1
ഇസ്രായേല്‍ദേശത്തു ന്യായാധിപന്മാരുടെ ഭരണകാലത്ത് ഒരു ക്ഷാമം ഉണ്ടായി;2 അപ്പോള്‍ യെഹൂദ്യയിലെ ബേത്‍ലഹേം പട്ടണത്തില്‍നിന്നുള്ള എഫ്രാത്യനായ എലീമേലെക്ക് എന്നൊരാള്‍ ഭാര്യയായ നവോമിയോടും പുത്രന്മാരായ മഹ്‍ലോന്‍, കില്യോന്‍ എന്നിവരോടുംകൂടി മോവാബ്‍ദേശത്തു ചെന്നു താമസിച്ചു.
3 അവിടെവച്ച് എലീമേലെക്ക് മരിച്ചു.
4 മഹ്‍ലോനും കില്യോനും മോവാബ്യരായ രണ്ടു സ്‍ത്രീകളെ വിവാഹം കഴിച്ചു. മഹ്‍ലോന്‍റെ ഭാര്യ രൂത്തും കില്യോന്‍റെ ഭാര്യ ഓര്‍പ്പായും ആയിരുന്നു.
5 ഏതാണ്ട് പത്തു വര്‍ഷം കഴിഞ്ഞപ്പോള്‍ മഹ്‍ലോനും കില്യോനും മരിച്ചു; വിധവയായിരുന്ന നവോമിക്ക് അങ്ങനെ പുത്രന്മാരും നഷ്ടപ്പെട്ടു.
6
ധാരാളം വിളവു നല്‌കി സര്‍വേശ്വരന്‍ സ്വജനത്തിന്‍റെ ക്ഷാമം മാറ്റിയ വിവരം നവോമി മോവാബില്‍വച്ചു കേട്ടു.7 അവര്‍ പുത്രഭാര്യമാരോടൊപ്പം യെഹൂദ്യയിലേക്കു മടങ്ങിപ്പോകാന്‍ തയ്യാറായി.
8 അപ്പോള്‍ നവോമി പറഞ്ഞു: “നിങ്ങള്‍ ഇരുവരും സ്വന്തം ഭവനത്തിലേക്കു മടങ്ങിപ്പോകുക; എന്നോടും മരിച്ചുപോയ പ്രിയപ്പെട്ടവരോടും നിങ്ങള്‍ ദയ കാട്ടിയിരുന്നുവല്ലോ. ദൈവം നിങ്ങളോടും ദയ കാണിക്കട്ടെ.
9 നിങ്ങള്‍ വിവാഹിതരായി കുടുംബജീവിതം നയിക്കാന്‍ സര്‍വേശ്വരന്‍ ഇടയാക്കട്ടെ.” പിന്നീട് നവോമി അവരെ ചുംബിച്ചു. അവര്‍ പൊട്ടിക്കരഞ്ഞുകൊണ്ടു പറഞ്ഞു:
10 “അമ്മ അങ്ങനെ പറയരുതേ. അമ്മയോടൊപ്പം അമ്മയുടെ ജനത്തിന്‍റെ അടുക്കലേക്ക് ഞങ്ങളും പോരും.”
11 എന്നാല്‍ നവോമി പിന്നെയും പറഞ്ഞു: “എന്‍റെ മക്കളേ, തിരിച്ചുപോവുക; എന്‍റെ കൂടെ വന്നാല്‍ എന്തു പ്രയോജനം? നിങ്ങള്‍ക്കു ഭര്‍ത്താക്കന്മാരായിരിക്കാന്‍ എനിക്ക് ഇനിയും പുത്രന്മാര്‍ ഉണ്ടാകുമോ?
12 വിവാഹിതയാകാനുള്ള പ്രായം എനിക്കു കഴിഞ്ഞുപോയി. അഥവാ അങ്ങനെ ഒരു ആശ ഉണ്ടായി ഇന്നുതന്നെ വിവാഹം കഴിഞ്ഞു മക്കളുണ്ടായാല്‍പോലും
13 അവര്‍ക്കു പ്രായമാകുന്നതുവരെ കാത്തിരിക്കുക നിങ്ങള്‍ക്കു സാധ്യമല്ലല്ലോ. അതുകൊണ്ട് എന്‍റെ മക്കളേ, നിങ്ങള്‍ തിരിച്ചുപോകുക; സര്‍വേശ്വരന്‍ എനിക്ക് എതിരായിരിക്കയാല്‍ നിങ്ങളുടെ കാര്യത്തില്‍ ഞാന്‍ അതിയായി ദുഃഖിക്കുന്നു.”
14 അവര്‍ വീണ്ടും ഉറക്കെ കരഞ്ഞു; ഓര്‍പ്പാ ഭര്‍ത്തൃമാതാവിനെ ചുംബിച്ച് യാത്ര പറഞ്ഞു; രൂത്താകട്ടെ നവോമിയോടു പറ്റിച്ചേര്‍ന്നുനിന്നു.
15 നവോമി അവളോടു പറഞ്ഞു: “നിന്‍റെ അനുജത്തി സ്വന്തം ജനങ്ങളുടെയും സ്വന്തദേവന്മാരുടെയും അടുത്തേക്കു പോയതു കണ്ടില്ലേ? നിനക്കും പോകരുതോ?”
16 എന്നാല്‍ രൂത്തിന്‍റെ മറുപടി ഇതായിരുന്നു: “അമ്മയെ വിട്ടുപിരിയാന്‍ എന്നെ നിര്‍ബന്ധിക്കരുത്; അമ്മ പോകുന്നിടത്ത് ഞാനും വരും; അമ്മ പാര്‍ക്കുന്നിടത്ത് ഞാനും പാര്‍ക്കും.
17 അമ്മയുടെ ബന്ധുക്കള്‍ എന്‍റെ ബന്ധുക്കളും അമ്മയുടെ ദൈവം എന്‍റെ ദൈവവും ആയിരിക്കും. അമ്മ മരിക്കുന്ന നാട്ടില്‍തന്നെ ഞാനും മരിച്ച് അടക്കപ്പെടട്ടെ. മരണമൊഴികെ മറ്റേതെങ്കിലും കാരണത്താല്‍ ഞാന്‍ അമ്മയെ വിട്ടുപിരിഞ്ഞാല്‍ സര്‍വേശ്വരന്‍ എന്നെ അതികഠിനമായി ശിക്ഷിച്ചുകൊള്ളട്ടെ.”
18 തന്‍റെ കൂടെ പോരാനുള്ള രൂത്തിന്‍റെ ഉറച്ച തീരുമാനം നിമിത്തം നവോമി പിന്നെ അവളെ നിര്‍ബന്ധിച്ചില്ല.
19 അങ്ങനെ അവര്‍ ഒരുമിച്ചു യാത്ര പുറപ്പെട്ടു. ബേത്‍ലഹേമില്‍ എത്തിയപ്പോള്‍ നഗരവാസികള്‍ മുഴുവന്‍ ഇളകി.
20 “ഇതു നവോമി തന്നെയോ?” എന്നു സ്‍ത്രീകള്‍ ചോദിച്ചു.” നവോമി എന്ന് എന്നെ വിളിക്കണ്ട, മാറാ എന്നു വിളിച്ചാല്‍ മതി. സര്‍വേശ്വരന്‍ എന്നോടു കഠിനമായിട്ടാണല്ലോ പ്രവര്‍ത്തിച്ചിരിക്കുന്നത്.
21 ഞാന്‍ എല്ലാവരോടുമൊത്ത് ഇവിടെനിന്നു പോയി; ഏകയായി മടങ്ങാന്‍ സര്‍വേശ്വരന്‍ ഇടയാക്കി; സര്‍വശക്തന്‍ എന്നെ താഴ്ത്തി എനിക്കു കഷ്ടത വരുത്തിയിരിക്കുന്നതിനാല്‍ നവോമി എന്ന പേരിനു ഞാന്‍ യോഗ്യയല്ല.” ഇതായിരുന്നു നവോമിയുടെ മറുപടി.
22 ഇങ്ങനെ മോവാബുകാരിയായ മരുമകള്‍ രൂത്തിനോടൊപ്പം നവോമി ബേത്‍ലഹേമില്‍ തിരിച്ചെത്തിയപ്പോള്‍ അവിടെ ബാര്‍ലി കൊയ്ത്ത് ആരംഭിച്ചിരുന്നു.
1
നവോമിക്കു തന്‍റെ ഭര്‍ത്താവായ എലീമേലെക്കിന്‍റെ കുടുംബത്തില്‍ ബോവസ് എന്ന പ്രമുഖനായ ഒരു ബന്ധു ഉണ്ടായിരുന്നു.2 ഒരിക്കല്‍ രൂത്ത് നവോമിയോടു ചോദിച്ചു: “ഞാന്‍ ഏതെങ്കിലും വയലില്‍ പോയി കാലാ പെറുക്കട്ടെ; അതിന് എന്നെ ആരും വിലക്കുകയില്ല.” നവോമി സമ്മതം നല്‌കി.
3 അവള്‍ കൊയ്ത്തുനടക്കുന്ന ഒരു വയലില്‍ പോയി കാലാ പെറുക്കാന്‍ തുടങ്ങി. അത് ബേത്‍ലഹേംകാരന്‍ ബോവസിന്‍റെ വയല്‍ ആയിരുന്നു.
4 അല്പസമയം കഴിഞ്ഞപ്പോള്‍ ബോവസ് അവിടെ എത്തി ജോലിക്കാരോട്: “സര്‍വേശ്വരന്‍ നിങ്ങളുടെകൂടെ ഉണ്ടായിരിക്കട്ടെ” എന്ന് അഭിവാദനം ചെയ്തു. “സര്‍വേശ്വരന്‍ അങ്ങയെ അനുഗ്രഹിക്കട്ടെ” എന്ന് അവരും പറഞ്ഞു.
5 രൂത്തിനെ കണ്ടപ്പോള്‍ അവള്‍ ആരെന്ന് കൊയ്ത്തിന്‍റെ മേല്‍നോട്ടക്കാരനോട് ചോദിച്ചു.
6 “ഇവളാണ് നവോമിയുടെകൂടെ വന്ന മോവാബുകാരി;
7 കറ്റകള്‍ക്കിടയില്‍ കൊയ്ത്തുകാരുടെ പിന്നില്‍നിന്നു കാലാ പെറുക്കാന്‍ അവള്‍ അനുവാദം ചോദിച്ചു. രാവിലെ തുടങ്ങി ഒട്ടും സമയം കളയാതെ ഇതുവരെയും അവള്‍ പെറുക്കിക്കൊണ്ടിരിക്കുകയാണ്.” അയാള്‍ മറുപടി പറഞ്ഞു.
8 ഇതു കേട്ടു ബോവസ് രൂത്തിനോടു പറഞ്ഞു:
9 “മകളേ, കേള്‍ക്കൂ, കാലാ പെറുക്കാന്‍ മറ്റൊരു വയലിലും നീ പോകണ്ടാ; കൊയ്ത്തു നീങ്ങുന്നതനുസരിച്ചു മറ്റു സ്‍ത്രീകളോടൊപ്പം നിനക്കും കാലാ പെറുക്കാം; ആരും നിന്നെ ശല്യപ്പെടുത്തരുതെന്നു ജോലിക്കാരോട് ഞാന്‍ പറഞ്ഞിട്ടുണ്ട്. ദാഹിക്കുമ്പോള്‍ ഇവിടെ കോരിവച്ചിട്ടുള്ള വെള്ളം കുടിച്ചുകൊള്ളുക.”
10 രൂത്ത് താണുവീണു ബോവസിനെ വണങ്ങിക്കൊണ്ടു ചോദിച്ചു: “ഒരു പരദേശിയായ എന്നോട് അങ്ങ് ഇത്രയ്‍ക്കു ദയകാണിക്കാന്‍ കാരണം എന്ത്?”
11 ബോവസ് മറുപടി നല്‌കി: “നിന്‍റെ ഭര്‍ത്താവു മരിച്ചശേഷം ഭര്‍ത്തൃമാതാവിനോടു നീ എങ്ങനെ പെരുമാറിയെന്നു ഞാന്‍ കേട്ടു. സ്വന്തം പിതാവിനെയും മാതാവിനെയും ജന്മദേശവും വിട്ടു നിനക്ക് ഒരു പരിചയവും ഇല്ലാത്ത ഈ അന്യനാട്ടിലേക്കു നീ വന്ന വിവരവും ഞാന്‍ അറിഞ്ഞു;
12 സര്‍വേശ്വരന്‍ നിന്‍റെ പ്രവൃത്തിക്ക് തക്ക പ്രതിഫലം നല്‌കട്ടെ. ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ നിന്നെ സമ്പൂര്‍ണമായി അനുഗ്രഹിക്കട്ടെ; അവിടുത്തെ അടുക്കലാണല്ലോ നീ അഭയം തേടിയിരിക്കുന്നത്.”
13 അവള്‍ പറഞ്ഞു: “അങ്ങ് എന്നോടു എത്രമാത്രം ദയ കാട്ടിയിരിക്കുന്നു! അങ്ങയുടെ ഒരു ജോലിക്കാരിയാകാന്‍ പോലും ഞാന്‍ യോഗ്യയല്ലെങ്കിലും എന്നോടു ദയതോന്നി അങ്ങു പറഞ്ഞ വാക്കുകള്‍ എന്നെ സമാശ്വസിപ്പിച്ചിരിക്കുന്നു.”
14 ഭക്ഷണസമയമായപ്പോള്‍ ബോവസ് അവളെ അരികെ വിളിച്ചു. അപ്പമെടുത്തു ചാറില്‍മുക്കി ഭക്ഷിച്ചുകൊള്ളാന്‍ പറഞ്ഞു. അവള്‍ കൊയ്ത്തുകാരുടെ സമീപം ഇരുന്നു ഭക്ഷണം കഴിച്ചു; ബോവസ് അവള്‍ക്കു മലര്‍ കൊടുത്തു; അവള്‍ ഭക്ഷിച്ചു തൃപ്തയായി, ശേഷിപ്പിക്കുകയും ചെയ്തു.
15 കാലാ പെറുക്കാന്‍ അവള്‍ വീണ്ടും എഴുന്നേറ്റപ്പോള്‍ ബോവസ് ജോലിക്കാരോട് ആജ്ഞാപിച്ചു:
16 “അവള്‍ കറ്റകള്‍ക്കിടയില്‍നിന്നുകൂടി പെറുക്കിക്കൊള്ളട്ടെ; അവളെ ശാസിക്കുകയോ ശല്യപ്പെടുത്തുകയോ അരുത്. അവള്‍ക്കു പെറുക്കാന്‍ കറ്റകളില്‍നിന്നു കുറെ കതിരു വലിച്ചെടുത്ത് ഇട്ടേക്കണം.”
17 ഇങ്ങനെ രൂത്ത് സന്ധ്യവരെയും വയലില്‍ കാലാ പെറുക്കി. അതു മെതിച്ചപ്പോള്‍ ഏകദേശം ഒരു ഏഫാ ബാര്‍ലി ഉണ്ടായിരുന്നു.
18 അതെടുത്തുകൊണ്ട് അവള്‍ പട്ടണത്തില്‍ തിരിച്ചെത്തി നവോമിയെ കാണിച്ചു. ഭക്ഷണസമയത്ത് അധികം വന്ന മലര് അവള്‍ നവോമിക്ക് കൊടുത്തു.
19 നവോമി രൂത്തിനോടു പറഞ്ഞു: “ഇന്നു നീ ആരുടെ വയലിലാണ് കാലാ പെറുക്കിയത്? ഇന്നു നിന്നോടു താല്‍പര്യം കാണിച്ചവനെ ദൈവം അനുഗ്രഹിക്കട്ടെ.” “ബോവസിന്‍റെ വയലിലായിരുന്നു കാലാ പെറുക്കിയതെന്ന്” രൂത്ത് നവോമിയെ അറിയിച്ചു.
20 അപ്പോള്‍ നവോമി പറഞ്ഞു: “ജീവിച്ചിരിക്കുന്നവരോടും മരിച്ചവരോടും കരുണകാട്ടുന്ന അദ്ദേഹത്തെ സര്‍വേശ്വരന്‍ അനുഗ്രഹിക്കട്ടെ. നമ്മെ വീണ്ടെടുക്കാന്‍ കടപ്പാടുള്ള ബന്ധുക്കളില്‍ ഒരാളാണ് അദ്ദേഹം.”
21 “കൊയ്ത്തു മുഴുവന്‍ തീരുന്നതുവരെ തന്‍റെ വയലില്‍ വേലക്കാരോടൊത്ത് കാലാ പെറുക്കാന്‍ അദ്ദേഹം എന്നെ അനുവദിച്ചിട്ടുണ്ടെന്നു” രൂത്തു പറഞ്ഞു.
22 നവോമി പറഞ്ഞു: “മകളേ, കൊള്ളാം; അദ്ദേഹത്തിന്‍റെ വയലില്‍ കാലാ പെറുക്കാന്‍ പോകുന്നതാണു നല്ലത്. മറ്റു വല്ല വയലിലുമാണെങ്കില്‍ ആരെങ്കിലും നിന്നെ ശല്യപ്പെടുത്തിയേക്കാം.”
23 അങ്ങനെ നവോമിയോടൊത്തു താമസിച്ചുകൊണ്ടു ബാര്‍ലിയുടെയും കോതമ്പിന്‍റെയും കൊയ്ത്തു തീരുന്നതുവരെ ബോവസിന്‍റെ വയലില്‍ രൂത്ത് കാലാ പെറുക്കി.
1
പിന്നീട് നവോമി രൂത്തിനോട് പറഞ്ഞു: “മകളേ, നിന്‍റെ ഭാവിയുടെ ഭദ്രതയ്‍ക്കുവേണ്ടി ഞാന്‍ നിനക്ക് ഒരു ഭര്‍ത്താവിനെ കണ്ടുപിടിക്കട്ടെ.”2 നവോമി തുടര്‍ന്നു: “നമ്മുടെ ബന്ധുവായ ബോവസിന്‍റെ വയലിലാണല്ലോ നീ കാലാ പെറുക്കിയത്; അദ്ദേഹം ഇന്നു സന്ധ്യക്കു വരുന്നുണ്ട്.
3 നീ കുളിച്ചു സുഗന്ധദ്രവ്യങ്ങള്‍ പൂശി നല്ല വസ്ത്രങ്ങള്‍ അണിഞ്ഞു കളത്തില്‍ ചെല്ലുക. അദ്ദേഹം ഭക്ഷണം കഴിച്ചു തീരുന്നതുവരെ നീ അവിടെ ഉണ്ടെന്ന് അറിയരുത്.
4 അദ്ദേഹം ഉറങ്ങാന്‍ കിടക്കുന്ന സ്ഥലം നീ നോക്കിവയ്‍ക്കണം. പിന്നീടു നീ ചെന്ന് അദ്ദേഹത്തിന്‍റെ കാലില്‍നിന്നു പുതപ്പു മാറ്റി അവിടെ നീയും കിടക്കുക. നീ എന്തു ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞുതരും.”
5 [5,6] അങ്ങനെ ചെയ്യാമെന്നു രൂത്ത് സമ്മതിച്ചു; അവള്‍ കളത്തില്‍ പോയി നവോമി പറഞ്ഞതുപോലെ എല്ലാം ചെയ്തു. അത്താഴം കഴിഞ്ഞ് ബോവസ് സന്തുഷ്ടനായി ധാന്യക്കൂമ്പാരത്തിന്‍റെ അരികില്‍ ചെന്നുകിടന്നു.
6
7 അവള്‍ മെല്ലെ അടുത്തുചെന്നു കാലില്‍നിന്നു പുതപ്പു മാറ്റി അവിടെ കിടന്നു.
8 അര്‍ധരാത്രിയില്‍ ബോവസ് ഞെട്ടി ഉണര്‍ന്നു തിരിഞ്ഞുനോക്കിയപ്പോള്‍ ഒരു സ്‍ത്രീ തന്‍റെ കാല്‍ക്കല്‍ കിടക്കുന്നതു കണ്ടു.
9 “നീ ആരാണ്?” അദ്ദേഹം ചോദിച്ചു. “അങ്ങയുടെ ദാസിയായ രൂത്ത് ആണ് ഞാന്‍. അങ്ങ് എന്നെ വീണ്ടെടുക്കാന്‍ കടപ്പെട്ടവനാണല്ലോ. അതുകൊണ്ട് അങ്ങയുടെ പുതപ്പ് എന്‍റെമേല്‍ ഇടണമേ” എന്നു രൂത്ത് പറഞ്ഞു.
10 അതിനു മറുപടിയായി ബോവസ് പറഞ്ഞു: “സര്‍വേശ്വരന്‍ നിന്നെ അനുഗ്രഹിക്കട്ടെ. ഇപ്പോള്‍ നീ കാണിച്ചിരിക്കുന്ന സ്നേഹം ആദ്യത്തേതിലും മികച്ചതാണ്; ധനികനോ ദരിദ്രനോ ആയ ഒരു യുവാവിനു പിന്നാലെ പോകാതെ നീ എന്‍റെ അടുക്കല്‍ വന്നതു നന്നായി.
11 മകളേ, ഭയപ്പെടേണ്ടാ; നിനക്കു വേണ്ടതെല്ലാം ഞാന്‍ ചെയ്തുതരും; നീ നല്ലവളാണെന്ന് ഈ പട്ടണത്തിലുള്ള എന്‍റെ ആളുകള്‍ക്കെല്ലാം അറിയാം.
12 ഞാന്‍ ബന്ധുവാണെന്നു നീ പറയുന്നതു ശരിതന്നെ. എന്നാല്‍ എന്നെക്കാള്‍ അടുത്ത മറ്റൊരു ബന്ധു നിനക്കുണ്ട്. ഈ രാത്രിയില്‍ നീ ഇവിടെത്തന്നെ ഉറങ്ങുക. രാവിലെ അയാള്‍ നിന്നോടുള്ള കടമ നിറവേറ്റുമെങ്കില്‍ അങ്ങനെയാകട്ടെ.
13 ഇല്ലെങ്കില്‍ ഞാന്‍ നിന്നെ സംരക്ഷിച്ചുകൊള്ളാമെന്നു സര്‍വേശ്വരന്‍റെ നാമത്തില്‍ സത്യം ചെയ്യുന്നു; ഏതായാലും വെളുക്കുവോളം ഇവിടെ കിടന്നുകൊള്ളുക.”
14 പുലരുംവരെ അവള്‍ അദ്ദേഹത്തിന്‍റെ കാല്‌ക്കല്‍ കിടന്നു. ഒരു സ്‍ത്രീ കളത്തില്‍ വന്നിരുന്നതായി ആരും അറിയരുതെന്നു ബോവസ് ആഗ്രഹിച്ചു. അതിരാവിലെ ആള്‍ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുന്നതിനുമുമ്പ് അവള്‍ എഴുന്നേറ്റു.
15 അവളുടെ മേലങ്കി നിവര്‍ത്തിപ്പിടിക്കാന്‍ ബോവസ് ആവശ്യപ്പെട്ടു; അതില്‍ ആറ് ഇടങ്ങഴി ബാര്‍ലി അദ്ദേഹം അളന്നു കെട്ടി ചുമലില്‍ വച്ചുകൊടുത്തു. അവള്‍ പട്ടണത്തിലേക്കു മടങ്ങിപ്പോയി.
16 രൂത്തിനെ കണ്ടപ്പോള്‍ നവോമി ചോദിച്ചു: “മകളേ, നീ പോയ കാര്യമെന്തായി?” ബോവസ് അവള്‍ക്കുവേണ്ടി ചെയ്തതെല്ലാം അവള്‍ വിവരിച്ചു:
17 “അമ്മയുടെ അടുക്കലേക്കു വെറുംകൈയോടെ പോകരുത് എന്നു പറഞ്ഞ് ഇത്രയും ബാര്‍ലി തന്നയച്ചു” എന്നും പറഞ്ഞു.
18 “മകളേ, ഇനി കാര്യങ്ങള്‍ എങ്ങനെ ആയിത്തീരുമെന്നു വ്യക്തമാകുന്നതുവരെ കാത്തിരിക്കുക; ഇന്ന് ഇക്കാര്യത്തിന് ഒരു തീരുമാനം ഉണ്ടാകുന്നതുവരെ അയാള്‍ അടങ്ങിയിരിക്കുകയില്ല” എന്നു നവോമി പറഞ്ഞു.
1
ബോവസ് നഗരവാതില്‌ക്കലേക്കു പോയി അവിടെ ഇരുന്നു. അല്പസമയം കഴിഞ്ഞപ്പോള്‍ ബോവസ് രൂത്തിനോടു സൂചിപ്പിച്ചിരുന്ന ബന്ധു അതുവഴി വന്നു. ബോവസ് അയാളെ വിളിച്ച് അവിടെ ഇരുത്തി;2 പത്തു നഗരപ്രമാണികളെക്കൂടി ബോവസ് ക്ഷണിച്ചു. അവര്‍ ഇരുന്നശേഷം ബോവസ് ബന്ധുവിനോടു പറഞ്ഞു:
3 “മോവാബില്‍നിന്നു തിരിച്ചെത്തിയിരിക്കുന്ന നവോമി നമ്മുടെ ബന്ധുവായ എലീമേലെക്കിന്‍റെ വയല്‍ വില്‍ക്കാന്‍ പോകുകയാണ്; ഇക്കാര്യം നിന്നെ അറിയിക്കാമെന്നു ഞാന്‍ വിചാരിച്ചു.
4 നീ ആ സ്ഥലം വീണ്ടെടുക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ നഗരപ്രമാണികളുടെയും ഇവിടെ കൂടിയിരിക്കുന്ന മറ്റുള്ളവരുടെയും മുന്‍പാകെ അതു പറയുക; സാധിക്കുകയില്ലെങ്കില്‍ അതും എനിക്കറിയണം. അതു വീണ്ടെടുക്കാനുള്ള പ്രധാന അവകാശി നീ ആണ്. ഞാന്‍ കുറേക്കൂടെ അകന്ന ബന്ധുവാണല്ലോ.” “ഞാനതു വീണ്ടെടുക്കാം” എന്നു ബന്ധു ഉത്തരം നല്‌കി.
5 അപ്പോള്‍ ബോവസ് പറഞ്ഞു: “നീ ആ വയല്‍ വാങ്ങുമ്പോള്‍ മരിച്ചുപോയവന്‍റെ പേര് അവകാശികളിലൂടെ നിലനിര്‍ത്താന്‍ വിധവയായ മോവാബുകാരി രൂത്തിനെ സ്വീകരിക്കുകയും വേണം. അവന്‍റെ അവകാശം നിലനിര്‍ത്താന്‍ അതാണു വഴി.”
6 അപ്പോള്‍ ആ ബന്ധു പറഞ്ഞു: “അത് എനിക്കു സാധ്യമല്ല; ഞാന്‍ ആ സ്ഥലം വീണ്ടെടുത്താല്‍ എന്‍റെ പിതൃസ്വത്ത് നഷ്ടപ്പെടുത്തേണ്ടിവരും. അതുകൊണ്ടു ഞാന്‍ അതു വാങ്ങുന്നില്ല; വീണ്ടെടുക്കാനുള്ള എന്‍റെ അവകാശം ഞാന്‍ നിനക്കു വിട്ടുതരുന്നു.”
7 വസ്തുക്കള്‍ വീണ്ടെടുക്കുമ്പോഴും വീണ്ടെടുപ്പവകാശം കൈമാറുമ്പോഴും ഇടപാടു ഉറപ്പിക്കാന്‍ അവകാശം ലഭിക്കുന്നവന് മറ്റേയാള്‍ തന്‍റെ ചെരുപ്പ് ഊരിക്കൊടുക്കുന്ന പതിവ് ഉണ്ടായിരുന്നു.
8 അങ്ങനെ ആ ബന്ധു തന്‍റെ വീണ്ടെടുപ്പവകാശം കൈമാറിക്കൊണ്ട് തന്‍റെ ചെരുപ്പൂരി ബോവസിനു കൊടുത്തു.
9 അപ്പോള്‍ ബോവസ് അവിടെ കൂടിയിരുന്ന നഗരപ്രമാണികളോടും മറ്റുള്ളവരോടും ഇപ്രകാരം പറഞ്ഞു: “എലീമേലെക്കിനും അദ്ദേഹത്തിന്‍റെ മരണശേഷം പുത്രന്മാരായ കില്യോന്‍, മഹ്‍ലോന്‍ എന്നിവര്‍ക്കും അവകാശപ്പെട്ടിരുന്ന സകലതും ഞാന്‍ നവോമിയില്‍നിന്നു വാങ്ങിയിരിക്കുന്നു. നിങ്ങള്‍ അതിനു സാക്ഷികളാണ്.
10 സ്വന്തം നാട്ടിലും കുടുംബത്തിലും പരേതന്‍റെ വംശവും അവകാശവും നിലനിര്‍ത്താനായി മഹ്‍ലോന്‍റെ ഭാര്യ മോവാബുകാരിയായ രൂത്തിനെ എന്‍റെ ഭാര്യയായി ഞാന്‍ സ്വീകരിക്കുന്നു. ഇതിന് നിങ്ങള്‍ സാക്ഷികള്‍.”
11 നഗരപ്രമാണികളും മറ്റുള്ളവരും പറഞ്ഞു: “ഞങ്ങള്‍തന്നെ സാക്ഷികള്‍, നിന്‍റെ ഭാര്യയെ സര്‍വേശ്വരന്‍ റാഹേലിനെയും ലേയായെയും എന്നപോലെ അനുഗ്രഹിക്കട്ടെ. അവരാണല്ലോ ഇസ്രായേല്‍വംശത്തിന്‍റെ പൂര്‍വമാതാക്കള്‍. എഫ്രാത്തില്‍ നീ ധനികനും ബേത്‍ലഹേമില്‍ നീ പ്രസിദ്ധനും ആയിത്തീരട്ടെ.
12 നിന്‍റെ സന്താനങ്ങള്‍ യെഹൂദായുടെയും താമാറിന്‍റെയും മകനായ ഫേരസിനെപ്പോലെ സന്താനസമൃദ്ധിയുള്ളവരാകട്ടെ.”
13
അങ്ങനെ ബോവസ് രൂത്തിനെ ഭാര്യയായി സ്വീകരിച്ചു. സര്‍വേശ്വരന്‍ അവളെ അനുഗ്രഹിച്ചു; അവള്‍ക്ക് ഒരു മകന്‍ ജനിച്ചു; അപ്പോള്‍ സ്‍ത്രീകള്‍ നവോമിയോടു പറഞ്ഞു:14 “കുടുംബം നിലനിര്‍ത്താന്‍ ഒരു കുഞ്ഞിനെ നിങ്ങള്‍ക്കു തന്ന സര്‍വേശ്വരന്‍ വാഴ്ത്തപ്പെടട്ടെ! ഈ കുഞ്ഞ് ഇസ്രായേലില്‍ പ്രസിദ്ധനായിത്തീരട്ടെ!
15 നിന്‍റെ മരുമകള്‍ നിന്നെ സ്നേഹിക്കുന്നു. ഏഴു പുത്രന്മാരെക്കാള്‍ അധികമായി നിന്നെ കരുതുന്നവള്‍ ആണല്ലോ അവനെ പ്രസവിച്ചിരിക്കുന്നത്. അവന്‍ നിനക്ക് പുതുജീവന്‍ നല്‌കി; വാര്‍ധക്യത്തില്‍ അവന്‍ നിന്നെ പരിപാലിക്കും.”
16 ഉടനെ നവോമി ശിശുവിനെ എടുത്തു മാറോടണച്ചു;
17 അയല്‍ക്കാരികള്‍: “നവോമിക്ക് ഒരു മകന്‍ പിറന്നു” എന്നു പറഞ്ഞു. അവര്‍ കുഞ്ഞിന് ‘ഓബേദ്’ എന്നു പേരിട്ടു; ഓബേദാണ് ദാവീദിന്‍റെ പിതാവായ യിശ്ശായിയുടെ പിതാവ്.
18
ഫേരെസ് മുതല്‍ ദാവീദുവരെയുള്ള വംശാവലി ഇതാണ്. ഫേരെസ്, ഹെസ്രോന്‍, രാം,19 [19,20] അമ്മീനാദാബ്, നഹശോന്‍, സല്മോന്‍,
20
21 [21,22] ബോവസ്, ഓബേദ്, യിശ്ശായി, ദാവീദ്.