ്ങളുണ്ടാക്കി ഇസ്രായേലിന്‍റെ ദൈവത്തിന്‍റെ മഹിമയെ പ്രകീര്‍ത്തിക്കുവിന്‍; അവിടുന്നു നിങ്ങളുടെയും ദേവന്മാരുടെയും ദേശത്തിന്‍റെയും നേര്‍ക്കുള്ള ശിക്ഷ മതിയാക്കിയേക്കാം;

6 ഈജിപ്തുകാരെയും അവിടത്തെ രാജാവായ ഫറവോയെയുംപോലെ നിങ്ങളും എന്തിനു കഠിനഹൃദയരാകുന്നു? അവിടുന്ന് അവരെ പരിഹാസപാത്രമാക്കിയ ശേഷമാണല്ലോ അവര്‍ ഇസ്രായേല്‍ജനത്തെ വിട്ടയയ്‍ക്കുകയും അവര്‍ അവിടെനിന്നു പോരുകയും ചെയ്തത്.

7 നിങ്ങള്‍ ഒരു പുതിയ വണ്ടിയുണ്ടാക്കി നുകം വച്ചിട്ടില്ലാത്ത രണ്ടു കറവപ്പശുക്കളെ വണ്ടിക്കു കെട്ടുവിന്‍; അവയുടെ കിടാക്കളെ വീട്ടിലേക്കു മടക്കിക്കൊണ്ടുപോകുക.

8 സര്‍വേശ്വരന്‍റെ പെട്ടകം എടുത്തു വണ്ടിയില്‍ വയ്‍ക്കണം; പ്രായശ്ചിത്തവഴിപാടായി നിങ്ങള്‍ കൊടുത്തയയ്‍ക്കുന്ന സ്വര്‍ണരൂപങ്ങള്‍ ഒരു പെട്ടിയിലാക്കി അതിനടുത്തുതന്നെ വയ്‍ക്കുവിന്‍; പിന്നീട് വണ്ടി വിട്ടയയ്‍ക്കുവിന്‍; അതു യഥേഷ്ടം പോകട്ടെ.

9 അതു പോകുന്ന വഴി ശ്രദ്ധിക്കണം; സ്വന്തം സ്ഥലമായ ബേത്ത്-ശേമെശിലേക്കാണ് അതു പോകുന്നതെങ്കില്‍ ഇസ്രായേല്യരുടെ ദൈവമാണ് നിങ്ങളെ ശിക്ഷിച്ചത്. അതല്ലെങ്കില്‍ ഈ ബാധ അയച്ചത് അവിടുന്നല്ലെന്നും യാദൃച്ഛികമായി സംഭവിച്ചതാണെന്നും മനസ്സിലാക്കാം.”

10 അവര്‍ പറഞ്ഞതുപോലെ ജനം പ്രവര്‍ത്തിച്ചു. രണ്ടു കറവപ്പശുക്കളെ കൊണ്ടുവന്നു വണ്ടിക്കു കെട്ടി; കിടാക്കളെ വീട്ടില്‍ നിറുത്തി.

11 പിന്നീട് അവര്‍ സര്‍വേശ്വരന്‍റെ പെട്ടകവും എലികളുടെയും തങ്ങളെ ബാധിച്ച കുരുക്കളുടെയും സ്വര്‍ണരൂപങ്ങള്‍ അടക്കം ചെയ്തിരുന്ന പെട്ടിയും വണ്ടിയില്‍ വച്ചു.

12 ആ പശുക്കള്‍ ബേത്ത്-ശേമെശിലേക്കുള്ള പെരുവഴിയിലൂടെ പോയി; അമറിക്കൊണ്ട് ഇടംവലം നോക്കാതെയാണ് അവ പോയത്. ഫെലിസ്ത്യപ്രഭുക്കന്മാര്‍ ബേത്ത്-ശേമെശിന്‍റെ അതിര്‍ത്തിവരെ അവയെ പിന്തുടര്‍ന്നു.

13 ബേത്ത്-ശേമെശ് നിവാസികള്‍ താഴ്വരയില്‍ കോതമ്പു കൊയ്യുകയായിരുന്നു; അവര്‍ നോക്കിയപ്പോള്‍ പെട്ടകം കണ്ടു; അവര്‍ അത്യധികം ആഹ്ലാദിച്ചു.

14 വണ്ടി ബേത്ത്-ശേമെശുകാരനായ യോശുവയുടെ വയലില്‍ വന്നുനിന്നു. അവിടെ ഒരു വലിയ കല്ലുണ്ടായിരുന്നു; വണ്ടിക്കുപയോഗിച്ചിരുന്ന തടി വെട്ടിക്കീറി പശുക്കളെ ഹോമയാഗമായി അവര്‍ സര്‍വേശ്വരന് അര്‍പ്പിച്ചു.

15 ലേവ്യര്‍ സര്‍വേശ്വരന്‍റെ പെട്ടകവും സ്വര്‍ണരൂപങ്ങള്‍ വച്ചിരുന്ന പെട്ടിയും ഇറക്കി ആ വലിയ കല്ലിന്മേല്‍ വച്ചു. ബേത്ത്-ശേമെശ്നിവാസികള്‍ സര്‍വേശ്വരന് അന്നു ഹോമയാഗങ്ങളും മറ്റു ബലികളും അര്‍പ്പിച്ചു.

16 ഇതെല്ലാം കണ്ടതിനുശേഷം അഞ്ചു ഫെലിസ്ത്യപ്രഭുക്കന്മാരും അന്നുതന്നെ എക്രോനിലേക്കു മടങ്ങിപ്പോയി.

17

അസ്തോദ്, ഗസ്സ, അസ്കലോന്‍, ഗത്ത്, എക്രോന്‍ എന്നീ പട്ടണങ്ങളില്‍ ഓരോന്നിനും വേണ്ടി അവരെ ബാധിച്ച കുരുക്കളുടെ ഓരോ സ്വര്‍ണരൂപമായിരുന്നു, പ്രായശ്ചിത്തവഴിപാടായി ഫെലിസ്ത്യപ്രഭുക്കന്മാര്‍ കൊടുത്തയച്ചത്.

18 ഈ അഞ്ചു പ്രഭുക്കന്മാരുടെ അധീനതയിലുള്ളതും കോട്ടകളാല്‍ ചുറ്റപ്പെട്ടതുമായ ഫെലിസ്ത്യനഗരങ്ങളുടെയും തുറസ്സായ ഗ്രാമങ്ങളുടെയും എണ്ണത്തിനനുസരിച്ച് സ്വര്‍ണ എലികളെയും അവര്‍ കൊടുത്തയച്ചു.

19 സര്‍വേശ്വരന്‍റെ പെട്ടകം ഇറക്കിവച്ച വലിയകല്ല് ഈ സംഭവത്തിനു സാക്ഷിയായി ബേത്ത്-ശേമെശുകാരനായ യോശുവയുടെ വയലില്‍ ഇന്നും കാണാം. സര്‍വേശ്വരന്‍റെ പെട്ടകത്തിലേക്ക് എത്തിനോക്കിയ എഴുപതു പേരെ അവിടുന്നു സംഹരിച്ചു. സര്‍വേശ്വരന്‍ അവരുടെ ഇടയില്‍ ഈ വലിയ സംഹാരം നടത്തിയതുകൊണ്ടു ജനം വിലപിച്ചു.

20 ബേത്ത്-ശേമെശിലെ ജനം പറഞ്ഞു: “പരിശുദ്ധ ദൈവമായ സര്‍വേശ്വരന്‍റെ സന്നിധിയില്‍ നില്‌ക്കാന്‍ ആര്‍ക്കു കഴിയും? അവിടുന്നു നമ്മുടെ അടുത്തുനിന്ന് എങ്ങോട്ടു പോകും.”

21 അവര്‍ കിര്യത്ത്-യെയാരീംനിവാസികളുടെ അടുക്കല്‍ ദൂതന്മാരെ അയച്ചു പറഞ്ഞു: “സര്‍വേശ്വരന്‍റെ പെട്ടകം ഫെലിസ്ത്യര്‍ തിരിച്ചയച്ചിരിക്കുന്നു; നിങ്ങള്‍ വന്ന് അത് എടുത്തുകൊണ്ടുപോകുവിന്‍.”

7

1

കിര്യത്ത്-യെയാരീംനിവാസികള്‍ വന്നു പെട്ടകം എടുത്തു മലമുകളില്‍ താമസിച്ചിരുന്ന അബീനാദാബിന്‍റെ ഭവനത്തിലേക്കു കൊണ്ടുപോയി. പെട്ടകം സൂക്ഷിക്കുന്നതിനു വേണ്ടി അബീനാദാബിന്‍റെ പുത്രനായ എലെയാസാറിനെ അവര്‍ അഭിഷേകം ചെയ്തു.

2

സര്‍വേശ്വരന്‍റെ പെട്ടകം വളരെക്കാലം, ഏകദേശം ഇരുപതു വര്‍ഷം, കിര്യത്ത്-യെയാരീമില്‍ ആയിരുന്നു. ഇക്കാലമത്രയും ഇസ്രായേല്‍ജനം സര്‍വേശ്വരനെ വിളിച്ചു വിലപിച്ചുകൊണ്ടിരുന്നു.

3

ശമൂവേല്‍ ഇസ്രായേല്‍ജനത്തോടു പറഞ്ഞു: “നിങ്ങള്‍ പൂര്‍ണഹൃദയത്തോടെ സര്‍വേശ്വരനിലേക്കു തിരിയുന്നു എങ്കില്‍ അന്യദേവന്മാരെയും അസ്താരോത്ത്ദേവതകളെയും നിങ്ങളുടെ ഇടയില്‍നിന്നു നീക്കിക്കളയണം; നിങ്ങളെ പൂര്‍ണമായി സര്‍വേശ്വരനു സമര്‍പ്പിച്ച് അവിടുത്തെ മാത്രം ആരാധിക്കുവിന്‍; എന്നാല്‍ അവിടുന്നു നിങ്ങളെ ഫെലിസ്ത്യരുടെ കൈയില്‍നിന്നു രക്ഷിക്കും.”

4 അങ്ങനെ ഇസ്രായേല്‍ജനം ബാലിന്‍റെയും അസ്താരോത്തിന്‍റെയും വിഗ്രഹങ്ങള്‍ നീക്കി സര്‍വേശ്വരനെ മാത്രം ആരാധിച്ചു.

5 പിന്നീട് ശമൂവേല്‍ പറഞ്ഞു: “ഇസ്രായേല്‍ജനമെല്ലാം മിസ്പായില്‍ ഒന്നിച്ചുകൂടട്ടെ; ഞാന്‍ നിങ്ങള്‍ക്കുവേണ്ടി സര്‍വേശ്വരനോടു പ്രാര്‍ഥിക്കാം.”

6

അവരെല്ലാം മിസ്പായില്‍ ഒരുമിച്ചുകൂടി; അവര്‍ വെള്ളം കോരി സര്‍വേശ്വരന്‍റെ സന്നിധിയില്‍ ഒഴിച്ചു; അന്ന് അവര്‍ ഉപവസിച്ചു. “ഞങ്ങള്‍ സര്‍വേശ്വരനോടു പാപം ചെയ്തു” എന്ന് ഏറ്റുപറഞ്ഞു. മിസ്പായില്‍വച്ചു ശമൂവേല്‍ ഇസ്രായേല്‍ജനത്തിനു ന്യായപാലനം നടത്തി.

7 ഇസ്രായേല്‍ജനം മിസ്പായില്‍ ഒരുമിച്ചുകൂടിയ വിവരം കേട്ടു ഫെലിസ്ത്യപ്രഭുക്കന്മാര്‍ അവരുടെ നേരെ പുറപ്പെട്ടു. ഇതറിഞ്ഞപ്പോള്‍ ഇസ്രായേല്‍ജനം ഭയപ്പെട്ടു.

8 ഫെലിസ്ത്യരില്‍നിന്നു തങ്ങളെ രക്ഷിക്കുന്നതിനു ദൈവമായ സര്‍വേശ്വരനോടു നിരന്തരം പ്രാര്‍ഥിക്കണമെന്ന് അവര്‍ ശമൂവേലിനോട് അപേക്ഷിച്ചു.

9 അപ്പോള്‍ ശമൂവേല്‍ മുലകുടിമാറാത്ത ഒരാട്ടിന്‍കുട്ടിയെ സമ്പൂര്‍ണ ഹോമയാഗമായി സര്‍വേശ്വരന് അര്‍പ്പിച്ചു; ശമൂവേല്‍ ഇസ്രായേലിനുവേണ്ടി അവിടുത്തോടു പ്രാര്‍ഥിച്ചു. അവിടുന്ന് അദ്ദേഹത്തിന്‍റെ പ്രാര്‍ഥനയ്‍ക്ക് ഉത്തരമരുളി.

10 ശമൂവേല്‍ ഹോമയാഗമര്‍പ്പിച്ചുകൊണ്ടിരുന്നപ്പോള്‍ ഇസ്രായേലിനെ ആക്രമിക്കാന്‍ ഫെലിസ്ത്യര്‍ അടുത്തു. അപ്പോള്‍ സര്‍വേശ്വരന്‍ ഒരു ഇടിനാദം മുഴക്കി ഫെലിസ്ത്യരെ സംഭ്രാന്തരാക്കി; അവര്‍ ഓട്ടം തുടങ്ങി.

11 ഇസ്രായേല്യര്‍ മിസ്പായില്‍നിന്നു പുറപ്പെട്ട് ബേത്ത്-കാര്‍വരെ അവരെ പിന്തുടര്‍ന്നു സംഹരിച്ചു.

12 പിന്നീട് ശമൂവേല്‍ ഒരു കല്ലെടുത്തു മിസ്പായ്‍ക്കും ശേനിനും മധ്യേ സ്ഥാപിച്ചു; സര്‍വേശ്വരന്‍ ഇതുവരെ നമ്മെ സഹായിച്ചു. എന്നു പറഞ്ഞ് ആ സ്ഥലത്തിന് ഏബെന്‍-ഏസെര്‍ എന്നു പേരിട്ടു.

13 അങ്ങനെ ഫെലിസ്ത്യര്‍ കീഴടങ്ങി; പിന്നീട് ശമൂവേലിന്‍റെ ജീവിതകാലത്തൊരിക്കലും ഇസ്രായേലിനെ ആക്രമിക്കാന്‍ സര്‍വേശ്വരന്‍ അവരെ അനുവദിച്ചില്ല.

14 എക്രോനും ഗത്തിനും ഇടയ്‍ക്കു ഫെലിസ്ത്യര്‍ കൈവശപ്പെടുത്തിയിരുന്ന പട്ടണങ്ങളെല്ലാം ഇസ്രായേല്‍ വീണ്ടെടുത്തു. അങ്ങനെ തങ്ങളുടെ സ്ഥലങ്ങളെല്ലാം ഇസ്രായേല്യര്‍ക്കു തിരിച്ചുകിട്ടി. ഇസ്രായേല്യരും അമോര്യരും തമ്മില്‍ സമാധാനമായിരുന്നു.

15 തന്‍റെ ജീവിതകാലം മുഴുവന്‍ ശമൂവേല്‍ ഇസ്രായേലില്‍ ന്യായപാലനം ചെയ്തു.

16 അദ്ദേഹം വര്‍ഷംതോറും ബേഥേല്‍, ഗില്ഗാല്‍, മിസ്പാ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ഇസ്രായേലിനു ന്യായപാലനം നടത്തിപ്പോന്നു.

17 പിന്നീടു തന്‍റെ ഭവനം സ്ഥിതിചെയ്തിരുന്ന രാമായിലേക്കു തിരിച്ചുപോയി; അവിടെയും ന്യായപാലനം നടത്തിവന്നു; രാമായില്‍ അദ്ദേഹം സര്‍വേശ്വരന് ഒരു യാഗപീഠം പണിയുകയും ചെയ്തു.

8

1

ശമൂവേല്‍ വൃദ്ധനായപ്പോള്‍ തന്‍റെ പുത്രന്മാരെ ഇസ്രായേലില്‍ ന്യായപാലകരായി നിയമിച്ചു.

2 മൂത്തപുത്രന്‍ യോവേലും രണ്ടാമത്തെ പുത്രന്‍ അബീയാവും ബേര്‍-ശേബായില്‍ ന്യായപാലനം ചെയ്തു.

3 അവര്‍ തങ്ങളുടെ പിതാവിന്‍റെ വഴിയില്‍ നടക്കാതെ ധനം മോഹിച്ചു കൈക്കൂലി വാങ്ങി നീതി നിഷേധിച്ചു.

4

ഇസ്രായേല്‍നേതാക്കന്മാര്‍ ഒരുമിച്ചുകൂടി രാമായില്‍ ശമൂവേലിന്‍റെ അടുക്കല്‍ വന്നു.

5 അവര്‍ പറഞ്ഞു: “അങ്ങു വൃദ്ധനായല്ലോ; അങ്ങയുടെ പുത്രന്മാര്‍ അങ്ങയുടെ വഴിയില്‍ നടക്കുന്നില്ല. അതുകൊണ്ടു ഞങ്ങള്‍ക്കു ന്യായപാലനം നടത്താന്‍ മറ്റു ജനതകള്‍ക്കുള്ളതുപോലെ ഒരു രാജാവിനെ നിയമിച്ചുതന്നാലും.”

6 “ഞങ്ങള്‍ക്കു ഒരു രാജാവിനെ തരിക” എന്നവര്‍ ആവശ്യപ്പെട്ടതു ശമൂവേലിന് ഇഷ്ടമായില്ല. അദ്ദേഹം സര്‍വേശ്വരനോടു പ്രാര്‍ഥിച്ചു;

7 അവിടുന്നു ശമൂവേലിന് ഉത്തരമരുളി: “ജനം പറയുന്നതു കേള്‍ക്കുക; അവര്‍ നിന്നെയല്ല, ഞാന്‍ അവരെ ഭരിക്കാത്തവിധം അവര്‍ എന്നെയാകുന്നു ത്യജിച്ചിരിക്കുന്നത്.

8 ഞാന്‍ അവരെ ഈജിപ്തില്‍നിന്നു കൊണ്ടുവന്ന നാള്‍ മുതല്‍ തങ്ങളുടെ പ്രവൃത്തികളാല്‍ അവര്‍ എന്നെ ഉപേക്ഷിച്ച് അന്യദേവന്മാരെ സേവിച്ചു; അതുതന്നെയാണ് അവര്‍ നിന്നോടും ചെയ്തിരിക്കുന്നത്.

9 അതുകൊണ്ട് ഇപ്പോള്‍ അവര്‍ പറയുന്നതു കേള്‍ക്കുക; എന്നാല്‍ അവരെ ഭരിക്കാന്‍ പോകുന്ന രാജാക്കന്മാരുടെ ഭരണരീതി വിവരിച്ചുകൊടുത്ത് അവര്‍ക്ക് വ്യക്തമായി മുന്നറിയിപ്പ് നല്‌കണം.”

10

രാജാവിനെ നിയമിച്ചുകൊടുക്കണമെന്നു തന്നോട് ആവശ്യപ്പെട്ടവരോടു സര്‍വേശ്വരന്‍റെ വചനങ്ങള്‍ ശമൂവേല്‍ അറിയിച്ചു.

11 “നിങ്ങളെ ഭരിക്കാന്‍ പോകുന്ന രാജാവിന്‍റെ പ്രവര്‍ത്തനശൈലി ഇതായിരിക്കും; അവന്‍ നിങ്ങളുടെ പുത്രന്മാരെ തന്‍റെ തേരാളികളും അശ്വഭടന്മാരുമായി നിയമിക്കും; അവന്‍റെ രഥങ്ങള്‍ക്കു മുമ്പേ അവര്‍ ഓടേണ്ടിവരും.

12 അവരില്‍ ചിലരെ ആയിരങ്ങള്‍ക്കും അമ്പതുകള്‍ക്കും അധിപന്മാരായി നിയമിക്കും; തന്‍റെ നിലം കൃഷി ചെയ്യുന്നതിനും വിള കൊയ്യുന്നതിനും തന്‍റെ യുദ്ധോപകരണങ്ങളും രഥോപകരണങ്ങളും ഉണ്ടാക്കുന്നതിനും അവരെ നിയോഗിക്കും.

13 നിങ്ങളുടെ പുത്രിമാരെ തൈലം പൂശുന്നവരും പാചകക്കാരും അപ്പക്കാരികളുമായി നിയമിക്കും.

14 നിങ്ങളുടെ ഏറ്റവും നല്ല വയലുകളും മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും എടുത്തു തന്‍റെ സേവകര്‍ക്കു കൊടുക്കും.

15 അവന്‍ നിങ്ങളുടെ ധാന്യങ്ങളുടെയും മുന്തിരിയുടെയും ദശാംശമെടുത്ത് തന്‍റെ ഉദ്യോഗസ്ഥന്മാര്‍ക്കും സേവകര്‍ക്കും നല്‌കും.

16 നിങ്ങളുടെ ദാസീദാസന്മാരെയും ഏറ്റവും നല്ല കന്നുകാലികളെയും കഴുതകളെയും തന്‍റെ ജോലിക്ക് ഉപയോഗിക്കും.

17 ആട്ടിന്‍പറ്റത്തിന്‍റെ ദശാംശം അവനെടുക്കും; നിങ്ങള്‍ അവന്‍റെ അടിമകളായിത്തീരും.

18 നിങ്ങള്‍ തിരഞ്ഞെടുത്ത രാജാവുനിമിത്തം അന്നു നിങ്ങള്‍ വിലപിക്കും; എന്നാല്‍ അന്നു സര്‍വേശ്വരന്‍ നിങ്ങള്‍ക്ക് ഉത്തരം അരുളുകയില്ല.”

19 ജനം ശമൂവേലിന്‍റെ വാക്കുകള്‍ ശ്രദ്ധിച്ചില്ല; അവര്‍ പറഞ്ഞു: “ഞങ്ങള്‍ക്കു രാജാവിനെ വേണം.

20 ഞങ്ങള്‍ക്കും മറ്റു ജനതകളെപ്പോലെയാകണം. ഞങ്ങളുടെ രാജാവ് ഞങ്ങളെ ഭരിക്കുകയും ഞങ്ങളെ നയിക്കുകയും യുദ്ധത്തില്‍ ഞങ്ങള്‍ക്കുവേണ്ടി പോരാടുകയും വേണം.”

21 ജനം പറഞ്ഞതെല്ലാം ശമൂവേല്‍ കേട്ടു; അദ്ദേഹം അവ സര്‍വേശ്വരനോടു പറഞ്ഞു.

22 അവിടുന്ന് അരുളിച്ചെയ്തു: “അവര്‍ ആവശ്യപ്പെട്ടതനുസരിച്ച് അവരെ ഭരിക്കാന്‍ ഒരു രാജാവിനെ നല്‌കുക.” പിന്നീട് ശമൂവേല്‍ ഇസ്രായേല്‍ജനത്തോടു പറഞ്ഞു: “നിങ്ങള്‍ ഓരോരുത്തരും താന്താങ്ങളുടെ പട്ടണങ്ങളിലേക്കു മടങ്ങിപ്പോകുവിന്‍.”

9

1

ബെന്യാമീന്‍ഗോത്രത്തില്‍ കീശ് എന്നൊരു ധനികനുണ്ടായിരുന്നു. അയാളുടെ പിതാവ് അബീയേലും അബീയേലിന്‍റെ പിതാവ് സെരോറും സെരോറിന്‍റെ പിതാവ് ബെഖോറത്തും ബെഖോറത്തിന്‍റെ പിതാവ് അഫീയാഹും ആയിരുന്നു.

2 കീശിനു ശൗല്‍ എന്നൊരു പുത്രന്‍ ഉണ്ടായിരുന്നു. അവന്‍ സുന്ദരനായ യുവാവായിരുന്നു; അവനെക്കാള്‍ കോമളനായ മറ്റൊരു യുവാവ് ഇസ്രായേലില്‍ ഉണ്ടായിരുന്നില്ല. അവന്‍റെ തോളൊപ്പത്തില്‍ കവിഞ്ഞ ഉയരമുള്ള ആരും അവിടെ ഉണ്ടായിരുന്നില്ല.

3 ഒരിക്കല്‍ ശൗലിന്‍റെ പിതാവായ കീശിന്‍റെ കഴുതകള്‍ കാണാതെപോയി; ഭൃത്യനെയും കൂട്ടി കഴുതകളെ അന്വേഷിക്കാന്‍ അയാള്‍ ശൗലിനോടു പറഞ്ഞു.

4 അവന്‍ എഫ്രയീംമലനാട്ടിലും ശാലീശാദേശത്തും ശാലീംദേശത്തും അവയെ അന്വേഷിച്ചു; പക്ഷേ കണ്ടില്ല. പിന്നീട് ബെന്യാമീന്‍റെ ദേശത്ത് അന്വേഷിച്ചു; അവിടെയും കണ്ടില്ല.

5 സൂഫ്ദേശത്തെത്തിയപ്പോള്‍ ശൗല്‍ കൂടെയുള്ള ഭൃത്യനോടു പറഞ്ഞു: “നമുക്കു മടങ്ങിപ്പോകാം; അല്ലെങ്കില്‍ പിതാവു കഴുതകളുടെ കാര്യം മറന്നു നമ്മെപ്പറ്റി ആകുലചിത്തനാകും.”

6 അപ്പോള്‍ ഭൃത്യന്‍ പറഞ്ഞു: “ഈ പട്ടണത്തില്‍ വളരെ ബഹുമാന്യനായ ഒരു ദൈവപുരുഷനുണ്ട്. അയാള്‍ പറയുന്നതെല്ലാം സംഭവിക്കുന്നു; നമുക്ക് അവിടേക്കു പോകാം; ഒരുവേള നമുക്കു പോകാനുള്ള വഴി അദ്ദേഹം പറഞ്ഞുതരും.”

7 ശൗല്‍ അവനോടു പറഞ്ഞു: “നാം അവിടെ ചെല്ലുമ്പോള്‍ എന്താണ് അദ്ദേഹത്തിനു കൊടുക്കുക; നമ്മുടെ കൈയിലുണ്ടായിരുന്ന ഭക്ഷണസാധനങ്ങളും തീര്‍ന്നുപോയി. ദൈവപുരുഷനു സമ്മാനിക്കാന്‍ നമ്മുടെ പക്കല്‍ ഒന്നുമില്ലല്ലോ.”

8 ഭൃത്യന്‍ പറഞ്ഞു: “എന്‍റെ കൈവശം കാല്‍ ശേക്കെല്‍ വെള്ളി ഉണ്ട്; അതു കൊടുക്കാം; അദ്ദേഹം നമുക്കു വഴി പറഞ്ഞുതരും.”

9 (“പണ്ട് ഇസ്രായേലില്‍ സര്‍വേശ്വരഹിതം അറിയാന്‍ പോകുമ്പോള്‍ ‘നമുക്കു ദര്‍ശകന്‍റെ അടുക്കല്‍ പോകാം’ എന്നു പറഞ്ഞിരുന്നു; പ്രവാചകനെ അന്നു ദര്‍ശകന്‍ എന്നാണു വിളിച്ചിരുന്നത്.”)

10 ശൗല്‍ ഭൃത്യനോട് “അതു നല്ലതു തന്നെ, വരൂ! നമുക്കു പോകാം” എന്നു പറഞ്ഞു; അവര്‍ ദൈവപുരുഷന്മാര്‍ താമസിച്ചിരുന്ന പട്ടണത്തിലേക്കു പോയി.

11 പട്ടണത്തിലേക്കുള്ള കയറ്റം കയറിച്ചെല്ലുമ്പോള്‍ വെള്ളം കോരാന്‍ പോകുന്ന യുവതികളെ കണ്ട് അവരോടു “ദര്‍ശകന്‍ അവിടെയുണ്ടോ” എന്ന് അവര്‍ ചോദിച്ചു.

12 “ഉണ്ട്” എന്ന് അവര്‍ പറഞ്ഞു; “അതാ, നിങ്ങളുടെ മുമ്പേ അദ്ദേഹം പോകുന്നു; വേഗം ചെല്ലുവിന്‍; അദ്ദേഹം പട്ടണത്തില്‍ എത്തിയതേയുള്ളൂ. പൂജാഗിരിയില്‍ ജനത്തിന്‍റെ വക ഒരു യാഗമുണ്ട്.

13 പട്ടണത്തില്‍ പ്രവേശിച്ചാലുടന്‍ അദ്ദേഹം ഭക്ഷണത്തിനു പൂജാഗിരിയിലേക്കു പോകും. അതിനുമുമ്പ് നിങ്ങള്‍ക്ക് അദ്ദേഹത്തെ കാണാം; അദ്ദേഹം യാഗത്തെ അനുഗ്രഹിക്കേണ്ടതാകകൊണ്ട് അദ്ദേഹം എത്തുന്നതുവരെ ജനം ഭക്ഷിക്കുകയില്ല; അതിനുശേഷം മാത്രമേ ക്ഷണിക്കപ്പെട്ടവര്‍ ഭക്ഷിക്കുകയുള്ളൂ; അതുകൊണ്ട് വേഗം ചെല്ലുക; ഇപ്പോള്‍ത്തന്നെ അദ്ദേഹത്തെ കാണാം.”

14 അവര്‍ പട്ടണത്തിലേക്കു കയറിച്ചെന്നു; പൂജാഗിരിയിലേക്കു പോകുന്ന ശമൂവേലിനെ അവര്‍ അവിടെ കണ്ടു.

15

ശൗല്‍ വരുന്നതിന്‍റെ തലേദിവസം സര്‍വേശ്വരന്‍ ശമൂവേലിന് ഇപ്രകാരം വെളിപ്പെടുത്തി:

16 “നാളെ ഈ സമയത്ത് ബെന്യാമീന്‍ദേശക്കാരനായ ഒരാളെ നിന്‍റെ അടുക്കല്‍ ഞാന്‍ അയയ്‍ക്കും. എന്‍റെ ജനമായ ഇസ്രായേലിന്‍റെ രാജാവായി അവനെ അഭിഷേകം ചെയ്യുക; അവന്‍ എന്‍റെ ജനത്തെ ഫെലിസ്ത്യരില്‍നിന്നു രക്ഷിക്കും; എന്‍റെ ജനത്തിന്‍റെ കഷ്ടത ഞാന്‍ കണ്ടു; അവരുടെ നിലവിളി എന്‍റെ അടുക്കല്‍ എത്തിയിരിക്കുന്നു.”

17 ശമൂവേല്‍ ശൗലിനെ കണ്ടപ്പോള്‍ സര്‍വേശ്വരന്‍ ശമൂവേലിനോടു പറഞ്ഞു: “ഞാന്‍ നിന്നോടു പറഞ്ഞ ആള്‍ ഇവനാകുന്നു; എന്‍റെ ജനത്തെ ഭരിക്കേണ്ടവന്‍ ഇവന്‍തന്നെ.”

18 അപ്പോള്‍ ശൗല്‍ പട്ടണവാതില്‌ക്കല്‍ ശമൂവേലിന്‍റെ അടുക്കല്‍ ചെന്നു “ദര്‍ശകന്‍റെ വീട് എവിടെയാണെന്നു പറഞ്ഞു തന്നാലും” എന്നു പറഞ്ഞു;

19 ശമൂവേല്‍ പറഞ്ഞു: “ഞാന്‍ തന്നെയാണു ദര്‍ശകന്‍; എനിക്കു മുമ്പേ പൂജാഗിരിയിലേക്കു പോകുക; നിങ്ങള്‍ ഇന്ന് എന്‍റെകൂടെ ഭക്ഷണം കഴിക്കണം; നിങ്ങളുടെ പ്രശ്നങ്ങള്‍ക്കു മറുപടി പറയാം. നാളെ രാവിലെ നിങ്ങളെ യാത്ര അയയ്‍ക്കാം.

20 മൂന്നു ദിവസം മുമ്പു കാണാതായ കഴുതകളെക്കുറിച്ചു വിഷമിക്കേണ്ട; അവയെ കണ്ടുകിട്ടിയിരിക്കുന്നു; ഇസ്രായേലിന്‍റെ പ്രതീക്ഷ ആരെക്കുറിച്ചാണ്, നിന്നെയും നിന്‍റെ പിതൃഭവനത്തെയും കുറിച്ചല്ലയോ?”

21 അപ്പോള്‍ ശൗല്‍ മറുപടി പറഞ്ഞു: “ഞാന്‍ ഇസ്രായേല്‍ഗോത്രങ്ങളില്‍ ഏറ്റവും ചെറുതായ ബെന്യാമീന്‍ഗോത്രത്തില്‍പ്പെട്ടവനാകുന്നു; അതില്‍ത്തന്നെ ഏറ്റവും എളിയ കുടുംബമാണ് എന്‍റേത്; പിന്നെ എന്തുകൊണ്ടാണ് അങ്ങ് എന്നോട് ഇങ്ങനെ സംസാരിക്കുന്നത്?”

22 പിന്നീട് ശമൂവേല്‍ ശൗലിനെയും അവന്‍റെ ഭൃത്യനെയും വിരുന്നുശാലയിലേക്കു കൂട്ടിക്കൊണ്ടുപോയി മുപ്പതോളം വരുന്ന അതിഥികളുടെ ഇടയില്‍ പ്രധാന സ്ഥാനത്ത് ഇരുത്തി.

23 ശമൂവേല്‍ പാചകക്കാരനോട്: “പ്രത്യേകം മാറ്റി വയ്‍ക്കാന്‍ പറഞ്ഞിരുന്ന ഭാഗം കൊണ്ടുവരിക” എന്നു പറഞ്ഞു.

24 പാചകക്കാരന്‍ കാല്‍ക്കുറകു കൊണ്ടുവന്നു ശൗലിന്‍റെ മുമ്പില്‍ വച്ചു; അപ്പോള്‍ ശമൂവേല്‍ പറഞ്ഞു: “ഇതു നിനക്കുവേണ്ടി മാറ്റിവച്ചിരിക്കുന്നതാണ്; ഭക്ഷിച്ചുകൊള്ളുക. ക്ഷണിച്ചിട്ടുള്ള അതിഥികളുടെ കൂടെ നിനക്കു ഭക്ഷിക്കുന്നതിനു മാറ്റി വച്ചിരുന്നതാണ്.” അന്നു ശൗല്‍ ശമൂവേലിന്‍റെ കൂടെ ഭക്ഷണം കഴിച്ചു.

25 അവര്‍ പൂജാഗിരിയില്‍നിന്നു നഗരത്തിലേക്കു മടങ്ങിവന്നു; മട്ടുപ്പാവില്‍ ശൗലിനു കിടക്ക വിരിച്ചിരുന്നു; അയാള്‍ ഉറങ്ങാന്‍ കിടന്നു.

26

പ്രഭാതമായപ്പോള്‍ ശമൂവേല്‍ വീടിന്‍റെ മട്ടുപ്പാവില്‍ ചെന്നു ശൗലിനെ വിളിച്ചു പറഞ്ഞു: “എഴുന്നേല്‌ക്കുക, ഞാന്‍ നിന്നെ യാത്രയാക്കും.” ശൗല്‍ എഴുന്നേറ്റു; അവര്‍ വെളിയിലേക്ക് ഇറങ്ങി.

27 നഗരാതിര്‍ത്തിയിലെത്തിയപ്പോള്‍ ശമൂവേല്‍ ശൗലിനോടു പറഞ്ഞു: “നമുക്കുമുമ്പേ പോകാന്‍ ഭൃത്യനോടു പറയുക.” അവന്‍ പോയപ്പോള്‍ “സര്‍വേശ്വരന്‍റെ അരുളപ്പാട് അറിയിക്കാന്‍ നീ അല്പസമയം നില്‌ക്കുക” എന്നു ശമൂവേല്‍ ആവശ്യപ്പെട്ടു.

10

1

ശമൂവേല്‍ ഒരു പാത്രം ഒലിവെണ്ണ എടുത്ത് അവന്‍റെ തലയില്‍ ഒഴിച്ചു; അവനെ ചുംബിച്ചിട്ടു പറഞ്ഞു: “സര്‍വേശ്വരന്‍ തന്‍റെ ജനത്തിന്‍റെ ഭരണകര്‍ത്താവായി നിന്നെ അഭിഷേകം ചെയ്തിരിക്കുന്നു; നീ സര്‍വേശ്വരന്‍റെ ജനത്തെ ഭരിക്കുകയും ചുറ്റുമുള്ള ശത്രുക്കളില്‍നിന്ന് അവരെ രക്ഷിക്കുകയും ചെയ്യും. തന്‍റെ ജനത്തിനു രാജാവായി അവിടുന്നു നിന്നെ വാഴിച്ചിരിക്കുന്നതിന്‍റെ അടയാളം ഇതായിരിക്കും.

2 ഇന്നു നീ എന്നെ വിട്ടുപോകുമ്പോള്‍ ബെന്യാമീന്‍റെ നാട്ടിലുള്ള സെല്‍സഹിലില്‍ റാഹേലിന്‍റെ കല്ലറയ്‍ക്കരികില്‍ വച്ചു രണ്ടാളുകളെ കാണും; ‘നീ അന്വേഷിക്കുന്ന കഴുതകളെ കണ്ടുകിട്ടിയിരിക്കുന്നു എന്നും ഇപ്പോള്‍ കഴുതകളെക്കുറിച്ചല്ല, തന്‍റെ മകനുവേണ്ടി എന്തു ചെയ്യണം എന്നു വിചാരിച്ച് നിന്നെക്കുറിച്ചാണ് നിന്‍റെ പിതാവ് വിഷാദിച്ചിരിക്കുന്നതെന്നും’ അവര്‍ പറയും.

3 അവിടെനിന്നു മുമ്പോട്ടു പോകുമ്പോള്‍ താബോരിലെ കരുവേലകത്തിനടുത്തുവച്ചു ബേഥേലില്‍ സര്‍വേശ്വരസന്നിധിയിലേക്കു പോകുന്ന മൂന്നു പേരെ നീ കാണും. അവരില്‍ ഒരാള്‍ മൂന്ന് ആട്ടിന്‍കുട്ടികളെ കൈയിലെടുത്തിരിക്കും; രണ്ടാമന്‍റെ കൈയില്‍ മൂന്ന് അപ്പവും, മൂന്നാമന്‍റെ പക്കല്‍ ഒരു തോല്‍സഞ്ചി വീഞ്ഞും ഉണ്ടായിരിക്കും.

4 അവര്‍ നിന്നെ അഭിവാദനം ചെയ്തിട്ട് രണ്ടപ്പം നിനക്കു തരും; അതു നീ സ്വീകരിക്കണം.

5 അതിനുശേഷം ഫെലിസ്ത്യര്‍ പാളയമടിച്ചിരിക്കുന്ന ഗിബെയായില്‍ ദൈവത്തിന്‍റെ പര്‍വതത്തില്‍ നീ എത്തണം; പട്ടണത്തില്‍ കടക്കുമ്പോള്‍ വീണ, തംബുരു, കുഴല്‍, കിന്നരം എന്നീ വാദ്യങ്ങളോടെ മലമുകളില്‍നിന്ന് ഇറങ്ങിവരുന്ന ഒരു പ്രവാചക ഗണത്തെ നീ കാണും; അവര്‍ പ്രവചിച്ചുകൊണ്ടിരിക്കും.

6 അപ്പോള്‍ സര്‍വേശ്വരന്‍റെ ആത്മാവ് ശക്തമായി നിന്‍റെമേല്‍ വരികയും നീ അവരോടൊത്തു പ്രവചിക്കുകയും ചെയ്യും; നീ മറ്റൊരു മനുഷ്യനായി മാറും.

7 ഈ അടയാളങ്ങള്‍ കാണുമ്പോള്‍ യഥോചിതം പ്രവര്‍ത്തിക്കുക; ദൈവം നിന്‍റെ കൂടെയുണ്ട്.

8 എനിക്കു മുമ്പേ നീ ഗില്ഗാലിലേക്കു പോകണം; ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അര്‍പ്പിക്കാന്‍ ഞാന്‍ അവിടെ വരും; ഞാന്‍ നിന്‍റെ അടുക്കല്‍ വന്ന് എന്തു ചെയ്യണമെന്നു പറഞ്ഞു തരുന്നതുവരെ ഏഴു ദിവസം നീ അവിടെ കാത്തിരിക്കണം.”

9 ശമൂവേലിന്‍റെ അടുക്കല്‍നിന്നു പോകാന്‍ തിരിഞ്ഞപ്പോള്‍ ശൗലിനു ദൈവം മറ്റൊരു ഹൃദയം നല്‌കി; ശമൂവേല്‍ പറഞ്ഞ അടയാളങ്ങളെല്ലാം അന്നുതന്നെ സംഭവിച്ചു.

10

അവര്‍ ഗിബെയായില്‍ എത്തിയപ്പോള്‍ ഒരു പ്രവാചകഗണം അവരുടെ നേരെ വരുന്നതു കണ്ടു. അപ്പോള്‍ ദൈവത്തിന്‍റെ ആത്മാവു ശക്തമായി ശൗലിന്‍റെമേല്‍ ആവസിച്ചു. അയാളും അവരോടൊത്തു പ്രവചിച്ചു.

11 ശൗല്‍ പ്രവാചകഗണത്തോടൊത്തു പ്രവചിക്കുന്നതു കണ്ടപ്പോള്‍ അയാളെ മുമ്പ് അറിയാവുന്നവര്‍: “കീശിന്‍റെ മകനു എന്തു സംഭവിച്ചു? ശൗലും പ്രവാചകരുടെ കൂട്ടത്തിലായോ” എന്നു അന്യോന്യം ചോദിച്ചു.

12 തത്സമയം സ്ഥലവാസികളില്‍ ഒരാള്‍ മറുപടി പറഞ്ഞു: “ആരാണ് അവരുടെ പിതാവ്?” അങ്ങനെ ‘ശൗലും പ്രവാചകഗണത്തിലോ?’ എന്നത് ഒരു പഴഞ്ചൊല്ലായിത്തീര്‍ന്നു.

13 ശൗല്‍ പ്രവചിച്ചശേഷം പൂജാഗിരിയില്‍ എത്തി.

14

ശൗലിന്‍റെ പിതൃസഹോദരന്‍ അയാളോടും ഭൃത്യനോടും: “നിങ്ങള്‍ എവിടെപ്പോയിരുന്നു” എന്നു ചോദിച്ചു. “കഴുതകളെ അന്വേഷിച്ചു പോയതായിരുന്നു; കാണായ്കയാല്‍ ഞങ്ങള്‍ ശമൂവേലിന്‍റെ അടുക്കല്‍ പോയി” എന്നു ശൗല്‍ പറഞ്ഞു.

15 “ശമൂവേല്‍ നിങ്ങളോടു എന്തു പറഞ്ഞു” എന്ന് അയാള്‍ ചോദിച്ചു.

16 “കഴുതകളെ കണ്ടുകിട്ടിയ വിവരം അദ്ദേഹം ഞങ്ങളെ വ്യക്തമായി അറിയിച്ചു” എന്നു ശൗല്‍ പറഞ്ഞു. എന്നാല്‍ താന്‍ രാജാവാകാന്‍ പോകുന്നതിനെപ്പറ്റി ശമൂവേല്‍ പറഞ്ഞ കാര്യം ശൗല്‍ പിതൃസഹോദരനോടു പറഞ്ഞില്ല.

17

ശമൂവേല്‍ ജനത്തെ മിസ്പായില്‍ സര്‍വേശ്വരന്‍റെ സന്നിധിയില്‍ വിളിച്ചുകൂട്ടി.

18 അതിനുശേഷം ഇസ്രായേല്‍ജനത്തോടു പറഞ്ഞു: “ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ ഇങ്ങനെ അരുളിച്ചെയ്യുന്നു: ഇസ്രായേലിനെ ഞാന്‍ ഈജിപ്തില്‍നിന്നു കൊണ്ടുവന്നു; ഈജിപ്തുകാരുടെയും നിങ്ങളെ പീഡിപ്പിച്ച സകല ജനതകളുടെയും കൈയില്‍നിന്നു ഞാന്‍ നിങ്ങളെ മോചിപ്പിച്ചു.

19 എന്നാല്‍ എല്ലാ അനര്‍ഥങ്ങളില്‍നിന്നും ദുരിതങ്ങളില്‍നിന്നും രക്ഷിക്കുന്ന സര്‍വേശ്വരനെ നിങ്ങള്‍ ഉപേക്ഷിച്ചു; ഞങ്ങള്‍ക്ക് ഒരു രാജാവിനെ നല്‌കണമെന്നു നിങ്ങള്‍ ആവശ്യപ്പെട്ടു; അതുകൊണ്ടു നിങ്ങള്‍ ഗോത്രം ഗോത്രമായും കുലം കുലമായും സര്‍വേശ്വരന്‍റെ സന്നിധിയില്‍ നില്‌ക്കുവിന്‍.”

20 പിന്നീട് ശമൂവേല്‍ ഇസ്രായേല്‍ഗോത്രങ്ങളെയെല്ലാം തന്‍റെ അടുക്കല്‍ വിളിച്ചുകൂട്ടിയതിനു ശേഷം നറുക്കിട്ടു; കുറി ബെന്യാമീന്‍ ഗോത്രത്തിനു വീണു.

21 ബെന്യാമീന്‍ഗോത്രത്തിലെ കുടുംബങ്ങളെ തന്‍റെ അടുക്കല്‍ വരുത്തി; കുറി മത്രികുടുംബത്തിനു വീണു; പിന്നീട് മത്രികുടുംബത്തിലെ അംഗങ്ങളെ ഓരോരുത്തരെയും വരുത്തി. കീശിന്‍റെ പുത്രനായ ശൗലിനു കുറി വീണു. എന്നാല്‍ അവര്‍ അയാളെ അന്വേഷിച്ചപ്പോള്‍ കണ്ടില്ല;

22 “അയാള്‍ ഇവിടെ വന്നിട്ടുണ്ടോ” എന്ന് അവര്‍ സര്‍വേശ്വരനോടു ചോദിച്ചു. “അവന്‍ അതാ ഭാണ്ഡങ്ങള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്നു” എന്ന് അവിടുന്നു അരുളിച്ചെയ്തു.

23 അവര്‍ ഓടിച്ചെന്നു ശൗലിനെ ജനത്തിന്‍റെ അടുക്കലേക്കു കൂട്ടിക്കൊണ്ടുവന്നു; അയാള്‍ ജനമധ്യേ നിന്നപ്പോള്‍ അവിടെ അയാളുടെ തോളൊപ്പത്തില്‍ കവിഞ്ഞ ഉയരമുള്ള ആരും ഉണ്ടായിരുന്നില്ല.

24 ശമൂവേല്‍ ജനത്തോട്: “സര്‍വേശ്വരന്‍ തിരഞ്ഞെടുത്തവനെ നിങ്ങള്‍ കാണുന്നില്ലേ? അവനെപ്പോലെ മറ്റാരുമില്ല” എന്നു പറഞ്ഞു. ഉടനെ “രാജാവു നീണാള്‍ വാഴട്ടെ” എന്നു ജനം ആര്‍ത്തുവിളിച്ചു.

25

പിന്നീട് രാജധര്‍മത്തെപ്പറ്റി ശമൂവേല്‍ ജനത്തോടു പറഞ്ഞു; അതെല്ലാം ഒരു പുസ്തകത്തിലെഴുതി സര്‍വേശ്വരന്‍റെ സന്നിധിയില്‍ വച്ചു. അതിനുശേഷം ജനത്തെ അവരുടെ വീടുകളിലേക്കു പറഞ്ഞയച്ചു.

26 ശൗല്‍ ഗിബെയായിലുള്ള തന്‍റെ ഭവനത്തിലേക്കു മടങ്ങിപ്പോയി; ദൈവത്താല്‍ പ്രചോദിതരായ ഒരു കൂട്ടം യുദ്ധവീരന്മാരും അയാളുടെ കൂടെ പോയി.

27 “നമ്മെ രക്ഷിക്കാന്‍ ഇവന് എങ്ങനെ കഴിയും” എന്നു പറഞ്ഞു ചില നീചന്മാര്‍ അയാളെ പരിഹസിച്ചു; അവര്‍ കാഴ്ചകളൊന്നും അയാള്‍ക്കു നല്‌കിയില്ല. ശൗല്‍ അതു ഗൗനിച്ചതുമില്ല.

11

1

പിന്നീട് അമ്മോന്‍രാജാവായ നാഹാശ് ചെന്നു യാബേശ്-ഗിലെയാദിനെതിരെ പാളയമടിച്ചു. യാബേശ്നിവാസികള്‍ നാഹാശിനോടു പറഞ്ഞു: “ഞങ്ങളോട് ഉടമ്പടി ചെയ്യുക; ഞങ്ങള്‍ അങ്ങേക്ക് വിധേയരായിരുന്നുകൊള്ളാം.

2 അപ്പോള്‍ അമ്മോന്യനായ നാഹാശ് അവരോടു പറഞ്ഞു: “ഞാന്‍ നിങ്ങളില്‍ ഓരോരുത്തന്‍റെയും വലതുകണ്ണ് ചൂഴ്ന്നെടുക്കും; അങ്ങനെ ഞാന്‍ ഇസ്രായേലിനു മുഴുവന്‍ അപമാനം വരുത്തും. ഈ വ്യവസ്ഥയില്‍ നിങ്ങളുമായി ഉടമ്പടി ചെയ്യാം.”

3 യാബേശിലെ നേതാക്കന്മാര്‍ മറുപടി പറഞ്ഞു: “ഇസ്രായേലിന്‍റെ എല്ലാ ഭാഗത്തും ദൂതന്മാരെ അയയ്‍ക്കുന്നതിനു ഞങ്ങള്‍ക്കു ഏഴു ദിവസത്തെ സമയം അനുവദിക്കണം; ആരും ഞങ്ങളെ രക്ഷിക്കാനില്ലെങ്കില്‍ ഞങ്ങള്‍ അങ്ങേക്കു കീഴ്പെട്ടുകൊള്ളാം.”

4 ദൂതന്മാര്‍, ശൗല്‍ പാര്‍ത്തിരുന്ന ഗിബെയായിലെത്തി വിവരം അറിയിച്ചപ്പോള്‍ ജനം ഉറക്കെ കരഞ്ഞു.

5 അപ്പോള്‍ ശൗല്‍ വയലില്‍നിന്നു കാളകളെയും കൊണ്ടുവരികയായിരുന്നു; ജനം വിലപിക്കത്തക്കവിധം എന്തു സംഭവിച്ചു എന്ന് അവന്‍ ചോദിച്ചു; യാബേശില്‍നിന്നു വന്ന ദൂതന്മാര്‍ അറിയിച്ച വിവരം അവര്‍ അയാളോടു പറഞ്ഞു.

6 ഈ വാര്‍ത്ത കേട്ടപ്പോള്‍ ദൈവത്തിന്‍റെ ആത്മാവ് ശക്തമായി ശൗലില്‍ വന്നു. അയാള്‍ കോപം കൊണ്ടു ജ്വലിച്ചു;

7 ശൗല്‍ രണ്ടു കാളകളെ വെട്ടിനുറുക്കി, ദൂതന്മാര്‍വശം ഇസ്രായേലിലെല്ലാം കൊടുത്തയച്ചു; ശൗലിന്‍റെയും ശമൂവേലിന്‍റെയും പിന്നാലെ വരാത്തവന്‍ ആരുതന്നെ ആയിരുന്നാലും അവന്‍റെ കാളകളോടും ഇങ്ങനെതന്നെ ചെയ്യുമെന്നു പറഞ്ഞയച്ചു. ജനം സര്‍വേശ്വരനെ ഭയപ്പെട്ടു; അവര്‍ ഏകമനസ്കരായി പുറപ്പെട്ടു.

8 ശൗല്‍ അവരെയെല്ലാം ബേസെക്കില്‍ ഒരുമിച്ചുകൂട്ടി; അവരുടെ എണ്ണമെടുത്തു. മൂന്നു ലക്ഷം പേര്‍ ഇസ്രായേലില്‍നിന്നും മുപ്പതിനായിരം പേര്‍ യെഹൂദ്യയില്‍നിന്നും ഉണ്ടായിരുന്നു.

9 അവര്‍ യാബേശ്-ഗിലെയാദില്‍നിന്നും വന്ന ദൂതന്മാരോടു പറഞ്ഞു: “നാളെ ഉച്ചയ്‍ക്കു മുമ്പ് നിങ്ങളെല്ലാം വിമോചിതരാകും” എന്നു നിങ്ങളുടെ ജനത്തോടു പറയുക. യാബേശ്നിവാസികള്‍ അതു കേട്ടപ്പോള്‍ സന്തോഷിച്ചു.

10 അവര്‍ നാഹാശിനോടു: “നാളെ ഞങ്ങള്‍ നിങ്ങള്‍ക്കു കീഴ്പെട്ടുകൊള്ളാം; താങ്കള്‍ യഥേഷ്ടം ഞങ്ങളോടു പ്രവര്‍ത്തിച്ചുകൊള്ളുക.”

11 അടുത്ത പ്രഭാതത്തില്‍ ശൗല്‍ തന്‍റെ കൂടെയുള്ള ജനത്തെ മൂന്നായി വിഭജിച്ചു; പ്രഭാതത്തില്‍തന്നെ അവര്‍ ശത്രുപാളയത്തിലേക്ക് ഇരച്ചുകയറി അമ്മോന്യരെ ആക്രമിച്ചു. മധ്യാഹ്നംവരെ അവരെ സംഹരിച്ചു. ശേഷിച്ചവര്‍ ചിതറി ഒറ്റപ്പെട്ടുപോയി.

12 അപ്പോള്‍ ജനം ശമൂവേലിനോടു പറഞ്ഞു: “ശൗല്‍ ഞങ്ങളുടെ രാജാവാകുമോ എന്നു ചോദിച്ചവര്‍ എവിടെ? അവരെ വിട്ടുതരിക; ഞങ്ങള്‍ അവരെ കൊന്നുകളയും.”

13 എന്നാല്‍ ശൗല്‍ അവരോടു പറഞ്ഞു: “ഇന്ന് ആരെയും കൊല്ലരുത്; ഇന്നു സര്‍വേശ്വരന്‍ ഇസ്രായേലിനെ രക്ഷിച്ച ദിവസമാണ്.”

14

ശമൂവേല്‍ അവരോടു പറഞ്ഞു: “നമുക്കു ഗില്ഗാലിലേക്കു പോയി ശൗലിനെ ഒരിക്കല്‍കൂടി രാജാവായി പ്രഖ്യാപിക്കാം.”

15 അങ്ങനെ അവരെല്ലാവരും ഗില്ഗാലിലേക്കു പോയി. അവിടെ സര്‍വേശ്വരസന്നിധിയില്‍വച്ചു ശൗലിനെ രാജാവാക്കി. അവര്‍ സര്‍വേശ്വരനു സമാധാനയാഗങ്ങള്‍ അര്‍പ്പിച്ചു. ശൗലും സമസ്ത ഇസ്രായേല്‍ജനങ്ങളും അത്യധികം ആഹ്ലാദിച്ചു.

12

1

ശമൂവേല്‍ എല്ലാ ഇസ്രായേല്‍ജനങ്ങളോടും പറഞ്ഞു: “നിങ്ങള്‍ ആവശ്യപ്പെട്ടതെല്ലാം ഞാന്‍ ചെയ്തുതന്നു; നിങ്ങളെ ഭരിക്കാന്‍ ഒരു രാജാവിനെയും തന്നിരിക്കുന്നു.

2 നിങ്ങളെ നയിക്കാന്‍ ഇപ്പോള്‍ ഒരു രാജാവുണ്ട്; ഞാന്‍ വൃദ്ധനായി ജരാനരകള്‍ ബാധിച്ചിരിക്കുന്നു. എന്‍റെ പുത്രന്മാര്‍ നിങ്ങളുടെ കൂടെയുണ്ട്; എന്‍റെ യൗവനംമുതല്‍ ഇന്നുവരെ ഞാന്‍ നിങ്ങളെ നയിച്ചു.

3 ഇതാ, ഞാന്‍ ഇപ്പോള്‍ നിങ്ങളുടെ മുമ്പില്‍ നില്‌ക്കുന്നു; ഞാന്‍ നിങ്ങളോട് എന്തെങ്കിലും തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ സര്‍വേശ്വരന്‍റെയും അവിടുത്തെ അഭിഷിക്തന്‍റെയും മുമ്പില്‍വച്ച് അതു തുറന്നു പറയുവിന്‍. ഞാന്‍ ആരുടെയെങ്കിലും കാളയെയോ കഴുതയെയോ അപഹരിച്ചിട്ടുണ്ടോ? ഞാന്‍ ആരെയെങ്കിലും ചതിക്കുകയോ പീഡിപ്പിക്കുകയോ ചെയ്തിട്ടുണ്ടോ? ആരില്‍നിന്നെങ്കിലും കോഴ വാങ്ങി സത്യത്തിനു നേരെ കണ്ണടച്ചിട്ടുണ്ടോ? ഇവയില്‍ ഏതെങ്കിലും ഞാന്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഞാന്‍ എടുത്തിട്ടുള്ളതെന്തും മടക്കിത്തരാം.”

4 അപ്പോള്‍ ജനം പറഞ്ഞു: “അങ്ങു ഞങ്ങളെ ചതിക്കുകയോ പീഡിപ്പിക്കുകയോ ചെയ്തിട്ടില്ല; ഞങ്ങളുടെ യാതൊന്നും അപഹരിച്ചിട്ടുമില്ല.”

5 ശമൂവേല്‍ അവരോടു പറഞ്ഞു: “ഞാന്‍ പൂര്‍ണമായും നിഷ്കളങ്കനെന്നു നിങ്ങള്‍ സമ്മതിച്ചിരിക്കുന്നതിനു സര്‍വേശ്വരനും അവിടുത്തെ അഭിഷിക്തനും സാക്ഷികളാണ്.” “അതേ, സര്‍വേശ്വരന്‍ തന്നെ സാക്ഷി” എന്ന് അവര്‍ മറുപടി പറഞ്ഞു.

6 ശമൂവേല്‍ തുടര്‍ന്നു: “മോശയെയും അഹരോനെയും തിരഞ്ഞെടുത്തതും നിങ്ങളുടെ പിതാക്കന്മാരെ ഈജിപ്തില്‍നിന്നു മോചിപ്പിച്ചതും സര്‍വേശ്വരനാണ്;

7 നിങ്ങള്‍ നില്‌ക്കുന്നിടത്തുതന്നെ നില്‌ക്കുവിന്‍. നിങ്ങളെയും നിങ്ങളുടെ പൂര്‍വപിതാക്കന്മാരെയും ഈജിപ്തില്‍നിന്നു മോചിപ്പിക്കാന്‍ അവിടുന്നു പ്രവര്‍ത്തിച്ച അദ്ഭുതങ്ങള്‍ ഓര്‍മിപ്പിച്ചുകൊണ്ട് ഞാന്‍ നിങ്ങളെ കുറ്റപ്പെടുത്താന്‍ പോകുകയാണ്.

8 യാക്കോബ് ഈജിപ്തില്‍ ചെന്നു പാര്‍ത്തല്ലോ. അദ്ദേഹത്തിന്‍റെ സന്തതികളെ ഈജിപ്തുകാര്‍ പീഡിപ്പിച്ചപ്പോള്‍ നിങ്ങളുടെ പൂര്‍വപിതാക്കളായ അവര്‍ സര്‍വേശ്വരനോടു നിലവിളിച്ചു. അവിടുന്നു മോശയെയും അഹരോനെയും അയച്ചു; അവര്‍ ഈജിപ്തില്‍നിന്നു നിങ്ങളുടെ പൂര്‍വപിതാക്കന്മാരെ മോചിപ്പിച്ച് ഈ സ്ഥലത്തു പാര്‍പ്പിച്ചു.

9 എന്നാല്‍ അവര്‍ തങ്ങളുടെ ദൈവമായ സര്‍വേശ്വരനെ വിസ്മരിച്ചു. അവരെ ആക്രമിക്കാന്‍ ഹാസോറിലെ യാബീര്‍രാജാവിന്‍റെ സേനാധിപതിയായ സീസെരയെയും ഫെലിസ്ത്യരെയും മോവാബ്‍രാജാവിനെയും അവിടുന്ന് അനുവദിച്ചു. അവര്‍ ഇസ്രായേല്യരോടു യുദ്ധം ചെയ്തു.

10 ഇസ്രായേല്യര്‍ സര്‍വേശ്വരനോടു നിലവിളിച്ചു. അവിടുത്തെ ഉപേക്ഷിച്ച് ബാലിനെയും അസ്താരോത്ത്പ്രതിഷ്ഠകളെയും ആരാധിച്ചതിലൂടെ ഞങ്ങള്‍ അവിടുത്തോടു പാപം ചെയ്തുപോയി; ശത്രുക്കളില്‍നിന്നു ഞങ്ങളെ രക്ഷിക്കണമേ; ഇനിയും ഞങ്ങള്‍ അവിടുത്തെ സേവിച്ചുകൊള്ളാം.

11 സര്‍വേശ്വരന്‍ യെരുബ്ബാലിനെയും ബാരാക്കിനെയും യിഫ്താഹിനെയും ശമൂവേലിനെയും അയച്ച് അവരെ ശത്രുക്കളില്‍നിന്നെല്ലാം രക്ഷിച്ചു; നിങ്ങള്‍ സുരക്ഷിതരായി പാര്‍ക്കുകയും ചെയ്തു.

12 അമ്മോന്യരാജാവായ നാഹാശ് നിങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍, അവിടുന്നു നിങ്ങളുടെ രാജാവായിരുന്നിട്ടും നിങ്ങളെ ഭരിക്കാന്‍ ഒരു രാജാവു വേണമെന്നു നിങ്ങള്‍ ആവശ്യപ്പെട്ടു.

13 നിങ്ങളുടെ ആവശ്യപ്രകാരം നിങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്ന രാജാവ് ഇതാ! സര്‍വേശ്വരന്‍ നിങ്ങള്‍ക്കുവേണ്ടി ഒരു രാജാവിനെ നല്‌കിയിരിക്കുന്നു.

14 നിങ്ങള്‍ സര്‍വേശ്വരനെ ഭയപ്പെട്ട് അവിടുത്തെ സേവിക്കുകയും അവിടുത്തെ ശബ്ദം ശ്രദ്ധിക്കുകയും കല്പനകള്‍ പാലിക്കുകയും നിങ്ങളും നിങ്ങളുടെ രാജാവും ദൈവമായ സര്‍വേശ്വരനെ അനുസരിക്കുകയും ചെയ്താല്‍ നിങ്ങള്‍ക്ക് എല്ലാം ശുഭമായിരിക്കും.

15 എന്നാല്‍ നിങ്ങള്‍ സര്‍വേശ്വരന്‍റെ ശബ്ദം ശ്രദ്ധിക്കാതെ അവിടുത്തെ കല്പനകള്‍ പാലിക്കാതിരുന്നാല്‍ അവിടുന്നു നിങ്ങള്‍ക്കും നിങ്ങളുടെ രാജാവിനും എതിരായിരിക്കും.

16 നിങ്ങളുടെ കണ്‍മുമ്പില്‍ അവിടുന്നു പ്രവര്‍ത്തിക്കാന്‍ പോകുന്ന മഹാകാര്യം കാണാന്‍ നിങ്ങള്‍ നില്‌ക്കുന്നിടത്തു തന്നെ നില്‌ക്കുവിന്‍.

17 ഇതു കോതമ്പു കൊയ്ത്തിന്‍റെ കാലമാണല്ലോ; ഇടിയും മഴയും അയയ്‍ക്കാന്‍ ഞാന്‍ സര്‍വേശ്വരനെ വിളിച്ചപേക്ഷിക്കും; ഒരു രാജാവിനെ നല്‌കണമെന്ന് ആവശ്യപ്പെട്ടതിലൂടെ അവിടുത്തോട് എത്ര വലിയ തിന്മയാണ് കാട്ടിയിരിക്കുന്നതെന്നു നിങ്ങള്‍ നേരില്‍ കണ്ടറിയും.”

18 ശമൂവേല്‍ സര്‍വേശ്വരനോടു പ്രാര്‍ഥിച്ചു; അവിടുന്ന് ഇടിയും മഴയും അയച്ചു. ജനം സര്‍വേശ്വരനെയും ശമൂവേലിനെയും ഭയപ്പെട്ടു.

19 സകല ജനവും ശമൂവേലിനോടു പറഞ്ഞു: “ഞങ്ങള്‍ മരിക്കാതിരിക്കാന്‍ അങ്ങയുടെ ദൈവമായ സര്‍വേശ്വരനോട് ഈ ദാസന്മാര്‍ക്കുവേണ്ടി പ്രാര്‍ഥിക്കണമേ. ഞങ്ങളുടെ മറ്റു പാപങ്ങള്‍ക്കു പുറമേ രാജാവിനെ ആവശ്യപ്പെടുകമൂലം ഒരു പാപം കൂടി ചെയ്തിരിക്കുന്നു.”

20 ശമൂവേല്‍ ജനത്തോടു പറഞ്ഞു: “ഭയപ്പെടേണ്ട; ഈ തിന്മകളെല്ലാം നിങ്ങള്‍ പ്രവര്‍ത്തിച്ചെങ്കിലും അവിടുത്തെ അനുഗമിക്കുന്നതില്‍നിന്നു നിങ്ങള്‍ വ്യതിചലിക്കരുത്; പൂര്‍ണഹൃദയത്തോടെ നിങ്ങള്‍ അവിടുത്തെ സേവിക്കുവിന്‍.

21 നിങ്ങളെ സഹായിക്കാനോ രക്ഷിക്കാനോ കഴിവില്ലാത്ത വ്യര്‍ഥകാര്യങ്ങളിലേക്കു തിരിയരുത്.

22 തന്‍റെ മഹത്തായ നാമംനിമിത്തം അവിടുന്നു തന്‍റെ ജനത്തെ ഉപേക്ഷിക്കുകയില്ല; നിങ്ങളെ തന്‍റെ സ്വന്തജനമാക്കുവാന്‍ അവിടുന്നു തിരുമനസ്സായല്ലോ.

23 നിങ്ങള്‍ക്കുവേണ്ടി തുടര്‍ന്നു പ്രാര്‍ഥിക്കാതെയിരുന്നു സര്‍വേശ്വരനോടു പാപം ചെയ്യാന്‍ എനിക്ക് ഇടവരാതിരിക്കട്ടെ; നേരും ചൊവ്വുമുള്ള വഴി ഞാന്‍ നിങ്ങള്‍ക്ക് ഉപദേശിച്ചുതരും.

24 നിങ്ങള്‍ പൂര്‍ണഹൃദയത്തോടും വിശ്വസ്തതയോടും അവിടുത്തെ സേവിക്കുവിന്‍; അവിടുന്നു നിങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ച വന്‍കാര്യങ്ങളെ സ്മരിക്കുവിന്‍.

25 എന്നാല്‍ നിങ്ങള്‍ ഇനിയും പാപം ചെയ്താല്‍ നിങ്ങളും നിങ്ങളുടെ രാജാവും തുടച്ചുനീക്കപ്പെടും.”

13

1

രാജാവായപ്പോള്‍ ശൗലിനു മുപ്പതു വയസ്സായിരുന്നു; നാല്പത്തിരണ്ടു വര്‍ഷം അദ്ദേഹം ഇസ്രായേലില്‍ ഭരണം നടത്തി.

2 ശൗല്‍ ഇസ്രായേല്യരില്‍നിന്നു മൂവായിരം പേരെ തിരഞ്ഞെടുത്തു; അവരില്‍ രണ്ടായിരം പേര്‍ തന്നോടൊപ്പം മിക്മാസിലും ബേഥേല്‍ മലനാട്ടിലും ആയിരം പേര്‍ യോനാഥാന്‍റെ കൂടെ ബെന്യാമീന്‍ഗോത്രക്കാരുടെ വകയായ ഗിബെയായിലും ആയിരുന്നു. ശേഷിച്ചവരെ അവരുടെ കൂടാരങ്ങളിലേക്കു മടക്കി അയച്ചു.

3 യോനാഥാന്‍ ഗിബെയായിലെ ഫെലിസ്ത്യരുടെ കാവല്‍സൈന്യത്തെ തോല്പിച്ചു; ഫെലിസ്ത്യര്‍ അതറിഞ്ഞു; എബ്രായര്‍ ഈ വിവരം അറിയട്ടെ എന്നു പറഞ്ഞു ശൗല്‍ ദേശത്തെങ്ങും കാഹളം മുഴക്കി.

4 ശൗല്‍ ഫെലിസ്ത്യരുടെ കാവല്‍ഭടന്മാരെ പരാജയപ്പെടുത്തിയെന്നും ഫെലിസ്ത്യര്‍ തങ്ങളെ വെറുക്കുന്നു എന്നും ഇസ്രായേല്‍ജനം അറിഞ്ഞു. അതുകൊണ്ട് ജനം ഗില്ഗാലില്‍ ശൗലിന്‍റെ അടുക്കല്‍ വന്നുകൂടി.

5

ഫെലിസ്ത്യര്‍ ഇസ്രായേല്യരോടു യുദ്ധത്തിന് ഒരുമിച്ചുകൂടി; അവര്‍ക്കു മുപ്പതിനായിരം രഥവും ആറായിരം കുതിരപ്പടയാളികളും കടല്‍ക്കരയിലെ മണല്‍ത്തരിപോലെ എണ്ണമറ്റ കാലാള്‍പ്പടയും ഉണ്ടായിരുന്നു; അവര്‍ ബേത്ത്-ആവെനു കിഴക്കുള്ള മിക്മാസില്‍ പാളയമടിച്ചു.

6 തങ്ങള്‍ അപകടത്തില്‍ കുടുങ്ങിയിരിക്കുകയാണെന്നു മനസ്സിലാക്കി ഇസ്രായേല്‍ജനം ഗുഹകളിലും മാളങ്ങളിലും പാറയുടെ വിള്ളലുകളിലും ശവകുടീരങ്ങളിലും പൊട്ടക്കിണറുകളിലും ഒളിച്ചു.

7 മറ്റുള്ളവര്‍ യോര്‍ദ്ദാന്‍നദി കടന്നു ഗാദ്-ഗിലെയാദ് പ്രദേശങ്ങളിലെത്തി; ശൗലാകട്ടെ ഗില്ഗാലില്‍ത്തന്നെ ആയിരുന്നു. ജനം ഭയവിഹ്വലരായി അദ്ദേഹത്തെ സമീപിച്ചു.

8

ശമൂവേലിന്‍റെ നിര്‍ദ്ദേശമനുസരിച്ചു ശൗല്‍ ഏഴു ദിവസം കാത്തിരുന്നു. എന്നാല്‍ ശമൂവേല്‍ ഗില്ഗാലില്‍ എത്തിയില്ല. ജനം ശൗലിനെ വിട്ടു ചിതറിപ്പോകാന്‍ തുടങ്ങി.

9 “ഹോമയാഗത്തിനും സമാധാനയാഗത്തിനുമുള്ള വസ്തുക്കള്‍ കൊണ്ടുവരുവിന്‍” എന്നു ശൗല്‍ പറഞ്ഞു; അദ്ദേഹം ഹോമയാഗം അര്‍പ്പിച്ചു.

10 ഹോമയാഗം അര്‍പ്പിച്ചു കഴിഞ്ഞപ്പോള്‍ ശമൂവേല്‍ അവിടെ എത്തി; അദ്ദേഹത്തെ അഭിവാദനം ചെയ്തു സ്വീകരിക്കാന്‍ ശൗല്‍ ഇറങ്ങിച്ചെന്നു.

11 “നീ എന്താണ് ചെയ്തത്” എന്നു ശമുവേല്‍ ശൗലിനോടു ചോദിച്ചു. ശൗല്‍ മറുപടി പറഞ്ഞു: “ജനം എന്നെ വിട്ടുപിരിയാന്‍ തുടങ്ങി; വരാമെന്നു പറഞ്ഞ ദിവസം അങ്ങു വന്നില്ല; ഫെലിസ്ത്യര്‍ മിക്മാസില്‍ അണി നിരക്കുന്നതും ഞാന്‍ കണ്ടു.

12 ഗില്ഗാലില്‍ വച്ചു ഫെലിസ്ത്യര്‍ എന്നെ ആക്രമിക്കുമെന്നും സര്‍വേശ്വരന്‍റെ സഹായം അപേക്ഷിച്ചില്ലല്ലോ എന്നും ഞാന്‍ ചിന്തിച്ചു; അതുകൊണ്ട് ഹോമയാഗം അര്‍പ്പിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി.”

13 ശമൂവേല്‍ പറഞ്ഞു: “നീ ചെയ്തതു ഭോഷത്തമായിപ്പോയി; നിന്‍റെ ദൈവമായ സര്‍വേശ്വരന്‍റെ കല്പന നീ അനുസരിച്ചില്ല; അനുസരിച്ചിരുന്നെങ്കില്‍ അവിടുന്ന് നിന്‍റെ രാജത്വം ഇസ്രായേലില്‍ ശാശ്വതമാക്കുമായിരുന്നു.

14 എന്നാല്‍ ഇനി നിന്‍റെ രാജത്വം നീണ്ടുനില്‌ക്കുകയില്ല. അവിടുത്തെ കല്പന നീ അനുസരിക്കാതെയിരുന്നതുകൊണ്ടു തന്‍റെ ഹിതം അനുവര്‍ത്തിക്കുന്ന മറ്റൊരാളെ അവിടുന്നു തിരഞ്ഞെടുത്തിട്ടുണ്ട്; തന്‍റെ ജനത്തിനു രാജാവായിരിക്കാന്‍ അവിടുന്ന് അവനെ നിയമിച്ചുകഴിഞ്ഞു.”

15

ശമൂവേല്‍ ഗില്ഗാലില്‍നിന്നു ബെന്യാമീന്‍ ഗോത്രക്കാരുടെ ദേശമായ ഗിബെയായിലേക്കു പോയി. ശൗല്‍ തന്നോടൊപ്പമുള്ളവരുടെ എണ്ണമെടുത്തു. അറുനൂറോളം പേര്‍ മാത്രമേ കൂടെ ഉണ്ടായിരുന്നുള്ളൂ.

16 ശൗലും പുത്രനായ യോനാഥാനും അവരുടെ കൂടെയുള്ള ജനങ്ങളും ബെന്യാമീന്യരുടെ ദേശത്തുള്ള ഗിബെയായില്‍ താമസിച്ചു. ഫെലിസ്ത്യര്‍ മിക്മാസില്‍ പാളയം അടിച്ചു.

17 ഫെലിസ്ത്യരുടെ പാളയത്തില്‍നിന്നു മൂന്നു ഗണങ്ങള്‍ കവര്‍ച്ചയ്‍ക്കു പുറപ്പെട്ടു; ഒരു സംഘം ശൂവാല്‍ദേശത്തെ ഒഫ്രായിലേക്കു തിരിച്ചു;

18 മറ്റൊരു കൂട്ടം ബേത്ത്-ഹോരോനിലേക്കും മൂന്നാമത്തെ സംഘം മരുഭൂമിയുടെ ദിശയില്‍ സെബോയീം താഴ്വരയ്‍ക്ക് അഭിമുഖമായി കിടക്കുന്ന അതിര്‍ത്തിപ്രദേശത്തേക്കും പോയി.

19 അക്കാലത്ത് ഇസ്രായേലില്‍ ഒരിടത്തും കൊല്ലപ്പണിക്കാരുണ്ടായിരുന്നില്ല; ഇസ്രായേല്യര്‍ വാളും കുന്തവും ഉണ്ടാക്കാതിരിക്കാന്‍ ഫെലിസ്ത്യര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

20 ഇസ്രായേല്യര്‍ക്ക് അവരുടെ കൊഴുവും തൂമ്പയും കോടാലിയും അരിവാളും മൂര്‍ച്ചവരുത്താന്‍ ഫെലിസ്ത്യരുടെ അടുക്കല്‍ പോകേണ്ടിയിരുന്നു.

21 കൊഴുവും തൂമ്പയും നന്നാക്കാന്‍ മൂന്നില്‍ രണ്ടു ശേക്കെലും കോടാലിക്കും മുടിങ്കോലിനും മൂന്നിലൊന്നു ശേക്കെലുമായിരുന്നു കൂലി.

22 യുദ്ധസമയത്ത് ശൗലിനും യോനാഥാനുമല്ലാതെ കൂടെയുണ്ടായിരുന്ന മറ്റാര്‍ക്കും വാളോ കുന്തമോ ഉണ്ടായിരുന്നില്ല.

23 ഫെലിസ്ത്യരുടെ ഒരു സൈന്യവ്യൂഹം മിക്മാസ് ചുരത്തിലേക്കു നീങ്ങി.

14

1

ഒരു ദിവസം ശൗലിന്‍റെ പുത്രനായ യോനാഥാന്‍ തന്‍റെ ആയുധവാഹകനായ യുവാവിനോടു പറഞ്ഞു: “അതാ, അവിടെയുള്ള ഫെലിസ്ത്യപാളയംവരെ നമുക്കു പോകാം.” എന്നാല്‍ ആ വിവരം പിതാവിനോടു പറഞ്ഞില്ല.

2 ശൗല്‍ ഗിബെയായുടെ അതിര്‍ത്തിയില്‍ മിഗ്രോനിലെ മാതളനാരകച്ചുവട്ടില്‍ ഇരിക്കുകയായിരുന്നു; അദ്ദേഹത്തിന്‍റെ കൂടെ ഏകദേശം അറുനൂറു പടയാളികള്‍ ഉണ്ടായിരുന്നു.

3 അഹീതൂബിന്‍റെ പുത്രനായ അഹീയാവായിരുന്നു ഏഫോദ് ധരിച്ചിരുന്നത്; ഫീനെഹാസിന്‍റെ പുത്രനും ശീലോവില്‍ സര്‍വേശ്വരന്‍റെ പുരോഹിതനായിരുന്ന ഏലിയുടെ പൗത്രനുമായ ഈഖാബോദിന്‍റെ സഹോദരനായിരുന്നു അഹീതൂബ്. യോനാഥാന്‍ പോയ വിവരം ജനം അറിഞ്ഞില്ല.

4 ഫെലിസ്ത്യസൈന്യത്തെ നേരിടാന്‍ യോനാഥാനു കടന്നു പോകേണ്ടിയിരുന്ന ചുരത്തിന്‍റെ ഇരുവശങ്ങളിലും കടുംതൂക്കായ ഓരോ പാറ ഉണ്ടായിരുന്നു; ഒന്നിനു ബോസേസ് എന്നും മറ്റേതിന് സേനെ എന്നുമായിരുന്നു പേര്.

5 ഒന്നു വടക്കുവശത്ത് മിക്മാസിനും മറ്റേത് തെക്കുവശത്ത് ഗിബെയായ്‍ക്കും അഭിമുഖമായി നിന്നിരുന്നു.

6 യോനാഥാന്‍ തന്‍റെ ആയുധവാഹകനായ യുവാവിനോടു പറഞ്ഞു: “വരിക, പരിച്ഛേദനം ഏറ്റിട്ടില്ലാത്ത ഫെലിസ്ത്യരുടെ പാളയത്തിനു നേരെ ചെല്ലാം; സര്‍വേശ്വരന്‍ നമുക്കുവേണ്ടി പ്രവര്‍ത്തിക്കാതിരിക്കുമോ? നമ്മുടെ കൂടെയുള്ളവര്‍ ഏറിയാലും കുറഞ്ഞാലും സര്‍വേശ്വരനു രക്ഷിക്കാന്‍ തടസ്സമില്ലല്ലോ.”

7 ആയുധവാഹകന്‍ യോനാഥാനോടു പറഞ്ഞു: “അങ്ങയുടെ ഇഷ്ടംപോലെ പ്രവര്‍ത്തിച്ചാലും; ഇതാ, ഞാന്‍ അങ്ങയുടെ കൂടെയുണ്ട്; അങ്ങയുടെ ഇഷ്ടംതന്നെ എന്‍റേതും.”

8 അപ്പോള്‍ യോനാഥാന്‍ പറഞ്ഞു: “നമുക്കു നേരെ ചെന്ന് അവരുടെ മുമ്പില്‍ പ്രത്യക്ഷപ്പെടാം.

9 “ഞങ്ങള്‍ വരുന്നതുവരെ അവിടെ നില്‌ക്കുവിന്‍ എന്ന് അവര്‍ പറഞ്ഞാല്‍ നില്‌ക്കുന്നിടത്തുതന്നെ നമുക്കു നില്‌ക്കാം.

10 ഇങ്ങോട്ടു കയറി വരുവിന്‍ എന്നു പറഞ്ഞാല്‍ നമുക്കു കയറിച്ചെല്ലാം. കാരണം സര്‍വേശ്വരന്‍ അവരെ നമ്മുടെ കൈയില്‍ ഏല്പിച്ചിരിക്കുന്നു എന്നതിന് ഇത് അടയാളമായിരിക്കും.”

11 അങ്ങനെ അവര്‍ രണ്ടു പേരും ഫെലിസ്ത്യസൈന്യത്തിന്‍റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു; അവരെ കണ്ടപ്പോള്‍ “ഇതാ, ഒളിച്ചിരുന്ന ഗുഹകളില്‍നിന്ന് എബ്രായര്‍ പുറത്തു വരുന്നു” എന്നു ഫെലിസ്ത്യര്‍ പറഞ്ഞു.

12 ഫെലിസ്ത്യസൈനികര്‍ യോനാഥാനോടും കൂടെയുണ്ടായിരുന്ന യുവാവിനോടും വിളിച്ചു പറഞ്ഞു: “ഇങ്ങോട്ടു കയറിവരുവിന്‍; ഞങ്ങള്‍ നിങ്ങള്‍ക്ക് ഒരു കാര്യം കാണിച്ചുതരാം.” യോനാഥാന്‍ ആയുധവാഹകനോടു പറഞ്ഞു: “എന്‍റെ പിന്നാലെ വരിക. സര്‍വേശ്വരന്‍ അവരെ ഇസ്രായേലിന്‍റെ കൈയില്‍ ഏല്പിച്ചിരിക്കുന്നു.”

13 യോനാഥാനും അദ്ദേഹത്തിന്‍റെ പിന്നാലെ ആയുധവാഹകനും തത്തിപ്പിടിച്ചു മുകളില്‍ കയറി; ഫെലിസ്ത്യര്‍ യോനാഥാന്‍റെ മുമ്പില്‍ വീണു; ആയുധവാഹകന്‍ അവരെ സംഹരിച്ചുകൊണ്ടു യോനാഥാന്‍റെ പിന്നാലെ ചെന്നു.

14 യോനാഥാനും ആയുധവാഹകനും കൂടി നടത്തിയ ആദ്യസംഹാരത്തില്‍ ഏകദേശം ഒരു ഏക്കര്‍ സ്ഥലത്ത് ഇരുപതു പേര്‍ വധിക്കപ്പെട്ടു.

15 പാളയത്തിലും പോര്‍ക്കളത്തിലും സര്‍വജനത്തിനും ഇടയില്‍ അമ്പരപ്പുണ്ടായി; കാവല്‍സൈന്യവും കവര്‍ച്ചക്കാരും ഭയന്നു വിറച്ചു; ഭൂമി കുലുങ്ങി; സര്‍വത്ര ഭീതി പരന്നു.

16

ഫെലിസ്ത്യര്‍ നാലുപാടും ചിതറിയോടുന്നത് ബെന്യാമീന്‍ദേശത്തെ ഗിബെയായിലുണ്ടായിരുന്ന ശൗലിന്‍റെ കാവല്‌ക്കാര്‍ കണ്ടു.

17 ശൗല്‍ കൂടെയുള്ളവരോടു പറഞ്ഞു: “എണ്ണിനോക്കി നമ്മുടെ കൂട്ടത്തില്‍നിന്ന് ആരെല്ലാം പോയി എന്നറിയുവിന്‍;” അവര്‍ എണ്ണിനോക്കിയപ്പോള്‍ യോനാഥാനും അയാളുടെ ആയുധവാഹകനും അവിടെ ഉണ്ടായിരുന്നില്ല.

18 ദൈവത്തിന്‍റെ പെട്ടകം കൊണ്ടുവരാന്‍ ശൗല്‍ അഹീയാവിനോടു പറഞ്ഞു; ദൈവത്തിന്‍റെ പെട്ടകം അന്ന് ഇസ്രായേല്യരോടു കൂടെ ഉണ്ടായിരുന്നു.

19 ശൗല്‍ പുരോഹിതനോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഫെലിസ്ത്യപാളയത്തില്‍ ബഹളം മേല്‌ക്കുമേല്‍ വര്‍ധിച്ചു. ശൗല്‍ പുരോഹിതനോടു കൈ പിന്‍വലിക്കാന്‍ പറഞ്ഞു.

20 പിന്നീട് ശൗലും കൂടെയുള്ള ജനവും അണിനിരന്നു യുദ്ധത്തിനു ചെന്നു. അപ്പോള്‍ ഫെലിസ്ത്യര്‍ പരസ്പരം വാള്‍കൊണ്ട് വെട്ടി നശിക്കുന്നത് അവര്‍ കണ്ടു. അവിടെ ആകെ സംഭ്രാന്തി ഉണ്ടായി.

21 മുന്‍പേതന്നെ ഫെലിസ്ത്യരോടു ചേര്‍ന്നിരുന്നവരും അവരുടെ പാളയത്തില്‍ ഉണ്ടായിരുന്നവരുമായ എബ്രായര്‍ പോലും ശൗലിനോടും യോനാഥാനോടും കൂടെ ഉണ്ടായിരുന്ന ഇസ്രായേല്യരുടെ പക്ഷം ചേര്‍ന്നു.

22 ഫെലിസ്ത്യര്‍ തോറ്റോടി എന്നു കേട്ടപ്പോള്‍ എഫ്രയീംമലനാട്ടില്‍ ഒളിച്ചിരുന്ന ഇസ്രായേല്യരും പടയില്‍ ചേര്‍ന്ന് ഫെലിസ്ത്യരെ പിന്തുടര്‍ന്നു.

23 അങ്ങനെ സര്‍വേശ്വരന്‍ അന്ന് ഇസ്രായേല്‍ജനതയെ രക്ഷിച്ചു; യുദ്ധം ബേത്ത്-ആവെന് അപ്പുറം വരെ വ്യാപിച്ചു.

24

“ശത്രുക്കളോടു പ്രതികാരം ചെയ്യുംവരെ, സന്ധ്യക്കുമുമ്പ് ആഹാരം കഴിക്കുന്നവന്‍ ശപിക്കപ്പെട്ടവനായിരിക്കും” എന്നു ശൗല്‍ പറഞ്ഞു; അതിന്‍പ്രകാരം ജനങ്ങളെക്കൊണ്ട് പ്രതിജ്ഞ ചെയ്യിച്ചിരുന്നതിനാല്‍ ഇസ്രായേല്‍ ജനം വിഷമത്തിലായി; അങ്ങനെ അവരില്‍ ആരുംതന്നെ ഭക്ഷണം കഴിച്ചിരുന്നില്ല.

25 ഇസ്രായേല്യര്‍ ഒരു കാട്ടുപ്രദേശത്ത് എത്തിയപ്പോള്‍ അവിടെ നിലത്തു തേന്‍കട്ടകള്‍ കിടക്കുന്നതു കണ്ടു.

26 കാട്ടില്‍ പ്രവേശിച്ചപ്പോള്‍ തേന്‍ ഇറ്റിറ്റു വീഴുന്നതും അവര്‍ കണ്ടു. എന്നാല്‍ പ്രതിജ്ഞയോര്‍ത്ത് അവരില്‍ ആരും ഒരു തുള്ളി തേന്‍പോലും കഴിച്ചില്ല.

27 തന്‍റെ പിതാവു ജനത്തെക്കൊണ്ട് പ്രതിജ്ഞ ചെയ്യിച്ചിരുന്ന വിവരം യോനാഥാന്‍ അറിഞ്ഞിരുന്നില്ല; അതുകൊണ്ട് അദ്ദേഹം വടിയുടെ അഗ്രം തേന്‍കട്ടയില്‍ മുക്കിയെടുത്ത് തേന്‍ ഭക്ഷിച്ചു. ഉടനെ അവന് ഉന്മേഷം ഉണ്ടായി.

28 അപ്പോള്‍ ജനത്തില്‍ ഒരാള്‍ പറഞ്ഞു: “ഇന്ന് എന്തെങ്കിലും ഭക്ഷിക്കുന്നവന്‍ ശപിക്കപ്പെട്ടവനായിരിക്കും എന്നു നിന്‍റെ പിതാവ് ഞങ്ങളെക്കൊണ്ട് കര്‍ശനമായി ശപഥം ചെയ്യിച്ചിട്ടുണ്ട്;” അങ്ങനെ ജനം ക്ഷീണിച്ചിരിക്കുന്നു.

29 യോനാഥാന്‍ പറഞ്ഞു: “എന്‍റെ പിതാവു ജനത്തെ കഷ്ടത്തിലാക്കിയിരിക്കുന്നു; അല്പം തേന്‍ ഭക്ഷിച്ചപ്പോള്‍ ഞാന്‍ ഉന്മേഷവാനായതു കണ്ടില്ലേ?

30 ശത്രുക്കളില്‍നിന്നു പിടിച്ചെടുത്ത ആഹാരപദാര്‍ഥങ്ങള്‍ അവര്‍ വേണ്ടുവോളം ഭക്ഷിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു! എത്രയധികം ഫെലിസ്ത്യരെ അവര്‍ സംഹരിക്കുമായിരുന്നു.”

31 ഇസ്രായേല്യര്‍ അന്നു ഫെലിസ്ത്യരെ മിക്മാസ് മുതല്‍ അയ്യാലോന്‍വരെ പിന്തുടര്‍ന്നു സംഹരിച്ചു; ജനം അത്യധികം ക്ഷീണിച്ചിരുന്നു.

32 അതുകൊണ്ട് അവര്‍ പിടിച്ചെടുത്ത ആടുകളെയും കാളകളെയും കിടാക്കളെയും നിലത്തടിച്ചുകൊന്ന് രക്തത്തോടുകൂടി ഭക്ഷിച്ചു.

33 ജനം രക്തത്തോടുകൂടി മാംസം ഭക്ഷിക്കുകമൂലം സര്‍വേശ്വരനെതിരായി പാപം ചെയ്യുകയാണെന്ന് ശൗല്‍ അറിഞ്ഞു. അദ്ദേഹം പറഞ്ഞു: “നിങ്ങള്‍ അവിശ്വസ്തത കാട്ടിയിരിക്കുന്നു. ഒരു വലിയ കല്ല് ഉരുട്ടിക്കൊണ്ടു വരുവിന്‍.

34 ഓരോരുത്തനും ചെന്ന് അവനവന്‍റെ കാളയെയോ ആടിനെയോ ഇവിടെ കൊണ്ടുവന്നു കൊന്നു ഭക്ഷിക്കാനും രക്തത്തോടുകൂടി മാംസം ഭക്ഷിച്ചു സര്‍വേശ്വരനെതിരെ പാപം ചെയ്യാതിരിക്കാനും ജനത്തോടു പറയണം.” അന്നു രാത്രിയില്‍ ജനം തങ്ങളുടെ കാളകളെ കൊണ്ടുവന്ന് അവിടെവച്ചു കൊന്നു.

35 ശൗല്‍ സര്‍വേശ്വരന് ഒരു യാഗപീഠം പണിതു. അതായിരുന്നു ശൗല്‍ പണിയിച്ച ആദ്യത്തെ യാഗപീഠം.

36 പിന്നീട് ശൗല്‍ പറഞ്ഞു: “നമുക്കു രാത്രിയില്‍തന്നെ ഫെലിസ്ത്യരെ പിന്തുടര്‍ന്ന് അവരെ നിശ്ശേഷം സംഹരിക്കുകയും നേരം വെളുക്കുംവരെ അവരുടെ വസ്തുവകകള്‍ കൊള്ളയടിക്കുകയും ചെയ്യാം.” അവര്‍ പ്രതിവചിച്ചു: “അങ്ങേക്ക് ഉചിതമെന്നു തോന്നുന്നതുപോലെ ചെയ്തുകൊള്ളുക.” അപ്പോള്‍ പുരോഹിതന്‍ പറഞ്ഞു: “നമുക്കു ദൈവഹിതം ആരായാം.”

37 “ഞാന്‍ ഫെലിസ്ത്യരെ പിന്തുടരണമോ? അവരെ ഇസ്രായേല്യരുടെ കൈയില്‍ ഏല്പിക്കുമോ” എന്നു ശൗല്‍ ദൈവത്തോടു ചോദിച്ചു. ദൈവം അന്ന് അതിനു മറുപടി നല്‌കിയില്ല.

38 ശൗല്‍ പറഞ്ഞു: “ജനനേതാക്കന്മാരെല്ലാം ഇവിടെ അടുത്തു വരിക; ഈ പാപം ഇന്ന് എങ്ങനെ ഉണ്ടായി എന്ന് അന്വേഷിച്ചറിയാം.

39 ഇസ്രായേലിന്‍റെ രക്ഷകനായ ജീവിക്കുന്ന സര്‍വേശ്വരന്‍റെ നാമത്തില്‍ ഞാന്‍ ശപഥം ചെയ്യുന്നു; “പാപം ചെയ്തവന്‍ എന്‍റെ മകന്‍ യോനാഥാന്‍ ആയിരുന്നാലും നിശ്ചയമായും മരിക്കണം.” എന്നാല്‍ അതിന് ആരും ഒരുത്തരവും പറഞ്ഞില്ല.

40 ശൗല്‍ സകല ഇസ്രായേല്യരോടുമായി പറഞ്ഞു: “നിങ്ങള്‍ ഒരു വശത്തു നില്‌ക്കുവിന്‍; ഞാനും എന്‍റെ മകന്‍ യോനാഥാനും മറുവശത്തു നില്‌ക്കാം.” “അങ്ങേക്ക് ഉചിതമെന്നു തോന്നുന്നതു ചെയ്തുകൊള്ളുക” എന്നു ജനം പറഞ്ഞു.

41 ശൗല്‍ പ്രാര്‍ഥിച്ചു: “ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരാ, ഈ ദാസനോട് ഇന്ന് ഉത്തരം അരുളാതിരിക്കുന്നതെന്ത്? ഇതിനുത്തരവാദി ഞാനോ എന്‍റെ മകന്‍ യോനാഥാനോ ആണെങ്കില്‍ ദൈവമായ സര്‍വേശ്വരാ അവിടുന്നു ‘ഊറീം’ കൊണ്ടും ഇസ്രായേല്‍ജനമാണെങ്കില്‍ ‘തുമ്മീം’ കൊണ്ടും വെളിപ്പെടുത്തണമേ.” യോനാഥാനും ശൗലിനും നറുക്കു വീണു; ജനം ഒഴിവാക്കപ്പെട്ടു.

42 അപ്പോള്‍ “എനിക്കും എന്‍റെ മകനായ യോനാഥാനും നറുക്കിടുക” എന്നു ശൗല്‍ പറഞ്ഞു. നറുക്കു യോനാഥാനു വീണു;

43 ശൗല്‍ യോനാഥാനോടു ചോദിച്ചു: “നീ എന്താണ് ചെയ്തത്?” “എന്‍റെ കൈയില്‍ ഉണ്ടായിരുന്ന വടിയുടെ അഗ്രം മുക്കി ഞാന്‍ അല്പം തേന്‍ ഭക്ഷിച്ചു; ഇതാ ഞാന്‍ മരിക്കാന്‍ ഒരുക്കമാണ്.”

44 ശൗല്‍ അവനോടു പറഞ്ഞു: “യോനാഥാനേ, നീ വധിക്കപ്പെടുന്നില്ലെങ്കില്‍ ദൈവം എന്നെ ശിക്ഷിച്ചുകൊള്ളട്ടെ.”

45

ഉടനെ ജനം ശൗലിനോടു പറഞ്ഞു: “ഇസ്രായേലിന് ഈ വിജയം നേടിത്തന്ന യോനാഥാന്‍ മരിക്കണമോ? ഒരിക്കലും പാടില്ല; അദ്ദേഹത്തിന്‍റെ തലയിലെ ഒരു മുടിയിഴപോലും നിലത്തുവീഴുകയില്ല; യോനാഥാന്‍ ഇന്നു പ്രവര്‍ത്തിച്ചതെല്ലാം ദൈവത്തോട് ചേര്‍ന്നായിരുന്നു.” അങ്ങനെ ജനം യോനാഥാനെ രക്ഷിച്ചു; അവന്‍ വധിക്കപ്പെട്ടില്ല.

46 ശൗല്‍ ഫെലിസ്ത്യരെ പിന്തുടരാതെ മടങ്ങി; ഫെലിസ്ത്യര്‍ തങ്ങളുടെ സ്ഥലത്തേക്കു പോയി.

47

ശൗല്‍ ഇസ്രായേല്‍രാജാവായതിനു ശേഷം മോവാബ്യര്‍, അമ്മോന്യര്‍, എദോമ്യര്‍, സോബാരാജാക്കന്മാര്‍, ഫെലിസ്ത്യര്‍ എന്നിങ്ങനെ ചുറ്റുമുള്ള ശത്രുക്കളോടെല്ലാം പടവെട്ടി ജയം നേടി.

48 ശൗല്‍ അമാലേക്യരോടും ധീരമായി പോരാടി അവരെ തോല്പിച്ചു; ഇസ്രായേലിനെ കവര്‍ച്ചക്കാരുടെ കൈയില്‍നിന്നു രക്ഷിച്ചു.

49

യോനാഥാന്‍, ഇശ്വി, മല്‍ക്കീശുവ എന്നിവരായിരുന്നു ശൗലിന്‍റെ പുത്രന്മാര്‍; അദ്ദേഹത്തിന്‍റെ രണ്ടു പുത്രിമാരില്‍ മൂത്തവള്‍ മേരബും ഇളയവള്‍ മീഖളും ആയിരുന്നു.

50 അഹീമാസിന്‍റെ മകള്‍ അഹീനോവം ആയിരുന്നു ശൗലിന്‍റെ ഭാര്യ. പിതൃസഹോദരനായ നേരിന്‍റെ പുത്രന്‍ അബ്നേര്‍ ആയിരുന്നു സൈന്യാധിപന്‍.

51 ശൗലിന്‍റെ പിതാവായ കീശും അബ്നേരിന്‍റെ പിതാവായ നേരും അബീയേലിന്‍റെ പുത്രന്മാരായിരുന്നു.

52

ശൗല്‍ തന്‍റെ ജീവിതകാലം മുഴുവന്‍ ഫെലിസ്ത്യരോടു കഠിനമായി പോരാടിക്കൊണ്ടിരുന്നു. ശക്തന്മാരെയും ധീരന്മാരെയുമെല്ലാം തന്‍റെ സൈന്യത്തില്‍ അദ്ദേഹം ചേര്‍ത്തുകൊണ്ടുമിരുന്നു.

15

1

ശമൂവേല്‍ ശൗലിനോടു പറഞ്ഞു: “സര്‍വേശ്വരന്‍ തന്‍റെ ജനമായ ഇസ്രായേലിന്‍റെ രാജാവായി നിന്നെ അഭിഷേകം ചെയ്യാന്‍ എന്നെ അയച്ചിരിക്കുന്നു; അതുകൊണ്ട് അവിടുത്തെ വചനങ്ങള്‍ കേട്ടുകൊള്ളുക.

2 സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: ഇസ്രായേല്‍ജനം ഈജിപ്തില്‍നിന്നു വരുമ്പോള്‍ വഴിയില്‍വച്ച് അവരെ ആക്രമിച്ചതിന് അമാലേക്യരെ ഞാന്‍ ശിക്ഷിക്കും.

3 അതുകൊണ്ട് നീ ചെന്ന് അമാലേക്യരെ സംഹരിച്ച് അവര്‍ക്കുള്ളതെല്ലാം നിര്‍മ്മൂലമാക്കുക. സ്‍ത്രീപുരുഷന്മാരെയും കുട്ടികളെയും മുലകുടിക്കുന്ന കുഞ്ഞുങ്ങളെയും ആടുമാടുകള്‍, ഒട്ടകങ്ങള്‍, കഴുതകള്‍ എന്നിവയെയും നശിപ്പിക്കണം; ഒന്നുപോലും ശേഷിക്കരുത്.”

4

ശൗല്‍ ജനത്തെയെല്ലാം തെലായീമില്‍ വിളിച്ചുകൂട്ടി അവരുടെ സംഖ്യ തിട്ടപ്പെടുത്തി; രണ്ടു ലക്ഷം കാലാള്‍പ്പടയാളികളും പതിനായിരം യെഹൂദാഗോത്രക്കാരുമുണ്ടായിരുന്നു.

5 പിന്നീട് ശൗല്‍ അമാലേക്യരുടെ പട്ടണത്തില്‍ ചെന്ന് ഒരു താഴ്വരയില്‍ സൈന്യങ്ങളുമായി പതിയിരുന്നു;

6 “അമാലേക്യരോടൊപ്പം നശിച്ചുപോകാതിരിക്കാന്‍ അവരുടെ ഇടയില്‍നിന്നു നിങ്ങള്‍ മാറിപ്പോകണം; ഇസ്രായേല്‍ജനം ഈജിപ്തില്‍നിന്നു പോരുമ്പോള്‍ നിങ്ങള്‍ അവരോടു കരുണ കാണിച്ചുവല്ലോ” എന്നു ശൗല്‍ കേന്യരെ അറിയിച്ചു; അങ്ങനെ കേന്യര്‍ അമാലേക്യരുടെ ഇടയില്‍നിന്നു മാറിപ്പാര്‍ത്തു.

7 പിന്നീട് ശൗല്‍ ഹവീലാമുതല്‍ ഈജിപ്തിനു കിഴക്ക് ശൂര്‍വരെ ചെന്ന് അമാലേക്യരെ സംഹരിച്ചു.

8 അമാലേക്യരുടെ രാജാവായ ആഗാഗിനെ ജീവനോടെ പിടിക്കുകയും ജനത്തെ വാളിന് ഇരയാക്കുകയും ചെയ്തു.

9 ശൗലും കൂടെയുള്ള ജനവും ആഗാഗിനെ വധിച്ചില്ല. ആടുമാടുകള്‍, തടിച്ചുകൊഴുത്ത മൃഗങ്ങള്‍, കുഞ്ഞാടുകള്‍ എന്നിവയില്‍ ഏറ്റവും നല്ലവയെയും ഉത്തമമായ മറ്റു സകലതിനെയും നശിപ്പിക്കാതെ സൂക്ഷിച്ചു; ഹീനവും നിസ്സാരവുമായവയെ അവര്‍ നശിപ്പിച്ചു.

10

സര്‍വേശ്വരന്‍ ശമൂവേലിനോട് അരുളിച്ചെയ്തു:

11 “ശൗലിനെ രാജാവായി വാഴിച്ചതില്‍ ഞാന്‍ ഖേദിക്കുന്നു; അവന്‍ എന്നെ വിട്ടകലുകയും എന്‍റെ കല്പനകള്‍ ലംഘിക്കുകയും ചെയ്തിരിക്കുന്നു.” അതു കേട്ടപ്പോള്‍ ശമൂവേല്‍ കുപിതനായി; അദ്ദേഹം രാത്രി മുഴുവന്‍ സര്‍വേശ്വരനോടു കരഞ്ഞു പ്രാര്‍ഥിച്ചു.

12 ശൗലിനെ കാണാന്‍ അതിരാവിലെ ശമൂവേല്‍ എഴുന്നേറ്റു; എന്നാല്‍ ശൗല്‍ കര്‍മ്മേലിലെത്തി തനിക്കുവേണ്ടി ഒരു വിജയസ്തംഭം നാട്ടിയശേഷം ഗില്ഗാലിലേക്കു മടങ്ങിപ്പോയി എന്ന് അദ്ദേഹത്തിന് അറിവുകിട്ടി.

13 ശമൂവേല്‍ ശൗലിന്‍റെ അടുക്കല്‍ എത്തിയപ്പോള്‍ ശൗല്‍ പറഞ്ഞു: “അങ്ങ് സര്‍വേശ്വരനാല്‍ അനുഗൃഹീതന്‍; ഞാന്‍ അവിടുത്തെ കല്പന നിറവേറ്റിക്കഴിഞ്ഞു.”

14 ശമൂവേല്‍ ചോദിച്ചു: “അങ്ങനെയെങ്കില്‍ ഞാന്‍ കേള്‍ക്കുന്ന ആടുകളുടെ കരച്ചിലും കാളകളുടെ മുക്രയിടലും എന്താണ്?”

15 ശൗല്‍ പ്രതിവചിച്ചു: “അവയെ എന്‍റെ ജനം അമാലേക്യരില്‍നിന്നു പിടിച്ചെടുത്തു കൊണ്ടുവന്നതാണ്. ഏറ്റവും നല്ല ആടുമാടുകളെ സര്‍വേശ്വരനു യാഗം അര്‍പ്പിക്കാന്‍ സൂക്ഷിച്ചിരിക്കുന്നു. ബാക്കിയുള്ളവയെ ഞങ്ങള്‍ നിശ്ശേഷം നശിപ്പിച്ചു.”

16 ശമൂവേല്‍ പറഞ്ഞു: “നിര്‍ത്തൂ, കഴിഞ്ഞ രാത്രിയില്‍ സര്‍വേശ്വരന്‍ എന്നോട് അരുളിച്ചെയ്തതു ഞാന്‍ താങ്കളെ അറിയിക്കാം.” ശൗല്‍ പറഞ്ഞു:

17 “അറിയിച്ചാലും.” ശമൂവേല്‍ പറഞ്ഞു: “നിന്‍റെ കണ്ണിനു നീ ചെറിയവനെങ്കിലും നീ ഇസ്രായേല്‍ഗോത്രങ്ങളുടെ നേതാവല്ലേ? ഇസ്രായേലിന്‍റെ രാജാവായി സര്‍വേശ്വരന്‍ നിന്നെ അഭിഷേകം ചെയ്തു.

18 പാപികളായ അമാലേക്യരെ നശിപ്പിക്കണം, അവര്‍ നിശ്ശേഷം നശിക്കുന്നതുവരെ പോരാടണം എന്ന നിയോഗവുമായി അവിടുന്നു നിന്നെ അയച്ചു.

19 എന്തുകൊണ്ട് നീ സര്‍വേശ്വരനെ അനുസരിച്ചില്ല? കൊള്ളമുതല്‍ പിടിച്ചെടുക്കുകയും അങ്ങനെ സര്‍വേശ്വരനു ഹിതകരമല്ലാത്തതു നീ പ്രവര്‍ത്തിക്കുകയും ചെയ്തല്ലോ.”

20 ശൗല്‍ പറഞ്ഞു: “ഞാന്‍ സര്‍വേശ്വരന്‍റെ കല്പന അനുസരിച്ചു; അവിടുന്ന് എന്നെ ഏല്പിച്ചിരുന്ന ദൗത്യം നിറവേറ്റി; അമാലേക്യരുടെ രാജാവായ ആഗാഗിനെ പിടിച്ചുകൊണ്ടുവരികയും അമാലേക്യരെയെല്ലാം നശിപ്പിക്കുകയും ചെയ്തു.

21 എന്നാല്‍ നശിപ്പിക്കപ്പെടേണ്ട കൊള്ളമുതലില്‍ ഏറ്റവും നല്ല ആടുമാടുകളെ അങ്ങയുടെ ദൈവമായ സര്‍വേശ്വരനു യാഗം കഴിക്കാന്‍ ജനം ഗില്ഗാലില്‍ കൊണ്ടുവന്നിരിക്കുന്നു.”

22 ശമൂവേല്‍ ചോദിച്ചു: “സര്‍വേശ്വരന്‍റെ കല്പന അനുസരിക്കുന്നതോ അവിടുത്തേക്ക് ഹോമയാഗങ്ങളും മറ്റു യാഗങ്ങളും അര്‍പ്പിക്കുന്നതോ ഏതാണ് അവിടുത്തേക്ക് പ്രസാദകരം? അനുസരിക്കുന്നതു യാഗാര്‍പ്പണത്തെക്കാള്‍ ഉത്തമം; ചെവിക്കൊള്ളുന്നത് മുട്ടാടുകളുടെ മേദസ്സിനെക്കാള്‍ ശ്രേഷ്ഠം.

23 മാത്സര്യം മന്ത്രവാദംപോലെ നിഷിദ്ധമാണ്. പിടിവാശി വിഗ്രഹാരാധനപോലെ പാപമാണ്. നീ അവിടുത്തെ വചനം തിരസ്കരിച്ചതുകൊണ്ട് സര്‍വേശ്വരന്‍ നിന്‍റെ രാജത്വം തിരസ്കരിച്ചിരിക്കുന്നു.”

24 ശൗല്‍ ശമൂവേലിനോടു പറഞ്ഞു: “ഞാന്‍ പാപം ചെയ്തുപോയി; ജനത്തെ ഭയപ്പെട്ടതുകൊണ്ട് ഞാന്‍ അവരുടെ വാക്കു കേട്ടു; അങ്ങനെ സര്‍വേശ്വരന്‍റെ കല്പനയും അങ്ങയുടെ നിര്‍ദ്ദേശങ്ങളും ഞാന്‍ അവഗണിച്ചു;

25 എന്‍റെ പാപം ക്ഷമിക്കുകയും സര്‍വേശ്വരനെ ആരാധിക്കാന്‍ എന്‍റെ കൂടെ വരികയും ചെയ്യണമേ.”

26 ശമൂവേല്‍ മറുപടി നല്‌കി: “ഞാന്‍ നിന്‍റെ കൂടെ വരികയില്ല; നീ സര്‍വേശ്വരന്‍റെ കല്പന തിരസ്കരിച്ചതുകൊണ്ട് അവിടുന്ന് നിന്നെ ഇസ്രായേലിന്‍റെ രാജസ്ഥാനത്തുനിന്നും തിരസ്കരിച്ചിരിക്കുന്നു.”

27 ശമൂവേല്‍ മടങ്ങിപ്പോകാന്‍ തിരിഞ്ഞപ്പോള്‍ ശൗല്‍ അദ്ദേഹത്തിന്‍റെ കുപ്പായത്തുമ്പത്തു പിടിച്ചു; അതു കീറിപ്പോയി.

28 ശമൂവേല്‍ അദ്ദേഹത്തോടു പറഞ്ഞു: “സര്‍വേശ്വരന്‍ ഇന്ന് ഇസ്രായേലിന്‍റെ രാജത്വം കീറിയെടുത്ത് നിന്നെക്കാള്‍ യോഗ്യനായ നിന്‍റെ അയല്‍ക്കാരനു നല്‌കിയിരിക്കുന്നു.

29 ഇസ്രായേലിന്‍റെ മഹത്ത്വമായ ദൈവം വ്യാജം പറയുകയോ തീരുമാനം മാറ്റുകയോ ഇല്ല; തന്‍റെ തീരുമാനം മാറ്റാന്‍ അവിടുന്നു മനുഷ്യനല്ലല്ലോ.”

30 ശൗല്‍ പറഞ്ഞു: “ഞാന്‍ പാപം ചെയ്തുപോയി; എങ്കിലും ഇപ്പോള്‍ എന്‍റെ കൂടെയുള്ള ഇസ്രായേല്യരുടെയും ജനനേതാക്കളുടെയും മുമ്പാകെ എന്നെ മാനിക്കുക; അങ്ങയുടെ ദൈവത്തെ ആരാധിക്കാന്‍ എന്‍റെ കൂടെ വരിക.”

31 ശമൂവേല്‍ ശൗലിന്‍റെ കൂടെ പോയി; ശൗല്‍ സര്‍വേശ്വരനെ ആരാധിച്ചു.

32

അമാലേക്യരുടെ രാജാവായ ആഗാഗിനെ തന്‍റെ അടുക്കല്‍ കൊണ്ടുചെല്ലാന്‍ ശമൂവേല്‍ കല്പിച്ചു. ആഗാഗ് സന്തോഷത്തോടെ അദ്ദേഹത്തിന്‍റെ അടുക്കല്‍ ചെന്നു; തിക്തമായ മരണഭയം ഒഴിഞ്ഞുപോയി എന്ന് അയാള്‍ വിചാരിച്ചു.

33 ശമൂവേല്‍ പറഞ്ഞു: “നിന്‍റെ വാള്‍ അനേകം അമ്മമാരെ സന്താനരഹിതരാക്കി; അതുപോലെ നിന്‍റെ അമ്മയും സന്താനരഹിതയാകും.” ഗില്ഗാലില്‍ സര്‍വേശ്വരന്‍റെ സന്നിധിയില്‍വച്ചു ശമൂവേല്‍ ആഗാഗിനെ തുണ്ടം തുണ്ടമായി വെട്ടിനുറുക്കി.

34

പിന്നീട് ശമൂവേല്‍ രാമായിലേക്കും ശൗല്‍ ഗിബെയായിലുള്ള തന്‍റെ ഭവനത്തിലേക്കും പോയി.

35 ശമൂവേല്‍ പിന്നീട് തന്‍റെ ജീവിതകാലത്തൊരിക്കലും ശൗലിനെ സന്ദര്‍ശിച്ചില്ല; എങ്കിലും അദ്ദേഹത്തെ ഓര്‍ത്തു ശമൂവേല്‍ ദുഃഖിച്ചു. ശൗലിനെ ഇസ്രായേലിന്‍റെ രാജാവാക്കിയതില്‍ സര്‍വേശ്വരന്‍ ഖേദിച്ചു.

16

1

സര്‍വേശ്വരന്‍ ശമൂവേലിനോടു പറഞ്ഞു: “ഞാന്‍ ശൗലിനെ ഇസ്രായേലിന്‍റെ രാജസ്ഥാനത്തുനിന്നു നീക്കിയിരിക്കെ നീ അവനെക്കുറിച്ച് എത്രകാലം ദുഃഖിച്ചുകൊണ്ടിരിക്കും? കൊമ്പില്‍ തൈലം നിറച്ചു പുറപ്പെടുക; ഞാന്‍ നിന്നെ ബേത്‍ലഹേംകാരനായ യിശ്ശായിയുടെ അടുക്കലേക്ക് അയയ്‍ക്കും; അവന്‍റെ മക്കളില്‍ ഒരുവനെ ഞാന്‍ രാജാവായി നിശ്ചയിച്ചിരിക്കുന്നു.”

2 ശമൂവേല്‍ പറഞ്ഞു: “ഞാന്‍ എങ്ങനെ അവിടെ പോകും? ശൗല്‍ ഇതു കേട്ടാല്‍ എന്നെ കൊല്ലും.” സര്‍വേശ്വരന്‍ അരുളിച്ചെയ്തു: “നീ ഒരു പശുക്കിടാവിനെ കൂടെ കൊണ്ടുചെന്ന് ‘ഞാന്‍ സര്‍വേശ്വരനു യാഗം കഴിക്കാന്‍ വന്നിരിക്കുന്നു’ എന്നു പറയണം;

3 യിശ്ശായിയെക്കൂടെ യാഗത്തിനു ക്ഷണിക്കണം; നീ ചെയ്യേണ്ടതെന്തെന്ന് ഞാന്‍ അന്നേരം നിന്നെ അറിയിക്കും; ഞാന്‍ നിര്‍ദ്ദേശിക്കുന്നവനെ എനിക്കായി അഭിഷേകം ചെയ്യണം.”

4 അവിടുന്നു കല്പിച്ചതുപോലെ ശമൂവേല്‍ ചെയ്തു. അദ്ദേഹം ബേത്‍ലഹേമിലേക്കു പോയി; നഗരത്തിലെ നേതാക്കന്മാര്‍ ഭയന്നു വിറച്ചു ശമൂവേലിനെ കാണാന്‍ വന്നു. “അങ്ങയുടെ വരവു സമാധാനപൂര്‍വമോ” എന്ന് അവര്‍ ചോദിച്ചു.

5 ശമൂവേല്‍ അവരോടു പറഞ്ഞു: “അതേ, സമാധാനത്തോടെതന്നെ. ഞാന്‍ സര്‍വേശ്വരനു യാഗം കഴിക്കാന്‍ വന്നിരിക്കുകയാണ്; നിങ്ങള്‍ സ്വയം ശുദ്ധീകരിച്ച് എന്‍റെ കൂടെ വരുവിന്‍.” അദ്ദേഹം യിശ്ശായിയെയും പുത്രന്മാരെയും ശുദ്ധീകരിച്ച് അവരെയും യാഗത്തിനു ക്ഷണിച്ചു.

6 അവര്‍ വന്നപ്പോള്‍ യിശ്ശായിയുടെ പുത്രനായ എലീയാബിനെ ശമൂവേല്‍ ശ്രദ്ധിച്ചു; സര്‍വേശ്വരന്‍റെ അഭിഷിക്തന്‍ അവനായിരിക്കും എന്ന് അദ്ദേഹം കരുതി.

7 എന്നാല്‍ സര്‍വേശ്വരന്‍ അദ്ദേഹത്തോടു പറഞ്ഞു: “അവന്‍റെ ബാഹ്യരൂപമോ ഉയരമോ നോക്കരുത്; ഞാന്‍ അവനെ തള്ളിക്കളഞ്ഞിരിക്കുന്നു. മനുഷ്യന്‍ നോക്കുന്ന വിധമല്ല ഞാന്‍ നോക്കുന്നത്; മനുഷ്യന്‍ ബാഹ്യരൂപം നോക്കുന്നു; സര്‍വേശ്വരനായ ഞാനാകട്ടെ ഹൃദയത്തെ നോക്കുന്നു.”

8 പിന്നീട് യിശ്ശായി തന്‍റെ രണ്ടാമത്തെ പുത്രനായ അബീനാദാബിനെ വിളിച്ചു ശമൂവേലിന്‍റെ മുമ്പില്‍ വരുത്തി; അവനെയും സര്‍വേശ്വരന്‍ തിരഞ്ഞെടുത്തിട്ടില്ല എന്നു ശമൂവേല്‍ പറഞ്ഞു.

9 അതിനുശേഷം യിശ്ശായി ശമ്മയെ വിളിച്ചു; ഇവനെയും അവിടുന്നു തിരഞ്ഞെടുത്തിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു.

10 ഇങ്ങനെ യിശ്ശായി തന്‍റെ ഏഴു പുത്രന്മാരെ ശമൂവേലിന്‍റെ മുമ്പില്‍ വിളിച്ചു വരുത്തി; എന്നാല്‍ അദ്ദേഹം യിശ്ശായിയോടു പറഞ്ഞു: “സര്‍വേശ്വരന്‍ ഇവരില്‍ ആരെയും തിരഞ്ഞെടുത്തിട്ടില്ല.

11 നിന്‍റെ പുത്രന്മാര്‍ എല്ലാവരും ഇവിടെ വന്നുവോ” എന്നു ശമൂവേല്‍ ചോദിച്ചു. “ഇനിയും ഏറ്റവും ഇളയപുത്രനുണ്ട്; അവന്‍ ആടുകളെ മേയ്‍ക്കുകയാണ്” എന്നു യിശ്ശായി പറഞ്ഞു. “അവനെക്കൂടെ വരുത്തുക; അവന്‍ വന്നതിനുശേഷമേ ഞങ്ങള്‍ ഭക്ഷണം കഴിക്കുകയുള്ളൂ” എന്നു ശമൂവേല്‍ പറഞ്ഞു.

12 ഉടനെ യിശ്ശായി ആളയച്ച് അവനെ വരുത്തി; അവന്‍ പവിഴനിറവും മനോഹര നയനങ്ങളും ഉള്ള കോമളനായിരുന്നു. അപ്പോള്‍ സര്‍വേശ്വരന്‍ അരുളിച്ചെയ്തു: “ഇവനെ അഭിഷേകം ചെയ്യുക; ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നത് ഇവനെയാണ്.”

13 ശമൂവേല്‍ തൈലം നിറച്ച കൊമ്പ് എടുത്ത് അവന്‍റെ സഹോദരന്മാരുടെ മുമ്പില്‍ വച്ച് അവനെ അഭിഷേകം ചെയ്തു. അന്നുമുതല്‍ സര്‍വേശ്വരന്‍റെ ആത്മാവ് ശക്തമായി ദാവീദിന്‍റെമേല്‍ വ്യാപരിച്ചു; പിന്നീട് ശമൂവേല്‍ രാമായിലേക്ക് മടങ്ങിപ്പോയി.

14

സര്‍വേശ്വരന്‍റെ ആത്മാവു ശൗലിനെ വിട്ടുമാറി; അവിടുന്ന് അയച്ച ഒരു ദുരാത്മാവ് അദ്ദേഹത്തെ പീഡിപ്പിച്ചു.

15 ശൗലിന്‍റെ ഭൃത്യന്മാര്‍ അദ്ദേഹത്തോടു പറഞ്ഞു: “സര്‍വേശ്വരന്‍ അയച്ച ഒരു ദുരാത്മാവ് അങ്ങയെ പീഡിപ്പിക്കുന്നു.

16 അതുകൊണ്ട് കിന്നരം വായനയില്‍ നിപുണനായ ഒരാളെ കണ്ടുപിടിക്കാന്‍ അങ്ങു ഞങ്ങളോടു കല്പിച്ചാലും. ദുരാത്മാവ് അങ്ങയെ ആവേശിക്കുമ്പോള്‍ അവന്‍ കിന്നരം വായിക്കും; അത് അങ്ങേക്ക് ആശ്വാസം നല്‌കും.”

17 ശൗല്‍ തന്‍റെ ഭൃത്യന്മാരോടു “നന്നായി കിന്നരം വായിക്കുന്ന ഒരാളെ കണ്ടുപിടിച്ചു തന്‍റെ അടുക്കല്‍ കൊണ്ടുവരാന്‍” കല്പിച്ചു.

18 ഭൃത്യന്മാരില്‍ ഒരാള്‍ പറഞ്ഞു: “ബേത്‍ലഹേംകാരനായ യിശ്ശായിയുടെ ഒരു പുത്രനെ എനിക്കറിയാം. അവന്‍ കിന്നരം വായനയില്‍ നിപുണനും ശൂരനും യുദ്ധവീരനും വാഗ്മിയും കോമളരൂപനും ആണ്; സര്‍വേശ്വരന്‍ അവന്‍റെ കൂടെയുണ്ട്.”

19 “ആടു മേയ്‍ക്കുന്ന നിന്‍റെ പുത്രന്‍ ദാവീദിനെ എന്‍റെ അടുക്കല്‍ അയയ്‍ക്കുക” എന്ന സന്ദേശവുമായി ശൗല്‍ ദൂതന്മാരെ യിശ്ശായിയുടെ അടുക്കല്‍ അയച്ചു.

20 യിശ്ശായി ഒരു കഴുതയുടെ പുറത്ത് കുറെ അപ്പം, ഒരു തുരുത്തി വീഞ്ഞ്, ഒരു കോലാട്ടിന്‍കുട്ടി എന്നിവ കയറ്റി തന്‍റെ പുത്രന്‍ ദാവീദുവശം ശൗലിനു കൊടുത്തയച്ചു.

21 ദാവീദ് ശൗലിന്‍റെ അടുക്കല്‍ ചെന്ന് അദ്ദേഹത്തിന്‍റെ സേവകനായിത്തീര്‍ന്നു. ശൗല്‍ അവനെ വളരെ ഇഷ്ടപ്പെട്ടു; ദാവീദ് ശൗലിന്‍റെ ആയുധവാഹകനായിത്തീര്‍ന്നു.

22 ശൗല്‍ യിശ്ശായിയുടെ അടുക്കല്‍ സന്ദേശവാഹകരെ അയച്ച് അറിയിച്ചു: “ദാവീദിനോട് എനിക്ക് ഇഷ്ടം തോന്നിയിരിക്കുന്നു; അതുകൊണ്ട് അവന്‍ എന്‍റെ കൂടെ പാര്‍ക്കട്ടെ.”

23 ദൈവം അയച്ച ദുരാത്മാവ് ശൗലിനെ ബാധിക്കുമ്പോഴെല്ലാം ദാവീദ് കിന്നരം എടുത്തു വായിക്കും; അപ്പോള്‍ ശൗലിന് ആശ്വാസവും സൗഖ്യവും ലഭിക്കുകയും ദുരാത്മാവ് അദ്ദേഹത്തെ വിട്ടുപോകുകയും ചെയ്യും.

17

1

ഫെലിസ്ത്യര്‍ യുദ്ധസന്നദ്ധരായി യെഹൂദ്യയിലെ സോഖോവില്‍ സൈന്യത്തെ ഒരുമിച്ചുകൂട്ടി; സോഖോവിനും അസേക്കയ്‍ക്കും മധ്യേയുള്ള എഫെസ്-ദമ്മീമില്‍ പാളയമടിച്ചു.

2 ശൗലും ഇസ്രായേല്യരും ഒത്തുചേര്‍ന്നു ഏലാതാഴ്വരയില്‍ പാളയമടിച്ചു; ഫെലിസ്ത്യരുമായി യുദ്ധം ചെയ്യുന്നതിന് അവര്‍ അണിനിരന്നു.

3 താഴ്വരയുടെ ഒരു വശത്തുള്ള മലയില്‍ ഫെലിസ്ത്യരും മറുവശത്തുള്ള മലയില്‍ ഇസ്രായേല്യരും നിലയുറപ്പിച്ചു.

4 ഫെലിസ്ത്യരുടെ പാളയത്തില്‍നിന്നു ഗത്തുകാരനായ ഗോല്യാത്ത് എന്ന മല്ലന്‍ മുമ്പോട്ടു വന്നു; അയാള്‍ക്ക് ആറു മുഴവും ഒരു ചാണും ഉയരമുണ്ടായിരുന്നു.

5 അവന്‍ തലയില്‍ താമ്രശിരസ്ത്രം ധരിച്ചിരുന്നു. അയ്യായിരം ശേക്കെല്‍ ഭാരമുള്ള താമ്രകവചമാണ് അയാള്‍ അണിഞ്ഞിരുന്നത്.

6 കാല്‍ച്ചട്ടയും താമ്രംകൊണ്ടുള്ളതായിരുന്നു; താമ്രംകൊണ്ടുള്ള കുന്തം തോളില്‍ തൂക്കിയിട്ടിരുന്നു.

7 അതിന്‍റെ തണ്ടിന് നെയ്ത്തുതറിയിലുള്ള ഉരുള്‍ത്തടിയുടെ വണ്ണവും അതിന്‍റെ ഇരുമ്പുമുനയ്‍ക്ക് അറുനൂറു ശേക്കെല്‍ ഭാരവുമുണ്ടായിരുന്നു. പരിചവാഹകന്‍ അയാളുടെ മുമ്പില്‍ നടന്നു.

8 ഇസ്രായേല്‍പടയുടെ നേരെ തിരിഞ്ഞ് അയാള്‍ അട്ടഹസിച്ചു: “നിങ്ങള്‍ എന്തിനു യുദ്ധത്തിന് അണിനിരക്കുന്നു? ഞാന്‍ ഒരു ഫെലിസ്ത്യനാണ്; നിങ്ങള്‍ ശൗലിന്‍റെ ദാസരല്ലേ? നിങ്ങള്‍ ഒരാളെ തിരഞ്ഞെടുക്കുക; അവന്‍ എന്‍റെ അടുക്കല്‍ ഇറങ്ങിവരട്ടെ.

9 അവന്‍ എന്നെ തോല്പിച്ചു വധിക്കുകയാണെങ്കില്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് അടിമകളായിരിക്കും; നേരേമറിച്ചു ഞാന്‍ അവനെ തോല്പിച്ചു വധിച്ചാല്‍ നിങ്ങള്‍ അടിമകളായി ഞങ്ങളെ സേവിക്കണം.”

10 അയാള്‍ തുടര്‍ന്ന് ഇസ്രായേല്യരെ വെല്ലുവിളിച്ചു: “എന്നോടു ദ്വന്ദ്വയുദ്ധത്തിന് ഒരാളെ അയയ്‍ക്കുവിന്‍.”

11 അയാളുടെ വാക്കുകള്‍ കേട്ടപ്പോള്‍ ശൗലും എല്ലാ ഇസ്രായേല്യരും ഭയപ്പെട്ടു വിറച്ചു.

12

യെഹൂദ്യയിലുള്ള ബേത്‍ലഹേമിലെ എഫ്രാത്യനായ യിശ്ശായിയുടെ എട്ടു പുത്രന്മാരില്‍ ഒരാളായിരുന്നു ദാവീദ്. ശൗലിന്‍റെ കാലത്തുതന്നെ യിശ്ശായി വൃദ്ധനായിരുന്നു.

13 അയാളുടെ പുത്രന്മാരില്‍ മൂത്തവരായ എലീയാബും അബീനാദാബും ശമ്മയും ശൗലിന്‍റെകൂടെ യുദ്ധസ്ഥലത്തുണ്ടായിരുന്നു.

14 ഏറ്റവും ഇളയവനായിരുന്നു ദാവീദ്. മൂത്തവര്‍ മൂന്നു പേരും ശൗലിന്‍റെ കൂടെ ആയിരുന്നു;

15 ദാവീദ് പിതാവിന്‍റെ ആടുകളെ മേയ്‍ക്കുന്നതിനു ശൗലിന്‍റെ അടുക്കല്‍നിന്നു ബേത്‍ലഹേമില്‍ പോയി വരിക പതിവായിരുന്നു.

16 ഗോല്യാത്ത് നാല്പതു ദിവസം മുടങ്ങാതെ രാവിലെയും വൈകുന്നേരവും ഇസ്രായേല്യരെ വെല്ലുവിളിച്ചുകൊണ്ടിരുന്നു.

17

ഒരു ദിവസം യിശ്ശായി ദാവീദിനോടു പറഞ്ഞു: “ഒരു ഏഫാ മലരും പത്ത് അപ്പവുമെടുത്തുകൊണ്ട് നീ പാളയത്തില്‍ നിന്‍റെ സഹോദരന്മാരുടെ അടുക്കല്‍ വേഗം ചെന്ന് അവര്‍ക്കു കൊടുക്കുക.

18 അവരുടെ സഹസ്രാധിപനു കൊടുക്കാന്‍ പത്തു പാല്‍ക്കട്ടിയും കൊണ്ടുപോകുക; സഹോദരന്മാരുടെ ക്ഷേമം അന്വേഷിച്ച് അവരെ കണ്ടു എന്നതിന് ഒരു അടയാളവും വാങ്ങി മടങ്ങിവരണം.”

19 അവരും ശൗല്‍രാജാവും എല്ലാ ഇസ്രായേല്യരും ഏലാതാഴ്വരയില്‍ ഫെലിസ്ത്യരോടു യുദ്ധം ചെയ്തുകൊണ്ടിരിക്കുകയാണ്.

20 ദാവീദ് അതിരാവിലെ എഴുന്നേറ്റ് ആടുകളെ ഒരു കാവല്‌ക്കാരനെ ഏല്പിച്ചശേഷം പിതാവിന്‍റെ ആജ്ഞയനുസരിച്ച് ഭക്ഷണസാധനങ്ങളുമായി പുറപ്പെട്ടു; ഇസ്രായേല്‍സൈന്യം പോര്‍ വിളിച്ചുകൊണ്ട് യുദ്ധരംഗത്തേക്ക് നീങ്ങുന്ന സമയത്തായിരുന്നു ദാവീദ് പാളയത്തില്‍ എത്തിയത്.

21 ഇസ്രായേല്യരും ഫെലിസ്ത്യരും യുദ്ധസന്നദ്ധരായി അഭിമുഖം അണിനിരന്നു.

22 കൊണ്ടുവന്ന സാധനങ്ങള്‍ പടക്കോപ്പു സൂക്ഷിപ്പുകാരനെ ഏല്പിച്ചശേഷം ദാവീദ് യുദ്ധരംഗത്തു ചെന്ന് സഹോദരന്മാരുടെ ക്ഷേമം അന്വേഷിച്ചു.

23 അവര്‍ സംസാരിച്ചുകൊണ്ടു നില്‌ക്കുമ്പോള്‍ ഗത്തുകാരനായ ഗോല്യാത്ത് എന്ന മല്ലന്‍ ഫെലിസ്ത്യരുടെ നിരയില്‍നിന്നു മുമ്പോട്ടു വന്നു പതിവുപോലെ വെല്ലുവിളിക്കുന്നതു ദാവീദു കേട്ടു.

24 ഗോല്യാത്തിനെ കണ്ടപ്പോള്‍ ഇസ്രായേല്യര്‍ ഭയപ്പെട്ട് ഓടി.

25 അവര്‍ പറഞ്ഞു: “ഈ നില്‌ക്കുന്ന മനുഷ്യനെ കണ്ടോ? അവന്‍ തീര്‍ച്ചയായും ഇസ്രായേലിനെ നിന്ദിക്കാന്‍ വന്നവനാണ്; അവനെ കൊല്ലുന്നവനെ രാജാവ് മഹാസമ്പന്നനാക്കും; തന്‍റെ മകളെ അവനു വിവാഹം ചെയ്തുകൊടുക്കും; അവന്‍റെ പിതൃഭവനത്തിന് ഇസ്രായേലില്‍ കരമൊഴിവ് അനുവദിക്കുകയും ചെയ്യും.”

26 അടുത്തു നില്‌ക്കുന്നവരോടു ദാവീദു ചോദിച്ചു: “ഈ ഫെലിസ്ത്യനെ സംഹരിച്ച് ഇസ്രായേലിനു സംഭവിച്ചിരിക്കുന്ന അപമാനം നീക്കിക്കളയുന്നവന് എന്തു പ്രതിഫലം ലഭിക്കും? ജീവിക്കുന്ന ദൈവത്തിന്‍റെ സേനകളെ നിന്ദിക്കാന്‍ പരിച്ഛേദനം ഏല്‌ക്കാത്ത ഇവന്‍ ആര്?”

27 “ഇവനെ കൊല്ലുന്നവനു മുമ്പുപറഞ്ഞതെല്ലാം ലഭിക്കും” എന്ന് അവര്‍ പറഞ്ഞു.

28 അവരോടു ദാവീദു സംസാരിക്കുന്നതു കേട്ട്, അവന്‍റെ ജ്യേഷ്ഠസഹോദരനായ എലീയാബ് കോപിഷ്ഠനായി; അയാള്‍ ചോദിച്ചു: “നീ എന്തിന് ഇവിടെ വന്നു? മരുഭൂമിയിലുള്ള ആടുകളെ ആരെ ഏല്പിച്ചു; നിന്‍റെ അഹങ്കാരവും ദുഷ്ടതയും എനിക്കറിയാം; യുദ്ധം കാണാനല്ലേ നീ വന്നിരിക്കുന്നത്?”

29 അപ്പോള്‍ ദാവീദ് ചോദിച്ചു: “ഞാന്‍ എന്തു തെറ്റുചെയ്തു? ഒരു വാക്കു പറഞ്ഞതല്ലേയുള്ളു.”

30 അവന്‍ അവിടെനിന്നും മാറി മറ്റൊരാളോട് അതേ ചോദ്യം ചോദിച്ചു; കേട്ടവരെല്ലാം മുമ്പത്തെപ്പോലെ തന്നെ ഉത്തരം നല്‌കി.

31 ദാവീദിന്‍റെ വാക്കുകള്‍ കേട്ട ചിലര്‍ അതു ശൗലിനെ അറിയിച്ചു; രാജാവ് ദാവീദിനെ വിളിപ്പിച്ചു.

32 ദാവീദ് ശൗലിനോടു പറഞ്ഞു: “ആ ഫെലിസ്ത്യനെ വിചാരിച്ച് ആരും അധൈര്യപ്പെടേണ്ടാ; അങ്ങയുടെ ഈ ദാസന്‍ അവനോടു യുദ്ധം ചെയ്യാം.”

33 ശൗല്‍ ദാവീദിനോടു പറഞ്ഞു: “ആ ഫെലിസ്ത്യനോടു യുദ്ധം ചെയ്യാന്‍ നിനക്കു ശേഷിയില്ല; നീ ചെറുപ്പമാണ്. അവനാകട്ടെ ചെറുപ്പംമുതല്‍തന്നെ ഒരു യോദ്ധാവാണ്.”

34 ദാവീദു മറുപടി നല്‌കി: “അങ്ങയുടെ ഈ ദാസന്‍ പിതാവിന്‍റെ ആടുകളെ മേയ്‍ക്കുന്നവനാണ്. ഒരു സിംഹമോ കരടിയോ വന്ന് കൂട്ടത്തില്‍നിന്ന് ഒരാട്ടിന്‍കുട്ടിയെ പിടിച്ചുകൊണ്ടുപോയാല്‍

35 ഞാന്‍ അതിനെ പിന്തുടര്‍ന്ന് ആട്ടിന്‍കുട്ടിയെ രക്ഷിക്കും. അതു എന്‍റെ നേരെ വന്നാല്‍ ഞാന്‍ അതിനെ കഴുത്തിനു പിടിച്ച് അടിച്ചുകൊല്ലുമായിരുന്നു.

36 അങ്ങനെ ഈ ദാസന്‍ സിംഹത്തെയും കരടിയെയും കൊന്നിട്ടുണ്ട്; ജീവിക്കുന്ന ദൈവത്തിന്‍റെ സൈന്യത്തെ നിന്ദിക്കുന്നവനും പരിച്ഛേദനം നടത്തിയിട്ടില്ലാത്തവനുമായ ഈ ഫെലിസ്ത്യനും അവയുടെ ഗതിതന്നെ വരും.

37 സിംഹത്തില്‍നിന്നും കരടിയില്‍നിന്നും രക്ഷിച്ച സര്‍വേശ്വരന്‍ ഈ ഫെലിസ്ത്യനില്‍നിന്നും എന്നെ രക്ഷിക്കും.” ശൗല്‍ ദാവീദിനോടു പറഞ്ഞു: “ശരി, ചെല്ലുക; സര്‍വേശ്വരന്‍ നിന്‍റെകൂടെ ഉണ്ടായിരിക്കട്ടെ.”

38 ശൗല്‍ തന്‍റെ പടച്ചട്ട ദാവീദിനെ അണിയിച്ചു; അവന്‍റെ തലയില്‍ താമ്രശിരസ്ത്രം വച്ചു; തന്‍റെ കവചവും അവനെ ധരിപ്പിച്ചു.

39 പടച്ചട്ടയില്‍ വാള്‍ ബന്ധിച്ച് ദാവീദ് നടക്കാന്‍ ശ്രമിച്ചു; അവന് അതു പരിചയമില്ലാത്തതിനാല്‍ നടക്കാന്‍ കഴിഞ്ഞില്ല. “ഇതു ശീലിച്ചിട്ടില്ലാത്തതിനാല്‍ ഇവ ധരിച്ചു നടക്കാന്‍ എനിക്കു സാധിക്കുകയില്ല” എന്ന് അവന്‍ ശൗലിനോടു പറഞ്ഞു; അവന്‍ അവ ഊരിവച്ചു.

40 പിന്നീട് അവന്‍ തന്‍റെ വടി കൈയിലെടുത്തു; തോട്ടില്‍നിന്നു മിനുസമുള്ള അഞ്ചു കല്ല് തിരഞ്ഞെടുത്തു തന്‍റെ സഞ്ചിയില്‍ ഇട്ടു; കൈയില്‍ കവിണയും ഉണ്ടായിരുന്നു. അങ്ങനെ അവന്‍ ഫെലിസ്ത്യനെ സമീപിച്ചു.

41

ഫെലിസ്ത്യനും ദാവീദിനോട് അടുത്തു; പരിചക്കാരന്‍ ഫെലിസ്ത്യന്‍റെ മുമ്പില്‍ നടന്നു.

42 ദാവീദിനെ കണ്ടപ്പോള്‍ ഫെലിസ്ത്യനു പുച്ഛം തോന്നി; കാരണം അവന്‍ പവിഴനിറവും കോമളരൂപവുമുള്ള ഒരു യുവാവു മാത്രമായിരുന്നു.

43 ഫെലിസ്ത്യന്‍ ദാവീദിനോടു ചോദിച്ചു: “നീ വടിയും എടുത്ത് എന്‍റെ നേരെ വരാന്‍ ഞാന്‍ ഒരു നായാണോ?” തന്‍റെ ദേവന്മാരുടെ നാമം ചൊല്ലി അയാള്‍ ദാവീദിനെ ശപിച്ചു.

44 ഫെലിസ്ത്യന്‍ ദാവീദിനോടു പറഞ്ഞു: “ഇങ്ങോട്ടടുത്തു വരിക; ഞാന്‍ നിന്‍റെ മാംസം ആകാശത്തിലെ പറവകള്‍ക്കും കാട്ടിലെ മൃഗങ്ങള്‍ക്കും ഇരയാക്കും.”

45 ദാവീദു ഫെലിസ്ത്യനോടു പറഞ്ഞു: “നീ വാളും കുന്തവും ശൂലവുമായി എന്‍റെ നേരെ വരുന്നു; ഞാനാകട്ടെ ഇസ്രായേല്‍സേനകളുടെ ദൈവത്തിന്‍റെ നാമത്തില്‍, നീ നിന്ദിച്ച സര്‍വശക്തനായ സര്‍വേശ്വരന്‍റെ നാമത്തില്‍ തന്നെ വരുന്നു.

46 ഇന്നു സര്‍വേശ്വരന്‍ നിന്നെ എന്‍റെ കൈയില്‍ ഏല്പിക്കും; ഞാന്‍ നിന്നെ കൊന്നു നിന്‍റെ തല ഛേദിച്ചുകളയും; ഫെലിസ്ത്യസൈന്യങ്ങളുടെ ശവശരീരങ്ങള്‍ ആകാശത്തിലെ പറവകള്‍ക്കും ഭൂമിയിലെ മൃഗങ്ങള്‍ക്കും ഇരയാക്കും; ഇസ്രായേലില്‍ ഒരു ദൈവമുണ്ടെന്നു ലോകം എങ്ങും അറിയും.

47 സര്‍വേശ്വരന്‍ വാളും കുന്തവും കൊണ്ടല്ല തന്‍റെ ജനത്തെ രക്ഷിക്കുന്നത് എന്ന് ഈ ജനസമൂഹം അറിയും. യുദ്ധം സര്‍വേശ്വരന്‍റേതാണ്; അവിടുന്നു നിങ്ങളെ ഞങ്ങളുടെ കൈയില്‍ ഏല്പിക്കും.”

48 ദാവീദിനെ നേരിടാന്‍ ഫെലിസ്ത്യന്‍ മുന്നോട്ടു വന്നു; ദാവീദും യുദ്ധമുന്നണിയിലേക്ക് ഓടി അടുത്തു.

49 ദാവീദ് സഞ്ചിയില്‍നിന്ന് കല്ലെടുത്തു കവിണയില്‍ വച്ചു ചുഴറ്റി ഫെലിസ്ത്യന്‍റെ നേരേ എറിഞ്ഞു; കല്ല് അയാളുടെ നെറ്റിയില്‍തന്നെ തുളച്ചുകയറി; അയാള്‍ മുഖം കുത്തിവീണു.

50 അങ്ങനെ ദാവീദ് ഒരു കവിണയും ഒരു കല്ലുംകൊണ്ട് ഫെലിസ്ത്യനെ എറിഞ്ഞുവീഴ്ത്തി കൊന്നു. ദാവീദിന്‍റെ കൈയില്‍ വാളില്ലായിരുന്നു.

51 അവന്‍ ഓടിച്ചെന്ന് ഫെലിസ്ത്യന്‍റെ പുറത്തുകയറി അയാളുടെ വാള്‍ ഉറയില്‍നിന്ന് ഊരിയെടുത്ത് തലവെട്ടിമാറ്റി അയാളെ കൊന്നു. തങ്ങളുടെ മല്ലന്‍ കൊല്ലപ്പെട്ടതു കണ്ടു ഫെലിസ്ത്യര്‍ ഓടിപ്പോയി.

52 ഇസ്രായേലിലെയും യെഹൂദ്യയിലെയും ജനങ്ങള്‍ ആര്‍ത്തുവിളിച്ചുകൊണ്ട് ഗത്ത്, എക്രോന്‍ കവാടങ്ങള്‍ വരെ ഫെലിസ്ത്യരെ പിന്തുടര്‍ന്നു; ശയരയീംമുതല്‍ ഗത്തും എക്രോനുംവരെ വഴിയില്‍ ഫെലിസ്ത്യര്‍ മുറിവേറ്റു വീണു.

53 ഇസ്രായേല്‍ജനം ഫെലിസ്ത്യരെ ഓടിച്ചതിനുശേഷം മടങ്ങിവന്ന് അവരുടെ പാളയം കൊള്ളയടിച്ചു.

54 ദാവീദ് ഫെലിസ്ത്യന്‍റെ തല യെരൂശലേമില്‍ കൊണ്ടുവന്നു; അയാളുടെ ആയുധങ്ങള്‍ തന്‍റെ കൂടാരത്തില്‍ ദാവീദ് സൂക്ഷിച്ചു.

55

ദാവീദ് ഫെലിസ്ത്യനെ നേരിടാന്‍ മുമ്പോട്ടു പോകുന്നതു കണ്ടപ്പോള്‍ ശൗല്‍ സൈന്യാധിപനായ അബ്നേരിനോടു: “ആ യുവാവ് ആരുടെ പുത്രനാണ്” എന്നു ചോദിച്ചു. തനിക്കറിഞ്ഞുകൂടെന്ന് അബ്നേര്‍ മറുപടി നല്‌കി.

56 ആ യുവാവ് ആരാണെന്ന് അന്വേഷിക്കാന്‍ രാജാവ് കല്പിച്ചു.

57 ഫെലിസ്ത്യനെ വധിച്ചശേഷം അയാളുടെ തലയുമായി മടങ്ങിവന്ന ദാവീദിനെ, അബ്നേര്‍ ശൗലിന്‍റെ അടുക്കല്‍ കൂട്ടിക്കൊണ്ടുചെന്നു.

58 ശൗല്‍ ചോദിച്ചു: “നീ ആരുടെ പുത്രനാണ്?” “ഞാന്‍ അങ്ങയുടെ ദാസനും ബേത്‍ലഹേംകാരനുമായ യിശ്ശായിയുടെ പുത്രനാകുന്നു” ദാവീദ് പറഞ്ഞു.

18

1

ദാവീദ് ശൗലിനോടു സംസാരിച്ചു കഴിഞ്ഞപ്പോള്‍ യോനാഥാന്‍റെ ഹൃദയം ദാവീദിന്‍റെ ഹൃദയത്തോട് ഇഴുകിച്ചേര്‍ന്നു.

2 യോനാഥാന്‍ അവനെ പ്രാണനുതുല്യം സ്നേഹിച്ചു. ദാവീദിനെ അവന്‍റെ പിതൃഭവനത്തിലേക്കു തിരിച്ചയയ്‍ക്കാതെ ശൗല്‍ അവിടെത്തന്നെ അവനെ താമസിപ്പിച്ചു.

3 യോനാഥാന്‍ ദാവീദിനെ പ്രാണനുതുല്യം സ്നേഹിച്ചതുകൊണ്ട് അവനുമായി ഒരു ഉടമ്പടി ഉണ്ടാക്കി.

4 യോനാഥാന്‍ തന്‍റെ മേലങ്കി ഊരി ദാവീദിനു നല്‌കി; തന്‍റെ പടച്ചട്ടയും വാളും വില്ലും അരക്കച്ചയും അവനു കൊടുത്തു.

5 താന്‍ അയയ്‍ക്കുന്നിടത്തെല്ലാം ദാവീദു പോയി കാര്യങ്ങള്‍ വിജയകരമായി നിറവേറ്റിയതിനാല്‍ ശൗല്‍ അവനെ സൈന്യാധിപനായി നിയമിച്ചു. ഇതു ജനത്തിനും ശൗലിന്‍റെ ഭൃത്യന്മാര്‍ക്കും ഇഷ്ടമായി.

6

ദാവീദ് ഫെലിസ്ത്യനെ സംഹരിച്ചശേഷം അവര്‍ മടങ്ങിവരുമ്പോള്‍ ഇസ്രായേല്‍പട്ടണങ്ങളിലെ സ്‍ത്രീകള്‍ തപ്പും മറ്റു വാദ്യങ്ങളും മുഴക്കി ആടിപ്പാടി ആഹ്ലാദപൂര്‍വം ശൗലിനെ എതിരേറ്റു.

7

“ശൗല്‍ ആയിരങ്ങളെ കൊന്നു,
ദാവീദോ പതിനായിരങ്ങളെയും”
എന്നു സ്‍ത്രീകള്‍ വാദ്യഘോഷത്തോടുകൂടി പാടി.

8

ഇതു ശൗലിന് ഇഷ്ടപ്പെട്ടില്ല. അദ്ദേഹം കോപാവിഷ്ഠനായി. രാജാവു പറഞ്ഞു: “അവര്‍ ദാവീദിനു പതിനായിരങ്ങള്‍ നല്‌കി; എനിക്ക് ആയിരങ്ങള്‍ മാത്രമേ നല്‌കിയുള്ളൂ. ഇനിയും രാജത്വം മാത്രമല്ലേ അവനു കിട്ടാനുള്ളൂ.”

9 അന്നുമുതല്‍ ശൗലിനു ദാവീദിനോടു കണ്ണുകടി തുടങ്ങി.

10

അടുത്ത ദിവസം ദൈവം അയച്ച ദുരാത്മാവ് ശൗലില്‍ പ്രവേശിച്ചു; അദ്ദേഹം കൊട്ടാരത്തിനുള്ളില്‍ ഒരു ഭ്രാന്തനെപ്പോലെ അതുമിതും പറഞ്ഞുകൊണ്ടിരുന്നു. ദാവീദു പതിവുപോലെ കിന്നരമെടുത്തു വായിച്ചു. ശൗലിന്‍റെ കൈയില്‍ ഒരു കുന്തമുണ്ടായിരുന്നു;

11 ദാവീദിനെ ചുവരോടു ചേര്‍ത്തു തറയ്‍ക്കാന്‍ ഉദ്ദേശിച്ചുകൊണ്ടു ശൗല്‍ കുന്തം എറിഞ്ഞു. എന്നാല്‍ ദാവീദ് രണ്ടു പ്രാവശ്യം ഒഴിഞ്ഞു മാറി.

12 സര്‍വേശ്വരന്‍ തന്നെ ഉപേക്ഷിച്ചു ദാവീദിന്‍റെ കൂടെയാണെന്ന് അറിഞ്ഞപ്പോള്‍ ശൗല്‍ അവനെ ഭയപ്പെട്ടു.

13 അതുകൊണ്ട് അദ്ദേഹം ദാവീദിനെ തന്‍റെ അടുക്കല്‍നിന്നു മാറ്റി; അവനെ സഹസ്രാധിപനായി നിയമിച്ചു. അവന്‍ ജനത്തിന്‍റെ നേതാവായിത്തീര്‍ന്നു.

14 സര്‍വേശ്വരന്‍ കൂടെ ഉണ്ടായിരുന്നതുകൊണ്ട് അവന്‍ ഏര്‍പ്പെട്ട കാര്യങ്ങളിലെല്ലാം വിജയിച്ചു.

15 ദാവീദിന്‍റെ വിജയം ശൗലിനു കൂടുതല്‍ ഭയം ഉളവാക്കി.

16 അവന്‍ ഇസ്രായേലിലും യെഹൂദ്യയിലുമുള്ളവരുടെ സ്നേഹപാത്രമായി. അങ്ങനെ അവന്‍ അവരുടെ നേതാവായിത്തീര്‍ന്നു.

17

ശൗല്‍ ദാവീദിനോടു പറഞ്ഞു: “എന്‍റെ മൂത്തമകള്‍ മേരബിനെ ഞാന്‍ നിനക്കു ഭാര്യയായി നല്‌കാം; നീ എനിക്കുവേണ്ടി സര്‍വേശ്വരന്‍റെ യുദ്ധങ്ങള്‍ സുധീരം നടത്തിയാല്‍ മതി.” “താന്‍ അവനെ കൊല്ലേണ്ടാ ഫെലിസ്ത്യരുടെ കൈയാല്‍ അവന്‍ വധിക്കപ്പെടട്ടെ” എന്നു ശൗല്‍ വിചാരിച്ചു.

18 ദാവീദ് ശൗലിനോടു ചോദിച്ചു: “അങ്ങയുടെ പുത്രിക്ക് ഭര്‍ത്താവാകാന്‍ തക്കവിധം ഞാന്‍ ആര്? ഇസ്രായേലില്‍ എന്‍റെ പിതൃഭവനത്തിനും ചാര്‍ച്ചക്കാര്‍ക്കുമുള്ള സ്ഥാനമെന്ത്?”

19 മേരബിനെ ദാവീദിനു ഭാര്യയായി നല്‌കേണ്ടിയിരുന്ന സമയത്ത് അവളെ മെഹോലാത്യനായ അദ്രിയേലിനു നല്‌കി.

20 ശൗലിന്‍റെ പുത്രിയായ മീഖള്‍ ദാവീദിനെ സ്നേഹിച്ചു; അതു ശൗലിന് ഇഷ്ടമായി.

21 ശൗല്‍ ചിന്തിച്ചു. “അവളെ ഞാന്‍ അവനു നല്‌കും; അവള്‍ അവനൊരു കെണിയായിത്തീരും; ഫെലിസ്ത്യരാല്‍ അവന്‍ വധിക്കപ്പെടുകയും ചെയ്യും.” അതുകൊണ്ട് വീണ്ടും ശൗല്‍ ദാവീദിനോടു തന്‍റെ ജാമാതാവാകണം എന്നു പറഞ്ഞു.

22 “രാജാവ് നിന്നില്‍ സംപ്രീതനായിരിക്കുന്നു; അദ്ദേഹത്തിന്‍റെ സകല ഭൃത്യന്മാരും നിന്നെ സ്നേഹിക്കുന്നു; അതിനാല്‍ നീ രാജാവിന്‍റെ ജാമാതാവാകണം” എന്നു രഹസ്യമായി ദാവീദിനോടു പറയാന്‍ ശൗല്‍ തന്‍റെ ഭൃത്യന്മാരെ നിയോഗിച്ചു.

23 ശൗലിന്‍റെ ഭൃത്യന്മാര്‍ അക്കാര്യം ദാവീദിന്‍റെ ചെവിയില്‍ എത്തിച്ചു. “ദരിദ്രനും പെരുമയില്ലാത്തവനുമായ ഞാന്‍ രാജാവിന്‍റെ ജാമാതാവാകുന്നതു നിസ്സാരകാര്യമായി നിങ്ങള്‍ കരുതുന്നുണ്ടോ?” ദാവീദ് അവരോടു ചോദിച്ചു.

24 ദാവീദ് പറഞ്ഞ വിവരം ഭൃത്യന്മാര്‍ ശൗലിനെ അറിയിച്ചു.

25 അപ്പോള്‍ ശൗല്‍ പറഞ്ഞു: “ശത്രുക്കളോടുള്ള പ്രതികാരമായി ഫെലിസ്ത്യരുടെ നൂറു അഗ്രചര്‍മ്മമല്ലാതെ ഒരു വിവാഹസമ്മാനവും രാജാവ് ആഗ്രഹിക്കുന്നില്ല എന്നു നിങ്ങള്‍ ദാവീദിനോടു പറയണം.” ഫെലിസ്ത്യരുടെ കൈയാല്‍ ദാവീദ് വധിക്കപ്പെടണമെന്നു ശൗല്‍ ആഗ്രഹിച്ചു.

26 ശൗല്‍ പറഞ്ഞ കാര്യം ഭൃത്യന്മാര്‍ അറിയിച്ചപ്പോള്‍ രാജാവിന്‍റെ ജാമാതാവാകുന്നതു ദാവീദിനു സന്തോഷമായി.

27 നിശ്ചിതസമയത്തിനുള്ളില്‍ തന്നെ ദാവീദ് തന്‍റെ പടയാളികളുമായി പുറപ്പെട്ടു; ഇരുനൂറു ഫെലിസ്ത്യരെ കൊന്നു; രാജാവിന്‍റെ മരുമകനാകാന്‍ അവരുടെ അഗ്രചര്‍മം മുഴുവന്‍ രാജാവിനെ ഏല്പിച്ചു. ശൗല്‍ തന്‍റെ പുത്രിയായ മീഖളിനെ അവനു ഭാര്യയായി നല്‌കി.

28 സര്‍വേശ്വരന്‍ ദാവീദിനോടു കൂടെയുണ്ടെന്നും മീഖള്‍ അവനെ സ്നേഹിക്കുന്നു എന്നും ശൗല്‍ മനസ്സിലാക്കി.

29 അതിനാല്‍ ശൗല്‍ അവനെ കൂടുതല്‍ ഭയപ്പെട്ടു. അങ്ങനെ ദാവീദ് അവന്‍റെ നിത്യശത്രുവായിത്തീര്‍ന്നു;

30

ഫെലിസ്ത്യപ്രഭുക്കന്മാര്‍ യുദ്ധത്തിനു വന്നപ്പോഴെല്ലാം ശൗലിന്‍റെ മറ്റ് സേനാധിപന്മാരെക്കാള്‍ ദാവീദ് കൂടുതല്‍ വിജയം നേടി; അങ്ങനെ ദാവീദു കൂടുതല്‍ ബഹുമാനിതനായി.

19

1

ദാവീദിനെ വധിക്കണമെന്നു തന്‍റെ പുത്രനായ യോനാഥാനോടും ഭൃത്യന്മാരോടും ശൗല്‍ കല്പിച്ചു; എന്നാല്‍ ശൗലിന്‍റെ പുത്രനായ യോനാഥാനു ദാവീദിനോടു വളരെ ഇഷ്ടമായിരുന്നു.

2 യോനാഥാന്‍ ദാവീദിനോടു പറഞ്ഞു: “എന്‍റെ പിതാവ് നിന്നെ കൊല്ലാന്‍ നോക്കുകയാണ്; അതുകൊണ്ടു നീ രാവിലെ പോയി എവിടെയെങ്കിലും കരുതലോടെ ഒളിച്ചിരിക്കുക.

3 നീ ഒളിച്ചിരിക്കുന്ന വയലില്‍ വന്ന് എന്‍റെ പിതാവിനോട് നിന്നെപ്പറ്റി ഞാന്‍ സംസാരിക്കും; ഞാന്‍ എന്തെങ്കിലും അറിഞ്ഞാല്‍ അതു നിന്നെ അറിയിക്കാം.”

4 യോനാഥാന്‍ തന്‍റെ പിതാവായ ശൗലിനോടു ദാവീദിന്‍റെ ഗുണഗണങ്ങളെപ്പറ്റി സംസാരിച്ചു; അവന്‍ പറഞ്ഞു: “അങ്ങയുടെ ദാസനായ ദാവീദിനോട് ഒരു തിന്മയും പ്രവര്‍ത്തിക്കരുതേ! അയാള്‍ അങ്ങയോട് ഒരു തെറ്റും ചെയ്തിട്ടില്ല; അയാളുടെ പ്രവൃത്തികള്‍ അങ്ങേക്കു വളരെ നന്മയായിത്തീര്‍ന്നിട്ടേയുള്ളൂ.

5 തന്‍റെ ജീവന്‍ അപകടത്തിലാക്കിക്കൊണ്ട് അവന്‍ ആ ഫെലിസ്ത്യനെ വധിച്ചു; അങ്ങനെ ഒരു വന്‍വിജയം സര്‍വേശ്വരന്‍ ഇസ്രായേല്യര്‍ക്കു നല്‌കി; അതു കണ്ട് അങ്ങ് സന്തോഷിച്ചതാണ്; ഇപ്പോള്‍ ഒരു കാരണവും കൂടാതെ ദാവീദിനെ വധിച്ചു നിഷ്കളങ്കരക്തം ചിന്തി പാപം ചെയ്യുന്നതെന്തിന്?”

6 യോനാഥാന്‍റെ വാക്കുകള്‍ ശൗല്‍ കേട്ടു; ദാവീദിനെ വധിക്കുകയില്ലെന്നു സര്‍വേശ്വരനാമത്തില്‍ പ്രതിജ്ഞ ചെയ്തു.

7 യോനാഥാന്‍ ദാവീദിനെ വിളിച്ചു വിവരമെല്ലാം പറഞ്ഞു; അവന്‍ ദാവീദിനെ ശൗലിന്‍റെ അടുക്കല്‍ കൂട്ടിക്കൊണ്ടു വന്നു; മുമ്പത്തെപ്പോലെ അവന്‍ രാജസന്നിധിയില്‍ കഴിഞ്ഞു.

8

ഫെലിസ്ത്യരുമായി വീണ്ടും യുദ്ധമുണ്ടായി; ദാവീദ് അനേകം പേരെ വധിച്ചു; ഫെലിസ്ത്യര്‍ തോറ്റോടി.

9 ഒരു കുന്തവും ഏന്തി കൊട്ടാരത്തില്‍ ഇരിക്കുമ്പോള്‍ ശൗലിന്‍റെമേല്‍ സര്‍വേശ്വരന്‍ അയച്ച ദുരാത്മാവ് ആവേശിച്ചു; അപ്പോള്‍ ദാവീദ് കിന്നരം വായിക്കുകയായിരുന്നു.

10 ശൗല്‍ അവനെ കുന്തംകൊണ്ടു ചുമരിനോട് ചേര്‍ത്തു തറയ്‍ക്കാന്‍ ശ്രമിച്ചു; അയാള്‍ ഒഴിഞ്ഞുമാറിയതുകൊണ്ട് കുന്തം ചുവരില്‍ തറച്ചു.

11 ദാവീദ് ഓടി രക്ഷപെട്ടു. അടുത്ത പ്രഭാതത്തില്‍ ദാവീദിനെ കൊല്ലാന്‍വേണ്ടി അവന്‍റെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിന് അവന്‍ പാര്‍ക്കുന്ന സ്ഥലത്തേക്കു ശൗല്‍ ദൂതന്മാരെ ആ രാത്രിയില്‍ത്തന്നെ അയച്ചു; ദാവീദിന്‍റെ ഭാര്യ മീഖള്‍ അയാളോടു പറഞ്ഞു: “ഇന്നു രാത്രിതന്നെ അങ്ങു രക്ഷപെട്ടില്ലെങ്കില്‍ അവര്‍ നാളെ അങ്ങയെ വധിക്കും.”

12 ജനലില്‍ക്കൂടി ഇറങ്ങി രക്ഷപെടുന്നതിന് അവള്‍ ദാവീദിനെ സഹായിച്ചു; അവന്‍ ഓടി രക്ഷപെട്ടു.

13 മീഖള്‍ ഒരു ബിംബമെടുത്തു കട്ടിലില്‍ കിടത്തി; കോലാട്ടുരോമംകൊണ്ടുള്ള ഒരു തലയിണ തലയ്‍ക്കല്‍ വച്ചു; ഒരു തുണികൊണ്ട് അതു മൂടി.

14 ദാവീദിനെ പിടിക്കാന്‍ ശൗല്‍ അയച്ച ദൂതന്മാര്‍ വന്നപ്പോള്‍ അവന്‍ സുഖമില്ലാതെ കിടക്കുകയാണെന്ന് അവള്‍ പറഞ്ഞു.

15 “എനിക്ക് അവനെ കൊല്ലണം; കിടക്കയോടെ അവനെ എടുത്തുകൊണ്ടു വരുവിന്‍” എന്ന കല്പനയോടുകൂടി ശൗല്‍ ദൂതന്മാരെ അയച്ചു;

16 അവര്‍ അകത്തു ചെന്നു നോക്കിയപ്പോള്‍ ആട്ടിന്‍രോമംകൊണ്ടുള്ള തലയിണയില്‍ തലവച്ചുകിടത്തിയിരിക്കുന്ന ബിംബമാണു കണ്ടത്.

17 ശൗല്‍ മീഖളിനോട് ചോദിച്ചു: “എന്‍റെ ശത്രുവിനെ രക്ഷപെടാന്‍ അനുവദിച്ചുകൊണ്ട് നീ എന്നോടു വഞ്ചന കാട്ടിയതെന്ത്?” മീഖള്‍ മറുപടി നല്‌കി: “എന്നെ വിട്ടയയ്‍ക്കുക; അല്ലെങ്കില്‍ ഞാന്‍ നിന്നെ കൊന്നുകളയും” എന്ന് അദ്ദേഹം എന്നോടു പറഞ്ഞു.

18

ദാവീദ് ഓടി രക്ഷപെട്ടു; രാമായില്‍ ശമൂവേലിന്‍റെ അടുക്കല്‍ എത്തി; ശൗല്‍ തന്നോടു പ്രവര്‍ത്തിച്ചതെല്ലാം ദാവീദ് ശമൂവേലിനെ ധരിപ്പിച്ചു. പിന്നീട് ദാവീദും ശമൂവേലും നയ്യോത്തില്‍ ചെന്നു പാര്‍ത്തു.

19 ദാവീദ് രാമായിലെ നയ്യോത്തില്‍ ഉണ്ടെന്നു ശൗലിന് അറിവുകിട്ടി.

20 അവനെ പിടിക്കാന്‍ ശൗല്‍ ദൂതന്മാരെ അയച്ചു; ഒരു സംഘം പ്രവാചകന്മാര്‍ പ്രവചിക്കുന്നതും ശമൂവേല്‍ അവരുടെ നേതാവായിരിക്കുന്നതും ശൗലിന്‍റെ ഭൃത്യന്മാര്‍ കണ്ടപ്പോള്‍ ദൈവത്തിന്‍റെ ആത്മാവ് അവരുടെമേല്‍ വന്നു; അവരും പ്രവചിച്ചു.

21 ശൗല്‍ ഈ വാര്‍ത്ത അറിഞ്ഞ ഉടനെ മറ്റു ദൂതന്മാരെ അയച്ചു; അവരും പ്രവചിച്ചു. ശൗല്‍ മൂന്നാമതും ദൂതന്മാരെ അയച്ചു; അവരും പ്രവചിച്ചു.

22 ഒടുവില്‍ ശൗല്‍തന്നെ രാമായിലേക്കു പുറപ്പെട്ടു; സേക്കൂവിലെ വലിയ കിണറിന്‍റെ അടുത്തെത്തിയപ്പോള്‍ ശമൂവേലും ദാവീദും എവിടെയെന്ന് അന്വേഷിച്ചു. അവര്‍ രാമായിലെ നയ്യോത്തിലുണ്ടെന്ന് ഒരാള്‍ പറഞ്ഞു;

23 അങ്ങനെ അദ്ദേഹം രാമായിലെ നയ്യോത്തിലേക്കു പോയി. ദൈവത്തിന്‍റെ ആത്മാവ് ശൗലിന്‍റെമേലും വന്നു; നയ്യോത്തില്‍ എത്തുന്നതുവരെ അദ്ദേഹവും പ്രവചിച്ചു.

24 അദ്ദേഹം വസ്ത്രം ഉരിഞ്ഞുകളഞ്ഞു; അന്നു രാത്രിയും പകലും ശമൂവേലിന്‍റെ മുമ്പില്‍ പ്രവചിച്ചുകൊണ്ടു നഗ്നനായി കിടന്നു. ‘ശൗലും പ്രവാചകഗണത്തിലോ?’ എന്ന പഴമൊഴിക്ക് ഇതു കാരണമായിത്തീര്‍ന്നു.

20

1

ദാവീദ് രാമായിലെ നയ്യോത്തില്‍നിന്ന് യോനാഥാന്‍റെ അടുക്കലേക്കോടി; അദ്ദേഹത്തോടു ചോദിച്ചു: “ഞാന്‍ എന്തു ചെയ്തു? എന്‍റെ കുറ്റം എന്ത്? എന്നെ കൊല്ലാന്‍ തക്കവിധം നിന്‍റെ പിതാവിനോടു ഞാന്‍ ചെയ്ത പാപം എന്ത്?”

2 യോനാഥാന്‍ ദാവീദിനോടു പറഞ്ഞു: “അങ്ങനെ സംഭവിക്കാതിരിക്കട്ടെ; നീ മരിക്കുകയില്ല; ചെറുതായാലും വലുതായാലും എന്നോടാലോചിക്കാതെ എന്‍റെ പിതാവ് ഒരു കാര്യവും ചെയ്യുകയില്ല; എന്തിന് ഈ കാര്യം മാത്രം എന്നില്‍നിന്നു മറച്ചുവയ്‍ക്കുന്നു? അങ്ങനെ സംഭവിക്കുകയില്ല.”

3 ദാവീദു പറഞ്ഞു: “നിനക്ക് എന്നോട് ഇഷ്ടമാണെന്നു നിന്‍റെ പിതാവിനു നന്നായി അറിയാം; നിനക്കു ദുഃഖം ഉണ്ടാകാതിരിക്കാന്‍ ഇതു നീ അറിയേണ്ടാ എന്നു നിന്‍റെ പിതാവു വിചാരിച്ചുകാണും; എനിക്കും മരണത്തിനും ഇടയില്‍ ഒരടി അകലമേയുള്ളൂ എന്നു ജീവിക്കുന്ന ദൈവത്തിന്‍റെ നാമത്തില്‍ ഞാന്‍ സത്യം ചെയ്തു പറയുന്നു.”

4 യോനാഥാന്‍ അവനോടു പറഞ്ഞു: “നീ പറയുന്നതെന്തും ഞാന്‍ നിനക്കുവേണ്ടി ചെയ്തുതരാം.”

5 ദാവീദു പ്രതിവചിച്ചു: “നാളെ അമാവാസി ആയതിനാല്‍ പതിവുപോലെ രാജാവിന്‍റെ കൂടെ ഭക്ഷണത്തിന് ഇരിക്കേണ്ടതാണല്ലോ; എങ്കിലും മൂന്നാം ദിവസം വൈകുന്നതുവരെ വയലില്‍ ഒളിച്ചിരിക്കാന്‍ എന്നെ അനുവദിക്കണം.

6 നിന്‍റെ പിതാവ് എന്നെ അന്വേഷിച്ചാല്‍ ദാവീദു തന്‍റെ കുടുംബാംഗങ്ങള്‍ക്കുവേണ്ടിയുള്ള വാര്‍ഷിക യാഗത്തില്‍ പങ്കെടുക്കാന്‍ തന്‍റെ പട്ടണമായ ബേത്‍ലഹേമിലേക്കു പെട്ടെന്നു പോയിവരാന്‍ നിര്‍ബന്ധപൂര്‍വം അനുവാദം അപേക്ഷിച്ചു എന്നു പറയണം.

7 ‘ശരി’ എന്ന് അദ്ദേഹം പറഞ്ഞാല്‍ അങ്ങയുടെ ദാസന്‍ സുരക്ഷിതനായിരിക്കും; നേരെമറിച്ചു കുപിതനായാല്‍ എന്നെ ഉപദ്രവിക്കാന്‍ നിശ്ചയിച്ചിരിക്കുന്നു എന്നു മനസ്സിലാക്കാം.

8 അതുകൊണ്ട് ഈ ദാസനോട് കാരുണ്യപൂര്‍വം പെരുമാറിയാലും. സര്‍വേശ്വരന്‍റെ നാമത്തില്‍ നാം ഒരു ഉടമ്പടി ഉണ്ടാക്കിയിട്ടുണ്ടല്ലോ; ഞാന്‍ വല്ല കുറ്റവും ചെയ്തിട്ടുണ്ടെങ്കില്‍ നീതന്നെ എന്നെ കൊല്ലുക; എന്തിന് എന്നെ നിന്‍റെ പിതാവിന്‍റെ അടുക്കലേക്കു കൊണ്ടുപോകണം?”

9 യോനാഥാന്‍ പറഞ്ഞു: “അങ്ങനെ സംഭവിക്കാതിരിക്കട്ടെ, എന്‍റെ പിതാവ് നിന്നെ ഉപദ്രവിക്കാന്‍ തീരുമാനിച്ചിരിക്കുന്നതായി അറിഞ്ഞാല്‍ ഞാന്‍ അതു നിന്നോടു പറയാതിരിക്കുമോ?”

10 “നിന്‍റെ പിതാവു പരുഷമായിട്ടാണ് സംസാരിക്കുന്നതെങ്കില്‍ ആ വിവരം ആര് എന്നെ അറിയിക്കും” ദാവീദു ചോദിച്ചു.

11 “നമുക്കു വയലിലേക്കു പോകാം” യോനാഥാന്‍ ദാവീദിനോടു പറഞ്ഞു; അങ്ങനെ അവര്‍ വയലിലേക്കു പോയി.

12

യോനാഥാന്‍ ദാവീദിനോടു പറഞ്ഞു: “ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ സാക്ഷിയായിരിക്കട്ടെ. നാളെയോ അതിനടുത്ത ദിവസമോ ഈ സമയത്ത് ഞാന്‍ ഇക്കാര്യം എന്‍റെ പിതാവിനോടു ചോദിക്കും; അദ്ദേഹം നിനക്ക് അനുകൂലമാണെങ്കില്‍ ആ വിവരം നിന്നെ അറിയിക്കും.

13 നിന്നെ ഉപദ്രവിക്കാനാണ് പിതാവിന്‍റെ ഭാവമെങ്കില്‍ അതറിയിച്ച് ഞാന്‍ നിന്നെ സുരക്ഷിതനായി പറഞ്ഞയയ്‍ക്കും; ഇതില്‍ ഞാന്‍ വീഴ്ച വരുത്തിയാല്‍ സര്‍വേശ്വരന്‍ എന്നെ ശിക്ഷിച്ചുകൊള്ളട്ടെ; അവിടുന്ന് എന്‍റെ പിതാവിന്‍റെ കൂടെ ഇരുന്നതുപോലെ നിന്‍റെ കൂടെയും ഉണ്ടായിരിക്കട്ടെ.

14 ഞാന്‍ ജീവനോടെ ശേഷിച്ചാല്‍ സര്‍വേശ്വരനാമത്തില്‍ എന്നോടു കരുണ കാണിക്കണം.

15 ഞാന്‍ മരിച്ചാല്‍ എന്‍റെ കുടുംബത്തോടു നീ എന്നും കൂറു പുലര്‍ത്തണം. സര്‍വേശ്വരന്‍ നിന്‍റെ ശത്രുക്കളെയെല്ലാം ഭൂമിയില്‍നിന്ന് ഉന്മൂലനം ചെയ്യുമ്പോഴും യോനാഥാന്‍റെ നാമം നിന്‍റെ കുടുംബത്തില്‍നിന്നു വിഛേദിക്കരുതേ!

16 സര്‍വേശ്വരന്‍ ദാവീദിന്‍റെ ശത്രുക്കളോടു പകരം ചോദിക്കട്ടെ.”

17 യോനാഥാന്‍ പ്രാണതുല്യം ദാവീദിനെ സ്നേഹിച്ചിരുന്നു; തന്നോടുള്ള സ്നേഹത്തിന്‍റെ പേരില്‍ ദാവീദിനെക്കൊണ്ടു വീണ്ടും സത്യം ചെയ്യിച്ചു.

18 യോനാഥാന്‍ ദാവീദിനോടു പറഞ്ഞു: “നാളെ അമാവാസിയാണ്; നിന്‍റെ ഇരിപ്പിടം ഒഴിഞ്ഞുകിടക്കുന്നതു കാണുമ്പോള്‍ നിന്‍റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെടും;

19 മറ്റെന്നാള്‍ നിന്‍റെ അഭാവം കൂടുതല്‍ ശ്രദ്ധിക്കപ്പെടും. നീ മുമ്പ് ഒളിച്ചിരുന്ന സ്ഥലത്തെ കല്‌ക്കൂമ്പാരത്തിന്‍റെ പിന്നില്‍ മറഞ്ഞിരിക്കണം.

20 ഉന്നം നോക്കി എയ്യുന്നതുപോലെ ഞാന്‍ അതിന്‍റെ ഒരു വശത്തേക്ക് മൂന്നു അമ്പ് എയ്യും;

21 അമ്പെടുത്തു കൊണ്ടുവരാന്‍ ഒരു ബാലനെ അയയ്‍ക്കും. ഞാന്‍ അവനോട് ‘ഇതാ അമ്പുകള്‍ നിന്‍റെ ഇപ്പുറത്ത്; എടുത്തുകൊണ്ടു വരിക;’ എന്നു പറഞ്ഞാല്‍ നീ സുരക്ഷിതനാണ്; നിനക്ക് ഒരു അപകടവും ഉണ്ടാകുകയില്ലെന്നു സര്‍വേശ്വരന്‍റെ നാമത്തില്‍ ഞാന്‍ സത്യം ചെയ്തുപറയുന്നു;

22 നേരേമറിച്ച് ‘അമ്പു നിന്‍റെ അപ്പുറത്താണ്’ എന്നു പറഞ്ഞ് ബാലനെ അയച്ചാല്‍ നീ പൊയ്‍ക്കൊള്ളണം; കാരണം സര്‍വേശ്വരന്‍ നിന്നെ അകലത്തേക്ക് അയയ്‍ക്കുകയാണ്.

23 നമ്മുടെ ഈ വാക്കുകള്‍ക്ക് അവിടുന്ന് എന്നും സാക്ഷിയായിരിക്കട്ടെ.”

24

അങ്ങനെ ദാവീദ് വയലില്‍ ഒളിച്ചിരുന്നു; അമാവാസിദിവസം ശൗല്‍രാജാവു ഭക്ഷണത്തിനിരുന്നു.

25 രാജാവ് പതിവുപോലെ ഭിത്തിയോടു ചേര്‍ന്നുള്ള തന്‍റെ ഇരിപ്പിടത്തിലാണ് ഇരുന്നത്. യോനാഥാന്‍ എതിര്‍വശത്തും അബ്നേര്‍ ശൗലിന്‍റെ അടുത്തും ഇരുന്നു. ദാവീദിന്‍റെ ഇരിപ്പിടം ഒഴിഞ്ഞുകിടന്നു;

26 അവന് എന്തെങ്കിലും സംഭവിച്ചുകാണും; ഒരുപക്ഷേ അവന്‍ അശുദ്ധനായിരിക്കും; അതേ; അത് അങ്ങനെതന്നെ ആയിരിക്കും” ശൗല്‍ വിചാരിച്ചു.

27 അമാവാസിയുടെ പിറ്റേ ദിവസവും ദാവീദിന്‍റെ ഇരിപ്പിടം ഒഴിഞ്ഞുകിടന്നു; ശൗല്‍ യോനാഥാനോടു ചോദിച്ചു: “യിശ്ശായിയുടെ പുത്രന്‍ ഇന്നലെയും ഇന്നും ഭക്ഷണത്തിനു വരാഞ്ഞതെന്ത്?”

28 യോനാഥാന്‍ ശൗലിനോടു പറഞ്ഞു: “ദാവീദ് ബേത്‍ലഹേമില്‍ പോകാന്‍ എന്നോടു നിര്‍ബന്ധപൂര്‍വം അനുവാദം ചോദിച്ചു;

29 ‘ഞങ്ങളുടെ കുടുംബം പട്ടണത്തില്‍ ഒരു യാഗമര്‍പ്പിക്കുന്നതുകൊണ്ട് ഞാനും അവിടെ ചെല്ലണമെന്നു എന്‍റെ സഹോദരന്‍ ആവശ്യപ്പെട്ടിരിക്കുന്നു; അതിനാല്‍ ദയ തോന്നി എന്‍റെ സഹോദരന്മാരെ പോയിക്കാണാന്‍ എനിക്ക് അനുവാദം നല്‌കണം’ എന്ന് അയാള്‍ പറഞ്ഞു; അതുകൊണ്ടാണ് രാജാവിന്‍റെ വിരുന്നിന് അവന്‍ വരാഞ്ഞത്.”

30 അപ്പോള്‍ ശൗലിന്‍റെ കോപം യോനാഥാനെതിരേ ജ്വലിച്ചു; രാജാവ് അവനോടു പറഞ്ഞു: “വക്രതയും ദുശ്ശാഠ്യവും ഉള്ളവളുടെ മകനേ! നീ നിനക്കും നിന്‍റെ അമ്മയ്‍ക്കും അപമാനം വരുത്തിവയ്‍ക്കാന്‍ യിശ്ശായിയുടെ പുത്രന്‍റെ പക്ഷം ചേര്‍ന്നിരിക്കുന്നു.

31 അവന്‍ ജീവിച്ചിരിക്കുന്നിടത്തോളം നീ രാജാവാകുകയില്ല; നിന്‍റെ രാജത്വം ഉറയ്‍ക്കുകയുമില്ല; ആളയച്ച് അവനെ എന്‍റെ അടുക്കല്‍ കൊണ്ടുവരിക; അവന്‍ തീര്‍ച്ചയായും മരിക്കണം.”

32 യോനാഥാന്‍ ചോദിച്ചു: “അവനെ എന്തിനു കൊല്ലണം? അവന്‍ എന്തു ചെയ്തു?”

33 ശൗല്‍ ഉടനെ യോനാഥാനെ കൊല്ലുവാന്‍ അവന്‍റെ നേരെ കുന്തം എറിഞ്ഞു. ദാവീദിനെ കൊല്ലുവാന്‍ തന്‍റെ പിതാവു നിശ്ചയിച്ചിരിക്കുന്നു എന്നു യോനാഥാന് അപ്പോള്‍ മനസ്സിലായി.

34 കുപിതനായിത്തീര്‍ന്ന യോനാഥാന്‍ ഉടനെ ചാടി എഴുന്നേറ്റു; അമാവാസിയുടെ പിറ്റേ ദിവസമായ അന്നു ഭക്ഷണമൊന്നും കഴിച്ചില്ല; തന്‍റെ പിതാവ് ദാവീദിനെ അപമാനിച്ചതിനാല്‍ അവനു ദുഃഖമുണ്ടായി.

35

അടുത്ത ദിവസം രാവിലെ ദാവീദിനോടു പറഞ്ഞിരുന്നതുപോലെ യോനാഥാന്‍ ഒരു ബാലനെയുംകൊണ്ട് വയലിലേക്കു പോയി.

36 ബാലനോടു താന്‍ എയ്യുന്ന അമ്പ് ഓടിച്ചെന്ന് എടുത്തുകൊണ്ടു വരണം എന്നു പറഞ്ഞു; ബാലന്‍ ഓടിയപ്പോള്‍ അവന്‍റെ അപ്പുറത്തേക്ക് ഒരു അമ്പ് എയ്തു.

37 യോനാഥാന്‍ എയ്ത അമ്പു വീണ സ്ഥലത്തു ബാലന്‍ എത്തിയപ്പോള്‍ യോനാഥാന്‍ അവനോടു: “അമ്പു നിന്‍റെ അപ്പുറത്തല്ലേ” എന്നു വിളിച്ചു ചോദിച്ചു.

38 യോനാഥാന്‍ വീണ്ടും വിളിച്ചു പറഞ്ഞു: “വേഗമാകട്ടെ ഓടുക, അവിടെ നില്‌ക്കരുത്.” ബാലന്‍ അമ്പുകള്‍ പെറുക്കിയെടുത്ത് യോനാഥാന്‍റെ അടുക്കല്‍ കൊണ്ടുവന്നു.

39 യോനാഥാനും ദാവീദുമല്ലാതെ ബാലന്‍ കാര്യമൊന്നും അറിഞ്ഞില്ല.

40 പിന്നീട് യോനാഥാന്‍ തന്‍റെ ആയുധങ്ങള്‍ പട്ടണത്തിലേക്ക് കൊണ്ടുപോകാന്‍ ബാലനെ ഏല്പിച്ച് അവനെ പറഞ്ഞയച്ചു.

41 ബാലന്‍ പോയ ഉടനെ ദാവീദ് കല്‌ക്കൂനയുടെ പിമ്പില്‍നിന്ന് എഴുന്നേറ്റു മൂന്നു പ്രാവശ്യം സാഷ്ടാംഗം വീണു നമസ്കരിച്ചു; ദാവീദു സമനില വീണ്ടെടുക്കുംവരെ അവര്‍ പരസ്പരം ചുംബിച്ചു കരഞ്ഞു.

42 പിന്നീട് യോനാഥാന്‍ പറഞ്ഞു: “സമാധാനത്തോടെ പോകുക; സര്‍വേശ്വരന്‍ എനിക്കും നിനക്കും നമ്മുടെ സന്തതികള്‍ക്കും മധ്യേ എന്നേക്കും സാക്ഷി ആയിരിക്കും എന്നു നാം ഇരുവരും സര്‍വേശ്വരന്‍റെ നാമത്തില്‍ സത്യം ചെയ്തിട്ടുണ്ടല്ലോ.” ദാവീദു യാത്ര പറഞ്ഞു പിരിഞ്ഞു; യോനാഥാന്‍ പട്ടണത്തിലേക്കും പോയി.

21

1

ദാവീദ് നോബ് എന്ന സ്ഥലത്തു പുരോഹിതനായ അഹീമേലെക്കിന്‍റെ അടുക്കല്‍ എത്തി. അഹീമേലെക്ക് സംഭ്രമത്തോടെ അവനെ സ്വാഗതം ചെയ്തു ചോദിച്ചു: “നീ തനിച്ചുവന്നത് എന്ത്? ആരും നിന്‍റെ കൂടെയില്ലേ?”

2 ദാവീദ് മറുപടി നല്‌കി: “രാജാവ് ഒരു ചുമതല എന്നെ ഏല്പിച്ചിരിക്കുകയാണ്; അവിടുന്ന് എന്നെ ഏല്പിച്ചിരിക്കുന്ന കാര്യം മറ്റാരും അറിയരുതെന്നു കല്പിച്ചിട്ടുണ്ട്; എന്‍റെ ഭൃത്യന്മാരോട് ഒരു പ്രത്യേകസ്ഥലത്തു വരണമെന്ന് ഞാന്‍ ആവശ്യപ്പെട്ടിരിക്കയാണ്.

3 അങ്ങയുടെ കൈവശം എന്തെങ്കിലും ഉണ്ടോ? അഞ്ചപ്പം എനിക്കു തരാമോ? ഇല്ലെങ്കില്‍ ഉള്ളതു തന്നാലും.”

4 പുരോഹിതന്‍ ദാവീദിനോടു പറഞ്ഞു: “എന്‍റെ കൈവശം സാധാരണ അപ്പമില്ല; വിശുദ്ധഅപ്പമേ ഉള്ളൂ. നിന്‍റെ ഭൃത്യന്മാര്‍ സ്‍ത്രീകളില്‍നിന്ന് അകന്നു നില്‌ക്കുന്നവരാണെങ്കിലേ അതു തരികയുള്ളൂ.”

5 ദാവീദ് പുരോഹിതനോട് പറഞ്ഞു: “യാത്ര പോകുമ്പോഴെല്ലാം ഞങ്ങള്‍ സ്‍ത്രീസമ്പര്‍ക്കം ഒഴിവാക്കും; സാധാരണ യാത്രയില്‍പോലും എന്‍റെ ഭൃത്യന്മാര്‍ ആചാരപരമായി ശുദ്ധി ആചരിക്കുമെങ്കില്‍ ഇന്ന് അവര്‍ എത്ര ശുദ്ധരായിരിക്കും?”

6 പുരോഹിതന്‍ അവനു വിശുദ്ധഅപ്പം കൊടുത്തു; അപ്പം മാറ്റി വയ്‍ക്കുന്ന ദിവസം ചൂടുള്ള പുതിയ അപ്പം സമര്‍പ്പിക്കാന്‍വേണ്ടി സര്‍വേശ്വരന്‍റെ സന്നിധിയില്‍നിന്നു എടുത്തുമാറ്റിയ കാഴ്ചയപ്പമല്ലാതെ വേറെ അപ്പം അവിടെ ഉണ്ടായിരുന്നില്ല;

7 ശൗലിന്‍റെ ഭൃത്യന്മാരില്‍ ദോവേഗ് എന്നു പേരുള്ള ഒരു എദോമ്യന്‍ അവിടെ സര്‍വേശ്വരന്‍റെ സന്നിധിയില്‍ അന്നുണ്ടായിരുന്നു; അയാള്‍ ശൗലിന്‍റെ ഇടയരില്‍ പ്രമാണി ആയിരുന്നു.

8 ദാവീദ് അഹീമെലെക്കിനോട് “അങ്ങയുടെ പക്കല്‍ കുന്തമോ വാളോ ഉണ്ടോ” എന്നു ചോദിച്ചു. “രാജാവ് ഏല്പിച്ച കാര്യം നിര്‍വഹിക്കാനുള്ള തിടുക്കത്തില്‍ തന്‍റെ വാളും ആയുധങ്ങളും എടുക്കാന്‍ ഇടയായില്ലെന്ന്” അയാള്‍ പറഞ്ഞു.

9 പുരോഹിതന്‍ പറഞ്ഞു: “ഏലാ താഴ്വരയില്‍വച്ചു നീ കൊന്ന ഫെലിസ്ത്യനായ ഗോല്യാത്തിന്‍റെ വാള്‍ ഏഫോദിന്‍റെ പുറകില്‍ ഒരു ശീലയില്‍ പൊതിഞ്ഞു വച്ചിട്ടുണ്ട്; അതു വേണമെങ്കില്‍ എടുത്തുകൊള്ളുക; അതല്ലാതെ വേറൊന്നുമില്ല.” ദാവീദ് പറഞ്ഞു: “അതിനു തുല്യമായി മറ്റൊന്നില്ല; അത് എനിക്കു തരിക.”

10 ശൗലിന്‍റെ അടുക്കല്‍നിന്ന് ഓടിവന്ന ദാവീദ് അന്നുതന്നെ ഗത്തിലെ ആഖീശ്‍രാജാവിന്‍റെ അടുക്കലെത്തി.

11 ആഖീശിന്‍റെ ദാസന്മാര്‍ ചോദിച്ചു: “ഇയാള്‍ ദേശത്തിലെ രാജാവായ ദാവീദല്ലേ?

‘ശൗല്‍ ആയിരങ്ങളെ കൊന്നു;
ദാവീദ് പതിനായിരങ്ങളെയും’

എന്നു പാടിക്കൊണ്ട് സ്‍ത്രീകള്‍ നൃത്തം ചെയ്തത് ഇയാളെക്കുറിച്ചല്ലേ?”

12 ഈ വാക്കുകള്‍ ദാവീദിന്‍റെ ഉള്ളില്‍ തറച്ചു; ഗത്തിലെ രാജാവായ ആഖീശിനെ അദ്ദേഹം വല്ലാതെ ഭയപ്പെട്ടു.

13 അവരുടെ മുമ്പില്‍ ദാവീദ് തന്‍റെ ഭാവം മാറ്റി. ബുദ്ധിഭ്രമം നടിച്ച് വാതിലിന്‍റെ കതകുകളില്‍ കുത്തിവരയ്‍ക്കുകയും താടിയിലൂടെ തുപ്പല്‍ ഒലിപ്പിക്കുകയും ചെയ്തു.

14 ആഖീശ് തന്‍റെ ഭൃത്യന്മാരോടു ചോദിച്ചു. “ഇവന്‍ ഭ്രാന്തനല്ലേ? ഇവനെ എന്തിന് എന്‍റെ അടുക്കല്‍ കൊണ്ടുവന്നു?

15 ഇവിടെ ഭ്രാന്തന്മാരില്ലാഞ്ഞിട്ടാണോ എന്‍റെ മുമ്പില്‍ ഭ്രാന്തു കളിപ്പിക്കുന്നതിന് ഇവനെ എന്‍റെ കൊട്ടാരത്തില്‍ കൊണ്ടുവന്നത്.”

22

1

ദാവീദ് അവിടെനിന്നു രക്ഷപെട്ട് അദുല്ലാംഗുഹയില്‍ എത്തി. അദ്ദേഹത്തിന്‍റെ സഹോദരന്മാരും മറ്റ് എല്ലാ കുടുംബാംഗങ്ങളും ഈ വിവരം അറിഞ്ഞ് അവിടെ ചെന്നു.

2 പീഡിതരും കടബാധ്യതയുള്ളവരും അസംതൃപ്തരും അദ്ദേഹത്തിന്‍റെ അടുക്കല്‍ വന്നുകൂടി; ദാവീദ് അവരുടെയെല്ലാം നായകനായി. അങ്ങനെ അദ്ദേഹത്തിന്‍റെ കൂടെ ഏകദേശം നാനൂറു പേര്‍ ഉണ്ടായിരുന്നു.

3

ദാവീദ് അവിടെനിന്ന് മോവാബിലെ മിസ്പായിലേക്കു പോയി; മോവാബ്‍രാജാവിനോട് അദ്ദേഹം അപേക്ഷിച്ചു: “ദൈവം എനിക്കുവേണ്ടി എന്തു ചെയ്യും എന്ന് അറിയുന്നതുവരെ എന്‍റെ മാതാപിതാക്കള്‍ അങ്ങയുടെ അടുക്കല്‍ പാര്‍ക്കാന്‍ അനുവദിക്കുമാറാകണം.”

4 അദ്ദേഹം അവരെ മോവാബ്‍രാജാവിന്‍റെ അടുക്കല്‍ പാര്‍പ്പിച്ചു. ദാവീദ് ഗുഹയില്‍ ഒളിച്ചുപാര്‍ത്തകാലം മുഴുവന്‍ അവര്‍ അവിടെ ആയിരുന്നു.

5 പ്രവാചകനായ ഗാദ് ദാവീദിനോട് പറഞ്ഞു: “ഇനിയും ഗുഹയില്‍ പാര്‍ക്കാതെ യെഹൂദ്യയിലേക്കു പോകുക;” അങ്ങനെ ദാവീദ് ഹേരെത്ത് വനത്തിലേക്കു പോയി.

6

ദാവീദിനെയും കൂട്ടരെയും കണ്ടെത്തിയിരിക്കുന്നതായി ശൗല്‍ കേട്ടു; ഒരു ദിവസം ശൗല്‍ ഗിബെയായിലെ കുന്നിന്‍റെ മുകളിലുള്ള പിചുലവൃക്ഷത്തിന്‍റെ ചുവട്ടില്‍ കുന്തവുമായി ഇരിക്കുകയായിരുന്നു; ഭൃത്യന്മാരെല്ലാം ചുറ്റും നിന്നിരുന്നു.

7 ശൗല്‍ അവരോടു പറഞ്ഞു: “ബെന്യാമീന്‍ഗോത്രക്കാരേ, കേള്‍ക്കുവിന്‍, യിശ്ശായിയുടെ മകന്‍ നിങ്ങള്‍ക്കെല്ലാം വയലുകളും മുന്തിരിത്തോട്ടങ്ങളും നല്‌കുമോ? നിങ്ങളെ സഹസ്രാധിപന്മാരോ ശതാധിപന്മാരോ ആയി നിയമിക്കുമോ?

8 അതുകൊണ്ടാണോ നിങ്ങള്‍ എനിക്കെതിരായി ഗൂഢാലോചന നടത്തിയത്? എന്‍റെ പുത്രന്‍ യിശ്ശായിയുടെ പുത്രനുമായി സഖ്യം ഉണ്ടാക്കിയ വിവരം നിങ്ങളില്‍ ആരും എന്നെ അറിയിച്ചില്ല; അവന്‍ എന്‍റെ ദാസനായ ദാവീദിനെ എനിക്ക് എതിരായി തിരിച്ചുവിടുകയും പതിയിരിക്കുന്നതിനു പ്രേരിപ്പിക്കുകയും ചെയ്തിട്ട് നിങ്ങളില്‍ ഒരാള്‍ പോലും അക്കാര്യം എന്നോടു പറയുകയോ എന്നെപ്പറ്റി സങ്കടം തോന്നുകയോ ചെയ്തില്ല.”

9 അപ്പോള്‍ ശൗലിന്‍റെ ഭൃത്യന്മാരുടെ കൂട്ടത്തില്‍ നിന്നിരുന്ന എദോമ്യനായ ദോവേഗ് പറഞ്ഞു: “യിശ്ശായിയുടെ പുത്രന്‍ നോബില്‍ അഹീതൂബിന്‍റെ പുത്രനായ അഹീമേലെക്കിന്‍റെ അടുക്കല്‍ വന്നതു ഞാന്‍ കണ്ടു.

10 അഹീമേലെക്ക് അവനുവേണ്ടി സര്‍വേശ്വരനോടു തിരുവിഷ്ടം അപേക്ഷിക്കുകയും അവനു ഭക്ഷണവും ഫെലിസ്ത്യനായ ഗോല്യാത്തിന്‍റെ വാളും കൊടുക്കുകയും ചെയ്തു.”

11 രാജാവ് അഹീതൂബിന്‍റെ പുത്രനായ അഹീമേലെക്ക് പുരോഹിതനെയും അയാളുടെ കുടുംബക്കാരായ എല്ലാവരെയും നോബിലെ സകല പുരോഹിതന്മാരെയും ആളയച്ചുവരുത്തി.

12 ശൗല്‍ പറഞ്ഞു: “അഹീതൂബിന്‍റെ മകനേ, കേള്‍ക്കുക.” അവന്‍ പ്രതിവചിച്ചു: “പ്രഭോ, പറഞ്ഞാലും”

13 ശൗല്‍ ചോദിച്ചു: “നീയും യിശ്ശായിയുടെ പുത്രനും കൂടി എനിക്കെതിരായി ഗൂഢാലോചന നടത്തിയത് എന്ത്? നീ അവന് അപ്പവും വാളും കൊടുക്കുകയും അവനുവേണ്ടി ദൈവഹിതം അന്വേഷിക്കുകയും ചെയ്തില്ലേ? അതുകൊണ്ടല്ലേ അവന്‍ ഇന്ന് എനിക്കെതിരെ എഴുന്നേല്‌ക്കുകയും പതിയിരിക്കുകയും ചെയ്യുന്നത്?”

14 അഹീമേലെക്ക് പറഞ്ഞു: “അങ്ങയുടെ സേവകരില്‍ ദാവീദിനെക്കാള്‍ വിശ്വസ്തനായി മറ്റാരുണ്ട്? അവന്‍ അങ്ങയുടെ മരുമകനും അംഗരക്ഷകപ്രമാണിയും കൊട്ടാരത്തില്‍ ബഹുമാന്യനുമല്ലേ?

15 അവനുവേണ്ടി ദൈവഹിതം ആരായുന്നത് ഇപ്പോള്‍ ആദ്യമല്ലല്ലോ. അങ്ങ് അടിയന്‍റെമേലും കുടുംബത്തിന്‍റെമേലും കുറ്റം ആരോപിക്കരുതേ. അടിയന്‍ ഇതൊന്നും അറിഞ്ഞിരുന്നില്ല.”

16 രാജാവു പറഞ്ഞു: “അഹീമേലെക്കേ! നീ തീര്‍ച്ചയായും മരിക്കണം; നീ മാത്രമല്ല നിന്‍റെ കുടുംബാംഗങ്ങളും.”

17 രാജാവ് അടുത്തുനിന്ന അംഗരക്ഷകരോടു പറഞ്ഞു: “സര്‍വേശ്വരന്‍റെ പുരോഹിതന്മാരായ ഇവരെ കൊന്നുകളയുവിന്‍. ഇവര്‍ ദാവീദിന്‍റെ വശത്തു ചേര്‍ന്നിരിക്കുന്നു; അവന്‍ ഒളിച്ചോടിയ വിവരം അറിഞ്ഞിട്ടും ഇവര്‍ എന്നെ അറിയിച്ചില്ല.” എന്നാല്‍ രാജഭൃത്യന്മാര്‍ സര്‍വേശ്വരന്‍റെ പുരോഹിതന്മാരെ കൊല്ലാന്‍ സന്നദ്ധരായില്ല.

18 അപ്പോള്‍ രാജാവ് ദോവേഗിനോട് ആ പുരോഹിതന്മാരെ കൊല്ലാന്‍ കല്പിച്ചു. എദോമ്യനായ ദോവേഗ് അവരെ കൊന്നു. ലിനന്‍കൊണ്ടുള്ള ഏഫോദു ധരിച്ചിരുന്ന എണ്‍പത്തഞ്ചു പുരോഹിതന്മാരെ അവന്‍ അന്നു വധിച്ചു.

19 പുരോഹിതന്മാരുടെ നഗരമായ നോബ്, ദോവേഗ് നശിപ്പിച്ചു. അവിടെ ഉണ്ടായിരുന്ന സ്‍ത്രീപുരുഷന്മാര്‍, കുഞ്ഞുകുട്ടികള്‍, കഴുതകള്‍, ആടുമാടുകള്‍ എന്നിങ്ങനെ സര്‍വവും അവന്‍ വാളിനിരയാക്കി.

20 എന്നാല്‍ അഹീതൂബിന്‍റെ പൗത്രനും അഹീമേലെക്കിന്‍റെ പുത്രനുമായ അബ്യാഥാര്‍ രക്ഷപെട്ട് ഓടി ദാവീദിന്‍റെ അടുക്കല്‍ എത്തി.

21 ശൗല്‍ സര്‍വേശ്വരന്‍റെ പുരോഹിതന്മാരെ വധിച്ച വിവരം അവന്‍ ദാവീദിനെ അറിയിച്ചു.

22 ദാവീദ് അബ്യാഥാരിനോടു പറഞ്ഞു: “എദോമ്യനായ ദോവേഗ് അവിടെ ഉണ്ടായിരുന്നതുകൊണ്ടു ശൗലിനെ വിവരമറിയിക്കും എന്ന് അന്നുതന്നെ എനിക്കറിയാമായിരുന്നു; നിന്‍റെ കുടുംബാംഗങ്ങളുടെ എല്ലാം മരണത്തിനു കാരണക്കാരന്‍ ഞാന്‍തന്നെയാണ്.

23 നീ ഭയപ്പെടേണ്ടാ, എന്‍റെ കൂടെ പാര്‍ക്കുക. എന്നെ കൊല്ലാന്‍ ശ്രമിക്കുന്നവനാണു നിന്നെയും കൊല്ലാന്‍ നോക്കുന്നത്. നീ എന്‍റെ അടുക്കല്‍ സുരക്ഷിതനായിരിക്കും.”

23

1

ഫെലിസ്ത്യര്‍ കെയീലാ പട്ടണം ആക്രമിക്കുന്നു എന്നും മെതിക്കളങ്ങള്‍ കവര്‍ച്ച ചെയ്യുന്നു എന്നും ദാവീദ് അറിഞ്ഞു.

2 അതിനാല്‍ ദാവീദ് സര്‍വേശ്വരനോടു ചോദിച്ചു: “ഞാന്‍ പോയി ഈ ഫെലിസ്ത്യരെ ആക്രമിക്കട്ടെയോ?” “നീ പോയി ഫെലിസ്ത്യരെ ആക്രമിച്ചു കെയീലായെ രക്ഷിക്കുക” അവിടുന്നു മറുപടി നല്‌കി.

3 എന്നാല്‍ ദാവീദിന്‍റെ കൂടെയുള്ളവര്‍ പറഞ്ഞു: “നാം ഇവിടെ യെഹൂദ്യയില്‍പ്പോലും ഭയപ്പെട്ടാണു കഴിയുന്നത്; പിന്നെ കെയീലായില്‍ പോയി ഫെലിസ്ത്യരെ എങ്ങനെ നേരിടും?”

4 ദാവീദ് വീണ്ടും സര്‍വേശ്വരനോട് അനുവാദം ചോദിച്ചു. അവിടുന്ന് അരുളിച്ചെയ്തു: “കെയീലായിലേക്കു പോകുക; ഞാന്‍ ഫെലിസ്ത്യരെ നിന്‍റെ കൈയില്‍ ഏല്പിക്കും.”

5 ദാവീദും കൂട്ടരും അവിടെ ചെന്നു ഫെലിസ്ത്യരുമായി ഏറ്റുമുട്ടി; അവരുടെ ആടുമാടുകളെ പിടിച്ചുകൊണ്ടുപോന്നു. അവരില്‍ അനവധി ആളുകളെ വധിച്ചു; അങ്ങനെ കെയീലാനിവാസികളെ ദാവീദു രക്ഷിച്ചു.

6

അഹീമേലെക്കിന്‍റെ പുത്രന്‍ അബ്യാഥാര്‍ രക്ഷപെട്ട് കെയീലായില്‍ ദാവീദിന്‍റെ അടുക്കല്‍ എത്തിയപ്പോള്‍ അവന്‍റെ കൈയില്‍ ഒരു ഏഫോദ് ഉണ്ടായിരുന്നു.

7 ദാവീദ് കെയീലായില്‍ എത്തിയ വിവരമറിഞ്ഞ് ശൗല്‍ പറഞ്ഞു: “ദൈവം അവനെ എന്‍റെ കൈയില്‍ ഏല്പിച്ചിരിക്കുന്നു; വാതിലുകളും ഓടാമ്പലുകളും ഉള്ള പട്ടണത്തില്‍ പ്രവേശിച്ചിരിക്കുന്നതുകൊണ്ട് അവന്‍ സ്വയം കുടുങ്ങിയിരിക്കുകയാണ്.

8 കെയീലായില്‍ പോയി ദാവീദിനെയും കൂട്ടരെയും ആക്രമിക്കാന്‍ ശൗല്‍ തന്‍റെ ജനത്തെ വിളിച്ചുകൂട്ടി.

9 ശൗല്‍ തന്നെ ആക്രമിക്കാന്‍ ആലോചിക്കുന്നു എന്നു ദാവീദ് അറിഞ്ഞപ്പോള്‍: “ഏഫോദ് ഇവിടെ കൊണ്ടുവരിക” എന്നു പുരോഹിതനായ അബ്യാഥാരോടു പറഞ്ഞു.

10 പിന്നീട് ദാവീദ് പ്രാര്‍ഥിച്ചു: “ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരാ, അവിടുത്തെ ദാസനായ ഞാന്‍ നിമിത്തം ശൗല്‍ കെയീലാ നഗരം ആക്രമിച്ചുനശിപ്പിക്കാന്‍ പോകുന്നു എന്നു കേള്‍ക്കുന്നു.

11 കെയീലാനിവാസികള്‍ എന്നെ ശൗലിന്‍റെ കൈയില്‍ ഏല്പിച്ചുകൊടുക്കുമോ? അവിടുത്തെ ദാസന്‍ കേട്ടതുപോലെ ശൗല്‍ വരുമോ? ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരാ, അങ്ങയുടെ ദാസന് ഉത്തരമരുളേണമേ” എന്നു പറഞ്ഞു. “അവന്‍ വരും” അവിടുന്ന് അരുളിച്ചെയ്തു.

12 “എന്നെയും എന്‍റെ കൂടെയുള്ളവരെയും കെയീലാനിവാസികള്‍ അദ്ദേഹത്തിന്‍റെ കൈയില്‍ ഏല്പിച്ചുകൊടുക്കുമോ” എന്നു ദാവീദു ചോദിച്ചു. “അവര്‍ നിന്നെ ഏല്പിച്ചുകൊടുക്കും” എന്നു സര്‍വേശ്വരന്‍ മറുപടി നല്‌കി.

13 ഉടന്‍തന്നെ ദാവീദും അവന്‍റെ കൂടെയുള്ള അറുനൂറു പേരും അവിടെനിന്നു പുറത്തു കടന്ന് എങ്ങോട്ടെന്നില്ലാതെ യാത്ര ചെയ്തു. കെയീലാ പട്ടണത്തില്‍നിന്നു ദാവീദ് രക്ഷപെട്ടു എന്ന് അറിഞ്ഞപ്പോള്‍ ശൗല്‍ തന്‍റെ യാത്ര നിര്‍ത്തിവച്ചു.

14

ദാവീദ് സീഫ് മരുഭൂമിയിലെ കുന്നുകളിലും ഒളിസങ്കേതങ്ങളിലും പാര്‍ത്തു. അദ്ദേഹത്തെ കണ്ടുപിടിക്കാന്‍ ശൗല്‍ തുടരെ ശ്രമിച്ചുകൊണ്ടിരുന്നു. എന്നാല്‍ സര്‍വേശ്വരന്‍ ദാവീദിനെ അദ്ദേഹത്തിന്‍റെ കൈയില്‍ ഏല്പിച്ചുകൊടുത്തില്ല;

15 തന്നെ കൊല്ലാന്‍ ശൗല്‍ അന്വേഷിച്ചു നടക്കുന്ന വിവരം ദാവീദ് അറിഞ്ഞു. അന്നു ദാവീദ് സീഫ്മരുഭൂമിയിലെ ഹോരേശിലായിരുന്നു.

16 ശൗലിന്‍റെ പുത്രനായ യോനാഥാന്‍ അവിടെയെത്തി ദാവീദിനെ ദൈവത്തില്‍ ധൈര്യപ്പെടുത്തി;

17 അവന്‍ പറഞ്ഞു: “ഭയപ്പെടേണ്ടാ, എന്‍റെ പിതാവായ ശൗലിന് നിന്നെ പിടികൂടാന്‍ കഴിയുകയില്ല; നീ ഇസ്രായേലിന്‍റെ രാജാവാകും. ഞാന്‍ രണ്ടാമനായിരിക്കും. ഇത് എന്‍റെ പിതാവിനറിയാം.”

18 അവര്‍ ഇരുവരും സര്‍വേശ്വരന്‍റെ സന്നിധിയില്‍ ഉടമ്പടി ചെയ്തു. ദാവീദ് ഹോരേശില്‍ പാര്‍ത്തു; യോനാഥാന്‍ വീട്ടിലേക്കു മടങ്ങിപ്പോയി.

19 സീഫിലെ ആളുകള്‍ ഗിബെയായില്‍ ശൗലിനെ സമീപിച്ചു പറഞ്ഞു: “മരുഭൂമിക്കു തെക്ക് ഞങ്ങള്‍ക്കു സമീപം ഹഖീലാപര്‍വതത്തിലെ ഹോരേശിലെ ദുര്‍ഗങ്ങളില്‍ ദാവീദ് ഒളിച്ചുപാര്‍ക്കുന്നു;

20 രാജാവേ, അങ്ങേക്ക് ഇഷ്ടമുള്ളപ്പോള്‍ വന്നാലും; അവനെ അങ്ങയുടെ കൈയില്‍ ഞങ്ങള്‍ ഏല്പിച്ചുതരാം.”

21 ശൗല്‍ പറഞ്ഞു: “നിങ്ങള്‍ക്ക് എന്നോടു കരുണതോന്നിയല്ലോ! സര്‍വേശ്വരന്‍ നിങ്ങളെ അനുഗ്രഹിക്കട്ടെ;

22 നിങ്ങള്‍ പോയി ഒന്നുകൂടി സൂക്ഷ്മമായി തിരക്കുവിന്‍; അവന്‍ ഒളിച്ചിരിക്കുന്നതു എവിടെയാണെന്നും ആരെല്ലാം അവനെ കണ്ടിട്ടുണ്ടെന്നും മനസ്സിലാക്കണം; അവന്‍ വലിയ സൂത്രശാലിയാണെന്നു ഞാന്‍ കേട്ടിട്ടുണ്ട്.

23 അവന്‍റെ ഒളിവിടങ്ങള്‍ സൂക്ഷ്മമായി മനസ്സിലാക്കിയശേഷം എന്നെ വിവരം അറിയിക്കുവിന്‍; അപ്പോള്‍ ഞാന്‍ നിങ്ങളുടെ കൂടെ വരാം; അവന്‍ യെഹൂദ്യദേശത്ത് എവിടെയെങ്കിലും ഉണ്ടെങ്കില്‍ അവിടത്തെ ജനസഹസ്രങ്ങളില്‍നിന്നു ഞാന്‍ അവനെ അന്വേഷിച്ചു കണ്ടുപിടിക്കും.”

24 ശൗല്‍ പുറപ്പെടുന്നതിനു മുമ്പേ അവര്‍ സീഫിലേക്കു മടങ്ങി. എന്നാല്‍ ദാവീദും കൂടെയുള്ളവരും യെഹൂദ്യമരുഭൂമിക്കു തെക്കുള്ള അരാബായിലെ മാവോന്‍ മരുഭൂമിയിലായിരുന്നു.

25 ശൗലും ഭ്യത്യന്മാരും ദാവീദിനെ അന്വേഷിച്ചു പുറപ്പെട്ടു; ഈ വിവരമറിഞ്ഞ് ദാവീദ് മാവോന്‍ മരുഭൂമിയിലുള്ള പാറക്കെട്ടില്‍ ചെന്നു പാര്‍ത്തു. ശൗല്‍ അതു കേട്ടു ദാവീദിനെ പിന്തുടര്‍ന്നു.

26 ശൗലും ഭൃത്യന്മാരും മലയുടെ ഒരു വശത്തുകൂടെയും ദാവീദും കൂടെയുള്ളവരും മറുവശത്തുകൂടെയും നീങ്ങി. ശൗലില്‍നിന്നു രക്ഷപെടാന്‍ അവര്‍ ബദ്ധപ്പെടുകയായിരുന്നു. അവരെ വളഞ്ഞുപിടിക്കാന്‍ ശൗലും ഭൃത്യന്മാരും അടുത്തുകൊണ്ടിരുന്നു.

27 അപ്പോള്‍ ഒരു ദൂതന്‍ ഓടിവന്നു ശൗലിനോടു പറഞ്ഞു: “വേഗം മടങ്ങിവരിക; ഫെലിസ്ത്യര്‍ നമ്മുടെ ദേശം ആക്രമിക്കുന്നു.”

28 ഇതറിഞ്ഞു ദാവീദിനെ പിന്തുടരുന്നതു മതിയാക്കി ശൗല്‍ ഫെലിസ്ത്യരെ നേരിടാന്‍ പുറപ്പെട്ടു. അതുകൊണ്ട് ആ സ്ഥലത്തിനു രക്ഷപെടലിന്‍റെ പാറ എന്നു പേരുണ്ടായി.

29 ദാവീദ് അവിടെനിന്ന് എന്‍-ഗെദിയിലെ ദുര്‍ഗങ്ങളില്‍ ചെന്നു പാര്‍ത്തു.

24

1

ഫെലിസ്ത്യരെ ഓടിച്ചുകളഞ്ഞതിനുശേഷം മടങ്ങി വന്നപ്പോള്‍ ദാവീദ് എന്‍-ഗെദി മരുഭൂമിയിലുണ്ടെന്നു ശൗലിന് അറിവുകിട്ടി.

2 ഉടന്‍തന്നെ ഇസ്രായേല്യരില്‍നിന്നു തിരഞ്ഞെടുത്ത മൂവായിരം പേരെ കൂട്ടിക്കൊണ്ടു ദാവീദിനെയും അനുയായികളെയും അന്വേഷിക്കാന്‍ ശൗല്‍ കാട്ടാടിന്‍ പാറകളിലേക്കു പോയി.

3 വഴിയരികില്‍ ആടുകളെ സൂക്ഷിക്കുന്ന ആലകളുടെ അടുത്ത് അദ്ദേഹം എത്തി; അവിടെയുള്ള ഒരു ഗുഹയില്‍ വിസര്‍ജനത്തിനു പ്രവേശിച്ചു. ആ ഗുഹയില്‍തന്നെയാണ് ദാവീദും അനുയായികളും ഒളിച്ചുപാര്‍ത്തിരുന്നത്.

4 അനുയായികള്‍ ദാവീദിനോടു പറഞ്ഞു: “ഞാന്‍ നിന്‍റെ ശത്രുവിനെ നിന്‍റെ കൈയില്‍ ഏല്പിക്കും; നിന്‍റെ ഇഷ്ടംപോലെ അവനോടു പ്രവര്‍ത്തിക്കാം എന്നു സര്‍വേശ്വരന്‍ അങ്ങയോടു പറഞ്ഞിരുന്നല്ലോ. അതിനുള്ള അവസരം ഇതാ വന്നിരിക്കുന്നു.” അപ്പോള്‍ ദാവീദ് എഴുന്നേറ്റ് ശൗലിന്‍റെ മേലങ്കിയുടെ ഒരു ഭാഗം അദ്ദേഹം അറിയാതെ മുറിച്ചെടുത്തു.

5 അതിനെക്കുറിച്ച് ദാവീദ് പിന്നീടു ദുഃഖിച്ചു.

6 ദാവീദ് അനുയായികളോടു പറഞ്ഞു: “എന്‍റെ യജമാനനെതിരായി ഒരു ദോഷവും പ്രവര്‍ത്തിക്കാന്‍ എനിക്ക് ഇടയാകരുതേ; അദ്ദേഹം സര്‍വേശ്വരന്‍റെ അഭിഷിക്തനാണല്ലോ.”

7 ഈ വാക്കുകള്‍കൊണ്ട് ദാവീദ് തന്‍റെ അനുയായികളെ നിയന്ത്രിച്ചുനിര്‍ത്തി; ശൗലിനെ ആക്രമിക്കാന്‍ അവരെ അനുവദിച്ചില്ല. ശൗല്‍ ഗുഹയില്‍നിന്ന് ഇറങ്ങി അവിടംവിട്ടു തന്‍റെ വഴിക്കു പോയി.

8 ദാവീദ് ഗുഹയില്‍നിന്നു പുറത്തുവന്ന്: “എന്‍റെ യജമാനനായ രാജാവേ” എന്നു വിളിച്ചു;

9 രാജാവു തിരിഞ്ഞു നോക്കിയപ്പോള്‍ ദാവീദു സാഷ്ടാംഗം വീണു പറഞ്ഞു: “ഞാന്‍ അങ്ങയുടെ ശത്രുവാണെന്നു പറയുന്നവരുടെ വാക്കുകള്‍ അങ്ങു വിശ്വസിക്കുന്നതെന്ത്?

10 ഇന്ന് ഈ ഗുഹയില്‍ സര്‍വേശ്വരന്‍ അങ്ങയെ എന്‍റെ കൈയില്‍ ഏല്പിച്ചു എന്ന് അങ്ങു കണ്ടല്ലോ. ചിലര്‍ അങ്ങയെ കൊല്ലാന്‍ എന്നോടു പറഞ്ഞു. എന്നാല്‍ ഞാനതു ചെയ്തില്ല; ഞാനവരോടു പറഞ്ഞു: ‘എന്‍റെ യജമാനനെതിരായി ഞാന്‍ കൈയുയര്‍ത്തുകയില്ല. അങ്ങു സര്‍വേശ്വരന്‍റെ അഭിഷിക്തനാണ്;’

11 എന്‍റെ പിതാവേ! അങ്ങയുടെ മേലങ്കിയുടെ ഒരു കഷണം ഇതാ എന്‍റെ കൈയില്‍. അതു മുറിച്ചെടുക്കുകയും അങ്ങയെ കൊല്ലാതിരിക്കുകയും ചെയ്തതിനാല്‍ ഞാന്‍ അങ്ങേക്കെതിരെ മത്സരിക്കുകയോ അങ്ങയെ ഏതെങ്കിലും തരത്തില്‍ ഉപദ്രവിക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നില്ലെന്നു മനസ്സിലാക്കിയാലും. ഞാന്‍ അങ്ങേക്കെതിരേ ഒരു തിന്മയും പ്രവര്‍ത്തിച്ചിട്ടില്ല; എങ്കിലും അങ്ങ് എന്നെ കൊല്ലാന്‍ സന്ദര്‍ഭം തിരക്കി നടക്കുന്നു;

12 നമ്മില്‍ ആരാണ് തെറ്റുകാരന്‍ എന്നു സര്‍വേശ്വരന്‍ തന്നെ വിധിക്കട്ടെ. എനിക്കുവേണ്ടി അവിടുന്ന് അങ്ങയോടു പ്രതികാരം ചെയ്യട്ടെ. എന്‍റെ കൈ അങ്ങേക്കെതിരായി പൊങ്ങുകയില്ല;

13 ദുഷ്ടത ദുഷ്ടനില്‍നിന്നു വരുന്നു എന്നൊരു പഴഞ്ചൊല്ലുണ്ടല്ലോ. എന്‍റെ കൈ അങ്ങേക്ക് എതിരായിരിക്കുകയില്ല;

14 ആരെ തേടിയാണ് ഇസ്രായേല്‍രാജാവ് പുറപ്പെട്ടിരിക്കുന്നത്? ആരെയാണ് അങ്ങ് പിന്തുടരുന്നത്? ഒരു ചത്ത പട്ടിയെയോ? ഒരു ചെള്ളിനെയോ?

15 സര്‍വേശ്വരന്‍ നമ്മെ ന്യായം വിധിക്കട്ടെ; അവിടുന്നു ഇക്കാര്യം പരിശോധിച്ചശേഷം എനിക്കുവേണ്ടി വ്യവഹരിച്ച് എന്നെ അങ്ങയില്‍നിന്നു രക്ഷിക്കട്ടെ.”

16 ദാവീദു പറഞ്ഞു തീര്‍ന്നപ്പോള്‍: “എന്‍റെ മകനേ, ദാവീദേ, ഇതു നിന്‍റെ ശബ്ദം തന്നെയോ” എന്നു ചോദിച്ചുകൊണ്ട് ശൗല്‍ പൊട്ടിക്കരഞ്ഞു;

17 ശൗല്‍ ദാവീദിനോടു വീണ്ടും പറഞ്ഞു: “നീ എന്നെക്കാള്‍ നീതിമാനാണ്. നിനക്കെതിരെ ഞാന്‍ തിന്മ പ്രവര്‍ത്തിച്ചു; നീയാകട്ടെ എന്നോടു നന്മയാണു പ്രവര്‍ത്തിച്ചത്.

18 സര്‍വേശ്വരന്‍ എന്നെ നിന്‍റെ കൈയില്‍ ഏല്പിച്ചിട്ടും നീ എന്നെ കൊല്ലാതെ എന്നോട് എത്ര നന്നായിട്ടാണു പെരുമാറിയതെന്ന് ഇന്നു നീ കാണിച്ചു തന്നു.

19 ശത്രുവിനെ കൈയില്‍ കിട്ടിയാല്‍ ആരെങ്കിലും വെറുതെ വിടുമോ? ഇന്നു നീ എന്നോടു ചെയ്തതിനു സര്‍വേശ്വരന്‍ നിനക്കു നന്മ നല്‌കട്ടെ.

20 നീ തീര്‍ച്ചയായും രാജാവാകും. ഇസ്രായേലിന്‍റെ രാജത്വം നിന്നില്‍ സ്ഥിരപ്പെടും എന്ന് എനിക്കറിയാം;

21 അതുകൊണ്ട് എന്‍റെ മരണശേഷം എന്‍റെ സന്താനങ്ങളെ നിര്‍മ്മൂലമാക്കുകയില്ലെന്നും എന്‍റെ നാമം എന്‍റെ കുടുംബത്തില്‍നിന്നു നീക്കം ചെയ്യുകയില്ലെന്നും സര്‍വേശ്വരന്‍റെ നാമത്തില്‍ നീ എന്നോടു ശപഥം ചെയ്യണം.”

22 അതുപോലെ ദാവീദ് ശൗലിനോടു ശപഥം ചെയ്തു; ശൗല്‍ കൊട്ടാരത്തിലേക്കു മടങ്ങി. ദാവീദും അനുയായികളും അവരുടെ ദുര്‍ഗങ്ങളിലേക്കും തിരിച്ചുപോയി.

25

1

ശമൂവേല്‍ മരിച്ചു; ഇസ്രായേല്യര്‍ ഒരുമിച്ചുകൂടി അദ്ദേഹത്തെ ഓര്‍ത്തു വിലപിച്ചു. രാമായില്‍ അദ്ദേഹത്തിന്‍റെ ഭവനത്തില്‍ ശമൂവേലിനെ സംസ്കരിച്ചു.

2

ദാവീദ് പാരാന്‍മരുഭൂമിയിലേക്കു പോയി. മാവോന്‍ പട്ടണക്കാരനായ ഒരാള്‍ കര്‍മ്മേലില്‍ വ്യാപാരം ചെയ്തിരുന്നു; മഹാധനികനായ അയാള്‍ക്കു മൂവായിരം ചെമ്മരിയാടുകളും ആയിരം കോലാടുകളും ഉണ്ടായിരുന്നു. കര്‍മ്മേലില്‍ വച്ചാണ് ആടുകളുടെ രോമം കത്രിച്ചിരുന്നത്.

3 കാലേബ്‍വംശജനായ അയാളുടെ പേര് നാബാല്‍ എന്നായിരുന്നു. അയാളുടെ ഭാര്യ അബീഗയില്‍ സുന്ദരിയും വിവേകമതിയും ആയിരുന്നു. നാബാലാകട്ടെ നിഷ്ഠുരനും ദുഷ്കര്‍മിയും.

4 നാബാല്‍ ആടുകളുടെ രോമം കത്രിക്കുന്നു എന്നു മരുഭൂമിയില്‍വച്ചു ദാവീദു കേട്ടു.

5 കര്‍മ്മേലില്‍ ചെന്ന് തന്‍റെ പേരില്‍ നാബാലിനെ അഭിവാദനം ചെയ്യാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് ദാവീദു പത്തു യുവാക്കന്മാരെ കര്‍മ്മേലിലേക്ക് അയച്ചു.

6 ദാവീദ് അവരോടു പറഞ്ഞിരുന്നു. “നിങ്ങള്‍ ഇപ്രകാരം പറയണം, അങ്ങയുടെ ഭവനത്തിനും അങ്ങേക്കുള്ള സകലത്തിനും നന്മയുണ്ടാകട്ടെ.

7 അങ്ങ് ആടുകളുടെ രോമം കത്രിക്കുന്ന വിവരം ഞാന്‍ അറിഞ്ഞു. അങ്ങയുടെ ഇടയന്മാര്‍ കര്‍മ്മേലില്‍ ആയിരുന്ന സമയത്തെല്ലാം അവര്‍ ഞങ്ങളുടെ കൂടെ ആയിരുന്നു. ഞങ്ങള്‍ അവരെ ഉപദ്രവിച്ചിരുന്നില്ല; അവര്‍ക്കുള്ളതൊന്നും നഷ്ടപ്പെട്ടതും ഇല്ല.

8 അങ്ങയുടെ ഭൃത്യന്മാരോടു ചോദിച്ചാല്‍ അവര്‍ അതു പറയും; അതുകൊണ്ട് എന്‍റെ ഭൃത്യന്മാരോടു ദയ കാണിക്കണം. ഒരു വിശേഷദിവസമാണ് ഞങ്ങള്‍ അങ്ങയുടെ അടുക്കല്‍ വന്നിരിക്കുന്നത്. അങ്ങയുടെ ഈ ദാസന്മാര്‍ക്കും അങ്ങയുടെ പുത്രനായ ദാവീദിനും കഴിവുള്ളതു തന്നാലും.”

9 ദാവീദിന്‍റെ സന്ദേശം ഭൃത്യന്മാര്‍ ചെന്നു നാബാലിനെ അറിയിച്ചശേഷം അവിടെ കാത്തുനിന്നു.

10 നാബാല്‍ അവരോടു ചോദിച്ചു: “ആരാണീ ദാവീദ്? യിശ്ശായിയുടെ പുത്രന്‍ ആരാണ്? യജമാനന്മാരുടെ അടുക്കല്‍നിന്നു തെറ്റിപ്പിരിഞ്ഞു പോകുന്ന ഭൃത്യന്മാര്‍ ഇക്കാലത്തു ധാരാളമുണ്ട്.

11 രോമം കത്രിക്കുന്നവര്‍ക്കുവേണ്ടി ഒരുക്കിവച്ചിരിക്കുന്ന അപ്പവും വെള്ളവും മാംസവും എവിടെയോനിന്നു വന്നവര്‍ക്കു ഞാന്‍ കൊടുക്കണമെന്നോ?”

12 ദാവീദിന്‍റെ ഭൃത്യന്മാര്‍ തിരിച്ചുചെന്നു വിവരമെല്ലാം ദാവീദിനെ അറിയിച്ചു.

13 ദാവീദു പറഞ്ഞു: “എല്ലാവരും വാള്‍ അരയ്‍ക്കുകെട്ടി ഒരുങ്ങിക്കൊള്‍വിന്‍.” അവര്‍ അപ്രകാരം ചെയ്തു. ദാവീദും വാള്‍ ധരിച്ചു; നാനൂറോളം അനുയായികളോടൊത്തു ദാവീദ് പുറപ്പെട്ടു; ഇരുനൂറു പേര്‍ സാധനങ്ങള്‍ സൂക്ഷിക്കാന്‍ അവിടെത്തന്നെ നിന്നു.

14 നാബാലിന്‍റെ ഭാര്യയായ അബീഗയിലിനോടു ഭൃത്യന്മാരിലൊരാള്‍ പറഞ്ഞു: “നാബാലിനെ അഭിവാദനം ചെയ്യുന്നതിനു ദാവീദ് ദൂതന്മാരെ മരുഭൂമിയില്‍നിന്ന് അയച്ചു. നാബാല്‍ അവരോടു പരുഷമായി സംസാരിച്ചു;

15 അവര്‍ നമുക്കു വളരെ ഉപകാരം ചെയ്തിട്ടുണ്ട്; ഞങ്ങള്‍ വയലില്‍ അവരുടെ കൂടെ പാര്‍ത്തിരുന്നപ്പോള്‍ അവര്‍ ഒരിക്കലും ഞങ്ങളെ ഉപദ്രവിച്ചിരുന്നില്ല; ഞങ്ങള്‍ക്കുള്ളതൊന്നും നഷ്ടപ്പെട്ടതുമില്ല.

16 ആടുകളെ മേയിച്ചുകൊണ്ട് അവരുടെ കൂടെ പാര്‍ത്തിരുന്നപ്പോള്‍ രാവും പകലും എല്ലാം അവര്‍ ഞങ്ങള്‍ക്ക് ഒരു കോട്ടയായിരുന്നു;

17 അതിനാല്‍ എന്താണു ചെയ്യേണ്ടതെന്ന് ആലോചിച്ചു തീരുമാനിക്കുക. ഇത് തീര്‍ച്ചയായും യജമാനനും കുടുംബത്തിനും അനര്‍ഥം വരുത്തിവയ്‍ക്കും. യജമാനനാണെങ്കില്‍ ആരു പറഞ്ഞാലും കേള്‍ക്കാത്ത ദുസ്വഭാവക്കാരനാണ്.”

18 അബീഗയില്‍ ഉടന്‍തന്നെ ഇരുനൂറ് അപ്പവും രണ്ടു തോല്‍ക്കുടം വീഞ്ഞും അഞ്ച് ആടുകളെ പാകം ചെയ്തതും അഞ്ചു പറ മലരും നൂറ് ഉണക്കമുന്തിരിക്കുലയും അത്തിപ്പഴം കൊണ്ടുള്ള ഇരുനൂറ് അടയും എടുത്തു കഴുതപ്പുറത്തു കയറ്റി, ഭൃത്യന്മാരോടു പറഞ്ഞു:

19 “നിങ്ങള്‍ മുമ്പേ പോകുക; ഞാന്‍ ഇതാ വരുന്നു.” എന്നാല്‍ ഭര്‍ത്താവിനോട് അബീഗയില്‍ ഇതൊന്നും പറഞ്ഞില്ല.

20 അവള്‍ കഴുതപ്പുറത്തു മലയുടെ മറവിലൂടെ ഇറങ്ങിച്ചെല്ലുമ്പോള്‍ ദാവീദും അനുയായികളും എതിരെ വരുന്നതു കണ്ടു.

21 ദാവീദു വിചാരിച്ചു: “മരുഭൂമിയില്‍ ഇവനുള്ളതൊക്കെ ഞാന്‍ കാത്തുസൂക്ഷിച്ചതു വെറുതേ ആയിരുന്നല്ലോ; അവയിലൊന്നും നഷ്ടപ്പെട്ടില്ല. എന്നിട്ടും അയാള്‍ നന്മയ്‍ക്കു പകരം എന്നോടു തിന്മ പ്രവര്‍ത്തിച്ചു;

22 നാളെ നേരം വെളുക്കുമ്പോഴേക്ക് അയാളുടെ പുരുഷപ്രജയില്‍ ഒരുവനെങ്കിലും അവശേഷിച്ചാല്‍ ദൈവം എന്‍റെ ജീവന്‍ എടുത്തുകൊള്ളട്ടെ.”

23 അബീഗയില്‍ ദാവീദിനെ കണ്ട് തിടുക്കത്തില്‍ കഴുതപ്പുറത്തു നിന്നിറങ്ങി; ദാവീദിന്‍റെ മുമ്പില്‍ സാഷ്ടാംഗം നമസ്കരിച്ചു.

24 ദാവീദിന്‍റെ കാല്‌ക്കല്‍ വീണ് അവള്‍ പറഞ്ഞു: “പ്രഭോ, കുറ്റം എന്‍റെമേല്‍ തന്നെ ഇരിക്കട്ടെ; അങ്ങയുടെ ഈ ദാസിയെ സംസാരിക്കാന്‍ അനുവദിച്ചാലും. ഈ ദാസിയുടെ വാക്കു കേള്‍ക്കണമേ.

25 ദുസ്വഭാവിയായ നാബാലിനെ അങ്ങു ഗണ്യമാക്കരുതേ. നാബാല്‍ എന്നല്ലേ പേര്; പേരുപോലെയാണ് അയാളുടെ സ്വഭാവവും. ഭോഷത്തമായി മാത്രമേ അയാള്‍ പ്രവര്‍ത്തിക്കുകയുള്ളൂ; യജമാനന്‍ അയച്ച ഭൃത്യന്മാരെ അങ്ങയുടെ ദാസി കണ്ടില്ല.

26 രക്തച്ചൊരിച്ചിലിനും പ്രതികാരത്തിനും ഇടവരുത്താതെ അങ്ങയെ തടഞ്ഞത് സര്‍വേശ്വരനാണ്. അങ്ങയുടെ നാമത്തിലും ജീവിക്കുന്ന സര്‍വേശ്വരന്‍റെ നാമത്തിലും ഞാന്‍ സത്യം ചെയ്തു പറയുന്നു: അങ്ങയുടെ ശത്രുക്കളും അങ്ങയെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നവരും നാബാലിനെപ്പോലെ ആകട്ടെ;

27 പ്രഭോ, അങ്ങയുടെ ദാസി കൊണ്ടുവന്നിരിക്കുന്ന ഈ കാഴ്ച സ്വീകരിച്ച് അങ്ങയുടെ അനുചരരായ യുവാക്കള്‍ക്കു നല്‌കിയാലും.

28 ഈ ദാസിയുടെ അപരാധം ക്ഷമിച്ചാലും; സര്‍വേശ്വരന്‍ നിശ്ചയമായും അങ്ങേക്ക് ഒരു ശാശ്വതഭവനം പണിയും. സര്‍വേശ്വരനു വേണ്ടിയാണല്ലോ അങ്ങു യുദ്ധം ചെയ്യുന്നത്. ജീവിതകാലത്ത് ഒരിക്കലും അങ്ങയില്‍ ഒരു തിന്മയും കാണുകയില്ല.

29 ആരെങ്കിലും അങ്ങയെ പിന്തുടര്‍ന്നു കൊല്ലാന്‍ ശ്രമിച്ചാല്‍ നിധി എന്നപോലെ ദൈവമായ സര്‍വേശ്വരന്‍ അങ്ങയുടെ പ്രാണന്‍ കാത്തുകൊള്ളും. എന്നാല്‍ അങ്ങയുടെ ശത്രുക്കളുടെ പ്രാണനെയാകട്ടെ സര്‍വേശ്വരന്‍ കവിണയില്‍ നിന്നെന്നപോലെ എറിഞ്ഞുകളയും.

30 സര്‍വേശ്വരന്‍ അങ്ങയോടു വാഗ്ദാനം ചെയ്തിരുന്ന സകല അനുഗ്രഹങ്ങളും നിറവേറ്റി അങ്ങയെ ഇസ്രായേലിന്‍റെ പ്രഭുവാക്കും.

31 അപ്പോള്‍ കാരണം കൂടാതെ രക്തം ചിന്തിയെന്നോ പ്രതികാരം ചെയ്തു എന്നോ അങ്ങേക്കു മനോവ്യഥയോ മനസ്സാക്ഷിക്കുത്തോ ഉണ്ടാകുകയില്ല; അവിടുന്നു അങ്ങയെ അനുഗ്രഹിക്കുമ്പോള്‍ ഈ ദാസിയെ മറക്കരുതേ.”

32 ദാവീദ് അവളോടു പറഞ്ഞു: “ഇന്നു നിന്നെ എന്‍റെ അടുക്കലേക്കു അയച്ച ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ വാഴ്ത്തപ്പെടട്ടെ.

33 നിന്‍റെ വിവേകം സ്തുത്യര്‍ഹമാണ്. രക്തം ചൊരിയാതെയും സ്വന്തം കൈകൊണ്ട് പ്രതികാരം ചെയ്യാതെയും ഇരിക്കാന്‍ ഇന്ന് എന്നെ തടഞ്ഞ നീ അനുഗൃഹീതയാണ്.

34 നിനക്കു ദോഷം വരുത്താതിരിക്കാന്‍ എന്നെ തടഞ്ഞ ഇസ്രായേലിന്‍റെ സര്‍വേശ്വരന്‍റെ നാമത്തില്‍ ഞാന്‍ പറയുന്നു, നീ തിടുക്കത്തില്‍ എന്നെ എതിരേല്‌ക്കാന്‍ വന്നില്ലായിരുന്നെങ്കില്‍ നേരം പുലരുമ്പോഴേക്ക് നാബാലിന് ഒരു പുരുഷപ്രജപോലും ശേഷിക്കുകയില്ലായിരുന്നു.”

35 അവള്‍ കൊണ്ടുവന്നിരുന്നതു വാങ്ങിയിട്ട് ദാവീദ് പറഞ്ഞു: “സമാധാനത്തോടെ നിന്‍റെ ഭവനത്തിലേക്കു പോകുക; നീ പറഞ്ഞതെല്ലാം ഞാന്‍ കേട്ടു; നിന്‍റെ അപേക്ഷ സ്വീകരിച്ചിരിക്കുന്നു.”

36 അബീഗയില്‍ നാബാലിന്‍റെ അടുക്കല്‍ എത്തിയപ്പോള്‍ അയാള്‍ രാജോചിതമായ ഭോജനം കഴിക്കുന്നതു കണ്ടു; അയാള്‍ അമിതമായി മദ്യപിച്ച് മത്തുപിടിച്ചിരുന്നു; അതിനാല്‍ നേരം വെളുക്കുന്നതുവരെ വിവരമൊന്നും നാബാലിനോട് അവള്‍ പറഞ്ഞില്ല.

37 രാവിലെ ലഹരി വിട്ടുമാറിയപ്പോള്‍ അവള്‍ വിവരമെല്ലാം അയാളോടു പറഞ്ഞു. അതു കേട്ട് അയാള്‍ മരവിച്ച് ഒരു ശിലപോലെ നിര്‍ജീവമായി;

38 പത്തു ദിവസം കഴിഞ്ഞപ്പോള്‍ സര്‍വേശ്വരന്‍ അയാളെ ശിക്ഷിച്ചു; അയാള്‍ മരിച്ചു.

39 നാബാല്‍ മരിച്ചുപോയി എന്നു കേട്ടപ്പോള്‍ ദാവീദു പറഞ്ഞു: “സര്‍വേശ്വരന്‍ വാഴ്ത്തപ്പെട്ടവന്‍; നാബാല്‍ അപമര്യാദയായി പെരുമാറിയതിനു അവിടുന്നു പകരം ചോദിച്ചു. അയാളോടു പകരം വീട്ടാന്‍ ഇടയാക്കാതെ ഈ ദാസനെ അവിടുന്നു രക്ഷിച്ചു. അവന്‍ ചെയ്ത തിന്മയ്‍ക്കു സര്‍വേശ്വരന്‍ അവനെ ശിക്ഷിച്ചു.” അബീഗയിലിനെ ഭാര്യയാക്കാന്‍ തനിക്കുള്ള ആഗ്രഹം അവളെ അറിയിക്കാന്‍ ദാവീദു ദൂതന്മാരെ അയച്ചു;

40 ദൂതന്മാര്‍ കര്‍മ്മേലില്‍ അവളുടെ അടുക്കല്‍ ചെന്നു പറഞ്ഞു: “നിങ്ങളെ തന്‍റെ ഭാര്യ ആക്കാന്‍ ദാവീദ് ആഗ്രഹിക്കുന്നു; നിങ്ങളെ കൂട്ടിക്കൊണ്ടു ചെല്ലാന്‍ ഞങ്ങളെ അയച്ചിരിക്കുകയാണ്.”

41 അവള്‍ നിലംപറ്റെ കുനിഞ്ഞു വന്ദിച്ചശേഷം പറഞ്ഞു: “ഇതാ, നിങ്ങളുടെ ദാസി; എന്‍റെ യജമാനന്‍റെ ദാസന്മാരുടെ പാദങ്ങള്‍ കഴുകേണ്ടവള്‍.”

42 ഉടനെ അബീഗയില്‍ എഴുന്നേറ്റു കഴുതപ്പുറത്തു കയറി; അവള്‍ തന്‍റെ അഞ്ചു പരിചാരികമാരോടൊത്തു ദാവീദിന്‍റെ ഭൃത്യന്മാരുടെകൂടെ പോയി; അങ്ങനെ അബീഗയില്‍ ദാവീദിന്‍റെ ഭാര്യയായിത്തീര്‍ന്നു.

43 ജെസ്രീല്‍ക്കാരി അഹീനോവാമിനെയും ദാവീദ് കൊണ്ടുവന്നു; അങ്ങനെ അവര്‍ ഇരുവരും ദാവീദിന്‍റെ ഭാര്യമാരായി.

44 ശൗലാകട്ടെ ദാവീദിനു ഭാര്യയായി നല്‌കിയിരുന്ന തന്‍റെ മകള്‍ മീഖളിനെ ഗല്ലീമ്യനായ ലയീശിന്‍റെ മകന്‍ ഫല്‍തിക്കു നല്‌കി.

26

1

പിന്നീട് സീഫ്യര്‍ ഗിബെയായില്‍ ശൗലിന്‍റെ അടുക്കല്‍ വന്ന് യെശീമോന്‍റെ കിഴക്കുള്ള ഹഖീലാക്കുന്നില്‍ ദാവീദ് ഒളിച്ചു പാര്‍ക്കുന്നു എന്നു പറഞ്ഞു.

2 ഉടനെ ഇസ്രായേല്യരില്‍നിന്നു തിരഞ്ഞെടുത്ത മൂവായിരം പേരോടൊത്ത് ദാവീദിനെ തിരയാന്‍ ശൗല്‍ സീഫിലെ മരുഭൂമിയിലേക്കു പുറപ്പെട്ടു.

3 അവര്‍ യെശീമോന്‍റെ കിഴക്കുള്ള വഴിക്കു സമീപം ഹഖീലാക്കുന്നില്‍ പാളയമടിച്ചു. ദാവീദ് മരുഭൂമിയില്‍ത്തന്നെ ആയിരുന്നു. ശൗല്‍ തന്നെത്തേടി മരുഭൂമിയില്‍ എത്തിയ വിവരം അയാള്‍ അറിഞ്ഞു.

4 ശൗല്‍ അവിടെ എത്തിയിട്ടുണ്ടെന്നു ചാരന്മാരെ അയച്ചു ദാവീദ് ഉറപ്പു വരുത്തി.

5 പിന്നീട് ശൗല്‍ പാളയമടിച്ചിരുന്ന സ്ഥലത്തു ചെന്നു; ശൗലും അദ്ദേഹത്തിന്‍റെ സൈന്യാധിപന്‍ നേരിന്‍റെ പുത്രനായ അബ്നേരും കിടന്നിരുന്ന സ്ഥലം കണ്ടു. ശൗല്‍ പാളയത്തിനുള്ളില്‍ കിടക്കുകയായിരുന്നു; സൈന്യം ചുറ്റും പാളയമടിച്ചിരുന്നു.

6 ഹിത്യനായ അഹീമേലെക്കിനോടും സെരൂയായുടെ പുത്രനും യോവാബിന്‍റെ സഹോദരനുമായ അബീശായിയോടും ദാവീദ് ചോദിച്ചു: “പാളയത്തിനുള്ളില്‍ ശൗലിന്‍റെ അടുത്തേക്ക് നിങ്ങളില്‍ ആര് എന്‍റെകൂടെ വരും?” “അങ്ങയോടൊപ്പം ഞാന്‍ പോരാം” അബീശായി പറഞ്ഞു.

7 അന്നു രാത്രിയില്‍ ദാവീദും അബീശായിയും കൂടി പാളയത്തില്‍ എത്തി. തന്‍റെ കുന്തം തലയ്‍ക്കല്‍ കുത്തിനിറുത്തിയിട്ട് അതിനടുത്തുതന്നെ ശൗല്‍ കിടക്കുകയായിരുന്നു. അബ്നേരും പടയാളികളും ചുറ്റും കിടന്നിരുന്നു.

8 അബീശായി ദാവീദിനോടു പറഞ്ഞു: “സര്‍വേശ്വരന്‍ അങ്ങയുടെ ശത്രുവിനെ ഇന്ന് അങ്ങയുടെ കൈയില്‍ ഏല്പിച്ചിരിക്കുകയാണ്. ഞാന്‍ കുന്തംകൊണ്ട് ഒറ്റക്കുത്തിന് അയാളെ നിലത്തോടു ചേര്‍ത്തു തറയ്‍ക്കട്ടെ. രണ്ടാമത് ഒന്നുകൂടി വേണ്ടിവരില്ല.”

9 എന്നാല്‍ ദാവീദ് അബീശായിയോടു പറഞ്ഞു: “നീ അദ്ദേഹത്തെ കൊല്ലരുത്. സര്‍വേശ്വരന്‍റെ അഭിഷിക്തനെതിരെ കൈ ഉയര്‍ത്തിയിട്ട് ആര്‍ക്കു കുറ്റമറ്റവനായിരിക്കാന്‍ കഴിയും?

10 നിത്യനായ സര്‍വേശ്വരന്‍റെ നാമത്തില്‍ ഞാന്‍ പറയുന്നു: അവിടുന്നുതന്നെ അദ്ദേഹത്തെ ശിക്ഷിച്ചുകൊള്ളും; അല്ലെങ്കില്‍ മരണസമയം ആകുമ്പോഴോ യുദ്ധത്തില്‍ വച്ചോ അദ്ദേഹം മരിക്കും.

11 സര്‍വേശ്വരന്‍റെ അഭിഷിക്തനെതിരെ കൈ ഉയര്‍ത്താന്‍ ഇടയാകാതെ അവിടുന്ന് എന്നെ തടയട്ടെ. അദ്ദേഹത്തിന്‍റെ തലയ്‍ക്കലുള്ള കുന്തവും ജലപാത്രവും നമുക്ക് എടുത്തുകൊണ്ടുപോകാം.”

12 ദാവീദ് ശൗലിന്‍റെ തലയ്‍ക്കല്‍നിന്നു കുന്തവും ജലപാത്രവും എടുത്തു. പിന്നീട് അവര്‍ സ്ഥലംവിട്ടു. ആരും അതു കണ്ടില്ല, ആരും അറിഞ്ഞില്ല, ആരും ഉണര്‍ന്നതുമില്ല; അവരെല്ലാം നിദ്രയില്‍ ആണ്ടിരുന്നു; സര്‍വേശ്വരന്‍ അവര്‍ക്കു ഗാഢനിദ്ര നല്‌കിയിരുന്നു.

13 ദാവീദ് അപ്പുറത്തു കടന്ന് അങ്ങ് അകലെയുള്ള മലമുകളില്‍ ചെന്നു നിന്നു.

14 ശൗലിന്‍റെ സൈന്യത്തെയും നേരിന്‍റെ മകനായ അബ്നേരിനെയും ദാവീദ് ഉറക്കെ വിളിച്ചു ചോദിച്ചു: “അബ്നേരേ, നീ കേള്‍ക്കുന്നില്ലേ?” അബ്നേര്‍ തിരിച്ചുചോദിച്ചു: “രാജാവിനെ വിളിച്ചു ശല്യപ്പെടുത്തുന്നതു ആരാണ്?”

15 ദാവീദ് പ്രതിവചിച്ചു: “നീ ഒരു പുരുഷന്‍ അല്ലേ? ഇസ്രായേലില്‍ നിന്നെപ്പോലെ മറ്റൊരാളുണ്ടോ? നീ നിന്‍റെ യജമാനനായ രാജാവിനെ കാത്തുസൂക്ഷിക്കാതിരുന്നത് എന്ത്? അദ്ദേഹത്തെ അപായപ്പെടുത്താന്‍ ജനത്തില്‍ ഒരാള്‍ അവിടെ വന്നിരുന്നല്ലോ.

16 നീ ഈ ചെയ്തത് ശരിയായില്ല; നിത്യനായ സര്‍വേശ്വരന്‍റെ നാമത്തില്‍ ഞാന്‍ പറയുന്നു: നീ വധിക്കപ്പെടേണ്ടവനാണ്; സര്‍വേശ്വരന്‍റെ അഭിഷിക്തനും നിന്‍റെ യജമാനനുമായവനെ നീ കാത്തുസൂക്ഷിച്ചില്ല; രാജാവിന്‍റെ കുന്തവും തലയ്‍ക്കല്‍ ഇരുന്ന ജലപാത്രവും എവിടെ?”

17 ദാവീദിന്‍റെ ശബ്ദം ശൗല്‍ തിരിച്ചറിഞ്ഞു ചോദിച്ചു: “മകനേ! ദാവീദേ! ഇതു നിന്‍റെ ശബ്ദം തന്നെയോ?” ദാവീദ് പ്രതിവചിച്ചു: “അതേ, യജമാനനായ രാജാവേ, ഇത് എന്‍റെ സ്വരംതന്നെ,

18 അങ്ങ് എന്തിന് ഈ ദാസനെ പിന്തുടരുന്നു? ഞാന്‍ എന്തു ചെയ്തു?

19 എന്‍റെ പേരിലുള്ള കുറ്റമെന്ത്? എന്‍റെ യജമാനനായ രാജാവേ! ഞാന്‍ പറയുന്നത് അങ്ങു ശ്രദ്ധിച്ചാലും; സര്‍വേശ്വരനാണ് അങ്ങയെ എനിക്കെതിരായി വിട്ടിരിക്കുന്നതെങ്കില്‍ അവിടുന്ന് ഒരു വഴിപാടു സ്വീകരിച്ചു പ്രസാദിക്കട്ടെ. അതല്ല മനുഷ്യരെങ്കില്‍ അവര്‍ സര്‍വേശ്വരസന്നിധിയില്‍ ശപിക്കപ്പെട്ടവരാകട്ടെ. എനിക്കു സര്‍വേശ്വരന്‍റെ അവകാശത്തില്‍ ഓഹരി ലഭിക്കാതിരിക്കത്തക്കവിധം അന്യദേവന്മാരെ പോയി സേവിക്കൂ എന്നു പറഞ്ഞ് അവര്‍ എന്നെ ഓടിച്ചിരിക്കുകയാണല്ലോ.

20 സര്‍വേശ്വരസന്നിധിയില്‍നിന്ന് അകലെയുള്ള സ്ഥലത്തുവച്ചു ഞാന്‍ വധിക്കപ്പെടാതെയിരിക്കട്ടെ. ഇസ്രായേല്‍രാജാവ് ഒരു ഈച്ചയെ കൊല്ലാന്‍ മലകളില്‍ കാട്ടുകോഴിയെ വേട്ടയാടുന്നതുപോലെ പുറപ്പെട്ടിരിക്കുകയാണല്ലോ.”

21 ശൗല്‍ പറഞ്ഞു: “എന്‍റെ മകനേ, ദാവീദേ, ഞാന്‍ തെറ്റു ചെയ്തുപോയി. മടങ്ങിവരിക; ഇന്ന് എന്‍റെ ജീവന്‍ നിന്‍റെ ദൃഷ്‍ടിയില്‍ വിലപ്പെട്ടതായിരുന്നല്ലോ. അതുകൊണ്ട് ഞാന്‍ ഇനി നിനക്ക് ഒരു ഉപദ്രവവും വരുത്തുകയില്ല; ഞാന്‍ ഭോഷത്തം കാട്ടി; വളരെയേറെ തെറ്റു ചെയ്തുപോയി.”

22 ദാവീദു മറുപടി പറഞ്ഞു: “രാജാവേ, കുന്തം ഇവിടെയുണ്ട്. അങ്ങയുടെ ഒരു ഭൃത്യന്‍ വന്ന് ഇതെടുത്തുകൊണ്ടു പോകട്ടെ.

23 സര്‍വേശ്വരന്‍ എല്ലാവര്‍ക്കും അവരവരുടെ വിശ്വസ്തതയ്‍ക്കും നീതിനിഷ്ഠയ്‍ക്കും തക്കവിധം പ്രതിഫലം നല്‌കുന്നു. അവിടുന്ന് അങ്ങയെ ഇന്ന് എന്‍റെ കൈയില്‍ ഏല്പിച്ചതായിരുന്നു; എന്നാല്‍ സര്‍വേശ്വരന്‍റെ അഭിഷിക്തനായ അങ്ങേക്കെതിരെ കരം ഉയര്‍ത്താന്‍ എനിക്കു മനസ്സുവന്നില്ല.

24 അങ്ങയുടെ ജീവന്‍ വിലപ്പെട്ടതായി ഇന്നു ഞാന്‍ കണ്ടതുപോലെ എന്‍റെ ജീവനും സര്‍വേശ്വരസന്നിധിയില്‍ വിലപ്പെട്ടതായിരിക്കട്ടെ. എന്‍റെ സകല കഷ്ടതകളില്‍നിന്നും അവിടുന്നു എന്നെ വിടുവിക്കട്ടെ.”

25 ശൗല്‍ ദാവീദിനോടു പറഞ്ഞു: “എന്‍റെ മകനേ, ദാവീദേ, നീ അനുഗൃഹീതന്‍. നിന്‍റെ പ്രവൃത്തികളിലെല്ലാം നീ വിജയം നേടും.” ദാവീദ് തന്‍റെ വഴിക്കും ശൗല്‍ കൊട്ടാരത്തിലേക്കും മടങ്ങി.

27

1

ദാവീദ് ചിന്തിച്ചു; “ഞാന്‍ ഒരു ദിവസം ശൗലിന്‍റെ കൈയാല്‍ മരിക്കും. ഫെലിസ്ത്യരുടെ ദേശത്തേക്ക് ഓടി രക്ഷപെടുകയല്ലേ നല്ലത്? അങ്ങനെ ശൗല്‍ ഇസ്രായേലിന്‍റെ അതിര്‍ത്തികള്‍ക്കുള്ളില്‍ എന്നെ തിരഞ്ഞ് നിരാശനാകും. ഞാന്‍ അദ്ദേഹത്തിന്‍റെ കൈയില്‍നിന്നു രക്ഷപെടുകയും ചെയ്യും.”

2 ദാവീദ് അറുനൂറു അനുചരന്മാരെയും കൂട്ടിക്കൊണ്ട് ഗത്തിലെ രാജാവും മാവോക്കിന്‍റെ പുത്രനുമായ ആഖീശിന്‍റെ അടുക്കലേക്കു പോയി;

3 ദാവീദും കൂട്ടരും കുടുംബസമേതം അവിടെ പാര്‍ത്തു. ദാവീദിന്‍റെ ഭാര്യമാരായ ജെസ്രീല്‍ക്കാരി അഹീനോവാമും നാബാലിന്‍റെ ഭാര്യയായിരുന്ന അബീഗയിലും അദ്ദേഹത്തിന്‍റെകൂടെ ഉണ്ടായിരുന്നു.

4 ദാവീദ് ഗത്തിലേക്ക് ഓടിപ്പോയവിവരം അറിഞ്ഞശേഷം ശൗല്‍ അദ്ദേഹത്തെ അന്വേഷിച്ചതേയില്ല.

5 ദാവീദ് ആഖീശിനോടു പറഞ്ഞു: “അങ്ങേക്ക് എന്നോടു പ്രീതി തോന്നുന്നു എങ്കില്‍ നാട്ടിന്‍പുറത്ത് എവിടെയെങ്കിലും ഒരു സ്ഥലം തന്നാലും. ഞാന്‍ അവിടെ പാര്‍ത്തുകൊള്ളാം; അങ്ങയുടെ കൂടെ രാജനഗരത്തില്‍ ഞാന്‍ പാര്‍ക്കുന്നതെന്തിന്?”

6 ആഖീശ് അന്നുതന്നെ സിക്ലാഗ്പ്രദേശം ദാവീദിനു നല്‌കി. അതുകൊണ്ട് സിക്ലാഗ് ഇന്നും യെഹൂദാരാജാക്കന്മാരുടെ വകയാണ്.

7

ദാവീദ് ഫെലിസ്ത്യദേശത്ത് ഒരു വര്‍ഷവും നാലു മാസവും പാര്‍ത്തു.

8 ഈജിപ്തിലേക്കുള്ള വഴിയില്‍ ശൂര്‍വരെയുള്ള ദേശത്തു പാര്‍ത്തിരുന്ന ഗെശൂര്യരെയും ഗെസ്രീയരെയും അമാലേക്യരെയും ദാവീദ് അനുയായികളുമൊത്ത് ആക്രമിച്ചു;

9 ദാവീദ് ആ ദേശം നശിപ്പിച്ചു. സ്‍ത്രീകളെയോ പുരുഷന്മാരെയോ ശേഷിപ്പിച്ചില്ല. അവര്‍ കൊള്ളയടിച്ച ആടുമാടുകള്‍, കഴുതകള്‍, ഒട്ടകങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയുമായി ആഖീശിന്‍റെ അടുക്കല്‍ മടങ്ങിവന്നു.

10 നിങ്ങളുടെ ആക്രമണം ഇന്ന് എവിടെ ആയിരുന്നു എന്ന് ആഖീശ് ചോദിക്കുമ്പോഴെല്ലാം: യെഹൂദായ്‍ക്കു തെക്കെന്നോ, യെരഹ്‍മേല്യര്‍ക്കു തെക്കെന്നോ, കേന്യര്‍ക്കു തെക്കെന്നോ ദാവീദ് മറുപടി പറയുമായിരുന്നു.

11 ദാവീദിന്‍റെയും അനുയായികളുടെയും പ്രവൃത്തികള്‍ ഗത്തില്‍ ആരും അറിയാന്‍ ഇടയാകരുതെന്നു കരുതി അവര്‍ ആക്രമിക്കുന്ന സ്ഥലങ്ങളില്‍ സ്‍ത്രീപുരുഷന്മാരെയെല്ലാം സംഹരിക്കുക പതിവായിരുന്നു. ഫെലിസ്ത്യരുടെ നാട്ടില്‍ പാര്‍ത്തിരുന്ന കാലമത്രയും ദാവീദ് അങ്ങനെതന്നെ പ്രവര്‍ത്തിച്ചു.

12 ആഖീശ് ദാവീദിനെ വിശ്വസിച്ചു. അയാള്‍ ചിന്തിച്ചു: “ഇസ്രായേല്യരായ സ്വജനങ്ങളുടെ കഠിനമായ വെറുപ്പ് ഇവന്‍ സമ്പാദിച്ചിരിക്കുകയാണ്. അതുകൊണ്ട് അവന്‍ എന്നും എന്‍റെ ദാസനായിരുന്നുകൊള്ളും.”

28

1

ആ കാലത്തു ഫെലിസ്ത്യര്‍ ഇസ്രായേലിനോടു യുദ്ധം ചെയ്യാന്‍ സേനകളെ ഒരുമിച്ചു കൂട്ടി. ആഖീശ് ദാവീദിനോടു പറഞ്ഞു: “നീയും അനുയായികളും യുദ്ധത്തിന് എന്‍റെ കൂടെ പോരണം.”

2 ദാവീദ് ആഖീശിനോടു പറഞ്ഞു: “ഈ ദാസന് എന്തു ചെയ്യാന്‍ കഴിയും എന്ന് അങ്ങേക്കു കാണാം.” “അങ്ങനെയെങ്കില്‍ നീ എന്നും എന്‍റെ അംഗരക്ഷകനായിരിക്കും.” ആഖീശ് ദാവീദിനോടു പറഞ്ഞു.

3

ശമൂവേല്‍ മരിക്കുകയും ഇസ്രായേല്‍ജനമെല്ലാം അദ്ദേഹത്തിനുവേണ്ടി വിലപിക്കുകയും അദ്ദേഹത്തിന്‍റെ സ്വന്തം നഗരമായ രാമായില്‍ മൃതദേഹം സംസ്കരിക്കുകയും ചെയ്തിരുന്നു. സകല മന്ത്രവാദികളെയും ആഭിചാരകരെയും ശൗല്‍ രാജ്യത്തുനിന്നു പുറത്താക്കിയിരുന്നു.

4 ഫെലിസ്ത്യര്‍ ഒരുമിച്ചുകൂടി ശൂനേം പട്ടണത്തിനടുത്ത് പാളയമടിച്ചു; ഇസ്രായേല്യരെയെല്ലാം കൂട്ടിക്കൊണ്ട് ശൗല്‍ ഗില്‍ബോവയിലും പാളയമടിച്ചു.

5 ഫെലിസ്ത്യസൈന്യത്തെ കണ്ട് ശൗല്‍ ഭയപ്പെട്ട് അസ്വസ്ഥചിത്തനായി.

6 സര്‍വേശ്വരഹിതം അറിയാന്‍ ശൗല്‍ ശ്രമിച്ചെങ്കിലും സ്വപ്നത്തിലൂടെയോ ഊറീമിലൂടെയോ പ്രവാചകന്മാരിലൂടെയോ സര്‍വേശ്വരനില്‍നിന്നു മറുപടി ലഭിച്ചില്ല;

7 അപ്പോള്‍ ഉപദേശം തേടുന്നതിന് ഒരു മന്ത്രവാദിനിയെ കണ്ടുപിടിക്കാന്‍ ശൗല്‍ ഭൃത്യന്മാരോടു കല്പിച്ചു. എന്‍-ദോരില്‍ ഒരു മന്ത്രവാദിനി ഉള്ള വിവരം അവര്‍ രാജാവിനോടു പറഞ്ഞു.

8 ശൗല്‍ ആ രാത്രിയില്‍തന്നെ വേഷപ്രച്ഛന്നനായി രണ്ടു ഭൃത്യന്മാരോടുകൂടി ആ സ്‍ത്രീയുടെ അടുക്കലെത്തി. അവളുടെ മന്ത്രശക്തികൊണ്ടു താന്‍ നിര്‍ദ്ദേശിക്കുന്ന ആളെ വരുത്തണമെന്ന് രാജാവ് ആവശ്യപ്പെട്ടു.

9 അപ്പോള്‍ അവള്‍ പറഞ്ഞു: “സകല മന്ത്രവാദികളെയും ആഭിചാരകരെയും ശൗല്‍ നാട്ടില്‍നിന്നു തുരത്തിയ വിവരം നിങ്ങള്‍ക്കറിഞ്ഞുകൂടേ? പിന്നെ എന്നെ നശിപ്പിക്കാന്‍ എന്തിനു നിങ്ങള്‍ കെണിയൊരുക്കുന്നു?”

10 അപ്പോള്‍ ശൗല്‍ സര്‍വേശ്വരന്‍റെ നാമത്തില്‍ സത്യം ചെയ്തു പറഞ്ഞു: “ഈ കാര്യം നിമിത്തം നിനക്ക് ഒരു ശിക്ഷയും ഉണ്ടാവുകയില്ല.”

11 “ഞാന്‍ ആരെയാണു വരുത്തിത്തരേണ്ടത്” എന്ന് അവള്‍ ചോദിച്ചു; “ശമൂവേലിനെ വരുത്തിത്തരണം;” അയാള്‍ മറുപടി പറഞ്ഞു.

12 ശമൂവേലിനെ കണ്ടപ്പോള്‍ ആ സ്‍ത്രീ ഉറക്കെ നിലവിളിച്ചു. അവള്‍ ശൗലിനോടു ചോദിച്ചു: “രാജാവല്ലേ അങ്ങ്? എന്നെ എന്തിനു ചതിച്ചു? അങ്ങ് ശൗലല്ലേ?”

13 രാജാവ് അവളോടു പറഞ്ഞു: “നീ ഭയപ്പെടേണ്ട; എന്താണ് നീ കാണുന്നത്?” “ഒരു ദേവന്‍ ഭൂമിയില്‍നിന്നു കയറിവരുന്നതു ഞാന്‍ കാണുന്നു” ആ സ്‍ത്രീ പറഞ്ഞു.

14 “ആ ദേവന്‍റെ രൂപം എങ്ങനെ?” ശൗല്‍ ചോദിച്ചു. അവള്‍ പറഞ്ഞു: “ഒരു വൃദ്ധനാണ് കയറിവരുന്നത്; അങ്കി ധരിച്ചിട്ടുണ്ട്.” അതു ശമൂവേലാണെന്നു ശൗലിനു മനസ്സിലായി. അദ്ദേഹം സാഷ്ടാംഗം വീണു നമസ്കരിച്ചു.

15 ശമൂവേല്‍ ശൗലിനോടു ചോദിച്ചു: “നീ എന്നെ വിളിച്ചുവരുത്തി ശല്യപ്പെടുത്തിയതെന്ത്?” ശൗല്‍ പറഞ്ഞു: “ഞാന്‍ വലിയ കഷ്ടതയിലായിരിക്കുന്നു. ഫെലിസ്ത്യര്‍ എന്നോടു യുദ്ധം ചെയ്യുകയാണ്; സര്‍വേശ്വരന്‍ എന്നെ കൈവിട്ടിരിക്കുന്നു; പ്രവാചകരിലൂടെയോ സ്വപ്നത്തിലൂടെയോ എനിക്ക് ഉത്തരം നല്‌കുന്നില്ല, അതുകൊണ്ട് ഞാന്‍ എന്തു ചെയ്യണം എന്നു പറഞ്ഞുതരേണ്ടതിനാണ് ഞാന്‍ അങ്ങയെ വിളിച്ചുവരുത്തിയത്.”

16 ശമൂവേല്‍ പറഞ്ഞു: “സര്‍വേശ്വരന്‍ നിന്നെ കൈവിട്ട്, നിനക്ക് എതിരാളി ആയിരിക്കെ എന്തിന് എന്നോടു ചോദിക്കുന്നു.

17 എന്നിലൂടെ അരുളപ്പാടുണ്ടായതുപോലെ അവിടുന്നു പ്രവര്‍ത്തിച്ചിരിക്കുന്നു. രാജ്യം നിന്നില്‍നിന്നെടുത്തു നിന്‍റെ അയല്‍ക്കാരനായ ദാവീദിനു കൊടുത്തിരിക്കുന്നു.

18 സര്‍വേശ്വരന്‍റെ ശബ്ദം നീ കേട്ടില്ല; അമാലേക്യരോടുള്ള അവിടുത്തെ ഉഗ്രകോപം അറിഞ്ഞ് നീ പ്രവര്‍ത്തിച്ചില്ല. അതുകൊണ്ടാണ് അവിടുന്നു ഇപ്പോള്‍ നിന്നോട് ഇങ്ങനെ പ്രവര്‍ത്തിച്ചിരിക്കുന്നത്.

19 അവിടുന്ന് നിന്നോടൊപ്പം ഇസ്രായേല്‍ജനങ്ങളെയും ഫെലിസ്ത്യരുടെ കൈയില്‍ ഏല്പിക്കും; നീയും നിന്‍റെ പുത്രന്മാരും നാളെ എന്‍റെ കൂടെ ചേരും; ഇസ്രായേല്‍സൈന്യത്തെയും സര്‍വേശ്വരന്‍ ഫെലിസ്ത്യരുടെ കൈയില്‍ ഏല്പിക്കും.”

20 ശമൂവേല്‍ പറഞ്ഞതു കേട്ട് ശൗല്‍ വല്ലാതെ ഭയന്ന് നെടുനീളം നിലത്തുവീണു. അന്നു പകലോ രാത്രിയിലോ ഒന്നും ഭക്ഷിക്കാതെയിരുന്നതിനാല്‍ അദ്ദേഹം ക്ഷീണിച്ച് അവശനായി.

21 മന്ത്രവാദിനി ശൗലിന്‍റെ അടുക്കല്‍ വന്നു; അത്യന്തം പരിഭ്രാന്തനായ ശൗലിനെ കണ്ട് അവള്‍ പറഞ്ഞു: “ഇതാ, അങ്ങയുടെ ദാസി; അങ്ങയുടെ വാക്കു കേട്ട് ജീവന്‍ പണയപ്പെടുത്തിപ്പോലും അങ്ങയെ അനുസരിച്ചു.

22 അതുകൊണ്ട് ഞാന്‍ പറയുന്നത് അങ്ങു കേട്ടാലും; ഞാന്‍ അങ്ങയുടെ മുമ്പില്‍ വയ്‍ക്കുന്ന അല്പം അപ്പം ഭക്ഷിച്ചാലും. അതുകൊണ്ട് യാത്രയ്‍ക്കുവേണ്ട ശക്തി അങ്ങേക്കു ലഭിക്കും.” ശൗല്‍ അതു നിരസിച്ചു.

23 ആ സ്‍ത്രീയും രാജഭൃത്യന്മാരും നിര്‍ബന്ധിച്ചു; അതനുസരിച്ചു രാജാവ് നിലത്തുനിന്ന് എഴുന്നേറ്റു കിടക്കയില്‍ ഇരുന്നു.

24 ആ സ്‍ത്രീ ഉടന്‍തന്നെ തന്‍റെ വീട്ടില്‍ ഉണ്ടായിരുന്ന തടിച്ചുകൊഴുത്ത പശുക്കിടാവിനെ കൊന്നു പാചകം ചെയ്തു. മാവെടുത്തു കുഴച്ചു പുളിപ്പില്ലാത്ത അപ്പവും ഉണ്ടാക്കി.

25 അവള്‍ അതു ശൗലിനും ഭൃത്യന്മാര്‍ക്കും വിളമ്പിക്കൊടുത്തു; അവര്‍ അതു ഭക്ഷിച്ചു. ആ രാത്രിയില്‍തന്നെ അവര്‍ തിരിച്ചുപോകുകയും ചെയ്തു.

29

1

ഫെലിസ്ത്യര്‍ അവരുടെ സേനകളെയെല്ലാം അഫേക്കില്‍ ഒന്നിച്ചുകൂട്ടി. ഇസ്രായേല്യര്‍ ജെസ്രീലിലെ നീര്‍ച്ചാലിനടുത്തു പാളയമടിച്ചു;

2 ഫെലിസ്ത്യപ്രഭുക്കന്മാര്‍ നൂറുനൂറായും ആയിരം ആയിരമായും മുമ്പോട്ടു നീങ്ങി. എന്നാല്‍ ദാവീദും അനുയായികളും ആഖീശിന്‍റെ കൂടെ പിന്‍നിരയിലായിരുന്നു.

3 ഫെലിസ്ത്യസേനാനായകന്മാര്‍ അവരെ കണ്ട്: “ഈ എബ്രായര്‍ ഇവിടെ എന്തു ചെയ്യുന്നു” എന്നു ചോദിച്ചു. ആഖീശ് അവരോടു പറഞ്ഞു: “ഇതു ദാവീദല്ലേ? ഇവന്‍ ഇസ്രായേല്‍രാജാവായ ശൗലിന്‍റെ ഭൃത്യനായിരുന്നു; ദിവസങ്ങളല്ല വര്‍ഷങ്ങളായി അവന്‍ എന്‍റെ കൂടെയാണു പാര്‍ക്കുന്നത്; എന്നെ ആശ്രയിച്ചുവന്ന നാള്‍മുതല്‍ ഇന്നുവരെ ഞാന്‍ ഇവനില്‍ ഒരു കുറ്റവും കണ്ടിട്ടില്ല.”

4 അപ്പോള്‍ കുപിതരായ ഫെലിസ്ത്യസേനാനായകര്‍ അദ്ദേഹത്തോടു പറഞ്ഞു: “അങ്ങ് അനുവദിച്ചുകൊടുത്ത സ്ഥലത്തേക്ക് അവന്‍ പൊയ്‍ക്കൊള്ളട്ടെ. അവന്‍ നമ്മുടെകൂടെ യുദ്ധത്തിനു പോരാന്‍ പാടില്ല. യുദ്ധരംഗത്തുവച്ച് അവന്‍ നമ്മുടെ ശത്രുവായി തിരിഞ്ഞേക്കാം. നമ്മുടെ ആളുകളുടെ തല കൊയ്തല്ലാതെ മറ്റെന്തുകൊണ്ട് അവന്‍ തന്‍റെ യജമാനനുമായി രഞ്ജിപ്പിലെത്തും.

5

‘ശൗല്‍ ആയിരങ്ങളെ കൊന്നു;
ദാവീദോ പതിനായിരങ്ങളെയും’

എന്നു അവര്‍ ആടിപ്പാടിയത് ഇവനെപ്പറ്റിയല്ലേ?”

6 അപ്പോള്‍ ആഖീശ് ദാവീദിനെ വിളിച്ചു പറഞ്ഞു: “ജീവിക്കുന്ന സര്‍വേശ്വരന്‍റെ നാമത്തില്‍ ഞാന്‍ പറയുന്നു: നീ തീര്‍ച്ചയായും സത്യസന്ധനും എന്നോടു കൂറുള്ളവനും ആണ്. നീ എന്‍റെ അടുക്കല്‍ വന്ന ദിവസംമുതല്‍ ഇന്നുവരെയും നിന്നില്‍ ഞാന്‍ ഒരു കുറ്റവും കണ്ടിട്ടില്ല. എന്നാല്‍ ഈ പ്രഭുക്കന്മാര്‍ക്കു നീ സ്വീകാര്യനല്ല.

7 അതുകൊണ്ടു നീ സമാധാനത്തോടെ മടങ്ങിപ്പോകുക; നീ അവര്‍ക്ക് അപ്രീതി ഉണ്ടാക്കി എന്നു വരരുത്.”

8 ദാവീദ് ആഖീശിനോടു ചോദിച്ചു: “ഞാന്‍ എന്തു ചെയ്തു? എന്‍റെ യജമാനനായ രാജാവിന്‍റെ ശത്രുക്കളോടു യുദ്ധം ചെയ്യാന്‍ എന്നെ അനുവദിക്കാതിരിക്കത്തക്കവിധം ഞാന്‍ അങ്ങയെ സേവിക്കാന്‍ വന്ന ദിവസംമുതല്‍ ഇന്നുവരേക്കും എന്തു തെറ്റാണ് അങ്ങ് എന്നില്‍ കണ്ടിട്ടുള്ളത്?”

9 ആഖീശ് പറഞ്ഞു: “നീ എന്‍റെ മുമ്പില്‍ ദൈവദൂതനെപ്പോലെ നിഷ്കളങ്കനാണെന്ന് എനിക്കറിയാം. എങ്കിലും തങ്ങളോടൊത്തു നീ യുദ്ധത്തിനു പോരാന്‍ ഫെലിസ്ത്യപ്രഭുക്കന്മാര്‍ സമ്മതിക്കുന്നില്ല.

10 അതുകൊണ്ട് നാളെ അതിരാവിലെ വെട്ടം വീഴുമ്പോള്‍ത്തന്നെ അനുചരന്മാരെയും കൂട്ടിക്കൊണ്ടു നീ പൊയ്‍ക്കൊള്ളുക.”

11 അങ്ങനെ ദാവീദും അനുയായികളും അതിരാവിലെ ഫെലിസ്ത്യദേശത്തേക്കു മടങ്ങി; ഫെലിസ്ത്യര്‍ ജെസ്രീലിലേക്കും പോയി.

30

1

ദാവീദും അനുയായികളും മൂന്നാം ദിവസം സിക്ലാഗിലെത്തി; അപ്പോഴേക്കും അമാലേക്യര്‍ നെഗെബും സിക്ലാഗും ആക്രമിച്ചുകഴിഞ്ഞിരുന്നു. അവര്‍ സിക്ലാഗ് പിടിച്ചടക്കി അഗ്നിക്കിരയാക്കി.

2 സ്‍ത്രീകളെയും പ്രായഭേദമെന്യേ എല്ലാവരെയും തടവുകാരാക്കി പിടിച്ചുകൊണ്ടുപോയി. ആരെയും അവര്‍ കൊന്നില്ല.

3 ദാവീദും അനുയായികളും പട്ടണത്തില്‍ എത്തിയപ്പോള്‍ അതു തീവച്ചു നശിപ്പിച്ചിരിക്കുന്നതു കണ്ടു. തങ്ങളുടെ ഭാര്യമാരെയും പുത്രീപുത്രന്മാരെയും തടവുകാരാക്കി കൊണ്ടുപോയതായും അറിഞ്ഞു.

4 അപ്പോള്‍ ദാവീദും അനുയായികളും ശക്തി കെടുന്നതുവരെ കരഞ്ഞു.

5 ദാവീദിന്‍റെ ഭാര്യമാരായ ജെസ്രീല്‍ക്കാരി അഹീനോവാമും കര്‍മ്മേല്‍ക്കാരന്‍ നാബാലിന്‍റെ ഭാര്യയായിരുന്ന അബീഗയിലും തടവുകാരായി പിടിക്കപ്പെട്ടിരുന്നു.

6 ദാവീദ് അത്യധികം ദുഃഖിതനായി. തങ്ങളുടെ പുത്രീപുത്രന്മാരെ ഓര്‍ത്തു തീവ്രദുഃഖത്തിലായ അനുയായികള്‍ ദാവീദിനെ കല്ലെറിയണമെന്നു പറഞ്ഞു. എന്നാല്‍ തന്‍റെ ദൈവമായ സര്‍വേശ്വരനില്‍ ദാവീദ് ധൈര്യം കണ്ടെത്തി.

7

ദാവീദ് അഹീമേലെക്കിന്‍റെ പുത്രനായ അബ്യാഥാര്‍പുരോഹിതനോട് ഏഫോദു കൊണ്ടുവരാന്‍ പറഞ്ഞു. അബ്യാഥാര്‍ ഏഫോദ് ദാവീദിന്‍റെ അടുക്കല്‍ കൊണ്ടുവന്നു.

8 “ഞാന്‍ ആ കവര്‍ച്ചക്കാരെ പിന്തുടരണമോ? അവരെ പിടികൂടാന്‍ സാധിക്കുമോ?” ദാവീദു സര്‍വേശ്വരനോടു ചോദിച്ചു. “പിന്തുടരുക, തീര്‍ച്ചയായും നീ അവരെ പിടികൂടും; സകലരെയും വീണ്ടെടുക്കും” അവിടുന്ന് ഉത്തരമരുളി.

9 ദാവീദും അറുനൂറ് അനുയായികളും പുറപ്പെട്ട് ബെസോര്‍അരുവിയുടെ അടുത്തെത്തി; കുറെപ്പേര്‍ അവിടെ തങ്ങി.

10 ക്ഷീണിച്ച് അവശരായിത്തീര്‍ന്ന ഇരുനൂറു പേര്‍ക്ക് ബെസോര്‍തോടുകടക്കാന്‍ കഴിഞ്ഞില്ല. ദാവീദും നാനൂറു പേരും അമാലേക്യരെ പിന്തുടര്‍ന്നു.

11 വിജനദേശത്തു കണ്ടുമുട്ടിയ ഒരു ഈജിപ്തുകാരനെ അനുയായികള്‍ ദാവീദിന്‍റെ അടുക്കല്‍ കൊണ്ടുവന്നു. അവര്‍ അവനു അപ്പവും വെള്ളവും കൊടുത്തു.

12 അത്തിപ്പഴംകൊണ്ടുള്ള അടയും രണ്ട് ഉണക്കമുന്തിരിക്കുലയും കൂടി അവനു നല്‌കി; അതു തിന്നു കഴിഞ്ഞപ്പോള്‍ അവന് ഉന്മേഷമുണ്ടായി. മൂന്നു ദിവസമായി അവന്‍ ഒന്നും തിന്നുകയോ കുടിക്കുകയോ ചെയ്തിരുന്നില്ല.

13 ദാവീദ് അവനോടു ചോദിച്ചു: “ആരാണ് നിന്‍റെ യജമാനന്‍? നീ എവിടെനിന്നു വരുന്നു?” അവന്‍ പറഞ്ഞു: “ഞാന്‍ ഈജിപ്തുകാരനാണ്. ഒരു അമാലേക്യന്‍റെ ഭൃത്യന്‍. രോഗബാധിതനായി തീര്‍ന്നതിനാല്‍ മൂന്നു ദിവസം മുമ്പ് എന്‍റെ യജമാനന്‍ എന്നെ ഉപേക്ഷിച്ചു പൊയ്‍ക്കളഞ്ഞു;

14 ഞങ്ങള്‍ നെഗെബിലുള്ള ക്രേത്യരുടെ ദേശം ആക്രമിക്കുകയും സിക്ലാഗ് അഗ്നിക്കിരയാക്കുകയും ചെയ്തു.”

15 ദാവീദ് അവനോടു ചോദിച്ചു: “ആ കൊള്ളസംഘത്തിന്‍റെ അടുക്കലേക്കുള്ള വഴി എനിക്കു കാട്ടിത്തരാമോ?” “അങ്ങ് എന്നെ കൊല്ലുകയില്ലെന്നും എന്‍റെ യജമാനന് ഏല്പിച്ചുകൊടുക്കുകയില്ലെന്നും ദൈവനാമത്തില്‍ പ്രതിജ്ഞ ചെയ്താല്‍ ആ സംഘത്തിന്‍റെ അടുക്കലേക്കു ഞാന്‍ കൊണ്ടുപോകാം” അവന്‍ പറഞ്ഞു.

16 അങ്ങനെ ദാവീദ് അവരുടെ അടുക്കലെത്തിയപ്പോള്‍ അവര്‍ തിന്നും കുടിച്ചും ഉല്ലാസമായി അവിടെയെങ്ങും വിഹരിക്കുന്നതു കണ്ടു. ഫെലിസ്ത്യരുടെ ദേശത്തുനിന്നും യെഹൂദ്യയില്‍നിന്നും ധാരാളം കൊള്ളവസ്തുക്കള്‍ അവര്‍ പിടിച്ചെടുത്തിരുന്നല്ലോ;

17 അന്നു സന്ധ്യമുതല്‍ പിറ്റേദിവസം വൈകുന്നതുവരെ ദാവീദ് അവരെ സംഹരിച്ചു. ഒട്ടകങ്ങളുടെമേല്‍ കയറി പാഞ്ഞുപോയ നാനൂറു പേരല്ലാതെ മറ്റാരും രക്ഷപെട്ടില്ല.

18 അമാലേക്യര്‍ അപഹരിച്ചിരുന്നതെല്ലാം ദാവീദ് വീണ്ടെടുത്തു; തന്‍റെ രണ്ടു ഭാര്യമാരെയും രക്ഷപെടുത്തി.

19 അവര്‍ അപഹരിച്ചവയിലൊന്നും, പുത്രീപുത്രന്മാരാകട്ടെ വലുതും ചെറുതുമായ മറ്റു വസ്തുവകകളാകട്ടെ, ദാവീദിനു നഷ്ടപ്പെട്ടില്ല. അവയെല്ലാം ദാവീദ് തിരിച്ചുകൊണ്ടുവന്നു.

20 അമാലേക്യരുടെ ആടുമാടുകളെയെല്ലാം അദ്ദേഹം മുമ്പില്‍ നടത്തി; “ഇവ ദാവീദിന്‍റെ കൊള്ളവസ്തുക്കള്‍” എന്ന് അവയെ തെളിച്ചിരുന്നവര്‍ പറഞ്ഞു.

21 തന്‍റെ കൂടെ പോരാന്‍ സാധിക്കാതെ ക്ഷീണിച്ചവശരായി ബെസോര്‍അരുവിയുടെ തീരത്ത് താമസിച്ചിരുന്ന ഇരുനൂറു പേരുടെ അടുക്കല്‍ ദാവീദു മടങ്ങിച്ചെന്നു. അവര്‍ അദ്ദേഹത്തെയും കൂടെയുള്ളവരെയും എതിരേല്‌ക്കാന്‍ അടുത്തുചെന്നു. ദാവീദ് മുമ്പോട്ടു ചെന്ന് അവരെ അഭിവാദനം ചെയ്തു.

22 ദാവീദിന്‍റെ കൂടെ പോയിരുന്നവരില്‍ നീചരും ദുഷ്ടരുമായവര്‍ പറഞ്ഞു; “അവര്‍ നമ്മുടെ കൂടെ പോരാതിരുന്നതിനാല്‍ കൊള്ളവസ്തുക്കളില്‍ ഒന്നും അവര്‍ക്കു കൊടുക്കരുത്; അവര്‍ തങ്ങളുടെ ഭാര്യമാരെയും മക്കളെയും മാത്രം കൂട്ടിക്കൊണ്ടു പൊയ്‍ക്കൊള്ളട്ടെ.”

23 എന്നാല്‍ ദാവീദു പറഞ്ഞു: “എന്‍റെ സഹോദരന്മാരേ അങ്ങനെ ചെയ്യരുത്. കൊള്ളക്കാരായ നമ്മുടെ ശത്രുക്കളില്‍നിന്നു നമ്മെ രക്ഷിച്ച് അവരെ നമ്മുടെ കൈയിലേല്പിച്ച സര്‍വേശ്വരനാണ് അവയെല്ലാം നമുക്കു നല്‌കിയിരിക്കുന്നത്;

24 നിങ്ങള്‍ പറയുന്നതിനോടു യോജിക്കാന്‍ ആര്‍ക്കു സാധിക്കും; യുദ്ധത്തിനു പോയവര്‍ക്കും സാധനസാമഗ്രികള്‍ സൂക്ഷിച്ചവര്‍ക്കും ഓഹരി ഒരുപോലെ ആയിരിക്കണം.

25 “ദാവീദിന്‍റെ ഈ വാക്കുകള്‍ അന്നുമുതല്‍ ഇന്നുവരെ ഇസ്രായേലില്‍ ഒരു ചട്ടവും നിയമവും ആയിത്തീര്‍ന്നു.

26

ദാവീദ് സിക്ലാഗില്‍ തിരിച്ചെത്തിയപ്പോള്‍ യെഹൂദ്യയിലെ തന്‍റെ സ്നേഹിതരായ ജനപ്രമാണികള്‍ക്കു കൊള്ളവസ്തുക്കളില്‍ ഒരു ഭാഗം കൊടുത്തയച്ചു. ‘സര്‍വേശ്വരന്‍റെ ശത്രുക്കളെ കൊള്ളയടിച്ചതില്‍നിന്ന് ഇതാ ഒരു സമ്മാനം’ എന്നു പറഞ്ഞയച്ചു.

27 ബേഥേല്‍, നെഗെബിലെ രാമോത്ത്,

28 യെത്ഥീര്‍, അരോവേര്‍, സിഫ്മോത്ത്,

29 എസ്തെമോവ, രാഖാല്‍ എന്നീ സ്ഥലങ്ങളിലുള്ളവര്‍ക്കും യെരഹ്‍മേല്യരുടെയും കേന്യരുടെയും പട്ടണങ്ങള്‍

30 ഹോര്‍മ്മാ, കോര്‍-ആശാന്‍, അഥാക്ക്,

31 ഹെബ്രോന്‍ എന്നീ സ്ഥലങ്ങളിലുള്ളവര്‍ക്കും സമ്മാനം കൊടുത്തയച്ചു. താനും അനുയായികളും ചുറ്റിത്തിരിഞ്ഞ സ്ഥലങ്ങളിലുള്ള എല്ലാവര്‍ക്കുമാണ് ദാവീദ് അത് കൊടുത്തയച്ചത്.

31

1

ഫെലിസ്ത്യര്‍ ഇസ്രായേലിനോടു യുദ്ധം ചെയ്തു. ഫെലിസ്ത്യരുടെ മുമ്പില്‍നിന്നു തോറ്റോടിയ ഇസ്രായേല്യര്‍ ഗില്‍ബോവപര്‍വതത്തില്‍ മരിച്ചുവീണു.

2 ഓടിപ്പോയ ശൗലിനെയും പുത്രന്മാരെയും അവര്‍ പിന്തുടര്‍ന്നു; പുത്രന്മാരായ യോനാഥാനെയും അബീനാദാബിനെയും മല്‍ക്കീശൂവയെയും അവര്‍ വധിച്ചു.

3 ശൗലിനെതിരെ അവര്‍ ഉഗ്രമായി പോരാടി; വില്ലാളികള്‍ ശൗലിനെ കണ്ടെത്തി മാരകമായി മുറിവേല്പിച്ചു.

4 അപ്പോള്‍ ശൗല്‍ തന്‍റെ ആയുധവാഹകനായ യുവാവിനോടു പറഞ്ഞു: “പരിച്ഛേദനം ഏല്‌ക്കാത്ത ഇവര്‍ വന്ന് എന്നെ അപമാനിക്കുകയോ കൊല്ലുകയോ ചെയ്യുന്നതിനുമുമ്പ് നിന്‍റെ വാള്‍ ഊരി എന്നെ കൊല്ലുക.” ആ യുവാവ് വല്ലാതെ ഭയപ്പെട്ടതുകൊണ്ട് അങ്ങനെ ചെയ്തില്ല. അതിനാല്‍ ശൗല്‍ സ്വന്തം വാളൂരി അതിന്മേല്‍ വീണു.

5 ശൗല്‍ മരിച്ചു എന്നു കണ്ടപ്പോള്‍ യുവാവും സ്വന്തം വാളിന്മേല്‍ വീണ് അദ്ദേഹത്തോടൊപ്പം മരിച്ചു.

6 അങ്ങനെ അന്നുതന്നെ ശൗലും മൂന്നു പുത്രന്മാരും ആയുധവാഹകനായ യുവാവും ശൗലിന്‍റെ കൂടെ ഉണ്ടായിരുന്നവരും ഒന്നിച്ചു മരിച്ചു;

7 ശൗലും പുത്രന്മാരും മരിക്കുകയും കൂടെ ഉണ്ടായിരുന്നവര്‍ ഓടിപ്പോകുകയും ചെയ്ത വിവരം ജെസ്രീല്‍താഴ്വരയുടെ മറുവശത്തും യോര്‍ദ്ദാന്‍നദിയുടെ അക്കരയും ഉണ്ടായിരുന്ന ഇസ്രായേല്യര്‍ കേട്ടപ്പോള്‍ അവരും തങ്ങളുടെ പട്ടണങ്ങള്‍ വിട്ട് ഓടിപ്പോയി. ഫെലിസ്ത്യര്‍ അവിടെ ചെന്നു പാര്‍ക്കുകയും ചെയ്തു.

8

കൊല്ലപ്പെട്ടവരുടെ വസ്തുവകകള്‍ കൊള്ളയടിക്കാന്‍ ഫെലിസ്ത്യര്‍ പിറ്റേ ദിവസം വന്നപ്പോള്‍ ശൗലും പുത്രന്മാരും ഗില്‍ബോവ പര്‍വതത്തില്‍ മരിച്ചുകിടക്കുന്നതു കണ്ടു.

9 അവര്‍ ശൗലിന്‍റെ തല വെട്ടിയെടുത്തു; അദ്ദേഹത്തിന്‍റെ ആയുധങ്ങളും അഴിച്ചെടുത്തു. തങ്ങളുടെ ക്ഷേത്രങ്ങളിലും ജനങ്ങളുടെ ഇടയിലും ഈ സദ്‍വാര്‍ത്ത അറിയിക്കാന്‍ ഫെലിസ്ത്യര്‍ ദേശത്തെല്ലാം ദൂതന്മാരെ അയച്ചു.

10 ശൗലിന്‍റെ ആയുധങ്ങള്‍ അസ്താരോത്തിന്‍റെ ക്ഷേത്രത്തില്‍ വച്ചു. അദ്ദേഹത്തിന്‍റെ ശരീരം ബേത്ത്-ശാന്‍ പട്ടണത്തിന്‍റെ മതിലിന്മേല്‍ തൂക്കി.

11 ഫെലിസ്ത്യര്‍ ശൗലിനോടു ചെയ്തത് എന്തെന്നു ഗിലെയാദിലെ യാബേശ്നിവാസികള്‍ കേട്ടപ്പോള്‍

12 അവരില്‍ യുദ്ധവീരന്മാരായ ആളുകള്‍ രാത്രി മുഴുവനും സഞ്ചരിച്ച് ബേത്ത്-ശാന്‍റെ മതിലില്‍നിന്നും ശൗലിന്‍റെയും പുത്രന്മാരുടെയും മൃതശരീരങ്ങള്‍ എടുത്തു യാബേശില്‍ കൊണ്ടുവന്നു ദഹിപ്പിച്ചു.

13 അവരുടെ അസ്ഥികള്‍ ശേഖരിച്ച് യാബേശ് പട്ടണത്തിലെ പിചുലവൃക്ഷത്തിന്‍റെ ചുവട്ടില്‍ സംസ്കരിച്ചു. അവര്‍ ഏഴു ദിവസം ഉപവസിക്കുകയും ചെയ്തു.