1
സര്‍വേശ്വരന്‍റെ ദാസനായ മോശയുടെ മരണശേഷം അദ്ദേഹത്തിന്‍റെ ശുശ്രൂഷകനും നൂനിന്‍റെ പുത്രനുമായ യോശുവയോട് അവിടുന്ന് അരുളിച്ചെയ്തു:2 “എന്‍റെ ദാസനായ മോശ മരിച്ചു; നീയും ഇസ്രായേല്‍ജനം മുഴുവനും യോര്‍ദ്ദാന്‍നദി കടന്ന് അവര്‍ക്കു ഞാന്‍ നല്‌കാന്‍ പോകുന്ന ദേശത്തു പ്രവേശിക്കുക.
3 മോശയോടു വാഗ്ദാനം ചെയ്തിരുന്നതുപോലെ നിങ്ങളുടെ കാലടി വയ്‍ക്കുന്ന സ്ഥലമൊക്കെയും ഞാന്‍ നിങ്ങള്‍ക്കു നല്‌കും.
4 നിങ്ങളുടെ ദേശത്തിന്‍റെ അതിരുകള്‍ തെക്ക് മരുഭൂമിയും വടക്ക് ലെബാനോനും കിഴക്ക് മഹാനദിയായ യൂഫ്രട്ടീസ് ഒഴുകുന്ന ഹിത്യരുടെ ദേശവും പടിഞ്ഞാറ് മെഡിറ്ററേനിയന്‍ സമുദ്രവും ആയിരിക്കും.
5 നിന്‍റെ ആയുഷ്കാലമത്രയും ആര്‍ക്കും നിന്നെ തോല്പിക്കാന്‍ കഴിയുകയില്ല. ഞാന്‍ മോശയുടെകൂടെ ഉണ്ടായിരുന്നതുപോലെ നിന്‍റെ കൂടെയും ഇരിക്കും. ഞാന്‍ നിന്നെ വിട്ടുപോകുകയില്ല; ഉപേക്ഷിക്കുകയുമില്ല.
6 ശക്തനും ധീരനുമായിരിക്കുക; ഞാന്‍ ഈ ജനത്തിനു കൊടുക്കുമെന്നു പിതാക്കന്മാരോടു വാഗ്ദത്തം ചെയ്തിരുന്ന ദേശം നീയാണ് അവര്‍ക്കു വിഭജിച്ചു കൊടുക്കേണ്ടത്.
7 നീ ശക്തനും ധീരനുമായി ഇരുന്നാല്‍ മാത്രം മതി; എന്‍റെ ദാസനായ മോശ നിങ്ങള്‍ക്കു നല്‌കിയിട്ടുള്ള കല്പനകള്‍ അനുസരിക്കുന്നതിന് നീ ജാഗ്രത പുലര്‍ത്തണം; അവയില്‍ ഒന്നുപോലും അവഗണിക്കാതെയിരുന്നാല്‍ നീ നിന്‍റെ ഉദ്യമങ്ങളിലെല്ലാം വിജയം വരിക്കും.
8 ധര്‍മശാസ്ത്രഗ്രന്ഥം നിന്‍റെ അധരങ്ങളില്‍ എപ്പോഴും ഉണ്ടായിരിക്കട്ടെ; അതില്‍ രേഖപ്പെടുത്തിയിട്ടുള്ളതെല്ലാം ശ്രദ്ധയോടെ അനുസരിക്കാന്‍ ഉതകുംവിധം രാവും പകലും അതു ധ്യാനിക്കണം. അപ്പോള്‍ നിനക്ക് അഭിവൃദ്ധിയുണ്ടാകുകയും ഏര്‍പ്പെടുന്ന എല്ലാ കാര്യങ്ങളിലും നീ വിജയം വരിക്കുകയും ചെയ്യും.
9 ശക്തനും ധീരനും ആയിരിക്കുക എന്നു ഞാന്‍ കല്പിച്ചിട്ടില്ലേ! ഭയപ്പെടുകയോ അധൈര്യപ്പെടുകയോ അരുത്; നീ പോകുന്നിടത്തെല്ലാം നിന്‍റെ ദൈവമായ സര്‍വേശ്വരന്‍ നിന്‍റെകൂടെ ഉണ്ടായിരിക്കും.”
10
പിന്നീട് യോശുവ ജനനേതാക്കന്മാരോടു കല്പിച്ചു:11 “നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങള്‍ക്ക് നല്‌കുവാന്‍ പോകുന്ന ദേശം കൈവശമാക്കുന്നതിനു മൂന്നു ദിവസത്തിനുള്ളില്‍ നിങ്ങള്‍ യോര്‍ദ്ദാന്‍നദി കടക്കണം. അതിനാല്‍ ആവശ്യമായിരിക്കുന്ന ഭക്ഷണസാധനങ്ങള്‍ ഒരുക്കിക്കൊള്ളുവിന്‍ എന്ന് പാളയത്തില്‍ കടന്നു ജനത്തോടു പറയുക.”
12
രൂബേന്‍, ഗാദ്ഗോത്രക്കാരോടും മനശ്ശെയുടെ അര്‍ധഗോത്രക്കാരോടും യോശുവ പറഞ്ഞു:13 “സ്വസ്ഥമായി വസിക്കാന്‍ ദൈവമായ സര്‍വേശ്വരന്‍ ഈ ദേശം നിങ്ങള്‍ക്കു നല്‌കുമെന്ന് അവിടുത്തെ ദാസനായ മോശ നിങ്ങളോടു പറഞ്ഞിരുന്നത് ഓര്‍ക്കുക.”
14 നിങ്ങളുടെ ഭാര്യമാരും കുട്ടികളും കന്നുകാലികളും യോര്‍ദ്ദാനിക്കരെ മോശ നിങ്ങള്‍ക്കു നല്‌കിയ ദേശത്തുതന്നെ പാര്‍ക്കട്ടെ. എന്നാല്‍ നിങ്ങളില്‍ യുദ്ധം ചെയ്യാന്‍ പ്രാപ്തരായ പുരുഷന്മാര്‍, യുദ്ധസന്നാഹത്തോടെ നിങ്ങളുടെ സഹോദരര്‍ക്കുവേണ്ടി അവരുടെ മുമ്പേ പോകണം.
15 സര്‍വേശ്വരന്‍ അവര്‍ക്കു നല്‌കുന്ന ദേശം കൈവശമാക്കി അവിടെ അവര്‍ക്കു സ്വസ്ഥത ലഭിക്കുന്നതുവരെ നിങ്ങള്‍ അവരെ സഹായിക്കണം. അതിനുശേഷം അവിടുത്തെ ദാസനായ മോശ യോര്‍ദ്ദാനു കിഴക്കു നിങ്ങള്‍ക്ക് അവകാശമായി നല്‌കിയിട്ടുള്ള ദേശത്തു മടങ്ങിവന്ന് അതു കൈവശമാക്കി വസിച്ചുകൊള്ളുവിന്‍.”
16 അവര്‍ യോശുവയോടു പറഞ്ഞു: “അങ്ങു കല്പിക്കുന്നതെല്ലാം ഞങ്ങള്‍ ചെയ്യാം; അങ്ങ് അയയ്‍ക്കുന്നിടത്തെല്ലാം ഞങ്ങള്‍ പോകാം;
17 മോശയെ ഞങ്ങള്‍ അനുസരിച്ചതുപോലെ അങ്ങയെയും ഞങ്ങള്‍ അനുസരിക്കാം.
18 അങ്ങയുടെ ദൈവമായ സര്‍വേശ്വരന്‍ മോശയുടെ കൂടെ ഉണ്ടായിരുന്നതുപോലെ അങ്ങയുടെ കൂടെയും ഉണ്ടായിരിക്കട്ടെ. അങ്ങയുടെ അധികാരത്തെ ചോദ്യം ചെയ്യുകയോ, അങ്ങു നല്‌കുന്ന കല്പനകള്‍ പാലിക്കാതിരിക്കുകയോ ചെയ്യുന്നവന്‍ മരിക്കണം; അങ്ങു ശക്തനും ധീരനും ആയിരുന്നാലും.”
1
നൂനിന്‍റെ മകനായ യോശുവ, കനാന്‍ ദേശത്തും യെരീഹോപട്ടണത്തിലും രഹസ്യനിരീക്ഷണം നടത്താന്‍ ശിത്തീമില്‍നിന്നു രണ്ടു പേരെ അയച്ചു. അവര്‍ യെരീഹോപട്ടണത്തില്‍ രാഹാബ് എന്നു പേരുള്ള ഒരു വേശ്യയുടെ ഗൃഹത്തില്‍ രാത്രി കഴിച്ചു.2 രഹസ്യനിരീക്ഷണത്തിനു രാത്രിയില്‍ ചില ഇസ്രായേല്യര്‍ എത്തിയിട്ടുള്ള വിവരം യെരീഹോരാജാവ് അറിഞ്ഞു.
3 “നിന്‍റെ വീട്ടില്‍ വന്നിരിക്കുന്ന ആളുകളെ പുറത്തു കൊണ്ടുവരിക; അവര്‍ ദേശം ഒറ്റുനോക്കാന്‍ വന്നവരാണ്” എന്നു യെരീഹോവിലെ രാജാവ് രാഹാബിന്‍റെ അടുക്കല്‍ ആളയച്ചു പറയിച്ചു.
4 രാഹാബ് അവരെ ഒളിപ്പിച്ചശേഷം ഇങ്ങനെ പറഞ്ഞു: “അവര്‍ എന്‍റെ അടുക്കല്‍ വന്നിരുന്നു; എന്നാല്‍ അവര്‍ എവിടെനിന്നു വന്നുവെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല.
5 രാത്രിയില്‍ പട്ടണവാതില്‍ അടയ്‍ക്കുന്നതിനു മുമ്പായി അവര്‍ പോയി. എവിടേക്കാണ് പോയതെന്ന് എനിക്കറിഞ്ഞുകൂടാ; നിങ്ങള്‍ വേഗം പിന്തുടര്‍ന്നാല്‍ അവരെ പിടികൂടാം.
6 അവള്‍ അവരെ വീടിന്‍റെ മട്ടുപ്പാവില്‍ അടുക്കിവച്ചിരുന്ന ചണത്തണ്ടുകളുടെ ഇടയില്‍ ഒളിപ്പിച്ചു.
7 രാജാവ് അയച്ച ആളുകള്‍ യോര്‍ദ്ദാന്‍ കടവുവരെ അവരെ അന്വേഷിച്ചു; അവര്‍ പട്ടണത്തിന്‍റെ പുറത്തു കടന്നപ്പോള്‍തന്നെ പട്ടണവാതില്‍ അടച്ചു.
8 ചാരന്മാര്‍ ഉറങ്ങാന്‍ പോകുന്നതിനു മുമ്പുതന്നെ രാഹാബ് അവരുടെ അടുക്കല്‍ കയറിച്ചെന്നു പറഞ്ഞു:
9 “സര്‍വേശ്വരന്‍ ഈ ദേശം നിങ്ങള്‍ക്കു നല്‌കിയിരിക്കുന്നു എന്ന് എനിക്കറിയാം. നിങ്ങളെക്കുറിച്ചുള്ള ഭീതി നാടെങ്ങും ബാധിച്ചിരിക്കുന്നു; നിങ്ങള്‍ നിമിത്തം ഈ ദേശവാസികളെല്ലാം ഭയന്നു വിറയ്‍ക്കുന്നു.
10 നിങ്ങള്‍ ഈജിപ്തില്‍നിന്നു പുറപ്പെട്ടുപോരുമ്പോള്‍ സര്‍വേശ്വരന്‍ നിങ്ങള്‍ക്കുവേണ്ടി ചെങ്കടല്‍ വറ്റിച്ചതും യോര്‍ദ്ദാനക്കരെയുള്ള അമോര്യരാജാക്കന്മാരായ സീഹോനെയും ഓഗിനെയും നിശ്ശേഷം നശിപ്പിച്ചതും ഞങ്ങള്‍ കേട്ടിട്ടുണ്ട്.
11 ഇതു കേട്ടപ്പോള്‍തന്നെ ഞങ്ങള്‍ പരിഭ്രാന്തരായി. നിങ്ങളുടെ വരവിനെപ്പറ്റി അറിഞ്ഞപ്പോള്‍ ഞങ്ങളുടെ ധൈര്യം നശിച്ചു; നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ തന്നെയാണ് ആകാശത്തിലും ഭൂമിയിലും ദൈവം.
12 അതുകൊണ്ട് ഞാന്‍ നിങ്ങളോടു കരുണ കാട്ടിയതുപോലെ നിങ്ങളും എന്‍റെ പിതൃഭവനത്തോടു കരുണ കാണിക്കുമെന്നു സര്‍വേശ്വരന്‍റെ നാമത്തില്‍ എന്നോടു സത്യം ചെയ്യുകയും വ്യക്തമായ എന്തെങ്കിലും അടയാളം നല്‌കുകയും വേണം.
13 കൂടാതെ എന്‍റെ മാതാപിതാക്കളെയും സഹോദരീസഹോദരന്മാരെയും അവര്‍ക്കുള്ള സകലത്തെയും നശിപ്പിക്കാതെ ജീവനോടെ കാത്തുസൂക്ഷിക്കുമെന്ന് ഉറപ്പും നല്‌കണം.”
14 അവര്‍ അവളോടു പറഞ്ഞു: “നിങ്ങളുടെ ജീവന്‍ ഞങ്ങളുടെ ജീവനു പകരമായിരിക്കട്ടെ. ഞങ്ങള്‍ ചെയ്യുന്ന കാര്യം മറ്റുള്ളവരെ അറിയിക്കാതെ ഇരുന്നാല്‍ സര്‍വേശ്വരന്‍ ഈ ദേശം ഞങ്ങള്‍ക്കു നല്‌കുമ്പോള്‍ ഞങ്ങള്‍ നിന്നോടു വിശ്വസ്തതയും കരുണയും ഉള്ളവരായിരിക്കും.”
15 കോട്ടയോടു ചേര്‍ത്തു പണിതിരുന്ന ഒരു ഭവനത്തിലാണ് അവള്‍ പാര്‍ത്തിരുന്നത്. അവള്‍ അവരെ ജനാലയിലൂടെ കയറുവഴി താഴെ ഇറക്കിവിട്ടു.
16 അവള്‍ അവരോടു പറഞ്ഞു: “അന്വേഷിച്ചുപോയവര്‍ നിങ്ങളെ കണ്ടുപിടിക്കാതിരിക്കാന്‍ അവര്‍ മടങ്ങിപ്പോകുന്നതുവരെ മൂന്നു ദിവസം മലയില്‍ കയറി ഒളിച്ചിരിക്കുക; അതിനുശേഷം നിങ്ങളുടെ വഴിക്കു പോകാം.”
17 അവര്‍ അവളോടു പറഞ്ഞു: “നീ ചെയ്യിച്ച പ്രതിജ്ഞ ഞങ്ങള്‍ പാലിക്കും.
18 ഞങ്ങള്‍ ഈ ദേശത്ത് വീണ്ടും പ്രവേശിക്കുമ്പോള്‍ ഞങ്ങളെ ഇറക്കിവിട്ട ജനാലയില്‍ ഈ ചുവപ്പുചരടു കെട്ടുക; മാതാപിതാക്കളെയും സഹോദരരെയും കുടുംബാംഗങ്ങളെയും നിന്‍റെ ഭവനത്തില്‍ ഒരുമിച്ചു കൂട്ടണം.
19 ആരെങ്കിലും ഭവനത്തിനു പുറത്തുപോയാല്‍ അവന്‍റെ മരണത്തിന് ഉത്തരവാദി അവന്‍തന്നെ ആയിരിക്കും. അതിനു ഞങ്ങള്‍ കുറ്റക്കാരായിരിക്കയില്ല; എന്നാല്‍ നിന്‍റെകൂടെ ഭവനത്തിനുള്ളില്‍ ഇരിക്കുന്ന ആരെങ്കിലും വധിക്കപ്പെട്ടാല്‍ അതിനുത്തരവാദി ഞങ്ങളായിരിക്കും.
20 ഞങ്ങളുടെ പ്രവൃത്തി മറ്റാരെയെങ്കിലും അറിയിച്ചാല്‍ നീ ചെയ്യിച്ച പ്രതിജ്ഞയില്‍നിന്നു ഞങ്ങള്‍ വിമുക്തരായിരിക്കും.”
21 “അങ്ങനെതന്നെ ആകട്ടെ” എന്നു പറഞ്ഞ് അവള്‍ അവരെ യാത്ര അയച്ചു. അവര്‍ പോയപ്പോള്‍ അവള്‍ ആ ചുവപ്പുചരട് ജനാലയില്‍ കെട്ടിവച്ചു.
22 അവര്‍ മലയില്‍ കയറി മൂന്നു ദിവസം ഒളിച്ചിരുന്നു; രാജാവ് അയച്ച ആളുകള്‍ ആ പ്രദേശമെല്ലാം അന്വേഷിച്ചുവെങ്കിലും അവരെ കാണാതെ മടങ്ങിപ്പോയി.
23 അപ്പോള്‍ ചാരന്മാര്‍ രണ്ടു പേരും മലയില്‍നിന്ന് ഇറങ്ങി, യോര്‍ദ്ദാന്‍നദി കടന്ന് നൂനിന്‍റെ പുത്രനായ യോശുവയുടെ അടുക്കല്‍ എത്തി, സംഭവിച്ചതെല്ലാം അറിയിച്ചു.
24 “ആ ദേശമൊക്കെയും സര്‍വേശ്വരന്‍ നമുക്ക് നല്‌കിയിരിക്കയാല്‍ നാം നിമിത്തം അവിടെയുള്ള ജനമെല്ലാം ഭയചകിതരായിരിക്കുന്നു.”
1
യോശുവ അതിരാവിലെ എഴുന്നേറ്റ് ഇസ്രായേല്‍ജനത്തോടൊത്ത് ശിത്തീമില്‍നിന്നു പുറപ്പെട്ടു യോര്‍ദ്ദാന്‍നദിയുടെ തീരത്ത് എത്തി. അവര്‍ മറുകര കടക്കുന്നതിനു മുന്‍പ് അവിടെ പാളയമടിച്ചു.2 മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ നേതാക്കന്മാര്‍ പാളയത്തില്‍ കടന്നുചെന്നു ജനത്തോടു പറഞ്ഞു:
3 “നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ ഉടമ്പടിപ്പെട്ടകം വഹിച്ചുകൊണ്ട് പുരോഹിതന്മാര്‍ പുറപ്പെടുന്നതു കാണുമ്പോള്‍ നിങ്ങള്‍ പാളയം വിട്ട് അവരെ അനുഗമിക്കുക;
4 അവര്‍ നിങ്ങള്‍ക്കു മാര്‍ഗദര്‍ശികളായിരിക്കും. നിങ്ങള്‍ ആ വഴിയില്‍ക്കൂടി ഇതിനുമുന്‍പ് പോയിട്ടില്ലല്ലോ; എന്നാല്‍ പെട്ടകത്തില്‍നിന്ന് ഏകദേശം രണ്ടായിരം മുഴം അകന്നേ നടക്കാവൂ; അതിനെ സമീപിക്കരുത്.”
5 പിന്നീട് യോശുവ ജനത്തോടു പറഞ്ഞു: “നിങ്ങളെത്തന്നെ ശുദ്ധീകരിക്കുവിന്‍; സര്‍വേശ്വരന്‍ നാളെ നിങ്ങളുടെ ഇടയില്‍ ഒരു അദ്ഭുതം പ്രവര്‍ത്തിക്കും.”
6 യോശുവ പുരോഹിതന്മാരോടു പറഞ്ഞു: “ഉടമ്പടിപ്പെട്ടകം എടുത്ത് ജനത്തിന്‍റെ മുമ്പേ നടക്കുക.” അദ്ദേഹം പറഞ്ഞതുപോലെ അവര്‍ ചെയ്തു.
7 സര്‍വേശ്വരന്‍ യോശുവയോട് അരുളിച്ചെയ്തു: “ഇന്നുമുതല്‍ ഞാന്‍ നിന്നെ ജനത്തിന്‍റെ ദൃഷ്‍ടിയില്‍ വലിയവനാക്കും. ഞാന്‍ മോശയുടെ കൂടെ ഉണ്ടായിരുന്നതുപോലെ നിന്‍റെ കൂടെയും ഉണ്ട് എന്ന് ഇസ്രായേല്‍ജനം അറിയട്ടെ.
8 ഉടമ്പടിപ്പെട്ടകം വഹിക്കുന്ന പുരോഹിതന്മാര്‍ നദീതീരത്ത് എത്തുമ്പോള്‍ നദിയില്‍ ഇറങ്ങി നില്‌ക്കാന്‍ അവരോട് കല്പിക്കണം.”
9
യോശുവ ഇസ്രായേല്‍ജനത്തോടു പറഞ്ഞു: “നിങ്ങള്‍ അടുത്തുവന്നു നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ വചനം കേള്‍ക്കുവിന്‍.10 നിങ്ങളുടെ മുമ്പില്‍നിന്നു കനാന്യര്‍, ഹിത്യര്‍, ഹിവ്യര്‍, പെരിസ്യര്‍, ഗിര്‍ഗ്ഗശ്യര്‍, അമോര്യര്‍, യെബൂസ്യര്‍ എന്നിവരെ ഓടിച്ചുകളയുമ്പോള്‍ ജീവിക്കുന്ന ദൈവം നിങ്ങളുടെ ഇടയിലുണ്ടെന്നു നിങ്ങള്‍ അറിയും.
11 സര്‍വലോകത്തിന്‍റെയും നാഥനായ സര്‍വേശ്വരന്‍റെ ഉടമ്പടിപ്പെട്ടകം നിങ്ങള്‍ക്കുമുമ്പേ യോര്‍ദ്ദാനിലേക്കു പോകും.
12 ഓരോ ഗോത്രത്തില്‍നിന്നും ഒരാളെവീതം പന്ത്രണ്ടു പേരെ ഇസ്രായേല്‍ ഗോത്രങ്ങളില്‍നിന്നു തിരഞ്ഞെടുക്കുക.
13 സര്‍വഭൂമിയുടെയും നാഥനായ സര്‍വേശ്വരന്‍റെ പെട്ടകം ചുമക്കുന്ന പുരോഹിതന്മാരുടെ ഉള്ളങ്കാല്‍ യോര്‍ദ്ദാനിലെ വെള്ളത്തില്‍ പതിക്കുമ്പോള്‍തന്നെ ഒഴുക്കു നിലയ്‍ക്കുകയും ഒഴുകിവരുന്ന ജലം ചിറപോലെ കെട്ടിനില്‌ക്കുകയും ചെയ്യും.”
14 യോര്‍ദ്ദാന്‍നദി കടക്കുന്നതിനു ജനം കൂടാരങ്ങളില്‍നിന്നു പുറപ്പെട്ടപ്പോള്‍ ഉടമ്പടിപ്പെട്ടകം ചുമക്കുന്ന പുരോഹിതന്മാര്‍ അവര്‍ക്കു മുമ്പേ നടന്നു.
15 കൊയ്ത്തുകാലമത്രയും യോര്‍ദ്ദാന്‍റെ തീരമെല്ലാം കരകവിഞ്ഞൊഴുകുമായിരുന്നു. പെട്ടകം വഹിച്ചിരുന്ന പുരോഹിതന്മാരുടെ പാദങ്ങള്‍ കരകവിഞ്ഞ നദീജലത്തില്‍ മുങ്ങിയപ്പോള്‍ ജലപ്രവാഹം നിലച്ചു;
16 അങ്ങനെ അതിവിദൂരത്തില്‍ സാരെഥാനു സമീപമുള്ള ആദാംനഗരത്തിനരികില്‍വരെ ജലനിരപ്പ് ഉയര്‍ന്നു. അരാബായിലെ കടലിലേക്ക്-ചാവ് കടലിലേക്ക് ഒഴുകിയിരുന്ന ജലം വാര്‍ന്നുപോയി. ജനം യെരീഹോവിനെ ലക്ഷ്യമാക്കി മറുകര കടന്നു.
17 ഇസ്രായേല്‍ജനമെല്ലാം വരണ്ടനിലത്തുകൂടി നടന്നു മറുകര എത്തുവോളം സര്‍വേശ്വരന്‍റെ ഉടമ്പടിപ്പെട്ടകം വഹിച്ചിരുന്ന പുരോഹിതന്മാര്‍ യോര്‍ദ്ദാന്‍റെ മധ്യത്തില്‍ ഉണങ്ങിയ നിലത്തുതന്നെ നിന്നു.
1
ജനം യോര്‍ദ്ദാന്‍നദി കടന്നപ്പോള്‍ സര്‍വേശ്വരന്‍ യോശുവയോടു പറഞ്ഞു:2 “ഓരോ ഗോത്രത്തില്‍നിന്നു ഒരാളെവീതം പന്ത്രണ്ടു പേരെ തിരഞ്ഞെടുത്തതിനുശേഷം,
3 യോര്‍ദ്ദാന്‍റെ മധ്യത്തില്‍ പുരോഹിതന്മാരുടെ പാദങ്ങള്‍ ഉറപ്പിച്ചിരുന്ന സ്ഥലത്തുനിന്നുതന്നെ പന്ത്രണ്ടു കല്ലുകള്‍ എടുത്ത് നിങ്ങള്‍ ഇന്നു രാത്രി പാര്‍ക്കുന്നിടത്തു സ്ഥാപിക്കുക” എന്നു പറയണം.
4 ഇസ്രായേലിലെ ഓരോ ഗോത്രത്തില്‍നിന്നും തിരഞ്ഞെടുത്ത പന്ത്രണ്ടു പേരെയും
5 യോശുവ വിളിച്ച് അവരോടു പറഞ്ഞു: “യോര്‍ദ്ദാന്‍റെ മധ്യത്തില്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ പെട്ടകത്തിന്‍റെ മുമ്പില്‍ ചെന്ന് ഓരോ ഇസ്രായേല്‍ഗോത്രത്തിനു വേണ്ടിയും ഓരോ കല്ലുവീതം നിങ്ങള്‍ ചുമലില്‍ എടുത്തുകൊണ്ടുവരണം.
6 ഈ കല്ലുകളുടെ അര്‍ഥമെന്താണെന്നു വരുംകാലത്ത് നിങ്ങളുടെ മക്കള്‍ ചോദിക്കുമ്പോള്‍
7 സര്‍വേശ്വരന്‍റെ ഉടമ്പടിപ്പെട്ടകം യോര്‍ദ്ദാനിലൂടെ കടത്തിക്കൊണ്ടു പോയപ്പോള്‍ വെള്ളം വേര്‍പിരിഞ്ഞ് നിശ്ചലമായ സംഭവം അവരോടു പറയുക. അങ്ങനെ ഈ കല്ലുകള്‍ ഇസ്രായേല്യര്‍ക്ക് എന്നേക്കും ഒരു സ്മാരകമായിരിക്കും.”
8 യോശുവ കല്പിച്ചതുപോലെ ഇസ്രായേല്‍ജനം ചെയ്തു; സര്‍വേശ്വരന്‍ യോശുവയോടു കല്പിച്ചതുപോലെ ഓരോ ഗോത്രത്തിനും ഓരോ കല്ലു വീതം പന്ത്രണ്ടു കല്ലുകള്‍ യോര്‍ദ്ദാന്‍നദിയുടെ മധ്യത്തില്‍ നിന്നെടുത്ത് അവരുടെ പാളയത്തില്‍ കൊണ്ടുപോയി വച്ചു.
9 യോര്‍ദ്ദാന്‍റെ നടുവില്‍ ഉടമ്പടിപ്പെട്ടകം ചുമന്നിരുന്ന പുരോഹിതന്മാരുടെ പാദങ്ങള്‍ ഉറപ്പിച്ചിരുന്ന സ്ഥലത്തും യോശുവ പന്ത്രണ്ടു കല്ലുകള്‍ നാട്ടി; ഈ കല്ലുകള്‍ ഇപ്പോഴും അവിടെയുണ്ട്.
10 സര്‍വേശ്വരന്‍ യോശുവയോട് കല്പിച്ചിരുന്നതെല്ലാം ജനം ചെയ്തുതീരുന്നതുവരെ പെട്ടകം വഹിച്ചുകൊണ്ടു പുരോഹിതന്മാര്‍ യോര്‍ദ്ദാന്‍റെ മധ്യത്തില്‍തന്നെ നിന്നു. മോശ കല്പിച്ചിരുന്നതും അതായിരുന്നുവല്ലോ.
11
ജനം അതിവേഗം നദി കടന്നു. അവരെല്ലാവരും മറുകര എത്തിയപ്പോള്‍ സര്‍വേശ്വരന്‍റെ പെട്ടകം വഹിച്ചിരുന്ന പുരോഹിതന്മാരും അവരുടെ മുമ്പില്‍ എത്തി.12 മോശ കല്പിച്ചതുപോലെ രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പകുതി ഗോത്രക്കാരും യുദ്ധസന്നദ്ധരായി ജനത്തിനു മുമ്പേ നടന്നു.
13 സര്‍വേശ്വരന്‍റെ സാന്നിധ്യത്തില്‍ ഏകദേശം നാല്പതിനായിരം പേര്‍ യുദ്ധസന്നദ്ധരായി യെരീഹോ സമതലത്തില്‍ പ്രവേശിച്ചു.
14 അന്ന് ഇസ്രായേല്‍ജനമെല്ലാം യോശുവയെ ഒരു വലിയ മനുഷ്യനായി കരുതുന്നതിനു സര്‍വേശ്വരന്‍ ഇടയാക്കി.
15 മോശയെ ബഹുമാനിച്ചതുപോലെ യോശുവയെയും അദ്ദേഹത്തിന്‍റെ ആയുഷ്കാലം മുഴുവന്‍ അവര്‍ ആദരിച്ചു.
16
“ഉടമ്പടിപ്പെട്ടകം വഹിച്ചിരുന്ന പുരോഹിതന്മാര്‍ ‘യോര്‍ദ്ദാനില്‍നിന്ന് കയറിവരാന്‍’ കല്പിക്കുക” എന്ന് സര്‍വേശ്വരന്‍ യോശുവയോട് അരുളിച്ചെയ്തു.17 യോര്‍ദ്ദാനില്‍നിന്ന് കയറിവരാന്‍ യോശുവ പുരോഹിതന്മാരോടു കല്പിച്ചു.
18 സര്‍വേശ്വരന്‍റെ ഉടമ്പടിപ്പെട്ടകം വഹിച്ചിരുന്ന പുരോഹിതന്മാര്‍ യോര്‍ദ്ദാനില്‍നിന്നു കയറി; അവരുടെ പാദങ്ങള്‍ ഉണങ്ങിയ നിലത്തു സ്പര്‍ശിച്ചപ്പോള്‍ യോര്‍ദ്ദാനിലെ വെള്ളം മുമ്പത്തെപ്പോലെ കരകവിഞ്ഞൊഴുകി.
19 ഒന്നാം മാസം പത്താം ദിവസം ജനം യോര്‍ദ്ദാന്‍നദി കടന്ന് യെരീഹോവിനു കിഴക്കേ അതിര്‍ത്തിയിലുള്ള ഗില്ഗാലില്‍ പാളയമടിച്ചു.
20 യോര്‍ദ്ദാനില്‍നിന്ന് എടുത്ത പന്ത്രണ്ടു കല്ലുകള്‍ യോശുവ ഗില്ഗാലില്‍ സ്ഥാപിച്ചു.
21 അദ്ദേഹം ഇസ്രായേല്‍ജനത്തോടു പറഞ്ഞു: “ഈ കല്ലുകളുടെ അര്‍ഥമെന്തെന്നു വരുംകാലത്തു നിങ്ങളുടെ മക്കള്‍ ചോദിക്കുമ്പോള്‍,
22 ഇസ്രായേല്യര്‍ യോര്‍ദ്ദാന്‍ കടന്നത് വരണ്ട നിലത്തുകൂടി ആയിരുന്നു എന്നും ചെങ്കടല്‍ വറ്റിച്ചു കളഞ്ഞതുപോലെ
23 ഞങ്ങള്‍ നദി കടന്ന് കഴിയുന്നതുവരെ നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ യോര്‍ദ്ദാനിലെ വെള്ളം വറ്റിച്ചുകളഞ്ഞു എന്നും പറയണം.
24 “അങ്ങനെ ദൈവമായ സര്‍വേശ്വരനെ നിങ്ങള്‍ എന്നും ഭയപ്പെടുകയും ഭൂമിയിലുള്ള സകല മനുഷ്യരും അവിടുത്തെ കരങ്ങള്‍ ശക്തമെന്ന് അറിയുകയും ചെയ്യട്ടെ.
1
ഇസ്രായേല്‍ജനം കടന്നുപോകാന്‍ യോര്‍ദ്ദാന്‍നദിയിലെ വെള്ളം സര്‍വേശ്വരന്‍ വറ്റിച്ചുകളഞ്ഞ വിവരം യോര്‍ദ്ദാനു പടിഞ്ഞാറുള്ള അമോര്യരാജാക്കന്മാരും സമുദ്രതീരത്തുള്ള കനാന്യരാജാക്കന്മാരും കേട്ടപ്പോള്‍ അവര്‍ വല്ലാതെ പരിഭ്രമിച്ചു. ഇസ്രായേല്യര്‍ നിമിത്തം അവരുടെ ധൈര്യം ക്ഷയിച്ചു.2
“കല്‌ക്കത്തിയുണ്ടാക്കി ഇസ്രായേല്‍ജനത്തെ വീണ്ടും പരിച്ഛേദനം ചെയ്യണം” എന്ന് സര്‍വേശ്വരന്‍ യോശുവയോട് കല്പിച്ചു.3 അതനുസരിച്ചു യോശുവ കല്‌ക്കത്തിയുണ്ടാക്കി ഗിബയാത്ത് ഹാര്‍ലോത്തില്‍ ഇസ്രായേല്‍ജനത്തെ പരിച്ഛേദനം നടത്തി.
4 യോശുവ അങ്ങനെ ചെയ്തതിനു കാരണം ഇതായിരുന്നു: ഈജിപ്തില്‍നിന്നു പുറപ്പെട്ടശേഷം യോദ്ധാക്കള്‍ ഉള്‍പ്പെടെ പുരുഷന്മാരെല്ലാവരും മരിച്ചുപോയിരുന്നു.
5 യാത്ര പുറപ്പെട്ടപ്പോള്‍ അവരുടെ കൂടെ ഉണ്ടായിരുന്ന പുരുഷസന്താനങ്ങളെല്ലാം പരിച്ഛേദനം ഏറ്റവരായിരുന്നു. എന്നാല്‍ ഈജിപ്തില്‍നിന്നുള്ള യാത്രാമധ്യേ മരുഭൂമിയില്‍വച്ചു ജനിച്ചവരാരും പരിച്ഛേദനം ഏറ്റിരുന്നില്ല.
6 സര്‍വേശ്വരന്‍റെ വാക്ക് അനുസരിക്കാതിരുന്നതുകൊണ്ട് ഈജിപ്തില്‍നിന്നു പുറപ്പെട്ടവരില്‍ യോദ്ധാക്കളായ പുരുഷന്മാരെല്ലാം മരിച്ചൊടുങ്ങുന്നതുവരെ ഇസ്രായേല്‍ജനം നാല്പതു വര്‍ഷക്കാലം മരുഭൂമിയില്‍ സഞ്ചരിക്കേണ്ടിവന്നു. അവരുടെ പിതാക്കന്മാരോടു വാഗ്ദാനം ചെയ്തിരുന്നതും പാലും തേനും ഒഴുകുന്നതുമായ ദേശം കാണാന്‍ അവര്‍ക്ക് ഇടയാകുകയില്ലെന്നു സര്‍വേശ്വരന്‍ പ്രതിജ്ഞ ചെയ്തിരുന്നു.
7 അവര്‍ക്കു പകരം അവരുടെ പുത്രന്മാരെ സര്‍വേശ്വരന്‍ ഉയര്‍ത്തി; അവരെയായിരുന്നു യോശുവ പരിച്ഛേദനം ചെയ്തത്. യാത്രാമധ്യേ അവരുടെ പരിച്ഛേദനം നടന്നിരുന്നില്ല.
8 പരിച്ഛേദനം കഴിഞ്ഞ് എല്ലാവരും സൗഖ്യം പ്രാപിക്കുന്നതുവരെ പാളയത്തില്‍തന്നെ പാര്‍ത്തു.
9 സര്‍വേശ്വരന്‍ യോശുവയോട് അരുളിച്ചെയ്തു: “ഈജിപ്തില്‍ അടിമകളായിരുന്നതിന്‍റെ അപമാനം ഇന്നു ഞാന്‍ നിങ്ങളില്‍നിന്നു നീക്കിയിരിക്കുന്നു; അതുകൊണ്ട് ആ സ്ഥലം ‘ഗില്ഗാല്‍’ എന്ന പേരില്‍ ഇന്നും അറിയപ്പെടുന്നു.”
10
ഇസ്രായേല്‍ജനം യെരീഹോ സമതലത്തിലെ ഗില്ഗാലില്‍ പാളയമടിച്ചു. ആ മാസം പതിനാലാം ദിവസം വൈകുന്നേരം അവിടെവച്ച് പെസഹ ആചരിച്ചു.11 ആ പ്രദേശത്തു വിളഞ്ഞ ധാന്യംകൊണ്ടുണ്ടാക്കിയ പുളിപ്പില്ലാത്ത അപ്പവും വറുത്ത കോതമ്പും അവര്‍ പിറ്റേദിവസം ഭക്ഷിച്ചു.
12 അന്നു മുതല്‍ മന്ന വര്‍ഷിക്കാതെയായി. അതിനുശേഷം ഇസ്രായേല്യര്‍ക്ക് മന്ന ലഭിച്ചില്ല; ആ വര്‍ഷംമുതല്‍ കനാന്‍ദേശത്തെ ഫലം അവര്‍ ഭക്ഷിച്ചു.
13
യോശുവ യെരീഹോവിനു സമീപത്തു വച്ച് ഊരിയ വാളുമായി നില്‌ക്കുന്ന ഒരാളിനെ കണ്ടു; യോശുവ അയാളെ സമീപിച്ചു ചോദിച്ചു: “നീ ഞങ്ങളുടെ പക്ഷത്തുള്ളവനോ അതോ ശത്രുപക്ഷത്തുള്ളവനോ?”14 “രണ്ടുമല്ല; സര്‍വേശ്വരന്‍റെ സേനാനായകനായി ഞാന്‍ ഇപ്പോള്‍ വന്നിരിക്കുന്നു” എന്നയാള്‍ മറുപടി നല്‌കി. യോശുവ സാഷ്ടാംഗപ്രണാമം ചെയ്തതിനുശേഷം ചോദിച്ചു: “ഈ ദാസനോട് അവിടുത്തേക്ക് എന്താണ് കല്പിക്കാനുള്ളത്?”
15 സര്‍വേശ്വരന്‍റെ സേനാനായകന്‍ യോശുവയോടു പറഞ്ഞു: “നിന്‍റെ കാലിലെ ചെരുപ്പ് അഴിച്ചുകളക; വിശുദ്ധസ്ഥലത്താണ് നീ നില്‌ക്കുന്നത്.” യോശുവ അങ്ങനെ ചെയ്തു.
1
ഇസ്രായേല്‍ജനം പ്രവേശിക്കാതിരിക്കത്തക്കവിധം യെരീഹോവിന്‍റെ വാതില്‍ അടച്ചു ഭദ്രമാക്കിയിരുന്നു. ഉള്ളില്‍ കയറാനോ പുറത്തു പോകാനോ ആര്‍ക്കും സാധ്യമായിരുന്നില്ല.2 സര്‍വേശ്വരന്‍ യോശുവയോടു പറഞ്ഞു: “യെരീഹോപട്ടണത്തെ അതിന്‍റെ രാജാവിനോടും യുദ്ധവീരന്മാരോടും കൂടി ഞാന്‍ നിന്നെ ഏല്പിച്ചിരിക്കുന്നു.
3 നിങ്ങളുടെ യോദ്ധാക്കള്‍ ദിവസം ഒരു പ്രാവശ്യം വീതം ആറു ദിവസം പട്ടണത്തെ പ്രദക്ഷിണം ചെയ്യണം.
4 ആട്ടിന്‍കൊമ്പുകൊണ്ടുള്ള കാഹളം കൈയില്‍ ഏന്തിയ ഏഴു പുരോഹിതന്മാര്‍ ഉടമ്പടിപ്പെട്ടകത്തിന്‍റെ മുമ്പേ നടക്കണം. ഏഴാം ദിവസം കാഹളം ഊതുന്ന പുരോഹിതന്മാരോടൊപ്പം ഏഴു പ്രാവശ്യം നിങ്ങള്‍ പട്ടണത്തെ പ്രദക്ഷിണം ചെയ്യണം.
5 അവര്‍ കാഹളം നീട്ടി ഊതുന്നതു കേള്‍ക്കുമ്പോള്‍ ജനമെല്ലാം ഉച്ചത്തില്‍ ആര്‍പ്പിടണം. അപ്പോള്‍ പട്ടണമതില്‍ തകര്‍ന്നുവീഴും; തുടര്‍ന്നു സൈന്യം പട്ടണത്തില്‍ പ്രവേശിക്കണം.”
6 നൂനിന്‍റെ പുത്രനായ യോശുവ പുരോഹിതന്മാരെ വിളിച്ചു പറഞ്ഞു: “ഉടമ്പടിപ്പെട്ടകം എടുക്കുവിന്‍; ആട്ടിന്‍കൊമ്പുകൊണ്ടുള്ള കാഹളങ്ങള്‍ കൈയില്‍ ഏന്തി ഏഴു പുരോഹിതന്മാര്‍ സര്‍വേശ്വരന്‍റെ പെട്ടകത്തിനു മുമ്പില്‍ നില്‌ക്കട്ടെ.”
7 അതിനുശേഷം ജനത്തോടു പറഞ്ഞു: “മുന്നോട്ടു നീങ്ങുവിന്‍; നിങ്ങള്‍ പട്ടണത്തെ പ്രദക്ഷിണം ചെയ്യുക; ആയുധധാരികള്‍ പെട്ടകത്തിനുമുമ്പേ നടക്കട്ടെ.”
8 യോശുവ ജനത്തോടു കല്പിച്ചതുപോലെ കാഹളങ്ങള്‍ കൈയില്‍ എടുത്തിരുന്ന ഏഴു പുരോഹിതന്മാര്‍ അവിടുത്തെ പെട്ടകത്തിന്‍റെ മുമ്പില്‍ കാഹളം ഊതിക്കൊണ്ടു നടന്നു. സര്‍വേശ്വരന്‍റെ ഉടമ്പടിപ്പെട്ടകം അവര്‍ക്കു പിന്നാലെ ഉണ്ടായിരുന്നു.
9 ആയുധധാരികളില്‍ ചിലര്‍ കാഹളം ഊതുന്ന പുരോഹിതന്മാരുടെ മുമ്പിലും ശേഷമുള്ളവര്‍ പെട്ടകത്തിനു പിമ്പിലും നടന്നു. ഈ സമയമെല്ലാം കാഹളധ്വനി മുഴങ്ങിക്കൊണ്ടിരുന്നു.
10 യോശുവ ജനത്തോടു പറഞ്ഞു: “ആര്‍പ്പിടുവാന്‍ ഞാന്‍ നിങ്ങളോടു കല്പിക്കുന്ന ദിവസംവരെ നിങ്ങള്‍ ആര്‍പ്പിടുകയോ ഒച്ചയുണ്ടാക്കുകയോ ഒരു വാക്കെങ്കിലും ഉച്ചരിക്കുകയോ ചെയ്യരുത്.”
11 യോശുവ കല്പിച്ചതുപോലെ സര്‍വേശ്വരന്‍റെ പെട്ടകമെടുത്ത് അവര്‍ ഒരു തവണ പട്ടണത്തെ പ്രദക്ഷിണം ചെയ്തു; അതിനുശേഷം അവര്‍ പാളയത്തില്‍ തിരിച്ചുവന്ന് അവിടെ രാത്രി കഴിച്ചു.
12
യോശുവ അടുത്ത ദിവസം രാവിലെ എഴുന്നേറ്റു. പുരോഹിതന്മാര്‍ സര്‍വേശ്വരന്‍റെ പെട്ടകം എടുത്തു.13 ആട്ടിന്‍കൊമ്പുകൊണ്ടുള്ള കാഹളം ഊതിക്കൊണ്ട് ഏഴു പുരോഹിതന്മാര്‍ പെട്ടകത്തിനു മുമ്പേ നടന്നു. ആയുധധാരികളില്‍ ചിലര്‍ പെട്ടകത്തിനു മുമ്പിലും ശേഷമുള്ളവര്‍ പിമ്പിലുമായി നടന്നു. അവര്‍ മുമ്പോട്ടു നടക്കുമ്പോള്‍ കാഹളശബ്ദം മുഴങ്ങിക്കൊണ്ടിരുന്നു.
14 രണ്ടാം ദിവസവും അവര്‍ പട്ടണത്തെ പ്രദക്ഷിണം ചെയ്തതിനുശേഷം പാളയത്തിലേക്കു മടങ്ങി. ആറു ദിവസം അവര്‍ ഇങ്ങനെ ചെയ്തു.
15 ഏഴാം ദിവസവും പ്രഭാതത്തില്‍തന്നെ എഴുന്നേറ്റു മുമ്പു ചെയ്തതുപോലെ പട്ടണത്തെ പ്രദക്ഷിണം ചെയ്യാന്‍ ആരംഭിച്ചു; അന്ന് ഏഴു തവണ പട്ടണത്തെ പ്രദക്ഷിണം ചെയ്തു.
16 ഏഴാം പ്രാവശ്യം പുരോഹിതന്മാര്‍ കാഹളം ഊതിയപ്പോള്‍, “ആര്‍പ്പു വിളിക്കുവിന്‍, സര്‍വേശ്വരന്‍ ഈ പട്ടണം നിങ്ങള്‍ക്കു നല്‌കിയിരിക്കുന്നു” എന്നു യോശുവ ജനത്തോടു പറഞ്ഞു.
17 സര്‍വേശ്വരനുള്ള ഒരു വഴിപാട് എന്നവിധം പട്ടണവും അതിലുള്ള സര്‍വസ്വവും നശിപ്പിക്കണം. എന്നാല്‍ വേശ്യയായ രാഹാബ് നമ്മുടെ ദൂതന്മാരെ ഒളിപ്പിച്ചതുകൊണ്ട് അവളും കുടുംബാംഗങ്ങളും ജീവനോടെയിരിക്കട്ടെ.
18 എന്നാല്‍ നശിപ്പിക്കാന്‍ സമര്‍പ്പിക്കപ്പെട്ടവയില്‍നിന്നും യാതൊന്നും നിങ്ങള്‍ എടുക്കരുത്; എടുത്താല്‍ ഇസ്രായേല്‍പാളയത്തില്‍ അനര്‍ഥവും നാശവും ഉണ്ടാകും.
19 വെള്ളി, സ്വര്‍ണം, ചെമ്പ്, ഇരുമ്പ് എന്നിവകൊണ്ടുള്ള സകല വസ്തുക്കളും സര്‍വേശ്വരനുവേണ്ടി മാറ്റിവയ്‍ക്കണം. അവ അവിടുത്തെ ഭണ്ഡാരത്തില്‍ ചേരേണ്ടതാകുന്നു.
20 പിന്നീട് കാഹളം ഊതുകയും ജനം കാഹളശബ്ദം കേട്ടപ്പോള്‍ ആര്‍ത്തട്ടഹസിക്കുകയും ചെയ്തു. അപ്പോള്‍ പട്ടണമതില്‍ ഇടിഞ്ഞുവീണു.
21 ജനം നേരെ മുമ്പോട്ടു കടന്ന് പട്ടണം പിടിച്ചടക്കി. പുരുഷന്മാര്‍, സ്‍ത്രീകള്‍, കുട്ടികള്‍, വൃദ്ധന്മാര്‍, ആടുമാടുകള്‍, കഴുതകള്‍ തുടങ്ങി പട്ടണത്തിലുള്ള സമസ്തവും അവര്‍ നശിപ്പിച്ചു.
22 ദേശം നിരീക്ഷിക്കാന്‍ അയച്ചിരുന്ന രണ്ടു പേരോടും യോശുവ പറഞ്ഞു: “നിങ്ങള്‍ പ്രതിജ്ഞ ചെയ്തിരുന്നതുപോലെ ആ വേശ്യയുടെ വീട്ടില്‍ ചെന്ന് അവളെയും കുടുംബാംഗങ്ങളെയും പുറത്തു കൊണ്ടുവരിക.”
23 അവര്‍ പോയി രാഹാബിനെയും അവളുടെ മാതാപിതാക്കളെയും സഹോദരീസഹോദരന്മാരെയും സകല ചാര്‍ച്ചക്കാരെയും കൊണ്ടുവന്ന് ഇസ്രായേല്‍പാളയത്തിനു പുറത്തു പാര്‍പ്പിച്ചു.
24 പിന്നീട് പട്ടണവും അതിലുള്ള സകലവും അവര്‍ തീവച്ചു നശിപ്പിച്ചു. എന്നാല്‍ വെള്ളി, സ്വര്‍ണം, ചെമ്പ്, ഇരുമ്പ് എന്നിവകൊണ്ടുള്ള പാത്രങ്ങള്‍ സര്‍വേശ്വരന്‍റെ ഭണ്ഡാരത്തില്‍ സൂക്ഷിച്ചു.
25 യെരീഹോവിനെ ഒറ്റുനോക്കാന്‍ യോശുവ അയച്ച ദൂതന്മാരെ രാഹാബ് എന്ന വേശ്യ ഒളിപ്പിച്ചതിനാല്‍ അദ്ദേഹം അവളെയും അവളുടെ ചാര്‍ച്ചക്കാരെയും അവള്‍ക്കുള്ളതിനെയെല്ലാം ജീവനോടെ രക്ഷിച്ചു. അവളുടെ പിന്‍തലമുറക്കാര്‍ ഇസ്രായേലില്‍ ഇപ്പോഴും പാര്‍ക്കുന്നു.
26 അന്ന് യോശുവ ഇപ്രകാരം ശപഥം ചെയ്തു പറഞ്ഞു: “യെരീഹോപട്ടണം വീണ്ടും പണിയാന്‍ തുനിയുന്നവന്‍ സര്‍വേശ്വരന്‍റെ മുമ്പില്‍ ശപിക്കപ്പെട്ടവനായിരിക്കും. “അതിന് അടിസ്ഥാനമിടുമ്പോള്‍ അവന്‍റെ മൂത്തമകനും അതിന്‍റെ വാതില്‍ ഉറപ്പിക്കുമ്പോള്‍ അവന്‍റെ ഇളയമകനും നഷ്ടപ്പെടും.”
27 സര്‍വേശ്വരന്‍ യോശുവയോടുകൂടി ഉണ്ടായിരുന്നു; അദ്ദേഹത്തിന്‍റെ കീര്‍ത്തി ദേശമെങ്ങും വ്യാപിച്ചു.
1
സര്‍വേശ്വരനുവേണ്ടി മാറ്റിവച്ച വസ്തുക്കളില്‍ ചിലത് യെഹൂദാഗോത്രത്തിലെ കര്‍മ്മിയുടെ മകനായ ആഖാന്‍ എടുത്തു. അങ്ങനെ ഇസ്രായേല്‍ജനം സര്‍വേശ്വരന്‍റെ കല്പന ലംഘിച്ചു. കര്‍മ്മി സബ്ദിയുടെ പുത്രനും സേരഹിന്‍റെ പൗത്രനും ആയിരുന്നു; തന്മൂലം ഇസ്രായേല്‍ജനത്തിന്‍റെമേല്‍ സര്‍വേശ്വരന്‍റെ കോപം ജ്വലിച്ചു.2
ബേഥേലിനു കിഴക്ക് ബേഥാവെന്‍റെ സമീപമുള്ള ഹായിപട്ടണത്തിലേക്ക് യെരീഹോവില്‍നിന്ന് ആളുകളെ അയച്ചുകൊണ്ട് യോശുവ പറഞ്ഞു: “നിങ്ങള്‍ പോയി ഹായിപട്ടണം രഹസ്യമായി നിരീക്ഷിച്ചു വരിക.” അവര്‍ അപ്രകാരം ചെയ്തു;3 അവര്‍ തിരികെവന്നു യോശുവയോടു പറഞ്ഞു: “ഹായി ആക്രമിക്കാന്‍ രണ്ടായിരമോ മൂവായിരമോ ആളുകള്‍ മതിയാകും. എല്ലാവരും പോയി ബുദ്ധിമുട്ടേണ്ടതില്ല. അവിടെ കുറച്ചുപേര്‍ മാത്രമേയുള്ളൂ.”
4 അങ്ങനെ ഇസ്രായേല്‍ജനത്തില്‍ ഏകദേശം മൂവായിരം പേര്‍ അവിടേക്കു പോയി; അവരാകട്ടെ ഹായിനിവാസികളുടെ മുമ്പില്‍ തോറ്റോടി.
5 പട്ടണവാതില്‍മുതല്‍ ശെബാരീംവരെ അവര്‍ അവരെ പിന്തുടര്‍ന്നു. മലഞ്ചരുവില്‍ വച്ച് അവരില്‍ മുപ്പത്താറു പേരെ ഹായിനിവാസികള്‍ വധിച്ചു; ഇസ്രായേല്യരുടെ ധൈര്യം ക്ഷയിച്ചു.
6 അവര്‍ ഭയചകിതരായി. യോശുവയും ജനനേതാക്കളും വസ്ത്രം കീറി, തലയില്‍ പൂഴി വാരിയിട്ടുംകൊണ്ട് സര്‍വേശ്വരന്‍റെ പെട്ടകത്തിനു മുമ്പില്‍ സന്ധ്യവരെ സാഷ്ടാംഗം വീണുകിടന്നു.
7 യോശുവ പറഞ്ഞു: “ദൈവമായ സര്‍വേശ്വരാ, അമോര്യരുടെ കൈയാല്‍ നശിക്കുന്നതിന് എന്തിനു ഞങ്ങളെ യോര്‍ദ്ദാനിക്കരെ കൂട്ടിക്കൊണ്ടുവന്നു? ഞങ്ങള്‍ യോര്‍ദ്ദാനക്കരെ പാര്‍ത്താല്‍ മതിയായിരുന്നല്ലോ!
8 സര്‍വേശ്വരാ, ഇസ്രായേല്യര്‍ ശത്രുക്കളോടു പരാജയപ്പെട്ടു പിന്തിരിഞ്ഞ ശേഷം ഞാന്‍ എന്തു പറയേണ്ടൂ!
9 കനാന്യരും തദ്ദേശവാസികളായ ജനതകളും ഈ വാര്‍ത്ത കേള്‍ക്കുമ്പോള്‍ ഞങ്ങളെ വളയും. ഞങ്ങളുടെ നാമം ഭൂമുഖത്തുനിന്നു തുടച്ചുമാറ്റപ്പെടും. അപ്പോള്‍ അവിടുത്തെ നാമം നിലനിര്‍ത്താന്‍ അവിടുന്ന് എന്തു ചെയ്യും?
10 സര്‍വേശ്വരന്‍ യോശുവയോടു പറഞ്ഞു: “എഴുന്നേല്‌ക്കുക! നീ എന്തിനു വീണുകിടക്കുന്നു?
11 ഇസ്രായേല്‍ പാപം ചെയ്തു. അര്‍പ്പിതവസ്തുക്കളില്‍ ചിലത് എടുക്കയാല്‍ അവര്‍ എന്‍റെ കല്പന ലംഘിച്ചു. അവര്‍ മോഷ്‍ടിച്ച വകകള്‍ തങ്ങള്‍ക്കുള്ള വകകളോടു ചേര്‍ത്തുവച്ച ശേഷം വ്യാജം പറഞ്ഞു.
12 അതുകൊണ്ട് ഇസ്രായേല്‍ജനത്തിനു ശത്രുക്കളെ ചെറുത്തുനില്‌ക്കാന്‍ കഴികയില്ല. അവര്‍ നാശത്തിനു വിധിക്കപ്പെട്ടിരിക്കകൊണ്ട് ശത്രുക്കളുടെ മുമ്പില്‍നിന്നു പിന്തിരിഞ്ഞ് ഓടേണ്ടിവന്നു. അവര്‍ മോഷ്‍ടിച്ച അര്‍പ്പിതവസ്തുക്കള്‍ നിങ്ങളുടെ ഇടയില്‍നിന്നു നീക്കാതെയിരുന്നാല്‍ ഞാന്‍ നിങ്ങളുടെകൂടെ ഉണ്ടായിരിക്കുകയില്ല;
13 നീ എഴുന്നേറ്റു ജനത്തെ ശുദ്ധീകരിക്കുക. നാളത്തേക്കു തങ്ങളെത്തന്നെ ശുദ്ധീകരിക്കാന്‍ നീ അവരോടു പറയണം. ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: ‘സര്‍വേശ്വരന് അര്‍പ്പിതമായ വസ്തുക്കള്‍ നിങ്ങളുടെ ഇടയില്‍നിന്നു നീക്കുന്നതുവരെ ശത്രുക്കളെ ചെറുത്തുനില്‌ക്കാന്‍ നിങ്ങള്‍ക്കു കഴികയില്ല;’
14 അതുകൊണ്ടു നിങ്ങള്‍ രാവിലെ ഗോത്രം ഗോത്രമായി അടുത്തുവരണം. അവിടുന്നു നിര്‍ദ്ദേശിക്കുന്ന ഗോത്രം കുലം കുലമായി അടുത്തു വരണം; സര്‍വേശ്വരന്‍ നിര്‍ദ്ദേശിക്കുന്ന കുലം കുടുംബം കുടുംബമായി അടുത്തുവരണം. അവിടുന്നു നിര്‍ദ്ദേശിക്കുന്ന കുടുംബത്തിലുള്ളവര്‍ ഓരോരുത്തരായി അടുത്തുവരണം.
15 അര്‍പ്പിതവസ്തുക്കളോടുകൂടെ പിടിക്കപ്പെടുന്നവനെയും അവനുള്ള സകലത്തെയും ദഹിപ്പിച്ചുകളയണം; ഇസ്രായേലില്‍ മ്ലേച്ഛമായ പ്രവൃത്തിയാണ് അവന്‍ ചെയ്തത്. സര്‍വേശ്വരന്‍റെ ഉടമ്പടി അവന്‍ ലംഘിച്ചുവല്ലോ.”
16
യോശുവ അടുത്ത പ്രഭാതത്തില്‍ ഇസ്രായേല്‍ജനത്തെ ഗോത്രക്രമം അനുസരിച്ചു വരുത്തി. അവയില്‍ യെഹൂദാഗോത്രത്തെ കുലംകുലമായി വരുത്തി. അവയില്‍ സര്‍ഹ്യകുലത്തെ മാറ്റിനിര്‍ത്തി;17 സര്‍ഹ്യകുലത്തെ കുടുംബം കുടുംബമായി വരുത്തി. അവയില്‍ സബ്ദി കുടുംബത്തെ നീക്കിനിര്‍ത്തി.
18 സബ്ദികുടുംബത്തെ ആളാംപ്രതി വരുത്തി; സബ്ദിയുടെ പൗത്രനും കര്‍മ്മിയുടെ പുത്രനുമായ ആഖാന്‍ പിടിക്കപ്പെട്ടു.
19 യോശുവ ആഖാനോടു പറഞ്ഞു: “എന്‍റെ മകനേ! ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരനെ മഹത്ത്വപ്പെടുത്തുകയും സ്തുതിക്കുകയും ചെയ്യുക. നീ എന്തു ചെയ്തു എന്ന് എന്നോടു പറയുക; ഒന്നും മറച്ചുവയ്‍ക്കരുത്.”
20 ആഖാന്‍ യോശുവയോട് പറഞ്ഞു: “ഇതു സത്യമാണ്; ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരനോടു ഞാന്‍ പാപം ചെയ്തു; ഞാന്‍ ചെയ്തതു ഇതാണ്.
21 നാം പിടിച്ചെടുത്ത വസ്തുക്കളുടെ കൂട്ടത്തില്‍ ശിനാറില്‍നിന്നുള്ള മനോഹരമായ ഒരു മേലങ്കിയും ഇരുനൂറ് ശേക്കെല്‍ വെള്ളിയും അമ്പത് ശേക്കെല്‍ തൂക്കമുള്ള ഒരു സ്വര്‍ണക്കട്ടിയും കണ്ടു; അവയെ ഞാന്‍ മോഹിച്ചു; ഞാന്‍ അവ എടുത്ത് എന്‍റെ കൂടാരത്തിനുള്ളില്‍ വെള്ളി അടിയിലാക്കി കുഴിച്ചിടുകയും ചെയ്തു.”
22 യോശുവ അയച്ച ദൂതന്മാര്‍ കൂടാരത്തിലേക്ക് ഓടി; അവര്‍ ഒളിച്ചുവച്ചിരിക്കുന്ന വസ്തുക്കള്‍ കണ്ടു; ഏറ്റവും അടിയില്‍ വെള്ളി ആയിരുന്നു.
23 അവര്‍ കൂടാരത്തില്‍നിന്ന് അതെടുത്ത് യോശുവയുടെയും ഇസ്രായേല്‍ജനത്തിന്‍റെയും അടുക്കല്‍ കൊണ്ടുവന്നു. സര്‍വേശ്വരന്‍റെ സന്നിധിയില്‍ അവ നിരത്തിവച്ചു;
24 അപ്പോള്‍ യോശുവയും സകല ഇസ്രായേല്‍ജനവും ചേര്‍ന്ന് ആഖാനെയും അവന്‍റെ പുത്രീപുത്രന്മാരെയും വെള്ളി, മേലങ്കി, സ്വര്‍ണക്കട്ടി എന്നീ അര്‍പ്പിതവസ്തുക്കളോടും കാള, കഴുത, ആട്, കൂടാരം എന്നിവയോടും കൂടി ആഖോര്‍ താഴ്വരയിലേക്കു കൊണ്ടുപോയി.
25 യോശുവ അവനോട് പറഞ്ഞു: “നീ എന്തിനാണു ഞങ്ങളുടെമേല്‍ കഷ്ടതകള്‍ വരുത്തിവച്ചത്? സര്‍വേശ്വരന്‍ ഇന്ന് നിന്‍റെമേലും കഷ്ടതകള്‍ വരുത്തും. പിന്നീട് ഇസ്രായേല്‍ജനം അവനെ കല്ലെറിഞ്ഞു. അവനെയും കുടുംബാംഗങ്ങളെയും അവര്‍ കല്ലെറിയുകയും പിന്നീട് അവരെ ദഹിപ്പിക്കുകയും ചെയ്തു;
26 അവര്‍ അവന്‍റെമേല്‍ ഒരു വലിയ കല്‍ക്കൂമ്പാരം ഉണ്ടാക്കി; അത് ഇന്നും അവിടെയുണ്ട്. സര്‍വേശ്വരന്‍റെ ഉഗ്രരോഷം ശമിച്ചു. ഇന്നും അവിടം ആഖോര്‍ താഴ്വര എന്ന പേരില്‍ അറിയപ്പെടുന്നു.
1
സര്‍വേശ്വരന്‍ യോശുവയോട് അരുളിച്ചെയ്തു: “നിങ്ങള്‍ ഭയപ്പെടരുത്; പരിഭ്രമിക്കുകയും അരുത്. സൈന്യവുമായി ഹായിയിലേക്കു പോകുക. അവിടത്തെ രാജാവിനോടൊപ്പം ജനത്തെയും പട്ടണത്തെയും ദേശത്തെയും നിന്‍റെ കൈയില്‍ ഞാന്‍ ഏല്പിച്ചിരിക്കുന്നു.2 യെരീഹോവിനോടും അവിടത്തെ രാജാവിനോടും നീ ചെയ്തതുപോലെതന്നെ ഹായിയോടും അവിടത്തെ രാജാവിനോടും ചെയ്യണം. എന്നാല്‍ അവിടെനിന്നു പിടിച്ചെടുക്കുന്ന സാധനങ്ങളും കന്നുകാലികളും ഇത്തവണ നിങ്ങള്‍ക്ക് എടുക്കാം. പട്ടണത്തെ ആക്രമിക്കാന്‍ അതിന്‍റെ പിന്‍ഭാഗത്തു നിങ്ങള്‍ പതിയിരിക്കണം.”
3 യോശുവയും സൈനികരും ഹായിയിലേക്കു പുറപ്പെട്ടു. യുദ്ധവീരന്മാരായ മുപ്പതിനായിരം പേരെ യോശുവ തിരഞ്ഞെടുത്ത് രാത്രിയില്‍ത്തന്നെ അയച്ചു.
4 അവരോട് യോശുവ ഇങ്ങനെ കല്പിച്ചു: “നിങ്ങള്‍ പട്ടണത്തിന്‍റെ പിന്‍ഭാഗത്തു പതിയിരിക്കണം. പട്ടണത്തില്‍നിന്നു വളരെ ദൂരം പോകരുത്; യുദ്ധം ചെയ്യുന്നതിന് ഒരുങ്ങിയിരിക്കണം.
5 ഞാനും എന്‍റെ കൂടെയുള്ളവരും പട്ടണത്തെ സമീപിക്കും; ഹായിനിവാസികള്‍ ഞങ്ങളെ നേരിടുമ്പോള്‍ മുന്‍പത്തെപ്പോലെ ഞങ്ങള്‍ അവരുടെ മുമ്പില്‍നിന്നു പിന്തിരിഞ്ഞോടും.
6 അങ്ങനെ പട്ടണത്തില്‍നിന്നു വിദൂരമായ സ്ഥലത്ത് ആകുന്നതുവരെ അവര്‍ ഞങ്ങളെ പിന്തുടരും. മുമ്പെന്നപോലെ നാം അവരുടെ മുമ്പില്‍നിന്നു പരാജിതരായി ഓടിപ്പോകുകയാണെന്ന് അവര്‍ പറയും.
7 അപ്പോള്‍ ഒളിവിടങ്ങളില്‍നിന്നു പുറത്തുവന്നു നിങ്ങള്‍ പട്ടണം പിടിച്ചെടുക്കണം. നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ അതു നിങ്ങളുടെ കരങ്ങളില്‍ ഏല്പിച്ചുതരും.
8 പട്ടണം പിടിച്ചെടുത്തതിനുശേഷം അവിടുന്ന് കല്പിച്ചതുപോലെ അതിനെ അഗ്നിക്ക് ഇരയാക്കണം എന്ന് ഞാന്‍ നിങ്ങളോടു കല്പിക്കുന്നു.”
9 യോശുവ അവരെ പറഞ്ഞയച്ചു. അവര്‍ പോയി ഹായിക്കു പടിഞ്ഞാറ്, ബേഥേലിനും ഹായിക്കും മധ്യേ പതിയിരുന്നു. യോശുവ ആ രാത്രിയില്‍ ജനത്തിന്‍റെ കൂടെ പാര്‍ത്തു.
10 യോശുവ അതിരാവിലെ എഴുന്നേറ്റു സൈനികരെയെല്ലാം വിളിച്ചുകൂട്ടി. പിന്നീട് അദ്ദേഹവും ഇസ്രായേല്‍നേതാക്കന്മാരും ചേര്‍ന്ന് അവരെ ഹായിയിലേക്കു നയിച്ചു.
11 അദ്ദേഹത്തിന്‍റെ കൂടെ ഉണ്ടായിരുന്ന സൈനികര്‍ നഗരവാതില്‌ക്കല്‍ എത്തി ഹായിക്കു വടക്കു പാളയമടിച്ചു. അവര്‍ പാളയമടിച്ച സ്ഥലത്തിനും ഹായിക്കും മധ്യേ ഒരു താഴ്വര ഉണ്ടായിരുന്നു.
12 യോശുവ ഏകദേശം അയ്യായിരം പേരെ തിരഞ്ഞെടുത്തു ഹായിക്കും ബേഥേലിനും മധ്യേ പട്ടണത്തിന്‍റെ പടിഞ്ഞാറു വശത്തു പതിയിരുത്തി.
13 പ്രധാന സൈന്യവ്യൂഹത്തെ പട്ടണത്തിനു വടക്കും ശേഷിച്ച സൈനികരെ പട്ടണത്തിനു പടിഞ്ഞാറുമായി യുദ്ധത്തിന് ഒരുക്കിനിര്‍ത്തി. ആ രാത്രിയില്‍ യോശുവ താഴ്വരയില്‍ പാര്‍ത്തു.
14 ഹായിയിലെ രാജാവ് അവരെ കണ്ടപ്പോള്‍ പെട്ടെന്ന് സൈന്യസമേതം ഇസ്രായേല്‍ജനത്തോടു യുദ്ധം ചെയ്യാന്‍ അരാബായിലേക്കു പുറപ്പെട്ടു. പട്ടണത്തിന്‍റെ പിന്‍വശത്തു ശത്രുസൈന്യം പതിയിരിക്കുന്ന വിവരം രാജാവ് അറിഞ്ഞില്ല.
15 യോശുവയും ഇസ്രായേല്‍ജനവും തോറ്റോടുന്നു എന്ന ഭാവേന മരുഭൂമിയിലേക്ക് ഓടി.
16 അവരെ പിന്തുടരാനായി രാജാവ് പട്ടണവാസികളെയെല്ലാം വിളിച്ചുകൂട്ടി. അവര്‍ യോശുവയെ പിന്തുടര്‍ന്ന് പട്ടണത്തില്‍നിന്നു വിദൂരത്തെത്തി.
17 ഇസ്രായേല്‍ജനത്തെ പിന്തുടരാത്തവരായി ഹായിയിലും ബേഥേലിലും ആരും ഉണ്ടായിരുന്നില്ല. നഗരവാതില്‍ തുറന്നിട്ടശേഷമായിരുന്നു ഇസ്രായേല്‍ജനത്തെ അവര്‍ പിന്തുടര്‍ന്നത്.
18 സര്‍വേശ്വരന്‍ യോശുവയോട് അരുളിച്ചെയ്തു: “നിന്‍റെ കൈയിലിരിക്കുന്ന കുന്തം ഹായിക്കു നേരെ ചൂണ്ടുക. ആ പട്ടണം ഞാന്‍ നിന്‍റെ കരങ്ങളില്‍ ഏല്പിക്കും.”
19 യോശുവ അങ്ങനെ ചെയ്തു. തല്‍ക്ഷണം പതിയിരുന്നവര്‍ ഒളിവിടങ്ങളില്‍നിന്ന് എഴുന്നേറ്റു പട്ടണത്തിനുള്ളിലേക്കു പാഞ്ഞുചെന്ന് അതു പിടിച്ചടക്കി. ഉടന്‍തന്നെ അവര്‍ പട്ടണത്തിനു തീ വച്ചു.
20 ഹായിനിവാസികള്‍ തിരിഞ്ഞുനോക്കിയപ്പോള്‍ പട്ടണത്തില്‍നിന്നു പുക ആകാശത്തേക്ക് ഉയരുന്നതു കണ്ടു. അവര്‍ക്ക് രക്ഷപെടാന്‍ ഒരു മാര്‍ഗവും ഉണ്ടായിരുന്നില്ല. മരുഭൂമിയിലേക്ക് ഓടിപ്പോയ ഇസ്രായേല്‍ജനം തിരിഞ്ഞ് അവരെ ആക്രമിക്കാന്‍ തുടങ്ങി.
21 പതിയിരുന്നവര്‍ പട്ടണം പിടിച്ചടക്കിയതും പട്ടണത്തില്‍നിന്നു പുക ആകാശത്തിലേക്കു പൊങ്ങുന്നതും കണ്ടപ്പോള്‍ യോശുവയും ഇസ്രായേല്‍ജനവും തിരിഞ്ഞുനിന്ന് ഹായി നിവാസികളെ സംഹരിച്ചു.
22 പട്ടണത്തില്‍ കടന്ന ഇസ്രായേല്‍ജനവും യുദ്ധരംഗത്തു വന്നു; അങ്ങനെ ഹായിനിവാസികള്‍ ഇസ്രായേല്‍ജനത്തിന്‍റെ മധ്യത്തിലായി. അവരില്‍ ഒരാള്‍പോലും ശേഷിക്കയോ രക്ഷപെടുകയോ ചെയ്യാത്തവിധം ഇസ്രായേല്യര്‍ അവരെ സംഹരിച്ചു.
23 എന്നാല്‍ ഹായിരാജാവിനെ അവര്‍ ജീവനോടെ പിടിച്ച് യോശുവയുടെ അടുക്കല്‍ കൊണ്ടുവന്നു.
24 മരുഭൂമിയില്‍ തങ്ങളെ പിന്തുടര്‍ന്നെത്തിയ ഹായിനിവാസികളെ ഒന്നൊഴിയാതെ ഇസ്രായേല്യര്‍ കൊന്നൊടുക്കി. അതിനുശേഷം ഇസ്രായേല്യര്‍ ഹായിയില്‍ കടന്നു. ശേഷിച്ചവരെയും വാളിന് ഇരയാക്കി.
25 ഹായിപട്ടണത്തില്‍ പുരുഷന്മാരും സ്‍ത്രീകളുമടക്കം അന്നു സംഹരിക്കപ്പെട്ടവര്‍ പന്തീരായിരം ആയിരുന്നു.
26 ഹായിനിവാസികളെയെല്ലാം നശിപ്പിച്ചു തീരുന്നതുവരെ കുന്തം നീട്ടിയിരുന്ന കൈ യോശുവ പിന്‍വലിച്ചില്ല.
27 സര്‍വേശ്വരന്‍ യോശുവയോടു കല്പിച്ചിരുന്നതുപോലെ പട്ടണത്തില്‍നിന്നു പിടിച്ചെടുത്ത സാധനങ്ങളും കന്നുകാലികളും അവര്‍ സ്വന്തമാക്കി.
28 യോശുവ ഹായിപട്ടണം ചുട്ടുചാമ്പലാക്കി; അത് ഒരു മണല്‍ക്കൂമ്പാരമായി ഇന്നും അവശേഷിക്കുന്നു.
29 അദ്ദേഹം ഹായിരാജാവിനെ ഒരു മരത്തില്‍ തൂക്കി; ശവശരീരം സായാഹ്നംവരെ മരത്തില്‍ കിടന്നു; സൂര്യന്‍ അസ്തമിച്ചപ്പോള്‍ യോശുവയുടെ കല്പനപ്രകാരം ശവം മരത്തില്‍നിന്ന് ഇറക്കി പട്ടണവാതില്‌ക്കല്‍ വയ്‍ക്കുകയും അതിന്മേല്‍ ഒരു വലിയ കല്‍കൂമ്പാരം ഉയര്‍ത്തുകയും ചെയ്തു. അത് ഇന്നും അവിടെയുണ്ട്.
30
യോശുവ ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന് ഏബാല്‍മലയില്‍ ഒരു യാഗപീഠം നിര്‍മ്മിച്ചു.31 കര്‍ത്താവിന്‍റെ ദാസനായ മോശ ഇസ്രായേല്‍ജനത്തോടു കല്പിച്ചതുപോലെയും മോശയുടെ ധര്‍മശാസ്ത്രഗ്രന്ഥത്തില്‍ എഴുതിയിരുന്നതുപോലെയും ചെത്തിമിനുക്കാത്ത കല്ലുകള്‍ കൊണ്ടുള്ളതും ഇരുമ്പു സ്പര്‍ശിക്കാത്തതുമായിരുന്നു അത്. അവര്‍ അതില്‍ സര്‍വേശ്വരനു ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അര്‍പ്പിച്ചു.
32 മോശ എഴുതിയ ധര്‍മശാസ്ത്രത്തിന്‍റെ ഒരു പകര്‍പ്പ് ഇസ്രായേല്‍ജനത്തിന്‍റെ സാന്നിധ്യത്തില്‍ യോശുവ ആ കല്ലുകളില്‍ രേഖപ്പെടുത്തി.
33 ഇസ്രായേല്‍ജനം അവരുടെ നേതാക്കന്മാരോടും ഉദ്യോഗസ്ഥന്മാരോടും ന്യായപാലകരോടും അവരുടെ ഇടയില്‍ പാര്‍ക്കുന്ന പരദേശികളോടും ഒരുമിച്ച് സര്‍വേശ്വരന്‍റെ വാഗ്ദാനപെട്ടകം വഹിച്ചിരുന്ന ലേവ്യപുരോഹിതന്മാര്‍ക്ക് അഭിമുഖമായി പെട്ടകത്തിന്‍റെ ഇരുവശങ്ങളിലുമായി നിന്നു. അവരില്‍ പകുതിപ്പേര്‍ ഗെരിസീംപര്‍വതത്തിന്‍റെ മുന്‍പിലും മറ്റുള്ളവര്‍ ഏബാല്‍പര്‍വതത്തിന്‍റെ മുമ്പിലും ആയിരുന്നു നിന്നത്. ഏതു വിധത്തിലാണ് ഇസ്രായേല്‍ജനത്തെ അനുഗ്രഹിക്കേണ്ടതെന്നു സര്‍വേശ്വരന്‍റെ ദാസനായ മോശ കല്പിച്ചിരുന്ന പ്രകാരം അനുഗ്രഹം സ്വീകരിക്കാനാണ് അവര്‍ അങ്ങനെ നിന്നത്.
34 അതിനുശേഷം ധര്‍മശാസ്ത്രപുസ്തകത്തിലെ അനുഗ്രഹവചനങ്ങളും ശാപവചനങ്ങളും യോശുവ വായിച്ചു.
35 സ്‍ത്രീകളും കുട്ടികളും അവരുടെ ഇടയില്‍ പാര്‍ത്തിരുന്ന പരദേശികളും ഉള്‍പ്പെടെ സകല ഇസ്രായേല്‍ജനത്തോടുമായി മോശ കല്പിച്ചിരുന്ന വചനങ്ങളില്‍ ഒന്നുപോലും വിട്ടുകളയാതെ യോശുവ വായിച്ചു.
1
യോര്‍ദ്ദാനിക്കരെയുള്ള മലകളിലും താഴ്വരകളിലും ലെബാനോന്‍വരെയുള്ള മെഡിറ്ററേനിയന്‍ സമുദ്രതീരത്തും പാര്‍ത്തിരുന്ന ഹിത്യര്‍, അമോര്യര്‍, കനാന്യര്‍, പെരിസ്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നീ ജനതകളുടെ രാജാക്കന്മാര്‍ ഇസ്രായേലിന്‍റെ വിജയത്തെപ്പറ്റി കേട്ടപ്പോള്‍2 യോശുവയോടും ഇസ്രായേല്യരോടും യുദ്ധം ചെയ്യുന്നതിന് ഒരുമിച്ചു കൂടി.
3 എന്നാല്‍ യോശുവ യെരീഹോ, ഹായി എന്നീ പട്ടണങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചത് കേട്ട്
4 ഗിബെയോന്‍നിവാസികള്‍ യോശുവയ്‍ക്കെതിരായി ഒരു ഉപായം പ്രയോഗിച്ചു. അവര്‍ ഭക്ഷണപദാര്‍ഥങ്ങള്‍ പഴയ ചാക്കുകളിലും തുന്നിക്കെട്ടിയ തുകല്‍ തുരുത്തികളിലും ശേഖരിച്ചുകൊണ്ടു കഴുതപ്പുറത്തു കയറി.
5 ജീര്‍ണിച്ച ചെരുപ്പും കീറിത്തുന്നിയ വസ്ത്രവും ധരിച്ചുകൊണ്ടാണ് അവര്‍ യാത്ര പുറപ്പെട്ടത്. അവരുടെ ഭക്ഷണപദാര്‍ഥങ്ങള്‍ ഉണങ്ങിയതും പൂപ്പല്‍പിടിച്ചതുമായിരുന്നു.
6 ഗില്ഗാലില്‍ പാളയമടിച്ചിരുന്ന യോശുവയുടെയും ഇസ്രായേല്‍ജനത്തിന്‍റെയും അടുക്കല്‍ ചെന്ന് അവര്‍ പറഞ്ഞു: “ഞങ്ങള്‍ ദൂരദേശത്തുനിന്നു വരികയാണ്. ഞങ്ങളുമായി ഒരു സമാധാന ഉടമ്പടി ഉണ്ടാക്കിയാലും.”
7 എന്നാല്‍ ഇസ്രായേല്‍ജനം ഹിവ്യരോടു പറഞ്ഞു: “നിങ്ങള്‍ ഈ ദേശത്തു പാര്‍ക്കുന്നവരാണെങ്കില്‍ ഞങ്ങള്‍ നിങ്ങളോട് എങ്ങനെ ഉടമ്പടി ഉണ്ടാക്കും.”
8 “ഞങ്ങള്‍ അങ്ങയുടെ ദാസന്മാരാണ്.” അവര്‍ യോശുവയോടു പറഞ്ഞു. “നിങ്ങള്‍ ആര്? എവിടെനിന്നു വരുന്നു?” യോശുവ അവരോടു ചോദിച്ചു.
9 അവര്‍ യോശുവയോട് പറഞ്ഞു: “അങ്ങയുടെ ദാസന്മാരായ ഞങ്ങള്‍ ദൂരത്തുനിന്നു വന്നിരിക്കയാണ്; നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെപ്പറ്റി ഞങ്ങള്‍ കേട്ടു. അവിടുത്തെ കീര്‍ത്തിയും അവിടുന്ന് ഈജിപ്തില്‍ ചെയ്തതൊക്കെയും ഞങ്ങള്‍ അറിഞ്ഞു.
10 യോര്‍ദ്ദാനക്കരെയുള്ള അമോര്യരാജാക്കന്മാരായ ഹെശ്ബോനിലെ സീഹോനോടും അസ്താരോത്തില്‍ പാര്‍ക്കുന്ന ബാശാനിലെ ഓഗിനോടും അവിടുന്നു പ്രവര്‍ത്തിച്ച കാര്യങ്ങളും ഞങ്ങള്‍ കേട്ടിട്ടുണ്ട്.
11 യാത്രയ്‍ക്കാവശ്യമായ ഭക്ഷണപദാര്‍ഥങ്ങള്‍ എടുത്തുകൊണ്ടു നിങ്ങളെ കാണാന്‍ ഞങ്ങളുടെ നേതാക്കന്മാരും ദേശവാസികളും ഞങ്ങളോടു പറഞ്ഞു. ഞങ്ങള്‍ നിങ്ങളുടെ ദാസന്മാരായി ജീവിച്ചുകൊള്ളാം എന്ന വ്യവസ്ഥയിന്മേല്‍ ഞങ്ങളുമായി ഉടമ്പടി ചെയ്യാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കണമെന്നും അവര്‍ പറഞ്ഞിട്ടുണ്ട്.
12 ഇതാ, ഞങ്ങളുടെ കൈയിലുള്ള അപ്പം നോക്കൂ! നിങ്ങളെ സന്ദര്‍ശിക്കാന്‍ പുറപ്പെട്ടപ്പോള്‍ വഴിമധ്യേ ഭക്ഷിക്കാന്‍ ഞങ്ങള്‍ കൊണ്ടുവന്നതാണിവ. അപ്പോള്‍ അവയ്‍ക്ക് ചൂടുണ്ടായിരുന്നു; ഇപ്പോള്‍ ഇവ ഉണങ്ങി പൂത്തിരിക്കുന്നു.
13 ഞങ്ങള്‍ വീഞ്ഞു നിറയ്‍ക്കുമ്പോള്‍ ഈ തുരുത്തികള്‍ പുതിയവയായിരുന്നു. ഇപ്പോള്‍ ഇതാ, അവ കീറിയിരിക്കുന്നു. ദീര്‍ഘയാത്രകൊണ്ട് ഞങ്ങളുടെ വസ്ത്രങ്ങളും ചെരുപ്പുകളും പഴകിപ്പോയിരിക്കുന്നു.”
14 സര്‍വേശ്വരന്‍റെ ഹിതം ആരായാതെ ഇസ്രായേല്‍ജനം അവരില്‍നിന്നു ഭക്ഷണപദാര്‍ഥങ്ങള്‍ സ്വീകരിക്കുകയും
15 യോശുവ അവരുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. അവരെ രക്ഷിക്കാമെന്ന് അദ്ദേഹം ഉടമ്പടി ചെയ്തു. ജനനേതാക്കന്മാരും അപ്രകാരം പ്രതിജ്ഞ ചെയ്തു.
16 ഉടമ്പടി ഉണ്ടാക്കി മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ മാത്രമാണ് അവര്‍ തങ്ങളുടെ അടുത്തുതന്നെ പാര്‍ക്കുന്നവരാണെന്ന് ഇസ്രായേല്‍ജനം മനസ്സിലാക്കിയത്.
17 അവര്‍ മൂന്നു ദിവസം യാത്രചെയ്ത് ഹിവ്യരുടെ പട്ടണങ്ങളില്‍ എത്തി. ഗിബെയോന്‍, കെഫീര, ബേരോത്ത്, കിര്യത്ത്-യെയാരീം എന്നിവയായിരുന്നു ആ പട്ടണങ്ങള്‍.
18 ജനനേതാക്കന്മാര്‍, തങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ നാമത്തില്‍ പ്രതിജ്ഞ ചെയ്തിരുന്നതുകൊണ്ട് ഇസ്രായേല്യര്‍ അവരെ സംഹരിച്ചില്ല. എന്നാല്‍ ഇസ്രായേല്‍ജനം നേതാക്കന്മാര്‍ക്കെതിരെ പിറുപിറുത്തു.
19 ജനനേതാക്കന്മാര്‍ ജനത്തോടു പറഞ്ഞു: “ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍റെ നാമത്തില്‍ ഞങ്ങള്‍ പ്രതിജ്ഞ ചെയ്തിരിക്കുന്നതിനാല്‍ അവരെ ഉപദ്രവിക്കരുത്.
20 അവരോടു ചെയ്ത പ്രതിജ്ഞ അനുസരിച്ച് നാം അവരെ ജീവിക്കാന്‍ അനുവദിക്കണം. അല്ലെങ്കില്‍ ദൈവകോപം നമ്മുടെമേല്‍ വരും.
21 അവര്‍ ജീവിച്ചുകൊള്ളട്ടെ; എന്നാല്‍ അവര്‍ നമുക്കു വേണ്ടി വിറകു കീറുകയും വെള്ളം കോരുകയും വേണം.”
22 പിന്നെ യോശുവ അവരെ വിളിച്ചു ചോദിച്ചു: “ഞങ്ങളുടെ അടുത്തുതന്നെ പാര്‍ക്കുന്ന നിങ്ങള്‍ വിദൂരസ്ഥരാണെന്നു പറഞ്ഞ് എന്തിനു ഞങ്ങളെ വഞ്ചിച്ചു?
23 അതുകൊണ്ടു നിങ്ങള്‍ ശാപഗ്രസ്തരായിരിക്കും; നിങ്ങള്‍ എന്‍റെ ദൈവത്തിന്‍റെ ആലയത്തില്‍ എന്നും വിറകു വെട്ടുകയും വെള്ളം കോരുകയും ചെയ്യുന്ന അടിമകളായിരിക്കും.”
24 അവര്‍ യോശുവയോടു പറഞ്ഞു: “നിങ്ങള്‍ക്ക് ഈ ദേശമെല്ലാം നല്‌കുമെന്നും നിങ്ങള്‍ മുന്നേറുന്നതനുസരിച്ചു ദേശവാസികളെയെല്ലാം ഇവിടെനിന്നു നീക്കിക്കളയുമെന്നും ദൈവമായ സര്‍വേശ്വരന്‍ തന്‍റെ ദാസനായ മോശയോടു കല്പിച്ച വിവരം ഞങ്ങള്‍ അറിഞ്ഞു; അതുകൊണ്ട് നിങ്ങളെ ഭയന്ന് ജീവരക്ഷയ്‍ക്കുവേണ്ടി ഇപ്രകാരം ചെയ്തു.
25 ഇതാ, ഇപ്പോള്‍ ഞങ്ങള്‍ നിങ്ങളുടെ കരങ്ങളിലാണ്, അങ്ങേക്ക് ന്യായവും യുക്തവുമെന്ന് തോന്നുന്നതു ഞങ്ങളോടു പ്രവര്‍ത്തിച്ചാലും.”
26 ഇസ്രായേല്‍ജനം അവരെ സംഹരിക്കാത്തവിധം യോശുവ അവരെ രക്ഷിച്ചു.
27 അന്നു യോശുവ അവരെ ഇസ്രായേല്‍ജനത്തിനും സര്‍വേശ്വരന്‍ തിരഞ്ഞെടുക്കാന്‍ പോകുന്ന സ്ഥലത്തു പണിയുന്ന യാഗപീഠത്തിനും വേണ്ടി വിറകു കീറുന്നവരും വെള്ളം കോരുന്നവരുമായി നിയമിച്ചു; ഇന്നും ഈ ജോലികള്‍ അവര്‍ ചെയ്തുവരുന്നു.
1
യെരീഹോയോടും അവിടത്തെ രാജാവിനോടും പ്രവര്‍ത്തിച്ചതുപോലെതന്നെ യോശുവ ഹായി പിടിച്ചെടുക്കുകയും അവിടത്തെ രാജാവിനെ വധിക്കുകയും ചെയ്ത വിവരം യെരൂശലേമിലെ രാജാവായ അദോനീ-സേദെക് കേട്ടു. ഗിബെയോന്‍നിവാസികള്‍ ഇസ്രായേലുമായി സഖ്യം ചെയ്ത് അവരുടെകൂടെ പാര്‍ക്കുന്ന വിവരവും അയാള്‍ അറിഞ്ഞു.2 അപ്പോള്‍ യെരൂശലേംനിവാസികള്‍ പരിഭ്രാന്തരായി. രാജനഗരങ്ങളെപ്പോലെ ഗിബെയോന്‍ വലുതും ഹായിയെക്കാള്‍ വിസ്തൃതവും അവിടത്തെ ജനത സുശക്തരും ആയിരുന്നല്ലോ.
3 തന്നിമിത്തം യെരൂശലേമിലെ രാജാവായ അദോനീ-സേദെക്, ഹെബ്രോനിലെ രാജാവായ ഹോഹാമിന്‍റെയും യര്‍മൂത്തിലെ രാജാവായ പിരാമിന്‍റെയും ലാഖീശിലെ രാജാവായ യാഹീയയുടെയും എഗ്ലോന്‍രാജാവായ ദെബീരിന്‍റെയും അടുക്കല്‍ സന്ദേശം അയച്ച് ഇപ്രകാരം അറിയിച്ചു:
4 “യോശുവയോടും ഇസ്രായേല്‍ജനത്തോടും സഖ്യത്തില്‍ ഏര്‍പ്പെട്ടതുകൊണ്ട് ഗിബെയോന്യരെ നശിപ്പിക്കാന്‍ നിങ്ങള്‍ എന്നെ സഹായിക്കണം.”
5 യെരൂശലേം, ഹെബ്രോന്‍, യര്‍മൂത്ത്, ലാഖീശ്, എഗ്ലോന്‍ എന്നീ രാജ്യങ്ങളിലെ അഞ്ച് അമോര്യരാജാക്കന്മാര്‍ സൈന്യസന്നാഹത്തോടെ ചെന്ന് ഗിബെയോന് എതിരായി പാളയമടിച്ച് അതിനെ ആക്രമിച്ചു.
6 “അങ്ങയുടെ ദാസന്മാരായ ഞങ്ങളെ കൈവിടരുതേ. ഉടന്‍തന്നെ വന്ന് ഞങ്ങളെ സഹായിച്ചു രക്ഷിച്ചാലും. പര്‍വതപ്രദേശത്തുള്ള അമോര്യരാജാക്കന്മാരെല്ലാം ഞങ്ങള്‍ക്കെതിരെ ഒത്തുചേര്‍ന്നിരിക്കുന്നു” എന്നു ഗിബെയോന്‍നിവാസികള്‍ ഗില്ഗാലില്‍ പാളയമടിച്ചിരുന്ന യോശുവയെ അറിയിച്ചു.
7 വീരയോദ്ധാക്കള്‍ ഉള്‍പ്പെടുന്ന സൈന്യത്തോടൊപ്പം യോശുവ ഗില്ഗാലില്‍നിന്നു പുറപ്പെട്ടു.
8 സര്‍വേശ്വരന്‍ യോശുവയോട് അരുളിച്ചെയ്തു: “അവരെ ഭയപ്പെടേണ്ടാ; ഞാന്‍ അവരെ നിന്‍റെ കൈയില്‍ ഏല്പിച്ചുതന്നിരിക്കുന്നു. അവരില്‍ ഒരാള്‍പോലും നിന്നെ നേരിടാന്‍ കരുത്തനല്ല.
9 യോശുവയും സൈന്യവും ഗില്ഗാലില്‍നിന്നു പുറപ്പെട്ട് രാത്രിമുഴുവനും യാത്രചെയ്ത് ഗിബെയോനില്‍ എത്തി. നിനച്ചിരിക്കാത്ത സമയത്ത് അവര്‍ അമോര്യരെ ആക്രമിച്ചു.
10 സര്‍വേശ്വരന്‍ ഇസ്രായേല്‍സൈന്യത്തിന്‍റെ മുന്‍പില്‍ അമോര്യരെ പരിഭ്രാന്തരാക്കി. ഇസ്രായേല്യര്‍ ഗിബെയോനില്‍വച്ച് അവരെ സംഹരിച്ചു. ബേത്ത്-ഹോരോന്‍ മലയിടുക്കിലൂടെ അസേക്കായും, മക്കേദായുംവരെ അവരെ പിന്തുടര്‍ന്നു കൊന്നൊടുക്കി.
11 ഇസ്രായേല്‍സൈന്യത്തിന്‍റെ മുമ്പില്‍നിന്ന് ഓടിപ്പോയ അമോര്യരുടെമേല്‍ ബേത്ത്-ഹോരോന്‍ കയറ്റംമുതല്‍ അസേക്കാവരെ സര്‍വേശ്വരന്‍ കന്മഴ വര്‍ഷിപ്പിച്ചു; അവര്‍ മരിച്ചുവീണു. ഇസ്രായേല്യര്‍ വാളുകൊണ്ട് സംഹരിച്ചതിനെക്കാള്‍ കൂടുതല്‍ ആളുകള്‍ കന്മഴകൊണ്ടു മരിച്ചു.
12
സര്‍വേശ്വരന്‍ ഇസ്രായേല്‍ജനത്തിന് അമോര്യരുടെമേല്‍ വിജയം നല്‌കിയ ദിവസം യോശുവ അവിടുത്തോടു പ്രാര്‍ഥിച്ചു; ഇസ്രായേല്‍ജനം കേള്‍ക്കെ അദ്ദേഹം പറഞ്ഞു: “സൂര്യാ, നീ ഗിബെയോനിലും ചന്ദ്രാ, നീ അയ്യാലോന്‍ താഴ്വരയിലും നില്‌ക്കുക.”13 ജനം തങ്ങളുടെ ശത്രുക്കളോടു പ്രതികാരം ചെയ്തുതീരുംവരെ സൂര്യനും ചന്ദ്രനും നിശ്ചലമായിനിന്നു. യാശാറിന്‍റെ പുസ്തകത്തില്‍ ഈ വിവരം രേഖപ്പെടുത്തിയിട്ടുണ്ടല്ലോ; അങ്ങനെ ഒരു ദിവസം മുഴുവന്‍ സൂര്യന്‍ അസ്തമിക്കാതെ ആകാശമധ്യേ നിന്നു.
14 ഒരു മനുഷ്യന്‍ പറഞ്ഞതനുസരിച്ചു സര്‍വേശ്വരന്‍ പ്രവര്‍ത്തിച്ച ആ ദിവസംപോലെ മറ്റൊരു ദിവസം അതിനു മുമ്പോ പിമ്പോ ഉണ്ടായിട്ടില്ല. സര്‍വേശ്വരന്‍തന്നെ ആയിരുന്നു ഇസ്രായേലിനുവേണ്ടി യുദ്ധം ചെയ്തത്.
15
പിന്നീട് യോശുവയും സൈന്യവും ഗില്ഗാലിലുള്ള പാളയത്തിലേക്കു മടങ്ങി.16
അമോര്യരാജാക്കന്മാര്‍ അഞ്ചു പേരും രക്ഷപെട്ട് മക്കേദായിലെ ഒരു ഗുഹയില്‍ ചെന്ന് ഒളിച്ചു.17 ആ വിവരം അറിഞ്ഞപ്പോള്‍ യോശുവ പറഞ്ഞു:
18 “ഗുഹയുടെ വാതില്‌ക്കല്‍ വലിയ കല്ലുകള്‍ ഉരുട്ടിവച്ച് അവര്‍ക്ക് കാവല്‍ ഏര്‍പ്പെടുത്തുക.
19 നിങ്ങള്‍ അവിടെ നില്‌ക്കരുത്; ശത്രുക്കളെ പിന്തുടര്‍ന്ന് ആക്രമിക്കുക. തങ്ങളുടെ പട്ടണങ്ങളില്‍ പ്രവേശിക്കാന്‍ അവരെ അനുവദിക്കരുത്. നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ അവരെ നിങ്ങളുടെ കൈയില്‍ ഏല്പിച്ചിരിക്കുകയാണ്.”
20 യോശുവയും ഇസ്രായേല്‍ജനവും അവരെ സംഹരിച്ചു. ഏതാനും പേര്‍ മാത്രം തങ്ങളുടെ പട്ടണങ്ങളില്‍ പ്രവേശിച്ചു രക്ഷപെട്ടു.
21 ജനമെല്ലാം മക്കേദാപാളയത്തില്‍ യോശുവയുടെ അടുക്കല്‍ ക്ഷേമമായി മടങ്ങിവന്നു. ഇസ്രായേല്യര്‍ക്കെതിരെ നാവനക്കാന്‍ ആരും ധൈര്യപ്പെട്ടില്ല.
22 പിന്നീട് യോശുവ കല്പിച്ചു: “ഗുഹ തുറന്ന് അഞ്ചു രാജാക്കന്മാരെയും എന്‍റെ അടുക്കല്‍ കൊണ്ടുവരിക.”
23 അങ്ങനെ അവര്‍ യെരൂശലേം, ഹെബ്രോന്‍, യര്‍മൂത്ത്, ലാഖീശ്, എഗ്ലോന്‍ എന്നീ രാജ്യങ്ങളിലെ രാജാക്കന്മാരെ യോശുവയുടെ അടുക്കല്‍ കൊണ്ടുവന്നു.
24 അപ്പോള്‍ അദ്ദേഹം ഇസ്രായേല്‍ജനത്തെ വിളിച്ചുകൂട്ടി; തന്‍റെകൂടെ യുദ്ധത്തിനുണ്ടായിരുന്ന പടത്തലവന്മാരോടു പറഞ്ഞു: നിങ്ങള്‍ ഈ രാജാക്കന്മാരുടെ കഴുത്തില്‍ ചവിട്ടുവിന്‍.” അവര്‍ അങ്ങനെ ചെയ്തു.
25 യോശുവ അവരോടു പറഞ്ഞു: നിങ്ങള്‍ ഭയപ്പെടുകയോ അധൈര്യപ്പെടുകയോ അരുത്; ശക്തരും ധീരരുമായിരിക്കുക. “നിങ്ങള്‍ ഏറ്റുമുട്ടാന്‍ പോകുന്ന ശത്രുക്കളോടെല്ലാം സര്‍വേശ്വരന്‍ ഇങ്ങനെതന്നെ പ്രവര്‍ത്തിക്കും.”
26 പിന്നീട് യോശുവ അവരെ വെട്ടിക്കൊന്ന് ശവശരീരങ്ങള്‍ അഞ്ചുമരങ്ങളില്‍ കെട്ടിത്തൂക്കി; സായാഹ്നംവരെ അവ അവിടെ കിടന്നു.
27 സൂര്യാസ്തമയസമയത്ത് യോശുവയുടെ കല്പനപ്രകാരം മൃതദേഹങ്ങള്‍ മരങ്ങളില്‍നിന്ന് ഇറക്കി അവര്‍ ഒളിച്ചിരുന്ന ഗുഹയില്‍ കൊണ്ടുപോയി ഇട്ടു. ഗുഹാമുഖത്ത് വലിയ കല്ലുകള്‍ ഉരുട്ടിവച്ചു. അവ ഇന്നും അവിടെയുണ്ട്.
28
അന്നുതന്നെ യോശുവ മക്കേദാ പിടിച്ചടക്കി, അവിടത്തെ രാജാവിനെയും തദ്ദേശവാസികളെയും നിശ്ശേഷം സംഹരിച്ചു; യെരീഹോ രാജാവിനോടു പ്രവര്‍ത്തിച്ചതുപോലെതന്നെ യോശുവ മക്കേദാരാജാവിനോടും ചെയ്തു.29
പിന്നീട് യോശുവയും ഇസ്രായേല്യരും മക്കേദായില്‍നിന്നു ലിബ്നയിലെത്തി അതിനെ ആക്രമിച്ചു.30 സര്‍വേശ്വരന്‍ ലിബ്നയുടെയും അവിടത്തെ രാജാവിന്‍റെയുംമേല്‍ ഇസ്രായേലിനു വിജയം നല്‌കി. ഒരാള്‍പോലും ശേഷിക്കാതെ അവിടെയുണ്ടായിരുന്ന സകലരെയും വാളിനിരയാക്കി. യെരീഹോരാജാവിനോടു പ്രവര്‍ത്തിച്ചതുപോലെതന്നെ അവിടത്തെ രാജാവിനോടും പ്രവര്‍ത്തിച്ചു.
31 പിന്നീട് യോശുവയും ഇസ്രായേല്‍ജനവും ലിബ്നയില്‍നിന്നു ലാഖീശിലേക്കു പോയി; അവര്‍ ആ നഗരത്തെ ചുറ്റിവളഞ്ഞ് ആക്രമിച്ചു.
32 സര്‍വേശ്വരന്‍ ഇസ്രായേലിന് ലാഖീശിന്‍റെ മേലും വിജയം നല്‌കി. രണ്ടാം ദിവസം അവര്‍ അതിനെ പിടിച്ചടക്കി. ലിബ്നയില്‍ പ്രവര്‍ത്തിച്ചതുപോലെതന്നെ പട്ടണത്തില്‍ ഒരാള്‍പോലും ശേഷിക്കാതെ എല്ലാവരെയും വാളിനിരയാക്കി.
33
ഗേസെര്‍രാജാവായ ഹോരാം ലാഖീശിന്‍റെ സഹായത്തിന് എത്തിയിരുന്നെങ്കിലും യോശുവ അയാളെയും സൈന്യത്തെയും നിശ്ശേഷം സംഹരിച്ചു.34
യോശുവയും ഇസ്രായേല്‍ജനവും ലാഖീശില്‍നിന്ന് എഗ്ലോനില്‍ പോയി അതിനെ വളഞ്ഞ് ആക്രമിച്ചു.35 അവര്‍ അന്നുതന്നെ അതു പിടിച്ചടക്കി; ലാഖീശില്‍ ചെയ്തതുപോലെ അതിലുള്ള സകലരെയും വാളിനിരയാക്കി.
36
യോശുവയും ഇസ്രായേല്‍ജനവും എഗ്ലോനില്‍നിന്നു ഹെബ്രോനില്‍ എത്തി അതിനെ ആക്രമിച്ചു. അവര്‍ അതു പിടിച്ചടക്കി.37 അവിടത്തെ രാജാവിനെയും പട്ടണങ്ങളിലും ഗ്രാമങ്ങളിലുമുണ്ടായിരുന്ന ജനത്തെയും വാളിനിരയാക്കി; എഗ്ലോനോടു പ്രവര്‍ത്തിച്ചതുപോലെ ഹെബ്രോനിലും ഒന്നൊഴിയാതെ എല്ലാവരെയും നശിപ്പിച്ചു.
38
പിന്നീട് യോശുവയും ഇസ്രായേല്‍ജനവും തിരിച്ചു ദെബീരിന്‍റെ നേരെ തിരിഞ്ഞ് അതിനെ ആക്രമിച്ചു;39 അവിടത്തെ രാജാവിനെയും നഗരത്തിലും ഗ്രാമങ്ങളിലുമുണ്ടായിരുന്ന ജനത്തെയും വാളിനിരയാക്കി; സകലരെയും നിശ്ശേഷം നശിപ്പിച്ചു. ഹെബ്രോനിലെയും ലിബ്നയിലെയും രാജാക്കന്മാരോടും ജനത്തോടും പ്രവര്‍ത്തിച്ചതുപോലെതന്നെ യോശുവ ദെബീരിലെ രാജാവിനോടും ജനത്തോടും പ്രവര്‍ത്തിച്ചു.
40
അങ്ങനെ യോശുവ മലനാട്, നെഗെബ്, താഴ്വരകള്‍, മലഞ്ചരിവുകള്‍ എന്നിങ്ങനെ ദേശം മുഴുവനും അവയിലെ രാജാക്കന്മാരെയും കീഴടക്കി; ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ കല്പിച്ചതുപോലെ ഒരാള്‍ പോലും ശേഷിക്കാതെ എല്ലാവരെയും യോശുവ നശിപ്പിച്ചു.41 കാദേശ്-ബര്‍ന്നേയാമുതല്‍ ഗസ്സാവരെയും ഗിബെയോന്‍വരെയുള്ള ഗോശെന്‍ ദേശം മുഴുവനും യോശുവ കീഴടക്കി.
42 ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ അവര്‍ക്കുവേണ്ടി യുദ്ധം ചെയ്തതുകൊണ്ട് ഈ രാജാക്കന്മാരെയും അവരുടെ രാജ്യങ്ങളെയും യോശുവ ഒറ്റയടിക്ക് പിടിച്ചടക്കി.
43 പിന്നീട് യോശുവയും ഇസ്രായേല്‍ജനവും ഗില്ഗാലിലെ പാളയത്തിലേക്കു മടങ്ങി.
1
ഇസ്രായേലിന്‍റെ വിജയങ്ങളെപ്പറ്റി കേട്ട് ഹാസോരിലെ രാജാവായ യാബീന്‍ മാദോനിലെ യോബാബ്‍രാജാവിന്‍റെയും ശിമ്രോന്‍, അക്ക്ശാഫ് എന്നിവിടങ്ങളിലെ രാജാക്കന്മാരുടെയും വടക്കു മലനാട്ടിലും2 കിന്നെരോത്തിനു തെക്കുള്ള അരാബായിലും സമഭൂമിയിലും താഴ്വരയിലും പടിഞ്ഞാറ് ദോര്‍ മേടുകളിലുമുണ്ടായിരുന്ന രാജാക്കന്മാരുടെയും അടുക്കല്‍ ദൂതന്മാരെ അയച്ചു.
3 കൂടാതെ യോര്‍ദ്ദാന് ഇരുവശങ്ങളിലും നിവസിച്ചിരുന്ന കനാന്യര്‍, മലനാട്ടിലെ അമോര്യര്‍, ഹിത്യര്‍, പെരിസ്യര്‍, യെബൂസ്യര്‍, മിസ്പാദേശത്ത് ഹെര്‍മ്മോന്‍ താഴ്വരയില്‍ വസിച്ചിരുന്ന ഹിവ്യര്‍ എന്നിവരുടെ അടുക്കലും ആളയച്ചു.
4 കടല്‍ക്കരയിലെ മണല്‍പോലെ എണ്ണമറ്റ സൈനികരോടും കുതിരകളോടും രഥങ്ങളോടും കൂടി അവര്‍ പുറപ്പെട്ടു.
5 ഇസ്രായേല്‍ജനവുമായി യുദ്ധം ചെയ്യുന്നതിന് ഈ രാജാക്കന്മാര്‍ അവരുടെ സൈന്യങ്ങളെയെല്ലാം മേരോംതടാകത്തിനരികെ അണിനിരത്തി.
6 സര്‍വേശ്വരന്‍ യോശുവയോടു പറഞ്ഞു: “അവരെക്കുറിച്ചു ഭയപ്പെടേണ്ടാ; നാളെ ഈ സമയം ആകുന്നതിനുമുമ്പ് ഇസ്രായേലിനുവേണ്ടി ഞാന്‍ അവരെയെല്ലാം സംഹരിക്കും. കുതിരകളുടെ കുതിഞരമ്പുകള്‍ വെട്ടി അവയെ മുടന്തുള്ളവയാക്കുകയും രഥങ്ങള്‍ ചുട്ടുകളയുകയും ചെയ്യണം.”
7 അങ്ങനെ യോശുവയും സൈന്യവും മേരോംതടാകത്തിനരികെ വച്ച് അവരെ പെട്ടെന്ന് ആക്രമിച്ചു.
8 സര്‍വേശ്വരന്‍ അവരുടെമേല്‍ ഇസ്രായേലിനു വിജയം നല്‌കി. ഇസ്രായേല്‍ അവരെ തോല്പിച്ചു. വടക്ക് സീദോന്‍, മിസ്രെഫോത്ത്മയീം എന്നീ സ്ഥലങ്ങള്‍ വരെയും കിഴക്ക് മിസ്പെതാഴ്വരവരെയും ഇസ്രായേല്‍ അവരെ പിന്തുടര്‍ന്നു. ഒരാള്‍ പോലും ശേഷിക്കാതെ ശത്രുക്കളെയെല്ലാം സംഹരിച്ചു.
9 സര്‍വേശ്വരന്‍ കല്പിച്ചിരുന്നതുപോലെതന്നെ യോശുവ അവരോടു പ്രവര്‍ത്തിച്ചു. അവരുടെ കുതിരകളുടെ കുതിഞരമ്പുരകള്‍ വെട്ടി; രഥങ്ങള്‍ അഗ്നിക്കിരയാക്കി.
10
പിന്നീട് യോശുവ തിരിച്ചുചെന്നു ഹാസോര്‍ പിടിച്ചടക്കി. അവിടത്തെ രാജാവിനെ വാളിനിരയാക്കി. അന്ന് ഉണ്ടായിരുന്ന രാജ്യങ്ങളില്‍ ഹാസോര്‍ ഏറ്റവും പ്രബലമായിരുന്നു.11 അവിടെയുണ്ടായിരുന്ന സകല മനുഷ്യരെയും അവര്‍ സംഹരിച്ചു; ഒരാള്‍പോലും ജീവനോടെ ശേഷിച്ചില്ല. അവര്‍ ഹാസോര്‍ അഗ്നിക്കിരയാക്കി.
12 സര്‍വേശ്വരന്‍ തന്‍റെ ദാസനായ മോശയോടു കല്പിച്ചിരുന്നതുപോലെ ആ രാജാക്കന്മാരെയും സകല പട്ടണങ്ങളെയും യോശുവ പിടിച്ചടക്കി. അവരില്‍ ഒരാള്‍ പോലും ജീവനോടെ ശേഷിക്കാതെ വാളിനിരയായി.
13 എന്നാല്‍ മലമുകളില്‍ നിര്‍മ്മിച്ചിരുന്ന പട്ടണങ്ങളില്‍ ഹാസോര്‍ ഒഴികെ മറ്റൊരു പട്ടണവും ഇസ്രായേല്‍ജനം അഗ്നിക്കിരയാക്കിയില്ല.
14 ഈ പട്ടണങ്ങളില്‍നിന്നു കിട്ടിയ കൊള്ളമുതലും കന്നുകാലികളും ഇസ്രായേല്‍ജനം സ്വന്തമാക്കി. എങ്കിലും അവിടെയുണ്ടായിരുന്നവരെ ഒന്നൊഴിയാതെ വാളിനിരയാക്കി.
15 സര്‍വേശ്വരന്‍ മോശയോടു കല്പിച്ചിരുന്നതു മോശ യോശുവയെ അറിയിച്ചിരുന്നു; യോശുവ അതനുസരിച്ചു പ്രവര്‍ത്തിച്ചു. സര്‍വേശ്വരന്‍ മോശയോടു കല്പിച്ചിരുന്നതില്‍ ഒന്നുപോലും യോശുവ നിറവേറ്റാതിരുന്നില്ല.
16
മലനാടും നെഗെബു മുഴുവനും ഗോശെന്‍ ദേശവും താഴ്വരയും അരാബായും ഇസ്രായേലിലെ മലനാടും അതിന്‍റെ താഴ്വരയും സേയീര്‍കയറ്റത്തിലുള്ള ഉയര്‍ന്ന ഹാലാക് കുന്നുകള്‍മുതല്‍ ഹെര്‍മ്മോന്‍ പര്‍വതത്തിന്‍റെ അടിവാരത്തിലുള്ള ലെബാനോന്‍ താഴ്വരയിലെ ബാല്‍-ഗാദ് വരെയും ഉള്ള പ്രദേശങ്ങള്‍ മുഴുവനും യോശുവ പിടിച്ചടക്കി.17 അവിടങ്ങളിലെ സകല രാജാക്കന്മാരെയും കീഴടക്കി സംഹരിക്കുകയും ചെയ്തു.
18 ആ രാജാക്കന്മാരോട് യോശുവ ദീര്‍ഘകാലം യുദ്ധം ചെയ്തു.
19 ഗിബെയോന്‍നിവാസികളായ ഹിവ്യര്‍ ഒഴികെ മറ്റാരും ഇസ്രായേലുമായി സഖ്യത്തില്‍ ഏര്‍പ്പെട്ടിരുന്നില്ല. മറ്റുള്ളവരെ അവര്‍ യുദ്ധംചെയ്തു കീഴടക്കി.
20 ഇസ്രായേല്‍ജനത്തോടു യുദ്ധം ചെയ്യാന്‍ തക്കവിധം സര്‍വേശ്വരന്‍ അവരുടെ ഹൃദയം കഠിനമാക്കിയിരുന്നു. അതുകൊണ്ടു മോശയോട് സര്‍വേശ്വരന്‍ കല്പിച്ചിരുന്നതുപോലെ അവരോടു യാതൊരു കരുണയും കാണിക്കാതെ ഇസ്രായേല്‍ജനം അവരെ നിശ്ശേഷം നശിപ്പിച്ചു.
21
ആ കാലത്ത് ഹെബ്രോന്‍, ദെബീര്‍, അനാബ് എന്നീ മലനാടുകളിലും യെഹൂദായിലെയും ഇസ്രായേലിലെയും മലനാടുകളിലും നിവസിച്ചിരുന്ന അനാക്യരെയെല്ലാം യോശുവ സംഹരിക്കുകയും അവരുടെ പട്ടണങ്ങളെ പൂര്‍ണമായി നശിപ്പിക്കുകയും ചെയ്തു.22 ഗസ്സാ, ഗത്ത്, അസ്തോദ് എന്നീ ദേശങ്ങളിലല്ലാതെ ഇസ്രായേല്‍ജനം കൈവശപ്പെടുത്തിയ ഒരു സ്ഥലത്തും ഒരു അനാക്യന്‍ പോലും ശേഷിച്ചില്ല.
23 സര്‍വേശ്വരന്‍ മോശയോടു കല്പിച്ചിരുന്നതുപോലെ യോശുവ ആ ദേശമെല്ലാം പിടിച്ചടക്കി; അവ വിഭജിച്ച് ഇസ്രായേല്‍ഗോത്രങ്ങള്‍ക്ക് അവകാശമായി നല്‌കി. അങ്ങനെ യുദ്ധം അവസാനിച്ചു. ദേശത്ത് സമാധാനം ഉണ്ടായി.
1
യോര്‍ദ്ദാനു കിഴക്ക് അര്‍ന്നോന്‍ താഴ്വരമുതല്‍ ഹെര്‍മ്മോന്‍ മലവരെയുള്ള പ്രദേശം ഇസ്രായേല്‍ജനം ആക്രമിച്ച് കൈവശപ്പെടുത്തി. ആ പ്രദേശങ്ങളിലെ രാജാക്കന്മാരെ തോല്പിക്കുകയും ചെയ്തു.2 അവരില്‍ ഒരാളാണ് ഹെശ്ബോനില്‍ പാര്‍ത്തിരുന്ന അമോര്യരാജാവായ സീഹോന്‍. അര്‍ന്നോന്‍ താഴ്വരയുടെ അതിരിലുള്ള അരോവേര്‍ കേന്ദ്രമാക്കി അദ്ദേഹം ഭരിച്ചു; ആ താഴ്വരയുടെ മധ്യഭാഗം മുതല്‍ യബ്ബോക്ക് നദിവരെയുള്ള ഗിലെയാദിന്‍റെ പകുതിഭാഗം-അമ്മോന്യരുടെ അതിര്‍ത്തിവരെ-സീഹോന്‍ ഭരിച്ചിരുന്നു.
3 കിന്നെരോത്ത് കടല്‍ മുതല്‍ അരാബാക്കടല്‍വരെയും ബേത്ത്-യെശീമോത്തുവരെയും ഉള്ള കിഴക്കന്‍ അരാബായും പിസ്ഗാ മലഞ്ചരിവിന്‍റെ തെക്കുഭാഗവും അതില്‍ ഉള്‍പ്പെട്ടിരുന്നു.
4 രെഫായീമ്യരുടെ കൂട്ടത്തില്‍ ശേഷിച്ചിരുന്നവരില്‍ ഒരാളായ ബാശാനിലെ ഓഗ്‍രാജാവിനെയും അവര്‍ പരാജയപ്പെടുത്തി. രെഫായീമ്യര്‍ അസ്താരോത്തിലും എദ്രെയിലും പാര്‍ത്തിരുന്നു.
5 ഹെര്‍മ്മോന്‍ പര്‍വതവും സല്‍ക്കയും ബാശാന്‍ദേശം മുഴുവനും ഗെശൂര്യര്‍, മാഖാത്യര്‍ എന്നിവരുടെ ദേശവും ഗിലെയാദിന്‍റെ പകുതിഭാഗവും ഹെശ്ബോനിലെ സീഹോന്‍രാജാവിന്‍റെ രാജ്യത്തിന്‍റെ അതിര്‍വരെയുള്ള സ്ഥലങ്ങളും ഉള്‍പ്പെടുന്ന പ്രദേശം ഓഗിന്‍റെ ഭരണത്തിന്‍ കീഴിലായിരുന്നു.
6 സര്‍വേശ്വരന്‍റെ ദാസനായ മോശയും ഇസ്രായേല്‍ജനവും കൂടി അവരെ പരാജയപ്പെടുത്തി; അവരുടെ ദേശമെല്ലാം രൂബേന്‍, ഗാദ് ഗോത്രക്കാര്‍ക്കും മനശ്ശെയുടെ പകുതിഗോത്രക്കാര്‍ക്കും അവകാശമായി മോശ നല്‌കിയിരുന്നു.
7
യോശുവയും ഇസ്രായേല്‍ജനവും ലെബാനോന്‍റെ താഴ്വരയിലെ ബാല്‍-ഗാദ്മുതല്‍ സേയീര്‍ കയറ്റത്തിലെ ഹാലാക്മലവരെയുള്ള പ്രദേശം പിടിച്ചടക്കി. ആ പ്രദേശം ഇസ്രായേല്‍ഗോത്രങ്ങള്‍ക്ക് അവകാശമായി യോശുവ വിഭജിച്ചു കൊടുത്തു.8 മലനാട്, പടിഞ്ഞാറന്‍ താഴ്വര, യോര്‍ദ്ദാന്‍ താഴ്വര, കിഴക്കേ ചരിവ്, നെഗെബ് എന്നീ സ്ഥലങ്ങളിലുണ്ടായിരുന്ന ഹിത്യര്‍, അമോര്യര്‍, കനാന്യര്‍, പെരിസ്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നീ ജനതകളുടെ രാജാക്കന്മാരെ യോശുവയും ഇസ്രായേല്യരും കൂടി പരാജയപ്പെടുത്തി.
9 യെരീഹോ, ബേഥേലിനു സമീപമുള്ള ഹായി,
10 യെരൂശലേം, ഹെബ്രോന്‍, യര്‍മൂത്ത്,
11 [11,12] ലാഖീശ്, എഗ്ലോന്‍, ഗേസെര്‍, ദെബീര്‍,
12
13 [13,14] ഗേദെര്‍, ഹോര്‍മ്മാ, ആരാദ്, ലിബ്നാ, അദുല്ലാം,
14
15 [15,16] മക്കേദാ, ബേഥേല്‍, തപ്പൂഹാ, ഹേഫെര്‍,
16
17 [17,18] അഫേക്, ലാശറോന്‍, മാദോന്‍, ഹാസോര്‍,
18
19 [19,20] ശിമ്രോന്‍-മെരോന്‍, ആക്ശാഫ്, താനാക്,
20
21 [21,22] മെഗിദ്ദോ, കാദേശ്, കര്‍മ്മേലിലെ യോക്നെയാം,
22
23 കടല്‍ത്തീരത്തുള്ള ദോര്‍, ഗില്ഗാല്‍ (ഗോയീം രാജാവ്),
24 തിര്‍സാ, എന്നീ മുപ്പത്തൊന്നു പട്ടണങ്ങളിലെ രാജാക്കന്മാരെയും ഇസ്രായേല്‍ജനം കീഴടക്കി.
1
യോശുവ വൃദ്ധനായപ്പോള്‍ സര്‍വേശ്വരന്‍ അദ്ദേഹത്തോട് അരുളിച്ചെയ്തു: “നീ വൃദ്ധനായിരിക്കുന്നു; വളരെ അധികം സ്ഥലങ്ങള്‍ ഇനിയും കൈവശപ്പെടുത്താനുണ്ട്.2 ഇനിയും കൈവശമാക്കുവാനുള്ള സ്ഥലങ്ങള്‍: ഈജിപ്തിന്‍റെ കിഴക്കുള്ള സീഹോര്‍ മുതല്‍ വടക്ക് കനാന്യരുടേതെന്നു കരുതപ്പെടുന്ന എക്രോന്‍റെ അതിര്‍വരെയുള്ളതും ഫെലിസ്ത്യരുടെയും ഗെശൂര്യരുടെയും കൈവശം ഇരുന്നതുമായ സ്ഥലങ്ങള്‍, ഫെലിസ്ത്യ പ്രഭുക്കന്മാര്‍ ഭരിച്ചിരുന്ന ഗസ്സ,
3 അസ്തോദ്, അസ്കലോന്‍, ഗത്ത്, എക്രോന്‍ എന്നീ സ്ഥലങ്ങളും
4 തെക്ക് ആവിംദേശവും കനാന്യരുടെ ദേശവും സീദോന്യരുടെ ദേശമായ മെയാരമുതല്‍ അമ്മോന്യരുടെ അതിര്‍ത്തിയായ അഫേക് വരെയുള്ള സ്ഥലങ്ങളും
5 ഗിബെല്യരുടെ ദേശവും ഹെര്‍മ്മോന്‍ പര്‍വതത്തിന്‍റെ അടിവാരത്തിലെ ബാല്‍ഗാദ്മുതല്‍ ഹാമാത്തിലേക്കു തിരിയുന്ന ലെബാനോന്‍ പ്രദേശവും
6 ലെബാനോന്‍ മുതല്‍ മിസ്രെഫോത്ത്മയീംവരെയുള്ള പര്‍വതപ്രദേശത്തു പാര്‍ക്കുന്ന സീദോന്യരുടെ ദേശവുമെല്ലാം ഇതിലുള്‍പ്പെടുന്നു. ഇസ്രായേല്‍ജനം മുന്നേറുന്നതനുസരിച്ച് ഈ ജനതകളെയെല്ലാം ഞാന്‍ നീക്കിക്കളയും. അവരുടെ ദേശമെല്ലാം ഞാന്‍ നിന്നോടു കല്പിച്ചതുപോലെ ഇസ്രായേല്‍ജനത്തിന് അവകാശമായി വിഭജിച്ചു കൊടുക്കണം.
7 അതുകൊണ്ട് ഇപ്പോള്‍ ഈ ദേശം മനശ്ശെയുടെ പകുതി ഗോത്രം ഉള്‍പ്പെടെയുള്ള ഒന്‍പതു ഗോത്രക്കാര്‍ക്ക് അവകാശമായി വിഭജിച്ചുകൊടുക്കുക.”
8
സര്‍വേശ്വരന്‍റെ ദാസനായ മോശ, രൂബേന്‍ ഗാദ്ഗോത്രക്കാര്‍ക്കും മനശ്ശെയുടെ പകുതി ഗോത്രക്കാര്‍ക്കും യോര്‍ദ്ദാന്‍നദിയുടെ കിഴക്ക് കൊടുത്തിരുന്ന ദേശങ്ങള്‍ അവര്‍ കൈവശപ്പെടുത്തിയിരുന്നു.9 അര്‍ന്നോന്‍താഴ്വരയുടെ അതിരിലുള്ള അരോവേര്‍ ദേശവും താഴ്വരയുടെ മധ്യഭാഗത്തുള്ള പട്ടണവും മേദെബാമുതല്‍ ദീബോന്‍വരെയുള്ള സമഭൂമിയും അവരുടെ കൈവശത്തില്‍ ആയിരുന്നു.
10 ഹെശ്ബോനില്‍ വാണിരുന്ന അമോര്യരാജാവായ സീഹോന്‍റേതായി അമ്മോന്യരുടെ അതിര്‍വരെയുള്ള നഗരങ്ങളും
11 ഗിലെയാദുദേശവും ഗെശൂരിന്‍റെയും മാഖാത്യരുടെയും ദേശവും ഹെര്‍മ്മോന്‍ പര്‍വതവും സല്‍ക്കാവരെയുള്ള ബാശാന്‍ദേശം മുഴുവനും അവര്‍ കൈവശപ്പെടുത്തിയ ഭൂമിയില്‍ ഉള്‍പ്പെട്ടിരുന്നു.
12 രെഫായീമ്യരില്‍ അവസാനത്തെ രാജാവായി അസ്താരോത്തിലും എദ്രെയിലും വാണിരുന്ന ഓഗിന്‍റെ രാജ്യവും ഉള്‍പ്പെട്ടതായിരുന്നു അത്. ഈ ജനതകളെയെല്ലാം മോശ പരാജയപ്പെടുത്തി അവരുടെ ദേശത്തുനിന്നു നീക്കിക്കളഞ്ഞിരുന്നു.
13 എന്നാല്‍ ഇസ്രായേല്‍ജനം ഗെശൂര്യരെയും മാഖാത്യരെയും അവരുടെ ദേശത്തുനിന്നു നീക്കിക്കളഞ്ഞിരുന്നില്ല. അവര്‍ ഇന്നും ഇസ്രായേല്യരുടെ ഇടയില്‍ പാര്‍ത്തുവരുന്നു.
14 ലേവിഗോത്രത്തിന് അവകാശമായി ഒരു സ്ഥലവും കൊടുത്തിരുന്നില്ല. കാരണം സര്‍വേശ്വരന്‍ മോശയോടു കല്പിച്ചിരുന്നതുപോലെ ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍റെ യാഗപീഠത്തില്‍ അര്‍പ്പിക്കുന്ന യാഗവസ്തുക്കളുടെ ഓഹരി അവര്‍ക്ക് ലഭിച്ചുവന്നിരുന്നു.
15
രൂബേന്‍ഗോത്രത്തിലെ ഓരോ കുടുംബത്തിനും മോശ അവകാശം നല്‌കി.16 അര്‍ന്നോന്‍താഴ്വരയുടെ അതിര്‍ത്തിയിലുള്ള അരോവേര്‍ ദേശവും താഴ്വരയുടെ മധ്യത്തിലുള്ള പട്ടണവും മേദെബയുടെ ചുറ്റുമുള്ള സമഭൂമിയും അതില്‍ ഉള്‍പ്പെട്ടിരുന്നു.
17 ഹെശ്ബോനും പീഠഭൂമിയിലുള്ള പട്ടണങ്ങളും ദീബോനും ബാമോത്ത്-ബാലും ബേത്ത്-ബാല്‍-മേയോനും
18 യഹ്സയും കെദേമോത്തും മേഫാത്തും കിര്യത്തയീമും സിബ്മായും
19 താഴ്വരയിലെ മലയിലുള്ള
20 സേരത്ത് - ശഹറും ബേത്ത്-പെയോരും, പിസ്ഗാമലയുടെ ചരിവുകളും ബേത്ത് - യെശീമോത്തും അതില്‍ ഉള്‍പ്പെട്ടിരുന്നു.
21 പീഠഭൂമിയിലെ എല്ലാ പട്ടണങ്ങളും ഹെശ്ബോനില്‍ അമോര്യരുടെ രാജാവായ സീഹോന്‍റെ രാജ്യവും അതിന്‍റെ ഭാഗമായിരുന്നു. സീഹോനെയും, ഏവി, രേക്കെം, സൂര്‍, ഹൂര്‍, രേബ എന്നീ മിദ്യാന്യപ്രഭുക്കന്മാരെയും മോശ സംഹരിച്ചു. ഈ പ്രഭുക്കന്മാരെല്ലാം സീഹോനുവേണ്ടി ആ പ്രദേശങ്ങള്‍ ഭരിച്ചവരായിരുന്നു.
22 ഇസ്രായേല്‍ജനം വധിച്ചവരുടെ കൂട്ടത്തില്‍ ബെയോരിന്‍റെ മകനായ ബിലെയാം എന്ന ഭാവിഫലം പറയുന്നവനും ഉള്‍പ്പെട്ടിരുന്നു.
23 യോര്‍ദ്ദാന്‍നദി ആയിരുന്നു രൂബേന്യരുടെ പടിഞ്ഞാറേ അതിര്. ഈ പട്ടണങ്ങളും ഗ്രാമങ്ങളും രൂബേന്‍ഗോത്രത്തിലെ കുടുംബങ്ങള്‍ക്ക് അവകാശമായി ലഭിച്ചവയായിരുന്നു.
24
ഗാദ്ഗോത്രത്തിലെ ഓരോ കുടുംബത്തിനും മോശ അവകാശം നല്‌കി.25 അവര്‍ക്കു നല്‌കിയ ദേശങ്ങള്‍ യസേര്‍, ഗിലെയാദിലെ പട്ടണങ്ങള്‍, രബ്ബായുടെ കിഴക്ക് അരോവേര്‍ വരെയുള്ള അമ്മോന്യരുടെ പകുതിദേശം,
26 ഹെശ്ബോന്‍മുതല്‍ രാമത്ത്-മിസ്പെയും ബെതോനീമുംവരെ, മഹനയീം മുതല്‍ ദെബീരിന്‍റെ അതിര്‍വരെ ഉള്ള ദേശം,
27 യോര്‍ദ്ദാന്‍ താഴ്വര, ബേത്ത്-ഹാരാം, ബേത്ത്-നിമ്രാം, സുക്കോത്ത്, സാഫോന്‍ എന്നീ പ്രദേശങ്ങള്‍, ഹെശ്ബോനില്‍ പാര്‍ത്തിരുന്ന സീഹോന്‍റെ രാജ്യത്തില്‍ ശേഷിച്ച ഭാഗങ്ങള്‍ എന്നിവയായിരുന്നു. ഗലീലതടാകംവരെയുള്ള യോര്‍ദ്ദാന്‍ നദിയായിരുന്നു അവരുടെ ദേശത്തിന്‍റെ പടിഞ്ഞാറേ അതിര്.
28 ഇവയായിരുന്നു ഗാദ്ഗോത്രത്തിലെ കുടുംബങ്ങള്‍ക്ക് അവകാശമായി ലഭിച്ച പട്ടണങ്ങളും ഗ്രാമങ്ങളും.
29
മനശ്ശെയുടെ പകുതി ഗോത്രക്കാരില്‍ ഓരോ കുടുംബത്തിനും മോശ അവകാശം നല്‌കി.30 അത് മഹനയീംമുതല്‍ ബാശാന്‍രാജാവായ ഓഗിന്‍റെ രാജ്യം മുഴുവനും ബാശാനിലെ യായീരിന്‍റെ അറുപതു ഗ്രാമങ്ങളും
31 ഗിലെയാദിന്‍റെ പകുതി ഭാഗവും ബാശാന്‍രാജാവായ ഓഗിന്‍റെ രാജ്യത്തിലെ അസ്താരോത്ത്, എദ്രയീം എന്നീ പട്ടണങ്ങളും ആയിരുന്നു. മനശ്ശെയുടെ പുത്രനായ മാഖീരിന്‍റെ പിന്‍ഗാമികളില്‍ പകുതി കുടുംബക്കാര്‍ക്ക് ഈ പ്രദേശം അവകാശമായി ലഭിച്ചു.
32
മോവാബ് സമതലത്തില്‍വച്ചു യോര്‍ദ്ദാന് അക്കരെ യെരീഹോവിനു കിഴക്കുവശത്തുള്ള ദേശം മോശ വിഭജിച്ചു കൊടുത്തത് ഇങ്ങനെ ആയിരുന്നു.33 ലേവിഗോത്രക്കാര്‍ക്ക് അവകാശമായി ഒരു സ്ഥലവും മോശ നല്‌കിയില്ല. ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ അവരോടു കല്പിച്ചിരുന്നതുപോലെ അവിടുന്നുതന്നെ ആയിരുന്നു അവരുടെ അവകാശം.
1
പുരോഹിതനായ എലെയാസാരും നൂനിന്‍റെ പുത്രനായ യോശുവയും ഇസ്രായേല്‍ഗോത്രങ്ങളിലെ നേതാക്കന്മാരും ചേര്‍ന്ന് കനാന്‍ദേശത്ത് ഇസ്രായേല്യര്‍ക്ക് അവകാശമായി ലഭിച്ച സ്ഥലങ്ങള്‍ ജനത്തിനു വിഭജിച്ചുകൊടുത്തു.2 സര്‍വേശ്വരന്‍ മോശയോടു കല്പിച്ചതുപോലെ ഒന്‍പതര ഗോത്രക്കാര്‍ക്ക് നറുക്കിട്ട് അവരുടെ അവകാശം വിഭജിച്ചു കൊടുത്തു.
3 രണ്ടര ഗോത്രക്കാര്‍ക്ക് മോശ യോര്‍ദ്ദാനു കിഴക്കുള്ള ഭൂമി അവകാശമായി നല്‌കിയിരുന്നു. എന്നാല്‍ ലേവ്യര്‍ക്ക് അവരുടെ ഇടയില്‍ ഒരവകാശവും നല്‌കിയിരുന്നില്ല.
4 യോസേഫിന്‍റെ പിന്‍തലമുറക്കാര്‍ മനശ്ശെ, എഫ്രയീം എന്നീ രണ്ടു ഗോത്രങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. ലേവ്യര്‍ക്ക് പാര്‍ക്കുന്നതിനുള്ള പട്ടണങ്ങളും അവരുടെ കന്നുകാലികള്‍ക്കും മറ്റു മൃഗങ്ങള്‍ക്കും മേയുന്നതിനുള്ള പുല്പുറങ്ങളുമല്ലാതെ വേറെ ഓഹരി ഒന്നും നല്‌കപ്പെട്ടിരുന്നില്ല.
5 സര്‍വേശ്വരന്‍ മോശയോടു കല്പിച്ചിരുന്നതുപോലെ അവര്‍ ഇസ്രായേല്‍ജനത്തിന് ദേശം വിഭജിച്ചുകൊടുത്തു.
6
ഒരു ദിവസം യെഹൂദാഗോത്രക്കാരില്‍ ചിലര്‍ ഗില്ഗാലില്‍ വച്ച് യോശുവയെ സമീപിച്ചു. കെനിസ്യനായ യെഫുന്നെയുടെ പുത്രന്‍ കാലേബ് അവരോടൊപ്പം ഉണ്ടായിരുന്നു; അദ്ദേഹം യോശുവയോടു പറഞ്ഞു: “കാദേശ്-ബര്‍ന്നേയയില്‍വച്ചു സര്‍വേശ്വരന്‍ നമ്മെ ഇരുവരെയും കുറിച്ചു ദൈവപുരുഷനായ മോശയോടു പറഞ്ഞ കാര്യങ്ങള്‍ അങ്ങ് ഓര്‍ക്കുന്നുണ്ടായിരിക്കുമല്ലോ.7 സര്‍വേശ്വരന്‍റെ ദാസനായ മോശ കാദേശ്-ബര്‍ന്നേയയില്‍നിന്നു ദേശം രഹസ്യമായി നിരീക്ഷിക്കാന്‍ എന്നെ അയച്ചപ്പോള്‍ എനിക്കു നാല്പതു വയസ്സ് ആയിരുന്നു. എന്‍റെ വ്യക്തമായ അഭിപ്രായം ഞാന്‍ അദ്ദേഹത്തെ അറിയിച്ചു.
8 എന്നാല്‍ എന്‍റെകൂടെ ഉണ്ടായിരുന്നവര്‍ തങ്ങളുടെ വാക്കുകളാല്‍ ജനത്തെ പരിഭ്രാന്തരാക്കുകയാണു ചെയ്തത്. ഞാനാകട്ടെ എന്‍റെ ദൈവമായ സര്‍വേശ്വരനെ പൂര്‍ണമായി പിന്തുടര്‍ന്നു.
9 ഞാന്‍ അങ്ങനെ ചെയ്തതുകൊണ്ട് നിന്‍റെ കാല്‍ പതിഞ്ഞ ദേശമെല്ലാം നിനക്കും നിന്‍റെ മക്കള്‍ക്കും ശാശ്വതാവകാശമായി ലഭിക്കുമെന്നു മോശ അന്ന് പ്രതിജ്ഞ ചെയ്തിരുന്നു.
10 മരുഭൂമിയില്‍ സഞ്ചരിച്ചിരുന്നപ്പോഴായിരുന്നു സര്‍വേശ്വരന്‍ ഇതു മോശയിലൂടെ അരുളിച്ചെയ്തത്. അതിനുശേഷം നാല്പത്തിയഞ്ചു വര്‍ഷം കഴിഞ്ഞു. അവിടുന്നു പ്രതിജ്ഞ ചെയ്തിരുന്നതുപോലെതന്നെ എന്നെ ഇതുവരെയും കാത്തുസൂക്ഷിച്ചു. ഇപ്പോള്‍ എനിക്ക് എണ്‍പത്തഞ്ചു വയസ്സായി. മോശ എന്നെ അയച്ച സമയത്ത് ഉണ്ടായിരുന്ന ശക്തി ഇപ്പോഴും എനിക്ക് ഉണ്ട്.
11 യുദ്ധം ചെയ്യുന്നതിനും സഞ്ചരിക്കുന്നതിനും അന്നത്തെപ്പോലെ എനിക്ക് ഇന്നും കഴിയും.
12 അതുകൊണ്ട് സര്‍വേശ്വരന്‍ അന്നു കല്പിച്ച പ്രകാരം ഈ പര്‍വതപ്രദേശം എനിക്ക് ഇപ്പോള്‍ തരിക. അനാക്യരും കോട്ട കെട്ടി സുരക്ഷിതമാക്കിയ നഗരങ്ങളും അവിടെ ഉണ്ടെന്നു കേട്ടിട്ടുണ്ടല്ലോ. സര്‍വേശ്വരന്‍ എന്‍റെകൂടെ ഉണ്ടെങ്കില്‍ അവിടുന്നു കല്പിച്ചതുപോലെതന്നെ ഞാന്‍ അവരെ ഓടിക്കും.”
13 യെഫുന്നെയുടെ പുത്രനായ കാലേബിനെ യോശുവ അനുഗ്രഹിക്കുകയും ഹെബ്രോന്‍ പ്രദേശം അവകാശമായി കൊടുക്കുകയും ചെയ്തു.
14 കെനിസ്യനായ യെഫുന്നെയുടെ മകനായ കാലേബ് ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരനോടു പൂര്‍ണമായി വിശ്വസ്തത പുലര്‍ത്തിയിരുന്നതുകൊണ്ട് ഹെബ്രോന്‍ ഇന്നും കാലേബിന്‍റെ പിന്‍തലമുറക്കാര്‍ക്ക് അവകാശപ്പെട്ടതായിരിക്കുന്നു.
15 ഹെബ്രോന്‍റെ ആദ്യത്തെ പേര് കിര്യത്ത്-അര്‍ബ എന്നായിരുന്നു; അനാക്യരില്‍ ഏറ്റവും പ്രബലനായിരുന്നു അര്‍ബ. യുദ്ധം അവസാനിച്ചു; നാട്ടില്‍ സമാധാനം ഉണ്ടായി.
1
യെഹൂദാഗോത്രത്തിലെ കുടുംബങ്ങള്‍ക്ക് അവകാശമായി ലഭിച്ച ദേശം തെക്ക് എദോമിന്‍റെ അതിര്‍ത്തിയിലുള്ള സീന്‍മരുഭൂമിയുടെ തെക്കേ അറ്റംവരെ വ്യാപിച്ചിരുന്നു.2 അവരുടെ ദേശത്തിന്‍റെ തെക്കേ അതിര്, ചാവുകടലിന്‍റെ തെക്കുവശത്തുള്ള ഉള്‍ക്കടലില്‍നിന്ന് ആരംഭിച്ചു.
3 അക്രബ്ബീം മലയിടുക്കിലൂടെ സീന്‍മരുഭൂമിയില്‍ കടന്നു ഹെസ്രോനിലൂടെ അദ്ദാറിലെത്തി. അവിടെനിന്നു കാദേശ്-ബര്‍ന്നേയയുടെ തെക്കുഭാഗത്ത് എത്തിച്ചേര്‍ന്ന് വളഞ്ഞ് കാര്‍ക്കവരെയും
4 പിന്നീട് അസ്മോനിലൂടെ ഈജിപ്തിലെ തോടുവരെയും ചെന്ന് കടലില്‍ അവസാനിക്കുന്നു.
5 കിഴക്കേ അതിര് യോര്‍ദ്ദാന്‍നദി ചെന്നുചേരുന്ന ചാവുകടലായിരുന്നു. വടക്കേ അതിര് യോര്‍ദ്ദാന്‍നദീമുഖത്തുള്ള ഉള്‍ക്കടലില്‍ ആരംഭിച്ച്,
6 ബേത്ത്-ഹൊഗ്‍ലായിലൂടെ ബേത്ത്-അരാബായുടെ വടക്ക്, രൂബേന്‍റെ പുത്രനായ ബോഹാന്‍റെ കല്ലുവരെയും
7 അവിടെനിന്ന് ആഖോര്‍ താഴ്വരമുതല്‍ ദെബീരിലേക്കു കടന്ന്, അവിടെനിന്നു തിരിഞ്ഞു തോടിന്‍റെ തെക്ക് അദുമ്മീമിന് എതിര്‍വശത്തുള്ള ഗില്ഗാലിലേക്കു കടക്കുകയും ചെയ്യുന്നു. അവിടെനിന്ന് ഏന്‍-ശേമെശ് അരുവിയുടെ അരികിലൂടെ ഏന്‍-രോഗേലില്‍ അവസാനിക്കുന്നു.
8 അവിടെനിന്ന് അതു യെബൂസ്യ മലയുടെ-യെരൂശലേമിന്‍റെ-തെക്കേ അറ്റത്തു ബെന്‍-ഹിന്നോം താഴ്വര വരെ പോകുന്നു. പിന്നീട് രെഫായീംതാഴ്വരയുടെ വടക്കേ അറ്റത്ത് ഹിന്നോം താഴ്വരയുടെ പടിഞ്ഞാറു വശത്തുള്ള മലയുടെ മുകളിലേക്കു പോകുന്നു.
9 അവിടെനിന്നു അതു നെപ്തോഹയിലെ നീരുറവയിലേക്കു തിരിഞ്ഞ് എഫ്രോന്‍മലയിലെ പട്ടണങ്ങള്‍വരെയും അവിടെനിന്നു ബാലായിലേക്കു (കിര്യത്ത്-യെയാരീം) തിരിഞ്ഞ്,
10 ബാലായുടെ പടിഞ്ഞാറുവശം ചുറ്റി സേയീര്‍മല കടന്നു കെസാലോന്‍ എന്നും നാമമുള്ള യെയാരീംമലയുടെ വടക്കേ ചരിവിലൂടെ ബേത്ത്-ശേമെശില്‍ ഇറങ്ങി തിമ്നായിലേക്കു കടക്കുന്നു.
11 പിന്നീട് ആ അതിര് എക്രോന്‍റെ വടക്കേ ചരിവിലൂടെ ശിക്രോനിലേക്കു തിരിഞ്ഞു ബാലാമല കടന്നു യബ്നേലില്‍ വച്ചു കടലില്‍ അവസാനിക്കുന്നു.
12 പടിഞ്ഞാറേ അതിരു മെഡിറ്ററേനിയന്‍ സമുദ്രമാണ്. യെഹൂദാഗോത്രത്തിലെ കുടുംബങ്ങള്‍ക്ക് അവകാശമായി ലഭിച്ച ഭൂമിയുടെ അതിരുകള്‍ ഇവയാണ്.
13
സര്‍വേശ്വരന്‍ യോശുവയോടു കല്പിച്ചിരുന്നതുപോലെ, യെഫുന്നെയുടെ പുത്രനായ കാലേബിനു യെഹൂദാഗോത്രത്തിന്‍റെ അവകാശഭൂമിയില്‍ കിര്യത്ത്-അര്‍ബ്ബ (ഹെബ്രോന്‍ പട്ടണം) നല്‌കി. അനാക്കിന്‍റെ പിതാവായിരുന്നു അര്‍ബ്ബ.14 അനാക്കിന്‍റെ വംശജരായ ശേശായി, അഹീമാന്‍, തല്‍മായി എന്ന മൂന്ന് അനാക്യകുലങ്ങളെ കാലേബ് അവിടെനിന്നു തുരത്തി.
15 പിന്നീട് ദെബീര്‍നിവാസികളെ ആക്രമിക്കാന്‍ പുറപ്പെട്ടു. കിര്യത്ത്-സേഫെര്‍ എന്ന പേരിലായിരുന്നു ദെബീര്‍ മുന്‍പ് അറിയപ്പെട്ടിരുന്നത്;
16 കിര്യത്ത്-സേഫെര്‍ ആക്രമിച്ചു കീഴടക്കുന്നവനു തന്‍റെ മകള്‍ അക്സായെ ഭാര്യയായി നല്‌കുമെന്നു കാലേബ് പറഞ്ഞിരുന്നു.
17 കാലേബിന്‍റെ സഹോദരനായ കെനസിന്‍റെ പുത്രന്‍ ഒത്നീയേല്‍ ആ പട്ടണം പിടിച്ചടക്കി. കാലേബ് തന്‍റെ മകള്‍ അക്സായെ അവനു ഭാര്യയായി നല്‌കുകയും ചെയ്തു.
18 അവള്‍ ഭര്‍ത്താവിന്‍റെ അടുക്കല്‍ വന്നപ്പോള്‍ തന്‍റെ പിതാവിനോട് ഒരു നിലം ആവശ്യപ്പെടാന്‍ അവന്‍ അവളെ പ്രേരിപ്പിച്ചു. അവള്‍ കഴുതപ്പുറത്തുനിന്ന് ഇറങ്ങിയ ഉടനെ: “ഞാന്‍ നിനക്കുവേണ്ടി എന്തു ചെയ്തുതരണം” എന്നു കാലേബ് ചോദിച്ചു.
19 അവള്‍ പ്രതിവചിച്ചു: “എനിക്ക് ഒരു ഉപകാരം ചെയ്തുതരണം; വരള്‍ച്ചയുള്ള നെഗെബുദേശമാണല്ലോ അങ്ങ് എനിക്കു നല്‌കിയിരിക്കുന്നത്; അതുകൊണ്ട് എനിക്ക് ഏതാനും നീരുറവുകള്‍ കൂടി നല്‌കിയാലും.” അവള്‍ ആവശ്യപ്പെട്ടതുപോലെ മലയിലും താഴ്വരയിലുമുള്ള നീരുറവുകള്‍ കാലേബ് അവള്‍ക്ക് വിട്ടുകൊടുത്തു.
20
യെഹൂദാഗോത്രത്തിലെ കുടുംബങ്ങള്‍ക്ക് അവകാശമായി ലഭിച്ച സ്ഥലങ്ങള്‍ താഴെപ്പറയുന്നതാണ്.21
തെക്കേ ദേശത്ത് എദോമിന്‍റെ അതിര്‍ത്തിയിലുള്ള യെഹൂദാപട്ടണങ്ങള്‍ ഇവയാണ്:22 കെബ്സെയേല്‍, ഏദെര്‍, യാഗുര്‍, കീനാ, ദിമോനാ,
23 അദാദാ, കേദെശ്, ഹാസോര്‍, യിത്നാന്‍,
24 സീഫ്, തേലെം, ബയാലോത്ത്, ഹാസോര്‍, ഹദത്ഥ,
25 കെരിയോത്ത്-ഹെസ്രോന്‍ (ഹാസോര്‍),
26 [26,27] അമാം, ശെമ, മോലാദാ, ഹസര്‍- ഗദ്ദാ, ഹെശ്മോന്‍, ബേത്-പേലെത്,
27
28 ഹസര്‍- ശൂവാല്‍, ബേര്‍-ശേബ,
29 ബിസോത്യ, ബാലാ, ഇയ്യീം, ഏസെം,
30 എല്‍-തോലദ്, കെസീല്‍, ഹോര്‍മ്മാ,
31 സിക്ലാഗ്, മദ്മന്നാ, സന്‍സന്നാ, ലെബായോത്ത്, ശില്‍ഹിം,
32 ആയീന്‍, രിമ്മോന്‍ എന്നീ ഇരുപത്തൊന്‍പതു പട്ടണങ്ങളും അവയോടു ചേര്‍ന്ന ഗ്രാമങ്ങളും.
33
താഴ്വരയില്‍ എസ്തായോല്‍, സൊരാ,34 അശ്നാ, സനോഹാ, ഏന്‍-ഗന്നീം, തപ്പൂഹാ, എനാം,
35 യര്‍മൂത്ത്, അദുല്ലാം, സോഖോ,
36 അസേകാ, ശാരയീം, അദീഥയീം, ഗെദേരാ, ഗെദെരോഥയീം എന്നീ പതിനാലു പട്ടണങ്ങളും അവയോടു ചേര്‍ന്നുള്ള ഗ്രാമങ്ങളും.
37 [37,38] സെനാന്‍, ഹദാശാ, മിഗ്ദല്‍-ഗാദ്, ദിലാന്‍,
38
39 മിസ്പെ, യൊക്തെയേല്‍, ലാഖീശ്, ബൊസ്കത്ത്,
40 എഗ്ലോന്‍, കബ്ബോന്‍, ലഹ്മാസ്, കിത്ത്ളീശ്, ഗെദേരോത്ത്,
41 ബേത്ത്-ദാഗോന്‍, നാമാ, മക്കേദാ എന്നീ പതിനാറു പട്ടണങ്ങളും അവയോടു ചേര്‍ന്നുള്ള ഗ്രാമങ്ങളും.
42 ലിബ്നാ, ഏഥെര്‍,
43 ആശാന്‍, യിപ്താഹ്, അശ്നാ, നെസീബ്, കെയിലാ,
44 അക്ലീബ്, മാരേശാ എന്നീ ഒന്‍പതു പട്ടണങ്ങളും അവയോടു ചേര്‍ന്നുള്ള ഗ്രാമങ്ങളും.
45 എക്രോനും അതിന്‍റെ പട്ടണങ്ങളും ഗ്രാമങ്ങളും;
46 എക്രോന്‍മുതല്‍ സമുദ്രംവരെ അസ്തോദിനു സമീപമുള്ള എല്ലാ പട്ടണങ്ങളും ഗ്രാമങ്ങളും.
47 അസ്തോദും അതിന്‍റെ പട്ടണങ്ങളും ഗ്രാമങ്ങളും; ഈജിപ്തു തോടുവരെയുള്ള ഗസ്സയും അതിന്‍റെ പട്ടണങ്ങളും ഗ്രാമങ്ങളും സമുദ്രതീരപ്രദേശങ്ങളും അതിന്‍റെ ഭാഗംതന്നെ.
48
മലമ്പ്രദേശത്ത്: ശാമീര്‍, യത്ഥീര്‍, സോഖോ,49 ദന്നാ, ദെബീര്‍ എന്ന പേരില്‍ അറിയപ്പെടുന്ന കിര്യത്ത്-സന്നാ,
50 അനാബ്, എസ്തെമോ, ആനീം,
51 ഗോശെന്‍, ഹോലോന്‍, ഗിലോ എന്നീ പതിനൊന്നു പട്ടണങ്ങളും അവയോടു ചേര്‍ന്നുള്ള ഗ്രാമങ്ങളും.
52 അരാബ്, ദൂമാ, എശാന്‍, യാനീം,
53 ബേത്ത്-തപ്പൂഹാ, അഫേക്കാ, ഹൂമ്താ,
54 ഹെബ്രോന്‍ എന്ന പേരില്‍ അറിയപ്പെടുന്ന കിര്യത്ത്-അര്‍ബ, സീയോര്‍ എന്നീ ഒമ്പതു പട്ടണങ്ങളും അവയോടു ചേര്‍ന്നുള്ള ഗ്രാമങ്ങളും.
55
[55,56] മാവോന്‍, കര്‍മ്മേല്‍, സീഫ്, യൂതാ, ജെസ്രീല്‍,56
57 യോക്ക്ദെയാം, സാനോഹാ, കയീന്‍, ഗിബെയാ, തിമ്നാ എന്നീ പത്തു പട്ടണങ്ങളും അവയോടു ചേര്‍ന്നുള്ള ഗ്രാമങ്ങളും.
58 ഹല്‍ഹൂല്‍, ബേത്ത്-സൂര്‍,
59 ഗെദോര്‍, മാരാത്ത്, ബേത്ത്-അനോത്ത്, എല്‍-തെക്കോന്‍ എന്നീ ആറു പട്ടണങ്ങളും അവയോടു ചേര്‍ന്നുള്ള ഗ്രാമങ്ങളും.
60 കിര്യത്ത്-യെയാരീം എന്ന പേരിലറിയപ്പെടുന്ന കിര്യത്ത്-ബാല്‍, രബ്ബാ എന്നീ രണ്ടു പട്ടണങ്ങളും അവയോടു ചേര്‍ന്നുള്ള ഗ്രാമങ്ങളും.
61 മരുഭൂമിയിലെ ബേത്ത്-അരാബാ, മിദ്ദീന്‍, സെഖാഖാ,
62 നിബ്ശാന്‍, ഈര്‍-ഹമേലഹ്, എന്‍-ഗെദി എന്നീ ആറു പട്ടണങ്ങളും അവയോടു ചേര്‍ന്നുള്ള ഗ്രാമങ്ങളും അതില്‍ ഉള്‍പ്പെട്ടിരുന്നു.
63
യെരൂശലേമില്‍ പാര്‍ത്തിരുന്ന യെബൂസ്യരെ അവിടെനിന്നു നീക്കിക്കളയാന്‍ യെഹൂദാഗോത്രക്കാര്‍ക്കു കഴിഞ്ഞില്ല. അതുകൊണ്ട് യെബൂസ്യര്‍ യെഹൂദാഗോത്രക്കാരോടു ചേര്‍ന്ന് യെരൂശലേമില്‍ ഇന്നും പാര്‍ക്കുന്നു.1
യോസേഫിന്‍റെ പുത്രന്മാര്‍ക്കു ലഭിച്ച അവകാശഭൂമിയുടെ അതിര്‍ത്തി യെരീഹോ നീരുറവിനടുത്തുള്ള യോര്‍ദ്ദാനില്‍ ആരംഭിക്കുന്നു.2 അത് മലനാട്ടിലൂടെ ബേഥേലില്‍ കടന്ന് ലൂസില്‍നിന്ന് അര്‍ക്ക്യര്‍ ജീവിച്ചിരുന്ന അതാരോത്തും,
3 യഫ്ളേത്യരുടെ ദേശവും താഴത്തെ ബേത്ത്-ഹോരോനും, ഗേസെരും കടന്ന് മെഡിറ്ററേനിയന്‍ സമുദ്രത്തില്‍ എത്തുന്നു.
4 ഈ പ്രദേശം ആണ് യോസേഫിന്‍റെ പുത്രന്മാരായ മനശ്ശെക്കും എഫ്രയീമിനും അവകാശമായി ലഭിച്ചത്.
5
എഫ്രയീംഗോത്രക്കാര്‍ക്കു കുടുംബം കുടുംബമായി ലഭിച്ച പ്രദേശങ്ങള്‍: അതിന്‍റെ അതിര് കിഴക്ക് അതാരോത്ത്-അദ്ദാരില്‍ നിന്നു ബേത്ത്-ഹോരോനിലേക്കും;6 അവിടെനിന്നു മെഡിറ്ററേനിയന്‍ സമുദ്രത്തിലേക്കും പോകുന്നു. മിഖ്മെഥാത്ത് അവരുടെ ദേശത്തിന്‍റെ വടക്കുവശത്താണ്. കിഴക്കുവശത്തെ അതിര്, വളഞ്ഞു താനാത്ത്-ശീലോവിലൂടെ യാനോഹായുടെ കിഴക്കുവശത്തേക്കു പോകുന്നു.
7 യാനോഹായില്‍നിന്ന് അതാരോത്തിലും നാരാത്തിലും കൂടി കടന്ന് യോര്‍ദ്ദാന്‍റെ തീരത്ത് യെരീഹോവില്‍ അത് അവസാനിക്കുന്നു;
8 തപ്പൂഹായില്‍നിന്ന് ആ അതിര് പടിഞ്ഞാറ് കാനാ തോടുവരെ ചെന്നു മെഡിറ്ററേനിയന്‍ സമുദ്രത്തില്‍ അവസാനിക്കുന്നു.
9 എഫ്രയീംഗോത്രക്കാര്‍ക്കു കുടുംബം കുടുംബമായി ലഭിച്ച അവകാശം ഇതാണ്. ഇതു കൂടാതെ മനശ്ശെ ഗോത്രക്കാരുടെ ദേശാതിര്‍ത്തിക്കുള്ളില്‍ എഫ്രയീമ്യര്‍ക്കു കൊടുത്തിരുന്ന പട്ടണങ്ങളും അവയോടു ചേര്‍ന്നുള്ള ഗ്രാമങ്ങളും ഉള്‍പ്പെടുന്നു.
10 അവര്‍ ഗേസെരില്‍ പാര്‍ത്തിരുന്ന കനാന്യരെ അവിടെനിന്നു നീക്കിക്കളഞ്ഞില്ല. അവര്‍ എഫ്രയീമ്യര്‍ക്ക് അടിമവേല ചെയ്തുകൊണ്ട് ഇന്നും അവിടെത്തന്നെ കഴിയുന്നു.
1
യോസേഫിന്‍റെ ആദ്യജാതനായ മനശ്ശെയുടെ ഗോത്രത്തിനു പിന്നീട് അവകാശം നല്‌കി. മനശ്ശെയുടെ ആദ്യജാതനും ഗിലെയാദിന്‍റെ പിതാവുമായിരുന്ന മാഖീര്‍ യുദ്ധവീരന്‍ ആയിരുന്നതുകൊണ്ട് ഗിലെയാദും ബാശാനും അയാള്‍ക്കു ലഭിച്ചു.2 മനശ്ശെയുടെ മറ്റു പുത്രന്മാരായ അബീയേസെര്‍, ഹേലെക്ക്, അസ്രീയേല്‍, ശെഖേം, ഹേഫെര്‍, ശെമിദെ എന്നിവര്‍ക്കും കുടുംബം കുടുംബമായി അവകാശം ലഭിച്ചു. ഇവര്‍ യോസേഫിന്‍റെ പുത്രനായ മനശ്ശെയുടെ പുത്രന്മാരും കുടുംബത്തലവന്മാരും ആയിരുന്നു.
3 മനശ്ശെയുടെ പുത്രന്‍ മാഖീര്‍; മാഖീരിന്‍റെ പുത്രന്‍ ഗിലെയാദ്; ഗിലെയാദിന്‍റെ പുത്രന്‍ ഹേഫെര്‍; ഹേഫെരിന്‍റെ പുത്രന്‍ സെലോഫഹാദ്; സെലോഫഹാദിനു പുത്രന്മാര്‍ ഉണ്ടായിരുന്നില്ല; അയാള്‍ക്ക് മഹ്ലാ, നോവാ, ഹൊഗ്ലാ, മില്‍ക്കാ, തിര്‍സാ, എന്നീ പുത്രിമാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
4 അവര്‍ പുരോഹിതനായ എലെയാസാരിന്‍റെയും നൂനിന്‍റെ പുത്രനായ യോശുവയുടെയും മറ്റു നേതാക്കന്മാരുടെയും അടുത്തു ചെന്നു പറഞ്ഞു: “ഞങ്ങളുടെ സഹോദരന്മാരോടൊപ്പം ഞങ്ങള്‍ക്കും അവകാശം നല്‌കാന്‍ സര്‍വേശ്വരന്‍ മോശയോടു കല്പിച്ചിട്ടുണ്ട്.” അങ്ങനെ സര്‍വേശ്വരന്‍റെ കല്പനപ്രകാരം സഹോദരന്മാരുടെ കൂട്ടത്തില്‍ അവര്‍ക്കും അവകാശം ലഭിച്ചു.
5 മനശ്ശെയുടെ പുത്രിമാര്‍ക്കും സഹോദരന്മാരോടൊപ്പം ഓഹരി ലഭിച്ചതുകൊണ്ട്
6 മനശ്ശെഗോത്രക്കാര്‍ക്കു യോര്‍ദ്ദാനക്കരെയുള്ള ഗിലെയാദും ബാശാനും ലഭിച്ചതു കൂടാതെ പത്ത് ഓഹരികള്‍ കൂടി ലഭിച്ചു; മനശ്ശെയുടെ മറ്റു പുത്രന്മാര്‍ക്കു ഗിലെയാദുദേശവും ലഭിച്ചു.
7 മനശ്ശെക്കു ലഭിച്ച ദേശത്തിന്‍റെ അതിര് ആശേരില്‍നിന്ന് ആരംഭിച്ച് ശെഖേമിനു കിഴക്കുള്ള മിഖ്മെദാത്തിലേക്കു കടന്നു പോകുന്നു. പിന്നീട് ഏന്‍-തപ്പൂഹായിലെ നിവാസികളെ ഉള്‍ക്കൊള്ളത്തക്കവിധം തെക്കോട്ടു തിരിയുന്നു.
8 തപ്പൂഹായ്‍ക്കു ചുറ്റുമുള്ള ദേശം മനശ്ശെക്ക് അവകാശപ്പെട്ടിരുന്നു. എന്നാല്‍ അവരുടെ അവകാശഭൂമിയുടെ അതിര്‍ത്തിയിലുള്ള തപ്പൂഹാ പട്ടണം എഫ്രയീമ്യരുടെ വകയായിരുന്നു.
9 പിന്നീട് മനശ്ശെക്ക് ലഭിച്ച ദേശത്തിന്‍റെ അതിര് കാനാതോട്ടിലേക്കു പോകുന്നു. ആ പ്രദേശമെല്ലാം മനശ്ശെക്ക് അവകാശമായി ലഭിച്ചതാണെങ്കിലും തോടിനു തെക്കുള്ള പട്ടണങ്ങള്‍ എഫ്രയീമ്യര്‍ക്ക് അവകാശപ്പെട്ടവ ആയിരുന്നു. മനശ്ശെക്ക് അവകാശമായി ലഭിച്ച ദേശത്തിന്‍റെ അതിര് തോടിന്‍റെ വടക്കുവശത്തുകൂടി മെഡിറ്ററേനിയന്‍ സമുദ്രത്തില്‍ ചെന്ന് അവസാനിക്കുന്നു.
10 എഫ്രയീംദേശം തെക്കും മനശ്ശെക്കു ലഭിച്ച ദേശം അതിനു വടക്കും ആയിരുന്നു; ഇവയുടെ പടിഞ്ഞാറേ അതിര് മെഡിറ്ററേനിയന്‍ സമുദ്രമായിരുന്നു; ഇവ വടക്ക് ആശേരിന്‍റെയും കിഴക്ക് ഇസ്സാഖാരിന്‍റെയും അവകാശഭൂമിയോടു ചേര്‍ന്നു കിടക്കുന്നു.
11 ഇസ്സാഖാരിന്‍റെയും ആശേരിന്‍റെയും അവകാശഭൂമികള്‍ക്കുള്ളിലുള്ള ബേത്ത്-ശെയാന്‍, യിബ്ലെയാം എന്നീ ദേശങ്ങളും അവയുടെ പട്ടണങ്ങളും ദോര്‍, ഏന്‍-ദോര്‍, താനാക്, മെഗിദ്ദോ എന്നീ ദേശങ്ങളിലെ ജനവും അവരുടെ പട്ടണങ്ങളും മനശ്ശെക്ക് അവകാശപ്പെട്ടവ ആയിരുന്നു.
12 എന്നാല്‍ മനശ്ശെഗോത്രക്കാര്‍ക്ക് ആ പ്രദേശങ്ങളിലുള്ള ജനത്തെ ഓടിച്ച് ആ പട്ടണങ്ങള്‍ കൈവശപ്പെടുത്താന്‍ കഴിഞ്ഞില്ല.
13 പിന്നീട് ഇസ്രായേല്യര്‍ ശക്തിപ്രാപിച്ചപ്പോഴും അവരെ ഓടിച്ചുകളയാതെ അവരെക്കൊണ്ട് അടിമവേല ചെയ്യിച്ചു.
14
യോസേഫിന്‍റെ വംശജര്‍ യോശുവയെ സമീപിച്ചു പറഞ്ഞു: “ഞങ്ങള്‍ക്ക് ഒരു ഓഹരി മാത്രം നല്‌കിയത് എന്തുകൊണ്ടാണ്? ദൈവാനുഗ്രഹത്താല്‍ ഞങ്ങള്‍ ഒരു വലിയ ജനസമൂഹം ആയിത്തീര്‍ന്നിരിക്കുന്നുവല്ലോ.”15 യോശുവ പ്രതിവചിച്ചു: “നിങ്ങള്‍ ഒരു വലിയ ജനസമൂഹമായിത്തീരുകയും എഫ്രയീം പര്‍വതപ്രദേശം നിങ്ങള്‍ക്കു മതിയാകാതെ വരികയും ചെയ്തിട്ടുണ്ടെങ്കില്‍ പെരിസ്യര്‍ക്കും രെഫായീമ്യര്‍ക്കും അവകാശപ്പെട്ട വനപ്രദേശം കൂടി വെട്ടിത്തെളിച്ച് സ്വന്തമാക്കിക്കൊള്ളുക.”
16 അപ്പോള്‍ അവര്‍ പറഞ്ഞു: “ആ പ്രദേശം ഞങ്ങള്‍ക്ക് മതിയാകുകയില്ല; മാത്രമല്ല ബേത്ത്-ശെയാനിലും അതിന്‍റെ ചുറ്റുമുള്ള പട്ടണങ്ങളിലും ജെസ്രീല്‍ താഴ്വരയിലും നിവസിക്കുന്ന കനാന്യര്‍ ഇരുമ്പു രഥങ്ങള്‍ ഉള്ളവരാണ്.”
17 യോശുവ എഫ്രയീമിന്‍റെയും മനശ്ശെയുടെയും ഗോത്രങ്ങള്‍ ഉള്‍പ്പെടുന്ന യോസേഫ് വംശജരോട് പറഞ്ഞു: “നിങ്ങള്‍ ഒരു വലിയ ജനസമൂഹവും അതിശക്തന്മാരുമാണ്; അതുകൊണ്ട് നിങ്ങള്‍ക്ക് ഒരു ഓഹരിമാത്രം ലഭിച്ചാല്‍ പോരാ.
18 പര്‍വതപ്രദേശം നിങ്ങള്‍ക്കുള്ളതുതന്നെയാണ്; അതു വനപ്രദേശമാണെങ്കിലും അതിന്‍റെ ഒരറ്റംമുതല്‍ മറ്റേ അറ്റംവരെ വെട്ടിത്തെളിച്ചു നിങ്ങള്‍ അത് അവകാശമാക്കുക; കനാന്യര്‍ കരുത്തരും ഇരുമ്പു രഥങ്ങള്‍ ഉള്ളവരും ആണെങ്കിലും നിങ്ങള്‍ക്ക് അവരെ ഓടിച്ചുകളയാന്‍ കഴിയും.”
1
ദേശം പിടിച്ചടക്കിയതിനു ശേഷം ഇസ്രായേല്‍ജനസമൂഹം ശീലോവില്‍ ഒന്നിച്ചുകൂടി; അവിടെ അവര്‍ തിരുസാന്നിധ്യകൂടാരം സ്ഥാപിച്ചു.2 അവകാശഭൂമി ലഭിക്കാത്ത ഏഴു ഗോത്രങ്ങള്‍ ഇസ്രായേല്യരില്‍ ശേഷിച്ചിരുന്നു.
3 അതുകൊണ്ട് യോശുവ ഇസ്രായേല്‍ജനത്തോടു പറഞ്ഞു: “നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങള്‍ക്കു നല്‌കിയിരിക്കുന്ന ഭൂമി കൈവശപ്പെടുത്താതെ നിങ്ങള്‍ എത്രനാള്‍ അലസരായിരിക്കും?
4 ഓരോ ഗോത്രത്തില്‍നിന്നും മൂന്നുപേരെ വീതം തിരഞ്ഞെടുക്കുക. അവര്‍ ദേശം ചുറ്റി നടന്ന്, അവര്‍ക്ക് അവകാശമായി ലഭിക്കേണ്ട ഭൂമിയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ട് എന്‍റെ അടുക്കല്‍ മടങ്ങിവരട്ടെ.
5 യെഹൂദാഗോത്രം ദേശത്തിന്‍റെ തെക്കു ഭാഗത്തും യോസേഫ്ഗോത്രക്കാര്‍ വടക്കു ഭാഗത്തും പാര്‍ത്തുകൊള്ളട്ടെ. ശേഷിക്കുന്ന ദേശം ഏഴായി ഭാഗിക്കണം.
6 ഏഴു ഭാഗങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങളോടുകൂടി അവര്‍ എന്‍റെ അടുക്കല്‍ വരണം; ഞാന്‍ ഇവിടെ ദൈവമായ സര്‍വേശ്വരന്‍റെ സന്നിധിയില്‍വച്ചു നറുക്കിടും.
7 സര്‍വേശ്വരന്‍റെ പുരോഹിതന്മാര്‍ എന്ന നിലയില്‍ ശുശ്രൂഷ ചെയ്യുന്നതു ലേവ്യരുടെ അവകാശമായതുകൊണ്ട് അവര്‍ക്കു മറ്റുള്ളവരോടൊപ്പം അവകാശം ലഭിക്കുകയില്ല. ഗാദ്, രൂബേന്‍ ഗോത്രക്കാര്‍ക്കും മനശ്ശെയുടെ പകുതി ഗോത്രക്കാര്‍ക്കും അവരുടെ അവകാശം യോര്‍ദ്ദാനു കിഴക്കുവശത്ത് സര്‍വേശ്വരന്‍റെ ദാസനായ മോശയില്‍നിന്നു ലഭിച്ചിട്ടുണ്ടല്ലോ.
8 “നിങ്ങള്‍ ദേശത്തെല്ലാം സഞ്ചരിച്ചു വിവരങ്ങള്‍ രേഖപ്പെടുത്തിയതിനു ശേഷം ശീലോവില്‍ സര്‍വേശ്വരസന്നിധിയില്‍ വച്ചു ദേശം നറുക്കിട്ടു വിഭജിക്കുന്നതിനുവേണ്ടി എന്‍റെ അടുക്കല്‍ മടങ്ങിവരണം.” ഈ നിര്‍ദ്ദേശം സ്വീകരിച്ചുകൊണ്ട് അവര്‍ യാത്ര പുറപ്പെട്ടു.
9 അവര്‍ ദേശമെല്ലാം ചുറ്റിനടന്നു. അതിനെ പട്ടണങ്ങളടക്കം ഏഴായി തിരിച്ച് വിവരങ്ങള്‍ ഒരു പുസ്തകത്തില്‍ രേഖപ്പെടുത്തി, ശീലോവില്‍ യോശുവയുടെ അടുക്കല്‍ മടങ്ങിയെത്തി.
10 പിന്നീട് സര്‍വേശ്വരസന്നിധിയില്‍ വച്ച് യോശുവ ശേഷിച്ച ഗോത്രക്കാര്‍ക്കു വേണ്ടി നറുക്കിട്ടു ഭൂമി ഭാഗിച്ചുകൊടുത്തു.
11
ബെന്യാമീന്‍ഗോത്രത്തിലെ കുടുംബങ്ങള്‍ക്ക് നറുക്കു വീണു; അവരുടെ അവകാശദേശം യെഹൂദാഗോത്രക്കാരുടെയും യോസേഫ്ഗോത്രക്കാരുടെയും സ്ഥലങ്ങളുടെ ഇടയ്‍ക്കായിരുന്നു.12 വടക്കുവശത്തുള്ള അവരുടെ അതിര് യോര്‍ദ്ദാനില്‍നിന്ന് ആരംഭിച്ച് യെരീഹോവിന്‍റെ വടക്കുവശത്തുള്ള ചെരുവില്‍ക്കൂടി മലനാട്ടിലൂടെ പടിഞ്ഞാറോട്ടു കടന്ന് ബേത്ത്-ആവെന്‍ മരുഭൂമിയില്‍ അവസാനിക്കുന്നു.
13 അവിടെനിന്നു ബേഥേല്‍ എന്നുകൂടി പേരുള്ള ലൂസിന്‍റെ തെക്കേ ചരിവില്‍ക്കൂടി കടന്നു ബേത്ത്-ഹോരോന്‍റെ തെക്കുവശത്തുള്ള മലയും കടന്ന് അതാരോത്ത്-അദ്ദാരില്‍ ഇറങ്ങുന്നു.
14 പിന്നീട് അതു വളഞ്ഞ് പടിഞ്ഞാറു വശത്തുള്ള ബേത്ത്-ഹോരോന്‍റെ എതിര്‍വശത്തുള്ള മലയില്‍ എത്തി തെക്കോട്ടു തിരിഞ്ഞ് യെഹൂദാഗോത്രക്കാരുടെ ഒരു പട്ടണമായ കിര്യത്ത്- ബാലയില്‍ ചെന്ന് അവസാനിക്കുന്നു. ഇതാണ് പടിഞ്ഞാറേ അതിര്.
15 തെക്കേ അതിര് കിര്യത്ത്-യെയാരീമിന്‍റെ അതിര്‍ത്തിയില്‍ ആരംഭിച്ച് പടിഞ്ഞാറ് നെപ്തോഹ അരുവിയുടെ ഉറവിടത്തിലേക്കു പോകുന്നു.
16 അവിടെനിന്ന് അത് ബെന്‍-ഹിന്നോംതാഴ്വരയുടെ എതിര്‍വശത്തും രെഫായീംതാഴ്വരയുടെ വടക്കുവശത്തുമുള്ള മലയുടെ അടിവാരത്തു ചെന്ന് ഹിന്നോംതാഴ്വര കടന്ന് യെബൂസ്യപര്‍വതത്തിന്‍റെ ചരിവില്‍ക്കൂടി ഏന്‍-രോഗേലിലേക്കു പോകുന്നു.
17 അതിനുശേഷം വടക്കോട്ടു തിരിഞ്ഞു ഏന്‍-ശേമെശിലും അവിടെനിന്ന് അദുമ്മീം കയറ്റത്തിന്‍റെ എതിര്‍ വശത്തുള്ള ഗെലീലോത്തിലും കൂടി രൂബേന്‍റെ പുത്രനായ ബോഹാന്‍റെ കല്ലിങ്കലേക്ക് ഇറങ്ങിച്ചെല്ലുന്നു.
18 പിന്നീട് വടക്കോട്ടു തിരിഞ്ഞ് ബേത്ത്-അരാബായുടെ ചരിവില്‍ക്കൂടി അരാബായിലേക്ക് ഇറങ്ങുന്നു.
19 പിന്നീട് ബേത്ത്-ഹൊഗ്‍ലായുടെ വടക്കേ ചരുവില്‍ക്കൂടി കടന്നു യോര്‍ദ്ദാന്‍നദിയുടെ പതനസ്ഥലമായ ചാവുകടലിന്‍റെ വടക്കേ അറ്റത്ത് അവസാനിക്കുന്നു. ഇതാണ് അതിന്‍റെ തെക്കേ അതിര്.
20 കിഴക്കേ അതിര് യോര്‍ദ്ദാന്‍നദി ആണ്. ബെന്യാമീന്‍ഗോത്രത്തിലെ കുടുംബങ്ങള്‍ക്ക് അവകാശമായി ലഭിച്ച ദേശത്തിന്‍റെ അതിരുകള്‍ ഇവയാകുന്നു.
21 യെരീഹോ, ബേത്ത്-ഹൊഗ്‍ലാ,
22 എമെക്-കെസീസ്, ബേത്ത്-അരാബാ, സെമാറയീം,
23 ബേഥേല്‍, അവ്വീം, പാരാ, ഒഫ്രാ, കെഫാര്‍-അമ്മോനീ,
24 ഒഫ്നി, ഗേബ എന്നീ പന്ത്രണ്ടു പട്ടണങ്ങളും അവയോടു ചേര്‍ന്നുള്ള ഗ്രാമങ്ങളും ഇവയ്‍ക്കു പുറമേ ഗിബെയോന്‍, രാമാ,
25 [25,26] ബേരോത്ത്, മിസ്പെ, കെഫീരാ, മോസാ,
26
27 രേക്കെം, യിര്‍പ്പേല്‍, തരലാ, സേല, ഏലെഫ്,
28 യെബൂസ്യനഗരമായ യെരൂശലേം, ഗിബെയത്ത്, കിര്യത്ത്- യെയാരീം എന്നീ പതിനാലു പട്ടണങ്ങളും അവയോടു ചേര്‍ന്നുള്ള ഗ്രാമങ്ങളും ബെന്യാമീന്‍ഗോത്രത്തിലെ കുടുംബങ്ങള്‍ക്കു ലഭിച്ചു. ബെന്യാമീന്‍ഗോത്രക്കാര്‍ക്ക് കുടുംബം കുടുംബമായി ലഭിച്ച സ്ഥലങ്ങള്‍ ഇവയാണ്.
1
ശിമെയോന്‍ഗോത്രത്തിലെ കുടുംബങ്ങള്‍ക്കാണ് രണ്ടാമത്തെ നറുക്കു വീണത്. അവരുടെ അവകാശം യെഹൂദാഗോത്രക്കാരുടെ ഇടയില്‍ത്തന്നെ ആയിരുന്നു;2 അവര്‍ക്ക് അവകാശമായി ബേര്‍-ശേബ, ശേബ, മോലാദാ,
3 ഹസര്‍-ശൂവാല്‍, ബാലാ, ഏസെം, എല്തോലദ്,
4 [4,5] ബേഥൂല്‍, ഹോര്‍മ്മാ, സിക്ലാഗ്, ബേത്ത്-മര്‍ക്കാബോത്ത്, ഹസര്‍-സൂസാ,
5
6 ബേത്ത്-ലെബായോത്ത്, ശാരുഹെന്‍ എന്നീ പതിമൂന്നു പട്ടണങ്ങളും അവയോടു ചേര്‍ന്നുള്ള ഗ്രാമങ്ങളും കൂടാതെ
7 അയീന്‍, രിമ്മോന്‍, ഏഥെര്‍, ആശാന്‍ എന്നീ നാലു പട്ടണങ്ങളും അവയോടു ചേര്‍ന്നുള്ള ഗ്രാമങ്ങളും ലഭിച്ചു.
8 തെക്ക് രാമാ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ബാലാത്ത്-ബേര്‍വരെയുള്ള സകല പട്ടണങ്ങളും ഗ്രാമങ്ങളും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. ശിമെയോന്‍ഗോത്രത്തിലെ കുടുംബങ്ങള്‍ക്ക് അവകാശമായി ലഭിച്ച ദേശം ഇതാണ്.
9 യെഹൂദാഗോത്രക്കാര്‍ക്കു ലഭിച്ച ഓഹരി അവര്‍ക്ക് ആവശ്യമുള്ളതില്‍ അധികമായിരുന്നു. അതുകൊണ്ടാണ് അവരുടെ ഇടയില്‍നിന്ന് ശിമെയോന്‍ഗോത്രക്കാര്‍ക്കു ഭൂമി ലഭിച്ചത്.
10
മൂന്നാമത്തെ നറുക്കു സെബൂലൂന്‍ഗോത്രത്തിലെ കുടുംബങ്ങള്‍ക്കു വീണു. സാരീദ് വരെയുള്ള ദേശമായിരുന്നു അവര്‍ക്ക് അവകാശമായി ലഭിച്ചത്.11 അവിടെനിന്ന് അതിന്‍റെ അതിരു പടിഞ്ഞാറോട്ടു തിരിഞ്ഞ് മരലയിലും ദബ്ബേശെത്തിലും കൂടി യൊക്നെയാമിന്‍റെ കിഴക്കുവശത്തുള്ള അരുവിയില്‍ എത്തുന്നു.
12 സാരീദിന്‍റെ മറുവശത്തു കിഴക്കു കിസ്ലോത്ത് - താബോരിന്‍റെ അതിരിലൂടെ ദാബെരത്തില്‍ ചെന്ന് അതു യാഫീയയിലേക്കു പോകുന്നു.
13 അവിടെനിന്നു വീണ്ടും കിഴക്കോട്ട് ഗത്ത്-ഹേഫെരിലും ഏത്ത്-കാസീനിലും കൂടി രിമ്മോനിലേക്കുള്ള വഴിയിലെ നേയായിലേക്ക് തിരിയുന്നു.
14 വടക്ക് ആ അതിര് ഹന്നാഥോനിലേക്ക് തിരിഞ്ഞ് യിഫ്താഹ്-എല്‍താഴ്വരയില്‍ അവസാനിക്കുന്നു;
15 കത്താത്ത്, നഹല്ലാല്‍, ശിമ്രോന്‍, ഇദലാ, ബേത്ത്-ലേഹം മുതലായ പന്ത്രണ്ടു പട്ടണങ്ങളും അവയോടു ചേര്‍ന്നുള്ള ഗ്രാമങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
16 ഈ പട്ടണങ്ങളും അവയോടു ചേര്‍ന്നുള്ള ഗ്രാമങ്ങളുമാണ് സെബൂലൂന്‍ഗോത്രത്തിലെ കുടുംബങ്ങള്‍ക്ക് അവകാശമായി ലഭിച്ചത്.
17
നാലാമത്തെ നറുക്ക് ഇസ്സാഖാര്‍ഗോത്രത്തിലെ കുടുംബങ്ങള്‍ക്കു വീണു.18 ജെസ്രീല്‍, കെസുല്ലോത്ത്, ശൂനേം,
19 ഹഫാരയീം, ശീയോന്‍, അനാഹരാത്ത്, രബ്ബീത്ത്,
20 കിശ്യോന്‍, ഏബെസ്, രേമെത്ത്,
21 ഏന്‍-ഗന്നീം, ഏന്‍-ഹദ്ദാ, ബേത്ത്-പസ്സേസ് എന്നീ പ്രദേശങ്ങള്‍ അവരുടെ അവകാശദേശത്ത് ഉള്‍പ്പെട്ടിരുന്നു.
22 അതിന്‍റെ അതിര്, താബോര്‍, ശഹസൂമാ, ബേത്ത്-ശേമെശ് എന്നീ സ്ഥലങ്ങളില്‍ കൂടി കടന്നു യോര്‍ദ്ദാനില്‍ അവസാനിക്കുന്നു. പതിനാറു പട്ടണങ്ങളും അവയോടു ചേര്‍ന്നുള്ള ഗ്രാമങ്ങളും അതില്‍ ഉള്‍പ്പെട്ടിരുന്നു.
23 ഈ പട്ടണങ്ങളും അവയോടു ചേര്‍ന്നുള്ള ഗ്രാമങ്ങളുമാണ് ഇസ്സാഖാര്‍ഗോത്രത്തിലെ കുടുംബങ്ങള്‍ക്ക് അവകാശമായി ലഭിച്ചത്.
24
അഞ്ചാമത്തെ നറുക്ക് ആശേര്‍ഗോത്രത്തിലെ കുടുംബങ്ങള്‍ക്കു വീണു.25 ഹെല്‌കത്ത്, ഹലി, ബേതെന്‍,
26 അക്ശാഫ്, അല്ലംമേലെക്, അമാദ്, മിശാല്‍ എന്നീ സ്ഥലങ്ങള്‍ അവരുടെ അവകാശഭൂമിയില്‍ ഉള്‍പ്പെട്ടിരുന്നു. അത് പടിഞ്ഞാറ് കര്‍മ്മേലും ശീഹോര്‍-ലിബ്നാത്ത്‍വരെയും വ്യാപിച്ചിരുന്നു.
27 കിഴക്കേ അതിര് ബേത്ത്-ദാഗോനിലേക്കും അവിടെനിന്നു വടക്കോട്ടു തിരിഞ്ഞ് സെബൂലൂനിലും ബേത്ത്-എമെക്കിലും നെയീയേലിലും യിഫ്താഹ്-ഏല്‍ താഴ്വരയിലും കൂടി കടന്നു വടക്കു കാബൂലിലേക്കും
28 എബ്രോന്‍, രെഹോബ്, ഹമ്മോന്‍, കാനാ എന്നീ സ്ഥലങ്ങളിലൂടെ വന്‍ നഗരമായ സീദോനിലേക്കും പോകുന്നു.
29 പിന്നീട് ആ അതിര് രാമായിലേക്കും കോട്ടകളാല്‍ സുരക്ഷിതമാക്കപ്പെട്ട സോരിലേക്കും തിരിയുന്നു. പിന്നീട് ഹോസായില്‍ കൂടി ആ അതിര് മെഡിറ്ററേനിയന്‍ സമുദ്രത്തില്‍ അവസാനിക്കുന്നു.
30 മഹലബ്, അക്സീബ്, ഉമ്മാ, അഫേക്, രെഹോബ് മുതലായ ഇരുപത്തിരണ്ടു പട്ടണങ്ങളും അവയോടു ചേര്‍ന്നുള്ള ഗ്രാമങ്ങളും അവരുടെ അവകാശഭൂമിയില്‍ ഉള്‍പ്പെട്ടിരുന്നു.
31 ആശേര്‍ഗോത്രത്തിലെ കുടുംബങ്ങള്‍ക്ക് അവകാശമായി ഈ പട്ടണങ്ങളും ഇവയോടു ചേര്‍ന്നുള്ള ഗ്രാമങ്ങളും ലഭിച്ചു.
32
ആറാമത്തെ നറുക്കു നഫ്താലിഗോത്രത്തിലെ കുടുംബങ്ങള്‍ക്കു വീണു.33 അവരുടെ അവകാശമായി ലഭിച്ച ദേശത്തിന്‍റെ അതിര് ഹേലെഫില്‍ സാനന്നീമിലെ കരുവേലകച്ചുവട്ടില്‍നിന്ന് ആരംഭിച്ച് അദാമീ-നേക്കെബിലും യബ്ന്യോലിലും കൂടി ലാക്കൂമില്‍ ചെന്ന് യോര്‍ദ്ദാനില്‍ അവസാനിക്കുന്നു.
34 അവിടെനിന്നു പടിഞ്ഞാറ് അസ്നോത്ത്-താബോരിലേക്ക് തിരിഞ്ഞു ഹൂക്കോക്കിലൂടെ പോകുന്നു. അതിന്‍റെ അതിര് തെക്ക് സെബൂലൂനും പടിഞ്ഞാറ് ആശേരും കിഴക്ക് യോര്‍ദ്ദാനു സമീപമുള്ള യെഹൂദായും ആകുന്നു.
35 കോട്ടകളാല്‍ സുരക്ഷിതമാക്കപ്പെട്ട സിദ്ദീം, സേര്‍, ഹമ്മത്ത്,
36 രക്കത്ത്, കിന്നേരത്ത്, അദമാ, രാമാ, ഹാസോര്‍,
37 കേദെശ്, എദ്രെയി, എന്‍-ഹാസോര്‍, യിരോന്‍, മിഗ്ദല്‍-ഏല്‍, ഹോരേം,
38 ബേത്ത്-അനാത്ത്, ബേത്ത്-ശേമെശ് മുതലായ പത്തൊന്‍പതു പട്ടണങ്ങളും അവയോടു ചേര്‍ന്നുള്ള ഗ്രാമങ്ങളും നഫ്താലിയുടെ അവകാശഭൂമിയില്‍ ഉള്‍പ്പെടുന്നു.
39 ഇവയാണ് നഫ്താലി ഗോത്രത്തിലെ കുടുംബങ്ങള്‍ക്ക് അവകാശമായി ലഭിച്ച പട്ടണങ്ങളും ഗ്രാമങ്ങളും.
40
ഏഴാമത്തെ നറുക്കു ദാന്‍ഗോത്രത്തിലെ കുടുംബങ്ങള്‍ക്കു വീണു.41 സൊരാ, എസ്തായോല്‍, ഈര്‍-ശേമെശ്, ശാലബ്ബീന്‍,
42 അയ്യാലോന്‍, ഇത്‍ലാ, ഏലോന്‍,
43 തിമ്നാ, എക്രോന്‍, എല്‍-തെക്കേ,
44 ഗിബ്ബെഥോന്‍, ബാലാത്ത്, യിഹൂദ്, ബെനേ-ബെരാക്,
45 ഗത്ത്-രിമ്മോന്‍, മേയര്‍കോന്‍,
46 രക്കോന്‍ എന്നീ സ്ഥലങ്ങളും യോപ്പയ്‍ക്കു ചുറ്റുപാടുമുള്ള സ്ഥലങ്ങളും ദാനിന്‍റെ അവകാശഭൂമിയില്‍ ഉള്‍പ്പെട്ടിരുന്നു.
47 ദാന്‍ഗോത്രക്കാരുടെ ദേശം അവര്‍ക്ക് നഷ്ടപ്പെട്ടപ്പോള്‍ അവര്‍ ലേശെമിനോടു യുദ്ധം ചെയ്ത് അതു പിടിച്ചടക്കി. അവിടെയുള്ള ജനങ്ങളെ സംഹരിച്ച് ആ ദേശം കൈവശമാക്കി അവിടെ പാര്‍ത്തു. ലേശെമിനു തങ്ങളുടെ പൂര്‍വപിതാവായ ദാനിന്‍റെ പേരു നല്‌കുകയും ചെയ്തു.
48 ദാന്‍ഗോത്രക്കാരുടെ കുടുംബങ്ങള്‍ക്ക് അവകാശമായി ലഭിച്ചത് ഈ പട്ടണങ്ങളും ഗ്രാമങ്ങളുമായിരുന്നു.
49
ദേശം വിഭജിച്ചു കഴിഞ്ഞ് ഇസ്രായേല്‍ജനം നൂനിന്‍റെ പുത്രനായ യോശുവയ്‍ക്ക് അവരുടെ ഇടയില്‍ ഒരു ഓഹരി നല്‌കി.50 എഫ്രയീം മലമ്പ്രദേശത്തുള്ള തിമ്നത്ത്-സേരഹ് എന്ന പട്ടണം യോശുവ ആവശ്യപ്പെടുകയും സര്‍വേശ്വരന്‍ കല്പിച്ചതുപോലെ ആ സ്ഥലം അദ്ദേഹത്തിനു വിട്ടുകൊടുക്കുകയും ചെയ്തു. ആ പട്ടണം വീണ്ടും പണിത് അദ്ദേഹം അവിടെ പാര്‍ത്തു.
51
പുരോഹിതനായ എലെയാസാരും നൂനിന്‍റെ പുത്രനായ യോശുവയും ഇസ്രായേല്‍ഗോത്രങ്ങളിലെ നേതാക്കന്മാരും ശീലോവില്‍ തിരുസാന്നിധ്യകൂടാരത്തിന്‍റെ കവാടത്തില്‍ സര്‍വേശ്വരസന്നിധിയില്‍ ഒരുമിച്ചു കൂടി ദേശം നറുക്കിട്ടു വിഭജിച്ചു. ഇങ്ങനെ അവര്‍ ദേശവിഭജനം പൂര്‍ത്തിയാക്കി.1
[1,2] “മോശ മുഖേന ഞാന്‍ നിങ്ങളോടു കല്പിച്ചതുപോലെ അഭയനഗരങ്ങള്‍ വേര്‍തിരിക്കാന്‍ ജനത്തോടു പറയുക” എന്നു സര്‍വേശ്വരന്‍ യോശുവയോടു കല്പിച്ചു.2
3 അബദ്ധവശാല്‍ ഒരാള്‍ മറ്റൊരാളെ കൊല്ലാന്‍ ഇടയായാല്‍ കൊല്ലപ്പെട്ടവനുവേണ്ടി പ്രതികാരം ചെയ്യാന്‍ ബാധ്യസ്ഥനായ ബന്ധുവില്‍ നിന്നു രക്ഷപെട്ട് അഭയം പ്രാപിക്കുന്നതിനുള്ള നഗരങ്ങളാണ് അവ.
4 അവയില്‍ ഏതെങ്കിലുമൊരു പട്ടണത്തിലേക്ക് ഓടിച്ചെല്ലുന്നവന്‍ നഗരവാതില്‌ക്കല്‍ നിന്നുകൊണ്ട് ആ നഗരത്തിലെ ജനനേതാക്കളോട് അവന്‍റെ പ്രശ്നം വിശദീകരിച്ചു പറയണം. അവര്‍ അവനെ പട്ടണത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കണം. കൂടാതെ തങ്ങളുടെ ഇടയില്‍ പാര്‍ക്കുന്നതിന് ഒരു സ്ഥലം അവനു നല്‌കുകയും വേണം.
5 പ്രതികാരകന്‍ അവനെ പിന്തുടര്‍ന്നു ചെന്നാലും പൂര്‍വവിദ്വേഷം കൂടാതെ അബദ്ധവശാല്‍ അങ്ങനെ ചെയ്തുപോയതാകയാല്‍ പ്രതികാരകന്‍റെ കൈയില്‍ അവനെ ഏല്പിക്കരുത്.
6 അവന്‍ ജനത്തിന്‍റെ മുമ്പാകെ വിസ്തരിക്കപ്പെടുന്നതുവരെയോ അന്നത്തെ മഹാപുരോഹിതന്‍ മരിക്കുന്നതുവരെയോ അവിടെത്തന്നെ പാര്‍ക്കണം. അതിനുശേഷം അവനു താന്‍ വിട്ടുപോന്ന പട്ടണത്തില്‍ സ്വന്തഭവനത്തിലേക്കു മടങ്ങിപ്പോകാം.
7 അവര്‍ യോര്‍ദ്ദാനു പടിഞ്ഞാറു നഫ്താലി മലനാട്ടിലുള്ള ഗലീലയിലെ കേദെശും എഫ്രയീം മലനാട്ടിലുള്ള ശെഖേമും യെഹൂദാ മലനാട്ടിലുള്ള ഹെബ്രോന്‍ എന്ന കിര്യത്ത്-അര്‍ബ്ബയും
8 യോര്‍ദ്ദാനു കിഴക്ക് യെരീഹോവിനെതിരെയുള്ള മരുഭൂമിയില്‍, രൂബേന്‍ഗോത്രത്തിന് അവകാശപ്പെട്ട സമഭൂമിയിലുള്ള ബേസെരും, ഗിലെയാദില്‍ ഗാദ് ഗോത്രക്കാരുടെ രാമോത്തും, ബാശാനില്‍ മനശ്ശെഗോത്രക്കാരുടെ ഗോലാനും അഭയനഗരങ്ങളായി വേര്‍തിരിച്ചു.
9 അബദ്ധവശാല്‍ ഒരാളെ കൊന്നവന്‍ ജനസമൂഹത്തിന്‍റെ മുമ്പാകെ വിസ്താരത്തിനു നില്‌ക്കുന്നതുവരെ പ്രതികാരം ചെയ്യേണ്ടവനില്‍നിന്ന് രക്ഷപെടാന്‍ വേണ്ടി ഇസ്രായേല്‍ജനത്തിനും അവരുടെ ഇടയില്‍ വന്നുപാര്‍ക്കുന്ന പരദേശികള്‍ക്കും വേണ്ടി വേര്‍തിരിച്ചിട്ടുള്ള അഭയനഗരങ്ങള്‍ ഇവയാകുന്നു.
1
ലേവ്യഗോത്രത്തിലെ കുടുംബത്തലവന്മാര്‍ കനാന്‍ദേശത്തുള്ള ശീലോവില്‍ പുരോഹിതനായ എലെയാസാറിന്‍റെയും നൂനിന്‍റെ പുത്രനായ യോശുവയുടെയും ഇസ്രായേല്‍ഗോത്രങ്ങളിലെ കുടുംബത്തലവന്മാരുടെയും അടുക്കല്‍ ചെന്നു പറഞ്ഞു:2 “ഞങ്ങള്‍ക്ക് പാര്‍ക്കാനുള്ള പട്ടണങ്ങളും ഞങ്ങളുടെ കന്നുകാലികള്‍ക്കു വേണ്ട മേച്ചില്‍സ്ഥലങ്ങളും തരാന്‍ സര്‍വേശ്വരന്‍ മോശ മുഖേന കല്പിച്ചിട്ടുണ്ടല്ലോ.”
3 സര്‍വേശ്വരന്‍റെ കല്പനയനുസരിച്ച് ഇസ്രായേല്‍ജനം തങ്ങളുടെ അവകാശഭൂമിയില്‍നിന്ന് ലേവ്യര്‍ക്ക് താഴെപ്പറയുന്ന പട്ടണങ്ങളും മേച്ചില്‍സ്ഥലങ്ങളും നല്‌കി.
4
കെഹാത്യകുടുംബങ്ങള്‍ക്ക് ആദ്യം നറുക്കു വീണു. അതനുസരിച്ച് അവരില്‍ പുരോഹിതനായ അഹരോന്‍റെ പിന്‍ഗാമികളായ ലേവ്യര്‍ക്ക് യെഹൂദാ, ശിമെയോന്‍, ബെന്യാമീന്‍ എന്നീ ഗോത്രങ്ങളില്‍നിന്ന് പതിമൂന്ന് പട്ടണങ്ങള്‍ ലഭിച്ചു.5
അവശേഷിച്ച കെഹാത്യര്‍ക്ക് നറുക്കു വീണതനുസരിച്ച് എഫ്രയീം, ദാന്‍ ഗോത്രങ്ങളില്‍നിന്നും മനശ്ശെയുടെ പകുതി ഗോത്രത്തില്‍നിന്നും പത്തു പട്ടണങ്ങള്‍ ലഭിച്ചു.6
ഗേര്‍ശോന്യകുടുംബങ്ങള്‍ക്കു നറുക്കു വീണതനുസരിച്ച് ഇസ്സാഖാര്‍, ആശേര്‍, നഫ്താലിഗോത്രങ്ങളില്‍നിന്നും ബാശാനിലെ മനശ്ശെയുടെ പകുതി ഗോത്രത്തില്‍നിന്നും പതിമൂന്നു പട്ടണങ്ങള്‍ ലഭിച്ചു.7
മെരാരികുടുംബങ്ങള്‍ക്കു രൂബേന്‍, ഗാദ്, സെബൂലൂന്‍ഗോത്രങ്ങളില്‍നിന്ന് പന്ത്രണ്ടു പട്ടണങ്ങള്‍ ലഭിച്ചു.8
സര്‍വേശ്വരന്‍ മോശ മുഖേന കല്പിച്ചതുപോലെ, നറുക്കു വീണതനുസരിച്ച് ഈ പട്ടണങ്ങളും അവയോടു ചേര്‍ന്നുള്ള പുല്പുറങ്ങളും ഇസ്രായേല്‍ജനം ലേവ്യര്‍ക്കു കൊടുത്തു.9 [9,10] യെഹൂദാ, ശിമെയോന്‍ ഗോത്രങ്ങളില്‍നിന്നു ലേവിഗോത്രത്തില്‍ കെഹാത്യനായ അഹരോന്‍റെ പിന്‍തലമുറക്കാര്‍ക്കു ലഭിച്ച പട്ടണങ്ങള്‍ താഴെ പറയുന്നവയാണ്. അവര്‍ക്കായിരുന്നു ആദ്യം നറുക്കു വീണത്.
10
11 അങ്ങനെ യെഹൂദാ മലനാട്ടില്‍ അനാക്കിന്‍റെ പിതാവായ അര്‍ബ്ബയുടെ പട്ടണമായ കിര്യത്ത്-അര്‍ബ എന്നു പേരുള്ള ഹെബ്രോനും അതിനു ചുറ്റുമുള്ള പുല്പുറങ്ങളും അവര്‍ക്കു ലഭിച്ചു.
12 എന്നാല്‍ പട്ടണത്തോടു ചേര്‍ന്നുള്ള വയലുകളും ഗ്രാമങ്ങളും യെഫൂന്നെയുടെ പുത്രനായ കാലേബിനാണ് അവകാശമായി ലഭിച്ചത്.
13
പുരോഹിതനായ അഹരോന്‍റെ പിന്‍ഗാമികള്‍ക്ക് അഭയനഗരമായ ഹെബ്രോനും, ലിബ്നാ, യത്ഥീര്‍,14 [14,15] എസ്തെമോവ, ഹോലോന്‍, ദെബീര്‍, അയീന്‍, യൂത്താ,
15
16 ബേത്ത്- ശേമെശ് എന്നീ പട്ടണങ്ങളും അവയുടെ മേച്ചില്‍സ്ഥലങ്ങളും കൂടി കൊടുത്തു. അങ്ങനെ യെഹൂദാ ശിമെയോന്‍ഗോത്രങ്ങളില്‍നിന്ന് ഒമ്പതു പട്ടണങ്ങളാണ് അവര്‍ക്കു കൊടുത്തത്;
17 ബെന്യാമീന്‍ഗോത്രത്തില്‍നിന്നു ഗിബെയോന്‍, ഗേബ, അനാഥോത്ത്,
18 അല്മോന്‍ എന്നീ നാലു പട്ടണങ്ങളും അവയുടെ പുല്പുറങ്ങളും അവര്‍ക്കു കൊടുത്തു.
19 അഹരോന്‍റെ പുത്രന്മാരായ പുരോഹിതന്മാര്‍ക്കു ലഭിച്ചത് ആകെ പതിമൂന്നു പട്ടണങ്ങളും അവയുടെ മേച്ചില്‍സ്ഥലങ്ങളുമായിരുന്നു.
20
ലേവിഗോത്രത്തിലെ കെഹാത്യകുടുംബങ്ങളില്‍ ശേഷിച്ചവര്‍ക്ക് എഫ്രയീംഗോത്രത്തില്‍ നിന്നായിരുന്നു ഭൂമി ലഭിച്ചത്.21 എഫ്രയീം മലനാട്ടിലെ അഭയനഗരമായി ശെഖേമും, ഗേസെര്‍, കിബ്സയീം,
22 ബേത്ത്-ഹോരോന്‍ എന്നീ നാലു പട്ടണങ്ങളും അവയുടെ പുല്പുറങ്ങളും,
23 ദാന്‍ഗോത്രത്തില്‍നിന്നു ഏല്‍-തെക്കേ, ഗിബ്ബെഥോന്‍,
24 അയ്യാലോന്‍, ഗത്ത്-രിമ്മോന്‍ എന്നീ നാലു പട്ടണങ്ങളും അവയുടെ പുല്പുറങ്ങളും
25 മനശ്ശെയുടെ പകുതി ഗോത്രത്തില്‍നിന്ന് താനാക്ക്, ഗത്ത്-രിമ്മോന്‍ എന്നീ രണ്ടു പട്ടണങ്ങളും അവയുടെ പുല്പുറങ്ങളും നല്‌കപ്പെട്ടു;
26 അങ്ങനെ കെഹാത്യരില്‍ ശേഷിച്ചവര്‍ക്ക് ആകെ പത്തു പട്ടണങ്ങളും അവയുടെ പുല്പുറങ്ങളും ലഭിച്ചു.
27
ലേവ്യകുടുംബത്തില്‍പ്പെട്ട ഗേര്‍ശോന്യര്‍ക്ക് മനശ്ശെയുടെ പകുതി ഗോത്രക്കാരുടെ മലനാട്ടില്‍നിന്ന് അഭയനഗരമായ ബാശാനിലെ ഗോലാനും, ബെയെസ്തെര എന്നീ പട്ടണങ്ങളും അവയുടെ പുല്പുറങ്ങളും28 ഇസ്സാഖാര്‍ ഗോത്രത്തില്‍നിന്നു കിശ്യോന്‍, ദാബെരത്ത്,
29 യര്‍മൂത്ത്, ഏന്‍-ഗന്നീം എന്നീ നാലു പട്ടണങ്ങളും അവയുടെ മേച്ചില്‍പ്പുറങ്ങളും
30 ആശേര്‍ ഗോത്രത്തില്‍നിന്ന് മിശാല്‍, അബ്‍ദോന്‍,
31 ഹെല്‌കത്ത്, രെഹോബ് എന്നീ നാലു പട്ടണങ്ങളും അവയോടു ചേര്‍ന്നുള്ള മേച്ചില്‍പ്പുറങ്ങളും
32 നഫ്താലിഗോത്രത്തില്‍നിന്ന് അഭയനഗരമായ ഗലീലയിലെ കേദെശ്, ഹമ്മോത്ത്-ദോര്‍, കര്‍ത്ഥാന്‍ എന്നീ മൂന്നു പട്ടണങ്ങളും അവയോടു ചേര്‍ന്നുള്ള മേച്ചില്‍പ്പുറങ്ങളും ലഭിച്ചു.
33 ഇങ്ങനെ പതിമൂന്നു പട്ടണങ്ങളും അവയോടു ചേര്‍ന്നുള്ള പുല്പുറങ്ങളും ആയിരുന്നു ഗേര്‍ശോന്‍കുലത്തിലെ വിവിധ കുടുംബങ്ങള്‍ക്കു ലഭിച്ചത്.
34
ലേവിഗോത്രത്തില്‍ ശേഷിച്ച മെരാരി കുടുംബങ്ങള്‍ക്ക് സെബൂലൂന്‍ഗോത്രത്തില്‍നിന്നു യൊക്നെയാം,35 കര്‍ത്ഥാ, ദിമ്നാ, നഹലാല്‍ എന്നീ നാലു പട്ടണങ്ങളും അവയുടെ മേച്ചില്‍പ്പുറങ്ങളും
36 രൂബേന്‍ഗോത്രത്തില്‍നിന്നു ബേസെര്‍,
37 യെഹ്സ്, കെദേമോത്ത്, മേഫാത്ത് എന്നീ നാലു പട്ടണങ്ങളും അവയുടെ മേച്ചില്‍പ്പുറങ്ങളും
38 ഗാദ്ഗോത്രത്തില്‍നിന്നു ഗിലെയാദിലെ അഭയനഗരമായ രാമോത്ത്, മഹനയീം,
39 ഹെശ്ബോന്‍, യസേര്‍ എന്നീ പട്ടണങ്ങളും അവയുടെ മേച്ചില്‍പ്പുറങ്ങളും ലഭിച്ചു.
40 ലേവ്യകുടുംബത്തില്‍ ശേഷിച്ച മെരാരികുടുംബക്കാര്‍ക്ക് നറുക്കനുസരിച്ച് ആകെ പന്ത്രണ്ടു പട്ടണങ്ങള്‍ ലഭിച്ചു.
41
[41,42] ഇങ്ങനെ ഇസ്രായേല്‍ജനത്തിന് അവകാശമായി ലഭിച്ച ദേശത്തുനിന്ന് ലേവ്യര്‍ക്ക് ആകെ നാല്പത്തെട്ടു പട്ടണങ്ങളും അവയോടു ചേര്‍ന്നുള്ള മേച്ചില്‍പ്പുറങ്ങളും ലഭിച്ചു.42
43
സര്‍വേശ്വരന്‍ ഇസ്രായേല്‍ജനത്തിനു നല്‌കുമെന്ന് അവരുടെ പിതാക്കന്മാരോടു വാഗ്ദാനം ചെയ്തിരുന്ന ദേശമെല്ലാം അവര്‍ക്കു നല്‌കി. അവര്‍ അതു കൈവശമാക്കി അവിടെ കുടിപാര്‍ത്തു.44 അവരുടെ പിതാക്കന്മാരോടു വാഗ്ദാനം ചെയ്തിരുന്നതുപോലെ സര്‍വേശ്വരന്‍ ദേശത്തെല്ലാം സ്വസ്ഥത കൈവരുത്തി. അവിടുന്ന് ഇസ്രായേല്‍ജനത്തിന് അവരുടെ ശത്രുക്കളുടെമേല്‍ വിജയം നല്‌കിയതുകൊണ്ട് ആര്‍ക്കും അവരെ ചെറുത്തുനില്‌ക്കാന്‍ കഴിഞ്ഞില്ല.
45 ഇസ്രായേല്‍ജനത്തോട് ചെയ്ത സകല വാഗ്ദാനങ്ങളും സര്‍വേശ്വരന്‍ നിറവേറ്റി.
1
പിന്നീട് രൂബേന്‍, ഗാദ്ഗോത്രക്കാരെയും മനശ്ശെയുടെ പകുതി ഗോത്രക്കാരെയും യോശുവ വിളിച്ചുകൂട്ടി പറഞ്ഞു:2 “സര്‍വേശ്വരന്‍റെ ദാസനായ മോശ നിങ്ങളോടു കല്പിച്ചതെല്ലാം നിങ്ങള്‍ അനുസരിച്ചു. ഞാന്‍ നിങ്ങളോട് ആജ്ഞാപിച്ചതെല്ലാം നിങ്ങള്‍ പാലിക്കുകയും ചെയ്തു.
3 നിങ്ങള്‍ ഈ കാലമെല്ലാം നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങളോടു കല്പിച്ചിരുന്നതുപോലെ നിങ്ങളുടെ സഹോദരന്മാരെ വിട്ടുപിരിയാതെ അവരുടെകൂടെ നടന്നു.
4 നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങളുടെ സഹോദരന്മാരോടു വാഗ്ദാനം ചെയ്തിരുന്നതുപോലെ ഇപ്പോള്‍ അവര്‍ക്ക് സ്വസ്ഥത നല്‌കിയിരിക്കുന്നു. അതുകൊണ്ട് അവിടുത്തെ ദാസനായ മോശ യോര്‍ദ്ദാനക്കരെ നിങ്ങള്‍ക്ക് അവകാശമായി നല്‌കിയിരിക്കുന്ന ദേശത്ത് നിങ്ങളുടെ ഭവനങ്ങളിലേക്കു മടങ്ങി പൊയ്‍ക്കൊള്ളുക.
5 മോശ നിങ്ങള്‍ക്കു നല്‌കിയ കല്പനകള്‍ പാലിക്കുന്നതില്‍ നിങ്ങള്‍ ജാഗ്രതയുള്ളവരായിരിക്കണം. നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ സ്നേഹിക്കുക; അവിടുത്തെ ഇച്ഛാനുസരണം പ്രവര്‍ത്തിക്കുക; അവിടുത്തെ കല്പനകള്‍ അനുസരിക്കുക; അവിടുത്തോടു വിശ്വസ്തരായിരിക്കുക; പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടും കൂടി സര്‍വേശ്വരനെ സേവിക്കുക.”
6 ഇങ്ങനെ യോശുവ അവരെ അനുഗ്രഹിച്ചു യാത്ര അയച്ചു. അവര്‍ അവരുടെ വീടുകളിലേക്കു മടങ്ങി.
7
മനശ്ശെയുടെ പകുതി ഗോത്രക്കാര്‍ക്കുള്ള അവകാശഭൂമി ബാശാനില്‍ മോശ കൊടുത്തിരുന്നുവല്ലോ. എന്നാല്‍ മറ്റേ പകുതി ഗോത്രക്കാര്‍ക്കുള്ള അവകാശഭൂമി യോശുവ യോര്‍ദ്ദാനിക്കരെ അവരുടെ സഹോദരന്മാരുടെ അവകാശഭൂമിയുടെ ഇടയില്‍ത്തന്നെയാണു കൊടുത്തത്. യോശുവ അവരെ അനുഗ്രഹിച്ച് അവരുടെ വീടുകളിലേക്ക് അയച്ചു.8 അപ്പോള്‍ അദ്ദേഹം അവരോടു പറഞ്ഞു: “നാല്‌ക്കാലികള്‍, വെള്ളി, പൊന്ന്, ചെമ്പ്, ഇരുമ്പ്, വസ്ത്രങ്ങള്‍ തുടങ്ങി വളരെയധികം സമ്പത്തോടു കൂടി നിങ്ങള്‍ സ്വഭവനങ്ങളിലേക്കു മടങ്ങിപ്പോകുകയാണല്ലോ. ശത്രുക്കളില്‍നിന്നു പിടിച്ചെടുത്ത സാധനങ്ങള്‍ നിങ്ങളുടെ സഹോദരന്മാര്‍ക്കു കൂടി പങ്കിട്ടു കൊടുക്കണം.”
9
രൂബേന്‍, ഗാദ്ഗോത്രക്കാരും മനശ്ശെയുടെ പകുതിഗോത്രവും അവരുടെ വീടുകളിലേക്കു മടങ്ങി. മറ്റ് ഇസ്രായേല്യരെ കനാനിലുള്ള ശീലോവില്‍ വിട്ടിട്ടാണ് അവര്‍ തങ്ങളുടെ അവകാശഭൂമിയായ ഗിലെയാദിലേക്കു പോയത്. സര്‍വേശ്വരന്‍ മോശ മുഖേന കല്പിച്ചതുപോലെ അവര്‍ ആ ദേശം കൈവശപ്പെടുത്തിയിരുന്നു.10
രൂബേന്‍, ഗാദ്ഗോത്രക്കാരും മനശ്ശെയുടെ പകുതിഗോത്രക്കാരും കനാനിലുള്ള യോര്‍ദ്ദാന്‍ പ്രദേശത്ത് എത്തിയപ്പോള്‍ അവര്‍ ഒരു വലിയ യാഗപീഠം പണിതു.11 അവര്‍ തങ്ങളുടെ അവകാശഭൂമിയില്‍ കനാനിലെ യോര്‍ദ്ദാന്‍ പ്രദേശത്ത് ഒരു വലിയ യാഗപീഠം പണിതുയര്‍ത്തിയിരിക്കുന്നു എന്ന വാര്‍ത്ത
12 ഇസ്രായേല്‍ജനം കേട്ടപ്പോള്‍ ജനസമൂഹം മുഴുവന്‍ യോര്‍ദ്ദാനു കിഴക്കുള്ള ഗോത്രക്കാരോടു യുദ്ധം ചെയ്യാന്‍ ശീലോവില്‍ ഒന്നിച്ചുകൂടി.
13
ഇസ്രായേല്‍ജനം പുരോഹിതനായ എലെയാസാരിന്‍റെ പുത്രന്‍ ഫീനെഹാസിനെ ഗിലെയാദില്‍ രൂബേന്‍, ഗാദ്ഗോത്രക്കാരുടെയും മനശ്ശെയുടെ പകുതി ഗോത്രക്കാരുടെയും അടുക്കല്‍ അയച്ചു.14 യോര്‍ദ്ദാന് ഇക്കരെയുള്ള പത്തു ഗോത്രങ്ങളുടെ പ്രതിനിധികളായി ഓരോ ഗോത്രത്തില്‍നിന്നും ഒരാള്‍ വീതം പത്തു കുടുംബത്തലവന്മാരെ ഫീനെഹാസിന്‍റെ കൂടെ അയച്ചിരുന്നു.
15 അവര്‍ ഗിലെയാദില്‍ രൂബേന്‍, ഗാദ്ഗോത്രക്കാരുടെയും മനശ്ശെയുടെ പകുതി ഗോത്രക്കാരുടെയും അടുക്കല്‍ ചെന്നു പറഞ്ഞു:
16 “സര്‍വേശ്വരന്‍റെ സര്‍വജനസമൂഹവും ഇങ്ങനെ പറയുന്നു: ഇസ്രായേലിന്‍റെ ദൈവത്തിനെതിരായി നിങ്ങള്‍ എന്തൊരു വിശ്വാസവഞ്ചനയാണു കാട്ടിയിരിക്കുന്നത്? നിങ്ങള്‍ക്കുവേണ്ടി ഒരു യാഗപീഠം നിര്‍മ്മിച്ചതിനാല്‍ അവിടുത്തോടു നിങ്ങള്‍ മത്സരിച്ചിരിക്കുന്നു. നിങ്ങള്‍ സര്‍വേശ്വരനെ വിട്ടകന്നിരിക്കുന്നു.
17 പെയോരില്‍ വച്ചു നാം ചെയ്ത പാപം പോരായോ? ഒരു മഹാമാരികൊണ്ട് അവിടുന്നു നമ്മെ ശിക്ഷിച്ചു; അന്നു ചെയ്ത പാപത്തില്‍നിന്ന് ഇന്നും നാം മോചിതരായിട്ടില്ല.
18 നിങ്ങള്‍ ഇപ്പോള്‍ സര്‍വേശ്വരനെ വിട്ടകലാന്‍ പോകുകയാണോ? നിങ്ങള്‍ ഇന്ന് അവിടുത്തോടു മത്സരിക്കുന്നു എങ്കില്‍ അവിടുന്ന് എല്ലാ ഇസ്രായേല്‍ജനത്തോടും നാളെ കോപിക്കും.
19 നിങ്ങളുടെ അവകാശഭൂമി സര്‍വേശ്വരനെ ആരാധിക്കാന്‍ പറ്റിയതല്ല എന്നു നിങ്ങള്‍ക്കു തോന്നുന്നുവെങ്കില്‍ അവിടുത്തെ തിരുസാന്നിധ്യകൂടാരം ഇരിക്കുന്ന ദേശത്തേക്കു വന്ന് ഞങ്ങളുടെ ഇടയില്‍ ഭൂമി കൈവശപ്പെടുത്തുക. നമ്മുടെ ദൈവമായ സര്‍വേശ്വരന്‍റെ യാഗപീഠത്തിനു പുറമേ നിങ്ങള്‍ക്കുവേണ്ടി മറ്റൊരു യാഗപീഠം നിര്‍മ്മിച്ച് അവിടുത്തോടു മത്സരിക്കരുത്.
20 നശിപ്പിക്കുന്നതിനുവേണ്ടി വേര്‍തിരിച്ചിട്ടുള്ള സാധനങ്ങളെപ്പറ്റി സര്‍വേശ്വരന്‍ നല്‌കിയിട്ടുള്ള കല്പനകള്‍ സേരഹിന്‍റെ പുത്രനായ ആഖാന്‍ ലംഘിച്ചു. തന്നിമിത്തം ഇസ്രായേലിന്‍റെ സര്‍വസമൂഹവും ശിക്ഷിക്കപ്പെട്ടു; അവന്‍റെ പാപം നിമിത്തം നശിച്ചത് അവന്‍ മാത്രം ആയിരുന്നില്ലല്ലോ.”
21
അപ്പോള്‍ രൂബേന്‍, ഗാദ്ഗോത്രക്കാരും മനശ്ശെയുടെ പകുതി ഗോത്രക്കാരും ഇസ്രായേല്‍ജനത്തിന്‍റെ നേതാക്കന്മാരോടു പറഞ്ഞു:22 “സര്‍വശക്തനായ ദൈവമാണ് സര്‍വേശ്വരന്‍! അതേ, സര്‍വശക്തനായ ദൈവമാണ് സര്‍വേശ്വരന്‍. അവിടുന്ന് ഇത് അറിയുന്നു; ഇസ്രായേല്‍ജനവും അതറിയട്ടെ! ഞങ്ങള്‍ അവിടുത്തോടു മത്സരിക്കുകയോ, അവിശ്വസ്തരായി പെരുമാറുകയോ ചെയ്തുകൊണ്ടാണ് യാഗപീഠം പണിതതെങ്കില്‍ അവിടുന്നു ഞങ്ങളെ ശിക്ഷിക്കട്ടെ.
23 സര്‍വേശ്വരനെ അനുഗമിക്കുന്നതില്‍നിന്ന് പിന്തിരിയുന്നതിനുവേണ്ടിയാണ് ഈ യാഗപീഠം പണിയുകയും അതിന്മേല്‍ ഹോമയാഗങ്ങളും ധാന്യയാഗങ്ങളും സമാധാനയാഗങ്ങളും അര്‍പ്പിക്കുകയും ചെയ്തതെങ്കില്‍ സര്‍വേശ്വരന്‍തന്നെ ഞങ്ങളെ ശിക്ഷിക്കട്ടെ.
24 നിങ്ങളുടെ മക്കള്‍ ഭാവിയില്‍ ഞങ്ങളുടെ മക്കളോട് ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരനുമായി നിങ്ങള്‍ക്ക് എന്തു ബന്ധം എന്നു ചോദിക്കും എന്നു ഞങ്ങള്‍ ഭയപ്പെട്ടു. ഈ കാരണത്താലാണ് ഞങ്ങള്‍ അങ്ങനെ പെരുമാറിയത്.
25 രൂബേന്‍, ഗാദ് ഗോത്രക്കാരായ ഞങ്ങള്‍ക്കും നിങ്ങള്‍ക്കും മധ്യേ സര്‍വേശ്വരന്‍ യോര്‍ദ്ദാന്‍നദിയെ അതിരാക്കി വച്ചിരിക്കുന്നു; സര്‍വേശ്വരനുമായി നിങ്ങള്‍ക്കു യാതൊരു ഓഹരിയുമില്ല എന്നു പറഞ്ഞ് അവിടുത്തെ ആരാധിക്കുന്നതില്‍നിന്നു നിങ്ങളുടെ മക്കള്‍ ഞങ്ങളുടെ മക്കളെ തടഞ്ഞേക്കാമെന്ന് ഞങ്ങള്‍ ഭയപ്പെട്ടു.
26 അതുകൊണ്ടാണ് ഞങ്ങള്‍ ഒരു യാഗപീഠം നിര്‍മ്മിച്ചത്. അത് ഹോമയാഗത്തിനോ മറ്റു യാഗങ്ങള്‍ക്കോ വേണ്ടിയുള്ളതല്ല;
27 നേരേമറിച്ച് ഞങ്ങളുടെ ഹോമയാഗങ്ങളും വഴിപാടുകളും സമാധാനയാഗങ്ങളും വിശുദ്ധ കൂടാരത്തില്‍ അര്‍പ്പിച്ച് അവിടുത്തെ ആരാധിക്കുന്നതിനും ഞങ്ങള്‍ക്കും നിങ്ങള്‍ക്കും നമ്മുടെ പിന്‍തലമുറക്കാര്‍ക്കും മധ്യേ ഒരു സാക്ഷ്യമായിരിക്കുന്നതിനും നിങ്ങളുടെ ഭാവിതലമുറക്കാര്‍ ഞങ്ങളുടെ ഭാവിതലമുറക്കാരോട് നിങ്ങള്‍ക്കു സര്‍വേശ്വരനില്‍ ഒരു പങ്കുമില്ല എന്നു പറയാതിരിക്കേണ്ടതിനും വേണ്ടിയാണ് ഞങ്ങള്‍ ഇങ്ങനെ ചെയ്തത്.”
28 “ഞങ്ങളോടോ ഞങ്ങളുടെ പിന്‍തലമുറക്കാരോടോ അവര്‍ ഇപ്രകാരം പില്‍ക്കാലത്തു ചോദിച്ചാല്‍, യാഗാര്‍പ്പണത്തിനോ ഹോമയാഗത്തിനോ അല്ല, നിങ്ങള്‍ക്കും ഞങ്ങള്‍ക്കും മധ്യേ സാക്ഷ്യത്തിനായി സര്‍വേശ്വരന്‍റെ യാഗപീഠത്തിന്‍റെ ഒരു മാതൃക ഞങ്ങളുടെ പിതാക്കന്മാര്‍ നിര്‍മ്മിച്ചതാണിതെന്നു ഞങ്ങള്‍ പറയും.
29 നമ്മുടെ ദൈവമായ സര്‍വേശ്വരന്‍റെ തിരുസാന്നിധ്യകൂടാരത്തിനു മുമ്പിലുള്ള യാഗപീഠമല്ലാതെ ഹോമയാഗത്തിനോ, ധാന്യയാഗത്തിനോ മറ്റു യാഗങ്ങള്‍ക്കോ വേറൊരു യാഗപീഠമുണ്ടാക്കി സര്‍വേശ്വരനോടു മത്സരിക്കുകയും അവിടുത്തെ വഴികളില്‍നിന്നു വ്യതിചലിക്കുകയും ചെയ്യാന്‍ ഞങ്ങള്‍ക്ക് ഇടയാകാതിരിക്കട്ടെ.”
30
രൂബേന്‍, ഗാദ്, മനശ്ശെ ഗോത്രക്കാര്‍ പറഞ്ഞതു കേട്ടപ്പോള്‍ പുരോഹിതനായ ഫീനെഹാസിനും അദ്ദേഹത്തോടൊത്തുണ്ടായിരുന്ന ജനനേതാക്കള്‍ക്കും ഗോത്രത്തലവന്മാര്‍ക്കും തൃപ്തിയായി.31 പുരോഹിതനായ എലെയാസാരിന്‍റെ പുത്രന്‍ ഫീനെഹാസ് അവരോടു പറഞ്ഞു: “സര്‍വേശ്വരന്‍ നിങ്ങളുടെ മധ്യത്തിലുണ്ടെന്ന് ഇന്നു ഞങ്ങള്‍ അറിയുന്നു. കാരണം നിങ്ങള്‍ അവിടുത്തേക്കെതിരായി അകൃത്യം ചെയ്തില്ല; നിങ്ങള്‍ ഇസ്രായേല്‍ജനത്തെ സര്‍വേശ്വരന്‍റെ കോപത്തില്‍നിന്നു വിടുവിച്ചിരിക്കുന്നു.
32 എലെയാസാരിന്‍റെ മകന്‍ ഫീനെഹാസും ജനനേതാക്കളും ഗിലെയാദില്‍ രൂബേന്‍, ഗാദ്ഗോത്രക്കാരുടെ അടുക്കല്‍നിന്ന് കനാന്‍ദേശത്തു തിരിച്ചുവന്ന് ഇസ്രായേല്‍ജനത്തെ വിവരം അറിയിച്ചു.
33 അതു കേട്ടപ്പോള്‍ ഇസ്രായേല്‍ജനത്തിനും സന്തോഷമായി. അവര്‍ ദൈവത്തെ സ്തുതിച്ചു. രൂബേന്‍, ഗാദ്ഗോത്രക്കാരുടെ ദേശം യുദ്ധം ചെയ്ത് പിടിച്ചടക്കുന്നതിനെക്കുറിച്ച് പിന്നീടവര്‍ സംസാരിച്ചില്ല.
34 രൂബേന്‍, ഗാദ്ഗോത്രക്കാര്‍ “സര്‍വേശ്വരനാണ് ദൈവം എന്നതിന് ഇതു നമ്മുടെ ഇടയില്‍ ഒരു സാക്ഷ്യമായിരിക്കും” എന്നു പറഞ്ഞ് ആ യാഗപീഠത്തിന് ഏദ് എന്നു പേരിട്ടു.
1
ദീര്‍ഘനാളുകള്‍ക്കുശേഷം സര്‍വേശ്വരന്‍ ചുറ്റുമുള്ള ശത്രുക്കളില്‍നിന്ന് ഇസ്രായേല്‍ജനത്തിനു വീണ്ടും സ്വസ്ഥത നല്‌കി. അപ്പോള്‍ യോശുവ വൃദ്ധനായിക്കഴിഞ്ഞിരുന്നു.2 അദ്ദേഹം ഇസ്രായേല്‍ജനത്തെയും അവരുടെ നേതാക്കന്മാരെയും ന്യായാധിപന്മാരെയും പ്രഭുക്കന്മാരെയും വിളിച്ചുവരുത്തി പറഞ്ഞു:
3 “ഞാന്‍ വൃദ്ധനായിരിക്കുന്നു; നിങ്ങള്‍ നേരിടേണ്ടിവന്ന ജനതകളോടെല്ലാം നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ ചെയ്തതെന്തെന്നു നിങ്ങള്‍ കണ്ടല്ലോ! അവിടുന്നുതന്നെ ആയിരുന്നു നിങ്ങള്‍ക്കുവേണ്ടി യുദ്ധം ചെയ്തത്.
4 യോര്‍ദ്ദാന്‍നദിമുതല്‍ മെഡിറ്ററേനിയന്‍ സമുദ്രംവരെയുള്ള പ്രദേശത്ത് ഞാന്‍ പിടിച്ചടക്കിയതും ഇനിയും അവശേഷിച്ചിരിക്കുന്നതുമായ ദേശം മുഴുവന്‍ ഞാന്‍ നിങ്ങള്‍ക്ക് അവകാശമായി വിഭജിച്ചുതന്നിരിക്കുന്നു.
5 നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങളുടെ ശത്രുക്കളെ നിങ്ങളുടെ മുമ്പില്‍നിന്നു നീക്കിക്കളയും. അവിടുന്നു വാഗ്ദാനം ചെയ്തിരുന്നതുപോലെ നിങ്ങള്‍ അവരുടെ ദേശം കൈവശമാക്കും.
6 അതുകൊണ്ട് മോശയുടെ ധര്‍മശാസ്ത്രത്തില്‍ എഴുതിയിരിക്കുന്നതെല്ലാം പാലിക്കുന്ന കാര്യത്തില്‍ ജാഗ്രതയുള്ളവരായിരിക്കണം. അതില്‍നിന്നു വ്യതിചലിക്കരുത്.
7 നിങ്ങളുടെ ഇടയില്‍ ശേഷിച്ചിരിക്കുന്ന വിജാതീയരുമായി നിങ്ങള്‍ സംസര്‍ഗം പുലര്‍ത്തരുത്; അവരുടെ ദേവന്മാരുടെ നാമം ജപിക്കരുത്. അതു ചൊല്ലി സത്യം ചെയ്യരുത്; അവരെ നമസ്കരിക്കുകയോ ആരാധിക്കുകയോ അരുത്.
8 നിങ്ങളുടെ ദൈവമായ സര്‍വേശ്വരനോടു നിങ്ങള്‍ ഇന്നുവരെ വിശ്വസ്തരായിരുന്നതുപോലെ മേലിലും ആയിരിക്കുക.
9 ബലിഷ്ഠരായ അസംഖ്യം ജനതകളെ നിങ്ങളുടെ മുമ്പില്‍നിന്ന് അവിടുന്നു നീക്കിക്കളഞ്ഞു; അവരില്‍ ഒരുവനും നിങ്ങളോട് എതിര്‍ത്തുനില്‌ക്കാന്‍ കഴിഞ്ഞില്ല.
10 നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങളോടു വാഗ്ദാനം ചെയ്തിരുന്നതുപോലെ അവിടുന്നുതന്നെ നിങ്ങള്‍ക്കുവേണ്ടി യുദ്ധം ചെയ്തു; നിങ്ങളില്‍ ഓരോരുത്തര്‍ക്കും ആയിരം പേരെ വീതം തുരത്താന്‍ കഴിഞ്ഞു.
11 അതുകൊണ്ട് നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ സ്നേഹിക്കുന്നതില്‍ നിങ്ങള്‍ അത്യുത്സുകരായിരിക്കണം.
12 നേരേമറിച്ച് നിങ്ങള്‍ പിന്തിരിയുകയും നിങ്ങളുടെ ഇടയില്‍ പാര്‍ക്കുന്ന അന്യജാതിക്കാരുമായി ഇടകലരുകയും അവരുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്താല്‍,
13 നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ ഈ അന്യജാതിക്കാരെ നിങ്ങളുടെ ഇടയില്‍നിന്ന് ഒരിക്കലും നീക്കിക്കളയുകയില്ല. മാത്രമല്ല അവിടുന്ന് നിങ്ങള്‍ക്കു നല്‌കിയിരിക്കുന്ന ഈ നല്ല ദേശത്തുനിന്നും നിങ്ങള്‍ നിര്‍മ്മാര്‍ജനം ചെയ്യപ്പെടുന്നതുവരെ അവര്‍ നിങ്ങള്‍ക്കു കുടുക്കും കെണിയും മുതുകില്‍ ചാട്ടയും കണ്ണില്‍ മുള്ളുമായിരിക്കുമെന്നും അറിഞ്ഞുകൊള്ളുക.
14 എല്ലാ മനുഷ്യരെയുംപോലെ എനിക്കും ഈ ലോകത്തോടു യാത്രപറയാന്‍ സമയം ആയിരിക്കുന്നു. നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ വാഗ്ദാനം ചെയ്ത സകല നന്മകളും അവിടുന്നു നല്‌കിയിരിക്കുന്നു. ഇത് നിങ്ങള്‍ക്കു പൂര്‍ണമായി അറിയാമല്ലോ.
15 എല്ലാ വാഗ്ദാനങ്ങളും അവിടുന്നു നിറവേറ്റി; അതുപോലെതന്നെ അവിടുത്തെ ഉടമ്പടി ലംഘിച്ചാല്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങള്‍ നിശ്ശേഷം നശിക്കുന്നതുവരെ എല്ലാ തിന്മകളും നിങ്ങളുടെമേല്‍ വരുത്തും.
16 നിങ്ങളുടെ ദൈവമായ സര്‍വേശ്വരനോടുള്ള ഉടമ്പടി ലംഘിക്കുകയും അന്യദേവന്മാരെ ആരാധിക്കുകയും ചെയ്താല്‍ അവിടുത്തെ കോപം നിങ്ങളുടെമേല്‍ ജ്വലിക്കും. അങ്ങനെ അവിടുന്നു നിങ്ങള്‍ക്കു നല്‌കിയ ഈ വിശിഷ്ടമായ ദേശത്തുനിന്ന് നിങ്ങള്‍ പെട്ടെന്നു നിര്‍മ്മാര്‍ജനം ചെയ്യപ്പെടും.”
1
യോശുവ സകല ഇസ്രായേല്‍ഗോത്രക്കാരെയും ശെഖേമില്‍ വിളിച്ചുകൂട്ടി; ഇസ്രായേലിലെ എല്ലാ ജനനേതാക്കളെയും പ്രമുഖന്മാരെയും ന്യായപാലകരെയും പ്രഭുക്കന്മാരെയും വിളിച്ചുവരുത്തി. അവരെല്ലാം ദൈവസന്നിധിയില്‍ വന്നുകൂടി.2 അപ്പോള്‍ യോശുവ എല്ലാ ഇസ്രായേല്യരോടും പറഞ്ഞു: “ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ ഇപ്രകാരം അരുളിച്ചെയ്യുന്നു: അബ്രഹാമിന്‍റെയും നാഹോരിന്‍റെയും പിതാവായ തേരഹ് ഉള്‍പ്പെടെയുള്ള നിങ്ങളുടെ പൂര്‍വപിതാക്കന്മാര്‍ പണ്ടു യൂഫ്രട്ടീസ്നദിക്ക് അക്കരെ പാര്‍ത്ത് അന്യദേവന്മാരെ ആരാധിച്ചിരുന്നു.
3 അവിടെനിന്നു നിങ്ങളുടെ പിതാവായ അബ്രഹാമിനെ ഞാന്‍ കൊണ്ടുവന്നു. അവനെ കനാന്‍ദേശത്തുടനീളം വഴി നടത്തി. അനേകം സന്താനങ്ങളെ നല്‌കുകയും ചെയ്തു.
4 അവനു ഇസ്ഹാക്കിനെയും ഇസ്ഹാക്കിനു യാക്കോബ്, ഏശാവ് എന്നിവരെയും സന്താനങ്ങളായി നല്‌കി. ഏശാവിനു സേയീര്‍ പര്‍വതം അവകാശമായി കൊടുത്തു; എന്നാല്‍ യാക്കോബും അവന്‍റെ പുത്രന്മാരും ഈജിപ്തിലേക്കു പോയി.
5 കുറച്ചുനാള്‍ കഴിഞ്ഞ് ഞാന്‍ മോശയെയും അഹരോനെയും അവിടേക്ക് അയച്ചു. അനേകം ബാധകളെ അയച്ച് ഞാന്‍ നിങ്ങളെ ഈജിപ്തില്‍നിന്നു വിടുവിച്ചു.
6 നിങ്ങളുടെ പൂര്‍വപിതാക്കന്മാര്‍ അവിടെനിന്നു പുറപ്പെട്ട് കടല്‍ത്തീരത്തെത്തി. ഈജിപ്തുകാര്‍ രഥങ്ങളും അശ്വസൈന്യങ്ങളുമായി ചെങ്കടല്‍വരെ അവരെ പിന്തുടര്‍ന്നു.
7 സഹായത്തിനായി അവര്‍ എന്നെ വിളിച്ചപേക്ഷിച്ചപ്പോള്‍ ഞാന്‍ ഈജിപ്തുകാരുടെയും ഇസ്രായേല്യരുടെയും മധ്യേ അന്ധകാരം വരുത്തി. എന്‍റെ കല്പനയാല്‍ സമുദ്രം ഈജിപ്തുകാരെ മൂടി. അവരോടു ഞാന്‍ പ്രവര്‍ത്തിച്ചതു നിങ്ങള്‍ നേരിട്ടു കണ്ടതാണല്ലോ. “അതിനുശേഷം ദീര്‍ഘകാലം നിങ്ങള്‍ മരുഭൂമിയില്‍ പാര്‍ത്തു.
8 പിന്നീട് യോര്‍ദ്ദാന്‍നദിയുടെ കിഴക്കുവശത്തു പാര്‍ത്തിരുന്ന അമോര്യരുടെ ദേശത്തേക്കു ഞാന്‍ നിങ്ങളെ കൂട്ടിക്കൊണ്ടു വന്നു. അവര്‍ നിങ്ങളോടു യുദ്ധം ചെയ്തു; എന്നാല്‍ അവരെ ഞാന്‍ നിങ്ങളുടെ കൈയില്‍ ഏല്പിച്ചു; അവരുടെ ദേശം നിങ്ങള്‍ കൈവശപ്പെടുത്തി. നിങ്ങളുടെ മുമ്പില്‍വച്ചു ഞാന്‍ അവരെ നശിപ്പിച്ചു.
9 പിന്നീട് മോവാബിലെ സിപ്പോരിന്‍റെ പുത്രനായ ബാലാക് രാജാവ് ഇസ്രായേലിനോട് യുദ്ധം ചെയ്യാന്‍ പുറപ്പെട്ടു. നിങ്ങളെ ശപിക്കുന്നതിനു ബെയോരിന്‍റെ പുത്രനായ ബിലെയാമിനെ അയാള്‍ വരുത്തി.
10 ബിലെയാം പറഞ്ഞതു ഞാന്‍ ശ്രദ്ധിച്ചില്ല. അവന്‍ നിങ്ങളെ അനുഗ്രഹിച്ചു; അങ്ങനെ ഞാന്‍ നിങ്ങളെ ബാലാക്കിന്‍റെ കൈയില്‍നിന്നു വിടുവിച്ചു.
11 പിന്നീട് നിങ്ങള്‍ യോര്‍ദ്ദാന്‍നദി കടന്നു യെരീഹോവിലെത്തി. അപ്പോള്‍ യെരീഹോനിവാസികള്‍ അമോര്യര്‍, പെരിസ്യര്‍, കനാന്യര്‍, ഹിത്യര്‍, ഗിര്‍ഗ്ഗശ്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നീ ജനതകള്‍ നിങ്ങളോടു യുദ്ധം ചെയ്തു. ഞാന്‍ അവരുടെമേല്‍ നിങ്ങള്‍ക്കു വിജയം നല്‌കി.
12 ഞാന്‍ കടന്നലുകളെ നിങ്ങള്‍ക്കു മുമ്പേ വിട്ടു; അവ ആ രണ്ടു അമോര്യരാജാക്കന്മാരെ ഓടിച്ചുകളഞ്ഞു. നിങ്ങളുടെ വാളോ, വില്ലോ അല്ല അവരെ പാലായനം ചെയ്യിച്ചത്.
13 നിങ്ങള്‍ അധ്വാനിക്കാത്ത ഭൂമിയും നിങ്ങള്‍ പണിയാത്ത പട്ടണങ്ങളും ഞാന്‍ നിങ്ങള്‍ക്കു നല്‌കി. നിങ്ങള്‍ അവിടെ ഇപ്പോള്‍ പാര്‍ക്കുന്നു. നിങ്ങള്‍ നട്ടുപിടിപ്പിക്കാത്ത മുന്തിരിത്തോട്ടങ്ങളുടെയും ഒലിവുതോട്ടങ്ങളുടെയും ഫലം നിങ്ങള്‍ അനുഭവിക്കുന്നു.
14 “അതുകൊണ്ട് നിങ്ങള്‍ സര്‍വേശ്വരനെ ഭയപ്പെടുകയും ആത്മാര്‍ഥതയോടും വിശ്വസ്തതയോടും കൂടി അവിടുത്തെ സേവിക്കുകയും ചെയ്യുവിന്‍. നിങ്ങളുടെ പൂര്‍വപിതാക്കന്മാര്‍ മെസൊപ്പൊത്താമ്യയിലും ഈജിപ്തിലും വച്ച് ആരാധിച്ചിരുന്ന ദേവന്മാരെ ഉപേക്ഷിച്ച് സര്‍വേശ്വരനെ മാത്രം ആരാധിക്കുവിന്‍.
15 അവിടുത്തെ ആരാധിക്കുന്നതുകൊണ്ട് പ്രയോജനമില്ലെന്നു നിങ്ങള്‍ക്കു തോന്നുന്നെങ്കില്‍ നിങ്ങളുടെ പൂര്‍വപിതാക്കന്മാര്‍ മെസൊപ്പൊത്താമ്യയില്‍ വച്ച് ആരാധിച്ച ദേവന്മാരെയോ അല്ലെങ്കില്‍ നിങ്ങള്‍ ഇപ്പോള്‍ പാര്‍ക്കുന്ന ദേശത്തിലെ അമോര്യര്‍ ആരാധിക്കുന്ന ദേവന്മാരെയോ ആരാധിക്കുവിന്‍. ആരെയാണ് ആരാധിക്കേണ്ടതെന്നു നിങ്ങള്‍ ഇന്നുതന്നെ തീരുമാനിക്കുവിന്‍. ഞാനും എന്‍റെ കുടുംബവും സര്‍വേശ്വരനെത്തന്നെ സേവിക്കും.”
16 അപ്പോള്‍ ജനം പ്രതിവചിച്ചു: “ഞങ്ങള്‍ സര്‍വേശ്വരനെ ഉപേക്ഷിച്ച് അന്യദേവന്മാരെ ഒരിക്കലും ആരാധിക്കുകയില്ല.
17 ഞങ്ങള്‍ അടിമകളായി പാര്‍ത്തിരുന്ന ഈജിപ്തില്‍നിന്നു ഞങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ ഞങ്ങളെയും ഞങ്ങളുടെ പിതാക്കന്മാരെയും മോചിപ്പിച്ചു. അവിടുന്നു ചെയ്ത അദ്ഭുതപ്രവൃത്തികള്‍ ഞങ്ങള്‍ നേരിട്ടുകണ്ടതാണ്. ഞങ്ങള്‍ കടന്നുപോകുന്ന ദേശങ്ങളിലെ ജനതകളില്‍നിന്ന് അവിടുന്നു ഞങ്ങളെ രക്ഷിച്ചു.
18 ഈ ദേശത്തു പാര്‍ത്തിരുന്ന അമോര്യരെയും മറ്റു ജനതകളെയും അവിടുന്ന് ഞങ്ങളുടെ മുമ്പില്‍നിന്ന് ഓടിച്ചുകളഞ്ഞു. അതുകൊണ്ടു ഞങ്ങളും സര്‍വേശ്വരനെത്തന്നെ സേവിക്കും; അവിടുന്നാകുന്നു ഞങ്ങളുടെ ദൈവം.”
19 എന്നാല്‍ യോശുവ ജനത്തോടു പറഞ്ഞു: “നിങ്ങള്‍ക്കു സര്‍വേശ്വരനെ സേവിക്കാന്‍ സാധ്യമല്ല. അവിടുന്നു പരിശുദ്ധ ദൈവമാകുന്നു; തീക്ഷ്ണതയുള്ള ദൈവം തന്നെ. അവിടുന്നു നിങ്ങളുടെ അകൃത്യങ്ങളും പാപങ്ങളും ക്ഷമിക്കുകയില്ല.
20 അന്യദേവന്മാരെ സേവിക്കുന്നതിനുവേണ്ടി സര്‍വേശ്വരനെ ത്യജിച്ചുകളഞ്ഞാല്‍ മുമ്പു നിങ്ങള്‍ക്കു നന്മ ചെയ്തിട്ടുണ്ടെങ്കിലും അവിടുന്നു നിങ്ങളെ നശിപ്പിക്കും.”
21 ജനം യോശുവയോടു പറഞ്ഞു: “അല്ല, ഞങ്ങള്‍ സര്‍വേശ്വരനെ മാത്രം സേവിക്കും.”
22 യോശുവ അവരോടു പറഞ്ഞു: “സര്‍വേശ്വരനെത്തന്നെ സേവിക്കാന്‍ തീരുമാനിച്ചിരിക്കുന്നതിനു നിങ്ങള്‍തന്നെ സാക്ഷികളാകുന്നു.” “അതേ, ഞങ്ങള്‍ സാക്ഷികളാകുന്നു” എന്ന് അവര്‍ പ്രതിവചിച്ചു.
23 “അങ്ങനെയെങ്കില്‍, നിങ്ങളുടെ ഇടയിലുള്ള അന്യദേവന്മാരെ നീക്കിക്കളഞ്ഞ് നിങ്ങളുടെ ദൈവമായ സര്‍വേശ്വരനിലേക്കു നിങ്ങളുടെ ഹൃദയം തിരിക്കുക” എന്നു യോശുവ പറഞ്ഞു.
24 ജനം യോശുവയോടു പറഞ്ഞു: “ഞങ്ങളുടെ ദൈവമായ സര്‍വേശ്വരനെ ഞങ്ങള്‍ സേവിക്കുകയും അവിടുത്തെ കല്പനകള്‍ അനുസരിക്കുകയും ചെയ്യും.”
25 അന്നു യോശുവ ഇസ്രായേല്‍ജനവുമായി ഒരു ഉടമ്പടി ചെയ്തു; ശെഖേമില്‍ വച്ചുതന്നെ അവര്‍ക്കു നിയമങ്ങളും ചട്ടങ്ങളും നല്‌കി.
26
ഈ കല്പനകളെല്ലാം യോശുവ ദൈവത്തിന്‍റെ ധര്‍മശാസ്ത്രഗ്രന്ഥത്തില്‍ രേഖപ്പെടുത്തി. ഒരു വലിയ കല്ലെടുത്തു വിശുദ്ധകൂടാരത്തിനടുത്തുള്ള കരുവേലകമരത്തിന്‍ കീഴെ നാട്ടുകയും ചെയ്തു.27 യോശുവ സകല ജനത്തോടും പറഞ്ഞു: “ഈ കല്ല് നമ്മുടെ മധ്യേ ഒരു സാക്ഷ്യമായിരിക്കട്ടെ; സര്‍വേശ്വരന്‍ നമ്മോടു കല്പിച്ചിട്ടുള്ളതെല്ലാം അതു കേട്ടിരിക്കുന്നു. നിങ്ങളുടെ ദൈവത്തോടു നിങ്ങള്‍ അവിശ്വസ്തരായി വര്‍ത്തിക്കാതെയിരിക്കുന്നതിന് അതു നിങ്ങളുടെ മധ്യേ സാക്ഷ്യമായിരിക്കും.”
28 പിന്നീട് യോശുവ അവരെ സ്വന്തം സ്ഥലങ്ങളിലേക്കു മടക്കി അയച്ചു.
29
നൂനിന്‍റെ പുത്രനും സര്‍വേശ്വരന്‍റെ ദാസനുമായ യോശുവ നൂറ്റിപ്പത്തു വയസ്സായപ്പോള്‍ മരിച്ചു.30 എഫ്രയീം മലനാട്ടില്‍ തിമ്നാത്ത്- സേരഹിലെ ഗാശ് മലയുടെ വടക്കു ഭാഗത്ത് സ്വന്തം അവകാശഭൂമിയില്‍ത്തന്നെ അദ്ദേഹത്തെ അടക്കം ചെയ്തു.
31 യോശുവയുടെ കാലത്തും, അതിനുശേഷം സര്‍വേശ്വരന്‍ ഇസ്രായേലിനു വേണ്ടി ചെയ്തിട്ടുള്ള പ്രവൃത്തികള്‍ കണ്ടറിഞ്ഞിട്ടുള്ളവരായ നേതാക്കന്മാരുടെ കാലത്തും ഇസ്രായേല്‍ സര്‍വേശ്വരനെ സേവിച്ചു.
32 ഇസ്രായേല്‍ജനത ഈജിപ്തില്‍നിന്നു പുറപ്പെട്ടുപോരുമ്പോള്‍ യോസേഫിന്‍റെ അസ്ഥികള്‍ എടുത്തുകൊണ്ടു പോന്നിരുന്നു; യാക്കോബ് ശെഖേമിന്‍റെ പിതാവായ ഹാമോരിന്‍റെ പുത്രന്മാരില്‍നിന്നു നൂറു വെള്ളിക്കാശിനു വാങ്ങിയിരുന്ന സ്ഥലത്ത് ഇസ്രായേല്‍ജനം അത് അടക്കംചെയ്തു; ഈ സ്ഥലം യോസേഫിന്‍റെ ഭാവിതലമുറകള്‍ക്ക് അവകാശപ്പെട്ടതായിത്തീര്‍ന്നു.
33 അഹരോന്‍റെ പുത്രനായ എലെയാസാരും മരിച്ചു; തന്‍റെ പുത്രനായ ഫീനെഹാസിന് എഫ്രയീം മലമ്പ്രദേശത്തു ഗിബെയായില്‍ അവകാശമായി ലഭിച്ചിരുന്ന സ്ഥലത്ത് അദ്ദേഹത്തെ സംസ്കരിച്ചു.