1
“ഞങ്ങളില്‍ ഏതു ഗോത്രക്കാരാണ് കനാന്യരോടു യുദ്ധം ചെയ്യാന്‍ ആദ്യം പുറപ്പെടേണ്ടത്” എന്ന് ഇസ്രായേല്‍ജനം യോശുവയുടെ മരണശേഷം സര്‍വേശ്വരനോട് ആരാഞ്ഞു.2 അവിടുന്ന് അരുളിച്ചെയ്തു: “യെഹൂദാ ഗോത്രക്കാര്‍ ആദ്യം പുറപ്പെടട്ടെ; ഞാന്‍ ദേശം അവരെ ഏല്പിച്ചിരിക്കുന്നു.”
3 യെഹൂദാഗോത്രക്കാര്‍ തങ്ങളുടെ സഹോദരരായ ശിമെയോന്യരോടു പറഞ്ഞു: “കനാന്യരോടു യുദ്ധം ചെയ്ത് ഞങ്ങള്‍ക്കുവേണ്ടി നിശ്ചയിച്ച ദേശം കൈവശപ്പെടുത്താന്‍ ഞങ്ങളോടൊത്തു വരിക; നിങ്ങള്‍ക്ക് നിശ്ചയിക്കപ്പെട്ടിരിക്കുന്ന ദേശത്ത് യുദ്ധം ചെയ്യാന്‍ നിങ്ങളോടൊപ്പം ഞങ്ങളും വരാം.” ശിമെയോന്‍ഗോത്രക്കാര്‍ അവരുടെ കൂടെ പോയി;
4 യെഹൂദാഗോത്രക്കാര്‍ കനാന്യരോടും പെരിസ്യരോടും യുദ്ധം ചെയ്തു; അവരില്‍ പതിനായിരം പേരെ ബേസെക്കില്‍ വച്ചു സംഹരിച്ചു. അങ്ങനെ സര്‍വേശ്വരന്‍ യെഹൂദാഗോത്രക്കാര്‍ക്കു വിജയം നല്‌കി.
5 ബേസെക്കില്‍വച്ച് അവര്‍ അദോനീ-ബേസെക്കുമായി ഏറ്റുമുട്ടി; അയാളോടൊപ്പം യുദ്ധം ചെയ്തിരുന്ന കനാന്യരെയും പെരിസ്യരെയും അവര്‍ തോല്പിച്ചു.
6 അദോനീ-ബേസെക്ക് അവിടെനിന്നു പലായനം ചെയ്തു; എന്നാല്‍ അവര്‍ അയാളെ പിന്തുടര്‍ന്നു പിടിച്ച് അയാളുടെ കൈകാലുകളിലെ പെരുവിരലുകള്‍ മുറിച്ചുകളഞ്ഞു.
7 അപ്പോള്‍ അദോനീ-ബേസെക് പറഞ്ഞു: “കൈകാലുകളിലെ പെരുവിരലുകള്‍ ഛേദിക്കപ്പെട്ട എഴുപതു രാജാക്കന്മാര്‍ എന്‍റെ മേശയില്‍നിന്നു പൊഴിഞ്ഞുവീണ ഉച്ഛിഷ്ടം പെറുക്കി തിന്നിരുന്നു. ഞാന്‍ അവരോടു ചെയ്തതുപോലെ സര്‍വേശ്വരന്‍ എന്നോടും ചെയ്തിരിക്കുന്നു.” അവര്‍ അയാളെ യെരൂശലേമിലേക്കു കൊണ്ടുപോയി; അവിടെവച്ച് അയാള്‍ മരിച്ചു.
8
യെഹൂദാഗോത്രക്കാര്‍ യെരൂശലേം ആക്രമിച്ചു കീഴടക്കി, അതിലെ നിവാസികളെ വാളാല്‍ നശിപ്പിക്കുകയും പട്ടണം അഗ്നിക്ക് ഇരയാക്കുകയും ചെയ്തു.9 അതിനുശേഷം യെഹൂദാഗോത്രക്കാര്‍ മലനാട്ടിലും നെഗെബുദേശത്തും താഴ്വരകളിലും പാര്‍ത്തിരുന്ന കനാന്യരോടു യുദ്ധത്തിനു പുറപ്പെട്ടു.
10 അവര്‍ ഹെബ്രോനില്‍ പാര്‍ത്തിരുന്ന കനാന്യരെ നേരിടാന്‍ അവിടേക്കു നീങ്ങി. കിര്യത്ത്-അര്‍ബ എന്ന പേരിലാണ് ഹെബ്രോന്‍ മുമ്പ് അറിയപ്പെട്ടിരുന്നത്. അവര്‍ ശേശായി, അഹീമാന്‍, തല്‍മായി എന്നീ ഗോത്രങ്ങളെ പരാജയപ്പെടുത്തി.
11
അവിടെനിന്നു യെഹൂദാഗോത്രക്കാര്‍ കിര്യത്ത്-സേഫെര്‍ എന്ന പേരില്‍ പണ്ട് അറിയപ്പെട്ടിരുന്ന ദെബീര്‍ പട്ടണവാസികള്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ പോയി.12 കിര്യത്ത്- സേഫെര്‍ പിടിച്ചടക്കുന്നവനു തന്‍റെ മകള്‍ അക്സായെ ഭാര്യയായി നല്‌കും എന്ന് കാലേബ് വാഗ്ദാനം ചെയ്തു.
13 കാലേബിന്‍റെ അനുജനായ കെനസിന്‍റെ പുത്രന്‍ ഒത്നീയേല്‍ അതു പിടിച്ചടക്കി; കാലേബ് തന്‍റെ മകളെ അവനു ഭാര്യയായി നല്‌കി.
14 പിതാവായ കാലേബിനോട് ഒരു നിലം ആവശ്യപ്പെടാന്‍ ഒത്നീയേല്‍ അക്സായെ നിര്‍ബന്ധിച്ചു. അവള്‍ കഴുതപ്പുറത്തുനിന്ന് ഇറങ്ങിയപ്പോള്‍ “നിനക്ക് എന്തുവേണം” എന്നു കാലേബ് ചോദിച്ചു.
15 അവള്‍ പറഞ്ഞു: “എന്നെ നെഗെബുദേശത്താണല്ലോ പാര്‍പ്പിച്ചിരിക്കുന്നത്. ഏതാനും നീരുറവുകള്‍ എനിക്കു തരിക.” അവള്‍ ആവശ്യപ്പെട്ടതനുസരിച്ച് കാലേബ് ഉയര്‍ന്ന സ്ഥലത്തും താഴ്വരയിലുമുള്ള നീരുറവുകള്‍ അവള്‍ക്കു കൊടുത്തു.
16
മോശയുടെ ഭാര്യാപിതാവായ കേന്യന്‍റെ പിന്‍ഗാമികള്‍ യെഹൂദാഗോത്രക്കാരോടൊപ്പം ഈന്തപ്പനകളുടെ നഗരത്തില്‍നിന്ന് അരാദിനു തെക്കുവശമുള്ള യെഹൂദാ മരുഭൂമിയിലേക്കു പോയി; അവര്‍ അവിടെയുള്ള ജനത്തോടുകൂടെ പാര്‍ത്തു.17 പിന്നീട് യെഹൂദാഗോത്രക്കാരും ശിമെയോന്‍ഗോത്രക്കാരും കൂടി സെഫാത്തില്‍ പാര്‍ത്തിരുന്ന കനാന്യരെ ആക്രമിച്ച് നിശ്ശേഷം നശിപ്പിച്ചു. അതുകൊണ്ട് ആ പട്ടണത്തിനു ഹോര്‍മ്മാ എന്നു പേരുവന്നു.
18 [18,19] സര്‍വേശ്വരന്‍ യെഹൂദാഗോത്രക്കാരുടെ കൂടെ ഉണ്ടായിരുന്നു; അവര്‍ മലനാടു പിടിച്ചടക്കി. ഗസ്സ, അസ്കലോന്‍, എക്രോന്‍ എന്നീ പട്ടണങ്ങളും അവയ്‍ക്കു ചുറ്റുമുള്ള സ്ഥലങ്ങളും അവര്‍ കൈവശമാക്കി. എന്നാല്‍ താഴ്വരയില്‍ പാര്‍ത്തിരുന്നവര്‍ക്ക് ഇരുമ്പു രഥങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ അവരെ കീഴടക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല.
19
20 മോശ കല്പിച്ചിരുന്നതുപോലെ അവര്‍ ഹെബ്രോന്‍ പട്ടണം കാലേബിനു കൊടുത്തു. അയാള്‍ അനാക്കിന്‍റെ വംശജരായ മൂന്നു ഗോത്രങ്ങളെ അവിടെനിന്നു പുറത്താക്കി.
21 യെരൂശലേമില്‍ പാര്‍ത്തിരുന്ന യെബൂസ്യരെ ബെന്യാമീന്‍ഗോത്രക്കാര്‍ അവിടെനിന്ന് ഓടിച്ചുകളഞ്ഞില്ല; യെബൂസ്യര്‍, ബെന്യാമീന്‍ഗോത്രക്കാരുടെ കൂടെ യെരൂശലേമില്‍ ഇപ്പോഴും പാര്‍ത്തുവരുന്നു.
22
യോസേഫ്ഗോത്രക്കാര്‍ ബേഥേല്‍ ആക്രമിച്ചു; സര്‍വേശ്വരന്‍ അവരോടൊപ്പം ഉണ്ടായിരുന്നു.23 പണ്ടു ലൂസ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ബേഥേലിലേക്ക് ഒറ്റുനോക്കുന്നതിന് അവര്‍ ചാരന്മാരെ അയച്ചു.
24 അവര്‍ അവിടെ ചെന്നപ്പോള്‍ പട്ടണത്തില്‍നിന്നു പുറത്തുവരുന്ന ഒരാളിനെ കണ്ടു; അവര്‍ അവനോടു പറഞ്ഞു: “പട്ടണത്തില്‍ പ്രവേശിക്കുന്നതിനുള്ള വഴി കാണിച്ചുതന്നാല്‍ ഞങ്ങള്‍ നിന്നോടു ദയാപൂര്‍വം വര്‍ത്തിക്കാം.”
25 അങ്ങനെ പട്ടണത്തിലേക്കുള്ള വഴി അയാള്‍ അവര്‍ക്കു കാണിച്ചുകൊടുത്തു; അയാളെയും അയാളുടെ കുടുംബക്കാരെയും ഒഴിച്ചു സകല പട്ടണവാസികളെയും അവര്‍ വാളിനിരയാക്കി.
26 പിന്നീട് അയാള്‍ ഹിത്യരുടെ ദേശത്തു ചെന്ന് അവിടെ ഒരു പട്ടണം നിര്‍മ്മിച്ചു; അതിനു ലൂസ് എന്നു പേരിട്ടു. ആ പട്ടണം ഇന്നും ആ പേരില്‍ അറിയപ്പെടുന്നു.
27
ബേത്ത്-ശെയാന്‍, താനാക്ക്, ദോര്‍, യിബ്ലെയാം, മെഗിദ്ദോ എന്നീ പട്ടണങ്ങളിലെയും അവയ്‍ക്കു ചുറ്റുമുള്ള ഗ്രാമങ്ങളിലെയും നിവാസികളെ മനശ്ശെഗോത്രക്കാര്‍ ഓടിച്ചുകളഞ്ഞില്ല. കനാന്യര്‍ അവിടെത്തന്നെ പാര്‍ത്തു.28 ഇസ്രായേല്യര്‍ ശക്തിപ്രാപിച്ചപ്പോള്‍ കനാന്യരെ ഓടിച്ചുകളയാതെ അവരെക്കൊണ്ട് അടിമവേല ചെയ്യിച്ചു.
29
എഫ്രയീംഗോത്രക്കാര്‍, ഗേസെരില്‍ പാര്‍ത്തിരുന്ന കനാന്യരെ ഓടിച്ചുകളഞ്ഞില്ല. കനാന്യര്‍ ഗേസെരില്‍ അവരുടെ കൂടെ പാര്‍ത്തു.30
സെബൂലൂന്‍ഗോത്രക്കാര്‍, കിത്രോനിലും നഹലോലിലും പാര്‍ത്തിരുന്ന കനാന്യരെ ഓടിച്ചുകളയാതെ അവരെക്കൊണ്ട് അടിമവേല ചെയ്യിച്ചു.31
ആശേര്‍ഗോത്രക്കാര്‍, അക്കോവ്, സീദോന്‍, അഹ്‍ലാബ്, അക്സീബ്, ഹെല്‍ബാ, അഫീക്, രെഹോബ് എന്നീ പട്ടണങ്ങളില്‍ പാര്‍ത്തിരുന്നവരെ പുറത്താക്കിയില്ല.32 അതുകൊണ്ട് ആശേര്‍ഗോത്രക്കാര്‍ തദ്ദേശവാസികളായ കനാന്യരുടെ ഇടയില്‍ത്തന്നെ പാര്‍ത്തു.
33
നഫ്താലിഗോത്രക്കാര്‍ ബേത്ത്-ശേമെശ്, ബേത്ത്-അനാത്ത് എന്നീ പട്ടണങ്ങളില്‍ പാര്‍ത്തിരുന്ന കനാന്യരെ ഓടിച്ചുകളയാതെ അവരുടെ ഇടയില്‍ത്തന്നെ പാര്‍ത്തു. ബേത്ത്-ശേമെശിലെയും ബേത്ത്-അനാത്തിലെയും ജനങ്ങളെക്കൊണ്ട് അവര്‍ അടിമവേല ചെയ്യിച്ചു.34
അമോര്യര്‍ ദാന്‍ഗോത്രക്കാരെ മലനാട്ടിലേക്കു തള്ളിനീക്കി; താഴ്വരയിലേക്ക് ഇറങ്ങി വരാന്‍ അമോര്യര്‍ അവരെ അനുവദിച്ചില്ല.35 ഹര്‍-ഹേരെസ്, അയ്യാലോന്‍, ശാല്‍ബീം എന്നീ സ്ഥലങ്ങളില്‍ അമോര്യര്‍ തുടര്‍ന്നു പാര്‍ത്തു. എന്നാല്‍ യോസേഫ്ഗോത്രക്കാര്‍ക്കു ശക്തി ലഭിച്ചപ്പോള്‍ അവര്‍ അമോര്യരെക്കൊണ്ട് അടിമവേല ചെയ്യിച്ചു.
36
അമോര്യരുടെ അതിര്, സേലമുതല്‍ അക്രബ്ബീം കയറ്റംവരെ വ്യാപിച്ചിരുന്നു.1
സര്‍വേശ്വരന്‍റെ ദൂതന്‍ ഗില്ഗാലില്‍നിന്നു ബോഖീമില്‍ ചെന്ന് ഇസ്രായേല്‍ജനത്തോടു പറഞ്ഞു: “ഞാന്‍ നിങ്ങളെ ഈജിപ്തില്‍നിന്നു മോചിപ്പിച്ച് നിങ്ങളുടെ പിതാക്കന്മാരോട് വാഗ്ദാനം ചെയ്തിരുന്ന ദേശത്തേക്കു കൊണ്ടുവന്നു. നിങ്ങളോടു ചെയ്ത ഉടമ്പടി ഞാന്‍ ഒരിക്കലും ലംഘിക്കുകയില്ല.2 നിങ്ങള്‍ ഈ ദേശവാസികളോട് ഉടമ്പടി ചെയ്യരുതെന്നും അവരുടെ ബലിപീഠങ്ങള്‍ ഇടിച്ചു കളയണമെന്നും ഞാന്‍ നിങ്ങളോടു കല്പിച്ചിരുന്നു. എന്നാല്‍ എന്‍റെ വാക്ക് നിങ്ങള്‍ കേട്ടില്ല. നിങ്ങള്‍ ഇങ്ങനെ പ്രവര്‍ത്തിച്ചത് എന്തുകൊണ്ട്?
3 അതിനാല്‍ ഞാന്‍ പറയുന്നു: അവരെ നിങ്ങളുടെ ഇടയില്‍നിന്നു ഞാന്‍ നീക്കിക്കളയുകയില്ല; അവര്‍ നിങ്ങളുടെ ശത്രുക്കളായിത്തീരും; അവരുടെ ദേവന്മാര്‍ നിങ്ങള്‍ക്കു കെണിയായിത്തീരുകയും ചെയ്യും.”
4 സര്‍വേശ്വരന്‍റെ ദൂതന്‍ ഈ വാക്കുകള്‍ ഇസ്രായേല്‍ജനത്തോടു പറഞ്ഞപ്പോള്‍ അവര്‍ ഉച്ചത്തില്‍ കരഞ്ഞു.
5 അവര്‍ ആ സ്ഥലത്തിനു ബോഖീം എന്നു പേരിട്ടു. അവര്‍ അവിടെ സര്‍വേശ്വരന് യാഗം അര്‍പ്പിക്കുകയും ചെയ്തു.
6
പിന്നീട് യോശുവ ഇസ്രായേല്‍ജനത്തെ പറഞ്ഞയച്ചു; തങ്ങള്‍ക്ക് അവകാശമായി ലഭിച്ച ഭൂമി കൈവശപ്പെടുത്താന്‍ അവര്‍ ഓരോരുത്തരും പോയി.7 യോശുവയുടെ കാലത്തും അതിനുശേഷവും ജീവിച്ചിരുന്നവരും സര്‍വേശ്വരന്‍ ഇസ്രായേലിന് ചെയ്ത വന്‍കാര്യങ്ങള്‍ കണ്ടിട്ടുള്ളവരുമായ ജനനേതാക്കന്മാരുടെ കാലത്തും ജനം സര്‍വേശ്വരനെ സേവിച്ചു.
8 നൂറ്റിപ്പത്താമത്തെ വയസ്സില്‍ അവിടുത്തെ ദാസനും നൂനിന്‍റെ മകനുമായ യോശുവ മരിച്ചു.
9 അദ്ദേഹത്തെ എഫ്രയീം മലനാട്ടില്‍ ഗായശ്മലയുടെ വടക്കു വശത്തുള്ള തിമ്നാത്ത്-ഹേരെസില്‍ തന്‍റെ അവകാശഭൂമിയില്‍തന്നെ സംസ്കരിച്ചു.
10 ആ തലമുറയിലുള്ള എല്ലാവരും മരിച്ച് അവരുടെ പിതാക്കന്മാരോടു ചേര്‍ന്നു. സര്‍വേശ്വരനെയും ഇസ്രായേലിനുവേണ്ടി അവിടുന്നു ചെയ്തിട്ടുള്ള പ്രവൃത്തികളെയും മറന്നുകളഞ്ഞ മറ്റൊരു തലമുറ വളര്‍ന്നുവന്നു.
11
പിന്നീട് ഇസ്രായേല്‍ജനം ബാല്‍ദേവന്മാരെ ആരാധിച്ച് സര്‍വേശ്വരന്‍റെ സന്നിധിയില്‍ തിന്മ ചെയ്തു.12 അവരുടെ പിതാക്കന്മാരെ ഈജിപ്തില്‍നിന്നു മോചിപ്പിച്ചു കൊണ്ടുവന്ന അവരുടെ ദൈവമായ സര്‍വേശ്വരനെ അവര്‍ ഉപേക്ഷിച്ചു; തദ്ദേശവാസികളുടെ ദേവന്മാരായ അന്യദേവന്മാരെ അവര്‍ പിന്‍ചെന്ന് ആരാധിക്കുകയും ചെയ്തു. അങ്ങനെ അവര്‍ അവിടുത്തെ പ്രകോപിപ്പിച്ചു.
13 അവര്‍ സര്‍വേശ്വരനെ ഉപേക്ഷിച്ച് ബാല്‍ദേവനെയും അസ്തോരെത്ത്ദേവതയെയും ആരാധിച്ചു.
14 അതുകൊണ്ട് അവിടുത്തെ കോപം ഇസ്രായേല്‍ജനത്തിന്‍റെ നേരെ ജ്വലിച്ചു. അവിടുന്ന് അവരെ കൊള്ളക്കാരുടെ കൈയില്‍ ഏല്പിച്ചു. അവര്‍ അവരെ കവര്‍ച്ച ചെയ്തു. ചുറ്റുമുള്ള ശത്രുക്കള്‍ക്ക് അവിടുന്ന് അവരെ വിട്ടുകൊടുത്തു. ശത്രുക്കളെ ചെറുത്തുനില്‌ക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല.
15 സര്‍വേശ്വരന്‍റെ പ്രതിജ്ഞപോലെയും അവര്‍ക്കു മുന്നറിയിപ്പ് നല്‌കിയിരുന്നതുപോലെയും യുദ്ധത്തിനു പോയിടങ്ങളിലെല്ലാം അവര്‍ പരാജിതരായി. അവിടുത്തെ കരം അവര്‍ക്ക് എതിരായിരുന്നുവല്ലോ; അങ്ങനെ അവര്‍ വലിയ കഷ്ടതയിലായി.
16 കവര്‍ച്ചക്കാരുടെ കൈയില്‍നിന്ന് അവരെ രക്ഷിക്കാന്‍ സര്‍വേശ്വരന്‍ ന്യായാധിപന്മാരെ നിയോഗിച്ചു.
17 എങ്കിലും അവര്‍ അവരെ അനുസരിച്ചില്ല; സര്‍വേശ്വരനോട് അവര്‍ അവിശ്വസ്തരായി അന്യദേവന്മാരെ ആരാധിച്ചു. അവിടുത്തെ കല്പനകള്‍ അനുസരിച്ചുനടന്ന പിതാക്കന്മാരുടെ വഴിയില്‍നിന്ന് അവര്‍ വ്യതിചലിച്ചു.
18 അവര്‍ക്കു ന്യായാധിപന്മാരെ നല്‌കിയപ്പോഴെല്ലാം സര്‍വേശ്വരന്‍ ആ ന്യായാധിപന്മാരോടൊപ്പം ഇരുന്ന് അവരെ ശത്രുക്കളില്‍നിന്നു രക്ഷിച്ചു. കാരണം പീഡനങ്ങളിലും മര്‍ദനങ്ങളിലും അവര്‍ നിലവിളിക്കുമ്പോള്‍ സര്‍വേശ്വരന് അവരോടു കനിവു തോന്നുമായിരുന്നു.
19 എന്നാല്‍ ആ ന്യായാധിപന്മാരുടെ കാലശേഷം ഇസ്രായേല്‍ജനം തിരിഞ്ഞ് തങ്ങളുടെ പിതാക്കന്മാരെക്കാള്‍ അധികമായി മ്ലേച്ഛത പ്രവര്‍ത്തിക്കുകയും അന്യദേവന്മാരെ ആരാധിക്കുകയും ചെയ്തുവന്നു. അവര്‍ തങ്ങളുടെ ദുരാചാരങ്ങളോ ദുശ്ശാഠ്യങ്ങളോ ഉപേക്ഷിച്ചില്ല;
20 അപ്പോഴെല്ലാം സര്‍വേശ്വരന്‍റെ കോപം ഇസ്രായേല്‍ജനത്തിനെതിരെ ജ്വലിക്കും; അവിടുന്ന് അവരോട് അരുളിച്ചെയ്യും; “ഞാന്‍ അവരുടെ പിതാക്കന്മാരോട് ചെയ്ത ഉടമ്പടി അവര്‍ ലംഘിക്കുകയും എന്‍റെ വാക്ക് ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്നതുകൊണ്ട്
21 യോശുവ മരിക്കുമ്പോള്‍ അവരുടെ ദേശത്ത് അവശേഷിച്ചിരുന്ന ജനതകളില്‍ ഒന്നിനെപ്പോലും അവരുടെ മുമ്പില്‍നിന്നു ഞാന്‍ നീക്കിക്കളയുകയില്ല.
22 അവരുടെ പിതാക്കന്മാര്‍ അനുസരിച്ചു നടന്ന എന്‍റെ വഴിയില്‍ അവര്‍ നടക്കുമോ ഇല്ലയോ എന്നറിയുന്നതിന് ഇസ്രായേലിനെ ഞാന്‍ പരീക്ഷിച്ചുനോക്കും.”
23 അതുകൊണ്ട് സര്‍വേശ്വരന്‍ ആ ജനതകളെ യോശുവയുടെ കൈയില്‍ ഏല്പിക്കുകയോ, ഒറ്റയടിക്ക് പുറത്താക്കുകയോ ചെയ്യാതെ അവരെ അവശേഷിപ്പിച്ചു.
1
[1,2] കനാനില്‍ നടന്ന യുദ്ധങ്ങളില്‍ പങ്കെടുത്തിട്ടില്ലാത്ത ഇസ്രായേല്യരെ യുദ്ധം അഭ്യസിപ്പിക്കാന്‍വേണ്ടി സര്‍വേശ്വരന്‍ ഏതാനും ജനതകളെ ദേശത്ത് അവശേഷിപ്പിച്ചു.2
3 ആ ജനതകള്‍ ഇവരാണ്: ഫെലിസ്ത്യരുടെ അഞ്ചു പ്രഭുക്കന്മാരും, സകല കനാന്യരും, സീദോന്യരും, ബാല്‍-ഹെര്‍മ്മോന്‍ പര്‍വതം മുതല്‍ ഹാമാത്തിലേക്കുള്ള പ്രവേശനകവാടം വരെ ലെബാനോന്‍ പര്‍വതപ്രദേശത്തു പാര്‍ത്തിരുന്ന ഹിവ്യരുമായിരുന്നു.
4 മോശയിലൂടെ അവരുടെ പൂര്‍വപിതാക്കന്മാര്‍ക്കു നല്‌കിയിരുന്ന കല്പനകള്‍ അവര്‍ പാലിക്കുമോ എന്നു പരീക്ഷിച്ചറിയാന്‍ ആയിരുന്നു സര്‍വേശ്വരന്‍ അവരെ അവശേഷിപ്പിച്ചത്.
5 അങ്ങനെ കനാന്യര്‍, ഹിത്യര്‍, അമോര്യര്‍, പെരിസ്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നീ ജനതകളുടെ ഇടയില്‍ ഇസ്രായേല്‍ജനം പാര്‍ത്തു.
6 ഇസ്രായേല്യരുടെ പുത്രീപുത്രന്മാര്‍ അവരുമായി വിവാഹബന്ധത്തിലേര്‍പ്പെടാനും അവരുടെ ദേവന്മാരെ ആരാധിക്കാനും തുടങ്ങി.
7
ഇസ്രായേല്‍ജനം തങ്ങളുടെ ദൈവമായ സര്‍വേശ്വരനെ മറന്ന് ബാല്‍വിഗ്രഹങ്ങളെയും അശേരാപ്രതിഷ്ഠകളെയും സേവിച്ചു. അങ്ങനെ അവിടുത്തെ സന്നിധിയില്‍ തിന്മ പ്രവര്‍ത്തിച്ചു.8 അതുകൊണ്ട് ഇസ്രായേല്‍ജനത്തിനെതിരെ സര്‍വേശ്വരന്‍റെ കോപം ജ്വലിച്ചു. അവിടുന്ന് അവരെ മെസൊപൊത്താമ്യയിലെ രാജാവായ കൂശന്‍രിശാഥയീമിന് ഏല്പിച്ചുകൊടുത്തു. അവര്‍ എട്ടു വര്‍ഷം അടിമകളായി അയാളെ സേവിച്ചു.
9 അപ്പോള്‍ ഇസ്രായേല്‍ജനം സര്‍വേശ്വരനോടു നിലവിളിച്ചു. അവരെ വിമോചിപ്പിക്കുന്നതിനു കാലേബിന്‍റെ അനുജനായ കെനസിന്‍റെ പുത്രന്‍ ഒത്നീയേലിനെ അവിടുന്നു നിയോഗിച്ചു. അയാള്‍ അവരെ രക്ഷിച്ചു.
10 സര്‍വേശ്വരന്‍റെ ആത്മാവ് അയാളുടെമേല്‍ ആവസിച്ചു; അയാള്‍ ഇസ്രായേലിന്‍റെ അധിപനായിത്തീര്‍ന്നു. മെസൊപൊത്താമ്യയിലെ രാജാവായ കൂശന്‍രിശാഥയീമിനോടുള്ള യുദ്ധത്തില്‍ സര്‍വേശ്വരന്‍ ഒത്നീയേലിനു വിജയം നല്‌കി.
11 നാല്പതു വര്‍ഷത്തോളം ദേശത്തു സമാധാനം നിലനിന്നു. അതിനുശേഷം ഒത്നീയേല്‍ മരിച്ചു.
12
സര്‍വേശ്വരന്‍റെ സന്നിധിയില്‍ ഇസ്രായേല്‍ജനം വീണ്ടും തിന്മ പ്രവര്‍ത്തിച്ചതുകൊണ്ട് അവിടുന്നു മോവാബ്‍രാജാവായ എഗ്ലോനെ ഇസ്രായേലിനെതിരായി ശക്തിപ്പെടുത്തി.13 അയാള്‍ അമ്മോന്യരോടും അമാലേക്യരോടും കൂട്ടുചേര്‍ന്ന് ഇസ്രായേലിനെ തോല്പിച്ചു. അവര്‍ ഈന്തപ്പനകളുടെ പട്ടണമായ യെരീഹോ കൈവശമാക്കി.
14 ഇസ്രായേല്‍ജനം മോവാബ്‍രാജാവായ എഗ്ലോനെ പതിനെട്ടു വര്‍ഷം സേവിച്ചു.
15 ഇസ്രായേല്‍ജനം സര്‍വേശ്വരനോടു നിലവിളിച്ചപ്പോള്‍ അവിടുന്ന് അവര്‍ക്കുവേണ്ടി ബെന്യാമീന്‍ഗോത്രത്തിലെ ഗേരയുടെ പുത്രനും ഇടംകൈയനുമായ ഏഹൂദിനെ വിമോചകനായി നിയോഗിച്ചു. അയാളുടെ കൈയില്‍ ഇസ്രായേല്‍ജനം മോവാബ്‍രാജാവായ എഗ്ലോനു കാഴ്ച കൊടുത്തയച്ചു.
16 ഏഹൂദ് ഒരു മുഴം നീളമുള്ള ഇരുവായ്ത്തലയുള്ള ഒരു വാള്‍ ഉണ്ടാക്കി തന്‍റെ വസ്ത്രത്തിനുള്ളില്‍ വലത്തെ തുടയില്‍ കെട്ടിവച്ചിരുന്നു.
17 അയാള്‍ മോവാബ്‍രാജാവായ എഗ്ലോനു കാഴ്ച സമര്‍പ്പിച്ചു. തടിച്ചു കൊഴുത്ത ആള്‍ ആയിരുന്നു എഗ്ലോന്‍.
18 കാഴ്ച സമര്‍പ്പിച്ചതിനുശേഷം അതു ചുമന്നുകൊണ്ടു വന്നവരെ ഏഹൂദ് പറഞ്ഞയച്ചു.
19 എന്നാല്‍ ഗില്ഗാലിനടുത്തുള്ള ശിലാവിഗ്രഹങ്ങളുടെ സമീപം എത്തിയപ്പോള്‍ ഏഹൂദ്‍രജാവിന്‍റെ അടുക്കല്‍ തിരിച്ചുചെന്ന്: “രാജാവേ, ഒരു രഹസ്യസന്ദേശം അങ്ങയെ അറിയിക്കാനുണ്ട്” എന്നു പറഞ്ഞു. രാജാവിന്‍റെ നിര്‍ദ്ദേശാനുസരണം അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന മറ്റെല്ലാവരും പുറത്തുപോയി.
20 തന്‍റെ വേനല്‍ക്കാല മാളികമുറിയില്‍ ഇരുന്നിരുന്ന രാജാവിന്‍റെ അടുക്കല്‍ ഏഹൂദ് ചെന്ന്: “അങ്ങയോട് ദൈവത്തിന്‍റെ സന്ദേശം അറിയിക്കാനുണ്ട്” എന്നു പറഞ്ഞു. രാജാവ് തന്‍റെ ഇരിപ്പിടത്തില്‍നിന്ന് എഴുന്നേറ്റു.
21 അപ്പോള്‍ ഏഹൂദ് ഇടത്തെ കൈകൊണ്ട് വലത്തേ തുടയില്‍നിന്ന് വാള്‍ ഊരിയെടുത്ത് അയാളുടെ വയറ്റില്‍ കുത്തിയിറക്കി.
22 വാള്‍ പിടിയോടൊപ്പം വയറ്റില്‍ ഇറങ്ങി, വാള്‍ ഊരി എടുക്കാഞ്ഞതിനാല്‍ കൊഴുപ്പ് വാളിന്മേല്‍ പൊതിഞ്ഞു;
23 പിന്നീട് ഏഹൂദ് പൂമുഖം വഴി ഇറങ്ങി; മാളികയുടെ വാതില്‍ അടച്ചുപൂട്ടുകയും ചെയ്തു.
24 ഏഹൂദ് പുറത്തുപോയശേഷം രാജഭൃത്യന്മാര്‍ ചെന്നു മാളികമുറിയുടെ വാതില്‍ പൂട്ടിയിരിക്കുന്നതു കണ്ടപ്പോള്‍ രാജാവു വിസര്‍ജനത്തിന് ഇരിക്കുകയായിരിക്കും എന്നു കരുതി.
25 വളരെനേരം കാത്തിരുന്നിട്ടും വാതില്‍ തുറക്കാഞ്ഞതിനാല്‍ അവര്‍ താക്കോലെടുത്തു വാതില്‍ തുറന്നു; അപ്പോള്‍ രാജാവു മരിച്ചുകിടക്കുന്നത് അവര്‍ കണ്ടു.
26 അവര്‍ കാത്തിരുന്ന സമയംകൊണ്ട് ഏഹൂദ് രക്ഷപെട്ടു. ശിലാവിഗ്രഹങ്ങള്‍ കടന്നു സെയീരില്‍ എത്തി.
27 എഫ്രയീം മലമ്പ്രദേശത്ത് എത്തിയപ്പോള്‍ അയാള്‍ കാഹളം ഊതി. അപ്പോള്‍ ഇസ്രായേല്‍ജനം ഏഹൂദിന്‍റെ നേതൃത്വത്തില്‍ മലയില്‍ നിന്നിറങ്ങി;
28 അയാള്‍ പറഞ്ഞു: “എന്‍റെ കൂടെ വരൂ! ശത്രുക്കളായ മോവാബ്യരെ സര്‍വേശ്വരന്‍ ഇതാ നിങ്ങളുടെ കൈയില്‍ ഏല്പിച്ചിരിക്കുന്നു.” അവര്‍ അയാളെ അനുഗമിച്ചു; മോവാബിനെതിരെയുള്ള യോര്‍ദ്ദാനിലെ കടവുകള്‍ അവര്‍ പിടിച്ചടക്കി; അതുവഴി കടന്നുപോകാന്‍ ആരെയും അനുവദിച്ചില്ല.
29 അവര്‍ മോവാബ്യരില്‍ പതിനായിരത്തോളം പേരെ സംഹരിച്ചു; അവരെല്ലാം ശക്തന്മാരും യുദ്ധവീരരും ആയിരുന്നു. അവരില്‍ ആരുംതന്നെ രക്ഷപെട്ടില്ല.
30 അന്ന് ഇസ്രായേല്‍ജനം മോവാബ്യരെ കീഴടക്കി; എണ്‍പതു വര്‍ഷം ആ ദേശത്തു സമാധാനം നിലനിന്നു.
31
ഏഹൂദിനു ശേഷം അനാത്തിന്‍റെ പുത്രനായ ശംഗര്‍ കാളയെ തെളിക്കുന്ന വടികൊണ്ട് അറുനൂറു ഫെലിസ്ത്യരെ അടിച്ചുകൊന്നു. അങ്ങനെ അയാളും ഇസ്രായേല്യരെ രക്ഷിച്ചു.1
ഏഹൂദിന്‍റെ മരണശേഷം വീണ്ടും ഇസ്രായേല്‍ജനം സര്‍വേശ്വരന് ഹിതകരമല്ലാത്തതു പ്രവര്‍ത്തിച്ചു.2 അപ്പോള്‍ അവരെ അവിടുന്ന് ഹാസോരില്‍ വാണിരുന്ന കനാന്യരാജാവായ യാബീനിന് ഏല്പിച്ചുകൊടുത്തു. വിജാതീയ പട്ടണമായ ഹാരോശെത്തില്‍ പാര്‍ത്തിരുന്ന സീസെര ആയിരുന്നു അയാളുടെ സൈന്യാധിപന്‍.
3 അയാള്‍ക്കു തൊള്ളായിരം ഇരുമ്പു രഥങ്ങളുണ്ടായിരുന്നു. ഇരുപതു വര്‍ഷം അയാള്‍ ഇസ്രായേല്‍ജനത്തെ കഠിനമായി പീഡിപ്പിച്ചു. അതുകൊണ്ട് അവര്‍ സഹായത്തിനുവേണ്ടി സര്‍വേശ്വരനോടു നിലവിളിച്ചു.
4
ലപ്പീദോത്തിന്‍റെ ഭാര്യയായ ദെബോരാ എന്നൊരു പ്രവാചകി ആയിരുന്നു അക്കാലത്ത് ഇസ്രായേലില്‍ ന്യായപാലനം നടത്തിയിരുന്നത്.5 എഫ്രയീംമലനാട്ടില്‍ രാമായ്‍ക്കും ബേഥേലിനും ഇടയ്‍ക്കുള്ള ദെബോരായുടെ ഈന്തപ്പനയുടെ കീഴില്‍ ദെബോരാ ഇരിക്കുക പതിവായിരുന്നു. ന്യായം നടത്തിക്കിട്ടാന്‍ ഇസ്രായേല്‍ജനം അവരെ സമീപിച്ചിരുന്നു.
6 അവര്‍ അബീനോവാമിന്‍റെ പുത്രനായ ബാരാക്കിനെ കേദെശ്-നഫ്താലിയില്‍നിന്നു വരുത്തിപ്പറഞ്ഞു: “ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ നിന്നോടു കല്പിക്കുന്നു. നഫ്താലി, സെബൂലൂന്‍ ഗോത്രങ്ങളില്‍നിന്നു പതിനായിരം പേരെ താബോര്‍ മലയിലേക്ക് കൂട്ടിക്കൊണ്ടു വരിക.
7 യാബീനിന്‍റെ സൈന്യാധിപനായ സീസെരയെ രഥങ്ങളോടും സൈന്യത്തോടും കൂടെ കീശോന്‍തോട്ടിനരികെ നിന്‍റെ അടുക്കല്‍ ഞാന്‍ കൊണ്ടുവരും; ഞാന്‍ അവരെ നിന്‍റെ കൈയില്‍ ഏല്പിക്കും.”
8 ബാരാക് ദെബോരായോട് പറഞ്ഞു: “നിങ്ങള്‍ എന്നോടൊപ്പം വന്നാല്‍ ഞാന്‍ പോകാം; ഇല്ലെങ്കില്‍ ഞാന്‍ പോകുകയില്ല.”
9 ദെബോരാ പ്രതിവചിച്ചു: “ഞാന്‍ തീര്‍ച്ചയായും നിങ്ങളുടെകൂടെ വരാം; പക്ഷേ ഞാന്‍ വന്നാല്‍ വിജയത്തിന്‍റെ ബഹുമതി നിങ്ങള്‍ക്കു ലഭിക്കുകയില്ല. സര്‍വേശ്വരന്‍ സീസെരയെ ഒരു സ്‍ത്രീയുടെ കൈയില്‍ ഏല്പിക്കും.” പിന്നീട് അവര്‍ ബാരാക്കിന്‍റെ കൂടെ കേദെശിലേക്കു പുറപ്പെട്ടു;
10 സെബൂലൂന്‍, നഫ്താലി ഗോത്രക്കാരെ ബാരാക് കേദെശില്‍ വിളിച്ചുകൂട്ടി; പതിനായിരം പേര്‍ അയാളെ അനുഗമിച്ചു; ദെബോരായും അയാളുടെ കൂടെ ചെന്നു.
11 കേന്യനായ ഹേബെര്‍ മറ്റു കേന്യരെ വിട്ടുപോന്ന് കേദെശിനടുത്തുള്ള സാനന്നീമിലെ കരുവേലകത്തിനു സമീപം കൂടാരമടിച്ചു. അവര്‍ മോശയുടെ ഭാര്യാപിതാവായ ഹോബാബിന്‍റെ പുത്രന്മാരായിരുന്നു.
12 അബീനോവാമിന്‍റെ പുത്രനായ ബാരാക് താബോര്‍ മലയിലേക്ക് കയറിപ്പോയിരിക്കുന്നു എന്നു സീസെരയ്‍ക്ക് അറിവു കിട്ടിയപ്പോള്‍
13 അയാള്‍ തന്‍റെ തൊള്ളായിരം ഇരുമ്പു രഥങ്ങളെയും സകല സൈന്യങ്ങളെയും വിജാതീയപട്ടണമായ ഹരോശെത്തില്‍നിന്നു കീശോന്‍തോട്ടിനരികെ ഒന്നിച്ചുകൂട്ടി.
14 ദെബോരാ ബാരാക്കിനോടു പറഞ്ഞു: “പുറപ്പെടുക; സര്‍വേശ്വരന്‍ ഇന്നു സീസെരയെ നിന്‍റെ കൈയില്‍ ഏല്പിച്ചിരിക്കുന്നു; അവിടുന്നുതന്നെയല്ലേ നിങ്ങളെ നയിക്കുന്നത്.” അപ്പോള്‍ ബാരാക്കും കൂടെയുള്ള പതിനായിരം പേരും താബോര്‍മലയില്‍നിന്ന് ഇറങ്ങിച്ചെന്നു.
15 ബാരാക്കിന്‍റെ മുമ്പില്‍വച്ച് സര്‍വേശ്വരന്‍ സീസെരയുടെ സകല രഥങ്ങളെയും സൈന്യത്തെയും വാള്‍മുനയാല്‍ ചിതറിച്ചു.
16 സീസെര രഥത്തില്‍നിന്നിറങ്ങി ഓടി; ബാരാക്, രഥങ്ങളെയും സൈന്യത്തെയും വിജാതീയപട്ടണമായ ഹരോശെത്ത്‍വരെ പിന്തുടര്‍ന്നു, സീസെരയുടെ സൈന്യമെല്ലാം സംഹരിക്കപ്പെട്ടു; ഒരാള്‍പോലും ശേഷിച്ചില്ല.
17
സീസെര കേന്യനായ ഹേബെരിന്‍റെ ഭാര്യ യായേലിന്‍റെ കൂടാരത്തിലേക്ക് ഓടിപ്പോയി. കാരണം ഹാസോര്‍രാജാവായ യാബീനും കേന്യനായ ഹേബെരിന്‍റെ കുടുംബവും മൈത്രിയിലായിരുന്നു.18 സീസെരയെ എതിരേറ്റുകൊണ്ട് യായേല്‍ പറഞ്ഞു: “ഉള്ളിലേക്കു കയറിവരിക; പ്രഭോ, എന്‍റെ കൂടാരത്തിലേക്കു കയറിവരിക. ഒന്നും ഭയപ്പെടേണ്ട.” അയാള്‍ അവളുടെ കൂടാരത്തില്‍ പ്രവേശിച്ചു; അവള്‍ അയാളെ കട്ടിയുള്ള ഒരു പുതപ്പുകൊണ്ടു മൂടി.
19 അയാള്‍ അവളോട്: “അല്പം വെള്ളം തന്നാലും, എനിക്ക് അതിയായ ദാഹമുണ്ട് എന്നു പറഞ്ഞു. അവള്‍ അയാള്‍ക്കു തോല്‍ക്കുടത്തില്‍നിന്നു പാല്‍ പകര്‍ന്നുകൊടുത്തു. വീണ്ടും അയാളെ പുതപ്പിച്ചു.
20 സീസെര അവളോടു പറഞ്ഞു: “നീ കൂടാരവാതില്‌ക്കല്‍ത്തന്നെ നില്‌ക്കുക; ആരെങ്കിലും വന്ന് അന്വേഷിച്ചാല്‍ ഇവിടെ ആരും ഇല്ലെന്നു മറുപടി പറയണം.”
21 ക്ഷീണാധിക്യത്താല്‍ സീസെര ഗാഢനിദ്രയിലായി. അപ്പോള്‍ ഹേബെരിന്‍റെ ഭാര്യ യായേല്‍ കൂടാരത്തിന്‍റെ ഒരു കുറ്റിയും ചുറ്റികയും കൈയിലെടുത്ത് നിശ്ശബ്ദയായി അയാളുടെ അടുക്കല്‍ ചെന്നു കുറ്റി അയാളുടെ ചെന്നിയില്‍ അടിച്ചുകയറ്റി. അതു മറുപുറം ചെന്നു തറയില്‍ ഉറച്ചു; അങ്ങനെ സീസെര മരിച്ചു.
22 ബാരാക് സീസെരയെ അന്വേഷിച്ചു ചെന്നപ്പോള്‍ യായേല്‍ പുറത്തുചെന്ന് അയാളെ സ്വീകരിച്ചു; അവള്‍ ബാരാക്കിനോട്: “അങ്ങ് അന്വേഷിക്കുന്ന മനുഷ്യനെ ഞാന്‍ കാണിച്ചുതരാം” എന്നു പറഞ്ഞു. അയാള്‍ അവളുടെ കൂടാരത്തില്‍ കയറിച്ചെന്നപ്പോള്‍ ചെന്നിയില്‍ തറച്ചിരിക്കുന്ന കുറ്റിയുമായി സീസെര മരിച്ചുകിടക്കുന്നതു കണ്ടു.
23 അങ്ങനെ ആ ദിവസം ദൈവം ഇസ്രായേല്‍ജനത്തിന് കനാന്യരാജാവായ യാബീനിന്‍റെമേല്‍ വിജയം നല്‌കി.
24 യാബീന്‍ നിശ്ശേഷം നശിക്കുംവരെ ഇസ്രായേല്‍ജനം അയാളെ കഠിനമായി പീഡിപ്പിച്ചുകൊണ്ടിരുന്നു.
1
അന്നു ദെബോരായും അബീനോവാമിന്‍റെ മകനായ ബാരാക്കും കൂടി ഇങ്ങനെ പാടി.2
“നായകന്മാര്‍ ഇസ്രായേലിനെ നയിച്ചതില്‍3
രാജാക്കന്മാരേ, കേള്‍ക്കുവിന്‍;
പ്രഭുക്കന്മാരേ, ചെവിക്കൊള്‍വിന്‍;
സര്‍വേശ്വരനു ഞാന്‍ കീര്‍ത്തനം പാടും;
ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരനെ ഞാന്‍ പാടി പുകഴ്ത്തും.
4
സര്‍വേശ്വരാ! അങ്ങ് സേയീരില്‍നിന്നു പുറപ്പെട്ടപ്പോള്‍, എദോമ്യദേശത്തിലൂടെ മുന്നോട്ടു നീങ്ങിയപ്പോള്‍,
ഭൂമി കുലുങ്ങി; ആകാശം മഴ ചൊരിഞ്ഞു, അതേ, കരിമേഘങ്ങള്‍ ജലം വര്‍ഷിച്ചു.
5
അവിടുത്തെ സന്നിധിയില്‍ ഇസ്രായേലിന്‍ ദൈവമായ സര്‍വേശ്വരന്‍റെ സന്നിധിയില്‍
പര്‍വതങ്ങള്‍ നടുങ്ങി; സീനായ്പര്‍വതം കുലുങ്ങി
6
അനാത്തിന്‍റെ പുത്രനായ ശംഗറിന്‍റെ കാലത്ത്;
യായേലിന്‍റെ നാളുകളില്‍,
വ്യാപാരസംഘങ്ങളുടെ പോക്ക് നിലച്ചു;
യാത്രക്കാര്‍ ഊടുവഴികള്‍ തേടി.
7
കൃഷീവലര്‍ ഇല്ലാതെയായി;
ദെബോരാ എഴുന്നേല്‌ക്കും വരെ,
ഇസ്രായേലിന്‍റെ മാതാവായി എഴുന്നേല്‌ക്കും വരെ.
8
പുതിയ ദേവന്മാരെ അവര്‍ സ്വീകരിച്ചപ്പോള്‍
യുദ്ധം നഗരവാതില്‌ക്കല്‍ എത്തി.
ഇസ്രായേലിലെ നാല്പതിനായിരത്തിനിടയില്‍ പരിചയോ, കുന്തമോ കണ്ടതേയില്ല.
9
എന്‍റെ ഹൃദയം ഇസ്രായേല്‍ സേനാനായകന്മാരിലേക്കു തിരിയുന്നു;
സ്വമേധയാ തങ്ങളെ സമര്‍പ്പിച്ച ജനങ്ങളിലേക്കും തിരിയുന്നു;
സര്‍വേശ്വരനെ വാഴ്ത്തുവിന്‍.
10
വെള്ളക്കഴുതമേല്‍ സവാരി ചെയ്യുന്നവരേ,
വിലയേറിയ പരവതാനികളില്‍ ഇരിക്കുന്നവരേ,
കാല്‍നടയായി നീങ്ങുന്നവരേ,
നിങ്ങള്‍ ഉദ്ഘോഷിക്കുവിന്‍.
11
പാട്ടോടെ വെള്ളം തേകുന്നവര്‍
സര്‍വേശ്വരവിജയങ്ങള്‍ വാഴ്ത്തിപ്പാടുന്നതു ശ്രദ്ധിക്കുവിന്‍.
ഇസ്രായേലിലെ കൃഷീവലരുടെ
വിജയഗാനങ്ങള്‍ കേള്‍ക്കുവിന്‍,
സര്‍വേശ്വരന്‍റെ ജനം അപ്പോള്‍ നഗരവാതില്‌ക്കലേക്കു നീങ്ങി”
12
“ഉണരുക, ഉണരുക ദെബോരേ!
ഉണരുക, ഉണര്‍ന്നു പാടുക.
അബീനോവാമിന്‍ മകനേ, ബാരാക്കേ, എഴുന്നേല്‌ക്കൂ,
നിന്‍റെ ബന്ദികളെ നയിക്കൂ.
13
ശ്രേഷ്ഠന്മാരില്‍ ശേഷിച്ചവരും ഇറങ്ങിവന്നു;
സര്‍വേശ്വരന്‍റെ ജനം ശക്തന്മാര്‍ക്കെതിരെ യുദ്ധസന്നദ്ധരായി വന്നു.
14
ബെന്യാമീന്‍ഗോത്രക്കാരുടെയും ജനങ്ങളുടെയും പിന്നാലെ
അവര്‍ എഫ്രയീമില്‍നിന്നു താഴ്വരയിലേക്കു പുറപ്പെട്ടു.
മാഖീരില്‍നിന്നു സൈന്യാധിപന്മാരും സെബൂലൂനില്‍നിന്ന് അധികാരദണ്ഡു ധരിച്ചവരും വന്നു
15
ഇസ്സാഖാര്‍പ്രഭുക്കന്മാര്‍ ദെബോരായോടൊത്തു വന്നു;
ബാരാക്കിനോടു കൂറു പുലര്‍ത്തിയ ഇസ്സാഖാര്‍ അവനോടൊത്ത് താഴ്വരയിലേക്ക് കുതിച്ചിറങ്ങി.
രൂബേന്‍ഗോത്രജരില്‍ വലിയ ചിന്താകുഴപ്പമുണ്ടായി.
16
ആട്ടിന്‍പറ്റങ്ങള്‍ക്കിടയില്‍ നീ തങ്ങിയതെന്ത്?
കുഴല്‍വിളികള്‍ കേള്‍ക്കുന്നതിനോ?
രൂബേന്‍ഗോത്രജരില്‍ വലിയ ചിന്താകുഴപ്പമുണ്ടായി.
17
ഗിലെയാദ് യോര്‍ദ്ദാന് അക്കരെ പാര്‍ത്തു;
ദാന്‍ കപ്പലുകള്‍ക്കരികില്‍ പാര്‍ത്തതെന്ത്?
ആശേര്‍ കടല്‍ത്തീരത്ത് അനങ്ങാതിരുന്നു തുറമുഖതീരങ്ങളില്‍ വസിച്ചു.
18
സെബൂലൂന്‍ പ്രാണത്യാഗത്തിനു തയ്യാറായ ജനം
നഫ്താലി പടക്കളത്തില്‍ത്തന്നെ പാര്‍ത്തു;
19
രാജാക്കന്മാര്‍ വന്നു യുദ്ധം ചെയ്തു
താനാക്കില്‍ മെഗിദ്ദോ തടാകത്തിനരികെ കനാന്യരാജാക്കന്മാര്‍ പൊരുതി
കൊള്ളമുതലായി അവര്‍ക്കു വെള്ളി ലഭിച്ചില്ല.
20
ആകാശത്തുനിന്നു നക്ഷത്രങ്ങള്‍ അവയുടെ
സഞ്ചാരപഥത്തില്‍ നിന്നുകൊണ്ട്
സീസെരയോട് അവ യുദ്ധം ചെയ്തു.
21
കീശോന്‍നദി കരകവിഞ്ഞ് ഒഴുകി,
അതിലെ പ്രളയം അവരെ ഒഴുക്കിക്കളഞ്ഞു.
എന്‍റെ ആത്മാവേ, ശക്തിയോടെ മുന്നേറൂ.
22
കുതിരകള്‍ കുതിച്ചോടി വരുന്നു;
അവയുടെ കുളമ്പടികള്‍ ഉച്ചത്തില്‍ കേള്‍ക്കുന്നു.
23
‘മേരോസ് പട്ടണത്തെ ശപിക്കുക;
സര്‍വേശ്വരന്‍റെ ദൂതന്‍ അരുളിച്ചെയ്യുന്നു,
അതിലെ നിവാസികളെ കഠിനമായി ശപിക്കുക.
സര്‍വേശ്വരന്‍റെ സഹായത്തിന്,
അവിടുത്തേക്കുവേണ്ടി പൊരുതുവാന്‍
അവര്‍ സൈന്യസഹിതം വന്നില്ലല്ലോ.
24
കേന്യനായ ഹേബെരിന്‍റെ ഭാര്യ യായേല്‍
സ്‍ത്രീകളില്‍ വച്ചേറ്റവും അനുഗൃഹീത.
കൂടാരവാസികളായ സ്‍ത്രീകളില്‍ അവള്‍ ഏറ്റവും അനുഗൃഹീത.
25
സീസെര ദാഹജലം ചോദിച്ചു;
കുടിക്കാന്‍ അവള്‍ പാല്‍ കൊടുത്തു.
പ്രഭുവിനു യോഗ്യമായ പാത്രത്തില്‍ തൈരും കൊണ്ടുവന്നു.
26
കൂടാരത്തിന്‍റെ കുറ്റി അവള്‍ ഒരു കൈയിലും
പണിക്കാരുടെ ചുറ്റിക മറുകൈയിലും എടുത്തു.
സീസെരയെ അവള്‍ ചുറ്റികയ്‍ക്കടിച്ചു;
അയാളുടെ തലയോടു തല്ലിത്തകര്‍ത്ത്, ചെന്നി കുത്തിത്തുളച്ചു.
27
അവളുടെ കാല്‍ക്കല്‍ അവന്‍റെ തല കുനിഞ്ഞു;
അവളുടെ പാദത്തില്‍ അവന്‍ വീണു;
അവിടെത്തന്നെ അവന്‍ മരിച്ചുവീണു.
28
സീസെരയുടെ അമ്മ കിളിവാതിലിലൂടെ നോക്കി,
ജാലകത്തിലൂടെ അവള്‍ വിളിച്ചുപറഞ്ഞു:
‘അവന്‍റെ രഥം വരാന്‍ വൈകുന്നതെന്ത്?
രഥചക്രങ്ങളുടെ ശബ്ദം കേള്‍ക്കാന്‍ താമസിക്കുന്നതെന്ത്?
29
അവളുടെ ജ്ഞാനവതികളായ സഖികള്‍ മറുപടി പറഞ്ഞു;
അവളും ആത്മഗതം ചെയ്തു;
30
‘അവര്‍ കൊള്ളമുതല്‍ തിട്ടപ്പെടുത്തി പങ്കിടുകയില്ലയോ?’
ഓരോ യോദ്ധാവിനും ഒന്നും രണ്ടും കന്യകകളെ വീതം ലഭിച്ചു,
സീസെരയ്‍ക്ക് ലഭിച്ചത് ചിത്രപ്പണി ചെയ്ത മനോഹരവസ്ത്രം.
എനിക്കു തോളിലണിയാന്‍ ചിത്രപ്പണി ചെയ്ത നിറപ്പകിട്ടാര്‍ന്ന രണ്ടു വസ്ത്രങ്ങള്‍.
31
സര്‍വേശ്വരാ, അവിടുത്തെ ശത്രുക്കള്‍ ഇങ്ങനെ നശിക്കട്ടെ;
അങ്ങയെ സ്നേഹിക്കുന്നവര്‍ ശക്തിയില്‍
ഉദയസൂര്യനെപ്പോലെയായിരിക്കട്ടെ.
നാല്പതു വര്‍ഷം ദേശത്തു സമാധാനം നിലനിന്നു.
1
ഇസ്രായേല്‍ജനം സര്‍വേശ്വരന്‍റെ മുമ്പില്‍ തിന്മ പ്രവര്‍ത്തിച്ചു. അതുകൊണ്ട് ഏഴു വര്‍ഷത്തേക്ക് അവിടുന്ന് അവരെ മിദ്യാന്യരുടെ കൈയില്‍ ഏല്പിച്ചു.2 മിദ്യാന്യര്‍ അവരെ പീഡിപ്പിച്ചു. തന്നിമിത്തം അവര്‍ പര്‍വതങ്ങളിലെ ഗുഹകളിലും മറ്റു സുരക്ഷിതസ്ഥാനങ്ങളിലും ഒളിച്ചുപാര്‍ക്കേണ്ടിവന്നു.
3 ഇസ്രായേല്‍ജനം കൃഷിയിറക്കി കഴിയുമ്പോഴെല്ലാം മിദ്യാന്യരും അമാലേക്യരും കിഴക്കുള്ള മരുഭൂവാസികളും കൂടിവന്ന് അവരെ ആക്രമിച്ചിരുന്നു.
4 അവര്‍ ഇസ്രായേല്യര്‍ക്കെതിരെ താവളമടിച്ചുകൊണ്ട് ഗസ്സവരെയുള്ള സ്ഥലത്തെ വിളവു നശിപ്പിച്ചിരുന്നു; ഭക്ഷണപദാര്‍ഥങ്ങളെയോ ആടുമാടുകളെയോ കഴുതകളെയോ ശേഷിപ്പിച്ചില്ല.
5 അവര്‍ തങ്ങളുടെ കന്നുകാലികളും കൂടാരസാമഗ്രികളുമായി വെട്ടുക്കിളികളെപ്പോലെ അസംഖ്യമായി വന്നിരുന്നു. അവരും അവരുടെ ഒട്ടകങ്ങളും എണ്ണമറ്റവയായിരുന്നു.
6 അവര്‍ ദേശം ശൂന്യമാക്കി. അങ്ങനെ മിദ്യാന്യര്‍ നിമിത്തം ഇസ്രായേല്‍ജനം വളരെ ക്ഷയിച്ചു. അവര്‍ സര്‍വേശ്വരനോടു നിലവിളിച്ചു.
7
മിദ്യാന്യരില്‍നിന്നു രക്ഷിക്കാന്‍ ഇസ്രായേല്‍ജനം സര്‍വേശ്വരനെ വിളിച്ചപേക്ഷിച്ചപ്പോള്‍8 അവിടുന്ന് ഒരു പ്രവാചകനെ അവരുടെ അടുക്കല്‍ അയച്ചു. അദ്ദേഹം അവരോടു പറഞ്ഞു: “ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ ഇപ്രകാരം അരുളിച്ചെയ്യുന്നു: അടിമവീടായ ഈജിപ്തില്‍നിന്നു ഞാന്‍ നിങ്ങളെ മോചിപ്പിച്ചുകൊണ്ടുവന്നു.
9 ഈജിപ്തുകാരുടെയും നിങ്ങളെ പീഡിപ്പിച്ച സകലരുടെയും കൈയില്‍നിന്നു ഞാന്‍ നിങ്ങളെ വിടുവിച്ചു. നിങ്ങളുടെ മുമ്പില്‍നിന്ന് ഞാന്‍ അവരെ തുരത്തി; അവരുടെ ദേശം നിങ്ങള്‍ക്കു നല്‌കുകയും ചെയ്തു.
10 “ഞാനാണ് നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍. നിങ്ങള്‍ നിവസിക്കുന്ന ദേശത്തുള്ള അമോര്യരുടെ ദേവന്മാരെ ആരാധിക്കരുതെന്നു ഞാന്‍ നിങ്ങളോടു കല്പിച്ചു; എന്നാല്‍ നിങ്ങള്‍ അതു ഗണ്യമാക്കിയില്ല.”
11
അബിയേസ്ര്യവംശജനായ യോവാശിന്‍റെ ഒഫ്രയിലുള്ള കരുവേലകത്തിന്‍റെ കീഴില്‍ സര്‍വേശ്വരന്‍റെ ദൂതന്‍ വന്നു. യോവാശിന്‍റെ പുത്രനായ ഗിദെയോന്‍, മിദ്യാന്യര്‍ കാണാതിരിക്കാന്‍വേണ്ടി മുന്തിരിച്ചക്കില്‍ കോതമ്പു മെതിക്കുകയായിരുന്നു.12 സര്‍വേശ്വരന്‍റെ ദൂതന്‍ പ്രത്യക്ഷപ്പെട്ടു പറഞ്ഞു: “ധീരനും ശക്തനുമായ മനുഷ്യാ, സര്‍വേശ്വരന്‍ നിന്‍റെ കൂടെയുണ്ട്.”
13 ഗിദെയോന്‍ ദൂതനോടു പറഞ്ഞു: “പ്രഭോ, സര്‍വേശ്വരന്‍ ഞങ്ങളോടൊപ്പം ഉണ്ടെങ്കില്‍ ഞങ്ങള്‍ക്ക് ഇതെല്ലാം സംഭവിക്കുന്നതെന്ത്? അവിടുന്നു ഞങ്ങളെ ഈജിപ്തില്‍നിന്നു മോചിപ്പിച്ചു കൊണ്ടുവന്നപ്പോള്‍ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു എന്നു ഞങ്ങളുടെ പിതാക്കന്മാര്‍ ആവര്‍ത്തിച്ചു പ്രസ്താവിച്ചിട്ടുണ്ട്. അവിടുത്തെ ആ അദ്ഭുതപ്രവൃത്തികള്‍ എവിടെ? ഇപ്പോള്‍ സര്‍വേശ്വരന്‍ ഞങ്ങളെ ഉപേക്ഷിച്ചു മിദ്യാന്യരുടെ കൈയില്‍ ഞങ്ങളെ ഏല്പിച്ചിരിക്കുകയാണല്ലോ.”
14 സര്‍വേശ്വരന്‍ അയാളുടെ നേരെ തിരിഞ്ഞ് അരുളിച്ചെയ്തു: “നിന്‍റെ സര്‍വശക്തിയോടുംകൂടെ പോയി ഇസ്രായേല്‍ജനത്തെ മിദ്യാന്യരില്‍നിന്നു രക്ഷിക്കുക. ഞാന്‍ തന്നെയാണു നിന്നെ അയയ്‍ക്കുന്നത്.”
15 ഗിദെയോന്‍ പറഞ്ഞു: “സര്‍വേശ്വരാ, ഇസ്രായേലിനെ ഞാന്‍ എങ്ങനെ മോചിപ്പിക്കും? മനശ്ശെഗോത്രത്തില്‍ വച്ച് എന്‍റെ കുലം ദുര്‍ബലവും; ഞാനാകട്ടെ എന്‍റെ കുടുംബത്തില്‍ ഏറ്റവും നിസ്സാരനും ആകുന്നു.”
16 അവിടുന്നു പറഞ്ഞു: “ഞാന്‍ നിന്‍റെകൂടെ ഉണ്ട്; ഒറ്റയാളെ എന്നപോലെ മിദ്യാന്യരെയെല്ലാം നീ സംഹരിക്കും.”
17 ഗിദെയോന്‍ പറഞ്ഞു: “അവിടുന്ന് എന്നില്‍ പ്രസാദിച്ചിരിക്കുന്നെങ്കില്‍ അവിടുന്നു തന്നെയാണ് എന്നോടു സംസാരിക്കുന്നത് എന്നതിന് ഒരു അടയാളം കാണിച്ചുതന്നാലും.
18 ഞാന്‍ അടുത്തുവന്ന് തിരുമുമ്പില്‍ കാഴ്ച സമര്‍പ്പിക്കുന്നതുവരെ അങ്ങ് ഇവിടെനിന്നു പോകരുതേ!” “നീ മടങ്ങി വരുന്നതുവരെ ഞാന്‍ ഇവിടെത്തന്നെ ഉണ്ടായിരിക്കും.” സര്‍വേശ്വരന്‍ പറഞ്ഞു.
19 ഗിദെയോന്‍ വീട്ടില്‍ ചെന്ന് ഒരാട്ടിന്‍കുട്ടിയെ പാകം ചെയ്തു; ഒരു ഏഫാ മാവുകൊണ്ട് പുളിപ്പു ചേര്‍ക്കാത്ത അപ്പവും ഉണ്ടാക്കി; മാംസം ഒരു കുട്ടയിലും ചാറ് ഒരു കലത്തിലും എടുത്തു കരുവേലകത്തിന്‍റെ ചുവട്ടില്‍ അവിടുത്തെ മുമ്പാകെ കാഴ്ചവച്ചു.
20 അപ്പോള്‍ സര്‍വേശ്വരന്‍റെ ദൂതന്‍ കല്പിച്ചു: “മാംസവും അപ്പവും പാറമേല്‍ വച്ച് മീതേ ചാറ് ഒഴിക്കുക.” ഗിദെയോന്‍ അങ്ങനെ ചെയ്തു.
21 സര്‍വേശ്വരന്‍റെ ദൂതന്‍ തന്‍റെ വടിയുടെ അറ്റംകൊണ്ട് മാംസവും പുളിപ്പു ചേരാത്ത അപ്പവും സ്പര്‍ശിച്ചു. ഉടന്‍തന്നെ പാറയില്‍നിന്നു തീ പുറപ്പെട്ടു മാംസവും അപ്പവും ദഹിപ്പിച്ചു. പിന്നീടു ദൂതന്‍ അപ്രത്യക്ഷനായി.
22 താന്‍ കണ്ടത് സര്‍വേശ്വരന്‍റെ ദൂതനെത്തന്നെ ആയിരുന്നു എന്നു ഗിദെയോന്‍ മനസ്സിലാക്കി; “ദൈവമായ സര്‍വേശ്വരാ, അവിടുത്തെ ദൂതനെ ഞാന്‍ അഭിമുഖം കണ്ടുപോയല്ലോ” എന്നു പറഞ്ഞു.
23 സര്‍വേശ്വരന്‍ അവനോടു പറഞ്ഞു: “നിനക്ക് സമാധാനം; ഭയപ്പെടേണ്ടാ; നീ മരിക്കുകയില്ല.”
24 ഗിദെയോന്‍ അവിടെ സര്‍വേശ്വരന് ഒരു യാഗപീഠം നിര്‍മ്മിച്ചു; ‘ യാഹ്ശാലോം’ എന്ന് അതിനു പേരിട്ടു. അബിയേസ്ര്യകുലക്കാരുടെ വകയായ ഒഫ്രയില്‍ അത് ഇന്നും നിലനില്‌ക്കുന്നു.
25
ആ രാത്രിയില്‍ സര്‍വേശ്വരന്‍ ഗിദെയോനോടു കല്പിച്ചു: “നിന്‍റെ പിതാവ് ആരാധിക്കുന്ന ബാലിന്‍റെ ബലിപീഠം ഇടിച്ചു നിരത്തുകയും അതിന്‍റെ അടുത്തുള്ള അശേരാപ്രതിഷ്ഠ വെട്ടിവീഴ്ത്തുകയും ചെയ്യുക.26 ഈ കോട്ടയുടെ മുകളില്‍ കല്ലുകള്‍ യഥാക്രമം അടുക്കി നിന്‍റെ ദൈവമായ സര്‍വേശ്വരന് ഒരു യാഗപീഠം നിര്‍മ്മിക്കുക; നിന്‍റെ പിതാവിന്‍റെ ഏഴു വയസ്സായ രണ്ടാമത്തെ കാളയെ അവിടെ ഹോമയാഗമായി അര്‍പ്പിക്കണം. വെട്ടിവീഴ്ത്തിയ അശേരാപ്രതിഷ്ഠയുടെ വിറക് അതിന് ഉപയോഗിക്കാം.
27 ഗിദെയോന്‍ തന്‍റെ ഭൃത്യന്മാരില്‍ പത്തു പേരെ കൂട്ടിക്കൊണ്ടുപോയി അവിടുന്നു തന്നോടു കല്പിച്ചതുപോലെ പ്രവര്‍ത്തിച്ചു. സ്വന്തം കുടുംബക്കാരെയും പട്ടണവാസികളെയും ഭയപ്പെട്ടിരുന്നതുകൊണ്ട് പകല്‍ സമയത്തല്ല, രാത്രിയിലായിരുന്നു അതു ചെയ്തത്.
28 അടുത്ത ദിവസം പട്ടണവാസികള്‍ ഉണര്‍ന്നപ്പോള്‍ ബാലിന്‍റെ ബലിപീഠം തകര്‍ന്നു കിടക്കുന്നതും അശേരാപ്രതിഷ്ഠ വെട്ടി വീഴ്ത്തപ്പെട്ടിരിക്കുന്നതും പുതുതായി നിര്‍മ്മിച്ച യാഗപീഠത്തില്‍ രണ്ടാമത്തെ കാളയെ യാഗമായി അര്‍പ്പിച്ചിരിക്കുന്നതും കണ്ടു.
29 ആരാണ് ഇതു ചെയ്തത് എന്ന് അവര്‍ പരസ്പരം ചോദിച്ചു; യോവാശിന്‍റെ പുത്രനായ ഗിദെയോനാണ് ഇതു ചെയ്തതെന്ന് അവര്‍ക്കു മനസ്സിലായി.
30 അപ്പോള്‍ പട്ടണവാസികള്‍ യോവാശിനോടു പറഞ്ഞു: “നിന്‍റെ മകനെ ഇവിടെ കൊണ്ടുവരിക; അവന്‍ മരിക്കണം; അവന്‍ ബാലിന്‍റെ ബലിപീഠം തകര്‍ക്കുകയും അശേരാപ്രതിഷ്ഠ വെട്ടിക്കളയുകയും ചെയ്തിരിക്കുന്നുവല്ലോ.”
31 തനിക്കെതിരെ അണിനിരന്നവരോടു യോവാശ് പറഞ്ഞു: “ബാലിനുവേണ്ടി നിങ്ങളാണോ വാദിക്കുന്നത്? നിങ്ങളാണോ അവനെ രക്ഷിക്കുന്നത്? ബാലിനുവേണ്ടി വാദിക്കുന്നവന്‍ നേരം വെളുക്കുന്നതിനു മുമ്പുതന്നെ കൊല്ലപ്പെടണം. ബാല്‍ ദൈവമാണെങ്കില്‍, അവന്‍ സ്വയം പോരാടട്ടെ; ബാലിന്‍റെ ബലിപീഠം അല്ലേ തകര്‍ക്കപ്പെട്ടത്.”
32 ബാലിന്‍റെ ബലിപീഠം തകര്‍ത്തതിനാല്‍ ബാല്‍തന്നെ അവനെതിരായി പോരാടട്ടെ എന്നര്‍ഥമുള്ള ‘യെരുബ്ബാല്‍’ എന്നു ഗിദെയോനു പേരുണ്ടായി.
33
പിന്നീട് മിദ്യാന്യരും അമാലേക്യരും യോര്‍ദ്ദാന്‍നദിക്കു കിഴക്കുള്ള ഗോത്രക്കാരും നദികടന്നു ജെസ്രീല്‍ താഴ്വരയില്‍ പാളയമടിച്ചു.34 അപ്പോള്‍ സര്‍വേശ്വരന്‍റെ ആത്മാവ് ഗിദെയോന്‍റെമേല്‍ ആവസിച്ചു; അയാള്‍ കാഹളമൂതി അബീയേസ്ര്യരെ തന്നെ അനുഗമിക്കാനായി ആഹ്വാനം ചെയ്തു.
35 പിന്നീട് മനശ്ശെഗോത്രക്കാരുടെ ഇടയിലെല്ലാം ദൂതന്മാരെ അയച്ച് തന്നെ അനുഗമിക്കാനായി അവരെയും വിളിച്ചുകൂട്ടി. ആശേര്‍, സെബൂലൂന്‍, നഫ്താലി എന്നീ ഗോത്രക്കാരുടെ ഇടയിലും ദൂതന്മാരെ അയച്ചു. അവരും ഗിദെയോന്‍റെ അടുക്കല്‍ വന്നു.
36 ഗിദെയോന്‍ ദൈവത്തോടു പറഞ്ഞു: “ഇസ്രായേലിനെ എന്‍റെ കൈയാല്‍ രക്ഷിക്കുമെന്നാണല്ലോ അങ്ങു പറഞ്ഞിട്ടുള്ളത്.
37 ഞാന്‍ ആട്ടിന്‍രോമംകൊണ്ടുള്ള വസ്ത്രം കോതമ്പുകളത്തില്‍ വിരിക്കുന്നു; അതുമാത്രം മഞ്ഞുവെള്ളംകൊണ്ടു നനയുകയും നിലമെല്ലാം ഉണങ്ങിയിരിക്കുകയും ചെയ്താല്‍ അവിടുന്ന് ഇസ്രായേലിനെ രക്ഷിക്കാന്‍ എന്നെ നിയോഗിച്ചിരിക്കുന്നു എന്നു ഞാന്‍ അറിയും.”
38 അത് അങ്ങനെ സംഭവിച്ചു. ഗിദെയോന്‍ പിറ്റേദിവസം അതിരാവിലെ എഴുന്നേറ്റ് ആ വസ്ത്രം പിഴിഞ്ഞപ്പോള്‍ ഒരു പാത്രം നിറയെ മഞ്ഞുവെള്ളം ലഭിച്ചു.
39 ഗിദെയോന്‍ വീണ്ടും ദൈവത്തോടു പറഞ്ഞു: “അങ്ങയുടെ കോപം എന്‍റെ നേരെ ജ്വലിക്കരുതേ; ഒരിക്കല്‍കൂടി ഞാന്‍ സംസാരിച്ചുകൊള്ളട്ടെ; രോമവസ്ത്രംകൊണ്ട് ഒരു പരീക്ഷണം കൂടി നടത്താന്‍ അനുവദിച്ചാലും. ഇത്തവണ വസ്ത്രം ഉണങ്ങിയിരിക്കുകയും നിലമെല്ലാം നനഞ്ഞിരിക്കുകയും ചെയ്യാന്‍ ഇടവരുത്തിയാലും.”
40 ആ രാത്രിയില്‍ ദൈവം അപ്രകാരം പ്രവര്‍ത്തിച്ചു. രോമവസ്ത്രം മാത്രം ഉണങ്ങിയും മഞ്ഞുകൊണ്ടു നിലമെല്ലാം നനഞ്ഞും കാണപ്പെട്ടു.
1
അതിരാവിലെ ഗിദെയോനും (യെരുബ്ബാല്‍) കൂടെയുള്ള ജനവും ഹരോദിലെ നീരുറവിനടുത്തു പാളയമടിച്ചു; വടക്ക് മോരേ മലയ്‍ക്കടുത്തുള്ള താഴ്വരയിലായിരുന്നു മിദ്യാന്യര്‍ പാളയമടിച്ചത്.2
സര്‍വേശ്വരന്‍ ഗിദെയോനോട് അരുളിച്ചെയ്തു: “മിദ്യാന്യരുടെമേല്‍ ഞാന്‍ നിങ്ങള്‍ക്കു വിജയം നല്‌കുന്നതിനു വേണ്ടതിലധികം ആളുകള്‍ നിന്‍റെ കൂടെയുണ്ട്. തങ്ങളുടെ കരബലംകൊണ്ടു തന്നെയാണ് വിജയം നേടിയത് എന്ന് എനിക്ക് എതിരായി അവര്‍ വമ്പുപറയും.3 അതുകൊണ്ടു ഭയചകിതരെല്ലാം ഗിലെയാദില്‍നിന്നു വീടുകളിലേക്കു മടങ്ങിപ്പോകാന്‍ പറയുക.” ഗിദെയോന്‍റെ പ്രസ്താവന കേട്ടപ്പോള്‍ ഇരുപത്തീരായിരം പേര്‍ മടങ്ങിപ്പോയി; പതിനായിരം പേര്‍ ശേഷിച്ചു.
4
സര്‍വേശ്വരന്‍ ഗിദെയോനോടു വീണ്ടും പറഞ്ഞു: “നിന്‍റെ കൂടെയുള്ളവര്‍ ഇപ്പോഴും അധികമാണ്; അവരെ അടുത്തുള്ള ജലാശയത്തിലേക്കു നയിക്കുക. നിന്നോടൊത്ത് വരേണ്ടവരെ ഞാന്‍ വേര്‍തിരിച്ചുതരാം; അവര്‍ മാത്രം നിന്നെ അനുഗമിക്കട്ടെ. കൂടെ പോകേണ്ട എന്നു ഞാന്‍ കല്പിക്കുന്നവര്‍ നിന്നോടൊപ്പം വരരുത്.”5 അതനുസരിച്ച് ഗിദെയോന്‍ ജനത്തെ ജലാശയത്തിന്‍റെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി; “നായെപ്പോലെ വെള്ളം നക്കിക്കുടിക്കുന്നവരെയും മുട്ടുകുത്തിനിന്നു വെള്ളം കുടിക്കുന്നവരെയും തമ്മില്‍ വേര്‍തിരിക്കുക” എന്ന് അവിടുന്നു ഗിദെയോനോടു കല്പിച്ചു.
6 കൈ വായ്‍ക്കല്‍ ചേര്‍ത്തുപിടിച്ച് മുന്നൂറു പേര്‍ വെള്ളം നക്കിക്കുടിച്ചു; മറ്റുള്ളവരെല്ലാം മുട്ടുകുത്തിനിന്നു വെള്ളം കുടിച്ചു.
7 “വെള്ളം നക്കിക്കുടിച്ച മുന്നൂറു പേരെക്കൊണ്ട് ഇസ്രായേല്‍ജനത്തെ മിദ്യാന്യരില്‍നിന്നു ഞാന്‍ രക്ഷിക്കും. അവരുടെ കൈകളില്‍ മിദ്യാന്യരെ ഞാന്‍ ഏല്പിക്കും; മറ്റുള്ളവര്‍ തങ്ങളുടെ വീടുകളിലേക്കു മടങ്ങിപ്പോകട്ടെ” എന്നു സര്‍വേശ്വരന്‍ കല്പിച്ചു.
8 മുന്നൂറു പേരൊഴിച്ചു ബാക്കിയുള്ളവരെയെല്ലാം തങ്ങളുടെ കൂടാരങ്ങളിലേക്കു മടക്കി അയച്ചു; ആ മുന്നൂറു പേര്‍ മറ്റുള്ളവരില്‍നിന്നു കുടങ്ങളും കാഹളങ്ങളും വാങ്ങി. അവരുടെ പാളയത്തിനു താഴെ സമഭൂമിയിലായിരുന്നു മിദ്യാന്യരുടെ പാളയം.
9 “ശത്രുപാളയത്തിന്‍റെ നേരെ ഇറങ്ങിച്ചെല്ലുക; ഞാന്‍ അവരുടെമേല്‍ നിങ്ങള്‍ക്കു വിജയം നല്‌കിയിരിക്കുന്നു” എന്നു സര്‍വേശ്വരന്‍ ഗിദെയോനോട് അന്നു രാത്രിയില്‍ കല്പിച്ചു:
10 “അവിടെ പോകാന്‍ നിനക്കു ഭയമാണെങ്കില്‍ നിന്‍റെ ഭൃത്യന്‍ പൂരയെക്കൂടി അവരുടെ പാളയത്തിലേക്കു കൊണ്ടുപോകുക;
11 അവരുടെ സംഭാഷണം കേള്‍ക്കുമ്പോള്‍ അവരെ ആക്രമിക്കാനുള്ള ധൈര്യം നിനക്കു ലഭിക്കും.” ഗിദെയോനും ഭൃത്യനായ പൂരയുംകൂടി ശത്രുപാളയത്തിന്‍റെ കാവല്‍മാടംവരെ പോയി.
12 മിദ്യാന്യരും അമാലേക്യരും കിഴക്കുള്ള മരുഭൂവാസികളും വെട്ടുക്കിളികളെപ്പോലെ അസംഖ്യമായി താഴ്വര മുഴുവന്‍ നിറഞ്ഞിരുന്നു; അവരുടെ ഒട്ടകങ്ങളും കടല്‍ക്കരയിലെ മണല്‍പോലെ അസംഖ്യമായിരുന്നു.
13 ഗിദെയോന്‍ അവരുടെ പാളയത്തില്‍ ചെന്നപ്പോള്‍ ഒരാള്‍ താന്‍ കണ്ട സ്വപ്നം അയാളുടെ സുഹൃത്തിനോട് വിവരിക്കുന്നതു കേട്ടു; അയാള്‍ പറഞ്ഞു: “ഞാന്‍ ഒരു സ്വപ്നം കണ്ടു; ഒരു ബാര്‍ലി അപ്പം പാളയത്തിലേക്ക് ഉരുണ്ടുവന്നു. അതു കൂടാരത്തെ ഇടിച്ചു മറിച്ചിട്ടു; കൂടാരം വീണുകിടക്കുന്നു.”
14 അപ്പോള്‍ കൂട്ടുകാരന്‍ പറഞ്ഞു: “ഇത് ഇസ്രായേല്യനായ യോവാശിന്‍റെ പുത്രന്‍ ഗിദെയോന്‍റെ വാള്‍ തന്നെയാണ്; മറ്റൊന്നുമായിരിക്കാന്‍ ഇടയില്ല. ദൈവം മിദ്യാന്യരെയും നമ്മുടെ സര്‍വസൈന്യത്തെയും ഗിദെയോന്‍റെ കൈയില്‍ ഏല്പിച്ചിരിക്കുന്നു.”
15
ഗിദെയോന്‍ സ്വപ്നവും അതിന്‍റെ വ്യാഖ്യാനവും കേട്ടപ്പോള്‍ ദൈവത്തെ നമസ്കരിച്ചു. അയാള്‍ ഇസ്രായേല്‍പാളയത്തില്‍ മടങ്ങിച്ചെന്നു പറഞ്ഞു: “എഴുന്നേല്‌ക്കുക, മിദ്യാന്‍ സൈന്യത്തിന്‍റെമേല്‍ സര്‍വേശ്വരന്‍ നിങ്ങള്‍ക്കു വിജയം നല്‌കാന്‍ പോകുകയാണ്.”16 പിന്നീട് ഗിദെയോന്‍ കൂടെയുണ്ടായിരുന്ന മുന്നൂറു പേരെ മൂന്നു ഗണമായി തിരിച്ചു; ഓരോ കാഹളവും അകത്തു പന്തമുള്ള ഓരോ കുടവും അവര്‍ക്കോരോരുത്തര്‍ക്കും കൊടുത്തു അവരോടു പറഞ്ഞു:
17 “ഞാന്‍ ചെയ്യുന്നതു നിങ്ങള്‍ ശ്രദ്ധിച്ച് അതുപോലെ നിങ്ങളും ചെയ്യണം. പാളയത്തിന്‍റെ സമീപത്തു ചെല്ലുമ്പോള്‍ ഞാന്‍ ചെയ്യുന്നതുപോലെ നിങ്ങളും ചെയ്യുക.
18 ഞാനും എന്‍റെ കൂടെയുള്ളവരും കാഹളമൂതുമ്പോള്‍ നിങ്ങളും പാളയത്തിന്‍റെ ചുറ്റുംനിന്നു കാഹളമൂതുകയും ‘സര്‍വേശ്വരനും ഗിദെയോനും വേണ്ടി’ എന്നു ഉച്ചത്തില്‍ വിളിച്ചുപറയുകയും വേണം.”
19
പാതിരാത്രി ആകുന്നതിനു തൊട്ടുമുമ്പ്, കാവല്‍ക്കാരെ മാറ്റിയ ഉടന്‍, ഗിദെയോനും കൂടെയുള്ള നൂറു പേരും പാളയത്തിനു സമീപത്തെത്തി കാഹളം ഊതുകയും കുടങ്ങള്‍ ഉടയ്‍ക്കുകയും ചെയ്തു.20 അതുപോലെ മറ്റു രണ്ടു സംഘവും കാഹളം ഊതുകയും കുടങ്ങള്‍ ഉടയ്‍ക്കുകയും ചെയ്തു. അവരെല്ലാം ഇടതു കൈയില്‍ പന്തവും വലതു കൈയില്‍ കാഹളവും പിടിച്ചുകൊണ്ട് ‘സര്‍വേശ്വരനും ഗിദെയോനും വേണ്ടി ഒരു വാള്‍’ എന്ന് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു.
21 അവരില്‍ ഓരോരുത്തനും പാളയത്തിനു ചുറ്റുമുള്ള അവരവരുടെ സ്ഥാനത്തു നിന്നപ്പോള്‍തന്നെ മിദ്യാന്യര്‍ നിലവിളിച്ചുകൊണ്ടു പാളയത്തില്‍നിന്ന് ഓടിപ്പോയി.
22 മുന്നൂറു പേര്‍ കാഹളം ഊതിയപ്പോള്‍ പാളയത്തിലുള്ളവര്‍ അന്യോന്യം ആക്രമിക്കുന്നതിനു സര്‍വേശ്വരന്‍ ഇടയാക്കി. അവര്‍ സെരേരായ്‍ക്കുള്ള വഴിയില്‍ കൂടി ബേത്ത്-ശിത്താവരെയും തബ്ബത്തിനടുത്തുള്ള ആബേല്‍-മെഹോലായുടെ അതിര്‍ത്തിവരെയും ഓടി.
23 നഫ്താലി, ആശേര്‍, മനശ്ശെ എന്നീ ഗോത്രങ്ങളിലുള്ളവരെ വിളിച്ചുകൂട്ടി; ഇസ്രായേല്യര്‍ മിദ്യാന്യരെ പിന്തുടര്‍ന്നു.
24 എഫ്രയീംമലനാട്ടിലെല്ലാം ഗിദെയോന്‍ ദൂതന്മാരെ അയച്ചു; “ഇറങ്ങി വന്നു മിദ്യാന്യരോടു യുദ്ധം ചെയ്യുക; അവര്‍ കടന്നുപോകുന്നതിനു മുമ്പ് ബേത്ത്- ബാരാ വരെയുള്ള നീരുറവുകളും യോര്‍ദ്ദാന്‍നദിയും കൈവശമാക്കുക” എന്ന് ആ ദൂതന്മാര്‍ പറഞ്ഞു. എഫ്രയീമ്യര്‍ ഒരുമിച്ചുകൂടി ബേത്ത്-ബാരാവരെയുള്ള നീരുറവുകളും യോര്‍ദ്ദാന്‍നദിയും കൈവശപ്പെടുത്തി.
25 ഓരേബ്, സേബ് എന്നീ മിദ്യാന്യപ്രഭുക്കന്മാരെ അവര്‍ പിടിച്ചു; ഓരേബിനെ ഓരേബ്പാറയില്‍വച്ചും സേബിനെ സേബ്മുന്തിരിച്ചക്കിനടുത്തുവച്ചും കൊന്നു; പിന്നീട് അവര്‍ മിദ്യാന്യരെ പിന്തുടര്‍ന്നു; ഓരേബിന്‍റെയും സേബിന്‍റെയും തല യോര്‍ദ്ദാനക്കരെ ഗിദെയോന്‍റെ അടുക്കല്‍ കൊണ്ടുവന്നു.
1
എഫ്രയീമ്യര്‍ ഗിദെയോനോടു ചോദിച്ചു: “മിദ്യാന്യരോടു യുദ്ധം ചെയ്യാന്‍ പോയപ്പോള്‍ എന്തുകൊണ്ടാണ് ഞങ്ങളെ വിളിക്കാഞ്ഞത്? ഞങ്ങളോട് ഇങ്ങനെ പെരുമാറിയത് എന്ത്?” അവര്‍ അദ്ദേഹത്തെ കഠിനമായി കുറ്റപ്പെടുത്തി.2 “അപ്പോള്‍ അദ്ദേഹം പറഞ്ഞു: “നിങ്ങളുടെ പ്രവൃത്തിയോട് തുലനം ചെയ്താല്‍ എന്‍റെ പ്രവൃത്തി എത്ര നിസ്സാരം. അബീയേസെരിന്‍റെ മുന്തിരിവിളവെടുപ്പിനെക്കാള്‍ എഫ്രയീമിന്‍റെ കാലാ പെറുക്കലല്ലേ കൂടുതല്‍ മെച്ചം.”
3 “മിദ്യാന്യപ്രഭുക്കന്മാരായ ഓരേബിനെയും സേബിനെയും ദൈവം നിങ്ങളുടെ കൈയില്‍ ഏല്പിച്ചു. അതുമായി താരതമ്യപ്പെടുത്താന്‍വിധം ഞാന്‍ എന്തെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടോ?” ഇതു കേട്ടപ്പോള്‍ അവരുടെ കോപം ശമിച്ചു.
4 പിന്നീട് ഗിദെയോനും കൂടെയുള്ള മുന്നൂറു പേരും പരിക്ഷീണരെങ്കിലും ശത്രുക്കളെ പിന്തുടര്‍ന്ന് യോര്‍ദ്ദാന്‍നദി കടന്ന് സുക്കോത്തിലെത്തി.
5 അദ്ദേഹം അവിടത്തെ നിവാസികളോടു പറഞ്ഞു: “എന്‍റെ കൂടെയുള്ള ജനത്തിന് ആഹാരം കൊടുത്താലും; അവര്‍ നന്നേ ക്ഷീണിച്ചിരിക്കുന്നു. മിദ്യാന്യരാജാക്കന്മാരായ സേബായെയും സല്‍മുന്നയെയും ഞങ്ങള്‍ പിന്തുടരുകയാണ്.”
6 അപ്പോള്‍ സുക്കോത്തിലെ പ്രഭുക്കന്മാര്‍ ചോദിച്ചു: “താങ്കളുടെ കൂടെയുള്ള ജനത്തിനു ഞങ്ങള്‍ എന്തിനു ഭക്ഷണം നല്‌കണം? സേബായെയും സല്‍മുന്നയെയും നിങ്ങള്‍ ഇതുവരെ തടവുകാരാക്കിയില്ലല്ലോ?”
7 ഗിദെയോന്‍ പറഞ്ഞു: “ശരി, സേബായെയും സല്‍മുന്നയെയും സര്‍വേശ്വരന്‍ ഞങ്ങളുടെ കൈയില്‍ ഏല്പിച്ചശേഷം മുള്ളുകൊണ്ടും മണലാരണ്യത്തിലെ മുള്‍ച്ചെടികള്‍കൊണ്ടും ഞങ്ങള്‍ നിങ്ങളുടെ ശരീരം തല്ലിക്കീറും.”
8 അവിടെനിന്ന് അവര്‍ പെനൂവേലിലേക്കു പോയി; അവരോടും ആഹാരം ചോദിച്ചു. സുക്കോത്ത്നിവാസികള്‍ പറഞ്ഞതുപോലെ പെനൂവേല്‍നിവാസികളും മറുപടി പറഞ്ഞു.
9 അപ്പോള്‍ ഗിദെയോന്‍ അവരോടു പറഞ്ഞു: “അമോര്യരാജാക്കന്മാരെ കീഴടക്കിയശേഷം മടങ്ങിവരുമ്പോള്‍ നിങ്ങളുടെ ഈ ഗോപുരം ഞാന്‍ ഇടിച്ചുകളയും.”
10
ഈ സമയത്ത് സേബായും സല്‍മുന്നയും അവരുടെ സൈന്യത്തോടുകൂടി കാര്‍ക്കോരില്‍ ആയിരുന്നു; കിഴക്കുള്ള മരുഭൂവാസികളുടെ സൈന്യത്തില്‍ ശേഷിച്ചിരുന്ന പതിനായിരം പേരാണ് അവരുടെകൂടെ ഉണ്ടായിരുന്നത്. അവരോടൊപ്പം ഉണ്ടായിരുന്ന ഒരു ലക്ഷത്തി ഇരുപതിനായിരം പടയാളികള്‍ കൊല്ലപ്പെട്ടിരുന്നു.11 നോബഹിനും യൊഗ്ബെഹായ്‍ക്കും കിഴക്ക് മരുഭൂമിക്ക് സമീപമുള്ള വഴിയിലൂടെ ചെന്ന് നിനച്ചിരിക്കാത്ത വേളയില്‍ ഗിദെയോന്‍ അവരെ ആക്രമിച്ചു.
12 മിദ്യാന്യരാജാക്കന്മാരായ സേബായും സല്‍മുന്നയും പലായനം ചെയ്തു. അവരുടെ സൈനികര്‍ പരിഭ്രാന്തരായി. ഗിദെയോന്‍ രാജാക്കന്മാരെ പിന്തുടര്‍ന്നു പിടിച്ചു.
13 യുദ്ധാനന്തരം ഗിദെയോന്‍ ഹേരെസ് കയറ്റം വഴി മടങ്ങിവരുമ്പോള്‍
14 വഴിയില്‍വച്ചു സുക്കോത്തുകാരനായ ഒരു യുവാവിനെ പിടികൂടി ചോദ്യം ചെയ്തു. അവന്‍ സുക്കോത്തിലെ ജനപ്രമാണികളും നേതാക്കന്മാരുമായ എഴുപത്തേഴ് ആളുകളുടെ പേരുകള്‍ ഗിദെയോന് എഴുതിക്കൊടുത്തു.
15 പിന്നീട് അദ്ദേഹം സുക്കോത്ത്നിവാസികളുടെ അടുക്കല്‍ ചെന്നു പറഞ്ഞു: “ക്ഷീണിച്ചു തളര്‍ന്നിരിക്കുന്ന നിന്‍റെ ആളുകള്‍ക്ക് ആഹാരം കൊടുക്കാന്‍ തക്കവിധം സേബായെയും സല്‍മുന്നയെയും നീ കീഴടക്കി കഴിഞ്ഞുവോ; നിങ്ങള്‍ എന്നെ പരിഹസിച്ചില്ലേ? ഇതാ, സേബായും സല്‍മുന്നയും.”
16 അദ്ദേഹം മണലാരണ്യത്തിലുള്ള മുള്ളും മുള്‍ച്ചെടികളുംകൊണ്ട് സുക്കോത്തിലെ നേതാക്കന്മാരെ ഒരു പാഠം പഠിപ്പിച്ചു.
17 പിന്നീട് പെനൂവേല്‍ ഗോപുരം ഇടിച്ചു നിരത്തി പട്ടണവാസികളെ സംഹരിച്ചു.
18 സേബായോടും സല്‍മുന്നയോടും ഗിദെയോന്‍ ചോദിച്ചു: “താബോരില്‍ വച്ചു നിങ്ങള്‍ കൊന്നത് എങ്ങനെയുള്ളവരെ ആയിരുന്നു?” അവര്‍ പറഞ്ഞു: “അവര്‍ അങ്ങയെപ്പോലെ രാജകുമാരന്മാര്‍ക്കു സദൃശരായിരുന്നു.”
19 ഗിദെയോന്‍ പറഞ്ഞു: “അവര്‍ എന്‍റെ സഹോദരന്മാരായിരുന്നു; എന്‍റെ സ്വന്തം അമ്മയുടെ പുത്രന്മാര്‍. സര്‍വേശ്വരനാമത്തില്‍ ഞാന്‍ പറയുന്നു: നിങ്ങള്‍ അവരെ കൊന്നില്ലായിരുന്നു എങ്കില്‍ ഞാന്‍ നിങ്ങളെയും കൊല്ലുകയില്ലായിരുന്നു.”
20 പിന്നീട് തന്‍റെ ആദ്യജാതനായ യേഥെരിനോടു പറഞ്ഞു: “എഴുന്നേറ്റ് അവരെ കൊല്ലുക.” എന്നാല്‍ അവന്‍ നന്നെ ചെറുപ്പമായിരുന്നതുകൊണ്ട് വാള്‍ എടുക്കാന്‍ മടിച്ചു.
21 അപ്പോള്‍ സേബായും സല്‍മുന്നയും ഗിദെയോനോടു പറഞ്ഞു: “അങ്ങുതന്നെ ഞങ്ങളെ കൊല്ലുക.” ഗിദെയോന്‍ അവരെ കൊന്നു; അവരുടെ ഒട്ടകങ്ങളുടെ കണ്ഠാഭരണങ്ങള്‍ എടുത്തു.
22
അപ്പോള്‍ ഇസ്രായേല്‍ജനം ഗിദെയോനോടു പറഞ്ഞു: “അവിടുന്നു ഞങ്ങളെ ഭരിക്കണം; ഞങ്ങളെ മിദ്യാന്യരില്‍നിന്നു രക്ഷിച്ചത് അവിടുന്നാണല്ലോ. അങ്ങേക്കു ശേഷം അങ്ങയുടെ പുത്രനും പൗത്രനും ഞങ്ങളെ ഭരിക്കട്ടെ.”23 ഗിദെയോന്‍ മറുപടി നല്‌കി: “ഞാനോ എന്‍റെ പുത്രനോ നിങ്ങളെ ഭരിക്കുകയില്ല; സര്‍വേശ്വരന്‍ തന്നെയായിരിക്കും നിങ്ങളെ ഭരിക്കുക.”
24 ഗിദെയോന്‍ തുടര്‍ന്നു: “എനിക്കു നിങ്ങളോട് ഒരു അപേക്ഷയുണ്ട്. നിങ്ങളുടെ കൊള്ളമുതലില്‍നിന്ന് കര്‍ണാഭരണങ്ങള്‍ മാത്രം എനിക്കു തരിക;” ഇശ്മായേല്യരായിരുന്നതുകൊണ്ട് മിദ്യാന്യര്‍ സ്വര്‍ണാഭരണങ്ങള്‍ കാതില്‍ അണിഞ്ഞിരുന്നു.
25 “അവ ഞങ്ങള്‍ തീര്‍ച്ചയായും നല്‌കാം” എന്ന് അവര്‍ മറുപടി പറഞ്ഞു. അവര്‍ ഒരു വസ്ത്രം നിലത്ത് വിരിച്ചു; കൊള്ളമുതലായി കിട്ടിയ കര്‍ണാഭരണങ്ങളെല്ലാം അതില്‍ ഇട്ടു.
26 ആ സ്വര്‍ണാഭരണങ്ങളെല്ലാം കൂടി ആയിരത്തി എഴുനൂറ് ശേക്കെല്‍ ഉണ്ടായിരുന്നു. ഇവ മിദ്യാന്യരാജാക്കന്മാര്‍ ധരിച്ചിരുന്ന ആഭരണങ്ങള്‍, വസ്ത്രങ്ങള്‍, ഒട്ടകങ്ങളുടെ കഴുത്തില്‍ അണിഞ്ഞിരുന്ന മാലകള്‍ എന്നിവയ്‍ക്കു പുറമേ ആയിരുന്നു.
27 ഇവയെല്ലാംകൊണ്ട് ഗിദെയോന്‍ ഒരു ഏഫോദ് ഉണ്ടാക്കി സ്വന്തം പട്ടണമായ ഒഫ്രയില്‍ പ്രതിഷ്ഠിച്ചു. ഇസ്രായേല്‍ജനം ദൈവത്തെ ഉപേക്ഷിച്ച് അതിനെ ആരാധിച്ചു. ഇത് ഗിദെയോനും കുടുംബത്തിനും ഒരു കെണിയായിത്തീര്‍ന്നു.
28 ഇസ്രായേല്യര്‍ അങ്ങനെ മിദ്യാന്യരെ പൂര്‍ണമായി തോല്പിച്ചു; അവര്‍ പിന്നീടൊരിക്കലും ഇസ്രായേല്യര്‍ക്കെതിരെ തല ഉയര്‍ത്തിയില്ല. ഗിദെയോന്‍ മരിക്കുന്നതുവരെ നാല്പതു വര്‍ഷം നാട്ടില്‍ സമാധാനം നിലനിന്നു.
29
യോവാശിന്‍റെ പുത്രനായ ഗിദെയോന്‍ (യെരുബ്ബാല്‍) സ്വഭവനത്തില്‍ ചെന്നു പാര്‍ത്തു.30 ഗിദെയോന് അനേകം ഭാര്യമാരുണ്ടായിരുന്നു. അവരില്‍ അദ്ദേഹത്തിന് എഴുപതു പുത്രന്മാര്‍ ജനിച്ചു.
31 ശെഖേമിലെ അദ്ദേഹത്തിന്‍റെ ഉപഭാര്യയും ഒരു പുത്രനെ പ്രസവിച്ചു; അവന് അബീമേലെക്ക് എന്ന് അദ്ദേഹം പേരിട്ടു.
32 യോവാശിന്‍റെ പുത്രനായ ഗിദെയോന്‍ വയോവൃദ്ധനായി മരിച്ചു; അബീയേസ്ര്യര്‍ക്ക് അവകാശപ്പെട്ട ഒഫ്രയില്‍ തന്‍റെ പിതാവായ യോവാശിന്‍റെ കല്ലറയില്‍ അദ്ദേഹത്തെ സംസ്കരിച്ചു.
33 ഗിദെയോന്‍റെ മരണശേഷം ഇസ്രായേല്‍ജനം ദൈവത്തോട് അവിശ്വസ്തരായി ബാല്‍വിഗ്രഹങ്ങളെ ആരാധിക്കുകയും ബാല്‍-ബെരീത്തിനെ അവരുടെ ദേവനായി അംഗീകരിക്കുകയും ചെയ്തു.
34 ചുറ്റുപാടുമുണ്ടായിരുന്ന ശത്രുക്കളില്‍ നിന്നെല്ലാം തങ്ങളെ രക്ഷിച്ച ദൈവമായ സര്‍വേശ്വരനെ അവര്‍ വിസ്മരിച്ചു.
35 ഗിദെയോന്‍ എന്ന യെരുബ്ബാല്‍ ഇസ്രായേലിനുവേണ്ടി ചെയ്ത നന്മകളെ അവര്‍ ഓര്‍ക്കുകയോ അതിനു തക്കവിധം അദ്ദേഹത്തിന്‍റെ കുടുംബത്തോടു കാരുണ്യം കാണിക്കുകയോ ചെയ്തില്ല.
1
ഗിദെയോന്‍റെ പുത്രനായ അബീമേലെക്ക് ശെഖേമില്‍ ചെന്ന് സ്വമാതാവിന്‍റെ സഹോദരന്മാരോടും ചാര്‍ച്ചക്കാരോടും പറഞ്ഞു:2 “ഗിദെയോന്‍റെ എഴുപതു പുത്രന്മാരും കൂടി നിങ്ങളെ ഭരിക്കുന്നതോ അതോ ഒരാള്‍ മാത്രം ഭരിക്കുന്നതോ ഏതാണു നല്ലത് എന്നു ശെഖേംനിവാസികളോടു ചോദിക്കുക; അബീമേലെക്ക് നിങ്ങളുടെ അസ്ഥിയും മാംസവുമാണെന്ന് അവരോടു പറയണം.”
3 അവന്‍റെ അമ്മയുടെ സഹോദരന്മാര്‍ ശെഖേംനിവാസികളോട് ഈ കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അവര്‍ അബീമേലെക്കിനെ തങ്ങളുടെ നേതാവാക്കുന്നതിനു താല്പര്യം പ്രകടിപ്പിച്ചു. അവര്‍ പറഞ്ഞു: “അവന്‍ ഞങ്ങളുടെ ചാര്‍ച്ചക്കാരനാണല്ലോ.”
4 പിന്നീട് അവര്‍ ബാല്‍-ബരീത്ത്ദേവന്‍റെ ആലയത്തില്‍നിന്ന് എഴുപതു വെള്ളിക്കാശെടുത്ത് അവനു കൊടുത്തു. ആ പണംകൊണ്ട് അവന്‍ വിവരംകെട്ടവരും സാഹസികരുമായ കുറെ ആളുകളെ കൂലിക്കെടുത്ത് അവരുടെ നേതാവായിത്തീര്‍ന്നു.
5 അവന്‍ ഒഫ്രയില്‍ പിതാവിന്‍റെ വീട്ടില്‍ ചെന്നു ഗിദെയോന്‍റെ പുത്രന്മാരും തന്‍റെ സഹോദരന്മാരുമായ എഴുപതുപേരെയും ഒരു പാറയുടെ മുകളില്‍വച്ചു കൊന്നു. ഗിദെയോന്‍റെ ഇളയപുത്രനായ യോഥാം ഒളിച്ചിരുന്നതുകൊണ്ട് രക്ഷപെട്ടു.
6
ശെഖേമിലെയും ബേത്ത്-മില്ലോയിലെയും ജനമെല്ലാം ഒന്നിച്ചുകൂടി ശെഖേമിലെ ഓര്‍മസ്തംഭത്തിനടുത്തുള്ള കരുവേലകവൃക്ഷത്തിന്‍ കീഴില്‍ അബീമേലെക്കിനെ അവരുടെ രാജാവായി വാഴിച്ചു.7 ഇതറിഞ്ഞപ്പോള്‍ യോഥാം ഗെരിസീം മലമുകളില്‍ ചെന്ന് ഉറക്കെ അവരോടു വിളിച്ചുപറഞ്ഞു: “ശെഖേംനിവാസികളേ, നിങ്ങളുടെ പ്രാര്‍ഥന ദൈവം കേള്‍ക്കണമെങ്കില്‍ ഞാന്‍ പറയുന്നതു കേള്‍ക്കൂ!
8 പണ്ടൊരിക്കല്‍ തങ്ങള്‍ക്കുവേണ്ടി ഒരു രാജാവിനെ വാഴിക്കാന്‍ വൃക്ഷങ്ങള്‍ ഒരുമിച്ചുകൂടി. ‘നീ ഞങ്ങളുടെ രാജാവായിരുന്നാലും’ അവര്‍ ഒലിവുമരത്തോടു പറഞ്ഞു.
9 ഒലിവുമരം പറഞ്ഞു: ‘ദേവന്മാരെയും മനുഷ്യരെയും പൂജിക്കാന്‍ ഉപയോഗിക്കുന്ന എന്‍റെ എണ്ണയെ വേണ്ടെന്നുവച്ച് ഞാന്‍ നിങ്ങളുടെ രാജാവായി വാഴണമോ”?
10 പിന്നീട് മരങ്ങള്‍ അത്തിമരത്തോട് ആവശ്യപ്പെട്ടു: ‘നീ ഞങ്ങളുടെ രാജാവായി വാണാലും.’
11 അത്തിവൃക്ഷം പറഞ്ഞു: ‘നിങ്ങളുടെ രാജാവായിരിക്കുന്നതിനുവേണ്ടി എന്‍റെ ഏറ്റവും മധുരമുള്ള പഴങ്ങളുടെ കാര്യം വിസ്മരിക്കണമോ?’
12 പിന്നീട് വൃക്ഷങ്ങള്‍ മുന്തിരിവള്ളിയെ സമീപിച്ചു പറഞ്ഞു: ‘നീ ഞങ്ങളുടെ രാജാവായി വാണാലും.’
13 മുന്തിരിവള്ളി പറഞ്ഞു: ‘ദേവന്മാരെയും മനുഷ്യരെയും ഒരുപോലെ ആഹ്ലാദിപ്പിക്കുന്ന എന്‍റെ വീഞ്ഞു വേണ്ടെന്നുവച്ച് ഞാന്‍ നിങ്ങളുടെ രാജാവായി വാഴണമോ?
14 പിന്നീട് മരങ്ങള്‍ ഒന്നുചേര്‍ന്ന് മുള്‍പ്പടര്‍പ്പിനോട് പറഞ്ഞു: ‘നീ ഞങ്ങളുടെ രാജാവായി വാണാലും.’
15 മുള്‍പ്പടര്‍പ്പ് പറഞ്ഞു: ‘ഉത്തമ വിശ്വാസത്തോടെയാണ് എന്നെ രാജാവായി വാഴിക്കുന്നതെങ്കില്‍ നിങ്ങള്‍ എന്‍റെ തണലില്‍ അഭയം തേടുവിന്‍. അങ്ങനെ ചെയ്തില്ലെങ്കില്‍ എന്നില്‍നിന്നു തീ പുറപ്പെട്ടു ലെബാനോനിലെ ദേവദാരുക്കളെ ദഹിപ്പിച്ചു കളയും.’
16 “നിങ്ങള്‍ ഉത്തമവിശ്വാസത്തോടും സത്യസന്ധതയോടും കൂടിയാണോ അബീമേലെക്കിനെ രാജാവാക്കിയത്? നിങ്ങള്‍ ഗിദെയോനോടും അദ്ദേഹത്തിന്‍റെ കുടുംബത്തോടും പ്രവര്‍ത്തിച്ചത് ശരിയാണോ? അദ്ദേഹത്തിന്‍റെ പ്രവൃത്തികള്‍ക്കു യോജിച്ച വിധമാണോ നിങ്ങള്‍ പെരുമാറിയത്?
17 എന്‍റെ പിതാവ് സ്വന്തം ജീവന്‍ തൃണവല്‍ഗണിച്ചുകൊണ്ടായിരുന്നു നിങ്ങള്‍ക്കുവേണ്ടി യുദ്ധം ചെയ്ത് മിദ്യാന്യരുടെ കൈയില്‍നിന്നു നിങ്ങളെ രക്ഷിച്ചത്.
18 നിങ്ങളാകട്ടെ ഇന്ന് എന്‍റെ പിതാവിന്‍റെ കുടുംബത്തിന് എതിരായി പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്‍റെ പുത്രന്മാരായ എഴുപതു പേരെയും ഒരു പാറമേല്‍ വച്ചു കൊന്നു; അദ്ദേഹത്തിന്‍റെ ദാസീപുത്രനായ അബീമേലെക്ക് നിങ്ങളുടെ ചാര്‍ച്ചക്കാരനായതുകൊണ്ട് ശെഖേംനിവാസികളുടെ രാജാവാക്കുകയും ചെയ്തു.
19 നിങ്ങള്‍ ഗിദെയോനോടും കുടുംബത്തോടും വിശ്വസ്തമായും സത്യസന്ധമായുമാണു പ്രവര്‍ത്തിച്ചതെങ്കില്‍ അബീമേലെക്കിനെ രാജാവാക്കിയതില്‍ സന്തോഷിക്കുക! നിങ്ങള്‍ നിമിത്തം അവനും സന്തോഷിക്കട്ടെ.
20 അല്ലെങ്കില്‍ അബീമേലെക്കില്‍നിന്ന് അഗ്നി പുറപ്പെട്ട് ശെഖേം, ബേത്ത്-മില്ലോനിവാസികളെ ദഹിപ്പിക്കട്ടെ! ശെഖേം, ബേത്ത്-മില്ലോനിവാസികളില്‍നിന്ന് അഗ്നി പുറപ്പെട്ട് അബീമേലെക്കിനെയും ദഹിപ്പിക്കട്ടെ!”
21 പിന്നീട് സഹോദരനായ അബീമേലെക്കിനെ ഭയപ്പെട്ട് യോഥാം ബേരിലേക്ക് പലായനം ചെയ്ത് അവിടെ പാര്‍ത്തു.
22
അബീമേലെക്ക് ഇസ്രായേലിനെ മൂന്നു വര്‍ഷം ഭരിച്ചു.23 അതിനുശേഷം അബീമേലെക്കും ശെഖേംനിവാസികളും തമ്മില്‍ ശത്രുത ഉളവാക്കാന്‍വേണ്ടി ദൈവം ഒരു ദുഷ്ടാത്മാവിനെ അയച്ചു. ശെഖേംനിവാസികള്‍ അബീമേലെക്കിനെ വഞ്ചിക്കാന്‍ തുടങ്ങി.
24 അങ്ങനെ ഗിദെയോന്‍റെ പുത്രന്മാരായ എഴുപതു പേരെ വധിച്ച അബീമേലെക്കും അവനു സഹായികളായി വര്‍ത്തിച്ച ശെഖേംനിവാസികളും ചെയ്ത നീചമായ പ്രവൃത്തിക്ക് അവര്‍ ശിക്ഷിക്കപ്പെട്ടു.
25 ശെഖേംനിവാസികള്‍ അബീമേലെക്കിനെതിരായി മലമുകളില്‍ പതിയിരിപ്പുകാരെ നിയോഗിച്ചു; അവര്‍ ആ വഴിക്കു കടന്നുപോകുന്നവരെ കവര്‍ച്ച ചെയ്യാന്‍ തുടങ്ങി. ഈ വിവരം അബീമേലെക്ക് അറിഞ്ഞു.
26
ഏബെദിന്‍റെ പുത്രനായ ഗാല്‍ തന്‍റെ ചാര്‍ച്ചക്കാരോടൊരുമിച്ചു ശെഖേമിലേക്കു പോയി. ശെഖേംനിവാസികള്‍ അയാളെ വിശ്വസിച്ചു.27 അവര്‍ തങ്ങളുടെ മുന്തിരിത്തോട്ടങ്ങളില്‍ ചെന്ന് മുന്തിരിക്കുലകള്‍ അറുത്ത് വീഞ്ഞുണ്ടാക്കി ഉത്സവം ആഘോഷിച്ചു. തങ്ങളുടെ ദേവന്‍റെ ക്ഷേത്രത്തില്‍ ചെന്ന് അവിടെവച്ചു തിന്നുകയും കുടിക്കുകയും അബീമേലെക്കിനെ ശപിക്കുകയും ചെയ്തു.
28 ഏബെദിന്‍റെ പുത്രനായ ഗാല്‍ പറഞ്ഞു: “അബീമേലെക്ക് ആര്? അവനു കീഴ്പെട്ടിരിക്കാന്‍ ശെഖേംനിവാസികളായ നാം ആര്? അവന്‍ ഗിദെയോന്‍റെ പുത്രനല്ലേ? സെബൂല്‍ അല്ലേ അവന്‍റെ കാര്യസ്ഥന്‍? ശെഖേമിന്‍റെ പിതാവായ ഹാമോരിനോട് അവര്‍ വിശ്വസ്തരായിരിക്കട്ടെ. എന്തിന് നാം അബീമേലെക്കിനെ സേവിക്കണം?
29 ഈ ജനം എന്‍റെ കൂടെ ആയിരുന്നെങ്കില്‍ അബീമേലെക്കിനെ ഞാന്‍ തുരത്തിക്കളയുമായിരുന്നു. സൈന്യബലം വര്‍ധിപ്പിച്ചുകൊണ്ടു യുദ്ധത്തിനു വരാന്‍ ഞാന്‍ അവനെ വെല്ലുവിളിക്കുമായിരുന്നു.”
30 ഏബെദിന്‍റെ പുത്രനായ ഗാലിന്‍റെ വാക്കുകള്‍ കേട്ടപ്പോള്‍ നഗരാധിപനായ സെബൂലിനു കോപം ജ്വലിച്ചു;
31 അയാള്‍ അരുമായില്‍ അബീമേലെക്കിന്‍റെ അടുക്കലേക്ക് ദൂതന്മാരെ അയച്ച് അറിയിച്ചു: “ഏബെദിന്‍റെ പുത്രനായ ഗാലും അവന്‍റെ ചാര്‍ച്ചക്കാരും കൂടി ശെഖേമില്‍ വന്നു പട്ടണവാസികളെ നിനക്കെതിരായി ഇളക്കിവിടുന്നു.
32 അതുകൊണ്ട് നീയും നിന്‍റെ കൂടെയുള്ളവരും രാത്രിയില്‍ വയലില്‍ പോയി പതിയിരിക്കുക;
33 അതിരാവിലെ എഴുന്നേറ്റു പട്ടണം ആക്രമിക്കണം. ഗാലും കൂടെയുള്ള പടയാളികളും നിന്‍റെ നേരെ വരുമ്പോള്‍ അവസരത്തിനൊത്തു പ്രവര്‍ത്തിക്കുക.”
34
അബീമേലെക്കും കൂടെയുള്ള പടയാളികളും രാത്രിയില്‍ നാലു ഗണങ്ങളായി പിരിഞ്ഞ് ശെഖേമിനടുത്ത് ഒളിച്ചിരുന്നു.35 ഏബെദിന്‍റെ പുത്രനായ ഗാല്‍ പുറത്തുവന്നു പട്ടണവാതില്‌ക്കല്‍ നിന്നു. അതുകണ്ട അബീമേലെക്കും കൂടെയുള്ള പടയാളികളും ഒളിവിടങ്ങളില്‍നിന്നു പുറത്തുവന്നു.
36 ഗാല്‍ അവരെ കണ്ട്: “അതാ, മലമുകളില്‍നിന്നു പടയാളികള്‍ ഇറങ്ങി വരുന്നു” എന്നു സെബൂലിനോടു പറഞ്ഞു. “പര്‍വതങ്ങളുടെ നിഴല്‍ കണ്ടിട്ടു മനുഷ്യരെന്നു നിനക്കു തോന്നിയതാകാം” എന്ന് സെബൂല്‍ മറുപടി പറഞ്ഞു.
37 ഗാല്‍ വീണ്ടും പറഞ്ഞു: “അതാ, പടയാളികള്‍ മലയിടുക്കിലൂടെ വരുന്നു; മറ്റൊരു ഗണം പ്രശ്നം വയ്‍ക്കുന്നവരുടെ കരുവേലകത്തിനടുത്തുകൂടിയും.”
38 അപ്പോള്‍ സെബൂല്‍ അവനോടു പറഞ്ഞു: “നാം സേവിക്കാന്‍തക്കവിധം അബീമേലെക്ക് ആര് എന്നു പറഞ്ഞ നിന്‍റെ നാവ് എവിടെ? നീ പുച്ഛിച്ച ഭടജനങ്ങള്‍ അല്ലേ ഇവര്‍? നീ ഇപ്പോള്‍ ഇവരോടു പൊരുതുക.”
39 ശെഖേംനിവാസികളോടുകൂടെ ഗാല്‍ പുറപ്പെട്ടു അബീമേലെക്കിനോട് യുദ്ധം ചെയ്തു.
40 എന്നാല്‍ ഗാല്‍ തോറ്റോടി; അബീമേലെക്ക് അവനെ പിന്തുടര്‍ന്നു. പരുക്കു പറ്റിയ അനേകം പേര്‍ പട്ടണവാതില്‍വരെ വീണു.
41 അബീമേലെക്ക് അരുമായില്‍തന്നെ പാര്‍ത്തു. ഗാലിനെയും ചാര്‍ച്ചക്കാരെയും ശെഖേമില്‍നിന്നു സെബൂല്‍ പുറത്താക്കി.
42 അടുത്ത ദിവസം ജനം വയലുകളിലേക്കു പോയ വിവരം അബീമേലെക്ക് അറിഞ്ഞു.
43 അയാള്‍ തന്‍റെ പടയാളികളെ മൂന്നു ഗണമായി തിരിച്ചു; അവര്‍ വയലില്‍ ഒളിച്ചിരുന്നു. ജനം പട്ടണത്തില്‍നിന്നു പുറത്തുവരുന്നതു കണ്ടപ്പോള്‍ അവര്‍ ഒളിവിടങ്ങളില്‍നിന്നു പുറത്തുവന്ന് അവരെ സംഹരിച്ചു;
44 അബീമേലെക്കും കൂടെയുള്ളവരും ഓടി പട്ടണവാതില്‌ക്കല്‍ ചെന്നുനിന്നു. അപ്പോള്‍ മറ്റു രണ്ടു ഗണങ്ങള്‍ വയലിലുണ്ടായിരുന്ന ജനങ്ങളുടെ നേരെ ചെന്ന് അവരെ സംഹരിച്ചു.
45 അബീമേലെക്ക് അന്നു മുഴുവന്‍ യുദ്ധം ചെയ്തു പട്ടണം പിടിച്ചടക്കി; അതിലെ നിവാസികളെ കൊന്നൊടുക്കി; അത് ഇടിച്ചു നിരത്തി ഉപ്പു വിതറി.
46
ഇതു കേട്ടപ്പോള്‍ ശെഖേംഗോപുരത്തില്‍ വസിച്ചിരുന്നവര്‍ എല്‍-ബെരീത്തിന്‍റെ ക്ഷേത്രത്തിലെ സുരക്ഷാസങ്കേതത്തില്‍ പ്രവേശിച്ചു.47 അവര്‍ അവിടെ കൂടിയിരിക്കുന്ന വിവരം അബീമേലെക്ക് അറിഞ്ഞു.
48 അപ്പോള്‍ പടയാളികളോടുകൂടി അബീമേലെക്ക് സല്മോന്‍ മലയിലേക്കു പോയി. അയാള്‍ കോടാലി എടുത്ത് ഒരു മരക്കൊമ്പു വെട്ടി ചുമലില്‍ വച്ചു. അതിനുശേഷം കൂടെയുള്ള പടയാളികളോടു “ഞാന്‍ ചെയ്തതുപോലെതന്നെ നിങ്ങളും വേഗം ചെയ്യുക” എന്നു പറഞ്ഞു.
49 പടയാളികള്‍ അതുപോലെ ഓരോ മരക്കൊമ്പു വെട്ടി അബീമേലെക്കിനെ അനുഗമിച്ചു; സുരക്ഷാസങ്കേതത്തിനു സമീപം മരക്കൊമ്പുകള്‍ അവര്‍ ചേര്‍ത്തു വച്ച് അതിനു തീകൊളുത്തി. അവിടെയുണ്ടായിരുന്നവരെ സുരക്ഷാസങ്കേതത്തോടൊപ്പം അഗ്നിക്കിരയാക്കി; അങ്ങനെ ശെഖേംഗോപുരനിവാസികളെല്ലാം പുരുഷന്മാരും സ്‍ത്രീകളുമടക്കം ആയിരത്തോളം പേര്‍ അഗ്നിക്കിരയായി.
50
അതിനുശേഷം അബീമേലെക്ക് തേബെസിലേക്കു പോയി. അതിനെതിരെ പാളയമടിച്ചു;51 തേബെസ് പിടിച്ചടക്കി; പട്ടണത്തിനുള്ളില്‍ ബലവത്തായ ഒരു ഗോപുരമുണ്ടായിരുന്നു. പുരുഷന്മാരും സ്‍ത്രീകളുമടക്കം പട്ടണത്തിലുള്ള സകലരും അവിടേക്ക് ഓടി; അതില്‍ കടന്നു വാതില്‍ അടച്ചശേഷം ഗോപുരത്തിന്‍റെ മുകളില്‍ കയറി.
52 അബീമേലെക്ക് ഗോപുരത്തിന്‍റെ അടുക്കല്‍ വന്ന് അതിനെ ആക്രമിച്ചു; ഗോപുരത്തിനു തീകൊളുത്താന്‍ വാതില്‌ക്കല്‍ വന്നപ്പോള്‍
53 ഒരു സ്‍ത്രീ തിരികല്ലിന്‍പിള്ള അബീമേലെക്കിന്‍റെ തലയില്‍ ഇട്ടു; അവന്‍റെ തലയോടു തകര്‍ന്നുപോയി.
54 ഉടന്‍തന്നെ തന്‍റെ ആയുധവാഹകനായ യുവാവിനെ തത്രപ്പെട്ടു വിളിച്ച് “ഒരു സ്‍ത്രീ എന്നെ വധിച്ചു എന്നു പറയാനിടയാകാതിരിക്കാന്‍ നിന്‍റെ വാള്‍ ഊരി എന്നെ കൊല്ലുക” എന്നു പറഞ്ഞു.
55 യുവാവ് അങ്ങനെ ചെയ്തു. അബീമേലെക്ക് മരിച്ചു എന്നു കണ്ട് ഇസ്രായേല്‍ജനം ഭവനങ്ങളിലേക്ക് മടങ്ങിപ്പോയി.
56 എഴുപതു സഹോദരന്മാരെ കൊന്ന് തന്‍റെ പിതാവിനോടു ചെയ്ത പാതകത്തിന് അബീമേലെക്കിനെ ദൈവം ഇങ്ങനെ ശിക്ഷിച്ചു.
57 ഗിദെയോന്‍റെ പുത്രനായ യോഥാമിന്‍റെ ശാപം ശെഖേംനിവാസികളുടെമേല്‍ പതിച്ചു. അങ്ങനെ ശെഖേംനിവാസികളെ ദൈവം ശിക്ഷിച്ചു.
1
അബീമേലെക്കിന്‍റെ മരണശേഷം ദോദോയുടെ പൗത്രനും പൂവാവിന്‍റെ പുത്രനുമായ തോല ഇസ്രായേലിനെ രക്ഷിക്കാന്‍ നിയോഗിക്കപ്പെട്ടു. അയാള്‍ ഇസ്സാഖാര്‍ ഗോത്രക്കാരന്‍ ആയിരുന്നു; എഫ്രയീം മലനാട്ടിലെ ശാമീരില്‍ ആയിരുന്നു അയാള്‍ പാര്‍ത്തിരുന്നത്.2 ഇരുപത്തിമൂന്നു വര്‍ഷം ഇസ്രായേലില്‍ ന്യായപാലനം നടത്തിയശേഷം അയാള്‍ അന്തരിച്ചു; ശാമീരില്‍ അയാളെ അടക്കം ചെയ്തു.
3
പിന്നീട് ഗിലെയാദ്യനായ യായീര്‍ ഇരുപത്തിരണ്ടു വര്‍ഷം ഇസ്രായേലില്‍ ന്യായപാലനം നടത്തി.4 കഴുതപ്പുറത്തു സവാരി ചെയ്തിരുന്ന മുപ്പതു പുത്രന്മാര്‍ അയാള്‍ക്കുണ്ടായിരുന്നു. അവരുടെ അധീനതയില്‍ ഗിലെയാദിലെ മുപ്പതു പട്ടണങ്ങള്‍ ഉണ്ടായിരുന്നു. ഹവ്വോത്ത്-യായീര്‍ എന്ന പേരില്‍ ഇന്നും ആ പട്ടണങ്ങള്‍ അറിയപ്പെടുന്നു.
5 യായീര്‍ മരിച്ചു; അയാളെ കാമോനില്‍ സംസ്കരിച്ചു.
6
ഇസ്രായേല്‍ജനം സര്‍വേശ്വരനു ഹിതകരമല്ലാത്തതു വീണ്ടും പ്രവര്‍ത്തിച്ചു; അവര്‍ അവിടുത്തെ ആരാധിക്കാതെ ബാല്‍ദേവന്മാരെയും അസ്താരോത്ത്പ്രതിഷ്ഠകളെയും സിറിയ, സീദോന്‍, മോവാബ്, അമ്മോന്‍, ഫെലിസ്ത്യ എന്നീ ദേശങ്ങളിലെ ദേവന്മാരെയും ആരാധിച്ചു. അവര്‍ സര്‍വേശ്വരനെ ഉപേക്ഷിച്ചു.7 അപ്പോള്‍ അവിടുത്തെ കോപം ഇസ്രായേലിന്‍റെമേല്‍ ജ്വലിച്ചു; ഫെലിസ്ത്യരുടെയും അമ്മോന്യരുടെയും കൈയില്‍ അവിടുന്ന് അവരെ ഏല്പിച്ചു.
8 അവര്‍ ഇസ്രായേല്‍ജനത്തെ പീഡിപ്പിച്ചു. യോര്‍ദ്ദാനക്കരെ അമോര്യരുടെ ദേശമായ ഗിലെയാദില്‍ പാര്‍ത്തിരുന്ന ഇസ്രായേല്‍ജനത്തെ അവര്‍ പതിനെട്ടു വര്‍ഷം ക്രൂരമായി ഞെരുക്കി.
9 യെഹൂദാ, ബെന്യാമീന്‍, എഫ്രയീം ഗോത്രക്കാരോടു യുദ്ധം ചെയ്യാന്‍ അമ്മോന്യര്‍ യോര്‍ദ്ദാന്‍നദി കടന്നു. ഇസ്രായേല്‍ കൊടിയ ദുരിതത്തിലായി.
10 അവര്‍ സര്‍വേശ്വരനോടു നിലവിളിച്ചു: “ഞങ്ങളുടെ ദൈവമേ, ഞങ്ങള്‍ അങ്ങയെ ഉപേക്ഷിച്ച് ബാല്‍വിഗ്രഹങ്ങളെ ആരാധിച്ചതിനാല്‍ ഞങ്ങള്‍ അങ്ങേക്ക് എതിരായി പാപം ചെയ്തു.”
11 സര്‍വേശ്വരന്‍ ഇസ്രായേല്‍ജനത്തോട് അരുളിച്ചെയ്തു: “ഈജിപ്തുകാര്‍, അമോര്യര്‍, അമ്മോന്യര്‍, ഫെലിസ്ത്യര്‍ എന്നിവരില്‍നിന്ന് ഞാന്‍ നിങ്ങളെ വിടുവിച്ചില്ലേ?
12 സീദോന്യരും അമാലേക്യരും മാവോന്യരും നിങ്ങളെ പീഡിപ്പിച്ചപ്പോഴും നിങ്ങള്‍ എന്നോടു നിലവിളിച്ചു. ഞാന്‍ അവരില്‍നിന്നെല്ലാം നിങ്ങളെ മോചിപ്പിച്ചു.
13 എന്നിട്ടും, നിങ്ങള്‍ എന്നെ ഉപേക്ഷിച്ച് അന്യദേവന്മാരെ ആരാധിച്ചു; അതുകൊണ്ട് ഇനി മേലില്‍ ഞാന്‍ നിങ്ങളെ രക്ഷിക്കുകയില്ല.
14 നിങ്ങള്‍ പോയി നിങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്ന ദേവന്മാരോടു നിലവിളിക്കൂ! കഷ്ടകാലത്ത് അവര്‍ നിങ്ങളെ രക്ഷിക്കട്ടെ.”
15 ഇസ്രായേല്‍ജനം സര്‍വേശ്വരനോട് അപേക്ഷിച്ചു: “ഞങ്ങള്‍ പാപം ചെയ്തുപോയി; അവിടുത്തേക്ക് ഉചിതമായി തോന്നുന്നതു ഞങ്ങളോട് പ്രവര്‍ത്തിച്ചാലും. എങ്കിലും ഇന്നു ഞങ്ങളെ രക്ഷിക്കുക.”
16 ഇസ്രായേല്‍ജനം തങ്ങളുടെ ഇടയില്‍നിന്ന് അന്യദേവന്മാരെ നീക്കം ചെയ്തു; അവര്‍ സര്‍വേശ്വരനെത്തന്നെ ആരാധിക്കുകയും ചെയ്തു. അപ്പോള്‍ ഇസ്രായേല്‍ജനത്തിന്‍റെ സങ്കടത്തില്‍ അവിടുത്തേക്ക് അനുകമ്പ തോന്നി.
17
ആ സമയത്ത് അമ്മോന്യര്‍ യുദ്ധസന്നദ്ധരായി ഗിലെയാദില്‍ പാളയമടിച്ചു. ഇസ്രായേല്‍ജനം ഒന്നിച്ചുകൂടി മിസ്പായിലും പാളയമടിച്ചു.18 ഗിലെയാദിലെ നേതാക്കന്മാര്‍ അന്യോന്യം പറഞ്ഞു: “അമ്മോന്യരോട് യുദ്ധം ആരംഭിക്കുന്നതാരോ അയാള്‍ ഗിലെയാദ്നിവാസികളുടെ നേതാവാകും.”
1
ഗിലെയാദുകാരനായ യിഫ്താഹ് ഗിലെയാദിന്‍റെ പുത്രനും വീരപരാക്രമിയായ യോദ്ധാവും ആയിരുന്നു. എങ്കിലും അയാള്‍ ഒരു വേശ്യയുടെ പുത്രനായിരുന്നു.2 ഗിലെയാദിന് സ്വന്തം ഭാര്യയില്‍ ജനിച്ച മറ്റു പുത്രന്മാരും ഉണ്ടായിരുന്നു. അവര്‍ വളര്‍ന്നപ്പോള്‍ യിഫ്താഹിനെ വീട്ടില്‍നിന്നു പുറത്താക്കി. “പരസ്‍ത്രീയുടെ പുത്രനായി ജനിച്ചതുകൊണ്ട് ഞങ്ങളുടെ പിതൃഭവനത്തില്‍ നിനക്ക് അവകാശമില്ല” എന്നവര്‍ പറഞ്ഞു.
3 യിഫ്താഹ് തന്‍റെ സഹോദരന്മാരുടെ ഇടയില്‍നിന്ന് ഓടിപ്പോയി തോബ്‍ദേശത്തു ചെന്നു പാര്‍ത്തു. നീചന്മാരായ ഒരു കൂട്ടം ആളുകള്‍ യിഫ്താഹിനോട് ചേര്‍ന്നു ചുറ്റിനടന്നു.
4
കുറെക്കാലം കഴിഞ്ഞപ്പോള്‍ അമ്മോന്യര്‍ ഇസ്രായേലിനോടു യുദ്ധം ആരംഭിച്ചു.5 അപ്പോള്‍ ഗിലെയാദിലെ ജനപ്രമാണികള്‍ യിഫ്താഹിനെ കൂട്ടിക്കൊണ്ടു വരുന്നതിനു തോബിലേക്കു പോയി.
6 “ഞങ്ങളുടെ നായകനായി അമ്മോന്യരോടു യുദ്ധം ചെയ്യണമേ” എന്ന് അവര്‍ യിഫ്താഹിനോട് അപേക്ഷിച്ചു.
7 യിഫ്താഹ് അവരോടു പറഞ്ഞു: “നിങ്ങള്‍ എന്നെ വെറുത്ത് എന്‍റെ പിതാവിന്‍റെ ഭവനത്തില്‍നിന്ന് എന്നെ പുറത്താക്കിയില്ലേ? നിങ്ങള്‍ വിഷമത്തിലായപ്പോള്‍ എന്തിന് എന്നെ അന്വേഷിച്ചുവരുന്നു?”
8 ഗിലെയാദിലെ ജനപ്രമാണികള്‍ യിഫ്താഹിനോടു പറഞ്ഞു: “അങ്ങ് ഞങ്ങളുടെകൂടെ വന്ന് അമ്മോന്യരോടു യുദ്ധം ചെയ്താലും. അങ്ങ് ഞങ്ങള്‍ക്കും ഗിലെയാദ്നിവാസികള്‍ക്കും നേതാവാകുക. ഇതു പറയാനാണ് ഞങ്ങള്‍ അങ്ങയുടെ അടുക്കല്‍ വന്നിരിക്കുന്നത്.”
9 യിഫ്താഹ് അവരോടു പറഞ്ഞു: “അമ്മോന്യരോടു യുദ്ധം ചെയ്യാന്‍ നിങ്ങള്‍ എന്നെ കൊണ്ടുപോകുകയും അവരുടെമേല്‍ സര്‍വേശ്വരന്‍ എനിക്കു വിജയം നല്‌കുകയും ചെയ്താല്‍ ഞാന്‍ നിങ്ങളുടെ നേതാവായിത്തീരും.”
10 “അങ്ങ് പറഞ്ഞതുപോലെ ഞങ്ങള്‍ സമ്മതിച്ചിരിക്കുന്നു. സര്‍വേശ്വരന്‍ നമുക്കു സാക്ഷിയായിരിക്കട്ടെ” എന്നവര്‍ പ്രതിവചിച്ചു.
11 അങ്ങനെ യിഫ്താഹ് ഗിലെയാദിലെ ജനപ്രമാണികളുടെ കൂടെ പോകുകയും ജനം അദ്ദേഹത്തെ തങ്ങളുടെ നേതാവായി സ്വീകരിക്കുകയും ചെയ്തു. മിസ്പായില്‍ സര്‍വേശ്വരന്‍റെ സന്നിധിയില്‍ വച്ചു യിഫ്താഹ് തന്‍റെ വ്യവസ്ഥയെല്ലാം ജനത്തോടു പറഞ്ഞു.
12
പിന്നീട് യിഫ്താഹ് അമ്മോന്യരുടെ രാജാവിന്‍റെ അടുക്കല്‍ സന്ദേശവാഹകരെ അയച്ചു ചോദിച്ചു: “അങ്ങേക്ക് എന്നോട് എന്താണു വിരോധം? എന്‍റെ ദേശം ആക്രമിക്കാന്‍ അങ്ങ് എന്തിനു വരുന്നു?”13 അമ്മോന്യരുടെ രാജാവ് യിഫ്താഹിന്‍റെ ദൂതന്മാരോടു പറഞ്ഞു: “ഇസ്രായേല്‍ജനം ഈജിപ്തില്‍നിന്നു വരുമ്പോള്‍ അര്‍ന്നോന്‍നദിമുതല്‍ യബ്ബോക്കു നദിവരെയും യോര്‍ദ്ദാന്‍നദിവരെയുമുള്ള എന്‍റെ ഭൂമി കൈവശപ്പെടുത്തിയതുകൊണ്ടാണ് ഞാന്‍ ഇപ്രകാരം ചെയ്യുന്നത്. ആ ഭൂമിയെല്ലാം സമാധാനപൂര്‍വം മടക്കിത്തരിക.”
14 യിഫ്താഹ് സന്ദേശവാഹകരെ അമ്മോന്യരുടെ രാജാവിന്‍റെ അടുക്കലേക്കു വീണ്ടും അയച്ചു പറയിച്ചു:
15 “ഇസ്രായേല്‍ജനം അമ്മോന്യരുടെയോ മോവാബ്യരുടെയോ ദേശം കൈവശപ്പെടുത്തിയിട്ടില്ല.
16 ഇസ്രായേല്‍ജനം ഈജിപ്തില്‍നിന്നു പുറപ്പെട്ട് മരുഭൂമിയില്‍കൂടി ചെങ്കടല്‍വരെ സഞ്ചരിച്ചു കാദേശില്‍ എത്തി.
17 എദോംരാജാവിന്‍റെ ദേശത്തുകൂടി കടന്നുപോകുന്നതിന് അനുവാദം അപേക്ഷിച്ചുകൊണ്ട് അവര്‍ ദൂതന്മാരെ അയച്ചു; എന്നാല്‍ എദോംരാജാവ് അവരുടെ അപേക്ഷ സ്വീകരിച്ചില്ല. പിന്നീട് മോവാബ്‍രാജാവിന്‍റെ അടുക്കലും ദൂതന്മാരെ അയച്ചു; അദ്ദേഹവും അതിനു സമ്മതിച്ചില്ല. അതിനാല്‍ ഇസ്രായേല്‍ജനം കാദേശില്‍തന്നെ പാര്‍ത്തു.
18 തുടര്‍ന്ന് അവര്‍ മരുഭൂമിയില്‍ കൂടി സഞ്ചരിച്ചു; എദോമും മോവാബും ചുറ്റി കിഴക്കുള്ള അര്‍ന്നോന്‍നദിയുടെ അക്കരെ പാളയമടിച്ചു. അര്‍ന്നോന്‍ മോവാബിന്‍റെ അതിരായിരുന്നതുകൊണ്ട് അവര്‍ അര്‍ന്നോന്‍നദി കടന്നില്ല.
19 പിന്നീട് ഹെശ്ബോനിലെ അമോര്യരാജാവായ സീഹോന്‍റെ അടുക്കല്‍ ദൂതന്മാരെ അയച്ച് രാജാവിന്‍റെ സ്ഥലത്തുകൂടി അവരുടെ സ്വന്തം നാട്ടിലേക്കു പോകാന്‍ അനുവാദം ചോദിച്ചു.
20 സീഹോന്‍ അതിന് ഇസ്രായേല്‍ജനത്തെ അനുവദിച്ചില്ലെന്നു മാത്രമല്ല തന്‍റെ സൈന്യങ്ങളെയെല്ലാം വിളിച്ചുകൂട്ടി യഹസില്‍ പാളയമടിച്ച് ഇസ്രായേല്‍ജനത്തോടു യുദ്ധം ചെയ്തു.
21 ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ സീഹോനെയും അയാളുടെ ജനത്തെയും ഇസ്രായേല്യരുടെ കൈയില്‍ ഏല്പിച്ചു. ഇസ്രായേല്‍ജനം അവരെ തോല്പിച്ചു; ദേശവാസികളായ അമോര്യരുടെ ദേശം കൈവശമാക്കുകയും ചെയ്തു.
22 അര്‍ന്നോന്‍മുതല്‍ യബ്ബോക്ക്‍വരെയും മരുഭൂമിമുതല്‍ യോര്‍ദ്ദാന്‍ നദിവരെയുള്ള ദേശമെല്ലാം ഇസ്രായേല്‍ പിടിച്ചെടുത്തു.
23 അങ്ങനെ ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ തന്‍റെ ജനമായ ഇസ്രായേല്യര്‍ക്കുവേണ്ടി അമോര്യരെ പുറത്താക്കി. അമോര്യരാജാവായ അങ്ങ് ആ ദേശം വീണ്ടും കൈവശപ്പെടുത്താന്‍ പോകുകയാണോ?
24 നിങ്ങളുടെ ദൈവമായ കെമോശ് നിങ്ങള്‍ക്ക് അവകാശമായി നല്‌കിയതെല്ലാം നിങ്ങള്‍ സൂക്ഷിക്കുകയില്ലേ? ഞങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ ഞങ്ങള്‍ക്കു നല്‌കിയതെല്ലാം ഞങ്ങളും കൈവശമാക്കും.
25 മോവാബിലെ രാജാവായ സിപ്പോരിന്‍റെ പുത്രനായ ബാലാക്കിനെക്കാള്‍ അങ്ങ് ശ്രേഷ്ഠനാണോ? അദ്ദേഹം ഒരിക്കലും ഇസ്രായേലിനെ വെല്ലുവിളിച്ചില്ല. ഞങ്ങള്‍ക്കെതിരായി യുദ്ധം ചെയ്യാന്‍ ആരെയും പ്രേരിപ്പിച്ചുമില്ല.
26 ഇസ്രായേല്‍ ഹെശ്ബോനിലും അരോവേരിലും അവയോടു ചേര്‍ന്നുള്ള പട്ടണങ്ങളിലും അര്‍ന്നോന്‍തീരത്തുള്ള പട്ടണങ്ങളിലും മുന്നൂറു സംവത്സരക്കാലം പാര്‍ത്തു. ആ കാലത്തിനിടയില്‍ നിങ്ങള്‍ എന്തുകൊണ്ട് അവ തിരിച്ചു പിടിച്ചില്ല?
27 ഞാന്‍ അങ്ങയോട് ഒരു അന്യായവും ചെയ്തിട്ടില്ല; എന്നോടു യുദ്ധം ചെയ്യുക നിമിത്തം അങ്ങ് എന്നോടാണ് അന്യായം ചെയ്യുന്നത്. ന്യായാധിപനായ സര്‍വേശ്വരന്‍ ഇസ്രായേല്‍ജനത്തിനും അമ്മോന്യര്‍ക്കും മധ്യേ ഇന്ന് ന്യായം വിധിക്കട്ടെ.”
28 എന്നാല്‍ യിഫ്താഹിന്‍റെ സന്ദേശം അമ്മോന്യരാജാവു ശ്രദ്ധിച്ചില്ല.
29
അപ്പോള്‍ സര്‍വേശ്വരന്‍റെ ആത്മാവ് യിഫ്താഹിന്‍റെമേല്‍ ആവസിച്ചു; അദ്ദേഹം ഗിലെയാദിലും മനശ്ശെയിലും കൂടി സഞ്ചരിച്ചു ഗിലെയാദിലെ മിസ്പായില്‍ എത്തി; അവിടെനിന്ന് അമ്മോന്യരുടെ നേരെ തിരിച്ചു.30 യിഫ്താഹ് ഒരു നേര്‍ച്ച നേര്‍ന്നുകൊണ്ടു പറഞ്ഞു: “സര്‍വേശ്വരാ, അവിടുന്ന് അമ്മോന്യരുടെമേല്‍ എനിക്കു വിജയം നല്‌കുകയും
31 ഞാന്‍ ജയിച്ചു സമാധാനത്തോടു മടങ്ങി വരികയും ചെയ്യുമ്പോള്‍ എന്‍റെ വീട്ടില്‍നിന്നു ആദ്യമായി ഇറങ്ങി വരുന്നതാരായാലും ഞാന്‍ അയാളെ അവിടുത്തേക്ക് ഹോമയാഗമായി അര്‍പ്പിക്കും.”
32 യിഫ്താഹ് അമ്മോന്യരോടു യുദ്ധം ചെയ്യുന്നതിന് അതിര്‍ത്തി കടന്നു; സര്‍വേശ്വരന്‍ അവരുടെമേല്‍ അദ്ദേഹത്തിനു വിജയം നല്‌കി.
33 അരോവേര്‍മുതല്‍ മിന്നീത്തു വരെയും അവിടെനിന്ന് ആബേല്‍, കെരാമീം- വരെയും ചെന്ന് അദ്ദേഹം അവരെ സംഹരിച്ചു. ഇരുപതു പട്ടണങ്ങള്‍ പിടിച്ചടക്കി. അങ്ങനെ ഇസ്രായേല്‍ജനത്തിന്‍റെ മുമ്പില്‍ അമ്മോന്യര്‍ ലജ്ജിതരായി.
34
യിഫ്താഹ് മിസ്പായിലുള്ള സ്വന്തം ഭവനത്തില്‍ എത്തിയപ്പോള്‍ തന്‍റെ പുത്രി തപ്പുകൊട്ടി നൃത്തം ചെയ്തുകൊണ്ട് തന്നെ എതിരേല്‌ക്കാന്‍ വന്നു. അവള്‍ അദ്ദേഹത്തിന്‍റെ ഏകപുത്രിയായിരുന്നു. അവളല്ലാതെ മറ്റൊരു പുത്രനോ, പുത്രിയോ അദ്ദേഹത്തിനുണ്ടായിരുന്നില്ല.35 അവളെ കണ്ട മാത്രയില്‍ അദ്ദേഹം വസ്ത്രം പിച്ചിച്ചീന്തി, “എന്‍റെ മകളേ, നീ എന്‍റെ ഹൃദയം തകര്‍ത്തു; ഞാന്‍ ദുഃഖിക്കാന്‍ നീ ഇടവരുത്തിയല്ലോ. സര്‍വേശ്വരനോടു ഞാന്‍ പ്രതിജ്ഞ ചെയ്തുപോയി; അതില്‍നിന്നു പിന്മാറുക സാധ്യമല്ല.”
36 അവള്‍ പിതാവിനോടു പറഞ്ഞു: “എന്‍റെ പിതാവേ, അങ്ങ് സര്‍വേശ്വരനോടു ചെയ്ത പ്രതിജ്ഞ നിറവേറ്റുക; അങ്ങയുടെ ശത്രുക്കളായ അമ്മോന്യരോട് അവിടുന്നു പ്രതികാരം ചെയ്തല്ലോ.”
37 അവള്‍ തുടര്‍ന്നു: “ഒരു കാര്യം എനിക്കു ചെയ്തു തരണം; എന്‍റെ സഖിമാരോടൊത്ത് രണ്ടുമാസം പര്‍വതങ്ങളില്‍ അലഞ്ഞു നടന്ന് എന്‍റെ കന്യകാത്വത്തെക്കുറിച്ച് വിലപിക്കാന്‍ അനുവാദം നല്‌കിയാലും.”
38 “പൊയ്‍ക്കൊള്ളുക” എന്നു പറഞ്ഞ് രണ്ടു മാസത്തേക്ക് അദ്ദേഹം അവളെ പറഞ്ഞയച്ചു. അവള്‍ സഖിമാരോടൊത്ത് പര്‍വതത്തില്‍ പോയി തന്‍റെ കന്യകാത്വത്തെക്കുറിച്ച് വിലപിച്ചു;
39 അതിനുശേഷം അവള്‍ പിതാവിന്‍റെ അടുക്കല്‍ മടങ്ങിവന്നു. പ്രതിജ്ഞ ചെയ്തിരുന്നതുപോലെ അദ്ദേഹം അവളോടു പ്രവര്‍ത്തിച്ചു. അങ്ങനെ ഒരു കന്യകയായിത്തന്നെ അവള്‍ മരിച്ചു.
40 ഇസ്രായേലിലെ കന്യകമാര്‍ ഗിലെയാദ്യനായ യിഫ്താഹിന്‍റെ മകളെ ഓര്‍ത്തു വര്‍ഷംതോറും നാലു ദിവസത്തേക്കു വിലപിക്കുക ഒരു ആചാരമായിത്തീര്‍ന്നു.
1
എഫ്രയീമ്യര്‍ യുദ്ധസന്നദ്ധരായി യോര്‍ദ്ദാന്‍നദി കടന്നു സാഫോനില്‍ ചെന്നു യിഫ്താഹിനോടു പറഞ്ഞു: “നീ അമ്മോന്യരോടു യുദ്ധം ചെയ്യാന്‍ അതിര്‍ത്തി കടന്നു പോയപ്പോള്‍ ഞങ്ങളെ എന്തുകൊണ്ട് വിളിച്ചില്ല? ഞങ്ങള്‍ നിന്നെയും നിന്‍റെ ഭവനത്തെയും ചുട്ടുകളയും.”2 യിഫ്താഹ് അവരോടു പറഞ്ഞു: “ഞാനും എന്‍റെ ജനവും അമ്മോന്യരുമായി വലിയ കലഹമുണ്ടായപ്പോള്‍ ഞാന്‍ നിങ്ങളുടെ സഹായം അപേക്ഷിച്ചു; എന്നാല്‍ നിങ്ങള്‍ ഞങ്ങളെ രക്ഷിക്കാന്‍ വന്നില്ല.
3 നിങ്ങള്‍ എന്നെ സഹായിക്കുകയില്ല എന്നു മനസ്സിലായപ്പോള്‍ ഞാന്‍ എന്‍റെ ജീവന്‍ തൃണവല്‍ഗണിച്ചുകൊണ്ട് അവരോടു യുദ്ധം ചെയ്യാന്‍ അതിര്‍ത്തി കടന്നു. സര്‍വേശ്വരന്‍ അവരെ എന്‍റെ കൈയില്‍ ഏല്പിച്ചു. എന്നിട്ടിപ്പോള്‍ നിങ്ങള്‍ എന്നോടു യുദ്ധത്തിനു വരികയാണോ?”
4 യിഫ്താഹ് ഗിലെയാദിലെ ജനങ്ങളെയെല്ലാം വിളിച്ചുകൂട്ടി. അവര്‍ എഫ്രയീമ്യരോടു യുദ്ധം ചെയ്ത് അവരെ തോല്പിച്ചു. കാരണം ഗിലെയാദ്യര്‍ എഫ്രയീമില്‍നിന്നും മനശ്ശെയില്‍നിന്നും വന്ന വെറും അഭയാര്‍ഥികളാണെന്ന് എഫ്രയീമ്യര്‍ പറഞ്ഞിരുന്നു.
5 എഫ്രയീമ്യരില്‍നിന്ന് ഗിലെയാദ്യര്‍ യോര്‍ദ്ദാന്‍നദിയിലെ കടവുകള്‍ അധീനമാക്കി. അഭയാര്‍ഥിയായ ഒരു എഫ്രയീമ്യന്‍ നദി കടക്കാന്‍ അനുവാദം ചോദിക്കുമ്പോള്‍; “നീ എഫ്രയീമ്യനാണോ” എന്ന് അവര്‍ ചോദിക്കും. “അല്ല” എന്ന് അവന്‍ പറഞ്ഞാല്‍
6 “ശിബ്ബോലത്ത്” എന്നു പറയാന്‍ അവര്‍ ആവശ്യപ്പെടും. ആ പദം ശരിയായി ഉച്ചരിക്കാന്‍ കഴിയാതെ “സിബ്ബോലത്ത്” എന്നു പറയും. അപ്പോള്‍ അവര്‍ അവനെപ്പിടിച്ച് ആ കടവില്‍വച്ചുതന്നെ കൊന്നുകളയും. ആ കാലത്ത് അങ്ങനെ എഫ്രയീമ്യരില്‍ നാല്പത്തീരായിരം പേര്‍ സംഹരിക്കപ്പെട്ടു.
7
ഗിലെയാദ്യനായ യിഫ്താഹ് ഇസ്രായേലില്‍ ആറു വര്‍ഷം ന്യായപാലനം ചെയ്തു. പിന്നീട് അദ്ദേഹം മരിച്ചു; ഗിലെയാദില്‍ അദ്ദേഹത്തെ സംസ്കരിച്ചു.8
യിഫ്താഹിനു ശേഷം ബേത്‍ലഹേംകാരനായ ഇബ്സാന്‍ ഇസ്രായേലില്‍ ന്യായപാലനം നടത്തി.9 അയാള്‍ക്കു മുപ്പതു പുത്രന്മാരും മുപ്പതു പുത്രിമാരും ഉണ്ടായിരുന്നു. പുത്രിമാരെ അന്യകുലങ്ങളില്‍പ്പെട്ട പുരുഷന്മാര്‍ക്കു വിവാഹം ചെയ്തുകൊടുക്കുകയും പുത്രന്മാര്‍ക്കു ഭാര്യമാരായി അന്യകുലങ്ങളില്‍പ്പെട്ട സ്‍ത്രീകളെ സ്വീകരിക്കുകയും ചെയ്തു. ഇബ്സാന്‍ ഇസ്രായേലില്‍ ഏഴു വര്‍ഷം ന്യായപാലനം നടത്തി.
10 അതിനുശേഷം അദ്ദേഹം മരിച്ചു; ബേത്‍ലഹേമില്‍ അദ്ദേഹത്തെ സംസ്കരിച്ചു.
11
ഇബ്സാനുശേഷം സെബൂലൂന്യനായ ഏലോന്‍ ന്യായപാലകനായി. അദ്ദേഹം ഇസ്രായേലില്‍ പത്തു വര്‍ഷം ന്യായപാലനം ചെയ്തു.12 പിന്നീട് അദ്ദേഹവും മരിച്ചു; അയാളെ സെബൂലൂന്‍നാട്ടിലെ അയ്യാലോനില്‍ സംസ്കരിച്ചു.
13
ഏലോനുശേഷം, പിരാഥോനില്‍നിന്നുള്ള ഹില്ലേലിന്‍റെ പുത്രന്‍ അബ്‍ദോന്‍ ഇസ്രായേലില്‍ ന്യായപാലനം നടത്തി.14 അയാള്‍ക്ക് നാല്പതു പുത്രന്മാരും മുപ്പതു പൗത്രന്മാരുമുണ്ടായിരുന്നു; എഴുപതു കഴുതകളെ അവര്‍ സവാരിക്ക് ഉപയോഗിച്ചിരുന്നു.
15 എട്ടു വര്‍ഷം ഇസ്രായേലില്‍ ന്യായപാലനം നടത്തിയശേഷം അബ്‍ദോന്‍ അന്തരിച്ചു. അമാലേക്യരുടെ മലനാടായ എഫ്രയീംദേശത്തുള്ള പിരാഥോനില്‍ അദ്ദേഹത്തെ സംസ്കരിച്ചു.
1
ഇസ്രായേല്‍ജനം സര്‍വേശ്വരന് ഹിതകരമല്ലാത്തതു വീണ്ടും പ്രവര്‍ത്തിച്ചു. അവിടുന്ന് അവരെ നാല്പതു വര്‍ഷം ഫെലിസ്ത്യരുടെ കൈയില്‍ ഏല്പിച്ചു.2
ആ കാലത്ത് ദാന്‍ഗോത്രക്കാരനായ മനോഹാ എന്നൊരാള്‍ സോരഹ്പട്ടണത്തില്‍ ജീവിച്ചിരുന്നു. ഭാര്യ വന്ധ്യ ആയിരുന്നതുകൊണ്ട് അയാള്‍ക്കു മക്കളുണ്ടായിരുന്നില്ല.3 ഒരു ദിവസം സര്‍വേശ്വരന്‍റെ ദൂതന്‍ മനോഹായുടെ ഭാര്യയ്‍ക്ക് പ്രത്യക്ഷനായി പറഞ്ഞു: “നീ വന്ധ്യയാണല്ലോ; എങ്കിലും നീ ഗര്‍ഭിണിയായി ഒരു മകനെ പ്രസവിക്കും.
4 അതുകൊണ്ടു നീ ശ്രദ്ധിക്കുക; വീഞ്ഞോ മറ്റു ലഹരിപാനീയങ്ങളോ കുടിക്കരുത്; അശുദ്ധമായതൊന്നും ഭക്ഷിക്കുകയുമരുത്.
5 നീ ഒരു മകനെ പ്രസവിക്കും; ക്ഷൗരക്കത്തി അവന്‍റെ ശിരസ്സില്‍ സ്പര്‍ശിക്കരുത്; അവന്‍ ജനനംമുതല്‍ ദൈവത്തിനു നാസീര്‍വ്രതക്കാരനായി, ഇസ്രായേല്‍ജനത്തെ ഫെലിസ്ത്യരുടെ കൈയില്‍നിന്നു വിമോചിപ്പിക്കാനുള്ള യത്നം ആരംഭിക്കും.”
6 ആ സ്‍ത്രീ ഭര്‍ത്താവിനോടു പറഞ്ഞു: “ദൈവദൂതനെപ്പോലെ ഭയഭക്തി ജനിപ്പിക്കുന്ന ഒരു ദിവ്യപുരുഷന്‍ എന്‍റെ അടുക്കല്‍ വന്നു. അദ്ദേഹം എവിടെനിന്നു വന്നു എന്നു ഞാന്‍ ചോദിച്ചില്ല; തന്‍റെ പേര് പറഞ്ഞതുമില്ല.
7 അദ്ദേഹം പറഞ്ഞു: നീ ഗര്‍ഭിണിയായി ഒരു പുത്രനെ പ്രസവിക്കും; അതിനാല്‍ വീഞ്ഞോ മറ്റു ലഹരിപാനീയങ്ങളോ കുടിക്കരുത്. അശുദ്ധമായതൊന്നും ഭക്ഷിക്കയുമരുത്. ആ കുട്ടി ജനനംമുതല്‍ മരണംവരെ ദൈവത്തിന് നാസീര്‍ വ്രതക്കാരനായിരിക്കും.”
8 മനോഹാ സര്‍വേശ്വരനോടു പ്രാര്‍ഥിച്ചു: “സര്‍വേശ്വരാ, അങ്ങയച്ച ദിവ്യപുരുഷന്‍ വീണ്ടും ഞങ്ങള്‍ക്കു പ്രത്യക്ഷനായി ജനിക്കാന്‍ പോകുന്ന കുഞ്ഞിനുവേണ്ടി ഞങ്ങള്‍ എന്തു ചെയ്യണം എന്ന് ഉപദേശിച്ചുതന്നാലും.’’
9 മനോഹായുടെ പ്രാര്‍ഥന ദൈവം കേട്ടു. ദൈവദൂതന്‍ അവള്‍ക്കു വീണ്ടും പ്രത്യക്ഷനായി; അവള്‍ അപ്പോള്‍ വയലില്‍ ഇരിക്കുകയായിരുന്നു; മനോഹാ കൂടെ ഉണ്ടായിരുന്നില്ല.
10 ഉടനെ അവള്‍ ഭര്‍ത്താവിന്‍റെ അടുക്കല്‍ ഓടിച്ചെന്നു പറഞ്ഞു:” മുമ്പ് എനിക്കു പ്രത്യക്ഷനായ പുരുഷന്‍ വീണ്ടും എന്‍റെ അടുത്തു വന്നിരിക്കുന്നു.”
11 മനോഹാ ഉടനെ എഴുന്നേറ്റു തന്‍റെ ഭാര്യയെ അനുഗമിച്ച് ആ പുരുഷന്‍റെ അടുക്കല്‍ ചെന്നു ചോദിച്ചു: “അങ്ങു തന്നെയാണോ ഇവളോട് സംസാരിച്ചത്?” “അതേ, ഞാന്‍തന്നെ” എന്ന് അദ്ദേഹം പറഞ്ഞു.
12 മനോഹാ വീണ്ടും ചോദിച്ചു: “അങ്ങു പറഞ്ഞതു സംഭവിച്ചുകഴിയുമ്പോള്‍ ജനിക്കുന്ന കുട്ടിയുടെ ജീവിതരീതി എന്തായിരിക്കണം? അവന്‍ എന്തൊക്കെയാണു ചെയ്യേണ്ടത്?”
13 സര്‍വേശ്വരന്‍റെ ദൂതന്‍ പറഞ്ഞു: “ഞാന്‍ പറഞ്ഞതെല്ലാം അവള്‍ ശ്രദ്ധയോടെ പാലിക്കട്ടെ.
14 മുന്തിരിവള്ളിയില്‍നിന്നു ലഭിക്കുന്നതൊന്നും അവള്‍ ഭക്ഷിക്കരുത്. വീഞ്ഞോ മറ്റു പാനീയമോ കുടിക്കരുത്; അശുദ്ധമായതൊന്നും ഭക്ഷിക്കുകയുമരുത്; ഞാന്‍ കല്പിച്ചതെല്ലാം അവള്‍ പാലിക്കണം.”
15 മനോഹാ ദൂതനോടു പറഞ്ഞു: “ഞാന്‍ ഒരു ആട്ടിന്‍കുട്ടിയെ പാകം ചെയ്തു കൊണ്ടുവരുന്നതുവരെ ഇവിടെ നിന്നാലും.”
16 സര്‍വേശ്വരന്‍റെ ദൂതന്‍ മനോഹായോടു പറഞ്ഞു: “നീ എന്നെ ഇവിടെ നിര്‍ബന്ധിച്ച് നിര്‍ത്തിയാലും ഞാന്‍ നിന്‍റെ ആഹാരം കഴിക്കുകയില്ല; നീ ഒരു ഹോമയാഗം ഒരുക്കുമെങ്കില്‍ അതു സര്‍വേശ്വരന് അര്‍പ്പിക്കുക.” അദ്ദേഹം സര്‍വേശ്വരന്‍റെ ദൂതനാണെന്ന് മനോഹാ അറിഞ്ഞിരുന്നില്ല.
17 മനോഹാ സര്‍വേശ്വരന്‍റെ ദൂതനോട് ചോദിച്ചു: “അങ്ങയുടെ പേരെന്താണ്? അങ്ങ് പറഞ്ഞത് നിറവേറുമ്പോള്‍ ഞങ്ങള്‍ അങ്ങയെ ബഹുമാനിക്കണമല്ലോ.”
18 സര്‍വേശ്വരന്‍റെ ദൂതന്‍ പറഞ്ഞു: “എന്‍റെ പേര് എന്തിനറിയണം? അത് അദ്ഭുതകരമാണ്.”
19 മനോഹാ ധാന്യവഴിപാടിനോടൊപ്പം ഒരാട്ടിന്‍കുട്ടിയെ കൊണ്ടുവന്ന് ഒരു പാറയുടെ മുകളില്‍ യാഗമായി അര്‍പ്പിച്ചു. മനോഹായും ഭാര്യയും നോക്കിനില്‌ക്കേ ദൂതന്‍ ഒരു അദ്ഭുതം പ്രവര്‍ത്തിച്ചു.
20 അഗ്നിജ്വാല ആകാശത്തേക്ക് ഉയര്‍ന്നപ്പോള്‍ ദൂതന്‍ യാഗപീഠത്തില്‍നിന്നുള്ള അഗ്നിജ്വാലയോടൊപ്പം മുകളിലേക്ക് ഉയര്‍ന്നു. മനോഹായും ഭാര്യയും അതു കണ്ട് സാഷ്ടാംഗം വീണു നമസ്കരിച്ചു.
21 സര്‍വേശ്വരന്‍റെ ദൂതന്‍ അവര്‍ക്കു പിന്നീട് പ്രത്യക്ഷനായില്ല. അതു സര്‍വേശ്വരന്‍റെ ദൂതന്‍ തന്നെയെന്നു മനോഹാ ഗ്രഹിച്ചു.
22 മനോഹാ ഭാര്യയോടു പറഞ്ഞു: “ദൈവത്തെ കണ്ടതുകൊണ്ട് നാം നിശ്ചയമായും മരിക്കും.”
23 എന്നാല്‍ ഭാര്യ മനോഹായോടു പറഞ്ഞു: “നമ്മെ കൊല്ലാന്‍ അവിടുന്ന് ഉദ്ദേശിച്ചിരുന്നെങ്കില്‍ നമ്മുടെ ഹോമയാഗവും ധാന്യവഴിപാടും സ്വീകരിക്കുമായിരുന്നില്ല. നമ്മെ ഇവയെല്ലാം കാണിച്ചുതരികയോ നമ്മോട് ഇക്കാര്യങ്ങള്‍ പറയുകയോ ചെയ്യുമായിരുന്നില്ല.”
24 യഥാകാലം ആ സ്‍ത്രീ ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചു; അവനു ശിംശോന്‍ എന്നു പേരിട്ടു. അവന്‍ വളര്‍ന്നു; സര്‍വേശ്വരന്‍ അവനെ അനുഗ്രഹിച്ചു.
25 സോരെയ്‍ക്കും എസ്തായോലിനും മധ്യേയുള്ള മഹനേ-ദാനില്‍വച്ചു സര്‍വേശ്വരന്‍റെ ആത്മാവ് അവനെ പ്രചോദിപ്പിച്ചുതുടങ്ങി.
1
ഒരിക്കല്‍ ശിംശോന്‍ തിമ്നായിലേക്ക് പോയി; അവിടെവച്ച് ഒരു ഫെലിസ്ത്യ യുവതിയെ കാണാനിടയായി.2 അയാള്‍ ഭവനത്തില്‍ മടങ്ങിവന്നു മാതാപിതാക്കളോടു പറഞ്ഞു: “ഞാന്‍ തിമ്നായില്‍ ഒരു ഫെലിസ്ത്യയുവതിയെ കണ്ടു; അവളെ എനിക്കു വിവാഹം ചെയ്തുതരണം.”
3 അയാളുടെ മാതാപിതാക്കള്‍ ചോദിച്ചു: “നമ്മുടെ ചാര്‍ച്ചക്കാരുടെ ഇടയിലോ ഇസ്രായേല്‍സമൂഹത്തിലോ പെണ്‍കുട്ടികള്‍ ഇല്ലാഞ്ഞിട്ടാണോ പരിച്ഛേദനം സ്വീകരിക്കാത്ത ഫെലിസ്ത്യരുടെ അടുത്തുനിന്ന് ഭാര്യയെ എടുക്കുന്നത്?” അപ്പോള്‍ ശിംശോന്‍ പിതാവിനോടു പറഞ്ഞു: “ഞാന്‍ അവളെ അതിയായി ഇഷ്ടപ്പെടുന്നു; എനിക്ക് അവളെ ഭാര്യയായി തരിക.”
4 ഇതിനുള്ള പ്രേരണ നല്‌കിയതു സര്‍വേശ്വരനാണെന്ന് അവന്‍റെ മാതാപിതാക്കള്‍ അറിഞ്ഞില്ല. ഫെലിസ്ത്യരെ എതിരിടുന്നതിന് അവിടുന്ന് ഒരു അവസരം തേടുകയായിരുന്നു. ആ കാലത്തു ഫെലിസ്ത്യരായിരുന്നു ഇസ്രായേലിനെ ഭരിച്ചിരുന്നത്.
5
ശിംശോന്‍ മാതാപിതാക്കളുടെ കൂടെ തിമ്നായിലേക്കു പുറപ്പെട്ടു. അവിടെ മുന്തിരിത്തോട്ടങ്ങളുടെ അടുത്തെത്തിയപ്പോള്‍ ഒരു സിംഹക്കുട്ടി ശിംശോന്‍റെ നേരേ ഗര്‍ജിച്ചുകൊണ്ടു വന്നു.6 അപ്പോള്‍ സര്‍വേശ്വരന്‍റെ ആത്മാവ് അയാളുടെമേല്‍ ശക്തമായി വന്നു. ആയുധങ്ങളൊന്നും കൈയില്‍ ഇല്ലാതെതന്നെ അയാള്‍ അതിനെ ആട്ടിന്‍കുട്ടിയെ എന്നപോലെ പിച്ചിച്ചീന്തിക്കളഞ്ഞു. ഇക്കാര്യം മാതാപിതാക്കളോട് അയാള്‍ പറഞ്ഞില്ല.
7
അതിനുശേഷം ശിംശോന്‍ ചെന്ന് ആ യുവതിയോടു സംസാരിച്ചു; അയാള്‍ക്ക് അവളെ വളരെ ഇഷ്ടമായി.8 ഏതാനും ദിവസങ്ങള്‍ക്കു ശേഷം അയാള്‍ അവളെ കൂട്ടിക്കൊണ്ടു പോകാന്‍ വീണ്ടും ചെന്നു. പോകുന്ന വഴിക്കു താന്‍ മുമ്പു കൊന്ന സിംഹത്തിന്‍റെ ഉടല്‍ കാണാന്‍ അയാള്‍ പോയി; സിംഹത്തിന്‍റെ ഉടലിനുള്ളില്‍ ഒരു തേനീച്ചക്കൂടും തേനും കണ്ടു.
9 അയാള്‍ തേന്‍ അടര്‍ത്തിയെടുത്തു തിന്നുംകൊണ്ടു നടന്നു. തന്‍റെ മാതാപിതാക്കളുടെ അടുക്കല്‍ പോയി അവര്‍ക്കും കൊടുത്തു. അവരും അതു തിന്നു; എന്നാല്‍ തേന്‍ സിംഹത്തിന്‍റെ ഉടലില്‍നിന്നെടുത്തതാണെന്ന് അവരോടു പറഞ്ഞില്ല.
10
ശിംശോന്‍റെ പിതാവ് യുവതിയുടെ വീട്ടില്‍ ചെന്നു; ശിംശോന്‍ അവിടെ ഒരു വിരുന്നുകഴിച്ചു. യുവാക്കന്മാര്‍ അങ്ങനെ ചെയ്യുക പതിവായിരുന്നു.11 ഫെലിസ്ത്യര്‍ അയാളെ കണ്ടപ്പോള്‍ അയാളോടൊത്ത് ഇരിക്കുന്നതിനു യുവാക്കന്മാരായ മുപ്പതു തോഴന്മാരെ കൊണ്ടുവന്നു.
12 ശിംശോന്‍ അവരോടു പറഞ്ഞു: “ഞാന്‍ നിങ്ങളോടു ഒരു കടം പറയാം; വിരുന്നിന്‍റെ ഏഴു ദിവസങ്ങള്‍ക്കുള്ളില്‍ അതിനു മറുപടി പറഞ്ഞാല്‍ ഞാന്‍ നിങ്ങള്‍ക്കു മുപ്പതു ലിനന്‍ ഉടുപ്പുകളും മുപ്പതു വിശേഷവസ്ത്രങ്ങളും തരും.
13 ഉത്തരം പറയാന്‍ നിങ്ങള്‍ക്കു കഴിഞ്ഞില്ലെങ്കില്‍ മുപ്പതു ലിനന്‍ ഉടുപ്പുകളും മുപ്പതു വിശേഷവസ്ത്രങ്ങളും നിങ്ങള്‍ എനിക്കു തരണം.” അവര്‍ അവനോടു പറഞ്ഞു: “നിന്‍റെ കടം പറയുക; ഞങ്ങള്‍ കേള്‍ക്കട്ടെ.”
14 അയാള്‍ പറഞ്ഞു:
“ഭോക്താവില്‍നിന്നു ഭോജ്യവും15 നാലാം ദിവസം അവര്‍ ശിംശോന്‍റെ ഭാര്യയോടു പറഞ്ഞു: “കടത്തിന്‍റെ ഉത്തരം പറഞ്ഞുതരുന്നതിനുവേണ്ടി നീ ഭര്‍ത്താവിനെ വശീകരിക്കുക; അല്ലെങ്കില്‍ ഞങ്ങള്‍ നിന്നെയും നിന്‍റെ പിതൃഭവനക്കാരെയും ചുട്ടുകളയും. ഞങ്ങള്‍ ദരിദ്രരായിത്തീരുന്നതിനുവേണ്ടിയാണോ നീ ഞങ്ങളെ വിളിച്ചുവരുത്തിയത്.”
16 ശിംശോന്‍റെ ഭാര്യ അയാളുടെ മുമ്പില്‍ കരഞ്ഞുകൊണ്ടു പറഞ്ഞു: “നിങ്ങള്‍ എന്നെ സ്നേഹിക്കുന്നില്ല. നിങ്ങള്‍ക്ക് എന്നോടു വെറുപ്പാണ്. എന്‍റെ കൂട്ടത്തില്‍പ്പെട്ടവരോട് നിങ്ങള്‍ ഒരു കടങ്കഥ പറഞ്ഞു; അതിന്‍റെ ഉത്തരം എന്നോട് പറഞ്ഞില്ലല്ലോ.” അയാള്‍ അവളോട്: “അത് എന്‍റെ മാതാപിതാക്കളോടുപോലും ഞാന്‍ പറഞ്ഞിട്ടില്ല; പിന്നെ നിനക്കു പറഞ്ഞുതരുമോ?
17 വിരുന്നിന്‍റെ ഏഴു ദിവസവും അവള്‍ കരഞ്ഞുകൊണ്ടിരുന്നു. അവള്‍ വല്ലാതെ അസഹ്യപ്പെടുത്തിയതുകൊണ്ട് ഏഴാം ദിവസം ശിംശോന്‍ ഉത്തരം പറഞ്ഞുകൊടുത്തു. അവള്‍ അത് സ്വജനത്തില്‍പ്പെട്ടവരോട് പറഞ്ഞു.
18 ഏഴാം ദിവസം സൂര്യന്‍ അസ്തമിക്കുന്നതിനു മുമ്പ് പട്ടണവാസികള്‍ ശിംശോനോടു പറഞ്ഞു: “തേനിനെക്കാള്‍ മധുരമേറിയതെന്ത്? സിംഹത്തെക്കാള്‍ ബലമേറിയതെന്ത്?” ശിംശോന്‍ അവരോടു പറഞ്ഞു: “നിങ്ങള്‍ എന്‍റെ പശുക്കുട്ടിയെ പൂട്ടി ഉഴുതില്ലായിരുന്നു എങ്കില്‍ എന്‍റെ കടത്തിന് ഉത്തരം പറയുകയില്ലായിരുന്നു.”
19 അപ്പോള്‍ സര്‍വേശ്വരന്‍റെ ആത്മാവ് അയാളുടെമേല്‍ ശക്തിയോടെ വന്നു; അയാള്‍ അസ്കലോനില്‍ പോയി അവിടെയുള്ള മുപ്പതു പേരെ സംഹരിച്ചു; അവരുടെ വസ്ത്രങ്ങള്‍ അഴിച്ചെടുത്ത് കടങ്കഥയ്‍ക്ക് ഉത്തരം നല്‌കിയവര്‍ക്കു കൊടുത്തു. ശിംശോന്‍റെ കോപം ജ്വലിച്ചു; പിതൃഭവനത്തിലേക്ക് അയാള്‍ മടങ്ങിപ്പോയി.
20 ശിംശോന്‍റെ ഭാര്യ അയാളുടെ മണവറത്തോഴന്‍റെ ഭാര്യയായി.
1
കുറെ നാളുകള്‍ കഴിഞ്ഞ് കോതമ്പിന്‍റെ കൊയ്ത്തുകാലത്ത് ശിംശോന്‍ ഒരു ആട്ടിന്‍കുട്ടിയെയുംകൊണ്ട് ഭാര്യയെ കാണാന്‍ ചെന്നു. ഭാര്യയുടെ ഉറക്കറയില്‍ പ്രവേശിക്കാന്‍ അയാള്‍ ഭാര്യാപിതാവിനോട് അനുവാദം ചോദിച്ചു; എന്നാല്‍ അയാള്‍ അതിന് അനുവദിച്ചില്ല.2 അവളുടെ പിതാവ് ശിംശോനോടു പറഞ്ഞു: “നീ അവളെ വളരെയധികം വെറുത്തിരുന്നു എന്നു ഞാന്‍ കരുതി; അതുകൊണ്ട് അവളെ നിന്‍റെ സ്നേഹിതനു കൊടുത്തു; അവളുടെ അനുജത്തി അവളെക്കാള്‍ സുന്ദരിയാണ്; അവളെ ഇവള്‍ക്കു പകരം സ്വീകരിച്ചുകൊള്ളുക.”
3 “ഇപ്രാവശ്യം ഫെലിസ്ത്യരോടു ദ്രോഹം ചെയ്താല്‍ ഞാന്‍ നിര്‍ദ്ദോഷി ആയിരിക്കും” എന്നു ശിംശോന്‍ പറഞ്ഞു;
4 അവന്‍ പോയി മുന്നൂറു നരികളെ പിടിച്ച് ഈരണ്ടെണ്ണത്തിന്‍റെ വാല്‍ ഓരോ പന്തം ചേര്‍ത്തുവച്ചു കൂട്ടിക്കെട്ടി.
5 പന്തത്തിനു തീ കൊളുത്തിയശേഷം അവയെ ഫെലിസ്ത്യരുടെ ധാന്യവിളവിലേക്കു വിട്ടു. അങ്ങനെ കൊയ്തുവച്ച കറ്റകളും കൊയ്യാനുള്ള വിളകളും ഒലിവുതോട്ടങ്ങളും അഗ്നിക്കിരയായി.
6 ഇതു ചെയ്തത് ആരെന്നു ഫെലിസ്ത്യര്‍ അന്വേഷിച്ചപ്പോള്‍ തിമ്നാക്കാരന്‍റെ ജാമാതാവായ ശിംശോനാണെന്ന് അറിഞ്ഞു. ശിംശോന്‍റെ ഭാര്യയെ അവളുടെ പിതാവ് ശിംശോന്‍റെ സ്നേഹിതന് നല്‌കിയതുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നും അവര്‍ ഗ്രഹിച്ചു. അപ്പോള്‍ ഫെലിസ്ത്യര്‍ അവളെയും പിതാവിനെയും അഗ്നിക്കിരയാക്കി.
7 ശിംശോന്‍ അവരോടു പറഞ്ഞു: “നിങ്ങള്‍ ഇങ്ങനെ പ്രവര്‍ത്തിച്ചതുകൊണ്ട് ഞാന്‍ പ്രതികാരം ചെയ്യാതെ അടങ്ങുകയില്ല;
8 അയാള്‍ ഫെലിസ്ത്യരില്‍ അനേകംപേരെ ക്രൂരമായി സംഹരിച്ചു. പിന്നീട് അയാള്‍ ഏതാംപാറയിടുക്കില്‍ ചെന്നുപാര്‍ത്തു.
9
ഫെലിസ്ത്യര്‍ യെഹൂദ്യയില്‍ ചെന്നു പാളയമടിച്ച് ലേഹി പട്ടണം ആക്രമിച്ചു.10 “ഞങ്ങളെ എന്തിന് ആക്രമിക്കുന്നു” എന്നു യെഹൂദാനിവാസികള്‍ അവരോടു ചോദിച്ചപ്പോള്‍ “ശിംശോനെ ബന്ധിച്ച് അവനോട് പകരം വീട്ടാനാണ് ഞങ്ങള്‍ വന്നിരിക്കുന്നത്” എന്ന് അവര്‍ പറഞ്ഞു;
11 മൂവായിരം യെഹൂദാനിവാസികള്‍ ഏതാംപാറയിടുക്കില്‍ ചെന്നു ശിംശോനോടു ചോദിച്ചു: “ഫെലിസ്ത്യരാണു നമ്മെ ഭരിക്കുന്നതെന്നു നിനക്ക് അറിഞ്ഞുകൂടേ? ഞങ്ങളോട് ഇങ്ങനെ ചെയ്തത് എന്ത്?” “അവര്‍ എന്നോടു ചെയ്തതുപോലെ ഞാന്‍ അവരോടും ചെയ്തു” എന്ന് അയാള്‍ ഉത്തരം പറഞ്ഞു.
12 അവര്‍ പറഞ്ഞു: “നിന്നെ ബന്ധിച്ച് അവരുടെ കൈയില്‍ ഏല്പിക്കാനാണ് ഞങ്ങള്‍ വന്നിരിക്കുന്നത്.” ശിംശോന്‍ അവരോടു പറഞ്ഞു: “നിങ്ങള്‍ നേരിട്ട് എന്നെ കൊല്ലുകയില്ലെന്നു സത്യം ചെയ്യണം.”
13 “ഇല്ല, ഞങ്ങള്‍ നിന്നെ നിശ്ചയമായും കൊല്ലുകയില്ല; നിന്നെ ബന്ധിച്ച് ഫെലിസ്ത്യരുടെ കൈയില്‍ ഏല്പിക്കുകയേയുള്ളൂ” എന്ന് അവര്‍ പറഞ്ഞു. അവര്‍ രണ്ടു പുതിയ കയറുകള്‍കൊണ്ട് അയാളെ കെട്ടി പാറക്കെട്ടില്‍നിന്നു കൊണ്ടുപോയി.
14 ശിംശോന്‍ ലേഹിയില്‍ എത്തിയപ്പോള്‍ ഫെലിസ്ത്യര്‍ ആര്‍ത്തിരമ്പിക്കൊണ്ട് അയാളുടെ നേരെ ചെന്നു. അപ്പോള്‍ സര്‍വേശ്വരന്‍റെ ആത്മാവ് ശക്തിയോടെ അയാളുടെമേല്‍ വന്നു; അയാളെ ബന്ധിച്ചിരുന്ന കയര്‍ തീയില്‍ ചണനാരെന്നപോലെ കരിഞ്ഞുപോയി. അയാളുടെ കെട്ടുകള്‍ അഴിഞ്ഞു;
15 അടുത്തിടെ ചത്ത ഒരു കഴുതയുടെ താടിയെല്ലു കണ്ട് അയാള്‍ അതെടുത്തു; അതുകൊണ്ട് ആയിരം പേരെ അടിച്ചുകൊന്നു.
16
പിന്നീട് ശിംശോന്‍ ഇങ്ങനെ പാടി: കഴുതയുടെ താടിയെല്ലുകൊണ്ട്17
അയാള്‍ ആ താടിയെല്ല് ദൂരെയെറിഞ്ഞു; ആ സ്ഥലത്തിനു രാമത്ത്-ലേഹി എന്നു പേരുണ്ടായി.18 ശിംശോന് വല്ലാതെ ദാഹിച്ചു. അയാള്‍ സര്‍വേശ്വരനോടു വിളിച്ചുപറഞ്ഞു: “അവിടുത്തെ ദാസനിലൂടെ അവിടുന്ന് ഈ വന്‍വിജയം നല്‌കിയിരിക്കുന്നു; ഇപ്പോള്‍ ഞാന്‍ ദാഹംകൊണ്ടു വലയുന്നു. പരിച്ഛേദനം ചെയ്തിട്ടില്ലാത്തവരുടെ കൈയില്‍ ഞാന്‍ അകപ്പെടണമോ”?
19 അപ്പോള്‍ ദൈവം ലേഹിയില്‍ ഭൂമി പിളര്‍ന്ന് ഒരു കുഴി ഉണ്ടാക്കി. അതില്‍നിന്നു പുറപ്പെട്ട ജലം പാനം ചെയ്തു ശിംശോന്‍ ശക്തി പ്രാപിച്ചു. അതുകൊണ്ട് ആ സ്ഥലത്തിനു എന്‍-ഹക്കോരേ എന്നു പേരായി; അത് ഇന്നും ലേഹിയിലുണ്ട്.
20 ഫെലിസ്ത്യരുടെ കാലത്ത് ശിംശോന്‍ ഇസ്രായേലില്‍ ഇരുപതു വര്‍ഷം ന്യായപാലനം നടത്തി.
1
ഒരു ദിവസം ശിംശോന്‍ ഫെലിസ്ത്യനഗരമായ ഗസ്സയിലേക്കു പോയി; അവിടെ ഒരു വേശ്യയെ കണ്ട് അവളുടെ അടുക്കല്‍ ചെന്നു.2 ശിംശോന്‍ അവിടെയുണ്ടെന്ന് അറിവുകിട്ടി; ഗസ്സനിവാസികള്‍ നഗരം വളഞ്ഞു; അയാളെ പിടികൂടാന്‍ നഗരവാതില്‌ക്കല്‍ കാത്തിരുന്നു. “നേരം വെളുക്കുന്നതുവരെ കാത്തിരിക്കാം; പ്രഭാതത്തില്‍ അവനെ കൊല്ലാം” എന്നു പറഞ്ഞ് അവര്‍ രാത്രി മുഴുവന്‍ പതിയിരുന്നു.
3 അര്‍ധരാത്രിവരെ ശിംശോന്‍ അവിടെ കിടന്നു. പിന്നീട് എഴുന്നേറ്റു നഗരവാതില്‍ കതകും കട്ടിളക്കാലും ഓടാമ്പലോടുകൂടി ഇളക്കിയെടുത്ത് തോളില്‍ വഹിച്ചുകൊണ്ട് ഹെബ്രോനു മുമ്പിലുള്ള മലമുകളിലേക്കു പോയി.
4
അതിനുശേഷം ശിംശോന്‍ സോരെക് താഴ്വരയില്‍ വസിച്ചിരുന്ന ദെലീലാ എന്ന സ്‍ത്രീയെ സ്നേഹിച്ചു.5 ഫെലിസ്ത്യപ്രഭുക്കന്മാര്‍ അവളെ സമീപിച്ചു പറഞ്ഞു: “നീ അവനെ വശീകരിച്ച് അവന്‍റെ വന്‍ശക്തിക്കു കാരണം എന്തെന്നും എങ്ങനെ അവനെ ബന്ധിച്ചു കീഴ്പെടുത്താമെന്നും മനസ്സിലാക്കുക. പ്രതിഫലമായി ഞങ്ങള്‍ ഓരോരുത്തരും ആയിരത്തി ഒരുനൂറു വെള്ളിനാണയം നിനക്കു തരാം.”
6 ദെലീലാ ശിംശോനോടു പറഞ്ഞു: “അങ്ങയുടെ ശക്തികേന്ദ്രം എവിടം എന്നും അങ്ങയെ എങ്ങനെ ബന്ധിച്ചു കീഴ്പെടുത്താമെന്നും എന്നോടു പറയുക.”
7 ശിംശോന്‍ അവളോടു പറഞ്ഞു: “ഉണങ്ങാത്ത ഏഴു പുതിയ ഞാണ്‍കൊണ്ട് എന്നെ ബന്ധിച്ചാല്‍ എന്‍റെ ശക്തി ക്ഷയിക്കും; ഞാന്‍ മറ്റു മനുഷ്യരെപ്പോലെ ആയിത്തീരും.”
8 ഫെലിസ്ത്യ പ്രഭുക്കന്മാര്‍ ഉണങ്ങാത്ത ഏഴു പുതിയ ഞാണ്‍ അവളെ ഏല്പിച്ചു; അവകൊണ്ട് അവള്‍ അയാളെ ബന്ധിച്ചു.
9 അവള്‍ ഏതാനും പേരെ ഉള്ളറയില്‍ പതിയിരുത്തിയിരുന്നു. അവള്‍ പറഞ്ഞു: “ശിംശോനേ, ഇതാ ഫെലിസ്ത്യര്‍ അങ്ങയെ വളഞ്ഞിരിക്കുന്നു.” ഉടന്‍ അഗ്നി ചണനാരിനെ എന്നപോലെ ആ ഞാണുകളെല്ലാം അയാള്‍ പൊട്ടിച്ചുകളഞ്ഞു. അയാളുടെ ശക്തിയുടെ രഹസ്യം അവര്‍ക്കു വെളിവായില്ല.
10 ദെലീലാ ശിംശോനോടു പറഞ്ഞു: “അങ്ങ് എന്നെ കബളിപ്പിച്ചു; എന്നോടു കളവായിരുന്നല്ലോ പറഞ്ഞത്; അങ്ങയെ എങ്ങനെ ബന്ധിക്കാം എന്ന് ഇനിയെങ്കിലും പറഞ്ഞുതരിക.”
11 “ഒന്നിനും ഉപയോഗിച്ചിട്ടില്ലാത്ത പുത്തന്‍ കയറുകൊണ്ട് എന്നെ ബന്ധിച്ചാല്‍ എന്‍റെ ശക്തി ക്ഷയിക്കും; ഞാന്‍ മറ്റു മനുഷ്യരെപ്പോലെ ആയിത്തീരുകയും ചെയ്യും.”
12 പുതിയ കയറുകൊണ്ട് അയാളെ ബന്ധിച്ച ശേഷം ദെലീലാ പറഞ്ഞു: “ശിംശോനേ, ഫെലിസ്ത്യര്‍ അങ്ങയെ വളഞ്ഞിരിക്കുന്നു.” ഏതാനും പേര്‍ ഉള്ളറയില്‍ പതിയിരിക്കുന്നുണ്ടായിരുന്നു; തന്നെ ബന്ധിച്ചിരുന്ന കയര്‍ ഒരു നൂലുപോലെ ശിംശോന്‍ പൊട്ടിച്ചുകളഞ്ഞു.
13 ദെലീലാ ശിംശോനോട്: “ഇതാ, ഇപ്പോഴും അങ്ങ് എന്നെ കബളിപ്പിച്ചു; എന്നോടു നുണ പറഞ്ഞു; അങ്ങയെ എങ്ങനെ ബന്ധിക്കാമെന്നു പറഞ്ഞുതരിക. “അയാള്‍ അവളോടു പറഞ്ഞു: “എന്‍റെ തലയിലെ ഏഴു ജട ആണിയില്‍ ഉറപ്പിച്ച് പാവില്‍ ചേര്‍ത്തു നെയ്താല്‍ എന്‍റെ ശക്തി ക്ഷയിക്കുകയും ഞാന്‍ മറ്റു മനുഷ്യരെപ്പോലെ ആയിത്തീരുകയും ചെയ്യും.”
14 ശിംശോന്‍ ഉറങ്ങിയപ്പോള്‍ ദെലീലാ അപ്രകാരം ചെയ്തു; പിന്നീട് ശിംശോനോടു പറഞ്ഞു: “ഫെലിസ്ത്യര്‍ ഇതാ, അങ്ങയെ വളഞ്ഞിരിക്കുന്നു.” അയാള്‍ ഉണര്‍ന്ന് ആണിയും തറിയും പാവുമെല്ലാം വലിച്ചുപറിച്ചുകളഞ്ഞു.
15 അപ്പോള്‍ അവള്‍ പറഞ്ഞു: “അങ്ങയുടെ ഹൃദയം എന്‍റെ കൂടെ ഇല്ലാതിരിക്കെ എന്നെ സ്നേഹിക്കുന്നു എന്ന് അങ്ങേക്ക് എങ്ങനെ പറയാന്‍ കഴിയും? ഈ മൂന്നു പ്രാവശ്യവും അങ്ങ് എന്നെ കബളിപ്പിച്ചു; അങ്ങയുടെ അസാധാരണ ശക്തിയുടെ കേന്ദ്രം എവിടെയാണെന്ന് എന്നോടു പറഞ്ഞില്ല.”
16 ഇങ്ങനെ പറഞ്ഞ് അവള്‍ ദിവസംതോറും ശിംശോനെ അസഹ്യപ്പെടുത്തുകയും നിര്‍ബന്ധിക്കുകയും ചെയ്തു. മരിച്ചാല്‍ കൊള്ളാമെന്നുപോലും അയാള്‍ ആഗ്രഹിച്ചു.
17 ഒടുവില്‍ അയാള്‍ സത്യം അവളോടു തുറന്നുപറഞ്ഞു: “എന്‍റെ തലയില്‍ ഇതുവരെ ക്ഷൗരക്കത്തി തൊട്ടിട്ടില്ല; ജനനംമുതല്‍തന്നെ ഞാന്‍ ദൈവത്തിനു നാസീര്‍വ്രതസ്ഥന്‍ ആയിരുന്നു; എന്‍റെ തല മുണ്ഡനം ചെയ്താല്‍ എന്‍റെ ശക്തി ക്ഷയിക്കും; ഞാന്‍ മറ്റു മനുഷ്യരെപ്പോലെ ആകും.”
18
ശിംശോന്‍ പറഞ്ഞത് സത്യം ആണെന്നു ദെലീലായ്‍ക്ക് ബോധ്യമായി. ഫെലിസ്ത്യ പ്രഭുക്കന്മാരെ വിളിച്ചുകൊണ്ടുവരാന്‍ അവള്‍ ആളയച്ചു. “ഒരു തവണകൂടി വന്നാലും; അവന്‍ സത്യമെല്ലാം എന്നോടു പറഞ്ഞിരിക്കുന്നു” എന്ന് അവരെ അറിയിച്ചു. അപ്പോള്‍ ഫെലിസ്ത്യപ്രഭുക്കന്മാര്‍ പണവുമായി അവളുടെ അടുക്കല്‍ വന്നു.19 അവള്‍ ശിംശോനെ മടിയില്‍ കിടത്തി ഉറക്കിയ ശേഷം ഒരാളെ വിളിപ്പിച്ചു തലയിലെ ഏഴു ജടയും മുറിച്ചുകളഞ്ഞു. അങ്ങനെ അവള്‍ അയാളെ കീഴ്പെടുത്തി; അതോടെ അയാളുടെ ശക്തി നഷ്ടപ്പെട്ടു.
20 പിന്നീട് അവള്‍ വിളിച്ചുപറഞ്ഞു: “ശിംശോനേ, ഫെലിസ്ത്യര്‍ ഇതാ നിന്നെ വളഞ്ഞിരിക്കുന്നു.” അയാള്‍ ഉണര്‍ന്നു. സര്‍വേശ്വരന്‍റെ ശക്തി തന്നെ വിട്ടുപോയതറിയാതെ “മുന്‍ അവസരങ്ങളില്‍ ചെയ്തതുപോലെതന്നെ ഞാന്‍ സ്വതന്ത്രനാകും” എന്ന് അയാള്‍ പറഞ്ഞു;
21 ഫെലിസ്ത്യര്‍ അയാളെ പിടിച്ചു കണ്ണു ചൂഴ്ന്നെടുത്തു ഗസ്സയിലേക്കു കൊണ്ടുപോയി. അവര്‍ അയാളെ ഓട്ടുചങ്ങലകൊണ്ടു ബന്ധിച്ചു തടവറയില്‍ മാവു പൊടിക്കുന്ന ജോലിയില്‍ ഏര്‍പ്പെടുത്തി.
22 എന്നാല്‍ അയാളുടെ തലമുടി വീണ്ടും വളരാന്‍ തുടങ്ങി.
23
പിന്നീട് ഫെലിസ്ത്യപ്രഭുക്കന്മാര്‍ അവരുടെ ദേവനായ ദാഗോനു ബലിയര്‍പ്പിക്കാനും ആഹ്ലാദിച്ചുല്ലസിക്കാനുമായി ഒരുമിച്ചു കൂടി. “നമ്മുടെ ദൈവം ശത്രുവായ ശിംശോനെ നമ്മുടെ കൈയില്‍ ഏല്പിച്ചിരിക്കുന്നു” എന്നവര്‍ പറഞ്ഞു.24 ജനം അവനെ കണ്ടപ്പോള്‍ “നമ്മുടെ ദേശം ശൂന്യമാക്കുകയും നമ്മില്‍ പലരെയും കൊല്ലുകയും ചെയ്ത ശത്രുവിനെ നമ്മുടെ ദൈവം നമ്മുടെ കൈയില്‍ ഏല്പിച്ചിരിക്കുന്നു” എന്നു പറഞ്ഞ് അവര്‍ തങ്ങളുടെ ദേവനെ പുകഴ്ത്തി.
25 അവര്‍ ആഹ്ലാദഭരിതരായി പറഞ്ഞു: “നമ്മുടെ മുമ്പില്‍ കുരങ്ങു കളിപ്പിക്കാന്‍ ശിംശോനെ കൊണ്ടുവരിക.” അയാളെ തടവറയില്‍നിന്നു പുറത്തു കൊണ്ടുവന്നു; അയാള്‍ അവരുടെ മുമ്പില്‍ അഭ്യാസങ്ങള്‍ കാട്ടി. തൂണുകളുടെ ഇടയിലായിരുന്നു അവര്‍ അയാളെ നിര്‍ത്തിയത്.
26 തന്നെ കൈക്കു പിടിച്ചു നടത്തിക്കൊണ്ടുവന്ന യുവാവിനോട് ശിംശോന്‍ പറഞ്ഞു: “ക്ഷേത്രം താങ്ങിനിര്‍ത്തുന്ന തൂണുകള്‍ ഞാനൊന്നു തപ്പിനോക്കട്ടെ; എനിക്ക് അവയില്‍ ചാരി നില്‌ക്കാമല്ലോ.
27 ക്ഷേത്രത്തില്‍ പുരുഷന്മാരും സ്‍ത്രീകളും തിങ്ങിനിറഞ്ഞിരുന്നു; ഫെലിസ്ത്യപ്രഭുക്കന്മാരെല്ലാവരും അവിടെ കൂടിയിരുന്നു. ശിംശോന്‍റെ കളി കണ്ടു രസിക്കാന്‍ മൂവായിരത്തിലധികം സ്‍ത്രീപുരുഷന്മാര്‍ ക്ഷേത്രത്തിന്‍റെ മേല്‍ത്തട്ടില്‍ ഉണ്ടായിരുന്നു.
28 അപ്പോള്‍ ശിംശോന്‍ സര്‍വേശ്വരനോട് ഇപ്രകാരം പ്രാര്‍ഥിച്ചു: “ദൈവമായ സര്‍വേശ്വരാ, എന്നെ ഓര്‍ക്കണമേ; ഈ ഒരു പ്രാവശ്യംകൂടി ഞാന്‍ യാചിക്കുന്നു; എന്‍റെ കണ്ണുകളില്‍ ഒന്നിനുവേണ്ടി എങ്കിലും പകരംവീട്ടാന്‍ എനിക്കു ശക്തി നല്‌കിയാലും.”
29 ക്ഷേത്രം താങ്ങിയിരുന്ന രണ്ടു നടുത്തൂണുകളില്‍ ഒന്നില്‍ വലംകൈയും മറ്റതില്‍ ഇടംകൈയും ചേര്‍ത്തുപിടിച്ചുകൊണ്ടു ശിംശോന്‍ നിന്നു.
30 “ഫെലിസ്ത്യരോടുകൂടി ഞാനും മരിക്കട്ടെ” എന്നു പറഞ്ഞുകൊണ്ട് ശിംശോന്‍ കുനിഞ്ഞ് തൂണുകളില്‍ ആഞ്ഞുതള്ളി. അപ്പോള്‍ അവിടെ കൂടിയിരുന്ന ഫെലിസ്ത്യപ്രഭുക്കന്മാരുടെയും ജനങ്ങളുടെയുംമേല്‍ ക്ഷേത്രം ഇടിഞ്ഞുവീണു. ജീവിച്ചിരുന്ന സമയത്തു കൊന്നതിനെക്കാള്‍ കൂടുതല്‍ ആളുകളെ ശിംശോന്‍ തന്‍റെ മരണസമയത്തു കൊന്നു.
31 ശിംശോന്‍റെ സഹോദരന്മാരും കുടുംബക്കാരും വന്ന് അയാളുടെ മൃതശരീരം എടുത്തുകൊണ്ടു പോയി; സോരായ്‍ക്കും എസ്തായോലിനും മധ്യേ അയാളുടെ പിതാവായ മനോഹായുടെ ശ്മശാനസ്ഥലത്ത് അയാളെ സംസ്കരിച്ചു. അയാള്‍ ഇരുപതു വര്‍ഷം ഇസ്രായേലില്‍ ന്യായപാലനം നടത്തി.
1
ഒരിക്കല്‍ എഫ്രയീം മലനാട്ടില്‍ മീഖാ എന്നൊരാള്‍ ജീവിച്ചിരുന്നു;2 അവന്‍ തന്‍റെ അമ്മയോടു പറഞ്ഞു: “ഒരിക്കല്‍ ആയിരത്തി ഒരുനൂറ് വെള്ളിപ്പണം മോഷണം പോയതിന് അമ്മ ശാപം ചൊരിഞ്ഞത് ഞാന്‍ കേട്ടതാണ്. അമ്മേ! ഞാനാണ് അതെടുത്തത്. ആ പണം എന്‍റെ കൈവശമുണ്ട്!” “എന്‍റെ മകനേ, സര്‍വേശ്വരന്‍ നിന്നെ അനുഗ്രഹിക്കട്ടെ” എന്ന് അവന്‍റെ അമ്മ പറഞ്ഞു.
3 അവന്‍ ആ പണം അമ്മയ്‍ക്കു മടക്കിക്കൊടുത്തു. അപ്പോള്‍ അമ്മ പറഞ്ഞു: “ഈ വെള്ളികൊണ്ട് ഒരു കൊത്തുവിഗ്രഹവും വാര്‍പ്പുവിഗ്രഹവും ഉണ്ടാക്കി മകനെ ശാപവിമുക്തനാക്കാന്‍വേണ്ടി സര്‍വേശ്വരന് സമര്‍പ്പിക്കാന്‍ ഞാന്‍ നേരുന്നു. അതുകൊണ്ട് ഈ വെള്ളി നാണയങ്ങള്‍ ഞാന്‍ തിരിച്ചുതരുന്നു.”
4 അവന്‍ ആ പണം അമ്മയ്‍ക്കു മടക്കിക്കൊടുത്തപ്പോള്‍ അമ്മ ഇരുനൂറു വെള്ളിപ്പണം ഒരു വെള്ളിപ്പണിക്കാരനെ ഏല്പിച്ചു. അവന്‍ അതുകൊണ്ട് ഒരു വാര്‍പ്പുരൂപവും കൊത്തുരൂപവും ഉണ്ടാക്കി; അതു മീഖായുടെ വീട്ടില്‍ വച്ചു.
5 മീഖായ്‍ക്ക് ഒരു പൂജാഗൃഹം ഉണ്ടായിരുന്നു; അയാള്‍ ഒരു ഏഫോദും കുലദേവവിഗ്രഹങ്ങളും നിര്‍മ്മിച്ചു; പുത്രന്മാരില്‍ ഒരാളെ പുരോഹിതനായി അവരോധിച്ചു.
6 ആ കാലത്ത് ഇസ്രായേലില്‍ രാജവാഴ്ച ആരംഭിച്ചിരുന്നില്ല; ഓരോരുത്തനും യഥേഷ്ടം ജീവിച്ചു.
7
ആ സമയത്ത് യെഹൂദ്യയിലെ ബേത്‍ലഹേമില്‍ ഒരു ലേവ്യയുവാവു വന്നു പാര്‍ത്തിരുന്നു.8 ജീവിക്കാന്‍ പറ്റിയ മറ്റൊരു സ്ഥലം കണ്ടെത്താന്‍ അവന്‍ ബേത്‍ലഹേം വിട്ടു. യാത്രാമധ്യേ അവന്‍ എഫ്രയീം മലനാട്ടില്‍ മീഖായുടെ വീട്ടിലെത്തി.
9 “താങ്കള്‍ എവിടെനിന്നു വരുന്നു” എന്നു മീഖാ അയാളോടു ചോദിച്ചു. “ഞാന്‍ യെഹൂദ്യയിലെ ബേത്‍ലഹേമില്‍നിന്നു വന്ന ഒരു ലേവ്യനാണ്; പാര്‍ക്കാന്‍ പറ്റിയ ഒരു സ്ഥലം അന്വേഷിച്ചുനടക്കുന്നു” എന്ന് അവന്‍ പറഞ്ഞു.
10 “അങ്ങ് എന്‍റെ കൂടെ പാര്‍ക്കുക; അങ്ങ് എനിക്കൊരു പിതാവും പുരോഹിതനുമായി ഇരുന്നാലും; ആണ്ടുതോറും പത്തു വെള്ളിപ്പണവും വസ്ത്രവും ഭക്ഷണവും ഞാന്‍ തരാം” എന്നു മീഖാ പറഞ്ഞു.
11 അവന്‍റെ കൂടെ പാര്‍ക്കാന്‍ ലേവ്യന്‍ സമ്മതിച്ചു; ആ യുവാവിനെ മീഖാ സ്വപുത്രന്മാരില്‍ ഒരാളെപ്പോലെ കരുതി.
12 മീഖാ ലേവ്യനെ തന്‍റെ പുരോഹിതനായി അവരോധിച്ചു. അങ്ങനെ ആ യുവാവ് മീഖായുടെ വീട്ടില്‍ പാര്‍ത്തു.
13 “ഒരു ലേവ്യനെ പുരോഹിതനായി ലഭിച്ചതിനാല്‍ സര്‍വേശ്വരന്‍ തന്നെ അനുഗ്രഹിക്കുമെന്നു തനിക്കുറപ്പായി” എന്നു മീഖാ പറഞ്ഞു.
1
അക്കാലത്ത് ഇസ്രായേലില്‍ രാജവാഴ്ച തുടങ്ങിയിരുന്നില്ല. കുടിപാര്‍ക്കാന്‍ ദാന്‍ഗോത്രക്കാര്‍ അവകാശഭൂമി അന്വേഷിക്കുകയായിരുന്നു. അന്നുവരെ ഇസ്രായേല്‍ഗോത്രക്കാരുടെ ഇടയില്‍ അവര്‍ക്ക് അവകാശം ലഭിച്ചിരുന്നില്ല.2 അതുകൊണ്ട് ദാന്‍ഗോത്രക്കാര്‍ തങ്ങളുടെ ഗോത്രത്തില്‍നിന്ന് സമര്‍ഥരായ അഞ്ചു പേരെ തിരഞ്ഞെടുത്ത് സോരായില്‍നിന്നും എസ്തായോലില്‍നിന്നുമായി അയച്ചു. സ്ഥലം ഒറ്റുനോക്കി വിവരങ്ങള്‍ ശേഖരിക്കണമെന്ന നിര്‍ദ്ദേശത്തോടെയാണ് അവരെ പറഞ്ഞയച്ചത്. അവര്‍ എഫ്രയീം മലനാട്ടില്‍ മീഖായുടെ വീട്ടിലെത്തി രാത്രി അവിടെ പാര്‍ത്തു.
3 അവര്‍ ആ ഭവനത്തിന് അടുത്തെത്തിയപ്പോള്‍തന്നെ ആ ലേവ്യയുവാവിന്‍റെ ശബ്ദം തിരിച്ചറിഞ്ഞു; അവിടെ കയറിച്ചെന്ന് അയാളോടു ചോദിച്ചു: “ആരാണ് നിന്നെ ഇവിടെ കൊണ്ടുവന്നത്? ഈ സ്ഥലത്തു നീ എന്തു ചെയ്യുന്നു? ഇവിടെ നിന്‍റെ ജോലി എന്താണ്?”
4 മീഖാ തനിക്കുവേണ്ടി ചെയ്തതെല്ലാം അയാള്‍ അവരോടു പറഞ്ഞു: “ഞാനയാള്‍ക്ക് പുരോഹിതനാണ്, അയാള്‍ എനിക്കു വേതനം നല്‌കുന്നു.”
5 “ഞങ്ങളുടെ യാത്ര ശുഭമായി പരിണമിക്കുമോ എന്നു ദൈവത്തോടു ചോദിച്ചാലും” എന്ന് അവര്‍ അയാളോട് അപേക്ഷിച്ചു.
6 “സമാധാനത്തോടുകൂടി പോകുക; നിങ്ങളുടെ യാത്രയില്‍ സര്‍വേശ്വരന്‍ നിങ്ങളോടൊപ്പമുണ്ട്” എന്നു പുരോഹിതന്‍ പറഞ്ഞു.
7
ആ അഞ്ചു പേര്‍ അവിടെനിന്നു ലയീശിലേക്കു പോയി; സീദോന്യരെപ്പോലെ അവിടത്തെ ജനം സുരക്ഷിതരായി പാര്‍ക്കുന്നു എന്ന് അവര്‍ മനസ്സിലാക്കി. അവര്‍ പ്രശാന്തരും സുരക്ഷിതരുമായിരുന്നു; അവരുടെ ഇടയില്‍ തര്‍ക്കങ്ങളൊന്നും ഉണ്ടായിരുന്നില്ല; അവര്‍ക്കാവശ്യമുള്ളതെല്ലാം അവിടെ ഉണ്ടായിരുന്നു. സീദോന്യരില്‍നിന്ന് വളരെ അകലെയാണ് അവര്‍ പാര്‍ത്തിരുന്നത്; അവര്‍ക്കു മറ്റു ജനതകളുമായി യാതൊരു സംസര്‍ഗവും ഉണ്ടായിരുന്നില്ല.8 പിന്നീട് അവര്‍ സോരായിലും എസ്തായോലിലുമുള്ള സ്വജനങ്ങളുടെ അടുക്കല്‍ മടങ്ങിവന്നു. ജനം അവരോടു ചോദിച്ചു:
9 “നിങ്ങള്‍ക്ക് എന്താണ് പറയാനുള്ളത്.” അവര്‍ പറഞ്ഞു: “പുറപ്പെടുക; ഞങ്ങള്‍ അവരുടെ ദേശം കണ്ടു; അതു വളരെ ഫലഭൂയിഷ്ഠമാണ്; നിഷ്ക്രിയനായിരിക്കാതെ ആ ദേശം വേഗം കൈവശപ്പെടുത്തുവിന്‍.
10 നിര്‍ഭയരായി കഴിയുന്ന ഒരു ജനതയെ ആയിരിക്കും നിങ്ങള്‍ അവിടെ നേരിടുക; അതു വളരെ വിശാലമായ ദേശമാണ്; ഒന്നിനും അവിടെ ഒരു കുറവുമില്ല; ആ ദേശം ദൈവം നിങ്ങള്‍ക്കു നല്‌കിയിരിക്കുന്നു.”
11
അപ്പോള്‍ സോരായിലും എസ്തായോലിലും പാര്‍ത്തിരുന്ന ദാന്‍ഗോത്രക്കാരില്‍ അറുനൂറു പേര്‍ യുദ്ധസന്നദ്ധരായി അവിടെനിന്നു പുറപ്പെട്ടു.12 അവര്‍ ചെന്നു യെഹൂദായിലെ കിര്യത്ത്-യെയാരീമില്‍ പാളയമടിച്ചു; അതുകൊണ്ട് ആ സ്ഥലം ഇന്നും മഹനേ-ദാന്‍ എന്ന പേരില്‍ അറിയപ്പെടുന്നു. അത് കിര്യത്ത്-യെയാരീമിന്‍റെ പടിഞ്ഞാറു വശത്താണ്.
13 അവര്‍ അവിടെനിന്ന് എഫ്രയീം മലനാട്ടിലുള്ള മീഖായുടെ വീടിനു സമീപം എത്തി.
14 ലയീശ്ദേശം നിരീക്ഷിക്കാന്‍ പോയിരുന്ന ആ അഞ്ചുപേര്‍ സഹോദരന്മാരോടു പറഞ്ഞു: “ഇവിടെയുള്ള ഒരു വീട്ടില്‍ ഒരു ഏഫോദും കുലദേവവിഗ്രഹങ്ങളും ഒരു കൊത്തുവിഗ്രഹവും വാര്‍പ്പുവിഗ്രഹവും ഉണ്ട്. അതുകൊണ്ടു നാം എന്തു ചെയ്യണമെന്ന് നിങ്ങള്‍ ചിന്തിക്കുക;”
15 അവര്‍ മീഖായുടെ വീട്ടില്‍ പാര്‍ത്തിരുന്ന ലേവ്യയുവാവിന്‍റെ അടുക്കല്‍ ചെന്നു കുശലാന്വേഷണം നടത്തി.
16 ദാന്‍ഗോത്രത്തില്‍പ്പെട്ട യുദ്ധസന്നദ്ധരായ അറുനൂറു പേര്‍ പടിവാതില്‌ക്കല്‍ നിന്നിരുന്നു.
17 ദേശം ഒറ്റുനോക്കാന്‍ പോയിരുന്ന അഞ്ചു പേര്‍ അകത്തു പ്രവേശിച്ച് ഏഫോദും, കൊത്തുവിഗ്രഹവും, വാര്‍പ്പുവിഗ്രഹവും, കുലദേവവിഗ്രഹങ്ങളും എടുത്തു. അപ്പോള്‍ പുരോഹിതന്‍ യുദ്ധസന്നദ്ധരായ അറുനൂറു പേരോടൊപ്പം പടിവാതില്‌ക്കല്‍ നില്‌ക്കുകയായിരുന്നു;
18 അവര്‍ മീഖായുടെ വീട്ടില്‍ ചെന്ന് കുലദേവവിഗ്രഹങ്ങളും വാര്‍പ്പുവിഗ്രഹവും കൊത്തുവിഗ്രഹവും ഏഫോദും എടുത്തപ്പോള്‍ “നിങ്ങള്‍ എന്താണീ ചെയ്യുന്നത്” എന്നു പുരോഹിതന്‍ ചോദിച്ചു.
19 അവര്‍ അവനോടു പറഞ്ഞു: “മിണ്ടരുത്; വായ്പൊത്തി ഞങ്ങളുടെകൂടെ വന്നു ഞങ്ങള്‍ക്കു പിതാവും പുരോഹിതനുമായിരിക്കുക. ഒരു വീട്ടിലെ പുരോഹിതനായിരിക്കുന്നതിനെക്കാള്‍ ഇസ്രായേലിലെ ഒരു ഗോത്രത്തിന്‍റെ മുഴുവന്‍ പുരോഹിതന്‍ ആയിരിക്കുന്നതല്ലേ അങ്ങേക്കു കൂടുതല്‍ നല്ലത്.”
20 അതു കേട്ടപ്പോള്‍ പുരോഹിതന്‍ സന്തുഷ്ടനായി; അയാള്‍ ഏഫോദും കുലദേവവിഗ്രഹങ്ങളും കൊത്തുവിഗ്രഹവും എടുത്തുകൊണ്ട് അവരോടൊത്തു പോയി. അവര്‍ അവിടെനിന്നു യാത്രപുറപ്പെട്ടു.
21 കുഞ്ഞുകുട്ടികളും ആടുമാടുകളും അവരുടെ വസ്തുവകകളുമായിരുന്നു മുമ്പില്‍.
22 അവര്‍ മീഖായുടെ വീട്ടില്‍നിന്നു കുറെ ദൂരത്തായപ്പോള്‍ മീഖാ സമീപവാസികളെ വിളിച്ചുകൂട്ടി ദാന്‍ഗോത്രക്കാരെ പിന്തുടര്‍ന്ന് അവരുടെ ഒപ്പം എത്തി.
23 അവര്‍ കൂകി വിളിച്ചപ്പോള്‍ ദാന്‍ഗോത്രക്കാര്‍ തിരിഞ്ഞുനോക്കി; മീഖായെ കണ്ട് “ഈ ആള്‍ക്കൂട്ടത്തോടുകൂടി വരുന്നതിന് എന്തുണ്ടായി എന്നു ചോദിച്ചു.
24 മീഖാ അവരോടു പറഞ്ഞു: “ഞാന്‍ നിര്‍മ്മിച്ച ദേവവിഗ്രഹങ്ങള്‍ നിങ്ങള്‍ അപഹരിച്ചു; എന്‍റെ പുരോഹിതനെയും നിങ്ങള്‍ കൊണ്ടുപോകുന്നു; ഇനിയും എനിക്ക് എന്താണ് ശേഷിച്ചിട്ടുള്ളത്? എന്നിട്ടും എനിക്കെന്തുണ്ടായി എന്നു നിങ്ങള്‍ ചോദിക്കുന്നു.”
25 ദാന്‍ഗോത്രക്കാര്‍ മറുപടി പറഞ്ഞു: “ശബ്ദിച്ചുപോകരുത്; അല്ലെങ്കില്‍ ഈ ജനം കോപിച്ചു നിന്നെ ആക്രമിക്കാനിടയാകും. അങ്ങനെ നീയും നിന്‍റെ കുടുംബാംഗങ്ങളും നശിച്ചുപോകാന്‍ ഇടവരുത്തരുത്.”
26 ദാന്‍ഗോത്രക്കാര്‍ തങ്ങളുടെ വഴിക്കു പോയി; അവര്‍ തന്നെക്കാള്‍ ശക്തരായതുകൊണ്ട് മീഖായും സ്വഭവനത്തിലേക്കു മടങ്ങി.
27 അവര്‍ മീഖാ നിര്‍മ്മിച്ച വിഗ്രഹങ്ങളോടൊപ്പം പുരോഹിതനെയും ലയീശിലേക്കു കൊണ്ടുപോയി. അവിടെ സുരക്ഷിതരായി സമാധാനപൂര്‍വം ജീവിച്ചിരുന്ന ജനങ്ങളുടെ അടുക്കല്‍ ചെന്ന് അവരെ വാളിനിരയാക്കി.
28 അവരുടെ പട്ടണം ചുട്ടെരിച്ചു; അത് സീദോനില്‍നിന്നു വളരെ അകലെയായിരുന്നതിനാലും മറ്റാളുകളുമായി അവര്‍ക്കു സമ്പര്‍ക്കം ഇല്ലാതിരുന്നതിനാലും അവരെ സഹായിക്കാന്‍ ആരുമുണ്ടായില്ല. ആ പട്ടണം ബേത്ത്-രെഹോബ് താഴ്വരയില്‍തന്നെ ആയിരുന്നു. ദാന്‍ഗോത്രക്കാര്‍ പട്ടണം വീണ്ടും പണിത് അവിടെ നിവസിച്ചു.
29 തങ്ങളുടെ ഗോത്രപിതാവായ ദാനിന്‍റെ പേര് അവര്‍ ആ പട്ടണത്തിനു നല്‌കി; അതിനു മുമ്പ് ലയീശ് എന്നായിരുന്നു അതിന്‍റെ പേര്.
30 ദാന്‍ഗോത്രക്കാര്‍ കൊത്തുവിഗ്രഹം തങ്ങള്‍ക്കുവേണ്ടി പ്രതിഷ്ഠിച്ചു; മോശയുടെ പൗത്രനും ഗേര്‍ശോമിന്‍റെ പുത്രനുമായ യോനാഥാനും അവന്‍റെ പുത്രന്മാരും ദാന്‍ഗോത്രക്കാര്‍ക്കുവേണ്ടി പുരോഹിതശുശ്രൂഷ നിര്‍വഹിച്ചു. പ്രവാസകാലംവരെ അവര്‍ അതു തുടര്‍ന്നുപോന്നു.
31 ദൈവത്തിന്‍റെ ആലയം ശീലോവിലായിരുന്ന കാലമത്രയും മീഖാ ഉണ്ടാക്കിയ വിഗ്രഹം അവര്‍ അവിടെ പ്രതിഷ്ഠിച്ച് ആരാധിച്ചിരുന്നു.
1
ഇസ്രായേലില്‍ രാജാവില്ലാതിരുന്ന ആ കാലത്ത് എഫ്രയീം മലനാട്ടിന്‍റെ ഉള്‍പ്രദേശത്തു ഒരു ലേവ്യന്‍ വന്നു പാര്‍ത്തിരുന്നു; യെഹൂദ്യയിലെ ബേത്‍ലഹേംകാരിയായ ഒരു സ്‍ത്രീയെ ഉപഭാര്യയായി അയാള്‍ സ്വീകരിച്ചിരുന്നു.2 എന്നാല്‍ അവള്‍ അയാളോടു പിണങ്ങി ബേത്‍ലഹേമിലുള്ള പിതൃഭവനത്തില്‍ പോയി അവിടെ നാലു മാസം പാര്‍ത്തു.
3 അവളെ അനുനയപൂര്‍വം മടക്കിക്കൊണ്ടു വരുവാന്‍ അയാള്‍ അവളുടെ വീട്ടിലേക്കു പുറപ്പെട്ടു. ഒരു ഭൃത്യനും ഒരു ജോഡി കഴുതകളും കൂടെ ഉണ്ടായിരുന്നു; അവര്‍ അവിടെ ചെന്നപ്പോള്‍ അവളുടെ പിതാവ് അവരെ സസന്തോഷം സ്വീകരിച്ചു.
4 അയാളുടെ നിര്‍ബന്ധംകൊണ്ട് ആ ലേവ്യന്‍ മൂന്നു ദിവസം അവിടെ പാര്‍ത്തു. അവര്‍ അങ്ങനെ തിന്നും കുടിച്ചും രാത്രികള്‍ കഴിച്ചു;
5 നാലാം ദിവസം അതിരാവിലെ അയാള്‍ എഴുന്നേറ്റു യാത്രയ്‍ക്കൊരുങ്ങി. അപ്പോള്‍ അവളുടെ പിതാവ് പറഞ്ഞു: “അല്പം ഭക്ഷണം കഴിച്ച് ഉന്മേഷവാനായി നിനക്കു പോകാം.”
6 അവര്‍ ഒരുമിച്ചിരുന്നു ഭക്ഷിക്കുകയും കുടിക്കുകയും ചെയ്തു. പിന്നീട് അയാള്‍ ലേവ്യനോടു പറഞ്ഞു: “ഈ രാത്രിയും ഇവിടെ പാര്‍ത്ത് നീ സന്തോഷിക്കുക.”
7 അയാള്‍ പോകാന്‍ എഴുന്നേറ്റെങ്കിലും ആ യുവതിയുടെ പിതാവ് വീണ്ടും നിര്‍ബന്ധിച്ചതുകൊണ്ട് അന്നും അവിടെ താമസിച്ചു.
8 അഞ്ചാം ദിവസവും പ്രഭാതത്തില്‍ അയാള്‍ പോകാന്‍ ഒരുങ്ങി; “ഭക്ഷണം കഴിച്ച് ഉന്മേഷവാനായി വെയിലാറിയിട്ടു പോകാം” എന്നു യുവതിയുടെ പിതാവ് പറഞ്ഞു; അവര്‍ ഒന്നിച്ചു ഭക്ഷണം കഴിച്ചു.
9 ലേവ്യനും അയാളുടെ ഉപഭാര്യയും ഭൃത്യനും യാത്രയ്‍ക്കായി എഴുന്നേറ്റു. അപ്പോള്‍ “നേരം സന്ധ്യയായല്ലോ; ഇവിടെത്തന്നെ രാപാര്‍ത്ത് ഉല്ലാസമായി കഴിയൂ; നാളെ അതിരാവിലെ എഴുന്നേറ്റു നിന്‍റെ വീട്ടിലേക്കു പോകാം” എന്ന് അവളുടെ പിതാവു പറഞ്ഞു.
10 എന്നാല്‍ അയാള്‍ അതിനു വിസമ്മതിച്ചു. അവര്‍ യാത്ര പുറപ്പെട്ട് യെബൂസിന് എതിര്‍വശത്തെത്തി. തന്‍റെ ഉപഭാര്യയും ഭൃത്യനും ജീനിയിട്ട രണ്ടു കഴുതകളും അയാളുടെ കൂടെ ഉണ്ടായിരുന്നു.
11 അയാള്‍ യെബൂസിനു സമീപത്തെത്തിയപ്പോള്‍ നേരം വളരെ വൈകിയിരുന്നു; ഭൃത്യന്‍ ലേവ്യനോടു പറഞ്ഞു: “യെബൂസ്യരുടെ ഈ പട്ടണത്തില്‍ നമുക്കു രാത്രികഴിക്കാം.”
12 അയാള്‍ ഇങ്ങനെ മറുപടി പറഞ്ഞു: “ഇസ്രായേല്യരുടേതല്ലാത്ത ഈ വിജാതീയപട്ടണത്തില്‍ നമുക്കു പാര്‍ത്തുകൂടാ; നമുക്കു ഗിബെയായിലേക്കു പോകാം.”
13 അയാള്‍ തുടര്‍ന്നു “ഈ കാണുന്ന പട്ടണങ്ങളില്‍ ഏതിലേക്കെങ്കിലും നമുക്കു പോകാം; ഗിബെയായിലോ, രാമായിലോ രാത്രികഴിക്കാം.”
14 അവര്‍ യാത്ര തുടര്‍ന്നു; ബെന്യാമീന്യരുടെ പട്ടണമായ ഗിബെയായ്‍ക്കു സമീപമെത്തി. അപ്പോള്‍ സൂര്യന്‍ അസ്തമിച്ചിരുന്നു.
15 രാപാര്‍ക്കുന്നതിന് അവര്‍ ഗിബെയായില്‍ പ്രവേശിച്ചു; അവിടെ ആരും അവരെ സ്വീകരിക്കാഞ്ഞതിനാല്‍ പട്ടണത്തിലെ തുറസ്സായ ഒരു സ്ഥലത്ത് അവര്‍ ഇരുന്നു.
16 അപ്പോള്‍ ഒരു വൃദ്ധന്‍ വയലില്‍നിന്ന് ജോലി കഴിഞ്ഞു മടങ്ങിവന്നു. അയാള്‍ എഫ്രയീം മലനാട്ടുകാരനും അവിടെ വന്നുപാര്‍ക്കുന്നവനുമായിരുന്നു; ബെന്യാമീന്‍ഗോത്രക്കാരാണ് അവിടെ പാര്‍ത്തിരുന്നത്.
17 പട്ടണത്തിലെ തുറസ്സായ സ്ഥലത്ത് ഒരു വഴിയാത്രക്കാരന്‍ ഇരിക്കുന്നതു കണ്ട് ആ വൃദ്ധന്‍ ചോദിച്ചു: “താങ്കള്‍ എവിടേക്കു പോകുന്നു? എവിടെനിന്നു വരുന്നു?”
18 അയാള്‍ പറഞ്ഞു: “എഫ്രയീം മലനാട്ടിലേക്കു പോകുകയാണ്. അതാണ് എന്‍റെ നാട്; ഞാന്‍ യെഹൂദ്യയിലെ ബേത്‍ലഹേമിലേക്കു പോയിരുന്നു; ഇപ്പോള്‍ എന്‍റെ വീട്ടിലേക്ക് മടങ്ങിപ്പോകുകയാണ്. എന്നാല്‍ ഈ രാത്രി കഴിച്ചുകൂട്ടുന്നതിന് ഇവിടെ ആരും എന്നെ സ്വീകരിക്കുന്നില്ല.
19 ഞങ്ങളുടെ കഴുതകള്‍ക്കാവശ്യമായ വൈക്കോലും തീറ്റയും ഞങ്ങളുടെ കൈവശമുണ്ട്; എനിക്കും എന്‍റെ ഉപഭാര്യക്കും ഭൃത്യനും ആവശ്യമായ അപ്പവും വീഞ്ഞും ഞങ്ങളുടെ പക്കലുണ്ട്. ഞങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം ഞങ്ങളുടെ കൈയിലുണ്ട്.”
20 വൃദ്ധന്‍ പറഞ്ഞു: “വിഷമിക്കേണ്ടാ, നിനക്ക് ആവശ്യമുള്ളതെല്ലാം ഞാന്‍ നല്‌കാം. ഈ തുറസ്സായ സ്ഥലത്ത് രാപാര്‍ക്കരുത്.”
21 വൃദ്ധന്‍ അവരെ വീട്ടില്‍ കൂട്ടിക്കൊണ്ടുപോയി; കഴുതകള്‍ക്കു തീറ്റകൊടുത്തു; അവര്‍ കൈകാലുകള്‍ കഴുകി ഭക്ഷണപാനീയങ്ങള്‍ കഴിച്ചു.
22 അവര്‍ ഉല്ലാസഭരിതരായിരിക്കുമ്പോള്‍ പട്ടണത്തിലെ ചില നീചന്മാര്‍ വീടു വളഞ്ഞു. വാതിലില്‍ തട്ടി. അവര്‍ വൃദ്ധനായ വീട്ടുടമയോടു പറഞ്ഞു: “നിന്‍റെ വീട്ടില്‍ വന്നിരിക്കുന്ന പുരുഷനെ പുറത്തുവിടുക; ഞങ്ങള്‍ അവനോടൊത്തു രമിക്കട്ടെ.”
23 വൃദ്ധന്‍ പുറത്തുവന്ന് അവരോടു പറഞ്ഞു: “എന്‍റെ സഹോദരന്മാരേ, അങ്ങനെയരുത്; ഈ തിന്മ നിങ്ങള്‍ ചെയ്യരുത്; ഈ മനുഷ്യന്‍ എന്‍റെ അതിഥിയാണ്. ഇയാളോടു നീചമായി പ്രവര്‍ത്തിക്കരുത്.
24 ഇതാ, എന്‍റെ കന്യകയായ പുത്രിയും ഈ മനുഷ്യന്‍റെ ഉപഭാര്യയും. നിങ്ങളുടെ ഇഷ്ടംപോലെ ഇവരോടു പ്രവര്‍ത്തിച്ചുകൊള്ളുക; ഈ മനുഷ്യനോടു ഹീനമായി പെരുമാറരുത്.”
25 എന്നാല്‍ അയാള്‍ പറഞ്ഞത് അവര്‍ ശ്രദ്ധിച്ചില്ല; ലേവ്യന്‍ തന്‍റെ ഉപഭാര്യയെ അവര്‍ക്കു വിട്ടുകൊടുത്തു; രാത്രി മുഴുവന്‍ അവര്‍ അവളെ ബലാല്‍ക്കാരം ചെയ്തു.
26 പ്രഭാതമായപ്പോള്‍ അവര്‍ അവളെ വിട്ടയച്ചു; ഉടനെ അവള്‍ തന്‍റെ ഭര്‍ത്താവു പാര്‍ത്തിരുന്ന വൃദ്ധന്‍റെ വീട്ടുപടിക്കല്‍ വന്നു തളര്‍ന്നു കിടന്നു.
27 രാവിലെ എഴുന്നേറ്റു യാത്രയ്‍ക്കുവേണ്ടി ലേവ്യന്‍ വാതില്‍ തുറന്നപ്പോള്‍ അവള്‍ കട്ടിളപ്പടിമേല്‍ കൈ വച്ചു കിടക്കുന്നതു കണ്ടു.
28 അവന്‍ അവളോടു പറഞ്ഞു: “എഴുന്നേല്‌ക്കൂ, നമുക്കു പോകാം.” എങ്കിലും ഒരു മറുപടിയും ഉണ്ടായില്ല. അയാള്‍ അവളെ എടുത്തു കഴുതപ്പുറത്തുവച്ചു സ്വദേശത്തേക്കു പോയി.
29 വീട്ടില്‍ എത്തിയ ഉടന്‍തന്നെ ഒരു കത്തിയെടുത്ത് അവന്‍ തന്‍റെ ഉപഭാര്യയുടെ അവയവങ്ങള്‍ ഛേദിച്ച് പന്ത്രണ്ടു കഷണങ്ങളാക്കി ഇസ്രായേലില്‍ എല്ലായിടത്തേക്കും കൊടുത്തയച്ചു.
30 അതു കണ്ടവരെല്ലാം പറഞ്ഞു: “ഇസ്രായേല്‍ജനം ഈജിപ്തില്‍നിന്നു പോന്നതിനുശേഷം ഇതുപോലൊരു സംഭവം കണ്ടിട്ടില്ല, ഉണ്ടായിട്ടുമില്ല; ആലോചിച്ച് എന്താണ് ചെയ്യേണ്ടതെന്നു പറയൂ.”
1
ഗിലെയാദ്‍ദേശം ഉള്‍പ്പെടെ, ദാന്‍മുതല്‍ ബേര്‍-ശേബവരെയുള്ള ഇസ്രായേല്‍ജനമെല്ലാം ഏകമനസ്സോടെ മിസ്പായില്‍ സര്‍വേശ്വരസന്നിധിയില്‍ ഒന്നിച്ചുകൂടി.2 ഇസ്രായേല്‍ഗോത്രങ്ങളിലെ എല്ലാ ജനനേതാക്കന്മാരും വാള്‍ ഏന്തിയ നാലു ലക്ഷം പേരുള്ള കാലാള്‍പ്പടയും ദൈവജനത്തിന്‍റെ ഈ സമ്മേളനത്തില്‍ വന്നുകൂടി;
3 ഇസ്രായേല്‍ജനം മിസ്പായിലേക്കു പോയിരിക്കുന്ന വിവരം ബെന്യാമീന്‍ഗോത്രക്കാര്‍ അറിഞ്ഞു. ആ നീചപ്രവൃത്തി എങ്ങനെ സംഭവിച്ചു എന്നു ജനത്തോടു പറയാന്‍ ഇസ്രായേല്‍ജനം ആവശ്യപ്പെട്ടു.
4 കൊല്ലപ്പെട്ട സ്‍ത്രീയുടെ ഭര്‍ത്താവായ ലേവ്യന്‍ പറഞ്ഞു: “ഞാനും എന്‍റെ ഉപഭാര്യയും കൂടി ബെന്യാമീന്യരുടെ വകയായ ഗിബെയായില്‍ രാപാര്‍ക്കാന്‍ ചെന്നു.
5 ഗിബെയാനിവാസികള്‍ എനിക്കെതിരെ സംഘടിച്ചു. രാത്രിയില്‍ വീടു വളഞ്ഞ് എന്നെ കൊല്ലാന്‍ ഭാവിച്ചു; അവര്‍ എന്‍റെ ഉപഭാര്യയെ ബലാല്‍ക്കാരം ചെയ്തു; അങ്ങനെ അവള്‍ മരിച്ചു.
6 ഞാന്‍ അവളെ കഷണങ്ങളായി നുറുക്കി ഇസ്രായേല്‍ജനത്തിന്‍റെ ദേശത്തെല്ലാം കൊടുത്തയച്ചു. തികച്ചും മ്ലേച്ഛമായ പ്രവൃത്തിയാണല്ലോ അവര്‍ ചെയ്തത്.
7 നിങ്ങളെല്ലാം ഇസ്രായേല്യരാണല്ലോ; ഇക്കാര്യത്തില്‍ എന്താണ് ചെയ്യേണ്ടത്? നിങ്ങളുടെ അഭിപ്രായവും ഉപദേശവും അറിയിക്കുക.”
8 അവിടെ കൂടിയിരുന്നവരെല്ലാം എഴുന്നേറ്റ് ഏകസ്വരത്തില്‍ പറഞ്ഞു: “ഞങ്ങളില്‍ ഒരാള്‍പോലും സ്വന്തം കൂടാരത്തിലേക്കോ വീട്ടിലേക്കോ തിരിച്ചുപോകുന്നില്ല.
9 ഗിബെയായോട് നമുക്ക് ഇങ്ങനെ ചെയ്യാം; നറുക്കിട്ട് ഏതാനും പേരെ തിരഞ്ഞെടുക്കാം; അവര്‍ അവരെ ആക്രമിക്കട്ടെ.
10 ബെന്യാമീന്‍ഗോത്രത്തില്‍പ്പെട്ട ഗിബെയാക്കാര്‍ പ്രവര്‍ത്തിച്ച നീചപ്രവൃത്തിക്കു പകരംവീട്ടാന്‍ അവര്‍ പോകുമ്പോള്‍ അവര്‍ക്കുവേണ്ട ഭക്ഷണപദാര്‍ഥങ്ങള്‍ എത്തിച്ചുകൊടുക്കേണ്ടത് ഇസ്രായേലിലെ ഒരോ ഗോത്രത്തില്‍നിന്നും നൂറിനു പത്ത്, ആയിരത്തിനു നൂറ്, പതിനായിരത്തിനു ആയിരം എന്ന ക്രമത്തില്‍ തിരഞ്ഞെടുക്കപ്പെട്ടവരായിരിക്കണം.
11 ഇസ്രായേല്‍ജനമെല്ലാം ആ പട്ടണത്തിനെതിരെ ഒറ്റക്കെട്ടായി നിന്നു.
12
പിന്നീട് ഇസ്രായേല്‍ഗോത്രക്കാര്‍ ബെന്യാമീന്‍ഗോത്രക്കാരുടെ ഇടയില്‍ ദൂതന്മാരെ അയച്ചു; അവരെ അറിയിച്ചു. “എത്ര ഹീനമായ പ്രവൃത്തിയാണു നിങ്ങളുടെ ഇടയില്‍ നടന്നത്.13 ഗിബെയായിലെ ആ നീചന്മാരെ വിട്ടുതരിക; ഞങ്ങള്‍ അവരെ കൊന്ന് ഇസ്രായേലില്‍നിന്ന് ഈ തിന്മ നീക്കിക്കളയട്ടെ.” എന്നാല്‍ ബെന്യാമീന്‍ഗോത്രക്കാര്‍ തങ്ങളുടെ സഹോദരരായ ഇസ്രായേല്‍ജനത്തിന്‍റെ വാക്ക് അനുസരിച്ചില്ല.
14 ഇസ്രായേല്‍ജനത്തോടു യുദ്ധം ചെയ്യാന്‍ അവര്‍ തങ്ങളുടെ സ്വന്തം പട്ടണങ്ങളില്‍നിന്നു വന്നു ഗിബെയായില്‍ ഒന്നിച്ചുകൂടി.
15 ഗിബെയായില്‍നിന്നുതന്നെ തിരഞ്ഞെടുത്ത സമര്‍ഥന്മാരായ എഴുനൂറു പേരെ കൂടാതെ ആയുധധാരികളായ ഇരുപത്തിയാറായിരം പേര്‍ അവിടെ ഉണ്ടായിരുന്നു.
16 അവരുടെ ഇടയില്‍ ഉണ്ടായിരുന്ന ഇടതുകൈയന്മാരായ എഴുനൂറു സമര്‍ഥന്മാരില്‍ ഓരോരുത്തനും തലനാരിഴക്കുപോലും ഉന്നം തെറ്റാത്ത കവണക്കാര്‍ ആയിരുന്നു.
17
ബെന്യാമീന്‍ഗോത്രക്കാര്‍ ഒഴികെയുള്ള ആയുധധാരികളായ ഇസ്രായേല്യര്‍ നാലു ലക്ഷം പേര്‍ ഉണ്ടായിരുന്നു.18
ബെന്യാമീന്യരോടു യുദ്ധം ചെയ്യാന്‍ തങ്ങളില്‍ ആരാണ് ആദ്യം പുറപ്പെടേണ്ടത് എന്നതിനെപ്പറ്റി ദൈവത്തോട് അരുളപ്പാടു ചോദിക്കാന്‍ ഇസ്രായേല്‍ജനം ബേഥേലിലേക്കുപോയി. ‘യെഹൂദാ ആദ്യം പുറപ്പെടട്ടെ’ എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്തു.19 ഇസ്രായേല്‍ജനം രാവിലെ എഴുന്നേറ്റു ഗിബെയായ്‍ക്ക് അഭിമുഖമായി പാളയമടിച്ചു.
20 അവര്‍ യുദ്ധസന്നദ്ധരായി ബെന്യാമീന്‍ഗോത്രക്കാര്‍ക്കെതിരെ ഗിബെയായില്‍ അണിനിരന്നു.
21 ബെന്യാമീന്‍ ഗോത്രക്കാര്‍ ഗിബെയായില്‍നിന്നു പുറത്തു വന്നു; ഇസ്രായേല്‍ജനത്തില്‍ ഇരുപത്തീരായിരം പേരെ സംഹരിച്ചു.
22 [22,23] ഇസ്രായേല്‍ജനം ധൈര്യം വീണ്ടെടുത്ത് ആദ്യം അണിനിരന്നിടത്ത് ചെന്നുനിന്നു. അവര്‍ സര്‍വേശ്വരന്‍റെ സന്നിധിയില്‍ സന്ധ്യവരെ കരഞ്ഞു. “ഞങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരോടു യുദ്ധം ചെയ്യാന്‍ ഇനിയും പുറപ്പെടണമോ” എന്ന് അവര്‍ സര്‍വേശ്വരനോട് ചോദിച്ചു. “അവര്‍ക്കെതിരായി പോകുക” എന്ന് അവിടുന്ന് അരുളിച്ചെയ്തു;
23
24
അങ്ങനെ അവര്‍ ബെന്യാമീന്യരുടെ സൈന്യത്തിന് അഭിമുഖമായി രണ്ടാം ദിവസം അണിനിരന്നു. ബെന്യാമീന്യര്‍ രണ്ടാം ദിവസവും ഗിബെയായില്‍നിന്ന് പുറത്തുവന്നു.25 ഖഡ്ഗധാരികളായ പതിനെണ്ണായിരം ഇസ്രായേല്യരെ സംഹരിച്ചു.
26 അപ്പോള്‍ ഇസ്രായേല്‍ജനവും അവരുടെ എല്ലാ സൈനികരും ബേഥേലിലേക്കു ചെന്നു സര്‍വേശ്വരസന്നിധിയില്‍ കരഞ്ഞുകൊണ്ടു സന്ധ്യവരെ ഉപവസിച്ചു; ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അര്‍പ്പിക്കുകയും ചെയ്തു.
27 അവര്‍ സര്‍വേശ്വരന്‍റെ അരുളപ്പാട് എന്തെന്ന് അന്വേഷിച്ചു; അവിടുത്തെ ഉടമ്പടിപ്പെട്ടകം അവരുടെ മധ്യേ ഉണ്ടായിരുന്നു.
28 അഹരോന്‍റെ പൗത്രനും എലെയാസാരിന്‍റെ പുത്രനുമായ ഫീനെഹാസ് ആയിരുന്നു അന്ന് പുരോഹിതശുശ്രൂഷ നിര്‍വഹിച്ചിരുന്നത്. “ഞങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരോട് ഇനിയും യുദ്ധം ചെയ്യണമോ” എന്ന് അവര്‍ ചോദിച്ചു. സര്‍വേശ്വരന്‍ അരുളിച്ചെയ്തു: “പോകുക, നാളെ അവരെ ഞാന്‍ നിങ്ങളുടെ കൈയില്‍ ഏല്പിക്കും.”
29 ഇസ്രായേല്യര്‍ ഗിബെയായ്‍ക്കു ചുറ്റും ആളുകളെ പതിയിരുത്തി.
30
പിന്നീട് മൂന്നാം ദിവസവും ഇസ്രായേല്യര്‍ ബെന്യാമീന്‍ഗോത്രക്കാര്‍ക്കെതിരായി യുദ്ധത്തിന് അണിനിരന്നു.31 ഇസ്രായേല്യരോടു യുദ്ധം ചെയ്യുന്നതിനു ബെന്യാമീന്‍ഗോത്രക്കാര്‍ പട്ടണത്തിനു പുറത്തു വന്നു; ബേഥേലിലേക്കും ഗിബെയായിലേക്കും പോകുന്ന പെരുവഴികളില്‍ വച്ചും വിജനപ്രദേശത്തു വച്ചും മുമ്പിലത്തെപ്പോലെ അവര്‍ ഇസ്രായേല്യരെ സംഹരിക്കാന്‍ തുടങ്ങി. അവര്‍ ഏകദേശം മുപ്പത് ഇസ്രായേല്യരെ വധിച്ചു.
32 പഴയതുപോലെ ഇസ്രായേല്യര്‍ തോറ്റോടി എന്നു ബെന്യാമീന്യര്‍ പറഞ്ഞു. എന്നാല്‍, “പിന്തിരിഞ്ഞോടി അവരെ പട്ടണത്തില്‍നിന്നു പെരുവഴിയിലേക്കു നമുക്ക് ആകര്‍ഷിക്കാമെന്ന്” ഇസ്രായേല്‍ജനം പറഞ്ഞു.
33 ഇസ്രായേല്യരെല്ലാം പുറപ്പെട്ട് ബാല്‍-താമാരില്‍ അണിനിരന്നു. ഗിബെയായുടെ പടിഞ്ഞാറു വശത്തു പതിയിരുന്ന ഇസ്രായേല്യരും പുറത്തുവന്നു.
34 സകല ഇസ്രായേല്യരില്‍നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട പതിനായിരം പേര്‍ ഗിബെയായ്‍ക്ക് എതിരെ ചെന്നു; തുടര്‍ന്നുണ്ടായ യുദ്ധം കഠിനമായിരുന്നു. തങ്ങളുടെ നാശം അടുത്തിരിക്കുന്നു എന്ന് ബെന്യാമീന്യര്‍ അറിഞ്ഞില്ല.
35 സര്‍വേശ്വരന്‍ ഇസ്രായേല്യര്‍ക്കു ബെന്യാമീന്യരുടെമേല്‍ വിജയം നല്‌കി. അന്ന് ഇസ്രായേല്യര്‍ ബെന്യാമീന്യരില്‍ ആയുധധാരികളായ ഇരുപത്തയ്യായിരത്തി ഒരുനൂറു പേരെ സംഹരിച്ചു.
36 തങ്ങള്‍ പരാജിതരായി എന്ന് ബെന്യാമീന്‍ഗോത്രക്കാര്‍ മനസ്സിലാക്കി.
ഗിബെയായ്‍ക്കു ചുറ്റും നിര്‍ത്തിയിരുന്ന പതിയിരുപ്പുകാരെ വിശ്വസിച്ചുകൊണ്ട് ഇസ്രായേല്യര്‍ അവിടെനിന്നു പിന്‍വാങ്ങി.37 പതിയിരുപ്പുകാര്‍ ഗിബെയായിലേക്കു തള്ളിക്കയറി; അവിടെയുള്ള സകലരെയും വാളിനിരയാക്കി.
38 ഒരു അടയാളമായി പട്ടണത്തില്‍നിന്ന് ഒരു വലിയ പുകപടലം ഉയര്‍ത്തണമെന്നും അതുകണ്ട് പിന്തിരിഞ്ഞോടിയ ഇസ്രായേല്യര്‍ മടങ്ങിച്ചെല്ലുമെന്നും പതിയിരിപ്പുകാരും ഇസ്രായേല്യരും തമ്മില്‍ പറഞ്ഞൊത്തിരുന്നു.
39 ഇസ്രായേല്യര്‍ പിന്‍വാങ്ങിക്കൊണ്ടിരിക്കെ ബെന്യാമീന്യര്‍ അവരെ സംഹരിക്കാന്‍ തുടങ്ങിയിരുന്നു; ഏകദേശം മുപ്പതു പേരെ സംഹരിച്ചുകഴിഞ്ഞപ്പോള്‍ മുന്നവസരങ്ങളിലെപ്പോലെ അവര്‍ ഇത്തവണയും തീര്‍ച്ചയായും പരാജയപ്പെടും എന്നു ബെന്യാമീന്യര്‍ കരുതി.
40 എന്നാല്‍ പട്ടണത്തില്‍നിന്ന് കനത്ത പുക ഉയരാന്‍ തുടങ്ങിയപ്പോള്‍ ബെന്യാമീന്യര്‍ തിരിഞ്ഞുനോക്കി; അപ്പോള്‍ പട്ടണം കത്തി പുക ആകാശത്തിലേക്ക് ഉയരുന്നതു കണ്ടു.
41 പിന്തിരിഞ്ഞോടിയ ഇസ്രായേല്യര്‍ തിരിഞ്ഞ് ബെന്യാമീന്യരുടെ നേരെ ചെന്നു. ബെന്യാമീന്യര്‍ സംഭ്രാന്തരായി; തങ്ങളുടെ നാശം അടുത്തിരിക്കുന്നു എന്നവര്‍ ഗ്രഹിച്ചു.
42 ഇസ്രായേല്യരുടെ മുമ്പില്‍നിന്ന് അവര്‍ മരുഭൂമിയിലേക്ക് ഓടി; എങ്കിലും രക്ഷപെടാന്‍ കഴിഞ്ഞില്ല. അവര്‍ ഇസ്രായേല്‍സൈന്യത്തിനും പട്ടണത്തില്‍നിന്ന് വന്നവര്‍ക്കുമിടയില്‍പ്പെട്ടതു നിമിത്തം വധിക്കപ്പെട്ടു.
43 ഇസ്രായേല്യര്‍ ബെന്യാമീന്‍ ഗോത്രക്കാരെ വളഞ്ഞു; നോഹാഹ് മുതല്‍ ഗിബെയാവരെ അവരെ പിന്തുടര്‍ന്ന് സംഹരിച്ചു.
44 ബെന്യാമീന്‍ഗോത്രക്കാരില്‍ യുദ്ധവീരന്മാരായ പതിനെണ്ണായിരം പേര്‍ കൊല്ലപ്പെട്ടു.
45 ബെന്യാമീന്യര്‍ തിരിഞ്ഞു വിജനപ്രദേശത്തുള്ള രിമ്മോന്‍ പാറ ലക്ഷ്യമാക്കി ഓടി; അവരില്‍ അയ്യായിരം പേര്‍കൂടി പെരുവഴിയില്‍ വച്ചു സംഹരിക്കപ്പെട്ടു; ശേഷിച്ചവരെ ഇസ്രായേല്യര്‍ ഗിദോംവരെ പിന്തുടര്‍ന്നു; അവരില്‍ രണ്ടായിരം പേര്‍ വധിക്കപ്പെട്ടു.
46 അങ്ങനെ അന്നു ബെന്യാമീന്‍ഗോത്രത്തിലെ ആയുധധാരികളായ ഇരുപത്തയ്യായിരം വീരയോദ്ധാക്കളാണു കൊല്ലപ്പെട്ടത്.
47 എന്നാല്‍ അറുനൂറു പേര്‍ വിജനപ്രദേശത്തുള്ള രിമ്മോന്‍ പാറയിലേക്ക് ഓടി രക്ഷപെട്ട് നാലു മാസം അവിടെ പാര്‍ത്തു.
48 ഇസ്രായേല്യര്‍ തിരിച്ചുവന്ന് ബെന്യാമീന്യരെ വീണ്ടും ആക്രമിച്ചു. മനുഷ്യരെയും മൃഗങ്ങളെയും കണ്ണില്‍ കണ്ട സകലത്തെയും വാളിനിരയാക്കി; അവര്‍ കണ്ട എല്ലാ പട്ടണങ്ങളും തീവച്ചു നശിപ്പിച്ചു.
1
“ഞങ്ങളില്‍ ആരും പെണ്‍മക്കളെ ബെന്യാമീന്‍ഗോത്രക്കാര്‍ക്കു വിവാഹംചെയ്തു കൊടുക്കുകയില്ല” എന്ന് ഇസ്രായേല്യര്‍ മിസ്പായില്‍ ഒന്നിച്ചുകൂടി പ്രതിജ്ഞ എടുത്തിരുന്നു.2 അവര്‍ ബേഥേലില്‍ ദൈവസന്നിധിയില്‍ ചെന്നു സന്ധ്യവരെ ഉറക്കെ കരഞ്ഞു.
3 അവര്‍ പറഞ്ഞു: “ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരാ, ഇസ്രായേലില്‍ ഒരു ഗോത്രം ഇല്ലാതാകാന്‍ തക്കവിധം ഇങ്ങനെ സംഭവിച്ചതു എന്ത്?”
4 ജനം അടുത്ത പ്രഭാതത്തില്‍ ഒരു യാഗപീഠം പണിത് അതില്‍ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അര്‍പ്പിച്ചു.
5 “മിസ്പായില്‍ സര്‍വേശ്വരന്‍റെ സന്നിധിയില്‍ വരാത്ത ഏതെങ്കിലും ഗോത്രക്കാരുണ്ടോ” എന്നു ഇസ്രായേല്‍ജനം ചോദിച്ചു. അവിടുത്തെ സന്നിധിയില്‍ വരാത്തവനെ കൊന്നുകളയണമെന്നു മിസ്പായില്‍ വച്ച് അവര്‍ ശപഥം ചെയ്തിരുന്നു.
6 തങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്‍ഗോത്രക്കാരെക്കുറിച്ച് ഇസ്രായേല്യര്‍ക്ക് അനുകമ്പ തോന്നി. “ഇസ്രായേലില്‍ ഒരു ഗോത്രം അറ്റുപോയിരിക്കുന്നു എന്ന്” അവര്‍ പറഞ്ഞു.
7 “ശേഷിച്ചിരിക്കുന്ന ബെന്യാമീന്യര്‍ക്കു ഭാര്യമാരെ ലഭിക്കാന്‍ നാം എന്തു ചെയ്യണം? നമ്മുടെ പുത്രിമാരെ അവര്‍ക്കു ഭാര്യമാരായി കൊടുക്കുകയില്ല എന്നു നാം ശപഥം ചെയ്തിട്ടുണ്ടല്ലോ.”
8 “ഇസ്രായേല്‍ഗോത്രങ്ങളില്‍നിന്നു മിസ്പായില്‍ സര്‍വേശ്വരന്‍റെ സന്നിധിയില്‍ വരാത്ത ഏതെങ്കിലും വിഭാഗമുണ്ടോ എന്നവര്‍ അന്വേഷിച്ചു. ‘ഗിലെയാദിലെ യാബേശില്‍നിന്നു സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ആരും വന്നിട്ടില്ല എന്നു മനസ്സിലായി.
9 ജനത്തെ എണ്ണിത്തിട്ടപ്പെടുത്തിയപ്പോള്‍ ഗിലെയാദിലെ യാബേശ്നിവാസികളില്‍ ആരുംതന്നെ ഉണ്ടായിരുന്നില്ല.
10 അതുകൊണ്ട് ആ സമ്മേളനത്തില്‍ വച്ച് യുദ്ധവീരന്മാരായ പന്തീരായിരം ആളുകളെ അവിടേക്കു നിയോഗിച്ചുകൊണ്ടു കല്പിച്ചു: “സ്‍ത്രീകളും കുട്ടികളുമടക്കം ഗിലെയാദിലെ യാബേശിലുള്ള എല്ലാവരെയും വാളുകൊണ്ടു സംഹരിക്കണം.
11 നിങ്ങള്‍ ഇങ്ങനെയാണു ചെയ്യേണ്ടത്: സകല പുരുഷന്മാരെയും പുരുഷസംഗമം ഉണ്ടായിട്ടുള്ള എല്ലാ സ്‍ത്രീകളെയും നശിപ്പിക്കണം.”
12 അവര്‍ ഗിലെയാദിലെ യാബേശ്നിവാസികളില്‍ പുരുഷനോടൊത്തു ശയിക്കാത്ത നാനൂറു കന്യകമാരെ കണ്ടെത്തി; അവരെ കനാന്‍ദേശത്തു ശീലോവിലെ പാളയത്തില്‍ കൊണ്ടുവന്നു.
13
പിന്നീട് സമൂഹം മുഴുവന്‍ ചേര്‍ന്നു രിമ്മോന്‍ പാറയില്‍ പാര്‍ത്തിരുന്ന ബെന്യാമീന്യരുടെ അടുക്കല്‍ ആളയച്ചു സമാധാനസന്ദേശം അറിയിച്ചു.14 ബെന്യാമീന്‍ഗോത്രക്കാര്‍ മടങ്ങിവന്നു; ഗിലെയാദിലെ യാബേശില്‍നിന്നു കൂട്ടിക്കൊണ്ടുവന്ന കന്യകമാരെ അവര്‍ക്കു ഭാര്യമാരായി നല്‌കി. എങ്കിലും എല്ലാവര്‍ക്കും തികഞ്ഞില്ല;
15 ബെന്യാമീന്യര്‍ക്കും മറ്റ് ഇസ്രായേല്‍ഗോത്രങ്ങള്‍ക്കും ഇടയില്‍ സര്‍വേശ്വരന്‍ ഒരു വിടവുണ്ടാക്കിയതുകൊണ്ട് ഇസ്രായേല്‍ജനം ബെന്യാമീന്യരെ കുറിച്ച് സഹതപിച്ചു.
16
“ശേഷിച്ചവര്‍ക്കുകൂടി ഭാര്യമാരെ ലഭിക്കുന്നതിനു നാം എന്താണു ചെയ്യേണ്ടത്? ബെന്യാമീന്‍ഗോത്രത്തില്‍ ഇനിയും സ്‍ത്രീകളില്ലല്ലോ” എന്നു ജനനേതാക്കന്മാര്‍ പറഞ്ഞു.17 അവര്‍ തുടര്‍ന്നു: “ഇസ്രായേലില്‍നിന്ന് ഒരു ഗോത്രം തുടച്ചുനീക്കപ്പെടാതിരിക്കാന്‍ ബെന്യാമീന്‍ഗോത്രത്തിന്‍റെ നിലനില്പിന് നാം എന്തെങ്കിലും മാര്‍ഗം കണ്ടുപിടിക്കണം.
18 ‘ബെന്യാമീന്‍ഗോത്രക്കാര്‍ക്കു ഭാര്യമാരെ കൊടുക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍’ എന്ന് ഇസ്രായേല്‍ജനം ശപഥം ചെയ്തിട്ടുള്ളതുകൊണ്ട് നമ്മുടെ പുത്രിമാരെ അവര്‍ക്കു നല്‌കുക സാധ്യമല്ല.”
19 അതുകൊണ്ട് അവര്‍ പറഞ്ഞു: “ശിലോവില്‍വച്ച് വര്‍ഷംതോറും നടത്താറുള്ള സര്‍വേശ്വരന്‍റെ ഉത്സവം അടുത്തുവരുന്നല്ലോ.” ബേഥേലിനു വടക്കും ബേഥേലില്‍നിന്നു ശെഖേമിലേക്കു പോകുന്ന പെരുവഴിയുടെ കിഴക്കും ലെബോനയ്‍ക്കു തെക്കും ആയിക്കിടന്നിരുന്ന സ്ഥലമായിരുന്നു ശീലോവ്.
20 അവര്‍ ബെന്യാമീന്യരോടു നിര്‍ദ്ദേശിച്ചു: “നിങ്ങള്‍ മുന്തിരിത്തോട്ടങ്ങളില്‍ പതിയിരിക്കണം;
21 ശീലോവിലെ യുവതികള്‍ ഉത്സവസമയത്തു നൃത്തം ചെയ്യാന്‍ വരുമ്പോള്‍ നിങ്ങള്‍ പുറത്തുവന്ന് ഓരോരുത്തനും ഓരോ സ്‍ത്രീയെ ബലമായി പിടിച്ചു സ്വദേശത്തേക്കു കൊണ്ടുപൊയ്‍ക്കൊള്ളുക.
22 അവരുടെ പിതാക്കന്മാരോ സഹോദരന്മാരോ ഞങ്ങളുടെ അടുക്കല്‍ വന്നു പരാതിപ്പെട്ടാല്‍ ഞങ്ങള്‍ പറയും: അവരോടു ക്ഷമിക്കുക; യുദ്ധത്തില്‍ നാം അവര്‍ക്കോരോരുത്തനും വേണ്ടി സ്‍ത്രീകളെ കൈവശപ്പെടുത്തിയില്ലല്ലോ; നിങ്ങള്‍ അവര്‍ക്ക് ഭാര്യമാരെ കൊടുത്തതുമില്ല; കൊടുത്തിരുന്നെങ്കില്‍ നിങ്ങള്‍ കുറ്റക്കാരാകുമായിരുന്നു.”
23 ബെന്യാമീന്യര്‍ അപ്രകാരംതന്നെ പ്രവര്‍ത്തിച്ചു; തങ്ങളുടെ എണ്ണത്തിനനുസരിച്ചു നൃത്തം ചെയ്യാന്‍ വന്ന യുവതികളില്‍നിന്നു ഭാര്യമാരെ പിടിച്ചുകൊണ്ടുപോയി; തങ്ങളുടെ അവകാശദേശത്തു മടങ്ങിച്ചെന്നു പട്ടണങ്ങള്‍ പുതുക്കിപ്പണിത് അവിടെ പാര്‍ത്തു.
24 ഇസ്രായേല്‍ജനം അവിടെനിന്നു മടങ്ങി; ഓരോരുത്തനും അവനവന്‍റെ ഗോത്രത്തിലേക്കും കുടുംബത്തിലേക്കും മടങ്ങിപ്പോയി അവനവന്‍റെ അവകാശഭൂമിയില്‍ പാര്‍ത്തു.
25
അക്കാലത്ത് ഇസ്രായേലില്‍ രാജാവില്ലായിരുന്നു; ഓരോരുത്തനും യഥേഷ്ടം ജീവിച്ചു.