1
സര്‍വേശ്വരന്‍ മോശയെ വിളിച്ചു തിരുസാന്നിധ്യകൂടാരത്തില്‍വച്ച് അരുളിച്ചെയ്തു:2 “ഇസ്രായേല്‍ജനത്തോടു പറയുക, സര്‍വേശ്വരനു യാഗം അര്‍പ്പിക്കാന്‍ കന്നുകാലിക്കൂട്ടത്തില്‍നിന്നോ ആട്ടിന്‍പറ്റത്തില്‍നിന്നോ ഒന്നിനെ കൊണ്ടുവരാം.
3
ഹോമയാഗത്തിനുള്ള മൃഗം കന്നുകാലികളിലൊന്നാണെങ്കില്‍ അത് കുറ്റമറ്റ കാളയായിരിക്കണം. അതു സര്‍വേശ്വരനു സ്വീകാര്യമാകാന്‍ അതിനെ തിരുസാന്നിധ്യകൂടാരത്തിന്‍റെ കവാടത്തില്‍ അര്‍പ്പിക്കണം.4 അര്‍പ്പിക്കുന്നവന്‍ അതിന്‍റെ തലയില്‍ കൈ വയ്‍ക്കണം. അത് അവന്‍റെ പാപത്തിനു പരിഹാരമായി അംഗീകരിക്കപ്പെടും.
5 അതിനുശേഷം അവന്‍ കാളക്കുട്ടിയെ സര്‍വേശ്വരസന്നിധിയില്‍വച്ചു കൊല്ലണം. അഹരോന്യപുരോഹിതന്മാര്‍ അതിന്‍റെ രക്തമെടുത്തു തിരുസാന്നിധ്യകൂടാരത്തിന്‍റെ വാതില്‌ക്കലുള്ള യാഗപീഠത്തിനു ചുറ്റും തളിക്കണം.
6 പിന്നെ അതിന്‍റെ തോലുരിച്ച് അതിനെ കഷണങ്ങളായി മുറിക്കണം.
7 അഹരോന്യപുരോഹിതന്മാര്‍ യാഗപീഠത്തില്‍ തീകൂട്ടി വിറക് അടുക്കണം.
8 യാഗപീഠത്തില്‍ കത്തിക്കൊണ്ടിരിക്കുന്ന വിറകിന്മേല്‍ പുരോഹിതന്മാര്‍ മൃഗത്തിന്‍റെ തലയും മേദസ്സും ഉള്‍പ്പെടെയുള്ള കഷണങ്ങള്‍ അടുക്കിവയ്‍ക്കണം.
9 അതിന്‍റെ കുടലും കാലുകളും വെള്ളത്തില്‍ കഴുകണം. പുരോഹിതന്‍ അവ മുഴുവന്‍ യാഗപീഠത്തില്‍ വച്ചു സര്‍വേശ്വരനു പ്രസാദകരമായ സൗരഭ്യമായി ദഹിപ്പിക്കണം.
10
ഹോമയാഗമായി അര്‍പ്പിക്കുന്നതു ചെമ്മരിയാടിനെയോ കോലാടിനെയോ ആണെങ്കില്‍ അത് ഊനമറ്റ ആണായിരിക്കണം.11 യാഗപീഠത്തിന്‍റെ വടക്കുവശത്തു സര്‍വേശ്വരസന്നിധിയില്‍വച്ചുതന്നെ അവന്‍ അതിനെ കൊല്ലണം. അഹരോന്‍റെ പുത്രന്മാരായ പുരോഹിതന്മാര്‍ അതിന്‍റെ രക്തം യാഗപീഠത്തിനു ചുറ്റും തളിക്കണം.
12 പുരോഹിതന്‍ അതിനെ തലയും മേദസ്സും ഉള്‍പ്പെടെ കഷണങ്ങളായി മുറിച്ചു യാഗപീഠത്തില്‍ കത്തുന്ന വിറകിന്മേല്‍ അടുക്കിവയ്‍ക്കണം.
13 കുടലും കാലുകളും വെള്ളത്തില്‍ കഴുകണം. പുരോഹിതന്‍ അവ മുഴുവനും യാഗപീഠത്തില്‍വച്ചു ദഹിപ്പിക്കണം. സര്‍വേശ്വരനു പ്രസാദമുള്ള സൗരഭ്യമായ ഹോമയാഗമാണ് അത്.
14
ഹോമയാഗമായി അര്‍പ്പിക്കുന്നതു പക്ഷിയെയാണെങ്കില്‍ അത് ഒരു ചെങ്ങാലിയോ, പ്രാവിന്‍കുഞ്ഞോ ആയിരിക്കണം.15 പുരോഹിതന്‍ അതിനെ യാഗപീഠത്തിങ്കല്‍ കൊണ്ടുവന്ന് അതിന്‍റെ തല പിരിച്ചു വേര്‍പെടുത്തി യാഗപീഠത്തില്‍ ദഹിപ്പിക്കുകയും അതിന്‍റെ രക്തം യാഗപീഠത്തിന്‍റെ വശങ്ങളിലൂടെ ഒഴുക്കുകയും ചെയ്യണം.
16 അതിന്‍റെ തീന്‍പണ്ടവും തൂവലുകളും യാഗപീഠത്തിന്‍റെ കിഴക്കുവശത്ത് ചാരം ഇടുന്ന സ്ഥലത്തു ഇടണം.
17 അവന്‍ അതിനെ ചിറകുകളില്‍ പിടിച്ചു വലിച്ചു കീറണം. എന്നാല്‍ രണ്ടായി വേര്‍പെടുത്തരുത്. അതു മുഴുവന്‍ യാഗപീഠത്തില്‍വച്ചു ദഹിപ്പിക്കണം. സര്‍വേശ്വരനു പ്രസാദമുള്ള സൗരഭ്യമായ ദഹനയാഗമാണത്.
1
ആരെങ്കിലും സര്‍വേശ്വരനു ധാന്യയാഗം അര്‍പ്പിക്കുന്നെങ്കില്‍ യാഗവസ്തു നേരിയ മാവായിരിക്കണം. അതില്‍ എണ്ണയും കുന്തുരുക്കവും ചേര്‍ക്കണം.2 അത് അഹരോന്യപുരോഹിതന്മാരുടെ അടുക്കല്‍ കൊണ്ടുവരണം. പുരോഹിതന്‍ അതില്‍നിന്ന് ഒരു പിടി മാവും എണ്ണയും കുന്തുരുക്കം മുഴുവനും ഉള്‍പ്പെടെ എടുത്തു സ്മരണാംശമായി യാഗപീഠത്തില്‍ വച്ചു ദഹിപ്പിക്കണം. അത് സര്‍വേശ്വരനു പ്രസാദമുള്ള സൗരഭ്യമായ ദഹനയാഗമാണ്.
3 ധാന്യവഴിപാടില്‍ ശേഷിക്കുന്നത് അഹരോന്യപുരോഹിതന്മാരുടെ ഓഹരിയാണ്. സര്‍വേശ്വരനര്‍പ്പിച്ച ദഹനയാഗത്തിന്‍റെ ഭാഗമാകയാല്‍ അത് അതിവിശുദ്ധമാകുന്നു.
4
ധാന്യയാഗവസ്തു ചുട്ടെടുത്ത അപ്പമാണെങ്കില്‍ പുളിപ്പിക്കാത്ത നേരിയ മാവും എണ്ണയും ചേര്‍ത്തുണ്ടാക്കിയ അപ്പമോ എണ്ണ പുരട്ടി ഉണ്ടാക്കിയ അടയോ ആയിരിക്കണം.5 യാഗവസ്തു കല്ലിന്മേല്‍ ചുട്ടെടുത്ത അപ്പമാണെങ്കില്‍ അതു പുളിപ്പിക്കാത്ത നേരിയ മാവില്‍ എണ്ണ ചേര്‍ത്തുണ്ടാക്കിയതായിരിക്കണം.
6 അതു കഷണങ്ങളായി നുറുക്കിയ ശേഷം അവയില്‍ എണ്ണ ഒഴിക്കണം. ഇതാണു ധാന്യയാഗം.
7 ഉരുളിയില്‍ പാകം ചെയ്ത വസ്തുവാണ് ധാന്യയാഗമായി അര്‍പ്പിക്കുന്നതെങ്കില്‍ അതു നേരിയ മാവും എണ്ണയും ചേര്‍ത്തുണ്ടാക്കിയതായിരിക്കണം.
8 ഇവ ധാന്യയാഗത്തിന് സര്‍വേശ്വരസന്നിധിയില്‍ കൊണ്ടുവരുമ്പോള്‍ പുരോഹിതനെ ഏല്പിക്കണം.
9 പുരോഹിതന്‍ അതു യാഗപീഠത്തില്‍ സമര്‍പ്പിക്കും. അതില്‍ ഒരു ഭാഗം പുരോഹിതന്‍ സ്മരണാംശമായി യാഗപീഠത്തില്‍ വച്ചു ദഹിപ്പിക്കണം. അതു സര്‍വേശ്വരനു പ്രസാദമുള്ള സൗരഭ്യയാഗമായിരിക്കണം.
10 ധാന്യവഴിപാടില്‍ ശേഷിച്ചത് അഹരോന്യപുരോഹിതന്മാര്‍ക്കുള്ളതാണ്. സര്‍വേശ്വരനു സമര്‍പ്പിച്ച ദഹനയാഗത്തിന്‍റെ അംശമായതുകൊണ്ട് അത് അതിവിശുദ്ധമാകുന്നു.
11 സര്‍വേശ്വരനു ധാന്യയാഗമായി അര്‍പ്പിക്കാനുള്ള വസ്തു പുളിച്ച മാവുകൊണ്ട് ഉണ്ടാക്കരുത്. പുളിച്ച മാവോ തേനോ ദഹനയാഗമായി അവിടുത്തേക്ക് അര്‍പ്പിക്കരുത്.
12 അവ ആദ്യഫലവഴിപാടായി സര്‍വേശ്വരനു സമര്‍പ്പിക്കാം. എന്നാല്‍ അവ സൗരഭ്യയാഗമായി യാഗപീഠത്തില്‍ അര്‍പ്പിക്കരുത്.
13 എല്ലാ ധാന്യവഴിപാടിലും ഉപ്പു ചേര്‍ത്തിരിക്കണം. നിന്‍റെ ദൈവവുമായുള്ള ഉടമ്പടിയുടെ പ്രതീകമായ ഉപ്പ് വഴിപാടുകളില്‍ ചേര്‍ക്കാന്‍ വിട്ടുപോകരുത്.
14
നിങ്ങളുടെ ആദ്യഫലം ധാന്യയാഗമായി സര്‍വേശ്വരന് അര്‍പ്പിക്കുന്നെങ്കില്‍ യാഗവസ്തു വിളഞ്ഞ കതിരില്‍നിന്ന് എടുത്ത മണികള്‍ തീയില്‍ പൊരിച്ചുണ്ടാക്കിയ മലരോ മലര്‍പ്പൊടിയോ ആയിരിക്കണം.15 അതില്‍ എണ്ണ പകര്‍ന്നു മേലെ കുന്തുരുക്കം വിതറണം. അതാണു ധാന്യയാഗം.
16 പുരോഹിതന്‍ എണ്ണ ചേര്‍ത്ത മലരിന്‍റെ ഒരു ഭാഗവും കുന്തുരുക്കം മുഴുവനും സ്മരണാംശമായി ദഹിപ്പിക്കണം. ഇതു സര്‍വേശ്വരനുള്ള ദഹനയാഗമാണ്.
1
ആരെങ്കിലും സര്‍വേശ്വരനു സമാധാനയാഗമായി കാളയെയോ പശുവിനെയോ സമര്‍പ്പിക്കുകയാണെങ്കില്‍ അതു കുറ്റമറ്റതായിരിക്കണം.2 അവന്‍ അതിന്‍റെ തലയില്‍ കൈ വച്ചതിനുശേഷം തിരുസാന്നിധ്യകൂടാരത്തിന്‍റെ വാതില്‌ക്കല്‍വച്ച് അതിനെ കൊല്ലണം. അഹരോന്യപുരോഹിതന്മാര്‍ അതിന്‍റെ രക്തമെടുത്തു യാഗപീഠത്തിനു ചുറ്റും തളിക്കണം.
3 യാഗമൃഗത്തിന്‍റെ കുടലും അതിനെ പൊതിഞ്ഞിരിക്കുന്ന മേദസ്സും,
4 വൃക്കകളും, അവയോടു ചേര്‍ന്ന ഇടുപ്പിലുള്ള മേദസ്സും കരളിനോടു ചേര്‍ന്നുള്ള നെയ്‍വലയും വൃക്കകളോടൊപ്പം എടുത്തു സര്‍വേശ്വരനു ദഹനയാഗമായി അര്‍പ്പിക്കണം.
5 അഹരോന്യപുരോഹിതന്മാര്‍ അവ യാഗപീഠത്തില്‍ കത്തിക്കൊണ്ടിരിക്കുന്ന വിറകിന്മേല്‍ വച്ചിരിക്കുന്ന മറ്റു യാഗവസ്തുക്കളോടൊപ്പം ദഹിപ്പിക്കണം. സര്‍വേശ്വരനു പ്രസാദമുള്ള സൗരഭ്യമായ ദഹനയാഗമാണത്.
6
സമാധാനയാഗമായി അര്‍പ്പിക്കുന്നത് ആണാടോ പെണ്ണാടോ ആണെങ്കില്‍ അത് ഊനമറ്റതായിരിക്കണം.7 ആട്ടിന്‍കുട്ടിയെയാണ് അര്‍പ്പിക്കുന്നതെങ്കില്‍ അതിനെ സര്‍വേശ്വരന്‍റെ സന്നിധിയില്‍ സമര്‍പ്പിക്കണം.
8 അവന്‍ അതിന്‍റെ തലയില്‍ കൈ വച്ചതിനുശേഷം തിരുസാന്നിധ്യകൂടാരത്തിന്‍റെ വാതില്‌ക്കല്‍ വച്ച് അതിനെ കൊല്ലണം. അഹരോന്യപുരോഹിതന്മാര്‍ അതിന്‍റെ രക്തം യാഗപീഠത്തിന്‍റെ ചുറ്റും തളിക്കണം.
9 അതിനുശേഷം ആ സമാധാനയാഗദ്രവ്യത്തില്‍നിന്ന് അതിന്‍റെ മേദസ്സും നട്ടെല്ലിനോടു ചേര്‍ത്തു മുറിച്ചെടുത്ത തടിച്ച വാലും കുടലിനെ പൊതിഞ്ഞുള്ള മേദസ്സും,
10 വൃക്കകളും അവയോടു ചേര്‍ന്ന ഇടുപ്പിലുള്ള മേദസ്സും കരളിനോടു ചേര്‍ന്നുള്ള നെയ്‍വലയും, വൃക്കകളോടൊപ്പം ദഹനയാഗമായി അര്‍പ്പിക്കണം.
11 പുരോഹിതന്‍ അവ സര്‍വേശ്വരനു ഭോജനയാഗമായി യാഗപീഠത്തില്‍ ദഹിപ്പിക്കണം.
12
കോലാടിനെയാണ് അര്‍പ്പിക്കുന്നതെങ്കില്‍ അതിനെ സര്‍വേശ്വരന്‍റെ സന്നിധിയില്‍ സമര്‍പ്പിക്കണം.13 അതിന്‍റെ തലയില്‍ കൈ വച്ചതിനുശേഷം തിരുസാന്നിധ്യകൂടാരത്തിന്‍റെ വാതില്‌ക്കല്‍ വച്ച് അതിനെ കൊല്ലണം. അഹരോന്യപുരോഹിതന്മാര്‍ അതിന്‍റെ രക്തമെടുത്തു യാഗപീഠത്തിനു ചുറ്റും തളിക്കണം.
14 പിന്നെ അതില്‍നിന്നു കുടലിനെ പൊതിഞ്ഞുള്ള മേദസ്സും, വൃക്കകളും,
15 അവയിലും ഇടുപ്പുകളിലുമുള്ള മേദസ്സും കരളിനോടു ചേര്‍ന്നുള്ള നെയ്‍വലയും വൃക്കകളോടൊപ്പം സര്‍വേശ്വരനു ദഹനയാഗമായി അര്‍പ്പിക്കണം.
16 സര്‍വേശ്വരനു പ്രസാദമുള്ള സൗരഭ്യമായി അഗ്നിയില്‍ അര്‍പ്പിക്കുന്ന ഭോജനയാഗമാണത്. മേദസ്സ് മുഴുവന്‍ സര്‍വേശ്വരനുള്ളതാണ്.
17 മേദസ്സും രക്തവും ഭക്ഷിക്കരുത്. നിങ്ങള്‍ എവിടെ വസിച്ചാലും തലമുറയായി പാലിക്കേണ്ട ശാശ്വതനിയമമാണിത്.
1
സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു:2 “ഇസ്രായേല്‍ജനതയോടു പറയുക: സര്‍വേശ്വരന്‍ വിലക്കിയിട്ടുള്ളവയില്‍ ഏതെങ്കിലും അറിയാതെ ചെയ്തുപോയാല്‍ അനുഷ്ഠിക്കേണ്ട ചട്ടങ്ങള്‍ ഇവയാണ്.
3 അഭിഷിക്തനായ പുരോഹിതനാണു തെറ്റു ചെയ്തു ജനത്തിന്‍റെമേല്‍ കുറ്റം വരുത്തി വയ്‍ക്കുന്നതെങ്കില്‍ അയാള്‍ കുറ്റമറ്റ ഒരു കാളക്കുട്ടിയെ പാപപരിഹാരയാഗമായി സര്‍വേശ്വരന് അര്‍പ്പിക്കണം.
4 തിരുസാന്നിധ്യകൂടാരത്തിന്‍റെ വാതില്‌ക്കല്‍ സര്‍വേശ്വരസന്നിധിയില്‍ കാളക്കുട്ടിയെ കൊണ്ടുവന്ന് അതിന്‍റെ തലയില്‍ കൈ വച്ചതിനുശേഷം അവിടെവച്ചു തന്നെ അതിനെ കൊല്ലണം.
5 അഭിഷിക്തപുരോഹിതന്‍ അതിന്‍റെ രക്തത്തില്‍ കുറെ എടുത്തു തിരുസാന്നിധ്യകൂടാരത്തിനകത്തു കൊണ്ടുവരണം.
6 പുരോഹിതന്‍ രക്തത്തില്‍ വിരല്‍ മുക്കി തിരുസാന്നിധ്യകൂടാരത്തിലെ തിരശ്ശീലയുടെ നേര്‍ക്കു ഏഴു പ്രാവശ്യം തളിക്കണം.
7 കുറച്ചു രക്തം കൂടാരത്തിനുള്ളിലുള്ള ധൂപപീഠത്തിന്‍റെ കൊമ്പുകളില്‍ പുരട്ടിയശേഷം, ശേഷിച്ച രക്തം മുഴുവനും കൂടാരത്തിന്‍റെ വാതില്‌ക്കല്‍ യാഗവസ്തുക്കള്‍ ദഹിപ്പിക്കുന്ന പീഠത്തിന്‍റെ ചുവട്ടില്‍ ഒഴിക്കണം.
8 പാപപരിഹാരയാഗത്തിനുള്ള കാളയുടെ മേദസ്സു മുഴുവനും എടുക്കണം; കുടലുകള്‍ പൊതിഞ്ഞുള്ള മേദസ്സും, രണ്ടു വൃക്കകളും,
9 അവയിലും ഇടുപ്പുകളിലുമുള്ള മേദസ്സും കരളിന്‍റെ മേലുള്ള നെയ്‍വലയും വേര്‍പെടുത്തി എടുക്കണം.
10 സമാധാനയാഗത്തിന് അര്‍പ്പിച്ച കാളക്കുട്ടിയില്‍നിന്ന് എടുത്ത മേദസ്സ് ദഹിപ്പിച്ചതുപോലെ പുരോഹിതന്‍ ഹോമയാഗപീഠത്തില്‍ ഈ മേദസ്സും ദഹിപ്പിക്കണം.
11 എന്നാല്‍ കാളയുടെ തോലും, മാംസം മുഴുവനും, തലയും, കാലുകളും, കുടലും, ചാണകവും
12 അങ്ങനെ കാളക്കുട്ടിയെ മുഴുവനായി പാളയത്തിനു പുറത്തു ചാരം ഇടാനായി വേര്‍തിരിച്ചിട്ടുള്ള വെടിപ്പുള്ള സ്ഥലത്ത് കൊണ്ടുചെന്നു കത്തിക്കൊണ്ടിരിക്കുന്ന വിറകില്‍വച്ചു ദഹിപ്പിക്കണം.
13
ഇസ്രായേല്‍സമൂഹം മുഴുവന്‍ സര്‍വേശ്വരന്‍റെ കല്പന മനഃപൂര്‍വമല്ലാതെ ലംഘിച്ചതുമൂലമുണ്ടായ പാപം സഭയുടെ ദൃഷ്‍ടിയില്‍പ്പെടാതിരിക്കുകയും അവിടുന്നു വിലക്കിയിട്ടുള്ള ഏതെങ്കിലും കാര്യത്തില്‍ കുറ്റക്കാരാവുകയും ചെയ്താല്‍,14 ആ തെറ്റ് ബോധ്യപ്പെടുന്ന ഉടനെ അവര്‍ പാപപരിഹാരയാഗമായി കാളക്കുട്ടിയെ തിരുസാന്നിധ്യകൂടാരത്തില്‍ കൊണ്ടുവരണം.
15 പിന്നീട് സഭയിലെ പ്രമാണിമാര്‍ സര്‍വേശ്വരന്‍റെ മുമ്പാകെ തങ്ങളുടെ കൈകള്‍ അതിന്‍റെ തലയില്‍ വച്ചതിനുശേഷം അവിടെവച്ച് അതിനെ കൊല്ലണം.
16 അഭിഷിക്തപുരോഹിതന്‍ കാളയുടെ രക്തത്തില്‍ കുറെ എടുത്തു തിരുസാന്നിധ്യകൂടാരത്തിലേക്കു കൊണ്ടുവരണം.
17 പുരോഹിതന്‍ അതില്‍ വിരല്‍ മുക്കി സര്‍വേശ്വരസന്നിധിയിലുള്ള തിരശ്ശീലയുടെ മുമ്പില്‍ ഏഴു പ്രാവശ്യം തളിക്കണം.
18 അയാള്‍ തിരുസാന്നിധ്യകൂടാരത്തില്‍ സര്‍വേശ്വരസന്നിധിയിലുള്ള പീഠത്തിന്‍റെ കൊമ്പുകളില്‍ രക്തം പുരട്ടണം. ശേഷിച്ച രക്തം മുഴുവനും കൂടാരത്തിന്‍റെ വാതില്‌ക്കല്‍ ഹോമയാഗപീഠത്തിന്‍റെ ചുവട്ടില്‍ ഒഴിക്കണം.
19 വേര്‍പെടുത്തിയെടുത്ത മേദസ്സു മുഴുവനും യാഗപീഠത്തില്‍വച്ചു ദഹിപ്പിക്കണം.
20 പാപപരിഹാരയാഗത്തിനുള്ള കാളക്കുട്ടിയെ എന്നപോലെതന്നെ പുരോഹിതന്‍ ഈ കാളക്കുട്ടിയെ അര്‍പ്പിച്ചു ജനത്തിനുവേണ്ടി പാപപരിഹാരം ചെയ്യുമ്പോള്‍ അവരുടെ കുറ്റം ക്ഷമിക്കപ്പെടും.
21 അതിനുശേഷം പുരോഹിതന്‍ കാളക്കുട്ടിയെ പാളയത്തിനു പുറത്തുകൊണ്ടുപോയി, തന്‍റെ പാപത്തിനുവേണ്ടി, ആദ്യത്തെ കാളക്കുട്ടിയെ ദഹിപ്പിച്ചതുപോലെ ഇതിനെയും ദഹിപ്പിക്കണം. ഇതാകുന്നു സമൂഹത്തിന്‍റെ പാപപരിഹാരത്തിനുവേണ്ടിയുള്ള യാഗം.
22
ഭരണാധികാരി സര്‍വേശ്വരന്‍ വിലക്കിയിട്ടുള്ളവയില്‍ ഏതെങ്കിലും ഒന്ന് അറിയാതെ ചെയ്തു കുറ്റക്കാരനായിത്തീര്‍ന്നാല്‍,23 തെറ്റ് ബോധ്യപ്പെടുന്ന ഉടനെ അയാള്‍ പാപപരിഹാരത്തിനായി ഊനമറ്റ ഒരു ആണ്‍കോലാടിനെ യാഗവസ്തുവായി കൊണ്ടുവരണം.
24 അയാള്‍ അതിന്‍റെ തലയില്‍ കൈവച്ച് ഹോമയാഗത്തിനുള്ള സ്ഥലത്തു സര്‍വേശ്വരസന്നിധിയില്‍ അതിനെ കൊല്ലണം. അതു പാപപരിഹാരത്തിനുള്ള യാഗമാകുന്നു.
25 പാപപരിഹാരയാഗരക്തത്തില്‍ ഒരംശം പുരോഹിതന്‍ വിരല്‍കൊണ്ട് എടുത്ത് ഹോമയാഗപീഠത്തിന്‍റെ കൊമ്പുകളില്‍ പുരട്ടണം. ശേഷിച്ച രക്തം യാഗപീഠത്തിന്‍റെ ചുവട്ടില്‍ ഒഴിക്കണം.
26 സമാധാനയാഗത്തിന്‍റെ മേദസ്സ് ദഹിപ്പിക്കുന്നതുപോലെ ഇതിന്‍റെയും മേദസ്സു മുഴുവന്‍ യാഗപീഠത്തില്‍ ദഹിപ്പിക്കണം. അങ്ങനെ പുരോഹിതന്‍ പാപത്തിനു പരിഹാരം ചെയ്യുമ്പോള്‍ ഭരണാധിപന്‍റെ പാപം ക്ഷമിക്കപ്പെടും.
27
ജനത്തില്‍ ആരെങ്കിലും ദൈവം വിലക്കിയിട്ടുള്ളവയില്‍ ഏതെങ്കിലും ഒന്ന് അറിയാതെ ചെയ്ത് കുറ്റക്കാരനായാല്‍28 അയാള്‍ അതു ബോധ്യപ്പെടുന്ന നിമിഷത്തില്‍ പാപപരിഹാരമായി കുറ്റമറ്റ ഒരു പെണ്‍കോലാടിനെ വഴിപാടായി സമര്‍പ്പിക്കണം.
29 പാപപരിഹാരയാഗത്തിനുള്ള മൃഗത്തിന്‍റെ തലയില്‍ അയാള്‍ കൈ വച്ചതിനുശേഷം ഹോമയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവച്ച് അതിനെ കൊല്ലണം.
30 പുരോഹിതന്‍ അതിന്‍റെ രക്തത്തില്‍ ഒരംശം വിരല്‍കൊണ്ട് എടുത്തു ഹോമയാഗപീഠത്തിന്‍റെ കൊമ്പുകളില്‍ പുരട്ടുകയും ശേഷിക്കുന്നതു യാഗപീഠത്തിന്‍റെ ചുവട്ടില്‍ ഒഴിക്കുകയും ചെയ്യണം.
31 സമാധാനയാഗമൃഗത്തിന്‍റെ മേദസ്സ് ദഹിപ്പിച്ചതുപോലെ അതിന്‍റെ മേദസ്സ് മുഴുവന്‍ സര്‍വേശ്വരനു സൗരഭ്യയാഗമായി യാഗപീഠത്തില്‍ ദഹിപ്പിക്കണം. അങ്ങനെ പുരോഹിതന്‍ അയാള്‍ക്കുവേണ്ടി പാപപരിഹാരം ചെയ്യുമ്പോള്‍ അയാളുടെ പാപം ക്ഷമിക്കപ്പെടും.
32
പാപപരിഹാരയാഗമായി അയാള്‍ അര്‍പ്പിക്കുന്നത് ആട്ടിന്‍കുട്ടിയെയാണെങ്കില്‍ അതു കുറ്റമറ്റ പെണ്ണാടായിരിക്കണം.33 അതിന്‍റെ തലയില്‍ കൈ വച്ചശേഷം ഹോമയാഗത്തിനുള്ള മൃഗത്തെ കൊന്ന സ്ഥലത്തുവച്ചുതന്നെ പാപപരിഹാരയാഗത്തിനായി അതിനെ കൊല്ലണം.
34 പിന്നീട് പുരോഹിതന്‍ അല്പം രക്തം വിരല്‍കൊണ്ട് എടുത്തു ഹോമയാഗപീഠത്തിന്‍റെ കൊമ്പുകളില്‍ പുരട്ടുകയും ബാക്കി യാഗപീഠത്തിന്‍റെ ചുവട്ടില്‍ ഒഴിക്കുകയും വേണം.
35 സമാധാനയാഗത്തിനുള്ള ആട്ടിന്‍കുട്ടിയുടെ മേദസ്സു മുഴുവന്‍ വേര്‍തിരിച്ചു പുരോഹിതന്‍ അതു സര്‍വേശ്വരനായി യാഗപീഠത്തില്‍ ദഹിപ്പിക്കണം. അങ്ങനെ പുരോഹിതന്‍ അനുഷ്ഠിക്കുന്ന പാപപരിഹാരയാഗത്താല്‍ അയാളുടെ പാപം ക്ഷമിക്കപ്പെടും.
1
കാണുകയോ കേള്‍ക്കുകയോ ചെയ്ത കാര്യങ്ങളെപ്പറ്റി ന്യായാധിപന്‍റെ മുമ്പില്‍ സാക്ഷിയായി തെളിവു നല്‌കാന്‍ വിസമ്മതിക്കുന്നവന്‍ ശിക്ഷാര്‍ഹനാണ്.2 കാട്ടുമൃഗം, കന്നുകാലി, ഇഴജന്തുക്കള്‍ എന്നിവയുടെ മൃതശരീരംപോലെയുള്ള അശുദ്ധവസ്തുക്കളെ സ്പര്‍ശിക്കുന്നവന്‍ അക്കാര്യം അറിയുമ്പോള്‍മുതല്‍ അശുദ്ധനും കുറ്റക്കാരനുമാണ്.
3 മനുഷ്യനില്‍നിന്നുള്ള ഏതെങ്കിലും മാലിന്യം അറിയാതെ സ്പര്‍ശിച്ച് ആരെങ്കിലും അശുദ്ധനായാല്‍ അത് അറിയുമ്പോള്‍മുതല്‍ അയാള്‍ കുറ്റക്കാരനായിരിക്കും.
4 നന്മയോ തിന്മയോ ആകട്ടെ ആരെങ്കിലും ആലോചന കൂടാതെ ആണയിടുകയും പിന്നീടു മറന്നുപോകുകയും ചെയ്താല്‍ അത് ഓര്‍മിക്കുമ്പോള്‍ അയാള്‍ കുറ്റക്കാരനായിത്തീരും.
5 ഇവയില്‍ ഏതെങ്കിലും കുറ്റം ചെയ്തുപോകുന്നവന്‍ തന്‍റെ പാപം ഏറ്റുപറയണം.
6 അവന്‍ ഒരു പെണ്‍ചെമ്മരിയാട്ടിന്‍കുട്ടിയെയോ, ഒരു പെണ്‍കോലാട്ടിന്‍കുട്ടിയെയോ പാപപരിഹാരയാഗമായി സര്‍വേശ്വരന് അര്‍പ്പിക്കണം. അങ്ങനെ അവന്‍റെ കുറ്റത്തിനു പുരോഹിതന്‍ പരിഹാരം ചെയ്യണം.
7 എന്നാല്‍ പാപപരിഹാരയാഗമായി ആട്ടിന്‍കുട്ടിയെ അര്‍പ്പിക്കാന്‍ അവനു കഴിവില്ലെങ്കില്‍ രണ്ടു ചെങ്ങാലികളെയോ, രണ്ടു പ്രാവിന്‍കുഞ്ഞുങ്ങളെയോ ഒന്ന് പാപപരിഹാരയാഗത്തിനായും മറ്റേത് ഹോമയാഗത്തിനായും സര്‍വേശ്വരന് അര്‍പ്പിച്ചാല്‍ മതി.
8 പുരോഹിതനെ അവ ഏല്പിക്കുമ്പോള്‍ ആദ്യം പാപപരിഹാരത്തിനുള്ള പക്ഷിയെ അര്‍പ്പിക്കണം. അതിന്‍റെ തല വേര്‍പെടുത്താതെ കഴുത്തു പിരിച്ചൊടിക്കണം.
9 യാഗവസ്തുവിന്‍റെ രക്തത്തില്‍ കുറെ എടുത്തു യാഗപീഠത്തിന്‍റെ പാര്‍ശ്വത്തില്‍ തളിക്കുകയും ശേഷിച്ച രക്തം യാഗപീഠത്തിന്‍റെ ചുവട്ടില്‍ ഒഴിക്കുകയും ചെയ്യണം. ഇതാണ് പാപപരിഹാരയാഗം.
10 രണ്ടാമത്തെ പക്ഷിയെ ചട്ടപ്രകാരം പുരോഹിതന്‍ ഹോമയാഗമായി അര്‍പ്പിച്ച് കുറ്റത്തിനു പരിഹാരം ചെയ്യുമ്പോള്‍ അയാളുടെ പാപം ക്ഷമിക്കപ്പെടും.
11
രണ്ടു ചെങ്ങാലികളെയോ രണ്ടു പ്രാവിന്‍കുഞ്ഞുങ്ങളെയോ അര്‍പ്പിക്കാന്‍ വകയില്ലെങ്കില്‍ പാപപരിഹാരാര്‍ഥം ഒരിടങ്ങഴി നേരിയമാവ് അര്‍പ്പിക്കട്ടെ. പാപപരിഹാരയാഗമായതുകൊണ്ട് അതില്‍ എണ്ണ ഒഴിക്കരുത്. അതിന്‍റെ മുകളില്‍ കുന്തുരുക്കവും വയ്‍ക്കരുത്.12 പുരോഹിതന്‍റെ അടുക്കല്‍ കൊണ്ടുവരുമ്പോള്‍ പുരോഹിതന്‍ അതില്‍നിന്ന് ഒരു പിടി എടുത്തു സ്മരണാംശമായി യാഗപീഠത്തില്‍ ദഹിപ്പിക്കണം.
13 ഇതാണു പാപപരിഹാരയാഗം. ഈ കുറ്റങ്ങളില്‍ ഏതെങ്കിലും ചെയ്ത് ആരെങ്കിലും കുറ്റക്കാരനായാല്‍ പുരോഹിതന്‍ അയാള്‍ക്കുവേണ്ടി ഇപ്രകാരം പാപപരിഹാരയാഗം കഴിക്കുമ്പോള്‍ അയാളുടെ കുറ്റങ്ങള്‍ ക്ഷമിക്കപ്പെടും. ശേഷിക്കുന്ന യാഗവസ്തു ധാന്യവഴിപാടുപോലെ പുരോഹിതനുള്ളതായിരിക്കും.
14
സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു:15 സര്‍വേശ്വരന് അര്‍പ്പിക്കേണ്ട വിശുദ്ധവസ്തുക്കളില്‍ ഏതെങ്കിലും ഒന്നിനെ സംബന്ധിച്ച് ആരെങ്കിലും മനഃപൂര്‍വമല്ലാതെ അവിശ്വസ്തത കാട്ടിയാല്‍ ദേവാലയത്തിലെ നിരക്കനുസരിച്ചു മതിപ്പുവിലയുള്ളതും കുറ്റമറ്റതുമായ ഒരു ആണ്‍ചെമ്മരിയാടിനെ പ്രായശ്ചിത്തവഴിപാടായി അര്‍പ്പിക്കണം.
16 കൂടാതെ താന്‍ അര്‍പ്പിക്കേണ്ടിയിരുന്ന വിശുദ്ധവസ്തുവിന്‍റെ വില അതിന്‍റെ അഞ്ചിലൊന്നും ചേര്‍ത്തു പുരോഹിതനെ ഏല്പിക്കണം. പുരോഹിതന്‍ ആണ്‍ചെമ്മരിയാടിനെ പാപപരിഹാര യാഗമായി അര്‍പ്പിച്ചു പ്രായശ്ചിത്തം ചെയ്യുമ്പോള്‍ അയാളുടെ കുറ്റം ക്ഷമിക്കപ്പെടും.
17
സര്‍വേശ്വരന്‍ വിലക്കിയിട്ടുള്ളവയില്‍ ഏതെങ്കിലുമൊന്നു പ്രവര്‍ത്തിച്ചു പാപം ചെയ്യുന്നവന്‍, അറിയാതെ ചെയ്തുപോയതാണെങ്കിലും കുറ്റക്കാരനാണ്. അവന്‍ അതിനു പ്രായശ്ചിത്തം ചെയ്യണം.18 പ്രായശ്ചിത്തയാഗത്തിനായി അവന്‍ ഊനമറ്റ ഒരു ആണ്‍ചെമ്മരിയാട്ടിന്‍കുട്ടിയെ പുരോഹിതന്‍റെ അടുത്തുകൊണ്ടുവരണം. പ്രായശ്ചിത്തയാഗത്തിനു വേണ്ട വിലമതിക്കുന്നതായിരിക്കണം അത്. പുരോഹിതന്‍ പ്രായശ്ചിത്തം ചെയ്യുമ്പോള്‍ അയാളുടെ കുറ്റം ക്ഷമിക്കപ്പെടും.
19 സര്‍വേശ്വരനെതിരായി ചെയ്ത കുറ്റത്തിന് അര്‍പ്പിക്കേണ്ട പാപപരിഹാരയാഗം ഇതാണ്.
1
സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു:2 സൂക്ഷിക്കാന്‍ ഏല്പിച്ചതോ പണയം വച്ചതോ ആയ മുതല്‍ തിരിച്ചു നല്‌കാതിരിക്കുക, കവര്‍ച്ച നടത്തി ദ്രോഹിക്കുക, പീഡിപ്പിക്കുക,
3 കാണാതെപോയ വസ്തു കിട്ടിയിട്ടും മിണ്ടാതെ കള്ളസ്സത്യം ചെയ്യുക എന്നിങ്ങനെയുള്ള പ്രവൃത്തികളാല്‍ അയല്‍ക്കാരനെതിരെ കുറ്റം ചെയ്തു സര്‍വേശ്വരനോട് അവിശ്വസ്തത കാണിക്കുന്നവന്‍ കുറ്റക്കാരനാണ്.
4 ഇങ്ങനെയുള്ളവന്‍ പ്രായശ്ചിത്തയാഗം ചെയ്യുന്ന അവസരത്തില്‍, കവര്‍ന്നോ ദ്രോഹിച്ചോ പണയമായോ വീണുകിട്ടിയോ അപഹരിച്ചോ കള്ളസ്സത്യം ചെയ്തോ
5 സ്വന്തമാക്കിയ വസ്തുവിന്‍റെ വില അതിന്‍റെ അഞ്ചിലൊന്നു ചേര്‍ത്ത് ഉടമസ്ഥനു തിരിച്ചുകൊടുക്കണം.
6 അവന്‍ പ്രായശ്ചിത്തയാഗത്തിനു നിശ്ചിതവില വരുന്ന ഊനമറ്റ ഒരു ആണാടിനെ പുരോഹിതന്‍റെ അടുക്കല്‍ കൊണ്ടുവരണം.
7 പുരോഹിതന്‍ അവനുവേണ്ടി സര്‍വേശ്വരസന്നിധിയില്‍ പ്രായശ്ചിത്തം ചെയ്യുമ്പോള്‍ അവന്‍റെ പാപം ക്ഷമിക്കപ്പെടും.
8
സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു:9 അഹരോനോടും പുത്രന്മാരോടും പറയുക. ഹോമയാഗത്തെ സംബന്ധിച്ച ചട്ടം ഇതാകുന്നു. ഹോമയാഗവസ്തു യാഗപീഠത്തിന്മേലുള്ള തീക്കുണ്ഡത്തില്‍ രാത്രി മുഴുവനും പ്രഭാതംവരെയും വയ്‍ക്കണം. യാഗപീഠത്തില്‍ തീ കത്തിക്കൊണ്ടേയിരിക്കണം.
10 പുരോഹിതന്‍ ലിനന്‍കൊണ്ടുള്ള കാല്‍ച്ചട്ടയും ഉടുപ്പും ധരിച്ചിരിക്കണം; യാഗവസ്തു ദഹിച്ചുണ്ടായ ചാരം അയാള്‍ യാഗപീഠത്തിന്‍റെ ഒരു വശത്ത് ഇടണം.
11 അതിനുശേഷം ഈ വസ്ത്രം മാറി സാധാരണ വസ്ത്രം ധരിച്ചു ചാരം പാളയത്തിനു പുറത്തു കൊണ്ടുപോയി വെടിപ്പുള്ള സ്ഥലത്ത് ഇടണം.
12 യാഗപീഠത്തിലെ അഗ്നി എപ്പോഴും കത്തിക്കൊണ്ടിരിക്കണം. അത് അണയരുത്. പുരോഹിതന്‍ ദിനംതോറും പ്രഭാതത്തില്‍ അതില്‍ വിറക് അടുക്കണം. ഹോമയാഗദ്രവ്യം അതിനു മീതെ നിരത്തുകയും അതിനു മുകളില്‍ സമാധാനയാഗത്തിനുള്ള മേദസ്സ് ദഹിപ്പിക്കുകയും വേണം.
13 യാഗപീഠത്തിലുള്ള അഗ്നി എപ്പോഴും ജ്വലിച്ചുകൊണ്ടിരിക്കണം. അത് അണയാന്‍ ഇടയാകരുത്.
14
ധാന്യയാഗം സംബന്ധിച്ച നിയമം ഇതാണ്:15 അഹരോന്‍റെ പുത്രന്മാര്‍ യാഗപീഠത്തിനു മുമ്പില്‍ സര്‍വേശ്വരസന്നിധിയില്‍ അത് അര്‍പ്പിക്കണം. ധാന്യയാഗത്തിനു സമര്‍പ്പിച്ച നേരിയ മാവില്‍നിന്നും എണ്ണയില്‍നിന്നും കൈ നിറച്ചും കുന്തുരുക്കം മുഴുവനും സ്മരണാംശമായി യാഗപീഠത്തില്‍ വച്ചു ദഹിപ്പിക്കണം. അതിന്‍റെ സൗരഭ്യം സര്‍വേശ്വരനു പ്രസാദകരമായിരിക്കും.
16 ശേഷമുള്ളത് പുളിപ്പിക്കാതെ തിരുസാന്നിധ്യകൂടാരത്തില്‍ വച്ചുതന്നെ അഹരോന്യപുരോഹിതന്മാര്‍ ഭക്ഷിക്കണം.
17 പുളിമാവു ചേര്‍ത്ത് അതു ചുടരുത്. എനിക്ക് അര്‍പ്പിച്ച ഹോമയാഗത്തില്‍നിന്ന് അവരുടെ ഓഹരിയായി ഞാന്‍ അതു കൊടുത്തിരിക്കുന്നു. അതു പാപപരിഹാരയാഗംപോലെയും പ്രായശ്ചിത്തയാഗംപോലെയും അതിവിശുദ്ധമാണ്.
18 അഹരോന്യവംശത്തിലെ പുരുഷന്മാര്‍ക്കെല്ലാം സര്‍വേശ്വരന്‍റെ ഹോമയാഗത്തില്‍നിന്നു ഭക്ഷിക്കാം. തലമുറയായി നിലനില്‌ക്കേണ്ട ശാശ്വതാവകാശമാണിത്. മറ്റുള്ളവര്‍ക്കു സ്പര്‍ശിക്കാന്‍ പാടില്ലാത്തവിധം അതു വിശുദ്ധമാണ്.
19
സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു:20 അഹരോന്യപുരോഹിതന്മാര്‍ അഭിഷേകദിവസം സര്‍വേശ്വരന് അര്‍പ്പിക്കേണ്ട വഴിപാട് ഇതാകുന്നു. ഒരു ഇടങ്ങഴി നേരിയ മാവു പകുതി വീതം രാവിലെയും വൈകിട്ടും സാധാരണ ധാന്യയാഗംപോലെ അര്‍പ്പിക്കണം.
21 എണ്ണ ചേര്‍ത്തു കുഴച്ച് ചട്ടിയില്‍ ചുട്ടെടുത്ത അതു കഷണങ്ങളാക്കി ധാന്യയാഗംപോലെ സര്‍വേശ്വരനു പ്രസാദകരമായ സൗരഭ്യമായി അര്‍പ്പിക്കണം.
22 അഹരോന്‍റെ സ്ഥാനത്ത് അഭിഷേകം ചെയ്യപ്പെടുന്ന അവന്‍റെ പിന്‍ഗാമികളെല്ലാം ഈ യാഗം അര്‍പ്പിക്കണമെന്നതു ശാശ്വതനിയമമാണ്. അതു മുഴുവന്‍ ദഹിപ്പിക്കണം.
23 പുരോഹിതന്‍ അര്‍പ്പിക്കുന്ന ധാന്യയാഗം മുഴുവനും ദഹിപ്പിക്കണം. അത് അല്പംപോലും ഭക്ഷിക്കരുത്.
24
സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു:25 പാപപരിഹാരയാഗത്തിനുള്ള നിയമം ഇതാണെന്ന് അഹരോന്യപുരോഹിതന്മാരോടു പറയുക. സര്‍വേശ്വരന്‍റെ സന്നിധിയില്‍ ഹോമയാഗത്തിനുള്ള മൃഗത്തെ അര്‍പ്പിച്ച സ്ഥലത്തു വച്ചുതന്നെ പാപപരിഹാരയാഗത്തിനുള്ള മൃഗത്തെയും അര്‍പ്പിക്കണം. അതിവിശുദ്ധമായ യാഗമാണ് ഇത്.
26 യാഗം അര്‍പ്പിക്കുന്ന പുരോഹിതന്‍ തിരുസാന്നിധ്യകൂടാരത്തിന്‍റെ മുറ്റത്ത് വിശുദ്ധസ്ഥലത്തുവച്ചു തന്നെ അതു ഭക്ഷിക്കണം.
27 മറ്റുള്ളവര്‍ക്ക് സ്പര്‍ശിക്കാന്‍ പാടില്ലാത്തവിധം ഈ മാംസം വിശുദ്ധമാണ്. അതിന്‍റെ രക്തം വസ്ത്രത്തില്‍ തെറിച്ചു വീണാല്‍ അതു വിശുദ്ധസ്ഥലത്തു വച്ചുതന്നെ കഴുകണം.
28 മാംസം പാകം ചെയ്തത് മണ്‍പാത്രത്തിലാണെങ്കില്‍ അത് ഉടച്ചുകളയണം. ഓട്ടുപാത്രത്തിലാണെങ്കില്‍ അതു നന്നായി തേച്ചുരച്ചു കഴുകണം.
29 പുരോഹിതവംശത്തിലെ പുരുഷന്മാര്‍ക്കെല്ലാം അതു ഭക്ഷിക്കാം. അത് അതിവിശുദ്ധമാണ്.
30 പാപപരിഹാരത്തിനുള്ള മൃഗത്തിന്‍റെ രക്തം തിരുസാന്നിധ്യകൂടാരത്തില്‍ കൊണ്ടുവന്നിട്ടുണ്ടെങ്കില്‍ അതിന്‍റെ മാംസം തിന്നരുത്. അതു മുഴുവന്‍ ദഹിപ്പിക്കണം.
1
അതിവിശുദ്ധമായ പ്രായശ്ചിത്തയാഗത്തിനുള്ള നിയമം ഇതാണ്.2 ഹോമയാഗമൃഗത്തെ അര്‍പ്പിച്ച സ്ഥലത്തുവച്ചുതന്നെ പ്രായശ്ചിത്തയാഗത്തിനുള്ള മൃഗത്തെയും അര്‍പ്പിക്കണം. അതിന്‍റെ രക്തം യാഗപീഠത്തിനു ചുറ്റും തളിക്കണം.
3 അതിന്‍റെ മേദസ്സു മുഴുവന്‍ ദഹിപ്പിക്കണം; വാലിന്‍റെ തടിച്ച ഭാഗവും
4 കുടലിന്‍റെയും വൃക്കകളുടെയും ഇടുപ്പിലെയും മേദസ്സും കരളിന്‍റെ നെയ്‍വലയും ദഹിപ്പിക്കണം.
5 അവ സര്‍വേശ്വരനു ദഹനയാഗമായി പുരോഹിതന്‍ യാഗപീഠത്തില്‍ ദഹിപ്പിക്കണം.
6 ഇതാണു പ്രായശ്ചിത്തയാഗം. പുരോഹിതവംശത്തില്‍പ്പെട്ട ഏതു പുരുഷനും വിശുദ്ധസ്ഥലത്തുവച്ച് അതു ഭക്ഷിക്കാം. അത് അതിവിശുദ്ധമാണ്.
7 പ്രായശ്ചിത്തയാഗത്തിന്‍റെയും പാപപരിഹാരയാഗത്തിന്‍റെയും നിയമം ഒന്നു തന്നെ. യാഗമൃഗത്തിന്‍റെ മാംസം അത് അര്‍പ്പിക്കുന്ന പുരോഹിതനുള്ളതാണ്.
8 ആര്‍ക്കെങ്കിലും വേണ്ടി അര്‍പ്പിക്കുന്ന ഹോമയാഗമൃഗത്തിന്‍റെ തോല്‍, അര്‍പ്പിക്കുന്ന പുരോഹിതന് അവകാശപ്പെട്ടതാണ്.
9 അടുപ്പിലോ പാത്രത്തിലോ കല്ലിലോ ചുട്ടെടുത്ത എല്ലാ ധാന്യയാഗവസ്തുക്കളും അവ അര്‍പ്പിക്കുന്ന പുരോഹിതനു ഭക്ഷിക്കാം.
10 എണ്ണ ചേര്‍ത്തതോ അല്ലാത്തതോ ആയ ധാന്യയാഗവസ്തുക്കളും അഹരോന്യപുരോഹിതവംശത്തില്‍പ്പെട്ട എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്.
11
സര്‍വേശ്വരന് അര്‍പ്പിക്കുന്ന സമാധാനയാഗത്തിന്‍റെ നിയമം ഇതാണ്:12 സ്തോത്രവഴിപാട് അര്‍പ്പിക്കുന്നവര്‍ എണ്ണ ചേര്‍ത്തുണ്ടാക്കിയ പുളിപ്പില്ലാത്ത അപ്പവും എണ്ണ പുരട്ടി ചുട്ടെടുത്ത പുളിപ്പില്ലാത്ത അടയും എണ്ണ ചേര്‍ത്തു കുഴച്ച നേരിയ മാവുകൊണ്ടുള്ള അപ്പവും അര്‍പ്പിക്കണം.
13 സ്തോത്രാര്‍പ്പണമായി സമാധാനയാഗം അര്‍പ്പിക്കുമ്പോള്‍ പുളിച്ച മാവുകൊണ്ടുണ്ടാക്കിയ അപ്പവും അര്‍പ്പിക്കണം.
14 ഓരോ വഴിപാടില്‍നിന്ന് ഓരോ അപ്പം സര്‍വേശ്വരനു സമര്‍പ്പിക്കണം. അതു സമാധാനയാഗത്തിന്‍റെ രക്തം തളിക്കുന്ന പുരോഹിതന്‍റെ അവകാശമാണ്.
15 സമാധാനയാഗത്തിനര്‍പ്പിച്ച മൃഗത്തിന്‍റെ മാംസം അന്നുതന്നെ ഭക്ഷിക്കണം. അല്പംപോലും അടുത്ത പ്രഭാതത്തിലേക്കു ശേഷിപ്പിക്കരുത്.
16 എന്നാല്‍ നേര്‍ച്ചയോ, സ്വമേധാദാനമോ ആയി അര്‍പ്പിക്കുന്ന വഴിപാട് അന്നുതന്നെ മുഴുവന്‍ ഭക്ഷിക്കണമെന്നില്ല. ശേഷിക്കുന്നത് അടുത്ത ദിവസം ഭക്ഷിക്കാം.
17 മൂന്നാം ദിവസം ശേഷിക്കുന്ന യാഗമാംസം ചുട്ടുകളയണം.
18 സമാധാനയാഗത്തിന്‍റെ മാംസം മൂന്നാം ദിവസം ഭക്ഷിച്ചാല്‍ യാഗം അംഗീകരിക്കപ്പെടുകയില്ല; അതു നിഷ്ഫലമാകും. അതു മലിനമാണ്; തിന്നുന്നവന്‍ കുറ്റവാളിയായിരിക്കും.
19 മലിനവസ്തു സ്പര്‍ശിച്ച മാംസം ഭക്ഷിക്കരുത്; അതു ദഹിപ്പിച്ചുകളയണം.
20 ശുദ്ധിയുള്ളവര്‍ക്കു യാഗമാംസം ഭക്ഷിക്കാം. സര്‍വേശ്വരനുള്ള സമാധാനയാഗമൃഗത്തിന്‍റെ മാംസം അശുദ്ധനായിരിക്കെ ഭക്ഷിക്കുന്നവനെ സമൂഹഭ്രഷ്ടനാക്കണം.
21 ശുദ്ധിയില്ലാത്ത മനുഷ്യനെയോ മൃഗത്തെയോ എന്തെങ്കിലും മലിനവസ്തുവിനെയോ സ്പര്‍ശിച്ചശേഷം സമാധാനയാഗത്തിനര്‍പ്പിച്ച മൃഗത്തിന്‍റെ മാംസം ഭക്ഷിക്കുന്നവനെ സമൂഹഭ്രഷ്ടനാക്കണം.
22
ദൈവം മോശയോട് അരുളിച്ചെയ്തു:23 ഇസ്രായേല്‍ജനത്തോടു പറയുക: കാളയുടെയോ, ചെമ്മരിയാടിന്‍റെയോ, കോലാടിന്‍റെയോ കൊഴുപ്പു ഭക്ഷിക്കരുത്.
24 ചത്തുപോയതോ, മൃഗങ്ങള്‍ കടിച്ചു കീറിയതോ ആയ മൃഗത്തിന്‍റെ മേദസ്സും ഒരിക്കലും ഭക്ഷിക്കരുത്. മറ്റു കാര്യങ്ങള്‍ക്ക് അത് ഉപയോഗിക്കാം.
25 സര്‍വേശ്വരനു ഹോമയാഗമായി അര്‍പ്പിച്ച മൃഗത്തിന്‍റെ മേദസ്സു ഭക്ഷിക്കുന്നവനെ സമൂഹഭ്രഷ്ടനാക്കണം.
26 നിങ്ങള്‍ എവിടെ വസിച്ചാലും, പക്ഷിയുടെയോ മൃഗത്തിന്‍റെയോ രക്തം ഭക്ഷിക്കരുത്.
27 രക്തം ഭക്ഷിക്കുന്നവനെ സമൂഹഭ്രഷ്ടനാക്കണം.
28
സര്‍വേശ്വരന്‍ മോശയോടരുളിച്ചെയ്തു:29 ഇസ്രായേല്‍ജനത്തോടു പറയുക, സമാധാനയാഗത്തിനു കൊണ്ടുവരുന്ന വഴിപാടില്‍ ഒരംശം സര്‍വേശ്വരനുള്ള സവിശേഷ കാഴ്ചയായിരിക്കട്ടെ.
30 അര്‍പ്പിക്കുന്നവന്‍ അതു കൈകളില്‍ വഹിച്ചു കൊണ്ടുവരണം. യാഗമൃഗത്തിന്‍റെ നെഞ്ചും അതിന്മേലുള്ള മേദസ്സും അങ്ങനെ കൊണ്ടുവരണം. നെഞ്ച് സര്‍വേശ്വരന്‍റെ സന്നിധിയില്‍ നീരാജനം ചെയ്യണം.
31 മേദസ്സു യാഗപീഠത്തില്‍വച്ചു പുരോഹിതന്‍ ദഹിപ്പിക്കണം. നെഞ്ച് അഹരോന്യപുരോഹിതന്മാര്‍ക്കുള്ളതായിരിക്കും.
32 സമാധാനയാഗത്തിലെ മൃഗത്തിന്‍റെ വലതു തുട,
33 രക്തവും മേദസ്സും അര്‍പ്പിക്കുന്ന അഹരോന്യപുരോഹിതനു പ്രത്യേക അവകാശമായി നല്‌കണം.
34 ഇസ്രായേല്‍ജനത അര്‍പ്പിക്കുന്ന സമാധാനയാഗത്തില്‍ നീരാജനം ചെയ്യപ്പെട്ട നെഞ്ചും അര്‍പ്പിക്കപ്പെട്ട തുടയും ഇസ്രായേല്‍ജനങ്ങളില്‍നിന്ന് എടുത്ത് അഹരോന്യപുരോഹിതന്മാര്‍ക്കു ശാശ്വതാവകാശമായി ഞാന്‍ നല്‌കിയിരിക്കുന്നു.
35
അഹരോന്‍റെ പുത്രന്മാര്‍ സര്‍വേശ്വരനു പുരോഹിതശുശ്രൂഷ ചെയ്യാന്‍ അഭിഷിക്തരാകുന്ന ദിവസംമുതല്‍ സര്‍വേശ്വരനുള്ള ഹോമയാഗത്തില്‍നിന്ന് അവര്‍ക്കു ലഭിക്കേണ്ട ഓഹരിയാണിത്.36 അഭിഷേകദിവസംമുതല്‍ ഈ ഓഹരി പുരോഹിതന്മാര്‍ക്കു കൊടുക്കണമെന്ന് അവിടുന്ന് ഇസ്രായേല്‍ജനത്തോടു കല്പിച്ചിട്ടുണ്ട്. ഇതു തലമുറകളായി പാലിക്കേണ്ട നിയമമാകുന്നു.
37 ഹോമയാഗം, ധാന്യയാഗം, പാപപരിഹാരയാഗം, പ്രായശ്ചിത്തയാഗം, പൗരോഹിത്യാഭിഷേകത്തിനുള്ള യാഗം, സമാധാനയാഗം എന്നിവയുടെ നിയമം ഇതാണ്.
38 ഇസ്രായേല്‍ജനം തനിക്കു വഴിപാട് അര്‍പ്പിക്കണമെന്നു മരുഭൂമിയില്‍ സീനായ്മലയില്‍വച്ച് സര്‍വേശ്വരന്‍ കല്പന നല്‌കിയ ദിവസം അവിടുന്നു മോശയോട് ഇങ്ങനെ കല്പിച്ചു.
1
സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു:2 “അഹരോനെയും പുത്രന്മാരെയും ആനയിക്കുക; വസ്ത്രം, അഭിഷേകതൈലം, പാപപരിഹാരയാഗത്തിനുള്ള കാള, രണ്ട് ആണാടുകള്‍, ഒരു കുട്ടയില്‍ പുളിപ്പില്ലാത്ത അപ്പം എന്നിവയും കൊണ്ടുവരണം.
3 തിരുസാന്നിധ്യകൂടാരത്തിന്‍റെ വാതില്‌ക്കല്‍ സമൂഹത്തെ മുഴുവന്‍ വിളിച്ചുകൂട്ടണം”.
4
അവിടുന്നു കല്പിച്ചതുപോലെ മോശ ചെയ്തു. തിരുസാന്നിധ്യകൂടാരത്തിന്‍റെ വാതില്‌ക്കല്‍ ജനസമൂഹം ഒന്നിച്ചുകൂടി.5 മോശ അവരോടു പറഞ്ഞു: “സര്‍വേശ്വരന്‍ കല്പിച്ചതനുസരിച്ചാണ് ഞാന്‍ ഇങ്ങനെ ചെയ്തത്.”
6 മോശ അഹരോനെയും പുത്രന്മാരെയും മുമ്പോട്ടു കൊണ്ടുവന്ന് അവരെ വെള്ളംകൊണ്ടു കഴുകി; അഹരോനെ കുപ്പായം ധരിപ്പിച്ച് അരപ്പട്ട കെട്ടി മേലങ്കി അണിയിച്ചു.
7 അവയുടെമേല്‍ ഏഫോദ് ചാര്‍ത്തി, വിദഗ്ദ്ധമായി നെയ്തെടുത്ത അതിന്‍റെ പട്ട അരയില്‍ ചുറ്റി.
8 നെഞ്ചില്‍ മാര്‍ച്ചട്ട ധരിപ്പിച്ച് അതില്‍ ഊറീമും തുമ്മീമും വച്ചു.
9 ശിരോവസ്ത്രം ധരിപ്പിച്ച് അതിന്‍റെ മുന്‍ഭാഗത്തു സര്‍വേശ്വരന്‍ മോശയോടു കല്പിച്ചതുപോലെ സമര്‍പ്പണത്തിന്‍റെ ചിഹ്നമായി വിശുദ്ധകിരീടമായ പൊന്‍തകിട് അണിയിച്ചു.
10 പിന്നീട് മോശ അഭിഷേകതൈലം എടുത്തു വിശുദ്ധകൂടാരവും അതിലുള്ള എല്ലാ വസ്തുക്കളും അഭിഷേകം ചെയ്തു ശുദ്ധീകരിച്ചു.
11 തൈലം അല്പം എടുത്തു യാഗപീഠത്തിനുമേല്‍ ഏഴു പ്രാവശ്യം തളിച്ച് യാഗപീഠവും അതിലുള്ള ഉപകരണങ്ങളും വെള്ളമെടുക്കുന്ന തൊട്ടിയും അതിന്‍റെ പീഠവും അഭിഷേകം ചെയ്ത് ശുദ്ധീകരിച്ചു.
12 പിന്നെ അഹരോനെ ശിരസ്സില്‍ തൈലാഭിഷേകം ചെയ്തു ശുദ്ധീകരിച്ചു.
13 സര്‍വേശ്വരന്‍ തന്നോടു കല്പിച്ചിരുന്നതുപോലെ മോശ അഹരോന്‍റെ പുത്രന്മാരെ മുന്നോട്ടു കൊണ്ടുവന്ന് അവരെ അങ്കിയും അരപ്പട്ടയും തൊപ്പിയും ധരിപ്പിച്ചു.
14 പിന്നീട് പാപപരിഹാരയാഗത്തിനുള്ള കാളയെ കൊണ്ടുവന്നു; അഹരോനും പുത്രന്മാരും അതിന്‍റെ തലയില്‍ കൈകള്‍ വച്ചു.
15 മോശ അതിനെ കൊന്നു രക്തമെടുത്തു വിരല്‍കൊണ്ടു യാഗപീഠത്തിന്‍റെ നാലു വശത്തുമുള്ള കൊമ്പുകളില്‍ പുരട്ടി യാഗപീഠം ശുദ്ധീകരിച്ചു. ശേഷിച്ച രക്തം യാഗപീഠത്തിന്‍റെ ചുവട്ടില്‍ ഒഴിച്ചു. അങ്ങനെ അതു ശുദ്ധീകരിച്ചു പാപപരിഹാരയാഗത്തിനു സജ്ജമാക്കി.
16 യാഗമൃഗത്തിന്‍റെ കുടലിലുള്ള മേദസ്സു മുഴുവന്‍, കരളിന്‍റെ നെയ്‍വല, വൃക്കകള്‍ രണ്ടും, അവയിലുള്ള മേദസ്സ് എന്നിവ എടുത്ത് ഹോമയാഗപീഠത്തില്‍ ദഹിപ്പിച്ചു.
17 അവിടുന്നു മോശയോട് കല്പിച്ചിരുന്നതുപോലെ കാളയുടെ തോലും മാംസവും ചാണകവും പാളയത്തിനു വെളിയില്‍വച്ചു ദഹിപ്പിച്ചു.
18 അതിനുശേഷം മോശ ഹോമയാഗത്തിനുള്ള മുട്ടാടിനെ കൊണ്ടുവന്നു. അഹരോനും പുത്രന്മാരും അതിന്‍റെ തലയില്‍ കൈകള്‍ വച്ചു.
19 മോശ അതിനെ കൊന്നു രക്തം യാഗപീഠത്തിനു ചുറ്റും തളിച്ചു.
20 ആടിനെ കഷണങ്ങളായി നുറുക്കിയശേഷം തലയും കഷണങ്ങളും കൊഴുപ്പും ദഹിപ്പിച്ചു.
21 കുടലും കാലുകളും വെള്ളത്തില്‍ കഴുകി. മുട്ടാടിനെ മുഴുവന്‍ മോശ യാഗപീഠത്തില്‍ സര്‍വേശ്വരനു പ്രസാദമുള്ള സൗരഭ്യമായ ഹോമയാഗമായി അവിടുത്തെ കല്പനപോലെ സമര്‍പ്പിച്ചു.
22 പിന്നീടു മോശ രണ്ടാമത്തെ മുട്ടാടിനെ പുരോഹിതാഭിഷേകത്തിനുവേണ്ടി കൊണ്ടുവന്നു. അഹരോനും പുത്രന്മാരും അതിന്‍റെ തലയില്‍ കൈകള്‍ വച്ചു.
23 മോശ അതിനെ കൊന്ന്, രക്തത്തില്‍ ഒരംശം അഹരോന്‍റെ വലതുകാതിന്‍റെ അറ്റത്തും വലതുകൈയുടെയും വലതുകാലിന്‍റെയും തള്ളവിരലുകളിലും പുരട്ടി.
24 അഹരോന്‍റെ പുത്രന്മാരെയും മുന്നോട്ട് ആനയിച്ച് അവരുടെ വലതുകാതിന്‍റെ അറ്റങ്ങളിലും വലതുകൈയുടെയും വലതുകാലിന്‍റെയും തള്ളവിരലുകളിലും മോശ രക്തത്തിന്‍റെ ഒരംശം പുരട്ടി. ശേഷിച്ച രക്തം മോശ യാഗപീഠത്തിനു ചുറ്റും തളിച്ചു.
25 പിന്നെ അദ്ദേഹം മേദസ്സും തടിച്ചവാലും കുടലിലെയും കരളിന്‍റെ നെയ്‍വലയിലെയും മേദസ്സും മേദസ്സോടുകൂടിയ വൃക്കകളും വലതു തുടയും എടുത്തു.
26 സര്‍വേശ്വരന്‍റെ സന്നിധിയില്‍ സമര്‍പ്പിച്ചിരുന്ന അപ്പക്കുട്ടയില്‍നിന്നു പുളിപ്പില്ലാത്ത ഒരു അപ്പവും എണ്ണ ചേര്‍ത്തുണ്ടാക്കിയ ഒരു അപ്പവും ഒരു അടയും എടുത്തു.
27 അവ മേദസ്സിന്‍റെയും തുടയുടെയും മീതെ വച്ചു.
28 മോശ അവയെല്ലാം അഹരോന്‍റെയും പുത്രന്മാരുടെയും കൈയില്‍ കൊടുത്തു. അവര്‍ അത് നീരാജനവഴിപാടായി സര്‍വേശ്വരന് അര്‍പ്പിച്ചു. മോശ അത് അവരുടെ കൈകളില്‍നിന്നു വാങ്ങി യാഗപീഠത്തില്‍ ഹോമയാഗത്തോടൊപ്പം ദഹിപ്പിച്ചു. അതു സര്‍വേശ്വരനു പ്രസാദകരമായ സൗരഭ്യമുള്ള പുരോഹിതാഭിഷേകത്തിനുള്ള യാഗമാകുന്നു.
29 മോശ മൃഗത്തിന്‍റെ നെഞ്ചെടുത്തു സര്‍വേശ്വരന്‍റെ സന്നിധിയില്‍ നീരാജനാര്‍പ്പണം ചെയ്തു. അവിടുന്നു കല്പിച്ചിരുന്നതുപോലെ പൗരോഹിത്യാഭിഷേകത്തിനുള്ള ആണ്‍ചെമ്മരിയാടില്‍ മോശയ്‍ക്കുള്ള പങ്ക് അതായിരുന്നു.
30 മോശ അഭിഷേകതൈലത്തിന്‍റെ ഒരംശവും യാഗപീഠത്തിനുള്ള രക്തത്തിന്‍റെ ഒരംശവുമെടുത്ത് അഹരോന്‍റെയും പുത്രന്മാരുടെയും അവരുടെ വസ്ത്രത്തിന്‍റെയുംമേല്‍ തളിച്ചു. അങ്ങനെ അവരെയും അവരുടെ വസ്ത്രങ്ങളെയും ശുദ്ധീകരിച്ചു.
31 മോശ അഹരോനോടും പുത്രന്മാരോടും പറഞ്ഞു: “സര്‍വേശ്വരന്‍ എന്നോടു കല്പിച്ചിരുന്നതുപോലെ മാംസം എടുത്തു തിരുസാന്നിധ്യകൂടാരത്തിന്‍റെ വാതില്‌ക്കല്‍ കൊണ്ടുപോയി വേവിച്ച് പൗരോഹിത്യാഭിഷേകത്തിന് അര്‍പ്പിച്ച കുട്ടയിലെ അപ്പത്തോടുകൂടി ഭക്ഷിക്കണം.
32 ശേഷിക്കുന്ന മാംസവും അപ്പവും ദഹിപ്പിച്ചുകളയണം.
33 പൗരോഹിത്യാഭിഷേകത്തോടു ചേര്‍ന്ന കര്‍മങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ ഏഴു ദിവസത്തേക്കു നിങ്ങള്‍ തിരുസാന്നിധ്യകൂടാരത്തിന്‍റെ വാതിലിനു പുറത്തുപോകരുത്. പൗരോഹിത്യാഭിഷേക കര്‍മങ്ങള്‍ക്ക് ഏഴു ദിവസമാണു വേണ്ടത്.
34 നിങ്ങളുടെ പാപപരിഹാരത്തിനുവേണ്ടി ഇന്ന് അനുഷ്ഠിച്ചതുപോലെ ചെയ്യാന്‍ സര്‍വേശ്വരന്‍ കല്പിച്ചിട്ടുണ്ട്.
35 അവിടുന്നു കല്പിച്ചതുപോലെ ചെയ്തുകൊണ്ടു നിങ്ങള്‍ ഏഴു നാള്‍ രാപ്പകല്‍ തിരുസാന്നിധ്യകൂടാരത്തിന്‍റെ മുമ്പില്‍ നില്‌ക്കണം. അല്ലെങ്കില്‍ നിങ്ങള്‍ മരിക്കും. അതാണ് എനിക്കു ലഭിച്ച കല്പന”.
36 അഹരോനും പുത്രന്മാരും സര്‍വേശ്വരന്‍ മോശയിലൂടെ നല്‌കിയ കല്പനകളെല്ലാം പാലിച്ചു.
1
എട്ടാം ദിവസം മോശ അഹരോനെയും പുത്രന്മാരെയും ഇസ്രായേലിലെ ശ്രേഷ്ഠനേതാക്കളെയും വിളിച്ചുകൂട്ടി.2 അദ്ദേഹം അഹരോനോടു പറഞ്ഞു: “കുറ്റമറ്റ ഒരു കാളക്കിടാവിനെ പാപപരിഹാരയാഗമായും കുറ്റമറ്റ ഒരു ആണ്‍ചെമ്മരിയാടിനെ ഹോമയാഗമായും സര്‍വേശ്വരന്‍റെ മുമ്പില്‍ അര്‍പ്പിക്കുക.
3 ഇസ്രായേല്‍ജനത്തോടു പറയുക: ഒരു ആണ്‍കോലാടിനെ പാപപരിഹാരയാഗത്തിനും ഒരു വയസ്സു പ്രായമുള്ള ഊനമറ്റ ഒരു കാളക്കിടാവിനെയും ഒരു ആണ്‍ചെമ്മരിയാടിനെയും ഹോമയാഗത്തിനും
4 ഒരു കാളയെയും ഒരു ആണ്‍ചെമ്മരിയാടിനെയും സമാധാനയാഗത്തിനുമായി സര്‍വേശ്വരന്‍റെ സന്നിധിയില്‍ കൊണ്ടുവരണം. എണ്ണ ചേര്‍ത്തു കുഴച്ച ധാന്യമാവോടു കൂടി അവയെ അര്‍പ്പിക്കണം. സര്‍വേശ്വരന്‍ ഇന്നു നിങ്ങള്‍ക്ക് പ്രത്യക്ഷപ്പെടുമല്ലോ”.
5 മോശ കല്പിച്ചതെല്ലാം അവര്‍ തിരുസാന്നിധ്യകൂടാരത്തിനു മുമ്പില്‍ കൊണ്ടുവന്നു. ജനം സര്‍വേശ്വരസന്നിധിയില്‍ സമ്മേളിച്ചു.
6 മോശ പറഞ്ഞു: “ഇതാണ് നിങ്ങള്‍ ചെയ്യണമെന്നു സര്‍വേശ്വരന്‍ കല്പിച്ചത്. അവിടുത്തെ തേജസ്സു നിങ്ങള്‍ക്കു പ്രത്യക്ഷമാകും.”
7 പിന്നീട് മോശ അഹരോനോടു പറഞ്ഞു: “അവിടുന്നു കല്പിച്ചതുപോലെ യാഗപീഠത്തിന്‍റെ അടുത്തു വന്നു നിന്‍റെ പാപപരിഹാരയാഗവും ഹോമയാഗവും അര്‍പ്പിച്ച് നിനക്കും നിന്‍റെ ജനത്തിനുംവേണ്ടി പ്രായശ്ചിത്തം ചെയ്യുക. അവിടുന്നു കല്പിച്ചിരിക്കുന്നതുപോലെ ജനങ്ങളുടെ വഴിപാട് അര്‍പ്പിച്ച് അവര്‍ക്കുവേണ്ടിയും പ്രായശ്ചിത്തം ചെയ്യുക”.
8 അഹരോന്‍ യാഗപീഠത്തിന്‍റെ അടുക്കല്‍ വന്നു തന്‍റെ പാപപരിഹാരയാഗത്തിനുള്ള കാളക്കിടാവിനെ കൊന്നു. അഹരോന്‍റെ പുത്രന്മാര്‍ അതിന്‍റെ രക്തം അദ്ദേഹത്തിന്‍റെ അടുക്കല്‍ കൊണ്ടുവന്നു.
9 അദ്ദേഹം രക്തത്തില്‍ വിരല്‍ മുക്കി യാഗപീഠത്തിന്‍റെ കൊമ്പുകളില്‍ പുരട്ടുകയും രക്തം യാഗപീഠത്തിന്‍റെ ചുവട്ടില്‍ ഒഴിക്കുകയും ചെയ്തു.
10 സര്‍വേശ്വരന്‍ മോശയോടു കല്പിച്ചതുപോലെ പാപപരിഹാരത്തിനുള്ള മൃഗത്തിന്‍റെ മേദസ്സും വൃക്കകളും കരളിന്‍റെ നെയ്‍വലയും യാഗപീഠത്തില്‍ ദഹിപ്പിച്ചു.
11 മാംസവും തോലും പാളയത്തിനു പുറത്തു കൊണ്ടുപോയി ദഹിപ്പിച്ചു.
12 ഹോമയാഗത്തിനുള്ള മൃഗത്തെയും അദ്ദേഹം കൊന്നു. അഹരോന്‍റെ പുത്രന്മാര്‍ അതിന്‍റെ രക്തം എടുത്ത് അദ്ദേഹത്തെ ഏല്പിച്ചു. അഹരോന്‍ അതു യാഗപീഠത്തിനു ചുറ്റും തളിച്ചു.
13 ഹോമയാഗമൃഗത്തിന്‍റെ മാംസം കഷണങ്ങളാക്കിയതും തലയും അഹരോനെ ഏല്പിച്ചു. അദ്ദേഹം അവ യാഗപീഠത്തില്‍ ദഹിപ്പിച്ചു.
14 കുടലും കാലും കഴുകി യാഗപീഠത്തില്‍വച്ച് ഹോമയാഗത്തോടൊപ്പം ദഹിപ്പിച്ചു.
15 പിന്നീട് അദ്ദേഹം ജനങ്ങളുടെ വഴിപാടു തിരുസന്നിധിയില്‍ കൊണ്ടുവന്നു. ജനങ്ങളുടെ പാപപരിഹാരത്തിനു വേണ്ടിയുള്ള കോലാടിനെ ആദ്യം ചെയ്ത പാപപരിഹാരയാഗംപോലെ അര്‍പ്പിച്ചു പ്രായശ്ചിത്തം അനുഷ്ഠിച്ചു.
16 പിന്നെ ഹോമയാഗത്തിനുള്ള മൃഗത്തെ കൊണ്ടുവന്നു യഥാവിധി അതിനെ അര്‍പ്പിച്ചു.
17 അതിനുശേഷം ധാന്യയാഗം അര്‍പ്പിച്ചു. അതില്‍നിന്ന് ഒരു പിടി എടുത്തു പ്രഭാതത്തില്‍ നടത്തിവരാറുള്ള ഹോമയാഗത്തിനു പുറമേ യാഗപീഠത്തില്‍ ദഹിപ്പിച്ചു.
18 തുടര്‍ന്ന് അദ്ദേഹം ജനത്തിനുവേണ്ടി സമാധാനയാഗത്തിനുള്ള കാളയെയും ആണ്‍ചെമ്മരിയാടിനെയും കൊന്നു. അവരുടെ രക്തം അഹരോന്‍റെ പുത്രന്മാര്‍ അദ്ദേഹത്തിന്‍റെ അടുത്തു കൊണ്ടുവന്നു. അദ്ദേഹം അതു യാഗപീഠത്തിനു ചുറ്റും തളിച്ചു.
19 കാളയുടെയും ആടിന്‍റെയും മേദസ്സ്, തടിച്ച വാല്, കുടലിനെയും വൃക്കകളെയും പൊതിഞ്ഞ മേദസ്സ്, കരളിന്‍റെ നെയ്‍വല മുതലായവ അവര്‍ കൊണ്ടുവന്നു.
20 മേദസ്സ് മൃഗങ്ങളുടെ നെഞ്ചിനു മീതെ വച്ചു. അഹരോന്‍ അതു യാഗപീഠത്തില്‍ ദഹിപ്പിച്ചു.
21 നെഞ്ചും വലത്തെ തുടയും മോശയുടെ കല്പനപോലെ അഹരോന്‍ സര്‍വേശ്വരനു നീരാജനമായി അര്‍പ്പിച്ചു.
22
അഹരോന്‍ ജനത്തിന്‍റെ നേരേ കൈകള്‍ ഉയര്‍ത്തി അവരെ ആശീര്‍വദിച്ചു. പാപപരിഹാരയാഗവും ഹോമയാഗവും സമാധാനയാഗവും അര്‍പ്പിച്ചശേഷം അദ്ദേഹം ഇറങ്ങിവന്നു.23 പിന്നീട് മോശയും അഹരോനും തിരുസാന്നിധ്യകൂടാരത്തില്‍ പ്രവേശിച്ചു. പിന്നെ അവര്‍ പുറത്തുവന്നു ജനത്തെ ആശീര്‍വദിച്ചു. അപ്പോള്‍ സര്‍വേശ്വരന്‍റെ തേജസ്സ് എല്ലാവര്‍ക്കും പ്രത്യക്ഷമായി.
24 അവിടുത്തെ സന്നിധിയില്‍നിന്ന് അഗ്നി പുറപ്പെട്ട് യാഗപീഠത്തില്‍ വച്ചിരുന്ന ഹോമയാഗവും മേദസ്സും ദഹിപ്പിച്ചു. അതു കണ്ട ജനം ആര്‍ത്തു വിളിച്ചു സാഷ്ടാംഗം പ്രണമിച്ചു.
1
അഹരോന്‍റെ പുത്രന്മാരായ നാദാബും അബീഹൂവും തങ്ങളുടെ ധൂപകലശങ്ങള്‍ എടുത്ത് അതില്‍ തീക്കനല്‍ ഇട്ടു മീതെ കുന്തുരുക്കം തൂകി സര്‍വേശ്വരനു സമര്‍പ്പിച്ചു. അതു കല്പനപ്രകാരമുള്ളതല്ലായിരുന്നതിനാല്‍ അശുദ്ധമായിരുന്നു.2 സര്‍വേശ്വരന്‍റെ സന്നിധിയില്‍നിന്നു തീ പുറപ്പെട്ട് അവരെ ദഹിപ്പിച്ചു. അങ്ങനെ അവര്‍ തിരുസന്നിധിയില്‍വച്ചു മരിച്ചു.
3 അപ്പോള്‍ മോശ അഹരോനോടു പറഞ്ഞു: “സര്‍വേശ്വരന്‍ കല്പിച്ചത് ഇതാണ്: എന്നെ സമീപിക്കുന്നവരെ ഞാന്‍ വിശുദ്ധനാണെന്നു ബോധ്യപ്പെടുത്തും. സകല ജനങ്ങളുടെയും മുമ്പില്‍ എന്‍റെ തേജസ്സ് വെളിപ്പെടുത്തും.” അഹരോന്‍ നിശ്ശബ്ദത പാലിച്ചു.
4 അഹരോന്‍റെ പിതൃസഹോദരനായ ഉസ്സീയേലിന്‍റെ പുത്രന്മാരായ മീശായേലിനെയും എല്‍സാഫാനെയും വിളിച്ചു മോശ പറഞ്ഞു: “വിശുദ്ധകൂടാരത്തിന്‍റെ മുമ്പില്‍നിന്ന് നിങ്ങളുടെ സഹോദരന്മാരുടെ ശരീരം എടുത്തു പാളയത്തിനു പുറത്തു കൊണ്ടുപോകുക.”
5 അവര്‍ മോശ കല്പിച്ചതുപോലെ ചെന്നു മൃതശരീരങ്ങള്‍ അങ്കികളോടുകൂടി എടുത്തു പുറത്തുകൊണ്ടുപോയി.
6 മോശ അഹരോനോടും പുത്രന്മാരായ എലെയാസാര്‍, ഈഥാമാര്‍ എന്നിവരോടും പറഞ്ഞു: “നിങ്ങള്‍ തലമുടി കോതാതെ വൃത്തികേടായി ഇടുകയോ, വസ്ത്രം വലിച്ചു കീറുകയോ അരുത്. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ മരിക്കും; സര്‍വേശ്വരന്‍റെ കോപം സമൂഹം മുഴുവന്‍റെയുംമേല്‍ നിപതിക്കും. അവിടുന്നു ജ്വലിപ്പിച്ച ഈ അഗ്നി നിമിത്തം നിങ്ങളുടെ സഹോദരരായ ഇസ്രായേല്‍ജനമൊക്കെയും വിലപിക്കട്ടെ.
7 നിങ്ങള്‍ തിരുസാന്നിധ്യകൂടാരത്തിന്‍റെ പുറത്തു പോകരുത്; അങ്ങനെ ചെയ്താല്‍ നിങ്ങള്‍ മരിക്കും. സര്‍വേശ്വരന്‍റെ അഭിഷേകതൈലം നിങ്ങളുടെമേല്‍ പകര്‍ന്നിരിക്കുന്നുവല്ലോ.” മോശ പറഞ്ഞത് അവര്‍ അനുസരിച്ചു.
8
സര്‍വേശ്വരന്‍ അഹരോനോട് അരുളിച്ചെയ്തു:9 “വീഞ്ഞോ, മദ്യമോ കുടിച്ചുകൊണ്ടു നീയും നിന്‍റെ പുത്രന്മാരും തിരുസാന്നിധ്യകൂടാരത്തില്‍ പ്രവേശിക്കരുത്. പ്രവേശിച്ചാല്‍ നിങ്ങള്‍ മരിക്കും. ഇതു തലമുറയായി നിങ്ങള്‍ പാലിക്കേണ്ട നിയമമാണ്.
10 വിശുദ്ധവസ്തുക്കളും സാധാരണ വസ്തുക്കളും നിര്‍മ്മലവും മലിനവും നിങ്ങള്‍ വിവേചിക്കണം.
11 സര്‍വേശ്വരന്‍ മോശ മുഖാന്തരം കല്പിച്ച പ്രമാണങ്ങള്‍ ഇസ്രായേല്‍ജനത്തെ നിങ്ങള്‍ പഠിപ്പിക്കണം.
12
മോശ അഹരോനോടും അവന്‍റെ ശേഷിച്ച രണ്ടു മക്കളായ എലെയാസാര്‍, ഈഥാമാര്‍ എന്നിവരോടും പറഞ്ഞു: “സര്‍വേശ്വരന് അര്‍പ്പിച്ച ധാന്യയാഗത്തില്‍ ദഹിപ്പിക്കാതെ ശേഷിച്ചതു പുളിപ്പു കലര്‍ത്താതെ യാഗപീഠത്തിന്‍റെ അടുത്തുവച്ചു ഭക്ഷിക്കണം. അത് അതിവിശുദ്ധമാകുന്നു.13 വിശുദ്ധസ്ഥലത്തുവച്ചുതന്നെ അതു ഭക്ഷിക്കണം. അതു ഹോമയാഗമായി സര്‍വേശ്വരന് അര്‍പ്പിച്ചവയില്‍നിന്നു നിനക്കും നിന്‍റെ മക്കള്‍ക്കും ഉള്ള ഓഹരിയാകുന്നു. ഇതാണ് എനിക്കു ലഭിച്ച കല്പന.
14 നീരാജനമായി അര്‍പ്പിച്ച നെഞ്ചും തുടയും വൃത്തിയുള്ള ഏതെങ്കിലും സ്ഥലത്തുവച്ചു നീയും പുത്രീപുത്രന്മാരും ഭക്ഷിച്ചുകൊള്ളുക. ഇസ്രായേല്‍ജനം അര്‍പ്പിക്കുന്ന സമാധാനയാഗത്തില്‍ നിനക്കും മക്കള്‍ക്കും അവകാശപ്പെട്ട ഓഹരിയാണ് അത്.
15 ഹോമയാഗത്തിനുള്ള മേദസ്സു കൊണ്ടുവരുമ്പോള്‍ അര്‍പ്പിക്കാനുള്ള തുടയും നീരാജനം ചെയ്യാനുള്ള നെഞ്ചും കൊണ്ടുവരണം. ഇവ സര്‍വേശ്വരന്‍ കല്പിച്ചതുപോലെ നിനക്കും നിന്‍റെ മക്കള്‍ക്കും എന്നേക്കും ലഭിക്കുന്ന ഓഹരിയാണ്.
16
പാപപരിഹാരയാഗത്തിനുള്ള കോലാട് എവിടെ എന്നു മോശ അന്വേഷിച്ചു. അതു ദഹിപ്പിച്ചു കഴിഞ്ഞു എന്ന് അറിഞ്ഞപ്പോള്‍ അദ്ദേഹം അഹരോന്‍റെ ശേഷിച്ചിരുന്ന മക്കളായ എലെയാസാരിനോടും ഈഥാമാരിനോടും കോപിച്ചു.17 മോശ ചോദിച്ചു: “എന്തുകൊണ്ടു നിങ്ങള്‍ അതു വിശുദ്ധസ്ഥലത്തുവച്ചു ഭക്ഷിച്ചില്ല? അത് അതിവിശുദ്ധവും സമൂഹത്തിന്‍റെ പാപം വഹിക്കാനും സര്‍വേശ്വരന്‍റെ സന്നിധിയില്‍ അവര്‍ക്കുവേണ്ടി പ്രായശ്ചിത്തം അനുഷ്ഠിക്കാനുംവേണ്ടി നിങ്ങള്‍ക്കു തന്നിരുന്നതാണല്ലോ.
18 നിങ്ങള്‍ അതിന്‍റെ രക്തം വിശുദ്ധമന്ദിരത്തിനകത്തു കൊണ്ടുവന്നില്ല. ഞാന്‍ കല്പിച്ചിരുന്നതുപോലെ നിങ്ങള്‍ തീര്‍ച്ചയായും അതു വിശുദ്ധമന്ദിരത്തില്‍വച്ചു ഭക്ഷിക്കേണ്ടതായിരുന്നു.”
19 അഹരോന്‍ മോശയോടു പറഞ്ഞു: “ഇതാ അവര്‍ പാപപരിഹാരയാഗവും ഹോമയാഗവും സര്‍വേശ്വരന് അര്‍പ്പിച്ചിരിക്കുന്നു. എന്നിട്ടും എനിക്ക് ഇങ്ങനെ സംഭവിച്ചല്ലോ. പാപപരിഹാരയാഗവസ്തു ഞാന്‍ ഇന്നു ഭക്ഷിച്ചിരുന്നെങ്കില്‍ അതു സര്‍വേശ്വരനു പ്രസാദകരമാകുമായിരുന്നോ?
20 ഇതു കേട്ടപ്പോള്‍ മോശ സന്തുഷ്ടനായി.
1
സര്‍വേശ്വരന്‍ മോശയോടും അഹരോനോടും അരുളിച്ചെയ്തു:2 “ഭൂമിയിലുള്ള മൃഗങ്ങളില്‍ നിങ്ങള്‍ക്കു ഭക്ഷിക്കാവുന്നവ ഇവയാണെന്നു ജനത്തോടു പറയുക.
3 ഇരട്ടക്കുളമ്പുള്ളവയും അയവിറക്കുന്നവയുമായ മൃഗങ്ങളെ നിങ്ങള്‍ക്കു ഭക്ഷിക്കാം.
4 എന്നാല്‍ അയവിറക്കുന്നവയിലും കുളമ്പു പിളര്‍ന്നവയിലും നിങ്ങള്‍ ഭക്ഷിക്കരുതാത്തവയുമുണ്ട്. അയവിറക്കുന്നതെങ്കിലും കുളമ്പു പിളര്‍ന്നിട്ടില്ലാത്ത ഒട്ടകത്തെ ഭക്ഷിക്കരുത്. അതു നിങ്ങള്‍ക്ക് അശുദ്ധമാകുന്നു.
5 [5,6] അയവിറക്കുന്നവയെങ്കിലും കുളമ്പു പിളര്‍ന്നവയല്ലാത്തതുകൊണ്ട് കുഴിമുയലും മുയലും ഭക്ഷ്യയോഗ്യമല്ല. അവ അശുദ്ധമാകുന്നു.
6
7 [7,8] ഇരട്ടക്കുളമ്പുള്ളതെങ്കിലും അയവിറക്കാത്തതുകൊണ്ടു പന്നിയെ ഭക്ഷിക്കരുത്. അതിന്‍റെ പിണം തൊടുകപോലുമരുത്. അത് അശുദ്ധമാകുന്നു.
8
9
ജലജന്തുക്കളില്‍ നിങ്ങള്‍ക്കു ഭക്ഷിക്കാവുന്നവ ഇവയാണ്. കടലിലും നദികളിലും ജീവിക്കുന്നവയില്‍ ചിറകും ചെതുമ്പലും ഉള്ളവയെ നിങ്ങള്‍ക്കു ഭക്ഷിക്കാം.10 എന്നാല്‍ കടലിലും നദിയിലും ഉള്ളവയില്‍ ചിറകും ചെതുമ്പലുമില്ലാത്ത ഒന്നിനെയും ഭക്ഷിക്കരുത്. അവ നിങ്ങള്‍ക്കു മലിനമായിരിക്കും.
11 അവ നിഷിദ്ധമാണ്. അവയെ ഭക്ഷിക്കരുത്. അവയുടെ പിണം സ്പര്‍ശിക്കപോലുമരുത്.
12 വെള്ളത്തില്‍ ചരിക്കുന്നവയില്‍ ചിറകും ചെതുമ്പലുമില്ലാത്തവ എല്ലാം നിങ്ങള്‍ക്കു മലിനമായിരിക്കും.
13 പക്ഷികളില്‍ കഴുകന്‍, ചെമ്പരുന്ത്,
14 കടല്‍റാഞ്ചി, പരുന്ത്, പ്രാപ്പിടിയന്‍ മുതലായവ,
15 പരുന്തുവര്‍ഗം, കാക്കയുടെ ഇനത്തില്‍പ്പെട്ട പക്ഷികള്‍,
16 ഒട്ടകപ്പക്ഷി, കടല്‍ക്കാക്ക, മൂങ്ങയുടെ വര്‍ഗത്തിലുള്ള പക്ഷികള്‍,
17 നത്ത്, നീര്‍ക്കാക്ക, പെരുംനത്ത്,
18 നീര്‍ക്കോഴി, വേഴാമ്പല്‍, ഗൃദ്ധ്രം, കൊക്ക്,
19 പൊന്മാന്‍, നരിച്ചീര്‍ എന്നിവയെ നിങ്ങള്‍ ഭക്ഷിക്കരുത്. അവയെ മലിനമായി കരുതണം.
20 ചിറകുള്ള കീടങ്ങളില്‍ നാലു കാലില്‍ നടക്കുന്നവയെല്ലാം നിങ്ങള്‍ക്കു നിന്ദ്യമായിരിക്കണം.
21 എന്നാല്‍ ചിറകും നാലു കാലുകളും ഉള്ളവയില്‍ നിലത്തു ചാടി നടക്കത്തക്കവിധം നീണ്ട കണങ്കാലുള്ള ജീവികളെ നിങ്ങള്‍ക്കു ഭക്ഷിക്കാം.
22 വെട്ടുക്കിളി, വിട്ടില്‍, തുള്ളന്‍ എന്നിവയുടെ വര്‍ഗത്തില്‍പ്പെട്ടവയെയും നിങ്ങള്‍ക്കു ഭക്ഷിക്കാം.
23 ചിറകുള്ള കീടങ്ങളില്‍ നാലു കാലില്‍ നടക്കുന്നവയെല്ലാം നിങ്ങള്‍ക്കു വര്‍ജ്യമായിരിക്കണം.
24
ഇവയില്‍ ഏതിന്‍റെയെങ്കിലും ജഡം സ്പര്‍ശിക്കാന്‍ ഇടയായാല്‍ സൂര്യാസ്തമയംവരെ നിങ്ങള്‍ അശുദ്ധരായിരിക്കും.25 അവയുടെ ജഡം ചുമക്കുന്നവന്‍ വസ്ത്രം അലക്കണം. സൂര്യാസ്തമയംവരെ അവന്‍ അശുദ്ധനായിരിക്കും.
26 കുളമ്പു പിളര്‍ന്നതെങ്കിലും കുളമ്പു രണ്ടായി പിരിയാത്തവയും അയവിറക്കാത്തവയുമായ മൃഗങ്ങള്‍ നിങ്ങള്‍ക്ക് അശുദ്ധമാണ്; അവയുടെ ജഡം തൊടുന്നതും അശുദ്ധമായിരിക്കും.
27 നാല്‌ക്കാലിമൃഗങ്ങളില്‍ ഉള്ളങ്കാല്‍ പതിച്ചു നടക്കുന്ന നഖമുള്ള മൃഗങ്ങളും നിങ്ങള്‍ക്ക് അശുദ്ധമായിരിക്കും.
28 അവയുടെ ജഡം സ്പര്‍ശിക്കുന്നവന്‍ വൈകുന്നേരംവരെ അശുദ്ധനായിരിക്കും. അവയുടെ ജഡം ചുമക്കുന്നവന്‍ വസ്ത്രം അലക്കണം. സൂര്യാസ്തമയംവരെ അവന്‍ അശുദ്ധനാണ്. അവ നിങ്ങള്‍ക്ക് അശുദ്ധമാകുന്നു.
29
[29,30] ഇഴജീവികളില്‍ കീരി, എലി, പല്ലി, ഉടുമ്പ്, അരണ, ഓന്ത്, മണ്ണെലി എന്നിവ നിങ്ങള്‍ക്ക് അശുദ്ധമാകുന്നു.30
31 അവയുടെ പിണം സ്പര്‍ശിക്കുന്നവന്‍ സൂര്യാസ്തമയംവരെ അശുദ്ധനായിരിക്കും.
32 മരം, തുണി, തോല്‍, ചാക്ക് ഇവയില്‍ ഏതെങ്കിലും കൊണ്ടുണ്ടാക്കിയ വസ്തുക്കളില്‍ പിണം സ്പര്‍ശിച്ചാല്‍ അത് അശുദ്ധമായിത്തീരും. സൂര്യാസ്തമയംവരെ അതു വെള്ളത്തില്‍ ഇടണം. അപ്പോള്‍ അതു ശുദ്ധമാകും.
33 അവയുടെ പിണം മണ്‍പാത്രത്തില്‍ വീണാല്‍ അതിലുള്ളതെല്ലാം അശുദ്ധമായിത്തീരും. പാത്രം ഉടച്ചുകളയുകയും വേണം.
34 ആ പാത്രത്തിലെ വെള്ളം ഏതെങ്കിലും ഭക്ഷണസാധനത്തിലോ പാനീയത്തിലോ വീണാല്‍ അതും അശുദ്ധമായിത്തീരും.
35 ആ ജഡത്തിന്‍റെ ഏതെങ്കിലും അംശം ഏതിന്‍റെയെങ്കിലുംമേല്‍ വീണാല്‍ അത് അശുദ്ധമായിത്തീരും. അത് അടുപ്പോ തീച്ചട്ടിയോ ആയിരുന്നാലും ഉടച്ചുകളയണം. അത് അശുദ്ധമാണ്, നിങ്ങള്‍ക്ക് അശുദ്ധമായിരിക്കുകയും ചെയ്യും.
36 പിണം സ്പര്‍ശിക്കുന്നതെന്തും അശുദ്ധമാകുമെങ്കിലും നീരുറവയ്‍ക്കും വെള്ളമുള്ള കിണറിനും അത് ബാധകമല്ല.
37 വിതയ്‍ക്കാനുള്ള വിത്തില്‍ പിണം വീണാല്‍ അത് അശുദ്ധമാകുകയില്ല.
38 എന്നാല്‍ കുതിര്‍ത്ത വിത്തില്‍ പിണം വീണാല്‍ അത് അശുദ്ധമായിത്തീരും.
39
ഭക്ഷ്യയോഗ്യമായ മൃഗം ചത്തിട്ട് അതിന്‍റെ പിണം സ്പര്‍ശിക്കുന്നവന്‍ സൂര്യാസ്തമയംവരെ അശുദ്ധനായിരിക്കും.40 അതിന്‍റെ മാംസം ഭക്ഷിക്കുന്നവന്‍ വസ്ത്രം അലക്കണം; അവന്‍ സൂര്യാസ്തമയംവരെ അശുദ്ധനായിരിക്കും. പിണം ചുമന്നവനും വസ്ത്രം അലക്കണം. അവനും സൂര്യാസ്തമയംവരെ അശുദ്ധനായിരിക്കും.
41
ഇഴജന്തുക്കളെല്ലാം നിഷിദ്ധമാണ്. അവയെ ഭക്ഷിക്കരുത്.42 ഉരസ്സുകൊണ്ടു ഗമിക്കുന്നതോ, നാലു കാലുകൊണ്ടു ചരിക്കുന്നതോ അനേകം കാലുകളുള്ളതോ ആയ ഒരു ഇഴജന്തുവിനെയും നിങ്ങള്‍ ഭക്ഷിക്കരുത്. അവ നിങ്ങള്‍ക്കു നിന്ദ്യമാണ്.
43 യാതൊരു ഇഴജന്തുവിനാലും നിങ്ങള്‍ക്ക് അശുദ്ധി വരരുത്; അങ്ങനെ അശുദ്ധരായിത്തീരാതിരിക്കുവാന്‍ അവ മൂലമുള്ള അശുദ്ധിയില്‍നിന്ന് അകന്നുകൊള്ളണം.
44 ഞാന്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനാകുന്നു. ഞാന്‍ വിശുദ്ധനാകയാല്‍ നിങ്ങള്‍ നിങ്ങളെത്തന്നെ വിശുദ്ധീകരിച്ചു വിശുദ്ധരായിരിപ്പിന്‍. ഇഴജന്തുക്കള്‍ നിമിത്തം നിങ്ങള്‍ അശുദ്ധരായിത്തീരരുത്.
45 നിങ്ങളുടെ ദൈവമായിരിക്കാന്‍ നിങ്ങളെ ഈജിപ്തില്‍നിന്നു വിമോചിപ്പിച്ചു കൊണ്ടുവന്ന സര്‍വേശ്വരന്‍ ഞാനാകുന്നു. ഞാന്‍ വിശുദ്ധനാകയാല്‍ നിങ്ങളും വിശുദ്ധരായിരിക്കണം.
46
ശുദ്ധവും അശുദ്ധവും തമ്മിലും ഭക്ഷ്യയോഗ്യവും അല്ലാത്തവയും തമ്മിലും വേര്‍തിരിക്കേണ്ടതിനു47 മൃഗങ്ങള്‍, പക്ഷികള്‍, ജലജീവികള്‍, ഭൂമിയിലെ ഇഴജന്തുക്കള്‍ എന്നിങ്ങനെ സകല ജീവികളെയും സംബന്ധിച്ചുള്ള നിയമം ഇതാകുന്നു.
1
സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു:2 “ഇസ്രായേല്‍ജനത്തോടു പറയുക, ആണ്‍കുട്ടിയെ പ്രസവിക്കുന്ന സ്‍ത്രീ ഋതുകാലത്തെന്നപോലെ ഏഴു ദിവസത്തേക്ക് അശുദ്ധയായിരിക്കും.
3 എട്ടാം ദിവസം പുത്രന്‍റെ പരിച്ഛേദനകര്‍മം നടത്തണം.
4 തുടര്‍ന്നു മുപ്പത്തിമൂന്നു ദിവസം രക്തശുദ്ധീകരണത്തിനുള്ള കാലമായി ആചരിക്കണം. അക്കാലത്തിനിടയില്‍ അവള്‍ വിശുദ്ധവസ്തു സ്പര്‍ശിക്കുകയോ വിശുദ്ധമന്ദിരത്തില്‍ പ്രവേശിക്കുകയോ അരുത്.
5 പ്രസവിക്കുന്നതു പെണ്‍കുട്ടിയെ ആണെങ്കില്‍ രണ്ടാഴ്ചത്തേക്കു ഋതുകാലത്തേതുപോലെ അവള്‍ അശുദ്ധയായിരിക്കും. തുടര്‍ന്നു രക്തസ്രവത്തില്‍നിന്നുള്ള ശുദ്ധീകരണത്തിനുള്ള കാലമായി അറുപത്താറു ദിവസം ആചരിക്കണം.
6 കുഞ്ഞ് ആണായാലും പെണ്ണായാലും പ്രസവാനന്തര ശുദ്ധീകരണകാലം പൂര്‍ത്തിയാകുമ്പോള്‍ ഒരു വയസ്സു പ്രായമുള്ള ഒരു ആട്ടിന്‍കുട്ടിയെ ഹോമയാഗത്തിനായും ഒരു പ്രാവിന്‍കുഞ്ഞിനെയോ ഒരു ചെങ്ങാലിയെയോ പാപപരിഹാരയാഗത്തിനായും തിരുസാന്നിധ്യകൂടാരത്തിന്‍റെ വാതില്‌ക്കല്‍ കൊണ്ടുചെന്നു പുരോഹിതനെ ഏല്പിക്കണം.
7 പുരോഹിതന്‍ സര്‍വേശ്വരനു വഴിപാട് അര്‍പ്പിച്ചശേഷം അവള്‍ക്കുവേണ്ടി പ്രായശ്ചിത്തം ചെയ്യണം. അപ്പോള്‍ രക്തസ്രവത്തില്‍നിന്ന് അവള്‍ ശുദ്ധയായിത്തീരും. ആണ്‍കുഞ്ഞിനെയോ പെണ്‍കുഞ്ഞിനെയോ പ്രസവിക്കുന്ന സ്‍ത്രീകള്‍ അനുഷ്ഠിക്കേണ്ട നിയമം ഇതാകുന്നു.
8 ആട്ടിന്‍കുട്ടിയെ അര്‍പ്പിക്കാന്‍ അവള്‍ക്കു വകയില്ലെങ്കില്‍ രണ്ടു മാടപ്രാക്കളെയോ രണ്ടു പ്രാവിന്‍കുഞ്ഞുങ്ങളെയോ ഹോമയാഗത്തിനും പാപപരിഹാരയാഗത്തിനുമായി അര്‍പ്പിക്കാവുന്നതാണ്. പുരോഹിതന്‍ അവ സ്വീകരിച്ച് അവള്‍ക്കുവേണ്ടി പ്രായശ്ചിത്തം ചെയ്യുമ്പോള്‍ അവള്‍ ശുദ്ധയായിത്തീരും.
1
സര്‍വേശ്വരന്‍ മോശയോടും അഹരോനോടും അരുളിച്ചെയ്തു:2 “നിങ്ങള്‍ ആരുടെയെങ്കിലും ശരീരത്തില്‍ കുഷ്ഠരോഗ ലക്ഷണം പോലെയുള്ള വീക്കമോ, തടിപ്പോ, വെളുത്ത പുള്ളിയോ കണ്ടാല്‍ അവനെ പുരോഹിതനായ അഹരോന്‍റെയോ അയാളുടെ പുത്രന്മാരായ പുരോഹിതന്മാരില്‍ ആരുടെയെങ്കിലുമോ അടുക്കല്‍ കൊണ്ടുവരണം.
3 പുരോഹിതന്‍ രോഗലക്ഷണം കണ്ട ഭാഗം പരിശോധിക്കണം. അവിടെയുള്ള രോമം വെളുത്തും ചുറ്റുമുള്ള ഭാഗത്തെക്കാള്‍ അവിടം കുഴിഞ്ഞും കണ്ടാല്‍ രോഗം കുഷ്ഠമാണ്. പരിശോധനയ്‍ക്കുശേഷം പുരോഹിതന്‍ അയാളെ അശുദ്ധനായി പ്രഖ്യാപിക്കണം.
4 ആ ഭാഗം വെളുത്തതെങ്കിലും പാട് കുഴിയാതെയും രോമം വെളുക്കാതെയും കണ്ടാല്‍ പുരോഹിതന്‍ അയാളെ ഏഴു ദിവസത്തേക്കു മാറ്റി പാര്‍പ്പിക്കണം.
5 ഏഴാം ദിവസം പുരോഹിതന്‍ അയാളെ വീണ്ടും പരിശോധിക്കണം. രോഗം ത്വക്കില്‍ വ്യാപിക്കാതെ പൂര്‍വസ്ഥിതിയില്‍ നില്‌ക്കുന്നു എന്നു ബോധ്യമായാല്‍ ഏഴു ദിവസത്തേക്കുകൂടി അയാളെ മാറ്റി പാര്‍പ്പിക്കണം.
6 എന്നാല്‍ ഏഴാം ദിവസം അയാളെ വീണ്ടും പരിശോധിക്കുമ്പോള്‍ പാണ്ട് ത്വക്കില്‍ വ്യാപിക്കാതെ മങ്ങിയിരിക്കുന്നതായി കണ്ടാല്‍ അയാള്‍ ശുദ്ധിയുള്ളവനെന്നു പുരോഹിതന്‍ പ്രഖ്യാപിക്കണം. അത് ഒരു തടിപ്പു മാത്രമാണ്. അയാള്‍ വസ്ത്രം അലക്കി ശുദ്ധി പ്രാപിക്കണം.
7 പരിശോധനയില്‍ ശുദ്ധിയുള്ളവനെന്നു കണ്ടശേഷം തടിപ്പ് ത്വക്കില്‍ വ്യാപിച്ചാല്‍ അയാള്‍ വീണ്ടും പുരോഹിതനെ സമീപിക്കണം.
8 പരിശോധനയില്‍ തടിപ്പ് ത്വക്കില്‍ വ്യാപിച്ചിരിക്കുന്നതായി കണ്ടാല്‍ പുരോഹിതന്‍ അയാളെ അശുദ്ധനായി പ്രഖ്യാപിക്കണം. അതു കുഷ്ഠംതന്നെ.
9
കുഷ്ഠം ബാധിച്ചവനെ പുരോഹിതന്‍റെ അടുക്കല്‍ കൊണ്ടുചെല്ലണം.10 പുരോഹിതന്‍ അവനെ പരിശോധിക്കണം. ത്വക്കില്‍ വെളുത്ത തടിപ്പു കാണുകയും അവിടത്തെ രോമം വെളുത്തിരിക്കുകയും പച്ചമാംസം എഴുന്നിരിക്കുകയും ചെയ്താല്‍,
11 അതു പഴകിയ കുഷ്ഠമാണ്. പുരോഹിതന്‍ അവനെ അശുദ്ധനായി പ്രഖ്യാപിക്കണം. അശുദ്ധനെന്നു തീര്‍ച്ചയായതിനാല്‍ അവനെ നിരീക്ഷണത്തിനായി മാറ്റി പാര്‍പ്പിക്കേണ്ടതില്ല.
12 ത്വക്ക്‍രോഗം പടര്‍ന്ന് അടിമുടി വ്യാപിച്ചതായി കണ്ടാല്‍ പുരോഹിതന്‍ അവനെ വീണ്ടും പരിശോധിക്കണം.
13 രോഗം ശരീരമാസകലം വ്യാപിച്ചിട്ടുണ്ടെങ്കില്‍ അവന്‍ ശുദ്ധിയുള്ളവനെന്നു പ്രഖ്യാപിക്കണം. അവന്‍റെ ത്വക്കു മുഴുവന്‍ വെളുപ്പു വ്യാപിച്ചിരിക്കുന്നതിനാല്‍ അവന്‍ ശുദ്ധിയുള്ളവനാണ്.
14 എന്നാല്‍ അവന്‍റെ തടിപ്പില്‍ പച്ചമാംസം എഴുന്നു കണ്ടാല്‍ പുരോഹിതന്‍ അവനെ അശുദ്ധനായി പ്രഖ്യാപിക്കണം.
15 പുരോഹിതന്‍ അവന്‍റെ തടിപ്പിലെ എഴുന്ന മാംസം പരിശോധിച്ച് അവനെ അശുദ്ധനായി പ്രഖ്യാപിക്കണം. എഴുന്ന മാംസം അശുദ്ധമാണ്. അതു കുഷ്ഠരോഗംതന്നെ.
16 എന്നാല്‍ വ്രണം കരിഞ്ഞു വെള്ളനിറമായിത്തീര്‍ന്നാല്‍ അവന്‍ പുരോഹിതന്‍റെ അടുക്കല്‍ ചെല്ലണം.
17 പരിശോധനയില്‍ എഴുന്ന മാംസം കരിഞ്ഞു വെളുപ്പ് മാത്രമായിത്തീര്‍ന്നു എന്നു പുരോഹിതന്‍ കണ്ടാല്‍ അവനെ ശുദ്ധിയുള്ളവനെന്നു പ്രഖ്യാപിക്കണം. അവന്‍ ശുദ്ധിയുള്ളവന്‍തന്നെ.
18
[18,19] ത്വക്കില്‍ ഉണ്ടായിരുന്ന പരു കരിഞ്ഞ സ്ഥാനത്ത് വെളുത്തതോ, ചുവപ്പുകലര്‍ന്ന വെള്ളയോ ആയ പാട് ഉണ്ടായാല്‍ അതു പുരോഹിതനെ കാണിക്കണം.19
20 പുരോഹിതന്‍ അതു പരിശോധിക്കുമ്പോള്‍ പാട് ത്വക്കിനെക്കാള്‍ കുഴിഞ്ഞും അവിടത്തെ രോമം വെളുത്തും കണ്ടാല്‍ അയാളെ അശുദ്ധനായി പ്രഖ്യാപിക്കണം. അതു പരുവില്‍നിന്ന് ഉണ്ടായ കുഷ്ഠമാണ്.
21 എന്നാല്‍ രോമം വെളുക്കുകയോ പാട് ത്വക്കിനെക്കാള്‍ കുഴിയുകയോ ചെയ്യാതെ നിറം മങ്ങിക്കണ്ടാല്‍ പുരോഹിതന്‍ അവനെ ഏഴു ദിവസത്തേക്കു മാറ്റി പാര്‍പ്പിക്കണം.
22 പാട് വ്യാപിക്കുന്നതായി കണ്ടാല്‍ പുരോഹിതന്‍ അവനെ അശുദ്ധനായി പ്രഖ്യാപിക്കണം. അവന്‍ കുഷ്ഠരോഗബാധിതനാണ്.
23 എന്നാല്‍ അതു വ്യാപിക്കാതെയിരുന്നാല്‍ വ്രണം കരിഞ്ഞ പാടുമാത്രമാണ്. അവന്‍ ശുദ്ധിയുള്ളവനെന്നു പുരോഹിതന്‍ പ്രഖ്യാപിക്കണം.
24
[24,25] ശരീരത്തില്‍ പൊള്ളല്‍ ഏറ്റിട്ട് ആ ഭാഗത്തെ മാംസം വെള്ളനിറമോ, ചുവപ്പുകലര്‍ന്ന വെള്ളനിറമോ ആയാല്‍ പുരോഹിതന്‍ അവനെ പരിശോധിക്കണം. അവിടത്തെ രോമം വെളുത്തും അവിടം ത്വക്കിനെക്കാള്‍ കുഴിഞ്ഞും കണ്ടാല്‍ അതു പൊള്ളലില്‍നിന്നുണ്ടായ കുഷ്ഠമാണ്. പുരോഹിതന്‍ അവനെ അശുദ്ധനായി പ്രഖ്യാപിക്കണം. അതു കുഷ്ഠരോഗമാണ്.25
26 പുരോഹിതന്‍റെ പരിശോധനയില്‍ തടിപ്പിലെ രോമത്തിന്‍റെ നിറം വെളുത്തും തടിപ്പ് ചുറ്റുമുള്ള ത്വക്കിനെക്കാള്‍ കുഴിവുള്ളതാകാതെയും നിറം മങ്ങിയും ഇരുന്നാല്‍ അവനെ ഏഴു ദിവസത്തേക്കു മാറ്റി പാര്‍പ്പിക്കണം.
27 ഏഴാം ദിവസം പുരോഹിതന്‍ പരിശോധിക്കുമ്പോള്‍ തടിപ്പ് ത്വക്കില്‍ വ്യാപിച്ചിരിക്കുന്നതായി കണ്ടാല്‍ അവനെ അശുദ്ധനായി പ്രഖ്യാപിക്കണം. അതു കുഷ്ഠരോഗമാകുന്നു.
28 എന്നാല്‍ പാണ്ട് വ്യാപിക്കാതെ പൂര്‍വസ്ഥിതിയിലും നിറം മങ്ങിയും കാണപ്പെട്ടാല്‍ അതു പൊള്ളലില്‍നിന്നുണ്ടായ തടിപ്പാണ്. പുരോഹിതന്‍ അവനെ ശുദ്ധനെന്നു പ്രഖ്യാപിക്കണം.
29
പുരുഷന്‍റെയോ സ്‍ത്രീയുടെയോ തലയിലോ താടിയിലോ വ്രണം കണ്ടാല്‍ പുരോഹിതന്‍ അതു പരിശോധിക്കണം.30 അതു കുഴിഞ്ഞും അവിടത്തെ രോമം നേര്‍ത്ത് മഞ്ഞയായും കണ്ടാല്‍ പുരോഹിതന്‍ അവനെ അശുദ്ധനായി പ്രഖ്യാപിക്കണം. അത് ചിരങ്ങ് അഥവാ തലയിലോ, താടിയിലോ ഉണ്ടാകുന്ന കുഷ്ഠമാകുന്നു.
31 പുരോഹിതന്‍റെ പരിശോധനയില്‍ അവിടം കുഴിയാതെയും അതിന്മേല്‍ കറുത്ത രോമം ഇല്ലാതെയും ഇരുന്നാല്‍ അവനെ ഏഴു ദിവസത്തേക്കു മാറ്റി പാര്‍പ്പിക്കണം.
32 [32,33] ഏഴാം ദിവസം പുരോഹിതന്‍ പരിശോധിക്കുമ്പോള്‍ അതു വ്യാപിക്കാതെയും മഞ്ഞരോമം ഇല്ലാതെയും ത്വക്കിനെക്കാള്‍ കുഴിയാതെയും കണ്ടാല്‍ ചിരങ്ങുള്ള ഭാഗമൊഴിച്ച് അവന്‍ ക്ഷൗരം ചെയ്യണം. പിന്നീടു പുരോഹിതന്‍ അവനെ വീണ്ടും ഏഴു ദിവസത്തേക്കു മാറ്റി പാര്‍പ്പിക്കണം.
33
34 ഏഴാം ദിവസം പുരോഹിതന്‍ അതു പരിശോധിക്കുമ്പോള്‍ ചിരങ്ങ് ത്വക്കില്‍ വ്യാപിക്കാതെയും, അവിടം മറ്റു ഭാഗത്തെക്കാള്‍ കുഴിയാതെയും കണ്ടാല്‍ അവന്‍ ശുദ്ധിയുള്ളവനെന്നു പ്രഖ്യാപിക്കണം. അവന്‍ വസ്ത്രം അലക്കി ശുദ്ധി വരുത്തണം.
35 ശുദ്ധിയുള്ളവനെന്നു പ്രഖ്യാപിക്കപ്പെട്ടശേഷം ചിരങ്ങ് ത്വക്കില്‍ വ്യാപിക്കുകയാണെങ്കില്‍ പുരോഹിതന്‍ അവനെ പരിശോധിക്കണം.
36 ചിരങ്ങ് വ്യാപിക്കുന്നതു കണ്ടാല്‍ അതില്‍ മഞ്ഞരോമം ഉണ്ടോ എന്നു നോക്കേണ്ടതില്ല. അവന്‍ അശുദ്ധന്‍ തന്നെ.
37 എന്നാല്‍ ചിരങ്ങിന്‍റെ വളര്‍ച്ച നിലച്ച് അതില്‍ കറുത്ത രോമം വളര്‍ന്നു തുടങ്ങിയാല്‍ അതു കരിഞ്ഞതായി കരുതി അവന്‍ ശുദ്ധിയുള്ളവനെന്നു പുരോഹിതന്‍ പ്രഖ്യാപിക്കണം.
38
പുരുഷന്‍റെയോ സ്‍ത്രീയുടെയോ ശരീരത്തില്‍ എവിടെയെങ്കിലും വെളുത്ത പാണ്ടു കണ്ടാല്‍ പുരോഹിതന്‍ അതു പരിശോധിക്കണം.39 മങ്ങിയ വെള്ളപ്പാണ്ടാണെങ്കില്‍ തൊലിപ്പുറമേ ഉണ്ടാകുന്ന ചുണങ്ങായതുകൊണ്ട് അയാള്‍ക്ക് അശുദ്ധിയില്ല.
40
തലമുടി കൊഴിഞ്ഞ് കഷണ്ടി വരുന്നതുകൊണ്ട് ഒരുവന്‍ അശുദ്ധനായിത്തീരുന്നില്ല.41 തലയുടെ മുന്‍ഭാഗത്ത് മുടി കൊഴിയുന്നതു കഷണ്ടിയാണ്. അതിന് അശുദ്ധിയില്ല.
42 എന്നാല്‍ കഷണ്ടിയില്‍ ചുവപ്പു കലര്‍ന്ന വെള്ളപ്പാണ്ടുണ്ടായാല്‍ അതു കഷണ്ടിയില്‍ ഉണ്ടാകുന്ന കുഷ്ഠമാണ്.
43 പുരോഹിതന്‍ അവനെ പരിശോധിക്കണം. ശരീരത്തിലെ കുഷ്ഠരോഗലക്ഷണങ്ങള്‍പോലെ ചുവപ്പു കലര്‍ന്ന വെള്ളപ്പാണ്ട് കഷണ്ടിയില്‍ കണ്ടാല്‍ അവന്‍ കുഷ്ഠരോഗിയാണ്; അശുദ്ധനുമാണ്.
44 പുരോഹിതന്‍ അവനെ അശുദ്ധനായി പ്രഖ്യാപിക്കണം.
45
കുഷ്ഠരോഗി കീറിയ വസ്ത്രം ധരിച്ച് മുടി ചീകാതെ മേല്‍ച്ചുണ്ടു മറച്ചു പിടിച്ചുകൊണ്ട്, ‘അശുദ്ധന്‍, അശുദ്ധന്‍’ എന്നു വിളിച്ചുപറയണം.46 രോഗമുള്ള കാലമെല്ലാം അവന്‍ അശുദ്ധനാണ്. അതുകൊണ്ട് അവന്‍ പാളയത്തിനു പുറത്തു തനിച്ചു പാര്‍ക്കണം.
47
[47-49] കമ്പിളിയോ ചണമോ കൊണ്ടുള്ള വസ്ത്രത്തിന്‍റെ ഊടിലോ പാവിലോ, തുകല്‍കൊണ്ടുള്ള വസ്തുക്കള്‍ എന്നിവയിലോ, ഇളംപച്ചയോ ഇളംചുവപ്പോ നിറമുള്ള പാടു കണ്ടാല്‍ അതു പടരുന്ന കരിമ്പനാണ്. അതു പുരോഹിതനെ കാണിക്കണം.48
49
50 പുരോഹിതന്‍ പരിശോധിച്ചശേഷം പാടുണ്ടായിരുന്ന വസ്തു ഏഴു ദിവസത്തേക്കു പ്രത്യേകം അടച്ചു സൂക്ഷിക്കണം.
51 ഏഴാം ദിവസം പുരോഹിതന്‍ അതു പരിശോധിക്കുമ്പോള്‍ വസ്ത്രത്തില്‍ ഊടിലോ, പാവിലോ, തുകലിലോ, തുകല്‍കൊണ്ടുള്ള വസ്തുവിലോ ആകട്ടെ, കരിമ്പന്‍ പടര്‍ന്നതായി കണ്ടാല്‍ അത് അശുദ്ധമാണ്.
52 പുരോഹിതന്‍ അങ്ങനെയുള്ള വസ്ത്രങ്ങള്‍ കമ്പിളിയോ, ചണമോ, തുകലോ, തുകലുകൊണ്ടുണ്ടാക്കിയതോ ആകട്ടെ കത്തിച്ചുകളയണം.
53 [53,54] പുരോഹിതന്‍ പരിശോധിക്കുമ്പോള്‍ വസ്ത്രത്തിന്‍റെ ഊടിലോ, പാവിലോ, തുകല്‍സാധനത്തിലോ, കരിമ്പന്‍ വ്യാപിക്കുന്നില്ലെന്നു കണ്ടാല്‍, അതു കഴുകി ശുദ്ധിയാക്കിയശേഷം ഏഴു ദിവസം അടച്ചു സൂക്ഷിക്കാന്‍ കല്പിക്കണം.
54
55 കഴുകിയശേഷം പുരോഹിതന്‍ അതു പരിശോധിക്കുമ്പോള്‍ കരിമ്പന്‍ പടര്‍ന്നിട്ടില്ലെങ്കിലും അതിനു നിറഭേദം വന്നിട്ടില്ലെങ്കില്‍ അത് അശുദ്ധമാണ്. കരിമ്പന്‍, വസ്ത്രത്തിന്‍റെ അകത്തോ പുറത്തോ ആയാലും അതു ദഹിപ്പിച്ചുകളയണം.
56 എന്നാല്‍ കഴുകിക്കഴിഞ്ഞു പരിശോധിക്കുമ്പോള്‍ കരിമ്പന്‍റെ നിറം മങ്ങിയതായി കണ്ടാല്‍ തുകലിന്‍റെയോ വസ്ത്രത്തിന്‍റെ ഊടിന്‍റെയോ, പാവിന്‍റെയോ ആ ഭാഗം കീറിക്കളയണം.
57 വസ്ത്രത്തിന്‍റെ ഊടിലോ പാവിലോ തുകല്‍സാധനങ്ങളുടെ ഏതെങ്കിലും ഭാഗത്തോ കരിമ്പന്‍ വ്യാപിക്കുന്നതു കണ്ടാല്‍ ആ സാധനം ദഹിപ്പിച്ചുകളയണം.
58 കഴുകിയതിനുശേഷം വസ്ത്രത്തില്‍ നിന്നായാലും തുകല്‍സാധനത്തില്‍ നിന്നായാലും കരിമ്പന്‍ മാറിയിരിക്കുന്നതായി കണ്ടാല്‍ അതു വീണ്ടും കഴുകണം.
59 അപ്പോള്‍ അതു ശുദ്ധമാകും. ചണമോ കമ്പിളിയോകൊണ്ട് ഉണ്ടാക്കിയ വസ്ത്രത്തിലും, തോലുകൊണ്ട് ഉണ്ടാക്കിയ ഏതെങ്കിലും സാധനത്തിലും ഉണ്ടാകുന്ന കരിമ്പന്‍ ശുദ്ധമോ അശുദ്ധമോ എന്നു നിശ്ചയിക്കുന്നതിനുള്ള ചട്ടങ്ങളാണ് ഇവ”.
1
സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു:2 കുഷ്ഠരോഗം മാറിയവന്‍റെ ശുദ്ധീകരണത്തിനുള്ള ചട്ടങ്ങള്‍ ഇവയാകുന്നു. അവനെ ശുദ്ധീകരണദിവസം പുരോഹിതന്‍റെ അടുക്കല്‍ കൊണ്ടുവരണം.
3 പുരോഹിതന്‍ അവനെ പാളയത്തിനു പുറത്തുവച്ച് പരിശോധിക്കണം.
4 അവന്‍ രോഗവിമുക്തനാണെന്നു കണ്ടാല്‍ അവനുവേണ്ടി ശുദ്ധിയുള്ള രണ്ടു പക്ഷികള്‍, ദേവദാരുമരത്തിന്‍റെ ഒരു കഷണം, ചുവന്ന ചരട്, ഈസോപ്പുചെടിയുടെ ഒരു ചില്ല എന്നിവ കൊണ്ടുവരാന്‍ പുരോഹിതന്‍ നിര്‍ദ്ദേശിക്കണം.
5 ഒരു മണ്‍പാത്രത്തില്‍ ഉറവജലം പകര്‍ന്ന് അതിനു മീതെ വച്ച് ഒരു പക്ഷിയെ കൊല്ലാന്‍ പുരോഹിതന്‍ കല്പിക്കണം.
6 ദേവദാരുക്കഷണം, ചുവപ്പുചരട്, ഈസോപ്പുചില്ല എന്നിവയോടൊപ്പം ജീവനുള്ള പക്ഷിയെ ഉറവജലത്തിനു മീതെ വച്ചു കൊന്ന പക്ഷിയുടെ രക്തത്തില്‍ മുക്കണം.
7 ശുദ്ധീകരിക്കപ്പെടേണ്ടവന്‍റെ ദേഹത്ത് ആ രക്തം ഏഴു പ്രാവശ്യം തളിച്ചശേഷം അവന്‍ ശുദ്ധിയുള്ളവനെന്നു പ്രഖ്യാപിക്കുകയും ജീവനുള്ള പക്ഷിയെ സ്വതന്ത്രമായി വിടുകയും വേണം.
8 അവന്‍ വസ്ത്രം അലക്കി തല മുണ്ഡനം ചെയ്തിട്ട് വെള്ളത്തില്‍ കുളിക്കുമ്പോള്‍ ശുദ്ധനായിത്തീരും. പിന്നെ അവനു പാളയത്തില്‍ പ്രവേശിക്കാം. എന്നാല്‍ ഏഴു ദിവസം കൂടാരത്തില്‍ പ്രവേശിച്ചുകൂടാ.
9 ഏഴാം ദിവസം തലയും താടിയും പുരികവും ക്ഷൗരം ചെയ്തശേഷം വസ്ത്രം അലക്കി കുളിക്കണം. അപ്പോള്‍ അവന്‍ ശുദ്ധനായിത്തീരും.
10 എട്ടാം ദിവസം അവന്‍ കുറ്റമറ്റ രണ്ട് ആണാട്ടിന്‍കുട്ടികളെയും ഒരു വയസ്സുപ്രായമുള്ള കുറ്റമറ്റ ഒരു പെണ്ണാട്ടിന്‍കുട്ടിയെയും ധാന്യയാഗത്തിനുള്ള എണ്ണ ചേര്‍ത്ത മൂന്ന് ഇടങ്ങഴി നേരിയ മാവും നാഴി എണ്ണയും കൊണ്ടുവരണം.
11 ശുദ്ധീകരണകര്‍മം നടത്തുന്ന പുരോഹിതന്‍ അവനെ ഇവയോടുകൂടി തിരുസാന്നിധ്യകൂടാരത്തിന്‍റെ വാതില്‌ക്കല്‍ സര്‍വേശ്വരസന്നിധിയില്‍ നിര്‍ത്തണം.
12 പുരോഹിതന്‍ ആണാട്ടിന്‍കുട്ടികളില്‍ ഒന്നിനെ നാഴി എണ്ണയോടുകൂടി പ്രായശ്ചിത്തയാഗമായി അര്‍പ്പിക്കണം. സര്‍വേശ്വരസന്നിധിയില്‍ അവയെ നീരാജനം ചെയ്യണം.
13 പാപപരിഹാരയാഗത്തിനും ഹോമയാഗത്തിനുമുള്ള മൃഗങ്ങളെ കൊല്ലുന്ന വിശുദ്ധസ്ഥലത്തു വച്ചുതന്നെ അയാള്‍ ആട്ടിന്‍കുട്ടിയെ കൊല്ലണം. പാപപരിഹാരയാഗവസ്തുപോലെ പ്രായശ്ചിത്തയാഗവസ്തുവും പുരോഹിതനുള്ളതാണ്. അത് അതിവിശുദ്ധമാകുന്നു.
14 പ്രായശ്ചിത്തയാഗത്തിനായി കൊന്ന മൃഗത്തിന്‍റെ രക്തത്തില്‍ കുറെയെടുത്തു ശുദ്ധീകരിക്കപ്പെടേണ്ടവന്‍റെ വലതുകാതിന്‍റെ അറ്റത്തും വലതുകൈയുടെയും വലതുകാലിന്‍റെയും പെരുവിരലുകളിലും പുരട്ടണം.
15 [15,16] പിന്നീട് പുരോഹിതന്‍ എണ്ണയില്‍ കുറെ ഇടത്തെ ഉള്ളംകൈയില്‍ ഒഴിച്ച് അതില്‍ വലതുകൈവിരല്‍ മുക്കി സര്‍വേശ്വരസന്നിധിയില്‍ ഏഴു പ്രാവശ്യം തളിക്കണം.
16
17 കൈയില്‍ ശേഷിച്ച എണ്ണയില്‍ കുറെയെടുത്തു ശുദ്ധീകരിക്കപ്പെടേണ്ടവന്‍റെ വലതുകാതിന്‍റെ അറ്റത്തും വലതുകൈയുടെയും വലതുകാലിന്‍റെയും പെരുവിരലുകളിലും പുരട്ടിയിരുന്ന പ്രായശ്ചിത്തയാഗരക്തത്തിനു മീതെ പുരട്ടണം.
18 കൈയില്‍ ബാക്കിയായ എണ്ണ ശുദ്ധീകരിക്കപ്പെടേണ്ടവന്‍റെ തലയില്‍ ഒഴിക്കണം. അങ്ങനെ പുരോഹിതന്‍ അവനുവേണ്ടി സര്‍വേശ്വരസന്നിധിയില്‍ പ്രായശ്ചിത്തകര്‍മം നിര്‍വ്വഹിക്കണം.
19 ശുദ്ധീകരിക്കപ്പെടേണ്ടവനുവേണ്ടി പുരോഹിതന്‍ പാപപരിഹാരയാഗം അര്‍പ്പിച്ചു പ്രായശ്ചിത്തം ചെയ്തശേഷം ഹോമയാഗമൃഗത്തെ കൊല്ലണം.
20 അതും ധാന്യയാഗവും യാഗപീഠത്തില്‍ അര്‍പ്പിക്കണം. അങ്ങനെ പുരോഹിതന്‍ അവനുവേണ്ടി പ്രായശ്ചിത്തം ചെയ്യുമ്പോള്‍ അവന്‍ ശുദ്ധനായിത്തീരും.
21 എന്നാല്‍ അവന്‍ അത്രയും അര്‍പ്പിക്കാന്‍ വകയില്ലാത്ത ദരിദ്രനാണെങ്കില്‍ പ്രായശ്ചിത്തയാഗത്തിനുള്ള നീരാജനത്തിന് ഒരു ആട്ടിന്‍കുട്ടിയെയും ധാന്യയാഗത്തിന് എണ്ണ ചേര്‍ത്ത ഒരു ഇടങ്ങഴി നേരിയ മാവും നാഴി എണ്ണയും കൊണ്ടുവരണം.
22 കൂടാതെ അവന്‍റെ കഴിവനുസരിച്ചു രണ്ടു പ്രാവിന്‍കുഞ്ഞുങ്ങളെയോ, രണ്ടു ചെങ്ങാലികളെയോ കൂടി കൊണ്ടുവരണം. അവയില്‍ ഒന്ന് പാപപരിഹാരയാഗത്തിനും മറ്റേത് ഹോമയാഗത്തിനുമുള്ളതാണ്.
23 ഇവയെല്ലാം തന്‍റെ ശുദ്ധീകരണത്തിനായി അവന്‍ എട്ടാം ദിവസം പുരോഹിതന്‍റെ അടുക്കല്‍ തിരുസാന്നിധ്യകൂടാരത്തിന്‍റെ വാതില്‌ക്കല്‍ സര്‍വേശ്വരസന്നിധിയില്‍ കൊണ്ടുവരണം.
24 പ്രായശ്ചിത്തയാഗത്തിനുള്ള ആട്ടിന്‍കുട്ടിയെ എണ്ണയോടൊപ്പം സര്‍വേശ്വരസന്നിധിയില്‍ പുരോഹിതന്‍ നീരാജനം ചെയ്യണം.
25 പ്രായശ്ചിത്തയാഗത്തിനുള്ള ആട്ടിന്‍കുട്ടിയെ കൊന്ന് പുരോഹിതന്‍ അതിന്‍റെ രക്തത്തില്‍ കുറെയെടുത്തു ശുദ്ധീകരിക്കപ്പെടേണ്ടവന്‍റെ വലതുകാതിന്‍റെ അറ്റത്തും വലതുകൈയുടെയും വലതുകാലിന്‍റെയും പെരുവിരലുകളിലും പുരട്ടണം.
26 [26,27] പുരോഹിതന്‍ എണ്ണയില്‍ കുറച്ച് ഇടത്തെ ഉള്ളംകൈയില്‍ എടുത്തു വലതുകൈവിരല്‍ അതില്‍ മുക്കി സര്‍വേശ്വരസന്നിധിയില്‍ ഏഴു പ്രാവശ്യം തളിക്കണം.
27
28 പുരോഹിതന്‍ ഇടതുകൈയിലെ എണ്ണയില്‍ കുറെ ശുദ്ധീകരിക്കപ്പെടേണ്ടവന്‍റെ വലതുകാതിന്‍റെ അറ്റത്തും വലതുകൈയുടെയും വലതുകാലിന്‍റെയും പെരുവിരലുകളിലും പുരട്ടിയിരുന്ന പ്രായശ്ചിത്തയാഗരക്തത്തിനു മീതെ പുരട്ടണം.
29 ശേഷിക്കുന്ന എണ്ണ ശുദ്ധീകരിക്കപ്പെടേണ്ടവന്‍റെ തലയില്‍ ഒഴിച്ച് അവനുവേണ്ടി സര്‍വേശ്വരസന്നിധിയില്‍ പ്രായശ്ചിത്തം ചെയ്യണം.
30 [30,31] പിന്നീട് ശുദ്ധീകരിക്കപ്പെടേണ്ടവന്‍റെ കഴിവനുസരിച്ചു കൊണ്ടുവന്ന പ്രാവിന്‍കുഞ്ഞുങ്ങളെയോ ചെങ്ങാലികളെയോ ഒന്ന് പാപപരിഹാരയാഗമായും മറ്റൊന്ന് ഹോമയാഗമായും ധാന്യവഴിപാടിനോടൊപ്പം അര്‍പ്പിക്കണം. അങ്ങനെ ശുദ്ധീകരിക്കപ്പെടേണ്ടവനുവേണ്ടി പുരോഹിതന്‍ പ്രായശ്ചിത്തം ചെയ്യണം.
31
32 ഇതു ശുദ്ധീകരണത്തിനു നിശ്ചയിച്ചിരിക്കുന്ന വഴിപാടുകള്‍ അര്‍പ്പിക്കാന്‍ കഴിവില്ലാത്ത കുഷ്ഠരോഗിക്കുള്ള ചട്ടങ്ങളാണ്.
33
സര്‍വേശ്വരന്‍ മോശയോടും അഹരോനോടും അരുളിച്ചെയ്തു:34 “ഞാന്‍ നിങ്ങള്‍ക്ക് അവകാശമായി നല്‌കിയിരിക്കുന്ന കനാന്‍ദേശത്ത് നിങ്ങള്‍ പ്രവേശിച്ചു വാസമുറപ്പിച്ച ശേഷം നിങ്ങളുടെ ഏതെങ്കിലും വീടിനു ഞാന്‍ പൂപ്പല്‍രോഗം വരുത്തിയാല്‍,
35 വീട്ടുടമസ്ഥന്‍ പുരോഹിതനെ സമീപിച്ച് തന്‍റെ വീടിന് എന്തോ രോഗബാധയുണ്ട് എന്നു പറയണം.
36 വീട്ടിലുള്ളതെല്ലാം അശുദ്ധമായി പ്രഖ്യാപിക്കാതിരിക്കാന്‍ വീട് പരിശോധിക്കുന്നതിനുമുമ്പ് അവയെല്ലാം വീട്ടില്‍നിന്നു മാറ്റാന്‍ പുരോഹിതന്‍ കല്പിക്കണം. അതിനുശേഷം വീട് പരിശോധിക്കാന്‍ പുരോഹിതന്‍ ചെല്ലണം.
37 [37,38] വീടു പരിശോധിക്കുമ്പോള്‍ ചുവരില്‍ പച്ചയോ ചുവപ്പോ നിറത്തില്‍ പൂപ്പല്‍ കാണുകയും അവ മറ്റു ഭാഗങ്ങളെക്കാള്‍ കുഴിഞ്ഞിരിക്കുകയും ചെയ്താല്‍ പുരോഹിതന്‍ വീട്ടില്‍നിന്നു പുറത്തിറങ്ങി അത് ഏഴു ദിവസത്തേക്കു പൂട്ടിയിടണം.
38
39 ഏഴാം ദിവസം പുരോഹിതന്‍ വീണ്ടും പരിശോധിക്കുമ്പോള്‍ പൂപ്പല്‍ ചുവരില്‍ വ്യാപിച്ചിരിക്കുന്നതു കണ്ടാല്‍,
40 അങ്ങനെയുള്ള കല്ലുകള്‍ ഇളക്കിയെടുത്ത് പട്ടണത്തിനു പുറത്തുള്ള അശുദ്ധസ്ഥലത്തേക്ക് എറിഞ്ഞുകളയാന്‍ കല്പിക്കണം.
41 പിന്നീട് വീടിന്‍റെ അകം മുഴുവന്‍ ചുരണ്ടി ആ കുമ്മായം പട്ടണത്തിന്‍റെ പുറത്ത് അശുദ്ധവസ്തുക്കള്‍ക്കുള്ള സ്ഥലത്ത് കളയണം.
42 കല്ല് ഇളക്കിയ സ്ഥാനത്ത് പുതിയ കല്ലുകള്‍ കെട്ടി ചുവര്‍ മുഴുവന്‍ വീണ്ടും കുമ്മായം പൂശണം.
43 കല്ലുകള്‍ നീക്കുകയും ചുവര്‍ ചുരണ്ടുകയും വീണ്ടും തേക്കുകയും ചെയ്തശേഷം പൂപ്പല്‍ വീണ്ടും പ്രത്യക്ഷപ്പെട്ടാല്‍,
44 പുരോഹിതന്‍ ആ വീട് പരിശോധിക്കണം. വീട്ടില്‍ പൂപ്പല്‍ വ്യാപിച്ചിരിക്കുന്നതു കണ്ടാല്‍ അതു മാറാത്ത പൂപ്പലാണ്.
45 ആ വീട് അശുദ്ധമാണ്. അതു പൊളിച്ച് കല്ലും തടിയും കുമ്മായവും പട്ടണത്തിനു പുറത്ത് അശുദ്ധവസ്തുക്കള്‍ക്കുള്ള സ്ഥലത്ത് ഉപേക്ഷിക്കണം.
46 ആ വീട് അടച്ചിട്ടിരുന്ന കാലത്ത് ആരെങ്കിലും അതില്‍ പ്രവേശിച്ചിട്ടുണ്ടെങ്കില്‍ അയാള്‍ സൂര്യാസ്തമയംവരെ അശുദ്ധനായിരിക്കും.
47 ആ വീട്ടില്‍ കിടന്നവനും അവിടെവച്ച് ഭക്ഷണം കഴിച്ചവനും വസ്ത്രം അലക്കി ശുദ്ധിവരുത്തണം.
48 എന്നാല്‍ വീടിന്‍റെ ചുവരുകള്‍ വീണ്ടും കുമ്മായം പൂശിയശേഷം പരിശോധിക്കുമ്പോള്‍ പൂപ്പല്‍ വ്യാപിച്ചിട്ടില്ല എന്നു കണ്ടാല്‍ ആ വീട് ശുദ്ധമാണെന്നു പുരോഹിതന്‍ പ്രഖ്യാപിക്കണം. അത് പൂപ്പലില്‍നിന്നു വിമുക്തമായിരിക്കുന്നു.
49 ആ വീടിന്‍റെ ശുദ്ധീകരണത്തിനായി ദേവദാരു, ചുവപ്പുചരട്, ഈസോപ്പുചില്ല എന്നിവയോടൊപ്പം രണ്ടു പക്ഷികളെയും കൊണ്ടുവരണം.
50 പക്ഷികളില്‍ ഒന്നിനെ മണ്‍പാത്രത്തിലെടുത്ത ഉറവുവെള്ളത്തിനുമീതെ വച്ചു കൊല്ലണം.
51 ദേവദാരു, ചുവപ്പുചരട്, ഈസോപ്പുചില്ല, ജീവനുള്ള പക്ഷി ഇവയെ ഒഴുക്കുനീരിനു മീതെ വച്ചു കൊന്ന പക്ഷിയുടെ രക്തത്തില്‍ മുക്കി വീടിന്മേല്‍ ഏഴു പ്രാവശ്യം തളിക്കണം.
52 അങ്ങനെ അയാള്‍ പക്ഷിയുടെ രക്തം, ഉറവുജലം, ജീവനുള്ള പക്ഷി, ദേവദാരു, ഈസോപ്പുചില്ല, ചുവപ്പുചരട് എന്നിവകൊണ്ട് ആ വീടു ശുദ്ധീകരിക്കണം.
53 പിന്നീട് ജീവനുള്ള പക്ഷിയെ പറപ്പിച്ചുവിടണം. ഇങ്ങനെ വീടിനുവേണ്ടി പ്രായശ്ചിത്തം ചെയ്യണം. അപ്പോള്‍ അതു ശുദ്ധമാകും.
54
[54-56] കുഷ്ഠത്തിന്‍റെ തിണര്‍പ്പ്, ചിരങ്ങ്, നീര്, പാണ്ട്, വീക്കം, വസ്ത്രത്തിലെ കരിമ്പന്‍, വീടിന്‍റെ പൂപ്പല്‍ തുടങ്ങിയ പലതരം അശുദ്ധികളെ സംബന്ധിച്ച ചട്ടങ്ങളാണിവ.55
56
57 ഇവ എപ്പോഴാണ് ശുദ്ധം, എപ്പോഴാണ് അശുദ്ധം എന്ന് ഈ ചട്ടങ്ങള്‍ നിര്‍ണയിക്കുന്നു.
1
സര്‍വേശ്വരന്‍ മോശയോടും അഹരോനോടും അരുളിച്ചെയ്തു:2 “ഇസ്രായേല്‍ജനത്തോടു പറയുക, ശുക്ലസ്രവമുള്ള പുരുഷന്‍ അശുദ്ധനാണ്.
3 ഈ അശുദ്ധിയെ സംബന്ധിച്ച നിയമം ഇതാണ്. സ്രവം തുടര്‍ന്നാലും നിലച്ചാലും അത് അശുദ്ധിതന്നെ.
4 അയാളുടെ കിടക്കയും ഇരിപ്പിടവും അശുദ്ധമാണ്.
5 ആ കിടക്ക സ്പര്‍ശിക്കുന്നവന്‍ വസ്ത്രം അലക്കി കുളിച്ച് ശുദ്ധമാകണം. സൂര്യാസ്തമയംവരെ അയാള്‍ അശുദ്ധനായിരിക്കും.
6 സ്രവമുള്ളയാള്‍ ഇരുന്നിടത്ത്, ഇരിക്കാനിടയാകുന്നവന്‍ വസ്ത്രം അലക്കി കുളിച്ചു ശുദ്ധമാകണം. അയാള്‍ വൈകുന്നേരംവരെ അശുദ്ധനായിരിക്കും.
7 സ്രവമുള്ളവനെ തൊടുന്നവന്‍ വസ്ത്രം അലക്കി കുളിച്ചു ശുദ്ധമാകണം. സൂര്യാസ്തമയംവരെ അയാള്‍ അശുദ്ധനായിരിക്കും.
8 സ്രവമുള്ളവന്‍ ആരെയെങ്കിലും തുപ്പിയാല്‍ അവനും വസ്ത്രം അലക്കി കുളിച്ചു ശുദ്ധമാകണം. സൂര്യാസ്തമയംവരെ അയാള്‍ അശുദ്ധനായിരിക്കും.
9 സ്രവമുള്ളവന്‍ യാത്ര ചെയ്യാന്‍ ഉപയോഗിച്ച ജീനി അശുദ്ധമാണ്.
10 അയാള്‍ ഇരുന്ന ഏതെങ്കിലും വസ്തു സ്പര്‍ശിക്കുന്നയാള്‍ സൂര്യാസ്തമയംവരെ അശുദ്ധനായിരിക്കും. അത് എടുക്കുന്നവനും വസ്ത്രം അലക്കി കുളിച്ച് ശുദ്ധമാകണം. സൂര്യാസ്തമയംവരെ അയാള്‍ അശുദ്ധനായിരിക്കും.
11 സ്രവമുള്ളവന്‍ കൈ കഴുകാതെ ആരെയെങ്കിലും തൊട്ടാല്‍ അവനും വസ്ത്രം അലക്കി കുളിച്ച് ശുദ്ധമാകണം. സൂര്യാസ്തമയംവരെ അയാള്‍ അശുദ്ധനായിരിക്കും.
12 സ്രവമുള്ളവന്‍ തൊടുന്ന മണ്‍പാത്രം ഉടച്ചുകളയുകയും, മരപ്പാത്രം വെള്ളത്തില്‍ കഴുകുകയും വേണം.
13 സ്രവമുള്ളവന്‍ അതു നിന്നതിനുശേഷം ശുദ്ധീകരണത്തിനായി ഏഴു ദിവസം കാത്തിരിക്കണം; പിന്നെ വസ്ത്രം അലക്കി ഒഴുക്കുവെള്ളത്തില്‍ കുളിക്കണം. അപ്പോള്‍ അയാള്‍ ശുദ്ധനായിത്തീരും.
14 എട്ടാം ദിവസം രണ്ടു ചെങ്ങാലികളെയോ രണ്ടു പ്രാവിന്‍കുഞ്ഞുങ്ങളെയോ സര്‍വേശ്വരസന്നിധിയില്‍ തിരുസാന്നിധ്യകൂടാരത്തിന്‍റെ വാതില്‌ക്കല്‍ കൊണ്ടുചെന്നു പുരോഹിതനെ ഏല്പിക്കണം.
15 പുരോഹിതന്‍ അവയില്‍ ഒന്നിനെ പാപപരിഹാരയാഗമായും മറ്റതിനെ ഹോമയാഗമായും അര്‍പ്പിക്കണം. ഇങ്ങനെ സ്രവത്തില്‍നിന്നുള്ള അയാളുടെ ശുദ്ധീകരണത്തിനുവേണ്ടി സര്‍വേശ്വരസന്നിധിയില്‍ പ്രായശ്ചിത്തം ചെയ്യണം.
16 ബീജസ്രവണം ഉണ്ടായവന്‍ ശരീരം മുഴുവന്‍ കഴുകി സൂര്യാസ്തമയംവരെ അശുദ്ധി ആചരിക്കണം.
17 ബീജം വീണ വസ്ത്രവും തോലും വെള്ളത്തില്‍ കഴുകണം. അവ സന്ധ്യവരെ അശുദ്ധമായിരിക്കും.
18 ഒരാള്‍ സ്‍ത്രീയോടൊപ്പം ശയിക്കുമ്പോള്‍ ബീജസ്രവണമുണ്ടായാല്‍ ഇരുവരും കുളിക്കുകയും സൂര്യാസ്തമയംവരെ അശുദ്ധി ആചരിക്കുകയും വേണം.
19
മാസമുറ അനുസരിച്ച് ആര്‍ത്തവം ഉണ്ടാകുന്ന സ്‍ത്രീ ഏഴു ദിവസത്തേക്ക് അശുദ്ധയായിരിക്കും. അവളെ സ്പര്‍ശിക്കുന്നവന്‍ സൂര്യാസ്തമയംവരെ അശുദ്ധി ആചരിക്കണം.20 അശുദ്ധിയുടെ ദിനങ്ങളില്‍ അവള്‍ കിടക്കുകയോ ഇരിക്കുകയോ ചെയ്യുന്ന ഏതു സാധനവും അശുദ്ധമായിരിക്കും.
21 അവളുടെ കിടക്കയെ സ്പര്‍ശിക്കുന്നവന്‍ വസ്ത്രം അലക്കി കുളിച്ചശേഷം സൂര്യാസ്തമയംവരെ അശുദ്ധി ആചരിക്കണം.
22 അവള്‍ ഇരുന്ന എന്തിലെങ്കിലും സ്പര്‍ശിക്കുന്നവന്‍ വസ്ത്രം അലക്കി കുളിച്ചശേഷം സൂര്യാസ്തമയംവരെ അശുദ്ധി ആചരിക്കണം.
23 അവളുടെ കിടക്കയോ ഇരിപ്പിടമോ സ്പര്‍ശിക്കുന്നവര്‍ സൂര്യാസ്തമയംവരെ അശുദ്ധരായിരിക്കും.
24 അശുദ്ധയായിരിക്കുന്നവളുടെ കൂടെ ശയിക്കുന്നയാള്‍ ഏഴു ദിവസത്തേക്ക് അശുദ്ധനായിരിക്കും. അവന്‍ കിടക്കുന്ന കിടക്കകളും അശുദ്ധമായിരിക്കും.
25 സ്‍ത്രീക്കു മാസമുറയല്ലാതെ അനേകം ദിവസങ്ങളിലേക്കു രക്തസ്രവം ഉണ്ടാകുകയോ, മാസമുറ ക്രമം വിട്ടു നീളുകയോ ചെയ്താല്‍ ഋതുകാലത്തെന്നപോലെ അവള്‍ അശുദ്ധയായിരിക്കും.
26 രക്തസ്രവമുള്ള കാലത്തെല്ലാം ഋതുസമയത്തെപോലെ അവളുടെ കിടക്കയും ഇരിപ്പിടവും അശുദ്ധമായിരിക്കും.
27 അവയെ സ്പര്‍ശിക്കുന്നവരെല്ലാം അശുദ്ധരായിത്തീരും. അവര്‍ വസ്ത്രം അലക്കി കുളിച്ചശേഷം സൂര്യാസ്തമയംവരെ അശുദ്ധി ആചരിക്കണം.
28 രക്തസ്രവം നിന്നുകഴിഞ്ഞാലും അവള്‍ ഏഴു ദിവസം കൂടി കാത്തിരിക്കണം; അതിനുശേഷം ശുദ്ധയായിത്തീരും.
29 എട്ടാം ദിവസം അവള്‍ രണ്ടു ചെങ്ങാലികളെയോ രണ്ടു പ്രാവിന്‍കുഞ്ഞുങ്ങളെയോ, തിരുസാന്നിധ്യകൂടാരത്തിന്‍റെ വാതില്‌ക്കല്‍ കൊണ്ടുപോയി പുരോഹിതനെ ഏല്പിക്കണം.
30 പുരോഹിതന്‍ അവയില്‍ ഒന്നിനെ പാപപരിഹാരയാഗമായും മറ്റതിനെ ഹോമയാഗമായും അര്‍പ്പിക്കണം. ഇങ്ങനെ പുരോഹിതന്‍ അവളുടെ രക്തസ്രവംമൂലമുള്ള അശുദ്ധിക്കു സര്‍വേശ്വരസന്നിധിയില്‍ പ്രായശ്ചിത്തം ചെയ്യണം.
31
ഇസ്രായേല്‍ജനത്തിന്‍റെ ഇടയിലുള്ള എന്‍റെ വിശുദ്ധനിവാസം അശുദ്ധമാക്കി ആ അശുദ്ധിയില്‍ അവര്‍ മരിക്കാതിരിക്കാന്‍ നിങ്ങള്‍ അവരെ അശുദ്ധിയില്‍നിന്ന് അകറ്റി നിര്‍ത്തണം.32
ശുക്ലസ്രവമോ, ബീജസ്ഖലനമോ മൂലം അശുദ്ധനായിത്തീരുന്നവനെ സംബന്ധിച്ചുള്ള ചട്ടങ്ങളാണിവ;33 മാസമുറ മൂലം അശുദ്ധയായവള്‍ക്കും സ്രവമുള്ള പുരുഷനും സ്‍ത്രീക്കും അശുദ്ധയായവളുടെ കൂടെ ശയിക്കുന്നവനുമുള്ള ചട്ടങ്ങള്‍ തന്നെ.
1
അഹരോന്‍റെ രണ്ടു പുത്രന്മാര്‍ സര്‍വേശ്വരസന്നിധിയില്‍ പ്രവേശിച്ചതുമൂലം മരിച്ചു. ഈ സംഭവത്തിനു ശേഷം സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു:2 “നിന്‍റെ സഹോദരനായ അഹരോനോട് അവന്‍ മരിക്കാതിരിക്കേണ്ടതിനു തിരശ്ശീലയ്‍ക്കു പിന്നില്‍ പെട്ടകമിരിക്കുന്ന വിശുദ്ധസ്ഥലത്ത് എല്ലായ്പോഴും വരരുതെന്നു പറയുക. അവിടെയാണല്ലോ ഞാന്‍ മേഘത്തില്‍ പെട്ടകത്തിന്‍റെ മൂടിയുടെ മീതെ പ്രത്യക്ഷപ്പെടുന്നത്.
3 പാപപരിഹാരയാഗത്തിനുള്ള കാളക്കുട്ടി, ഹോമയാഗത്തിനുള്ള മുട്ടാട് എന്നിവയോടുകൂടി അഹരോന് വിശുദ്ധസ്ഥലത്തു പ്രവേശിക്കാം.
4 അവന്‍ കുളിച്ചുവന്ന് ലിനന്‍കൊണ്ടു നിര്‍മ്മിച്ച വിശുദ്ധഅങ്കി, കാല്‍ച്ചട്ട, അരക്കെട്ട്, തലപ്പാവ് എന്നിവ ധരിക്കണം. ഇവ വിശുദ്ധവസ്ത്രങ്ങളാണല്ലോ.
5 പാപപരിഹാരയാഗത്തിനായി രണ്ട് ആണ്‍കോലാടുകളെയും ഹോമയാഗത്തിനായി ഒരു ആണ്‍ചെമ്മരിയാടിനെയും ഇസ്രായേല്‍സമൂഹത്തില്‍നിന്ന് അവന്‍ സ്വീകരിക്കണം.
6 അഹരോന്‍ തന്‍റെ പാപങ്ങള്‍ക്കുള്ള പരിഹാരത്തിനായി കാളക്കുട്ടിയെ അര്‍പ്പിച്ച് തനിക്കും കുടുംബത്തിനുംവേണ്ടി പ്രായശ്ചിത്തം അനുഷ്ഠിക്കണം.
7 ആണ്‍കോലാടുകള്‍ രണ്ടിനെയും തിരുസാന്നിധ്യകൂടാരത്തിന്‍റെ വാതില്‌ക്കല്‍ സര്‍വേശ്വരസന്നിധിയില്‍ അഹരോന്‍ കൊണ്ടുവരണം.
8 അവയില്‍ ഒന്നിനെ സര്‍വേശ്വരനും മറ്റതിനെ അസസേലിനും വേണ്ടി കുറിയിട്ടു വേര്‍തിരിക്കണം.
9 സര്‍വേശ്വരനു കുറിവീണ ആടിനെ പാപപരിഹാരയാഗമായി അര്‍പ്പിക്കണം.
10 എന്നാല്‍ അസസേലിനു കുറിവീണ ആടിനെ പ്രായശ്ചിത്തമായി സര്‍വേശ്വരസന്നിധിയില്‍ ജീവനോടെ സമര്‍പ്പിച്ചതിനു ശേഷം അസസേലിനായി വിജനദേശത്തേക്കു വിട്ടയയ്‍ക്കണം.
11 അഹരോന്‍ കാളക്കുട്ടിയെ തനിക്കുവേണ്ടി പാപപരിഹാരയാഗമായി അര്‍പ്പിക്കണം; അങ്ങനെ തനിക്കും കുടുംബത്തിനും വേണ്ടി പ്രായശ്ചിത്തം ചെയ്യണം. പാപപരിഹാരയാഗമായി അതിനെ കൊല്ലണം.
12 അവന്‍ സര്‍വേശ്വരസന്നിധിയില്‍ യാഗപീഠത്തിലുള്ള തീക്കനല്‍ ഒരു ധൂപകലശത്തില്‍ നിറച്ചതും രണ്ടുപിടി പൊടിച്ച കുന്തുരുക്കവുമായി തിരശ്ശീലയ്‍ക്കുള്ളിലെ മന്ദിരത്തില്‍ പ്രവേശിക്കണം.
13 സര്‍വേശ്വരസന്നിധിയില്‍ വച്ച് അഹരോന്‍ ധൂപകലശത്തില്‍ കുന്തുരുക്കം ഇടണം. ധൂമപടലം ഉയര്‍ന്ന് സാക്ഷ്യപെട്ടകത്തിന്‍റെ മൂടി മറയ്‍ക്കട്ടെ. അങ്ങനെ ചെയ്താല്‍ അയാള്‍ മരിക്കയില്ല.
14 കാളയുടെ രക്തത്തില്‍ കുറെയെടുത്തു കൈവിരല്‍കൊണ്ട് പെട്ടകത്തിന്‍റെ മൂടിയുടെ മുന്‍ഭാഗത്തു തളിക്കണം; പെട്ടകത്തിന്‍റെ മുമ്പിലും കൈവിരല്‍കൊണ്ട് ഏഴു പ്രാവശ്യം തളിക്കണം.
15 പിന്നീട് അഹരോന്‍ ജനത്തിനുവേണ്ടി പാപപരിഹാരയാഗത്തിനുള്ള ആടിനെ കൊന്ന് അതിന്‍റെ രക്തം തിരശ്ശീലയ്‍ക്കുള്ളില്‍ കൊണ്ടുവരണം. കാളയുടെ രക്തം തളിച്ചതുപോലെ പെട്ടകത്തിന്‍റെ മൂടിയുടെ മീതെയും മുമ്പിലും തളിക്കണം.
16 അങ്ങനെ ഇസ്രായേല്‍ജനത്തിന്‍റെ അശുദ്ധിയില്‍നിന്നും അവരുടെ സകല പാപത്തിനും കാരണമായ തിന്മകളില്‍നിന്നും വിശുദ്ധസ്ഥലത്തെ ശുദ്ധീകരിക്കാനുള്ള പ്രായശ്ചിത്തം ചെയ്യണം. അശുദ്ധിയുള്ള ജനത്തിന്‍റെ മധ്യേ ആയതിനാല്‍ തിരുസാന്നിധ്യകൂടാരത്തിനുവേണ്ടിയും അങ്ങനെ പ്രായശ്ചിത്തം ചെയ്യണം.
17 അഹരോന്‍ തിരുസാന്നിധ്യകൂടാരത്തില്‍ പ്രവേശിക്കുന്നതുമുതല്‍ തനിക്കും കുടുംബത്തിനും ഇസ്രായേല്‍സമൂഹത്തിനുംവേണ്ടി പ്രായശ്ചിത്തം ചെയ്തു പുറത്തിറങ്ങുന്നതുവരെ തിരുസാന്നിധ്യകൂടാരത്തില്‍ ആരും ഉണ്ടായിരിക്കരുത്.
18 പിന്നീട് അയാള്‍ യാഗപീഠത്തിന്‍റെ അടുക്കല്‍ സര്‍വേശ്വരസന്നിധിയില്‍ ചെന്ന് അതിനുവേണ്ടി പ്രായശ്ചിത്തം കഴിക്കണം. കാളയുടെയും കോലാടിന്‍റെയും രക്തത്തില്‍ കുറെയെടുത്തു യാഗപീഠത്തിന്‍റെ കൊമ്പുകളില്‍ ചുറ്റും പുരട്ടണം.
19 കൈവിരല്‍കൊണ്ടു രക്തം ഏഴു പ്രാവശ്യം തളിച്ച് ഇസ്രായേല്‍ജനത്തിന്‍റെ അശുദ്ധിയില്‍നിന്ന് അതിനെ ശുചിയാക്കി പവിത്രീകരിക്കണം.
20
വിശുദ്ധസ്ഥലത്തിനും തിരുസാന്നിധ്യകൂടാരത്തിനും യാഗപീഠത്തിനും വേണ്ടിയുള്ള പ്രായശ്ചിത്തം പൂര്‍ത്തിയാക്കിയ ശേഷം ജീവനുള്ള കോലാടിനെ കൊണ്ടുവരണം.21 അഹരോന്‍ രണ്ടു കൈകളും അതിന്‍റെ തലയില്‍ വച്ച് ഇസ്രായേല്‍ജനത്തിന്‍റെ സകല അകൃത്യങ്ങളും അതിക്രമങ്ങളും ഏറ്റുപറഞ്ഞ് അവ കോലാടിന്‍റെമേല്‍ ചുമത്തി തയ്യാറായി നില്‌ക്കുന്ന ആള്‍വശം അതിനെ വിജനപ്രദേശത്തേക്ക് അയയ്‍ക്കണം.
22 ആ കോലാട് അവരുടെ അകൃത്യങ്ങള്‍ മുഴുവന്‍ വഹിച്ചുകൊണ്ടു വിജനസ്ഥലത്തേക്കു പോകണം. ആടിനെ കൊണ്ടുപോയ ആള്‍ അതിനെ വിജനസ്ഥലത്ത് ഉപേക്ഷിച്ചു മടങ്ങണം.
23 അതിനുശേഷം അഹരോന്‍ തിരുസാന്നിധ്യകൂടാരത്തില്‍ ചെന്ന്, വിശുദ്ധസ്ഥലത്തു പ്രവേശിച്ചപ്പോള്‍ ധരിച്ചിരുന്ന ലിനന്‍വസ്ത്രങ്ങള്‍ അവിടെ അഴിച്ചുവയ്‍ക്കണം.
24 വിശുദ്ധസ്ഥലത്തു വച്ചു വെള്ളംകൊണ്ടു ദേഹം കഴുകി സ്വന്തവസ്ത്രം ധരിച്ചു പുറത്തുവന്നു തനിക്കും ജനത്തിനും വേണ്ടി ഹോമയാഗം അര്‍പ്പിച്ച് പ്രായശ്ചിത്തം കഴിക്കണം.
25 പാപപരിഹാരയാഗത്തിനുള്ള മൃഗത്തിന്‍റെ മേദസ്സു യാഗപീഠത്തില്‍ ദഹിപ്പിക്കണം.
26 അസസേലിന്‍റെ അടുക്കലേക്കു കോലാടിനെ കൊണ്ടുപോയ ആള്‍ വസ്ത്രം അലക്കി കുളിച്ചശേഷമേ പാളയത്തില്‍ പ്രവേശിക്കാവൂ.
27 വിശുദ്ധസ്ഥലത്തു പ്രായശ്ചിത്തം ചെയ്യുന്നതിനുവേണ്ടി കൊന്നു രക്തമെടുത്തു പാപപരിഹാരയാഗമൃഗങ്ങളായ കാളയെയും കോലാടിനെയും പാളയത്തിനു പുറത്തു കൊണ്ടുപോയി അവയുടെ തോലും മാംസവും ചാണകവും ദഹിപ്പിക്കണം.
28 അവയെ ദഹിപ്പിക്കുന്നയാള്‍ വസ്ത്രം അലക്കി കുളിച്ചശേഷമേ പാളയത്തില്‍ പ്രവേശിക്കാവൂ.
29
ഇവ നിങ്ങള്‍ പാലിക്കേണ്ട ശാശ്വതനിയമമായിരിക്കണം: ഏഴാം മാസത്തിന്‍റെ പത്താം ദിവസം നിങ്ങളോ നിങ്ങളുടെ ഇടയില്‍ പാര്‍ക്കുന്ന വിദേശികളോ ഒരു ജോലിയും ചെയ്യരുത്.30 അന്നു നിങ്ങള്‍ ഉപവസിക്കണം. നിങ്ങള്‍ എല്ലാവരും എല്ലാ പാപങ്ങളില്‍നിന്നും മോചനം ലഭിച്ച് ദൈവസന്നിധിയില്‍ ശുദ്ധിയോടെ നില്‌ക്കാന്‍ പ്രായശ്ചിത്തം അനുഷ്ഠിക്കുന്ന ദിനമാണത്.
31 ഉപവാസം അനുഷ്ഠിക്കേണ്ട അതിവിശുദ്ധ ശബത്താകുന്നു അന്ന്. ഈ ചട്ടങ്ങള്‍ നിങ്ങള്‍ എല്ലാക്കാലവും അനുസരിക്കണം.
32 സ്വന്തപിതാവിന്‍റെ സ്ഥാനത്ത് അഭിഷിക്തനായി പ്രതിഷ്ഠിക്കപ്പെടുന്ന പുരോഹിതന്‍ വിശുദ്ധമായ ലിനന്‍വസ്ത്രം ധരിച്ചുകൊണ്ട് പ്രായശ്ചിത്തകര്‍മം നിര്‍വഹിക്കണം.
33 വിശുദ്ധമന്ദിരത്തിനും തിരുസാന്നിധ്യകൂടാരത്തിനും യാഗപീഠത്തിനും പുരോഹിതന്മാര്‍ക്കും ഇസ്രായേല്‍സമൂഹത്തിനുംവേണ്ടി പ്രായശ്ചിത്തം കഴിക്കണം.
34 ഇസ്രായേല്‍ജനത്തെ സകല പാപങ്ങളില്‍നിന്നും ശുദ്ധീകരിക്കുന്നതിനുവേണ്ടി ഇതു വര്‍ഷത്തില്‍ ഒരിക്കല്‍ അനുഷ്ഠിക്കണം. ഈ ചട്ടങ്ങള്‍ എല്ലാക്കാലത്തും അനുസരിക്കേണ്ടതാണ്. സര്‍വേശ്വരന്‍ കല്പിച്ചതുപോലെ മോശ പ്രവര്‍ത്തിച്ചു.
1
സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു:2 “അഹരോനോടും പുത്രന്മാരോടും ഇസ്രായേല്‍ജനത്തോടും ദൈവം ഇങ്ങനെ കല്പിക്കുന്നു എന്നു പറയുക:
3 ഇസ്രായേല്യരില്‍ ആരെങ്കിലും യാഗമൃഗമായി അര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്ന കാളയെയോ ചെമ്മരിയാട്ടിന്‍കുട്ടിയെയോ കോലാടിനെയോ പാളയത്തിനു പുറത്തോ അകത്തോ വച്ചു കൊല്ലുകയും
4 അതിനെ തിരുസാന്നിധ്യകൂടാരത്തിന്‍റെ വാതില്‌ക്കല്‍ തിരുനിവാസത്തിനു മുമ്പാകെ കൊണ്ടുവന്നു സര്‍വേശ്വരന് അര്‍പ്പിക്കാതിരിക്കുകയും ചെയ്താല്‍ അവന്‍റെമേല്‍ രക്തപാതകക്കുറ്റമുണ്ട്. രക്തംചൊരിഞ്ഞ അവനെ സമൂഹഭ്രഷ്ടനാക്കണം.
5 ഇസ്രായേല്‍ജനം യാഗങ്ങള്‍ പുറത്തുവച്ചു നടത്താതെ തിരുസാന്നിധ്യകൂടാരത്തിന്‍റെ വാതില്‌ക്കല്‍ സര്‍വേശ്വരസന്നിധിയില്‍ പുരോഹിതന്‍റെ അടുത്തുകൊണ്ടുവന്നു സമാധാനയാഗമായി അര്‍പ്പിക്കാന്‍ വേണ്ടിയാണ് ഈ നിയമം.
6 പുരോഹിതന്‍ അവയുടെ രക്തം തിരുസാന്നിധ്യകൂടാരത്തിന്‍റെ വാതില്‌ക്കലുള്ള സര്‍വേശ്വരന്‍റെ യാഗപീഠത്തില്‍ തളിക്കുകയും മേദസ്സ് സര്‍വേശ്വരനു പ്രസാദകരമായ സൗരഭ്യമായി ദഹിപ്പിക്കുകയും വേണം.
7 ഇസ്രായേല്‍ജനം പണ്ടത്തെപ്പോലെ ദൈവത്തോട് അവിശ്വസ്തത കാട്ടി ഭൂതങ്ങള്‍ക്ക് യാഗം അര്‍പ്പിക്കാതിരിക്കാനാണ് ഇത്. അവര്‍ പാലിക്കേണ്ട ശാശ്വതനിയമമാണിത്.
8
ഇസ്രായേല്‍ജനത്തിലോ അവരുടെ ഇടയില്‍ പാര്‍ക്കുന്ന വിദേശികളിലോ ആരെങ്കിലും ഹോമയാഗമോ മറ്റു യാഗമോ അര്‍പ്പിക്കുമ്പോള്‍9 അതു തിരുസാന്നിധ്യകൂടാരത്തിന്‍റെ വാതില്‌ക്കല്‍ കൊണ്ടുവന്നു സര്‍വേശ്വരന് അര്‍പ്പിക്കാതിരുന്നാല്‍ അവനെ സമൂഹഭ്രഷ്ടനാക്കണം.
10
ഇസ്രായേല്‍ജനത്തിലോ അവരുടെ ഇടയിലെ വിദേശികളിലോ ആരെങ്കിലും രക്തം ഭക്ഷിച്ചാല്‍ ഞാന്‍ അവനെ ദ്വേഷിക്കും. സ്വന്തജനങ്ങളില്‍നിന്നു ഞാന്‍ അവനെ വിച്ഛേദിക്കും.11 ശരീരത്തിന്‍റെ ജീവന്‍ രക്തത്തിലാകുന്നു. അതുകൊണ്ട് യാഗപീഠത്തില്‍ അര്‍പ്പിച്ചു നിങ്ങള്‍ക്കുവേണ്ടി പ്രായശ്ചിത്തം ചെയ്യാന്‍ ഞാന്‍ അതു നല്‌കിയിരിക്കുന്നു. ജീവന്‍ അടങ്ങിയ രക്തമാണ് പാപപരിഹാരം ചെയ്യുന്നത്.
12 അതുകൊണ്ട് എന്‍റെ കല്പന ഇതാണ്: ഇസ്രായേല്‍ജനത്തിലോ അവരുടെ ഇടയില്‍ പാര്‍ക്കുന്ന പരദേശികളിലോ ആരും രക്തം ഭക്ഷിക്കരുത്.
13
ഇസ്രായേല്‍ജനത്തിലോ അവരുടെ ഇടയിലെ പരദേശികളിലോ ആരെങ്കിലും ഭക്ഷ്യയോഗ്യമായ മൃഗത്തെയോ പക്ഷിയെയോ വേട്ടയാടി പിടിച്ചാല്‍ അതിന്‍റെ രക്തം ചോര്‍ത്തിക്കളഞ്ഞ് മണ്ണിട്ടു മൂടണം.14 ജീവികളുടെ ജീവന്‍ അവയുടെ രക്തത്തിലാകയാലാണ് ഒന്നിന്‍റെയും രക്തം ഭക്ഷിക്കരുത് എന്ന് ഇസ്രായേല്‍ജനത്തോടു ഞാന്‍ കല്പിച്ചത്. അതു ഭക്ഷിക്കുന്നവനെ സമൂഹഭ്രഷ്ടനാക്കണം.
15 താനേ ചത്തതോ മറ്റു മൃഗങ്ങള്‍ കടിച്ചു കീറിയതോ ആയ ജീവികളെ ഭക്ഷിക്കുന്നവന്‍ സ്വദേശി ആയാലും പരദേശി ആയാലും വസ്ത്രം അലക്കി കുളിച്ചശേഷം സൂര്യാസ്തമയംവരെ അശുദ്ധി ആചരിക്കണം. അതിനുശേഷം അവന്‍ ശുദ്ധനാകും.
16 വസ്ത്രം അലക്കി കുളിക്കാതെയിരുന്നാല്‍ അവന്‍ കുറ്റക്കാരനായിരിക്കും.
1
സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു:2 ഇസ്രായേല്‍ജനത്തോടു പറയുക. ഞാന്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ ആകുന്നു.
3 നിങ്ങള്‍ വസിച്ചിരുന്ന ഈജിപ്തിലെ ജനങ്ങളെപ്പോലെയോ, ഞാന്‍ നിങ്ങളെ ആനയിക്കുന്ന കനാനിലെ ജനങ്ങളെപ്പോലെയോ നിങ്ങള്‍ പ്രവര്‍ത്തിക്കരുത്. അവരുടെ പ്രമാണങ്ങള്‍ക്കൊത്ത് ജീവിക്കയുമരുത്.
4 എന്‍റെ പ്രമാണങ്ങളും ചട്ടങ്ങളും അനുസരിച്ച് നിങ്ങള്‍ ജീവിക്കണം. ഞാനാകുന്നു നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍.
5 നിങ്ങള്‍ എന്‍റെ ചട്ടങ്ങളും പ്രമാണങ്ങളും അനുസരിക്കണം. അങ്ങനെ പ്രവര്‍ത്തിക്കുന്നവര്‍ അവയാല്‍ ജീവിക്കും. ഞാന്‍ സര്‍വേശ്വരനാകുന്നു.
6
നിങ്ങളില്‍ ആരും രക്തബന്ധമുള്ളവരോടൊത്ത് ശയിക്കരുത്.7 ആരും പിതാവിനെ പ്രാപിക്കരുത്. അത് മാതാവിനെ അപമാനിക്കലാണ്. നിങ്ങളില്‍ ആരും മാതാവിനെ പ്രാപിക്കരുത്; അവള്‍ മാതാവാണല്ലോ.
8 പിതാവിന്‍റെ ഭാര്യയെ പ്രാപിക്കരുത്. അതു പിതാവിനെ അപമാനിക്കലാണ്.
9 സ്വന്തസഹോദരിയെയോ, പിതൃവഴിക്കോ, മാതൃവഴിക്കോ ഉള്ള സഹോദരിയെയോ പ്രാപിക്കരുത്; അവള്‍ സ്വന്തകുടുംബത്തിലോ, അന്യകുടുംബത്തിലോ ജനിച്ചതായാലും അരുത്.
10 നിങ്ങളുടെ പുത്രന്‍റെയോ, പുത്രിയുടെയോ മകളെ പ്രാപിക്കരുത്. അതു നിങ്ങളെത്തന്നെ അപമാനിക്കലാണ്.
11 പിതാവിന് നിന്‍റെ രണ്ടാനമ്മയില്‍ ജനിച്ച മകളുമായും ബന്ധം അരുത്. അവള്‍ നിന്‍റെ സഹോദരി തന്നെ.
12 പിതൃസഹോദരിയെ പ്രാപിക്കരുത്. അവള്‍ നിന്‍റെ പിതാവിന്‍റെ അടുത്ത ബന്ധു ആകുന്നു.
13 അമ്മയുടെ സഹോദരിയുമായും പാടില്ല, അവള്‍ നിന്‍റെ അമ്മയുടെ ഉറ്റ ബന്ധുവാകുന്നു.
14 പിതൃസഹോദരന്‍റെ ഭാര്യയെ പ്രാപിച്ച് അയാള്‍ക്ക് അപമാനം വരുത്തരുത്, അവള്‍ നിന്‍റെ ഇളയമ്മയാകുന്നു.
15 നിന്‍റെ പുത്രഭാര്യയുമായി ബന്ധം അരുത്. അവള്‍ നിന്‍റെ മകന്‍റെ ഭാര്യയാണല്ലോ. അവളെ അപമാനിക്കരുത്.
16 നിന്‍റെ സഹോദരന്‍റെ ഭാര്യയെ പ്രാപിക്കരുത്. അതു നിന്‍റെ സഹോദരനെ അപമാനിക്കലാണ്.
17 ഒരു സ്‍ത്രീയെയും അവളുടെ മകളെയും നീ പ്രാപിക്കരുത്. അവളുടെ ദൗഹിത്രിയും നിനക്ക് അഭിഗമ്യയല്ല; അത് അധര്‍മമാകുന്നു. അവര്‍ അടുത്ത ചാര്‍ച്ചക്കാരാണ്.
18 ഭാര്യ ജീവിച്ചിരിക്കെ അവളുടെ സഹോദരിയെ പത്നിയായി സ്വീകരിക്കരുത്. അത് അവളെ വേദനിപ്പിക്കും.
19 മാസമുറയാല്‍ അശുദ്ധയായിരിക്കുന്ന സ്‍ത്രീയെ പ്രാപിക്കരുത്.
20 അയല്‍ക്കാരന്‍റെ ഭാര്യയെ പ്രാപിച്ച് സ്വയം അശുദ്ധി വരുത്തരുത്.
21 നിന്‍റെ സന്തതികളില്‍ ആരെയെങ്കിലും മോലെക്കിനു യാഗമായി അര്‍പ്പിച്ച് നിന്‍റെ ദൈവത്തിന്‍റെ നാമത്തെ നിന്ദിക്കരുത്. ഞാന്‍ സര്‍വേശ്വരനാകുന്നു.
22 സ്‍ത്രീയുടെകൂടെ എന്നപോലെ പുരുഷനോടൊത്തു ശയിക്കരുത്. അത് മ്ലേച്ഛമാകുന്നു.
23 മൃഗത്തെ പ്രാപിച്ച് സ്വയം അശുദ്ധനാകരുത്. മൃഗവേഴ്ച സ്‍ത്രീക്കും നിഷിദ്ധമാണ്. അതു രതിവൈകൃതമാണ്.
24
ഇവയില്‍ ഒന്നിനാലും സ്വയം അശുദ്ധി വരുത്തരുത്. നിങ്ങളുടെ മുമ്പില്‍നിന്ന് ഞാന്‍ ഓടിച്ചുകളയുന്ന ജനതകള്‍ ഇവയാല്‍ അശുദ്ധരായിത്തീര്‍ന്നവരാണ്.25 ആ ദേശവും അശുദ്ധമാണ്. അകൃത്യങ്ങള്‍ നിമിത്തം ഞാന്‍ അവരെ ശിക്ഷിച്ചു. ആ നാട് അതിലെ നിവാസികളെ പുറന്തള്ളി.
26 നിങ്ങളും നിങ്ങളുടെ ഇടയില്‍ പാര്‍ക്കുന്ന പരദേശികളും എന്‍റെ ചട്ടങ്ങളും പ്രമാണങ്ങളും അനുസരിക്കണം. ഇത്തരം മ്ലേച്ഛതകള്‍ പ്രവര്‍ത്തിക്കരുത്.
27 ഈ സ്ഥലത്തു നിങ്ങള്‍ക്കു മുമ്പ് ഉണ്ടായിരുന്നവര്‍ ഈവക പ്രവൃത്തികള്‍ ചെയ്തതിന്‍റെ ഫലമായി ദേശം അശുദ്ധമായിത്തീര്‍ന്നു.
28 നിങ്ങളും അങ്ങനെ ചെയ്ത് മുമ്പു ജീവിച്ചിരുന്ന ജനതകള്‍ തിരസ്കരിക്കപ്പെട്ടതുപോലെ തിരസ്കരിക്കപ്പെടാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍.
29 ഈ മ്ലേച്ഛതകളില്‍ ഏതെങ്കിലും പ്രവര്‍ത്തിക്കുന്നവരെ നിങ്ങളുടെ ഇടയില്‍നിന്നു ബഹിഷ്കരിക്കണം.
30 നിങ്ങള്‍ക്കു മുമ്പു ജീവിച്ചിരുന്നവര്‍ ചെയ്ത മ്ലേച്ഛതകള്‍ പ്രവര്‍ത്തിച്ച് അശുദ്ധരാകാതിരിക്കാന്‍ എന്‍റെ കല്പനകള്‍ പാലിക്കുക; ഞാന്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനാകുന്നു.”
1
സര്‍വേശ്വരന്‍ മോശയോടരുളിച്ചെയ്തു:2 “ഇസ്രായേല്‍ജനത്തിന്‍റെ സര്‍വസഭയോടും പറയുക, നിങ്ങളുടെ ദൈവവും സര്‍വേശ്വരനുമായ ഞാന്‍ വിശുദ്ധനായതുകൊണ്ടു നിങ്ങളും വിശുദ്ധരായിരിക്കണം.
3 നിങ്ങള്‍ ഓരോരുത്തനും സ്വന്തം മാതാവിനെയും പിതാവിനെയും ബഹുമാനിക്കണം. എന്‍റെ ശബത്തുകള്‍ ആചരിക്കണം. ഞാന്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനാകുന്നു.
4 വിഗ്രഹങ്ങളെ ആരാധിക്കരുത്; നിങ്ങള്‍ക്കുവേണ്ടി ദേവന്മാരെ വാര്‍ത്തുണ്ടാക്കരുത്. ഞാന്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനാകുന്നു.
5
സര്‍വേശ്വരന് സമാധാനയാഗം അര്‍പ്പിക്കുമ്പോള്‍ നിങ്ങള്‍ സ്വീകാര്യമാകുംവിധം അത് അര്‍പ്പിക്കണം.6 അര്‍പ്പിക്കുന്ന ദിവസമോ, അടുത്ത ദിവസമോ അതു ഭക്ഷിക്കണം. മൂന്നാം ദിവസത്തേക്കു ശേഷിക്കുന്നതു ദഹിപ്പിച്ചുകളയണം.
7 ശേഷിച്ചതു മൂന്നാം ദിവസം ഭക്ഷിക്കുന്നത് നിന്ദ്യമാകുന്നു. അത് സ്വീകാര്യമല്ല.
8 അതു ഭക്ഷിക്കുന്നവന്‍ സര്‍വേശ്വരനു വിശുദ്ധമായതിനെ നിന്ദിച്ചതിനാല്‍ കുറ്റവാളിയാണ്. ജനത്തില്‍നിന്ന് അവന്‍ ബഹിഷ്കരിക്കപ്പെടണം.
9
നിലം കൊയ്യുമ്പോള്‍ അതിരു തീര്‍ത്തു കൊയ്യരുത്;10 കാലാ പെറുക്കുകയുമരുത്. മുന്തിരിത്തോട്ടത്തിലെ വിളവെടുക്കുമ്പോള്‍ അവസാനത്തെ മുന്തിരിക്കുലവരെയും പറിച്ചെടുക്കരുത്. കൊഴിഞ്ഞു വീണത് പെറുക്കുകയുമരുത്. ദരിദ്രര്‍ക്കും പരദേശികള്‍ക്കുമായി അവ ഉപേക്ഷിക്കണം. ഞാന്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനാകുന്നു.
11 മോഷ്‍ടിക്കരുത്; വഞ്ചിക്കരുത്; അന്യോന്യം കള്ളം പറയുകയും അരുത്.
12 നിങ്ങള്‍ സത്യവിരുദ്ധമായി എന്‍റെ നാമത്തില്‍ പ്രതിജ്ഞ ചെയ്ത് നിങ്ങളുടെ ദൈവത്തിന്‍റെ നാമം നിന്ദ്യമാക്കരുത്. ഞാന്‍ സര്‍വേശ്വരനാകുന്നു.
13 നിന്‍റെ അയല്‍ക്കാരനെ പീഡിപ്പിക്കുകയോ കവര്‍ച്ച ചെയ്യുകയോ അരുത്. കൂലിക്കാരന്‍റെ കൂലി കൊടുക്കാന്‍ പിറ്റന്നാള്‍ വരെ കാത്തിരിക്കരുത്.
14 ബധിരനെ ശപിക്കരുത്; അന്ധന്‍റെ വഴിയില്‍ തടസ്സം വയ്‍ക്കരുത്. നിങ്ങളുടെ ദൈവത്തെ ഭയപ്പെടുക. ഞാന്‍ സര്‍വേശ്വരനാകുന്നു.
15 അനീതിയായി വിധിക്കരുത്; ദരിദ്രന്‍റെ പക്ഷം പിടിക്കുകയോ, ധനവാനു കീഴ്വഴങ്ങുകയോ ചെയ്യാതെ അയല്‍ക്കാരനു നീതി നടത്തിക്കൊടുക്കുക. ഏഷണി പറഞ്ഞു നടക്കരുത്.
16 അയല്‍ക്കാരന്‍റെ ജീവന്‍ അപകടത്തിലാക്കുകയും അരുത്. ഞാന്‍ സര്‍വേശ്വരനാകുന്നു.
17 സഹോദരനെ ഹൃദയംകൊണ്ടു വെറുക്കരുത്. അയല്‍ക്കാരന്‍റെ പാപം നിന്‍റെമേല്‍ വരാതിരിക്കാന്‍ അവന്‍റെ തെറ്റ് അവനെ ബോധ്യപ്പെടുത്തണം. അല്ലെങ്കില്‍ അതിന്‍റെ പാപം നിന്‍റെമേലായിരിക്കും.
18 സ്വന്തജനത്തോടു പകരം വീട്ടുകയോ പക വച്ചുപുലര്‍ത്തുകയോ അരുത്. അയല്‍ക്കാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കുക. ഞാന്‍ സര്‍വേശ്വരനാകുന്നു.
19 എന്‍റെ കല്പനകള്‍ നിങ്ങള്‍ അനുസരിക്കണം. നിങ്ങളുടെ കന്നുകാലികളെ മറ്റിനം മൃഗങ്ങളുമായി ഇണചേര്‍ക്കരുത്. നിലത്തില്‍ രണ്ടു തരം വിത്തു വിതയ്‍ക്കരുത്. രണ്ടു തരം തുണികൊണ്ടുള്ള വസ്ത്രം ധരിക്കരുത്.
20 ഒരുവനുമായി വിവാഹനിശ്ചയം കഴിഞ്ഞിട്ടുള്ളവളും എന്നാല്‍ വീണ്ടെടുക്കപ്പെടുകയോ, സ്വതന്ത്രയാക്കപ്പെടുകയോ ചെയ്തിട്ടില്ലാത്തവളുമായ അടിമയെ ഒരുവന്‍ പ്രാപിച്ചാല്‍ അവരെ വിചാരണ ചെയ്തു ശിക്ഷിക്കണം. എന്നാല്‍ അവള്‍ അസ്വതന്ത്രയാകയാല്‍ അവര്‍ക്കു വധശിക്ഷ നല്‌കരുത്.
21 അവന്‍ സര്‍വേശ്വരനു പ്രായശ്ചിത്തയാഗമായി തിരുസാന്നിധ്യകൂടാരത്തിന്‍റെ വാതില്‌ക്കല്‍ ഒരു ആണാടിനെ കൊണ്ടുവരണം.
22 പുരോഹിതന്‍ സര്‍വേശ്വരസന്നിധിയില്‍ പാപപരിഹാരയാഗത്തിനുള്ള ആടിനെ അര്‍പ്പിച്ച് അവനുവേണ്ടി പ്രായശ്ചിത്തം ചെയ്യുമ്പോള്‍ അവന്‍റെ പാപം ക്ഷമിക്കപ്പെടും.
23 നിങ്ങള്‍ കനാന്‍ദേശത്തു ചെന്ന് എല്ലാത്തരം ഫലവൃക്ഷങ്ങളും നട്ടു പിടിപ്പിക്കുമ്പോള്‍ മൂന്നു വര്‍ഷത്തേക്ക് അവയുടെ ഫലം വിലപ്പെട്ടതായി കരുതണം; അവ ഭക്ഷിക്കരുത്.
24 നാലാം വര്‍ഷത്തെ ഫലം നന്ദിസൂചകമായി സര്‍വേശ്വരനു സമര്‍പ്പിക്കണം.
25 അഞ്ചാം വര്‍ഷം അവയുടെ ഫലം നിങ്ങള്‍ക്കു ഭക്ഷിക്കാം. നിങ്ങള്‍ക്ക് സമൃദ്ധമായ വിളവു ലഭിക്കും. ഞാന്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനാകുന്നു.
26 രക്തത്തോടുകൂടി മാംസം ഭക്ഷിക്കരുത്. ശകുനം നോക്കരുത്. മന്ത്രവാദം ചെയ്യരുത്.
27 നിങ്ങളുടെ തലമുടി ചുറ്റും വടിക്കരുത്. താടിമീശയുടെ അഗ്രം മുറിക്കരുത്.
28 മരിച്ചവനുവേണ്ടി നിങ്ങളുടെ ശരീരത്തില്‍ മുറിവുണ്ടാക്കരുത്. പച്ച കുത്തരുത്. ഞാന്‍ സര്‍വേശ്വരനാകുന്നു.
29 നിങ്ങളുടെ പുത്രിമാരെ വേശ്യാവൃത്തിക്കു വിടരുത്. അങ്ങനെ ചെയ്താല്‍ ദേശം വേശ്യാവൃത്തികൊണ്ട് അശുദ്ധമായി അധര്‍മം നിറയും.
30 എന്‍റെ ശബത്തുകള്‍ ആചരിക്കുകയും വിശുദ്ധമന്ദിരത്തോട് ആദരം കാണിക്കുകയും ചെയ്യുവിന്‍. ഞാന്‍ സര്‍വേശ്വരനാകുന്നു.
31 വെളിച്ചപ്പാടുകളുടെയോ, മന്ത്രവാദികളുടെയോ അടുത്തുപോയി നിങ്ങളെത്തന്നെ അശുദ്ധരാക്കുകയും അവരുടെ ഉപദേശം തേടുകയും അരുത്. ഞാന്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനാകുന്നു.
32 പ്രായം ചെന്നു തല നരച്ചവരുടെ മുമ്പില്‍ എഴുന്നേറ്റു നിന്ന് ആദരം കാണിക്കണം. നിന്‍റെ ദൈവത്തെ ഭയപ്പെടുക; ഞാന്‍ സര്‍വേശ്വരനാകുന്നു.
33 നിങ്ങളുടെ ദേശത്തു പാര്‍ക്കുന്ന പരദേശിയെ ദ്രോഹിക്കരുത്.
34 അവനെ സ്വദേശിയെപ്പോലെ കരുതി നിന്നെപ്പോലെതന്നെ സ്നേഹിക്കുക. നിങ്ങളും ഈജിപ്തില്‍ പരദേശികളായിരുന്നുവല്ലോ. ഞാന്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനാകുന്നു.
35 വിധിയിലും അളവിലും തൂക്കത്തിലും അന്യായം കാണിക്കരുത്.
36 ശരിയായ തുലാസും കട്ടിയും അളവുകളും ഉപയോഗിക്കണം. നിങ്ങളെ ഈജിപ്തില്‍നിന്നു വിമോചിപ്പിച്ചുകൊണ്ടുവന്ന ഞാന്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനാകുന്നു.
37 എന്‍റെ എല്ലാ ചട്ടങ്ങളും പ്രമാണങ്ങളും നിങ്ങള്‍ പാലിക്കണം; ഞാന്‍ സര്‍വേശ്വരനാകുന്നു”.
1
സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു:2 “ഇസ്രായേല്‍ജനത്തോടു പറയുക, ഇസ്രായേല്‍ജനത്തിലോ അവരുടെ ഇടയില്‍ താമസിക്കുന്ന പരദേശികളിലോ ആരെങ്കിലും തന്‍റെ കുട്ടിയെ മോലേക്കിനു ബലിയര്‍പ്പിച്ചാല്‍ അവന്‍ വധശിക്ഷയ്‍ക്ക് അര്‍ഹനാണ്. ദേശവാസികള്‍ അവനെ കല്ലെറിഞ്ഞു കൊല്ലണം.
3 എന്‍റെ മന്ദിരവും വിശുദ്ധനാമവും അശുദ്ധമാക്കിക്കൊണ്ട് മോലേക്കിനു തന്‍റെ മക്കളെ ബലിയര്‍പ്പിക്കുന്നവനെ ഞാന്‍ ദ്വേഷിക്കുന്നു; അവനെ ഞാന്‍ സമൂഹത്തില്‍നിന്നു ബഹിഷ്കരിക്കും.
4 അവന്‍റെ തെറ്റ് കണ്ടില്ലെന്നു നടിച്ച് ജനം അവനെ വധിക്കാതിരുന്നാല്‍ അവനെയും അവന്‍റെ കുടുംബത്തെയും ഞാന്‍ ദ്വേഷിക്കും.
5 അവനോടുകൂടെ മോലേക്കിനെ ആരാധിച്ച് എന്നോട് അവിശ്വസ്തത കാണിച്ച എല്ലാവര്‍ക്കും എതിരായി ഞാന്‍ മുഖം തിരിച്ചു സ്വന്തജനത്തിന്‍റെ ഇടയില്‍നിന്ന് അവരെ ബഹിഷ്കരിക്കും.
6 വെളിച്ചപ്പാടുകളുടെയും മന്ത്രവാദികളുടെയും പിന്നാലെ പോയി അവിശ്വസ്തത കാണിക്കുന്നവനെ ഞാന്‍ ദ്വേഷിക്കുന്നു. അവനെ ഞാന്‍ സമൂഹഭ്രഷ്ടനാക്കും.
7 അതിനാല്‍ നിങ്ങള്‍ സ്വയം ശുദ്ധീകരിച്ചു വിശുദ്ധരാകുവിന്‍. ഞാന്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനാകുന്നു.
8 എന്‍റെ ചട്ടങ്ങള്‍ അനുസരിച്ചു പ്രവര്‍ത്തിക്കുക. ഞാനാണു നിങ്ങളെ ശുദ്ധീകരിക്കുന്ന സര്‍വേശ്വരന്‍.
9 മാതാപിതാക്കളെ ശപിക്കുന്നവന്‍ മരണശിക്ഷ അനുഭവിക്കണം. തന്‍റെ മരണത്തിന് അവന്‍തന്നെ ഉത്തരവാദി.
10 ഒരുവന്‍ തന്‍റെ അയല്‍ക്കാരന്‍റെ ഭാര്യയുമൊത്തു ശയിച്ചാല്‍ ഇരുവരും വധിക്കപ്പെടണം.
11 പിതൃപത്നിയുമൊത്തു ശയിക്കുന്നവന്‍ പിതാവിനെ അപമാനിക്കുകയാണ്. അവര്‍ രണ്ടു പേരും വധിക്കപ്പെടണം. അവര്‍ തന്നെ അതിന് ഉത്തരവാദികള്‍.
12 ഒരാള്‍ മകന്‍റെ ഭാര്യയുമൊത്തു ശയിച്ചാല്‍ ഇരുവരും വധിക്കപ്പെടണം. അവര്‍ നിന്ദ്യബന്ധത്തില്‍ ഏര്‍പ്പെട്ടുവല്ലോ. അവര്‍ തന്നെ തങ്ങളുടെ വധശിക്ഷയ്‍ക്ക് ഉത്തരവാദികള്‍.
13 സ്‍ത്രീയോടെന്നപോലെ പുരുഷനുമായി ഒരുവന്‍ ശയിച്ചാല്‍ അത് നിന്ദ്യമാണ്. രണ്ടു പേരെയും വധിക്കണം. അവര്‍ തന്നെ ശിക്ഷയ്‍ക്ക് ഉത്തരവാദികള്‍.
14 ഒരുവന്‍ ഭാര്യയോടൊപ്പം ഭാര്യാമാതാവിനെയും പരിഗ്രഹിച്ചാല്‍ അതു നിന്ദ്യമാകുന്നു. നിങ്ങളുടെ ഇടയില്‍ ഇത്തരം ദുഷ്കര്‍മം ഇല്ലാതാകാന്‍ അവര്‍ മൂന്നു പേരെയും ദഹിപ്പിച്ചുകളയണം.
15 മൃഗത്തെ പ്രാപിക്കുന്നവനെ വധിക്കണം. ആ മൃഗത്തെയും കൊല്ലണം.
16 മൃഗത്തെ പ്രാപിക്കുന്ന സ്‍ത്രീയെയും ആ മൃഗത്തെയും കൊന്നുകളയണം. തങ്ങളുടെ മരണത്തിനുത്തരവാദികള്‍ അവര്‍ തന്നെ.
17 മാതാവിന്‍റെയോ പിതാവിന്‍റെയോ മകളായ സഹോദരിയെ പ്രാപിച്ചു പരസ്പരം നഗ്നത കാണുന്നത് നികൃഷ്ടമാണ്. സ്വന്തജനം കാണ്‍കെ അവരെ സംഹരിക്കണം. അവന്‍ സഹോദരിയെ അപമാനിച്ചതിനാല്‍ ശിക്ഷ അനുഭവിക്കണം.
18 ഒരുവന്‍ ഋതുവായ സ്‍ത്രീയോടുകൂടി ശയിച്ചാല്‍ അവര്‍ ശുദ്ധീകരണനിയമം ലംഘിച്ചതുകൊണ്ട് ഇരുവര്‍ക്കും ഭ്രഷ്ടു കല്പിക്കണം.
19 പിതൃസഹോദരിയെയോ മാതൃസഹോദരിയെയോ പ്രാപിച്ചാല്‍ അവര്‍ ഉറ്റ ബന്ധുക്കളാകയാല്‍ ഇരുവരും ശിക്ഷാര്‍ഹരാണ്.
20 പിതൃസഹോദരന്‍റെയോ മാതൃസഹോദരന്‍റെയോ ഭാര്യയെ പ്രാപിച്ചാല്‍ അവര്‍ രണ്ടു പേരും കുറ്റവാളികളാണ്. അവര്‍ സന്തതിയില്ലാതെ മരിക്കണം.
21 സഹോദരന്‍റെ ഭാര്യയെ പ്രാപിക്കുന്നത് അവിശുദ്ധമാണ്; അതു സഹോദരനെ അപമാനിക്കലാണ്. അവരും സന്തതിയില്ലാതെ മരിക്കണം.
22
ഞാന്‍ നിങ്ങളെ ആനയിച്ച് അധിവസിപ്പിക്കുന്ന ദേശത്തുനിന്നു നിങ്ങള്‍ ബഹിഷ്കൃതരാകാതെയിരിക്കാന്‍ എന്‍റെ എല്ലാ ചട്ടങ്ങളും കല്പനകളും അനുസരിച്ചു പ്രവര്‍ത്തിക്കുക.23 ഞാന്‍ നിങ്ങളുടെ മുമ്പില്‍നിന്നു നീക്കിക്കളയുന്ന ദേശക്കാരുടെ ചട്ടങ്ങള്‍ നിങ്ങള്‍ അനുസരിക്കരുത്. അവര്‍ പാലിച്ച ചട്ടങ്ങളെപ്രതി ഞാന്‍ അവരെ വെറുക്കുന്നു.
24 അവരുടെ ദേശം നിങ്ങള്‍ കൈവശമാക്കുമെന്നും പാലും തേനും ഒഴുകുന്ന ആ ദേശം നിങ്ങള്‍ക്ക് അവകാശമായി നല്‌കുമെന്നും ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുണ്ടല്ലോ. ഇതര ജനതകളില്‍നിന്നു നിങ്ങളെ വേര്‍തിരിച്ച നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ ഞാനാകുന്നു.
25 അതുകൊണ്ട് ശുദ്ധവും അശുദ്ധവുമായ മൃഗങ്ങളെയും, ശുദ്ധവും അശുദ്ധവുമായ പക്ഷികളെയും നിങ്ങള്‍ വിവേചിക്കണം. അശുദ്ധമായ പക്ഷികള്‍, മൃഗങ്ങള്‍, ഇഴജന്തുക്കള്‍ എന്നിവയാല്‍ നിങ്ങളെത്തന്നേ അറപ്പാക്കരുത്.
26 എന്‍റെ സ്വന്ത ജനമായിരിക്കാന്‍വേണ്ടി ഇതര ജനതകളില്‍നിന്നു നിങ്ങളെ വേര്‍തിരിക്കുന്ന സര്‍വേശ്വരനായ ഞാന്‍ വിശുദ്ധനായിരിക്കുന്നതുപോലെ നിങ്ങളും വിശുദ്ധരായിരിക്കുക.
27
വെളിച്ചപ്പാടുകളോ, മന്ത്രവാദികളോ ആയ സ്‍ത്രീപുരുഷന്മാര്‍ വധിക്കപ്പെടണം. നിങ്ങള്‍ അവരെ കല്ലെറിഞ്ഞു കൊല്ലണം. അവരുടെ മരണത്തിനുത്തരവാദികള്‍ അവര്‍ തന്നെയാണ്.1
സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു:2 അഹരോന്‍റെ പുത്രന്മാരായ പുരോഹിതന്മാരോടു പറയുക:
3 ഏറ്റവും അടുത്ത ചാര്‍ച്ചക്കാരായ മാതാവ്, പിതാവ്, പുത്രന്‍, പുത്രി, സഹോദരന്‍, അവിവാഹിതയായ സഹോദരി എന്നിവരൊഴികെ ആരുടെയും മൃതശരീരത്തെ സ്പര്‍ശിച്ചു നിങ്ങള്‍ അശുദ്ധരാകരുത്.
4 ജനത്തിനു നായകനായ അവന്‍ അശുദ്ധനാകരുതല്ലോ.
5 പുരോഹിതന്മാര്‍ ദുഃഖസൂചകമായി തല മുണ്ഡനം ചെയ്യുകയോ താടിയുടെ അരികു വടിക്കുകയോ ശരീരത്തില്‍ മുറിവുണ്ടാക്കുകയോ ചെയ്യരുത്.
6 ദൈവത്തിന്‍റെ നാമം അശുദ്ധമാക്കാതെ, അവര്‍ തങ്ങളുടെ ദൈവത്തിനുവേണ്ടി വിശുദ്ധരായിരിക്കണം. അവരാണല്ലോ സര്‍വേശ്വരനു ദഹനയാഗങ്ങളും കാഴ്ചയപ്പങ്ങളും അര്‍പ്പിക്കുന്നത്.
7 പുരോഹിതന്‍ ദൈവത്തിനു വിശുദ്ധനായതിനാല്‍ വേശ്യയെയോ, അശുദ്ധി വന്നവളെയോ, പരിത്യക്തയെയോ വിവാഹം ചെയ്യരുത്.
8 നിന്‍റെ ദൈവത്തിനു കാഴ്ചയപ്പം അര്‍പ്പിക്കുന്നവനായതുകൊണ്ട് പുരോഹിതനെ വിശുദ്ധീകരിച്ചു വേര്‍തിരിക്കണം. അവന്‍ നിങ്ങള്‍ക്കുവേണ്ടിയും വിശുദ്ധനായിരിക്കണം. നിങ്ങളെ വിശുദ്ധീകരിക്കുന്ന സര്‍വേശ്വരനായ ഞാന്‍ വിശുദ്ധനാകുന്നു.
9 പുരോഹിതപുത്രി വേശ്യാവൃത്തിയിലേര്‍പ്പെട്ടാല്‍ അവള്‍ പിതാവിനെയും അശുദ്ധനാക്കുകയാണ്. അവളെ ദഹിപ്പിച്ചുകളയണം.
10
അഭിഷേകതൈലം തലയില്‍ വീണിട്ടുള്ളവനും പൗരോഹിത്യവസ്ത്രം ധരിക്കുന്നതിനു പ്രതിഷ്ഠിക്കപ്പെട്ടവനുമായ മഹാപുരോഹിതന്‍ തലമുടി കോതാതെ വൃത്തികേടായി ഇടരുത്; വസ്ത്രം കീറുകയും അരുത്.11 പിതാവിന്‍റെയോ മാതാവിന്‍റെയോ ആയാല്‍പോലും മൃതശരീരത്തെ സമീപിച്ച് അവന്‍ അശുദ്ധനാകരുത്.
12 പുരോഹിതന്‍ വിശുദ്ധമന്ദിരത്തിനു പുറത്തു പോകുകയോ തന്‍റെ ദൈവത്തിന്‍റെ വിശുദ്ധസ്ഥലം അശുദ്ധമാക്കുകയോ അരുത്. തന്‍റെ ദൈവത്തിന്‍റെ അഭിഷേകതൈലത്താല്‍ അവന്‍ വേര്‍തിരിക്കപ്പെട്ടവനാണല്ലോ. ഞാന്‍ സര്‍വേശ്വരനാകുന്നു.
13 കന്യകയെ മാത്രമേ അവന്‍ വിവാഹം ചെയ്യാവൂ.
14 വിധവയെയോ, വിവാഹമോചനം നടത്തിയവളെയോ, അശുദ്ധയായി തീര്‍ന്നിട്ടുള്ളവളെയോ, വേശ്യയെയോ വിവാഹം ചെയ്യരുത്. സ്വജനത്തില്‍നിന്ന് ഒരു കന്യകയെത്തന്നെ വിവാഹം ചെയ്യണം.
15 അങ്ങനെ അവന്‍ സ്വന്തം മക്കളെ സ്വജനമധ്യേ പവിത്രരായി സൂക്ഷിക്കട്ടെ. ഞാന്‍ അവനെ ശുദ്ധീകരിക്കുന്ന സര്‍വേശ്വരനാകുന്നു.
16
സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: അഹരോനോടു പറയുക,17 നിന്‍റെ പിന്‍തലമുറക്കാരില്‍ അംഗവൈകല്യമുള്ള ആരും ദൈവത്തിനു കാഴ്ചയപ്പം അര്‍പ്പിക്കരുത്.
18 അന്ധന്‍, മുടന്തന്‍, വികലമുഖന്‍, അംഗത്തിനു ക്രമത്തിലേറെ നീളമുള്ളവന്‍,
19 കൈയോ കാലോ ഒടിഞ്ഞവന്‍,
20 കൂനന്‍, മുണ്ടന്‍, വിരൂപാക്ഷന്‍, ചര്‍മരോഗി, ഷണ്ഡന്‍ എന്നിങ്ങനെ വൈകല്യമുള്ള ആരും അടുത്തുവരരുത്.
21 പുരോഹിതനായ അഹരോന്‍റെ പിന്‍ഗാമികളില്‍ അംഗവൈകല്യമുള്ള ആരും സര്‍വേശ്വരനു ദഹനയാഗങ്ങളര്‍പ്പിക്കാന്‍ അടുത്തുവരരുത്.
22 എനിക്കു സമര്‍പ്പിച്ച വിശുദ്ധവും അതിവിശുദ്ധവുമായ ഭോജ്യം അവര്‍ക്കു ഭക്ഷിക്കാം.
23 എന്നാല്‍ അംഗവൈകല്യമുള്ളവന്‍ തിരശ്ശീലയുടെയോ യാഗപീഠത്തിന്‍റെയോ അടുത്തുവന്ന് എന്‍റെ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കരുത്. ഞാന്‍ അവയെ ശുദ്ധീകരിക്കുന്ന സര്‍വേശ്വരനാകുന്നു”.
24 മോശ ഇവയെല്ലാം അഹരോനോടും പുത്രന്മാരോടും എല്ലാ ഇസ്രായേല്‍ജനത്തോടും പറഞ്ഞു.
1
ദൈവം മോശയോട് അരുളിച്ചെയ്തു:2 “എന്‍റെ വിശുദ്ധനാമം അശുദ്ധമാകാതിരിക്കാന്‍ ഇസ്രായേല്‍ജനം എനിക്കര്‍പ്പിക്കുന്ന വിശുദ്ധവസ്തുക്കള്‍ ശുദ്ധമായി കൈകാര്യം ചെയ്യണം എന്ന് അഹരോനോടും പുത്രന്മാരോടും പറയുക. ഞാന്‍ സര്‍വേശ്വരനാകുന്നു.
3 നിന്‍റെ പിന്‍ഗാമികളില്‍ ആരെങ്കിലും അശുദ്ധനായിരിക്കെ ഇസ്രായേല്‍ജനം സര്‍വേശ്വരനര്‍പ്പിച്ച വിശുദ്ധവസ്തുക്കളെ സമീപിച്ചാല്‍ അവനെ എന്‍റെ സന്നിധിയില്‍നിന്നു ബഹിഷ്കരിക്കണം. ഞാന്‍ സര്‍വേശ്വരനാകുന്നു.
4 അഹരോന്‍റെ വംശത്തില്‍പ്പെട്ട ആരെങ്കിലും കുഷ്ഠരോഗത്താലോ, ശുക്ലസ്രവത്താലോ അശുദ്ധനായിത്തീര്‍ന്നാല്‍ വീണ്ടും ശുദ്ധനാകുന്നതുവരെ വിശുദ്ധവസ്തുക്കള്‍ ഭക്ഷിക്കരുത്. ശവശരീരത്തെയോ, ശുക്ലസ്ഖലനമുള്ളവനെയോ,
5 അശുദ്ധിയുള്ള ഇഴജന്തുവിനെയോ ഏതെങ്കിലുംവിധം അശുദ്ധിയുണ്ടായ മനുഷ്യനെയോ സ്പര്‍ശിച്ച് അശുദ്ധനായിത്തീരുന്നവനും സൂര്യാസ്തമയംവരെ അശുദ്ധി ആചരിക്കണം.
6 കുളിച്ചു ശുദ്ധനായതിനു ശേഷമേ വിശുദ്ധവസ്തുക്കള്‍ ഭക്ഷിക്കാവൂ.
7 സന്ധ്യയാകുമ്പോള്‍ അവന്‍ ശുദ്ധനായിരിക്കും. പിന്നീട് അവനു വിശുദ്ധഭോജനം കഴിക്കാം. അത് അവന്‍റെ ആഹാരമാണല്ലോ.
8 ചത്തതോ മറ്റു മൃഗങ്ങള്‍ കടിച്ചു കീറി കൊന്നതോ ആയ മൃഗത്തിന്‍റെ മാംസം ഭക്ഷിച്ച് അശുദ്ധനാകരുത്. ഞാന്‍ സര്‍വേശ്വരനാകുന്നു.
9 അവര്‍ എന്‍റെ കല്പനകള്‍ പാലിക്കണം; അവ ലംഘിച്ചു നിന്ദിച്ചാല്‍ അതു മാരകപാപമായിരിക്കും. അവരെ ശുദ്ധീകരിക്കുന്ന ഞാനാകുന്നു സര്‍വേശ്വരന്‍.
10 അന്യര്‍ ആരും വിശുദ്ധവസ്തുക്കള്‍ ഭക്ഷിച്ചുകൂടാ. പുരോഹിതന്‍റെ കൂടെ വന്നു പാര്‍ക്കുന്നവനോ വേലക്കാരനോ അവ ഭക്ഷിക്കരുത്.
11 എന്നാല്‍ പുരോഹിതന്‍ വിലയ്‍ക്കു വാങ്ങുകയോ അവന്‍റെ ഭവനത്തില്‍ ജനിച്ചതോ ആയ അടിമയ്‍ക്ക് അവ ഭക്ഷിക്കാം.
12 അന്യകുടുംബത്തില്‍ വിവാഹം ചെയ്തയച്ച പുരോഹിതപുത്രി വിശുദ്ധാര്‍പ്പണവസ്തു ഭക്ഷിക്കരുത്.
13 എന്നാല്‍ പുരോഹിതപുത്രി വിധവയോ വിവാഹമുക്തയോ ആയി മക്കളില്ലാതെ പിതൃഭവനത്തില്‍ മടങ്ങിവന്ന് ബാല്യകാലത്തെന്നപോലെ പാര്‍ത്താല്‍ അവള്‍ക്ക് പിതാവിന്‍റെ ഓഹരിയില്‍നിന്നു ഭക്ഷിക്കാം. അന്യരാരും അതു ഭക്ഷിക്കരുത്.
14 ആരെങ്കിലും അറിയാതെ വിശുദ്ധവസ്തു ഭക്ഷിച്ചുപോയാല്‍ അതിന്‍റെ വില അഞ്ചിലൊന്നുകൂടി ചേര്‍ത്തു പുരോഹിതനെ ഏല്പിക്കണം.
15 ഇസ്രായേല്‍ജനം സര്‍വേശ്വരന് അര്‍പ്പിച്ച വിശുദ്ധവസ്തുക്കള്‍ പുരോഹിതന്മാര്‍ അശുദ്ധമാക്കരുത്.
16 അങ്ങനെ അവര്‍ അര്‍പ്പിച്ച വിശുദ്ധവസ്തുക്കള്‍ ഭക്ഷിക്കുന്നതിലൂടെ അവരെ അപരാധികളാക്കരുത്. അവരെ ശുദ്ധീകരിക്കുന്ന സര്‍വേശ്വരന്‍ ഞാനാകുന്നു”.
17
സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു:18 അഹരോനോടും പുത്രന്മാരോടും ഇസ്രായേലിലെ സകല ജനത്തോടും പറയുക, ഇസ്രായേല്യനോ അവരുടെ ഇടയില്‍ പാര്‍ക്കുന്ന പരദേശിയോ നേര്‍ച്ചയായോ സ്വമേധാദാനമായോ സര്‍വേശ്വരനുള്ള ഹോമയാഗമായി വഴിപാട് അര്‍പ്പിക്കുമ്പോള്‍
19 അതു സ്വീകാര്യമാകണമെങ്കില്‍ മാടുകളിലോ, ചെമ്മരിയാടുകളിലോ, കോലാടുകളിലോ നിന്നു തിരഞ്ഞെടുത്ത കുറ്റമറ്റ ആണ്‍മൃഗമായിരിക്കണം.
20 ന്യൂനതയുള്ള മൃഗത്തെ അര്‍പ്പിക്കരുത്, അതു സ്വീകാര്യമായിരിക്കുകയില്ല.
21 നേര്‍ച്ചയോ, സ്വമേധാദാനമോ ആകട്ടെ, സമാധാനയാഗമായി കാളയെയോ, ആടിനെയോ, അര്‍പ്പിക്കുന്നതും സ്വീകാര്യമാകണമെങ്കില്‍ അതു കുറ്റമറ്റ മൃഗമായിരിക്കണം.
22 കാഴ്ചയില്ലാത്തതോ അംഗവൈകല്യമുള്ളതോ, മുറിവ്, വ്രണം, ചൊറി, വീക്കം ഇവയിലേതെങ്കിലും ഉള്ളതോ ആയ ഒരു മൃഗത്തെയും സര്‍വേശ്വരന് അര്‍പ്പിക്കരുത്; അവയെ അവിടുത്തെ യാഗപീഠത്തില്‍ വച്ചു ദഹിപ്പിക്കുകയും അരുത്.
23 അവയവങ്ങള്‍ക്ക് നീളം കൂടുതലോ, കുറവോ ഉള്ള കാളയെയോ ആട്ടിന്‍കുട്ടിയെയോ സ്വമേധാദാനമായി അര്‍പ്പിക്കാം. എന്നാല്‍ നേര്‍ച്ചയായി അതു സ്വീകാര്യമല്ല.
24 വൃഷണം ഉടച്ചതോ ചതച്ചതോ പറിച്ചെടുത്തതോ ഛേദിച്ചതോ ആയ ഒരു മൃഗത്തെയും സര്‍വേശ്വരന് അര്‍പ്പിക്കരുത്. നിങ്ങളുടെ ദേശത്തുവച്ച് അവയെ യാഗം കഴിക്കരുത്.
25 പരദേശിയില്‍നിന്നു ലഭിച്ച അത്തരം മൃഗത്തെ ദൈവത്തിനു ഭോജനമായി അര്‍പ്പിക്കരുത്. അത് അംഗഭംഗമുള്ളതും ന്യൂനതയുള്ളതുമാകയാല്‍ സ്വീകാര്യമാവുകയില്ല.
26
സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു:27 “ഒരു കാളയോ, ചെമ്മരിയാടോ, കോലാടോ പിറന്നാല്‍ ഏഴു ദിവസം അതു തള്ളയുടെ കൂടെ നില്‌ക്കട്ടെ. എട്ടാം ദിവസം മുതല്‍ സര്‍വേശ്വരനു സ്വീകാര്യമായ ദഹനയാഗമായി അതിനെ അര്‍പ്പിക്കാം.
28 പശുവോ പെണ്ണാടോ ആകട്ടെ, തള്ളയെയും കുഞ്ഞിനെയും ഒരേ ദിവസം കൊല്ലരുത്.
29 നീ അര്‍പ്പിക്കുന്ന സ്തോത്രയാഗം സര്‍വേശ്വരനു സ്വീകാര്യമാകുംവിധം അര്‍പ്പിക്കണം.
30 അത് അന്നുതന്നെ ഭക്ഷിക്കണം. പിറ്റേദിവസത്തേക്ക് അല്പംപോലും അവശേഷിപ്പിക്കരുത്. ഞാന്‍ സര്‍വേശ്വരനാകുന്നു.
31 നിങ്ങള്‍ എന്‍റെ കല്പനകള്‍ പാലിക്കണം. ഞാന്‍ സര്‍വേശ്വരനാകുന്നു.
32 എന്‍റെ വിശുദ്ധനാമം ഇസ്രായേല്‍ജനത്തിന്‍റെ ഇടയില്‍ അശുദ്ധമാക്കരുത്. അതു വിശുദ്ധീകരിക്കപ്പെടണം. ഞാന്‍ നിങ്ങളെ ശുദ്ധീകരിക്കുന്ന സര്‍വേശ്വരനാകുന്നു.
33 നിങ്ങളുടെ ദൈവമായിരിക്കേണ്ടതിനു ഞാനാണ് നിങ്ങളെ ഈജിപ്തില്‍നിന്നു കൊണ്ടുവന്നത്. ഞാനാകുന്നു സര്‍വേശ്വരന്‍”.
1
സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു:2 “നീ ഇസ്രായേല്‍ജനത്തോടു പറയുക, വിശുദ്ധ യോഗങ്ങള്‍ വിളിച്ചുകൂട്ടേണ്ട സര്‍വേശ്വരന്‍റെ ഉത്സവദിനങ്ങള്‍ ഇവയാണ്. അവയെ വിശുദ്ധ യോഗങ്ങളായി പ്രഖ്യാപിക്കണം.
3 ആറു ദിവസം ജോലി ചെയ്യണം. ഏഴാം ദിവസം വിശുദ്ധസഭ കൂടാനുള്ള പരിപാവനമായ ശബത്താകുന്നു. അന്ന് ഒരു ജോലിയും ചെയ്യരുത്. നിങ്ങള്‍ വസിക്കുന്നിടത്തെല്ലാം അതു സര്‍വേശ്വരന്‍റെ ശബത്താകുന്നു.
4
നിശ്ചിതകാലത്ത് വിശുദ്ധ സഭായോഗം വിളിച്ചുകൂട്ടേണ്ട ഉത്സവദിനങ്ങള്‍ ഇവയാണ്.5
ഒന്നാം മാസം പതിനാലാം ദിവസം വൈകുന്നേരം സര്‍വേശ്വരന്‍റെ പെസഹ ആചരിക്കണം.6 പതിനഞ്ചാം ദിവസം സര്‍വേശ്വരനുള്ള പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുന്നാളാണ്. ഏഴു ദിവസം നിങ്ങള്‍ പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം.
7 ഒന്നാം ദിവസം വിശുദ്ധസഭ കൂടണം. അന്നു ദിനംതോറുമുള്ള തൊഴിലുകളൊന്നും ചെയ്യരുത്.
8 ഏഴു ദിവസവും സര്‍വേശ്വരന് ഹോമയാഗം അര്‍പ്പിക്കണം. ഏഴാം ദിവസം വിശുദ്ധസഭ കൂടാനുള്ള ദിവസമായതുകൊണ്ടു കഠിനാധ്വാനം ചെയ്യരുത്.
9
സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു:10 ഇസ്രായേലിന്‍റെ ജനത്തോടു പറയുക, ഞാന്‍ നല്‌കുന്ന ദേശത്തു നിങ്ങള്‍ ചെന്നു വിളവ് കൊയ്യുമ്പോള്‍ ആദ്യത്തെ കറ്റ പുരോഹിതന്‍റെ അടുക്കല്‍ കൊണ്ടുവരണം.
11 ദൈവം നിങ്ങളില്‍ പ്രസാദിക്കാന്‍ ശബത്തു കഴിഞ്ഞു വരുന്ന ദിവസം ആ കറ്റ അവിടുത്തെ സന്നിധിയില്‍ നീരാജനം ചെയ്യണം.
12 കറ്റ നീരാജനം ചെയ്യുന്ന ദിവസംതന്നെ ഒരു വയസ്സു പ്രായമുള്ള കുറ്റമറ്റ ഒരു ആണാടിനെ സര്‍വേശ്വരനു ഹോമയാഗമായി അര്‍പ്പിക്കണം.
13 അതോടൊപ്പം രണ്ടിടങ്ങഴി നേരിയ മാവ് എണ്ണ ചേര്‍ത്ത് ധാന്യയാഗമായി അര്‍പ്പിക്കണം. ആ ദഹനയാഗത്തിന്‍റെ സൗരഭ്യം സര്‍വേശ്വരനു പ്രസാദകരമായിരിക്കും. പാനീയയാഗമായി നാഴി വീഞ്ഞും അര്‍പ്പിക്കണം.
14 നിങ്ങളുടെ ദൈവത്തിനുള്ള വഴിപാട് അര്‍പ്പിക്കുന്നതുവരെ ധാന്യമണികളോ, അപ്പമോ, മലരോ, ഭക്ഷിക്കരുത്. നിങ്ങള്‍ എവിടെ വസിച്ചാലും തലമുറകളായി എന്നും ആചരിക്കേണ്ട ചട്ടമാകുന്നു ഇത്.
15
കറ്റ നീരാജനം ചെയ്ത ശബത്തിന്‍റെ പിറ്റേദിവസം മുതല്‍ ഏഴ് ആഴ്ചകള്‍ കണക്കാക്കണം.16 ഏഴാമത്തെ ശബത്തിന്‍റെ പിറ്റേ ദിവസമായ അമ്പതാം ദിവസം പുതിയ ധാന്യംകൊണ്ടു സര്‍വേശ്വരനു ധാന്യയാഗം കഴിക്കണം.
17 നിങ്ങളുടെ വീടുകളില്‍നിന്നു രണ്ടിടങ്ങഴി നേരിയ മാവ് പുളിപ്പിച്ചുണ്ടാക്കിയ ഈരണ്ടപ്പം സര്‍വേശ്വരന്‍റെ മുമ്പില്‍ നീരാജനം ചെയ്യാന്‍ ആദ്യഫലമായി അര്‍പ്പിക്കണം.
18 അപ്പത്തോടുകൂടി കുറ്റമറ്റതും ഒരു വയസ്സു പ്രായമുള്ളതുമായ ഏഴ് ആട്ടിന്‍കുട്ടികളെയും ഒരു കാളക്കുട്ടിയെയും രണ്ട് ആണാടിനെയും സര്‍വേശ്വരന് ഹോമയാഗമായി അര്‍പ്പിക്കണം. അതോടൊപ്പം അര്‍പ്പിക്കുന്ന ധാന്യവഴിപാടും പാനീയയാഗവും സര്‍വേശ്വരന് പ്രസാദകരമായ സൗരഭ്യദഹനയാഗമായിരിക്കും.
19 ഒരു ആണ്‍കോലാടിനെ പാപപരിഹാരത്തിനായും ഒരു വയസ്സു പ്രായമുള്ള രണ്ട് ആണാടുകളെ സമാധാനയാഗത്തിനായും അര്‍പ്പിക്കണം.
20 അവയെ ആദ്യവിളവില്‍നിന്ന് ഉണ്ടാക്കിയ അപ്പത്തോടും രണ്ട് ആട്ടിന്‍കുട്ടികളോടും കൂടി സര്‍വേശ്വരനു നീരാജനം ചെയ്യണം. സര്‍വേശ്വരസന്നിധിയില്‍ വിശുദ്ധമായ അവ പുരോഹിതന്മാര്‍ക്കുള്ളതാണ്.
21 അന്നുതന്നെ നിങ്ങള്‍ വിശുദ്ധസഭ വിളിച്ചുകൂട്ടണം. അന്നു കഠിനാധ്വാനം ചെയ്യരുത്. നിങ്ങള്‍ എവിടെ വസിച്ചാലും തലമുറകളായി പാലിക്കേണ്ട ശാശ്വതനിയമമാകുന്നു ഇത്.
22
നിലം കൊയ്യുമ്പോള്‍ അരികു തീര്‍ത്തു കൊയ്യരുത്. കാലാ പെറുക്കുകയുമരുത്. അവ നിങ്ങളുടെ ഇടയിലുള്ള ദരിദ്രര്‍ക്കും പരദേശികള്‍ക്കുമുള്ളതാണ്. ഞാന്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനാകുന്നു.”23
സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു:24 “ഇസ്രായേല്‍ജനത്തോടു പറയുക, ഏഴാം മാസത്തിലെ ഒന്നാം ദിവസം ശബത്തായി ആചരിക്കണം. കാഹളധ്വനിയോടുകൂടി ഈ അനുസ്മരണദിനത്തില്‍ നിങ്ങള്‍ വിശുദ്ധസഭ കൂടണം.
25 അന്നു കഠിനമായ ജോലികളൊന്നും ചെയ്യരുത്, സര്‍വേശ്വരനു ദഹനയാഗം അര്‍പ്പിക്കുകയും വേണം.”
26
സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു:27 “ഏഴാം മാസം പത്താം ദിവസം പാപപരിഹാരദിനമാകുന്നു. അന്ന് നിങ്ങള്‍ ഉപവസിക്കുകയും നിശ്ചിതസഭ കൂടുകയും സര്‍വേശ്വരനു ദഹനയാഗം അര്‍പ്പിക്കുകയും വേണം.
28 നിങ്ങളുടെ പാപങ്ങള്‍ക്കു നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ മുമ്പാകെ പരിഹാരം അനുഷ്ഠിക്കാന്‍ നിശ്ചയിച്ചിട്ടുള്ള ദിനമായതുകൊണ്ട് അന്ന് ഒരു ജോലിയും ചെയ്യരുത്.
29 ആരെങ്കിലും അന്ന് ഉപവസിക്കാതിരുന്നാല്‍ അവനെ സ്വജനങ്ങളുടെ ഇടയില്‍നിന്നു ബഹിഷ്കരിക്കണം.
30 അന്നു ജോലി ചെയ്യുന്നവനെ ഞാന്‍ സ്വജനങ്ങളുടെ ഇടയില്‍നിന്ന് ഉന്മൂലനം ചെയ്യും.
31 അന്നു ജോലി ചെയ്യരുതെന്ന ചട്ടം, നിങ്ങള്‍ വസിക്കുന്നിടത്തെല്ലാം തലമുറകളായി എന്നേക്കും പാലിക്കണം.
32 അതു നിങ്ങളുടെ പരിപാവനമായ ശബത്താണ്; ആ മാസം ഒമ്പതാം ദിവസം സന്ധ്യമുതല്‍ പിറ്റന്നാള്‍ സന്ധ്യവരെ നിങ്ങള്‍ ഉപവസിക്കുകയും ശബത്ത് ആചരിക്കുകയും ചെയ്യണം.”
33
സര്‍വേശ്വരന്‍ വീണ്ടും മോശയോട് അരുളിച്ചെയ്തു:34 “ഇസ്രായേല്‍ജനത്തോടു പറയുക. ഏഴാം മാസത്തിലെ പതിനഞ്ചാം ദിവസംമുതല്‍ ഏഴു ദിവസം സര്‍വേശ്വരന്‍റെ കൂടാരപ്പെരുന്നാള്‍ ആകുന്നു.
35 ഒന്നാം ദിവസം വിശുദ്ധസഭ വിളിച്ചുകൂട്ടണം. അന്നു സാധാരണ ജോലികളൊന്നും ചെയ്യരുത്.
36 ഏഴു ദിവസവും ദഹനയാഗം അര്‍പ്പിക്കണം. എട്ടാം ദിവസം വിശുദ്ധസഭ വിളിച്ചുകൂട്ടി ദഹനയാഗം അര്‍പ്പിക്കണം. അന്നു കഠിനമായ ജോലികളൊന്നും ചെയ്യരുത്.
37
സര്‍വേശ്വരന്‍റെ ശബത്ത് ആചരിക്കുക, അവിടുത്തേക്ക് വഴിപാടുകളും നേര്‍ച്ചകളും സ്വമേധാദാനങ്ങളും അര്‍പ്പിക്കുക എന്നിവ കൂടാതെ,38 അതതു ദിനത്തില്‍ ദഹനയാഗങ്ങളും ഹോമയാഗങ്ങളും ധാന്യയാഗങ്ങളും പാനീയയാഗങ്ങളും അര്‍പ്പിക്കുകയും വിശുദ്ധയോഗങ്ങളായി നിങ്ങള്‍ വിളിച്ചുകൂട്ടുകയും ചെയ്യേണ്ട ഉത്സവദിനങ്ങള്‍ ഇവയാണ്.
39
ഏഴാം മാസം പതിനഞ്ചാം ദിവസം വിളവെടുപ്പു കഴിഞ്ഞാല്‍ ഏഴു ദിവസത്തേക്കു സര്‍വേശ്വരന് ഉത്സവം ആചരിക്കണം. ഒന്നാം ദിവസവും എട്ടാം ദിവസവും വിശുദ്ധ ശബത്തായി ആചരിക്കണം.40 അന്നു ഹൃദ്യമായ പഴങ്ങളും ഈന്തപ്പനകുരുത്തോലയും ഇലകള്‍ നിറഞ്ഞ മരച്ചില്ലകളും ആറ്റലരിവൃക്ഷക്കൊമ്പുകളും കൈയിലേന്തണം. ഏഴു ദിവസം ദൈവമായ സര്‍വേശ്വരന്‍റെ സന്നിധിയില്‍ സന്തോഷിച്ചുല്ലസിക്കുക.
41 വര്‍ഷംതോറും ഏഴാം മാസത്തില്‍ ഏഴു ദിവസം സര്‍വേശ്വരന് ഈ ഉത്സവം ആചരിക്കണം. ഇതു നിങ്ങളുടെ സകല തലമുറകളും എല്ലാക്കാലത്തും പാലിക്കാനുള്ള നിയമമാകുന്നു.
42 ഇസ്രായേല്യര്‍ സകലരും ഏഴു ദിവസം കൂടാരങ്ങളില്‍ പാര്‍ക്കണം.
43 ഈജിപ്തില്‍നിന്നു ഞാന്‍ ഇസ്രായേല്‍ജനത്തെ വിമോചിപ്പിച്ചു കൊണ്ടുവന്നപ്പോള്‍ അവരെ കൂടാരങ്ങളിലായിരുന്നു താമസിപ്പിച്ചിരുന്നതെന്നു നിങ്ങളുടെ ഓരോ തലമുറയും അറിയണം. ഞാന്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനാകുന്നു.”
44 സര്‍വേശ്വരന്‍റെ നിര്‍ദ്ദിഷ്ട ഉത്സവദിനങ്ങള്‍ ഏതെല്ലാമെന്നു മോശ ഇങ്ങനെ ഇസ്രായേല്‍ജനത്തെ അറിയിച്ചു.
1
സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു:2 “ദീപം നിരന്തരം കത്തിക്കൊണ്ടിരിക്കാന്‍ ഒലിവില്‍നിന്ന് ഇടിച്ചെടുത്ത ശുദ്ധമായ ഒലിവെണ്ണ കൊണ്ടുവരാന്‍ ജനത്തോടു കല്പിക്കുക.
3 തിരുസാന്നിധ്യകൂടാരത്തില്‍ സാക്ഷ്യപെട്ടകം മറയ്‍ക്കുന്ന തിരശ്ശീലയ്‍ക്കു പുറത്തു സൂര്യാസ്തമയംമുതല്‍ പ്രഭാതംവരെ തുടര്‍ച്ചയായി അഹരോന്‍ അത് ഒരുക്കിവയ്‍ക്കണം. നിങ്ങളുടെ തലമുറകള്‍ എന്നും അനുഷ്ഠിക്കേണ്ട ചട്ടമാണിത്.
4 സര്‍വേശ്വരന്‍റെ സന്നിധിയില്‍ പൊന്‍തണ്ടിന്മേല്‍ അഹരോന്‍ നിരന്തരം ദീപം തെളിക്കണം.
5
നേരിയ മാവുകൊണ്ട് പന്ത്രണ്ട് അപ്പം ചുടണം. രണ്ടിടങ്ങഴി മാവുകൊണ്ടുള്ളതായിരിക്കണം ഓരോ അപ്പവും.6 ആറ് അപ്പം വീതമുള്ള രണ്ട് അടുക്കായി അവ തിരുസാന്നിധ്യകൂടാരത്തിലുള്ള പൊന്‍പീഠത്തില്‍ വയ്‍ക്കണം.
7 ഓരോ അടുക്കിന്മേലും ശുദ്ധമായ കുന്തുരുക്കം വിതറണം. സര്‍വേശ്വരനു ദഹനയാഗമായി അപ്പം അര്‍പ്പിക്കുന്നതിനെ ഇതു സൂചിപ്പിക്കുന്നു.
8 ഓരോ ശബത്തിലും ഇസ്രായേല്‍ജനത്തില്‍നിന്ന് അപ്പം വാങ്ങി സര്‍വേശ്വരന്‍റെ സന്നിധിയില്‍ അഹരോന്‍ അടുക്കിവയ്‍ക്കണം. ഇതു ശാശ്വതനിയമമാകുന്നു.
9
അപ്പം അഹരോനും പുത്രന്മാര്‍ക്കുമുള്ളതാണ്. സര്‍വേശ്വരനു ദഹനയാഗമായി അര്‍പ്പിച്ചതിന്‍റെ ഓഹരിയായതിനാല്‍ അത് അതിവിശുദ്ധമാകുന്നു; അവ വിശുദ്ധസ്ഥലത്തു വച്ചു തന്നെ ഭക്ഷിക്കണം; അത് അവര്‍ക്കുള്ള സ്ഥിരാവകാശമാണ്.10
ഈജിപ്തുകാരനായ ഒരുവന് ഇസ്രായേല്യസ്‍ത്രീയില്‍ ജനിച്ച മകനും ഒരു ഇസ്രായേല്‍ക്കാരനുമായി ഒരിക്കല്‍ പാളയത്തില്‍വച്ചു വഴക്കുണ്ടായി.11 അവന്‍ സര്‍വേശ്വരന്‍റെ നാമത്തെ ദുഷിക്കുകയും ശപിക്കുകയും ചെയ്തു. ജനം അവനെ മോശയുടെ മുമ്പില്‍ കൊണ്ടുവന്നു. ദാന്‍ഗോത്രത്തില്‍പ്പെട്ട ദിബ്രിയുടെ പുത്രിയായ ശെലോമീത്തായിരുന്നു അവന്‍റെ അമ്മ.
12 സര്‍വേശ്വരന്‍റെ ഹിതം വെളിപ്പെടുംവരെ അവര്‍ അവനെ തടവില്‍ വച്ചു.
13
ദൈവം മോശയോട് അരുളിച്ചെയ്തു:14 “ദൈവനാമം ദുഷിച്ചവനെ പാളയത്തിനു പുറത്തു കൊണ്ടുപോകുക. അവന്‍ പറഞ്ഞതു കേട്ടവരെല്ലാം അവന്‍റെ തലയില്‍ കൈ വച്ചശേഷം ജനം അവനെ കല്ലെറിയട്ടെ.
15 ഇസ്രായേല്‍ജനത്തോടു പറയുക, ദൈവത്തെ ദുഷിക്കുന്നവന്‍ തന്‍റെ കുറ്റത്തിനുള്ള ശിക്ഷ അനുഭവിക്കണം.
16 സര്‍വേശ്വരന്‍റെ നാമത്തെ ദുഷിക്കുന്നവന്‍ വധിക്കപ്പെടുകതന്നെ വേണം. സമൂഹം ഒന്നുചേര്‍ന്ന് അവനെ തീര്‍ച്ചയായും കല്ലെറിയണം. സര്‍വേശ്വരനാമം ദുഷിക്കുന്നവന്‍ സ്വദേശിയോ പരദേശിയോ ആകട്ടെ, വധശിക്ഷ നല്‌കണം.
17 കൊലപാതകി വധിക്കപ്പെടണം.
18 അന്യന്‍റെ മൃഗത്തെ കൊല്ലുന്നവന്‍ പകരം മൃഗത്തെ കൊടുക്കണം. ജീവനു പകരം ജീവന്‍.
19 അയല്‍ക്കാരന് അംഗഭംഗം വരുത്തുന്നവനോട് അതേ വിധം പകരം ചെയ്യണം.
20 ഒടിവിന് ഒടിവ്, കണ്ണിനു കണ്ണ്, പല്ലിന് പല്ല് ഇങ്ങനെ അംഗഭംഗം വരുത്തിയതിന് അതുതന്നെ പകരം ചെയ്യണം.
21 മൃഗത്തെ കൊന്നാല്‍ പകരം മൃഗത്തെ കൊടുത്താല്‍ മതി. എന്നാല്‍ മനുഷ്യനെ കൊല്ലുന്നവന്‍ വധശിക്ഷ അനുഭവിക്കണം.
22 സ്വദേശിയും നിങ്ങളുടെ ഇടയില്‍ പാര്‍ക്കുന്ന പരദേശിയും പാലിക്കേണ്ട നിയമം ഒന്നുതന്നെ. ഞാന്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനാകുന്നു.
23 തിരുനാമം ദുഷിച്ചവനെ പാളയത്തിനു പുറത്തുകൊണ്ടുപോയി കല്ലെറിഞ്ഞു കൊല്ലാന്‍ മോശ ഇസ്രായേല്‍ജനത്തോട് ആജ്ഞാപിച്ചു. അവിടുന്നു മോശയോടു കല്പിച്ചതുപോലെ അവര്‍ പ്രവര്‍ത്തിച്ചു.
1
സര്‍വേശ്വരന്‍ മോശയോട് സീനായ് പര്‍വതത്തില്‍ വച്ച് അരുളിച്ചെയ്തു:2 “നീ ഇസ്രായേല്‍ജനത്തോടു പറയുക: ഞാന്‍ നല്‌കുന്ന ദേശത്ത് നിങ്ങള്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ ആ ദേശവും ശബത്ത് ആചരിക്കണം.
3 ആറു വര്‍ഷം നിലം വിതച്ചും മുന്തിരിത്തല മുറിച്ചൊരുക്കിയും നിങ്ങള്‍ വിളവെടുത്തുകൊള്ളുക.
4 ഏഴാം വര്‍ഷം ഭൂമിക്ക് പൂര്‍ണവിശ്രമം ലഭിക്കേണ്ട ശബത്താണ്; സര്‍വേശ്വരന്‍റെ ശബത്തു തന്നെ.
5 നിലം കൃഷി ചെയ്യുകയോ, മുന്തിരിത്തല മുറിക്കുകയോ അരുത്; നിലത്തില്‍ താനേ വിളയുന്നവപോലും കൊയ്യരുത്; വള്ളിത്തല മുറിക്കാത്ത മുന്തിരിച്ചെടിയുടെ ഫലം ശേഖരിക്കുകയുമരുത്. ആ വര്‍ഷം നിലത്തിനു പൂര്‍ണവിശ്രമം നല്‌കണം.
6 വിശ്രമവര്‍ഷമാണെങ്കിലും, നിങ്ങള്‍ക്കും നിങ്ങളുടെ ദാസീദാസന്മാര്‍ക്കും കൂലിക്കാര്‍ക്കും നിങ്ങളുടെ ഇടയില്‍ നിവസിക്കുന്ന പരദേശികള്‍ക്കും
7 നിങ്ങളുടെ നാട്ടുമൃഗങ്ങള്‍ക്കും കാട്ടുമൃഗങ്ങള്‍ക്കുമുള്ള ഭക്ഷണം നിങ്ങളുടെ നിലം ഉല്‍പാദിപ്പിച്ചുകൊള്ളും.
8
ഏഴു സംവത്സരത്തേക്ക് ഒരു ശബത്ത് എന്ന കണക്കില്‍ ഏഴു തവണ കഴിയുമ്പോള്‍ നാല്പത്തിഒമ്പതു വര്‍ഷമാകും.9 അതുകഴിഞ്ഞ് പാപപരിഹാരദിവസമായ ഏഴാം മാസം പത്താം ദിവസം ദേശത്തെല്ലായിടത്തും അത്യുച്ചത്തില്‍ കാഹളം മുഴക്കണം.
10 അമ്പതാം വര്‍ഷത്തെ വിശുദ്ധീകരിക്കണം. ദേശനിവാസികള്‍ക്കെല്ലാം സ്വാതന്ത്ര്യം പ്രഖ്യാപിക്കണം. ഓരോരുത്തനും സ്വന്തം അവകാശഭൂമിയിലേക്കും സ്വന്തംകുടുംബത്തിലേക്കും തിരിച്ചു പോകുന്ന നിങ്ങളുടെ ജൂബിലിവര്‍ഷമാകുന്നു.
11 ഓരോ അമ്പതാം വര്‍ഷവും നിങ്ങള്‍ക്കു ജൂബിലിവര്‍ഷമാണ്. ആ വര്‍ഷം നിങ്ങള്‍ വിതയ്‍ക്കരുത്; താനേ വിളയുന്നതു കൊയ്യുകയോ, വള്ളിത്തല മുറിക്കാത്ത മുന്തിരിയുടെ ഫലം ശേഖരിക്കുകയോ അരുത്.
12 കാരണം അതു ജൂബിലിവര്‍ഷമാണ്. അതു നിങ്ങള്‍ക്കു വിശുദ്ധമായിരിക്കണം. നിങ്ങളുടെ ഭക്ഷണത്തിനു വേണ്ടതു ഭൂമിയില്‍നിന്നു ലഭിച്ചുകൊള്ളും.
13 ഈ ജൂബിലിവര്‍ഷം നിങ്ങള്‍ ഓരോരുത്തരും അവനവന്‍റെ അവകാശഭൂമിയിലേക്കു തിരിച്ചുവരണം.
14 അയല്‍ക്കാരനുമായുള്ള വ്യാപാരബന്ധത്തില്‍ അന്യായമായി ഒന്നും ഉണ്ടാകരുത്.
15 അടുത്ത ജൂബിലിവരെയുള്ള വര്‍ഷങ്ങള്‍ കണക്കാക്കി വില നിശ്ചയിച്ചു വാങ്ങുകയും വിളവെടുക്കാവുന്ന വര്‍ഷങ്ങള്‍ക്കനുസരിച്ചു വില്‍ക്കുകയും ചെയ്യണം.
16 കൂടുതല്‍ വര്‍ഷങ്ങള്‍ ഉണ്ടെങ്കില്‍ കൂടുതല്‍ വില കൊടുക്കണം; കുറവാണെങ്കില്‍ വിലയും കുറയ്‍ക്കണം. എടുക്കാവുന്ന വിളവുകളുടെ എണ്ണമനുസരിച്ചു വില നിശ്ചയിക്കണം.
17 നിങ്ങളുടെ ഇടപാടുകളില്‍ അനീതി കടന്നുകൂടരുത്. നിന്‍റെ ദൈവത്തെ ഭയപ്പെടുക; ഞാന്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനാകുന്നു.
18
അതുകൊണ്ട് എന്‍റെ ചട്ടങ്ങളും വിധികളും പാലിക്കുക. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ ദേശത്തു സുരക്ഷിതരായിരിക്കും.19 ഭൂമി ഫലം തരും; നിങ്ങള്‍ ഭക്ഷിച്ചു തൃപ്തരാകും. നിങ്ങള്‍ സുരക്ഷിതരായി വസിക്കുകയും ചെയ്യും.
20 ഏഴാം വര്‍ഷം വിതയോ കൊയ്ത്തോ ഇല്ലാതെ എന്തു ഭക്ഷിക്കും എന്നു നിങ്ങള്‍ ചോദിച്ചേക്കാം.
21 ആറാം വര്‍ഷം ഞാന്‍ നിങ്ങളുടെമേല്‍ അനുഗ്രഹം അയയ്‍ക്കും; മൂന്നു വര്‍ഷത്തേക്കു വേണ്ട വിളവു നിങ്ങള്‍ക്കു ലഭിക്കും.
22 എട്ടാം വര്‍ഷം വിതയ്‍ക്കുമ്പോഴും പഴയ വിളവില്‍നിന്നു നിങ്ങള്‍ക്കു ഭക്ഷിക്കാം; ഒന്‍പതാം വര്‍ഷം പുതിയ വിളവ് ആകുന്നതുവരെ അതു നിങ്ങള്‍ക്കു മതിയാകും.
23
നിലത്തിന്‍റെ ജന്മാവകാശം വില്‍ക്കരുത്. കാരണം ഭൂമി എന്‍റേതാണ്. നിങ്ങള്‍ എന്‍റെ അടുക്കല്‍ വന്നു പാര്‍ക്കുന്ന അന്യരും പരദേശികളുമാകുന്നു.24 നിങ്ങള്‍ക്ക് അവകാശമായി ലഭിക്കുന്ന ദേശത്തെല്ലായിടത്തും ഭൂമി വീണ്ടെടുക്കാനുള്ള അവകാശം ഉണ്ടായിരിക്കണം.
25
ഒരു ഇസ്രായേല്യന്‍ ദരിദ്രനായിത്തീരുകയും തന്‍റെ നിലത്തില്‍ ഒരു ഭാഗം വില്‍ക്കുകയും ചെയ്താല്‍ അവന്‍റെ അടുത്ത ചാര്‍ച്ചക്കാരന് ആ സ്ഥലം വീണ്ടെടുക്കാം.26 വസ്തു വീണ്ടെടുക്കാന്‍ അടുത്ത ചാര്‍ച്ചക്കാരന്‍ ഇല്ലെന്നിരിക്കട്ടെ, വിറ്റവന്‍തന്നെ പിന്നീട് അഭിവൃദ്ധി പ്രാപിച്ചു വസ്തു വീണ്ടെടുക്കാന്‍ കഴിവു നേടിയാല്‍,
27 വിറ്റ കാലംമുതല്‍ വര്‍ഷം കണക്കാക്കി വസ്തു വാങ്ങിയവനു ചെല്ലേണ്ട അധികത്തുക മടക്കിക്കൊടുത്ത് അവകാശം വീണ്ടെടുക്കണം.
28 അവന്‍ അതിനു കഴിവു നേടുന്നില്ലെങ്കില്‍ അടുത്ത ജൂബിലിവര്‍ഷംവരെ വസ്തു വാങ്ങിയവന്‍റെ കൈയില്‍ ഇരിക്കും. ജൂബിലിവര്‍ഷത്തില്‍ അവകാശിക്ക് ഒഴിഞ്ഞുകൊടുക്കണം.
29
മതില്‍ കെട്ടി സുരക്ഷിതമാക്കിയ പട്ടണത്തിലെ വീടു വിറ്റാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ അതു വീണ്ടെടുക്കാന്‍ വിറ്റയാള്‍ക്ക് അവകാശമുണ്ട്.30 ഒരു വര്‍ഷത്തിനുള്ളില്‍ വീണ്ടെടുക്കുന്നില്ലെങ്കില്‍ വാങ്ങിയവനും പിന്‍തലമുറകള്‍ക്കും അതു സ്ഥിരമായി ലഭിക്കും. ജൂബിലിവര്‍ഷം അത് ഒഴിഞ്ഞു കൊടുക്കേണ്ടതില്ല.
31 മതിലുകള്‍ ഇല്ലാത്ത ഗ്രാമത്തിലെ വീടുകള്‍ നിലത്തിനു തുല്യമായി കരുതണം. അതു വീണ്ടെടുക്കാം. ജൂബിലിവര്‍ഷം അതു വിട്ടുകൊടുക്കണം.
32 എന്നാല്‍ ലേവ്യരുടെ പട്ടണങ്ങളും അവിടെ അവര്‍ക്ക് അവകാശമായി ലഭിച്ചിട്ടുള്ള വീടുകളും അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും വീണ്ടെടുക്കാം.
33 വീണ്ടെടുക്കുവാനുള്ള അവകാശം ലേവ്യര്‍ ഉപയോഗിക്കുന്നില്ലെങ്കിലും ജൂബിലിവര്‍ഷത്തില്‍ അതു വിട്ടുകൊടുക്കണം. ലേവ്യപട്ടണങ്ങളിലുള്ള വീടുകള്‍ ഇസ്രായേല്‍ജനങ്ങളുടെ ഇടയില്‍ ലേവ്യര്‍ക്ക് അവകാശമായി ലഭിച്ചിട്ടുള്ളതാണ്.
34 അവര്‍ തങ്ങളുടെ പട്ടണങ്ങളോടു ചേര്‍ന്നു കിടക്കുന്ന മേച്ചില്‍സ്ഥലങ്ങള്‍ വില്‍ക്കരുത്; അത് അവര്‍ക്ക് സ്ഥിരാവകാശമായി ലഭിച്ചതാണ്.
35
ദരിദ്രനും സ്വയം പോറ്റാന്‍ കഴിവില്ലാത്തവനുമായ ഒരു ഇസ്രായേല്യസഹോദരന്‍ നിങ്ങളുടെ കൂട്ടത്തില്‍ ഉണ്ടെങ്കില്‍ നിങ്ങളുടെ കൂടെ പാര്‍ക്കുന്ന അന്യനെയും പരദേശിയെയുംപോലെ അവനെ പുലര്‍ത്തണം.36 അവനോടു പലിശയോ ലാഭമോ ഈടാക്കരുത്. നിന്‍റെ ദൈവത്തെ ഭയപ്പെടുക, അവന്‍ നിന്‍റെ അടുത്തുതന്നെ പാര്‍ക്കട്ടെ.
37 പലിശ മോഹിച്ച് നീ അവനു കടം കൊടുക്കരുത്. അവനു ഭക്ഷണം കൊടുക്കുന്നതു ലാഭം കൊതിച്ചാകരുത്.
38 നിങ്ങളുടെ ദൈവമായിരിക്കാനും നിങ്ങള്‍ക്കു കനാന്‍ദേശം നല്‌കാനുമായി നിങ്ങളെ ഈജിപ്തില്‍നിന്നു മോചിപ്പിച്ചു കൊണ്ടുവന്ന ഞാന്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനാകുന്നു.
39
നിങ്ങളുടെ കൂട്ടത്തിലുള്ള ഒരു ഇസ്രായേല്യസഹോദരന്‍ ദാരിദ്ര്യംകൊണ്ട് സ്വയം വിറ്റാല്‍ അവനെക്കൊണ്ട് അടിമവേല ചെയ്യിക്കരുത്.40 അടുത്ത ജൂബിലിവര്‍ഷംവരെ കൂലിവേലക്കാരനെപ്പോലെയോ നിങ്ങളുടെ ഇടയില്‍ പാര്‍ക്കുന്ന പരദേശിയെപ്പോലെയോ അവന്‍ നിന്നെ സേവിക്കട്ടെ.
41 പിന്നീട് അവനു മക്കളുമായി നിന്നെ വിട്ടു സ്വന്തകുടുംബത്തിലേക്കു മടങ്ങിച്ചെന്ന് പിതൃസ്വത്ത് സ്വന്തമാക്കാം.
42 ഈജിപ്തില്‍നിന്ന് ഞാന്‍ വിടുവിച്ചു കൊണ്ടുവന്ന എന്‍റെ ദാസന്മാരാണു നിങ്ങള്‍. അതിനാല്‍ അടിമയായി അവന്‍ വില്‍ക്കപ്പെടരുത്. അവനോടു നിര്‍ദ്ദയം പെരുമാറരുത്.
43 നിന്‍റെ ദൈവത്തെ ഭയപ്പെടുക.
44 ചുറ്റുമുള്ള ജനതകളില്‍നിന്നു സ്‍ത്രീകളെയോ പുരുഷന്മാരെയോ അടിമകളായി നിങ്ങള്‍ക്കു വാങ്ങാം.
45 നിങ്ങളുടെ ഇടയില്‍ പാര്‍ക്കുന്ന പരദേശികളില്‍നിന്നോ, നിങ്ങളുടെ ദേശത്തുവച്ച് അവരുടെ കുടുംബങ്ങളില്‍ ജനിച്ചവരില്‍നിന്നോ നിങ്ങള്‍ക്ക് അടിമകളെ സ്വീകരിക്കാം. അവര്‍ നിങ്ങളുടെ അവകാശമായിരിക്കും.
46 നിങ്ങളുടെ പിന്‍തലമുറക്കാര്‍ക്കും അവരെ ശാശ്വതമായി അവകാശമാക്കാം. അവരെ നിങ്ങള്‍ക്ക് അടിമകളായി എടുക്കാം. എന്നാല്‍ നിങ്ങള്‍ ഇസ്രായേല്യസഹോദരന്മാരോടു നിര്‍ദ്ദയം പെരുമാറരുത്.
47
നിങ്ങളുടെ ഇടയില്‍ പാര്‍ക്കുന്ന അന്യനോ പരദേശിയോ ധനവാനായിത്തീരുകയും, അയാളുടെ അടുത്തു താമസിക്കുന്ന നിന്‍റെ ഇസ്രായേല്യസഹോദരന്‍ ദരിദ്രനായിത്തീരുകയും ചെയ്തു എന്നിരിക്കട്ടെ. ആ സഹോദരന്‍ ധനികനായിത്തീര്‍ന്ന അന്യനോ പരദേശിക്കോ അയാളുടെ കുടുംബത്തില്‍പ്പെട്ട മറ്റാര്‍ക്കെങ്കിലുമോ,48 [48,49] തന്നെത്തന്നെ വിറ്റാല്‍, അവന്‍റെ സ്വന്തസഹോദരനോ പിതൃസഹോദരനോ പിതൃസഹോദരപുത്രനോ അവന്‍റെ കുടുംബത്തില്‍പ്പെട്ട അടുത്ത ചാര്‍ച്ചക്കാരില്‍ ആര്‍ക്കെങ്കിലുമോ അവനെ വീണ്ടെടുക്കാം. ധനവാനായിത്തീര്‍ന്നാല്‍ അവനു തന്നെത്തന്നെ വീണ്ടെടുക്കാം.
49
50 വിറ്റ വര്‍ഷംമുതല്‍ അടുത്ത ജൂബിലിവര്‍ഷംവരെയുള്ള വര്‍ഷങ്ങള്‍ കണക്കാക്കി വാങ്ങിയവനുമായി കണക്കു തീര്‍ക്കണം. വാങ്ങിയവന്‍റെ വീട്ടില്‍ അവന്‍ പാര്‍ത്തിരുന്ന കാലം കൂലിവേലക്കാരനായി കരുതപ്പെടണം.
51 വേല ചെയ്യാനുള്ള കാലം ബാക്കിയുണ്ടെങ്കില്‍ അതനുസരിച്ച് വീണ്ടെടുപ്പുവില അവനു കൂലിയായി ലഭിച്ച തുകയില്‍നിന്നു തിരിച്ചു കൊടുക്കണം.
52 ജൂബിലിവര്‍ഷത്തിനു കുറച്ചു വര്‍ഷങ്ങളേ ഉള്ളെങ്കില്‍ അതനുസരിച്ചുമാത്രം വീണ്ടെടുപ്പുവില വാങ്ങിയവനു കൊടുത്താല്‍ മതി.
53 ആണ്ടുതോറും കൂലിക്കെടുക്കുന്ന വേലക്കാരനെപ്പോലെ അവന്‍ വാങ്ങിയവന്‍റെ കൂടെ കഴിയണം. വാങ്ങിയവന്‍ അവനോട് നിര്‍ദ്ദയം പെരുമാറരുത്.
54 ഈ വിധത്തിലൊന്നും അവന്‍ വീണ്ടെടുക്കപ്പെടുന്നില്ലെങ്കില്‍ ജൂബിലിവര്‍ഷം അവനും മക്കളും സ്വതന്ത്രരാകും.
55 ഈജിപ്തില്‍നിന്നു ഞാന്‍ വിമോചിപ്പിച്ചു കൊണ്ടുവന്ന എന്‍റെ ദാസന്മാരാണ് ഇസ്രായേല്‍ജനം. ഞാന്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനാകുന്നു.
1
ആരാധനയ്‍ക്കായി വിഗ്രഹങ്ങളോ കൊത്തുരൂപമോ ഉണ്ടാക്കരുത്; സ്തംഭം നാട്ടരുത്; രൂപം കൊത്തിയ യാതൊരു കല്ലും നിങ്ങളുടെ ദേശത്തു സ്ഥാപിക്കുകയുമരുത്.2 ഞാന്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനാകുന്നു. എന്‍റെ ശബത്തുകള്‍ ആചരിക്കുക; വിശുദ്ധമന്ദിരത്തെ ബഹുമാനിക്കുക; ഞാന്‍ സര്‍വേശ്വരനാകുന്നു.
3
എന്‍റെ ചട്ടങ്ങള്‍ പാലിക്കുകയും കല്പനകള്‍ അനുസരിക്കുകയും ചെയ്താല്‍4 യഥാകാലം ഞാന്‍ നിങ്ങള്‍ക്കു മഴ തരികയും ഭൂമി വിളവു നല്‌കുകയും വൃക്ഷങ്ങള്‍ സമൃദ്ധമായ ഫലം തരികയും ചെയ്യും.
5 നിങ്ങളുടെ ധാന്യ വിളവെടുപ്പ് മുന്തിരിപ്പഴം പറിക്കുന്നതുവരെയും, മുന്തിരി വിളവെടുപ്പ് അടുത്ത വിതക്കാലംവരെയും നീണ്ടുനില്‌ക്കും. നിങ്ങള്‍ തൃപ്തിയാകുവോളം ഭക്ഷിച്ച്, ദേശത്തു സുരക്ഷിതരായി പാര്‍ക്കും.
6 നിങ്ങളുടെ ദേശത്തു ഞാന്‍ സമാധാനം സ്ഥാപിക്കും; നിങ്ങള്‍ നിര്‍ഭയരായി കിടന്നുറങ്ങും. ദുഷ്ടമൃഗങ്ങളെ ഞാന്‍ നാട്ടില്‍നിന്നു തുരത്തും. നിങ്ങളുടെ ദേശത്തു യുദ്ധം ഉണ്ടാകുകയില്ല.
7 നിങ്ങളുടെ ശത്രുക്കളെ ഞാന്‍ പിന്തുടര്‍ന്നോടിക്കും. അവര്‍ നിങ്ങളുടെ മുമ്പില്‍ വാളിനിരയായി വീഴും.
8 നിങ്ങളില്‍ അഞ്ചു പേര്‍ നൂറു പേരെയും, നൂറു പേര്‍ പതിനായിരം പേരെയും പിന്തുടര്‍ന്നോടിക്കും. നിങ്ങളുടെ ശത്രുക്കള്‍ നിങ്ങളുടെ മുമ്പില്‍ വാളിനിരയായിത്തീരും.
9 ഞാന്‍ നിങ്ങളെ കടാക്ഷിക്കും; നിങ്ങളെ സന്താനസമ്പന്നരാക്കും. നിങ്ങളോടുള്ള എന്‍റെ ഉടമ്പടി സ്ഥിരീകരിക്കും.
10 നിങ്ങള്‍ക്കു ഭക്ഷിക്കാന്‍ പഴയ ധാന്യശേഖരം ധാരാളമുണ്ടായിരിക്കും. പുതിയ വിളവു സംഭരിക്കാന്‍ പഴയതു നീക്കേണ്ടിവരും.
11 ഞാന്‍ നിങ്ങളുടെ ഇടയില്‍ വസിക്കും; ഞാന്‍ നിങ്ങളെ ഉപേക്ഷിക്കയില്ല.
12 ഞാന്‍ എപ്പോഴും നിങ്ങളുടെ ഇടയില്‍ വ്യാപരിക്കും. ഞാന്‍ നിങ്ങള്‍ക്കു ദൈവവും നിങ്ങള്‍ എന്‍റെ ജനവുമായിരിക്കും.
13 ഈജിപ്തിലുള്ള നിങ്ങളുടെ അടിമത്തം അവസാനിപ്പിച്ച് അവിടെനിന്നു നിങ്ങളെ കൊണ്ടുവന്ന ഞാന്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനാകുന്നു. ഞാന്‍ നിങ്ങളുടെ നുകം തകര്‍ത്ത് തല ഉയര്‍ത്തി നടക്കുമാറാക്കി.
14
നിങ്ങള്‍ എന്‍റെ വാക്കു കേള്‍ക്കാതെയും എന്‍റെ കല്പനകള്‍ പാലിക്കാതെയും ജീവിച്ചാല്‍,15 എന്‍റെ ചട്ടങ്ങള്‍ നിരാകരിക്കുകയും എന്‍റെ കല്പനകള്‍ അനുസരിക്കാതെ എന്‍റെ ഉടമ്പടി ലംഘിക്കുകയും ചെയ്താല്‍, ഞാന്‍ നിങ്ങളോട് ഇങ്ങനെ ചെയ്യും:
16 ഞാന്‍ നിങ്ങളുടെമേല്‍ ഭീതി വരുത്തും. കാഴ്ച കെടുത്തുന്നതും ജീവനാശം വരുത്തുന്നതുമായ ക്ഷയവും ജ്വരവും ഞാന്‍ അയയ്‍ക്കും. നിങ്ങള്‍ വിതയ്‍ക്കുന്നതു വ്യര്‍ഥമാകും. നിങ്ങളുടെ ശത്രുക്കളായിരിക്കും അതു ഭക്ഷിക്കുക.
17 ഞാന്‍ നിങ്ങള്‍ക്കെതിരെ മുഖം തിരിക്കും; ശത്രുക്കളുടെ മുമ്പില്‍ നിങ്ങള്‍ വീണുപോകും. നിങ്ങളുടെ ശത്രുക്കള്‍ നിങ്ങളുടെമേല്‍ വാഴും. ആരും പിന്തുടരാത്തപ്പോഴും നിങ്ങള്‍ വിരണ്ടോടും.
18 എന്നിട്ടും നിങ്ങള്‍ എന്നെ അനുസരിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ പാപങ്ങള്‍ക്കുള്ള ശിക്ഷ ഏഴിരട്ടിയായി ഞാന്‍ വര്‍ധിപ്പിക്കും.
19 ശക്തിയിലുള്ള നിങ്ങളുടെ അഹങ്കാരം ഞാന്‍ തകര്‍ക്കും. ഞാന്‍ നിങ്ങള്‍ക്കു മഴ നല്‌കാതിരിക്കും. അങ്ങനെ നിങ്ങളുടെ ആകാശം ഇരുമ്പുപോലെയും, ഭൂമി പിത്തളപോലെയും കഠിനമാകും.
20 നിങ്ങളുടെ പ്രയത്നം വ്യര്‍ഥമാകും. ഭൂമി നിങ്ങള്‍ക്ക് വിളവു തരികയില്ല. വൃക്ഷങ്ങള്‍ ഫലം നല്‌കുകയുമില്ല.
21 എന്നിട്ടും എന്‍റെ വാക്ക് ശ്രദ്ധിക്കാതെ അതിനു വിരുദ്ധമായി ജീവിതം തുടര്‍ന്നാല്‍ ഞാന്‍ നിങ്ങളുടെമേല്‍ കൂടുതല്‍ ബാധകള്‍ വരുത്തും. നിങ്ങളുടെ പാപങ്ങള്‍ക്ക് ഏഴു മടങ്ങു ശിക്ഷ നല്‌കും.
22 ഹിംസ്രജന്തുക്കളെ നിങ്ങളുടെ നേരേ അഴിച്ചു വിടും; അവ നിങ്ങളുടെ കുട്ടികളെ കൊന്നൊടുക്കും; കന്നുകാലികളെ നശിപ്പിക്കും; നിങ്ങളുടെ എണ്ണം കുറയും; നിങ്ങളുടെ പാതകള്‍ വിജനമാകും.
23 ഈ ശിക്ഷകള്‍കൊണ്ടും നിങ്ങള്‍ എങ്കലേക്കു തിരിയാതെ എനിക്കു വിരുദ്ധമായി നടന്നാല്‍
24 ഞാനും നിങ്ങള്‍ക്കെതിരായി തിരിഞ്ഞ് നിങ്ങളുടെ പാപങ്ങള്‍ക്കുള്ള ശിക്ഷ ഏഴിരട്ടിയാക്കും.
25 എന്‍റെ ഉടമ്പടി ലംഘിച്ചതിനു പ്രതികാരമായി ഞാന്‍ നിങ്ങളെ വാള്‍കൊണ്ടു ശിക്ഷിക്കും. സ്വന്തം പട്ടണങ്ങളില്‍ അഭയം തേടിയാല്‍ നിങ്ങളുടെ മധ്യേ ഞാന്‍ മഹാമാരി അയയ്‍ക്കും. നിങ്ങള്‍ ശത്രുക്കള്‍ക്കു കീഴടങ്ങേണ്ടിവരും.
26 ഞാന്‍ നിങ്ങള്‍ക്ക് ക്ഷാമം വരുത്തും. പത്തു സ്‍ത്രീകള്‍ ഒരടുപ്പില്‍ പാകം ചെയ്യും; അവര്‍ നിങ്ങള്‍ക്കു തൂക്കി അളന്നേ തരൂ. നിങ്ങള്‍ക്കു തൃപ്തി വരികയുമില്ല.
27
എന്നിട്ടും നിങ്ങള്‍ എന്നെ അനുസരിക്കാതെ എനിക്കെതിരായി പ്രവര്‍ത്തിച്ചാല്‍,28 ഞാന്‍ ഉഗ്രരോഷത്തോടെ നിങ്ങള്‍ക്കെതിരായി നീങ്ങും. നിങ്ങളുടെ പാപങ്ങള്‍ക്കുള്ള ശിക്ഷ ഞാന്‍ വീണ്ടും ഏഴിരട്ടിയാക്കും.
29 സ്വന്തം മക്കളുടെ മാംസം നിങ്ങള്‍ക്കു ഭക്ഷിക്കേണ്ടിവരും.
30 നിങ്ങളുടെ പൂജാഗിരികളും ധൂപപീഠങ്ങളും ഞാന്‍ നശിപ്പിക്കും. തകര്‍ന്ന വിഗ്രഹങ്ങളുടെമേല്‍ ഞാന്‍ നിങ്ങളുടെ ശവശരീരങ്ങള്‍ എറിയും.
31 ഞാന്‍ നിങ്ങളെ വെറുക്കും. നിങ്ങളുടെ പട്ടണങ്ങള്‍ ഞാന്‍ ശൂന്യമാക്കും; നിങ്ങളുടെ ആരാധനാസ്ഥലങ്ങള്‍ വിജനമാക്കും. നിങ്ങളുടെ സുഗന്ധനിവേദ്യം ഞാന്‍ സ്വീകരിക്കുകയില്ല.
32 നിങ്ങളുടെ ദേശത്തു വസിക്കുന്ന ശത്രുക്കള്‍പോലും ആശ്ചര്യപ്പെടുമാറ് ഞാന്‍ അതിനെ ശൂന്യമാക്കും.
33 ജനതകളുടെ ഇടയില്‍ ഞാന്‍ നിങ്ങളെ ചിതറിക്കും; ഞാന്‍ വാളൂരി നിങ്ങളെ പിന്തുടരും. നിങ്ങളുടെ ദേശം ശൂന്യമായും നിങ്ങളുടെ നഗരങ്ങള്‍ പാഴായും തീരും.
34 നിങ്ങള്‍ ശത്രുദേശത്തു പ്രവാസികളായി കഴിയുമ്പോള്‍ ആളൊഴിഞ്ഞ നിങ്ങളുടെ ദേശം സ്വസ്ഥത ആസ്വദിക്കും; നിര്‍ജ്ജനമായിരിക്കുന്ന കാലത്തായിരിക്കും അതിന്‍റെ ശബത്താചരണം.
35 നിങ്ങള്‍ വസിച്ചിരുന്നപ്പോള്‍ ദേശത്തിനു ലഭിക്കാതിരുന്ന വിശ്രമം ശൂന്യമായി കിടക്കുമ്പോള്‍ അതിനു ലഭിക്കും.
36 നിങ്ങളില്‍ ശേഷിക്കുന്നവര്‍ ശത്രുദേശത്തു പ്രവാസികളായി കഴിയുമ്പോള്‍ അവരുടെ ഉള്ളില്‍ ഞാന്‍ ഭീതി ഉളവാക്കും. ഒരു കരിയില അനങ്ങിയാല്‍ അവര്‍ പേടിച്ചോടും. വാളില്‍നിന്നു രക്ഷപെടാന്‍ എന്നതുപോലെ അവര്‍ ഓടും. ആരും പിന്തുടരുന്നില്ലെങ്കിലും അവര്‍ ഓടി ഇടറിവീഴും.
37 ആരും പിന്തുടരാത്തപ്പോഴും വാളില്‍നിന്നു രക്ഷപെടാനെന്നവിധം അവര്‍ ഓടും. അവര്‍ പരസ്പരം കൂട്ടിമുട്ടി വീഴും. ശത്രുക്കളെ നേരിടാന്‍ നിങ്ങള്‍ക്കു കഴികയില്ല. വിദേശത്തു നിങ്ങള്‍ മരിക്കും.
38 ശത്രുക്കളുടെ നാട് നിങ്ങളെ വിഴുങ്ങിക്കളയും.
39 നിങ്ങളില്‍ ശേഷിക്കുന്നവര്‍ തങ്ങളുടെ ദുഷ്കൃത്യങ്ങള്‍ മൂലം ശത്രുരാജ്യത്തു നശിച്ചുപോകും. പിതാക്കന്മാരുടെ ദുഷ്കൃത്യങ്ങള്‍ മൂലം അവര്‍ അവരെപ്പോലെ നാശമടയും.
40 [40,41] അവരും അവരുടെ പിതാക്കന്മാരും എന്നോടു കാണിച്ച അവിശ്വസ്തതയും എനിക്കെതിരെ പ്രവര്‍ത്തിച്ച ദുഷ്കൃത്യങ്ങളും നിമിത്തം എനിക്ക് അവരോട് അനിഷ്ടം തോന്നുകയും ഞാന്‍ അവരെ ശത്രുദേശത്ത് പ്രവാസികളായി അയയ്‍ക്കുകയും ചെയ്തു. ഇപ്പോഴെങ്കിലും അവര്‍ തെറ്റ് ഏറ്റുപറഞ്ഞ് വിനീതഹൃദയരായി തങ്ങളുടെ അകൃത്യത്തിനു പ്രായശ്ചിത്തം ചെയ്താല്‍,
41
42 അബ്രഹാമിനോടും, യാക്കോബിനോടും ചെയ്ത എന്‍റെ ഉടമ്പടി ഞാന്‍ ഓര്‍ക്കും; ദേശം നല്‌കുമെന്നുള്ള വാഗ്ദാനം ഞാന്‍ അനുസ്മരിക്കും.
43 അവര്‍ വിട്ടുപോയതിനാല്‍ ശൂന്യമായിത്തീര്‍ന്ന ദേശം വിശ്രമം അനുഭവിക്കും. എന്‍റെ ചട്ടങ്ങള്‍ ധിക്കരിച്ച് എന്‍റെ കല്പനകള്‍ വെറുത്തു ദുഷ്കൃത്യം ചെയ്തതിന് അവര്‍ തക്കപരിഹാരം ചെയ്യണം.
44 എങ്കിലും അവര്‍ ശത്രുദേശത്തായിരിക്കുമ്പോള്‍, അവരെ ഉന്മൂലനം ചെയ്യാനും എന്‍റെ ഉടമ്പടി ലംഘിക്കാനും തക്കവിധം ഞാന്‍ അവരെ ദ്വേഷിക്കുകയോ നശിപ്പിക്കുകയോ ചെയ്യുകയില്ല. ഞാന്‍ അവരുടെ ദൈവമായ സര്‍വേശ്വരനാകുന്നു.
45 അന്യജനതകള്‍ കാണ്‍കെ ഈജിപ്തില്‍നിന്നു ഞാന്‍ കൂട്ടിക്കൊണ്ടുവന്ന അവരുടെ പൂര്‍വപിതാക്കന്മാരോടു ചെയ്ത ഉടമ്പടി അവര്‍ക്കുവേണ്ടി ഞാന്‍ ഓര്‍ക്കും. അങ്ങനെ ഞാന്‍ അവരുടെ ദൈവമായിരിക്കും. ഞാനാകുന്നു സര്‍വേശ്വരന്‍.
46
സീനായ് മലയില്‍വച്ച് മോശ മുഖേന സര്‍വേശ്വരന്‍ ഇസ്രായേല്‍ജനങ്ങള്‍ക്ക് നല്‌കിയ ചട്ടങ്ങളും കല്പനകളും ഇവയാകുന്നു.1
സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു:2 “ഇസ്രായേല്‍ജനത്തോടു പറയുക. ആരെങ്കിലും ഒരു വ്യക്തിയെ പ്രത്യേക വഴിപാടായി സര്‍വേശ്വരനു സമര്‍പ്പിക്കുകയാണെങ്കില്‍ അവന്‍റെ വില കണക്കാക്കേണ്ടത് ഇങ്ങനെയാണ്.
3 ഇരുപതിനും അറുപതിനും മധ്യേ പ്രായമുള്ള പുരുഷന്‍റെ മതിപ്പുവില വിശുദ്ധമന്ദിരത്തിലെ തോതനുസരിച്ച് അമ്പതു ശേക്കെല്‍ വെള്ളി.
4 സ്‍ത്രീയാണെങ്കില്‍ മുപ്പതു ശേക്കെല്‍ വെള്ളി.
5 അഞ്ചുമുതല്‍ ഇരുപതു വയസ്സുവരെയുള്ള ആണിന് ഇരുപതും പെണ്ണിനു പത്തും ശേക്കെല്‍ വെള്ളി.
6 ഒരു മാസംമുതല്‍ അഞ്ചു വയസ്സുവരെ പ്രായമുള്ള ആണ്‍കുട്ടിക്ക് അഞ്ചും; പെണ്‍കുട്ടിക്കു മൂന്നും ശേക്കെല്‍ മതിപ്പുവില കൊടുക്കണം.
7 അറുപതുമുതല്‍ മേലോട്ടു പ്രായമുള്ള പുരുഷനു പതിനഞ്ചും സ്‍ത്രീക്കു പത്തും ശേക്കെല്‍ വെള്ളി ആയിരിക്കണം മതിപ്പുവില.
8 എന്നാല്‍ മതിപ്പുവില കൊടുക്കാന്‍ നിവൃത്തിയില്ലാത്തവിധം ഒരാള്‍ ദരിദ്രനായിത്തീര്‍ന്നാല്‍ അയാളെ പുരോഹിതന്‍റെ മുമ്പില്‍ കൊണ്ടുവരണം. വഴിപാടു കഴിച്ചവന്‍റെ കഴിവിനൊത്ത് ഒരു വില പുരോഹിതന്‍ നിശ്ചയിക്കും.
9
സര്‍വേശ്വരനു വഴിപാടായി അര്‍പ്പിക്കുന്നത് ഒരു മൃഗത്തെയാണെങ്കില്‍, ആ മൃഗം സര്‍വേശ്വരനു വിശുദ്ധമായിരിക്കും.10 അതിനെ മറ്റൊന്നുമായി വച്ചുമാറരുത്. നല്ലതിനു പകരം ചീത്തയോ, ചീത്തയ്‍ക്കു പകരം നല്ലതോ വയ്‍ക്കരുത്. ഒരു മൃഗത്തിനു പകരം മറ്റൊന്നിനെ കൊടുത്താല്‍ രണ്ടും സര്‍വേശ്വരനുള്ളതായിരിക്കും.
11 സര്‍വേശ്വരന് അര്‍പ്പിച്ചുകൂടാത്ത അശുദ്ധമൃഗത്തെയാണു വഴിപാടര്‍പ്പിക്കുന്നതെങ്കില്‍ അതിനെ പുരോഹിതന്‍റെ മുമ്പില്‍ കൊണ്ടുവരണം.
12 നന്മതിന്മകള്‍ കണക്കാക്കി പുരോഹിതന്‍ അതിനു വില നിശ്ചയിക്കും. പുരോഹിതനായ നീ നിശ്ചയിക്കുന്നതുതന്നെ അതിന്‍റെ വില.
13 അതിനെ വീണ്ടെടുക്കണമെങ്കില്‍ മതിപ്പുവിലയും അതിന്‍റെ അഞ്ചിലൊന്നും കൊടുക്കണം.
14
ഒരാള്‍ തന്‍റെ വീട് സര്‍വേശ്വരനു സമര്‍പ്പിച്ചാല്‍ അതിന്‍റെ ഗുണദോഷങ്ങള്‍ നോക്കി പുരോഹിതന്‍ വില നിശ്ചയിക്കണം. പുരോഹിതന്‍ നിശ്ചയിക്കുന്നതുതന്നെ അതിന്‍റെ വില.15 വീടു സമര്‍പ്പിച്ചവന്‍ അതു വീണ്ടെടുക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ മതിപ്പുവിലയോടുകൂടി അഞ്ചിലൊന്നു ചേര്‍ത്തു കൊടുക്കണം. അപ്പോള്‍ വീട് അവന്‍റേതായിത്തീരും.
16
ഒരുവന്‍ തനിക്ക് അവകാശമായി ലഭിച്ച നിലത്തില്‍ ഒരു ഭാഗം സര്‍വേശ്വരനു സമര്‍പ്പിച്ചാല്‍ അതിന്‍റെ മതിപ്പുവില നിശ്ചയിക്കേണ്ടത് വിതയ്‍ക്കുന്നതിനുവേണ്ട വിത്തിന്‍റെ അളവനുസരിച്ചാണ്. ഒരു ഹോമര്‍ ബാര്‍ലി വിതയ്‍ക്കാവുന്ന നിലത്തിനു വില അമ്പതു ശേക്കെല്‍ വെള്ളി.17 നിലം സമര്‍പ്പിക്കുന്നതു ജൂബിലിവര്‍ഷമാണെങ്കില്‍ മുഴുവന്‍ വിലയും കൊടുക്കണം.
18 ജൂബിലിവര്‍ഷത്തിനു ശേഷമാണെങ്കില്‍ അടുത്ത ജൂബിലിവരെയുള്ള വര്‍ഷങ്ങള്‍ കണക്കാക്കി പുരോഹിതന്‍ മതിപ്പുവിലയില്‍ ഇളവ് അനുവദിക്കണം.
19 നിലം സമര്‍പ്പിച്ചവന് അതു വീണ്ടെടുക്കണമെങ്കില്‍ വിലയോടുകൂടി അഞ്ചിലൊന്നു ചേര്‍ത്തു കൊടുത്താല്‍ മതി; അത് അവനു ലഭിക്കും.
20 എന്നാല്‍ നിലം വീണ്ടെടുക്കാതിരിക്കുകയോ, മറ്റൊരാളിനു വില്‍ക്കുകയോ ചെയ്താല്‍ പിന്നീടു വീണ്ടെടുക്കാവുന്നതല്ല.
21 എന്നാല്‍ ജൂബിലിവര്‍ഷം അത് സ്വതന്ത്രമാകുമ്പോള്‍ സമര്‍പ്പിത വസ്തു എന്നപോലെ സര്‍വേശ്വരനുള്ളതായിരിക്കും. അതു സര്‍വേശ്വരനു വിശുദ്ധമാണ്. അതിന്‍റെ അവകാശം പുരോഹിതനുള്ളതാണ്.
22 അവകാശമായി ലഭിക്കാതെ വിലകൊടുത്തു വാങ്ങിയ നിലം ദൈവത്തിനു അര്‍പ്പിച്ചാല്‍,
23 പുരോഹിതന്‍ അടുത്ത ജൂബിലിവരെയുള്ള വര്‍ഷങ്ങള്‍ കണക്കാക്കി വില നിശ്ചയിക്കണം. മതിപ്പുവില അന്നുതന്നെ സര്‍വേശ്വരനു സമര്‍പ്പിക്കണം. അതു സര്‍വേശ്വരനു വിശുദ്ധമായിരിക്കും.
24 ജൂബിലിവര്‍ഷമാകുമ്പോള്‍ മുന്നുടമയ്‍ക്കുതന്നെ ആ നിലം തിരികെ കൊടുക്കണം.
25 മതിപ്പുവില കണക്കാക്കുന്നത് വിശുദ്ധമന്ദിരത്തിലെ നിരക്കനുസരിച്ച് ശേക്കെലിന് ഇരുപതു ഗേരാ വെള്ളി ആയിരിക്കണം.
26
മൃഗങ്ങളുടെ കടിഞ്ഞൂല്‍കുട്ടികള്‍ സര്‍വേശ്വരനുള്ളതാകയാല്‍ അവയെ സര്‍വേശ്വരനു സമര്‍പ്പിക്കരുത്. മാടായാലും ആടായാലും അതു സര്‍വേശ്വരനുള്ളതാകുന്നു.27 അശുദ്ധമൃഗമാണെങ്കില്‍ മതിപ്പുവിലയും അതിന്‍റെ അഞ്ചിലൊന്നുംകൂടി കൊടുത്ത് അതിനെ വീണ്ടെടുക്കണം. വീണ്ടെടുക്കുന്നില്ലെങ്കില്‍ അതിനെ മതിപ്പുവിലയ്‍ക്കു വില്‍ക്കാം.
28 ഉഴിഞ്ഞു സമര്‍പ്പിച്ചതൊന്നും-മനുഷ്യനോ, മൃഗമോ, അവകാശപ്പെട്ട നിലമോ-ആകട്ടെ വില്‍ക്കാനും വീണ്ടെടുക്കാനും പാടില്ല. അവ സര്‍വേശ്വരന് അതിവിശുദ്ധമാകുന്നു.
29 ഉഴിഞ്ഞു സമര്‍പ്പിച്ചതു മനുഷ്യനെ ആയാല്‍പോലും വീണ്ടെടുത്തുകൂടാ; അയാളെ വധിക്കണം.
30
നിലത്തിലെ ധാന്യങ്ങളും വൃക്ഷങ്ങളും ഉള്‍പ്പെടെ എല്ലാ വിളവിന്‍റെയും ദശാംശം സര്‍വേശ്വരനുള്ളതാണ്. അതു സര്‍വേശ്വരനു വിശുദ്ധമാകുന്നു.31 ദശാംശത്തിന്‍റെ ഒരു ഭാഗം വീണ്ടെടുക്കാന്‍ ആരെങ്കിലും ആഗ്രഹിക്കുന്നെങ്കില്‍ അതിന്‍റെ വിലയോടുകൂടി അഞ്ചിലൊന്നു കൂടി കൊടുത്തു വീണ്ടെടുക്കാം.
32 ആടായാലും മാടായാലും ഇടയന്‍റെ സംരക്ഷണത്തിലുള്ള എല്ലാറ്റിന്‍റെയും ദശാംശം സര്‍വേശ്വരനു വിശുദ്ധമാകുന്നു.
33 ദശാംശം സര്‍വേശ്വരനു കൊടുക്കുമ്പോള്‍ നല്ലതും ചീത്തയും വേര്‍തിരിക്കേണ്ടതില്ല. ഒന്നും വച്ചുമാറുകയും അരുത്. വച്ചുമാറിയാല്‍ രണ്ടും സര്‍വേശ്വരനു വിശുദ്ധമായിരിക്കും. അവയെ വീണ്ടെടുക്കാവുന്നതല്ല.”
34
സീനായ് പര്‍വതത്തില്‍വച്ച് ഇസ്രായേല്‍ ജനത്തിനു സര്‍വേശ്വരന്‍ മോശ മുഖേന നല്‌കിയ കല്പനകളാണ് ഇവ.