1

1

യാക്കോബിന്‍റെകൂടെ കുടുംബസമേതം ഈജിപ്തിലേക്കു വന്ന അദ്ദേഹത്തിന്‍റെ പുത്രന്മാര്‍:

2 രൂബേന്‍, ശിമെയോന്‍, ലേവി,

3 യെഹൂദാ, ഇസ്സാഖാര്‍, സെബൂലൂന്‍, ബെന്യാമീന്‍,

4 ദാന്‍, നഫ്താലി, ഗാദ്, ആശേര്‍ എന്നിവരാണ്. യോസേഫ് നേരത്തെതന്നെ ഈജിപ്തില്‍ ആയിരുന്നു.

5 അങ്ങനെ യാക്കോബിന്‍റെ സന്താനങ്ങള്‍ ആകെ എഴുപതു പേര്‍.

6 യോസേഫും സഹോദരന്മാരും ഉള്‍പ്പെട്ട ആ തലമുറയിലെ എല്ലാവരും മരിച്ചു.

7 യാക്കോബിന്‍റെ പിന്‍തലമുറക്കാര്‍ പെരുകി അത്യന്തം പ്രബലരായിത്തീര്‍ന്നു. ദേശം അവരെക്കൊണ്ടു നിറഞ്ഞു.

8

അക്കാലത്തു യോസേഫിനെ അറിയാത്ത ഒരു പുതിയ രാജാവ് ഈജിപ്തില്‍ ഭരണമേറ്റു.

9 അദ്ദേഹം ജനങ്ങളോടു പറഞ്ഞു: “ഇസ്രായേല്‍ജനം എണ്ണത്തില്‍ പെരുകിയിരിക്കുന്നു.

10 അവര്‍ നമ്മെക്കാള്‍ ശക്തരുമാണ്; അവര്‍ ഇനിയും വര്‍ധിക്കാതിരിക്കാന്‍ നാം തന്ത്രപൂര്‍വം പ്രവര്‍ത്തിക്കണം. ഒരു യുദ്ധമുണ്ടായാല്‍ ശത്രുപക്ഷം ചേര്‍ന്ന് അവര്‍ നമ്മോടു പൊരുതുമെന്നു മാത്രമല്ല രാജ്യം വിട്ടുപോയെന്നും വരാം.”

11 അങ്ങനെ ഇസ്രായേല്യരെ കഠിനജോലി ചെയ്യിച്ച് പീഡിപ്പിക്കാന്‍ മേല്‍നോട്ടക്കാരെ നിയമിച്ചു. അവര്‍ ഫറവോയ്‍ക്കുവേണ്ടി പീഥോം, റയംസേസ് എന്നീ ധാന്യസംഭരണനഗരങ്ങള്‍ പണിതു.

12 എന്നാല്‍ പീഡിപ്പിക്കുന്തോറും അവര്‍ വര്‍ധിച്ച് ദേശമെങ്ങും വ്യാപിച്ചു. അതിനാല്‍ ഈജിപ്തുകാര്‍ ഇസ്രായേല്‍ജനത്തെ ഭയപ്പെട്ടു.

13 അവര്‍ ഇസ്രായേല്‍ജനങ്ങളെക്കൊണ്ട് കഠിനവേല ചെയ്യിച്ച് അവരുടെ ജീവിതം ക്ലേശപൂര്‍ണമാക്കി.

14 ഇഷ്‍ടികയും കുമ്മായവും കൊണ്ടുള്ള പണികളും വയലിലെ പണികളും അവര്‍ അവരെക്കൊണ്ടു ചെയ്യിച്ചു. അവര്‍ ചെയ്ത എല്ലാ ജോലികളും കാഠിന്യമുള്ളതായിരുന്നു.

15

ഈജിപ്തിലെ രാജാവ് ശിപ്രാ, പൂവാ എന്നീ രണ്ട് എബ്രായസൂതികര്‍മിണികളോടു കല്പിച്ചു:

16 “നിങ്ങള്‍ പ്രസവശുശ്രൂഷ ചെയ്യുന്ന എബ്രായസ്‍ത്രീകള്‍ക്കു ജനിക്കുന്ന ശിശുക്കള്‍ ആണ്‍കുട്ടികളെങ്കില്‍ അവരെ കൊന്നുകളയുക; പെണ്‍കുട്ടികളെങ്കില്‍ ജീവിച്ചുകൊള്ളട്ടെ.

17 “എന്നാല്‍ ആ സൂതികര്‍മിണികള്‍ ദൈവഭയം ഉള്ളവര്‍ ആയിരുന്നതിനാല്‍ രാജകല്പന പാലിക്കാതെ ആ കുട്ടികളെ ജീവിക്കാന്‍ അനുവദിച്ചു.

18 രാജാവ് സൂതികര്‍മിണികളെ വരുത്തി ചോദ്യം ചെയ്തു. “നിങ്ങള്‍ എന്താണീ ചെയ്യുന്നത്? ആ കുട്ടികളെ ജീവിക്കാന്‍ അനുവദിക്കുന്നോ?”

19 സൂതികര്‍മിണികള്‍ ഫറവോയോടു പറഞ്ഞു: “എബ്രായസ്‍ത്രീകള്‍ ഈജിപ്തുകാരികളെപ്പോലെയല്ല; ഓജസ്സുള്ള അവര്‍ സൂതികര്‍മിണികള്‍ എത്തുംമുമ്പേ പ്രസവിച്ചുകഴിയും.”

20 ദൈവം സൂതികര്‍മിണികളോടു നന്മ ചെയ്തു;

21 അവര്‍ ദൈവഭയമുള്ളവരായിരുന്നതുകൊണ്ട് അവിടുന്ന് അവര്‍ക്ക് സന്താനസമൃദ്ധി നല്‌കി അനുഗ്രഹിച്ചു. ഇസ്രായേല്യര്‍ വര്‍ധിച്ചു പ്രബലരായി.

22 ഫറവോ തന്‍റെ പ്രജകളോടു കല്പിച്ചു: “എബ്രായര്‍ക്കു ജനിക്കുന്ന എല്ലാ ആണ്‍കുട്ടികളെയും നൈല്‍നദിയില്‍ എറിഞ്ഞുകളയുക, പെണ്‍കുട്ടികള്‍ ജീവിച്ചുകൊള്ളട്ടെ.”

2

1

ആ കാലത്ത് ലേവിഗോത്രത്തില്‍പ്പെട്ട ഒരാള്‍ അതേ ഗോത്രത്തില്‍നിന്നുള്ള ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്തു.

2 അവര്‍ക്കൊരു പുത്രന്‍ ജനിച്ചു. ശിശു കോമളനായിരുന്നതിനാല്‍ അമ്മ അവനെ മൂന്നുമാസം ഒളിച്ചുവച്ചു.

3 പിന്നീട് അസാധ്യമെന്നു ബോധ്യമായപ്പോള്‍ അവള്‍ ഞാങ്ങണകൊണ്ട് ഒരു പെട്ടിയുണ്ടാക്കി, വെള്ളം കയറാത്തവിധം അതില്‍ പശയും കീലും തേച്ചു; കുഞ്ഞിനെ അതില്‍ കിടത്തി; നൈല്‍നദിയുടെ തീരത്ത് ഞാങ്ങണയുടെ ഇടയില്‍ വച്ചു.

4 അവന് എന്തു സംഭവിക്കുമെന്ന് അറിയാന്‍ അവന്‍റെ സഹോദരി അല്പം അകലെ കാത്തുനിന്നു.

5 അപ്പോള്‍ ഫറവോയുടെ പുത്രി നദിയില്‍ കുളിക്കാന്‍ വന്നു; അവളുടെ തോഴിമാര്‍ നദീതീരത്തുകൂടി നടന്നു; ഞാങ്ങണയുടെ ഇടയിലിരുന്ന പെട്ടി രാജകുമാരിയുടെ ദൃഷ്‍ടിയില്‍പെട്ടു. അത് എടുത്തുകൊണ്ടുവരാന്‍ അവള്‍ തോഴിയെ അയച്ചു.

6 പെട്ടി തുറന്നപ്പോള്‍ ഒരു ആണ്‍കുഞ്ഞ് കരയുന്നു. രാജകുമാരിക്ക് ആ ശിശുവിനോടു കരുണ തോന്നി. അവള്‍ പറഞ്ഞു: “ഇത് ഒരു എബ്രായശിശുവാണ്.”

7 ശിശുവിന്‍റെ സഹോദരി രാജകുമാരിയെ സമീപിച്ചു ചോദിച്ചു: “ഈ കുട്ടിയെ പാലൂട്ടി വളര്‍ത്താന്‍ ഒരു എബ്രായസ്‍ത്രീയെ ഞാന്‍ കൂട്ടിക്കൊണ്ടു വരണമോ?”

8 “കൊണ്ടുവരിക” എന്നു രാജകുമാരി പറഞ്ഞു. അവള്‍ ഓടിച്ചെന്ന് കുഞ്ഞിന്‍റെ അമ്മയെത്തന്നെ കൂട്ടിക്കൊണ്ടുവന്നു.

9 രാജകുമാരി പറഞ്ഞു: “ഈ കുഞ്ഞിനെ കൊണ്ടുപോയി എനിക്കുവേണ്ടി പാലൂട്ടി വളര്‍ത്തുക. അതിനുള്ള ശമ്പളം ഞാന്‍ തരാം”. ആ സ്‍ത്രീ കുഞ്ഞിനെ കൊണ്ടുപോയി വളര്‍ത്തി.

10 കുഞ്ഞു വളര്‍ന്നപ്പോള്‍ അവള്‍ അവനെ രാജകുമാരിയുടെ അടുക്കല്‍ കൊണ്ടുചെന്നു; അങ്ങനെ അവന്‍ രാജകുമാരിയുടെ പുത്രനായി വളര്‍ന്നു. “ഞാന്‍ അവനെ വെള്ളത്തില്‍നിന്നു വലിച്ചെടുത്തു” എന്നു പറഞ്ഞ് അവള്‍ അവനു മോശ എന്നു പേരിട്ടു.

11

പ്രായപൂര്‍ത്തിയായശേഷം ഒരു ദിവസം മോശ സ്വന്തം ജനങ്ങളുടെ അടുക്കലേക്കു ചെന്നു. അവരുടെ ജോലിയുടെ കാഠിന്യം മോശയ്‍ക്കു ബോധ്യമായി. അപ്പോള്‍ ഒരു എബ്രായനെ ഒരു ഈജിപ്തുകാരന്‍ അടിക്കുന്നതു കണ്ടു.

12 അയാള്‍ ചുറ്റുപാടും നോക്കി. ആരുമില്ലെന്നു കണ്ടപ്പോള്‍ ഈജിപ്തുകാരനെ കൊന്നു മണലില്‍ മറവുചെയ്തു.

13 അടുത്ത ദിവസം രണ്ട് എബ്രായര്‍ തമ്മില്‍ ശണ്ഠകൂടുന്നതു മോശ കണ്ടു. അവരുടെ അടുത്തു ചെന്ന് തെറ്റു ചെയ്തവനോട്: “നിന്‍റെ സഹോദരനെ അടിക്കുന്നത് എന്ത്” എന്നു ചോദിച്ചു.

14 അയാള്‍ പറഞ്ഞു: “ആരാണ് നിന്നെ ഞങ്ങളുടെ മേലധികാരിയും ന്യായാധിപനും ആക്കിയത്? ഈജിപ്തുകാരനെ കൊന്നതുപോലെ എന്നെയും കൊല്ലാന്‍ ഭാവിക്കുകയാണോ?” അപ്പോള്‍ കാര്യം പരസ്യമായല്ലോ എന്നു ചിന്തിച്ചു മോശ ഭയപ്പെട്ടു.

15 ഫറവോ ഈ വിവരം അറിഞ്ഞ് മോശയെ വധിക്കാന്‍ ശ്രമിച്ചു. എന്നാല്‍ മോശ ഫറവോയുടെ പിടിയില്‍പ്പെടാതെ ഒളിച്ചോടി, മിദ്യാന്യരുടെ ദേശത്തു ചെന്നു പാര്‍ത്തു. ഒരു ദിവസം മോശ ഒരു കിണറിനു സമീപം ഇരിക്കുകയായിരുന്നു.

16 മിദ്യാനിലെ പുരോഹിതന് ഏഴു പുത്രിമാര്‍ ഉണ്ടായിരുന്നു. അവര്‍ പിതാവിന്‍റെ ആടുകള്‍ക്കു വെള്ളം കൊടുക്കാന്‍ കിണറിന്‍റെ അടുത്തു വന്ന് വെള്ളം കോരി തൊട്ടികള്‍ നിറച്ചു.

17 എന്നാല്‍ ഇടയന്മാര്‍ വന്ന് അവരെ ഓടിക്കാന്‍ തുടങ്ങി. അപ്പോള്‍ മോശ അവരുടെ രക്ഷയ്‍ക്കെത്തി. പുരോഹിതന്‍റെ ആടുകള്‍ക്കു വെള്ളം കൊടുക്കാന്‍ സഹായിച്ചു.

18 അവര്‍ പിതാവായ റെഗൂവേലിന്‍റെ അടുക്കല്‍ ചെന്നപ്പോള്‍, “ഇന്നു നിങ്ങള്‍ ഇത്രവേഗം മടങ്ങിവന്നതെങ്ങനെ?” എന്നദ്ദേഹം ചോദിച്ചു.

19 “ഒരു ഈജിപ്തുകാരന്‍ ഞങ്ങളെ ഇടയന്മാരില്‍നിന്നു രക്ഷിച്ചു; വെള്ളം കോരി ആടുകളെ കുടിപ്പിക്കുകയും ചെയ്തു” എന്ന് അവര്‍ പറഞ്ഞു.

20 “അയാള്‍ എവിടെ? അയാളെ വിട്ടിട്ടു പോന്നതെന്ത്? അയാളെ ഭക്ഷണത്തിനു ക്ഷണിച്ചുകൊണ്ടുവരിക” എന്ന് അദ്ദേഹം പറഞ്ഞു.

21 അങ്ങനെ മോശ അവരോടൊപ്പം പാര്‍ക്കാന്‍ സമ്മതിച്ചു; പുരോഹിതന്‍ തന്‍റെ മകള്‍ സിപ്പോറായെ മോശയ്‍ക്കു ഭാര്യയായി നല്‌കി.

22 അവള്‍ ഒരു മകനെ പ്രസവിച്ചു; “ഞാന്‍ പരദേശിയായി പാര്‍ക്കുന്നവനാണല്ലോ” എന്നു പറഞ്ഞ് മോശ അവന് ഗേര്‍ശോം എന്നു പേരിട്ടു.

23

കുറെക്കാലം കഴിഞ്ഞ് ഈജിപ്തിലെ രാജാവു മരിച്ചു. ഇസ്രായേല്‍ജനം അടിമവേല നിമിത്തം നെടുവീര്‍പ്പിട്ടു നിലവിളിച്ചു; അവരുടെ ദീനരോദനം ദൈവസന്നിധിയിലെത്തി.

24 ദൈവം അവരുടെ നിലവിളി കേട്ടു; അബ്രഹാമിനോടും ഇസ്ഹാക്കിനോടും യാക്കോബിനോടും ചെയ്തിരുന്ന ഉടമ്പടി അവിടുന്ന് ഓര്‍ത്തു.

25 ഇസ്രായേല്‍ജനത്തിന്‍റെ ദുരിതം ദൈവം കണ്ടു; അവരുടെ ദുരവസ്ഥ ദൈവം അറിഞ്ഞു.

3

1

മോശ തന്‍റെ ഭാര്യാപിതാവും മിദ്യാനിലെ പുരോഹിതനുമായ യിത്രോയുടെ ആടുകളെ മേയ്‍ക്കുകയായിരുന്നു. ഒരു ദിവസം മരുഭൂമിയുടെ പടിഞ്ഞാറുഭാഗത്തേക്ക് അദ്ദേഹം ആടുകളെ നയിച്ചു. അങ്ങനെ ദൈവത്തിന്‍റെ പര്‍വതമായ ഹോറേബില്‍ എത്തി.

2 അവിടെ മുള്‍പ്പടര്‍പ്പിന്‍റെ നടുവില്‍ അഗ്നിജ്വാലയുടെ മധ്യേ സര്‍വേശ്വരന്‍റെ ദൂതന്‍ മോശയ്‍ക്കു പ്രത്യക്ഷനായി. മുള്‍പ്പടര്‍പ്പ് എരിയാതെ തീ കത്തുന്നത് മോശ ശ്രദ്ധിച്ചു.

3 “മുള്‍പ്പടര്‍പ്പ് എരിഞ്ഞുപോകാതെയിരിക്കുന്നത് അദ്ഭുതം തന്നെ, ഞാന്‍ അതൊന്നു പോയിനോക്കട്ടെ” എന്നു മോശ സ്വയം പറഞ്ഞു.

4 മോശ അതു കാണുന്നതിന് അടുത്തുവരുന്നതു കണ്ടപ്പോള്‍ ദൈവം, “മോശേ, മോശേ” എന്നു മുള്‍പ്പടര്‍പ്പിന്‍റെ നടുവില്‍നിന്നു വിളിച്ചു. “അടിയന്‍ ഇതാ” എന്നു മോശ പ്രതിവചിച്ചു.

5 അപ്പോള്‍ ദൈവം കല്പിച്ചു. “ഇങ്ങോട്ട് അടുത്തുവരരുത്; നീ നില്‌ക്കുന്ന സ്ഥലം വിശുദ്ധമാകയാല്‍ കാലില്‍നിന്ന് ചെരുപ്പ് ഊരിക്കളയുക.

6 ഞാന്‍ നിന്‍റെ പിതാക്കന്മാരുടെ ദൈവമാകുന്നു. അബ്രഹാമിന്‍റെയും ഇസ്ഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവംതന്നെ.” ദൈവത്തെ നോക്കാന്‍ ഭയപ്പെട്ട് മോശ മുഖം മൂടി.

7 പിന്നീട് സര്‍വേശ്വരന്‍ അരുളിച്ചെയ്തു: “ഈജിപ്തിലുള്ള എന്‍റെ ജനത്തിന്‍റെ കഷ്ടത ഞാന്‍ നന്നായി അറിയുന്നു; മേല്‍നോട്ടക്കാരുടെ ക്രൂരത നിമിത്തമുള്ള അവരുടെ നിലവിളി ഞാന്‍ കേള്‍ക്കുന്നു; അവരുടെ ദുരിതം ഞാന്‍ മനസ്സിലാക്കുന്നു.

8 ഈജിപ്തുകാരില്‍നിന്ന് അവരെ മോചിപ്പിച്ച് ഫലഭൂയിഷ്ഠവും ഐശ്വര്യസമ്പൂര്‍ണവുമായ വിശാലഭൂമിയിലേക്ക്, പാലും തേനും ഒഴുകുന്ന ദേശത്തേക്ക് ഞാന്‍ അവരെ നയിക്കും. ഞാന്‍ അതിനായി ഇറങ്ങി വന്നിരിക്കുന്നു. കനാന്യരും ഹിത്യരും അമോര്യരും പെരിസ്യരും ഹിവ്യരും യെബൂസ്യരും പാര്‍ക്കുന്ന സ്ഥലത്തേക്കു തന്നെ.

9 ഇസ്രായേല്‍ജനത്തിന്‍റെ നിലവിളി എന്‍റെ കാതുകളില്‍ എത്തിയിരിക്കുന്നു; ഈജിപ്തുകാര്‍ അവരെ പീഡിപ്പിക്കുന്നതു ഞാന്‍ കണ്ടിരിക്കുന്നു.

10 വരിക, എന്‍റെ ജനമായ ഇസ്രായേല്യരെ ഈജിപ്തില്‍നിന്നു മോചിപ്പിക്കാന്‍ ഞാന്‍ നിന്നെ ഫറവോയുടെ അടുക്കലേക്കയയ്‍ക്കും.”

11 “ഫറവോയുടെ അടുക്കല്‍ പോയി ഇസ്രായേല്യരെ ഈജിപ്തില്‍നിന്നു മോചിപ്പിക്കാന്‍ ഞാന്‍ ആരാണ്” എന്നു മോശ ദൈവത്തോടു ചോദിച്ചു.

12 ദൈവം അരുളിച്ചെയ്തു: “ഞാന്‍ നിന്‍റെ കൂടെയുണ്ടായിരിക്കും. ജനത്തെ ഈജിപ്തില്‍നിന്നു കൂട്ടിക്കൊണ്ടുവരുമ്പോള്‍ ഈ പര്‍വതത്തില്‍ നിങ്ങള്‍ എന്നെ ആരാധിക്കും; ഞാന്‍ നിന്നെ അയച്ചു എന്നതിന് ഇത് അടയാളമായിരിക്കും.”

13 മോശ ദൈവത്തോടു ചോദിച്ചു: “ഞാന്‍ ഇസ്രായേല്‍ജനത്തോടു നിങ്ങളുടെ പിതാക്കന്മാരുടെ ദൈവം എന്നെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു എന്നു പറയുമ്പോള്‍ ‘എന്താകുന്നു അവിടുത്തെ നാമം’ എന്ന് അവര്‍ ചോദിക്കും. അപ്പോള്‍ ഞാന്‍ എന്തു പറയണം?”

14 ദൈവം അരുളിച്ചെയ്തു: “ഞാന്‍ ആകുന്നവന്‍ ഞാന്‍ തന്നെ. ഞാനാകുന്നവന്‍ തന്നെ, എന്നെ നിങ്ങളുടെ അടുക്കലേക്ക് അയച്ചിരിക്കുന്നു എന്നു ഇസ്രായേല്‍ജനത്തോടു പറയുക.”

15 ദൈവം മോശയോടു വീണ്ടും പറഞ്ഞു: “അബ്രഹാമിന്‍റെയും ഇസ്ഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവമായ സര്‍വേശ്വരന്‍ എന്നെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു എന്ന് ഇസ്രായേല്‍ജനത്തോടു പറയണം. ഇതാണ് എന്‍റെ ശാശ്വതനാമം; തലമുറതലമുറയായി ഞാന്‍ ഈ പേരില്‍ അറിയപ്പെടും.

16 നീ പോയി ഇസ്രായേല്‍പ്രമാണികളെ വിളിച്ചുകൂട്ടി പറയുക: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവം അബ്രഹാമിന്‍റെയും ഇസ്ഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവമായ സര്‍വേശ്വരന്‍ പ്രത്യക്ഷപ്പെട്ട് എന്നോട് അരുളിച്ചെയ്തു: ‘ഞാന്‍ നിങ്ങളെ പൂര്‍ണമായി മനസ്സിലാക്കുകയും ഈജിപ്തുകാര്‍ നിങ്ങളോടു ചെയ്യുന്നതു കാണുകയും ചെയ്തിരിക്കുന്നു.

17 ഈജിപ്തിലെ ദുരിതങ്ങളില്‍നിന്നു നിങ്ങളെ മോചിപ്പിച്ച് കനാന്യര്‍, ഹിത്യര്‍, അമോര്യര്‍, പെരിസ്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നിവര്‍ പാര്‍ക്കുന്ന, പാലും തേനും ഒഴുകുന്ന ദേശത്തേക്കു നിങ്ങളെ കൊണ്ടുപോകാന്‍ ഞാന്‍ നിശ്ചയിച്ചിരിക്കുന്നു.’

18 “നീ പറയുന്നത് അവര്‍ ശ്രദ്ധിക്കും; ഇസ്രായേല്‍പ്രമാണികളോടൊപ്പം നീ ഈജിപ്തിലെ രാജാവിന്‍റെ അടുക്കല്‍ ചെന്നു പറയുക: ‘എബ്രായരുടെ ദൈവം ഞങ്ങള്‍ക്കു പ്രത്യക്ഷപ്പെട്ടു; ഞങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ യാഗം കഴിക്കുന്നതിനു മരുഭൂമിയില്‍ മൂന്നു ദിവസത്തെ വഴി ദൂരമുള്ള ഒരു സ്ഥലത്തു പോകാന്‍ ഞങ്ങളെ അനുവദിച്ചാലും.’

19 ഭുജബലം കൊണ്ടല്ലാതെ ഈജിപ്തിലെ രാജാവ് നിങ്ങളെ വിടുകയില്ല എന്നെനിക്കറിയാം.

20 എന്‍റെ ശക്തിയാല്‍ ഞാന്‍ ഈജിപ്തില്‍ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച് അവരെ ശിക്ഷിക്കും; പിന്നീട് അവന്‍ നിങ്ങളെ വിട്ടയയ്‍ക്കും.

21 ഈജിപ്തുകാരുടെ ദൃഷ്‍ടിയില്‍ ഈ ജനതയോടു ഞാന്‍ അനുഭാവം ഉളവാക്കും. അതിനാല്‍ നിങ്ങള്‍ വെറുംകൈയോടെ പോകേണ്ടി വരികയില്ല.

22 ഓരോ സ്‍ത്രീയും തന്‍റെ അയല്‍ക്കാരിയോടും വീട്ടില്‍ അതിഥികളായി പാര്‍ക്കുന്നവരോടും വെള്ളിയാഭരണങ്ങളും സ്വര്‍ണാഭരണങ്ങളും വസ്ത്രങ്ങളും ചോദിച്ചുവാങ്ങി പുത്രീപുത്രന്മാരെ അണിയിക്കണം. അങ്ങനെ ഈജിപ്തുകാരുടെ സമ്പത്തു നിങ്ങള്‍ കൊള്ളയടിക്കണം.”

4

1

മോശ പറഞ്ഞു: “അവര്‍ എന്നെ വിശ്വസിക്കുകയില്ല, ഞാന്‍ പറയുന്നതു ശ്രദ്ധിക്കുകയുമില്ല. ‘സര്‍വേശ്വരന്‍ നിനക്കു പ്രത്യക്ഷപ്പെട്ടില്ല’ എന്ന് അവര്‍ പറയും.”

2 അപ്പോള്‍ അവിടുന്നു ചോദിച്ചു: “നിന്‍റെ കൈയിലിരിക്കുന്നതെന്താണ്?” അദ്ദേഹം പറഞ്ഞു: “ഒരു വടി.”

3 അവിടുന്ന് അരുളിച്ചെയ്തു: “നീ അതു നിലത്തിടുക.” മോശ വടി താഴെയിട്ടപ്പോള്‍ അതു സര്‍പ്പമായിത്തീര്‍ന്നു; മോശ അതിനെ കണ്ട് ഓടിയകന്നു.

4 എന്നാല്‍ അവിടുന്നു മോശയോട് അരുളിച്ചെയ്തു: “നീ കൈ നീട്ടി അതിന്‍റെ വാലില്‍ പിടിക്കുക.” അദ്ദേഹം അതിനെ പിടിച്ചപ്പോള്‍ അതു വീണ്ടും വടിയായിത്തീര്‍ന്നു.

5 നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സര്‍വേശ്വരന്‍ അബ്രഹാമിന്‍റെയും ഇസ്ഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവംതന്നെ നിനക്കു പ്രത്യക്ഷനായി എന്ന് അവര്‍ ഇതുനിമിത്തം വിശ്വസിക്കും.”

6 സര്‍വേശ്വരന്‍ വീണ്ടും മോശയോടു കല്പിച്ചു: “നിന്‍റെ കൈ നിന്‍റെ മാറിടത്തില്‍ വയ്‍ക്കുക.” മോശെ കൈ മാറിടത്തില്‍ വച്ചു. തിരിച്ചെടുത്തപ്പോള്‍ അതു കുഷ്ഠം ബാധിച്ചു മഞ്ഞുപോലെ വെള്ള നിറമായി.

7 “കൈ വീണ്ടും മാറിടത്തില്‍ വയ്‍ക്കുക.” ദൈവം കല്പിച്ചു. കൈ മാറിടത്തില്‍ വച്ചിട്ടു തിരിച്ചെടുത്തപ്പോള്‍ അത് ശരീരത്തിന്‍റെ മറ്റു ഭാഗങ്ങള്‍പോലെ ആയിത്തീര്‍ന്നു.

8 അവര്‍ നിന്നെ വിശ്വസിക്കാതെ ആദ്യ അടയാളം നിരാകരിച്ചാല്‍ രണ്ടാമത്തെ അടയാളം വിശ്വസിക്കും.

9 അവര്‍ ഈ രണ്ട് അടയാളങ്ങളും അവിശ്വസിച്ചു നിന്‍റെ വാക്കു ശ്രദ്ധിക്കാതെയിരുന്നാല്‍ നൈല്‍നദിയില്‍നിന്നു കുറെ വെള്ളമെടുത്ത് ഉണങ്ങിയ നിലത്തൊഴിക്കണം; അത് അവിടെ രക്തമായിത്തീരും.”

10 മോശ സര്‍വേശ്വരനോടു പറഞ്ഞു: “സര്‍വേശ്വരാ, ഞാന്‍ വാക്സാമര്‍ഥ്യം ഇല്ലാത്തവന്‍; അവിടുന്ന് ഈ ദാസനോട് സംസാരിക്കുന്നതിനു മുമ്പും ഇപ്പോഴും അങ്ങനെതന്നെ. സംസാരിക്കുമ്പോള്‍ എനിക്ക് തടസ്സവുമുണ്ട്.”

11 അപ്പോള്‍ അവിടുന്നു ചോദിച്ചു: “മനുഷ്യന് വായ് നല്‌കിയതാര്? ഒരുവനെ മൂകനോ, ബധിരനോ, കാഴ്ചയുള്ളവനോ, കാഴ്ചയില്ലാത്തവനോ ആക്കുന്നത് ആര്?

12 സര്‍വേശ്വരനായ ഞാന്‍ അല്ലേ? അതുകൊണ്ട് ഉടനെ പുറപ്പെടുക. ഞാന്‍ ഞാനാകുന്നവന്‍ തന്നെ, നിന്‍റെ നാവിനോടൊപ്പം ഉണ്ടായിരിക്കും. സംസാരിക്കേണ്ടത് ഞാന്‍ നിനക്കു പറഞ്ഞുതരും.”

13 മോശയാകട്ടെ വീണ്ടും അപേക്ഷിച്ചു: “എന്‍റെ സര്‍വേശ്വരാ, മറ്റാരെയെങ്കിലും അയയ്‍ക്കേണമേ.”

14 അപ്പോള്‍ സര്‍വേശ്വരന്‍ മോശയോട് കുപിതനായി പറഞ്ഞു: “ലേവ്യനായ അഹരോന്‍ നിന്‍റെ സഹോദരനല്ലേ? അവന്‍ നല്ല വാക്ചാതുര്യമുള്ളവനാണല്ലോ. നിന്നെ കാണാന്‍ അവന്‍ വരുന്നുണ്ട്; നിന്നെ കാണുമ്പോള്‍ അവന്‍ സന്തോഷിക്കും.

15 പറയേണ്ട കാര്യങ്ങള്‍ നീ അവനു പറഞ്ഞു കൊടുക്കണം. ഞാന്‍ നിങ്ങള്‍ ഇരുവരുടെയും നാവിനെ ശക്തിപ്പെടുത്തും; നിങ്ങള്‍ എന്താണു ചെയ്യേണ്ടതെന്നു ഞാന്‍ നിങ്ങളെ പഠിപ്പിക്കും.

16 നിനക്കുവേണ്ടി അവന്‍ ജനത്തോടു സംസാരിക്കും; അവന്‍ നിനക്കു നാവ് ആയിരിക്കും. നീ അവനു ദൈവത്തെപ്പോലെ ആയിരിക്കും.

17 അടയാളങ്ങള്‍ക്കുള്ള വടി കൈയില്‍ എടുത്തുകൊള്ളുക.

18

മോശ ഭാര്യാപിതാവായ യിത്രോവിനെ സമീപിച്ചു പറഞ്ഞു: “എന്‍റെ ചാര്‍ച്ചക്കാര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുവോ എന്ന് അറിയാന്‍ ഈജിപ്തിലേക്ക് മടങ്ങിപ്പോകാന്‍ എന്നെ അനുവദിച്ചാലും.” യിത്രോ പറഞ്ഞു: “സമാധാനത്തോടെ പോകുക.”

19 സര്‍വേശ്വരന്‍ മോശയോട് മിദ്യാനില്‍വച്ച് അരുളിച്ചെയ്തു: “ഈജിപ്തിലേക്കു മടങ്ങിപ്പോകുക; നിന്നെ കൊല്ലാന്‍ ശ്രമിച്ചവരെല്ലാം മരിച്ചുപോയിരിക്കുന്നു.”

20 മോശ ഭാര്യയെയും പുത്രന്മാരെയും കഴുതപ്പുറത്തു കയറ്റി ഈജിപ്തിലേക്കു യാത്രയായി; ദൈവത്തിന്‍റെ ശക്തി വെളിപ്പെടുത്താനുപയോഗിക്കേണ്ട വടിയും മോശ കൈയിലെടുത്തു.

21 സര്‍വേശ്വരന്‍ വീണ്ടും മോശയോട് അരുളിച്ചെയ്തു: “നീ ഈജിപ്തില്‍ മടങ്ങിച്ചെന്ന് ഞാന്‍ നിനക്ക് വശമാക്കി തന്നിട്ടുള്ള എല്ലാ അദ്ഭുതങ്ങളും ഫറവോയുടെ മുമ്പില്‍ ചെയ്യണം. എന്നാല്‍ ഞാന്‍ അവന്‍റെ ഹൃദയം കഠിനമാക്കും. അവന്‍ ജനത്തെ വിട്ടയയ്‍ക്കുകയില്ല.

22 നീ ഫറവോയോടു പറയണം; സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: ഇസ്രായേല്‍ എന്‍റെ ആദ്യജാതനാണ്.

23 ഞാന്‍ നിന്നോട് ആജ്ഞാപിക്കുന്നു: എന്നെ ആരാധിക്കാന്‍ എന്‍റെ പുത്രനെ വിട്ടയയ്‍ക്കുക. നീ അതിനു വിസമ്മതിച്ചാല്‍ ഞാന്‍ നിന്‍റെ ആദ്യജാതനെ വധിക്കും.”

24 ഈജിപ്തിലേക്കുള്ള യാത്രാമധ്യേ, ഒരു താവളത്തില്‍വച്ചു സര്‍വേശ്വരന്‍ മോശയെ കൊല്ലാന്‍ ഒരുങ്ങി.

25 അപ്പോള്‍ സിപ്പോറാ മൂര്‍ച്ചയുള്ള കല്ലിന്‍ചീളുകൊണ്ടു മകന്‍റെ അഗ്രചര്‍മം ഛേദിച്ചെടുത്ത് അതുകൊണ്ടു മോശയുടെ കാലില്‍ സ്പര്‍ശിച്ചിട്ടു പറഞ്ഞു: “നീ എനിക്കു രക്തമണവാളനായിരിക്കുന്നു.”

26 അപ്പോള്‍ അവിടുന്നു മോശയെ കൊല്ലാതെ വിട്ടു. അവള്‍ പറഞ്ഞു: “പരിച്ഛേദനം നിമിത്തം നീ എനിക്ക് രക്തമണവാളനാകുന്നു.”

27

സര്‍വേശ്വരന്‍ അഹരോനോട് അരുളിച്ചെയ്തു: “നീ മരുഭൂമിയില്‍ ചെന്ന് മോശയെ കാണുക.” അഹരോന്‍ ദൈവത്തിന്‍റെ പര്‍വതത്തില്‍ ചെന്നു മോശയെ കണ്ട് അദ്ദേഹത്തെ ചുംബിച്ചു.

28 ഈജിപ്തിലേക്കയയ്‍ക്കുമ്പോള്‍ ദൈവം തന്നോട് അരുളിച്ചെയ്ത വാക്കുകളും വശമാക്കിക്കൊടുത്ത അദ്ഭുതങ്ങളുമെല്ലാം മോശ അഹരോനു വിവരിച്ചുകൊടുത്തു.

29 പിന്നീട് മോശയും അഹരോനും ചെന്ന് ഇസ്രായേല്‍പ്രമാണികളെയെല്ലാം വിളിച്ചുകൂട്ടി.

30 ദൈവം മോശയോട് അരുളിച്ചെയ്ത വാക്കുകള്‍ അഹരോന്‍ അവരെ അറിയിക്കുകയും അവരുടെ മുമ്പില്‍ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തു.

31 ജനങ്ങള്‍ വിശ്വസിച്ചു; സര്‍വേശ്വരന്‍ തങ്ങളെ കടാക്ഷിച്ചു എന്നും തങ്ങളുടെ ദുരിതങ്ങള്‍ കണ്ടറിഞ്ഞു എന്നും കേട്ട് ഇസ്രായേല്‍ജനം കുമ്പിട്ട് അവിടുത്തെ ആരാധിച്ചു.

5

1

മോശയും അഹരോനും ഫറവോയുടെ അടുക്കല്‍ ചെന്നു പറഞ്ഞു: “ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ ഇപ്രകാരം കല്പിക്കുന്നു: മരുഭൂമിയില്‍ എനിക്ക് ഒരു ഉത്സവം ആഘോഷിക്കുന്നതിന് എന്‍റെ ജനത്തെ വിട്ടയയ്‍ക്കുക.”

2 ഫറവോ ചോദിച്ചു: “ആരാണീ സര്‍വേശ്വരന്‍? അവന്‍റെ വാക്കുകേട്ട് ഞാന്‍ ഇസ്രായേല്‍ജനത്തെ വിട്ടയയ്‍ക്കണമോ? സര്‍വേശ്വരനെ ഞാന്‍ അറിയുകയില്ല. ഇസ്രായേല്‍ജനത്തെ ഞാന്‍ വിട്ടയയ്‍ക്കുകയുമില്ല.”

3 അപ്പോള്‍ അവര്‍ പറഞ്ഞു: “എബ്രായരുടെ ദൈവം ഞങ്ങള്‍ക്കു പ്രത്യക്ഷപ്പെട്ടു. മൂന്നു ദിവസത്തെ വഴി ദൂരം പോയി മരുഭൂമിയില്‍ ഞങ്ങളുടെ ദൈവമായ സര്‍വേശ്വരനു യാഗമര്‍പ്പിക്കാന്‍ ഞങ്ങളെ വിട്ടയയ്‍ക്കണമെന്ന് അപേക്ഷിക്കുന്നു; അല്ലെങ്കില്‍ മഹാമാരികൊണ്ടോ വാളുകൊണ്ടോ അവിടുന്നു ഞങ്ങളെ നശിപ്പിക്കും.”

4 എന്നാല്‍ ഈജിപ്തിലെ രാജാവ് പറഞ്ഞു: “മോശേ, അഹരോനേ! നിങ്ങള്‍ ജനങ്ങളുടെ ജോലിക്കു മുടക്കം വരുത്തുന്നതെന്തിന്? നിങ്ങള്‍ നിങ്ങളുടെ പണി നോക്കുക.”

5 ദേശത്ത് ജനങ്ങള്‍ പെരുകിയിരിക്കുകയാണ്; നിങ്ങള്‍ അവരുടെ വേല കൂടി മുടക്കുകയാണോ?”

6 അന്നുതന്നെ ഫറവോ ജനങ്ങളുടെമേല്‍ നിയമിക്കപ്പെട്ടിരിക്കുന്ന മര്‍ദകരായ മേല്‍നോട്ടക്കാരെയും അധികാരികളെയും വിളിച്ചു കല്പിച്ചു:

7 ഇഷ്‍ടിക ഉണ്ടാക്കാന്‍ നിങ്ങള്‍ ഇനിമേല്‍ വയ്‍ക്കോല്‍ കൊടുക്കണ്ട; അവര്‍തന്നെ പോയി അതു ശേഖരിക്കട്ടെ.

8 എന്നാല്‍ ഇഷ്‍ടികയുടെ എണ്ണം കുറയാന്‍ സമ്മതിക്കരുത്. അവര്‍ മടിയന്മാരാണ്. അതുകൊണ്ടാണു പോയി ദൈവത്തിനു യാഗമര്‍പ്പിക്കട്ടെ എന്നു മുറവിളി കൂട്ടുന്നത്.

9 അവരുടെ ജോലിഭാരം കൂട്ടുക. കപടവാക്കുകള്‍ ശ്രദ്ധിക്കാന്‍ ഇടകിട്ടാത്തവിധം അവര്‍ ജോലിയില്‍ മുഴുകട്ടെ.”

10 മര്‍ദകരായ മേല്‍നോട്ടക്കാരും മേലധികാരികളും ചെന്ന് ജനത്തോടു പറഞ്ഞു: “ഫറവോ കല്പിക്കുന്നു, നിങ്ങള്‍ക്ക് ഇനിമേല്‍ വയ്‍ക്കോല്‍ തരികയില്ല.

11 നിങ്ങള്‍തന്നെ പോയി അതു ശേഖരിക്കണം; എന്നാല്‍ ജോലിയില്‍ അല്പംപോലും കുറവു വരരുത്.”

12 അതുകൊണ്ട് ജനം വയ്‍ക്കോല്‍ ശേഖരിക്കാന്‍ ഈജിപ്തില്‍ എങ്ങും ചുറ്റിനടന്നു.

13 “വയ്‍ക്കോല്‍ നല്‌കിയിരുന്നപ്പോള്‍ നിര്‍മ്മിച്ചത്ര ഇഷ്‍ടിക ഇപ്പോഴും ദിനംപ്രതി ഉണ്ടാക്കുക” എന്നു പറഞ്ഞ് മേല്‍നോട്ടക്കാര്‍ അവരെ നിര്‍ബന്ധിച്ചു.

14 ഫറവോയുടെ ഉദ്യോഗസ്ഥന്മാര്‍ ജോലിയുടെ മേല്‍നോട്ടത്തിന് ഏര്‍പ്പെടുത്തിയിരുന്ന ഇസ്രായേല്യരെ മര്‍ദിച്ചു. “നിങ്ങള്‍ ഇതുവരെ ഉണ്ടാക്കിയിരുന്നത്ര ഇഷ്‍ടിക ഇന്നലെയും ഇന്നും നിര്‍മ്മിക്കാതിരുന്നതെന്ത്” എന്ന് അവര്‍ ചോദിച്ചു.

15 ഇസ്രായേല്യമേല്‍നോട്ടക്കാര്‍ രാജസന്നിധിയില്‍ ചെന്ന് സങ്കടമുണര്‍ത്തിച്ചു: “അങ്ങയുടെ ദാസന്മാരായ ഞങ്ങളോട് ഇങ്ങനെ പെരുമാറുന്നതെന്ത്?

16 അടിയങ്ങള്‍ക്ക് വയ്‍ക്കോല്‍ തരുന്നില്ല; എന്നിട്ടും ഇഷ്‍ടിക ഉണ്ടാക്കുക എന്ന് അവര്‍ പറയുന്നു; അവര്‍ ഞങ്ങളെ അടിക്കുന്നു; കുറ്റം അവിടുത്തെ ആളുകളുടേതാണ്;” ഫറവോ മറുപടി പറഞ്ഞു:

17 “നിങ്ങള്‍ മടിയന്മാരാണ്; അതുകൊണ്ടാണല്ലോ സര്‍വേശ്വരനു യാഗം കഴിക്കാന്‍ പോകണമെന്നു നിങ്ങള്‍ പറയുന്നത്.

18 പോയി ജോലി ചെയ്യുക; വയ്‍ക്കോല്‍ തരികയില്ല; ഇഷ്‍ടിക കണക്കനുസരിച്ച് തരികയും വേണം.”

19 “ഓരോ ദിവസവും നിര്‍മ്മിക്കുന്ന ഇഷ്‍ടികയുടെ എണ്ണം ഒരു കാരണവശാലും കുറയരുത്” എന്നു പറഞ്ഞപ്പോള്‍ ഇസ്രായേല്യമേല്‍നോട്ടക്കാര്‍ ധര്‍മസങ്കടത്തിലായി.

20

രാജസന്നിധിയില്‍നിന്നു മടങ്ങുമ്പോള്‍ തങ്ങളെ കാത്തുനില്‌ക്കുന്ന മോശയെയും അഹരോനെയും അവര്‍ കണ്ടു;

21 അവര്‍ മോശയോടും അഹരോനോടും പറഞ്ഞു: “ഫറവോയുടെയും അദ്ദേഹത്തിന്‍റെ ഉദ്യോഗസ്ഥന്മാരുടെയും മുമ്പില്‍ നിങ്ങള്‍ ഞങ്ങളെ നിന്ദിതരാക്കിയല്ലോ; ഞങ്ങളെ കൊല്ലുന്നതിന് ഒരു വാളും അവരുടെ കൈയില്‍ കൊടുത്തിരിക്കുന്നു; നിങ്ങള്‍ ചെയ്തത് ദൈവം കണ്ടിരിക്കുന്നു. അവിടുന്നു നിങ്ങളെ ന്യായം വിധിക്കട്ടെ.”

22

മോശ വീണ്ടും സര്‍വേശ്വരന്‍റെ സന്നിധിയില്‍ ചെന്നു പറഞ്ഞു: “സര്‍വേശ്വരാ, അവിടുന്ന് എന്തിന് ഈ ജനത്തെ ദ്രോഹിക്കുന്നു? എന്നെ എന്തിന് ഇങ്ങോട്ടയച്ചു?

23 അങ്ങയുടെ നാമത്തില്‍ ഫറവോയോടു സംസാരിക്കാന്‍ ഞാന്‍ വന്നതുമുതല്‍ അയാള്‍ ഇവരോടു ക്രൂരമായി പെരുമാറുന്നു. അവിടുന്ന് ഈ ജനത്തെ വിമോചിപ്പിക്കുന്നുമില്ല.”

6

1

സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “ഞാന്‍ ഫറവോയോടു ചെയ്യാന്‍ പോകുന്നത് നീ ഇപ്പോള്‍ കാണും; എന്‍റെ ശക്തിയുള്ള കരം നിമിത്തം അവന്‍ ജനത്തെ വിട്ടയയ്‍ക്കും. എന്‍റെ കരുത്തുറ്റ കരം നിമിത്തം അവന്‍ അവരെ ഈ ദേശത്തുനിന്നു പറഞ്ഞയയ്‍ക്കേണ്ടി വരും.”

2

ദൈവം മോശയോടു പറഞ്ഞു: “ഞാന്‍ സര്‍വേശ്വരനാകുന്നു.

3 ഞാന്‍ അബ്രഹാമിനും ഇസ്ഹാക്കിനും യാക്കോബിനും സര്‍വശക്തനായ ദൈവമായി പ്രത്യക്ഷപ്പെട്ടു. എന്നാല്‍ “സര്‍വേശ്വരന്‍” എന്ന നാമത്തില്‍ അവര്‍ക്കു വെളിപ്പെട്ടിരുന്നില്ല.

4 അവര്‍ പരദേശിയായി പാര്‍ത്തിരുന്ന കനാന്‍ദേശം അവര്‍ക്കു നല്‌കുമെന്ന് ഉടമ്പടി ചെയ്തിരുന്നു.

5 ഈജിപ്തില്‍ അടിമകളായി കഴിയുന്ന ഇസ്രായേല്‍ജനങ്ങളുടെ ദീനരോദനം ഞാന്‍ കേട്ടു; എന്‍റെ ഉടമ്പടി ഞാന്‍ ഓര്‍ക്കുകയും ചെയ്തു.

6 അതുകൊണ്ട് ഇസ്രായേല്‍ജനത്തോടു പറയുക, ഞാന്‍ സര്‍വേശ്വരനാകുന്നു. അടിമത്തത്തില്‍നിന്നു ഞാന്‍ നിങ്ങളെ മോചിപ്പിക്കും; ഞാന്‍ അവരെ കഠിനമായി ശിക്ഷിക്കും. എന്‍റെ കരം നീട്ടി നിങ്ങളെ ഞാന്‍ രക്ഷിക്കും.

7 നിങ്ങളെ ഞാന്‍ എന്‍റെ സ്വന്തജനമായി സ്വീകരിക്കും; ഞാന്‍ നിങ്ങളുടെ ദൈവമായിരിക്കും. ഈജിപ്തിലെ കഠിനാധ്വാനങ്ങളില്‍നിന്നു നിങ്ങളെ മോചിപ്പിച്ച നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ ഞാന്‍ ആകുന്നു എന്നു നിങ്ങള്‍ അറിയും.

8 അബ്രഹാമിനും ഇസ്ഹാക്കിനും യാക്കോബിനും വാഗ്ദാനം ചെയ്തിരുന്ന സ്ഥലത്തേക്കു ഞാന്‍ നിങ്ങളെ നയിക്കും. അതു ഞാന്‍ നിങ്ങള്‍ക്ക് അവകാശമായി നല്‌കും.

9 ഞാന്‍ സര്‍വേശ്വരന്‍ ആകുന്നു.” മോശ ഇപ്രകാരം ഇസ്രായേല്‍ജനങ്ങളോടു പറഞ്ഞെങ്കിലും അവര്‍ അതു ശ്രദ്ധിച്ചില്ല; അടിമത്തത്തിന്‍റെ ക്രൂരാനുഭവങ്ങള്‍ അവരുടെ മനസ്സിനെ അത്രമാത്രം തകര്‍ത്തിരുന്നു.

10

സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു:

11 “ഇസ്രായേല്‍ജനത്തെ വിട്ടയയ്‍ക്കാന്‍ ഈജിപ്തിലെ രാജാവായ ഫറവോയോടു നീ ചെന്നു പറയുക.”

12 എന്നാല്‍ മോശ സര്‍വേശ്വരനോടു പറഞ്ഞു: “ഇസ്രായേല്‍ജനം എന്നെ ശ്രദ്ധിച്ചില്ലല്ലോ; പിന്നെ വാക്സാമര്‍ഥ്യമില്ലാത്ത എന്നെ ഫറവോ എങ്ങനെ ശ്രദ്ധിക്കും.

13 സര്‍വേശ്വരന്‍ മോശയോടും അഹരോനോടും അരുളിച്ചെയ്തു: ഇസ്രായേല്‍ജനത്തെ ഈജിപ്തില്‍നിന്നു മോചിപ്പിക്കാന്‍ ഞാന്‍ നിങ്ങളെ നിയമിച്ചിരിക്കുന്നുവെന്ന് ഇസ്രായേല്‍ജനങ്ങളോടും ഈജിപ്തിലെ രാജാവായ ഫറവോയോടും പറയുക.”

14

യാക്കോബിന്‍റെ ആദ്യജാതനായ രൂബേനു നാലു പുത്രന്മാരുണ്ടായിരുന്നു; ഹാനോക്ക്, ഫല്ലൂ, ഹെസ്രോന്‍, കര്‍മ്മി. രൂബേന്‍ഗോത്രത്തിലെ കുടുംബത്തലവന്മാര്‍ ഇവരായിരുന്നു.

15 ശിമെയോന്‍റെ പുത്രന്മാര്‍: യെമുവേല്‍, യാമിന്‍, ഓഹദ്, യാക്കിന്‍, സോഹര്‍ എന്നിവരും കനാന്യസ്‍ത്രീയില്‍ ജനിച്ച ശൗലും ആകുന്നു. ഇവര്‍ ശിമെയോന്‍ഗോത്രത്തിലെ കുടുംബത്തലവന്മാര്‍.

16 തലമുറയനുസരിച്ച് ലേവിയുടെ പുത്രന്മാര്‍ ഗേര്‍ശോന്‍, കെഹാത്ത്, മെരാരി എന്നിവരായിരുന്നു. ലേവി നൂറ്റിമുപ്പത്തേഴുവര്‍ഷം ജീവിച്ചിരുന്നു.

17 ഗേര്‍ശോന്‍റെ പിന്‍തലമുറക്കാരാണ് ലിബ്നിയും ശിമെയിയും അവരുടെ കുടുംബങ്ങളും.

18 കെഹാത്തിന്‍റെ പുത്രന്മാര്‍: അമ്രാം, ഇസ്ഹാര്‍, ഹെബ്രോന്‍, ഉസ്സീയേല്‍ എന്നിവര്‍. കെഹാത്ത് നൂറ്റിമുപ്പത്തിമൂന്നു വര്‍ഷം ജീവിച്ചിരുന്നു.

19 മെരാരിയുടെ പുത്രന്മാരാണ് മഹ്ലിയും മൂശിയും. ലേവിയുടെ പിന്‍തലമുറക്കാരുടെ കുലങ്ങള്‍ ഇവയാണ്.

20 അമ്രാം പിതൃസഹോദരിയായ യോഖേബെദിനെ വിവാഹം ചെയ്തു. അവരുടെ പുത്രന്മാരാണ് മോശയും അഹരോനും. അമ്രാം നൂറ്റിമുപ്പത്തേഴു വര്‍ഷം ജീവിച്ചിരുന്നു.

21 ഇസ്ഹാരിന്‍റെ പുത്രന്മാര്‍ കോരഹ്, നേഫെഗ്, സിക്രി എന്നിവരാകുന്നു.

22 ഉസ്സീയേലിന്‍റെ പുത്രന്മാര്‍: മീശായേല്‍, എല്‍സാഫാന്‍, സിത്രി എന്നിവരായിരുന്നു.

23 അമ്മീനാദാബിന്‍റെ പുത്രിയും നഹശോന്‍റെ സഹോദരിയുമായ എലീശേബയെ അഹരോന്‍ വിവാഹം ചെയ്തു. അവരുടെ പുത്രന്മാരാണ് നാദാബും അബീഹൂവും എലെയാസാരും ഇഥാമാരും.

24 കോരഹിന്‍റെ പുത്രന്മാര്‍: അസ്സീര്‍, എല്‍ക്കാനാ, അബീയാസഫ്. ഇവരാണ് കോരഹ്‍വംശജര്‍.

25 അഹരോന്‍റെ പുത്രനായ എലെയാസാര്‍ പുതിയേലിന്‍റെ പുത്രിമാരില്‍ ഒരാളെ വിവാഹം ചെയ്തു. അവളുടെ പുത്രനാണ് ഫീനെഹാസ്. ലേവിഗോത്രത്തില്‍ പെട്ട കുലങ്ങളുടെയും കുടുംബങ്ങളുടെയും തലവന്മാര്‍ ഇവരാകുന്നു.

26 ഇസ്രായേല്‍ജനത്തെ കൂട്ടമായി ഈജിപ്തില്‍നിന്നു മോചിപ്പിക്കാന്‍ സര്‍വേശ്വരന്‍ കല്പിച്ചത് ഈ മോശയോടും അഹരോനോടും ആയിരുന്നു.

27 ഇസ്രായേല്‍ജനത്തെ ഈജിപ്തില്‍നിന്നു വിട്ടയയ്‍ക്കാന്‍ ഫറവോയോടു സംസാരിച്ചതും ഇവരാണ്.

28 ഈജിപ്തില്‍വച്ചു സര്‍വേശ്വരന്‍ മോശയോടു സംസാരിച്ച ദിവസം അവിടുന്ന് ഇപ്രകാരം അരുളിച്ചെയ്തു:

29 “ഞാന്‍ സര്‍വേശ്വരന്‍ ആകുന്നു; ഞാന്‍ നിന്നോടു കല്പിക്കുന്നതെല്ലാം ഈജിപ്തു രാജാവായ ഫറവോയോടു പറയണം.”

30 മോശ സര്‍വേശ്വരനോടു പറഞ്ഞു: “എനിക്ക് വാക്സാമര്‍ഥ്യമില്ല; പിന്നെ ഫറവോ എങ്ങനെ എന്നെ ശ്രദ്ധിക്കും?”

7

1

സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “ഞാന്‍ നിന്നെ ഫറവോയ്‍ക്ക് ദൈവത്തെപ്പോലെ ആക്കിയിരിക്കുന്നു; നിന്‍റെ സഹോദരനായ അഹരോന്‍ നിനക്കു പ്രവാചകനുമായിരിക്കും.

2 ഞാന്‍ കല്പിച്ചതെല്ലാം നീ അഹരോനോടു പറയണം; ഇസ്രായേല്‍ജനത്തെ വിട്ടയയ്‍ക്കാന്‍ അഹരോന്‍ ഫറവോയോടു പറയും.

3 ഈജിപ്തില്‍ ഞാന്‍ വളരെ അദ്ഭുതങ്ങളും അടയാളങ്ങളും കാണിക്കും. എന്നാലും ഞാന്‍ ഫറവോയുടെ ഹൃദയം കഠിനമാക്കും.

4 ഫറവോ നിങ്ങളെ കൂട്ടാക്കുകയില്ല; ഞാന്‍ ഈജിപ്തിനെ കഠിനമായി ശിക്ഷിച്ച് എന്‍റെ ജനമായ ഇസ്രായേലിനെ കൂട്ടത്തോടെ മോചിപ്പിക്കും.

5 ഞാന്‍ എന്‍റെ കരം ഈജിപ്തിനെതിരെ ഉയര്‍ത്തി അവരുടെ ഇടയില്‍നിന്ന് എന്‍റെ ജനമായ ഇസ്രായേലിനെ മോചിപ്പിക്കുമ്പോള്‍ ഞാനാണു സര്‍വേശ്വരന്‍ എന്ന് ഈജിപ്തുകാര്‍ അറിയും.”

6 സര്‍വേശ്വരന്‍ കല്പിച്ചതുപോലെ മോശയും അഹരോനും പ്രവര്‍ത്തിച്ചു.

7 ഫറവോയോടു സംസാരിക്കുന്ന കാലത്തു മോശയ്‍ക്ക് എണ്‍പതും അഹരോന് എണ്‍പത്തിമൂന്നും വയസ്സായിരുന്നു.

8

സര്‍വേശ്വരന്‍ മോശയോടും അഹരോനോടും അരുളിച്ചെയ്തു:

9 “ഒരു അടയാളം കാണിക്കുക എന്നു ഫറവോ നിങ്ങളോടാവശ്യപ്പെട്ടാല്‍ കൈയിലുള്ള വടി ഫറവോയുടെ മുമ്പിലിടാന്‍ അഹരോനോടു പറയണം; അതു സര്‍പ്പമായിത്തീരും.”

10 മോശയും അഹരോനും ഫറവോയുടെ സന്നിധിയിലെത്തി അവിടുന്നു കല്പിച്ചതുപോലെ ചെയ്തു; ഫറവോയുടെയും ഉദ്യോഗസ്ഥന്മാരുടെയും മുമ്പില്‍ അഹരോന്‍ വടി നിലത്തിട്ടപ്പോള്‍ അതു സര്‍പ്പമായിത്തീര്‍ന്നു.

11 അപ്പോള്‍ ഫറവോ ഈജിപ്തിലെ വിദ്വാന്മാരെയും മന്ത്രവാദികളെയും വരുത്തി; അവരും ജാലവിദ്യയാല്‍ അതുപോലെ പ്രവര്‍ത്തിച്ചു.

12 അവരും തങ്ങളുടെ വടി നിലത്തിട്ടു; അവയും സര്‍പ്പമായി മാറി. എന്നാല്‍ അഹരോന്‍റെ വടി മറ്റു വടികളെയെല്ലാം വിഴുങ്ങിക്കളഞ്ഞു.

13 സര്‍വേശ്വരന്‍ അരുളിച്ചെയ്തതുപോലെ ഫറവോയുടെ ഹൃദയം കഠിനമായി. അയാള്‍ അവരെ ശ്രദ്ധിച്ചുമില്ല.

14

സര്‍വേശ്വരന്‍ മോശയോടു പറഞ്ഞു: “ജനത്തെ വിട്ടയയ്‍ക്കാന്‍ സമ്മതിക്കാതെ ഫറവോ കഠിനഹൃദയനായിരിക്കുകയാണ്.

15 ഫറവോ രാവിലെ നദിയിലേക്കു പോകുമ്പോള്‍ അവന്‍റെ അടുക്കല്‍ ചെല്ലണം; നീ നദീതീരത്തുതന്നെ കാത്തുനില്‌ക്കണം; സര്‍പ്പമായിത്തീര്‍ന്ന വടിയും എടുത്തുകൊള്ളണം.

16 അവനോടു നീ ഇപ്രകാരം പറയണം: ‘മരുഭൂമിയില്‍ എന്നെ ആരാധിക്കാന്‍ എന്‍റെ ജനത്തെ വിട്ടയയ്‍ക്കുക’ എന്ന് അങ്ങയോടു പറയാന്‍ എബ്രായരുടെ ദൈവമായ സര്‍വേശ്വരന്‍ എന്നെ അയച്ചിരിക്കുന്നു. ഇതുവരെയും അങ്ങ് അതു ശ്രദ്ധിച്ചില്ല;”

17 അവിടുന്നു കല്പിക്കുന്നു: “ഞാന്‍ സര്‍വേശ്വരനാകുന്നു എന്നു നീ ഇതിനാല്‍ അറിയും; ഞാന്‍ ഈ വടികൊണ്ട് നൈല്‍നദിയിലെ ജലത്തിന്മേല്‍ അടിക്കും; അതു രക്തമായി മാറും.

18 നദിയിലെ മത്സ്യങ്ങള്‍ ചത്തുപോകും. ജലം മലീമസമാകും. ഈജിപ്തുകാര്‍ക്ക് അതു കുടിക്കാന്‍ കഴിയുകയില്ല.

19 സര്‍വേശ്വരന്‍ മോശെയോടു പറഞ്ഞു: “ഈജിപ്തിലെ അരുവികള്‍, നദികള്‍, കുളങ്ങള്‍, ജലസംഭരണികള്‍ തുടങ്ങി എല്ലാ ജലാശയങ്ങള്‍ക്കും മീതെ നിന്‍റെ വടി നീട്ടുക എന്ന് അഹരോനോടു പറയുക; അവ രക്തമായി മാറും; അങ്ങനെ ഈജിപ്തിലെല്ലായിടത്തും മരപ്പാത്രങ്ങളിലും കല്പാത്രങ്ങളിലും കോരിവച്ചിരിക്കുന്ന വെള്ളംപോലും രക്തമായിമാറും.”

20 സര്‍വേശ്വരന്‍ കല്പിച്ചതുപോലെ മോശയും അഹരോനും പ്രവര്‍ത്തിച്ചു; അഹരോന്‍ ഫറവോയുടെയും ഉദ്യോഗസ്ഥന്മാരുടെയും മുമ്പില്‍വച്ചുതന്നെ വടി ഉയര്‍ത്തി നൈല്‍നദിയിലെ ജലത്തിന്മേല്‍ അടിച്ചു; അതിലെ വെള്ളം മുഴുവന്‍ രക്തമായി മാറി.

21 നദിയിലെ മത്സ്യങ്ങള്‍ ചത്തു; അതിലെ വെള്ളം ഈജിപ്തുകാര്‍ക്കു കുടിക്കാനാവാത്തവിധം മലീമസമായി. ഈജിപ്തില്‍ എല്ലായിടത്തും വെള്ളം രക്തമായിത്തീര്‍ന്നു;

22 ഈജിപ്തിലെ മന്ത്രവാദികളും തങ്ങളുടെ മാന്ത്രികശക്തികൊണ്ട് വെള്ളം രക്തമാക്കി. എങ്കിലും ഫറവോ തന്‍റെ നിലപാടില്‍ ഉറച്ചുനിന്നു. അവരുടെ വാക്കു ശ്രദ്ധിച്ചുമില്ല.

23 ഫറവോ തന്‍റെ കൊട്ടാരത്തിലേക്കു മടങ്ങി; സംഭവിച്ചതൊന്നും കൂട്ടാക്കിയില്ല.

24 നദീജലം പാനയോഗ്യമല്ലാതിരുന്നതിനാല്‍ ഈജിപ്തുകാര്‍ ദാഹജലത്തിനുവേണ്ടി നൈല്‍നദിക്കു ചുറ്റും കുഴികള്‍ കുഴിച്ചു.

സര്‍വേശ്വരന്‍ ജലത്തില്‍ അടിച്ചിട്ട് ഏഴു ദിവസം കഴിഞ്ഞു.

8

1

അതിനുശേഷം സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു. “നീ ചെന്നു ഫറവോയോടു പറയുക സര്‍വേശ്വരന്‍ ഇപ്രകാരം കല്പിക്കുന്നു: എന്നെ ആരാധിക്കുന്നതിന് എന്‍റെ ജനത്തെ വിട്ടയയ്‍ക്കുക.

2 അതിനു വിസമ്മതിച്ചാല്‍ നിന്‍റെ രാജ്യം ഞാന്‍ തവളകളെക്കൊണ്ട് നിറയ്‍ക്കും.

3 നൈല്‍നദിയില്‍ തവളകള്‍ പെരുകും; അവിടെനിന്ന് അവ നിന്‍റെ ഭവനത്തിലും കിടക്കറയിലും കിടക്കയിലും നിന്‍റെ ഉദ്യോഗസ്ഥന്മാരുടെയും ജനങ്ങളുടെയും വീടുകളിലും നിങ്ങളുടെ അടുപ്പുകളിലും മാവു കുഴയ്‍ക്കുന്ന പാത്രങ്ങളിലും ഇരച്ചുകയറും.

4 നിന്‍റെയും നിന്‍റെ ജനങ്ങളുടെയും നിന്‍റെ സകല ജോലിക്കാരുടെയുംമേല്‍ അവ ചാടിക്കയറും.”

5 സര്‍വേശ്വരന്‍ മോശയോടു കല്പിച്ചു: “തവളകള്‍ ഈജിപ്തിലെങ്ങും നിറയേണ്ടതിനു ദേശത്തെ തോടുകള്‍ക്കും നദികള്‍ക്കും കുളങ്ങള്‍ക്കും മീതെ നിന്‍റെ വടി നീട്ടാന്‍ അഹരോനോടു പറയുക.”

6 അങ്ങനെ അഹരോന്‍ ഈജിപ്തിലെ ജലാശയങ്ങളുടെമേല്‍ കൈ നീട്ടി; തവളകളെക്കൊണ്ടു ദേശം മുഴുവന്‍ നിറഞ്ഞു.

7 എന്നാല്‍ മാന്ത്രികശക്തികൊണ്ട് മന്ത്രവാദികളും അങ്ങനെ പ്രവര്‍ത്തിച്ചു.

8 ഫറവോ മോശയെയും അഹരോനെയും വിളിച്ചുവരുത്തി പറഞ്ഞു: “എന്‍റെയടുത്തുനിന്നും ജനങ്ങളില്‍നിന്നും തവളകള്‍ നീങ്ങിപ്പോകാന്‍ സര്‍വേശ്വരനോട് അപേക്ഷിക്കുക; സര്‍വേശ്വരന് യാഗമര്‍പ്പിക്കാന്‍ ഞാന്‍ ജനങ്ങളെ വിട്ടയയ്‍ക്കാം.”

9 മോശ ഫറവോയോടു പറഞ്ഞു: “തവളകള്‍ അങ്ങയുടെ അടുത്തുനിന്നും അങ്ങയുടെ ഭവനങ്ങളില്‍നിന്നും മാറി നൈല്‍നദിയില്‍ മാത്രം ശേഷിക്കാന്‍ അങ്ങേക്കും ഉദ്യോഗസ്ഥന്മാര്‍ക്കും ജനങ്ങള്‍ക്കുംവേണ്ടി എപ്പോള്‍ പ്രാര്‍ഥിക്കണമെന്നു നിശ്ചയിച്ചാലും.”

10 “നാളെത്തന്നെ” അയാള്‍ പ്രതിവചിച്ചു. ഞങ്ങളുടെ സര്‍വേശ്വരനായ ദൈവത്തെപ്പോലെ മറ്റാരുമില്ലെന്ന് അങ്ങ് മനസ്സിലാക്കുന്നതിനായി അങ്ങു പറഞ്ഞതുപോലെ ചെയ്യാം” എന്നു മോശ പറഞ്ഞു.

11 തവളകള്‍ അങ്ങയുടെ അടുക്കല്‍നിന്നും അങ്ങയുടെ ഭവനങ്ങളില്‍നിന്നും ഉദ്യോഗസ്ഥന്മാരുടെയും ജനങ്ങളുടെയും ഇടയില്‍നിന്നും നൈല്‍നദിയിലേക്കു മാറിക്കൊള്ളും.

12 മോശെയും അഹരോനും രാജസന്നിധിയില്‍നിന്നു പോയി; ഫറവോയോടു സമ്മതിച്ചിരുന്നതുപോലെ ബാധ നീക്കിക്കൊടുക്കാന്‍ സര്‍വേശ്വരനോടു മോശ പ്രാര്‍ഥിച്ചു.

13 മോശ അപേക്ഷിച്ചതുപോലെ അവിടുന്നു പ്രവര്‍ത്തിച്ചു; ഭവനങ്ങളിലും പരിസരങ്ങളിലും നിലങ്ങളിലും ഉണ്ടായിരുന്ന തവളകളെല്ലാം ചത്തൊടുങ്ങി.

14 ജനങ്ങള്‍ അവയെ കൂമ്പാരമായി കൂട്ടി;

15 ദേശത്തെങ്ങും ദുര്‍ഗന്ധം പരന്നു; ബാധ നീങ്ങിയെന്നു ബോധ്യമായപ്പോള്‍ സര്‍വേശ്വരന്‍ അരുളിച്ചെയ്തതുപോലെ ഫറവോ തന്‍റെ ഹൃദയം വീണ്ടും കഠിനമാക്കി. അയാള്‍ അവര്‍ പറഞ്ഞതു കേട്ടില്ല.

16

സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “വടികൊണ്ടു നിലത്തെ പൂഴിയില്‍ അടിക്കാന്‍ അഹരോനോടു പറയുക. അതു ചെള്ളുകളായി ഈജിപ്തിലെങ്ങും പരക്കും.” അഹരോന്‍ വടികൊണ്ടു നിലത്തടിച്ചു.

17 മനുഷ്യരുടെയും മൃഗങ്ങളുടെയുംമേല്‍ ചെള്ളുണ്ടായി; ഈജിപ്തിലുള്ള പൂഴി മുഴുവന്‍ ചെള്ളുകളായി രൂപാന്തരപ്പെട്ടു.

18 ചെള്ളുകളെ വരുത്താന്‍ മന്ത്രവാദികള്‍ ശ്രമിച്ചെങ്കിലും അവരുടെ മാന്ത്രികശക്തിക്ക് അതിനു കഴിഞ്ഞില്ല. ചെള്ളുകള്‍ മനുഷ്യരുടെയും മൃഗങ്ങളുടെയുംമേല്‍ വ്യാപിച്ചു.

19 അപ്പോള്‍ മന്ത്രവാദികള്‍ ഫറവോയോടു പറഞ്ഞു: “ഇതു ദൈവത്തിന്‍റെ പ്രവൃത്തിതന്നെയാണ്” എന്നാല്‍ സര്‍വേശ്വരന്‍ പറഞ്ഞതുപോലെ ഫറവോ കഠിനഹൃദയനായി. അയാള്‍ അവരുടെ വാക്കു ശ്രദ്ധിച്ചില്ല.

20

സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “നീ അതിരാവിലെ എഴുന്നേറ്റു ഫറവോ നദിയിലേക്കു പോകുമ്പോള്‍ വഴിയില്‍ കാത്തുനിന്ന് അയാളോടു പറയുക: ‘എന്നെ ആരാധിക്കുന്നതിന് എന്‍റെ ജനത്തെ വിട്ടയയ്‍ക്കാന്‍ സര്‍വേശ്വരന്‍ കല്പിക്കുന്നു.

21 അതിനു വിസമ്മതിച്ചാല്‍ നിന്‍റെയും നിന്‍റെ ഉദ്യോഗസ്ഥന്മാരുടെയും ജനങ്ങളുടെയുംമേല്‍ ഈച്ചകളെ ഞാന്‍ പറ്റമായി അയയ്‍ക്കും. നിന്‍റെ ഭവനങ്ങളിലും ഈജിപ്തിലെ ജനങ്ങളുടെ പാര്‍പ്പിടങ്ങളിലും ദേശത്തും അവ നിറയും.

22 എന്നാല്‍ അന്നാളില്‍ എന്‍റെ ജനം പാര്‍ക്കുന്ന ഗോശെന്‍ദേശത്തെ ഈച്ചബാധയുണ്ടാകാതെ ഞാന്‍ വേര്‍തിരിക്കും; അങ്ങനെ ഭൂമിയില്‍ ഞാന്‍ സര്‍വേശ്വരനെന്നു നീ അറിയും.

23 നിന്‍റെയും എന്‍റെയും ജനത്തെ തമ്മില്‍ ഞാന്‍ വേര്‍തിരിക്കും. നാളെ ഈ അടയാളം സംഭവിക്കും.

24 സര്‍വേശ്വരന്‍ അങ്ങനെതന്നെ പ്രവര്‍ത്തിച്ചു. രാജകൊട്ടാരത്തിലും ഉദ്യോഗസ്ഥന്മാരുടെ ഭവനങ്ങളിലും ഈജിപ്തില്‍ എല്ലായിടത്തും ഈച്ചകള്‍ പറ്റമായി വന്നു നിറഞ്ഞു. ഈച്ചബാധയാല്‍ ദേശം വലഞ്ഞു.

25 അപ്പോള്‍ ഫറവോ മോശയെയും അഹരോനെയും വിളിപ്പിച്ചു പറഞ്ഞു: “നിങ്ങള്‍ ഈ രാജ്യത്തെവിടെയെങ്കിലും പോയി നിങ്ങളുടെ ദൈവത്തിനു യാഗമര്‍പ്പിച്ചുകൊള്ളുവിന്‍.”

26 മോശ പ്രതിവചിച്ചു: “അതു ശരിയല്ല; ഈജിപ്തുകാര്‍ക്കു നിഷിദ്ധമായവയും ഞങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ അര്‍പ്പിക്കേണ്ടിവരും; അങ്ങനെ അവര്‍ മ്ലേച്ഛമെന്നു കരുതുന്നത് അവരുടെ കണ്‍മുമ്പില്‍ വച്ച് അര്‍പ്പിക്കുമ്പോള്‍ അവര്‍ ഞങ്ങളെ കല്ലെറിയുകയില്ലേ?

27 സര്‍വേശ്വരന്‍റെ കല്പനയനുസരിച്ച് മരുഭൂമിയില്‍ മൂന്നു ദിവസത്തെ വഴി ദൂരം പോയി, ഞങ്ങള്‍ക്ക് ഞങ്ങളുടെ ദൈവമായ സര്‍വേശ്വരന് യാഗം അര്‍പ്പിക്കണം.”

28 ഫറവോ പറഞ്ഞു: “മരുഭൂമിയില്‍ പോയി നിങ്ങളുടെ ദൈവമായ സര്‍വേശ്വരനു യാഗം കഴിക്കാന്‍ ഞാന്‍ നിങ്ങളെ വിട്ടയയ്‍ക്കാം; എന്നാല്‍ വളരെ ദൂരം പോകരുത്; എനിക്കുവേണ്ടി നിങ്ങള്‍ പ്രാര്‍ഥിക്കുകയും വേണം.”

29 അപ്പോള്‍ മോശ പറഞ്ഞു: “അങ്ങയുടെ സന്നിധിയില്‍നിന്നു ഞാന്‍ പോകുന്നു; അങ്ങേക്കുവേണ്ടി ഞാന്‍ അവിടുത്തോടു പ്രാര്‍ഥിക്കാം. ഈച്ചകള്‍ നാളെത്തന്നെ, അങ്ങയെയും ഉദ്യോഗസ്ഥന്മാരെയും ജനങ്ങളെയും വിട്ടുപോകും. എന്നാല്‍ സര്‍വേശ്വരനു വഴിപാടര്‍പ്പിക്കാന്‍ ജനങ്ങളെ അയയ്‍ക്കാതെ അങ്ങ് ഇനിയും വഞ്ചന കാട്ടരുത്.”

30 മോശ ഫറവോയുടെ അടുക്കല്‍നിന്നു പോയി, സര്‍വേശ്വരനോടു പ്രാര്‍ഥിച്ചു. മോശ അപേക്ഷിച്ചതുപോലെ അവിടുന്നു പ്രവര്‍ത്തിച്ചു;

31 രാജാവിന്‍റെയും ഭൃത്യന്മാരുടെയും ജനങ്ങളുടെയും ഇടയില്‍നിന്ന് ഈച്ചകളെ നിശ്ശേഷം നീക്കിക്കളഞ്ഞു.

32 എന്നാല്‍ ഫറവോയുടെ ഹൃദയം വീണ്ടും കഠിനപ്പെട്ടു; അയാള്‍ ജനത്തെ വിട്ടയച്ചില്ല.

9

1

സര്‍വേശ്വരന്‍ മോശയോട് കല്പിച്ചു: “നീ ഫറവോയോട് ഇങ്ങനെ പറയണം: എന്നെ ആരാധിക്കാന്‍ എന്‍റെ ജനത്തെ വിട്ടയയ്‍ക്കണമെന്ന് എബ്രായരുടെ സര്‍വേശ്വരനായ ദൈവം കല്പിക്കുന്നു.

2 നീ അവരെ വിട്ടയയ്‍ക്കാന്‍ കൂട്ടാക്കാതെ തടഞ്ഞുനിര്‍ത്തിയാല്‍

3 നിങ്ങളുടെ വളര്‍ത്തുമൃഗങ്ങളായ കുതിര, കഴുത, ഒട്ടകം, കന്നുകാലികള്‍, ആട്ടിന്‍പറ്റങ്ങള്‍ എന്നിവയുടെമേല്‍ അതികഠിനമായ വ്യാധി വരുത്തി അവിടുന്നു നിങ്ങളെ ശിക്ഷിക്കും.

4 ഇസ്രായേല്‍ജനങ്ങളുടെയും ഈജിപ്തുകാരുടെയും കന്നുകാലികള്‍ക്കു തമ്മില്‍ സര്‍വേശ്വരന്‍ ഭേദം കല്പിക്കും; ഇസ്രായേല്യരുടെ കന്നുകാലികളില്‍ ഒന്നുപോലും ചാകുകയില്ല.

5 നാളെ ഈ ദേശത്ത് ഇപ്രകാരം ചെയ്യുമെന്ന് അവിടുന്ന് കല്പിച്ചുറച്ചിരിക്കുന്നു.

6 സര്‍വേശ്വരന്‍ പിറ്റന്നാള്‍തന്നെ അങ്ങനെ പ്രവര്‍ത്തിച്ചു. ഈജിപ്തിലെ കന്നുകാലികളെല്ലാം ചത്തൊടുങ്ങി. എന്നാല്‍ ഇസ്രായേല്യരുടെ മൃഗങ്ങളില്‍ ഒന്നുപോലും നശിച്ചില്ല;

7 ഈ വിവരം ഫറവോ ആളയച്ചന്വേഷിച്ചറിഞ്ഞു. എന്നാല്‍ അദ്ദേഹത്തിന്‍റെ ഹൃദയം കഠിനപ്പെട്ടു; ജനത്തെ വിട്ടയച്ചതുമില്ല.

8

സര്‍വേശ്വരന്‍ മോശയോടും അഹരോനോടും അരുളിച്ചെയ്തു: “ചൂളയില്‍നിന്നു കൈ നിറയെ വെണ്ണീര്‍ വാരി ഫറവോ കാണ്‍കെ മോശ ആകാശത്തേക്കു വിതറണം.

9 അതു കാറ്റില്‍ പറന്ന് ഈജിപ്തിലെ ജനങ്ങളുടെയും മൃഗങ്ങളുടെയുംമേല്‍ പൊട്ടിയൊലിക്കുന്ന വ്രണങ്ങളുണ്ടാക്കും.”

10 അവര്‍ വെണ്ണീറുമായി ഫറവോയുടെ മുമ്പില്‍ ചെന്നു; മോശ അത് ആകാശത്തേക്കു വിതറി; അതു മനുഷ്യരുടെയും മൃഗങ്ങളുടെയുംമേല്‍ പൊട്ടിയൊലിക്കുന്ന വ്രണങ്ങളുണ്ടാക്കി.

11 മന്ത്രവാദികളുടെയും സകല ഈജിപ്തുകാരുടെയുംമേല്‍ വ്രണങ്ങള്‍ ഉണ്ടായി. അതുകൊണ്ട് മന്ത്രവാദികള്‍ക്ക് മോശയുടെ മുമ്പില്‍ നില്‌ക്കാന്‍പോലും കഴിഞ്ഞില്ല.

12 മോശയോടു പറഞ്ഞിരുന്നതുപോലെ സര്‍വേശ്വരന്‍ ഫറവോയുടെ ഹൃദയം കഠിനമാക്കി. ഫറവോ അവരുടെ വാക്കു ശ്രദ്ധിച്ചില്ല.

13

സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “അതിരാവിലെ എഴുന്നേറ്റുചെന്ന് രാജാവിനോടു പറയുക: എബ്രായരുടെ ദൈവമായ സര്‍വേശ്വരന്‍ കല്പിക്കുന്നു: എന്നെ ആരാധിക്കാന്‍വേണ്ടി എന്‍റെ ജനത്തെ വിട്ടയയ്‍ക്കുക.

14 ഇത്തവണ നിന്‍റെയും ഉദ്യോഗസ്ഥന്മാരുടെയും നിന്‍റെ ജനങ്ങളുടെയുംമേല്‍ ഞാന്‍ സകല വ്യാധികളും അയയ്‍ക്കും. ഞാന്‍ ഭൂമിയില്‍ അതുല്യനെന്നു നീ അറിയും.

15 നിന്നെയും നിന്‍റെ ജനങ്ങളെയും ബാധകളാല്‍ ശിക്ഷിച്ച് ഭൂമിയില്‍നിന്ന് എനിക്കു നീക്കിക്കളയാമായിരുന്നു.

16 എങ്കിലും എന്‍റെ ശക്തി നീ മനസ്സിലാക്കാനും എന്‍റെ നാമം ഭൂമി മുഴുവന്‍ പ്രസിദ്ധമാക്കാനും ഞാന്‍ നിന്നെ ഇതുവരെ ജീവിക്കാന്‍ അനുവദിച്ചു.

17 നീ ഇപ്പോഴും അഹങ്കാരത്തോടെ എന്‍റെ ജനത്തെ വിട്ടയയ്‍ക്കാതെ തടഞ്ഞു വച്ചിരിക്കുന്നു.

18 ഈജിപ്തിന്‍റെ ആരംഭംമുതല്‍ ഇന്നുവരെ ഉണ്ടായിട്ടില്ലാത്തവിധം അതികഠിനമായ കന്മഴ നാളെ ഈ നേരത്തുണ്ടാകും.

19 ഇപ്പോള്‍ ആളയച്ചു കന്നുകാലികളെയും വയലിലുള്ള സകലതിനെയും സുരക്ഷിതസ്ഥാനങ്ങളില്‍ എത്തിക്കുക; വീട്ടിലെത്താതെ വയലില്‍ നില്‌ക്കുന്ന സകല മനുഷ്യരുടെയും മൃഗങ്ങളുടെയുംമേല്‍ കന്മഴ പെയ്യിക്കും.

20 അവയെല്ലാം ചത്തുപോകും.” ഫറവോയുടെ ജോലിക്കാരില്‍ സര്‍വേശ്വരന്‍റെ വാക്കുകള്‍ കേട്ടു ഭയപ്പെട്ടവര്‍ തങ്ങളുടെ അടിമകളെയും കന്നുകാലികളെയും വീടുകള്‍ക്കുള്ളിലാക്കി രക്ഷിച്ചു;

21 എന്നാല്‍ അവിടുത്തെ വാക്കുകള്‍ ശ്രദ്ധിക്കാതെയിരുന്നവര്‍ തങ്ങളുടെ അടിമകളെയും കന്നുകാലികളെയും വയലില്‍ത്തന്നെ നിര്‍ത്തി.

22

സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “ഈജിപ്തില്‍ എങ്ങുമുള്ള വയലുകളിലെ ചെടികളുടെയും, മൃഗങ്ങളുടെയും, മനുഷ്യരുടെയുംമേല്‍ കന്മഴ പെയ്യിക്കാന്‍ കൈ ആകാശത്തേക്കു നീട്ടുക.”

23 അപ്പോള്‍ മോശ തന്‍റെ വടി ആകാശത്തേക്കുയര്‍ത്തി; അവിടുന്ന് ഇടിയും കന്മഴയും അയച്ചു. തീ ഭൂമിയിലേക്കിറങ്ങി. ഈജിപ്തിലെല്ലാം സര്‍വേശ്വരന്‍ കന്മഴ പെയ്യിച്ചു.

24 അതികഠിനമായ കന്മഴയും അതോടൊപ്പം ഇടിമിന്നലും തുടരെ ഉണ്ടായി. ഈജിപ്തുകാര്‍ ഒരു ജനത ആയതിനുശേഷം ഇതുപോലൊരു കന്മഴ വര്‍ഷിച്ചിട്ടില്ല.

25 വയലുകളിലുണ്ടായിരുന്ന സകലവും കന്മഴ നശിപ്പിച്ചു; മനുഷ്യരും മൃഗങ്ങളും സസ്യങ്ങളും നശിച്ചു; മരങ്ങളെല്ലാം തകര്‍ന്നു.

26 ഇസ്രായേല്‍ജനം വസിച്ചിരുന്ന ഗോശെന്‍പ്രദേശത്തു മാത്രം കന്മഴ പെയ്തില്ല.

27 ഫറവോ മോശയെയും അഹരോനെയും വിളിപ്പിച്ചു പറഞ്ഞു: “ഇത്തവണ എനിക്കു തെറ്റുപറ്റി; സര്‍വേശ്വരന്‍തന്നെ യഥാര്‍ഥ ദൈവം. ഞാനും എന്‍റെ ജനങ്ങളും മത്സരികളായിപ്പോയി.

28 ഇടിയും കന്മഴയും ദുര്‍വഹമായിരിക്കയാല്‍ അവിടുത്തോടു പ്രാര്‍ഥിച്ചാലും; ഞാന്‍ നിങ്ങളെ വിട്ടയയ്‍ക്കാം. ഇനി ഒട്ടും താമസിപ്പിക്കുകയില്ല.”

29 മോശ പറഞ്ഞു: “ഞാന്‍ പട്ടണത്തിനു പുറത്തു ചെന്നാലുടന്‍ എന്‍റെ കൈ ഉയര്‍ത്തി സര്‍വേശ്വരനോടു പ്രാര്‍ഥിക്കും; ഇടിയും കന്മഴയും അവസാനിക്കും; അപ്പോള്‍ ഭൂമി മുഴുവനും സര്‍വേശ്വരന്‍റേതാണെന്ന് അങ്ങു മനസ്സിലാക്കും.

30 എന്നാല്‍ അങ്ങും അങ്ങയുടെ ഭൃത്യന്മാരും ഇപ്പോഴും ദൈവമായ സര്‍വേശ്വരനെ ഭയപ്പെടുന്നില്ലെന്ന് എനിക്കറിയാം.

31 ബാര്‍ലിയും ചണവും നശിച്ചുപോയി. ബാര്‍ലി കതിരിട്ടിരുന്നു; ചണം പൂത്തിരുന്നു.

32 എന്നാല്‍ കോതമ്പും ചോളവും മുളച്ചിട്ടില്ലായിരുന്നതിനാല്‍ നശിച്ചില്ല.

33 മോശ ഫറവോയുടെ അടുത്തുനിന്നു പട്ടണത്തിനു പുറത്തു വന്നു സര്‍വേശ്വരന്‍റെ നേര്‍ക്ക് കൈകള്‍ ഉയര്‍ത്തി പ്രാര്‍ഥിച്ചു; ഉടനെ മഴയും ഇടിയും കന്മഴയും നിലച്ചു.

34 മഴയും കന്മഴയും ഇടിയും നിലച്ചതോടെ ഫറവോ വീണ്ടും മത്സരിക്കാന്‍ തുടങ്ങി; രാജാവിന്‍റെയും ഭൃത്യന്മാരുടെയും ഹൃദയം കഠിനമായി.

35 ഫറവോയുടെ ഹൃദയം കഠിനപ്പെട്ടതിനാല്‍ സര്‍വേശ്വരന്‍ മോശയോടു പറഞ്ഞിരുന്നതുപോലെ ഫറവോ ഇസ്രായേല്‍ജനത്തെ വിട്ടയച്ചില്ല.

10

1

സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “ഫറവോയുടെ അടുക്കലേക്കു ചെല്ലുക. അവരുടെ ഇടയില്‍ എന്‍റെ അടയാളങ്ങള്‍ കാട്ടാന്‍ ഞാന്‍ ഫറവോയുടെയും അവന്‍റെ ജനങ്ങളുടെയും ഹൃദയം കഠിനമാക്കിയിരിക്കുന്നു.

2 ഈജിപ്തില്‍ എന്തെല്ലാം അടയാളങ്ങള്‍ ഞാന്‍ കാട്ടിയെന്നും ഈജിപ്തുകാരെ ഞാന്‍ എങ്ങനെ പരിഹാസവിഷയമാക്കിയെന്നും നിങ്ങളുടെ പുത്രന്മാരോടും പൗത്രന്മാരോടും നിങ്ങള്‍ പറയണം. അങ്ങനെ ഞാന്‍ സര്‍വേശ്വരനാകുന്നു എന്നു നിങ്ങള്‍ അറിയും.”

3 മോശയും അഹരോനും ഫറവോയുടെ അടുക്കല്‍ ചെന്നു പറഞ്ഞു: “എബ്രായരുടെ ദൈവമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: എത്രകാലം നീ എന്‍റെ മുമ്പില്‍ ധിക്കാരം കാട്ടും? എന്നെ ആരാധിക്കുന്നതിന് എന്‍റെ ജനത്തെ വിട്ടയയ്‍ക്കുക.

4 എന്‍റെ ജനത്തെ വിട്ടയച്ചില്ലെങ്കില്‍ നാളെ നിന്‍റെ രാജ്യത്തേക്ക് ഞാന്‍ വെട്ടുക്കിളികളെ അയയ്‍ക്കും.

5 നിലം കാണാനാവാത്തവിധം അതു ദേശം മൂടും; കന്മഴയ്‍ക്കുശേഷം എന്തെങ്കിലും ശേഷിച്ചിട്ടുണ്ടെങ്കില്‍ അവയെല്ലാം വെട്ടുക്കിളി തിന്നുതീര്‍ക്കും; നിങ്ങളുടെ വയലില്‍ തളിര്‍ത്തുവരുന്ന എല്ലാ മരങ്ങളും അവ തിന്നൊടുക്കും.

6 നിന്‍റെയും നിന്‍റെ ഭൃത്യന്മാരുടെയും നിന്‍റെ ജനങ്ങളുടെയും വീടുകളില്‍ അവ നിറയും; നിന്‍റെ പിതാക്കന്മാരോ പിതാമഹന്മാരോ ജനിച്ചതുമുതല്‍ ഇന്നോളം കണ്ടിട്ടില്ലാത്ത അനുഭവമായിരിക്കും അത്. ഇതു പറഞ്ഞിട്ട് മോശ ഫറവോയുടെ അടുത്തുനിന്നു തിരിഞ്ഞുനടന്നു.

7 ഭൃത്യന്മാര്‍ ഫറവോയോടു പറഞ്ഞു: “എത്രനാള്‍ ഇയാള്‍ നമ്മെ ശല്യപ്പെടുത്തും. തങ്ങളുടെ ദൈവമായ സര്‍വേശ്വരനെ ആരാധിക്കാന്‍ അവരെ വിട്ടയച്ചാലും; ഈജിപ്തു നശിച്ചുകഴിഞ്ഞത് അങ്ങു കാണുന്നില്ലേ?”

8 ഉടനെ ഫറവോ മോശയെയും അഹരോനെയും തിരിച്ചുവിളിച്ചു പറഞ്ഞു: “നിങ്ങള്‍ പോയി സര്‍വേശ്വരനെ ആരാധിച്ചുകൊള്ളുക; എന്നാല്‍ നിങ്ങള്‍ ആരൊക്കെയാണു പോകുന്നത്?”

9 മോശ പറഞ്ഞു: “കുഞ്ഞുങ്ങളും വൃദ്ധജനങ്ങളും ഉള്‍പ്പെടെ ഞങ്ങളെല്ലാവരും പോകും. ഞങ്ങളുടെ പുത്രീപുത്രന്മാരും ഞങ്ങളുടെ ആട്ടിന്‍പറ്റങ്ങളും കന്നുകാലികളും ഞങ്ങളുടെ കൂടെ പോരും; കാരണം ഞങ്ങള്‍ സര്‍വേശ്വരന് ഒരു ഉത്സവം ആചരിക്കുകയാണ്.”

10 രാജാവു പറഞ്ഞു: “കൊള്ളാം സര്‍വേശ്വരന്‍ നിങ്ങളെ കാക്കട്ടെ. നിങ്ങളോടൊപ്പം കുട്ടികളെയും ഞാന്‍ പോകാന്‍ അനുവദിക്കുമെന്നോ? നിങ്ങളുടെ ഉള്ളില്‍ എന്തോ ദുരുദ്ദേശ്യമുണ്ട്.

11 പുരുഷന്മാര്‍ മാത്രം പോയി സര്‍വേശ്വരനെ ആരാധിച്ചുകൊള്ളുക. അത്രയുമല്ലേ നിങ്ങള്‍ക്കു വേണ്ടൂ.” ഇതു പറഞ്ഞിട്ട് ഫറവോ തന്‍റെ മുമ്പില്‍നിന്ന് അവരെ ഓടിച്ചു.

12

പിന്നീട് സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “ഈജിപ്തിന്‍റെമേല്‍ കൈ നീട്ടുക. വെട്ടുക്കിളികള്‍ വരട്ടെ. കന്മഴയില്‍നിന്ന് രക്ഷപ്പെട്ട സസ്യങ്ങളെയെല്ലാം അവ വന്ന് തിന്നൊടുക്കട്ടെ.”

13 സര്‍വേശ്വരന്‍ കല്പിച്ചതുപോലെ മോശ ഈജിപ്തിന്‍റെമേല്‍ തന്‍റെ വടി നീട്ടി; സര്‍വേശ്വരന്‍ അന്നു രാപ്പകല്‍ ആ ദേശത്ത് കിഴക്കന്‍കാറ്റ് വീശിപ്പിച്ചു. പ്രഭാതമായപ്പോള്‍ കിഴക്കന്‍കാറ്റിനോടൊപ്പം വെട്ടുക്കിളികള്‍ വന്നു.

14 ഈജിപ്തില്‍ എല്ലായിടത്തും അവ നിറഞ്ഞു; അത്രയും വലിയ വെട്ടുക്കിളിക്കൂട്ടം അതിനു മുമ്പോ പിമ്പോ ഉണ്ടായിട്ടില്ല.

15 ഭൂമി മുഴുവന്‍ ഇരുള്‍ പരക്കുംവിധം ദേശം മുഴുവനും വെട്ടുക്കിളികളെക്കൊണ്ടു മൂടി. കന്മഴയെ അതിജീവിച്ച സസ്യങ്ങളും വൃക്ഷഫലങ്ങളും അവ തിന്നുതീര്‍ത്തു; ഈജിപ്തിലൊരിടത്തും വൃക്ഷങ്ങളിലോ, ചെടികളിലോ പച്ച നിറമുള്ള യാതൊന്നും ശേഷിച്ചില്ല.

16 ഫറവോ മോശയെയും അഹരോനെയും ഉടന്‍തന്നെ വിളിച്ചുവരുത്തി പറഞ്ഞു: “നിങ്ങള്‍ക്കും നിങ്ങളുടെ സര്‍വേശ്വരനായ ദൈവത്തിനെതിരായി ഞാന്‍ പാപം ചെയ്തു.

17 ഈ പ്രാവശ്യം കൂടി എന്‍റെ പാപം ക്ഷമിക്കണമെന്നു ഞാന്‍ അപേക്ഷിക്കുന്നു. ഈ മാരകമായ ബാധയില്‍നിന്ന് എന്നെ വിടുവിക്കാന്‍ ഒരിക്കല്‍കൂടി നിങ്ങളുടെ ദൈവമായ സര്‍വേശ്വരനോട് അപേക്ഷിക്കുക.”

18 മോശ രാജസന്നിധിയില്‍നിന്നു പുറത്തുചെന്ന് ഫറവോയ്‍ക്ക് വേണ്ടി പ്രാര്‍ഥിച്ചു.

19 സര്‍വേശ്വരന്‍ അതിശക്തമായ ഒരു പടിഞ്ഞാറന്‍ കാറ്റടിപ്പിച്ചു; അതു വെട്ടുക്കിളികളെ മുഴുവന്‍ ചെങ്കടലിലേക്ക് തള്ളി വിട്ടു; ഈജിപ്തില്‍ ഒരിടത്തും ഒരു വെട്ടുക്കിളിയും ശേഷിച്ചില്ല.

20 എന്നാല്‍ സര്‍വേശ്വരന്‍ ഫറവോയെ കഠിനചിത്തനാക്കി. അയാള്‍ ഇസ്രായേല്‍ജനങ്ങളെ വിട്ടയച്ചുമില്ല.

21

സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “നീ ആകാശത്തേക്ക് കൈ ഉയര്‍ത്തുക; ഈജിപ്തില്‍ ഇരുട്ടു പരക്കട്ടെ.”

22 മോശ ആകാശത്തേക്കു കൈ ഉയര്‍ത്തി; അപ്പോള്‍ ഈജിപ്തിലെല്ലാം കൂരിരുട്ടു പരന്നു. അതു മൂന്നു ദിവസം നീണ്ടുനിന്നു.

23 പരസ്പരം കാണാന്‍പോലും വയ്യാത്തതിനാല്‍ മൂന്നു ദിവസത്തേക്ക് ആരും സ്വസ്ഥാനത്തുനിന്ന് എഴുന്നേറ്റതുപോലുമില്ല. എന്നാല്‍ ഇസ്രായേല്‍ജനം വസിച്ചിരുന്ന സ്ഥലത്ത് പ്രകാശം ഉണ്ടായിരുന്നു.

24 ഫറവോ മോശയെ വരുത്തി പറഞ്ഞു: “സര്‍വേശ്വരനെ ആരാധിക്കാന്‍ പൊയ്‍ക്കൊള്ളുക; കുട്ടികളും കൂടെ വന്നുകൊള്ളട്ടെ. എന്നാല്‍ നിങ്ങളുടെ കന്നുകാലികളും ആട്ടിന്‍പറ്റങ്ങളും ഇവിടെത്തന്നെ നില്‌ക്കട്ടെ.”

25 മോശ പറഞ്ഞു: “ഞങ്ങളുടെ ദൈവമായ സര്‍വേശ്വരന് യാഗങ്ങളും ഹോമങ്ങളും അര്‍പ്പിക്കണം.

26 അതിനാല്‍ ഞങ്ങളുടെ കന്നുകാലികള്‍ മുഴുവനെയും കൂടെ കൊണ്ടുപോകാന്‍ അനുവദിക്കണം. അവയില്‍ ഒന്നിനെപ്പോലും ഇവിടെ വിട്ടിട്ടു പോകാന്‍ സാധ്യമല്ല; ഞങ്ങളുടെ ദൈവമായ സര്‍വേശ്വരന് യാഗം അര്‍പ്പിക്കേണ്ടത് അവയില്‍നിന്നാണ്. അവിടെ ചെല്ലുന്നതുവരെ, ഏതിനെയാണ് അര്‍പ്പിക്കേണ്ടതെന്നു ഞങ്ങള്‍ക്കു നിശ്ചയമില്ല.”

27 സര്‍വേശ്വരന്‍ ഫറവോയെ കഠിനഹൃദയനാക്കിയതിനാല്‍ അയാള്‍ അവരെ വിട്ടയച്ചില്ല.

28 ഫറവോ മോശയോടു പറഞ്ഞു: “കടന്നുപോകൂ. ഇനിമേല്‍ എന്‍റെ മുമ്പില്‍ വരരുത്; വന്നാല്‍ അന്നു നീ മരിക്കും.”

29 മോശ മറുപടി പറഞ്ഞു: “അങ്ങു പറഞ്ഞതുപോലെയാകട്ടെ. ഇനിമേല്‍ ഞാന്‍ അങ്ങയുടെ മുഖം കാണുകയില്ല.”

11

1

സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “ഒരു ബാധകൂടി ഞാന്‍ ഫറവോയുടെയും ഈജിപ്തുകാരുടെയുംമേല്‍ അയയ്‍ക്കും; അതിനുശേഷം അവന്‍ നിങ്ങളെ ഇവിടെനിന്നു വിട്ടയയ്‍ക്കും. അപ്പോള്‍ ഒരാള്‍പോലും ശേഷിക്കാതെ നിങ്ങളെ ഒന്നടങ്കം അവന്‍ ഓടിക്കും.

2 നിങ്ങള്‍ ഓരോരുത്തരും സ്‍ത്രീയും പുരുഷനും തന്‍റെ അയല്‍ക്കാരോടു സ്വര്‍ണംകൊണ്ടും വെള്ളികൊണ്ടും ഉള്ള ആഭരണങ്ങള്‍ ചോദിച്ചുവാങ്ങണമെന്നു ജനത്തോടു പറയണം.

3 ഈജിപ്തുകാര്‍ക്ക് ഇസ്രായേല്യരോട് അനുഭാവം തോന്നാന്‍ സര്‍വേശ്വരന്‍ ഇടയാക്കി. ഫറവോയുടെ ഉദ്യോഗസ്ഥന്മാരുടെയും ജനങ്ങളുടെയും ദൃഷ്‍ടിയില്‍ മോശ ഈജിപ്തിലെ ഒരു മഹാനേതാവായി ഉയര്‍ന്നു.

4

മോശ പറഞ്ഞു: “ഇത് സര്‍വേശ്വരന്‍റെ വചനം. അര്‍ധരാത്രിയാകുമ്പോള്‍ ഞാന്‍ ഈജിപ്തിലൂടെ കടന്നുപോകും.

5 അപ്പോള്‍ ഈജിപ്തിലെ ആദ്യജാതന്മാര്‍ മരിക്കും. സിംഹാസനത്തിലിരിക്കുന്ന ഫറവോയുടെമുതല്‍ തിരികല്ലില്‍ ധാന്യം പൊടിക്കുന്ന വേലക്കാരിയുടെവരെ ആദ്യജാതന്മാര്‍ മരിക്കും. കന്നുകാലികളുടെ കടിഞ്ഞൂലുകളും ചത്തൊടുങ്ങും.

6 ഈജിപ്തില്‍ എല്ലായിടത്തുനിന്നും നിലവിളി ഉയരും. അങ്ങനെയൊന്ന് ഇതുവരെ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയും ഇല്ല.

7 എന്നാല്‍ ഇസ്രായേല്‍ജനങ്ങളുടെയോ അവരുടെ മൃഗങ്ങളുടെയോ നേര്‍ക്ക് ഒരു നായ് പോലും ശബ്ദിക്കുകയില്ല. അങ്ങനെ ഈജിപ്തുകാര്‍ക്കും ഇസ്രായേല്‍ജനങ്ങള്‍ക്കും ഇടയില്‍ സര്‍വേശ്വരന്‍ ഭേദം കല്പിച്ചിരിക്കുന്നു എന്നു നിങ്ങള്‍ അറിയും.

8 അങ്ങയുടെ ഭൃത്യന്മാര്‍ വന്ന് എന്നെ വണങ്ങിയിട്ട് ‘നീയും നിന്‍റെ ജനവും പൊയ്‍ക്കൊള്‍ക’ എന്നു പറയും. അപ്പോള്‍ ഞാന്‍ പുറപ്പെടും.” പിന്നെ മോശ ഉഗ്രകോപത്തോടെ രാജസന്നിധിവിട്ട് ഇറങ്ങിപ്പോയി.

9 സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “കൂടുതല്‍ അടയാളങ്ങള്‍ ഞാന്‍ ഈജിപ്തില്‍ ചെയ്യുന്നതിനുവേണ്ടി ഫറവോ നിന്‍റെ വാക്ക് ഇനിയും അവഗണിക്കും.

10 ഈ അടയാളങ്ങളെല്ലാം മോശയും അഹരോനും ഫറവോയുടെ മുമ്പാകെ ചെയ്തു; എന്നാല്‍ സര്‍വേശ്വരന്‍ ഫറവോയെ കഠിനഹൃദയനാക്കിയതുകൊണ്ട് ഇസ്രായേല്‍ജനത്തെ അയാള്‍ തന്‍റെ ദേശത്തുനിന്നു വിട്ടയച്ചില്ല.

12

1

സര്‍വേശ്വരന്‍ ഈജിപ്തില്‍വച്ച് മോശയോടും അഹരോനോടും അരുളിച്ചെയ്തു:

2 “ഈ മാസം നിങ്ങള്‍ക്ക് വര്‍ഷത്തിന്‍റെ ആദ്യമാസം ആയിരിക്കണം.

3 ഇസ്രായേല്‍ജനത്തോടു പറയുക: ഈ മാസം പത്താം ദിവസം ഓരോ കുടുംബത്തലവനും ഓരോ ആട്ടിന്‍കുട്ടിയെ തന്‍റെ കുടുംബത്തിനുവേണ്ടി വേര്‍തിരിക്കണം.

4 ഒരു ആട്ടിന്‍കുട്ടിയെ മുഴുവന്‍ ഭക്ഷിക്കാന്‍ വേണ്ടവര്‍ ഒരു കുടുംബത്തില്‍ ഇല്ലാതിരുന്നാല്‍ അതിനെ അയല്‍വീട്ടിലെ അംഗങ്ങളുടെ എണ്ണംകൂടി കണക്കാക്കി പങ്കുവയ്‍ക്കണം. ഭക്ഷിക്കാനുള്ള കഴിവു നോക്കി വേണം ഒരാടിന് എത്ര പേര്‍ എന്നു നിശ്ചയിക്കേണ്ടത്.

5 ആട് ഒരു വയസ്സു തികഞ്ഞ കുറ്റമറ്റ ആണ്‍കുട്ടി ആയിരിക്കണം. ചെമ്മരിയാടോ കോലാടോ ആകാം.

6 ഈ മാസം പതിന്നാലാം തീയതിവരെ നിങ്ങള്‍ അതിനെ സൂക്ഷിക്കണം. പതിന്നാലാം ദിവസം വൈകുന്നേരം എല്ലാ ഇസ്രായേല്യരും തങ്ങളുടെ ആട്ടിന്‍കുട്ടിയെ കൊല്ലണം.

7 അതിന്‍റെ രക്തം കുറെ എടുത്ത് നിങ്ങള്‍ ഭക്ഷിക്കാന്‍ കൂടിയിരിക്കുന്ന വീടിന്‍റെ കട്ടിളക്കാലിലും മുകള്‍പ്പടിയിലും പുരട്ടണം.

8 അന്നു രാത്രി മാംസം ചുട്ട് പുളിപ്പുചേര്‍ക്കാത്ത അപ്പവും കയ്പുചീരയും ചേര്‍ത്തു ഭക്ഷിക്കണം.

9 പച്ചയ്‍ക്കോ വെള്ളത്തില്‍ വേവിച്ചോ മാംസം ഭക്ഷിക്കരുത്. മൃഗത്തെ മുഴുവനും തലയും കാലുകളും ഉള്‍ഭാഗങ്ങളും ഉള്‍പ്പെടെ ചുട്ട് ഭക്ഷിക്കണം.

10 അതില്‍ അല്പം പോലും അടുത്ത ദിവസത്തേക്കു ശേഷിപ്പിക്കരുത്. ബാക്കി വരുന്നതു ദഹിപ്പിച്ചുകളയണം.

11 അര മുറുക്കി, ചെരുപ്പു ധരിച്ച്, കൈയില്‍ വടിയും പിടിച്ചുകൊണ്ട് തിടുക്കത്തില്‍ നിങ്ങള്‍ അതു ഭക്ഷിക്കണം. അതു സര്‍വേശ്വരന്‍റെ പെസഹ ആണല്ലോ.

12 “അന്നുരാത്രി ഞാന്‍ ഈജിപ്തിലൂടെ കടന്നുപോകും; അവിടെയുള്ള മനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂല്‍സന്തതികളെ ഞാന്‍ സംഹരിക്കും. ഈജിപ്തിലെ എല്ലാ ദേവന്മാരുടെയുംമേല്‍ ഞാന്‍ ശിക്ഷാവിധി നടത്തും; ഞാന്‍ സര്‍വേശ്വരന്‍ ആകുന്നു.

13 നിങ്ങള്‍ പാര്‍ക്കുന്ന വീടുകള്‍ക്ക് രക്തം അടയാളമായിരിക്കും; അതു കാണുമ്പോള്‍ ഞാന്‍ നിങ്ങളെ കടന്നുപോകും; ഈജിപ്തുകാരെ ഞാന്‍ സംഹരിക്കുമ്പോള്‍, ഒരു ബാധയും നിങ്ങളെ നശിപ്പിക്കുകയില്ല.

14 ഈ ദിവസം നിങ്ങള്‍ക്ക് ഓര്‍മനാളായിരിക്കണം; സര്‍വേശ്വരനുവേണ്ടിയുള്ള ഉത്സവമായി ഈ ദിനം ആചരിക്കണം. നിങ്ങളുടെ പിന്‍തലമുറകള്‍ എല്ലാക്കാലത്തും ഈ കല്പന പാലിക്കുകയും വേണം.

15

“ഏഴു ദിവസത്തേക്കു നിങ്ങള്‍ പുളിപ്പു ചേര്‍ക്കാത്ത അപ്പം ഭക്ഷിക്കണം. ആദ്യദിവസം തന്നെ പുളിമാവ് വീട്ടില്‍നിന്നു നീക്കിക്കളയണം. ആരെങ്കിലും ഈ ഏഴു ദിനങ്ങളില്‍ എന്നെങ്കിലും പുളിമാവു ചേര്‍ത്ത അപ്പം ഭക്ഷിച്ചാല്‍ അയാളെ ഇസ്രായേല്യരില്‍നിന്നു ബഹിഷ്കരിക്കണം.

16 ഒന്നാം ദിവസവും ഏഴാം ദിവസവും നിങ്ങള്‍ വിശുദ്ധ ആരാധനയ്‍ക്ക് ഒന്നിച്ചുകൂടണം. ആ ദിവസങ്ങളില്‍ ഒരു ജോലിയും ചെയ്യരുത്. ഭക്ഷണം പാകംചെയ്യുക മാത്രം ആകാം.

17 പുളിപ്പില്ലാത്ത അപ്പത്തിന്‍റെ ഉത്സവദിനം നിങ്ങള്‍ ആചരിക്കണം. ഈ ദിവസമാണല്ലോ ഞാന്‍ നിങ്ങളെ കൂട്ടംകൂട്ടമായി ഈജിപ്തില്‍നിന്നു വിമോചിപ്പിച്ചത്. അതുകൊണ്ടു നിങ്ങളുടെ പിന്‍തലമുറകള്‍ ഈ ദിനം ആചരിക്കണമെന്നത് ഒരു ശാശ്വതനിയമമാകുന്നു.

18 ഒന്നാം മാസം പതിന്നാലാം ദിവസം സന്ധ്യമുതല്‍ ഇരുപത്തിയൊന്നാം ദിവസം സന്ധ്യവരെ പുളിപ്പില്ലാത്ത അപ്പം മാത്രമേ നിങ്ങള്‍ ഭക്ഷിക്കാവൂ.

19 ഏഴു ദിവസത്തേക്കു നിങ്ങളുടെ ഭവനങ്ങളില്‍ ഒരിടത്തും പുളിമാവു കാണരുത്. ആരെങ്കിലും സ്വദേശിയോ വിദേശിയോ ആകട്ടെ, ഈ ദിവസങ്ങളില്‍ പുളിപ്പുള്ള അപ്പം ഭക്ഷിച്ചാല്‍ അയാളെ ഇസ്രായേല്യരില്‍നിന്നു ബഹിഷ്കരിക്കണം.

20 പുളിപ്പുചേര്‍ത്ത യാതൊന്നും നിങ്ങള്‍ ഭക്ഷിക്കരുത്; നിങ്ങള്‍ വസിക്കുന്നിടത്തെല്ലാം പുളിപ്പു ചേര്‍ക്കാത്ത അപ്പം മാത്രമേ ഭക്ഷിക്കാവൂ.”

21

പിന്നീട് മോശ ഇസ്രായേലിലെ പ്രമുഖന്മാരെ വിളിച്ചുകൂട്ടി അവരോടു പറഞ്ഞു: “നിങ്ങളുടെ കുടുംബാംഗങ്ങളുടെ എണ്ണത്തിനൊത്തവിധം പെസഹാക്കുഞ്ഞാടിനെ തിരഞ്ഞെടുത്ത് അവയെ കൊല്ലണം.

22 അതിന്‍റെ രക്തം കുറെ ഒരു പാത്രത്തില്‍ എടുത്ത് ഈസോപ്പ്ചെടിയുടെ കുറെ ചില്ലകള്‍ ചേര്‍ത്തു കെട്ടിയതു രക്തത്തില്‍ മുക്കി കട്ടിളക്കാലുകളിലും മുകള്‍പ്പടിയിലും പുരട്ടണം. നിങ്ങളില്‍ ആരും പുലരുവോളം പുറത്തു പോകരുത്.

23 ഈജിപ്തുകാരെ സംഹരിക്കാന്‍ സര്‍വേശ്വരന്‍ വരും. കട്ടിളക്കാലുകളിലും മുകള്‍പ്പടിയിലും രക്തം കാണുമ്പോള്‍ സര്‍വേശ്വരന്‍ വാതില്‍ ഒഴിഞ്ഞുമാറി കടന്നുപോകും. നിങ്ങളുടെ ഭവനങ്ങളില്‍ പ്രവേശിച്ച് ആരെയും നശിപ്പിക്കാന്‍ അവിടുന്ന് സംഹാരകനെ അനുവദിക്കുകയില്ല.

24 ഈ ആചാരം നിങ്ങളും നിങ്ങളുടെ മക്കളും എല്ലാക്കാലവും അനുഷ്ഠിക്കേണ്ട നിയമമാണ്.

25 സര്‍വേശ്വരന്‍ വാഗ്ദാനം ചെയ്തിരിക്കുന്ന ദേശത്ത് പ്രവേശിച്ചശേഷവും നിങ്ങള്‍ ഇത് അനുഷ്ഠിക്കണം.

26 എന്തിന് ഇത് അനുഷ്ഠിക്കുന്നുവെന്ന് നിങ്ങളുടെ മക്കള്‍ ചോദിച്ചാല്‍,

27 ‘ഇത് സര്‍വേശ്വരന്‍റെ പെസഹായാഗം. അവിടുന്ന് ഒഴിഞ്ഞു കടന്നുപോയി; അങ്ങനെ നമ്മുടെ ഭവനങ്ങളെ രക്ഷിച്ചു’ എന്നു പറയണം.” അപ്പോള്‍ ജനം സാഷ്ടാംഗം വീണു വണങ്ങി.

28 മോശയോടും അഹരോനോടും സര്‍വേശ്വരന്‍ കല്പിച്ചതുപോലെ ചെയ്തു.

29

സിംഹാസനസ്ഥനായ ഫറവോയുടെ ആദ്യജാതനെമുതല്‍ തടവറയില്‍ കിടന്നിരുന്നവന്‍റെ ആദ്യജാതനെവരെ സര്‍വേശ്വരന്‍ സംഹരിച്ചു. മൃഗങ്ങളുടെ കടിഞ്ഞൂലുകളും കൊല്ലപ്പെട്ടു.

30 രാത്രിയില്‍ ഫറവോയും ഉദ്യോഗസ്ഥന്മാരും ഈജിപ്തിലുള്ള സര്‍വജനവും ഉണര്‍ന്നു; ദേശത്തെങ്ങും വലിയ വിലാപം ഉണ്ടായി. കാരണം ഒരു മരണമെങ്കിലും സംഭവിക്കാത്ത ഒരു ഭവനവും അവിടെ ഉണ്ടായിരുന്നില്ല.

31 രാജാവ് രാത്രിയില്‍ത്തന്നെ മോശയെയും അഹരോനെയും വിളിപ്പിച്ചു പറഞ്ഞു: “എന്‍റെ ജനത്തിന്‍റെ ഇടയില്‍നിന്നു നിങ്ങളും നിങ്ങളുടെ ജനവും നിങ്ങള്‍ പറഞ്ഞതുപോലെ സര്‍വേശ്വരനെ ആരാധിക്കാന്‍ പൊയ്‍ക്കൊള്ളുക.

32 നിങ്ങള്‍ ആവശ്യപ്പെട്ടതുപോലെ നിങ്ങളുടെ കന്നുകാലികളെയും ആട്ടിന്‍പറ്റങ്ങളെയും കൂടെ കൊണ്ടുപോകാം. പോകുമ്പോള്‍ എന്നെ അനുഗ്രഹിക്കുകയും വേണം.”

33 അവരുടെ ഇടയില്‍ കൂട്ടമരണം ഉണ്ടാകുമെന്നു ഭയന്ന് ഇസ്രായേല്യരെ ദേശത്തുനിന്ന് പറഞ്ഞയയ്‍ക്കാന്‍ ഈജിപ്തുകാര്‍ തിടുക്കം കൂട്ടി.

34 അതിനാല്‍ മാവു പുളിക്കുന്നതിനു മുമ്പുതന്നെ ജനം അതു പാത്രത്തോടെ തുണിയില്‍ കെട്ടി ചുമലിലേറ്റി.

35 മോശ പറഞ്ഞതുപോലെ തന്നെ, ഇസ്രായേല്‍ജനം ഈജിപ്തുകാരോടു വെള്ളിയാഭരണങ്ങളും സ്വര്‍ണാഭരണങ്ങളും വസ്ത്രങ്ങളും ചോദിച്ചിരുന്നു.

36 ഇസ്രായേല്യര്‍ ചോദിക്കുന്നതെന്തും കൊടുക്കാനുള്ള സന്മനസ്സ് സര്‍വേശ്വരന്‍ ഈജിപ്തിലെ ജനങ്ങള്‍ക്കു നല്‌കിയിരുന്നു; അങ്ങനെ അവര്‍ ഈജിപ്തുകാരുടെ സമ്പത്തും കൈക്കലാക്കി.

37

ഇസ്രായേല്‍ജനം രമെസേസില്‍നിന്നു സുക്കോത്തിലേക്കു കാല്‍നടയായി പുറപ്പെട്ടു; സ്‍ത്രീകളെയും കുട്ടികളെയും കൂടാതെ പുരുഷന്മാര്‍ മാത്രം ഏകദേശം ആറു ലക്ഷം പേര്‍ ഉണ്ടായിരുന്നു.

38 ഇസ്രായേല്യരല്ലാത്ത ഒട്ടേറെ ആളുകളും ആടുമാടുകള്‍ അടങ്ങിയ മൃഗസഞ്ചയവും അവരോടൊപ്പം പോയി.

39 ഈജിപ്തില്‍നിന്നും തിടുക്കത്തില്‍ പുറപ്പെടേണ്ടി വന്നതിനാല്‍ അവര്‍ക്കു ഭക്ഷണം തയ്യാറാക്കുന്നതിനോ മാവു പുളിപ്പിക്കുന്നതിനോ സമയം ലഭിച്ചിരുന്നില്ല. അതുകൊണ്ട് അവര്‍ പുളിപ്പില്ലാത്ത അപ്പം ഉണ്ടാക്കി.

40

ഇസ്രായേല്‍ജനം നാനൂറ്റിമുപ്പതു വര്‍ഷം ഈജിപ്തില്‍ താമസിച്ചു.

41 നാനൂറ്റിമുപ്പതു വര്‍ഷം തികഞ്ഞ ദിവസം തന്നെ സര്‍വേശ്വരന്‍റെ ജനസമൂഹം ഈജിപ്തു വിട്ടു.

42 ഈജിപ്തില്‍നിന്ന് അവരെ മോചിപ്പിക്കാന്‍ സര്‍വേശ്വരന്‍ ജാഗ്രതയോടെ കാത്തിരുന്ന രാത്രിയായിരുന്നു അത്. അതുകൊണ്ട് ഇസ്രായേല്‍ജനം തലമുറതലമുറയായി ഈ രാത്രി ജാഗ്രതയോടെ കാത്തിരുന്നു സര്‍വേശ്വരന്‍റെ രാത്രിയായി ആചരിക്കണം.

43

സര്‍വേശ്വരന്‍ മോശയോടും അഹരോനോടും അരുളിച്ചെയ്തു: “പെസഹ ആചരിക്കാനുള്ള ചട്ടം ഇതാണ്: വിദേശികള്‍ ആരും പെസഹ ഭക്ഷിക്കാന്‍ ഇടയാകരുത്.

44 എന്നാല്‍ നിങ്ങള്‍ വിലയ്‍ക്കു വാങ്ങിയ അടിമ പരിച്ഛേദിതനെങ്കില്‍ പെസഹ ഭക്ഷിച്ചുകൊള്ളട്ടെ.

45 പരദേശിയും കൂലിക്കാരനും അതു ഭക്ഷിക്കരുത്.

46 ഭവനത്തിനുള്ളില്‍ വച്ചുതന്നെ അതു ഭക്ഷിക്കണം. മാംസത്തില്‍ അല്പംപോലും പുറത്തു കൊണ്ടുപോകരുത്. അസ്ഥി ഒന്നും ഒടിക്കയുമരുത്.

47 ഇസ്രായേല്‍സമൂഹം മുഴുവനും ഇത് ആചരിക്കണം.

48 നിങ്ങളുടെകൂടെ പാര്‍ക്കുന്ന പരദേശിക്ക് സര്‍വേശ്വരന്‍റെ പെസഹ ആചരിക്കണമെന്ന് ആഗ്രഹം ജനിച്ചാല്‍ അയാളുടെ പുരുഷസന്താനങ്ങളെല്ലാം പരിച്ഛേദനം സ്വീകരിക്കട്ടെ. പിന്നെ അയാള്‍ക്ക് പെസഹ ആചരിക്കാം. അയാളെ സ്വദേശിയായി കരുതണം. പരിച്ഛേദനം ഏല്‌ക്കാത്ത ഒരുവനും അതു ഭക്ഷിക്കരുത്.

49 സ്വദേശിക്കും നിങ്ങളുടെ ഇടയില്‍ പാര്‍ക്കുന്ന വിദേശിക്കും ഒരേ നിയമം തന്നെ.

50 സര്‍വേശ്വരന്‍ മോശയോടും അഹരോനോടും കല്പിച്ചതെല്ലാം ഇസ്രായേല്‍ജനം അനുഷ്ഠിച്ചു.

51 ഇസ്രായേല്‍ജനങ്ങളെ അന്നുതന്നെ സര്‍വേശ്വരന്‍ കൂട്ടംകൂട്ടമായി ഈജിപ്തില്‍നിന്നു വിമോചിപ്പിച്ചു.

13

1

സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു:

2 “ഇസ്രായേലിലെ എല്ലാ ആദ്യജാതന്മാരെയും എനിക്കു സമര്‍പ്പിക്കുക; മനുഷ്യരുടെയും മൃഗങ്ങളുടെയും ആദ്യസന്താനം എനിക്കുള്ളതാണ്.”

3

മോശ ജനത്തോടു പറഞ്ഞു: “അടിമവീടായിരുന്ന ഈജിപ്തില്‍നിന്നു നിങ്ങളെ മോചിപ്പിച്ചു കൊണ്ടുവന്ന ഈ ദിവസം ഓര്‍ത്തുകൊള്ളുക; സര്‍വേശ്വരന്‍ തന്‍റെ ഭുജബലത്താല്‍ നിങ്ങളെ അവിടെനിന്നു കൂട്ടിക്കൊണ്ടുവന്നു; അതുകൊണ്ടു പുളിപ്പുള്ള അപ്പം നിങ്ങള്‍ ഈ ദിവസം ഭക്ഷിക്കരുത്.

4 ആബീബ് മാസത്തിലെ ഈ ദിവസം നിങ്ങള്‍ അവിടെനിന്നു പുറപ്പെട്ടുപോന്നു.

5 കനാന്യര്‍, ഹിത്യര്‍, അമോര്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നീ ജനവര്‍ഗങ്ങള്‍ പാര്‍ക്കുന്ന സ്ഥലം നിങ്ങളുടെ പിതാക്കന്മാര്‍ക്കു നല്‌കുമെന്ന് അവിടുന്ന് വാഗ്ദാനം ചെയ്തിരുന്നു; പാലും തേനും ഒഴുകുന്ന ആ സ്ഥലത്തു സര്‍വേശ്വരന്‍ നിങ്ങളെ എത്തിച്ചശേഷം വര്‍ഷംതോറും ഈ മാസത്തില്‍തന്നെ ഈ പെരുന്നാള്‍ നിങ്ങള്‍ ആചരിക്കണം.

6 ഏഴു ദിവസം നിങ്ങള്‍ പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. ഏഴാം ദിവസം സര്‍വേശ്വരന് ഉത്സവം ആചരിക്കണം;

7 ഏഴു ദിവസവും പുളിപ്പില്ലാത്ത അപ്പംതന്നെ നിങ്ങള്‍ ഭക്ഷിക്കണം; നിങ്ങളുടെയിടയില്‍ പുളിപ്പുള്ള അപ്പം കാണരുത്; നിങ്ങളുടെ ദേശത്തൊരിടത്തും പുളിമാവുണ്ടായിരിക്കരുത്;

8 ഞാന്‍ ഈജിപ്തു വിട്ടുപോരുമ്പോള്‍ എനിക്കുവേണ്ടി സര്‍വേശ്വരന്‍ ചെയ്ത കാര്യങ്ങള്‍ നിമിത്തം ഞാന്‍ ഇത് ആചരിക്കുന്നു എന്ന് ഉത്സവദിവസം നിന്‍റെ പുത്രനോടു നീ പറയണം.

9 സര്‍വേശ്വരന്‍റെ നിയമം നിന്‍റെ അധരങ്ങളില്‍ ഉണ്ടായിരിക്കാന്‍ ഈ ആചാരം കൈയില്‍ അടയാളമായും നെറ്റിയില്‍ ഒരു സ്മാരകചിഹ്നമായും ഇരിക്കട്ടെ. അവിടുന്നു കരുത്തുറ്റ കരത്താല്‍ നിങ്ങളെ ഈജിപ്തില്‍നിന്നു മോചിപ്പിച്ചുവല്ലോ.

10 വര്‍ഷംതോറും നിശ്ചിതസമയത്ത് ഇത് നിങ്ങള്‍ ആചരിക്കണം.

11

“നിങ്ങളോടും നിങ്ങളുടെ പിതാക്കന്മാരോടും സര്‍വേശ്വരന്‍ വാഗ്ദാനം ചെയ്തിരിക്കുന്നതുപോലെ കനാന്യരുടെ ദേശത്തു നിങ്ങളെ എത്തിക്കുകയും ആ ദേശം നിങ്ങള്‍ക്കു നല്‌കുകയും ചെയ്തശേഷം,

12 നിങ്ങളുടെ കടിഞ്ഞൂല്‍സന്തതികളെയെല്ലാം സര്‍വേശ്വരനായി വേര്‍തിരിക്കണം. മൃഗങ്ങളുടെ കടിഞ്ഞൂലുകളിലും ആണ്‍കുട്ടികള്‍ സര്‍വേശ്വരനുള്ളതാണ്.

13 ഒരു ആട്ടിന്‍കുട്ടിയെ നല്‌കി കഴുതയുടെ കടിഞ്ഞൂല്‍ക്കുട്ടിയെ വീണ്ടെടുക്കാം; വീണ്ടെടുക്കുന്നില്ലെങ്കില്‍ അതിനെ കഴുത്തു പിരിച്ചു കൊല്ലണം; നിങ്ങളുടെ ആദ്യപുത്രന്മാരെയെല്ലാം നിങ്ങള്‍ വീണ്ടെടുക്കണം.

14 പില്‍ക്കാലത്ത് നിന്‍റെ പുത്രന്‍ ഇതിന്‍റെ അര്‍ഥമെന്തെന്നു ചോദിച്ചാല്‍ അവനോടു പറയണം: ‘അടിമവീടായ ഈജിപ്തില്‍നിന്ന് സര്‍വേശ്വരന്‍ തന്‍റെ ഭുജബലത്താല്‍ ഞങ്ങളെ വിമോചിപ്പിച്ചു കൊണ്ടുവന്നു.

15 ഫറവോ കഠിനഹൃദയനായി ഞങ്ങളെ വിട്ടയയ്‍ക്കാന്‍ വിസമ്മതിച്ചപ്പോള്‍ ഈജിപ്തിലെ മനുഷ്യരുടെയും മൃഗങ്ങളുടെയും ആദ്യസന്തതികളെ അവിടുന്നു സംഹരിച്ചു. അതുകൊണ്ടാണ് കടിഞ്ഞൂലായ ആണ്‍സന്തതികളെ മുഴുവന്‍ സര്‍വേശ്വരനു യാഗമായി അര്‍പ്പിക്കുന്നത്.’ എന്നാല്‍ എന്‍റെ പുത്രന്മാരില്‍ ആദ്യജാതനെ ഞാന്‍ വീണ്ടെടുക്കുന്നു.

16 ഇത് നിന്‍റെ കൈകളില്‍ അടയാളമായും നെറ്റിയില്‍ സ്മാരകചിഹ്നമായും ഇരിക്കട്ടെ; സര്‍വേശ്വരന്‍ കരുത്തുറ്റ കൈകള്‍കൊണ്ട് നമ്മെ ഈജിപ്തില്‍നിന്നു വിടുവിച്ചുവല്ലോ.”

17

ഫറവോ ജനങ്ങളെ വിട്ടയച്ചപ്പോള്‍ ഫെലിസ്ത്യദേശത്തിലൂടെ പോകുന്നതായിരുന്നു എളുപ്പമെങ്കിലും യുദ്ധം ഉണ്ടായാല്‍ ജനം മനസ്സു മാറി ഈജിപ്തിലേക്കു മടങ്ങിയാലോ എന്നു കരുതി ദൈവം അവരെ ആ വഴി നയിച്ചില്ല.

18 അങ്ങനെ മണലാരണ്യത്തിലെ വളഞ്ഞ വഴിയിലൂടെയാണ് അവിടുന്ന് അവരെ ചെങ്കടല്‍ത്തീരത്തേക്കു നയിച്ചത്. എന്നാല്‍ ഇസ്രായേല്‍ജനം യുദ്ധസന്നദ്ധരായിട്ടാണ് ഈജിപ്തില്‍നിന്നു പുറപ്പെട്ടത്.

19 “ദൈവം തീര്‍ച്ചയായും നിങ്ങളെ കടാക്ഷിച്ചു വിടുവിക്കും. അപ്പോള്‍ എന്‍റെ അസ്ഥികള്‍ കൂടി നിങ്ങള്‍ കൊണ്ടുപോകണം” എന്നു യോസേഫ് ഇസ്രായേല്‍ജനങ്ങളെക്കൊണ്ടു സത്യം ചെയ്യിച്ചിരുന്നതനുസരിച്ച് മോശ യോസേഫിന്‍റെ അസ്ഥികളും എടുത്തിരുന്നു.

20 അവര്‍ സുക്കോത്തില്‍നിന്നു പുറപ്പെട്ട് മരുഭൂമിയുടെ അതിര്‍ത്തിയിലുള്ള ഏഥാമില്‍ പാളയമടിച്ചു.

21 അവര്‍ക്ക് രാവും പകലും യാത്ര ചെയ്യാനാകുംവിധം അവരെ നയിച്ചുകൊണ്ട് പകല്‍ മേഘസ്തംഭത്തിലും അവര്‍ക്ക് വെളിച്ചം പകര്‍ന്നുകൊണ്ടു രാത്രി അഗ്നിസ്തംഭത്തിലുമായി സര്‍വേശ്വരന്‍ അവര്‍ക്കു മുമ്പേ പൊയ്‍ക്കൊണ്ടിരുന്നു.

22 പകല്‍ മേഘസ്തംഭവും രാത്രി അഗ്നിസ്തംഭവും ജനത്തിന്‍റെ മുമ്പില്‍നിന്ന് അപ്രത്യക്ഷമായില്ല.

14

1

സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു:

2 “തിരിച്ചു പോയി മിഗ്ദോലിനും കടലിനുമിടയ്‍ക്ക് ബാല്‍സെഫോനു മുമ്പിലായി പിഹഹിരോത്തിനു സമീപം കടല്‍ത്തീരത്തു പാളയമടിക്കാന്‍ ഇസ്രായേല്‍ജനത്തോടു പറയുക.”

3 അപ്പോള്‍ ഫറവോ, “ഇതാ ഇസ്രായേല്‍ജനം അലഞ്ഞു തിരിയുന്നു. അവര്‍ മരുഭൂമിയില്‍ കുടുങ്ങിയിരിക്കുന്നു” എന്ന് വിചാരിക്കും.

4 ഫറവോയുടെ ഹൃദയം ഞാന്‍ കഠിനമാക്കും; അവന്‍ അവരെ പിന്തുടരും. ഫറവോയുടെയും അവന്‍റെ സകല സൈന്യങ്ങളുടെയുംമേല്‍ ഞാന്‍ മഹത്ത്വം കൈവരിക്കും. അപ്പോള്‍ ഞാനാണ് സര്‍വേശ്വരന്‍ എന്ന് ഈജിപ്തുകാര്‍ അറിയും.” സര്‍വേശ്വരന്‍ കല്പിച്ചതുപോലെ ഇസ്രായേല്‍ജനം ചെയ്തു.

5 ഇസ്രായേല്‍ജനം നാടുവിട്ടു എന്ന് അറിഞ്ഞപ്പോള്‍ ഈജിപ്തിലെ ഫറവോയുടെയും സേവകരുടെയും മനസ്സു മാറി. “നാം എന്താണു ചെയ്തത്? നമ്മുടെ അടിമകളെ നാം വിട്ടയച്ചുകളഞ്ഞല്ലോ” എന്നവര്‍ പരിതപിച്ചു.

6 ഇസ്രായേല്യരെ പിന്തുടരാന്‍ ഫറവോ രഥങ്ങളെയും സൈന്യത്തെയും സജ്ജമാക്കി.

7 മികച്ച അറുനൂറു രഥങ്ങള്‍ ഉള്‍പ്പെടെ അനേകം രഥങ്ങളും പടനായകന്മാരും അടങ്ങിയ സൈന്യം പുറപ്പെട്ടു.

8 ഈജിപ്തിലെ രാജാവായ ഫറവോയുടെ ഹൃദയം സര്‍വേശ്വരന്‍ കഠിനമാക്കി; വിജയാഹ്ലാദത്തോടെ യാത്രയായ ഇസ്രായേല്യരെ ഫറവോ പിന്തുടര്‍ന്നു.

9 ഫറവോയുടെ സൈന്യം കുതിരകളും രഥങ്ങളും തേരാളികളുമായി ഇസ്രായേല്‍ജനത്തെ പിന്തുടര്‍ന്നു. അവര്‍ ബാല്‍സെഫോന് അഭിമുഖമായി പിഹഹിരോത്തിനു സമീപം കടല്‍ത്തീരത്തു പാളയമടിച്ചിരുന്ന ഇസ്രായേല്യരുടെ അടുത്തെത്തി.

10 ഫറവോയും ഈജിപ്തുകാരും അണിയണിയായി തങ്ങള്‍ക്കു നേരെ വരുന്നത് ഇസ്രായേല്യര്‍ കണ്ടു. ഭയപരവശരായ അവര്‍ സര്‍വേശ്വരനെ വിളിച്ചുകരഞ്ഞു; അവര്‍ മോശയോടു ചോദിച്ചു:

11 “ഈജിപ്തില്‍ ശവക്കുഴികളില്ലാഞ്ഞിട്ടാണോ മരിക്കാന്‍ ഈ മരുഭൂമിയില്‍ ഞങ്ങളെ കൊണ്ടുവന്നത്? ഇപ്പോള്‍ ഞങ്ങളുടെ അവസ്ഥ നോക്കുക. ഞങ്ങളെ വെറുതെ വിട്ടേക്കുക;

12 അടിമപ്പണി ചെയ്ത് ഞങ്ങള്‍ കഴിഞ്ഞുകൊള്ളാം എന്ന് ഈജിപ്തില്‍വച്ച് പറഞ്ഞതല്ലേ? ഈ മരുഭൂമിയില്‍വച്ച് മരിക്കുന്നതിലും ഭേദം ഈജിപ്തുകാര്‍ക്ക് അടിമവേല ചെയ്യുകയായിരുന്നു.”

13 മോശ ജനത്തോടു പറഞ്ഞു: “ഭയപ്പെടാതെ ഉറച്ചുനില്‌ക്കുക; നിങ്ങളുടെ രക്ഷയ്‍ക്കുവേണ്ടി സര്‍വേശ്വരന്‍ ഇന്ന് എന്തു ചെയ്യുമെന്നു കാണുക; ഇന്നു കാണുന്ന ഈജിപ്തുകാരെ നിങ്ങള്‍ ഇനി ഒരിക്കലും കാണുകയില്ല.

14 അവിടുന്നു നിങ്ങള്‍ക്കുവേണ്ടി പൊരുതും; ശാന്തരായിരിക്കുക.”

15

സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “നീ എന്നോടു നിലവിളിക്കുന്നതെന്ത്? മുമ്പോട്ടു നീങ്ങാന്‍ ഇസ്രായേല്‍ജനത്തോടു പറയുക.

16 കടലിനുനേരെ നീ വടി നീട്ടി അതിനെ വിഭജിക്കുക; ഇസ്രായേല്‍ജനം അതിന്‍റെ നടുവേ ഉണങ്ങിയ നിലത്തിലൂടെ കടന്നുപോകട്ടെ.

17 ഈജിപ്തുകാരെ ഞാന്‍ കഠിനഹൃദയരാക്കും; അവര്‍ ഇസ്രായേല്യരെ പിന്തുടരും; ഫറവോയുടെയും രഥങ്ങളുടെയും കുതിരപ്പടയുടെയുംമേല്‍ ഞാന്‍ വിജയം കൈവരിക്കും.

18 അപ്പോള്‍ ഞാനാണു സര്‍വേശ്വരനെന്ന് ഈജിപ്തുകാര്‍ അറിയും.”

19 ഇസ്രായേല്യരുടെ മുമ്പില്‍ സഞ്ചരിച്ചിരുന്ന ദൈവദൂതന്‍ അവരുടെ പിമ്പിലേക്കു വന്നു; മുമ്പില്‍ പൊയ്‍ക്കൊണ്ടിരുന്ന മേഘസ്തംഭവും പിമ്പിലേക്കു നീങ്ങി,

20 ഇസ്രായേല്യരുടെയും ഈജിപ്തുകാരുടെയും പാളയങ്ങള്‍ക്കു മധ്യേ നിലയുറപ്പിച്ചു. മേഘം ഈജിപ്തുകാരുടെമേല്‍ ഇരുട്ടു വരുത്തി; ഇസ്രായേല്യര്‍ക്ക് വെളിച്ചം ലഭിക്കുകയും ചെയ്തു; അതുകൊണ്ട് അവര്‍ തമ്മില്‍ അടുക്കാനാകാതെ രാത്രി കഴിഞ്ഞു;

21 മോശ കടലിന്‍റെ നേരേ കൈ നീട്ടി; രാത്രി മുഴുവനും സര്‍വേശ്വരന്‍ ശക്തമായ ഒരു കിഴക്കന്‍കാറ്റ് അടിപ്പിച്ചു; കടല്‍ പിന്നോക്കം ഇറങ്ങി; വെള്ളം വിഭജിക്കപ്പെട്ടു; ഉണങ്ങിയ നിലം തെളിഞ്ഞു;

22 ഇസ്രായേല്‍ജനം കടലിന്‍റെ നടുവില്‍ ഉണങ്ങിയ നിലത്തുകൂടെ കടന്നുപോയി; അവരുടെ വലത്തും ഇടത്തും വെള്ളം മതില്‍പോലെ നിന്നു.

23 ഈജിപ്തുകാര്‍ അവരെ പിന്തുടര്‍ന്നു. ഫറവോയുടെ കുതിരപ്പടയും രഥങ്ങളും കടലിന്‍റെ നടുവിലെത്തി.

24 സൂര്യോദയത്തിനുമുമ്പു സര്‍വേശ്വരന്‍ മേഘസ്തംഭത്തിലും അഗ്നിസ്തംഭത്തിലും നിന്നുകൊണ്ട് ഈജിപ്തുകാരുടെ സൈന്യങ്ങളെ നോക്കി അവരെ പരിഭ്രാന്തരാക്കി.

25 അവരുടെ രഥചക്രങ്ങള്‍ മണ്ണില്‍ പുതഞ്ഞുപോയതിനാല്‍ അവര്‍ക്കു മുമ്പോട്ടു പോകാന്‍ കഴിഞ്ഞില്ല. ഈജിപ്തുകാര്‍ പറഞ്ഞു: “സര്‍വേശ്വരന്‍ അവര്‍ക്കുവേണ്ടി നമുക്കെതിരെ പൊരുതുകയാണ്; നമുക്ക് ഓടി രക്ഷപെടാം.”

26

സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “നീ കടലിന്‍റെ നേരേ കൈ നീട്ടുക; വെള്ളം മടങ്ങിവന്ന് ഈജിപ്തുകാരുടെ രഥങ്ങളെയും കുതിരപ്പടയെയും അവരുടെ സര്‍വസൈന്യത്തെയും മൂടട്ടെ.”

27 മോശ കടലിന്‍റെ നേരേ കൈ നീട്ടി; പിറ്റേന്നു പ്രഭാതമായപ്പോഴേക്കും വെള്ളം പൂര്‍വസ്ഥിതിയിലെത്തി; ഈജിപ്തുകാര്‍ രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും സര്‍വേശ്വരന്‍ അവരെ കടലിന്‍റെ നടുവില്‍ ആഴ്ത്തിക്കളഞ്ഞു.

28 മടങ്ങിവന്ന വെള്ളം രഥങ്ങളെയും കുതിരപ്പടയെയും ഇസ്രായേല്യരെ പിന്തുടര്‍ന്ന ഫറവോയുടെ സര്‍വസൈന്യത്തെയും മൂടിക്കളഞ്ഞു; അവരില്‍ ആരും ശേഷിച്ചില്ല.

29 വെള്ളം ഇരുവശങ്ങളിലും മതില്‍പോലെ നിന്നതുകൊണ്ട് ഇസ്രായേല്യര്‍ ഉണങ്ങിയ നിലത്തുകൂടി കടന്നുപോയി.

30 അങ്ങനെ സര്‍വേശ്വരന്‍ ഇസ്രായേല്യരെ ഈജിപ്തുകാരില്‍നിന്നു രക്ഷിച്ചു; ഈജിപ്തുകാരുടെ ശവശരീരങ്ങള്‍ കടല്‍ത്തീരത്ത് അടിഞ്ഞുകിടക്കുന്നത് ഇസ്രായേല്യര്‍ കണ്ടു.

31 അവര്‍ക്കെതിരായി അവിടുന്നു ചെയ്ത മഹാദ്ഭുതം ഇസ്രായേല്‍ജനം ഗ്രഹിച്ചു; അവര്‍ ഭയഭക്തിമൂലം സര്‍വേശ്വരനിലും അവിടുത്തെ ദാസനായ മോശയിലും വിശ്വസിച്ചു.

15

1

മോശയും ഇസ്രായേല്‍ജനവും സര്‍വേശ്വരനെ പ്രകീര്‍ത്തിച്ചുകൊണ്ട് ഈ ഗാനം പാടി:

ഞാന്‍ സര്‍വേശ്വരനു സ്തുതിപാടും.
അവിടുന്നു മഹത്ത്വപൂര്‍ണമായ വിജയം വരിച്ചിരിക്കുന്നു.
അശ്വങ്ങളെയും അശ്വാരൂഢരെയും അവിടുന്ന് ആഴിയില്‍ എറിഞ്ഞുകളഞ്ഞു.

2
സര്‍വേശ്വരന്‍ എന്‍റെ ശക്തിയും എന്‍റെ ഗാനവും;
അവിടുന്ന് എനിക്ക് രക്ഷയരുളി. അവിടുന്ന് എന്‍റെ ദൈവം;
ഞാന്‍ അവിടുത്തെ പ്രകീര്‍ത്തിക്കും. അവിടുന്ന് എന്‍റെ പിതാവിന്‍റെ ദൈവം, ഞാന്‍ അവിടുത്തെ കീര്‍ത്തിക്കും.

3
അവിടുന്നു യുദ്ധവീരന്‍! സര്‍വേശ്വരന്‍ എന്നാണ് അവിടുത്തെ നാമം.

4
ഫറവോയുടെ രഥങ്ങളെയും സൈന്യങ്ങളെയും
അവിടുന്ന് ആഴിയില്‍ എറിഞ്ഞു.
അവന്‍റെ മികച്ച സേനാധിപന്മാര്‍ ചെങ്കടലില്‍ മുങ്ങിമരിച്ചു.

5
പെരുവെള്ളം അവരെ വിഴുങ്ങി,
കല്ലുപോലെ അവര്‍ അഗാധതയില്‍ ആണ്ടു;

6
സര്‍വേശ്വരാ, അവിടുത്തെ വലങ്കൈ മഹാശക്തിയാല്‍ മഹിമപ്പെട്ടിരിക്കുന്നു.
അവിടുത്തെ വലങ്കൈ വൈരികളെ ചിതറിക്കുന്നു.

7
അവിടുത്തെ മഹാപ്രഭാവത്താല്‍
പ്രതിയോഗികളെ തകര്‍ക്കുന്നു.
അവിടുത്തെ ക്രോധാഗ്നി അവരെ
വയ്‍ക്കോലെന്നപോലെ ദഹിപ്പിക്കുന്നു.

8
അവിടുത്തെ നിശ്വാസത്താല്‍ വെള്ളം കുന്നുകൂടി
ജലപ്രവാഹം മതില്‍പോലെ നിന്നു, അഗാധതലം ഉറഞ്ഞു കട്ടിയായി.

9
എതിരാളി വമ്പു പറഞ്ഞു: “ഞാന്‍ അവരെ പിന്തുടര്‍ന്നു പിടിക്കും; കൊള്ളമുതല്‍ പങ്കിടും;
എന്‍റെ അഭിലാഷം ഞാന്‍ നിറവേറ്റും.
ഞാന്‍ വാളൂരി അവരെ സംഹരിക്കും.”

10
അവിടുന്നു കാറ്റടിപ്പിച്ചു, കടല്‍ അവരെ മൂടി.
ഈയക്കട്ടിപോലെ അവര്‍ അഗാധതയില്‍ താണു.

11
സര്‍വേശ്വരാ, ദേവന്മാരില്‍ അങ്ങേക്കു തുല്യന്‍ ആരുള്ളൂ?
അങ്ങ് വിശുദ്ധിയില്‍ മഹത്ത്വമാര്‍ന്നവന്‍, ഭക്ത്യാദരങ്ങള്‍ക്ക് അര്‍ഹന്‍,
അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നവന്‍, അങ്ങേക്കു സമനായി ആരുള്ളൂ?

12
അവിടുന്നു വലങ്കൈ നീട്ടി; ഭൂമി അവരെ വിഴുങ്ങി.

13
“അവിടുന്നു വീണ്ടെടുത്ത ജനത്തെ അവിടുത്തെ സുസ്ഥിരസ്നേഹത്താലും ശക്തിയാലും നയിച്ച്
വിശുദ്ധനിവാസത്തിലേക്ക് കൊണ്ടുവന്നിരിക്കുന്നു.”

14
ഇതുകേട്ടു ജനതകള്‍ നടുങ്ങുന്നു;
ഫെലിസ്ത്യനിവാസികള്‍ വിറയ്‍ക്കുന്നു;

15
എദോംപ്രഭുക്കന്മാര്‍ പരിഭ്രാന്തരാകുന്നു;
മോവാബ്യജനപ്രമാണികള്‍ നടുങ്ങുന്നു;
കനാന്‍നിവാസികളുടെ ധൈര്യം ക്ഷയിക്കുന്നു.

16
അവിടുത്തെ ഈ ജനം, സര്‍വേശ്വരാ, അവിടുന്നു വീണ്ടെടുത്ത ജനംതന്നെ
കടന്നുപോകുന്നതുവരെ ഭയവും പരിഭ്രാന്തിയും അവരെ ഉലയ്‍ക്കട്ടെ.
അവിടുത്തെ കരബലം കണ്ട് അവര്‍ ശിലപോലെ നിശ്ചലരാകട്ടെ.

17
തിരുനിവാസമായി നിര്‍മ്മിച്ച മന്ദിരത്തിലേക്ക്, അവിടുന്നു സ്ഥാപിച്ച വിശുദ്ധമന്ദിരത്തിലേക്കുതന്നെ,
അവരെ ആനയിച്ച് അവിടുത്തെ അവകാശമായ പര്‍വതത്തില്‍ അവരെ നട്ടുപിടിപ്പിക്കും.

18
സര്‍വേശ്വരന്‍ എന്നെന്നേക്കും രാജാവായി വാഴും.

19

ഫറവോയുടെ കുതിരകളും രഥങ്ങളും കുതിരപ്പടയും കടലിന്‍റെ നടുവിലെത്തിയപ്പോള്‍ സര്‍വേശ്വരന്‍ സമുദ്രജലത്തെ മടക്കിവരുത്തി, അത് അവരെ മൂടി. എന്നാല്‍ ഇസ്രായേല്‍ജനം കടലിന്‍റെ നടുവില്‍ ഉണങ്ങിയ നിലത്തുകൂടി കടന്നുപോയി.

20 അപ്പോള്‍ അഹരോന്‍റെ സഹോദരിയായ മിര്യാം എന്ന പ്രവാചകി തപ്പ് എടുത്തു; സ്‍ത്രീകളെല്ലാം തപ്പുകൊട്ടി നൃത്തം ചെയ്ത് അവളെ അനുഗമിച്ചു.

21

മിര്യാം അവര്‍ക്ക് പാടിക്കൊടുത്തു:

“സര്‍വേശ്വരനു സ്തുതിപാടുവിന്‍;
അവിടുന്ന് മഹത്ത്വപൂര്‍വം വിജയിച്ചിരിക്കുന്നു;
അശ്വങ്ങളെയും അശ്വാരൂഢരെയും
അവിടുന്ന് ആഴിയില്‍ എറിഞ്ഞല്ലോ.”

22

മോശ ഇസ്രായേല്‍ജനത്തെ ചെങ്കടലില്‍നിന്നു മുമ്പോട്ടു നയിച്ചു; അവര്‍ ശൂര്‍മരുഭൂമിയിലെത്തി; മൂന്നു ദിവസം യാത്രചെയ്തിട്ടും അവര്‍ എങ്ങും വെള്ളം കണ്ടെത്തിയില്ല;

23 ഒടുവില്‍ ഒരിടത്ത് അവര്‍ വെള്ളം കണ്ടു. അത് കുടിക്കാനാവാത്തവിധം കയ്പുള്ളതായിരുന്നു. ആ സ്ഥലത്തിന് മാറാ എന്ന പേരു ലഭിച്ചു.

24 “ഞങ്ങള്‍ എന്തു കുടിക്കും” എന്നു പറഞ്ഞു ജനം മോശയ്‍ക്കെതിരെ പിറുപിറുത്തു.

25 മോശ സര്‍വേശ്വരനോടപേക്ഷിച്ചു; അവിടുന്ന് ഒരു മരം കാണിച്ചുകൊടുത്തു. മോശ അത് ആ വെള്ളത്തിലിട്ടപ്പോള്‍ അതു മധുരജലമായിത്തീര്‍ന്നു. അവിടെവച്ച് സര്‍വേശ്വരന്‍ ജനത്തിന് നിയമം നല്‌കി; അവിടുന്ന് അവരെ പരീക്ഷിച്ചു.

26 അവരോടു പറഞ്ഞു: “നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ വാക്കു ശ്രദ്ധയോടെ കേട്ട് അവിടുത്തെ ഹിതം പ്രവര്‍ത്തിക്കുകയും അവിടുത്തെ നിയമം അനുസരിക്കുകയും ചെയ്താല്‍ ഈജിപ്തുകാര്‍ക്കു വരുത്തിയ വ്യാധികളൊന്നും നിങ്ങളുടെമേല്‍ വരുത്തുകയില്ല; ഞാന്‍ നിങ്ങള്‍ക്ക് സൗഖ്യം നല്‌കുന്ന സര്‍വേശ്വരന്‍ ആകുന്നു.

27 പിന്നെ അവര്‍ ഏലീമില്‍ എത്തി; അവിടെ പന്ത്രണ്ട് നീരുറവുകളും എഴുപത് ഈന്തപ്പനകളും ഉണ്ടായിരുന്നു; നീരുറവുകള്‍ക്കരികെ അവര്‍ പാളയമടിച്ചു.

16

1

ഇസ്രായേല്‍ജനം ഏലീമില്‍നിന്നു യാത്ര തുടര്‍ന്നു. ഈജിപ്തില്‍നിന്നു പുറപ്പെട്ടതിന്‍റെ രണ്ടാം മാസം പതിനഞ്ചാം ദിവസം അവര്‍ ഏലീമിനും സീനായിക്കും ഇടയ്‍ക്കുള്ള സീന്‍ മരുഭൂമിയില്‍ എത്തി.

2 മരുഭൂമിയില്‍വച്ച് ഇസ്രായേല്‍ജനം മോശയ്‍ക്കും അഹരോനുമെതിരെ പിറുപിറുത്തു.

3 അവര്‍ പറഞ്ഞു: “ഈജിപ്തില്‍വച്ചുതന്നെ സര്‍വേശ്വരന്‍ ഞങ്ങളെ കൊന്നിരുന്നെങ്കില്‍ നന്നായിരുന്നു. അവിടെ ഞങ്ങള്‍ അപ്പവും ഇറച്ചിയും വേണ്ടുവോളം ഭക്ഷിച്ചിരുന്നു; പട്ടിണികൊണ്ടു മരിക്കാന്‍ ജനത്തെ മുഴുവനും നിങ്ങള്‍ ഈ മരുഭൂമിയില്‍ കൊണ്ടുവന്നിരിക്കുന്നു.”

4 അപ്പോള്‍ സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “ആകാശത്തുനിന്നു ഞാന്‍ നിങ്ങള്‍ക്കു ഭക്ഷണം വര്‍ഷിക്കും; ജനം പുറത്തിറങ്ങി അതതു ദിവസത്തേക്കു വേണ്ടതു ശേഖരിക്കട്ടെ. അവര്‍ എന്‍റെ കല്പന അനുസരിക്കുമോ എന്ന് ഇങ്ങനെ ഞാന്‍ പരീക്ഷിച്ചുനോക്കും.

5 ആറാം ദിവസം ശേഖരിച്ചതു പാകം ചെയ്യുമ്പോള്‍ ദിവസംതോറും ശേഖരിച്ചതിന്‍റെ ഇരട്ടി ഉണ്ടായിരിക്കും.”

6 മോശയും അഹരോനും എല്ലാ ഇസ്രായേല്യരോടുമായി പറഞ്ഞു: “നിങ്ങളെ ഈജിപ്തില്‍നിന്നു വിടുവിച്ചു കൊണ്ടുവന്നതു സര്‍വേശ്വരന്‍ തന്നെയെന്നു നിങ്ങള്‍ ഇന്നു വൈകിട്ടു മനസ്സിലാക്കും.

7 പ്രഭാതത്തില്‍ നിങ്ങള്‍ സര്‍വേശ്വരന്‍റെ മഹത്ത്വം ദര്‍ശിക്കും; അവിടുത്തേക്ക് എതിരായി നിങ്ങള്‍ പിറുപിറുക്കുന്നത് അവിടുന്നു കേട്ടിരിക്കുന്നു; നിങ്ങള്‍ ഞങ്ങളുടെ നേരേ പിറുപിറുക്കാന്‍ ഞങ്ങള്‍ ആരാണ്?

8 രാവിലെ നിങ്ങള്‍ക്കു വേണ്ടിടത്തോളം അപ്പവും വൈകിട്ടു മാംസവും സര്‍വേശ്വരന്‍ നല്‌കുമ്പോള്‍ അവിടുത്തേക്കെതിരെ നിങ്ങള്‍ പിറുപിറുത്തത് അവിടുന്നു കേട്ടിരിക്കുന്നു എന്നു നിങ്ങള്‍ അറിയും. നിങ്ങളുടെ പിറുപിറുപ്പ്, ഞങ്ങള്‍ക്കെതിരെയല്ല വാസ്തവത്തില്‍ സര്‍വേശ്വരനെതിരെയാണ്.”

9 മോശ അഹരോനോടു പറഞ്ഞു: “ഇസ്രായേല്‍ജനങ്ങളോടു പറയുക. സര്‍വേശ്വരന്‍റെ സന്നിധിയിലേക്കു വരിക; നിങ്ങളുടെ ആവലാതി അവിടുന്ന് കേട്ടിരിക്കുന്നു.”

10 അഹരോന്‍ ജനത്തോടു സംസാരിക്കുമ്പോള്‍ തന്നെ അവര്‍ മരുഭൂമിയിലേക്ക് നോക്കി; അപ്പോള്‍ സര്‍വേശ്വരന്‍റെ തേജസ്സ് മേഘത്തില്‍ അവര്‍ക്ക് ദൃശ്യമായി.

11 സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “ഞാന്‍ ഇസ്രായേല്‍ജനങ്ങളുടെ ആവലാതി കേട്ടിരിക്കുന്നു;

12 ഇന്നു വൈകുന്നേരം അവര്‍ക്കു മാംസം ലഭിക്കുമെന്ന് അവരോടു പറയുക; പ്രഭാതത്തില്‍ അവര്‍ അപ്പംകൊണ്ടും തൃപ്തരാകും. അപ്പോള്‍ ഞാനാണ് നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെന്ന് നിങ്ങള്‍ അറിയും.”

13 വൈകുന്നേരം കാടപ്പക്ഷികള്‍ വന്നു പാളയം മൂടി. പ്രഭാതമായപ്പോള്‍ പാളയത്തിനു ചുറ്റും മഞ്ഞു വീണു കിടന്നു;

14 മഞ്ഞു മാറിയപ്പോള്‍ അവലുപോലെ നേരിയ ശകലങ്ങള്‍ ഉറഞ്ഞ മഞ്ഞുപോലെ മൂടിയിരിക്കുന്നത് അവര്‍ കണ്ടു.

15 അതുകണ്ട് ‘ഇതെന്ത്’ എന്ന് അവര്‍ പരസ്പരം ചോദിച്ചു; അത് എന്തെന്ന് അവര്‍ക്ക് മനസ്സിലായില്ല.

16 അപ്പോള്‍ മോശ പറഞ്ഞു: ‘ഇതാണ് സര്‍വേശ്വരന്‍ നിങ്ങള്‍ക്കു തന്നിരിക്കുന്ന ഭക്ഷണം.’ അവിടുത്തെ കല്പന ഇതാകുന്നു: നിങ്ങളില്‍ ഓരോരുവനും ഭക്ഷിക്കാവുന്നിടത്തോളം ശേഖരിച്ചുകൊള്ളുക; ഓരോ കൂടാരത്തിലും ഉള്ളവരുടെ എണ്ണമനുസരിച്ച് ആളൊന്നിന് ഇടങ്ങഴി വീതം ശേഖരിക്കാം.”

17 ഇസ്രായേല്‍ജനം അപ്രകാരം ചെയ്തു; അവരവര്‍ക്കു വേണ്ടുവോളം ഓരോരുത്തരും ശേഖരിച്ചു. ചിലര്‍ കൂടുതലും ചിലര്‍ കുറച്ചും പെറുക്കി.

18 എന്നാല്‍ അളന്നുനോക്കിയപ്പോള്‍ കൂടുതല്‍ പെറുക്കിയവര്‍ക്കു കൂടുതലോ കുറച്ചു പെറുക്കിയവര്‍ക്കു കുറവോ കണ്ടില്ല;

19 മോശ അവരോടു പറഞ്ഞു: “ആരും അതില്‍ നിന്നു പിറ്റേദിവസത്തേക്ക് നീക്കിവയ്‍ക്കരുത്.

20 എന്നാല്‍ ചിലര്‍ അതു കൂട്ടാക്കാതെ അടുത്ത ദിവസത്തേക്കു കുറെ ശേഷിപ്പിച്ചു; അതെല്ലാം പുഴുത്തു നാറി; മോശ അവരെ ശകാരിച്ചു.

21 അവര്‍ക്കു ഭക്ഷിക്കാവുന്നിടത്തോളം പ്രഭാതംതോറും അവര്‍ ശേഖരിച്ചുവന്നു; വെയിലുറയ്‍ക്കുമ്പോള്‍ അത് ഉരുകിപ്പോകുമായിരുന്നു.

22 ആറാം ദിവസം പതിവില്‍ ഇരട്ടി, രണ്ടിടങ്ങഴി വീതം അവര്‍ ശേഖരിച്ചു.

23 ജനപ്രമാണികള്‍ വന്ന് വിവരം അറിയിച്ചപ്പോള്‍ മോശ അവരോടു പറഞ്ഞു: “സര്‍വേശ്വരന്‍റെ കല്പന ഇതാണ്: നാളെ വിശ്രമദിനമാണ്. അവിടുത്തെ വിശുദ്ധമായ ശബത്തുദിനം പ്രമാണിച്ച്. ഇന്നുതന്നെ ചുടാനുള്ളതു ചുടുകയും പുഴുങ്ങാനുള്ളതു പുഴുങ്ങുകയും ചെയ്യുക. അധികമുള്ള ഭക്ഷണം പിറ്റേദിവസത്തേക്കു സൂക്ഷിക്കുക.”

24 മോശ കല്പിച്ചതുപോലെ പിറ്റേദിവസത്തേക്ക് അവര്‍ കരുതിവച്ച ഭക്ഷണം കേടായില്ല; അവയില്‍ കൃമി ഉണ്ടായതുമില്ല.

25 മോശ പറഞ്ഞു: “അത് ഇന്നു ഭക്ഷിക്കാം; ഇന്നു സര്‍വേശ്വരന്‍റെ ശബത്താകുന്നു. പാളയത്തിനു പുറത്ത് ആ വസ്തു ഇന്നു കാണുകയില്ല.

26 ആറു ദിവസം നിങ്ങള്‍ അതു ശേഖരിക്കണം; ഏഴാം ദിവസം ശബത്താകയാല്‍ അതു കാണുകയില്ല.

27 ശബത്തില്‍ ചിലര്‍ അതു ശേഖരിക്കാന്‍ പോയെങ്കിലും അത് കണ്ടില്ല.

28 സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “എന്‍റെ ആജ്ഞയും പ്രമാണങ്ങളും നിങ്ങള്‍ എത്രനാള്‍ ധിക്കരിക്കും?

29 ശബത്തുദിനം നിങ്ങള്‍ക്കു തന്നതു സര്‍വേശ്വരനാണെന്ന് ഓര്‍ക്കുക; അതുകൊണ്ടാണ് ആറാം ദിവസം രണ്ടു ദിവസത്തേക്കുള്ള ഭക്ഷണം അവിടുന്ന് തരുന്നത്; ഏഴാം ദിവസം ആരും തന്‍റെ ഭവനത്തില്‍നിന്നോ സ്ഥലത്തുനിന്നോ പുറത്തുപോകരുത്.

30 അതനുസരിച്ച് ഏഴാം ദിവസം ജനങ്ങള്‍ വിശ്രമിച്ചു.

31 ഇസ്രായേല്‍ജനങ്ങള്‍ ആ ഭക്ഷണപദാര്‍ഥത്തിനു ‘മന്ന’ എന്നു പേരിട്ടു; അത് കൊത്തമല്ലിയുടെ ആകൃതിയുള്ളതും വെളുത്തതും തേന്‍ചേര്‍ത്ത അടപോലെ രുചികരവും ആയിരുന്നു.

32 മോശ പറഞ്ഞു: “നിങ്ങളെ ഈജിപ്തില്‍നിന്നു കൊണ്ടുവന്നപ്പോള്‍ മരുഭൂമിയില്‍വച്ചു ഞാന്‍ നിങ്ങള്‍ക്കു ഭക്ഷിക്കാന്‍ നല്‌കിയത് ഇതായിരുന്നു എന്നു ഭാവിതലമുറ മനസ്സിലാക്കുന്നതിന് ഇടങ്ങഴി മന്ന സൂക്ഷിച്ചുവയ്‍ക്കണമെന്നു സര്‍വേശ്വരന്‍ കല്പിക്കുന്നു.”

33 മോശ അഹരോനോടു പറഞ്ഞു: “ഒരു ഭരണിയില്‍ ഇടങ്ങഴി മന്ന നിറച്ച് നിങ്ങളുടെ ഭാവിതലമുറയ്‍ക്ക് കാണാന്‍ സര്‍വേശ്വരന്‍റെ സന്നിധിയില്‍ വയ്‍ക്കുക.”

34 സര്‍വേശ്വരന്‍ മോശയോടു കല്പിച്ചതുപോലെ അഹരോന്‍ അതു സാക്ഷ്യപേടകത്തിന്‍റെ മുമ്പില്‍ സൂക്ഷിച്ചുവച്ചു.

35 ആവാസയോഗ്യമായ കനാന്‍ദേശത്ത് എത്തുന്നതുവരെ നാല്പതു വര്‍ഷം ജനങ്ങള്‍ മന്ന ഭക്ഷിച്ചു.

36 അന്ന് അളവുപാത്രമായി ഉപയോഗിച്ചിരുന്ന ഓമര്‍ ഏഫെയുടെ പത്തിലൊന്നായിരുന്നു.

17

1

സര്‍വേശ്വരന്‍റെ കല്പനപ്രകാരം ഇസ്രായേല്‍ജനം മുഴുവന്‍ സീന്‍മരുഭൂമിയില്‍നിന്നു പുറപ്പെട്ട് രെഫീദീമില്‍ എത്തി പാളയമടിച്ചു; അവിടെ അവര്‍ക്കു കുടിക്കാന്‍ വെള്ളമില്ലായിരുന്നു.

2 “ഞങ്ങള്‍ക്കു കുടിക്കാന്‍ വെള്ളം തരിക” എന്നു പറഞ്ഞു ജനങ്ങള്‍ മോശയോട് ആവലാതിപ്പെട്ടു. മോശ അവരോടു പറഞ്ഞു: “നിങ്ങള്‍ എന്നോടു കലഹിക്കുന്നതെന്ത്? സര്‍വേശ്വരനെ എന്തിനു പരീക്ഷിക്കുന്നു?”

3 ദാഹിച്ചു വലഞ്ഞ ജനം പിറുപിറുത്തുകൊണ്ടു മോശയോടു പറഞ്ഞു: “ഞങ്ങളും ഞങ്ങളുടെ കുട്ടികളും കന്നുകാലികളും ദാഹിച്ചു മരിക്കാനാണോ നീ ഈജിപ്തില്‍നിന്നു ഞങ്ങളെ വിടുവിച്ചു കൊണ്ടുവന്നത്?”

4 മോശ സര്‍വേശ്വരനോടു നിലവിളിച്ചു പറഞ്ഞു: “ഈ ജനത്തോടു ഞാന്‍ എന്തു ചെയ്യും? നിമിഷങ്ങള്‍ക്കകം എന്നെ അവര്‍ കല്ലെറിയും.”

5 സര്‍വേശ്വരന്‍ മോശയോട് കല്പിച്ചു: “ഏതാനും ഇസ്രായേല്‍പ്രമാണിമാരുമൊത്ത് നീ ജനത്തിന്‍റെ മുമ്പേ പോകുക. നദിയെ അടിച്ച വടിയും കൈയില്‍ എടുക്കുക.

6 ഞാന്‍ ഹോറേബ്മലയിലെ ഒരു പാറമേല്‍ നില്‌ക്കും; നീ ആ പാറയില്‍ അടിക്കണം; അപ്പോള്‍ ജനങ്ങള്‍ക്കു കുടിക്കാന്‍ വെള്ളം അതില്‍നിന്നു പുറപ്പെടും.” ഇസ്രായേല്‍പ്രമാണിമാര്‍ കാണ്‍കെ മോശ അപ്രകാരം ചെയ്തു.

7 “സര്‍വേശ്വരന്‍ നമ്മുടെ കൂടെ ഉണ്ടോ” എന്നു ചോദിച്ച് ഇസ്രായേല്‍ജനം അവിടെവച്ചു പിറുപിറുക്കുകയും അവിടുത്തെ പരീക്ഷിക്കുകയും ചെയ്തതുകൊണ്ട് ആ സ്ഥലത്തിനു മസ്സാ-മെരീബാ എന്നു പേരിട്ടു.

8

അമാലേക്യര്‍ വന്ന് രെഫീദീമില്‍ വച്ച് ഇസ്രായേല്‍ജനത്തെ ആക്രമിച്ചു.

9 മോശ യോശുവയോടു പറഞ്ഞു: “നീ നാളെ തിരഞ്ഞെടുത്ത ഏതാനും ആളുകളുമായി ചെന്ന് അമാലേക്യരോടു യുദ്ധം ചെയ്യുക; ദിവ്യശക്തിയുള്ള വടി പിടിച്ചുകൊണ്ട് ഞാന്‍ കുന്നിന്‍റെ മുകളില്‍ നില്‌ക്കും.”

10 മോശ പറഞ്ഞതുപോലെ യോശുവ അമാലേക്യരോടു യുദ്ധം ചെയ്തു; മോശയും അഹരോനും ഹൂരും കുന്നിന്‍റെ മുകളില്‍ കയറിനിന്നു.

11 മോശയുടെ കൈ ഉയര്‍ത്തിപ്പിടിച്ചിരുന്നപ്പോള്‍ ഇസ്രായേല്യര്‍ ജയിച്ചു. കൈ താഴ്ത്തിയപ്പോള്‍ അമാലേക്യര്‍ ജയിച്ചു.

12 കുറെ കഴിഞ്ഞപ്പോള്‍ മോശയുടെ കൈകള്‍ കുഴഞ്ഞു; അപ്പോള്‍ അഹരോനും ഹൂരും ചേര്‍ന്ന് മോശയ്‍ക്ക് ഇരിക്കാന്‍ ഒരു കല്ല് കൊണ്ടുവന്നു; മോശ അതില്‍ ഇരുന്നു. അവര്‍ മോശയുടെ കൈകള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഇരുവശങ്ങളിലും നിന്നു. അങ്ങനെ സന്ധ്യവരെ മോശയുടെ കൈകള്‍ ഉയര്‍ന്നുനിന്നു.

13 യോശുവ അമാലേക്യരെ വാളുകൊണ്ട് അരിഞ്ഞുവീഴ്ത്തി.

14 സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “ഇതിന്‍റെ ഓര്‍മ നിലനില്‌ക്കാനായി ഈ വിവരം ഒരു പുസ്തകത്തിലെഴുതി വയ്‍ക്കുക; യോശുവയെ അതു വായിച്ചു കേള്‍പ്പിക്കണം; അമാലേക്യരെക്കുറിച്ചുള്ള ഓര്‍മപോലും ഞാന്‍ ഭൂമിയില്‍നിന്നു മായിച്ചുകളയും.

15 മോശ അവിടെ ഒരു യാഗപീഠം പണിത് അതിനു ‘സര്‍വേശ്വരന്‍ എന്‍റെ വിജയക്കൊടി’ എന്നു പേരിട്ടു.

16 മോശ പറഞ്ഞു: “സര്‍വേശ്വരന്‍റെ സിംഹാസനം ഉയര്‍ന്നിരിക്കട്ടെ. അമാലേക്യരോടുള്ള അവിടുത്തെ യുദ്ധം തലമുറകളിലൂടെ തുടര്‍ന്നുകൊണ്ടിരിക്കും.”

18

1

ദൈവം മോശയ്‍ക്കും തന്‍റെ ജനമായ ഇസ്രായേലിനുംവേണ്ടി പ്രവര്‍ത്തിച്ച കാര്യങ്ങളും അവരെ ഈജിപ്തില്‍നിന്നു മോചിപ്പിച്ച വൃത്താന്തവും മിദ്യാനിലെ പുരോഹിതനും മോശയുടെ ഭാര്യാപിതാവുമായ യിത്രോ അറിഞ്ഞു.

2 മോശ തന്‍റെ ഭാര്യ സിപ്പോറായെയും രണ്ടു പുത്രന്മാരെയും യിത്രോയുടെ അടുക്കല്‍ വിട്ടിട്ടുപോന്നിരുന്നതിനാല്‍ അവരെയും കൂട്ടിക്കൊണ്ട് യിത്രോ മോശയുടെ അടുക്കലേക്കു പുറപ്പെട്ടു.

3 ‘വിദേശത്തു പാര്‍ത്തുവരികയാണ്’ എന്നു പറഞ്ഞ് ഒരു പുത്രന് ഗേര്‍ശോന്‍ എന്നും

4 ‘എന്‍റെ പിതാവിന്‍റെ ദൈവം എനിക്കു സഹായി ആയിരുന്നു; ഫറവോയുടെ വാളില്‍നിന്ന് എന്നെ രക്ഷിച്ചു’ എന്നുപറഞ്ഞ് മറ്റേ പുത്രന് എലീയേസര്‍ എന്നുമാണ് മോശ പേരിട്ടത്.

5 മരുഭൂമിയില്‍ ദൈവത്തിന്‍റെ വിശുദ്ധപര്‍വതത്തിന്‍റെയടുത്തു പാളയമടിച്ചിരുന്ന മോശയുടെ അടുക്കല്‍ അദ്ദേഹത്തിന്‍റെ ഭാര്യയെയും പുത്രന്മാരെയും കൂട്ടിക്കൊണ്ട് യിത്രോ വന്നു.

6 “അങ്ങയുടെ ഭാര്യയെയും മക്കളെയും കൂട്ടി ഭാര്യാപിതാവായ യിത്രോ വന്നിരിക്കുന്നു” എന്ന് ഒരാള്‍ മോശയെ അറിയിച്ചു.

7 മോശ പുറത്തുവന്ന് അദ്ദേഹത്തെ സ്വാഗതം ചെയ്ത് വണങ്ങി ചുംബിച്ചു; കുശലപ്രശ്നങ്ങള്‍ക്കു ശേഷം അവര്‍ കൂടാരത്തിനുള്ളിലേക്കു പോയി.

8 സര്‍വേശ്വരന്‍ ഇസ്രായേല്യര്‍ക്കുവേണ്ടി ഫറവോയോടും ഈജിപ്തുകാരോടും ചെയ്ത പ്രവൃത്തികളും വഴിയില്‍ വച്ചുണ്ടായ കഠിന പരീക്ഷകളും അവിടുന്ന് അവരെ വിടുവിച്ചതും മോശ ഭാര്യാപിതാവിനു വിവരിച്ചുകൊടുത്തു.

9 ഈജിപ്തുകാരില്‍നിന്ന് ഇസ്രായേല്‍ജനങ്ങളെ മോചിപ്പിക്കാന്‍ സര്‍വേശ്വരന്‍ ചെയ്ത നന്മകളെപ്പറ്റി കേട്ടപ്പോള്‍ യിത്രോ സന്തോഷിച്ചു;

10 അദ്ദേഹം പറഞ്ഞു: “ഫറവോയുടെയും ഈജിപ്തുകാരുടെയും പിടിയില്‍നിന്ന് നിങ്ങളെ വിടുവിച്ച സര്‍വേശ്വരന്‍ വാഴ്ത്തപ്പെട്ടവന്‍;

11 സകല ദേവന്മാരെക്കാള്‍ അവിടുന്നു വലിയവന്‍ എന്നു ഞാന്‍ ഇപ്പോള്‍ അറിയുന്നു; ഈജിപ്തുകാര്‍ ഇസ്രായേല്യരോടു ധിക്കാരപൂര്‍വം പെരുമാറിയപ്പോള്‍ അവിടുന്ന് അവരെ ഈജിപ്തുകാരുടെ കൈയില്‍നിന്നു മോചിപ്പിച്ചുവല്ലോ.”

12 മോശയുടെ ഭാര്യാപിതാവായ യിത്രോ ദൈവത്തിനു ഹോമയാഗവും മറ്റു യാഗങ്ങളും അര്‍പ്പിച്ചു; അഹരോനും ഇസ്രായേല്യപ്രമുഖരും യിത്രോയോടൊപ്പം ദൈവസന്നിധിയില്‍ ഭക്ഷണം കഴിച്ചു.

13

പിറ്റന്നാള്‍ ജനങ്ങളുടെ തര്‍ക്കങ്ങള്‍ കേട്ട് വിധിപറയാന്‍ മോശ ഇരുന്നു. പ്രഭാതംമുതല്‍ പ്രദോഷംവരെ ജനം അദ്ദേഹത്തിന്‍റെ ചുറ്റും കൂടിനിന്നു.

14 മോശ ചെയ്യുന്നതെല്ലാം കണ്ടിട്ട് ഭാര്യാപിതാവ് ചോദിച്ചു: “ജനത്തിനുവേണ്ടി നീ ഇങ്ങനെ ചെയ്യുന്നതെന്ത്? അന്തിയോളം ചുറ്റും നില്‌ക്കുന്ന ജനത്തിനു ന്യായപാലനം ചെയ്യാന്‍ നീ ഒരാള്‍ മതിയാകുമോ?”

15 മോശ അദ്ദേഹത്തോടു പറഞ്ഞു: “ദൈവഹിതം അറിയാന്‍ ജനം എന്നെ സമീപിക്കുന്നു.

16 തര്‍ക്കങ്ങള്‍ ഉണ്ടാകുമ്പോഴും അവര്‍ എന്‍റെ അടുത്തു വരുന്നു; ഞാന്‍ പരാതികള്‍ക്കു തീര്‍പ്പു കല്പിക്കുന്നു. കൂടാതെ ദൈവകല്പനകളും പ്രമാണങ്ങളും അവരെ അറിയിക്കുകയും ചെയ്യുന്നു.

17 യിത്രോ മോശയോടു പറഞ്ഞു: “നീ ചെയ്യുന്നതു ശരിയല്ല.

18 നീയും നിന്നെ സമീപിക്കുന്ന ജനവും ക്ഷീണിച്ചുപോകും; ഒറ്റയ്‍ക്കു ചെയ്തുതീര്‍ക്കാന്‍ കഴിയാത്തവിധം ഭാരിച്ചതാണ് ഈ ജോലി.

19 എന്‍റെ വാക്ക് ശ്രദ്ധിക്കുക; ഞാന്‍ ഒരു ഉപദേശം നല്‌കാം; ദൈവം നിന്‍റെ കൂടെ ഉണ്ടായിരിക്കട്ടെ; ദൈവസന്നിധിയില്‍ ജനത്തിന്‍റെ പ്രശ്നങ്ങള്‍ കൊണ്ടുവരുന്ന അവരുടെ പ്രതിപുരുഷനായിരിക്കണം നീ.

20 ദൈവത്തിന്‍റെ വിധികളും നിയമങ്ങളും നീ അവരെ പഠിപ്പിക്കണം; അവര്‍ നടക്കേണ്ട വഴികളും ചെയ്യേണ്ട കാര്യങ്ങളും അവരെ മനസ്സിലാക്കണം.

21 ദൈവഭയമുള്ളവരും സത്യസന്ധരും കൈക്കൂലി വാങ്ങാത്തവരും കഴിവുറ്റവരുമായ ആളുകളെ തിരഞ്ഞെടുത്ത് ആയിരവും നൂറും അമ്പതും പത്തും വീതമുള്ള ഗണങ്ങള്‍ക്ക് അധിപതികളായി നിയമിക്കണം.

22 എല്ലായ്പോഴും അവര്‍ ജനങ്ങള്‍ക്ക് ന്യായപാലനം ചെയ്യട്ടെ; വലിയ പ്രശ്നങ്ങളെല്ലാം അവര്‍ നിന്‍റെ അടുക്കല്‍ കൊണ്ടുവരട്ടെ; ചെറിയതൊക്കെയും അവര്‍തന്നെ തീര്‍ക്കട്ടെ; ഇങ്ങനെ അവര്‍ സഹായിക്കുമ്പോള്‍ നിന്‍റെ ഭാരം ലഘുവായിത്തീരും;

23 ദൈവകല്പന എന്നു കരുതി നീ ഇങ്ങനെ ചെയ്താല്‍ നിനക്ക് ഇത് അനായാസമാകും; ഈ ജനത്തിന് സമാധാനത്തോടെ വീട്ടിലേക്കു പോകുകയും ചെയ്യാം.”

24 യിത്രോയുടെ ഉപദേശം മോശ സ്വീകരിച്ചു; അദ്ദേഹം പറഞ്ഞതെല്ലാം നടപ്പാക്കി.

25 ഇസ്രായേല്‍ജനത്തിന്‍റെ ഇടയില്‍നിന്നു കഴിവുള്ളവരെ തിരഞ്ഞെടുത്ത് അവരെ ആയിരവും നൂറും അമ്പതും പത്തും പേര്‍ വീതമുള്ള ഗണങ്ങള്‍ക്ക് അധിപന്മാരായി നിയമിച്ചു.

26 അവര്‍ എല്ലായ്പോഴും ജനങ്ങള്‍ക്കു ന്യായപാലനം ചെയ്തു. പ്രയാസമുള്ള പ്രശ്നങ്ങള്‍ മോശയുടെ അടുക്കല്‍ കൊണ്ടുവരും; ചെറിയ പ്രശ്നങ്ങള്‍ അവര്‍തന്നെ തീരുമാനിക്കും.

27 പിന്നീട് മോശ ഭാര്യാപിതാവിനെ യാത്രയാക്കി; അദ്ദേഹം സ്വദേശത്തേക്കു മടങ്ങിപ്പോയി.

19

1

ഇസ്രായേല്‍ജനം രെഫീദീമില്‍നിന്നു യാത്ര തുടര്‍ന്നു; ഈജിപ്തില്‍നിന്നു പുറപ്പെട്ട് കൃത്യം മൂന്നു മാസം പൂര്‍ത്തിയായപ്പോള്‍ സീനായ്മരുഭൂമിയില്‍ എത്തിച്ചേര്‍ന്നു.

2 അവിടെ അവര്‍ സീനായ്മലയ്‍ക്ക് അഭിമുഖമായി പാളയമടിച്ചു.

3 മോശ ദൈവസന്നിധിയിലേക്കു കയറിച്ചെന്നു. സര്‍വേശ്വരന്‍ മലയില്‍നിന്ന് മോശയെ വിളിച്ച് യാക്കോബിന്‍റെ വംശജരായ ഇസ്രായേല്യരോട് ഇപ്രകാരം പറയാന്‍ കല്പിച്ചു:

4 “ഞാന്‍ ഈജിപ്തുകാരോടു പ്രവര്‍ത്തിച്ചതും കഴുകന്‍ തന്‍റെ കുഞ്ഞുങ്ങളെ ചിറകില്‍ വഹിച്ചുകൊണ്ടു വരുന്നതുപോലെ നിങ്ങളെ എന്‍റെ അടുക്കല്‍ കൊണ്ടുവന്നതും നിങ്ങള്‍ കണ്ടുവല്ലോ.

5 നിങ്ങള്‍ എന്‍റെ വാക്കുകേട്ട് എന്‍റെ ഉടമ്പടി പാലിച്ചാല്‍ സകല ജനതകളിലുംവച്ചു നിങ്ങള്‍ എനിക്ക് പ്രത്യേക ജനം ആയിരിക്കും; ഭൂമി മുഴുവനും എന്‍റേതാണെങ്കിലും.

6 നിങ്ങള്‍ എനിക്ക് ഒരു പുരോഹിതവംശവും വിശുദ്ധജനതയും ആയിരിക്കും.”

7 മോശ ജനനേതാക്കന്മാരെ വിളിച്ചുകൂട്ടി സര്‍വേശ്വരന്‍റെ കല്പന അവരെ അറിയിച്ചു.

8 “സര്‍വേശ്വരന്‍ കല്പിച്ചതെല്ലാം ഞങ്ങള്‍ ചെയ്യും” എന്നു ജനം ഏകസ്വരത്തില്‍ പ്രതിവചിച്ചു; ജനത്തിന്‍റെ വാക്ക് മോശ സര്‍വേശ്വരനെ അറിയിച്ചു.

9 സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “ഇതാ ഞാന്‍ കാര്‍മേഘത്തില്‍ നിന്‍റെ അടുക്കല്‍ വരുന്നു; ഞാന്‍ നിന്നോടു സംസാരിക്കുന്നതു ജനം കേള്‍ക്കട്ടെ. അങ്ങനെ അവര്‍ എന്നും നിന്നെ വിശ്വസിക്കാന്‍ ഇടയാകും.” പിന്നീട് മോശ ജനത്തിന്‍റെ വാക്ക് സര്‍വേശ്വരനെ അറിയിച്ചു.

10 സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “ജനങ്ങളുടെ അടുത്തു ചെന്ന് അവരെ ഇന്നും നാളെയും ശുദ്ധീകരിക്കണം.

11 അവര്‍ വസ്ത്രം അലക്കി വെടിപ്പാക്കി മൂന്നാം ദിവസത്തേക്ക് ഒരുങ്ങിയിരിക്കട്ടെ; അന്നു സീനായ്മലയില്‍ ജനം കാണ്‍കെ ഞാന്‍ ഇറങ്ങി വരും.

12 മലയ്‍ക്കു ചുറ്റും അതിര്‍ത്തി കല്പിച്ചുകൊണ്ട് അവരോടു പറയണം: നിങ്ങള്‍ മലയില്‍ കയറുകയോ അതിരിനുള്ളില്‍ പ്രവേശിക്കുകയോ അരുത്. മലയെ സ്പര്‍ശിക്കുന്നവന്‍ കൊല്ലപ്പെടണം.

13 ആരും അവനെ തൊടരുത്; കല്ലെറിഞ്ഞോ അമ്പെയ്തോ അവനെ കൊല്ലണം; അവനെ സ്പര്‍ശിക്കുന്നവന്‍ മനുഷ്യനോ മൃഗമോ ആകട്ടെ ജീവിച്ചിരിക്കരുത്. നീണ്ട കാഹളധ്വനി കേള്‍ക്കുമ്പോള്‍ ജനം മലയുടെ സമീപം വരട്ടെ.”

14 മോശ മലയില്‍നിന്ന് ഇറങ്ങിച്ചെന്ന് ജനങ്ങളെ ശുദ്ധീകരിച്ചു; അവര്‍ വസ്ത്രം അലക്കി വെടിപ്പാക്കി.

15 അദ്ദേഹം ജനങ്ങളോടു പറഞ്ഞു: “മൂന്നാം ദിവസത്തേക്ക് ഒരുങ്ങിയിരിക്കുക. അതിനിടയില്‍ സ്‍ത്രീസമ്പര്‍ക്കം അരുത്.”

16 മൂന്നാം ദിവസം പ്രഭാതത്തില്‍ വലിയ ഇടിയും മിന്നലും ഉണ്ടായി; വലിയ കാര്‍മേഘം മലമുകളില്‍ പ്രത്യക്ഷപ്പെട്ടു; പാളയത്തിലെ ജനം നടുങ്ങത്തക്കവിധം കാഹളം ഉച്ചത്തില്‍ മുഴങ്ങി.

17 ദൈവത്തെ ദര്‍ശിക്കാന്‍ മോശ ജനത്തെ പാളയത്തിനു പുറത്തു കൊണ്ടുവന്ന് മലയുടെ അടിവശത്തു നിര്‍ത്തി.

18 സര്‍വേശ്വരന്‍ അഗ്നിയിലൂടെ ഇറങ്ങി വന്നതിനാല്‍ സീനായ്മല പുകകൊണ്ടു മൂടി; ചൂളയില്‍ നിന്നെന്നപോലെ പുക പൊങ്ങി; മല ശക്തമായി കുലുങ്ങി;

19 കാഹളധ്വനി അടിക്കടി ഉച്ചത്തിലായിക്കൊണ്ടിരുന്നു. അപ്പോള്‍ മോശ ദൈവത്തോടു സംസാരിച്ചു. അവിടുന്ന് ഇടിമുഴക്കത്തിലൂടെ ഉത്തരമരുളി.

20 സര്‍വേശ്വരന്‍ സീനായ്മലമുകളില്‍ ഇറങ്ങി; മോശയെ കൊടുമുടിയിലേക്കു വിളിച്ചു. അദ്ദേഹം അവിടേക്കു ചെന്നു.

21 സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “നീ ഇറങ്ങിച്ചെന്നു മുന്നറിയിപ്പ് നല്‌കുക. അല്ലെങ്കില്‍ എന്നെ കാണാന്‍ ജനം അതിര്‍ത്തി ലംഘിച്ച് അനേകര്‍ മരിക്കാന്‍ ഇടയാകും.

22 സര്‍വേശ്വരനെ സമീപിക്കാന്‍ ശ്രമിക്കുന്ന പുരോഹിതന്മാരും ശിക്ഷിക്കപ്പെടാതിരിക്കണമെങ്കില്‍ സ്വയം ശുദ്ധീകരിക്കണം.

23 മോശ സര്‍വേശ്വരനോടു പറഞ്ഞു: “സീനായ്മലയ്‍ക്ക് ചുറ്റും അതിരു കല്പിച്ച് അതിനെ വിശുദ്ധീകരിക്കണമെന്ന് അവിടുന്നുതന്നെ ജനങ്ങളോടു കല്പിച്ചതുകൊണ്ട് ജനങ്ങള്‍ക്ക് കയറിവരാന്‍ സാധ്യമല്ല.”

24 സര്‍വേശ്വരന്‍ മോശയോടു പറഞ്ഞു: “നീ ഇറങ്ങിച്ചെന്ന് അഹരോനെ കൂട്ടിക്കൊണ്ടു വരിക; പുരോഹിതന്മാരും ജനവും അതിര്‍ത്തി ലംഘിച്ച് എന്നെ സമീപിക്കരുത്; അതിരുകടന്നാല്‍ അവര്‍ ശിക്ഷിക്കപ്പെടും.

25 മോശ ജനത്തിന്‍റെ അടുക്കല്‍ ഇറങ്ങിച്ചെന്ന് സര്‍വേശ്വരന്‍റെ വാക്ക് അവരെ അറിയിച്ചു.

20

1

ദൈവം ഇപ്രകാരം അരുളിച്ചെയ്തു:

2 “അടിമഗൃഹമായ ഈജിപ്തില്‍നിന്നു നിങ്ങളെ മോചിപ്പിച്ചു കൊണ്ടുവന്ന ഞാനാണ് നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍”

3 “ഞാനല്ലാതെ അന്യദേവന്മാര്‍ നിങ്ങള്‍ക്കുണ്ടാകരുത്;”

4

“സ്വര്‍ഗത്തിലോ ഭൂമിയിലോ വെള്ളത്തിലോ ഉള്ള യാതൊന്നിന്‍റെയും പ്രതിമയോ രൂപമോ നിങ്ങള്‍ക്കുവേണ്ടി ഉണ്ടാക്കരുത്.

5 നിങ്ങള്‍ ഒരു വിഗ്രഹത്തെയും വന്ദിക്കുകയോ ആരാധിക്കുകയോ അരുത്. നിങ്ങളുടെ ദൈവമായ ഞാന്‍ അതു സഹിക്കയില്ല, എന്നെ ദ്വേഷിക്കുന്നവരെ ഞാന്‍ ശിക്ഷിക്കും. അവരുടെ മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ ശിക്ഷ അനുഭവിക്കും.

6 എന്നാല്‍ എന്നെ സ്നേഹിക്കുകയും എന്‍റെ കല്പനകള്‍ പാലിക്കുകയും ചെയ്യുന്നവരോട് ആയിരം തലമുറവരെയും എന്‍റെ സുസ്ഥിരസ്നേഹം ഞാന്‍ കാണിക്കും.”

7

നിന്‍റെ ദൈവമായ സര്‍വേശ്വരന്‍റെ നാമം വ്യര്‍ഥമായി ഉപയോഗിക്കരുത്. അങ്ങനെ ചെയ്യുന്ന ആരെയും ഞാന്‍ വെറുതെ വിടുകയില്ല.”

8

“ശബത്തുദിവസം വിശുദ്ധമായി ആചരിക്കാന്‍ ശ്രദ്ധിക്കുക.

9 ആറു ദിവസംകൊണ്ടു നിങ്ങളുടെ ജോലിയെല്ലാം ചെയ്യുക.

10 എന്നാല്‍ ഏഴാം ദിവസം നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ ശബത്താകുന്നു. അന്ന് നീയും നിന്‍റെ പുത്രന്മാരും പുത്രിമാരും ദാസീദാസന്മാരും മൃഗങ്ങളും നിങ്ങളുടെ ദേശത്തു പാര്‍ക്കുന്ന പരദേശിയും ഒരു ജോലിയിലും ഏര്‍പ്പെടരുത്.

11 സര്‍വേശ്വരന്‍ ആറു ദിവസംകൊണ്ട് ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും സൃഷ്‍ടിച്ചു; ഏഴാം ദിവസം വിശ്രമിച്ചു. അതുകൊണ്ട് അവിടുന്നു ശബത്തുദിനത്തെ അനുഗ്രഹിച്ചു വേര്‍തിരിച്ചു.”

12

“നിന്‍റെ ദൈവമായ സര്‍വേശ്വരന്‍ നിനക്കു നല്‌കുന്ന ദേശത്തു ദീര്‍ഘായുസ്സോടിരിക്കാന്‍ നിന്‍റെ മാതാവിനെയും പിതാവിനെയും ബഹുമാനിക്കുക.”

13

“കൊല ചെയ്യരുത്.”

14

“വ്യഭിചാരം ചെയ്യരുത്”

15

“മോഷ്‍ടിക്കരുത്”

16

“നിന്‍റെ അയല്‍ക്കാരന് എതിരായി കള്ളസ്സാക്ഷ്യം പറയരുത്”

17

“നിന്‍റെ അയല്‍ക്കാരന്‍റെ ഭവനത്തെയോ, അവന്‍റെ ഭാര്യയെയോ, ദാസീദാസന്മാരെയോ, അവന്‍റെ കാളയെയോ കഴുതയെയോ അവന്‍റെ യാതൊന്നിനെയും മോഹിക്കരുത്.”

18

ഇടിമുഴക്കവും കാഹളധ്വനിയും കേള്‍ക്കുകയും, മിന്നലും പുകയുന്ന പര്‍വതവും കാണുകയും ചെയ്തപ്പോള്‍ ജനം ഭയന്നു വിറച്ച് അകലെ നിന്നു.

19 അവര്‍ മോശയോടു പറഞ്ഞു: “അങ്ങ് ഞങ്ങളോടു സംസാരിച്ചാല്‍ മതി. ഞങ്ങള്‍ കേട്ടുകൊള്ളാം. ഞങ്ങള്‍ മരിക്കാതിരിക്കേണ്ടതിനു ദൈവം ഞങ്ങളോടു സംസാരിക്കാതിരിക്കട്ടെ.”

20 മോശ മറുപടി പറഞ്ഞു: “ഭയപ്പെടേണ്ടാ; നിങ്ങളെ പരീക്ഷിക്കാനും നിങ്ങള്‍ പാപം ചെയ്യാതിരിക്കത്തക്കവിധം ദൈവഭയം നിങ്ങളില്‍ നിലനിര്‍ത്താനുമാണ് അവിടുന്നു വന്നിരിക്കുന്നത്.”

21 ദൈവം എഴുന്നള്ളിയിരുന്ന കനത്ത കാര്‍മേഘത്തിന്‍റെ അടുത്തേക്ക് മോശ നീങ്ങിയപ്പോള്‍ ജനം ദൂരെ മാറിനിന്നു.

22

സര്‍വേശ്വരന്‍ മോശയോടരുളിച്ചെയ്തു: “ഇസ്രായേല്യരോട് ഇങ്ങനെ പറയുക: ഞാന്‍ സ്വര്‍ഗത്തില്‍നിന്നു സംസാരിക്കുന്നതു നിങ്ങള്‍തന്നെ കണ്ടല്ലോ.

23 എനിക്കുപുറമെ നിങ്ങള്‍ക്കായി വെള്ളികൊണ്ടോ സ്വര്‍ണംകൊണ്ടോ ഒരു ദേവനെയും ഉണ്ടാക്കരുത്.

24 മണ്ണുകൊണ്ട് ഒരു യാഗപീഠമുണ്ടാക്കി അതിന്മേല്‍ നിങ്ങളുടെ ആടുമാടുകളെ ഹോമയാഗമായും സമാധാനയാഗമായും അര്‍പ്പിക്കുക; എന്‍റെ നാമം അനുസരിക്കപ്പെടുന്നിടത്തൊക്കെയും ഞാന്‍ വന്ന് നിങ്ങളെ അനുഗ്രഹിക്കും.

25 കല്ലുകൊണ്ടാണ് നിങ്ങള്‍ യാഗപീഠം ഉണ്ടാക്കുന്നതെങ്കില്‍ അതു ചെത്തിയ കല്ലുകൊണ്ട് ആകരുത്. നിന്‍റെ പണിയായുധം അതില്‍ സ്പര്‍ശിച്ചാല്‍ അത് അശുദ്ധമാകും.

26 യാഗപീഠത്തിന്‍റെ പടികള്‍ ചവുട്ടിക്കയറി നിന്‍റെ നഗ്നത കാണപ്പെടാന്‍ ഇടയാകരുത്.

21

1

ഇസ്രായേല്യര്‍ക്ക് നീ നല്‌കേണ്ട നിയമങ്ങള്‍ ഇവയാണ്:

2 “എബ്രായനായ അടിമയെ നിങ്ങള്‍ വിലയ്‍ക്കു വാങ്ങിയാല്‍ അവന്‍ ആറു വര്‍ഷം നിന്നെ സേവിക്കട്ടെ. ഏഴാം വര്‍ഷം പ്രതിഫലം വാങ്ങാതെ അവനെ സ്വതന്ത്രനാക്കണം.

3 അവന്‍ തനിയെയാണ് വന്നതെങ്കില്‍ അങ്ങനെതന്നെ പൊയ്‍ക്കൊള്ളട്ടെ. ഭാര്യയോടുകൂടിയാണ് വന്നതെങ്കില്‍ ഭാര്യയോടൊപ്പം പോകട്ടെ.

4 യജമാനന്‍ അവനെ വിവാഹം കഴിപ്പിക്കുകയും അവനു മക്കളുണ്ടാകുകയും ചെയ്താല്‍ അവന്‍റെ ഭാര്യയും മക്കളും യജമാനന്‍റെ വകയായിരിക്കും; അവന്‍ ഒറ്റയ്‍ക്ക് മടങ്ങിപ്പോകണം;

5 എന്നാല്‍ ‘ഞാന്‍ എന്‍റെ യജമാനനെയും എന്‍റെ ഭാര്യയെയും കുട്ടികളെയും സ്നേഹിക്കുന്നു; അതുകൊണ്ട് എനിക്ക് സ്വതന്ത്രനായി പോകേണ്ട’ എന്നു ദാസന്‍ തീര്‍ത്തുപറഞ്ഞാല്‍,

6 യജമാനന്‍ അവനെ ദൈവസന്നിധിയില്‍ വാതിലിന്‍റെയോ കട്ടിളപ്പടിയുടെയോ അടുത്തു നിര്‍ത്തി സൂചികൊണ്ട് അവന്‍റെ കാതു തുളയ്‍ക്കണം; അവന്‍ യജമാനന് ആയുഷ്കാലം അടിമയായിരിക്കും.”

7 “ഒരാള്‍ തന്‍റെ പുത്രിയെ ദാസിയായി വിറ്റാല്‍ അവള്‍ ദാസന്മാരെപ്പോലെ സ്വതന്ത്രയാകാന്‍ പാടില്ല.

8 ഭാര്യയാക്കാന്‍വേണ്ടി വിലയ്‍ക്കു വാങ്ങുകയും പിന്നീട് അവളില്‍ അതൃപ്തി തോന്നുകയും ചെയ്താല്‍ അവളെ അവളുടെ പിതാവിനു തിരിച്ചുകൊടുക്കണം. അവളെ വിദേശിക്കു വിറ്റുകളയാന്‍ യജമാനന് അവകാശമില്ല. അവന്‍ അവളോട് അന്യായമായി പ്രവര്‍ത്തിച്ചല്ലോ.

9 മകനു ഭാര്യയാക്കാന്‍ വേണ്ടിയാണു വിലയ്‍ക്കു വാങ്ങിയതെങ്കില്‍ അവളോടു സ്വന്തം മകളോടെന്നതുപോലെ പെരുമാറണം.

10 രണ്ടാമതൊരുവളെ ഭാര്യയായി സ്വീകരിച്ചാല്‍ ആദ്യഭാര്യക്ക് ഭക്ഷണം, വസ്ത്രം, അര്‍ഹമായ മറ്റ് അവകാശങ്ങള്‍ ഇവയിലൊന്നും കുറവുവരുത്തരുത്.

11 ഈ മൂന്നു വ്യവസ്ഥകളും അവന്‍ നിറവേറ്റുന്നില്ലെങ്കില്‍ വില നല്‌കാതെ അവള്‍ക്കു സ്വതന്ത്രയായി പോകാം.

12

ഒരുവനെ അടിച്ചുകൊല്ലുന്നവന് വധശിക്ഷ നല്‌കണം.

13 അബദ്ധവശാല്‍ അടികൊണ്ട് ഒരാള്‍ മരിക്കുന്നുവെങ്കില്‍ അതു ദൈവനിശ്ചയം എന്നു കരുതാം. ഞാന്‍ നിശ്ചയിക്കുന്ന സ്ഥലത്തേക്ക് അടിച്ചയാള്‍ക്ക് ഓടിപ്പോകാം. അവിടെ അയാള്‍ സുരക്ഷിതനായിരിക്കും.

14 ഒരാള്‍ ക്രുദ്ധനായി മനഃപൂര്‍വം മറ്റൊരുവനെ ചതിച്ചുകൊന്നാല്‍ അയാള്‍ എന്‍റെ യാഗപീഠത്തില്‍ അഭയം പ്രാപിച്ചാല്‍പോലും അവിടെനിന്ന് പിടിച്ചുകൊണ്ടു വന്ന് അവനെ വധിക്കണം.”

15

സ്വപിതാവിനെയോ മാതാവിനെയോ അടിക്കുന്നവന്‍ വധിക്കപ്പെടണം.

16

വില്‍ക്കാനോ അടിമവേല ചെയ്യിക്കാനോ വേണ്ടി മറ്റൊരാളെ തട്ടിക്കൊണ്ടു പോകുന്നവനും വധിക്കപ്പെടണം.

17

സ്വപിതാവിനെയോ മാതാവിനെയോ ശപിക്കുന്നവന് വധശിക്ഷ നല്‌കണം.

18

പരസ്പരം ശണ്ഠ കൂടുന്നതിനിടയില്‍ കല്ലുകൊണ്ടോ മുഷ്‍ടികൊണ്ടോ ഉള്ള പ്രഹരമേറ്റ് ഒരാള്‍ മരിച്ചില്ലെങ്കിലും ശയ്യാവലംബിയായെന്ന് ഇരിക്കട്ടെ;

19 അയാള്‍ക്ക് പിന്നീട് വടിയൂന്നിയെങ്കിലും നടക്കാന്‍ കഴിഞ്ഞാല്‍ ഇടിച്ചയാള്‍ ശിക്ഷാര്‍ഹനല്ല. എന്നാല്‍ അയാള്‍ നഷ്ടപ്പെട്ട സമയത്തിന് പ്രതിഫലം കൊടുക്കുകയും പൂര്‍ണ ആരോഗ്യം ലഭിക്കുന്നതുവരെ അയാളെ പരിപാലിക്കുകയും വേണം.

20

ഒരുവന്‍ തന്‍റെ അടിമയെ ആണായാലും പെണ്ണായാലും വടികൊണ്ട് അടിക്കുകയും അയാള്‍ തല്‍ക്ഷണം മരിക്കുകയും ചെയ്താല്‍ യജമാനന്‍ ശിക്ഷിക്കപ്പെടണം.

21 എന്നാല്‍ അടിയേറ്റയാള്‍ ഒന്നോ രണ്ടോ ദിവസമെങ്കിലും ജീവിച്ചിരുന്നാല്‍ ശിക്ഷിക്കേണ്ടതില്ല. അടിമ യജമാനന്‍റെ സ്വത്താണല്ലോ.”

22

“പുരുഷന്മാര്‍ കലഹിക്കുന്നതിനിടയില്‍ ഒരു ഗര്‍ഭിണിക്ക് പരുക്കേല്‌ക്കുകയും ഗര്‍ഭം അലസുകയും മറ്റ് ഉപദ്രവമൊന്നും ഏല്‌ക്കാതിരിക്കുകയും ചെയ്താല്‍ പരുക്കേല്പിച്ചയാള്‍ അവളുടെ ഭര്‍ത്താവിന്‍റെ ആവശ്യപ്രകാരം മധ്യസ്ഥന്മാര്‍ നിശ്ചയിക്കുന്ന തുക പിഴയായി നല്‌കണം.

23 എന്നാല്‍ അവള്‍ക്ക് ഉപദ്രവം ഏറ്റാല്‍ ജീവനു പകരം ജീവന്‍,

24 കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്, കൈക്കു പകരം കൈ, കാലിനു പകരം കാല്‍,

25 പൊള്ളലിനു പകരം പൊള്ളല്‍, മുറിവിനു പകരം മുറിവ്, ചതവിനു പകരം ചതവ് എന്ന ക്രമത്തില്‍ ശിക്ഷ നല്‌കണം.

26

ഒരുവന്‍റെ പ്രഹരമേറ്റ് അടിമയുടെ ആണോ പെണ്ണോ ആകട്ടെ-കണ്ണു നഷ്ടപ്പെട്ടാല്‍ ആ അടിമയ്‍ക്കു സ്വാതന്ത്ര്യം നല്‌കണം.

27 ദാസന്‍റെയോ ദാസിയുടെയോ പല്ല് അടിച്ചു കൊഴിച്ചാലും പകരം സ്വാതന്ത്ര്യം നല്‌കണം.

28

പുരുഷനെയോ സ്‍ത്രീയെയോ ഒരു കാള കുത്തിക്കൊന്നാല്‍ കാളയെ കല്ലെറിഞ്ഞു കൊല്ലണം. അതിന്‍റെ മാംസം ഭക്ഷിക്കരുത്. കാളയുടെ ഉടമസ്ഥന്‍ കുറ്റക്കാരനല്ല.

29 എന്നാല്‍, ആ കാള മനുഷ്യരെ കുത്തുന്ന ശീലമുള്ളതും ഉടമസ്ഥന്‍ അതറിഞ്ഞിട്ടും കെട്ടി സൂക്ഷിക്കാത്തതും ആയിരിക്കെ അത് ആരെയെങ്കിലും കുത്തിക്കൊന്നാല്‍ അതിനെ കല്ലെറിഞ്ഞു കൊല്ലണം. അതിന്‍റെ ഉടമസ്ഥനെയും വധിക്കണം.

30 എന്നാല്‍, മോചനദ്രവ്യം ചുമത്തപ്പെട്ടാല്‍ ആ തുക അടച്ച് അയാള്‍ക്കു ജീവന്‍ വീണ്ടെടുക്കാം.

31 കാള കുത്തിക്കൊല്ലുന്നത് ആണ്‍കുട്ടിയെയോ പെണ്‍കുട്ടിയെയോ ആയാലും ഈ ചട്ടം പാലിക്കണം.

32 കാള കുത്തിക്കൊല്ലുന്നത് ഒരു ദാസനെയോ ദാസിയെയോ ആണെങ്കില്‍ കാളയുടെ ഉടമസ്ഥന്‍ മുപ്പതു ശേക്കെല്‍ വെള്ളി അടിമയുടെ ഉടമസ്ഥനു കൊടുക്കണം. കാളയെ കല്ലെറിഞ്ഞു കൊല്ലുകയും വേണം.

33

“ഒരുവന്‍ ഒരു കുഴി തുറന്നിടുകയോ കുഴിച്ചശേഷം അതു മൂടാതിരിക്കുകയോ ചെയ്തിട്ട് ആ കുഴിയില്‍ ഒരു കാളയോ കഴുതയോ വീണു ചത്താല്‍

34 കുഴിയുടെ ഉടമസ്ഥന്‍ മൃഗത്തിന്‍റെ ഉടമസ്ഥന് അതിന്‍റെ വില കൊടുക്കണം; ചത്തമൃഗം കുഴിയുടെ ഉടമസ്ഥനുള്ളതായിരിക്കും.

35

ഒരാളുടെ കാള മറ്റൊരുവന്‍റെ കാളയെ കുത്തിക്കൊന്നാല്‍ ജീവനുള്ള കാളയെ വിറ്റ് അതിന്‍റെ വില രണ്ടുപേരും വീതിച്ചെടുക്കണം; ചത്ത മൃഗത്തെയും അവര്‍ വീതിച്ചെടുക്കണം.

36 തന്‍റെ കാള കുത്തുന്നതാണെന്നറിഞ്ഞിട്ടും ഉടമസ്ഥന്‍ അതിനെ സൂക്ഷിക്കാതെയിരുന്നാല്‍ അതിന്‍റെ കുത്തേറ്റു ചാകുന്ന കാളയ്‍ക്കു പകരം കാളയെ കൊടുക്കണം. ചത്തമൃഗം അയാള്‍ക്കുള്ളതായിരിക്കും.”

22

1

“കാളയെയോ ആടിനെയോ മോഷ്‍ടിച്ചു കൊല്ലുകയോ വില്‍ക്കുകയോ ചെയ്യുന്നവന്‍ ഒരു കാളയ്‍ക്കു പകരം അഞ്ചു കാളയെയും ഒരു ആടിനു പകരം നാല് ആടിനെയും കൊടുക്കണം.

2 [2-4] അയാള്‍ നഷ്ടപരിഹാരം ചെയ്തേ മതിയാകൂ. അതിനു വകയില്ലെങ്കില്‍ സ്വയം വിറ്റ് മോഷ്‍ടിച്ച വസ്തുവിനു പകരം നല്‌കണം. മോഷ്‍ടിക്കപ്പെട്ട മൃഗം കാളയോ കഴുതയോ ആടോ ആകട്ടെ അതിനെ ജീവനോടെ അയാളുടെ കൈവശം കണ്ടുപിടിച്ചാല്‍ അയാള്‍ ഇരട്ടി പകരം കൊടുക്കണം. ഭവനഭേദനം നടത്തുന്നതിനിടയില്‍ മോഷ്ടാവ് അടിയേറ്റു മരിച്ചാല്‍ അടിച്ചവനെ കൊലപാതകി എന്ന് എണ്ണിക്കൂടാ. എന്നാല്‍ പകല്‍നേരത്താണ് ഇങ്ങനെ സംഭവിക്കുന്നതെങ്കില്‍ അയാള്‍ കുറ്റക്കാരനായിരിക്കും.

3

4

5

ഒരുവന്‍ തന്‍റെ കന്നുകാലിയെ അഴിച്ചുവിട്ടിട്ട് അത് അയല്‍ക്കാരന്‍റെ നിലത്തിലെയോ മുന്തിരിത്തോട്ടത്തിലെയോ കൃഷി തിന്നു നശിപ്പിച്ചാല്‍ മൃഗത്തിന്‍റെ ഉടമസ്ഥന്‍ നിലത്തിലെയോ മുന്തിരിത്തോട്ടത്തിലെയോ ഏറ്റവും നല്ല വിളവ് നഷ്ടപരിഹാരമായി കൊടുക്കണം.

6

ഒരുവന്‍ തീ കത്തിക്കുന്നതിനിടയില്‍ അതു പടര്‍ന്ന് അയല്‍ക്കാരന്‍റെ വയലിലെ വിളവോ, കൊയ്തടുക്കിയ കറ്റകളോ, നിലമോ വെന്തുപോയാല്‍ തീ കത്തിച്ചവന്‍ പകരം കൊടുക്കണം.

7

അയല്‍ക്കാരന്‍ സൂക്ഷിക്കാന്‍ ഏല്പിച്ച പണമോ സാധനമോ മോഷ്‍ടിക്കപ്പെടുകയും മോഷ്ടാവ് പിടിക്കപ്പെടുകയും ചെയ്താല്‍ അയാള്‍ ഇരട്ടി പകരം കൊടുക്കണം.

8 മോഷ്ടാവിനെ പിടികിട്ടിയില്ലെങ്കില്‍ വീട്ടുടമസ്ഥന്‍ ദൈവസന്നിധിയില്‍ വന്ന് സൂക്ഷിക്കാന്‍ ഏറ്റ പണമോ പണ്ടമോ അപഹരിച്ചിട്ടില്ലെന്നു സത്യം ചെയ്യണം.

9 കാണാതെ പോയ കാള, കഴുത, ആട്, വസ്ത്രം മുതലായവയില്‍ ഏതെങ്കിലും ഒന്നിന്‍റെ പേരില്‍ വിശ്വാസലംഘനക്കുറ്റം ആരോപിക്കപ്പെട്ടാല്‍ ഇരുകക്ഷികളും ദൈവസന്നിധിയില്‍ വരണം. കുറ്റക്കാരനായി വിധിക്കപ്പെടുന്നവന്‍ അപരന് ഇരട്ടി പകരം നല്‌കണം.

10

ഒരുവന്‍ മറ്റൊരാളുടെ കഴുതയെയോ കാളയെയോ, ആടിനെയോ മറ്റേതെങ്കിലും മൃഗത്തെയോ സൂക്ഷിക്കാന്‍ ഏല്പിക്കുകയും അതു ചാവുകയോ, അപഹരിക്കപ്പെടുകയോ, അപകടത്തില്‍പ്പെടുകയോ ചെയ്യുകയും ഇതിന് തെളിവൊന്നും ഇല്ലാതിരിക്കുകയും ചെയ്താല്‍ സൂക്ഷിക്കാന്‍ ഏറ്റിരുന്നയാള്‍

11 ദൈവസന്നിധിയില്‍ വന്ന് അപരന്‍റെ മുതല്‍ അപഹരിച്ചിട്ടില്ലെന്നു സത്യം ചെയ്യണം. പിന്നെ അയാള്‍ നഷ്ടപരിഹാരം ചെയ്യേണ്ടതില്ല. ഉടമസ്ഥന്‍ ഈ സത്യം അംഗീകരിക്കണം.

12 എന്നാല്‍ അതു മോഷ്‍ടിക്കപ്പെട്ടതാണെങ്കില്‍ സൂക്ഷിക്കാന്‍ ഏറ്റയാള്‍ നഷ്ടപരിഹാരം ചെയ്യണം.

13 വന്യമൃഗങ്ങള്‍ കടിച്ചുകീറി കൊന്നതാണെങ്കില്‍ അതിന്‍റെ അവശിഷ്ടം തെളിവായി ഹാജരാക്കട്ടെ. അതിനു പകരം കൊടുക്കേണ്ടതില്ല.

14

ഒരുവന്‍ അയല്‍ക്കാരനോടു വായ്പ വാങ്ങിയ മൃഗത്തിന് ഉടമസ്ഥന്‍റെ അസാന്നിധ്യത്തില്‍ മുറിവേല്‌ക്കുകയോ ജീവഹാനി വരികയോ ചെയ്താല്‍ പൂര്‍ണ നഷ്ടപരിഹാരം ചെയ്യണം.

15 ഉടമസ്ഥന്‍ കൂടെയുണ്ടായിരുന്നാല്‍ പകരം കൊടുക്കേണ്ടതില്ല. കൂലിക്കു വാങ്ങിയതാണെങ്കില്‍ കൂലികൊണ്ടു പരിഹരിക്കപ്പെടും.

16

വിവാഹനിശ്ചയം കഴിഞ്ഞിട്ടില്ലാത്ത ഒരു യുവതിയെ വശീകരിച്ച് അവളുടെ കൂടെ ശയിക്കുന്നവന്‍ അവള്‍ക്ക് വിവാഹധനം കൊടുത്ത് അവളെ ഭാര്യയായി സ്വീകരിക്കണം.

17 എന്നാല്‍ അവളെ അയാള്‍ക്കു വിവാഹം ചെയ്തുകൊടുക്കാന്‍ അവളുടെ പിതാവിനു സമ്മതമില്ലെങ്കില്‍ കന്യകമാര്‍ക്ക് കൊടുക്കേണ്ട വിവാഹധനം അയാള്‍ അവളുടെ പിതാവിനു കൊടുക്കണം.

18

“മന്ത്രവാദിനികള്‍ നിങ്ങളുടെയിടയില്‍ ജീവിക്കാന്‍ അനുവദിക്കരുത്.

19 മൃഗവുമായി സംയോഗം ചെയ്യുന്നവന്‍ വധിക്കപ്പെടണം;”

20

“സര്‍വേശ്വരനല്ലാതെ അന്യദേവനു യാഗമര്‍പ്പിക്കുന്നവനെ ഉന്മൂലനം ചെയ്യണം.”

21 “വിദേശിയോട് അപമര്യാദമായി പെരുമാറുകയോ, അയാളെ മര്‍ദിക്കുകയോ ചെയ്യരുത്; നിങ്ങളും ഈജിപ്തില്‍ വിദേശികളായിരുന്നുവല്ലോ.”

22 “വിധവയെയോ അനാഥനെയോ പീഡിപ്പിക്കരുത്;

23 അങ്ങനെ ചെയ്താല്‍ അവര്‍ എന്നോടു നിലവിളിക്കുകയും നിശ്ചയമായും ഞാന്‍ അവരുടെ നിലവിളി കേള്‍ക്കുകയും ചെയ്യും.”

24 “എന്‍റെ കോപം ജ്വലിച്ച് ഞാന്‍ നിങ്ങളെ വാളിനിരയാക്കും. നിങ്ങളുടെ ഭാര്യമാര്‍ വിധവകളും മക്കള്‍ അനാഥരുമായിത്തീരും.”

25

“എന്‍റെ ജനത്തിലെ ദരിദ്രന്മാരായ ആര്‍ക്കെങ്കിലും പണം കടം കൊടുക്കുമ്പോള്‍ നിങ്ങള്‍ പലിശയ്‍ക്കു പണം കടം കൊടുക്കുന്നവരെപ്പോലെ പെരുമാറരുത്. അവരില്‍നിന്നു പലിശ ഈടാക്കുകയും അരുത്.

26 അയല്‍ക്കാരന്‍റെ മേലങ്കി പണയം വാങ്ങിയാല്‍ സൂര്യന്‍ അസ്തമിക്കുന്നതിനുമുമ്പ് അതു നീ തിരിച്ചുകൊടുക്കണം.

27 അവനു പുതയ്‍ക്കാന്‍ വേറെ വസ്ത്രമില്ലല്ലോ. അതില്ലാതെ അവന്‍ എങ്ങനെ ഉറങ്ങും. അവന്‍ എന്നോടു നിലവിളിച്ചാല്‍ ഞാന്‍ കേള്‍ക്കും; ഞാന്‍ കൃപാലുവായ ദൈവമാകുന്നു.”

28

“നിങ്ങള്‍ ദൈവത്തെ നിന്ദിക്കരുത്. ജനത്തിന്‍റെ അധിപതിയെ ശപിക്കയും അരുത്.

29 നിങ്ങളുടെ മെതിക്കളത്തിന്‍റെയും ചക്കുകളുടെയും സമൃദ്ധിയില്‍നിന്ന് എനിക്കുള്ള ഓഹരി അര്‍പ്പിക്കാന്‍ താമസിക്കരുത്. നിങ്ങളുടെ കടിഞ്ഞൂല്‍പുത്രന്മാരെ എനിക്കു നല്‌കണം.

30 അതുപോലെതന്നെ നിങ്ങളുടെ കന്നുകാലികളുടെയും ആടുകളുടെയും കടിഞ്ഞൂലുകളെ എനിക്കു നല്‌കണം. അവ ഏഴു ദിവസം തള്ളയോടൊപ്പം നില്‌ക്കട്ടെ. എട്ടാം ദിവസം അതിനെ എനിക്ക് അര്‍പ്പിക്കണം.

31 നിങ്ങള്‍ എനിക്കായി വേര്‍തിരിക്കപ്പെട്ടവരാണ്. അതുകൊണ്ട് മൃഗങ്ങള്‍ കടിച്ചുകീറിയ മാംസം നിങ്ങള്‍ ഭക്ഷിക്കരുത്. അത് നായ്‍ക്കള്‍ക്ക് കൊടുക്കുക.

23

1

നിങ്ങള്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കരുത്; കള്ളസ്സാക്ഷ്യം നല്‌കി കുറ്റവാളിക്കു തുണ നില്‌ക്കരുത്.

2 ഭൂരിപക്ഷത്തോടു ചേര്‍ന്നു തെറ്റു ചെയ്യരുത്; ന്യായം മറിച്ചുകളയാന്‍ അവരോടു ചേര്‍ന്നു വ്യവഹാരത്തില്‍ സാക്ഷ്യം പറയരുത്.

3 വ്യവഹാരത്തില്‍ ദരിദ്രനോടു പ്രത്യേക പക്ഷപാതം കാട്ടരുത്.

4

ശത്രുവിന്‍റെ കാളയോ കഴുതയോ കെട്ടഴിഞ്ഞ് അലയുന്നതു കണ്ടാല്‍ അതിനെ അവന്‍റെ അടുക്കല്‍ എത്തിക്കണം.

5 നിന്നെ ദ്വേഷിക്കുന്നവന്‍റെ കഴുത ഭാരവുമായി വീണുകിടക്കുന്നതു കണ്ടാല്‍, അതിനെ കടന്നു പോകരുത്; അതിനെ എഴുന്നേല്പിക്കാന്‍ തീര്‍ച്ചയായും അവനെ സഹായിക്കണം.

6 വ്യവഹാരത്തില്‍ ദരിദ്രന് നീതി നിഷേധിക്കരുത്.

7 വ്യാജാരോപണങ്ങള്‍ ഉന്നയിക്കരുത്. നിഷ്കളങ്കനെയും നീതിമാനെയും കൊല്ലാന്‍ ഇടവരരുത്. ദുഷ്ടനെ ഞാന്‍ വെറുതെ വിടുകയില്ല.

8 നീ കൈക്കൂലി വാങ്ങരുത്. അതു കാഴ്ചയുള്ളവന്‍റെ കണ്ണ് അന്ധമാക്കുകയും നീതിമാനു ന്യായം നിഷേധിക്കുകയും ചെയ്യുന്നു.

9 പരദേശിയെ നിങ്ങള്‍ കഷ്ടപ്പെടുത്തരുത്. ഈജിപ്തില്‍ പരദേശികളായിരുന്ന നിങ്ങള്‍ക്ക് പരദേശിയുടെ വികാരങ്ങള്‍ അറിയാമല്ലോ.

10

“ആറു വര്‍ഷം നിങ്ങള്‍ക്ക് നിലങ്ങളില്‍ വിതച്ചു വിളവെടുക്കാം.

11 എന്നാല്‍ ഏഴാം വര്‍ഷം അതു തരിശായി ഇടണം. അതിലുണ്ടാകുന്ന വിളവ് നിങ്ങളുടെ ഇടയിലെ ദരിദ്രന്മാര്‍ എടുത്തുകൊള്ളട്ടെ. പിന്നീട് ശേഷിക്കുന്നത് കാട്ടുമൃഗങ്ങള്‍ തിന്നട്ടെ. നിങ്ങളുടെ മുന്തിരിത്തോട്ടത്തിന്‍റെയും ഒലിവുതോട്ടത്തിന്‍റെയും കാര്യത്തിലും ഇങ്ങനെതന്നെ ചെയ്യുക.

12 “ആറു ദിവസം നിങ്ങളുടെ ജോലികള്‍ ചെയ്യുക. ഏഴാം ദിവസം വിശ്രമിക്കണം. അങ്ങനെ നിങ്ങളുടെ കാളയും കഴുതയും വിശ്രമിക്കട്ടെ. അടിമകളും പരദേശികളും അന്നു വിശ്രമിച്ച് ഉന്മേഷം പ്രാപിക്കട്ടെ.

13 ഞാന്‍ നിങ്ങളോടു പറഞ്ഞ കാര്യങ്ങളിലെല്ലാം ശ്രദ്ധ വയ്‍ക്കണം. അന്യദേവന്മാരുടെ നാമം ഉച്ചരിക്കരുത്. അവ നിങ്ങളുടെ നാവില്‍നിന്നു കേള്‍ക്കുകയും അരുത്.

14

“ആണ്ടില്‍ മൂന്നു തവണ നിങ്ങള്‍ എനിക്ക് ഉത്സവം ആചരിക്കണം.

15 പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുന്നാള്‍ നിങ്ങള്‍ ആചരിക്കണം. ഞാന്‍ കല്പിച്ചിട്ടുള്ളതുപോലെ ആബീബുമാസത്തില്‍ നിശ്ചിതസമയമായ ഏഴു ദിവസത്തേക്കു നിങ്ങള്‍ പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. അന്നായിരുന്നുവല്ലോ നിങ്ങള്‍ ഈജിപ്തില്‍നിന്നു പുറപ്പെട്ടു പോന്നത്.” “വെറുംകൈയോടെ ആരും എന്‍റെ സന്നിധിയില്‍ വരരുത്.”

16 വിതച്ച നിലം കൊയ്യുമ്പോള്‍ വിളവെടുപ്പു പെരുന്നാളും, വര്‍ഷാവസാനം തോട്ടങ്ങളില്‍നിന്ന് ആദ്യഫലം ശേഖരിക്കുമ്പോള്‍ ഫലശേഖരപ്പെരുന്നാളും ആഘോഷിക്കണം.

17 “ആണ്ടില്‍ മൂന്നു തവണ പുരുഷന്മാരെല്ലാം ദൈവമായ സര്‍വേശ്വരന്‍റെ സന്നിധിയില്‍ വന്നുചേരണം.”

18

“പുളിപ്പുള്ള അപ്പത്തോടുകൂടി യാഗരക്തം അര്‍പ്പിക്കരുത്; പെരുന്നാളില്‍ അര്‍പ്പിക്കുന്ന മേദസ്സ് പ്രഭാതംവരെ ശേഷിപ്പിക്കുകയും അരുത്.”

19 “വയലിലെ വിളവിന്‍റെ ആദ്യഫലം നിന്‍റെ ദൈവമായ സര്‍വേശ്വരന്‍റെ ആലയത്തില്‍ കൊണ്ടുവരണം. ആട്ടിന്‍കുട്ടിയെ അതിന്‍റെ തള്ളയുടെ പാലില്‍ പാകം ചെയ്യരുത്.”

20

ഇതാ ഞാന്‍ ഒരു ദൂതനെ അയയ്‍ക്കുന്നു. യാത്രയില്‍ അവന്‍ നിങ്ങളെ പരിപാലിക്കും. ഞാന്‍ ഒരുക്കിയിട്ടുള്ള ദേശത്തേക്ക് അവന്‍ നിങ്ങളെ നയിക്കും.

21 അവന്‍ പറയുന്നത് ആദരപൂര്‍വം അനുസരിക്കണം; അവനോടു മത്സരിക്കരുത്. എന്‍റെ നാമം അവനിലുള്ളതുകൊണ്ട് നിങ്ങളുടെ അതിക്രമങ്ങള്‍ അവന്‍ ക്ഷമിക്കുകയില്ല.

22 എന്നാല്‍ നിങ്ങള്‍ അവന്‍റെ വാക്ക് സൂക്ഷ്മതയോടെ ശ്രദ്ധിക്കുകയും ഞാന്‍ പറയുന്നതെല്ലാം അനുസരിക്കുകയും ചെയ്താല്‍ നിങ്ങളുടെ എതിരാളികള്‍ക്ക് ഞാന്‍ എതിരാളിയും നിങ്ങളുടെ ശത്രുക്കള്‍ക്ക് ഞാന്‍ ശത്രുവുമായിരിക്കും.

23 എന്‍റെ ദൂതന്‍ നിങ്ങളുടെ മുമ്പില്‍ നടന്നു നിങ്ങളെ അമോര്യര്‍, ഹിത്യര്‍, പെരിസ്യര്‍, കനാന്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നിവരുടെ നാട്ടിലേക്കു നയിക്കും. ഞാന്‍ അവരെ അവരുടെ നാട്ടില്‍നിന്ന് ഉന്മൂലനം ചെയ്യും.

24 നിങ്ങള്‍ അവരുടെ ദേവന്മാരെ നമസ്കരിക്കുകയോ ആരാധിക്കുകയോ ചെയ്യരുത്; അവരുടെ ആചാരങ്ങള്‍ അനുകരിക്കരുത്. അവരുടെ ദേവവിഗ്രഹങ്ങളെ പൂര്‍ണമായി നശിപ്പിക്കണം.

25 നിങ്ങള്‍ എന്നെ, നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെത്തന്നെ ആരാധിക്കണം; അങ്ങനെ ചെയ്താല്‍ ഞാന്‍ നിങ്ങളെ സമൃദ്ധമായ ഭക്ഷണപാനീയങ്ങളാല്‍ അനുഗ്രഹിക്കും. നിങ്ങളുടെ രോഗങ്ങള്‍ നീക്കിക്കളയും.

26 ഗര്‍ഭനാശമോ വന്ധ്യതയോ നിങ്ങളുടെ നാട്ടില്‍ ഉണ്ടാകുകയില്ല. നിങ്ങള്‍ക്കു ഞാന്‍ ദീര്‍ഘായുസ്സു നല്‌കും.

27 നിങ്ങള്‍ക്കു നേരിടേണ്ടി വരുന്ന ജനതകളില്‍ എന്നെക്കുറിച്ചുള്ള ഭീതി ഞാന്‍ മുന്‍കൂട്ടി ജനിപ്പിക്കും; അവര്‍ സംഭ്രാന്തരാകും; അവര്‍ പിന്തിരിഞ്ഞോടും;

28 ഞാന്‍ കടന്നലുകളെ അയച്ച് ഹിവ്യരെയും കനാന്യരെയും, ഹിത്യരെയും നിങ്ങളുടെ മുമ്പില്‍നിന്ന് ഓടിച്ചുകളയും.

29 എന്നാല്‍ ഒറ്റ വര്‍ഷംകൊണ്ട് അവരെ ഞാന്‍ നീക്കിക്കളയുകയില്ല. അങ്ങനെ ചെയ്താല്‍ ആ പ്രദേശം നിര്‍ജനമായിത്തീര്‍ന്ന് നിങ്ങള്‍ക്ക് ഉപദ്രവകരമാകുംവിധം കാട്ടുമൃഗങ്ങള്‍ പെരുകും;

30 നിങ്ങള്‍ വര്‍ധിച്ച് ദേശം കൈവശമാക്കുന്നതനുസരിച്ച് അവരെ ഞാന്‍ ക്രമേണ നീക്കിക്കൊണ്ടിരിക്കും.

31 നിങ്ങളുടെ ദേശം ചെങ്കടല്‍മുതല്‍ മധ്യധരണിക്കടല്‍വരെയും, മരുഭൂമിമുതല്‍ യൂഫ്രട്ടീസ്നദിവരെയും വിസ്തൃതമായിരിക്കും. ഈ ദേശത്തിലെ ജനങ്ങളെ ഞാന്‍ നിങ്ങളുടെ കൈയില്‍ ഏല്പിക്കും; നിങ്ങളുടെ മുമ്പില്‍നിന്ന് അവരെ ഓടിച്ചുകളയണം;

32 നിങ്ങള്‍ അവരുമായോ അവരുടെ ദേവന്മാരുമായോ ഉടമ്പടി ഉണ്ടാക്കരുത്;

33 അവര്‍ നിങ്ങളുടെ നാട്ടില്‍ പാര്‍ക്കരുത്; പാപം ചെയ്യാന്‍ അവര്‍ നിങ്ങളെ പ്രേരിപ്പിക്കും. അവരുടെ ദേവന്മാരെ ആരാധിക്കുന്നത് നിങ്ങള്‍ക്കു കെണിയായിത്തീരും.”

24

1

സര്‍വേശ്വരന്‍ മോശയോടരുളിച്ചെയ്തു: “നീയും അഹരോനും നാദാബും, അബീഹൂവും, ഇസ്രായേലിലെ എഴുപതു പ്രമാണികളും എന്‍റെ സന്നിധിയിലേക്കു വരിക.

2 മോശ മാത്രം എന്‍റെ സന്നിധിയില്‍ അടുത്തുവരട്ടെ: മറ്റുള്ളവര്‍ അടുത്തുവരരുത്. ദൂരെ നിന്നുകൊണ്ട് അവര്‍ എന്നെ കുമ്പിട്ട് ആരാധിക്കട്ടെ. ജനം അവരോടൊപ്പം കയറിവരരുത്.”

3 മോശ ചെന്ന് സര്‍വേശ്വരന്‍റെ എല്ലാ കല്പനകളും നിയമങ്ങളും ജനത്തെ അറിയിച്ചു: “സര്‍വേശ്വരന്‍ കല്പിച്ചതെല്ലാം ഞങ്ങള്‍ അനുസരിക്കുമെന്ന് ജനം ഏകസ്വരത്തില്‍ പ്രതിവചിച്ചു.

4 സര്‍വേശ്വരന്‍റെ കല്പനകളെല്ലാം മോശ എഴുതിവച്ചു. അദ്ദേഹം അതിരാവിലെ എഴുന്നേറ്റു പര്‍വതത്തിന്‍റെ അടിവാരത്തു വന്ന് ഒരു യാഗപീഠം നിര്‍മ്മിച്ചു; കൂടാതെ ഇസ്രായേല്‍ഗോത്രങ്ങളുടെ എണ്ണത്തിനൊത്ത് പന്ത്രണ്ടു സ്തംഭങ്ങളും നാട്ടി.

5 മോശ നിയോഗിച്ച ഇസ്രായേല്യയുവാക്കള്‍ ചെന്നു സര്‍വേശ്വരനു ഹോമയാഗങ്ങളും കാളയെക്കൊണ്ടുള്ള സമാധാനയാഗങ്ങളും അര്‍പ്പിച്ചു.

6 മോശ മൃഗങ്ങളുടെ രക്തത്തില്‍ പകുതി തളികകളില്‍ എടുത്തു; ബാക്കി യാഗപീഠത്തില്‍ തളിച്ചു.

7 പിന്നീടു മോശ ഉടമ്പടിപ്പുസ്‍തകം എടുത്തു ജനം കേള്‍ക്കെ വായിച്ചു. അവര്‍ പറഞ്ഞു: “സര്‍വേശ്വരന്‍ കല്പിച്ചതെല്ലാം ഞങ്ങള്‍ ചെയ്യും; ഞങ്ങള്‍ അനുസരണമുള്ളവരായിരിക്കും.”

8 മോശ രക്തം എടുത്തു ജനത്തിന്‍റെമേല്‍ തളിച്ചുകൊണ്ടു പറഞ്ഞു: “ഈ കല്പനകളാല്‍ സര്‍വേശ്വരന്‍ നിങ്ങളുമായുണ്ടാക്കിയ ഉടമ്പടിയുടെ രക്തമാണിത്.”

9 പിന്നീട് മോശയും അഹരോനും നാദാബും അബീഹൂവും എഴുപത് ഇസ്രായേല്‍നേതാക്കന്മാരും കൂടി പര്‍വതത്തിലേക്കു കയറിച്ചെന്നു;

10 അവര്‍ ഇസ്രായേലിന്‍റെ ദൈവത്തെ കണ്ടു. ആകാശംപോലെ സ്വഛമായ ഇന്ദ്രനീലക്കല്ലുകള്‍ പടുത്ത തളംകണക്കെ എന്തോ ഒന്ന് അവിടുത്തെ പാദങ്ങളുടെ കീഴില്‍ ഉണ്ടായിരുന്നു.

11 ഇസ്രായേല്‍നേതാക്കന്മാര്‍ക്ക് ദൈവം ഒരു ദോഷവും വരുത്തിയില്ല; അവര്‍ ദൈവത്തെ ദര്‍ശിച്ചു. പിന്നീട് അവര്‍ ഭക്ഷണപാനീയങ്ങള്‍ കഴിച്ചു.

12

സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “പര്‍വതത്തില്‍ എന്‍റെ സമീപത്തേക്കു വന്ന് കാത്തു നില്‌ക്കുക; പ്രമാണങ്ങളും കല്പനകളും എഴുതിയ കല്പലകകള്‍ നിന്നെ ഏല്പിക്കാം. നീ അവ ജനത്തെ പഠിപ്പിക്കണം.

13 മോശയും തന്‍റെ സേവകനായ യോശുവയും എഴുന്നേറ്റു; മോശ ദൈവത്തിന്‍റെ പര്‍വതത്തിലേക്കു കയറിച്ചെന്നു;

14 അദ്ദേഹം ഇസ്രായേല്‍ നേതാക്കന്മാരോടു പറഞ്ഞു: “ഞങ്ങള്‍ തിരിച്ചുവരുന്നതുവരെ ഇവിടെ കാത്തുനില്‌ക്കുക; അഹരോനും ഹൂരും നിങ്ങളുടെകൂടെ ഉണ്ടല്ലോ; പ്രശ്നമെന്തെങ്കിലും ഉണ്ടായാല്‍ അവരെ സമീപിക്കുക.”

15 മോശ പര്‍വതത്തിലേക്കു കയറി; ഒരു മേഘം പര്‍വതത്തെ മൂടി.

16 സര്‍വേശ്വരന്‍റെ തേജസ്സ് സീനായ്പര്‍വതത്തില്‍ ആവസിച്ചു; ആറു ദിവസം അതു മേഘംകൊണ്ടു മൂടിയിരുന്നു; ഏഴാം ദിവസം മേഘത്തിന്‍റെ നടുവില്‍നിന്ന് ദൈവം മോശയെ വിളിച്ചു.

17 പര്‍വതത്തിന്‍റെ മുകളില്‍ സര്‍വേശ്വരന്‍റെ തേജസ്സ് ആളിക്കത്തുന്ന അഗ്നിപോലെ ഇസ്രായേല്‍ജനം ദര്‍ശിച്ചു.

18 മോശ മേഘത്തിനുള്ളില്‍ കടന്നു. പര്‍വതത്തിലേക്കു കയറി; നാല്പതു രാവും നാല്പതു പകലും മോശ പര്‍വതത്തില്‍തന്നെ ആയിരുന്നു.

25

1

സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു:

2 “എല്ലാവരും എനിക്കു വഴിപാട് അര്‍പ്പിക്കണമെന്ന് ഇസ്രായേല്യരോടു പറയുക; സ്വമനസ്സാല്‍ അര്‍പ്പിക്കുന്ന വഴിപാടുകള്‍ എല്ലാം സ്വീകരിക്കുക;

3 അവരില്‍നിന്നു സ്വീകരിക്കേണ്ട വഴിപാടുകള്‍ ഇവയാണ്: സ്വര്‍ണം, വെള്ളി, ഓട്,

4 നീല, ധൂമ്ര, ചുവപ്പു നിറങ്ങളുള്ള നൂലുകള്‍, ആട്ടുരോമം, പഞ്ഞിനൂല്‍,

5 ഊറയ്‍ക്കിട്ട ആട്ടിന്‍തോല്‍, മിനുത്ത തോല്‍,

6 കരുവേലകത്തടി, വിളക്കെണ്ണ, അഭിഷേകതൈലത്തിനും പരിമളധൂപത്തിനും വേണ്ട സുഗന്ധവര്‍ഗം,

7 മഹാപുരോഹിതന്‍റെ ഏഫോദിലും നെഞ്ചില്‍ ധരിക്കുന്ന വസ്ത്രത്തിലും പതിക്കാനുള്ള ഗോമേദകക്കല്ലും, മറ്റു രത്നങ്ങളും

8 അവരുടെ ഇടയില്‍ എനിക്കു പാര്‍ക്കാന്‍ ഒരു വിശുദ്ധമന്ദിരവും ഉണ്ടാക്കട്ടെ.

9 ഞാന്‍ കാണിച്ചു തരുന്ന മാതൃകയില്‍ ആയിരിക്കണം വിശുദ്ധകൂടാരവും അതിലെ ഉപകരണങ്ങളും നിര്‍മ്മിക്കേണ്ടത്.”

10

കരുവേലകംകൊണ്ടു രണ്ടര മുഴം നീളവും ഒന്നര മുഴം വീതിയും ഒന്നര മുഴം ഉയരവുമുള്ള ഒരു പെട്ടകം ഉണ്ടാക്കണം.

11 അതിന്‍റെ അകവും പുറവും തങ്കംകൊണ്ടു പൊതിയുകയും മീതെ ചുറ്റും സ്വര്‍ണംകൊണ്ടു അരികുപാളി പിടിപ്പിക്കുകയും വേണം.

12 സ്വര്‍ണവളയങ്ങള്‍ ഉണ്ടാക്കി ഇരുവശത്തും ഈരണ്ടെണ്ണം നാലു കാലുകളിലും തറയ്‍ക്കണം.

13 കരുവേലകത്തടികൊണ്ട് തണ്ടുകള്‍ ഉണ്ടാക്കി അവയും സ്വര്‍ണംകൊണ്ടു പൊതിയണം.

14 പെട്ടകം ചുമക്കാനുള്ള ഈ തണ്ടുകള്‍ പാര്‍ശ്വവളയങ്ങളില്‍ക്കൂടി കടത്തണം.

15 തണ്ടുകള്‍ എപ്പോഴും വളയങ്ങളില്‍ത്തന്നെ ആയിരിക്കണം; അവ എടുത്തുമാറ്റരുത്.

16 ഞാന്‍ തരുന്ന സാക്ഷ്യഫലകങ്ങള്‍ പെട്ടകത്തിനകത്തു വയ്‍ക്കണം.

17 സാക്ഷ്യപെട്ടകത്തിന് തനിത്തങ്കംകൊണ്ട് മൂടി നിര്‍മ്മിക്കുക; അതിന്‍റെ നീളം രണ്ടര മുഴവും വീതി ഒന്നര മുഴവും ആയിരിക്കണം.

18 അടിച്ചുപരത്തിയ സ്വര്‍ണംകൊണ്ടുള്ള രണ്ടു കെരൂബുകളെ പെട്ടകത്തിന്‍റെ മൂടിയോടു ചേര്‍ത്ത് രണ്ടറ്റത്തുമായി സ്ഥാപിക്കണം.

19 ഇരുവശത്തുമുള്ള കെരൂബുകളും മൂടിയും ചേര്‍ന്നിരിക്കത്തക്കവിധം അവയെ യോജിപ്പിക്കണം.

20 അഭിമുഖമായി നില്‌ക്കുന്ന കെരൂബുകളുടെ വിരിച്ച ചിറകുകള്‍കൊണ്ട് പെട്ടകത്തിന്‍റെ മൂടി മൂടുംവിധം അവയെ നിര്‍മ്മിക്കുക.

21 പെട്ടകത്തിനുമീതെ കൃപാസനം വയ്‍ക്കുക. ഞാന്‍ നല്‌കുന്ന സാക്ഷ്യഫലകങ്ങള്‍ പെട്ടകത്തിനകത്തു വയ്‍ക്കണം.

22 അവിടെ ഞാന്‍ നിനക്കു ദര്‍ശനം നല്‌കും; പെട്ടകമൂടിക്ക് മീതെ കെരൂബുകള്‍ക്കു നടുവില്‍ നിന്നുകൊണ്ട് ഇസ്രായേല്‍ജനത്തിനുള്ള എന്‍റെ കല്പനകള്‍ ഞാന്‍ നിന്നെ അറിയിക്കും.

23

കരുവേലകംകൊണ്ട് രണ്ടു മുഴം നീളവും ഒരു മുഴം വീതിയും ഒന്നര മുഴം ഉയരവുമുള്ള ഒരു മേശയുണ്ടാക്കണം.

24 അതു തങ്കംകൊണ്ടു പൊതിയണം; സ്വര്‍ണംകൊണ്ടു തന്നെ അരികുപാളിയും പിടിപ്പിക്കണം.

25 അതിന്‍റെ ചുറ്റും കൈപ്പത്തി വീതിയില്‍ ചട്ടം പണിത് അതിനു ചുറ്റും സ്വര്‍ണംകൊണ്ടുള്ള അരികുപാളി പിടിപ്പിക്കണം.

26 സ്വര്‍ണംകൊണ്ടു തന്നെ നാലു വളയങ്ങളുണ്ടാക്കി അവ മൂലയ്‍ക്കുള്ള നാലു കാലുകളിലായി തറയ്‍ക്കണം.

27 തണ്ടുകള്‍ ഇട്ട് മേശ ചുമന്നുകൊണ്ടു പോകത്തക്കവിധം ഈ വളയങ്ങള്‍ വക്കോടു ചേര്‍ത്ത് ഉറപ്പിക്കണം.

28 തണ്ടുകള്‍ കരുവേലകംകൊണ്ടു നിര്‍മ്മിച്ച് സ്വര്‍ണം പൊതിയണം. അവ മേശ ചുമക്കാന്‍ വേണ്ടിയുള്ളതാണ്.

29 ധൂപാര്‍ച്ചനയ്‍ക്കുള്ള തളികകളും കരണ്ടികളും പാനീയബലിക്കുള്ള ഭരണികളും പാത്രങ്ങളുമെല്ലാം സ്വര്‍ണനിര്‍മ്മിതമായിരിക്കണം.

30 എനിക്കുള്ള കാഴ്ചയപ്പം മേശമേല്‍ എന്‍റെ മുമ്പാകെ എപ്പോഴും വച്ചിരിക്കണം.

31

തങ്കംകൊണ്ട് ഒരു വിളക്കുതണ്ട് നിര്‍മ്മിക്കണം; അതിന്‍റെ ചുവടും തണ്ടും പുഷ്പപുടങ്ങളും ദലങ്ങളും മൊട്ടുകളും അതേ തകിടില്‍ നിര്‍മ്മിച്ചതായിരിക്കണം.

32 ഇരുവശത്തുനിന്നും മൂന്നു വീതം ആകെ ആറു ശിഖരങ്ങള്‍ അതിനുണ്ടായിരിക്കണം.

33 ആറു ശിഖരങ്ങളില്‍ ഓരോന്നിനും ബദാംപൂവിന്‍റെ ആകൃതിയിലുള്ള മൂന്നു പുഷ്പപുടവും അതില്‍ ഓരോന്നിലും പൂക്കളും മൊട്ടുകളും ഉണ്ടായിരിക്കണം.

34 മൊട്ടുകളോടും പൂക്കളോടുംകൂടി ബദാംപുഷ്പം പോലെയുള്ള നാലു പുഷ്പപുടങ്ങള്‍ വിളക്കിന്‍റെ തണ്ടിലും ഉണ്ടായിരിക്കണം.

35 ഓരോ ജോഡി ശാഖയ്‍ക്കും താഴെ ഓരോ മൊട്ടു വീതം മൂന്നു ജോഡി ശാഖകള്‍ക്കും താഴെ മൊട്ടുകളുണ്ടായിരിക്കണം.

36 മൊട്ടുകളും ശാഖകളും വിളക്കുതണ്ടും എല്ലാം ചേര്‍ന്ന് ഒരേ സ്വര്‍ണത്തകിടില്‍ നിര്‍മ്മിച്ചതായിരിക്കണം ആ വിളക്ക്.

37 മുന്‍വശത്ത് പ്രകാശം ലഭിക്കത്തക്കവിധം അതില്‍ ഏഴു ദീപങ്ങള്‍ പിടിപ്പിക്കണം.

38 അതിന്‍റെ കരിന്തിരി നീക്കുന്ന കത്രികകളും അവയ്‍ക്കുള്ള തട്ടങ്ങളും തനി സ്വര്‍ണംകൊണ്ടുതന്നെ ആയിരിക്കണം.

39 വിളക്കുതണ്ടും അതിന്‍റെ ഉപകരണങ്ങളും കൂടി ഒരു താലന്തു സ്വര്‍ണമായിരിക്കണം.

40 പര്‍വതത്തില്‍വച്ചു ഞാന്‍ കാണിച്ച മാതൃകയില്‍ തന്നെ അതു നിര്‍മ്മിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

26

1

നീല, ധൂമ്രം, കടുംചുവപ്പ് നിറങ്ങളുള്ള പിരിച്ച നൂലുകളാല്‍ നെയ്തെടുത്ത പത്തു ലിനന്‍വിരികള്‍കൊണ്ടു തിരുസാന്നിധ്യകൂടാരം നിര്‍മ്മിക്കണം. അവയില്‍ കെരൂബുകളുടെ രൂപം നെയ്തുചേര്‍ത്തിരിക്കണം.

2 ഓരോ വിരിയുടെയും നീളം ഇരുപത്തെട്ടു മുഴവും വീതി നാലു മുഴവും ആയിരിക്കണം.

3 അവ അയ്യഞ്ചെണ്ണം കൂട്ടിത്തയ്ച്ചു രണ്ടു വിരികളാക്കണം.

4 രണ്ടു വിരികളുടെയും വക്കില്‍ നീലനൂലുകൊണ്ടു കണ്ണികള്‍ നേര്‍ക്കുനേരേ ഉണ്ടാക്കണം.

5 രണ്ടു വിരികളിലും അമ്പതു കണ്ണികള്‍ വീതം വേണം.

6 സ്വര്‍ണംകൊണ്ടുണ്ടാക്കിയ അമ്പതു കൊളുത്തുകളാല്‍ അവയെ ബന്ധിപ്പിച്ചു തിരുസാന്നിധ്യകൂടാരം നിര്‍മ്മിക്കണം.

7 തിരുസാന്നിധ്യകൂടാരം ആവരണം ചെയ്യുന്നതിനു കോലാട്ടുരോമംകൊണ്ടു പതിനൊന്നു വിരികള്‍ നെയ്തുണ്ടാക്കണം.

8 ഓരോ വിരിക്കും മുപ്പതു മുഴം നീളവും നാലു മുഴം വീതിയും ഉണ്ടായിരിക്കണം.

9 അവയില്‍ അഞ്ചെണ്ണം ഒരു വിരിയായും ആറെണ്ണം മറ്റൊരു വിരിയായും കൂട്ടിത്തുന്നണം. ആറു വിരികള്‍ തുന്നിച്ചേര്‍ത്ത വിരിപ്പിന്‍റെ ആറാമത്തെ വിരി മുകളിലേയ്‍ക്ക് രണ്ടു മടക്കായി വയ്‍ക്കുക;

10 അവയില്‍ ഓരോ കൂട്ടുവിരിയുടെയും അറ്റത്തുള്ള വിരിയില്‍ അമ്പതു കണ്ണികള്‍ വീതം തുന്നിച്ചേര്‍ക്കണം.

11 ഓടുകൊണ്ടുള്ള അമ്പതു കൊളുത്തുകളാല്‍ കണ്ണികള്‍ തമ്മില്‍ ബന്ധിപ്പിച്ചു കൂടാരം കൂട്ടിയിണക്കണം.

12 തിരുസാന്നിധ്യകൂടാരത്തിന്‍റെ മൂടുവിരിയില്‍ കവിഞ്ഞുകിടക്കുന്ന പകുതിഭാഗം കൂടാരത്തിന്‍റെ പിന്‍ഭാഗത്തു തൂക്കിയിടണം.

13 ഓരോ വശത്തും കൂടുതലുള്ള ഒരു മുഴം തിരുസാന്നിധ്യകൂടാരത്തിന്‍റെ രണ്ടു വശവും മറയ്‍ക്കുംവിധം തൂക്കിയിടേണ്ടതാണ്.

14 ആണാടിന്‍റെ ഊറയ്‍ക്കിട്ട തോലുകൊണ്ടു മൂടുവിരിക്ക് ഒരു പുറമൂടിയും അതിനുമീതെ ഊറയ്‍ക്കിട്ട തഹശുതോല്‍കൊണ്ട് മറ്റൊരു മൂടിയും ഉണ്ടാക്കി കൂടാരത്തെ ആവരണം ചെയ്യണം.

15

തിരുസാന്നിധ്യകൂടാരത്തിനു കരുവേലകംകൊണ്ടു തൂക്കായി നില്‌ക്കുന്ന ചട്ടങ്ങള്‍ ഉണ്ടാക്കണം.

16 ഓരോ ചട്ടത്തിനും പത്തു മുഴം നീളവും ഒന്നര മുഴം വീതിയും ഉണ്ടായിരിക്കണം.

17 ചട്ടങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കാന്‍ അവയുടെ വശങ്ങളില്‍ തള്ളിനില്‌ക്കുന്ന ഓരോ കുടുമയും ഉണ്ടായിരിക്കണം. എല്ലാ ചട്ടങ്ങള്‍ക്കും അങ്ങനെ ഉണ്ടാക്കണം.

18 കൂടാരത്തിന്‍റെ തെക്കുവശത്തേക്ക് ഇരുപതു ചട്ടങ്ങള്‍

19 ഓരോ ചട്ടത്തിന്‍റെയും കീഴില്‍ ഈരണ്ടു ചുവടുവീതം ഇരുപതു ചട്ടത്തിനു നാല്പതു വെള്ളിച്ചുവടും ഉണ്ടാക്കണം.

20 കൂടാരത്തിന്‍റെ വടക്കു വശത്തേക്ക് ഇരുപതു ചട്ടങ്ങളും;

21 ഓരോ ചട്ടത്തിനും രണ്ടു വീതം നാല്പതു വെള്ളിച്ചുവടും ഉണ്ടാക്കണം.

22 കൂടാരത്തിന്‍റെ പുറകില്‍ പടിഞ്ഞാറു വശത്തേക്ക് ആറു ചട്ടങ്ങളും;

23 കൂടാരത്തിന്‍റെ പിമ്പിലുള്ള മൂലകളില്‍ രണ്ടു ചട്ടങ്ങളും വീതം വയ്‍ക്കുക.

24 അടിയില്‍ അവ വെവ്വേറെ നില്‌ക്കുന്നെങ്കിലും മുകളില്‍ അവ ഒരു വളയത്താല്‍ ബന്ധിച്ചിരിക്കണം. രണ്ടു ചട്ടങ്ങള്‍ക്കും അങ്ങനെ വേണം. അവ ചേര്‍ന്നു രണ്ടു മൂലകള്‍ ഉണ്ടാകും.

25 അങ്ങനെ ഓരോ ചട്ടത്തിനും രണ്ടു വെള്ളിച്ചുവടുകള്‍വീതം എട്ടു ചട്ടങ്ങളും അവയ്‍ക്കു പതിനാറു ചുവടുകളും ഉണ്ടായിരിക്കും.

26 കരുവേലകംകൊണ്ട് അഴികള്‍ ഉണ്ടാക്കണം.

27 കൂടാരത്തിന്‍റെ ഒരു വശത്തുള്ള ചട്ടങ്ങള്‍ക്ക് അഞ്ചും മറുവശത്തേതിന് അഞ്ചും പിറകില്‍ പടിഞ്ഞാറു വശത്തേതിന് അഞ്ചും വീതം അഴികള്‍ വേണം.

28 ചട്ടങ്ങളുടെ മധ്യത്തിലുള്ള അഴി അറ്റത്തോടറ്റം എത്തിയിരിക്കണം.

29 ഈ ചട്ടങ്ങളും അഴികളും സ്വര്‍ണംകൊണ്ടു പൊതിയണം. അഴികള്‍ കടന്നുപോകുന്ന വളയങ്ങളും സ്വര്‍ണനിര്‍മ്മിതമായിരിക്കണം.

30 പര്‍വതത്തില്‍വച്ചു കാണിച്ചുതന്ന മാതൃകയില്‍ത്തന്നെ നീ തിരുസാന്നിധ്യകൂടാരം പണിതുയര്‍ത്തണം.

31

നീല, ധൂമ്രം, കടുംചുവപ്പു നിറങ്ങളുള്ള പിരിച്ച നൂലുകളാല്‍ നേര്‍ത്ത ലിനനില്‍ നെയ്തെടുത്ത ഒരു തിരശ്ശീല ഉണ്ടാക്കണം. കെരൂബുകളുടെ രൂപം അതില്‍ നെയ്തുചേര്‍ത്ത് അതു ഭംഗിയുള്ളതാക്കണം.

32 വെള്ളിച്ചുവടുകളില്‍ ഉറപ്പിച്ച സ്വര്‍ണംകൊണ്ടു പൊതിഞ്ഞ നാലു കരുവേലകത്തൂണുകളില്‍ സ്വര്‍ണക്കൊളുത്തുകള്‍കൊണ്ടു തിരശ്ശീല തൂക്കിയിടണം.

33 പിന്നീട് ഉടമ്പടിപ്പെട്ടകം അതിനുള്ളില്‍ വയ്‍ക്കണം. തിരശ്ശീല വിശുദ്ധസ്ഥലവും അതിവിശുദ്ധസ്ഥലവും തമ്മില്‍ വേര്‍തിരിക്കും.

34 അതിവിശുദ്ധസ്ഥലത്ത് ഉടമ്പടിപ്പെട്ടകത്തിനു മീതെ മൂടി വയ്‍ക്കണം.

35 തിരുസാന്നിധ്യകൂടാരത്തില്‍ തിരശ്ശീലയ്‍ക്കു പുറത്ത് വടക്കുവശത്തു മേശയും മേശയുടെ എതിര്‍വശത്തു വിളക്കുതണ്ടും വയ്‍ക്കണം.

36 നീല, ധൂമ്രം, കടുംചുവപ്പ് നിറങ്ങളിലുള്ള പിരിച്ച ലിനന്‍നൂലുകള്‍കൊണ്ടു ചിത്രപ്പണി ചെയ്ത് കൂടാരവാതിലിന് ഒരു തിരശ്ശീല ഉണ്ടാക്കണം.

37 അത് തൂക്കാന്‍ അഞ്ചു തൂണുകള്‍ വേണം. അവ കരുവേലകംകൊണ്ട് നിര്‍മ്മിച്ച് സ്വര്‍ണം പൊതിയണം. കൂടാതെ സ്വര്‍ണക്കൊളുത്തുകളും ഓടുകൊണ്ട് അഞ്ചു ചുവടുകളും ഉണ്ടായിരിക്കണം.

27

1

കരുവേലകംകൊണ്ട് ഒരു യാഗപീഠം ഉണ്ടാക്കണം; സമചതുരത്തിലുള്ള ഈ യാഗപീഠത്തിനു നീളവും വീതിയും അഞ്ചുമുഴവും ഉയരം മൂന്നു മുഴവും ആയിരിക്കണം.

2 യാഗപീഠത്തിന്‍റെ നാലു മൂലയ്‍ക്കും അതിനോട് ഒന്നായി ചേര്‍ന്നിരിക്കുന്ന ഓരോ കൊമ്പും വേണം. കൊമ്പുകള്‍ ഓടുകൊണ്ടു പൊതിയണം.

3 ചാരം എടുക്കാനുള്ള ചട്ടികള്‍, ചട്ടുകങ്ങള്‍, കിണ്ണങ്ങള്‍, മുള്‍ക്കരണ്ടികള്‍, തീച്ചട്ടികള്‍ മുതലായവയും ഓടുകള്‍കൊണ്ടുള്ളവ ആയിരിക്കണം.

4 ഓടുകൊണ്ടുള്ള അഴികള്‍ ഉപയോഗിച്ച് ഒരു അഴിക്കൂടുണ്ടാക്കി അതിന്‍റെ കോണുകളില്‍ വളയങ്ങള്‍ പിടിപ്പിക്കണം.

5 യാഗപീഠത്തിന്‍റെ വക്കിനു താഴെ ഏകദേശം പകുതി ഉയരത്തില്‍ അഴിക്കൂട് ഉറപ്പിക്കണം.

6 യാഗപീഠത്തിനു കരുവേലകത്തടികൊണ്ടു തണ്ടുകളുണ്ടാക്കി അവ ഓടുകൊണ്ടു പൊതിയണം.

7 യാഗപീഠം ചുമന്നുകൊണ്ടു പോകാനുള്ള ഈ തണ്ടുകള്‍, വശങ്ങളിലുള്ള വളയങ്ങളിലൂടെ കടത്തണം.

8 പര്‍വതത്തില്‍വച്ചു കാണിച്ചുതന്ന മാതൃകയില്‍ അകം പൊള്ളയായിരിക്കത്തക്കവിധം പലകകള്‍കൊണ്ടുവേണം യാഗപീഠം പണിയേണ്ടത്.

9

തിരുസാന്നിധ്യകൂടാരത്തിന് ഒരു അങ്കണം നിര്‍മ്മിക്കണം;

10 തെക്കുവശത്ത് ലിനന്‍നൂലുകൊണ്ടു നിര്‍മ്മിച്ച നൂറു മുഴം നീളമുള്ള തിരശ്ശീല തൂക്കണം. അതിന് ഓടുകൊണ്ടുള്ള ഇരുപതു തൂണുകള്‍ വേണം. ഓടുകൊണ്ടുള്ള ചുവടുകളില്‍ അവ ഉറപ്പിച്ചിരിക്കണം; ഈ തൂണുകളുടെ കൊളുത്തുകളും പടികളും വെള്ളികൊണ്ടായിരിക്കണം.

11 അതുപോലെതന്നെ വടക്കു വശത്തും, നൂറു മുഴം നീളമുള്ള ശീലയും ഇരുപതു ഓട്ടുതൂണുകളും അവയ്‍ക്കു ചുവടുകളും വെള്ളികൊണ്ടുള്ള കൊളുത്തുകളും പടികളും ഉണ്ടായിരിക്കണം.

12 പടിഞ്ഞാറുവശത്തെ തിരശ്ശീലയ്‍ക്ക് അമ്പതു മുഴം നീളം ഉണ്ടായിരിക്കണം. അതു താങ്ങിനിര്‍ത്താന്‍ പത്തു തൂണുകളും അവയ്‍ക്ക് പത്തു ചുവടുകളും ഉണ്ടാക്കണം.

13 കിഴക്കുവശത്തുള്ള ശീലയുടെ നീളവും അമ്പതു മുഴം ആയിരിക്കണം.

14 [14,15] പ്രവേശനകവാടത്തിന്‍റെ ഓരോ വശത്തും പതിനഞ്ചു മുഴം നീളമുള്ള തിരശ്ശീലയും അതിനു മൂന്നു തൂണുകളും ചുവടുകളും ഉണ്ടായിരിക്കണം.

15

16 നീല, ധൂമ്രം, കടുംചുവപ്പ് നിറങ്ങളുള്ള നൂലുകളാല്‍ ചിത്രപ്പണികളോടുകൂടി നെയ്തെടുത്ത ശീലകൊണ്ട് അങ്കണകവാടത്തിന് മറ ഉണ്ടായിരിക്കണം. ഇരുപതു മുഴം നീളമുള്ള ഈ ശീലയ്‍ക്ക് നാലു തൂണുകളും അവയ്‍ക്കു നാലു ചുവടുകളും ഉണ്ടായിരിക്കണം.

17 എല്ലാ തൂണുകളും വെള്ളിപ്പട്ടകള്‍കൊണ്ടു ബന്ധിപ്പിക്കണം; അവയുടെ കൊളുത്തുകള്‍ വെള്ളികൊണ്ടും ചുവടുകള്‍ ഓടുകൊണ്ടും നിര്‍മ്മിക്കണം.

18 അങ്കണത്തിനു നൂറു മുഴം നീളവും അമ്പതു മുഴം വീതിയും ഉണ്ടായിരിക്കണം. അതിനു ചുറ്റും അഞ്ചു മുഴം ഉയരത്തില്‍ തിരശ്ശീലയും വേണം. ശീലകള്‍ പിരിച്ച പഞ്ഞിനൂലുകൊണ്ടുള്ളതും, അവയുടെ ചുവടുകള്‍ ഓടുകൊണ്ടുള്ളവയും ആയിരിക്കണം.

19 കൂടാരത്തിലെ എല്ലാ ഉപകരണങ്ങളും കൂടാരത്തിന്‍റെയും അങ്കണത്തിന്‍റെയും കുറ്റികളും ഓടുകൊണ്ടുതന്നെ നിര്‍മ്മിച്ചവയായിരിക്കണം.

20

വിളക്ക് എപ്പോഴും കത്തിനില്‌ക്കാന്‍വേണ്ട ആട്ടിയെടുത്ത ശുദ്ധമായ ഒലിവെണ്ണ കൊണ്ടുവരാന്‍ ഇസ്രായേല്‍ജനത്തോടു പറയുക.

21 എന്‍റെ സാന്നിധ്യകൂടാരത്തില്‍ തിരശ്ശീലയ്‍ക്കു പുറത്ത് ഉടമ്പടിപ്പെട്ടകത്തിന്‍റെ മുന്‍വശത്തെ വിളക്ക് അഹരോനും പുത്രന്മാരും സര്‍വേശ്വരന്‍റെ മുമ്പാകെ സായംസന്ധ്യമുതല്‍ പ്രഭാതം വരെ തെളിച്ചുകൊണ്ടിരിക്കണം. ഇത് ഇസ്രായേല്‍ജനങ്ങളും അവരുടെ പിന്‍തലമുറക്കാരും മുടക്കംകൂടാതെ അനുഷ്ഠിക്കേണ്ട ശാശ്വതനിയമമാകുന്നു.

28

1

“നിന്‍റെ സഹോദരനായ അഹരോനെയും അവന്‍റെ പുത്രന്മാരായ നാദാബ്, അബീഹൂ, എലെയാസാര്‍, ഈഥാമാര്‍ എന്നിവരെയും പുരോഹിതന്മാരായി എനിക്കു ശുശ്രൂഷ ചെയ്യാന്‍ ഇസ്രായേല്‍ജനത്തില്‍നിന്ന് നിന്‍റെ അടുക്കലേക്കു വിളിക്കുക.

2 അഹരോനു ധരിക്കാന്‍ ശ്രേഷ്ഠവും മനോഹരവുമായ പൗരോഹിത്യവസ്ത്രം നീ ഉണ്ടാക്കണം.

3 എന്‍റെ പുരോഹിതശുശ്രൂഷയ്‍ക്കായി അഹരോനെ അവരോധിക്കുന്നതിനുവേണ്ട വസ്ത്രങ്ങളുണ്ടാക്കാന്‍ ഞാന്‍ പ്രത്യേക നൈപുണ്യം നല്‌കിയിട്ടുള്ള എല്ലാ വിദഗ്ദ്ധന്മാരോടും പറയുക.

4 മാര്‍ച്ചട്ട, ഏഫോദ്, പുറങ്കുപ്പായം, ചിത്രത്തയ്യലുള്ള നിലയങ്കി, തലപ്പാവ്, ഇടക്കെട്ട് എന്നിവയാണ് അവര്‍ നിര്‍മ്മിക്കേണ്ട വസ്ത്രങ്ങള്‍. പുരോഹിതന്മാരായി എനിക്ക് ശുശ്രൂഷ ചെയ്യാന്‍ നിന്‍റെ സഹോദരനായ അഹരോനും പുത്രന്മാര്‍ക്കും വേണ്ട വിശുദ്ധവസ്ത്രങ്ങള്‍ അവരുണ്ടാക്കണം.

5

അവര്‍ അതിന് നീല, ധൂമ്രം, കടുംചുവപ്പു വര്‍ണങ്ങളുള്ള പിരിച്ച നൂലുകളും സ്വര്‍ണക്കസവും ഉപയോഗിക്കട്ടെ.

6 അവര്‍ നീല, ധൂമ്രം, കടുംചുവപ്പു നിറങ്ങളുള്ള നൂലും സ്വര്‍ണക്കസവുംകൊണ്ടു നെയ്തെടുത്ത തുണി ഉപയോഗിച്ചു വിദഗ്ദ്ധമായി ഏഫോദു നിര്‍മ്മിക്കട്ടെ.

7 അതിന്‍റെ ഇരുവശങ്ങളും തമ്മില്‍ ബന്ധിപ്പിക്കുന്നതിനു രണ്ടു തോള്‍വാറുകള്‍ തയ്ച്ചു പിടിപ്പിക്കണം. ഏഫോദിനായി ഉപയോഗിച്ച സ്വര്‍ണനൂല്‍, നീല, ധൂമ്രം, ചുവപ്പുനൂലുകള്‍, നേര്‍ത്ത ലിനന്‍ എന്നിവകൊണ്ട്

8 ഏഫോദു കെട്ടി മുറുക്കുന്നതിനുള്ള അരപ്പട്ടയും വിദഗ്ദ്ധമായി നിര്‍മ്മിക്കണം.

9 [9,10] രണ്ടു ഗോമേദകക്കല്ലുകളെടുത്ത് ഓരോ കല്ലിലും ആറു പേരുകള്‍ വീതം ഇസ്രായേലിലെ പന്ത്രണ്ടു ഗോത്രപിതാക്കന്മാരുടെയും പേരുകള്‍ പ്രായക്രമമനുസരിച്ച് എഴുതണം.

10

11 രത്നശില്പി മുദ്ര കൊത്തുന്നതുപോലെ ഇസ്രായേല്‍പുത്രന്മാരുടെ പേരുകള്‍ ആ കല്ലുകളില്‍ കൊത്തിവയ്‍ക്കണം; അവ ചിത്രപ്പണി ചെയ്ത സ്വര്‍ണച്ചട്ടത്തില്‍ ഉറപ്പിക്കുകയും വേണം.

12 ഇസ്രായേല്‍മക്കളുടെ സ്മാരകമായ ഈ രണ്ടു കല്ലുകളും ഏഫോദിന്‍റെ രണ്ടു തോള്‍വാറുകളില്‍ ഉറപ്പിക്കണം. അങ്ങനെ ഒരു സ്മാരകം എന്ന നിലയില്‍ അവരുടെ പേരുകള്‍ അഹരോന്‍ തന്‍റെ ചുമലുകളില്‍ സര്‍വേശ്വരന്‍റെ മുമ്പാകെ വഹിച്ചുകൊണ്ടിരിക്കണം;

13 ചിത്രപ്പണി ചെയ്ത സ്വര്‍ണത്തകിടുകള്‍ നിര്‍മ്മിക്കുക.

14 തനിത്തങ്കം കൊണ്ടുണ്ടാക്കിയ രണ്ടു ചങ്ങലകള്‍ പിണച്ചെടുത്ത് ആ തകിടുകളോടു ബന്ധിക്കണം.

15 ഏഫോദു നിര്‍മ്മിച്ചതുപോലെ നീല, ധൂമ്രം, കടുംചുവപ്പ് വര്‍ണങ്ങളിലുള്ള നൂലുകളും സ്വര്‍ണക്കസവും പിരിച്ചെടുത്ത ലിനന്‍നൂലും ഉപയോഗിച്ചു ചിത്രപ്പണികളോടുകൂടി വിദഗ്ദ്ധമായി ഒരു മാര്‍ച്ചട്ട ഉണ്ടാക്കുക; ഇത് ന്യായവിധിക്കു വേണ്ടിയുള്ളതാണ്.

16 അത് ഒരു ചാണ്‍ സമചതുരത്തില്‍ രണ്ടു മടക്കുള്ളതായി ഉണ്ടാക്കണം.

17 അതില്‍ നാലു നിര രത്നങ്ങള്‍ പതിക്കണം. ഒന്നാമത്തെ നിരയില്‍ മാണിക്യം, പുഷ്യരാഗം, വൈഡൂര്യം എന്നിവയും

18 രണ്ടാമത്തെ നിരയില്‍ മരതകം, ഇന്ദ്രനീലം, വജ്രം എന്നിവയും

19 മൂന്നാമത്തെ നിരയില്‍ പവിഴം, ചന്ദ്രകാന്തം, സൗഗന്ധികം എന്നിവയും

20 നാലാമത്തെ നിരയില്‍ പത്മരാഗം, ഗോമേദകം, സൂര്യകാന്തം എന്നിവയും സ്വര്‍ണച്ചട്ടങ്ങളില്‍ ഉറപ്പിക്കണം.

21 ഗോത്രങ്ങളുടെ എണ്ണമനുസരിച്ച് ഈ പന്ത്രണ്ടു കല്ലുകളില്‍ ഓരോന്നിലും ഇസ്രായേല്‍പുത്രന്മാരുടെ പേരുകള്‍ മുദ്രമോതിരത്തിലെന്നപോലെ കൊത്തിയിരിക്കണം.

22 മാര്‍ച്ചട്ടയ്‍ക്കുവേണ്ടിയുള്ള ചരടുകള്‍ തനിസ്വര്‍ണംകൊണ്ടു കയറുപോലെ പിണച്ചെടുത്തു നിര്‍മ്മിക്കണം.

23 മാര്‍ച്ചട്ടയ്‍ക്കുള്ള രണ്ടു വളയങ്ങള്‍ സ്വര്‍ണംകൊണ്ടു നിര്‍മ്മിച്ച് ഇരുവശങ്ങളിലും പിടിപ്പിക്കണം.

24 ഈ വളയങ്ങളിലൂടെ സ്വര്‍ണച്ചരടുകള്‍ കടത്തി ബന്ധിപ്പിക്കണം.

25 ചരടുകളുടെ മറ്റേ അറ്റം തോള്‍വാറുകളിലുള്ള കൊളുത്തുകളില്‍ ഏഫോദിന്‍റെ മുന്‍വശത്തു ബന്ധിപ്പിക്കണം.

26 സ്വര്‍ണംകൊണ്ടു രണ്ടു വളയങ്ങള്‍ കൂടി ഉണ്ടാക്കി അവ മാര്‍ച്ചട്ടയുടെ താഴത്തെ മൂലകളില്‍ ഉള്‍ഭാഗത്ത് ഏഫോദിനോടടുത്തു തന്നെ ബന്ധിപ്പിക്കണം.

27 വേറേ രണ്ടു സ്വര്‍ണവളയങ്ങള്‍ കൂടിയുണ്ടാക്കി അവയെ ഏഫോദിന്‍റെ തോള്‍വാറുകളില്‍ കീഴ്ഭാഗത്ത് വിദഗ്ദ്ധമായി നിര്‍മ്മിച്ചിട്ടുള്ള അരപ്പട്ടയ്‍ക്കു മുകളില്‍ ഉറപ്പിക്കണം.

28 മാര്‍ച്ചട്ട ഏഫോദിന്‍റെ മുകളില്‍ മുറുകിയിരിക്കത്തക്കവിധം അതിന്‍റെ വളയങ്ങള്‍ ഏഫോദിന്‍റെ വളയങ്ങളുമായി അരപ്പട്ടയ്‍ക്കു മുകളില്‍ വച്ച് നീലച്ചരടുകള്‍ കൊണ്ടു ബന്ധിക്കണം.

29 അഹരോന്‍ വിശുദ്ധസ്ഥലത്തു പ്രവേശിക്കുമ്പോള്‍ ഇസ്രായേല്‍ഗോത്രങ്ങളുടെ പേരുകളുള്ള ന്യായവിധിയുടെ മാര്‍ച്ചട്ട ധരിച്ചിരിക്കണം. അങ്ങനെ സര്‍വേശ്വരന്‍ എപ്പോഴും ജനങ്ങളെ ഓര്‍ക്കാന്‍ ഇടയാകും.

30 ന്യായവിധിയുടെ മാര്‍ച്ചട്ടയ്‍ക്കുള്ളില്‍ ദൈവഹിതം അറിയാനുള്ള ഊറീമും തുമ്മീമും വയ്‍ക്കണം. സര്‍വേശ്വരന്‍റെ സന്നിധിയില്‍ പ്രവേശിക്കുമ്പോഴെല്ലാം അഹരോന്‍ അതു ധരിക്കട്ടെ; അങ്ങനെ ഇസ്രായേല്‍ജനങ്ങളെ സംബന്ധിച്ചുള്ള ദൈവവിധി അറിയാന്‍ ഇടവരട്ടെ.

31

“ഏഫോദിന്‍റെ മേല്‍ക്കുപ്പായം നീലനൂല്‍കൊണ്ടു നിര്‍മ്മിച്ചതായിരിക്കണം.

32 അതിന്‍റെ നടുവില്‍ തല കടത്താനുള്ള ദ്വാരം ഉണ്ടായിരിക്കണം. ആ ദ്വാരം കീറിപ്പോകാതിരിക്കാന്‍ പടച്ചട്ടയ്‍ക്കുള്ളതുപോലെ ദ്വാരത്തിനു ചുറ്റും നെയ്തെടുത്ത ഒരു നാട തയ്ച്ചു ചേര്‍ക്കണം.

33 [33,34] കുപ്പായത്തിന്‍റെ വിളുമ്പുകളില്‍ നീലയും, ധൂമ്രവും, കടുംചുവപ്പുള്ള നൂലുകള്‍കൊണ്ട് മാതളനാരങ്ങയുടെ രൂപങ്ങളും സ്വര്‍ണമണികളും ഒന്നിടവിട്ട് തയ്ച്ചു ചേര്‍ക്കണം.

34

35 പുരോഹിതശുശ്രൂഷ ചെയ്യുമ്പോള്‍ അഹരോന്‍ ഇത് ധരിച്ചിരിക്കണം. വിശുദ്ധസ്ഥലത്ത് അവിടുത്തെ സന്നിധിയില്‍ ശുശ്രൂഷ നടത്താന്‍ പ്രവേശിക്കുമ്പോഴും തിരിച്ചുവരുമ്പോഴും ആ മണികളുടെ നാദം കേള്‍ക്കണം. അല്ലാത്തപക്ഷം അയാള്‍ മരിക്കും.

36

ഒരു തങ്കത്തകിടുണ്ടാക്കി അതില്‍ മുദ്രമോതിരത്തില്‍ എന്നപോലെ ‘സര്‍വേശ്വരനു സമര്‍പ്പിതം’ എന്നു കൊത്തിവയ്‍ക്കുക.

37 ഒരു നീല നാടകൊണ്ട് ഇത് തലപ്പാവിന്‍റെ മുന്‍വശത്തു ബന്ധിക്കണം.

38 അത് അഹരോന്‍ നെറ്റിയില്‍ ധരിക്കണം. അങ്ങനെ ഇസ്രായേല്‍ജനം അര്‍പ്പിക്കുന്ന വഴിപാടുകളില്‍ സംഭവിച്ചേക്കാവുന്ന കുറവുകള്‍ അഹരോന്‍ ഏറ്റെടുക്കണം; ആ വിശുദ്ധ വഴിപാടുകള്‍ സര്‍വേശ്വരനു സ്വീകാര്യമാകാന്‍ ആ ലിഖിതം അഹരോന്‍റെ നെറ്റിയില്‍ എപ്പോഴും ഉണ്ടായിരിക്കണം.

39 അതിവിശിഷ്ടമായ ലിനന്‍നൂല്‍കൊണ്ട് ചിത്രപ്പണികളോടുകൂടി വിദഗ്ദ്ധമായി ഒരു നിലയങ്കി നെയ്തെടുക്കണം; ആ നൂല്‍കൊണ്ടുതന്നെ ഒരു തലപ്പാവും ചിത്രപ്പണികളോടുകൂടിയ ഒരു അരപ്പട്ടയും നെയ്തുണ്ടാക്കണം.

40 അഹരോന്‍റെ പുത്രന്മാര്‍ക്ക് ശ്രേഷ്ഠതയും സൗന്ദര്യവും ഉണ്ടാകത്തക്കവിധം അങ്കിയും അരപ്പട്ടയും തൊപ്പിയും നിര്‍മ്മിക്കണം.

41 നീ അവയെ നിന്‍റെ സഹോദരനായ അഹരോനെയും അവന്‍റെ പുത്രന്മാരെയും ധരിപ്പിച്ച് അവരെ എനിക്കു പുരോഹിതശുശ്രൂഷ ചെയ്യാന്‍ അഭിഷേകം ചെയ്തു വേര്‍തിരിച്ചു നിയോഗിക്കണം.

42 അവരുടെ നഗ്നത മറയ്‍ക്കാന്‍ അരമുതല്‍ തുടവരെ നീണ്ടുകിടക്കുന്ന കാല്‍ച്ചട്ടയും ഉണ്ടാക്കണം.

43 അഹരോനും അവന്‍റെ പുത്രന്മാരും തിരുസാന്നിധ്യകൂടാരത്തില്‍ പ്രവേശിക്കുമ്പോഴും യാഗപീഠത്തിന്‍റെ അടുക്കല്‍ ചെല്ലുമ്പോഴും അതു ധരിക്കണം; അല്ലെങ്കില്‍ അവര്‍ മരിക്കും. ഇത് അഹരോനും പിന്‍തലമുറക്കാരും എന്നേക്കും അനുഷ്ഠിക്കേണ്ട നിയമമാകുന്നു.

29

1

അഹരോനെയും പുത്രന്മാരെയും എനിക്ക് പുരോഹിതശുശ്രൂഷയ്‍ക്കായി വേര്‍തിരിക്കുന്നതിനു നീ ഇതു ചെയ്യണം: ഒരു കാളക്കുട്ടിയെയും കുറ്റമറ്റ രണ്ട് ആണാടിനെയും തിരഞ്ഞെടുക്കുക.

2 കൂടാതെ പുളിപ്പില്ലാത്ത അപ്പം, എണ്ണയിലുണ്ടാക്കിയ പുളിപ്പില്ലാത്ത അട, എണ്ണ പുരട്ടിയുണ്ടാക്കിയ പുളിപ്പില്ലാത്ത വട എന്നിവ കരുതണം. ഇവയെല്ലാം നേരിയ കോതമ്പുമാവുകൊണ്ട് ഉണ്ടാക്കണം.

3 ഇവ ഒരു കൂടയിലാക്കി കാളക്കുട്ടിയോടും ആണാടുകളോടുമൊപ്പം കൊണ്ടുവരണം.

4 അഹരോനെയും പുത്രന്മാരെയും തിരുസാന്നിധ്യകൂടാരത്തിന്‍റെ വാതില്‌ക്കല്‍ കൊണ്ടുവന്ന് അവരെ വെള്ളംകൊണ്ടു കഴുകുക.

5 പൗരോഹിത്യവസ്ത്രങ്ങളില്‍ നിലയങ്കിയും ഏഫോദിന്‍റെ കുപ്പായവും ഏഫോദും മാര്‍ച്ചട്ടയും ചിത്രപ്പണി ചെയ്ത അരപ്പട്ടയും ധരിപ്പിക്കണം.

6 തലയില്‍ തലപ്പാവും അതിനുമീതെ വിശുദ്ധകിരീടവും അണിയിക്കണം.

7 പിന്നീട് അഭിഷേകതൈലം തലയില്‍ ഒഴിച്ച് അഹരോനെ അഭിഷേകം ചെയ്യണം.

8 അഹരോന്‍റെ പുത്രന്മാരെയും കൊണ്ടുവന്നു പൗരോഹിത്യവസ്ത്രങ്ങള്‍ ധരിപ്പിക്കണം.

9 അവരെ അരപ്പട്ടയും തൊപ്പിയും ധരിപ്പിക്കുക; ശാശ്വതനിയമമനുസരിച്ചു പൗരോഹിത്യം അവരുടേതായിരിക്കും. അങ്ങനെ അഹരോനെയും പുത്രന്മാരെയും പുരോഹിതന്മാരായി അവരോധിക്കണം.

10 “തിരുസാന്നിധ്യകൂടാരത്തിന്‍റെ വാതില്‌ക്കല്‍ കാളക്കുട്ടിയെ കൊണ്ടുവരണം; അഹരോനും പുത്രന്മാരും അതിന്‍റെ തലയില്‍ കൈവയ്‍ക്കണം.

11 പിന്നീട് സര്‍വേശ്വരന്‍റെ മുമ്പാകെ തിരുസാന്നിധ്യകൂടാരത്തിന്‍റെ വാതില്‌ക്കല്‍വച്ചുതന്നെ അതിനെ കൊല്ലണം.

12 അതിന്‍റെ രക്തത്തില്‍ കുറെ എടുത്തു നിന്‍റെ വിരലുകള്‍കൊണ്ട് യാഗപീഠത്തിന്‍റെ കൊമ്പുകളില്‍ പുരട്ടണം. ശേഷിക്കുന്നത് യാഗപീഠത്തിന്‍റെ ചുവട്ടില്‍ ഒഴിക്കുക.

13 ആന്തരികാവയവങ്ങള്‍ പൊതിഞ്ഞിരിക്കുന്ന മേദസ്സും കരളിന്‍റെ നെയ്‍വലയും, വൃക്കകളും അവയെ പൊതിഞ്ഞിരിക്കുന്ന മേദസ്സും, യാഗപീഠത്തില്‍വച്ചു ദഹിപ്പിക്കുക.

14 എന്നാല്‍ കാളയുടെ മാംസവും തോലും ചാണകവും പാളയത്തിനു പുറത്തുവച്ചുതന്നെയാണ് ദഹിപ്പിക്കേണ്ടത്. ഇതു പാപപരിഹാരയാഗമാകുന്നു.

15 രണ്ട് ആണാടുകളില്‍ ഒന്നിനെ കൊണ്ടുവന്ന് അഹരോനും പുത്രന്മാരും അതിന്‍റെ തലയില്‍ കൈ വയ്‍ക്കണം.

16 പിന്നീട് അതിനെ കൊന്നു രക്തമെടുത്തു യാഗപീഠത്തിന്‍റെ നാലു വശത്തും തളിക്കണം.

17 പിന്നെ അതിനെ കഷണങ്ങളാക്കി ആന്തരികാവയവങ്ങളും കാലുകളും കഴുകിയെടുത്ത് അവയും തലയും,

18 യാഗപീഠത്തില്‍വച്ച് അതിനെ മുഴുവന്‍ ഹോമയാഗമായി അര്‍പ്പിക്കണം; അതിന്‍റെ സൗരഭ്യം സര്‍വേശ്വരനു ഹിതകരമായിരിക്കും.

19 മറ്റേ ആടിനെയും കൊണ്ടുവന്ന് അഹരോനും പുത്രന്മാരും അതിന്‍റെ തലയില്‍ കൈകള്‍ വച്ചശേഷം കൊല്ലുക.

20 അതിന്‍റെ രക്തത്തില്‍ കുറെ എടുത്ത് അഹരോന്‍റെയും പുത്രന്മാരുടെയും വലതുകാതിന്‍റെ അഗ്രത്തിലും വലതുകൈയുടെ പെരുവിരലിലും വലതുകാലിന്‍റെ പെരുവിരലിലും പുരട്ടണം; ശേഷിക്കുന്ന രക്തം യാഗപീഠത്തിനു ചുറ്റും ഒഴിക്കണം.

21 യാഗപീഠത്തിലുള്ള രക്തത്തില്‍ അല്പമെടുത്ത് അഭിഷേകതൈലത്തോടൊപ്പം അഹരോന്‍റെയും അവന്‍റെ വസ്ത്രത്തിന്‍റെയും അഹരോന്‍റെ പുത്രന്മാരുടെയും അവരുടെ വസ്ത്രങ്ങളുടെയുംമേല്‍ തളിക്കണം. അപ്പോള്‍ അവനും അവന്‍റെ പുത്രന്മാരും അവരുടെ വസ്ത്രങ്ങളും ശുദ്ധീകരിക്കപ്പെടും.

22 “ഈ ആണാട് അഭിഷേകശുശ്രൂഷയ്‍ക്കുള്ളതാകയാല്‍ അതിന്‍റെ മേദസ്സും തടിച്ച വാലും കുടല്‍ പൊതിഞ്ഞിരിക്കുന്ന മേദസ്സും കരളിന്മേലുള്ള നെയ്‍വലയും വൃക്കകള്‍ രണ്ടും അവയുടെ മേലുള്ള മേദസ്സും വലതുതുടയും എടുക്കണം;

23 അതിനുശേഷം സര്‍വേശ്വരന്‍റെ സന്നിധിയില്‍ വച്ചിട്ടുള്ള പുളിപ്പില്ലാത്ത അപ്പത്തിന്‍റെ കുട്ടയില്‍നിന്ന് ഒരു അപ്പവും എണ്ണ ചേര്‍ത്തുണ്ടാക്കിയ ഒരു അടയും ഒരു വടയും എടുക്കണം.

24 ഇവ അഹരോന്‍റെയും പുത്രന്മാരുടെയും കൈകളില്‍ കൊടുക്കണം; അവര്‍ അവ സര്‍വേശ്വരന്‍റെ മുമ്പില്‍ നീരാജനം ചെയ്യണം.

25 പിന്നീട് അവ തിരിച്ചുവാങ്ങി, ഹോമയാഗത്തോടൊപ്പം യാഗപീഠത്തില്‍ ദഹിപ്പിക്കണം. ഈ ദഹനയാഗത്തിന്‍റെ സൗരഭ്യം സര്‍വേശ്വരനു പ്രസാദകരമാണ്.

26 “അഹരോന്‍റെ അഭിഷേകശുശ്രൂഷയ്‍ക്കുള്ള ആടിന്‍റെ നെഞ്ച് സര്‍വേശ്വരന് നീരാജനം ചെയ്യണം; അതു നിന്‍റെ ഓഹരി ആയിരിക്കും.

27 പുരോഹിതാഭിഷേക ശുശ്രൂഷയ്‍ക്കുള്ള ആണാടിന്‍റെ നെഞ്ചും തുടയും നീരാജനം ചെയ്ത് അര്‍പ്പിച്ചശേഷം അഹരോനും പുത്രന്മാര്‍ക്കുമായി മാറ്റി വയ്‍ക്കണം. ഇത് ഇസ്രായേല്‍ജനം അര്‍പ്പിക്കുന്ന സമാധാനയാഗത്തില്‍നിന്ന് അവര്‍ക്കുള്ള നിത്യഓഹരിയാകുന്നു.

28 ഇത് ഇസ്രായേല്‍ജനം സര്‍വേശ്വരനു നീരാജനം ചെയ്ത് അര്‍പ്പിക്കുന്ന വഴിപാടാണ്.

29 അഹരോന്‍റെ മരണശേഷം അവന്‍റെ വിശുദ്ധവസ്ത്രങ്ങളെല്ലാം പുത്രന്മാര്‍ക്ക് അവകാശപ്പെട്ടതാണ്; പുരോഹിതന്മാരായി അഭിഷേകം ചെയ്യപ്പെടുമ്പോഴും നിയോഗിക്കപ്പെടുമ്പോഴും അവര്‍ അവ ധരിച്ചിരിക്കണം.

30 അഹരോനു പകരം പുരോഹിതനായി നിയോഗിക്കപ്പെടുന്ന പുത്രന്‍ തിരുസാന്നിധ്യകൂടാരത്തിലെ വിശുദ്ധസ്ഥലത്തു ശുശ്രൂഷയ്‍ക്കായി വരുമ്പോള്‍ ഏഴു ദിവസം അവ ധരിക്കണം.

31 “പുരോഹിതാഭിഷേക ശുശ്രൂഷയ്‍ക്കുള്ള ആണാടിന്‍റെ മാംസം വിശുദ്ധമായ ഒരു സ്ഥലത്തുവച്ചു പാകം ചെയ്യണം;

32 അഹരോനും പുത്രന്മാരും ആ മാംസവും കുട്ടയിലുള്ള അപ്പവും തിരുസാന്നിധ്യകൂടാരത്തിന്‍റെ വാതില്‌ക്കല്‍വച്ചു ഭക്ഷിക്കണം.

33 തങ്ങളെ അഭിഷേകം ചെയ്തു നിയോഗിച്ചപ്പോള്‍ പാപപരിഹാരമായി അര്‍പ്പിച്ചതാകയാല്‍ അത് അവര്‍തന്നെ ഭക്ഷിക്കണം. അവ വിശുദ്ധമാകയാല്‍ മറ്റാരും അതു ഭക്ഷിക്കരുത്.

34 പുരോഹിതാഭിഷേക ശുശ്രൂഷയ്‍ക്കുപയോഗിച്ച മാംസമോ അപ്പമോ ബാക്കി വന്നാല്‍ അവ ദഹിപ്പിച്ചുകളയണം. വിശുദ്ധമായതുകൊണ്ട് അതു ഭക്ഷിക്കരുത്.

35 “അഹരോനും പുത്രന്മാര്‍ക്കുമുള്ള പുരോഹിതാഭിഷേക ശുശ്രൂഷ ഞാന്‍ നിന്നോടു കല്പിച്ചതുപോലെ ഏഴു ദിവസംകൊണ്ട് അനുഷ്ഠിക്കണം.

36 ദിനംതോറും ഒരു കാളയെ പാപപരിഹാരത്തിനായി അര്‍പ്പിക്കണം. യാഗപീഠത്തിന്‍റെ ശുദ്ധീകരണത്തിനുവേണ്ടിയും പാപപരിഹാരയാഗം അര്‍പ്പിക്കണം; പിന്നീട് യാഗപീഠം അഭിഷേകം ചെയ്തു വിശുദ്ധീകരിക്കണം.

37 ഏഴു ദിവസവും പാപപരിഹാരത്തിനുവേണ്ടി പ്രായശ്ചിത്തയാഗമര്‍പ്പിച്ചു യാഗപീഠം ശുദ്ധീകരിക്കണം; അപ്പോള്‍ യാഗപീഠം അതിവിശുദ്ധമായിത്തീരും. യാഗപീഠത്തെ സ്പര്‍ശിക്കുന്നതെന്തും ശുദ്ധമായിത്തീരും.

38

“യാഗപീഠത്തില്‍ അര്‍പ്പിക്കപ്പെടേണ്ടത് ഇവയാണ്: ഒരു വയസ്സ് പ്രായമുള്ള രണ്ട് ആട്ടിന്‍കുട്ടികളെ ദിവസംതോറും അര്‍പ്പിക്കണം.

39 അവയില്‍ ഒന്നിനെ രാവിലെയും മറ്റതിനെ വൈകിട്ടും അര്‍പ്പിക്കണം.

40 ഒന്നാമത്തെ ആട്ടിന്‍കുട്ടിയോടൊപ്പം ആട്ടിയെടുത്ത കാല്‍ ഹീന്‍ ഒലിവെണ്ണയില്‍ കുഴച്ച ഒരിടങ്ങഴി കോതമ്പുമാവും പാനീയയാഗമായി കാല്‍ ഹീന്‍ വീഞ്ഞും അര്‍പ്പിക്കണം.

41 രണ്ടാമത്തെ ആട്ടിന്‍കുട്ടിയെ വൈകിട്ടു യാഗമര്‍പ്പിക്കുമ്പോള്‍ അതോടൊപ്പം രാവിലത്തേതുപോലെ തന്നെ കോതമ്പുമാവും ഒലിവെണ്ണയും വീഞ്ഞും ദഹനയാഗമായി അര്‍പ്പിക്കണം. ഈ ദഹനയാഗത്തിന്‍റെ സൗരഭ്യം സര്‍വേശ്വരനു പ്രസാദകരമാണ്.

42 ഇതു തിരുസാന്നിധ്യകൂടാരത്തിന്‍റെ വാതില്‌ക്കല്‍ സര്‍വേശ്വരന്‍റെ മുമ്പാകെ നിങ്ങളുടെ ഭാവിതലമുറകള്‍ സദാകാലവും അര്‍പ്പിക്കേണ്ട ദഹനയാഗമാകുന്നു. അവിടെ ഞാന്‍ നിങ്ങളെ സന്ദര്‍ശിച്ച് നിങ്ങളോടു സംസാരിക്കും.

43 ഞാന്‍ ഇസ്രായേല്‍ജനത്തെ സന്ദര്‍ശിക്കുന്ന ആ സ്ഥലം എന്‍റെ മഹത്ത്വംകൊണ്ട് പരിശുദ്ധമാകും.

44 തിരുസാന്നിധ്യകൂടാരവും യാഗപീഠവും ഞാന്‍ വിശുദ്ധീകരിക്കും; എനിക്കു പൗരോഹിത്യശുശ്രൂഷ നിര്‍വഹിക്കാന്‍ അഹരോനെയും പുത്രന്മാരെയും ഞാന്‍ ശുദ്ധീകരിച്ചു വേര്‍തിരിക്കും.

45 ഞാന്‍ അവരുടെ ദൈവമായി ഇസ്രായേല്‍ജനങ്ങളുടെ ഇടയില്‍ പാര്‍ക്കും.

46 അവരുടെ ഇടയില്‍ പാര്‍ക്കാന്‍ ഈജിപ്തില്‍നിന്ന് അവരെ കൂട്ടിക്കൊണ്ടുവന്ന ഞാന്‍ അവരുടെ ദൈവമായ സര്‍വേശ്വരന്‍ എന്ന് അവര്‍ അറിയും. ഞാനാണ് അവരുടെ ദൈവമായ സര്‍വേശ്വരന്‍.

30

1

ധൂപാര്‍പ്പണത്തിനു കരുവേലകംകൊണ്ട് ഒരു ധൂപപീഠം ഉണ്ടാക്കണം.

2 അത് ഒരു മുഴം സമചതുരമായിരിക്കണം. രണ്ടു മുഴം ആയിരിക്കണം അതിന്‍റെ ഉയരം. കൊമ്പുകള്‍ അതോടു ചേര്‍ന്ന് ഒന്നായിരിക്കണം;

3 അതിന്‍റെ മേല്‍ഭാഗവും വശങ്ങളും കൊമ്പുകളും തങ്കംകൊണ്ടു പൊതിയണം; അതിന് സ്വര്‍ണംകൊണ്ടു ചുറ്റും വക്കു പിടിപ്പിക്കണം.

4 അതു ചുമക്കാനുള്ള തണ്ടുകള്‍ ഇടുന്നതിനു വക്കിനു താഴെ രണ്ടു വശത്തുമായി രണ്ടു സ്വര്‍ണവളയങ്ങള്‍ ഉറപ്പിക്കണം.

5 കരുവേലകംകൊണ്ടു നിര്‍മ്മിച്ച തണ്ടുകളും സ്വര്‍ണം പൊതിയണം.

6 ഞാന്‍ നിങ്ങളെ സന്ദര്‍ശിക്കുന്ന ഇടമായ ഉടമ്പടിപ്പെട്ടകത്തിനു മീതെയുള്ള മൂടിയുടെയും അതോടു ചേര്‍ന്നുള്ള തിരശ്ശീലയുടെയും മുമ്പില്‍ അതു വയ്‍ക്കണം.

7 ധൂപപീഠത്തിന്മേല്‍ അഹരോന്‍ സുഗന്ധദ്രവ്യം അര്‍പ്പിക്കണം. പ്രഭാതത്തില്‍ വിളക്കുകള്‍ ഒരുക്കുമ്പോഴും

8 വൈകിട്ടു വിളക്കു കൊളുത്തുമ്പോഴും അഹരോന്‍ ധൂപം അര്‍പ്പിക്കണം. ഇത് നിങ്ങളുടെ സകല തലമുറകളും നിത്യവും അനുഷ്ഠിക്കേണ്ടതാണ്.

9 നിങ്ങള്‍ അതിന്മേല്‍ അശുദ്ധദ്രവ്യങ്ങള്‍ പുകയ്‍ക്കരുത്. ദഹനയാഗമോ ധാന്യയാഗമോ പാനീയയാഗമോ അതിന്മേല്‍ അര്‍പ്പിക്കരുത്.

10 പാപപരിഹാരത്തിനായി അര്‍പ്പിച്ച മൃഗത്തിന്‍റെ രക്തം യാഗപീഠത്തിന്‍റെ കൊമ്പുകളില്‍ പുരട്ടി, വര്‍ഷത്തിലൊരിക്കല്‍ അഹരോന്‍ യാഗപീഠം ശുദ്ധീകരിക്കണം; ഇത് നിങ്ങളുടെ സകല തലമുറകളും വര്‍ഷത്തിലൊരിക്കല്‍ അനുഷ്ഠിക്കണം; ഇത് സര്‍വേശ്വരന് അതിവിശുദ്ധമാണ്.

11

സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു:

12 “ഇസ്രായേലില്‍ ജനസംഖ്യ എടുക്കുമ്പോള്‍ അവരുടെ ഇടയില്‍ ഒരു ബാധയും ഉണ്ടാകാതിരിക്കാന്‍ ഓരോരുത്തനും സര്‍വേശ്വരനു വീണ്ടെടുപ്പുവില കൊടുക്കണം.

13 ജനസംഖ്യ എടുക്കപ്പെട്ട എല്ലാവരും വിശുദ്ധമന്ദിരത്തിലെ തൂക്കമനുസരിച്ച് അര ശേക്കെല്‍ സര്‍വേശ്വരനു വഴിപാടായി അര്‍പ്പിക്കണം. അര ശേക്കെല്‍ പത്തു ഗേരയാണ്.

14 എണ്ണമെടുത്തവരില്‍ ഇരുപതു വയസ്സിനുമേല്‍ പ്രായമുള്ള എല്ലാവരും സര്‍വേശ്വരനു വഴിപാട് അര്‍പ്പിക്കണം.

15 പാപപരിഹാരത്തിനായി സര്‍വേശ്വരന് വഴിപാട് അര്‍പ്പിക്കുമ്പോള്‍ ധനവാനും ദരിദ്രനും അര ശേക്കെല്‍ വീതം അര്‍പ്പിക്കണം. ധനവാന്‍ കൂടുതലോ ദരിദ്രന്‍ കുറവോ അര്‍പ്പിച്ചുകൂടാ.

16 പ്രായശ്ചിത്ത നികുതി ഇസ്രായേല്‍ജനത്തില്‍നിന്നു ശേഖരിച്ചു തിരുസാന്നിധ്യകൂടാരത്തിലെ ശുശ്രൂഷയ്‍ക്കുവേണ്ടി കൊടുക്കണം. ഇസ്രായേല്‍ജനം സര്‍വേശ്വരന്‍റെ സന്നിധിയില്‍ സ്മരിക്കപ്പെടുന്നതിനും അവര്‍ക്ക് പാപപരിഹാരം ലഭിക്കുന്നതിനും വേണ്ടിയുള്ളതാണിത്.

17

സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു:

18 കഴുകാന്‍ വെള്ളം നിറയ്‍ക്കുന്നതിന് ഓടുകൊണ്ട് ഒരു തൊട്ടിയും അതിനുള്ള പീഠവും ഉണ്ടാക്കണം; അതു തിരുസാന്നിധ്യകൂടാരത്തിനും യാഗപീഠത്തിനും ഇടയ്‍ക്കു വച്ച് അതില്‍ വെള്ളം നിറയ്‍ക്കണം.

19 ഈ വെള്ളംകൊണ്ടാണ് അഹരോനും പുത്രന്മാരും അവരുടെ കൈകാലുകള്‍ കഴുകേണ്ടത്.

20 തിരുസാന്നിധ്യകൂടാരത്തില്‍ പ്രവേശിക്കുമ്പോഴും യാഗപീഠത്തില്‍ ശുശ്രൂഷ ചെയ്യാന്‍ പോകുമ്പോഴും സര്‍വേശ്വരനു ധൂപാരാധന നടത്താന്‍ പോകുമ്പോഴും അവര്‍ ഈ വെള്ളംകൊണ്ടു കൈകാലുകള്‍ കഴുകണം.

21 അങ്ങനെ ചെയ്തില്ലെങ്കില്‍ അവര്‍ മരിക്കും. ഇതവരുടെ പിന്‍തലമുറകളും അനുഷ്ഠിക്കേണ്ട ശാശ്വതനിയമമാണ്.

22

സര്‍വേശ്വരന്‍ വീണ്ടും മോശയോട് അരുളിച്ചെയ്തു:

23 മേല്‍ത്തരം സുഗന്ധദ്രവ്യങ്ങള്‍ എടുക്കുക; ദ്രാവകരൂപത്തിലുള്ള അഞ്ഞൂറു ശേക്കെല്‍ മൂരും ഇരുനൂറ്റമ്പതു ശേക്കെല്‍ കറുവാപ്പട്ടയും അത്രയുംതന്നെ സുഗന്ധസസ്യവും

24 അഞ്ഞൂറു ശേക്കെല്‍ അമരിപ്പട്ടയും വേണം. അവയോടു കൂടി ഒരു ഹീന്‍ ഒലിവെണ്ണയും ചേര്‍ത്തു

25 വിദഗ്ദ്ധനായ സുഗന്ധതൈലനിര്‍മ്മാതാവിനെപ്പോലെ വിശുദ്ധതൈലം ഉണ്ടാക്കണം. ഇതാണ് അഭിഷേകത്തിനുള്ള വിശുദ്ധതൈലം.

26 അതുകൊണ്ട് തിരുസാന്നിധ്യകൂടാരവും സാക്ഷ്യപെട്ടകവും

27 മേശയും അതിലെ ഉപകരണങ്ങളും വിളക്കുതണ്ടും അതിന്‍റെ ഉപകരണങ്ങളും

28 ധൂപപീഠവും ഹോമയാഗവും അതിലെ ഉപകരണങ്ങളും ക്ഷാളനപാത്രവും അതിന്‍റെ പീഠവും അഭിഷേകം ചെയ്യുക.

29 അതിവിശുദ്ധമായിത്തീരാന്‍ നീ അവയെ ശുദ്ധീകരിക്കണം. അവയെ സ്പര്‍ശിക്കുന്നതെന്തും ശുദ്ധമായിത്തീരും.

30 എനിക്കു പുരോഹിതശുശ്രൂഷ ചെയ്യാന്‍ അഹരോനെയും പുത്രന്മാരെയും അഭിഷേകം ചെയ്തു വേര്‍തിരിക്കുക.

31 ഇത് തലമുറകള്‍തോറും ഉപയോഗിക്കേണ്ട എന്‍റെ വിശുദ്ധതൈലം എന്ന് ഇസ്രായേല്‍ജനത്തോടു പറയണം.

32 സാധാരണ ജനത്തിന്‍റെമേല്‍ ഈ തൈലം ഒഴിക്കരുത്; ഇതിന്‍റെ ചേരുവ അനുസരിച്ച് മറ്റൊരു തൈലം ഉണ്ടാക്കരുത്; ഇത് വിശുദ്ധമാണ്. വിശുദ്ധവസ്തുവായി നിങ്ങള്‍ ഇതു കൈകാര്യം ചെയ്യണം.

33 ആരെങ്കിലും ഇതുപോലൊരു തൈലക്കൂട്ട് ഉണ്ടാക്കുകയോ സാധാരണക്കാരന്‍റെമേല്‍ തളിക്കുകയോ ചെയ്താല്‍ അവനെ ഇസ്രായേല്‍ജനത്തിന്‍റെ ഇടയില്‍നിന്നു ബഹിഷ്കരിക്കണം.

34

സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “ നറുംപശ, ഗുല്‍ഗുലു, ഗല്‍ബാനപ്പശ എന്നീ സുഗന്ധധൂപദ്രവ്യങ്ങളും ശുദ്ധമായ കുന്തുരുക്കവും ഒരേ അളവില്‍ എടുക്കുക.

35 വിദഗ്ദ്ധനായ സുഗന്ധതൈലനിര്‍മ്മാതാവിനെപ്പോലെ ഇവ ഉപ്പുചേര്‍ത്തു നിര്‍മ്മലവും വിശുദ്ധവുമായ ഒരു സുഗന്ധക്കൂട്ട് ഉണ്ടാക്കണം.

36 അതില്‍ കുറെയെടുത്ത് നേര്‍മയായി പൊടിച്ച് ഞാന്‍ നിങ്ങളെ സന്ദര്‍ശിക്കുന്ന തിരുസാന്നിധ്യകൂടാരത്തിലെ സാക്ഷ്യപെട്ടകത്തിന്‍റെ മുമ്പില്‍ വയ്‍ക്കണം. അതു നീ വിശുദ്ധമായി കരുതണം.

37 ഈ ചേരുവ അനുസരിച്ച് നിനക്കുവേണ്ടി ധൂപക്കൂട്ട് ഉണ്ടാക്കരുത്. അതു സര്‍വേശ്വരനുവേണ്ടിയുള്ള നിന്‍റെ വിശുദ്ധ ധൂപക്കൂട്ടായിരിക്കണം;

38 സൗരഭ്യത്തിനുവേണ്ടി ആരെങ്കിലും അത് ഉണ്ടാക്കിയാല്‍ അവനെ ജനത്തിന്‍റെ ഇടയില്‍നിന്നു ബഹിഷ്കരിക്കണം.

31

1

സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു:

2 “യെഹൂദാഗോത്രത്തില്‍ ഹൂരിന്‍റെ പൗത്രനും ഊരിയുടെ പുത്രനുമായ ബെസലേലിനെ ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നു.

3 സ്വര്‍ണം, വെള്ളി, ഓട് ഇവകൊണ്ടു കലാരൂപങ്ങള്‍ നിര്‍മ്മിക്കുക;

4 പതിക്കാനുള്ള രത്നങ്ങള്‍ ചെത്തി മിനുക്കുക; തടിയില്‍ കൊത്തുപണികള്‍ ചെയ്യുക മുതലായ

5 എല്ലാ ശില്പവേലകള്‍ക്കും ആവശ്യമായ ജ്ഞാനവും ബുദ്ധിയും അറിവും കരവിരുതും ഉണ്ടാകാന്‍ ഞാന്‍ അവനെ ദിവ്യചൈതന്യംകൊണ്ട് നിറച്ചിരിക്കുന്നു.

6 അവനോടൊപ്പം പണിചെയ്യാന്‍ ദാന്‍ഗോത്രത്തില്‍പ്പെട്ട അഹീസാമാക്കിന്‍റെ പുത്രനായ ഒഹൊലിയാബിനെയും നിയമിച്ചിട്ടുണ്ട്; ഞാന്‍ കല്പിക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നതിനുവേണ്ടി മറ്റു കരകൗശലവിദഗ്ദ്ധന്മാര്‍ക്കും പ്രത്യേക സാമര്‍ഥ്യം ഞാന്‍ നല്‌കിയിരിക്കുന്നു.

7 തിരുസാന്നിധ്യകൂടാരം, സാക്ഷ്യപെട്ടകം, കൃപാസനം, കൂടാരത്തിനുള്ളിലുള്ള ഉപകരണങ്ങള്‍,

8 അതായത് മേശയും അതിന്‍റെ ഉപകരണങ്ങളും, തങ്കനിര്‍മ്മിതമായ വിളക്കുതണ്ടും അതിന്‍റെ ഉപകരണങ്ങളും

9 ധൂപപീഠവും ഹോമയാഗപീഠവും അതിന്‍റെ ഉപകരണങ്ങളും ക്ഷാളനപാത്രവും അതിന്‍റെ പീഠവും

10 പുരോഹിതനായ അഹരോന്‍റെയും പുത്രന്മാരുടെയും പൗരോഹിത്യശുശ്രൂഷയ്‍ക്കുള്ള വിശിഷ്ട വസ്ത്രങ്ങള്‍,

11 അഭിഷേകതൈലം, വിശുദ്ധസ്ഥലത്ത് ആവശ്യമായ സുഗന്ധധൂപക്കൂട്ട് എന്നിവ ഞാന്‍ നിന്നോടു കല്പിച്ചതുപോലെ തന്നെ അവര്‍ ഉണ്ടാക്കും.”

12

സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു:

13 “ഇസ്രായേല്‍ജനത്തോടു പറയുക; നിങ്ങള്‍ എന്‍റെ ശബത്ത് ആചരിക്കണം. സര്‍വേശ്വരനായ ഞാനാണ് നിങ്ങളെ വിശുദ്ധീകരിച്ചു വേര്‍തിരിച്ചതെന്ന് നിങ്ങള്‍ അറിയാന്‍ ഇത് എനിക്കും നിങ്ങളുടെ ഭാവിതലമുറകള്‍ക്കും ഇടയില്‍ എന്നേക്കും നിലനില്‌ക്കുന്ന അടയാളങ്ങളായിരിക്കും.

14 നിങ്ങള്‍ ശബത്ത് ആചരിക്കണം; അതു നിങ്ങള്‍ക്കു വിശുദ്ധമാണ്. അത് അശുദ്ധമാക്കുന്നവനെ കൊന്നുകളയണം; അന്ന് ജോലി ചെയ്യുന്നവനെ ജനങ്ങളുടെ ഇടയില്‍നിന്നു ഛേദിക്കണം.

15 ആറു ദിവസം ജോലി ചെയ്യണം; ഏഴാം ദിവസം വിശ്രമിക്കാനുള്ള ശബത്താണ്; അതു സര്‍വേശ്വരന്‍റെ വിശുദ്ധദിനം; ആ ദിവസം ജോലി ചെയ്യുന്നവനെ കൊന്നുകളയണം.

16 ഇസ്രായേലിന്‍റെ സകല തലമുറകളും ശബത്ത് ആചരിക്കണമെന്നതു ശാശ്വതമായ ഉടമ്പടിയാകുന്നു.

17 അത് എനിക്കും ഇസ്രായേല്‍ജനത്തിനും ഇടയിലുള്ള ശാശ്വതമായ അടയാളമാകുന്നു. ആറു ദിവസംകൊണ്ട് സര്‍വേശ്വരന്‍ ആകാശവും ഭൂമിയും സൃഷ്‍ടിച്ചു; ഏഴാം ദിവസം അവിടുന്നു സ്വസ്ഥനായിരുന്നു; അതിന്‍റെ അടയാളമാണിത്.

18

സീനായ്മലയില്‍വച്ചു മോശയോടു സംസാരിച്ചശേഷം ദൈവം തന്‍റെ വിരല്‍കൊണ്ട് എഴുതിയ കല്പനകള്‍ അടങ്ങിയ സാക്ഷ്യത്തിന്‍റെ രണ്ടു കല്പലകകള്‍ മോശയെ ഏല്പിച്ചു.

32

1

മോശ മലയില്‍നിന്ന് ഇറങ്ങിവരാന്‍ താമസിച്ചതിനാല്‍ ജനം അഹരോന്‍റെ ചുറ്റും കൂടി. അവര്‍ പറഞ്ഞു: “ഞങ്ങളെ ഈജിപ്തില്‍നിന്നു കൊണ്ടുവന്ന മോശയ്‍ക്ക് എന്തു സംഭവിച്ചുവെന്ന് അറിയുന്നില്ല; അതുകൊണ്ടു ഞങ്ങളെ നയിക്കാന്‍ ഒരു ദേവനെ ഉണ്ടാക്കിത്തരിക.”

2 അഹരോന്‍ അവരോടു പറഞ്ഞു: “നിങ്ങളുടെ ഭാര്യമാരും പുത്രന്മാരും പുത്രിമാരും കാതിലിടുന്ന പൊന്‍വളയങ്ങള്‍ എന്‍റെ അടുക്കല്‍ കൊണ്ടുവരിക.”

3 കാതില്‍ അണിഞ്ഞിരുന്ന പൊന്‍വളയങ്ങള്‍ ഊരിയെടുത്ത് അവര്‍ അഹരോനെ ഏല്പിച്ചു.

4 അദ്ദേഹം അവ മൂശയില്‍ ഉരുക്കി ഒരു കാളക്കുട്ടിയെ വാര്‍ത്തുണ്ടാക്കി കൊത്തുളികൊണ്ടു മിനുക്കുപണി ചെയ്തു. അവര്‍ പറഞ്ഞു: “ഇസ്രായേലേ ഇതാ, നിങ്ങളെ ഈജിപ്തില്‍നിന്നു മോചിപ്പിച്ചുകൊണ്ടുവന്ന ദേവന്‍.”

5 അപ്പോള്‍ അഹരോന്‍ കാളക്കുട്ടിയുടെ മുമ്പില്‍ ഒരു യാഗപീഠം പണിതു; നാളെ സര്‍വേശ്വരന് ഉത്സവദിനം എന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

6 അവര്‍ അതിരാവിലെ എഴുന്നേറ്റു ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അര്‍പ്പിച്ചു; അവര്‍ തിന്നുകുടിച്ചുല്ലസിച്ചു കൂത്താടാന്‍ തുടങ്ങി.

7

സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “ഈജിപ്തില്‍നിന്നു നീ കൊണ്ടുവന്ന ജനം തങ്ങളെത്തന്നെ ദുഷിപ്പിച്ചിരിക്കുന്നു. അതുകൊണ്ട് ഇറങ്ങിച്ചെല്ലുക.

8 ഞാന്‍ നിര്‍ദ്ദേശിച്ചിരുന്ന വഴിവിട്ട് അവര്‍ കാളക്കുട്ടിയെ വാര്‍ത്തുണ്ടാക്കി. ഇസ്രായേലേ, ഇതാ ഈജിപ്തില്‍നിന്നു നിങ്ങളെ കൊണ്ടുവന്ന ദൈവം എന്നു പറഞ്ഞ് അതിനെ ആരാധിക്കുകയും അതിനു യാഗങ്ങളര്‍പ്പിക്കുകയും ചെയ്യുന്നു.”

9 അവിടുന്നു മോശയോടു പറഞ്ഞു: “അവര്‍ വളരെ ദുശ്ശാഠ്യമുള്ള ജനമാണെന്നു ഞാന്‍ കാണുന്നു;

10 അവര്‍ക്കെതിരേ എന്‍റെ കോപം ജ്വലിക്കും. അത് അവരെ ദഹിപ്പിക്കും. നീ അതിനു തടസ്സം നില്‌ക്കരുത്; എന്നാല്‍ ഞാന്‍ നിന്നെ ഒരു വലിയ ജനതയാക്കും.”

11 എന്നാല്‍ മോശ തന്‍റെ ദൈവമായ സര്‍വേശ്വരന്‍റെ സന്നിധിയില്‍ കേണപേക്ഷിച്ചു: “മഹാശക്തിയും കരബലവുംകൊണ്ട് ഈജിപ്തില്‍നിന്നു വിടുവിച്ചു കൊണ്ടുവന്ന അവിടുന്ന് ജനത്തോട് ഇങ്ങനെ കോപിക്കുന്നതെന്ത്?

12 മലകളില്‍വച്ചു സംഹരിച്ചു ഭൂമുഖത്തുനിന്നുതന്നെ അവരെ നീക്കിക്കളയണമെന്ന ദുരുദ്ദേശ്യത്തോടെ ആയിരുന്നു ജനത്തെ കൂട്ടിക്കൊണ്ടു പോയത് എന്നു ഈജിപ്തുകാരെക്കൊണ്ട് എന്തിനു പറയിക്കണം. അവിടുത്തെ ഉഗ്രകോപം കൈവെടിയണമേ. ജനത്തിനെതിരായ അവിടുത്തെ തീരുമാനം നടപ്പാക്കരുതേ.

13 അബ്രഹാമിനോടും ഇസ്ഹാക്കിനോടും യാക്കോബിനോടും അവിടുത്തെ സ്വന്തനാമത്തില്‍ ചെയ്ത പ്രതിജ്ഞ ഓര്‍ക്കണമേ; ‘ഞാന്‍ നിങ്ങളുടെ സന്തതികളെ ആകാശത്തിലെ നക്ഷത്രങ്ങള്‍പോലെ വര്‍ധിപ്പിക്കും; ഈ സ്ഥലമെല്ലാം നിന്‍റെ ഭാവിതലമുറകള്‍ക്ക് അവകാശമായി നല്‌കും; അവര്‍ അതു കൈവശമാക്കും’ എന്ന് അങ്ങ് പ്രതിജ്ഞ ചെയ്തിരുന്നല്ലോ.”

14 ജനത്തിനെതിരേ എടുത്ത തീരുമാനത്തില്‍നിന്നു സര്‍വേശ്വരന്‍ പിന്മാറി; അവരുടെമേല്‍ വരുത്താന്‍ നിശ്ചയിച്ചിരുന്ന അനര്‍ഥം വരുത്തിയതുമില്ല.

15

ഇരുവശങ്ങളിലും എഴുതിയിരുന്ന രണ്ടു സാക്ഷ്യകല്പലകകളും കൈയിലെടുത്തു മോശ മലയില്‍ നിന്നിറങ്ങി.

16 കല്പലകകള്‍ ദൈവത്തിന്‍റെ കരവേലയും അവയില്‍ കൊത്തിയിരുന്നത് അവിടുത്തെ കൈയെഴുത്തും ആയിരുന്നു.

17 ജനത്തിന്‍റെ ആര്‍പ്പുവിളി കേട്ട് യോശുവ, “പാളയത്തില്‍ യുദ്ധാരവം കേള്‍ക്കുന്നു” എന്നു മോശയോടു പറഞ്ഞു.

18 എന്നാല്‍ മോശ പറഞ്ഞു: “വിജയികളുടെ വിജയാഘോഷമോ പരാജിതരുടെ നിലവിളിയോ അല്ല, പാട്ടു പാടുന്ന ശബ്ദമാണ് ഞാന്‍ കേള്‍ക്കുന്നത്.”

19 പാളയത്തില്‍ എത്തിയപ്പോള്‍ മോശ കാളക്കുട്ടിയെ കണ്ടു. അതിന്‍റെ മുമ്പില്‍ ജനം നൃത്തം ചെയ്യുന്നു. മോശയുടെ കോപം ആളിക്കത്തി; അദ്ദേഹം കൈയിലിരുന്ന കല്പലകകള്‍ മലയുടെ അടിവാരത്തിലേക്ക് എറിഞ്ഞുടച്ചുകളഞ്ഞു.

20 അവര്‍ വാര്‍ത്തുണ്ടാക്കിയ കാളക്കുട്ടിയെ എടുത്തു തീയിലിട്ടു ചുട്ടു. എന്നിട്ട് ഇടിച്ചുപൊടിച്ചു വെള്ളത്തില്‍ കലക്കി ഇസ്രായേല്‍ജനത്തെ കുടിപ്പിച്ചു. മോശ അഹരോനോടു ചോദിച്ചു:

21 “ഈ മഹാപാപം ജനത്തിന്‍റെമേല്‍ വരുത്തിവയ്‍ക്കാന്‍ തക്കവിധം അവര്‍ നിന്നോട് എന്തു ചെയ്തു?”

22 അഹരോന്‍ പറഞ്ഞു; “അങ്ങു കോപിക്കരുതേ; തെറ്റു ചെയ്യാനുള്ള ജനത്തിന്‍റെ പ്രവണത അങ്ങേക്ക് അറിയാമല്ലോ.

23 ‘ഞങ്ങളെ ഈജിപ്തില്‍നിന്നു കൂട്ടിക്കൊണ്ടുവന്ന മോശയ്‍ക്ക് എന്തുപറ്റി എന്ന് അറിയുന്നില്ല. അതുകൊണ്ട് ഞങ്ങളെ നയിക്കാന്‍ ഒരു ദേവനെ ഉണ്ടാക്കിത്തരിക’ എന്ന് അവര്‍ എന്നോടു പറഞ്ഞു.

24 അവര്‍ അണിഞ്ഞിരുന്ന സ്വര്‍ണാഭരണങ്ങള്‍ കൊണ്ടുവരാന്‍ ഞാന്‍ ആവശ്യപ്പെട്ടു; അവര്‍ അതെല്ലാം കൊണ്ടുവന്നു. ഞാന്‍ അത് തീയിലിട്ടപ്പോള്‍ ഈ കാളക്കുട്ടി പുറത്തുവന്നു.

25 “ശത്രുക്കളുടെ മുമ്പാകെ അപഹാസ്യരാകുംവിധം ജനം അഴിഞ്ഞാടുന്നത് അഹരോന്‍ അവരെ നിയന്ത്രണമില്ലാതെ വിഹരിക്കാന്‍ വിട്ടതുകൊണ്ടാണെന്നു മോശ മനസ്സിലാക്കി.

26 പാളയത്തിന്‍റെ കവാടത്തില്‍നിന്നുകൊണ്ടു മോശ വിളിച്ചുപറഞ്ഞു: “സര്‍വേശ്വരന്‍റെ പക്ഷത്തുള്ളവര്‍ എന്‍റെ അടുക്കല്‍ വരട്ടെ.” ലേവ്യരെല്ലാം അദ്ദേഹത്തിന്‍റെ അടുക്കല്‍ ഒത്തുകൂടി.

27 മോശ അവരോടു പറഞ്ഞു:” ഇതു സര്‍വേശ്വരന്‍റെ വചനം. ഓരോരുത്തനും സ്വന്തം വാള്‍ അരയില്‍ ധരിക്കട്ടെ; പാളയത്തില്‍ വാതില്‍തോറും ചെന്നു സഹോദരന്മാരെയും സ്നേഹിതരെയും അയല്‍ക്കാരെയും കൊന്നുകളയുക.”

28 മോശ കല്പിച്ചതുപോലെ ലേവ്യര്‍ ചെയ്തു. ഏകദേശം മൂവായിരം പേരെ അവര്‍ വെട്ടിവീഴ്ത്തി.

29 സര്‍വേശ്വരന്‍റെ ശുശ്രൂഷയ്‍ക്കായി നിങ്ങള്‍ സ്വയം സമര്‍പ്പിച്ചിരിക്കുന്നു; സ്വന്തം പുത്രന്മാരെയും സഹോദരന്മാരെയും നിഗ്രഹിക്കാന്‍ നിങ്ങള്‍ മടികാണിച്ചില്ലല്ലോ; അതുകൊണ്ടു സര്‍വേശ്വരന്‍റെ അനുഗ്രഹം ഇന്നുതന്നെ നിങ്ങള്‍ക്കു ലഭിക്കും.”

30 പിറ്റേ ദിവസം മോശ ജനത്തോടു പറഞ്ഞു: “നിങ്ങള്‍ മഹാപാപം ചെയ്തിരിക്കുന്നു; ഞാന്‍ സര്‍വേശ്വരന്‍റെ സന്നിധിയിലേക്കു കയറിച്ചെല്ലട്ടെ. നിങ്ങളുടെ പാപങ്ങള്‍ക്കു പ്രായശ്ചിത്തം ചെയ്യാന്‍ എനിക്കു കഴിഞ്ഞേക്കും.”

31 മോശ സര്‍വേശ്വരന്‍റെ സന്നിധിയില്‍ മടങ്ങിച്ചെന്നു പറഞ്ഞു: “കഷ്ടം! ഈ ജനം മഹാപാപം ചെയ്തുപോയി; അവര്‍ സ്വര്‍ണംകൊണ്ടു ദേവനെ ഉണ്ടാക്കി.

32 അവരുടെ പാപം അവരോടു ക്ഷമിക്കണമേ. ഇല്ലെങ്കില്‍ അവിടുത്തെ പുസ്തകത്തില്‍ അങ്ങ് എഴുതിയിരിക്കുന്ന എന്‍റെ പേരു മായിച്ചു കളഞ്ഞാലും.”

33 അവിടുന്നു മോശയോടു പറഞ്ഞു: “എനിക്കെതിരായി പാപം ചെയ്തവന്‍റെ പേരു മാത്രമേ എന്‍റെ പുസ്തകത്തില്‍നിന്നു നീക്കം ചെയ്യൂ.

34 നീ പോയി ഞാന്‍ നിന്നോടു പറഞ്ഞ ദേശത്തേക്കു ജനത്തെ നയിക്കുക. എന്‍റെ ദൂതന്‍ നിനക്കുമുമ്പേ സഞ്ചരിക്കും; എന്നാല്‍ ശിക്ഷാദിവസം ഞാന്‍ അവരുടെ പാപത്തിനു ശിക്ഷ നല്‌കും.”

35 കാളക്കുട്ടിയെ ഉണ്ടാക്കാന്‍ ജനം അഹരോനെ നിര്‍ബന്ധിച്ചതുകൊണ്ടു സര്‍വേശ്വരന്‍ അവരുടെമേല്‍ ഒരു ബാധ അയച്ചു.

33

1

സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “നീയും ഈജിപ്തില്‍നിന്നു നീ മോചിപ്പിച്ചുകൊണ്ടുവന്ന ജനവും ഇവിടെനിന്നു പുറപ്പെട്ട് അബ്രഹാമിനും ഇസ്ഹാക്കിനും യാക്കോബിനും അവരുടെ സന്തതികള്‍ക്കും നല്‌കുമെന്നു ഞാന്‍ വാഗ്ദാനം ചെയ്ത സ്ഥലത്തേക്കു പോകുക.

2 നിങ്ങള്‍ക്കു മുമ്പായി ഞാന്‍ എന്‍റെ ദൂതനെ അയയ്‍ക്കും. കനാന്യര്‍, അമോര്യര്‍, ഹിത്യര്‍, പെരിസ്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നിവരെ ഞാന്‍ ഓടിച്ചുകളയും.

3 പാലും തേനും ഒഴുകുന്ന ആ ദേശത്തേക്കു പോകുക; ഞാന്‍ നിങ്ങളുടെ കൂടെ വരുന്നില്ല; വന്നാല്‍ നിങ്ങള്‍ ദുശ്ശാഠ്യക്കാരായതുകൊണ്ടു വഴിയില്‍വച്ചു ഞാന്‍ നിങ്ങളെ സംഹരിച്ചേക്കാം.”

4 ഇതു കേട്ടപ്പോള്‍ ജനം ദുഃഖിച്ചു; ആരും ആഭരണങ്ങള്‍ അണിഞ്ഞില്ല.

5 സര്‍വേശ്വരന്‍ മോശയോടു കല്പിച്ചിരുന്നു: ഇസ്രായേല്‍ജനത്തോടു പറയുക: നിങ്ങള്‍ ദുശ്ശാഠ്യക്കാരായ ജനതയാണ്; ഒരു നിമിഷം നിങ്ങളുടെ കൂടെ സഞ്ചരിച്ചാല്‍ എനിക്കു നിങ്ങളെ ദഹിപ്പിച്ചു കളയേണ്ടിവരും. നിങ്ങളുടെ ആഭരണങ്ങള്‍ ഊരിവയ്‍ക്കുക. നിങ്ങളോട് എന്തു ചെയ്യണമെന്നു ഞാന്‍ തീരുമാനിക്കട്ടെ.”

6 ഹോറേബുമലയില്‍നിന്നു പുറപ്പെട്ടപ്പോള്‍ ഇസ്രായേല്‍ജനം ആഭരണങ്ങളെല്ലാം ഊരിവച്ചു.

7

ഇസ്രായേല്‍ജനങ്ങളുടെ പ്രയാണത്തില്‍ പാളയമടിക്കുമ്പോഴെല്ലാം മോശ പാളയത്തിനുപുറത്ത് കുറച്ചകലെ ഒരു കൂടാരം ഉറപ്പിക്കുക പതിവായിരുന്നു; തിരുസാന്നിധ്യകൂടാരം എന്ന് അതിനെ വിളിച്ചുപോന്നു. സര്‍വേശ്വരനെ ആരാധിക്കുന്നവര്‍ പാളയത്തിനു പുറത്തുള്ള ഈ കൂടാരത്തിലേക്കു പോകും.

8 മോശ ആ കൂടാരത്തിലേക്കു പോകുമ്പോഴെല്ലാം ജനം തങ്ങളുടെ കൂടാരവാതില്‌ക്കല്‍ വന്ന് അദ്ദേഹം അതിനുള്ളില്‍ പ്രവേശിക്കുന്നതുവരെ നോക്കി നില്‌ക്കും.

9 മോശ ഉള്ളില്‍ കടന്നാലുടന്‍ മേഘസ്തംഭം താണുവന്ന് കൂടാരവാതില്‌ക്കല്‍ നില്‌ക്കും; അപ്പോള്‍ സര്‍വേശ്വരന്‍ മോശയോടു സംസാരിക്കും.

10 മേഘസ്തംഭം കാണുമ്പോള്‍ ജനം എഴുന്നേറ്റ് തങ്ങളുടെ കൂടാരവാതില്‍ക്കല്‍ സാഷ്ടാംഗം നമസ്കരിക്കും.

11 സ്നേഹിതനോടെന്നപോലെ സര്‍വേശ്വരന്‍ മോശയോടു അഭിമുഖം സംസാരിക്കും; മോശ കൂടാരത്തിലേക്കു മടങ്ങിക്കഴിഞ്ഞാലും അദ്ദേഹത്തിന്‍റെ ശുശ്രൂഷകനും നൂനിന്‍റെ പുത്രനുമായ യോശുവ എന്ന യുവാവ് കൂടാരം വിട്ടു പോകുമായിരുന്നില്ല.

12

മോശ സര്‍വേശ്വരനോടു ചോദിച്ചു: “ഈ ജനത്തെ നയിക്കുക എന്ന് അങ്ങ് എന്നോടു പറയുന്നു; എന്നാല്‍ എന്‍റെകൂടെ ആരെയാണ് അയയ്‍ക്കുന്നതെന്ന് അവിടുന്ന് എന്നോടു പറയുന്നുമില്ല; ‘നിന്നെ ഞാന്‍ നന്നായി അറിയുന്നു; നിന്നില്‍ ഞാന്‍ സംപ്രീതന്‍’ എന്ന് അവിടുന്നു പറഞ്ഞു.

13 അങ്ങ് എന്നില്‍ സംപ്രീതനാണെങ്കില്‍ അവിടുത്തെ വഴികള്‍ എനിക്കു വെളിപ്പെടുത്തിയാലും; ഞാന്‍ അങ്ങയെ അറിഞ്ഞ് അങ്ങയുടെ കൃപയ്‍ക്കു പാത്രമാകട്ടെ. ഈ ജനതയെ സ്വന്തജനമായി അവിടുന്നു തിരഞ്ഞെടുത്തിരിക്കുന്നു എന്ന് ഓര്‍മിക്കണമേ.”

14 സര്‍വേശ്വരന്‍ അരുളിച്ചെയ്തു: “എന്‍റെ സാന്നിധ്യം നിന്നോടൊപ്പം ഉണ്ടായിരിക്കും; ഞാന്‍ നിനക്ക് സ്വസ്ഥത നല്‌കും.”

15 മോശ പറഞ്ഞു: “അവിടുന്നു ഞങ്ങളോടൊപ്പം വരുന്നില്ലെങ്കില്‍ ഇവിടെനിന്നു ഞങ്ങളെ പറഞ്ഞയയ്‍ക്കരുതേ.

16 അവിടുന്നു ഞങ്ങളോടൊപ്പം ഇല്ലെങ്കില്‍ എന്നിലും അവിടുത്തെ ജനത്തിലും അവിടുന്നു സംപ്രീതനാണെന്ന് എങ്ങനെ അറിയും? അവിടുത്തെ സാന്നിധ്യം ഞങ്ങളുടെ കൂടെയുള്ളതുകൊണ്ടല്ലേ ഞാനും അങ്ങയുടെ ഈ ജനവും ഭൂമിയിലുള്ള മറ്റു ജനതകളില്‍നിന്നു വ്യത്യസ്തരാകുന്നത്.”

17 സര്‍വേശ്വരന്‍ മോശയോടു പറഞ്ഞു: “നിന്‍റെ ഈ അപേക്ഷയും ഞാന്‍ സ്വീകരിച്ചിരിക്കുന്നു; ഞാന്‍ നിന്നെ നന്നായി അറിയുന്നു; ഞാന്‍ നിന്നില്‍ സംപ്രീതനുമാണ്”.

18 മോശ പറഞ്ഞു: “അവിടുത്തെ മഹത്ത്വം എനിക്കു കാട്ടിത്തന്നാലും”

19 സര്‍വേശ്വരന്‍ അരുളിച്ചെയ്തു: “എന്‍റെ തേജസ്സ് നിന്‍റെ മുമ്പിലൂടെ കടന്നുപോകും. സര്‍വേശ്വരന്‍ എന്ന എന്‍റെ നാമം നിന്‍റെ മുമ്പില്‍ പ്രഘോഷിക്കും; കൃപ കാണിക്കേണ്ടവനോടു ഞാന്‍ കൃപ കാണിക്കും; കരുണ കാണിക്കേണ്ടവനോടു ഞാന്‍ കരുണ കാണിക്കും.

20 എന്‍റെ മുഖം കാണാന്‍ നിനക്കു കഴിയുകയില്ല; കാരണം എന്നെ കാണുന്ന ഒരുവനും പിന്നെ ജീവിച്ചിരിക്കുകയില്ല.”

21 സര്‍വേശ്വരന്‍ അരുളിച്ചെയ്തു: “എന്‍റെ അടുത്തുള്ള ഈ പാറയില്‍ കയറി നില്‌ക്കുക;

22 എന്‍റെ തേജസ്സു കടന്നുപോകുമ്പോള്‍ ഞാന്‍ നിന്നെ ആ പാറയുടെ വിള്ളലില്‍ നിര്‍ത്തും; കടന്നു കഴിയുന്നതുവരെ എന്‍റെ കൈകൊണ്ടു നിന്നെ മറയ്‍ക്കും.

23 ഞാന്‍ കൈ മാറ്റുമ്പോള്‍ നീ എന്‍റെ പിന്‍ഭാഗം കാണും; എന്നാല്‍ എന്‍റെ മുഖം നീ കാണുകയില്ല.”

34

1

സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “ആദ്യത്തേതുപോലെ രണ്ടു കല്പലകകള്‍ ചെത്തിയുണ്ടാക്കുക; നീ ഉടച്ചു കളഞ്ഞവയില്‍ ഉണ്ടായിരുന്ന വാക്കുകള്‍തന്നെ ഞാന്‍ അവയില്‍ എഴുതും.

2 രാവിലെതന്നെ നീ തയാറായി സീനായ്മല കയറി എന്‍റെ സന്നിധിയില്‍ വരണം.

3 നിന്‍റെ കൂടെ ആരും മലയില്‍ കയറി വരരുത്. മലയില്‍ ഒരിടത്തും ഒരു മനുഷ്യനെയും കാണരുത്. മലയുടെ അടിവാരത്തില്‍ ആട്ടിന്‍പറ്റങ്ങളോ കന്നുകാലിക്കൂട്ടമോ മേയുകയും അരുത്.”

4 ആദ്യത്തേതുപോലെ രണ്ടു കല്പലകകള്‍ മോശ ചെത്തിയുണ്ടാക്കി; അവിടുന്നു കല്പിച്ചിരുന്നതുപോലെ അതിരാവിലെ എഴുന്നേറ്റ് അവയുമെടുത്തു മലയില്‍ കയറിച്ചെന്നു.

5 അവിടുന്നു മേഘത്തില്‍ മോശയുടെ അടുക്കല്‍ ഇറങ്ങിവന്നു ‘സര്‍വേശ്വരന്‍’ എന്ന അവിടുത്തെ നാമം പ്രഘോഷിച്ചു.

6 അവിടുന്ന് ഇപ്രകാരം പ്രഖ്യാപിച്ചുകൊണ്ടു മോശയുടെ മുമ്പില്‍ കൂടി കടന്നുപോയി: “സര്‍വേശ്വരന്‍ കരുണയും കൃപയുമുള്ള ദൈവം; അവിടുന്നു ക്ഷമാശീലന്‍. അചഞ്ചലസ്നേഹത്തിലും വിശ്വസ്തതയിലും അത്യുദാരന്‍; അകൃത്യവും അതിക്രമവും പാപവും ക്ഷമിച്ചുകൊണ്ട്

7 ബഹുസഹസ്രം ജനത്തോട് അചഞ്ചലസ്നേഹം കാട്ടുന്നവന്‍; എന്നാല്‍ കുറ്റവാളികളെ വെറുതെ വിടാത്തവന്‍; പിതാക്കന്മാരുടെ കുറ്റത്തിനു മക്കളോടും മക്കളുടെ മക്കളോടും മൂന്നും നാലും തലമുറവരെ കണക്കു ചോദിക്കുന്നവന്‍.”

8 മോശ ഉടനെ നിലംപറ്റെ താണു സര്‍വേശ്വരനെ വന്ദിച്ചു. പിന്നീട് ഇപ്രകാരം പറഞ്ഞു:

9 “സര്‍വേശ്വരാ, ഇപ്പോള്‍ അവിടുന്ന് എന്നോടു പ്രീതി കാട്ടുമെങ്കില്‍ ഞങ്ങളുടെ കൂടെ പോരണമേ; ഞങ്ങള്‍ എത്ര ദുശ്ശാഠ്യമുള്ള ജനതയാണെങ്കിലും ഞങ്ങളുടെ അധര്‍മവും പാപവും ക്ഷമിച്ച് അങ്ങയുടെ സ്വന്തജനമായി ഞങ്ങളെ കൈക്കൊള്ളണമേ.”

10

സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “ഇതാ ഞാന്‍ ഒരു ഉടമ്പടി ചെയ്യുന്നു. ഭൂമിയിലെങ്ങും ഒരു ജനതയുടെ ഇടയിലും ഉണ്ടായിട്ടില്ലാത്ത അദ്ഭുതങ്ങള്‍ നിന്‍റെ ജനത്തിന്‍റെ മുമ്പില്‍ ഞാന്‍ പ്രവര്‍ത്തിക്കും; ചുറ്റുമുള്ള എല്ലാ ജനങ്ങളും സര്‍വേശ്വരന്‍റെ പ്രവൃത്തികള്‍ കാണും; ഭയാനകമായ പ്രവൃത്തിയാണു ഞാന്‍ ചെയ്യാന്‍ പോകുന്നത്.

11 ഞാന്‍ ഇന്നു നിങ്ങളോടു കല്പിക്കുന്നതു നിങ്ങള്‍ അനുസരിക്കണം. അമോര്യര്‍, കനാന്യര്‍, ഹിത്യര്‍, പെരിസ്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നിവരെ നിങ്ങളുടെ മുമ്പില്‍നിന്നു ഞാന്‍ നീക്കിക്കളയും.

12 നിങ്ങള്‍ ചെന്നെത്തുന്ന സ്ഥലത്തെ ജനങ്ങളുമായി ഉടമ്പടി ചെയ്യരുത്. അല്ലെങ്കില്‍ അതു നിങ്ങള്‍ക്ക് ഒരു കെണിയായിത്തീരും.

13 നിങ്ങള്‍ അവരുടെ യാഗപീഠങ്ങള്‍ ഇടിച്ചു നിരത്തുകയും അവരുടെ സ്തംഭങ്ങള്‍ തകര്‍ക്കുകയും അശേരാപ്രതിഷ്ഠകള്‍ നശിപ്പിച്ചുകളയുകയും വേണം.

14 നിങ്ങള്‍ മറ്റൊരു ദേവനെയും ആരാധിക്കരുത്. തീക്ഷ്ണതയുള്ള സര്‍വേശ്വരന്‍ എന്നാകുന്നു എന്‍റെ നാമം; തീക്ഷ്ണതയുള്ള ദൈവം തന്നെ.

15 നിങ്ങള്‍ ചെല്ലുന്ന ദേശത്തെ ജനങ്ങളുമായി ഉടമ്പടി ചെയ്യരുത്; അങ്ങനെ ചെയ്താല്‍ അവര്‍ തങ്ങളുടെ ദേവന്മാരെ ആരാധിക്കുകയും അവര്‍ക്കു യാഗങ്ങള്‍ അര്‍പ്പിക്കുകയും ചെയ്യുമ്പോള്‍ അവര്‍ നിങ്ങളെ ക്ഷണിക്കും; അവരുടെ ദേവന്മാര്‍ക്ക് അര്‍പ്പിച്ച ഭക്ഷണസാധനങ്ങള്‍ തിന്നാന്‍ നിങ്ങള്‍ പ്രേരിതരാകും.

16 നിങ്ങളുടെ പുത്രന്മാര്‍ അവരുടെ പുത്രിമാരെ ഭാര്യമാരായി സ്വീകരിക്കും; അവര്‍ തങ്ങളുടെ ദേവന്മാരെ ആരാധിക്കുമ്പോള്‍ നിങ്ങളുടെ പുത്രന്മാരും വിജാതീയദേവന്മാരെ ആരാധിക്കാന്‍ തുടങ്ങും.

17 “നിങ്ങള്‍ക്കുവേണ്ടി ദേവന്മാരെ വാര്‍ത്തുണ്ടാക്കരുത്.”

18 പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുന്നാള്‍ നിങ്ങള്‍ ആചരിക്കണം; ആബീബ് മാസത്തില്‍ ഞാന്‍ നിങ്ങളോടു കല്പിച്ചിട്ടുള്ള ഏഴു ദിവസങ്ങളില്‍ പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം; ആബീബ്മാസത്തിലായിരുന്നുവല്ലോ നിങ്ങള്‍ ഈജിപ്തില്‍നിന്നു പുറപ്പെട്ടത്.

19 “നിങ്ങളുടെ ആദ്യജാതന്മാരെല്ലാം എനിക്കുള്ളതാണ്; നിങ്ങള്‍ വളര്‍ത്തുന്ന ആടുമാടുകളുടെ കടിഞ്ഞൂല്‍ ആണ്‍കുട്ടികളും എനിക്കുള്ളതാകുന്നു.

20 എന്നാല്‍ ആട്ടിന്‍കുട്ടിയെ പകരം അര്‍പ്പിച്ചു കഴുതക്കുട്ടിയെ വീണ്ടെടുക്കാം. വീണ്ടെടുക്കുന്നില്ലെങ്കില്‍ അതിനെ കഴുത്തു ഞെരിച്ചു കൊല്ലണം. നിങ്ങളുടെ പുത്രിമാരില്‍ ആദ്യജാതരെയും വീണ്ടെടുക്കണം. വെറുംകൈയായി ആരും എന്‍റെ സന്നിധിയില്‍ വരരുത്.

21 നിങ്ങള്‍ ആറു ദിവസം ജോലി ചെയ്യണം. ഏഴാം ദിവസം വിശ്രമിക്കണം; ഉഴവുകാലമോ കൊയ്ത്തുകാലമോ ആയാലും നിങ്ങള്‍ വിശ്രമിക്കണം.

22 “നിങ്ങള്‍ കോതമ്പിന്‍റെ ആദ്യവിളവെടുക്കുമ്പോള്‍ വാരോത്സവവും ആണ്ടവസാനം കായ്കനികള്‍ ശേഖരിക്കുമ്പോള്‍ വിളവെടുപ്പുത്സവവും ആചരിക്കണം.

23 നിങ്ങളില്‍ പുരുഷന്മാരെല്ലാം ആണ്ടില്‍ മൂന്നു തവണ സര്‍വേശ്വരന്‍റെ മുമ്പില്‍ സന്നിഹിതരാകണം; ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍റെ; സന്നിധിയില്‍തന്നെ.

24 ഞാന്‍ നിങ്ങളുടെ മുമ്പില്‍നിന്നു വിജാതീയരെ നീക്കിക്കളയും; നിങ്ങളുടെ ദേശം വിസ്തൃതമാക്കും. ആണ്ടില്‍ മൂന്നുതവണ നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ സന്നിധിയിലേക്കു പോകുമ്പോള്‍ നിങ്ങളുടെ ഭൂമി കൈവശപ്പെടുത്താന്‍ ഒരുവനും ആഗ്രഹിക്കുകയില്ല.

25 പുളിപ്പുചേര്‍ത്ത അപ്പത്തോടൊപ്പം യാഗമൃഗത്തിന്‍റെ രക്തം എനിക്ക് അര്‍പ്പിക്കരുത്; പെസഹാ പെരുന്നാളിനു കൊല്ലുന്ന മൃഗത്തിന്‍റെ മാംസം അടുത്ത ദിവസത്തേക്കു ശേഷിപ്പിക്കുകയുമരുത്.

26

നിങ്ങളുടെ നിലത്തിലെ ആദ്യവിളവില്‍ ഏറ്റവും മികച്ചതു നിങ്ങള്‍ സര്‍വേശ്വരന്‍റെ ആലയത്തില്‍ കൊണ്ടുവരണം; നിങ്ങള്‍ ആട്ടിന്‍കുട്ടിയെ അതിന്‍റെ തള്ളയുടെ പാലില്‍ പാകം ചെയ്യരുത്.

27

സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “ഈ വചനങ്ങളെല്ലാം എഴുതിയെടുക്കുക; ഞാന്‍ നിന്നോടും ഇസ്രായേല്‍ജനത്തോടും ചെയ്ത ഉടമ്പടിയിലെ വ്യവസ്ഥകളാണിവ.

28 ഭക്ഷണമോ പാനീയമോ കൂടാതെ നാല്പതു പകലും നാല്പതു രാവും മോശ സര്‍വേശ്വരന്‍റെ കൂടെ പാര്‍ത്തു; ഉടമ്പടിയിലെ വചനങ്ങളായ പത്തു കല്പനകള്‍ മോശ കല്പലകകളില്‍ എഴുതി.

29 മോശ സീനായ്മലയില്‍നിന്നു സാക്ഷ്യത്തിന്‍റെ ഫലകങ്ങളുമായി ഇറങ്ങി; ദൈവവുമായി സംസാരിച്ചതിനാല്‍ തന്‍റെ മുഖം തേജോമയമായ കാര്യം അദ്ദേഹം അറിഞ്ഞിരുന്നില്ല.

30 മോശയുടെ മുഖം ശോഭിക്കുന്നതു കണ്ടപ്പോള്‍ അഹരോനും ഇസ്രായേല്‍ജനവും അദ്ദേഹത്തിന്‍റെ അടുത്തു ചെല്ലാന്‍ ഭയപ്പെട്ടു;

31 മോശ അഹരോനെയും ജനനേതാക്കളെയും അടുത്തു വിളിച്ചു; അവരുമായി സംസാരിച്ചു.

32 ഇസ്രായേല്‍ജനം അടുത്തു ചെന്നു; സീനായ്മലയില്‍ വച്ചു സര്‍വേശ്വരന്‍ തന്നോട് അരുളിച്ചെയ്തതെല്ലാം മോശ അവര്‍ക്കു കല്പനകളായി നല്‌കി.

33 അവരോടു സംസാരിച്ചു തീര്‍ന്നപ്പോള്‍ മോശ മൂടുപടംകൊണ്ടു മുഖം മറച്ചു;

34 അദ്ദേഹം സര്‍വേശ്വരനോടു സംസാരിക്കാന്‍ തിരുസന്നിധിയില്‍ ചെല്ലുമ്പോഴെല്ലാം പുറത്തു വരുന്നതുവരെ മൂടുപടം ധരിക്കുമായിരുന്നില്ല. അദ്ദേഹം പുറത്തുവന്നു ദൈവത്തിന്‍റെ കല്പനകളെപ്പറ്റി ഇസ്രായേല്‍ജനത്തോടു പറയുമായിരുന്നു.

35 അപ്പോഴെല്ലാം അവര്‍ മോശയുടെ മുഖം ശോഭിക്കുന്നതു കണ്ടു; സര്‍വേശ്വരനോടു സംസാരിക്കാന്‍ വീണ്ടും അകത്തു പ്രവേശിക്കുന്നതുവരെ മോശ മൂടുപടംകൊണ്ടു മുഖം മറച്ചിരുന്നു.

35

1

മോശ ഇസ്രായേല്‍ജനത്തെ വിളിച്ചുകൂട്ടി പറഞ്ഞു: “നിങ്ങള്‍ അനുഷ്ഠിക്കണമെന്നു സര്‍വേശ്വരന്‍ കല്പിച്ചിട്ടുള്ള കാര്യങ്ങള്‍ ഇവയാണ്:

2 ആറു ദിവസം ജോലി ചെയ്യുക. ഏഴാം ദിവസം എനിക്കുവേണ്ടി വേര്‍തിരിച്ചിട്ടുള്ള പാവനമായ ശബത്തുദിനം ആയിരിക്കണം. അന്നു ജോലി ചെയ്യുന്നവനെ കൊന്നുകളയണം;

3 ശബത്തുദിവസം നിങ്ങളുടെ പാര്‍പ്പിടങ്ങളില്‍ തീ കത്തിക്കരുത്.

4

മോശ ഇസ്രായേല്‍ജനത്തോടു പറഞ്ഞു: “ഇതാണ് സര്‍വേശ്വരന്‍ നിങ്ങളോടു കല്പിച്ചിരിക്കുന്നത്.”

5 നിങ്ങള്‍ സര്‍വേശ്വരനു വഴിപാടര്‍പ്പിക്കുവിന്‍.

6 ഉദാരമനസ്സുള്ളവര്‍ സ്വര്‍ണം, വെള്ളി, ഓട്, നീല, ധൂമ്രം, കടുംചുവപ്പു വര്‍ണങ്ങളിലുള്ള നൂലുകള്‍, നേരിയ ലിനന്‍നൂല്‍,

7 കോലാട്ടിന്‍രോമം, ചുവപ്പിച്ച ആട്ടിന്‍തോല്‍, മേനിയുള്ള കോലാട്ടിന്‍തോല്‍, കരുവേലകത്തടി,

8 വിളക്കെണ്ണ, അഭിഷേകതൈലത്തിനും ധൂപക്കൂട്ടിനും വേണ്ട സുഗന്ധദ്രവ്യങ്ങള്‍,

9 ഏഫോദിലും മാര്‍ച്ചട്ടയിലും പതിക്കാന്‍ ഗോമേദകം തുടങ്ങിയ രത്നങ്ങള്‍ എന്നിവയും അര്‍പ്പിക്കണം.

10

“നിങ്ങളില്‍ ശില്പവൈദഗ്ദ്ധ്യമുള്ളവര്‍ മുമ്പോട്ടു വന്നു സര്‍വേശ്വരന്‍ കല്പിക്കുന്നതെല്ലാം ഉണ്ടാക്കണം.

11 തിരുസാന്നിധ്യകൂടാരം, അതിന്‍റെ മൂടുവിരി, കൊളുത്തുകള്‍, ചട്ടങ്ങള്‍, അഴികള്‍, തൂണുകള്‍, തൂണുകളുടെ ചുവടുകള്‍, പെട്ടകം,

12 അതിന്‍റെ തണ്ടുകള്‍, പെട്ടകത്തിന്‍റെ മൂടി, തിരശ്ശീല, മേശ,

13 അതിന്‍റെ തണ്ടുകളും ഉപകരണങ്ങളും,

14 കാഴ്ചയപ്പം, വിളക്കിന്‍റെ തണ്ടും ഉപകരണങ്ങളും, വിളക്കുകള്‍, വിളക്കെണ്ണ,

15 ധൂപപീഠം അതിന്‍റെ ഉപകരണങ്ങള്‍, അഭിഷേകതൈലം, ധൂപക്കൂട്ട്, തിരുസാന്നിധ്യകൂടാരവാതിലിന്‍റെ തിരശ്ശീല,

16 ഹോമയാഗപീഠം, അതിന്‍റെ ഓടുകൊണ്ടുള്ള അഴിക്കൂടും തണ്ടുകളും ഉപകരണങ്ങളും, തൊട്ടിയും അതിന്‍റെ പീഠവും,

17 അങ്കണകവാടത്തിന്‍റെ തിരശ്ശീലകളും തൂണുകളും തൂണുകളുടെ ചുവടുകളും, പ്രവേശനകവാടത്തിന്‍റെ തിരശ്ശീല,

18 കൂടാരത്തിനും അങ്കണത്തിനുംവേണ്ട കുറ്റികളും, അവയുടെ കയറുകള്‍,

19 വിശുദ്ധസ്ഥലത്തു പുരോഹിതന്മാര്‍ ശുശ്രൂഷയ്‍ക്കു ധരിക്കുന്ന വസ്ത്രങ്ങള്‍, അഹരോനും പുത്രന്മാര്‍ക്കും വേണ്ട പുരോഹിതവസ്ത്രങ്ങള്‍ എന്നിവ ഉണ്ടാക്കണം.

20

പിന്നീട് ഇസ്രായേല്‍ജനം മുഴുവന്‍ മോശയുടെ സന്നിധിയില്‍നിന്നു പോയി.

21 ആന്തരിക പ്രേരണയും ഉദാരമനസ്സും ഉണ്ടായിരുന്ന എല്ലാവരും തിരുസാന്നിധ്യകൂടാരത്തിനും അവിടത്തെ ശുശ്രൂഷയ്‍ക്കും ആവശ്യമായ ഉപകരണങ്ങളും വിശുദ്ധവസ്ത്രങ്ങളും സര്‍വേശ്വരനു വഴിപാടായി കൊണ്ടുവന്നു.

22 വഴിപാടര്‍പ്പിക്കണമെന്നു പ്രചോദനമുണ്ടായ പുരുഷന്മാരും സ്‍ത്രീകളും അവരുടെ സൂചിപ്പതക്കങ്ങളും കമ്മലുകളും മോതിരങ്ങളും മാലകളും മറ്റു സര്‍വവിധ സ്വര്‍ണാഭരണങ്ങളും അര്‍പ്പിച്ചു.

23 നീല, ധൂമ്രം, കടുംചുവപ്പു നൂലുകളും ആട്ടുരോമംകൊണ്ടുള്ള വസ്ത്രങ്ങളും ആട്ടുകൊറ്റന്‍റെ ചുവപ്പിച്ച തോലും കോലാടിന്‍റെ തോലും കൈവശമുള്ളവര്‍ കൊണ്ടുവന്നു.

24 വെള്ളിയോ ഓടോ കൊടുക്കാന്‍ കഴിവുള്ളവര്‍ വഴിപാടായി അവ അര്‍പ്പിച്ചു. വിശുദ്ധകൂടാരത്തിലെ ഏതെങ്കിലും പണിക്ക് ഉപയോഗിക്കാവുന്ന കരുവേലകത്തടി ഉണ്ടായിരുന്നവര്‍ അവയും കൊണ്ടുവന്നു.

25 നൂല്‍ നൂല്‌ക്കാന്‍ വിരുതുള്ള സ്‍ത്രീകള്‍ നീല, ധൂമ്രം, കടുംചുവപ്പു നൂലുകള്‍ സമര്‍പ്പിച്ചു.

26 ഉദാരമനസ്സും വൈദഗ്ദ്ധ്യവും ഉള്ള സ്‍ത്രീകള്‍ കോലാട്ടുരോമംകൊണ്ടു നൂല്‍ നൂറ്റെടുത്തു.

27 ജനപ്രമാണിമാര്‍ ഏഫോദിലും മാര്‍ച്ചട്ടയിലും പതിക്കാനുള്ള ഗോമേദകക്കല്ലും മറ്റു രത്നങ്ങളും

28 വിളക്കു കത്തിക്കുന്നതിനും അഭിഷേകതൈലത്തിനും ധൂപക്കൂടിനും ആവശ്യമായ എണ്ണയും സുഗന്ധവര്‍ഗങ്ങളും കൊണ്ടുവന്നു.

29 അങ്ങനെ ഇസ്രായേലിലെ സ്‍ത്രീപുരുഷന്മാര്‍ സര്‍വേശ്വരന്‍ മോശയോടു കല്പിച്ച കാര്യങ്ങള്‍ ചെയ്യുന്നതിന് ആവശ്യമായ സകല വസ്തുക്കളും സര്‍വേശ്വരനു വഴിപാടായി സ്വമേധയാ അര്‍പ്പിച്ചു.

30

മോശ ഇസ്രായേല്‍ജനത്തോടു പറഞ്ഞു: “യെഹൂദാഗോത്രത്തിലെ ഹൂരിന്‍റെ പൗത്രനും ഊരിയുടെ പുത്രനുമായ ബെസലേലിനെ സര്‍വേശ്വരന്‍ തിരഞ്ഞെടുത്ത് ദിവ്യചൈതന്യംകൊണ്ടു നിറച്ചിരിക്കുന്നു.

31 എല്ലാവിധത്തിലുമുള്ള കലാരൂപങ്ങള്‍ നിര്‍മ്മിക്കാനും സ്വര്‍ണം, വെള്ളി എന്നിവകൊണ്ട് പണിയാനും ആവശ്യമായ പ്രത്യേക കഴിവും ബുദ്ധിസാമര്‍ഥ്യവും അറിവും നൈപുണ്യവും അവനു നല്‌കിയിട്ടുണ്ട്.

32 പതിക്കാനുള്ള രത്നങ്ങള്‍ ചെത്തിമിനുക്കുക, തടിയില്‍ കൊത്തുപണി ചെയ്യുക എന്നിങ്ങനെ

33 സകലവിധ കരകൗശലപ്പണികള്‍ക്കും വേണ്ട പ്രാവിണ്യം അവനുണ്ട്.

34 സര്‍വേശ്വരന്‍ ബെസലേലിനും ദാന്‍ഗോത്രത്തിലെ അഹീസാമാക്കിന്‍റെ പുത്രനായ ഒഹോലിയാബിനും ഈ തൊഴിലുകള്‍ മറ്റുള്ളവരെ അഭ്യസിപ്പിക്കുന്നതിനുള്ള കഴിവ് നല്‌കിയിരിക്കുന്നു.

35 കൊത്തുപണി, രൂപകല്പന, നേര്‍ത്ത ലിനന്‍തുണി നെയ്യുക, നീല, ധൂമ്രം, കടുംചുവപ്പു വര്‍ണങ്ങളിലുള്ള നൂലുകള്‍കൊണ്ടുള്ള ചിത്രത്തുന്നല്‍, മറ്റു തുണികള്‍ നെയ്യുക എന്നിങ്ങനെ ഏതു തരത്തിലുള്ള കലാവൈഭവവും അവര്‍ക്കു സര്‍വേശ്വരന്‍ നല്‌കിയിരുന്നു.

36

1

“വിശുദ്ധമന്ദിരത്തിന്‍റെ നിര്‍മ്മാണജോലികള്‍ ചെയ്യാന്‍ സര്‍വേശ്വരന്‍ ബുദ്ധിശക്തിയും അറിവും നല്‌കി അനുഗ്രഹിച്ചിരുന്ന ബെസലേലും ഒഹോലിയാബും സാമര്‍ഥ്യമുള്ള മറ്റെല്ലാവരും സര്‍വേശ്വരന്‍ കല്പിച്ചതുപോലെതന്നെ പ്രവര്‍ത്തിക്കണം.”

2

ജോലി ചെയ്യാന്‍ ഉള്‍പ്രേരണയും പ്രത്യേക വൈദഗ്ദ്ധ്യവും സര്‍വേശ്വരനില്‍നിന്നു ലഭിച്ച ബെസലേലിനെയും ഒഹോലിയാബിനെയും മറ്റെല്ലാവരെയും മോശ വിളിച്ചുവരുത്തി.

3 വിശുദ്ധമന്ദിരത്തിന്‍റെ പണികള്‍ക്കുവേണ്ടി ഇസ്രായേല്‍ജനം അര്‍പ്പിച്ചിരുന്നവയെല്ലാം അവര്‍ മോശയുടെ സാന്നിധ്യത്തില്‍ ഏറ്റുവാങ്ങി. ജനം പ്രഭാതംതോറും സ്വമേധയാ വഴിപാടുകള്‍ അദ്ദേഹത്തിന്‍റെ അടുക്കല്‍ കൊണ്ടുവന്നു.

4 അതിനാല്‍ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന വിദഗ്ദ്ധര്‍ ജോലി നിര്‍ത്തിയിട്ടു മോശയെ സമീപിച്ചു പറഞ്ഞു:

5 “സര്‍വേശ്വരന്‍ നമ്മോട് കല്പിച്ച ജോലികള്‍ക്ക് ആവശ്യമായതിലധികം വഴിപാടുകള്‍ ജനം കൊണ്ടുവരുന്നു.

6 അതിനാല്‍ വിശുദ്ധമന്ദിരത്തിന്‍റെ പണിക്കുവേണ്ടി ഇനി ആരുംതന്നെ വഴിപാട് അര്‍പ്പിക്കേണ്ടതില്ല” എന്ന മോശയുടെ കല്പന പാളയത്തിലെങ്ങും പ്രസിദ്ധപ്പെടുത്തി. അങ്ങനെ ജനത്തിന്‍റെ സംഭാവനകള്‍ നിര്‍ത്തിവച്ചു.

7 പണികള്‍ക്ക് ആവശ്യമുള്ളതിലധികം അവര്‍ക്കു ലഭിച്ചിരുന്നു.

8

പണിക്കാരില്‍ ഏറ്റവും വിദഗ്ദ്ധന്മാര്‍ ചേര്‍ന്നു പത്തു തിരശ്ശീലകള്‍കൊണ്ടു തിരുസാന്നിധ്യകൂടാരം നിര്‍മ്മിച്ചു. നീല, ധൂമ്രം, കടുംചുവപ്പു വര്‍ണങ്ങളുള്ള നൂലുകളും, മേനിയുള്ള ലിനന്‍നൂലുകളുംകൊണ്ടു നെയ്ത് കെരൂബുകളുടെ രൂപം തുന്നിച്ചേര്‍ത്താണ് അത് ഉണ്ടാക്കിയത്.

9 തിരശ്ശീലകളെല്ലാം ഒരേ അളവിലായിരുന്നു; നീളം ഇരുപത്തെട്ടു മുഴവും, വീതി നാലു മുഴവും.

10 അയ്യഞ്ചെണ്ണം കൂട്ടിച്ചേര്‍ത്ത് അവ രണ്ടു വിരികളാക്കി,

11 ആദ്യത്തെ വിരിയുടെ ആദ്യത്തെയും രണ്ടാമത്തെ വിരിയുടെ ഒടുവിലത്തെയും തിരശ്ശീലകളുടെ വിളുമ്പില്‍ നീലനൂലുകൊണ്ട് കണ്ണികള്‍ ഉണ്ടാക്കി.

12 ഓരോ വിരിയിലും അമ്പതു കണ്ണികള്‍ വീതമാണ് ഉണ്ടായിരുന്നത്; രണ്ടിലെയും കണ്ണികള്‍ നേര്‍ക്കുനേരേയാണ് പിടിപ്പിച്ചത്.

13 കണ്ണികള്‍ കൂട്ടിച്ചേര്‍ത്ത് കൂടാരം നിര്‍മ്മിക്കാന്‍ അമ്പതു സ്വര്‍ണക്കൊളുത്തുകളുമുണ്ടാക്കി.

14 തിരുസാന്നിധ്യകൂടാരം മൂടുന്നതിനു കോലാട്ടുരോമംകൊണ്ട് പതിനൊന്നു മൂടുവിരികളും നിര്‍മ്മിച്ചു.

15 മുപ്പതു മുഴം നീളത്തിലും നാലു മുഴം വീതിയിലും ഒരേ അളവിലുമാണ് വിരികളെല്ലാം നിര്‍മ്മിച്ചത്.

16 അവയില്‍ അഞ്ചു മൂടുവിരികള്‍ ഒരു വിരിയായും ആറെണ്ണം മറ്റൊരു വിരിയായും തുന്നിച്ചേര്‍ത്തു.

17 രണ്ടു മൂടുവിരികളില്‍ ഓരോന്നിന്‍റെയും അറ്റത്തുള്ള ശീലകളില്‍ അമ്പതു കണ്ണികള്‍ വീതമുണ്ടാക്കി.

18 കണ്ണികള്‍ തമ്മില്‍ ബന്ധിപ്പിച്ചു കൂടാരമാക്കാന്‍വേണ്ടി ഓടുകൊണ്ട് അമ്പതു കൊളുത്തുകളും നിര്‍മ്മിച്ചു.

19 ചെമ്മരിയാടുകളുടെയും കോലാടുകളുടെയും ഊറയ്‍ക്കിട്ട തോല്‍കൊണ്ട് പുറമൂടിയും ഉണ്ടാക്കി.

20

കൂടാരം നേരേ നിര്‍ത്താനുള്ള പലകകള്‍ കരുവേലകംകൊണ്ടു പണിതു.

21 ഓരോ പലകയുടെയും നീളം പത്തു മുഴവും വീതി ഒന്നര മുഴവും ആയിരുന്നു.

22 പലകകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നതിന് ഓരോ പലകയിലും ഈരണ്ട് കുടുമയുമുണ്ടാക്കി. വിശുദ്ധകൂടാരത്തിന്‍റെ എല്ലാ പലകകള്‍ക്കും ഇങ്ങനെതന്നെ നിര്‍മ്മിച്ചു.

23 കൂടാരത്തിന്‍റെ പലകകള്‍ ഇപ്രകാരം ഉണ്ടാക്കി: തെക്കുവശത്തിന് ഇരുപതു പലകകള്‍.

24 കുടുമകള്‍ തമ്മില്‍ ബന്ധിപ്പിക്കത്തക്കവിധം വെള്ളികൊണ്ട് ഓരോ പലകയുടെയും അടിയില്‍ രണ്ടു കുടുമയ്‍ക്ക് രണ്ടു ചുവടു വീതം നാല്പതു ചുവടുകളും ഉണ്ടാക്കി.

25 വിശുദ്ധകൂടാരത്തിന്‍റെ വടക്കുവശത്തിന് ഇരുപതു പലകകളും

26 ഓരോ ചട്ടത്തിനും രണ്ടു ചുവടുകള്‍ വീതം നാല്പതു ചുവടുകളും,

27 പിന്‍ഭാഗമായ പടിഞ്ഞാറുവശത്തേക്ക് ആറു പലകകളും ഉണ്ടാക്കി.

28 തിരുനിവാസത്തിന്‍റെ പിന്‍ഭാഗത്തുള്ള മൂലകള്‍ ഉറപ്പിക്കാന്‍ രണ്ടു പലകകള്‍ നിര്‍മ്മിച്ചു.

29 അവയുടെ അടിഭാഗം തമ്മില്‍ രണ്ടായി വിഭാഗിച്ചിരുന്നു. എന്നാല്‍ മുകള്‍ഭാഗം ഒന്നാമത്തെ കണ്ണിവരെ തമ്മില്‍ ബന്ധിപ്പിച്ചിരുന്നു. അങ്ങനെ മൂലകള്‍ തമ്മില്‍ യോജിപ്പിക്കുന്നതിനു പലകകളും ഉണ്ടാക്കി.

30 ഓരോ പലകയ്‍ക്കും രണ്ടു വെള്ളിച്ചുവടുകള്‍ വീതം പതിനാറു ചുവടുകളും ഉണ്ടാക്കി.

31 കൂടാരത്തിന്‍റെ ഒരു വശത്തുള്ള പലകകള്‍ക്ക് അഞ്ചും,

32 മറുവശത്തേതിന് അഞ്ചും പുറകുവശമായ പടിഞ്ഞാറേതിന് അഞ്ചുമായി കരുവേലകത്തടികൊണ്ട് അഴികളും നിര്‍മ്മിച്ചു.

33 മധ്യത്തിലുള്ള അഴി, പലകകളുടെ പകുതി ഉയരത്തില്‍വച്ച് ഒരറ്റംമുതല്‍ മറ്റേയറ്റംവരെ കടത്തിവിട്ടു.

34 ഈ പലകകള്‍ സ്വര്‍ണംകൊണ്ടു പൊതിഞ്ഞു. സ്വര്‍ണം പൊതിഞ്ഞ അഴികള്‍ കടത്താന്‍ സ്വര്‍ണവളയങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു.

35

നീലയും ധൂമ്രവും കടുംചുവപ്പും നിറങ്ങളുള്ള നൂലും പിരിച്ച നേര്‍ത്ത ലിനന്‍നൂലുംകൊണ്ട് ഒരു തിരശ്ശീലയും നെയ്തുണ്ടാക്കി; കെരൂബിന്‍റെ രൂപം അതില്‍ വിദഗ്ദ്ധമായി തുന്നിയുണ്ടാക്കി.

36 നാലു കരുവേലകത്തൂണുകള്‍ ഉണ്ടാക്കി സ്വര്‍ണംകൊണ്ടു പൊതിഞ്ഞ്, സ്വര്‍ണംകൊണ്ട് കൊളുത്തുകളും ഉണ്ടാക്കി വെള്ളിച്ചുവടുകളില്‍ ഉറപ്പിച്ചു.

37 തിരുനിവാസത്തിലേക്കുള്ള വാതിലിനു നീലയും ധൂമ്രവും കടുംചുവപ്പും നിറങ്ങളിലുള്ള നൂലുകളും നേര്‍മയില്‍ നെയ്ത ചിത്രത്തുന്നല്‍കൊണ്ട് അലങ്കരിച്ച ലിനന്‍തുണി ഉപയോഗിച്ച് ഒരു തിരശ്ശീലയും നിര്‍മ്മിച്ചു.

38 അതിന് കൊളുത്തുകളുള്ള അഞ്ചു തൂണുകള്‍ ഉണ്ടായിരുന്നു. തൂണുകളുടെ മകുടവും മേല്‍ച്ചുറ്റുപടികളും സ്വര്‍ണംകൊണ്ടു പൊതിഞ്ഞവയും ചുവടുകള്‍ അഞ്ചും ഓടുകൊണ്ടു നിര്‍മ്മിച്ചവയുമായിരുന്നു.

37

1

ബെസലേല്‍ കരുവേലകംകൊണ്ടു പെട്ടകം നിര്‍മ്മിച്ചു; അതിന് നീളം രണ്ടര മുഴം, വീതി ഒന്നര മുഴം, ഉയരം ഒന്നര മുഴം.

2 അതിന്‍റെ അകവും പുറവും തങ്കം പൊതിഞ്ഞു; ചുറ്റും സ്വര്‍ണംകൊണ്ടു വക്കു പിടിപ്പിക്കുകയും ചെയ്തു.

3 ഓരോ മൂലയ്‍ക്കും ഓരോന്നു വീതം നാലു സ്വര്‍ണവളയങ്ങളുണ്ടാക്കി; രണ്ടെണ്ണം ഒരു വശത്തും രണ്ടെണ്ണം മറുവശത്തും.

4 കരുവേലകംകൊണ്ടു തണ്ടുകളുണ്ടാക്കി സ്വര്‍ണം പൊതിഞ്ഞു.

5 പെട്ടകം വഹിക്കുന്നതിനു തണ്ടുകള്‍ വളയങ്ങളിലൂടെ കടത്തി.

6 രണ്ടര മുഴം നീളവും ഒന്നര മുഴം വീതിയുമുള്ള മേല്‍മൂടി തങ്കംകൊണ്ടുണ്ടാക്കി.

7 അടിച്ചുപരത്തിയ സ്വര്‍ണത്തകിടുകൊണ്ടു കെരൂബുകളെ നിര്‍മ്മിച്ചു മൂടിയുടെ രണ്ടറ്റത്തും ഉറപ്പിച്ചു.

8 രണ്ടറ്റത്തും ഉറപ്പിച്ചിരിക്കുന്ന കെരൂബുകളും മേല്‍മൂടിയും ഒന്നായി ചേര്‍ന്നിരിക്കത്തക്കവിധമാണ് അത് ഉണ്ടാക്കിയത്.

9 അഭിമുഖം നിന്ന കെരൂബുകള്‍, വിരിച്ച ചിറകുകള്‍കൊണ്ട് മേല്‍മൂടിയെ മറച്ചിരുന്നു.

10

കരുവേലകംകൊണ്ട് രണ്ടു മുഴം നീളവും ഒരു മുഴം വീതിയും ഒന്നര മുഴം ഉയരവുമുള്ള ഒരു മേശ നിര്‍മ്മിച്ചു.

11 തങ്കംകൊണ്ട് അതു പൊതിയുകയും മുകള്‍ഭാഗത്തിനു ചുറ്റും സ്വര്‍ണംകൊണ്ടു വക്കു പിടിപ്പിക്കുകയും ചെയ്തു.

12 മേശയ്‍ക്കു ചുറ്റും കൈപ്പത്തിയുടെ വീതിയില്‍ ചട്ടവും ചട്ടത്തിനു ചുറ്റും സ്വര്‍ണംകൊണ്ടു വക്കും പിടിപ്പിച്ചു.

13 നാലു സ്വര്‍ണവളയങ്ങളുണ്ടാക്കി അവ നാലു മൂലയ്‍ക്കുമുള്ള കാലുകളില്‍ ഘടിപ്പിച്ചു.

14 മേശ ചുമക്കാനുള്ള തണ്ടുകള്‍ ഇടാനുള്ള വളയങ്ങള്‍ ഉറപ്പിച്ചതു ചട്ടങ്ങളോടു ചേര്‍ന്നായിരുന്നു.

15 ചുമക്കാനുള്ള തണ്ടുകള്‍ കരുവേലകംകൊണ്ടു നിര്‍മ്മിച്ചു സ്വര്‍ണം പൊതിഞ്ഞു.

16 മേശയുടെ മുകളില്‍ വയ്‍ക്കാനുള്ള തളികകള്‍, കോപ്പകള്‍, ഭരണികള്‍, പാനീയയാഗത്തിനുള്ള പാത്രങ്ങള്‍ ഇവയെല്ലാം തങ്കത്തില്‍ നിര്‍മ്മിച്ചു.

17

അയാള്‍ തങ്കംകൊണ്ടു വിളക്കുതണ്ടുണ്ടാക്കി; അതിന്‍റെ ചുവടും തണ്ടും സ്വര്‍ണത്തകിടുകൊണ്ടാണ് നിര്‍മ്മിച്ചത്; അതിലെ അലങ്കാരപുഷ്പപുടങ്ങളും മൊട്ടുകളും ദലങ്ങളും ചേര്‍ന്ന് ഒറ്റപ്പണിയായിത്തന്നെ അതു നിര്‍മ്മിച്ചു.

18 വിളക്കുതണ്ടിന്‍റെ ഇരുവശങ്ങളിലും മൂന്നു വീതം ആകെ ആറു ശിഖരങ്ങള്‍ ഉണ്ടായിരുന്നു.

19 ആറു ശിഖരങ്ങളില്‍ ഓരോന്നിനും ബദാംപുഷ്പംപോലെ അലങ്കാരപ്പണികള്‍ ചെയ്ത മൂന്നു പുഷ്പങ്ങളും മൊട്ടുകളും ദലങ്ങളും ഉണ്ടായിരുന്നു.

20 മൊട്ടുകളും ദലങ്ങളും കൂടി ബദാംപൂവിന്‍റെപോലെ നാലു പുഷ്പപുടങ്ങള്‍ വിളക്കുതണ്ടില്‍ ഉണ്ടായിരുന്നു.

21 മൂന്നു ശാഖയ്‍ക്കും താഴെ ഓരോ മൊട്ട് ഉണ്ടായിരുന്നു.

22 മൊട്ടുകളും ശിഖരങ്ങളും വിളക്കുതണ്ടും എല്ലാംചേര്‍ന്ന് ഒരു ശില്പമായി അടിച്ചുപണിത് തങ്കംകൊണ്ട് അതു നിര്‍മ്മിച്ചു.

23 അയാള്‍ വിളക്കുതണ്ടിന്‍റെ ഏഴു വിളക്കുകളും അതിന്‍റെ കരിന്തിരി നീക്കുന്ന കത്രികകളും കരിന്തിരി ഇടാനുള്ള തട്ടങ്ങളും തങ്കംകൊണ്ടുതന്നെ ഉണ്ടാക്കി.

24 എല്ലാ ഉപകരണങ്ങളും നിര്‍മ്മിക്കുന്നതിന് ഒരു താലന്ത് തങ്കം വേണ്ടിവന്നു.

25

അയാള്‍ കരുവേലകംകൊണ്ടു ധൂപപീഠം നിര്‍മ്മിച്ചു; അതിന്‍റെ നീളം ഒരു മുഴവും വീതി ഒരു മുഴവും ഉയരം രണ്ടു മുഴവും ആയിരുന്നു. അതിന്‍റെ കൊമ്പുകള്‍ പീഠത്തോടു ചേര്‍ത്ത് ഒന്നായി നിര്‍മ്മിച്ചു.

26 അതിന്‍റെ മേല്‍ഭാഗവും വശങ്ങളും കൊമ്പുകളും തങ്കംകൊണ്ടു പൊതിഞ്ഞു; ചുറ്റും സ്വര്‍ണംകൊണ്ടു വക്കു പിടിപ്പിച്ചു.

27 അതു വഹിക്കുന്നതിനുള്ള തണ്ടുകള്‍ ഇടുന്നതിനു വക്കിനു താഴെ എതിര്‍വശങ്ങളില്‍ രണ്ടു സ്വര്‍ണവളയങ്ങളും ഉറപ്പിച്ചു.

28 തണ്ടുകള്‍ കരുവേലകംകൊണ്ടു നിര്‍മ്മിച്ച് സ്വര്‍ണം പൊതിഞ്ഞു.

29 വിദഗ്ദ്ധനായ സുഗന്ധദ്രവ്യനിര്‍മ്മാതാവിനെപ്പോലെ അയാള്‍ വിശുദ്ധ അഭിഷേകതൈലവും സുഗന്ധധൂപക്കൂട്ടും ഉണ്ടാക്കി.

38

1

അയാള്‍ കരുവേലകംകൊണ്ടു ഹോമയാഗപീഠം നിര്‍മ്മിച്ചു. സമചതുരത്തില്‍ നിര്‍മ്മിക്കപ്പെട്ട അതിന് നീളവും വീതിയും അഞ്ചു മുഴം, ഉയരം മൂന്നു മുഴം.

2 അതിന്‍റെ നാലു മൂലയ്‍ക്കും ഓരോ കൊമ്പ് ഉണ്ടാക്കി; യാഗപീഠവുമായി ഒന്നായി ചേര്‍ത്ത് ഓടുകൊണ്ടു പൊതിഞ്ഞു.

3 കുടങ്ങള്‍, ചട്ടുകങ്ങള്‍, കിണ്ണങ്ങള്‍, മുള്‍ക്കരണ്ടികള്‍, തീച്ചട്ടികള്‍ തുടങ്ങിയ യാഗപീഠത്തിന്‍റെ ഉപകരണങ്ങളെല്ലാം ഓടുകൊണ്ടുതന്നെ നിര്‍മ്മിച്ചു.

4 ഓട്ടുകമ്പികള്‍ കൊണ്ട് അഴിക്കൂടുണ്ടാക്കി; യാഗപീഠത്തിന്‍റെ ചുറ്റുപടിക്ക് താഴെ പകുതി പൊക്കത്തില്‍ അത് ഉറപ്പിച്ചു.

5 തണ്ടുകള്‍ കടത്താന്‍ ഓട്ടുവളയങ്ങള്‍ അതിന്‍റെ നാലു മൂലയ്‍ക്കും ഘടിപ്പിച്ചു.

6 തണ്ടുകള്‍ കരുവേലകംകൊണ്ടു നിര്‍മ്മിച്ച് ഓടുകൊണ്ടു പൊതിഞ്ഞു.

7 യാഗപീഠം വഹിക്കാനുള്ള തണ്ടുകള്‍ അതിന്‍റെ വശങ്ങളിലുള്ള വളയങ്ങളില്‍ കടത്തി. യാഗപീഠം പലകകൊണ്ടാണ് നിര്‍മ്മിച്ചത്. അതിന്‍റെ അകം പൊള്ളയായിരുന്നു.

8

തിരുസാന്നിധ്യകൂടാരത്തിന്‍റെ വാതില്‌ക്കല്‍ ശുശ്രൂഷ ചെയ്തിരുന്ന സ്‍ത്രീകളുടെ ഓട്ടുകണ്ണാടികള്‍കൊണ്ട് അയാള്‍ ക്ഷാളനപാത്രവും അതിന്‍റെ പീഠവും ഉണ്ടാക്കി.

9

പിന്നീട് അയാള്‍ തിരുസാന്നിധ്യകൂടാരത്തിന് ഒരു അങ്കണം നിര്‍മ്മിച്ചു; അതിന്‍റെ തെക്കുവശത്തുള്ള തിരശ്ശീല നൂറു മുഴം നീളത്തില്‍ നേര്‍മയായി പിരിച്ച ലിനന്‍നൂല്‍കൊണ്ട് നെയ്തെടുത്തതായിരുന്നു.

10 ഈ തിരശ്ശീല ഓട്ടുചുവടുകളില്‍ ഉറപ്പിച്ചിരുന്ന ഇരുപത് ഓട്ടു തൂണുകളില്‍ വെള്ളിക്കൊളുത്തുകളും പടികളും കൊണ്ട് ഉറപ്പിച്ചിരുന്നു.

11 വടക്കുവശത്തെ തിരശ്ശീല നൂറു മുഴം നീളമുള്ളതായിരുന്നു: അതും ഓട്ടുചുവടുകളില്‍ ഉറപ്പിച്ചിരുന്ന ഇരുപത് ഓട്ടുതൂണുകളില്‍ വെള്ളിക്കൊളുത്തുകളും പടികളുംകൊണ്ട് ഘടിപ്പിച്ചിരുന്നു.

12 പടിഞ്ഞാറു വശത്തുള്ള തിരശ്ശീലയുടെ നീളം അമ്പതു മുഴം ആയിരുന്നു. അത് ഉറപ്പിക്കാന്‍ ചുവടുകളോടു കൂടിയ പത്തു തൂണുകളും തിരശ്ശീല തൂക്കിയിടാന്‍ വെള്ളിക്കൊളുത്തുകളും ഉണ്ടായിരുന്നു.

13 കിഴക്കുവശത്തെ തിരശ്ശീലയുടെ നീളവും അമ്പതു മുഴം ആയിരുന്നു.

14 പ്രവേശനകവാടത്തിന്‍റെ ഓരോ വശത്തുമുള്ള തിരശ്ശീലയുടെ നീളം പതിനഞ്ചു മുഴം ആയിരുന്നു.

15 അവയില്‍ ഓരോന്നിനും ചുവടുകളോടുകൂടിയ മൂന്നു തൂണുകളും ഉണ്ടായിരുന്നു.

16 അങ്കണത്തിനു ചുറ്റും ഉറപ്പിച്ചിരുന്ന തിരശ്ശീലകളെല്ലാം നെയ്തെടുത്ത നേര്‍ത്ത ലിനന്‍കൊണ്ടു നിര്‍മ്മിച്ചവയായിരുന്നു.

17 തൂണുകളുടെ ചുവടുകള്‍ ഓടുകൊണ്ടും അവയുടെ കൊളുത്തുകളും പടികളും വെള്ളികൊണ്ടുമാണ് ഉണ്ടാക്കിയിരുന്നത്; തൂണുകളുടെ മകുടങ്ങള്‍ വെള്ളികൊണ്ടു പൊതിഞ്ഞിരുന്നു; ചുറ്റും തിരശ്ശീലയുടെ തൂണുകളെല്ലാം വെള്ളികൊണ്ടു നിര്‍മ്മിച്ച പടികള്‍കൊണ്ടു ബന്ധിച്ചിരുന്നു.

18 പ്രവേശനകവാടത്തിന്‍റെ തിരശ്ശീല നീല, ധൂമ്രം, കടുംചുവപ്പുവര്‍ണങ്ങളിലുള്ള നൂലുകളും നേര്‍മയായി നെയ്തെടുത്ത ചിത്രത്തുന്നല്‍കൊണ്ട് അലങ്കരിച്ച ലിനന്‍തുണിയും കൊണ്ടുള്ളതായിരുന്നു. ഈ തിരശ്ശീലയുടെ നീളം ഇരുപതു മുഴവും വീതി അഞ്ചു മുഴവും ആയിരുന്നു. ഇത് അങ്കണത്തിന്‍റെ തിരശ്ശീലയ്‍ക്കു സമമായിരുന്നു.

19 ഓട്ടുചുവടുകളില്‍ ഉറപ്പിച്ചിരുന്ന നാലു തൂണുകളില്‍ അതു ബന്ധിപ്പിച്ചിരുന്നു. അതിന്‍റെ കൊളുത്തുകളും പടികളും വെള്ളികൊണ്ടു നിര്‍മ്മിച്ചവയും തൂണുകളുടെ മകുടം വെള്ളികൊണ്ടു പൊതിഞ്ഞതും ആയിരുന്നു.

20 തിരുസാന്നിധ്യകൂടാരത്തിന്‍റെയും അങ്കണത്തിന്‍റെയും ചുറ്റുമുള്ള തിരശ്ശീലയുടെയും കുറ്റികളെല്ലാം ഓടുകൊണ്ട് ഉണ്ടാക്കിയവയായിരുന്നു.

21

ഉടമ്പടിപ്പെട്ടകം വഹിച്ചിരുന്ന തിരുസാന്നിധ്യകൂടാരത്തിന്‍റെ പണിക്കുവേണ്ടി ചെലവായ സാധനങ്ങളുടെ കണക്ക് മോശയുടെ കല്പനപ്രകാരം അഹരോന്‍റെ പുത്രനായ ഈഥാമാരുടെ നേതൃത്വത്തില്‍ ലേവ്യര്‍ തിട്ടപ്പെടുത്തി.

22 യെഹൂദാഗോത്രത്തിലെ ഹൂരിന്‍റെ പൗത്രനും ഊരിയുടെ പുത്രനുമായ ബെസലേല്‍ സര്‍വേശ്വരന്‍ മോശയോടു കല്പിച്ചതെല്ലാം നിര്‍മ്മിച്ചു.

23 അയാളുടെ സഹായി ദാന്‍ഗോത്രത്തിലെ അഹീസാമാക്കിന്‍റെ പുത്രന്‍ ഒഹോലിയാബ് ആയിരുന്നു. അയാള്‍ കരകൗശലവിദഗ്ദ്ധനും നീല, ധൂമ്രം, കടുംചുവപ്പു നൂലുകളും നേര്‍ത്ത ലിനനും ഉപയോഗിച്ച് ചിത്രത്തുന്നല്‍ ചെയ്യുന്നവനുമായിരുന്നു.

24

വിശുദ്ധകൂടാരത്തിലെ സകല പണികള്‍ക്കുംവേണ്ടി ഉപയോഗിച്ചതും വഴിപാടായി ലഭിച്ചതുമായ സ്വര്‍ണം വിശുദ്ധകൂടാരത്തിലെ തോതനുസരിച്ച് ആകെ ഇരുപത്തൊന്‍പത് താലന്തും എഴുനൂറ്റമ്പത് ശേക്കെലും ആയിരുന്നു.

25 ജനസംഖ്യാകണക്കില്‍ ഉള്‍പ്പെട്ടവര്‍ സമര്‍പ്പിച്ച വെള്ളി വിശുദ്ധകൂടാരത്തിലെ തോതനുസരിച്ച് നൂറു താലന്തും ആയിരത്തി എഴുനൂറ്റി എഴുപത്തഞ്ചു ശേക്കെലും ആയിരുന്നു.

26 ജനസംഖ്യാകണക്കില്‍ ഉള്‍പ്പെട്ട ഇരുപതിനും അതിനുമേലും വയസ്സു പ്രായമുള്ളവര്‍ ഒരു ബെക്കാ-വിശുദ്ധമന്ദിരത്തിലെ തോതനുസരിച്ച് അര ശേക്കെല്‍-വീതം നല്‌കേണ്ടിയിരുന്നു. അവര്‍ ആകെ ആറുലക്ഷത്തിമൂവായിരത്തി അഞ്ഞൂറ്റിയമ്പതു പേര്‍ ഉണ്ടായിരുന്നു.

27 വിശുദ്ധകൂടാരത്തിനും തിരശ്ശീലയ്‍ക്കും വേണ്ട ചുവടുകള്‍ നിര്‍മ്മിക്കാന്‍ ചുവടൊന്നിന് ഒരു താലന്തു വീതം നൂറ് താലന്ത് വെള്ളി ഉപയോഗിച്ചു.

28 ശേഷിച്ച ആയിരത്തിഎഴുനൂറ്റി എഴുപത്തിയഞ്ച് ശേക്കെല്‍ വെള്ളികൊണ്ട് ബെസലേല്‍ തൂണുകളുടെ കൊളുത്തുകളും പടികളും നിര്‍മ്മിക്കുകയും മകുടങ്ങള്‍ പൊതിയുകയും ചെയ്തു.

29 വഴിപാടായി ലഭിച്ച ഓട് ആകെ എഴുപതു താലന്തും രണ്ടായിരത്തിനാനൂറ് ശേക്കെലും ആയിരുന്നു.

30 അതു തിരുസാന്നിധ്യകൂടാരത്തിലേക്കുള്ള പ്രവേശനകവാടത്തിന്‍റെ ചുവടുകള്‍, യാഗപീഠം, അഴിക്കൂട്,

31 യാഗപീഠത്തിന്‍റെ മറ്റ് ഉപകരണങ്ങള്‍, അങ്കണത്തിനു ചുറ്റുമുള്ള തിരശ്ശീലയുടെയും പ്രവേശനകവാടത്തിന്‍റെയും ചുവടുകള്‍, അങ്കണത്തിന്‍റെ ചുറ്റുമുള്ള കുറ്റികള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചു.

39

1

സര്‍വേശ്വരന്‍ മോശയോടു കല്പിച്ചതുപോലെ വിശുദ്ധസ്ഥലത്തു പുരോഹിതശുശ്രൂഷ ചെയ്യുമ്പോള്‍ അഹരോന്‍ ധരിക്കേണ്ട വിശുദ്ധവസ്ത്രങ്ങള്‍ നീല, ധൂമ്രം, കടുംചുവപ്പ് വര്‍ണങ്ങളിലുള്ള നൂലുകള്‍കൊണ്ട് അവര്‍ ഉണ്ടാക്കി.

2

നീല, ധൂമ്രം, കടുംചുവപ്പു വര്‍ണങ്ങളുള്ള നൂലുകളും കസവും നേര്‍മയായി നെയ്തെടുത്ത ലിനനുംകൊണ്ട് ഏഫോദ് നിര്‍മ്മിച്ചു.

3 അവര്‍ സ്വര്‍ണം അടിച്ചുപരത്തി നേരിയ കസവുകളായി മുറിച്ചെടുത്ത് നീല, ധൂമ്രം, കടുംചുവപ്പു വര്‍ണങ്ങളുള്ള നൂലുകളും നേര്‍ത്ത ലിനന്‍ എന്നിവയും വിദഗ്ദ്ധമായി നെയ്തെടുത്തു.

4 ഏഫോദിന്‍റെ ഇരുവശങ്ങളിലും മുകള്‍ഭാഗത്ത് തോള്‍വാറുകള്‍ തയ്ച്ചുപിടിപ്പിച്ചു.

5 ഏഫോദ് ഉണ്ടാക്കാന്‍ ഉപയോഗിച്ച കസവുനൂല്‍, നീല, ധൂമ്രം, കടുംചുവപ്പു നൂലുകള്‍, നേര്‍ത്ത ലിനന്‍ എന്നിവകൊണ്ടുതന്നെ ഏഫോദു കെട്ടിമുറുക്കുന്നതിനുള്ള അരപ്പട്ടയും സര്‍വേശ്വരന്‍ മോശയോടു കല്പിച്ചതുപോലെ അവര്‍ നിര്‍മ്മിച്ചു.

6

ചെത്തിയെടുത്ത ഗോമേദകക്കല്ലുകള്‍ സ്വര്‍ണച്ചട്ടങ്ങളില്‍ ഉറപ്പിച്ച് ഈ കല്ലുകളില്‍ മുദ്രകൊത്തുന്നതുപോലെ ഇസ്രായേല്‍ഗോത്രങ്ങളുടെ പേരുകള്‍ കൊത്തി.

7 സര്‍വേശ്വരന്‍ മോശയോടു കല്പിച്ചതുപോലെ അവയെ ഏഫോദിന്‍റെ രണ്ട് തോള്‍വാറുകളിലുമായി ഇസ്രായേല്‍ജനത്തിന്‍റെ ഓര്‍മയ്‍ക്കായി തയ്ച്ചുചേര്‍ത്തു.

8

ഏഫോദു നിര്‍മ്മിച്ചതുപോലെ നീല, ധൂമ്രം, കടുംചുവപ്പു വര്‍ണങ്ങളിലുള്ള നൂലുകളും കസവും നേര്‍മയായി നെയ്ത ലിനനുംകൊണ്ട് ചിത്രപ്പണികളോടുകൂടിയ മാര്‍ച്ചട്ട നിര്‍മ്മിച്ചു.

9 അതു സമചതുരത്തില്‍ രണ്ടു മടക്കായിട്ടാണ് ഉണ്ടാക്കിയത്. അതിന് ഒരു ചാണ്‍ നീളവും ഒരു ചാണ്‍ വീതിയും ഉണ്ടായിരുന്നു.

10 അതില്‍ നാലു നിര രത്നങ്ങള്‍ പതിച്ചു. ഒന്നാമത്തെ നിരയില്‍ മാണിക്യം, പുഷ്യരാഗം, വൈഡൂര്യം എന്നിവയും

11 രണ്ടാമത്തെ നിരയില്‍ മരതകം, ഇന്ദ്രനീലം, വജ്രം എന്നിവയും

12 മൂന്നാമത്തെ നിരയില്‍ പവിഴം, ചന്ദ്രകാന്തം, സൗഗന്ധികം എന്നിവയും

13 നാലാമത്തെ നിരയില്‍ പത്മരാഗം, ഗോമേദകം, സൂര്യകാന്തം എന്നിവയും സ്വര്‍ണച്ചട്ടങ്ങളില്‍ പതിച്ചുവച്ചു.

14 ഇസ്രായേല്‍പുത്രന്മാരുടെ പേരുകള്‍ക്കനുസരിച്ച് പന്ത്രണ്ടു രത്നങ്ങളുണ്ടായിരുന്നു. ഓരോ ഗോത്രത്തിന്‍റെയും പേര് ഓരോന്നിലുമായി മുദ്രണം ചെയ്തിരുന്നു.

15 മാര്‍ച്ചട്ടയ്‍ക്കുവേണ്ടി തങ്കം കയറുപോലെ പിരിച്ചെടുത്തു ചങ്ങലകള്‍ ഉണ്ടാക്കി.

16 സ്വര്‍ണംകൊണ്ടു രണ്ട് അരികുപാളികളും രണ്ടു വളയങ്ങളും നിര്‍മ്മിച്ചു. വളയങ്ങള്‍ മാര്‍ച്ചട്ടയുടെ മുകള്‍ഭാഗത്ത് ഇരുകോണുകളിലും ഘടിപ്പിച്ചു;

17 സ്വര്‍ണച്ചങ്ങലകള്‍ മാര്‍ച്ചട്ടയുടെ മൂലകളിലുള്ള ഈ വളയങ്ങളില്‍ കൊളുത്തി.

18 ഈ ചങ്ങലകളുടെ മറ്റേ അറ്റങ്ങള്‍ സ്വര്‍ണത്തകിടുകളില്‍ ഘടിപ്പിച്ച് ഏഫോദിലുള്ള തോള്‍വാറുകളില്‍ മുന്‍ഭാഗത്ത് ഉറപ്പിച്ചു.

19 വേറെ രണ്ടു വളയങ്ങള്‍ ഉണ്ടാക്കി, മാര്‍ച്ചട്ടയുടെ താഴത്തെ കോണുകളില്‍ ഉള്‍ഭാഗത്ത് ഏഫോദിനോടു ബന്ധിച്ചു.

20 അവര്‍ വേറെ രണ്ടു സ്വര്‍ണവളയങ്ങള്‍കൂടി ഉണ്ടാക്കി. അവ ഏഫോദിന്‍റെ തോള്‍വാറുകള്‍ക്കു താഴെ വിദഗ്ദ്ധമായി നെയ്തെടുത്ത അരപ്പട്ടയുടെ മുകളില്‍ ബന്ധിച്ചു.

21 മാര്‍ച്ചട്ട ഏഫോദിന്‍റെ മുകളില്‍ അയഞ്ഞു കിടക്കാതിരിക്കാന്‍ സര്‍വേശ്വരന്‍ മോശയോടു കല്പിച്ചതുപോലെ മാര്‍ച്ചട്ടയുടെ വളയങ്ങള്‍ ഏഫോദിന്‍റെ വളയങ്ങളുമായി നീലനാടകൊണ്ട് അരപ്പട്ടയ്‍ക്കു മുകളില്‍ ഉറപ്പിച്ചു.

22

ഏഫോദിന്‍റെ പുറത്ത് അണിയുന്ന കുപ്പായം നീലനൂലുകൊണ്ടു നിര്‍മ്മിച്ചു;

23 അതിന്‍റെ നടുവില്‍ തല കടത്താനുള്ള ദ്വാരമുണ്ടാക്കി; ആ ഭാഗം കീറിപ്പോകാതിരിക്കുന്നതിനു ദ്വാരത്തിനു ചുറ്റും ഒരു നാട ചേര്‍ത്തു ബലപ്പെടുത്തിയിരുന്നു;

24 [24-26] കുപ്പായത്തിന്‍റെ താഴെയുള്ള വിളുമ്പുകളില്‍ നീലയും, ധൂമ്രവും, കടുംചുവപ്പു നൂലുകളും നേര്‍ത്ത ലിനനുംകൊണ്ട് മാതളനാരങ്ങാരൂപങ്ങള്‍ ഉണ്ടാക്കി; അവയും സ്വര്‍ണമണികളും ഒന്നിടവിട്ട് തയ്ച്ചുചേര്‍ത്തു.

25

26

27

അഹരോനും പുത്രന്മാര്‍ക്കും ധരിക്കാന്‍ നിലയങ്കി ഉണ്ടാക്കി.

28 നേര്‍മയായി നെയ്തെടുത്ത ലിനന്‍കൊണ്ട് തലപ്പാവ്, തൊപ്പി, കാലുറ എന്നിവയും

29 നീലയും ധൂമ്രവും കടുംചുവപ്പും നൂലുകള്‍കൊണ്ട് ചിത്രത്തയ്യലോടുകൂടിയ അരക്കെട്ടും സര്‍വേശ്വരന്‍ മോശയോടു കല്പിച്ചിരുന്നതുപോലെ നിര്‍മ്മിച്ചു.

30 വിശുദ്ധകിരീടത്തിന്‍റെ നെറ്റിപ്പട്ടം തങ്കത്തില്‍ ഉണ്ടാക്കി. അതില്‍ മുദ്രമോതിരത്തിലെന്നതുപോലെ സര്‍വേശ്വരനു സമര്‍പ്പിതം എന്നു കൊത്തിവയ്‍ക്കുകയും ചെയ്തു.

31 സര്‍വേശ്വരന്‍റ കല്പനപോലെ തലപ്പാവിന്‍റെ മുന്‍വശത്തു ബന്ധിക്കാന്‍ ഒരു നീലനാട നെറ്റിപ്പട്ടത്തില്‍ പിടിപ്പിച്ചു.

32

ഇങ്ങനെ തിരുസാന്നിധ്യകൂടാരത്തിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയായി. സര്‍വേശ്വരന്‍ മോശയോടു കല്പിച്ചിരുന്നതുപോലെ ഇസ്രായേല്‍ജനം എല്ലാ കാര്യങ്ങളും ചെയ്തുതീര്‍ത്തു.

33

അവര്‍ തിരുസാന്നിധ്യകൂടാരവും അതിന്‍റെ ഉപകരണങ്ങളും മോശയുടെ അടുക്കല്‍ കൊണ്ടുവന്നു. കൂടാരം, കൊളുത്തുകള്‍, ചട്ടങ്ങള്‍, അഴികള്‍, തൂണുകള്‍, ചുവടുകള്‍;

34 കോലാടിന്‍റെ ഊറയ്‍ക്കിട്ട തോലുകൊണ്ടും തഹശുതോല്‍കൊണ്ടും നിര്‍മ്മിച്ച മൂടുവിരികള്‍, തിരശ്ശീലകള്‍;

35 ഉടമ്പടിപ്പെട്ടകം, അതിന്‍റെ തണ്ടുകള്‍, മൂടി,

36 കാഴ്ചയപ്പം വയ്‍ക്കുന്ന മേശ, അതിന്‍റെ ഉപകരണങ്ങള്‍,

37 തനി തങ്കംകൊണ്ടുനിര്‍മ്മിച്ച വിളക്കുതണ്ട്, വിളക്കുകള്‍, ഉപകരണങ്ങള്‍,

38 വിളക്കിനു വേണ്ട എണ്ണ, സ്വര്‍ണയാഗപീഠം, അഭിഷേകതൈലം, ധൂപക്കൂട്ട്,

39 കൂടാരവാതിലിന്‍റെ തിരശ്ശീല, ഓടുകൊണ്ടുള്ള യാഗപീഠവും അതിന്‍റെ അഴിക്കൂടും, തണ്ടുകള്‍, ഉപകരണങ്ങള്‍, ക്ഷാളനപാത്രം, അതിന്‍റെ പീഠം;

40 അങ്കണത്തിന്‍റെ മറകള്‍, അവയുടെ തൂണുകള്‍; ചുവടുകള്‍, പ്രവേശനകവാടത്തിന്‍റെ തിരശ്ശീല, അതിന്‍റെ ചരടുകള്‍, കുറ്റികള്‍, വിശുദ്ധമായ തിരുസാന്നിധ്യകൂടാരത്തിലെ ശുശ്രൂഷയ്‍ക്കാവശ്യമായ ഉപകരണങ്ങള്‍,

41 പുരോഹിതനായ അഹരോനും അദ്ദേഹത്തിന്‍റെ പുത്രന്മാരായ പുരോഹിതന്മാരും വിശുദ്ധസ്ഥലത്തു പുരോഹിതശുശ്രൂഷ ചെയ്യുമ്പോള്‍ ധരിക്കേണ്ട വിശുദ്ധവസ്ത്രങ്ങള്‍ എന്നിവയെല്ലാം കൊണ്ടുവന്നു.

42 സര്‍വേശ്വരന്‍ മോശയോടു കല്പിച്ചതുപോലെതന്നെ ഇസ്രായേല്‍ജനം ചെയ്തു.

43 അവര്‍ ചെയ്തതെല്ലാം മോശ പരിശോധിച്ചു. സര്‍വേശ്വരന്‍ കല്പിച്ചിരുന്നതുപോലെതന്നെ അവര്‍ എല്ലാം ചെയ്തിരുന്നതുകൊണ്ടു മോശ അവരെ അനുഗ്രഹിച്ചു.

40

1

സര്‍വേശ്വരന്‍ മോശയോടു കല്പിച്ചു:

2 “ഒന്നാം മാസത്തിന്‍റെ ഒന്നാം ദിവസം നീ തിരുസാന്നിധ്യകൂടാരം ഉറപ്പിക്കണം.

3 സാക്ഷ്യപെട്ടകം അതിനുള്ളില്‍ പ്രതിഷ്ഠിച്ച് തിരശ്ശീലകൊണ്ട് അതു മറയ്‍ക്കണം.

4 പിന്നീട് മേശ കൊണ്ടുവന്ന് അതിന്‍റെ ഉപകരണങ്ങള്‍ അതിന്മേല്‍ ക്രമീകരിക്കണം. വിളക്കുതണ്ട് കൊണ്ടുവന്നു വിളക്കുകള്‍ ഉറപ്പിക്കണം.

5 സ്വര്‍ണധൂപപീഠം സാക്ഷ്യപെട്ടകത്തിന്‍റെ മുമ്പില്‍ വയ്‍ക്കണം; പിന്നീട് തിരുസാന്നിധ്യകൂടാരത്തിന്‍റെ വാതിലില്‍ തിരശ്ശീല തൂക്കണം.

6 തിരുസാന്നിധ്യകൂടാരവാതിലിന് മുമ്പില്‍ യാഗപീഠം സ്ഥാപിക്കണം.

7 യാഗപീഠത്തിനും തിരുസാന്നിധ്യകൂടാരത്തിനും മധ്യേ ക്ഷാളനപാത്രം വച്ച് അതില്‍ വെള്ളം നിറയ്‍ക്കണം.

8 അങ്കണത്തിന്‍റെ ചുറ്റുമറകള്‍ ഉറപ്പിക്കുകയും അങ്കണകവാടത്തില്‍ തിരശ്ശീല തൂക്കുകയും വേണം.

9 പിന്നീട് അഭിഷേകതൈലം എടുത്തു തിരുസാന്നിധ്യകൂടാരവും അതിനുള്ളിലെ സകല ഉപകരണങ്ങളും അഭിഷേകം ചെയ്തു ശുദ്ധീകരിക്കണം. അപ്പോള്‍ അവ വിശുദ്ധമായിത്തീരും.

10 ഹോമയാഗപീഠവും അതിന്‍റെ ഉപകരണങ്ങളും അഭിഷേകം ചെയ്ത് ശുദ്ധീകരിക്കണം. അത് അതിവിശുദ്ധമായിത്തീരും.

11 പിന്നീട് ക്ഷാളനപാത്രവും അതിന്‍റെ പീഠവും അഭിഷേകം ചെയ്ത് ശുദ്ധീകരിക്കണം.

12 അഹരോനെയും പുത്രന്മാരെയും തിരുസാന്നിധ്യകൂടാരത്തിന്‍റെ വാതില്‌ക്കല്‍ കൊണ്ടുവന്ന് അവരെ വെള്ളംകൊണ്ടു കഴുകണം.

13 പിന്നീട് എനിക്ക് പുരോഹിതശുശ്രൂഷ ചെയ്യുന്നതിനായി അഹരോനെ വിശുദ്ധവസ്ത്രങ്ങള്‍ അണിയിക്കുകയും അഭിഷേകം ചെയ്തു ശുദ്ധീകരിക്കുകയും വേണം.

14 അവന്‍റെ പുത്രന്മാരെയും ആനയിച്ച് അങ്കികള്‍ ധരിപ്പിക്കണം.

15 എനിക്കു പുരോഹിതശുശ്രൂഷ ചെയ്യാന്‍ അവരുടെ പിതാവിനെ അഭിഷേകം ചെയ്തതുപോലെ അവരെയും അഭിഷേകം ചെയ്യണം. ഈ അഭിഷേകംമൂലം അവര്‍ തലമുറതലമുറകളിലൂടെയുള്ള നിത്യപൗരോഹിത്യത്തിലേക്കു പ്രവേശിക്കും.”

16

സര്‍വേശ്വരന്‍ കല്പിച്ചതുപോലെ മോശ സകലതും ചെയ്തു.

17 ഈജിപ്തില്‍നിന്നു പുറപ്പെട്ടതിന്‍റെ രണ്ടാം വര്‍ഷത്തിലെ ഒന്നാം മാസം ഒന്നാം ദിവസമാണ് തിരുസാന്നിധ്യകൂടാരം ഉറപ്പിച്ചത്.

18 മോശ കൂടാരം നിവിര്‍ത്തി അതിന്‍റെ ചുവടുകളും ചട്ടങ്ങളും അഴികളും തൂണുകളുമെല്ലാം ഉറപ്പിച്ചു.

19 തിരുസാന്നിധ്യകൂടാരത്തിന്‍റെ മൂടുവിരിയും പുറംവിരിയും സര്‍വേശ്വരന്‍ മോശയോടു കല്പിച്ചതുപോലെതന്നെ വിരിച്ചു.

20 ഉടമ്പടി രേഖപ്പെടുത്തിയ കല്പലകകള്‍ പെട്ടകത്തിനുള്ളില്‍ വച്ചു. തണ്ടുകള്‍ പെട്ടകത്തില്‍ പിടിപ്പിക്കുകയും പെട്ടകത്തിന്‍റെ മൂടി വയ്‍ക്കുകയും ചെയ്തു.

21 പിന്നീട് സാക്ഷ്യപെട്ടകം കൂടാരത്തിനുള്ളില്‍ കൊണ്ടുവന്നു തിരശ്ശീലകൊണ്ടു മറച്ചു; അങ്ങനെ സര്‍വേശ്വരന്‍ കല്പിച്ചതുപോലെ മോശ പ്രവര്‍ത്തിച്ചു.

22 മേശ തിരുസാന്നിധ്യകൂടാരത്തിനുള്ളില്‍ കൊണ്ടുവന്നു വടക്കുവശത്തു തിരശ്ശീലയ്‍ക്കു വെളിയില്‍ വച്ചു.

23 അതിന്മേല്‍ സര്‍വേശ്വരന്‍ കല്പിച്ചതുപോലെ കാഴ്ചയപ്പം അടുക്കിവച്ചു.

24 വിളക്കുതണ്ട് തിരുസാന്നിധ്യകൂടാരത്തിനുള്ളില്‍ അതിന്‍റെ തെക്കുവശത്തു മേശയ്‍ക്ക് എതിര്‍വശത്തായി വച്ചു.

25 സര്‍വേശ്വരന്‍ മോശയോടു കല്പിച്ചിരുന്നതുപോലെ അതില്‍ വിളക്കുകള്‍ വയ്‍ക്കുകയും ചെയ്തു.

26 തിരുസാന്നിധ്യകൂടാരത്തിനുള്ളിലെ തിരശ്ശീലയുടെ മുമ്പില്‍ സ്വര്‍ണധൂപപീഠം വച്ചു.

27 അവിടുന്നു മോശയോടു കല്പിച്ചതുപോലെ അതില്‍ സുഗന്ധദ്രവ്യങ്ങള്‍ അര്‍പ്പിച്ചു ധൂപാര്‍പ്പണം നടത്തി.

28 തിരുസാന്നിധ്യകൂടാരത്തിന്‍റെ പ്രവേശനകവാടത്തില്‍ തിരശ്ശീല തൂക്കിയിട്ടു.

29 അതിന്‍റെ മുമ്പില്‍ ഹോമയാഗപീഠം സ്ഥാപിച്ചു. അതില്‍ ഹോമയാഗവും ധാന്യവഴിപാടും അര്‍പ്പിച്ചു.

30 യാഗപീഠത്തിനും തിരുസാന്നിധ്യകൂടാരത്തിനും ഇടയ്‍ക്ക് ക്ഷാളനപാത്രം വച്ചു കഴുകാനുള്ള വെള്ളം അതില്‍ നിറച്ചു.

31 ഈ വെള്ളംകൊണ്ട് മോശയും അഹരോനും അഹരോന്‍റെ പുത്രന്മാരും കൈകാലുകള്‍ കഴുകി.

32 കൂടാരത്തിനുള്ളില്‍ പ്രവേശിക്കുമ്പോഴും യാഗപീഠത്തെ സമീപിക്കുമ്പോഴും സര്‍വേശ്വരന്‍ മോശയോടു കല്പിച്ചതുപോലെ അവര്‍ അങ്ങനെ ചെയ്യുമായിരുന്നു.

33 തിരുസാന്നിധ്യകൂടാരത്തിനും യാഗപീഠത്തിനും ചുറ്റും അങ്കണം ഉണ്ടാക്കി; അതിന്‍റെ പ്രവേശനകവാടത്തില്‍ തിരശ്ശീല തൂക്കിയിട്ടു. അങ്ങനെ എല്ലാ ജോലികളും മോശ ചെയ്തുതീര്‍ത്തു.

34

അപ്പോള്‍ മേഘം തിരുസാന്നിധ്യകൂടാരത്തെ മൂടി; കൂടാരം സര്‍വേശ്വരന്‍റെ തേജസ്സുകൊണ്ടു നിറഞ്ഞു.

35 മേഘം കൂടാരത്തില്‍ ആവസിക്കുകയും അവിടുത്തെ തേജസ്സുകൊണ്ടു കൂടാരം നിറയുകയും ചെയ്തതിനാല്‍ തിരുസാന്നിധ്യകൂടാരത്തിലേക്കു പ്രവേശിക്കാന്‍ മോശയ്‍ക്ക് കഴിഞ്ഞില്ല;

36 ഇസ്രായേല്‍ജനത്തിന്‍റെ പ്രയാണത്തിലെല്ലാം മേഘം തിരുസാന്നിധ്യകൂടാരത്തില്‍നിന്ന് ഉയരുമ്പോള്‍ മാത്രമാണ് അവര്‍ യാത്ര പുറപ്പെട്ടിരുന്നത്.

37 എന്നാല്‍ മേഘം ഉയര്‍ന്നില്ലെങ്കില്‍ അത് ഉയരുന്നതുവരെ അവര്‍ യാത്ര പുറപ്പെട്ടിരുന്നില്ല.

38 അവരുടെ യാത്രകളിലെല്ലാം തിരുസാന്നിധ്യകൂടാരത്തിനു മുകളില്‍ പകല്‍ സര്‍വേശ്വരന്‍റെ മേഘം ആവസിക്കുന്നതും രാത്രിയില്‍ അതില്‍ അഗ്നി ജ്വലിക്കുന്നതും ഇസ്രായേല്‍ജനം ദര്‍ശിച്ചിരുന്നു.