1
യോര്‍ദ്ദാന്‍നദിക്ക് അക്കരെ മരുഭൂമിയില്‍ സൂഫിന് എതിര്‍വശത്ത് പാരാന്‍, തോഫെല്‍, ലാബാന്‍, ഹസേരോത്ത്, ദീസാഹാബ് എന്നിവയുടെ മധ്യേ സ്ഥിതിചെയ്യുന്ന അരാബായില്‍വച്ച് മോശ ഇസ്രായേല്‍ജനത്തോട് ഇങ്ങനെ പറഞ്ഞു:2 “സീനായില്‍നിന്നു സേയീര്‍മല വഴി കാദേശ്-ബര്‍ന്നേയയില്‍ എത്താന്‍ പതിനൊന്നു ദിവസം വേണം.”
3 സര്‍വേശ്വരന്‍ ഇസ്രായേല്‍ജനത്തോടു പറയാന്‍ തന്നോടു കല്പിച്ച വചനങ്ങള്‍ ഈജിപ്തില്‍നിന്നു യാത്രതിരിച്ചതിന്‍റെ നാല്പതാം വര്‍ഷം പതിനൊന്നാം മാസം ഒന്നാം ദിവസം മോശ അവരോടു പറഞ്ഞു.
4 ഹെശ്ബോനില്‍ പാര്‍ത്തിരുന്ന അമോര്യരുടെ രാജാവായ സീഹോനെയും എദ്രെയിലും അസ്താരോത്തിലും പാര്‍ത്തിരുന്ന ബാശാന്‍രാജാവായ ഓഗിനെയും പരാജയപ്പെടുത്തിയതിനു ശേഷമായിരുന്നു മോശ അവരോടു സംസാരിച്ചത്.
5 യോര്‍ദ്ദാന്‍നദിക്ക് അക്കരെ മോവാബുദേശത്തുവച്ച് മോശ ധര്‍മശാസ്ത്രം വിശദീകരിച്ചു.
6 “നമ്മുടെ ദൈവമായ സര്‍വേശ്വരന്‍ സീനായ്മലയില്‍വച്ച് നമ്മോട് അരുളിച്ചെയ്തു: ഈ മലയില്‍ നിങ്ങള്‍ വേണ്ടത്രകാലം പാര്‍ത്തു കഴിഞ്ഞിരിക്കുന്നു.
7 ഇനി നിങ്ങള്‍ ഇവിടം വിട്ട് കനാന്‍ദേശത്തേക്കും, ലെബാനോന്‍ പര്‍വതങ്ങള്‍ക്കപ്പുറം യൂഫ്രട്ടീസ്നദിവരെയും പോകണം. അതായത് അമോര്യരുടെ മലനാട്ടിലേക്കും അതിന്‍റെ അയല്‍പ്രദേശമായ അരാബാ, മലനാട്, താഴ്വരകള്‍, നെഗെബ്, കടല്‍ത്തീരം എന്നിവിടങ്ങളിലേക്കും തന്നെ.
8 “ഇതാ, ആ ദേശം നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നു. സര്‍വേശ്വരനായ ഞാന്‍ നിങ്ങളുടെ പൂര്‍വപിതാക്കന്മാരായ അബ്രഹാമിനും ഇസ്ഹാക്കിനും യാക്കോബിനും അവരുടെ പിന്‍തലമുറകള്‍ക്കും അവകാശമായി നല്‌കുമെന്നു വാഗ്ദാനം ചെയ്തിരുന്ന ദേശം നിങ്ങള്‍ പോയി കൈവശമാക്കുക.”
9
“എനിക്ക് താങ്ങാനാവാത്ത ഭാരമാണിതെന്ന് അന്നേ ഞാന്‍ നിങ്ങളോടു പറഞ്ഞതാണ്.10 നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങളെ വര്‍ധിപ്പിച്ചിരിക്കുന്നു. ഇന്നു നിങ്ങള്‍ ആകാശത്തിലെ നക്ഷത്രങ്ങള്‍പോലെ എണ്ണമറ്റവരാണ്.
11 നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങളെ ഇനിയും ആയിരംമടങ്ങു വര്‍ധിപ്പിക്കുകയും അവിടുത്തെ വാഗ്ദാനംപോലെ നിങ്ങളെ അനുഗ്രഹിക്കുകയും ചെയ്യട്ടെ.
12 നിങ്ങളുടെ ഭാരിച്ച ചുമതലകളും കലഹങ്ങളും എങ്ങനെ ഞാന്‍ ഒറ്റയ്‍ക്കു താങ്ങും?
13 ജ്ഞാനവും വിവേകവും പക്വതയുമുള്ള ഏതാനും പേരെ ഓരോ ഗോത്രത്തില്‍നിന്നും തിരഞ്ഞെടുക്കുക; അവരെ ഞാന്‍ നിങ്ങള്‍ക്കു തലവന്മാരായി നിയമിക്കാം.
14 അപ്പോള്‍ നിങ്ങള്‍ ‘അങ്ങയുടെ നിര്‍ദ്ദേശം നല്ലത്’ എന്നു മറുപടി പറഞ്ഞു.
15 അങ്ങനെ ഞാന്‍ ജ്ഞാനികളും പക്വമതികളുമായ ഗോത്രത്തലവന്മാരെ തിരഞ്ഞെടുത്തു നിങ്ങളുടെ അധിപതികളായി നിയമിച്ചു; ഓരോ ഗോത്രത്തിലും ആയിരത്തിനും നൂറിനും അമ്പതിനും പത്തിനും അവരെ അധിപതികളായി നിയമിച്ചു.
16 നിങ്ങളുടെ ന്യായാധിപന്മാരോട് അന്നു ഞാന്‍ കല്പിച്ചു; നിങ്ങളുടെ ഇടയിലുണ്ടാകുന്ന പ്രശ്നങ്ങള്‍ വിചാരണ ചെയ്യുവിന്‍. നിങ്ങള്‍ തമ്മിലോ, നിങ്ങളും നിങ്ങളുടെ ഇടയില്‍ പാര്‍ക്കുന്ന പരദേശികളും തമ്മിലോ ആയാലും അവ കേട്ട് നീതിപൂര്‍വം വിധി കല്പിക്കുവിന്‍.
17 നിങ്ങള്‍ മുഖം നോക്കാതെ ന്യായം വിധിക്കണം; ചെറിയവന്‍റെയും വലിയവന്‍റെയും പരാതികള്‍ ഒരുപോലെ കേള്‍ക്കണം. ഒരു മനുഷ്യനെയും ഭയപ്പെടരുത്; ന്യായവിധി ദൈവത്തിന്‍റേതാണല്ലോ. നിങ്ങള്‍ക്കു തീരുമാനിക്കാന്‍ പ്രയാസമുള്ള പ്രശ്നങ്ങള്‍ എന്‍റെ അടുക്കല്‍ കൊണ്ടുവരിക; ഞാന്‍ അതു തീര്‍ത്തുകൊള്ളാം.
18 നിങ്ങള്‍ ചെയ്യേണ്ട മറ്റെല്ലാ കാര്യങ്ങളെ സംബന്ധിച്ചും അന്നു ഞാന്‍ നിങ്ങളോടു കല്പിച്ചിട്ടുണ്ടല്ലോ.”
19
നമ്മുടെ ദൈവമായ സര്‍വേശ്വരന്‍ നമ്മോടു കല്പിച്ചിരുന്നതുപോലെ നാം സീനായില്‍നിന്നു പുറപ്പെട്ട്, നിങ്ങള്‍ കണ്ട ഭയാനകമായ മഹാമരുഭൂമി കടന്ന് അമോര്യരുടെ മലനാട്ടിലേക്കുള്ള വഴിയിലൂടെ കാദേശ്-ബര്‍ന്നേയയില്‍ എത്തി.20 അപ്പോള്‍ ഞാന്‍ നിങ്ങളോടു പറഞ്ഞു: “നമ്മുടെ ദൈവമായ സര്‍വേശ്വരന്‍ നമുക്ക് നല്‌കാന്‍ പോകുന്ന അമോര്യരുടെ മലനാട്ടില്‍ നാം എത്തിയിരിക്കുന്നു;
21 ഇതാ, നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ ഈ ദേശം നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നു. നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സര്‍വേശ്വരന്‍ കല്പിച്ചതുപോലെ നിങ്ങള്‍ പോയി അതു കൈവശമാക്കുക. ഭയമോ പരിഭ്രാന്തിയോ വേണ്ട.”
22 എന്നാല്‍ നിങ്ങള്‍ എന്നോടു പറഞ്ഞു: “ചിലരെ നമുക്ക് മുമ്പേ അയയ്‍ക്കാം; അവര്‍ പോയി ദേശം രഹസ്യമായി നിരീക്ഷിച്ച് നാം ഏതു വഴി കടക്കണമെന്നും ഏതേതു നഗരങ്ങളില്‍ പ്രവേശിക്കണമെന്നും വന്നു പറയട്ടെ.
23 അത് ഒരു നല്ല നിര്‍ദ്ദേശമായി എനിക്കു തോന്നി; ഒരു ഗോത്രത്തില്‍നിന്ന് ഒരാളെ വീതം പന്ത്രണ്ടു പേരെ ഞാന്‍ നിങ്ങളില്‍നിന്ന് തിരഞ്ഞെടുത്തു.
24 അവര്‍ മലനാട്ടില്‍ പ്രവേശിച്ച് എസ്കോല്‍താഴ്വരയില്‍ എത്തി. ആ ദേശം രഹസ്യമായി നിരീക്ഷിച്ചു.
25 അവര്‍ അവിടെനിന്നു ചില ഫലവര്‍ഗങ്ങള്‍ നമ്മുടെ അടുക്കല്‍ കൊണ്ടുവന്നു. നമ്മുടെ ദൈവമായ സര്‍വേശ്വരന്‍ നമുക്കു നല്‌കുന്ന ദേശം ഫലഭൂയിഷ്ഠമാണെന്ന് അറിയിക്കുകയും ചെയ്തു.
26 എന്നാല്‍ ആ ദേശത്തേക്ക് പോകാന്‍ നിങ്ങള്‍ വിസമ്മതിച്ചു. നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ കല്പനയ്‍ക്ക് എതിരായി നിങ്ങള്‍ പ്രവര്‍ത്തിച്ചു.
27 കൂടാരങ്ങളിലിരുന്നു നിങ്ങള്‍ പിറുപിറുത്തു; സര്‍വേശ്വരന്‍ നമ്മെ ദ്വേഷിക്കുന്നതുകൊണ്ടാണ് അമോര്യരുടെ കൈയില്‍ ഏല്പിച്ചു നശിപ്പിക്കാനായി നമ്മെ ഈജിപ്തില്‍നിന്നു കൊണ്ടുവന്നിരിക്കുന്നത്.
28 എവിടേക്കാണ് നാം പോകുന്നത്? അവിടെയുള്ള ജനം നമ്മെക്കാള്‍ ദീര്‍ഘകായന്മാരും ബലിഷ്ഠരും ആണ്; അംബരചുംബികളായ കോട്ടകളാല്‍ സുരക്ഷിതമായ പട്ടണങ്ങളാണ് അവരുടേത്. ചില അനാക്യസന്തതികളെയും അവിടെ കണ്ടു എന്നു പറഞ്ഞു നമ്മുടെ സഹോദരന്മാര്‍ നമ്മെ നിരുത്സാഹപ്പെടുത്തിയിരിക്കുന്നു.”
29 അപ്പോള്‍ ഞാന്‍ പറഞ്ഞു: “നിങ്ങള്‍ പരിഭ്രമിക്കേണ്ടാ; അവരെ ഭയപ്പെടുകയും വേണ്ടാ.
30 നിങ്ങളുടെ ദൈവമായ സര്‍വേശ്വരനാണല്ലോ നിങ്ങള്‍ക്കു മുമ്പേ നടക്കുന്നത്. ഈജിപ്തില്‍വച്ച് നിങ്ങള്‍ കാണ്‍കെ അവിടുന്നു നിങ്ങള്‍ക്കുവേണ്ടി യുദ്ധം ചെയ്തു. അതുപോലെ ഇനിയും അവിടുന്നു ചെയ്യും.
31 മരുഭൂമിയില്‍ നിങ്ങള്‍ പിന്നിട്ട വഴികളിലെല്ലാം, ഇവിടെ എത്തുവോളം അവിടുന്നു നിങ്ങളെ പിതാവ് മകനെ എന്നപോലെ കരങ്ങളില്‍ വഹിക്കുന്നത് നിങ്ങള്‍ കണ്ടു.
32 എന്നിട്ടും നിങ്ങള്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ വിശ്വസിച്ചില്ല.
33 നിങ്ങള്‍ക്കു പാളയമടിക്കാനുള്ള സ്ഥലം കണ്ടുപിടിക്കാനും നിങ്ങള്‍ക്ക് വഴി കാണിക്കാനും രാത്രി അഗ്നിയിലും പകല്‍ മേഘത്തിലും നിങ്ങള്‍ക്കു മുമ്പേ അവിടുന്നു സഞ്ചരിച്ചിരുന്നു.”
34
സര്‍വേശ്വരന്‍ നിങ്ങളുടെ വാക്കു കേട്ടു കോപിച്ചു.35 നിങ്ങളുടെ പൂര്‍വപിതാക്കന്മാര്‍ക്കു നല്‌കുമെന്നു ഞാന്‍ വാഗ്ദാനം ചെയ്ത ഫലഭൂയിഷ്ഠമായ ദേശം ഈ ദുഷിച്ച തലമുറയിലെ ഒരാള്‍പോലും കാണുകയില്ല എന്ന് അവിടുന്ന് ശപഥം ചെയ്തു.
36 യെഫുന്നെയുടെ പുത്രനായ കാലേബു മാത്രമേ ആ സ്ഥലം കാണുകയുള്ളൂ; അവന്‍ എന്നെ പൂര്‍ണമായി അനുസരിച്ചല്ലോ. അതുകൊണ്ട് അവന്‍റെ കാല്‍ പതിച്ച ദേശം, അവനും അവന്‍റെ പുത്രന്മാര്‍ക്കും ഞാന്‍ കൊടുക്കും.
37 “നിങ്ങള്‍ നിമിത്തം സര്‍വേശ്വരന്‍ എന്നോടും കോപിച്ചു; അവിടുന്നു പറഞ്ഞു: “നീയും ആ ദേശത്തു പ്രവേശിക്കുകയില്ല.
38 നിന്‍റെ സഹായകനും നൂനിന്‍റെ പുത്രനുമായ യോശുവ അവിടെ പ്രവേശിക്കും; അവനെ ധൈര്യപ്പെടുത്തുക. ഇസ്രായേല്യര്‍ ആ ദേശം അവകാശമാക്കാന്‍ അവന്‍ ഇടയാക്കും.”
39 അപ്പോള്‍ “ശത്രുക്കള്‍ക്കിരയാകുമെന്നു നിങ്ങള്‍ കരുതിയ നിങ്ങളുടെ ശിശുക്കളും തെറ്റും ശരിയും തിരിച്ചറിയാന്‍ പ്രായമായിട്ടില്ലാത്ത നിങ്ങളുടെ കുട്ടികളും അവിടെ പ്രവേശിക്കും. ഞാന്‍ ആ ദേശം അവര്‍ക്കു കൊടുക്കും; അവര്‍ അതു കൈവശമാക്കുകയും ചെയ്യും.”
40 എന്നാല്‍ നിങ്ങള്‍ ചെങ്കടല്‍ ലക്ഷ്യമാക്കി മരുഭൂമിയിലേക്കു തിരിഞ്ഞു നടന്നുകൊള്‍ക.
41 അപ്പോള്‍ നിങ്ങള്‍, “ഞങ്ങള്‍ സര്‍വേശ്വരനെതിരായി പാപം ചെയ്തുപോയി. ഞങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ കല്പിച്ചതുപോലെ ഞങ്ങള്‍ പോയി യുദ്ധം ചെയ്യാം” എന്ന് എന്നോടു പറഞ്ഞു. മലനാട് ആക്രമിക്കുന്നത് എളുപ്പമായിരിക്കും എന്നു കരുതി നിങ്ങള്‍ യുദ്ധത്തിനു സന്നദ്ധരായി.
42 എന്നാല്‍ സര്‍വേശ്വരന്‍ എന്നോട് അരുളിച്ചെയ്തു: “അവരോടു പറയുക. നിങ്ങള്‍ പോകരുത്; യുദ്ധം ചെയ്യുകയും അരുത്. ഞാന്‍ നിങ്ങളുടെകൂടെ ഉണ്ടായിരിക്കുകയില്ല; ശത്രുക്കള്‍ നിങ്ങളെ പരാജയപ്പെടുത്തും.”
43 ഞാന്‍ അതു നിങ്ങളോടു പറഞ്ഞെങ്കിലും നിങ്ങള്‍ ശ്രദ്ധിച്ചില്ല; അവിടുത്തെ കല്പനയ്‍ക്കെതിരായി നിങ്ങള്‍ മത്സരിച്ചു; അഹങ്കാരത്തോടെ നിങ്ങള്‍ മലമ്പ്രദേശത്തേക്കു കയറി.
44 അവിടെ പാര്‍ത്തിരുന്ന അമോര്യര്‍ തേനീച്ചക്കൂട്ടംപോലെ നിങ്ങളെ ആക്രമിച്ചു; സേയീരില്‍ ഹോര്‍മ്മാവരെ നിങ്ങളെ പിന്തുടര്‍ന്നു പരാജയപ്പെടുത്തി.
45 നിങ്ങള്‍ മടങ്ങിവന്നു സര്‍വേശ്വരനോടു നിലവിളിച്ചു; എന്നാല്‍ അവിടുന്നു നിങ്ങളുടെ നിലവിളി കേട്ടില്ല; നിങ്ങളെ ശ്രദ്ധിച്ചതുമില്ല.
46 അതുകൊണ്ട് ദീര്‍ഘനാളുകള്‍ നിങ്ങള്‍ക്ക് കാദേശില്‍ പാര്‍ക്കേണ്ടിവന്നു.
1
അതിനുശേഷം സര്‍വേശ്വരന്‍ കല്പിച്ചതുപോലെ നാം തിരിഞ്ഞു ചെങ്കടലിനു നേരേ മരുഭൂമിയിലേക്കു യാത്ര തിരിച്ചു; വളരെ നാളുകള്‍ സേയീര്‍മലയ്‍ക്കു ചുറ്റും നടന്നു.2 അപ്പോള്‍ സര്‍വേശ്വരന്‍ എന്നോട് അരുളിച്ചെയ്തു:
3 “നിങ്ങള്‍ ചുറ്റി നടന്നതു മതി; വടക്കോട്ടു തിരിയുക.
4 ജനത്തോട് ഇപ്രകാരം കല്പിക്കുക; നിങ്ങളുടെ ചാര്‍ച്ചക്കാരായ ഏശാവിന്‍റെ സന്താനപരമ്പരകള്‍ പാര്‍ക്കുന്ന എദോമില്‍ കൂടി നിങ്ങള്‍ കടന്നു പോകാന്‍ തുടങ്ങുകയാണ്. അവര്‍ നിങ്ങളെ ഭയപ്പെടും; എങ്കിലും നിങ്ങള്‍ വളരെ സൂക്ഷിച്ചുകൊള്ളണം. അവരോട് ഏറ്റുമുട്ടരുത്.
5 അവരുടെ ദേശത്തു കാല്‍ കുത്താന്‍പോലും ഇടം നിങ്ങള്‍ക്കു ഞാന്‍ തരികയില്ല. കാരണം ഏശാവിന് സേയീര്‍മല അവകാശമായി ഞാന്‍ നല്‌കിയിരിക്കുന്നു.
6 ഭക്ഷിക്കാന്‍ ആഹാരവും കുടിക്കാന്‍ വെള്ളവും നിങ്ങള്‍ അവരോടു വിലയ്‍ക്കു വാങ്ങണം.
7 നിങ്ങളുടെ അധ്വാനങ്ങളിലെല്ലാം ദൈവമായ സര്‍വേശ്വരന്‍ നിങ്ങളെ അനുഗ്രഹിച്ചിരിക്കുന്നുവല്ലോ. വിശാലമായ ഈ മരുഭൂമിയില്‍ കൂടിയുള്ള നിങ്ങളുടെ യാത്രയില്‍ അവിടുന്നു നിങ്ങളെ സംരക്ഷിച്ചു. ഈ നാല്പതു വര്‍ഷവും നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങളോടൊത്ത് ഉണ്ടായിരുന്നു. നിങ്ങള്‍ക്ക് ഒന്നിനും കുറവുണ്ടായില്ല.”
8 അങ്ങനെ സേയീരില്‍ പാര്‍ത്തിരുന്ന ഏശാവിന്‍റെ വംശജരായ നമ്മുടെ ചാര്‍ച്ചക്കാരെ വിട്ടു നാം അരാബാവഴിയായി ഏലാത്തിലും എസ്യോന്‍-ഗേബെരിലും കൂടി തിരിഞ്ഞ് മോവാബ്മരുഭൂമിയിലേക്കു നീങ്ങി.
9
സര്‍വേശ്വരന്‍ എന്നോട് അരുളിച്ചെയ്തു: “മോവാബ്യരെ ഉപദ്രവിക്കരുത്; അവരോടു യുദ്ധത്തിന് ഒരുങ്ങുകയുമരുത്; അവരുടെ ദേശത്തിന്‍റെ ഒരംശംപോലും ഞാന്‍ നിങ്ങള്‍ക്കു തരികയില്ല; ‘ആര്‍’ ദേശം ലോത്തിന്‍റെ പുത്രന്മാര്‍ക്ക് അവകാശമായി ഞാന്‍ കൊടുത്തിട്ടുള്ളതാണ്.”10 പ്രബലരും സംഖ്യാബലം ഏറിയവരും അനാക്യരെപ്പോലെ ദീര്‍ഘകായന്മാരും ആയ ഏമ്യരാണ് പണ്ട് അവിടെ പാര്‍ത്തിരുന്നത്.
11 അനാക്യരെപ്പോലെ അവരും ‘രെഫായീം’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ മോവാബ്യര്‍ അവരെ ഏമ്യര്‍ എന്നു വിളിച്ചുവന്നു.
12 ഹോര്യരായിരുന്നു സേയീരില്‍ മുമ്പ് പാര്‍ത്തിരുന്നത്; ഏശാവിന്‍റെ വംശജര്‍ അവരെ നശിപ്പിച്ച് അവരുടെ ദേശം കൈവശമാക്കി അവിടെ കുടിപാര്‍ത്തു. സര്‍വേശ്വരന്‍ അവകാശമായി കൊടുത്ത ദേശത്ത് ഇസ്രായേല്യര്‍ തദ്ദേശവാസികളോടു ചെയ്തതുപോലെയാണ് അവരും പ്രവര്‍ത്തിച്ചത്.
13 “നിങ്ങള്‍ പുറപ്പെട്ടു സേരെദ്തോട് കടക്കുവിന്‍” എന്നു കല്പിച്ചതുപോലെ നാം തോടുകടന്നു;
14 നാം കാദേശ്-ബര്‍ന്നേയയില്‍നിന്ന് പുറപ്പെട്ടു സേരെദ്തോടു കടക്കുന്നതുവരെ യാത്രചെയ്ത കാലം മുപ്പത്തിയെട്ടു വര്‍ഷം ആയിരുന്നു. സര്‍വേശ്വരന്‍ ശപഥം ചെയ്തിരുന്നതുപോലെ ഇക്കാലത്തിനിടയില്‍ പാളയത്തിലെ യോദ്ധാക്കളെയെല്ലാം നശിപ്പിച്ചു.
15 അവര്‍ പൂര്‍ണമായി നശിക്കുന്നതുവരെ സര്‍വേശ്വരന്‍ അവര്‍ക്കെതിരെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു.
16
ഇങ്ങനെ യോദ്ധാക്കളെല്ലാം മരിച്ചു മണ്ണടിഞ്ഞുകഴിഞ്ഞപ്പോള്‍17 സര്‍വേശ്വരന്‍ എന്നോട് അരുളിച്ചെയ്തു:
18 ആര്‍ദേശത്തുകൂടി നിങ്ങള്‍ മോവാബിന്‍റെ അതിര്‍ത്തി കടക്കാന്‍ പോകുകയാണ്. അമ്മോന്യരുടെ ദേശത്തു ചെല്ലുമ്പോള്‍ നിങ്ങള്‍ അവരെ ഉപദ്രവിക്കരുത്; അവരോടു യുദ്ധത്തിന് ഒരുങ്ങുകയുമരുത്;
19 അമ്മോന്യരുടെ ദേശത്ത് ഒരു അവകാശവും ഞാന്‍ നിങ്ങള്‍ക്കു നല്‌കുകയില്ല; അതു ലോത്തിന്‍റെ മക്കള്‍ക്കു ഞാന്‍ അവകാശമായി നല്‌കിയിരിക്കുന്നു.
20 ‘രെഫായീമ്യരുടെ ദേശം’ എന്നാണ് അവിടവും അറിയപ്പെട്ടിരുന്നത്. രെഫായീമ്യരാണ് പണ്ട് അവിടെ പാര്‍ത്തിരുന്നത്. അമ്മോന്യര്‍ അവരെ സംസുമ്മ്യര്‍ എന്നു വിളിച്ചു.
21 അവര്‍ പ്രബലരും സംഖ്യാബലം ഏറിയവരും അനാക്യരെപ്പോലെ ദീര്‍ഘകായരുമായിരുന്നു എങ്കിലും സര്‍വേശ്വരന്‍ അവരെ അമ്മോന്യരുടെ മുമ്പില്‍നിന്നു നീക്കിക്കളഞ്ഞു. അങ്ങനെ അമ്മോന്യര്‍ ആ സ്ഥലം കൈവശപ്പെടുത്തി അവിടെ വാസമുറപ്പിച്ചു.
22 സേയീരില്‍ പാര്‍ത്തിരുന്ന ഏശാവിന്‍റെ വംശജര്‍ക്കുവേണ്ടി സര്‍വേശ്വരന്‍ പ്രവര്‍ത്തിച്ചതുപോലെയാണിത്. അവിടുന്നു ഹോര്യരെ അവരുടെ മുമ്പില്‍നിന്ന് നീക്കിക്കളഞ്ഞു. അവര്‍ ദേശം കൈവശമാക്കി; അവര്‍ ഇന്നോളം അവിടെ പാര്‍ക്കുന്നു.
23 കഫ്ത്തോരീമില്‍നിന്നു വന്ന കഫ്ത്തോര്യര്‍ ഗസ്സാവരെയുള്ള ഗ്രാമങ്ങളില്‍ പാര്‍ത്തിരുന്ന അവ്യരെ നശിപ്പിച്ച് അവിടെ പാര്‍ത്തു.
24 സര്‍വേശ്വരന്‍ നമ്മോട് അരുളിച്ചെയ്തു: “നിങ്ങള്‍ പുറപ്പെട്ടു അര്‍ന്നോന്‍താഴ്വര കടക്കുക; ഹെശ്ബോനിലെ അമോര്യരാജാവായ സീഹോനെയും അവന്‍റെ ദേശത്തെയും നിങ്ങളുടെ കൈയില്‍ ഏല്പിച്ചിരിക്കുന്നു. അവനോടു യുദ്ധം ചെയ്ത് അവരുടെ ദേശം കൈവശമാക്കുക.
25 നിങ്ങളെക്കുറിച്ചുള്ള ഭീതിയും പരിഭ്രമവും സര്‍വജനതകളിലും ഞാന്‍ ഇന്നു ജനിപ്പിക്കും. നിങ്ങളെക്കുറിച്ചു കേള്‍ക്കുമ്പോള്‍തന്നെ എല്ലാവരും ഭയന്നു വിറയ്‍ക്കും.”
26
“പിന്നീട് ഞാന്‍ കെദേമോത്തുമരുഭൂമിയില്‍നിന്ന് ഹെശ്ബോനില്‍ പാര്‍ത്തിരുന്ന സീഹോന്‍റെ അടുക്കല്‍ ഈ സമാധാനസന്ദേശവുമായി ദൂതന്മാരെ അയച്ചു.27 ‘അങ്ങയുടെ രാജ്യത്തുകൂടി പോകാന്‍ ഞങ്ങളെ അനുവദിച്ചാലും. പെരുവഴിയിലൂടെ മാത്രം പൊയ്‍ക്കൊള്ളാം; വലത്തോട്ടോ ഇടത്തോട്ടോ തിരിയുകയില്ല.
28 ഞങ്ങള്‍ക്കു ഭക്ഷിക്കാന്‍ ആഹാരവും കുടിക്കാന്‍ വെള്ളവും വിലയ്‍ക്കു തന്നാല്‍ മതി. ഞങ്ങള്‍ കാല്‍നടയായി പോകാന്‍ അനുവദിച്ചാലും.
29 സേയീരില്‍ പാര്‍ക്കുന്ന ഏശാവിന്‍റെ വംശജരും ആര്‍ദേശത്തു പാര്‍ക്കുന്ന മോവാബ്യരും തങ്ങളുടെ ദേശത്തുകൂടി കടന്നുപോകാന്‍ ഞങ്ങളെ അനുവദിച്ചു. അതുപോലെ ഞങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ ഞങ്ങള്‍ക്കു നല്‌കുന്ന യോര്‍ദ്ദാന്‍നദിക്ക് അക്കരെയുള്ള ദേശത്തേക്കു പോകാന്‍ ഞങ്ങളെ അനുവദിക്കണം.’
30 എന്നാല്‍ തന്‍റെ ദേശത്തുകൂടി കടന്നുപോകാന്‍ ഹെശ്ബോനിലെ രാജാവായ സീഹോന്‍ നമ്മെ അനുവദിച്ചില്ല; അവനെ പരാജയപ്പെടുത്തി അവന്‍റെ ദേശം കൈവശപ്പെടുത്താന്‍ ഇടയാകുംവിധം നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ അവന്‍റെ ഹൃദയവും മനസ്സും കഠിനമാക്കി.
31 “സര്‍വേശ്വരന്‍ എന്നോട് അരുളിച്ചെയ്തു: ‘സീഹോനെയും അവന്‍റെ ദേശത്തെയും നിന്‍റെ കൈയില്‍ ഏല്പിച്ചിരിക്കുന്നു; അവന്‍റെ ദേശം കൈവശമാക്കുക.’
32 “സീഹോനും അവന്‍റെ സര്‍വജനങ്ങളും യാഹാസില്‍ നമുക്കെതിരെ യുദ്ധത്തിനു വന്നു.
33 നമ്മുടെ ദൈവമായ സര്‍വേശ്വരന്‍ അവനെ നമ്മുടെ കൈയില്‍ ഏല്പിച്ചു; നാം അവനെയും അവന്‍റെ പുത്രന്മാരെയും സര്‍വജനത്തെയും സംഹരിച്ചു.
34 നാം അവന്‍റെ പട്ടണങ്ങളും പിടിച്ചടക്കി; അവയെ ഉന്മൂലനം ചെയ്തു. പുരുഷന്മാരെയും, സ്‍ത്രീകളെയും കുഞ്ഞുങ്ങളെയും ഒന്നൊഴിയാതെ കൊന്നുകളഞ്ഞു.
35 അവരുടെ കന്നുകാലികളും പട്ടണങ്ങളില്‍നിന്നു കൊള്ളയടിച്ച വസ്തുക്കളും മാത്രം എടുത്തു.
36 അര്‍ന്നോന്‍താഴ്വരയുടെ അതിരിലുള്ള അരോവേര്‍പട്ടണംമുതല്‍ താഴ്വരയില്‍ ഗിലെയാദ്‍വരെ നമുക്ക് അധീനമാകാത്ത ഒരു പട്ടണവും ഉണ്ടായിരുന്നില്ല. അവയെല്ലാം നമ്മുടെ ദൈവമായ സര്‍വേശ്വരന്‍ നമ്മുടെ കൈയില്‍ ഏല്പിച്ചു.
37 എന്നാല്‍ യബ്ബോക്കുനദിയുടെ തീരവും മലനാട്ടിലെ പട്ടണങ്ങളും ചേര്‍ന്ന അമ്മോന്യരുടെ ദേശത്തോ സര്‍വേശ്വരന്‍ വിലക്കിയിരുന്ന മറ്റിടങ്ങളിലോ നാം കാലുകുത്തിയില്ല.”
1
“പിന്നീട് നാം ബാശാനിലേക്കുള്ള വഴിയെ യാത്രതിരിച്ചു. അപ്പോള്‍ ബാശാന്‍രാജാവായ ഓഗും അവന്‍റെ സര്‍വജനവും എദ്രെയില്‍ നമ്മെ എതിര്‍ത്തു.2 എന്നാല്‍ സര്‍വേശ്വരന്‍ എന്നോട് അരുളിച്ചെയ്തു: “അവനെ ഭയപ്പെടേണ്ടാ; അവനെയും അവന്‍റെ ജനത്തെയും അവന്‍റെ ദേശത്തെയും നിന്‍റെ കൈയില്‍ ഏല്പിച്ചിരിക്കുന്നു; ഹെശ്ബോനില്‍ പാര്‍ത്തിരുന്ന അമോര്യരാജാവായ സീഹോനോടു ചെയ്തതുപോലെ അവനോടും ചെയ്യുക.’
3 “അങ്ങനെ, നമ്മുടെ ദൈവമായ സര്‍വേശ്വരന്‍ ബാശാന്‍രാജാവായ ഓഗിനെയും അവന്‍റെ സകല ജനത്തെയും നമ്മുടെ കൈയില്‍ ഏല്പിച്ചു. നാം അവരെ നിശ്ശേഷം സംഹരിച്ചു.
4 അവരുടെ എല്ലാ പട്ടണങ്ങളും നാം പിടിച്ചെടുത്തു; കീഴടക്കാത്ത ഒരു പട്ടണംപോലും ഉണ്ടായിരുന്നില്ല. അറുപതു പട്ടണങ്ങളുള്ള അര്‍ഗ്ഗോബ് പ്രദേശമായിരുന്നു ബാശാനിലെ ഓഗിന്‍റെ രാജ്യം.
5 ആ പട്ടണങ്ങളെല്ലാം ഉയര്‍ന്ന മതിലുകളും ഓടാമ്പല്‍ ഘടിപ്പിച്ച വാതിലുകളും കൊണ്ടു സുരക്ഷിതമാക്കിയിരുന്നു; ഇവ കൂടാതെ മതിലുകളില്ലാത്ത അനേകം ചെറിയ പട്ടണങ്ങളും ഉണ്ടായിരുന്നു.
6 ഹെശ്ബോന്‍ രാജാവായ സീഹോനോടു ചെയ്തതുപോലെ നാം ആ പട്ടണങ്ങളെല്ലാം ഉന്മൂലനം ചെയ്തു. സകല പുരുഷന്മാരെയും സ്‍ത്രീകളെയും കുഞ്ഞുങ്ങളെയും കൊന്നൊടുക്കി.
7 കന്നുകാലികളും പട്ടണങ്ങളില്‍ അവശേഷിച്ച വസ്തുക്കളും നാം കൊള്ളയടിച്ചു.
8 “അങ്ങനെ ആ രണ്ട് അമോര്യരാജാക്കന്മാരില്‍നിന്നു യോര്‍ദ്ദാന്‍നദിക്കു കിഴക്ക് അര്‍ന്നോന്‍താഴ്വരമുതല്‍ ഹെര്‍മ്മോന്‍പര്‍വതംവരെയുള്ള പ്രദേശം അന്നു നാം കൈവശപ്പെടുത്തി.
9 ഹെര്‍മ്മോനെ സിര്യോന്‍ എന്ന് സീദോന്യരും സെനീര്‍ എന്ന് അമോര്യരും വിളിച്ചിരുന്നു.
10 പീഠഭൂമിയിലെ എല്ലാ പട്ടണങ്ങളും ഗിലെയാദ് മുഴുവനും ബാശാന്‍രാജാവായ ഓഗിന്‍റെ രാജ്യത്തില്‍പ്പെട്ട സല്‍ക്കാ, എദ്രെയി എന്നീ പട്ടണങ്ങള്‍വരെയുള്ള ബാശാന്‍ മുഴുവനും നാം പിടിച്ചടക്കി.
11 രെഫായീമ്യരില്‍ ബാശാന്‍രാജാവായ ഓഗ് മാത്രമേ ശേഷിച്ചിരുന്നുള്ളൂ. അവന്‍റെ ഇരുമ്പുകട്ടിലിന് ഒന്‍പതു മുഴം നീളവും നാലു മുഴം വീതിയും ഉണ്ടായിരുന്നു; അത് അമ്മോന്യനഗരമായ രബ്ബായില്‍ ഇപ്പോഴും ഉണ്ടല്ലോ.”
12
“അന്ന് നാം ഈ ദേശം കൈവശപ്പെടുത്തിയപ്പോള്‍ അര്‍ന്നോന്‍താഴ്വരയുടെ അടുത്തുള്ള അരോവേര്‍മുതലുള്ള പ്രദേശവും ഗിലെയാദ് മലനാടിന്‍റെ പകുതിയും അവിടെയുണ്ടായിരുന്ന പട്ടണങ്ങളും രൂബേന്യര്‍ക്കും ഗാദ്യര്‍ക്കും ഞാന്‍ നല്‌കി.13 ഗിലെയാദിന്‍റെ ബാക്കി ഭാഗവും ഓഗിന്‍റെ രാജ്യമായ ബാശാന്‍ മുഴുവനും അതായത് അര്‍ഗ്ഗോബ്പ്രദേശം ഞാന്‍ മനശ്ശെയുടെ പകുതി ഗോത്രത്തിനും നല്‌കി. രെഫായീമ്യരുടെ നാടെന്നായിരുന്നു ബാശാന്‍ അറിയപ്പെട്ടിരുന്നത്;
14 മനശ്ശെഗോത്രക്കാരനായ യായീര്‍ ഗെശൂര്യരുടെയും മാഖാത്യരുടെയും അതിരുവരെയുള്ള അര്‍ഗ്ഗോബു ദേശം മുഴുവന്‍ കൈവശപ്പെടുത്തി; തന്‍റെ പേരനുസരിച്ചു ബാശാനു ഹവോത്ത്-യായീര്‍ എന്നു പേരിട്ടു. ഇന്നും ഇതേ പേരില്‍ അത് അറിയപ്പെടുന്നു;
15 ഗിലെയാദ് ഞാന്‍ മാഖീരിനു കൊടുത്തു.
16 ഗിലെയാദുമുതല്‍ അര്‍ന്നോന്‍ താഴ്വരവരെയുള്ള പ്രദേശം രൂബേന്‍, ഗാദ് എന്നീ ഗോത്രങ്ങള്‍ക്കു നല്‌കി. താഴ്വരയുടെ മധ്യഭാഗത്തായിരുന്നു അവരുടെ തെക്കേ അതിര്; വടക്കേ അതിര് അമ്മോന്യരുടെ അതിര്‍ത്തികൂടിയായ യബ്ബോക്ക്നദി ആയിരുന്നു.
17 അവരുടെ സ്ഥലം പടിഞ്ഞാറു യോര്‍ദ്ദാന്‍നദിക്കും വടക്ക് ഗലീലാതടാകത്തിനും തെക്ക് ചാവുകടലിനും കിഴക്ക് പിസ്ഗാമലയുടെ താഴ്വരയ്‍ക്കും ഇടയ്‍ക്കുള്ളതായിരുന്നു.
18
അന്നു ഞാന്‍ നിങ്ങളോടു കല്പിച്ചു: നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ ഈ ദേശം നിങ്ങള്‍ക്ക് അവകാശമായി നല്‌കിയിരിക്കുന്നു; നിങ്ങളില്‍ കരുത്തന്മാര്‍ ആയുധങ്ങള്‍ ധരിച്ചു നിങ്ങളുടെ ഇസ്രായേല്യസഹോദരന്മാരുടെ മുമ്പേ നടക്കണം.19 എന്നാല്‍ നിങ്ങളുടെ ഭാര്യമാരും കുഞ്ഞുങ്ങളും കന്നുകാലികളും ഞാന്‍ നിങ്ങള്‍ക്കു തന്ന നഗരങ്ങളില്‍ത്തന്നെ പാര്‍ക്കട്ടെ. നിങ്ങള്‍ക്ക് ആടുമാടുകള്‍ ധാരാളമുണ്ടെന്ന് എനിക്കറിയാം.
20 സര്‍വേശ്വരന്‍ കല്പിച്ചിരുന്നതുപോലെ യോര്‍ദ്ദാന് അക്കരെയുള്ള സ്ഥലം കൈവശപ്പെടുത്തി അവര്‍ നിങ്ങളെപ്പോലെ സമാധാനമായി ജീവിക്കാന്‍ അവിടുന്ന് ഇടയാക്കുന്നതുവരെ നിങ്ങള്‍ അവര്‍ക്കു മുമ്പേ പോകണം; പിന്നെ ഞാന്‍ നിങ്ങള്‍ക്ക് അവകാശമായി നല്‌കിയ സ്ഥലത്തേക്ക് മടങ്ങിപ്പോകാം.
21 അന്ന് ഞാന്‍ യോശുവയോടു കല്പിച്ചു: ഈ രണ്ടു രാജാക്കന്മാരോടു നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ എങ്ങനെ പ്രവര്‍ത്തിച്ചു എന്നു നിങ്ങള്‍ കണ്ടല്ലോ; നീ കടന്നുപോകുന്ന സകല രാജ്യങ്ങളോടും അവിടുന്ന് അങ്ങനെതന്നെ ചെയ്യും.
22 നിങ്ങള്‍ അവരെ ഭയപ്പെടേണ്ടാ, നിങ്ങളുടെ ദൈവമായ സര്‍വേശ്വരനാണ് നിങ്ങള്‍ക്കുവേണ്ടി യുദ്ധം ചെയ്യുന്നത്.”
23
അക്കാലത്ത് ഞാന്‍ സര്‍വേശ്വരനോടു ഇപ്രകാരം അപേക്ഷിച്ചു:24 “ദൈവമായ സര്‍വേശ്വരാ, അവിടുത്തെ മഹത്ത്വവും കരബലവും അങ്ങയുടെ ദാസനെ കാണിക്കാന്‍ തുടങ്ങിയതേയുള്ളല്ലോ. അവിടുന്നു ചെയ്തതുപോലെ ശക്തമായ പ്രവൃത്തികള്‍ ചെയ്യാന്‍ കഴിവുള്ള ദൈവം സ്വര്‍ഗത്തിലും ഭൂമിയിലും ആരുള്ളൂ.
25 യോര്‍ദ്ദാന്‍നദി കടന്ന് അക്കരെയുള്ള ഫലഭൂയിഷ്ഠമായ ദേശവും മനോഹരമായ മലനാടും ലെബാനോനും കാണാന്‍ എന്നെ അനുവദിക്കണമേ.
26 എന്നാല്‍ സര്‍വേശ്വരന്‍ നിങ്ങള്‍ നിമിത്തം എന്നോടു കോപിച്ചിരുന്നു; അവിടുന്ന് എന്‍റെ അപേക്ഷ കൈക്കൊണ്ടില്ല; അവിടുന്ന് എന്നോടു പറഞ്ഞു: മതി, ഇക്കാര്യത്തെക്കുറിച്ച് ഇനി എന്നോടു സംസാരിക്കേണ്ടാ;
27 പിസ്ഗാമലയുടെ മുകളില്‍ കയറി വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും പടിഞ്ഞാറോട്ടും നോക്കുക; ആ സ്ഥലങ്ങളെല്ലാം കണ്ടുകൊള്‍ക.
28 നീ യോര്‍ദ്ദാന്‍ കടക്കുകയില്ല. യോശുവയ്‍ക്കു വേണ്ട നിര്‍ദ്ദേശങ്ങള്‍ കൊടുക്കുക; അവന് ഉറപ്പും ധൈര്യവും പകരുക. അവന്‍ ഈ ജനത്തെ അക്കരയ്‍ക്കു നയിച്ച് നീ കാണാന്‍ പോകുന്ന ദേശം അവര്‍ക്ക് അവകാശമായി കൊടുക്കും.
29 അങ്ങനെ നാം ബേത്ത്-പെയോരിനെതിരെയുള്ള താഴ്വരയില്‍ പാര്‍ത്തു.
1
മോശ ഇസ്രായേല്‍ജനത്തോടു പറഞ്ഞു: “ഇസ്രായേലേ നിങ്ങള്‍ ജീവിച്ചിരിക്കേണ്ടതിനും നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങള്‍ക്ക് നല്‌കുന്ന ദേശത്തു പ്രവേശിച്ച് അതു കൈവശമാക്കേണ്ടതിനും ഞാന്‍ നിങ്ങളെ പഠിപ്പിക്കുന്ന എല്ലാ നിയമങ്ങളും അനുശാസനങ്ങളും ശ്രദ്ധാപൂര്‍വം പാലിക്കുവിന്‍.2 ഞാന്‍ നിങ്ങള്‍ക്കു നല്‌കുന്ന കല്പനകളോട് എന്തെങ്കിലും കൂട്ടുകയോ അതില്‍നിന്ന് എന്തെങ്കിലും കുറയ്‍ക്കുകയോ ചെയ്യരുത്. ഞാന്‍ നിങ്ങള്‍ക്കു നല്‌കുന്ന നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ കല്പനകള്‍ പാലിക്കണം;
3 ബാല്‍-പെയോരില്‍വച്ചു സര്‍വേശ്വരന്‍ പ്രവര്‍ത്തിച്ചതു നിങ്ങള്‍ കണ്ടതാണല്ലോ; പെയോരിലെ ബാലിനെ ആരാധിച്ചവരെയെല്ലാം അവിടുന്നു നശിപ്പിച്ചു.
4 എന്നാല്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനോടു വിശ്വസ്തരായിരുന്ന നിങ്ങള്‍ ഇന്നും ജീവനോടെയിരിക്കുന്നു.
5 ഇതാ, എന്‍റെ ദൈവമായ സര്‍വേശ്വരന്‍ എന്നോടു കല്പിച്ചതുപോലെ സകല നിയമങ്ങളും അനുശാസനങ്ങളും ഞാന്‍ നിങ്ങളെ പഠിപ്പിച്ചിരിക്കുന്നു; നിങ്ങള്‍ കൈവശപ്പെടുത്താന്‍ പോകുന്ന ദേശത്ത് പാര്‍ക്കുമ്പോള്‍ നിങ്ങള്‍ അവയെല്ലാം പാലിക്കണം.
6 നിങ്ങള്‍ വിശ്വസ്തതയോടെ അവ പാലിച്ചു ജീവിക്കുമ്പോള്‍ മറ്റു ജനതകളുടെ ദൃഷ്‍ടിയില്‍ നിങ്ങള്‍ ജ്ഞാനവും വിവേകവും തികഞ്ഞ ജനതയായിരിക്കും. നിങ്ങള്‍ പാലിക്കുന്ന കല്പനകളെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ‘ഈ ശ്രേഷ്ഠജനം ജ്ഞാനവും വിവേകവും ഉള്ളവര്‍തന്നെ’ എന്ന് അവര്‍ പറയും.
7 നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെയും അവിടുന്നു സമീപസ്ഥനായിരിക്കുന്നതുപോലെ ദൈവം ഇത്ര സമീപസ്ഥനായിരിക്കുന്ന ശ്രേഷ്ഠജാതി ഏതുണ്ട്?
8 ഞാന്‍ ഇന്ന് നിങ്ങളുടെ മുമ്പില്‍ വച്ചിരിക്കുന്ന നിയമസംഹിതയില്‍ അടങ്ങിയിരിക്കുന്നതുപോലെ നീതിനിഷ്ഠമായ നിയമങ്ങളും അനുശാസനങ്ങളും ഉള്ള ശ്രേഷ്ഠജനത വേറെ ഏതുണ്ട്?
9 നിങ്ങള്‍ നേരില്‍ കണ്ട കാര്യങ്ങള്‍ മറക്കാതിരിക്കാനും നിങ്ങളുടെ ആയുഷ്കാലം മുഴുവന്‍ അവ നിങ്ങളുടെ മനസ്സില്‍നിന്നു മാഞ്ഞുപോകാതിരിക്കാനും ജാഗരൂകരായിരിക്കുവിന്‍. നിങ്ങളുടെ മക്കളെയും മക്കളുടെ മക്കളെയും അവ അറിയിക്കണം.
10 സീനായ്മലയില്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ മുമ്പില്‍ നിങ്ങള്‍ നിന്ന ദിവസം അവിടുന്ന് എന്നോട് കല്പിച്ചു: ജനത്തെ വിളിച്ചുകൂട്ടുക; അവര്‍ എന്‍റെ വാക്കു കേള്‍ക്കട്ടെ; അങ്ങനെ അവര്‍ ആയുഷ്കാലം മുഴുവന്‍ എന്നോടു ഭയഭക്തിയുള്ളവരായിരിക്കാന്‍ പഠിക്കുകയും തങ്ങളുടെ മക്കളെ പഠിപ്പിക്കുകയും ചെയ്യട്ടെ.
11 നിങ്ങള്‍ അടുത്തു വന്നു പര്‍വതത്തിന്‍റെ അടിവാരത്തു നിന്നപ്പോള്‍ അഗ്നി ആകാശത്തോളം ഉയര്‍ന്ന് പര്‍വതത്തെ ജ്വലിപ്പിക്കുകയായിരുന്നു. കനത്ത മേഘവും കൂരിരുട്ടും പര്‍വതത്തെ മൂടി.
12 അപ്പോള്‍ അഗ്നിയുടെ മധ്യത്തില്‍നിന്നു സര്‍വേശ്വരന്‍ നിങ്ങളോട് അരുളിച്ചെയ്തു: “നിങ്ങള്‍ ശബ്ദം മാത്രം കേട്ടു; ഒന്നും ദൃഷ്‍ടിഗോചരമായില്ല.
13 അവിടുന്നു തന്‍റെ ഉടമ്പടി നിങ്ങളോടു പ്രഖ്യാപിച്ചു. നിങ്ങള്‍ പാലിക്കാന്‍ അവിടുന്നു കല്പിച്ച പത്തു കല്പനകളാണവ; അവിടുന്ന് അവ രണ്ടു കല്പലകകളില്‍ എഴുതി.
14 നിങ്ങള്‍ കൈവശമാക്കുവാന്‍ പോകുന്ന സ്ഥലത്തു ചെല്ലുമ്പോള്‍ അനുഷ്ഠിക്കാന്‍വേണ്ടി നിയമങ്ങളും അനുശാസനങ്ങളും നിങ്ങളെ പഠിപ്പിക്കാന്‍ അവിടുന്ന് എന്നോടു കല്പിച്ചു.
15
അതിനാല്‍ ശ്രദ്ധിച്ചുകൊള്ളുക: “സീനായ്മലയില്‍ അഗ്നിയുടെ മധ്യത്തില്‍ നിന്നുകൊണ്ട് സര്‍വേശ്വരന്‍ നിങ്ങളോടു കല്പിച്ചപ്പോള്‍ നിങ്ങള്‍ ഒരു രൂപവും കണ്ടില്ലല്ലോ.16 [16-18] ഏതെങ്കിലും പുരുഷന്‍റെയോ സ്‍ത്രീയുടെയോ മൃഗത്തിന്‍റെയോ പക്ഷിയുടെയോ ഇഴജാതിയുടെയോ മത്സ്യത്തിന്‍റെയോ വിഗ്രഹം ഉണ്ടാക്കി നിങ്ങള്‍ അശുദ്ധരാകാതിരിക്കാന്‍ വേണ്ടി ആയിരുന്നു അത്. സൂക്ഷിച്ചുകൊള്ളുക.
17
18
19 സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍ തുടങ്ങിയ ആകാശശക്തികളില്‍ ആകൃഷ്ടരായി അവയെ നമസ്കരിക്കുന്നതിനോ സേവിക്കുന്നതിനോ ഇടയാകരുത്. നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ അവയെ ആകാശത്തിന്‍കീഴുള്ള സര്‍വജനങ്ങള്‍ക്കുമായി നല്‌കിയതാണ്.
20 നിങ്ങള്‍ ഇന്ന് സര്‍വേശ്വരന്‍റെ സ്വന്തജനമാണല്ലോ. അതിനുവേണ്ടിയാണ് അവിടുന്നു നിങ്ങളെ ഈജിപ്താകുന്ന ഇരുമ്പു തീച്ചൂളയില്‍നിന്നു മോചിപ്പിച്ച് ഇവിടെ കൊണ്ടുവന്നത്.
21 എന്നാല്‍ നിങ്ങള്‍ നിമിത്തം സര്‍വേശ്വരന്‍ എന്നോടു കോപിച്ചു. ഞാന്‍ യോര്‍ദ്ദാന്‍നദി കടക്കുകയോ നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങള്‍ക്കു നല്‌കുന്ന വിശിഷ്ട ദേശത്തു പ്രവേശിക്കുകയോ ഇല്ലെന്ന് അവിടുന്നു ശപഥം ചെയ്തു.
22 അതുകൊണ്ട് ഞാന്‍ യോര്‍ദ്ദാന്‍ കടക്കാതെ ഇവിടെവച്ചു മരിക്കും; നിങ്ങള്‍ നദി കടന്ന് ആ വിശിഷ്ട ദേശം കൈവശമാക്കും.
23 ദൈവമായ സര്‍വേശ്വരന്‍ നിങ്ങളുമായി ചെയ്തിട്ടുള്ള ഉടമ്പടി നിങ്ങള്‍ മറക്കരുത്. അവിടുത്തെ കല്പനപോലെ എന്തിന്‍റെയെങ്കിലും സാദൃശ്യത്തില്‍ വിഗ്രഹങ്ങള്‍ ഉണ്ടാക്കാതിരിക്കാനും ശ്രദ്ധിക്കുക.
24 എന്തെന്നാല്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ ദഹിപ്പിക്കുന്ന അഗ്നിയാകുന്നു; അവിടുന്നു തീക്ഷ്ണതയുള്ള ദൈവമാണ്.
25
യോര്‍ദ്ദാനക്കരെ കൈവശമാക്കുവാന്‍ പോകുന്ന ദേശത്ത് നിങ്ങള്‍ മക്കളും കൊച്ചുമക്കളുമായി വസിച്ചു കാലമേറെ ചെല്ലുമ്പോള്‍ എന്തിന്‍റെയെങ്കിലും രൂപം കൊത്തി വിഗ്രഹം ഉണ്ടാക്കുകയോ, ദൈവമായ സര്‍വേശ്വരന്‍റെ ക്രോധം ഉണരുമാറുള്ള തിന്മ പ്രവര്‍ത്തിക്കുകയോ ചെയ്താല്‍26 നിങ്ങള്‍ അവിടെ ഉന്മൂലനം ചെയ്യപ്പെടുമെന്ന് ഞാന്‍ ആകാശത്തെയും ഭൂമിയെയും സാക്ഷിനിര്‍ത്തി പറയുന്നു. നിങ്ങള്‍ അവിടെ ദീര്‍ഘകാലം ജീവിച്ചിരിക്കുകയില്ല; നിങ്ങള്‍ നിശ്ശേഷം നശിപ്പിക്കപ്പെടും.
27 സര്‍വേശ്വരന്‍ നിങ്ങളെ മറ്റു ജനതകളുടെ ഇടയില്‍ ചിതറിക്കും; അവരുടെ ഇടയില്‍ നിങ്ങള്‍ ചെറിയൊരു ഗണം മാത്രമായിരിക്കും.
28 മനുഷ്യന്‍ കല്ലിലും മരത്തിലും ഉണ്ടാക്കിയ കാണാനോ, കേള്‍ക്കാനോ, ഭക്ഷിക്കാനോ, മണക്കാനോ കഴിവില്ലാത്ത ദേവന്മാരെ നിങ്ങള്‍ അവിടെ സേവിക്കും.
29 എന്നാല്‍ അവിടെവച്ചു നിങ്ങള്‍ പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടും കൂടി ദൈവമായ സര്‍വേശ്വരനെ അന്വേഷിച്ചാല്‍ അവിടുത്തെ കണ്ടെത്തും.
30 ഭാവിയില്‍ ഇവയെല്ലാം സംഭവിച്ച് നിങ്ങള്‍ കഷ്ടതയിലാകുമ്പോള്‍ ദൈവമായ സര്‍വേശ്വരനിലേക്കു നിങ്ങള്‍ തിരിയുകയും അവിടുത്തെ വാക്ക് അനുസരിക്കുകയും ചെയ്യും.
31 നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ കരുണയുള്ള ദൈവമാകുന്നു; അവിടുന്നു നിങ്ങളെ ഉപേക്ഷിക്കുകയോ നശിപ്പിക്കുകയോ ചെയ്യുകയില്ല; നിങ്ങളുടെ പിതാക്കന്മാര്‍ക്ക് ശപഥപൂര്‍വം നല്‌കിയ ഉടമ്പടി അവിടുന്ന് മറന്നുകളയുകയുമില്ല.
32 ദൈവം ഭൂമിയില്‍ മനുഷ്യനെ സൃഷ്‍ടിച്ചതുമുതലുള്ള കാലം പരിശോധിക്കുക; ഭൂമിയുടെ ഒരറ്റംമുതല്‍ മറ്റേ അറ്റംവരെ അന്വേഷിക്കുക; ഇതുപോലെ ഒരു മഹാകാര്യം എന്നെങ്കിലും സംഭവിച്ചിട്ടുണ്ടോ? ഇങ്ങനെയൊരു സംഭവത്തെപ്പറ്റി കേട്ടിട്ടുണ്ടോ?
33 നിങ്ങള്‍ കേട്ടതുപോലെ അഗ്നിയുടെ നടുവില്‍നിന്ന് ദൈവം സംസാരിക്കുന്നതു കേട്ടശേഷം ഏതെങ്കിലും ജനത ജീവനോടെ അവശേഷിച്ചിട്ടുണ്ടോ?
34 നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങള്‍ക്കുവേണ്ടി ഈജിപ്തില്‍വച്ച് നിങ്ങള്‍ കാണ്‍കെ ചെയ്തതുപോലെ മഹാമാരികള്‍, അടയാളങ്ങള്‍, അദ്ഭുതങ്ങള്‍, യുദ്ധം, കരബലം, നീട്ടിയ ഭുജം, ഭയാനകമായ പ്രവൃത്തികള്‍ എന്നിവയാല്‍ ഏതെങ്കിലും ദൈവം ഒരു ജനതയെ മറ്റൊരു ജനതയുടെ നടുവില്‍നിന്ന് തനിക്കായി വേര്‍തിരിച്ചെടുക്കാന്‍ ഒരുമ്പെട്ടിട്ടുണ്ടോ?
35 സര്‍വേശ്വരന്‍ തന്നെയാണു ദൈവം. അവിടുന്നല്ലാതെ മറ്റൊരു ദൈവം ഇല്ല എന്ന് നിങ്ങള്‍ ഗ്രഹിക്കാനാണ് അവിടുന്ന് ഇതെല്ലാം പ്രവര്‍ത്തിച്ചത്.
36 നിങ്ങള്‍ക്കു ശിക്ഷണം നല്‌കാന്‍വേണ്ടി അവിടുത്തെ ശബ്ദം ആകാശത്തുനിന്ന് നിങ്ങളെ കേള്‍പ്പിച്ചു; അവിടുത്തെ മഹാഗ്നി നിങ്ങള്‍ക്ക് കാട്ടിത്തന്നു. അഗ്നിയുടെ നടുവില്‍നിന്ന് അവിടുന്നു സംസാരിക്കുന്നതു നിങ്ങള്‍ കേട്ടു.
37 അവിടുന്ന് നിങ്ങളുടെ പൂര്‍വപിതാക്കന്മാരെ സ്നേഹിച്ചു. അവരുടെ സന്താനങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തു. അവിടുത്തെ തിരുസാന്നിധ്യത്താലും മഹാശക്തിയാലും നിങ്ങളെ ഈജിപ്തില്‍നിന്ന് കൂട്ടിക്കൊണ്ടുവന്നു.
38 നിങ്ങളെക്കാള്‍ വലിയവരും ശക്തരുമായ ജനതകളെ നിങ്ങളുടെ മുമ്പില്‍നിന്ന് പലായനം ചെയ്യിച്ചു. അങ്ങനെ നിങ്ങളെ കൊണ്ടുവന്നു; നിങ്ങള്‍ ഇന്ന് അനുഭവിക്കുന്നതുപോലെ അവരുടെ ദേശം നിങ്ങള്‍ക്ക് അവകാശമായി നല്‌കി.
39 അതുകൊണ്ട് മീതെ സ്വര്‍ഗത്തിലും താഴെ ഭൂമിയിലും സര്‍വേശ്വരന്‍ മാത്രമാണു ദൈവം എന്ന് ഇന്നു മനസ്സില്‍ ഉറച്ചുകൊള്‍ക;
40 ഇന്നു ഞാന്‍ നിങ്ങളോട് അറിയിക്കുന്ന അവിടുത്തെ സകല നിയമങ്ങളും കല്പനകളും പാലിക്കുക; എന്നാല്‍ നിങ്ങള്‍ക്കും നിങ്ങളുടെ സന്തതികള്‍ക്കും നന്മയുണ്ടാകും. നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങള്‍ക്കു ശാശ്വതമായി നല്‌കുന്ന ദേശത്തു നിങ്ങള്‍ ദീര്‍ഘായുസ്സായിരിക്കും.
41
യോര്‍ദ്ദാന്‍നദിക്ക് അക്കരെ കിഴക്കു മോശ മൂന്നു പട്ടണങ്ങള്‍ വേര്‍തിരിച്ചു.42 പൂര്‍വവിരോധം കൂടാതെ അബദ്ധത്തില്‍ ആരെങ്കിലും മറ്റൊരുവനെ കൊല്ലാന്‍ ഇടയായാല്‍ അവന് ഈ പട്ടണങ്ങളില്‍ ഒന്നില്‍ ഓടിച്ചെന്ന് അഭയംപ്രാപിക്കാം.
43 മരുപ്രദേശത്തെ പീഠഭൂമിയിലുള്ള ബേസര്‍നഗരം രൂബേന്‍ഗോത്രക്കാര്‍ക്കും ഗിലെയാദിലെ രാമോത്ത്നഗരം ഗാദ്ഗോത്രക്കാര്‍ക്കും ബാശാനിലെ ഗോലാന്‍ നഗരം മനശ്ശെഗോത്രക്കാര്‍ക്കും അഭയനഗരങ്ങളാണ്.
44
ഇതാണ് മോശ ഇസ്രായേല്‍ജനത്തിനു നല്‌കിയ ധര്‍മശാസ്ത്രം.45 അവര്‍ ഈജിപ്തില്‍നിന്നു പുറപ്പെട്ടശേഷം അവരോട് മോശ കല്പിച്ച സാക്ഷ്യങ്ങളും നിയമങ്ങളും അനുശാസനങ്ങളുമാണിവ.
46 യോര്‍ദ്ദാന്‍നദിക്കു കിഴക്കു ബേത്ത്-പെയോരിന് എതിര്‍വശത്തുള്ള സമഭൂമിയില്‍ വച്ചാണ് ഇവ നല്‌കിയത്. ഈ പ്രദേശം ഹെശ്ബോനില്‍ പാര്‍ത്തിരുന്ന അമോര്യരുടെ രാജാവായ സീഹോന്‍റെ രാജ്യത്തില്‍ ഉള്‍പ്പെട്ടതായിരുന്നു. മോശയും ഇസ്രായേല്‍ജനവും അയാളെ തോല്പിച്ചു.
47
അവര്‍ സീഹോന്‍റെയും ബാശാന്‍രാജാവായ ഓഗിന്‍റെയും രാജ്യങ്ങള്‍ കൈവശപ്പെടുത്തി. അവര്‍ ഇരുവരും യോര്‍ദ്ദാന്‍റെ കിഴക്ക് നിവസിച്ചിരുന്ന അമോര്യരാജാക്കന്മാരായിരുന്നു.48 അര്‍ന്നോന്‍ താഴ്വരയുടെ അതിരിലുള്ള അരോവേര്‍മുതല്‍ ഹെര്‍മ്മോന്‍ എന്ന് അപരനാമമുള്ള സിറിയോണ്‍ മലവരെയും,
49 യോര്‍ദ്ദാന്‍നദിക്ക് അക്കരെ പിസ്ഗായുടെ ചരിവുമുതല്‍ തെക്ക് ചാവുകടല്‍വരെയും ഉള്ള പ്രദേശമാണ് അവര്‍ കൈവശപ്പെടുത്തിയത്.
1
മോശ ഇസ്രായേല്‍ജനത്തെ വിളിച്ചുകൂട്ടി അവരോടു പറഞ്ഞു: “ഇസ്രായേല്യരേ, ഞാന്‍ ഇന്നു നല്‌കുന്ന എല്ലാ നിയമങ്ങളും അനുശാസനങ്ങളും ശ്രദ്ധിക്കുക; അവ പഠിച്ചുറപ്പിച്ച് ശ്രദ്ധാപൂര്‍വം പാലിക്കുക.2 സീനായ്മലയില്‍വച്ചു നമ്മുടെ ദൈവമായ സര്‍വേശ്വരന്‍ നമ്മോട് ഒരു ഉടമ്പടി ചെയ്തു.
3 നമ്മുടെ പിതാക്കന്മാരോടല്ല, ഇന്ന് ഇവിടെ ജീവനോടെ ഇരിക്കുന്ന നമ്മോടുതന്നെയാണ് അവിടുന്നു ഉടമ്പടി ചെയ്തത്.
4 പര്‍വതത്തില്‍വച്ച്, അഗ്നിയുടെ നടുവില്‍ നിന്നുകൊണ്ട് സര്‍വേശ്വരന്‍ നിങ്ങള്‍ക്ക് അഭിമുഖമായി സംസാരിച്ചു.
5 അഗ്നിയെ ഭയന്ന് നിങ്ങള്‍ പര്‍വതത്തില്‍ കയറിയില്ല. അതുകൊണ്ട് സര്‍വേശ്വരന്‍ പറഞ്ഞതു നിങ്ങളെ അറിയിക്കാന്‍ ഞാന്‍ സര്‍വേശ്വരനും നിങ്ങള്‍ക്കും മധ്യേ നിന്നു.” അവിടുന്ന് അരുളിച്ചെയ്തു:
6
“അടിമവീടായ ഈജിപ്തില്‍നിന്നു നിന്നെ വിമോചിപ്പിച്ചുകൊണ്ടുവന്ന സര്‍വേശ്വരനായ ഞാന്‍ നിന്‍റെ ദൈവമാകുന്നു.7
“ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്;8
നിനക്കുവേണ്ടി ഒരു വിഗ്രഹവും ഉണ്ടാക്കരുത്; ആകാശത്തിലോ ഭൂമിയിലോ വെള്ളത്തിലോ ഉള്ള ഒന്നിന്‍റെയും പ്രതിമ അരുത്.9 നീ അവയെ നമസ്കരിക്കുകയോ സേവിക്കുകയോ അരുത്; ഞാന്‍ നിന്‍റെ ദൈവമായ സര്‍വേശ്വരനാകുന്നു; ഞാന്‍ തീക്ഷ്ണതയുള്ള ദൈവം; എന്നെ വെറുക്കുന്നവരുടെ അകൃത്യത്തിന് അവരുടെ മൂന്നും നാലും തലമുറവരെയുള്ള സന്തതികളെ ഞാന്‍ ശിക്ഷിക്കും.
10 എന്നാല്‍ എന്നെ സ്നേഹിക്കുകയും എന്‍റെ കല്പനകള്‍ പാലിക്കുകയും ചെയ്യുന്നവരോട് ആയിരം തലമുറവരെ ഞാന്‍ കാരുണ്യം കാട്ടും.”
11
“നിന്‍റെ ദൈവമായ സര്‍വേശ്വരന്‍റെ നാമം വൃഥാ ഉപയോഗിക്കരുത്. എന്‍റെ നാമം വൃഥാ ഉപയോഗിക്കുന്ന ഒരുവനെയും ഞാന്‍ ശിക്ഷിക്കാതെ വിടുകയില്ല.12 നിന്‍റെ ദൈവമായ സര്‍വേശ്വരന്‍ കല്പിച്ചതുപോലെ ശബത്ത് വിശുദ്ധദിനമായി ആചരിക്കുക.
13 ആറു ദിവസം അധ്വാനിച്ച് നിന്‍റെ ജോലികളെല്ലാം ചെയ്യുക;
14 ഏഴാം ദിവസം നിന്‍റെ ദൈവമായ സര്‍വേശ്വരന്‍റെ ശബത്ത് ആകുന്നു; അന്നു നീയും നിന്‍റെ പുത്രീപുത്രന്മാരും ദാസീദാസന്മാരും കാളയും കഴുതയും മറ്റ് എല്ലാ മൃഗങ്ങളും നിന്‍റെ ദേശത്തു പാര്‍ക്കുന്ന പരദേശികളും ഒരു ജോലിയും ചെയ്യരുത്; നിന്‍റെ ദാസീദാസന്മാരും നിന്നെപ്പോലെതന്നെ വിശ്രമിക്കണം.
15 ഈജിപ്തില്‍ നീ അടിമയായിരുന്നു എന്നും നിന്‍റെ ദൈവമായ സര്‍വേശ്വരന്‍ അവിടുത്തെ കരബലംകൊണ്ടും നീട്ടിയ ഭുജംകൊണ്ടും നിന്നെ അവിടെനിന്നു മോചിപ്പിച്ചു എന്നും ഓര്‍ക്കുക. അതുകൊണ്ട് നിന്‍റെ ദൈവമായ സര്‍വേശ്വരന്‍ ശബത്ത് ആചരിക്കാന്‍ നിന്നോടു കല്പിച്ചിരിക്കുന്നു.
16
“നിന്‍റെ ദൈവമായ സര്‍വേശ്വരന്‍ കല്പിച്ചതുപോലെ നിന്‍റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക; എന്നാല്‍ നിനക്ക് ദീര്‍ഘായുസ്സുണ്ടാകും; നിന്‍റെ ദൈവമായ സര്‍വേശ്വരന്‍ നിനക്കു നല്‌കുന്ന ദേശത്തു നിനക്കു നന്മ ഉണ്ടാകും.”17
“കൊല ചെയ്യരുത്”18
“വ്യഭിചാരം ചെയ്യരുത്”19
“മോഷ്‍ടിക്കരുത്”20
“അയല്‍ക്കാരന് എതിരായി കള്ളസ്സാക്ഷ്യം പറയരുത്”21
“അയല്‍ക്കാരന്‍റെ ഭാര്യയെ മോഹിക്കരുത്; അവന്‍റെ ഭവനത്തെയും നിലത്തെയും ദാസീദാസന്മാരെയും, കാളയെയും, കഴുതയെയും എന്നല്ല നിന്‍റെ അയല്‍ക്കാരനുള്ള ഒന്നിനെയും നീ മോഹിക്കരുത്.”22
അഗ്നിയുടെയും മേഘത്തിന്‍റെയും കൂരിരുട്ടിന്‍റെയും മധ്യത്തില്‍ നിന്നുകൊണ്ട് മലയില്‍വച്ചു സര്‍വേശ്വരന്‍ നിങ്ങളുടെ സമൂഹം മുഴുവനോടുമായി അത്യുച്ചത്തില്‍ ഇപ്രകാരം അരുളിച്ചെയ്തു. ഇതില്‍ കൂടുതലൊന്നും പറഞ്ഞില്ല; പിന്നീട് അവിടുന്ന് അവയെല്ലാം രണ്ടു കല്പലകകളില്‍ എഴുതി എന്നെ ഏല്പിച്ചു.23
മല ജ്വലിച്ചുകൊണ്ടിരിക്കെ അന്ധകാരത്തിന്‍റെ നടുവില്‍നിന്നു ശബ്ദം കേട്ട് നിങ്ങളുടെ എല്ലാ ഗോത്രത്തലവന്മാരും നേതാക്കന്മാരും എന്‍റെ അടുക്കല്‍ വന്നു.24 അവര്‍ പറഞ്ഞു: “ഇതാ, ഞങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ തന്‍റെ തേജസ്സും മഹത്ത്വവും ഞങ്ങള്‍ക്കു വെളിപ്പെടുത്തിയിരിക്കുന്നു; അഗ്നിയുടെ നടുവില്‍നിന്ന് അവിടുത്തെ ശബ്ദവും ഞങ്ങള്‍ കേട്ടു. ദൈവം മനുഷ്യരോടു സംസാരിച്ചിട്ടും അവര്‍ ജീവനോടെയിരിക്കുന്നു എന്ന് ഇന്ന് ഞങ്ങള്‍ കണ്ടു.
25 ഇനി ഞങ്ങള്‍ എന്തിനു മരിക്കണം. ഈ ഭയങ്കരമായ അഗ്നി ഞങ്ങളെ ദഹിപ്പിക്കുമല്ലോ. ഞങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ ശബ്ദം ഇനിയും കേട്ടാല്‍ ഞങ്ങള്‍ മരിച്ചുപോകും.
26 അഗ്നിയുടെ നടുവില്‍നിന്ന് ജീവിക്കുന്ന ദൈവം സംസാരിക്കുന്ന ശബ്ദം കേട്ടിട്ടും ഞങ്ങളെപ്പോലെ മറ്റാരെങ്കിലും ജീവിച്ചിരുന്നിട്ടുണ്ടോ?
27 അങ്ങു നമ്മുടെ ദൈവമായ സര്‍വേശ്വരന്‍റെ അടുത്തു ചെന്ന് അവിടുന്ന് അരുളിച്ചെയ്യുന്നതെല്ലാം കേള്‍ക്കുക; നമ്മുടെ ദൈവമായ സര്‍വേശ്വരന്‍ അങ്ങയോട് അരുളിച്ചെയ്യുന്നതെല്ലാം ഞങ്ങളോടു പറയണം; ഞങ്ങള്‍ അവ കേട്ട് അനുസരിച്ചുകൊള്ളാം.
28 അപ്പോള്‍ സര്‍വേശ്വരന്‍ എന്നോടു പറഞ്ഞു: “ഈ ജനം നിന്നോടു പറഞ്ഞതെല്ലാം ഞാന്‍ കേട്ടു; അവര്‍ പറഞ്ഞത് ഉചിതംതന്നെ.
29 എന്നെ ഭയപ്പെട്ട് എന്‍റെ കല്പനകളെല്ലാം അനുസരിക്കാന്‍ അവര്‍ക്ക് ഇപ്പോഴത്തെപ്പോലെ എപ്പോഴും മനസ്സുണ്ടായിരുന്നെങ്കില്‍ അത് അവര്‍ക്കും അവരുടെ മക്കള്‍ക്കും എന്നേക്കും നന്നായിരുന്നു.
30 കൂടാരങ്ങളിലേക്ക് മടങ്ങിപ്പോകാന്‍ ജനത്തോടു പറയുക.
31 നീ ഇവിടെ എന്‍റെ അടുത്തു നില്‌ക്കുക; എന്‍റെ സകല നിയമങ്ങളും കല്പനകളും അനുശാസനങ്ങളും ഞാന്‍ നിന്നെ അറിയിക്കാം. ഞാന്‍ അവകാശമായി നല്‌കുന്ന ദേശത്ത് അവര്‍ അനുഷ്ഠിക്കാന്‍ അവയെല്ലാം ജനത്തെ പഠിപ്പിക്കുക.
32 നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങളോടു കല്പിച്ചതു ചെയ്യാന്‍ ജാഗ്രതയുള്ളവരായിരിക്കണം. അവയില്‍നിന്നു വ്യതിചലിക്കരുത്.
33 നിങ്ങള്‍ ജീവിച്ചിരിക്കാനും നിങ്ങള്‍ക്ക് അഭിവൃദ്ധിയുണ്ടാകാനും നിങ്ങള്‍ കൈവശമാക്കുന്ന ദേശത്തു ദീര്‍ഘായുസ്സായിരിക്കാനും അവിടുന്നു നിങ്ങളോടു കല്പിച്ച മാര്‍ഗത്തില്‍തന്നെ നടക്കണം.”
1
നിങ്ങള്‍ ചെന്നു കൈവശമാക്കുവാന്‍ പോകുന്ന ദേശത്ത് പാലിക്കാന്‍ വേണ്ടി നിങ്ങളെ പഠിപ്പിക്കാന്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ എന്നോടു കല്പിച്ച നിയമങ്ങളും ചട്ടങ്ങളും അനുശാസനങ്ങളും ഇവയാണ്.2 ഞാന്‍ നല്‌കുന്ന നിയമങ്ങളും അനുശാസനങ്ങളും നിങ്ങള്‍ തലമുറതലമുറയായി ആയുഷ്കാലം മുഴുവന്‍ അനുസരിച്ചു നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ ഭയപ്പെട്ടു ജീവിക്കണം; എന്നാല്‍ നിങ്ങള്‍ക്കു ദീര്‍ഘായുസ്സു ലഭിക്കും.
3 ഇസ്രായേല്‍ജനമേ, ഇവ ശ്രദ്ധയോടെ കേട്ടു പാലിക്കുക; എന്നാല്‍ നിങ്ങള്‍ക്കു നന്മ വരും; നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സര്‍വേശ്വരന്‍ വാഗ്ദാനം ചെയ്തതുപോലെ പാലും തേനും ഒഴുകുന്ന ദേശത്ത് നിങ്ങള്‍ വളര്‍ന്ന് വലിയ ജനമായിത്തീരും.
4
ഇസ്രായേല്‍ജനമേ, കേള്‍ക്കുക, നമ്മുടെ ദൈവമായ സര്‍വേശ്വരനാണ് ഏക കര്‍ത്താവ്;5 നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ പൂര്‍ണഹൃദയത്തോടും, പൂര്‍ണമനസ്സോടും, പൂര്‍ണശക്തിയോടും കൂടി സ്നേഹിക്കണം.
6 ഞാന്‍ ഇന്നു നിങ്ങള്‍ക്കു നല്‌കുന്ന കല്പനകള്‍ നിങ്ങള്‍ ഒരിക്കലും മറക്കരുത്;
7 അവ നിങ്ങളുടെ മക്കളെ പൂര്‍ണശ്രദ്ധയോടെ പഠിപ്പിക്കണം. വീട്ടില്‍ ആയിരിക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്‌ക്കുമ്പോഴും നിങ്ങള്‍ അവയെക്കുറിച്ച് സംസാരിക്കണം.
8 നിങ്ങള്‍ക്ക് ഒരു അടയാളമായി അവ എഴുതി കൈയില്‍ കെട്ടുക; അവ നിങ്ങള്‍ നെറ്റിപ്പട്ടമായി അണിയുകയും വേണം;
9 അവ നിങ്ങളുടെ വീടിന്‍റെ കട്ടിളകളിലും പടിവാതിലുകളിലും എഴുതുക.
10
നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങള്‍ക്കു നല്‌കുമെന്നു നിങ്ങളുടെ പിതാക്കന്മാരായ അബ്രഹാമിനോടും ഇസ്ഹാക്കിനോടും യാക്കോബിനോടും വാഗ്ദാനം ചെയ്തിരുന്ന ദേശത്തു നിങ്ങളെ കൊണ്ടുവരും. അവിടെ നിങ്ങള്‍ നിര്‍മ്മിക്കാത്ത വലുതും മനോഹരവുമായ പട്ടണങ്ങളും11 നിങ്ങള്‍ നിറയ്‍ക്കാതെതന്നെ വിശിഷ്ട സമ്പത്തുകള്‍കൊണ്ടു നിറഞ്ഞിരിക്കുന്ന വീടുകളും നിങ്ങള്‍ കുഴിക്കാത്ത കിണറുകളും നിങ്ങള്‍ നട്ടു വളര്‍ത്താത്ത മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും നിങ്ങള്‍ക്കു ലഭിക്കും. നിങ്ങള്‍ ഭക്ഷിച്ച് സംതൃപ്തരാകും.
12 അപ്പോള്‍ അടിമവീടായ ഈജിപ്തില്‍നിന്നു നിങ്ങളെ വിമോചിപ്പിച്ചു കൊണ്ടുവന്ന സര്‍വേശ്വരനെ മറക്കരുത്.
13 നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ ഭയഭക്തിയോടെ സേവിക്കുക; അവിടുത്തെ നാമത്തില്‍ മാത്രമേ നിങ്ങള്‍ സത്യം ചെയ്യാവൂ.
14 നിങ്ങളുടെ ചുറ്റുമുള്ള ജനതകളുടെ ദേവന്മാരെ നിങ്ങള്‍ ആരാധിക്കരുത്.
15 അങ്ങനെ ചെയ്താല്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ കോപം ജ്വലിച്ച് നിങ്ങളെ ഭൂമുഖത്തുനിന്ന് ഉന്മൂലനം ചെയ്യും. നിങ്ങളുടെ മധ്യേയുള്ള നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ തീക്ഷ്ണതയുള്ള ദൈവമാണല്ലോ.
16 “മസ്സായില്‍ വച്ചു നിങ്ങള്‍ ചെയ്തതുപോലെ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ പരീക്ഷിക്കരുത്;
17 നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങളോടു കല്പിച്ചിട്ടുള്ള സകല നിയമങ്ങളും അനുശാസനങ്ങളും ശ്രദ്ധയോടെ അനുസരിക്കുക.
18 അവിടുത്തെ ദൃഷ്‍ടിയില്‍ ശരിയും നന്മയും ആയതു പ്രവര്‍ത്തിക്കുക; എന്നാല്‍ നിങ്ങള്‍ക്കു നന്മയുണ്ടാകും; സര്‍വേശ്വരന്‍ നിങ്ങളുടെ പിതാക്കന്മാര്‍ക്കു വാഗ്ദാനം ചെയ്തിരുന്ന നല്ല ദേശം നിങ്ങള്‍ കൈവശമാക്കും.
19 അവിടുന്ന് അരുളിച്ചെയ്തിരുന്നതുപോലെ നിങ്ങളുടെ സകല ശത്രുക്കളെയും നിങ്ങളുടെ മുമ്പില്‍ നിന്നു നീക്കിക്കളയും.
20 “നമ്മുടെ ദൈവമായ സര്‍വേശ്വരന്‍ ഈ നിയമങ്ങളും ചട്ടങ്ങളും അനുശാസനങ്ങളും നല്‌കിയത് എന്തിനെന്നു ഭാവിയില്‍ നിങ്ങളുടെ മക്കള്‍ ചോദിക്കുമ്പോള്‍ അവരോടു പറയണം;
21 ‘ഞങ്ങള്‍ ഈജിപ്തില്‍ ഫറവോയുടെ അടിമകളായിരുന്നു. എന്നാല്‍ സര്‍വേശ്വരന്‍ അവിടുത്തെ കരബലത്താല്‍ ഞങ്ങളെ അവിടെനിന്നു മോചിപ്പിച്ചു.
22 ഈജിപ്തുകാരുടെയും ഫറവോയുടെയും അയാളുടെ സര്‍വകുടുംബത്തിന്‍റെയുംമേല്‍ അവിടുന്നു പ്രവര്‍ത്തിച്ച ഉഗ്രവും ഭയാനകവുമായ അദ്ഭുതങ്ങളും അടയാളങ്ങളും ഞങ്ങള്‍ നേരിട്ടു കണ്ടു;
23 നമ്മുടെ പിതാക്കന്മാരോടു വാഗ്ദാനം ചെയ്തിരുന്നതുപോലെ ഈ ദേശം നമുക്കു നല്‌കുന്നതിനുവേണ്ടി അവിടുന്നു നമ്മെ ഈജിപ്തില്‍നിന്നു വിമോചിപ്പിച്ചു കൊണ്ടുവന്നു.
24 നമ്മുടെ ദൈവമായ സര്‍വേശ്വരനെ ഭയപ്പെടാനും ഈ കല്പനകളെല്ലാം അനുസരിക്കാനും അവിടുന്നു നമ്മോടു കല്പിച്ചു. അങ്ങനെ ചെയ്താല്‍ നമുക്ക് അഭിവൃദ്ധി ഉണ്ടാകും; ഇന്നത്തെപ്പോലെ നാം ജീവനോടെ ഇരിക്കും.
25 അവിടുത്തെ കല്പനകള്‍ വിശ്വസ്തതയോടെ നാം അനുസരിച്ചാല്‍ നമ്മുടെ ദൈവമായ സര്‍വേശ്വരന്‍റെ മുമ്പില്‍ അതു ശുഭമായിരിക്കും.”
1
നിങ്ങള്‍ കൈവശപ്പെടുത്താന്‍ പോകുന്ന ദേശത്തേക്കു സര്‍വേശ്വരന്‍ നിങ്ങളെ നയിക്കുമ്പോള്‍ അവിടുന്ന് നിങ്ങളെക്കാള്‍ സംഖ്യാബലമുള്ളവരും ശക്തരുമായ ഹിത്യര്‍, ഗിര്‍ഗ്ഗശ്യര്‍, അമോര്യര്‍, കനാന്യര്‍, പെരിസ്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നീ ഏഴു ജനതകളെ നിങ്ങളുടെ മുമ്പില്‍നിന്നു നിഷ്കാസനം ചെയ്യും.2 നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ അവരെ നിങ്ങളുടെ കൈയില്‍ ഏല്പിക്കുകയും നിങ്ങള്‍ അവരോട് ഏറ്റുമുട്ടുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ അവരെ നിശ്ശേഷം സംഹരിക്കണം; അവരോടു കരുണ കാണിക്കുകയോ അവരുമായി ഉടമ്പടി ചെയ്യുകയോ അരുത്.
3 അവരുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടരുത്; നിങ്ങളുടെ പുത്രിമാരെ അവര്‍ക്കു വിവാഹം ചെയ്തുകൊടുക്കുകയോ അവരുടെ പുത്രിമാരില്‍നിന്നു നിങ്ങളുടെ പുത്രന്മാര്‍ക്ക് ഭാര്യമാരെ സ്വീകരിക്കുകയോ അരുത്.
4 അങ്ങനെ ചെയ്താല്‍ നിങ്ങളുടെ മക്കളെ അവര്‍ സര്‍വേശ്വരനില്‍നിന്ന് അകറ്റുകയും അവര്‍ അന്യദേവന്മാരെ ആരാധിക്കാന്‍ ഇടയാകുകയും ചെയ്യും. അപ്പോള്‍ അവിടുത്തെ കോപം നിങ്ങളുടെ നേരേ ജ്വലിക്കും. അവിടുന്നു നിങ്ങളെ നശിപ്പിക്കും.
5 അതുകൊണ്ട് നിങ്ങള്‍ അവരുടെ യാഗപീഠങ്ങള്‍ ഇടിച്ചുനിരത്തണം; അവരുടെ ബിംബങ്ങള്‍ തകര്‍ക്കണം; അവരുടെ അശേരാപ്രതിഷ്ഠകളെ വെട്ടി വീഴ്ത്തണം; അവരുടെ വിഗ്രഹങ്ങളെല്ലാം തീയില്‍ ചുട്ടുകളയണം.
6 നിങ്ങളുടെ ദൈവമായ സര്‍വേശ്വരന് നിങ്ങള്‍ വേര്‍തിരിക്കപ്പെട്ട ജനമാണ്. നിങ്ങളുടെ ദൈവമായ സര്‍വേശ്വരനു സ്വന്തജനമായിരിക്കാന്‍ ഭൂമിയിലെ സകല ജനതകളില്‍നിന്നും നിങ്ങളെ മാത്രം തിരഞ്ഞെടുത്തിരിക്കുന്നു;
7 മറ്റു ജനതകളെക്കാള്‍ സംഖ്യാബലം കൂടുതലുണ്ടായിരുന്നതുകൊണ്ടല്ല സര്‍വേശ്വരന്‍ നിങ്ങളെ സ്നേഹിച്ചു തിരഞ്ഞെടുത്തത്. ഭൂമിയിലുള്ള സകല ജനതകളിലും വച്ചു നിങ്ങള്‍ എണ്ണത്തില്‍ കുറവായിരുന്നു.
8 എന്നാല്‍ അവിടുന്നു നിങ്ങളെ സ്നേഹിച്ചു; നിങ്ങളുടെ പൂര്‍വപിതാക്കന്മാരോടു ചെയ്ത വാഗ്ദാനം പാലിക്കുകയും ചെയ്തു; അതുകൊണ്ടാണ് അവിടുന്നു തന്‍റെ മഹാശക്തി ഉപയോഗിച്ച് ഈജിപ്തിലെ രാജാവായ ഫറവോയുടെ അടിമത്തത്തില്‍നിന്നു നിങ്ങളെ മോചിപ്പിച്ചത്.
9 നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ തന്നെയാണു ദൈവം എന്ന് അറിഞ്ഞുകൊള്‍ക. അവിടുത്തെ സ്നേഹിക്കുകയും അവിടുത്തെ കല്പനകള്‍ അനുസരിക്കുകയും ചെയ്യുന്നവരോട് അവിടുന്ന് ആയിരം തലമുറവരെ തന്‍റെ ഉടമ്പടി പാലിക്കുകയും തന്‍റെ സുസ്ഥിരസ്നേഹം പ്രദര്‍ശിപ്പിക്കുകയും ചെയ്യും.
10 എന്നാല്‍ അവിടുന്നു തന്നെ വെറുക്കുന്നവരെ നശിപ്പിച്ച് പ്രതികാരം ചെയ്യും. അതിന് അവിടുന്ന് ഒരിക്കലും മടിക്കുകയില്ല.
11 അതുകൊണ്ട് ഇന്നു ഞാന്‍ നിങ്ങള്‍ക്കു നല്‌കുന്ന നിയമങ്ങളും ചട്ടങ്ങളും അനുശാസനങ്ങളും പാലിക്കാന്‍ ശ്രദ്ധിച്ചുകൊള്‍വിന്‍.
12
“ഈ കല്പനകള്‍ ശ്രദ്ധിച്ച് അനുസരിക്കുന്നതില്‍ നിങ്ങള്‍ ജാഗരൂകരായിരുന്നാല്‍ സര്‍വേശ്വരന്‍ നിങ്ങളുടെ പിതാക്കന്മാരോടു പ്രതിജ്ഞ ചെയ്തിട്ടുള്ള ഉടമ്പടിയും സുസ്ഥിരസ്നേഹവും നിങ്ങളോടു പുലര്‍ത്തും.13 അവിടുന്നു നിങ്ങളെ സ്നേഹിക്കും; നിങ്ങളെ അനുഗ്രഹിക്കും; നിങ്ങളെ വര്‍ധിപ്പിക്കും. നിങ്ങള്‍ക്കു സന്താനസമൃദ്ധിയുണ്ടാകും. നിങ്ങളുടെ ഭൂമി ഫലപുഷ്ടമാകും. ധാന്യവും വീഞ്ഞും എണ്ണയും വര്‍ധിപ്പിക്കും. നിങ്ങളുടെ കന്നുകാലികളും ആടുമാടുകളും അവിടുത്തെ അനുഗ്രഹത്താല്‍ പെരുകും.
14 മറ്റു ജനതകളെക്കാള്‍ നിങ്ങള്‍ അനുഗൃഹീതരാകും. നിങ്ങള്‍ക്കോ നിങ്ങളുടെ കന്നുകാലികള്‍ക്കോ ആണിനോ പെണ്ണിനോ വന്ധ്യത ബാധിക്കുകയില്ല.
15 സകല രോഗങ്ങളെയും സര്‍വേശ്വരന്‍ നിങ്ങളില്‍നിന്നു നീക്കും. ഈജിപ്തില്‍ നിങ്ങള്‍ കണ്ട ദുര്‍വ്യാധികള്‍ അവിടുന്ന് നിങ്ങളുടെമേല്‍ വരുത്തുകയില്ല; നിങ്ങളുടെ ശത്രുക്കളുടെമേല്‍ അവ വരുത്തും.
16 നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങളുടെ കൈയില്‍ ഏല്പിക്കുന്ന സകല ജനതകളെയും സംഹരിച്ചുകളയണം; നിങ്ങള്‍ അവരോടു കരുണ കാട്ടരുത്. അവരുടെ ദേവന്മാരെ നിങ്ങള്‍ ആരാധിക്കരുത്. അതു നിങ്ങള്‍ക്കു കെണിയായിത്തീരും.”
17 “ഈ ജനതകള്‍ ഞങ്ങളെക്കാള്‍ വലിയവര്‍; ഇവരെ തുരത്താന്‍ എങ്ങനെ സാധിക്കും എന്നു നിങ്ങള്‍ ചിന്തിക്കരുത്.
18 നിങ്ങള്‍ അവരെ ഭയപ്പെടണ്ടാ. ഫറവോയോടും ഈജിപ്ത് മുഴുവനോടും നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ ചെയ്തതെന്തെന്ന് ഓര്‍മിക്കുക;
19 നിങ്ങള്‍ നേരില്‍ക്കണ്ട മഹാമാരികള്‍, അടയാളങ്ങള്‍, അദ്ഭുതങ്ങള്‍, കരബലം, നീട്ടിയ ഭുജം എന്നിവയാല്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങളെ അവിടെനിന്നു മോചിപ്പിച്ചു. നിങ്ങള്‍ ഭയപ്പെടുന്ന ജനതകളോടെല്ലാം അവിടുന്ന് അതുപോലെതന്നെ പ്രവര്‍ത്തിക്കും.
20 മാത്രമല്ല നിങ്ങളില്‍നിന്നു രക്ഷപെട്ട് ഒളിക്കുന്നവരെ നശിപ്പിക്കാന്‍ അവിടുന്നു കടന്നലിനെ അയയ്‍ക്കും.
21 ഈ ജനതകളെ ഭയപ്പെടണ്ടാ; നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങളുടെ കൂടെയുണ്ട്; അവിടുന്നു വലിയവനും ഭയം ജനിപ്പിക്കുന്നവനുമായ ദൈവമാണ്.
22 നിങ്ങള്‍ മുന്നേറുന്നതിനൊപ്പം ഈ ജനതകളെ നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങളുടെ മുമ്പില്‍നിന്നു നീക്കിക്കളയും. നിങ്ങള്‍ അവരെ ഒറ്റയടിക്കു നശിപ്പിക്കരുത്. അങ്ങനെ ചെയ്താല്‍ കാട്ടുമൃഗങ്ങള്‍ പെരുകി നിങ്ങള്‍ക്കു ശല്യമുണ്ടാകും.
23 നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ അവരെ നിങ്ങളുടെ കൈയില്‍ ഏല്പിക്കും; ഉന്മൂലനാശം സംഭവിക്കുംവരെ അവരില്‍ പരിഭ്രാന്തി നിലനില്‌ക്കും.
24 അവരുടെ രാജാക്കന്മാരെ അവിടുന്നു നിങ്ങളുടെ കൈയില്‍ ഏല്പിക്കും; നിങ്ങള്‍ അവരെ സംഹരിക്കണം. അവരെക്കുറിച്ചുള്ള ഓര്‍മ പോലും അവശേഷിക്കരുത്. നിങ്ങള്‍ അവരെ നിശ്ശേഷം നശിപ്പിക്കുവോളം ആരും നിങ്ങളെ തടയുകയില്ല.
25 അവരുടെ ദേവന്മാരുടെ വിഗ്രഹങ്ങളെ നിങ്ങള്‍ ചുട്ടുകളയണം; അവയിലുള്ള വെള്ളിയോ, പൊന്നോ ആഗ്രഹിക്കുകയോ സ്വന്തമാക്കുകയോ അരുത്. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ കെണിയില്‍ അകപ്പെടും. നിങ്ങളുടെ ദൈവമായ സര്‍വേശ്വരന് വിഗ്രഹാരാധന നിന്ദ്യമാണല്ലോ.
26 നിന്ദ്യമായതൊന്നും നിങ്ങളുടെ ഭവനങ്ങളില്‍ കൊണ്ടുപോകരുത്; അങ്ങനെ ചെയ്താല്‍ വിഗ്രഹങ്ങളെപ്പോലെ നിങ്ങളും ശാപഗ്രസ്തരാകും. അവ നിങ്ങള്‍ക്ക് അറപ്പും വെറുപ്പും ആയിരിക്കണം; അവ ശാപഗ്രസ്തമാണല്ലോ.”
1
നിങ്ങള്‍ ജീവിച്ചിരിക്കാനും വര്‍ധിക്കാനും സര്‍വേശ്വരന്‍ നിങ്ങളുടെ പിതാക്കന്മാര്‍ക്ക് വാഗ്ദാനം ചെയ്ത ദേശത്ത് പ്രവേശിച്ച് അതിനെ കൈവശമാക്കാനും ഞാന്‍ ഇന്നു നിങ്ങള്‍ക്കു നല്‌കുന്ന സകല കല്പനകളും വിശ്വസ്തതയോടെ പാലിക്കുക.2 നിങ്ങളെ വിനീതരാക്കാനും നിങ്ങളുടെ ഹൃദയവിചാരങ്ങള്‍ ഗ്രഹിക്കാനും അവിടുത്തെ കല്പനകള്‍ നിങ്ങള്‍ അനുസരിക്കുമോ ഇല്ലയോ എന്നു പരിശോധിച്ചറിയാനുമായി നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ ഈ നാല്പതു സംവത്സരം നിങ്ങളെ മരുഭൂമിയില്‍ വഴിനടത്തിയതെല്ലാം നിങ്ങള്‍ ഓര്‍മിക്കണം.
3 അവിടുന്നു നിങ്ങളെ ദയനീയരാക്കി; നിങ്ങള്‍ വിശന്നു നടക്കുന്നതിന് ഇടയാക്കി. നിങ്ങളും നിങ്ങളുടെ പിതാക്കന്മാരും ഒരിക്കലും ഭക്ഷിച്ചിട്ടില്ലാത്ത മന്ന നിങ്ങള്‍ക്ക് ആഹാരമായി നല്‌കുകയും ചെയ്തു. മനുഷ്യര്‍ അപ്പംകൊണ്ടു മാത്രമല്ല സര്‍വേശ്വരനില്‍നിന്നു പുറപ്പെടുന്ന വചനംകൊണ്ടും കൂടിയാണ് ജീവിക്കുന്നതെന്നു നിങ്ങളെ പഠിപ്പിക്കേണ്ടതിനായിരുന്നു ഇങ്ങനെ ചെയ്തത്.
4 ഈ നാല്പതു വര്‍ഷം നിങ്ങളുടെ വസ്ത്രം ജീര്‍ണിക്കുകയോ, നിങ്ങളുടെ കാല്‍ വീങ്ങുകയോ ചെയ്തില്ല.
5 പിതാവ് പുത്രന് എന്നപോലെ നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങള്‍ക്ക് ശിക്ഷണം നല്‌കുന്നു എന്ന് ഓര്‍മിച്ചുകൊള്‍ക.
6 അതുകൊണ്ട് നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ കല്പിച്ചതുപോലെ അവിടുത്തെ വഴികളില്‍ നടന്ന് അവിടുത്തെ ഭയപ്പെട്ട് അവിടുത്തെ കല്പനകള്‍ പാലിക്കുക.
7 നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ ഫലപുഷ്‍ടിയുള്ള ഒരു ദേശത്തേക്കാണ് നിങ്ങളെ കൊണ്ടുപോകുന്നത്. താഴ്വരയില്‍നിന്നും മലയില്‍നിന്നും പുറപ്പെടുന്ന നീരൊഴുക്കുകളും തടാകങ്ങളും അവിടെയുണ്ട്.
8 കോതമ്പും ബാര്‍ലിയും മുന്തിരിയും അത്തിയും മാതളനാരകവും ഒലിവുമരവും തേനും ഉള്ള ദേശമാണ് അത്.
9 ആഹാരപദാര്‍ഥങ്ങള്‍ക്ക് ഒരു കുറവുമില്ലാത്ത ദേശം; യാതൊന്നിനും അവിടെ കുറവുണ്ടാകുകയില്ല. അവിടെയുള്ള കല്ലുകള്‍ ഇരുമ്പാണ്. അവിടത്തെ മലകളില്‍നിന്നു ചെമ്പു കുഴിച്ചെടുക്കാം;
10 അവിടെ നിങ്ങള്‍ ഭക്ഷിച്ചു തൃപ്തരാകുമ്പോള്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങള്‍ക്കു നല്‌കിയിരിക്കുന്ന നല്ല ദേശത്തിനുവേണ്ടി അവിടുത്തേക്കു സ്തോത്രം അര്‍പ്പിക്കണം.
11
“നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ മറക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഞാന്‍ ഇന്നു നിങ്ങള്‍ക്കു നല്‌കുന്ന സര്‍വേശ്വരന്‍റെ കല്പനകളും ചട്ടങ്ങളും അനുശാസനങ്ങളും അവഗണിക്കരുത്.12 ഭക്ഷിച്ചു തൃപ്തിയാകുമ്പോഴും നല്ല വീടു പണിത് അതില്‍ പാര്‍ക്കുമ്പോഴും
13 ആടുമാടുകള്‍ പെരുകുമ്പോഴും സ്വര്‍ണം, വെള്ളി മുതലായവ വര്‍ധിക്കുമ്പോഴും
14 മറ്റ് സകലത്തിലും സമൃദ്ധിയുണ്ടാകുമ്പോഴും നിങ്ങള്‍ ഉള്ളുകൊണ്ട് അഹങ്കരിക്കരുത്. അടിമവീടായ ഈജിപ്തില്‍നിന്നു നിങ്ങളെ വിമോചിപ്പിച്ചു കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ വിസ്മരിക്കുകയും അരുത്.
15 ഉഗ്രസര്‍പ്പങ്ങളും തേളുകളും നിറഞ്ഞ വിസ്തൃതവും ഭയങ്കരവുമായ മരുഭൂമിയിലൂടെ അവിടുന്നു നിങ്ങളെ നടത്തി. വരണ്ടസ്ഥലത്ത് കരിങ്കല്‍ പാറയില്‍നിന്ന് അവിടുന്നു ജലം പുറപ്പെടുവിച്ചു.
16 നിങ്ങളുടെ പിതാക്കന്മാര്‍ ഭക്ഷിച്ചിട്ടില്ലാത്ത മന്ന നിങ്ങള്‍ക്ക് ആഹാരമായി മരുഭൂമിയില്‍വച്ചു നല്‌കി. നിങ്ങളെ വിനീതരാക്കാനും പരീക്ഷിക്കാനും ഒടുവില്‍ നന്മകൊണ്ട് അനുഗ്രഹിക്കാനുമായിരുന്നു ഇങ്ങനെയെല്ലാം ചെയ്തത്.
17 അതിനാല്‍ നിങ്ങളുടെ ശക്തിയും കരബലവുംകൊണ്ടാണ് ഈ സമ്പത്തെല്ലാം ഉണ്ടായതെന്നു നിങ്ങള്‍ ഒരിക്കലും ചിന്തിക്കരുത്.
18 നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ നിങ്ങള്‍ സ്മരിക്കണം. സമ്പത്തു നേടാനുള്ള ശക്തി നിങ്ങള്‍ക്കു നല്‌കുന്നത് അവിടുന്നാണ്. നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത ഉടമ്പടിയില്‍ അവിടുന്നു വിശ്വസ്തനായിരുന്നതുകൊണ്ടാണ് ഇങ്ങനെ ചെയ്തത്.
19 നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ മറന്ന് അന്യദേവന്മാരുടെ പിന്നാലെ പോയി അവയെ ആരാധിക്കുകയോ സേവിക്കുകയോ അരുത്. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ നിശ്ചയമായും നശിച്ചുപോകുമെന്ന് ഇന്നു ഞാന്‍ നിങ്ങള്‍ക്കു മുന്നറിയിപ്പു നല്‌കുന്നു.
20 നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ നിങ്ങള്‍ അനുസരിക്കാതിരുന്നാല്‍, നിങ്ങളുടെ മുമ്പില്‍ അവിടുന്നു നശിപ്പിക്കുന്ന ജനതകളെപ്പോലെ നിങ്ങളും നശിപ്പിക്കപ്പെടും.
1
“ഇസ്രായേല്‍ജനമേ ശ്രദ്ധിക്കുക; നിങ്ങള്‍ ഇന്നു യോര്‍ദ്ദാന്‍നദി കടന്ന് നിങ്ങളുടേതിനെക്കാള്‍ വലുതും ശക്തവുമായ ജനതകളെയും ആകാശത്തോളം ഉയര്‍ന്ന കോട്ടകളാല്‍ വലയംചെയ്യപ്പെട്ട വലിയ നഗരങ്ങളെയും കൈവശമാക്കുവാന്‍ പോകുന്നു.2 അവിടെയുള്ള ജനം ദീര്‍ഘകായരും ബലവാന്മാരുമാണ്. നിങ്ങള്‍ കേട്ടിട്ടുള്ള അനാക്യരാണ് അവര്‍. ‘അനാക്യരെ നേരിടാന്‍ ആരുണ്ട്’ എന്ന ചൊല്ല് ഇവരെക്കുറിച്ചാണ്.
3 അതുകൊണ്ട് ദഹിപ്പിക്കുന്ന അഗ്നിയായി ഇന്ന് നിങ്ങളുടെ മുമ്പില്‍ നടക്കുന്നത് നിങ്ങളുടെ ദൈവമായ സര്‍വേശ്വരനാണെന്ന് അറിഞ്ഞുകൊള്‍ക. അവിടുന്ന് അവരെ നശിപ്പിക്കും; നിങ്ങളുടെ മുമ്പില്‍ അവരെ കീഴടക്കും. അങ്ങനെ അവിടുന്നു നിങ്ങളോട് വാഗ്ദാനം ചെയ്തതുപോലെ നിങ്ങള്‍ അവരെ തുരത്തി നിശ്ശേഷം നശിപ്പിക്കും.
4 “നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങള്‍ക്കുവേണ്ടി അവരെ തുരത്തിക്കഴിയുമ്പോള്‍ നിങ്ങളുടെ ധര്‍മനിഷ്ഠ നിമിത്തമാണ് അവിടുന്നു നിങ്ങളെ കൂട്ടിക്കൊണ്ടുവന്ന് ദേശം കൈവശമാക്കിത്തന്നത് എന്നു നിങ്ങള്‍ ചിന്തിക്കരുത്. ആ ജനതകളുടെ ദുഷ്ടത നിമിത്തമാണ് അവിടുന്ന് അവരെ നിങ്ങളുടെ മുമ്പില്‍നിന്നു നീക്കിക്കളയുന്നത്.
5 നിങ്ങളുടെ ധര്‍മിഷ്ഠതയോ ഹൃദയപരമാര്‍ഥതയോ, കൊണ്ടല്ല പിന്നെയോ, അവരുടെ ദുഷ്ടത നിമിത്തവും നിങ്ങളുടെ പിതാക്കന്മാരായ അബ്രഹാമിനോടും ഇസ്ഹാക്കിനോടും യാക്കോബിനോടും അവിടുന്നു ചെയ്ത പ്രതിജ്ഞ നിമിത്തവും ആണു നിങ്ങള്‍ അവരുടെ ദേശം കൈവശമാക്കുവാന്‍ പോകുന്നത്.
6 നിങ്ങളുടെ ധര്‍മനിഷ്ഠ കൊണ്ടല്ല അവിടുന്നു ഫലഭൂയിഷ്ഠമായ ഈ ദേശം നിങ്ങള്‍ക്കു നല്‌കുന്നത് എന്ന് അറിഞ്ഞുകൊള്ളുക; നിങ്ങള്‍ ദുശ്ശാഠ്യമുള്ള ജനതയാണല്ലോ.
7 “മരുഭൂമിയില്‍ വച്ചു നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ നിങ്ങള്‍ കോപിപ്പിച്ചത് മറക്കാതെ ഓര്‍ത്തുകൊള്ളുക; ഈജിപ്തില്‍നിന്നു പുറപ്പെട്ട ദിവസംമുതല്‍ ഇവിടെ എത്തുന്നതുവരെ നിങ്ങള്‍ അവിടുത്തോടു മത്സരിച്ചു.
8 നിങ്ങളെ നശിപ്പിച്ചുകളയാന്‍ തോന്നുംവിധം സീനായ്മലയില്‍വച്ചും നിങ്ങള്‍ സര്‍വേശ്വരനെ പ്രകോപിപ്പിച്ചു.
9 അവിടുന്നു നിങ്ങളോടു ചെയ്തിരുന്ന ഉടമ്പടിയുടെ കല്പലകകള്‍ സ്വീകരിക്കുന്നതിനു ഞാന്‍ പര്‍വതത്തില്‍ കയറി, നാല്പതുരാവും നാല്പതു പകലും അവിടെ കഴിച്ചുകൂട്ടി. ആ ദിവസങ്ങളില്‍ ഞാന്‍ എന്തെങ്കിലും ഭക്ഷിക്കുകയോ കുടിക്കുകയോ ചെയ്തില്ല.
10 അപ്പോള്‍ സര്‍വേശ്വരന്‍ കൈവിരല്‍കൊണ്ടു സ്വയം എഴുതിയ രണ്ടു കല്പലകകള്‍ എന്‍റെ കൈയില്‍ തന്നു. നിങ്ങള്‍ ഒരുമിച്ചു കൂടിയ ദിവസം അവിടുന്നു പര്‍വതത്തില്‍ അഗ്നിയുടെ നടുവില്‍ നിന്നുകൊണ്ട് അരുളിച്ചെയ്ത വചനങ്ങള്‍ അവയില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
11 നാല്പതു രാവും നാല്പതു പകലും കഴിഞ്ഞാണ് ഉടമ്പടിയുടെ കല്പലകകള്‍ സര്‍വേശ്വരന്‍ എന്നെ ഏല്പിച്ചത്.”
12 സര്‍വേശ്വരന്‍ എന്നോട് അരുളിച്ചെയ്തു: “മലയില്‍നിന്ന് ഉടനെ ഇറങ്ങിച്ചെല്ലുക. നീ ഈജിപ്തില്‍നിന്നു വിമോചിപ്പിച്ചു കൊണ്ടുവന്ന നിന്‍റെ ജനം ദുഷ്ടത കാട്ടിയിരിക്കുന്നു; എന്‍റെ കല്പനകളില്‍നിന്ന് അവര്‍ വ്യതിചലിച്ചു; തങ്ങള്‍ക്കുവേണ്ടി ഒരു വിഗ്രഹം അവര്‍ വാര്‍ത്തുണ്ടാക്കിയിരിക്കുന്നു.
13 “ഈ ജനം ദുശ്ശാഠ്യക്കാരാണെന്ന് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നു;
14 ഞാന്‍ അവരെ നശിപ്പിക്കും; എന്നെ തടയരുത്. ഞാന്‍ അവരെ സംബന്ധിച്ചുള്ള ഓര്‍മപോലും ഭൂമുഖത്തുനിന്നു തുടച്ചുനീക്കും, അവരെക്കാള്‍ വലുതും ശക്തവുമായ ഒരു ജനതയെ ഞാന്‍ നിന്നില്‍നിന്ന് ഉദ്ഭവിപ്പിക്കും.”
15 “ഞാന്‍ പര്‍വതത്തില്‍നിന്ന് ഇറങ്ങി; ഉടമ്പടിയുടെ കല്പലകകള്‍ രണ്ടും എന്‍റെ കൈയില്‍ ഉണ്ടായിരുന്നു. പര്‍വതം അപ്പോഴും കത്തിയെരിഞ്ഞുകൊണ്ടിരുന്നു;
16 നിങ്ങള്‍ ഒരു കാളക്കുട്ടിയുടെ വിഗ്രഹം വാര്‍ത്തുണ്ടാക്കി നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെതിരായി പാപം ചെയ്തിരിക്കുന്നുവെന്ന് ഞാന്‍ കണ്ടു. അവിടുന്ന് നിര്‍ദ്ദേശിച്ച മാര്‍ഗത്തില്‍നിന്ന് നിങ്ങള്‍ എത്രവേഗം വ്യതിചലിച്ചു.
17 അതിനാല്‍ നിങ്ങളുടെ കണ്‍മുമ്പില്‍ വച്ചുതന്നെ ആ കല്പലകകള്‍ രണ്ടും ഞാന്‍ എറിഞ്ഞുടച്ചുകളഞ്ഞു.
18 ഞാന്‍ വീണ്ടും നാല്പതു പകലും നാല്പതു രാവും സര്‍വേശ്വരന്‍റെ മുമ്പാകെ സാഷ്ടാംഗം നമസ്കരിച്ചുകിടന്നു; നിങ്ങള്‍ സര്‍വേശ്വരനെതിരായി അവിടുത്തെ ദൃഷ്‍ടിയില്‍ തിന്മ പ്രവര്‍ത്തിച്ച് പാപം ചെയ്ത് അവിടുത്തെ കോപിപ്പിച്ചതുകൊണ്ട് ആ ദിവസങ്ങളില്‍ ഞാന്‍ ഒന്നും തിന്നുകയോ കുടിക്കുകയോ ചെയ്തില്ല.
19 സര്‍വേശ്വരന്‍റെ ഉഗ്രകോപത്തെ ഞാന്‍ ഭയപ്പെട്ടു; നിങ്ങളെ നശിപ്പിക്കാന്‍ തക്കവിധം അവിടുന്നു ക്രോധാവിഷ്ടനായിരുന്നു. എന്നാല്‍ അവിടുന്നു വീണ്ടും എന്‍റെ അപേക്ഷ കേട്ടു;
20 അഹരോനെ സംഹരിക്കാന്‍ തക്കവിധം അയാളോടും കോപിച്ചു. അഹരോനുവേണ്ടിയും അപ്പോള്‍ ഞാന്‍ അപേക്ഷിച്ചു.
21 ആ നിന്ദ്യവസ്തുവിനെ, നിങ്ങള്‍ വാര്‍ത്തുണ്ടാക്കിയ ആ കാളക്കുട്ടിയെ ഞാന്‍ തീയില്‍ ഇട്ടു ചുട്ടു. ഞാന്‍ അത് ഇടിച്ചുപൊടിച്ചു നേര്‍ത്ത പൊടിയാക്കി പര്‍വതത്തില്‍നിന്നു പുറപ്പെടുന്ന അരുവിയില്‍ ഒഴുക്കിക്കളഞ്ഞു.
22 നിങ്ങള്‍ തബേരയിലും മസ്സായിലും കിബ്രോത്ത്-ഹത്താവയിലും വച്ചു സര്‍വേശ്വരനെ കോപിപ്പിച്ചു.
23 ‘ഞാന്‍ നിങ്ങള്‍ക്കു നല്‌കിയിട്ടുള്ള ദേശം കൈവശമാക്കുക’ എന്നു കല്പിച്ച് അവിടുന്നു നിങ്ങളെ കാദേശ്-ബര്‍ന്നേയയില്‍നിന്ന് അയച്ചു. എന്നാല്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ കല്പന ധിക്കരിച്ച് അവിടുത്തോട് നിങ്ങള്‍ മത്സരിച്ചു. നിങ്ങള്‍ അവിടുത്തെ വിശ്വസിച്ചില്ല; അവിടുത്തെ വാക്കുകള്‍ അനുസരിച്ചുമില്ല.
24 ഞാന്‍ നിങ്ങളെ അറിയാന്‍ തുടങ്ങിയ നാള്‍മുതല്‍ നിങ്ങള്‍ സര്‍വേശ്വരനോടു മത്സരിച്ചുകൊണ്ടിരിക്കുന്നവരാണ്.
25 “നിങ്ങളെ സംഹരിക്കുമെന്നു സര്‍വേശ്വരന്‍ അറിയിച്ചിരുന്നതിനാല്‍ ആ നാല്പതു പകലും നാല്പതു രാവും അവിടുത്തെ മുമ്പാകെ ഞാന്‍ സാഷ്ടാംഗം നമസ്കരിച്ചു കിടന്നു.
26 ഞാന്‍ അവിടുത്തോട് പ്രാര്‍ഥിച്ചു: “ദൈവമായ സര്‍വേശ്വരാ, അവിടുത്തെ മഹത്ത്വത്താലും ശക്തിയാലും ഈജിപ്തില്‍നിന്നു വിമോചിപ്പിച്ചു കൊണ്ടുവന്ന അവിടുത്തെ അവകാശവും സ്വന്തജനവും ആയവരെ സംഹരിച്ചുകളയരുതേ.
27 അവിടുത്തെ ദാസന്മാരായ അബ്രഹാമിനെയും ഇസ്ഹാക്കിനെയും യാക്കോബിനെയും ഓര്‍ക്കണമേ. ഈ ജനത്തിന്‍റെ ദുശ്ശാഠ്യവും അകൃത്യവും പാപവും കണക്കാക്കരുതേ.
28 അവര്‍ക്കു നല്‌കുമെന്നു വാഗ്ദാനം ചെയ്ത ദേശത്തേക്ക് അവരെ നയിക്കാന്‍ അവിടുത്തേക്കു കഴിവില്ലെന്ന് ഈജിപ്തുകാര്‍ പറയാനിടവരും. മാത്രമല്ല, അവിടുന്ന് അവരെ ദ്വേഷിച്ചിരുന്നതുകൊണ്ട് കൊന്നൊടുക്കാനാണ് മരുഭൂമിയിലേക്ക് അവരെ കൊണ്ടുപോയതെന്നും അവര്‍ പറയും.
29 ഇസ്രായേല്‍ അവിടുത്തെ ജനവും അവകാശവും ആണ്. അങ്ങയുടെ മഹാശക്തിയും നീട്ടിയ ഭുജവും കൊണ്ടാണല്ലോ അവിടുന്ന് അവരെ വിമോചിപ്പിച്ചത്.
1
സര്‍വേശ്വരന്‍ എന്നോട് കല്പിച്ചു: “ആദ്യത്തേതുപോലെയുള്ള രണ്ടു കല്പലകകള്‍ ചെത്തിയുണ്ടാക്കി മലയില്‍ എന്‍റെ അടുത്തു കയറി വരിക; തടികൊണ്ട് ഒരു പെട്ടകവും ഉണ്ടാക്കുക.2 നീ ഉടച്ചുകളഞ്ഞ കല്പലകകളില്‍ ഉണ്ടായിരുന്ന വാക്കുകള്‍ ഈ കല്പലകകളിലും ഞാന്‍ എഴുതും. നീ അവ പെട്ടകത്തില്‍ വയ്‍ക്കണം.
3 “കരുവേലകമരംകൊണ്ട് ഒരു പെട്ടകം ഞാന്‍ ഉണ്ടാക്കി. ആദ്യത്തേതുപോലെയുള്ള രണ്ടു കല്പലകകളും ചെത്തിയെടുത്തു; ആ കല്പലകകളുമായി ഞാന്‍ പര്‍വതത്തിലേക്കു കയറിച്ചെന്നു.
4 മുമ്പ് എഴുതിയിരുന്നതുപോലെതന്നെ സര്‍വേശ്വരന്‍ ഈ കല്പലകകളിലും എഴുതി. നിങ്ങള്‍ ഒരുമിച്ചുകൂടിയിരുന്നപ്പോള്‍ പര്‍വതത്തില്‍ അഗ്നിമധ്യത്തില്‍നിന്ന് അവിടുന്ന് അരുളിച്ചെയ്ത പത്തു കല്പനകളായിരുന്നു അവയില്‍ എഴുതിയത്. അവിടുന്ന് അവ എന്നെ ഏല്പിച്ചു.
5 ഞാന്‍ പര്‍വതത്തില്‍നിന്ന് ഇറങ്ങി വന്ന്, ഞാന്‍ നിര്‍മ്മിച്ച പെട്ടകത്തില്‍ അവ വച്ചു. സര്‍വേശ്വരന്‍ എന്നോട് കല്പിച്ചതുപോലെ അവ അവിടെ സൂക്ഷിച്ചിരിക്കുന്നു.
6 ഇസ്രായേല്‍ജനം ബെനേ-യാഖാന്‍ എന്ന ബേരോത്തില്‍നിന്നു യാത്രതിരിച്ച് മോസേരയിലെത്തി. അവിടെവച്ച് അഹരോന്‍ മരണമടഞ്ഞു; അവിടെ അദ്ദേഹത്തെ സംസ്കരിച്ചു. അഹരോന്‍റെ പുത്രനായ എലെയാസാര്‍ പകരം പുരോഹിതശുശ്രൂഷ ഏറ്റെടുത്തു.
7 മോസേരയില്‍നിന്നു ഗുദ്ഗോദെയിലും അവിടെനിന്ന് അരുവികളുടെ ദേശമായ യൊത്-ബത്തെയിലും അവര്‍ എത്തി.
8 അപ്പോള്‍ സര്‍വേശ്വരന്‍റെ ഉടമ്പടിയുടെ പെട്ടകം ചുമക്കുന്നതിനും ഇപ്പോള്‍ നടന്നു വരുന്നതുപോലെ സര്‍വേശ്വരസന്നിധിയില്‍ ശുശ്രൂഷ ചെയ്യുന്നതിനും അവിടുത്തെ നാമത്തില്‍ ജനത്തെ ആശീര്‍വദിക്കുന്നതിനുമായി ലേവിഗോത്രക്കാരെ സര്‍വേശ്വരന്‍ വേര്‍തിരിച്ചു.
9 അതുകൊണ്ടാണ് ലേവ്യര്‍ക്ക് തങ്ങളുടെ സഹോദരന്മാരോടൊപ്പം അവകാശവും ഓഹരിയും ലഭിക്കാഞ്ഞത്. നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ അവരോടു വാഗ്ദാനം ചെയ്തിരുന്നതുപോലെ അവിടുന്നു തന്നെയാണ് അവരുടെ അവകാശം.
10 മുമ്പു ചെയ്തതുപോലെ നാല്പതു പകലും നാല്പതു രാവും ഞാന്‍ പര്‍വതത്തില്‍ കഴിച്ചുകൂട്ടി. ആ പ്രാവശ്യവും സര്‍വേശ്വരന്‍ എന്‍റെ പ്രാര്‍ഥന കേട്ടു; അങ്ങനെ അവിടുന്നു നിങ്ങളെ നശിപ്പിച്ചില്ല.
11 പിന്നീട് സര്‍വേശ്വരന്‍ അരുളിച്ചെയ്തു: “അവരുടെ പിതാക്കന്മാര്‍ക്കു നല്‌കുമെന്നു ഞാന്‍ വാഗ്ദാനം ചെയ്തിരുന്ന ദേശം കൈവശമാക്കുവാന്‍ നീ ചെന്ന് അവരെ മുന്നോട്ടു നയിക്കുക.”
12
ഇസ്രായേല്‍ജനമേ, നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ ഭയപ്പെടുകയും അവിടുത്തെ വഴികളില്‍ നടക്കുകയും അവിടുത്തെ സ്നേഹിക്കുകയും നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടുംകൂടി സേവിക്കുകയും ചെയ്യുകയല്ലാതെ മറ്റെന്താണു സര്‍വേശ്വരന്‍ നിങ്ങളോട് ആവശ്യപ്പെടുന്നത്.13 നിങ്ങളുടെ നന്മയ്‍ക്കുവേണ്ടി ഞാന്‍ നല്‌കുന്ന സകല കല്പനകളും ചട്ടങ്ങളും നിങ്ങള്‍ പാലിക്കണം.
14 ആകാശവും ആകാശങ്ങളുടെ ആകാശവും ഭൂമിയും അതിലുള്ള സമസ്തവും നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ വകയാണ്.
15 എന്നിട്ടും അവിടുന്ന് നിങ്ങളുടെ പിതാക്കന്മാരില്‍ സംപ്രീതനായി അവരെ സ്നേഹിച്ചു. അവര്‍ക്കുശേഷം അവരുടെ സന്താനങ്ങളായ നിങ്ങളെ ഇന്നു കാണുന്നതുപോലെ സര്‍വജനതകള്‍ക്കുംമേലെ തിരഞ്ഞെടുത്തു.
16 അതുകൊണ്ട് നിങ്ങള്‍ മനംതിരിഞ്ഞു ദൈവത്തെ അനുസരിക്കുക; ഒരിക്കലും ദുശ്ശാഠ്യം കാണിക്കരുത്.
17 നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ ദേവാധിദേവനും കര്‍ത്താധികര്‍ത്താവും ആകുന്നു. അവിടുന്നു മഹത്ത്വമേറിയവനും സര്‍വശക്തനും ഭീതിദനുമായ ദൈവമാണ്. അവിടുത്തേക്കു പക്ഷഭേദം ഇല്ല; അവിടുന്നു കോഴ വാങ്ങാത്തവനുമാണ്.
18 അവിടുന്ന് അനാഥര്‍ക്കും വിധവകള്‍ക്കും നീതി നടത്തിക്കൊടുക്കുന്നു; പരദേശിയെ സ്നേഹിക്കുകയും അവന് അന്നവസ്ത്രാദികള്‍ നല്‌കുകയും ചെയ്യുന്നു.
19 നിങ്ങള്‍ പരദേശികളെ സ്നേഹിക്കുക; നിങ്ങളും ഈജിപ്തില്‍ പരദേശികളായിരുന്നുവല്ലോ.
20 നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ ഭയപ്പെടുക; അവിടുത്തെ മാത്രം ആരാധിക്കുക. അവിടുത്തോടു വിശ്വസ്തരായിരിക്കുക; അവിടുത്തെ നാമത്തില്‍ മാത്രമേ സത്യം ചെയ്യാവൂ.
21 സര്‍വേശ്വരനെ പുകഴ്ത്തുക; അവിടുന്നാകുന്നു നിങ്ങളുടെ ദൈവം. നിങ്ങള്‍ കണ്ട അദ്ഭുതകരവും ഭീതിദവുമായ കാര്യങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി ചെയ്തത് അവിടുന്നാണല്ലോ;
22 നിങ്ങളുടെ പിതാക്കന്മാര്‍ എഴുപതു പേരാണ് ഈജിപ്തിലേക്കു പോയത്. എന്നാല്‍ ഇപ്പോള്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങളെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ അസംഖ്യമായി വര്‍ധിപ്പിച്ചിരിക്കുന്നു.
1
നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ സ്നേഹിച്ച് അവിടുത്തെ അനുശാസനങ്ങളും നിയമങ്ങളും എന്നും അനുസരിക്കണം.2 നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ ശിക്ഷണം ലഭിച്ചത് നിങ്ങളുടെ മക്കള്‍ക്കല്ല, നിങ്ങള്‍ക്കുതന്നെ ആയിരുന്നു എന്ന് ഓര്‍ക്കുക; അവിടുത്തെ മഹത്ത്വവും കരബലവും നീട്ടിയ ഭുജവും
3 ഈജിപ്തിലെ രാജാവായ ഫറവോയോടും അദ്ദേഹത്തിന്‍റെ രാജ്യത്തോടും അവിടുന്നു ചെയ്ത അദ്ഭുതങ്ങളും അടയാളങ്ങളും നിങ്ങള്‍ കണ്ടതാണല്ലോ.
4 ഈജിപ്തുകാരുടെ സൈന്യങ്ങള്‍ നിങ്ങളെ പിന്തുടര്‍ന്നപ്പോള്‍ അവരെ അവരുടെ കുതിരകളോടും രഥങ്ങളോടുംകൂടെ ചെങ്കടലില്‍ മുക്കിയതും ഇന്നുവരെ അവരെ നശിപ്പിച്ചതും നിങ്ങള്‍ കണ്ടു.
5 നിങ്ങള്‍ ഇവിടെ എത്തുന്നതുവരെ നിങ്ങള്‍ക്കുവേണ്ടി സര്‍വേശ്വരന്‍ മരുഭൂമിയില്‍ ചെയ്തിട്ടുള്ളതും
6 രൂബേന്‍റെ പുത്രനായ എലീയാബിന്‍റെ പുത്രന്മാരായ ദാഥാനോടും അബീരാമിനോടും അവിടുന്നു പ്രവര്‍ത്തിച്ചതും നിങ്ങള്‍ ഓര്‍മിക്കണം. ഇസ്രായേല്യരുടെ മധ്യത്തില്‍വച്ച് അവരെ അവരുടെ കുടുംബത്തോടും കൂടാരങ്ങളോടും മനുഷ്യമൃഗാദികളോടും സകല സമ്പത്തോടുംകൂടി ഭൂമി പിളര്‍ന്നു വിഴുങ്ങിക്കളഞ്ഞല്ലോ.
7 അവിടുന്നു ചെയ്ത ഈ വന്‍കാര്യങ്ങള്‍ക്കെല്ലാം നിങ്ങള്‍ ദൃക്സാക്ഷികളായിരുന്നുവല്ലോ.
8
“നിങ്ങള്‍ നദി കടന്നു പ്രവേശിക്കാന്‍ പോകുന്ന സ്ഥലം കൈവശപ്പെടുത്തി സ്വന്തമാക്കുവാനും നിങ്ങള്‍ ശക്തരായിരിക്കാനും9 നിങ്ങളുടെ പിതാക്കന്മാര്‍ക്കും അവരുടെ സന്താനങ്ങള്‍ക്കും നല്‌കുമെന്നു സര്‍വേശ്വരന്‍ വാഗ്ദാനം ചെയ്തിരുന്ന പാലും തേനും ഒഴുകുന്നതുമായ ആ ദേശത്ത് നിങ്ങള്‍ ദീര്‍ഘായുസ്സോടിരിക്കാനും ഞാന്‍ നല്‌കുന്ന സകല കല്പനകളും നിങ്ങള്‍ അനുസരിക്കണം.
10 നിങ്ങള്‍ കൈവശപ്പെടുത്താന്‍ പോകുന്ന ദേശം നിങ്ങള്‍ വിട്ടുപോന്ന ഈജിപ്തുപോലെയല്ല; അവിടെ വിത്തു വിതച്ചതിനുശേഷം പച്ചക്കറിത്തോട്ടത്തില്‍ എന്നപോലെ നിങ്ങള്‍ ക്ലേശിച്ചു നനയ്‍ക്കേണ്ടിയിരുന്നു.
11 എന്നാല്‍ നിങ്ങള്‍ കൈവശമാക്കാന്‍ പോകുന്ന ദേശം ധാരാളം മഴ ലഭിക്കുന്ന മലകളും താഴ്വരകളും നിറഞ്ഞതാണ്;
12 ആ ദേശം നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ പരിപാലിക്കുന്നു; വര്‍ഷാരംഭംമുതല്‍ വര്‍ഷാവസാനംവരെ എപ്പോഴും അവിടുന്ന് അതിനെ കടാക്ഷിക്കുന്നു.
13 “അതുകൊണ്ട് ഞാന്‍ ഇന്നു നല്‌കിയ കല്പനകള്‍ അനുസരിച്ച് നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടും കൂടി സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്താല്‍
14 നിങ്ങളുടെ കൃഷിക്കാവശ്യമായ മുന്‍മഴയും പിന്‍മഴയും യഥാവസരം അവിടുന്നു നല്‌കും; നിങ്ങള്‍ക്കാവശ്യമായ ധാന്യവും വീഞ്ഞും എണ്ണയും സുലഭമായിരിക്കും.
15 നിങ്ങളുടെ കന്നുകാലികള്‍ക്കുവേണ്ട പുല്ല് അവിടുന്നു നല്‌കും; നിങ്ങള്‍ ഭക്ഷിച്ചു തൃപ്തരാകും.
16 വഞ്ചിതരായി വഴിതെറ്റി മറ്റു ദേവന്മാരെ ആരാധിക്കാനും അവയെ നമസ്കരിക്കാനും ഇടയാകാതെ സൂക്ഷിച്ചുകൊള്‍ക.
17 ഇല്ലെങ്കില്‍ സര്‍വേശ്വരന്‍റെ കോപം നിങ്ങളുടെമേല്‍ ജ്വലിക്കും. അവിടുന്ന് ആകാശം അടയ്‍ക്കും, മഴ ലഭിക്കുകയില്ല. തന്നിമിത്തം ഭൂമി വിളവു നല്‌കാതാകും. അങ്ങനെ സര്‍വേശ്വരന്‍ നിങ്ങള്‍ക്കു നല്‌കുന്ന നല്ല ദേശത്തുനിന്ന് നിങ്ങള്‍ അതിവേഗം തുടച്ചുനീക്കപ്പെടും.
18 “എന്‍റെ ഈ വചനം നിങ്ങളുടെ ഹൃദയത്തിലും മനസ്സിലും എപ്പോഴും ഉണ്ടായിരിക്കട്ടെ. അടയാളമായി അവ എഴുതി നിങ്ങളുടെ കൈയില്‍ കെട്ടുകയും നെറ്റിപ്പട്ടമായി അണിയുകയും ചെയ്യുവിന്‍.
19 അവ നിങ്ങളുടെ മക്കളെ പഠിപ്പിക്കണം. വീട്ടിലിരിക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്‌ക്കുമ്പോഴും അവയെപ്പറ്റി നിങ്ങളുടെ മക്കളോടു സംസാരിക്കണം.
20 അവ നിങ്ങളുടെ വീടിന്‍റെ കട്ടിളകളിലും പടിവാതിലുകളിലും എഴുതിവയ്‍ക്കണം.
21 അങ്ങനെ ചെയ്താല്‍ നിങ്ങളുടെ പിതാക്കന്മാര്‍ക്കു നല്‌കുമെന്നു നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ വാഗ്ദാനം ചെയ്ത ദേശത്തു നിങ്ങളും നിങ്ങളുടെ സന്താനങ്ങളും ദീര്‍ഘകാലം വസിക്കും; ഭൂമിക്കുമേല്‍ ആകാശം ഉണ്ടായിരിക്കുന്നിടത്തോളം കാലം നിങ്ങള്‍ അവിടെ പാര്‍ക്കും.
22 ഞാന്‍ നിങ്ങള്‍ക്കു നല്‌കിയ സകല കല്പനകളും ശ്രദ്ധാപൂര്‍വം അനുസരിക്കണം; നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ സ്നേഹിക്കണം; അവിടുത്തെ വഴികളില്‍ നടക്കണം. അവിടുത്തോടു വിശ്വസ്തരായിരിക്കുകയും വേണം.
23 അങ്ങനെ ചെയ്താല്‍ ഈ ജനതകളെയെല്ലാം സര്‍വേശ്വരന്‍ നിങ്ങളുടെ മുമ്പില്‍നിന്നു നീക്കിക്കളയും; നിങ്ങളെക്കാള്‍ വലിയവരും ശക്തരുമായ ജനതകളുടെ ദേശം നിങ്ങള്‍ കൈവശമാക്കുകയും ചെയ്യും.
24 നിങ്ങളുടെ പാദം സ്പര്‍ശിക്കുന്ന ദേശങ്ങളെല്ലാം നിങ്ങളുടേതായിത്തീരും. മരുഭൂമിമുതല്‍ ലെബാനോന്‍വരെയും യൂഫ്രട്ടീസ്നദിമുതല്‍ മധ്യധരണ്യാഴിവരെയും നിങ്ങളുടെ ദേശം വ്യാപിച്ചിരിക്കും.
25 ആര്‍ക്കും നിങ്ങളെ എതിര്‍ക്കാനാവില്ല. നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ അരുളിച്ചെയ്തതുപോലെ നിങ്ങളുടെ കാല്‍ സ്പര്‍ശിക്കുന്ന സകല ദേശങ്ങളിലും നിങ്ങളെക്കുറിച്ച് ഭീതിയും പരിഭ്രാന്തിയും അവിടുന്ന് ഉളവാക്കും.
26
“ഇതാ ഇന്നു ഞാന്‍ നിങ്ങളുടെ മുമ്പാകെ ഒരു അനുഗ്രഹവും ശാപവും വയ്‍ക്കുന്നു;27 ഞാന്‍ ഇന്നു നിങ്ങള്‍ക്കു നല്‌കുന്ന നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ കല്പനകള്‍ അനുസരിച്ചാല്‍ നിങ്ങള്‍ അനുഗൃഹീതരായിരിക്കും.
28 നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ കല്പനകള്‍ അനുസരിക്കാതെ അതില്‍നിന്നു വ്യതിചലിച്ച് നിങ്ങള്‍ക്ക് അജ്ഞാതരായ അന്യദേവന്മാരെ അനുഗമിച്ചാല്‍ നിങ്ങള്‍ ശപിക്കപ്പെടും.
29
നിങ്ങള്‍ കൈവശപ്പെടുത്താന്‍ പോകുന്ന ദേശത്തു നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങളെ പ്രവേശിപ്പിക്കുമ്പോള്‍ ഗെരിസീം മലയില്‍വച്ച് അനുഗ്രഹവും ഏബാല്‍മലയില്‍വച്ചു ശാപവും പ്രഖ്യാപിക്കണം.30 യോര്‍ദ്ദാന്‍നദിയുടെ പടിഞ്ഞാറു വശത്ത് നദീതടത്തില്‍ പാര്‍ക്കുന്ന കനാന്യരുടെ ദേശത്തുള്ളവയാണല്ലോ ഈ രണ്ടു മലകളും. ഗില്ഗാലിനടുത്തുള്ള മോരെയിലെ കരുവേലകമരങ്ങള്‍ക്ക് അടുത്താണവ.
31 നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങള്‍ക്കു നല്‌കുന്ന ദേശം അധീനമാക്കുവാന്‍ യോര്‍ദ്ദാന്‍നദി കടക്കേണ്ടിയിരിക്കുന്നു; അതു കൈവശപ്പെടുത്തി അവിടെ പാര്‍ക്കുവിന്‍.
32 ഞാന്‍ ഇന്നു നിങ്ങള്‍ക്കു നല്‌കുന്ന നിയമങ്ങളും ചട്ടങ്ങളും നിങ്ങള്‍ ശ്രദ്ധയോടെ പാലിക്കണം.
1
നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങള്‍ക്ക് അവകാശമായി നല്‌കുന്ന ദേശത്തു പാര്‍ക്കുന്നിടത്തോളം കാലം നിങ്ങള്‍ ശ്രദ്ധാപൂര്‍വം അനുസരിക്കേണ്ട നിയമങ്ങളും ചട്ടങ്ങളും ഇവയാകുന്നു.2 നിങ്ങള്‍ കൈവശപ്പെടുത്തുന്ന ദേശത്തെ ജനതകള്‍ പര്‍വതങ്ങളിലും കുന്നുകളിലും വൃക്ഷച്ചുവട്ടിലും അവരുടെ ദേവന്മാരെ ആരാധിച്ചിരുന്ന സ്ഥാനങ്ങളെല്ലാം പൂര്‍ണമായി നശിപ്പിച്ചുകളയണം.
3 അവരുടെ യാഗപീഠങ്ങള്‍ ഇടിച്ചു നിരത്തണം; സ്തംഭങ്ങള്‍ തകര്‍ക്കണം; അവരുടെ അശേരാപ്രതിഷ്ഠകള്‍ തീയില്‍ ഇട്ടു ചുട്ടുകളയുകയും ദേവന്മാരുടെ കൊത്തുവിഗ്രഹങ്ങള്‍ ഉടച്ചുകളയുകയും വേണം. അങ്ങനെ ആ സ്ഥലങ്ങളില്‍നിന്ന് അവയുടെ നാമം നിശ്ശേഷം നീക്കപ്പെടണം.
4 അവിടെ പാര്‍ക്കുന്ന ജനതകള്‍ അവരുടെ ദേവന്മാരെ ആരാധിക്കുന്നതുപോലെയല്ല, നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ നിങ്ങള്‍ ആരാധിക്കേണ്ടത്.
5 നിങ്ങളുടെ എല്ലാ ഗോത്രങ്ങള്‍ക്കും നല്‌കിയിട്ടുള്ള പ്രദേശത്ത് തന്‍റെ നാമം സ്ഥാപിക്കുന്നതിനും തനിക്കു വസിക്കുന്നതിനും ഒരു സ്ഥലം നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ തിരഞ്ഞെടുക്കും. അവിടെ നിങ്ങള്‍ അവിടുത്തെ ആരാധിക്കണം.
6 അവിടെ നിങ്ങളുടെ ഹോമയാഗങ്ങളും മറ്റു യാഗങ്ങളും ദശാംശങ്ങളും വഴിപാടുകളും നേര്‍ച്ചകളും സ്വമേധാ നിവേദ്യങ്ങളും ആടുമാടുകളുടെ ആദ്യഫലവും സമര്‍പ്പിക്കണം.
7 അവിടെ നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ സന്നിധിയില്‍ നിങ്ങളും കുടുംബാംഗങ്ങളും ഭക്ഷിച്ച് ആനന്ദിക്കണം; നിങ്ങളുടെ സകല പ്രയത്നങ്ങളിലും നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങളെ അനുഗ്രഹിച്ചുവല്ലോ.
8 ഇന്നുവരെ നിങ്ങള്‍ അവരവര്‍ക്ക് ഇഷ്ടപ്പെട്ട മാതിരി ആരാധന നടത്തി.
9 നിങ്ങള്‍ സ്വസ്ഥമായി ജീവിക്കേണ്ടതിനു നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങള്‍ക്ക് അവകാശമായി തരുന്ന ദേശത്ത് നിങ്ങള്‍ പ്രവേശിച്ചുകഴിഞ്ഞിട്ടില്ലല്ലോ; അവിടെ ചെന്നുകഴിഞ്ഞാല്‍ നിങ്ങള്‍ യഥേഷ്ടം പ്രവര്‍ത്തിക്കാന്‍ പാടില്ല.
10 യോര്‍ദ്ദാന്‍ നദികടന്ന് നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങള്‍ക്ക് അവകാശമായി നല്‌കുന്ന ദേശത്തു നിങ്ങള്‍ പാര്‍ക്കും. സകല ശത്രുക്കളില്‍നിന്നും അവിടുന്നു നിങ്ങളെ സംരക്ഷിക്കും; നിങ്ങള്‍ അവിടെ സുരക്ഷിതരായി വസിക്കും.
11 അപ്പോള്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ തന്‍റെ നാമം സ്ഥാപിക്കാന്‍ ഒരു സ്ഥലം തിരഞ്ഞെടുക്കും. അവിടെ ഞാന്‍ നിങ്ങളോടു കല്പിച്ചിട്ടുള്ളതുപോലെ നിങ്ങളുടെ ഹോമയാഗങ്ങളും മറ്റു യാഗങ്ങളും ദശാംശങ്ങളും വഴിപാടുകളും നേര്‍ച്ചകളും സ്വമേധാനിവേദ്യങ്ങളും കൊണ്ടുവരണം.
12 നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ സന്നിധിയില്‍വച്ചു നിങ്ങളും നിങ്ങളുടെ പുത്രീപുത്രന്മാരും ദാസീദാസന്മാരും നിങ്ങളുടെ പട്ടണങ്ങളില്‍ പാര്‍ക്കുന്ന ലേവ്യരും ആനന്ദിക്കണം; നിങ്ങള്‍ക്കുള്ളതുപോലെ ലേവ്യര്‍ക്ക് ഓഹരിയും അവകാശവും നല്‌കിയിട്ടില്ലല്ലോ.
13 ഇഷ്ടമുള്ളിടത്തെവിടെയും നിങ്ങള്‍ ഹോമയാഗം അര്‍പ്പിച്ചുകൂടാ;
14 നിങ്ങളുടെ ഗോത്രങ്ങളില്‍ ഒന്നില്‍നിന്നു സര്‍വേശ്വരന്‍ തിരഞ്ഞെടുക്കുന്ന സ്ഥലത്തു വേണം നിങ്ങള്‍ ഹോമയാഗങ്ങള്‍ അര്‍പ്പിക്കാന്‍. ഞാന്‍ നിങ്ങളോടു കല്പിച്ചതെല്ലാം അനുഷ്ഠിക്കുകയും വേണം.
15 എന്നാല്‍ അവിടുന്ന് നിങ്ങള്‍ക്കു നല്‌കിയിരിക്കുന്ന മൃഗങ്ങളെ ഏതു പട്ടണത്തില്‍വച്ചും കൊന്ന് വേണ്ടിടത്തോളം ഭക്ഷിക്കാന്‍ നിങ്ങള്‍ക്കു സ്വാതന്ത്ര്യമുണ്ട്. ആചാരപരമായി ശുദ്ധരോ അശുദ്ധരോ എന്നു നോക്കാതെ കലമാനിന്‍റെയും പുള്ളിമാനിന്‍റെയും മാംസം എന്നപോലെ നിങ്ങള്‍ക്ക് അവ ഭക്ഷിക്കാം.
16 രക്തം മാത്രം ഭക്ഷിക്കരുത്; അതു വെള്ളംപോലെ നിലത്ത് ഒഴിച്ചുകളയണം.
17 ധാന്യം, വീഞ്ഞ്, എണ്ണ ഇവയുടെ ദശാംശവും നിങ്ങളുടെ ആടുമാടുകളുടെ കടിഞ്ഞൂലുകളും നിങ്ങളുടെ നേര്‍ച്ചകളും സ്വമേധാനിവേദ്യങ്ങളും വഴിപാടുകളും ഇങ്ങനെ ദൈവത്തിനു നിവേദിച്ചതൊന്നും നിങ്ങളുടെ പട്ടണങ്ങളില്‍വച്ചു ഭക്ഷിക്കരുത്.
18 നിങ്ങളും നിങ്ങളുടെ പുത്രന്മാരും പുത്രിമാരും ദാസീദാസന്മാരും നിങ്ങളുടെ പട്ടണങ്ങളിലുള്ള ലേവ്യരും ചേര്‍ന്നു നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ ആരാധിക്കാന്‍ അവിടുന്നു തിരഞ്ഞെടുക്കുന്ന സ്ഥലത്തുവച്ചു തന്നെ നിങ്ങള്‍ അവ ഭക്ഷിക്കണം. നിങ്ങളുടെ സകല പ്രവൃത്തികളെയും കുറിച്ചു നിങ്ങള്‍ ദൈവമായ സര്‍വേശ്വരന്‍റെ മുമ്പാകെ സന്തോഷിച്ചുകൊള്‍വിന്‍.
19 നിങ്ങളുടെ ദേശത്തു നിങ്ങള്‍ പാര്‍ക്കുന്നിടത്തോളം കാലം ലേവ്യരെ അവഗണിക്കരുത്.
20
നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ വാഗ്ദാനം ചെയ്തിട്ടുള്ളതുപോലെ നിങ്ങളുടെ ദേശം വിസ്തൃതമാക്കുമ്പോള്‍ നിങ്ങള്‍ക്കു വേണമെന്നു തോന്നുമ്പോഴെല്ലാം തൃപ്തിയാകുവോളം മാംസം ഭക്ഷിക്കാം.21 നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ തന്‍റെ ആരാധനയ്‍ക്ക് തിരഞ്ഞെടുക്കുന്ന സ്ഥലം വളരെ ദൂരെയാണെങ്കില്‍ അവിടുന്നു നിങ്ങള്‍ക്കു നല്‌കിയിട്ടുള്ള ആടുമാടുകളില്‍ ഏതിനെയെങ്കിലും
22 ഞാന്‍ പറഞ്ഞിട്ടുള്ളതുപോലെ കൊന്ന് ആചാരപരമായി ശുദ്ധാശുദ്ധഭേദം കൂടാതെ കലമാനെയോ പുള്ളിമാനെയോ ഭക്ഷിക്കുന്നതുപോലെ ആ മാംസം നിങ്ങളുടെ പട്ടണത്തില്‍വച്ചു യഥേഷ്ടം ഭക്ഷിക്കാം.
23 ഒരു കാര്യം ശ്രദ്ധിക്കുക: രക്തം മാത്രം ആഹാരമാക്കരുത്. രക്തം ജീവനാണല്ലോ; അതുകൊണ്ട് മാംസത്തോടൊപ്പം ജീവനും ഭക്ഷിക്കാന്‍ ഇടയാകരുത്.
24 രക്തം ആഹാരമാക്കാതെ വെള്ളം എന്നപോലെ അതു നിലത്ത് ഒഴിച്ചുകളയണം; അത് ഭക്ഷിക്കരുത്.
25 അങ്ങനെ സര്‍വേശ്വരന്‍റെ മുമ്പില്‍ ശരിയായുള്ളതു ചെയ്താല്‍ നിങ്ങള്‍ക്കും നിങ്ങള്‍ക്കുശേഷം നിങ്ങളുടെ മക്കള്‍ക്കും നന്മ ഭവിക്കും.
26 ദൈവത്തിനു സമര്‍പ്പിക്കേണ്ട വിശുദ്ധവസ്തുക്കളും നേര്‍ച്ചകാഴ്ചകളും അവിടുത്തെ ആരാധനയ്‍ക്ക് അവിടുന്നു തിരഞ്ഞെടുക്കുന്ന സ്ഥലത്തു കൊണ്ടുപോകണം.
27 അവിടെ സര്‍വേശ്വരന്‍റെ യാഗപീഠത്തില്‍ നിങ്ങളുടെ ഹോമയാഗങ്ങള്‍-മാംസവും രക്തവും-സമര്‍പ്പിക്കണം. യാഗവസ്തുവിന്‍റെ രക്തം നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ യാഗപീഠത്തില്‍ ഒഴിക്കണം; മാംസം നിങ്ങള്‍ക്കു ഭക്ഷിക്കാം.
28 ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം ശ്രദ്ധാപൂര്‍വം അനുസരിക്കുക; ദൈവമായ സര്‍വേശ്വരന്‍റെ ദൃഷ്‍ടിയില്‍ നല്ലതും ശരിയുമായ പ്രവൃത്തികള്‍ നിങ്ങള്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ക്കും നിങ്ങള്‍ക്കു ശേഷം നിങ്ങളുടെ മക്കള്‍ക്കും എല്ലാക്കാലത്തും നന്മ വരും.
29
“നിങ്ങള്‍ അധീനമാക്കുവാന്‍ പോകുന്ന ദേശത്തുള്ള ജനതകളെ സര്‍വേശ്വരന്‍ നിങ്ങളുടെ മുമ്പില്‍വച്ച് നശിപ്പിക്കും; നിങ്ങള്‍ അവരുടെ ദേശം കൈവശമാക്കി, അവിടെ കുടിപാര്‍ക്കും.30 ഈ ജനതകള്‍ നിങ്ങളുടെ മുമ്പില്‍വച്ചു സംഹരിക്കപ്പെട്ടുകഴിയുമ്പോള്‍, അവരെ അനുകരിച്ച് കെണിയില്‍പ്പെട്ട് അവരുടെ ദേവന്മാരെ ആരാധിക്കാന്‍ ഇടയാകാതെ ശ്രദ്ധിക്കണം. ഈ ജനതകള്‍ ചെയ്തതുപോലെ പ്രവര്‍ത്തിക്കാന്‍ അവര്‍ എങ്ങനെ തങ്ങളുടെ ദേവന്മാരെ ആരാധിച്ചു എന്നു നിങ്ങള്‍ അന്വേഷിക്കരുത്.
31 അവര്‍ ആരാധിച്ചിരുന്നതുപോലെ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ നിങ്ങള്‍ ആരാധിക്കരുത്. അവിടുന്നു വെറുക്കുന്ന മ്ലേച്ഛകാര്യങ്ങളാണ് തങ്ങളുടെ ദേവന്മാര്‍ക്കുവേണ്ടി അവര്‍ അനുഷ്ഠിച്ചുപോന്നത്. തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയുംപോലും അവര്‍ ദേവന്മാര്‍ക്കുവേണ്ടി ദഹിപ്പിച്ചുവല്ലോ.
32 ഞാന്‍ നിങ്ങളോടു കല്പിക്കുന്നവയെല്ലാം പാലിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തണം; ഒന്നും കൂട്ടുകയോ കുറയ്‍ക്കുകയോ ചെയ്യരുത്.
1
“നിങ്ങളുടെ ഇടയില്‍നിന്ന് ഒരു പ്രവാചകനോ സ്വപ്നവ്യാഖ്യാതാവോ എഴുന്നേറ്റ് ഒരു അടയാളമോ അദ്ഭുതമോ വാഗ്ദാനം ചെയ്യുകയും2 അയാള്‍ പറഞ്ഞതുപോലെ സംഭവിക്കുകയും ചെയ്താലും നിങ്ങള്‍ക്ക് ഇന്നോളം അജ്ഞാതനായിരുന്ന ദേവനെ നമുക്ക് അനുഗമിക്കാം, ആരാധിക്കാം എന്ന് അയാള്‍ പ്രലോഭിപ്പിച്ചാലും
3 നിങ്ങള്‍ ആ പ്രവാചകന്‍റെയോ സ്വപ്നവ്യാഖ്യാതാവിന്‍റെയോ വാക്കിനു വഴങ്ങരുത്. പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടും കൂടിയാണോ നിങ്ങള്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ സ്നേഹിക്കുന്നത് എന്ന് അവിടുന്ന് അയാളിലൂടെ നിങ്ങളെ പരീക്ഷിക്കുകയാണ്.
4 നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെയാണ് നിങ്ങള്‍ അനുസരിക്കുകയും ഭയപ്പെടുകയും ചെയ്യേണ്ടത്. അവിടുത്തെ വാക്ക് അനുസരിക്കുകയും അവിടുത്തെ കല്പനകള്‍ പാലിക്കുകയും അവിടുത്തെ ആരാധിക്കുകയും അവിടുത്തോട് വിശ്വസ്തരായി വര്‍ത്തിക്കുകയും വേണം.
5
ഈജിപ്തില്‍നിന്ന് നിങ്ങളെ വിമോചിപ്പിച്ചവനും അടിമവീട്ടില്‍നിന്ന് നിങ്ങളെ വീണ്ടെടുത്തവനുമായ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനോടു മത്സരിക്കാന്‍ നിങ്ങളോടു പറയുന്നതു പ്രവാചകനായാലും സ്വപ്നവ്യാഖ്യാതാവായാലും അയാളെ കൊന്നുകളയണം. അവിടുത്തെ വഴിയില്‍നിന്നു നിങ്ങളെ വ്യതിചലിപ്പിക്കാന്‍ അയാള്‍ ശ്രമിച്ചല്ലോ. അങ്ങനെ ആ തിന്മ നിങ്ങളുടെ ഇടയില്‍നിന്നു നീക്കിക്കളയണം.6 നിന്‍റെ സ്വന്തം സഹോദരനോ, പുത്രനോ, പുത്രിയോ നീ സ്നേഹിക്കുന്ന ഭാര്യയോ, ഉറ്റസുഹൃത്തോ “വരിക, നമുക്ക് മറ്റു ദേവന്മാരെ ആരാധിക്കാം” എന്നു പറഞ്ഞുകൊണ്ട് നിങ്ങളും നിങ്ങളുടെ പിതാക്കന്മാരും അറിഞ്ഞിട്ടില്ലാത്ത ദേവന്മാരെ ആരാധിക്കാന്‍ നിങ്ങളെ രഹസ്യമായി പ്രേരിപ്പിച്ചു എന്നു വരാം.
7 ആ ദേവന്മാര്‍ നിങ്ങള്‍ക്കു ചുറ്റും അടുത്തോ അകലെയോ ഉള്ള ജനതകളുടെ ദേവന്മാരായിരിക്കാം.
8 അവരുടെ പ്രലോഭനത്തിനു നിങ്ങള്‍ വഴങ്ങുകയോ അവരെ ശ്രദ്ധിക്കുകയോ ചെയ്യരുത്; അവരോടു കരുണയോ സഹതാപമോ കാണിക്കരുത്; അവരെ വെറുതെ വിടുകയോ സംരക്ഷിക്കുകയോ അരുത്.
9 അവരെ കൊന്നുകളയണം; അവരെ കല്ലെറിഞ്ഞു കൊല്ലാന്‍ നിങ്ങളുടെ കൈയാണ് ആദ്യം ഉയരേണ്ടത്;
10 പിന്നീട് സര്‍വജനത്തിന്‍റെയും അടിമവീടായ ഈജിപ്തില്‍നിന്നു നിങ്ങളെ വിമോചിപ്പിച്ചു കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ സര്‍വേശ്വരനില്‍ നിന്നു നിങ്ങളെ അകറ്റിക്കളയാന്‍ അവര്‍ ശ്രമിച്ചുവല്ലോ.
11 ഇസ്രായേല്‍ജനം ഈ വാര്‍ത്ത കേട്ടു നടുങ്ങണം.
12
മേലാല്‍ ആരും നിങ്ങളുടെ ഇടയില്‍ ഇത്തരം ദുഷ്കൃത്യം ചെയ്യരുത്.13 നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നല്‌കിയ പട്ടണങ്ങളില്‍ നിങ്ങള്‍ പാര്‍ക്കുമ്പോള്‍, നിങ്ങളുടെ കൂട്ടത്തില്‍ നീചരായ ചിലര്‍ അതുവരെ ആരാധിച്ചിട്ടില്ലാത്ത ദേവന്മാരെ ആരാധിക്കാന്‍ ആ പട്ടണവാസികളെ പ്രേരിപ്പിച്ചതായി കേള്‍ക്കാന്‍ ഇടയായേക്കാം.
14 അപ്പോള്‍ നിങ്ങള്‍ അതിനെപ്പറ്റി സൂക്ഷ്മമായി അന്വേഷിച്ച്, പരിശോധിച്ചു തെളിവെടുക്കണം; നിങ്ങളുടെ ഇടയില്‍ ഇത്തരം ഹീനകൃത്യം നടന്നെന്ന് തീര്‍ച്ചയായാല്‍
15 ആ പട്ടണത്തിലുള്ള സകല മനുഷ്യരെയും വാളിനിരയാക്കണം. അവിടെയുള്ള കന്നുകാലികളടക്കം സകല ജീവികളെയും വധിക്കണം.
16 അതിലെ വസ്തുവകകളെല്ലാം പൊതുസ്ഥലത്ത് കൂട്ടിയിട്ട് പട്ടണത്തോടൊപ്പം നിങ്ങളുടെ ദൈവമായ സര്‍വേശ്വരനു പൂര്‍ണഹോമയാഗമായി അവയെല്ലാം നിശ്ശേഷം ദഹിപ്പിക്കണം. അത് എന്നും പാഴ്ക്കൂനയായി കിടക്കണം; അത് വീണ്ടും പണിയപ്പെടരുത്.
17 ആ ശാപവസ്തുക്കളില്‍ ഒന്നും ആരും സ്വന്തമാക്കരുത്; അപ്പോള്‍ സര്‍വേശ്വരന്‍റെ കോപം നിങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറും. അവിടുന്നു നിങ്ങളോടു കരുണ കാണിക്കും. അവിടുന്നു നിങ്ങളില്‍ കനിഞ്ഞ് നിങ്ങളുടെ പിതാക്കന്മാരോടു വാഗ്ദാനം ചെയ്തിരുന്നതുപോലെ നിങ്ങളെ ഒരു വലിയ ജനതയാക്കും.
18 അതിനുവേണ്ടി ഞാന്‍ ഇന്നു നിങ്ങള്‍ക്കു നല്‌കുന്ന നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ കല്പനകള്‍ നിങ്ങള്‍ ശ്രദ്ധയോടെ പാലിക്കുകയും അവിടുത്തെ ദൃഷ്‍ടിയില്‍ നന്മയായതു പ്രവര്‍ത്തിക്കുകയും വേണം.
1
നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ മക്കളാണ് നിങ്ങള്‍. മരിച്ചവരെപ്രതി വിലപിക്കുമ്പോള്‍ സ്വയം മുറിവേല്പിക്കുകയോ, തലയുടെ മുന്‍ഭാഗം മുണ്ഡനം ചെയ്യുകയോ അരുത്.2 നിങ്ങള്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനുവേണ്ടി വേര്‍തിരിക്കപ്പെട്ട ജനം ആകുന്നു. ഭൂമിയിലെ സകല ജനതകളില്‍നിന്നും സ്വന്തം ജനമായി നിങ്ങളെ മാത്രം അവിടുന്നു തിരഞ്ഞെടുത്തു.
3
അശുദ്ധമായതൊന്നും നിങ്ങള്‍ ഭക്ഷിക്കരുത്.4 നിങ്ങള്‍ക്ക് ഭക്ഷിക്കാവുന്ന മൃഗങ്ങള്‍ ഇവയാണ്:
5 കാള, ചെമ്മരിയാട്, കോലാട്, കലമാന്‍, പുള്ളിമാന്‍, കടമാന്‍, കാട്ടാട്, ചെറുമാന്‍, മലയാട്, കവരിമാന്‍.
6 ഇരട്ടക്കുളമ്പുകളുള്ളവയും അയവിറക്കുന്നവയുമായ എല്ലാ മൃഗങ്ങളെയും നിങ്ങള്‍ക്കു ഭക്ഷിക്കാം;
7 എന്നാല്‍ അയവിറക്കാത്തവയും ഇരട്ടക്കുളമ്പുകളില്ലാത്തവയുമായ ഒരു മൃഗത്തെയും ഭക്ഷിക്കരുത്. ഒട്ടകവും മുയലും കുഴിമുയലും അയവിറക്കുന്നവ എങ്കിലും ഇരട്ടക്കുളമ്പുള്ളവയല്ല; അതുകൊണ്ട് അവ നിങ്ങള്‍ക്ക് അശുദ്ധമാണ്.
8 പന്നി ഇരട്ടക്കുളമ്പുള്ളതാണെങ്കിലും അയവിറക്കുന്നില്ല; അതുകൊണ്ട് അതിനെ ഭക്ഷിക്കരുത്; അതു നിങ്ങള്‍ക്ക് അശുദ്ധമാണ്. ഈ മൃഗങ്ങളുടെ മാംസം നിങ്ങള്‍ ഭക്ഷിക്കുകയോ അവയുടെ പിണം സ്പര്‍ശിക്കുകയോ അരുത്.
9 ചെതുമ്പലും ചിറകുമുള്ള സകല മത്സ്യങ്ങളെയും നിങ്ങള്‍ക്കു ഭക്ഷിക്കാം;
10 എന്നാല്‍ ചെതുമ്പലും ചിറകും ഇല്ലാത്തവയെ നിങ്ങള്‍ ഭക്ഷിക്കരുത്; അതു നിങ്ങള്‍ക്ക് അശുദ്ധമാകുന്നു.
11
ശുദ്ധിയുള്ള സകല പക്ഷികളെയും നിങ്ങള്‍ക്കു ഭക്ഷിക്കാം;12 നിങ്ങള്‍ക്കു ഭക്ഷ്യമല്ലാത്ത പക്ഷികള്‍ ഇവയാണ്: കടല്‍റാഞ്ചി, ചെമ്പരുന്ത്,
13 കഴുകന്‍, ചെങ്ങാലിപ്പരുന്ത്, ഗൃദ്ധ്രം,
14 മറ്റു പരുന്തുവര്‍ഗങ്ങള്‍, കാക്കയുടെ വര്‍ഗങ്ങളെല്ലാം,
15 ഒട്ടകപ്പക്ഷി, പുള്ള്, കടല്‍ക്കാക്ക, പ്രാപ്പിടിയന്‍വര്‍ഗങ്ങള്‍,
16 നത്ത്, കൂമന്‍, മൂങ്ങ, വേഴാമ്പല്‍,
17 കുടുമ്മച്ചാത്തന്‍, നീര്‍ക്കാക്ക, പെരുംഞാറ,
18 കൊക്കുവര്‍ഗങ്ങള്‍, കുളക്കോഴി, നരിച്ചീര്‍.
19
ചിറകുള്ള പ്രാണികള്‍ നിങ്ങള്‍ക്ക് അശുദ്ധമാകുന്നു;20 അവയെ ഭക്ഷിക്കരുത്; ശുദ്ധിയുള്ള പക്ഷികളെയെല്ലാം നിങ്ങള്‍ക്കു ഭക്ഷിക്കാം.
21
തനിയെ ചത്ത ഒന്നിനെയും ഭക്ഷിക്കരുത്; നിങ്ങളുടെ പട്ടണങ്ങളില്‍ പാര്‍ക്കുന്ന പരദേശികള്‍ക്ക് അതിനെ കൊടുക്കാം. അവര്‍ തിന്നുകൊള്ളട്ടെ; അല്ലെങ്കില്‍ മറ്റു പരദേശികള്‍ക്കതിനെ വില്‌ക്കാം. നിങ്ങളുടെ ദൈവമായ സര്‍വേശ്വരനുവേണ്ടി വേര്‍തിരിക്കപ്പെട്ട ജനതയാകുന്നുവല്ലോ നിങ്ങള്‍. ആട്ടിന്‍കുട്ടിയെ അതിന്‍റെ തള്ളയുടെ പാലില്‍ വേവിക്കരുത്.22
ആണ്ടുതോറും നിങ്ങളുടെ വയലുകളിലുണ്ടാകുന്ന വിളവുകളുടെ ദശാംശം മാറ്റിവയ്‍ക്കണം. നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ അവിടുത്തെ നാമം സ്ഥാപിക്കാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലത്തു പോയി;23 നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ സന്നിധിയില്‍വച്ചു ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയുടെ ദശാംശം, ആടുമാടുകളിലെ കടിഞ്ഞൂലുകള്‍ എന്നിവ നിങ്ങള്‍ ഭക്ഷിക്കണം. അങ്ങനെ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ സദാ ഭയപ്പെടാന്‍ നിങ്ങള്‍ പഠിക്കും.
24 അവിടുത്തെ അനുഗ്രഹത്താല്‍ നിങ്ങള്‍ക്കുണ്ടായ വിളവുകളുടെ ആദ്യഫലം എത്തിക്കാന്‍ കഴിയാത്തത്ര ദൂരത്തിലാണ് തന്‍റെ നാമം സ്ഥാപിക്കാന്‍ അവിടുന്ന് തിരഞ്ഞെടുത്ത സ്ഥലമെങ്കില്‍ നിങ്ങള്‍ ഇങ്ങനെ ചെയ്യണം.
25 വേര്‍തിരിച്ച സാധനങ്ങള്‍ വിറ്റുകിട്ടുന്ന പണവുമായി നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ തന്‍റെ നാമം സ്ഥാപിക്കാന്‍ തിരഞ്ഞെടുത്തിരിക്കുന്ന സ്ഥലത്തേക്ക് നിങ്ങള്‍ പോകണം.
26 ആ പണംകൊണ്ട് കാള, ആട്, വീഞ്ഞ്, മദ്യം എന്നിങ്ങനെ നിങ്ങള്‍ക്ക് ഇഷ്ടമുള്ളതെന്തെങ്കിലും വാങ്ങി നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ സന്നിധിയില്‍വച്ചു നിങ്ങളും നിങ്ങളുടെ കുടുംബാംഗങ്ങളും ഭക്ഷിച്ച് ആനന്ദിക്കണം.
27 അപ്പോള്‍ നിങ്ങളുടെ പട്ടണങ്ങളിലുള്ള ലേവ്യരെ മറന്നുകളയരുത്. നിങ്ങളെപ്പോലെ അവര്‍ക്ക് ഓഹരിയും അവകാശവും ഇല്ലല്ലോ.
28
ഓരോ മൂന്നാം വര്‍ഷത്തിന്‍റെയും അവസാനം ആ വര്‍ഷത്തില്‍ ലഭിക്കുന്ന വിളവിന്‍റെ ദശാംശം ശേഖരിച്ചു നിങ്ങളുടെ പട്ടണങ്ങളില്‍ സംഭരിക്കണം;29 അതു നിങ്ങളോടുകൂടെ അവകാശവും ഓഹരിയും ലഭിച്ചിട്ടില്ലാത്ത ലേവ്യര്‍ക്കും നിങ്ങളുടെ പട്ടണങ്ങളില്‍ പാര്‍ക്കുന്ന പരദേശികള്‍ക്കും അനാഥര്‍ക്കും വിധവകള്‍ക്കും വേണ്ടിയുള്ളതാണ്. അവര്‍ ഭക്ഷിച്ചു തൃപ്തരാകട്ടെ; അപ്പോള്‍ നിങ്ങള്‍ ചെയ്യുന്ന സകല പ്രയത്നത്തെയും നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ അനുഗ്രഹിക്കും.
1
ഓരോ ഏഴാം വര്‍ഷത്തിന്‍റെയും അവസാനം കടങ്ങള്‍ ഇളച്ചുകൊടുക്കണം. അത് ഇങ്ങനെയാണ് ചെയ്യേണ്ടത്.2 അയല്‍ക്കാരനു കൊടുത്ത കടം പൂര്‍ണമായി ഇളവുചെയ്യണം. സര്‍വേശ്വരന്‍റെ വിമോചനം പ്രഖ്യാപിച്ചിരിക്കെ അയല്‍ക്കാരനോ സ്വന്തം സഹോദരനോ നിങ്ങളില്‍നിന്നു കടം വാങ്ങിയത് മടക്കിത്തരാന്‍ ആവശ്യപ്പെടരുത്.
3 കടം വീട്ടാന്‍ പരദേശിയോട് ആവശ്യപ്പെടാം; എന്നാല്‍ നിങ്ങളുടേത് എന്തെങ്കിലും സ്വന്തസഹോദരന്‍റെ പക്കലുണ്ടെങ്കില്‍ അത് ഇളച്ചുകൊടുക്കണം.
4 നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങള്‍ക്ക് അവകാശമായി നല്‌കാന്‍ പോകുന്ന ദേശത്ത് നിങ്ങള്‍ അവിടുത്തെ അനുസരിക്കുകയും ഞാന്‍ ഇന്നു നല്‌കുന്ന കല്പനകള്‍ പാലിക്കുകയും ചെയ്താല്‍ നിങ്ങളുടെ ഇടയില്‍ ദരിദ്രര്‍ ഉണ്ടാകുകയില്ല.
5 അവിടുന്ന് നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കും.
6 നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ വാഗ്ദാനം ചെയ്തിട്ടുള്ളതുപോലെ നിങ്ങളെ അനുഗ്രഹിക്കും. നിങ്ങള്‍ അനേകം ജനതകള്‍ക്കു വായ്പ നല്‌കും; എന്നാല്‍ നിങ്ങള്‍ക്കു വായ്പ വാങ്ങേണ്ടി വരികയില്ല. നിങ്ങള്‍ അനേകം ജനതകളെ ഭരിക്കും; എന്നാല്‍ ആരും നിങ്ങളെ ഭരിക്കുകയില്ല.
7
നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങള്‍ക്കു നല്‌കാന്‍ പോകുന്ന ദേശത്തിലുള്ള ഏതെങ്കിലും പട്ടണത്തില്‍ സ്വജനത്തില്‍ ഒരുവന്‍ ദരിദ്രനാണെങ്കില്‍ അവന് ആവശ്യമായ സഹായം നല്‌കാതിരിക്കുകയോ, അവനോടു കഠിനഹൃദയനായി പെരുമാറുകയോ ചെയ്യരുത്.8 അവന് ആവശ്യമുള്ളതെന്തും ഉദാരമായി വായ്പ കൊടുക്കണം.
9 വിമോചനവര്‍ഷമായ ഏഴാം വര്‍ഷം അടുത്തിരിക്കുന്നു എന്നു കരുതി അവനെ സഹായിക്കാന്‍ മടിക്കരുത്. അങ്ങനെയൊരു ദുഷ്ടചിന്ത നിങ്ങളുടെ മനസ്സില്‍ ഉണ്ടാകുകപോലും അരുത്. അയാള്‍ക്ക് കടം കൊടുക്കാതിരുന്നാല്‍ അയാള്‍ നിങ്ങള്‍ക്ക് എതിരായി സര്‍വേശ്വരനോടു നിലവിളിക്കും; അതു നിങ്ങള്‍ക്ക് പാപമായിത്തീരുകയും ചെയ്യും.
10 നിങ്ങള്‍ ഉദാരമായി അയാള്‍ക്ക് കൊടുക്കുക; കൊടുക്കുന്നതില്‍ ഖേദം തോന്നരുത്. നിങ്ങളുടെ സകല പ്രയത്നങ്ങളിലും നിങ്ങളുടെ എല്ലാ സംരംഭങ്ങളിലും അവിടുന്ന് നിങ്ങളെ അനുഗ്രഹിക്കും.
11 ദരിദ്രര്‍ ദേശത്ത് എന്നും ഉണ്ടായിരിക്കും; അതുകൊണ്ട് നിങ്ങളുടെ ദേശത്തു വസിക്കുന്ന സഹോദരനെയും ദരിദ്രനെയും അഗതിയെയും കൈ തുറന്നു സഹായിക്കണമെന്നു ഞാന്‍ ആജ്ഞാപിക്കുന്നു;
12
നിങ്ങളുടെ സ്വജനമായ എബ്രായ പുരുഷനോ സ്‍ത്രീയോ നിങ്ങള്‍ക്ക് വില്‍ക്കപ്പെടുകയും ആറു വര്‍ഷം അയാള്‍ നിങ്ങളെ സേവിക്കുകയും ചെയ്താല്‍ ഏഴാം വര്‍ഷം അയാളെ സ്വതന്ത്രനാക്കണം.13 സ്വാതന്ത്ര്യം നല്‌കി അയയ്‍ക്കുമ്പോള്‍ അയാളെ വെറുംകൈയോടെ അയയ്‍ക്കരുത്.
14 നിങ്ങളുടെ ആട്ടിന്‍പറ്റത്തില്‍നിന്നും മെതിക്കളത്തില്‍നിന്നും മുന്തിരിച്ചക്കില്‍നിന്നും അയാള്‍ക്ക് ഉദാരമായി ദാനംചെയ്യണം. നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങളെ അനുഗ്രഹിച്ചതിനൊത്തവിധം നിങ്ങള്‍ അയാള്‍ക്കു കൊടുക്കണം.
15 ഈജിപ്തില്‍ നിങ്ങള്‍ അടിമകളായിരുന്നു എന്നും നിങ്ങളുടെ ദൈവമായ സര്‍വേശ്വരനാണ് നിങ്ങളെ രക്ഷിച്ചതെന്നും ഓര്‍ത്തുകൊള്‍ക; അതുകൊണ്ടാണ് ഈ കാര്യം ഞാന്‍ ഇന്നു നിങ്ങളോടു കല്പിക്കുന്നത്.
16 നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും സ്നേഹിക്കുകയും നിങ്ങളുടെ കുടുംബത്തില്‍ സംതൃപ്തനായി കഴിയുകയും ചെയ്യുന്നതുകൊണ്ടു നിങ്ങളെ വിട്ടുപോകുന്നില്ലെന്ന് അയാള്‍ പറഞ്ഞാല്‍
17 അയാളെ വീടിന്‍റെ വാതില്‍ക്കല്‍ കൊണ്ടുവന്ന് അയാളുടെ കാത് വാതിലിനോടു ചേര്‍ത്തുവച്ച് സൂചികൊണ്ട് തുളയ്‍ക്കണം; പിന്നീട് അയാള്‍ എന്നും നിനക്കു ദാസനായിരിക്കും; ദാസിയുടെ കാര്യത്തിലും അങ്ങനെതന്നെ ചെയ്യണം.
18 അടിമയെ സ്വതന്ത്രനാക്കുമ്പോള്‍ നിനക്കു പ്രയാസം തോന്നരുത്; ഒരു കൂലിക്കാരനു നല്‌കേണ്ടതിന്‍റെ പകുതി വേതനത്തിന് അയാള്‍ ആറുവര്‍ഷം നിനക്കുവേണ്ടി ജോലി ചെയ്തല്ലോ. നിങ്ങളുടെ സകല പ്രവൃത്തികളിലും നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങളെ അനുഗ്രഹിക്കും.
19
ആടുമാടുകളുടെ ആണ്‍കടിഞ്ഞൂലുകളെയെല്ലാം നിങ്ങളുടെ ദൈവമായ സര്‍വേശ്വരനു വേര്‍തിരിക്കണം. കടിഞ്ഞൂല്‍ കാളകളെക്കൊണ്ടു വേല ചെയ്യിക്കരുത്; കടിഞ്ഞൂല്‍ ആടുകളുടെ രോമം കത്രിക്കുകയും അരുത്.20 അവിടുന്ന് തിരഞ്ഞെടുക്കുന്ന സ്ഥലത്ത് നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ സന്നിധിയില്‍ നിങ്ങളും നിങ്ങളുടെ കുടുംബാംഗങ്ങളും എല്ലാ വര്‍ഷവും അവയെ ഭക്ഷിക്കണം.
21 എന്നാല്‍ അതിനു മുടന്തോ അന്ധതയോ മറ്റെന്തെങ്കിലും ന്യൂനതയോ ഉണ്ടായിരുന്നാല്‍ അതിനെ നിങ്ങളുടെ ദൈവമായ സര്‍വേശ്വരന് യാഗമായി അര്‍പ്പിക്കരുത്.
22 അങ്ങനെയുള്ള മൃഗങ്ങളെ നിങ്ങളുടെ പട്ടണത്തില്‍വച്ചു ഭക്ഷിക്കണം; പുള്ളിമാനെയും കലമാനെയും ഭക്ഷിക്കുന്നതുപോലെ ആചാരപരമായ ശുദ്ധാശുദ്ധഭേദംകൂടാതെ എല്ലാവര്‍ക്കും അതു ഭക്ഷിക്കാം.
23 അതിന്‍റെ രക്തം മാത്രം ഭക്ഷിക്കരുത്; വെള്ളംപോലെ അതു നിലത്ത് ഒഴിച്ചുകളയണം.
1
ആബീബ്മാസത്തില്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരന് പെസഹ ആചരിക്കണം; ആബീബ്മാസത്തിലെ ഒരു രാത്രിയിലായിരുന്നല്ലോ അവിടുന്നു നിങ്ങളെ ഈജിപ്തില്‍നിന്ന് വിമോചിപ്പിച്ചത്.2 തന്‍റെ നാമം സ്ഥാപിക്കാന്‍ സര്‍വേശ്വരന്‍ തിരഞ്ഞെടുക്കുന്ന സ്ഥലത്തു ചെന്ന് അവിടെവച്ചു നിങ്ങളുടെ ആടുമാടുകളെ അവിടുത്തേക്ക് പെസഹായാഗമായി അര്‍പ്പിക്കണം.
3 അതു പുളിപ്പുള്ള അപ്പത്തോടുകൂടി ഭക്ഷിക്കരുത്; കഷ്ടതയുടെ അപ്പമായ പുളിപ്പില്ലാത്ത അപ്പം അതിന്‍റെകൂടെ ഏഴു ദിവസം ഭക്ഷിക്കണം. തിടുക്കത്തില്‍ ആയിരുന്നല്ലോ നിങ്ങള്‍ ഈജിപ്തുവിട്ടുപോന്നത്; നിങ്ങള്‍ ഈജിപ്തില്‍നിന്നും പുറപ്പെട്ട ദിവസം ആയുഷ്കാലം മുഴുവന്‍ ഓര്‍ക്കാന്‍ അത് ഇടയാക്കും.
4 ഏഴു ദിവസത്തേക്ക് നിങ്ങളുടെ ദേശത്ത് ഒരിടത്തും പുളിമാവ് കാണരുത്; ഒന്നാം ദിവസം സായാഹ്നത്തില്‍ യാഗമര്‍പ്പിച്ച മാംസത്തില്‍ അല്പംപോലും പിറ്റേ പ്രഭാതത്തിലേക്ക് അവശേഷിക്കരുത്.
5 നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങള്‍ക്കു നല്‌കിയ ഏതെങ്കിലും പട്ടണത്തില്‍വച്ച് പെസഹായാഗം അര്‍പ്പിച്ചാല്‍ പോരാ;
6 തന്‍റെ നാമം വഹിക്കാന്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ തിരഞ്ഞെടുത്ത സ്ഥലത്തുവച്ചുതന്നെ അത് അര്‍പ്പിക്കണം. സായാഹ്നത്തില്‍ സൂര്യന്‍ അസ്തമിക്കുമ്പോള്‍ നിങ്ങള്‍ ഈജിപ്തില്‍നിന്നു രക്ഷപ്രാപിച്ച നേരത്തുതന്നെ അത് അര്‍പ്പിക്കണം.
7 നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവച്ചുതന്നെ അതിനെ പാകം ചെയ്ത് ഭക്ഷിച്ചശേഷം പിറ്റേദിവസം രാവിലെ സ്വന്തം കൂടാരങ്ങളിലേക്ക് നിങ്ങള്‍ക്കു മടങ്ങിപ്പോകാം.
8 ആറു ദിവസം പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം; ഏഴാം ദിവസം നിങ്ങളുടെ ദൈവമായ സര്‍വേശ്വരനുവേണ്ടി ഭയഭക്തിപൂര്‍വം നിങ്ങള്‍ ഒരുമിച്ചുകൂടണം; അന്നു നിങ്ങള്‍ ഒരു ജോലിയും ചെയ്യരുത്.
9
കൊയ്ത്ത് ആരംഭിക്കുന്നതു മുതലുള്ള ഏഴാഴ്ച കണക്കാക്കണം.10 ദൈവമായ സര്‍വേശ്വരന്‍ നിങ്ങളെ അനുഗ്രഹിച്ചതിന് തക്കവിധം നിങ്ങളുടെ സ്വമേധാദാനങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് അവിടുത്തേക്ക് വാരോത്സവം ആചരിക്കണം.
11 നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ തന്‍റെ നാമം സ്ഥാപിക്കാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവച്ച് നിങ്ങളും നിങ്ങളുടെ പുത്രീപുത്രന്മാരും ദാസീദാസന്മാരും നിങ്ങളുടെ പട്ടണങ്ങളില്‍ വസിക്കുന്ന ലേവ്യരും പരദേശികളും അനാഥരും വിധവമാരുമെല്ലാം സര്‍വേശ്വരന്‍റെ സന്നിധിയില്‍ സമ്മേളിച്ച് ആനന്ദിക്കണം.
12 നിങ്ങള്‍ ഈജിപ്തില്‍ അടിമകളായിരുന്നു എന്നു സ്മരിച്ചുകൊണ്ട് ഈ കല്പനകളെല്ലാം നിങ്ങള്‍ ശ്രദ്ധയോടെ പാലിക്കുക.
13
മെതിക്കളത്തില്‍നിന്നു ധാന്യവും മുന്തിരിച്ചക്കില്‍നിന്നു വീഞ്ഞും ശേഖരിച്ചുകഴിയുമ്പോള്‍ ഏഴു ദിവസത്തേക്കു നിങ്ങള്‍ കൂടാരപ്പെരുന്നാള്‍ ആചരിക്കണം.14 ഈ പെരുന്നാളില്‍ നിങ്ങളും പുത്രീപുത്രന്മാരും ദാസീദാസന്മാരും നിങ്ങളുടെ പട്ടണങ്ങളില്‍ വസിക്കുന്ന ലേവ്യരും പരദേശികളും അനാഥരും വിധവമാരും എല്ലാം ഉല്ലസിക്കണം.
15 സര്‍വേശ്വരന്‍ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവച്ചു നിങ്ങളുടെ ദൈവമായ സര്‍വേശ്വരന് ഏഴു ദിവസത്തേക്കാണ് ഉത്സവം ആചരിക്കേണ്ടത്. നിങ്ങളുടെ വിളവുകളിലും സകല അധ്വാനങ്ങളിലും അവിടുന്നു നിങ്ങളെ അനുഗ്രഹിക്കും; അതുകൊണ്ട് നിങ്ങള്‍ സന്തോഷിക്കണം.
16 പെസഹ, വാരോത്സവം, കൂടാരപ്പെരുന്നാള്‍ ഈ മൂന്ന് ഉത്സവകാലങ്ങളിലും പുരുഷന്മാരെല്ലാവരും സര്‍വേശ്വരന്‍ തിരഞ്ഞെടുക്കുന്ന സ്ഥലത്തു വര്‍ഷംതോറും ഒന്നിച്ചു കൂടണം. എന്നാല്‍ അവിടുത്തെ സന്നിധിയില്‍ അവര്‍ വെറുംകൈയോടെ ചെല്ലരുത്.
17 നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങളെ അനുഗ്രഹിച്ചതിനൊത്തവിധം നിങ്ങള്‍ സ്വമേധാദാനങ്ങള്‍ കൊണ്ടുചെല്ലണം.
18
നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങള്‍ക്കു നല്‌കുന്ന പട്ടണങ്ങളില്‍ ഓരോ ഗോത്രത്തിനും പ്രത്യേകം ന്യായാധിപന്മാരെയും ചുമതലക്കാരെയും നിയമിക്കണം. അവര്‍ നീതിപൂര്‍വമായ വിധികളാല്‍ ജനത്തിനു ന്യായപാലനം നടത്തണം.19 അവരുടെ വിധികള്‍ നീതിവിരുദ്ധമോ പക്ഷപാതപരമോ ആയിരിക്കരുത്. അവര്‍ കൈക്കൂലിക്കാര്‍ ആവുകയും അരുത്. കോഴ, ജ്ഞാനികളെപ്പോലും അന്ധരാക്കുകയും ന്യായം വിട്ടു വിധിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
20 എല്ലായ്പോഴും നീതിയും ന്യായവും പാലിക്കുക; അങ്ങനെയെങ്കില്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങള്‍ക്കു നല്‌കുന്ന ദേശം നിങ്ങള്‍ കൈവശമാക്കി അവിടെ ദീര്‍ഘകാലം വസിക്കും.
21
നിങ്ങളുടെ ദൈവമായ സര്‍വേശ്വരനു യാഗപീഠം പണിയുമ്പോള്‍ അതിനടുത്ത് അശേരാപ്രതിഷ്ഠയായി വൃക്ഷങ്ങളൊന്നും നടരുത്;22 അവിടുന്നു വെറുക്കുന്ന സ്തംഭങ്ങള്‍ നാട്ടുകയും അരുത്.
1
വൈകല്യമുള്ള കാളയെയോ ആടിനെയോ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനു യാഗമായി അര്‍പ്പിക്കരുത്; അതു സര്‍വേശ്വരനു വെറുപ്പാണ്.2
അവിടുന്നു നിങ്ങള്‍ക്കു നല്‌കുന്ന ഏതെങ്കിലും പട്ടണത്തില്‍വച്ച് ആരെങ്കിലും പുരുഷനോ സ്‍ത്രീയോ അവിടുത്തെ സന്നിധിയില്‍ തിന്മ ചെയ്ത്3 അവിടുത്തെ ഉടമ്പടി ലംഘിക്കുകയും അവിടുത്തെ കല്പനയ്‍ക്കു വിരുദ്ധമായി മറ്റു ദേവന്മാരെയോ സൂര്യനെയോ ചന്ദ്രനെയോ നക്ഷത്രങ്ങളെയോ ആരാധിക്കുകയും സേവിക്കുകയും ചെയ്തു എന്ന് അറിഞ്ഞാല്‍ നിങ്ങള്‍ അതിനെപ്പറ്റി വിശദമായി അന്വേഷിക്കണം.
4 ഇസ്രായേലില്‍ ഇങ്ങനെയൊരു മ്ലേച്ഛകാര്യം നടന്നതായി തെളിഞ്ഞാല്‍
5 ആ ദുഷ്ടത പ്രവര്‍ത്തിച്ചയാളെ സ്‍ത്രീയായാലും പുരുഷനായാലും പട്ടണത്തിന്‍റെ പുറത്തു കൊണ്ടുപോയി കല്ലെറിഞ്ഞു കൊല്ലണം.
6 രണ്ടോ മൂന്നോ ആളുകളുടെ സാക്ഷ്യത്തെളിവിന്മേല്‍ മാത്രമേ വധശിക്ഷ നല്‌കാവൂ. ഒരു സാക്ഷിയുടെ മാത്രം മൊഴിയെ അടിസ്ഥാനമാക്കി വധിക്കരുത്;
7 അവനെ വധിക്കാന്‍വേണ്ടി ആദ്യം സാക്ഷികളും പിന്നീട് മറ്റു ജനങ്ങളും കല്ലെറിയണം. ഇപ്രകാരം നിങ്ങളുടെ ഇടയില്‍നിന്ന് ആ തിന്മ നീക്കിക്കളയണം.
8
നിങ്ങളുടെ പട്ടണങ്ങളില്‍ കൊലപാതകം, അടിപിടി, നിയമപരമായ അവകാശവാദങ്ങള്‍ എന്നിവയെ സംബന്ധിച്ചുണ്ടാകുന്ന പരാതികള്‍ക്കു തീര്‍പ്പു കല്പിക്കാന്‍ നിങ്ങളുടെ ന്യായാധിപന്മാര്‍ക്ക് ബുദ്ധിമുട്ടുണ്ടായാല്‍, നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ തന്നെ ആരാധിക്കാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലത്തു പോകണം.9 അവിടെയുള്ള ലേവ്യരായ പുരോഹിതന്മാരുടെയും അപ്പോഴത്തെ ന്യായാധിപന്‍റെയും അടുക്കല്‍ വന്ന് ആലോചിക്കണം; അവര്‍ അതിനു തീര്‍പ്പു കല്പിക്കും.
10 അവരുടെ വിധി നിങ്ങള്‍ അനുസരിക്കണം; അവരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ ശ്രദ്ധിക്കണം;
11 അവര്‍ നല്‌കുന്ന നിര്‍ദ്ദേശങ്ങള്‍ക്കും അവരുടെ വിധിക്കും അനുസൃതമായി നിങ്ങള്‍ പ്രവര്‍ത്തിക്കണം; അവര്‍ കല്പിക്കുന്ന തീര്‍പ്പില്‍നിന്ന് ഇടംവലം വ്യതിചലിക്കരുത്.
12 ന്യായാധിപനെയോ, നിങ്ങളുടെ ദൈവമായ സര്‍വേശ്വരനു ശുശ്രൂഷ ചെയ്യുന്ന പുരോഹിതനെയോ അനുസരിക്കാത്ത ഏതൊരുവനെയും വധിക്കണം. ഇങ്ങനെ ഇസ്രായേലില്‍നിന്ന് ആ തിന്മ നീക്കിക്കളയണം;
13 ജനം ഈ വാര്‍ത്ത കേട്ട് ഭയപ്പെടും; അവര്‍ പിന്നീട് ധിക്കാരത്തോടെ പെരുമാറുകയില്ല.
14
നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നല്‌കുന്ന ദേശം കൈവശപ്പെടുത്തി അവിടെ വാസമുറപ്പിക്കുമ്പോള്‍ നിങ്ങളുടെ ചുറ്റുപാടുമുള്ള ജനതകള്‍ക്കുള്ളതുപോലെ ‘ഞങ്ങള്‍ക്കും ഒരു രാജാവു വേണം’ എന്നു നിങ്ങള്‍ പറയും.15 അപ്പോള്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ തിരഞ്ഞെടുക്കുന്ന ആളിനെത്തന്നെ, നിങ്ങളുടെ രാജാവായി വാഴിക്കണം. അദ്ദേഹം നിങ്ങളുടെ സഹോദരന്മാരില്‍ ഒരാളായിരിക്കണം; ഒരിക്കലും പരദേശി ആയിരിക്കരുത്.
16 നിങ്ങളുടെ രാജാവ് കുതിരകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഇടയാകരുത്; കൂടുതല്‍ കുതിരകളെ സമ്പാദിക്കാനുള്ള ശ്രമത്തില്‍ ജനം ഈജിപ്തിലേക്കു മടങ്ങിപ്പോകാന്‍ അദ്ദേഹം ഇടവരുത്തുകയും അരുത്. മേലാല്‍ ആ വഴിക്ക് തിരിയെ പോകരുതെന്ന് അവിടുന്നു കല്പിച്ചിട്ടുണ്ടല്ലോ.
17 രാജാവിന് അനേകം ഭാര്യമാര്‍ ഉണ്ടായിരിക്കരുത്; അങ്ങനെ ആയാല്‍ അദ്ദേഹത്തിന്‍റെ ഹൃദയം വഴിതെറ്റിപ്പോകും. അദ്ദേഹം പൊന്നും വെള്ളിയും അധികമായി സമ്പാദിക്കരുത്;
18 അദ്ദേഹം സിംഹാസനസ്ഥനാകുമ്പോള്‍ ലേവ്യപുരോഹിതന്മാര്‍ സൂക്ഷിച്ചിരിക്കുന്ന നിയമസംഹിതയുടെ പകര്‍പ്പ് ഒരു പുസ്തകച്ചുരുളില്‍ എഴുതി എടുക്കണം.
19 ദൈവമായ സര്‍വേശ്വരനെ ഭയപ്പെടാനും ഈ പുസ്തകത്തിലെ അനുശാസനങ്ങള്‍ ശ്രദ്ധയോടെ പാലിക്കാനും വേണ്ടി, ഈ പുസ്‍തകം അദ്ദേഹം സൂക്ഷിക്കുകയും ആയുഷ്കാലം മുഴുവന്‍ ദിനംപ്രതി വായിക്കുകയും വേണം.
20 മറ്റ് ഇസ്രായേല്യരില്‍നിന്നു താന്‍ ഉയര്‍ന്നവനല്ലെന്നു ചിന്തിക്കാനും അവിടുത്തെ കല്പനകളില്‍നിന്ന് ഇടംവലം തിരിയാതിരിക്കാനും അതു സഹായിക്കും. അങ്ങനെ അദ്ദേഹവും അദ്ദേഹത്തിന്‍റെ സന്തതികളും ഇസ്രായേലില്‍ ദീര്‍ഘകാലം വാഴാന്‍ ഇടയാകും.
1
ലേവ്യരായ പുരോഹിതന്മാര്‍ക്കും ലേവിഗോത്രത്തിനും മറ്റ് ഇസ്രായേല്യഗോത്രങ്ങള്‍ക്കുള്ളതുപോലെ സ്വന്തമായി ഓഹരിയും അവകാശവും ഉണ്ടായിരിക്കരുത്; സര്‍വേശ്വരന് അര്‍പ്പിക്കുന്ന യാഗങ്ങള്‍കൊണ്ടും അവിടുത്തേക്കുള്ള വഴിപാടുകള്‍കൊണ്ടും അവര്‍ ജീവിക്കണം.2 തങ്ങളുടെ സഹോദരന്മാര്‍ക്ക് ഉള്ളതുപോലെ അവര്‍ക്ക് അവകാശം ഉണ്ടായിരിക്കരുത്. അവിടുത്തെ വാഗ്ദാനംപോലെ സര്‍വേശ്വരന്‍ തന്നെയാണ് അവരുടെ അവകാശം.
3 മാടിനെയോ ആടിനെയോ യാഗം കഴിക്കുമ്പോഴെല്ലാം അതിന്‍റെ കൈക്കുറകും ഉദരഭാഗങ്ങളും കവിള്‍ഭാഗങ്ങളും ജനം പുരോഹിതന്മാര്‍ക്കു കൊടുക്കണം.
4 ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയുടെ ആദ്യഫലവും ആടുകളില്‍നിന്ന് ആദ്യം കത്രിച്ചെടുക്കുന്ന രോമവും അവര്‍ക്കു നല്‌കണം. ഇവയാണ് പുരോഹിതന്മാര്‍ക്ക് ജനത്തില്‍നിന്ന് ലഭിക്കേണ്ട വിഹിതം.
5 പുരോഹിതന്മാരായി എക്കാലവും സര്‍വേശ്വരന്‍റെ മുമ്പില്‍ നില്‌ക്കാനും അവിടുത്തെ ശുശ്രൂഷിക്കാനും നിങ്ങളുടെ സകല ഗോത്രങ്ങളില്‍നിന്നുമായി അവിടുന്നു തിരഞ്ഞെടുത്തതു ലേവ്യരെ ആണല്ലോ.
6
ഇസ്രായേലിലെ ഏതെങ്കിലും പട്ടണത്തില്‍ പാര്‍ക്കുന്ന ലേവ്യന് അവിടുന്നു തിരഞ്ഞെടുക്കുന്ന ആരാധനാസ്ഥലത്തേക്കു യഥേഷ്ടം പോകാം.7 അങ്ങനെ ചെയ്താല്‍ അവിടെ ശുശ്രൂഷ ചെയ്യുന്ന മറ്റു ലേവ്യരെപ്പോലെ അവനും നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ സന്നിധിയില്‍ ശുശ്രൂഷ ചെയ്യാം.
8 പൈതൃകാവകാശത്തിനു പുറമേ ഭക്ഷണത്തില്‍ മറ്റു പുരോഹിതന്മാര്‍ക്കുള്ള അവകാശങ്ങളും അയാള്‍ക്ക് ഉണ്ടായിരിക്കും.
9
നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങള്‍ക്കു നല്‌കുന്ന ദേശത്ത് എത്തുമ്പോള്‍ അവിടെയുള്ള ജനതകളുടെ മ്ലേച്ഛമായ ആചാരങ്ങള്‍ നിങ്ങള്‍ അനുകരിക്കരുത്.10 യാഗപീഠങ്ങളില്‍ മകനെയോ മകളെയോ ഹോമിക്കുന്നവനോ പ്രശ്നം വയ്‍ക്കുന്നവനോ മുഹൂര്‍ത്തം നോക്കുന്നവനോ
11 ആഭിചാരകനോ ക്ഷുദ്രക്കാരനോ മന്ത്രവാദിയോ വെളിച്ചപ്പാടോ ലക്ഷണവാദിയോ മരിച്ചുപോയവരുടെ ആത്മാക്കളോട് ആലോചന ചോദിക്കുന്നവനോ നിങ്ങളുടെ ഇടയില്‍ ഉണ്ടായിരിക്കരുത്.
12 ഇവ പ്രവര്‍ത്തിക്കുന്നവരെ സര്‍വേശ്വരന്‍ വെറുക്കുന്നു; അവരുടെ ഈ മ്ലേച്ഛതകള്‍ നിമിത്തമാണ് അവിടുന്ന് അങ്ങനെയുള്ളവരെ നിങ്ങളുടെ മുമ്പില്‍നിന്നു നീക്കിക്കളയുന്നത്.
13 നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ മുമ്പില്‍ നിങ്ങള്‍ കുറ്റമറ്റവരായിരിക്കണം.
14
നിങ്ങള്‍ നിഷ്കാസനം ചെയ്യാന്‍ പോകുന്ന ജനതകള്‍, മുഹൂര്‍ത്തം നോക്കുന്നവരും പ്രശ്നം വയ്‍ക്കുന്നവരും പറയുന്നതനുസരിച്ചു ജീവിച്ചു; എന്നാല്‍ നിങ്ങള്‍ അങ്ങനെ ചെയ്യാന്‍ ദൈവമായ സര്‍വേശ്വരന്‍ അനുവദിച്ചിട്ടില്ല.15 എന്നെപ്പോലെ ഒരു പ്രവാചകന്‍ നിങ്ങളുടെ ഇടയില്‍നിന്ന് ഉയര്‍ന്നുവരാന്‍ അവിടുന്ന് ഇടയാക്കും. നിങ്ങള്‍ അദ്ദേഹത്തെ അനുസരിക്കണം;
16 നിങ്ങള്‍ സീനായ്മലയില്‍ ഒരുമിച്ചുകൂടിയിരുന്നപ്പോള്‍ ഞങ്ങള്‍ മരിക്കാതിരിക്കുന്നതിന് സര്‍വേശ്വരന്‍റെ ശബ്ദം ഇനി കേള്‍ക്കാനും ആ മഹാഗ്നി കാണാനും വീണ്ടും ഇടയാകരുതേ എന്ന് നിങ്ങള്‍ അവിടുത്തോട് അപേക്ഷിച്ചു.
17 അന്ന് അവിടുന്നു എന്നോടു പറഞ്ഞു: “അവര്‍ പറഞ്ഞത് ശരിയാണ്;
18 അവരുടെ ഇടയില്‍നിന്ന് നിന്നെപ്പോലെ ഒരുവനെ ഞാന്‍ അവര്‍ക്കുവേണ്ടി പ്രവാചകനായി ഉയര്‍ത്തും. എന്‍റെ വചനങ്ങള്‍ ഞാന്‍ അവനു കൊടുക്കും; ഞാന്‍ അവനോടു കല്പിക്കുന്നതെല്ലാം അവന്‍ ജനത്തോടു പറയും;
19 അവന്‍ എന്‍റെ നാമത്തില്‍ സംസാരിക്കും; അവനെ അനുസരിക്കാത്തവരെ ഞാന്‍ ശിക്ഷിക്കും.”
20 എന്നാല്‍ ഒരു പ്രവാചകന്‍ ഞാന്‍ കല്പിക്കാതെ എന്‍റെ നാമത്തില്‍ പ്രവചിക്കുകയോ മറ്റു ദേവന്മാരുടെ നാമത്തില്‍ പ്രവചിക്കുകയോ ചെയ്താല്‍ അയാള്‍ മരിക്കണം.
21 സര്‍വേശ്വരന്‍ കല്പിക്കാത്ത വചനം ഞങ്ങള്‍ എങ്ങനെ തിരിച്ചറിയും എന്നു നിങ്ങള്‍ ചിന്തിച്ചേക്കാം.
22 ഒരു പ്രവാചകന്‍ അവിടുത്തെ നാമത്തില്‍ പ്രവചിച്ചിട്ട് അതു സംഭവിക്കാതിരിക്കുകയോ യാഥാര്‍ഥ്യമാകാതിരിക്കുകയോ ചെയ്താല്‍ അതു സര്‍വേശ്വരന്‍റെ അരുളപ്പാടല്ല. പ്രവാചകന്‍ തന്നിഷ്ടപ്രകാരം സംസാരിച്ചതാണ്; നിങ്ങള്‍ അയാളെ ഭയപ്പെടേണ്ടതില്ല.
1
നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ ജനതകളെ നശിപ്പിച്ച് അവരുടെ ദേശം നിങ്ങള്‍ക്കു നല്‌കുകയും നിങ്ങള്‍ അതു കൈവശമാക്കി അവിടെയുള്ള പട്ടണങ്ങളിലും ഭവനങ്ങളിലും പാര്‍ക്കുകയും ചെയ്യുമ്പോള്‍2 അവിടുന്ന് അവകാശമായി നല്‌കുന്ന ദേശത്തുനിന്ന് മൂന്നു പട്ടണങ്ങള്‍ വേര്‍തിരിക്കണം.
3 ആ ദേശത്തെ മൂന്നായി വിഭജിക്കുകയും ഏതൊരു കൊലപാതകിക്കും ആ പട്ടണങ്ങളിലേക്ക് ഓടിയൊളിക്കാന്‍ തക്കവിധം പാതകള്‍ നിര്‍മ്മിക്കുകയും ചെയ്യണം.
4 പൂര്‍വവിദ്വേഷം കൂടാതെ അബദ്ധവശാല്‍ അയല്‍ക്കാരനെ കൊന്നവന് ഈ പട്ടണങ്ങളില്‍ അഭയംതേടി ജീവന്‍ രക്ഷിക്കാവുന്നതാണ്.
5 ഉദാഹരണത്തിന് അയല്‍ക്കാരനോടൊത്ത് വനത്തില്‍ മരം വെട്ടാന്‍ പോകുന്ന ഒരുവന്‍ കോടാലി ഓങ്ങിയപ്പോള്‍ അബദ്ധവശാല്‍ കോടാലി ഊരി അപരന്‍റെ ദേഹത്ത് പതിക്കുകയും അവന്‍ കൊല്ലപ്പെടുകയും ചെയ്താല്‍ അതിനിടയാക്കിയവന് ഈ മൂന്നു പട്ടണങ്ങളില്‍ ഏതിലെങ്കിലും ഓടിച്ചെന്ന് രക്ഷപെടാം.
6 പട്ടണത്തിലേക്കുള്ള ദൂരം കൂടുതലായാല്‍ കൊല്ലപ്പെട്ടവനുവേണ്ടി പ്രതികാരം ചെയ്യാന്‍ ബാധ്യസ്ഥനായ ബന്ധു കോപാകുലനായി അവന്‍റെ പിന്നാലെ ഓടി എത്തി വധശിക്ഷ അര്‍ഹിക്കാത്ത അവനെ കൊന്നുകളഞ്ഞേക്കാം. ശത്രുവല്ലാത്ത അയല്‍ക്കാരനെ അബദ്ധവശാല്‍ അവന്‍ കൊന്നുപോയതാണല്ലോ.
7 അതുകൊണ്ടാണ് മൂന്നു പട്ടണങ്ങള്‍ വേര്‍തിരിക്കാന്‍ ഞാന്‍ കല്പിക്കുന്നത്.
8 ഞാന്‍ ഇന്നു നിങ്ങള്‍ക്കു നല്‌കിയ കല്പനകള്‍ അനുസരിച്ച് ജീവിക്കുകയും, നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ സ്നേഹിച്ച് അവിടുത്തെ വഴിയില്‍ എന്നും നടക്കുകയും ചെയ്താല്‍,
9 നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങളുടെ പൂര്‍വപിതാക്കന്മാരോടു വാഗ്ദാനം ചെയ്ത ദേശം മുഴുവന്‍ നിങ്ങള്‍ക്കു നല്‌കി നിങ്ങളുടെ ദേശം വിസ്തൃതമാക്കും. അപ്പോള്‍ ആദ്യത്തെ മൂന്നു പട്ടണങ്ങള്‍ കൂടാതെ മൂന്നു പട്ടണങ്ങള്‍ കൂടി വേര്‍തിരിക്കണം.
10 നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങള്‍ക്ക് അവകാശമായി നല്‌കുന്ന ദേശത്തു നിരപരാധിയുടെ രക്തം ചിന്തുകയും ആ രക്തപാതകത്തിനുള്ള കുറ്റം നിങ്ങളുടെമേല്‍ വരാതിരിക്കയും ചെയ്യാനാണ് ഇപ്രകാരം ചെയ്യേണ്ടത്.
11 എന്നാല്‍ പൂര്‍വവൈരാഗ്യംമൂലം അയല്‍ക്കാരനെ പതിയിരുന്ന് ആക്രമിച്ചു കൊന്നതിനുശേഷം ഒരാള്‍ ഇവയില്‍ ഏതെങ്കിലും ഒരു പട്ടണത്തില്‍ അഭയം പ്രാപിച്ചാല്‍,
12 ആ പട്ടണത്തിലെ പ്രമാണികള്‍ ആളയച്ച് അവനെ അവിടെനിന്നു പിടികൂടി വധിക്കപ്പെട്ടവനുവേണ്ടി പ്രതികാരം ചെയ്യാന്‍ ബാധ്യസ്ഥനായ ബന്ധുവിന്‍റെ കൈയില്‍ ഏല്പിക്കണം. അങ്ങനെ അവന്‍ വധിക്കപ്പെടണം.
13 നിങ്ങള്‍ അവനോട് കരുണ കാണിക്കരുത്; നിരപരാധിയുടെ രക്തം ചൊരിഞ്ഞതിലുള്ള കുറ്റം നിങ്ങളുടെ ഇടയില്‍നിന്നു നീക്കിക്കളയണം; അപ്പോള്‍ നിങ്ങള്‍ക്കു നന്മ ഉണ്ടാകും.
14
നിങ്ങള്‍ കൈവശപ്പെടുത്താന്‍വേണ്ടി ദൈവമായ സര്‍വേശ്വരന്‍ നിങ്ങള്‍ക്കു നല്‌കുന്ന ദേശത്തു പൂര്‍വികന്മാര്‍ സ്ഥാപിച്ച അയല്‍ക്കാരന്‍റെ അതിര്‍ത്തിക്കല്ലുകള്‍ മാറ്റരുത്.15
ഒരാളുടെ അകൃത്യത്തിനോ മറ്റേതെങ്കിലും കുറ്റത്തിനോ ഒരുവന്‍ മാത്രം നല്‌കുന്ന സാക്ഷ്യം അടിസ്ഥാനമാക്കി വിധിച്ചുകൂടാ. രണ്ടോ മൂന്നോ സാക്ഷികള്‍ നല്‌കുന്ന തെളിവനുസരിച്ചു മാത്രമേ കുറ്റം വിധിക്കാവൂ.16 ആരെങ്കിലും ഒരാള്‍ക്ക് എതിരായി കള്ളസ്സാക്ഷ്യം നല്‌കി കുറ്റം ആരോപിച്ചാല്‍
17 ഇരുവരും സര്‍വേശ്വരസന്നിധിയില്‍ അന്ന് ചുമതല വഹിക്കുന്ന പുരോഹിതന്മാരുടെയും ന്യായാധിപന്മാരുടെയും മുമ്പാകെ ചെല്ലണം.
18 ന്യായാധിപന്മാര്‍ അതിനെപ്പറ്റി ശരിയായി അന്വേഷിക്കണം. തന്‍റെ സഹോദരനെതിരായി അയാള്‍ നല്‌കിയത് കള്ളസ്സാക്ഷ്യം ആണെന്നു തെളിഞ്ഞാല്‍
19 അവന്‍ തന്‍റെ സഹോദരനു നല്‌കാന്‍ ഉദ്ദേശിച്ച ശിക്ഷ അവനു കൊടുക്കണം. ഇങ്ങനെ നിങ്ങളുടെ ഇടയില്‍നിന്നും ആ തിന്മ നീക്കിക്കളയണം.
20 മറ്റുള്ളവര്‍ ഇതു കേട്ട് ഭയപ്പെടുകയും നിങ്ങളുടെ ഇടയില്‍ ഇതുപോലൊരു തിന്മ മേലില്‍ ഉണ്ടാകാതിരിക്കുകയും ചെയ്യും. നിങ്ങള്‍ അവരോടു കരുണ കാണിക്കരുത്; ജീവനു പകരം ജീവന്‍, കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്, കൈക്കു പകരം കൈ, കാലിനു പകരം കാല് ഇതായിരിക്കട്ടെ നിങ്ങള്‍ നല്‌കുന്ന ശിക്ഷ.
1
നിങ്ങള്‍ യുദ്ധത്തിനു പോകുമ്പോള്‍ ശത്രുക്കള്‍ക്കു നിങ്ങളെക്കാള്‍ കൂടുതല്‍ കുതിരകളും രഥങ്ങളും സൈന്യവും ഉണ്ടെന്നു കണ്ടാല്‍ ഭയപ്പെടരുത്. ഈജിപ്തില്‍നിന്നു നിങ്ങളെ കൂട്ടിക്കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങളോടൊത്ത് ഉണ്ടല്ലോ.2 യുദ്ധം ആരംഭിക്കുന്നതിനു മുമ്പായി പുരോഹിതന്‍ മുമ്പോട്ടു വന്ന് ജനത്തോടു പറയണം:
3 “ഇസ്രായേല്യരേ ശ്രദ്ധിക്കുക, നിങ്ങളുടെ ശത്രുക്കള്‍ക്കെതിരായി നിങ്ങള്‍ യുദ്ധം ചെയ്യാന്‍ പോകുന്നു; നിങ്ങള്‍ അധൈര്യപ്പെടരുത്; ഭയപ്പെടരുത്. ശത്രുക്കളെ കണ്ട് സംഭീതരാകരുത്; സംഭ്രമിക്കയുമരുത്.
4 കാരണം നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങളുടെകൂടെ വന്നു നിങ്ങള്‍ക്കുവേണ്ടി ശത്രുക്കള്‍ക്കെതിരായി യുദ്ധം ചെയ്തു വിജയം നേടിത്തരും.”
5 പിന്നീട് ജനനേതാക്കള്‍ അവരോടു പറയണം: “പുതിയതായി വീടു നിര്‍മ്മിച്ചിട്ട് ഗൃഹപ്രവേശം നടത്താത്ത ആരെങ്കിലും നിങ്ങളുടെ ഇടയില്‍ ഉണ്ടെങ്കില്‍ അയാള്‍ തന്‍റെ ഭവനത്തിലേക്ക് മടങ്ങിപ്പോകട്ടെ. അയാള്‍ യുദ്ധത്തില്‍ മരിക്കുകയും മറ്റൊരാള്‍ ഗൃഹപ്രവേശം നടത്തുകയും ചെയ്യാന്‍ ഇടവരാതിരിക്കട്ടെ.
6 മുന്തിരിത്തോട്ടം നട്ടുണ്ടാക്കുകയും ഫലം അനുഭവിക്കാന്‍ ഇടകിട്ടാതിരിക്കുകയും ചെയ്ത ആരെങ്കിലും നിങ്ങളുടെ കൂട്ടത്തില്‍ ഉണ്ടെങ്കില്‍ അയാളും തന്‍റെ ഭവനത്തിലേക്ക് മടങ്ങിപ്പൊയ്‍ക്കൊള്ളട്ടെ. അയാള്‍ യുദ്ധത്തില്‍ മരിക്കുകയും അയാള്‍ നട്ടുണ്ടാക്കിയ മുന്തിരിത്തോട്ടത്തിന്‍റെ ഫലം മറ്റൊരാള്‍ അനുഭവിക്കുകയും ചെയ്യാന്‍ ഇടവരാതിരിക്കട്ടെ.
7 വിവാഹനിശ്ചയം ചെയ്തശേഷം വിവാഹം കഴിക്കാത്ത ആരെങ്കിലും ഉണ്ടെങ്കില്‍ അവനും മടങ്ങിപ്പോകട്ടെ. അല്ലാത്തപക്ഷം അവന്‍ യുദ്ധത്തില്‍ മരിക്കുകയും മറ്റൊരാള്‍ ആ സ്‍ത്രീയെ വിവാഹം കഴിക്കുകയും ചെയ്യാന്‍ ഇടവരുമല്ലോ.”
8 ജനനേതാക്കള്‍ തുടര്‍ന്നു പറയണം: ഭയവും അധൈര്യവും ഉള്ള ആരെങ്കിലും നിങ്ങളുടെ ഇടയിലുണ്ടെങ്കില്‍ അയാള്‍ക്കും ഭവനത്തിലേക്ക് മടങ്ങിപ്പോകാം. അങ്ങനെ അയാളുടെ സഹോദരന്മാരും അയാളെപ്പോലെ ചഞ്ചലചിത്തരാകാതിരിക്കട്ടെ.
9 ജനനേതാക്കള്‍ സംസാരിച്ചുകഴിയുമ്പോള്‍ ജനത്തെ നയിക്കാന്‍ സൈന്യാധിപന്മാരെ നിയമിക്കണം.
10
നിങ്ങള്‍ ഒരു പട്ടണം ആക്രമിക്കാന്‍ പോകുമ്പോള്‍ ആദ്യം സമാധാനസന്ധിക്ക് അവസരം നല്‌കണം;11 അവര്‍ അതിനു വഴങ്ങി പട്ടണകവാടങ്ങള്‍ തുറന്നുതന്നാല്‍ ആ പട്ടണത്തിലെ ജനമെല്ലാം അടിമകളായി നിങ്ങളെ സേവിക്കട്ടെ.
12 എന്നാല്‍ അവിടെയുള്ള ജനം സമാധാനനിര്‍ദ്ദേശങ്ങള്‍ക്കു വഴിപ്പെടാതെ യുദ്ധത്തിനു മുതിര്‍ന്നാല്‍ നിങ്ങള്‍ ആ പട്ടണത്തെ വളയണം.
13 നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ ആ പട്ടണം നിങ്ങളെ ഏല്പിക്കുമ്പോള്‍ അതിലുള്ള പുരുഷന്മാരെയെല്ലാം വാളിനിരയാക്കണം.
14 എന്നാല്‍ അവിടെയുള്ള സ്‍ത്രീകളെയും കുട്ടികളെയും വളര്‍ത്തുമൃഗങ്ങളെയും ആ പട്ടണത്തിലുള്ള വസ്തുവകകളോടൊപ്പം നിങ്ങള്‍ക്കു കൊള്ളമുതലായി എടുക്കാം. നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങള്‍ക്ക് അധീനമാക്കിത്തരുന്ന നിങ്ങളുടെ ശത്രുക്കളുടെ കൊള്ളമുതലെല്ലാം നിങ്ങള്‍ക്ക് അനുഭവിക്കാം.
15 ഈ ദേശക്കാരുടേതല്ലാത്ത അകലെയുള്ള എല്ലാ പട്ടണങ്ങളോടും നിങ്ങള്‍ക്ക് ഇങ്ങനെതന്നെ ചെയ്യാം.
16 എന്നാല്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങള്‍ക്ക് അവകാശമായി നല്‌കുന്ന ദേശത്തെ പട്ടണങ്ങള്‍ അധീനമാക്കുമ്പോള്‍ അവിടെയുള്ളവരെ നിശ്ശേഷം നശിപ്പിക്കണം.
17 അവിടുന്നു നിങ്ങളോടു കല്പിച്ചതുപോലെ ഹിത്യര്‍, അമോര്യര്‍, പെരിസ്യര്‍, കനാന്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നിവരെയെല്ലാം ഉന്മൂലനം ചെയ്യണം.
18 അവര്‍ തങ്ങളുടെ ദേവന്മാരുടെ മുമ്പില്‍ ചെയ്യുന്ന മ്ലേച്ഛമായ ആചാരങ്ങള്‍ നിങ്ങളെ പഠിപ്പിക്കാതിരിക്കാനും അങ്ങനെ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെതിരെ നിങ്ങള്‍ പാപം ചെയ്യാതിരിക്കാനുമാണ് ഇപ്രകാരം നിര്‍ദ്ദേശിച്ചത്.
19
ഒരു പട്ടണം പിടിച്ചടക്കുന്നതിനു ദീര്‍ഘകാലം അതിനെ ഉപരോധിക്കേണ്ടിവന്നാലും അതിലെ ഫലവൃക്ഷങ്ങള്‍ വെട്ടി നശിപ്പിക്കരുത്; അവയുടെ ഫലം നിങ്ങള്‍ക്ക് ഭക്ഷിക്കാമല്ലോ. വൃക്ഷങ്ങളെ ഉപരോധിക്കാന്‍ അവ മനുഷ്യരല്ലല്ലോ.20 ഭക്ഷ്യോപയോഗ്യമല്ലാത്ത വൃക്ഷങ്ങള്‍ വെട്ടി ഉപരോധസാമഗ്രികള്‍ നിര്‍മ്മിക്കാം. അവകൊണ്ട് ആ പട്ടണം പതിക്കുന്നതുവരെ യുദ്ധം ചെയ്യാം.
1
നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങള്‍ക്ക് അവകാശമായി നല്‌കുന്ന ദേശത്ത് കൊല്ലപ്പെട്ട ഒരുവന്‍റെ ശരീരം വിജനസ്ഥലത്തു കാണുകയും കൊലയാളി ആരെന്ന് അറിയാതിരിക്കുകയും ചെയ്യുമ്പോള്‍2 നിങ്ങളുടെ നേതാക്കന്മാരും ന്യായാധിപന്മാരും ശവശരീരം കിടക്കുന്നിടത്തുനിന്നും ചുറ്റുമുള്ള ഓരോ പട്ടണങ്ങളിലേക്കുമുള്ള ദൂരം അളക്കണം.
3 ശവശരീരം കിടക്കുന്ന സ്ഥലത്തോട് ഏറ്റവും അടുത്ത പട്ടണത്തിലെ നേതാക്കന്മാര്‍ പണിക്ക് ഉപയോഗിച്ചിട്ടില്ലാത്തതും നുകം വച്ചിട്ടില്ലാത്തതുമായ ഒരു പശുക്കിടാവിനെ കൊണ്ടുവരണം.
4 അവര്‍ അതിനെ ഉഴുകയോ വിതയ്‍ക്കുകയോ ചെയ്തിട്ടില്ലാത്തതും എപ്പോഴും നീരൊഴുക്കുള്ളതുമായ ഒരു താഴ്വരയില്‍ കൊണ്ടുചെന്ന് അവിടെവച്ചു അതിന്‍റെ കഴുത്ത് ഒടിക്കണം.
5 ലേവ്യപുരോഹിതന്മാര്‍ അവിടെ ചെല്ലണം. വ്യവഹാരങ്ങളെക്കുറിച്ചും, അതിക്രമങ്ങളെക്കുറിച്ചും വിധികല്പിക്കാനും സര്‍വേശ്വരന്‍റെ നാമത്തില്‍ ജനത്തെ അനുഗ്രഹിക്കാനും തിരുസന്നിധിയില്‍ ശുശ്രൂഷ ചെയ്യാനും സര്‍വേശ്വരന്‍ തിരഞ്ഞെടുത്തിട്ടുള്ളവര്‍ അവരാണല്ലോ.
6 മൃതദേഹം കിടക്കുന്ന സ്ഥലത്തിന് ഏറ്റവും അടുത്തുള്ള പട്ടണത്തിലെ നേതാക്കളും താഴ്വരയില്‍വച്ചു കഴുത്തൊടിക്കപ്പെട്ട പശുക്കിടാവിന്‍റെമേല്‍ തങ്ങളുടെ കൈ കഴുകണം.
7 പിന്നീട് അവര്‍ ഇപ്രകാരം പറയണം: “ഈ മനുഷ്യരക്തം ചിന്തിയത് ഞങ്ങളുടെ കരങ്ങളല്ല; ഞങ്ങള്‍ അതു കണ്ടുമില്ല.
8 സര്‍വേശ്വരാ, അങ്ങു വീണ്ടെടുത്ത അവിടുത്തെ ജനമായ ഇസ്രായേല്യരോടു ക്ഷമിക്കണമേ. നിരപരാധിയായ ഒരു മനുഷ്യനെ കൊന്നതിന് അവരെ ഉത്തരവാദികളാക്കരുതേ; ഈ രക്തപാതകം അവരോടു ക്ഷമിക്കണമേ.”
9 ഇങ്ങനെ സര്‍വേശ്വരനു പ്രസാദകരമായതു ചെയ്തു നിരപരാധിയുടെ രക്തം ചൊരിഞ്ഞ കുറ്റം നിങ്ങളുടെ ഇടയില്‍നിന്നു നീക്കിക്കളയണം.
10
യുദ്ധത്തില്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങള്‍ക്കു വിജയം നല്‌കുകയും ശത്രുക്കളെ നിങ്ങള്‍ തടവുകാരാക്കുകയും ചെയ്യുമ്പോള്‍,11 അവരുടെ കൂട്ടത്തില്‍ സുന്ദരിയായ ഒരു സ്‍ത്രീയെ കണ്ട് അവളില്‍ താല്‍പര്യം തോന്നി ഒരുവന്‍ അവളെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചാല്‍,
12 അയാള്‍ അവളെ വീട്ടില്‍ കൊണ്ടുപോകണം. അവള്‍ തല മുണ്ഡനം ചെയ്യുകയും നഖം വെട്ടുകയും
13 യുദ്ധത്തടവുകാരിയുടെ വസ്ത്രം മാറുകയും വേണം. അവള്‍ ഒരു മാസം അയാളുടെ വീട്ടില്‍ താമസിച്ച് സ്വന്തം മാതാപിതാക്കന്മാരെ ഓര്‍ത്തു വിലപിച്ചുകൊള്ളട്ടെ. അതിനുശേഷം അയാള്‍ക്ക് അവളെ സ്വീകരിക്കാം. അവര്‍ ഭാര്യാഭര്‍ത്താക്കന്മാരായിരിക്കും.
14 പിന്നീട് അവന് അവളോട് താല്‍പര്യം ഇല്ലാതായാല്‍ അവളെ സ്വതന്ത്രയായി വിട്ടയയ്‍ക്കണം; വിലയ്‍ക്കു വില്‍ക്കരുത്. അയാള്‍ അവളുടെ മാനം അപഹരിച്ചതുകൊണ്ട് അവളെ അടിമയെപ്പോലെ പരിഗണിക്കരുത്.
15
ഒരു പുരുഷനു രണ്ടു ഭാര്യമാര്‍ ഉണ്ടായിരിക്കുകയും അയാള്‍ അവരില്‍ ഒരാളെ സ്നേഹിക്കുകയും മറ്റവളെ വെറുക്കുകയും രണ്ടുപേരിലും പുത്രന്മാര്‍ ജനിക്കുകയും ചെയ്താല്‍ ആദ്യജാതന്‍ വെറുക്കുന്നവളില്‍ ജനിച്ചവനാണെങ്കില്‍16 സ്വത്തു വിഭജിക്കുമ്പോള്‍ അവനെ അവഗണിച്ച് ഇഷ്ടഭാര്യയുടെ പുത്രനെ ആദ്യജാതനായി പരിഗണിക്കരുത്.
17 തനിക്ക് ഇഷ്ടമില്ലാത്ത സ്‍ത്രീയുടെ പുത്രനാണെങ്കിലും തന്‍റെ സകല സ്വത്തുക്കളുടെയും രണ്ടു പങ്കു കൊടുത്ത് അവനെ ആദ്യജാതനായി അംഗീകരിക്കണം. അവനാണ് അയാളുടെ പുരുഷത്വത്തിന്‍റെ ആദ്യഫലം. ആദ്യജാതനുള്ള അവകാശം അവനുള്ളതാണ്.
18
ദുശ്ശാഠ്യക്കാരനും മത്സരബുദ്ധിയുമായ ഒരു മകന്‍ മാതാപിതാക്കന്മാരുടെ വാക്കുകള്‍ അനുസരിക്കാതെയും അവരുടെ ശിക്ഷണത്തിനു വഴങ്ങാതെയും ഇരുന്നാല്‍19 മാതാപിതാക്കള്‍ അവനെ പട്ടണവാതില്‌ക്കല്‍ നേതാക്കന്മാരുടെ അടുക്കല്‍ കൊണ്ടുചെന്ന് ഇങ്ങനെ പറയണം:
20 “ഞങ്ങളുടെ ഈ മകന്‍ ദുശ്ശാഠ്യക്കാരനും മത്സരബുദ്ധിയും ആണ്; ഇവന്‍ ഞങ്ങളെ അനുസരിക്കാത്തവനും ഭോജനപ്രിയനും മദ്യപനുമാണ്.”
21 അപ്പോള്‍ പട്ടണവാസികള്‍ അവനെ കല്ലെറിഞ്ഞു കൊല്ലണം. അങ്ങനെ ആ തിന്മ നിങ്ങളുടെ ഇടയില്‍നിന്നു നീക്കിക്കളയണം. ഇസ്രായേലിലുള്ള സകലരും ഇതു കേട്ട് ഭയപ്പെടും.
22
ഒരാള്‍ വധശിക്ഷയ്‍ക്ക് അര്‍ഹമായ കുറ്റംചെയ്താല്‍ അവനെ മരത്തില്‍ തൂക്കണം.23 അങ്ങനെ തൂക്കപ്പെടുന്നവന്‍റെ മൃതദേഹം രാത്രി മുഴുവന്‍ മരത്തില്‍ തൂങ്ങിക്കിടക്കാന്‍ ഇടയാകരുത്; അന്നുതന്നെ അതു സംസ്കരിക്കണം. മരത്തില്‍ തൂക്കപ്പെട്ടവന്‍ ദൈവത്താല്‍ ശപിക്കപ്പെട്ടവനാണ്. അതുകൊണ്ടു നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങള്‍ക്ക് അവകാശമായി നല്‌കിയ ദേശം അശുദ്ധമാകാതിരിക്കാന്‍ അങ്ങനെ ചെയ്യണം.
1
സഹോദരന്‍റെ കാളയോ ആടോ അലഞ്ഞു നടക്കുന്നതു കണ്ടാല്‍ കണ്ടില്ലെന്നു നടിക്കരുത്; അവയെ ഉടമയുടെ അടുക്കല്‍ എത്തിക്കണം.2 അയാള്‍ അകലെ പാര്‍ക്കുന്നവനോ അപരിചിതനോ ആണെങ്കില്‍ മൃഗത്തെ നിന്‍റെ വീട്ടിലേക്കു കൊണ്ടുപോയി അതിനെ അവിടെ സൂക്ഷിക്കണം. അയാള്‍ അന്വേഷിച്ചു വരുമ്പോള്‍ വിട്ടുകൊടുക്കണം.
3 അലഞ്ഞു നടക്കുന്നതു കഴുത ആയാലും അപ്രകാരം ചെയ്യണം. അവനു നഷ്ടപ്പെട്ട വസ്ത്രം, മറ്റു സാധനങ്ങള്‍ എന്നിവയെ സംബന്ധിച്ചും നീ ഇപ്രകാരം ചെയ്യണം.
4
സഹോദരന്‍റെ കഴുതയോ, കാളയോ വീണു കിടക്കുന്നതു കണ്ടിട്ടു നീ ഒഴിഞ്ഞുമാറിപ്പോകരുത്. അതിനെ എഴുന്നേല്പിക്കാന്‍ നീ സഹായിക്കണം.5
പുരുഷന്‍റെ വസ്ത്രം സ്‍ത്രീയോ സ്‍ത്രീയുടെ വസ്ത്രം പുരുഷനോ ധരിക്കരുത്; അങ്ങനെ ചെയ്യുന്നവര്‍ സര്‍വേശ്വരന്‍റെ ദൃഷ്‍ടിയില്‍ നിന്ദ്യരാണ്.6
മരത്തിലോ തറയിലോ ഉള്ള കൂട്ടില്‍ മുട്ടകളുടെയോ കുഞ്ഞുങ്ങളുടെയോ മീതെ ഇരിക്കുന്ന തള്ളപ്പക്ഷിയെ കുഞ്ഞുങ്ങളോടൊപ്പം പിടിച്ചെടുക്കരുത്. കുഞ്ഞുങ്ങളെ നിങ്ങള്‍ക്ക് എടുക്കാം; തള്ളപ്പക്ഷിയെ പറന്നുപോകാന്‍ അനുവദിക്കണം.7 അങ്ങനെയായാല്‍ നിങ്ങള്‍ക്കു നന്മ ലഭിക്കും; ദീര്‍ഘായുസ്സുണ്ടാകുകയും ചെയ്യും.
8
നീ ഒരു പുതിയ വീട് പണിയുമ്പോള്‍ അതിന്‍റെ മട്ടുപ്പാവില്‍ അരമതില്‍കൂടി പണിയണം; ആരെങ്കിലും അതിന്‍റെ മുകളില്‍നിന്നു വീണു മരിക്കുന്നതിന്‍റെ കുറ്റം നിന്‍റെ ഭവനത്തിന്മേല്‍ വരരുതല്ലോ!9 നിന്‍റെ മുന്തിരിത്തോട്ടത്തില്‍ മറ്റൊരു വിത്തും വിതയ്‍ക്കരുത്; അങ്ങനെ ചെയ്താല്‍ രണ്ടിന്‍റെയും ഫലങ്ങള്‍ ദേവാലയത്തിലേക്കു കണ്ടുകെട്ടും.
10
ഒരേ നുകത്തില്‍ കാളയെയും കഴുതയെയും ചേര്‍ത്തു കെട്ടി നിലം ഉഴരുത്;11 ആട്ടുരോമവും ചണനൂലും ഇടചേര്‍ത്ത് നെയ്തെടുത്ത വസ്ത്രം ധരിക്കരുത്;
12 നിന്‍റെ മേലങ്കിയുടെ നാലു കോണിലും തൊങ്ങലുകള്‍ പിടിപ്പിക്കണം.
13
ഒരു പുരുഷന്‍ വിവാഹം കഴിച്ച് ഭാര്യയെ പ്രാപിച്ചശേഷം അവളെ ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുകയും14 “ഞാന്‍ ഇവളെ വിവാഹം കഴിച്ചു; എന്നാല്‍ ഇവളില്‍ കന്യകാലക്ഷണങ്ങള്‍ കണ്ടില്ലെന്നു” പറഞ്ഞ് അവളുടെമേല്‍ അപമാനകരവും അപകീര്‍ത്തികരവുമായ ആരോപണങ്ങള്‍ ഉന്നയിച്ചാല്‍
15 അവളുടെ കന്യകാത്വത്തിന്‍റെ തെളിവുമായി മാതാപിതാക്കള്‍ പട്ടണവാതില്‌ക്കല്‍ നേതാക്കളുടെ മുമ്പാകെ ചെല്ലണം.
16 അവളുടെ പിതാവ് അവരോടു പറയണം: “ഞാന്‍ എന്‍റെ മകളെ ഈ പുരുഷനു വിവാഹം ചെയ്തു കൊടുത്തെങ്കിലും അവന്‍ ഇപ്പോള്‍ അവളെ വെറുക്കുന്നു;
17 അവള്‍ കന്യക അല്ലായിരുന്നു എന്നു പറഞ്ഞ് അവന്‍ അവള്‍ക്ക് അപമാനം വരുത്തുകയും ചെയ്യുന്നു;” അവളുടെ കന്യകാത്വത്തിനു തെളിവുകള്‍ ഇവയെല്ലാം ആണെന്നു പറഞ്ഞ് വസ്ത്രം അവരുടെ മുമ്പില്‍ വിരിക്കണം.
18 അപ്പോള്‍ പട്ടണനേതാക്കള്‍ അവനെ ശിക്ഷിക്കണം.
19 ഇസ്രായേലിലെ ഒരു കന്യകയെ സംബന്ധിച്ച് അപവാദം പറഞ്ഞുണ്ടാക്കിയതിനു പ്രായശ്ചിത്തമായി നൂറു വെള്ളിക്കാശ് അവളുടെ പിതാവിന് അവന്‍ കൊടുക്കണം. അവള്‍ തുടര്‍ന്നും അവന്‍റെ ഭാര്യയായി കഴിയണം; അവന്‍ മരണംവരെ അവളെ ഉപേക്ഷിക്കാന്‍ പാടില്ല.
20 യുവതിയുടെ കന്യകാത്വത്തിനു തെളിവ് ഇല്ലാതിരുന്നാല്‍
21 അവളെ പിതാവിന്‍റെ വീട്ടുവാതില്‌ക്കല്‍ കൊണ്ടുചെന്ന് അവിടെവച്ച് ആ പട്ടണനിവാസികള്‍ അവളെ കല്ലെറിഞ്ഞു കൊല്ലണം. വിവാഹത്തിനു മുമ്പ് പിതൃഭവനത്തില്‍വച്ചു വ്യഭിചാരം ചെയ്ത് അവള്‍ ഇസ്രായേലില്‍ തിന്മ പ്രവര്‍ത്തിച്ചല്ലോ. അങ്ങനെ ആ തിന്മ നിങ്ങളുടെ ഇടയില്‍നിന്നു നീക്കിക്കളയണം.
22
ഒരുവന്‍ അന്യപുരുഷന്‍റെ ഭാര്യയോടുകൂടി ശയിക്കുന്നതു കണ്ടുപിടിച്ചാല്‍ അവര്‍ ഇരുവരെയും വധിക്കണം. അങ്ങനെ ഇസ്രായേലില്‍നിന്ന് ആ തിന്മ നീക്കിക്കളയണം.23 വിവാഹനിശ്ചയം കഴിഞ്ഞിരിക്കുന്ന ഒരു കന്യക പട്ടണത്തില്‍വച്ച് മറ്റൊരു പുരുഷനോടുകൂടി ശയിക്കുന്നതു കണ്ടുപിടിച്ചാല്‍
24 രണ്ടു പേരെയും പട്ടണത്തിനു പുറത്തു കൊണ്ടുപോയി കല്ലെറിഞ്ഞു കൊല്ലണം. പട്ടണത്തില്‍ ആയിരുന്നിട്ടും സഹായത്തിനുവേണ്ടി മുറവിളികൂട്ടാഞ്ഞതുകൊണ്ടു സ്‍ത്രീയും അയല്‍ക്കാരന്‍റെ ഭാര്യയെ അപമാനപ്പെടുത്തിയതുകൊണ്ടു പുരുഷനും മരണം അര്‍ഹിക്കുന്നു. അങ്ങനെ ആ തിന്മ നിങ്ങളുടെ ഇടയില്‍നിന്നു നീക്കിക്കളയണം.
25
വിവാഹനിശ്ചയം കഴിഞ്ഞ സ്‍ത്രീയെ വിജനസ്ഥലത്തുവച്ച് ഒരാള്‍ ബലാല്‍സംഗം ചെയ്താല്‍ പുരുഷനെ മാത്രമേ വധിക്കാവൂ.26 വധശിക്ഷ അര്‍ഹിക്കുന്ന ഒരു കുറ്റവും ചെയ്തിട്ടില്ലാത്തതിനാല്‍ അവള്‍ ശിക്ഷിക്കപ്പെടേണ്ടതില്ല. ഒരാള്‍ അയല്‍ക്കാരനെ ആക്രമിച്ചു കൊല്ലുന്നതുപോലെ മാത്രമാണ് ഇതും.
27 വിജനപ്രദേശത്തു വച്ചാണല്ലോ അവന്‍ അവളെ കണ്ടത്; വിവാഹനിശ്ചയം കഴിഞ്ഞ അവള്‍ നിലവിളിച്ചിട്ടും ആരും അവളെ രക്ഷിക്കാന്‍ ഉണ്ടായിരുന്നില്ല.
28
വിവാഹനിശ്ചയം കഴിയാത്ത ഒരു കന്യകയെ ഒരാള്‍ ബലാല്‍സംഗം ചെയ്യുന്നതു കണ്ടുപിടിക്കപ്പെട്ടാല്‍29 അവന്‍ അവളുടെ പിതാവിന് അമ്പതു വെള്ളിക്കാശു കൊടുക്കണം; അവളെ ഭാര്യയായി സ്വീകരിക്കുകയും വേണം. അവന്‍ അവളെ മാനഭംഗപ്പെടുത്തിയല്ലോ; അവന്‍ അവളെ ഒരിക്കലും ഉപേക്ഷിച്ചുകൂടാ.
30
ആരും സ്വപിതാവിന്‍റെ ഭാര്യയോടൊത്ത് ശയിക്കുകയോ അവളുടെ വസ്ത്രം അഴിച്ച് അവളെ അപമാനിക്കുകയോ അരുത്.1
വൃഷണങ്ങള്‍ ഉടയ്‍ക്കപ്പെടുകയോ ലിംഗം ഛേദിക്കപ്പെടുകയോ ചെയ്തിട്ടുള്ള ഒരുവനും സര്‍വേശ്വരന്‍റെ സഭയില്‍ പ്രവേശിക്കരുത്.2
ജാരസന്തതി അവിടുത്തെ സഭയില്‍ പ്രവേശിച്ചുകൂടാ; അവന്‍റെ പത്താം തലമുറവരെയുള്ളവരും സര്‍വേശ്വരന്‍റെ സഭയില്‍ പ്രവേശിക്കരുത്.3
ഒരു അമ്മോന്യനോ മോവാബ്യനോ സര്‍വേശ്വരന്‍റെ സഭയില്‍ പ്രവേശിക്കരുത്; അവന്‍റെ പത്താം തലമുറവരെയുള്ളവരും സര്‍വേശ്വരന്‍റെ സഭയില്‍ പ്രവേശിക്കാന്‍ ഇടയാകരുത്;4 നിങ്ങള്‍ ഈജിപ്തില്‍നിന്നു പോരുമ്പോള്‍ അവര്‍ വഴിയില്‍വച്ചു നിങ്ങള്‍ക്ക് അപ്പവും വെള്ളവും നല്‌കിയില്ല; മാത്രമല്ല, നിങ്ങളെ ശപിക്കാന്‍ മെസൊപൊത്താമ്യയിലെ പെഥോര്‍ പട്ടണത്തിലുള്ള ബെയോരിന്‍റെ പുത്രന്‍ ബിലെയാമിനെ കൂലി കൊടുത്തു വരുത്തുകയും ചെയ്തു.
5 എന്നാല്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ ബിലെയാമിന്‍റെ വാക്കുകള്‍ കേട്ടില്ല. മാത്രമല്ല, നിങ്ങളെ അവിടുന്നു സ്നേഹിച്ചതിനാല്‍ അവന്‍റെ ശാപം നിങ്ങള്‍ക്ക് അനുഗ്രഹമാക്കിത്തീര്‍ക്കുകയും ചെയ്തു.
6 നിങ്ങള്‍ ഒരു ജനതയായി തുടരുന്നിടത്തോളം അവരുമായി സമാധാനസന്ധി ഉണ്ടാക്കുകയോ നല്ല അയല്‍ബന്ധം പുലര്‍ത്തുകയോ അരുത്.
7
എദോമ്യരെ നിങ്ങള്‍ വെറുക്കരുത്; അവര്‍ നിങ്ങളുടെ ചാര്‍ച്ചക്കാരാകുന്നു; ഈജിപ്തുകാരെയും വെറുക്കരുത്; നിങ്ങള്‍ അവരുടെ ദേശത്തു പരദേശികളായി പാര്‍ത്തിരുന്നല്ലോ.8 അവരുടെ മൂന്നാം തലമുറയിലെ സന്തതികള്‍ക്കു സര്‍വേശ്വരന്‍റെ സഭയില്‍ പ്രവേശിക്കാം.
9
ശത്രുക്കള്‍ക്കെതിരായി പുറപ്പെട്ട് പാളയത്തില്‍ കഴിയുമ്പോള്‍ നിങ്ങള്‍ എല്ലാ തിന്മകളില്‍നിന്നും ഒഴിഞ്ഞിരിക്കണം;10 സ്വപ്നസ്ഖലനത്താല്‍ രാത്രിയില്‍ അശുദ്ധനായിത്തീരുന്നവന്‍ പാളയത്തിനു പുറത്തു പോകണം; അകത്തു പ്രവേശിക്കരുത്.
11 നേരം വൈകുമ്പോള്‍ അയാള്‍ കുളിച്ചു ശുദ്ധനാകണം; സൂര്യാസ്തമയത്തിനു ശേഷം പാളയത്തില്‍ പ്രവേശിക്കാം.
12 നിങ്ങള്‍ക്ക് മലമൂത്രവിസര്‍ജനത്തിനു പാളയത്തിനു പുറത്ത് ഒരു സ്ഥലം ഉണ്ടായിരിക്കണം.
13 നിങ്ങളുടെ ആയുധങ്ങളുടെ കൂട്ടത്തില്‍ ഒരു പാരയും ഉണ്ടായിരിക്കട്ടെ; മലമൂത്രവിസര്‍ജനത്തിനുള്ള കുഴിയുണ്ടാക്കാന്‍ അതുപയോഗിക്കാം; പിന്നീട് മലം മണ്ണിട്ട് മൂടണം.
14 നിങ്ങളെ സംരക്ഷിക്കാനും ശത്രുക്കളെ നിങ്ങളുടെ കൈയില്‍ ഏല്പിച്ചുതരാനുമായി നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങളോടൊത്തു പാളയത്തില്‍ ഉണ്ട്. അതുകൊണ്ടു പാളയം ശുദ്ധമായിരിക്കണം. നിങ്ങളുടെ ഇടയിലെ അശുദ്ധിമൂലം സര്‍വേശ്വരന്‍ നിങ്ങളെ വിട്ടുപോകാന്‍ ഇടയാകരുത്.
15
ഉടമസ്ഥനില്‍നിന്ന് ഓടി രക്ഷപെട്ടു നിങ്ങളെ അഭയംപ്രാപിക്കുന്ന അടിമയെ മടക്കി അയയ്‍ക്കരുത്.16 നിങ്ങളുടെ പട്ടണങ്ങളില്‍ എവിടെയെങ്കിലും അവന് ഇഷ്ടമുള്ളിടത്ത് അവന്‍ നിങ്ങളോടൊത്ത് പാര്‍ത്തുകൊള്ളട്ടെ; അവനെ പീഡിപ്പിക്കരുത്.
17
ഇസ്രായേല്യപുത്രിമാരില്‍ ആരും ദേവദാസികളാകരുത്. ഇസ്രായേല്യപുരുഷന്മാര്‍ ആരും വിജാതീയ ദേവാലയങ്ങളില്‍ പുരുഷവേശ്യകളുമാകരുത്.18 ദേവദാസിയുടെയോ പുരുഷവേശ്യയുടെയോ സമ്പാദ്യത്തില്‍ നിന്നുള്ള നേര്‍ച്ച നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ ആലയത്തില്‍ സമര്‍പ്പിക്കരുത്. അത് അവിടുത്തേക്ക് അറപ്പാകുന്നു.
19
നിന്‍റെ സഹോദരനു കടമായി കൊടുക്കുന്ന പണത്തിനോ ഭക്ഷണസാധനങ്ങള്‍ക്കോ മറ്റെന്തിനുവേണ്ടിയെങ്കിലുമോ പലിശ ഈടാക്കരുത്.20 പരദേശിയോട് പലിശ വാങ്ങാം; എന്നാല്‍ സഹോദരനോടു പലിശ വാങ്ങരുത്. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ അധീനമാക്കാന്‍ പോകുന്ന ദേശത്ത് നിങ്ങളുടെ എല്ലാ പ്രവൃത്തികളിലും സര്‍വേശ്വരന്‍റെ അനുഗ്രഹം ഉണ്ടാകും.
21
നിങ്ങളുടെ ദൈവമായ സര്‍വേശ്വരനു നേരുന്ന നേര്‍ച്ച സമര്‍പ്പിക്കാന്‍ വൈകിപ്പോകരുത്; അവിടുന്നു തീര്‍ച്ചയായും അതു നിങ്ങളോട് ആവശ്യപ്പെടും. അതു യഥാകാലം അര്‍പ്പിക്കാതിരിക്കുന്നതു പാപമാകുന്നു.22 എന്നാല്‍ സര്‍വേശ്വരനു നേര്‍ച്ച നേരാതിരിക്കുന്നതു പാപമല്ല. നിങ്ങള്‍ വാക്കുപാലിക്കാന്‍ ശ്രദ്ധിക്കണം.
23 സ്വമേധയാ നേര്‍ന്നുകഴിഞ്ഞാല്‍ അതു നിര്‍വഹിക്കുകതന്നെ വേണം.
24 അയല്‍ക്കാരന്‍റെ മുന്തിരിത്തോട്ടത്തിലൂടെ നടന്നുപോകുമ്പോള്‍, നിനക്കു തൃപ്തിയാകുവോളം മുന്തിരിപ്പഴം ഭക്ഷിക്കാം; എന്നാല്‍ അത് ഒരു പാത്രത്തില്‍ ശേഖരിച്ചുകൊണ്ടു പോകരുത്.
25
അയല്‍ക്കാരന്‍റെ വിളഭൂമിയിലൂടെ പോകുമ്പോള്‍ കൈകൊണ്ടു കതിര്‍ പറിച്ചെടുത്തു തിന്നാം; എന്നാല്‍ അരിവാള്‍കൊണ്ട് മുറിച്ചെടുത്തുകൂടാ.1
ഒരാള്‍ വിവാഹം കഴിഞ്ഞു ഭാര്യയുടെ സ്വഭാവദൂഷ്യത്താല്‍ അവളോട് ഇഷ്ടമില്ലാതായാല്‍ വിവാഹമോചനപത്രം കൊടുത്ത് അവളെ വീട്ടില്‍നിന്നു പറഞ്ഞയയ്‍ക്കണം.2 പിന്നീട് അവള്‍ മറ്റൊരുവനെ വിവാഹം കഴിച്ചേക്കാം.
3 രണ്ടാമത്തെ ഭര്‍ത്താവും അവളെ വെറുത്തു വിവാഹമോചനപത്രം കൊടുത്ത് അവളെ വീട്ടില്‍നിന്നു പറഞ്ഞയയ്‍ക്കുകയോ അയാള്‍ മരിക്കുകയോ ചെയ്താല്‍
4 അശുദ്ധയായിത്തീര്‍ന്ന അവളെ ആദ്യം ഉപേക്ഷിച്ച ഭര്‍ത്താവ് വീണ്ടും വിവാഹം ചെയ്തുകൂടാ. സര്‍വേശ്വരന്‍ അതു നിന്ദ്യമായി കരുതുന്നു. ദൈവമായ സര്‍വേശ്വരന്‍ നിങ്ങള്‍ക്ക് അവകാശമായി നല്‌കുന്ന ദേശം നിങ്ങള്‍ പാപം ചെയ്ത് മലിനമാക്കരുത്.
5
നവവരനെ യുദ്ധസേവനത്തിന് അയയ്‍ക്കുകയോ മറ്റേതെങ്കിലും പൊതുചുമതല ഏല്പിക്കുകയോ ചെയ്യരുത്; അയാള്‍ ഒരു വര്‍ഷം സ്വഭവനത്തില്‍ ഭാര്യയോടൊത്തു സന്തോഷമായി കഴിയട്ടെ.6 ധാന്യം പൊടിക്കുന്ന തിരികല്ലോ അതിന്‍റെ മേല്‍ക്കല്ലോ പണയം വാങ്ങരുത്; അതു ജീവന്‍ പണയം വാങ്ങുന്നതിനു തുല്യമാണല്ലോ.
7
ഇസ്രായേല്യനായ സഹോദരനെ തട്ടിക്കൊണ്ടുപോയി അടിമയാക്കുകയോ വില്‍ക്കുകയോ ചെയ്യുന്നവനെ വധിക്കണം; അങ്ങനെ ആ തിന്മ നിങ്ങളുടെ ഇടയില്‍നിന്നു നീക്കിക്കളയണം.8
കുഷ്ഠം ബാധിച്ചാല്‍ ലേവ്യനായ പുരോഹിതന്‍ നല്‌കുന്ന എല്ലാ നിര്‍ദ്ദേശങ്ങളും നിഷ്കര്‍ഷയോടെ നിങ്ങള്‍ പാലിക്കണം; ഞാന്‍ അവര്‍ക്കു നല്‌കിയിട്ടുള്ള കല്പനകളെല്ലാം നിങ്ങള്‍ ശ്രദ്ധാപൂര്‍വം അനുസരിക്കണം.9 ഈജിപ്തില്‍നിന്നു നിങ്ങള്‍ പുറപ്പെട്ടുപോന്നപ്പോള്‍ വഴിയില്‍വച്ച് ദൈവമായ സര്‍വേശ്വരന്‍ മിര്യാമിനോടു ചെയ്തത് ഓര്‍ത്തുകൊള്ളുക.
10 നിങ്ങളുടെ അയല്‍ക്കാരനു വായ്പ കൊടുക്കുമ്പോള്‍ പണയവസ്തു വാങ്ങാന്‍ അയാളുടെ വീട്ടിനുള്ളില്‍ പ്രവേശിക്കരുത്.
11 നീ പുറത്തു നില്‌ക്കുക; വായ്പ വാങ്ങിയവന്‍ പണയം നിന്‍റെ അടുക്കല്‍ കൊണ്ടുവരട്ടെ.
12 അയാള്‍ ദരിദ്രനെങ്കില്‍ അയാളുടെ പണയം വച്ച വസ്ത്രത്തില്‍ കിടന്ന് നീ രാത്രിയില്‍ ഉറങ്ങരുത്.
13 അയാള്‍ക്കു കിടന്നുറങ്ങുന്നതിന് സൂര്യനസ്തമിക്കുമ്പോള്‍ പുതപ്പു തിരിച്ചുകൊടുക്കുക; അയാള്‍ നിന്നോടു നന്ദിയുള്ളവനായിരിക്കും; നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ ദൃഷ്‍ടിയില്‍ അതു നീതിപൂര്‍വകമായ പ്രവൃത്തി ആയിരിക്കും.
14
നിസ്സഹായനും ദരിദ്രനുമായ ഒരു കൂലിവേലക്കാരന്‍ നിങ്ങളുടെ സഹോദരനോ നിങ്ങളുടെ പട്ടണത്തില്‍ പാര്‍ക്കുന്ന പരദേശിയോ ആയിരുന്നാലും അയാളെ നിങ്ങള്‍ വിഷമിപ്പിക്കരുത്.15 സന്ധ്യക്കു മുമ്പായി അന്നത്തെ കൂലി അയാള്‍ക്കു കൊടുക്കണം. ദരിദ്രനായതുകൊണ്ട് അവന്‍ അതു പ്രതീക്ഷിക്കും. അല്ലാത്തപക്ഷം അയാള്‍ നിനക്കെതിരായി സര്‍വേശ്വരനോടു നിലവിളിക്കും; നീ കുറ്റക്കാരനായിത്തീരുകയും ചെയ്യും.
16
മക്കള്‍ക്കുവേണ്ടി പിതാക്കന്മാരെയോ പിതാക്കന്മാര്‍ക്കുവേണ്ടി മക്കളെയോ വധിക്കരുത്; വധശിക്ഷ അവനവന്‍ ചെയ്യുന്ന പാപത്തിനു മാത്രമുള്ളതായിരിക്കണം.17 പരദേശിക്കും അനാഥനും നീതി നിഷേധിക്കരുത്; വിധവയുടെ വസ്ത്രം പണയം വാങ്ങരുത്.
18 നിങ്ങള്‍ ഈജിപ്തില്‍ അടിമകള്‍ ആയിരുന്നതും നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങളെ അവിടെനിന്നു വീണ്ടെടുത്തതും ഓര്‍ക്കുക. അതുകൊണ്ടാണ് ഈ കല്പനകള്‍ എല്ലാം അനുസരിക്കണമെന്നു ഞാന്‍ ആവശ്യപ്പെടുന്നത്.
19
നിങ്ങള്‍ വിളവെടുക്കുമ്പോള്‍ വയലില്‍ ഒരു കറ്റ മറന്നുപോയാല്‍ അത് എടുക്കാന്‍ മടങ്ങിപ്പോകരുത്; പരദേശിയോ, അനാഥനോ, വിധവയോ അത് എടുത്തുകൊള്ളട്ടെ; അങ്ങനെ ചെയ്താല്‍ നിങ്ങളുടെ സകല പ്രവൃത്തികളെയും നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ അനുഗ്രഹിക്കും.20
ഒലിവുവൃക്ഷത്തിന്‍റെ ഫലം തല്ലിപ്പൊഴിച്ചശേഷം അവശേഷിക്കുന്നവ വീണ്ടും തല്ലിപ്പൊഴിക്കരുത്. അതു പരദേശിയോ, അനാഥനോ, വിധവയോ എടുത്തുകൊള്ളട്ടെ.21 മുന്തിരിത്തോട്ടത്തിലെ വിളവെടുക്കുമ്പോള്‍ കാലാ പെറുക്കരുത്. അതു പരദേശിക്കും അനാഥനും വിധവയ്‍ക്കും ഉള്ളതായിരിക്കട്ടെ.
22 ഈജിപ്തില്‍ നിങ്ങള്‍ അടിമകളായിരുന്നു എന്ന് ഓര്‍ക്കണം; അതുകൊണ്ടാണ് ഇങ്ങനെ ചെയ്യാന്‍ ഞാന്‍ നിങ്ങളോടു കല്പിക്കുന്നത്.
1
രണ്ടു പേര്‍ തമ്മില്‍ തര്‍ക്കമുണ്ടായാല്‍ പ്രശ്നം ന്യായാധിപന്മാരുടെ മുമ്പാകെ അവര്‍ കൊണ്ടുവരണം; ന്യായാധിപന്മാര്‍ വിസ്താരം നടത്തി നിരപരാധിയെ വിട്ടയയ്‍ക്കുകയും കുറ്റക്കാരനു ശിക്ഷ വിധിക്കുകയും വേണം.2 അടിശിക്ഷയാണു വിധിക്കുന്നതെങ്കില്‍ കുറ്റക്കാരനെ കമഴ്ത്തിക്കിടത്തി ന്യായാധിപന്‍തന്നെ കുറ്റത്തിനു തക്കവിധം എണ്ണി അടിപ്പിക്കണം;
3 നാല്പത് അടി വരെ നല്‌കാം. അതിലേറെയായാല്‍ നിന്‍റെ സഹോദരന്‍ നിന്ദ്യനാകുമല്ലോ.
4 ‘മെതിക്കുന്ന കാളയ്‍ക്കു മുഖക്കൊട്ട കെട്ടരുത്.’
5
ഒരുമിച്ചു പാര്‍ത്തിരുന്ന രണ്ടു സഹോദരന്മാരില്‍ ഒരാള്‍ മക്കളില്ലാതെ മരിച്ചുപോയാല്‍ അയാളുടെ ഭാര്യ അന്യന്‍റെ ഭാര്യ ആയിത്തീരരുത്. ഭര്‍ത്താവിന്‍റെ സഹോദരന്‍ അവളെ പ്രാപിക്കുകയും ഭാര്യയായി സ്വീകരിക്കുകയും ചെയ്ത് ഭര്‍ത്തൃസഹോദരധര്‍മം നിര്‍വഹിക്കണം.6 അവര്‍ക്കു ജനിക്കുന്ന ആദ്യപുത്രനെ മരിച്ച സഹോദരന്‍റെ പുത്രനായി കരുതണം. അങ്ങനെ മരിച്ച സഹോദരന്‍റെ പേര് ഇസ്രായേലില്‍നിന്ന് മാഞ്ഞുപോകാതിരിക്കട്ടെ;
7 എന്നാല്‍ മരിച്ചയാളുടെ സഹോദരന്‍ സഹോദരഭാര്യയെ സ്വീകരിക്കാന്‍ വിസമ്മതിച്ചാല്‍ അവള്‍ പട്ടണവാതില്‌ക്കല്‍ നഗരനേതാക്കന്മാരുടെ അടുക്കല്‍ ചെന്നു പറയണം: “എന്‍റെ ഭര്‍ത്തൃസഹോദരന്‍ സ്വസഹോദരന്‍റെ നാമം ഇസ്രായേലില്‍ നിലനിര്‍ത്തുന്നതിനു വിസമ്മതിക്കുന്നു; ഭര്‍ത്തൃസഹോദരധര്‍മം നിര്‍വഹിക്കുന്നതുമില്ല.”
8 അപ്പോള്‍ നഗരനേതാക്കള്‍ അയാളെ വരുത്തി അയാളോടു സംസാരിക്കണം. അതിനുശേഷവും ‘എനിക്ക് അവളെ സ്വീകരിക്കാന്‍ ഇഷ്ടമില്ല’ എന്നു പറഞ്ഞ് ആ തീരുമാനത്തില്‍ ഉറച്ചുനിന്നാല്‍
9 അവള്‍ നഗരനേതാക്കന്മാര്‍ കാണ്‍കെ അയാളുടെ അടുക്കല്‍ ചെന്ന് അയാളുടെ ഒരു ചെരുപ്പ് ഊരുകയും അയാളുടെ മുഖത്തു തുപ്പുകയും ചെയ്തുകൊണ്ട് ‘സഹോദരന്‍റെ കുടുംബം നിലനിര്‍ത്താത്തവനോട് ഇങ്ങനെ ചെയ്യും’ എന്നു പറയണം.
10 അയാളുടെ കുടുംബം ‘ചെരുപ്പ് അഴിക്കപ്പെട്ടവന്‍റെ കുടുംബം’ എന്ന് അറിയപ്പെടും.
11
രണ്ടു പുരുഷന്മാര്‍ തമ്മില്‍ കലഹിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരാളുടെ ഭാര്യ തന്‍റെ ഭര്‍ത്താവിനെ രക്ഷിക്കുന്നതിനുള്ള ശ്രമത്തില്‍ മറ്റവന്‍റെ ഗുഹ്യാവയവത്തില്‍ കടന്നുപിടിച്ചാല്‍ അവളുടെ കൈ വെട്ടിക്കളയണം;12 അവളോടു കരുണ കാണിക്കരുത്.
13
നിങ്ങളുടെ സഞ്ചിയില്‍ ഏറിയും കുറഞ്ഞും തൂക്കമുള്ള രണ്ടു തരം കട്ടികള്‍ ഉണ്ടായിരിക്കരുത്.14 നിങ്ങളുടെ വീട്ടിലുള്ള അളവുപാത്രങ്ങള്‍ ഏറിയും കുറഞ്ഞും വലിപ്പമുള്ളവ ആയിരിക്കരുത്.
15 നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങള്‍ക്കു നല്‌കുന്ന ദേശത്തു ദീര്‍ഘായുസ്സു ലഭിക്കാന്‍ നിര്‍വ്യാജവും നീതിയുക്തവുമായ തൂക്കുകട്ടികളും അളവുപാത്രങ്ങളും ഉപയോഗിക്കുക.
16 ഇക്കാര്യങ്ങളില്‍ നീതിരഹിതമായി പ്രവര്‍ത്തിക്കുന്നവരെയെല്ലാം നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ വെറുക്കുന്നു.
17
നിങ്ങള്‍ ഈജിപ്തില്‍നിന്നു വരുമ്പോള്‍ അമാലേക്യര്‍ വഴിയില്‍വച്ചു നിങ്ങളോടു ചെയ്തത് ഓര്‍ക്കുക.18 ദൈവഭയം ഇല്ലാത്തവരായ അവര്‍ ക്ഷീണിച്ചു വലഞ്ഞ നിങ്ങളെ പിന്നില്‍നിന്ന് ആക്രമിക്കുകയും പിന്‍നിരയില്‍ ഉണ്ടായിരുന്ന തളര്‍ന്നവരെ സംഹരിക്കുകയും ചെയ്തു.
19 നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങള്‍ക്ക് അവകാശമായി നല്‌കുന്ന ദേശത്തിനു ചുറ്റുപാടും പാര്‍ക്കുന്ന ശത്രുക്കളെ നശിപ്പിച്ച് നിങ്ങള്‍ക്കു സ്വസ്ഥത വരുത്തുമ്പോള്‍ അമാലേക്യരെക്കുറിച്ചുള്ള സ്മരണപോലും ഭൂമിയില്‍നിന്നു നീക്കിക്കളയണം; ഇതു നിങ്ങള്‍ മറക്കരുത്.
1
നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങള്‍ക്ക് അവകാശമായി നല്‌കുന്ന ദേശം കൈവശപ്പെടുത്തി നിങ്ങള്‍ അവിടെ പാര്‍ക്കുമ്പോള്‍2 നിങ്ങളുടെ വിളവിന്‍റെ ആദ്യഫലത്തിന്‍റെ ഒരംശം ഒരു കുട്ടയിലാക്കി നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ തന്‍റെ നാമം സ്ഥാപിക്കാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലത്തു നിങ്ങള്‍ കൊണ്ടുചെല്ലണം.
3 അന്ന് ശുശ്രൂഷ ചെയ്യുന്ന പുരോഹിതന്‍റെ അടുക്കല്‍ ചെന്ന് ഇങ്ങനെ പറയണം: “നമുക്കു നല്‌കുമെന്നു സര്‍വേശ്വരന്‍ നമ്മുടെ പിതാക്കന്മാരോടു വാഗ്ദാനം ചെയ്തിരുന്ന ദേശത്തു ഞാന്‍ വന്നിരിക്കുന്നു എന്ന് നിങ്ങളുടെ ദൈവമായ സര്‍വേശ്വരനോടു ഞാന്‍ സമ്മതിച്ച് ഏറ്റുപറയുന്നു.”
4 പുരോഹിതന്‍ നിങ്ങളുടെ കൈയില്‍നിന്ന് ആ കുട്ട വാങ്ങി അവിടുത്തെ യാഗപീഠത്തിനു മുമ്പില്‍ വയ്‍ക്കണം.
5 പിന്നീട് നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ മുമ്പില്‍ ഇപ്രകാരം പ്രസ്താവിക്കണം: “അലഞ്ഞു നടന്നിരുന്ന ഒരു അരാമ്യനായിരുന്നു എന്‍റെ പിതാവ്. അദ്ദേഹം ഈജിപ്തില്‍ പോയി പരദേശിയായി പാര്‍ത്ത് എണ്ണത്തില്‍ ചെറുതായിരുന്ന അവര്‍ അവിടെ വലുതും ശക്തവും ജനബഹുലവുമായ ഒരു ജനതയായിത്തീര്‍ന്നു.
6 എന്നാല്‍ ഈജിപ്തുകാര്‍ ഞങ്ങളോടു ക്രൂരമായി പെരുമാറി. അവര്‍ ഞങ്ങളെ പീഡിപ്പിച്ചു; ഞങ്ങളെക്കൊണ്ട് അടിമവേല ചെയ്യിച്ചു.
7 അപ്പോള്‍ ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സര്‍വേശ്വരനോടു ഞങ്ങള്‍ നിലവിളിച്ചു; അവിടുന്ന് ഞങ്ങളുടെ നിലവിളി കേട്ടു; ഞങ്ങളുടെ കഷ്ടതയും പ്രയാസവും പീഡനവും അവിടുന്നു കണ്ടു.
8 അവിടുത്തെ കരബലവും നീട്ടിയ ഭുജവും ഭീതിദമായ പ്രവൃത്തികളും അടയാളങ്ങളും അദ്ഭുതങ്ങളും മുഖാന്തരം ഞങ്ങളെ ഈജിപ്തില്‍നിന്നു വിടുവിച്ചു;
9 ഞങ്ങളെ ഈ സ്ഥലത്തു കൂട്ടിക്കൊണ്ടുവന്നു പാലും തേനും ഒഴുകുന്ന ഈ ദേശം അവിടുന്നു ഞങ്ങള്‍ക്കു നല്‌കിയിരിക്കുന്നു.
10 ഇതാ, സര്‍വേശ്വരാ അവിടുന്ന് നല്‌കിയിരിക്കുന്ന നിലത്തിലെ വിളവിന്‍റെ ആദ്യഫലം ഞാന്‍ കൊണ്ടുവന്നിരിക്കുന്നു. പിന്നീട് നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ സന്നിധിയില്‍ ആ കുട്ട സമര്‍പ്പിച്ച് അവിടുത്തെ നമസ്കരിക്കണം;
11 നിനക്കും നിന്‍റെ കുടുംബത്തിനും അവിടുന്നു നല്‌കിയിട്ടുള്ള നല്ല ദാനങ്ങള്‍ക്കു നന്ദിയുള്ളവനായിരിക്കുക; നിങ്ങളും ലേവ്യരും നിങ്ങളുടെ ഇടയില്‍ പാര്‍ക്കുന്ന പരദേശിയും സന്തോഷിക്കട്ടെ.
12
ദശാംശസമര്‍പ്പണവത്സരമായ ഓരോ മൂന്നാം വര്‍ഷവും നിങ്ങളുടെ വിളവിന്‍റെ പത്തിലൊന്നു ശേഖരിച്ചു ലേവ്യര്‍ക്കും പരദേശികള്‍ക്കും അനാഥര്‍ക്കും വിധവമാര്‍ക്കും കൊടുക്കണം. നിങ്ങളുടെ പട്ടണങ്ങളില്‍ വച്ചു അവര്‍ ഭക്ഷിച്ചു സംതൃപ്തരാകട്ടെ.13 അതിനുശേഷം സര്‍വേശ്വരനോട് ഇങ്ങനെ പറയണം: “വിശുദ്ധമായ ദശാംശത്തിന്‍റെ ഒരംശംപോലും എന്‍റെ ഭവനത്തില്‍ ശേഷിപ്പിക്കാതെ അവിടുന്ന് എന്നോടു കല്പിച്ചതുപോലെ ലേവ്യര്‍ക്കും പരദേശികള്‍ക്കും അനാഥര്‍ക്കും വിധവകള്‍ക്കും കൊടുത്തുകഴിഞ്ഞു. അവിടുത്തെ കല്പനകള്‍ ഞാന്‍ ലംഘിക്കുകയോ, മറക്കുകയോ ചെയ്തിട്ടില്ല.
14 വിലാപകാലത്ത് ഞാന്‍ അതില്‍നിന്ന് ഭക്ഷിച്ചിട്ടില്ല. അശുദ്ധനായിരുന്നപ്പോള്‍ ഞാന്‍ അതില്‍ തൊട്ടിട്ടില്ല; മരിച്ചവര്‍ക്കുവേണ്ടി അതില്‍നിന്ന് എന്തെങ്കിലും അര്‍പ്പിച്ചിട്ടുമില്ല. എന്‍റെ ദൈവമായ സര്‍വേശ്വരന്‍ പറഞ്ഞതെല്ലാം ഞാന്‍ അനുസരിച്ചു; അവിടുന്നു നല്‌കിയ കല്പനകളെല്ലാം ഞാന്‍ പാലിക്കുകയും ചെയ്തിരിക്കുന്നു.
15 അവിടുന്നു വസിക്കുന്ന വിശുദ്ധസ്ഥലമായ സ്വര്‍ഗത്തില്‍നിന്ന് തൃക്കണ്‍പാര്‍ത്ത് അവിടുത്തെ ജനമായ ഇസ്രായേലിനെ അനുഗ്രഹിക്കണമേ. അവിടുന്നു ഞങ്ങളുടെ പിതാക്കന്മാരോടു വാഗ്ദാനം ചെയ്തതുപോലെ ഞങ്ങള്‍ക്കു നല്‌കിയ പാലും തേനും ഒഴുകുന്ന ഈ ദേശത്തെയും അനുഗ്രഹിക്കണമേ.
16
നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നല്‌കിയിട്ടുള്ള ചട്ടങ്ങളും അനുശാസനങ്ങളും പാലിക്കാന്‍ അവിടുന്നു ഇന്നു നിങ്ങളോടു കല്പിക്കുന്നു; അവയെല്ലാം പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടും കൂടി ശ്രദ്ധാപൂര്‍വം അനുസരിക്കണം.17 സര്‍വേശ്വരന്‍ ഞങ്ങളുടെ ദൈവമാണ്. അവിടുത്തെ ചട്ടങ്ങളും കല്പനകളും അനുശാസനങ്ങളും ഞങ്ങള്‍ പാലിക്കും; അവിടുത്തെ കല്പനകള്‍ ഞങ്ങള്‍ അനുസരിക്കും എന്ന് ഇന്നു നിങ്ങള്‍ പ്രസ്താവിച്ചിരിക്കുന്നു.
18 അവിടുന്നു നിങ്ങളോടു വാഗ്ദാനം ചെയ്തതുപോലെ നിങ്ങള്‍ അവിടുത്തെ സ്വന്തജനമായിരിക്കുമെന്നും അവിടുത്തെ എല്ലാ കല്പനകളും അനുസരിക്കണമെന്നും ഇന്നു സര്‍വേശ്വരന്‍ നിങ്ങളോടു പ്രഖ്യാപിച്ചിരിക്കുന്നു.
19 സര്‍വേശ്വരന്‍ സൃഷ്‍ടിച്ച മറ്റെല്ലാ ജനതകളെയുംകാള്‍ പ്രശസ്തിയും ബഹുമാനവും അവിടുന്നു നിങ്ങള്‍ക്കു നല്‌കും; അവിടുന്ന് അരുളിച്ചെയ്തതുപോലെ നിങ്ങള്‍ അവിടുത്തെ സ്വന്തജനമായിരിക്കുകയും ചെയ്യും.
1
മോശയും ഇസ്രായേലിലെ നേതാക്കളും ജനത്തോടു പറഞ്ഞു: “ഞാന്‍ ഇന്നു നിങ്ങള്‍ക്കു നല്‌കുന്ന സകല കല്പനകളും അനുസരിക്കുക.2 നിങ്ങള്‍ യോര്‍ദ്ദാന്‍ കടന്ന് നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങള്‍ക്കു നല്‌കുന്ന ദേശത്ത് എത്തുന്ന ദിവസംതന്നെ ഏതാനും വലിയ കല്ലുകള്‍ നാട്ടിനിര്‍ത്തി അവയില്‍ കുമ്മായം തേക്കണം.
3 നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സര്‍വേശ്വരന്‍ വാഗ്ദാനം ചെയ്തതുപോലെ അവിടുന്നു നിങ്ങള്‍ക്കു നല്‌കുന്ന പാലും തേനും ഒഴുകുന്ന ദേശത്തു നിങ്ങള്‍ നദി കടന്നു പ്രവേശിക്കുമ്പോള്‍ ധര്‍മശാസ്ത്രത്തിലെ എല്ലാ വാക്കുകളും ആ കല്ലുകളില്‍ എഴുതിവയ്‍ക്കണം.
4 നിങ്ങള്‍ യോര്‍ദ്ദാന്‍നദി കടക്കുമ്പോള്‍ ഞാന്‍ ഇന്നു നിങ്ങളോടു കല്പിക്കുന്നതുപോലെ ഏബാല്‍ പര്‍വതത്തില്‍ ഈ ശിലകള്‍ നാട്ടി അവയില്‍ കുമ്മായം തേക്കണം.
5 കല്ലുകള്‍കൊണ്ട് അവിടെ നിങ്ങളുടെ ദൈവമായ സര്‍വേശ്വരന് ഒരു യാഗപീഠം പണിയണം. അതില്‍ ഇരുമ്പായുധം സ്പര്‍ശിക്കരുത്;
6 ചെത്തിമിനുക്കാത്ത കല്ലുകള്‍കൊണ്ടു വേണം സര്‍വേശ്വരന്‍റെ യാഗപീഠം പണിയേണ്ടത്. അതിന്മേല്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനു ഹോമയാഗങ്ങള്‍ അര്‍പ്പിക്കണം.
7 സമാധാനയാഗങ്ങളും അതിന്മേല്‍ അര്‍പ്പിക്കണം. അത് അവിടെവച്ചു ഭക്ഷിച്ച് അവിടുത്തെ സന്നിധിയില്‍ ആനന്ദിക്കുക.
8 കുമ്മായം പൂശിയ കല്ലുകളില്‍ ധര്‍മശാസ്ത്രത്തിലെ സകല വാക്കുകളും സ്പഷ്ടമായി എഴുതണം.
9
ലേവ്യപുരോഹിതന്മാരോടു ചേര്‍ന്നു മോശ ഇസ്രായേല്‍ജനത്തോടു പറഞ്ഞു: ഇസ്രായേല്‍ജനമേ ശ്രദ്ധിക്കുവിന്‍, ഇന്നു നിങ്ങള്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ ജനമായിത്തീര്‍ന്നിരിക്കുന്നു.10 അതുകൊണ്ട് നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ അനുസരിക്കുകയും ഇന്നു ഞാന്‍ നിങ്ങള്‍ക്കു നല്‌കുന്ന അവിടുത്തെ നിയമങ്ങളും ചട്ടങ്ങളും പാലിക്കുകയും ചെയ്യുവിന്‍.”
11
അന്നുതന്നെ മോശ ജനത്തോടു കല്പിച്ചു:12 “നിങ്ങള്‍ യോര്‍ദ്ദാന്‍നദി കടന്നശേഷം ജനത്തെ അനുഗ്രഹിക്കുന്നതിനു ശിമെയോന്‍, ലേവി, യെഹൂദാ, ഇസ്സാഖാര്‍, യോസേഫ്, ബെന്യാമീന്‍ എന്നീ ഗോത്രക്കാര്‍ ഗെരിസീം പര്‍വതത്തില്‍ നില്‌ക്കണം.
13 രൂബേന്‍, ഗാദ്, ആശേര്‍, സെബൂലൂന്‍, ദാന്‍, നഫ്താലി എന്നീ ഗോത്രക്കാര്‍ ശപിക്കാനായി ഏബാല്‍ പര്‍വതത്തിലും നില്‌ക്കണം.
14 അപ്പോള്‍ ലേവ്യര്‍ ഈ വാക്കുകള്‍ ഉച്ചത്തില്‍ വിളിച്ചുപറയണം:
15
“ശില്പിയുടെ കരവേലയായി കൊത്തിയോ വാര്‍ത്തോ നിര്‍മ്മിച്ചതും സര്‍വേശ്വരന്‍ വെറുക്കുന്നതുമായ വിഗ്രഹം രഹസ്യമായി ആരാധിക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍.” “ആമേന്‍” എന്നു സര്‍വജനവും പറയണം.16
“പിതാവിനെയോ മാതാവിനെയോ നിന്ദിക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍.” ജനമെല്ലാം ‘ആമേന്‍’ എന്നു പറയണം;17
“അയല്‍ക്കാരന്‍റെ അതിരുകല്ല് നീക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍.” ‘ആമേന്‍’ എന്നു സര്‍വജനവും പറയണം.18 “അന്ധനെ വഴിതെറ്റിക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍.” ജനമെല്ലാം “ആമേന്‍” എന്നു പറയണം.
19
“പരദേശിക്കോ അനാഥനോ വിധവയ്‍ക്കോ നീതി നിഷേധിക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍.” “ആമേന്‍” എന്ന് സര്‍വജനവും പറയണം;20
“പിതാവിന്‍റെ ഭാര്യമാരില്‍ ആരുടെയെങ്കിലും കൂടെ ശയിച്ച് പിതാവിനെ അപമാനിക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍.” ജനമെല്ലാം ‘ആമേന്‍’ എന്നു പറയണം.21
“ഏതെങ്കിലും മൃഗത്തോടുകൂടി ശയിക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍.” “ആമേന്‍” എന്നു ജനമെല്ലാം പറയണം.22
“തന്‍റെ മാതാവിന്‍റെയോ പിതാവിന്‍റെയോ പുത്രിയായ സഹോദരിയോടുകൂടി ശയിക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍.” “ആമേന്‍” എന്നു ജനമെല്ലാം പറയണം.23
“ഭാര്യാമാതാവിനോടുകൂടി ശയിക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍.” “ആമേന്‍” എന്നു ജനമെല്ലാം പറയണം;24
“അയല്‍ക്കാരനെ പതിയിരുന്ന് കൊല്ലുന്നവന്‍ ശപിക്കപ്പെട്ടവന്‍.” ജനമെല്ലാം “ആമേന്‍” എന്നു പറയണം;25
“നിരപരാധിയെ കൊല്ലുന്നതിനു പ്രതിഫലം വാങ്ങുന്നവന്‍ ശപിക്കപ്പെട്ടവന്‍.” “ആമേന്‍” എന്നു ജനമെല്ലാം പറയണം.26
“ഈ ധര്‍മശാസ്ത്രത്തിലെ ചട്ടങ്ങള്‍ പ്രമാണമാക്കി ജീവിക്കാത്തവന്‍ ശപിക്കപ്പെട്ടവന്‍.” “ആമേന്‍” എന്ന് സര്‍വജനവും പറയണം.1
നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ അനുസരിക്കുകയും ഞാന്‍ ഇന്നു നല്‌കുന്ന അവിടുത്തെ കല്പനകള്‍ വിശ്വസ്തതയോടെ പാലിക്കുകയും ചെയ്താല്‍ അവിടുന്നു നിങ്ങളെ ഭൂമിയിലെ ഏറ്റവും വലിയ ജനതയാക്കും.2 നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ അനുസരിച്ചു ജീവിച്ചാല്‍ ഈ അനുഗ്രഹങ്ങള്‍ നിങ്ങള്‍ക്കു ലഭിക്കും.
3 പട്ടണങ്ങളിലും വയലുകളിലും നിങ്ങള്‍ അനുഗൃഹീതരാകും;
4 അവിടുന്നു നിങ്ങളുടെ സന്താനങ്ങളെയും വയലിലെ വിളവുകളെയും മൃഗങ്ങളെയും ആടുമാടുകളെയും അനുഗ്രഹിക്കും.
5 നിങ്ങളുടെ കുട്ടകളും മാവു കുഴയ്‍ക്കുന്ന തൊട്ടികളും സര്‍വേശ്വരന്‍ അനുഗ്രഹിക്കും;
6 നിങ്ങളുടെ സകല പ്രവൃത്തികളിലും അവിടുത്തെ അനുഗ്രഹം ഉണ്ടാകും.
7 ശത്രുക്കള്‍ നിങ്ങളെ ആക്രമിക്കുമ്പോള്‍ സര്‍വേശ്വരന്‍ അവരെ തോല്പിക്കും; അവന്‍ നിങ്ങള്‍ക്കെതിരെ ഒരു വഴിയെ ഒരുമിച്ചുവരും; എന്നാല്‍ ഏഴു വഴിയെ പിന്തിരിഞ്ഞോടും.
8 അവിടുന്ന് നിങ്ങളുടെ അധ്വാനത്തെ അനുഗ്രഹിക്കും; നിങ്ങളുടെ കളപ്പുരകളെ അനുഗ്രഹിക്കും. നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങള്‍ക്കു നല്‌കുന്ന ദേശത്തു നിങ്ങളെ അനുഗ്രഹിക്കും.
9 നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ വഴികളില്‍ നടക്കുകയും അവിടുന്നു നല്‌കുന്ന കല്പനകള്‍ പാലിക്കുകയും ചെയ്താല്‍ അവിടുന്നു വാഗ്ദാനം ചെയ്തിരുന്നതുപോലെ നിങ്ങളെ അവിടുത്തെ വേര്‍തിരിക്കപ്പെട്ട ജനമാക്കിത്തീര്‍ക്കും.
10 നിങ്ങള്‍ അവിടുത്തെ സ്വന്തജനമാകുന്നു എന്നു ഭൂമിയിലെ സകല ജനതകളും അറിയും; അവര്‍ നിങ്ങളെ ഭയപ്പെടുകയും ചെയ്യും.
11 നിങ്ങള്‍ക്കു നല്‌കുമെന്നു സര്‍വേശ്വരന്‍ നിങ്ങളുടെ പിതാക്കന്മാരോടു വാഗ്ദാനം ചെയ്തിരുന്ന ദേശത്ത് അവിടുന്നു നിങ്ങള്‍ക്കു നിരവധി സന്താനങ്ങളെയും കന്നുകാലികളെയും നല്‌കും; നിങ്ങളുടെ വിളവും വര്‍ധിപ്പിക്കും;
12 സര്‍വേശ്വരന്‍ ആകാശത്തിലെ തന്‍റെ വിശിഷ്ട സംഭരണികള്‍ തുറന്ന് നിങ്ങളുടെ ദേശത്തിനു യഥാസമയം മഴ നല്‌കും; നിങ്ങളുടെ സകല പ്രവര്‍ത്തനങ്ങളെയും അവിടുന്ന് അനുഗ്രഹിക്കും. നിങ്ങള്‍ മറ്റു പല ജനതകള്‍ക്കും വായ്പ കൊടുക്കും; എന്നാല്‍ നിങ്ങള്‍ക്കു വായ്പ വാങ്ങേണ്ടിവരികയില്ല.
13 ഞാന്‍ ഇന്നു നിങ്ങള്‍ക്കു നല്‌കുന്ന സര്‍വേശ്വരന്‍റെ കല്പനകള്‍ ശ്രദ്ധാപൂര്‍വം അനുസരിച്ചാല്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങള്‍ക്ക് ജനതകളുടെ നേതൃത്വം നല്‌കും. നിങ്ങളുടെ സ്ഥാനം മുന്നിലായിരിക്കും; പിന്നില്‍ ആയിരിക്കുകയില്ല. നിങ്ങള്‍ക്ക് എന്നും പുരോഗതി ഉണ്ടാകും; അധോഗതി സംഭവിക്കുകയില്ല.
14 ഞാന്‍ ഇന്നു നിങ്ങളോട് കല്പിക്കുന്നതില്‍നിന്ന് വ്യതിചലിച്ച് അന്യദേവന്മാരെ അനുഗമിക്കുകയോ സേവിക്കുകയോ ചെയ്യരുത്.
15
നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ അനുസരിക്കാതെയോ ഞാന്‍ ഇന്നു നല്‌കുന്ന കല്പനകളും ചട്ടങ്ങളും അനുശാസനങ്ങളും വിശ്വസ്തമായി പാലിക്കാതെയോ ഇരുന്നാല്‍ ഈ ശാപങ്ങള്‍ നിങ്ങളുടെമേല്‍ പതിക്കും.16 പട്ടണങ്ങളിലും വയലുകളിലും നിങ്ങള്‍ ശാപഗ്രസ്തരാകും;
17 നിങ്ങളുടെ കുട്ടകളും മാവു കുഴയ്‍ക്കുന്ന തൊട്ടികളും ശപിക്കപ്പെടും;
18 നിങ്ങളുടെ സന്താനങ്ങളും ധാന്യവിളവുകളും കന്നുകാലികളും ആട്ടിന്‍പറ്റവും ശപിക്കപ്പെടും.
19 നിങ്ങളുടെ സകല പ്രവൃത്തികളിലും നിങ്ങള്‍ ശപിക്കപ്പെട്ടവരായിത്തീരും.
20 നിങ്ങള്‍ തിന്മ ചെയ്ത് സര്‍വേശ്വരനെ ഉപേക്ഷിച്ചാല്‍ നിങ്ങള്‍ ചെയ്യുന്ന സകല പ്രവൃത്തികളെയും അവിടുന്ന് വിഫലമാക്കുകയും നിങ്ങള്‍ക്ക് വിഭ്രാന്തിയും ശാപവും വരുത്തുകയും ചെയ്യും;
21 നിങ്ങള്‍ അതിവേഗം നശിക്കും. നിങ്ങള്‍ കൈവശപ്പെടുത്താന്‍ പോകുന്ന ദേശത്തു നിങ്ങള്‍ നിശ്ശേഷം നശിക്കുന്നതുവരെ അവിടുന്ന് തുടര്‍ച്ചയായി നിങ്ങളുടെമേല്‍ മഹാമാരികള്‍ അയയ്‍ക്കും.
22 ക്ഷയം, ജ്വരം, നീര്‍വീക്കം, അത്യുഷ്ണം, വാള്‍, വിഷക്കാറ്റ്, പൂപ്പല്‍ എന്നീ രോഗങ്ങള്‍ സര്‍വേശ്വരന്‍ നിങ്ങളുടെമേല്‍ വരുത്തും. നിങ്ങള്‍ നശിച്ചുതീരുന്നതുവരെ അവ നിങ്ങളെ പിന്തുടരും.
23 ആകാശം മഴ നല്‌കുകയില്ല; ഭൂമി ഇരുമ്പുപോലെ കടുപ്പമുള്ളതായിത്തീരും.
24 നിങ്ങള്‍ നിശ്ശേഷം നശിക്കുന്നതുവരെ അവിടുന്ന് നിങ്ങളുടെ ദേശത്ത് മഴയ്‍ക്കു പകരം പൂഴിക്കാറ്റും മണല്‍ക്കാറ്റും അയയ്‍ക്കും.
25 ശത്രുക്കളുടെ മുമ്പില്‍ അവിടുന്നു നിങ്ങളെ പരാജിതരാക്കും. ഒരു വഴിയില്‍ക്കൂടി നിങ്ങള്‍ അവരുടെ നേരെ ചെല്ലും; എന്നാല്‍ ഏഴു വഴിയില്‍കൂടി നിങ്ങള്‍ പിന്തിരിഞ്ഞോടും. നിങ്ങള്‍ക്കു നേരിട്ട അനുഭവം കാണുമ്പോള്‍ ഭൂമിയിലെ സകല രാജ്യങ്ങളും പരിഭ്രമിക്കും.
26 നിങ്ങളുടെ ശവശരീരങ്ങള്‍ ആകാശത്തിലെ പക്ഷികള്‍ക്കും ഭൂമിയിലെ മൃഗങ്ങള്‍ക്കും ഇരയായിത്തീരും; അവയെ ആട്ടിയോടിക്കാന്‍ ആരും ഉണ്ടായിരിക്കുകയില്ല.
27 ഈജിപ്തില്‍ ഉണ്ടായതുപോലെയുള്ള പരുക്കള്‍, വ്രണങ്ങള്‍, ചൊറി, ചിരങ്ങ് എന്നിവകൊണ്ട് അവിടുന്ന് നിങ്ങളെ പീഡിപ്പിക്കും; അവയില്‍നിന്നു നിങ്ങള്‍ക്കു മോചനം ഉണ്ടാകുകയില്ല.
28 സര്‍വേശ്വരന്‍ നിങ്ങള്‍ക്കു ഭ്രാന്തും അന്ധതയും മനോവിഭ്രാന്തിയും വരുത്തും.
29 അന്ധന്‍ ഇരുട്ടില്‍ തപ്പിനടക്കുന്നതുപോലെ നിങ്ങള്‍ ഉച്ചസമയത്ത് തപ്പിനടക്കും. ഒരു പ്രവൃത്തിയിലും നിങ്ങള്‍ക്ക് വിജയം ഉണ്ടാകുകയില്ല. നിങ്ങള്‍ എപ്പോഴും പീഡിതരും ചൂഷിതരും ആയിരിക്കും; നിങ്ങളെ വിടുവിക്കാന്‍ ആരും കാണുകയില്ല.
30 നിങ്ങള്‍ ഒരു സ്‍ത്രീയുമായി വിവാഹനിശ്ചയം നടത്തും; എന്നാല്‍ മറ്റൊരാള്‍ അവളെ വിവാഹം കഴിക്കും; നിങ്ങള്‍ വീടു പണിയും; എങ്കിലും അതില്‍ പാര്‍ക്കുകയില്ല; നിങ്ങള്‍ മുന്തിരിത്തോട്ടം നട്ടുണ്ടാക്കും; എന്നാല്‍ ഫലം അനുഭവിക്കുകയില്ല.
31 നിങ്ങളുടെ കാളയെ നിങ്ങള്‍ നോക്കിനില്‌ക്കെ കൊല്ലും; എന്നാല്‍ അതിന്‍റെ മാംസം നിങ്ങള്‍ ഭക്ഷിക്കുകയില്ല. കഴുതകളെ നിങ്ങളുടെ മുമ്പില്‍നിന്നു ബലമായി പിടിച്ചുകൊണ്ടു പോകും; അവയെ തിരികെ കിട്ടുകയില്ല. നിങ്ങളുടെ ആടുകളെ ശത്രുക്കള്‍ പിടിച്ചുകൊണ്ടുപോകും; നിങ്ങളെ സഹായിക്കാന്‍ ആരും ഉണ്ടായിരിക്കുകയില്ല.
32 നിങ്ങളുടെ പുത്രീപുത്രന്മാര്‍ അന്യജനതകള്‍ക്ക് അടിമകളായിത്തീരും; അവരെ തടയാന്‍ നിങ്ങളുടെ കൈ അശക്തമായിരിക്കും; അവരുടെ തിരിച്ചുവരവു കാത്ത് നിങ്ങളുടെ കണ്ണ് കുഴയും.
33 നിങ്ങളുടെ കൈകളുടെ അധ്വാനഫലവും വിളവുകളും നിങ്ങള്‍ അറിയാത്ത ജനം അനുഭവിക്കും; നിങ്ങളുടെ ആയുഷ്കാലം മുഴുവന്‍ നിങ്ങള്‍ പീഡിതരും മര്‍ദ്ദിതരും ആയിരിക്കും;
34 നിങ്ങള്‍ കാണുന്ന കാഴ്ചകള്‍ നിങ്ങളെ ഭ്രാന്തു പിടിപ്പിക്കും;
35 നിങ്ങളുടെ കാലുകളിലും കാല്‍മുട്ടുകളിലും മാത്രമല്ല, ഉള്ളങ്കാല്‍മുതല്‍ നെറുകവരെ ഒരിക്കലും ഭേദമാകാത്ത വ്രണങ്ങള്‍ വരുത്തി സര്‍വേശ്വരന്‍ നിങ്ങളെ ശിക്ഷിക്കും.
36 നിങ്ങളോ നിങ്ങളുടെ പിതാക്കന്മാരോ ഒരിക്കലും പാര്‍ത്തിട്ടില്ലാത്ത ദേശത്തേക്കു നിങ്ങളെയും നിങ്ങളുടെ രാജാവിനെയും അവിടുന്നു കൊണ്ടുപോകും; അവിടെ നിങ്ങള്‍ കല്ലും മരവുംകൊണ്ടു നിര്‍മ്മിച്ച ദേവന്മാരെ പൂജിക്കും.
37 സര്‍വേശ്വരന്‍ നിങ്ങളെ ചിതറിക്കുന്ന ദേശത്തെ ജനം നിങ്ങള്‍ക്കു സംഭവിച്ചതു കാണുമ്പോള്‍ സംഭീതരാകും; നിങ്ങള്‍ പഴഞ്ചൊല്ലും പരിഹാസപാത്രവും ആയിത്തീരും.
38 നിങ്ങള്‍ വയലില്‍ ധാരാളം വിത്തു വിതയ്‍ക്കും; എന്നാല്‍ വെട്ടുക്കിളി തിന്നുതീര്‍ക്കുന്നതുകൊണ്ട് വളരെ കുറച്ചു മാത്രമേ കൊയ്തെടുക്കൂ.
39 നിങ്ങള്‍ മുന്തിരിത്തോട്ടങ്ങള്‍ നട്ടുണ്ടാക്കി അവ ചെത്തി ഒരുക്കും; എന്നാല്‍ പുഴു അവ നശിപ്പിക്കുന്നതുകൊണ്ട് അവയുടെ ഫലം നിങ്ങള്‍ ശേഖരിക്കുകയോ അവയില്‍നിന്ന് വീഞ്ഞ് കുടിക്കുകയോ ചെയ്യുകയില്ല.
40 ഒലിവുവൃക്ഷങ്ങള്‍ നിങ്ങളുടെ ദേശത്തെല്ലാം ഉണ്ടാകും; എന്നാല്‍ ഫലങ്ങള്‍ പൊഴിഞ്ഞുപോകുന്നതുകൊണ്ട് അവയുടെ എണ്ണ നിങ്ങള്‍ തേക്കുകയില്ല.
41 നിങ്ങള്‍ക്കു പുത്രന്മാരും പുത്രിമാരും ഉണ്ടാകുമെങ്കിലും ബന്ദികളായിത്തീരുന്നതുമൂലം അവര്‍ നിങ്ങള്‍ക്കു സ്വന്തമായിരിക്കുകയില്ല.
42 നിങ്ങളുടെ ദേശത്തിലെ എല്ലാ വൃക്ഷങ്ങളും വിളവുകളും വെട്ടുക്കിളികള്‍ തിന്നുകളയും.
43 നിങ്ങളുടെ ഇടയിലുള്ള പരദേശികള്‍ നിരന്തരം അഭിവൃദ്ധിപ്പെടും; നിങ്ങള്‍ അധോഗതി പ്രാപിക്കും.
44 അവര്‍ നിങ്ങള്‍ക്കു വായ്പ തരും; അവര്‍ക്കു കൊടുക്കാന്‍ നിങ്ങളുടെ കൈയില്‍ ഒന്നും ഉണ്ടായിരിക്കുകയില്ല. നേതൃത്വം അവര്‍ക്കായിരിക്കും; നിങ്ങള്‍ വെറും അനുയായികള്‍.
45 നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ അനുസരിക്കാതിരിക്കുകയും അവിടുത്തെ നിയമങ്ങളും ചട്ടങ്ങളും പാലിക്കാതിരിക്കുകയും ചെയ്യുന്നതുകൊണ്ട് നിങ്ങള്‍ പൂര്‍ണമായി നശിക്കുന്നതുവരെ ഈ ശാപങ്ങളെല്ലാം നിങ്ങളുടെമേല്‍ ഉണ്ടായിരിക്കും.
46 നിങ്ങളുടെയും നിങ്ങളുടെ സന്തതികളുടെയുംമേല്‍ അവ എന്നും അദ്ഭുതവും അടയാളവും ആയിരിക്കും;
47 നിങ്ങള്‍ക്കു ലഭിച്ച സമൃദ്ധിയെപ്രതി നിങ്ങള്‍ ആഹ്ലാദത്തോടും ഉല്ലാസത്തോടും കൂടി അവിടുത്തെ ആരാധിച്ചില്ല.
48 അതുകൊണ്ട് സര്‍വേശ്വരന്‍ നിങ്ങള്‍ക്കെതിരെ അയയ്‍ക്കുന്ന ശത്രുവിനെ നിങ്ങള്‍ വിശപ്പും ദാഹവും നഗ്നതയും ദാരിദ്ര്യവും സഹിച്ചുകൊണ്ട് സേവിക്കും. നിങ്ങള്‍ നശിക്കുവോളം അവിടുന്നു നിങ്ങളുടെമേല്‍ ഇരുമ്പുനുകം വയ്‍ക്കും;
49 നിങ്ങള്‍ക്കെതിരായി ഭൂമിയുടെ അതിരില്‍നിന്ന് ഒരു ജനതയെ സര്‍വേശ്വരന്‍ വിളിച്ചുവരുത്തും; കഴുകന്‍ പറന്നു വരുന്നതുപോലെ അവര്‍ വരും; അവരുടെ ഭാഷ നിങ്ങള്‍ക്ക് അജ്ഞാതമായിരിക്കും.
50 വൃദ്ധന്മാരെ ആദരിക്കുകയോ ശിശുക്കളോടു കരുണ കാണിക്കുകയോ ചെയ്യാത്ത ക്രൂരന്മാരായിരിക്കും അവര്‍.
51 നിങ്ങളുടെ കന്നുകാലികളെ അവര്‍ തിന്നൊടുക്കും; നിങ്ങളുടെ വിളവുകളും ഭക്ഷിച്ചു തീര്‍ക്കും. ധാന്യമോ, വീഞ്ഞോ, ഒലിവെണ്ണയോ, ആടുമാടുകളോ ഒന്നും അവര്‍ നിങ്ങള്‍ക്കുവേണ്ടി ശേഷിപ്പിക്കുകയില്ല. അങ്ങനെ നിങ്ങള്‍ പൂര്‍ണമായി നശിക്കും.
52 നിങ്ങള്‍ ആശ്രയിച്ചിരുന്ന ഉന്നതമായ ബലിഷ്ഠദുര്‍ഗങ്ങള്‍ വീഴുംവരെ അവര്‍ നിങ്ങളുടെ ദേശത്തിലെ പട്ടണങ്ങള്‍ ഉപരോധിക്കും; നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങള്‍ക്കു നല്‌കുന്ന ദേശത്തിലെ പട്ടണങ്ങള്‍ എല്ലാം അവര്‍ ആക്രമിക്കും.
53 നിങ്ങളുടെ ശത്രുക്കള്‍ നിങ്ങളെ ഉപരോധിച്ചു ഞെരുക്കുമ്പോള്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങള്‍ക്കു നല്‌കിയിട്ടുള്ള സ്വന്തം പുത്രീപുത്രന്മാരുടെ മാംസം നിങ്ങള്‍ ഭക്ഷിക്കും.
54 [54,55] നിങ്ങളുടെ കൂട്ടത്തിലെ ഏറ്റവും കരുണാര്‍ദ്രനും സഹതാപമുള്ളവനും ആയ ആള്‍പോലും ഈ മാംസം തന്‍റെ സഹോദരനോ പ്രിയപ്പെട്ട ഭാര്യക്കോ മറ്റു മക്കള്‍ക്കോ അല്പംപോലും പങ്കുവയ്‍ക്കുകയില്ല. ശത്രുക്കള്‍ നിങ്ങളുടെ പട്ടണങ്ങള്‍ നിരോധിച്ചു ഞെരുക്കുമ്പോള്‍ അയാള്‍ക്ക് ഭക്ഷിക്കാന്‍ മറ്റൊന്നും ഉണ്ടായിരിക്കുകയില്ല.
55
56 കുലീനയും ആര്‍ദ്രമനസ്കയും ഒരിക്കല്‍പോലും പാദം നിലത്തു ചവിട്ടാന്‍ വയ്യാത്തവിധം പേലവാംഗിയും ആയ സ്‍ത്രീപോലും തന്‍റെ കാന്തനെയും മക്കളെയും കരുണയറ്റ കണ്ണുകൊണ്ടു നോക്കും.
57 ശത്രു പട്ടണം ഉപരോധിച്ചു ഞെരുക്കുമ്പോള്‍ ഭക്ഷണം ലഭിക്കാതെ നിസ്സഹായയായിത്തീരുന്ന അവള്‍ തനിക്ക് ജനിക്കുന്ന കുഞ്ഞിനെയും മറുപിള്ളയെയും ഭക്ഷിക്കും.
58 നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ ശ്രേഷ്ഠവും ഭയാനകവുമായ നാമത്തെ ആദരിക്കാതെയും ഈ പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന അവിടുത്തെ ധര്‍മശാസ്ത്രം അനുസരിക്കാതെയും ഇരുന്നാല്‍
59 അവിടുന്ന് നിങ്ങളുടെയും നിങ്ങളുടെ സന്തതിയുടെയുംമേല്‍ മാരകമായ തീരാവ്യാധികളും നീണ്ടുനില്‌ക്കുന്ന വിചിത്ര ബാധകളും വരുത്തും;
60 നിങ്ങള്‍ ഈജിപ്തില്‍വച്ചു ഭയപ്പെട്ട ബാധകളെല്ലാം അവിടുന്നു നിങ്ങളുടെമേല്‍ അയയ്‍ക്കും. അവയില്‍നിന്നും നിങ്ങള്‍ ഒരിക്കലും രക്ഷപെടുകയില്ല.
61 നിങ്ങള്‍ നിശ്ശേഷം നശിക്കുന്നതുവരെ സര്‍വേശ്വരന്‍റെ ധര്‍മശാസ്ത്രത്തില്‍ എഴുതിയിട്ടില്ലാത്ത രോഗങ്ങളും ബാധകളും നിങ്ങളുടെമേല്‍ അയച്ചുകൊണ്ടിരിക്കും;
62 നിങ്ങള്‍ ആകാശത്തിലെ നക്ഷത്രങ്ങള്‍പോലെ പെരുകിയിരിക്കുന്നെങ്കിലും നിങ്ങളില്‍ ചുരുക്കം പേര്‍ മാത്രം അവശേഷിക്കും; നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ നിങ്ങള്‍ അനുസരിച്ചില്ലല്ലോ.
63 നിങ്ങള്‍ക്കു നന്മ ചെയ്യുന്നതിലും നിങ്ങളുടെ സംഖ്യ വര്‍ധിപ്പിക്കുന്നതിലും അവിടുന്നു സന്തോഷിച്ചതുപോലെ നിങ്ങളെ നശിപ്പിക്കുന്നതിലും സര്‍വേശ്വരന്‍ സന്തോഷിക്കും; നിങ്ങള്‍ കൈവശപ്പെടുത്താന്‍ പോകുന്ന ദേശത്തുനിന്ന് നിങ്ങളെ പിഴുതുകളയും.
64 ഭൂമിയില്‍ ഒരറ്റംമുതല്‍ മറ്റേ അറ്റംവരെയുള്ള എല്ലാ ജനതകളുടെയും ഇടയിലേക്ക് അവിടുന്ന് നിങ്ങളെ ചിതറിക്കും; അവിടെ നിങ്ങളോ നിങ്ങളുടെ പിതാക്കന്മാരോ ആരാധിച്ചിട്ടില്ലാത്തതും മരംകൊണ്ടും കല്ലുകൊണ്ടും നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതുമായ അന്യദേവന്മാരെ നിങ്ങള്‍ സേവിക്കും.
65 ആ ജനതകളുടെ ഇടയില്‍ നിങ്ങള്‍ക്കു സ്വസ്ഥത ലഭിക്കുകയില്ല; നിങ്ങളുടെ പാദങ്ങള്‍ വിശ്രമം അറിയുകയില്ല. നിങ്ങളുടെ ഹൃദയം വിറകൊള്ളും; നിങ്ങളുടെ കാഴ്ച മങ്ങും; നിങ്ങളുടെ മനസ്സ് കലങ്ങിപ്പോകും. സര്‍വേശ്വരന്‍ ഇതെല്ലാം നിങ്ങള്‍ക്കു വരുത്തും.
66 നിങ്ങളുടെ ജീവന്‍ എപ്പോഴും അപകടത്തിലായിരിക്കും; രാവും പകലും നിങ്ങള്‍ ഭീതിയില്‍ കഴിയും; നിങ്ങള്‍ എല്ലായ്പോഴും അരക്ഷിതരായിരിക്കും.
67 നിങ്ങളുടെ ഹൃദയത്തില്‍ തിങ്ങിനില്‌ക്കുന്ന ഭയം നിമിത്തവും നിങ്ങള്‍ കാണുന്ന കാഴ്ചകള്‍ നിമിത്തവും പ്രഭാതമാകുമ്പോള്‍ സന്ധ്യയായെങ്കില്‍ എന്നും സന്ധ്യയാകുമ്പോള്‍ നേരം വെളുത്തിരുന്നെങ്കില്‍ എന്നും നിങ്ങള്‍ പറയും;
68 ഇനി ഒരിക്കലും മടങ്ങിപ്പോകേണ്ടിവരികയില്ല എന്നു പറഞ്ഞ് ഈജിപ്തിലേക്കു സര്‍വേശ്വരന്‍ നിങ്ങളെ കപ്പലില്‍ അയയ്‍ക്കും; അവിടെ ശത്രുക്കള്‍ക്കു നിങ്ങള്‍ സ്വയം അടിമകളായി വില്‍ക്കപ്പെടാന്‍ ആഗ്രഹിക്കും; എന്നാല്‍ ആരും നിങ്ങളെ വാങ്ങുകയില്ല.
1
സീനായ്മലയില്‍ വച്ചു സര്‍വേശ്വരന്‍ ഇസ്രായേല്‍ജനത്തോടു ചെയ്ത ഉടമ്പടി കൂടാതെ മോവാബ്‍ദേശത്തുവച്ച് അവരോടു ചെയ്യാന്‍ അവിടുന്നു മോശയോടു കല്പിച്ച ഉടമ്പടിയിലെ വചനങ്ങള്‍ ഇവയാകുന്നു;2 മോശ ഇസ്രായേല്‍ജനത്തെയെല്ലാം വിളിച്ചുകൂട്ടി പറഞ്ഞു: “ഈജിപ്തില്‍വച്ചു ഫറവോയോടും അയാളുടെ സേവകരോടും അയാളുടെ ദേശത്തോടും സര്‍വേശ്വരന്‍ ചെയ്തതെല്ലാം നിങ്ങള്‍ കണ്ടതാണല്ലോ.
3 നിങ്ങള്‍ നേരിട്ടു കണ്ട മഹാപരീക്ഷകളായ അടയാളങ്ങളും അദ്ഭുതപ്രവൃത്തികളുംതന്നെ.
4 എങ്കിലും ഗ്രഹിക്കാനുള്ള ഹൃദയവും കാണാനുള്ള കണ്ണും കേള്‍ക്കാനുള്ള ചെവിയും സര്‍വേശ്വരന്‍ ഇന്നുവരെ നിങ്ങള്‍ക്കു നല്‌കിയിട്ടില്ല.
5 നാല്പതു സംവത്സരങ്ങള്‍ മരുഭൂമിയിലൂടെ അവിടുന്നു നിങ്ങളെ വഴി നടത്തി; എങ്കിലും നിങ്ങള്‍ ധരിച്ചിരുന്ന വസ്ത്രം ജീര്‍ണിക്കുകയോ കാലിലെ ചെരുപ്പു തേഞ്ഞു പോകുകയോ ചെയ്തില്ല.
6 നിങ്ങള്‍ക്കു ഭക്ഷിക്കാന്‍ അപ്പമോ കുടിക്കാന്‍ വീഞ്ഞോ, ലഹരിപാനീയങ്ങളോ ഉണ്ടായിരുന്നില്ല. എങ്കിലും അവിടുന്നു നിങ്ങളുടെ ദൈവമാകുന്നു എന്നു നിങ്ങള്‍ അറിയേണ്ടതിനു നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം അവിടുന്നു നല്‌കി.
7 നാം ഇവിടേക്കു വരുമ്പോള്‍ ഹെശ്ബോനിലെ രാജാവായ സീഹോനും ബാശാനിലെ രാജാവായ ഓഗും നമുക്കെതിരായി യുദ്ധത്തിനു വന്നു; എന്നാല്‍ നാം അവരെ പരാജയപ്പെടുത്തി.
8 അവരുടെ ദേശം പിടിച്ചടക്കി രൂബേന്‍റെയും ഗാദിന്‍റെയും ഗോത്രങ്ങള്‍ക്കും മനശ്ശെയുടെ പകുതി ഗോത്രത്തിനും അവകാശമായി കൊടുത്തു.
9 അതുകൊണ്ട് നിങ്ങളുടെ പ്രവൃത്തികളിലെല്ലാം വിജയിക്കുന്നതിന് ഈ ഉടമ്പടിയിലെ എല്ലാ വചനങ്ങളും ശ്രദ്ധാപൂര്‍വം പാലിക്കണം.
10
നിങ്ങളുടെ ഗോത്രത്തലവന്മാരും നഗരനേതാക്കന്മാരും ഉദ്യോഗസ്ഥന്മാരും ഇസ്രായേല്‍ജനം മുഴുവനും നിങ്ങളുടെ സ്‍ത്രീകളും കുട്ടികളും നിങ്ങളുടെ ഇടയില്‍ പാര്‍ക്കുന്ന പരദേശികളും മരംവെട്ടുകാരും വെള്ളം കോരുന്നവരും എല്ലാം11 ഇപ്പോള്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ സന്നിധിയില്‍ നില്‌ക്കുന്നു.
12 [12,13] അവിടുന്ന് നിങ്ങളോട് അരുളിച്ചെയ്തതുപോലെയും നിങ്ങളുടെ പിതാക്കന്മാരായ അബ്രഹാം, ഇസ്ഹാക്ക്, യാക്കോബ് എന്നിവരോടു വാഗ്ദാനം ചെയ്തിരുന്നതുപോലെയും ഇന്നു നിങ്ങളെ അവിടുത്തെ സ്വന്തം ജനമാക്കും. അവിടുന്നു നിങ്ങളുടെ ദൈവമായിരിക്കും. ഇതിനുവേണ്ടി അവിടുന്ന് ഇന്ന് ഏര്‍പ്പെടുത്തുന്ന പ്രതിജ്ഞാപൂര്‍വമായ ഉടമ്പടിയിലേക്ക് നിങ്ങള്‍ പ്രവേശിക്കാന്‍ പോകുകയാണ്. സര്‍വേശ്വരന്‍ പ്രതിജ്ഞാപൂര്‍വമായ ഈ ഉടമ്പടി ചെയ്യുന്നത് നിങ്ങളോടു മാത്രമല്ല,
13
14 ഇന്ന് ഇവിടെ സര്‍വേശ്വരന്‍റെ സന്നിധിയില്‍ നമ്മോടൊത്തു നില്‌ക്കുന്നവരോടും, ഇവിടെ നമ്മോടൊത്തു ഇല്ലാത്തവരോടും കൂടിയാണ്.
15 ഈജിപ്തിലെ ജീവിതവും അന്യജനതകളുടെ ദേശത്തുകൂടിയുള്ള യാത്രയും എങ്ങനെ ആയിരുന്നു എന്നു നിങ്ങള്‍ക്ക് അറിയാമല്ലോ.
16 മരം, കല്ല്, വെള്ളി, സ്വര്‍ണം എന്നിവകൊണ്ടു നിര്‍മ്മിച്ച അവരുടെ മ്ലേച്ഛവിഗ്രഹങ്ങള്‍ നിങ്ങള്‍ കണ്ടു.
17 ഇവിടെ കൂടിയിരിക്കുന്ന ഏതെങ്കിലും സ്‍ത്രീയോ പുരുഷനോ കുലമോ ഗോത്രമോ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ വിട്ട് ആ ജനതകളുടെ ദേവന്മാരെ ആരാധിക്കരുത്. കയ്പുള്ള വിഷഫലം കായ്‍ക്കുന്ന വൃക്ഷത്തിന്‍റെ വേര് നിങ്ങളുടെ ഇടയില്‍ ഉണ്ടാകരുത്.
18 അങ്ങനെയുള്ളവന്‍ ഈ മുന്നറിയിപ്പുകള്‍ കേള്‍ക്കുമ്പോള്‍ “ഞാന്‍ എന്‍റെ ദുശ്ശാഠ്യത്തിനനുസരിച്ചു ജീവിച്ചാലും സകലവും ശുഭമായിരിക്കും” എന്നു പറഞ്ഞു സ്വയം ആശ്വസിക്കും. അതു സജ്ജനങ്ങളും ദുര്‍ജ്ജനങ്ങളും ഒരുപോലെ നശിക്കുന്നതിന് ഇടയാക്കും;
19 അങ്ങനെയുള്ളവനോടു സര്‍വേശ്വരന്‍ ക്ഷമിക്കുകയില്ല; അവിടുത്തെ കോപവും തീക്ഷ്ണതയും അവന്‍റെ നേരെ ആളിക്കത്തും. അവിടുന്ന് അവന്‍റെ നാമം ആകാശത്തിന്‍ കീഴില്‍നിന്ന് തുടച്ചുമാറ്റും. ഈ പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന ശാപമെല്ലാം അവന്‍റെമേല്‍ പതിക്കും.
20 ഇസ്രായേലിലെ സകല ഗോത്രങ്ങളില്‍നിന്നും സര്‍വേശ്വരന്‍ അവനെ ശാപത്തിനായി വേര്‍തിരിക്കും. ഈ ധര്‍മശാസ്ത്രപുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന സകല ശാപത്തിനും അനുസൃതമായി അവിടുന്ന് അവനെ നശിപ്പിക്കും.
21 നിങ്ങള്‍ക്കു ഭാവിയില്‍ ജനിക്കുന്ന സന്താനങ്ങളും വിദൂരദേശങ്ങളില്‍നിന്നു വരുന്ന പരദേശികളും സര്‍വേശ്വരന്‍ നിങ്ങളുടെ ദേശത്തു വരുത്തിയ ബാധകളും രോഗങ്ങളും കാണും.
22 പാഴ്നിലങ്ങള്‍ ഗന്ധകത്തിന്‍റെയും ഉപ്പിന്‍റെയും കത്തിയെരിയുന്ന കട്ടകള്‍കൊണ്ടു നിറഞ്ഞിരിക്കും. അവിടെ യാതൊന്നും നടാന്‍ കഴിയുകയില്ല; പുല്ലുപോലും മുളയ്‍ക്കുകയില്ല. സര്‍വേശ്വരന്‍ തന്‍റെ കോപത്താല്‍ നശിപ്പിച്ച സൊദോം, ഗൊമോറാ, അദ്മ, സെബോയീം എന്നീ പട്ടണങ്ങള്‍ പോലെയായിരിക്കും നിങ്ങളുടെ ദേശം.
23 സര്‍വേശ്വരന്‍ ഈ ദേശത്തോട് ഇങ്ങനെ ചെയ്തത് എന്തുകൊണ്ട്? അവിടുന്ന് ഇത്രമാത്രം കോപിക്കാന്‍ കാരണമെന്ത് എന്നു സകല ജനതകളും ചോദിക്കും.
24 അതിനുള്ള മറുപടി ഇതായിരിക്കും. അവരുടെ പിതാക്കന്മാരുടെ ദൈവമായ സര്‍വേശ്വരന്‍ അവരെ ഈജിപ്തില്‍നിന്നു കൂട്ടിക്കൊണ്ടു വന്നപ്പോള്‍ അവിടുന്ന് അവരോടു ചെയ്ത ഉടമ്പടി അവര്‍ ഉപേക്ഷിച്ചു.
25 അവര്‍ മുമ്പൊരിക്കലും ആരാധിച്ചിട്ടില്ലാത്തതും അവിടുന്ന് വിലക്കിയിട്ടുള്ളതുമായ ദേവന്മാരെ സേവിക്കുകയും ആരാധിക്കുകയും ചെയ്തു.
26 അതുകൊണ്ട് അവിടുന്ന് അവരോടു കോപിക്കുകയും ഈ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള സകല ശാപങ്ങളും അവരുടെമേല്‍ വരുത്തുകയും ചെയ്തു.
27 സര്‍വേശ്വരന്‍ ഉഗ്രകോപത്തോടും ക്രോധത്തോടും അവരെ വിദേശത്തേക്ക് പിഴുതെറിഞ്ഞു. അവര്‍ ഇന്ന് അവിടെ പാര്‍ക്കുന്നു.
28 നമ്മുടെ ദൈവമായ സര്‍വേശ്വരന്‍ ചില നിഗൂഢകാര്യങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്. എന്നാല്‍ അവിടുത്തെ ധര്‍മശാസ്ത്രം എന്നേക്കുമായി നമുക്കും നമ്മുടെ സന്താനങ്ങള്‍ക്കും വെളിപ്പെടുത്തി തന്നിരിക്കുന്നു; അവ നാം അനുസരിച്ചു ജീവിക്കേണ്ടതാണ്.
1
ഞാന്‍ നിങ്ങളോടു പറഞ്ഞ അനുഗ്രഹവും ശാപവും നിങ്ങള്‍ക്ക് സംഭവിക്കുകയും സര്‍വേശ്വരന്‍ നിങ്ങളെ ചിതറിച്ച ജനതകളുടെ നടുവില്‍ നിങ്ങള്‍ പാര്‍ക്കുകയും ചെയ്യുമ്പോള്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ നിങ്ങള്‍ ഓര്‍ക്കും.2 നിങ്ങളും നിങ്ങളുടെ സന്താനങ്ങളും സര്‍വേശ്വരനിലേക്കു തിരിഞ്ഞ് ഞാന്‍ ഇന്നു നിങ്ങള്‍ക്കു നല്‌കുന്ന അവിടുത്തെ കല്പനകള്‍ പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടും കൂടെ അനുസരിച്ചാല്‍,
3 നിങ്ങളുടെ ദൈവമായ സര്‍വേശ്വരനു നിങ്ങളോടു കനിവുതോന്നും; നിങ്ങളുടെ അടിമത്തം അവസാനിപ്പിക്കും. അവിടുന്ന് നിങ്ങളെ ചിതറിച്ച സകല ജനതകളില്‍നിന്നും നിങ്ങളെ തിരിച്ചുകൊണ്ടുവരികയും ചെയ്യും.
4 ആകാശത്തിന്‍റെ അറുതികള്‍ വരെ നിങ്ങളെ ചിതറിച്ചാലും നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ അവിടെനിന്നു നിങ്ങളെ ഒരുമിച്ചുകൂട്ടി തിരിച്ചുകൊണ്ടുവരും.
5 നിങ്ങളുടെ പിതാക്കന്മാര്‍ അവകാശമാക്കിയിരുന്ന ദേശത്തേക്കു നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങളെ കൊണ്ടുവരും. അതു നിങ്ങള്‍ വീണ്ടും കൈവശമാക്കും. അവിടുന്ന് നിങ്ങള്‍ക്കു നന്മ ചെയ്യുകയും നിങ്ങളുടെ പിതാക്കന്മാരെക്കാള്‍ കൂടുതല്‍ സംഖ്യാബലം ഉള്ളവരാക്കുകയും ചെയ്യും.
6 നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങളുടെയും നിങ്ങളുടെ സന്താനങ്ങളുടെയും മനം തിരിയുമാറാക്കും; നിങ്ങള്‍ സര്‍വേശ്വരനെ പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടും സ്നേഹിക്കും; അങ്ങനെ നിങ്ങള്‍ തുടര്‍ന്നു ജീവിക്കും;
7 നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ ഈ ശാപങ്ങളെല്ലാം നിങ്ങളെ വെറുക്കുകയും പീഡിപ്പിക്കുകയും ചെയ്ത ശത്രുക്കളുടെമേല്‍ വരുത്തും.
8 നിങ്ങള്‍ സര്‍വേശ്വരനിലേക്ക് തിരിയുകയും അവിടുത്തെ അനുസരിക്കുകയും ഞാന്‍ ഇന്നു നിങ്ങള്‍ക്കു നല്‌കുന്ന അവിടുത്തെ കല്പനകളെല്ലാം പാലിക്കുകയും ചെയ്യും.
9 നിങ്ങളുടെ സകല പ്രവൃത്തികളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കും; നിങ്ങള്‍ക്കു സന്താനങ്ങളിലും ആടുമാടുകളിലും നിലങ്ങളിലെ വിളവുകളിലും സമൃദ്ധി വരുത്തും. നിങ്ങളുടെ പിതാക്കന്മാരുടെ ഐശ്വര്യത്തില്‍ സന്തോഷിച്ചിരുന്നതുപോലെ സര്‍വേശ്വരന്‍ നിങ്ങളുടെ ഐശ്വര്യത്തിലും സന്തോഷിക്കും.
10 എന്നാല്‍ നിങ്ങള്‍ പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടും നിങ്ങളുടെ ദൈവമായ സര്‍വേശ്വരനിലേക്കു തിരിയുകയും അവിടുത്തെ അനുസരിക്കുകയും ഈ ധര്‍മശാസ്ത്രഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന കല്പനകളും ചട്ടങ്ങളും പാലിക്കുകയും വേണം.
11
ഞാന്‍ ഇന്നു നല്‌കുന്ന കല്പനകള്‍ അനുസരിക്കാന്‍ കഴിയാത്തവിധം കഠിനമല്ല; അവ അപ്രാപ്യമാംവിധം അകലെയുമല്ല.12 നമുക്ക് കേള്‍ക്കാനും അനുസരിക്കാനുമായി ആര്‍ സ്വര്‍ഗത്തില്‍ പോയി അതു കൊണ്ടുവന്നുതരും എന്നു ചോദിക്കാന്‍ അതു സ്വര്‍ഗത്തിലല്ല.
13 നമുക്ക് കേള്‍ക്കാനും അനുസരിക്കുവാനുമായി ആരു സമുദ്രം കടന്ന് അതു കൊണ്ടുവരും എന്നു ചോദിക്കാന്‍ അതു സമുദ്രത്തിനപ്പുറവുമല്ല.
14 വചനം നിങ്ങള്‍ക്കു സമീപസ്ഥമാണ്; നിങ്ങള്‍ക്ക് അനുസരിക്കാന്‍ തക്കവിധം അതു നിങ്ങളുടെ അധരങ്ങളിലും ഹൃദയങ്ങളിലും ഇരിക്കുന്നു.
15
ഇതാ, ഇന്ന് നന്മയും തിന്മയും ജീവനും മരണവും നിങ്ങളുടെ മുമ്പില്‍ ഞാന്‍ വയ്‍ക്കുന്നു.16 ഇന്നു ഞാന്‍ നിങ്ങളോടു നിര്‍ദ്ദേശിക്കുന്നതുപോലെ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ സ്നേഹിക്കുകയും അവിടുത്തെ വഴികളില്‍ നടക്കുകയും അവിടുത്തെ കല്പനകളും ചട്ടങ്ങളും അനുശാസനങ്ങളും അനുസരിക്കുകയും ചെയ്താല്‍ നിങ്ങള്‍ ജീവിക്കും; നിങ്ങള്‍ കൈവശമാക്കാന്‍ പോകുന്ന ദേശത്ത് അവിടുന്നു നിങ്ങളെ അനുഗ്രഹിക്കുകയും വര്‍ധിപ്പിക്കുകയും ചെയ്യും.
17 എന്നാല്‍ നിങ്ങള്‍ ഇതു ശ്രദ്ധിക്കാതെ നിങ്ങളുടെ ഹൃദയം സര്‍വേശ്വരനില്‍നിന്നു പിന്‍വലിച്ച് അന്യദേവന്മാരെ ആരാധിക്കുകയും സേവിക്കുകയും ചെയ്താല്‍
18 നിങ്ങള്‍ നിശ്ചയമായും നശിച്ചുപോകും എന്നു ഞാന്‍ ഇന്നു നിങ്ങളെ അറിയിക്കുന്നു. യോര്‍ദ്ദാന്‍നദി കടന്നു നിങ്ങള്‍ കൈവശപ്പെടുത്താന്‍ പോകുന്ന ദേശത്തു നിങ്ങള്‍ ദീര്‍ഘകാലം ജീവിച്ചിരിക്കുകയില്ല.
19 നിങ്ങള്‍ക്കു തിരഞ്ഞെടുക്കാന്‍ തക്കവിധം ജീവനും മരണവും അനുഗ്രഹവും ശാപവും നിങ്ങളുടെ മുമ്പില്‍ ഇപ്പോള്‍ ഞാന്‍ വച്ചിരിക്കുന്നു. നിങ്ങള്‍ക്കെതിരെ സാക്ഷ്യം വഹിക്കാന്‍ സ്വര്‍ഗത്തോടും ഭൂമിയോടും ഞാന്‍ ആവശ്യപ്പെടുന്നു. നിങ്ങളും നിങ്ങളുടെ സന്തതികളും ജീവിക്കേണ്ടതിനു ജീവനെ തിരഞ്ഞെടുക്കുക;
20 നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ സ്നേഹിക്കുകയും അനുസരിക്കുകയും അവിടുത്തോടു വിശ്വസ്തത പുലര്‍ത്തുകയും ചെയ്യുക. എന്നാല്‍ നിങ്ങള്‍ക്ക് ജീവനും ദീര്‍ഘായുസ്സും ഉണ്ടാകും; നിങ്ങളുടെ പിതാക്കന്മാരായ അബ്രഹാമിനും ഇസ്ഹാക്കിനും യാക്കോബിനും നല്‌കുമെന്ന് അവിടുന്നു വാഗ്ദാനം ചെയ്തിരുന്ന ദേശത്തു നിങ്ങള്‍ വസിക്കുകയും ചെയ്യും.
1
മോശ തുടര്‍ന്ന് ഇസ്രായേല്‍ജനത്തോട് ഇങ്ങനെ പറഞ്ഞു:2 “എനിക്ക് ഇപ്പോള്‍ നൂറ്റിഇരുപതു വയസ്സായി; നിങ്ങളെ നയിക്കാനുള്ള ശക്തി എനിക്കില്ല. മാത്രമല്ല, യോര്‍ദ്ദാന്‍നദി ഞാന്‍ കടക്കുകയില്ലെന്ന് സര്‍വേശ്വരന്‍ എന്നോട് അരുളിച്ചെയ്തിട്ടുമുണ്ട്.
3 നിങ്ങളുടെ ദൈവമായ സര്‍വ്വേശ്വരന്‍തന്നെ നിങ്ങളെ നയിക്കും. അവിടെയുള്ള ജനതകളെ നിങ്ങളുടെ മുമ്പില്‍നിന്ന് അവിടുന്നു നശിപ്പിക്കും. അങ്ങനെ ആ ദേശം നിങ്ങള്‍ കൈവശമാക്കും; അവിടുന്നു കല്പിച്ചതുപോലെ യോശുവ നിങ്ങളെ നയിക്കും;
4 അമോര്യരാജാക്കന്മാരായ സീഹോനെയും ഓഗിനെയും അവരുടെ ദേശത്തെയും നശിപ്പിച്ചതുപോലെ സര്‍വേശ്വരന്‍ ഈ ജനതകളെയും നശിപ്പിക്കും.
5 അവിടുന്ന് അവരെ നിങ്ങളുടെ കൈയില്‍ ഏല്പിക്കും. അപ്പോള്‍ ഞാന്‍ നിങ്ങളോടു കല്പിച്ചതുപോലെ അവരോടു പ്രവര്‍ത്തിക്കണം.
6 ശക്തരും ധീരരും ആയിരിക്കുക; അവരെ ഭയപ്പെടരുത്; അവരെ കണ്ട് പരിഭ്രമിക്കയുമരുത്; നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങളുടെ കൂടെയുണ്ട്; അവിടുന്നു നിങ്ങളെ നിരാശപ്പെടുത്തുകയില്ല, ഉപേക്ഷിക്കുകയുമില്ല.
7 സര്‍വ ഇസ്രായേല്യരുടെയും മുമ്പാകെ യോശുവയെ കൊണ്ടുവന്നു നിര്‍ത്തിയിട്ട് മോശ പറഞ്ഞു: “ശക്തനും ധീരനും ആയിരിക്കുക; സര്‍വേശ്വരന്‍ ഈ ജനത്തിനു നല്‌കുമെന്ന് ഇവരുടെ പിതാക്കന്മാരോടു വാഗ്ദാനം ചെയ്തിരുന്ന ദേശം കൈവശമാക്കുവാന്‍ നീ അവരെ നയിക്കണം.
8 അവിടുന്നാണ് നിന്‍റെ മുമ്പില്‍ പോകുന്നത്; അവിടുന്നു നിന്നോടുകൂടെ ഉണ്ടായിരിക്കും. അവിടുന്നു നിന്നെ നിരാശപ്പെടുത്തുകയില്ല; ഉപേക്ഷിക്കുകയുമില്ല. അതുകൊണ്ട് ഭയപ്പെടുകയോ പതറുകയോ വേണ്ട.”
9
മോശ ഈ ധര്‍മശാസ്ത്രം എഴുതി, സര്‍വേശ്വരന്‍റെ ഉടമ്പടിപ്പെട്ടകം ചുമക്കുന്ന ലേവ്യപുരോഹിതന്മാരെയും ഇസ്രായേല്‍നേതാക്കളെയും ഏല്പിച്ചു;10 മോശ അവരോടു പറഞ്ഞു: “വിമോചനവര്‍ഷമായ ഓരോ ഏഴാം വര്‍ഷത്തിലും കൂടാരപ്പെരുന്നാള്‍ ആചരിക്കാന്‍
11 സര്‍വേശ്വരന്‍ തിരഞ്ഞെടുക്കുന്ന സ്ഥലത്ത് തിരുസാന്നിധ്യത്തില്‍ ഇസ്രായേല്‍ജനം സമ്മേളിക്കുമ്പോള്‍ നിങ്ങള്‍ ഈ ധര്‍മശാസ്ത്രം എല്ലാവരും കേള്‍ക്കത്തക്കവിധം വായിക്കണം.
12 സകല പുരുഷന്മാരെയും സ്‍ത്രീകളെയും കുട്ടികളെയും നിങ്ങളുടെ പട്ടണങ്ങളില്‍ പാര്‍ക്കുന്ന പരദേശികളെയും വിളിച്ചുകൂട്ടണം. എല്ലാവരും ഇതുകേട്ട് നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ ഭയപ്പെടുവാന്‍ പഠിക്കേണ്ടതിനും ഈ ധര്‍മശാസ്ത്രത്തിലെ കല്പനകള്‍ ശ്രദ്ധയോടെ പാലിക്കേണ്ടതിനും ഇടയാകട്ടെ.
13 അങ്ങനെ നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ ധര്‍മശാസ്ത്രം ഒരിക്കലും കേട്ടിട്ടില്ലാത്ത നിങ്ങളുടെ സന്താനങ്ങളും കേള്‍ക്കാന്‍ ഇടയാകും. യോര്‍ദ്ദാന്‍ കടന്നു നിങ്ങള്‍ കൈവശമാക്കുവാന്‍ പോകുന്ന ദേശത്തു പാര്‍ക്കുന്നിടത്തോളം കാലം നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ അവര്‍ ഭയപ്പെടാന്‍ പഠിക്കേണ്ടതിനും ഇടയാകട്ടെ.”
14
സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “നിന്‍റെ മരണദിവസം അടുത്തിരിക്കുന്നു; എന്‍റെ നിര്‍ദ്ദേശങ്ങള്‍ യോശുവയ്‍ക്കു നല്‌കാന്‍വേണ്ടി അവനെയും കൂട്ടി തിരുസാന്നിധ്യകൂടാരത്തില്‍ വരിക. അങ്ങനെ മോശയും യോശുവയും തിരുസാന്നിധ്യകൂടാരത്തില്‍ സന്നിഹിതരായി.15 അപ്പോള്‍ സര്‍വേശ്വരന്‍ കൂടാരത്തില്‍ മേഘസ്തംഭത്തിന്മേല്‍ അവര്‍ക്കു പ്രത്യക്ഷനായി. മേഘസ്തംഭം കൂടാരവാതില്‌ക്കല്‍ നിന്നു.
16 അവിടുന്നു മോശയോട് അരുളിച്ചെയ്തു: നീ മരണമടഞ്ഞു നിന്‍റെ പൂര്‍വപിതാക്കന്മാരോടു ചേരാനുള്ള സമയം ആയിരിക്കുന്നു. ഈ ജനം തങ്ങള്‍ പാര്‍ക്കാന്‍ പോകുന്ന ദേശത്തിലെ അന്യദേവന്മാരുടെ പിന്നാലെ ചെന്ന് എന്നോട് അവിശ്വസ്തമായി പെരുമാറുകയും എന്നെ ഉപേക്ഷിക്കുകയും ചെയ്യും. അങ്ങനെ ഞാന്‍ അവരോട് ചെയ്ത ഉടമ്പടി അവര്‍ ലംഘിക്കും.
17 അപ്പോള്‍ എന്‍റെ കോപം അവരുടെ നേരേ കത്തിജ്വലിക്കും; ഞാന്‍ അവരെ കൈവിടും; എന്‍റെ മുഖം അവരില്‍നിന്നു മറയ്‍ക്കും, അവര്‍ നശിക്കും; അവര്‍ക്കു അനര്‍ഥങ്ങളും കഷ്ടതകളും ധാരാളം ഉണ്ടാകും; ‘നമ്മുടെ ദൈവം നമ്മോടുകൂടെ ഇല്ലാത്തതുകൊണ്ടാണ് ഈ അനര്‍ഥങ്ങളെല്ലാം’ എന്ന് അവര്‍ അപ്പോള്‍ പറയും.
18 എന്നാല്‍ അവര്‍ അന്യദേവന്മാരിലേക്കു തിരിഞ്ഞു ചെയ്തുപോയ തിന്മകള്‍ നിമിത്തം ഞാന്‍ എന്‍റെ മുഖം അന്ന് അവരില്‍നിന്നു മറയ്‍ക്കും.
19 അതുകൊണ്ട് ഈ ഗാനം എഴുതി എടുത്ത് ഇസ്രായേല്‍ജനത്തെ പഠിപ്പിക്കുക; അത് അവര്‍ക്കെതിരെയുള്ള സാക്ഷ്യമായിരിക്കും.
20 അവരുടെ പിതാക്കന്മാരോടു വാഗ്ദാനം ചെയ്തിരുന്നതുപോലെ പാലും തേനും ഒഴുകുന്ന ദേശത്തേക്കു ഞാന്‍ അവരെ നയിക്കും; അവിടെ അവര്‍ തൃപ്തിയാകുവോളം ഭക്ഷിക്കുകയും തടിച്ചുകൊഴുക്കുകയും ചെയ്യുമ്പോള്‍ അവര്‍ അന്യദേവന്മാരിലേക്കു തിരിഞ്ഞ് അവരെ സേവിക്കും. അവര്‍ എന്നെ ഉപേക്ഷിക്കും;
21 എന്‍റെ ഉടമ്പടി ലംഘിക്കും. എന്നാല്‍ പല അനര്‍ഥങ്ങളും കഷ്ടതകളും അവര്‍ക്കു സംഭവിക്കുമ്പോള്‍ ഈ ഗാനം അവര്‍ക്കു എതിരെ സാക്ഷ്യമായിരിക്കും. മറന്നുപോകാതെ അവരുടെ സന്തതികളുടെ നാവില്‍ അതു നിലകൊള്ളും; അവര്‍ക്ക് നല്‌കുമെന്നു വാഗ്ദാനം ചെയ്ത ദേശത്ത് അവരെ എത്തിക്കുന്നതിനു മുമ്പുതന്നെ അവരുടെ അന്തര്‍ഗതം ഞാന്‍ അറിയുന്നു.
22 മോശ അന്നുതന്നെ ഈ ഗാനം എഴുതി ഇസ്രായേല്‍ജനത്തെ പഠിപ്പിച്ചു.
23 പിന്നീട് സര്‍വേശ്വരന്‍ നൂനിന്‍റെ മകനായ യോശുവയോടു പറഞ്ഞു: ശക്തിയും ധൈര്യവും ഉള്ളവനായിരിക്കുക. ഞാന്‍ വാഗ്ദാനം ചെയ്ത ദേശത്തേക്കു നീ ഇസ്രായേല്‍ജനത്തെ നയിക്കും; ഞാന്‍ നിന്നോടൊത്തുണ്ടായിരിക്കും.
24
മോശ ധര്‍മശാസ്ത്രത്തിലെ വചനങ്ങള്‍ മുഴുവനും ഒരു പുസ്തകത്തില്‍ എഴുതി.25 പിന്നീട് അവിടുത്തെ ഉടമ്പടിപ്പെട്ടകം വഹിക്കുന്ന ലേവ്യപുരോഹിതന്മാരോടു മോശ പറഞ്ഞു:
26 ഈ ധര്‍മശാസ്ത്രഗ്രന്ഥം നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ ഉടമ്പടിപ്പെട്ടകത്തിനടുത്തു വയ്‍ക്കുക; അത് നിങ്ങള്‍ക്ക് എതിരെയുള്ള സാക്ഷ്യമായിരിക്കട്ടെ.
27 നിങ്ങള്‍ എത്രമാത്രം ദുശ്ശാഠ്യക്കാരും അനുസരണമില്ലാത്തവരുമാണെന്ന് എനിക്ക് അറിയാം; ഞാന്‍ നിങ്ങളുടെകൂടെ ജീവിച്ചിരുന്നപ്പോള്‍ത്തന്നെ നിങ്ങള്‍ സര്‍വേശ്വരനോടു മത്സരിക്കുന്നവരായിരുന്നു. എന്‍റെ മരണശേഷം എത്ര അധികമായി നിങ്ങള്‍ അവിടുത്തോടു മത്സരിക്കും?
28 നിങ്ങളുടെ സകല ഗോത്രനേതാക്കളെയും അധിപതികളെയും എന്‍റെ അടുക്കല്‍ വിളിച്ചുകൂട്ടുക. ഇവയെല്ലാം ഞാന്‍ അവരോടു നേരിട്ടു പറയട്ടെ; അവര്‍ക്കെതിരെ ആകാശവും ഭൂമിയും സാക്ഷ്യം വഹിക്കട്ടെ.
29 എന്‍റെ മരണശേഷം അധര്‍മികളായിത്തീര്‍ന്നു ഞാന്‍ കല്പിച്ച മാര്‍ഗത്തില്‍നിന്നു നിങ്ങള്‍ വ്യതിചലിക്കുമെന്ന് എനിക്കറിയാം. സര്‍വേശ്വരന്‍റെ മുമ്പില്‍ തിന്മ പ്രവര്‍ത്തിക്കുകയും നിങ്ങളുടെ പ്രവൃത്തികളാല്‍ അവിടുത്തെ പ്രകോപിപ്പിക്കുകയും ചെയ്യും. തല്‍ഫലമായി വരുംകാലങ്ങളില്‍ നിങ്ങള്‍ക്ക് അനര്‍ഥങ്ങളുണ്ടാകും.
30
മോശ ഇസ്രായേല്‍ജനത്തെ ഈ ഗാനം ചൊല്ലി കേള്‍പ്പിച്ചു.1
ആകാശമേ, ചെവി തരൂ; ഞാന്‍ സംസാരിക്കട്ടെ.2
എന്‍റെ ഉപദേശം മഴപോലെ പൊഴിയട്ടെ.
എന്‍റെ വാക്കുകള്‍ മഞ്ഞുതുള്ളികള്‍പോലെ തൂകട്ടെ.
അവ ഇളംപുല്ലില്‍ മൃദുമാരിയായി ചാറട്ടെ
സസ്യങ്ങളില്‍ മഴയായി പെയ്യട്ടെ.
3
ഞാന്‍ സര്‍വേശ്വരനാമം ഉദ്ഘോഷിക്കും;
നമ്മുടെ ദൈവത്തിന്‍റെ മഹത്ത്വം പ്രകീര്‍ത്തിക്കുവിന്‍.
4
അവിടുന്നു നമ്മുടെ അഭയശില;
അവിടുത്തെ പ്രവൃത്തികള്‍ അന്യൂനവും
അവിടുത്തെ വഴികള്‍ നീതിയുക്തവുമാകുന്നു.
അവിടുന്നു വിശ്വസ്തനും കുറ്റമറ്റവനുമാണ്
അവിടുന്നു നീതിനിഷ്ഠനും നേരുള്ളവനുമാണ്.
5
അവര്‍ അവിടുത്തോടു തിന്മ കാട്ടി,
അവരുടെ കളങ്കംമൂലം അവര്‍ ഇനി അവിടുത്തെ മക്കളല്ല;
അവര്‍ ദുഷ്ടതയും വക്രതയുമുള്ള തലമുറ;
6
മൂഢരേ, വിവേകശൂന്യരേ,
ഇതോ സര്‍വേശ്വരനുള്ള പ്രതിഫലം.
അവിടുന്നാണല്ലോ നിങ്ങളുടെ പിതാവ്
നിങ്ങളുടെ സ്രഷ്ടാവും അവിടുന്നു തന്നെ.
അവിടുന്നാണല്ലോ നിങ്ങളെ നിര്‍മ്മിച്ചതും പരിപാലിക്കുന്നതും.
7
കഴിഞ്ഞുപോയ കാലം ഓര്‍ക്കുക;
കഴിഞ്ഞുപോയ തലമുറകളുടെ കാലം സ്മരിക്കുക;
നിങ്ങളുടെ പിതാക്കന്മാരോടു ചോദിക്കുക;
അവര്‍ സകലവും പറഞ്ഞുതരും.
വൃദ്ധന്മാരോടു ചോദിക്കുക; അവര്‍ വിവരിച്ചുതരും.
8
അത്യുന്നതന്‍ ജനതകള്‍ക്ക്
അവകാശം നല്‌കിയപ്പോള്‍,
മാനവരാശിയെ വിഭജിച്ചപ്പോള്‍,
ഇസ്രായേല്‍ജനത്തിന്‍റെ എണ്ണത്തിനൊത്ത വിധം
അവിടുന്നു ജനതകള്‍ക്ക് അതിര്‍ത്തി നിര്‍ണയിച്ചു
9
സര്‍വേശ്വരന്‍റെ ഓഹരിയാണ് അവിടുത്തെ ജനം
യാക്കോബിന്‍റെ സന്തതികള്‍ അവിടുത്തേക്കു വേര്‍തിരിച്ച അവകാശമാണ്.
10
മരുഭൂമിയില്‍ അവിടുന്ന് അവരെ കണ്ടെത്തി;
വിജനത ഓലിയിടുന്ന മരുഭൂമിയില്‍ തന്നെ.
അവിടുന്ന് അവരെ കരവലയത്തിലാക്കി സംരക്ഷിച്ചു
കണ്മണിപോലെ കാത്തുസൂക്ഷിച്ചു.
11
കൂട് ഇളക്കിവിട്ടു കുഞ്ഞുങ്ങളുടെ മീതെ പറക്കുകയും,
ചിറകില്‍ അവയെ വഹിക്കുകയും ചെയ്യുന്ന കഴുകനെപ്പോലെ
12
സര്‍വേശ്വരന്‍തന്നെ അവരെ നയിച്ചു;
അന്യദേവന്മാര്‍ അവരുടെ കൂടെ ഉണ്ടായിരുന്നില്ല.
13
ഭൂമിയിലെ ഉന്നത തലങ്ങളില്‍കൂടി അവിടുന്ന് അവരെ വഴിനടത്തി;
വയലിലെ വിളവുകള്‍ അവര്‍ ഭക്ഷിച്ചു;
അവിടുന്നു പാറയില്‍നിന്നു തേനും
കരിങ്കല്ലില്‍നിന്ന് എണ്ണയും അവര്‍ക്കു നല്‌കി.
14
ആടുകളില്‍നിന്ന് പാലും
പശുക്കളില്‍നിന്ന് തൈരും അവര്‍ക്കു നല്‌കി.
ബാശാനിലെ മാടുകളുടെയും കോലാടുകളുടെയും മേദസ്സും
മേല്‍ത്തരമായ കോതമ്പും നിങ്ങള്‍ക്കു നല്‌കി.
മികച്ച മുന്തിരിച്ചാറിന്‍റെ വീഞ്ഞ് നിങ്ങളെ കുടിപ്പിക്കുകയും ചെയ്തു
15
യെശൂരൂന്‍ കൊഴുത്തു തടിച്ചു; അവന്‍ മത്സരിച്ച് കാല്‍ കുടഞ്ഞു
അവന്‍ തടിച്ചു കൊഴുത്തു മിനുങ്ങി
അവന്‍ തന്‍റെ സ്രഷ്ടാവായ ദൈവത്തെ പരിത്യജിച്ചു;
രക്ഷയുടെ പാറയെ പുച്ഛിച്ചുതള്ളി;
16
അന്യദേവന്മാരെ ആരാധിച്ചു
സര്‍വേശ്വരനെ അസഹിഷ്ണുവാക്കി;
നിന്ദ്യകര്‍മങ്ങളാല്‍ അവര്‍ അവിടുത്തെ പ്രകോപിപ്പിച്ചു.
17
ദൈവമല്ലാത്ത ദുര്‍ഭൂതങ്ങള്‍ക്ക് അവര്‍ യാഗം അര്‍പ്പിച്ചു.
അവര്‍ അറിയുകയോ അവരുടെ പിതാക്കന്മാര്‍
ആരാധിക്കുകയോ ചെയ്തിട്ടില്ലാത്ത പുതുദേവന്മാരാണിവര്‍.
18
അവര്‍ക്കു ജന്മം നല്‌കിയ സര്‍വശക്തനെ അവര്‍ അവഗണിച്ചു
അവര്‍ക്കു രൂപം നല്‌കിയ ദൈവത്തെ അവര്‍ മറന്നു.
19
സര്‍വേശ്വരന്‍ അതു കണ്ടു;
അവരുടെ പുത്രീപുത്രന്മാരുടെ പ്രകോപനം നിമിത്തം അവരെ വെറുത്തു.
20
അവിടുന്ന് അരുളിച്ചെയ്തു:
ഞാന്‍ അവരില്‍നിന്ന് എന്‍റെ മുഖം മറയ്‍ക്കും.
അവരുടെ അന്ത്യം എങ്ങനെ എന്നു ഞാന്‍ കാണും.
അവര്‍ അവിശ്വസ്തരാണ്; നേരില്ലാത്ത ഒരു തലമുറയാണ്.
21
ദൈവമല്ലാത്തവയെക്കൊണ്ട്
അവര്‍ എന്നെ അസഹിഷ്ണുവാക്കി;
മിഥ്യാമൂര്‍ത്തികളാല്‍ എന്നെ പ്രകോപിപ്പിച്ചു
അതിനാല്‍ ജനതയല്ലാത്തവരെക്കൊണ്ട്
ഞാന്‍ അവരെ അസൂയപ്പെടുത്തും.
മൂഢരായ ഒരു ജനതയെക്കൊണ്ട്
ഞാന്‍ അവരെ പ്രകോപിപ്പിക്കും.
22
എന്‍റെ കോപത്താല്‍ അഗ്നി ജ്വലിച്ചിരിക്കുന്നു;
പാതാളത്തിന്‍റെ അടിത്തട്ടുവരെ അതു കത്തിയിറങ്ങും.
ഭൂമിയെയും അതിലെ വിളവുകളെയും അതു വിഴുങ്ങും;
പര്‍വതങ്ങളുടെ അടിത്തറകളെ അതു ചാമ്പലാക്കും.
23
ഞാന്‍ അവരുടെമേല്‍ അനര്‍ഥങ്ങള്‍ കുന്നുകൂട്ടും;
എന്‍റെ അസ്ത്രങ്ങള്‍ അവരുടെ നേരെ അയയ്‍ക്കും.
24
വിശപ്പുകൊണ്ട് അവര്‍ മരിക്കും;
ദഹിപ്പിക്കുന്ന ചൂടും വിഷജ്വരവും അവരെ ഗ്രസിക്കും.
വന്യമൃഗങ്ങളെയും വിഷസര്‍പ്പങ്ങളെയും
ഞാന്‍ അവരുടെനേരേ അയയ്‍ക്കും
25
പുറത്തു വാളും ഉള്ളില്‍ ഭീകരതയും നിറഞ്ഞിരിക്കും.
യുവാക്കന്മാരും യുവതികളും
മുലകുടിക്കുന്ന കുഞ്ഞുങ്ങളും വൃദ്ധന്മാരും നശിക്കും.
26
ഞാന്‍ ഇങ്ങനെ പറയുമായിരുന്നു:
“വിദൂരതയിലേക്ക് അവരെ ചിതറിക്കും;
ജനതകളില്‍നിന്ന് അവരെക്കുറിച്ചുള്ള
സ്മരണപോലും ഇല്ലാതെയാക്കും.”
27
എന്നാല്‍ ശത്രുക്കള്‍ പ്രകോപിതരാവുകയും തെറ്റിദ്ധാരണ പൂണ്ട്
“ഞങ്ങളുടെ കരങ്ങള്‍ ജയിച്ചിരിക്കുന്നു
സര്‍വേശ്വരനല്ല ഇതെല്ലാം ചെയ്തത്” എന്നു പറയുകയും ചെയ്തെങ്കിലോ എന്നു ഞാന്‍ ഭയപ്പെടുന്നു.
28
ഇസ്രായേല്‍ വിവേകമില്ലാത്ത ജനതയാകുന്നു;
അവര്‍ക്കു ഗ്രഹണശക്തി അല്പംപോലുമില്ല.
29
വിവേകികളെങ്കില്‍ അവരിതു മനസ്സിലാക്കുമായിരുന്നു.
തങ്ങളുടെ അന്ത്യത്തെപ്പറ്റി ചിന്തിക്കുമായിരുന്നു.
30
അവരുടെ പാറയായ ദൈവം അവരെ വിറ്റുകളയുകയും
സര്‍വേശ്വരന്‍ അവരെ ഉപേക്ഷിക്കുകയും ചെയ്തില്ലായിരുന്നെങ്കില്‍
എങ്ങനെ ഒരാള്‍ ആയിരം പേരെ പിന്തുടരുമായിരുന്നു?
എങ്ങനെ രണ്ടു പേര്‍ പതിനായിരം പേരെ തുരത്തുമായിരുന്നു
31
അവരുടെ ദേവന്മാര്‍ നമ്മുടെ ദൈവത്തെപ്പോലെയല്ല
നമ്മുടെ ശത്രുക്കള്‍പോലും അതു സമ്മതിക്കും.
32
അവരുടെ മുന്തിരി സൊദോമിലെയും
ഗൊമോറായിലെയും വയലുകളില്‍ വളരുന്നു.
അവയുടെ ഫലങ്ങള്‍ വിഷമയമാണ് കുലകള്‍ കയ്പേറിയവയും.
33
അവരുടെ വീഞ്ഞ് സര്‍പ്പവിഷമാണ്,
വിഷപ്പാമ്പിന്‍റെ ഉഗ്രവിഷം!
34
ഇവയെല്ലാം ഞാന്‍ ഭദ്രമായി സൂക്ഷിച്ചിരിക്കുകയല്ലേ?
എന്‍റെ അറകളില്‍ മുദ്രവച്ചു സൂക്ഷിച്ചിരിക്കുകയല്ലേ?
35
പ്രതികാരം എന്‍റേതാണ്
യഥാകാലം ഞാന്‍ പ്രതികാരം ചെയ്യും.
അവരുടെ കാലുകള്‍ വഴുതും
അവരുടെ വിനാശകാലം ആസന്നം.
അവരുടെ അന്ത്യം അടുത്തിരിക്കുന്നു.
36
അവരുടെ ശക്തി ക്ഷയിച്ചിരിക്കുന്നു
അവര്‍ ദുര്‍ബലരും നിസ്സഹായരും ആണെന്നു കാണുമ്പോള്‍
സര്‍വേശ്വരന്‍ തന്‍റെ ജനത്തോടു നീതി കാട്ടും
തന്‍റെ ദാസരോടു കരുണ കാണിക്കും.
37
അപ്പോള്‍ അവിടുന്നു ചോദിക്കും:
“അവരുടെ ദേവന്മാര്‍ എവിടെ?
അവര്‍ അഭയംപ്രാപിച്ച പാറ എവിടെ?
38
അവര്‍ അര്‍പ്പിച്ച യാഗവസ്തുക്കളുടെ മേദസ്സും
പാനീയബലികളുടെ വീഞ്ഞും കുടിച്ച ദേവന്മാര്‍ എവിടെ?”
അവര്‍ നിങ്ങളെ സഹായിക്കട്ടെ;
അവര്‍ നിങ്ങളെ രക്ഷിക്കട്ടെ.
39
ഇതാ ഞാന്‍, ഞാന്‍ മാത്രം ദൈവം;
ഞാനല്ലാതെ മറ്റൊരു ദൈവവുമില്ല
കൊല്ലുന്നതും ജീവിപ്പിക്കുന്നതും ഞാനാണ്;
മുറിവുണ്ടാക്കുന്നതും, സുഖപ്പെടുത്തുന്നതും ഞാന്‍ തന്നെയാണ്;
എന്‍റെ കൈയില്‍നിന്ന് ആരും നിങ്ങളെ വിടുവിക്കയില്ല.
40
ഞാനാണു നിത്യനായ ദൈവം എന്നു
കരം ഉയര്‍ത്തി ഞാന്‍ പ്രഖ്യാപിക്കുന്നു.
41
എന്‍റെ മിന്നുന്ന വാളിനു മൂര്‍ച്ചകൂട്ടി
ന്യായം നടത്താന്‍ തുടങ്ങുമ്പോള്‍
എന്‍റെ ശത്രുക്കളോടു ഞാന്‍ പ്രതികാരം ചെയ്യും;
എന്നെ ദ്വേഷിക്കുന്നവരോടു പകരം വീട്ടും.
42
എന്‍റെ അമ്പുകള്‍ രക്തം കുടിച്ചു ലഹരിപിടിക്കും.
എന്‍റെ വാള്‍ മാംസം വിഴുങ്ങും;
മുറിവേറ്റവരുടെയും തടവുകാരുടെയും രക്തം,
ശത്രുക്കളുടെ തലയില്‍നിന്ന് ഒഴുകുന്ന രക്തം.
43
ജനതകളേ, സര്‍വേശ്വരന്‍റെ ജനത്തെ പുകഴ്ത്തുക;
തന്‍റെ ദാസന്മാരുടെ രക്തത്തിന് അവിടുന്നു പകരം ചോദിക്കും.
തന്‍റെ ശത്രുക്കളോട് അവിടുന്നു പ്രതികാരം ചെയ്യും;
തന്‍റെ ജനത്തിന്‍റെയും ദേശത്തിന്‍റെയും പാപം അവിടുന്ന് ക്ഷമിക്കും.
44
ഇസ്രായേല്‍ജനമെല്ലാം കേള്‍ക്കത്തക്കവിധം മോശയും നൂനിന്‍റെ മകനായ യോശുവയും കൂടി ഈ പാട്ടു പാടി.45
ഈ വാക്കുകളെല്ലാം ജനത്തോടു പറഞ്ഞുതീര്‍ന്നശേഷം മോശ തുടര്‍ന്നു പറഞ്ഞു:46 “ഞാന്‍ ഇന്നു നിങ്ങളോടു കല്പിച്ച എല്ലാ വചനങ്ങളും ഹൃദയത്തില്‍ സംഗ്രഹിക്കുക; ദൈവത്തിന്‍റെ ധര്‍മശാസ്ത്രത്തിലെ കല്പനകളെല്ലാം വിശ്വസ്തതയോടുകൂടി അനുസരിച്ചു ജീവിക്കാന്‍ വേണ്ടി നിങ്ങളുടെ സന്താനങ്ങളോടും അവയെല്ലാം പറയുക.
47 എന്തെന്നാല്‍ ഇവ നിരര്‍ഥകമായ വചനങ്ങള്‍ അല്ല. അവ നിങ്ങളുടെ ജീവന്‍തന്നെ ആകുന്നു; അവ അനുസരിച്ചാല്‍ യോര്‍ദ്ദാന്‍നദിക്കക്കരെ നിങ്ങള്‍ കൈവശപ്പെടുത്താന്‍ പോകുന്ന ദേശത്തു നിങ്ങള്‍ ദീര്‍ഘകാലം ജീവിച്ചിരിക്കും.”
48
അന്നുതന്നെ സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു:49 “യെരീഹോവിനെതിരെ, മോവാബുദേശത്തുള്ള അബാരീംപര്‍വതനിരയിലെ നെബോമലമുകളിലേക്കു കയറിപ്പോകുക. ഞാന്‍ ഇസ്രായേല്‍ജനത്തിന് അവകാശമായി കൊടുക്കുന്ന കനാന്‍ദേശം അവിടെ നിന്നു കാണുക;
50 ഹോര്‍പര്‍വതത്തില്‍വച്ചു നിന്‍റെ സഹോദരനായ അഹരോന്‍ മരിച്ചു സ്വജനത്തോടു ചേര്‍ന്നതുപോലെ ആ മലയില്‍വച്ചു നീയും മരിക്കും.
51 നിങ്ങള്‍ രണ്ടുപേരും സീന്‍മരുഭൂമിയിലുള്ള കാദേശിലെ മെരീബാ ജലാശയത്തിനരികില്‍വച്ച് ഇസ്രായേല്‍ജനത്തിന്‍റെ സാന്നിധ്യത്തില്‍ എന്‍റെ പരിശുദ്ധിക്കു സാക്ഷ്യം വഹിക്കാതെ എന്നോട് അവിശ്വസ്തത കാട്ടി;
52 അതുകൊണ്ട് നിന്‍റെ മുമ്പിലുള്ള ദേശം കാണുക; എന്നാല്‍ ഇസ്രായേല്‍ജനത്തിനു ഞാന്‍ കൊടുക്കുന്ന ദേശത്തു നീ പ്രവേശിക്കുകയില്ല.
1
ദൈവപുരുഷനായ മോശ തന്‍റെ മരണത്തിനു മുമ്പ് ഇസ്രായേല്‍ജനത്തെ അനുഗ്രഹിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു:2
സര്‍വേശ്വരന്‍ സീനായ് മലയില്‍നിന്നു വന്നു;3
സര്വേശ്വരന് സ്വജനത്തെ സ്നേഹിച്ചു
അവിടുത്തേക്കു വേര്‍തിരിക്കപ്പെട്ടവര്‍ തൃക്കരങ്ങളിലിരിക്കുന്നു.
അവിടുത്തെ പാദാന്തികത്തില്‍ ഇരുന്ന്;
അവിടുത്തെ ഉപദേശങ്ങള്‍ അവര്‍ സ്വീകരിച്ചു.
4
യാക്കോബിന്‍റെ സന്തതികള്‍ക്ക് അവകാശമായി
ധര്‍മശാസ്ത്രം മോശ നമുക്കു നല്‌കി;
5
ജനത്തിന്‍റെ തലവന്മാരും ഇസ്രായേല്‍ഗോത്രങ്ങളും ഒന്നിച്ചുകൂടി
അപ്പോള്‍ യെശൂരൂനില്‍ സര്‍വേശ്വരനായിരുന്നു രാജാവ്.
6
രൂബേന്‍ഗോത്രം ജീവിക്കട്ടെ; അവര്‍ നശിക്കാതിരിക്കട്ടെ;
എന്നാല്‍ അതിലെ ജനം പരിമിതമായിരിക്കട്ടെ.
7
യെഹൂദാഗോത്രത്തെക്കുറിച്ച് ഇപ്രകാരം പറഞ്ഞു:
സര്‍വേശ്വരാ, യെഹൂദായുടെ വിളി കേള്‍ക്കണമേ;
അവരെ അവിടുത്തെ ജനത്തോടു ചേര്‍ക്കണമേ;
സ്വന്തം കൈകള്‍കൊണ്ട് അവിടുന്നു
അവരുടെ രക്ഷയ്‍ക്കായി പൊരുതണമേ;
അവരുടെ ശത്രുക്കള്‍ക്ക് എതിരെ അവരെ സഹായിക്കണമേ.
8
ലേവിഗോത്രത്തെ സംബന്ധിച്ചു പറഞ്ഞു:
തുമ്മീമും ഊറീമും അവിടുത്തെ വിശ്വസ്തര്‍ക്ക് നല്‌കണമേ;
മസ്സയില്‍വച്ച് അവിടുന്ന് അവരെ പരീക്ഷിച്ചു;
മെരീബാ ജലാശയത്തിങ്കല്‍വച്ച് അവിടുന്ന് അവരോടു കലഹിച്ചു.
9
അവര്‍ മാതാപിതാക്കളെ അവഗണിച്ചു;
സഹോദരങ്ങളെ കൈയൊഴിഞ്ഞു;
കുഞ്ഞുങ്ങളെയും അവഗണിച്ചു.
അവിടുത്തെ കല്പനകള്‍ അവര്‍ അനുസരിച്ചു;
അവിടുത്തെ ഉടമ്പടി പാലിച്ചു;
10
അവര്‍ യാക്കോബുവംശജരെ അവിടുത്തെ അനുശാസനങ്ങളും
ഇസ്രായേല്യരെ അവിടുത്തെ ധര്‍മശാസ്ത്രവും പഠിപ്പിക്കും.
അവിടുത്തെ സന്നിധിയില്‍ ധൂപവും
യാഗപീഠത്തില്‍ സമ്പൂര്‍ണ ഹോമയാഗവും അവര്‍ അര്‍പ്പിക്കും.
11
സര്‍വേശ്വരാ, അവരെ അനുഗ്രഹിച്ചു സമ്പന്നരാക്കണമേ;
അവരുടെ അധ്വാനത്തെ ആശീര്‍വദിച്ചാലും.
അവരെ എതിര്‍ക്കുന്നവര്‍ എഴുന്നേല്‌ക്കാത്തവിധം
അവരുടെ അരക്കെട്ടുകള്‍ തകര്‍ക്കണമേ.
12
ബെന്യാമീന്‍ഗോത്രത്തെക്കുറിച്ച് ഇപ്രകാരം പറഞ്ഞു:
അവര്‍ സര്‍വേശ്വരനു പ്രിയങ്കരര്‍
അവര്‍ അവിടുത്തെ സമീപെ സുരക്ഷിതരായി പാര്‍ക്കുന്നു.
അവിടുന്ന് അവരെ എപ്പോഴും കാക്കുന്നു;
അവിടുത്തെ ചുമലുകളില്‍ അവര്‍ സുരക്ഷിതരായിരിക്കുന്നു.
13
യോസേഫ്ഗോത്രത്തെക്കുറിച്ചു പറഞ്ഞു:
ആകാശത്തിലെ വിശിഷ്ടമായ മഞ്ഞും
അഗാധതയില്‍നിന്നുള്ള നീരുറവയുംകൊണ്ട്
സര്‍വേശ്വരന്‍ അവരുടെ ദേശത്തെ അനുഗ്രഹിക്കുമാറാകട്ടെ.
14
സൂര്യപ്രകാശത്തില്‍ വിളയുന്ന വിശിഷ്ടഫലങ്ങളാലും
തക്കകാലത്ത് ലഭിക്കുന്ന വിഭവങ്ങളാലും
15
പുരാതന പര്‍വതങ്ങളിലെ ശ്രേഷ്ഠ ഫലങ്ങളാലും
ശാശ്വതപര്‍വതങ്ങളുടെ മികച്ച ഉല്‍പ്പന്നങ്ങളാലും
ഭൂമിയിലെ വിശിഷ്ട ഫലങ്ങളാലും അവയുടെ സമൃദ്ധിയാലും
16
മുള്‍പ്പടര്‍പ്പില്‍ നിവസിച്ച സര്‍വേശ്വരന്‍റെ അനുഗ്രഹം യോസേഫിന്‍റെ ശിരസ്സില്‍
സഹോദരന്മാരുടെ കൂട്ടത്തില്‍ പ്രഭുവായിരുന്നവന്‍റെ
കിരീടത്തില്‍തന്നെ വരുമാറാകട്ടെ.
17
അവരുടെ കരുത്ത് കടിഞ്ഞൂല്‍ക്കൂറ്റനു തുല്യം;
അവരുടെ കൊമ്പുകള്‍ കാട്ടുപോത്തിന്‍റേതിനു സമാനം;
അവകൊണ്ട് അവര്‍ സകല ജനതയെയും
ഭൂമിയുടെ അറുതിവരെ ഓടിക്കും.
ഈ കൊമ്പുകളാണ് എഫ്രയീമിന്‍റെ പതിനായിരങ്ങള്‍;
മനശ്ശെയുടെ ആയിരങ്ങള്‍.
18
സെബൂലൂന്‍ഗോത്രത്തെക്കുറിച്ച് ഇപ്രകാരം പറഞ്ഞു:
സെബൂലൂനേ, നിന്‍റെ പ്രയാണങ്ങളിലും
ഇസ്സാഖാരേ, നിന്‍റെ കൂടാരങ്ങളിലും ആനന്ദിക്കുക;
19
അവര്‍ ജനതകളെ പര്‍വതങ്ങളിലേക്കു ക്ഷണിച്ചുവരുത്തും;
അവിടെ നീതിയാഗങ്ങള്‍ അര്‍പ്പിക്കും.
അവര്‍ സമുദ്രത്തിന്‍റെ സമൃദ്ധി വലിച്ചുകുടിക്കും;
മണലിലെ നിഗൂഢനിക്ഷേപങ്ങളും.
20
ഗാദ്ഗോത്രത്തെക്കുറിച്ചു പറഞ്ഞു:
ഗാദിന്‍റെ ദേശം വിസ്തൃതമാക്കുന്നവന്‍ അനുഗ്രഹിക്കപ്പെട്ടവന്‍;
സിംഹത്തെപ്പോലെ അവന്‍ പതുങ്ങിക്കിടക്കുന്നു
കൈയോ തലയോ കടിച്ചുകീറുവാന്‍ തന്നെ.
21
നാടിന്‍റെ ഏറ്റവും നല്ല ഭാഗം അവര്‍ തിരഞ്ഞെടുത്തു;
നേതാവിന്‍റെ ഓഹരി തങ്ങള്‍ക്കായി അവര്‍ വേര്‍തിരിച്ചു.
ജനനേതാക്കളോടൊത്ത് അവര്‍ വന്നു സര്‍വേശ്വരന്‍റെ നീതിയും വിധികളും
അവര്‍ ഇസ്രായേലില്‍ നടപ്പാക്കി.
22
ദാന്‍ഗോത്രത്തെക്കുറിച്ച് അവന്‍ ഇപ്രകാരം പറഞ്ഞു:
ദാന്‍ ഒരു സിംഹക്കുട്ടി;
അവന്‍ ബാശാനില്‍നിന്നു കുതിച്ചു ചാടുന്നു.
23
നഫ്താലിഗോത്രത്തെക്കുറിച്ചു പറഞ്ഞു:
സര്‍വേശ്വരന്‍റെ പ്രസാദത്താല്‍ നഫ്താലി സംതൃപ്തന്‍;
സര്‍വേശ്വരന്‍റെ അനുഗ്രഹത്താല്‍ അവന്‍ സമ്പൂര്‍ണന്‍.
ഗലീലാതടാകവും ദക്ഷിണദേശവും കൈവശമാക്കുക.
24
ആശേര്‍ഗോത്രത്തെക്കുറിച്ചു പറഞ്ഞു:
ആശേര്‍ഗോത്രം മറ്റു ഗോത്രങ്ങളില്‍
ഏറ്റവും അനുഗൃഹീതമായിരിക്കട്ടെ;
സഹോദരന്മാരില്‍ അവര്‍ ഏറ്റവും പ്രിയങ്കരരാകട്ടെ.
അവരുടെ ദേശത്ത് ഒലിവുമരങ്ങള്‍ സമൃദ്ധമായി ഉണ്ടാകട്ടെ;
25
അവരുടെ പട്ടണവാതില്‍ ഇരുമ്പും
പിത്തളയുംകൊണ്ട് സുരക്ഷിതമായിരിക്കും.
അവര്‍ ജീവപര്യന്തം സുരക്ഷിതരായിരിക്കട്ടെ.
26
യെശൂരൂന്‍റെ ദൈവത്തെപ്പോലെ മറ്റൊരു ദൈവവുമില്ല;
അവിടുന്നു നിങ്ങളുടെ സഹായത്തിനായി ആകാശങ്ങളില്‍ സഞ്ചരിക്കുന്നു.
മഹത്ത്വപൂര്‍ണനായ അവിടുന്നു മേഘാരൂഢനായി വരുന്നു.
27
നിത്യനായ ദൈവം നിങ്ങളുടെ അഭയം;
അവിടുത്തെ ശാശ്വതഭുജങ്ങള്‍ നിങ്ങളെ താങ്ങും.
അവരെ സംഹരിക്കുക എന്നു പറഞ്ഞുകൊണ്ട്
അവിടുന്നു നിങ്ങളുടെ ശത്രുക്കളെ നിങ്ങളുടെ മുമ്പില്‍നിന്ന് ഓടിച്ചുകളഞ്ഞു;
28
യാക്കോബിന്‍റെ സന്തതികള്‍ സുരക്ഷിതരായി വസിക്കും.
ധാന്യവും വീഞ്ഞും നിറഞ്ഞ ദേശത്ത് അവര്‍ തനിച്ചു പാര്‍ക്കും;
ആകാശം മഞ്ഞു പൊഴിക്കും; അവരുടെ നിലം നനയ്‍ക്കപ്പെടും.
29
ഇസ്രായേലേ, നിങ്ങള്‍ എത്ര അനുഗൃഹീതര്‍!
നിങ്ങള്‍ക്കു തുല്യരായി ആരുണ്ട്?
നിങ്ങള്‍ സര്‍വേശ്വരനാല്‍ രക്ഷിക്കപ്പെട്ട ജനം;
അവിടുന്നു നിങ്ങളെ സഹായിക്കുന്ന പരിചയും
നിങ്ങളെ മഹത്ത്വം അണിയിക്കുന്ന വാളും ആകുന്നു.
ശത്രുക്കള്‍ നിങ്ങളുടെ കാരുണ്യം യാചിക്കും;
നിങ്ങള്‍ അവരെ ചവുട്ടിമെതിക്കും.
1
മോശ മോവാബ്സമഭൂമിയില്‍നിന്ന് യെരീഹോവിന് എതിരെയുള്ള നെബോപര്‍വതത്തിലെ പിസ്ഗാ ശിഖരത്തില്‍ കയറി; ദാന്‍പട്ടണം വരെയുള്ള ഗിലെയാദുദേശവും2 നഫ്താലി, എഫ്രയീം, മനശ്ശെ എന്നിവരുടെ ദേശങ്ങളും, യെഹൂദ്യയുടെ പടിഞ്ഞാറുള്ള കടല്‍ത്തീരം വരെയുള്ള ദേശവും
3 ദക്ഷിണദേശവും സോവാര്‍മുതല്‍ ഈന്തപ്പനകളുടെ നഗരമായ യെരീഹോവരെ വ്യാപിച്ചു കിടക്കുന്ന താഴ്വരയും സര്‍വേശ്വരന്‍ മോശയ്‍ക്കു കാണിച്ചുകൊടുത്തു.
4 പിന്നീട് അവിടുന്നു മോശയോടു പറഞ്ഞു: “തങ്ങളുടെ സന്താനങ്ങള്‍ക്ക് കൊടുക്കുമെന്ന് അബ്രഹാമിനോടും ഇസ്ഹാക്കിനോടും യാക്കോബിനോടും ഞാന്‍ വാഗ്ദാനം ചെയ്തിട്ടുള്ള പ്രദേശം ഇതാകുന്നു. അതു കാണാന്‍ ഞാന്‍ നിന്നെ അനുവദിച്ചു; എന്നാല്‍ നീ അവിടെ പ്രവേശിക്കുകയില്ല.”
5
അങ്ങനെ അവിടുന്ന് അരുളിച്ചെയ്തിരുന്നതുപോലെ സര്‍വേശ്വരന്‍റെ ദാസനായ മോശ മോവാബില്‍വച്ചു മരിച്ചു.6 മോവാബില്‍ ബേത്ത്-പെയോര്‍ പട്ടണത്തിന് എതിര്‍വശത്തുള്ള താഴ്വരയില്‍ അവിടുന്ന് മോശയെ സംസ്കരിച്ചു. മോശയെ സംസ്കരിച്ച സ്ഥലം ഇന്നുവരെ ആര്‍ക്കും അറിഞ്ഞുകൂടാ.
7 മരിക്കുമ്പോള്‍ മോശയ്‍ക്കു നൂറ്റിഇരുപതു വയസ്സുണ്ടായിരുന്നു; അപ്പോഴും അദ്ദേഹത്തിന്‍റെ കണ്ണു മങ്ങുകയോ ബലം ക്ഷയിക്കുകയോ ചെയ്തിരുന്നില്ല.
8 ഇസ്രായേല്‍ജനം മോവാബ്സമഭൂമിയില്‍ മുപ്പതു ദിവസം മോശയുടെ മരണത്തില്‍ വിലപിച്ചു. മോശയ്‍ക്കുവേണ്ടിയുള്ള വിലാപകാലം പൂര്‍ത്തിയായി.
9 നൂനിന്‍റെ പുത്രനായ യോശുവയുടെമേല്‍ മോശ കൈവച്ച് തന്‍റെ പിന്‍ഗാമിയായി നിയോഗിച്ചിരുന്നതുകൊണ്ടു യോശുവ ജ്ഞാനപൂര്‍ണനായിത്തീര്‍ന്നു. ഇസ്രായേല്‍ജനം യോശുവയെ അനുസരിച്ചു; മോശയിലൂടെ സര്‍വേശ്വരന്‍ തങ്ങളോടു കല്പിച്ചിരുന്നതുപോലെ പ്രവര്‍ത്തിക്കുകയും ചെയ്തു.
10 മോശയെപ്പോലെ ഒരു പ്രവാചകന്‍ ഇസ്രായേലില്‍ ഒരിക്കലും ഉണ്ടായിട്ടില്ല; അവിടുന്നു മുഖത്തോടു മുഖം മോശയോടു സംസാരിച്ചിരുന്നു.
11 ഫറവോയ്‍ക്കും അയാളുടെ ദാസന്മാര്‍ക്കും രാജ്യത്തിനും എതിരെ അടയാളങ്ങളും അദ്ഭുതങ്ങളും പ്രവര്‍ത്തിക്കാന്‍ സര്‍വേശ്വരന്‍ ഈജിപ്തിലേക്ക് നിയോഗിച്ചയച്ച
12 മോശ സകല ഇസ്രായേല്‍ജനവും കാണ്‍കെ പ്രവര്‍ത്തിച്ച മഹത്തും ഭീതിദവുമായ പ്രവൃത്തികളില്‍ അതുല്യനാണ്.