1

1

ഇസ്രായേല്‍ജനം ഈജിപ്തില്‍നിന്നു പുറപ്പെട്ടതിന്‍റെ രണ്ടാം വര്‍ഷം രണ്ടാം മാസം ഒന്നാം ദിവസം സീനായ്മരുഭൂമിയില്‍ തിരുസാന്നിധ്യകൂടാരത്തില്‍വച്ചു സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു:

2 [2,3] “നീയും അഹരോനുംകൂടി ഇസ്രായേല്‍ജനത്തിലെ പുരുഷന്മാരുടെ സംഖ്യ ഗോത്രവും കുടുംബവും തിരിച്ചു വെവ്വേറെ എടുക്കണം. ഇരുപതു വയസ്സും അതിനു മുകളിലും പ്രായമുള്ളവരും യുദ്ധത്തിനു പ്രാപ്തരുമായവരുടെ എണ്ണം ഗണം തിരിച്ച് എടുക്കണം.

3

4 ഓരോ ഗോത്രത്തില്‍നിന്നും അതിനു തലവനായി ഒരാളെക്കൂടി നിങ്ങള്‍ കൊണ്ടുപോകണം.

5 നിങ്ങളെ സഹായിക്കേണ്ടവര്‍ ഇവരാണ്: രൂബേന്‍ഗോത്രത്തില്‍നിന്നു ശെദേയൂരിന്‍റെ പുത്രനായ എലീസൂര്‍.

6 ശിമെയോന്‍ഗോത്രത്തില്‍നിന്നു സൂരീശദ്ദായിയുടെ പുത്രനായ ശെലൂമീയേല്‍;

7 യെഹൂദാഗോത്രത്തില്‍നിന്ന് അമ്മീനാദാബിന്‍റെ പുത്രനായ നഹശോന്‍;

8 ഇസ്സാഖാര്‍ഗോത്രത്തില്‍നിന്നു സൂവാരിന്‍റെ പുത്രനായ നെഥനയേല്‍;

9 സെബൂലൂന്‍ഗോത്രത്തില്‍നിന്നു ഹോലോന്‍റെ പുത്രനായ എലീയാബ്;

10 യോസേഫിന്‍റെ പുത്രന്മാരില്‍: എഫ്രയീംഗോത്രത്തില്‍നിന്ന് അമ്മീഹൂദിന്‍റെ പുത്രനായ എലീശാമാ, മനശ്ശെഗോത്രത്തില്‍നിന്നു പെദാസൂരിന്‍റെ പുത്രനായ ഗമലീയേല്‍;

11 ബെന്യാമീന്‍ഗോത്രത്തില്‍നിന്നു ഗിദെയോനിയുടെ പുത്രനായ അബീദാന്‍;

12 ദാന്‍ഗോത്രത്തില്‍നിന്ന് അമ്മീശദ്ദായിയുടെ പുത്രനായ അഹീയേസെര്‍;

13 ആശേര്‍ഗോത്രത്തില്‍നിന്നു ഒക്രാന്‍റെ പുത്രനായ പഗീയേല്‍;

14 ഗാദ്ഗോത്രത്തില്‍നിന്നു ദെയൂവേലിന്‍റെ പുത്രനായ എലീയാസാഫ്;

15 നഫ്താലിഗോത്രത്തില്‍നിന്ന് ഏനാന്‍റെ മകനായ അഹീര.

16 ഇവരായിരുന്നു ഇസ്രായേല്‍ജനത്തില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ടവര്‍.

17 ഇവരെ ഗോത്രത്തലവന്മാരായി മോശയും അഹരോനും അംഗീകരിച്ചു.

18 രണ്ടാം മാസം ഒന്നാം ദിവസം അവര്‍ ഇസ്രായേല്‍ജനത്തെ ഒരുമിച്ചുകൂട്ടി. അവര്‍ ഓരോ ഗോത്രത്തിലും, ഓരോ കുടുംബത്തിലും ഇരുപതും അതിനുമേലും പ്രായമുള്ള എല്ലാ പുരുഷന്മാരുടെയും പേരുകള്‍ ജനസംഖ്യാപട്ടികയില്‍ ചേര്‍ത്തു.

19 സര്‍വേശ്വരന്‍ മോശയോടു കല്പിച്ചതുപോലെ സീനായ്മരുഭൂമിയില്‍വച്ച് അവരുടെ ജനസംഖ്യ എടുത്തു.

20

ഇസ്രായേല്‍ഗോത്രങ്ങളിലെ ഇരുപതും, അതിനു മുകളില്‍ പ്രായമുള്ളവരും, യുദ്ധസേവനത്തിനു പ്രാപ്തരുമായ പുരുഷന്മാരുടെ പട്ടിക ആളാംപ്രതി, പിതൃഭവനവും, കുടുംബവും തിരിച്ച് ഉണ്ടാക്കി. ഓരോ ഗോത്രത്തില്‍നിന്നുമുള്ളവരുടെ സംഖ്യ ഇപ്രകാരമായിരുന്നു:

21 ഇസ്രായേലിന്‍റെ മൂത്ത പുത്രനായ രൂബേന്‍റെ ഗോത്രത്തില്‍ നാല്പത്താറായിരത്തി അഞ്ഞൂറ്.

22 [22,23] ശിമെയോന്‍ഗോത്രത്തില്‍ അമ്പത്തൊമ്പതിനായിരത്തി മുന്നൂറ്.

23

24 [24,25] ഗാദ്ഗോത്രത്തില്‍ നാല്പത്തയ്യായിരത്തി അറുനൂറ്റമ്പത്.

25

26 [26,27] യെഹൂദാഗോത്രത്തില്‍ എഴുപത്തിനാലായിരത്തി അറുനൂറ്.

27

28 [28,29] ഇസ്സാഖാര്‍ഗോത്രത്തില്‍ അമ്പത്തിനാലായിരത്തി നാനൂറ്.

29

30 [30,31] സെബൂലൂന്‍ഗോത്രത്തില്‍ അമ്പത്തേഴായിരത്തി നാനൂറ്.

31

32 [32,33] യോസേഫിന്‍റെ പുത്രനായ എഫ്രയീമിന്‍റെ ഗോത്രത്തില്‍ നാല്പതിനായിരത്തി അഞ്ഞൂറ്.

33

34 [34,35] യോസേഫിന്‍റെ മറ്റൊരു പുത്രനായ മനശ്ശെയുടെ ഗോത്രത്തില്‍ മുപ്പത്തീരായിരത്തി ഇരുനൂറ്.

35

36 [36,37] ബെന്യാമീന്‍ഗോത്രത്തില്‍ മുപ്പത്തയ്യായിരത്തി നാനൂറ്.

37

38 [38,39] ദാന്‍ഗോത്രത്തില്‍ അറുപത്തീരായിരത്തി എഴുനൂറ്.

39

40 [40,41] ആശേര്‍ഗോത്രത്തില്‍ നാല്പത്തോരായിരത്തി അഞ്ഞൂറ്.

41

42 [42,43] നഫ്താലിഗോത്രത്തില്‍ അമ്പത്തി മൂവായിരത്തി നാനൂറ്.

43

44

മോശയും അഹരോനും ഗോത്രപ്രതിനിധികളായ പന്ത്രണ്ടു നേതാക്കളും ചേര്‍ന്ന് എടുത്ത കണക്കില്‍പ്പെട്ടവരാണിവര്‍.

45 ഇസ്രായേല്‍ജനങ്ങളുടെ സകല പിതൃഭവനത്തില്‍നിന്നും ഇരുപതു വയസ്സും അതിനുമേലും പ്രായമുള്ളവരും യുദ്ധത്തിനു പ്രാപ്തരുമായ പുരുഷന്മാര്‍

46 ആകെ ആറുലക്ഷത്തിമൂവായിരത്തി അഞ്ഞൂറ്റമ്പത് ആയിരുന്നു.

47

മറ്റു ഗോത്രങ്ങളോടൊപ്പം ലേവ്യഗോത്രത്തിന്‍റെ ജനസംഖ്യ എടുത്തില്ല.

48 കാരണം, സര്‍വേശ്വരന്‍ മോശയോടു കല്പിച്ചിരുന്നു: “ലേവ്യരെ നീ എണ്ണരുത്.

49 മറ്റു ഗോത്രങ്ങളോടുകൂടി അവരുടെ ജനസംഖ്യ എടുക്കുകയുമരുത്.

50 ലേവ്യരെ തിരുസാന്നിധ്യകൂടാരത്തിന്‍റെയും അതിന്‍റെ ഉപകരണങ്ങളുടെയും, അതിലുള്ള സകല വസ്തുക്കളുടെയും ചുമതല ഏല്പിക്കുക; തിരുസാന്നിധ്യകൂടാരവും അതിന്‍റെ സകല ഉപകരണങ്ങളും ചുമക്കേണ്ടത് അവരാണ്. തിരുസാന്നിധ്യകൂടാരത്തില്‍ ശുശ്രൂഷ ചെയ്തുകൊണ്ട് അതിനു ചുറ്റും അവര്‍ താവളമടിക്കട്ടെ.

51 തിരുസാന്നിധ്യകൂടാരവുമായി പുറപ്പെടുമ്പോള്‍ അത് അഴിച്ചെടുക്കുന്നതും കൂടാരമടിക്കേണ്ടിവരുമ്പോള്‍ അതു സ്ഥാപിക്കുന്നതും അവര്‍തന്നെ ആയിരിക്കണം; മറ്റാരെങ്കിലും അതിനു ശ്രമിച്ചാല്‍ അവനെ വധിക്കണം.

52 മറ്റു ജനങ്ങള്‍ ഗണംഗണമായി തിരിഞ്ഞു താന്താങ്ങളുടെ പാളയത്തിലും അവരവരുടെ കൊടിക്കീഴിലും പാളയമടിക്കണം.

53 മറ്റാരെങ്കിലും തിരുസാന്നിധ്യകൂടാരത്തെ സമീപിക്കുകയും തല്‍ഫലമായി ജനത്തിന്‍റെമേല്‍ എന്‍റെ കോപം ജ്വലിക്കുകയും ചെയ്യാതിരിക്കാന്‍ ലേവ്യര്‍ തിരുസാന്നിധ്യകൂടാരത്തിനു ചുറ്റും പാളയമടിച്ച് അതു കാത്തുസൂക്ഷിക്കണം.”

54 ജനം അങ്ങനെതന്നെ ചെയ്തു; സര്‍വേശ്വരന്‍ മോശയോടു കല്പിച്ചതുപോലെ അവര്‍ പ്രവര്‍ത്തിച്ചു.

2

1

സര്‍വേശ്വരന്‍ മോശയോടും അഹരോനോടും അരുളിച്ചെയ്തു:

2 “ഓരോ ഇസ്രായേല്യനും അവരവരുടെ പിതൃഭവന ചിഹ്നമുള്ള കൊടിക്കീഴില്‍ പാളയമടിക്കട്ടെ.

3

യെഹൂദാഗോത്രത്തിന്‍റെ കൊടിക്കീഴിലുള്ളവര്‍ ഗണം ഗണമായി തിരുസാന്നിധ്യകൂടാരത്തിന്‍റെ കിഴക്കു വശത്തു പാളയമടിക്കട്ടെ. അമ്മീനാദാബിന്‍റെ പുത്രനായ നഹശോന്‍ ആയിരിക്കണം അവരുടെ നേതാവ്.

4 അയാളുടെ സൈന്യത്തില്‍ എഴുപത്തിനാലായിരത്തി അറുനൂറു പേര്‍.

5 ഇസ്സാഖാര്‍ഗോത്രമാണ് അവരോടടുത്തു പാളയമടിക്കേണ്ടത്. സൂവാരിന്‍റെ പുത്രനായ നെഥനയേല്‍ ആയിരിക്കണം അവരുടെ നേതാവ്.

6 അയാളുടെ സൈന്യത്തില്‍ അമ്പത്തിനാലായിരത്തി നാനൂറു പേര്‍. സെബൂലൂന്‍ഗോത്രക്കാരാണ് പിന്നീട്.

7 അവരുടെ നേതാവ് ഹേലോന്‍റെ പുത്രനായ എലിയാബ്.

8 അയാളുടെ സൈന്യത്തില്‍ അമ്പത്തേഴായിരത്തി നാനൂറു പേര്‍.

9 ഇങ്ങനെ യെഹൂദാ, ഇസ്സാഖാര്‍, സെബൂലൂന്‍ എന്നീ ഗോത്രങ്ങള്‍ ഉള്‍പ്പെടുന്ന യെഹൂദാപാളയത്തിലുള്ള സൈനികര്‍ ഒരുലക്ഷത്തിഎണ്‍പത്താറായിരത്തി നാനൂറ് പേര്‍. അവരാണ് ആദ്യം പുറപ്പെടേണ്ടത്.

10

രൂബേന്‍ ഗോത്രപതാകയ്‍ക്കു കീഴുള്ളവര്‍ ഗണം ഗണമായി കൂടാരത്തിന്‍റെ തെക്കു വശത്തു പാളയമടിക്കണം; രൂബേന്‍ഗോത്രക്കാരുടെ നേതാവ് ശെദേയൂരിന്‍റെ പുത്രന്‍ എലീസൂര്‍.

11 അയാളുടെ സൈന്യത്തിലുള്ളവര്‍ നാല്പത്താറായിരത്തി അഞ്ഞൂറു പേര്‍.

12 അവരുടെ അടുത്തു പാളയമടിക്കേണ്ടതു ശിമെയോന്‍ഗോത്രക്കാരാണ്. അവരുടെ നേതാവ് സൂരീശദ്ദായിയുടെ പുത്രന്‍ ശെലൂമീയേല്‍;

13 അയാളുടെ സൈന്യത്തില്‍ അമ്പത്തൊമ്പതിനായിരത്തി മുന്നൂറു പേര്‍.

14 അതിനടുത്തത് ഗാദ്ഗോത്രമാണ്. അവരുടെ നേതാവ് രെയൂവേലിന്‍റെ പുത്രന്‍ എലീയാസാഫ്.

15 അയാളുടെ സൈന്യത്തില്‍ നാല്പത്തയ്യായിരത്തി അറുനൂറ്റമ്പതു പേര്‍.

16 ഇങ്ങനെ രൂബേന്‍, ശിമെയോന്‍, ഗാദ് എന്നീ ഗോത്രങ്ങള്‍ ഉള്‍പ്പെടുന്ന രൂബേന്‍പാളയത്തിലുള്ളവരുടെ ആകെ സംഖ്യ ഒരുലക്ഷത്തി അമ്പത്തോരായിരത്തി നാനൂറ്റമ്പതു പേര്‍. അവരുടെ സൈന്യമാണു രണ്ടാമതു പുറപ്പെടേണ്ടത്.

17

പാളയങ്ങളുടെ മധ്യത്തിലുള്ള ലേവ്യപാളയത്തോടൊപ്പം തിരുസാന്നിധ്യകൂടാരം പുറപ്പെടണം. പാളയമടിക്കുമ്പോള്‍ എന്നതുപോലെ അവര്‍ യാത്ര ചെയ്യുമ്പോഴും തങ്ങളുടെ കൊടിക്കീഴില്‍ ഇതേ ക്രമത്തില്‍ നീങ്ങണം.

18

കൂടാരത്തിന്‍റെ പടിഞ്ഞാറു വശത്താണ് എഫ്രയീംഗോത്രത്തിന്‍റെ പതാകയ്‍ക്കു കീഴുള്ളവര്‍ പാളയമടിക്കേണ്ടത്. അവരുടെ നേതാവ് അമ്മീഹൂദിന്‍റെ പുത്രനായ എലീശാമാ.

19 അയാളുടെ സൈന്യത്തില്‍ നാല്പതിനായിരത്തി അഞ്ഞൂറു പേര്‍.

20 അവര്‍ക്കു സമീപം മനശ്ശെഗോത്രമാണ്. അവരുടെ നേതാവ് പെദാസൂരിന്‍റെ പുത്രനായ ഗമലീയേല്‍.

21 അയാളുടെ സൈന്യത്തില്‍ മുപ്പത്തീരായിരത്തി ഇരുനൂറു പേര്‍.

22 അതിനടുത്തു ബെന്യാമീന്‍ഗോത്രം. ഗിദെയോനിയുടെ പുത്രനായ അബീദാന്‍ ആയിരിക്കണം അവരുടെ നേതാവ്.

23 അയാളുടെ സൈന്യത്തില്‍ മുപ്പത്തയ്യായിരത്തി നാനൂറു പേര്‍.

24 ഇങ്ങനെ എഫ്രയീം, മനശ്ശെ, ബെന്യാമീന്‍ എന്നീ ഗോത്രങ്ങള്‍ ഉള്‍പ്പെടുന്ന എഫ്രയീം പാളയത്തിലുള്ളവര്‍ ആകെ ഒരു ലക്ഷത്തിഎണ്ണായിരത്തി ഒരുനൂറ്. ഇവരാണ് മൂന്നാമതു പുറപ്പെടേണ്ടത്.

25

തിരുസാന്നിധ്യകൂടാരത്തിന്‍റെ വടക്കുവശത്താണു ദാന്‍ഗോത്രത്തിന്‍റെ പതാകയ്‍ക്കു കീഴുള്ളവര്‍ പാളയമടിക്കേണ്ടത്. അവരുടെ നേതാവ് അമ്മീശദ്ദായിയുടെ പുത്രന്‍ അഹീയേസര്‍.

26 അയാളുടെ ഗണത്തില്‍ അറുപത്തീരായിരത്തിഎഴുനൂറു പേര്‍.

27 ആശേര്‍ഗോത്രക്കാരാണ് അവര്‍ക്കടുത്തു പാളയമടിക്കേണ്ടത്. അവരുടെ നേതാവ് ഒക്രാന്‍റെ പുത്രന്‍ പഗീയേല്‍.

28 അവര്‍ നാല്പത്തോരായിരത്തി അഞ്ഞൂറു പേര്‍.

29 അതിനടുത്തു നഫ്താലിഗോത്രമാണ്. അതിന്‍റെ നേതാവ് ഏനാന്‍റെ പുത്രന്‍ അഹീര.

30 അതില്‍ അമ്പത്തിമൂവായിരത്തി നാനൂറു പേര്‍. ഇങ്ങനെ ദാന്‍, ആശേര്‍, നഫ്താലി എന്നീ ഗോത്രങ്ങള്‍ ഉള്‍പ്പെടുന്ന ദാന്‍പാളയത്തിലുള്ളവര്‍ ആകെ ഒരുലക്ഷത്തിഅമ്പത്തേഴായിരത്തി അറുനൂറ്.

31 അവരാണ് സ്വന്തം കൊടികളോടുകൂടി ഏറ്റവുമൊടുവില്‍ പുറപ്പെടേണ്ടത്.

32

പിതൃഭവനമനുസരിച്ച് എണ്ണപ്പെട്ട ഇസ്രായേല്യര്‍ ഇവരാണ്; ഇവരുടെ സംഖ്യ ആറു ലക്ഷത്തി മൂവായിരത്തി അഞ്ഞൂറ്റമ്പത്.

33 എന്നാല്‍ സര്‍വേശ്വരന്‍ മോശയോടു കല്പിച്ചതുപോലെ ഇസ്രായേല്‍ജനങ്ങളോടൊപ്പം ലേവ്യരുടെ ജനസംഖ്യ എടുത്തില്ല.

34

അങ്ങനെ സര്‍വേശ്വരന്‍ മോശയോടു കല്പിച്ചിരുന്നതെല്ലാം അവര്‍ ചെയ്തു; അവര്‍ ഓരോരുത്തരും അവരവരുടെ കൊടിക്കീഴില്‍ പാളയമടിക്കുകയും, പിതൃഭവനങ്ങളുടെയും കുടുംബങ്ങളുടെയും ക്രമമനുസരിച്ചു പുറപ്പെടുകയും ചെയ്തു.

3

1

സീനായ്മലയില്‍വച്ചു മോശയ്‍ക്കു സര്‍വേശ്വരന്‍റെ അരുളപ്പാടുണ്ടായ കാലത്തു മോശയുടെയും അഹരോന്‍റെയും സന്താനങ്ങള്‍ ഇവരായിരുന്നു.

2 അഹരോന്‍റെ പുത്രന്മാര്‍: ആദ്യജാതനായ നാദാബ്, അബീഹൂ, എലെയാസാര്‍, ഈഥാമാര്‍.

3 പുരോഹിതശുശ്രൂഷയ്‍ക്കായി അഭിഷിക്തരായ അഹരോന്‍റെ പുത്രന്മാര്‍ ഇവരാണ്.

4 ഇവരില്‍ നാദാബും അബീഹൂവും സീനായ്മരുഭൂമിയില്‍വച്ചു സര്‍വേശ്വരന്‍റെ സന്നിധിയില്‍ അവിശുദ്ധമായ അഗ്നി അര്‍പ്പിച്ചതിനാല്‍ അവിടെവച്ചു മരിച്ചു. അവര്‍ക്കു മക്കളില്ലായിരുന്നു. എലെയാസാരും ഈഥാമാരും മാത്രമാണ് പിതാവായ അഹരോന്‍റെ ജീവകാലമത്രയും പുരോഹിത ശുശ്രൂഷ നിര്‍വഹിച്ചത്.

5

സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു:

6 “പുരോഹിതനായ അഹരോന്‍റെ ശുശ്രൂഷകരായി ലേവിഗോത്രത്തില്‍പ്പെട്ട എല്ലാവരെയും നിയോഗിക്കുക.

7 അവര്‍ അഹരോനും സര്‍വജനത്തിനുംവേണ്ടി തിരുസാന്നിധ്യകൂടാരത്തിനു മുമ്പില്‍ ശുശ്രൂഷ ചെയ്യുകയും, കൂടാരസംബന്ധമായ ഇതര ജോലികള്‍ നിറവേറ്റുകയും ചെയ്യട്ടെ.

8 കൂടാരത്തിലെ ഉപകരണങ്ങളുടെ ചുമതല അവര്‍ക്കായിരിക്കും. കൂടാരത്തില്‍ ശുശ്രൂഷ ചെയ്യുന്നതോടൊപ്പം അവര്‍ ഇസ്രായേല്‍ജനത്തിനു വേണ്ടിയുള്ള ശുശ്രൂഷകള്‍ നിര്‍വഹിക്കുകയും വേണം.

9 അഹരോനും പുത്രന്മാര്‍ക്കുംവേണ്ടി ലേവ്യരെ നിയോഗിക്കണം. ഇസ്രായേല്‍ജനത്തില്‍നിന്ന് അഹരോനുവേണ്ടി പൂര്‍ണമായി നല്‌കപ്പെട്ടവരാണിവര്‍.

10 പൗരോഹിത്യശുശ്രൂഷയ്‍ക്കുവേണ്ടി പൂര്‍ണമായി അഹരോനെയും പുത്രന്മാരെയും നിയോഗിക്കുക. അവര്‍ അത് അനുഷ്ഠിക്കട്ടെ. മറ്റാരെങ്കിലും അതിനു ശ്രമിച്ചാല്‍ അവനെ വധിക്കണം.

11 സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു:

12 “ഇസ്രായേല്‍ജനത്തിലെ ആദ്യജാതന്മാര്‍ക്കു പകരമായി അവരുടെ ഇടയില്‍നിന്നു ലേവ്യരെ ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നു. ആദ്യജാതന്മാരെല്ലാം എന്‍റെ വകയായതുകൊണ്ട്, അവരും എന്‍റെ വകയായിരിക്കും.

13 ഈജിപ്തിലെ ആദ്യജാതന്മാരെ സംഹരിച്ച ദിവസംമുതല്‍ ഇസ്രായേലിലെ ആദ്യജാതന്മാരെ എനിക്കായി ഞാന്‍ വേര്‍തിരിച്ചു. മനുഷ്യരുടെ ആദ്യജാതന്മാരെ മാത്രമല്ല, മൃഗങ്ങളുടെ കടിഞ്ഞൂലുകളെയും വേര്‍തിരിച്ചിരുന്നു. അതിനാല്‍ അവയും എനിക്കുള്ളതാണ്. ഞാന്‍ സര്‍വേശ്വരനാകുന്നു.”

14

സര്‍വേശ്വരന്‍ സീനായ്മരുഭൂമിയില്‍വച്ചു മോശയോട് അരുളിച്ചെയ്തു:

15 “ലേവിപുത്രന്മാരില്‍ ഒരു മാസവും അതിലധികവും പ്രായമുള്ള എല്ലാവരുടെയും കണക്ക് കുടുംബം തിരിച്ചും പിതൃഭവനം തിരിച്ചും എടുക്കുക.

16 അവിടുന്നു കല്പിച്ചതുപോലെ മോശ അവരുടെ കണക്കെടുത്തു.

17 ഗേര്‍ശോന്‍, കെഹാത്ത്, മെരാരി എന്നിവരായിരുന്നു ലേവിയുടെ പുത്രന്മാര്‍.

18 ഗേര്‍ശോന്‍റെ പുത്രന്മാര്‍ ലിബ്നിയും ശിമെയിയും.

19 കെഹാത്തിന്‍റെ പുത്രന്മാര്‍ അമ്രാം, ഇസ്ഹാര്‍, ഹെബ്രോന്‍, ഉസ്സീയേല്‍.

20 മെരാരിയുടെ പുത്രന്മാര്‍ മഹ്ലി, മൂശി എന്നിവര്‍. ഈ പേരുകളില്‍ അറിയപ്പെടുന്ന പിതൃഭവനങ്ങളുടെ പൂര്‍വപിതാക്കന്മാര്‍ ഇവരായിരുന്നു.

21 ഗേര്‍ശോനില്‍നിന്നായിരുന്നു ലിബ്നിയരുടെയും ശിമ്യരുടെയും കുടുംബങ്ങള്‍ ഉണ്ടായത്. ഇവരാണ് ഗേര്‍ശോന്യകുടുംബങ്ങള്‍.

22 ഇവരില്‍ ഒരു മാസവും അതിലധികവും പ്രായമായ പുരുഷസന്താനങ്ങളുടെ സംഖ്യ ഏഴായിരത്തി അഞ്ഞൂറായിരുന്നു.

23 ഗേര്‍ശോന്യകുടുംബങ്ങള്‍ തിരുസാന്നിധ്യകൂടാരത്തിന്‍റെ പിറകില്‍ പടിഞ്ഞാറു വശത്തു പാളയമടിക്കണം.

24 അവരുടെ പിതൃഭവനത്തലവന്‍ ലായേലിന്‍റെ പുത്രനായ എലീയാസാഫ് ആയിരിക്കും.

25 തിരുസാന്നിധ്യകൂടാരം, അതിന്‍റെ ആവരണം, അതിന്‍റെ പ്രവേശനകവാടത്തിലുള്ള തിരശ്ശീല,

26 കൂടാരത്തിനും യാഗപീഠത്തിനും ചുറ്റുമുള്ള അങ്കണത്തിന്‍റെ മറവിരികള്‍, അങ്കണവാതിലിന്‍റെ തിരശ്ശീല, അവയുടെ ചരടുകള്‍ എന്നിവയുടെ ചുമതലയും ഇവയുമായി ബന്ധപ്പെട്ട മറ്റു ജോലികളും ഗേര്‍ശോന്യരുടേതായിരുന്നു.

27

അമ്രാമ്യരുടെയും, ഇസ്ഹാര്യരുടെയും, ഹെബ്രോന്യരുടെയും, ഉസ്സീയേല്യരുടെയും കുടുംബങ്ങള്‍ കെഹാത്തില്‍നിന്നു ജനിച്ചവരായിരുന്നു.

28 ഇവരില്‍ ഒരു മാസവും അതിലധികവും പ്രായമായ പുരുഷസന്താനങ്ങളുടെ സംഖ്യ എണ്ണായിരത്തി അറുനൂറ്. വിശുദ്ധസ്ഥലത്തെ ശുശ്രൂഷയുടെ ചുമതല ഇവര്‍ക്കായിരുന്നു.

29 കെഹാത്യകുടുംബങ്ങള്‍ തിരുസാന്നിധ്യകൂടാരത്തിന്‍റെ തെക്കുവശത്തു പാളയമടിക്കണം.

30 കെഹാത്യരുടെ പിതൃഭവനത്തലവന്‍ ഉസ്സീയേലിന്‍റെ പുത്രന്‍ എലീസാഫാന്‍.

31 ഉടമ്പടിപ്പെട്ടകം, മേശ, വിളക്കുകാല്‍, യാഗപീഠം, കൂടാരത്തില്‍ ശുശ്രൂഷയ്‍ക്ക് ഉപയോഗിക്കുന്ന പാത്രങ്ങള്‍, തിരശ്ശീല എന്നിവയുടെ ചുമതലയും ബന്ധപ്പെട്ട ജോലികളും കെഹാത്യര്‍ക്കുള്ളതാണ്.

32 പുരോഹിതനായ അഹരോന്‍റെ പുത്രനായ എലെയാസാര്‍ ലേവിഗോത്രത്തിലെ നേതാക്കളുടെ നേതാവും വിശുദ്ധസ്ഥലത്തെ ചുമതല വഹിക്കുന്നവരുടെ മേല്‍വിചാരകനുമായിരിക്കും.

33

മെരാരിയില്‍നിന്നാണ് മഹ്ലിയരുടെയും മൂശ്യരുടെയും കുടുംബങ്ങളുണ്ടായത്.

34 അവരില്‍ ഒരു മാസവും അതിലധികവും പ്രായമായ പുരുഷസന്താനങ്ങളുടെ സംഖ്യ ആറായിരത്തി ഇരുനൂറ്.

35 അവരുടെ പിതൃഭവനത്തലവന്‍ അബീഹയിലിന്‍റെ പുത്രനായ സൂരിയേല്‍. കൂടാരത്തിന്‍റെ വടക്കുവശത്ത് അവര്‍ പാളയമടിക്കണം.

36 [36,37] വിശുദ്ധകൂടാരത്തിന്‍റെ ചട്ടക്കൂടും അതിന്‍റെ അഴികളും തൂണുകളും അവയുടെ ചുവടുകളും ഇവയുമായി ബന്ധപ്പെട്ട എല്ലാ ജോലികളും അവര്‍ ചെയ്യണം.

37

38 മോശയും അഹരോനും അഹരോന്‍റെ പുത്രന്മാരും തിരുസാന്നിധ്യകൂടാരത്തിന്‍റെ മുമ്പില്‍ കിഴക്കു വശത്തു പാളയമടിക്കണം. ഇസ്രായേല്‍ജനത്തിനുവേണ്ടി വിശുദ്ധസ്ഥലത്തു ശുശ്രൂഷകള്‍ ചെയ്യുന്നതിനുള്ള ചുമതല അവര്‍ക്കുള്ളതാണ്. മറ്റാരെങ്കിലും ഇതിനു തുനിഞ്ഞാല്‍ അവനെ വധിക്കണം.

39 സര്‍വേശ്വരന്‍റെ കല്പനയനുസരിച്ച്, ഒരു മാസവും അതിലധികവും പ്രായമുള്ള ലേവിഗോത്രത്തിലെ പുരുഷസന്താനങ്ങളെ ആളാംപ്രതി കുടുംബം തിരിച്ചു മോശയും അഹരോനുംകൂടി എണ്ണി തിട്ടപ്പെടുത്തി. അവരുടെ സംഖ്യ ഇരുപത്തീരായിരം.

40

സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “ഒരു മാസവും അതിലധികവും പ്രായമായ ഇസ്രായേല്യരുടെ ആദ്യജാതന്മാരുടെ എണ്ണം പേരുപേരായി എടുക്കുക.

41 ഇസ്രായേല്യരുടെ ആദ്യജാതന്മാര്‍ക്കു പകരമായി ലേവ്യരെ എനിക്കായി തിരഞ്ഞെടുക്കുക. അവരുടെ കന്നുകാലികളുടെ കടിഞ്ഞൂലുകള്‍ക്കു പകരം ലേവ്യരുടെ കന്നുകാലികളെയും എനിക്കുവേണ്ടി എടുക്കുക. ഞാന്‍ സര്‍വേശ്വരനാകുന്നു.”

42 അവിടുന്നു കല്പിച്ചതുപോലെ മോശ ഇസ്രായേല്‍ജനത്തിന്‍റെ ഇടയിലെ ആദ്യജാതന്മാരുടെ എണ്ണമെടുത്തു.

43 ഒരു മാസവും അതിലധികവും പ്രായമായ ഇരുപത്തീരായിരത്തിഇരുനൂറ്റെഴുപത്തി മൂന്ന് ആദ്യജാതന്മാരുണ്ടായിരുന്നു.

44

സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു:

45 “ഇസ്രായേല്യരായ എല്ലാ ആദ്യജാതന്മാര്‍ക്കും പകരം ലേവ്യരെയും ഇസ്രായേല്യരുടെ കന്നുകാലികളുടെ കടിഞ്ഞൂലുകള്‍ക്കു പകരം ലേവ്യരുടെ കന്നുകാലികളെയും എടുക്കുക; ലേവ്യര്‍ എന്‍റെ വകയാണ്; ഞാന്‍ സര്‍വേശ്വരനാകുന്നു.

46 ലേവ്യരുടെ എണ്ണത്തെ കവിഞ്ഞുള്ള ഇസ്രായേല്‍ജനത്തിലെ ആദ്യജാതന്മാരായ ഇരുനൂറ്റെഴുപത്തിമൂന്നു പേരുടെ വീണ്ടെടുപ്പുവിലയായി

47 ആളൊന്നിനു വിശുദ്ധമന്ദിരത്തിലെ തൂക്കമനുസരിച്ചുള്ള അഞ്ചു ശേക്കെല്‍ വീതം കൊടുക്കണം. വിശുദ്ധമന്ദിരത്തിലെ കണക്കനുസരിച്ച് ഒരു ശേക്കെലിന് ഇരുപതു ഗേരാ വീതമാണു കൊടുക്കേണ്ടത്.

48 ഈ വീണ്ടെടുപ്പുവില മുഴുവനും അഹരോനെയും പുത്രന്മാരെയും ഏല്പിക്കണം.”

49 ലേവ്യര്‍ക്കു വീണ്ടെടുക്കാന്‍ കഴിയാതെ അവശേഷിച്ചവരുടെ വീണ്ടെടുപ്പുവില മുഴുവന്‍ മോശ സ്വീകരിച്ചു.

50 ഇസ്രായേല്‍ജനത്തിന്‍റെ ഇടയിലെ ആദ്യജാതന്മാരില്‍നിന്നു മോശ സ്വീകരിച്ച വീണ്ടെടുപ്പുവില വിശുദ്ധമന്ദിരത്തിലെ തൂക്കമനുസരിച്ച് ആയിരത്തിമൂന്നൂറ്ററുപത്തഞ്ചു ശേക്കെല്‍ ആയിരുന്നു.

51 സര്‍വേശ്വരന്‍ തന്നോട് കല്പിച്ചിരുന്നതുപോലെ മോശ ആ വീണ്ടെടുപ്പുവില മുഴുവന്‍ അഹരോനെയും പുത്രന്മാരെയും ഏല്പിച്ചു.

4

1

സര്‍വേശ്വരന്‍ മോശയോടും അഹരോനോടും അരുളിച്ചെയ്തു:

2 [2,3] “ലേവിഗോത്രത്തില്‍പ്പെട്ട കെഹാത്യരുടെ ജനസംഖ്യ പിതൃഭവനവും കുടുംബവും തിരിച്ച് എടുക്കുക. തിരുസാന്നിധ്യകൂടാരത്തില്‍ ശുശ്രൂഷ ചെയ്യാന്‍ യോഗ്യതയുള്ള മുപ്പതുമുതല്‍ അമ്പതുവരെ പ്രായമുള്ളവരുടെ എണ്ണമാണ് എടുക്കേണ്ടത്.

3

4 തിരുസാന്നിധ്യകൂടാരത്തില്‍ അതിവിശുദ്ധവസ്തുക്കളുമായി ബന്ധപ്പെട്ട ജോലികളാണു കെഹാത്തിന്‍റെ പുത്രന്മാര്‍ നിര്‍വഹിക്കേണ്ടത്.

5 പാളയമടിച്ചിരുന്ന ജനസമൂഹം പുറപ്പെടാന്‍ ഒരുങ്ങുമ്പോള്‍ അഹരോനും പുത്രന്മാരും ഉള്ളില്‍ കടന്നു തിരശ്ശീല അഴിച്ചെടുത്ത് അതുകൊണ്ട് ഉടമ്പടിപ്പെട്ടകം പൊതിയണം.

6 പിന്നീട് ആട്ടിന്‍തോലുകൊണ്ടു മൂടുകയും നീലനിറമുള്ള ശീല അതിന്‍റെമേല്‍ പൊതിയുകയും ചെയ്യണം. അതിനുശേഷം ഉടമ്പടിപ്പെട്ടകം വഹിക്കാനുള്ള തണ്ടുകള്‍ ഉറപ്പിക്കണം.

7 കാഴ്ചയപ്പം വയ്‍ക്കുന്ന മേശയും നീലനിറമുള്ള ശീലകൊണ്ടു മൂടണം. അതിന്‍റെ മീതെ തളികകളും സുഗന്ധദ്രവ്യ പാത്രങ്ങളും കലശങ്ങളും പാനീയയാഗത്തിനുള്ള ഭരണികളും വയ്‍ക്കണം; ദിനംതോറും അര്‍പ്പിക്കുന്ന അപ്പവും എപ്പോഴും മേശമേല്‍ ഉണ്ടായിരിക്കണം.

8 അവയുടെമേല്‍ ചുവപ്പുശീല വിരിക്കണം. പിന്നീട് ആട്ടിന്‍തോലുകൊണ്ടു മൂടിയശേഷം തണ്ടുകള്‍ ഉറപ്പിക്കണം.

9 [9,10] വിളക്കുതണ്ടും, ദീപത്തട്ടുകളും, കരിന്തിരി മുറിക്കുന്ന കത്രികകളും, കരിത്തട്ടങ്ങളും, എണ്ണപ്പാത്രങ്ങളും ഒരു നീലത്തുണികൊണ്ടു മൂടി ആട്ടിന്‍തോല്‍വിരിയില്‍ പൊതിഞ്ഞു തണ്ടിന്മേല്‍ വച്ചുകെട്ടണം.

10

11 സ്വര്‍ണയാഗപീഠത്തിന്മേല്‍ നീലത്തുണി വിരിച്ച് ആട്ടിന്‍തോലുകൊണ്ടു പൊതിയുക. അതു വഹിക്കാനുള്ള തണ്ടുകള്‍ അതില്‍ ഉറപ്പിക്കണം.

12 വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷകള്‍ക്കുള്ള എല്ലാ ഉപകരണങ്ങളും നീലത്തുണിയില്‍ പൊതിഞ്ഞശേഷം ആട്ടിന്‍തോലുകൊണ്ട് ആവരണം ചെയ്തു തണ്ടിന്മേല്‍ ഉറപ്പിക്കണം.

13 യാഗപീഠത്തിലെ ചാരം നീക്കിയശേഷം ചുവപ്പുശീല അതിന്‍റെ മീതെ വിരിക്കണം.

14 അതിന്‍റെമേല്‍ യാഗപീഠത്തിലെ ഉപയോഗത്തിനുള്ള പാത്രങ്ങള്‍, വറചട്ടികള്‍, മുള്‍ക്കരണ്ടികള്‍, ചട്ടുകങ്ങള്‍, കലങ്ങള്‍ മുതലായ ഉപകരണങ്ങള്‍ ആട്ടിന്‍തോലുകൊണ്ടു മൂടി വഹിക്കാനുള്ള അതിന്‍റെ തണ്ടുകളില്‍ ഉറപ്പിക്കണം.

15 അഹരോനും പുത്രന്മാരുംകൂടി തിരുസാന്നിധ്യകൂടാരവും അതിന്‍റെ എല്ലാ ഉപകരണങ്ങളും ഇങ്ങനെ അഴിച്ചെടുത്തു പൊതിഞ്ഞശേഷം പാളയത്തിലുള്ളവര്‍ യാത്ര പുറപ്പെടുമ്പോള്‍ കെഹാത്യകുലക്കാര്‍ അവ ചുമക്കുന്നതിനു മുമ്പോട്ടു വരണം. അവര്‍ വിശുദ്ധവസ്തുക്കളെ സ്പര്‍ശിക്കാന്‍ പാടില്ല; സ്പര്‍ശിച്ചാല്‍ അവര്‍ മരിക്കും. കെഹാത്യകുലക്കാര്‍ വഹിക്കേണ്ട തിരുസാന്നിധ്യകൂടാരത്തിലെ സാധനങ്ങള്‍ ഇവയെല്ലാമാണ്.

16 പുരോഹിതനായ അഹരോന്‍റെ പുത്രനായ എലെയാസാര്‍, വിളക്കുകള്‍ക്കുള്ള എണ്ണ, സുഗന്ധദ്രവ്യം, അനുദിനം അര്‍പ്പിക്കേണ്ട ധാന്യയാഗം, അഭിഷേകതൈലം എന്നിവയ്‍ക്കു പുറമേ അതിന്‍റെ എല്ലാ ഉപകരണങ്ങളുടെയും, വിശുദ്ധസ്ഥലത്തിന്‍റെയും, അതിലെ സകല വസ്തുക്കളുടെയും ചുമതല വഹിക്കണം.

17

സര്‍വേശ്വരന്‍ മോശയോടും അഹരോനോടും അരുളിച്ചെയ്തു:

18 “കെഹാത്യകുടുംബക്കാര്‍ വിശുദ്ധ വസ്തുക്കളെ സമീപിച്ചു ലേവ്യരുടെ ഇടയില്‍നിന്നു നശിച്ചുപോകാന്‍ ഇടയാകരുത്.

19 അങ്ങനെ സംഭവിക്കാതിരിക്കാന്‍ അഹരോനും പുത്രന്മാരും അകത്തു ചെന്ന് അവരെ നിശ്ചിതജോലികള്‍ക്കു നിയോഗിക്കണം.

20 അവര്‍ ഉള്ളില്‍ കടന്ന് ഒരു നിമിഷത്തേക്കുപോലും വിശുദ്ധവസ്തുക്കളെ നോക്കരുത്. നോക്കിയാല്‍ അവര്‍ മരിക്കും.

21

സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു:

22 [22,23] “ഗേര്‍ശോന്‍കുലത്തില്‍പ്പെട്ടവരും, മുപ്പതു വയസ്സിനും അമ്പതു വയസ്സിനും മധ്യേ പ്രായമുള്ളവരും, തിരുസാന്നിധ്യകൂടാരത്തിലെ ശുശ്രൂഷ ചെയ്യാന്‍ യോഗ്യരുമായ എല്ലാവരുടെയും എണ്ണം പിതൃഭവനപ്രകാരം കുടുംബം തിരിച്ച് എടുക്കണം.

23

24 ശുശ്രൂഷ ചെയ്യുന്നതിലും ചുമട് ചുമക്കുന്നതിലും ഗേര്‍ശോന്യകുടുംബക്കാരുടെ ചുമതല ഇതാണ്:

25 തിരുസാന്നിധ്യകൂടാരം, അതിന്‍റെ ഉള്ളിലെ തിരശ്ശീല, തഹശുതോല്‍കൊണ്ടുള്ള അതിന്‍റെ പുറംവിരി, തിരുസാന്നിധ്യകൂടാരത്തിന്‍റെ പ്രവേശനകവാടത്തിലുള്ള മറ,

26 തിരുസാന്നിധ്യകൂടാരത്തിന്‍റെയും യാഗപീഠത്തിന്‍റെയും ചുറ്റുമുള്ള അങ്കണത്തിന്‍റെ മറകള്‍, അങ്കണത്തിലേക്കുള്ള പ്രവേശനകവാടത്തിലെ തിരശ്ശീല, അവയുടെ ചരടുകള്‍, അവിടെ ശുശ്രൂഷയ്‍ക്കാവശ്യമായ ഉപകരണങ്ങള്‍ എന്നിവ ചുമക്കേണ്ടത് അവരാണ്. അവയോടു ബന്ധപ്പെട്ട മറ്റെല്ലാ ജോലികളും അവര്‍തന്നെ ചെയ്യണം.

27 ഗേര്‍ശോന്‍കുലത്തില്‍പ്പെട്ടവര്‍ അഹരോന്‍റെയും പുത്രന്മാരുടെയും നിര്‍ദ്ദേശാനുസൃതം ഈ ജോലികള്‍ ചെയ്യേണ്ടതാണ്. അവര്‍ ചുമക്കേണ്ട വസ്തുക്കള്‍, ചെയ്യേണ്ട ജോലികള്‍ മുതലായവ നിങ്ങള്‍ വ്യക്തമായി നിര്‍ദ്ദേശിക്കണം.

28 ഗേര്‍ശോന്യകുലക്കാര്‍ തിരുസാന്നിധ്യകൂടാരത്തില്‍ ചെയ്യേണ്ട ജോലികള്‍ പുരോഹിതനായ അഹരോന്‍റെ പുത്രന്‍ ഈഥാമാരിന്‍റെ മേല്‍നോട്ടത്തില്‍ ആയിരിക്കണം.

29

[29,30] മെരാരികുലത്തില്‍പ്പെട്ടവരും മുപ്പതു വയസ്സിനും അമ്പതു വയസ്സിനും മധ്യേ പ്രായമുള്ളവരും തിരുസാന്നിധ്യകൂടാരത്തിലെ ശുശ്രൂഷ ചെയ്യുന്നതിനു യോഗ്യരുമായ എല്ലാവരുടെയും എണ്ണം പിതൃഭവനപ്രകാരം കുടുംബം തിരിച്ച് എടുക്കണം.

30

31 തിരുസാന്നിധ്യകൂടാരത്തിന്‍റെ ശുശ്രൂഷയില്‍ അവര്‍ ചുമക്കേണ്ട സാധനങ്ങള്‍ ഇവയാണ്: തിരുസാന്നിധ്യകൂടാരത്തിന്‍റെ ചട്ടക്കൂട്ട്, അഴികള്‍, തൂണുകള്‍, ചുവടുകള്‍, അങ്കണത്തിന്‍റെ തൂണുകള്‍,

32 ചുവടുകള്‍, കുറ്റികള്‍, ചരടുകള്‍, അവയോടു ബന്ധപ്പെട്ട മറ്റുപകരണങ്ങള്‍ ഇവ ഓരോന്നിന്‍റെയും ഇനം തിരിച്ച് അവര്‍ക്കു ചുമക്കാന്‍ കൊടുക്കണം.

33 പുരോഹിതനായ അഹരോന്‍റെ പുത്രന്‍ ഈഥാമാരിന്‍റെ മേല്‍നോട്ടത്തില്‍ മെരാരികുടുംബത്തിലുള്ളവര്‍ തിരുസാന്നിധ്യകൂടാരത്തിന്‍റെ ശുശ്രൂഷയില്‍ ചെയ്യേണ്ട ജോലികള്‍ ഇവയാണ്.

34

[34,35] കെഹാത്യകുലത്തില്‍പ്പെട്ടവരും, മുപ്പതുവയസ്സിനും അമ്പതുവയസ്സിനും മധ്യേ പ്രായമുള്ളവരും, തിരുസാന്നിധ്യകൂടാരത്തിലെ ജോലികള്‍ ചെയ്യുന്നതിനു യോഗ്യരുമായ ആളുകളുടെ എണ്ണം മോശയും അഹരോനും ഇസ്രായേല്‍ജനത്തിന്‍റെ നേതാക്കന്മാരും പിതൃഭവനപ്രകാരം കുടുംബം തിരിച്ച് എണ്ണി തിട്ടപ്പെടുത്തി.

35

36 അവര്‍ രണ്ടായിരത്തി എഴുനൂറ്റമ്പത്.

37 സര്‍വേശ്വരന്‍ മോശയോടു കല്പിച്ചതനുസരിച്ച് മോശയും അഹരോനുംകൂടി തിരുസാന്നിധ്യകൂടാരത്തില്‍ ജോലി ചെയ്യാന്‍ കെഹാത്യരുടെ എണ്ണമെടുത്തപ്പോള്‍ ലഭിച്ച സംഖ്യയായിരുന്നു ഇത്.

38

[38,39] ഗേര്‍ശോന്യകുലത്തില്‍പ്പെട്ടവരും, മുപ്പതുവയസ്സിനും അമ്പതു വയസ്സിനും മധ്യേ പ്രായമുള്ളവരും, തിരുസാന്നിധ്യകൂടാരത്തിലെ ജോലികള്‍ ചെയ്യാന്‍ യോഗ്യരുമായ ആളുകളുടെ എണ്ണം പിതൃഭവനപ്രകാരം കുടുംബം തിരിച്ച് എടുത്തു.

39

40 അവരുടെ സംഖ്യ രണ്ടായിരത്തി അറുനൂറ്റിമുപ്പതായിരുന്നു.

41 സര്‍വേശ്വരന്‍റെ കല്പനപ്രകാരം മോശയും അഹരോനുംകൂടി തിരുസാന്നിധ്യകൂടാരത്തില്‍ ജോലി ചെയ്യുന്നതിനു യോഗ്യരായ ഗേര്‍ശോന്യരുടെ എണ്ണമെടുത്തതനുസരിച്ചുള്ള സംഖ്യയായിരുന്നു ഇത്.

42 [42,43] മെരാരിയുടെ കുലത്തില്‍പ്പെട്ടവരും മുപ്പതുവയസ്സിനും അമ്പതു വയസ്സിനും മധ്യേ പ്രായമുള്ളവരും തിരുസാന്നിധ്യകൂടാരത്തിലെ ജോലിക്കു യോഗ്യരുമായ ആളുകളുടെ എണ്ണം പിതൃഭവനപ്രകാരം കുടുംബം തിരിച്ച് എടുത്തു.

43

44 അവരുടെ സംഖ്യ മൂവായിരത്തി ഇരുനൂറായിരുന്നു.

45 സര്‍വേശ്വരന്‍റെ കല്പനപ്രകാരം മോശയും അഹരോനുംകൂടി തിരുസാന്നിധ്യകൂടാരത്തില്‍ ജോലി ചെയ്യുന്നതിനു യോഗ്യതയുള്ള മെരാര്യരുടെ എണ്ണമെടുത്തപ്പോള്‍ ലഭിച്ച സംഖ്യയായിരുന്നു ഇത്.

46

[46,47] മുപ്പതു വയസ്സിനും അമ്പതു വയസ്സിനും മധ്യേ പ്രായമുള്ളവരും തിരുസാന്നിധ്യകൂടാരത്തിലെ ജോലികള്‍ ചെയ്യുന്നതിനും ചുമടുകള്‍ ചുമക്കുന്നതിനും യോഗ്യരുമായ ലേവ്യരുടെ എണ്ണം മോശയും അഹരോനും ഇസ്രായേല്‍ജനത്തിലെ നേതാക്കന്മാരുംകൂടി പിതൃഭവനപ്രകാരം കുടുംബം തിരിച്ച് എണ്ണിത്തിട്ടപ്പെടുത്തി.

47

48 അതനുസരിച്ച് അവരുടെ ആകെ ജനസംഖ്യ എണ്ണായിരത്തി അഞ്ഞൂറ്റെപത് ആയിരുന്നു.

49 സര്‍വേശ്വരന്‍ മോശ മുഖേന നല്‌കിയ കല്പനപ്രകാരം അവര്‍ ശുശ്രൂഷിക്കാനും ചുമടെടുക്കാനുമായി നിയമിക്കപ്പെട്ടു. അവിടുന്നു കല്പിച്ചതുപോലെ അവരുടെ എണ്ണം തിട്ടപ്പെടുത്തി.

5

1

സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു:

2 “കുഷ്ഠരോഗികളെയും ഏതെങ്കിലും സ്രവം ഉള്ളവരെയും ശവത്തെ സ്പര്‍ശിച്ച് അശുദ്ധരായവരെയും പാളയത്തില്‍നിന്നു പുറത്താക്കാന്‍ ഇസ്രായേല്‍ജനത്തോടു കല്പിക്കുക.

3 സ്‍ത്രീപുരുഷഭേദമെന്യേ അവരെ പാളയത്തില്‍നിന്നു പുറത്താക്കണം. അല്ലെങ്കില്‍ ഞാന്‍ വസിക്കുന്ന അവരുടെ പാളയങ്ങള്‍ അശുദ്ധമാകാനിടയാകും.

4 അവിടുന്നു മോശയോടു കല്പിച്ചതുപോലെ ഇസ്രായേല്‍ജനം പ്രവര്‍ത്തിച്ചു. അവരെ തങ്ങളുടെ പാളയത്തില്‍നിന്നു പുറത്താക്കി.”

5

സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു:

6 “ഇസ്രായേല്‍ജനത്തോടു കല്പിക്കുക, സര്‍വേശ്വരനോട് അവിശ്വസ്തരായി ആരോടെങ്കിലും തെറ്റുചെയ്യുന്ന പുരുഷനോ സ്‍ത്രീയോ കുറ്റക്കാരാണ്.

7 ചെയ്ത പാപം അവര്‍ ഏറ്റുപറയണം. കുറ്റത്തിനുള്ള പ്രായശ്ചിത്തമായി മുതലും അതിന്‍റെ അഞ്ചില്‍ ഒരു ഭാഗവും കൂടി താന്‍ ആരോടു തെറ്റുചെയ്തുവോ അവര്‍ക്കു നല്‌കണം.

8 ഈ പ്രായശ്ചിത്തം സ്വീകരിക്കുന്നതിനു ബന്ധുക്കള്‍ ആരുമില്ലെങ്കില്‍ അതു സര്‍വേശ്വരനു സമര്‍പ്പിക്കണം. അതു പുരോഹിതനുള്ളതാണ്. കുറ്റം ചെയ്ത ആള്‍ക്കുവേണ്ടി പ്രായശ്ചിത്തമായി അര്‍പ്പിക്കുന്ന ആട്ടുകൊറ്റനു പുറമെയാണ് ഇത്.

9 പുരോഹിതന്‍റെ അടുക്കല്‍ ഇസ്രായേല്‍ജനം കൊണ്ടുവരുന്ന എല്ലാ വഴിപാടുകളും എല്ലാ വിശുദ്ധവസ്തുക്കളും പുരോഹിതനുള്ളതാണ്.

10 ജനങ്ങള്‍ അര്‍പ്പിക്കുന്ന വിശുദ്ധവസ്തുക്കളും പുരോഹിതനുള്ളതായിരിക്കും. പുരോഹിതനു നല്‌കുന്നതെന്തും അയാള്‍ക്കുള്ളതാണ്.”

11

സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു:

12 “ഇസ്രായേല്‍ജനത്തോടു പറയുക, ഒരുവന്‍റെ ഭാര്യ വഴിപിഴച്ച് അയാളോട് അവിശ്വസ്തയായി പെരുമാറുകയും

13 മറ്റൊരാളോടുകൂടി അവള്‍ ശയിക്കുകയും, അതു ഭര്‍ത്താവില്‍നിന്നു മറച്ചുവയ്‍ക്കുകയും, അവള്‍ അശുദ്ധയെങ്കിലും ആ പ്രവൃത്തിസമയത്തു പിടിക്കപ്പെടാതിരുന്നതുകൊണ്ട്, അവള്‍ക്കെതിരായി സാക്ഷികള്‍ ഇല്ലാതിരിക്കയും ചെയ്തെന്നു വരാം.

14 അശുദ്ധയായ ഭാര്യയെ സംശയിക്കുകയോ, അശുദ്ധയല്ലെങ്കിലും ജാരശങ്കപൂണ്ട് ഭാര്യയെ സംശയിക്കുകയോ ചെയ്യുന്ന ഭര്‍ത്താവ്,

15 ഭാര്യയെ പുരോഹിതന്‍റെ അടുക്കല്‍ കൊണ്ടുപോകുകയും അവള്‍ക്കുവേണ്ടി വഴിപാടായി ഒരു ഇടങ്ങഴി ബാര്‍ലിപ്പൊടി കൊണ്ടുവരികയും വേണം. അതിന്മേല്‍ ഒലിവെണ്ണ ഒഴിക്കുകയോ കുന്തുരുക്കം വയ്‍ക്കുകയോ അരുത്; കാരണം അതു സംശയനിവാരണത്തിനുള്ള ധാന്യയാഗമാകുന്നു. അപരാധബോധം ഉളവാക്കാനുള്ള ധാന്യയാഗംതന്നെ.

16 “പുരോഹിതന്‍ അവളെ മുമ്പോട്ടു കൊണ്ടുവന്നു സര്‍വേശ്വരസന്നിധിയില്‍ നിര്‍ത്തണം;

17 അദ്ദേഹം ഒരു മണ്‍പാത്രത്തില്‍ വിശുദ്ധജലം എടുത്തു തിരുസാന്നിധ്യകൂടാരത്തിന്‍റെ തറയില്‍നിന്നു കുറച്ചു പൂഴി എടുത്ത് അതില്‍ ഇടണം.

18 പുരോഹിതന്‍ അവളെ സര്‍വേശ്വരസന്നിധിയില്‍ നിര്‍ത്തി അവളുടെ തലമുടി അഴിച്ചിട്ടതിനുശേഷം അപരാധബോധം ഉളവാക്കുന്ന ധാന്യയാഗം, ജാരശങ്കയ്‍ക്കുള്ള ധാന്യയാഗത്തിനുള്ള മാവ് എന്നിവ അവളുടെ കൈയില്‍ വയ്‍ക്കണം. പുരോഹിതന്‍റെ കൈയില്‍ ശാപം വരുത്തുന്ന കയ്പുനീര് ഉണ്ടായിരിക്കണം.

19 പുരോഹിതന്‍ അവളെക്കൊണ്ടു സത്യം ചെയ്യിച്ചശേഷം ഇങ്ങനെ പറയണം: നിനക്കു ഭര്‍ത്താവുണ്ടായിരിക്കെ മറ്റാരെങ്കിലും നിന്നോടുകൂടി ശയിക്കുകയോ, അങ്ങനെ നീ അശുദ്ധയാകുകയോ ചെയ്തിട്ടില്ലെങ്കില്‍ ശാപം വരുത്തുന്ന ഈ കയ്പുനീര് നിനക്കു യാതൊരു ദോഷവും വരുത്താതിരിക്കട്ടെ.

20 എന്നാല്‍ നിനക്കു ഭര്‍ത്താവുണ്ടായിരിക്കെ നീ വഴിപിഴക്കുകയും, മറ്റൊരു പുരുഷന്‍ നിന്നോടൊത്തു ശയിക്കുകയും അങ്ങനെ നീ അശുദ്ധയാകുകയും ചെയ്തിട്ടുണ്ടെങ്കില്‍,

21 പുരോഹിതന്‍ അവളെക്കൊണ്ട് ശാപസത്യം ചെയ്യിച്ചിട്ട് അവളോട് ഇങ്ങനെ പറയണം: ‘സര്‍വേശ്വരന്‍ നിന്‍റെ നാമം സ്വജനത്തില്‍ ശാപവും നിന്ദ്യവുമാക്കിത്തീര്‍ക്കട്ടെ. അവിടുന്നു നിന്‍റെ നിതംബം ചുരുക്കുകയും ഉദരം വീര്‍ക്കുന്നതിന് ഇടവരുത്തുകയും ചെയ്യട്ടെ.

22 ശാപം വരുത്തുന്ന ഈ വെള്ളം ഉദരത്തില്‍ പ്രവേശിച്ചു നിന്‍റെ ഉദരം വീര്‍പ്പിക്കുകയും നിതംബം ശോഷിപ്പിക്കുകയും ചെയ്യട്ടെ.’ അപ്പോള്‍ ആ സ്‍ത്രീ ‘ആമേന്‍, ആമേന്‍’ എന്നു പറയണം.

23 “പിന്നീട് പുരോഹിതന്‍ ഈ ശാപവാക്കുകള്‍ ഒരു പുസ്തകത്തില്‍ എഴുതി അതു കയ്പുനീരില്‍ കഴുകണം.

24 ആ കയ്പുനീര് സ്‍ത്രീയെക്കൊണ്ടു കുടിപ്പിക്കണം. അത് ഉള്ളില്‍ച്ചെന്ന് അവള്‍ക്ക് അതിവേദന ഉളവാക്കും.

25 അവളുടെ കൈയില്‍നിന്നു ജാരശങ്കയ്‍ക്കുള്ള ധാന്യയാഗം തിരിച്ചുവാങ്ങി സര്‍വേശ്വരന്‍റെ മുമ്പില്‍ നീരാജനം ചെയ്തിട്ടു യാഗപീഠത്തില്‍ സമര്‍പ്പിക്കണം.

26 പിന്നീടു മുഴുവനും ദഹിപ്പിക്കുന്നതിന്‍റെ പ്രതീകമായി ഒരു പിടി മാവെടുത്തു യാഗപീഠത്തില്‍ ദഹിപ്പിക്കണം. അതിനുശേഷമാണു കയ്പുനീര് അവളെ കുടിപ്പിക്കേണ്ടത്.

27 ഈ നീര് പുരോഹിതന്‍ അവളെ കുടിപ്പിക്കുമ്പോള്‍ ഭര്‍ത്താവിനോട് അവള്‍ അവിശ്വസ്തത കാണിച്ച് അശുദ്ധയായിത്തീര്‍ന്നിട്ടുണ്ടെങ്കില്‍, ശാപം വരുത്തുന്ന വെള്ളം ഉള്ളില്‍ കടന്ന് അവളുടെ ഉദരത്തില്‍ അതിവേദന ഉണ്ടാക്കും; അവളുടെ നിതംബം ചുരുങ്ങുകയും, ഉദരം വീര്‍ക്കുകയും സ്വജനത്തിന്‍റെ ഇടയില്‍ അവള്‍ മലിനയായിത്തീരുകയും ചെയ്യും.

28 എന്നാല്‍ ആ സ്‍ത്രീ നിര്‍മ്മലയാണെങ്കില്‍ ഒരു ദോഷവും ഭവിക്കുകയില്ല; അവള്‍ക്കു മക്കള്‍ ഉണ്ടാകുകയും ചെയ്യും.

29 ഭാര്യ വഴിപിഴച്ച് അശുദ്ധയായിത്തീര്‍ന്നു എന്ന സംശയം ഭര്‍ത്താവിനുണ്ടായാല്‍ അയാള്‍ അനുഷ്ഠിക്കേണ്ട നിയമം ഇതാകുന്നു.

30 ഒരാള്‍ക്കു ഭാര്യയുടെ ചാരിത്ര്യത്തില്‍ ജാരശങ്കയുണ്ടായാല്‍ അയാള്‍ അവളെ സര്‍വേശ്വരസന്നിധിയില്‍ കൊണ്ടുവരണം. പുരോഹിതന്‍ മുന്‍പറഞ്ഞ വിധികള്‍ ചെയ്യണം.

31 ഭാര്യ തന്‍റെ അകൃത്യത്തിന്‍റെ ഫലം അനുഭവിക്കണം. ഭര്‍ത്താവ് നിര്‍ദ്ദോഷിയായിരിക്കും.”

6

1

സര്‍വേശ്വരന്‍ മോശയോടു കല്പിച്ചു:

2 “ഇസ്രായേല്‍ജനത്തോടു പറയുക, സര്‍വേശ്വരനു സ്വയം അര്‍പ്പിച്ചുകൊണ്ടു നാസീര്‍വ്രതം ദീക്ഷിക്കുന്ന സ്‍ത്രീയും പുരുഷനും വീഞ്ഞും മറ്റു ലഹരിപാനീയങ്ങളും വര്‍ജിക്കണം. ഇവയില്‍ നിന്നെടുക്കുന്ന വിനാഗിരിയോ മുന്തിരിയില്‍ നിന്നുണ്ടാക്കിയ ഏതെങ്കിലും പാനീയമോ കുടിക്കരുത്.

3 മുന്തിരിങ്ങ പഴുത്തതായാലും ഉണങ്ങിയതായാലും തിന്നരുത്.

4 നാസീര്‍വ്രതം അനുഷ്ഠിക്കുന്ന കാലമത്രയും മുന്തിരിയില്‍നിന്നുള്ളതൊന്നും, കുരുവോ തൊലിയോപോലും തിന്നരുത്.

5 “സര്‍വേശ്വരനുവേണ്ടി സ്വയം അര്‍പ്പിക്കുന്ന നാസീര്‍വ്രതകാലത്തൊരിക്കലും തല ക്ഷൗരം ചെയ്യരുത്.

6 വ്രതമെടുക്കുന്നയാള്‍ സര്‍വേശ്വരനു സമര്‍പ്പിക്കപ്പെട്ടവനായിരിക്കണം. അയാള്‍ മുടി വളര്‍ത്തണം. സര്‍വേശ്വരനു സ്വയം സമര്‍പ്പിച്ചിരിക്കുന്ന കാലത്ത് അയാള്‍ മൃതശരീരത്തിന്‍റെ അടുത്തു പോകരുത്.

7 മരിച്ചതു സ്വന്തം പിതാവോ, മാതാവോ, സഹോദരനോ, സഹോദരിയോ ആയിരുന്നാലും അടുത്തുചെന്ന് അശുദ്ധനാകരുത്. അര്‍പ്പണത്തിന്‍റെ അടയാളം അയാളുടെ തലയില്‍ ഉണ്ടല്ലോ.

8 നാസീര്‍വ്രതകാലമത്രയും അയാള്‍ സര്‍വേശ്വരന് അര്‍പ്പിക്കപ്പെട്ടവനാകുന്നു.

9 “വ്രതനിഷ്ഠന്‍റെ അടുക്കല്‍വച്ച് ആരെങ്കിലും പെട്ടെന്നു മരിക്കുകയും അയാളുടെ അര്‍പ്പിതശിരസ്സ് അശുദ്ധമാകുകയും ചെയ്താല്‍, ശുദ്ധീകരണ ദിവസമായ ഏഴാം ദിവസം അവന്‍റെ ശിരസ്സ് മുണ്ഡനം ചെയ്യണം.

10 എട്ടാം ദിവസം രണ്ടു ചെങ്ങാലികളെയോ, രണ്ടു പ്രാവിന്‍കുഞ്ഞുങ്ങളെയോ തിരുസാന്നിധ്യകൂടാരത്തിന്‍റെ വാതില്‌ക്കല്‍ പുരോഹിതന്‍റെ അടുക്കല്‍ അവന്‍ കൊണ്ടുവരണം.

11 പുരോഹിതന്‍ അവയില്‍ ഒന്നിനെ പാപപരിഹാരയാഗമായും മറ്റേതിനെ ഹോമയാഗമായും അര്‍പ്പിച്ച് മൃതശരീരസ്പര്‍ശനം മൂലമുണ്ടായ പാപത്തിനു പ്രായശ്ചിത്തം ചെയ്യണം. അന്നുതന്നെ അയാളുടെ ശിരസ്സ് ശുദ്ധീകരിക്കണം.

12 മറ്റൊരു കാലഘട്ടത്തിലേക്കു വീണ്ടും നാസീര്‍വ്രതമെടുക്കാന്‍ അവന്‍ സ്വയം സമര്‍പ്പിക്കുകയും വേണം. കൂടാതെ, ചെയ്ത കുറ്റത്തിനുള്ള പ്രായശ്ചിത്തമായി ഒരു വയസ്സു പ്രായമുള്ള ഒരു ആണാട്ടിന്‍കുട്ടിയെയും കൊണ്ടുവരണം. വ്രതഭംഗം സംഭവിച്ചതിനാല്‍ അയാളുടെ ആദ്യത്തെ വ്രതകാലം ഗണിക്കപ്പെടുകയില്ലല്ലോ.

13

“നാസീര്‍വ്രതം അനുഷ്ഠിക്കുന്നവന്‍ അതു പൂര്‍ത്തിയാക്കുമ്പോള്‍ പാലിക്കേണ്ട നിയമം ഇതാണ്: അയാളെ തിരുസാന്നിധ്യകൂടാരത്തിന്‍റെ വാതില്‌ക്കല്‍ കൊണ്ടുവരണം.

14 അയാള്‍ ഒരു വയസ്സു പ്രായമുള്ള കുറ്റമറ്റ ആണാട്ടിന്‍കുട്ടിയെ ഹോമയാഗമായും ഒരു വയസ്സു പ്രായമുള്ള കുറ്റമറ്റ പെണ്ണാട്ടിന്‍കുട്ടിയെ പാപപരിഹാരയാഗമായും, കുറ്റമറ്റ ഒരു ആണാടിനെ സമാധാനയാഗമായും സര്‍വേശ്വരന് അര്‍പ്പിക്കണം.

15 അവയോടൊപ്പം ഒരു കുട്ടയില്‍ പുളിപ്പു ചേര്‍ക്കാത്ത അപ്പവും, നേരിയ മാവുകൊണ്ട് എണ്ണ ചേര്‍ത്തുണ്ടാക്കിയ അപ്പവും, പുളിപ്പില്ലാത്ത മാവുകൊണ്ട് എണ്ണ പുരട്ടിയുണ്ടാക്കിയ അടയും, അവയ്‍ക്കു ചേര്‍ന്ന ധാന്യയാഗവും പാനീയയാഗവും അയാള്‍ അര്‍പ്പിക്കണം.

16 പുരോഹിതന്‍ ഇവയെല്ലാം സര്‍വേശ്വരസന്നിധിയില്‍ കൊണ്ടുവന്നതിനുശേഷം അയാള്‍ക്കുവേണ്ടി പാപപരിഹാരയാഗവും ഹോമയാഗവും അര്‍പ്പിക്കണം.

17 സമാധാനയാഗമായി ആണാടിനെ പുളിപ്പു ചേര്‍ക്കാത്ത അപ്പത്തോടൊപ്പം സര്‍വേശ്വരന് അര്‍പ്പിക്കേണ്ടതാണ്. അതോടൊപ്പം ധാന്യയാഗവും പാനീയയാഗവും അര്‍പ്പിക്കണം.

18 പിന്നീട് നാസീര്‍വ്രതക്കാരന്‍ തിരുസാന്നിധ്യകൂടാരത്തിന്‍റെ വാതില്‌ക്കല്‍വച്ചുതന്നെ സമര്‍പ്പിത ശിരസ്സ് മുണ്ഡനം ചെയ്തു തലമുടി സമാധാനയാഗത്തിന്‍റെ അഗ്നിയില്‍ ഇടണം.

19 വ്രതസ്ഥന്‍ തല മുണ്ഡനം ചെയ്തു കഴിഞ്ഞാല്‍ പുരോഹിതന്‍ ആണാടിന്‍റെ വേവിച്ച കൈക്കുറകും കുട്ടയില്‍നിന്നു പുളിപ്പില്ലാത്ത അപ്പവും പുളിപ്പില്ലാത്ത മാവുകൊണ്ട് ഉണ്ടാക്കിയ അടയും എടുത്തു വ്രതസ്ഥന്‍റെ കൈയില്‍ വയ്‍ക്കണം.

20 പിന്നീട് പുരോഹിതന്‍ അവയെ സര്‍വേശ്വരസന്നിധിയില്‍ നീരാജനം ചെയ്യണം. ഇതും നീരാജനം ചെയ്ത നെഞ്ചും അര്‍പ്പിച്ച കാല്‍ക്കുറകും പുരോഹിതനുവേണ്ടി വിശുദ്ധമായി വേര്‍തിരിച്ചിട്ടുള്ളതാണ്. അതിനുശേഷം നാസീര്‍വ്രതസ്ഥനു വീഞ്ഞു കുടിക്കാം.

21 നാസീര്‍വ്രതം എടുക്കുന്നവന്‍ പാലിക്കേണ്ട നിയമം ഇതാണ്. അയാളുടെ കഴിവനുസരിച്ചുള്ള നേര്‍ച്ചകള്‍ക്കു പുറമേ നാസീര്‍വ്രതത്തിന്‍റെ നിയമാനുസൃതമായ വഴിപാടുകള്‍ അയാള്‍ അര്‍പ്പിക്കേണ്ടതാണ്. താന്‍ സ്വീകരിച്ചിരിക്കുന്ന നാസീര്‍വ്രതത്തിന്‍റെ നിയമങ്ങള്‍ അയാള്‍ പാലിക്കണം.”

22

സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു:

23 “അഹരോനോടും പുത്രന്മാരോടും പറയുക, നിങ്ങള്‍ ഇസ്രായേല്‍ജനത്തെ ആശീര്‍വദിക്കേണ്ടത് ഇങ്ങനെയാണ്:

24 സര്‍വേശ്വരന്‍ നിങ്ങളെ അനുഗ്രഹിക്കുകയും സംരക്ഷിക്കുകയും ചെയ്യട്ടെ.

25 അവിടുന്നു തിരുമുഖം നിങ്ങളുടെമേല്‍ പ്രകാശിപ്പിച്ച് നിങ്ങളോടു കരുണകാണിക്കട്ടെ.

26 സര്‍വേശ്വരന്‍ കരുണയോടെ കടാക്ഷിച്ച് നിങ്ങള്‍ക്കു സമാധാനം നല്‌കട്ടെ.

27 ഇങ്ങനെ അവര്‍ എന്‍റെ നാമം ഉച്ചരിച്ചുകൊണ്ട് ഇസ്രായേല്‍ജനത്തെ ആശീര്‍വദിക്കട്ടെ. അപ്പോള്‍ ഞാന്‍ അവരെ അനുഗ്രഹിക്കും.”

7

1

മോശ കൂടാരം സ്ഥാപിച്ചശേഷം, അതും അതിന്‍റെ ഉപകരണങ്ങളും, യാഗപീഠവും അതിന്‍റെ ഉപകരണങ്ങളും അഭിഷേകം ചെയ്തു ശുദ്ധീകരിച്ചു.

2 ഇസ്രായേലിലെ നേതാക്കളും, പിതൃഭവനത്തലവന്മാരും ജനസംഖ്യ എടുക്കുന്നതില്‍ മേല്‍നോട്ടം വഹിച്ചവരുമായ ഗോത്രനേതാക്കള്‍ കാഴ്ചകള്‍ കൊണ്ടുവന്നു സര്‍വേശ്വരസന്നിധിയില്‍ അര്‍പ്പിച്ചു.

3 രണ്ടു നേതാക്കള്‍ക്ക് ഒരു മൂടിയുള്ള വണ്ടിയും ഒരാള്‍ക്ക് ഒരു കാളയും വീതം ആറു മൂടിയുള്ള വണ്ടികളും പന്ത്രണ്ടു കാളകളുമാണ് അവര്‍ വിശുദ്ധകൂടാരത്തിനു മുമ്പില്‍ സമര്‍പ്പിച്ചത്.

4 അപ്പോള്‍ സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു:

5 “തിരുസാന്നിധ്യകൂടാരത്തിലെ ഉപയോഗത്തിനുവേണ്ടി അവ അവരില്‍നിന്നു സ്വീകരിച്ചു ചുമതലപ്പെട്ട ലേവ്യരെ ഏല്പിക്കുക.”

6 അങ്ങനെ മോശ കാളകളും വണ്ടികളും സ്വീകരിച്ചു ലേവ്യര്‍ക്കു നല്‌കി.

7 രണ്ടു വണ്ടികളും നാലു കാളകളും ഗേര്‍ശോന്യരുടെ ജോലി അനുസരിച്ച് അവര്‍ക്കു കൊടുത്തു.

8 പുരോഹിതനായ അഹരോന്‍റെ പുത്രന്‍ ഈഥാമാരിന്‍റെ നേതൃത്വത്തിലുള്ള മെരാര്യര്‍ക്ക് അവരുടെ ജോലി അനുസരിച്ചു നാലു വണ്ടികളും എട്ടു കാളകളും കൊടുത്തു.

9 വിശുദ്ധവസ്തുക്കള്‍ സൂക്ഷിക്കുകയും അവ ചുമലില്‍ ചുമക്കുകയും ചെയ്യേണ്ടിയിരുന്നതുകൊണ്ടു കെഹാത്യര്‍ക്കു മോശ ഒന്നും നല്‌കിയില്ല.

10 യാഗപീഠത്തിന്‍റെ അഭിഷേകദിവസം പ്രതിഷ്ഠയ്‍ക്കുള്ള തങ്ങളുടെ വഴിപാടുകള്‍ നേതാക്കന്മാര്‍ കൊണ്ടുവന്നു യാഗപീഠത്തിന്‍റെ മുമ്പില്‍ അര്‍പ്പിച്ചു.

11 അപ്പോള്‍ സര്‍വേശ്വരന്‍ മോശയോടു കല്പിച്ചു: “യാഗപീഠത്തിന്‍റെ പ്രതിഷ്ഠയ്‍ക്കു വേണ്ടിയുള്ള വഴിപാടുകള്‍ അവര്‍ ഓരോരുത്തരായി ഓരോ ദിവസം അര്‍പ്പിക്കണം.

12 [12-17] വിശുദ്ധമന്ദിരത്തിലെ തൂക്കമനുസരിച്ചു നൂറ്റിമുപ്പതു ശേക്കെലുള്ള വെള്ളിത്തളിക, എഴുപതു ശേക്കെലുള്ള വെള്ളിക്കിണ്ണം, അവ നിറയെ ധാന്യയാഗത്തിനുവേണ്ടി എണ്ണ ചേര്‍ത്ത നേരിയ മാവ്, പത്തു ശേക്കെല്‍ തൂക്കമുള്ള ഒരു സ്വര്‍ണക്കലശം, അതു നിറയെ സുഗന്ധവസ്തു, ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആണാട്, ഒരു വയസ്സു പ്രായമുള്ള ഒരു ആണ്‍ചെമ്മരിയാട്, പാപപരിഹാരയാഗത്തിനായി ഒരു ആണ്‍കോലാട്, സമാധാനയാഗത്തിനായി രണ്ടു കാളകള്‍, അഞ്ച് ആണാടുകള്‍, അഞ്ച് ആണ്‍കോലാടുകള്‍, ഒരു വയസ്സു പ്രായമായ അഞ്ച് ആണ്‍ചെമ്മരിയാടുകള്‍ ഇവയായിരുന്നു ഓരോ ഗോത്രനേതാവും അര്‍പ്പിച്ച വഴിപാടിലുണ്ടായിരുന്നത്. ആദ്യദിവസം യെഹൂദാഗോത്രത്തിലെ അമ്മീനാദാബിന്‍റെ പുത്രനായ നഹശോന്‍ ഈ വഴിപാട് അര്‍പ്പിച്ചു.

13

14

15

16

17

18

[18-23] രണ്ടാം ദിവസം ഇസ്സാഖാര്‍ഗോത്രത്തിന്‍റെ നേതാവും സൂവാരിന്‍റെ പുത്രനുമായ നെഥനയേല്‍ ഇതേ വഴിപാട് അര്‍പ്പിച്ചു.

19

20

21

22

23

24

[24-29] മൂന്നാം ദിവസം സെബൂലൂന്‍ഗോത്രത്തിന്‍റെ നേതാവും ഹേലോന്‍റെ മകനുമായ എലീയാബാണ് വഴിപാടു സമര്‍പ്പിച്ചത്.

25

26

27

28

29

30

[30-35] നാലാം ദിവസം രൂബേന്‍ഗോത്രത്തിന്‍റെ നേതാവും ശെദേയൂരിന്‍റെ പുത്രനുമായ എലീസൂര്‍ ഇതേ വഴിപാട് അര്‍പ്പിച്ചു.

31

32

33

34

35

36

[36-41] അഞ്ചാം ദിവസം ശിമെയോന്‍ഗോത്രത്തിന്‍റെ നേതാവും സൂരിശദ്ദായിയുടെ പുത്രനുമായ ശെലൂമീയേല്‍ വഴിപാട് അര്‍പ്പിച്ചു.

37

38

39

40

41

42

[42-47] ആറാം ദിവസം ഗാദ്ഗോത്രത്തിന്‍റെ നേതാവ്, ദെയൂവേലിന്‍റെ പുത്രനായ എലീയാസാഫ് ഇതേ വഴിപാട് അര്‍പ്പിച്ചു.

43

44

45

46

47

48

[48-53] ഏഴാം ദിവസം എഫ്രയീംഗോത്രത്തിന്‍റെ നായകനായ അമ്മീഹൂദിന്‍റെ പുത്രനായ എലീശാമാ വഴിപാട് അര്‍പ്പിച്ചു.

49

50

51

52

53

54

[54-59] എട്ടാം ദിവസം മനശ്ശെഗോത്രത്തിന്‍റെ നായകനും പെദാസൂരിന്‍റെ പുത്രനുമായ ഗമലീയേല്‍ ഇതേ വഴിപാട് അര്‍പ്പിച്ചു.

55

56

57

58

59

60

[60-65] ഒമ്പതാം ദിവസം ബെന്യാമീന്‍ഗോത്രത്തിന്‍റെ നേതാവും ഗിദെയോനിയുടെ പുത്രനുമായ അബീദാന്‍ വഴിപാട് അര്‍പ്പിച്ചു.

61

62

63

64

65

66

[66-71] പത്താംദിവസം ദാന്‍ഗോത്രത്തിന്‍റെ തലവനും അമ്മീശദ്ദായിയുടെ; പുത്രനുമായ അഹീയേസെര്‍ ഇതേ വഴിപാട് അര്‍പ്പിച്ചു.

67

68

69

70

71

72

[72-77] പതിനൊന്നാം ദിവസം ആശേര്‍ഗോത്രത്തിന്‍റെ നായകന്‍ ഒക്രാന്‍റെ പുത്രനായ പഗീയേല്‍ വഴിപാട് അര്‍പ്പിച്ചു.

73

74

75

76

77

78

[78-83] പന്ത്രണ്ടാം ദിവസം നഫ്താലിഗോത്രത്തിന്‍റെ നായകനും ഏനാന്‍റെ മകനുമായ അഹീര വഴിപാടര്‍പ്പിച്ചു.

79

80

81

82

83

84

യാഗപീഠം അഭിഷേകം ചെയ്ത് പ്രതിഷ്ഠിച്ച ദിവസം, ഇസ്രായേല്‍ജനനേതാക്കന്മാര്‍ അര്‍പ്പിച്ച വഴിപാട് പന്ത്രണ്ടു വെള്ളിത്തളികകളും, പന്ത്രണ്ടു വെള്ളിക്കിണ്ണങ്ങളും, പന്ത്രണ്ടു സ്വര്‍ണക്കലശങ്ങളുമായിരുന്നു.

85 ഒരു തളികയ്‍ക്ക് നൂറ്റിമുപ്പതു ശേക്കെലും, ഒരു കിണ്ണത്തിന് എഴുപതു ശേക്കെലും തൂക്കം. ആകെ സമര്‍പ്പിച്ച വെള്ളി വിശുദ്ധമന്ദിരത്തിലെ തൂക്കമനുസരിച്ചു രണ്ടായിരത്തിനാനൂറു ശേക്കെലായിരുന്നു.

86 നിറയെ സുഗന്ധദ്രവ്യത്തോടുകൂടി സമര്‍പ്പിച്ച പന്ത്രണ്ടു സ്വര്‍ണക്കലശങ്ങള്‍ക്ക് ഒരു കലശത്തിനു പത്തു ശേക്കെല്‍ വീതം പന്ത്രണ്ടു കലശത്തിനു നൂറ്റിഇരുപതു ശേക്കെല്‍ സ്വര്‍ണമുണ്ടായിരുന്നു.

87 ഇവയ്‍ക്കു പുറമേ ഹോമയാഗത്തിനായി പന്ത്രണ്ടു കാളകള്‍, പന്ത്രണ്ട് ആണ്‍കോലാടുകള്‍, ഒരു വയസ്സു പ്രായമായ പന്ത്രണ്ട് ആണ്‍ചെമ്മരിയാടുകള്‍, അവയോടൊപ്പം ധാന്യയാഗത്തിനായി ധാന്യങ്ങള്‍, പാപപരിഹാരയാഗത്തിനായി പന്ത്രണ്ട് ആണ്‍കോലാടുകള്‍;

88 സമാധാനയാഗത്തിനായി ഇരുപത്തിനാലു കാളകള്‍, അറുപത് ആണാടുകള്‍, അറുപത് ആണ്‍കോലാടുകള്‍, ഒരു വയസ്സു പ്രായമായ അറുപത് ആണ്‍ചെമ്മരിയാടുകള്‍ എന്നിവയെയും അവര്‍ സമര്‍പ്പിച്ചു. യാഗപീഠത്തിന്‍റെ അഭിഷേകത്തിനുശേഷം അതിന്‍റെ പ്രതിഷ്ഠയ്‍ക്കുവേണ്ടി അവര്‍ സമര്‍പ്പിച്ച വഴിപാട് ഇവയായിരുന്നു.

89 സര്‍വേശ്വരനുമായി സംസാരിക്കുന്നതിനു തിരുസാന്നിധ്യകൂടാരത്തില്‍ പ്രവേശിച്ചപ്പോള്‍, ഉടമ്പടിപ്പെട്ടകത്തിന്‍റെ മുകളിലുള്ള മൂടിയിലെ രണ്ടു കെരൂബുകളുടെ നടുവില്‍നിന്ന് സര്‍വേശ്വരന്‍ തന്നോടു സംസാരിക്കുന്നതു മോശ കേട്ടു.

8

1

സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു:

2 “വിളക്കു കൊളുത്തുമ്പോള്‍ അതിലെ ഏഴു തിരികളും വിളക്കുതണ്ടിനു മുമ്പില്‍ പ്രകാശം ലഭിക്കത്തക്കവിധം തെളിക്കണമെന്ന് അഹരോനോടു പറയുക.”

3 സര്‍വേശ്വരന്‍ മോശയോടു കല്പിച്ചതുപോലെ അഹരോന്‍ വിളക്കിലെ ഏഴു തിരികളും കൊളുത്തി.

4 സര്‍വേശ്വരന്‍ കാണിച്ചുകൊടുത്ത മാതൃകയില്‍ വിളക്കുകാല്‍ നിര്‍മ്മിച്ചു. ചുവടുമുതല്‍ മുകളിലത്തെ പുഷ്പാകൃതിയിലുള്ള അഗ്രങ്ങള്‍വരെ അടിച്ചുപരത്തിയ സ്വര്‍ണംകൊണ്ടാണു വിളക്കുകാല്‍ നിര്‍മ്മിച്ചത്.

5

സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു:

6 “ഇസ്രായേല്‍ജനത്തിന്‍റെ ഇടയില്‍നിന്നു ലേവ്യരെ വേര്‍തിരിച്ചു ശുദ്ധീകരിക്കുക.

7 അവരെ ശുദ്ധീകരിക്കേണ്ടത് ഇപ്രകാരമാണ്. പാപപരിഹാരജലം അവരുടെമേല്‍ തളിക്കുക. പിന്നീടു ശരീരമാസകലം ക്ഷൗരം ചെയ്തു വസ്ത്രം അലക്കി അവര്‍ സ്വയം ശുദ്ധരാകണം.

8 അവര്‍ ഒരു കാളക്കിടാവിനെയും, ധാന്യവഴിപാടായി അര്‍പ്പിക്കേണ്ട എണ്ണ ചേര്‍ത്ത മാവും പാപപരിഹാരയാഗത്തിനായി മറ്റൊരു കാളക്കുട്ടിയെയും എടുക്കണം.

9 ലേവ്യരെ തിരുസാന്നിധ്യകൂടാരത്തിന്‍റെ മുമ്പില്‍ വിളിച്ചുനിര്‍ത്തണം; സമസ്ത ഇസ്രായേല്‍ജനത്തെയും അവിടെ വിളിച്ചുകൂട്ടണം.

10

ലേവ്യരെ സര്‍വേശ്വരസന്നിധിയില്‍ നിര്‍ത്തുമ്പോള്‍ ജനമെല്ലാം അവരുടെ തലയില്‍ കൈ വയ്‍ക്കേണ്ടതാണ്.

11 സര്‍വേശ്വരസന്നിധിയില്‍ ശുശ്രൂഷ ചെയ്യുന്നതിന് ഇസ്രായേല്‍ജനത്തിന്‍റെ നീരാജനയാഗമായി ലേവ്യരെ അഹരോന്‍ സര്‍വേശ്വരസന്നിധിയില്‍ സമര്‍പ്പിക്കണം.

12 പിന്നീടു ലേവ്യര്‍ കാളകളുടെ തലയില്‍ കൈകള്‍ വയ്‍ക്കുകയും തങ്ങളുടെ പാപപരിഹാരത്തിനായി ഒന്നിനെ പാപപരിഹാരയാഗമായും മറ്റേതിനെ ഹോമയാഗമായും അര്‍പ്പിക്കേണ്ടതുമാണ്.

13 അഹരോന്‍റെയും പുത്രന്മാരുടെയും ശുശ്രൂഷയില്‍ അവരെ സഹായിക്കാന്‍ ലേവ്യരെ നിയമിക്കുകയും അവരെ നീരാജനമായി സര്‍വേശ്വരനു സമര്‍പ്പിക്കുകയും വേണം.

14 ഇങ്ങനെ ലേവ്യരെ ഇസ്രായേല്‍ജനത്തില്‍നിന്നു വേര്‍തിരിക്കണം. അവര്‍ എനിക്കുള്ളവരായിരിക്കും.

15 നീ അവരെ ശുദ്ധീകരിക്കുകയും നീരാജനമായി സര്‍വേശ്വരനു സമര്‍പ്പിക്കുകയും ചെയ്തശേഷം അവര്‍ക്ക് തിരുസാന്നിധ്യകൂടാരത്തില്‍ പോയി ശുശ്രൂഷകള്‍ ചെയ്യാം.

16 ഇസ്രായേല്‍ജനത്തിന്‍റെ ഇടയില്‍നിന്ന് അവര്‍ തങ്ങളെത്തന്നെ സമ്പൂര്‍ണമായി എനിക്കു സമര്‍പ്പിച്ചിരിക്കുകയാണല്ലോ.

17 ഇസ്രായേലിലെ ആദ്യജാതന്മാര്‍ക്കു പകരമായി ഞാന്‍ അവരെ എനിക്കായി തിരഞ്ഞെടുത്തിരിക്കുന്നു. ഇസ്രായേലിലെ ആദ്യജാതന്മാരായ എല്ലാ മനുഷ്യരും എല്ലാ മൃഗങ്ങളും എനിക്കുള്ളതാണ്; ഈജിപ്തിലെ ആദ്യജാതന്മാരെ സംഹരിച്ച ദിവസംമുതല്‍ ഞാന്‍ അവരെയെല്ലാം എനിക്കായി വേര്‍തിരിച്ചിരിക്കുകയാണല്ലോ.

18 എന്നാല്‍ ഇസ്രായേലിലെ ആദ്യജാതന്മാര്‍ക്കു പകരമായി ലേവ്യരെ ഞാന്‍ സ്വീകരിച്ചിരിക്കുന്നു.

19 ഇസ്രായേല്‍ജനം തിരുസാന്നിധ്യകൂടാരത്തിന്‍റെ അടുത്തു വന്നാല്‍ അവര്‍ക്ക് അത്യാഹിതമുണ്ടാകും. അങ്ങനെ സംഭവിക്കാതിരിക്കാനും ഇസ്രായേല്‍ജനത്തിനുവേണ്ടി തിരുസാന്നിധ്യകൂടാരത്തില്‍ ശുശ്രൂഷ ചെയ്യാനും പ്രായശ്ചിത്തം കഴിക്കാനുമായി അവരുടെ ഇടയില്‍നിന്നു ലേവ്യരെ വേര്‍തിരിച്ച് അഹരോനും പുത്രന്മാര്‍ക്കും ഞാന്‍ ദാനം ചെയ്തിരിക്കുന്നു.”

20 സര്‍വേശ്വരന്‍ മോശയോടു കല്പിച്ചതുപോലെ മോശയും അഹരോനും ഇസ്രായേല്‍ജനവും ലേവ്യരെ സര്‍വേശ്വരനുവേണ്ടി വേര്‍തിരിച്ചു.

21 ലേവ്യര്‍ തങ്ങളെത്തന്നെ ശുദ്ധീകരിച്ചു; അവര്‍ വസ്ത്രം അലക്കി; അഹരോന്‍ അവരെ ദൈവത്തിനു നീരാജനമായി സമര്‍പ്പിച്ചു. അവരെ ശുദ്ധീകരിക്കാന്‍ വേണ്ട അനുഷ്ഠാനമുറകള്‍ അഹരോന്‍ നിര്‍വഹിക്കുകയും ചെയ്തു.

22 അഹരോന്‍റെയും പുത്രന്മാരുടെയും മുമ്പാകെ ശുശ്രൂഷ ചെയ്യുന്നതിനു തിരുസാന്നിധ്യകൂടാരത്തില്‍ അവര്‍ പ്രവേശിച്ചു. അങ്ങനെ ലേവ്യരെക്കുറിച്ചു സര്‍വേശ്വരന്‍ മോശയോടു കല്പിച്ചിരുന്നതുപോലെ അവര്‍ ചെയ്തു.

23

സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു:

24 “ഇരുപത്തിയഞ്ചു വയസ്സു മുതല്‍ എല്ലാ ലേവ്യരും തിരുസാന്നിധ്യകൂടാരത്തിലെ ശുശ്രൂഷകളില്‍ ഏര്‍പ്പെടേണ്ടതാണ്.

25 അമ്പതാമത്തെ വയസ്സില്‍ അവര്‍ ശുശ്രൂഷയില്‍നിന്നു വിരമിക്കണം. അതിനുശേഷം അവര്‍ ശുശ്രൂഷ ചെയ്യേണ്ടതില്ല;

26 എന്നാല്‍ തിരുസാന്നിധ്യകൂടാരത്തില്‍ ശുശ്രൂഷ ചെയ്യുന്ന ലേവ്യരെ അവര്‍ക്കു തുടര്‍ന്നു സഹായിക്കാം; എന്നാല്‍ അവര്‍ നേരിട്ടു ശുശ്രൂഷകള്‍ ചെയ്യരുത്. ഇപ്രകാരമാണു ലേവ്യരുടെ ചുമതലകള്‍ അവരെ ഏല്പിക്കേണ്ടത്.”

9

1

ഇസ്രായേല്‍ജനം ഈജിപ്തില്‍നിന്നു പുറപ്പെട്ടതിന്‍റെ രണ്ടാം വര്‍ഷം ഒന്നാം മാസം സീനായ്മരുഭൂമിയില്‍വച്ചു സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു:

2 “നിശ്ചിതസമയത്തുതന്നെ ഇസ്രായേല്‍ജനം പെസഹ ആചരിക്കണം.

3 ഈ മാസം പതിനാലാം ദിവസം വൈകുന്നേരം ചട്ടങ്ങള്‍ക്കും അനുശാസനങ്ങള്‍ക്കും അനുസൃതമായി അത് ആചരിക്കേണ്ടതാണ്.”

4 അരുളപ്പാടിന്‍പ്രകാരം ഇസ്രായേല്‍ജനത്തോടു പെസഹ ആചരിക്കാന്‍ മോശ പറഞ്ഞു.

5 സര്‍വേശ്വരന്‍ മോശയോടു കല്പിച്ചിരുന്നതുപോലെ സീനായ്മരുഭൂമിയില്‍വച്ച് ഒന്നാം മാസം പതിനാലാം ദിവസം വൈകുന്നേരം അവര്‍ പെസഹ ആചരിച്ചു.

6 മൃതശരീരം സ്പര്‍ശിച്ചതിനാല്‍ അശുദ്ധരായിത്തീര്‍ന്ന ചിലര്‍ക്ക് അന്നു പെസഹ ആചരിക്കാന്‍ കഴിഞ്ഞില്ല; അവര്‍ അന്നുതന്നെ മോശയുടെയും അഹരോന്‍റെയും അടുക്കല്‍ ചെന്ന്:

7 ‘മൃതശരീരം സ്പര്‍ശിച്ചുപോയതിനാല്‍ ഞങ്ങള്‍ അശുദ്ധരായിരിക്കുന്നു; മറ്റുള്ളവരോടൊത്തു നിശ്ചിതസമയത്തു സര്‍വേശ്വരനുള്ള വഴിപാട് അര്‍പ്പിക്കുന്നതില്‍നിന്നു ഞങ്ങളെ വിലക്കണമോ’ എന്നു ചോദിച്ചു.

8 മോശ അവരോടു: “സര്‍വേശ്വരന്‍ അവിടുത്തെ ഹിതം എന്തെന്ന് എന്നെ അറിയിക്കുന്നതുവരെ കാത്തിരിക്കുക” എന്നു മറുപടി നല്‌കി.

9

സര്‍വേശ്വരന്‍ മോശയോടു കല്പിച്ചു:

10 “ഇസ്രായേല്‍ജനത്തോടു പറയുക, നിങ്ങളോ നിങ്ങളുടെ പിന്‍തലമുറക്കാരില്‍ ആരെങ്കിലുമോ ശവത്തെ സ്പര്‍ശിച്ച് അശുദ്ധനാകയോ, ദൂരയാത്രയില്‍ ആയിരിക്കുകയോ ചെയ്താല്‍പോലും അവര്‍ പെസഹ ആചരിക്കണം.

11 എന്നാല്‍ രണ്ടാം മാസം പതിനാലാം ദിവസം വൈകിട്ടു പുളിപ്പു ചേര്‍ക്കാത്ത അപ്പത്തോടും കയ്പുചീരയോടുംകൂടി അവര്‍ പെസഹ ഭക്ഷിക്കട്ടെ.

12 അടുത്ത പ്രഭാതത്തിലേക്കു ശേഷിപ്പിക്കരുത്. പെസഹാമൃഗത്തിന്‍റെ ഒരു എല്ലുപോലും ഒടിക്കരുത്. പെസഹയുടെ ചട്ടങ്ങളെല്ലാം അവര്‍ അനുസരിക്കയും വേണം.

13 ആചാരപരമായി ശുദ്ധിയുള്ളവനും ദൂരയാത്രയില്‍ അല്ലാത്തവനുമായ ആരെങ്കിലും പെസഹ ആചരിക്കാതെയിരുന്നാല്‍ അവനെ സ്വജനങ്ങളുടെ ഇടയില്‍നിന്നു ബഹിഷ്കരിക്കണം. നിശ്ചിതസമയത്തു സര്‍വേശ്വരനു കാഴ്ച അര്‍പ്പിക്കാത്തതിനാല്‍ പാപത്തിനുള്ള ശിക്ഷ അവന്‍ ഏല്‌ക്കേണ്ടതാണ്.

14 നിങ്ങളുടെ ഇടയില്‍ പാര്‍ക്കുന്ന ഒരു പരദേശി സര്‍വേശ്വരനു പെസഹ ആചരിക്കാന്‍ ഇച്ഛിക്കുന്നെങ്കില്‍ അതിന്‍റെ ചട്ടങ്ങളും വിധികളും അനുസരിച്ചുതന്നെ അവന്‍ അത് ആചരിക്കട്ടെ; സ്വദേശിക്കും പരദേശിക്കും അനുഷ്ഠാനമുറകള്‍ ഒന്നുതന്നെ.”

15

തിരുസാന്നിധ്യകൂടാരം ഉയര്‍ത്തിയ ദിവസം ഒരു മേഘം വന്നു കൂടാരത്തെ മൂടി. സന്ധ്യമുതല്‍ പ്രഭാതംവരെ അതു കൂടാരത്തിന്‍റെ മുകളില്‍ അഗ്നിപോലെ പ്രകാശിച്ചു. അത് അങ്ങനെതന്നെ തുടര്‍ന്നു.

16 പകല്‍ മേഘം കൂടാരത്തെ മൂടുകയും രാത്രിയില്‍ അത് അഗ്നിപോലെ കാണുകയും ചെയ്തു.

17 മേഘം തിരുസാന്നിധ്യകൂടാരത്തില്‍നിന്ന് ഉയരുമ്പോള്‍ അവര്‍ യാത്ര ആരംഭിക്കും; മേഘം താഴുമ്പോള്‍ ഇസ്രായേല്‍ജനം പാളയമടിക്കും.

18 സര്‍വേശ്വരന്‍റെ കല്പനയനുസരിച്ച് ഇസ്രായേല്‍ജനം യാത്ര പുറപ്പെടുകയും പാളയമടിക്കുകയും ചെയ്തു. മേഘം തിരുസാന്നിധ്യകൂടാരത്തിന്‍റെ മുകളില്‍ ആയിരിക്കുന്നിടത്തോളം സമയം അവര്‍ പാളയത്തില്‍ത്തന്നെ പാര്‍ക്കും.

19 മേഘം കൂടാരത്തിന്‍റെ മുകളില്‍നിന്ന് അനേകം ദിവസങ്ങള്‍ മാറാതെ നിന്നാല്‍ ഇസ്രായേല്‍ജനം സര്‍വേശ്വരന്‍റെ കല്പനയനുസരിച്ചു യാത്ര ചെയ്യാതിരിക്കും.

20 ചിലപ്പോള്‍ കുറെ ദിവസത്തേക്കു മാത്രമേ മേഘം കൂടാരത്തിന്‍റെ മുകളില്‍ ഉണ്ടായിരിക്കുകയുള്ളൂ. അപ്പോള്‍ സര്‍വേശ്വരന്‍റെ കല്പനപോലെ അവര്‍ പാളയമടിക്കും; അവിടുത്തെ കല്പന ലഭിക്കുമ്പോള്‍ അവര്‍ പുറപ്പെടുകയും ചെയ്യും.

21 ചിലപ്പോള്‍ മേഘം കൂടാരത്തിന്‍റെമേല്‍ സന്ധ്യമുതല്‍ പ്രഭാതംവരെ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ; പ്രഭാതസമയത്തു മേഘം നീങ്ങിക്കഴിയുമ്പോള്‍ അവര്‍ യാത്ര പുറപ്പെടും; രാപ്പകല്‍ ഭേദംകൂടാതെ മേഘം നീങ്ങുമ്പോള്‍ അവര്‍ യാത്ര പുറപ്പെടും.

22 മേഘം രണ്ടു ദിവസമോ ഒരു മാസമോ ഒരു വര്‍ഷമോ അതില്‍ കൂടുതലോ കാലം കൂടാരത്തിനു മുകളില്‍ നിന്നാലും അവര്‍ യാത്ര പുറപ്പെടാതെ പാളയത്തില്‍ത്തന്നെ വസിക്കും. എന്നാല്‍ മേഘം ഉയരുമ്പോള്‍ അവര്‍ യാത്ര പുറപ്പെടും.

23 സര്‍വേശ്വരന്‍റെ കല്പനയനുസരിച്ചുതന്നെയാണ് അവര്‍ പാളയമടിക്കുകയും യാത്ര പുറപ്പെടുകയും ചെയ്തത്; മോശയില്‍ക്കൂടി അവിടുന്നു നല്‌കിയ കല്പനകള്‍ അവര്‍ അനുസരിച്ചു.

10

1

സര്‍വേശ്വരന്‍ മോശയോടു കല്പിച്ചു:

2 “അടിച്ചു പരത്തിയ വെള്ളികൊണ്ടു രണ്ടു കാഹളങ്ങള്‍ നിര്‍മ്മിക്കുക. ഇസ്രായേല്‍ജനത്തെ വിളിച്ചുകൂട്ടാനും പാളയത്തില്‍നിന്നു പുറപ്പെടാനുമായി അവ ഉപയോഗിക്കണം.

3 രണ്ടു കാഹളങ്ങളും ഒരുമിച്ച് ഊതുമ്പോള്‍ ജനമെല്ലാം തിരുസാന്നിധ്യകൂടാരത്തിന്‍റെ വാതില്‌ക്കല്‍ നിന്‍റെ അടുക്കല്‍ ഒരുമിച്ചു കൂടണം.

4 ഒരു കാഹളം മാത്രം ഊതുമ്പോള്‍ ഇസ്രായേല്‍ഗോത്രത്തലവന്മാര്‍ നിന്‍റെ അടുക്കല്‍ വരട്ടെ.

5 യാത്ര പുറപ്പെടാനുള്ള സൂചനയായി കാഹളം മുഴക്കുമ്പോള്‍ കൂടാരത്തിന്‍റെ കിഴക്കുവശത്തു പാളയമടിച്ചിരിക്കുന്നവര്‍ ആദ്യം പുറപ്പെടണം.

6 രണ്ടാമത്തെ സൂചനയായി കാഹളം മുഴക്കുമ്പോള്‍ തെക്കുവശത്തു പാളയമടിച്ചിരിക്കുന്നവരാണു പുറപ്പെടേണ്ടത്. യാത്ര പുറപ്പെടേണ്ട സമയത്തെല്ലാം സൂചനാശബ്ദം മുഴക്കണം.

7 ഇസ്രായേലിലെ സമസ്ത ജനങ്ങളെയും വിളിച്ചുകൂട്ടാന്‍ യാത്ര പുറപ്പെടേണ്ടതിനുള്ള സൂചനാശബ്ദമല്ല മുഴക്കേണ്ടത്.

8 അഹരോന്‍റെ പുത്രന്മാരായ പുരോഹിതന്മാരാണു കാഹളം ഊതേണ്ടത്. “ഇതു നിങ്ങള്‍ ശാശ്വതമായി അനുഷ്ഠിക്കേണ്ടതാണ്.

9 നിങ്ങളുടെ ദേശത്തു നിങ്ങളെ പീഡിപ്പിക്കുന്ന ശത്രുക്കളുമായി യുദ്ധം ചെയ്യേണ്ടിവരുമ്പോള്‍ ഈ കാഹളങ്ങളിലൂടെ യുദ്ധസൂചകമായ ആപദ്ധ്വനി മുഴക്കുക; അപ്പോള്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങളെ ഓര്‍ക്കുകയും, ശത്രുക്കളില്‍നിന്നു നിങ്ങളെ രക്ഷിക്കുകയും ചെയ്യും.

10 നിങ്ങളുടെ സന്തോഷസമയങ്ങളിലും, ഉത്സവങ്ങളിലും, മാസാരംഭങ്ങളിലും, നിങ്ങള്‍ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അര്‍പ്പിക്കുന്ന സമയങ്ങളിലും കാഹളം ഊതണം. അപ്പോള്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങളെ ഓര്‍മിക്കും. ഞാന്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനാകുന്നു.”

11

ഈജിപ്തില്‍നിന്നു പുറപ്പെട്ടതിന്‍റെ രണ്ടാം വര്‍ഷം രണ്ടാം മാസം ഇരുപതാം ദിവസം തിരുസാന്നിധ്യകൂടാരത്തിന്‍റെ മുകളില്‍നിന്നു മേഘം ഉയര്‍ന്നു.

12 അപ്പോള്‍ ഇസ്രായേല്‍ജനം സീനായ്മരുഭൂമിയില്‍നിന്നു യാത്ര പുറപ്പെട്ടു. പാരാന്‍മരുഭൂമിയില്‍ എത്തിയപ്പോള്‍ മേഘം അവിടെ നിന്നു.

13 സര്‍വേശ്വരന്‍ മോശയോടു കല്പിച്ചിരുന്നതുപോലെ അവര്‍ ഇങ്ങനെ ആദ്യമായി യാത്ര പുറപ്പെട്ടു.

14 യെഹൂദാഗോത്രത്തിന്‍റെ കൊടിക്കീഴിലുള്ളവരാണ് ആദ്യം ഗണംഗണമായി പുറപ്പെട്ടത്; അവരുടെ നേതാവ് അമ്മീനാദാബിന്‍റെ പുത്രനായ നഹശോന്‍ ആയിരുന്നു.

15 ഇസ്സാഖാര്‍ഗോത്രക്കാരുടെ നേതാവു സൂവാരിന്‍റെ പുത്രനായ നെഥനയേല്‍.

16 സെബൂലൂന്‍ഗോത്രക്കാരെ നയിച്ചതു ഹേലോന്‍റെ പുത്രനായ എലീയാബ് ആയിരുന്നു.

17 തിരുസാന്നിധ്യകൂടാരം അഴിച്ചിറക്കിയപ്പോള്‍ ഗേര്‍ശോന്‍റെയും മെരാരിയുടെയും പുത്രന്മാര്‍ അതു ചുമന്നുകൊണ്ടു മുമ്പോട്ടു നീങ്ങി.

18 അവരുടെ പിറകെ രൂബേന്‍ഗോത്രക്കാര്‍ ഗണങ്ങളായി ശെദേയൂരിന്‍റെ പുത്രനായ എലീസൂരിന്‍റെ നേതൃത്വത്തില്‍ യാത്ര പുറപ്പെട്ടു.

19 ശിമെയോന്‍ഗോത്രക്കാരുടെ നേതാവ് സൂരിശദ്ദായിയുടെ പുത്രന്‍ ശെലൂമീയേല്‍ ആയിരുന്നു.

20 ഗാദ്ഗോത്രക്കാരെ ദെയൂവേലിന്‍റെ പുത്രനായ എലീയാസാഫ് നയിച്ചു.

21 പിന്നീട് വിശുദ്ധവസ്തുക്കള്‍ ചുമന്നുകൊണ്ടു കെഹാത്യര്‍ മുമ്പോട്ടു നീങ്ങി; അവര്‍ എത്തുന്നതിനു മുമ്പ് തിരുസാന്നിധ്യകൂടാരം സ്ഥാപിക്കപ്പെട്ടു.

22 അവരുടെ പിറകെ എഫ്രയീംഗോത്രക്കാര്‍ ഗണംഗണമായി അമ്മീഹൂദിന്‍റെ പുത്രനായ എലീശാമായുടെ നേതൃത്വത്തില്‍ യാത്ര പുറപ്പെട്ടു.

23 മനശ്ശെഗോത്രക്കാരുടെ നേതാവ് പെദാസൂരിന്‍റെ പുത്രന്‍ ഗമലീയേല്‍ ആയിരുന്നു.

24 ബെന്യാമീന്‍ഗോത്രക്കാരെ ഗിദെയോനിയുടെ പുത്രനായ അബീദാന്‍ നയിച്ചു.

25 ദാന്‍ഗോത്രക്കാരുടെ കൊടിക്കീഴിലുള്ളവരായിരുന്നു, ഗണംഗണമായി ഏറ്റവും ഒടുവില്‍ പിന്‍നിരയില്‍ പുറപ്പെട്ടത്. അവര്‍ അമ്മീശദ്ദായിയുടെ പുത്രനായ അഹീയേസെരുടെ നേതൃത്വത്തില്‍ മുമ്പോട്ടു നീങ്ങി.

26 ആശേര്‍ഗോത്രക്കാരുടെ നേതാവ് ഒക്രാന്‍റെ പുത്രനായ പഗീയേല്‍ ആയിരുന്നു.

27 നഫ്താലിഗോത്രക്കാരെ ഏനാന്‍റെ പുത്രനായ അഹീര നയിച്ചു.

28 ഇസ്രായേല്‍ജനം ഈ ക്രമമനുസരിച്ചായിരുന്നു അണികളായി യാത്ര പുറപ്പെട്ടത്.

29

മോശയുടെ ഭാര്യാപിതാവും മിദ്യാന്‍കാരനുമായ രെയൂവേലിന്‍റെ പുത്രന്‍ ഹോബാബിനോടു മോശ പറഞ്ഞു: “സര്‍വേശ്വരന്‍ ഞങ്ങള്‍ക്കു നല്‌കും എന്നു വാഗ്ദാനം ചെയ്ത ദേശത്തേക്കു ഞങ്ങള്‍ പുറപ്പെടുകയാണ്. അങ്ങു ഞങ്ങളോടൊത്തു വരിക. ഞങ്ങള്‍ക്കു ലഭിക്കുന്ന അനുഗ്രഹങ്ങള്‍ അങ്ങേക്കും പങ്കു വയ്‍ക്കാം. ഇസ്രായേലിനു നന്മ ചെയ്യുമെന്നു സര്‍വേശ്വരന്‍ വാഗ്ദാനം ചെയ്തിട്ടുണ്ടല്ലോ.”

30 ഹോബാബ് പ്രതിവചിച്ചു: “ഞാന്‍ വരുന്നില്ല, എന്‍റെ ദേശത്തേക്കും എന്‍റെ ചാര്‍ച്ചക്കാരുടെ അടുക്കലേക്കും ഞാന്‍ പോകുകയാണ്.”

31 മോശ പറഞ്ഞു: “ഞങ്ങളെ വിട്ടുപോകരുതേ! മരുഭൂമിയില്‍ പാളയമടിക്കേണ്ടത് എങ്ങനെയെന്ന് അങ്ങേക്കറിയാം. അങ്ങ് ഞങ്ങളുടെ വഴികാട്ടിയായിരിക്കുമല്ലോ.

32 ഞങ്ങളുടെകൂടെ വരികയാണെങ്കില്‍ സര്‍വേശ്വരന്‍ ഞങ്ങള്‍ക്കു നല്‌കുന്ന അനുഗ്രഹങ്ങള്‍ അങ്ങേക്കും പങ്കുവയ്‍ക്കാം.”

33

അവര്‍ സീനായ്മലയില്‍നിന്നു പുറപ്പെട്ട് മൂന്നു ദിവസം യാത്ര ചെയ്തു. പാളയമടിക്കുന്നതിനുള്ള സ്ഥലം അന്വേഷിച്ചുകൊണ്ട് ഉടമ്പടിപ്പെട്ടകം അവര്‍ക്കു മുമ്പായി നീങ്ങിക്കൊണ്ടിരുന്നു.

34 അവര്‍ പാളയം വിട്ടു യാത്ര ചെയ്തപ്പോഴെല്ലാം പകല്‍ സമയത്തു സര്‍വേശ്വരന്‍റെ മേഘം അവര്‍ക്കു മീതെ ഉണ്ടായിരുന്നു.

35

ഉടമ്പടിപ്പെട്ടകം പുറപ്പെടുമ്പോഴെല്ലാം മോശ ഇപ്രകാരം പ്രാര്‍ഥിച്ചിരുന്നു: “സര്‍വേശ്വരാ, എഴുന്നേല്‌ക്കണമേ; അവിടുത്തെ ശത്രുക്കള്‍ ചിതറിപ്പോകട്ടെ; അങ്ങയെ വെറുക്കുന്നവര്‍ അവിടുത്തെ മുമ്പില്‍നിന്ന് ഓടിപ്പോകട്ടെ.”

36 പെട്ടകം നില്‌ക്കുമ്പോള്‍ മോശ പ്രാര്‍ഥിക്കും: “സര്‍വേശ്വരാ, അനേകായിരമായ ഇസ്രായേലിലേക്ക് മടങ്ങിവരേണമേ.”

11

1

ജനം അവരുടെ ദുരിതങ്ങളെപ്പറ്റി പിറുപിറുക്കുന്നതു കേട്ടപ്പോള്‍ സര്‍വേശ്വരന്‍ കോപിച്ച് അവരുടെമേല്‍ അവിടുത്തെ അഗ്നി അയച്ചു; പാളയത്തിന്‍റെ വക്കിലുള്ള ചില ഭാഗങ്ങള്‍ അഗ്നി ദഹിപ്പിച്ചുകളഞ്ഞു. ജനം മോശയോടു നിലവിളിച്ചു.

2 മോശ സര്‍വേശ്വരനോടു പ്രാര്‍ഥിക്കുകയും അഗ്നി അണയുകയും ചെയ്തു.

3 സര്‍വേശ്വരന്‍റെ അഗ്നി അവരുടെ ഇടയില്‍ കത്തിജ്വലിച്ചതുകൊണ്ട് ആ സ്ഥലത്തിനു ‘തബേരാ’ എന്നു പേരായി.

4

ഇസ്രായേല്യരുടെ കൂടെ യാത്ര ചെയ്തിരുന്ന അന്യവംശജര്‍ മാംസഭക്ഷണത്തിനുവേണ്ടി കൊതിച്ചു. ഇസ്രായേല്യരും ആവലാതിപ്പെട്ടു: “ഞങ്ങള്‍ക്കു ഭക്ഷിക്കാന്‍ മാംസം ആരു തരും.

5 ഈജിപ്തില്‍വച്ചു സൗജന്യമായി ലഭിച്ചിരുന്ന മത്സ്യം, വെള്ളരിക്ക, തണ്ണിമത്തന്‍, സവാള, ചുവന്നുള്ളി, വെളുത്തുള്ളി എന്നിവ ഞങ്ങള്‍ ഓര്‍ക്കുന്നു.

6 ഞങ്ങളുടെ ശക്തി ക്ഷയിച്ചിരിക്കുന്നു. ഈ മന്നയല്ലാതെ യാതൊന്നും ഇവിടെ കാണ്മാനില്ല.”

7 കൊത്തമല്ലിപോലെയുള്ള മന്നയ്‍ക്കു ഗുല്ഗുലുവിന്‍റെ നിറമായിരുന്നു.

8 ജനം ചുറ്റിനടന്ന് അവ പെറുക്കിയെടുത്തു തിരികല്ലില്‍ പൊടിച്ചോ ഉരലില്‍ ഇടിച്ചോ മാവാക്കും. പിന്നീട് അതു വേവിച്ച് അപ്പം ഉണ്ടാക്കും; എണ്ണ ചേര്‍ത്തുണ്ടാക്കിയ അപ്പത്തിന്‍റെ രുചിയായിരുന്നു അതിന്.

9 രാത്രിയില്‍ മഞ്ഞു പൊഴിയുമ്പോള്‍ മന്നയും പൊഴിയും.

10 ജനം സകുടുംബം തങ്ങളുടെ കൂടാരവാതില്‌ക്കല്‍ നിന്നുകൊണ്ടു വിലപിക്കുന്നതു മോശ കേട്ടു; സര്‍വേശ്വരന്‍റെ കോപം ജ്വലിച്ചു; മോശ അസന്തുഷ്ടനായി.

11 മോശ സര്‍വേശ്വരനോട് ആവലാതിപ്പെട്ടു: “അവിടുത്തെ ദാസനോട് ഇങ്ങനെ ദോഷമായി വര്‍ത്തിക്കുന്നതെന്ത്? അവിടുത്തേക്ക് എന്നോടു കൃപ തോന്നാത്തതും എന്ത്? ഈ ജനത്തിന്‍റെ ഭാരം എന്തുകൊണ്ട് എന്‍റെമേല്‍ വച്ചു?

12 ഇവരെയെല്ലാം ഞാനാണോ ഗര്‍ഭം ധരിച്ചത്? അവരുടെ പിതാക്കന്മാര്‍ക്കു നല്‌കുമെന്നു വാഗ്ദത്തം ചെയ്ത ദേശത്തേക്കു വളര്‍ത്തമ്മ മുല കുടിക്കുന്ന കുഞ്ഞിനെ എടുത്തുകൊണ്ടു പോകുന്നതുപോലെ അവരെ കൊണ്ടുപോകണമെന്ന് അവിടുന്ന് ആവശ്യപ്പെടാന്‍ തക്കവിധം ഞാനാണോ അവരെ പ്രസവിച്ചത്?

13 ഈ ജനത്തിനെല്ലാം കൊടുക്കുന്നതിനു മാംസം എവിടെനിന്നു കിട്ടും? ഞങ്ങള്‍ക്കു ഭക്ഷിക്കുന്നതിനു മാംസം തരിക എന്നു പറഞ്ഞ് അവര്‍ എന്‍റെ മുമ്പില്‍ നിലവിളിക്കുന്നു.

14 ഈ ജനത്തെയെല്ലാം വഹിച്ചുകൊണ്ടു പോകുന്നതിന് എനിക്കു പ്രാപ്തിയില്ല;

15 ഈ ഭാരം എനിക്കു ദുര്‍വഹമാണ്. ഈ വിധത്തിലാണ് അവിടുന്ന് എന്നോടു വര്‍ത്തിക്കുന്നതെങ്കില്‍ കൃപയുണ്ടായി എന്നെ ഉടനെ കൊന്നുകളഞ്ഞാലും. ഈ ദുരിതം ഞാന്‍ കാണാതിരിക്കട്ടെ.”

16

സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “ഇസ്രായേല്‍ജനനേതാക്കന്മാരും മേല്‍വിചാരകരുമെന്ന് നിനക്ക് ബോധ്യമുള്ള എഴുപതു പേരെ വിളിച്ചുകൂട്ടി, തിരുസാന്നിധ്യകൂടാരത്തിലേക്കു കൊണ്ടുവരിക; അവര്‍ നിന്നോടൊപ്പം നില്‌ക്കട്ടെ.

17 ഞാന്‍ ഇറങ്ങിവന്നു നിന്നോടു സംസാരിക്കും; നിനക്കു തന്നിട്ടുള്ള ചൈതന്യത്തില്‍നിന്നു കുറെ തിരിച്ചെടുത്ത് അവര്‍ക്കു കൊടുക്കും. അവര്‍ നിന്നോടുകൂടി ജനത്തിന്‍റെ ഭാരം വഹിച്ചുകൊള്ളും; അതു മുഴുവന്‍ നീ തനിയെ വഹിക്കേണ്ടതില്ല.

18 ജനത്തോടു പറയുക, ‘ഈജിപ്തില്‍ ഞങ്ങള്‍ക്കു സുഭിക്ഷമായിരുന്നു; ആരു ഞങ്ങള്‍ക്ക് ഇവിടെ മാംസം തരും’ എന്നു പറഞ്ഞു നിങ്ങള്‍ സര്‍വേശ്വരന്‍റെ മുമ്പില്‍ വിലപിച്ചുവല്ലോ. നാളത്തേക്കു നിങ്ങളെത്തന്നെ ശുദ്ധീകരിക്കുക; അവിടുന്നു നിങ്ങള്‍ക്കു മാംസം തരും. നിങ്ങള്‍ അത് ഭക്ഷിക്കും.

19 ഒന്നോ രണ്ടോ അഞ്ചോ പത്തോ ഇരുപതോ ദിവസത്തേക്കല്ല നിങ്ങള്‍ ഭക്ഷിക്കാന്‍ പോകുന്നത്;

20 നിങ്ങളുടെ മൂക്കില്‍ക്കൂടി അതു പുറത്തുവന്ന് നിങ്ങള്‍ക്ക് മനംമടുക്കുന്നതുവരെ ഒരു മാസം മുഴുവന്‍ നിങ്ങള്‍ അതു ഭക്ഷിക്കും; കാരണം നിങ്ങളുടെ മധ്യേ വസിക്കുന്ന സര്‍വേശ്വരനെ നിങ്ങള്‍ ഉപേക്ഷിച്ച് ഈജിപ്തില്‍നിന്ന് എന്തിന് ഞങ്ങളെ പുറപ്പെടുവിച്ചു എന്നു പറഞ്ഞ് അവിടുത്തെ മുമ്പില്‍ വിലപിച്ചുവല്ലോ.”

21 മോശ സര്‍വേശ്വരനോട് ഉണര്‍ത്തിച്ചു: “എന്നോടൊത്ത് ആറു ലക്ഷം യോദ്ധാക്കള്‍ തന്നെയുണ്ട്. ഒരു മാസം മുഴുവന്‍ ഭക്ഷിക്കുന്നതിനുള്ള മാംസം നല്‌കുമെന്ന് അങ്ങു പറയുന്നു.

22 അവര്‍ക്കു തൃപ്തിയാകുവോളം മാംസം ലഭിക്കാന്‍ വേണ്ടത്ര ആടുമാടുകളെ അവിടുന്നു കൊല്ലുമോ? അവര്‍ക്കു തൃപ്തിയാകുവോളം നല്‌കുന്നതിനുവേണ്ടി സമുദ്രത്തില്‍നിന്നു മത്സ്യങ്ങളെയെല്ലാം പിടിച്ചു കൂട്ടുമോ?”

23 സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “സര്‍വേശ്വരന്‍റെ കരങ്ങളുടെ ശക്തി കുറഞ്ഞു പോയോ? ഞാന്‍ കല്പിച്ചതു നിറവേറുമോ ഇല്ലയോ എന്ന് ഉടനെ നിനക്കു കാണാം.”

24 മോശ പുറത്തു വന്നു സര്‍വേശ്വരന്‍റെ വാക്കുകള്‍ ജനത്തോടു പറഞ്ഞു. നേതാക്കളായ എഴുപതു പേരെ വിളിച്ചുകൂട്ടി കൂടാരത്തിനു ചുറ്റും നിര്‍ത്തി.

25 അപ്പോള്‍ സര്‍വേശ്വരന്‍ മേഘത്തില്‍ ഇറങ്ങി വന്നു മോശയോടു സംസാരിച്ചു. അദ്ദേഹത്തിനു പകര്‍ന്നിരുന്ന ചൈതന്യത്തില്‍ കുറെയെടുത്തു ജനനേതാക്കളുടെമേല്‍ പകരുകയും ചെയ്തു. ചൈതന്യം അവരുടെമേല്‍ വന്നപ്പോള്‍ അവര്‍ പ്രവചിച്ചു തുടങ്ങി. എന്നാല്‍ പിന്നീടവര്‍ പ്രവചിച്ചില്ല.

26 നേതാക്കന്മാരില്‍ രണ്ടുപേരായ എല്‍ദാദും മേദാദും പാളയത്തില്‍ത്തന്നെ പാര്‍ത്തിരുന്നു; ചൈതന്യം അവരുടെമേലും ആവസിച്ചു; അവരുടെ പേരു പട്ടികയില്‍ ചേര്‍ത്തിരുന്നെങ്കിലും അവര്‍ കൂടാരത്തിന്‍റെ സമീപത്തേക്കു പോയില്ല. അവര്‍ പാളയത്തില്‍വച്ചുതന്നെ പ്രവചിച്ചു.

27 എല്‍ദാദും മേദാദും പാളയത്തില്‍ പ്രവചിച്ചുകൊണ്ടിരിക്കുന്നതായി ഒരു യുവാവ് ഓടിച്ചെന്നു മോശയോടു പറഞ്ഞു.

28 ഇതു കേട്ട് നൂനിന്‍റെ പുത്രനും ബാല്യംമുതല്‍ക്കേ മോശയുടെ ശുശ്രൂഷകനുമായിരുന്ന യോശുവ പറഞ്ഞു: “എന്‍റെ യജമാനനേ, അവരെ വിലക്കുക.”

29 മോശ പ്രതിവചിച്ചു: “എന്‍റെ കാര്യത്തില്‍ നീ അസൂയപ്പെടുന്നോ? സര്‍വേശ്വരന്‍റെ ചൈതന്യം എല്ലാവരുടെയുംമേല്‍ വരികയും അവരെല്ലാം സര്‍വേശ്വരന്‍റെ പ്രവാചകരാകുകയും ചെയ്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.”

30 മോശയും ഇസ്രായേലിലെ നേതാക്കന്മാരും പാളയത്തിലേക്കു തിരിച്ചുപോയി.

31

സര്‍വേശ്വരന്‍ ഒരു കാറ്റടിപ്പിച്ചു കടലില്‍നിന്നു കാടപ്പക്ഷികളെ കൊണ്ടുവന്നു; പാളയത്തിനു നാലു ചുറ്റും, ഒരു ദിവസത്തെ വഴി ദൂരത്തില്‍, ഏകദേശം രണ്ടു മുഴം ഉയരത്തില്‍ അവ പറന്നുനിന്നു.

32 അന്നു പകലും രാത്രിയും പിറ്റന്നാള്‍ മുഴുവനും അവര്‍ കാടപ്പക്ഷികളെ പിടിച്ചുകൂട്ടി. അവരില്‍ ആരുടെയും ശേഖരം പത്തു പറയില്‍ കുറവായിരുന്നില്ല. അവര്‍ അവയെ ഉണങ്ങാന്‍വേണ്ടി പാളയത്തിനു ചുറ്റും നിരത്തി.

33 എന്നാല്‍ അവര്‍ മാംസം ഭക്ഷിച്ചുകൊണ്ടിരുന്നപ്പോള്‍ തന്നെ സര്‍വേശ്വരന്‍റെ കോപം ജനത്തിനു നേരേ ജ്വലിച്ചു; അവരുടെമേല്‍ അവിടുന്നു ഭയങ്കരമായ ഒരു ബാധ വരുത്തി അവരെ സംഹരിച്ചു.

34 ദുരാഗ്രഹികളുടെ ഒരു കൂട്ടത്തെ അവിടെ സംസ്കരിച്ചതുകൊണ്ട് ആ സ്ഥലത്തിനു കിബ്രോത്ത് - ഹത്താവ എന്നു പേരിട്ടു.

35

ജനം കിബ്രോത്ത് - ഹത്താവയില്‍നിന്നു പുറപ്പെട്ടു ഹസേരോത്തില്‍ ചെന്ന് അവിടെ പാര്‍ത്തു.

12

1

മോശ ഒരു എത്യോപ്യക്കാരിയെ വിവാഹം ചെയ്തതുകൊണ്ട് അഹരോനും മിര്യാമും അദ്ദേഹത്തിനെതിരായി സംസാരിച്ചു.

2 സര്‍വേശ്വരന്‍ മോശയില്‍കൂടി മാത്രമാണോ സംസാരിച്ചിട്ടുള്ളത്? നമ്മില്‍കൂടിയും സംസാരിച്ചിട്ടില്ലേ? അവര്‍ ഇങ്ങനെ പറയുന്നതു സര്‍വേശ്വരന്‍ കേട്ടു.

3 ഭൂമുഖത്തുള്ള സര്‍വമനുഷ്യരിലുംവച്ച് മോശ ഏറ്റവും സൗമ്യനായിരുന്നു.

4 “നിങ്ങള്‍ മൂവരും തിരുസാന്നിധ്യകൂടാരത്തില്‍ വരിക” എന്നു സര്‍വേശ്വരന്‍ ഉടനെതന്നെ മോശയോടും അഹരോനോടും മിര്യാമിനോടും കല്പിച്ചു. അവര്‍ അവിടെ ചെന്നു.

5 അവിടുന്ന് ഒരു മേഘസ്തംഭത്തില്‍ കൂടി ഇറങ്ങിവന്നു തിരുസാന്നിധ്യകൂടാരത്തിന്‍റെ വാതില്‌ക്കല്‍നിന്ന് അഹരോനെയും മിര്യാമിനെയും വിളിച്ചു; അവര്‍ മുമ്പോട്ടു ചെന്നു.

6 സര്‍വേശ്വരന്‍ അവരോട് അരുളിച്ചെയ്തു: “എന്‍റെ വാക്കു കേള്‍ക്കുക; നിങ്ങളുടെ ഇടയില്‍ ഒരു പ്രവാചകന്‍ ഉണ്ടെങ്കില്‍ ദര്‍ശനത്തില്‍ ഞാന്‍ എന്നെ അവനു വെളിപ്പെടുത്തുകയും സ്വപ്നത്തില്‍ ഞാന്‍ അവനോടു സംസാരിക്കുകയും ചെയ്യും.

7 എന്നാല്‍ എന്‍റെ ദാസനായ മോശയുടെ കാര്യത്തില്‍ അങ്ങനെയല്ല; എന്‍റെ ജനത്തിന്‍റെ മുഴുവന്‍ ചുമതലയും ഞാന്‍ അവനെ ഏല്പിച്ചിരിക്കുന്നു.

8 അവ്യക്തമായല്ല, സ്പഷ്ടമായും അഭിമുഖമായും ഞാന്‍ അവനോടു സംസാരിക്കുന്നു. സര്‍വേശ്വരന്‍റെ രൂപം അവന്‍ കണ്ടിരിക്കുന്നു; എന്നിട്ടും എന്‍റെ ദാസനായ മോശയ്‍ക്കെതിരായി സംസാരിക്കാന്‍ നിങ്ങള്‍ ധൈര്യപ്പെട്ടതെന്ത്?”

9 സര്‍വേശ്വരന്‍റെ കോപം അവരുടെ നേരേ ജ്വലിച്ചു; അവിടുന്ന് അവരെ വിട്ടുപോയി.

10 മേഘം കൂടാരത്തില്‍നിന്നു നീങ്ങിയപ്പോള്‍ മിര്യാമിന്‍റെ ശരീരം കുഷ്ഠം ബാധിച്ചു മഞ്ഞുപോലെ വെളുത്തു. അവളെ കുഷ്ഠരോഗിയായി അഹരോന്‍ കണ്ടു.

11 അയാള്‍ മോശയോടു പറഞ്ഞു: “പ്രഭോ, ഞങ്ങള്‍ ബുദ്ധിശൂന്യരായി പ്രവര്‍ത്തിച്ചു. ആ പാപം ഞങ്ങളുടെമേല്‍ ചുമത്തരുതേ.

12 അമ്മയുടെ ഉദരത്തില്‍വച്ച് ചത്തു പകുതി അഴുകി പുറത്തുവന്ന ചാപിള്ളപോലെ ഇവള്‍ ആകരുതേ.”

13 അപ്പോള്‍ മോശ: “സര്‍വേശ്വരാ, അവള്‍ക്കു സൗഖ്യം നല്‌കണമേ” എന്നു കേണപേക്ഷിച്ചു.

14 സര്‍വേശ്വരന്‍ മോശയോടു പറഞ്ഞു: “തന്‍റെ പിതാവു മുഖത്തു തുപ്പിയാല്‍ അവള്‍ ഏഴു ദിവസത്തേക്ക് അപമാനം സഹിക്കുകയില്ലേ? ഏഴു ദിവസത്തേക്ക് അവളെ പാളയത്തിനു പുറത്തു മാറ്റി പാര്‍പ്പിക്കുക; അതിനുശേഷം അകത്തു കൊണ്ടുവരാം.”

15 അങ്ങനെ മിര്യാമിനെ ഏഴു ദിവസത്തേക്കു പാളയത്തിനു പുറത്താക്കി. അവളെ അകത്തു കൊണ്ടുവരുന്നതുവരെ ജനം യാത്ര ചെയ്തില്ല.

16 അതിനു ശേഷം അവര്‍ ഹസേരോത്തില്‍നിന്നു പുറപ്പെട്ടു പാരാന്‍ മരുഭൂമിയിലെത്തി പാളയമടിച്ചു.

13

1

സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു:

2 “ഞാന്‍ ഇസ്രായേല്‍ജനത്തിനു നല്‌കാന്‍ പോകുന്ന കനാന്‍ദേശം ഒറ്റുനോക്കാന്‍ ഓരോ ഗോത്രത്തില്‍നിന്ന് ഓരോ നേതാവിനെ അയയ്‍ക്കുക.

3 അവിടുന്നു കല്പിച്ചതുപോലെ പാരാന്‍മരുഭൂമിയില്‍നിന്ന് അവരെ മോശ അയച്ചു. അവരെല്ലാവരും ഇസ്രായേല്‍ജനത്തിന്‍റെ തലവന്മാരായിരുന്നു.

4 അവരുടെ പേരുകള്‍: രൂബേന്‍ഗോത്രത്തില്‍നിന്നു സക്കൂറിന്‍റെ പുത്രന്‍ ശമ്മൂവ,

5 ശിമെയോന്‍ഗോത്രത്തില്‍നിന്നു ഹോരിയുടെ പുത്രന്‍ ശാഫാത്ത്,

6 യെഹൂദാഗോത്രത്തില്‍നിന്നു യെഫുന്നെയുടെ പുത്രന്‍ കാലേബ്,

7 ഇസ്സാഖാര്‍ഗോത്രത്തില്‍നിന്നു യോസേഫിന്‍റെ പുത്രന്‍ ഈഗാല്‍,

8 എഫ്രയീംഗോത്രത്തില്‍നിന്നു നൂനിന്‍റെ പുത്രന്‍ ഹോശേയ,

9 ബെന്യാമീന്‍ഗോത്രത്തില്‍നിന്നു രാഫൂവിന്‍റെ പുത്രന്‍ പല്‍ത്തി,

10 സെബൂലൂന്‍ഗോത്രത്തില്‍നിന്നു സോദിയുടെ പുത്രന്‍ ഗദ്ദീയേല്‍,

11 യോസേഫിന്‍റെ പുത്രനായ മനശ്ശെയുടെ ഗോത്രത്തില്‍നിന്നു സൂസിയുടെ പുത്രന്‍ ഗദ്ദി,

12 ദാന്‍ഗോത്രത്തില്‍നിന്നു ഗെമല്ലിയുടെ പുത്രന്‍ അമ്മീയേല്‍,

13 ആശേര്‍ഗോത്രത്തില്‍നിന്നു മീഖായേലിന്‍റെ പുത്രന്‍ സെഥൂര്‍,

14 നഫ്താലിഗോത്രത്തില്‍നിന്നു വൊപ്സിയുടെ പുത്രന്‍ നഹ്ബി,

15 ഗാദ്ഗോത്രത്തില്‍നിന്നു മാഖിയുടെ പുത്രന്‍ ഗയൂവേല്‍.

16 ഇവരെയാണ് ദേശം ഒറ്റുനോക്കുന്നതിനു മോശ തിരഞ്ഞെടുത്തയച്ചത്. നൂനിന്‍റെ മകനായ ഹോശേയയ്‍ക്ക് യോശുവ എന്നു മോശ പേരിട്ടു.

17 ദേശം പരിശോധിക്കാന്‍ അയയ്‍ക്കുമ്പോള്‍ മോശ അവരോടു പറഞ്ഞു: “നിങ്ങള്‍ നെഗബില്‍ ചെന്നിട്ടു മലനാട്ടിലേക്കു പോകുക.

18 ദേശം എങ്ങനെയുള്ളത്, അവിടെ പാര്‍ക്കുന്ന ജനം ശക്തരോ അശക്തരോ അവര്‍ സംഖ്യയില്‍ കൂടുതലോ കുറവോ,

19 അവര്‍ പാര്‍ക്കുന്ന സ്ഥലം നല്ലതോ ചീത്തയോ, അവരുടെ പട്ടണങ്ങള്‍ കോട്ടകളാല്‍ സുരക്ഷിതമോ അതോ വെറും കൂടാരങ്ങള്‍ മാത്രമോ,

20 ഭൂമി ഫലഭൂയിഷ്ഠമോ അല്ലാത്തതോ, വൃക്ഷങ്ങള്‍ ഉള്ളതോ ഇല്ലാത്തതോ എന്നു പരിശോധിക്കണം. നിങ്ങള്‍ ധൈര്യമായിരിക്കുക. അവിടെനിന്നു കുറെ ഫലങ്ങളും കൊണ്ടുവരണം.” മുന്തിരിയുടെ ആദ്യവിളവെടുപ്പു സമയമായിരുന്നു അത്.

21 അവര്‍ പുറപ്പെട്ടു, സീന്‍മരുഭൂമിമുതല്‍ ഹാമാത്തിന്‍റെ കവാടത്തിനടുത്തുള്ള രഹോബ്‍വരെ ഒറ്റുനോക്കി.

22 നെഗെബ് കടന്ന് അവര്‍ ഹെബ്രോനില്‍ എത്തി. അവിടെയായിരുന്നു അനാക്കിന്‍റെ പിന്‍തലമുറക്കാരായ അഹീമാന്‍, ശേശായി, തല്‍മായി എന്നിവര്‍ പാര്‍ത്തിരുന്നത്. ഈജിപ്തിലെ സോവാന്‍പട്ടണം നിര്‍മ്മിക്കുന്നതിനു മുമ്പായിരുന്നു ഹെബ്രോന്‍റെ നിര്‍മ്മാണം.

23 അവര്‍ എസ്കോല്‍താഴ്വരയില്‍ ചെന്ന് ഒരു മുന്തിരിക്കൊമ്പ് കുലയോടുകൂടി മുറിച്ചെടുത്തു തണ്ടിന്മേല്‍ കെട്ടി രണ്ടു പേര്‍കൂടി ചുമന്നു കൊണ്ടുവന്നു. കുറെ മാതളപ്പഴവും അത്തിപ്പഴവുംകൂടി അവര്‍ കൊണ്ടുപോന്നു.

24 ഇസ്രായേല്യര്‍ അവിടെനിന്നു മുന്തിരിക്കുല മുറിച്ചെടുത്തതിനാല്‍ ആ സ്ഥലത്തിനു എസ്ക്കോല്‍ താഴ്വര എന്നു പേരായി.

25 നാല്പതു ദിവസത്തെ രഹസ്യനിരീക്ഷണത്തിനു ശേഷം അവര്‍ മടങ്ങിവന്നു.

26 അവര്‍ പാരാന്‍മരുഭൂമിയിലുള്ള കാദേശില്‍വച്ച് മോശയെയും അഹരോനെയും ഇസ്രായേല്‍സമൂഹത്തെ മുഴുവനും വിവരം അറിയിച്ചു. അവര്‍ കൊണ്ടുവന്ന പഴങ്ങളും അവരെ കാണിച്ചു.

27 അവര്‍ മോശയോടു പറഞ്ഞു: “അങ്ങ് ഞങ്ങളെ അയച്ച ദേശത്തു ഞങ്ങള്‍ പോയി, അതു പാലും തേനും ഒഴുകുന്ന ദേശമാണ്; ഇതാ ഞങ്ങള്‍ അവിടെനിന്നു കൊണ്ടുവന്ന പഴങ്ങള്‍.

28 എന്നാല്‍ ആ ദേശവാസികള്‍ കരുത്തുറ്റവരും അവരുടെ പട്ടണങ്ങള്‍ കോട്ട കെട്ടി ഉറപ്പിച്ചിരിക്കുന്നവയുമാണ്. അനാക്കിന്‍റെ വംശജരെയും ഞങ്ങള്‍ അവിടെ കണ്ടു.

29 നെഗെബ്‍ദേശത്തു പാര്‍ക്കുന്നത് അമാലേക്യരാണ്. ഹിത്യരും യെബൂസ്യരും അമോര്യരും മലമ്പ്രദേശങ്ങളിലും, കനാന്യര്‍ കടല്‍ക്കരയിലും യോര്‍ദ്ദാന്‍പ്രദേശത്തും വസിക്കുന്നു.”

30 അപ്പോള്‍ മോശയുടെ മുമ്പാകെ കൂടിയിരുന്ന ജനത്തെ ശാന്തരാക്കിയിട്ടു കാലേബ് പറഞ്ഞു: “നമുക്കു ഇപ്പോള്‍ത്തന്നെ പോയി ആ ദേശം കൈവശപ്പെടുത്താം; അതിനുള്ള ശക്തി നമുക്കുണ്ട്.

31 എന്നാല്‍ കാലേബിനോടൊപ്പം പോയിരുന്നവര്‍ പറഞ്ഞു: “അവിടെയുള്ള ജനത്തെ നേരിടാന്‍ നമുക്കു കഴികയില്ല; അവര്‍ നമ്മെക്കാള്‍ ശക്തരാണ്.”

32 “അങ്ങനെ തങ്ങള്‍ ഒറ്റുനോക്കാന്‍ പോയ സ്ഥലത്തെപ്പറ്റി തെറ്റായ ധാരണ ഇസ്രായേല്‍ജനത്തിന്‍റെ ഇടയില്‍ അവര്‍ പ്രചരിപ്പിച്ചു. അവര്‍ പറഞ്ഞു: “ഞങ്ങള്‍ ചുറ്റി സഞ്ചരിച്ചു രഹസ്യനിരീക്ഷണം നടത്തിയ സ്ഥലം അവിടെ പാര്‍ക്കാന്‍ ചെല്ലുന്നവരെ വിഴുങ്ങിക്കളയുന്ന സ്ഥലമാണ്. അതികായന്മാരെ മാത്രമാണ് ഞങ്ങള്‍ അവിടെ കണ്ടത്.

33 അനാക്കിന്‍റെ വംശജരായ മല്ലന്മാരെയും അവിടെ കണ്ടു. അവരുടെ മുമ്പില്‍ ഞങ്ങള്‍ വെറും വിട്ടിലുകളാണെന്നു ഞങ്ങള്‍ക്കു തോന്നി. അവര്‍ക്കും ഞങ്ങളെപ്പറ്റി അങ്ങനെതന്നെ തോന്നിയിരിക്കണം.”

14

1

ഇസ്രായേല്‍ജനം രാത്രി മുഴുവന്‍ ഉറക്കെ നിലവിളിച്ചുകൊണ്ടിരുന്നു.

2 അവര്‍ മോശയ്‍ക്കും അഹരോനും എതിരായി പിറുപിറുത്തു. ഈജിപ്തിലോ ഈ മരുഭൂമിയിലോ വച്ചു ഞങ്ങള്‍ മരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.

3 വാളിനിരയാകാനായി ഞങ്ങളെ ആ ദേശത്തേക്കു കൊണ്ടുപോകുന്നത് എന്തിന്? ഞങ്ങളുടെ ഭാര്യമാരും കുഞ്ഞുങ്ങളും അവര്‍ക്ക് ഇരയായിത്തീരുമല്ലോ. ഈജിപ്തിലേക്കു മടങ്ങിപ്പോകുന്നതല്ലേ നല്ലത്?”

4 അവര്‍ അന്യോന്യം പറഞ്ഞു: “നമുക്ക് മറ്റൊരു നേതാവിനെ തിരഞ്ഞെടുത്ത് ഈജിപ്തിലേക്കു മടങ്ങിപ്പോകാം.”

5 അപ്പോള്‍ മോശയും അഹരോനും അവിടെ കൂടിയിരുന്ന സകല ഇസ്രായേല്‍ജനത്തിന്‍റെയും മുമ്പില്‍ സാഷ്ടാംഗം വീണു.

6 ദേശം ഒറ്റുനോക്കാന്‍ പോയവരില്‍ നൂനിന്‍റെ മകന്‍ യോശുവയും യെഫുന്നെയുടെ മകന്‍ കാലേബും അവരുടെ വസ്ത്രം കീറി,

7 സര്‍വ ഇസ്രായേല്‍ജനത്തോടുമായി അവര്‍ പറഞ്ഞു: “ഞങ്ങള്‍ രഹസ്യമായി നിരീക്ഷിച്ച ദേശം വളരെ വിശിഷ്ടമാണ്.

8 സര്‍വേശ്വരന്‍ നമ്മില്‍ പ്രസാദിച്ചാല്‍ അവിടുന്നു നമ്മെ പാലും തേനും ഒഴുകുന്ന ആ ദേശത്തേക്കു നയിക്കുകയും അതു നമുക്കു നല്‌കുകയും ചെയ്യും. നിങ്ങള്‍ അവിടുത്തോടു മത്സരിക്കരുത്.

9 ആ ദേശനിവാസികളെ ഭയപ്പെടേണ്ടാ. അവര്‍ നമുക്ക് ഇരയാകും. അവര്‍ക്ക് ഇനി രക്ഷയില്ല; സര്‍വേശ്വരന്‍ നമ്മുടെ കൂടെയുള്ളതുകൊണ്ടു നാം അവരെ ഭയപ്പെടേണ്ടതില്ല.”

10 എന്നാല്‍ ജനം യോശുവയെയും കാലേബിനെയും കല്ലെറിഞ്ഞു കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. പെട്ടെന്നു തിരുസാന്നിധ്യകൂടാരത്തിന്‍റെ മുകളില്‍ സര്‍വേശ്വരന്‍റെ തേജസ്സ് സകല ജനത്തിനും കാണത്തക്കവിധം വെളിപ്പെട്ടു.

11

സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “എത്രകാലം ഈ ജനം എന്നെ നിന്ദിക്കും? അവരുടെ മധ്യേ ഞാന്‍ പ്രവര്‍ത്തിച്ച അടയാളങ്ങള്‍ കണ്ടിട്ടും അവര്‍ എത്രകാലം എന്നെ അവിശ്വസിക്കും?

12 ഞാന്‍ ഒരു മഹാമാരി അയച്ച് അവരെ നശിപ്പിക്കും; എന്നാല്‍ ഞാന്‍ നിന്നെ അവരെക്കാള്‍ വലുതും ശക്തവുമായ ഒരു ജനതയുടെ പിതാവാക്കും.”

13 എന്നാല്‍ മോശ സര്‍വേശ്വരനോട് ഇങ്ങനെ പറഞ്ഞു: “ഈജിപ്തുകാര്‍ ഇതേക്കുറിച്ചു കേള്‍ക്കും; അവിടുത്തെ ശക്തികൊണ്ടാണല്ലോ ഈ ജനത്തെ അവരുടെ നടുവില്‍നിന്നു കൂട്ടിക്കൊണ്ടു വന്നത്?

14 ഈ ദേശത്തു വസിക്കുന്നവരോടും അവര്‍ ഇതു പറയും; സര്‍വേശ്വരാ, അവിടുന്ന് ഈ ജനത്തിന്‍റെകൂടെ ഉണ്ടെന്നുള്ളത് ഈ ദേശനിവാസികള്‍ കേട്ടിട്ടുണ്ട്. ഈ ജനം അങ്ങയെയല്ലേ ദര്‍ശിക്കുന്നത്? അവിടുത്തെ മേഘം അവരുടെ മുകളില്‍ നില്‌ക്കുന്നതും അവിടുന്നു പകല്‍ മേഘസ്തംഭത്തിലൂടെയും രാത്രിയില്‍ അഗ്നിസ്തംഭത്തിലൂടെയും വഴി നടത്തുന്നതും അവര്‍ കണ്ടിട്ടുണ്ട്.

15 അവിടുന്ന് ഈ ജനത്തെയെല്ലാം കേവലം ഒറ്റ മനുഷ്യനെയെന്നപോലെ കൊന്നുകളഞ്ഞാല്‍ അവിടുത്തെ കീര്‍ത്തി കേട്ടിട്ടുള്ള ജനതകള്‍,

16 ഇസ്രായേല്‍ജനത്തിന് അവിടുന്നു കൊടുക്കുമെന്നു പ്രതിജ്ഞ ചെയ്തിട്ടുള്ള ദേശത്തേക്കു കൊണ്ടുപോകാന്‍ സര്‍വേശ്വരനു കഴിവില്ലാത്തതുകൊണ്ടാണു മരുഭൂമിയില്‍വച്ച് അവരെ കൊന്നുകളഞ്ഞത് എന്നു പറയും.

17 [17,18] സര്‍വേശ്വരാ, അവിടുന്നു ക്ഷമാശീലനും അചഞ്ചലസ്നേഹമുള്ളവനും സകല അപരാധവും അതിക്രമവും പൊറുക്കുന്നവനുമാണല്ലോ. എന്നാല്‍ കുറ്റവാളികളെ വെറുതെ വിടാതെ പിതാക്കന്മാരുടെ അകൃത്യങ്ങള്‍ക്കു മൂന്നും നാലും തലമുറവരെ ശിക്ഷിക്കുന്നവനുമാണെന്ന് അങ്ങ് അരുളിച്ചെയ്തിട്ടുണ്ടല്ലോ. അതിന്‍പ്രകാരം ഇപ്പോള്‍ അങ്ങയുടെ ശക്തി വെളിപ്പെടുത്തണമേ.

18

19 അവിടുത്തെ അചഞ്ചലസ്നേഹത്തിനൊത്തവിധം, ഈജിപ്തില്‍നിന്നു പുറപ്പെട്ടതുമുതല്‍ ഇവിടംവരെ ഈ ജനത്തോടു ക്ഷമിച്ചതുപോലെ ഇപ്പോഴും ഇവരുടെ അപരാധം ക്ഷമിക്കണമേ.”

20 അപ്പോള്‍ സര്‍വേശ്വരന്‍ അരുളിച്ചെയ്തു: നിന്‍റെ പ്രാര്‍ഥനപോലെ ഞാന്‍ അവരോടു ക്ഷമിച്ചിരിക്കുന്നു.

21 എന്നാല്‍ എന്നെയും ഭൂമി മുഴുവന്‍ നിറഞ്ഞിരിക്കുന്ന എന്‍റെ തേജസ്സിനെയും സാക്ഷിയാക്കി ഞാന്‍ പറയുന്നു,

22 എന്‍റെ മഹത്ത്വവും ഈജിപ്തിലും മരുഭൂമിയിലും ഞാന്‍ ചെയ്ത അദ്ഭുതപ്രവൃത്തികളും നേരില്‍ കണ്ടിട്ടും ഇപ്പോള്‍ത്തന്നെ നിരവധി പ്രാവശ്യം അവര്‍ എന്നെ പരീക്ഷിക്കുകയും നിന്ദിക്കുകയും അനുസരണക്കേട് കാണിക്കുകയും ചെയ്യുകയാല്‍

23 ഞാന്‍ അവരുടെ പിതാക്കന്മാര്‍ക്കു വാഗ്ദാനം ചെയ്ത ഭൂമി കാണുകയോ അവകാശമാക്കുകയോ ചെയ്യുകയില്ല.

24 എന്നാല്‍ എന്‍റെ ദാസനായ കാലേബിനു വ്യത്യസ്ത മനോഭാവമുള്ളതുകൊണ്ടും അവന്‍ എന്നെ പൂര്‍ണമായി അനുസരിച്ചതുകൊണ്ടും അവന്‍ നിരീക്ഷിക്കാന്‍ പോയ സ്ഥലത്തു ഞാന്‍ അവനെ കൊണ്ടുപോകും; അവന്‍റെ ഭാവിതലമുറക്കാര്‍ അതു കൈവശമാക്കുകയും ചെയ്യും.

25 അമാലേക്യരും കനാന്യരും താഴ്വരയില്‍ പാര്‍ക്കുന്നതുകൊണ്ടു നിങ്ങള്‍ ചെങ്കടലിലേക്കുള്ള വഴിയേ തിരിഞ്ഞ് നാളെ മരുഭൂമിയിലേക്കു പുറപ്പെടുക.”

26

സര്‍വേശ്വരന്‍ മോശയോടും അഹരോനോടും അരുളിച്ചെയ്തു:

27 “ഈ ദുഷ്ടജനം എത്രകാലം എനിക്കെതിരായി പിറുപിറുത്തുകൊണ്ടിരിക്കും.

28 എനിക്കെതിരായി ഇസ്രായേല്‍ജനം പിറുപിറുക്കുന്നതു ഞാന്‍ കേട്ടിരിക്കുന്നു. അവരോടു പറയുക: ഞാന്‍ കേള്‍ക്കെ നിങ്ങള്‍ പറഞ്ഞതുതന്നെ ഞാന്‍ നിങ്ങളോടു നിശ്ചയമായും ചെയ്യും.

29 [29,30] നിങ്ങളുടെ ശവങ്ങള്‍ ഈ മരുഭൂമിയില്‍ വീഴും; എന്നോടു പിറുപിറുത്ത ഇരുപതും അതിനു മേലും പ്രായമുള്ള ഒരാള്‍പോലും ഞാന്‍ വാഗ്ദാനം ചെയ്ത സ്ഥലത്ത് എത്തുകയില്ല. യെഫുന്നെയുടെ പുത്രനായ കാലേബും, നൂനിന്‍റെ പുത്രനായ യോശുവയും മാത്രം അവിടെ പ്രവേശിക്കും.

30

31 എന്നാല്‍ ശത്രുക്കള്‍ക്ക് ഇരയാകും എന്നു നിങ്ങള്‍ പറഞ്ഞ നിങ്ങളുടെ കുഞ്ഞുങ്ങളെ ഞാന്‍ അവിടേക്കു കൊണ്ടുപോകും. നിങ്ങള്‍ നിന്ദയോടെ തിരസ്കരിച്ച ദേശം അവര്‍ അനുഭവിക്കും.

32 നിങ്ങള്‍ ഈ മരുഭൂമിയില്‍ മരിച്ചുവീഴും.

33 അവസാനത്തെ ആള്‍പോലും മരിക്കുന്നതുവരെ അവിശ്വസ്തതയുടെ പ്രായശ്ചിത്തമായി നിങ്ങളുടെ മക്കള്‍ നാല്പതു വര്‍ഷക്കാലം ഈ മരുഭൂമിയില്‍ അലഞ്ഞുനടക്കും.

34 ഒറ്റുനോക്കാന്‍ പോയ ഒരു ദിവസത്തിന് ഒരു വര്‍ഷം എന്ന കണക്കിനു നാല്പതു വര്‍ഷം നിങ്ങളുടെ അകൃത്യത്തിന്‍റെ ഫലം നിങ്ങള്‍ അനുഭവിക്കും; അങ്ങനെ നിങ്ങളോടുള്ള എന്‍റെ അതൃപ്തി നിങ്ങള്‍ അറിയും. സര്‍വേശ്വരനായ ഞാന്‍ പറയുന്നു:

35 എനിക്കെതിരായി ഒത്തുചേര്‍ന്ന ഈ ദുഷ്ടജനത്തോടു ഞാന്‍ തീര്‍ച്ചയായും ഇങ്ങനെ ചെയ്യും. ഈ മരുഭൂമിയില്‍വച്ച് അവര്‍ നിര്‍മ്മൂലമാക്കപ്പെടും; എല്ലാവരും അവിടെവച്ചു മരിക്കും.”

36 രഹസ്യനിരീക്ഷണം ചെയ്യാന്‍ മോശ അയച്ച ആളുകള്‍ തെറ്റായ വിവരങ്ങള്‍ നല്‌കിയതുകൊണ്ടായിരുന്നു ജനം സര്‍വേശ്വരനെതിരായി പിറുപിറുക്കാനിടയായത്.

37 അതിനാല്‍ തെറ്റായ വിവരങ്ങള്‍ നല്‌കിയവരെല്ലാം സര്‍വേശ്വരസന്നിധിയില്‍വച്ച് ഒരു ബാധമൂലം മരിച്ചുവീണു.

38 നിരീക്ഷണം നടത്തിയവരില്‍ യോശുവയും കാലേബും മാത്രം അവശേഷിച്ചു.

39

മോശ ഈ വാര്‍ത്ത അറിയിച്ചപ്പോള്‍ ജനം അത്യന്തം ദുഃഖിച്ചു.

40 അവര്‍ അതിരാവിലെ എഴുന്നേറ്റു മലമുകളിലേക്കു പോകാന്‍ തയ്യാറായി. അവര്‍ പറഞ്ഞു: “ഞങ്ങള്‍ പാപം ചെയ്തുപോയി; സര്‍വേശ്വരന്‍ വാഗ്ദാനം ചെയ്ത ദേശത്തേക്കു പോകാന്‍ ഞങ്ങള്‍ സന്നദ്ധരാണ്.”

41

എന്നാല്‍ മോശ പറഞ്ഞു: “നിങ്ങള്‍ സര്‍വേശ്വരന്‍റെ കല്പന എന്തിനു ലംഘിക്കുന്നു? നിങ്ങള്‍ വിജയിക്കുകയില്ല.

42 നിങ്ങള്‍ മലമുകളിലേക്കു പോകരുത്, ശത്രുക്കളുടെ മുമ്പില്‍ നിങ്ങള്‍ പരാജിതരാകും. അവിടുന്നു നിങ്ങളുടെകൂടെ ഇല്ലല്ലോ.

43 അവിടെ അമാലേക്യരും കനാന്യരും നിങ്ങളെ എതിരിടും; നിങ്ങള്‍ വാളിനിരയാകും. നിങ്ങള്‍ സര്‍വേശ്വരനില്‍നിന്നു പിന്തിരിഞ്ഞിരിക്കുകയാണല്ലോ. അവിടുന്നു നിങ്ങളുടെകൂടെ ഉണ്ടായിരിക്കുകയില്ല.”

44 ഉടമ്പടിപ്പെട്ടകമോ മോശയോ പാളയത്തില്‍നിന്നു മുന്നോട്ടു നീങ്ങാതിരുന്നിട്ടും അവര്‍ മലമുകളിലേക്കു പോകാന്‍ ഒരുമ്പെട്ടു.

45 മലയില്‍ പാര്‍ത്തിരുന്ന അമാലേക്യരും കനാന്യരും പിന്തുടര്‍ന്നു ഹോര്‍മ്മാവരെ അവരെ തോല്പിച്ചോടിച്ചു.

15

1

സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു:

2 “ഇസ്രായേല്‍ജനത്തോടു പറയുക, ഞാന്‍ നിങ്ങള്‍ക്കു നല്‌കുന്ന ദേശത്തു പാര്‍ക്കാന്‍ ചെല്ലുമ്പോള്‍, അനുസരിക്കേണ്ട നിയമങ്ങള്‍ ഇവയാണ്.

3 നിങ്ങളുടെ നേര്‍ച്ച പൂര്‍ത്തീകരിക്കുന്നതിനോ, സ്വമേധാദാനം അര്‍പ്പിക്കുന്നതിനോ, നിങ്ങളുടെ ഉത്സവദിവസങ്ങളിലെ വഴിപാട് അര്‍പ്പിക്കുന്നതിനോ, ഒരു ഹോമയാഗമോ മറ്റു യാഗങ്ങളോ കഴിക്കുന്നെങ്കില്‍ നിങ്ങളുടെ കന്നുകാലിക്കൂട്ടത്തില്‍നിന്നോ, ആട്ടിന്‍പറ്റത്തില്‍നിന്നോ ഒരു മൃഗത്തെ അര്‍പ്പിക്കാം; അതിന്‍റെ സൗരഭ്യം സര്‍വേശ്വരനു പ്രസാദകരമായിരിക്കും.

4 ഈ വഴിപാട് അര്‍പ്പിക്കുന്നതോടൊപ്പം ഒരു ഇടങ്ങഴി നേരിയ മാവു കാല്‍ ഹീന്‍ എണ്ണ ചേര്‍ത്ത് ധാന്യയാഗമായി അര്‍പ്പിക്കേണ്ടതാണ്.

5 ഹോമയാഗത്തിനും മറ്റു യാഗങ്ങള്‍ക്കും ഓരോ ആട്ടിന്‍കുട്ടിയോടുമൊപ്പം പാനീയയാഗമായി കാല്‍ ഹീന്‍ വീഞ്ഞും അര്‍പ്പിക്കണം.

6 ആണാടിനെയാണ് അര്‍പ്പിക്കുന്നതെങ്കില്‍ രണ്ടിടങ്ങഴി മാവ് മൂന്നിലൊന്നു ഹീന്‍ എണ്ണ ചേര്‍ത്തു കുഴച്ചു ധാന്യവഴിപാടായി അതോടൊപ്പം അര്‍പ്പിക്കേണ്ടതാണ്.

7 പാനീയയാഗമായി മൂന്നിലൊന്നു ഹീന്‍ വീഞ്ഞും അര്‍പ്പിക്കണം. ഈ വഴിപാടുകളുടെ സൗരഭ്യം സര്‍വേശ്വരനു പ്രസാദകരമായിരിക്കും.

8 ഒരു കാളക്കുട്ടിയെ ഹോമയാഗമായോ ഒരു നേര്‍ച്ച പൂര്‍ത്തീകരിക്കുന്നതിനുള്ള യാഗമായോ സമാധാനയാഗമായോ സര്‍വേശ്വരന് അര്‍പ്പിക്കുന്നെങ്കില്‍

9 അതോടുകൂടി ധാന്യവഴിപാടായി മൂന്നിടങ്ങഴി മാവ് അര ഹീന്‍ എണ്ണ ചേര്‍ത്ത് അര്‍പ്പിക്കണം.

10 കൂടാതെ അര ഹീന്‍ വീഞ്ഞും പാനീയയാഗമായി അര്‍പ്പിക്കേണ്ടതാണ്. അവയുടെ സൗരഭ്യം സര്‍വേശ്വരനു പ്രസാദകരമായിരിക്കും.

11 കാളക്കുട്ടിയോ ആണാടോ ആട്ടിന്‍കുട്ടിയോ കോലാട്ടിന്‍കുട്ടിയോ ഇവയില്‍ ഏതായാലും ഇപ്രകാരമാണ് അര്‍പ്പിക്കേണ്ടത്.

12 ഒന്നിലധികം മൃഗങ്ങളെയര്‍പ്പിച്ചാലും ഓരോ മൃഗത്തിനും ഇങ്ങനെതന്നെ ചെയ്യണം.

13 സര്‍വേശ്വരനു പ്രസാദകരമായ സൗരഭ്യമായി ദഹനയാഗം അര്‍പ്പിക്കുമ്പോള്‍ ഇസ്രായേല്യര്‍ ഇങ്ങനെതന്നെ ചെയ്യണം.

14 നിങ്ങളുടെ ഇടയില്‍ താല്‍ക്കാലികമായോ സ്ഥിരമായോ പാര്‍ക്കുന്ന ഒരു പരദേശി സര്‍വേശ്വരനു പ്രസാദകരമായ സൗരഭ്യമായി ദഹനയാഗം അര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവനും നിങ്ങള്‍ ചെയ്യുന്നതുപോലെ ചെയ്യണം.

15 നിങ്ങളും നിങ്ങളുടെ ഇടയില്‍ പാര്‍ക്കുന്ന പരദേശിയും എക്കാലവും അനുഷ്ഠിക്കേണ്ട ചട്ടങ്ങള്‍ ഒന്നുതന്നെയാണ്. സര്‍വേശ്വരന്‍റെ ദൃഷ്‍ടിയില്‍ പരദേശിയും നിങ്ങളും ഒരുപോലെയാകുന്നു.

16 നിങ്ങള്‍ക്കും നിങ്ങളുടെകൂടെ പാര്‍ക്കുന്ന പരദേശിക്കും ഒരേ നിയമവും ചട്ടവും ആയിരിക്കും.”

17

സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു:

18 “ഇസ്രായേല്‍ജനത്തോടു പറയുക, ഞാന്‍ നിങ്ങളെ കൊണ്ടുചെല്ലുന്ന ദേശത്തു നിങ്ങള്‍ എത്തിക്കഴിഞ്ഞ്,

19 ആ ദേശത്തെ വിളവു നിങ്ങള്‍ അനുഭവിക്കുമ്പോള്‍ നിങ്ങള്‍ സര്‍വേശ്വരനു വഴിപാട് അര്‍പ്പിക്കണം.

20 നിങ്ങള്‍ക്ക് ആദ്യം ലഭിക്കുന്ന വിളവില്‍നിന്നുള്ള ആദ്യത്തെ അപ്പം വഴിപാടായി അര്‍പ്പിക്കണം. മെതിക്കളത്തില്‍നിന്നുള്ള വഴിപാടുപോലെതന്നെ അതും നീരാജനമായി അര്‍പ്പിക്കണം.

21 ഇതു നിങ്ങളുടെ ഭാവിതലമുറകളും അനുഷ്ഠിക്കേണ്ട ചട്ടമാണ്.

22

നിങ്ങള്‍ തെറ്റു ചെയ്യുകയും, സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്ത ഈ കല്പനകള്‍ പാലിക്കാതിരിക്കുകയും,

23 മോശ മുഖേന അവിടുന്നു നല്‌കിയ കല്പനകള്‍ നിങ്ങളോ നിങ്ങളുടെ പിന്‍തലമുറയോ അനുസരിക്കാതിരിക്കുകയും ചെയ്തു എന്നിരിക്കട്ടെ.

24 ഇങ്ങനെ തെറ്റ് ചെയ്യാന്‍ ഇടയായത് സമൂഹത്തിന്‍റെ അജ്ഞതകൊണ്ടാണെങ്കില്‍, സമൂഹം മുഴുവനും ചേര്‍ന്ന് ഒരു കാളയെ ഹോമയാഗമായി അര്‍പ്പിക്കണം. അതോടൊപ്പം ചട്ടപ്രകാരമുള്ള ധാന്യപാനീയ വഴിപാടുകളും അര്‍പ്പിക്കേണ്ടതാണ്. അതിന്‍റെ സൗരഭ്യം സര്‍വേശ്വരനു പ്രസാദകരമായിരിക്കും. കൂടാതെ, ഒരു ആണ്‍കോലാടിനെ പാപപരിഹാരയാഗമായും അര്‍പ്പിക്കണം.

25 പുരോഹിതന്‍ ഇസ്രായേല്‍സമൂഹത്തിനു വേണ്ടിയുള്ള പാപപരിഹാരകര്‍മങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ അത് അവരോടു ക്ഷമിക്കും. അജ്ഞതകൊണ്ടുണ്ടായ കുറ്റമാണല്ലോ അത്. മാത്രമല്ല, അവര്‍ സര്‍വേശ്വരനു ഹോമയാഗവും പാപപരിഹാരയാഗവും അര്‍പ്പിക്കുകയും ചെയ്തു.

26 അപ്പോള്‍ ഇസ്രായേല്‍ജനത്തിന്‍റെ സര്‍വസമൂഹത്തോടും അവരുടെ ഇടയില്‍ പാര്‍ക്കുന്ന പരദേശികളോടും സര്‍വേശ്വരന്‍ ക്ഷമിക്കും. സര്‍വസമൂഹത്തിന്‍റെയും അജ്ഞതമൂലമാണല്ലോ ഇങ്ങനെ സംഭവിച്ചത്.

27 ഒരാള്‍ അജ്ഞതമൂലം പാപം ചെയ്താല്‍ ഒരു വയസ്സു പ്രായമുള്ള പെണ്‍കോലാടിനെ പാപപരിഹാരയാഗമായി അര്‍പ്പിക്കണം.

28 പാപത്തിനു പരിഹാരമായി പുരോഹിതന്‍ അവനുവേണ്ടി പ്രായശ്ചിത്തകര്‍മം അനുഷ്ഠിക്കേണ്ടതാണ്; അപ്പോള്‍ അവനു ക്ഷമ ലഭിക്കും.

29 അജ്ഞതമൂലം പാപം ചെയ്യുന്നവന്‍, സ്വദേശി ആയാലും പരദേശി ആയാലും അനുഷ്ഠിക്കേണ്ട നിയമം ഒന്നുതന്നെയാണ്.

30 “എന്നാല്‍ ഒരു സ്വദേശിയോ പരദേശിയോ അറിഞ്ഞുകൊണ്ടു പാപം ചെയ്താല്‍ അതു സര്‍വേശ്വരനെ നിന്ദിക്കുകയാണ്. അവനെ സ്വജനങ്ങളുടെ ഇടയില്‍നിന്നു പുറത്താക്കണം.

31 അവന്‍ സര്‍വേശ്വരന്‍റെ വചനം നിരസിച്ച് അവിടുത്തെ കല്പനകള്‍ ലംഘിച്ചിരിക്കുകയാണ്; അവനെ തീര്‍ത്തും ബഹിഷ്കരിക്കണം; അവന്‍റെ അകൃത്യത്തിനുള്ള ഫലം അവന്‍തന്നെ അനുഭവിക്കണം.

32

ഇസ്രായേല്‍ജനം മരുഭൂമിയിലായിരുന്നപ്പോള്‍, ഒരു ശബത്തുദിവസം ഒരാള്‍ വിറകു ശേഖരിക്കുന്നതു കണ്ടു.

33 അവര്‍ അവനെ പിടിച്ചു മോശയുടെയും അഹരോന്‍റെയും സഭയുടെയും മുമ്പാകെ കൊണ്ടുവന്നു;

34 അവനെ എന്തു ചെയ്യണം എന്ന് അറിഞ്ഞുകൂടായിരുന്നതുകൊണ്ട് അവര്‍ അവനെ തടവിലാക്കി.

35 സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “ആ മനുഷ്യന്‍ വധിക്കപ്പെടണം; പാളയത്തിന്‍റെ പുറത്തുവച്ചു സഭ മുഴുവനും കൂടി അവനെ കല്ലെറിയണം.”

36 സര്‍വേശ്വരന്‍ മോശയോടു കല്പിച്ചതുപോലെ ജനം അവനെ പാളയത്തിന്‍റെ പുറത്തു കൊണ്ടുവന്നു കല്ലെറിഞ്ഞു കൊന്നു.

37

സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു:

38 “വസ്ത്രങ്ങളുടെ വിളുമ്പുകളില്‍ തൊങ്ങല്‍ പിടിപ്പിക്കണം എന്ന് ഇസ്രായേല്‍ജനത്തോടു പറയുക. ഇതു നിങ്ങളുടെ സകല തലമുറകളും ചെയ്യേണ്ടതാണ്; തൊങ്ങല്‍ നീലച്ചരടുകൊണ്ടു കെട്ടിയിരിക്കണം.

39 ഹൃദയത്തിന്‍റെയും കണ്ണുകളുടെയും ചായ്‍വ് അനുസരിച്ചു യഥേഷ്ടം ചരിക്കുന്ന ശീലം വിട്ടു സര്‍വേശ്വരന്‍റെ കല്പനകള്‍ എല്ലാം ഓര്‍ത്തു പാലിക്കുന്നതിന് ഈ തൊങ്ങലുകള്‍ അടയാളമായിരിക്കും.

40 അങ്ങനെ നിങ്ങള്‍ സകല കല്പനകളും ഓര്‍ത്ത് അനുസരിക്കുകയും എനിക്കു നിങ്ങള്‍ വേര്‍തിരിക്കപ്പെട്ട ജനമായിരിക്കുകയും ചെയ്യും.

41 നിങ്ങളുടെ ദൈവമായിരിക്കാന്‍ നിങ്ങളെ ഈജിപ്തില്‍നിന്നു കൂട്ടിക്കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ ഞാനാകുന്നു.”

16

1

ലേവിഗോത്രത്തിലെ കെഹാത്ത്കുലത്തിലുള്ള ഇസ്ഹാരിന്‍റെ പുത്രനായ കോരഹും, രൂബേന്‍ഗോത്രത്തിലെ എലീയാബിന്‍റെ പുത്രന്മാരായ ദാഥാന്‍, അബീരാം എന്നിവരും പേലെത്തിന്‍റെ പുത്രനായ ഓനും മോശയെ എതിര്‍ത്തു.

2 അവരോടൊപ്പം ഇസ്രായേല്‍ജനത്തിന്‍റെ സഭയില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ടവരും പ്രസിദ്ധരുമായ ഇരുനൂറ്റമ്പതു നേതാക്കന്മാരും ഉണ്ടായിരുന്നു.

3 അവര്‍ മോശയ്‍ക്കും അഹരോനും എതിരായി ഒരുമിച്ചുകൂടി പറഞ്ഞു: “നിങ്ങള്‍ നിലവിട്ടു പ്രവര്‍ത്തിക്കുന്നു; ഈ സമൂഹത്തിലുള്ളവരെല്ലാം വിശുദ്ധരാണ്; സര്‍വേശ്വരന്‍ അവരുടെ ഇടയിലുണ്ട്; അങ്ങനെയെങ്കില്‍ സര്‍വേശ്വരന്‍റെ ജനത്തെക്കാള്‍ ഉയര്‍ന്നവരെന്നു നിങ്ങള്‍ ഭാവിക്കുന്നതെന്ത്?”

4 ഇതു കേട്ടപ്പോള്‍ മോശ കവിണ്ണു വീണു;

5 കോരഹിനോടും കൂട്ടരോടും പറഞ്ഞു: “അവിടുത്തേക്കുള്ളവന്‍ ആരെന്നും വിശുദ്ധന്‍ ആരെന്നും സര്‍വേശ്വരന്‍ നാളെ രാവിലെ കാണിച്ചുതരും; അവിടുന്നു തിരഞ്ഞെടുക്കുന്നവരെ തന്‍റെ അടുത്തു ചെല്ലാന്‍ അവിടുന്ന് അനുവദിക്കും.

6 [6,7] കോരഹും കൂട്ടരും നാളെ അവിടുത്തെ മുമ്പില്‍ വന്നു ധൂപകലശങ്ങളില്‍ തീക്കനല്‍ നിറച്ചു കുന്തുരുക്കം ഇടട്ടെ; സര്‍വേശ്വരന്‍ തിരഞ്ഞെടുക്കുന്ന ആളായിരിക്കും വിശുദ്ധന്‍; ലേവിപുത്രന്മാരേ, നിങ്ങള്‍ നിലവിട്ടു പെരുമാറുന്നു.”

7

8 മോശ കോരഹിനോടു പറഞ്ഞു: “ലേവിപുത്രന്മാരേ, കേള്‍ക്കുക;

9 തിരുസാന്നിധ്യകൂടാരത്തില്‍ ശുശ്രൂഷ ചെയ്യുന്നതിനും ജനത്തെ ശുശ്രൂഷിക്കുന്നതിനും അവരുടെ മുമ്പില്‍ നില്‌ക്കുന്നതിനുമായി ഇസ്രായേലിന്‍റെ മുഴുവന്‍ സമൂഹത്തില്‍നിന്നുമായി സര്‍വേശ്വരന്‍ നിങ്ങളെ വേര്‍തിരിച്ചത് ഒരു ചെറിയ കാര്യമാണെന്നു നിങ്ങള്‍ വിചാരിക്കുന്നുണ്ടോ?

10 അവിടുന്നു നിന്നെയും ലേവിപുത്രന്മാരായ നിന്‍റെ സഹോദരന്മാരെയുമെല്ലാം തന്‍റെ അടുക്കലേക്ക് അടുപ്പിച്ചു. നിങ്ങള്‍ പൗരോഹിത്യംകൂടി ആഗ്രഹിക്കുകയാണോ?

11 നീയും നിന്‍റെ കൂട്ടരും സര്‍വേശ്വരനെതിരായിട്ടാണ് ഒന്നിച്ചുകൂടിയിരിക്കുന്നത്. അഹരോനെതിരായി പിറുപിറുക്കാന്‍ അവന്‍ ആരാണ്?”

12

മോശ എലീയാബിന്‍റെ പുത്രന്മാരായ ദാഥാനെയും അബീരാമിനെയും വിളിക്കാന്‍ ആളയച്ചു;

13 “ഞങ്ങള്‍ വരികയില്ല എന്ന് അവര്‍ മറുപടി പറഞ്ഞു. പാലും തേനും ഒഴുകുന്ന ദേശത്തുനിന്ന് ഈ മരുഭൂമിയിലേക്കു ഞങ്ങളെ കൊല്ലാന്‍ കൊണ്ടുവന്നതു കൂടാതെ നിന്നെത്തന്നെ ഞങ്ങള്‍ക്ക് അധിപതിയും ആക്കുവാന്‍ ശ്രമിക്കുന്നു; ഇത് ഒരു ചെറിയ കാര്യമാണോ?

14 മാത്രമല്ല പാലും തേനും ഒഴുകുന്ന ദേശത്തേക്കു നീ ഞങ്ങളെ എത്തിച്ചതുമില്ല. നിലങ്ങളും മുന്തിരിത്തോട്ടങ്ങളും അവകാശമായി നല്‌കിയതുമില്ല. ഈയുള്ളവരെ അന്ധരാക്കാമെന്നാണോ നീ കരുതുന്നത്. ഞങ്ങള്‍ വരികയില്ല.”

15 അപ്പോള്‍ മോശ ഏറ്റവും കോപിഷ്ഠനായി. അയാള്‍ സര്‍വേശ്വരനോട് അപേക്ഷിച്ചു:” “അങ്ങ് അവരുടെ വഴിപാട് സ്വീകരിക്കരുതേ; ഞാന്‍ അവരുടെ കൈയില്‍നിന്ന് ഒരു കഴുതയെപ്പോലും വാങ്ങിയിട്ടില്ല; അവരില്‍ ആരെയും ഞാന്‍ ഉപദ്രവിച്ചിട്ടുമില്ല.”

16 മോശ കോരഹിനോടു പറഞ്ഞു: “നീയും, നിന്‍റെ കൂട്ടരും നാളെ സര്‍വേശ്വരസന്നിധിയില്‍ വരണം. അഹരോനും നിങ്ങളോടൊപ്പം ഉണ്ടായിരിക്കും.

17 ആ ഇരുനൂറ്റമ്പതു പേരും അവരവരുടെ ധൂപകലശത്തില്‍ കുന്തുരുക്കമിട്ടു സര്‍വേശ്വരസന്നിധിയില്‍ വരണം. നീയും അഹരോനും നിങ്ങളുടെ ധൂപകലശങ്ങളുമായി വരണം.”

18 അവര്‍ ഓരോരുത്തനും അവനവന്‍റെ ധൂപകലശമെടുത്ത് അതില്‍ തീക്കനലും കുന്തുരുക്കവും ഇട്ടു തിരുസാന്നിധ്യകൂടാരത്തിന്‍റെ വാതില്‌ക്കല്‍ മോശയോടും അഹരോനോടുമൊത്തു നിന്നു.

19 മോശയ്‍ക്കും അഹരോനും എതിരായി സഭ മുഴുവനെയും തിരുസാന്നിധ്യകൂടാരത്തിന്‍റെ വാതില്‌ക്കല്‍ കോരഹ് കൂട്ടിവരുത്തി. അപ്പോള്‍ അവിടുത്തെ തേജസ്സ് സഭ മുഴുവനും പ്രത്യക്ഷമായി.

20

സര്‍വേശ്വരന്‍ മോശയോടും അഹരോനോടും പറഞ്ഞു:

21 “ജനത്തിന്‍റെ ഇടയില്‍നിന്നു മാറി നില്‌ക്കുക; ഞാന്‍ അവരെ ക്ഷണത്തില്‍ സംഹരിക്കും.”

22 എന്നാല്‍ മോശയും അഹരോനും താണു വണങ്ങി പറഞ്ഞു: ദൈവമേ, എല്ലാ ജീവികളുടെയും ചൈതന്യമായ ദൈവമേ, ഒരു മനുഷ്യന്‍ പാപം ചെയ്താല്‍ സമൂഹത്തോടു മുഴുവന്‍ അവിടുന്നു കോപിക്കുമോ?”

23 [23,24] സര്‍വേശ്വരന്‍ മോശയോടു പറഞ്ഞു: “കോരഹ്, ദാഥാന്‍, അബീരാം ഇവരുടെ കൂടാരങ്ങളില്‍നിന്ന് അകന്നുമാറാന്‍ ജനത്തോടു പറയുക.”

24

25 മോശ ദാഥാന്‍റെയും അബീരാമിന്‍റെയും അടുക്കലേക്കു പോയി. ഇസ്രായേലിലെ ജനനേതാക്കന്മാര്‍ അദ്ദേഹത്തെ അനുഗമിച്ചു.

26

മോശ ജനത്തോടു പറഞ്ഞു: “ഈ ദുഷ്ടമനുഷ്യരുടെ പാപങ്ങള്‍ നിമിത്തം നിങ്ങള്‍ കൂട്ടമായി സംഹരിക്കപ്പെടാതിരിക്കാന്‍ അവരുടെ കൂടാരങ്ങളില്‍നിന്നു മാറി നില്‌ക്കുക; അവരുടേതായ ഒരു വസ്തുവും നിങ്ങള്‍ സ്പര്‍ശിക്കരുത്.”

27 കോരഹ്, ദാഥാന്‍, അബീരാം എന്നിവരുടെ കൂടാരങ്ങളില്‍നിന്നു ജനം ഒഴിഞ്ഞുമാറി. ദാഥാനും അബീരാമും തങ്ങളുടെ ഭാര്യമാരോടും മക്കളോടും കുഞ്ഞുങ്ങളോടുംകൂടെ തങ്ങളുടെ വാതില്‌ക്കല്‍ വന്നുനിന്നു. മോശ ജനത്തോടു പറഞ്ഞു:

28 “ഈ പ്രവൃത്തികള്‍ ചെയ്യാന്‍ സര്‍വേശ്വരനാണ് എന്നെ നിയോഗിച്ചിരിക്കുന്നതെന്നും അവ സ്വന്ത ഇഷ്ടപ്രകാരമല്ല ഞാന്‍ ചെയ്യുന്നതെന്നും നിങ്ങള്‍ ഇതിനാല്‍ അറിയും.

29 സര്‍വസാധാരണമായ മരണവും അനുഭവങ്ങളുമാണ് ഉണ്ടാകുന്നതെങ്കില്‍ സര്‍വേശ്വരന്‍ എന്നെ അയച്ചിട്ടില്ല.

30 എന്നാല്‍ മുമ്പുണ്ടായിട്ടില്ലാത്തവിധം അവിടുന്നു ഭൂമി പിളര്‍ന്ന് അവരെയും അവര്‍ക്കുള്ളവയെയും വിഴുങ്ങുകയും അവര്‍ ജീവനോടെ പാതാളത്തിലേക്കു പോകുകയും ചെയ്താല്‍, ഈ മനുഷ്യര്‍ സര്‍വേശ്വരനെ നിന്ദിച്ചു എന്നു നിങ്ങള്‍ മനസ്സിലാക്കും.”

31 മോശ ഈ വാക്കുകള്‍ പറഞ്ഞു തീര്‍ന്നപ്പോഴേക്കും അവര്‍ നിന്നിരുന്ന സ്ഥലം പിളര്‍ന്നു.

32 ഭൂമി വായ് പിളര്‍ന്നു കോരഹിനെയും അവന്‍റെ കൂട്ടരെയും അവരുടെ കുടുംബാംഗങ്ങളെയും അവരുടെ സര്‍വസമ്പത്തോടൊപ്പം വിഴുങ്ങിക്കളഞ്ഞു.

33 അവരും ബന്ധപ്പെട്ടവരും ജീവനോടെ പാതാളത്തില്‍ പതിച്ചു; ഭൂമി അവരെ മൂടി; അങ്ങനെ അവര്‍ ഇസ്രായേലില്‍നിന്നു നീക്കപ്പെട്ടു.

34 അവരുടെ കരച്ചില്‍ കേട്ടപ്പോള്‍ “ഭൂമി തങ്ങളെയും വിഴുങ്ങിക്കളയും” എന്നു പറഞ്ഞു ചുറ്റും നിന്ന ഇസ്രായേല്യര്‍ ഓടി അകന്നു.

35 സര്‍വേശ്വരനില്‍നിന്ന് അഗ്നി പുറപ്പെട്ടു ധൂപാര്‍പ്പണം നടത്തിക്കൊണ്ടിരുന്ന ഇരുനൂറ്റമ്പതു പേരെയും ദഹിപ്പിച്ചുകളഞ്ഞു.

36

സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു:

37 “എരിതീയില്‍നിന്നു ധൂപകലശങ്ങള്‍ ശേഖരിക്കാന്‍ അഹരോന്‍റെ പുത്രനായ എലെയാസാരിനോടു പറയുക. അവയിലെ കനല്‍ ദൂരെ കളയണം. കലശങ്ങള്‍ വിശുദ്ധമാണല്ലോ.

38 തങ്ങളുടെ പാപങ്ങള്‍ക്കുവേണ്ടി ജീവന്‍ വിലയായി നല്‌കിയ ഇവരുടെ ധൂപകലശങ്ങള്‍ ശേഖരിച്ച് അടിച്ചു തകിടുകളാക്കി യാഗപീഠം മൂടുന്നതിന് ഉപയോഗിക്കാം; അവ സര്‍വേശ്വരസന്നിധിയില്‍ സമര്‍പ്പിച്ചവയായതുകൊണ്ടു വിശുദ്ധമാണ്; അവ ഇസ്രായേല്‍ജനത്തിന് ഒരു അടയാളമായിരിക്കട്ടെ.

39 തീയില്‍ വെന്തുപോയവര്‍ അര്‍പ്പിച്ച ഓട്ടുധൂപകലശങ്ങള്‍ പുരോഹിതനായ എലെയാസാര്‍ ശേഖരിച്ചു; യാഗപീഠം മൂടത്തക്കവിധം അവ അടിച്ചുപരത്തി തകിടാക്കി.

40 അഹരോന്‍റെ വംശപരമ്പരയില്‍ പെടാത്തവനും പുരോഹിതനല്ലാത്തവനും സര്‍വേശ്വരസന്നിധിയില്‍ പ്രവേശിച്ചു ധൂപാര്‍പ്പണം നടത്തിയാല്‍ കോരഹിനും അവന്‍റെ കൂട്ടര്‍ക്കും ഉണ്ടായ അനുഭവം ഉണ്ടാകും എന്നതിന്‍റെ പ്രതീകമായി അവ ഇസ്രായേല്‍ജനത്തിന്‍റെ മുമ്പില്‍ ഇരിക്കട്ടെ.” സര്‍വേശ്വരന്‍ മോശ മുഖേന കല്പിച്ചതുപോലെ എലെയാസാര്‍ ചെയ്തു.

41

പിറ്റെദിവസം ഇസ്രായേല്‍ജനം മോശയ്‍ക്കും അഹരോനും എതിരായി പിറുപിറുത്തുകൊണ്ടു പറഞ്ഞു: “നിങ്ങള്‍ സര്‍വേശ്വരന്‍റെ ജനങ്ങളെ കൊന്നുകളഞ്ഞു.”

42 അവര്‍ മോശയ്‍ക്കും അഹരോനും എതിരായി ഒന്നിച്ചുകൂടി തിരുസാന്നിധ്യകൂടാരത്തിന്‍റെ അടുക്കലേക്കു നീങ്ങി. അപ്പോള്‍ മേഘം കൂടാരത്തെ മൂടിയിരിക്കുന്നതും സര്‍വേശ്വരന്‍റെ തേജസ്സ് പ്രത്യക്ഷമായിരിക്കുന്നതും അവര്‍ കണ്ടു.

43 മോശയും അഹരോനും തിരുസാന്നിധ്യകൂടാരത്തിന്‍റെ മുമ്പില്‍ ചെന്നു നിന്നു.

44 അപ്പോള്‍ സര്‍വേശ്വരന്‍ മോശയോട്: “ഈ ജനത്തിന്‍റെ ഇടയില്‍നിന്നു മാറി നില്‌ക്കുക;

45 ക്ഷണത്തില്‍ ഞാന്‍ അവരെ സംഹരിക്കും” എന്നു പറഞ്ഞു. അപ്പോള്‍ അവര്‍ സാഷ്ടാംഗം വീണു. മോശ അഹരോനോടു പറഞ്ഞു:

46 “യാഗപീഠത്തിലെ തീക്കനല്‍ നിറച്ച ധൂപകലശം നീ എടുത്ത് അതില്‍ കുന്തുരുക്കം ഇട്ട് അതുമായി വേഗം ജനത്തിന്‍റെ മധ്യേ ചെന്ന് അവര്‍ക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കുക; സര്‍വേശ്വരനില്‍നിന്നു കോപം പുറപ്പെട്ടിരിക്കുന്നു. ബാധ ആരംഭിച്ചുകഴിഞ്ഞു.”

47 മോശ പറഞ്ഞതുപോലെ അഹരോന്‍ ജനത്തിന്‍റെ ഇടയിലേക്ക് ഓടി; ബാധ അവരുടെ ഇടയില്‍ ആരംഭിച്ചുകഴിഞ്ഞിരുന്നു; അഹരോന്‍ ധൂപാര്‍പ്പണം നടത്തി ജനത്തിനുവേണ്ടി പ്രായശ്ചിത്തം കഴിച്ചു.

48 മരിച്ചുവീണവരുടെയും ജീവനോടിരുന്നവരുടെയും മധ്യേ അഹരോന്‍ നിന്നപ്പോള്‍ ബാധ ശമിച്ചു.

49 കോരഹ് നിമിത്തമായി മരിച്ചവര്‍ക്കു പുറമേ പതിനാലായിരത്തി എഴുനൂറു പേര്‍ ബാധകൊണ്ടു മരിച്ചു.

50 ബാധ ശമിച്ചപ്പോള്‍ അഹരോന്‍ തിരുസാന്നിധ്യകൂടാരത്തിന്‍റെ വാതില്‌ക്കല്‍ മോശയുടെ അടുത്തു തിരികെ ചെന്നു.

17

1

സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു:

2 “ഒരു ഗോത്രത്തിന്‍റെ നേതാവില്‍നിന്ന് ഓരോ വടി വീതം എല്ലാ ഗോത്രത്തില്‍നിന്നുമായി പന്ത്രണ്ടു വടി നിന്നെ ഏല്പിക്കാന്‍ ജനത്തോടു പറയുക. ഓരോ നേതാവിന്‍റെയും പേര് അവനവന്‍റെ വടിയില്‍ എഴുതണം.

3 ലേവിഗോത്രത്തിന്‍റെ വടിയില്‍ അഹരോന്‍റെ പേരാണു കൊത്തിവയ്‍ക്കേണ്ടത്.

4 തിരുസാന്നിധ്യകൂടാരത്തില്‍, ഞാന്‍ നിങ്ങള്‍ക്കു ദര്‍ശനം നല്‌കുന്ന ഉടമ്പടിപ്പെട്ടകത്തിന്‍റെ മുമ്പില്‍ അവ വയ്‍ക്കണം.

5 ഞാന്‍ തിരഞ്ഞെടുക്കുന്ന ആളിന്‍റെ വടി തളിര്‍ക്കും; അങ്ങനെ നിങ്ങള്‍ക്ക് എതിരെയുള്ള ഇസ്രായേല്‍ജനത്തിന്‍റെ പിറുപിറുപ്പ് ഞാന്‍ അവസാനിപ്പിക്കും.”

6 മോശ ഇസ്രായേല്‍ജനതയോടു സംസാരിച്ചു. ഒരു ഗോത്രത്തിന് ഒരു വടി വീതം പന്ത്രണ്ടു വടികള്‍ ഗോത്രനേതാക്കന്മാര്‍ മോശയെ ഏല്പിച്ചു; അഹരോന്‍റെ വടിയും അക്കൂട്ടത്തിലുണ്ടായിരുന്നു.

7 വടികളെല്ലാം മോശ തിരുസാന്നിധ്യകൂടാരത്തില്‍ സര്‍വേശ്വരന്‍റെ മുമ്പില്‍ വച്ചു.

8 അടുത്ത ദിവസം മോശ തിരുസാന്നിധ്യകൂടാരത്തില്‍ പ്രവേശിച്ചപ്പോള്‍ ലേവിഗോത്രത്തിനുവേണ്ടി വച്ച അഹരോന്‍റെ വടി മുളപൊട്ടി തളിര്‍ത്തു പുഷ്പിച്ചു ബദാം കായ്കളുമായി കാണപ്പെട്ടു.

9 മോശ വടികളെല്ലാം സര്‍വേശ്വരസന്നിധിയില്‍നിന്ന് എടുത്ത് ഇസ്രായേല്‍ജനത്തിന്‍റെ അടുക്കല്‍ കൊണ്ടുവന്നു; ഗോത്രനേതാക്കന്മാര്‍ തങ്ങളുടെ വടികള്‍ നോക്കി എടുത്തു.

10 സര്‍വേശ്വരന്‍ മോശയോടു കല്പിച്ചു: “അഹരോന്‍റെ വടി ഉടമ്പടിപ്പെട്ടകത്തിന്‍റെ മുമ്പാകെ തിരികെ വയ്‍ക്കുക; അതു മത്സരികള്‍ക്ക് അടയാളമായിരിക്കട്ടെ. എനിക്കെതിരായ അവരുടെ പിറുപിറുപ്പ് അങ്ങനെ അവസാനിക്കുകയും അവര്‍ മരിക്കാതിരിക്കുകയും ചെയ്യുമല്ലോ.”

11 സര്‍വേശ്വരന്‍ കല്പിച്ചതുപോലെ മോശ ചെയ്തു.

12 ഇസ്രായേല്‍ജനം മോശയോടു പറഞ്ഞു: “ഇതാ ഞങ്ങളെല്ലാം മരിക്കുന്നു; ഞങ്ങള്‍ ഒന്നൊഴിയാതെ നശിക്കുന്നു.

13 സര്‍വേശ്വരന്‍റെ തിരുസാന്നിധ്യകൂടാരത്തെ സമീപിക്കുന്ന ഏവനും മരിക്കുന്നു. ഞങ്ങളെല്ലാവരും നശിക്കണമോ?”

18

1

സര്‍വേശ്വരന്‍ അഹരോനോട് അരുളിച്ചെയ്തു:

2 “നീയും നിന്‍റെ പുത്രന്മാരും പിതൃഭവനവും വിശുദ്ധസ്ഥലത്തു സംഭവിക്കുന്ന അകൃത്യങ്ങള്‍ക്ക് ഉത്തരവാദിയായിരിക്കും. പൗരോഹിത്യശുശ്രൂഷ സംബന്ധിച്ചുണ്ടാകുന്ന കുറ്റങ്ങള്‍ക്കു നീയും നിന്‍റെ പുത്രന്മാരും ഉത്തരവാദിത്വം ഏല്‌ക്കണം. നീയും പുത്രന്മാരും തിരുസാന്നിധ്യകൂടാരത്തില്‍ ശുശ്രൂഷ ചെയ്യാന്‍ വരുമ്പോള്‍ നിന്‍റെ പിതൃഗോത്രമായ ലേവിഗോത്രത്തിലെ ചാര്‍ച്ചക്കാരെ കൊണ്ടുവരിക. അവര്‍ നിങ്ങളെ സഹായിക്കട്ടെ.

3 അങ്ങനെ സഹായിക്കുകയും തിരുസാന്നിധ്യകൂടാരം സംബന്ധിച്ചുള്ള ജോലികള്‍ നിര്‍വഹിക്കുകയും വേണം; എന്നാല്‍ തിരുസാന്നിധ്യകൂടാരത്തിലുള്ള ഉപകരണങ്ങളെയോ യാഗപീഠത്തെയോ അവര്‍ സമീപിക്കരുത്. സമീപിച്ചാല്‍ അവരും നിങ്ങളും മരിക്കും.

4 അവര്‍ നിങ്ങളോടൊത്തുനിന്നു തിരുസാന്നിധ്യകൂടാരത്തിലെ ശുശ്രൂഷകളില്‍ നിങ്ങളെ സഹായിക്കട്ടെ; മറ്റാരും നിങ്ങളുടെ അടുക്കല്‍ വരരുത്.

5 ഇസ്രായേല്‍ജനത്തിന്‍റെമേല്‍ എന്‍റെ ക്രോധം മേലാല്‍ വരാതെയിരിക്കുന്നതിനു തിരുസാന്നിധ്യകൂടാരവും യാഗപീഠവും സംബന്ധിച്ച ചുമതലകള്‍ നിങ്ങള്‍തന്നെ നിര്‍വഹിക്കണം.

6 നിങ്ങളുടെ സഹോദരന്മാരായ ലേവ്യരെ ഞാന്‍ ഇസ്രായേല്‍ജനത്തിന്‍റെ ഇടയില്‍നിന്നു തിരഞ്ഞെടുത്തിരിക്കുന്നു. സര്‍വേശ്വരനു പ്രത്യേക വഴിപാടായി അര്‍പ്പിക്കപ്പെട്ടിരുന്ന ലേവ്യരെ തിരുസാന്നിധ്യകൂടാരത്തിലെ ശുശ്രൂഷകള്‍ക്കുവേണ്ടി ഞാന്‍ നിങ്ങള്‍ക്കു ദാനമായി നല്‌കിയിരിക്കുകയാണ്.

7 അതുകൊണ്ടു നീയും പുത്രന്മാരും പൗരോഹിത്യധര്‍മം അനുസരിച്ചു യാഗപീഠത്തിലും തിരശ്ശീലയ്‍ക്കകത്തും ചെയ്യേണ്ട കാര്യങ്ങള്‍ നിങ്ങള്‍തന്നെ ചെയ്യുക; പൗരോഹിത്യം നിങ്ങള്‍ക്കു ദാനമായി നല്‌കിയിരിക്കുന്നു. മറ്റാരെങ്കിലും അതിനു മുതിര്‍ന്നാല്‍ അവനെ കൊന്നുകളയണം.”

8

സര്‍വേശ്വരന്‍ അഹരോനോടു പറഞ്ഞു: “ഇസ്രായേല്‍ജനം എനിക്ക് അര്‍പ്പിക്കുന്ന എല്ലാ വിശുദ്ധവസ്തുക്കളും വഴിപാടുകളും നിങ്ങള്‍ക്കു നല്‌കിയിരിക്കുന്നു. അവ നിനക്കും പുത്രന്മാര്‍ക്കും ഒരു ശാശ്വതാവകാശമായിരിക്കും.

9 വിശുദ്ധവസ്തുക്കളില്‍, അഗ്നിയില്‍ ദഹിപ്പിച്ചുകളയാത്തവ നിനക്കുള്ളവയാണ്. ധാന്യവഴിപാടുകള്‍, പാപപരിഹാരയാഗങ്ങള്‍, പ്രായശ്ചിത്തയാഗങ്ങള്‍ എന്നിവ നിനക്കും പുത്രന്മാര്‍ക്കും അതിവിശുദ്ധമായിരിക്കും.

10 നിങ്ങള്‍ ഒരു വിശുദ്ധസ്ഥലത്തുവച്ച് അവ ഭക്ഷിക്കണം. പുരുഷന്മാര്‍ക്കെല്ലാം അവ ഭക്ഷിക്കാം. അവയെ വിശുദ്ധമായി കരുതണം.

11

“ഇവ കൂടാതെ, ഇസ്രായേല്‍ജനം നല്‌കുന്ന കാഴ്ചകളും നീരാജനത്തിന് എനിക്ക് അര്‍പ്പിക്കുന്ന വഴിപാടുകളും നിങ്ങള്‍ക്കുള്ളവയാണ്; അവ നിനക്കും നിന്‍റെ മക്കള്‍ക്കും ശാശ്വതാവകാശമായി നല്‌കിയിരിക്കുന്നു; നിന്‍റെ ഭവനത്തില്‍ ആചാരപരമായി ശുദ്ധിയുള്ള എല്ലാവര്‍ക്കും അവ ഭക്ഷിക്കാം.

12

“അവര്‍ സര്‍വേശ്വരന് ആദ്യഫലമായി അര്‍പ്പിക്കുന്ന വിശേഷപ്പെട്ട എണ്ണ, പുതുവീഞ്ഞ്, ധാന്യം എന്നിവ ഞാന്‍ നിങ്ങള്‍ക്കു തരുന്നു.

13 അവര്‍ നിലങ്ങളിലെ ആദ്യഫലങ്ങളില്‍നിന്ന് എനിക്ക് അര്‍പ്പിക്കുന്ന വസ്തുക്കളെല്ലാം നിങ്ങള്‍ക്കുള്ളവയത്രേ. നിങ്ങളുടെ ഭവനത്തില്‍ ആചാരപരമായി ശുദ്ധിയുള്ള എല്ലാവര്‍ക്കും അവ ഭക്ഷിക്കാം.

14 ഇസ്രായേലില്‍ എനിക്കായി സമര്‍പ്പിച്ചിട്ടുള്ളവയെല്ലാം നിങ്ങളുടേതായിരിക്കും.

15 മനുഷ്യരില്‍നിന്നും മൃഗങ്ങളില്‍നിന്നും സര്‍വേശ്വരനു സമര്‍പ്പിക്കുന്ന സകല കടിഞ്ഞൂല്‍സന്തതിയും നിങ്ങള്‍ക്കുള്ളവയായിരിക്കും; എന്നാല്‍ മനുഷ്യരുടെയും അശുദ്ധമൃഗങ്ങളുടെയും സകല കടിഞ്ഞൂല്‍സന്തതികളെയും നിങ്ങള്‍ വീണ്ടെടുക്കണം.

16 അവയെ വീണ്ടെടുക്കേണ്ടത് ഒരു മാസം പ്രായമാകുമ്പോഴാണ്; വീണ്ടെടുപ്പുവിലയായി വിശുദ്ധമന്ദിരത്തിലെ തൂക്കമനുസരിച്ച് അഞ്ചുശേക്കെല്‍ വെള്ളി, അതായത് ശേക്കെലൊന്നിന് ഇരുപതു ഗേരാ വീതം നല്‌കണം.

17 പശു, ആട്, കോലാട് എന്നിവയുടെ കടിഞ്ഞൂലുകളെ വീണ്ടെടുക്കാന്‍ പാടില്ല; അവ എനിക്കുള്ളവയായതുകൊണ്ട് അതിനെ യാഗം കഴിക്കണം. അതിന്‍റെ രക്തം യാഗപീഠത്തില്‍ തളിക്കുകയും അതിന്‍റെ മേദസ്സ് സര്‍വേശ്വരന് പ്രസാദകരവും സുരഭിലവുമായ ദഹനയാഗമായി അര്‍പ്പിക്കുകയും ചെയ്യണം.

18 നീരാജനമായി അര്‍പ്പിക്കുന്ന മൃഗങ്ങളുടെ നെഞ്ചും വലതു കുറകും നിങ്ങള്‍ക്ക് അവകാശമായിരിക്കുന്നതുപോലെ അതിന്‍റെ മാംസവും നിങ്ങളുടെ അവകാശമായിരിക്കും.”

19

ഇസ്രായേല്‍ജനം സര്‍വേശ്വരനു നീരാജനമായി അര്‍പ്പിക്കുന്ന സകല വിശുദ്ധവസ്തുക്കളും നിങ്ങള്‍ക്കും നിങ്ങളുടെ പുത്രീപുത്രന്മാര്‍ക്കും ശാശ്വതാവകാശമായി ഞാന്‍ നല്‌കുന്നു. ഇതു ഞാന്‍ നിങ്ങളോടും നിങ്ങളുടെ സന്തതികളോടുമായി ചെയ്യുന്ന അലംഘ്യവും ശാശ്വതവുമായ ഉടമ്പടിയാകുന്നു.

20

സര്‍വേശ്വരന്‍ അഹരോനോട് അരുളിച്ചെയ്തു: “നിനക്ക് അവരുടെ ഭൂമിയില്‍ ഒരു അവകാശവും ഓഹരിയും ഉണ്ടായിരിക്കരുത്. ഇസ്രായേല്‍ജനത്തിന്‍റെ ഇടയില്‍ നിനക്കുള്ള അവകാശവും ഓഹരിയും ഞാനാകുന്നു.”

21

ഇസ്രായേല്‍ജനം അര്‍പ്പിക്കുന്ന ദശാംശമായിരിക്കും തിരുസാന്നിധ്യകൂടാരത്തില്‍ ലേവ്യര്‍ ചെയ്യുന്ന ശുശ്രൂഷയ്‍ക്കു പ്രതിഫലം.

22 ഇനിമേല്‍ ഇസ്രായേലിലെ മറ്റു ജനങ്ങള്‍ തിരുസാന്നിധ്യകൂടാരത്തെ സമീപിക്കരുത്. അങ്ങനെ ചെയ്താല്‍ അവര്‍ പാപം പേറി മരിക്കാന്‍ ഇടയാകും.

23 ലേവ്യര്‍ മാത്രം തിരുസാന്നിധ്യകൂടാരത്തില്‍ ശുശ്രൂഷിക്കുകയും തത്സംബന്ധമായി വരാവുന്ന കുറ്റങ്ങള്‍ ഏല്‌ക്കുകയും വേണം. ഇതു സകല തലമുറകള്‍ക്കും ബാധകമായ ശാശ്വതനിയമമാകുന്നു; ഇസ്രായേല്‍ജനത്തിന്‍റെ ഇടയില്‍ അവര്‍ക്കു യാതൊരു ഓഹരിയും ഉണ്ടായിരിക്കരുത്.

24 ഇസ്രായേല്‍ജനം സര്‍വേശ്വരനു വഴിപാടായി അര്‍പ്പിക്കുന്ന ദശാംശം അവര്‍ക്ക് അവകാശമായി നല്‌കിയിരിക്കുകയാണല്ലോ. അതുകൊണ്ടാണ് ഇസ്രായേല്‍ജനത്തിന്‍റെ ഇടയില്‍ അവര്‍ക്ക് അവകാശം ഉണ്ടായിരിക്കുകയില്ല എന്നു ഞാന്‍ അരുളിച്ചെയ്തത്.

25

സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു:

26 “നിങ്ങളുടെ അവകാശമായി ഞാന്‍ നല്‌കിയിരിക്കുന്ന ദശാംശം ഇസ്രായേല്‍ജനത്തില്‍നിന്നു വാങ്ങുമ്പോള്‍ ആ ദശാംശത്തിന്‍റെ ദശാംശം നിങ്ങള്‍ സര്‍വേശ്വരന് അര്‍പ്പിക്കണമെന്നു ലേവ്യരോടു പറയുക.

27 മെതിക്കളത്തില്‍നിന്നുള്ള ധാന്യംപോലെയും നിറഞ്ഞു കവിയുന്ന മുന്തിരിച്ചക്കില്‍നിന്നുള്ള വീഞ്ഞുപോലെയും നിങ്ങളുടെ വഴിപാടും അംഗീകരിക്കപ്പെടും.

28 ഇസ്രായേല്‍ജനം നിങ്ങള്‍ക്കു നല്‌കുന്ന ദശാംശത്തില്‍നിന്നു നിങ്ങള്‍ സര്‍വേശ്വരന് അര്‍പ്പിക്കുന്ന വഴിപാട് പുരോഹിതനായ അഹരോനു കൊടുക്കണം.

29 “നിങ്ങള്‍ക്കു ലഭിക്കുന്ന എല്ലാ വസ്തുക്കളില്‍നിന്നും ഏറ്റവും ഉത്തമവും വിശുദ്ധവുമായ ഭാഗം സര്‍വേശ്വരനു കാഴ്ചയായി സമര്‍പ്പിക്കണം.

30 ഉത്തമഭാഗം സര്‍വേശ്വരന് അര്‍പ്പിച്ചശേഷം അവശേഷിക്കുന്നതു ലേവ്യര്‍ക്കുള്ളതാണ്. കളത്തിലെ വിളവില്‍നിന്നും മുന്തിരിച്ചക്കിലെ വീഞ്ഞില്‍നിന്നും വഴിപാടര്‍പ്പിച്ചതിനുശേഷമുള്ളതു കര്‍ഷകന്‍ എടുക്കുന്നതുപോലെ അതു ലേവ്യര്‍ക്ക് എടുക്കാവുന്നതാണ്.

31 തിരുസാന്നിധ്യകൂടാരത്തില്‍ നിങ്ങള്‍ അനുഷ്ഠിക്കുന്ന ശുശ്രൂഷയുടെ പ്രതിഫലമാകയാല്‍ അതു നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്കും എവിടെവച്ചും ഭക്ഷിക്കാം.

32 ഉത്തമഭാഗം സര്‍വേശ്വരന് അര്‍പ്പിച്ചുകഴിഞ്ഞ് അവശേഷിക്കുന്നതു നിങ്ങള്‍ എടുക്കുന്നതുമൂലം നിങ്ങള്‍ കുറ്റക്കാരാകുകയില്ല. അങ്ങനെ ഇസ്രായേല്‍ജനം അര്‍പ്പിക്കുന്ന വിശുദ്ധവസ്തുക്കള്‍ നിങ്ങള്‍ അശുദ്ധമാക്കാത്തതിനാല്‍ നിങ്ങള്‍ മരിക്കുകയില്ല.”

19

1

സര്‍വേശ്വരന്‍ മോശയോടും അഹരോനോടും അരുളിച്ചെയ്തു:

2 “ഞാന്‍ കല്പിക്കുന്ന നിയമത്തിലെ വ്യവസ്ഥ ഇതാകുന്നു. കുറ്റമറ്റതും നുകം വയ്‍ക്കാത്തതുമായ ഒരു ചുവന്ന പശുക്കിടാവിനെ നിങ്ങളുടെ അടുക്കല്‍ കൊണ്ടുവരാന്‍ ഇസ്രായേല്‍ജനത്തോടു പറയുക.

3 നിങ്ങള്‍ അതിനെ പുരോഹിതനായ എലെയാസാറിനെ ഏല്പിക്കണം. അവന്‍ അതിനെ പാളയത്തിനു പുറത്തു കൊണ്ടുവന്ന് അവന്‍റെ മുമ്പില്‍വച്ച് അതിനെ കൊല്ലണം.

4 പുരോഹിതനായ എലെയാസാര്‍ അതിന്‍റെ രക്തത്തില്‍ വിരല്‍ മുക്കി തിരുസാന്നിധ്യകൂടാരത്തിന്‍റെ മുന്‍ഭാഗത്ത് ഏഴു തവണ തളിക്കണം.

5 പിന്നീടു പുരോഹിതന്‍റെ മുമ്പില്‍വച്ച് ആ പശുക്കുട്ടിയെ അതിന്‍റെ തോലും മാംസവും രക്തവും ചാണകവും ഉള്‍പ്പെടെ ദഹിപ്പിക്കണം.

6 ദേവദാരുമരത്തിന്‍റെ ഒരു കഷണവും ഈസോപ്പുകമ്പും, ചുവന്ന നൂലും പശുക്കിടാവു ദഹിച്ചുകൊണ്ടിരിക്കുന്ന അഗ്നിയില്‍ പുരോഹിതന്‍ ഇടേണ്ടതാണ്.

7 പിന്നീടു പുരോഹിതന്‍ വസ്ത്രം അലക്കി കുളിച്ചു പാളയത്തില്‍ വരണം. സന്ധ്യവരെ അയാള്‍ അശുദ്ധനായിരിക്കണം.

8 അതിനെ ദഹിപ്പിച്ചവനും അടിച്ചു നനച്ചു കുളിക്കണം. സന്ധ്യവരെ അയാളും അശുദ്ധനായിരിക്കും.

9 പിന്നീട് ആചാരപരമായി ശുദ്ധിയുള്ള ഒരാള്‍ അതിന്‍റെ ചാരം ശേഖരിച്ചു പാളയത്തിനു പുറത്തു വെടിപ്പുള്ള ഒരു സ്ഥലത്തു വയ്‍ക്കണം. ഇസ്രായേല്‍ജനത്തിന്‍റെ പാപപരിഹാരാര്‍ഥം ശുദ്ധീകരണജലം തയ്യാറാക്കാന്‍ അതു സൂക്ഷിച്ചു വയ്‍ക്കുക.

10 പശുക്കിടാവിന്‍റെ ചാരം ശേഖരിക്കുന്നവനും വസ്ത്രം അലക്കണം. അയാളും സന്ധ്യവരെ അശുദ്ധനായിരിക്കണം. ഇസ്രായേല്‍ജനവും അവരുടെ ഇടയില്‍ പാര്‍ക്കുന്ന പരദേശികളും അനുസരിക്കേണ്ട ശാശ്വതനിയമമാകുന്നു ഇത്.

11

മൃതശരീരത്തെ സ്പര്‍ശിക്കുന്ന ഏതൊരുവനും ഏഴു ദിവസത്തേക്ക് അശുദ്ധനായിരിക്കും.

12 അവന്‍ മൂന്നാം ദിവസവും ഏഴാം ദിവസവും ശുദ്ധീകരണജലംകൊണ്ടു തന്നെത്താന്‍ ശുദ്ധീകരിക്കുമ്പോള്‍ അവന്‍ ശുദ്ധിയുള്ളവനാകും; മൂന്നാം ദിവസവും ഏഴാം ദിവസവും ശുദ്ധീകരിക്കാതെയിരുന്നാല്‍ അവന്‍ ശുദ്ധിയുള്ളവനായിത്തീരുകയില്ല.

13 മൃതശരീരത്തെ സ്പര്‍ശിച്ചശേഷം സ്വയം ശുദ്ധീകരിക്കാതെയിരിക്കുന്നവന്‍ തിരുസാന്നിധ്യകൂടാരത്തെ അശുദ്ധമാക്കുന്നു. അവനെ ഇസ്രായേല്യരുടെ ഇടയില്‍നിന്നു ബഹിഷ്കരിക്കണം. ശുദ്ധീകരണജലം തളിക്കപ്പെടാത്തതുകൊണ്ട് അവന്‍ അശുദ്ധനാകുന്നു; അശുദ്ധി അവനില്‍ നിലനില്‌ക്കുന്നു.

14 ഒരാള്‍ തിരുസാന്നിധ്യകൂടാരത്തില്‍വച്ചു മരിക്കാന്‍ ഇടയായാല്‍ അനുഷ്ഠിക്കേണ്ട ചട്ടം ഇതാണ്. കൂടാരത്തില്‍ പ്രവേശിക്കുന്നവരും കൂടാരത്തില്‍ ഉണ്ടായിരുന്നവരുമായ എല്ലാവരും ഏഴു ദിവസത്തേക്ക് അശുദ്ധരായിരിക്കും.

15 മൂടിയില്ലാതെ തുറന്നിരിക്കുന്ന എല്ലാ പാത്രങ്ങളും അശുദ്ധമായിത്തീരും.

16 പാളയത്തിനു പുറത്തുവച്ചു മരിക്കുകയോ, വാളിനിരയാകുകയോ ചെയ്ത ഒരു മനുഷ്യന്‍റെ ജഡത്തെയോ, അവന്‍റെ അസ്ഥിയെയോ, ശവക്കുഴിയെയോ സ്പര്‍ശിക്കുന്നവന്‍ ഏഴു ദിവസത്തേക്ക് അശുദ്ധനായിരിക്കും.

17 അശുദ്ധി നീക്കുന്നതിനായി പാപപരിഹാരയാഗത്തില്‍നിന്നു യാഗഭസ്മം കുറെ ഒരു പാത്രത്തില്‍ എടുത്ത്, അതില്‍ ഒഴുക്കുനീര്‍ ഒഴിക്കണം.

18 പിന്നീട് ആചാരപരമായി ശുദ്ധിയുള്ള ഒരു മനുഷ്യന്‍ ഈസോപ്പുതണ്ടെടുത്ത് ആ വെള്ളത്തില്‍ മുക്കി, തിരുസാന്നിധ്യകൂടാരത്തിന്മേലും അതിലെ എല്ലാ ഉപകരണങ്ങളിന്മേലും അവിടെ ഉള്ളവരുടെ ദേഹത്തും തളിക്കണം. അസ്ഥിയെയോ, കൊല്ലപ്പെട്ടവനെയോ, മൃതശരീരത്തെയോ, ശവക്കുഴിയെയോ സ്പര്‍ശിച്ചവന്‍റെമേലും തളിക്കണം.

19 അശുദ്ധനായിത്തീര്‍ന്നവന്‍റെമേല്‍ മൂന്നാം ദിവസവും ഏഴാം ദിവസവും ആചാരപരമായ ശുദ്ധിയുളളവന്‍ ഇപ്രകാരം തളിക്കണം. ഏഴാം ദിവസം അവന്‍ വസ്ത്രം അലക്കി കുളിച്ചു ശുദ്ധനാകണം. സന്ധ്യവരെ അയാള്‍ അശുദ്ധനായിരിക്കും.

20 “എന്നാല്‍, അശുദ്ധനായിത്തീര്‍ന്നവന്‍ സ്വയംശുദ്ധീകരിക്കാതെയിരുന്നാല്‍, അവന്‍ തിരുസാന്നിധ്യകൂടാരം അശുദ്ധമാക്കുന്നു. അതുകൊണ്ട് ഇസ്രായേല്‍ജനത്തിന്‍റെ ഇടയില്‍നിന്ന് അവനെ ബഹിഷ്കരിക്കണം. ശുദ്ധീകരണജലം അവന്‍റെമേല്‍ വീഴാത്തതുകൊണ്ട് അവന്‍ അശുദ്ധനാകുന്നു.

21 ഇത് ഒരു ശാശ്വതനിയമമാണ്. ശുദ്ധീകരണജലം തളിക്കുന്നവന്‍ തന്‍റെ വസ്ത്രം അലക്കണം; ശുദ്ധീകരണജലത്തെ സ്പര്‍ശിക്കുന്നവന്‍ സന്ധ്യവരെ അശുദ്ധനായിരിക്കും.

22 അശുദ്ധിയുള്ള മനുഷ്യന്‍ സ്പര്‍ശിക്കുന്നതെന്തും അശുദ്ധമായിത്തീരും; അവയെ സ്പര്‍ശിക്കുന്നവനും സന്ധ്യവരെ അശുദ്ധനായിരിക്കും.”

20

1

ഒന്നാം മാസം ഇസ്രായേല്‍ജനസമൂഹം മുഴുവനും സീന്‍മരുഭൂമിയിലെത്തി; അവര്‍ കാദേശില്‍ പാര്‍ത്തു; അവിടെവച്ചു മിര്യാം മരിച്ചു. അവളെ അവിടെ സംസ്കരിച്ചു.

2 ജനത്തിനു കുടിക്കുന്നതിന് അവിടെ ജലമില്ലായിരുന്നു. അതുകൊണ്ട് അവര്‍ മോശയ്‍ക്കും അഹരോനും വിരോധമായി ഒരുമിച്ചുകൂടി.

3 ജനം മോശയോട് കലഹിച്ചു പറഞ്ഞു: “ഞങ്ങളുടെ സഹോദരര്‍ സര്‍വേശ്വരന്‍റെ മുമ്പില്‍ മരിച്ചു വീണതുപോലെ ഞങ്ങളും മരിച്ചിരുന്നെങ്കില്‍!

4 നിങ്ങള്‍ എന്തിന് ഈ മരുഭൂമിയിലേക്കു സര്‍വേശ്വരന്‍റെ സമൂഹത്തെ കൂട്ടിക്കൊണ്ടു വന്നു? ഞങ്ങളും ഞങ്ങളുടെ മൃഗങ്ങളും ഇവിടെവച്ചു ചത്തൊടുങ്ങണമോ?

5 ഈജിപ്തില്‍നിന്നു ഞങ്ങളെ എന്തിന് ഒന്നും വളരാത്ത ദുരിതപൂര്‍ണമായ ഈ സ്ഥലത്തേക്കു കൂട്ടിക്കൊണ്ടു വന്നു? ഇവിടെ ധാന്യമോ, അത്തിപ്പഴമോ, മുന്തിരിപ്പഴമോ, മാതളപ്പഴമോ ഇല്ല; കുടിക്കാന്‍ വെള്ളവും ഇല്ല.”

6 മോശയും അഹരോനും ജനസമൂഹത്തിന്‍റെ മുമ്പില്‍നിന്നു തിരുസാന്നിധ്യകൂടാരത്തിന്‍റെ വാതില്‌ക്കല്‍ ചെന്ന് അവിടെ കവിണ്ണുവീണു. സര്‍വേശ്വരന്‍റെ തേജസ്സ് അവര്‍ക്കു പ്രത്യക്ഷമായി.

7 സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു:

8 “നീ നിന്‍റെ വടിയെടുക്കുക, നീയും നിന്‍റെ സഹോദരനായ അഹരോനുംകൂടി ഇസ്രായേല്‍സമൂഹത്തെ മുഴുവനും ഒരുമിച്ചു കൂട്ടുക, അവര്‍ കാണ്‍കെ പാറയോടു ജലം തരാന്‍ കല്പിക്കുക. അപ്പോള്‍ പാറ ജലം പുറപ്പെടുവിക്കും. അങ്ങനെ നിങ്ങള്‍ പാറയില്‍നിന്നു ജലം ഒഴുക്കി ജനത്തിനും മൃഗങ്ങള്‍ക്കും കുടിക്കാന്‍ കൊടുക്കുക.”

9 സര്‍വേശ്വരന്‍ കല്പിച്ചതുപോലെ അവിടുത്തെ സന്നിധിയില്‍നിന്നു മോശ വടിയെടുത്തു.

10 മോശയും അഹരോനും സര്‍വജനത്തെയും പാറയുടെ മുമ്പില്‍ വിളിച്ചു കൂട്ടിയിട്ട് അവരോടു പറഞ്ഞു: “മത്സരികളേ, ശ്രദ്ധിക്കുക; ഈ പാറയില്‍നിന്നു നിങ്ങള്‍ക്കുവേണ്ടി ഞങ്ങള്‍ ജലം പുറപ്പെടുവിക്കണമോ?”

11 മോശ കൈ ഉയര്‍ത്തി വടികൊണ്ടു പാറമേല്‍ രണ്ടു തവണ അടിച്ചു; വെള്ളം ധാരാളമായി പ്രവഹിച്ചു; ജനങ്ങളും അവരുടെ മൃഗങ്ങളും അതില്‍നിന്നു കുടിച്ചു.

12 പിന്നീടു സര്‍വേശ്വരന്‍ മോശയോടും അഹരോനോടും അരുളിച്ചെയ്തു: “ഇസ്രായേല്‍ജനത്തിന്‍റെ മുമ്പില്‍ എന്‍റെ വിശുദ്ധി വെളിവാക്കാന്‍ തക്കവിധം നിങ്ങള്‍ എന്നില്‍ വിശ്വസിച്ചില്ല; അതുകൊണ്ട് ഇവര്‍ക്കു ഞാന്‍ നല്‌കിയിരിക്കുന്ന ദേശത്തേക്കു നിങ്ങള്‍ ഇവരെ കൊണ്ടുപോകുകയില്ല.”

13 ഇതാണ് മെരീബാ ജലപ്രവാഹം. ഇവിടെവച്ചാണ് ഇസ്രായേല്‍ജനം സര്‍വേശ്വരനെതിരായി കലഹിക്കുകയും, തന്‍റെ വിശുദ്ധി അവിടുന്ന് അവര്‍ക്കു വെളിപ്പെടുത്തുകയും ചെയ്തത്.

14

മോശ കാദേശില്‍നിന്ന് എദോംരാജാവിന്‍റെ അടുക്കലേക്കു ദൂതന്മാരെ അയച്ചു പറഞ്ഞു: “നിങ്ങളുടെ ചാര്‍ച്ചക്കാരായ ഇസ്രായേല്യര്‍ പറയുന്നു, ഞങ്ങള്‍ക്ക് ഉണ്ടായ കഷ്ടതകളെല്ലാം അങ്ങേക്കറിയാമല്ലോ.

15 ഞങ്ങളുടെ പിതാക്കന്മാര്‍ ഈജിപ്തിലേക്കു പോയതും അവര്‍ ദീര്‍ഘകാലം അവിടെ വസിച്ചതും ഈജിപ്തുകാര്‍ ഞങ്ങളുടെ പിതാക്കന്മാരോടും ഞങ്ങളോടും ക്രൂരമായി വര്‍ത്തിച്ചതും അങ്ങ് അറിയുന്നു.

16 ഞങ്ങള്‍ സര്‍വേശ്വരനോടു നിലവിളിച്ചു, അവിടുന്നു ഞങ്ങളുടെ നിലവിളി കേട്ടു; ദൂതനെ അയച്ച് ഈജിപ്തില്‍നിന്നു ഞങ്ങളെ കൂട്ടിക്കൊണ്ടു വന്നു. ഇപ്പോള്‍ ഞങ്ങള്‍ അങ്ങയുടെ രാജ്യത്തിന്‍റെ അതിര്‍ത്തിയിലുള്ള കാദേശ്പട്ടണത്തില്‍ എത്തിയിരിക്കുന്നു.

17 അങ്ങയുടെ രാജ്യത്തുകൂടി കടന്നുപോകാന്‍ ഞങ്ങളെ അനുവദിച്ചാലും. വയലുകളിലോ മുന്തിരിത്തോട്ടങ്ങളിലോ ഞങ്ങള്‍ കടക്കുകയില്ല. കിണറുകളില്‍നിന്നു വെള്ളം കുടിക്കുകയുമില്ല; അങ്ങയുടെ ദേശത്തിന്‍റെ അതിര്‍ത്തി കടക്കുന്നതുവരെ ഇടത്തോട്ടോ വലത്തോട്ടോ നോക്കാതെ രാജവീഥിയില്‍കൂടി മാത്രമേ ഞങ്ങള്‍ സഞ്ചരിക്കുകയുള്ളൂ.”

18 എന്നാല്‍ എദോംരാജാവ് പറഞ്ഞു: “എന്‍റെ രാജ്യത്തുകൂടി കടന്നുപോകാന്‍ നിങ്ങളെ അനുവദിക്കുകയില്ല; കടന്നാല്‍ വാളുമായി നിങ്ങളെ നേരിടും.”

19 ഇസ്രായേല്‍ജനം പറഞ്ഞു: “ഞങ്ങള്‍ പൊതുനിരത്തില്‍ക്കൂടി മാത്രമേ പോകുകയുള്ളൂ; ഞങ്ങളോ കന്നുകാലികളോ നിങ്ങളുടെ വെള്ളം കുടിച്ചാല്‍ ഞങ്ങള്‍ അതിനുള്ള വില തന്നുകൊള്ളാം; നടന്നു പോകാന്‍ മാത്രം ഞങ്ങളെ അനുവദിച്ചാലും. മറ്റൊന്നും ഞങ്ങള്‍ക്ക് ആവശ്യമില്ല.”

20 “നിങ്ങള്‍ കടന്നു പോകരുത്;” അദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞു. എദോം രാജാവ് ശക്തമായ ഒരു സൈന്യത്തോടുകൂടി ഇസ്രായേലിന്‍റെ നേരേ പുറപ്പെട്ടു.

21 എദോമില്‍കൂടി കടന്നുപോകാന്‍ എദോംരാജാവ് അനുവദിക്കായ്കയാല്‍ ഇസ്രായേല്യര്‍ അവിടെനിന്നു മറ്റൊരു വഴിയിലൂടെ തിരിഞ്ഞുപോയി.

22

ഇസ്രായേല്‍സമൂഹം കാദേശില്‍നിന്നു പുറപ്പെട്ടു ഹോര്‍പര്‍വതത്തില്‍ എത്തി.

23 എദോംരാജ്യത്തിന്‍റെ അതിര്‍ത്തിയിലുള്ള ഹോര്‍പര്‍വതത്തില്‍വച്ചു സര്‍വേശ്വരന്‍ മോശയോടും അഹരോനോടും അരുളിച്ചെയ്തു:

24 “അഹരോന്‍ മരിച്ചു പിതാക്കന്മാരോടു ചേരാന്‍ പോകുകയാണ്; മെരീബായില്‍വച്ചു നിങ്ങള്‍ എന്നോടു മത്സരിച്ചതുകൊണ്ട് ഇസ്രായേല്‍ജനത്തിനു ഞാന്‍ നല്‌കുമെന്നു വാഗ്ദാനം ചെയ്ത ദേശത്ത് അഹരോന്‍ പ്രവേശിക്കുകയില്ല.

25 അഹരോനെയും പുത്രനായ എലെയാസാറിനെയും ഹോര്‍പര്‍വതത്തിലേക്കു കൂട്ടിക്കൊണ്ടുവരിക.

26 അഹരോന്‍റെ വസ്ത്രം ഊരി അവന്‍റെ പുത്രനായ എലെയാസാറിനെ ധരിപ്പിക്കണം; അഹരോന്‍ അവിടെവച്ചു മരിക്കും.”

27 സര്‍വേശ്വരന്‍ കല്പിച്ചതുപോലെ മോശ ചെയ്തു. സമൂഹം മുഴുവനും കാണ്‍കെ അവര്‍ പര്‍വതത്തിലേക്കു കയറിപ്പോയി.

28 മോശ അഹരോന്‍റെ വസ്ത്രം ഊരി എലെയാസാറിനെ ധരിപ്പിച്ചു. പര്‍വതത്തിന്‍റെ മുകളില്‍വച്ച് അഹരോന്‍ മരിച്ചു. പിന്നീട് മോശയും എലെയാസാറും പര്‍വതത്തില്‍നിന്ന് ഇറങ്ങിവന്നു.

29 അഹരോന്‍ മരിച്ച വിവരം അറിഞ്ഞ ഇസ്രായേല്‍സമൂഹം മുപ്പതു ദിവസത്തേക്കു വിലാപം ആചരിച്ചു.

21

1

നെഗെബുദേശത്തു പാര്‍ത്തിരുന്ന കനാന്യരാജാവായ അരാദ്, ഇസ്രായേല്‍ജനം അഥാരീംവഴിയായി വരുന്നു എന്നു കേട്ട് അവരെ ആക്രമിക്കുകയും അവരില്‍ ചിലരെ തടവുകാരാക്കുകയും ചെയ്തു.

2 “ജനത്തെ ഞങ്ങളുടെ കൈയില്‍ ഏല്പിച്ചാല്‍ ഞങ്ങള്‍ അവരുടെ പട്ടണങ്ങള്‍ നിശ്ശേഷം നശിപ്പിക്കും” എന്ന് ഇസ്രായേല്‍ജനം സര്‍വേശ്വരനോടു ശപഥം ചെയ്തു.

3 അവരുടെ അപേക്ഷ കേട്ട് അവിടുന്നു കനാന്യരെ അവരുടെ കൈയില്‍ ഏല്പിച്ചു. അവര്‍ കനാന്യരെയും അവരുടെ പട്ടണങ്ങളെയും പൂര്‍ണമായി നശിപ്പിച്ചു. അങ്ങനെ ആ സ്ഥലത്തിനു ഹോര്‍മ്മാ എന്നു പേരായി.

4

ഇസ്രായേല്‍ജനം എദോം ചുറ്റിപ്പോകാന്‍ ഹോര്‍പര്‍വതത്തില്‍നിന്നു ചെങ്കടല്‍വഴിയായി യാത്ര തിരിച്ചു. വഴിയില്‍വച്ചു ജനം അക്ഷമരായി.

5 അവര്‍ ദൈവത്തിനും മോശയ്‍ക്കും എതിരായി പറഞ്ഞു: “ഈ മരുഭൂമിയില്‍വച്ചു മരിക്കാന്‍ ഞങ്ങളെ ഈജിപ്തില്‍നിന്നു വിടുവിച്ചു കൊണ്ടുവന്നതെന്തിന്? ഇവിടെ ഞങ്ങള്‍ക്ക് ആഹാരവും വെള്ളവും ഇല്ല. ഈ വിലകെട്ട ഭക്ഷണം ഞങ്ങള്‍ക്കു മടുത്തു.”

6 അപ്പോള്‍ സര്‍വേശ്വരന്‍ വിഷസര്‍പ്പങ്ങളെ അവരുടെ ഇടയില്‍ അയച്ചു; അവയുടെ കടിയേറ്റ് അനേകം ഇസ്രായേല്യര്‍ മരിച്ചു.

7 ജനം മോശയുടെ അടുത്തു വന്നു പറഞ്ഞു: “ഞങ്ങള്‍ പാപം ചെയ്തു; സര്‍വേശ്വരനും അങ്ങേക്കും എതിരായി സംസാരിച്ചുപോയല്ലോ. ഞങ്ങളുടെ ഇടയില്‍നിന്നു സര്‍പ്പങ്ങളെ നീക്കിക്കളയാന്‍ സര്‍വേശ്വരനോട് അപേക്ഷിക്കണമേ.” അപ്പോള്‍ മോശ ജനത്തിനുവേണ്ടി പ്രാര്‍ഥിച്ചു.

8 അവിടുന്നു മോശയോട് അരുളിച്ചെയ്തു: “പിച്ചളകൊണ്ട് ഒരു സര്‍പ്പത്തെ ഉണ്ടാക്കി ഒരു ദണ്ഡിന്മേല്‍ ഉയര്‍ത്തുക; സര്‍പ്പങ്ങളുടെ കടിയേല്‌ക്കുന്നവന്‍ പിച്ചളസര്‍പ്പത്തെ നോക്കിയാല്‍ മരിക്കുകയില്ല.

9 മോശ പിച്ചളകൊണ്ട് ഒരു സര്‍പ്പത്തെ ഉണ്ടാക്കി അതിനെ ഒരു ദണ്ഡിന്മേല്‍ ഉയര്‍ത്തി. സര്‍പ്പത്തിന്‍റെ കടിയേറ്റവര്‍ പിച്ചളസര്‍പ്പത്തെ നോക്കിയാല്‍ അവര്‍ ജീവിക്കും.

10

ഇസ്രായേല്‍ജനം യാത്ര പുറപ്പെട്ട് ഓബോത്തില്‍ പാളയമടിച്ചു.

11 അവിടെനിന്നു മോവാബിന്‍റെ കിഴക്കു വശത്തു മരുഭൂമിയിലുള്ള ഇയ്യെ-അബാരീമില്‍ എത്തി.

12 പിന്നീട് അവിടെനിന്നു യാത്ര ചെയ്തു സാരേദ്താഴ്വരയില്‍ എത്തി പാളയമടിച്ചു.

13 അവിടെനിന്ന് അവര്‍ യാത്ര തിരിച്ച് അര്‍ന്നോന്‍ നദിക്കക്കരെ എത്തി പാളയമടിച്ചു; അമോര്യദേശത്തു നിന്നുദ്ഭവിച്ചു മരുഭൂമിയില്‍ക്കൂടി ഒഴുകുന്ന അര്‍ന്നോന്‍നദി മോവാബിനും അമോര്യക്കും മധ്യേയുള്ള അതിരായിരുന്നു.

14 അതുകൊണ്ടാണു ‘സര്‍വേശ്വരന്‍റെ യുദ്ധങ്ങള്‍’ എന്ന പുസ്തകത്തില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നത്:

സൂഫായിലെ വഹേബ്പട്ടണവും താഴ്വരകളും, അര്‍ന്നോന്‍നദിയും,

15
ആര്‍ പട്ടണവും മോവാബിന്‍റെ അതിരുവരെ നീണ്ടു കിടക്കുന്ന ചരിവുകളും.

16
അവര്‍ അവിടെനിന്നു ബേരിലേക്കു പുറപ്പെട്ടു;
“ജനത്തെ ഒന്നിച്ചു കൂട്ടുക; അവര്‍ക്കു കുടിക്കാന്‍ ഞാന്‍ വെള്ളം നല്‌കും” എന്ന് അവിടെവച്ചാണ് സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തത്.

17

അപ്പോള്‍ ഇസ്രായേല്‍ജനം ഇങ്ങനെ പാടി:

“കിണറുകളേ നിറഞ്ഞു കവിയുക; അതിനെ പ്രകീര്‍ത്തിച്ചു പാടുവിന്‍.

18
പ്രഭുക്കന്മാര്‍ കുഴിച്ച കിണറുകള്‍,
ചെങ്കോല്‍കൊണ്ടും ദണ്ഡുകള്‍കൊണ്ടും
ജനനേതാക്കള്‍ കുത്തിയ കിണറുകള്‍.

19

പിന്നീടവര്‍ ബേരില്‍നിന്നു മത്ഥാനയിലേക്കു യാത്ര തിരിച്ചു.

20 അവിടെനിന്നു നഹലീയേലിലേക്കും നഹലീയേലില്‍നിന്നു ബാമോത്തിലേക്കും ബാമോത്തില്‍നിന്നു മരുഭൂമിക്ക് അഭിമുഖമായി നില്‌ക്കുന്ന പിസ്ഗാമലയുടെ സമീപം മോവാബു പ്രദേശത്തുള്ള താഴ്വരകളിലേക്കും അവര്‍ പോയി.

21

ഇസ്രായേല്‍ജനം അമോര്യരുടെ രാജാവായ സീഹോന്‍റെ അടുക്കല്‍ ദൂതന്മാരെ അയച്ചു പറഞ്ഞു:

22 “അങ്ങയുടെ രാജ്യത്തുകൂടി കടന്നുപോകാന്‍ ഞങ്ങളെ അനുവദിച്ചാലും; വയലുകളിലും മുന്തിരിത്തോട്ടങ്ങളിലും ഞങ്ങള്‍ പ്രവേശിക്കുകയില്ല. കിണറുകളില്‍നിന്നു വെള്ളം കോരുകയോ, നിങ്ങളുടെ അതിര്‍ത്തി കടക്കുന്നതുവരെ രാജപാതയില്‍ കൂടിയല്ലാതെ സഞ്ചരിക്കുകയോ ഇല്ല.

23 എന്നാല്‍ തന്‍റെ ദേശത്തുകൂടി കടന്നുപോകാന്‍ സീഹോന്‍ സമ്മതിച്ചില്ല; മാത്രമല്ല, അയാള്‍ തന്‍റെ ജനത്തെ വിളിച്ചുകൂട്ടി, ഇസ്രായേല്‍ജനത്തെ ആക്രമിക്കാന്‍ മരുഭൂമിയിലേക്കു പുറപ്പെടുകയും ചെയ്തു; അവര്‍ യാഹാസില്‍വച്ച് ഇസ്രായേല്‍ജനത്തോടു യുദ്ധം ചെയ്തു.

24 ഇസ്രായേല്‍ജനം അവരെ സംഹരിച്ച് അര്‍ന്നോന്‍ മുതല്‍ അമ്മോന്യരാജ്യത്തിന്‍റെ അതിരായ യാബോക്കുവരെ വ്യാപിച്ചുകിടന്ന സീഹോന്‍റെ രാജ്യം കൈവശമാക്കി. യാസെര്‍ ആയിരുന്നു അമ്മോന്യരുടെ അതിര്.

25 ഇസ്രായേല്‍ജനം അമോര്യരുടെ പട്ടണങ്ങളെല്ലാം കൈവശമാക്കി, ഹെശ്ബോനിലും അതിലെ സകല ഗ്രാമങ്ങളിലും അവര്‍ വാസമുറപ്പിച്ചു.

26 അമോര്യരാജാവായിരുന്ന സീഹോന്‍റെ നഗരമായിരുന്നു ഹെശ്ബോന്‍. മോവാബുരാജാവിനെ തോല്പിച്ച് സീഹോന്‍ അര്‍ന്നോന്‍വരെയുള്ള ദേശം കൈവശപ്പെടുത്തിയിരുന്നു.

27 അതുകൊണ്ടാണ് ഗായകര്‍ ഇങ്ങനെ പാടിയത്:

“ഹെശ്ബോനിലേക്കു വരിക;
അതു വീണ്ടും പണിയുക;
സീഹോന്‍റെ നഗരം പുനഃസ്ഥാപിക്കപ്പെടട്ടെ.”

28
ഹെശ്ബോനില്‍നിന്ന് അഗ്നി പുറപ്പെട്ടു, സീഹോന്‍റെ നഗരിയില്‍നിന്നു തീജ്വാല പ്രവഹിച്ചു.
അതു മോവാബിലെ ആര്‍ പട്ടണത്തെയും,
അര്‍ന്നോന്‍ ഗിരികളിലെ പ്രഭുക്കളെയും വിഴുങ്ങിക്കളഞ്ഞു.

29
മോവാബേ നിനക്കു കഷ്ടം!
കെമോശ് നിവാസികളേ, നിങ്ങള്‍ക്കു നാശം!
അവന്‍ തന്‍റെ പുത്രന്മാരെ അഭയാര്‍ഥികളാക്കി;
പുത്രിമാരെ അമോര്യരാജാവായ സീഹോന് അടിമകളാക്കി.

30
നാം ദീബോന്‍വരെയുള്ള ഹെശ്ബോന്യരെ നശിപ്പിച്ചു. മെദബയ്‍ക്കടുത്തു നോഫവരെയുള്ളവരെ സംഹരിച്ചു.

31

അങ്ങനെ ഇസ്രായേല്‍ജനം അമോര്യരുടെ ദേശത്തു വസിച്ചു.

32 യാസെര്‍ദേശം ഒറ്റുനോക്കാന്‍ മോശ ചാരന്മാരെ അയച്ചു; അവര്‍ ഗ്രാമങ്ങള്‍ പിടിച്ചെടുത്തു; അമോര്യരെ ഓടിച്ചുകളഞ്ഞു.

33 പിന്നീട് ഇസ്രായേല്‍ജനം ബാശാനിലേക്കുള്ള വഴിയിലൂടെ യാത്ര ചെയ്തു; ബാശാന്‍രാജാവായ ഓഗ് തന്‍റെ ജനവുമായി ഏദ്രയില്‍വച്ച് ഇസ്രായേല്യരോട് ഏറ്റുമുട്ടാന്‍ പുറപ്പെട്ടു.

34 സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “അവനെ നീ ഭയപ്പെടേണ്ടാ; അവനെയും അവന്‍റെ ജനത്തെയും ദേശത്തെയും ഞാന്‍ നിനക്കു നല്‌കിയിരിക്കുന്നു. നീ ഹെശ്ബോനില്‍ വാണിരുന്ന അമോര്യരാജാവായ സീഹോനോടു ചെയ്തതുപോലെ അവനോടും പ്രവര്‍ത്തിക്കണം.

35 ഇസ്രായേല്‍ജനം ഓഗ് രാജാവിനെയും അയാളുടെ പുത്രന്മാരെയും ജനത്തെയും കൊന്നൊടുക്കി. ഒരു അവകാശിപോലും അയാള്‍ക്കു ശേഷിച്ചില്ല. അങ്ങനെ ആ ദേശം അവര്‍ കൈവശമാക്കി.

22

1

ഇസ്രായേല്‍ജനം യാത്ര തുടര്‍ന്നു യോര്‍ദ്ദാനക്കരെ മോവാബുസമഭൂമിയില്‍ ചെന്നു യെരീഹോവിനെതിരേ പാളയമടിച്ചു.

2 ഇസ്രായേല്യര്‍ അമോര്യരോടു പ്രവര്‍ത്തിച്ചതെല്ലാം സിപ്പോരിന്‍റെ പുത്രനായ ബാലാക്ക് അറിഞ്ഞു.

3 ഇസ്രായേല്‍ജനത്തിന്‍റെ സംഖ്യാബലം മോവാബ്യരെ ഭയചകിതരും പരിഭ്രാന്തരുമാക്കി.

4 മോവാബുരാജാവ് മിദ്യാന്യനേതാക്കന്മാരോടു പറഞ്ഞു: “വയലിലെ പുല്ല് കാള തിന്ന് ഒടുക്കുംപോലെ ഈ നാടോടികള്‍ നമ്മുടെ ചുറ്റുമുള്ളതെല്ലാം നശിപ്പിച്ചുകളയും.” സിപ്പോരിന്‍റെ മകന്‍ ബാലാക്കായിരുന്നു അന്നു മോവാബിലെ രാജാവ്.

5 അയാള്‍ അമാവ്ദേശത്തു യൂഫ്രട്ടീസ് നദീതീരത്തുള്ള പെഥോരില്‍ പാര്‍ത്തിരുന്ന ബെയോരിന്‍റെ മകന്‍ ബിലെയാമിന്‍റെ അടുക്കലേക്കു ദൂതന്മാരെ അയച്ചു പറഞ്ഞു: “ഒരു ജനത ഈജിപ്തില്‍നിന്നു വന്ന് ഈ പ്രദേശം മുഴുവന്‍ നിറഞ്ഞിരിക്കുന്നു; അവര്‍ എനിക്ക് എതിരേ പാളയമടിച്ചിരിക്കുകയാണ്.

6 എനിക്കു നേരിടാന്‍ കഴിയാത്തവിധം ശക്തരാണവര്‍. അങ്ങു വന്ന് എനിക്കുവേണ്ടി അവരെ ശപിച്ചാലും; അങ്ങനെ ചെയ്താല്‍ ഞങ്ങള്‍ക്ക് അവരെ തോല്പിച്ച് ഓടിക്കാന്‍ സാധിച്ചേക്കും. അങ്ങ് അനുഗ്രഹിക്കുന്നവര്‍ അനുഗ്രഹിക്കപ്പെടുകയും, ശപിക്കുന്നവര്‍ ശപിക്കപ്പെടുകയും ചെയ്യും എന്ന് എനിക്ക് അറിയാം.”

7 മോവാബിലെയും മിദ്യാനിലെയും ജനപ്രമാണികള്‍ ശാപത്തിനുള്ള ദക്ഷിണയുമായി ബിലെയാമിന്‍റെ അടുക്കല്‍ ചെന്ന് ബാലാക്കിന്‍റെ സന്ദേശം അറിയിച്ചു.

8 ബിലെയാം അവരോടു പറഞ്ഞു: “ഇന്നു രാത്രി ഇവിടെ പാര്‍ക്കുക, സര്‍വേശ്വരന്‍റെ അരുളപ്പാടു ഞാന്‍ നിങ്ങളെ അറിയിക്കാം.” അങ്ങനെ മോവാബ്യപ്രഭുക്കന്മാര്‍ അന്ന് അവിടെ പാര്‍ത്തു.

9 “നിന്‍റെ കൂടെയുള്ള ഇവരാരാണ്?” ദൈവം ബിലെയാമിനോടു ചോദിച്ചു.

10 ബിലെയാം പറഞ്ഞു: “സിപ്പോരിന്‍റെ പുത്രനും മോവാബുരാജാവുമായ ബാലാക്ക് എന്‍റെ അടുക്കലേക്ക് അയച്ചവരാണിവര്‍.”

11 ‘ഈജിപ്തില്‍നിന്നു വന്ന ഒരു ജനതയെക്കൊണ്ട് ഈ പ്രദേശം മുഴുവന്‍ നിറഞ്ഞിരിക്കുന്നു; അവിടുന്ന് എനിക്കുവേണ്ടി അവരെ ശപിച്ചാലും; അങ്ങനെ ചെയ്താല്‍ ഞങ്ങള്‍ക്ക് അവരെ തോല്പിച്ചോടിക്കാന്‍ കഴിഞ്ഞേക്കും’ എന്ന് അവര്‍ പറയുന്നു.

12 ദൈവം ബിലെയാമിനോടു പറഞ്ഞു: “നീ അവരോടൊത്ത് പോകരുത്; ആ ജനത്തെ ശപിക്കയുമരുത്; അവര്‍ അനുഗൃഹീതരാകുന്നു.”

13 പിറ്റേന്നു രാവിലെ ബിലെയാം ബാലാക്കിന്‍റെ പ്രഭുക്കന്മാരോടു പറഞ്ഞു: “നിങ്ങളുടെ ദേശത്തേക്കു മടങ്ങിപ്പോകുക. നിങ്ങളുടെകൂടെ വരാന്‍ സര്‍വേശ്വരന്‍ എന്നെ അനുവദിക്കുന്നില്ല.”

14 മോവാബ്പ്രഭുക്കന്മാര്‍ ബാലാക്കിന്‍റെ അടുക്കല്‍ ചെന്നു: “ബിലെയാം ഞങ്ങളോടൊപ്പം വരാന്‍ വിസമ്മതിക്കുന്നു” എന്നു പറഞ്ഞു.

15 അവരെക്കാള്‍ ബഹുമാന്യരായ കൂടുതല്‍ പ്രഭുക്കന്മാരെ ബാലാക്ക് വീണ്ടും അയച്ചു.

16 അവര്‍ ബിലെയാമിന്‍റെ അടുക്കല്‍ ചെന്നു പറഞ്ഞു: “സിപ്പോരിന്‍റെ പുത്രനായ ബാലാക്ക് പറയുന്നു, എന്‍റെ അടുക്കല്‍ വരുന്നതിനു യാതൊരു വിസമ്മതവും പറയരുതേ;

17 അങ്ങയെ ഞാന്‍ ഏറ്റവും അധികം ബഹുമാനിക്കും. അങ്ങു ചോദിക്കുന്നതെന്തും ഞാന്‍ നല്‌കാം; അങ്ങു വന്ന് എനിക്കുവേണ്ടി ഈ ജനത്തെ ശപിച്ചാലും.”

18 ബാലാക്കിന്‍റെ ദൂതന്മാരോടു ബിലെയാം പറഞ്ഞു: “നിറയെ വെള്ളിയും സ്വര്‍ണവുമുള്ള തന്‍റെ വീടു ബാലാക്ക് തന്നാലും, എന്‍റെ ദൈവമായ സര്‍വേശ്വരന്‍ കല്പിക്കുന്നതിനെക്കാള്‍ കൂടുതലായോ കുറവായോ ചെയ്യാന്‍ എനിക്കു കഴിയുകയില്ല.

19 നിങ്ങള്‍ ഈ രാത്രി ഇവിടെ പാര്‍ക്കുക. സര്‍വേശ്വരന്‍ എന്നോടു കൂടുതലായി എന്ത് അരുളിച്ചെയ്യും എന്ന് അറിയട്ടെ.”

20 രാത്രിയില്‍ ദൈവം ബിലെയാമിന്‍റെ അടുക്കല്‍ വന്നു പറഞ്ഞു: “നിന്നെ കൂട്ടിക്കൊണ്ടു പോകാനാണ് അവര്‍ വന്നിരിക്കുന്നതെങ്കില്‍ അവരോടൊത്തു പോകുക; എന്നാല്‍ ഞാന്‍ കല്പിക്കുന്നതു മാത്രമേ നീ ചെയ്യാവൂ.”

21 ബിലെയാം പ്രഭാതത്തില്‍ എഴുന്നേറ്റു കഴുതയ്‍ക്കു ജീനിയിട്ടു മോവാബ്യപ്രഭുക്കന്മാരോടൊപ്പം പുറപ്പെട്ടു.

22

ബിലെയാം യാത്ര പുറപ്പെട്ടപ്പോള്‍ ദൈവത്തിന്‍റെ കോപം ജ്വലിച്ചു; സര്‍വേശ്വരന്‍റെ ഒരു ദൂതന്‍ അവനെതിരേ വഴിയില്‍ നിന്നു. കഴുതപ്പുറത്തു യാത്ര ചെയ്ത ബിലെയാമിനോടൊത്തു രണ്ടു ഭൃത്യന്മാരും ഉണ്ടായിരുന്നു.

23 സര്‍വേശ്വരന്‍റെ ദൂതന്‍ ഊരിയവാളുമായി വഴിയില്‍ നില്‌ക്കുന്നതു കണ്ടു കഴുത വയലിലേക്കു ചാടി. വഴിയിലേക്കു തിരിച്ചു കൊണ്ടുവരുന്നതിനു ബിലെയാം കഴുതയെ അടിച്ചു.

24 അപ്പോള്‍ സര്‍വേശ്വരന്‍റെ ദൂതന്‍ മുന്തിരിത്തോട്ടങ്ങളുടെ ഇടയ്‍ക്ക് ഇരുവശവും മതിലുകളുള്ള ഒരു ഇടുങ്ങിയ വഴിയില്‍ ചെന്നുനിന്നു.

25 കഴുത സര്‍വേശ്വരന്‍റെ ദൂതനെ കണ്ട് ഒരു വശത്തുള്ള മതിലിന്‍റെ അരികിലേക്കു നീങ്ങി; ബിലെയാമിന്‍റെ കാല്‍ മതിലിനോടു ചേര്‍ത്തു ഞെരുക്കി. അപ്പോള്‍ അയാള്‍ അതിനെ വീണ്ടും അടിച്ചു.

26 പിന്നീട് ദൂതന്‍ മുമ്പോട്ടു ചെന്ന് ഇടത്തോട്ടോ വലത്തോട്ടോ മാറുവാന്‍ ഇടയില്ലാത്ത ഒരു ഇടുങ്ങിയ വഴിയില്‍ ചെന്നുനിന്നു.

27 സര്‍വേശ്വരന്‍റെ ദൂതനെ കണ്ടപ്പോള്‍ കഴുത കിടന്നുകളഞ്ഞു. അപ്പോള്‍ കുപിതനായ ബിലെയാം അതിനെ വീണ്ടും അടിച്ചു.

28 പെട്ടെന്നു സര്‍വേശ്വരന്‍ കഴുതയുടെ വായ് തുറന്നു; അതു ബിലെയാമിനോടു ചോദിച്ചു: “നീ എന്നെ മൂന്നു പ്രാവശ്യം അടിക്കാന്‍ തക്കവിധം നിന്നോടു ഞാന്‍ എന്തു ചെയ്തു.”

29 “നീ എന്നെ വിഡ്ഢിയാക്കിയതുകൊണ്ടാണു ഞാന്‍ അങ്ങനെ ചെയ്തത്; എന്‍റെ കൈയില്‍ ഒരു വാളുണ്ടായിരുന്നെങ്കില്‍ നിന്നെ ഞാന്‍ കൊന്നുകളയുമായിരുന്നു” എന്നു ബിലെയാം കഴുതയോടു പറഞ്ഞു.

30 കഴുത ഇങ്ങനെ പറഞ്ഞു: “ഈ കാലമെല്ലാം നീ കയറി നടന്ന നിന്‍റെ കഴുതയല്ലേ ഞാന്‍. ഇതിനു മുമ്പ് എപ്പോഴെങ്കിലും ഇപ്രകാരം പെരുമാറിയിട്ടുണ്ടോ?”

31 “ഇല്ല.” ബിലെയാം മറുപടി പറഞ്ഞു. സര്‍വേശ്വരന്‍ ബിലെയാമിന്‍റെ കണ്ണു തുറന്നു; അപ്പോള്‍ അവിടുത്തെ ദൂതന്‍ ഊരിപ്പിടിച്ച വാളുമായി നില്‌ക്കുന്നതു കണ്ടു ബിലെയാം സാഷ്ടാംഗം വീണു നമസ്കരിച്ചു.

32 ദൂതന്‍ ചോദിച്ചു: “മൂന്നു പ്രാവശ്യം നീ കഴുതയെ അടിച്ചത് എന്ത്? നീ വഴി തെറ്റിപ്പോകുന്നതിനാല്‍ നിന്നെ തടയാനാണു ഞാന്‍ വന്നത്.

33 കഴുത എന്നെ കണ്ട് ഈ മൂന്നു തവണയും ഒഴിഞ്ഞുമാറി; അങ്ങനെ ചെയ്യാതിരുന്നെങ്കില്‍ ഞാന്‍ നിന്നെ കൊല്ലുകയും അതിനെ വെറുതേ വിടുകയും ചെയ്യുമായിരുന്നു.”

34 ബിലെയാം സര്‍വേശ്വരന്‍റെ ദൂതനോടു പറഞ്ഞു: “ഞാന്‍ പാപം ചെയ്തുപോയി. എനിക്ക് എതിരായി അങ്ങു വഴിയില്‍ നില്‌ക്കുന്നതു ഞാന്‍ അറിഞ്ഞില്ല. ഇവരോടൊത്തു പോകുന്നത് തിന്മയാണെങ്കില്‍ ഞാന്‍ മടങ്ങിപ്പൊയ്‍ക്കൊള്ളാം.”

35 ദൂതന്‍ ബിലെയാമിനോടു പറഞ്ഞു: “ഇവരോടൊത്തു പൊയ്‍ക്കൊള്ളുക: എന്നാല്‍ ഞാന്‍ കല്പിക്കുന്നതു മാത്രമേ നീ പറയാവൂ.” ബാലാക്കിന്‍റെ പ്രഭുക്കന്മാരോടുകൂടി ബിലെയാം പോയി.

36

ബിലെയാം വരുന്ന വിവരം അറിഞ്ഞപ്പോള്‍ ബാലാക്ക് അദ്ദേഹത്തെ സ്വീകരിക്കാന്‍ രാജ്യത്തിന്‍റെ അതിര്‍ത്തിയില്‍ അര്‍ന്നോന്‍ നദിയുടെ തീരത്തുള്ള മോവാബുപട്ടണംവരെ ചെന്നു.

37 ബാലാക്ക് അദ്ദേഹത്തോടു ചോദിച്ചു: “അങ്ങയെ കൂട്ടിക്കൊണ്ടു വരുന്നതിനു ഞാന്‍ ആളയച്ചിട്ടും എന്താണു വരാതിരുന്നത്? പ്രതിഫലം നല്‌കി അങ്ങയെ ആദരിക്കാന്‍ എനിക്കു കഴിവില്ലെന്നു വിചാരിച്ചുവോ?”

38 ബിലെയാം ബാലാക്കിനോടു പറഞ്ഞു: “ഞാന്‍ ഇതാ വന്നല്ലോ, എന്നാല്‍ എന്‍റെ ഇഷ്ടംപോലെ എനിക്ക് എന്തെങ്കിലും പറയാമോ? സര്‍വേശ്വരന്‍ കല്പിക്കുന്നതു മാത്രമേ എനിക്കു പറയാന്‍ കഴിയൂ.”

39 ബിലെയാം ബാലാക്കിനോടൊത്തു കിര്യത്ത്-ഹൂസോത്തിലേക്കു പോയി.

40 ബാലാക്ക് ആടുമാടുകളെ കൊന്നു മാംസം ബിലെയാമിനും കൂടെയുണ്ടായിരുന്ന പ്രഭുക്കന്മാര്‍ക്കും കൊടുത്തയച്ചു.

41

ബാലാക്ക് അടുത്ത ദിവസം പ്രഭാതത്തില്‍ ബാമോത്തു-ബാലിലേക്കു ബിലെയാമിനെ കൂട്ടിക്കൊണ്ടു പോയി; ഇസ്രായേല്‍പാളയത്തിന്‍റെ ഇങ്ങേ അറ്റം അദ്ദേഹം അവിടെ നിന്നു കണ്ടു.

23

1

ബിലെയാം ബാലാക്കിനോടു പറഞ്ഞു: “ഇവിടെ എനിക്കുവേണ്ടി ഏഴു യാഗപീഠങ്ങള്‍ പണിയുക; ഏഴു കാളകളെയും ഏഴ് ആണാടിനെയും കൊണ്ടുവരിക.”

2 ബിലെയാം പറഞ്ഞതുപോലെ ബാലാക്ക് ചെയ്തു; ഓരോ യാഗവേദിയിലും ഓരോ കാളയെയും ഓരോ ആടിനെയും ബിലെയാമും ബാലാക്കുംകൂടി അര്‍പ്പിച്ചു.

3 ബിലെയാം ബാലാക്കിനോടു പറഞ്ഞു: “ഇവിടെ നിന്‍റെ ഹോമയാഗത്തിന്‍റെ അടുക്കല്‍ നീ നില്‌ക്കുക. ഞാന്‍ പോകട്ടെ; സര്‍വേശ്വരന്‍ എനിക്കു പ്രത്യക്ഷനായേക്കാം, എന്നോട് അവിടുന്ന് അരുളിച്ചെയ്യുന്നതു ഞാന്‍ നിന്നോടു പറയാം.” അതിനുശേഷം ബിലെയാം ഒരു മലയിലേക്കു പോയി.

4 ദൈവം ബിലെയാമിനു പ്രത്യക്ഷനായി; ബിലെയാം അവിടുത്തോടു പറഞ്ഞു: “ഞാന്‍ ഏഴു യാഗപീഠങ്ങള്‍ ഒരുക്കി ഓരോ യാഗപീഠത്തിലും ഓരോ കാളയെയും ഓരോ ആണാടിനെയും അര്‍പ്പിച്ചിരിക്കുന്നു.”

5 സര്‍വേശ്വരന്‍ തന്‍റെ സന്ദേശം ബിലെയാമിനു നല്‌കിയശേഷം: “നീ തിരിച്ചു ചെന്നു ബാലാക്കിനോട് ഇതു പറയുക” എന്നു കല്പിച്ചു.

6 അയാള്‍ ബാലാക്കിന്‍റെ അടുക്കല്‍ മടങ്ങിച്ചെന്നു. ബാലാക്ക് അപ്പോഴും തന്‍റെ ഹോമയാഗത്തിന്‍റെ അടുക്കല്‍ മോവാബ്യപ്രഭുക്കന്മാരോടൊത്തു നില്‌ക്കുന്നുണ്ടായിരുന്നു.

7

ബിലെയാം ഇപ്രകാരം പ്രവചിച്ചു:

“അരാമില്‍നിന്ന്, കിഴക്കന്‍ ഗിരികളില്‍നിന്ന്

മോവാബുരാജാവായ ബാലാക്ക് എന്നെ വരുത്തി.

വരിക, യാക്കോബിനെ എനിക്കുവേണ്ടി ശപിക്കുക;

വരിക, ഇസ്രായേലിനെ തള്ളിപ്പറയുക” എന്നു പറഞ്ഞു.

8

ദൈവം ശപിക്കാത്തവനെ എങ്ങനെ ഞാന്‍ ശപിക്കും?

ദൈവം നിന്ദിക്കാത്തവനെ എങ്ങനെ ഞാന്‍ നിന്ദിക്കും?

9

ശൈലാഗ്രങ്ങളില്‍നിന്നു ഞാന്‍ അവരെ കാണുന്നു;

പര്‍വതങ്ങളില്‍നിന്ന് അവരെ ഞാന്‍ ദര്‍ശിക്കുന്നു.

അവര്‍ വേറിട്ടു പാര്‍ക്കുന്ന ജനത, ജനതകളോട് ഇടകലരാത്തവര്‍.

10

ഇസ്രായേലിന്‍റെ ധൂളിപടലം എണ്ണാന്‍ ആര്‍ക്കു കഴിയും?

ഇസ്രായേല്‍ജനതയുടെ നാലിലൊന്നിനെ ആര് എണ്ണിത്തിട്ടപ്പെടുത്തും?

ധര്‍മിഷ്ഠനെപ്പോലെ ഞാന്‍ മരണമടയട്ടെ; എന്‍റെ അന്തവും അവന്‍റേതുപോലെയാകട്ടെ!

11

ബാലാക്ക് ബിലെയാമിനോടു പറഞ്ഞു: “നീ എന്നോട് എന്താണ് ചെയ്തത്? എന്‍റെ ശത്രുക്കളെ ശപിക്കാനല്ലേ ഞാന്‍ നിന്നെ കൊണ്ടുവന്നത്? എന്നാല്‍ അവരെ ശപിക്കാതെ അനുഗ്രഹിക്കുകയാണല്ലോ നീ ചെയ്തത്?”

12 “സര്‍വേശ്വരന്‍ എന്നോടു കല്പിക്കുന്നതല്ലേ ഞാന്‍ പറയേണ്ടത്” എന്നു ബിലെയാം മറുപടി പറഞ്ഞു.

13

ബാലാക്ക് ബിലെയാമിനോടു പറഞ്ഞു: “എന്നോടൊത്തു മറ്റൊരു സ്ഥലത്തേക്കു വരിക; അവിടെ നിന്നുകൊണ്ട് ഇസ്രായേല്‍പാളയത്തിന്‍റെ മറ്റൊരു ഭാഗം കാണാം. അവരെ മുഴുവന്‍ നീ കാണുകയില്ല. അവിടെനിന്ന് എനിക്കുവേണ്ടി അവരെ ശപിക്കുക.”

14 പിസ്ഗാകൊടുമുടിയിലുള്ള സോഫീം പരപ്പിലേക്കു ബാലാക്ക് ബിലെയാമിനെ കൂട്ടിക്കൊണ്ടുപോയി, അവിടെ സര്‍വേശ്വരനുവേണ്ടി ഏഴു യാഗപീഠങ്ങള്‍ നിര്‍മ്മിച്ച് ഓരോ യാഗപീഠത്തിലും ഓരോ കാളയെയും ഓരോ ആണാടിനെയും അര്‍പ്പിച്ചു.

15 ബിലെയാം ബാലാക്കിനോടു പറഞ്ഞു: “നീ ഹോമയാഗത്തിന്‍റെ അടുത്തു നില്‌ക്കുക; ഞാന്‍ അതാ അവിടെ പോയി സര്‍വേശ്വരനെ ദര്‍ശിക്കട്ടെ.”

16 സര്‍വേശ്വരന്‍ ബിലെയാമിനു പ്രത്യക്ഷനായി. തന്‍റെ സന്ദേശം നല്‌കിയശേഷം: “നീ ചെന്നു ബാലാക്കിനോട് ഇതു പറയുക” എന്നു കല്പിച്ചു.

17 ബിലെയാം മടങ്ങിച്ചെന്നപ്പോള്‍ ബാലാക്ക് ഹോമയാഗത്തിന്‍റെ അടുക്കല്‍ മോവാബ്യപ്രഭുക്കന്മാരോടൊത്ത് നില്‌ക്കുന്നുണ്ടായിരുന്നു. “സര്‍വേശ്വരന്‍ എന്ത് അരുളിച്ചെയ്തു” എന്നു ബാലാക്ക് ചോദിച്ചു.

18 അപ്പോള്‍ ബിലെയാം ഇപ്രകാരം പ്രവചിച്ചു:

“ബാലാക്കേ, ഉണര്‍ന്നു കേള്‍ക്കുക;

സിപ്പോരിന്‍റെ മകനേ, ഞാന്‍ പറയുന്നതു ശ്രദ്ധിക്കൂ;

19

വ്യാജം പറയാന്‍ സര്‍വേശ്വരന്‍ മനുഷ്യനല്ല,
മനസ്സു മാറ്റാന്‍ അവിടുന്നു മര്‍ത്യനുമല്ല.
അവിടുന്ന് അരുളിച്ചെയ്യുന്നതു ചെയ്യാതിരിക്കുമോ?
വാഗ്ദാനം ചെയ്യുന്നതു നിവര്‍ത്തിക്കാതിരിക്കുമോ?

20
ഇതാ, അനുഗ്രഹിക്കാന്‍ എനിക്കു കല്പന ലഭിച്ചിരിക്കുന്നു,
സര്‍വേശ്വരന്‍ അനുഗ്രഹിച്ചു, എനിക്ക് അതു മാറ്റുവാന്‍ സാധ്യമല്ല.

21
അവിടുന്നു യാക്കോബുവംശജരില്‍ തിന്മ കാണുന്നില്ല;
ഇസ്രായേലില്‍ ഒരു അനര്‍ഥവും ദര്‍ശിക്കുന്നില്ല.
അവരുടെ ദൈവമായ സര്‍വേശ്വരന്‍ അവരോടൊത്തുണ്ട്.
രാജാവിന്‍റെ ഗര്‍ജ്ജനം അവരുടെ ഇടയില്‍ കേള്‍ക്കുന്നു.

22
ദൈവം അവരെ ഈജിപ്തില്‍നിന്നു കൊണ്ടുവന്നു.
കാട്ടുപോത്തിന്‍റെ കരുത്ത് അവര്‍ക്കുണ്ട്.

23
മന്ത്രവാദമോ, ലക്ഷണവിദ്യയോ അവരെ ബാധിക്കയില്ല.
ദൈവം പ്രവര്‍ത്തിച്ചതു കാണുവിന്‍ എന്നു യാക്കോബിന്‍റെ സന്തതികളെ സംബന്ധിച്ച്, ഇസ്രായേലിനെക്കുറിച്ചുതന്നെ
ജനതകള്‍ ഇപ്പോള്‍ പറയും.
ഇതാ! ഒരു ജനത;

24
അതു സിംഹിയെപ്പോലെ ഉണരുന്നു,
സിംഹത്തെപ്പോലെ എഴുന്നേല്‌ക്കുന്നു;
ഇരയെ തിന്നാതെയും അതിന്‍റെ രക്തം കുടിക്കാതെയും അത് അടങ്ങുകയില്ല.

25

ബാലാക്ക് ബിലെയാമിനോടു പറഞ്ഞു: “നീ അവരെ ശപിക്കുകയോ അനുഗ്രഹിക്കുകയോ വേണ്ടാ.

26 ബിലെയാം അതിന്: “സര്‍വേശ്വരന്‍ എന്നോടു കല്പിക്കുന്നതെല്ലാം ഞാന്‍ ചെയ്യേണ്ടതാണെന്ന് ഞാന്‍ മുന്‍പേ പറഞ്ഞിരുന്നില്ലേ” എന്നു മറുപടി നല്‌കി.

27

ബാലാക്ക് ബിലെയാമിനോടു പറഞ്ഞു: “വരിക, ഞാന്‍ നിന്നെ മറ്റൊരു സ്ഥലത്തേക്കു കൊണ്ടുപോകാം; അവിടെനിന്ന് എനിക്കുവേണ്ടി അവരെ ശപിക്കുന്നതു ദൈവത്തിനു ഹിതകരമായിരിക്കാം.”

28 ബാലാക്ക് ബിലെയാമിനെ മരുഭൂമിക്ക് എതിരേയുള്ള പെയോര്‍മലയുടെ മുകളിലേക്കു കൊണ്ടുപോയി.

29 “ഇവിടെ എനിക്കുവേണ്ടി ഏഴു യാഗപീഠം നിര്‍മ്മിക്കുക. ഏഴു കാളകളെയും ഏഴ് ആണാടുകളെയും കൊണ്ടുവരിക” എന്നു ബിലെയാം പറഞ്ഞു.

30 ബാലാക്ക് അപ്രകാരം ചെയ്തു; ഓരോ കാളയെയും ഓരോ ആണാടിനെയും ഓരോ യാഗപീഠത്തിലും അര്‍പ്പിച്ചു.

24

1

ഇസ്രായേലിനെ അനുഗ്രഹിക്കുന്നതാണു സര്‍വേശ്വരനു പ്രസാദകരമെന്നു മനസ്സിലാക്കിയ ബിലെയാം മുമ്പത്തെപ്പോലെ ലക്ഷണം നോക്കാന്‍ പോകാതെ മരുഭൂമിക്കു നേരേ മുഖം തിരിച്ചു.

2 ബിലെയാം തല ഉയര്‍ത്തി നോക്കിയപ്പോള്‍ ഗോത്രം ഗോത്രമായി പാളയമടിച്ചിരിക്കുന്ന ഇസ്രായേല്‍ജനതയെ കണ്ടു. ദൈവിക ചൈതന്യം അയാളുടെമേല്‍ വന്നു.

3 ബിലെയാം പ്രവചിച്ചു:

“ബെയോരിന്‍റെ പുത്രനായ ബിലെയാമിന്‍റെ സന്ദേശം;
ദര്‍ശനം ലഭിച്ചവന്‍റെ വാക്കുകള്‍.

4
ദൈവത്തിന്‍റെ അരുളപ്പാടു കേള്‍ക്കുന്നവന്‍;
സര്‍വശക്തന്‍റെ ദര്‍ശനം ലഭിച്ചവന്‍; തുറന്ന കണ്ണുകളോടെ ഏകാഗ്രചിത്തനായിരിക്കുന്നവന്‍ പറയുന്നു:

5
യാക്കോബേ, നിന്‍റെ കൂടാരങ്ങള്‍;
ഇസ്രായേലേ, നിന്‍റെ പാളയങ്ങള്‍ എത്ര മനോഹരം.

6
താഴ്വരകള്‍പോലെ,
നദീതീരത്തെ തോട്ടങ്ങള്‍പോലെ അവ പരന്നുകിടക്കുന്നു.
സര്‍വേശ്വരന്‍ നട്ട ഔഷധച്ചെടികള്‍പോലെ;
നീര്‍ച്ചാലിനരികെയുള്ള ദേവദാരുപോലെതന്നെ.

7
വെള്ളം അവരുടെ തൊട്ടികളില്‍നിന്നു കവിഞ്ഞൊഴുകുന്നു;
ജലസമൃദ്ധിയുള്ള നിലങ്ങളില്‍ അവര്‍ വിത്തു നടുന്നു;
അവരുടെ രാജാവ് ആഗാഗിലും വലിയവന്‍; അവന്‍റെ രാജ്യം മഹത്ത്വമണിയും.

8
ഈജിപ്തില്‍നിന്നു ദൈവം അവരെ കൊണ്ടുവരുന്നു.
കാട്ടുപോത്തിന്‍റെ കരുത്തവര്‍ക്കുണ്ട്.
ശത്രുജനതകളെ അവര്‍ സംഹരിക്കുന്നു;
അവരുടെ എല്ലുകളെ തകര്‍ക്കുന്നു;
അവരുടെ അസ്ത്രങ്ങള്‍ ശത്രുക്കളില്‍ തുളഞ്ഞുകയറുന്നു.

9
സിംഹത്തെപ്പോലെയും സിംഹിയെപ്പോലെയും അവര്‍ പതുങ്ങിക്കിടക്കുന്നു.
ആര് അവരെ തട്ടിയുണര്‍ത്തും?
അവരെ അനുഗ്രഹിക്കുന്നവന്‍ അനുഗ്രഹിക്കപ്പെട്ടവന്‍;
അവരെ ശപിക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍.”

10

അപ്പോള്‍ ബാലാക്കിന്‍റെ കോപം ബിലെയാമിന്‍റെ നേരേ ജ്വലിച്ചു; അവന്‍ കൈകള്‍ ഞെരിച്ചുകൊണ്ടു ബിലെയാമിനോടു പറഞ്ഞു: “എന്‍റെ ശത്രുക്കളെ ശപിക്കാന്‍ ഞാന്‍ നിന്നെ വിളിച്ചുകൊണ്ടുവന്നു; ഇതാ, ഈ മൂന്നു തവണയും നീ അവരെ അനുഗ്രഹിച്ചിരിക്കുന്നു.

11 അതുകൊണ്ടു നീ നിന്‍റെ നാട്ടിലേക്ക് ഉടന്‍ പൊയ്‍ക്കൊള്ളുക; നിന്നെ യഥോചിതം ആദരിക്കുമെന്നു ഞാന്‍ പറഞ്ഞിരുന്നു; എന്നാല്‍ നിന്‍റെ സര്‍വേശ്വരന്‍ നിനക്ക് അതു നിഷേധിച്ചിരിക്കുന്നു.”

12 ബിലെയാം മറുപടി പറഞ്ഞു: “നിറയെ വെള്ളിയും സ്വര്‍ണവുമുള്ള നിന്‍റെ വീട് തന്നാലും അവിടുത്തെ കല്പന ലംഘിച്ച് നന്മയോ, തിന്മയോ, സ്വന്തം നിലയില്‍ ചെയ്യുകയില്ലെന്നും സര്‍വേശ്വരന്‍ കല്പിക്കുന്നതേ ഞാന്‍ പറയൂ എന്നും

13 നീ അയച്ച ദൂതന്മാരോടു ഞാന്‍ പറഞ്ഞിരുന്നില്ലയോ?”

14

ബിലെയാം ബാലാക്കിനോടു പറഞ്ഞു: “ഞാന്‍ എന്‍റെ ജനത്തിന്‍റെ അടുക്കലേക്കു മടങ്ങിപ്പോകുകയാണ്. വരിക, ഭാവിയില്‍ ഇസ്രായേല്‍ജനം നിന്‍റെ ജനത്തോട് എന്തു ചെയ്യുമെന്നു ഞാന്‍ നിന്നോടു പറയാം.”

15 പിന്നീടു ബിലെയാം പ്രവചിച്ചു:

“ബെയോരിന്‍റെ പുത്രനായ ബിലെയാമിന്‍റെ സന്ദേശം;
ദര്‍ശനം ലഭിച്ചവന്‍റെ വാക്കുകള്‍.

16
ദൈവത്തിന്‍റെ അരുളപ്പാട് കേള്‍ക്കുന്നവന്‍;
സര്‍വശക്തന്‍റെ പരിജ്ഞാനം ലഭിച്ചവന്‍;
അവിടുത്തെ ദര്‍ശനം സിദ്ധിച്ചവന്‍; തുറന്ന കണ്ണുകളോടെ ഏകാഗ്രചിത്തനായിരിക്കുന്ന വന്‍ പറയുന്നു:

17
“ഞാന്‍ അവനെ കാണും; എന്നാല്‍ ഇപ്പോഴല്ല.
ഞാന്‍ അവനെ ദര്‍ശിക്കും, ഉടനെ അല്ല;
യാക്കോബില്‍നിന്ന് ഒരു നക്ഷത്രം ഉദിക്കും;
ഇസ്രായേലില്‍നിന്ന് ഒരു ചെങ്കോല്‍ ഉയരും;
അതു മോവാബിന്‍റെ തല തകര്‍ക്കും;
ശേത്തിന്‍റെ പുത്രന്മാരെ സംഹരിക്കും.
ഇസ്രായേല്‍ സുധീരം മുന്നേറുമ്പോള്‍,

18
എദോം അന്യാധീനമാകും; ശത്രുദേശമായ സേയീരും അന്യാധീനപ്പെടും.

19
യാക്കോബില്‍നിന്ന് ഒരു ഭരണാധിപന്‍ ഉയരും;
പട്ടണങ്ങളില്‍ ശേഷിച്ചവരെ അവന്‍ നശിപ്പിക്കും.

20
അമാലേക്കിനെ നോക്കി ബിലെയാം പ്രവചിച്ചു: ‘അമാലേക്ക് ജനതകളില്‍ ഒന്നാമന്‍,
എന്നാല്‍ ഒടുവില്‍ അവന്‍ നശിപ്പിക്കപ്പെടും.’

21
കേന്യരെ നോക്കിക്കൊണ്ട് അദ്ദേഹം പ്രവചിച്ചു: “നിന്‍റെ വാസസ്ഥലം സുരക്ഷിതം;
പാറയിലാണ് നിന്‍റെ പാര്‍പ്പിടമെങ്കിലും നീ പൂര്‍ണമായി നശിക്കും.

22
അശ്ശൂര്‍ നിങ്ങളെ അടിമകളാക്കി കൊണ്ടുപോകും.”

23
ബിലെയാം തുടര്‍ന്നു പ്രവചിച്ചു: “ദൈവം ഇങ്ങനെ പ്രവര്‍ത്തിക്കുമ്പോള്‍ ആര് ജീവിച്ചിരിക്കും?

24
സൈപ്രസില്‍നിന്നു കപ്പലുകള്‍ വരും; അശ്ശൂരിനെയും ഏബെരിനെയും പീഡിപ്പിക്കും;
എന്നാല്‍ അതും നശിച്ചുപോകും.

25

പിന്നീട് ബിലെയാം സ്വദേശത്തേക്കും ബാലാക്ക് അയാളുടെ വഴിക്കും പോയി.

25

1

ഇസ്രായേല്‍ജനം ശിത്തീമില്‍ പാര്‍ക്കുമ്പോള്‍ അവര്‍ മോവാബ്യസ്‍ത്രീകളുമായി അവിഹിതബന്ധം പുലര്‍ത്തി.

2 അവര്‍ തങ്ങളുടെ ദേവന്മാര്‍ക്കു ബലികളര്‍പ്പിക്കുമ്പോള്‍ ഇസ്രായേല്‍ജനത്തെയും ക്ഷണിച്ചുവന്നു. ദേവന്മാര്‍ക്ക് അര്‍പ്പിച്ച സാധനങ്ങള്‍ ഇസ്രായേല്യര്‍ ഭക്ഷിക്കാനും ആ ദേവന്മാരെ നമസ്കരിക്കാനും തുടങ്ങി.

3 അങ്ങനെ ഇസ്രായേല്‍ പെയോരിലെ ബാല്‍ദേവന്‍റെ ആരാധകരായി. അപ്പോള്‍ ഇസ്രായേലിനു നേരേ സര്‍വേശ്വരന്‍റെ കോപം ജ്വലിച്ചു.

4 അവിടുന്നു മോശയോട് അരുളിച്ചെയ്തു: “ഇസ്രായേല്യരില്‍നിന്നു സര്‍വേശ്വരന്‍റെ കോപം നീങ്ങാന്‍ അവരുടെ സകല പ്രമാണികളെയും പരസ്യമായി തൂക്കിക്കൊല്ലണം.”

5 മോശ ന്യായാധിപന്മാരോടു പറഞ്ഞു: “പെയോരിലെ ബാലിനെ ആരാധിച്ച നിങ്ങളുടെ ആളുകളെ കൊന്നുകളക.”

6 തിരുസാന്നിധ്യകൂടാരത്തിന്‍റെ വാതില്‌ക്കല്‍ മോശയും ഇസ്രായേല്‍സമൂഹം മുഴുവനും വിലപിച്ചുകൊണ്ടിരിക്കുമ്പോള്‍ അവര്‍ കാണ്‍കെ ഒരു ഇസ്രായേല്യന്‍ ഒരു മിദ്യാന്യസ്‍ത്രീയെ തന്‍റെ കൂടാരത്തിലേക്കു കൂട്ടിക്കൊണ്ടുവന്നു.

7 പുരോഹിതനായ അഹരോന്‍റെ പൗത്രനും എലെയാസാരിന്‍റെ പുത്രനുമായ ഫീനെഹാസ് ഇതുകണ്ട് ഒരു കുന്തം കൈയില്‍ എടുത്തു.

8 അയാള്‍ ഇസ്രായേല്യന്‍റെ പിന്നാലെ അകത്തു പ്രവേശിച്ച് അവന്‍റെയും സ്‍ത്രീയുടെയും ഉദരത്തില്‍ അതു കുത്തിയിറക്കി. അപ്പോള്‍ ഇസ്രായേല്‍ജനത്തെ ബാധിച്ചിരുന്ന മഹാമാരി നിലച്ചു.

9 എങ്കിലും മഹാമാരിയുടെ ഫലമായി ഇരുപത്തിനാലായിരം പേര്‍ മരിച്ചു.

10

സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു:

11 “പുരോഹിതനായ അഹരോന്‍റെ പൗത്രനും എലെയാസാരിന്‍റെ പുത്രനുമായ ഫീനെഹാസ് ഇസ്രായേല്‍ജനത്തോടുള്ള എന്‍റെ കോപം നീക്കിക്കളഞ്ഞിരിക്കുന്നു. അന്യദേവനെ ആരാധിക്കുന്നതില്‍ എന്നെപ്പോലെ അവനും അസഹിഷ്ണുവായിരുന്നതിനാല്‍ ഞാന്‍ അവരെ കൊന്നൊടുക്കിയില്ല.

12 അതുകൊണ്ടു ഞാന്‍ അവനുമായി ഒരു സമാധാന ഉടമ്പടി സ്ഥാപിക്കും.

13 തന്‍റെ ദൈവത്തിന്‍റെ കാര്യത്തില്‍ അവന്‍ തീക്ഷ്ണത കാട്ടുകയും ഇസ്രായേല്‍ജനത്തിനുവേണ്ടി പ്രായശ്ചിത്തം അനുഷ്ഠിക്കുകയും ചെയ്തതുകൊണ്ട് അവനും അവന്‍റെ സന്താനങ്ങള്‍ക്കുമുള്ള പൗരോഹിത്യം ശാശ്വതമായിരിക്കുമെന്നു ഞാന്‍ ഉടമ്പടി ചെയ്യുന്നു.”

14 സിമ്രി ആയിരുന്നു മിദ്യാന്യസ്‍ത്രീയോട് ഒപ്പം വധിക്കപ്പെട്ട ഇസ്രായേല്യന്‍. അവന്‍ ശിമെയോന്‍ ഗോത്രത്തിലെ ഒരു പിതൃഭവനത്തലവനായിരുന്ന സാലൂവിന്‍റെ പുത്രനായിരുന്നു.

15 വധിക്കപ്പെട്ട മിദ്യാന്യ സ്‍ത്രീ സൂരിന്‍റെ പുത്രിയായ കൊസ്ബി. മിദ്യാന്യവംശത്തില്‍പ്പെട്ട പിതൃഭവനത്തലവനായിരുന്നു സൂര്‍.

16

[16-18] സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “മിദ്യാന്യരെ പീഡിപ്പിച്ചു കൊന്നുകളക. പെയോരിന്‍റെ കാര്യത്തിലും പെയോരില്‍ ബാധയുണ്ടായപ്പോള്‍ കൊല്ലപ്പെട്ട മിദ്യാന്യനേതാവിന്‍റെ പുത്രിയും തങ്ങളുടെ സഹോദരിയുമായ കൊസ്ബിയുടെ കാര്യത്തിലും അവര്‍ നിങ്ങളെ വഞ്ചിക്കയും ദ്രോഹിക്കയും ചെയ്തുവല്ലോ.”

26

1

ബാധ ശമിച്ചശേഷം സര്‍വേശ്വരന്‍ മോശയോടും പുരോഹിതനായ അഹരോന്‍റെ പുത്രന്‍ എലെയാസാരിനോടും അരുളിച്ചെയ്തു:

2 “യുദ്ധം ചെയ്യുന്നതിനു പ്രാപ്തിയുള്ളവരും, ഇരുപതു വയസ്സും അതിനു മേലും പ്രായമുള്ളവരുമായ എല്ലാ ഇസ്രായേല്യരുടെയും ജനസംഖ്യ ഗോത്രം തിരിച്ച് എടുക്കുക.”

3 മോശയും എലെയാസാര്‍പുരോഹിതനും കൂടി ജനത്തെ യെരീഹോവിന്‍റെ എതിര്‍വശത്തു യോര്‍ദ്ദാനടുത്തുള്ള മോവാബ് സമഭൂമിയില്‍ വിളിച്ചുകൂട്ടി.

4 സര്‍വേശ്വരന്‍ മോശയോടു കല്പിച്ചതുപോലെ ഇരുപതു വയസ്സും അതിനുമേലും പ്രായമുള്ളവരുടെ ജനസംഖ്യ എടുക്കാന്‍ അവര്‍ ജനത്തോടു പറഞ്ഞു. ഈജിപ്തില്‍നിന്നു വന്ന ഇസ്രായേല്‍ജനം ഇവരാണ്.

5

ഇസ്രായേലിന്‍റെ ആദ്യജാതനായ രൂബേന്‍റെ പിന്‍തലമുറക്കാര്‍: ഹാനോക്കില്‍നിന്നു ഹാനോക്ക്യകുലവും, പല്ലൂവില്‍നിന്നു പല്ലൂവ്യകുലവും,

6 ഹെസ്രോനില്‍നിന്നു ഹെസ്രോന്യകുലവും, കര്‍മ്മിയില്‍നിന്നു കര്‍മ്മ്യകുലവും ഉണ്ടായി.

7 ഇവരായിരുന്നു രൂബേന്യകുലക്കാര്‍. ഇവരുടെ സംഖ്യ നാല്പത്തിമൂവായിരത്തി എഴുനൂറ്റിമുപ്പത്.

8 പല്ലൂവിന്‍റെ പുത്രന്‍ എലീയാബ്.

9 എലീയാബിന്‍റെ പുത്രന്മാര്‍: നെമൂവേല്‍, ദാഥാന്‍, അബീരാം എന്നിവരായിരുന്നു. മോശയ്‍ക്കും അഹരോനും എതിരായി കോരഹിന്‍റെ അനുയായികളുടെ കൂടെ അബീരാമും ദാഥാനും ചേര്‍ന്നു. അങ്ങനെ സര്‍വേശ്വരനെതിരായി മത്സരിച്ച നേതാക്കന്മാരായിരുന്നു അബീരാമും ദാഥാനും.

10 ഭൂമി പിളര്‍ന്നു കോരഹിനെയും അനുയായികളെയും വിഴുങ്ങിക്കളഞ്ഞ കൂട്ടത്തില്‍ ഇവരും പെട്ടിരുന്നു. അഗ്നി ഇരുനൂറ്റമ്പതു പേരെ ദഹിപ്പിച്ചത് ഈ സമയത്തായിരുന്നു.

11 അങ്ങനെ അവര്‍ ഒരു മുന്നറിയിപ്പായിത്തീര്‍ന്നു. എന്നാല്‍ കോരഹിന്‍റെ മക്കള്‍ കൊല്ലപ്പെട്ടില്ല.

12

കുലം കുലമായി ശിമെയോന്‍റെ പിന്‍തലമുറക്കാര്‍: നെമൂവേലില്‍നിന്നു നെമൂവേല്യകുലവും, യാമീനില്‍നിന്നു യാമീന്യകുലവും,

13 യാഖീനില്‍നിന്നു യാഖീന്യകുലവും, സേരഹില്‍നിന്നു സേരഹ്യകുലവും, ശാവൂലില്‍നിന്നു ശാവൂല്യകുലവും ഉണ്ടായി.

14 ഇവയായിരുന്നു ശിമെയോന്യകുലങ്ങള്‍; ഇവരുടെ ആകെ സംഖ്യ ഇരുപത്തീരായിരത്തി ഇരുനൂറ്.

15

കുലം കുലമായി ഗാദിന്‍റെ പിന്‍തലമുറക്കാര്‍: സെഫോനില്‍നിന്നു സെഫോന്യകുലവും ഹഗ്ഗിയില്‍നിന്നു ഹഗ്ഗീയകുലവും ശൂനിയില്‍നിന്നു ശൂനീയകുലവും

16 ഒസ്നിയില്‍നിന്ന് ഒസ്നീയകുലവും ഏരിയില്‍നിന്നു ഏര്യകുലവും

17 അരോദില്‍നിന്ന് അരോദ്യകുലവും അരേലിയില്‍നിന്ന് അരേല്യകുലവും ഉണ്ടായി.

18 ഇവരായിരുന്നു ഗാദ്യകുലക്കാര്‍; ഇവരുടെ സംഖ്യ നാല്പതിനായിരത്തി അഞ്ഞൂറ്.

19

ഏരും ഓനാനും യെഹൂദായുടെ പുത്രന്മാരായിരുന്നു. അവര്‍ കനാനില്‍വച്ചു മരിച്ചു.

20 കുലങ്ങളായി യെഹൂദായുടെ പിന്‍തലമുറക്കാര്‍: ശേലായില്‍നിന്നു ശേലാന്യകുലവും, ഫേരെസില്‍നിന്നു ഫേരെസ്യകുലവും, സേരഹില്‍നിന്നു സേരഹ്യകുലവും ഉണ്ടായി.

21 ഫേരെസിന്‍റെ പിന്‍ഗാമികളായി ഹെസ്രോനില്‍നിന്നു ഹെസ്രോന്യകുലവും ഹാമൂലില്‍നിന്നു ഹാമൂല്യകുലവും ഉണ്ടായി.

22 ഇവയായിരുന്നു യെഹൂദ്യകുലങ്ങള്‍; ഇവരുടെ ആകെ സംഖ്യ എഴുപത്താറായിരത്തി അഞ്ഞൂറ്.

23

കുലങ്ങളായി ഇസ്സാഖാരിന്‍റെ പിന്‍തലമുറക്കാര്‍: തോലാവില്‍നിന്നു തോലാവ്യകുലവും

24 പൂവയില്‍നിന്നു പൂവ്യകുലവും യാശൂബില്‍നിന്നു യാശൂബ്യകുലവും ശിമ്രോനില്‍നിന്നു ശിമ്രോന്യകുലവും ഉണ്ടായി.

25 ഇവരായിരുന്നു ഇസ്സാഖാര്‍കുലങ്ങള്‍; ഇവരുടെ ആകെ സംഖ്യ അറുപത്തിനാലായിരത്തി മുന്നൂറ്.

26

കുലങ്ങളായി സെബൂലൂന്‍റെ പിന്‍തലമുറക്കാര്‍: സേരെദില്‍നിന്നു സേരെദ്യകുലവും ഏലോനില്‍നിന്ന് ഏലോന്യകുലവും യഹ്ലേലില്‍നിന്നു യഹ്ലേല്യകുലവും ഉണ്ടായി.

27 ഇവയായിരുന്നു സെബൂലൂന്‍കുലങ്ങള്‍; ഇവരുടെ ആകെ സംഖ്യ അറുപതിനായിരത്തി അഞ്ഞൂറ്.

28

യോസേഫിന്‍റെ പുത്രന്മാരായിരുന്നു മനശ്ശെയും എഫ്രയീമും.

29 കുലങ്ങളായി മനശ്ശെയുടെ പുത്രന്മാര്‍ മാഖീരില്‍നിന്നു മാഖീര്യകുലവും മാഖീരിന്‍റെ പുത്രനായ ഗിലെയാദില്‍ നിന്നു ഗിലെയാദ്യകുലവും

30 ഗിലെയാദിന്‍റെ പുത്രന്മാരായ ഈയേസെരില്‍നിന്ന് ഈയേസെര്യകുലവും ഹേലെക്കില്‍നിന്നു ഹേലേക്ക്യകുലവും,

31 അസ്രീയേലില്‍നിന്ന് അസ്രീയേല്യകുലവും ശേഖെമില്‍നിന്നു ശേഖെമ്യകുലവും,

32 ശെമീദാവില്‍നിന്നു ശെമീദാവ്യകുലവും ഹേഫെരില്‍നിന്നു ഹേഫെര്യകുലവും ഉണ്ടായി.

33 ഹേഫെരിന്‍റെ പുത്രനായ സെലോഫഹാദിനു പുത്രന്മാര്‍ ഉണ്ടായിരുന്നില്ല; അവന്‍റെ പുത്രിമാരായിരുന്നു മഹ്ലാ, നോവാ, ഹൊഗ്ലാ, മില്‍ക്കാ, തിര്‍സ്സാ എന്നിവര്‍.

34 ഇവരായിരുന്നു മനശ്ശെകുലങ്ങള്‍; അവരുടെ ആകെ ജനസംഖ്യ അമ്പത്തീരായിരത്തി എഴുനൂറ്.

35 കുലങ്ങളായി എഫ്രയീമിന്‍റെ പിന്‍തലമുറക്കാര്‍:

36 ശൂഥേലഹില്‍നിന്നു ശൂഥേലഹ്യകുലവും ബെഖെരില്‍നിന്നു ബെഖെര്യകുലവും തഹനില്‍നിന്നു തഹന്യകുലവും ശൂഥേലഹിന്‍റെ പുത്രനായ ഏരാനില്‍നിന്ന് ഏരാന്യകുലവും ഉണ്ടായി.

37 ഇവയായിരുന്നു എഫ്രയീമ്യകുലങ്ങള്‍; അവരുടെ ആകെ ജനസംഖ്യ മുപ്പത്തീരായിരത്തി അഞ്ഞൂറ്. കുലംകുലങ്ങളായി യോസേഫിന്‍റെ പുത്രന്മാര്‍ ഇവരാണ്.

38

കുലങ്ങളായി ബെന്യാമീന്‍റെ പിന്‍തലമുറക്കാര്‍: ബേലയില്‍നിന്നു ബേലാവ്യകുലവും അസ്ബേലില്‍നിന്ന് അസ്ബേല്യകുലവും അഹീരാമില്‍നിന്ന് അഹീരാമ്യകുലവും.

39 ശെഫൂമില്‍നിന്നു ശെഫൂമ്യകുലവും ഹൂഫാമില്‍നിന്നു ഹൂഫാമ്യകുലവും.

40 ബെലായുടെ പുത്രന്മാരായ അര്‍ദ്ദില്‍നിന്ന് അര്‍ദ്ദ്യകുലവും നാമാനില്‍നിന്നു നാമാന്യകുലവും ഉണ്ടായി.

41 ഇവരായിരുന്നു ബെന്യാമീന്യകുലങ്ങള്‍; അവരുടെ ആകെ സംഖ്യ നാല്പത്തയ്യായിരത്തി അറുനൂറ്.

42

കുലങ്ങളായി ദാന്‍റെ പിന്‍തലമുറക്കാര്‍: ശൂഹാമില്‍നിന്നു ശൂഹാമ്യകുലമുണ്ടായി.

43 ദാന്‍ കുലങ്ങളെല്ലാം ശൂഹാമ്യകുലങ്ങളായിരുന്നു; അവരുടെ ആകെ സംഖ്യ അറുപത്തിനാലായിരത്തി നാനൂറ്.

44

കുലങ്ങളായി ആശേരിന്‍റെ പിന്‍തലമുറക്കാര്‍: യിമ്നയില്‍നിന്നു യിമ്നീയകുലവും യിശ്വിയില്‍നിന്നു യിശ്വീയകുലവും ബെരീയായില്‍നിന്നു ബെരീയായ്യകുലവും;

45 ബെരീയായുടെ പിന്‍തലമുറക്കാരായ ഹേബെരില്‍നിന്നു ഹേബെര്യകുലവും മല്‍ക്കീയേലില്‍നിന്നു മല്‍ക്കീയേല്യകുലവും ഉണ്ടായി.

46 ആശേരിന്‍റെ പുത്രിയുടെ പേര്‍ സാറാ എന്നായിരുന്നു.

47 ആശേര്‍കുലങ്ങള്‍ ഇവയായിരുന്നു; അവരുടെ ആകെ സംഖ്യ അമ്പത്തിമൂവായിരത്തി നാനൂറ്.

48

കുലങ്ങളായി നഫ്താലിയുടെ പിന്‍തലമുറക്കാര്‍: യഹ്സേലില്‍നിന്നു യഹ്സേല്യകുലവും ഗൂനിയില്‍നിന്നു ഗൂന്യകുലവും

49 യേസെരില്‍നിന്നു യേസെര്യകുലവും ശില്ലേമില്‍നിന്നു ശില്ലേമ്യകുലവും ഉണ്ടായി.

50 ഇവയായിരുന്നു നഫ്താലികുലങ്ങള്‍; അവരുടെ ആകെ സംഖ്യ നാല്പത്തയ്യായിരത്തി നാനൂറ്.

51 ഇസ്രായേലില്‍ എണ്ണമെടുക്കപ്പെട്ടവരുടെ ആകെ സംഖ്യ ആറു ലക്ഷത്തോരായിരത്തി എഴുനൂറ്റിമുപ്പത് ആയിരുന്നു.

52

സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു:

53 “കൈവശമാക്കുന്ന ദേശം ഓരോ ഗോത്രത്തിലുമുള്ള ആളുകളുടെ എണ്ണമനുസരിച്ച്, അവര്‍ക്ക് അവകാശമായി വീതിച്ചുകൊടുക്കണം.

54 ജനസംഖ്യ കൂടുതലുള്ള ഗോത്രത്തിനു കൂടുതലും കുറച്ചുള്ളവര്‍ക്കു കുറച്ചും സ്ഥലം നല്‌കുക; ഓരോ ഗോത്രത്തിനും അതിന്‍റെ ജനസംഖ്യയുടെ അടിസ്ഥാനത്തിലാണു ഭൂമി അവകാശമായി നല്‌കേണ്ടത്.

55 കുറിയിട്ടു ദേശം വിഭജിച്ചു കൊടുക്കണം; ഓരോ ഗോത്രത്തിനും അവരുടെ പിതൃഗോത്രത്തിന്‍റെ പേരിലായിരിക്കും അവകാശം ലഭിക്കുക.

56 ജനസംഖ്യ കൂടുതലുള്ള ഗോത്രത്തിനും കുറവുള്ള ഗോത്രത്തിനും ചീട്ടിട്ടുതന്നെ വിഭജിച്ചുകൊടുക്കണം.

57

കുലങ്ങളായി ജനസംഖ്യ എടുത്ത ലേവ്യര്‍: ഗേര്‍ശോനില്‍നിന്നു ഗേര്‍ശോന്യകുലവും കെഹാത്തില്‍നിന്നു കെഹാത്യകുലവും മെരാരിയില്‍നിന്നു മെരാര്യകുലവും ഉണ്ടായി.

58 ലിബ്നീയകുലവും ഹെബ്രോന്യകുലവും മഹ്ലീയകുലവും മൂശ്യകുലവും കോരഹ്യകുലവും ലേവിഗോത്രത്തില്‍ നിന്നുണ്ടായതാണ്. അമ്രാമിന്‍റെ പിതാവ് ആയിരുന്നു കെഹാത്ത്.

59 ഈജിപ്തില്‍വച്ചു ലേവിക്കു ജനിച്ച യോഖേബേദ് ആയിരുന്നു അമ്രാമിന്‍റെ ഭാര്യ. അഹരോനും മോശയും അവരുടെ പുത്രന്മാരായിരുന്നു; അഹരോന്‍റെയും മോശയുടെയും സഹോദരിയായ മിര്യാം അവരുടെ പുത്രിയും.

60 നാദാബ്, അബീഹൂ, എലെയാസാര്‍, ഈഥാമാര്‍ എന്നിവര്‍ അഹരോന്‍റെ പുത്രന്മാരാണ്.

61 അശുദ്ധമായ അഗ്നി സര്‍വേശ്വരന് അര്‍പ്പിച്ചതുകൊണ്ടു നാദാബും അബീഹൂവും മരിച്ചുപോയി.

62 ലേവിഗോത്രത്തില്‍ ഒരു മാസവും അതിനുമേലും പ്രായമുള്ള പുരുഷപ്രജകളുടെ ആകെ സംഖ്യ ഇരുപത്തിമൂവായിരം ആയിരുന്നു. മറ്റ് ഇസ്രായേല്യരോടൊപ്പം അവരുടെ എണ്ണമെടുത്തിരുന്നില്ല. കാരണം ലേവ്യര്‍ക്ക് മറ്റ് ഇസ്രായേല്യരുടെ ഇടയില്‍ അവകാശമുണ്ടായിരുന്നില്ല.

63

യെരീഹോവിന്‍റെ എതിര്‍വശത്തു യോര്‍ദ്ദാനടുത്തുള്ള മോവാബ്സമഭൂമിയില്‍വച്ചു മോശയും എലെയാസാര്‍ പുരോഹിതനുംകൂടി എണ്ണമെടുത്ത ഇസ്രായേല്യര്‍ ഇവരായിരുന്നു.

64 എന്നാല്‍ മോശയും പുരോഹിതനായ അഹരോനുംകൂടി സീനായ്മരുഭൂമിയില്‍വച്ച് എണ്ണമെടുത്ത ഇസ്രായേല്യരില്‍ ആരും ഈ കൂട്ടത്തിലുണ്ടായിരുന്നില്ല.

65 മരുഭൂമിയില്‍വച്ചുതന്നെ അവരെല്ലാവരും മരിച്ചുപോകുമെന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്തിരുന്നു. യെഫുന്നെയുടെ പുത്രനായ കാലേബും നൂനിന്‍റെ പുത്രനായ യോശുവയും ഒഴികെ അവരില്‍ ആരുംതന്നെ ശേഷിച്ചിരുന്നില്ല.

27

1

യോസേഫിന്‍റെ പുത്രനായ മനശ്ശെയുടെ പുത്രന്‍ മാഖീര്‍, മാഖീരിന്‍റെ പുത്രന്‍ ഗിലെയാദ്, ഗിലെയാദിന്‍റെ പുത്രന്‍ ഹേഫെര്‍, ഹേഫെറിന്‍റെ പുത്രന്‍ സെലോഫഹാദ്. മഹ്ലാ, നോവാ, ഹൊഗ്ളാ, മില്‍ക്കാ, തിര്‍സ്സാ എന്നിവര്‍ സെലോഫഹാദിന്‍റെ പുത്രിമാരായിരുന്നു.

2 അവര്‍ തിരുസാന്നിധ്യകൂടാരത്തിന്‍റെ വാതില്‌ക്കല്‍ മോശയുടെയും എലെയാസാര്‍ പുരോഹിതന്‍റെയും ഇസ്രായേല്‍സമൂഹത്തിലെ നേതാക്കന്മാരുടെയും മുമ്പില്‍ നിന്നുകൊണ്ടു പറഞ്ഞു:

3 “ഞങ്ങളുടെ പിതാവു മരുഭൂമിയില്‍വച്ചു മരിച്ചുപോയി; സര്‍വേശ്വരനെതിരായി കോരഹിന്‍റെകൂടെ ചേര്‍ന്നവരുടെ കൂട്ടത്തില്‍ ഞങ്ങളുടെ പിതാവ് ഉണ്ടായിരുന്നില്ല. എന്നാല്‍ സ്വന്തം പാപം നിമിത്തമാണ് അദ്ദേഹം മരിച്ചത്. അദ്ദേഹത്തിനു പുത്രന്മാരില്ലായിരുന്നു.

4 പുത്രന്മാരില്ലാത്തതുകൊണ്ടു ഞങ്ങളുടെ പിതാവിന്‍റെ പേര് ഇസ്രായേലില്‍നിന്നു നീക്കിക്കളയുന്നത് എന്തുകൊണ്ട്? പിതൃസഹോദരന്മാരുടെ ഇടയില്‍ ഞങ്ങള്‍ക്കും അവകാശം തരിക.”

5 അവരുടെ ആവശ്യം മോശ സര്‍വേശ്വരന്‍റെ മുമ്പാകെ കൊണ്ടുവന്നു.

6 അവിടുന്നു മോശയോട് അരുളിച്ചെയ്തു:

7 “സെലോഫഹാദിന്‍റെ പുത്രിമാര്‍ പറയുന്നതു ശരിയാണ്; അവരുടെ പിതൃസഹോദരന്മാരുടെ ഇടയില്‍ അവര്‍ക്കും അവകാശം കൊടുക്കുക; തങ്ങളുടെ പിതാവിന്‍റെ അവകാശം അവര്‍ക്കുതന്നെ ലഭിക്കട്ടെ.”

8 ഇസ്രായേല്‍ജനത്തോടു പറയുക: “ഒരുവന്‍ പുത്രനില്ലാതെ മരിച്ചാല്‍ അവന്‍റെ അവകാശം അവന്‍റെ പുത്രിക്കു നല്‌കണം.

9 അവനു പുത്രിയും ഇല്ലാതെയിരുന്നാല്‍ അവകാശം അവന്‍റെ സഹോദരന്മാര്‍ക്കു കൊടുക്കണം.

10 അവനു സഹോദരന്മാരില്ലെങ്കില്‍ അവന്‍റെ അവകാശം അവന്‍റെ പിതൃസഹോദരന്മാര്‍ക്കു കൊടുക്കുക.

11 അവന്‍റെ പിതാവിന് സഹോദരന്മാരില്ലെങ്കില്‍ അവന്‍റെ അവകാശം അവന്‍റെ കുടുംബത്തില്‍ ഏറ്റവും അടുത്ത ചാര്‍ച്ചക്കാരനു നല്‌കണം.” സര്‍വേശ്വരന്‍ മോശയ്‍ക്കു നല്‌കിയ ഈ കല്പന ഇസ്രായേല്‍ജനം പാലിക്കേണ്ടതാകുന്നു.

12

സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “നീ അബാരീംമലമുകളില്‍ കയറിനിന്നു ഞാന്‍ ഇസ്രായേല്‍ജനത്തിനു നല്‌കിയിരിക്കുന്ന ദേശം കാണുക.

13 അതുകഴിഞ്ഞു നിന്‍റെ സഹോദരനായ അഹരോനെപ്പോലെ നീയും സ്വജനത്തോടു ചേരും.

14 സീന്‍മരുഭൂമിയില്‍ കാദേശിലെ മെരീബാ നീരുറവയ്‍ക്ക് അടുത്തുവച്ചു ജനം കലഹിച്ചപ്പോള്‍ നിങ്ങള്‍ എന്‍റെ പരിശുദ്ധി അവരുടെ മുമ്പില്‍ വെളിപ്പെടുത്താതെ എന്‍റെ കല്പന ധിക്കരിച്ചുവല്ലോ.”

15 മോശ സര്‍വേശ്വരനോട് അപേക്ഷിച്ചു:

16 [16,17] “സര്‍വേശ്വരാ, സകല മനുഷ്യരുടെയും ജീവന്‍റെ ഉറവിടമായ ദൈവമേ, ഈ സമൂഹത്തിന്‍റെ മുമ്പില്‍ നടന്ന് അവരെ നയിക്കാന്‍ ഒരാളെ നിയമിച്ചാലും. അവിടുത്തെ ജനം ഇടയനില്ലാത്ത ആടുകളെപ്പോലെ ആകാതിരിക്കട്ടെ.”

17

18 സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “നൂനിന്‍റെ മകനായ യോശുവയെ തിരഞ്ഞെടുക്കുക. അവനില്‍ എന്‍റെ ചൈതന്യം ഉണ്ട്. അവന്‍റെമേല്‍ നീ കൈ വയ്‍ക്കണം.

19 അവനെ എലെയാസാര്‍ പുരോഹിതന്‍റെയും, ജനസമൂഹം മുഴുവന്‍റെയും മുമ്പില്‍ നിര്‍ത്തി, അവര്‍ എല്ലാവരും കാണ്‍കെ അവനെ നിന്‍റെ പിന്‍ഗാമിയായി നിയോഗിക്കുക.

20 നിന്‍റെ അധികാരം അവനു കൊടുക്കുക; അപ്പോള്‍ ഇസ്രായേല്‍സമൂഹം മുഴുവന്‍ അവനെ അനുസരിക്കും.

21 അവന്‍ എലെയാസാര്‍ പുരോഹിതന്‍റെ മുമ്പില്‍ നില്‌ക്കണം. എലെയാസാര്‍, ഊരീം മുഖേന സര്‍വേശ്വരന്‍റെ ഹിതം അവനെ അറിയിക്കും. അതനുസരിച്ചു യോശുവയുടെ നിര്‍ദ്ദേശങ്ങള്‍ ജനം മുഴുവനും അനുസരിക്കണം.”

22 സര്‍വേശ്വരന്‍റെ കല്പനപ്രകാരം മോശ പ്രവര്‍ത്തിച്ചു; അദ്ദേഹം യോശുവയെ എലെയാസാര്‍ പുരോഹിതന്‍റെയും ജനസമൂഹം മുഴുവന്‍റെയും മുമ്പാകെ നിര്‍ത്തി.

23 അവിടുന്നു കല്പിച്ചതുപോലെ മോശ തന്‍റെ കൈകള്‍ യോശുവയുടെ തലയില്‍വച്ച് അവനെ തന്‍റെ പിന്‍ഗാമിയായി നിയോഗിച്ചു.

28

1

സര്‍വേശ്വരന്‍ മോശയോടു കല്പിച്ചു:

2 “എനിക്കു പ്രസാദകരമായ ദഹനയാഗങ്ങള്‍ക്കുള്ള വഴിപാടുകള്‍ നിശ്ചിത സമയങ്ങളില്‍ മുടക്കംകൂടാതെ അര്‍പ്പിക്കാന്‍ ഇസ്രായേല്‍ ജനത്തോടു പറയണം.

3 നീ അവരോടു പറയുക: “ദഹനയാഗമായി സര്‍വേശ്വരന് അര്‍പ്പിക്കാനുള്ള വഴിപാടുകള്‍ ഇവയാണ്: ഓരോ ദിവസവും ഹോമയാഗമായി കുറ്റമറ്റതും ഒരു വയസ്സു പ്രായമുള്ളതുമായ രണ്ട് ആട്ടിന്‍കുട്ടിയെ വീതം അര്‍പ്പിക്കണം.

4 അവയില്‍ ഒന്നിനെ രാവിലെയും മറ്റതിനെ സന്ധ്യക്കുമാണ് അര്‍പ്പിക്കേണ്ടത്.

5 അതോടൊപ്പം ശുദ്ധമായ കാല്‍ ഹീന്‍ എണ്ണയില്‍ കുഴച്ചമാവ് ധാന്യയാഗമായി അര്‍പ്പിക്കണം.

6 സര്‍വേശ്വരനു പ്രസാദകരമായ സൗരഭ്യയാഗമായി സീനായ്മലയില്‍വച്ച് ഏര്‍പ്പെടുത്തപ്പെട്ട നിരന്തരഹോമയാഗമാണിത്.

7 ഒരു ആടിന് കാല്‍ ഹീന്‍ വീഞ്ഞ് എന്ന തോതില്‍ പാനീയയാഗവും അര്‍പ്പിക്കണം. സര്‍വേശ്വരനുള്ള പാനീയയാഗമായി ലഹരിയുള്ള വീഞ്ഞ് നിങ്ങള്‍ വിശുദ്ധസ്ഥലത്ത് ഒഴിക്കണം.

8 രാവിലെ ചെയ്തതുപോലെ ധാന്യയാഗത്തോടും പാനീയയാഗത്തോടുംകൂടി രണ്ടാമത്തെ ആട്ടിന്‍കുട്ടിയെയും വൈകുന്നേരം ദഹനയാഗമായി അര്‍പ്പിക്കണം. ഇതിന്‍റെ സൗരഭ്യം സര്‍വേശ്വരനു പ്രസാദകരമായിരിക്കും.

9

ശബത്തു ദിവസം ഒരു വയസ്സു പ്രായമുള്ള ഊനമറ്റ രണ്ട് ആട്ടിന്‍കുട്ടികളെ അര്‍പ്പിക്കണം. അതോടുകൂടി ഒലിവെണ്ണയില്‍ കുഴച്ച രണ്ട് ഇടങ്ങഴി നേരിയ മാവും പാനീയയാഗത്തിനുള്ള വീഞ്ഞും അര്‍പ്പിക്കേണ്ടതാണ്.

10 ദിവസേന അര്‍പ്പിക്കുന്ന ഹോമയാഗത്തിനും പാനീയയാഗത്തിനും പുറമേ ശബത്തുതോറുമുള്ള ഹോമയാഗമാണിത്.

11

ഓരോ മാസത്തിലെയും ആദ്യദിവസം രണ്ടു കാളക്കുട്ടികള്‍, ഒരു ആണാട്, ഒരു വയസ്സു പ്രായമുള്ള ഏഴ് ആട്ടിന്‍കുട്ടികള്‍ എന്നിവയെ സര്‍വേശ്വരനു ഹോമയാഗമായി അര്‍പ്പിക്കണം; അവയെല്ലാം കുറ്റമറ്റവയായിരിക്കണം. ഇവയോടൊപ്പം ധാന്യയാഗമായി ഒലിവെണ്ണയില്‍ കുഴച്ചമാവും അര്‍പ്പിക്കണം;

12 ഓരോ കാളയ്‍ക്കും മൂന്ന് ഇടങ്ങഴിയും, ഓരോ ആണാടിനും രണ്ട് ഇടങ്ങഴിയും,

13 ഓരോ ആട്ടിന്‍കുട്ടിക്കും ഓരോ ഇടങ്ങഴിയും മാവാണ് എണ്ണ ചേര്‍ത്ത് അര്‍പ്പിക്കേണ്ടത്. ഈ ഹോമയാഗങ്ങളെല്ലാം സര്‍വേശ്വരനു പ്രസാദകരമായ സൗരഭ്യമുള്ളയാഗങ്ങളാണ്.

14 പാനീയയാഗമായി ഒരു കാളയ്‍ക്ക് അര ഹീനും, ആണാടിന് ഹീനിന്‍റെ മൂന്നിലൊന്നും, ആട്ടിന്‍കുട്ടിക്കു കാല്‍ ഹീനും എന്ന തോതില്‍ വീഞ്ഞ് അര്‍പ്പിക്കണം; വര്‍ഷംതോറും ഓരോ മാസവും അര്‍പ്പിക്കേണ്ടവയെ സംബന്ധിച്ച നിയമം ഇതാണ്.

15 പാനീയയാഗത്തോടുകൂടിയ പ്രതിദിനഹോമയാഗത്തിനു പുറമേ ഒരു ആണ്‍കോലാടിനെ പാപപരിഹാരയാഗമായും സര്‍വേശ്വരന് അര്‍പ്പിക്കണം.

16

ഒന്നാം മാസം പതിനാലാം ദിവസം സര്‍വേശ്വരന്‍റെ പെസഹയാകുന്നു.

17 പതിനഞ്ചാം ദിവസംമുതല്‍ ഏഴു ദിവസം ഉത്സവമായി ആചരിക്കണം; ഈ ദിവസങ്ങളില്‍ പുളിപ്പു ചേര്‍ക്കാത്ത അപ്പം മാത്രമേ ഭക്ഷിക്കാവൂ. ഒന്നാം ദിവസം വിശുദ്ധസഭ കൂടണം.

18 അന്നു കഠിനജോലികള്‍ ഒന്നും പാടില്ല.

19 സര്‍വേശ്വരനു ഹോമയാഗമായി രണ്ടു കാളക്കുട്ടികളെയും ഒരു ആണാടിനെയും ഒരു വയസ്സു പ്രായമായ ഏഴ് ആണ്‍ആട്ടിന്‍കുട്ടികളെയും അര്‍പ്പിക്കണം. അവയെല്ലാം കുറ്റമറ്റവയായിരിക്കണം.

20 അവയോടൊപ്പം ധാന്യയാഗവും അര്‍പ്പിക്കണം. ഒരു കാളയ്‍ക്കു മൂന്ന് ഇടങ്ങഴിയും, ആണാടിനു രണ്ട് ഇടങ്ങഴിയും,

21 ഓരോ ആട്ടിന്‍കുട്ടിക്കും ഓരോ ഇടങ്ങഴിയും വീതം നേരിയ മാവ് ഒലിവെണ്ണ ചേര്‍ത്തു ധാന്യയാഗമായി അര്‍പ്പിക്കേണ്ടതാണ്.

22 കൂടാതെ നിങ്ങളുടെ പ്രായശ്ചിത്തത്തിനായി ഒരു ആണ്‍കോലാടിനെ പാപപരിഹാരയാഗമായും അര്‍പ്പിക്കണം.

23 നിത്യവുമുള്ള പ്രഭാതഹോമയാഗത്തിനു പുറമേ ഇവയെല്ലാം നിങ്ങള്‍ അര്‍പ്പിക്കണം.

24 ഇങ്ങനെ ഏഴു ദിവസങ്ങളിലും സര്‍വേശ്വരനു പ്രസാദകരമായ ഹോമയാഗങ്ങളോടൊപ്പം ധാന്യയാഗവും അര്‍പ്പിക്കണം. ഇതു പ്രതിദിനമുള്ള ഹോമയാഗങ്ങള്‍ക്കും അതിന്‍റെ പാനീയയാഗങ്ങള്‍ക്കും പുറമേയാണ്.

25 ഏഴാം ദിവസം വിശുദ്ധസഭ കൂടണം; അന്നു കഠിനജോലികള്‍ ഒന്നും ചെയ്യരുത്.

26

വാരോത്സവത്തിന്‍റെ ആരംഭത്തില്‍ സര്‍വേശ്വരന് ആദ്യഫലങ്ങള്‍ ധാന്യയാഗമായി അര്‍പ്പിക്കുമ്പോള്‍ നിങ്ങള്‍ വിശുദ്ധസഭ കൂടണം. അന്നു കഠിനജോലികള്‍ ഒന്നും ചെയ്യരുത്.

27 സര്‍വേശ്വരനു പ്രസാദകരമായ സൗരഭ്യം പരത്തുന്ന ഹോമയാഗമായി രണ്ടു കാളക്കുട്ടികള്‍, ഒരു ആണാട്, ഒരു വയസ്സു പ്രായമുള്ള ഏഴ് ആട്ടിന്‍കുട്ടികള്‍ എന്നിവയെ അര്‍പ്പിക്കണം.

28 അതോടൊപ്പം ധാന്യയാഗമായി, ഒരു കാളയ്‍ക്കു മൂന്ന് ഇടങ്ങഴിയും ആണാടിനു രണ്ട് ഇടങ്ങഴിയും

29 ആട്ടിന്‍കുട്ടിക്ക് ഒരു ഇടങ്ങഴിയും വീതം നേരിയ മാവ് ഒലിവെണ്ണയില്‍ കുഴച്ച് അര്‍പ്പിക്കേണ്ടതാണ്.

30 നിങ്ങളുടെ പാപപരിഹാരത്തിനായി ഒരു ആണ്‍കോലാടിനെയും അര്‍പ്പിക്കുക.

31 പ്രതിദിന ഹോമയാഗങ്ങള്‍ക്കും അവയുടെ ധാന്യയാഗങ്ങള്‍ക്കും പുറമേ ഈ വഴിപാടുകളും അവയുടെ പാനീയയാഗത്തോടൊപ്പം അര്‍പ്പിക്കണം. യാഗത്തിനുള്ള മൃഗങ്ങള്‍ എല്ലാം കുറ്റമറ്റവയായിരിക്കണം.

29

1

ഏഴാം മാസം ഒന്നാം ദിവസം നിങ്ങള്‍ വിശുദ്ധസഭ കൂടണം; അന്നു കഠിനജോലികളില്‍ ഏര്‍പ്പെടരുത്; അതു കാഹളങ്ങള്‍ മുഴക്കുന്ന ദിവസമാകുന്നു.

2 അന്നു സര്‍വേശ്വരനു പ്രസാദകരമായ ഹോമയാഗമായി ഒരു കാളക്കുട്ടി, ഒരു ആണാട്, ഒരു വയസ്സു പ്രായമുള്ള ഏഴ് ആണ്‍കുഞ്ഞാടുകള്‍ എന്നിവയെ അര്‍പ്പിക്കണം. അവയെല്ലാം കുറ്റമറ്റവയായിരിക്കണം.

3 അവയോടൊപ്പം ധാന്യയാഗമായി കാളയ്‍ക്കു മൂന്ന് ഇടങ്ങഴിയും

4 ആണാടിനു രണ്ട് ഇടങ്ങഴിയും കുഞ്ഞാടിന് ഒരു ഇടങ്ങഴിയുംവീതം നേരിയ മാവ് ഒലിവെണ്ണയില്‍ കുഴച്ച് അര്‍പ്പിക്കേണ്ടതാണ്.

5 നിങ്ങളുടെ പാപത്തിനു പ്രായശ്ചിത്തമായി ഒരു ആണ്‍കോലാടിനെയും അര്‍പ്പിക്കണം.

6 ഇവയെല്ലാം ഓരോ മാസത്തിലെയും ഒന്നാം ദിവസം അര്‍പ്പിക്കാറുള്ള ഹോമയാഗത്തിനും അതിന്‍റെ ധാന്യയാഗത്തിനും പ്രതിദിനം അര്‍പ്പിക്കാറുള്ള ഹോമയാഗത്തിനും അതിന്‍റെ ധാന്യയാഗത്തിനും നിയമപ്രകാരമുള്ള പാനീയയാഗത്തിനും പുറമേ ആണ്. അവ ഹോമയാഗമായിട്ടാണ് അര്‍പ്പിക്കേണ്ടത്; അതിന്‍റെ സൗരഭ്യം സര്‍വേശ്വരനു പ്രസാദകരമായിരിക്കും.

7

ഏഴാം മാസത്തിലെ പത്താം ദിവസം നിങ്ങള്‍ വിശുദ്ധസഭ കൂടണം. അന്നു നിങ്ങള്‍ ഉപവസിക്കണം. ജോലിയൊന്നും ചെയ്യരുത്.

8 സര്‍വേശ്വരനു പ്രസാദകരമായ സൗരഭ്യവാസനയാകുന്ന ഹോമയാഗമായി ഒരു കാളക്കുട്ടിയെയും ഒരു ആണാടിനെയും ഏഴ് ആണ്‍കുഞ്ഞാടുകളെയും അര്‍പ്പിക്കണം. അവയെല്ലാം കുറ്റമറ്റവയായിരിക്കണം.

9 അവയോടൊപ്പമുള്ള ധാന്യയാഗമായി ഒലിവെണ്ണ ചേര്‍ത്ത മാവ് അര്‍പ്പിക്കേണ്ടതാണ്; കാളയ്‍ക്ക് മൂന്ന് ഇടങ്ങഴിയും ആണാടിനു രണ്ട് ഇടങ്ങഴിയും

10 കുഞ്ഞാടിന് ഒരു ഇടങ്ങഴിയുംവീതം മാവ് ഒലിവെണ്ണ ചേര്‍ത്ത് അര്‍പ്പിക്കണം.

11 പാപപരിഹാരത്തിനായി ഒരു ആണ്‍കോലാടിനെയും അര്‍പ്പിക്കണം; അതു പാപപരിഹാരദിനത്തില്‍ ജനത്തിനുവേണ്ടി അര്‍പ്പിക്കുന്ന പാപപരിഹാരയാഗമാകുന്നു. പ്രതിദിനഹോമയാഗങ്ങള്‍, അവയോടൊന്നിച്ചുള്ള ധാന്യയാഗങ്ങള്‍, പാനീയയാഗങ്ങള്‍ എന്നിവയ്‍ക്കു പുറമേയായിരിക്കും ഇത്.

12

ഏഴാം മാസം പതിനഞ്ചാം ദിവസം നിങ്ങള്‍ വിശുദ്ധസഭ കൂടണം; അന്നു കഠിനജോലികള്‍ ഒന്നും ചെയ്യരുത്. നിങ്ങള്‍ സര്‍വേശ്വരനു വേണ്ടി ഏഴു ദിവസം നീണ്ടുനില്‌ക്കുന്ന ഉത്സവം ആചരിക്കുക.

13 സര്‍വേശ്വരനു പ്രസാദകരമായ സുഗന്ധം പരത്തുന്ന ഹോമയാഗമായി പതിമൂന്നു കാളക്കുട്ടികളെയും രണ്ട് ആണാടുകളെയും ഒരു വയസ്സു പ്രായമായ പതിനാല് ആണ്‍കുഞ്ഞാടുകളെയും അര്‍പ്പിക്കണം. അവയെല്ലാം കുറ്റമറ്റവയായിരിക്കണം.

14 കാള ഒന്നിനു മൂന്ന് ഇടങ്ങഴിയും ആണാട് ഒന്നിനു രണ്ട് ഇടങ്ങഴിയും

15 ആട്ടിന്‍കുട്ടി ഒന്നിന് ഒരു ഇടങ്ങഴിയും വീതം മാവ് ഒലിവെണ്ണ ചേര്‍ത്തു ധാന്യയാഗമായി അര്‍പ്പിക്കേണ്ടതാണ്.

16 പ്രതിദിനഹോമയാഗത്തിനും അതിന്‍റെ ധാന്യയാഗത്തിനും പാനീയയാഗത്തിനും പുറമേ പാപപരിഹാരത്തിനായി ഒരു ആണ്‍കോലാടിനെയും അര്‍പ്പിക്കണം.

17

രണ്ടാം ദിവസം കുറ്റമറ്റ പന്ത്രണ്ടു കാളക്കുട്ടികളെയും രണ്ട് ആണാടുകളെയും ഒരു വയസ്സു പ്രായമായ പതിനാല് ആണ്‍കുഞ്ഞാടുകളെയും അര്‍പ്പിക്കുക.

18 കാളകള്‍, ആണാടുകള്‍, ആട്ടിന്‍കുട്ടികള്‍ എന്നിവയുടെ എണ്ണമനുസരിച്ചു നിയമാനുസൃതമുള്ള ധാന്യയാഗത്തോടും പാനീയയാഗത്തോടും ഒപ്പം അവ അര്‍പ്പിക്കണം.

19 പ്രതിദിനഹോമയാഗത്തിനും അതിന്‍റെ ധാന്യയാഗത്തിനും പാനീയയാഗത്തിനും പുറമേ പാപപരിഹാരത്തിനായി ഒരു ആണ്‍കോലാടിനെയും അര്‍പ്പിക്കേണ്ടതാണ്.

20

മൂന്നാം ദിവസം കുറ്റമറ്റ പതിനൊന്നു കാളകളെയും, രണ്ട് ആണാടുകളെയും, ഒരു വയസ്സു പ്രായമായ പതിനാല് ആണ്‍കുഞ്ഞാടുകളെയും അര്‍പ്പിക്കണം.

21 കാളകള്‍, ആണാടുകള്‍, ആട്ടിന്‍കുട്ടികള്‍ എന്നിവയുടെ എണ്ണമനുസരിച്ചു നിയമാനുസൃതമായ ധാന്യയാഗവും പാനീയയാഗവും അവയോടൊപ്പം അര്‍പ്പിക്കണം.

22 പ്രതിദിനഹോമയാഗത്തിനും അതിനോടു ചേര്‍ന്നുള്ള ധാന്യയാഗത്തിനും പാനീയയാഗത്തിനും പുറമേ പാപപരിഹാരത്തിനായി ഒരു ആണ്‍കോലാടിനെയും അര്‍പ്പിക്കേണ്ടതാണ്.

23

നാലാം ദിവസം കുറ്റമറ്റ പത്തു കാളകളെയും രണ്ട് ആണാടുകളെയും ഒരു വയസ്സു പ്രായമായ പതിനാല് ആണ്‍കുഞ്ഞാടുകളെയും അര്‍പ്പിക്കണം.

24 കാളകള്‍, ആണാടുകള്‍, കുഞ്ഞാടുകള്‍ എന്നിവയുടെ എണ്ണമനുസരിച്ചു നിയമാനുസൃതമായ ധാന്യയാഗവും പാനീയയാഗവും അര്‍പ്പിക്കണം.

25 പ്രതിദിന ഹോമയാഗത്തിനും അതോടൊപ്പമുള്ള ധാന്യയാഗത്തിനും പാനീയയാഗത്തിനും പുറമേ, പാപപരിഹാരത്തിനായി ഒരു ആണ്‍കോലാടിനെയും അര്‍പ്പിക്കേണ്ടതാണ്.

26

അഞ്ചാം ദിവസം കുറ്റമറ്റ ഒന്‍പതു കാളകളെയും രണ്ട് ആണാടുകളെയും ഒരു വയസ്സുപ്രായമായ പതിനാല് ആണ്‍കുഞ്ഞാടുകളെയും അര്‍പ്പിക്കണം.

27 കാളകള്‍, ആണാടുകള്‍, കുഞ്ഞാടുകള്‍ എന്നിവയുടെ എണ്ണമനുസരിച്ചു നിയമാനുസൃതമായ ധാന്യയാഗവും പാനീയയാഗവും അര്‍പ്പിക്കണം.

28 പ്രതിദിനഹോമയാഗത്തിനും ധാന്യയാഗത്തിനും പാനീയയാഗത്തിനും പുറമേ പാപപരിഹാരത്തിനായി ഒരു ആണ്‍കോലാടിനെയും അര്‍പ്പിക്കേണ്ടതാണ്.

29

ആറാം ദിവസം കുറ്റമറ്റ എട്ടു കാളകളെയും രണ്ട് ആണാടുകളെയും ഒരു വയസ്സു പ്രായമായ പതിനാല് ആണ്‍കുഞ്ഞാടുകളെയും അര്‍പ്പിക്കുക.

30 കാളകള്‍, ആണാടുകള്‍, ആട്ടിന്‍കുട്ടികള്‍ എന്നിവയുടെ എണ്ണമനുസരിച്ചു നിയമാനുസൃതമായ ധാന്യയാഗവും പാനീയയാഗവും അര്‍പ്പിക്കണം.

31 പ്രതിദിനഹോമയാഗത്തിനും ധാന്യയാഗത്തിനും പാനീയയാഗത്തിനും പുറമേ, പാപപരിഹാരത്തിനായി ഒരു ആണ്‍കോലാടിനെയും അര്‍പ്പിക്കേണ്ടതാണ്.

32

ഏഴാം ദിവസം കുറ്റമറ്റ ഏഴു കാളകളെയും, രണ്ട് ആണാടുകളെയും ഒരു വയസ്സു പ്രായമായ പതിനാല് ആണ്‍കുഞ്ഞാടുകളെയും അര്‍പ്പിക്കണം.

33 കാളകള്‍, ആണാടുകള്‍, ആട്ടിന്‍കുട്ടികള്‍ എന്നിവയുടെ എണ്ണമനുസരിച്ച് നിയമാനുസൃതമായ ധാന്യയാഗവും, പാനീയയാഗവും അര്‍പ്പിക്കണം.

34 പ്രതിദിനഹോമയാഗത്തിനും, ധാന്യയാഗത്തിനും, പാനീയയാഗത്തിനും പുറമേ പാപപരിഹാരത്തിനായി ഒരു ആണ്‍കോലാടിനെയും അര്‍പ്പിക്കേണ്ടതാണ്.

35

എട്ടാം ദിവസം വിശുദ്ധസഭ ചേരണം. അന്നു കഠിനജോലികള്‍ ഒന്നും പാടില്ല.

36 സര്‍വേശ്വരനു പ്രസാദകരമായ സുഗന്ധം പരത്തുന്ന ഹോമയാഗമായി കുറ്റമറ്റ ഒരു കാള, ഒരു ആണാട്, ഒരു വയസ്സു പ്രായമായ ഏഴ് ആണ്‍കുഞ്ഞാടുകള്‍ എന്നിവയെ അര്‍പ്പിക്കണം.

37 കാള, ആണാട്, ആട്ടിന്‍കുട്ടികള്‍ എന്നിവയുടെ എണ്ണമനുസരിച്ചു നിയമാനുസൃതമായ ധാന്യയാഗവും പാനീയയാഗവും അര്‍പ്പിക്കണം.

38 പ്രതിദിനഹോമയാഗത്തിനും ധാന്യയാഗത്തിനും പാനീയയാഗത്തിനും പുറമേ, പാപപരിഹാരത്തിനായി ഒരു ആണ്‍കോലാടിനെയും അര്‍പ്പിക്കേണ്ടതാണ്.

39

നിങ്ങളുടെ ഹോമയാഗങ്ങള്‍ക്കും ധാന്യയാഗങ്ങള്‍ക്കും പാനീയയാഗങ്ങള്‍ക്കും സമാധാനയാഗങ്ങള്‍ക്കും വേണ്ടിയുള്ള നേര്‍ച്ചകള്‍ക്കും സ്വമേധാദാനങ്ങള്‍ക്കും പുറമേ ഇവയെല്ലാം നിങ്ങളുടെ നിശ്ചിത ഉത്സവദിവസങ്ങളില്‍ സര്‍വേശ്വരനു സമര്‍പ്പിക്കണം.

40 സര്‍വേശ്വരന്‍ മോശയോടു കല്പിച്ചതെല്ലാം അദ്ദേഹം ഇസ്രായേല്‍ജനത്തെ അറിയിച്ചു.

30

1

മോശ ഇസ്രായേല്‍ജനത്തിന്‍റെ ഗോത്രനേതാക്കന്മാരോടു പറഞ്ഞു: “സര്‍വേശ്വരന്‍ ഇപ്രകാരം കല്പിച്ചിരിക്കുന്നു:

2 ഒരാള്‍ സര്‍വേശ്വരനു നേര്‍ച്ച നേരുകയോ വര്‍ജ്ജനവ്രതം സ്വീകരിക്കുകയോ ചെയ്തതിനുശേഷം അവന്‍ പ്രതിജ്ഞ ലംഘിക്കരുത്; അതു നിറവേറ്റുകതന്നെ വേണം.

3 “പിതൃഭവനത്തില്‍ പാര്‍ക്കുന്ന ഒരു യുവതി സര്‍വേശ്വരനു നേര്‍ച്ച നേരുകയോ, വര്‍ജ്ജനവ്രതം സ്വീകരിക്കുകയോ ചെയ്ത വിവരം

4 പിതാവ് അറിഞ്ഞിട്ട് മൗനം ദീക്ഷിച്ചാല്‍ അവള്‍ ചെയ്ത എല്ലാ നേര്‍ച്ചകളും വര്‍ജ്ജനവ്രതവും നിലനില്‌ക്കും.

5 എന്നാല്‍ നേര്‍ച്ചയും വ്രതവും സംബന്ധിച്ച് അവള്‍ എടുത്തിട്ടുള്ള പ്രതിജ്ഞ കേള്‍ക്കുന്ന ദിവസംതന്നെ പിതാവ് അവളെ അതിന് അനുവദിക്കാതെയിരുന്നാല്‍ അവള്‍ എടുത്തിട്ടുള്ള പ്രതിജ്ഞയും വ്രതവും നിലനില്‌ക്കുകയില്ല; പിതാവ് അവളെ വിലക്കിയതിനാല്‍ സര്‍വേശ്വരന്‍ അവളോടു ക്ഷമിക്കും.

6 “അവിവാഹിതയായ ഒരുവളുടെ നേര്‍ച്ചയോ, ബോധപൂര്‍വമല്ലാതെ ചെയ്ത വര്‍ജ്ജനവ്രതമോ നിലവിലിരിക്കെ അവള്‍ വിവാഹിതയാകുകയും,

7 അവള്‍ ചെയ്ത പ്രതിജ്ഞകളെ സംബന്ധിച്ച് അറിഞ്ഞ ദിവസം ഭര്‍ത്താവ് മൗനം ദീക്ഷിക്കുകയും ചെയ്താല്‍ അവളുടെ നേര്‍ച്ച നിലനില്‌ക്കും. അവള്‍ വര്‍ജ്ജനവ്രതം നിറവേറ്റുകയും വേണം.

8 എന്നാല്‍ അവയെപ്പറ്റി അറിയുന്ന ദിവസം, അവളുടെ ഭര്‍ത്താവ് അവ അനുവദിക്കാതെയിരുന്നാല്‍ അവളുടെ നേര്‍ച്ചയും അവള്‍ ബോധപൂര്‍വമല്ലാതെ എടുത്ത വര്‍ജ്ജനവ്രതവും നിലനില്‌ക്കുകയില്ല. സര്‍വേശ്വരന്‍ അവളോടു ക്ഷമിക്കും.

9 “വിധവയോ, വിവാഹമോചനം ലഭിച്ചവളോ ആയ ഒരുവളുടെ നേര്‍ച്ചയും വര്‍ജ്ജനവ്രതവും അവള്‍ നിറവേറ്റുകതന്നെ വേണം.

10 “ഭര്‍ത്തൃഭവനത്തില്‍വച്ച് ഒരുവള്‍ ചെയ്യുന്ന നേര്‍ച്ചയും എടുക്കുന്ന വര്‍ജ്ജനവ്രതവും അവളുടെ ഭര്‍ത്താവ് അറിയുമ്പോള്‍,

11 അതു വിലക്കാതെ മൗനം ദീക്ഷിച്ചാല്‍ അവളുടെ നേര്‍ച്ചയും വ്രതവും നിലനില്‌ക്കും.

12 എന്നാല്‍ അവളുടെ ഭര്‍ത്താവ് അതു കേള്‍ക്കുന്ന ദിവസം അവ വിലക്കിയാല്‍ അവളുടെ നേര്‍ച്ചകളും വ്രതവും നിലനില്‌ക്കുകയില്ല. ഭര്‍ത്താവ് അവളുടെ നേര്‍ച്ചയും വ്രതവും വിലക്കിയതുകൊണ്ടു സര്‍വേശ്വരന്‍ അവളോടു ക്ഷമിക്കും.

13 ആത്മതപനത്തിനായി അവള്‍ എടുത്ത ഏതു വര്‍ജ്ജനവ്രതവും നേര്‍ച്ചയും സാധുവാക്കാനോ അസാധുവാക്കാനോ ഭര്‍ത്താവിനു കഴിയും.

14 അവളുടെ വ്രതത്തെപ്പറ്റി കേട്ടിട്ടും ദിവസങ്ങളായി അയാള്‍ ഒന്നും പറയാതെയിരുന്നാല്‍ അവളുടെ എല്ലാ നേര്‍ച്ചകളും വര്‍ജ്ജനവ്രതവും അയാള്‍ സ്ഥിരപ്പെടുത്തുകയാണ്. അവ കേട്ടിട്ടും അയാള്‍ മൗനം ദീക്ഷിച്ചതുകൊണ്ട് അവ സാധുവായിത്തീരുന്നു.

15 അവയെപ്പറ്റി കേട്ടതിനുശേഷം കുറെനാള്‍ കഴിഞ്ഞാണ് അവ വിലക്കുന്നതെങ്കില്‍ അവളുടെ കുറ്റം അയാള്‍ വഹിക്കണം.

16 “ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലും, പിതൃഭവനത്തില്‍ പാര്‍ക്കുന്ന അവിവാഹിതയായ പുത്രിയും പിതാവും തമ്മിലും പാലിക്കാന്‍ സര്‍വേശ്വരന്‍ മോശയ്‍ക്കു നല്‌കിയ ചട്ടങ്ങള്‍ ഇവയാകുന്നു.”

31

1

സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു:

2 “ഇസ്രായേല്‍ജനത്തിനുവേണ്ടി മിദ്യാന്യരോടു നീ പ്രതികാരം ചെയ്യുക. അതിനുശേഷം നീ മരിച്ചു പൂര്‍വികരോടു ചേരും.”

3 മോശ ജനത്തോടു പറഞ്ഞു: “സര്‍വേശ്വരനുവേണ്ടി മിദ്യാന്യരോടു പ്രതികാരം ചെയ്യാന്‍ യുദ്ധത്തിന് ഒരുങ്ങുക.

4 ഇസ്രായേലിലെ ഓരോ ഗോത്രത്തില്‍നിന്നും ആയിരം പേരെ വീതം യുദ്ധത്തിന് അയയ്‍ക്കണം.”

5 ഓരോ ഗോത്രത്തില്‍നിന്നും ആയിരം പേര്‍ വീതം പന്തീരായിരം പേരെ യുദ്ധത്തിനായി വേര്‍തിരിച്ചു.

6 മോശ ഓരോ ഗോത്രത്തില്‍നിന്നും ആയിരംപേര്‍ വീതമുള്ള ഗണത്തെ എലെയാസാര്‍ പുരോഹിതന്‍റെ മകനായ ഫീനെഹാസിനോടൊപ്പം യുദ്ധത്തിനയച്ചു; അയാളുടെ കൈവശം വിശുദ്ധമന്ദിരത്തിലെ ഉപകരണങ്ങളും സൂചനാശബ്ദം പുറപ്പെടുവിക്കുന്ന കാഹളങ്ങളും ഉണ്ടായിരുന്നു.

7 സര്‍വേശ്വരന്‍ മോശയോടു കല്പിച്ചപ്രകാരം അവര്‍ മിദ്യാന്യരോടു യുദ്ധം ചെയ്തു; പുരുഷപ്രജകളെയെല്ലാം കൊന്നൊടുക്കി.

8 മിദ്യാന്യരുടെ രാജാക്കന്മാരായ ഏവി, രേക്കെം, സൂര്‍, ഹൂര്‍, രേബ എന്നീ അഞ്ചു പേരും കൊല്ലപ്പെട്ടു. ബെയോരിന്‍റെ മകനായ ബിലെയാമിനെയും അവര്‍ സംഹരിച്ചു.

9 ഇസ്രായേല്‍ജനം മിദ്യാന്യസ്‍ത്രീകളെയും കുഞ്ഞുങ്ങളെയും തടവുകാരാക്കി; അവരുടെ ആടുമാടുകളും സകല സമ്പത്തും അവര്‍ കൊള്ളയടിച്ചു.

10 അവരുടെ പട്ടണങ്ങളും എല്ലാ പാര്‍പ്പിടങ്ങളും ഇസ്രായേല്യര്‍ അഗ്നിക്കിരയാക്കി.

11 മനുഷ്യരും മൃഗങ്ങളുമടങ്ങിയ കൊള്ളവസ്തുക്കള്‍ അവര്‍ സ്വന്തമാക്കി.

12 തടവുകാരോടൊപ്പം കൊള്ളവസ്തുക്കളും അവര്‍ യെരീഹോവിന്‍റെ എതിര്‍വശത്തു യോര്‍ദ്ദാനരികെയുള്ള മോവാബ്സമഭൂമിയില്‍ പാളയമടിച്ചിരുന്ന മോശയുടെയും എലെയാസാര്‍ പുരോഹിതന്‍റെയും ഇസ്രായേല്‍ജനസമൂഹം മുഴുവന്‍റെയും മുമ്പാകെ കൊണ്ടുവന്നു.

13

തിരിച്ചെത്തിയ സൈന്യത്തെ എതിരേല്‌ക്കാന്‍ മോശയും എലെയാസാര്‍പുരോഹിതനും ജനനേതാക്കന്മാരും പാളയത്തിനു പുറത്തുവന്നു.

14 യുദ്ധരംഗത്തുനിന്നു തിരിച്ചുവന്ന സഹസ്രാധിപന്മാരും ശതാധിപന്മാരുമായ സേനാനായകന്മാരോടു മോശ കുപിതനായി ചോദിച്ചു:

15 “സ്‍ത്രീകളെയെല്ലാം നിങ്ങള്‍ ജീവിക്കാന്‍ അനുവദിച്ചതെന്ത്?

16 ബിലെയാമിന്‍റെ ഉപദേശത്താല്‍ പെയോരില്‍വച്ച് ഇസ്രായേല്‍ജനം സര്‍വേശ്വരനോട് അവിശ്വസ്തരായി പെരുമാറിയതിനു കാരണക്കാര്‍ ഈ സ്‍ത്രീകളായിരുന്നില്ലേ? അതുകൊണ്ടല്ലേ അവിടത്തെ ജനസമൂഹത്തിന്‍റെ ഇടയില്‍ ബാധയുണ്ടായത്?

17 അതിനാല്‍ സകല ആണ്‍കുട്ടികളെയും പുരുഷനോടൊത്തു ശയിച്ചിട്ടുള്ള സകല സ്‍ത്രീകളെയും വധിക്കുക.

18 എന്നാല്‍ പുരുഷനോടൊത്തു ശയിച്ചിട്ടില്ലാത്ത പെണ്‍കുട്ടികളെ നിങ്ങള്‍ക്കുവേണ്ടി ജീവിക്കാന്‍ അനുവദിക്കാം.

19 ആരെയെങ്കിലും കൊന്നവരും ശവത്തെ സ്പര്‍ശിച്ചവരും ഏഴു ദിവസം പാളയത്തിനു പുറത്തു പാര്‍ക്കണം; അവര്‍ മൂന്നാം ദിവസവും ഏഴാം ദിവസവും തങ്ങളെത്തന്നെയും ബന്ധനസ്ഥരാക്കിയ സ്‍ത്രീകളെയും ശുദ്ധീകരിക്കണം.

20 സകല വസ്ത്രങ്ങളും തോലുകൊണ്ടുള്ള എല്ലാ വസ്തുക്കളും കോലാട്ടിന്‍രോമംകൊണ്ടും തടികൊണ്ടും നിര്‍മ്മിച്ച സകല സാധനങ്ങളും ശുദ്ധീകരിക്കണം.”

21 യുദ്ധരംഗത്തുനിന്നു തിരിച്ചുവന്ന യോദ്ധാക്കളോട് എലെയാസാര്‍പുരോഹിതന്‍ പറഞ്ഞു: “സര്‍വേശ്വരന്‍ മോശയോടു കല്പിച്ചിട്ടുള്ള നിയമം ഇതാണ്.

22 സ്വര്‍ണം, വെള്ളി, ഓട്, ഇരുമ്പ്, വെളുത്തീയം, കാരീയം മുതലായ അഗ്നിയില്‍ നശിച്ചുപോകാത്ത സാധനങ്ങള്‍ തീയില്‍ ശുദ്ധിവരുത്തണം.

23 പിന്നീടു ശുദ്ധീകരണജലംകൊണ്ട് അവ വിശുദ്ധീകരിക്കണം. തീയില്‍ നശിച്ചുപോകുന്ന എല്ലാ സാധനങ്ങളും ജലംകൊണ്ടു ശുദ്ധീകരിക്കണം.

24 ഏഴാം ദിവസം നിങ്ങള്‍ വസ്ത്രം അലക്കണം. അപ്പോള്‍ നിങ്ങള്‍ ശുദ്ധിയുള്ളവരായിത്തീരും; അതിനുശേഷം നിങ്ങള്‍ക്കു പാളയത്തില്‍ പ്രവേശിക്കാം.”

25

സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു:

26 “മനുഷ്യരും മൃഗങ്ങളും ഉള്‍പ്പെടെ കൊള്ളവസ്തുക്കളായി പിടിച്ചെടുത്ത എല്ലാറ്റിന്‍റെയും കണക്ക് നീയും എലെയാസാര്‍ പുരോഹിതനും പിതൃഗോത്രനേതാക്കളും ചേര്‍ന്ന് എടുക്കണം.

27 അവ യുദ്ധത്തിനു പോയ യോദ്ധാക്കള്‍ക്കും ജനസമൂഹത്തിനുമായി രണ്ടായി ഭാഗിക്കണം.

28 യോദ്ധാക്കളുടെ പങ്കായി വേര്‍തിരിച്ച തടവുകാരിലും കന്നുകാലി, കഴുത, ആട് എന്നീ മൃഗങ്ങളിലുംനിന്ന് അഞ്ഞൂറിന് ഒന്നുവീതം സര്‍വേശ്വരനുള്ള ഓഹരിയായി വാങ്ങണം.

29 അത് അവരുടെ പങ്കില്‍നിന്ന് എടുത്ത് സര്‍വേശ്വരനുള്ള വഴിപാടായി എലെയാസാര്‍ പുരോഹിതനെ ഏല്പിക്കണം.

30 എന്നാല്‍ ഇസ്രായേല്‍ജനങ്ങളുടെ പങ്കായി ലഭിച്ച തടവുകാര്‍, കന്നുകാലി, കഴുത, ആട് എന്നിവയില്‍നിന്ന് അമ്പതിന് ഒന്നുവീതം എടുത്തു സര്‍വേശ്വരന്‍റെ തിരുസാന്നിധ്യകൂടാരത്തിന്‍റെ ചുമതല വഹിക്കുന്ന ലേവ്യര്‍ക്കു കൊടുക്കണം.”

31 സര്‍വേശ്വരന്‍ കല്പിച്ചതുപോലെ മോശയും എലെയാസാര്‍പുരോഹിതനും പ്രവര്‍ത്തിച്ചു.

32 കൊള്ളമുതലില്‍നിന്നു യോദ്ധാക്കള്‍ എടുത്തതിനു ശേഷമുണ്ടായിരുന്ന ആടുകള്‍ ആറുലക്ഷത്തി എഴുപത്തയ്യായിരവും കന്നുകാലികള്‍ എഴുപത്തീരായിരവും

33 [33,34] കഴുതകള്‍ അറുപത്തോരായിരവും

34

35 പുരുഷനുമായി ബന്ധപ്പെടാത്ത സ്‍ത്രീകള്‍ മുപ്പത്തീരായിരവും ആയിരുന്നു.

36 യുദ്ധത്തിനു പോയവരുടെ പകുതി ഓഹരി മൂന്നു ലക്ഷത്തിമുപ്പത്തേഴായിരത്തി അഞ്ഞൂറ് ആടുകളും,

37 അവയില്‍ സര്‍വേശ്വരന്‍റെ ഓഹരി അറുനൂറ്റെഴുപത്തഞ്ചും

38 കന്നുകാലികള്‍ മുപ്പത്താറായിരവും അവയില്‍ സര്‍വേശ്വരന്‍റെ ഓഹരി എഴുപത്തിരണ്ടും ആയിരുന്നു.

39 കഴുതകള്‍ മുപ്പതിനായിരത്തി അഞ്ഞൂറും അവയില്‍ സര്‍വേശ്വരന്‍റെ ഓഹരി അറുപത്തൊന്നും

40 തടവുകാര്‍ പതിനാറായിരവും അവരില്‍ സര്‍വേശ്വരന്‍റെ ഓഹരി മുപ്പത്തിരണ്ടും ആയിരുന്നു.

41 സര്‍വേശ്വരന് ഓഹരിയായി അര്‍പ്പിച്ചവയെല്ലാം അവിടുന്നു കല്പിച്ചിരുന്നതുപോലെ മോശ എലെയാസാര്‍പുരോഹിതനെ ഏല്പിച്ചു.

42 യോദ്ധാക്കള്‍ക്കുവേണ്ടി വേര്‍തിരിച്ചതിന്‍റെ ശേഷമുണ്ടായിരുന്ന പകുതി ഓഹരി ജനത്തിനുവേണ്ടി വേര്‍തിരിച്ചു.

43 ജനത്തിനു വേര്‍തിരിച്ച ഓഹരിയില്‍ മൂന്നുലക്ഷത്തി മുപ്പത്തേഴായിരത്തി അഞ്ഞൂറ് ആടുകളും

44 [44,45] മുപ്പത്താറായിരം കന്നുകാലികളും മുപ്പതിനായിരത്തി അഞ്ഞൂറു കഴുതകളും

45

46 പതിനാറായിരം തടവുകാരും ഉണ്ടായിരുന്നു.

47 ഇസ്രായേല്‍ജനത്തിനുവേണ്ടി വേര്‍തിരിച്ച മനുഷ്യരിലും മൃഗങ്ങളിലുംനിന്ന് അമ്പതിന് ഒന്നു വീതം സര്‍വേശ്വരന്‍ തന്നോടു കല്പിച്ചിരുന്നതുപോലെ മോശ അവിടുത്തെ തിരുസാന്നിധ്യകൂടാരത്തിന്‍റെ ചുമതല വഹിക്കുന്ന ലേവ്യര്‍ക്കു കൊടുത്തു.

48 പിന്നീടു സഹസ്രാധിപന്മാരും ശതാധിപന്മാരും മോശയുടെ അടുക്കല്‍ വന്നു.

49 അവര്‍ മോശയോടു പറഞ്ഞു: “അങ്ങയുടെ ദാസന്മാരായ ഞങ്ങള്‍ ഞങ്ങളുടെ കീഴിലുണ്ടായിരുന്ന യോദ്ധാക്കളുടെ എണ്ണമെടുത്തു; അവരില്‍ ഒരാള്‍പോലും നഷ്ടപ്പെട്ടില്ല.

50 അതുകൊണ്ട് ഞങ്ങളില്‍ ഓരോരുത്തര്‍ക്കും ലഭിച്ച തോള്‍വള, കൈവള, മുദ്രമോതിരം, കര്‍ണവളയം, മാല എന്നീ സ്വര്‍ണാഭരണങ്ങള്‍ സര്‍വേശ്വരനു ഞങ്ങളുടെ പാപപരിഹാരത്തിനു വഴിപാടായി കൊണ്ടുവന്നിരിക്കുന്നു.

51 ആഭരണങ്ങളായി ഉണ്ടായിരുന്ന സ്വര്‍ണമത്രയും മോശയും എലെയാസാര്‍പുരോഹിതനുംകൂടി അവരില്‍നിന്ന് ഏറ്റുവാങ്ങി.

52 സഹസ്രാധിപന്മാരും ശതാധിപന്മാരും സര്‍വേശ്വരനു വഴിപാടായി അര്‍പ്പിച്ച സ്വര്‍ണം ഏകദേശം പതിനാറായിരത്തി എഴുനൂറ്റമ്പതു ശേക്കെല്‍ ഉണ്ടായിരുന്നു.

53 യോദ്ധാക്കള്‍ തങ്ങള്‍ക്കു ലഭിച്ച കൊള്ളമുതലുകള്‍ സ്വന്തമായി എടുത്തിരുന്നു.

54 മോശയും എലെയാസാര്‍പുരോഹിതനും ചേര്‍ന്നു സഹസ്രാധിപന്മാരില്‍നിന്നും ശതാധിപന്മാരില്‍നിന്നും ഏറ്റുവാങ്ങിയ സ്വര്‍ണം ഇസ്രായേല്‍ജനത്തിന്‍റെ ഓര്‍മയ്‍ക്കായി തിരുസാന്നിധ്യകൂടാരത്തിലേക്കു കൊണ്ടുപോയി.

32

1

രൂബേന്‍ഗോത്രക്കാര്‍ക്കും ഗാദ്ഗോത്രക്കാര്‍ക്കും വളരെയധികം ആടുമാടുകളുണ്ടായിരുന്നു. അവയെ വളര്‍ത്തുന്നതിന് ഏറ്റവും അനുയോജ്യമായ പ്രദേശമാണു യസേരും ഗിലെയാദും എന്ന് അവര്‍ കണ്ടു.

2 അവര്‍ മോശയോടും എലെയാസാര്‍പുരോഹിതനോടും ജനനേതാക്കളോടും പറഞ്ഞു:

3 [3,4] “ഇസ്രായേല്‍ജനസമൂഹത്തിനു മുമ്പില്‍ സര്‍വേശ്വരന്‍ കീഴടക്കിയ അതാരോത്ത്, ദീബോന്‍, യസേര്‍, നിമ്രാ, ഹെശ്ബോന്‍, എലെയാലേ, സെബാം, നെബോ, ബെയോന്‍ എന്നീ പട്ടണങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശം ആടുമാടുകളെ വളര്‍ത്തുന്നതിനു യോജിച്ച സ്ഥലമാണ്. ഈയുള്ളവര്‍ക്ക് ധാരാളം ആടുമാടുകളുണ്ടല്ലോ.

4

5 അങ്ങയുടെ കരുണയ്‍ക്ക് പാത്രമാകുന്നു എങ്കില്‍ ഈ പ്രദേശം ഞങ്ങള്‍ക്ക് അവകാശമായി തന്നാലും; യോര്‍ദ്ദാനക്കരെയുള്ള ദേശത്തേക്കു ഞങ്ങളെ കൊണ്ടുപോകരുതേ.”

6 ഗാദ്, രൂബേന്‍ ഗോത്രക്കാരോടു മോശ പറഞ്ഞു: “സ്വന്തം സഹോദരന്മാര്‍ യുദ്ധത്തിനു പോകുമ്പോള്‍ നിങ്ങള്‍ക്ക് ഇവിടെ ഇരിക്കണമെന്നോ?

7 സര്‍വേശ്വരന്‍ ഇസ്രായേല്‍ജനത്തിനു നല്‌കിയ ദേശത്തേക്ക് അവര്‍ പ്രവേശിക്കാതിരിക്കത്തക്കവിധം അവരെ നിങ്ങള്‍ എന്തിനു നിരുത്സാഹപ്പെടുത്തുന്നു?

8 ദേശം രഹസ്യനിരീക്ഷണം നടത്തുന്നതിനു കാദേശ്-ബര്‍ന്നേയയില്‍നിന്നു നിങ്ങളുടെ പിതാക്കന്മാരെ ഞാന്‍ അയച്ചപ്പോള്‍ അവര്‍ ചെയ്തതും ഇതു തന്നെയായിരുന്നു.

9 എസ്കോല്‍താഴ്വരയില്‍ ചെന്ന് ആ ദേശം കണ്ടതിനുശേഷം സര്‍വേശ്വരന്‍ തങ്ങള്‍ക്കു നല്‌കിയ ദേശത്തേക്കു പോകാതിരിക്കാന്‍ ഇസ്രായേല്‍ജനത്തെ അവര്‍ നിരുത്സാഹപ്പെടുത്തി.

10 [10-12] അന്നു സര്‍വേശ്വരന്‍റെ കോപം അവരുടെ നേരേ ജ്വലിച്ചു; അബ്രഹാമിനും, ഇസ്ഹാക്കിനും, യാക്കോബിനും നല്‌കുമെന്നു വാഗ്ദാനം ചെയ്തിരുന്ന ദേശം കെനിസ്യനായ യെഫുന്നെയുടെ പുത്രന്‍ കാലേബും നൂനിന്‍റെ പുത്രന്‍ യോശുവയും ഒഴികെ ഈജിപ്തില്‍നിന്നു പോന്നവരില്‍ ഇരുപതു വയസ്സും അതിനുമേലും പ്രായമുള്ള ആരും കാണുകയില്ലെന്നു സര്‍വേശ്വരന്‍ സത്യം ചെയ്തു.

11

12

13 സര്‍വേശ്വരന്‍റെ കോപം ഇസ്രായേല്‍ജനത്തിന്‍റെ നേരേ ജ്വലിച്ചു; നാല്പതു വര്‍ഷം അവരെ മരുഭൂമിയില്‍ അലഞ്ഞു നടക്കാന്‍ ഇടയാക്കി; സര്‍വേശ്വരന് അനിഷ്ടമായി പ്രവര്‍ത്തിച്ച തലമുറ മുഴുവന്‍ ഇല്ലാതെയാകുന്നതുവരെ അവര്‍ അങ്ങനെ നടന്നു.

14 അവിടുത്തെ ഉഗ്രകോപം ഇസ്രായേല്‍ജനത്തിനെതിരേ വീണ്ടും ജ്വലിക്കത്തക്കവിധം പാപികളായ മനുഷ്യരുടെ ഒരു പുതിയ തലമുറയായി നിങ്ങള്‍ നിങ്ങളുടെ പിതാക്കന്മാര്‍ക്കു പകരം എഴുന്നേറ്റിരിക്കുന്നു.

15 നിങ്ങള്‍ സര്‍വേശ്വരനെ അനുഗമിക്കാതെയിരുന്നാല്‍ മരുഭൂമിയില്‍ വീണ്ടും നിങ്ങളെ കൈവിട്ടുകളയും; അങ്ങനെ ഈ ജനത്തിന്‍റെ നാശത്തിനു നിങ്ങള്‍ ഉത്തരവാദികളാകും.”

16 അപ്പോള്‍ അവര്‍ മോശയെ സമീപിച്ചു പറഞ്ഞു: “ഞങ്ങളുടെ ആടുമാടുകള്‍ക്കുവേണ്ടി തൊഴുത്തുകളും ഞങ്ങളുടെ കുട്ടികള്‍ക്കുവേണ്ടി പട്ടണങ്ങളും ഇവിടെ ഞങ്ങള്‍ പണിയട്ടെ.

17 എന്നാല്‍ ഇസ്രായേല്‍ജനത്തെ അവരുടെ സ്ഥലത്ത് എത്തിക്കുന്നതുവരെ ആയുധവുമേന്തി അവര്‍ക്കു മുമ്പേ പോകാന്‍ ഞങ്ങള്‍ ഒരുക്കമാണ്. ഞങ്ങളുടെ കുട്ടികള്‍ മാത്രം തദ്ദേശവാസികളില്‍നിന്നു സുരക്ഷിതരായി കെട്ടുറപ്പുള്ള പട്ടണങ്ങളില്‍ പാര്‍ക്കട്ടെ.

18 ഇസ്രായേല്‍ജനം തങ്ങളുടെ അവകാശഭൂമി കൈവശമാക്കുന്നതുവരെ ഞങ്ങള്‍ സ്വന്തം വീടുകളിലേക്കു മടങ്ങുകയില്ല.

19 യോര്‍ദ്ദാനക്കരെയും അതിനപ്പുറവുമുള്ള സ്ഥലങ്ങള്‍ മറ്റ് ഇസ്രായേല്‍ജനത്തോടൊപ്പം ഞങ്ങള്‍ അവകാശമാക്കുകയില്ല; യോര്‍ദ്ദാനിക്കരെ കിഴക്കുവശത്തുള്ള സ്ഥലം ഞങ്ങള്‍ക്ക് അവകാശമായി ലഭിച്ചിട്ടുണ്ടല്ലോ.”

20 മോശ അവരോടു പറഞ്ഞു: “നിങ്ങള്‍ പറയുന്നതുപോലെ പ്രവര്‍ത്തിക്കുമെങ്കില്‍ ഇവിടെ സര്‍വേശ്വരന്‍റെ സന്നിധിയില്‍വച്ചുതന്നെ യുദ്ധത്തിനായി ഒരുങ്ങിക്കൊള്ളുക.

21 നിങ്ങളുടെ യോദ്ധാക്കള്‍ എല്ലാവരും ആയുധധാരികളായി സര്‍വേശ്വരന്‍റെ മുമ്പാകെ നില്‌ക്കുമെങ്കില്‍,

22 അവിടുന്നു ശത്രുക്കളെ പരാജയപ്പെടുത്തി ആ ദേശം അവിടുത്തെ മുമ്പില്‍ കീഴടങ്ങിക്കഴിയുമ്പോള്‍ നിങ്ങള്‍ക്കു മടങ്ങിപ്പോരാം. അപ്പോള്‍ സര്‍വേശ്വരനോടും സ്വജനമായ ഇസ്രായേല്യരോടുമുള്ള കടമ നിങ്ങള്‍ നിറവേറ്റിക്കഴിയുമല്ലോ; പിന്നീട് ഈ പ്രദേശം സര്‍വേശ്വരന്‍റെ മുമ്പില്‍ നിങ്ങള്‍ക്കുള്ള അവകാശമായിത്തീരും.

23 “അങ്ങനെ ചെയ്യാതിരുന്നാല്‍ നിങ്ങള്‍ സര്‍വേശ്വരനെതിരായി പാപം ചെയ്യുകയായിരിക്കും; അതിന്‍റെ ഫലം നിങ്ങള്‍ അനുഭവിക്കുകയും ചെയ്യും.

24 നിങ്ങളുടെ കുട്ടികള്‍ക്കായി പട്ടണങ്ങളും നിങ്ങളുടെ ആട്ടിന്‍പറ്റത്തിനു തൊഴുത്തുകളും പണിതതിനുശേഷം നിങ്ങള്‍ വാഗ്ദാനം ചെയ്തതുപോലെ പ്രവര്‍ത്തിക്കണം.”

25 ഗാദ്ഗോത്രക്കാരും രൂബേന്‍ഗോത്രക്കാരും മോശയോടു പറഞ്ഞു: “അവിടുന്നു കല്പിക്കുന്നതുപോലെ ഈയുള്ളവര്‍ പ്രവര്‍ത്തിച്ചുകൊള്ളാം.

26 ഞങ്ങളുടെ കുട്ടികളും ഭാര്യമാരും ആടുമാടുകളും ഗിലെയാദിലെ പട്ടണങ്ങളില്‍ പാര്‍ക്കട്ടെ.

27 അങ്ങയുടെ ദാസന്മാരായ ഞങ്ങള്‍ എല്ലാവരും അവിടുന്നു കല്പിക്കുന്നതുപോലെ സര്‍വേശ്വരന്‍റെ മുമ്പാകെ യുദ്ധത്തിനു പൊയ്‍ക്കൊള്ളാം.”

28

മോശ അവരെക്കുറിച്ച് എലെയാസാര്‍ പുരോഹിതനോടും നൂനിന്‍റെ പുത്രനായ യോശുവയോടും ഇസ്രായേല്‍ഗോത്രങ്ങളിലെ നേതാക്കന്മാരോടും ഇപ്രകാരം പറഞ്ഞു:

29 “ഗാദ്, രൂബേന്‍ ഗോത്രക്കാരായ ഓരോരുത്തരും സര്‍വേശ്വരന്‍റെ സന്നിധിയില്‍ യുദ്ധസന്നദ്ധരായി യോര്‍ദ്ദാന്‍ കടക്കുകയും നിങ്ങളോടൊപ്പം ആ ദേശം നിങ്ങള്‍ക്കായി പിടിച്ചടക്കുകയും ചെയ്താല്‍ ഗിലെയാദു പ്രദേശം അവര്‍ക്ക് അവകാശമായി കൊടുക്കണം.

30 എന്നാല്‍ യുദ്ധസന്നദ്ധരായി അവര്‍ നിങ്ങളോടുകൂടെ അക്കരയ്‍ക്കു വരുന്നില്ലെങ്കില്‍ അവരുടെ അവകാശം കനാന്‍ദേശത്തു നിങ്ങളുടെ ഇടയില്‍തന്നെ ആയിരിക്കണം.”

31 ഗാദ്, രൂബേന്‍ ഗോത്രക്കാര്‍ പറഞ്ഞു: “സര്‍വേശ്വരന്‍ അങ്ങയുടെ ദാസന്മാരോട് അരുളിച്ചെയ്തതുപോലെ ഞങ്ങള്‍ പ്രവര്‍ത്തിച്ചുകൊള്ളാം.

32 സര്‍വേശ്വരന്‍റെ മുമ്പാകെ യുദ്ധസന്നദ്ധരായി നദിക്ക് അക്കരെ കനാനിലേക്കു ഞങ്ങള്‍ പൊയ്‍ക്കൊള്ളാം. അങ്ങനെയായാല്‍ യോര്‍ദ്ദാനിക്കരെ ഞങ്ങളുടെ അവകാശം ഞങ്ങള്‍ക്കുതന്നെ ലഭിക്കുമല്ലോ.”

33 മോശ ഗാദ്, രൂബേന്‍ ഗോത്രക്കാര്‍ക്കും യോസേഫിന്‍റെ പുത്രനായ മനശ്ശെയുടെ പകുതി ഗോത്രത്തിനും, അമോര്യരാജാവായ സീഹോന്‍റെയും ബാശാന്‍രാജാവായ ഓഗിന്‍റെയും രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശവും അവയുടെ അതിര്‍ത്തിപ്രദേശങ്ങളിലുള്ള പട്ടണങ്ങളും അവകാശമായി നല്‌കി.

34 ദീബോന്‍, അതാരോത്ത്, അരോയേര്‍,

35 അത്രോത്ത്, ശോഫാന്‍, യസേര്‍, യൊഗ്ബെഹാ,

36 ബേത്ത്-നിമ്രാ, ബേത്ത്-ഹാരാന്‍ എന്നീ ഉറപ്പുള്ള പട്ടണങ്ങളും ആടുകള്‍ക്കു തൊഴുത്തുകളും ഗാദ്ഗോത്രക്കാര്‍ പണിതു.

37 രൂബേന്‍ഗോത്രക്കാര്‍ ഹെശ്ബോന്‍, എലെയാലേ, കിര്യത്തയീം, നെബോ, ബാല്‍ മെയോന്‍, സിബ്മാ എന്നീ പട്ടണങ്ങള്‍ പണിതു.

38 നെബോയുടെയും ബാല്‍മെയോന്‍റെയും പേരുകള്‍ മാറ്റിക്കളഞ്ഞു; അവര്‍ നിര്‍മ്മിച്ച പട്ടണങ്ങള്‍ക്കു മറ്റു പേരുകള്‍ കൊടുത്തു.

39 മനശ്ശെയുടെ പുത്രനായ മാഖീരിന്‍റെ പുത്രന്മാര്‍ ഗിലെയാദ് കൈവശപ്പെടുത്തിയശേഷം അവിടെ പാര്‍ത്തിരുന്ന അമോര്യരെ ഓടിച്ചുകളഞ്ഞു.

40 മോശ, മനശ്ശെയുടെ പുത്രനായ മാഖീരിന്‍റെകുലത്തിനു ഗിലെയാദുപ്രദേശം കൊടുത്തു; അവര്‍ അവിടെ പാര്‍ത്തു.

41 മനശ്ശെയുടെ പുത്രനായ യായീര്‍ അതിലെ ഗ്രാമങ്ങള്‍ പിടിച്ചടക്കുകയും അവയ്‍ക്ക് ഹവോത്ത്-യായീര്‍ എന്നു പേരു നല്‌കുകയും ചെയ്തു.

42 കെനാത്തും അതിലെ ഗ്രാമങ്ങളും നോബഹ് കൈവശപ്പെടുത്തി. അതിന് നോബഹ് എന്ന് തന്‍റെ പേരു നല്‌കി.

33

1

മോശയുടെയും അഹരോന്‍റെയും നേതൃത്വത്തില്‍ ഈജിപ്തില്‍നിന്നു യാത്ര പുറപ്പെട്ട ഇസ്രായേല്‍ജനം പാളയമടിച്ച സ്ഥലങ്ങള്‍ ഇവയാണ്.

2 സര്‍വേശ്വരന്‍റെ കല്പനയനുസരിച്ചു മോശ അവര്‍ പാളയമടിച്ച സ്ഥലങ്ങള്‍ ക്രമമായി രേഖപ്പെടുത്തി.

3 [3,4] ഒന്നാം മാസം പതിനഞ്ചാം ദിവസം ഇസ്രായേല്‍ജനം രമെസേസില്‍നിന്നു പുറപ്പെട്ടു; സര്‍വേശ്വരന്‍ നിഗ്രഹിച്ച ആദ്യജാതന്മാരെ ഈജിപ്തുകാര്‍ അടക്കംചെയ്തുകൊണ്ടിരുന്നപ്പോഴായിരുന്നു ജനം വിജയോത്സാഹത്തോടുകൂടി അവര്‍ കാണ്‍കെ യാത്രയാരംഭിച്ചത്. അതു പെസഹയുടെ പിറ്റേദിവസമായിരുന്നു; സര്‍വേശ്വരന്‍ അവരുടെ ദേവന്മാരുടെമേലും ന്യായവിധി നടത്തി.

4

5 ഇസ്രായേല്‍ജനം രമെസേസില്‍നിന്നു യാത്ര തിരിച്ചു സുക്കോത്തില്‍ പാളയമടിച്ചു.

6 അവര്‍ അടുത്തതായി പാളയമടിച്ചതു മരുഭൂമിയുടെ അതിരിലുള്ള ഏഥാമില്‍ ആയിരുന്നു.

7 അവിടെനിന്നു ബാല്‍ സെഫോന് എതിരെയുള്ള പീഹഹീരോത്തിനു നേരേ യാത്ര ചെയ്തു മിഗ്ദോലിനു കിഴക്കു പാളയമടിച്ചു.

8 പീഹഹീരോത്തില്‍നിന്നു ചെങ്കടല്‍ കടന്നു ശൂര്‍ മരുഭൂമിയിലെത്തി. മരുഭൂമിയില്‍ മൂന്നു ദിവസത്തെ വഴി നടന്നു മാറായില്‍ പാളയമടിച്ചു.

9 പന്ത്രണ്ടു നീരുറവുകളും എഴുപത് ഈന്തപ്പനകളുമുണ്ടായിരുന്ന ഏലീമിലായിരുന്നു പിന്നീട് അവര്‍ പാളയമടിച്ചത്.

10 ഏലീമില്‍നിന്നു പുറപ്പെട്ടു ചെങ്കടല്‍ തീരത്തും

11 അവിടെനിന്നു യാത്ര തിരിച്ചു സീന്‍മരുഭൂമിയിലും പാളയമടിച്ചു.

12 സീന്‍മരുഭൂമിയില്‍നിന്നു പുറപ്പെട്ട് ദൊഫ്ക്കയിലും

13 അവിടെനിന്നു യാത്ര തിരിച്ച് ആലൂശിലും പാളയമടിച്ചു.

14 ആലൂശില്‍നിന്നു പുറപ്പെട്ടു രെഫീദീമില്‍ പാളയമടിച്ചു. അവിടെ ജനത്തിനു കുടിക്കാന്‍ വെള്ളമില്ലായിരുന്നു.

15 രെഫീദീംമുതല്‍ ഹോര്‍പര്‍വതംവരെയുള്ള യാത്രയ്‍ക്കിടയില്‍ ഇസ്രായേല്‍ജനം,

16 സീനായ് മരുഭൂമി,

17 കിബ്രോത്ത്-ഹത്താവ, ഹസേരോത്ത്, റിത്ത്മ,

18 [18-20] രിമ്മോന്‍-പേരെസ്, ലിബ്നാ, റിസ്സാ,

19

20

21 [21-24] കെഹേലാഥാ, ശാഫേര്‍ മല, ഹരാദാ, മക്ഹേലോത്ത്,

22

23

24

25 [25-28] തഹത്ത്, താരഹ്, മിത്ത്ക്കാ, ഹശ്മോന,

26

27

28

29 [29-31] മോസേരോത്ത്, ബെനേയാക്കാന്‍, ഹോര്‍-ഹഗ്ഗിദ്ഗാദ്,

30

31

32 [32-34] യൊത്ബാഥാ, അബ്രോനാ, എസ്യോന്‍-ഗേബെര്‍,

33

34

35 [35,36] സീന്‍മരുഭൂമിയിലുള്ള കാദേശ്,

36

37 എദോംദേശത്തിന്‍റെ അതിര്‍ത്തിയിലുള്ള ഹോര്‍പര്‍വതം എന്നീ സ്ഥലങ്ങളില്‍ പാളയമടിച്ചു. സര്‍വേശ്വരന്‍റെ കല്പനപ്രകാരം പുരോഹിതനായ അഹരോന്‍ ഹോര്‍പര്‍വതത്തില്‍ കയറി; അവിടെവച്ച് അദ്ദേഹം മരിച്ചു.

38 ഇസ്രായേല്‍ജനം ഈജിപ്തില്‍നിന്നു യാത്ര പുറപ്പെട്ടതിന്‍റെ നാല്പതാം വര്‍ഷം അഞ്ചാംമാസം ഒന്നാം ദിവസമായിരുന്നു അഹരോന്‍ മരിച്ചത്.

39 അപ്പോള്‍ അഹരോന് നൂറ്റിയിരുപത്തിമൂന്നു വയസ്സുണ്ടായിരുന്നു.

40 കനാന്‍ദേശത്തിന്‍റെ തെക്കുഭാഗത്തു പാര്‍ത്തിരുന്ന കനാന്യനായ അരാദ്‍രാജാവ് ഇസ്രായേല്‍ജനത്തിന്‍റെ വരവിനെക്കുറിച്ചു കേട്ടു.

41 ഹോര്‍പര്‍വതംമുതല്‍ മോവാബു സമതലംവരെയുള്ള യാത്രയ്‍ക്കിടയില്‍ ഇസ്രായേല്‍ജനം സല്മോനയിലും,

42 [42-44] പൂനോനിലും, ഓബോത്തിലും, മോവാബിന്‍റെ അതിരിലുള്ള ഈയെ-അബാരീമിലും,

43

44

45 [45,46] ദീബോന്‍ഗാദിലും, അല്മോദി ബ്ലാഥയീമിലും,

46

47 നെബോവിനു കിഴക്കുള്ള അബാരീംപര്‍വതത്തിലും പാളയമടിച്ചു.

48 അവിടെനിന്നു പുറപ്പെട്ടു യെരീഹോവിന് എതിര്‍വശത്തു യോര്‍ദ്ദാനു സമീപമുള്ള മോവാബുസമഭൂമിയില്‍ ബേത്ത്-യെശീമോത്തു മുതല്‍

49 ആബേല്‍-ശിത്തീം വരെയുള്ള പ്രദേശത്തു പാളയമടിച്ചു.

50

യെരീഹോവിന് എതിര്‍വശത്തു യോര്‍ദ്ദാനു സമീപമുള്ള മോവാബുസമഭൂമിയില്‍വച്ചു സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു:

51 “ഇസ്രായേല്‍ജനത്തോടു പറയുക: നിങ്ങള്‍ യോര്‍ദ്ദാന്‍ കടന്നു കനാന്‍ദേശത്തു പ്രവേശിക്കുമ്പോള്‍ അവിടത്തെ ദേശവാസികളെയെല്ലാം ഓടിച്ചുകളയണം.

52 കല്ലുകൊണ്ടും ലോഹംകൊണ്ടും നിര്‍മ്മിച്ചിട്ടുള്ള അവരുടെ എല്ലാ വിഗ്രഹങ്ങളും ആരാധനാസ്ഥലങ്ങളും നിങ്ങള്‍ നശിപ്പിക്കണം.

53 ഞാന്‍ ആ ദേശം നിങ്ങള്‍ക്കു നല്‌കിയിരിക്കുന്നു; അതുകൊണ്ട് ആ ദേശം കൈവശപ്പെടുത്തി അവിടെ പാര്‍ക്കുക.

54 നറുക്കിട്ട് ഓരോ കുടുംബത്തിനും ദേശം ഭാഗിച്ചു കൊടുക്കണം; കൂടുതല്‍ അംഗങ്ങളുള്ള ഗോത്രത്തിനു കൂടുതലും കുറവുള്ളതിനു കുറച്ചും ഭൂമി നല്‌കേണ്ടതാണ്. നറുക്ക് എവിടെ വീഴുന്നുവോ അവിടമായിരിക്കും ഓരോരുത്തരുടെയും അവകാശം. പിതൃഗോത്രമനുസരിച്ചാണ് നിങ്ങള്‍ ദേശം അവകാശമാക്കേണ്ടത്.

55 ദേശനിവാസികളെ നിങ്ങള്‍ ഓടിച്ചുകളയാതെയിരുന്നാല്‍, അവിടെ ശേഷിക്കുന്നവര്‍ നിങ്ങളുടെ കണ്ണുകള്‍ക്ക് മുള്ളുപോലെയും പാര്‍ശ്വങ്ങള്‍ക്ക് മുള്‍ച്ചെടിപോലെയുമായിരിക്കും.

56 മാത്രമല്ല അവരോടു ഞാന്‍ ചെയ്യാന്‍ നിരൂപിച്ചതു നിങ്ങളോടു പ്രവര്‍ത്തിക്കുകയും ചെയ്യും.”

34

1

സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു:

2 “ഇസ്രായേല്‍ജനത്തോടു കല്പിക്കുക: ഞാന്‍ നിങ്ങള്‍ക്ക് അവകാശമായി നല്‌കുന്ന ദേശത്തു നിങ്ങള്‍ പ്രവേശിക്കുമ്പോള്‍ അതിന്‍റെ അതിരുകള്‍ താഴെ പറയുന്നവയായിരിക്കണം.

3 നിങ്ങളുടെ തെക്കേ അതിര് സീന്‍മരുഭൂമി മുതല്‍ എദോമിന്‍റെ അതിരില്‍ക്കൂടിയായിരിക്കും. അതു കിഴക്ക് ചാവുകടലിന്‍റെ തെക്കേ അറ്റത്തുനിന്ന് ആരംഭിക്കും.

4 അവിടെനിന്ന് അക്രബീം കയറ്റത്തിനു തെക്കോട്ടു നീണ്ടു സീന്‍മരുഭൂമിയില്‍ കാദേശ് - ബര്‍ന്നേയയുടെ തെക്ക് അവസാനിക്കും. അവിടെനിന്നു വടക്കോട്ടു തിരിഞ്ഞു ഹസര്‍ - അദ്ദാറില്‍കൂടി അസ്മോനിലേക്കു കടക്കും.

5 അവിടെനിന്ന് ഈജിപ്തിന്‍റെ അതിരിലുള്ള താഴ്വരയില്‍കൂടി കടന്നു മധ്യധരണ്യാഴിയില്‍ അവസാനിക്കും.

6 പടിഞ്ഞാറേ അതിര് മധ്യധരണ്യാഴിയായിരിക്കും.

7 വടക്കേ അതിര് മധ്യധരണ്യാഴിയില്‍ തുടങ്ങി

8 ഹോര്‍പര്‍വതം, ഹമാത്ത്, സെദാദ്,

9 സിഫ്രോന്‍, ഈ സ്ഥലങ്ങളില്‍ കൂടി കടന്നു ഹസാര്‍-ഏനാനില്‍ അവസാനിക്കും.

10 കിഴക്കേ അതിര് ഹസാര്‍-ഏനാനില്‍ തുടങ്ങി

11 ശെഫാമില്‍ കൂടി അയീന്‍റെ കിഴക്കുഭാഗത്തു രിബ്ലാ കടന്നു,

12 ഗലീലക്കടലിന്‍റെ കിഴക്കേ തീരത്തുള്ള മലകളില്‍കൂടി യോര്‍ദ്ദാന്‍ വഴിയായി ഉപ്പുകടലില്‍ എത്തും. നിങ്ങളുടെ ദേശത്തിന്‍റെ അതിരുകള്‍ ഇവയായിരിക്കും.

13 നിങ്ങളുടെ ഒമ്പതര ഗോത്രങ്ങള്‍ക്കുവേണ്ടി നറുക്കിട്ടു നിങ്ങള്‍ക്ക് അവകാശമായി വിഭജിക്കുന്നതിനു സര്‍വേശ്വരന്‍ നല്‌കിയിട്ടുള്ള ദേശം ഇതാകുന്നു.

14 [14,15] രൂബേന്‍, ഗാദ്ഗോത്രക്കാര്‍ക്കും മനശ്ശെയുടെ പകുതി ഗോത്രക്കാര്‍ക്കും അവരുടെ കുലങ്ങളനുസരിച്ചു ലഭിക്കേണ്ട സ്ഥലം യെരീഹോവിനു കിഴക്കു യോര്‍ദ്ദാനക്കരെ വീതിച്ചു കൊടുത്തുവല്ലോ.”

15

16

സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു:

17 “എലെയാസാര്‍പുരോഹിതനും നൂനിന്‍റെ പുത്രനുമായ യോശുവയുംകൂടി ജനങ്ങള്‍ക്കു ദേശം വിഭജിച്ചുകൊടുക്കണം.

18 അവരെ സഹായിക്കുന്നതിന് അവരോടൊപ്പം ഓരോ ഗോത്രത്തില്‍നിന്ന് ഓരോ നേതാവിനെയും നിയോഗിക്കണം.

19 അവര്‍ താഴെ പറയുന്നവരാണ്: യെഹൂദായുടെ ഗോത്രത്തില്‍നിന്നു യെഫുന്നെയുടെ പുത്രനായ കാലേബ്.

20 ശിമെയോന്‍ഗോത്രത്തില്‍നിന്ന് അമ്മീഹൂദിന്‍റെ പുത്രനായ ശെമൂവേല്‍;

21 ബെന്യാമീന്‍ഗോത്രത്തില്‍നിന്നു കിസ്ലോന്‍റെ പുത്രനായ എലീദാദ്;

22 ദാന്‍ഗോത്രത്തില്‍നിന്നു യൊഗ്ലിയുടെ പുത്രന്‍ ബുക്കി;

23 യോസേഫിന്‍റെ പുത്രന്മാരില്‍ മനശ്ശെഗോത്രത്തില്‍നിന്ന് എഫോദിന്‍റെ പുത്രന്‍ ഹന്നീയേല്‍.

24 എഫ്രയീംഗോത്രത്തില്‍നിന്നു ശിഫ്ത്താന്‍റെ പുത്രന്‍ കെമൂവേല്‍;

25 സെബൂലൂന്‍ ഗോത്രത്തില്‍നിന്നു പര്‍ന്നാക്കിന്‍റെ പുത്രന്‍ എലീസാഫാന്‍;

26 ഇസ്സാഖാര്‍ഗോത്രത്തില്‍നിന്ന് അസ്സാന്‍റെ പുത്രന്‍ പല്‍ത്തീയേല്‍;

27 ആശേര്‍ഗോത്രത്തില്‍നിന്നു ശെലോമിയുടെ പുത്രന്‍ അഹീഹൂദ്.

28 നഫ്താലിഗോത്രത്തില്‍നിന്ന് അമ്മീഹൂദിന്‍റെ പുത്രന്‍ പെദഹേല്‍.

29 കനാന്‍ദേശത്ത് ഇസ്രായേല്‍ജനത്തിനുള്ള അവകാശം വിഭജിച്ചുകൊടുക്കുന്നതിനു സര്‍വേശ്വരന്‍ നിയമിച്ചത് ഇവരെയായിരുന്നു.

35

1

യെരീഹോവിന് എതിര്‍വശം യോര്‍ദ്ദാനു സമീപമുള്ള മോവാബുസമഭൂമിയില്‍വച്ചു സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു:

2 “ലേവ്യര്‍ക്കു പാര്‍ക്കാന്‍ ഇസ്രായേല്‍ജനത്തിന് അവകാശമായി ലഭിച്ച സ്ഥലത്തുതന്നെ പട്ടണങ്ങള്‍ കൊടുക്കാന്‍ അവരോടു പറയണം. പട്ടണങ്ങളോടു ചേര്‍ന്ന് അവയ്‍ക്ക് ചുറ്റുമുള്ള പുല്പുറങ്ങളും അവര്‍ക്കു കൊടുക്കണം.

3 പട്ടണങ്ങളില്‍ അവര്‍ പാര്‍ക്കട്ടെ; പുല്പുറങ്ങള്‍ അവരുടെ ആടുമാടുകള്‍ക്കും മറ്റു മൃഗങ്ങള്‍ക്കുമുള്ളതായിരിക്കും.

4 പുല്പുറത്തിനു പട്ടണത്തിന്‍റെ ഓരോ വശത്തുനിന്നും ആയിരം മുഴം വീതി ഉണ്ടായിരിക്കണം.

5 പട്ടണത്തിനുചുറ്റും നാലു ദിക്കുകളിലേക്കും അളക്കണം. അതു പട്ടണങ്ങളോടു ചേര്‍ന്നുള്ള അവരുടെ പുല്പുറങ്ങളായിരിക്കും.

6 നിങ്ങള്‍ ലേവ്യര്‍ക്കു കൊടുക്കുന്ന പട്ടണങ്ങളില്‍ ആറെണ്ണം അഭയനഗരങ്ങളായിരിക്കണം. ഒരാള്‍ അബദ്ധവശാല്‍ ഒരാളെ കൊല ചെയ്യാന്‍ ഇടയായാല്‍ കൊലയാളിക്ക് ഓടി രക്ഷപെടുന്നതിനുള്ളതാണ് അഭയനഗരങ്ങള്‍.

7 ഇവ കൂടാതെ നാല്പത്തിരണ്ടു പട്ടണങ്ങള്‍കൂടി അവര്‍ക്കു കൊടുക്കണം. അങ്ങനെ ആകെ നാല്പത്തെട്ടു പട്ടണങ്ങള്‍ അവയുടെ പുല്പുറങ്ങളോടുകൂടി ലേവ്യര്‍ക്കുണ്ടായിരിക്കണം.

8 ലേവ്യര്‍ക്കു കൊടുക്കുന്ന പട്ടണങ്ങളുടെ എണ്ണം ഓരോ ഗോത്രത്തിനു ലഭിക്കുന്ന സ്ഥലത്തിന്‍റെ അളവിന് ആനുപാതികമായിരിക്കണം; കൂടുതല്‍ അംഗസംഖ്യയുള്ള ഗോത്രങ്ങള്‍ക്കു കൂടുതല്‍ പട്ടണങ്ങളും അംഗസംഖ്യ കുറഞ്ഞ ഗോത്രങ്ങള്‍ക്കു കുറച്ചു പട്ടണങ്ങളുമാണു കൊടുക്കേണ്ടത്.”

9

സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു:

10 “ഇസ്രായേല്‍ജനത്തോടു പറയുക, നിങ്ങള്‍ യോര്‍ദ്ദാന്‍ കടന്നു കനാന്‍ദേശത്ത് എത്തുമ്പോള്‍

11 ഏതാനും പട്ടണങ്ങള്‍ അഭയനഗരങ്ങളായി വേര്‍തിരിക്കണം. അബദ്ധവശാല്‍ ഒരാളെ കൊന്നുപോയാല്‍ കൊല ചെയ്തവന്‍ അവിടേക്കാണ് ഓടിപ്പോകേണ്ടത്.

12 കൊലയാളി ജനസമൂഹത്തിന്‍റെ മുമ്പാകെ വിസ്തരിക്കപ്പെടുന്നതിനു മുമ്പു കൊല്ലപ്പെട്ടവനുവേണ്ടി പ്രതികാരം ചെയ്യാന്‍ ബാധ്യസ്ഥനായവന്‍റെ പിടിയില്‍പ്പെടാതെ രക്ഷപെടുന്നതിനുവേണ്ടിയുള്ളതാണ് ഈ അഭയനഗരങ്ങള്‍.

13 നിങ്ങള്‍ കൊടുക്കുന്ന പട്ടണങ്ങളില്‍ ആറെണ്ണം അഭയനഗരങ്ങളായിരിക്കണം.

14 അഭയനഗരങ്ങളില്‍ മൂന്നെണ്ണം യോര്‍ദ്ദാനക്കരെയും മൂന്നെണ്ണം കനാന്‍ദേശത്തുമായിരിക്കണം.

15 ഇസ്രായേല്യര്‍ക്കും പരദേശികള്‍ക്കും പ്രവാസികള്‍ക്കും ഈ പട്ടണങ്ങള്‍ അഭയനഗരങ്ങളായിരിക്കും; അവിചാരിതമായി കൊലചെയ്ത ഏതൊരുവനും ഇവയില്‍ ഏതെങ്കിലും ഒരു പട്ടണത്തില്‍ ഓടിയെത്തി രക്ഷപെടാം.

16 ഒരാള്‍ ഇരുമ്പായുധംകൊണ്ടു മറ്റൊരുത്തനെ അടിക്കുകയും അടിയേറ്റവന്‍ മരിക്കുകയും ചെയ്താല്‍ അടിച്ചവന്‍ കൊലപാതകിയാകുന്നു; അവന്‍ വധിക്കപ്പെടണം.

17 ഒരാള്‍ അവന്‍റെ കൈയിലുള്ള കല്ലുകൊണ്ട് മറ്റൊരുവനെ ഇടിക്കുകയും ഇടിയേറ്റവന്‍ മരിക്കുകയും ചെയ്താല്‍ ഇടിച്ചവന്‍ കൊലപാതകിയാകുന്നു; അവനെ വധിക്കണം.

18 ഒരാള്‍ തന്‍റെ കൈയിലുള്ള മരംകൊണ്ടു നിര്‍മ്മിച്ച ആയുധംകൊണ്ടു മറ്റൊരുവനെ അടിക്കുകയും അടിയേറ്റവന്‍ മരിക്കുകയും ചെയ്താല്‍ അയാള്‍ കൊലപാതകിയാകുന്നു; അവനെ വധിക്കണം.

19 പ്രതികാരം ചെയ്യാന്‍ കടപ്പെട്ട ചാര്‍ച്ചക്കാരന്‍ കൊലപാതകിയെ കണ്ടാലുടന്‍ കൊന്നുകളയണം.

20 ഒരുത്തന്‍ വിദ്വേഷം നിമിത്തം മറ്റൊരുവനെ കുത്തുകയോ പതിയിരുന്നു വല്ലതും അവന്‍റെ നേരേ എറിയുകയോ

21 പൂര്‍വവൈരാഗ്യം നിമിത്തം മുഷ്‍ടിചുരുട്ടി ഇടിക്കുകയോ ചെയ്തിട്ട് അവന്‍ മരിക്കാന്‍ ഇടയായാല്‍ കൊലയാളി വധിക്കപ്പെടണം. അവന്‍ കൊലപാതകിയാണ്; പ്രതികാരം ചെയ്യാന്‍ ബാധ്യസ്ഥനായ ചാര്‍ച്ചക്കാരന്‍ അവനെ കണ്ടാലുടന്‍ കൊന്നുകളയണം.

22 എന്നാല്‍ ശത്രുത കൂടാതെ ഒരാള്‍ മറ്റൊരുത്തനെ കുത്തുകയോ, കരുതിക്കൂട്ടിയല്ലാതെ വല്ലതും അവന്‍റെ നേരേ എറിയുകയോ,

23 വിരോധമൊന്നുമില്ലാതെയും മുറിവേല്പിക്കണമെന്ന ഉദ്ദേശ്യമില്ലാതെയും നേരില്‍ കാണാതെയും കല്ല് എറിയുകയോ ചെയ്തതിന്‍റെ ഫലമായി അവന്‍ മരിച്ചാല്‍,

24 കൊലപാതകിക്കും പ്രതികാരം ചെയ്യാന്‍ ബാധ്യസ്ഥനായ ചാര്‍ച്ചക്കാരനും മധ്യേ ജനം ഈ അനുശാസനങ്ങളനുസരിച്ചു ന്യായം വിധിക്കണം.

25 അങ്ങനെ പ്രതികാരം ചെയ്യാന്‍ കടപ്പെട്ട ചാര്‍ച്ചക്കാരന്‍റെ കൈയില്‍നിന്നു കൊലപാതകിയെ ജനസമൂഹം രക്ഷിക്കണം. അവന്‍ ഓടിപ്പോയ അഭയനഗരത്തിലേക്കുതന്നെ അവനെ മടക്കി അയയ്‍ക്കണം; വിശുദ്ധതൈലംകൊണ്ട് അഭിഷിക്തനായ മഹാപുരോഹിതന്‍റെ മരണംവരെ അവന്‍ അവിടെത്തന്നെ പാര്‍ക്കട്ടെ.

26 എന്നാല്‍ കൊലപാതകി അഭയംതേടിയ അഭയനഗരത്തിനു പുറത്തുവരികയും,

27 പ്രതികാരം ചെയ്യാന്‍ കടപ്പെട്ടവന്‍ അവിടെവച്ച് അവനെ കൊല്ലുകയും ചെയ്താല്‍ താന്‍ ചെയ്ത പ്രതികാരത്തിന് അയാള്‍ കുറ്റക്കാരനായിരിക്കുകയില്ല.

28 കാരണം മഹാപുരോഹിതന്‍റെ മരണംവരെ കൊലയാളി അഭയനഗരത്തില്‍ പാര്‍ക്കേണ്ടതായിരുന്നു. അതിനുശേഷം തന്‍റെ അവകാശഭൂമിയിലേക്ക് അവനു തിരിച്ചുപോകാം.

29 ഇവ നിങ്ങള്‍ പാര്‍ക്കുന്ന എല്ലാ ഇടങ്ങളിലും എല്ലാ തലമുറകളിലും അനുസരിക്കേണ്ട നിയമവും ചട്ടവുമാകുന്നു.

30 കൊലപാതകിയെ സാക്ഷികളുടെ മൊഴി അനുസരിച്ചു മാത്രമേ വധശിക്ഷയ്‍ക്കു വിധിക്കാവൂ; ഒരു സാക്ഷിയുടെ മാത്രം മൊഴി അടിസ്ഥാനമാക്കി ആരെയും വധിച്ചുകൂടാ.

31 വധശിക്ഷയ്‍ക്ക് അര്‍ഹനായ കൊലയാളിയുടെ ജീവനുവേണ്ടി മോചനദ്രവ്യം വാങ്ങരുത്. അവന്‍ വധിക്കപ്പെടുകതന്നെ വേണം.

32 അഭയനഗരത്തില്‍ രക്ഷ നേടിയവന്‍ മഹാപുരോഹിതന്‍റെ മരണത്തിനു മുമ്പു തന്‍റെ അവകാശഭൂമിയില്‍ പാര്‍ക്കുന്നതിന് ഇടയാകത്തക്കവിധം അവന്‍റെ പക്കല്‍നിന്നു മോചനദ്രവ്യം വാങ്ങരുത്.

33 നിങ്ങള്‍ പാര്‍ക്കുന്ന ദേശം അശുദ്ധമാകാതിരിക്കട്ടെ. രക്തച്ചൊരിച്ചില്‍ ദേശത്തെ അശുദ്ധമാക്കും. ദേശത്തു ചൊരിഞ്ഞ രക്തത്തിനു രക്തം ചൊരിയിച്ചവന്‍റെ രക്തത്താലല്ലാതെ പ്രായശ്ചിത്തം ചെയ്യുക സാധ്യമല്ല.

34 ഞാന്‍ വസിക്കുന്നതും നിങ്ങള്‍ പാര്‍ക്കുന്നതുമായ ദേശം നിങ്ങള്‍ അശുദ്ധമാക്കരുത്. സര്‍വേശ്വരനായ ഞാന്‍ ഇസ്രായേല്‍ജനത്തിന്‍റെ ഇടയില്‍ ആവസിക്കുന്നുവല്ലോ.

36

1

യോസേഫിന്‍റെ പൗത്രനും മനശ്ശെയുടെ പുത്രനുമായ മാഖീരിന്‍റെ പുത്രന്‍ ഗിലെയാദിന്‍റെ കുടുംബത്തലവന്മാര്‍ മോശയുടെയും ഗോത്രനേതാക്കന്മാരുടെയും മുമ്പാകെ വന്നു പറഞ്ഞു:

2 “ദേശം ഇസ്രായേല്‍ജനത്തിനു നറുക്കിട്ടു പതിച്ചു കൊടുക്കാന്‍ സര്‍വേശ്വരന്‍ അങ്ങയോടു കല്പിച്ചു. ഞങ്ങളുടെ ചാര്‍ച്ചക്കാരനായ സെലോഫഹാദിന്‍റെ അവകാശം അവന്‍റെ പുത്രിമാര്‍ക്കു കൊടുക്കാനും അവിടുന്ന് അങ്ങയോടു കല്പിച്ചിട്ടുണ്ട്.

3 അവര്‍ ഇസ്രായേലിലെ മറ്റേതെങ്കിലും ഗോത്രത്തില്‍നിന്നു വിവാഹം ചെയ്താല്‍ അവരുടെ അവകാശം ഞങ്ങളുടെ പൈതൃകാവകാശത്തില്‍നിന്നു വിട്ടുപോകും. അത് അവരുടെ ഭര്‍ത്തൃഗോത്രത്തിന്‍റെ അവകാശമായിത്തീരും. അങ്ങനെ ഞങ്ങള്‍ക്കു ലഭിച്ച അവകാശത്തിന്‍റെ ഒരു ഭാഗം നഷ്ടപ്പെടും.

4 ഇസ്രായേല്‍ജനത്തിന്‍റെ ജൂബിലിസംവത്സരം ആഗതമാകുമ്പോള്‍ അവരുടെ അവകാശം അവരുടെ ഭര്‍ത്തൃഗോത്രത്തില്‍ ലയിക്കും. ഞങ്ങളുടെ പിതൃഗോത്രത്തിനു അതു നഷ്ടപ്പെടുകയും ചെയ്യും.”

5 സര്‍വേശ്വരന്‍റെ കല്പനയനുസരിച്ച് ഇസ്രായേല്‍ജനത്തോടു മോശ പറഞ്ഞു: “യോസേഫിന്‍റെ പുത്രന്മാരുടെ ഗോത്രക്കാര്‍ പറയുന്നതു ശരിയാണ്.

6 സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു, സെലോഫഹാദിന്‍റെ പുത്രിമാര്‍ക്ക് ഇഷ്ടപ്പെട്ടവരെ വിവാഹം ചെയ്യുന്നതിനു സ്വാതന്ത്ര്യമുണ്ട്; എന്നാല്‍ അതു പിതൃഗോത്രത്തില്‍ നിന്നായിരിക്കണം.

7 ഇസ്രായേല്‍ജനത്തിന്‍റെ അവകാശം ഒരു ഗോത്രത്തില്‍നിന്നു മറ്റൊരു ഗോത്രത്തിലേക്കു മാറ്റാന്‍ പാടില്ല. ഓരോ ഇസ്രായേല്യന്‍റെയും അവകാശം അവന്‍റെ പിതൃഗോത്രത്തോടു ബന്ധപ്പെട്ടിരിക്കണം.

8 ഇസ്രായേലിലെ ഏതെങ്കിലും ഗോത്രത്തില്‍നിന്നു ഭൂമി അവകാശമായി ലഭിച്ചിട്ടുള്ള ഒരു യുവതി അതേ ഗോത്രത്തില്‍നിന്നുതന്നെ വിവാഹം കഴിക്കണം. അങ്ങനെ ചെയ്താല്‍ ഓരോ ഇസ്രായേല്യനും തന്‍റെ പിതൃസ്വത്ത് നിലനിര്‍ത്താന്‍ കഴിയും.

9 ഒരു ഗോത്രത്തിന്‍റെ അവകാശം മറ്റൊരു ഗോത്രത്തിലേക്കു മാറുകയില്ല. ഓരോ ഗോത്രത്തിന്‍റെയും അവകാശം അതിന്‍റെ അധീനതയില്‍തന്നെ നിലനില്‌ക്കും.”

10 [10,11] സര്‍വേശ്വരന്‍ മോശയോടു കല്പിച്ചതുപോലെ സെലോഫഹാദിന്‍റെ പുത്രിമാരായ മഹ്ലാ, തിര്‍സ്സാ, ഹൊഗ്ലാ, മില്‍ക്കാ, നോവാ എന്നിവര്‍ തങ്ങളുടെ പിതൃസഹോദര പുത്രന്മാരുടെ ഭാര്യമാരായി.

11

12 അവര്‍ യോസേഫിന്‍റെ പുത്രനായ മനശ്ശെയുടെ പുത്രന്മാരുടെ കുടുംബങ്ങളില്‍തന്നെ വിവാഹിതരായതുകൊണ്ട് അവരുടെ അവകാശം അവരുടെ പിതൃഗോത്രത്തില്‍തന്നെ നിലനിന്നു.

13 യെരീഹോവിന് എതിര്‍വശം യോര്‍ദ്ദാനു സമീപത്തുള്ള മോവാബ്സമഭൂമിയില്‍ വച്ചു സര്‍വേശ്വരന്‍ മോശയില്‍കൂടി ഇസ്രായേല്‍ജനത്തിനു നല്‌കിയ ചട്ടങ്ങളും നിയമങ്ങളും ഇവയായിരുന്നു.